images/The-Parable-of-the-Blind.jpg
The Blind Leading the Blind, a painting by Pieter Brueghel the Elder (1526/1530–1569).
അന്ധർ അന്ധരെ നയിക്കുന്നു
മധുസൂദനൻ

``What do they seek in Heaven, all those blind?"---Charles Baudelaire-Flowers of Evil

കുറ്റകൃത്യങ്ങളുമായ് ബന്ധപ്പെട്ടുകൊണ്ടാണു് ബ്രൂഗേലിന്റെ കാലത്തു് മനുഷ്യരിലെ അന്ധതയെ മനസ്സിലാക്കിയിരുന്നതു്. ക്രൂരമായ കൃത്യങ്ങൾ ചെയ്ത ഒരാളെ അന്ധനാക്കുകയായിരുന്നു അക്കാലത്തെ നടപടിക്രമം. ഒരാൾക്കു് കിട്ടാവുന്ന അക്കാലത്തെ ഏറ്റവും വലിയ ശിക്ഷ കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയായിരുന്നു. ശാരീരികവൈകല്യം എന്നതിനേക്കാൾ മനുഷ്യരിലെ ‘അന്ധത’ മാനവരാശിയുടെ ഏറ്റവുംവലിയ വിപത്താണു് എന്നു് എല്ലാക്കാലത്തും മനസ്സിലാക്കപ്പെട്ടിരിക്കണം. പിൽക്കാലത്തു ഹിറ്റ്ലറുടെ അന്ധത മനസ്സിലാക്കപ്പെട്ടിരുന്നതുപോലെ.

ക്രൂരതയ്ക്കു് അന്ധത എന്നും പേരുണ്ടു്. ശാരീരിക വൈകല്യമായ അന്ധതയും മനുഷ്യന്റെ, മരുന്നൊന്നും ഇതുവരെ കണ്ടുപിടിക്കപെട്ടിട്ടില്ലാത്ത പൊതുവെയുള്ള ‘കാഴ്ചയില്ലായ്മ’യെയും ഒരുപോലെ ചിത്രീകരിക്കുകയാണു് ബ്രൂഗേൽ.

images/The-Parable-of-the-Blind.jpg
The Parable of the Blind.

1528-ൽ ബ്രൂഗെൽ വരച്ച The Parable of the Blind (the blind leading blind) എന്ന ചിത്രത്തിന്റെ കാഴ്ച വളരുകയാണു് ഇപ്പോഴും. ചിത്രകലയിൽ ഇത്രയും വ്യാപ്തിയോടെ മനുഷ്യാവസ്ഥയുടെ കഥ പറഞ്ഞ മറ്റൊരു ചിത്രമില്ല.

ഇറ്റലിയിലെ നേപ്പിൾസിൽ കാപൊടിമൊന്റെ (Museo de Capodimonte) എന്ന ചെറിയൊരു മ്യൂസിയത്തിലാണു് ഈ ചിത്രമുള്ളതു്. കാലപ്പഴക്കം കൊണ്ടു് പൊടിഞ്ഞു തുടങ്ങിയോ എന്നതോന്നലുണ്ടാക്കും. ടെമ്പറ എന്ന ജലച്ചായം കൊണ്ടു് ക്യാൻവാസിൽ വരച്ച ചെറിയൊരു ചിത്രം. കാൻവാസിന്റെ അതിരുകളിൽ തുണിയുടെ അസ്ഥികൾ കാണാം. എന്നാൽ കാലപ്പഴക്കം വന്ന ദുർബലമായ പ്രതലത്തിൽ ബ്രൂഗെൽ വരച്ച ഈ ഇതിഹാസ ചിത്രം—യേശുവിന്റെയും ബുദ്ധന്റെയും സാരോപദേശകഥകളിലെന്ന പോലെ ഇനിയുമുണ്ടു് വിശദീകരിച്ചുതീരാത്ത പല അർത്ഥങ്ങളും എന്നുപറയുമ്പോലെ—ഓരോ നോട്ടത്തിലും പുതുമയാര്‍ന്നു നിൽക്കുന്നു. പഴഞ്ചൊല്ലുകളുടെ കഥന പാരമ്പര്യമുണ്ടു് ബ്രൂഗേലിന്റെ ചിത്രങ്ങളിൽ. ബുദ്ധനും, യേശുവും, നാരായണഗുരുവും ‘കഥകൾ’ പറഞ്ഞ അതേ ലാളിത്യവും കൃത്യതയും.

ഈ ചിത്രത്തിൽ മനുഷ്യാവസ്ഥയുടെ ദയനീയമായ വീഴ്ചയുടെ കാഴ്ചയുണ്ടു്. കെട്ടിയുയർത്തിയ ഒരു പിരമിഡ് ഇടിഞ്ഞുവീഴുകയാണു്, എന്ന തോന്നലുണ്ടാക്കുന്നതാണു് ഈ ചിത്രത്തിന്റെ കോമ്പോസിഷൻ.

ബൈബിളിലെ തീക്ഷ്ണശക്തിയുള്ളതും എന്നാൽ അതിലളിതവുമായ വാക്യങ്ങളിലൂടെയാണു് കാഴ്ചക്കാരൻ സഞ്ചരിക്കുന്നതു്. ഒരു ട്രാക് ഷോട്ടിലെന്നപോലെ അഞ്ചുമനുഷ്യരൂപങ്ങളും നയിക്കപ്പെടുകയാണു്. ആറാമൻ, നായകനാണു് ചതുപ്പിൽ കിടക്കുന്നതു്. ബ്രൂഗേൽ ഇവിടെ തന്റെ ക്യാമറയുടെ ആംഗിൾ മാറ്റിയിരിക്കുന്നു. മാന്റെഗ്നയുടെ (Andrea Mantegna) മരിച്ച ക്രിസ്തു കിടക്കുന്ന അതേ ആംഗിളിലാണു് നായകന്റെ കിടപ്പു വരച്ചിരിക്കുന്നതു്. ഫോർഷോർട്ടണിങ് പ്രചരത്തിലില്ലാത്ത കാലമാണു്. പെയിന്റിങ്ങുകളിൽ ‘ചലനം’ അസാധ്യമായിരുന്ന കാലം.

