ഒരു റോഡപകടത്തെ തുടർന്നു് എന്റെ ഓർമയും മസ്തിഷ്കത്തിന്റ പതിവു വ്യാപാരങ്ങളും അത്യന്തം അപകടാവസ്ഥയിലായതു് ഒന്നര വർഷം മുമ്പാണു്. കോഴിക്കോട് മിംമ്സ് ഹോസ്പിറ്റലിലെ ഡോക്ടർ നൗഫൽ ബഷീറിന്റെ നേതൃത്വത്തിൽ ലഭിച്ച വിദഗ്ദ്ധ ചികിത്സയാണു് മരണത്തിന്റെ ഗുഹാകവാടത്തിലെത്തിയ എന്നെ ജീവിതത്തിലേക്കു തിരിയെ കൊണ്ടുവന്നതു്. ആ വരവിനിടയിൽ ദിവസങ്ങളോളം ഞാൻ മറവിക്കും മതിഭ്രമത്തിനും ഇടയിലെ ഇടുങ്ങിയ വഴിയിലൂടെ കുതറിയോടുകയായിരുന്നു. മരുന്നുകൾക്കും പരിചരണങ്ങൾക്കുമൊപ്പം എന്റെ വിചിത്രവിചാരങ്ങളും സങ്കല്പങ്ങളുമെല്ലാം സ്വബോധത്തിലേക്കുള്ള തിരിച്ചു നടത്തത്തിൽ എന്നെ സഹായിച്ചിട്ടുണ്ടാകാം എന്നു ഞാൻ കരുതുന്നു. ആരംഭത്തിൽ എല്ലാം വളരെ അബോധമായിത്തന്നെയാണു് നടന്നതു്. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്കതിൽ രസം പിടിച്ചു തുടങ്ങി. പാതിമയക്കം എന്നു പറയാവുന്ന മണിക്കൂറുകൾ നീളുന്ന ഉറക്കത്തിനിടയിൽ നീണ്ടുനീണ്ടുപോവുന്ന കഥകൾ മെനഞ്ഞുണ്ടാക്കുന്നതു് ഒരു ഹരം തന്നെയായി. ആ കഥകളുടെ എഴുത്തു് മനസ്സിൽ മാത്രമാണു് സംഭവിച്ചതെങ്കിലും ഓരോ കഥയിലെയും ഓരോ വാക്കും എഴുതിവെക്കുന്നതിന്റെ സംതൃപ്തി തന്നെയാണു് ആ നിമിഷങ്ങളിൽ ഞാൻ അനുഭവിച്ചതു്. ഉണർന്നു് ചുറ്റുപാടുകളെ അറിയുമ്പോഴും ആ അനുഭവത്തിന്റെ നിറവു് മനസ്സിനു് നഷ്ടമായില്ല. എന്റെ ജോലി ഒരു പിഴവും വരുത്താതെ ഭംഗിയായി ചെയ്തുതീർത്തിരിക്കുന്നുവെന്ന തോന്നൽ തന്ന സുഖാലസ്യത്തിൽ ഞാൻ ഇരുന്നു. അതു കാരണം, ഇതിഹാസങ്ങളിലേതുപോലെ ശാഖോപശാഖമായി പടർന്നു വളർന്ന ഇതിവൃത്തങ്ങൾ പലതും എന്നേക്കുമായി നഷ്ടമായി. ഇരിപ്പിലും നടപ്പിലും ഓരോ പ്രവൃത്തിയിലും അത്ഭുതകരമായ വൈചിത്ര്യം പുലർത്തിയ എത്രയോ കഥാപാത്രങ്ങൾ ഒരിക്കലും തിരിച്ചു വരാത്ത വിധം മറവിയുടെ ഇരുൾക്കയത്തിലമർന്നു. കഥകൾക്കു സംഭവിച്ച ആ മഹാദുരന്തത്തിൽ നിന്നു് എങ്ങനെയോ രക്ഷപ്പെട്ട അഞ്ചു് കഥകൾ സ്വരുക്കൂട്ടി വെച്ചും പിന്നീടെഴുതിയ രണ്ടെണ്ണം അവയോടൊപ്പം ചേർത്തുമാണു് ഈ സമാഹാരം ഉണ്ടാക്കിയിരിക്കുന്നതു്. ഇതിലെ കഥകളിൽ പൂർണരൂപത്തിൽ ഒറ്റയടിക്കു് മനസ്സിൽ അവതരിച്ചതും വള്ളിപുള്ളി വിടാതെ ഒറ്റയിരിപ്പിനു് എഴുതിവെച്ചതുമായ കഥ “ഇളനീർ” മാത്രമാണു്. ഞാൻ എഴുതിയതു് എന്നതിനേക്കാൾ എനിക്കു കൈവന്നതു് എന്നാണു് ആ കഥയെ പറ്റി പറയേണ്ടതു്. അങ്ങനെയും കഥകൾ ഉണ്ടാവും. അനുഭവങ്ങളുടെ കേവലമായ പകർത്തിവെപ്പിൽ പോലും അയുക്തികമായ കല്പനകൾക്കു സ്വാഭാവികമായി ഇടം ലഭിക്കും. ചിലപ്പോഴെങ്കിലും അവ യാഥാർത്ഥ്യത്തേക്കാൾ യഥാർത്ഥമായിരിക്കുകയും ചെയ്യും. കാരണം മനുഷ്യൻ യുക്തിബോധവും കാര്യകാരണബുദ്ധിയും കൊണ്ടു മാത്രമല്ല അതിരുകൾക്കപ്പുറത്തേക്കുള്ള ആത്മാവിന്റെ സഞ്ചാരങ്ങൾ കൊണ്ടു കൂടിയാണു് പുലരുന്നതു്.
കഥ ജീവിതത്തിന്റെ ഏറ്റവും മികച്ച ഫലങ്ങളിലൊന്നാണു്. അതു് ജീവിതത്തെ കവിഞ്ഞു നിൽക്കുന്ന അത്ഭുതവുമാണു്.
എൻ പ്രഭാകരൻ
കഴിഞ്ഞ ഇരുപതു വർഷത്തോളമായി ഡോ. മുരുകന്റെ ക്ലിനിക്കിൽ ഞാനൊരു കൺസൾട്ടിങ് സൈക്കോളജിസ്റ്റാണു്. ആദ്യം ഇവിടെ ഞാനും ഡോക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ മലയോരഗ്രാമത്തിൽ രണ്ടു ദശകക്കാലം മുമ്പു് ഒരു സൈക്ക്യാട്രി ക്ലിനിക് സ്ഥാപിക്കാൻ അദ്ദേഹത്തിനു് എങ്ങനെ ധൈര്യം വന്നു എന്നറിയില്ല. അക്കാലത്തൊന്നും ഇവിടെ മനോരോഗത്തിനു് ആരും ചികിത്സ തേടിയിരുന്നില്ല. രോഗി അക്രമാസക്തമാവുന്ന ഘട്ടത്തിൽ മാത്രം ആളുകൾ അയാളെ അല്ലെങ്കിൽ അവളെ ബലം പ്രയോഗിച്ചു് നഗരത്തിലെ പ്രശസ്തമായ മനോരോഗചികിത്സാലയത്തിൽ എത്തിക്കും. അത്രയും വരെ തന്നെയും മറ്റുള്ളവരെയും പല തരത്തിൽ പീഡിപ്പിച്ചു് രോഗി നാട്ടിൽ തന്നെ കഴിയും. “തലയ്ക്ക് സുഖംല്ലാത്ത പാവാണ്” എന്നു പറഞ്ഞു് മുതിർന്നവർ അത്തരക്കാരെ ഒഴിവാക്കും. ചെറുപ്പക്കാരാണെങ്കിൽ അവരെ ഉപയോഗിച്ചു് എന്തൊക്കെ തമാശകൾ ഒപ്പിക്കാം എന്നാലോചിക്കും.
മുകളിലും താഴെയും ഈരണ്ടു മുറികളും താഴെ വലിയൊരു ചായ്പും കുളിമുറിയുമുള്ള കെട്ടിടത്തിലാണു് ഡോ. മുരുകൻ തന്റെ മനോരോഗ ചികിത്സാലയം ആരംഭിച്ചതു്. ആ കെട്ടിടം മരിച്ചുപോയ കൈമുറിയൻ ചന്തൻ മൂപ്പന്റേതായിരുന്നു. കുടകിൽ കുരുമുളകു് പാട്ടത്തിനെടുക്കലും ഇഞ്ചിക്കൃഷിയും തേങ്ങാക്കച്ചവടവുമൊക്കെയായി കണ്ടമാനം പണമുണ്ടാക്കിയിരുന്ന കാലത്താണു് ചന്തൻ മൂപ്പൻ ഈ കെട്ടിടമെടുത്തതു്. “കൈമുറിയന്റെ മാളിക” എന്നാണു് ആളുകൾ ഇതിനെ പണ്ടു് വിളിച്ചിരുന്നതു്. ചന്തൻ മൂപ്പന്റെ ഇടതുകൈമുട്ടിനു താഴെ മുറിഞ്ഞുപോയതു് വിരാജ്പേട്ടയ്ക്കും മൂർനാടിനും ഇടയിൽ വെച്ചുണ്ടായ ഒരു ബസ്സപകടത്തിലാണെന്നും അതല്ല ഒരു കുടകനുമായുണ്ടായ ഏറ്റുമുട്ടലിൽ സംഭവിച്ചതാണെന്നും എന്റെ കുട്ടിക്കാലത്തു് പറഞ്ഞുകേട്ടിരുന്നു. മുറിഞ്ഞുപോയ വലതുകയ്യിന്റെ ഭാഗം ഒരു തോർത്തുകൊണ്ടു് ചുറ്റി ധൃതിയിൽ നടന്നുവന്നു് തന്റെ മാളികയുടെ മുന്നിലും പിന്നിലുമൊക്കെ തിരക്കിട്ടൊരു നോട്ടം നോക്കി തിരിച്ചുപോകുന്ന ചന്തൻ മൂപ്പന്റെ രൂപം എനിക്കോർമ്മയുണ്ടു്. അതു് മിക്കവാറും രാവിലെ ഒമ്പതുമണി അടുപ്പിച്ചായിരിക്കും. അതായതു് ഞാൻ സ്കൂളിലേക്കു പോവാൻ ബസ്സു കാത്തു നിൽക്കുന്ന സമയം. ആ ഒരു വരവു് കഴിഞ്ഞാൽ പിറ്റേന്നു രാവിലെയേ മൂപ്പൻ അങ്ങാടിയിലേക്കു് വരാറുണ്ടായിരുന്നുള്ളൂ എന്നാണു തോന്നുന്നതു്.
ചന്തൻ മൂപ്പൻ മാളിക പണിയുന്ന കാലത്തു് അവിടെ അങ്ങാടി എന്നു പറയാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല. കാളവണ്ടി പോവുന്ന ഒരു മണ്ണുറോഡും മോരുംവെള്ളം വിൽക്കുന്ന ഒരു പീടികയും പിന്നെ ഒരു കഞ്ഞിപ്പീടികയും മാത്രം.
“ഈ കാട്ടുമൂലയ്ക്ക് മാളിക വെക്കാൻ നമ്മള ചന്തൻ മൂപ്പനെന്താ പിരാന്തുണ്ടോ?” എന്നു് ആരൊക്കെയോ തമ്മിൽ തമ്മിൽ പറഞ്ഞിരിക്കും. ചന്തൻ മൂപ്പൻ മരിച്ചു് അഞ്ചാറു കൊല്ലത്തിനുശേഷം അയാളുടെ മൂത്തമകൻ ഉണ്ണിക്കണ്ണന്റെ കയ്യിൽനിന്നു് ഡോക്ടർ മുരുകൻ ആ മാളിക വാങ്ങി ക്ലിനിക് തുടങ്ങുമ്പോഴേക്കും നാടൊക്കെ ഒരുപാടു മാറിയിരുന്നു. പഴയ മണ്ണുറോഡിന്റെ സ്ഥാനത്തു് ടാറിട്ട റോഡ്. മോരും വെള്ളം വിറ്റിരുന്ന പീടികയുടെ സ്ഥാനത്തു് ഒരിരുനിലക്കെട്ടിടത്തിൽ താഴെ കൂൾബാർ. മുകളിലത്തെ നിലയിൽ യുവാവായ സുജിത് ജ്യോത്സ്യരുടെ ജ്യോതിഷാലയം. ഓലമേഞ്ഞ പഴയ കഞ്ഞിപ്പുരയുടെ സ്ഥാനത്തു് ‘ഹോട്ടൽ രുചി’, അതിനടുത്തു് കേളൻചിറ സ്റ്റോപ്പ് എന്നു ബോർഡ് വെച്ച ബസ്സ്ഷെൽട്ടർ. അങ്ങനെയങ്ങനെ.
ഒരു കാലത്തു് പേരിനു മാത്രം ആൾപ്പെരുമാറ്റമുണ്ടായിരുന്ന അങ്ങാടിയിൽ രാത്രി പത്തുമണി വരെ ബസ്സിനു കാത്തുനിൽക്കുന്നവരും പലേടത്തു നിന്നായി ബസ്സിലും കാറിലുമൊക്കെയായി വന്നിറങ്ങുന്നവരും വെറുതെ ചുറ്റിനടക്കുന്ന ചെറുപ്പക്കാരുമൊക്കെയായി ഭേദപ്പെട്ട ആൾത്തിരക്കു്. എല്ലാമായിട്ടും ചന്തൻമൂപ്പന്റെ മാളികയ്ക്കു മുന്നിൽ ഡോക്ടർ മുരുകൻ തന്റെ ക്ലിനിക്കിന്റെ ബോർഡ് വെച്ചപ്പോൾ ആളുകൾ പറഞ്ഞു: “പിരാന്തമ്മാറെ ചികിത്സിക്കാൻ ഒരു പിരാന്തൻ ഡോക്ടറ്. അല്ലാണ്ട് സ്വബോധം ഉള്ള ഒരാള് ഈട വന്ന് ഇമ്മാതിരി ഒരെടപാട് തൊടങ്വോ?”
