(ദേശാഭിമാനി, 2000)
ആകാശത്തിനു്
സമനില തെറ്റുമ്പോൾ
വാക്കിന്റെ ആൺമയും പെൺമയും
വേർതിരിക്കാനാവാതെ
വിറങ്ങലിച്ചു നിൽക്കുമ്പോൾ
ഞാനൊരു നപുംസകമായിത്തീരുന്നു.
ഭ്രാന്തില്ലെന്നു് സ്ഥാപിക്കാൻ
യുക്തിയുടെ
അടിക്കല്ലു മാന്തുമ്പോൾ
ഭ്രാന്തന്മാരുടെ രാജാവായി
അവരോധിക്കപ്പെടുന്നു.
നിന്നെ സ്നേഹിക്കേണ്ടതെങ്ങിനെയെന്നു്
എനിക്കിനിയും അറിയുന്നില്ല.
മതിയായ കാരണങ്ങളില്ലാതെ,
അഗാധമായി,
അണമുറിയാതെ
വാരിപ്പുണരുന്ന പ്രവാഹമായി
നിനക്കുചുറ്റും
ഉയർന്നുതാഴുകയും
ഇഴയുകയും
നനഞ്ഞൊലിക്കുകയും ചെയ്യുന്നു
എന്നുമാത്രം.
എങ്കിലും,
എങ്ങനെയാണു്
സ്നേഹം മുളക്കുന്നതെന്നും
വരണ്ട തടാകങ്ങളുടെ
അന്തർഗ്രന്ഥികളിൽനിന്നു്
രാപ്പാടികളുടെ ഗാനവും
വയൽച്ചുള്ളിപ്പൂക്കളുടെ ഗന്ധവും
ഉണരുന്നതെന്നും
നീയെന്നെ പഠിപ്പിച്ചു.
എന്നെ ആക്രമിച്ചതു്
നീയല്ലെന്നു്
ഞാനറിഞ്ഞിരുന്നില്ല!
കത്തിമുനകൊണ്ടു്, കോറി രസിച്ചതു്
നീയായിരുന്നില്ലെന്നു്
ഇപ്പോഴാണറിയുന്നതു്!
കയ്യെത്താനാവാത്ത വിധം
നാമെന്നും
അകലെയായിരുന്നുവെന്ന സത്യം
ഞാൻ മറന്നുവല്ലോ…
നമുക്കു് തമ്മിൽ
സ്നേഹിക്കാൻ കഴിഞ്ഞു.
എന്നിട്ടും
രക്ഷകനായും ശിക്ഷകനായും
നിന്നെ
പൊയ്ക്കാലിൽ നടത്തിക്കൊണ്ടു്
അവർ പറഞ്ഞു-
നീയാണെന്നെ
പിഴപ്പിച്ചതെന്നു്!