images/madhusudanan-atwork.jpg
Madhusudhanan, the artist, at work, a photograph by the artist .
ഗാന്ധിയും വസ്തുക്കളും
മധുസൂദനൻ
വീട്

‘… ഞാൻ പരിശോധിക്കേണ്ടിയിരുന്ന കെട്ടിടങ്ങളുടെ നിർമാണസാങ്കേതികത, ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ എന്നിവയെല്ലാംതന്നെ ഞാൻ പഠിച്ചിരുന്ന ആർക്കിടെക്ചർ സ്കൂളിൽ എനിക്കു് പരിചയമുണ്ടായിരുന്നവ ആയിരുന്നില്ല. ഞാൻ കൈകാര്യം ചെയ്യേണ്ടിയിരുന്നതു് മണ്ണുകൊണ്ടുള്ള ചുമരുകളും വലിയ വിള്ളലുകളുമായിരുന്നു. കേട്ടുകേൾവി പോലുമില്ലാത്ത ചെങ്കല്ലു പോലുള്ള വസ്തുക്കളെയാണു് എനിക്കു് നേരിടേണ്ടിയിരുന്നതു്. ചാണകം പോലും കെട്ടിട നിർമാണത്തിനു പറ്റിയ സാമഗ്രിയാണു് എന്നു വിശ്വസിക്കുന്ന മനുഷ്യരാണു് ചുറ്റുമുള്ളതു്…’മഹാത്മാ ഗാന്ധിയുടെ ആകർഷണ വലയത്തിൽപ്പെട്ടു ഇന്ത്യയിലേക്കുവന്ന, ഇംഗ്ലണ്ടിൽ ജനിച്ചു വാസ്തുശില്പശാസ്ത്രത്തിൽ ബിരുദം നേടിയ ലാറി ബേക്കർ ഇവിടെയുണ്ടായിരുന്ന വീടുകളെ ആദ്യമായിക്കാണുന്നതു് ഇങ്ങനെയായിരുന്നു.

വിവരിച്ചിട്ടില്ല എന്നേയുള്ളു. ലാറി ബേക്കർ ഗാന്ധിയെ ആദ്യമായി കണ്ടിരുന്നതും ഇതുപോലെയൊക്കെത്തന്നെ ആയിരുന്നിരിക്കണം. സ്വയം പ്രവർത്തിച്ചു ശീലിച്ച ചർക്കയിൽ ഉണ്ടാക്കിയ ഖാദി നൂലിൽ തീർത്ത വസ്ത്രങ്ങളായിരിക്കണം ഗാന്ധി ഉടുത്തിരുന്നതു്.

ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേയ്ക്കു വന്ന ലാറിബേക്കർ പിന്നെയെവിടെയും പോയില്ല. ചെങ്കല്ലും ഇഷ്ടികയും കളിമണ്ണുകൊണ്ടുണ്ടാക്കിയ ഓടും അയാളുടെ ഇഷ്ട മാധ്യമങ്ങളായി. കേരളത്തിലെ ഈറ്റമുളകൾ കൊണ്ടു തീർത്ത വീടുകൾ അയാളെ പ്രചോദിപ്പിച്ചിട്ടുണ്ടു് എന്നുപറയുകയുമുണ്ടായി. ലാറി ബേക്കർ പിന്തുടർന്നിരുന്നതു് ഗാന്ധിയുടെ ആശയങ്ങളാണു്. അതിൽ അയാളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതു് ഏറ്റവും ഉത്തമമായ വീടു്, അതിന്റെ അഞ്ചു മൈൽ ചുറ്റളവിൽ നിന്നു ലഭിക്കുന്ന സാധനസാമഗ്രികൾ കൊണ്ടു് നിർമ്മിക്കുന്നതായിരിക്കും എന്നുള്ള ഗാന്ധിയുടെ വാക്കുകളാണു്. ആ വാക്കുകൾ കൊണ്ടു്, ആ വാക്കുകൾ ഉച്ചരിക്കപ്പെടുന്നതിനു മുൻപേ നിർമിച്ച വീടുകളിലൊന്നായിരുന്നു ഇപ്പോഴും നിലനിൽക്കുന്ന ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുവിന്റേതു്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഇത്തരം പരശ്ശതം വീടുകളിൽ ചിലതു കണ്ടിട്ടായിരുന്നു ലാറി ബേക്കർ ആദ്യം പരിഭ്രമിച്ചു നിന്നതു്. പാശ്ചാത്യ നാഗരികത പൗരസ്ത്യദീപം ആദ്യമായി കാണുമ്പോഴുണ്ടാകുന്ന വിസ്മയം.

images/madhu-gandhi-1.jpg

ഒരു വർഷമേ ഗാന്ധി താമസിച്ചിട്ടുള്ളുവെങ്കിലും ‘ഗാന്ധിയുടെ വീടു്’ എന്നും സത്യാഗ്രഹ ഭവനമെന്നും ഇന്നും അറിയപ്പെടുന്ന ഒരു പാർപ്പിടം ദക്ഷിണാഫ്രിക്കയിലെ യോഹന്നാസ്ബർഗിൽ ഇപ്പോഴും ഉണ്ടു്. ഗാന്ധിയുടെ സുഹൃത്തായിരുന്ന ഹെർമൻ കല്ലൻബാകു് എന്ന ജർമൻ വാസ്തുശില്പി ഡിസൈൻ ചെയ്ത വീടായിരുന്നുവതു്. രണ്ടുമൂന്നു വലിയ കിളിക്കൂടുകളൊന്നിച്ചു ചേർത്തു വെച്ചതുപോലെ തോന്നും ആ വീടു കണ്ടാൽ. തോന്നയ്ക്കലെ കുമാരനാശാന്റെ സ്റ്റുഡിയോയുടെയും ഛായയുണ്ടു് പുറം കാഴ്ചയിൽ യോഹന്നാസ്ബർഗിലെ സത്യാഗ്രഹ ഭവനത്തിനു്.

