ഒരു നീരുറവയിൽ ജലം മുകളിലേയ്ക്കു വരുന്നതനുസരിച്ചു് മധുരസംഗീതം ഉദ്ഭവിച്ചിരുന്നു. പലരും അതു കേൾക്കാൻ അതിനടുത്തുചെന്നുനിന്നിരുന്നുപോലും. അങ്ങിനെയിരിക്കെ ഒരു ബുദ്ധിശൂന്യൻ അതിലേ കടന്നുപോയി. ജലത്തിന്റെ ചലനത്തോടു ചേർന്നുവന്ന ആ സംഗീതംകേട്ടു് അയാൾ തെല്ലുനേരം ആഹ്ലാദിച്ചുനിന്നു. അയാൾക്കൊരാശ; വീട്ടിലിരുന്നും ആ മധുരനാദം കേൾക്കാൻ. അയാൾ കുടം കൊണ്ടുവന്നു് ഊറ്റിൽനിന്നു വെള്ളം കോരിയെടുത്തു. നിറഞ്ഞ കുടം വീട്ടിൽ കൊണ്ടുപോയി വച്ചു. സംഗീതം കേൾക്കാൻ അതിനടുത്തു് ഇരിപ്പുറപ്പിക്കുകയും ചെയ്തു. പക്ഷേ, ആ കുടത്തിൽനിന്നു് എന്തെങ്കിലും ശബ്ദമുയരാൻ പോകുന്നുണ്ടോ? തിരുമണ്ടൻ തന്നോടു ചോദിക്കുകയാണു്: “നീരുറവയിലെ വെള്ളംതന്നെയാണു് കുടത്തിലുമുള്ളതു്. പിന്നെന്താണു് ഇതിലും സംഗീതമുണ്ടാകാത്തതു്?” ആഗസ്റ്റ് 22-ാം തീയതിയിലെ “ജനയുഗം” വാരികയിൽ പരസ്യംചെയ്തിരിക്കുന്ന “പ്രേമം നശ്വരമോ?” എന്ന ചെറുകഥ വായിച്ചപ്പോൾ ഞാൻ ഈ ബുദ്ധിശൂന്യന്റെ കഥ ഓർമ്മിച്ചുപോയി. പ്രശസ്തരായ കഥാകാരന്മാർ കഥകളെഴുതി വായനക്കാരെ രസിപ്പിക്കുന്നതു കണ്ടപ്പോൾ കുമാരി തങ്കത്തിനുമൊരു കൊതി കഥയെഴുതി അനുവാചകരെ രസിപ്പിക്കാൻ. ഇതിവൃത്തത്തിനു് ഒരു പഞ്ഞവുമില്ലല്ലോ. സ്ഥിരം വിഷയംതന്നെ തങ്കം തിരഞ്ഞെടുത്തു. പ്രേമം. സൂസി രഘുവിനെ സ്നേഹിക്കുന്നു. രഘു മറ്റൊരുത്തിയെ വിവാഹംകഴിക്കുന്നു. അതുകണ്ട സൂസി ദുഃഖിക്കുന്നു. അയഥാർത്ഥവികാരമുൾക്കൊള്ളുന്ന ചില വാക്യങ്ങളുടെ സമാഹാരം എന്നല്ലാതെ ഈ കഥയെക്കുറിച്ചു് വേറൊന്നും പറയാനില്ല. സാഹിത്യവുമായി ഒരു വിദൂരബന്ധംപോലുമില്ലാത്ത ഈ രചനാവൈകൃതം നിരൂപണാർഹമല്ല. നീരുറവയിൽനിന്നുള്ള വെള്ളംകോരിയെടുക്കലാണു് ഇതിന്റെ പിറകിലുള്ള മാനസികപ്രക്രിയ.
