വർഷങ്ങൾക്കു മുൻപു് ഞാൻ കോളേജ് വിദ്യാർത്ഥിയായിരുന്നകാലത്തുണ്ടായ സംഭവം. നാലുംകൂടുന്ന വഴിയിൽ ഞാൻ ബസ് കാത്തുനില്ക്കുകയാണു്. പൊടുന്നനവേ ഒരു ശബ്ദം. “അയ്യോ എന്റെ കാലുമുറിഞ്ഞേ.” ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ പതിനെട്ടുവയസ്സുവരുന്ന ഒരു പെൺകുട്ടി റോഡിനരികെ കാലിലെ വിരലുകൾ ഉയർത്തിവച്ചുകൊണ്ടു് നിലവിളിക്കുന്നു. അവളുടെ വിരലുകളാകെ രക്തത്തിൽ മുങ്ങിയിരിക്കുന്നു. ഉള്ളം കാലിൽ ഒരു കുപ്പിയോടു് തറച്ചു് നില്ക്കുന്നു, ആ മുറിവിൽനിന്നു് രക്തം ധാരായന്ത്രത്തിൽ നിന്നെന്നപോലെ പുറത്തേക്കു ചാടുന്നു. ഞാൻ ഒരു സഹായവും ചെയ്യാതെ, ഒരു വാക്കുപോലും പറയാതെ നോക്കിനിന്നു. അവളുടെ അഴിച്ചിട്ട തലമുടി റോഡിൽ കിടന്നിഴയുന്നു. റോസാപ്പൂപോലെയുള്ള അവളുടെ കവിൾത്തടങ്ങൾ കൂടുതൽ അരുണ വർണ്ണമണിഞ്ഞിരിക്കുന്നു. രക്തപ്രവാഹം കണ്ടു പേടിച്ചു്, വേദനകൊണ്ടു് പിടഞ്ഞു് അവൾ കാതരങ്ങളായ മിഴികൾ നാലുപാടും വ്യാപരിപ്പിക്കുന്നു. അസുലഭദർശനം; അസുലഭമായ സൗന്ദര്യദർശനം. അവൾക്കു വേദന. കാഴ്ചക്കാരനായ എനിക്കു സൗന്ദര്യാനുഭൂതി. പിന്നീടു് പലപ്പോഴും ആ പെൺകുട്ടിയെ റോഡിൽവച്ചു കണ്ടിട്ടുണ്ടു്. കാണുമ്പോഴൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ടു് “ഇന്നും കാലിൽ കുപ്പിച്ചില്ലു് കൊണ്ടെങ്കിൽ”. വേദനയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്ന സൗന്ദര്യത്തിനു് തീക്ഷ്ണത കൂടും. “മലയാളനാടിൽ” ശ്രീ. കെ. എൽ. മോഹനവർമ്മ എഴുതിയ “മാര്യേജ്, കേരളസ്റ്റൈൽ” എന്ന ചെറുകഥ ഒട്ടൊക്കെ ഫലിതാത്മകമാണെങ്കിലും വേദന നിറഞ്ഞതാണു്. അച്ഛന്റെ നിർബ്ബന്ധംകൊണ്ടു് മകൻ തനിക്കിഷ്ടമില്ലാത്ത പെണ്ണിനെ വിവാഹം കഴിക്കുന്നു. വിവാഹത്തിന്നു ശേഷം ആ പെണ്ണിനെ ഉപേക്ഷിക്കണമെന്നു് അച്ഛൻ നിർബ്ബന്ധിക്കുന്നു. അപ്പോൾ പെണ്ണിന്റെ അച്ഛനും വാശി. ഭർത്താവില്ലാതെ മകൾ വീട്ടിൽ നിന്നാലും തരക്കേടൊന്നുമില്ല. കീഴടങ്ങുന്നതു് ആത്മാഭിമാനത്തിനു് ചേർന്നതല്ല. പക്ഷേ, രണ്ടു വീട്ടുകാരെയും കളിപ്പിച്ചുകൊണ്ടു് ഭർത്താവും ഭാര്യയും ഒരുമിച്ചു താമസിക്കാൻ തീരുമാനിക്കുന്നു. ശരിയായ തീരുമാനമെന്നു് നമ്മളും പറയും. ഇഷ്ടമില്ലാതെയാണെങ്കിലും വിവാഹം കഴിച്ചു പോയാൽ ആ ദാമ്പത്യജീവിതം നിലനിറുത്തിക്കൊണ്ടു പോകേണ്ടതാണു്. ഭാര്യയ്ക്കു ദോഷമുണ്ടെങ്കിൽ ഭർത്താവു് അതു് ഉറക്കെപ്പറയരുതു്. ഭർത്താവിനു ദോഷമുണ്ടെങ്കിൽ ഭാര്യയും പറയരുതു്. സംസ്ക്കാരത്തിന്റെ പേരിലുള്ള ഈ “വിലക്ക”ങ്ങൾ ഇത്രയും കാലം പരിപാലിച്ചതുകൊണ്ടാണു് നാം ശ്രേഷ്ഠജനതയായി ലോകമെങ്ങും ആരാധിക്കപ്പെടുന്നതു്. അതുപോകട്ടെ. വേദനയിൽ വിരിഞ്ഞു നില്ക്കുന്ന സൗന്ദര്യത്തിന്റെ പൂവാണു് മോഹനവർമ്മയുടെ കഥ. കൂർത്ത കുപ്പിച്ചില്ലു് ആ പെൺകുട്ടിയുടെ കവിൾത്തടത്തിൽ റോസാപ്പൂക്കൾ ഉളവാക്കി. ദാമ്പത്യജീവിതത്തിന്റെ വേദനകൾ ഇവിടെ ആധ്യാത്മികസൗന്ദര്യം ഉളവാക്കുന്നു.