എനിക്കു പക്ഷേ, ആദ്യം മുതൽക്കേ അങ്ങനെയൊരു തോന്നലുണ്ടായിരുന്നില്ല. അതിനു കാരണവുമുണ്ടു്. ഞാൻ സൈക്കോളജിയിൽ എം. എ. കഴിഞ്ഞു് ഗൈഡൻസ് ആന്റ് കൗൺസലിങ്ങിൽ പി. ജി. ഡിപ്ലോമയും കഴിഞ്ഞു് പിന്നെ പോയി കൺസൾട്ടിങ് സൈക്കോളജിയിൽ എം. ഫില്ലും ചെയ്തു് വീട്ടിൽതന്നെ സ്വന്തമായി ചെറിയ മട്ടിൽ ഏർപ്പാടു് തുടങ്ങിയാലോ എന്നു് ആലോചിച്ചുതുടങ്ങിയിരുന്ന കാലമായിരുന്നു അതു്. എന്തായാലും ഡോ. മുരുകൻ ക്ലിനിക് തുടങ്ങി ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെതന്നെ ഞാൻ മൂപ്പരെ ചെന്നു കണ്ടു. വളരെയേറെ ആത്മവിശ്വാസം ഭാവിച്ചു് ഡോക്ടർക്കു ഞാൻ സ്വയം പരിചയപ്പെടുത്തി. ഒടുവിൽ രണ്ടും കല്പിച്ചു ചോദിക്കുകയും ചെയ്തു: “എന്നെ തൽക്കാലത്തേക്കു് ഇവിടെ അക്കൊമഡേറ്റ് ചെയ്യാൻ പറ്റുമോ ഡോക്ടർ? ഒരു പ്രാക്ടീസിനുവേണ്ടി നിൽക്കുന്നു എന്നു കരുതിയാൽ മതി.”
എന്റെ ഭാഗ്യത്തിനു് ഡോക്ടർ എതിരൊന്നും പറഞ്ഞില്ല. മാത്രവുമല്ല എന്നിൽ ഉയർന്ന അളവിൽ ആത്മവിശ്വാസം വളർത്താൻ പാകത്തിൽ അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു: “യെസ്. ഐ വാസ് ലുക്കിങ് ഫോർ സം വൺ ലൈക്ക് യു. ഇവിടെ വരുന്ന പേഷ്യന്റ്സ് അധികവും ചികിത്സ ആവശ്യമുള്ളവരല്ല. ദെ നീഡ് കൗൺസലിങ്.”
ഡോക്ടർ മുരുകൻ അക്കാലത്തു് രോഗികളിൽനിന്നു് വാങ്ങിക്കൊണ്ടിരുന്ന ഫീസ് ഇരുപതു് രൂപയായിരുന്നു. ഈ നാടിന്റെ സ്ഥിതി വെച്ചു് അന്നത്തെ നിലയ്ക്കു് അതു് അല്പം കൂടിയ ഫീസായിരുന്നു. അതിന്റെ പേരിൽ ചില്ലറ മുറുമുറുപ്പൊക്കെ ഉണ്ടായെങ്കിലും ആരും നേരിട്ടു ചെന്നു് പ്രശ്നമുണ്ടാക്കാനൊന്നും നിന്നില്ല. ഡോക്ടറെയോ എന്നെയോ കൊണ്ടു് തങ്ങൾക്കു വിശേഷിച്ചു് ഒരാവശ്യവുമില്ലെന്ന മട്ടായിരുന്നു നാട്ടുകാർക്കു്. പറഞ്ഞില്ലല്ലോ, ആദ്യദിവസംതന്നെ ഡോക്ടർ എന്നോടു് പറഞ്ഞു: “ഞാൻ വാങ്ങുന്ന ഫീസ് തന്നെയാണു് വിവേകിന്റെയും ഫീസ്. അതിൽ ചെറിയ ഇളവുപോലും വരുത്തേണ്ട. താൻ ചെയ്യുന്ന പണി ഇൻഫീരിയറായിട്ടുള്ള ഒന്നാണെന്നു് പേഷ്യന്റ്സിനു് തോന്നരുതു്. ഓരോ സെഷനും ഇരുപതു് രൂപവെച്ചുതന്നെ വാങ്ങണം.”
ഫീസ് ഇരുപതു് രൂപ വെച്ചുതന്നെ വാങ്ങണോ എന്ന കാര്യത്തിൽ എനിക്കു് സംശയം തോന്നിയിരുന്നെങ്കിലും തല്ക്കാലത്തേക്കു് ഡോക്ടറെ അനുസരിക്കുന്നതാണു് ബുദ്ധി എന്നുതന്നെ ഞാൻ തീരുമാനിച്ചു. ക്ലിനിക്കിൽ എത്തിയിരുന്ന രോഗികളിൽ നാട്ടുകാരാരും ഉൾപ്പെട്ടിരുന്നില്ല. കുറച്ചു് അകലെയുള്ള ചെറുപട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ളവരായിരുന്നു അവർ. പരിചയക്കാരല്ലെന്നതുകൊണ്ടുതന്നെ അവരിൽനിന്നു് ഒരു സെഷനു് ഇരുപതു രൂപ ഈടാക്കുന്നതിൽ എനിക്കു വിഷമമൊന്നും തോന്നിയില്ല.
ക്ലിനിക്കിന്റെ ഗ്രൗണ്ട് ഫ്ലോറിലെ ഒരു മുറിയാണു് ഡോക്ടർ എനിക്കു തന്നതു്. അദ്ദേഹത്തിന്റെ മുറി മുകളിലായിരുന്നു. എന്റെ അരികിലെത്തുന്ന രോഗികളിൽ സംസാരവും ഉപദേശനിർദ്ദേശങ്ങളും കൊണ്ടുള്ള പരിചരണമല്ലാതെ നേരിട്ടുള്ള ചികിത്സതന്നെ വേണമെന്നു സംശയരഹിതമായി തോന്നുന്നവരെ മാത്രമേ തന്റെ അടുത്തേക്കു് അയയ്ക്കേണ്ടതുള്ളൂ എന്നു് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞിരുന്നു. അത്തരക്കാർ ദിവസവും നാലോ അഞ്ചോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലത്തിൽ എനിക്കു് ഇരുന്നൂറു് രൂപ വരുമാനമുണ്ടായ ദിവസം ഡോക്ടർക്കു് ആകെക്കൂടി കിട്ടിയതു് എൺപതോ നൂറോ രൂപയായിരുന്നു. ഈ അന്തരം ഞങ്ങൾക്കിടയിൽ അകൽച്ചയും ശത്രുതയുമൊക്കെ ഉണ്ടാക്കിയേക്കുമോ എന്നു ഞാൻ ഭയപ്പെടാതിരുന്നില്ല. പക്ഷേ, എന്റെ നേർക്കുള്ള ഡോക്ടറുടെ മനോഭാവത്തിൽ തരിമ്പും മാറ്റം സംഭവിച്ചില്ല. എങ്കിലും ഡോക്ടറുടെ നിർദ്ദേശമില്ലാതെതന്നെ ഞാനൊരു കാര്യം ചെയ്തു. ശാരീരിക പ്രശ്നങ്ങൾക്കു് മറ്റു ഡോക്ടർമാരെ കാണേണ്ടതുണ്ടു് എന്നു തോന്നിയവരെയും വളരെ ഉയർന്ന രക്തസമ്മർദ്ദമുള്ളവരെയും സോഡിയം, ഹോർമോൺ ലെവൽ തുടങ്ങിയവയുടെ കാര്യത്തിൽ പരിശോധന ആവശ്യമുള്ളവരെയും ഞാൻ ആ വക കാര്യങ്ങൾ ചുരുക്കെഴുത്തിലൂടെ സൂചിപ്പിച്ചു് ഡോക്ടറുടെ അടുത്തേക്കു അയച്ചു. അങ്ങനെ എന്റെ മുന്നിൽ എത്തിച്ചേരുന്ന രോഗികളിൽ പാതി പേരെ ദിവസവും അദ്ദേഹത്തിന്റെ അടുത്തേക്കു് അയയ്ക്കുന്ന അവസ്ഥ വന്നു. അപ്പോഴും വിശേഷിച്ചു് എന്തെങ്കിലും സംഭവിച്ചതായി ഡോക്ടർ ഭാവിച്ചില്ല. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവുമെല്ലാം പഴയ മട്ടിൽത്തന്നെ തുടർന്നു. പോകെപ്പോകെ ഡോക്ടറുടെ സ്വഭാവത്തിൽ നിഗൂഢമായ എന്തൊക്കെയോ ഉണ്ടെന്നു് എനിക്കു തോന്നിത്തുടങ്ങി. വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുമ്പോൾ വളരെ അലസമായി ഒന്നു മൂളുകയോ ഒന്നോ രണ്ടോ വാക്കിൽ മറുപടി ഒതുക്കുകയോ ചെയ്യുന്ന പ്രകൃതം എന്റെ തോന്നലിനെ ബലപ്പെടുത്തുന്നതായിരുന്നു. അസുഖകരമായ പല സാധ്യതകളും എന്റെ ആലോചനയിൽ വന്നു. രണ്ടു മൂന്നു ദിവസത്തേക്കു് അത്തരം ചിന്തകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തി. പിന്നെ ഞാനൊരു ഉറച്ച തീരുമാനത്തിലെത്തി. തന്നെക്കുറിച്ചു് സ്വന്തം ഇഷ്ടപ്രകാരം ഡോക്ടർ എന്തെങ്കിലും പറയുന്നെങ്കിൽ പറയട്ടെ. അതല്ലാതെ ഞാൻ ഓരോന്നോരോന്നു ചോദിച്ചു് കുത്തിച്ചികഞ്ഞെടുക്കാൻ പണിപ്പെടേണ്ടതില്ല.
ഞാനും രോഗികളും കഴിഞ്ഞാൽ “ഹോട്ടൽ രുചി”യിലെ വിളമ്പുകാരോടും മേശയ്ക്കിരിക്കുന്നയാളോടും മാത്രമേ ഡോക്ടർ സംസാരിച്ചിരുന്നുള്ളൂ. അവരോടാണെങ്കിൽ തന്റെ കുടുംബകാര്യങ്ങളെക്കുറിച്ചോ നാടിനെക്കുറിച്ചോ ഒന്നും ഡോക്ടർ കാര്യമായി ഒന്നും പറഞ്ഞിരുന്നില്ല. ക്ലിനിക്കിലായിരിക്കുമ്പോൾ വളരെ ഊർജ്ജസ്വലനും സന്തോഷവാനുമായി കാണപ്പെടുമെങ്കിലും പുറത്തിറങ്ങുമ്പോൾ അദ്ദേഹം ഗൗരവത്തിന്റെ കറുത്ത മുഖംമൂടി എടുത്തണിയും. പിന്നെ ഒരുവിധപ്പെട്ടവരാരും മൂപ്പരോടു് ലോഹ്യം പറയാനോ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കാനോ ധൈര്യപ്പെടില്ല.
ആരുടെയെങ്കിലും മുന്നിൽ ഒന്നു മനസ്സു് തുറന്നേ പറ്റൂ എന്ന തോന്നൽ അനിയന്ത്രിതമാവുന്ന ഘട്ടം ഏതൊരാളുടെ ജീവിതത്തിലും ഉണ്ടാവാതിരിക്കില്ല. ഡോക്ടർ മുരുകന്റെ കാര്യത്തിലും അങ്ങനെയൊരു ഘട്ടം വന്നുചേരുകതന്നെ ചെയ്യും, അതു് അത്ര അകലെയൊന്നുമാവില്ല എന്നു ഞാൻ ഉറപ്പിച്ചു. എന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല.
ഒരു ദിവസം വൈകുന്നേരം അന്നത്തെ പരിശോധനയും ചികിത്സയുമൊക്കെ അവസാനിപ്പിക്കാൻ നേരത്തു് ഡോക്ടർ പറഞ്ഞു: “വിവേകിനു് തിരക്കില്ലെങ്കിൽ കുറച്ചു നേരം ഇരുന്നിട്ടു പോകാം.”
“ഇല്ല ഡോക്ടർ, എനിക്കു് തിരക്കൊന്നുമില്ല” എന്റെ മറുപടി അദ്ദേഹം പ്രതീക്ഷിച്ചതുതന്നെയായിരുന്നു എന്നു തോന്നി. രാത്രി വളരെ വൈകും വരെ ഞങ്ങൾ സംസാരിച്ചിരുന്നു. “ഞങ്ങൾ” എന്നു ഞാൻ പറഞ്ഞങ്കിലും അദ്ദേഹം സംസാരിക്കുകയും ഞാൻ താത്പര്യപൂർവം കേട്ടിരിക്കുകയുമായിരുന്നു എന്നതാണു് സത്യം.
“വിവേകിനു് എന്നെക്കുറിച്ചു് ഒന്നും അറിയില്ലല്ലോ. ഞാൻ ആരാണു്, എന്താണു്, എന്റെ കുടുംബത്തിൽ ആരൊക്കെയുണ്ടു്, യാതൊരു മുൻപരിചയവുമില്ലാത്ത ഈ ഗ്രാമത്തിലേക്കു് ഞാൻ എന്തിനു വന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം മറ്റാരും അറിഞ്ഞില്ലെങ്കിലും വിവേക് അറിയേണ്ടതുണ്ടു് എന്നുതന്നെ എനിക്കു തോന്നുന്നു” ആമുഖമായി ഇത്രയും പറഞ്ഞാണു് അദ്ദേഹം ആരംഭിച്ചതു്.
