images/Stone_Balancing_In_The_Morning.jpg
Stone Balancing in the Morning, a photograph by Peacefulmovements .
മുത്തുകൾ
എം കൃഷ്ണന്‍ നായര്‍
മനുഷ്യനെന്ന വന്യമൃഗം

‘അർദ്ധരാത്രിയാണു് അപ്പോൾ. ബസ്തീയയിൽനിന്നു മദലേനിലേക്കു് പോകുന്ന ഒരു കുതിരവണ്ടിയും കണാനില്ല. പക്ഷേ, എനിക്കു തെറ്റിപ്പോയി: ഒരെണ്ണം പൊടുന്നനെ വരുന്നുണ്ടു്, ഭൂമിയുടെ അന്തർഭാഗത്തുനിന്നു് ഉയർന്നതുപോലെ… ആളുകൾ മുകളിലത്തെ തട്ടിൽ ഇരിക്കുന്നു. ചത്തമീനിന്റെ അനക്കമറ്റ കണ്ണുകൾപോലെയുള്ള കണ്ണുകളോടുകൂടി. അവർ ഒരുമിച്ചു ചാരിയിരിക്കുകയാണു്. നിയമമനുസരിച്ചുള്ള യാത്രക്കാരല്ലാതെ ഒരാൾപോലും വണ്ടിയിലില്ല. വണ്ടിക്കാരൻ കുതിരകളെ ചാട്ടകൊണ്ടടിക്കുമ്പോൾ നിങ്ങൾ പറയും ചാട്ടയാണു് അയാളുടെ കരത്തെ പ്രവർത്തിപ്പിച്ചതെന്നു്; കരമല്ല ചാട്ടയെ ഉത്തേജിപ്പിച്ചതെന്നു്. വിചിത്ര സ്വഭാവമുള്ള, മൂകരായിരിക്കുന്ന ആളുകൾ നിറഞ്ഞ ഈ വണ്ടി എന്താണു്? ഇവർ ചന്ദ്രനിൽ താമസിക്കുന്നവരോ? ഇടവിട്ടു് ഇടവിട്ടു് അങ്ങനെ വിശ്വാസിക്കാനാണു് പ്രേരണ. പക്ഷേ, ശവങ്ങളോടാണു് അവർക്കു സാദൃശ്യം.

അവസാനത്തെ നിറുത്തൽ സ്ഥലത്തെത്താൻ ഉത്കണ്ഠയുള്ള ആ വണ്ടി ശൂന്യാകാശത്തെ വിഴുങ്ങുന്നു. അതിന്റെ താഴെയുള്ള പാത ഞരങ്ങുന്നു. അതു് അപ്രത്യക്ഷമാവുകയാണോ? എന്നാൽ പൊടിപടലത്തിലൂടെ നൈരാശ്യത്തോടെ രൂപമില്ലാത്ത ഒരാകൃതി അതിനെ അനുധാവനം ചെയ്യുന്നുണ്ടു്.

‘നിറുത്തു. ഞാൻ നിങ്ങളോടു് അപേക്ഷിക്കുകയാണു്. നിറുത്തു! ഈ ദിവസമാകെ നടന്നതുകൊണ്ടു് എന്റെ കാലുകളിൽ നീരുവന്നിരിക്കുന്നു… ഇന്നലെത്തൊട്ടു് ഞാനൊന്നും ഭക്ഷിച്ചില്ല…എന്റെ അച്ഛനമ്മമാർ എന്നെ ഉപേക്ഷിച്ചു… എന്തു ചെയ്യണമെന്നു് എനിക്കറിഞ്ഞുകൂടാ… ഞാൻ വീട്ടിൽ തിരിച്ചു ചെല്ലാനാണു് തീരിമാനിച്ചിരിക്കുന്നതു്. എന്നെക്കൂടി കൊണ്ടുപോയാൽ ഞാൻ വേഗമവിടെ ചെല്ലും. എട്ടു വയസ്സു മാത്രമുള്ള ഒരു കൊച്ചു കുഞ്ഞാണു ഞാൻ. നിങ്ങളെ ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു.’

‘കുതിരവണ്ടി പായുന്നു… പായുന്നു… പക്ഷേ, രൂപമില്ലാത്ത ഒരാകൃതി പൊടിപടലത്തിലൂടെ നിരാശതയാർന്നു് അതിനെ അനുധാവനം ചെയ്യുന്നു.’

images/Lautreamont1.jpg
ലോത്രേയാമെങ്ങ്

ഇനി ഭാഷാന്തരീകരണം വിട്ടു് ഞാൻ സംഗ്രഹത്തിലേക്കു വരട്ടെ. വണ്ടിക്കകത്തിരിക്കുന്ന ഒരാളിനു് അതിന്റെ ലോഹശബ്ദം അസഹനീയമാകുന്നു. അതു കേൾക്കുന്നുവെന്നു നടിച്ചു വേറൊരു യാത്രക്കാരൻ ആമ തോടിലേക്കു വലിയുന്നതുപോലെ സ്വാർത്ഥ തല്പരമായ നിശ്ചലതയിലേക്കു പിൻവലിയുന്നു. ജാലകങ്ങൾ തുറക്കപ്പെടുന്നു ഭവനങ്ങളിൽ. പേടിച്ച ഒരാൾ കൈയിലൊരു വിളക്കോടുകൂടി പാതയിലേക്കു നോക്കിയിട്ടു പെട്ടെന്നു ‘ഷട്ടറുകൾ’ അടച്ചുകളയുന്നു. വണ്ടി പായുകയാണു്… പായുകയാണു്… പൊടിപടലത്തിലൂടെ രൂപമില്ലാത്ത ഒരാകൃതി. അതിന്റെ പിൻപേ ഓടുന്നു. അതു കണ്ടു് ഒരു യവാവിനു താൽക്കാലികമായ സഹതാപം. ‘ഇതാണോ മനുഷ്യന്റെ ദയാലുത്വം?’ എന്നു് അയാൾ ചോദിക്കുന്നു. പിന്നീടു് അയാൾ സ്വയം പറഞ്ഞു: ‘ഒരു കുഞ്ഞിനെക്കുറിച്ചു ഞാനെന്തു വിചാരിക്കുന്നു? അവൻ പാട്ടിനു പോകട്ടെ.’ എങ്കിലും ചൂടുള്ള ഒരു കണ്ണീർത്തുള്ളി അയാളുടെ കവിളിലൂടെ ഒഴുകി.

നിലവിളി പെട്ടെന്നു നിന്നു. കുഞ്ഞു് പാതയിൽ ഉയർന്നു നിന്ന കല്ലിൽത്തട്ടി മറിഞ്ഞുവീണു. വീണപ്പോൾ അവന്റെ തല മുറിഞ്ഞു. പഴന്തുണിത്തുണ്ടുകൾ ശേഖരിക്കുന്ന ഒരുത്തൻ വിളക്കോടുകൂടി കുനിഞ്ഞു. വണ്ടിയിലിരിക്കുന്നവരെക്കാളൊക്കെ അയാൾക്കു ഹൃദയമുണ്ടു്. അയാൾ കുഞ്ഞിനെ എടുത്തുയർത്തി, അയാൾ കാരുണ്യത്തോടെ അവനെ നോക്കുമെന്നും അച്ഛനമ്മമാരെപ്പോലെ ഉപേക്ഷിക്കില്ലെന്നും ഉറപ്പാക്കിക്കൊള്ളു. വണ്ടി പായുന്നു… പായുന്നു… തുണിത്തുണ്ടുകൾ പെറുക്കുന്നവന്റെ തുളച്ചുകയറുന്ന നോട്ടം പൊടിപടലത്തിലൂടെ ആ വണ്ടിയിലേക്കു ചെന്നു.

images/Maurice_Maeterlinck.jpg
മോറീസ് മതേർലങ്

ഇനി ഭാഷാന്തരീകരണം. ഗ്രന്ഥകാരൻ പറയുകയാണു്: ‘മൗഢ്യവും ജളത്വവുമുള്ള മനുഷ്യവർഗ്ഗം! നീ ഈ പ്രവൃത്തിയിൽ ദുഃഖിക്കും. ഞാനാണു് ഇതു നിന്നോടു പറയുന്നതു്. നീ പശ്ചാത്തപിക്കും, പശ്ചാത്തപിക്കും. എന്റെ ശക്തിയുടെ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചു് എന്റെ കവിതകൊണ്ടു് മനുഷ്യനെന്ന വന്യമൃഗത്തെ, അങ്ങനെയൊരു കീടത്തെ സൃഷ്ടിക്കാൻ പാടില്ലാതിരുന്ന അവന്റെ സൃഷ്ടികർത്താവിനെ ഞാൻ ആക്രമിക്കും. എന്റെ ജീവിതാവസരംവരെ ഗ്രന്ഥങ്ങൾക്കു മുകളിൽ ഗ്രന്ഥങ്ങൾ കുന്നുകൂടും. പക്ഷേ, ഒരാശയമേ അതിലുണ്ടാകൂ… എന്റെ ബോധമണ്ഡലത്തിലുള്ള ഒരേഒരാശയം.’

images/Huysmans.jpg
ഷോറീസ് കാറൽ വീസ്മാങ്സ്

തീക്ഷ്ണാത്മകവും കലാത്മകവുമായ ഈ ഭാഗം ലോത്രേയാമെങ്ങിന്റെ (Comite de Lautreamont 1846–70) Les Chants Maldoror എന്ന ഗദ്യകവിതയിൽ നിന്നാണു്. നൂറു വർഷത്തിലധികം പഴക്കം ഈ പുസ്തകത്തിനുണ്ടെങ്കിലും പലരും ഇതു വായിച്ചിരിക്കാനിടയില്ല എന്ന വിചാരമാണു് ഇതിനെക്കുറിച്ചെഴുതാൻ എനിക്കു പ്രേരണ നൽകുന്നതു്. ഈ ഗ്രന്ഥത്തിന്റെ 303 പുറങ്ങളും ശ്വാസം പിടിച്ചുകൊണ്ടാണു് ഞാൻ വായിച്ചതെന്നു പറഞ്ഞാൽ അതു് അത്യുക്തിയാവും. എങ്കിലും അ അത്യുക്തിയിലൂടെ മറ്റൊരു സത്യം സ്പഷ്ടമാകും. അതു് ഈ കലാസൃഷ്ടിയുടെ ഉജ്ജ്വലതതന്നെ, അന്യാദൃശസ്വഭാവം തന്നെ. പില്ക്കാലത്തു പാരീസിലെ സറിയലിസ്റ്റുകൾ ‘വേദഗ്രന്ഥം’ പോലെ ആദരിച്ച ഈ പുസ്തകം 1868–69 ലാണു് പ്രസിദ്ധപ്പെടുത്തിയതെങ്കിലും ഇതു് ആരുടെയും ശ്രദ്ധയിൽ വന്നു വീണില്ല. എന്നാൽ പത്തൊൻപതാം ശതാബ്ദത്തിന്റെ അവസാനത്തോടെ പ്രതിഭാശാലികൾ അതു കണ്ടെത്തി. ഫ്രഞ്ച് നോവലിസ്റ്റ് ഷോറീസ് കാറൽ വീസ്മാങ്സ് (Joris Karl Huysmans) ബെൽജിയൻ നാടക കർത്താവു മോറീസ് മതേർലങ് (Mavrice Maeterlunek 1862–1947) ഫ്രഞ്ച് നോവലിസ്റ്റും നിരൂപകനുമായ റെമീ ദ ഗുർമൊങ് (Remy de Gourmont 1868–1915) ഇവർ പ്രതിഭാശാലിയുടെ കൃതിയായി ഇതിനെ കൊണ്ടാടി. ഇന്നു സറിയലിസത്തെക്കുറിച്ചുള്ള ഏതു വിചിന്തനവും ഈ ഗദ്യകവിതയിൽ നിന്നാണു് ആരംഭിക്കുന്നതു്. ഇരുപത്തിനാലാമത്തെ വയസ്സിൽ അന്തരിച്ചു പോയ ഒരു യുവാവു് ഈ മാസ്റ്റർപീസ് എഴുതിയല്ലോ എന്നു വിചാരിച്ചു് അനുവാചകർക്കു് അദ്ഭുതം. അല്ലെങ്കിൽ അദ്ഭുതപ്പെടാനെന്തിരിക്കുന്നു! ജീനിയസ് പ്രാദുർഭാവം കൊള്ളുന്നതു് പ്രായാധിക്യത്തിലൂടെയല്ലല്ലോ.

images/Jean_Paul_Sartre.jpg
ഷാങ് പോൾ സാർത്ര്

‘ലേ ഷാങ് ദ മൽദറോർ’—മൽദറോറിന്റെ ഗാനങ്ങൾ—മനുഷ്യവർഗ്ഗത്തോടും ഈശ്വരനോടുമുള്ള വെറുപ്പിനെയാണു് സ്ഫുടീകരിക്കുന്നതു്. ‘തിന്മയെ ഒരു തത്ത്വമാക്കി’ പരിഗണിച്ചു വാഴ്ത്തുന്നു. തിന്മയെ ഒരു അത്ഭുതമായി പരിഗണിച്ചു് അതിൽ വിലയം കൊള്ളുന്ന മനുഷ്യനെയും ഈശ്വരനെയും ചാട്ടവാറു കൊണ്ടടിക്കുന്നു. അധികാരത്തിന്റെ പ്രയോഗം മനുഷ്യനെ എങ്ങനെ തിന്മയിലേക്കു കൊണ്ടു ചെല്ലുന്നുവെന്നു വ്യക്തമാക്കിത്തരുന്നു. തിന്മയെ വിമർശിക്കുകയല്ല, ഒരു കണക്കിൽ വാഴ്ത്തുകയാണു് കവി എന്നു ചിലർ പറയുന്നു. പുസ്തകത്തിന്റെ പുറംചട്ടയിൽ അങ്ങനെ പ്രസ്താവമുണ്ടു്. നിയന്ത്രിക്കാനാവാത്ത വികാരങ്ങളെ—തിന്മയോടു ബന്ധപ്പെട്ട വികാരങ്ങളെ—ബഹിഃപ്രകാശനം ചെയ്യുകയാണു് അദ്ദേഹം. ആ തിന്മയെ അതിശയിച്ചു മറ്റൊരു മണ്ഡലത്തിലേക്കു ചെല്ലൂ എന്നാണു് അദ്ദേഹത്തിന്റെ ആഹ്വാനം. അതിനാൽ പുറം ചട്ടയിലെ പ്രസ്താവം ചിന്തനീയമായിരിക്കുന്നു എന്നേ പറയാൻ പറ്റൂ. ഭാവനയിൽ വിപ്ലവം വരുത്തിയാൽ പുതിയ സാഹചര്യം സൃഷ്ടിക്കാമെന്നും കവി വിചാരിക്കുന്നുണ്ടാവാം. ഇരുപതാം ശതാബ്ദത്തിലെ മറ്റൊരു ഫ്രഞ്ചെഴുത്തുകാരൻ ഷെനെ ചെയ്തതതും ഇതുതന്നെയാണല്ലോ. അതു കൊണ്ടെല്ലാമാണു് ഷാങ് പോൾ സാർത്ര് ഷെനെ യെ പുണ്യാളനായി കണ്ടതും Saint Genet എന്ന പുസ്തകമെഴുതിയതും.

ഇതിലെ ഏതു ഭാഗവും ഉത്കൃഷ്ടമായ കവിതയാണു്. വിശേഷിച്ചും സമുദ്രത്തെക്കുറിച്ചുള്ള ഗാനം. ഒരു ഭാഗം:

Ancient ocean, Crystal-waved, you resemble those bluish marks that one sees upon the battered backs of cabin-boys; you are a vast bruise inflicted upon the body of earth. ലോകത്തെ അതായിത്തന്നെ ചിത്രീകരിച്ചു് ഭാവനയിലൂടെ സർവാതിശായിയായ മണ്ഡലത്തിലേക്കു അനുവാചകരെ ഉയർത്തുന്ന ഈ കാവ്യം വെറുമാരു കാവ്യമല്ല. മഹാകാവ്യമാണു്. ലോത്രേയാമൊങ്! അങ്ങു് നവയുവാവായിരിക്കെ തന്നെ അന്തരിച്ചു. ഞങ്ങൾ തടിമാടന്മാരായി ഇവിടെ ജീവിച്ചിരിക്കുന്നു. അങ്ങയുടെ ജീവിതമെത്ര ധന്യം! ഞങ്ങളുടേതു് എത്ര തുച്ഛം!

ഈജിപ്റ്റിനെ സ്നേഹിച്ച മനുഷ്യൻ

‘അലിഗ്സാൻഡ്രിയ ക്വോർറ്റെറ്റ് ’ എന്ന വിഖ്യാതമായ നോവലെഴുതിയ ലോറൻസ് ഡറൽ ‘വിരളമായ ഗ്രന്ഥം, ആധുനിക ഈജിപ്റ്റിനെക്കുറിച്ചുള്ള യഥാർത്ഥമായ ക്ളാസിക്, പണ്ഡിതന്മാർക്കു് ഖനി, വായനക്കാരന്റെ ആഹ്ലാദം’ എന്നു് വാഴ്ത്തിയ ‘The man who loved Egypt’ എന്ന പുസ്തകം എന്തെന്നില്ലാത്ത കൌതുകത്തോടെയാണു് ഞാൻ വായിച്ചുതീർത്തതു്. ഗ്രന്ഥകാരനായ ജോസഫ്മക്ഫേഴ്സൻ 1901-ൽ ഈജിപ്റ്റിൽ എത്തുകയും 1946-ൽ മരിക്കുന്നതുവരെ അവിടെ താമസിക്കുകയും ചെയ്തു. ഗണിതശാസ്ത്രവും രസതന്ത്രവും പഠിപ്പിക്കുന്ന അധ്യാപകനായിട്ടാണു് അദ്ദേഹം ഈജിപ്റ്റിലെത്തിയതു്. കൈറോവിലെ രഹസ്യപ്പോലീസിന്റെ തലവനായി പെൻഷൻ പറ്റി. ജോലിയിൽ നിന്നു വിരമിച്ചതിനുശേഷവും അദ്ദേഹം കൈറോവിന്റെ മധ്യഭാഗത്തു് ഒരു ചെറിയ ഫ്ളാറ്റിൽ താമസിച്ചുകൊണ്ടു് മുമ്പുണ്ടായിരുന്നു പാണ്ഡിത്യത്തെ കൂടുതൽ വികസിപ്പിക്കുകയായി. താൻ മരിച്ചാൽ ആരും കരയരുതു്. അന്ത്യവിശ്രമസ്ഥാനത്തു് പൂക്കൾ മാത്രം വരിയായി ഇടണം. വേണമെങ്കിൽ മുകളിലും പൂക്കളാകാം. ശവകുടീരത്തിൽ XAIPE (Farewell) എന്നൊരു വാക്കേ പാടുള്ളു എന്നൊക്കെ അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. കൈറോവിൽ XAIPE എന്നു കൊത്തിവെച്ച ആ ശവകുടീരം ഇന്നും കാണാം. ഈജിപ്റ്റിനെ സ്നേഹിച്ച ആ മനുഷ്യനെ ഇന്നും ഈജിപ്റ്റിലുള്ളവർ കൃതജ്ഞതാഭരിതമായ ഹൃദയത്തോടെ ഓർമിക്കുന്നുണ്ടാവും.

മക്ഫേഴ്സൻ നാട്ടിലേക്കു് അയച്ച കത്തുകൾ—ബന്ധുക്കൾക്കു് മാത്രമായി അയച്ച കത്തുകൾ 26 വാല്യങ്ങളായി ‘ബൈൻഡ്’ ചെയ്തുവെച്ചിട്ടുണ്ടു്. അവ കയ്യിൽ കിട്ടിയ ജോൺ മക്ഫേഴ്സൻ—ജോസഫ് മക്ഫേഴ്സന്റെ കൊച്ചനന്തരവൻ—വൈദഗ്ദ്ധ്യത്തോടെ എഡിറ്റ് ചെയ്തു് പ്രസാധനം ചെയ്തതാണു് ഈ ഗ്രന്ഥം. ഇതിൽ ഈജിപ്റ്റിന്റെ അക്കാലത്തെ രാഷ്ട്ര വ്യവഹാരമുണ്ടു്, ചരിത്രമുണ്ടു്, സാമൂഹികാവസ്ഥകളുടെ ചരിത്രങ്ങളുണ്ടു്. വിക്റ്റോറിയൻ ഇംപീരിയലിസ്റ്റാണു് ജോസഫ് മക്ഫേഴ്സൻ. എങ്കിലും ‘ക്ളാസിസിസ്റ്റും ശാസ്ത്രജ്ഞനും വ്യക്തിവാദിയുമായിരുന്ന അദ്ദേഹത്തിന്റെ അനുഭവവാവിഷ്കാരങ്ങൾ ആരെയും രസിപ്പിക്കും.’

ലോറൻസ് ഡറൽ മക്ഫേഴ്സിനെ കണ്ടിട്ടുണ്ടു്. താനെഴുതിയ ‘Moulids of Egypt’ എന്ന പുസ്തകത്തിന്റെ ഒരു പ്രതി അദ്ദേഹം ഡറലിനു് നൽകി. തന്റെ ‘അലിഗ്സാൻഡ്രിയ ക്വോർറൈറ്റ് ’ എന്ന നോവലിന്റെ രചനക്കു് ആ ഗ്രന്ഥം ഏറെ സഹായിച്ചുവെന്നു് ഡറൽ പറയുന്നു. ‘Moulids of Egypt’ അതിന്റെ നിലയിൽ ക്ളാസിക്കാണു്. ‘The man who loved Egypt’ അതിനെക്കാൾ മഹനീയമായ ക്ളാസിക്കാണെന്നു് ഡറൽ അഭിപ്രയപ്പെടുന്നു.

ബ്രിട്ടീഷ് പ്രൊട്ടക്റ്ററിയറ്റായിരുന്ന ഈജിപ്റ്റ് ക്രമേണ സ്വതന്ത്ര്യത്തിലേക്കു് ചെല്ലുന്ന ചിത്രം ആകർഷകമായ രീതിയിൽ വരയ്ക്കുന്നു മക്ഫേഴ്സൻ. ശാന്തമായിരുന്ന അന്തരീക്ഷത്തിൽ ആദ്യമായി പ്രക്ഷുബ്ധതയുളവാക്കിയതു് ‘ദെൻഷാവെ’ സംഭവമാണു്. നൈൽ നദിയിലെ തുരുത്താണു് (ഡെൽറ്റ) ദെൻ ഷാവെ ഗ്രാമം. അവിടെ പ്രാവുകളെ വെടിവെച്ചുകൊണ്ടിരുന്ന ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാരുടെ ആ പ്രവൃത്തി ഗ്രാമവാസികൾക്കു് ഇഷ്ടപ്പെട്ടില്ല. അവർ കമ്പും കല്ലുംകൊണ്ടു് അവരെ ആക്രമിച്ചു. സമീപത്തുള്ള ഒരു സൈനിക കേമ്പിലെക്കു് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു ഉദ്യോഗസ്ഥൻ മുറിവുകൊണ്ടും സൂര്യാഘാതംകൊണ്ടും വഴിയിൽ വീണുമരിച്ചു. ആയാളെ സഹായിക്കാനെത്തിയ ഒരു ഈജിപ്റ്റുകാരനെ അക്രമിയായി തെറ്റിധരിച്ച മറ്റുചില ബ്രിട്ടീഷ് പട്ടാളക്കാർ അടിച്ചുകൊന്നു. അമ്പത്തിരണ്ടു് ഗ്രാമീണരെ അറസ്റ്റ് ചെയ്തു. അവരിൽ ഇരുപത്തിയൊന്നുപേരെ ശിക്ഷിച്ചു. നാലുപേരെ തൂക്കിക്കൊന്നു. രണ്ടുപേർക്കു് ജീവപര്യന്തം തടവു്, ആറുപേർക്കു് ഏഴുവർഷം കാരാഗൃഹവാസം. ശേഷമുള്ളവർക്കു് അമ്പതടിവീതം. ഗ്രാമീണരെ നിർബന്ധപൂർവ്വം വിളിച്ചുകൂട്ടി അവരുടെ മുമ്പിൽവെച്ചാണു് ശിക്ഷ നടപ്പാക്കിയതു്. ഈജിപ്റ്റിലാകെ കോപവും തീവ്രവേദനയുമായി. ഇന്ത്യയിലെ അമൃതസാർ കൂട്ടക്കൊല ഇവിടത്തെ ദേശീയതയെ ഇളക്കി വിട്ടതുപോലെ ഈജിപ്റ്റിന്റെ ദേശീയവികാരം ഈ സംഭവത്തോടെ ആളിക്കത്തി. പിന്നീടു് ബ്രിട്ടീഷുകാർക്കു് നേരെയുള്ള പ്രതികാര നടപടികൾ ആരംഭിച്ചു. ഈജിപ്റ്റ് ഈജിപ്റ്റുകാർക്കു് എന്ന മുറവിളി ഉയർന്നു. അതു് സ്വാതന്ത്ര്യം നേടലിൽ കലാശിക്കുകയും ചെയ്തു.

അക്കാലത്തെ 1902-ലെ ഈജിപ്ഷ്യൻ സ്ത്രീകൾ തികച്ചും സദാചാരതൽപരകളായിരുന്നില്ലെന്നു് മക്ഫേഴ്സൻ പറയുന്നു. സ്ത്രീകളെ നപുംസകങ്ങൾ സംരക്ഷിച്ചിരുന്നുവെങ്കിലും അവർ തങ്ങളുടെ സൂക്ഷിപ്പുകാർക്കു് കൈക്കൂലി കൊടുത്തു രക്ഷപ്പെട്ടു ചെല്ലേണ്ട സങ്കേതങ്ങളിൽ ചെല്ലുമായിരുന്നു. യൂറോപ്യൻ ബാലൻ സുന്ദരനാണെങ്കിൽ അവിടത്തെ സ്ത്രീകളുടെ പ്രലോഭനങ്ങൾക്കു് വശപ്പെട്ടവനായിത്തീരും എന്നതിൽ സംശയമില്ല. ഒരു ദിവസം കൈറോവിൽവച്ചു് വഴിതെറ്റിപ്പോയി മക്ഫേഴ്സനു്. അറബികളിൽ നിന്നു് അദ്ദേഹം വഴി ചോദിച്ചു മനസ്സിലാക്കുന്നതിനിടയിൽ പതിനാറു് വയസ്സുള്ള സുന്ദരനായ ഒരു യൂറോപ്പിയൻ ബാലനെ കണ്ടു. അവൻ അദ്ദേഹത്തെ ഹോട്ടലിലേക്കു് കൊണ്ടുപോകുമ്പാൾ പറഞ്ഞു. അവനൊരു പ്രേമഭാജനമുണ്ടെന്നു്. അവരുടെ വയസ്സു് എഴുപതു്. എന്നും രാത്രി ആ കിഴവി അവനെ വേഴ്ചക്കു് നിർബന്ധിച്ചു. അവൻ അതിനു് മനസ്സില്ലാ മനസ്സോടെ വഴങ്ങുകയും ചെയ്യുമായിരുന്നു. തന്നെ പകുതിയോളം നിഗ്രഹിച്ച ആ പ്രവർത്തിയിൽ നിന്നു് മോചനം നേടാൻ അവനു് കഴിഞ്ഞിരുന്നില്ല.

വിരളമായി മക്ഫേഴ്സൻ തത്വചിന്തയിലേക്കും പോകുന്നു. മനുഷ്യാത്മാവു് പരമാത്മാവിൽനിന്നു് ജനിക്കുന്നുവെന്നാണു് ജനതയുടെ വിശ്വാസം. പരമാത്മാവിലേക്കു് അതു് തിരിച്ചുപോകുന്നു. സൂര്യന്റെ ആവർത്തന സ്വഭാവമുള്ള ജീവൻ ഗ്രഹങ്ങളെ വിക്ഷേപണം ചെയ്യുന്നു. അവ സൂര്യനിലേക്കു് തിരിച്ചുപോകുന്നു. മക്ഫേഴ്സനും കൂടെയുണ്ടായിരുന്ന ആളും കവി ജലാൽ എൽ ദീനിന്റെ ശവകുടീരം കണ്ടു. അദ്ദേഹവും കവികളായ ഹാഫീസും ഫിർദൌസിയും ആത്മാവിനെ ഉന്നമിപ്പിക്കണമെന്നു് ഉദ്ബോധിപ്പിച്ചവരാണു്.

മതസഹിഷ്ണുത അക്കാലത്തെ സവിശേഷതയായിരുന്നു. ബൈബിളിൽ On എന്നു് വിളിക്കപ്പെടുന്ന ഹീലിയ പെലസ് (Heliopolis) ആകർഷകത്വമുള്ള സ്ഥലമാണു്. സൂര്യദേവൻ റായുടെ (RA) ദേവാലയത്തിന്റെ അവശിഷ്ടങ്ങളിൽ നാലായിരം വർഷം പഴക്കമുള്ള ഓബിലിസ്ക് (Obelisk four sided stone pillar) കാണാം. On-ലെ പുരോഹിതന്റെ മകൾ ജോസഫിന്റെ ഭാര്യയായിരുന്നു. ജോസഫ് അവളെ കൊണ്ടുവന്നതു് ഇവിടെയാണു്. അലിഗ്സാണ്ടർ ഇവിടെ വന്നു. ഒരു Sycamore വൃക്ഷം നില്ക്കുന്നുണ്ടവിടെ. ഈജിപ്റ്റിലേക്കുള്ള പലായനത്തിനിടയിൽ വിശുദ്ധമറിയം വിശ്രമിച്ചതു് ഈ മരത്തിന്റെ താഴെയാണു്. അവിടെ ഉണ്ണിയേശുവിന്റെ കാലു കഴുകാനായി ഒരു കിണറ് പൊടുന്നനെ ഉണ്ടായി. ഒരുദ്യാനത്തിൽ ഒരു ചെറിയ കപ്പേളയുണ്ടു്. വിശുദ്ധമറിയത്തിനു് വിശ്രമം അരുളിയ വൃക്ഷവും കിണറും, ഗ്രാമീണരും വിശേഷിച്ചു മുസ്ലിങ്ങളും ബഹുമാനിച്ചുപോരുന്നു. കന്യാമറിയത്തോടും യേശുവിനോടും ക്രിസ്ത്യാനികൾക്കുള്ളതിലേറെ ബഹുമാനം ഇസ്ലാം മതക്കാർക്കു് ഉണ്ടെന്നാണു് മക്ഫേഴ്സൻ പറയുന്നതു്.

1918-ന്റെ ആദ്യകാലത്തു് ക്യാപ്റ്റൻ കിങ്ങിനു് (കൈറോവിൽ താമസമായിരുന്നു അയാൾ) വല്ലാത്ത ഒരു രോഗം പിടിപെട്ടു. അർദ്ധനിദ്രയിൽ വീണതുപോലെ അയാൾ കിടക്കും. ഡോക്ടർമാർക്കു്, അംഗവൈകൃതമോ അടികൊണ്ട ലക്ഷണമോ വിഷം ഉള്ളിൽ ചെന്നതിന്റെ അടയാളമോ കാണാൻ കഴിഞ്ഞില്ല; കിങ് See Scratched my eye with a golden needle and gave me second sight എന്നു പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം അയാൾ ആ വരികൾ പറഞ്ഞുകൊണ്ടു മരണമടഞ്ഞു. മരണാന്തരം പരിശോധന നടത്തിയപ്പോൾ ഒരു കണ്ണിൽ ഒരു പോറൽ കാണാനിടയായി. മക്ഫേഴ്സൻ ഈ ഉദ്യോഗസ്ഥനെക്കുറിച്ചു് അന്വേഷണങ്ങൾ നടത്തി. സ്ത്രീകളെ സംബന്ധിച്ചുള്ള ദൌർബല്യമുണ്ടായിരുന്ന കിങ് ഒരു സുന്ദരിയെ വണ്ടിയിലുത്തിക്കൊണ്ടു സഞ്ചരിക്കുമായിരുന്നുവെന്നു് മാത്രം അദ്ദേഹത്തിനു് ഗ്രഹിക്കാൻ കഴിഞ്ഞു. അവസാനത്തെ ശ്വാസം വലിക്കുമ്പോഴും She Scratched my eye with a golden needle and gave me second Sight എന്നു പറഞ്ഞുകൊണ്ടു മരണം പൂകിയ അയാളെക്കുറിച്ചോ അയാളുടെ അദ്ഭുതദായകമായ രോഗത്തെക്കുറിച്ചോ മക്ഫേഴ്സനു് ഒന്നും മനസ്സിലാക്കാൻ സാധിച്ചില്ല. ഈ സംഭവത്തെക്കുറിച്ചു് ലോറൻസ് ഡറലിന്റെ നോവലിൽ (Clea എന്ന ഭാഗത്തു്) പറഞ്ഞിട്ടുണ്ടു്. എന്തൊരു രസകരമായ പുസ്തകം!

സത്യമോ സ്വപ്നമോ
images/Antonio_Tabucchi.jpg
ആന്താന്യോ താബൂക്കി

ഇറ്റലിയിലെ ആന്താന്യോ താബൂക്കി (Antonio Tabuchi 1943) ‘Requiem’ എന്ന നോവലെഴുതി വിശ്വപ്രശസ്തി ആർജിച്ചിരിക്കുന്നു. വായിച്ചു കഴിഞ്ഞയുടനെ വീണ്ടും വായിക്കണമെന്ന അഭിലാഷമുളവാക്കിയ ഈ നോവൽ അസാധാരണമാണെന്നു് ഇറ്റലിയിലെ നിരൂപകനായ ഗൂൽയെൽമി; (Guglielmi) ഹൃദയസ്പർശിയും ഹോൺടിങ്ങുമായ നോവലാണു് ഇതെന്നു് പീറ്റ്ച്ചിയോണി (Piccioni) എന്ന നിരൂപകൻ പരസ്യമാണിതെല്ലാമെന്ന പൂർവകല്പനയോടെ അത്യുക്തിക്കു് വലിയ മാർജിൻ ഇട്ടുകൊണ്ടാണു് ഞാൻ ഈ നോവൽ വായിച്ചതു്. വായിച്ചു കഴിഞ്ഞപ്പോൾ നിരൂപകർ പറഞ്ഞതു് സമ്പൂർണ്ണമായും ശരിയാണെന്നു് എനിക്കു ഗ്രഹിക്കാൻ കഴിഞ്ഞു.

images/Pessoa_chapeu.jpg
ഫെർനാൻദു പെസുആ

ഇൻഡ്യയിലും പോർടുഗലിലും താമസിച്ചിട്ടുള്ള ഈ നോവലിസ്റ്റ് പടിഞ്ഞാറൻ ഇറ്റലിയിൽ അദ്ദേഹത്തിന്റെ ജന്മദേശമായ തസ്കനിയിൽ ഇപ്പോൾ പാർക്കുന്നു. അവിടത്തെ സീയെന സർവകലാശാലയിൽ സാഹിത്യ വകുപ്പിന്റെ അധ്യക്ഷനാണു് അദ്ദേഹം. ഇറ്റലിയിലെ P. E. N. ക്ലബിന്റെ സമ്മാനം ‘Requiem’ എഴുതിയതിന്റെ പേരിൽ താബൂക്കിക്കു നല്കുകയുണ്ടായി. പോർടുഗീസ് സാഹിത്യത്തിന്റെ ആരാധകനാണു് ഈ ഇറ്റാലിയെൻ നോവലിസ്റ്റ്. പോർടുഗീസ് സാഹിത്യത്തിന്റെ അധുനാതന മണ്ഡലത്തിലെ നായകനായിരുന്ന ഫെർനാൻദു പെസുആ (Fernando Pessoa 1888–1935) എഴുതിയ ‘The Book of Disquiet’ എന്ന അത്യുജ്ജ്വലമായ ഗദ്യകാവ്യഗ്രന്ഥം സ്വന്തം ഭാഷയിലേക്കു തർജ്ജമ ചെയ്ത ആളാണു് അദ്ദേഹം. പെസുആയോടും പോർടുഗലിനോടും പോർടുഗീസ് സാഹിത്യത്തോടുമുള്ള സ്നേഹംകൊണ്ടു് Requiem അദ്ദേഹം പോർടുഗീസ് ഭാഷയിലാണു് എഴുതിയതു്.

Margaret JillCosta ഇംഗ്ളീഷിലേക്കു തർജ്ജമ ചെയ്ത ഈ നോവൽ ഗ്രെയ്റ്റ് ബ്രിട്ടനിലെ Harvill Publishers പ്രസാധനം ചെയ്തിരിക്കുന്നു.

റെക്വീം—Requiem—മരണാനന്തര ശുശ്രൂഷ. അതിനെക്കുറിച്ചു നോവലിസ്റ്റ് പറയുന്നു ‘സൊണാറ്റ (ഒന്നോ രണ്ടോ സംഗീതോപകരണത്തിനു വേണ്ടിയുള്ള പാട്ടു്) എന്നതിനു പുറമേ എന്റെ ‘റെക്വിം’ എന്ന നോവൽ സ്വപ്നവും കൂടിയാണു്. എന്റെ കഥാപാത്രം (കഥ പറയുന്ന ആൾ) ജീവിച്ചിരിക്കുന്നവരും മരിച്ചുവരുമായ വ്യക്തികളെ സദൃശമായ രീതിയിൽ കാണും.’ ഇതാണു് നോവലിന്റെ മർമ്മം പ്രകാശിപ്പിക്കുന്ന പ്രസ്താവം. ഇതിലെ ഒരു കഥാപാത്രമാണു് ഒരു ജിപ്സി സ്ത്രീ. അവർ കഥ പറയുന്ന ആളിനോടു പറയുകയാണു്: ‘പ്രിയപ്പെട്ടവനെ കേൾക്കൂ. ഇങ്ങനെ പോകാൻ ഒക്കുകയില്ല. ഒരേസമയം നിങ്ങൾക്കു രണ്ടു ലോകങ്ങളിൽ ജീവിക്കാൻ സാദ്ധ്യമല്ല; വാസ്തവികതയുടെ ലോകത്തും സ്വപ്നങ്ങളുടെ ലോകത്തും. അങ്ങനെ ജീവിച്ചാൽ മതിവിഭ്രമങ്ങളിൽ ചെല്ലും. (A Hallucination, എന്നും കൂടി നോവലിനു പേരുണ്ടു്) കൈകൾ രണ്ടും ഇരുവശങ്ങളിലേക്കും വിടർത്തി ഭൂവിഭാഗത്തിലൂടെ നടക്കുന്ന നിദ്രാടനക്കാരനെ പോലെയാണു് നിങ്ങൾ. നിങ്ങൾ സ്പർശിക്കുന്നതെന്തും നിങ്ങളുടെ സ്വപ്നത്തിന്റെ ഭാഗമായി മാറും. വൃദ്ധയും വണ്ണം കൂടിയവളും പത്രണ്ടര സ്റ്റോൺ ഭാരമുള്ളവളും ആയ ഞാൻ പോലും സ്വപ്നത്തിന്റെ ഭാഗമാകും. നിങ്ങളുടെ കരതലസ്പർശംകൊണ്ടു് ഞാൻ വായുവിൽ അലിഞ്ഞു ചേരുന്നതു് എനിക്കനുഭവിക്കാനാവും; നിങങളുടെയും സ്വപ്നത്തിന്റെ ഭാഗമായിത്തീരുന്നതുപോലെ.’

സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയാൻ ഒക്കുകയില്ല എന്ന തത്വത്തിനു ലോകത്തോളം പഴക്കമുണ്ടു്. എങ്കിലും അതിനു് ഊന്നൽ നൽകി കഥകളിലൂടെ പ്രതിപാദിച്ചതു് ലാറ്റിനമേരിക്കൻ കവിയും കഥാകാരനുമായ ബോർഹെസാ ണു്. അദ്ദേഹത്തിന്റെ കലയെക്കുറിച്ചു് എഴുതുന്ന ഒരു നിരൂപകൻ വ്യക്തമാക്കുന്നതു് കഥകൾ സാങ്കൽപികങ്ങളാണെങ്കിൽ അവ വായിക്കുന്ന നമ്മൾക്കും ആ സാങ്കല്പിക സ്വഭാവം വരമെന്നാണു്. ഷെയ്ക്സ്സ്പിയറി ന്റെ ‘ഹാംലെറ്റ് ’ എന്ന നാടകത്തിൽ ഒരന്തർനാടകമുണ്ടു്. നാടകവേദിയിലിരിക്കുന്ന കഥാപാത്രങങൾ ആ അന്തർനാടകം കണ്ടുകൊണ്ടിരിക്കുന്നു, നാടകവേദിയുടെ താഴെയിരുന്നു ഹാംലെറ്റ് നാടകം കാണുന്ന നമ്മൾ വേറൊരു നാടകത്തിലെ കഥാപാത്രങ്ങളല്ലെന്നു് ആരു കണ്ടു? നിരൂപകൻ തുടർന്നു ചോദിക്കുന്നു: ഞാൻ ഒരുത്തനെ സ്വപ്നം കണ്ടാൽ ഞാൻ തന്നെ മറ്റൊരാളിന്റെ സ്വപ്നമായിക്കൂടേ? അയാൾ വെറൊരാളിന്റെ സ്വപ്നവുമാകാമല്ലോ. ഞാൻ ചതുരംഗം കളിച്ചുകൊണ്ടിരിക്കുമ്പോൾ വേറൊരു ചതുരംഗപ്പലകയിലെ കാലാളല്ല ഞാനെന്നു് എങ്ങനെ പറയാൻ കഴിയും? ഉണർന്നിരിക്കുമ്പോഴുള്ള ജീവിതവും സ്വപ്നജീവിതവും തമ്മിൽ അതിരില്ലെന്നാണു് ബോർഹെസിന്റെ മതം. താബൂക്കിയും തന്റെ നോവലിലൂടെ ഇതു തന്നെ പറയുന്നു. ചൂടുപിടിച്ച, വിജനമായ ലിസ്ബൻ പട്ടണത്തിൽ (Lisbon പോർട്ടുഗലിലെ സമുദ്രതീരനഗരം) ജൂലൈമാസത്തിൽ ഒരു ഞാറാഴ്ചയാണു് കഥനടക്കുന്നതു്. മധ്യാഹ്ന സൂര്യൻ കഥപറയുന്നയാളിന്റെ ഒരു ചെറിയ നിഴൽ വീഴ്ത്തിയിരിക്കുന്നു. അയാൾ കണ്ട ഒരു ചെറുപ്പക്കാരൻ ‘പന്ത്രണ്ടു മണി’ എന്നുപറഞ്ഞു. പറഞ്ഞപ്പോൾ രാത്രി പന്ത്രണ്ടു മണിയെന്നല്ലേ അയാൾ ഉദ്ദേശിച്ചതു് എന്നാണു് കഥ പറയുന്നയാളിന്റെ സംശയം. അപ്പോഴാണു്—അർദ്ധരാത്രിയാണു്—പ്രേതങ്ങൾ വരുന്നതു്. ഈ പ്രസ്താവത്തോടെ നോവലിസ്റ്റ് തന്റെ തത്ത്വചിന്തയ്ക്കു് യോജിച്ച അന്തരീക്ഷം സൃഷ്ടിച്ചു കഴിഞ്ഞു. യുവാവിനെ കണ്ടതിനുശേഷം അയാൾ സമയം പോകുന്നതിനുവേണ്ടി മുടന്തനായ ഒരു ഭാഗ്യക്കുറി വിൽപനക്കാരൻ, ടാക്സി ഡ്രൈവർ, ശവപറമ്പു സൂക്ഷിക്കുന്നവൻ ഇങ്ങനെ ഇരുപതിലധികം പേരെ കാണുന്നു. സംസാരിക്കുന്നു. മരിച്ച അച്ഛൻ യുവാവായി അയാളുടെ മുൻപിലെത്തുന്നു. അവർ സംസാരിക്കുന്നു. ഒടുവിൽ മകൻ പറഞ്ഞു: അച്ഛാ ഇപ്പോഴത്തെപ്പോലെ ഇനിയും വീണ്ടും വരല്ലേ. ഈ ആഗമനം പേടിപ്പിക്കുന്ന എന്നെ. അസഹനീയമാണിതു്. അപ്പോൾ അച്ഛൻ മറുപടി നൽകി: ഒരു കാര്യം നീ മനസ്സിലാക്കണം. ഈ മുറിയിൽ വരാൻ ഞാനല്ല തീരുമാനിച്ചതു്. നിന്റെ ഇച്ഛാശക്തിയാണു് എന്നെ ഇവിടെ വിളിച്ചു വരുത്തിയതു്. നിന്റെ സ്വപ്നത്തിൽ നീ ആഗ്രഹിച്ചു ഞാൻ വരണമെന്നു്. ഇപ്പോൾ ഗുഡ്ബൈ എന്നു പറയാനുള്ള സമയമേയുള്ളൂ. മകനെ ഗുഡ്ബൈ. പരിചാരിക വാതിലിൽ തട്ടി ശബ്ദം കേൾപ്പിക്കാനുള്ള സമയമായിക്കഴിഞ്ഞു. എനിക്കു പോകേണ്ടിയിരിക്കുന്നു. വാതിലിൽ തട്ടുന്ന ശബ്ദം കേൾക്കാറായി. വാതിൽ തുറന്നു. പരിചാരിക അകത്തേക്കു വരികയും ചെയ്തു. പ്രേതം വരുന്നതിന്റെ ഭയജനത്വം ഈവർണ്ണനയിലില്ല. അതിന്റെ ആഗമനം അസ്വാഭാവികവുമല്ല. ധിഷണയുടെയും അതിൽ നിന്നു് ജനിക്കുന്ന യുക്തിയുടെയും പരിമിതികൾ സൂചിപ്പിച്ചു് നിത്യ ജീവിത യാഥാർത്ഥ്യത്തെയും സ്വപ്നജീവിത യാഥാർത്ഥ്യത്തേയും ഒന്നാക്കിക്കാണിക്കുകയാണു നോവലിസ്റ്റ്.

ബോർഹെസി ന്റെ The Other Tiger എന്ന കാവ്യം ഓർമ്മയിലെത്തുന്നു. ചെളിനിറഞ്ഞ നദീതീരത്തിലൂടെ കാലുകളുടെ പാടുകൾ പതിപ്പിച്ചു് ബംഗാളിലെ കടുവ നടക്കുകയാണു്. പ്രഭാതത്തിന്റെയും മാനിന്റെയും ഗന്ധം മൂക്കുകൊണ്ടു പിടിച്ചെടുത്തുകൊണ്ടാണു് നടത്തം. തെക്കേയമേരിക്കയിലിരുന്നു കവി ഗംഗാനദിയുടെ തീരത്തു സഞ്ചരിക്കുന്ന ആ കടുവയെ സ്വപ്നം കാണുന്നു. എന്നാൽ ആ കടുവയെ കാവ്യത്തിലാക്കിയാലോ? അതു പ്രതീകങ്ങളുടെ കടുവ മാത്രമായി മാറുന്നു. യഥാർത്ഥ മൃഗവും കവിതയിലെ മൃഗവും വിഭിന്നം. കാവ്യത്തിലെ കടുവ വെറും ഫിക്ഷൻ; വനത്തിൽ അലഞ്ഞു തിരിയുന്ന മൃഗമല്ല അവൻ. അക്കാരണത്താൽ കാവ്യത്തിലെ വ്യാഘ്രം സംസ്കൃതത്തിൽ സാസാരിക്കുന്നുവെന്നു പറഞ്ഞാൽ തെറ്റെന്താണെന്നു് മുൻപു് ഞാൻ പറഞ്ഞ നിരൂപകൻ ചോദിക്കുന്നു. ബംഗാളിലെ കടുവ യാഥാർത്ഥ്യം. കാവ്യത്തിലേതു് കള്ളം. സംസ്കൃതം സംസാരിക്കുന്നുവെന്ന കടുവയും കള്ളം. നിത്യജീവിത സത്യത്തെ ഒരിക്കലും അതേ രീതിയിൽ സാഹിത്യത്തിൽ കൊണ്ടുവരാൻ സാധിക്കുകയില്ല എന്നാണു് ബോർഹെസ് നമ്മെ അറിയിക്കുന്നതു്. ഈ സങ്കല്പത്തിൽ നിന്നു് വിഭിന്നമായി സാഹിത്യത്തിലെ വാസ്തവവികതയെ ആളുകൾ സ്വന്തം ജീവിതത്തിലേക്കു പകർത്തുന്നുവെന്നു് നോവലിസ്റ്റ് മറ്റൊരു കഥാപാത്രത്തെക്കൊണ്ടു് പറയിക്കുന്നു. ആ കഥാപാത്രം—കഥാകാരൻ—കഥയെഴുതി. ആരോ അതു് സ്വന്തംജീവിതത്തിൽ അനുകരിച്ചു. അപ്പോൾ കടലാസ്സിലെ കഥാപാത്രങ്ങളല്ല മാംസവും മജ്ജയുമുള്ള മനുഷ്യർ നിത്യജീവിതത്തിലുണ്ടായി.

സ്വപ്നവും ജീവിതവും തമ്മിൽ വ്യത്യാസമില്ല. കലയും ജീവിതവും വിഭിന്നമല്ല എന്നൊക്കെയാണു് താബൂക്കിയുടെ അഭിപ്രായം. ഇതു നിസർഗ്ഗസുന്ദരമായി അദ്ദേഹം പ്രകാശിപ്പിക്കുന്നു. ആരോടാണു് എന്നറിയാതെ കഥ പറയുന്ന ആൾ ഗുഡ്ബൈ എന്നു പറഞ്ഞു. നിങ്ങൾക്കു ഗുഡ്ബൈ, ഗുഡ്നൈറ്റ് എന്നു വീണ്ടും. എന്നിട്ടു തല പിറകോട്ടാക്കി അയാൾ ചന്ദ്രനെ നോക്കി. അതും ഒരു മതിവിഭ്രമംതന്നെ. ജീവിതം സ്വപ്നമാണോ? അതു വെറും ഫിക്ഷനാണോ? ആലോചിക്കൂ. അനന്തരം അനുധ്യാനത്തിന്റെ പ്രശാന്തതയിലെത്തൂ. പോർടുഗീസ് സാഹിത്യത്തിലെ ഒരു മാസ്റ്റർ പീസാണു് ഈ നോവൽ.

പസ്തർനക്കോ സ്റ്റാലിനോ?
images/AnatoleFrance.jpg
ആനാതൊൽ ഫ്രാങ്സ്

ഫ്രഞ്ചെഴുത്തുകാരൻ ആനാതൊൽ ഫ്രാങ്സ് (Anatole France 1844–1924) എഴുതിയ “The Procurator of Judaea” എന്ന ചെറുകഥ വിശ്വവിഖ്യാതമാണു്. അതിലെ ഒരു കഥാപാത്രമായ ഈലീസസ് ലാമീയ യേശു ക്രിസ്തുവിനെ ശിക്ഷിച്ച പാൻഷസ് പൈലറ്റിനെ തെക്കുപടിഞ്ഞാറൻ ഇറ്റലിയിൽ വച്ചു കാണുന്നതായി പ്രസ്താവമുണ്ടു്. രണ്ടുപേരും വൃദ്ധർ. ജുഡിയയിലെ ഭരണ കർത്താവായിരുന്ന കാലത്തു താൻ ജൂതന്മാരെ നേരിട്ടതും മറ്റും പൈലറ്റ് ലാമീയയോടു വിശദീകരിച്ചു. സ്ത്രീജിതനായ ലാമീയയ്ക്കു പൊടുന്നനെ ഓർമ്മ വന്നതു ജറൂസലമിലെ ഒരു ജൂതനർത്തകിയെക്കുറിച്ചാണു്. അരക്കെട്ടു വളച്ചു്, തല പിറകോട്ടാക്കി, സമൃദ്ധമായ തലമുടി ചലിപ്പിച്ചു നൃത്തം ചെയ്തു പ്രേക്ഷകരുടെ വൈഷയികാസക്തി വളർത്തിയ അവൾ കാലം കഴിഞ്ഞു് ഒരു ഗലീലിയന്റെ അനുചരസംഘത്തിൽ ചേർന്നതായി ലാമീയയ്ക്കു് അറിയാം. മഹാത്ഭുതങ്ങൾ കാണിച്ച ആ ഗലീലിയന്റെ പേരു് യേശുവെന്നായിരുന്നു. നസറത്തിൽ നിന്നാണു യേശു വന്നതു്. ഏതോ കുറ്റത്തിനു് ആ മനുഷ്യൻ കുരിശിൽ തറയ്ക്കപ്പെട്ടു. കുറ്റമെന്താണെന്നു ലാമീയയ്ക്കു് അറിഞ്ഞുകൂടാ. “പാൻഷസ് പൈലറ്റ്, താങ്കൾക്കു് ആ മനുഷ്യനെക്കുറിച്ചു് എന്തെങ്കിലും ഓർമയുണ്ടോ?” എന്നു് അയാൾ ജുഡിയയിലെ ആ പഴയ ഭരണകർത്താവിനോടു ചോദിച്ചു. പൈലറ്റ് പുരികങ്ങൾ വക്രിപ്പിച്ചു. കൈ നെറ്റിയിൽ വച്ചു് ഓർമ്മയുടെ അഗാധതയിൽ നിന്നു് എന്തോ ചികഞ്ഞെടുക്കുന്ന മട്ടു കാണിച്ചു് മന്ത്രിച്ചു: “യേശുവോ? നസറിത്തിലെ യേശുവോ? അയാളെ ഞാൻ ഓർമ്മിക്കുന്നില്ല.”

വിപരീതാർത്ഥത്തിന്റെ രീതിയിൽ ഫ്രാങ്സ് എഴുതിയ ഈ ചെറുകഥയിൽ ഒരാശയം അർക്കദീപ്തിയോടെ പ്രത്യക്ഷമാകുന്നു. യേശു ക്രിസ്തുവിനെ ശിക്ഷിക്കുന്നതിൽ പൈലറ്റ് പരാങ്മുഖനായിരുന്നെങ്കിലും അയാൾ ഇരുട്ടിന്റെ സന്തതിയാണു്. പൈലറ്റ് യേശുവിനെ ശിക്ഷിച്ചതുകൊണ്ടു മാത്രമാണു നമ്മൾ ഇന്നു് അയാളെ ഓർമ്മിക്കുന്നതു്. എന്നാൽ അയാളും സ്ത്രീജിതനായിരുന്ന ലാമീയയും മറന്നുപോയ ആ പാവനചരിതൻ—നസറിത്തിലെ യേശു—എല്ലാക്കാലവും സ്മരിക്കപ്പെടും. ആരാധിക്കപ്പെടും.

ലോകചരിത്രം നോക്കുക. പ്രകാശത്തിന്റെ സന്തതികളുണ്ടു്; ഇരുട്ടിന്റെ സന്തതികളുമുണ്ടു്. പ്രകാശത്തിന്റെ സന്തതികൾ സംസ്കാരത്തിന്റെ ചക്രവാളത്തെ വികസിപ്പിക്കും; ഇരുട്ടിന്റെ സന്തതികൾ ആ ചക്രവാളത്തെ സങ്കുചിതമാക്കി അന്ധകാരം അതിലേക്കു വ്യാപിപ്പിക്കും. അലിഗ്സാണ്ടർ ചക്രവർത്തി ഗ്രീക്ക് സിറ്റി സ്റ്റെയ്റ്റ്സ്, ഏഷ്യാമൈനർ, ഈജിപ്റ്റ്, ഇന്ത്യ ഈ രാജ്യങ്ങളെ ആക്രമിച്ചു ചോരപ്പുഴകൾ ഒഴുക്കി. പക്ഷേ, അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്ന അരിസ്റ്റോട്ടൽ ന്യായം, സദാചാരശാസ്ത്രം, രാഷ്ട്രവ്യവഹാരം, ആധ്യാത്മികത, കവിത ഇവയെക്കുറിച്ചു നാനൂറോളം ഗ്രന്ഥങ്ങൽ രചിച്ചു മനുഷ്യന്റെ ചോരയൊഴുക്കാതിരിക്കൂ, അവനെ സ്നേഹിച്ചു് ഐശ്വര്യാംശം നൽകൂ എന്നു് ഉദ്ബോധിപ്പിച്ചു. അലിഗ്സാണ്ടർ ആ ഉദ്ബോധനങ്ങൾക്കു ചെവി കൊടുത്തില്ല. നെപ്പോളിയന്റെയും ഗെറ്റേയുടെയും ചരമവർഷങ്ങൾക്കു തമ്മിൽ വലിയ അന്തരമില്ലെങ്കിലും (1821-ൽ നെപ്പോളിയൻ മരിച്ചു, 1832-ൽ ഗെറ്റെയും). ആ മഹാകവിയുടെ കൃതികൾ ആ മനുഷ്യഹന്താവിനു പരിചിതങ്ങളായിട്ടുണ്ടാവും. സാമ്രാജ്യദുർമ്മോഹിയായ നെപ്പോളിയൻ യൂറോപ്യൻ രാജ്യങ്ങളെ ഗ്രസിച്ചു മാനവരക്തം കുടിക്കുമ്പോൾ ഗെറ്റേ സ്നേഹത്തെക്കുറിച്ചു പാടുകയായിരുന്നു.

Oh who shall whisper it to

me at what window one

day shall I see

the sweet creature who will

burn me and refresh me?

എന്നാണു് അദ്ദേഹം സ്നേഹത്തിന്റെ മഹനീയതയെ വാഴ്ത്തിയതു്. ഹിറ്റ്ലർ അപരാധം ചെയ്യാത്ത ജൂതന്മാരെ ജീവനോടെ തീയിലെറിഞ്ഞപ്പോൾ ഇംപീരിയലിസത്തിന്റെ അടിയേറ്റു പല്ലു കൊഴിഞ്ഞുപോയ ഒരർദ്ധനഗ്നനായ മഹാത്മാവു് ഇവിടെ നിന്നുകൊണ്ടു് അക്രമരാഹിത്യത്തിന്റെ മാർഗത്തിലൂടെ സഞ്ചരിക്കൂ എന്നു സ്നേഹപൂർവ്വം ഉപദേശിക്കുകയും അക്രമത്തിനെതിരെ ജീവനുപേക്ഷിക്കാൻ സന്നദ്ധനാവുകയും ചെയ്തു. അതേ സമയം ഭാരതത്തിലെ ഒരു മഹാകവി ‘ആ സ്വാതന്ത്ര്യ സ്വർഗത്തിലേക്കു് എന്റെ രാജ്യം ഉണരേണമേ’ എന്നു പ്രാർത്ഥിച്ചു. സ്റ്റാലിൻ ആയിരക്കണക്കിനു്, ലക്ഷക്കണക്കിനു്, കോടിക്കണക്കിനു് നിരപരാധരെ വെടിവച്ചു കൊന്നപ്പോൾ പസ്തർനക്ക് എന്ന മനുഷ്യസ്നേഹിയായ മഹാകവി രാത്രി സമയത്തു് ഒരു പാതവക്കത്തു വന്നു നിൽക്കുകയും വണ്ടിച്ചക്രങ്ങൾ ഉരുണ്ടു കണ്ണാടിപോലെയായ ആ പാതയിൽ നക്ഷത്രങ്ങൾ പ്രതിഫലിക്കുന്നതുകണ്ടു് ആഹ്ലാദിക്കുകയും ആ പാതയിലൂടെ മറുപുറത്തേക്കു് കടന്നു പ്രപഞ്ചത്തിലൂടെ നടന്നാലുണ്ടാവുന്ന അനുഭൂതിക്കു വിധേയനാവുകയും ചെയ്തു. അലിഗ്സാണ്ടറും നെപ്പോളിയനും ഹിറ്റ്ലറും സ്റ്റാലിനും ഇന്നു ചരിത്രത്തിന്റെ താളുകളിൽ മാത്രം കിടക്കുന്നു. എന്നാൽ അരിസ്റ്റോട്ടലും ഗെറ്റേയും ഗാന്ധിജി യും പസ്തർനക്കും ലോകമാകെ മയൂഖമാലകൾ പ്രസരിപ്പിച്ചുകൊണ്ടു വിരാജിക്കുന്നു. ഒരുകാലത്തു് അലിഗ്സാണ്ടറും മറ്റു് ആക്രമണകാരികളും ചരിത്രത്തിൽ നിന്നുതന്നെ നിർമ്മാർജനം ചെയ്യപ്പെട്ടേക്കാം. അപ്പോഴും അരിസ്റ്റോട്ടലും മറ്റുള്ളവരും മനുഷ്യരാശിയെ അത്ഭുതങ്ങളിലേക്കു വലിച്ചെറിഞ്ഞുകൊണ്ടു നിലനിൽക്കുന്നുണ്ടാവും.

കാളിദാസൻ ഏതു രാജാവിന്റെ സദസ്സിലുണ്ടായിരുന്നു? വിക്രമാദിത്യനോ? ആവോ! ഉറപ്പില്ല. പക്ഷേ, ‘മേഘസന്ദേശ’വും ‘രഘുവംശ’വും ‘ശാകുന്തള’വും കവിതയുടെ സ്വർഗ്ഗത്തിലേയ്ക്കു നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു.

ധിഷണയും ഭാവനയും സൃഷ്ടിക്കുന്ന ലോകം ശാശ്വതം. ചോരക്കൊതി സൃഷ്ടിക്കുന്ന ലോകം ക്ഷണിക്കം, അധമം. സോക്രട്ടീസിനു മരണശിക്ഷ നൽകിയ പ്രാഡ്വിവാകന്മാരെ പ്രിയപ്പെട്ട വായനക്കാർക്കു് അറിയാമോ? അവരുടെ പേരുകളെങ്കിലും ഓർമ്മയുണ്ടോ? ഇല്ല. എനിക്കുമറിഞ്ഞുകൂടാ. എന്നാൽ വായനക്കാരും ഞാനും സോക്രട്ടീസിന്റെ ഉദ്ബോധനങ്ങൽ കേട്ടു് ആ മഹാവ്യക്തിയുടെ മുമ്പിൽ തലകുനിച്ചു നിൽക്കുന്നു. “ജീനിയസ്സിനെ തിരിച്ചറിയാൻ നിങ്ങൾ ജീനിയസ്സായിരിക്കേണ്ടതില്ല. അങ്ങനെ ആയിരിക്കണമെങ്കിൽ ഐൻസ്റ്റൈനെ വൈറ്റ് ഹൗസിലേക്കു് ഒരിക്കലും ക്ഷണിക്കുമായിരുന്നില്ലല്ലോ” എന്നൊരു ചിന്തകൻ പറഞ്ഞതു നമ്മൾ ഓർമ്മിക്കണം. പടിഞ്ഞാറൻ നാടുകൾ നമുക്കു് വിടാം.

“പോരാ പോരാ നാളിൽ നാളിൽ ദൂരദൂര-

മുയരട്ടെ ഭാരതക്ഷ്മാ ദേവിയുടെ

തൃപ്പതാകകൾ”

എന്ന കവിവാക്യം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ഭാരത്തിൽ കൊടുമ്പിരിക്കൊണ്ട കാലത്തു് ജനതതിയെ കോരിത്തരിപ്പിച്ചിരുന്നു. എന്നാൽ ഇന്നു് ആ വാക്യം ഭാരതീയരെ വികാരാതിരേകത്തിലേക്കു നയിക്കുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല അതു് ഒരു തരത്തിൽ മനസ്സിനു ജഡത നല്കുകയും ചെയ്യുന്നു. താമസിക്കാനുള്ള സ്ഥലം, ഭക്ഷണം, വസ്ത്രം ഇവയാണല്ലോ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ. അവയ്ക്കു സാഫല്യം ലഭിക്കാതെ ഭാരതീയർ തെരുവിൽ കിടക്കുകയും എച്ചിൽ തിന്നുകയും കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുമ്പോൾ തൃപ്പതാകകൾ ദൂരദൂരമുയരണമെന്നു് അവൻ ആഗ്രഹിക്കുമോ? ഭാരതീയന്റെ ഈ അവസ്ഥയെക്കുറിച്ചുള്ള ഈ പ്രതിപാദനം അത്യുക്തിയുടെ സന്തതിയാണെന്നു ചിലർക്കെങ്കിലും തോന്നുന്നുണ്ടാവാം. അത്യുക്തി ഒട്ടുമില്ല. നൂറിനു തൊണ്ണൂറുപേരും ഇതിനെക്കാൾ ദയനീയമായ ജീവിതം നയിക്കുകയാണു്. അതിനാൽ കവിയുടെ ആശയുൾക്കൊള്ളുന്ന വാക്യം ദുരർത്ഥപ്രതീതി ജനിപ്പിക്കുന്നു; അനർത്ഥമായിച്ചമയുന്നു. “സ്വതന്ത്രഭാരത നൂതനചരിതം സ്വന്തം ചോരയിലെഴുതുന്നോരേ, മർദ്ദിതജനതതി തന്നുടെ മുൻപിൽ രക്തപതാക പറത്തുന്നോരേ” എന്ന സംബുദ്ധിയും ഇന്നു് അർത്ഥരഹിതമായി ഭവിച്ചിരിക്കുന്നു. എന്നാൽ

പീലിപ്പുരികുഴൽകെട്ടഴിഞ്ഞുണ്ണിതൻ

തോളിൽപ്പതിഞ്ഞതിൻ തുമ്പുകളിൽ

വെള്ളത്തിൻ തുള്ളികളൊട്ടൊട്ടുനിന്നാടി

വെള്ളിയലുക്കുകളെന്നപോലെ

എന്ന കവിവചനം ഡോക്ടർ കെ. ഭാസ്കരൻ നായർ പറഞ്ഞതുപോലെ കവിതയുടെ സ്വർഗ്ഗത്തേക്കു നമ്മളെ കൊണ്ടുചെല്ലുന്നു. കാളിയമർദ്ദനമാണു് കാവ്യത്തിന്റെ വിഷയം. ബ്രിട്ടീഷ് ഭരണത്തിന്റെ തൃശംസതയിൽ ആഘാതമേല്പിക്കുന്ന ഭാരതീയ സ്വാതന്ത്ര്യാഭിനിവേശം ധ്വനിപ്പിക്കുന്ന ആ കാവ്യത്തിലെ ഈ വരികൾ രൂപശില്പത്തികവുകൊണ്ടും ഭാവശില്പത്തികവുകൊണ്ടും ചേതോഹരമായിരിക്കുന്നു. ഉണ്ണാനുമുടുക്കാനുമില്ലാതെ കഷ്ടപ്പെടുന്ന ഭാരതീയൻ പോരാ പോരാ എന്നാരംഭിക്കുന്ന വരികളെ പുച്ഛിക്കുമ്പോൾ പീലിപ്പുരികുഴൽ എന്നു തുടങ്ങുന്ന വരികളെ അംഗീകരിക്കുന്നു; രണ്ടിലെയും ആശയങ്ങൾക്കു വലിയ വിഭിന്നത ഇല്ലാതിരുന്നിട്ടും. എന്തുകൊണ്ടാണിതു സംഭവിക്കുന്നതു? ഏതു കലാസൃഷ്ടിയിലും കാലികമായ അംശവും സൗന്ദര്യത്തിന്റെ അംശവുമുണ്ടു്. സാമൂഹികാവസ്ഥകൾ പരിവർത്തനത്തിനു വിധേയമാകുമ്പോൾ കാലികമായ അംശം അപ്രസക്തമാവുന്നു. സൗന്ദര്യത്തിന്റെ അംശം നിലനില്ക്കുന്നു. ഭാരതീയ സ്വാതന്ത്ര്യസമരം തീക്ഷ്ണതമമായിരുന്നപ്പോൾ പോരാ പോരാ എന്ന വരി അവരുടെ “ആറിത്തണുത്ത ഞരമ്പുകളെ ചൂടുപിടിപ്പിച്ചു”. ദൂരദൂരം പതാകയുയർത്തുന്നതുകൊണ്ടാണു് ഇന്നത്തെ പട്ടിണിയെന്നു ഗ്രഹിക്കുമ്പോൾ ആ വരിയോടു സ്വാഭാവികമായി അമർഷമുണ്ടാകുന്നു. പീലിപ്പുരികുഴൽ എന്നാരംഭിക്കുന്ന വരികളിൽ സൗന്ദര്യം ഘനീഭവിച്ചു കിടക്കുന്നതുകൊണ്ടു് അതിൽ പ്രച്ഛന്നമായിരിക്കുന്ന രാഷ്ട്രവ്യവഹാരം—ബ്രിട്ടീഷുഭരണകാലത്തെ രാഷ്ട്രവ്യവഹാരം—സഹൃദയനു് ഉദ്വേഗജനകമാകുന്നില്ല. ഏതാണ്ടു് അറുപതു വർഷം മുമ്പു്, സുന്ദരിയായ തരുണിയുടെ സ്പർശം പോലെ, റോസാദലത്തിന്റെ സ്പർശം പോലെ ആഹ്ലാദദായകമായിരുന്ന പോരാ പോരാ എന്ന കവിവാക്യം ഇന്നു് കാലിൽത്തറയ്ക്കുന്ന കുപ്പിച്ചില്ലു പോലെ, കൈയിൽ ആഞ്ഞുകയറുന്ന കള്ളിമുള്ളു പോലെ പീഡാജനകമാകുന്നു. അനുവാചകന്റെ രാഷ്ട്രവ്യവഹാരപരമായ അഭിലാഷത്തെ ഉദ്ദീപിപ്പിക്കുന്ന ചിന്തയും വികാരവും ആ അഭിലാഷം കെട്ടടങ്ങുമ്പോൾ ഉമിക്കരി ചവച്ച പ്രതീതി ജനിപ്പിക്കുന്നു. സാന്മാർഗ്ഗികവും രാഷ്ട്രീയവും ആധ്യാത്മികവുമായ മാനദണ്ഡങ്ങൾകൊണ്ടു് കലാസൃഷ്ടികളുടെ മൂല്യം നിർണ്ണയിക്കുന്നതു് വിപത്തിനു കാരണമായിബ്ഭവിക്കുമെന്നാണു് ഇതു തെളിയിക്കുന്നതു്. അതിനാൽ “നമ്മുടെ ആദ്ധ്യാത്മികതയെപ്പറ്റിയും സഹിഷ്ണുതയെപ്പറ്റിയും പുരോഗതിയെപ്പറ്റിയും ആരെങ്കിലും എവുതുന്നുണ്ടോ?” എന്ന ചോദ്യത്തിൽ ആവേശമേറെയുണ്ടെങ്കിലും കലോൽപാദനത്തിന്റെ അടിസ്ഥാനഘടകങ്ങളെക്കുറിച്ചു ചോദ്യകർത്താവു വേണ്ടപോലെ ആലോചിച്ചതായി തെളിവുകളില്ല.

സാഹിത്യം എത്രപേരുടെ വിശപ്പുമാറ്റി? എന്ന സാർത്രിന്റെ ചോദ്യം ജപ്പാനിലെ ബുദ്ധമതചിന്തകൻ ഐക്കേഡ പരിഹാസപൂർവ്വം റ്റോയിൻബിയുടെ മുമ്പിൽ വച്ചപ്പോൾ ഐക്കേഡയുടെ വിശ്വാസത്തിനു് അനുരൂപമായി അദ്ദേഹം പറഞ്ഞു: പട്ടിണി കിടക്കുന്നവർക്കു വേണ്ടി സാഹിത്യത്തിനു് എന്തുചെയ്യാൻ കഴിയും? ശാസ്ത്രീയഗവേഷണത്തിനു് പട്ടിണി കിടക്കുന്നവർക്കു വേണ്ടി എന്തു ചെയ്യാൻ കഴിയും എന്നു ചോദിച്ചാൽ സാഹിത്യത്തെ സംബന്ധിച്ച ആ ചോദ്യത്തിനു് ഉത്തരം കിട്ടിക്കഴിയും. പട്ടിണിപ്പാവങ്ങൾക്കു് ആഹാരം കൊടുക്കുക എന്നതു് ദൃഢതയാർന്ന ലക്ഷ്യമായി വരികയാണെങ്കിൽ, അഭിലഷണീയവും പ്രായോഗികവുമായ ഈ ലക്ഷ്യത്തിൽ അതിന്റെ (ശാസ്ത്രീയ ഗവേഷണത്തിന്റെ) പ്രവർത്തനത്തെ ഒതുക്കിയാൽ അതിനു് ഒന്നും പ്രവർത്തിക്കാനാവുകയില്ല… ശാസ്ത്രീയ ഗവേഷണം കണ്ടുപിടിത്തങ്ങളിൽ ചെല്ലുന്നതു് ഗവേഷണം അതിനു വേണ്ടി മാത്രം നടത്തുമ്പോഴാണു്. പ്രായോഗികലക്ഷ്യമില്ലാതെ ധിഷണാപരമായ ജിജ്ഞാസയെ ശമിപ്പിക്കുമ്പോൾ ശാസ്ത്രീയ ഗവേഷണം ജയിക്കുന്നു… ഈ സത്യം സാഹിത്യത്തിനും ചേരും. ഇത്രയും പറഞ്ഞിട്ടു് റ്റോയിൻബി റഷ്യൻ സാഹിത്യകാരനായ റ്റോൾസ്റ്റോയി യിലേക്കു തിരിയുന്നു. അദ്ദേഹത്തിനു് മാനസാന്തരം വരുന്നതിനു മുമ്പു് ആവിർഭവിച്ച നോവലുകൾ (യുദ്ധവും സമാധാനവും, അന്നാ കരേനിന) സർഗ്ഗശക്തിയുടെ നിസ്തുലാവസ്ഥ പ്രദർശിപ്പിക്കുന്നു. മാനസാന്തരത്തിനു ശേഷം രചിച്ച കൃതികളാവട്ടെ പരാജയപ്പെടുകയും ചെയ്തു. അതിനാൽ മാർക്സിസ്റ്റ് സാഹിത്യം, ക്രൈസ്തവസാഹിത്യം ഇവയൊക്കെ അസാദ്ധ്യങ്ങളാണെന്നു ഐക്കേഡയ്ക്കും അഭിപ്രായമുണ്ടു്. ഐക്കേഡ ചൂണ്ടിക്കാണിച്ച രണ്ടു സാഹിത്യങ്ങളോടു് ഒരെണ്ണം കൂടി യോജിപ്പിക്കാൻ ഇതെഴുതുന്നയാളിനു കൌതുകമുണ്ടു്. അതു് അദ്ധ്യാത്മിക സാഹിത്യമത്രേ. എല്ലാം മായ; പരബ്രഹ്മമേ സത്യമായുള്ളു എന്ന ചിന്താഗതിയെ അവലംബിച്ചുകൊണ്ടു കാവ്യമോ മഹാകാവ്യമോ രചിച്ചാലും അതിനു പരിമിതസ്വഭാവം വരും. ഏകപക്ഷീയസ്വഭാവം വരും. ഉത്കൃഷ്ടമായ സാഹിത്യകൃതി അനുവാചകനു് അനുധ്യാനത്തിന്റെ പ്രശാന്തതയരുളുന്നു. ഭാരതീയാലങ്കാരികൻ പറയുന്ന വിശ്രാന്തി നല്കുന്നു. പ്രായോഗിക ലക്ഷ്യത്തെ സാക്ഷാത്കരിച്ച കലാസൃഷ്ടിക്കു രൂപം നല്കുമ്പോൾ അതു് പ്രശാന്തതയ്ക്കു പകരം വിശ്രാന്തിക്കു പകരം സവിശേഷമായ മാനസികാവസ്ഥ അനുവാചകനു് ഉളവാക്കുന്നു. ആ അവസ്ഥയ്ക്കു കലയോടു ബന്ധമില്ല താനും.

നളിനങ്ങളരുത്തുനീന്തിയും

കുളിരേലുംകയമാർന്നുമുങ്ങിയും

പുളിനങ്ങളിലെന്നോടോടിയും

കളിയാടും പ്രിയനന്നു കുട്ടിപോൽ

എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന വിശ്രാന്തിയെവിടെ? “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന സവിശേഷമായ മാനസികനില എവിടെ? അരോ പറഞ്ഞതു പോലെ നളിനങ്ങളറുത്തുനീന്തിയും എന്നു തുടങ്ങുന്ന ശ്ലോകം നമ്മൾ സ്വീകരിക്കുന്നു. മാറ്റുവിൻ ചട്ടങ്ങളെ എന്നു തുടങ്ങുന്ന വരികളെ പ്രയോജനപ്പെടുത്തുന്നു. പ്രയോജനപ്പെടുത്തുമ്പോൾ വിശ്രാന്തിയില്ല. അതില്ലാത്തതുകൊണ്ടു കലയുടെ പ്രവർത്തനം നടക്കുന്നുമില്ല. പ്രയോജനപ്പെടുത്തൽ ജിവിതത്തെ സമ്പന്നമാക്കുന്നില്ല. സ്വീകരിക്കൽ അതനുഷ്ടിക്കുന്നു എന്നു ആ ചിന്തകനു് അഭിപ്രായമുണ്ടു്.

images/Tolstoy1.jpg
റ്റോൾസ്റ്റോയ്

ലോകസാഹിത്യത്തിലെ അത്യുൽകൃഷ്ടങ്ങളായ മൂന്നോ നാലോ മാസ്റ്റർപീസുകൾ എടുത്താൽ അവയിൽ ഒന്നായിരിക്കും റ്റോൾസ്റ്റോയിയുടെ “The Death of Ivan Ilich ” എന്ന ചെറിയ നോവൽ. അഹന്തയേറിയ ഒരുത്തനെ മരണം സമാക്രമിക്കുന്നതാണു് ഈ നോവലിൽ നമ്മൾ കാണുന്നതു്. ആദ്യം മരണത്തെ ആയാൾ അംഗീകരിക്കുന്നില്ല. ഒടുവിൽ അംഗീകരിക്കുന്നുവെന്നു മാത്രമല്ല അതിന്റെ അന്തരാർത്ഥം ഗ്രഹിക്കുകയും ചെയ്യുന്നു. കൊച്ചു നോവലിന്റെ അവസാനമിങ്ങനെ:

“‘തീർന്നു’. അദ്ദേഹത്തിന്റെ അടുത്തുനിന്ന ആരോ പറഞ്ഞു.

അദ്ദേഹം ആ വാക്കുകൾ കേട്ടു. തന്റെ ആത്മാവിൽ അവ ആവർത്തിച്ചു.

തന്നോടായി അദ്ദേഹം പറഞ്ഞു: ‘മരണം അവസാനിച്ചു. അതു് ഇനിയില്ല’.

