നാലഞ്ചു വയസ്സായിട്ടും ഞാനൊരു മന്തിപ്പെണ്ണായിരുന്നു എന്നാണു് എന്റെ അമ്മ പറയാറുള്ളതു്. ഓടാനും ചാടാനും കളിക്കാനും ബഹളംകൂട്ടാനും തല്ലുകൂടാനും ഒന്നും പോകില്ല; കുട്ടികളാരും കൂട്ടാറുമില്ല. പക്ഷെ, അപ്പോഴേക്കും സ്വപ്നങ്ങൾ കണ്ടുതുടങ്ങി. നക്ഷത്രങ്ങൾ പൂക്കുന്ന ആകാശവും പൂക്കളും പൂമ്പാറ്റകളും പാറിപ്പറക്കുന്ന തൊടികളും കൊച്ചേച്ചിയമ്മ പറയുന്ന കഥകളിലെ പുരാണനായകന്മാരും വിക്രമാദിത്യനും വേതാളവും പഞ്ചതന്ത്രം കഥകളിലെ പാത്രങ്ങളും എല്ലാമുള്ള ഒരു സ്വപ്നലോകത്തായിരുന്നു ഞാൻ.
അമ്മ പറയുന്ന ജോലികൾ ചെയ്യുമ്പോഴും സ്കൂളിൽ പോകുമ്പോഴും നാമം ജപിക്കുമ്പോഴും എന്റെ മനസ്സു് മനോഹര സ്വപ്നങ്ങളിൽ തന്നെയായിരുന്നു. അതിനു് അമ്മയുടെ അടി കുറെ കൊണ്ടു. പക്ഷെ, ഞാൻ കരഞ്ഞില്ല; സത്യത്തിൽ എനിക്കു കരയാനറിയില്ലായിരുന്നു. ഞാൻ കാണുന്നതു് സ്വപ്നമാണെന്നും എനിക്കറിയില്ലായിരുന്നു. പക്ഷെ പെട്ടൊന്നൊരു ദിവസം ആ മന്തിപ്പെണ്ണു് സ്വപ്നങ്ങളുടെ മഴവിൽ മേലാപ്പിൽനിന്നും ഭൂമിയിലെ വെറും മണ്ണിൽ വന്നു വീണു. ജീവിത യാഥാർത്ഥ്യങ്ങളുടെ തീച്ചൂളയിലേക്കു് നേരെ പതിച്ചു. അരികിട്ടാത്തതിനാൽ ദിവസങ്ങളായി കഞ്ഞിവെള്ളം പോലും കുടിക്കാതെ അമ്മ ഒരു ദിവസം തളർന്നുവീണു. രോഗിയായ അച്ഛൻ രക്തം ഛർദ്ദിച്ചു ബോധം കെട്ടുവീണു. കരയാനറിയാതിരുന്ന എന്റെ ഇടനെഞ്ചിൽ തീരാത്തൊരു തേങ്ങൽ കൂടുകൂട്ടി. സ്വപ്നങ്ങളിൽ നിന്നു് എന്റെ മനസ്സു് ചുറ്റുപാടുകളുടെ ദൈന്യതകളിലേക്കു് തുറന്നു; ബുദ്ധിയും വിവേകവും അവയിലേക്കു് ആഴ്‌ന്നിറങ്ങി. ഓരോ ശബ്ദവും ചലനങ്ങളും ശ്രദ്ധയോടെ പിടിച്ചെടുക്കാൻ മനസ്സു് ജാഗരൂകമായി. വീടും ചുറ്റുപാടുകളും കടന്നു് ലോകത്തെ അറിയാനുള്ള ആവേശവും അത്യാർത്തിയും നിറഞ്ഞ ഒരു സ്കൂൾകുട്ടിയായി ഞാൻ മാറി. കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കിയ അറിവുകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എല്ലാം പക്വതയില്ലാത്ത ആ പ്രായത്തിലും വള്ളിപുള്ളിവിടാതെ മനസ്സിൽ സൂക്ഷിക്കാൻ ശീലിച്ചു.