വീടു്, ആശ്രമം, താമസിക്കാനൊരിടം എന്നതിനെക്കുറിച്ചു സഹജമായ കാഴ്ചപ്പാടുകളുള്ള ഒരാദിവാസി പണിതീർത്ത കുടിലുപോലെയുമുണ്ടു് ആ വീടു്. ഇംഗ്ലീഷുകാർക്കും, ആഫ്രിക്കക്കാർക്കും പത്തായപ്പുര എന്നർത്ഥമുള്ള ‘ക്രാൾ’ (the kraal) എന്നായിരുന്നു വീടിനു പേരു്. യൂറോപ്യൻ നിർമ്മാണരീതികൾ ഉപയോഗിച്ചുണ്ടാക്കിയ വീട്ടിൽ വാസ്തുശില്പിയോടൊത്തായിരുന്നു ഗാന്ധി താമസിച്ചിരുന്നതു്.

ചമ്പാരനിൽ നീലം കർഷകരോടൊത്തു സമരം ചെയ്യുമ്പോൾ ഗാന്ധി ‘വീടിനെ’ക്കുറിച്ചു് കാര്യമായ ആലോചനകളിൽപ്പെടുന്നുണ്ടു്. ‘ചമ്പാരനിൽ പുല്ലിനും മുളയ്ക്കും പഞ്ഞമില്ല. ഇവകൊണ്ടാണു് ഭീതിഹർവയിലെ സ്കൂൾ ഉണ്ടാക്കിയിരുന്നതു്. ഒരു രാത്രി ആരോ അതിനു തീവെച്ചു. മുളകൊണ്ടും പുല്ലുകൊണ്ടും തന്നെ വേറൊരു പുരയുണ്ടാക്കുന്നതു യുക്തമല്ലെന്നു തോന്നി. ആ സ്കൂൾ ശ്രീയുത് സോമന്റെയും മിസിസ് ഗാന്ധിയുടെയും കീഴിലായിരുന്നു. ഒരു നല്ല സ്ഥിരം കെട്ടിടം നിർമിക്കാൻ ശ്രീയുത് സോമൻ തീർച്ചപ്പെടുത്തി. പരക്കെ ഉത്സാഹജനകമായ അദ്ദേഹത്തിന്റെ അധ്വാനം കാരണമായി വളരെപ്പേർ അദ്ദേഹത്തോടു സഹകരിക്കുകയും ക്ഷണത്തിൽ കട്ടകൊണ്ടുള്ള ഒരു കെട്ടിടം തയ്യാറാവുകയും ചെയ്തു. ഇതുപിന്നെ വല്ലവരും ചുട്ടുകളയുമെന്ന ഭയത്തിനു് അവകാശമുണ്ടായിരുന്നില്ല’. ഇങ്ങനെ വീടിനാവശ്യമായ വസ്തുക്കളുമായി ഇന്ത്യയിലെ ആദ്യസമരകാലത്തു തന്നെ ഗാന്ധി സൂക്ഷ്മ നിരീക്ഷണത്തിലേർപ്പെട്ടിരുന്നു.

അഹമ്മദാബാദിനടുത്തുള്ള പ്രദേശത്താണു് ഗാന്ധി തന്റെ വീടു്—ആശ്രമം (Kochrub ashram) എന്ന ആശയം ആദ്യമായി ഇന്ത്യയിൽ സ്ഥാപിക്കുന്നതു്. തന്റെ വക്കീൽ സുഹൃത്തു് ജീവൻലാൽ ദേശായിയുടെ ബംഗ്ലാവിൽ. അതേവർഷം തന്നെയുണ്ടായ പ്ലേഗ് ബാധയെത്തുടർന്നാണു് കോച്റബിലെ ആശ്രമം ഗാന്ധി ഉപേക്ഷിക്കുന്നതു്. ഗാന്ധി വീടിനെക്കുറിച്ചാണു് വീണ്ടും വീണ്ടും ആലോചിക്കുന്നതു്. വീടു്, സ്വരാജ്യം, സ്വാതന്ത്ര്യം. വീടു്, വീടിനുള്ളിലെ സ്വന്തം ഉപയോഗത്തിനുള്ള ഉപകരണങ്ങൾ… വീടിനു പുറത്തുള്ള വസ്തുക്കൾ.

കന്നുകാലികളും ധാരാളം വൃക്ഷങ്ങളും ഉണ്ടാവണം കൃഷിസ്ഥലങ്ങൾ വേണം. ഒരു ഗ്രാമത്തിന്റേതായ എല്ലാ കാര്യങ്ങളും വീടിന്റെ പരിസരങ്ങളിൽ നടക്കണം. ഇന്ത്യയെന്ന ആരും ഭരിക്കാത്ത ‘ഗ്രാമം’ സമുദ്രത്തെ ഒരുതുള്ളി ജലത്തിലും കാണാൻ കഴിയും പോലെയെങ്കിലും തന്റെ വീട്ടിൽ വരണം.

