images/par_Paul_Cezanne.jpg
Me (nach Delacroix), a painting by Paul Cézanne (1839–1906).
ലിംഗനീതിയുടെ തിരിച്ചറിവ്
നിസ്സാർ അഹമ്മദ്

ലിംഗനീതിയെക്കുറിച്ചു് പറയുന്നതിനുപകരം അതിനെ തിരിച്ചറിയാൻ ആവശ്യമായിട്ടുള്ള അല്ലെങ്കിൽ തിരിച്ചറിയുന്നതിനു് സഹായകരമായ ചില സൈദ്ധാന്തികമായ കാര്യങ്ങൾ അവതരിപ്പിക്കാമെന്നാണു് ഞാൻ കരുതുന്നതു്. അങ്ങനെ നോക്കുകയാണെങ്കിൽ ഇപ്പോൾ അവതരിപ്പിക്കുന്ന വിഷയം പ്രധാനമായിട്ടും മൂന്നു വകുപ്പുകളായിട്ടു് ആലോചിക്കാവുന്നതാണു്. ഒന്നു് നീതി എന്നതുകൊണ്ടു് എന്താണു് ഉദ്ദേശിക്കുന്നതു് ? നീതിയെപ്പറ്റി നമുക്കു് അറിവു് സാധ്യമാണോ? പിന്നെയുള്ളതു് സാമൂഹികമായ ഇടത്തെ കുറിച്ചാണു്. അതായതു് നമ്മുടെ ദൈനംദിനജീവിതത്തിൽ പ്രായോഗികമായ അല്ലെങ്കിൽ സാമൂഹികപരമായ, സ്ഥാപനപരമായ, ഘടനാപരമായ സവിശേഷതകളിലേക്കു് നോക്കുന്ന അല്ലെങ്കിൽ അതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ഭാഗം. മൂന്നാമത്തേതു് ശക്തിയെന്നുള്ള വിഷയമാണു്. അതായതു് നീതി, സാമൂഹികമായ ഇടം, ശക്തി ഈ വിഷയങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടു് അവയിൽ ഓരോന്നിനെയും നമ്മൾ എങ്ങനെയാണു് മനസ്സിലാക്കുക? ശക്തിയെപ്പറ്റി പറയാനുള്ള ഒരു കാരണമെന്താണെന്നു വെച്ചാൽ നീതിയെപ്പറ്റിയുള്ള അല്ലെങ്കിൽ ലിംഗനീതിയെക്കുറിച്ചോ അല്ലെങ്കിൽ വളരെ ദാരിദ്ര്യത്തിലും പ്രതികൂലമായ സാമൂഹിക അവസ്ഥയിൽ നിൽക്കുന്ന വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളമോ നീതി കൈവരിക്കുകയെന്നതു് വേറൊരു അർത്ഥത്തിൽ നോക്കിയാൽ ശക്തി കൈവരിക്കുകയെന്നതിനു് തുല്യമാണു്. അതുകൊണ്ടു് നീതിയെന്നുള്ള സംകല്പവും ശക്തിയെന്നുള്ള സംകല്പവും ഒരുമിച്ചു് ചർച്ച ചെയ്യുന്നതിൽ ഒരു നീതീകരണമുണ്ടു്.

ഏതെങ്കിലും ഒരു സാമൂഹിക ബന്ധത്തിലേർപ്പെടുന്ന അല്ലെങ്കിൽ പങ്കാളിയാവുന്ന അല്ലെങ്കിൽ അതിനാൽ ബാധിക്കപ്പെടുന്ന ഒരാൾക്കു് അതിന്റെ ഘടന അനുവദിക്കുന്ന ഏറ്റവും വിപുലമായ സ്വാതന്ത്ര്യത്തിനു് അവകാശമുണ്ടു്. പക്ഷേ, ഈ അവകാശം മറ്റുള്ളവരുടെ തുല്യമായ അവകാശങ്ങൾക്കു് എതിരായിക്കൂടാ.

എന്താണു് നീതി? ഞാൻ പറഞ്ഞല്ലോ. അതു് അറിവിന്റെ വിഷയമാണു്. അതായതു് നമുക്കു് അറിയാൻ കഴിയുന്ന ഒന്നാണോ നീതി? നീതിയെക്കുറിച്ചുള്ള നാലു വീക്ഷണങ്ങൾ ഞാനിവിടെ അവതരിപ്പിക്കുകയാണു്. പക്ഷേ, ഇതു് ഇങ്ങനെ അവതരിപ്പിക്കുന്നതു് ഇതാണു് വാസ്തവത്തിൽ നീതിയെന്നു പറയാൻ വേണ്ടിയിട്ടല്ല. അങ്ങനെ നീതി എന്നു് നമുക്കു് പറയാൻ കഴിയുന്ന രീതിയിലുള്ള ഒന്നല്ല നീതി. പക്ഷേ, നീതിയെപ്പറ്റിയുള്ള ചിന്തകൾ എങ്ങനെയൊക്കെ വികസിക്കാം? എങ്ങനെയൊക്കെ അതു് മുന്നോട്ടു കൊണ്ടു പോകാമെന്നു്, മൂന്നു നാലു ഉദാഹരണങ്ങളിൽ കൂടി അതിനെപ്പറ്റിയിട്ടുള്ള നമ്മുടെ ചിന്ത ഒന്നു് ബലപ്പെടുത്താൻ സാധിക്കുമോ എന്നാണു് നോക്കുന്നതു്.

ഒരു വീക്ഷണം ഇതാണു്: അതു് സാമൂഹികബന്ധങ്ങളിലെ അല്ലെങ്കിൽ സ്ഥാപനങ്ങളിലെ, പ്രയോഗങ്ങളിലെ തുല്യതയുമായി ബന്ധപ്പെട്ടതാണു്. തുല്യതയെന്നു വെച്ചാൽ ന്യായത്തെ സംബന്ധിച്ചുള്ളതാണു്. സാമൂഹികബന്ധങ്ങളിൽ, പ്രയോഗങ്ങളിൽ, സ്ഥാപനങ്ങളിൽ ഒക്കെയുള്ള ന്യായമായ ഒരു വ്യവസ്ഥ. സാമൂഹികമേഖലകളിൽ പല സ്ഥാപനങ്ങളുമുണ്ടു്. ഉദാഹരണത്തിനു്, കുടുംബം ഒരു സ്ഥാപനം ആണു്. അല്ലെങ്കിൽ വിദ്യാഭ്യാസസ്ഥാപനം. മിക്കവാറും നമ്മൾ എല്ലാ മനുഷ്യരും കൂടിച്ചേരുകയും എന്തെങ്കിലും തരത്തിലുള്ള ക്രമവൽകൃതമായ കർമ്മങ്ങളിലേർപ്പെടുകയും ചെയ്യുന്ന ഏതു് അവസ്ഥയും അല്ലെങ്കിൽ ഏതു് സന്ദർഭവും ഒരു സ്ഥാപനത്തിന്റെ സന്ദർഭമാണു്. രണ്ടു് വ്യക്തികൾ നിരന്തരം ഒരു പ്രത്യേക കാര്യത്തിനുവേണ്ടി ഇടപെടുകയാണെങ്കിൽ അതു് സ്ഥാപനമായിത്തീരും. കാരണം അത്രയേ ആവശ്യമുള്ളൂ സ്ഥാപനത്തിന്റെ നിർവ്വചനത്തിനു്. അവിടെ ഈ ബന്ധങ്ങളിലുള്ള ഒരു fairness അതായതു് ന്യായം ആണു് ഇവിടത്തെ നീതിയെപ്പറ്റിയുള്ള സംകല്പം. പക്ഷേ, അതു് എങ്ങനെയാണു് വരുന്നതു്? ഉദാഹരണത്തിനു് എല്ലാ ബന്ധങ്ങളിലും എല്ലാ സാമൂഹികബന്ധങ്ങളിലും ആളുകൾക്കുള്ള റോളുകൾ, ആളുകളുടെ പ്രവർത്തനങ്ങളുടെ സ്വഭാവം എല്ലാം തന്നെ സമത്വപൂർണ്ണമായിക്കൊള്ളണമെന്നില്ല. ഒരു അസമത്വപൂർണ്ണമായ ബന്ധം ഈ സ്ഥാപനങ്ങിലൊക്കെ കാണാം. അതു് മനുഷ്യസമൂഹങ്ങളിലും മനുഷ്യസമൂഹങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും എല്ലാം കാണാം. ഒരു വീക്ഷണപ്രകാരം നീതി ഇത്തരത്തിലുള്ള അസമത്വങ്ങളെ ന്യായീകരിക്കുന്നതിനെ സംബന്ധിച്ചിട്ടുള്ളതാണു്. ഈ വീക്ഷണപ്രകാരം അതു് എങ്ങനെയാണു് എന്നുള്ളതാണു് ചോദ്യം.

ഉദാഹരണത്തിനു്, പെട്ടെന്നു നോക്കിയാൽ ഇതു വളരെ ലളിതമായി വീടു് എന്ന സ്ഥാപനത്തിൽ തന്നെ കാണാം; അവിടെ ഭാര്യ, ഭർത്താവു്, അച്ഛൻ, അമ്മ, കുട്ടികൾ. കുട്ടികളെ സംബന്ധിച്ചിടത്തോളം കുട്ടികൾക്കു് ഈ സ്ഥാപനത്തിലുള്ള റോൾ അസമത്വപൂർണ്ണമാണു്; തീരുമാനമെടുക്കാനുള്ള അവരുടെ അവകാശം ഏതാണ്ടു്, മിക്കവാറും, നിഷേധിക്കപ്പെട്ടിരിക്കും. പക്ഷേ, അതു് ഒരു അസമത്വമായിട്ടു് എടുക്കുകയാണെങ്കിൽ ഈ അസമത്വത്തിനെ എങ്ങനെ ന്യായീകരിക്കാമെന്നുള്ളതിനെ അടിസ്ഥാനമാക്കിയിട്ടാണു് നീതി സംകല്പിക്കപ്പെടുന്നതു്. അതു് രണ്ടു തത്വങ്ങളുടെ അടിസ്ഥാനത്തിലാണു്. ഒന്നു്, ഏതെങ്കിലും പ്രയോഗത്തിലേർപ്പെടുന്ന, സാമൂഹികപ്രയോഗത്തിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ പങ്കാളിയാവുന്ന, അതിനാൽ ബാധിക്കപ്പെടുന്ന ഏതൊരാൾക്കും (അതായതു് അതിന്റെ ഘടനയിലുൾച്ചേർന്നിട്ടുള്ള ആ ആളുടെ റോൾ വെച്ചു നോക്കുകയാണെങ്കിൽ) ഘടന എന്തു് തരത്തിലുള്ള റോൾ ആണു് ആ ആൾക്കു് കൊടുക്കുന്നതു് എന്നു നോക്കുകയാണെങ്കിൽ അതിൽ ഏതൊരാൾക്കും ഏറ്റവും വിപുലമായ സ്വാതന്ത്ര്യത്തിനു് അവകാശമുണ്ടു്, ആ സ്വാതന്ത്ര്യം മറ്റുള്ളവർക്കുള്ള തുല്യമായ സ്വാതന്ത്ര്യത്തിനു് എതിരായി നിൽക്കുന്നില്ലെങ്കിൽ. ഇതാണു് ഒരു വാദം. അതിന്റെ തത്ത്വം ഇതാണു്. ഏതെങ്കിലും ഒരു സാമൂഹിക ബന്ധത്തിലേർപ്പെടുന്ന അല്ലെങ്കിൽ പങ്കാളിയാവുന്ന അല്ലെങ്കിൽ അതിനാൽ ബാധിക്കപ്പെടുന്ന ഒരാൾക്കു് അതിന്റെ ഘടന അനുവദിക്കുന്ന ഏറ്റവും വിപുലമായ സ്വാതന്ത്ര്യത്തിനു് അവകാശമുണ്ടു്. പക്ഷേ, ഈ അവകാശം മറ്റുള്ളവരുടെ തുല്യമായ അവകാശങ്ങൾക്കു് എതിരായിക്കൂടാ. മറ്റുള്ളവരുടെ തുല്യമായ അവകാശവുമായി ഈ ആളുടെ വിപുലമായ സ്വാതന്ത്ര്യം പൊരുത്തപ്പെടണം. ഇതാണു് ഒരു തത്വം.

രണ്ടാമത്തെ തത്വം ഇത്തരത്തിലുള്ള ബന്ധങ്ങൾ എന്തെങ്കിലും തരത്തിലുള്ള അസമത്വം പുലർത്തുന്നതാണെങ്കിൽ ഏതു തരത്തിലുള്ള പദവിയോ, ഔദ്യോഗിക രൂപങ്ങളോ ഔദ്യോഗിക അധികാരങ്ങളോ ആണു് അത്തരത്തിലുള്ള അസമത്വങ്ങൾ ഉണ്ടാക്കുന്നതു് അല്ലെങ്കിൽ നിലനിർത്തുന്നതു് എന്നുള്ളതാണു്. അത്തരത്തിലുള്ള അസമത്വങ്ങൾ തോന്നുംപടി ആയിക്കൂടാ. ഇതുകാണുമ്പോൾ വളരെ ലളിതമായിട്ടു് തോന്നാം. പക്ഷേ, ലളിതമല്ല ഇതു്. ഇതു കൊണ്ടുള്ള കാര്യം എന്താണെന്നു് നമുക്കു തോന്നാം. പക്ഷേ, കൂലംകഷമായി നോക്കിയാൽ ഈ വീക്ഷണപ്രകാരം നീതിയിലേക്കു് എത്തിച്ചേരാനുള്ള ഒരു പടിയാണതു്.

ഉദാഹരണത്തിനു് ചെസ് കളിക്കുമ്പോൾ അല്ലെങ്കിൽ മറ്റേതെങ്കിലും സ്പോർട്സിൽ നമ്മൾ ഏർപ്പെടുമ്പോൾ ഒരു ഗെയിം കളിക്കുമ്പോൾ ന്യായമായി കളിക്കണമെന്നുള്ളതാണു്. കള്ളക്കളി കളിക്കാൻ പാടില്ല. കള്ളക്കളി കളിക്കാൻ പാടില്ലായെന്നുള്ള ആ സംകല്പത്തിന്റെ സാമൂഹികമായ രൂപമാണു് ഇവിടെ നീതിയെന്ന അർത്ഥത്തിൽ ഉദ്ദേശിച്ചിട്ടുള്ള വീക്ഷണം.