എന്റെ അമ്മ ശരിക്കും ഒരു പ്രതിഭയായിരുന്നു; ഒരിക്കലും ശോഭിക്കാൻ അവസരം കിട്ടാതിരുന്ന ഒരു പ്രതിഭ. വളരെ സരസമായി കഥകൾ പറയുമായിരുന്നു. പുരാണങ്ങളിലെ കഥകൾക്കും സറ്റയർ ഉണ്ടാക്കി പറഞ്ഞു് കുട്ടികളെ രസിപ്പിക്കും. അതിനുമപ്പുറം അമ്മ പറഞ്ഞ പല കഥകളും ഒരു നാടിന്റെ ഒരു കാലഘട്ടത്തിലെ സാമൂഹികഘടനയും കുടുംബബന്ധങ്ങളിലെ വൈചിത്ര്യങ്ങളും അടുപ്പങ്ങളും വിടവുകളും അവകാശനിഷേധങ്ങളും അടിച്ചമർത്തലുകളും കൊടുംചതികളും അനാചാരങ്ങളും എല്ലാം വ്യക്തമാക്കുന്നവയായിരുന്നു. ആ കഥകളോരോന്നും ചാട്ടുളിപോലെ എന്റെ മനസ്സിനെ കീറി മുറിച്ചു. അവയെല്ലാം എന്റെ കൌമാരമനസ്സിൽ അവശേഷിപ്പിച്ച മുറിപ്പാടുകളാണു് ഞാൻ ഇഴ പിരിക്കാൻ ശ്രമിക്കുന്നതു്.
ഹൈസ്കൂൾകാലമായപ്പോഴേക്കും വായനയുടെ ഒരു വസന്തത്തിലേക്കു് എനിക്കു കടക്കാനായി. പാഠപുസ്തകങ്ങൾക്കു പുറമെ സ്വന്തം നാടിന്റെയും അതുകടന്നു ലോകത്തിന്റെയും ചരിത്രങ്ങൾ വായിക്കാൻ തുടങ്ങി. കിട്ടാനാകുന്നിടത്തോളം ലോകക്ലാസിക്കുകളും ചരിത്രാഖ്യായികകളും തേടിപ്പിടിച്ചു വായിച്ചു. ചില കവിതകളും കഥകളും എഴുതി തുടങ്ങി. പക്ഷെ അവ തുടരാനായില്ല. ചെറുപ്പത്തിലേ തന്നെ ജീവിതത്തിന്റെ വലിയ ഉത്തരവാദിത്വങ്ങൾ തലയിൽ പേറിയതോടെ ഇടയ്ക്കിടയ്ക്കു് എത്തിനോക്കിയ പൂർവകാല സ്മൃതികളെ ഞാൻ അടക്കിനിർത്തി.
നീണ്ട നാൽപ്പത്തിയൊന്നു് വർഷത്തെ സർവീസ് കാലം കഴിഞ്ഞു് 2000-ലാണു് ഞാൻ ജോലിയിൽ നിന്നും വിരമിക്കുന്നതു്. പിന്നെ ആദ്യം ചെയ്തതു് മനസ്സിനെ ചൊറിഞ്ഞുകൊണ്ടിരുന്ന ചില ഓർമ്മകളെയും സംഭവങ്ങളെയും കഥാപാത്രങ്ങളെയും മനസ്സിൽനിന്നും സ്വതന്ത്രമാക്കുക എന്നതാണു്. അങ്ങനെ 2003 മുതൽ ഇടവിട്ടിടവിട്ട് ഏഴു് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു; പ്രായത്തിന്റെ മടി എഴുത്തിനെ സാവധാനത്തിലാക്കിയെങ്കിലും.