2. ശബ്ദം അന്ധതയെ മാറ്റുന്നു

ഭവിഷ്യത്തു് ഓർക്കാതെ പ്രവർത്തിക്കാനുള്ള പ്രേരണ എല്ലാ മനുഷ്യർക്കുമുണ്ടു്. അടി തെറ്റും എന്ന മുന്നറിയിപ്പു് അന്ധർ കൂടെകൊണ്ടു നടക്കുന്നതായിട്ടുകൂടിയാണു് അവർ വീഴുന്നതു്. അപ്രാപ്യതയുടെ ഇരുട്ടാണു് അവരെ വീഴിക്കുന്നതു്. ‘സ്വപ്നാടകരെപ്പോലെയാണു് അവർ നടക്കുന്നതു്’ എന്നു് ബോദ്ലയെർ കവിതയെഴുതുന്നുണ്ടു്. ചിത്രത്തിലെ ക്യുവിൽ പിറകിലുള്ള രൂപങ്ങൾ തങ്ങളുടെ തലകൾ അന്തരീക്ഷത്തിൽ ചുഴറ്റുന്നു. അവർ മുന്നിൽ നടക്കുന്നതെന്നറിയാതെ കാതോർക്കുകയാണു്. അപകടകരങ്ങളായ ഗന്ധങ്ങൾക്കുവേണ്ടി കാതുകൾ കൂർപ്പിക്കുകയാണു്. ശബ്ദത്തിന്റെയും ഗന്ധത്തിന്റെയും ചെറുതരികൾ പോലും ഇപ്പോഴവർക്കാവശ്യമുണ്ടു്.

ആലപ്പുഴയിലെ എഴുപതുകളിൽ ലെനിൻ എന്നുപേരായ ഒരു സുഹൃത്തു് എനിക്കുണ്ടായിരുന്നു. നക്സലൈറ്റ് ആയിരുന്നു അയാൾ. സ്വന്തം പേരിന്റെ പ്രശസ്തി കൊണ്ടുകൂടി അയാളുടെ മർമ്മ സ്ഥാനങ്ങളിലെല്ലാം പോലീസുകാർ ഇടിച്ചു. നീണ്ട ജയിൽ വാസത്തിൽ നിന്നും പുറത്തു വന്ന അയാൾ അകാലചരമമടഞ്ഞതു് ആ പീഡനങ്ങളുടെ ഫലമായിട്ടായിരുന്നു. വിശ്വാസങ്ങളിൽ അയാൾ ധീരതയോടെ ഉറച്ചുനിന്നു. എന്നാൽ ഉന്മൂലന സിദ്ധാന്തത്തിലും ജന്മിമാരുടെ തലകൊയ്യുന്നതിലും വിശ്വസിച്ചിരുന്ന ലെനിനു് കാവാലത്തെ തന്റെ വീട്ടിലേക്കു രാത്രിയിൽ തനിച്ചു പോകാൻ പേടിയായിരുന്നു. കുട്ടനാട്ടിലെ കൂരിരുട്ടിൽ പേടിയകറ്റാനായി അയാൾ ഉച്ചത്തിൽ പാടും. പാടാനറിയാത്ത അയാളെക്കൊണ്ടു് ഇരുട്ടു് യേശുദാസിന്റെ പാട്ടുകൾ പാടിക്കുകയാണു്. ഇരുട്ടിന്റെ മറവിൽ പ്രതിവിപ്ലവകാരികളാരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാവുമോ? തന്നെ തകർക്കുവാനായി. ഉരുട്ടാൻ ഉരുളൻ വടിയുമായി പോലീസുകാർ കരിവേഷത്തിൽ മറഞ്ഞിരിക്കുന്നുണ്ടോ? ഈ സംശയങ്ങളുടെ ഈണമായിരിക്കണം ഒരുപക്ഷേ, ലെനിനു് ഇരുട്ടിൽ യേശുദാസിന്റെ പാട്ടു്. ബ്രൂഗേലിന്റെ ചിത്രത്തിലെ ഇരുളിൽ താമസമാക്കിയവർ പാട്ടുകൾ പാടുന്നുണ്ടാവുമോ? മുന്നിൽ വരാനിരിക്കുന്ന ആപത്തിൽ പേടിച്ചു അവർ നിലവിളിക്കുന്നുണ്ടാവുമോ?

images/Lars_von.jpg
ട്രയർ

ചിത്രത്തിൽ പൂർണ നിശ്ശബ്ദതയാണു് ബ്രൂഗേൽ വരച്ചിരിക്കുന്നതു്. അസ്ത്രത്തുമ്പു് പോലെ ആകാശത്തിലേക്കു കൂർത്തുയർന്നു നിൽക്കുന്ന അടുത്തുള്ള ദേവാലയത്തിൽ നിന്നും മണിനാദം ഉയരുന്നില്ല. (ക്രിസ്ത്യൻ ദേവാലയം ഒരു പ്രധാന കഥാപാത്രമായ, ട്രയറുടെ (Lars Von Trier) ഒരു സിനിമയിൽ പള്ളിമണിയിൽ നാദമുണ്ടാക്കാനായി ഘടിപ്പിക്കുന്ന ദണ്ഡ് ഇല്ല. ആ ദണ്ഡ് ട്രയർ സിനിമ തുടങ്ങുന്നതിനു മുൻപു് തന്നെ എടുത്തു മാറ്റിയിരുന്നു. ആ ദേവാലയത്തിൽ നിന്നും മണിനാദം ഉയരുന്നതേയില്ല. ചിത്രാന്ത്യത്തിൽ മാത്രമാണു് ഊമയ്ക്കു ശബ്ദം തിരികെ കിട്ടുമ്പോലെ പള്ളിയിൽനിന്നു് മണിനാദം ഉയരുന്നതു്). പരിസരത്തു് ഒഴുകുന്ന നീർച്ചാലിലെ ജലവും ശബ്ദമുയർത്തുന്നില്ല. കുട്ടനാട്ടിലെ കൂരിരുട്ടുപോലെ, നിശ്ശബ്ദത ഈ ചിത്രത്തെ പൊതിഞ്ഞിരിക്കുന്നു.