ഒരു ശ്വാസം അദ്ദേഹം അകത്തേയ്ക്കു വലിച്ചു. ഒരു തേങ്ങലിനിടയിൽ നിന്നു. നീണ്ടു നിവർന്നു. മരിക്കുകയും ചെയ്തു.” കൃതി വായിച്ചു തീരുമ്പോൾ പഞ്ഞിക്കെട്ടിൽ തീ പിടിച്ചാലെങ്ങനെ? അമ്മട്ടിൽ മനസ്സിലൊരനുഭൂതി. അതു് നമ്മുടെ ജീവിതാവബോധത്തെ തീഷ്ണതമമാക്കുന്നു. അപ്പോഴുണ്ടാകുന്ന ചിത്തവികാസമാണു് സാഹിത്യത്തിന്റെ ധർമ്മം. റ്റോൾസ്റ്റോയിയുടെ കഥ വായിച്ചിട്ടു് തൊഴിലാളികളുടെ വിശപ്പു മാറ്റാൻ അതു പ്രയോജനപ്പെടുന്നോ എന്നു ചോദിക്കുന്നതു ഒരു തരം ഭ്രാന്താണു്. പക്ഷേ, നമ്മൾ ആ ഭ്രാന്തിൽ പെട്ടിരിക്കുകയാണിപ്പോൾ. അതൊരു മാസ് ഇൻസാനിറ്റി—ജനക്കൂട്ടത്തിനാകെയുള്ള ഭ്രാന്തു്—ആയി മാറിയിട്ടുമുണ്ടു്.

സാഹിത്യത്തിന്റെ ധർമ്മമിതായതുകൊണ്ടു് അതിലെ ആശയങ്ങളൊടു നമ്മൾ യോജിക്കണമെന്നില്ല ആസ്വാദനവേളയിൽ. എനിക്കു് ഉള്ളൂർ പരമേശ്വരയ്യരുടെ കവിത ഇഷ്ടമില്ല. എന്നാൽ ഉള്ളൂർക്കവിതയെക്കുറിച്ചു് പ്രശംസാപരമായി വിദ്യാർത്ഥിയെഴുതിയ ഉത്തരത്തിനു് രൂപശില്പത്തികവു് കണ്ടു് ഞാൻ പത്തിൽ പത്തു മാർക്കും കൊടുത്തിട്ടുണ്ടു്. വള്ളത്തോൾ എനിക്കഭിമതനായ കവിയാണു്. വിശേഷിച്ചും അദ്ദേഹത്തിന്റെ മഗ്ദലനമറിയം എന്ന കാവ്യം. മഗ്ദലനമറിയം ബി. എ. ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ടു് ഞാൻ. അതിനെക്കുറിച്ചു് വളരെ മോശമായ ഉത്തരം എഴുതിയ ഒരു ‘വിദ്യാർത്ഥിയെ’ ഞാൻ കുറ്റപ്പെടുത്തുകയും ആ ഉത്തരത്തിനും കുറുകെ ഒരു വര വരച്ചു് അതു തിരിച്ചു കൊടുക്കുകയും ചെയ്തു. ഈ ആശയം പരകീയമാണു്. അതിനാലാണു് മാർക്സിസ്റ്റല്ലാത്ത ഞാൻ മായകോവ്സ്കി യുടെയും പാവ്ലോ നെറുദ യുടെയും യാനിസ് റീറ്റ്സോസിന്റെയും (ഗ്രീസിലെ കമ്മ്യൂണിസ്റ്റ് കവി) കാവ്യങ്ങൾ വായിച്ചു രസിക്കുന്നതു്. മഹാത്മാ ഗാന്ധി യെ അതിശയിച്ച വേറൊരു വ്യക്തി ഇല്ലെന്നു വിശ്വസിക്കുന്ന എനിക്കു് ഗാന്ധിജിയെക്കുറിച്ചെഴുതിയ ജുഗുപ്സാവഹങ്ങായ കാവ്യങ്ങളെ അമ്മട്ടിൽ കാണാനെ കഴിയൂ. അനുവാചകനെ ഒരതീത മണ്ഡലത്തിലെത്തിച്ചു വിശ്രാന്തി നൽകുന്നതാണു് സാഹിത്യം. പ്രചാരണത്തിനു് അതിനെ ഉപയോഗിക്കുമ്പോൾ അതിനും നമുക്കും നഷ്ടം സംഭവിക്കുന്നു. പണ്ടു് പോളണ്ടിൽ കൽക്കരിക്കു ക്ഷാമമുണ്ടായപ്പോൾ കൽക്കരിയുടെ ഉൽപ്പാദനത്തെ സഹായിക്കുന്ന മട്ടിൽ കവിതകൾ എഴുതാൻ സർക്കാർ കവികളോടു് അജ്ഞാപിച്ചു. ഫലമോ? കൽക്കരിയെക്കാൾ കറുത്ത കവിതകളുണ്ടായി. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ഇവിടത്തെ കവികൾ ആ ആക്രമണത്തെ നിന്ദിച്ചു കാവ്യങ്ങൾ രചിച്ചു. ചൈനയുടെ നൃശംസതയെക്കാൾ വലിയ നൃശംസതയായിരുന്നു അവരുടെ പ്രക്രിയ.

മാജിക്കൽ റിയലിസത്തിന്റെ പ്രഭവകേന്ദ്രം
images/Mario_de_andrade.png
ആങ്ൻദ്രേദ

ബ്രസീലിലെ കവിയും നോവലെഴുത്തുകാരനുമായ ആങ്ൻദ്രേദ യുടെ (Mario de Andra, 1893–1945) ‘മാക്കുനെയ്മ്മ’ (Macuaima) എന്ന നോവലിലാണു് മാജിക്കൽ റീയലിസം ആരംഭിക്കുന്നതു്. ‘A major literary event’ എന്നു ഇപ്പോഴത്തെ നിരൂപകരും വിശേഷിപ്പിക്കുന്ന ഈ നോവലാണു് മാർകേസിന്റെ മാജിക്ക് റീയലിസത്തിന്റെ പ്രഭവകേന്ദ്രമെന്നും അവർ പറയുന്നു.

വടക്കൻ ബ്രസീലിന്റെ വിദൂരമായ ഒരു കോണിൽ, ഒരു കന്നിക്കാട്ടിൽ അഗാധതയാർന്ന നിശബ്ദത വീണപ്പോൾ യുറ്റിക്ക്വേറ നദിയുടെ കോലാഹലങ്ങൾ കേൾക്കുന്ന വേളയിൽ ഒരു ഇന്ത്യൻ സ്ത്രീ രാത്രിയുടെ ഭയാനകതയിൽ വിരൂപനായ ഒരാൺകുഞ്ഞിനു ജനനമരുളി. കറുത്ത നിറമാർന്ന അവനു് അവർ മാക്കുനൈമ എന്നു പേരിട്ടു. അവൻ പിന്നീടു് ജനനേതാവായി. ജനിച്ചുകഴിഞ്ഞു് ആറു വർഷങ്ങളോളം അവൻ മിണ്ടിയതേയില്ല. ആരെങ്കിലും സംസാരിപ്പിക്കാൻ ശ്രമിച്ചാൽ അവൻ ‘Aw! what a… life.’ എന്നു മാത്രം പറയും. ഈ മാക്കുനൈമയുടെ വീരസാഹസികകർമ്മങ്ങളാണു് പതിനേഴു് അദ്ധ്യായങ്ങളിലൂടെ ഗ്രന്ഥകാരൻ വിവരിക്കുന്നതു്. ഓരോ അദ്ധ്യായത്തിലും ഓരോ വീരകർമ്മമോ സാഹസികമോ ആണുള്ളതു്. അതിനാൽ ഇതിവൃത്ത സംഗ്രഹം സാദ്ധ്യമല്ല. പ്രവർത്തനത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ ഒരെണ്ണം സംക്ഷേപിച്ചെഴുതാം. മാക്കുമൈനയ്ക്കു് ആറു വയസ്സു തികഞ്ഞപ്പോൾ ഒരു ‘കൗബെല്ലിൽ’ നിറച്ച വെള്ളം അവർ അവനെ കുടിപ്പിച്ചു. (കൗബെൽ പശുവിന്റെ കഴുത്തിൽ കെട്ടുന്ന മണിയാകാം. ഒരു പുഷ്പവുമാകാം—ലേഖകൻ) അതോടെ അവൻ സംസാരിക്കാൻ തുടങ്ങി. ഒരു ദിവസം ആ ആറുവയസ്സുകാരൻ സഹോദരന്റെ ഭാര്യയുമായി നടത്തത്തിനുപോയി. കുറ്റിക്കാട്ടിലെ പച്ചിലച്ചാർത്തിൽ തൊട്ടയുടനെ മാക്കുനൈമ രാജകുമാരനായി മാറി. അവർ ശാരീരികവേഴ്ചയിലേർപ്പെട്ടു. ഒരുതവണയല്ല, മൂന്നുതവണ. ഓരോ തവണയും കാട്ടിനകത്തേക്കു ചെന്നു് അവർ ലൈംഗികോത്തേജനം നേടും. തിരിച്ചു കുഞ്ഞായി മാക്കുനൈമ വീട്ടിലേക്കു പോരും ഈ പ്രക്രിയ ആവർത്തിച്ചപ്പോൾ സഹോദരൻ സംശയഗ്രസ്തനായി അവരറിയാതെ പിറകെ പോകുകയും കാര്യമെന്തെന്നു ഗ്രഹിക്കുകയും ചെയ്തു. അതോടെ അയാൾ ഭാര്യയെ ഉപേക്ഷിച്ചു. മറ്റൊരുത്തിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.

ഇതൊക്കെ ബ്രസീലിലെ കെട്ടുകഥകളാണു്. അത്തരം കഥകളെ അതേ രീതിയിൽ സ്വീകരിച്ചും ചിലതിനു മാറ്റം വരുത്തിയും ആങ്ൻദ്രേദ നോവലെഴുതുന്നതു് എന്തിനാണു്? മാക്കുനൈമ ഓരോ അധ്യായത്തിലും രൂപം മാറുന്നതുപോലെ തന്റെ രാജ്യവും രൂപം മാറിക്കൊണ്ടിരിക്കുന്നുവെന്നു ധ്വനിപ്പിക്കുകയാണു് ആങ്ൻദ്രേദ. നോവലിലെ പ്രധാന കഥാപാത്രത്തിനു് ഐഡൻറിറ്റി—അനന്യത—ഇല്ല. ബ്രസീലിനുമതില്ല. അതുണ്ടാകേണ്ട ആവശ്യകതയെയാണു് നോവലിസ്റ്റ് ഊന്നിപ്പറയുക.

വേറൊരു സംഭവംകൂടി. മാക്കുനൈമയ്ക്കു വല്ലാത്ത വിശപ്പു്. അയാൾ അമ്മയോടു ചോദിച്ചു: ‘അമ്മേ നദിയുടെ അക്കരെ ഉയർന്ന സ്ഥലത്തു് ഈ വീടെടുത്തു മാറ്റിയാലെന്തു? ഒരു നിമിഷത്തേക്കു് അമ്മ കണ്ണടയ്ക്കു. അവർ കണ്ണടച്ചു. ഇച്ഛാശക്തി പ്രവർത്തിപ്പിച്ചു് മാക്കുനൈമ ആ മേഞ്ഞ കുടിൽ അതിലെ എല്ലാ വസ്തുക്കളോടും കൂടി മറുകരയിലേക്കാക്കി. വൃദ്ധ കണ്ണുതുറന്നപ്പോൾ അവിടെ എല്ലാമുണ്ടു്. മീൻ, പഴങ്ങൾ, വാഴക്കായ് അങ്ങനെ എല്ലാം. വൃദ്ധ മാക്കുനൈമയുടെ സഹോദരന്മാർക്കുവേണ്ടി വാഴക്കായ് മുറിച്ചെടുക്കാൻ പോയി. മകൻ അമ്മയോടു വീണ്ടും ചോദിച്ചു: ‘അമ്മേ വെള്ളപ്പൊക്കമുള്ള മറുകരയിലേക്കു ഈ കുടിൽ തിരിച്ചുകൊണ്ടു ചെന്നാലോ? മകൻ ആവശ്യപ്പെട്ടതനുസരിച്ചു് അമ്മ കണ്ണടച്ചു. അയാൾ ഇച്ഛാശക്തികൊണ്ടു കുടിൽ പഴയ സ്ഥലത്തേക്കു മാറ്റി. വിശപ്പു കൊണ്ടു് അയാളുടെ സഹോദരന്മാരും ഒരു സഹോദരന്റെ ഭാര്യയും കരഞ്ഞു. ഇവിടെ തന്റെ രാജ്യത്തിനു കൂടെക്കൂടെ വരുന്ന സമ്പന്നതയും ദാരിദ്രവും വ്യഞ്ജിപ്പിക്കുകയാണു നോവലിസ്റ്റ്. ഒടുവിൽ മാക്കുനൈമ സപ്തർഷി മണ്ഡലത്തിലെത്തിച്ചേരുമ്പോൾ അനാദൃശ്യമായ ഈ നോവൽ അവസാനിക്കുന്നു.

മാക്കുനൈമ ബ്രസീലിന്റെ ചൈതന്യമാണു്. അതിന്റെ മനസ്സാക്ഷിപോലും മാറ്റിവയ്ക്കപ്പെട്ടുവെന്നാണു് നോവലിസ്റ്റിന്റെ അഭിപ്രായം. ഒരു ദിവസം കാലത്തു മാക്കുനൈമ ഒരു ദ്വീപിലേക്കു പോയി മുപ്പതടിപ്പൊക്കമുള്ള കള്ളിച്ചെടിയുടെ അഗ്രഭാഗത്തു് തന്റെ മനസ്സാക്ഷി അടർത്തിയെടുത്തു വച്ചു. മനസ്സാക്ഷി കൂടെയുണ്ടെങ്കിൽ യാത്രചെയ്യാൻ പ്രയാസം. അത്ര ഉയരത്തിൽ വച്ചില്ലെങ്കിൽ എറുമ്പുകൾ മനസ്സാക്ഷിയെ തിന്നുകളയും. അങ്ങനെ മനസ്സാക്ഷിയെ ഒളിച്ചുവച്ചിട്ടു തിരികെ വന്ന മാക്കുനൈമ സഹോദരന്മാരോടുകൂടി യാത്രയാരംഭിച്ചു. കാലംകഴിഞ്ഞു് അതു തിരിച്ചെടുക്കാൻ ചെന്നപ്പോൾ അതവിടെ ഉണ്ടായിരുന്നുവെന്നാണോ വിചാരം? ഒരു സ്പാനിഷ് അമേരിക്കന്റെ മനസ്സാക്ഷി പിടിച്ചെടുത്തു തലയ്ക്കകത്തു വച്ചുകൊണ്ടു് അയാൾ നടന്നു. ബ്രസീലിന്റെ മനസ്സാക്ഷിപോലും നഷ്ടപ്പെട്ടിരിക്കുന്നുവെന്നു് എന്തൊരു പരിഹാസത്തോടെയാണു് നോവലിസ്റ്റ് പറയുന്നതു്!

ഇതിലെ കെട്ടുകഥകളും അവയോടു ചേർന്നു വരുന്ന റിയലിസ്റ്റിക് കഥകളും നമ്മുടെ—കേരളീയരുടെ അനുഭവ മണ്ഡലത്തിലെ ഭാഗമായിത്തീർന്നില്ലെന്നു വരാം. എന്നാൽ ഈ നോവലിന്റെ കലാഭംഗി ആർക്കും കാണാതിരിക്കാനും ആസ്വദിക്കാതിരിക്കാനും വയ്യ. കെട്ടുകഥയെയും റിയലിസത്തെയും കൂട്ടിയിണക്കി മാജിക്കൽ റിയലിസം സൃഷ്ടിച്ച ആദ്യത്തെ നോവലിസ്റ്റാണു് ആങ്ൻദ്രേദ. മാജിക്കൽ റിയലിസത്തെക്കുറിച്ചുള്ള ഏതു പഠനവും ഈ നോവലിലാണു് ആരംഭിക്കേണ്ടതു്.

കലാകാരനായ ഭരണാധികാരി
images/Vaclav_Havel.jpg
ഹാവൽ

ചെക്ക് റിപ്പബ്ളിക്കിന്റെ പ്രസിഡന്റായ ഹാവൽ (Vaclav Havel) കുഞ്ഞായിരുന്ന കാലം. ഒരു മാന്യൻ ഹാവൽ ഭവനത്തിൽ ചെന്നിട്ടു് തിരിച്ചുപോയപ്പോൾ, അയാളുടെ മുതികിലൊരു മുഴയില്ലാത്തതു വിചിത്രമായിരിക്കുന്നുവെന്നു് കുഞ്ഞു പറഞ്ഞു.

‘നീയതു എങ്ങനെ പറയുന്നു’ എന്നു് അമ്മ ചോദിച്ചു. അയാളുടെ മുഖം അത്തരത്തിലായതുകൊണ്ടു മുഴയുണ്ടായിരിക്കേണ്ടതാണെന്നു ഹാവലിന്റെ മറുപടി. അതുകേട്ടു് അമ്മ മകനെ ചെറുതായൊന്നു ശാസിച്ചു. കൂനന്മാരോടു് പ്രകൃതി എത്ര ക്രൂരമായിട്ടാണു പെരുമാറുന്നതെന്നും കൂനനോടു കൂടിയാണു കുഞ്ഞു ജനിക്കുന്നതെങ്കിൽ അതിന്റെ അമ്മയ്ക്കു് ഏതു മാതിരി ദുഃഖമുണ്ടാകുമെന്നും അമ്മ കുട്ടിക്കു വിശദമാക്കിക്കൊടുത്തു. ഉടനെ ഹാവൽ മറുപടി നല്കി: ‘അതു ശരിയാണെന്നു ഞാനും വിചാരിക്കുന്നു. എന്നാൽ തള്ളഒട്ടകത്തിനു മുഴയില്ലാത്ത കുഞ്ഞുണ്ടായാൽ എന്തു ദുഃഖമായിരിക്കുമെന്നു വിചാരിച്ചു നോക്കൂ അമ്മേ.’

കുഞ്ഞുന്നാളിൽ ഹാവൽ കാണിച്ച ഈ ധിഷണാവിലാസം ക്രമാനുഗതമായി വികാസംകൊണ്ടു് അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാമത്തെ വയസ്സിലും അർക്കകാന്തി ചിന്തുന്നുവെന്നും അതെങ്ങനെ ഒരു രാജ്യത്തെ ജനാധിപത്യത്തിലേക്കു നയിച്ചുവെന്നും സ്പഷ്ടമാക്കിത്തരുന്ന ജീവചരിത്രമാണു് (Vaclav Havel—The Authorized Biography’ എന്നതു്. ധിഷണകൊണ്ടുമാത്രം ഒരു നേതാവിനും രാജ്യത്തെ നൂതനവ്യവസ്ഥിതിയിലേക്കു നയിക്കാനാവില്ല. ഹാവൽ സത്യത്തിന്റെ നൂതനാഗ്നി കൊളുത്താൻ ശക്തിയുള്ള മഹാനാണു്. (To light new fires of truth, Letter to Dr. Guslau Husak, Living in Truth, Vaclav Havel, Page 23, Faber and Faber.)

ആ അദമശക്തിയോടുകൂടി അദ്ദേഹം സത്യത്തിൽ ജീവിക്കൂ—live in truth—എന്നു് ഭരണാധികാരികളോടു മാത്രമല്ല ഈ ലോകത്തെ ഓരോ പൗരനോടും ആവശ്യപ്പെട്ടു. തന്റെ സത്യാത്മകമായ ജീവിതംകൊണ്ടു് ഏതു മാനവജീവിതംകൊണ്ടു് ഏതു മാനവജീവിതവും മഹനീയമാക്കാമെന്നു തെളിയിക്കുകയും ചെയ്തു. അസാമാന്യ പ്രതിഭയുള്ള നാടകകർത്താവു്, രത്നകാന്തിയുള്ള വിചാരങ്ങളെ ഗ്രന്ഥങ്ങളിലൂടെ വിതറുന്ന ചിന്തകൻ, അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും ശാശ്വത പ്രതീകം—ഇവയൊക്കെയായ ഹാവലിനെ കാണണമെങ്കിൽ കലാഭംഗിയാർന്ന ഈ ജീവചരിത്രം വായിക്കണം. പ്രാഗിൽ താമസിക്കുന്ന ഗ്രന്ഥകർത്തി നോവലുകളും ചെറുകഥകളും എഴുതി യശസ്സാർജ്ജിച്ചവരാണു്. അവരുടെ സർഗ്ഗശക്തി ഈ ജീവചരിത്ര രചനയിലും തെളിഞ്ഞുകാണാം.

ശാരീരികമായി അത്ര വളരെ പൊക്കമില്ലാത്ത ഈ മനുഷ്യൻ—ഹാവൽ—നടക്കുകയില്ല. പലപ്പോഴും ഓടുകയാണു്. അദ്ദേഹത്തിനു ചുരുണ്ട തലമുടിയുണ്ടു്; നിഷ്കളങ്കത നിറഞ്ഞ നീലക്കണ്ണുകളുണ്ടു്; കുട്ടിയുടെ പുഞ്ചിരിയും. അതും അദ്ദേഹത്തെ രസിപ്പിക്കുന്നു: താനതു് ആദ്യമായി കാണുന്നതുപോലെ. തന്റെ അസാധാരണമായ ഊർജ്ജം കൊണ്ടു് ചുറ്റുമിരിക്കുന്ന എല്ലാവരെയും അദ്ദേഹം പൊള്ളയാക്കി മാറ്റുന്നു. അദ്ദേഹം അത്രയ്ക്കു വിനയസമ്പന്നനായതുകൊണ്ടു് മറ്റുള്ളവർ വിചാരിക്കുന്നു അവർക്കു് ആധിപത്യം പുലർത്താമെന്നു്. ഹാവൽ വ്യക്തിഭാവമില്ലാതെ പെരുമാറുന്നതു കൊണ്ടാണു് ഈ തോന്നലുണ്ടാവുക. സമീപസ്ഥമായ കാര്യങ്ങളിലല്ലാതെ തന്നിൽ ഒരിക്കലും മനസ്സിരുത്താറില്ല അദ്ദേഹം. വിനയത്തിനു തെളിവുവേണോ? എങ്കിൽ പുസ്തകത്തിന്റെ നടുക്കായി കൊടുത്തിരിക്കുന്ന ഒരു ചിത്രം നോക്കുക. ഹാവൽ പ്രഷർകുക്കർവച്ചു ഭക്ഷണം പാചകം ചെയ്യുന്നതു വായനക്കാർക്കു കാണാം.

1968 ഓഗസ്റ്റിൽ സോവിയറ്റ് ടാങ്കുകൾ ഹാവലിന്റെ ജന്മഭൂമിയിലേക്കു ഉരുണ്ടു ചെന്നു, അദ്ദേഹം ഭാര്യയോടുകൂടി പ്രാഗിൽ താമസിക്കുകയായിരുന്നു. ഹാവലിന്റെ രാജ്യം തീരെച്ചെറുതു്. എല്ലാ രാഷ്ട്രങ്ങളും തങ്ങളെ ഉപേക്ഷിച്ചെന്നു ഹാവലും കൂട്ടുകാരും ഗ്രഹിച്ചു. അഭിമർദ്ദമേറ്റു് തലകുനിക്കുകയേ മാർഗ്ഗമുള്ളൂവെന്നു് അദ്ദേഹം മനസ്സിലാക്കി. ജനത മുൻപും അങ്ങനെ പലപ്പോഴും തലകുനിച്ചിട്ടുണ്ടു്. പക്ഷേ, ഓരോ തവണ കുനിയുമ്പോഴും നട്ടെല്ലു് ഉയരും. അങ്ങനെ ജനതയുടെ നട്ടെല്ലുകൾ ഉയർന്നതിന്റെ വീരധർമ്മാത്മകമായ ചരിത്രം കൂടിയാണു് ഇപ്പുസ്തകം. സോവിയറ്റ് ആക്രമണത്തിൽ പ്രതിഷേധിക്കാനായി 1969 ജനുവരിയിൽ യാൻ പാലാറ്റ്സ്ച്ച് (Yan Palach) എന്ന വിദ്യാർത്ഥി ആത്മാഹൂതി ചെയ്തു. അയാളെ ചാമ്പലാക്കിയ അഗ്നി ഹാവലിന്റെ രോഷാഗ്നിയായി മാറി. ചാർട്ട്ർ 77 അങ്ങനെ രൂപംകൊണ്ടു. അതിലൊപ്പുവച്ച ദേശസ്നേഹികളുടെ നേതാവായിരുന്നു ഹാവൽ. അതിന്റെ പേരിൽ അദ്ദേഹം സഹിച്ച പീഡനങ്ങളുടെ വിവരണങ്ങൾ ഈ ഗ്രന്ഥത്തിലുള്ളതു് നമ്മളെ ഞെട്ടിക്കും. 1979-ൽ നാലുവർഷത്തേക്കു തടവുശിക്ഷ; വീണ്ടും 1989-ൽ കാരാഗൃഹവാസം തടവറയിലെ മർദ്ദനങ്ങളെക്കാൾ ക്രൂരങ്ങളാണു് വീട്ടുതടങ്കലിലായിരുന്നപ്പോഴുണ്ടായ മർദ്ദനങ്ങൾ. The power of the Powerless എന്ന ലേഖനമെഴുതിയതിനും (ഇതു് ഹാവലിന്റെ Living in Truth എന്ന പുസ്തകത്തിലുണ്ടു്.) ചാർട്ടർ 77-ന്റെ സ്പോക്സ് പേഴ്സൺ ആയതിനും വേണ്ടിയാണു സർക്കാർ ഹാവലിനെ വീട്ടുതടങ്കലിലാക്കിയതു്. ഭക്ഷണസാധനങ്ങൾ വെളിയിൽപ്പോയി വാങ്ങാൻ കൂടി കാവൽനിന്ന പൊലീസുകാർ അദ്ദേഹത്തെ അനുവദിച്ചില്ല. ‘പട്ടിണികിടന്നു് മരിക്കു’ എന്നാണു് പൊലീസുദ്യോഗസ്ഥന്മാർ അദ്ദേഹത്തോടു പറഞ്ഞതു്. അങ്ങനെ മരിക്കുമ്പോൾ ശവപ്പെട്ടിനല്കാൻ തങ്ങൾക്കു സന്തോഷമുണ്ടു് എന്നും അവർ അദ്ദേഹത്തെ അറിയിച്ചു. വീട്ടുതടങ്കലിൽ നിന്നു കാരാഗൃഹത്തിലേക്കു്; കാരാഗൃഹത്തിൽനിന്നു മോചനം; പിന്നെയും കാരാഗൃഹവാസം. മോചനം നേടിയിരിക്കുമ്പോൾ അദ്ദേഹത്തിനു് പേരുവയ്ക്കാത്ത ഒരുകത്തുകിട്ടി. 1989 ജാനുവരി 15-നു് ഉച്ചയ്ക്കുശേഷം വെൻസസ്ല്സ് സ്ക്വയറിൽ പ്രതിമയുടെ രൂപത്തിൽ വാറ്റ്സ്ളാഫ് പുണ്യാളൻ ഇരിക്കുമ്പോൾ വേറൊരു മനുഷ്യ ദീപയഷ്ടി കത്തിയുയരുമെന്നായിരുന്നു അതിലൂടെയുള്ള അറിയിപ്പു്. (വെൻസ്സ്ലസ് പുണ്യാളൻ ചെക്കസ്ളൊവാക്യയുടെ പുണ്യാളനാണു്. വാറ്റ്സ്ളൊഫ് എന്നാണു് അദ്ദെഹത്തിന്റെ ചെക്ക് നാമധേയം—ലേഖകൻ) 1969—ആത്മാഹുതി ആവർത്തിക്കപ്പെടുമെന്നു കണ്ടു കാരുണ്യമുള്ള ഹാവൽ പേടിച്ചു, ദുഃഖിച്ചു. അദ്ദേഹം ആ കൃത്യമരുതെന്നു ഒരഭ്യർത്ഥന പ്രക്ഷേപണം ചെയ്തു. വെൻസസ്ല്സ് സ്ക്വയറിൽ വാറ്റ്സ്ളാഫ് പുണ്യാളന്റെ പ്രതിമയുടെ ചുവട്ടിൽ പുഷ്പങ്ങൾ വയ്ക്കാൻ ചെന്ന ഹാവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപയഷ്ടി കത്തിയെരിയുമെന്നറിയിക്കുന്ന കത്തു് പൊലീസിന്റെ തന്നെ കള്ളക്കത്തായിരുന്നുവെന്നു അപ്പോഴാണു് ഹാവലിനു മനസ്സിലാക്കാൻ കഴിഞ്ഞതു്. അദ്ദേഹം മോചനം നേടി. ചെക്കസ്ളൊവാക്യ ധിഷണാശാലിയും കലാകാരനുമായ ഹാവലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു: പിന്നീടുണ്ടായ രാജ്യത്തിന്റെ വിഭജനവും ഹാവൽ ചെക്ക് റിപ്പബ്ളിക്കിന്റെ പ്രസിഡന്റായതും മറ്റും ഞാൻ പറയേണ്ടതില്ല. ഏതു് അംശമാണു് മറ്റു ഭരണാധികാരികളിൽനിന്നു ഹാവലിനെ വ്യത്യസ്തനാക്കി നിറുത്തുന്നതു്! അദ്ദേഹം ധിഷണാശാലിയായ രാഷ്ടീയ പ്രവർത്തകനാണു്. ധിഷണാശാലി ആശയങ്ങൾ ഉദ്പ്പാദിപ്പിക്കുന്നു. എന്നാൽ ആ ആശയങ്ങളെ ആവർത്തിക്കാനോ മറ്റുള്ളവരിൽ അടിച്ചേല്പ്പിക്കാനോ അയാൾ യത്നിക്കുന്നില്ല. അതുകൊണ്ടു് അയാൾ രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തിൽ വിജയം പ്രപിക്കുന്നില്ല. കള്ളം പറയുന്ന രാഷ്ട്രീയ പ്രവർത്തകൻ ജനസമ്മതി നേടുന്നു. തങ്ങളോടു കള്ളം പറയണം അയാൾ എന്നാണു് ബഹുജനത്തിന്റെ ആഗ്രഹം (പുറം 271) ‘ഞാൻ കുറ്റം ചെയ്തവനാണെന്നു കരുതുന്നില്ല. എന്റെ മനസാക്ഷിയിൽ (വേദനിപ്പിക്കുന്നതായി) ഒന്നുമില്ല. എന്നെ ശിക്ഷിച്ചാൽ ഒരു നല്ല കാര്യത്തിനുവേണ്ടിയുള്ള ത്യാഗമായി ഞാൻ ശിക്ഷയെ പരിഗണിക്കും. യാൻ പാലാറ്റ്സ്ച് നടത്തിയ ത്യാഗത്തിന്റെ പ്രകാശത്തിൽ ആ ത്യാഗം ക്ഷുദ്രമായിരിക്കും’ എന്നാണു് ശിക്ഷിക്കപ്പെടുന്നതിനുമുൻപു് ഹാവൽ കോടതിയോടു പറഞ്ഞതു്. ഹാവൽ ഈ പ്രസ്താവത്തിലൂടെ ഗാന്ധിജിയുടെ ഓന്നത്യം നേടുന്നു.

നമ്മൾ എത്ര ക്ഷുദ്രത്വമുള്ളവരാണെങ്കിലും എത്ര അധികാരമില്ലാത്തവരാണെങ്കിലും ലോകത്തിനു പരിവർത്തനം വരുത്താൻ ശക്തരാണെന്നാണു് ഹാവലിന്റെ മതം. അവിശ്വസനീയമായി തോന്നുന്നുണ്ടോ ഇതു? അങ്ങനെ തോന്നേണ്ടതില്ല. നമ്മളിൽ ഓരോ വ്യക്തിക്കും ഈ ഭൂഗോളത്തെ കുറച്ചു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ഈ വിശ്വാസത്തോടെ പ്രവർത്തിച്ച ഹാവൽ ലോകത്തെ കുറച്ചല്ല വളരെ മുൻപോട്ടുകൊണ്ടുപോയി. അദ്ദേഹമെത്രശക്തൻ! ഈ ശക്തി ‘സത്യത്തിൽ ജീവിക്കുക’ എന്ന വിശ്വാസത്തിൽ നിന്നാണു് ജനിച്ചതു്.

സാഹിത്യകാരിയായ ഗ്രന്ഥകർത്തി ഹാവലിന്റെ എല്ലാകൃതികളെയും അപഗ്രഥിച്ചു് അവയുടെ വൈശിഷ്ട്യമെടുത്തു കാണിക്കുന്നു. വളരെക്കാലം മുൻപുതന്നെ ഈ ലേഖകൻ ഹാവലിന്റെ Largo Desolato—ലാർജോ ഡെസോലാതോ—ഈസ്റ്റ് യൂറോപ്യൻ നാടകങ്ങളിൽ സുപ്രധാന സ്ഥാനമർഹിക്കുന്നുവെന്നു് എഴുതിയിരുന്നു. ഇപ്പുസ്തകത്തിലും ഭംഗ്യന്തരേണ അതു തന്നെ പറഞ്ഞിട്ടുണ്ടു്. ‘Largo Desolato in him best Play… It is great drama (പുറം 207) താനെഴുതിയതു് പിൻവലിക്കാൻ നിർബന്ധനാകുന്നു ഒരു പ്രഫെസർ. സർക്കാരിന്റെ ആളുകൾ അയാളെ മാനസിക പീഡയേല്പിക്കുന്നു. ബന്ധുക്കളും മിത്രങ്ങളും ഒരുറച്ച നില സ്വീകരിക്കാൻ അയാളെ പ്രേരിപ്പിക്കുന്നു. ഈ സംഘട്ടനത്തിൽപെട്ടു് പ്രഫെസർ തകർന്നടിയുന്ന ചിത്രം അന്യാദൃശ്യമായ രീതിയിൽ ഉദ്വേഗജനകമാണു്. ഒരു ഗ്രീക്ക് ട്രാജഡിയുടെ മഹത്വമുണ്ടിതിനു്. My post prison despair എന്നാണു് ഹാവൽ ഈ നാടകത്തെ വിശേഷിപ്പിച്ചതു് (page 65, Disturbing the peace, Vaclav Harvel, Faber and Faber).

ചിലർക്കു ലാർഗൊഡെസോ ലാതോ യെക്കാൾ അദ്ദേഹത്തിന്റെ Temptation എന്ന നാടകമാണു് ഉത്കൃഷ്ടം. റ്റോമസ് മാൻ Doctor Faustes എഴുതിയ പോലെ ഗെറ്റോ Faust എഴുതിയ പോലെ സ്വന്തം ഫൗസ്റ്റിനെ ചിത്രീകരിക്കുകയാണു് ഹാവലെന്നു് ഗ്രന്ഥകർത്തി പറയുന്നു. സത്യത്തിന്റെ ആപേക്ഷിക സ്വഭാവമാണു് ഹാവലിനു് ഇഷ്ടമായ വിഷയം. സവിശേഷമായ രീതിയിൽ പറഞ്ഞാൽ സവിശേഷമായ പരിതഃസ്ഥിതിയിൽ ആവിഷ്കരിച്ചാൽ ഏതു സത്യവും കള്ളമാകുമെന്നു ഹാവൽ അഭിപ്രായപ്പെടുന്നു. Temptation എഴുതിക്കഴിഞ്ഞ ഹാവൽ ബോധം കെട്ടുവീണു. അദ്ദേഹത്തിന്റെ തലയ്ക്ക ക്ഷതം പറ്റി. വെർജീനിയ വുൾഫ് പറഞ്ഞിരുന്നു താൻ ഒരു കൃതിയെഴുതിക്കഴിഞ്ഞാൽ തന്നെ നിരീക്ഷണം ചെയ്തുകൊള്ളണമെന്നു്. ഒരു നോവൽ എഴുതിതീർന്നപ്പോൾ ആരും അവരെ നോക്കുന്നുണ്ടായിരുന്നില്ല. വെർജീനിയ കീശകളിൽ കനംകൂടിയ കല്ലുകൾ എടുത്തിട്ടു് ജലാശയത്തിലേക്കു നടന്നു. മുങ്ങിമരിച്ചു.

എഴുതിയും പ്രവർത്തിച്ചും മാനവ ലോകത്തെ ഉയർത്തുന്ന മഹാനാണു് ഹാവൽ. ആ പ്രക്രിയകളിൽ തനിക്കു ക്ഷതം വന്നാലും അദ്ദേഹം സാരമാക്കുന്നില്ല. കവിയുടെ വിജ്ഞാനമുള്ളയാൾ പ്രാഗിന്റെ മനഃസാക്ഷി എന്നൊക്കെ മഹാന്മാർ വാഴ്ത്തുന്ന ഈ മനുഷ്യസ്നേഹി ഈ ജീവിതചരിത്രത്തെക്കുറിച്ചു പറഞ്ഞതു് ഇങ്ങനെ: ‘ഇതു വായക്കാരെ എന്നിലേക്കു മാത്രമല്ല. എന്നിലൂടെ ഈ രാജ്യത്തോടും കൂടുതൽ അടുപ്പിക്കുമെന്നു് ഞാൻ പ്രതീക്ഷിക്കുന്നു’. ഈ പ്രതീക്ഷ ശരിയാണെന്നു് ഈ ഗ്രന്ഥം തെളിയിക്കുന്നു.

‘ഒരു ചെറിയ വിഭാഗമാളുകൾ ഒരു രാജ്യത്തിന്റെ സർക്കാരിനെ ബലംകൊണ്ടു പിടിച്ചെടുക്കുകയും തങ്ങൾക്കു കൈവശമായ അധികാരോപകരണങ്ങൾ നേരിട്ടു് പ്രയോഗിച്ചു് പരസ്യമായി അധികാരം കൈകാര്യം ചെയ്യുകയും ഏതു ഭൂരിപക്ഷത്തിന്റെമേൽ ഭരണം അടിച്ചേൽപ്പിക്കുന്നുവോ അവരിൽ നിന്നു തങ്ങൾ വിഭിന്നരായി പ്രത്യക്ഷരാവുകയും ചെയ്യുന്നതിനെയാണു ‘ഡിക്റ്റേർഷിപ്പ്’ എന്നു വിളിക്കുന്നതു്.

‘ഭടന്മാരുടെയും പൊലീസിന്റെയും സംഖ്യാബലത്തിൽ നിന്നും സായുധശക്തിയിൽനിന്നുമാണു് അവരുടെ അധികാരം ജനിക്കുന്നതു്. കുറെക്കൂടി തകിടം മറിക്കുമെന്നതാണു് അതിന്റെ അസ്തിത്വത്തിന്റെ നേർക്കുള്ള പ്രധാനമായ ഭീഷണി.’

ഭവിഷ്യതു് സൂചകവും സുശക്തവുമായ ഈ വാക്കുകൾ പ്രസിഡന്റ് വാറ്റ്സ്ളാഫ് ഹാവലി ന്റേതാണു് (vaclav Havel, ജനനം 1936). അദ്ദേഹം 1978-ൽ The Power of the powerless (‘അധികാരമില്ലാത്തവരുടെ ശക്തി’) എന്ന ദീർഘമായ പ്രബന്ധത്തിൽ നിർവഹിച്ച ഈ ഭാവികഥനം സാക്ഷാത്കരിക്കപ്പെട്ടു. ചെക്ക്സ്ളോവാക്യയിൽ വിപ്ലവമുണ്ടായി ഹാവൽ അതിന്റെ പ്രസിഡൻറുമായി. ഈസ്റ്റ് യൂറോപ്യൻ നാടക കർത്താക്കന്മാഅരിൽ അദ്വിതിയനാണു് അദ്ദേഹം സർക്കാരിനു് അംഗീകരിക്കാൻ വയ്യാത്ത ആശയങ്ങൾ അടങ്ങിയ ഒരു പ്രബന്ധം രചിച്ച പ്രഫൊസറെ ആ സർക്കാർ ക്രൂരമായി പീഡിപ്പിക്കുകയും അതിൽ അയാൾ തകർന്നടിയുകയും ചെയ്യുന്നതിനെ ചിത്രീകരിക്കുന്ന ‘ലാർഗോ ഡെസെലാതോ’ എന്ന നാടകത്തിന്റെ രചയിതാവാണു് ഹാവൽ. അതിനു തുല്യമായ കലാഭംഗിയും ശക്തിയുമുള്ള വേറൊരു നാടകം ഈസ്റ്റ് യൂറോപ്യൻ സാഹിത്യത്തിൽ കണ്ടിട്ടില്ല.