ഒന്നുകൂടി ആവർത്തിക്കുകയാണെങ്കിൽ ഏതൊരു സംവിധാനത്തിലും ഉള്ള അസമത്വങ്ങൾ, അതായതു് ഒരു സംവിധാനം അല്ലെങ്കിൽ ബന്ധങ്ങൾ അതിന്റെ ഘടനാരൂപത്തിൽ തന്നെ അനുവദിക്കുന്ന അസമത്വങ്ങൾ ഏതു തരത്തിലുള്ള ഔദ്യോഗികാധികാരങ്ങളിലാണോ ചേർന്നു കിടക്കുന്നതു് അഥവാ ഏതൊന്നിൽ നിന്നാണോ അതു് ഉണ്ടാകുന്നതു് ആ അസമത്വങ്ങൾ തോന്നുംപടി ആയിക്കൂട. തോന്നുംപടി ആവുക എന്നുവെച്ചാൽ സ്വേച്ഛാപരമാവുകയാണു്. ഉദാഹരണത്തിനു്, ഒരു സ്ഥാപനത്തിൽ ഒരു മേലാധികാരിയും താഴെക്കിടയിലുള്ള ജോലിക്കാരും ഉണ്ടെങ്കിൽ ഈ സ്ഥാപനത്തിൽ നിന്നുണ്ടാകുന്ന ഗുണവർദ്ധന ഈ മേലാധികാരിക്കും അതിലെ ഈ കീഴ്ജീവനക്കാർക്കും ഒരുപോലെ തുല്യമായി ഉപയോഗിക്കാൻ സാധിക്കണം. അല്ലെങ്കിൽ അനുഭവിക്കാൻ സാധിക്കണം. സ്വേച്ഛാപരമായിക്കൂടാ എന്നു പറഞ്ഞാൽ അതാണു്. അതായതു് അസമത്വം ഉണ്ടു്. പക്ഷേ, ഈ അസമത്വം ഇതിലുള്ള ഓരോരുത്തർക്കും ഗുണവർദ്ധനയെ ഉണ്ടാക്കുന്ന തരത്തിലാവണം. അല്ലെങ്കിൽ അതു് തോന്നുംപടിയാവും. ഉദാഹരണത്തിനു്, ഒരു പ്യൂണിനു്, ക്ലാസ്സ് ഫോർ ജീവനക്കാരനു് അതിലെ ഒരു ഓഫീസറെ അപേക്ഷിച്ചു് ആ സ്ഥാപനത്തിലുള്ള ഇടപെടലിൽ നിന്നു് കുറവായ ഗുണവർദ്ധനവു് അഥവാ മേന്മ വളരെ മോശമായ രീതിയിലാണു് കിട്ടുന്നതെങ്കിൽ അതു് സ്വേച്ഛാപരമാണു്. കാരണം അതു് നീതിപൂർവ്വമല്ല. ഇതാണു് അതിന്റെ തത്വം.

ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ ഒരു സ്ഥാപനത്തിലോ അതിലുള്ള മനുഷ്യർ തമ്മിലുള്ള ക്രമവൽകൃതമായ ബന്ധങ്ങളിലോ വ്യത്യസ്തമായ അവകാശവാദങ്ങൾ ഉണ്ടാകുമ്പോൾ (അതായതു് ഓരോരുത്തർക്കും ഓരോ രീതിയിലുള്ള പരാതികൾ ഉണ്ടാകുന്ന സമയത്തു്), ആ പരാതികളുടെ മേലെ ഉണ്ടായിട്ടുള്ള നിർദ്ദേശങ്ങളുടെ മേലെ തീരുമാനമെടുക്കാൻ നമ്മൾ അവലംബിക്കുന്ന തത്വം അഥവാ സ്ഥാപനം മൊത്തത്തിൽ അവലംബിക്കുന്ന തത്വം മറ്റെല്ലാവരുടെയും സമാനമായ അവകാശവാദങ്ങളിൽ അല്ലെങ്കിൽ പരാതികളിന്മേൽ ഇതേ തത്വം ഉപയോഗിക്കണമെന്നുള്ളതാണു് മറ്റൊരു തത്വം. സ്ഥാപനമെന്നുവെച്ചാൽ എന്തുമാവാം. ഒരു കുടുംബമാവാം. സ്ത്രീപുരുഷ ബന്ധമാവാം. വലിയ ഒരു സ്ഥാപനമാവാം. ഗവൺമെന്റാവാം. അതിലൊക്കെത്തന്നെയും ഏതെങ്കിലും ഒരംഗം ഒരു അവകാശവാദവുമായിട്ടു് വരുമ്പോൾ (അവകാശവാദം എന്നുവെച്ചാൽ ഒരു നിർദ്ദേശമാണു്) ആ നിർദ്ദേശത്തിന്റെ മേലെ ഒരു തീരുമാനം എടുക്കപ്പെടേണ്ടതുണ്ടു്. അങ്ങനെ തീരുമാനം എടുക്കപ്പെടുമ്പോൾ അതിനു് ചില തത്വങ്ങൾ അവലംബിക്കുന്നുണ്ടു് ആ സ്ഥാപനം. പക്ഷേ, ഏവരുടെയും മേലുള്ള തീരുമാനമെടുക്കലിനു് ആ തത്വം തന്നെ ഉപയോഗിക്കണം. അതു് മാറാൻ പാടില്ല. ഇതു് നീതിയെപ്പറ്റി സംകീർണ്ണമായിട്ടുള്ള സംകല്പമാണു്. ഇതു് ന്യായം എന്ന സംകല്പത്തെ അടിസ്ഥാനമാക്കിയുള്ളതാണു്. ഉദാഹരണത്തിനു് ചെസ് കളിക്കുമ്പോൾ അല്ലെങ്കിൽ മറ്റേതെങ്കിലും സ്പോർട്സിൽ നമ്മൾ ഏർപ്പെടുമ്പോൾ ഒരു ഗെയിം കളിക്കുമ്പോൾ ന്യായമായി കളിക്കണമെന്നുള്ളതാണു്. കള്ളക്കളി കളിക്കാൻ പാടില്ല. കള്ളക്കളി കളിക്കാൻ പാടില്ലായെന്നുള്ള ആ സംകല്പത്തിന്റെ സാമൂഹികമായ രൂപമാണു് ഇവിടെ നീതിയെന്ന അർത്ഥത്തിൽ ഉദ്ദേശിച്ചിട്ടുള്ള വീക്ഷണം.

സ്ഥാപനവുമായുള്ള ഇടപെടലിൽ ഒരാളും മറ്റൊരാളെ അപേക്ഷിച്ചു് വളരെ പ്രതികൂലമായ അതായതു് മെച്ചപ്പെട്ടതല്ലാത്ത ഒരു വിഭവം എടുക്കാൻ ഇടവരരുതു്. അതിനെ പ്രതിരോധിക്കുന്ന ഒരു തത്വമാണു് നീതി. പക്ഷേ, ഇതാണു നീതിയെന്നു നമുക്കു പറയാൻ പറ്റില്ല. ഇതു് നീതിയെപ്പറ്റി ഒരു വീക്ഷണം മാത്രമാണു്. നീതിയെപ്പറ്റിയുള്ള ഈ വീക്ഷണത്തിന്റെ ഒരു സ്വഭാവം എന്താണെന്നുവെച്ചാൽ ഇതു് യുക്തിയിലധിഷ്ഠിതമാണു്. യുക്തിപരമായിട്ടു് നമുക്കു പരിഹരിക്കാൻ കഴിയുന്ന ഒന്നാണു് ഇതിൽ നീതി. താത്പര്യങ്ങൾ എങ്ങനെയാണു് ഒരു പ്രത്യേകസ്ഥാപനത്തിനെ ഉണ്ടാക്കുന്നതു്? ആ സ്ഥാപനത്തിൽ ഓരോരുത്തരുടെയും സംഭാവനകൾ എന്താണു് ? അതിലുള്ള അസമത്വങ്ങൾ എന്താണു്?’ ഇതൊക്കെ കണക്കാക്കാൻ പറ്റും. ഇതിന്റെമേലെ യുക്തിപരമായി തീരുമാനം എടുക്കാൻ പറ്റും. ഇങ്ങനെ യുക്തിപരമായ തീരുമാനം എടുക്കാൻ പറ്റുമെന്നുള്ള ആളുകളൊക്കെ യുക്തിസഹരാണു്, യുക്തിഭദ്രമായിട്ടുള്ള രീതിയിലാണു് ആളുകൾ ഇതിൽ ഇടപെടുന്നതു് എന്നുള്ള മുൻധാരണ, മുൻവിധി, നീതിയെപ്പറ്റിയുള്ള ഈ സംകല്പത്തിലുണ്ടു്. അതിന്റെ വിമർശനവും അതുതന്നെയാണു്.

നീതിയെപ്പറ്റി ഞാൻ ഇവിടെ അവതരിപ്പിക്കുന്ന രണ്ടാമത്തെ വീക്ഷണം, ശരിക്കുള്ള നീതി ഇതാണു് എന്നു് പറയാവുന്ന അർത്ഥത്തിലല്ല നീതിയെ കാണേണ്ടതു് എന്നുള്ളതാണു്. നീതിയുടെ സാമ്യത അല്ലെങ്കിൽ സാദൃശ്യം ദർശനങ്ങളോടാണു്. ശാസ്ത്രത്തോടല്ല. ശാസ്ത്രത്തിൽ ഒരു കാര്യം കൃത്യമായി പറയാൻ കഴിയും എന്നുള്ള രീതിയിലാണു് നമ്മൾ മുന്നേറുന്നതു്. ഒരു പ്രശ്നം എടുത്തു കഴിഞ്ഞാൽ ഇന്ന ഇന്ന നടപടിക്രമം എടുത്തു നമുക്കു് നമ്മൾ ഉദ്ദേശിക്കുന്ന ഒരു ഫലം കിട്ടും. ആ ഫലം കിട്ടിയിട്ടു് നമ്മൾ അംഗീകരിച്ചില്ലെങ്കിൽ നമ്മൾ സ്വയം വിരുദ്ധമാകും. പക്ഷേ, നീതിയിൽ അങ്ങനെയല്ല. നീതിയുടെ കാര്യത്തിൽ ഭിന്നലക്ഷ്യങ്ങളുള്ള, ഭിന്നസംകല്പങ്ങളുള്ള, വളരെ ഭിന്നങ്ങളായ അവകാശവാദങ്ങളുമായിട്ടു് വരുന്ന പരാതിക്കാരുടെ ഇടയിൽ നിന്നുള്ള തീർപ്പാണു് മാതൃക. ആ വാദഗതി കോടതിയും നീതിന്യായ സ്ഥാപനവുമായിട്ടുള്ള മാതൃകയിലാണു് നീതിയെ കാണുന്നതു്.

ആയത്തൊള്ള ഖൊമേനി, ഹിറ്റ്ലർ ഇങ്ങനെയുള്ള ഭീകരർ അല്ലെങ്കിൽ മത/ രാഷ്ട്രീയ തീവ്രവാദികളൊക്കെ അനിർണ്ണേയമായിട്ടുള്ളതിനെയോ പ്രതിനിധാനം ചെയ്യാൻ പറ്റാത്തതിനെയോ അവയെ നിർണ്ണയിക്കാൻ പറ്റുന്നതുപോലെയോ പ്രതിനിധാനം ചെയ്യാൻ പറ്റുന്നതുപോലെയോ ഇതാണു് നീതി എന്നു് പ്രഖ്യാപിച്ചിട്ടു് പ്രവർത്തിക്കുകയാണു്. അപ്പോൾ മറ്റു് ഏതു തരത്തിലുള്ള വീക്ഷണങ്ങളും കാഴ്ചപ്പാടും അടിച്ചമർത്തപ്പെടേണ്ട അവസ്ഥ വരുന്നു.

ഭാര്യാ-ഭർത്തൃബന്ധത്തിലാണെങ്കിൽ രണ്ടുപേർക്കും വളരെ യുക്തിയോടുകൂടിയ പലതരത്തിലുള്ള ന്യായങ്ങളോടുകൂടിയുള്ള വാദമുഖം ഉണ്ടാകും. അവകാശവാദമോ, അല്ലെങ്കിൽ പരാതിയോ ഉണ്ടാകും. അപ്പോൾ ഈ രണ്ടുവാദങ്ങളുടെയിടയിൽ യഥാർത്ഥ സത്യമെന്നുള്ള ഒന്നു് ഇല്ല എന്നുള്ള വീക്ഷണമാണു് ഇതു്. പകരം ഇതിൽ ഈ രണ്ടവകാശവാദങ്ങളിൽ നിന്നു് വികസിപ്പിച്ചെടുത്ത, വിപുലീകരിച്ച, അതിനെ പുനർനവീകരിച്ചിട്ടുള്ള ഒരു അവസ്ഥയിൽ ഒരു അധികാരസ്ഥാനത്തു നിന്നു് അതിനു തീർപ്പു കല്പിക്കുന്ന രീതിയാണു്, അവസ്ഥയാണു് നീതിയെന്നതു്. അതായതു് ഒരു കോടതിയിലെ ന്യായാധിപതി കേസിന്റെ രണ്ടു് പക്ഷവും എടുത്തു് പരിശോധിച്ചു് തീരുമാനിക്കുന്നു. അതു പരിശോധിക്കുന്നതു് യഥാർത്ഥസത്യം എന്താണെന്നുള്ള അർത്ഥത്തിലല്ല. അധികാരപ്പെടുത്തപ്പെട്ട ഒരു ജഡ്ജി ഏതായിരിക്കും കൂടുതൽ നീതിപൂർവ്വം എന്നു് എടുക്കുന്ന തീരുമാനമാണു് അവിടെ നീതി ആയിട്ടു കരുതപ്പെടുന്നതു്. സാമൂഹികമേഖലകളിൽ, സാമൂഹികബന്ധങ്ങളിൽ, സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങൾ, അസമത്വങ്ങൾ, തർക്കങ്ങൾ, പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ എന്നിവ വാസ്തവത്തിൽ അമൂർത്തമായ നീതി സംകല്പത്തോടു അനുരൂപപ്പെടുകയല്ല വേണ്ടതു്. മറിച്ചു്, പ്രായോഗികതലത്തിൽ ഏതെങ്കിലും തരത്തിലുള്ള അധികാരസ്ഥാനങ്ങളിൽ നിന്നു്, അതായതു് ഇതിനെപ്പറ്റി കൂടുതൽ ഇത്തരത്തിലുള്ള അനുഭവങ്ങളുമായി, അല്ലെങ്കിൽ കേസുകളും പ്രശ്നങ്ങളുമായി കൂടുതൽ ഇടപെട്ടിട്ടുള്ള അതിൽ അർഹതനേടിയിട്ടുള്ള അധികാരസ്ഥാനത്തുനിന്നുള്ള വിധി എന്നുള്ള നിലയ്ക്കാണു് നീതിനടപ്പാക്കപ്പെടേണ്ടതു്. എന്നുവെച്ചാൽ നീതിന്യായ വ്യവസ്ഥയെ മാതൃകയാക്കിക്കൊണ്ടു് സാമൂഹികമായി അതു് പ്രയോഗിക്കുന്ന വാദമാണു് രണ്ടാമത്തെ വീക്ഷണം.

മൂന്നാമത്തെ വീക്ഷണം, രണ്ടാമത്തെ വാദം നില്ക്കുന്നിടത്തു്, അതായതു് അതു് അവസാനിക്കുന്നിടത്തു തുടങ്ങുന്ന ഒന്നാണു് എന്നു പറയാം. ഇവിടെ നീതിയെന്നുള്ളതു് സത്യാവസ്ഥയെക്കുറിക്കുന്നതോ, നിർണ്ണയിക്കപ്പെടാൻ സാധിക്കുന്നതോ അല്ല. രണ്ടാമത്തേത്തിൽ വളരെ വൈദഗ്ദ്ധ്യവും, നൈപുണ്യവും ഒരുപാടു് വിവരവും ഉണ്ടായിട്ടുള്ള ഈ ഒരു അധികാരകേന്ദ്രം എടുക്കുന്ന തീർപ്പുകളാണു് നീതിയെ പ്രതിനിധീകരിക്കുന്നതു്. നേരെമറിച്ചു് മൂന്നാമത്തെ വാദത്തിൽ നീതി ഒരിക്കലും നിർണ്ണയിക്കപ്പെടാൻ കഴിയാത്ത ഒന്നാണു്. നീതി ഒരു ആശയമാണു്. അതു് വസ്തുലോകത്തെക്കുറിച്ചുള്ള അറിവല്ല. നീതി നമുക്കു് പ്രതിനിധാനം ചെയ്യാൻ പറ്റില്ല. ഇതാണു് നീതിയെന്നു് നമുക്കു് പറയാൻ പറ്റില്ല. ഗുരുത്വാകർഷണശക്തി പ്രവർത്തിക്കുന്നതു് ഇങ്ങനെയാണു് എന്നു പറയുന്നതുപോലെ ഇങ്ങനെയാണു് നീതി പ്രവർത്തിക്കുന്നതു് എന്നു പറയാൻ പറ്റില്ല. അതായതു്, നീതിയെക്കുറിച്ചു് അറിവു സാധ്യമല്ല. നീതിയെ പ്രതിനിധാനം ചെയ്യാൻ സാധിക്കില്ല. അതു് അനിർണ്ണേയമാണു്, നിർണ്ണയിക്കപ്പെടാൻ കഴിയാത്ത ഒന്നാണു്. അപ്പോൾ പ്രശ്നം വരുക എപ്പോഴാണെന്നുവെച്ചാൽ, നിർണ്ണയിക്കപ്പെടാൻ കഴിയാത്ത ഒന്നിനെ നിർണ്ണയിക്കപ്പെട്ടതുപോലെ കരുതി ഒരു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴാണു് അവിടെ അനീതി ഉണ്ടാകുന്നതു്. ഇപ്പോൾ ഈ വാദം പറയുന്ന ആളുകൾ പറയുന്നതെന്തെന്നുവെച്ചാൽ ആയത്തൊള്ള ഖൊമേനി, ഹിറ്റ്ലർ ഇങ്ങനെയുള്ള ഭീകരർ അല്ലെങ്കിൽ മത/രാഷ്ട്രീയ തീവ്രവാദികളൊക്കെ അനിർണ്ണേയമായിട്ടുള്ളതിനെയോ പ്രതിനിധാനം ചെയ്യാൻ പറ്റാത്തതിനെയോ അവയെ നിർണ്ണയിക്കാൻ പറ്റുന്നതുപോലെയോ പ്രതിനിധാനം ചെയ്യാൻ പറ്റുന്നതുപോലെയോ ഇതാണു് നീതി എന്നു് പ്രഖ്യാപിച്ചിട്ടു് പ്രവർത്തിക്കുകയാണു്. അപ്പോൾ മറ്റു് ഏതു തരത്തിലുള്ള വീക്ഷണങ്ങളും കാഴ്ചപ്പാടും അടിച്ചമർത്തപ്പെടേണ്ട അവസ്ഥ വരുന്നു.

എന്താണു് അനീതി എന്നാണു് ചോദിക്കേണ്ടതു്. എപ്പോഴാണു് ഒരു ബന്ധം, ഒരു സ്ഥാപനം, ഒരു സാമൂഹികപ്രയോഗം, ഒരു സാമൂഹ്യാവസ്ഥ അനീതിയാവുന്നതു് എന്നാണു് ചോദിക്കേണ്ടതു്. അതു് അതിൽ ഏർപ്പെടുന്ന ആളുകൾക്കു യാതനകൾ ഉണ്ടാക്കുമ്പോഴാണു്. പക്ഷേ, ഈ യാതന അനുഭവിക്കുമ്പോൾ ഈ ബന്ധത്തിൽ ഏർപ്പെട്ട മറ്റു് ആളുകൾക്കു് അതു് അത്രയും യാതന കൊടുക്കാതിരിക്കുക. ഒരു സാമൂഹികവ്യവസ്ഥയിൽ ഒരു വിഭാഗം ആളുകൾക്കു് അതു് വിഷമങ്ങൾ, യാതനകൾ, ദാരിദ്ര്യം, കഷ്ടപ്പാടു്, കൊടുക്കുമ്പോൾ അവരുടെ സംഭാവനകൾ കൊണ്ടു കൂടി നടക്കുന്ന ഈ സ്ഥാപനത്തിലെ മറ്റംഗങ്ങൾക്കു് ആനുകൂല്യങ്ങളും ഗുണമേന്മയും ഉണ്ടാവുകയാണെങ്കിൽ അത്തരത്തിലുള്ള വ്യവസ്ഥ അനീതിപൂർവ്വമാണു്.

ഒരു പ്രത്യേക സാമൂഹികസന്ദർഭത്തിൽ നീതി എന്താണെന്നുള്ള എന്റെ വീക്ഷണം നിർണ്ണയിക്കാൻ പറ്റാത്തതാണു്. അതൊരു സംകല്പനമാണു്. അതൊരു വസ്തുസ്ഥിതിയുടെ പ്രതിനിധാനമല്ല. വസ്തുസ്ഥിതിയുടെ അറിവല്ല. അങ്ങനെ വ്യത്യസ്തമായ നിരവധി വാദങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ വീക്ഷണങ്ങൾ ഉണ്ടാകാം. നീതിയെപ്പറ്റിയുള്ള സംകല്പങ്ങൾ ഉണ്ടാകാം. പക്ഷേ, ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ മറച്ചുകൊണ്ടു് അല്ലെങ്കിൽ അവഗണിച്ചുകൊണ്ടു് നീതി നടപ്പാക്കുക. എന്നു പറയുന്നതു് വളരെ അനീതിപൂർവ്വമാണു് എന്നുള്ളതാണു് ഈ വാദം. നേരെമറിച്ചു് അതിന്റെ അർത്ഥം എല്ലാ നീതി സംകല്പങ്ങളും ശരിയാണു്, അതുകൊണ്ടു് നമ്മൾ ആപേക്ഷികവാദത്തിൽ നിൽക്കണമെന്നല്ല. അതായതു്, നിരവധി നീതികൾ. എല്ലാ നീതികളും ശരിയാണു്, ആയിക്കൊള്ളട്ടെ എന്നല്ല. പകരം ഈ വീക്ഷണപ്രകാരം വ്യത്യസ്തമായ നീതി ബോധങ്ങളെ നമ്മൾ ബഹുമാനിക്കണമെന്നാണു് ഇതിൽ പറയുന്നതു്. എന്നുവെച്ചാൽ ആളുകളാണു് നീതി സംകല്പം കൈക്കൊള്ളുന്നതു്. നീതിബോധമുള്ളതു് വ്യത്യസ്തരായ ആളുകൾക്കാണു്. പക്ഷേ, ഈ ആളുകളെയൊക്കെ നമ്മൾ ബഹുമാനിക്കണമെന്നല്ല അതിന്റെ പൊരുൾ, അങ്ങനെയുള്ള ആപേക്ഷികവാദമല്ല ഈ അർത്ഥത്തിലെ നീതി. പകരം ഇവയ്ക്കു് ഇടയിലുള്ള വ്യത്യാസത്തിനെ ബഹുമാനിക്കുക എന്നതാണു്. അതായതു്, നമ്മൾ ആളുകളെ ബഹുമാനിച്ചു കഴിഞ്ഞാൽ വീണ്ടും നീതി അങ്ങനെ തന്നെ നില്ക്കും. അതിന്റെ അർത്ഥമെന്തെന്നുവെച്ചാൽ നീതി പ്രതിനിധാനം ചെയ്യാൻ കഴിയുമെന്നും വ്യത്യസ്തമായ നീതി ഉണ്ടെന്നുമുള്ള ബോധമാണു്, അംഗീകാരമാണു്, അവിടെ. അങ്ങനെ വ്യത്യസ്തമായ നീതിയേ ഇല്ല. കാരണം നീതി എന്നുള്ളതു് നിർണ്ണയിക്കാനേ പറ്റില്ല. പകരം ഇത്തരത്തിലുള്ള വ്യത്യാസത്തിന്റെ ഒരിടമുണ്ടു്. ആ ഇടത്തിനെ ബഹുമാനിക്കുക എന്നുള്ളതാണു് മൂന്നാമത്തെ വീക്ഷണം. നീതിയെപ്പറ്റി ചിന്തിക്കുന്ന ആളുകൾ എത്ര വ്യത്യസ്തമായി ചിന്തിക്കുന്നുവെന്നു് നമുക്കു് ഇതു നോക്കിയാൽ കാണാം.

നാലാമത്തേതു് ഇതിനൊക്കെ വിമർശനം ആയിട്ടാണു്. നീതി എന്നുള്ളതു് ഒരിക്കലും വിധായകരൂപത്തിൽ നമുക്കു് പറയാൻ പറ്റില്ല. പോസിറ്റീവ് ആയിട്ടു് ഒന്നും പറയാൻ പറ്റില്ല. നമുക്കു് അനീതിയെക്കുറിച്ചു മാത്രമേ സംസാരിക്കാൻ പറ്റുകയുള്ളൂ. അതായതു് നെഗറ്റീവ് ആയിട്ടുള്ള നിർവ്വചനം. എന്താണു് അനീതി എന്നാണു് ചോദിക്കേണ്ടതു്. എപ്പോഴാണു് ഒരു ബന്ധം, ഒരു സ്ഥാപനം, ഒരു സാമൂഹികപ്രയോഗം, ഒരു സാമൂഹ്യാവസ്ഥ അനീതിയാവുന്നതു് എന്നാണു് ചോദിക്കേണ്ടതു്. അതു് അതിൽ ഏർപ്പെടുന്ന ആളുകൾക്കു യാതനകൾ ഉണ്ടാക്കുമ്പോഴാണു്. പക്ഷേ, ഈ യാതന അനുഭവിക്കുമ്പോൾ ഈ ബന്ധത്തിൽ ഏർപ്പെട്ട മറ്റു് ആളുകൾക്കു് അതു് അത്രയും യാതന കൊടുക്കാതിരിക്കുക. ഒരു സാമൂഹികവ്യവസ്ഥയിൽ ഒരു വിഭാഗം ആളുകൾക്കു് അതു് വിഷമങ്ങൾ, യാതനകൾ, ദാരിദ്ര്യം, കഷ്ടപ്പാടു്, കൊടുക്കുമ്പോൾ അവരുടെ സംഭാവനകൾ കൊണ്ടു കൂടി നടക്കുന്ന ഈ സ്ഥാപനത്തിലെ മറ്റംഗങ്ങൾക്കു് ആനുകൂല്യങ്ങളും ഗുണമേന്മയും ഉണ്ടാവുകയാണെങ്കിൽ അത്തരത്തിലുള്ള വ്യവസ്ഥ അനീതിപൂർവ്വമാണു്. അനീതിപൂർവ്വമല്ലാത്ത എല്ലാ അവസ്ഥയും നീതിപൂർവ്വമാണു്. ഇതാണു് നീതിയെപ്പറ്റി നെഗറ്റീവ് ആയിട്ടുള്ള നിർവ്വചനം. ഇതു് ആലോചിക്കാവുന്നതാണു്. എന്നു വെച്ചാൽ, നീതിയെക്കുറിച്ചു് നമ്മൾ ചിന്തിക്കുന്ന സമയത്തു് എന്താണു് നീതിയെന്നു് പറയാൻ ആർക്കും ഒരു തരത്തിലുള്ള അർഹതയോ, അല്ലെങ്കിൽ അധികാരമോ ഇല്ല. കാരണം നീതി, അങ്ങനെ അവിടെ തിരിച്ചറിയാൻ കഴിയുന്ന, ‘അവിടെയുള്ള’ ഒന്നല്ല. നീതി നമ്മുടെ ഇടയിലൊക്കെതന്നെ, നമ്മുടെ പ്രവർത്തനങ്ങളിലൂടെ, നമ്മൾ പലപ്പോഴും ചെയ്തും ചെയ്യിച്ചും അതിൽ അന്തർഭവിച്ചിട്ടും നിൽക്കുന്ന ഒന്നാണു്. കാരണം, നമ്മുടെ വീക്ഷണങ്ങളിലൂടെ, നമ്മുടെ ചിന്തകളിലൂടെ ഉരുത്തിരിയുന്ന ഒന്നാണു് അതു്. ഇതാണു് ഒരു വാദം. ഇത്രയും നീതിയെക്കുറിച്ചു്.

ഒരു കോളേജ് പ്രൊഫസർക്കു് സാംസ്കാരികമായ മൂലധനം ഏറിയും ഭൗതികമൂലധനം കുറഞ്ഞും ഇരിക്കും. നേരെ മറിച്ചു് ഒരു ബിസിനസ്സ് എക്സിക്യൂട്ടീവ് സാംസ്കാരികമായി മൂലധനം കുറഞ്ഞും ഭൗതികമായ മൂലധനം ഏറിയും ഇരിക്കും. പക്ഷേ, ഇവർ തമ്മിലുള്ള ഇടം വലിയ അന്തരമുള്ളതാകും. അതാണു് ഇവരുടെ സാമൂഹ്യഇടം. ഒരു വലിയ സ്ഥാപനത്തിലെ തന്നെ ക്ലാസ്സ് ഫോർ ജീവനക്കാരന്റെ സാമൂഹ്യ ഇടവും അതിലെ ഉന്നതമായ ഓഫീസറുടെ സാമൂഹ്യ ഇടവും തമ്മിൽ വളരെ വ്യത്യാസമുണ്ടാകും.