കണ്ണുകളുടെ കഥ
images/The_Triumph_of_Death_by_Pieter_Bruegel_the_Elder.jpg
Triumph of Death.

പതിന്നാലു പതിനഞ്ചു നൂറ്റാണ്ടുകളിൽ ചിത്രകലയിൽ മുഖത്തിനായിരുന്നു പ്രാധാന്യം. മനുഷ്യമുഖം അതിന്റെ വികാര വിക്ഷോഭങ്ങളോടെ പ്രത്യക്ഷപ്പെടുന്നുണ്ടു് നവോത്ഥനകലയിൽ. പിയറോയുടെ (Piero Della Francisca) കലയിൽ വികാരരഹിതമായ മുഖങ്ങൾ അനാവൃതമായി. മനുഷ്യനു മുഖമുണ്ടായതു തന്നെ നവോത്ഥാന കലയിലാണെന്നു പറയാം. മനസ്സു് ആവിഷ്കൃതമാകുന്നതുകൊണ്ടാവാം മൈക്കലാഞ്ജലോയുടെ മോസസിന്റെ മുഖപേശികൾ മുഴുവൻ ചലിച്ചു. ‘പിയത്ത’യിൽ ലോകാരംഭം മുതലുള്ള കണ്ണീർപ്പുഴയുടെ തെളിനീരുറഞ്ഞു, ലോകത്തിലുള്ള എല്ലാ വേദനിക്കുന്ന അമ്മമാരുടെയും മുഖഭാവം പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. ക്ലാസിക്കൽ കലയായ കൂടിയാട്ടത്തിൽ നടന്റെ ശരീരമാസകലം ഉടയാടകളും അലങ്കാരങ്ങളുമുണ്ടെങ്കിലും അതെല്ലാം ആവിഷ്കരിക്കപ്പെടുന്നതു് മുഖത്താണു്. ദീപനാളത്തിന്റെ ഇത്തിരിവട്ടത്തിൽ പ്രകാശിക്കുന്ന പച്ചമുഖം. ആ മുഖത്തേയ്ക്കു വികാരങ്ങൾ ഒന്നൊഴിയാതെ മാർച്ചുചെയ്തുവരുന്നു. അവിടെ രാവണൻ കൈലാസമുയർത്തുന്നതു് മുഴുവനും കാണാനായി. പൂർണചന്ദ്രനെപ്പോലെ വിളങ്ങുന്ന മനുഷ്യമുഖത്തിലാവട്ടെ സ്വതന്ത്രമായി ചലിക്കുന്നതു് പരൽമീനുകളെപ്പോലെ ചലിക്കുന്ന ഒരു ജോടിക്കണ്ണുകൾ മാത്രം. മുഖപേശികളേക്കാൾ സ്വാതന്ത്ര്യമുണ്ടു് മീനുകൾക്കു്. തുളുമ്പുന്ന രണ്ടു തടാകങ്ങളിൽ ഏതു സിനിമയും പ്രതിഫലിച്ചു കാണാം. ഏതു വികാരവും അഭിനയിച്ചുകാണിക്കാം. കണ്ണുകളിലേക്കു നോക്കിയാൽ ജീവിതത്തിന്റെ ഏതുപുസ്തകവും വായിക്കാം. നിന്റെ കണ്ണുകളിലെ പുസ്തകം ഞാൻ വായിച്ചു എന്നറിയിക്കലാണു് ‘സൈറ്റടിക്കുക’ എന്ന മനോഹരമായ പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നതു്. ആ വാചകത്തിൽ ഒരു കൊച്ചുസിനിമയുണ്ടു്. ഒരുപക്ഷേ, ആഴക്കടലിലെ തോണിക്കാർക്കു തീരം കാണിച്ചു കൊടുക്കുന്ന ഡ്യൂട്ടിയിലേർപ്പെട്ട ആലപ്പുഴ ലൈറ്റ്ഹൌസ് കണ്ണുചിമ്മുന്നതു് കണ്ടിട്ടായിരിക്കണം ‘സൈറ്റടിക്കുക’ എന്ന പ്രയോഗമുണ്ടായതു്. എന്തായാലും കാര്യം മനസ്സിലാവും. ആഴക്കടലിലെ തോണിക്കാർക്കും ഏകാകിനിയായി അവനെത്തന്നെ നോക്കിയിരിക്കുന്ന പെൺകുട്ടിക്കും.

ഉത്തരാസ്വയംവരം കഥകളിയിൽ ദുര്യോധനൻ ഭാനുമതിയോടു് ശൃംഗാരപദം ആടുന്നരംഗമുണ്ടു്. മുന്നിലെ പൂന്തോട്ടത്തിൽ രണ്ടു മയിലുകൾ വിഹരിക്കുന്നുണ്ടു്. സന്ധ്യയായി. ചന്ദ്രനും ഉദിച്ചുതുടങ്ങി. ആണ്മയിൽ പെണ്മയിലിൽ നിന്നു് വിടവാങ്ങുകയാണു്. മയിൽ ഒരു കണ്ണുകൊണ്ടു് ഇണയെ ശോകത്തോടെ നോക്കുകയാണു്. മറുകണ്ണുകൊണ്ടു വേർപാടിന്റെ സൂചകമായ ചന്ദ്രനെ കോപത്തോടെയും നോക്കുന്നു. ഈ രണ്ടു വികാരങ്ങളും കണ്ണുകളിലൂടെ അഭിനയിച്ചു കാണിക്കാനുള്ള കഴിവു് ഒരുകാലത്തു കഥകളി നടന്മാർക്കു് ഉണ്ടായിരുന്നു. പന്ത്രണ്ടു വർഷം തുടർച്ചയായി കണ്ണുസാധകം എന്ന ക്ലേശകരമായ കഥകളിചിട്ട ശീലിക്കുവാൻ പേടിച്ചു നടൻമാർ രംഗം വിടാൻ തുടങ്ങിയതോടെ ഇന്നത്തെ ഉത്തരാസ്വയംവരത്തിൽ നിന്നു് ആ രംഗം തന്നെ ഒഴിവാക്കി. ഇന്നത്തെ കഥകളിനടന്മാർ കണ്ണുകളിൽ സിനിമകാണിക്കാതായി. ഇണപിരിയുന്ന മയിലുകളും രംഗം വിട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ബെൽജിയൻ ചിത്രകാരനായ റെനേ മഗ്രിട്ടെ (Rene Magritte) വരച്ച പെയിന്റിങുകളിൽ ആധുനിക മനുഷ്യമുഖത്തെക്കുറിച്ചു കൂടുതൽ അറിവു തരുന്നുണ്ടു്. തൊപ്പിയും സൂട്ടും ധരിച്ച മഗ്രിട്ടെ തന്നെയാണു് മുഖം. സൂട്ടിനും തൊപ്പിക്കുമിടയിലുള്ളൊരു പാലം, അതിനിടയിലെ ശൂന്യത, നികത്താനാകാത്ത ആ വിടവിൽ ഉയരുന്ന വെളിച്ചം, ഒരു കഷണം കരിങ്കല്ലു്, വിടവു് മറച്ചുപിടിക്കുന്ന ഒരു കൈപ്പത്തി, പച്ചനിറമുള്ള ആപ്പിൾ… സ്വന്തം മുഖം പൂരിപ്പിക്കാൻ ചിത്രകാരൻ പലവസ്തുക്കളും ഉപയോഗിക്കുന്നു. ചിത്രകാരനു് ചിത്രമല്ലാതെ വേറൊരു മുഖമുണ്ടോ എന്നും ചോദിക്കുന്നു. René Magritte—Natural Graces.