“ജനയുഗം” വാരികയിൽനിന്നു് “മലയാളനാടു്” വാരികയിലേയ്ക്കു വരട്ടെ. ശ്രീ. കെ. എൽ. ശ്രീകൃഷ്ണദാസ് “രാത്രിയുടെ സംഗീതം” എന്നൊരു ചെറുകഥയെഴുതിയിരിക്കുന്നു. ശിഥിലജീവിതം നയിക്കുന്ന ജയചന്ദ്രൻ എന്ന യുവാവു് ഉഷാ മേഹ്ത്ത എന്ന യുവതിയുടെ വീട്ടിൽ ചെല്ലുന്നു, അവളെ ആലിംഗനം ചെയ്യുന്നു. അതിന്റെ ലഹരിയിൽ മുഴുകിയിരിക്കുമ്പോൾ ഉഷയുടെ ഭർത്താവു് മേഹ്ത്ത കാളിങ്ങ്ബെല്ലമർത്തി നാദം കേൾപ്പിക്കുകയാണു്. അവിടെ കഥ അവസാനിക്കുന്നു. ജയചന്ദ്രന്റെ കാമോത്സുകതയോ നൈരാശ്യമോ ഏകാന്തദുഃഖമോ അനുവാചകഹൃദയത്തെ സ്പർശിക്കുന്നില്ല. ഉഷയുടെ വ്യഭിചാരം ആദരണീയമാണെന്നോ അനാദരണീയമാണെന്നോ വായനക്കാർക്കു് തോന്നുന്നില്ല. കലാമയൂരം പീലി വിടർത്തിയാടുന്നില്ലെന്നുകൂടി ഞാൻ പറയുന്നില്ല. മയൂരമേ ഇവിടെ ഇല്ല, പിന്നല്ലേ പീലി വിടർത്തിയുള്ള നൃത്തം! ഇതിനുള്ള കാരണം എന്താവാം? ശ്രീകൃഷ്ണദാസിന്റെ വാക്യങ്ങൾ ഒരു വികാരപ്രപഞ്ചവും സൃഷ്ടിക്കുന്നില്ല എന്നതുതന്നെ. ചെറുകഥയിലെ ഓരോ വാക്കും രത്നംപോലെ പ്രകാശിക്കണം. ഇവിടെ പ്രകാശമില്ല. കരിങ്കൽച്ചില്ലിയിൽനിന്നു് കാന്തിയുണ്ടാകുന്നതെങ്ങനെ? ഞാൻ വേമ്പനാട്ടുകായലിൽ കൊതുമ്പുവള്ളത്തിൽക്കയറി കൊച്ചു തുഴകൊണ്ടു് തുഴഞ്ഞുപോയിട്ടുണ്ടു്. വല്ലാത്ത ഒരനുഭവമാണതു്. പിന്നീടു് കായലിന്റെ തീരത്തുനിന്നു് താമസം മാറ്റിയപ്പോൾ, വീട്ടിനടുത്തുള്ള ഒരു കൈത്തോട്ടിൽ വഞ്ചിയിറക്കി കയറിയിരുന്നു് തുഴഞ്ഞുനോക്കിയിട്ടുണ്ടു്. ആദ്യത്തെ അനുഭവം ലഭിക്കാതെയായി. അപ്പോൾ കണ്ണടച്ചു്, ആ കൊച്ചുതോടു് വേമ്പനാട്ടുകായലാണെന്നു് സങ്കല്പിക്കുകയായി. എന്നിട്ടും ഫലമില്ല. ശ്രീകൃഷ്ണദാസ് എന്റെ സുഹൃത്താണു്. അദ്ദേഹത്തോടുള്ള സ്നേഹംകൊണ്ടു് അദ്ദേഹത്തിന്റെ കഥാകുല്യ ഒരു ഗംഭീരതടാകമാണെന്നു ഞാൻ വിചാരിച്ചുനോക്കി. പക്ഷേ, സത്യം എപ്പോഴും സത്യമാണല്ലോ! കൈത്തോടെങ്ങനെ തടാകമാകും? സൗഹൃദത്തെ വെല്ലുവിളിച്ചുകൊണ്ടു് സത്യം പ്രകാശിക്കുന്നു… ശ്രീ. പി. ഉണ്ണിമേനോന്റെ “സിഫിലിസിന്റെ നാട്ടിൽ അണുപ്രസരം” എന്ന കഥ. കോർട്ടക്സ് കോട്ടയിൽ ലൈംഗികസുഖമാസ്വദിച്ചുകഴിയുന്ന ഒരുത്തനെ ഒരതിഥി കടന്നുവന്നു് കീഴ്പ്പെടുത്തുന്നു. ഒരുകോടിയിലധികം ഭടന്മാർ അയാൾക്കുണ്ടായിരുന്നിട്ടും അതിഥി അധീശത്വം സ്ഥാപിക്കുകയാണു്. കോർട്ടക്സ് എന്നു പറഞ്ഞാൽ തൊലിയെന്നർത്ഥം. ‘എപ്പിഡർമ്മിസി’നും ‘വാസ്കുലർ ബൺഡി’ലുകൾക്കും ഇടയ്ക്കുള്ള ഭാഗമെന്നു് ശാസ്ത്രീയമായ നിർവചനം. കോർട്ടക്സിനകത്തിരിക്കുന്നവനെ അതിഥി പരാജയപ്പെടുത്തുന്നു. അതിഥി സിഫിലിസ് എന്ന ലൈംഗികരോഗമാണു്. കോടിയിലധികമുള്ള ഭടന്മാർ, രോഗാണുക്കളെ ആക്രമിക്കുന്നതും രക്തത്തിലുള്ളതുമായ ശ്വേതാണുക്കളാണു് (White corpuscles). അവയെ നശിപ്പിച്ചു് സിഫിലിസിന്റെ അണുക്കൾ വിജയം പ്രാപിച്ചു എന്നു പറഞ്ഞാൽ ശക്തനായ ആ മനുഷ്യനു് ലൈംഗികരോഗം പിടിച്ചുവെന്നു് നാം മനസ്സിലാക്കിക്കൊള്ളണം. ഇത്തരം കലാരചനകൊണ്ടു് കഥാകാരൻ എന്തു നേടുന്നുവെന്നാണു് എനിക്കു മനസ്സിലാക്കാൻ കഴിയാത്തതു്. ഏതു കഥയും നമ്മുടെ ജീവിതാവബോധം ഉയർത്തണം. നാം എത്ര ശ്രമിച്ചാലും കാണാത്ത വസ്തുത അതു് ചൂണ്ടിക്കാണിച്ചുതരണം. കഥ വായിച്ചുകഴിയുമ്പോൾ നമ്മുടെ ജീവിതത്തിനു് പുതിയ ഒരർത്ഥമുണ്ടായിയെന്നു നമുക്കു തോന്നണം. ഇതിനൊക്കെ തികച്ചും അസമർത്ഥമാണു് ഉണ്ണിമേനോന്റെ കഥ. ബുദ്ധിക്കു് ഒരായാസംനല്കുക എന്നതിൽക്കവിഞ്ഞു് ഇതിനൊന്നും അനുഷ്ഠിക്കാനില്ല… ശ്രീ. മുണ്ടത്താൻ കെ. കെ. കൊഴുമ്മൽ എഴുതിയ “കാട്ടിലെ മൃഗങ്ങൾ” എന്ന കഥയുടെ വിഷയവും ലൈംഗികത്വം തന്നെ. കാമവികാരത്തിന്റെ വിജൃംഭണത്തെ ആനയുടെ ചിന്നംവിളിയായും മറ്റും കഥാകാരൻ പ്രതിപാദനം ചെയ്യുന്നു. ഒന്നിനു പകരം വേറൊന്നു പറയുക എന്ന “അലിഗറി” കലയോടു ബന്ധപ്പെട്ടതാണെന്നുള്ള തെറ്റിദ്ധാരണയിൽനിന്നാണു് ഇത്തരം കഥകളുടെ ആവിർഭാവം. അലിഗറി പ്രജ്ഞയോടു ബന്ധപ്പെട്ടതാണു്, സിംബലിസം ഹൃദയത്തോടും. ഇതിനെക്കുറിച്ചു് ഞാൻ മുൻപു് പലപ്പോഴും പറഞ്ഞിട്ടുണ്ടു്. ആവർത്തിക്കാൻ മടിയുള്ളതുകൊണ്ടു് ഇവിടെ ഈ വിചാരം നിറുത്തട്ടെ.