പിന്നെ വാക്കുകളുടെ കുത്തൊഴുക്കായിരുന്നു. അറുപതാം വയസ്സിൽ മരിച്ചുപോയ അച്ഛൻ, അച്ഛൻ ഉണ്ടാക്കിവെച്ച ഭാരിച്ച സ്വത്തു് മുഴുവൻ കയ്യടക്കിവെച്ചിരിക്കുന്ന അനുജൻ, അവന്റെ അതിസമർത്ഥയായ ഭാര്യ, അവളുടെ കുതന്ത്രങ്ങൾക്കും ഉപദേശങ്ങൾക്കും കീഴടങ്ങി തനിക്കെതിരെ തിരിഞ്ഞ അമ്മ, വീട്ടിനുള്ളിൽ അനുഭവിക്കേണ്ടിവന്ന അതികഠിനമായ ഒറ്റപ്പെടൽ, താൻ പ്രാക്ടീസ് തുടങ്ങിയ ഹോസ്പിറ്റലിന്റെ മാനേജുമെന്റുമായി നടത്തേണ്ടിവന്ന നീണ്ട ഏറ്റുമുട്ടൽ, രണ്ടു തവണ ഗുണ്ടാ ആക്രമണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതു്, ഈ കോലാഹലങ്ങൾക്കെല്ലാമിടയിൽ വിവാഹം കഴിക്കാൻ മറന്നുപോയതു്, പതുക്കെപ്പതുക്കെ തന്റെ ഉള്ളിൽ രൂപപ്പെട്ടുവന്ന സ്ത്രീവിരോധം, വിരക്തി ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ. ചില കാര്യങ്ങൾ അദ്ദേഹം വിവരിച്ച രീതി തീർച്ചയായും അസാധാരണമായിരുന്നു. വളരെ പഴയ കാര്യങ്ങൾപോലും അങ്ങേയറ്റം സൂക്ഷ്മമായ വിശദാംശങ്ങളോടെ അദ്ദേഹം ഓർമിച്ചുവെക്കുന്നുവെന്നതു് എന്നെ അത്ഭുതപ്പെടുത്തുകയും അതിലേറെ അദ്ദേഹത്തിന്റെ അപ്പോഴത്തെ മനോനിലയെപ്പറ്റി ബലമായ ചില സംശയങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ആറോ ഏഴോ വയസ്സായിരുന്നപ്പോൾ അച്ഛനോടൊപ്പം താൻ ഒരു ബോട്ടുയാത്ര നടത്തിയപ്പോൾ ഇരുകരയിലും കണ്ട കാഴ്ചകൾ, കയറാൻ ആരുമില്ലാത്ത ഒരു ബോട്ടുജെട്ടിയിലൂടെ വലിയൊരു പാമ്പു് ഇഴഞ്ഞുപോകുന്നതു കണ്ടതു് എല്ലാം കണ്മുമ്പിൽ കാണിച്ചുതരും വിധമാണു് അദ്ദേഹം വിവരിച്ചതു്. ചെന്നൈയിലെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്തു് അവിടെ ഉണ്ടായിരുന്ന തെലുങ്കത്തിയും അതിസുന്ദരിയുമായ ഒരു ഐ സ്പെഷലിസ്റ്റിനോടൊപ്പം മിക്കദിവസങ്ങളിലും അത്താഴം കഴിക്കാൻ പോയിരുന്നതിന്റെ വിവരണമായിരുന്നു വിശദാംശങ്ങൾ കൊണ്ടു് ഏറ്റവും സമ്പന്നം. തന്നോടു് വലിയ അടുപ്പം നടിച്ചുകൊണ്ടിരിക്കെത്തന്നെ അവൾ ഒരു കാർഡിയോളജിസ്റ്റുമായി വിവാഹം ഉറപ്പിച്ചതിനെപ്പറ്റി പറഞ്ഞപ്പോൾ ഡോക്ടറുടെ തൊണ്ട ഇടറുകയും കണ്ണുകൾ നനയുകയും ചെയ്തു.
താൻ അമിതമായി വികാരാധീനനാവുന്നു എന്നു തോന്നിയ ഘട്ടങ്ങളിലെല്ലാം സാധാരണ നിലയിലേക്കു തിരിച്ചുവരാൻ ഡോക്ടർ മുരുകൻ ആവർത്തിച്ചു സ്വീകരിച്ച മാർഗം “തിരുക്കുറളി”ൽനിന്നോ മറ്റു പഴയ കാല തമിഴ് കൃതികളിൽനിന്നോ വരികൾ ഉദ്ധരിച്ചു് മനുഷ്യജീവിതത്തിൽ ഇതെല്ലാം സാധാരണയാണു് എന്നു് സ്ഥാപിക്കലായിരുന്നു. രണ്ടു വട്ടം കഴിഞ്ഞു് മൂന്നാമതും ആ വഴിക്കു തിരിഞ്ഞപ്പോൾ എനിക്കു വല്ലാത്ത മടുപ്പു തോന്നി.
ക്ലിനിക്കിൽത്തന്നെ കഴിഞ്ഞുകൂടുന്ന ചില രാത്രികളിൽ അനുഭവപ്പെടുന്ന അസഹ്യമായ ഒരുതരം മനോവേദനയെപ്പറ്റി വിസ്തരിച്ചുകൊണ്ടാണു് അദ്ദേഹം അവസാനിപ്പിച്ചതു്. ഡോക്ടർ ഒരു വിഷാദരോഗിയായി മാറിത്തുടങ്ങുകയാണു് എന്നാണു് സംസാരത്തിന്റെ അവസാന ഭാഗത്തെത്തിയപ്പോൾ എനിക്കു തോന്നിപ്പോയതു്. പെട്ടെന്നു് അദ്ദേഹത്തിന്റെ മുഖഭാവം മാറി. മനസ്സിനു് വല്ലാതെ അയവു വന്നതുപോലെ അദ്ദേഹം പ്രസന്നവദനനായി. “ഓ, രാത്രിഭക്ഷണത്തിന്റെ കാര്യം ഞാൻ മറന്നു. വാ, നമുക്കു പോയി നോക്കാം. കഞ്ഞിയും ചമ്മന്തിയുമെങ്കിൽ അതു്. കപ്പയും മീനുമെങ്കിൽ അങ്ങനെ. വിവേകിനു് എന്താണു് വേണ്ടതെന്നുവെച്ചാൽ കഴിക്കാം.”
“വേണ്ട: സാർ. ഞാൻ വീട്ടിൽ പോയി കഴിച്ചോളാം. അവിടെ എല്ലാവരും എന്നെ കാത്തു് ഭക്ഷണം കഴിക്കാതെ ഇരിപ്പുണ്ടാവും.” ഞാൻ പറഞ്ഞു.
ഡോക്ടർ പിന്നെ നിർബന്ധിച്ചില്ല. എങ്കിലും “ഹോട്ടൽ രുചി”യുടെ മുന്നിൽവരെ എന്നെ കൂട്ടിക്കൊണ്ടുപോയി അവിടെ റോഡരികിൽ നിന്നും അദ്ദേഹം അരമണിക്കൂറോളം പിന്നെയും സംസാരിച്ചു. ഒരു ലോറി വന്നു നിന്നു് അതിലെ ജോലിക്കാർ ആർത്തിപിടിച്ചതുപോലെ ചാടിയിറങ്ങുന്നതു കണ്ടപ്പോഴാണു് “ഇനി ഏതായാലും കാത്തുനില്ക്കേണ്ട, ഭക്ഷണം കഴിച്ചുകളയാം” എന്നു് അദ്ദേഹത്തിനു തോന്നിയതു്.
മഞ്ഞുവീണ വഴിയിൽ നിലാവിൽ റബ്ബർമരങ്ങളുടെ ഇരുണ്ട നിഴലുകൾക്കു ചുവട്ടിലൂടെ ഒറ്റയ്ക്കു് വീട്ടിലേക്കു നടക്കുമ്പോൾ ഞാൻ അല്പം ഉറക്കെത്തന്നെ അറിയാതെ പറഞ്ഞുപോയി. “നാളിതുവരെ എന്നെ കൺസൾട്ട് ചെയ്തവരുടെതിനെക്കാളെല്ലാം സങ്കീർണ്ണമാണല്ലോ ഏറ്റവുമൊടുവിൽ എന്നോടു സംസാരിച്ച പേഷ്യന്റിന്റെ കേസ്”. അന്നു് അങ്ങനെ ആത്മഗതം ചെയ്തെങ്കിലും ഡോക്ടറുടെ മനോനിലയെ പിന്നീടെന്നെങ്കിലും ഏതെങ്കിലും മനോരോഗത്തിന്റെ ഛായ കലർന്ന ഒന്നായി ഞാൻ സങ്കല്പിച്ചില്ല. അതിനു പ്രേരിപ്പിക്കുന്ന സംസാരമോ പെരുമാറ്റമോ ഒരിക്കലും അദ്ദേഹത്തിൽനിന്നുണ്ടായില്ല. മാത്രവുമല്ല തന്റെ സ്വകാര്യജീവിതത്തെപ്പറ്റി പിന്നീടൊരിക്കലും അദ്ദേഹം കാര്യമായി ഒന്നും സംസാരിച്ചതുമില്ല.
ഡോക്ടറോടൊപ്പം ജോലി ചെയ്യാൻ തുടങ്ങിയ ഇരുപതു വർഷക്കാലത്തിനിടയിൽ എന്റെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങളുണ്ടായി. മനുഷ്യരെക്കുറിച്ചും അവരിൽ പലരും നേരിടുന്ന കടുത്ത മാനസിക സംഘർഷങ്ങളെക്കുറിച്ചും പഠിക്കുന്ന കാലത്തു് മനസ്സിലാക്കിയതിന്റെ നൂറിരട്ടി കാര്യങ്ങൾ ഞാൻ മനസ്സിലാക്കി. സൈക്യാട്രി പഠിച്ചിട്ടില്ലെങ്കിലും വിവിധ മനോരോഗങ്ങൾക്കു് കൊടുത്തുവരുന്ന മരുന്നുകളെ കുറിച്ചും ഏറെക്കുറെ പൂർണ്ണമായ ധാരണതന്നെ ഞാൻ സ്വരൂപിക്കുകയും ചെയ്തു.
ചെറുതല്ലാത്ത കാലയളവിനുള്ളിൽ എന്റെ മുന്നിലെത്തിയ ആയിരക്കണക്കിനു രോഗികളിൽ ചിലരെക്കുറിച്ചെങ്കിലും എഴുതാൻ എനിക്കു് അതിയായ താത്പര്യമുണ്ടു്. പക്ഷേ, അജ്ഞാതമായ കാരണങ്ങളാൽ എനിക്കു് ഏറ്റവുമധികം അടുപ്പം തോന്നിയ ഒരാളെക്കുറിച്ചു് മാത്രമേ ഇപ്പോൾ എഴുതുന്നുള്ളൂ. ഞാൻ ഇനിയും വെച്ചുനീട്ടുന്നില്ല. അയാളുടെ ജീവിതകഥയിലേക്കു്, കൂട്ടത്തിൽ എന്റെ ജീവിതകഥയിലെ വളരെ പ്രധാനപ്പെട്ട ചില അദ്ധ്യായങ്ങളിലേക്കു് വായനക്കാർക്കു പ്രവേശിക്കാം.
ജോലിക്കു ചേർന്നു് രണ്ടോ മൂന്നോ മാസം കഴിഞ്ഞുള്ള ഒരു ദിവസം രാവിലെ മുതൽ ഉച്ചവരെയുള്ള സമയം ഞാൻ ചെലവഴിച്ചതു് കുടുങ്ങോംകാവിനു മുന്നിൽ ഇളനീർ കച്ചവടം നടത്തിയിരുന്ന മോഹനനു വേണ്ടിയാണു്. എന്നിട്ടും അയാളുടെ പ്രശ്നത്തിൽ കൃത്യമായ നിഗമനങ്ങളൊന്നും എനിക്കു സാധ്യമായില്ല. അതിന്റെ ക്ഷീണത്തിലായതു കാരണം ഉച്ചയ്ക്കുശേഷം ഒരാളെമാത്രമേ ഞാൻ നോക്കിയുള്ളൂ. പുറത്തു പത്തുപേരെങ്കിലും കാത്തുനിൽപ്പുണ്ടായിരുന്നു. “ഇന്നു് വളരെ അത്യാവശ്യമായി ഒരു സ്ഥലംവരെ പോവാനുണ്ടു്.” എന്നു പറഞ്ഞു് അവരെയെല്ലാം ഞാൻ ഒഴിവാക്കി.
അതേ കളവു് ഡോക്ടറോടും പറഞ്ഞു. മറ്റെങ്ങും ഞാൻ പോയില്ല. നേരെ വീട്ടിൽ പോയി എന്റെ മുറിയടച്ചു് കിടന്നു. പത്തിരുപതു് മിനുട്ടോ മറ്റോ ഉറങ്ങിയിരിക്കണം. എഴുന്നേറ്റപ്പോൾ ആ ഇളനീർ വില്പനക്കാരന്റെ മുഖംതന്നെ മുന്നിലേക്കു വന്നു. ആ മുഖത്തു് ഒരു കുട്ടിയുടെ നിഷ്കളങ്കതയുണ്ടായിരുന്നു.