images/Rene_Magritte_-_Les_Graces_naturelles.jpg
René Magritte—Natural Graces.

ഒരു ചിത്രത്തിൽ (the Great War—1964) മുഖത്തിനു് പകരമുള്ള ആപ്പിൾ ഗുരുത്വാകർഷണനിയമം പാലിക്കുന്നതേയില്ല. മുഖത്തിനു് മുൻപിലുള്ള ശൂന്യതയിൽ അതു് നിലം തൊടാതെ നില്കുന്നു. സൂട്ടിനും തൊപ്പിക്കുമിടയിൽ നിന്നു് കുറച്ചകലെ മാറി ആലംബമില്ലാതെ നിൽക്കുന്ന ഒരു മനുഷ്യ മുഖത്തെയും മഗ്രിട്ടെ വരച്ചിട്ടുണ്ടു്. രണ്ടാം ലോക മഹായുദ്ധത്തിനു് ശേഷമുള്ള ആധുനിക മനുഷ്യന്റെ മുഖമാണു് അയാൾ വരക്കുന്നതു്. കൃത്യമായ കാലദേശ മാനദണ്ഡങ്ങളില്ല. ബെൽജിയത്തിൽ അയാളുടേതു് മാത്രമായ ചിത്രങ്ങളുള്ള ഒരു മ്യൂസിയം ഉണ്ടു്. അതിലൊരു മുറിയിൽ അയാൾ വരക്കാനുപയോഗിച്ചിരുന്ന ഈസലും ഫ്രയിം ചെയ്ത ഒരു കാന്‍വാസും ഉണ്ടായിരുന്നു. അതു് ഒരു മുഖവും വരക്കാതെ അയാൾ ഒഴിച്ചിട്ടിരുന്നു! ആ ഒഴിഞ്ഞ കാൻവാസിൽ മഗ്രിട്ടെ താൻ ഒരുക്കിയെടുത്ത തന്റെ പ്രേക്ഷകരെ അവരുടെ മുഖം കാണാനനുവദിച്ചു. അവർ കാണുന്ന മുഖം അവർക്കുതന്നെ വ്യാഖാനിക്കുവാൻ പാകത്തിൽ. പുതിയ കാലത്തു് പ്രേക്ഷകരാണു് കല (മുഖം) നിർമ്മിക്കുന്നതു് എന്ന ദുഷാമ്പിന്റെ (Marcel Duchamp) ആശയം വ്യക്തമാക്കിക്കൊണ്ടു് അയാൾ കാൻവാസിനു് പിന്നിൽ അദൃശ്യനായി.

images/Marcel_Duchamp.jpg
ദുഷാമ്പ്

മനുഷ്യമുഖങ്ങളിൽ നിന്നു് സ്ഥലകാല ബന്ധങ്ങൾ വിച്ഛേദിക്കുന്നുണ്ടു് മഗ്രിട്ടെയുടെ കലയിൽ. ആ മുഖം ആരുടേയുമാവാം. എപ്പോൾ വേണമെങ്കിലും നിങ്ങൾക്കതു് നിങ്ങളുടെ മുഖത്തിനു് പകരം വെയ്ക്കാം. ജീവിതകാലത്തു മുപ്പതോളം ആത്മഛായാ ചിത്രങ്ങൾ ചെയ്തിട്ടുള്ള വാൻഗോഗിന്റെ (Vincent van Gogh) മുഖം മറ്റൊരാളുടെതുമായി ചേർത്തുവെക്കാൻകഴിയില്ല. അതു് വാൻഗോഗിന്റേതുമാത്രമാണു്.