ഞാൻ ഈ “ആദർശാത്മകത്വ”മൊക്കെ പറയുന്നുണ്ടെങ്കിലും യഥാർത്ഥമായ ലോകം ഇങ്ങനെയൊന്നുമല്ലെന്നു് ശ്രീ. ജി. എൻ. പണിക്കർ കാണിച്ചുതരുന്നു. ചേച്ചി അമ്പലത്തിൽ പോയപ്പോൾ അനുജത്തി ചേച്ചിയുടെ ഭർത്താവിന്റെ അടുക്കൽ സല്ലപിക്കാൻ എത്തുന്നു. അതേസമയം അവൾ വേറൊരു പുരുഷനെ സ്നേഹിക്കുന്നുവെന്നു ഭാവിക്കുകയാണു്. അയാളോ? അവളെ വഞ്ചിച്ചു് വേറൊരുത്തിയെ വിവാഹം കഴിക്കാൻപോകുന്നു. കാപട്യം നിറഞ്ഞ ഈ ലോകത്തെ ജി. എൻ. പണിക്കർ കലാസുന്ദരമായ രീതിയിൽ അനാവരണം ചെയ്യുന്നു “തടശിലയിൽ പൂക്കൾ” എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്). ഒരു ത്രിപാർശ്വകാചം സൂര്യരശ്മിയെ ഏഴുനിറങ്ങളാക്കി പ്രസരിപ്പിക്കുന്നു. ജീവിതസംഭവങ്ങൾ അനുജത്തിയുടെ—മാലിനിയുടെ—ഹൃദയകോചത്തിലൂടെ കടന്നുവരുമ്പോൾ വർണ്ണോജ്ജ്വലതയാർന്ന അവളുടെ സ്വഭാവം വ്യക്തമാകുന്നു. വികാരത്തിന്റെ കൊടുമുടിയിലെത്തിയതാണു് അവളുടെ ജീവിതം. അതിനു് യോജിച്ചിരിക്കുന്നു അടുത്ത വീട്ടിൽ നിന്നുയരുന്ന പോപ് സംഗീതം. സത്യാത്മകമല്ലാത്ത ആ സംഗീതം മാലിനിയുടെ വികാരത്തിന്റെ അസത്യാത്മകതയെ സൂചിപ്പിക്കുന്നു. ഭാവാത്മകത്വം കൊണ്ടു് ജി. എൻ. പണിക്കരുടെ ചെറുകഥ മനോഹരമായിട്ടുണ്ടു്. ശ്രീ. നമ്പൂതിരി യുടെ ചിത്രവും ഭാവവ്യഞ്ജകമായിരിക്കുന്നു.