സരളമായി കഥ പറയുന്ന മട്ടിലായിരുന്നു അയാളുടെ സംസാരം. പക്ഷേ, അയാൾ അവതരിപ്പിച്ച അനുഭവങ്ങളും പ്രശ്നങ്ങളും പല തലങ്ങളിലേക്കു പടർന്നേറുന്നതും തികച്ചും സങ്കീർണ്ണവുമായിരുന്നു. കുടുങ്ങോംകാവു് എവിടെയാണു്? അവിടേക്കു് എങ്ങനെ എത്തിച്ചേരാം? എന്നീ ചോദ്യങ്ങൾ നേരിട്ടും പല രീതിയിലും ഞാൻ ചോദിച്ചെങ്കിലും അയാളിൽനിന്നു് മറുപടി ലഭിച്ചില്ല. തന്റെ പേരു് മോഹനൻ എന്നാണെന്നും വീടു് ഏറാൻമൂല എന്ന സ്ഥലത്താണെന്നും അയാൾ പറഞ്ഞു. അങ്ങനെയൊരു സ്ഥലപ്പേരു് മുമ്പു കേട്ടിരുന്നെങ്കിലും സ്ഥലം എവിടെയാണെന്നതിനെപ്പറ്റി എനിക്കു് കൃത്യമായൊരു ധാരണയുണ്ടായിരുന്നില്ല. എന്തായാലും ഏറാൻമൂലയിൽതന്നെയാണു് കുടുങ്ങോത്തപ്പന്റെ കാവു് എന്നു ഞാൻ ഊഹിച്ചു.
കുടുങ്ങോംകാവിലെ ഒരു വിശേഷം അവിടെ പുരുഷ പൂജാരിയല്ല, അവിവാഹിതകളായ ഏഴു് സ്ത്രീകളാണു് പൂജ നടത്തുന്നതു് എന്നതാണു്. ആഴ്ചയിൽ ഓരോ ദിവസവും ഓരോ പൂജാരിണി. അവരിൽ ആരെങ്കിലും ഋതുമതിയാവുമ്പോൾ പൂജാരിണിമാരിൽ ഒരാൾക്കു് ഒരാഴ്ചയിൽത്തന്നെ രണ്ടു ദിവസം കാവിലെത്തേണ്ടിവരും. എല്ലാവർക്കും എല്ലാ മാസവും അവധിയും അധികജോലിയും ഒഴിവാക്കാനാവാത്ത സംഗതികളാണു്. കുടുങ്ങോത്തപ്പനു് പൂജാരി പറ്റില്ല, അവിവാഹിതയായ പൂജാരിണിതന്നെ വേണമെന്നും അതും ഓരോ ദിവസം ഓരോ പൂജാരിണി മാറിമാറി വേണമെന്നും പണ്ടെപ്പോഴോ, ഒരുപക്ഷേ, കാവു് ഉണ്ടായ കാലത്തുതന്നെ, തീരുമാനിക്കപ്പെട്ടതാണത്രേ.
കുടുങ്ങോംകാവു് ചെറിയ ഒരു കാവാണു്. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം കുടുങ്ങോത്തപ്പനെ കെട്ടിയാടിക്കും. അതു് നേർച്ചയായി ആരെങ്കിലും ചെയ്യുന്നതായിരിക്കും. വിവാഹം, സന്താനലബ്ധി, വിദേശത്തേക്കു പോക്കു് തുടങ്ങിയ കാര്യങ്ങളിൽ കുടുങ്ങോത്തപ്പന്റെ അനുഗ്രഹം ഫലം ചെയ്യുന്നുവെന്നു വിശ്വസിക്കുന്നവരായി ഒരുപാടു പേരുണ്ടു്.
വെള്ളിയാഴ്ച ദിവസം രാവിലെ തൊട്ടേ കാവിൽ നല്ല തിരക്കായിരിക്കും. വൈകുന്നേരം ചുരുങ്ങിയതു് പത്തിരുന്നൂറാളെങ്കിലും ഉണ്ടാവും. അല്ലാത്ത ദിവസങ്ങളിലും ശരാശരി നൂറുപേരെങ്കിലും കാവിൽ വരും. മോഹനന്റെ ഇളനീർ കച്ചവടം കൊല്ലത്തിൽ ഏഴെട്ടു മാസമേ നടക്കൂ. മഴക്കാലത്തു് ഒരു ദിവസംപോലും കാവിൻ മുറ്റത്തേക്കു് ഇളനീരുംകൊണ്ടു് പോയിട്ടു കാര്യമില്ല. കച്ചവടം തകൃതിയായി നടക്കുക മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണു്. മെയ് അവസാനമാവുമ്പോഴേക്കും മിക്കവാറും മഴക്കാലം തുടങ്ങും.
തന്റെ വീടു നിൽക്കുന്ന പത്തു സെന്റ് സ്ഥലത്തുനിന്നും അയൽവക്കത്തെ കുറെ പറമ്പുകളിൽനിന്നുമാണു് മോഹനൻ ഇളനീർ ശേഖരിച്ചിരുന്നതു്. രണ്ടു ദിവസത്തേക്കു വേണ്ടതു് മോഹനൻതന്നെ അതിരാവിലെ തെങ്ങിൽ കയറി പറിച്ചെടുക്കും. മൂന്നാം ദിവസം പിന്നെയും കയറും. പറിച്ചെടുത്ത ഇളനീർ നാലു ചാക്കുകളിലായി മോഹനൻതന്നെ ചുമന്നെടുത്തു് കാവിനു മുന്നിൽ കച്ചവടത്തിനായി നാലു മുളന്തൂണുകളിൽ ഓല മേഞ്ഞു കെട്ടിയുണ്ടാക്കിയ പന്തലിൽ കൊണ്ടുചെന്നു വെക്കും. ആദ്യത്തെ ചാക്കുമായി ചെല്ലുമ്പോൾതന്നെ അയൽവീട്ടിലെ ശ്രീലാൽ എന്ന പയ്യനെ കൂടെ കൂട്ടും. നാലാമത്തെ ചാക്കു് പന്തലിൽ എത്തുന്നതുവരെ ശ്രീലാൽ അവിടെത്തന്നെ നിൽക്കണം. പിന്നെ അവനു സ്കൂളിലേക്കു പോവാം. അപ്പോഴേക്കും മണി ഒമ്പതേ കാൽ കഴിഞ്ഞിരിക്കും.
കുടുങ്ങോംകാവിന്റെ മുറ്റത്തെ കച്ചവടംകൊണ്ടു് ഒരുവിധത്തിൽ ഒപ്പിച്ചുപോവുകയായിരുന്നു മോഹനൻ. മഴക്കാലം ദുരിതത്തിന്റെ കാലമാണു്. അല്ലറച്ചില്ലറ നാട്ടുപണികൾ ചെയ്തു് ദിവസങ്ങൾ തള്ളി നീക്കണം. സ്കൂളിലെ പഠിപ്പു പൂർത്തിയാക്കിയില്ലല്ലോ, അന്നു് അതു ചെയ്തിരുന്നെങ്കിൽ എവിടെയെങ്കിലും ഒരു പ്യൂണിന്റെ പണിയെങ്കിലും കിട്ടുമായിരുന്നു. എങ്കിൽ ഈ കഷ്ടപ്പാടൊന്നുമില്ലായിരുന്നു എന്നൊക്കെ ആലോചിച്ചു സങ്കടപ്പെടും. ചില രാത്രികളിൽ തീരെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു് പെടാപ്പാടു പെടും. പിറ്റേന്നാണെങ്കിൽ പണിക്കു പോവാനുള്ള ശേഷിയുണ്ടാവില്ല. അങ്ങനെയങ്ങനെ മാസങ്ങൾ കടന്നുപോകെ വെയിൽച്ചൂടുള്ള പകലുകൾ വന്നുചേരും.
“എന്റെ ഇളനീരു് കച്ചോടം ആദ്യൊന്നും ആരും അത്ര ശ്രദ്ധിച്ചിരുന്നില്ല ഡോക്ടറേ. ഞാൻ അതുകൊണ്ടാണു് ജീവിച്ചുപോവുന്നതു് എന്നറിഞ്ഞിട്ടോ എന്തോ കാവിന്റെ നടത്തിപ്പുകാരിൽ ഓരോരോ മുറുമുറുപ്പു തുടങ്ങി. കച്ചവടം കഴിഞ്ഞു് മടങ്ങിപ്പോവുമ്പോൾ ഇളനീരിന്റെ തൊണ്ടുമുഴുവൻ കൊണ്ടുപോവണം, സ്ഥലവാടകയായി ദിവസവും ഇരുപതുറുപ്പിക വെച്ചു് തരണം, വെള്ളിയാഴ്ച വൈകുന്നേരം ആൾത്തിരക്കു കൂടുമ്പോഴേക്കും സ്ഥലം വിട്ടോളണം എന്നൊക്കെ അവർ ഓരോന്നോരോന്നു് പറയാൻ തുടങ്ങി. എന്റെ കഞ്ഞിയിൽ പാറ്റ വീഴാൻ പോവുകയാണു് എന്നു ഞാൻ ഏതാണ്ടു് ഉറപ്പിച്ചുതുടങ്ങേ ഒരത്ഭുതം സംഭവിച്ചു. വ്യാഴാഴ്ച കാവിലെത്തുന്ന ചിത്ര എന്ന പൂജാരിണി ഒരുച്ചനേരത്തു് എന്റെ അടുത്തുവന്നു് ഒരു ഇളനീർ വാങ്ങിക്കുടിച്ചു. അവർ എത്ര നിർബന്ധിച്ചിട്ടും ഞാൻ അതിന്റെ വില പറയാൻ തയ്യാറായില്ല. “നിങ്ങളെനിക്കു് ഒന്നും തരണ്ട” എന്നു ഞാൻ ആവർത്തിച്ചു പറഞ്ഞു. ഒടുവിൽ അവരൊരു സൂത്രം പ്രയോഗിച്ചു കളഞ്ഞു. ഒന്നു മുഖം വീർപ്പിച്ചു് “എന്നാപ്പിന്നെ ഞാനിനി ഇളനീരു് കുടിക്കേണ്ട എന്നുവെക്കും. എന്താ?” എന്നങ്ങു പറഞ്ഞുകളഞ്ഞു. അതോടെ ഞാൻ കീഴടങ്ങി. ഞാൻ ആവശ്യപ്പെട്ടതിനേക്കാൾ ഒരുറുപ്പിക കൂടുതലാണു് അവർ തന്നതു്. അതു ഞാൻ തിരിച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും വാങ്ങിയില്ല.”
ആ പൂജാരിണി അടുത്ത വ്യാഴാഴ്ചയും വന്നു. എന്റെ പേരും മറ്റു വിവരങ്ങളും ചോദിച്ചു. “എന്താ എപ്പോഴും പുറത്തു നിൽക്കുന്നതു്; ഞാനുള്ള ദിവസെങ്കിലും കാവിന്റാത്തേക്കു് വന്നൂടെ?” എന്നു് പരിഭവപ്പെട്ടു. അങ്ങോട്ടു് എന്തെങ്കിലും പറയണമല്ലോ എന്നു വിചാരിച്ചു് ഞാൻ പേരു് ചോദിച്ചു.
“അറിയാഞ്ഞിട്ടു ചോദിക്കുന്നതല്ലാന്നറിയാം, എന്നാലും പറയാം, ചിത്ര” എന്നും പറഞ്ഞു് അവർ വല്ലാത്ത ഒരു ചിരി ചിരിച്ചു.
അന്നുതൊട്ടു് നാലഞ്ചു് വ്യാഴാഴ്ചകളിൽ ഉച്ചനേരത്തു് ചിത്ര കൃത്യമായി ഇളനീർ കുടിക്കാനെത്തി. ഞാൻ രാവിലെ ഇളനീരും ചുമന്നു് കാവിലേക്കു പോവുന്നതുതന്നെ അവളെ കാണാനാണെന്ന സ്ഥിതിയായി. പിന്നെ എന്തു പറ്റി എന്നെനിക്കറിയില്ല, ചിത്ര കാവിലേക്കു് വരാതായി. അവളുടെ സ്ഥാനത്തു് മറ്റൊരു പൂജാരിണി വന്നുതുടങ്ങി. എനിക്കു് ആകപ്പാടെയങ്ങു മടുത്തു. എന്നാലും മറ്റു നിവൃത്തിയില്ലാത്തതു കൊണ്ടു് പിന്നെയും ഞാൻ പതിവുപോലെ രാവിലെ തൊട്ടു് ഉച്ചവെയിൽ ചാഞ്ഞുതുടങ്ങുംവരെ കാവിൻമുറ്റത്തു് സ്ഥാനം പിടിച്ചു.
ജീവിതത്തിൽ ഒരിക്കൽകൂടി നിലാവുദിക്കുന്നതുപോലെ ഒരു ദിവസം പൂജാരിണിമാരിലൊരാൾ, ഇപ്രാവശ്യം തിങ്കളാഴ്ച ദിവസങ്ങളിൽ കാവിലെത്തുന്ന മാധുരി, ഇളനീർ കുടിക്കാനെത്തി. വരുമ്പോലെ വരട്ടെ എന്നു വെച്ചു് അവരോടു ഞാൻ ചോദിച്ചു:
“വ്യാഴാഴ്ച വരാറുണ്ടായിരുന്ന ചിത്രാന്നു പറയുന്നവരെ ഇപ്പോ കാണുന്നില്ലല്ലോ, എന്തു പറ്റി, എന്തെങ്കിലും സൂക്കേടോ മറ്റോ?”
മാധുരി എന്റെനേരെ തീപാറുംപോലെ ഒരു നോട്ടമെറിഞ്ഞു.