സാമൂഹികമായ ഇടം എന്നുള്ളതാണു് ഇതിൽ ആവശ്യമായിട്ടുള്ള മറ്റൊരു പരികല്പന. സാമൂഹിക ഇടം എന്നു പറയുന്നതു് എന്താണു്? നമ്മൾ ഇപ്പോൾ ഇവിടെ കൂടിയിട്ടുള്ള ആളുകളെ ഉദാഹരണത്തിനു് എടുക്കുകയാണെങ്കിൽ, അവരെയൊക്കെപ്പറ്റിയിട്ടുള്ള വിവരം, ഒരു ഇന്റർവ്യൂ അല്ലെങ്കിൽ സർവ്വേ എടുക്കുക. എന്നിട്ടു് ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ ചോദിക്കുക. അതിൽനിന്നു് ഡാറ്റാപുസ്തകം ഉണ്ടാക്കാം. ഏതു രീതിയിലുള്ള വസ്ത്രങ്ങളാണു് ഇവർ ധരിക്കുന്നതു്? എന്തുതരത്തിലുള്ള വിനോദങ്ങൾ ആണു് അവർക്കുള്ളതു്? എന്താണു് അവർ വിശ്വസിക്കുന്നതു്? അവരുടെ മതപരമായ വിശ്വാസത്തിന്റെ സ്വഭാവം എന്താണു്? അവരുടെ ഉപഭോഗത്തിന്റെ സ്വഭാവമെന്താണു്? അവരുടെ വരുമാനത്തിന്റെ സ്വഭാവം എന്താണു്? അവർ എന്തൊക്കെയാണു് വീട്ടിൽ ഉപഭോഗം ചെയ്യുന്നതു്. ഉദാഹരണത്തിനു്, ഫ്രിഡ്ജ് ഉള്ളവർ എത്രയാണു്? വീട്ടിൽ ടി. വി. യുള്ളവർ ആരൊക്കെയാണു്? എത്ര എന്നല്ല ആരൊക്കെയാണു്. ഒഴിവുസമയങ്ങളിൽ അവർ എവിടെയൊക്കെ പോകുന്നു? ആരെയൊക്കെ സന്ദർശിക്കുന്നു? അവർ എന്തു കളി കളിക്കുന്നു? അവർ കളിക്കുന്നുണ്ടോ? അവർ സ്പോർട്സിലോ മറ്റു തരത്തിലുള്ള വിനോദപ്രവർത്തനങ്ങളിലോ ഏർപ്പെടുന്നുണ്ടോ? ഇതൊക്കെ നമ്മൾ ശേഖരിച്ചു കഴിഞ്ഞാൽ അതിലുള്ള ആളുകളെ ഒക്കെ പല ഗ്രൂപ്പുകളിലായിട്ടു് നമുക്കു് ഇടേണ്ടി വരും. എന്നുവെച്ചാൽ, ആളുകൾ ചില പ്രത്യേക രീതിയിലാണു്. അവരുടെ ആ തരത്തിലുള്ള ഗുണങ്ങളെയാണു് സാമൂഹിക ഇടം എന്നു പറയുന്നതു്. ഇപ്പോൾ ഒരു സമൂഹത്തെ മൊത്തം എടുത്തു കഴിഞ്ഞാൽ ക്രിക്കറ്റ് കളിക്കുന്ന ആളുകൾ. പിന്നെ വലിയ സിനിമാതാരങ്ങളുടെയും, കോർപ്പറെറ്റ് എക്സിക്യൂട്ടീവുകളുടെയും ഡിന്നറിൽ പോകുന്ന ആളുകൾ. മന്ത്രിമാരുമൊക്കെയായി നിരന്തരം ഫോണിലും ഒക്കെ സമ്പർക്കം ചെയ്യുന്ന ആളുകൾ. ഗോൾഫ് കളിക്കുന്ന, (ഗോൾഫ് എന്ന കളി നമ്മൾക്കു് അറിയുക കൂടിയില്ല) പ്രത്യേക രീതിയിലുള്ള ബിസിനസ്സ് സ്കൂളിൽ പഠിക്കുന്ന മക്കളുള്ള ആളുകൾ, ഇങ്ങനെ ഓരോ വിഭാഗങ്ങളെ മുഴുവൻ നമ്മൾ എടുത്തു കഴിഞ്ഞു് ഒരു ചാർട്ട് വരച്ചു കഴിഞ്ഞാൽ കുറെ ആളുകൾ അതിൽ ഫിറ്റ് ചെയ്യും. കുറെ ആളുകൾ ഇതു് തീരെ ഇല്ലാത്തവരാണു്. ഇവർ ഈ കളി കളിക്കാത്ത ആളുകളാണു്.

കുറെ ആളുകൾ അതിന്റെ നേരെ വിപരീതമായിരിക്കും. അവരുടെ വിനോദം എന്നു് വെച്ചാൽ വീടിന്റെ ചുറ്റുപാടുള്ള ഏതെങ്കിലുമൊരു മരത്തിന്റെ ചുവട്ടിൽ വൈകുന്നേരം ഒരു ചായയും കുടിച്ചു് നാട്ടുവർത്തമാനം പറയുകയായിരിക്കും. തങ്ങളുടെ പ്രദേശത്തു നിന്നു് 20 കി. മീ. ദൂരത്തേക്കു് അപ്പുറം യാത്ര പോയിട്ടില്ലാത്തവർ. എപ്പോഴെങ്കിലും രാഷ്ട്രീയക്കാർ വോട്ടിനു് വരുമ്പോൾ അവരോടു് സംസാരിക്കുക, അല്ലെങ്കിൽ അവരോടു് യാതൊരു ബന്ധവുമില്ലാത്ത ആളുകൾ. കാറിൽ ഇതുവരെ സഞ്ചരിക്കാത്ത ആളുകൾ. അങ്ങനെ ഒരു വിഭാഗം ആളുകളെ എടുത്താൽ ആ ആളുകളുടെ സാമൂഹിക ഇടവും നാം നേരത്തെ പറഞ്ഞ വിഭാഗത്തിന്റെ സാമൂഹിക ഇടവും തമ്മിലുള്ള അന്തരം വളരെ വലുതാണു്. ഈ അന്തരമാണു് സാമൂഹിക ഇടത്തിനെ നിർണ്ണയിക്കുന്നതു്. ആളുകൾ വ്യത്യസ്തരാണു്. ഈ സാമൂഹിക ഇടത്തെ രണ്ടു രീതിയിലാണു് വിവരിക്കുക. ഒന്നു് ഭൗതികമായ മൂലധനം /വിഭവം, മറ്റേതു് സാംസ്കാരികമായ മൂലധനം. ഉദാഹരണത്തിനു്, ഒരു കോളേജ് പ്രൊഫസർക്കു് സാംസ്കാരികമായ മൂലധനം ഏറിയും ഭൗതികമൂലധനം കുറഞ്ഞും ഇരിക്കും. നേരെ മറിച്ചു് ഒരു ബിസിനസ്സ് എക്സിക്യൂട്ടീവ് സാംസ്കാരികമായി മൂലധനം കുറഞ്ഞും ഭൗതികമായ മൂലധനം ഏറിയും ഇരിക്കും. പക്ഷേ, ഇവർ തമ്മിലുള്ള ഇടം വലിയ അന്തരമുള്ളതാകും. അതാണു് ഇവരുടെ സാമൂഹ്യഇടം. ഒരു വലിയ സ്ഥാപനത്തിലെ തന്നെ ക്ലാസ്സ് ഫോർ ജീവനക്കാരന്റെ സാമൂഹ്യ ഇടവും അതിലെ ഉന്നതമായ ഓഫീസറുടെ സാമൂഹ്യ ഇടവും തമ്മിൽ വളരെ വ്യത്യാസമുണ്ടാകും.

സ്ത്രീ-പുരുഷബന്ധത്തിൽ ഇരുപേർക്കും ഭൗതികമായിട്ടുള്ള വിഭവങ്ങളുടെ ആർജ്ജനവുമൊക്കെ സമാനമാണെങ്കിലും അവർക്കുള്ള സാംസ്കാരികമൂലധനം ഒരുപോലെ അല്ല. ഉദാഹരണത്തിനു്, സാമൂഹികമായിട്ടു് എന്തൊക്കെയാണു് കുടുംബങ്ങളിലും പിന്നെ മറ്റു പുരുഷ-സ്ത്രീകളുമായിട്ടുള്ള ബന്ധങ്ങളിലും ഒരു സ്ത്രീയിൽനിന്നു് പ്രതീക്ഷിക്കപ്പെടുന്നതു് എന്നതനുസരിച്ചു് ആ സ്ത്രീയുടെ സാമൂഹിക ഇടം നിർണ്ണയിക്കപ്പെടുന്നുണ്ടു്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ആ സാമൂഹിക ഇടം കുറെകൂടി വിശാലവും സ്വതന്ത്രവും സാംസ്കാരികമായി സമ്പന്നവുമാണു്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇടുങ്ങിയതാണു്. സങ്കുചിതമായ ഒരു ഇടമാണു്. ഇതൊക്കെ അവരുടെ മനോഭാവത്തെയും, പെരുമാറ്റങ്ങളെയും, പ്രവർത്തനസ്വഭാവത്തെയും തെരഞ്ഞടുപ്പിനു് ചെയ്യുന്ന വോട്ടിനെയും നിർണ്ണയിക്കുന്ന ഒന്നാണു്. സാമൂഹിക ഇടത്തിനെ ചെറിയ രീതിയിൽ നിർവ്വചിച്ചുവെന്നാണു് ഞാൻ വിചാരിക്കുന്നതു്.

ഇത്രയും വിപുലമായ, വിശാലമായ ചിത്രത്തിൽ നിന്നു് വളരെ കുറഞ്ഞ വളരെ സൂക്ഷ്മമായിട്ടുള്ള പ്രതലത്തിലേക്കു് നോക്കുക. കുടുംബം എടുക്കുക. അതിൽ സ്ത്രീ-പുരുഷ അംഗങ്ങൾ, അച്ഛൻ-അമ്മ അല്ലെങ്കിൽ ഭാര്യ-ഭർത്താവു്, മക്കൾ ഇവരുടെ സാമൂഹിക ഇടത്തിനു് വലിയ വ്യത്യാസമുണ്ടു്. ഒരാൾ എന്തു ചെയ്യും, എന്തൊക്കെ കാര്യങ്ങൾ രാവിലെ എണീറ്റു് വൈകുന്നേരം വരെയുള്ള സമയങ്ങളിൽ ചെയ്യും. മറ്റെയാൾ എന്തു ചെയ്യുന്നില്ല എന്നതു് അവരുടെ സാമൂഹിക ഇടത്തിനെ നിർണ്ണയിക്കും. പക്ഷേ, ഇതു് ഇങ്ങനെ നടക്കുന്നു എന്നുള്ളതാണു് നമ്മൾ നോക്കുന്നതു്. സാമൂഹിക ഇടമെന്നുള്ള സംകല്പം, പ്രധാന സംകല്പമായിട്ടു് നമ്മൾ പരിശോധിക്കേണ്ടതുണ്ടു്. എന്തുകൊണ്ടെന്നാൽ, എങ്ങനെ ഒരു തരത്തിലുള്ള ചോദ്യം ചെയ്യലുമില്ലാതെ വളരെ സ്വാഭാവികമായിട്ടു് സ്ത്രീ രാവിലെ എണീറ്റയുടനെ അടുക്കളയിൽ പോകുന്നു? ഇതു് എന്താണെന്നുവെച്ചാൽ സാമൂഹിക ഇടം വെറും ഭൗതികമായ നീക്കങ്ങളുടെ അല്ലെങ്കിൽ കൂടിച്ചേരലിന്റെയൊന്നും പ്രശ്നമല്ല. അതു് മനഃസ്ഥിതിയുടെ പ്രശ്നമാണു്. കാരണം എന്തു ചെയ്യണമെന്നുള്ള മനഃസ്ഥിതി വളരെ പരമ്പരാഗതമായി അല്ലെങ്കിൽ സാമൂഹികമായ ഒരു മേല്ക്കോയ്മയുടെ രീതിയിൽ, അതായതു് സാമൂഹികമായ അസമത്വത്തിന്റെ രീതിയിൽ വളരെ മുമ്പേ തന്നെ മനുഷ്യരുടെ ബോധത്തെ നിർണ്ണയിച്ചുകൊണ്ടു് നില്ക്കുന്നതുകൊണ്ടാണു് ഈ തരത്തിലുള്ള സാമൂഹികമായ ഇടം നമുക്കു കിട്ടുന്നതു്.

ദിവസേന രാവിലെ ഭാര്യ നേരെ അടുക്കളയിൽ പോകുമ്പോൾ എന്താണു്? ഒരു ചട്ടം അല്ലെങ്കിൽ ഒരു കീഴ്‌വഴക്കം, ഒരു നിയമം അവൾ പിൻപറ്റുകയാണു്. അടുക്കളയിൽ പോയിട്ടില്ലെങ്കിൽ ഭർത്താവു് നോക്കും. എന്താണു് നീ പോകാത്തതു്? അടുക്കളയിൽ പോകുന്നില്ലേ? നല്ല സ്നേഹമുള്ള ഭർത്താവാണെങ്കിൽ എന്താ ഇന്നു് അടുക്കളയൊന്നും വേണ്ടേ നിനക്കു്? അല്ലെങ്കിൽ ക്രൂരനാണെങ്കിൽ എന്താണു് നീ അടുക്കളയിലൊന്നും പോകാത്തതു്?