ഗി ദേ മോപ്പസാങ്ങി ന്റെ “ചന്ദ്രികയിൽ” എന്ന ചെറുകഥ ഉത്കൃഷ്ടമാണു്, പ്രസിദ്ധവുമാണു്. ധർമ്മോന്മത്തനായ ഒരു പാതിരിയുടെ കഥയാണതു്. സൃഷ്ടിയുടെ എല്ലാ രഹസ്യങ്ങളും കണ്ടുപിടിച്ചുവെന്നു കരുതുന്ന അദ്ദേഹത്തിനു് സ്ത്രീയെ വെറുപ്പാണു്. പുരുഷനെ പ്രലോഭിപ്പിക്കാനാണു് ഈശ്വരൻ സ്ത്രീയെ സൃഷ്ടിച്ചതെന്നു് അദ്ദേഹം കരുതി. ഒരുദിവസം ഒരു സ്ത്രീ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹത്തിന്റെ അനന്തരവൾക്കു് ഒരു കാമുകനുണ്ടെന്നു്. പാതിരി വിശ്വസിച്ചില്ല. രാത്രി പത്തുമണിക്കുശേഷം നദിയുടെതീരത്തു ചെന്നാൽ താൻ പറഞ്ഞതു സത്യമാണെന്നു് ബോധപ്പെടുമെന്നു് ആ സ്ത്രീ അദ്ദേഹത്തിനു് ഉറപ്പുകൊടുത്തു. പാതിരി പത്തുമണിയാകാൻ കാത്തിരുന്നു. മനോഹരമായ രാത്രി. നിലാവു് പരന്നൊഴുകുന്നു. മൂടൽമഞ്ഞു് അതിൽ കലർന്നു് എന്തെന്നില്ലാത്ത ശോഭ. നൈറ്റിംഗയിൽ പാടുന്നുണ്ടു്. പാതിരിക്കുതന്നെ ഒരു വികാരം. ഈശ്വരനെന്തിനു് ഈ രാത്രിയെ ഇത്രത്തോളം സുന്ദരമാക്കി എന്നാണു് അദ്ദേഹത്തിന്റെ സംശയം. അതാ ആ ഉജ്ജ്വലനക്ഷത്രം; അതു് കാവ്യാത്മകമാണു്. അതു് കാണുമ്പോൾ ഹൃദയം സ്പന്ദിക്കുന്നു. പ്രകൃതിക്കു് മൂടൽമഞ്ഞെന്ന മുഖാവരണം? രാത്രി മനുഷ്യനു് വിശ്രമിക്കാനുള്ള സമയമാണെങ്കിൽ എന്തിനു് ഈ സൗന്ദര്യം? എന്തിന്നു് ഈ ഉദാത്തത? അദ്ദേഹം സ്വയം ചോദിക്കുകയാണു്. ആ ചോദ്യങ്ങൾക്കുള്ള ഉത്തരംപോലെ ഒരു യുവാവും യുവതിയും നദീതീരത്തിലൂടെ അദ്ദേഹത്തിന്റെ അടുക്കലേക്കു നടന്നു് അടുക്കുകയാണു്. യുവതി പാതിരിയുടെ അനന്തരവൾതന്നെ. അപ്പോഴാണു് അദ്ദേഹത്തിനു മനസ്സിലായതു് ഈശ്വരൻ ആ രാത്രിയെ അത്രത്തോളം മനോഹരമാക്കിയതു് എന്തിനാണെന്നു്. കാമുകിയുടെയും കാമുകന്റെയും പ്രേമാവിഷ്ക്കാരത്തിനാണു് നിശീഥിനിയെ ഈശ്വരൻ സുന്ദരമാക്കിയതു്. ഈ സത്യം മനസ്സിലാക്കിയ പാതിരി അവിടെനിന്നു് ഓടിക്കളഞ്ഞു. തനിക്കു പ്രവേശിക്കാൻ അർഹതയില്ലാത്ത ദേവാലയത്തിൽ കടന്നുചെന്നുവെന്ന തോന്നലോടുകൂടി. മോപ്പസാങ്ങിന്റെ അത്യന്തസുന്ദരമായ ഈ ചെറുകഥയുടെ ഒരു വികൃതമായ അനുകരണമാണു് കുങ്കുമംവാരികയിലെ “രാഗം” എന്ന ചെറുകഥ. ലൈംഗികാഭിലാഷങ്ങൾ അബോധമനസ്സിലേക്കു് ഒതുക്കിവയ്ക്കുന്ന ഒരു ഹോസ്റ്റൽ മേട്രൻ കാമുകന്റെ കത്തു വാങ്ങിയ കാമുകിയെ (വിദ്യാർത്ഥിനിയെ) ശകാരിക്കാൻവേണ്ടി അടുത്തേക്കു വിളിക്കുന്നു. പക്ഷേ, ആ പെൺകുട്ടിയുടെ സൗന്ദര്യം കണ്ടപ്പോൾ മേട്രനുതന്നെ കാമവികാരമുണ്ടായി. “ദൈവമേ എന്നെ ടെംറ്റേഷൻസിൽ നിന്നും രക്ഷിക്കേണമേ” എന്നു് അവർ പ്രാർത്ഥിച്ചു. പ്രതിപാദ്യവിഷയങ്ങൾ വിഭിന്നങ്ങളാണെന്നു് ചിലർക്കു തോന്നിയേക്കാം. ആ വിഭിന്നസ്വഭാവത്തിലൂടെയും പ്രകടമാണു് ഗർഹണീയമായ അനുകരണം. കുങ്കുമംവാരികയിലെ മറ്റൊരു കഥ ശ്രീ. ചിറയിൻകീഴ് സലാം എഴുതിയ “ആവശ്യം” എന്നതാണു്. വിവാഹിതയാകുന്ന യുവതിയെക്കണ്ടു് ഒരു കൊച്ചുപെണ്ണു് അസൂയപ്പെടുന്നതാണു് ഇതിലെ കഥ. ഇതുവായിച്ചിട്ടു് ഈ ലേഖകൻ ഇങ്ങനെ പറയുന്നു: “ശ്രീ. ചിറയിൻകീഴ് സലാമിനു് കുറേക്കൂടി ഭാവനയുണ്ടായിരുന്നെങ്കിൽ! കുറേക്കൂടി കലാസങ്കേതത്തെക്കുറിച്ചു് ജ്ഞാനമുണ്ടായിരുന്നെങ്കിൽ!”
