(മാധ്യമം, 2000)
കിതച്ചുകൊണ്ടു തന്നെയാണു്
ഞാൻ ഒഴുകിയതു്.
കശ്മലന്റെ
കൈപ്പിടിയിൽനിന്നു്
കുതറിയോടുന്ന കന്യകയെപ്പോലെ
ക്ഷോഭംകൊണ്ടു് വിറച്ചും
ദുഃഖം കൊണ്ടു് കലങ്ങിയും
മണ്ണറിയാതെ
മനസ്സറിയാതെ
പാഞ്ഞുപോകുന്നതു്
സമുദ്രമുഖത്തേക്കു തന്നെ!
പരമശാന്തനും
കാരുണികനുമായി
ആകാശത്തിൽ തലചായ്ച്ചു്
കടൽ കിടക്കുമ്പോൾ
ഇവൾ മുഖമടിച്ചു വീഴുന്നതു്
തിരുമുഖത്തല്ല,
തൃപ്പാദത്തിലായിരിക്കും
എന്നറിയാം.
ഇത്ര നീളമുള്ള സ്നേഹം കൊണ്ടുപോലും
എനിക്കു്
ആകാശം തൊടാനാവുന്നില്ലല്ലോ!
ആരാണെന്നെ തടയുന്നതു്?
ഇത്ര ഉൽക്കടമായ
കുതിപ്പു കൊണ്ടുപോലും
കാറ്റിൻ ചരടിൽ
പിടികിട്ടുന്നില്ലല്ലോ!
ആരാണെന്നെ കുരുക്കുന്നതു്?
അറുതിയില്ലാത്ത രാപകലുകളുടെ
വീർപ്പുമായി കുതിച്ചെത്തുമ്പോൾ
എന്റെ ഉടുപ്പും നടപ്പും
ഞാനിവിടെ ഉപേക്ഷിക്കണം!
ആരാണതിൽ പിടിമുറുക്കുന്നതു്?
ഒഴുക്കും ഓർമയും
വാർന്നലിയുമ്പോൾ
നദിയുടെ നാരീജന്മം
നൈവേദ്യമായിത്തീരുന്നു.
അപ്പുറം
ആകാശ ദൂരം
അന്ധതമസ്സു്!-
അതെന്നെ നടുക്കുന്നു!