നമ്മൾ എങ്ങനെയാണു് ഗോൾഫ് കളിക്കുകയെന്നു് ഒരാൾ ചോദിക്കുന്നതുപോലെയാണതു്. ഗോൾഫ് നമുക്കു് കളിക്കാൻ പറ്റുമോ? ക്രിക്കറ്റ് കളിക്കുമ്പോൾ അതു നമ്മുടെ കളിയല്ല. നമുക്കു പറ്റിയ ഒന്നല്ല എന്നോ, നമുക്കു കളിക്കാൻ അർഹതയില്ല എന്നോ തോന്നിയിരുന്നു. അതായതു് ചില കാര്യങ്ങൾ അങ്ങനെ നിഷേധിക്കപ്പെട്ടാൽ, നിഷേധിക്കപ്പെടുകയല്ല, അതു നമുക്കു ചെയ്യേണ്ട കാര്യമല്ലായെന്നു് നമ്മുടെ ഉള്ളിലുള്ള ഒരു ബോധമായി, മനഃസ്ഥിതിയായി, നില്ക്കുന്നു. ഇത്തരം മനഃസ്ഥിതിയാണു് സ്ത്രീയുടെ സാമൂഹിക ഇടത്തിനെ നിർണ്ണയിക്കുക. സ്ത്രീയുടെ സാമൂഹിക ഇടം എന്നുള്ളതു് സ്ത്രീകളുടെ മനഃസ്ഥിതിയിലൂടെ പുനരുല്പാദിപ്പിക്കപ്പെടുന്ന ഒന്നാണു്. പുനരുല്പാദിപ്പിക്കുക എന്നുവെച്ചാൽ നിരന്തരം അവരുടെ ജീവിതത്തിൽ ഇതു് എപ്പോഴും ഉണ്ടാവാമെന്നുള്ള തരത്തിൽ ഈ മനഃസ്ഥിതി അവിടെയുണ്ടു്. അങ്ങനെ മനഃസ്ഥിതിയുണ്ടെങ്കിലേ സാമൂഹികമായിട്ടുള്ള ഒരു സ്ഥാപനം എപ്പോഴും നിലനില്ക്കുകയുള്ളൂ—തുടർച്ചയായി നിലനില്ക്കുകയുള്ളൂ. അപ്പോൾ ഈ തുടർച്ചയായുള്ള നിലനില്പിൽ എപ്പോഴും പുരുഷനേക്കാളും അല്ലെങ്കിൽ മറ്റൊരു വിഭാഗത്തെക്കാളും മെച്ചമില്ലാത്ത അതായതു് ഗുണമേന്മയില്ലാത്ത ഒരവസ്ഥയിലാണു് നിൽക്കുന്നതു് എങ്കിൽ അത്തരത്തിലുള്ള ഒരു സാമൂഹിക ഇടത്തിലുള്ള പ്രവർത്തനം അല്ലെങ്കിൽ അത്തരത്തിലുള്ള സാമൂഹിക ഇടത്തിലുള്ള പ്രശ്നങ്ങളെ ഈ നീതി, ശക്തി എന്നുള്ള സംകല്പങ്ങളെപ്പറ്റിയുള്ള നമ്മുടെ അവബോധത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ നോക്കണമെന്നുള്ളതാണു് നമ്മൾ ആലോചിക്കേണ്ടതു്.

ഒരു കാര്യം കൂടി പറയാം. ഒരു കുടുംബം എടുക്കാം. കുടുംബത്തിൽ ഞാൻ നേരത്തെ പറഞ്ഞതുപോലെ സ്ത്രീ, പുരുഷൻ പിന്നെ അവരുടെ മക്കൾ. ഇതിൽ, എന്താണു് പുരുഷപ്രജയിൽ നിന്നു് പ്രതീക്ഷിക്കപ്പെടുന്നതു്? സ്ത്രീയിൽ നിന്നു് എന്താണു് പ്രതീക്ഷിക്കപ്പെടുന്നതു്? അമ്മയാവാൻ എന്താണു്? അച്ഛനാവാൻ എന്താണു്? ഭാര്യയാവാൻ എന്താണു്? ഭർത്താവാകാൻ എന്താണു്? ഇത്തരത്തിലുള്ള ചട്ടങ്ങളിലൂടെ, നിയമങ്ങളിലൂടെ, ധാരണകളിലൂടെയാണു് പ്രായോഗിക തലത്തിൽ അതു് വരുന്നതു്. ഇതു് പ്രയോഗമാണു്. നിരന്തരം നമ്മൾ ഇടപെടുമ്പോൾ ചെയ്ത (ആക്ഷൻ അല്ല) പ്രയോഗം (പ്രാക്ടീസ്) ആകുന്നു. ഒരു കർമ്മം, ഒരു ചെയ്തി, ഒരു പ്രവർത്തനം എന്നുള്ളതു് തുടർച്ചയായിട്ടു്, നിരന്തരമായിട്ടു് ആളുകൾ ഈ പ്രത്യേക പ്രവർത്തനങ്ങൾക്കായി തമ്മിൽ തമ്മിൽ ഇടപെടുമ്പോഴാണു് അതു സ്ഥാപനമായി അല്ലെങ്കിൽ പ്രയോഗമായി മാറുന്നതു്. അത്തരത്തിലുള്ള പ്രയോഗങ്ങളിൽ നമ്മൾ ഒരു ചട്ടത്തെ അനുസരിക്കുന്നുണ്ടു്. ഇന്നതു് ചെയ്യണം അങ്ങനെ ചെയ്യണം, എന്നൊക്കെ. ദിവസേന രാവിലെ ഭാര്യ നേരെ അടുക്കളയിൽ പോകുമ്പോൾ എന്താണു്? ഒരു ചട്ടം അല്ലെങ്കിൽ ഒരു കീഴ്‌വഴക്കം, ഒരു നിയമം അവൾ പിൻപറ്റുകയാണു്. അടുക്കളയിൽ പോയിട്ടില്ലെങ്കിൽ ഭർത്താവു് നോക്കും. എന്താണു് നീ പോകാത്തതു്? അടുക്കളയിൽ പോകുന്നില്ലേ? നല്ല സ്നേഹമുള്ള ഭർത്താവാണെങ്കിൽ എന്താ ഇന്നു് അടുക്കളയൊന്നും വേണ്ടേ നിനക്കു്? അല്ലെങ്കിൽ ക്രൂരനാണെങ്കിൽ എന്താണു് നീ അടുക്കളയിലൊന്നും പോകാത്തതു്? ഈ തരത്തിലുള്ള സ്ത്രീയുടെ ഭാഗത്തുനിന്നുള്ള ഒരുങ്ങൽ, അതു് യാദൃച്ഛികമല്ല. യാദൃച്ഛികമല്ലയെന്നുവെച്ചാൽ ആ ചട്ടം അനുക്തസിദ്ധമാണു്. അതായതു്, പറയാതെ തന്നെ അവിടെയുള്ള ചട്ടമാണതു്.

അപ്പോൾ ആളുകൾ ഇടപെടുന്ന സ്ഥലത്തു് ചില ചട്ടങ്ങൾ നമ്മൾ അനുസരിക്കുകയാണു്. ചെറിയ ഒരു ഉദാഹരണം പറയാം. നമ്മൾ ഭാഷ സംസാരിക്കുമ്പോൾ കൃത്യമായിട്ടു് പരസ്പരം ആശയവിനിമയം ചെയ്യുകയാണു്. പക്ഷേ, നമുക്കു് എത്രപേർക്കു് വ്യാകരണം അറിയാം? കാരണം ഈ ഭാഷ സംസാരിക്കുന്ന ഒരു ചട്ടം ഉണ്ടു്. ചട്ടങ്ങളുടെ ഒരു ഗണമുണ്ടു്. എന്താണു് സബ്ജക്റ്റ് അല്ലെങ്കിൽ നാമം എവിടെയാണു്? ക്രിയ എവിടെയാണു്? നാമം-ക്രിയ എങ്ങനെയാണു് ബന്ധപ്പെടുന്നതു്? ചോദ്യരൂപം എങ്ങനെയാണു്? വിധിവാക്യത്തിൽ നിന്നു് എങ്ങനെയാണു് ഒരു ചോദ്യരൂപമുണ്ടാക്കുക? ഇതൊക്കെ ചോദിച്ചാൽ ആർക്കും പറയാൻ പറ്റില്ല. പക്ഷേ, നിരന്തരമായ ഭാഷണത്തിൽ ഇവർ എല്ലാവരും ഇതുണ്ടാക്കുകയൊക്കെ ചെയ്യും. അതായതു് ഈ ചട്ടം അറിഞ്ഞിട്ടാണു് അവർ പ്രവർത്തിക്കുക. അതേപോലെ ദൈനംദിനജീവിതത്തിൽ, കുടുംബത്തിൽ, നമ്മൾ പരസ്പരം ഇടപെടുമ്പോൾ കുടുംബമെന്നുള്ള ആ പ്രയോഗം വളരെ സ്വാഭാവികമായി വ്യതിയാനങ്ങളൊന്നും അധികമില്ലാതെ വളരെ ക്രമബദ്ധമായി നിരന്തരം ഒരു വലിയ കാലയളവിൽ അങ്ങനെ തുടർന്നു പോകുന്നുണ്ടെങ്കിൽ അതിനർത്ഥം അതിലുള്ള ചട്ടങ്ങൾ അത്രത്തോളം ആളുകൾക്കു് ഹൃദിസ്ഥമാണെന്നുള്ളതാണു്.

അപ്പോൾ ആ ചട്ടങ്ങൾ എന്താണു്? ഈ ചട്ടങ്ങളിലൂടെയാണു് മനഃസ്ഥിതി ഉണ്ടാകുന്നതു്. ചട്ടങ്ങളായിട്ടാണു് ഈ മനഃസ്ഥിതി ഉണ്ടാകുന്നതു്. അത്തരത്തിലുള്ള മനഃസ്ഥിതിയാണു് ഈ സാമൂഹിക ഇടത്തിന്റെ പ്രധാന സ്രോതസ്സു്, ആധാരം. ആ മനഃസ്ഥിതിയാവട്ടെ മറ്റു പലതരത്തിലുള്ള സാമൂഹികമായ ഗുണങ്ങളുമായി ബന്ധപ്പെട്ടതാണു്. എല്ലാ വീട്ടിലേയും സ്ത്രീകൾ ഒരേപോലെയല്ല പെരുമാറുന്നതു്. സമ്പത്ത് സമൃദ്ധമായ ഒരു വീട്ടിൽ, തീരെ ദരിദ്രമായ ഒരു വീട്ടിൽ, പല തരത്തിലുള്ള മതവിശ്വാസങ്ങളുള്ള വീട്ടിൽ വ്യത്യസ്തമായ ഗുണങ്ങളോടെ, വ്യതിയാനങ്ങളോടെ അതു കടന്നുവരാറുണ്ടു്. പക്ഷേ, എല്ലാ വിഭാഗങ്ങളുടേയും ഇത്തരത്തിലുള്ള സാമ്പത്തിക വ്യത്യാസങ്ങളേയും വിശ്വാസത്തിന്റെ വ്യത്യാസങ്ങളേയും ഒക്കെ മറി കടന്നുകൊണ്ടു്, അതിനു കുറുകെയുള്ള, ഈ സ്ത്രീയുടെ, അല്ലെങ്കിൽ പുരുഷന്റെ സാമൂഹിക ഇടം എന്നുവെച്ചാൽ അവരുടെ സ്വരങ്ങൾ, പ്രവർത്തനരീതി അതൊക്കെ ഒരു ചാർട്ട് വരച്ചാൽ നാം നേരത്തെ കണ്ട ചാർട്ടിൽ ഉള്ളതുപോലെ അത്രയും വ്യത്യസ്ത അന്തരങ്ങൾ കാണാം. എന്നുവെച്ചാൽ, നാം നേരത്തേ പറഞ്ഞപോലെ ഗോൾഫ് കളിക്കുന്ന ആളുകളുടേയും പിന്നെ നാട്ടിൽ ഒരു മരത്തിന്റെ ചുവട്ടിൽ സന്ധ്യയ്ക്കു് ചായയും കുടിച്ചു് വർത്തമാനം പറയുന്ന ആളുകളുടെയും ആ അന്തരം കാണാം. ഈ അന്തരം അല്ലെങ്കിൽ ദൂരം ആണു് ഈ സ്ത്രീയുടെയും പുരുഷന്റെയും സാമൂഹിക ഇടം നിർണ്ണയിക്കുന്നതു്.

ശക്തിപ്രാപ്തി എന്നുള്ള ഒരു സംകല്പം ഈയിടെ വന്നിട്ടുണ്ടു്. അതു് കഴിഞ്ഞ 20 കൊല്ലത്തിന്റെ അകത്തു് വന്നിട്ടുള്ളതാണു്. അതു് empowerment എന്നുള്ളതാണു്. അതിനു് ശാക്തീകരണം എന്നു പറയുന്നതു് തെറ്റാണു്. ശാക്തീകരണം എന്നുപറയുന്നതു് മലയാളത്തിനു് യോജിക്കാത്ത ഒന്നാണു്. ശക്തി എന്നുള്ളതു് നാമരൂപത്തിലുള്ളതാണു്. അതിനു് ഈ ‘കരണം’ പറ്റില്ല. ശക്തിവൽക്കരണം എന്നതും ശരിയല്ല. അരോചകമാണു്. ശക്തി എന്നുവെച്ചാൽ എന്താണു്?

സ്ത്രീകളെ സംബന്ധിച്ചിടത്തോളം സാമൂഹിക ഇടത്തിന്റെ ആദ്യത്തെ വരിഞ്ഞുകെട്ടു് ശരീരത്തിന്റെ മേലാണു്. അതിന്റെ മേലെയാണു് എല്ലാം കെട്ടിപ്പൊക്കിയിട്ടുള്ളതു്. ഒരു പെൺകുട്ടി ജനിച്ചതു മുതൽ ആ പെൺകുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ സമൂഹം ശരീരത്തെ കേന്ദ്രീകരിച്ചാണു് എല്ലാ നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതു്. പെൺകുട്ടികൾ പ്രത്യേക രീതിയിൽ ഇരിക്കാൻ പാടില്ല പ്രത്യേക രീതിയിൽ ചരിക്കാൻ പാടില്ല. എവിടെയൊക്കെ പോകാം ശരീരം എവിടെയൊക്കെ ചലിപ്പിക്കാം ഇതൊക്കെ തന്നെ സാമൂഹിക ഇടത്തിനെ നിർണ്ണയിക്കുകയാണു്. അതുകൊണ്ടു് വാസ്തവത്തിൽ വേണ്ടതു് എന്തെന്നുവെച്ചാൽ ശരീരത്തിൽ നിന്നുതന്നെയാണു് ആദ്യത്തെ empowerment വേണ്ടതു് എന്നാണു് കാണുന്നതു്. ഇതു് മാത്രമല്ല, പുതിയ മൂലധനത്തിന്റെയും ആളുകളുടെയും അധ്വാനത്തിന്റെയും പിന്നെ സാധനങ്ങളുടെയും അതിർത്തികടന്നുള്ള നീക്കം, നവോദാരത, അതിനുവേണ്ടിയാണു് ഓരോ രാജ്യവും നിയമങ്ങൾ പരിഷ്കരിക്കുന്നതു് (അതാണു് ആഗോളവത്കരണം എന്നു് നാം പറയുന്നതു്). ഈ നീക്കത്തിലൂടെ ഏറ്റവും അധികം അവശത അനുഭവിക്കുന്നതു് സ്ത്രീകളാണെന്നാണു് കാണിക്കുന്നതു്. മാത്രമല്ല സ്ത്രീകളുടെ ശരീരമാണു് അതിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങളിൽ പെടുന്നതു്. എന്താണെന്നുവെച്ചാൽ രോഗങ്ങൾ, ആദ്യം ഇത്തരത്തിലുള്ള പ്രതികൂലനം കൊണ്ടുണ്ടാകുന്ന രോഗപീഡ, ശാരീരികമായിട്ടുള്ള അസ്വസ്ഥത സ്ത്രീകളാണു് ഏറ്റവും കൂടുതൽ അനുഭവിക്കുന്നതെന്നാണു് പറയുന്നതു്. അതു് വെറും ഊഹമല്ല. ഗവേഷണപരമായ അടയാളപ്പെടുത്തൽ തുടക്കം മുതലേയുണ്ടു്.