ഞാൻ ഇത്രയും എഴുതിയിട്ടു് പേന മേശപ്പുറത്തു് എവിടെയോ വച്ചു. എന്നിട്ടു് കുറച്ചുനേരം നിശ്ശബ്ദനായി, വിചാരരഹിതനായി ഇരുന്നു. വീണ്ടും എഴുതാൻ പേന നോക്കിയപ്പോൾ കാണാനില്ല. അതു നോക്കിയെടുക്കുന്ന തിടുക്കത്തിൽ വാരികകൾ തട്ടി താഴെയിട്ടു. ചെയിംബേഴ്സ് ഡിക്ഷ്ണറി മേശപ്പുറത്തുനിന്നു താഴെവീണു് രണ്ടായിക്കീറി. പതിനഞ്ചു മിനിറ്റുനേരം പേന നോക്കിയെടുക്കാനുള്ള ശ്രമം. ഒടുവിൽ അതു കിട്ടി. കിട്ടിയപ്പോൾ എന്തൊരു സന്തോഷം! നമ്മുടെ കണ്ണിൽ പെടാത്തതു് കാണുമ്പോൾ ഇതുപോലെ ആഹ്ലാദമുണ്ടാകും. കാമുകനു കാമുകിയുമായിരിക്കുമ്പോൾ ഉണ്ടാകുന്ന വികാരപാരവശ്യം; അതിന്റെ പേരിലുണ്ടാകുന്ന ദുശ്ശങ്ക; അതകലുമ്പോൾ ഉളവാകുന്ന പ്രശാന്തത; ദാമ്പത്യജീവിതത്തിലെ വഞ്ചന അവയെല്ലാം നാം പലയിടങ്ങളിലും ദർശിച്ചിട്ടുണ്ടു്. പക്ഷേ, വിസ്മരിച്ചുപോയിരിക്കുന്നു. ശ്രീമതി ബി. സരസ്വതി അവയെ ആകർഷകമായി ചിത്രീകരിക്കുമ്പോൾ നാം സന്തോഷിക്കുന്നു (കടൽ ശാന്തം എന്ന ചെറുകഥ—ജനയുഗം വാരിക). അതിഭാവുകത്വമില്ലാത്ത കൊച്ചുകഥ. “നിങ്ങൾ പതിവായി നിന്ദിക്കാറുള്ള പ്രായോഗികത്വം ഇവിടെയില്ലേ? ജീവിതത്തിന്റെ ശബ്ദം ഇവിടെയുണ്ടോ?” എന്നൊക്കെ എന്നോടു ചോദിക്കരുതേ ഇവിടെനിന്നു് നാം പോകുന്നതു് ‘മലയാളരാജ്യ’ത്തിലെ ‘തണുത്തിരുണ്ട സായാഹ്ന’ത്തിലേക്കാണു്. ഞാൻ ഈ ലേഖനമെഴുതുന്നതു് തണുത്തിരുണ്ട സായാഹ്നത്തിൽത്തന്നെ. കഥാകാരനായ ശ്രീ. വസന്തൻ എന്നെ നയിക്കുന്നതും കലാശൂന്യതയുടെ തണുത്തിരുണ്ട സായാഹ്നത്തിലേക്കു്. രാമചന്ദ്രൻ എന്ന കാമുകൻ വഞ്ചിച്ചതുകൊണ്ടു് ശാന്തയെന്ന കാമുകിയുടെ ജീവിതം നശിച്ചു. അവൾ മരണത്തിനു സദൃശമായ ജീവിതം നയിക്കുകയാണു്. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ ആ രാമചന്ദ്രനെയും അയാളുടെ ഭാര്യയേയും ‘കോളേജ്ഡേയ്ക്കു കണ്ടുമുട്ടി. ഒന്നും സംഭവിച്ചില്ലാത്ത മട്ടിൽ രാമചന്ദ്രൻ അവളെ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു. ആ ക്ഷണമാണു് അവളെ കൂടുതൽ ദുഃഖിപ്പിച്ചതു്. ആയിരമായിരം കഥാകാരന്മാർ കൈകാര്യം ചെയ്ത ഒരു വിഷയം ഒരു നവീനതയുമില്ലാതെ, വൈചിത്ര്യവുമില്ലാതെ ഇവിടെ പ്രതിപാദിക്കപ്പെടുന്നു. ചൈതന്യമറ്റ ഈ കഥയ്ക്കു തുല്യമായി ഈ ലോകത്തു് ഒന്നേയുള്ളുവെന്നു ഞാൻ പറഞ്ഞാൽ അതിലെ അത്യുക്തി ക്ഷന്തവ്യമാണു്, അതു് കഥയ്ക്കു കെ. കെ. പി. വരച്ചുചേർത്തിട്ടുള്ള ചിത്രം തന്നെ. അന്തരീക്ഷത്തിൽ നക്ഷത്രം വിരിയുന്നതു കണ്ടപ്പോൾ തൊട്ടാവാടിപ്പൂവിനും കൗതുകം അതുപോലൊന്നു വിരിയാൻ. സി. എം. ബൗറ നിരൂപണമെഴുതുന്നതു കാണുമ്പോൾ എനിക്കാഗ്രഹം അതുപോലൊന്നു് എഴുതാൻ. ഉറൂബും അദ്ദേഹത്തെപ്പോലെയുള്ള കഥാകാരന്മാരും എഴുതുന്നതു കാണുമ്പോൾ പലർക്കും അഭിലാഷം അവരെപ്പോലെ എഴുതാൻ. ആഗ്രഹങ്ങളേ! നിങ്ങൾ അശ്വങ്ങളാകൂ. ഞങ്ങൾ കുതിരസ്സവാരി നടത്തട്ടെ.

ഒരു ബാലികയുടെ കഞ്ചുകാവൃതമായ വക്ഷോജങ്ങൾ കണ്ട ഒരു ബാലനു് ഉണ്ടായ ലൈംഗികാഭിലാഷമാണു് ശ്രീ. തുളസി എഴുതിയ “മഞ്ഞക്കുന്നുകളുടെ ഉദ്ഭവം” എന്ന ചെറുകഥയുടെ വിഷയം. അവൾ ഊരിയിട്ടിരുന്ന മഞ്ഞബ്ലൗസെടുത്തു് അവൻ ചുംബിച്ചു പുളകംകൊള്ളുന്നു. അന്നുരാത്രി അവൻ സ്വപ്നം കണ്ടു തനിക്കും വക്ഷോജങ്ങൾ ഉണ്ടായി എന്നു്. ഉണർന്നപ്പോൾ വെറും പരന്ന നെഞ്ചുമാത്രം. എനിക്കു നെപ്പോളിയന്റെ ചോദ്യമാണു് ഇപ്പോൾ ഓർമ്മവരുന്നതു്. ആരെയെങ്കിലും ഉദ്യോഗത്തിൽ നിയമിക്കാനുള്ള ശുപാർശയുണ്ടാകുമ്പോൾ അദ്ദേഹം ചോദിക്കുമായിരുന്നു: “അയാൾ വല്ലതും എഴുതിയിട്ടുണ്ടോ? ഞാൻ അയാളുടെ ശൈലി കാണട്ടെ.” ഭാഷാശൈലിയിൽനിന്നു് എഴുതുന്നയാളിന്റെ സ്വഭാവം മനസ്സിലാക്കാമെന്ന തത്ത്വമാണു് നെപ്പോളിയൻ ഈ ചോദ്യംകൊണ്ടു് പ്രകടമാക്കിയതു്. തുളസിയുടെ ശൈലി വക്രമാണു്, കർക്കശമാണു്. അതു വികാരം പകർന്നുകൊടുക്കാൻ അസമർത്ഥമാണു്.