തെളിഞ്ഞിടുന്ന ദീപം

മരിക്കുന്നതിനു് ഏതാണ്ടു് ഒരുവർഷം മുൻപു് പിക്കാസോ (Pablo Picasso) വരച്ച ആത്മഛായാ ചിത്രമുണ്ടു്. അവസാനത്തെ സെൽഫ് പോർട്രെയ്റ്റ്. ഇളം നീലയും ചുവപ്പും കറുപ്പും കലർന്ന ഒരു മനുഷ്യമുഖം. പണ്ടു് ഇയാൾക്കു മുഖം വരക്കാനറിയാമായിരുന്നു എന്നു് പിക്കാസോ ഉള്ളിലിരുന്നു പറയുംപോലെ. അമ്മന്നൂർ മാധവ ചാക്ക്യാർ ഇല കൊഴിയുന്നതു് വലുതോ ചെറുതോ എന്നൊക്കെ നേത്രങ്ങൾ കൊണ്ടു് അഭിനയിച്ചുകാണിച്ചതിനുശേഷം മുഖം കുറച്ചുനേരം ശാന്തമാക്കിയിടും, അടുത്തപടിയായ വെയിലിന്റെ അസഹ്യത മുഖാഭിനയത്തിലൂടെ വിശദമാക്കുവാൻ. ആ ശാന്തതയുണ്ടു് പിക്കാസോയുടെ അവസാനത്തെ ആത്മഛായാചിത്രത്തിൽ. അതിൽ വലിയ രണ്ടു കണ്ണുകളുണ്ടു്. ആവിന്യൊനിലെ വേശ്യാലയത്തിലെ (The Brothel of Avignon) പെൺകുട്ടികളുടെ കണ്ണുകളെപ്പോലെ ഡയമണ്ടു് ആകൃതിയിൽ. ലോകത്തു ജീവിച്ചിരുന്നവരിൽ ഏറ്റവും തീക്ഷ്ണതയുള്ള വലിയ രണ്ടു കറുത്ത കണ്ണുകളുടെ ഉടമയായിരുന്നു പിക്കാസോ. (ബ്രസോണി ന്റെയും ഡേവിഡ് ഡഗ്ലസ് ഡണ്ണി ന്റെയും ഫോട്ടോഗ്രാഫുകളിൽ അതു് ഡയമണ്ടു് മാന്ത്രിക കണ്ണുകൾ!). ആ കണ്ണുകൾ കൊണ്ടു് ഇനിയും വരക്കാനിരിക്കുന്ന ചിത്രങ്ങളെ മുൻകൂട്ടികാണുകയാണോ എന്നും തോന്നാം. മരണത്തെ നേരിൽകാണുകയാണോ എന്നു് സംശയിച്ചവരുമുണ്ടു്. ആ ചിത്രം വരച്ചുകൊണ്ടിരുന്നപ്പോൾ സ്റ്റുഡിയോ സന്ദർശിച്ച സുഹൃത്തിനു തന്റെ മുഖത്തോടു ചേർത്തു് ആത്മഛായാചിത്രം കാണിക്കുന്നുണ്ടു് പിക്കാസോ (പിക്കാസോയുടെ ജീവചരിത്രമെഴുതിയ Pierre Daix). ‘പിക്കാസോ കണ്ണു ചിമ്മിയില്ല. അയാൾ തന്റെ തന്നെ മരണത്തെ നേരിൽക്കണുകയാണെന്നാണു് എനിക്കു തോന്നിയതു് ’ എന്നു് ആ സുഹൃത്തു പിന്നീടു് എഴുതിയിട്ടുണ്ടു്.

images/Picasso.jpg
പിക്കാസോ

മുഖത്തിനു ചേരാത്തത്ര അസാധാരണമായ വലുപ്പവും വികാരതീവ്രതയുമുണ്ടു് ചിത്രത്തിലെ കണ്ണുകൾക്കു്. മരണത്തെയും നിരീക്ഷിച്ചു തോൽപ്പിക്കാനുള്ള തീവ്രത ആ കണ്ണുകൾക്കുണ്ടായിരുന്നു. അവസാനത്തെ ഈ ആത്മഛായാചിത്രം വരക്കുന്നതിനു് മുപ്പത്തിയഞ്ചു വർഷങ്ങൾക്കുമുമ്പാണു് പിക്കാസോ തന്റെ ജന്മദേശമായ (മലാഗയിലാണു് പിക്കാസോ ജനിക്കുന്നതു്. മലാഗയിൽ നിന്നു് ആയിരത്തോളം കിലോമീറ്റർ ദൂരമുണ്ടു് ഗുർണിക്കയിലേക്കു്) സ്പെയിനിലെ ഗുർണിക്കയിൽ മരണം കണ്ടതു്. ഏറ്റവും ഭീകരമായ മുഖമുള്ള മരണം. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മരണത്തെ നേരിൽ കാണുന്നു. തീപിടിച്ച വീട്ടിൽ നിന്നു് നിലവിളിക്കുന്ന മനുഷ്യന്റെയും കൈക്കുഞ്ഞിനെ കയ്യിലേന്തി വിലപിക്കുന്ന അമ്മയുടെയും കണ്ണുകൾകാണുന്നതു് മരണത്തെമാത്രം. ഫാസിസത്തെ നേരിൽക്കാണുകയാണു് ചിത്രത്തിലെ എല്ലാക്കണ്ണുകളും. ചിത്രത്തിന്റെ ഇടതുഭാഗത്തു അതു് ഒരു കാളയുടെ മുഖത്തോടെ കൊമ്പുയർത്തി നിൽക്കുന്നു. ഇലക്ട്രിക് ബൾബ് കൃഷ്ണമണിയാക്കിയ വലിയൊരു കണ്ണിന്റെ വെളിച്ചത്തിൽ.

images/Las_Meninas_by_Diego_Velazquez.jpg
Las Meninas by Diego Velázquez.

മുഖത്തിനു് ചേരാത്ത, വലിയ കണ്ണുകളുമായി തൊണ്ണൂറ്റിയൊന്നു വർഷക്കാലം ജീവിച്ച പിക്കാസോ കണ്ടതിനേക്കാളേറെ കാണാത്തതിനെ വരച്ചു. വെലാസ്കസിന്റെ (Diego Velazquez) Las Meninas എന്ന ചിത്രം പിക്കാസോ അമ്പത്തിയെട്ടു പ്രാവശ്യം ആവർത്തിച്ചു വരച്ചിട്ടുണ്ടു്. (https://www.pablopicasso.org/las-meninas.jsp) അമ്പത്തിയെട്ടു പ്രാവശ്യവും അയാൾ വെലാസ്കസിന്റെ ചിത്രത്തിൽ ഇല്ലാത്ത കാര്യങ്ങളാണു് വരച്ചതു്. സ്ഥലവും കാലവും വെളിച്ചവും നിറങ്ങളും അമ്പത്തിയെട്ടുപ്രാവശ്യവും അയാൾ മാറ്റി വരച്ചു. വെലസ്കസിൽ ഇല്ലാത്തതു് പിക്കാസോയുടെ വെലാസ്കസിൽ അയാൾ കണ്ടെത്തുകയാണുണ്ടായതു്. കലാചരിത്രത്തിൽ അപൂർവമായ ദീപ്തി പരത്തുന്ന ഈ പ്രൊജക്റ്റിൽ സഹായി ആയിരുന്ന Jaime Sabartes-നോടു് പിക്കാസോ “വെലസ്ക്കസിനെ വരയ്ക്കുമ്പോൾ ഞാൻ അയാളെ മറക്കാൻ ശ്രമിക്കുകയാണു് ” എന്നു പറയുന്നുണ്ടു്. വെലാസ്കസിനെ മറന്നുകൊണ്ടു് ‘വെലാസ്കസിനെ’ (ചിത്രം) അയാൾ കാണാൻതുടങ്ങി എന്നും പറയാം. അങ്ങനെയാണു് പിക്കാസോയുടെ കണ്ണുകൾ വളർന്നു വലുതായതു്. ‘…കണ്ടുകണ്ടാണു് സർ കടലുകൾ ഇത്ര വലുതായതു്’ (കെ. ജി. എസ്.) എന്നു പറയുംപോലെ കണ്ടുകണ്ടാണു് (വരച്ചു വരച്ചാണു് സർ) കണ്ണുകൾ ഇത്ര വലുതായിപ്പോയതു് എന്നു പിക്കാസോയുടെ മുഖം നോക്കിയും പറയാം.