രാജഗോപാലൻ പഠിക്കുന്ന കാലത്തു ദരിദ്രനായിരുന്നു. നീലം കട്ടപിടിച്ച ഷർട്ടു ധരിച്ചു്, ഒറ്റമുണ്ടുടുത്തു ക്ലാസ്സിൽ വന്നിരിക്കുന്ന അയാളെ കൂടെപ്പഠിക്കുന്ന രാധ സ്നേഹിച്ചു. കാലം കഴിഞ്ഞപ്പോൾ രാജഗോപാലൻ ഐ. ഏ. എസ്സിലെ ഉദ്യോഗസ്ഥനായി. രാധ ഡോക്ടറും. രാജഗോപാലൻ തന്റെ സുഖമയമായ ജീവിതത്തിനിടയ്ക്കു് ഒരു മാലതിയെ ഗർഭിണിയാക്കി. ഗർഭമലസിപ്പിക്കാൻ അയാൾ അവളെ രാധയുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു. ആ കൃത്യം ചെയ്തുകൊടുക്കാൻ രാധ സന്നദ്ധയായിരുന്നു. എങ്കിലും അവളുടെ സ്നേഹപ്രസരം കൊണ്ടു് അയാളുടെ കണ്ണു തുറന്നു. മാലതിയെ അയാൾ തിരിച്ചു തന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നു. ശ്രീ. പി. ആർ. നാഥൻ ‘കുങ്കുമം’ വാരികയിലെഴുതിയ “കൂട്ടിൽ വളരുന്ന ഓമനക്കിളി” എന്ന ചെറുകഥയുടെ സാരമാണിതു്. ഇത്തരം വിഷയങ്ങൾ വിജയം പ്രാപിക്കണമെങ്കിൽ സംഘട്ടനം നാടകീയമാകണം. ഭാഷയ്ക്കു് തീക്ഷ്ണതയുണ്ടാകണം. രണ്ടും ഇവിടെയില്ല. അതിനാൽ നാഥന്റെ കഥ പരാജയപ്പെടുന്നു. ഗർഭച്ഛിദ്രത്തിനുവേണ്ടി ഡോക്ടറെ സമീപിക്കുന്ന ഒരു യുവതിയുടെ കഥ ഷ്ടെഫാൻ സ്വൈഖ് ചിത്രീകരിച്ചിട്ടുണ്ടു് (Amok). അതു വായിച്ചുനോക്കിയാൽ സംഘട്ടനമെങ്ങനെ നാടകീയത ആവഹിക്കുമെന്നു നാഥനു് മനസ്സിലാക്കാം. ആന്തരമായ അന്ധകാരത്തെ പ്രകാശമാക്കുന്നവനാണു് കലാകാരൻ. ശ്രീ. പി. ആർ. നാഥനു് ആ ലക്ഷ്യമുണ്ടു്. അദ്ദേഹത്തിനു വിജയം കൈവരിക്കാൻ കഴിയുന്നില്ലെന്നേയുള്ളൂ.
തെരുവിലൂടെ മുക്കുവസ്ത്രീകൾ ഓടുന്നു. തലയിൽ മീനിന്റെ സഹിക്കാനാവാത്ത ഭാരം. അവരുടെ ശരീരങ്ങളാകെ വിയർത്തൊലിച്ചു വസ്ത്രങ്ങളോടു് ഒട്ടിപ്പിടിക്കുന്നു. അതാ ഒരുത്തി കാതടപ്പിക്കുന്ന ശബ്ദത്തിൽ നിലവിളിക്കുകയാണു്: “മീൻ വേണോ മീൻ.” അവരുടെ സ്വേദത്തിന്റെ ഗന്ധം കാറ്റിൽച്ചേർന്നു് ഞാനിരിക്കുന്നിടത്തു് വന്നെത്തുന്നുണ്ടു്. മറ്റൊരുവൾ പല്ലു മുഴുവൻ കാണിച്ചു് ചിരിക്കുന്നു. സൂര്യപ്രകാശം അവയിൽ തട്ടിയപ്പോൾ എന്തൊരു ബീഭത്സത! കുങ്കുമം വാരികയിൽ ശ്രീ. ബാൽചന്ദ്ര എഴുതിയ “അസുരൻ” എന്ന ചെറുകഥയിൽനിന്നു് അതിരുകടന്ന കാമോൽസുകതയുടെ ദുർഗ്ഗന്ധം പ്രസരിക്കുന്നു. കലാശൂന്യതയുടെ വികൃതഹാസം അതിൽനിന്നുയരുന്നു. ഒരു കിഴവനെ വിവാഹംകഴിച്ച ഒരു യുവതി തുടരെത്തുടരെ വ്യഭിചരിച്ചുപോലും. ആകട്ടെ. അതു പറയാൻ “മുലയും മുലക്കണ്ണും ത്രസിക്കുകയായിരുന്നു, നാഭിയും നാഭിച്ചുഴിയും ത്രസിക്കുകയായിരുന്നു, നിതംബവും നിതംബക്കെട്ടും ത്രസിക്കുകയായിരുന്നു” എന്നിങ്ങനെ ആവേശത്തോടെ വർണ്ണിക്കണോ? മാന്യവായനക്കാരേ, വരൂ. മുക്കുവസ്ത്രീകൾ പോയ്ക്കഴിഞ്ഞു. തെരുവു് ഇപ്പോൾ ശൂന്യം. നമുക്കല്പം നടക്കാം. ശുദ്ധവായു ശ്വസിക്കാം. മലയാളത്തിലെ ചെറുകഥകൾ വായിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു് ആ നടത്തം. നാം നടക്കുകയല്ലേ? കൊച്ചുകുട്ടികളെപ്പോലെ നാമിപ്പോൾ രസിക്കുകയല്ലേ? അതേയതേ.

‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലൂടെ ശ്രീ. മേതിൽ രാധാകൃഷ്ണൻ കുറേക്കാലമായി വായനക്കാരെ താഡനംചെയ്യുന്നു. ‘സ്യൂഡോ സ്കോളർഷിപ്പ്’ കാണിച്ചു്, ‘സ്യൂഡോ ആർട്ട്’ കാണിച്ചു് (പണ്ഡിതമ്മന്യത കാണിച്ചു്, കലാഭാസം കാണിച്ചു്) അദ്ദേഹം നിരപരാധരായ വായനക്കാരെ ഉലക്കവച്ചടിക്കുന്നു. മേതിൽ രാധാകൃഷ്ണൻ ഒന്നാന്തരം ‘ഫേക്കാ’ണു്. രണ്ടാംതരമല്ല (Fake = വ്യാജം). ഈ ആഴ്ചപ്പതിപ്പിൽ എം. എസ്. സർന യുടെ ഒരു കഥയുള്ളതു് നന്നായി (പഞ്ചാബിക്കഥ). പലരെയും വിഴുങ്ങിയ റപ്തി നദി. അതിൽ ഒരു പാലം കെട്ടിയപ്പോൾ അതിന്റെ അഹങ്കാരമടങ്ങി. മരുന്നു വാങ്ങാൻപോയ മകനെ ഗ്രസിച്ച ആ നദിയെ അമ്മ പ്രതികാരനിർവ്വഹണതൽപരതയോടെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പാലം നദിയെ അടിമയാക്കിയപ്പോൾ അമ്മ അതിന്റെ മാറിൽ കാർക്കിച്ചുതുപ്പി. മനുഷ്യന്റെ ശക്തിയെ പരോക്ഷമായി പ്രശംസിക്കുന്ന ഈ കഥയ്ക്കു സൗന്ദര്യമുണ്ടു്. ഇവോ ആൻഡ്റീഷി ന്റെ “ഡ്റീനയിലെ പാലം ” എന്ന നോവൽ വായിച്ചിട്ടുള്ളവർക്കു് ഇക്കഥ വലിയ കേമമായിയൊന്നും തോന്നിയില്ലെന്നുവരാം. എങ്കിലും നാം അതിന്റെ സൗന്ദര്യത്തെ നിഷേധിക്കുന്നില്ല… വൈശാഖൻ കഴിവുള്ള കലാകാരനാണു്. പക്ഷേ, അദ്ദേഹം “ചന്ദ്രിക” ആഴ്ചപ്പതിപ്പിന്റെ 3-ാം ലക്കത്തിലെഴുതിയ “തിരകളെ മുറിച്ചു നീന്തിയവർ” എന്ന ചെറുകഥ ആ കഴിവിന്റെ നേർക്കുള്ള കൊഞ്ഞനംകുത്തലാണു്. വാക്കുകളുടെ ഘോഷയാത്രയിൽ അതിലാവിഷ്ക്കരിക്കുന്നയാളിന്റെ വിലാപം മുങ്ങിപ്പോകുന്നു. കഥ വായിച്ചുതീരുമ്പോഴും വാക്കുകൾ ഘോഷയാത്രനടത്തുന്നതാണു് നാം കണ്ടുകൊണ്ടിരിക്കുക… ഇതിൽ നിന്നു വിഭിന്നമല്ല ശ്രീ. റഹ്മാൻ എഴുതിയ “പാതവ്യതിക്രമം” എന്ന ചെറുകഥയും. ഇഷ്ടമുള്ള വിവാഹം ഭാരമല്ല, ഇഷ്ടമല്ലാത്തതു് ഭാരം—ഈ സത്യം പറയാൻ ഇത്ര വളരെ വാക്കുകൾ വേണോ? ഇത്രവളരെ കൃത്രിമത്വം വേണോ?