നീതിയെപ്പറ്റിയുള്ള ആലോചനയിൽ ഇനിയുള്ളതു് ശക്തി എന്നുള്ള സംകല്പമാണു്. നമ്മൾ നീതിയെക്കുറിച്ചും സാമൂഹിക ഇടത്തെക്കുറിച്ചും പറഞ്ഞു. സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചു ചലിക്കുന്ന അല്ലെങ്കിൽ സ്ത്രീക്കു് പ്രവേശനം ഇല്ലാതെ പുരുഷൻമാർ മാത്രം ഇടപെടുന്ന, പക്ഷേ, സ്ത്രീയെ ബാധിക്കുന്ന എല്ലാ ഇടങ്ങളിലും എല്ലാ സ്ഥാപനങ്ങളിലും പ്രയോഗങ്ങളിലും ഒരന്തരം കാണാം. ഈ നൂറ്റാണ്ടു മുഴുവൻതന്നെ, വളരെയധികം ഉത്കണ്ഠയോടുകൂടി, ഒരുപാടു ചിന്തകൻമാരും, ആക്റ്റിവിസ്റ്റുകളും തിരിച്ചറിഞ്ഞിട്ടുള്ള ഒരു കാര്യം ഈ മേഖലയിലെല്ലാം തന്നെ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു മെച്ചമില്ലായ്മയാണു്, പ്രതികൂലനം ആണു് കാണുന്നതു്, യാതന ആണു് കാണുന്നതു് എന്നതാണു്. ഇതാണു് പല ആളുകളെയും ആക്റ്റിവിസത്തിലേക്കും സാമൂഹ്യപ്രസ്ഥാനത്തിലേക്കും സൈദ്ധാന്തികമായിട്ടുള്ള പല വ്യതിയാനങ്ങളിലേക്കും നയിച്ചിട്ടുള്ളതു്. ഇത്തരത്തിലുള്ള സാമൂഹ്യബന്ധത്തിലെ ഈ യാതന ഞാൻ നേരത്തെ പറഞ്ഞ നീതിയെപ്പറ്റിയുള്ള ഒരു വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണു് മറികടക്കുക? ഇത്തരത്തിലുള്ള ചിന്തകൾ സ്വാഭാവികമായിട്ടും ഈ സാമൂഹികബന്ധങ്ങളുടെ നീതി എന്തായിരിക്കും എന്ന ചോദ്യത്തിലേക്കു് നയിക്കുന്നതാണു്. എന്തായിരിക്കും ഇതിലെ നീതി? നീതിപൂർവ്വമായിട്ടുള്ള ഒരു വ്യവസ്ഥ ഈ ബന്ധങ്ങളിലൊക്കെ എങ്ങനെയായിരിക്കും? അതിന്റെ ഒരു ഭാഗമായി ഇടക്കാലത്തു് ഉണ്ടായിട്ടുള്ളതു് എന്താണെന്നുവെച്ചാൽ ശക്തിയെപ്പറ്റിയുള്ള ഒരു ചിന്തയാണു്. വാസ്തവത്തിൽ ശക്തിപ്രാപ്തി എന്നുള്ള ഒരു സംകല്പം ഈയിടെ വന്നിട്ടുണ്ടു്. അതു് കഴിഞ്ഞ 20 കൊല്ലത്തിന്റെ അകത്തു് വന്നിട്ടുള്ളതാണു്. അതു് empowerment എന്നുള്ളതാണു്. അതിനു് ശാക്തീകരണം എന്നു പറയുന്നതു് തെറ്റാണു്. ശാക്തീകരണം എന്നുപറയുന്നതു് മലയാളത്തിനു് യോജിക്കാത്ത ഒന്നാണു്. ശക്തി എന്നുള്ളതു് നാമരൂപത്തിലുള്ളതാണു്. അതിനു് ഈ ‘കരണം’ പറ്റില്ല. ശക്തിവൽക്കരണം എന്നതും ശരിയല്ല. അരോചകമാണു്. ശക്തി എന്നുവെച്ചാൽ എന്താണു്? Empowerment എന്നുപറഞ്ഞാൽ എന്താണു് ? ദുർബലമായ വിഭാഗങ്ങൾ ശക്തി പ്രാപിക്കുന്ന അല്ലെങ്കിൽ ശക്തമാവുന്ന അല്ലെങ്കിൽ ശക്തമാകാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പ്രക്രിയയെ കുറിക്കാനാണു് സൈദ്ധാന്തികരും ആക്റ്റിവിസ്റ്റുകളും empowerment എന്ന വാക്കു് ഉപയോഗിച്ചതു്. ശേഷിപ്രാപ്തി അഥവാ ശേഷി ഉണ്ടാവലാണു്. എന്നാൽ എന്തായിരിക്കും ഈ ശക്തി എന്നുള്ള സംകല്പത്തിൽ വരുന്നതു് എന്നതു് പിന്നെയും തർക്കവിധേയമായ ഒന്നാണു്. അതായതു് പല സൈദ്ധാന്തികർക്കും പലതരത്തിലുള്ള വീക്ഷണമാണു് ശക്തിയെക്കുറിച്ചുള്ളതു്.

ഒരു കപ്പിൽ വെള്ളം എടുത്തുകൊണ്ടുവരാൻ ഞാൻ ഒരാളോടു് പറയുമ്പോൾ മറ്റൊരാൾ എഴുന്നേല്ക്കുകയും വെള്ളം എടുത്തുകൊണ്ടുവരുകയും ചെയ്യുമ്പോൾ ആ ആളുടെ മേലുള്ള എന്റെ ശക്തിയാണു്. ഈ ശക്തി എപ്പോഴും വിദ്രോഹകമായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ഭാര്യാഭർത്തൃബന്ധത്തിൽ പലർക്കും അറിയാവുന്നൊരു കാര്യമായിരിക്കും ശക്തി വളരെ സ്നേഹപൂർവ്വമായിട്ടു് ഉപയോഗിക്കാം, സ്വാധീനിക്കാം എന്നതു്.

ഇതിന്റെ സംകീർണ്ണതയിലേക്കു പോകാതെ കഴിഞ്ഞ അഞ്ചു കൊല്ലത്തിന്റെ ഇടയിൽ എഴുതപ്പെട്ടിട്ടുള്ള ഒരു കൃതിയെക്കുറിച്ചു് പറയാം. അതു് അഞ്ചു സ്ത്രീകൾ, സാമൂഹികശാസ്ത്രജ്ഞർ, കൂടി എഴുതിയതാണു്. അവർ അനേകവർഷങ്ങൾ, ഒരു പതിറ്റാണ്ടിന്റെ മേലേതന്നെ, ദരിദ്രരും, വളരെയധികം പിന്നോക്കാവസ്ഥയിലും നിൽക്കുന്ന സ്ത്രീകളുടെ ഇടയിൽ വളരെ കഠിനമായി പ്രവർത്തിച്ചു് അവരുടെ കാര്യങ്ങൾ മനസ്സിലാക്കി ഒരുപാടു ഗവേഷണം നടത്തിയ ആളുകളാണു്. അവർ എഴുതിയ ഒരു പുസ്തകം ആണു്: ‘Women and Power.’ Janet, Emma, Martha, Pilar and Jo ഇങ്ങനെ അഞ്ചു പേരാണു് ഇതു് ചെയ്തിട്ടുള്ളതു്. വളരെ ഉണർവുണ്ടാക്കുന്ന രീതിയിലുള്ള അവലോകനം അഥവാ വിശകലനമാണു് അവർ നടത്തിയിട്ടുള്ളതു്. സാധാരണ കാണാറുള്ള സൈദ്ധാന്തികമായ ഭാരം അതിനില്ല. അതിൽ ജാനറ്റ് ടോൺസെന്റ് ശക്തിയെപറ്റി വിശകലനം നടത്തിയിട്ടുണ്ടു്. Empowerment എന്നുള്ള ആശയം എങ്ങനെയൊക്കെയാണു് എന്നു്. ഉദാഹരണത്തിനു് ശക്തിപ്രാപ്തിക്കു് ഏതൊക്കെതരത്തിലുള്ള മാനങ്ങൾ ഉണ്ടു്, മാനദണ്ഡങ്ങളുണ്ടു്? ഒന്നു് ഉപരിശക്തി, എന്നുവെച്ചാൽ power over, ഒന്നിന്റെ മേലുള്ള ശക്തി. പിന്നെ ഒന്നുള്ളതു് ആധാരികശക്തിയാണു്, അതായതു് power within. ആധാരിക എന്നുവെച്ചാൽ ആധാരമായിട്ടുള്ളതു്. പിന്നെ ഉള്ളതു് സംയോജികശക്തി. അതായതു് power with. പിന്നെ power to. അതു് ഉദ്ദേശകശക്തി. ഇങ്ങനെ വ്യത്യസ്തമായ മാനങ്ങളിലൂടെ സ്ത്രീക്കു്, ശക്തിപ്രാപ്തി കൈവരിക്കാവുന്നതാണു്.

ഉപരിശക്തി എന്നുവെച്ചാൽ ശക്തിയുടെ ഏറ്റവും സരളമായ ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള അർത്ഥം ഇതാണു്: ശക്തി എന്നുപറയുന്നതു് ബന്ധങ്ങളുടെ ഒരു സ്വഭാവമാണു്, ബന്ധങ്ങളുടെ ഒരു മാനമാണു്. ഈ ബന്ധങ്ങൾ എന്താണു്? വേറൊരാളെ, ഇതരരെ അവരുടെ പ്രവർത്തനങ്ങളിൽ നിയന്ത്രിക്കാൻ അല്ലെങ്കിൽ ഇതരരുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ ഒരാൾക്കു് കഴിയുമ്പോൾ ആ ആൾ ശക്തിയുള്ള ആളാണു്, അതാണു് ഉപരിശക്തി. ഒരു കപ്പിൽ വെള്ളം എടുത്തുകൊണ്ടുവരാൻ ഞാൻ ഒരാളോടു് പറയുമ്പോൾ മറ്റൊരാൾ എഴുന്നേല്ക്കുകയും വെള്ളം എടുത്തുകൊണ്ടുവരുകയും ചെയ്യുമ്പോൾ ആ ആളുടെ മേലുള്ള എന്റെ ശക്തിയാണു്. ഈ ശക്തി എപ്പോഴും വിദ്രോഹകമായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ഭാര്യാഭർത്തൃബന്ധത്തിൽ പലർക്കും അറിയാവുന്നൊരു കാര്യമായിരിക്കും ശക്തി വളരെ സ്നേഹപൂർവ്വമായിട്ടു് ഉപയോഗിക്കാം, സ്വാധീനിക്കാം എന്നതു്. ഉദാഹരണത്തിനു്, ഒരു സ്ത്രീക്കു് അവരുടെ ആവശ്യം ഭർത്താവിന്റെ ആവശ്യത്തിനു് അനുസരിച്ചല്ലെങ്കിൽപോലും അനുനയരൂപത്തിൽ ആ ആവശ്യം ഭർത്താവിനെകൊണ്ടു് അംഗീകരിപ്പാൻ സാധിക്കുന്നതു് അവർക്കു് ഭർത്താവിന്റെ മേലുള്ള ശക്തി ആണു്. പവർ ഓവർ ആണു്. ഇതു് കുട്ടിയ്ക്കും ഉണ്ടു്. ചെറിയ കുഞ്ഞുങ്ങൾക്കു് മാതാപിതാക്കളുടെ മേൽ വലിയ ശക്തിയാണു് ഉള്ളതു്. അതു് വിദ്രോഹകരമായ ശക്തി അല്ല.

ആന്തരികമായി സ്ത്രീകളെ സംബന്ധിച്ചിടത്തോളം പര്യാപ്തതാ ബോധം വേണം. പര്യാപ്തമാണു് നമ്മൾ, എന്നുള്ള ബോധം. Power within, now I have the power എന്നാണു്. ശക്തി അനുഭവിക്കുന്ന അവസ്ഥയാണതു്. ‘ഞാൻ കൊള്ളില്ല’ എന്നു് പറയുമ്പോൾ ‘ഞാൻ കൊള്ളും’ എന്നു പറയാൻ സാധിക്കണം.