പിന്നെ മുഖം കോട്ടി ഒട്ടും മയമില്ലാതെ പറഞ്ഞു:
“സ്വഭാവ ദൂഷ്യംകൊണ്ടു് ഓളെ പിരിച്ചുവിട്ടു; എന്താ പോരെ?”
ഞാനെന്തോ കുറ്റം ചെയ്തു എന്ന മട്ടിലായിരുന്നു അവരുടെ പറച്ചിൽ. അമർത്തിച്ചവിട്ടിയുള്ള തിരിച്ചു നടത്തത്തിലുമുണ്ടായിരുന്നു എന്നോടുള്ള ഭയങ്കരമായ ദ്വേഷ്യം. അന്നു വൈകുന്നേരത്തിനു മുമ്പേ കാവിന്റെ നടത്തിപ്പുകാരിലൊരാൾ എന്റെ പീടികയിലെത്തി. അയാൾ വളരെ അധികാരസ്വരത്തിൽ ഒരു ഇളനീർ ആവശ്യപ്പെട്ടു. അതു കുടിച്ചു് തൊണ്ടു വലിച്ചെറിഞ്ഞ ശേഷം അയാൾ പറഞ്ഞു:
“മോഹനൻ ഈട കച്ചോടം നടത്തുന്നതു് ഞങ്ങളാൽ ചെലര്ടെ ഔദാര്യം കൊണ്ടാ. ഇല്ലെങ്കിൽ ഒറ്റ ദിവസംകൊണ്ടു് നീ കെട്ടുകെട്ടും. അതു മറന്നുപോണ്ട. ഈട ആരെ പൂജയ്ക്കു് വെക്കണം വെക്കണ്ടാന്നൊന്നും പറയാൻ നീ ആളായിട്ടില്ല.”
അങ്ങോട്ടെന്തെങ്കിലും പറയാനാവാത്ത വിധം എന്റെ തൊണ്ട വറ്റിപ്പോയിരുന്നു. പറഞ്ഞിട്ടു് ഒരു പ്രയോജനവുമില്ലായിരുന്നുതാനും. അതുകൊണ്ടു് ഞാൻ പേടിച്ചു വിറച്ചു് അനങ്ങാതെ നിന്നു.
ഇനി കാവിലേക്കില്ല എന്ന തീരുമാനവുമായാണു് ഞാൻ പോയതു്.
പക്ഷേ, നേരം വെളുത്തപ്പോൾ എനിക്കു വീട്ടിൽ ഇരിപ്പുറച്ചില്ല. എന്നത്തെയുംപോലെ അന്നും ഞാൻ ഇളനീരും ചുമന്നു് പോയി. കച്ചവടത്തിനു പതുക്കെ ചൂടേറി വരുമ്പോഴേക്കും എന്റെ വീട്ടിനടുത്തുതന്നെയുള്ള നേതാവു് ചന്ദ്രേട്ടനും മറ്റു് നാലഞ്ചാളുകളും കൂടി വന്നു.
ചന്ദ്രേട്ടന്റെ മുഖത്തു് നേരിയ പരിചയഭാവംപോലും ഉണ്ടായിരുന്നില്ല. വളരെ ഗൗരവത്തിൽ മൂപ്പർ പറഞ്ഞു: “നമ്മള ജില്ലാ സമ്മേളനം ണ്ട്റോ. നീയൊരു നൂറുറുപ്പിക സംഭാവന തരണം.”
നൂറുറുപ്പിക എന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. “എന്താ ചന്ദ്രേട്ടാ ഇങ്ങളീ പറയ്ണ്? നൂറുറുപ്പിക ഞാൻ എങ്ങനെ തരാനാ?”
ഞാൻ “ചന്ദ്രേട്ടാ” എന്നു വിളിച്ചതു് മൂപ്പർക്കു് തീരെ ഇഷ്ടപ്പെട്ടില്ല എന്നു തോന്നി. മുഖം കറുപ്പിച്ചും ശബ്ദം ഒന്നുകൂടി കനപ്പിച്ചും കൂടെ വന്നവരിലൊരാളോടു് അയാൾ പറഞ്ഞു: “എന്നാപ്പിന്നെ വെറുതെ വർത്താനം പറഞ്ഞ് നേരം കളയണ്ട. ഒരയിമ്പതിന്റെ നീയങ്ങ് മുറിച്ചുകൊടുക്ക്.”
അങ്ങനെ നൂറിനു പകരം എന്റെ സംഭാവന അയിമ്പതായി. അതു് തന്നെ എടുത്തുകൊടുക്കുമ്പോൾ എനിക്കു സങ്കടം വന്നിരുന്നു. പിറ്റേന്നു രാവിലെ പിന്നെയും കച്ചവടത്തിനു വന്നപ്പോഴാണു് എന്റെ സങ്കടം തീർത്താൽ തീരാത്തതാണെന്നു മനസ്സിലായതു്. എന്റെ പീടിക ആരോ പൊളിച്ചു കളഞ്ഞിരുന്നു. മുളന്തൂണുകളെല്ലാം ഒടിച്ചു കളഞ്ഞിരുന്നു. രണ്ടു മൂന്നു പേർ വന്നു് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കു് കണ്ടുപരിചയമുള്ളവരല്ല. മങ്ങിയ പച്ച നിറത്തിലുള്ള ഖദറിന്റെ ജുബ്ബയും ചാര നിറത്തിലുള്ള പാന്റുമായിരുന്നു മൂന്നുപേരുടെയും വേഷം. അവരിലൊരാൾ എന്നോടു് പറഞ്ഞു: “തന്റെ കട തകർത്തതു് ഞങ്ങളൊന്നുമല്ല കേട്ടോ. പക്ഷേ, ഈ കട ക്ഷേത്രപരിസരത്തു് മാലിന്യമുണ്ടാക്കുന്നു എന്നു് കേട്ടിരുന്നു. അതുകൊണ്ടു് സംഗതി നേരിട്ടു മനസ്സിലാക്കാൻ വന്നതാ. അപ്പോഴാ, ഇതിങ്ങനെ കണ്ടതു്. ഉം ആട്ടെ, ഇനിയെന്താ പരിപാടി? കച്ചവടം തുടരുന്നോ അതോ?” ഞാൻ അങ്ങോട്ടൊന്നും പറഞ്ഞില്ല. കച്ചവടം തുടരുന്നെങ്കിൽ ദിവസവും തൊണ്ടു് നീക്കം ചെയ്തു് ചുറ്റുവട്ടവും വൃത്തിയാക്കി വെക്കണമെന്നു് അവർ പറഞ്ഞു. അവർ ഒരു സംഘടനയുടെ പേരു പറഞ്ഞിരുന്നു. അതിന്റെ ആൾക്കാരാണെന്നും നാടു് വൃത്തിയായി സൂക്ഷിക്കുന്നതിനുവേണ്ടി പണിയെടുക്കുന്നവരാണെന്നും പറഞ്ഞു. അപ്പോഴും ഞാൻ അങ്ങോട്ടെന്തെിങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. എന്തായാലും അന്നത്തോടെ കുടുങ്ങോംകാവിനു മുന്നിലെ എന്റെ ഇളനീർ കച്ചവടം അവസാനിച്ചു. ഇപ്പോൾ നാടൻ പണി ചെയ്തു് ഞാൻ ഒപ്പിച്ചുപോവുകയാണു്. നിത്യവും പണിക്കുപോയാൽ ഒരു വിഷമവുമില്ലാതെ ജീവിച്ചുപോവാം, പക്ഷേ, നാട്ടിൽ ഇപ്പോൾ വേറൊരു ബുദ്ധിമുട്ടുണ്ടു്. പണിയെടുത്തു കിട്ടുന്ന പൈസയുടെ മുക്കാൽ ഭാഗവും വൈകുന്നേരമാവുമ്പോൾ ഫോറിൻ വാങ്ങാൻ ചെലവാക്കണം. അതിനു് തയ്യാറില്ലാത്ത ഒരാൾക്കു് ഒരു മനുഷ്യജീവിയുടെയും കൂട്ടു് കിട്ടില്ല.
“ചുരുക്കി പറഞ്ഞാ ഞാനിപ്പോ ഒറ്റയൊരു ചങ്ങായിപോലും ഇല്ലാണ്ടു് കയിഞ്ഞുകൂട്വാ ഡോക്ടറേ. ചിത്രയാന്നെങ്കില് മനസ്സ്ന്ന് പോവുന്നതേയില്ല. ഓള വീടേടയാന്ന് അന്വേഷിച്ച് പോവാനൊന്നും എനക്ക് ധൈര്യം ഇല്ല. മറ്റൊരാളോട് എന്റെ വെഷമം പറഞ്ഞു തീർക്വാന്ന് വെച്ചാ അയിന് പറ്റിയ ആളെ കിട്ടുന്നും ഇല്ല. രാത്രീല് അതെല്ലം ആലോചിച്ചാലോചിച്ച് നേരം വെളുപ്പിക്ക്വാ ഞാൻ. ഒരു പോള കണ്ണടയ്ക്കാൻ എന്നെക്കൊണ്ടാവ്ന്നില്ല. അയിനൊരു മരുന്ന് കിട്ടോന്നുവെച്ചാ ഡോക്ടറടത്തു ഞാൻ വന്നത്.”
മോഹനൻ ഒറ്റ വീർപ്പിനെന്നപോലെ ഇത്രയും പറഞ്ഞു നിർത്തി. അയാൾ ശക്തിയായി കിതയ്ക്കുന്നുണ്ടായിരുന്നു. മുഖത്താണെങ്കിൽ പെട്ടെന്നു് വല്ലാത്ത ഒരു തരം വിളർപ്പു് പടരുകയും ചെയ്തു. വായ വറ്റി വരണ്ടതുകാരണം ചുണ്ടു നനയ്ക്കാനെന്നപോലെ അയാൾ നാവു് ചുഴറ്റുന്നുണ്ടായിരുന്നു. “കുറച്ചു് വെള്ളം കുടിക്കു് മോഹനാ” എന്നു പറഞ്ഞു് ഞാൻ വാട്ടർബോട്ടിലെടുത്തു നീട്ടി.
രണ്ടു മൂന്നിറക്കു വെള്ളം കുടിച്ചപ്പോൾ മോഹനനു് ആകപ്പാടെ ഒരു സമാധാനം വന്നതുപോലെയായി.
എന്റെ വായിൽനിന്നു് എന്തെങ്കിലും കേൾക്കാനായി അയാൾ മുഖം മുന്നോട്ടു നീട്ടി കാതു് കൂർപ്പിച്ചു.
“അപ്പോ, മോഹനനു് കുടിയും പുകവലിയൊന്നുമില്ല, അല്ലേ?”
“ഇല്ല, മുമ്പ് ഇടയ്ക്കൊക്കെ ബീഡി വലിച്ചിരുന്നു. രണ്ടു മൂന്നു കൊല്ലായി അത് നിർത്തീറ്റ്.”
“അതേതായാലും നന്നായി. മോഹനൻ എപ്പോഴെങ്കിലും വീണിരുന്നോ? ഞാൻ ഉദ്ദേശിച്ചതു് മുറ്റത്തു വഴുതി വീഴുന്നതുപോലെയുള്ള ചെറിയ വീഴ്ചയല്ല. നല്ല ഉയരത്തിൽനിന്നോ മറ്റോ വീണു് തലയ്ക്കു പരിക്കു് പറ്റിയിരുന്നോ?”
“ഇല്ല.”
“കാര്യങ്ങള് അധികസമയം ഓർമേല് നിക്കാത്ത പ്രശ്നംണ്ടോ?”
“ഇല്ല ഡോക്ടറേ, അങ്ങനത്തെ വെഷമൊന്നും ഇല്ല.”
“കഥാപുസ്തകങ്ങളൊക്കെ വായിക്ക്ന്ന ശീലംണ്ടോ മോഹനന്?”
“ഇല്ല.”
“ഇന്നേവരെ ഒരു പുസ്തകോം വായിച്ചിട്ടില്ലേ?”
“സ്കൂളില് പഠിക്കേണ്ട പുസ്തകൊക്കെ വായിച്ചിട്ടുണ്ട്.”
“എത്ര വരെ പഠിച്ചു?”
“ഏഴാം ക്ലാസ്സ് വരെ.”
“പിന്നെന്താ നിർത്തിക്കളഞ്ഞതു്?”
“അത്രയ്ക്കേ സ്ഥിതിയിണ്ടായിര്ന്നുള്ളൂ. അച്ഛൻ മരിച്ചു, അമ്മയ്ക്കാന്നെങ്കില് എപ്പോം ഓരോരോ സൂക്കേടാ. ഞാൻ എന്തെങ്കിലും പണിക്ക് പോയില്ലെങ്കില് വീട് പട്ടിണിയാവുംന്നായിപ്പോയി.”
“എന്തു് പണിക്കാ ആദ്യം പോയതു്?”
“ഒരനാദി പീട്യേല് സാതനം എടുത്തുകൊടുക്കുന്ന പണിക്ക്.”