… പ്രപഞ്ചമാകെ ഒരു ലയമുണ്ടു്. അതിനെ ഭഞ്ജിക്കുന്ന ഒന്നും നാം ചെയ്തുകൂടാ. ഒരു നേരിയ ഇലയെടുത്തു് മൈക്രോസ്കോപ്പിന്റെ താഴെവച്ചു നോക്കൂ. നിങ്ങളും ഞാനും വിസ്മയിച്ചുപോകും. പ്രപഞ്ചലയം അവിടെയും കാണാം. വികാരത്തിന്റെ ലയത്തെ ചിത്രീകരിക്കുന്നു സാഹിത്യം അതിരുകടന്ന വാക്കുകൾ ആ ലയത്തെ തകർക്കും. അതിരുകടന്ന വിധത്തിൽ വാക്കുകൾ പ്രയോഗിക്കാതെതന്നെ വികാരത്തെ അയഥാർത്ഥീകരിച്ചാലും ലയം തകരും. അങ്ങനെയാണു് ഒരു പ്രേമഭംഗത്തിന്റെ കഥപറയുന്ന “കൈതപ്പുഴയുടെ കരയിൽ” എന്ന ചെറുകഥ വിലക്ഷണമായിബ്ഭവിക്കുന്നതു് (മനോരാജ്യം—ലക്കം 14, കഥാകാരൻ ശ്രീ. പെരുമ്പളം രവി). ദേശാഭിമാനിവാരിക നോക്കൂ. അമൃതാ പ്രീത ത്തിന്റെ ഒരു ചെറുകഥ ശ്രീ. രാഘവൻ പൊന്ന്യം തർജ്ജമചെയ്തിരിക്കുന്നതു് വായിക്കാം. എല്ലാ സ്ത്രീകളും ഒരുപോലെ സ്വാർത്ഥതൽപരരാണെന്നു് എല്ലാ പുരുഷന്മാരും വിചാരിക്കുന്നു; എല്ലാ പുരുഷന്മാരും ഒന്നുപോലെ സ്വാർത്ഥതൽപരരാണെന്നു് എല്ലാ സ്ത്രീകളും വിചാരിക്കുന്നു. ഈ ആശയം രത്നംപോലെ വിളങ്ങുന്നു ഇക്കഥയിൽ. പക്ഷേ, കലയുടെ ചാരുത ഇതിനില്ല. ആശയത്തിന്റെ ശോഭകൊണ്ടുമാത്രം ഒരു കലാസൃഷ്ടിയും ഉത്കൃഷ്ടമായിട്ടില്ലല്ലോ.
സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾ വായനക്കാരിൽ സ്വാധീനശക്തി ചെലുത്തുമോ? ഇല്ലേ? മഹാത്മാഗാന്ധി യേക്കാൾ ശക്തനും ആദരണീയനുമല്ലേ യുധിഷ്ഠിരൻ? “ഞാൻ അങ്ങയെ സ്നേഹിക്കുന്നു”വെന്നുപറഞ്ഞു് കാമിനി കാമുകന്റെ അടുക്കലെത്തുമ്പോൾ “എന്റെ ഏക ധനമങ്ങു്, ജീവനങ്ങു് ” എന്നു് ഉദ്ഘോഷിച്ചു് സന്ന്യാസിയായ ആത്മനാഥന്റെ മുൻപിൽവീണ നളിനി യെയല്ലേ ആ കാമുകൻ ഓർമ്മിക്കുക. അയാൾ അവളുടെ കണ്ണീരുതുടയ്ക്കുമ്പോൾ “ഉഷയുടെ ആലോല ബാഷ്പഝരി കൈത്തളിരാൽത്തുടച്ച”—അനിരുദ്ധനെ ആ കാമുകി നിശ്ചയമായും ഓർമ്മിക്കുന്നുണ്ടാകും. നമ്മുടെ ഇന്നത്തെ കഥകളിൽ അങ്ങനെയുള്ള കഥാപാത്രങ്ങൾ ഇല്ലാത്തതു് എന്തുകൊണ്ടാണു്? മറുപടി ഇതാ കേൾക്കുന്നു. “പണ്ഡിതമാനിയായ ലേഖക, ഇരുപതാംശതകമാണിതു്. ഇവിടെ വ്യക്തിത്വം തകർക്കപ്പെട്ടിരിക്കുന്നു. മാനസികനിമിഷത്തിനാണു് ഇപ്പോൾ പ്രാധാന്യം. വ്യക്തിത്വമുള്ള കഥാപാത്രങ്ങൾക്കല്ല.