‘അഞ്ചു മൈൽ ചുറ്റളവിൽ’ നിന്നു ലഭിക്കുന്ന വസ്തുക്കൾ കൊണ്ടു നിർമ്മിച്ചതായിരുന്നു സബർമതി നദീ തീരത്തെ ഗാന്ധിയുടെ പുതിയവീടു്. ഗുജാറാത്തിലെ സാധാരണക്കാർ വീടുപണിയാൻ ഉപയോഗിക്കുന്ന കളിമൺ ഓടുകൊണ്ടായിരുന്നു മേല്കൂര പണിഞ്ഞതു്. തവിട്ടുനിറത്തിൽ ഇന്ത്യൻ ഗ്രാമാന്തരങ്ങളുടെ ലാളിത്യം മുഴുവൻ പ്രകാശിപ്പിക്കുന്നുണ്ടു് ആ കൊച്ചു ഭവനം. ഗാന്ധി എന്ന ആർകിടെക്ടു് പണിതീർത്ത ‘ഹൃദയകുഞ്ജ്’ എന്നുപേരുള്ള വീട്ടിലാണു് ഗാന്ധിയും കസ്തൂർബയും ഉപ്പുസത്യാഗ്രഹത്തിനു മുൻപുവരെ താമസിച്ചിരുന്നതു്. ആ വീട്ടിലേയ്ക്കാണു് സ്വാതന്ത്ര്യസമരസേനാനാനികൾ വന്നും പോയുമിരുന്നതു്. മുപ്പത്തിയാറു് ഏക്കർ വിസ്തൃതിയുള്ള സബർമതി ആശ്രമത്തിൽ നിന്നാണു് ദണ്ഡിയിലേക്കു് ഉപ്പുകുറുക്കുവാനായി ഗാന്ധി പോകുന്നതു്. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി ചിത്രത്തിൽ നെഹ്രുവിനെയും മറ്റുപല നേതാക്കളെയും ഹൃദയകുഞ്ജിലിരുത്തി ഗാന്ധി ആടിന് ‘മഡ് പാഡ്’ വെച്ചു് പരിചരിക്കുവാനായി പോകുന്ന രംഗം ചിത്രീകരിച്ചിട്ടുണ്ടു്. സബർമതി ആശ്രമത്തിൽ ഭൂമിയുടെ എല്ലാ അവകാശികൾക്കും ചേക്കേറാൻ ഇടമുണ്ടായിരുന്നു. മുപ്പത്തിയാറു് ഏക്കറിലെ ഒരു വിമോചിത മേഖല.

‘ഗാന്ധി’ സിനിമയിൽ ഹൃദയകുഞ്ജ് ആറ്റൻബറോ ചിത്രീകരിച്ചതു് സെറ്റുകൾ ഉണ്ടാക്കിയാവണം. ഹോളിവുഡിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ചിലവുകുറഞ്ഞസെറ്റായിരിക്കണമതു്. ഗാന്ധി ഒരു ‘മിനിമൽ ആർട്ടിസ്റ്റ്’ കൂടിയാണു്. ബൃഹത്തായതിനെ ചുരുക്കികൊണ്ടു് സൂക്ഷ്മാംശങ്ങളിലേക്കു കടന്നു ചെല്ലുന്ന മഹാനായ ഒരു കലാകാരൻ.

ഗാന്ധിയും വസ്തുക്കളും: ഉപ്പു്

ഇല്ലായ്മകളിലേക്കു വളരുന്നതാണു് ഗാന്ധിയുടെ വസ്തുക്കൾ. ബുദ്ധന്റെ ‘മഞ്ഞപിഴിഞ്ഞു ഞൊറിയുടുത്തുള്ള പൂവാടയും, ദീർഘവൃത്താകൃതിയിലുള്ള മരയോടും, ഒറ്റച്ചിറകുള്ള വിശറിയും’ ഓർമ്മിപ്പിക്കുന്നതാണു് ഗാന്ധിയുടെ പ്രതീകങ്ങളും ആശയങ്ങളുമായി പരിണമിക്കുന്ന വസ്തുക്കളുടെ ലോകം. ലോകത്തിൽ ബുദ്ധന്റെയും ഗാന്ധിയുടെയുമായി ഇന്നും നിലനിൽക്കുന്ന മൃദുവായ കളിമണ്ണാണതു്. ഒരു ശില്പിയുടെ കൈകളിൽ കളിമണ്ണു് സ്വാതന്ത്ര്യത്തിന്റെ ചിറകുകളായി രൂപപ്പെടുംപോലെയുള്ള ഒരു പ്രക്രിയയാണതു്. വസ്തുക്കൾ പലവേഷങ്ങളിൽ ആശയങ്ങളുടെ രൂപമെടുത്തു പ്രത്യക്ഷപ്പെടുന്നു. ചുറ്റുമുള്ള മനുഷ്യരിലും വസ്തുക്കളിലും നിരന്തരമായ ധ്യാനത്തിലൂടെ ഗാന്ധി നേടിയെടുത്ത രാസവിദ്യയാണതു്. സൂക്ഷിച്ചു നോക്കിയാൽ ഒരു മരത്തെ വെട്ടാനേ തോന്നില്ല. മഴുവിനെ കുറേദിവസം ധ്യാനിച്ചാൽ മഴുവിന്റെ മൂർച്ച കുറഞ്ഞുകുറഞ്ഞു വരും. ഗാന്ധിയുടെ കൈകളിൽ ഉപ്പു് ഒരു കലാപശാലയായി മാറുന്ന രാസവിദ്യ.

images/madhu-gandhi-2.jpg

റിൽകെ യെക്കുറിച്ചു ഒരു കഥയുണ്ടു്. കുറേക്കാലം ഫ്രെഞ്ച് ശില്പി റോഡാന്റെ (Auguste Rodin) സെക്രട്ടറിയായിരുന്നു കവി. വളരെക്കാലമായി കവിതയെഴുവാൻ ബുദ്ധിമുട്ടിയിരുന്ന കവി നല്ല വിഷമത്തിലുമായിരുന്നു. ഉറവ വറ്റിയോ എന്നു് ഇടതു നെഞ്ചിൽ പരതിനോക്കുന്ന കാലം. റിൽകെ റോഡാന്റെ മുന്നിൽ തന്റെ ജീവിതം വഴിമുട്ടി നിൽക്കുന്ന വിഷമാവസ്ഥ അറിയിച്ചു. പലകാലങ്ങളിൽ പല സന്ദർഭങ്ങളിൽ തന്റെയുള്ളിലും സംഭവിക്കുന്ന സർപ്പം കൊത്തിയാലെന്നപോലെ നീറുന്ന വിഷബാധയെക്കുറിച്ചു ബോധവാനായിരുന്നു ശില്പി.