പെട്ടെന്നു് ഒരു കാര്യം ഓർമ വന്നതായി ഭാവിച്ചു് ഞാൻ മേശവലിപ്പു് തുറന്നു് മൂന്നു് ചിത്രങ്ങൾ പുറത്തെടുത്തു. പോസ്റ്റ് കാർഡ് സൈസിലുള്ള ചിത്രങ്ങളായിരുന്നു അവ. മൂന്നും സ്ത്രീകളുടെ ചിത്രങ്ങൾ. ഒന്നു് സാൽവാറും കമ്മീസും ധരിച്ച ഒരു പത്തു പതിനെട്ടുകാരിയുടേതു്. മറ്റൊന്നു് പട്ടുസാരി ധരിച്ച ഒരു മധ്യവയസ്കയുടേതു്. മൂന്നാമത്തേതു് ഒക്കത്തു് ഒരു കുടം വെള്ളവുമായി പുറം തിരിഞ്ഞു് നടന്നുപോവുന്ന ഒരു ഗ്രാമീണയുവതിയുടേതു്. വെള്ള മുണ്ടും വെള്ള ബ്ളൗസുമായിരുന്നു അവളുടെ വേഷം. ആകൃതിയൊത്ത നിതംബമായിരുന്നു ആ ചിത്രത്തിൽ ഏതൊരു പുരുഷന്റെയും കണ്ണു് ആദ്യമായി പതിയുന്ന ഭാഗം.
ചിത്രങ്ങൾ മോഹനന്റെ കയ്യിൽ കൊടുത്തിട്ടു് ഞാൻ പറഞ്ഞു: “പറ മോഹനാ, ഇതിൽ ഏതു് ചിത്രാ മോഹനനു് ഏറ്റവും ഇഷ്ടപ്പെട്ടതു്.”
ഇഷ്ടപ്പെട്ട ചിത്രം തിരഞ്ഞെടുക്കാൻ മോഹനൻ അധികം സമയമെടുത്തില്ല. അതു് ഗ്രാമീണയുവതിയുടേതുതന്നെയായിരുന്നു.
“ഇനി മോഹനൻ ഒരു കാര്യം പറയണം. ഈ പെണ്ണിനു് മോഹനനു് പരിചയംള്ള ആരുടെയെങ്കിലും രൂപവുമായി സാമ്യംണ്ടോ. അതായതു് ഈ രൂപം കാണുമ്പോ ഇതു് ഇന്നവളെപ്പോലെയുണ്ടല്ലോ എന്നൊരു തോന്നലുണ്ടാവുന്നുണ്ടോ?”
മോഹനന്റെ മുഖം ലജ്ജകൊണ്ടു തുടുത്തു. എന്റെ മുഖത്തേക്കു് നോക്കാൻ കഴിയാഞ്ഞിട്ടെന്ന പോലെ അയാൾ മുഖം കുനിച്ചു.
“ഉണ്ടു് അല്ലേ, ചിത്രയെപ്പോലെയുണ്ടല്ലേ?” ഞാൻ മടിക്കാതെ ചോദിച്ചു.
മോഹനന്റെ മുഖം ലജ്ജകൊണ്ടു് കൂമ്പിപ്പോയി. അയാളുടെ കയ്യിൽ നേരിയ വിറയൽ പടരുന്നതുപോലെയും തോന്നി.
അയാളെ ആ ഒരവസ്ഥയിൽനിന്നു് കരകയറ്റാനായി ഞാൻ മറ്റൊരു ചോദ്യമെടുത്തിട്ടു.
“പോട്ടെ, അതവിടെ നിക്കട്ടെ. വേറൊരു സംഗതി ചോദിക്കട്ടെ. മോഹനനു് നാടൻപണിയിലും ഇളനീർ കച്ചവടത്തിലുമല്ലാതെ മറ്റെന്തിലെങ്കിലും താത്പര്യമുണ്ടോ?”
എന്റെ ചോദ്യം അയാൾക്കു പിടികിട്ടിയില്ലെന്നു തോന്നി. ഞാൻ വിശദീകരിച്ചു.
“ഞാൻ ഉദ്ദേശിച്ചതു്, മോഹനനു് എന്തെങ്കിലും കൈവേലകളിലോ പാട്ടു്, ചിത്രംവര, കളിമണ്ണുകൊണ്ടോ മറ്റോ രൂപങ്ങളുണ്ടാക്കൽ, നാടകത്തിലഭിനയിക്കൽ അങ്ങനെ എന്തിലെങ്കിലും താത്പര്യമുണ്ടോ?”
പെട്ടെന്നു് മോഹനൻ ഒന്നു ഞെട്ടിയുണർന്നതുപോലെ തോന്നി. “ഇണ്ട് ഡോക്ടർ, എനക്ക് മരത്തിൽ കൊത്തുപണി ചെയ്യുന്നതില് താത്പര്യംണ്ട്.” അയാൾ വലിയ ഉത്സാഹത്തിൽ പറഞ്ഞു. അതേ ഉത്സാഹത്തിൻ ഞാനും പറഞ്ഞു: “എന്നാപ്പിന്നെ പേടിക്കാനേ ഇല്ല. മരത്തിൽ നന്നായി കൊത്തുപണി ചെയ്യുന്ന ഒരാൾക്കു് ആ ഒരു പണികൊണ്ടു് മാത്രം സുഖമായി ജീവിക്കാം. മാത്രവുമല്ല, നന്നായി ശ്രമിച്ചാൽ വലിയ കലാകാരനെന്നു് പേരെടുക്കുകയും ചെയ്യാം. മോഹനൻ ഇതേവരെ അതേപ്പറ്റിയൊന്നും ആലോചിക്കാത്തതുകൊണ്ടാണു്. എന്തായാലും ഒന്നുരണ്ടു മാസം സമയമെടുത്തു് നിങ്ങൾ മരത്തിൽ ഒന്നോ രണ്ടോ ശില്പമുണ്ടാക്ക്. എന്നിട്ട് വിവരം വന്നു് പറ. സംഗതി നന്നായാൽ ബാക്കി കാര്യം ഞാനേറ്റു.”
“ഞാനിണ്ടാക്കുന്നതെല്ലാം ഏടയെങ്കിലും ചെലവാവ്വോ ഡോക്ടറേ?” മോഹനൻ മടിച്ചുമടിച്ചു് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു:
“അതിനൊക്കെ വഴിയുണ്ടാക്കാം മോഹനാ. ആരും വാങ്ങിയില്ലെങ്കിൽ ഞാൻതന്നെ വാങ്ങിക്കോളാം. ആദ്യം മോഹനൻ പോയി ഞാൻ പറഞ്ഞ പണി ചെയ്യ്. ദാ, ഈ മരുന്നു് ദിവസം ഒന്നുവെച്ചു് രാവിലെ ഭക്ഷണത്തിനുശേഷം കഴിച്ചോളൂ. ഒരു മാസം കഴിഞ്ഞു് വിവരം വന്നു പറയണം.” ഇത്രയും പറഞ്ഞു്, ഒരു മെഡിക്കൽ റപ്പ് വന്നപ്പോൾ മുരുകൻ ഡോക്ടറെ ഏല്പിച്ചതും പിന്നീടു് ഡോക്ടർ എനിക്കു് കൈമാറിയതുമായ വെറ്റമിൻ ബി 12 ഗുളികകളുടെ മൂന്നു സ്ട്രിപ്പ് ഞാൻ മോഹനനു് കൈമാറി.
“അയ്യോ ഡോക്ടറേ, എന്റെ കയ്യിൽ മരുന്നിന് തരാൻ പൈസയൊന്നുമില്ല” മോഹനൻ ജാള ്യതയോടെ പറഞ്ഞു.
“അതു് സാരംല്ല, മരുന്നിനു് മോഹനൻ പൈസയൊന്നും തരണ്ട” ഞാൻ പറഞ്ഞു.
നിറഞ്ഞ ചിരിയോടെ മോഹനൻ എഴുന്നേറ്റു. പിന്നെ ഇരുപതുരൂപ ഭവ്യതയോടെ മേശപ്പുറത്തുവെച്ചു് എന്നെ താണു വണങ്ങി തല നിവർത്തി പുതിയൊരു മനുഷ്യനായിത്തീർന്ന മട്ടിൽ ഉറച്ച കാൽവെപ്പുകളോടെ പുറത്തേക്കുപോയി.
അയാൾ പുറത്തുകടന്നപ്പോൾ അപാരമായൊരു തളർച്ചയിൽ ഞാൻ അകപ്പെട്ടു. മോഹനൻ പറഞ്ഞ സംഗതികളിൽ പാതിയിലേറെയും കളവായിരിക്കും എന്നു ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, കളവുകളെ തമ്മിൽ ഇടയിൽ സംശയത്തിന്റെ നേരിയ ഒരു വിടവിനു് പോലും സാധ്യത നൽകാത്ത വിധത്തിലാണു് അയാൾ ബന്ധിപ്പിച്ചതു്. അതു് അസാധാരണമായ കഴിവു തന്നെയാണു്.
മോഹനൻ തികച്ചും ഗ്രാമീണനായ ഒരു മനുഷ്യനാണു്. തന്റെ ജീവിത പരിസരങ്ങളെപ്പറ്റി അയാൾ പറഞ്ഞതിൽ തരിമ്പും കള്ളമുണ്ടാവാൻ സാധ്യതയില്ല. കുടുങ്ങോംകാവിലെ ഏഴു് പൂജാരിണിമാരെപ്പറ്റി പറഞ്ഞതുമാത്രമാണു് വിശ്വസിക്കാൻ പ്രയാസമായി തോന്നുന്നതു്. ബസ്സിനു് ഒരു മണിക്കൂർകൊണ്ടു് എത്താൻ പറ്റുന്ന സ്ഥലമാണു് ഏറാൻമൂല എന്നാണു് മോഹനൻ പറഞ്ഞതു്. ഇത്രയുമടുത്തു് ഇങ്ങനെ പൂജാരിണിമാർ, അതും ഏഴു പേർ, ഉള്ള ഒരു കാവുണ്ടെങ്കിൽ അതു് ഞാൻ നേരത്തേ കേട്ടറിയേണ്ടതാണു്. വാരാന്തപ്പതിപ്പിലും മറ്റും ആരെങ്കിലും ആ കാവിനെപ്പറ്റി നേരത്തേ എഴുതേണ്ടതാണു്.
പക്ഷേ, തീർത്തും അവാസ്തവമായ ഒരു സംഗതി ഇത്രമേൽ വിശ്വാസം ജനിപ്പിക്കുന്ന വിധത്തിൽ ഒരാൾക്കു പറയാൻ കഴിയുമോ? അതും മോഹനനെപ്പോലെ ഉയർന്ന വിദ്യാഭ്യാസമോ സാഹിത്യപരിചയമോ ഒന്നും ഇല്ലാത്ത ഒരാൾക്കു്? മോഹനനു് മദ്യപാനശീലമില്ല. ഏതെങ്കിലും തരത്തിൽ ഓർമത്തകരാറോ കാര്യമായ മറ്റു് ആരോഗ്യപ്രശ്നങ്ങളോ ഉള്ളതായും തോന്നിയില്ല. കാഴ്ചയിൽ നല്ല സുമുഖനായ ഓജസ്സുള്ള യുവാവാണു് അയാൾ. വർഷങ്ങളായി നല്ല പോലെ മദ്യപിക്കുന്നവരും ഓർമയിലേക്കുള്ള വഴിയിൽ മസ്തിഷ്കത്തിനേറ്റ ആഘാതമോ മറ്റോകൊണ്ടു് തടസ്സമുണ്ടാവുകയും ചെയ്തവരാണു് സാധാരണയായി അനുഭവങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കുക. അങ്ങനെയൊന്നുമല്ലാത്ത മോഹനൻ?
ക്ലിനിക്കിൽ നാൾക്കുനാൾ തിരക്കു കൂടിക്കൂടി വരികയായിരുന്നു. ക്ലിനിക്കിന്റെ ഭാഗമായിത്തന്നെ ഒരു ഫാർമസി വെക്കണം, നാലോ അഞ്ചോ രോഗികളെയെങ്കിലും കിടത്തി ചികിത്സിക്കാൻ പറ്റണം എന്നൊക്കെയുള്ള ആലോചനകൾ ഒരൊഴിയാബാധയായി ഡോക്ടറെ പിടികൂടിക്കഴിഞ്ഞിരുന്നു. ഈ രണ്ടു സംഗതികളും മിക്ക ദിവസവും അദ്ദേഹം എന്നോടു പറയും. പറ്റിയ ഒരു സ്ഥലം അടുത്തെവിടെയെങ്കിലും കണ്ടെത്താനാവുന്നതുവരെ രണ്ടാമത്തെ ആഗ്രഹം മാറ്റിവെച്ചേ തീരൂ എന്നു ഞാൻ ഡോക്ടറോടു് തറപ്പിച്ചു പറഞ്ഞു.
“നല്ല ഒരു ഫാർമസിസ്റ്റിനെ കണ്ടെത്തിയാൽ ആദ്യത്തെ കാര്യം നമുക്കു സാധിച്ചെടുക്കാം. ആരെയെങ്കിലും കിട്ടുമോ എന്നു് ഇന്നു മുതൽക്കുതന്നെ ഞാൻ അന്വേഷിച്ചു തുടങ്ങാം. വളരെ വൈകാതെ ഒരാളെ കണ്ടെത്താനാവും എന്നുതന്നെയാണു് പ്രതീക്ഷ” ഡോക്ടറുടെ മുഖത്തെ വേവലാതി കണ്ടപ്പോൾ അത്രയും പറഞ്ഞേ പറ്റൂ എന്നു് തോന്നി.