“കുന്നുകളെ നഷ്ടപ്പെടുത്തിയുള്ള അവളുടെ ഇപ്പോഴത്തെ രൂപം, വേലികടന്നു് ചെടികളുടെ അർദ്ധസുതാര്യമറയ്ക്കു പിന്നിൽ, വൃക്ഷങ്ങളുടെ കടുത്ത തിരശ്ശീലയ്ക്കു പിന്നിൽ ഇനിയും സാദ്ധ്യത എന്നൊന്നില്ലാത്ത അദൃശ്യതയ്ക്കുപിന്നിൽ… ശൂന്യം; അവളില്ല, ചേച്ചിയില്ല. കാലുകൾ നിലത്തു തൊടുവിച്ചു് അവൻ മാത്രം.”
(മലയാളരാജ്യം പുറം 27, 28)—വലിയ ബ്ലൗസു ധരിച്ചതുകൊണ്ടു് ആ ബാലികയുടെ സ്തനങ്ങൾ വെളിയിൽ കാണാതെയായി. അവളും അവന്റെ ചേച്ചിയും വേലികടന്നു പോയി. അപ്പോൾ ആരെയും കാണാനില്ല. അവൻ അവിടെ നിന്നു—ഇത്രയും പറയാനാണു് ഈ വളച്ചുകെട്ടും കോലാഹലവുമൊക്കെ. “അവൻ ഒറ്റയ്ക്കു് അവിടെനിന്നു” എന്നു പറയുന്നതിനു പകരം തുളസി പറയുന്നതു കേൾക്കുക. “കാലുകൾ നിലത്തു തൊടുവിച്ചു് അവൻ മാത്രം”. ഇതുകേട്ടാൽ ആളുകൾ പതിവായി കാലൂന്നിയല്ല നില്ക്കാറുള്ളതു്, അവൻ മാത്രം അപ്പോൾ അങ്ങനെ നിന്നു എന്നല്ലേ തോന്നൂ. ഇതാണോ സാഹിത്യം? തുളസി നെപ്പോളിയന്റെ കാലത്താണു് ജീവിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിനു് ഉദ്യോഗം കിട്ടുമായിരുന്നില്ല.
എല്ലാ ഞായറാഴ്ചവൈകുന്നേരവും തിരുവനന്തപുരത്തു് “മലയാളനാടു് ” വാരിക കിട്ടും. ഒരു ഞായറാഴ്ച രാത്രി ഞാൻ മലയാളനാടു് വാങ്ങിക്കൊണ്ടുവരുമ്പോൾ അടുത്തവീട്ടിലെ ഒരു കൊച്ചുകുട്ടി അതിനുവേണ്ടി കൈനീട്ടി. ഞാനതു് അവൾക്കു കൊടുത്തു. ഇരുട്ടിപ്പോയതുകൊണ്ടു് അവൾക്കു് അതു വായിക്കാൻവയ്യ. തെല്ലകലെ അവൾക്കു് എത്തുന്ന മട്ടിൽ സ്വിച്ചുണ്ടു്. അതു് ഒന്നമർത്തിയാൽ പ്രകാശമുണ്ടാകും. എങ്കിലും വാരികയിലെ ‘ബാലലോകം’ വായിക്കാനുള്ള തിടുക്കത്തോടെ അവൾ തൊട്ടടുത്തിരുന്ന ടോർച്ച് ലൈറ്റിന്റെ സ്വിച്ച് താഴ്ത്തി വായന തുടങ്ങി. ടോർച്ചിന്റെ അവ്യക്തപ്രകാശത്തിൽ അവളുടെ കൊച്ചുമുഖം വിളങ്ങി. വായനയുടെ രസംകൊണ്ടു് ആ മുഖത്തിനു കൂടുതൽ തിളക്കമുണ്ടു്. അവളുടെ ചുരുണ്ട തലമുടി കവിളിലൂടെ വീണുകിടക്കുന്നു. ആകർഷകമായ കാഴ്ച. ഇത്തരത്തിലുള്ള ദർശനങ്ങൾ മതി; ജീവിതം സമ്പന്നമാകും. അതു കാണാൻ കഴിവുണ്ടായിരിക്കണമെന്നേയുള്ളൂ. വനേചരന്മാരുടെ തലയിൽ വച്ച മയിൽപീലി ഗംഗാപ്രവാഹത്തിലെ നീർത്തുള്ളികൾ കലർന്ന കാറ്റേറ്റു് ചിന്നിച്ചിതറുന്നതായി കാളിദാസൻ വർണ്ണിച്ചിട്ടില്ലേ. അതു് ഇതുപോലെയുള്ള മറ്റൊരാകർഷകമായ ദർശനമാണു്. നിത്യജീവിതത്തിലെയും കലാലോകത്തിലെയും ഇങ്ങനെയുള്ള ദർശനങ്ങളാണു് പല ചെറുകഥകളെക്കാളും ഭേദം. ‘ദേശാഭിമാനി’ വാരികയിൽ ശ്രീ. ശാഹുൽ, വളപട്ടണം എഴുതിയ “നരിച്ചീറുകൾ” എന്ന ചെറുകഥ നോക്കുക. ദുഷ്ടനായ മുതലാളി ശിഷ്ടനായ തൊഴിലാളി. മുതലാളി തൊഴിലാളിയെ വഞ്ചിക്കാൻ ശ്രമിക്കുന്നു. ഇത്തരം സ്ഥിരം വിഷയങ്ങൾ കണ്ടുകണ്ടു് നന്നേ മടുത്തു. കേരളത്തിലല്ലാതെ ഇങ്ങനെയാരും കഥയെഴുതുന്നുമില്ല. റഷ്യയിലും ചൈനയിലും ഉണ്ടാകുന്ന ചെറുകഥകൾ ഞാൻ വായിക്കാറുണ്ടു്. സാമൂഹികവിപ്ലവത്തെ പ്രകീർത്തിക്കുന്ന അത്തരം കഥകളിൽ കലാസൗന്ദര്യത്തിനാണു് എപ്പോഴും പ്രാധാന്യം. ശാഹുൽ കൈകാര്യം ചെയ്ത ഈ വിഷയം തന്നെ കലാവൈഭവമുള്ള മറ്റാരെങ്കിലും പ്രതിപാദിച്ചാൽ അതു് സുന്ദരമാകും എന്നതിനു് ഒരു സംശയവുമില്ല. ഞാൻ കൂടുതൽ പറയാതിരിക്കാൻ ശ്രദ്ധിക്കട്ടെ. നോവലും ചെറുകഥയും മാത്രമല്ല നിരൂപണവും ഹ്രസ്വമായിരിക്കണം. ജീവിതത്തിന്റെ ഏകാന്തത, നിരർത്ഥകത്വം, വിഷാദം, ലൈംഗികവേഴ്ചയുടെ ഹർഷോന്മാദം, അതിനു ശേഷമുള്ള ദുഃഖം എന്നിങ്ങനെ പലരും പല പ്രാവശ്യം പ്രതിപാദിച്ച വിഷയം ശ്രീ. പി. കെ. നാണുവും പ്രതിപാദിക്കുന്നു (അന്വേഷണം—ഡിസംബർ ലക്കം). എന്നാൽ നവീനത അല്പംപോലുമില്ലതാനും. മാത്രമല്ല കഥ അവസാനിപ്പിക്കേണ്ടതെങ്ങനെയാണെന്ന അറിവുമില്ല ശ്രീ. നാണുവിനു്. ഇവിടെ സഹതാപമർഹിക്കുന്ന പലതുമുണ്ടു്. ചായംതേച്ചു കറുപ്പിച്ചിട്ടും തുടക്കം വെളുത്തുകാണുന്ന തലമുടിയോടുകൂടിയ വൃദ്ധൻ, നാലോ അഞ്ചോ പ്രാവശ്യം പെറ്റിട്ടും തലമുടി പിന്നിയിട്ടു നടന്നു ചെറുപ്പക്കാരിയായി ഭാവിക്കുന്ന മധ്യവയസ്ക, ആകെ രണ്ടു മുടിയുള്ളതു കഷണ്ടിയിൽ ഒട്ടിച്ചുവെച്ചു് ആ “ബ്രഹ്മക്ഷൗരം” മറയ്ക്കാൻ ശ്രമിക്കുന്ന പുരുഷൻ, താൻ ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ പെൻഷൻ പറ്റിയതിനുശേഷവും വന്നുകയറുന്ന ഉദ്യോഗസ്ഥൻ, പുരുഷൻ സ്പർശിക്കുകയില്ലെന്നല്ല നോക്കുകപോലും ചെയ്യുകയില്ലെന്നിരുന്നിട്ടും പുരുഷനെ കാണുമ്പോൾ ലജ്ജിച്ചു് ഒഴിഞ്ഞുമാറുന്ന വൃദ്ധ—അങ്ങനെ പലരും. അവരുടെ കൂട്ടത്തിൽ പര്യവസാനം അസുന്ദരമായ ചെറുകഥകളും. തീർന്നില്ല ഒന്നുകൂടിയുണ്ടു്. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ശ്രീ. സേതു എഴുതിയ “മോഹഭംഗം” എന്ന ചെറുകഥയും.