ഈ നാടകവും ഇതിനു സദൃശ്യങ്ങളായ മറ്റനേകം നാടകങ്ങളും രചിച്ച സംസ്കാരമണ്ഡലത്തിന്റെ നായകനായിത്തീർന്ന ഹാവൽ, ദീർഘകാലം കാരാഗൃഹത്തിൽക്കിടന്നു് സർക്കാരിന്റെ മർദ്ദനങ്ങൾക്കു വിധേയനായ ഹാവൽ ആദ്യം കിട്ടിയ സന്ദർഭത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്കു കുതിച്ചു ചെന്നല്ലോ എന്നു വിചാരിച്ചു് ഇതെഴുതുന്ന ആളിനു അദ്ദേഹത്തോടു വിദ്വേഷമുണ്ടായി. വിഭജിക്കപ്പെട്ട രാജ്യത്തിന്റെയും പ്രസിഡന്റ് സ്ഥാനത്തു് അദ്ദേഹം പ്രതിഷ്ഠിക്കപ്പട്ടപ്പോൾ ആ വിദ്വേഷം തീക്ഷണമായി.

എന്നാൽ ഇപ്പോൾ പ്രസാധം ചെയ്ത അദ്ദേഹത്തിന്റെ ‘Summer Meditations Politics’ Morality and Civility in a Time of Transilation. Faber and Faber-(…) 6 = 99) എന്ന ഗ്രന്ഥം വായിച്ചതോടെ എന്റെ വിദ്വേഷം മാറിയെന്നു മാത്രമല്ല, അദ്ദേഹത്തോടുള്ള ആദരം വർദ്ധിക്കുകയും ചെയ്തു. രാഷ്ട്രവ്യവഹാരം (politics) അപകീർത്തികരമല്ല, അപകീർത്തിയുള്ള ആളുകളാണു് അതിനെ ആ വിധത്തിലാക്കുന്നതെന്നു ഹാവൽ തെളിയിച്ചിരിക്കുന്നു. ഗ്രന്ഥം വായിച്ചുകഴിയുമ്പോൾ സത്യസന്ധനും മനുഷ്യസ്നേഹപരതന്ത്രനുമായ ഒരു മഹാവ്യക്തി നമ്മുടെ മുൻപിൽ വനുനിൽക്കുന്നതു നമ്മൾ കാണും.

രാഷ്ട്രവ്യവഹാരത്തിൽ ആമഗ്നനായ ആളിന്റെ ഉപേക്ഷിക്കാനാവാത്ത അംശം കള്ളം പറയാൻ സാധിക്കാതിരിക്കുക എന്നതല്ലെന്നു ഹാവൽ പറയുന്നു. വികാരമില്ലാത്തവനും ‘പരപുച്ഛ’ക്കാരനും അഹങ്കാരിയും ആഭാസനുമായവനാണു് രാഷ്ട്രവ്യവഹാരത്തിൽ വിജയം പ്രാപിക്കുന്നതു് എന്ന മതം ശരിയല്ല.

അങ്ങനെയുള്ളവർ ‘പൊളിറ്റിക്സി’ലേക്കു ആകർഷിക്കപ്പെടുന്നുണ്ടാവാം പക്ഷേ, ഒടുവിൽ മര്യാദയും മാന്യതയും വിജയം വരിക്കും. രാഷ്ട്രവ്യവഹാരത്തിൽ സാന്മാർഗ്ഗികത്വത്തിനു സ്ഥാനമുണ്ടെന്നും അതേ വിജയത്തിലെത്തുകയുള്ളുവെന്നും ഹാവൽ വിശ്വസിക്കുന്നു.

നീതിനിഷ്ഠയുടെ ഒരുപകരണമാണു് നിയമമെന്നതു് സംശയരഹിതമായ വസ്തുതയാണു്. എന്നാൽ ഉത്തരവാദിത്തോടു കൂടി അതു് ഉപയോഗിച്ചില്ലെങ്കിൽ അതു് അർത്ഥരഹിതമായിത്തീരും. മനസാക്ഷിക്കുത്തില്ലാത്ത, തത്ത്വദീക്ഷയില്ലാത്ത ജഡ്ജിയുടെ കൈയ്യിൽ മാന്യതയാർന്ന നിയമം എങ്ങനെയായിത്തീരുമെന്നു നമുക്കറിയാം.

തത്ത്വദീക്ഷയില്ലാത്ത ആളുകൾ ജനാധിപത്യപരങ്ങളായ സ്ഥാപനങ്ങളെ ഡിക്റ്റേറ്റർഷിപ്പിലേക്കും ഭയാനകതയിലേക്കും നയിക്കും. നിയമം, ജനാധിപത്യം ഇവയെ ദുരുപയോഗപ്പെടുത്താതിരിക്കാൻവേണ്ടി മാന്യന്മാർ ശ്രമിച്ചില്ലെങ്കിൽ നമ്മൾ ദുരന്തത്തിലെത്തും. മനുഷ്യന്റെ മനുഷ്യത്വത്തെ വികസിപ്പിക്കുന്നതാണു ജനാധിപത്യമെന്നു നമ്മൾ ഓർമ്മിക്കണമെന്നു ഹാവൽ ഉദ്ബോധിപ്പിക്കുന്നു.

അപ്പോൾ സാന്മാർഗ്ഗികവും ധിഷണാസമ്പന്നവുമായ രാഷ്ട്രത്തിനു രൂപം കൊടുക്കുന്നതെങ്ങനെ? ഭരണഘടന കൊണ്ടോ നിയമം കൊണ്ടോ നിർദേശങ്ങൾകൊണ്ടോ അതു സാധ്യമാവുകയില്ല. ദീർഘകാലത്തെ വിദ്യാഭ്യാസം കൊണ്ടും ആത്മവിദ്യാഭാസം കൊൻടും അതു സാധ്യമാവും.

സാന്മാർഗിക വിചന്തനം വേണം: സാന്മാർഗ്ഗിക വിധിനിർണ്ണയം വേണം നിരന്തരമായ ആത്മപരിശോധനയും അപഗ്രഥനവും കൂടിയേ തീരൂ. ഏതിലും സദാചാരപരവും ആധ്യാത്മികവുമായ ലക്ഷ്യങ്ങൾ വേണം. ചൈതന്യം, വികാരം, മനഃസാക്ഷി ഇവയ്ക്കാണു് പ്രാധാന്യം. ഇവയൊക്കെയുണ്ടായാൽ രാഷ്ടം പുരോഗമിക്കും.

ഈ തത്വങ്ങളെ പ്രായോഗികതലത്തിൽ കൊണ്ടുചെന്നിട്ടാണു ഹാവൽ എല്ലാക്കാലത്തും ജീവിച്ചതു്: ജീവിക്കുന്നതും. ആ നിലയിൽ അദ്ദേഹം സ്വന്തം നാടിന്റെ മഹത്ത്വം അംഗീകരിക്കുന്നു. ഹാവലിന്റെ വീടു് അദ്ദേഹം താമസിക്കുന്ന വീടുതന്നെ. തന്റെ കുടുംബം, സ്നേഹിതന്മാർ, ജോലി, പ്രവൃത്തിമണ്ഡലം ഇവയെല്ലാം അദ്ദേഹത്തിന്റെ ഭവനമത്രേ.

ഹാവൽ ജനിച്ച രാജ്യവും അതിന്റെ ആധ്യാത്മികാന്തരീക്ഷവും അദ്ദേഹത്തിന്റെ വീടാണു്. ചെക്ക് ഭാഷ, ലോകത്തെ സംവീക്ഷണം ചെയ്യുന്ന ചെക്ക് രീതി, ചെക്ക് ചരിത്രാനുഭവം, ചെക്ക് ധൈര്യം, ചെക്ക് ഭീരുത്വം, ചെക്ക് ഹാസ്യം ഇവയെല്ലാം അദ്ദേഹത്തിന്റെ ഭവനമണ്ഡലത്തിൽനിന്നു മാറിനിൽക്കുന്നില്ല. അതുകൊണ്ടു ചെക്ക് ധർമ്മവും ചെക്ക് ദേശീയതയും അദ്ദേഹത്തിന്റെ ഭവനമായി മാറുന്നു.

ചെക്ക് ധർമ്മം മാത്രമല്ല, ചെക്കസ്ളോവാക്ക് ധർമ്മവും ഹാവലിന്റെ ഭവനം തന്നെ. അതിനപ്പുറം യൂറോപ്പ് അദ്ദേഹത്തിന്റെ വീടാണു്. അതിനപ്പുറത്തായി ലോകസംസ്കാരമാകെ അദ്ദേഹത്തിന്റെ ഭവനമായി മാറിയിരിക്കുന്നു. ഈ ഭവനത്തിന്റെ വിഭിന്നാംശങ്ങൾ ഒഴിവാക്കൂ; ഒഴിവാക്കുന്നവൻ മനുഷ്യനല്ലാതെയായി മാറും.

എന്തൊരുജ്ജ്വല സങ്കല്പമാണു് ഹാവലിന്റേതെന്നു നോക്കുക. ഇങ്ങനെ ചെക്ക് പ്രസിഡന്റായിട്ടില്ല, വിശ്വപൗരനായി അദ്ദേഹം പ്രത്യക്ഷനാകുന്നു.

മുകളിൽപ്പറഞ്ഞ ഭവനത്തിന്റെ എല്ലാ വൃത്തങ്ങളും സ്വായത്തമാക്കാതെ ഒറ്റയായ ആശയസംഹിതയിലോ ഒറ്റയായ ദേശീയതയിലോ ഒറ്റയായമതത്തിലോ രാഷ്ടം കെട്ടിപ്പടുക്കാൻ ശ്രമിച്ചാൽ ആപത്തുണ്ടാകുമെന്നാണു ഹാവലിന്റെ മുന്നറിയിപ്പു്. ഈ ഏകമാനവീക്ഷണം യുദ്ധങ്ങളുണ്ടാക്കും; വിപ്ലവങ്ങൾ ഉണ്ടാക്കും.

ഹാവലിന്റെ ഗ്രീഷ്മകാലധ്യാനങ്ങളുടെ സ്വഭാവം ഗ്രഹിക്കാനും അതിലൂടെ പ്രാദുർഭാവം കൊള്ളുന്ന ഒരു മഹാപുരുഷന്റെ സവിശേഷത മനസ്സിലാക്കാനും ഇത്രയും പ്രതിപാദിച്ചാൽ മതിയാവുമെന്നാണു് എന്റെ വിചാരം. തന്റെ രാജ്യത്തിന്റെ ഭാവി കാഫ്കയുടെ കൃതികളില്ലൂടെ ചാപ്പക്കിന്റെ ഗ്രന്ഥങ്ങളിലൂടെ തനിക്കു കിട്ടിയിരുന്നുവെന്നു ഹാവൽ സമ്മതിക്കുന്നു.

കാഫ്ക യുടെ നോവലുകളെക്കുറിച്ചു ഞാൻ മാന്യവായനക്കാരോടു പറയേണ്ടതില്ല. കാറൽ ചാപ്പക്ക് ചിലർക്കെങ്കിലും അപരിചിതനായിരിക്കും. (Kaeal Capek 1890–1938) അദ്ദേഹത്തിന്റെ R. U. R. എന്ന നാടകവും War with the Newts എന്ന നോവലും ചെക്കസ്ളോവാക്കിയയ്ക്കു വന്ന ദൗർഭാഗ്യത്തെക്കുറിച്ചു നേരത്തെതന്നെ മുന്നറിയിപ്പു നല്കി ജനതയ്ക്കു്.

ചാപ്പക്കിന്റെ നോവൽ അവസാനിക്കുന്നതിങ്ങനെ: A new myth will arise about a world flood which God sent for the sins of mankind. There will also be legends of submerged and Mythical lands which were the cradle of human culture: perhaps there will be a fable about a land called England, or France, or Germany. And then?… then I don’t known what comes next…

മനുഷ്യൻ മാറ്റമില്ലാത്ത വിപ്ലവകാരിയാണു്—Man is an eternal rebel—എന്നു കാഫ്ക പറഞ്ഞതിൽ വിശ്വാസമർപ്പിക്കുന്ന നേതാവുമാണു് വാറ്റ്സ്ളാഫ് ഹാവൽ. എന്നാൽ ആ വിപ്ലവാഭിവാഞ്ഛ മനുഷ്യനെ ഇടതുപക്ഷക്കാരനോ വലതുപക്ഷക്കാരനോ ആക്കരുതെന്നു് അദ്ദേഹത്തിനു നിർബന്ധമുണ്ടു്. ഹാവലിന്റെ ചിന്തകൾ ചിലപ്പോൾ ഇടതുപക്ഷച്ചായ്വുള്ളതാകാം. മറ്റു ചിലപ്പോൾ വലതുപക്ഷത്തേക്കാകാം അതിന്റെ ചായ്വു്.

എന്തായാലും Live in truth—സത്യത്തിൽ ജീവിക്കണം എന്നതാവണം മനുഷ്യന്റെ ലക്ഷ്യം. ആ ലക്ഷ്യം സാക്ഷാത്കരിച്ചാൽ രാഷ്ട്രവ്യവഹാരത്തിന്റെ ആഴത്തിലുള്ള വേരുകൾ സാന്മാർഗ്ഗികങ്ങളാണെന്നു കാണാൻ കഴിയും. ഹാവലിന്റെ ഈ ഗ്രന്ഥം വായിക്കൂ. ഒരു മഹാവ്യക്തിയെ ദർശിക്കൂ: സ്പർശിക്കൂ.

വികാരത്തിൽ നിന്നു ചിന്തയിലേക്കു്; ചിന്തയിൽ നിന്നു വികാരത്തിലേക്കു്
images/Amos_Oz.jpg
ഏമസ് ഓസ്

‘ഏമസ് ഓസ് (Amos Oz) സംസാരിക്കുമ്പോൾ ഇസ്രീയൽ ചെവികൊടുക്കുന്നു’ എന്നാണു് ചൊല്ലു്. അതിപ്പോൾ ‘ഏമസ് ഓസ് സംസാരിക്കുമ്പോൾ ലോകം ചെവികൊടുക്കുന്നു’ എന്നുമാറിയിരിക്കുന്നു. അത്രകണ്ടു. രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു ഇസ്രീയലിലെ മഹാനായ ഈ നോവലിസ്റ്റ്. അദ്ദേഹത്തിന്റെ ‘Black Box’ എന്ന മനോഹരമായ നോവൽ ആവിർഭവിച്ചകാലത്തു് അതു് നിരൂപണം ചെയ്തതു് അന്നത്തെ ഇസ്രയീൽ പ്രധാനമന്ത്രി ഷിമോൺ പെറസാണു് (Shimon Peres, Prime Minister, 1984–86) 1993-ൽ (Vintage) പ്രസാധനം ചെയ്ത ഈ നോവൽ ഇപ്പോൾ വായിച്ചു തീർത്ത എനിക്കു തോന്നിയതു് പെറസ് മാത്രമല്ല സാഹിത്യത്തിൽ തൽപരനായ, ഏതു വലിയ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയും ഇതു നിരൂപണം ചെയ്യാൻ കൊതിക്കുമെന്നാണു്. അത്രത്തോളം ഭംഗിയുണ്ടു് ഈ നോവലിനു്: അത്രത്തോളം ഭാവികഥനശക്തിയുമുണ്ടു് ഇതിനു്. ഭവിഷ്യത്കഥനം നടത്തുകയും നീതിപരിപാലനത്തിനു തൽപരത്വം പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹിത്യകൃതി സാധാരണക്കാരനായ സഹൃദയനെക്കാൾ രാജ്യതന്ത്രജ്ഞനായ സഹൃദയനെ കൂടുതൽ ആകർഷിക്കുമല്ലോ.

images/Shimon_Peres.jpg
ഷിമോൺ പെറസ്

‘ബ്ലാക് ബോക്സി’ലേക്കു് കടക്കുന്നതിനുമുൻപു് ഏമസ് ഓസിന്റെ മനുഷ്യത്വത്തെയും നിഷ്പക്ഷ ചിന്താഗതിയെയും വ്യക്തമാക്കുന്ന ഒരു സംഭവത്തെക്കുറിച്ചു എഴുതേണ്ടിയിരിക്കുന്നു. ഹീബ്രു യൂണിയൻ കോളിജ് (ജറുസലം) അദ്ദേഹത്തിനു് ഓണറ്റി ഡോക്ടറേറ്റ് നൽകി. അതു സ്വീകരിച്ചുകൊണ്ടു് 1988 മാർച്ച് പത്താം തീയതി ഏമസ് ഓസ് നിർവഹിച്ച പ്രഭാഷണത്തിൽ പ്രതിപാദിച്ചതാണു് ഈ സംഭവം. 1982 ഒക്ടോബറിൽ, ജൂതൻമാർ താമസിക്കുന്ന ഹിനാറ്റിൽ നിന്നു ഗാർബിജ് (ഉച്ഛിഷ്ടം) കയറ്റിയ ഒരു ട്രക്ക് യാത്രയാരംഭിച്ചു. നിസ്സാൻ എന്ന പേരുള്ള ഡ്രെവർക്കുനേരെ കുറെ കുട്ടികൾ കല്ലെറിഞ്ഞു. അവരുടെ കൂട്ടത്തിൽ ഹിഷാം എന്നു് പേരുള്ള പതിമൂന്നു വയസ്സുകാരനുണ്ടു്. ഡ്രൈവർ ഒരു ‘യു’ വളവു് (U-turn) നടത്തി തിരിച്ചുപോയി. പക്ഷേ, പോകുന്നതിനുമുൻപു് ട്രക്കിൽ നിന്നിറങ്ങി തോക്കെടുത്തു ആ കുട്ടിയെ വെടിവച്ചുകൊന്നു. ‘ഒരു ചെറിയ സംഭവം’ എന്നമട്ടിൽ തിരിച്ചങ്ങുപോവുകയും ചെയ്തു. അഞ്ചുകൊല്ലം ഡ്രൈവർ സ്വതന്ത്രനായി നടന്നു. 1988-ൽ ജഡ്ജി യൂറി സ്റ്റ്രോസ്മാൻ ആറുമാസത്തെ തടവിനുശിക്ഷിച്ചു അയാളെ. എന്നാൽ ജയിലിൽ കിടക്കേണ്ടതില്ല നിസ്സാൻ, സാമൂഹികസേവനം നടത്തിയാൽ മതി. കൊലപാതകത്തിനു ഇരുപതുകൊല്ലംവരെ കാരാഗൃഹത്തിൽ കിടക്കണമെന്നതാണു് നിയമം. ജഡ്ജിയുടെ വാക്കുകൾ അതേപോലെ ഏമസ് ഓസ് പറയുന്നുണ്ടു്. ‘കല്ലെറിയുന്നവരെ വെടിവച്ചുകൂടാ എന്നതിൽ സംശയമേയില്ല. അവരെ പിരിച്ചു വിടുന്നതിനുവേണ്ടി ആകാശത്തേക്കു നിറയൊഴിച്ചാൽ മതിയാകുമായിരുന്നു. ‘ജഡ്ജ്മെന്റിലുള്ള ഈ വാക്യങ്ങൾ ശ്രോതാക്കളെ പറഞ്ഞു കേൾപ്പിച്ചിട്ടു് അദ്ദേഹം തുടർന്നു:’ വിവേകമുള്ള ജഡ്ജിയുടെ വിസ്മയദായകമായ മറ്റൊരു വാക്യം: ‘ഈ പ്രക്ഷുബ്ധമായ കാലയളവിൽ കുഞ്ഞുങ്ങളും പ്രായംകുറഞ്ഞവരും അച്ഛനമ്മമാരുടെ മേൽനോട്ടത്തിലായിരിക്കേണ്ടതാണു്.’ പ്രാഡ്വിവകന്റെ ഈ വാക്യം ഉദ്ദ്ധരിച്ചിട്ടു് ഏമസ് ഓസ് എന്ന ജൂതൻ ചോദിക്കുന്നു: കൊല്ലപ്പെട്ടതു് ഒരറബിക്കുട്ടി അല്ലായിരുന്നുവെങ്കിൽ ബഹുമാന്യനായ ജഡ്ജി കൊലപാതകിക്കു് ആറുമാസത്തെ ‘സമൂഹസേവനം’ മാത്രമേ വിധിക്കുമായിരുന്നുള്ളോ? ഈ വിധികേട്ടു മരിച്ച കുട്ടിയുടെ അച്ഛനമ്മമാർ കോടതിയിൽ ഓടിക്കയറി ചില വാക്കുകൾ വലിച്ചെറിഞ്ഞാൽ കോടതിയലക്ഷ്യമെന്ന പേരിൽ അവർക്കു ഹിനാനിറ്റിലെ കൊലപാതകിക്കു നൽകിയ ശിക്ഷയെക്കാൾ വലിയ ശിക്ഷ നൽകുമായിരുന്നില്ലേ?’ ഇത്രയും ധർമ്മരോഷത്തോടെ ചോദിച്ചിട്ടു് ഏമസ് ഓസ് ‘Thou Shalt not murder’ എന്നു് ഉദ്ഘോഷിച്ചു. ‘നീ കൊല്ലരുതു്’ എന്നു വീണ്ടും വീണ്ടും ഉറക്കെപ്പറയുന്ന മനുഷ്യസ്നേഹിയായ കലാകാരനാണു് ഏമസ് ഓസ്.

images/Nadine_Gordimer.jpg
നേഡീൻ ഗോഡിമർ

രാഷ്ട്രവ്യവഹാരം (Politics) ലൈംഗിക പ്രേമത്തെ സമാക്രമിക്കുമ്പോൾ മനുഷ്യന്റെ ആവശ്യകതകൾക്കുണ്ടാകുന്ന പിരിമുറുക്കങ്ങളെ നൂതനമായ രീതിയിൽ പകർന്നുകൊടുക്കുന്ന ചലനാത്മകവും സ്തുത്യർഹവുമായ നോവലാണു് ബ്ലാക് ബോക്സ് എന്നു് നോബൽസമ്മാനം നേടിയ നേഡീൻ ഗോഡിമർ അഭിപ്രായപ്പെട്ടു. ഇതൊരു ന്യൂനോക്തിയായിട്ടേ ഈ ലേഖകൻ കാണുന്നുള്ളൂ. നേഡീന്റെ ഏതു നോവലിനെയും അതിശയിപ്പിക്കുന്ന കലാസൗഭഗമാണു് ഏമസ് ഓസിന്റെ നോവലിനുള്ളതു്. സാഹിത്യരചനയ്ക്കു നോബൽസമ്മാനം നേടിയ ആ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരിയെക്കാൾ ആ പുരസ്കാരത്തിനുള്ള അർഹത ഈ ഇസ്രീയൽ നോവലിസ്റ്റിനു് ഉണ്ടുതാനും, വിമാനത്തിന്റെ വേഗതയും മറ്റു കാര്യങ്ങളെയും സ്വയം രേഖപ്പെടുത്തുന്ന ഒരു ഉപകരണമാണു ബ്ലാക് ബോക്സ്. വിമാനം തകർന്നുപോയാൽ അതു പരിശോധിച്ചിട്ടു് അതിനെ സംബന്ധിച്ച വസ്തുതകൾ മനസ്സിലാക്കാം. അതുപൊലെ നോവലിലെ കഥാപാത്രമായ ഇലാന അവളുടെ ആദ്യത്തെ ഭർത്താവായ പ്രഫെസർക്കു് എഴുതിയ കത്തിൽ കത്തിടപാടുകളിലൂടെ നമ്മൾ നമ്മുടെ ജീവിതത്തിന്റെ ബ്ലാക്ക് ബോക്സിനെ ഒരുമിച്ചിരുന്നു് അപഗ്രഥിച്ചു പറഞ്ഞിരിക്കുന്നു. (‘…we Analyzed together, by Correspondence, the Box of our lives, pages 143)/വേറൊരു കത്തിൽ ഇലാന അയാളോടു ചോദിക്കുന്നു:

‘വളരെക്കാലമായി മറന്നുകിടന്ന ഈ സംഭവങ്ങളെക്കുറിച്ചു് ഞാനെന്തിനാണു താങ്കൾക്കു എഴുതിയതു? പഴയതഴമ്പുകളിൽ ചൊറിയാനോ? ഒരു കാരണവുമില്ലാതെ നമ്മുടെ മുറിവുകളെ തുറന്നുവയ്ക്കാനോ? വീണ്ടും താങ്കളെയാകെ വേദനിപ്പിക്കാനോ? താങ്കളുടെ അഭിലാഷങ്ങളെ ഉത്ഭവിക്കാനോ? ഒരു ബ്ലാക് ബോക്സിന്റെ ഗൂഢ രേഖകൾ വ്യാഖ്യാനിക്കാനോ? (To decipher a black box, page 165.)

ഇലാന പ്രഫെസർ അലിഗ്സാണ്ടറുടെ ഭാര്യയുമായി. അയാളിൽ നിന്നു അവൾക്കു മകനുണ്ടായി. എന്നാൽ ആ ദാമ്പത്യജീവിതം നീണ്ടുനിന്നില്ല. സംശയത്തിന്റെ പേരിൽ (മകൻ തന്റേതാണോ എന്ന കാര്യത്തിലും പ്രഫെസർക്കു സംശയം) അയാൾ അവളെ ഉപേക്ഷിച്ചു. പരിത്യക്തയായ ഇലാന, മൈക്കലിന്റെ ഭാര്യയായി, അയാളിൽ നിന്നു് അവൾക്കൊരു മകളുണ്ടായി. ഇലാനയുടെയും മൈക്കലിന്റെയും ദാമ്പത്യജീവിതത്തിൽ ഏഴുവർഷം കഴിഞ്ഞപ്പോൾ അവർക്കു് സാമ്പത്തിക ക്ലേശങ്ങൾ ധാരാളമുണ്ടായി. ആദ്യത്തെ ഭർത്താവിനെ സമീപിക്കാതിരിക്കാൻ സാദ്ധ്യമല്ലെന്നായി ഇലാനയ്ക്കു്. കോടികളുടെ ഈശ്വരനായ ആ പ്രഫൊസറോടു് പണം നൽകാൻ അപേക്ഷിക്കുന്ന ആദ്യത്തെ കത്തു് അവൾ എഴുതുമ്പോൾ നോവൽ ആരംഭിക്കുന്നു. പിന്നീടുള്ളതെല്ലാം കത്തുകൾ തന്നെ. ഇലാനയും പൂർവഭർത്താവും മാത്രമല്ല മറ്റു കഥാപാത്രങ്ങളും അന്യോന്യം കത്തുകൾ എഴുതുന്നു. വികാര ത്രീവതയുള്ള ആ കത്തുകളിലൂടെ തകർന്ന ദാമ്പത്യജീവിത വിമാനത്തിന്റെ ‘കറുത്ത പെട്ടിയി’ലെ ഉള്ളടക്കങ്ങൾ പരിശോധിക്കപ്പെടുന്നു. വ്യാഖ്യാനിക്കപ്പെടുന്നു.

ഒരു കണക്കിൽ ഇസ്രയീൽ രാഷ്ട്രവും കറുത്ത പെട്ടി തന്നെയല്ലേ? 1948-ൽ ആ രാജ്യം രൂപം കൊണ്ടതിനു ശേഷം എന്നും കലാപങ്ങൾ തന്നെയാണു് അവിടെ. ഇസ്രീയലിനെ തകർക്കുക എന്ന ലക്ഷ്യം വെച്ചു് 1946-ൽ പി. എൽ. ഒ. (പലസ്റ്റെൻ ലിബറേഷൻ ഓർഗനൈസേഷൻ) രൂപവത്കരിക്കപ്പെട്ടു. പിന്നെ വിക്ഷോഭങ്ങളും യുദ്ധങ്ങളും നിരന്തരമായി. ആറു ദിവസത്തെ യുദ്ധം (Six-day war). അതിനു ശേഷം ‘യം കിപ്പർ’ യുദ്ധം ഈജിപ്തുമായി (Yom Kipper War). 1982-ൽ ഇസ്രയീൽ സൈന്യം പി. എൽ. ഒ.-യെ ലെബനനിലേക്കു ഓടിക്കുന്നു. ഇതിനിടയ്ക്കു് പ്രധാനമന്ത്രിമാരുടെ മാറ്റം. 1985-ൽ പ്രധാന മന്ത്രിയായിരുന്ന ഷിമോൺ പെറസ് 1986-ൽ ഇത്ഷാക് ഷമീറിനു് അധികാരം കൈമാറുന്നു. അക്രമിച്ചു കീഴടക്കിയ പ്രദേശങ്ങളിൽ പി. എൽ. ഒ. അംഗങ്ങളെ ഇസ്രീയൽ ഉപദ്രവിച്ചതിനെക്കുറിച്ചു ലോകമെമ്പാടും നിശിത വിമർശനങ്ങളുണ്ടാകുന്നു. ഈ കലാപങ്ങൾ ഇന്നുമുണ്ടു്. വിദഗ്ധനായ ഡോക്ടർ ഗോൾഡ്സ്റ്റെൻ എന്ന ജൂതൻ മുസ്ലീം പള്ളിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന നിരപരാധിയുടെ നേർക്കു് അനുസ്യൂതമായി വെടിവച്ചു. അമ്പത്തിരണ്ടുപേരുടെ തലച്ചോറുകൾ ചിതറിത്തെറിച്ചു. എഴുപതുപേർക്കു മുറിവുപറ്റി. ഗോൾഡ്സ്റ്റെനിനെ ആരോ തീ കെടുത്തുന്ന കുറ്റി കൊണ്ടു് തലയിലടിച്ചു കൊന്നു. മരണം പ്രതീക്ഷിച്ചു തന്നെയാണു് ഗോൾഡ് സ്റ്റെറൻ പ്രതികാര നിർവഹണത്തിനു പള്ളിയിലെത്തിയതും കൂട്ടക്കൊല നടത്തിയതും.

ഏമസ് ഓസ്ബ്ളാക്ക്ബോക്സ് എഴുതിയ കാലയളവിലും ഇതേ അസ്വസ്ഥതകളും കലാപങ്ങളുമുണ്ടായിരുന്നു. ബൃഹദാകാരമാർന്ന അവയെ ഏതാനും കഥാപാത്രങ്ങളിലേക്കു സംക്രമിപ്പിച്ചു സൂക്ഷ്മാകാരങ്ങളാക്കി മാറ്റുകയാണു് നോവലിസ്റ്റ്. കൊടുമ്പിരിക്കൊണ്ട വികാരമാണു് ഒരോ കഥാപാത്രത്തിനും. ഇലാനയുടെ ആദ്യത്തെ ഭർത്താവു് അലിഗ്സാണ്ടർ ഗീഡിയോൺ ഭാര്യയുടെ ചാരിത്രത്തിൽ സംശയിക്കുന്നുവെന്നു് മാത്രമല്ല, മകൻ ബോഅസ് ജാരസന്തതിയാണെന്നു കരുതി ‘റ്റിഷ്യൂടെസ്റ്റ്’ നടത്തേണ്ടതാണെന്നു പറയുകയും ചെയ്യുന്നു. അയാൾ കിഡ്നിയിൽ കാൻസർ പിടിച്ചു് അമേരിക്കയിൽ നിന്നു് ഇസ്രീയലിൽ വന്നു മകനോടൊരുമിച്ചു് താമസിക്കുമ്പോൾ ഇലാനയുടെ രണ്ടാമത്തെ ഭർത്താവിനു സംശയം. അവൾക്കു് ആദ്യത്തെ ഭർത്താവുമായി ലൈംഗികബന്ധമുണ്ടെന്നു്. ബോഅസ്തനി റൗഡിയായി നടക്കുന്നു. രണ്ടാമത്തെ ഭർത്താവു് മൈക്കൽ, അലിഗ്സാണ്ടർക്കു് എഴുതുന്ന കത്തിൽ പറയുന്നു. That is why your time is up. Your bells are tolling. It is after midnight now, early Friday morning and here in South Jerusalem you can here the bells. പി. എൽ. ഒ.-യെ വേട്ടയാടുന്ന ഇസ്രീയലിന്റെയും ഇസ്രീയലിനെ വേട്ടയാടുന്ന പി. എൽ. ഓ.-യുടെയും മരണ മണിനാദം കേൾക്കുന്നുവെന്നാണു് ശാന്തിദൂതനായ ഏമസ് ഓസിന്റെ മുന്നറിയിപ്പു്. അതുകൊണ്ടു് നോവലിന്റെ പര്യവസാനത്തിൽ ഇലാന ആദ്യത്തെ ഭർത്താവിന്റെ അടുത്തിരുന്നു കൊണ്ടു് മൈക്കലിനു് എഴുതിയ കത്തിലെ ചില വാക്യങ്ങൾ ശ്രദ്ധാർഹങ്ങളായിത്തീരുന്നു. ‘താങ്കൾ എല്ലാക്കാലത്തും ആഗ്രഹിച്ചതു പോലെ: അദ്ദേഹത്തോടും അലിഗ്സാണ്ടറോടും എന്നോടും യോജിക്കാൻ. അദ്ദേഹത്തോടു യോജിച്ചു് എന്നോടു യോജിക്കാൻ. എന്നിലൂടെ അദ്ദേഹത്തോടും. നമുക്കു മൂന്നുപേർക്കും ഒന്നായിത്തീരാൻ, അപ്പോൾ വെളിയിൽ നിന്നു്, ഇരുട്ടിൽ നിന്നു് ഷട്ടറിലെ വിടവുകളിലൂടെ കാറ്റും മഴയും സമുദ്രവും നക്ഷത്രങ്ങളും ശബ്ദരഹിതമായി വന്നു് നമ്മളെ മൂന്നു പേരെയും ആവരണം ചെയ്യും. കാലത്തു് എന്റെ മകനും മകളും കൂടെയെടുത്തു് റാഡിഷ് കുഴിച്ചെടുക്കാനായി തോട്ടത്തിലേക്കു പോകും. ദുഃഖിക്കാതിരിക്കൂ.’ ഏമസ് ഓസ് സങ്കൽപ്പിക്കുന്ന ഐക്യം ആ മൂന്നുപേരുടെ ഐക്യം മാത്രമല്ല. ഇസ്രീയൽ ജനതയുടെയോ പലസ്റ്റെൻ ജനതയുടെയോ ഐക്യം മാത്രമല്ല. ലോകമാകെയുള്ള ജനങ്ങളുടെ ഐക്യമാണു്. നോവലിന്റെ ഏതു പുറവും വായിക്കുക. കലാഭംഗി കണ്ടു കണ്ണഞ്ചിപ്പോകും. ചിന്തയുടെ ആധിത്യകയിൽ ചെന്നുനിൽക്കും. വികാരത്തിന്റെ സാഗരത്തിൽ നിന്നു് ചിന്തയുടെ തീരത്തിലേക്കും അവിടെ നിന്നു് വികാരസാഗരത്തിലേക്കും വായനക്കാരെ അനവരതം കൊണ്ടു പോകുന്ന ഒരുജ്ജ്വല കലാശില്പമാണിതു്.

കാർവറുടെ ഭാര്യ

ബില്ലിന്റെ ഭാര്യ ആർലിൻ. അവരുടെ വീട്ടിനു തൊട്ടടുത്താണു് ഹാരീയറ്റ് ഭർത്താവായ ജിമ്മിനോടൊരുമിച്ചു താമസിക്കുക. യന്ത്രങ്ങളുടെ ഭാഗങ്ങൾ വില്ക്കുന്ന ജോലിയാണു് ജിമ്മിനു്. അയാൾ ഭാര്യയോടുകൂടി മറ്റു സ്ഥലങ്ങളിലേക്കു പോകുമ്പോൾ അവരുടെ വീടു സൂക്ഷിക്കുന്നതും ചെടികൾക്കു വെള്ളമൊഴിക്കുന്നതും പൂച്ചയ്ക്കു് ആഹാരം കൊടുക്കുന്നതും ബില്ലും ആർലിനുമാണു്. ഒരു ദിവസം ജിം ഭാര്യയോടൊരുമിച്ചു യാത്ര പോയപ്പോൾ ബിൽ ജിമ്മിന്റെ വീട്ടിനുള്ളിൽ കയറി പൂച്ചയ്ക്കു വേണ്ടതു കൊടുത്തിട്ടു് കുളിമുറിയിലേക്കു ചെന്നു. അവിടെ മരുന്നുകൾ വച്ചിരുന്ന അലമാരി തുറന്നു് ഗുളികകൾ അടങ്ങിയ കുപ്പിയെടുത്തു ‘ഹാരിയറ്റ്, ഒരു ഗുളിക വീതം ദിവസവും’ എന്നെഴുതി ഒട്ടിച്ചിരുന്ന കുപ്പിയെടുത്തു സ്വന്തം കീശയിലിട്ടു. മദ്യം വച്ചിരുന്ന അലമാരി തുറന്നു് Chivas Regal എന്ന ലേബലൊട്ടിച്ച കുപ്പിയിൽ നിന്നു് കുറച്ചു ദ്രാവകം ഉള്ളിലാക്കി. ആവശ്യകതയിൽക്കവിഞ്ഞനേരം അവിടെ നിന്നിട്ടു ബിൽ വീട്ടിൽച്ചെന്നപ്പോൾ ആർലീൻ ചോദിച്ചു. ‘എന്താ വൈകിയതു?’ എന്നു്, അവളുടെ വക്ഷസിൽ സ്പർശിച്ചിട്ടു് അയാൾ പറഞ്ഞു. ‘വരൂ കിടക്കാൻ പോകാം.’

അടുത്ത ദിവസവും ബിൽ ചങ്ങാതിയുടെ വീട്ടിൽ കയറി. എല്ലാം പരിശോധിച്ചു അയാൾ. ഫ്രിജ്ജ് തുറന്നു നോക്കി. ഒരു ഡ്രായറിൽ പകുതിയൊഴിഞ്ഞ സിഗററ്റു കൂടു കണ്ടപ്പോൾ അതു പോക്കറ്റിലേക്കിട്ടു. ക്ളോസിറ്റിലേക്കു കയറിയപ്പോൾ മുൻവശത്തെ വാതിലിൽ തട്ടു കേൾക്കുന്നു. ‘എന്താണു് വൈകുന്നതു്’ എന്നു ചോദിച്ചുകൊണ്ടു ആർലീൻ നില്ക്കുകയാണു് അവിടെ. റ്റോയിലെറ്റിലേക്കു തനിക്കു പോകേണ്ടിയിരുന്നുവെന്നു ബിൽ മറുപടി പറഞ്ഞു. സ്വന്തം റ്റോയിലറ്റിലേക്കല്ലേ പോകേണ്ടതു് എന്നു ഭാര്യ ചോദിച്ചപ്പോൾ തനിക്കു പൊടുന്നനെ അതു വേണ്ടിയിരുന്നുവെന്നും ഭർത്താവു് ഉത്തരം നല്കി. അന്നു രാത്രിയും അവർ ഒരുമിച്ചു കിടന്നു.