ശക്തി പല രീതിയിൽ, വിദ്രോഹകമായിട്ടു് ഉണ്ടാകാം. ശക്തി ഈ അർത്ഥത്തിൽ വ്യാപകമാണു്. സാമൂഹികബന്ധങ്ങളിൽ ഉള്ള മാനമാണതു്. എല്ലായിടത്തും അതു് ഉണ്ടു്. സാമൂഹികബന്ധങ്ങൾ നിർമ്മിക്കുന്നതു് ശക്തിയാണു്. പവർ ഓവർ എന്നുള്ളതു് ഇതു് ആണു്. നമ്മൾ മറ്റുള്ളവരുടെ മേൽ ശക്തി ഉപയോഗിക്കുകയാണു്. ക്ലാസ്സെടുക്കുമ്പോൾ ഞാൻ നിങ്ങളുടെ മേൽ ശക്തി ഉപയോഗിക്കുകയാണു്. നിങ്ങളെ കേൾപ്പിക്കുകയാണു് ഞാൻ. നിങ്ങൾ കേൾക്കുകയാണെങ്കിൽ ഇതു് ശക്തി ആണു്. പക്ഷേ, ഇതു് സ്ഥാപനപരമായി അംഗീകാരമുള്ളതാണു്. ഉദാഹരണത്തിനു്, ഒരു സ്ഥാപനം ആണു് എനിക്കു് അധികാരം തന്നിട്ടുള്ളതു്. നിങ്ങൾ കേൾക്കുന്നവരാണു്. ഞാൻ സംസാരിക്കുന്ന ആളാണു്. ഇതു് ശക്തി ആണു്. പവർ ഓവർ എന്നതു്, സ്ഥാപനങ്ങളാൽ സ്ഥാപിക്കപ്പെടുകയാണു്. സ്ത്രീയെ സംബന്ധിച്ചിടത്തോളം, ഈ പവർ ഓവർ എന്ന പ്രതിഭാസം, ഉപരിശക്തി, ഒരു വിവാഹബന്ധത്തിൽ, ഒരു കുടുംബസാഹചര്യത്തിൽ ആ കുടുംബമെന്ന സ്ഥാപനത്തിന്റെ ഘടനാരൂപത്തിൽ ചിലപ്പോൾ ഉള്ളതായിരിക്കും, നിക്ഷിപ്തമായിരിക്കും. അപ്പോൾ അത്തരത്തിലുള്ള ഉപരിശക്തി ഘടനാപരമായി ന്യായീകരിക്കപ്പെട്ടതാണു്. സ്ത്രീകളുടെ empowerment-ൽ പവർ ഓവർ വളരെ പ്രധാനപ്പെട്ട കാര്യമാണു്. അതായതു് സ്ത്രീകൾ ഉപരിശക്തി പലപ്പോഴും പ്രയോഗിക്കുന്നില്ല. അവർ ശക്തിക്കു് വിധേയമാവുന്ന ദൃഷ്ടാന്തമാണു് കൂടുതൽ ഉണ്ടാവുന്നതു്. Empowerment-ന്റെ ഒരു മാനം, ഈ ഉപരിശക്തി ആണു്. ഉപരിശക്തി വിദ്രോഹകമായിരിക്കണമെന്നില്ല എന്നർത്ഥം.

രണ്ടാമത്തേതു്, ആധാരികശക്തി, (power within) വളരെ പ്രധാനപ്പെട്ട മാനമാണു്. ആന്തരികമായി സ്ത്രീകളെ സംബന്ധിച്ചിടത്തോളം പര്യാപ്തതാ ബോധം വേണം. പര്യാപ്തമാണു് നമ്മൾ, എന്നുള്ള ബോധം. Power within, now I have the power എന്നാണു്. ശക്തി അനുഭവിക്കുന്ന അവസ്ഥയാണതു്. ‘ഞാൻ കൊള്ളില്ല’ എന്നു് പറയുമ്പോൾ ‘ഞാൻ കൊള്ളും’ എന്നു പറയാൻ സാധിക്കണം. ഈ ഗവേഷകർ ഇതു പറയുന്നതു് വെറുതെ സിദ്ധാന്തം പറയുന്ന രീതിയിൽ അല്ല. അവർ അനേകവർഷം ഇതുമായി ബന്ധപ്പെടുകയും പഠിക്കുകയും അവരുടെ കൂടെ ജീവിക്കുകയും, അവർക്കുവേണ്ടി പ്രവർത്തിക്കുകയും, അവരെകൊണ്ടു് പ്രവർത്തിപ്പിക്കുകയും ചെയ്തിട്ടു മനസ്സിലാക്കിയ കാര്യമാണു് പറയുന്നതു്. അങ്ങനെയുള്ള ദൃഷ്ടാന്തങ്ങളുടെ ഡാറ്റ അവർ ഒരുപാടു് കൊടുത്തിട്ടുണ്ടു്. എങ്ങനെ സ്ത്രീകൾ ഈ ആധാരികശക്തി തങ്ങൾക്കുണ്ടു് എന്നുള്ള തോന്നൽ ഉണ്ടാക്കുന്നു, അതിന്റെ തെളിവുകൾ എന്താണു് എന്നൊക്കെ.

പിന്നെയുള്ളതു്, സംയോജിതശക്തി (power with). പക്ഷേ, ഇതും അടിസ്ഥാനപരമായി മാറ്റാൻ പറ്റാത്ത ഒന്നാണു്. സ്ത്രീകളുമായി സഹകരിച്ചുകൊണ്ടുള്ള പവർ. സംഘടിതശക്തി എന്ന അർത്ഥത്തിൽ അല്ല, സംയോജിതശക്തി. അതായതു് മറ്റുള്ളവരുമായി ചേർന്നു കൊണ്ടുണ്ടാകുന്ന ശക്തി. സ്ത്രീകൾ കൂടിച്ചേർന്നിട്ടുള്ള പ്രൊജക്ടുകളുടെ പലതരത്തിലുള്ള പ്രവർത്തനപദ്ധതികളുടെ വിജയം കാണിക്കുന്നതു് അവർക്കു്, അതു് ഒരാളുടെ ശക്തി എന്നുള്ള രീതിയിൽ അല്ല, മുഴുവൻ സംഘത്തിന്റെ ശക്തി എന്നുള്ള രീതിയിൽ ആണു് അതു് വരുക. അതാണു് സംയോജിതശക്തി എന്നുള്ളതു്. എന്റെ മാത്രം ശക്തി അല്ല. മറ്റുള്ളവരുമായി ചേർന്നുണ്ടാകുന്ന ശക്തി. കൂട്ടായ്മയിലൂടെയുള്ള പരിപാടി ചെയ്യുന്നതിലൂടെ, നടപ്പാക്കുന്നതിലൂടെയുള്ള ശക്തി.

ശക്തി നിങ്ങൾക്കു് വേറൊരു ഉറവിടത്തിൽ നിന്നു കിട്ടുന്നതല്ല. നിങ്ങൾ ശക്തി ചോദിച്ചു വാങ്ങലല്ല. ശക്തി നിങ്ങൾക്കു വേറെ ആരെങ്കിലും തരലല്ല. നിങ്ങൾ സ്വയം ശക്തമാവലാണു് ശക്തിപ്രാപ്തി എന്നു പറയുന്നതു്.

പിന്നെ ഉള്ളതു് ഉദ്ദേശകശക്തി. Power to, അതായതു് power to do something. പ്രത്യേകതരം ശേഷിയാണു്. ചെയ്യാനുള്ള കഴിവുണ്ടാക്കലാണു്. ഇതു് മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒന്നാണു്. ചില മേഖലകളിൽ, വ്യത്യസ്തമായ മേഖലകളിൽ കാര്യങ്ങൾ നിർവ്വഹിച്ചു് എടുക്കാനുള്ള, നേടിയെടുക്കാനുള്ള ശേഷിയാണു് അതു്. ഉപരിശക്തിയിൽനിന്നും ആധാരികശക്തിയിൽനിന്നും, സംയോജിതശക്തിയിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒന്നാണു് ഉദ്ദേശകശക്തി. ഒരു കാര്യം നിർവ്വഹിക്കാൻ വേണ്ടി ജ്ഞാനപ്രാപ്തി, അതിനുവേണ്ടിയിട്ടുള്ള വിവരം, അതിനുവേണ്ടി കഴിവുകൾ ആർജ്ജിച്ചെടുക്കുന്നതിലൂടെയാണു് ഈ ഉദ്ദേശകശക്തി കൈവരുന്നതു്. ഇപ്പോൾ വളരെ വ്യക്തമായിട്ടുള്ളതു്. എന്തെന്നുവെച്ചാൽ കേരളത്തിലെ പഞ്ചായത്ത് ഭരണത്തിൽ വ്യക്തമാവുന്നതു് മുമ്പൊന്നും ഈ തരത്തിലുള്ള മേഖലയിൽ കടന്നുവന്നിട്ടില്ലാത്ത സ്ത്രീകൾ ഇന്നു് ചില കാര്യങ്ങൾ ചെയ്യാൻ കെല്പുള്ളവരായി മാറി, പഞ്ചായത്ത് മെമ്പറായിട്ടു്, പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടു്. ഇതാണു് ശേഷി എന്നു പറയുന്നതു്, ഉദ്ദേശകശക്തിയാണതു്.

ശക്തിപ്രാപ്തിയുടെ ഈ വ്യത്യസ്തമായ മാനങ്ങൾ വെച്ചു നോക്കിയാൽ, ഈ പ്രയോഗത്തിലൂടെ, ശക്തി യഥാർത്ഥത്തിൽ പ്രയോഗിക്കുന്നതിലൂടെ ഈ സാമൂഹിക ഇടത്തിൽ അവർക്കു വന്നിട്ടുള്ള മേന്മക്കുറവു് എത്ര അതിജീവിക്കാൻ കഴിയും എന്നു് ആലോചിച്ചു നോക്കേണ്ടതുണ്ടു്. അതു പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമല്ല. ഇത്തരത്തിലുള്ള ശക്തിയുടെ പ്രകാശനം അല്ലെങ്കിൽ ശക്തിയുടെ പ്രയോഗം അവർ ഇപ്പോൾ നിലനിൽക്കുന്ന സാമൂഹിക ഇടത്തിന്റെ സ്വഭാവം എത്രത്തോളം മാറ്റാം എന്നതു് ആലോചിക്കേണ്ടതാണു്. അത്തരത്തിലുള്ള ഒന്നിനെയാണു് self empowerment എന്നു പറയുന്നതു്, സ്വയം ശക്തമാകൽ.

ഈ എഴുത്തുകാരുടെ പ്രധാന വാദം എന്തെന്നുവെച്ചാൽ ശക്തി പ്രാപ്തി എന്നു പറയുന്നതു്, ഒരു സ്വയം ശക്തമാവലാണു്. അല്ലാതെ ശക്തി നിങ്ങൾക്കു് വേറൊരു ഉറവിടത്തിൽ നിന്നു കിട്ടുന്നതല്ല. നിങ്ങൾ ശക്തി ചോദിച്ചു വാങ്ങലല്ല. ശക്തി നിങ്ങൾക്കു വേറെ ആരെങ്കിലും തരലല്ല. നിങ്ങൾ സ്വയം ശക്തമാവലാണു് ശക്തിപ്രാപ്തി എന്നു പറയുന്നതു്.

ഇനി ആലോചിച്ചു നോക്കാവുന്ന ഒരു കാര്യം നീതി എന്ന സംകല്പവും ശക്തിപ്രാപ്തിയും തമ്മിലുള്ള ബന്ധം ആണു്. ഈ സാമൂഹിക ഇടത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ എന്താണോ നമ്മൾ അനീതി എന്നു പറയുന്നതു് അഥവാ, എന്താണോ നമ്മൾ യാതനയ്ക്കും, വേദനയ്ക്കും കഷ്ടപ്പാടിനും കാരണമായിട്ടുള്ള വ്യവസ്ഥ അല്ലെങ്കിൽ ഘടന എന്നു പറയുന്നതു് അതിന്റെ അകത്തു്, നമ്മൾ ചലിച്ചുകൊണ്ടിരിക്കുന്ന മേഖലകൾ ഒക്കെ അങ്ങനെ ഉള്ളതാണു്, ഘടനാവൽകൃതമാണു്. കുടുംബത്തിലായാലും, ഓഫീസിലായാലും മറ്റു മേഖലകളിലായാലും അതിന്റെ ഘടന അതിന്റെ സ്ഥിരമായിട്ടുള്ള ചില പടുതികൾ (pattern) എപ്പോഴും നമ്മുടെ മേലെ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടിരിക്കുകയാണു്. അത്തരത്തിലുള്ള നിയന്ത്രണത്തിന്റെ പരിസരത്തിലാണു്, നമ്മൾ എപ്പോഴും ചലിക്കുന്നതു്. അങ്ങനെയുള്ള മേഖലകളിലാണു്, കടയിൽ പോയാൽ പോലും അതാണു്. അങ്ങാടിയിൽ സാധനം വാങ്ങാൻ പോകുമ്പോൾ അതും ഉപഭോഗം—വാങ്ങൽ, വില്ക്കൽ തുടങ്ങിയ സ്ഥാപനം—ആണു്. നമ്മൾ പോകുന്ന സമയത്തു് അവിടെയും ഘടനാവൽകൃതമാണു്. അവിടെയൊക്കെ ഈ സ്ഥാപനത്തിനുള്ള ഇടം, സാമൂഹികമായ ഇടം, ഇത്തരത്തിൽ നിർണ്ണയിക്കപ്പെടുന്ന ഇടം സ്ത്രീയെ സംബന്ധിച്ചിടത്തോളം എന്തൊക്കെ തരത്തിലുള്ള മേന്മക്കുറവു്, വിഷമങ്ങൾ, യാതനകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ ശക്തിപ്രാപ്തി കൊണ്ടു് എന്തു് സാധിക്കുന്നു എന്നു നോക്കണം. കാരണം സാമൂഹിക ഇടത്തിൽ നമുക്കു് ഉണ്ടാകുന്ന യാതനയാണു് അനീതി. ഇത്തരത്തിലുള്ള യാതനയെ മറികടക്കുന്നതാണു് നീതി എന്നു് പറയുകയാണെങ്കിൽ സ്ത്രീകൾ ശക്തിപ്രാപ്തി കൈവരിക്കുമ്പോൾ ഈ സാമൂഹ്യ ഇടത്തിന്റെ സ്വഭാവം മാറുകയും ഈ യാതന അവർക്കു മറികടക്കാൻ സാധിക്കുകയും ചെയ്യുന്നു. അങ്ങനെയാണു് നീതി എന്നുള്ള സംകല്പം വളരെ പ്രസക്തമാവുന്നതു്. ഈ പറഞ്ഞതിന്റെ അർത്ഥം ഒരു വാദപ്രകാരം, ഒരു വീക്ഷണപ്രകാരം നീതിയെപറ്റി വിഷമിക്കുകയല്ല സ്ത്രീകൾ ചെയ്യേണ്ടതു്. ഈ സ്ത്രീഎഴുത്തുകാർ പറയുന്നില്ല, അവരുടെ വാദപ്രകാരം എന്തായിരിക്കാം നീതിയെക്കുറിച്ചുള്ള സംകല്പം എന്നു്. മറിച്ചു് സ്ത്രീകൾ ശക്തിപ്രാപ്തി കൈവരിക്കുന്നതിലൂടെ, സ്ഥാപിക്കപ്പെടുന്ന ഒന്നാണു് നീതി എന്നായിരിക്കാം ഇതിന്റെ ധ്വനി.