ദേശാഭിമാനി സ്റ്റഡിസർക്കിളിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടു നടന്ന സാഹിത്യസെമിനാറിനെക്കുറിച്ചു രണ്ടു ലേഖനങ്ങൾ രണ്ടു വാരികകളിലായി വന്നിട്ടുണ്ടു്. മലയാളനാട്ടിൽ ശ്രീ. വി. ബി. സി. നായരും ദേശാഭിമാനിയിൽ ശ്രീ. എം. എൻ. കുറുപ്പും എഴുതിയ ആ ലേഖനങ്ങൾ ശ്രദ്ധേയങ്ങളത്രേ. സാമൂഹികജീവിതത്തിൽനിന്നു പ്രചോദനം കൈവരിക്കാതെ ഒരു കലാകാരനും എഴുതാൻ കഴിയുകയില്ലെന്നു രണ്ടുപേർക്കും അഭിപ്രായമുണ്ടു്. സെമിനാറിലെ വാദഗതിയും അതായിരുന്നുവെന്നു് അവർ വ്യക്തമാക്കുന്നു. അങ്ങനെ പ്രചോദനം ഉൾക്കൊള്ളുന്നവർ രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി തൂലിക ചലിപ്പിക്കണമെന്നും അവർ ഭംഗ്യന്തരേണ വാദിക്കുന്നുണ്ടു്. വി. ബി. സി. നായരുടെ പ്രബന്ധം സെമിനാറിലെ ആശയഗതികളെ വിമർശിക്കുന്നു. എം. എൻ. കുറുപ്പിന്റെ പ്രബന്ധം വിവരണാത്മകമായിരിക്കുന്നു. എങ്കിലും രണ്ടുപേരുടേയും വിചാരഗതികൾ ആ ലേഖനങ്ങളിൽ പ്രതിഫലിക്കുന്നുണ്ടു്. ഇവിടെ ഈ ലേഖകനു് ഒരു സംശയം. സാമൂഹികമൂല്യങ്ങൾ എല്ലാക്കാലത്തും മാറുന്നവയാണു്; കലാമൂല്യങ്ങൾ മാറാത്തവയും. രണ്ടിനേയും യോജിപ്പിക്കുന്നതെങ്ങനെ? സാമുദായികസാംഗത്യം—Social relevance—ഇല്ലാത്ത ഉത്കൃഷ്ടമായ സാഹിത്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണോ നാം വിചാരിക്കേണ്ടതു്?
ശ്രീ. പി. കുഞ്ഞിരാമൻനായരു ടെ “തേനീച്ചയുടെ പാട്ടു്” തുടങ്ങുന്നു.
പൊട്ടിയ മുകിൽത്തുണ്ടമടച്ചുപതിച്ചുള്ള
വിസ്തൃതചക്രവാളക്കന്മതിൽക്കെട്ടിന്നുള്ളിൽ
വിണ്ണണി മൈക്കണ്ണിമാർ നനച്ചുവളർത്തിയ
മുന്തിരിത്തോട്ടത്തിന്റെ സൗന്ദര്യമധുരസം
ഭാസുര പ്രപഞ്ചത്തിന്നഴകു പകർത്തുന്ന
ഭാവനയുടെ നവരത്നപാത്രത്താൽമുക്കി
പൗർണ്ണമിയെത്തിക്കുന്ന കറന്ന ചൂടാറാത്ത
പൂനിലാപ്പൈംപാലൊന്നു രണ്ടുതവിയും ചേർത്തി!
(അന്വേഷണം)
ഇതു കവിതയല്ല; “കൺസീറ്റുക”ളുടെ ഘോഷയാത്രയാണിതു്. മനുഷ്യനെ ബോറടിക്കുന്നതിനും ഒരതിരുവേണ്ടേ?
ഇന്നു ഞായറാഴ്ചയാണു്. ഇരുട്ടു വീണു കഴിഞ്ഞു. ഞാൻ ഓടിച്ചെന്നു് മലയാളനാടു വാങ്ങിക്കൊണ്ടു വരട്ടെ. ആ കൊച്ചുകുട്ടി ഇന്നും ടോർച്ച് ലൈറ്റ് കത്തിച്ചു ബാലലോകം വായിച്ചുവെന്നു വരാം. അപ്പോൾ അവളുടെ കൊച്ചുമുഖം തെളിയുന്നതു കാണാം. അവളുടെ ചുരുണ്ട തലമുടി കവിൾത്തടത്തിലൂടെ വീണുകിടക്കുന്നതും കാണാം. ഇത്തരം കവിതകൾ വായിക്കുന്നതിനെക്കാൾ എത്രയോ ഭേദം ആ കാഴ്ച കാണുന്നതു്! ഭേദമെന്നോ? ഉത്കൃഷ്ടമെന്നു തിരുത്തിപ്പറയട്ടെ.