അടുത്ത ദിവസവും ബിൽ ആ വീട്ടിൽ കയറി. എല്ലാ സാധനങ്ങളും പരിശോധിച്ചിട്ടു് ഹാരിയറ്റിന്റെയും ജിമ്മിന്റെയും കിടക്കയിൽ കിടന്നു തെല്ലുനേരം. അവർ തിരിച്ചുവരുമോ എന്നുവരെ അയാൾ സംശയിച്ചു. അലമാരി തുറന്നു ജിമ്മിന്റെ ഷേർട്ടും ഷോർട്സുമെടുത്തു ധരിച്ചു. കുറച്ചു കുടിച്ചിട്ടു അവരുടെ കിടക്കയിൽ വീണ്ടും കയറിക്കിടന്നു. റ്റെലിഫോൺ രണ്ടുതവണ ശബ്ദിച്ചിട്ടു നിശബ്ദമായി. ഹാരിയറ്റിന്റെ കാലുറകളും ബ്രായും കണ്ടു് ബിൽ ജിമ്മിന്റെ വസ്ത്രങ്ങൾ മാറ്റിയ്ട്ടു് അവയെടുത്തു ധരിച്ചു. അവളുടെ ബ്ളൗസ് എടുത്തിട്ടു് സിപ്പ് മുകളിലേക്കു വലിച്ചു. ഹാരിയറ്റിന്റെ ഷൂസ് കാലിലിടാൻ ശ്രമിച്ചെങ്കിലും അളവു ശരിയല്ലാത്തതുകൊണ്ടു പറ്റിയില്ല.

പിന്നീടു് ആ വീട്ടിൽ പോയതു ആർലീനാണു്. ഭാര്യയെ കാണാത്തതു കൊണ്ടു് അയാൾ ചെന്നു നോക്കിയപ്പോൾ സുഹൃത്തിന്റെ വീട്ടിലെ വാതിൽ അടച്ചിരിക്കുന്നതു കണ്ടു. ‘ഞാനാണു്, ഓമനേ നീ അവിടെയുണ്ടോ ഇപോഴും?’ എന്നു് അയാൾ ഉറക്കെച്ചോദിച്ചു. മറ്റുള്ളവരുടെ വീട്ടിൽ പോകുന്നതു് രസകരമാണെന്നു് പറഞ്ഞുകൊണ്ടു് ആർലീൻ വന്നു. അവളുടെ സ്വെറ്ററിന്റെ പിറകിൽ വെളുത്ത ലിന്റ് പറ്റിയിരിക്കുന്നതു ബിൽ കണ്ടു. പൂച്ചയ്ക്കു താൻ ആഹാരം കൊടുക്കാൻ മറന്നു പോയെന്നു അവൾ അറിയിച്ചപ്പോൾ ബിൽ പരഞ്ഞു ‘നമുക്കു ഒരുമിച്ചു് അങ്ങോട്ടു പോകാ’മെന്നു്. ഭർത്താവിന്റെ കൈയ്യിലെ മാംസപേശിയിൽ പിടിച്ചുകൊണ്ടു് ഭാര്യ പറഞ്ഞു ‘ഞാൻ ചില പടങ്ങൾ കണ്ടു അവിടെ’ ‘എന്തു മാതിരി പടങ്ങൾ?’ എന്നു ബില്ലിന്റെ ചോദ്യം. ‘നിങ്ങൾ തന്നെ നോക്കിക്കൊള്ളൂ’ എന്നു് അവളുടെ ഉത്തരം. ‘അവർ തിരിച്ചു വരികില്ലായിരിക്കും,’ എന്നു് ആർലീൻ. ‘അങ്ങനെയും സംഭവിക്കാ’മെന്നു ബിൽ. താക്കോൽ കൊടുക്കാൻ അയാൾ അവളോടു ആവശ്യപ്പെട്ടപ്പോൾ താക്കോൽ താൻ അകത്തിട്ടു കളഞ്ഞുവെന്നാണു് അവൾ മറുപടി പറഞ്ഞതു്. അയാൾ വാതിലിന്റെ ‘നോബ്’ പിടിച്ചു തിരിച്ചു. പൂട്ടു് വീണിരിക്കുന്നു. അവളും അതു തിരിച്ചുനോക്കി. പക്ഷേ, തിരിയുന്നില്ല. (താക്കോൽ അകത്തിട്ടിട്ടു് അതില്ലാതെ പൂട്ടാവുന്ന വാതിൽ അവൾ പൂട്ടുകയാണു ചെയ്തതു്—ലേഖകൻ.) അവളുടെ ചുണ്ടുകൾ വിടർന്നു. അയാൾ കൈകൾ വിടർത്തി. അവൾ അവയ്ക്കുള്ളിലേക്കു ചെന്നു. ‘വിഷമിക്കരുതു്, ഈശ്വരനെക്കരുതി വിഷമിക്കരുതു്’ എന്നു് അയാൾ അവളുടെ ചെവിയിൽ പറഞ്ഞു. അവർ ആലിംഗനബദ്ധരായി അവിടെ നിന്നു. കാറ്റിനെതിരെ എന്ന രീതിയിൽ അവർ വാതിലിലേക്കു ചാരി പരസ്പരം താങ്ങി.

images/Raymond_Carver.jpg
റേമണ്ട് കാർവർ

ആരാധിക്കുക എന്ന പ്രയോഗം എനിക്കിഷ്ടമില്ല. എങ്കിലും ഞാനെഴുതുകയാണു്. ഞാൻ ആരാധിക്കുന്ന മഹാനായ റേമണ്ട് കാർവറുടെ സംക്ഷിപ്ത രൂപമാണു് മുകളിൽ ചേർത്തതു്. അലങ്കാരമില്ല, വിശേഷണമില്ല, കാവ്യാത്മകത വരുത്താനുള്ള യത്നമില്ല. ഏറ്റവും ലളിതമായ രീതിയിൽ കൊച്ചു കൊച്ചു വാക്യങ്ങൾ കൊണ്ടു ഒരു ക്ഷുദ്ര സംഭവം ആവിഷ്കരിക്കുന്നു കാർവർ. അതു നിർവഹിച്ചു കഴിയുമ്പോൾ തുറക്കപ്പെടുന്നതു് ഒരദ്ഭുതകരമായ പ്രപഞ്ചവും. അന്യൻ സ്വായത്തമാക്കിയ സ്ഥലത്തു പ്രവേശിക്കാനും അവിടെ വിഹരിക്കാനും അതു സ്വന്തമാക്കാനുമുള്ള കൊതി. അയൽ വീട്ടുകാരിയോടു തോന്നുന്ന കാമം. അവളും ഭർത്താവും കിടക്കുന്ന കിടക്ക കണ്ടു ഉദ്ദീപ്തമാകുന്ന ലൈംഗികാഭിലാഷത്തിനു പിന്നീടുള്ള വേഴ്ച കൊണ്ടു് സംതൃപ്തി വരുത്തുന്ന രീതി, അടുത്ത വീട്ടുകാരന്റെയും അയാളുടെ ഭാര്യയുടെയും ലൈംഗികത്വത്തോടു ബന്ധപ്പെട്ട ചിത്രങ്ങൾ കണ്ടു സ്വയം ചലനംകൊള്ളുന്ന ഇപ്പുറത്തുള്ള വീട്ടുകാരി. അവ കാണാൻ ഭർത്താവിനോടു പരോക്ഷമായി ആവശ്യപ്പെട്ടു സ്വന്തം കാമത്തിനു സാഫല്യം നല്കുന്ന സ്ത്രീ. ഒടുവിൽ താക്കോൽ അകത്തിട്ടു വീടുപൂട്ടി ഉടമസ്ഥരെ താൽക്കാലികമായിട്ടെങ്കിലും അകറ്റുന്ന ചിത്തവൃത്തി. അങ്ങനെ അകറ്റിയെന്നു സ്വയം സമാധാനിക്കുമ്പോൾ ജനിക്കുന്ന അന്യോന്യാശ്രയ ബോധം. ഇങ്ങനെ എത്രയെത്ര കാര്യങ്ങളാണു് ഈ വെറും സ്കെച്ചിൽ നിന്നു് നമ്മൾ ഗ്രഹിക്കുന്നതു്. ക്ഷുദ്ര സംഭവങ്ങളിൽ അടങ്ങിയിരിക്കുന്ന അൽഭുതങ്ങളെ കാർവറെപ്പോലെ എടുത്തു കാണിക്കുന്ന വേറൊരു കഥാകാരനെ എനിക്കറിഞ്ഞുകൂടാ. Neighbours ഉൾപ്പെടെ ഒൻപതു കഥകളും ഒരു കവിതയും സമാഹരിച്ചു് Vintage Books പ്രസാധനം ചെയ്തു് ‘Short Cuts’ എന്ന കാർവറുടെ ഗ്രന്ഥത്തിനു സവിശേഷതയുണ്ടു്. Robert Altman എന്ന ഫിലിം ഡയറക്ടർ ഈ പത്തു രചനകളെയും ‘മൊസൈക്കി’ന്റെ രീതിയിൽ ഒരുമിച്ചു ചേർത്തു Short Cuts എന്ന പേരിൽ ചലചിത്രം നിർമ്മിച്ചു. കാർവറുടെ എല്ലാക്കഥകളും ഒരുമിച്ചു ചേർത്താൽ ഒറ്റക്കഥയാവുമെന്നാണു് ഈ സംവിധായകന്റ അഭിപ്രായം. അങ്ങനെ പത്തു രചനകൾ സങ്കലനം ചെയ്തു നിർമ്മിച്ച സിനിമ ‘ഒറ്റ വീക്ഷണം’ പ്രദാനം ചെയ്യുന്നു പ്രേക്ഷകർക്കു്. ഈ ചലചിത്രത്തെക്കുറിച്ചു ‘ന്യൂസ് വീക്’ അഭിപ്രായപ്പെടുന്നതു് ഇങ്ങനെ. Possibily no movie has ever made such a strong synthesis between a major American writer and a major American film maker. In Altman’s innovative structure, the stories interweave like themes in a jazz symphony.

images/MFHussain.jpg
എം. എഫ്. ഹുസേൻ

രണ്ടു ഷൂസെടുത്തു കോണിപ്പടിയിൽ വയ്ക്കൂ കുടയെടുത്തു് ശൂന്യമായ ഭിത്തിയിലെ പെഗ്ഗിൽ തൂക്കിയിട്ടു. ഈ ചേർച്ചകൾ പരിചിതങ്ങളാണു്. ഇനി ആ ഷൂസ് തന്നെയെടുത്തു മേശപ്പുറത്തു വയ്ക്കൂ; തുറന്ന കുട കോണിപ്പടിയിലും. അപ്പോൾ വസ്തുവും പരിതഃസ്ഥിതിയും തമ്മിൽ വിഭിന്നമായ ഒരു ബന്ധമാണു നിങ്ങളുണ്ടാക്കുക. രൂപപരിവർത്തനത്തെക്കാൾ മാറ്റി വയ്ക്കലാണു് എനിക്കു താൽപര്യജനകം. ‘ഒരു സന്ദർഭത്തിൽ നിന്നു വസ്തുക്കളെ വേർപെടുത്തി എടുക്കുമ്പോൾ അവയെ വിശുദ്ധരൂപങ്ങളായി അനുഭവിക്കാൻ സാധിക്കും.’ ഇതു പറഞ്ഞതു ഭാരതത്തിലെ അതുല്യ ചിത്രകാരനായ എം. എഫ്. ഹുസേനാ ണു്. അദ്ദേഹത്തിന്റെ ഈ പ്രസ്താവം—കലയുടെ മർമ്മം പ്രകാശിപ്പിക്കുന്ന പ്രസ്താവം—ഞാൻ കണ്ടതു് ഇളാപാൽ എഴുതിയ ‘Beyond the canvas—An unfinished Portrait of M. F. Husain’ എന്ന ജീവചരിത്രത്തിലാണു്. ഹുസേൻ ചിത്രരചനകൊണ്ടു വിശുദ്ധരൂപങ്ങളുടെ പ്രതീതി ദ്രഷ്ടാക്കൾക്കു് ഉളവാക്കുന്നതുപോലെ ഇള അദ്ദേഹത്തിന്റെ ജീവചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ നൂതനസന്ദർഭങ്ങളിൽ നിവേശിച്ചു് ഒരു നൂതനബന്ധം പ്രകാശിപ്പിച്ചുതരുന്നു. വിളക്കുകൾ നന്നാക്കിക്കൊടുത്തും തകരപ്പാത്രങ്ങളുടെ കേടുപാടുകൾ നീക്കിയും ജീവിച്ച പാവം മുത്തച്ഛൻ. ആ മനുഷ്യന്റെ മകനും പാവമായിരുന്നു. അദ്ദേഹത്തിന്റെ മകൻ വിശ്വപ്രശസ്തനായ ചിത്രകാരനായി. ജവഹർലാൽ നെഹ്റു, ജോൺ മേജർ, എലിസബത്ത് രാജ്ഞി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി ഇവരുടെ സ്നേഹാദരങ്ങൾക്കു പാത്രമായി. ഈ രീതിയിൽ സമാദരണീയനായിത്തീർന്ന ഹുസേന്റെ ധിഷണാപരവും കലാപരവുമായ ജീവിതത്തെ ഞാൻ മുൻപു പറഞ്ഞ രീതിയിൽ ‘ജക്സ്റ്റപൊസിഷ’നിലൂടെ ആവിഷ്കരിക്കുന്ന ഈ ജീവിത ചരിത്രത്തിനു് ചാരുതയുണ്ടു്. അതിനുപരിയായി സത്യസന്ധതയും. ഹുസേന്റെ പേരുകേട്ട ചിത്രങ്ങളുടെ വർണ്ണോജ്ജ്വലങ്ങളായ തനിപ്പകർപ്പുകൾ ഈ ഗ്രന്ഥത്തിലുണ്ടു്. വിശേഷിച്ചു് ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചു കിടക്കുന്ന ചിത്രം—ഇതു നമ്മളെ ‘ഹോൺട്’ ചെയ്യും. കാലചക്രം തിരിയുമ്പോൾ ഇന്ദിരാ ഗാന്ധി വിസ്മരിക്കപ്പെട്ടെന്നു വന്നേക്കാം. എന്നാൽ ഹുസേൻ ഈ ചിത്രത്തിലൂടെ അവർക്കു് അമരത്വം നല്കിയിരിക്കുന്നു. ചുവപ്പും കറുപ്പും നിറങ്ങൾ കൊണ്ടു് ഭീകരമായ അന്തരീക്ഷം നിർമ്മിച്ചു്, വസ്തുക്കളെയും മറ്റാളുകളേയും ഒഴിവാക്കി ഇന്ദിരാ ഗാന്ധിയുടെ മൃതദേഹത്തെ ഞാത്തിയിട്ടിരിക്കുന്നു ചിത്രകാരൻ. റിസ്റ്റ് വാച്ച് കെട്ടിയ കൈ അന്തരീക്ഷത്തിലേക്കു ഉയർത്തിയിരിക്കുന്നു. അതു കണ്ടാൽ നമ്മുടെ ഹൃദയം ദ്രവിക്കും. ഏതാനും കൂർത്ത കമ്പുകൾ കൊണ്ടുള്ള വേലിക്കെട്ടുകൾ മാത്രം ചിത്രത്തിലുണ്ടു്. അവയും ആ ചതിച്ചു കൊല്ലലിന്റെ ഭയാനകത വർദ്ധിപ്പിക്കുന്നു. ഈ ചിത്രം ഇന്ദിരാ ഗാന്ധിയുടെ മരണത്തിന്റെ മാത്രമല്ല ലോകമാകെയുള്ള ഇത്തരം വധങ്ങളുടെയും പ്രതീതിയുളവാക്കുന്നു. ഇതു് ഒരു രൂപത്തെ വേർതിരിച്ചു നിറുത്തിയതിന്റെ ഫലമാണു്. ഇതുപോലെ കലാത്മകയുടെ അധികത്യകയിലെത്തിയ ഏറെ ചിത്രങ്ങളുടെ തനിപ്പകർപ്പുകൾ ഇതിൽ കാണാം.

ഇള സൈക്കോളജി എം. എ.-ക്കാരിയാണു്. പേരുകേട്ട ചിത്രകാരിയും. അവർ ഒരിക്കൽ ഹുസേനെക്കണ്ടു തന്റെ ചിത്രങ്ങൾ കാണാൻ വീട്ടിലേക്കു ക്ഷണിച്ചു. ‘എനിക്കു കലാകാരിയാവാൻ കഴിയുമോ?—ചിത്രകാരിയാകാൻ കഴിയുമോ?’ എന്നു് അവർ അദ്ദേഹത്തോടു ചോദിച്ചു. ‘നിങ്ങൾ അതായിക്കഴിഞ്ഞിരിക്കുന്നു’ എന്നു ഹുസേന്റെ മറുപടി. അതുതൊട്ടു് തുടങ്ങുന്നു അവരുടെ ആത്മബന്ധം. വിശുദ്ധിയാർന്ന ആത്മബന്ധമെന്നു തിരുത്തിയെഴുതട്ടെ. പിന്നീടങ്ങോട്ടു് ഹുസേന്റെ സ്വഭാവ സവിശേഷതകളും മഹത്വവും പ്രദർശിപ്പിക്കുന്ന സംഭവങ്ങളുടെ വർണ്ണനകളാണു്. ഓരോ വർണ്ണനവും വെവ്വേറെ നിന്നു് രൂപത്തിന്റെ പരിശുദ്ധി ആർജ്ജിക്കുന്നു.

images/PierPaoloPasolini.jpg
പാസോലീനി

മഹാനായ കലാകാരനാണു താനെന്നു ഏതു പ്രവൃത്തികൊണ്ടും തെളിയിക്കുന്ന ഹുസേൻ മനുഷ്യസാധാരണങ്ങളായ ദൗർബല്യങ്ങൾക്കും വിധേയനായിരുന്നു. Rajput aristrocracy-യുടെ ശക്തികേന്ദ്രമായിരുന്നു് ജയ്സൽമാർ പട്ടണത്തിൽ നിന്നു് ഹുസേനും ഇളയും സ്കെച്ചുകൾ വരയ്ക്കുകയായിരുന്നു. അതിസുന്ദരികളായ സ്ത്രീകൾ കുടം തലയിലേറ്റി കുളത്തിൽ നിന്നു വെള്ളമെടുക്കാൻ പോകുകയായിരുന്നു. മുഖാവരണം ധരിച്ച ഒരു സ്ത്രീയുടെ പിറകുവശവും ചിലമ്പിന്റെ ഗാനവും വളകളുടെ ശബ്ദവും ഹുസേനെ വല്ലാതെ ആകർഷിച്ചു. അദ്ദേഹം അവളുടെ പിറകേ നടന്നു. അദ്ദേഹത്തെ കണ്ടില്ലെന്നു നടിച്ചു് അവൾ കുളത്തിലേക്കു പോകുകയായിരുന്നു. പക്ഷേ, കുളത്തിനരികെച്ചെന്നു മറ്റു സ്ത്രീകളുടെ കൂടെയായപ്പോൾ അവൾ തിരിഞ്ഞു നിന്നു രക്ഷിക്കണേ എന്നു നിലവിളിച്ചു. ഹുസേൻ പ്രാണനും കൊണ്ടോടി രക്ഷപ്പെട്ടു. ഇറ്റലിയിലെ മഹാനായ ഫിലിം ഡയറക്ടർ പാസോലീനി (Pasolini, 1922–1975) മഹാകവി ഒക്തേവ്യോ പാസ് ഇവരുടെയൊക്കെ സുഹൃത്തായ ഹുസേൻ ജീവിതത്തെ ചാക്രിക രൂപത്തിലാണു് കാണുന്നതെന്നു് ഇള എഴുതുന്നു. തേർബറുടെ ഒരു കാവ്യത്തിൽ പരിഷ്കാരം പാടേ നശിക്കുന്നതായി പറയുന്നു. എങ്കിലും ഒരു പുരുഷനും ഒരു സ്ത്രീയും ഒരു പൂവും ലോകത്തു് അവശേഷിക്കുന്നു. ഇവയിൽ നിന്നു് മറ്റുള്ളവ ഉണ്ടാകുമെന്നാണു് കവി സങ്കല്പം. മനുഷ്യൻ തെറ്റുകൾ ചെയ്തുകൊണ്ടു് ദൗർഭാഗ്യങ്ങൾ അനുഭവിച്ചുകൊണ്ടു് ഒരു നൂതന ലോകം നിർമ്മിക്കുമെന്നു ഹുസേൻ വിശ്വസിക്കുന്നു. ആ വിശ്വാസത്തിനു് ഉപോദ്ബലകങ്ങളായ ദൃഷ്ടാന്തങ്ങളും വിവരണങ്ങളും നല്കി ഇള രചിച്ച ഈ ജീവചരിത്രം അതിന്റേതായ രീതിയിൽ ഉത്കൃഷ്ടമാണു്.

ദൈവവും ചെകുത്താനും
images/Andre_Gide.jpg
ആങ്ങ്ദ്രേ ഷീദ്

സാഹിത്യരചനയ്ക്കു് 1947-ൽ നോബൽ സമ്മാനം നേടിയ ഫ്രഞ്ചെഴുത്തുകാരൻ ആങ്ങ്ദ്രേ ഷീദ് (Andre Gide, 1869–1951) ഒരിക്കൽ സ്റ്റാലിനെ കാണാൻ പോയി. സോവിയറ്റ് ഭരണസംവിധാനത്തിന്റെ സ്തോതാവായ അദ്ദേഹത്തെ രാജവാഴചയുടെ നിന്ദകനായ സ്റ്റാലിൻ രാജകീയമായിത്തന്നെ സ്വീകരിച്ചു. ഷീദ് തിരിച്ചു പോരുന്ന സന്ദർഭത്തിൽ സ്റ്റാലിനു കമ്പിസന്ദേശം അയയ്ക്കാൻ തീരുമാനിച്ചു് എഴുതിത്തുടങ്ങി; Passing through Gori, in the course of our wonderful journey, I feel the need to send you.’ ഷീദ് ഇത്രയുമെഴുതിയപ്പോൾ ദ്വിഭാഷി അദ്ദേഹത്തോടു പറഞ്ഞു: ‘സ്റ്റാലിനെക്കുറിച്ചെഴുതുമ്പോൾ വെറും ‘താങ്കൾ’ എന്നു പ്രയോഗിച്ചുകൂടാ. ‘തൊഴിലാളികളുടെ മഹാനായ നേതാവായ താങ്കൾ’ എന്നോ മറ്റോ കൂട്ടിചേർക്കണം. അങ്ങനെ ചേർത്തില്ലെങ്കിൽ റ്റെലിഗ്രാം സ്റ്റ്റ്റാലിനു് അയയ്ക്കാൻ ഒക്കുകയില്ലെന്നും അയാൾ അറിയിച്ചു. ഷീദിനു് ആ രീതിയിൽത്തന്നെ എഴുതേണ്ടതായി വന്നു. മഹാനായ നേതാവു്, രാഷ്ട്രപിതാവു്, ഈശ്വരൻ എന്നീ വിശേഷണങ്ങൾ നല്കപ്പെട്ടിരുന്ന സ്റ്റാലിനെ യുഗോസ്ളാവ് രാഷ്ട്രവ്യവഹാര നേതാവും എഴ്ത്തുകാരനുമായ മിലവാൻ ജീലാസ് (Milovan Djilas) വിളിച്ചതു് ‘The greatest criminal in history’ എന്നാണു്. വിഭിന്നങ്ങളായ ഈ വിശേഷണങ്ങളിൽ ഏതാണു ശരി? ഈശ്വരന്റെ പ്രതിപുരുഷനാണോ സ്റ്റാലിൻ? അതോ ഏറ്റവും വലിയ കുറ്റവാളിയോ? ഈ ചോദ്യങ്ങൾക്കു് ഉത്തരങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുകയാണു് സ്റ്റാലിനെക്കുറിച്ചു് Let History Judge എന്ന ഉജ്ജ്വലമായ ഗ്രന്ഥമെഴുതിയ റൊയ് മിദ്വീദിവ് (Roy Medvedev). രാഷ്ട്രീയ പ്രശസ്തിയാർജിച്ച ചരിത്രകാരനാണു് അദ്ദേഹം. സ്റ്റാലിനെ നേരിട്ടറിഞ്ഞവരും അദ്ദേഹത്തിന്റെ ‘മരണക്യാമ്പുക’ളിൽ നിന്നു രക്ഷപ്പെട്ടവരുമായ അനേകം മഹാവ്യക്തികളുമായി അഭിമുഖ സംഭാഷണം നടത്തി രചിച്ച ഈ മഹാഗ്രന്ഥത്തിനു് സവിശേഷതയുണ്ടു്. 903 പുറങ്ങളുള്ള ഈ ഗ്രന്ഥത്തിലെ വെണ്മയാർന്ന കടലാസ്സിലെ കറുത്ത അക്ഷരങ്ങളിൽ നിന്നു് ഈശ്വരനായ സ്റ്റാലിൻ അല്ലെങ്കിൽ ലോകത്തെ ഏറ്റവും വലിയ ക്രിമിനൽപ്പുള്ളി ഉയിർത്തെഴുന്നേറ്റു വരുന്നു, ആ കാഴ്ച കാണാൻ കൗതുകമുള്ളവർക്കു് ഈ ഗ്രന്ഥം വായിക്കാം.

images/Milovan_Djilas.jpg
മിലവാൻ ജീലാസ്

സ്ഥിതിസമത്വവാദം അല്ലെങ്കിൽ കമ്യൂണിസം ഇവയോടു എതിർപ്പില്ലാത്ത ആളുകൾ റഷ്യയുടെ മുഖം മാത്രമല്ല, ലോകത്തിന്റെ മുഖം തന്നെയും മാറ്റിക്കളഞ്ഞ മഹാനേതാവായി സ്റ്റാലിനെ കരുതുന്നു. സ്റ്റാലിന്റെ ക്രൂരകൃത്യങ്ങളെ നിഷേധിക്കാതെയും അതേ സമയം നിന്ദിച്ചും അവർ പറയുന്നു അപരിഷ്കൃതത്വവും കാട്ടാളത്തവും ക്രൂരതയും കൂടാതെ റഷ്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ സാധിക്കില്ലായിരുന്നുവെന്നു്. ലെനിൻ ഏതു ലക്ഷ്യം സാക്ഷാത്കരിക്കാൻ യത്നിച്ചുവോ അതേ ലക്ഷ്യ സാക്ഷാത്കാരത്തിനാണു് സ്റ്റാലിനും യത്നിച്ചതെന്നു് അവർ പ്രഖ്യാപിക്കുന്നു. പരിഷ്കാരരഹിതവും തികച്ചും കാർഷികവുമായിരുന്ന റഷ്യയെ അതിശക്തമായ വൈയവസായിക രാജ്യമാക്കിയതു് അദ്ദേഹമാണെന്നാണു് അവരുടെ വാദം. സാർ ചക്രവർത്തിയുടെ റഷ്യയ്ക്കു് ഹിറ്റ്ലറെ തോല്പിക്കാൻ കഴിഞ്ഞു. അതിനു വേണ്ടി രാജ്യത്തിനു ശക്തിയാർജ്ജിച്ചു കൊടുത്തതു സ്റ്റാലിൻ തന്നെയായിരുന്നു. ഈ അഭിപ്രായം നമ്മുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടു് മിദ്വീദിവ് ചോദിക്കുന്നു: ലക്ഷക്കണക്കിനു് ആളുകളെ കൊന്നൊടുക്കിയാലേ റഷ്യയുടെ സ്വാതന്ത്രം നിലനിറുത്താനാവുകയുള്ളോ? ഈ ചോദ്യത്തിനു് ഉത്തരമില്ല. ഇതു ചരിത്രത്തിന്റെ പ്രഹേളികയായി വർത്തിക്കുന്നു.

images/Dmitri_Shostakovich.jpg
ഷൊസ്റ്റോകോവിച്ച്

സ്റ്റാലിന്റെ ജീവകരിത്രകാരന്മാരിൽ സുപ്രധാനനാണു് പോളണ്ടിൽ ജനിച്ച ഇംഗ്ലീഷ് എഴുത്തുകാരൻ ഐസക് ദെവയ്ചർ (Issac Deustcher, 1907–67).എല്ലാ രാഷ്ട്രങ്ങങ്ങളിലേയും എല്ലാക്കാലങ്ങളിലെയും മഹാനായ പരിഷ്കർത്താവായി സ്റ്റാലിനെ കരുതാമെന്നാണു് ദെവയ്ചറുടെ അഭിപ്രായം. ലെനിനും ട്രോറ്റ്സ്കി യും ഒക്ടോബർ വിപ്ലവത്തിനു നേതൃത്വം നല്കുകയും സോഷ്യലിസമെന്ന ആശയം ജനതയ്ക്കു പകർന്നു കൊടുക്കുകയും ചെയ്തു. പക്ഷേ, സ്റ്റാലിനു മാത്രമേ അതിനെ പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. അതിനു ‘നല്കേണ്ട വില’ വളരെക്കൂടുതലായിരുന്നുവെന്നു ദ്വെയ്ചർ സമ്മതിക്കുന്നു.

images/Roy_Medvedev.jpg
റൊയ് മിദ്വീദിവ്

മിദ്വീദിവ് ഈ രണ്ടഭിപ്രായങ്ങളോടും യോജിക്കുന്നില്ല. സോവിയറ്റ് ജനതയ്ക്കു് വിദ്യാഭാസത്തിന്റെയും സംസ്കാരത്തിന്റെയും പാത തുറന്നു കൊടുത്തതു് ഒക്ടോബർ വിപ്ലവമാണു്. സ്റ്റാലിൻ ലക്ഷക്കണക്കിനു ധിഷണാശാലികളെ (intelligentsia) വധിക്കാതിരുന്നെങ്കിൽ രാജ്യം ആ പാതയിലൂടെ കൂടുതൽ വേഗത്തിൽ പുരോഗമിക്കുമായിരുന്നുവെന്നു് അദ്ദേഹം കരുതുന്നു. സ്റ്റാലിന്റെ തടങ്കൽപ്പാളയങ്ങളിലെ തടവുകാരാണു് തോടുകൾ നിർമ്മിച്ചതു്. ഹൈഡ്രോ ഇലക്ട്രിക് സ്റ്റെയ്ഷനുകൾ സ്ഥാപിച്ചതു്. തീവണ്ടി മാർഗ്ഗങ്ങളും തൊഴിൽ ശാലകളും പൈപ്പ് ലൈനുകളും മഹാസൗധങ്ങളും സോവിയറ്റ് റിപ്പബ്ളിക്കിൽ നിർമ്മിച്ചതും ആ തടവുകാരായിരുന്നു. ഈ പാവങ്ങളെ സ്വതന്ത്രരാക്കിയിരുന്നുവെങ്കിൽ വ്യവസായം അതിവേഗം വികസിക്കുമായിരുന്നു. കർഷകർക്കു നേരെയുള്ള സ്റ്റാലിന്റെ ബലപ്രയോഗം കൃഷിയുടെ വികാസത്തെ മന്ദഗതിയിലാക്കി.

images/Yury_Olesha.jpg
ഒല്ഷ

‘കൊടുത്തവില’ വളരെക്കൂടുതൽ. അതിന്റെ ദുരന്തമാണു് ഇന്നു കാണുന്നതു്. വിജയങ്ങളായി ദ്വെയ്ചയർ ദർശിക്കുന്നതെല്ലാം സോഷ്യലിസത്തിന്റെ പരാജയങ്ങളാണെന്നു് മിദ്വീദിവ് ചൂണ്ടിക്കാണിക്കുന്നു. ‘The most outstanding mediocrity in our party’ നമ്മുടെ കക്ഷിയിലെ ഏറ്റവും പ്രമുഖനായ ഇടത്തരക്കാരൻ എന്നു് റ്റ്രൊറ്റ്സ്കി സ്റ്റാലിനെ വിശേഷിപ്പിച്ചു (പുറം 88). ഈ ‘ഇടത്തരക്കാരൻ’ ഒരു വലിയ രാജ്യത്തിന്റെ സ്ഥാപകനായ ലെനിന്റെ മാനസപുത്രൻ എന്നാണല്ലോ കരുതപ്പെടുന്നതു്. പക്ഷേ, ഈ ഗ്രന്ഥത്തിൽ നിന്നു കിട്ടുന്ന ചിത്രം അതല്ല. ചരിത്രത്തിൽ ലെനിനുള്ള സ്ഥാനത്തെ നിസ്സാരമാക്കി തീർക്കാനായിരുന്നു സ്റ്റാലിന്റെയും അദ്ദേഹത്തിന്റെ അനുചരന്മാരുടെയും യത്നം. ലെനിനെ അതിരറ്റു വാഴ്ത്തും. അതേസമയം വിദഗ്ദ്ധമായി അദ്ദേഹത്തെ ഇടിച്ചു താഴ്ത്തുകയും ചെയ്യും. സത്യത്തിൽ സ്റ്റാലിനു് ലെനിനോടു് അസൂയയായിരുന്നുവെന്നും ആ സ്ഥാനത്തേക്കു കടന്നു ചെല്ലാൻ അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നുവെന്നും മിദ്വീദിവ് സ്ഥാപിക്കുന്നു. ലെനിനോടു മാത്രമല്ല അദ്ദേഹത്തിന്റെ സഹധർമ്മിണിയോടും സ്റ്റാലിൻ അപമര്യാദയായി പെരുമാറിയത്രെ. ലെനിൻ, സ്റ്റാലിനെഴുതിയ കത്തു വായിക്കുക: (ചില വാക്യങ്ങൾ മാത്രം) ‘Dear Comrade Stalin! You have been so rude as to summon my wife to the telephone and use bad language… I have no intention of forgetting so easily what has been done against me and it goes without saying that what has been done against my wife I consider having been done against me as well…’

images/Mikhail_Bulgakov.jpg
ബുൾഗാകോഫ്

ലെനിൻ രോഗാർത്തനായി. ദീർഘനേരം അദ്ദേഹം ഒറ്റയ്ക്കിരുന്നു. അപമാനത്താലും നിന്ദനത്താലും രോഗം വരുത്തിയ നിസ്സഹായാവസ്ഥയാലും അദ്ദേഹം ചിലപ്പോൾ കരഞ്ഞു. സ്റ്റാലിനാണു ലെനിനെ കൊന്നതെന്നു് വിദേശ ദിനപത്രങ്ങൾ എഴുതി. Izvestia, Novy Mir ഇവയുടെ എഡിറ്ററായിരുന്ന ഗ്രൊൺസ്കിയെ കാണാൻ സ്റ്റാലിൻ ഒരു ദിവസം പോയി പോലും. കുടിച്ചു നിയന്തണം വിട്ടു് സ്റ്റാലിൻ ഗ്രൊൺസ്കിയോടു പറഞ്ഞത്രേ താനാണു ലെനിനെ കൊന്നതെന്നു്.

images/Leon_Trotsky.jpg
ട്രോറ്റ്സ്കി

സ്റ്റാലിന്റെ ഭാര്യ ആതമഹത്യ ചെയ്തല്ലോ. അവരുടെ മൃതദേഹത്തിന്റെ കൈയിൽ കൊച്ചു തോക്കുണ്ടായിരുന്നു. ആ തോക്കു പ്രവർത്തിപ്പിച്ചതു് സ്റ്റാലിൻ തന്നെയായിരുന്നുവെന്നു ഗ്രന്ഥത്തിൽ സൂചനയുണ്ടു്. ഇതൊക്കെ സത്യമോ അസത്യമോ ആകട്ടെ. എന്നാൽ സ്റ്റാലിൻ സാംസ്കാരിക നായകന്മാരോടു അത്ര കണ്ടു ക്രൂരത കാണിച്ചില്ലെന്നു ഏതാണ്ടു സത്യമാണു്. പസ്തർനക്ക്, ഒല്ഷ (Olesha), ബുൾഗാകോഫ് ഇവരെ അറസ്റ്റ് ചെയ്യാമായിരുന്നു സ്റ്റാലിനു്. അതു ചെയ്തില്ല അദ്ദേഹം. റഷ്യൻ കംപോസർ ഷൊസ്റ്റോകോവിച്ചി ന്റെ ‘Lady Macbeth of the Mtsensk District’ എന്ന ഓപ്പറ കണ്ടുകൊണ്ടിരുന്ന സ്റ്റാലിൻ ദേഷ്യപ്പെട്ടു നാടകശാലയിൽ നിന്നു് ഇറങ്ങിപ്പോയതേയുള്ളൂ. എന്നും അറസ്റ്റ് പ്രതീക്ഷിച്ചു് ഇരുന്ന ഷൊസ്റ്റൊകോവിനെ അദ്ദേഹം ഉപദ്രവിച്ചില്ല. ആന്ന ആഹ്മതൊവ എന്ന കവിയെയും (കവിയിത്രി) അദ്ദേഹം തടവിലാക്കിയില്ല. സിനിമാ ഭ്രാന്തനായിരുന്നു സ്റ്റാലിൻ. ചില ചലചിത്രങ്ങൾ നൂറു തവണ അദ്ദേഹം കണ്ടിരുന്നു. സിനിമയെ സംബന്ധിച്ച ഈ ദൗർബല്യം കൊണ്ടു് ഡയറക്ടർമാർ മരണത്തിൽ നിന്നു രക്ഷപ്പെട്ടുവെന്നു ഗ്രന്ഥകാരൻ പറയുന്നു.

images/Isaac_Deutscher.jpg
ഐസക് ദെവയ്ചർ

സംഭ്രമജനകങ്ങളും രസകരങ്ങളുമായ സംഭവങ്ങൾ നിറഞ്ഞ ഈ പുസ്തകത്തെക്കുറിച്ചു് കൂടുതലെഴുതാൻ സ്ഥലമില്ല. ഇപ്പോൾ തന്നെ ഇതു നീണ്ടു പോയി. സ്റ്റാലിൻ മാർക്സിസ്റ്റിനെപ്പോലെ സംസാരിച്ചിരുന്നു, എഴുതിയിരുന്നു. പക്ഷേ, സാരാംശത്തിൽ—അടിസ്ഥാനപരമായി—അദ്ദേഹം മാർക്സിസ്റ്റായിരുന്നില്ലെന്നാണു് മിദ്വീദിവ് സ്ഥാപിക്കുന്നതു്. സ്റ്റാലിനെ പ്രകീർത്തിക്കുന്ന ദ്വെയ്ചറുടെ പുസ്തകത്തെക്കുറിച്ചു് പണ്ടു ഞാനെഴുതിയതു പോലെ ഈ ഗ്രന്ഥത്തെക്കുറിച്ചും ഞാൻ എഴുതുന്നു. ഒരു പുതിയ പുസ്തകത്തെക്കുറിച്ചു വായനക്കാരോടു ചിലതു പറയണമെന്നാല്ലാതെ ഒരു രാഷ്ട്രീയ വിശ്വാസവുമില്ലാത്ത എനിക്കു വേറൊരു ലക്ഷ്യമില്ല.