അയാൾ റിൽകെയോടു പറഞ്ഞു: ‘അടുത്തൊരു മൃഗശാലയുണ്ടു്. അവിടെ കൂട്ടിനുള്ളിൽ സദാ ജാഗരൂഗനായ ഒരു പുള്ളിപ്പുലിയും. മുന്നിൽ ചെന്നുനിന്നു മൃഗത്തെത്തന്നെ വളരെക്കാലം നിരീക്ഷിക്കുക. വല്ലതും കിട്ടിയാലായി. പ്രതീക്ഷ കൈവെടിയരുതു്, വിടാതെ പിടിച്ചു നിൽക്കുക. ഇനി അഥവാ ഒന്നും സംഭവിക്കുന്നില്ലെങ്കിലോ, നിങ്ങൾ ഒരു കവിയേയല്ല എന്നു തീരുമാനിച്ചുകൊള്ളുക’.

റോഡാന്റെ കുറിപ്പടി പ്രകാരം റിൽകെ ഘോര മൃഗത്തിന്റെ മുന്നിൽ ചെന്നു നിന്നു. ദിവസങ്ങൾക്കുശേഷം പുള്ളിപ്പുലി കൂടു തകർത്തു പുറത്തു വന്നു് റിൽകെയുടെ പേനത്തുമ്പിൽ ഒരു കവിതയായി പ്രത്യക്ഷപ്പെട്ടു.

ഈ കഥയുടെ സാരം പറയുന്നതു് വസ്തുക്കളെയോ, മനുഷ്യരേയോ, മൃഗങ്ങളെയോ നിരീക്ഷിക്കുവാനാണു്. നിരീക്ഷിച്ചുകിട്ടുന്ന ജ്ഞാനമാണു് കലയും കവിതയും. അതു തന്നെയാണു് രാഷ്ട്രീയവും ജീവിതവും. ബുദ്ധനും ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നതു്. വളരെച്ചെറിയ കടുകുമണിയിയിൽ പോലും മരണത്തിന്റെയും ജീവിതത്തിന്റെയും രഹസ്യങ്ങളുണ്ടു്. ദേഹം ചുരുക്കി ചെറുതാവുക. ഉടയാടകളും അലങ്കാരങ്ങളും അഴിച്ചു കളഞ്ഞു വസ്തുക്കളെ കണ്ടുകൊണ്ടിരിക്കുക. നിങ്ങൾക്കു ജീവിതത്തിലേക്കു് മോക്ഷം ലഭിക്കും.

ഗാന്ധിയും വസ്തുക്കളും: ചർഖ

‘ഞാൻ, മാർഗ്രറ്റ് ബുർകെ വൈറ്റ് … ലോകപ്രശസ്തമായ ലൈഫ് ന്യൂസു് മാഗസീനിന്റെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. 1945-ൽ നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിലെ ദയനീയ ദൃശ്യങ്ങൾ ആദ്യമായി രേഖപ്പെടുത്തിയ ഫോട്ടോഗ്രാഫർ ഞാനായിരുന്നു. ഒരൊറ്റ ക്ലിക്കുകൊണ്ടു് ഗാന്ധിയെയും അദ്ദേഹത്തിന്റെ ചർഖയെയും ലോകം മുഴുവൻ അറിയിച്ചയാൾ. ഞാൻ ഗാന്ധിയെ കാണുവാനായി പൂനയിലെ, തൊട്ടുകൂടാത്തവരുടെ കോളനികളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഗാന്ധി ആശ്രമത്തിൽ ചെല്ലുമ്പോൾ എനിക്കറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ പരശ്ശതം സെക്രട്ടറിമാരിലൂടെ കടന്നുപോയി അനുവാദം വാങ്ങേണ്ടതുണ്ടു് എന്നു്. അവസാനമായി ചീഫ് സെക്രട്ടറിയെ കൂടി കണ്ടുകഴിഞ്ഞപ്പോൾ, വെളുത്ത ഖാദി വസ്ത്രത്തിൽ മുങ്ങി, കണ്ണട ധരിച്ച ചീഫ് സെക്രട്ടറിയോടു് ഗാന്ധിയുടെ ചിത്രങ്ങളെടുക്കാൻ അനുവാദം ചോദിച്ചു.

‘നിങ്ങൾക്കു നൂൽനൂൽക്കാനറിയുമോ?’ എന്നു് ഗാന്ധിയുടെ ശബ്ദത്തിൽ സെക്രട്ടറി തിരിച്ചു ചോദിച്ചു.

‘ഞാൻ ഗാന്ധിയോടൊത്തു നൂൽനൂൽക്കാൻ വന്നതല്ല, ഗാന്ധി നൂൽനൂൽക്കുന്നതിന്റെ ചിത്രമെടുക്കാൻ വന്നതാണു്’. ഞാൻ മറുപടി പറഞ്ഞു.

images/madhu-gandhi-3.jpg

‘നൂൽനൂൽക്കുന്നതിന്റെ പ്രായോഗിക ജ്ഞാനം നിങ്ങൾക്കില്ല എങ്കിൽ എങ്ങിനെയാണു് ചർഖയുടെ അന്തരാർത്ഥം മനസ്സിലാവുന്നതു്?’ പിന്നീടു് പരിചയമായ ഗാന്ധി തന്നെയാണു് മുന്നിൽ നിൽക്കുന്നതെന്നു് എനിക്കു തോന്നി.

‘എനിക്കു തിരക്കുണ്ടു്’, ഇന്ന് വൈകുന്നേരം തന്നെ നെഗറ്റീവ് ഫിലിം എയർ പോർട്ടിലെത്തിക്കണം. എന്നാലേ ലൈഫ് മാഗസിനിൽ ചിത്രം അടിച്ചു വരൂ’ എന്നെല്ലാം പറഞ്ഞുനോക്കിയെങ്കിലും പുതിയ ഗാന്ധി വഴങ്ങുന്നില്ല.

‘ഫോട്ടോയെടുക്കുന്ന പണി നിർത്തി നൂൽനൂൽക്കാനാണോ നിങ്ങളാവശ്യപ്പെടുന്നതു്?’ ഞാനെന്റെ അവസാനത്തെ അസ്ത്രമെടുത്തു അയാൾക്കു് നേരെ വിട്ടു.