പക്ഷെ അപ്പോഴും മനസ്സിൽ കോറിയിട്ട ചരിത്രത്തിന്റെ ഓർമ്മകൾ എന്നെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. അവയുംകൂടി വെളിച്ചം കണ്ടേ എനിക്കു് ജീവിതത്തിൽനിന്നും യാത്രപറയാൻ പറ്റൂ എന്ന വാശിയും ഉണ്ടായിരുന്നു. എഴെട്ടുകൊല്ലം മുൻപ് വെറുതെ കുറച്ചു യാത്രകൾ ചെയ്തു എന്റെ ബാല്യകൌമാരങ്ങൾ പിന്നിട്ട നാടുകളിലേക്കു്. എന്നെക്കാത്തു് ആരെങ്കിലും എന്തെങ്കിലും അവിടെ ഉണ്ടാവുമെന്ന പ്രതീക്ഷയിലല്ല; ഒരുപക്ഷെ മനസ്സിനെ ഒരുക്കാനുള്ള സഞ്ചാരം. കാലം ഒരുപാട് കടന്നു പോയെങ്കിലും മനസ്സിന്റെ താളുകളിൽ സൂക്ഷിച്ച ഓർമ്മകൾ തെളിമയോടെ എന്റെ ഭാവനയുടെ അകമ്പടിയോടെ വിടർന്നുവന്നു. വെട്ടും തിരുത്തും മാറ്റിയെഴുത്തും ഒക്കെയായി നാലഞ്ചു വർഷമെടുത്തു. പ്രായം മനസ്സിന്റെ മൂർച്ച കുറച്ചിരിക്കുന്നു. എഴുത്തിന്റെ ഒഴുക്കും ഓർമ്മകളുടെ നൈരന്തര്യവും പലപ്പോഴും വഴിമാറിപ്പോയി. എന്നിട്ടും ഞാൻ എഴുതി പൂർത്തിയാക്കി. കോവിഡിന്റെ തടസ്സങ്ങൾ പ്രസിദ്ധീകരണം പിന്നെയും വൈകിച്ചു.
ഇപ്പോൾ ഇതു പുസ്തകമായി വായനക്കാരായ നിങ്ങളുടെ മുമ്പിൽ എത്തുമ്പോൾ അതിനു ഞാൻ പലരോടും കടപ്പെട്ടിരിക്കുന്നു. എപ്പോഴും എനിക്കു് മോട്ടിവേഷനും നിർദേശങ്ങളും നൽകി കൂടെ നിന്ന മകൾ സീമ, കയ്യെഴുത്തുപ്രതിയും പ്രൂഫും വായിച്ചു് തിരുത്താനും ഗവേഷണത്തിലെ സംശയനിവൃത്തിക്കും സഹായിച്ച മകളുടെ ഭർത്താവ് ജയരാജ്, എഴുത്തുമുറിഞ്ഞു് ഇനി എഴുതാൻ വയ്യെന്നു് പറഞ്ഞു കരഞ്ഞ ഒരു രാത്രി എന്റെ തലയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ടേയിരുന്ന ചെറുമകൾ അപര്‍ണ്ണ; പുസ്തകത്തിന്റെ കവറിൽ ചേർക്കാൻ മനോഹരമായ ഒരു പെയിന്റിംഗ് സമ്മാനിച്ച ചിത്രകാരി ശോഭ (എന്റെ മകന്റെ ഭാര്യയാണു്); ഒപ്പം ടൈപ്പ്സെറ്റിംഗിനും പ്രസാധകരെ കണ്ടെത്താനുമുള്ള ചുമതലകൾ ഏറ്റെടുത്ത എന്റെ ബന്ധുകൂടിയായ മനോജ് പുതിയവിളയ്ക്കും; ഡിജിറ്റൽ പ്രസാധനം ഏറ്റെടുത്ത സായാഹ്ന ഫൗണ്ടേഷനും.
മാനസിദേവി