ഒരു വിശിഷ്ടമായ ചെറുകഥ
images/Leon_Rooke.jpg
ലിയൻ റൂക്ക്

ഒരു ചെറുകഥ വായിച്ചതിനുശേഷം ‘എന്റെ ജീവിതം ധന്യമായിരിക്കുന്നു. അതു സാഫല്യത്തിലെത്തിയിരിക്കുന്നു’ എന്നു് ആരെങ്കിലും പറയുമോ? പറഞ്ഞാൽ അതു് അത്യുക്തിയണെന്നല്ലേ അവർ പറയൂ. എന്നാൽ ഒരത്യുക്തിയുമില്ലാതെ, അസത്യത്തിന്റെ ലേശം പോലുമില്ലാതെ, ഞാൻ എഴുതിക്കൊള്ളട്ടെ. കനേഡിയൻ കഥാകാരൻ ലിയൻ റൂക്കിന്റെ ‘The Only Daughter’ എന്ന കഥ വായിച്ചതിനു ശേഷം ഒട്ടും ധൈര്യക്കുറവില്ലാതെ ഇതെഴുതുന്നയാൾ പറയുന്നു. ‘ഈ കഥയുടെ പാരായണം എന്റെ ജീവിതത്തെ ധന്യമാക്കിയിരിക്കുന്നു. കഥയുടെ ഹൃസ്വരൂപം നല്കിയാൽ അതിന്റെ ഭംഗി ഇല്ലാതെയാവും. കാരണം കഥയെന്നതു് കഥാകാരൻ എന്തെല്ലാം പറയുന്നുവോ അവയെല്ലാം കൂടിയതാണു് എന്നത്രേ. എങ്കിലും ചുരുക്കം നല്കാനല്ലേ കഴിയൂ.’

ചുവന്ന പൊടി പറ്റിയ മതിലുകൾ ഇരുവശവുമുള്ള പാതയിലൂടെ ആ കുഞ്ഞു് നടക്കുകയാണു്. ഒരു വണ്ടിക്കു കഷ്ടിച്ചു പോകാം. അത്ര വീതി കുറഞ്ഞ പാത, അവളുടെ ഓരോ കൈയിലും താങ്ങാനാവാത്ത ഭാരമുള്ള ഓരോ പെട്ടി. യാത്രയാരംഭിച്ചപ്പോൾ അവളുടെ തലമുടിയിൽ റിബണുണ്ടായിരുന്നു. ഇപ്പോൾ അതില്ല. പാതയിലെ ചെളിയിൽ എവിടെയോ അതു വീണു പുതഞ്ഞു പോയിരിക്കുന്നു. കുഞ്ഞു ധരിച്ച കോട്ടിനു കഴുത്തറ്റത്തു് ഒരു കുടുക്കു മാത്രം. അതു് അവളുടെ കഴുത്തിനു വേദന നല്കിക്കൊണ്ടിരുന്നു. കോട്ടിന്റെ കീശയിൽ ഏതാനും ചില്ലറ നാണയങ്ങൾ മാത്രം. യാത്ര തുടങ്ങിയപ്പോൾ അവളുടെ കൈയിൽ ഭേദപ്പെട്ട ഒരു സംഖ്യയുണ്ടായിരുന്നതാണു്. പക്ഷേ, അധികം യാത്രക്കാരില്ലാത്ത ബസ്സിന്റെ ഡ്രൈവർ അതു് പിടിച്ചു വാങ്ങിയിട്ടു് കുറച്ചു ചില്ലറ നാണയങ്ങൾ മാത്രം അവളുടെ ഉള്ളം കൈയ്യിൽ വച്ചു കൊടുത്തു. ഇനിയും കിട്ടുമെന്നു പ്രതീക്ഷിച്ചു് അവൾ കൈ നീട്ടികൊണ്ടിരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു, ‘ഞാൻ അതിൽ ഉമ്മവയ്ക്കണോ? അതോ തുപ്പണോ?’ കുഞ്ഞു മിണ്ടിയില്ല. നേരമേറെയായി. അയാൾ ബസ്സ് നിറുത്തി ‘അതാ അക്കാണുന്നതാണു് ക്രോസ് റോഡ്. പൊയ്ക്കോ,’ എന്നു പറഞ്ഞു. അവൾ പെട്ടികളും താങ്ങി നടന്നു. ‘വേഗം പോ. അയാളുടെ അടുത്തേക്കു പോ. അവിടെയാണു് അയാളുടെ താമസം,’ എന്നു് അമ്മ പറഞ്ഞതനുസരിച്ചു് അവൾ ബസ്സിൽ കയറിയതാണു്. കനമുള്ള പെട്ടികൾ ആ കുഞ്ഞിക്കൈയുകൾ മുറിച്ചു. അവ താഴെ വച്ചും വീണ്ടുമെടുത്തും കാട്ടിലൂടെ നടന്നു് അവൾ ഒരു നദിക്കരയിലെത്തി. അറ്റത്തു് ചെളി കെട്ടിയ കോട്ട് കഴുകിയാലെന്തു? അല്ലെങ്കിൽ കുളിച്ചാലെന്തു? കുളിക്കുന്നതു ശരിയല്ല. വിമാനത്തിൽ സഞ്ചരിക്കുന്ന ആരെങ്കിലും കണ്ടാലോ? വേണ്ട. രോഗിണിയായി കിടക്കുന്ന അമ്മ അവളോടു പറഞ്ഞിരുന്നു. ‘നിന്റെ അച്ഛനോ? അയാൾ പോയിട്ടു് എത്ര കാലമായി! അവിടെ കഴിഞ്ഞു കൂടണമെങ്കിൽ പട്ടിയെ ചങ്ങലകൊണ്ടു കെട്ടിയിടുന്നതു പോലെ എന്നെയും കെട്ടിയിടണം.’ മകൾ ചോദിച്ചു: ‘അച്ഛൻ എന്നെ അറിയുമോ ഇപ്പോൾ?’ അതു കേട്ടു് അമ്മ പറഞ്ഞു: ‘നിന്നെ അറിയുമോ എന്നോ? അറിഞ്ഞേക്കാം. നീ കരയുമ്പോൾ, അയാളുടെ ആ ദയനീയമായ നോട്ടം നിനക്കുമുണ്ടു്. അയാളതു് തിരിച്ചറിയുമെന്നാണു് എന്റെ തോന്നൽ.’

അവൾ നദിയുടെ തീരത്തിരിക്കുമ്പോൾ ഒരു വണ്ടി വന്നു. അതോടിച്ചു വന്നയാളാണോ അച്ഛൻ? തടിച്ച താടിയെല്ലുകൾ. അതുപോലെ തടിച്ച കാതുകൾ. വണ്ണം കൂടിയ കഴുത്തു്. അയാളുടെ പന്നിക്കണ്ണുകൾ തിളങ്ങി. മൂത്രമൊഴിച്ചിട്ടു് അയാൾ പോയി. തുറന്ന വേലിക്കരികിലൂടെ അയാൾ വീട്ടിലേക്കു കയറി. രോഗിണിയായ സഹോദരി അയാൾക്കുണ്ടെന്നു് അമ്മ പറഞ്ഞിരുന്നു. അവർ മരിച്ചേക്കാം. അവൾ തൽക്കാലത്തേക്കു ഒളിച്ചിരുന്നു, അവിടെ ഇന്നു വിദ്യുച്ഛക്തി വിളക്കുകൾ ഉണ്ടു്. അമ്മ താമസിച്ചിരുന്ന കാലത്തു് അവയില്ല. കുഞ്ഞു് അമ്മയെ ഓർമ്മിച്ചു. ‘അമ്മാ, ഞാൻ മുതുകു തടവിത്തരട്ടോ? വിരിപ്പുകൾ പുതുതായി വിരിക്കട്ടോ?’ ‘ഇപ്പോൾ വേണ്ട മോളേ’ എന്നു് അമ്മയുടെ മറുപടി. അമ്മ അച്ഛനെ വിട്ടു സ്വന്തം നാട്ടിലേക്കു പോരുന്നുവെന്നു പറഞ്ഞപ്പോൾ അച്ഛൻ ഒരക്ഷരം മിണ്ടിയില്ലെന്നു് അമ്മ പറഞ്ഞതു് കുഞ്ഞു് ഓർമ്മിച്ചു.

അയാൾ ജന്നലിനടുത്തു കൂടെ നീങ്ങിയപ്പോൾ അവൾ തലതാഴ്ത്തിക്കളഞ്ഞു. അതാ അച്ഛൻ അവിടെ സ്റ്റൂളിലിരിക്കുകയാണു്; തീക്കടുത്തു്. അച്ഛൻ ഷേർടിന്റെ കുടുക്കുകൾ ഇട്ടിട്ടില്ല. നെഞ്ചിലാകെ ചുരുണ്ട രോമങ്ങൾ. കൂടക്കൂടെ കുടിക്കുന്നു. അച്ഛൻ അതിമദ്യപാനി ആയിരിക്കാമെന്നു് അവൾക്കു തോന്നി. ഫോണഗ്രാഫ് ഉയർത്തിയ സംഗീതത്തിന്റെ താളത്തിനു് അനുസരിച്ചു് അയാൾ കാലു ചലിപ്പിക്കുകയാണു്. ആ പാട്ടു് അവൾക്കറിയാം. അമ്മ അതു മൂളുന്നതു് അവൾ കേട്ടിട്ടുണ്ടു്. ‘നീ അയാളുടെ ഒരേയൊരു മകളാണു്. അയാളുടെ അടുത്തേക്കു പോകൂ. ഇപ്പോൾ തന്നെ’ എന്നു് അമ്മ പറഞ്ഞതു് മകൾ ഓർമ്മിച്ചു. അവൾ ശബ്ദം കേൾപ്പിച്ചു കൊണ്ടു പോർച്ചിലേക്കു കയറി. ദീർഘമായി ശ്വസിച്ചു കൊണ്ടു് അവൾ വാതിൽ തട്ടി. ‘ഞാൻ ശ്രമിച്ചു നോക്കട്ടെ. അച്ഛനു താനാരാണെന്നു വ്യക്തമാക്കാൻ ഇരുപത്തിനാലു മണിക്കൂർ ഞാൻ നല്കും.’ എന്നു കുഞ്ഞു് തന്നോടു തന്നെ പറഞ്ഞു.

അച്ഛൻ മകളെ തിരിച്ചറിയുമോ? തിരിച്ചറിഞ്ഞാൽ സ്വന്തം വീട്ടിൽ പാർപ്പിക്കുമോ? അതോ ആട്ടിപ്പുറത്താക്കുമോ? അവളുടെ രോഗിണിയായ അമ്മ അതിനകം മരിച്ചു പോയോ? അതോ ആരും സഹായിക്കാനില്ലാതെ രോഗശയ്യയിൽ കിടന്നു ഞരങ്ങുകയാണോ? ഒന്നുമറിഞ്ഞുകൂടാ. ജീവിതം പോലെ ഇക്കഥയ്ക്കും അനിശ്ചിതത്വമുണ്ടു്. വായനക്കാരൻ ആ ശിശുവിനെപ്പോലെ നിന്നു തേങ്ങുന്നു. ഒരു ദുരന്ത നാടകം വായിച്ചാലുണ്ടാകുന്ന ചിത്ത വിക്ഷോഭം അനുവാചകനു് ഉളവാക്കിക്കൊണ്ടു് കഥാകാരൻ മൗനം അവലംബിക്കുന്നു. ഈ അനിശ്ചിതത്വമാണു്, സന്ദിഗ്ദ്ധതയാണു് ഈ അപൂർവ കലാശില്പത്തിനു് ട്രാജഡിയുടെ മഹത്വം നേടിക്കൊടുക്കുന്നതു്. ആ കുഞ്ഞിന്റെ ദുരന്തം പ്രായമേറെയായ എന്റെയും ദുരന്തമായിത്തീരുന്നു. ആ ശിശു എന്റെ പേരക്കുട്ടിയായി മാറുന്നു. അവളുടെ ദയനീയാവസ്ഥ, അവളുടെ അമ്മയുടെ ദയനീയാവസ്ഥ എന്റെ ദയനീയാവസ്ഥയായി മാറുന്നു.

ദേശത്തിന്റെ ചരിത്രം, അതിലെ മനുഷ്യസമൂഹത്തിന്റെ ചരിത്രം ഇവയുടെ ഉൽപന്നങ്ങളാണു സാഹിത്യ സൃഷ്ടികൾ എന്ന മതം തെറ്റാണെന്നു ഞാൻ പറയുന്നില്ല. അതേസമയം കഥാകാരൻ തന്നിൽ നിന്നാണു സൃഷ്ടി നടത്തുന്നതെന്ന വസ്തുത വിസ്മരിക്കുന്നുമില്ല. എന്നാൽ ഈ ചരിത്രങ്ങളെ ലംഘിച്ചു സാഹിത്യ സൃഷ്ടികൾ സാർവജനീനതയിലേക്കു ചെല്ലുമ്പോഴാണു് അവ മാസ്റ്റർപീസുകളായി തീരുന്നതു്. റൂക്കിന്റെ കഥ മാസ്റ്റർപീസാണു്, ഗ്രെയ്റ്റാണു്.

ഒരുജ്ജ്വല കലാശില്പം
images/Nikos_Kazantzakis.jpg
നിക്കോസ് കാസാൻദ് സാക്കീസ്

ഈ നൂറ്റാണ്ടു കണ്ട നോവലെഴുത്തുകാരിൽ ഉത്കൃഷടനായ നിക്കോസ് കാസാൻദ് സാക്കീസ് (Nikos Kazantzakis, 1883–1957) The Last Temptatation എന്ന നോവൽ എഴുതിയതിന്റെ പേരിൽ ‘കുരിശിൽ തറയ്ക്കപ്പെടുക’യുണ്ടായി. അദ്ദേഹത്തിന്റെ വേറൊരു നോവലാണു് Freedom or Death. കാസാൻദ്സാക്കീസ് ഭാര്യയ്ക്കു് (Helen) എഴുതിയ ഒരു കത്തിൽ പറയുന്നു:

Freedom or Death ഇപ്പോഴും ഗ്രീസിലുള്ളവരെ ദേഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കീസോയിലെ ബിഷപ്പ് (Khios or Chios—കിഴക്കൻ ഗ്രീസിലെ ഒരു ദ്വീപ്) അതു് ലജ്ജാകരവും രാജ്യദ്രോഹപരവും മതവിരുദ്ധവും ക്രീറ്റിനെതിരെയുള്ള ദുരാരോപണവുമാണെന്നു കുറ്റപ്പെടുത്തിയിരിക്കുന്നു (Crete, Greek Kriti—തെക്കു കിഴക്കൻ ഗ്രീസിലെ ദ്വീപ്). അപ്പോൾ ഭവതിക്കു സങ്കല്പിക്കാം. എന്റെ ജന്മഭൂമി ഏതൊരു മ്ലേച്ഛാവസ്ഥയിലാണു് കിടന്നുരുളുന്നതെന്നു്. അതായതു് ഗ്രീക്കു ഉദ്യോഗസ്ഥരും രാഷ്ട്രവ്യവഹാരക്കാരും പള്ളി മേധാവികളും.അമേരിക്കയിലെ യഥാസ്ഥിതികരായ പള്ളി മേധാവികൾ The Last Temptation-നെ ഏറ്റവും അമാന്യവും നിരീശ്വരപരവും രാജ്യദ്രോഹപരവുമായി സമ്മേളനം കൂടി നിന്ദിച്ചു. ഇവിടെ ഏകാന്തതയിൽ, ശാന്തതയിൽ, കൃത്യനിർവഹണത്തിൽ മനസ്സുറപ്പിച്ച എന്റെ കഴിവനുസരിച്ചു് ഗ്രീക്ക് ഭാഷയ്ക്കും ഗ്രീക്ക് ചൈതന്യത്തിനും രൂപം നൽകികൊണ്ടു് ഞാൻ ഇരിക്കുന്നു. റ്റർറ്റുല്യൻ എഴുതിയതുപോലെ ‘To thy Court, I appeal, O Lord’ (പ്രഭോ, അങ്ങയുടെ കോടതിയിലേക്കാണു് എന്റെ ആശ്രയാഭ്യാർത്ഥന).

യേശു ക്രിസ്തുവിനെ മഗ്ദലന മറിയത്തോടു് അനഭിലഷണീയമായി, സ്വപ്നത്തിലാണെങ്കിലും ബന്ധപ്പിച്ചു് നോവലെഴുതിയ കാസാൻദ് സാക്കീസിനു് തന്റെ പ്രവർത്തനത്തെ നീതിമത്കരിക്കാൻ പലതും കാണുമെങ്കിലും അതു ശരിയായില്ലെന്നു് കരുതുന്നവനാണു് ലേഖകൻ. നമ്മൾ സംസ്കാരഭദ്രമായി പെരുമാറുന്നതിനു കാരണം ലോകാചാര്യന്മാർ നമ്മുടെ ജീവരക്തത്തിൽ കലർത്തിയ ഉത്കൃഷ്ടങ്ങളായ ആശയങ്ങളാണു്. അവർ ജീവിത വിശുദ്ധിയും ആധ്യാത്മിക വിശുദ്ധിയുമുള്ളവരായിരുന്നു. യേശു ക്രിസ്തുവിന്റെ സ്വഭാവ മഹാത്മ്യം പുതിയ നിയമത്തിൽ നിന്നു നമ്മൾ മനസ്സിലാക്കിയിട്ടുണ്ടു്. ആ സ്വഭാവത്തെ വേണെമെങ്കിൽ വിമർശിക്കൂ. പക്ഷേ, അദ്ദേഹത്തിനു് ഇല്ലാതിരുന്ന ദോഷം ഉണ്ടായിരുന്നുവെന്നു വരുത്തി ഒരു പുതിയ യേശു ക്രിസ്തുവിനെ സൃഷ്ടിക്കുന്നതു തെറ്റാണു്. ശ്രീരാമൻ ബാലിയെ കൊന്നതു തെറ്റു്, ദശരഥനെ ശകാരിച്ചതു തെറ്റു്. സീതയെ ഉപേക്ഷിച്ചതു തെറ്റു് എന്നൊക്കെപ്പറയാം. എന്നാൽ ശ്രീരാമൻ ഭരതന്റെ ഭാര്യയുമായി ലൈംഗിക വേഴ്ച നടത്തിയിരുന്നുവെന്നു പറയുന്നതു് മഹാപരാധമാണു്. ഒന്നുകൂടി പറയട്ടെ. നമുക്കു വ്യക്തികളിലൂടെ പ്രവർത്തനങ്ങളെ വിമർശിക്കാം. അവരുടെ സ്വഭാവത്തെ വേറൊന്നാക്കി പ്രദർശിപ്പിക്കാൻ അധികാരമില്ല. മിസ്റ്റിക്കായ ശ്രീരാമകൃഷ്ണ പരമഹംസൻ വ്യഭിചാരിയായിരുന്നുവെന്നു സ്ഥാപിച്ചു് ഒരാൾ നോവലെഴുതിയാൽ ഹിന്ദുവല്ലാത്തവന്റെ രക്തം കൂടി തിളയ്ക്കില്ലേ? സൽമാൻ റുഷ്ദി പ്രവാചകനെ നിന്ദിച്ചപ്പോഴും എനിക്കു് അസ്വസ്ഥതയുണ്ടായതിനു ഹേതു ഇതു തന്നെ.

images/JSJoseSaramago.jpg
ഷുസ്സേ സാറാമാഗു

മുകളിൽ പറഞ്ഞ പരമാർത്ഥം ഒട്ടും വിസ്മരിക്കാതെയാണു് അതിസുന്ദരമായ ഒരു നോവലിനെക്കുറിച്ചു് ഞാൻ ഇനി എഴുതുന്നതു്. പോർച്ചുഗലിലെ ഏകശാസനാധിപത്യം തകർന്നതിനു ശേഷം 1974-ൽ അവിടെ പ്രസിദ്ധപ്പെടുത്തിയ Baltasar and Blimunda എന്ന നോവൽ പൊടുന്നനെ രാഷ്ടാന്തരീയ പ്രശസ്തി നേടി. അതിന്റെ രചയിതാവു് ഷുസ്സേ സാറാമാഗു (Jose Saramago) ആ നോവൽ കൈയിലുണ്ടെങ്കിലും ഞാനിതു വരെ അതു വായിച്ചില്ല. സാറാമാഗുവിന്റെ രണ്ടാമത്തെ കൃതിയായ The year of the Death of Ricardo Reis-നു Independent Foreign Fiction Award ലഭിച്ചു. ഈ ലേഖകൻ അതു കണ്ടിട്ടില്ല. 1993-ൽ പ്രസിദ്ധപ്പെടുത്തിയ The Gospel According to Jesus Christ എന്ന നോവൽ ഇപ്പോൾ വായിച്ചു തീർത്തു. അതിന്റെ സൗന്ദ്യര്യാതിശയവും പ്രൗഢതയും കണ്ടു് നോവലിന്റെ അവസാനത്തെപ്പുറത്തിൽ A marvellous work of art എന്നു എഴുതിപ്പോവുകയും ചെയ്തു. ഇതിലും യേശു ക്രിസ്തുവിനു മഗ്ദലനമറിയത്തോടുണ്ടായ ലൈംഗിക ബന്ധം തികഞ്ഞ വൈഷയികത്വത്തോടു കൂടിത്തന്നെ പ്രതിപാദിച്ചിട്ടുണ്ടു്. നസറേത്ത് പട്ടണത്തിൽ നിന്നു വളരെ ദൂരം നടന്നു് കാലിനു മുറിവു പറ്റിയ യേശു ക്രിസ്തുവിനെ അവൾ ആ സ്ഥലത്തു വച്ചു കണ്ടു. രക്തവും വെറുപ്പുണ്ടാക്കുന്ന മഞ്ഞപ്പഴുപ്പും മറ്റു മാലിന്യങ്ങളും അവൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ നിന്നു കഴുകി മാറ്റി. ഔഷധലേപനം നടത്തി… കിനാവുകളിലെന്ന പോലെ അവൾ മെല്ലെ നടക്കുകയായിരുന്നു. അവൾ നടന്നടുത്തപ്പോൾ വസ്ത്രങ്ങൾ ഒഴുകിയിളകി ശരീരത്തിന്റെ വളവുകൾ കാണാറായി. അവളുടെ അരക്കെട്ടു് അങ്ങോട്ടുമിങ്ങോട്ടും ചലനം കൊള്ളുകയാണു്. ഒരു ചെറിയ ഭരണിയുമെടുത്താണു് അവളുടെ ആഗമനം. മുറിവേറ്റ പാദം അവൾ വച്ചുകെട്ടി… യേശു അവളോടു പറഞ്ഞു: ‘നിന്റെ തലമുടി ഗിലീയദ് മലഞ്ചെരിവുകളിലൂടെ താഴോട്ടിറങ്ങുന്ന ആട്ടിൻ കൂട്ടങ്ങളെ എന്നെ അനുസ്മരിപ്പിക്കുന്നു.’ ആ സ്ത്രീ ചിരിച്ചിട്ടു മിണ്ടാതിരുന്നു. യേശു പറഞ്ഞു: ബാത്ത്-റാബിം ഗെയ്റ്റിനടുത്തുള്ള ഹെഷ്ബൻ ജലാശയങ്ങളെപ്പോലെയാണു നിന്റെ കണ്ണുകൾ… (ഇനിയുള്ള ഭാഗങ്ങൾ പ്രച്ഛന്നമായ രീതിയിൽപ്പോലും എഴുതാൻ എനിക്കു ധൈര്യമില്ല. ഈ വേഴ്ചയ്ക്കു ഫലമുണ്ടായി മഗ്ദലനമറിയം അതിനു ശേഷം വേശ്യാവൃത്തി ഉപേക്ഷിച്ചു.)

നോവൽ തുടങ്ങുന്നതു് അതിൽ ചേർത്തിട്ടുള്ള കുരിശാരോഹണത്തിന്റെ ചിത്രത്തിന്റെ കലാത്മകമായ വിവരണത്തോടു കൂടിയാണു്. ഗോപനീയാംഗമെന്നോ ജനനേന്ദ്രിയമെന്നോ വിളിക്കപ്പെടുന്ന ഭാഗം തുണ്ടു തുണിയാൽ മറയ്ക്കപ്പെട്ടു കുരിശിൽ തൂങ്ങിക്കിടക്കുന്ന മനുഷ്യൻ സ്വർഗ്ഗത്തേക്കു കണ്ണുകൾ ഉയർത്തിയിരിക്കുന്നതു കൊണ്ടു് അദ്ദേഹം ‘നല്ല തസ്കര’നാവാം. ഇടതു വശത്തും, വലതുവശത്തും രണ്ടു ‘ചീത്തക്കള്ള’ന്മാർ. അരമേത്തിയ ജോസഫ് ഒരു ഭാഗത്തു്: സ്ഥൂലിച്ച വക്ഷോജനങ്ങളെ ഉയർത്തിക്കാണിക്കാൻ വേണ്ടി ഇറുകിപ്പിടിച്ച ബോഡീസ് ധരിച്ച ആ സ്ത്രീ മഗ്ദലന മറിയം തന്നെ. അവളുടെ പാപാത്മകമായ മാംസം നടന്നു പോകുന്നതുവരെ ആകർഷിക്കുന്നുണ്ടാവും. രണ്ടാമത്തെ സ്ത്രീയും മേരി തന്നെ. അവർ മരാശാരി ജോസഫിന്റെ വിധവയത്രേ. ഇങ്ങനെ ഓരോ വ്യക്തിയെയും വർണ്ണിച്ചതിനു ശേഷം നോവലിസ്റ്റ് യേശുവിന്റെ ജനനത്തിലേക്കും നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ഹെറോദ് കൊന്നൊടുക്കിയതിലേക്കും ചെല്ലുന്നു.

പാപത്തിന്റെ കഥയാണു് സാറാമാഗുവിന്റെ നോവൽ. ഏതു പാപം? എന്തു പാപം? ഹെറോദ് ഇരുപത്തിയഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ കഠാര ഉറയിൽനിന്നു വലിച്ചൂരിയപ്പോൾ യേശുവിന്റെ അച്ഛൻ ജോസഫ് സ്വന്തം പുത്രനെ ഒളിപ്പിച്ചു രക്ഷിച്ചു. കുഞ്ഞുങ്ങൾ വധിക്കപ്പെടുമെന്നു് നേരത്തെ അറിഞ്ഞ ജോസഫ് ആ വിവരം എന്തുകൊണ്ടു ആ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരെ അറിയിച്ചില്ല. സ്വാർത്ഥപ്രേരിത ജീവിതമായിരുന്നില്ലേ ജോസഫിന്റേതു്. ഇതു് യാചകന്റെ വേഷത്തിലെത്തിയ മാലാഖ മേരിയെ അറിയിക്കുന്നു. അച്ഛന്റെ ഈ പാപം മകനിൽ—യേശുവിൽ—വന്നു ചേരുന്നു. അതു് ദൈവപുത്രനെ അനുധാവനം ചെയ്യുന്നു. നോവലിലെ കഥയനുസരിച്ചു് ജോസഫ് റോമൻ ഭടന്മാരാൽ കുരിശിൽ തറയ്ക്കപ്പെടുകയാണു്. അച്ഛന്റെ മരണത്തിനു ശേഷവും യേശു ആ പാപഭാരം ചുമന്നു നടക്കുന്ന ചിത്രം അസാധാരണമായ വിധത്തിലാണു്, അനാദൃശ്യമായ രീതിയിലാണു് സാറാമാഗു വരയ്ക്കുന്നതു്.

യേശുവിന്റെ കൈത്തണ്ടയിലെ മാംസത്തിലൂടെ അവർ ആദ്യത്തെ ആണി തറച്ചു കയറ്റി. അപ്പോൾ തന്റെ പിതാവു് ആദ്യമായി അനുഭവിച്ച വേദന അദ്ദേഹമറിഞ്ഞു. അച്ഛൻ കുരിശിൽ കിടന്നതു കണ്ട യേശു തന്നെയും അതേ രീതിയിൽ കണ്ടു. അവർ പിന്നീടു് മറ്റേക്കൈത്തണ്ടയിൽ ആണിയടിച്ചു കയറ്റി. ഉപ്പൂറ്റിയിലൂടെ വേറൊരു ആണി. യേശു മെല്ലെ മെല്ലെ മരിക്കുകയാണു്. ഈശ്വരൻ ചിരിക്കുന്നു, മനുഷ്യൻ ഈശ്വരനു് മാപ്പു കൊടുക്കുന്നു. ഈശ്വരൻ ചെയ്യുന്നതെന്തെന്നു് ഈശ്വരനു് അറിഞ്ഞുകൂടാ… താൻ നസറേത്തിലാണെന്നു് യേശു കുരിശിൽ കിടന്നു കൊണ്ടു് സ്വപ്നം കണ്ടു. ചുമൽ കുലുക്കികൊണ്ടു് അച്ഛൻ—ജോസഫ്—പുഞ്ചിരി പൊഴിക്കുന്നു കിനാവിൽ. താഴെയുള്ള ഇരുണ്ട പാത്രത്തിൽ സ്വന്തം രക്തം ഇറ്റിറ്റു വീഴുന്നതുമാത്രം യേശു കണ്ടില്ല.

അച്ഛന്റെ പാപം മകനിൽ വന്നു ചേരുന്നോ? ചേരുന്നുവെന്നാണു് സാറാമാഗു ഈ കലാസൃഷ്ടിയിലൂടെ പറയുന്നതു്. മഗ്ദലന മറിയത്തെ സംബന്ധിച്ച വർണ്ണനയിലുള്ള എന്റെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടു ഞാൻ പറയട്ടെ മനുഷ്യ മനസ്സിനെ ഉന്നമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ടു്. ആശയ ഗഹനതയിൽ, ആവിഷ്കാര ചാരുതയിൽ ഇതു് അനാദൃശ്യമാണു്. യേശു ക്രിസ്തുവിനെ കുരിശിൽത്തറച്ചു കൊല്ലാൻ വിധിച്ച പൊൺഷസ് പൈലറ്റ് (Pontius Pilate) പ്രധാന പുരോഹിതനോടു് I have written what I have written എന്നു പറഞ്ഞു. കുരിശിന്റെ മുകളിൽ എഴുതിവയ്ക്കുന്ന ഭാഗത്തു ഭേദഗതി വരുത്തണമെന്നു പുരോഹിതൻ പറഞ്ഞപ്പോൾ പൈലറ്റ് നൽകിയ മറുപടിയാണിതു്. ‘ഞാൻ എഴുതിയതു് എഴുതിയതു തന്നെ’ എന്നു് സാറാമാഗുവും ഈ നോവലിലൂടെ പറയുന്നുവെന്നു എനിക്കു തോന്നുന്നു.

പ്രകാശമാർന്ന ലോകം
images/Italo-Calvino.jpg
ഈറ്റാലോ കാൽവിനോ

കടൽവെള്ളത്തിന്റെ ഒരു തുള്ളിയിൽ കടലിനെയാകെ കാണാമെന്നു് ഖലീൽ ജിബ്രാൻ പറഞ്ഞിട്ടുണ്ടു്. ദൂരദർശിനി അവസാനിക്കുന്നിടത്തു് സൂക്ഷ്മ ദർശിനി ആരംഭിക്കുന്നു; ഈ കാഴ്ചകളിൽ ഏതിനാണു ശ്രേഷ്ഠത്വം കൂടുതൽ? എന്നു് യൂഗോ യും. ഒരു മണൽത്തരിയിൽ വിശ്വമാകെ കാണാനും ഒരു കാട്ടുപൂവിൽ സ്വർഗ്ഗം ദർശിക്കാനും ഉള്ളം കയ്യിൽ അനന്തതയെ വയ്ക്കാനും ഒരു നാഴികയിൽ നിത്യതയെ ഒതുക്കാനും അഭിലഷിച്ചില്ലേ ഇംഗ്ലീഷ് കവിയും മിസ്റ്റിക്കുമായ വില്യം ബ്ളേക് ? സത്തയുടെ വൈപുല്യമാർന്ന പ്രാദുർഭാവം ഏറ്റവും സൂക്ഷ്മമായതിലും ഉണ്ടെന്നാണു് ആ മഹാകവിയുടെ മതം. മഹാവിശ്വത്തെ അണുവിശ്വമാക്കുക—അതു തന്നെയാണു കലാകാരന്റെ പ്രവൃത്തി. ദിക്കുകളെ തകർത്തു കൊണ്ടു എത്തുന്ന തീവണ്ടി നമ്മളെ ഞെട്ടിക്കും. എന്നാൽ ചുറ്റുകമ്പി മുറുക്കിവച്ചു് കൊച്ചു കുഞ്ഞു് ഓടിക്കുന്ന കളിപ്പാട്ടമായ തീവണ്ടി നമ്മളെ ആഹ്ലാദിപ്പിക്കും. ക്യൂബയിൽ ജനിച്ചു് ഇറ്റലിയിൽ വളർന്ന ഇറ്റാല്യൻ നോവലിസ്റ്റ് ഈറ്റാലോ കാൽവിനോ The Road to San Giovanni (സാൻ ജോവന്നിയിലേക്കുള്ള പാത) എന്ന ആത്മകഥയിൽ അനുഷ്ഠിക്കുന്ന കൃത്യവും ഇതു തന്നെ. അദ്ഭുതാവഹം, ആശ്ചര്യകരം, വിസ്മയദായകം എന്നീ വിശേഷണങ്ങൾ മലയാള സാഹിത്യത്തിലെ ഒരു കൃതിക്കും ഈ ലേഖകൻ നല്കിയിട്ടില്ല. പടിഞ്ഞാറൻ രചനകളെക്കുറിച്ചു് എഴുതുമ്പോഴും വിരളമായേ ഞാൻ ആ വിശേഷണങ്ങൾ പ്രയോഗിച്ചിട്ടുള്ളു. എന്നാൽ ഈ ആത്മകഥയ്ക്കു് ഈ വിശേഷണം പ്രത്യക്ഷരം ചേരുന്നുവെന്നു് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാൻ എനിക്കു താല്പര്യമുണ്ടു്.

ബൃഹദാകാരമാർന്ന ജീവിതത്തെ കാൽവിനോ ഹ്രസ്വാകാരമാക്കുന്നതു് യുക്തിയെയും വികാരത്തെയും സങ്കലനം ചെയ്താണു്: ചിന്തയെയും സംവേദനത്തെയും സമ്മേളിപ്പിച്ചാണു്. അതു് അകൃത്രിമമായി നിർവഹിക്കുന്നതു കൊണ്ടു് മനോരഥ സൃഷ്ടികളിലേക്കു വാസ്തവികത ചെന്നു ചേരുമ്പോഴും അനുവാചകനു് രസഭംഗം സംഭവിക്കുന്നില്ല. ഫാന്റസി എന്ന മണ്ഡലത്തിലേക്കു കാലൂന്നാതെ രചിക്കാനാണു് കാൽവീനോ യത്നിച്ചതു്. ആ യത്നം വിജയഭാസുരമായി പരിണമിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.

അഞ്ചു ഭാഗങ്ങൾ ഉൾക്കൊള്ളുന്നു കാൽവിനോയുടെ അത്മകഥ. ആദ്യത്തേതു് ‘സാൻജോവാന്നിയിലേക്കുള്ള പാത’ സാൻജോവാന്നി കാൽവിനോയുടെ അച്ഛന്റെ എസ്റ്റേറ്റാണു്—തോട്ടമാണു്. അച്ഛൻ തോട്ടത്തിലേക്കു പോകുന്നതും വിത്തുകളടങ്ങിയ ചാക്കു കെട്ടുകളെടുത്തു് കാൽവിനോ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ പിറകേ പോകുന്നതുമൊക്കെ ആത്മകഥാകാരൻ കവിതയുടെ മട്ടിൽ വർണ്ണിക്കുന്നു. എന്നാൽ അതിനല്ല പ്രാധാന്യം. വർണ്ണനകളിലൂടെ ഉരുത്തിരുയുന്ന അച്ഛന്റെയും മകന്റെയും സ്വഭാവ സവിഷേതകളാണു് സൂര്യരശ്മിയേറ്റു വെട്ടിത്തിളങ്ങുന്ന സ്ഫടികോപലം പോലെ വായനക്കാരെ ആകർഷിക്കുന്നതു്. അച്ഛന്റെ മനസ്സിനു വാക്കുകൾ വസ്തുക്കളുടെ ദൃഢീകരണം നടത്തുന്നവയാണു്. അവ ഉടമസ്ഥതയുടെ അല്ലെങ്കിൽ കൈവശാവകാശത്തിന്റെ അടയാളങ്ങൾ. മകനു് വാക്കുകൾ കാണപ്പെടാത്ത വസ്തുക്കളുടെ പൂർവജ്ഞാനം മാത്രം. കാൽവീനോക്കു് അവ ഉടമസ്ഥതയുടെ പ്രതീകങ്ങളല്ല. അച്ഛൻ ചെടികളെയും മരങ്ങളെയും ‘അബ്ഡേർഡാ’യ ലാറ്റിൻ പേരുകൾ പറഞ്ഞു് വിവരിക്കും. മകനു് വസ്തുക്കളുടെ ലോകം മൂകമായതിനാൽ മസ്തിഷ്കത്തിലൂടെ ഒഴുകുന്ന വാക്കുകൾ അവയോടു് (വസ്തുക്കളോടു്) ചേരുകയില്ല. ചേരുന്നതു് വികാരങ്ങളോടു്, ഫാന്റസികളോടു്, പിതാവു് മരച്ചീനിച്ചെടി കണ്ടാൽ മാനിഗോട്ട് യൂട്ടിലിസ്മ എന്നോ മാനിഹോട്ട് എസ്ക്യൂലേന്റെ എന്നോ പറഞ്ഞേക്കും. (ഉദാഹരണം എന്റേതു്. പണ്ടു പഠിച്ച സസ്യശാസ്ത്രത്തിന്റെ ദുർബലമായ ഓർമ്മയെ അവലംബിച്ചാണു് ലാറ്റിൻ പദപ്രയോഗം.) പുത്രൻ ഇല്ലാത്ത പേരുകൾ സൃഷ്ടിക്കും. “Ypotoglaxia jasminifolia”, “Photophila wolfoides”, “Crotodendron indica” ഇങ്ങനെ പലതും (പേരുകൾ കാൽവിനോയുടെ പരിഹാസ സൃഷ്ടികൾ). അച്ഛൻ കഠിനാദ്ധ്വാനം ചെയ്യുന്ന ഭൂവുടമസ്ഥൻ. അദ്ദേഹം കാടും മേടുകളും താണ്ടി മുന്നോട്ടു പോകുമ്പോൾ കാൽവീനോ ഭിത്തികളുടെയും അച്ചടി മഷി പുരണ്ട കടലാസ്സുകലുടെയും ‘രാവണൻകോട്ട’കളിൽ കിടന്നു കറങ്ങും. ഒലീവ് മരങ്ങൾ പൂക്കുന്നതിനെക്കുറിച്ചു് അച്ഛൻ സംസാരിക്കുമ്പോൾ മകൻ അതു കേൾക്കാതെ കടൽക്കരയിലേക്കു പോകുന്നതിനെക്കുറിച്ചു വിചാരിക്കും. അവിടെ മൃദുലങ്ങളായ കൈകൾ കൊണ്ടു പെൺകുട്ടികൾ പന്തുകൾ എറിയുന്നുണ്ടാവും. തിളക്കത്തിൽ അവർ മുങ്ങും. ആർപ്പു വിളിക്കും. നീന്തിത്തുടിക്കും.