‘അതെ, അതു തന്നെയാണു് എന്റെ ആഗ്രഹം’. സെക്രട്ടറി പറഞ്ഞു. ‘നിങ്ങൾ അതു് പഠിക്കേണ്ടിവരും ഗാന്ധിയെ അറിയുവാൻ’

‘എത്ര സമയം വേണ്ടിവരും നൂൽനൂൽക്കുന്നതു പഠിക്കുവാൻ?’

‘അതു നിങ്ങളുടെ കഴിവും ബുദ്ധിയും അനുസരിച്ചിരിക്കും’. സെക്രട്ടറിയുടെ മറുപടികൾ ക്ഷണത്തിലായിരുന്നു.

ആ വൈകുന്നേരം തന്നെ മാർഗ്രറ്റ് ബുർകെ വൈറ്റ് ചർഖയിൽ നൂൽനൂൽക്കാൻ പഠിച്ചതിനുശേഷം മാത്രമാണു് ഗാന്ധിയുടെ ഫോട്ടോഗ്രാഫ് എടുക്കുവാൻ അനുമതി കിട്ടുന്നതു്. ഇന്നു ലോകപ്രശസ്തമായ ആ ഫോട്ടോഗ്രാഫിലും ഗാന്ധി താഴെയാണിരിക്കുന്നതു്. പത്രക്കുറിപ്പുകളുടെ ക്ലിപ്പിങ്സ് പരിശോധിക്കുകയാണു് ഗാന്ധി. മുന്നിൽ മാർഗരറ്റ് ബുർകെ വൈറ്റ് പഠിച്ചു ശീലിച്ച, ചുറ്റിലും ശാഖകൾ വിടർത്തിയ ഒരു ചെറിയ ബോധിവൃക്ഷം പോലെ, ചർഖ… ’

ഗാന്ധിയും വസ്തുക്കളും: കസേരകൾ

സബർമതി ആശ്രമത്തിലെ ഹൃദയകുഞ്ജിനകത്തേക്കു് കടന്നാലോ ഗാന്ധിയിലൂടെ വലിയ വസ്തുക്കൾ ചെറുതാകുന്നതു കാണാം. വസ്തുക്കൾ ഗാന്ധി എഡിറ്റു ചെയ്തു ചെറുതാക്കുന്നതാണു്. ആട്ടിൻപാൽ പോലെ വെളുത്ത വിരിയിട്ട കിടക്കകൾ. കട്ടിലിന്റെ ഉയരം പല ഇഞ്ചുകളായി ഗാന്ധി കുറച്ചു. മനുഷ്യശരീരം ഭൂമിയോടു് ഏറ്റവും അടുത്തായിരിക്കാൻ ആഗ്രഹിച്ചിരിക്കണം, കട്ടിലുകൾക്കു് കാലുകൾ ഇല്ലാതെയായി. അരികത്തുള്ള എഴുത്തു മേശയും കിടക്കയും തമ്മിൽ വലിയ ഉയരവ്യത്യാസമില്ല. കൃതഹസ്തനായ ഒരു ഡിസൈനറുടെ കലയിൽ എന്നപോലെ ഗാന്ധിയുടെ വസ്തുക്കൾ ഉയരം ക്രമീകരിച്ചു് അതീവ ഭംഗിയുള്ളതായിത്തീർന്നു.

വാസ്തുശില്പിയും ഡിസൈനറുമായിരുന്ന ജെറിറ്റ് റീറ്റ്വെൽഡ് (Geritt Rietveld) തന്റെ അതിപ്രശസ്തമായ കസേര ഡിസൈൻ ചെയ്യുന്നതു് 1918-ലാണു്. നീലയും മഞ്ഞയും ചുവപ്പും നിറങ്ങളുള്ള പ്രൗഢമായ ഒരാധുനിക സിംഹാസനമാണതു്. ഇന്നു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ സൂക്ഷിച്ചിട്ടുള്ള ഈ ആധുനിക ഡിസൈനിൽ ഇരിക്കാൻ കഴിയുമോ എന്നു് ആർക്കും ശങ്ക തോന്നും. ‘ഇരിക്കാൻ ആഗ്രഹിക്കാത്ത കസേരയിൽ ഞാനിരിക്കുമ്പോൾ’ എന്നു തുടങ്ങുന്ന ഒരു നാലുവരി ആധുനിക കവിത റിറ്റ്വെൽഡിന്റെ കസേരയുടെ പിൻഭാഗത്തു എഴുതിവെച്ചിട്ടുണ്ടു്.

images/madhu-gandhi-4.jpg

ഇരിക്കാൻ ആഗ്രഹിക്കുന്ന കസേരകളിലാണോ നാമിരിക്കുന്നതു് ? കസേരകൾക്കു് വെളുത്തവനും കറുത്തവനും എന്നപോലെ നിറങ്ങൾ ആവശ്യമാണോ? തേക്കിൻ തടിയിലോ ഈട്ടിയിലോ തീർത്ത ചാരുകസേരയിലിരുന്നു വായിക്കുമ്പോൾ നിലമ്പൂരും ആമസോണും നിങ്ങളുടെ പുസ്തകത്താളുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ടോ? ലോകത്തിലെ ഏറ്റവും വിലപിടിച്ച കസേരകളിലൊന്നായ, ഷാജഹാൻ ചക്രവർത്തി ഡിസൈൻ ചെയ്ത ദിവാനി ഖാസിലെ മയൂരസിംഹാസനം, അതു് മോഷ്ടിച്ച കള്ളന്മാർക്കും ഇരിക്കാൻ പറ്റുന്നതാണോ? ആ കസേര ഉണ്ടാക്കുവാനായി ബ്രെഹ്തു് ചോദിച്ചതുപോലെ ഒരൊറ്റ ആശാരിപോലും ഉണ്ടായിരുന്നില്ലേ? കസേര ഒരാശയമാണു്. അതു് അനേകമനേകം ചോദ്യങ്ങൾ ചോദിക്കുന്നു.