നരകവർണ്ണനകൾ
images/DulleGriet_Presse.jpg
Crazy griet.

ഇന്നു് ഒരു കണ്ണുഡോക്ടർക്കു കണ്ടുപിടിക്കാവുന്ന വിവിധയിനം നേത്രരോഗങ്ങളുടെ സമ്പൂർണ വിവരണം കൂടിയാണു് ബ്രൂഗലിന്റെ ചിത്രം. അയാൾ ലിയോണാർഡോയെപ്പോലെ നവോത്ഥാന ചിത്രമെഴുതുകയാണു്. മനുഷ്യ ശരീരത്തിന്റെ സർവ നാഡീ പടലങ്ങളുടേയും ചിത്രങ്ങൾ ലിയനാർഡോ (Leonardo da Vinci) വരച്ചിരുന്നു. ലോകത്തിലുള്ള മനുഷ്യനേത്രങ്ങൾ മുഴുവൻ യുഗങ്ങളായി നോക്കികൊണ്ടിരിക്കുന്ന ഒരുപരമസുന്ദരിയെയും അയാൾ വരച്ചു. കണ്ണുകൊണ്ടു കണ്ടുപിടിക്കാൻ കഴിയാത്തയത്രയും രഹസ്യങ്ങൾ അയാൾ ആ സുന്ദരിക്കു പിറകിൽ വരച്ചുചേർത്തു. മനുഷ്യരെ പറന്നുയരാൻ പരിശീലിപ്പിച്ചു. ഡോക്ടർമാർക്കു് ചിത്രങ്ങളിലൂടെ ജീവരഹസ്യങ്ങൾ പറഞ്ഞുകൊടുത്തു. ലിയോണാർഡോയെ പോലെ ബ്രൂഗേലിന്റെയും കണ്ണുകൾ ജീവരഹസ്യങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്കു നീളുന്നുണ്ടു്. നരകം വരച്ചപ്പോഴും സൂക്ഷ്മതകളിൽ ശ്രദ്ധിച്ചു. നരകത്തിന്റെ ഇടത്താവളങ്ങൾ (Limbo) പോലും ബ്രൂഗെൽ ഒഴിവാക്കിയിട്ടില്ല. നരകത്തീയിൽ പാപികൾ പെരുകുന്നതു്, കൂരിരുട്ടിൽ നിന്നു് ചെകുത്താൻ എത്തിനോക്കുന്നതു്, ചിറകുകൾ ഘടിപ്പിച്ച മത്സ്യപ്പുറത്തിരുന്നു നരകത്തിലേക്കു് മനുഷ്യരും മൃഗങ്ങളും സഞ്ചരിക്കുന്നതു്, നരകത്തീയ്ക്കു നടുവിൽ സ്പടികഗോളത്തിലിരുന്നു സമാധാനപ്പതാകയേന്തിയ യേശു പാപികളോടു് സംസാരിക്കുന്നതു് എല്ലാം അയാൾ സൂക്ഷ്മമായി അവതരിപ്പിച്ചു. നരകം കണ്ടു മടങ്ങിവന്നവന്റെ വസ്തുനിഷ്ഠമായ ഓർമ്മക്കുറിപ്പുകളാണു് ബ്രൂഗെലിന്റ ‘ഭ്രാന്തിത്തള്ള’യും (crazy griet), ‘മരണത്തിന്റെ വിജയവും’ (Triumph of Death). എൻഡോ സൾഫാനും, മിനറൽ ബോട്ടിലുകളും പെരുകിയ കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ വിതയ്ക്കാനാവാതെ വിഷമിക്കുന്ന ഏതൊരു കർഷകനും ഈ ചിത്രങ്ങളിൽ തന്റെ ഭൂപ്രദേശം കാണാം. ഒരു കയ്യിൽ കുട്ടയും ചട്ടിയും കയിലും ചട്ടുകവും മറുകയ്യിൽ വാളുമായി നരകവാതുക്കൽ നിൽക്കുന്ന ഭ്രാന്തിത്തള്ള താൻ തന്നെയാണെന്നു് ഏതൊരു രാജ്യത്തെ വീട്ടമ്മയ്ക്കും പെട്ടെന്നു മനസ്സിലാവും. യുദ്ധക്കെടുതികളിലേയ്ക്കു തന്റെ രണ്ടു മക്കളെയും കൊണ്ടു് വണ്ടിയുന്തിയ മദർ കറേജ് (Mother Courage and Her Children) ബ്രൂഗെലിന്റെ ഭ്രാന്തിത്തള്ള തന്നെയാണെന്നു് Bertolt Brecht-ഉം പറയുന്നുണ്ടു്.