ആത്മകഥയുടെ രണ്ടാമത്തെ ഭാഗം A cinema-goer’s autobiography എന്നതാണു് (ചലച്ചിത്രം കാണാൻ പോകുന്നയാളിന്റെ ആത്മകഥ). ചലച്ചിത്രം പൂർവയൗവനാവസ്ഥയിലായിരുന്ന ഒരാളിനെ എങ്ങനെ സ്വാധീനപ്പെടുത്തി? ദൂരതയ്ക്കു വേണ്ടിയുള്ള ആവശ്യകതയ്ക്കു അതു സംതൃപ്തിയരുളിയെന്നു് ഉത്തരം. വാസ്തവികതയുടെ അതിരുകൾക്കു് വ്യാപകത്വം നല്കുന്നു ചലച്ചിത്രം. അളക്കാൻ വയ്യാത്ത മാനങ്ങൾ അതു് കാൽവിനോക്കു ചുറ്റും നിർമ്മിച്ചു. പ്രത്യക്ഷാനുഭവങ്ങളുടെ ലോകത്തു് അതു് അന്യോന്യബന്ധം സൃഷ്ടിച്ചു. നമ്മളിൽ നിന്നു് ബാഹ്യമായി ഒരു ലോകമുണ്ടല്ലോ. കർത്തൃനിഷ്ഠവും വസ്തുനിഷ്ഠവുമായ കാരണങ്ങളാൽ അതിനെ നമുക്കു നേരിട്ടറിയാൻ വയ്യ. ചലചിത്രം നമുക്കായി ഈ ബാഹ്യലോകത്തിന്റെ ശക്തിയാർജ്ജിച്ച ബിംബം സൃഷ്ടിച്ചു തരുന്നു. നമുക്കു നമ്മളോടു ബന്ധത്തിനു മാറ്റം വരുത്തി നമ്മളെത്തന്നെ കാണാനും നമ്മുടെ ദൈനംദിന ജീവിതത്തെ ദർശിക്കാനും സിനിമ സഹായിക്കുന്നു. ഇറ്റലിയിലെ ചലച്ചിത്ര സംവിധായകൻ ഫേദേറീക്കാ ഫേലീനീയുടെ സിനിമയിൽ ബാഹ്യലോകം സ്ക്രീനിനെ സമാക്രമിക്കുന്നു. സിനിമാശാലയും അന്ധകാരത്തെ പ്രകാശത്തിലേക്കു കൊണ്ടു ചെല്ലുന്നു. ഫേലീനിയുടെ ഓരോ ചിത്രവും ആത്മകഥയാണു്.

സ്ഥലപരിമിതിയെ പരിഗണിച്ചു് ‘Memories of a battle’ എന്ന അടുത്ത ഭാഗത്തെ വിട്ടിട്ടു് നമുക്കു La Poubelle Agree’ എന്നതിലേക്കു ചെല്ലാം. കുടുംബജീവിതത്തെക്കുറിച്ചാണു് ഈ ഖണ്ഡത്തിലെ പ്രതിപാദനം. പാരീസിലെ മലിനങ്ങളായ തെരുവുകളെ അവയിൽ നിന്നു രക്ഷിക്കാനായി പൂബെൽ എന്ന ഉദ്യോഗസ്ഥൻ ചവറ്റുപാത്രങ്ങൾ വയ്ക്കാനായി കല്പിച്ചു. അയാളുടെ പേരുതന്നെയാണു ആ ചവറ്റുപാത്രങ്ങൾക്കും കിട്ടിയതു്. വീട്ടിലെ ചെറിയ കുപ്പത്തോട്ടിയിൽ നിന്നു് വലിയ കുപ്പത്തൊട്ടിയിലേക്കു് ചവറുകൾ തട്ടി റോഡിലേക്കു കൊണ്ടു പോകുന്ന താൻ സാമൂഹിക പ്രവർത്തനം നടത്തുകയാണെന്നു കാൽവീനോ കരുതുന്നു. അതു ചെയ്തില്ലെങ്കിൽ തന്റെ വ്യക്തിപരമായ അസ്തിത്വത്തിന്റെ ഒച്ചിൻ തോടോടു കൂടി (snail shell) സംസ്കരിക്കപ്പെടും. ഈ കുപ്പത്തോട്ടിയൊഴിക്കൽ കാൽവീനോയുടെ ആവശ്യകതയാണു്. തന്റേതായിരുന്ന ഒരംശത്തെ അദ്ദേഹം തന്നിൽ നിന്നു അങ്ങനെയാണു് വേർപ്പെടുത്തുക. ചവറ്റുപാത്രത്തിലെ ചവറുകൾ നമ്മുടെ സത്തയുടെ ഒരംശമാണു്. അതു് അന്ധകാരത്തിൽ താഴ്‌ന്നേ മതിയാവൂ. ഒടുവിൽ ഭൗതിക ശരീരം തന്നെ ചവറ്റു കൂനയായി മാറി ശവദാഹത്തിനുള്ള ഉപകരണത്തിലേക്കു നയിക്കപ്പെടാനായി വണ്ടിയിൽ വയ്ക്കപ്പെടുന്നു.

കുടുംബജീവിതത്തിൽ സ്ത്രീക്കും പുരുഷനുമുള്ള സ്ഥാനമെന്താണു്? പടിഞ്ഞാറൻ സ്ത്രീകളുടെ സംഘം പുരുഷസംഘത്തോടു പറയുന്നു: ‘ഒരു പാർട്ടി നടത്താൻ വേണ്ടി ഒരു തവണ പാചകം ചെയ്യാൻ ഞാൻ സന്നദ്ധയാണു്. ഒരിക്കൽ എന്നെത്തന്നെ ആവിഷ്കരിക്കാനും. ഒരിക്കൽ പാരമ്പര്യം പകർന്നു കൊടുക്കാനും. ഒരിക്കൽ ആവശ്യകതയുടെ പേരിൽ. പിന്നെ ഒരു തവണ സ്നേഹത്തിന്റ പേരിലും പാചകം ചെയ്യാം. പക്ഷേ, എന്റെ ജോലി പാചകം ചെയ്യലാണെന്നും നിങ്ങളുടേതു് വന്നിരുന്നു് അതു ഭക്ഷിക്കാനുമാണെന്ന സങ്കല്പത്തോടു കൂടി ആണ്ടിൽ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും ഞാൻ പാചകം ചെയ്യില്ല.’ പുരുഷൻ കുടുംബ ബജറ്റിനു വേണ്ടി വലിയ സംഭാവന നടത്തിയാലും അയാൾ വീട്ടുജോലി ചെയ്യാതിരുന്നാൽ പരോപ ജീവിയായേ കരുതപ്പെടുകയുള്ളൂ. മാറ്റം വരും. ഭക്ഷണശാലകളിൽ കയറി വേണ്ടതെല്ലാം കഴിച്ചിട്ടു് ബില്ലിന്റെ പണവും കൊടുത്തു പോകാമെന്നു ധരിക്കരുതു്. അതിനു ശേഷം ഉരുളക്കിഴങ്ങിന്റെ തൊലി ചെത്തിക്കൊടുക്കേണ്ടതായി വരും.’

അവസാനത്തെ ഭാഗമായ From the opaque (നിഷ്പ്രഭമായതിൽ നിന്നു്) തികച്ചും സമുജ്ജ്വലമത്രേ. ഇന്നുള്ള ലോകം അതാര്യമാണു് അല്ലെങ്കിൽ വെളിച്ചം കടക്കാത്തതാണു്. പ്രകാശം വീണ സ്ഥലം ഇതിന്റെ മറുപുറം മാത്രം. കാൽവിനോ എഴുതുന്നതു് വെളിച്ചം കടക്കാത്ത സ്ഥലത്തിന്റെ അഗാധതയിൽ നിന്നാണു്. അവിടെയിരുന്നു കൊണ്ടു് അദ്ദേഹം പ്രകാശമാർന്ന ലോകത്തിന്റെ പുനഃസൃഷ്ടി നടത്തുന്നു.

ചിന്തയുടെ മൗലികത, ആവിഷ്കാരത്തിന്റെ ചാരുത, ഭാവനയുടെ വിലാസം, ഇവയിലെല്ലാം ഈ ആത്മകഥ അദ്വിതീയമാണു്. ചവറു മാറ്റിയിടുന്നതിനെപ്പോലും തത്വചിന്താത്മകമായി വീക്ഷിക്കാൻ ഈ വലിയ സാഹിത്യകാരനല്ലാതെ വേറെയാർക്കും കഴിയുകയില്ല. ഏതു ക്ഷുദ്ര സംഭവത്തെയും തത്ത്വചിന്തയിലേക്കും അവിടെ നിന്നു കലയിലേക്കും ഉയർത്താൻ കാൽവിനോക്കു കഴിയും. ഇതു വായിച്ചു തീരുമ്പോൾ അനുവാചകനുണ്ടാകുന്ന മാനസികോന്നമനം അസാധാരണമെന്നേ പറഞ്ഞുകൂടു. അതാര്യമായ ലോകത്തിരുന്നു കൊണ്ടു് സുതാര്യമായ കലാലോകത്തെ സൃഷ്ടിച്ച കാൽവിനോ, അങ്ങയ്ക്കു വന്ദനം.

കാമത്തിന്റെ പൂക്കൾ
images/Yasunari_Kawabata.jpg
യാസൂനാരീ കാവാബാത്ത

യാസൂനാരീ കാവാബാത്ത (Yasunari Kawabata, 1899–1972), യൂക്കീയോ മീഷീമ (Yukio Mishima, 1925–1970), ഇതു തൂലികാനാമം. ശരിയായ പേരു് ഹീറൊ ഓക്കാ കീമീതാക്കേ (Hiraoka Kimityake), ജൂനി ചീറോ താനീസാക്കീ (Juni chiro Tanizaki, 1886–1965). ഈ മൂന്നു ജാപനീസ് നോവലെഴുത്തുകാരും അനിയത ലൈംഗികാസക്തിയെ ചിത്രീകരിക്കുന്നതിൽ തൽപരരാണു്. കാവാബാത്തയുടെ ‘The sound of the Mountain’ എന്ന നോവലിൽ പ്രധാന കഥാപാത്രമായ ഷീൻഗോക്ക് (shingo) അയാളുടെ മകന്റെ ഭാര്യയോടു തോന്നുന്ന ലൈംഗികാഭിലാഷമാണു് പ്രതിപാദ്യവിഷയം. സ്വവർഗ്ഗനുരാഗമാണു് മീഷീമ ‘Confessions of a Mark’ എന്ന നോവലിൽ വിവരിക്കുന്നതു്. താനീസാക്കിയാകട്ടെ പക്ഷാഘാതത്തിൽനിന്നു മോചനം നേടിവരുന്ന എഴുപത്തിയേഴു വയസ്സുള്ള ഒരുത്തനു് അയാളുടെ മകന്റെ ഭാര്യ സാത്സൂക്കോയോടു തോന്നുന്ന അതിരു കടന്ന കാമത്തെ ആവിഷ്കരിക്കുന്നു. കാവാബാത്തയുടെ നോവലിൽ ലൈംഗികാഭിലാഷത്തിനു പ്രച്ഛന്നതയുണ്ടു്. മീഷിമയുടെയും താനീസാക്കിയുടെയും രചനകളിൽ അതു പ്രകടീകൃതമാണു്. പടിഞ്ഞാറൻ സാഹിത്യകാരന്മാർ ലൈംഗിക വൈകൃതങ്ങളെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അവർക്കു ഇക്കാര്യത്തിൽ ജാപ്പനീസ് സാഹിത്യകാരന്മാർക്കുള്ള അമിത കൗതുകമില്ല. ഇതിനു ഹേതു എന്താണെന്നു എനിക്കറിയാൻ പാടില്ല. നരവംശ ശാസ്ത്രജ്ഞന്മാരും ലൈംഗിക ശാസ്ത്രജ്ഞന്മാരും മനഃശാസ്ത്രജ്ഞന്മാരുമാണു് അതിനു വിശദീകരണം നല്കേണ്ടതു്. ഇവിടെ ഒരുകാര്യം സ്പഷ്ടമാക്കേണ്ടിയിരിക്കുന്നു. ജാപ്പനീസ് നോവലിസ്റ്റുകൾ ജനനേന്ദ്രിയ സംബന്ധിയായ വികാരത്തെ പച്ചയായിട്ടല്ല നോവലുകളിൽ സ്ഫുടീകരിക്കുന്നതു്. അവയുടെ സംശോധിത രൂപങ്ങളുടെ ആവിഷ്കാരത്തിലും അവർക്കു കൗതുകമില്ല. ഒരനിയത വികാരത്തിനു നോവലുകളിലൂടെ പ്രത്യക്ഷീകരണം നല്കുമ്പോഴും ശുദ്ധമായ കലയുടെ മനോഹാരിതയിലാണു് അവരുടെ ദൃഷ്ടി. ആ നിലയിൽ ചേതോഹരമായ നോവലാണു് ജൂനീചിറോ താനീസാക്കിയുടെ ‘Diary of a Mad Old Man’.

images/Yukio_Mishima.jpg
യൂക്കീയോ മീഷീമ

ജന്മവാസനയ്ക്കു മൂല്യബോധമില്ല. സംസ്കാരവും പരിഷ്കാരവും അതിനെ നിയന്ത്രിച്ചു് മൂല്യബോധമുളവാക്കുന്നു. അതിനു് (മൂല്യത്തിനു്) ഊന്നൽ നല്കുന്നു. വിവേചനമില്ലാത്ത ആഹ്ലാദാനുഭൂതിയെ പരാജയപ്പെടുത്തിക്കൊണ്ടു് സത്യാത്മകത ആ സന്ദർഭത്തിൽ വിരാജിക്കുന്നു. എന്നാൽ താനീസാക്കിയുടെ നോവലിലെ വൃദ്ധൻ ഊത്സൂഗീ, യുക്തിയുടെയും സന്മാർഗ്ഗത്തിന്റെയും അതിർ വരമ്പു ലംഘിച്ചു മറുകണ്ടത്തിലേക്കു ചാടുന്നു. ഭാര്യയും മകനും കാണരുതു് തന്റെ അനിയത ലൈംഗികപരാക്രമങ്ങൾ എന്നേ അയാൾക്കു വിചാരമുള്ളൂ. വൃദ്ധനു് ഒരു വശത്തെ കൈയും കാലും അതിവേദനയാർന്നതാണു്. സ്വാഭാവികമായ ഒറ്റപ്പല്ലും അയാളുടെ വായ്ക്കകത്തില്ല. എല്ലാം കൃത്രിമപ്പല്ലുകൾ. ചെറുപ്പകാലത്തു ലൈംഗികരോഗം പിടിപെട്ടവനാണു് അയാൾ. കഥ തുടങ്ങുന്ന വേളയിൽ കിഴവന്റെ ശുക്ല ഗ്രന്ഥി വീർത്തിരിക്കുന്നു. അതുകൊണ്ടു് മൂത്ര വിസർജ്ജനത്തിനു തടസ്സം. ഇതൊക്കെയായിട്ടും അയാൾക്കു മരുമകളായ സാത്സൂക്കയോടു കാമം. അല്പം പകയുള്ളവളാണു് സാത്സൂക്കോ. കുറച്ചു കള്ളം പറയും. ഭർത്താവിന്റെ അമ്മയോടോ അവരുടെ പെൺമക്കളോടോ അവൾക്കു് ഇഷ്ടമില്ല. സ്വന്തം കുഞ്ഞിനോടും അവൾക്കു വികാരരഹിതമായ അവസ്ഥയാണു്. എങ്കിലും അമ്മാവനോടു അവൾ ക്രമേണ അടുക്കുന്നു. വൈരൂപ്യവും വേദനകളും വച്ചുകൊണ്ടു് അയാൾ അവളെ കാമാസക്തിയോടെ നോക്കുന്നു. സദാചാരപരമായ ജീവിതമല്ല സാത്സൂക്കോ വിവാഹത്തിനു മുൻപും നയിച്ചിരുന്നതു്. അവളെ കാണുമ്പോൾ കിഴവൻ വികാരത്തിന്റെ അത്യന്താവസ്ഥയിലെത്തും. ശാരീരിക വേദനയും ലൈംഗികത്വത്തിന്റെ നിയതാഹ്ലാദങ്ങൾ അനുഭവിക്കാനുള്ള കഴിവില്ലായ്മയും ഈ അനിയതത്വമുണ്ടാക്കുകയില്ലെന്നു് ആരു കണ്ടു?

images/Junichiro_Tanizaki.jpg
ജൂനി ചീറോ താനീസാക്കീ

വൃദ്ധൻ കിടക്കുന്ന മുറിയുടെ തൊട്ടടുത്താണു് കുളിമുറി. ഒരു ദിവസം സാത്സൂക്കോ കുളിമുറിയിൽ നിന്നു് തലമാത്രം പുറത്തേക്കിട്ടു് അയാളോടു പറഞ്ഞു ‘ഞാൻ ഷവറിനു താഴെ നില്ക്കുമ്പോഴും വാതിൽ പൂട്ടാറില്ല. ഏതു സമയത്തും ഇതു തുറക്കാവുന്നതാണു്’ അതുകേട്ടു് ഒരു ദിവസം വൂദ്ധൻ കുളിമുറിയുടെ വാതിൽ തെല്ലൊന്നു തള്ളിനോക്കി.’ എന്തുവേണം? എന്നു് അവൾ ചോദിച്ചപ്പോൾ ‘നീ പറഞ്ഞില്ലേ? വാതിൽ കുറ്റിയിടാറില്ലെന്നു്. അതുകൊണ്ടു് ഞാനതു നോക്കാൻ ശ്രമിക്കുകയായിരുന്നു.’

കിഴവൻ കുളുമുറിക്കകത്തു മരുമകളുടെ നിർദ്ദേശമനുസരിച്ചു കയറി. ‘റ്റൗവൽ കൊണ്ടു എന്റെ മുതുകു തുടയ്ക്കു’ എന്നായി അവൾ. തുടയ്ക്കുന്ന വേളയിൽ അയാൾ അവളുടെ കഴുത്തിന്റെ മൃദുവായ വളവിൽ രസനാഗ്ര ചുംബനം നടത്തി. യുവതി അയാളുടെ കവിളിൽ ശക്തമായ ഒരടി കൊടുക്കുകയും ചെയ്തു. ഇനി അതുപോലെ ചെയ്താൽ തന്റെ ഭർത്താവിനോടു് (കിഴവന്റെ മകനോടു്) പറയുമെന്നു് അവൾ മുന്നറിയിപ്പു നല്കി. കുറച്ചു കഴിഞ്ഞു താൻ ചെയ്തുപോയ അപരാധത്തിനു യുവതി അയാളോടു് മാപ്പു പറഞ്ഞു. ഇതൊക്കെ സ്ത്രീകളുടെ താൽകാലികങ്ങളായ കപട പ്രവർത്തനങ്ങളാണല്ലോ. ഒരു ദിവസം കുളിക്കുന്ന വേളയിൽ അമ്മാവനു് കൂടുതൽ ലൈംഗിക സ്വാതന്ത്ര്യം അവൾ നല്കി. അതിനു ശേഷമുള്ള വിവരണം നോവലിസ്റ്റിന്റെ ഭാഷയിൽ (ജപ്പാനീസല്ല) ഇംഗ്ലീഷ് തർജ്ജിമയിൽ തന്നെയാവട്ടെ.

‘(I) glued my lips to the same place on her calf and slowly savored her flesh with my tongue. It tasted like a real kiss. My mouth kept slipping lower and lower, down toward her heel. To my surprise she didn’t say a word. She let me do as I pleased… Kneeling, I ceammed her first three toes into my mouth…’

മുപ്പതു ലക്ഷം യെൻ കൊടുത്തു് വൃദ്ധൻ യുവതിക്കു് ഒരു വജ്രമോതിരം വാങ്ങിക്കൊടുത്തു. വൃദ്ധനു് ഒരാഗ്രഹം. ബുദ്ധനു് പാദമുദ്രകൾ പോലെ മരുമകളുടെ പാദമുദ്രകൾ കല്ലിൽ കൊത്തിയുണ്ടാക്കി അവയുടെ താഴെയായി തന്റെ ചിതാഭസ്മം വയ്ക്കണം. അപ്പോൾ കല്ലിനടിയിൽ തന്റെ അസ്ഥികൾ കിടന്നു രോദനം ചെയ്യുന്നതു് അവൾ കേൾക്കും. തേങ്ങലുകൾക്കിടയിൽ അയാൾ നിലവിളിക്കും. ‘വേദനിക്കുന്നു, വേദനിക്കുന്നു. വേദനിക്കുന്നെങ്കിലും എനിക്കാഹ്ലാദമാണു്. ഞാൻ ആഹ്ലാദിക്കുന്നു. ഇത്രത്തോളം ആഹ്ലാദം എനിക്കു് ഒരിക്കലും ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുമ്പോൾ ഞാനെത്ര ആഹ്ലാദിച്ചോ അതിൽക്കൂടുതലായ ആഹ്ലാദം… ചവിട്ടിമെതിക്കു ശക്തിയായി. കൂടുതൽ ശക്തിയോടെ’ വൃദ്ധന്റെ അനിയത ലൈംഗികാസക്തി കൂടിയതോടെ അയാൾക്കു ഹൃദോഗമുണ്ടാവുകയായി. ചികിത്സ കൊണ്ടു ഫലമില്ല. അയാളുടെ ജീവനൊടുങ്ങാറായ സന്ദർഭത്തിൽ നോവൽ അവസാനിക്കുന്നു. പാദമുദ്രകൾ നിർമ്മിക്കാനുള്ള അഭിലാഷവും സാഫല്യത്തിലെത്തിയില്ല.

സാന്മാർഗ്ഗികമൂല്യ ചിന്തനത്തിനുള്ള യത്നം നടത്തുന്നില്ല താനീസാക്കി. മനുഷ്യന്റെ ലൈംഗിക പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളും എത്ര സങ്കീർണ്ണങ്ങളായിരുന്നുവെന്നു കാണിച്ചു് ആസക്തി ചെന്നു പതിക്കുന്ന വ്യക്തി ആരായാലും അതു് സദാചാര നിയമങ്ങളെ ലംഘിച്ചു് സാഫല്യത്തിലെത്താൻ ശ്രമിക്കുന്നുവെന്നു കാണിക്കുകയാണു് നോവലിസ്റ്റ്, ആ യത്നം വിജയഭാസുരമായിത്തീരുന്നു എന്നതു കൊണ്ടു് ഇതു കലാത്മകമായ കൃതിയാണെന്നു സമ്മതിക്കാതിരിക്കാൻ വയ്യ. ‘To have sex means to exist sexually for another who exists sexually for me’ എന്നു് സാർത്ര് പറഞ്ഞതിനു യോജിച്ചിരിക്കുന്നു ഈ നോവൽ.

താനിസാക്കിയുടെ ഉൾക്കാഴ്ചകൾ അസാധാരണങ്ങളാണു്. സഹജാവബോധം കൊണ്ടും ഭാവന കൊണ്ടും അദ്ദേഹം മനുഷ്യരുടെ ചിത്തവൃത്തികളിലേക്കു കടന്നു ചെല്ലുന്ന കാഴ്ച നമ്മളെ വിസ്മയിപ്പിക്കും. ഇതിവൃത്തത്തിനു കുത്സിതത്വമുണ്ടെങ്കിലും രചനാരീതി കൊണ്ടു് അതിനെ ക്രമാനുഗതമായി നിർമ്മാജ്ജനം ചെയ്തു് ശുദ്ധമായ ഭാവാനുഭൂതിയിലേക്കു വായനക്കാരനെ കൊണ്ടു ചെല്ലാൻ നോവലിസ്റ്റിനു കഴിയുന്നുണ്ടു്. ഭാവനാത്മകമായ ആഖ്യാനത്തിൽ മാത്രം താനീസാക്കീ തൽപരനായതു കൊണ്ടു് മനോവിജ്ഞാനീയത്തിന്റെ വിരസങ്ങളായ പ്രതിപാദനങ്ങൾ ഈ നോവലിൽ ഇല്ല. ഈ നോവലിസ്റ്റിനെ ‘ഗ്രെയ്റ്റ് റ്റെറ്റർ’ എന്നു വിളിക്കാൻ പോലും ഈ ലേഖകൻ സന്നദ്ധനാണു്.

രാജഹംസമെന്നപോലെ

കേരളത്തിന്റെ വിശാലമായ അർത്ഥത്തിൽ ഭാരതത്തിന്റെ മഹാന്മാരായ പുത്രൻമാരിൽ സുപ്രധാനനായ ഒരാൾ—വൈയ്ക്കം മുഹമ്മദ് ബഷീർ—അന്ത്യവിശ്രമമായി. മലയാള സാഹിത്യത്തെയും മലയാള ഭാഷയെയും സ്നേഹിക്കുന്ന എല്ലാവരും ഈറനണിഞ്ഞ കണ്ണുകളോടുകൂടി, വിവർണ്ണവദനരായി, മൂകരായി ഇരിക്കുന്നു. ഇതിൽ വിസ്മയിക്കാനൊന്നുമില്ല. മൺമറഞ്ഞ ആ മഹാവ്യക്തി അവരുടെയെല്ലാം ജീവിതങ്ങളെ സമ്പന്നതയിലേക്കു നയിച്ച അപ്രമേയ പ്രഭാവനായിരുന്നല്ലോ. ഷെക്സ്പിയർ മൗനമുദ്രിതങ്ങളായ ചുണ്ടുകളോടു കൂടി ശയിക്കുന്ന ദേവാലയത്തിൽ ‘In Judgment a Nestor, in Genius a Socrates, in Art a Virgil: the earth covers him, the people weep for him, Olympus holders him’ എന്നൊരു ശിലാലിഖിതമുണ്ടത്രേ. കലയിൽ അനശ്വരനും മനുഷ്യത്വത്തിൽ സമുന്നതനുമായ ബഷീറിനെ ഭൂമി അതിന്റെ അഗാധതയിൽ സൂക്ഷിക്കുന്നു. ജനത കരയുന്നു. അവരോടൊപ്പം കണ്ണീരൊഴുക്കിക്കൊണ്ടു് ഞാനീ വരികൾ കുറിക്കുന്നു.

മനുഷ്യജീവിതത്തിനു് ഒരു ലയമുണ്ടു്. പ്രകൃതിക്കു് ഒരു കലയുണ്ടു്. സാഹിത്യത്തിനും ലയമുണ്ടു്. സാഹിത്യത്തിലെ ആ ലയം ഒരേ രീതിയിൽ പ്രവർത്തിക്കുമ്പോൾ മറ്റൊരു ലയം കൊണ്ടു വരുവാൻ പ്രതിഭാശാലിക്കേ കഴിയൂ. ആ നൂതന ലയാനുവിദഗ്ധത ഉള്ള കൃതി ആവിർഭവിക്കുമ്പോൾ അതിനെ യുഗനിർമ്മാണ രചനയെന്നു് അഭിജ്ഞൻമാർ വിളിക്കും. സി. വി. രാമൻ പിള്ള യുടെ ‘രാമരാജാബഹദൂർ’ എന്നു് നോവൽ മലയാള സാഹിത്യത്തിൽ നവീനലയം നിർമ്മിച്ച യുഗനിർമ്മാണ നോവൽ എന്ന വിശേഷണത്തിനു അർഹമായി. ബഷീറിന്റെ ‘ബാല്യകാല സഖി’ നവീനതമായ ലയം ഉൾക്കൊള്ളിച്ചു രചിച്ചതു കൊണ്ടു് അതിന്റെ ആവിർഭാവത്തോടെ മറ്റൊരു യുഗം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ നിലയിൽ മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ആ കൃതി ഒരു യുഗനിർമ്മാണനോവലായി പരിലസിക്കുന്നു. ‘ബാല്യകാല സഖി’യുടെ ആവിർഭാവത്തിനു ശേഷം, കാമുകിയുടെ പ്രേമലേഖനം പ്രതീക്ഷിച്ചു് പോസ്റ്റാഫീസിൽ എന്നും പോകുന്നവരെപ്പോലെ സഹൃദയർ ബഷീറിന്റെ മറ്റു നോവലുകൾക്കു് കാത്തിരിപ്പായി. കാമുകനും പലപ്പോഴും നിരാശതയായിരിക്കും അനുഭവം. കത്തുകൾ കിട്ടിയാൽത്തന്നെ എല്ലാം ഒരേ മട്ടിലായിരിക്കും. ‘ഞാൻ അങ്ങയെ സ്നേഹിക്കുന്നു.’ ‘അങ്ങില്ലെങ്കിൽ ഞാൻ മരിച്ചുകളയും.’ എന്നൊക്കെയായിരിക്കും പ്രസ്താവങ്ങളും ആവർത്തനങ്ങളും പുനരാവർത്തനങ്ങളും. ബഷീർ സഹൃദയനെ നിരാശപ്പെടുത്തിയില്ല. പ്രതീക്ഷിക്കുന്ന സമയത്തുതന്നെ ഒരോ നോവലും ഓരോ ചെറുകഥാ സമാഹാരവും പ്രത്യക്ഷപ്പെട്ടു. ഒന്നും ആവർത്തനമായിരുന്നില്ല താനും. അദ്ദേഹത്തിന്റെ കൃതികൾ ഓരോന്നുമെടുത്തു പരിശോധിക്കൂ. കലാപ്രചോദനം നൂതനങ്ങളായ ആശയങ്ങൾ സൃഷ്ടിക്കുന്നതു കാണാം. ‘ന്റുപ്പുപ്പാ’യിലെ ആശയ പ്രപഞ്ചമല്ല ‘പാത്തുമ്മയുടെ ആടി’ലുള്ളതു് അതിൽ നിന്നും വിഭിന്നം വേറൊരു നോവൽ. അദ്ദേഹത്തിന്റെ ആന്തരചൈതന്യം ഓരോ നോവലിനെയും കൂട്ടിയിണക്കുന്നുമുണ്ടു്. വിഷയങ്ങളിൽ വിഭിന്നത പുലർത്തിക്കൊണ്ടു് ആന്തര ചൈതന്യംകൊണ്ടു് രചനകളെ കൂട്ടിയിണക്കുമ്പോഴാണു് ‘ഇതാ വ്യക്തിത്വമുള്ള കലാകാരൻ’ എന്നു സഹൃദയൻ ഉദ്ഘോഷിക്കുക. അങ്ങനെ വ്യക്തിത്വവും സ്വത്വവുമുള്ള എഴുത്തുകാർ വിരളം. അതുകൊണ്ടാണു് ബഷീർ ധ്രുവനക്ഷത്രം പോലെ അകന്നു നിൽക്കുന്നതു്. അതുകൊണ്ടു തന്നെയാണു് അദ്ദേഹത്തിന്റെ ചരമം ഇത്രയേറെ ദുഃഖത്തിനു കാരണമായി ഭവിച്ചതും.

സാഹിത്യകാരൻ ആരല്ലയോ അതിന്റെ ആവിഷ്കാരമാണു് അയാളുടെ സാഹിത്യമെന്നു ക്രോചെ പറഞ്ഞിട്ടുണ്ടു്. അധാർമ്മികമായി പ്രവർത്തിക്കുന്നവർ ധാർമ്മികങ്ങളായ രചനകൾ ലോകത്തിനു നല്കുന്നു. ഭീരുവായ കലാകാരൻ തന്റെ കൃതികളുടെ ധൈര്യത്തെ വാഴ്ത്തുന്നു. ലൈംഗികാസക്തി കൂടിയ എഴുത്തുകാരൻ സദാചാരതൽപ്പരനായി ഗ്രന്ഥങ്ങളുടെ പുറങ്ങളിൽ നിന്നു് എഴുന്നേറ്റു വരുന്നു. ഇതു സത്യമാവാം. ക്രോചെയെന്ന ധിഷണാശാലി പറഞ്ഞതല്ലേ? പക്ഷേ, ബഷീറിന്റെ കാര്യത്തിൽ ആ ഇറ്റലിക്കാരന്റെ മതം ശരിയല്ല. പ്രതിപാദ്യവിഷയത്തിന്റെ അർത്ഥനകൾക്കു യോജിച്ച വിധത്തിൽ ‘ശബ്ദങ്ങളി’ൽ ലൈംഗിക വർണ്ണനകളുണ്ടെങ്കിലും മറ്റു നോവലുകളിൽ ധർമ്മത്തിനും മനുഷ്യത്വത്തിനുമാണു് പ്രാധാന്യം മനുഷ്യത്വത്തിന്റെ മൂർത്തിമദ്ഭാവമായിരുന്നു ബഷീർ. കലാകാരനായ ബഷീറും വിഭിന്നനല്ല. പ്രതികൂല വിമർശനം കൊണ്ടു് അദ്ദേഹത്തെ ക്ഷോഭിപ്പിച്ച ഞാൻ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ ഭവനത്തിൽ ചെന്നപ്പോൾ ഒരനുജനോടെന്ന രീതിയിലാണു് എന്നോടു പെരുമാറിയതു്; വിശിഷ്ടാതിഥി എന്ന മട്ടിൽ സ്വീകരിച്ചതു്. ഞാൻ ബഷീറിന്റെ സഹധർമ്മിണിയോടു പറഞ്ഞു: ‘ഞാൻ അദ്ദേഹത്തെ അതിരു കടന്ന രീതിയിൽ ഭർത്സിച്ചിട്ടുണ്ടു്. എന്നിട്ടും അദ്ദേഹം എന്നോടു എത്ര വാത്സല്യത്തോടെയാണു് പെരുമാറിയതു്. ശ്രീമതി വിനയത്തോടു പറഞ്ഞു. ഞങ്ങൾക്കു് വിശേഷിച്ചു് അദ്ദേഹത്തിനു് അതിലൊന്നുമില്ല സാർ’. ഞാൻ യാത്ര പറഞ്ഞപ്പോൾ സത്യത്തിന്റെ നാദമുയർത്തിക്കൊണ്ടു് എന്റെ അഭിവന്ദ്യ സുഹൃത്തു് രണ്ടു കൈകളും എന്റെ ശിരസ്സിൽവച്ചു് ‘ദൈവം അനുഗ്രഹിക്കും’ എന്നു് ആശംസിച്ചു. അതു ഭംഗിവാക്കുകളായിരുന്നില്ല. പ്രകടനമായിരുന്നുല്ല ബഷീറിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയരുന്ന ആശംസയായിരുന്നുവെന്നു് എന്റെ ഹൃദയമറിഞ്ഞു. ബഷീറിന്റെ സുദീർഘവും ആർജ്ജവമാർന്നതുമായ ഒരു കത്തു് എന്റെ കൈയിലുണ്ടു്. സ്വകാര്യകത്തുകൾ വ്യക്തിയുടെ മരണത്തിനു ശേഷം പരസ്യപ്പെടുത്തുന്നതു് മാന്യതയുടെ ലക്ഷണമല്ല. അതുകൊണ്ടു് അതിലെ ഒരു വാക്യം പോലും ഞാൻ ഇവിടെ എഴുതുന്നില്ല. മനുഷ്യത്വത്തിന്റെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ നാദങ്ങൾ കൊണ്ടു് അതു തരംഗിതമാണെന്നു മാത്രം എഴുതട്ടെ.

ഞാൻ വീണ്ടും അദ്ദേഹത്തിന്റെ രചനകളിലേക്കു വരികയാണു്. അസാധാരണമായ അന്യാദൃശമായ ഭംഗിയുണ്ടു് അവയ്ക്കു്. ഇംഗ്ലീഷിൽ charm എന്നു പറയുന്ന സവിഷേതയും ആ രചനയ്ക്കുണ്ടു്. തരുണിക്കു സൗന്ദര്യം മാത്രം പോരാ. ‘ചാം’ കൂടി വേണം. ‘ചാം’ ഇല്ലാത്ത, ആകർഷകത്വമില്ലാത്ത ഭംഗി ചൂടില്ലാത്തദീപം പോലെയാണു്. ബഷീറിന്റെ കലാദീപം സൗന്ദര്യം ഉൾക്കൊള്ളുന്നു. അതു ഊഷ്മളവുമാണു് ധിഷണാപരമായതിനെപ്പോലും ലളിതവും മനോഹരവുമായ ബിംബങ്ങളാക്കി അദ്ദേഹം അവതരിപ്പിക്കുന്നു. ഈ കഴിവു് മറ്റു കഥാകാരൻമാർക്കില്ല.

പൂർണ്ണചന്ദ്രനുദിച്ചു നിലക്കുന്ന വേളയിൽ ഞാൻ കളിവഞ്ചിയിലേറി വേമ്പനാട്ടു കായലിന്റെ മദ്ധ്യത്തിൽ നിശ്ചലനായി ഇരുന്നിട്ടുണ്ടു്, നിലാവു് ഒഴുകുന്നു. പക്ഷേ, നിശ്ശബ്ദമായിട്ടാണു് അതിന്റെ പ്രവാഹം. കായലിലെ ചിറ്റോളങ്ങൾ ചലിക്കുന്നു. എങ്കിലും ചലനങ്ങളിൽ നിന്നു ശബ്ദമുയരുന്നില്ല. അകലെ മരങ്ങളിലെ ഇലകൾ ചെറുതായി ചലനം കൊള്ളുന്നു. അവയ്ക്കും ശബ്ദമില്ല. എങ്കിലും എന്തൊരു സൗന്ദര്യമേളം. നിശ്ചലതയിലൂടെ സൗന്ദര്യമേളം നിർമ്മിച്ച കവിയാണു് ബഷീർ എന്ന നോവലിസ്റ്റ്. അദ്ദേഹം മരിച്ചോ? ഇല്ല. സൗന്ദര്യത്തിന്റെ നിശ്ചല തടാകത്തിൽ രാജഹംസമെന്നപോലെ അദ്ദേഹം മെല്ലെ നീങ്ങുന്നു. ഞാൻ മാത്രമല്ല മറ്റു സഹൃദയരും അന്തർനേത്രം കൊണ്ടു് ആ ചലനം കൊള്ളൽ കാണുന്നുണ്ടു്.

ഇരുട്ടിലേയ്ക്കു്

സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഏലീയാസ് കാനേറ്റി യുടെ ആത്മകഥയുടെ അവസാനത്തെ ഭാഗമായ “The Play of the Eyes”-ൽ ജർമ്മൻ നാടക കർത്താവു് ഗേഓർക്ക് ബൂഹ്നറു ടെ (Georg Buchner 1813–1837) “വൊയ്റ്റ്സക്ക് ” (Woyzech) എന്ന നാടകത്തെക്കുറിച്ചു പല പുറങ്ങളിലായി ഉപന്യസിച്ചിട്ടുണ്ടു്. ആദരാത്ഭുതങ്ങളോടു കൂടിയാണു കാനേറ്റി ആ നാടകത്തിന്റെ മഹത്ത്വം വിശദീകരിക്കുന്നതു്. ഏതാനും വാക്യങ്ങൾ ഞാൻ ഭാഷാന്തരീകരണം ചെയ്തു താഴെ ചേർക്കുന്നു.

images/GeorgBuchner.png
ഗേഓർക്ക് ബൂഹ്നർ

“ഒരു രാത്രി അത്യന്ത നിരാശതയുടെ ഒരു നിമിഷത്തിൽ ഞാൻ ഒരിക്കലും ഒന്നും എഴുതുകയില്ല എന്നു് ഉറപ്പുണ്ടായിരുന്നപ്പോൾ, ഇനി ഒന്നും വായിക്കുകയില്ല എന്നു് ഉറപ്പുണ്ടായിരുന്നപ്പോൾ ഞാൻ ആ മഞ്ഞപ്പുസ്തകമെടുത്തു ലക്ഷ്യമില്ലാതെ തുറന്നു. വൊറ്റ്സക്ക് (Wozzeck) എന്നു് അന്നു വിളിച്ചിരുന്ന ആ നാടകത്തിന്റെ ഒരു രംഗമായിരുന്നു അതു്. ഡോക്ടർ വൊറ്റ്സക്കിനോടു സംസാരിക്കുന്ന രംഗം. മിന്നലേറ്റ അനുഭവമായിരുന്നു എനിക്കു്. ഞാൻ ആ രംഗം വായിച്ചു. ആ ഖണ്ഡത്തിന്റെ ശേഷമുള്ള ഭാഗമാകെ വായിച്ചു. ആ അപൂർണ്ണ നാടകത്തിന്റെ എല്ലാ ഭാഗവും വീണ്ടും വീണ്ടും വായിച്ചു. എത്ര തവണ വായിച്ചുവെന്നു പറയാൻ വയ്യ. എണ്ണമറ്റ തവണകൾ ഞാനതു വായിച്ചിരിക്കണം. കാരണം രാത്രി മുഴുവൻ ഞാനതു വായിച്ചുകൊണ്ടിരുന്നു എന്നതു തന്നെ. മഞ്ഞനിറമാർന്ന ആ പുസ്തകത്തിൽ നിന്നു് “വൊറ്റ്സക്ക് മാത്രമേ തുടക്കം തൊട്ടു് അവസാനം വരെ വീണ്ടും വീണ്ടും വായിച്ചുള്ളു.” കാനേറ്റി ആ പാരായണം കൊണ്ടു് അത്രകണ്ടു് ഇളകിപ്പോയിരുന്നതിനാൽ കാലത്തു് ആറുമണിയാകുന്നതിനു മുമ്പു തന്നെ തീവണ്ടിയാപ്പീസിലേക്കു ഓടുകയും പ്രണയിനിയോടു് ആ നാടകത്തെക്കുറിച്ചു പറയാൻ വേണ്ടി പട്ടണത്തിലേക്കു ചെല്ലുകയും അവളെ അഗാധനിദ്രയിൽ നിന്നു വിളിച്ചുണർത്തുകയും ചെയ്തു.