നർത്തകൻ ഒരു നൃത്തത്തിന്റെ ‘പാറ്റേൺ’ നിർമ്മിക്കുമ്പോൾ രസിക്കുന്നതു് ദ്രഷ്ടാക്കളാണു്, ആ നർത്തകനല്ല. കെ. പി. ഏ. സി.-യിലെ ലീല എന്ന അനുഗൃഹീത നർത്തകി നൃത്തംചെയ്യുമ്പോൾ ഒരു ചിത്രശലഭം ഒരു പുഷ്പത്തിൽനിന്നു് വേറൊരു പുഷ്പത്തിലേക്കു പാറിപ്പറക്കുന്നുവെന്നു് എനിക്കു തോന്നിയിട്ടുണ്ടു്. ആ യുവതി മത്സ്യനൃത്തം ചെയ്യുന്നതു് ഞാൻ കണ്ടപ്പോൾ സ്ഫടികജലാശയത്തിലെ സ്വർണ്ണമത്സ്യത്തിന്റെ മോഹനചലനങ്ങളെ ഞാൻ ഓർമ്മിച്ചുപോയി. കലാമണ്ഡലം ഗംഗാധരൻ എങ്ങനെ നൃത്തംകൊണ്ടു് ദ്രഷ്ടാക്കളെ വശീകരിക്കുന്നുവെന്നു് ശ്രീ. വി. ബി. സി. നായർ മലയാളനാട്ടിലൂടെ വ്യക്തമാക്കുന്നു. കലാകാരന്മാരെക്കുറിച്ചുള്ള ഇത്തരം ലേഖനങ്ങൾ എപ്പോഴും സ്വാഗതാർഹങ്ങളത്രേ.

ചിന്തിക്കുന്ന മനുഷ്യനു മോഹഭംഗമില്ലെന്നു സ്ഥാപിച്ചുകൊണ്ടു് ശ്രീ. കെ. പി. ശശിധരൻ ദേശാഭിമാനിവാരികയിലെഴുതിയിരിക്കുന്നു. അദ്ദേഹത്തോടു യോജിക്കാൻ ഈ ലേഖകനുമുണ്ടു്. പക്ഷേ, ഇതിനെക്കുറിച്ചു് മാർക്സിസ്റ്റുകാരുടെ ഇടയിൽത്തന്നെ അഭിപ്രായഭേദങ്ങളുണ്ടു്. “മാർക്സിസത്തിന്റെ അരിസ്റ്റോട്ടിൽ ” എന്നു് വിശേഷിപ്പിക്കപ്പെടുന്ന മഹാനായ നിരൂപകനാണു് ഏർണ്ണസ്റ്റ് ഫിഷർ. അദ്ദേഹത്തിന്റെ “Art against Ideology” എന്ന ഗ്രന്ഥത്തിൽ കലാകാരന്മാർക്കു് മോഹഭംഗമുണ്ടെന്നു് കാര്യകാരണസഹിതം സ്ഥാപിച്ചിരിക്കുന്നു. ശശിധരൻ ആ പുസ്തകം വായിച്ചിട്ടു വീണ്ടും എഴുതണമെന്നു് ഞാൻ അഭ്യർത്ഥിക്കുന്നു. പാറപ്പുറത്തിന്റെ കൃതികളുടെ മൂല്യം നിർണ്ണയിക്കുന്നതിൽ ശ്രീ. കെ. പി. ശരച്ചന്ദ്രൻ തൽപരനായിരിക്കുന്നു. കഥാപാത്രങ്ങൾ, ‘പ്രമേയങ്ങൾ’, ശൈലി എന്നിവയെയെല്ലാം വിദഗ്ദ്ധമായി അപഗ്രഥിക്കുന്ന ലേഖകർ, പാറപ്പുറത്തിന്റെ ആദർശവൽക്കരണാഭിലാഷത്തെ അധിക്ഷേപിക്കുന്നുണ്ടു്. ആ ആക്ഷേപത്തിനു് നീതിമത്ക്കരണമുണ്ടുതാനും (മാതൃഭൂമിയിലെ ലേഖനങ്ങൾ).