തടവറയുടെ രഹസ്യങ്ങൾ
images/Robert_Bresson.png images/Bertolt-Brecht.jpg images/Yasujiro_Ozu.jpg
(ഇടതുനിന്നു്) ബ്രസോൺ, Bertolt Brecht, yasujiro ozu

അവസാനപ്പരീക്ഷയിൽ താൻ തറയിൽ ചങ്ങലകളാൽ ബന്ധിതരായി ജനാലപ്പടിയിലിരിക്കുന്ന ബ്രൂഗെലിന്റെ രണ്ടു കുരങ്ങന്മാരെയാണു് കാണുന്നതെതെന്നു സിംബോർസ്ക (Wislawa Szymborska) എഴുതിയിട്ടുണ്ടു്. മാനവരാശിയുടെ അന്ത്യം ഒരു പക്ഷേ, ബ്രൂഗെൽ വരച്ച ‘two monkeys’ പോലെയുമാവാം. ഒരടിയിൽ കുറവു് വലുപ്പമുള്ള (9.1\7.9 inch) ഈ വളരെ ചെറിയ ചിത്രത്തിൽ മനുഷ്യചരിത്രം മുഴുവനും വായിക്കാനാവും. ചെറുതു് വലുതായതും, പഴഞ്ചൊല്ലുകൾക്കു ഭംഗിയേറിയതും, ചെറിയ ലിപികളിലെഴുതിയ ബൈബിൾ വാക്യങ്ങൾ വലിയ ലിപികളിൽ വായിക്കാൻ കഴിയുന്നതും ബ്രൂഗെലിനു ശേഷമായിരിക്കാനാണു് സാധ്യത.

images/Two_Monkeys.jpg
Two Monkeys.

രണ്ടു കുരങ്ങുകൾ; ജനലിനുപുറത്തെ വെളിച്ചം നിറഞ്ഞ ലോകത്തിനു പുറം തിരിഞ്ഞിരിക്കയാണവർ ! ഒന്നാംകുരങ്ങു് രണ്ടാംകുരങ്ങിനെയോ പുറത്തു് അലയടിക്കുന്ന പകലിൽ ഒസുവിന്റെ (yasujiro ozu—tokyo story) ചലച്ചിത്രത്തിൽ കാണുന്ന, നിശ്ചലതയ്ക്കു കുറുകെ സഞ്ചരിക്കുന്ന ബോട്ടുകളെയോ കാണുന്നില്ല. ഇരിക്കുന്ന തറയിലെ ശൂന്യതയിലെക്കുനോക്കിയിരിക്കുകയാണയാൾ. തറയിലെ ആഴങ്ങളുള്ള കണ്ണാടിയിൽ അയാൾ തന്നെത്തന്നെ നോക്കുന്നു. രണ്ടാമനൊ?, ‘നീയാണിവിടെയിരിക്കേണ്ടതു്, എന്റെ സ്ഥാനത്തു്, ചങ്ങലയിൽ ബന്ധിതനായി’ എന്നു പ്രേക്ഷകന്റെ മുഖത്തു സൂക്ഷിച്ചു നോക്കി പറയുകയാണയാൾ. പ്രത്യാശിക്കാനൊന്നുമില്ലാത്ത ഇരുവരുടെയുമിരിപ്പിൽ സിനിമയിലെ ഫ്രീസ് ഫ്രെയിമിലെന്നപോലെ ജീവിതം അവസാനിക്കും. ചിത്രത്തിനുള്ളിൽ തറയിൽ hazel nut-ന്റെ (മലയാളത്തിൽ ‘കഴഞ്ച്’ എന്നു് പേരുള്ള ഭക്ഷ്യധാന്യക്കുരുവാണു് hazelnut) തൊണ്ടുകൾ ചിതറിക്കിടപ്പുണ്ടു്, ബ്രൂഗെൽ തന്റെ ചിത്രങ്ങളിൽ പഴഞ്ചൊല്ലുകൾ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടു്. ഈ ചിത്രത്തിലെ ചിതറിക്കിടക്കുന്ന hazel nut-ന്റെ തൊണ്ടുകളിൽ ചെറിയ ലാഭത്തിനുവേണ്ടി കളഞ്ഞുകുളിച്ച സ്വാതന്ത്ര്യം എന്നു് പഴഞ്ചൊല്ലിന്റെ തെളിമയിൽ വായിക്കാം. ചെറിയ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി നമ്മൾ നേടിയെടുത്തതല്ലേ ഈ തടവറ എന്നു് കുരങ്ങുകളും ചിന്തിക്കുന്നുണ്ടാവാം. ഇങ്ങനെ ഹതാശമായി അസ്തമിക്കുന്ന ജീവിതത്തിന്റെ അവസാനപ്പരീക്ഷയെ കുറിച്ചാണു് ബ്രൂഗെൽ ചിത്രം വരച്ചിരിക്കുന്നതു്. സിംബോർസ്ക കവിതയെഴുതിയിരിക്കുന്നതു്. ഭ്രാന്തിത്തള്ള നരകവാതിലിനു മുന്നിൽത്തന്നെ നിൽക്കുകയാണു്. അകത്തുള്ളയാൾ മുന്നിൽവരും, ഉള്ളിൽ നടക്കുന്നതൊക്കെ വെളിവാക്കിത്തരും എന്ന ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണവൾ ബ്രൂഗെലിനെപ്പോലെ.

ബലൂൺ കണ്ണു്

ബാഹ്യലോകത്തേക്കാൾ ആന്തരിക ലോകത്തിലാണു് സംഘർഷങ്ങൾ ഏറെയുള്ളതു് എന്നു വിളിച്ചുപറയുന്നവരാണു് ബെർഗ്മാൻ (Ingmar Bergman) സിനിമകളിലെ അഭിനേതാക്കൾ. കടുത്ത സംഘർഷങ്ങൾ അനുഭവിക്കുന്നവരായതുകൊണ്ടു് അവരിൽപ്പലരും സംസാരിച്ചുകൊണ്ടിരുന്നു. ചിലരുടെ ഭാഷ ‘സൈലെൻസി’ലെ ഇൻഗ്രിഡ് തുളിൻ അവിസ്മരണീയമാക്കിയ എസ്തരുടേതുപോലെ വിവർത്തനങ്ങളുടേതായിരുന്നു. അല്ലെങ്കിൽ ‘പെർസോണ’യിലെ ലിവ് ഉൾമാൻ ചെയ്ത കഥാപാത്രത്തെ പോലെ പെട്ടെന്നു് സംഭാഷണം തന്നെ നിർത്തിയവരായിരുന്നു. ‘സൈലെൻസ് ’ എന്ന സിനിമയുടെ അവസാനത്തിൽ ഇൻഗ്രിഡ് തുളിൻ ചെറു പ്രായക്കാരനായ ജോഹനോടു് എഴുത്തിലൂടെ പറയുന്നതു് ഇത്രമാത്രം. ‘വാക്കുകൾ ഒരു അന്യഭാഷയിലാണു്’.

images/Ingmar_Bergman.jpg images/Ingrid_Thulin.jpg images/Liv_Ullmann.jpg images/Bibi_Andersson.jpg
(ഇടതുനിന്നു്) ബെർഗ്മാൻ, ഇൻഗ്രിഡ് തുളിൻ, ലിവ് ഉൾമാൻ, ബിബി ആൻഡേഴ്സൻ.