കസേര എന്ന ആശയത്തിന്റെ നാലു കാലുകളാണു് ഗാന്ധി എന്ന ഫർണിച്ചർ ഡിസൈനർ വെട്ടികുറച്ചതു്. ഗാന്ധി ഇരിക്കുന്ന മനുഷ്യനെ താഴേയ്ക്കു കൊണ്ടുപോയി.

ഡയസിലേക്കു കയറി താഴേയ്ക്കു നോക്കി സംസാരിക്കുവാൻ ഗാന്ധി മനുഷ്യനെ അനുവദിച്ചില്ല. മനുഷ്യശിരസ്സുകളുടെ സ്ഥാനം നേർ രേഖയിലാക്കി.

മേശ, കസേര, തുടങ്ങിയ വീട്ടുപകരണങ്ങളുടെ ഡിസൈൻ വ്യക്തി, കുടുംബം, സാമൂഹ്യാവസ്ഥ എന്നിവ തമ്മിലുള്ള ബന്ധമനുസരിച്ചു അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. തേക്കിൽ പണിതീർത്ത കസേരയും, ഊൺമേശയും, അലമാരകളുമെല്ലാം അടങ്ങി ഇരിക്കുന്ന സ്വഭാവമുള്ളവയല്ല, അവയ്ക്കു സ്ഥാനഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്നു. രൂപമാറ്റം വന്നുകൊണ്ടിരിക്കുന്നു. ചിലതു് അപ്രത്യക്ഷമാകുന്നു. പണ്ടുണ്ടായിരുന്നതേയല്ല ഇപ്പോൾ. ഒരു ചാരുകസേര, കയ്യുകൾ കാലുകളിൽ ഉറച്ചിരിക്കുന്നില്ല. നാലു കാലുകളുണ്ടായിരുന്ന സ്ഥാനത്തു എട്ടുകാലുകൾവന്നു. ചിലപ്പോഴതു മൂന്നുകാലുകളും പിന്നീടതു് ഒറ്റക്കാലുമായും പ്രത്യക്ഷപ്പെട്ടു. ചിലതു് കാലുകളില്ലാതെയും. ബഹുരൂപിയും ബഹുശരീരിയുമായ കസേരകൾക്കൊപ്പം പ്രതാപികളായ ചക്രവർത്തിമാരുടെ കാലത്തെ അംഗവൈകല്യം ബാധിച്ച സിംഹാസനങ്ങളും നിലവിലുണ്ടായിരുന്നു. കൊളംബിയൻ കലാകാരി ഡോറിസ് സൽസിഡോ (Doris Salcedo) യുടെ ഇൻസ്റ്റലേഷനിലെ കസേരകൾ പോലെ നിയമമന്ദിരത്തിന്റെയോ പാർലമെന്റിന്റെയോ നെറുകയിലേക്കു് ഉടുമ്പുകളെപ്പോലെ കസേരകൾ കയറിപ്പറ്റി. ഉപകരണങ്ങളും വസ്തുക്കളും തീവ്രവേഗതയോടെ മാറിക്കൊണ്ടിരിക്കുന്നു.

പോൾ സെസാൻ (Paul Cézanne) പറഞ്ഞതുപോലെ ‘വേഗമാകട്ടെ, എല്ലാം മാറിക്കൊണ്ടിരിക്കുയാണു്. ആ പർവതത്തെ നോക്കൂ, അതൊരിക്കൽ തീയായിരുന്നു’.

ഗാന്ധിയും വസ്തുക്കളും: നിജാദിന്റെ ഇഷ്ടികകൾ

വസ്തുക്കളുടെ രൂപമാറ്റത്തെകുറിച്ചാണു് നിജാദിന്റെ ജീവിത കഥയും പറയുന്നതു്. ഭൂമിയിലെ എല്ലാ മനുഷ്യരുടെയും കഥകൂടി ഇതു് പറയുന്നുണ്ടു്. നിജാദ് ഇറാഖിലെ ഒരു ലോഹപ്പണിക്കാരനാണു്. വളരെ ചെറുപ്പത്തിലേ അയാൾ പഠിച്ച പണിയാണു് ഉരുകിയ ലോഹത്തിൽ നിന്നുള്ള വാർപ്പുനിർമ്മാണം. നിജാദിനു് ഇറാഖ് യുദ്ധത്തിന്റെ സമീപകാല ചരിത്രത്തിൽ വേരുകളുണ്ടായി. തകർന്ന ബോംബുകളും, മൈനുകളും, ബുള്ളറ്റുകളും, വിമാനങ്ങളും, ടാങ്കുകളുടെ അവശിഷ്ടങ്ങളും ഉരുക്കി നിജാദ് ചതുരക്കട്ടകൾ നിർമ്മിച്ചെടുക്കുന്നു. ഈ ഇഷ്ടികകൾ പിന്നെയും ഉരുക്കി പുതിയ നിർമ്മാണത്തിനായി അയാൾ ചൈനയിലേക്കു കയറ്റി അയക്കുന്നു. ചൈനയിൽ ലോഹക്കട്ടകൾ വീണ്ടുമുരുകി ആയുധങ്ങളും മറ്റു വസ്തുക്കളുമായി സംഹാരത്തിന്റെ ദുർദ്ദേവതകളായി വേഷം മാറുന്നു. വസ്തുക്കളുടെ വിചിത്രമായ ഈ രൂപമാറ്റത്തിലൂടെ നിജാദ് ധനികനായി. ഒരു സാധാരണ വാർപ്പുനിർമ്മാണക്കാരനു കിട്ടാവുന്നതിലധികം പണം അയാൾ സമ്പാദിച്ചു. ഓരോ ഇഷ്ടികവാർപ്പിലും അയാൾ പുതിയ അറിവുകൾ സമ്പാദിച്ചുകൊണ്ടിരുന്നു. അയാൾ മനസ്സിലാക്കിയ കാര്യങ്ങളിലൊന്നു് യുദ്ധാവശ്യത്തിനായി മുപ്പതോളം രാജ്യങ്ങൾ ഇറാഖിനു് ബോംബുകളും, തോക്കുകളും, ടാങ്കുകളും സപ്ലൈ ചെയ്യാറുണ്ടായിരുന്നുവെന്നാണു്. പിന്തിരിഞ്ഞു നോക്കിയപ്പോൾ അയാൾക്കു മനസ്സിലായതു് വലിയ പള്ളിമണികൾ ഉരുക്കിയ ലോഹം കൊണ്ടായിരുന്നു ആയുധങ്ങൾ നിർമിച്ചിരുന്നതു് എന്നാണു്. സമകാലീന കലാകാരൻമാർ (നിജാദിന്റെ ഇഷ്ടികകൾ ഉരുക്കിയുണ്ടാക്കിയ ഒരു മണി ഞാൻ പങ്കെടുത്ത 56 വെനീസ് ബിയനാലെയിലുണ്ടായിരുന്നു) നിജാദിൽ നിന്നു ലോഹക്കട്ടകൾ വാങ്ങി യുദ്ധങ്ങൾക്കെതിരായി പള്ളിമണികൾ നിർമിച്ചുകൊണ്ടിരിക്കുന്നു. വസ്തുക്കളുടെ വിചിത്രമായ പകർന്നാട്ടങ്ങളാണു് യുദ്ധത്തിനാവശ്യമായ ആയുധങ്ങൾ ഉണ്ടാക്കുന്നതു്. ഇതിനു നേരേവിപരീത ദിശയിലേക്കാണു് ഗാന്ധിയുടെ വസ്തുക്കൾ സഞ്ചരിക്കുന്നതു്. ഗാന്ധിയിലും വസ്തുക്കൾ ആയുധങ്ങൾ തന്നെ. ഗാന്ധിയുടെ ദേവാലയത്തിലെ മണികൾ മുഴങ്ങുന്നതു് നിങ്ങൾ കേൾക്കുന്നില്ലേ?