ബൂഹ്നറുടെ വൊയ്റ്റ്സക്ക് (പഴയപേരു് വൊറ്റ്സക്ക്) വായിക്കുന്നവർ സഹൃദയരാണെങ്കിൽ കാനേറ്റിക്കുണ്ടായ അനുഭവം തന്നെ അവർക്കുണ്ടാകുമെന്നതിൽ ഒരു സംശയവുമില്ല. അത്രകണ്ടു് അതു മൗലികമാണു്, എല്ലാക്കാലത്തേക്കും നൂതനമാണു്. ഭാവനയുടെ സമുജ്ജ്വലാവസ്ഥ സഹൃദയർക്കു് ഇതിൽ ദർശിക്കാം. ഏതു ഉദാത്ത രചനയുടെയും കഥ സംഗ്രഹിച്ചെഴുതിയാൽ അതു് പരിഹാസ്യമാകും. തീരെ ചുരുക്കുമ്പോൾ പരിഹാസാവസ്ഥ പരകോടിയിലെത്തും. എങ്കിലും അതിനേ മാർഗ്ഗമുള്ളു.

ജർമ്മൻ സൈന്യത്തിന്റെ ഒരു ഭാഗം. അതിന്റെ ക്യാപ്റ്റന്റെ ‘ഓർഡർലി’യാണു് (ആടുതലി എന്നു മലയാളത്തിലെ ഗ്രാമ്യപ്രയോഗം) വൊയ്റ്റ്സക്ക്. സാന്മാർഗ്ഗികചിന്ത ഒട്ടുമില്ലാത്ത ഒരു ഡോക്ടർ ഏതും ശാസ്ത്രീയമായി നിരീക്ഷണം ചെയ്യുന്നു. അയാൾ ഓർഡർലിക്കു പയറ് മാത്രമേ ആഹാരമായി കൊടുക്കൂ. പട്ടിണിക്കിട്ടു് അയാളെ മാനസികമായും ശാരീരികമായും തകർക്കുക എന്നതാണു് ഡോക്ടറുടെ ലക്ഷ്യം. ആ മനുഷ്യാധമന്റെ ക്രൂരത നോക്കുക:

ഡോക്ടർ:
വൊയ്റ്റ്സക്ക്, ഞാനതു കണ്ടു. നീ തെരുവിൽ മൂത്രമൊഴിച്ചു. പട്ടിയെപ്പോലെ ചുവരിനോടു ചേർന്നു മൂത്രമൊഴിച്ചു…
വൊയ്റ്റ്സക്ക്:
പക്ഷേ, ഡോക്ടർ അതു് വിസർജ്ജനാവശ്യമല്ലേ? (Call of nature എന്നു നാടകത്തിൽ—ലേഖകൻ)
ഡോക്ടർ:
വിസർജ്ജനാവശ്യം. വിസർജ്ജനാവശ്യം. വിസർജ്ജനാവശ്യകത എന്നു് എന്നോടു പറയരുതു്. മൂത്രസഞ്ചിയെ നിയന്ത്രിക്കുന്ന സ്ഫിങ്ക്റ്റർ മാംസപേശി ഇച്ഛാശക്തിക്കു കീഴ്പ്പെട്ടിരിക്കുകയാണെന്നു് ഞാൻ തെളിയിച്ചിട്ടില്ലേ?… മൂത്രം നിയന്ത്രിക്കാൻ വയ്യ പോലും. വൊയ്റ്റ്സക്ക് നീ പയറുതിന്നോ?… വൊയ്റ്റ്സക്ക് നീ നിശ്ചയമായും വേറൊരു മൂത്രമൊഴിക്കലിനു് തയ്യാറായിട്ടില്ലേ? ഒന്നകത്തേക്കുപോയി ശ്രമിച്ചുനോക്കു്.
വൊയ്റ്റ്സക്ക്:
എനിക്കു വയ്യ ഡോക്ടർ.
images/Woyzeck.jpg
1997-ൽ അവതരിക്കപ്പെട്ട വൊയ്റ്റ്സക്ക് നാടകത്തിൽ നിന്നു് ഒരു രംഗം.

മാറീ (Marie) എന്ന വേശ്യയോടൊരുമിച്ചാണു് വൊയ്റ്റ്സക്കിന്റെ താമസം. അവർക്കു് ഒരു മകനുണ്ടു്. കാപ്റ്റനും ഓർഡർലിയെ വല്ലാതെ പീഡിപ്പിക്കുന്നു. അയാൾക്കു മുഖക്ഷൗരം ചെയ്തുകൊടുക്കേണ്ടതും വൊയ്റ്റ്സക്കാണു്. എല്ലാ മനുഷ്യരെയും രാസവസ്തുക്കളായി കാണുന്ന ഡോക്ടർ, വൊയ്റ്റ്സക്കിന്റെ മാനസികമായ തകർച്ച പൂർണ്ണമായെന്നു കണ്ടപ്പോൾ അയാളുടെ വേതനം വർദ്ധിപ്പിച്ചു.

നാടകത്തിലെ വേറൊരു കഥാപാത്രമാണു് ഡ്രംമേജർ. അയാൾ മാറീയെ ലൈംഗികാഭിലാഷത്തിനു വിധേയമാക്കിയിട്ടു് അവൾക്കു കാതിലിടുന്ന വളയങ്ങൾ സമ്മാനിച്ചു. അവ കണ്ടതോടെ മാനസിക ഭ്രംശമാർന്ന വൊയ്റ്റ്സക്ക് വല്ലാത്ത ദുശ്ശങ്കയ്ക്കു് അധീനനായി. മാറീയും ഡ്രംമേജറും കൂടി ഒരിടത്തു് ഒരുമിച്ചു നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ അതു മൂർദ്ധന്യാവസ്ഥയിലെത്തി. മാറീയെ കൊല്ലാനായി അയാൾ തീരുമാനിച്ചു. വൊയ്റ്റ്സക്ക് അവളെ ഒരു കുളത്തിനടുത്തു കൊണ്ടുപോയി കത്തികൊണ്ടു കുത്തിക്കൊന്നു. തികഞ്ഞ ഭ്രാന്താണു് അയാൾക്കു്. രക്തം പുരണ്ട കൈകളോടെ നൃത്തത്തിൽ പങ്കുകൊണ്ട അയാളെ കൊലപാതകിയായി ആളുകൾ ദർശിച്ചു. അതു മനസ്സിലാക്കി അയാൾ കുളത്തിലേക്കു് ഓടിച്ചെന്നു കത്തി അതിലെറിയുകയും കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്തു. അവസാനത്തെ രംഗവും ക്ഷോഭജനകമാണു്.

വൊയ്റ്റ്സക്ക്:
ഇതാ പോകുന്നു അതു് (അയാൾ വെള്ളത്തിലേക്കു കത്തിയെറിയുന്നു) ഇരുണ്ട വെള്ളത്തിൽ അതു് കല്ലുപോലെ താഴ്‌ന്നുപോകുന്നു. ചന്ദ്രൻ രക്തം പുരണ്ട കത്തിപോലെ… കഷണം കഷണമായി ഞാനതു മുറിക്കേണ്ടിയിരുന്നു. എന്നിൽ ഇപ്പോഴും ചോര പറ്റിയിരിക്കുന്നോ? എനിക്കു കുളിക്കേണ്ടിയിരിക്കുന്നു. ഇതാ ഒരു പാടു്. അതാ വേറൊന്നു്.
പോലീസുകാരൻ:
“നല്ല കൊലപാതകം. ശരിയായ കൊലപാതകം, മനോഹരമായ കൊലപാതകം. ആർക്കും ആഗ്രഹിക്കാവുന്ന രീതിയിൽ മനോഹരമായ കൊലപാതകം. വർഷങ്ങളായി ഇതുപോലെയൊരു കൊലപാതകം നമ്മൾ കണ്ടിട്ടില്ല” എന്നു പറയുമ്പോൾ നാടകത്തിൽ യവനിക വീഴുന്നു.

എന്റെ കൈയിലുള്ള ഇംഗ്ലീഷ് തർജ്ജമയിൽ 29 രംഗങ്ങളുണ്ടു്. ഒരു രംഗവും സമ്പൂർണ്ണമല്ല. ഖണ്ഡങ്ങൾ എന്നു വിശേഷിപ്പിക്കുന്നതാവും ഉചിതം. പക്ഷേ, ഈ 29 രംഗങ്ങളെയും കൂട്ടിയിണക്കുന്ന ഒരു ഘടകം നാടകത്തിനുള്ളതുകൊണ്ടു് ഒരു തരത്തിലുള്ള സമ്പൂർണ്ണത ഇതിനു കൈവന്നിരിക്കുന്നുവെന്നു പറയാം. എന്താണു് ആ ഘടകം? ഈ ലോകത്തു തിന്മയുണ്ടു്. ആ തിന്മ സമൂഹത്തിൽ നിന്നു് ഉത്ഭവിക്കുന്നോ? അതോ വ്യക്തിയിൽ നിന്നോ? സമൂഹത്തിൽ നിന്നു് തിന്മയുണ്ടാകുന്നില്ലെന്നു ബുഹ്നർ പറയുന്നില്ല. എന്നാൽ വ്യക്തിയിൽ നിന്നു രൂപംകൊള്ളുന്ന തിന്മയാണു് മനുഷ്യരെ തകർക്കുന്നതു് എന്ന ആശയം നാടകത്തിലെ സുപ്രധാന ഘടകമാണു്; അല്ലെങ്കിൽ ഒരാന്തരപ്രവാഹമാണു്. മനഃസാക്ഷിക്കുത്തില്ലാത്ത ഒരു ഡോക്ടർ ശാസ്ത്രത്തിന്റെ പേരിൽ ഒരു പാവത്തിനെ ഉന്മാദത്തോളം എത്തിക്കുന്നു. മൂത്രവിസർജ്ജനം ശാരീരികമായി ഒരാവശ്യകതയാണു്. അതിനെ നിയന്ത്രിക്കാൻ പ്രയാസം. പക്ഷേ, ഇച്ഛാശക്തികൊണ്ടു് അതു് നടക്കാത്തതു തെറ്റാണെന്നു ഡോക്ടർ അഭിപ്രായപ്പെടുന്നു. സൂര്യൻ പ്രകാശിക്കുമ്പോൾ ഡോക്ടർ മൂക്കു ജന്നലിൽക്കൂടി വെളിയിലേക്കിട്ടു തുമ്മാൻ ശ്രമിക്കുകയാണു്. തുമ്മലിനെക്കുറിച്ചു് ഒരു ശാസ്ത്രീയ പഠനം നടത്തേണ്ടിയിരിക്കുന്നു അയാൾക്കു്. അപ്പോഴാണു് അയാൾ വൊയ്റ്റ്സക്കിന്റെ മൂത്രമൊഴിക്കൽ കണ്ടതു്. ഡോക്ടർക്കു ദേഷ്യംവന്നോ? ഇല്ല. ദേഷ്യം അനാരോഗ്യത്തിന്റെ അടയാളമാണു്. അതു് ശാസ്ത്രീയവുമല്ല. വെറും മനുഷ്യനല്ലേ വൊയ്റ്റ്സക്ക്? അയാളോടു കോപിച്ചിട്ടു കാര്യമൊന്നുമില്ല. ഇങ്ങനെ അയാളെ ബലിമൃഗമാക്കിയും ഭ്രാന്തു് കൂടുന്തോറും ബോണസ് വർദ്ധിപ്പിച്ചുമാണു് ഡോക്ടർ ആ പാവത്തിനെ മൃഗസദൃശനാക്കുന്നതു്. ശാസ്ത്രം മനുഷ്യ സമൂഹത്തെ മൃഗീയതയിലേക്കു നയിക്കുന്നുവെന്നാണു് ബുഹ്നറുടെ പക്ഷം. ശാസ്ത്രം മാത്രമോ? സൈനികശക്തി, സെക്സ് ഇവയെല്ലാം അപമാന നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു, അങ്ങനെ വ്യക്തിയും ആ വ്യക്തി ഉൾക്കൊള്ളുന്ന സമുദായവും അനേകം സമുദായങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രവും ട്രാജഡിയിലെത്തുന്നു. ഈ ഉപാലംഭത്തിലൂടെ ബൂഹ്നർ പരോക്ഷമായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നു.

മിലിറ്ററിസം വ്യക്തിയുടെ സ്വത്വത്തെ നശിപ്പിക്കുന്ന രീതിക്കും നിദർശകമായിട്ടുണ്ടു് ഈ നാടകം. ക്യാപ്റ്റൻ, വൊയ്റ്റസക്കിനെക്കൊണ്ടു മുഖക്ഷൗരം നടത്തിച്ചു് അയാളുടെ ആത്മാഭിമാനം കെടുത്തുന്നു. എത്ര വിദഗ്ദ്ധമായിട്ടാണെന്നോ ക്യാപ്റ്റൻ അയാളുടെ ഇച്ഛാശക്തിയെ തകർക്കുന്നതു്. “വൊയ്റ്റ്സക്ക് നിനക്കു് സന്മാർഗ്ഗമെന്നതു് ഇല്ലേയില്ല. പള്ളിയുടെ അനുഗ്രഹമില്ലാതെയാണു് നിനക്കു ഒരു കുഞ്ഞുണ്ടായിരിക്കുന്നതു്. അതു് ഞാൻ പറയുന്നതുമല്ല.” മിലിറ്ററിസത്തിന്റെ പ്രതിരൂപമായ കാപ്റ്റൻ ഇങ്ങനെ സാമാന്യമനുഷ്യജീവിതത്തിന്റെ പ്രതിരൂപമായ വൊയ്റ്റ്സക്കിനെ നശിപ്പിക്കുന്നു. ഈ തിന്മയെ കാണിക്കുകയല്ലാതെ അതിനു പരിഹാരം നിർദ്ദേശിക്കുന്നതേയില്ല ബൂഹ്നർ. അതു് കലാകാരന്റെ കർത്തവ്യമല്ലെന്നു് അദ്ദേഹത്തിനറിയാം. തിന്മ ലോകത്തെ ഭരിക്കുന്നു; അല്പം നന്മ ഇവിടെ ഉണ്ടായെങ്കിൽ! എന്നേ അദ്ദേഹം ആഗ്രഹിക്കുന്നുള്ളു.

അനുവാചകരെ മാത്രമല്ല, സമുന്നതരായ കലാകാരന്മാരേയും ഹോൺട് ചെയ്ത നാടകമാണു് ബൂഹ്നറുടെ വൊയ്റ്റ്സക്ക്. ഹൗപ്റ്റ്മാൻ വേഡേകിന്റ്, മാക്സ് ഫ്രിഷ്, ബ്രെഹ്റ്റ് ഇവരുടെ കൃതികളിലെല്ലാം ഞാൻ ഈ കലാകാരന്റെ സ്വാധീനശക്തി ദർശിച്ചിട്ടുണ്ടു്. നാടകത്തിൽ ഒരിടത്തു് ഡോക്ടറുടെ ക്രൂരതയ്ക്കു് ഇരയായി വൊയ്റ്റ്സക്ക് “ഡോക്ടർ എല്ലാം ഇരുട്ടിലാവുന്നു” എന്നുപറഞ്ഞു് താഴെ ഇരിക്കുന്നു. പ്രിയപ്പെട്ട വായനക്കാരേ, നമ്മളിൽ ഓരോ വ്യക്തിയും ഇങ്ങനെ അന്ധകാരത്തിൽ ആമജ്ജനം ചെയ്തുകൊണ്ടിരിക്കുന്നു.

ഇതു ലോകസ്വഭാവമാണു്. ഇതിൽനിന്നു് നമ്മൾ രക്ഷപ്രാപിക്കുമോ? പ്രകാശത്തിലെത്തുമോ? ഇല്ലെന്നാവാം മഹാന്മാരിൽ മഹാനായ ഈ നാടകകർത്താവു് ഉദ്ഘോഷിക്കുക.

സാദരം ചോദിക്കട്ടെ

‘ആഹാ! രചിച്ചു ചെറുലൂതകളാശു നിന്റെ

ദേഹത്തിനേകി ചരമാവരണം ദൂകുലം

സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞുനിന്മേൽ

നീഹാര ശീകരമനോഹര മന്ത്യഹാരം’

കുമാരനാശാന്റെ ‘വീണപൂവു് ’ എന്നു കാവ്യത്തിലെ ഈ ശ്ലോകം ഏകാന്തതയിലിരുന്നു ഉറക്കെച്ചൊല്ലി നോക്കൂ. പ്രിയപ്പെട്ട വായനക്കാർക്കു് അസുലഭാനുഭൂതി ഉണ്ടാകും. കിടക്കുന്നതു പൂവാണെന്നു പ്രതീതി. അതേ സമയം ഒരു മൃതദേഹം അലങ്കൃതമായ മട്ടിൽ കിടക്കുന്നുവെന്ന തോന്നലും. പൂവിനെ കവിക്കു പൂവായി മാത്രം കാണാം. പൂ സുന്ദരിയായ തരുണിയാണെന്നു വിചാരിക്കാം. പൂവിനെ പൂവായിത്തന്നെ കാണുകയും അതു അന്തരിച്ച തരുണിയാണെന്നു സങ്കല്പിക്കുകയും ചെയ്യാം. ആദ്യത്തെ കാഴ്ച പൂവിനെ പൂവായി മാത്രം കാണുന്ന കാഴ്ച—അത്രയ്ക്കു ഉത്കൃഷ്ട്മാണെന്നു കരുതാൻ വയ്യ. പൂവിനെ മരിച്ച തരുണിയായി ദർശിക്കുന്നതിലും വൈശിഷ്ട്യമില്ല. എന്നാൽ പുഷ്പത്തെ പുഷ്പമായി കാണുകയും അതിനെ അതേ സമയം നിശ്ചേതന ശരീരമായി കാണുകയും ചെയ്യുന്നതാണു് ഉത്കൃഷ്ടതമമായ ദർശനമെന്നു് വിശ്വവിഖ്യാതനായ ഒരു കലാനിരൂപകൻ പറഞ്ഞിട്ടുണ്ടു്. വള്ളത്തോളിന്റെ ഒരു ശ്ലോകം നോക്കുക:

വാണീലാ വരവർണ്ണിനീ മണികൾതൻ

വാർകുന്തളത്തിൽസ്സുഖം

വീണിലാ വഴിപോലെ ചെന്നു

ഭഗവൽ പാദാര വിന്ദങ്ങളിൽ

ക്ഷോണീധൂസരധൂളി പറ്റിയൊളിയും

മങ്ങിക്കിട്ക്കുന്നതി-

ന്നാണീ ശ്രേഷ്ഠ കുലേ പിന്നെതു

ഭവാനെന്നോനറും പുഷ്പമോ?

പൂവിനോടു കവി ചോദിക്കുന്ന ഈ ചോദ്യത്തിൽ പൂവു് പൂവു തന്നെയാണു്, അതേസമയം സുന്ദരിയുടെ സ്പർശം ലഭിക്കാത്ത, ഭക്തിപ്രവാഹത്തിൽ ആമജ്ജനം ചെയ്യാത്ത ഒരു ശ്രേഷ്ഠ വ്യക്തിയുമാണു് അതെന്ന പ്രതീതി ഉളവാക്കുന്നു. വള്ളത്തോൾ പുഷ്പത്തെ പുഷ്പമായും നിഷ്ഫല ജീവിതം നയിക്കാൻ നിർബ്ബദ്ധരായ വ്യക്തിയായും ദർശിക്കുന്നതുകൊണ്ടു് ഇതു് ഉത്തമമായ കലാസൃഷ്ടിയാണു്. എന്തുകൊണ്ടു് ഈ സംവീക്ഷണം ഉത്കൃഷ്ടമെന്നു് ആ കലാനിരൂപകൻ പറഞ്ഞിട്ടുണ്ടെന്നു് തോന്നുന്നില്ല. എന്റെ ഓർമ്മയിൽ പൂവിനെക്കുറിച്ചുള്ള ആ മൂന്നു പ്രസ്താവങ്ങളെ നിലനില്ക്കുന്നുള്ളു. അതിനാൽ ഞാനതിനു വിശദീകരണം നല്കാൻ ശ്രമിക്കട്ടെ. പൂവു് ഒരു ഭൗതിക വസ്തുമാത്രമാണു്. അനുഗ്രഹീതരല്ലാത്തവർക്കു് അതിനെ പൂവായി മാത്രമേ കാണാൻ കഴിയൂ. അല്പം കൂടി മാനസിക സംസ്കാരമുള്ളവർക്കു് അതു് നിശ്ചേതന ശരീരമാണെന്നു തോന്നാം. എന്നാൽ അന്തർമണ്ഡലത്തിൽ നിന്നു സത്യം വലിച്ചെടുക്കാൻ കഴിയുന്നവർക്കേ പൂവിനെ പൂവായും അതേസമയം നിശ്ചേതന ശരീരമായും ദർശിക്കാൻ സാധിക്കും. ഈ ദർശനമുള്ളവരെയാണു് നമ്മൾ കലാകാരനെന്നു വിളിക്കുക. ആ രീതിയിലുള്ള രചനെയാണൂ സാന്ദ്രതയുള്ള രചയെന്നു നമ്മൾ വിശേഷിപ്പിക്കുന്നതു്. കലയുടെ സാഹിത്യത്തിന്റെ മൗലീക തത്ത്വമിതത്രേ. Oh my love is like a red red rose/That’s newly sprung in June എന്നു കവിയഴുതുമ്പോൾ അതു് പരമോൽകൃഷ്ടമായ ഉക്തിയായി ഭവിക്കുന്നതിനു കാരണവും മറ്റൊന്നല്ല.

images/Gustave_Flaubert.jpg
ഫ്ളോബർ

ഗദ്യരചയിൽ നിന്നും ഒരുദാഹരണം കാണിക്കാൻ എനിക്കു കൗതുകമുണ്ടു്. ഫ്ളോബർ എന്ന ഫ്രഞ്ചെഴുത്തുകാരന്റെ ‘മദാം ബൂവറി’ എന്ന നോവൽ പലരും വായിച്ചിരിക്കുമല്ലോ. ഭർത്താവുണ്ടായിരിക്കെ കാല്പനിക സങ്കല്പത്തിനടിമയായി പരപുരുഷന്മാരുമായി വേഴ്ച നടത്തി പാഷാണം തിന്നു ജീവനൊടുക്കുന്ന ഒരു തരുണിയുടെ കഥയാണതു്. അവളുടെ ഒരു വ്യഭിചാര കർമ്മം നോവലിസ്റ്റ് ആവിഷ്കരിക്കുന്നതിന്റെ ചാരുതയും പ്രൗഢതയും കണ്ടാലും. ഭർത്താവു് ഉറങ്ങുകയാണു്. അവൾ വീട്ടിൽ നിന്നിറങ്ങി കാമുകന്റെ വീട്ടിലേക്കു ഓടുകയാണു്. വഴുക്കലുള്ള പാത. വീഴാതിരിക്കാൻ വേണ്ടി അവൾ ചെടികളിൽ കയറിപ്പിടിച്ചു. ഉഴുതിട്ട വയലുകളിൽ കൂടി ഓടിയപ്പോൾ അവലുടെ കാലുകൾ ചെളിയിൽ താഴ്‌ന്നു. തലയിൽ കെട്ടിയ തുണി കാറ്റിൽ ‘പടപടപ്പു്’ ഉണ്ടാക്കി. കാളകളെ പേടിച്ചു് അവൾ ഓടി. കിതച്ചു കൊണ്ടാണു് അവൾ കാമുകന്റെ മുറിയിൽ കയറിയതു്. അയാൾ ഉറങ്ങുകയായിരുന്നു. മുറിയിലെത്തുന്ന വസന്തകാല പ്രഭാതം പോലെയായിരുന്നു അവൾ (അടുത്ത കാലത്തു് നോവൽ വീണ്ടു വായിച്ച ഓർമ്മയിൽ നിന്നു്). ഇതാണു് സാന്ദ്രതയേറിയ രചന. അവളുടെ മാനസികക്ഷോഭം മുഴുവൻ ശാരീരിക ചേഷ്ടകളിലൂടെ നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. കാമുകനെ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിനു പ്രശാന്തത. ആ പ്രശാന്തതയിലൂടെ അവളുടെ അതിസൗന്ദര്യം വ്യജ്ഞിക്കുന്നു.

ഞാനിത്രയും എഴുതിയതു് നമ്മുടെ സാഹിത്യത്തിൽ സാന്ദ്രതയുള്ള രചന വിരളമാണെന്നു കാണിക്കാനാണു്. ഉദാഹരണം നല്കിയാലേ അതു കാണിക്കാനാവൂ. അപ്പോൾ കഥാകാരന്റെ ശത്രുതയെ ക്ഷണിച്ചു വരുത്തുകയാവും ഫലം. സ്ഥാലീപുലാകന്യായമനുസരിച്ചു് ഒരു ഖണ്ഡിക ഉദ്ധരിച്ചാൽ അതു കരുതിക്കൂട്ടി ചെയ്യുകയാണെങ്കിലും സാന്ദ്രതയുള്ള ഭാഗങ്ങൾ വേറെയുണ്ടെന്നും വാദിക്കാനാളുണ്ടാവും. അതിനാൽ ഒരു സാമാന്യ പ്രസ്താവം നടത്തുന്നതേയുള്ളൂ. നമ്മുടെ റീയലിസ്റ്റിക് നോവൽ, റീയലിസ്റ്റിക് കഥ ഇവയുടെ കാലയളവിൽ ആവിർഭവിച്ചതിനൊന്നും സാന്ദ്രതയില്ല. ആ ധർമ്മം അല്പമെങ്കിലുമുള്ളതു് ഉറൂബിന്റെ രചനകളിൽ മാത്രമാണു്. നമ്മുടെ കഥാകാരന്മാർ സംഭവങ്ങൾ വർണ്ണിക്കുന്നുണ്ടു്. അവയ്ക്കു തമ്മിൽ ബന്ധമുണ്ടു്. അവയെ ഭൂതകാലത്തോടോ വർത്തമാനകാലത്തോടോ ഭാവികാലത്തോടോ കൂട്ടിയിണക്കാൻ നമുക്കു കഴിയുന്നുണ്ടു്. ‘രസം പിടിച്ചു്’ നമ്മൾ വായിക്കുകയും ചെയ്യും. പക്ഷേ, അക്കഥകൾ വീണ്ടും വായിക്കാൻ നമ്മൾ സന്നദ്ധരാവുകയില്ല, ചീട്ടുകൊണ്ടു് കാണിക്കുന്ന വിദ്യ ആദ്യം നമ്മളെ അദ്ഭുതപ്പെടുത്തും. എന്നാൽ അതിന്റെ രഹസ്യം മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നീടതു കാണുന്നതിനെക്കാൾ വൈരസ്യജനകമായ പ്രവൃത്തി വേറെയില്ല. അതുപോലെയാണു് നമ്മുടെ കഥകളിൽ ഏറിയകൂറും. തകഴി യുടെ ‘വെള്ളപ്പൊക്കത്തിൽ’ കേശവദേവിന്റെ ‘വില്പനക്കാരൻ’ അല്ലെങ്കിൽ ‘പ്രതികാരം’ (കഥയുടെ പേരു ശരിയാണോ എന്തോ. ഓച്ചിറക്കളിക്കു ഉരുളി വാങ്ങാൻ തിരുമാനിക്കുന്ന സ്ത്രീയുടെ കഥയെയാണു് ഞാൻ ലക്ഷ്യമാക്കുന്നതു്), കാരൂരിന്റെ ‘മരപ്പാവകൾ’ ഇവയെല്ലാം വിസ്മരിച്ചുകൊണ്ടല്ല ഞാനിങ്ങനെ പറയുന്നതു്. അവയെ അപവാദങ്ങളായിട്ടു വേണം പരിഗണിക്കാൻ. പക്ഷികൾ വരിവരിയായി പറന്നു പോകുന്നതു കാണുമ്പോൾ, പെൺകുട്ടികൾ സായാഹ്ന സവാരി നടത്തുന്നതു കാണുമ്പോൾ ദ്രഷ്ടാവിനു ആഹ്ലാദം. എന്നാൽ ആ പക്ഷികളുടെയും പെൺകുട്ടികളുടെയും ജീവിതങ്ങളിൽ കോമഡിയും ട്രാജഡിയുമില്ലേ? അവയൊന്നും ഇക്കഥകൾ ആവിഷ്കരിക്കുന്നില്ല. പക്ഷികളുടെ പറക്കലും സുന്ദരി പെൺകുട്ടികളുടെ ഉല്ലാസയാത്രയും കാണുമ്പോൾ കാഴ്ചക്കാർക്കുണ്ടാകുന്ന ഉപരിപ്ലവമായ, ബഹിർഭാഗഗസ്ഥമായ ഒരു ‘രസം’ മാത്രമേ നമ്മുടെ ചൊല്ക്കൊണ്ട കഥകൾ ഉളവാക്കുന്നുള്ളൂ. ഇതു വ്യക്തമാകണമെങ്കിൽ സാന്ദ്രതയേറിയ ഒരു കഥയുടെ ചുരുക്കം നല്കിയേ തീരൂ. ചക്രവർത്തിക്കെതിരായി ഉപജാപ പ്രവർത്തനങ്ങൾ നടത്തിയതിനു് പ്രഭുകുമാരനു വധശിക്ഷ, അയാൾ കാരാഗൃഹത്തിൽ കിടക്കുമ്പോൾ അമ്മ വന്നു അറിയിച്ചു! മകനേ ഇന്നു ഞാൻ ചക്രവർത്തിയുടെ കാല്ക്കൽ വീണു നിനക്കു മാപ്പു വാങ്ങിച്ചു തരും. നിന്നെ വധസ്ഥലത്തു കൊണ്ടു പോകുമ്പോൾ ഞാൻ വെള്ളവസ്ത്രം ധരിച്ചു ബാൽക്കണിയിൽ നിന്നാൽ നിനക്കു് ചക്രവർത്തി മാപ്പു തന്നുവെന്നു വിചാരിച്ചു കൊള്ളണം.’ ഇതു കേട്ടു് മകൻ പറഞ്ഞു ‘അമ്മേ അമ്മ കറുത്ത വസ്ത്രം ധരിച്ചു നില്ക്കുകയാണെങ്കിൽ എന്നെ തൂക്കികൊല്ലുമെന്നു വിചാരിച്ചു കൊള്ളാം’. അല്പം കഴിഞ്ഞപ്പോൾ പ്രഭുകുമാരനെ തൂക്കിക്കൊല്ലാൻ കൊണ്ടു പോയി. അയാൾ ബാൽക്കണിയിലേക്കു നോക്കിയപ്പോൾ അമ്മ വെള്ളവസ്ത്രം ധരിച്ചു നിൽക്കുന്നതു കണ്ടു. ‘എന്നെ ഇപ്പോൾ മോചിപ്പിക്കും. എന്നെ ഇപ്പോൾ മോചിപ്പിക്കും എന്നു വിചാരിച്ചുകൊണ്ടു് അയാൾ ഓരോ അടിയും മുന്നോട്ടു വച്ചു. ഒടുവിൽ വധനിർവഹണത്തിനുള്ള സ്ഥലത്തു അയാളെ കയറ്റി നിറുത്തി. കഴുത്തിൽ കുരുക്കിട്ടു. അപ്പോഴും അയാൾ വിചാരിച്ചു മോചനം നല്കുന്ന കല്പന വരുമെന്നു്. തട്ടിന്റെ താഴെയുള്ള സാക്ഷ വലിച്ചു. അയാൾ താഴത്തേക്കു പോയി. മരിച്ചു. ആ സ്ത്രീ എന്തിനതു ചെയ്തു? മകൻ ധീരനായി മരിച്ചു കൊള്ളട്ടെയെന്നു വിചാരിച്ചാവാം. അല്ലെങ്കിൽ സ്ത്രീകളുടെ സഹജമായ കപട വിദ്യയാകാമതു്. ഈ സന്ദർഭത്തിൽ കഥാകാരന്റെ ശബ്ദം നമ്മൾ കേൾക്കുന്നു. ചരിത്രകാരന്മാർ ചരിത്രഗ്രന്ഥങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഒരു കാര്യം മാത്രമേ ഉറപ്പായുള്ളു. അതു മരണമാണു്. ജന്മനാ കലാകാരനായവനു മാത്രമേ ഈ അവസാനത്തെ വാക്യമെഴുതാൻ കഴിയൂ. അതു വായിക്കുന്ന നമ്മൾ ജീവിതം എന്താണെന്നും അതിന്റെ പര്യവസാനം എന്താണെന്നും ഗ്രഹിക്കുന്നു. അതോടെ നമുക്കു എന്തെന്നില്ലാത്ത ജീവിതാവബോധം ഉണ്ടാകുന്നു. നമ്മുടെ ആത്മാംശം അങ്ങു് അഗാധതയിലാണു്. അവിടെ കടന്നു ചെല്ലാൻ എല്ലാ എഴുത്തുകാർക്കും കഴിയുകയില്ല. മിക്ക ആളുകളും ഉക്തിയുടെ ലാവണ്യത്തിൽ രമിക്കുന്നു. കഥാ സംഭവങ്ങളുടെ അനുസ്യൂത സ്വഭാവത്തിൽ ആഹ്ലാദിക്കുന്നു. അവയുടെ സങ്കീർണ്ണതയിൽ രസിക്കുന്നു. എന്നാൽ ആത്മാവിന്റെ അഗാധതയിൽ നിന്നു സത്യമെന്ന മുത്തിനെ മുങ്ങിയെടുത്തു് നമ്മളെ കാണിക്കാൻ എത്ര പേർക്കു കഴിഞ്ഞു എന്നാലോചിക്കേണ്ടതാണു്. റ്റോൾസ്റ്റോയി യുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലിനു ശേഷം എത്രയെത്ര നോവലുകളുണ്ടായി യുദ്ധത്തെയും സമാധാനത്തെയും കുറിച്ചു്. അവ പലതും നന്നാണെന്നു സമ്മതിക്കുന്നു. പക്ഷേ, റ്റോൾസ്റ്റോയിയുടെ നോവലിനുള്ള സത്യാത്മകത അവയ്ക്കുണ്ടോ? അന്നാ കരേനിനയ്ക്കു ശേഷം എത്രയെത്ര വ്യഭിചാര കഥകൾ ആവിർഭവിച്ചു! എന്നാൽ അവയിൽ ഒന്നെങ്കിലും അന്നാ കരേനിന ഉയർത്തിയ സത്യത്തിന്റെ നാദമുയർത്തുന്നുണ്ടോ? ഭാരതത്തിലേക്കും കേരളത്തിലേക്കും വരൂ. താരാശങ്കർ ബാനർജി യുടെ ‘ആരോഗ്യനികേതനം’ പ്രസരിപ്പിക്കുന്ന സത്യത്തിന്റെ അർക്ക ദീപ്തി ഏതു മലയാള നോവലിനുണ്ടു്? ‘യയാതി’ എന്ന നോവലെവിടെ? ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലെവിടെ?

എം. കൃഷ്ണൻ നായർ
images/Mkn-06.jpg

തിരുവനന്തപുരത്തു് വി. കെ. മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാർച്ച് 3-നു ശ്രീ എം. കൃഷ്ണന്‍ നായർ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു.

സാഹിത്യവാരഫലം

36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാളനാട് വാരികയിലാണു് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയതു്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതൽ യൂറോപ്പു വരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി. പാവ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ, യസുനാരി കവബാത്ത തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിൽ എത്തിക്കുന്നതിൽ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല.

സൗമ്യസ്വഭാവിയും ശാന്തനും ആതിഥ്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായർ സാഹിത്യ വിമർശനത്തിൽ കർശനമായ മാനദണ്ഡങ്ങൾ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിനു് പ്രശ്നമായിരുന്നില്ല. കലാപരമായി ഔന്നത്യമുള്ള രചനകൾ മാത്രമാണു് സാഹിത്യമെന്നും മറ്റെല്ലാം വ്യർത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നതു്’ എന്നും കൂട്ടിച്ചേർത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.

images/MKN-letter.jpg
1995 ജൂൺ 25-നു് കലാകൗമുദി പ്രസിദ്ധീകരിച്ച കത്തു്.

അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ് പ്രൊഫസർമാർ വരെയും നവകവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാളസാഹിത്യത്തിൽ മൗലികതയുള്ള എഴുത്തുകാർ ഇല്ലെന്നും ടോള്‍സ്റ്റോയിയും തോമസ് മാനു മായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നു് അദ്ദേഹം വിശ്വസിച്ചു.

തിരുവനന്തപുരത്തെ സായാഹ്ന നടത്തക്കാർക്കു് പരിചിതനായിരുന്നു കൃഷ്ണന്‍ നായർ. ഇന്ത്യന്‍ കോഫി ഹൌസിലെ പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററിൽ സ്ഥിരം സന്ദർശകനും ഉപയുക്താവുമായിരുന്നു. സാഹിത്യരംഗത്തെ സേവനങ്ങള്‍ക്കു് അദ്ദേഹത്തിനു ജി. കെ. ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്നമണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977), ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉള്‍ക്കൊള്ളിച്ചിരുന്നു.

ഫെബ്രുവരി 23, 2006-ൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൃഷ്ണന്‍ നായർ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്തതടസ്സവുമായിരുന്നു മരണ കാരണം.

Colophon

Title: Muththukal (ml: മുത്തുകൾ).

Author(s): M Krishnan Nair.

First publication details: Neruda;; 1994.

Deafult language: ml, Malayalam.

Keywords: Critique, M Krishnan Nair, Muththukal, എം കൃഷ്ണന്‍ നായര്‍, മുത്തുകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 4, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Stone Balancing in the Morning, a photograph by Peacefulmovements . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.