എന്റെ വാക്കുകൾ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു് രണ്ടു ദിവസത്തിനകം യാഥാർത്ഥ്യത്തിലേക്കു് നീങ്ങി. ഏറാൻമൂല എന്ന സ്ഥലത്തു നിന്നു് വന്ന ബിജു എന്ന സൈക്കോളജി വിദ്യാർത്ഥിയാണു് ആ കണ്ടെത്തലിനു് വഴിവെച്ചതു്. ഡിസർട്ടേഷനു് ഒരു വിഷയം കണ്ടെത്തിക്കൊടുക്കണമെന്നതായിരുന്നു എം. എ. ഫൈനൽ സെമസ്റ്റർകാരനായ ആ ചെറുപ്പക്കാരന്റെ ആവശ്യം. കേട്ടപാടെ ഞാൻ പറഞ്ഞു:
“ഇതു തികച്ചും തെറ്റായ രീതിയാണു് ബിജു. മൂന്നു സെമസ്റ്റർ നിങ്ങൾ സൈക്കോളജി പഠിച്ചു കഴിഞ്ഞു. കോഴ്സ് തീരാൻ ഇനി ഒന്നൊന്നര മാസമേ ഉണ്ടാവൂ. ഇതേവരെ ഒരു വിഷയം കണ്ടെത്തിയില്ല എന്നതു് ആദ്യത്തെ തെറ്റു്. ഇപ്പോൾ അതിനുവേണ്ടി മറ്റൊരാളുടെ സഹായം തേടുന്നതു് അതിലും വലിയ തെറ്റു്. ബിജു ഒരു കാര്യം ചെയ്യൂ. സ്വന്തം നിലയ്ക്കുതന്നെ ഒരു വിഷയം കണ്ടെത്തൂ. നിങ്ങളെ ഗൈഡ് ചെയ്യാൻ ഉത്തരവാദപ്പെട്ട ഒരധ്യാപകനുണ്ടാവുമല്ലോ. അദ്ദേഹവുമായി ഡിസ്കസ് ചെയ്യുക. പ്രായോഗികാനുഭവങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ആവശ്യമായി വരികയാണെങ്കിൽ എനിക്കു സാധ്യമാവുന്ന അളവിൽ ഞാൻ സഹായിക്കാം.”
ഞാൻ ആ ചെറുപ്പക്കാരനുമായി പിന്നെയും അല്പനേരം സംസാരിച്ചിരുന്നു. അതിനിടയിൽ “ഏറാൻമൂലയിൽ ഒരു മോഹനനുണ്ടല്ലോ, ആളെ അറിയോ?” എന്നു ചോദിച്ചു.
“ഏതു് മോഹനൻ? എന്റെ അയൽക്കാരനായി ഒരു മോഹനനുണ്ടു്. അയാളെക്കുറിച്ചാണോ ഡോക്ടർ ചോദിച്ചതു് ?”
“അയാൾക്കു് ഇളനീർ കച്ചവടമുണ്ടായിരുന്നോ?”
“ഉണ്ടായിരുന്നു.”
“ഇപ്പോ എന്താ സ്ഥിതി?”
“കച്ചോടൊക്കെ മൂപ്പരു് നിർത്തി. കുറച്ചു നാളായി രാപകൽ വീട്ടിൽ വെറുതെ ഇരിപ്പാണു്. മുമ്പും മോഹനൻ അങ്ങനെതന്നെയാണു്. കുറച്ചുകാലം അല്ലറച്ചില്ലറ പണികളൊക്കെ ചെയ്യും. പിന്നെ ഓരോരോ കള്ളക്കഥകളുണ്ടാക്കി ഡോക്ടർമാരുടെ അടുത്തു് കയറിയിറങ്ങും. ഇവിടെ വന്നപ്പോഴും എന്തെങ്കിലും ഒരു കഥ പറഞ്ഞിരിക്കും.”
ഞാൻ ആ വഴിക്കു് സംഭാഷണം നീട്ടിക്കൊണ്ടുപോയില്ല. മോഹനൻ എന്റെ പേഷ്യന്റാണു്. അയാളുടെ രഹസ്യങ്ങൾ സൂക്ഷിക്കേണ്ടതു് എന്റെ ഉത്തരവാദിത്വമാണു്.
ചെറുപ്പക്കാരനോടു് ഞാൻ ചോദിച്ചു:
“ഈ ഞായറാഴ്ച വീട്ടിലുണ്ടാവുമോ?”
“ഉണ്ടാവും ഡോക്ടർ.”
“എന്നാ ഞാൻ അങ്ങോട്ടു വരുന്നുണ്ടു്. എനിക്കു് കുടുങ്ങോംകാവൊന്നു കാണണം.”
“എന്തിനാ ഡോക്ടർ?”
“പേഴ്സണൽ ആയ ഒരാവശ്യമുണ്ടു്. എന്തായാലും ഞായറാഴ്ച ഞാൻ വരാം.”
ഞാൻ ചെറുപ്പക്കാരന്റെ വീട്ടിലെ നമ്പർ വാങ്ങി. ഏറാൻമൂലയിലേക്കുള്ള ബസ്സിന്റെ വിവരം, ബസ്സ് ഇറങ്ങേണ്ട സ്ഥലം തുടങ്ങിയ സംഗതികളൊക്കെ ചോദിച്ചു് കുറിച്ചെടുത്തു. പിന്നെ അവനെ കൈകൊടുത്തു് യാത്രയാക്കി.
അടുത്ത ഞായറാഴ്ച ഞാൻ ഏറാൻമൂലയിൽ എത്തി. മോഹനനെ കാണുന്നതിനുമുമ്പു് കുടുങ്ങോംകാവു് കാണാമെന്നുവെച്ചു് അങ്ങോട്ടു നടന്നു. കാവു് കണ്ടപ്പോഴാണെങ്കിൽ ഞാൻ ശരിക്കും ഞെട്ടിപ്പോയി. വലിയ ഒരു കയറ്റം കയറി എത്തുന്ന നിരപ്പിനുമേൽ ശരിക്കും കാടുമൂടി കിടക്കുന്ന ചെറിയ ഒരു പറമ്പിനു നടുവിൽ നന്നേ ചെറിയ ഒരു കാവു്. അവിടെ പതിവായി ആൾപ്പെരുമാറ്റമുണ്ടാവുന്നതിന്റെ യാതൊരു ലക്ഷണവുമില്ല.
“ഇവിടെ നിത്യപൂജയൊന്നുമില്ലേ?” ഞാൻ ചോദിച്ചു.
“ഇല്ല ഡോക്ടറേ. നേരെ താഴെ ഒരു വീട്ടുകാരുണ്ടു്. സന്ധ്യയ്ക്കു് അവരു് വന്നു വിളക്കു വെക്കും. അത്രതന്നെ.”
“എത്ര കാലമായി ആ പതിവു് തുടങ്ങിയിട്ട്?”
“ഞാൻ അറിയുന്ന കാലം മുതൽ അങ്ങനെയാണു്.”
“ഉത്സവം, തെയ്യം അങ്ങനെയുള്ള യാതൊന്നുമില്ല?”
“ഇല്ല, വളരെ പണ്ടു് ഉണ്ടായിരുന്നോ എന്നറിയില്ല.”
ഏഴു് പൂജാരിണികളുടെയും വെള്ളിയാഴ്ചത്തെ തെയ്യത്തിന്റെയുമൊന്നും കാര്യം ഞാൻ ചോദിച്ചില്ല. പക്ഷേ, എന്തുകൊണ്ടോ കാവിൽ വിളക്കുവെക്കുന്ന വീട്ടുകാരെ ഒന്നു കാണണമെന്നു തോന്നി. ബിജു എന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി.
കുന്നിന്റെ ചെരിവിൽത്തന്നെയുള്ള പഴയ മട്ടിലുള്ള ഒരു മാളിക വീടായിരുന്നു അതു്. നീണ്ട നടവഴി, വഴിക്കിരുവശത്തും പൂച്ചെടികൾ. തെങ്ങും വാഴയുമൊക്കെയുള്ള പറമ്പു്. ആകെക്കൂടി കണ്ണിനും മനസ്സിനും നല്ല കുളിർമ പകരുന്ന അന്തരീക്ഷം. വീട്ടുകാരനു് ബിജുവിനെ പരിചയമുണ്ടു്. അപരിചിതനായ എന്നെ അയാൾ ചാഞ്ഞും ചെരിഞ്ഞും നോക്കി. അയാളെ കൂടുതൽ അസ്വസ്ഥനാക്കേണ്ട എന്നു കരുതി ഞാൻ എന്റെ വരവിന്റെ ഉദ്ദേശ്യം നേരിട്ടങ്ങു് പറഞ്ഞു.
“കുടുങ്ങോംകാവു് ഒന്നു കാണാമെന്നു വെച്ചു് വന്നതാണു്. ഇവിടെ വിളക്കുവെക്കുന്നതു് നിങ്ങളാണെന്നു് ബിജു പറഞ്ഞു അപ്പോ, നിങ്ങളെയും ഒന്നു കാണാമെന്നു് വെച്ചു.”
“റിസർച്ച് ചെയ്യുന്നതോ മറ്റോ ആണോ?”
“അല്ല.”
“ഡോക്ടറാണു്.” ബിജു ഇടയിൽ കയറി പറഞ്ഞു.
“ഞാനൊരു ക്ലിനിക്കിൽ കൺസൾട്ടിങ് സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നതാണു്. എന്റെ വരവിനു് ജോലിയുമായി വിശേഷിച്ചു ബന്ധമൊന്നുമില്ല. പഴയ കാവുകളും കെട്ടിടങ്ങളുമൊക്കെ കാണുന്നതിൽ വലിയ താത്പര്യമുണ്ടു്. കാഴ്ചയുടെ ഒരു സുഖം മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ. പഠനമോ ഗവേഷണമോ ഒന്നും ഉദ്ദേശിക്കുന്നില്ല.”
“ഇവിടെ ഫോക്ലോറിൽ ഗവേഷണം നടത്തുന്ന ചെലര് ഇടയ്ക്കൊക്കെ വന്ന് ഓരോന്നൊക്കെ അന്വേഷിച്ചുപോകും. അതുകൊണ്ട് ഞാൻ ചോദിച്ചുപോയതാണ്. ക്ഷമിക്കണം.”
“ഓ അതു് സാരമില്ല” ചെറിയ ഒരു ചിരിയോടെ ഞാൻ പറഞ്ഞു. വീട്ടുകാരൻ മറ്റെന്തെങ്കിലും വിഷയത്തിലേക്കു് കടക്കും മുമ്പു് അയാളുടെ പേരും ജോലിയും ഞാൻ ചോദിച്ചറിഞ്ഞു. പേരു് രാമകൃഷ്ണൻ. ജോലി ഹൈസ്കൂൾ അധ്യാപകൻ. റിട്ടയർ ചെയ്യാൻ ഇനി ഒരു വർഷം കൂടിയേ ഉള്ളൂ.
സംഭാഷണം തുടരുന്നതിനിടയിൽ അയാൾ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു:
“മോളേ, ചിത്രേ, നീ രണ്ടു് ചായയിങ്ങെടുത്തോ.”
രാമകൃഷ്ണൻമാഷ് ചിത്ര എന്ന പേരുച്ചരിച്ച നിമിഷങ്ങളിൽ എന്റെ ഉള്ളിലുണ്ടായ കമ്പനങ്ങളുടെ കരുത്തു് എത്രയാണെന്നു പറയാനാവില്ല. അതിനെ മറച്ചുവെക്കാനുള്ള വെമ്പലിൽ “ചായ വേണ്ടായിരുന്നു” എന്നു ഞാൻ പറഞ്ഞൊപ്പിച്ചതിനോടു് രാമകൃഷ്ണൻ മാഷ് ഇങ്ങനെ പ്രതികരിച്ചു:
“ഹേയ്, വീട്ടിൽ ആദ്യായി വന്നുകയറുന്നോർക്കു് ഒരു ചായപോലും കൊടുത്തില്ലെങ്കിൽ എന്നെ പിന്നെ എന്തിനാ പറ്റ്വാ?” മോളോടുതന്നെ ചായകൊണ്ടുവരാൻ പറഞ്ഞതു് എന്തിനെന്നു് ഞാൻ ചോദിക്കാതെ തന്നെ അദ്ദേഹം വിശദീകരിച്ചു: “ഇപ്പോ ഞാനും മോളും മാത്രേ ഈടയുള്ളൂ. ഓള അമ്മ അനിയത്തിക്കു് ഒരു ഓപ്പറേഷൻ കഴിഞ്ഞതു കൊണ്ടു് രണ്ടു ദിവസത്തെ സഹായത്തിനു് വീട്ടിലേക്കു പോയിറ്റ്ണ്ട്. മോനാന്നെങ്കില് കാസർഗോട്ടെ എൻജിനീയറിങ് കോളജിൽ പഠിക്ക്വാണ്. രണ്ടാഴ്ച കൂടുമ്പോഴേ വരൂ.”
“മകള് എന്തു ചെയ്യുന്നു?”
“ഓള് മൈസൂര്ന്ന് ഫാർമസി കോഴ്സ് കഴിഞ്ഞതാ. ഒരു കൊല്ലം ഒരു മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തു. അപ്പോഴേക്കും അതു് മറ്റൊരാൾക്കു് കൈമാറി. പുതിയ ഉടമയുടെ സ്വഭാവം ശരിയല്ലെന്നു പറഞ്ഞു് ഓള് പിന്നെ പോയില്ല. ഇപ്പോ ഒരു കൊല്ലായി വീട്ടില് തന്നെ ഇരിക്ക്വാ. അതിന്റെ വെഷമം എന്നെക്കാളധികം ഓക്കാ. പറഞ്ഞിറ്റെന്താ, ഏടെയെങ്കിലും ഒന്നു കയറിപ്പറ്റാൻ പറ്റണ്ടേ?”
ഞങ്ങളുടെ സംഭാഷണം പ്രത്യേകിച്ചു് വിഷയമൊന്നുമില്ലാതെ ഇത്തിരിനേരം ചുറ്റിത്തിരിയാൻ തുടങ്ങിയപ്പോൾ “കുടുങ്ങോത്തപ്പൻ യഥാർത്ഥത്തിൽ ഏതു് ദൈവമാണെ”ന്നു ഞാൻ ചോദിച്ചു.