images/madhu-gandhi-5.jpg

സമകാലീന കലയും ഒരു തരം ധ്യാനമാണു്. കലാകാരൻ വസ്തുക്കളെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. പർവതം ഒരിക്കൽ തീയായിരുന്നു എന്നു് സെസ്സാനെപ്പോലെ അയാൾ മനസ്സിലാക്കുകയാണു് കാമറയെ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന യാസുജിറോ ഒസു (Yasujirō Ozu) കാമറയുടെ മൂന്നു കാലുകൾ (tripod) വെട്ടി ഉയരം കുറച്ചു. ഗാന്ധിയെപ്പോലെ ഒസുവും നിലത്തിരുന്നുകൊണ്ടാണു് ജീവിതത്തെ നിരീക്ഷിച്ചതു്. നിരീക്ഷണത്തിനു് അത്യന്താപേക്ഷിതമല്ലാത്ത എല്ലാംതന്നെ അയാൾ കാമറയിൽനിന്നും എടുത്തുമാറ്റി. ജീവിതാവസാനം വരെ അമ്പത്തിമൂന്നു സിനിമകളെടുത്തിട്ടുള്ള ഒസു ആദ്യസിനിമ മുതൽ, ഗാന്ധി വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റുമ്പോലെ തന്റെ സിനിമയിൽ നിന്നു് ആടയാഭരണങ്ങൾ അഴിച്ചുമാറ്റി. കാമറയുടെ പാനിങ്ങും, ട്രോളി ഷോട്ടുകളും അടക്കമുള്ള എല്ലാവിധ ‘ചലന സാധ്യതകളും’ ഓരോന്നായി അയാൾ എടുത്തുകളഞ്ഞു. കാമറ ജീവിതംപോലെ തന്നെ സുതാര്യമായ ഒരവയവമായി. യുദ്ധാനന്തര ജാപ്പനീസ് കുടുംബജീവിതം യോജിക്കുന്നതും തകരുന്നതും ഒസു തന്റെ നഗ്നമായ കാമറയിലൂടെ ചിത്രീകരിച്ചു. ഗാന്ധിയെപോലെ ഒസു ജീവിതത്തിന്റെ ചെറുതുകളിലേക്കു വളർന്നുകൊണ്ടിരുന്നു.