വിഭവങ്ങൾ ആർജ്ജിക്കുന്നതിൽ നമ്മൾ മറ്റുള്ളവരുമായിട്ടു് ഇടപെടുന്ന സമയത്തു് നമുക്കു് എന്താണു് നിഷേധിക്കപ്പെടുന്നതു് എന്നുള്ളതു് നമ്മൾ തിരിച്ചറിഞ്ഞു്, നമ്മുടെ ശക്തി പ്രയോഗിക്കലാണു്. അതു് എങ്ങനെ പ്രയോഗിക്കാം എന്നുള്ള രീതി ചോദിക്കുന്നതിൽ അർത്ഥമില്ല. കാരണം അങ്ങിനെ ഒരു രീതി ഉണ്ടാവണമെന്നില്ല. അങ്ങിനെയാണെങ്കിൽ പ്രശ്നമുണ്ടാവില്ലല്ലോ?

ഇതൊക്കെ വെച്ചുനോക്കുമ്പോൾ സ്ത്രീകൾ ശക്തി കൈവരിക്കുന്നതിലൂടെ മാത്രമാണു് അവരുടെ ഇന്നത്തെ അവസ്ഥയെ മറികടക്കാൻ പറ്റുന്നതു്. അതു തന്നെ ആയിരിക്കും ചിലപ്പോൾ ലിംഗനീതി എന്നു പറയുന്നതു്. അപ്പോൾ അതു് തിരിച്ചറിയുക എന്നു പറയുന്നതു് തന്റെ സാമൂഹികമായ ഇടം എത്രത്തോളം ഘടനാവൽകൃതമാണു്, എത്രത്തോളം ഒരു പ്രത്യേക താത്പര്യത്തിനു്, പുരുഷൻ എന്നുള്ള അംഗത്തിനു് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ നിലനിൽക്കുന്നതിലൂടെയാണു് സ്ത്രീകളുടെ സാമൂഹിക ഇടം എന്നു് തിരിച്ചറിയുന്നതായിരിക്കും. അതായിരിക്കും അതിന്റെ ആദ്യത്തെ പടി. പക്ഷേ, അങ്ങനെ ചെയ്തതു കൊണ്ടു് സ്ത്രീകൾക്കു് ആരും നീതി തരാൻ പോകുന്നില്ല. അതുകൊണ്ടാണു് ഇതു് പ്രശ്നം ആവുന്നതു്. ഇങ്ങനെ പറഞ്ഞാൽ നമ്മൾ പലതരത്തിലുള്ള നീതി ഇങ്ങനെ വേണം അങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞ വാദങ്ങളായി പോയാലും ആരെങ്കിലും ഒരാൾ നീതി നടപ്പാക്കിത്തരില്ല. അവിടെയാണു് ഇതിനെപ്പറ്റി ശരിക്കു് പഠിച്ചിട്ടുള്ള ആളുകൾ നീതി സ്ത്രീകൾ ഉണ്ടാക്കി എടുക്കലാണു്, അതു് സ്ഥാപിക്കലാണു് എന്നു പറയുന്നതു്. അതായതു് നീതി എന്നുവെച്ചാൽ ഈ ശക്തിപ്രാപ്തി കൈവരുന്നതിലൂടെയാണു്. ശക്തിപ്രാപ്തി എന്നു് ഞാൻ പറഞ്ഞതു് വിദ്രോഹകരമായിട്ടുള്ള ഒന്നല്ല. വേറെ ഒന്നിനെ തകർക്കുന്ന ഒന്നല്ല ശക്തി എന്നു് പറയുന്നതു്. കാര്യങ്ങൾ ചെയ്യപ്പെടുന്നതിന്റെ മാനം ആണു്. മനുഷ്യബന്ധങ്ങളുടെ സ്വഭാവമാണു്.

എങ്ങനെ ശക്തിയാർജ്ജിക്കുമെന്നുള്ളതു് വേറെ ആളുടെ ചിന്തയിൽ നിന്നു നിങ്ങൾ കണ്ടുപിടിക്കേണ്ട കാര്യമല്ല. അല്ലെങ്കിൽ സ്വീകരിക്കേണ്ട കാര്യമല്ല. എന്നുവെച്ചാൽ ഒരു സംരക്ഷകന്റെ സ്വഭാവം, അതിൽ ഒരു റോൾ മറ്റുള്ളവരിൽ നിന്നു് പ്രതീക്ഷിക്കേണ്ട കാര്യമില്ല. അങ്ങനെ പ്രതീക്ഷിക്കുന്നതു് പ്രത്യേക മനഃസ്ഥിതികൊണ്ടാണു്. ഇന്നത്തെ സാഹചര്യത്തിൽ സാമൂഹികമായിട്ടുള്ള വ്യവസ്ഥ, നീതിന്യായവ്യവസ്ഥ, നിയമനിർമ്മാണസഭ ഇവയിലെല്ലാം മുൻകയ്യെടുത്തു് ശക്തി കൈവരിക്കണം എന്നുള്ള ഒരു വാദമാണു് വന്നിട്ടുള്ളതു്. അങ്ങിനെയേ ശക്തി പ്രാപിക്കാൻ പറ്റുകയുള്ളു എന്നാണു് ഈ രംഗത്തു് പ്രവർത്തിക്കുന്ന സ്ത്രീകൾ, ആക്റ്റിവിസ്റ്റുകൾ, സാമൂഹികപ്രവർത്തകർ, ഗവേഷകർ ഇവരൊക്കെ പറയുന്നതു്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ശക്തിയാർജ്ജിക്കാം, സ്വയം ശക്തിയാർജ്ജിക്കുക, അതായതു് സ്വയം ശക്തമാകുക, അതാണു്. ഉപരിശക്തി എന്നുള്ളതു്, ശക്തി മറ്റുള്ളവരുടെ മേലെ പ്രയോഗിക്കുക. എന്നുവെച്ചാൽ ഒരാളുടെയല്ല, വ്യക്തിയുടെയല്ല, ഇടപെടുന്ന സന്ദർഭത്തിൽ, സ്ഥാപനങ്ങളിൽ പ്രയോഗിക്കുക എന്നുള്ളതാണു്. സ്ഥാപനം എന്നുപറഞ്ഞാൽ കുറെ ആളുകൾ സ്ഥിരമായി ഇടപെടുന്ന സന്ദർഭം ആണു്. നമ്മൾ വളരെ അനൗപചാരികമായി ഇടയ്ക്കു് മാത്രം വന്നു് കണ്ടുമുട്ടുന്ന, വന്നുപോകുന്ന ആൾക്കാരാണെങ്കിൽ അവിടെ സ്ഥാപനം ഉണ്ടാവില്ല. പക്ഷേ, നിരന്തരം കണ്ടുമുട്ടുമ്പോൾ പ്രത്യേക രീതിയിൽ പെരുമാറാനും, പ്രത്യേക കാര്യങ്ങൾ ചെയ്യാനും എന്തെങ്കിലുമൊരു താത്പര്യം ഉണ്ടാവും. എന്തെങ്കിലും വിഭവം ലക്ഷ്യമാക്കിയിട്ടാണു് നമ്മൾ ഇടപെടുന്നതു്. ഏതെങ്കിലുമൊരു വിഭവമാണു് എല്ലാ ഇടപെടലിന്റേയും പിന്നിലുള്ളതു്. ഉദാഹരണത്തിനു്, വിദ്യാഭ്യാസരംഗത്തു് അറിവാണു് വിഭവം. സാമ്പദികരംഗത്താണെങ്കിൽ സമ്പത്തു് ആണു് വിഭവം. അങ്ങനെ ഓരോ മേഖലയിലും നമ്മൾ ഇടപെടുമ്പോൾ ചില വിഭവം നമുക്കു് ലക്ഷ്യമായുണ്ടു്. അപ്പോൾ നമ്മുടെ താത്പര്യം ആ വിഭവത്തിലാണു്. അപ്പോൾ, വിഭവങ്ങൾ ആർജ്ജിക്കുന്നതിൽ നമ്മൾ മറ്റുള്ളവരുമായിട്ടു് ഇടപെടുന്ന സമയത്തു് നമുക്കു് എന്താണു് നിഷേധിക്കപ്പെടുന്നതു് എന്നുള്ളതു് നമ്മൾ തിരിച്ചറിഞ്ഞു്, നമ്മുടെ ശക്തി പ്രയോഗിക്കലാണു്. അതു് എങ്ങനെ പ്രയോഗിക്കാം എന്നുള്ള രീതി ചോദിക്കുന്നതിൽ അർത്ഥമില്ല. കാരണം അങ്ങിനെ ഒരു രീതി ഉണ്ടാവണമെന്നില്ല. അങ്ങിനെയാണെങ്കിൽ പ്രശ്നമുണ്ടാവില്ലല്ലോ? കാരണം ശക്തിയാർജ്ജിക്കുന്നതിനു് സ്ഥിരം ഒരു രീതിശാസ്ത്രം ഉണ്ടെങ്കിൽ നമുക്കു് അതു് അനുവർത്തിച്ചു് പോയാൽ മതിയല്ലോ?

പക്ഷേ, ഇതു് അനിശ്ചിതമാണു്. കാരണം സാമൂഹികജീവിതത്തിൽ ഇത്തരത്തിലുള്ള ബന്ധങ്ങൾ, ശക്തിബന്ധങ്ങൾ നമുക്കു് ഒരിക്കലും പ്രവചിക്കാൻ പറ്റാത്ത, നിർണ്ണയിക്കാൻ പറ്റാത്ത, ഒന്നാണു്. നമ്മളുടെ ഇച്ഛാശക്തിയിൽകൂടി ഉണ്ടാക്കിയെടുക്കേണ്ട ഒരു കാര്യമാണു്. ഇച്ഛാശക്തി എന്നുള്ളതു് ആധാരികശക്തിയാണു്, ആന്തരികശക്തിയാണു്, ആത്മശക്തിയാണു്. ഗാന്ധിജി പറയുന്നതു് ആത്മശക്തി ആർജിക്കുക എന്നുള്ളതാണു്. ആത്മബലം ഉണ്ടാവുക എന്നുള്ളതാണു്. വാസ്തവത്തിൽ, സാമൂഹികമായി നോക്കിക്കഴിഞ്ഞാൽ ഒരുപാടു് സഹനശക്തിയുള്ള വിഭാഗം ആണു് സ്ത്രീകൾ. അതു് പലരും തിരിച്ചറിയുന്നുമുണ്ടു്. പക്ഷേ, ആ ആത്മബലം സാമൂഹികമായ ഇടപെടലുകളിൽ എങ്ങനെ ഫലവത്തായിട്ടു് പരിവർത്തിപ്പിക്കാം. ഫലം ഉണ്ടാക്കുന്ന രീതിയിൽ അതിനെ പ്രയോഗിക്കാൻ സ്ത്രീകൾ മെനക്കെടുന്നില്ല. അവർ സഹനത്തിലാണു് ആ ശക്തി കാണിക്കുന്നതു്. ആത്മബലം സഹനത്തിൽ മാത്രമല്ല പ്രവർത്തനത്തിൽ കൂടിയുമാണു് ഫലം ഉണ്ടാക്കുന്നതു്. ശക്തി എന്നാൽ എന്താണു് ? ഒരു ഫലം ഉണ്ടാക്കാനുള്ള കഴിവാണു് ശക്തി. അപ്പോൾ സാമൂഹികമായി നോക്കുകയാണെങ്കിൽ ഓരോ പ്രവർത്തനത്തിൽ ഇടപെടുമ്പോൾ ഫലം ഉല്പാദിപ്പിക്കാൻ സാധിക്കുമോ എന്നുള്ളതാണു്. ആത്മബലം ഉണ്ടെങ്കിലേ ആ ഫലം ഉല്പാദിപ്പിക്കാൻ പറ്റുകയുള്ളു. നമ്മൾ സഹിക്കാൻ തീരുമാനിച്ചാൽ അതുണ്ടാവില്ല. അതുപോലെതന്നെ, സംയോജിതശക്തി എന്നുള്ളതു് ഇതരരുമായിട്ടു്, ഇതര സ്ത്രീകളുമായിട്ടു്, സാമൂഹികമായ പിന്നോക്കാവസ്ഥ പങ്കിടുന്ന സ്ത്രീകളുമായിട്ടുള്ള കൂട്ടായ പ്രവർത്തനം ആണു്. അതുപോലെ, ചെയ്യാനുള്ള ശേഷി ആർജ്ജിക്കുക. ഇതൊക്കെ തന്നെ ചെയ്യണമെന്നുള്ള ഇച്ഛാശക്തിയാണു് ശക്തിപ്രാപ്തി എന്നു പറയുന്നതു്. അതായതു് ഈ ശക്തി, സ്വയം ആർജ്ജിക്കുന്നതാണു്, സ്വയം ശക്തമാവലാണു്. അതുകൊണ്ടു് അതിനു് ഒരു രീതിശാസ്ത്രം ഇല്ല. രീതിശാസ്ത്രം ഇല്ല എന്നുള്ളതാണു് സാമൂഹികമായ ബന്ധങ്ങളിലെ ശക്തിബന്ധങ്ങളുടെ പ്രധാന സവിശേഷത. എന്നുവെച്ചാൽ അതിന്റെ ഗുണവും അതുതന്നെ.

(9-7-2003-ൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തു് ഹാളിൽ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ KRPLLD പദ്ധതിയുടെ തൃശൂർ സ്റ്റഡിസർക്കിളും പ്രയോഗ ട്രസ്റ്റും ചേർന്നു് സംഘടിപ്പിച്ച ‘സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗനീതിയുടെ തിരിച്ചറിവും’ എന്ന സെമിനാറിൽ ചെയ്ത പ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ.)

നിസാർ അഹമ്മദ്
images/nisar.jpg

നിരവധി ലേഖനങ്ങള്‍, പേര് വെയ്ക്കാത്ത ഗ്രന്ഥങ്ങള്‍, പ്രഭാഷണങ്ങൾ… ഇവയിലൂടെ പ്രസരിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നത്തെ ബൗദ്ധിക ലോകത്തു്, പ്രത്യേകിച്ചും കേരളത്തിന്റെ, വ്യക്തതയുടെ വെളിച്ചമായി നിലനില്ക്കുന്നു.

Colophon

Title: Linganeethiyude Thiricharivu (ml: ലിംഗനീതിയുടെ തിരിച്ചറിവു്).

Author(s): Nisar Ahamed.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-26.

Deafult language: ml, Malayalam.

Keywords: Article, Nisar Ahamed, Linganeethiyude Thiricharivu, നിസ്സാർ അഹമ്മദ്, ലിംഗനീതിയുടെ തിരിച്ചറിവു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 16, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Me (nach Delacroix), a painting by Paul Cézanne (1839–1906). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.