‘പെർസോണ’യിൽ അന്യഭാഷയിലെ പുസ്തകങ്ങൾ വായിക്കപ്പെടുന്നതു് മുഖങ്ങളിലൂടെയാണു്. ക്ലോസപ്പുകളുടെ സിനിമയാണു് ‘പെർസോണ’. മുഖങ്ങളുടെ അന്യഭാഷ. രണ്ടു സ്ത്രീകളുടെ മുഖം ഒന്നാണെന്നു് ബെർഗ്മാൻ സിനിമയിലൂടെ കണ്ടെത്തുന്നു. ലിവ് ഉള്‍മാനും ബിബി ആൻഡേഴ്സനും ഒരേ വികാരങ്ങൾ, ഒരേ മുഖം. ആ അഭിനേതാക്കളുടെ മുഖങ്ങളുടെ സാദൃശ്യം കാരണമാണു് പെർസോണ എന്ന സിനിമയുണ്ടായതു് എന്നു് ബെർഗ്മാൻ പിന്നീടു പറയുകയുണ്ടായിട്ടുണ്ടു്.

മുഖത്തിന്റെ കേന്ദ്രസ്ഥാനമായി സിനിമയിലുള്ളതു് കഥാപാത്രങ്ങളുടെ കണ്ണുകൾ. കണ്ണുകളുടെ അഗാധതയിൽ വെളിച്ചത്തിന്റെ പൊട്ടുകൾ. ബെർഗ്മാൻ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന സ്വെന്‍ നിക്വിസ്റ്റ് (Sven Nykvist) ഈ വെളിച്ചത്തരികളെ സിനിമയിൽ കൊണ്ടുവന്നതിനെ കുറിച്ചു് ഒരഭിമുഖത്തിൽ പറയുന്നുണ്ടു്. സാധാരണയായി സംവിധായകർ ഈപൊട്ടുകൾ സിനിമയിൽ കടന്നുവരാതിരിക്കാനാണു് ശ്രമിക്കാറുണ്ടായിരുന്നതു്. വെളിച്ചനുറുങ്ങു കണ്ണുകളിൽ കടന്നുവന്നാൽ വികാരതീവ്രത കുറയുമെന്നവർ വിശ്വസിച്ചു. എന്നാൽ ‘പെർസോണ’യിൽ കൂടുതൽ സംസാരിക്കുന്നതു് കണ്ണുകളും അതിന്റെ ആഴത്തിലുള്ള ഈ സൂക്ഷ്മ പ്രകാശങ്ങളുമാണു്. കണ്ണിന്റെ തീവ്രമായ ഭാഷയിലാണു് പെർസോണയിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നതു് എന്നും പറയാം. ആഴത്തിലുള്ള, അജ്ഞാതമായ ഒരിടത്തു് സ്ഥിതിചെയ്യുന്ന ഒരു കണ്ണു് ഏതൊരുമനുഷ്യനിലിനുമുണ്ടു്. എഴുത്തച്ഛൻ പറയുന്ന ‘കണ്ണിനു കണ്ണു് മനമാകുന്ന കണ്ണു്’, ഒരുപക്ഷേ, ഇതായിരിക്കും. റെഡോൺ (Odilon Redon—The Eye, Like a Strange Balloon, Mounts toward Infinity, 1882, Lithograph) വരച്ച അങ്ങു് ആകാശത്തു തങ്ങി നിൽക്കുന്ന ഭീമാകാരൻ ബലൂൺ; മനക്കണ്ണു്! Nykvist-ഉം bergman-ഉം കൂടി സിനിമയിൽ കൊണ്ടുവന്ന കണ്ണിലെ കൃഷ്ണമണികൾക്കകത്തെ വെളിച്ചം.

ഈ മനക്കണ്ണു ഫ്യൂസടിച്ചു പോയവരാണു് ബ്രൂഗെലിന്റെ അന്ധരിൽ ആറുപേരും. അവർക്കു ആലോചനകളുണ്ടു്, കാഴ്ചയില്ല. തലയുണ്ടു്, കണ്ണുകളില്ല. ശരീരം കൊണ്ടു് അവർ മുന്നോട്ടായുന്നുണ്ടു്. എന്നാൽ ആന്തരികമായി പിന്നോട്ടാണവരുടെ നടത്തം.

എല്ലാം ഇരുട്ടിൽ തടഞ്ഞു വീഴുകയല്ലേ ? ഞാനും എന്റെ പിറകേ വന്ന ലോകവും? ആ വീഴ്ചയ്ക്കു മുന്നിൽ ബ്രൂഗെൽ അഞ്ചടി നീളവും മൂന്നടി വീതിയുമുള്ള ഒരു കണ്ണാടി കൊണ്ടുവെച്ചിരിക്കുന്നു. അതിൽ പ്രതിബിംബിക്കുകയാണു്; മനുഷ്യരാശിയുടെ പതനം!

മധുസൂദനൻ
images/madhusudanan.jpg

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.

Colophon

Title: Andhar Andhare Nayikkunnu (ml: അന്ധർ അന്ധരെ നയിക്കുന്നു).

Author(s): Madhusudhanan.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Madhusudhanan, Andhar Andhare Nayikkunnu, മധുസൂദനൻ, അന്ധർ അന്ധരെ നയിക്കുന്നു, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 22, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Blind Leading the Blind, a painting by Pieter Brueghel the Elder (1526/1530–1569). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.