മുൻപൊക്കെ വിസ്മയാവഹമായ അവസാനത്തോടുകൂടിയ ചെറുകഥകൾ എഴുതുന്നതിൽ കഥാകാരന്മാർ ഉത്സുകരായിരുന്നു. ഒ. ഹെൻറി എന്ന അമേരിക്കക്കാരനാണു് ഇത്തരം കഥകളുടെ ആശാൻ. ആ കഥകളുടെ കാലം കഴിഞ്ഞുപോയി. ചീട്ടുവിദ്യയുടെ രഹസ്യം മനസ്സിലാക്കിയാൽ പിന്നീടാർക്കെങ്കിലും അതു കാണണമെന്നു തോന്നുകയില്ലല്ലോ. കഥകളിലെ ആ വിദ്യ വൈലോപ്പിള്ളി കവിതയിൽ പ്രയോഗിച്ചുനോക്കുന്നു. മഴക്കാലത്തു് വേഗത്തിലോടിപ്പോയ കാറ് തെറിപ്പിച്ച ചെളിവെള്ളത്തെക്കുറിച്ചൊക്കെ കുറെ വരികളെഴുതിയതിനുശേഷം കവി പറയുന്നു:
പോക്കിനു കാറുള്ളിന്ദ്രസന്നിഭന്മാർ തൻ നേരം
പോക്കിനാണല്ലോ റോഡും പാന്ഥരും വരിഷവും
(ജനയുഗം)
ഇതു കവിതയല്ല, ചീട്ടുവിദ്യയാണു്. പ്രപഞ്ചമുണ്ടാക്കിയ മുറിവുകളെ ഉണക്കുന്ന മാന്ത്രികലേപനമാണു് കവിത. കുട്ടികളെ വിസ്മയിപ്പിക്കുന്ന വിദ്യയായി—മാജിക്കായി—അതു് അധഃപതിക്കാൻ പാടില്ല.

മഹാകവി ജി. ശങ്കരക്കുറുപ്പു് എനിക്കെഴുതിയ ഒരു “സ്വകാര്യക്കത്തി”ൽനിന്നു് സൗഹൃദം നല്കുന്ന അധികാരമുപയോഗിച്ചു് ഞാൻ ഇത്രയും ഉദ്ധരിക്കുന്നു. കേരളീയരാകെ, ഭാരതീയരാകെ അറിയേണ്ട അക്കാര്യം പ്രകാശിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം അതിൽ പ്രതിഷേധിക്കുകയില്ലെന്നും ഞാൻ വിശ്വസിക്കുന്നു:
“വാർദ്ധക്യം മടിയുടെ രൂപത്തിലാണു് കലാകാരന്മാരെ ആദ്യം പിടികൂടുക. വികാരോദ്രേകത്തിന്റെ, ഭാവോന്മീലനത്തിന്റെ ഹ്രാസമാണു് ആ മടിയുടെ നിദാനം എന്നു് എനിക്കറിയാം… സാഹിത്യജീവിതത്തിലെ വാനപ്രസ്ഥമാണിതു്. സുഹൃത്തുക്കളുടെ സല്ലാപങ്ങളിൽ മുഴുകി, സ്വപ്നങ്ങളെ സല്ക്കരിച്ചിരുത്തി, കവിതയെ കൂട്ടുകാരിയാക്കി മാത്രം നിറുത്തി “ഓർമ്മകളുടെ ഓളങ്ങളിൽ” അതുമിതും പെറുക്കിയും നീന്തിയും കഴിയുന്നു. എന്റെ “ഓർമ്മയുടെ ഓളങ്ങൾ” പുറത്തുവരുമോ എന്നറിഞ്ഞുകൂടാ. എന്റെ പേന അവയിൽ മുങ്ങുന്നുണ്ടു്; നീന്തുന്നുണ്ടു്.”
ജിയുടെ “ഓർമ്മയുടെ ഓളങ്ങൾ” പുറത്തു വരും. ആ ഓളങ്ങൾ നമ്മളെ ചിന്തയുടെ തീരത്തിലേക്കും അവിടെനിന്നു് വികാരത്തിന്റെ നീർച്ചുഴിയിലേക്കും വലിച്ചെറിയുന്നതു് കണ്ടുകൊണ്ടു് അദ്ദേഹം വളരെക്കാലം ജീവിച്ചിരിക്കും. മലയാളനാട്ടിന്റെ തീരത്താകട്ടെ ആ ഓർമ്മയുടെ ഓളങ്ങൾ വന്നു് അലയ്ക്കുന്നതു്.