ഗാന്ധിയും വസ്തുക്കളും: അതിർത്തികൾ

സാദത്തു് ഹസ്സൻ മന്റോ യുടെ ഒരു കുഞ്ഞു കഥയുണ്ടു്. വായിച്ചു കഴിയുമ്പോൾ ആ കഥ ഉള്ളിൽ വളർന്നു കൊണ്ടിരിക്കും. ആ വളർച്ച സാകൂതം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണു് എഴുത്തുകാരനായ മന്റോ. ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന്റെ കഥകളെഴുതിയ മന്റോ അക്ഷരങ്ങളുടെ വിള്ളലുകൾക്കിടയിലൂടെ വായനക്കാരനെ നോക്കുന്നു. മരം കൊണ്ടുള്ള ഒരു വലിയ പെട്ടിയാണു് കഥയിലെ കേന്ദ്ര കഥാപാത്രം. ലൂയി ബുനുവലി ന്റെ ഒരു സിനിമയുടെ ടൈറ്റിലിനെ ഓർമിപ്പിക്കുന്ന (That Obscure Object of Desire) ഒരു വിഷമ ചതുരമാണു് പെട്ടി. അതു കിട്ടിയ ഒരാൾ തന്നെക്കൊണ്ടതു് ഒറ്റയ്ക്കു പൊക്കിയെടുക്കാനാവില്ലെന്നു മനസ്സിലാക്കി സഹായത്തിനു് കരുത്തനായ ഒരാളെ വിളിക്കുന്നു. പെട്ടിക്കുള്ളിൽ മോഹിപ്പിക്കുന്ന വസ്തുക്കളുണ്ടു്. ഒരു വസ്തുവിനുള്ളിൽ അനേകം വസ്തുക്കൾ. ബുനുവേലിന്റെ കഥാപാത്രം തിരയുന്ന അനേകമനേകം ഉൾകിണറുകളുള്ള അത്യഗാധമായ ഒരു കിണർ. പെട്ടിക്കുള്ളിലെ മോഹവസ്തുക്കൾ രണ്ടായി പങ്കിട്ടെടുക്കാമെന്നവർ തർക്കങ്ങൾക്കൊടുവിൽ തീരുമാനിക്കുന്നു. പെട്ടി തുറന്നപ്പോൾ അതിൽ നിന്നും നീണ്ട വാളുമായി ഒരു മനുഷ്യൻ പുറത്തുവന്നു. ഉടനെതന്നെ അയാൾ പെട്ടിയുടെ രണ്ടവകാശികളെയും വാളുകൊണ്ടു് നാലായി ഭാഗിച്ചു. പെട്ടിയെ അറിയാനായി മാന്റോ കഥയെഴുതുകയാണു്. പെട്ടിക്കുള്ളിൽ ഇന്ത്യയുടെ പരശ്ശതം വർഷങ്ങളുടെ ചരിത്രമുണ്ടു് എന്നു് അയാൾക്കറിയാം. പെട്ടിക്കുള്ളിലെ കിരാതനായ വാളേന്തിയ മനുഷ്യൻ പുറത്തുവന്നു തന്നെയും വിഭജിക്കുമെന്നും. ഗൗളിയുടെ മുറിഞ്ഞ വാലുപോലെ അതിർത്തികൾക്കപ്പുറത്തിരിക്കുന്ന തന്റെ തലയേയും നോക്കികൊണ്ടു് ശിഷ്ടകാലം കഴിയേണ്ടിവരുമെന്നും കഥയെഴുതുന്നതുകൊണ്ടു് മന്റോയ്ക്കറിയാം. അതു് തന്നെയായിരുന്നു മന്റോയുടെ ജീവിതത്തിൽ സംഭവിച്ചതും. മരണംവരെയും ലാഹോറിലിരുന്നു മന്റോയുടെ ശരീരം ബോംബയിലെ തന്റെ തലയിലേയ്ക്കു നോക്കികൊണ്ടിരുന്നു.

images/madhu-gandhi-6.jpg

ഓരോ വസ്തുവിനെയും അറിയുന്നതാണു് അതിനെ കീഴടക്കാനുള്ള ഏക മാർഗം. ഗാന്ധിയിൽ അതു് ‘സ്വരാജ്യം’ നേടാനുള്ളവഴിയാണു്. മനസ്സിനെയും ശരീരത്തെയും ഏകാഗ്രമാക്കി വസ്തുവിനെ ഗാന്ധി അറിയുകയാണു്. ചോദ്യപേപ്പറുകൾ സ്വയം തയ്യാറാക്കി ‘പരീക്ഷകൾക്കു് ’ ഉത്തരമെഴുതുകയാണു്. അജന്തയിലെ ബോധിസത്വൻ താമരപ്പൂവിനെനോക്കുംപോലെ ഗാന്ധി വസ്തുവിനെ നോക്കുന്നു. സമുദ്രതീരത്തു മറ്റൊരു വെൺസാഗരം പോലെ പടർന്നുകിടക്കുന്ന ഉപ്പു് എന്ന ആയുധത്തെ കൈക്കുള്ളിലൊതുക്കി നിരീക്ഷിക്കുന്നു. സ്വന്തം ശരീരത്തെ അറിയുവാനായി നിരാഹാരനാവുന്നു. സ്വന്തം ജനതയെ മനസ്സിലാക്കുവാനായി ലങ്കോട്ടിയണിയുന്നു. ലോകത്തിലെ വൈരുധ്യങ്ങൾ കണ്ടറിയുവാനായി രണ്ടു സ്ഫടിക ഗോളങ്ങൾ ഘടിപ്പിച്ച കണ്ണട ധരിക്കുന്നു. മഹാത്മാഗാന്ധി ഇപ്പോഴും വസ്തുക്കളെ, അറിയുകയാണു്, ലോകത്തെ മനസ്സിലാക്കുകയാണു്.

images/madhu-gandhi-7.jpg
ദൂബായിലെ 1 + 1 ഗാലറിയിൽ “ഗാന്ധിയും വസ്തുക്കളും” പ്രദർശിപ്പിച്ചപ്പോൾ
images/madhusudanan-atwork.jpg
Madhusudhanan
images/madhusudanan.jpg

Madhusudhanan is a leading contemporary artist and film maker in India. He is a founder-member of the Indian Radical Group of Painters and Sculptors. Born in Alappuzha, Kerala, Madhusudhanan studied Painting at the Fine Arts College, Thiruvananthapuram, Kerala, and Print Making at the Faculty of Fine Arts, MS University of Baroda. His artistic practice flows seamlessly across various mediums in art and cinema, including video art and narrative feature film. Madhusudhanan’s installation of 90 charcoal drawings titled The Logic of Disappearance – A Marx Archive has been shown at the Kochi Muziris Biennale: ‘Whorled Explorations’ 2014–15, curated by Jitish Kallat.

His works have been exhbited at the Venice Biennale 2015, All the World’s Futures, curated by Okwui Enwezor, Kiran Nadar Museum of Art, New Delhi, Vadehra Gallery, New Delhi and 1 + 1 Gallery, Dubai. As a filmmaker he has made full feature films in English and Indian regional languages, as well as two silent short fiction films. His feature film Bioscope won several awards including the netpc Award for Best Asian Film, Osian, Special Jury Award at the National Awards and Kerala State Films Special Jury Award. Other notable films include Self Portrait (short fiction, Hindi, 2001) and History is a Silent Film (short fiction, Silent, 2006), which were recognised as Outstanding Films at International Festivals and by MoMA, NewYork.

Colophon

Title: Gandhiyum Vasthukkalum (ml: ഗാന്ധിയും വസ്തുക്കളും).

Author(s): Madhusudanan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-14.

Deafult language: ml, Malayalam.

Keywords: Article, Madhusudanan, Gandhiyum Vasthukkalum, മധുസൂദനൻ, ഗാന്ധിയും വസ്തുക്കളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Madhusudhanan, the artist, at work, a photograph by the artist . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.