“ഒരു നാട്ടുദൈവംന്നേ പറയാൻ പറ്റൂ. എന്റെ ചെറുപ്പകാലത്തൊക്കെ കൊല്ലത്തിലൊരിക്കൽ തെയ്യം കെട്ടിയാടിച്ചിരുന്നു. ശരിക്കൊരു തോറ്റമോ കഥയോ ഒന്നുമില്ല. പലരും പലതും പറയ്ന്ന്ണ്ട്. പഴയ ഒരു മഹാസന്ന്യാസിയായിരുന്നൂന്നും മറ്റേതോ സ്ഥലത്തെ രാജാവിനെയും നാട്ടുനടപ്പുകളെയുമൊക്കെ ധിക്കരിച്ചു് തോന്നിയതുപോലെ ജീവിച്ച് ഭ്രഷ്ടനാക്കപ്പെട്ട ഒരാൾ വയസ്സുകാലത്തു് ഈട വന്നു കൂടി മരിച്ചതാന്നും പറയ്ന്ന്ണ്ട്.”
ഒരു മുഴുത്ത ചിരിയോടെ, “ഒടുവില് പറഞ്ഞതാരിക്കും ശരി” എന്നു പറഞ്ഞു് രാമകൃഷ്ണൻ മാഷ് അവസാനിപ്പിച്ചു. അപ്പോഴേക്കും മാഷുടെ മകൾ ഒരു ട്രേയിൽ രണ്ടു് ചായയുമായി വന്നു. അതു് ഞങ്ങളുടെ മുന്നിൽ വെച്ചു് അവൾ പെട്ടെന്നു് അകത്തേക്കുപോയി. ഒരു നിമിഷമേ അവളുടെ രൂപം എന്റെ കാഴ്ചയിൽ പെട്ടുള്ളൂവെങ്കിലും അതൊരു പെണ്ണുകാണലായിരുന്നുവെന്നും ആദ്യത്തെ പെണ്ണുകാണലിൽ തന്നെ കാണേണ്ടവളെ കണ്ടുവെന്നും എനിക്കു തോന്നി. എന്റെ മുഖത്തുണ്ടായ ഭാവമാറ്റം മാഷും ബിജുവും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. എന്തായാലും ആ വീട്ടുവരാന്തയിൽ പിന്നെയും ഇരിപ്പു തുടരുന്നതിൽ ആകപ്പാടെ വിമ്മിട്ടം തോന്നി. വല്ലപാടും അവിടെനിന്നു് യാത്ര പറഞ്ഞിറങ്ങുമ്പോൾ അറിയാതെ ഞാൻ വാതിലിനു നേരെ നോക്കിപ്പോയി. ഒരു രൂപം ഞൊടിനേരംകൊണ്ടു് കതകിനു പിന്നിലേക്കു മാറുന്നതു ഞാൻ കണ്ടു.
ഉച്ച കഴിഞ്ഞാണു് ഞാനും ബിജുവും മോഹനന്റെ വീട്ടിലെത്തിയതു്. കുടുങ്ങോംകാവിൽനിന്നു് കഷ്ടിച്ചു് ഒരു കിലോമീറ്റർ അകലെയായിരുന്നു ആ ചെറിയ വീടു്. മൺകട്ടകൾകൊണ്ടുള്ള ചുമരുകൾ. ദ്രവിച്ച വാരിക്കോലുകൾക്കുമേൽ കാലപ്പഴക്കം വിളിച്ചറിയിക്കുന്ന ഓടുകൾ.
വീടിനു് കോലായ എന്നു പറയാൻ പറ്റുന്ന ഇടമില്ല. മുൻവാതിൽ തുറന്നാൽ ചവിട്ടുപടികളിറങ്ങി നേരേ മുറ്റത്താണെത്തുക. മുറ്റമാണെങ്കിൽ ചപ്പും പുല്ലും ഉരുളൻ കല്ലുകളുമൊക്കെയായി നാട്ടുവഴിപോലെ. ചെറിയ പറമ്പാണു്. അതിനു് ശീമക്കൊന്നകൊണ്ടു് വേലികെട്ടിയിട്ടുണ്ടു്. വളരെ മുമ്പെന്നോ കെട്ടിയ വേലിയാണു്. ശീമക്കൊന്നകളിൽ ചിലതു് മരംപോലെ വളർന്നിട്ടുണ്ടു്. പലതും വളർച്ച മുറ്റി ദ്രവിച്ചുപോയിരിക്കുന്നു. വീട്ടിനകത്തു് ആളുള്ളതിന്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, വാതിൽ പുറത്തുനിന്നു് പൂട്ടിയിട്ടൊന്നുമില്ല. വെറുതെ ചാരി വെച്ചതേ ഉള്ളൂ. ബിജു മുറ്റത്തുനിന്നു് ഉറക്കെ “മോഹനേട്ടാ” എന്നു രണ്ടു മൂന്നു വട്ടം വിളിച്ചപ്പോൾ “ആരാ, എന്താ?” എന്നു ചോദിച്ചുകൊണ്ടു് ഒരു സ്ത്രീ വന്നു് വാതിൽ തുറന്നു. കണ്ണിനു് കാഴ്ച നന്നേ കുറവാണെന്നു തോന്നി അവർക്കു്. നടത്തത്തിലും ശബ്ദത്തിലും നല്ല അവശതയുണ്ടായിരുന്നു. പക്ഷേ, പ്രായം അറുപത്തഞ്ചിനടുത്തേ തോന്നിച്ചുള്ളൂ.
“മോഹനേട്ടനില്ലേ, ഈട?” ബിജു ചോദിച്ചു
“ഇല്ല മോനേ, ഓൻ ഇപ്പം പൊറത്തേക്ക് പോയിന്, എനി എപ്പളാ മടങ്ങി വെര്വാന്നറീല്ല” ബിജുവിനെ അവർ ശബ്ദത്തിൽ നിന്നുതന്നെ തിരിച്ചറിഞ്ഞുവെന്നു് തോന്നി.
“എന്നാ പിന്നെ വെരാം” എന്നു പറഞ്ഞു് ഞങ്ങൾ ഇറങ്ങാൻ നേരത്തു് അവർ ചോദിച്ചു:
“ആരാ, ബിജൂ, നിന്റെ ഒപ്പരംള്ളത്?”
“ഒരു ഡോക്ടറാ നാണിയേടത്തീ. മൂപ്പര് കുടുങ്ങോംകാവു് കാണാൻ വന്നതാ.”
“മോഹനനേം കാത്ത് നിന്നാ നിങ്ങക്ക് നേരം വെയ്യും” അവർ പറഞ്ഞു
“അതെ, ഞങ്ങളേതായാലും പിന്നെ വെരാ.”
“മോഹനനെ കണ്ടിറ്റ് പ്രത്യേകിച്ചെന്തെങ്കിലും ആവിശ്യംണ്ടോ?”
“ഇല്ല, വെറുതെ ഒന്നു് കാണാന്നുവെച്ചു് വന്നതാ.”
“ഡോക്കിട്ടർക്ക് മോഹനനെ പരിചയംണ്ടാ?”
അതിനു് ഞാൻതന്നെ മറുപടി പറയുന്നതാണു് ശരി എന്നതു കൊണ്ടു് ഞാൻ പറഞ്ഞു:
“മോഹനനെ ഒരു പ്രാവശ്യം കണ്ടിരുന്നു. എനിക്കു് മരത്തിലൊരു ശില്പം ചെയ്തുതുതരാമെന്നു് ഏറ്റതാ മോഹനൻ.”
“ഓനിപ്പോ ഒരു പണിം ചെയ്യലില്ല. എടയ്ക്ക് ഓരോ രൂപം കൊത്തി ആരിക്കല്ലോ കൊടുത്ത് ലേശം പൈശയിണ്ടാക്കലിണ്ടേരുന്നു. ഇപ്പോ കൊറച്ചു് കാലായിറ്റ് അതൊന്നും ഇല്ലേ ഇല്ല.”
“എളന്നീരിന്റെ കച്ചോടംണ്ടായിരുന്നോ മോഹനന്?”
“ഓനായിറ്റ് കച്ചോടൊന്നു ണ്ടായിര്ന്നില്ല. എളന്നീര് വിക്കാൻ കൊണ്ടുപോന്നോർക്ക് പറിച്ചുകൊടുക്കും. ചെലപ്പോ ഓനും കൂട്ടത്തില് പോവും, ഇപ്പോ, അതും ഇല്ല.”
“പിന്നെയെങ്ങനെയാ നേരം കൂട്ട്ന്ന്?”
“മിക്കനേരത്തും ഈട ഒരേ ഇരിപ്പാ. ഇപ്പം കൊറച്ചീസായിറ്റ് ഒരു സാമിന്റെട്ത്തു് പോന്നൂന്ന് പറഞ്ഞിറ്റാ പോന്ന്. ഇനിക്കറിയോ ബിജു ആ സാമിനെ?”
“ഞാനും കേട്ടീറ്റ്ണ്ട്. കേക്കേ മൂലയ്ക്ക് ദാമോരേട്ടന്റെ മോൻ വാടകയ്ക്കു് കൊടുക്കാൻ വേണ്ടി എടുത്തുവെച്ച വീട്ടില് ഒരു സ്വാമിവന്നു് പച്ചമരുന്നോണ്ട് സകല രോഗത്തിനും ചികിത്സിക്ക്ന്ന്ണ്ട്ന്ന്.”
“ങ്ഹാ, ആ സാമിയന്നെ. അയാള സഹായിയാ ഇപ്പോ മോഹനൻ. ദിവസോം ചോറിനും ചായയ്ക്കും പൊറമേ അയിമ്പതുറുപ്പേം കൊടുക്കും.”
ഇത്രയും കേട്ട നിലയ്ക്കു് ഇനി മോഹനനെ അവിടെ കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്ന കാര്യം ഉറപ്പായി. ഞാനും ബിജുവും മോഹനന്റെ അമ്മയോടു് യാത്ര പറഞ്ഞു് പെട്ടെന്നുതന്നെ അവിടെനിന്നു് ഇറങ്ങി.
“കേക്കേ മൂലയ്ക്കേ സ്വാമി”യുടെ അടുത്തു് പോവുന്ന കാര്യം ഞാൻ ബിജുവുമായി ആലോചിച്ചു.
“മോഹനേട്ടനെ ഇന്നുതന്നെ കാണണംന്നു് ഡോക്ടർക്കു് നിർബന്ധംണ്ടോ?
“പ്രത്യേകിച്ചു് ആവശ്യൊന്നും ഇല്ല. പിന്നെ ഇവിടെവരെ വന്ന നിലയ്ക്കു് ഒന്നു കാണാമെന്നു തോന്നി. അത്രയേ ഉള്ളൂ. എന്തായാലും ബിജൂനു് വേറെ തിരക്കൊന്നും ഇല്ലെങ്കിൽ സ്വാമിയുടെ ആശ്രമംവരെ ഒന്നു പൊയ്ക്കളയാം.”
“പോവാം, എനക്കു് പ്രശ്നൊന്നും ഇല്ല. പിന്നെ സ്വാമിക്കവിടെ ആശ്രമംന്നു് പറയാൻ പറ്റുന്ന സെറ്റപ്പൊന്നും ഇല്ല കേട്ടോ. ചെറിയ ഒരു വാടക വീടെടുത്തിട്ടുണ്ടു്. രണ്ടു ശിഷ്യന്മാരും ഉണ്ടു്. ആത്മീയോപദേശങ്ങളോ പ്രാർത്ഥനയോ ഒന്നുമില്ല. ഡോക്ടറ് ചെയ്യുന്ന പണിതന്നെയാ അയാളും ചെയ്യ്ന്ന്. കൗൺസലിങ്. ആ വാക്കു് ഉപയോഗിക്കുന്നില്ലാന്നേ ഉള്ളൂ. പലരും മൂപ്പരെ സമീപിക്കുന്നുണ്ടു്. അധികവും സ്ത്രീകളാ. അയിനെ പറ്റി നാട്ടില് പല വർത്താനോം ഉണ്ടു്.”
“വാ, ഏതായാലും പോയി ഒന്നു കണ്ടു കളയാം.”
“സ്വാമിയെ കണ്ടാ ഡോക്ടറെന്താ പറയ്വാ. എന്തെങ്കിലും ഒരു പ്രശ്നം അവതരിപ്പിക്കണ്ടേ?”
“ഓ, അതൊന്നും സാരം ഇല്ല. പ്രശ്നം ഇല്ലാത്ത ഏതു് മനുഷ്യനാ ഉള്ളതു്?”
ബിജുവും ഞാനും പിന്നെ അതേപ്പറ്റി ഒന്നും പറഞ്ഞില്ല.
ഉണങ്ങി വിണ്ടുകീറിക്കിടക്കുന്ന വലിയോരു വയൽ കഴിഞ്ഞു്, ചെറിയ ഒരു കുന്നും കടന്നു് വിയർപ്പിൽ മുങ്ങി സ്വാമിയുടെ താവളത്തിലെത്തുംവരെ ഞങ്ങൾ മിക്കവാറും നിശ്ശബ്ദരായിരുന്നു.
ബിജു പറഞ്ഞതു പോലെതന്നെ സ്വാമിയുടെ താവളത്തിനു് ആശ്രമത്തിന്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. പുതുതായി കാവി പെയിന്റടിച്ച ഒരു കോൺക്രീറ്റ് വീടു്. വലിയ വലുപ്പമില്ല. എന്നാൽ തീരെ ചെറുതാണെന്നു പറയാനുമാവില്ല. വരാന്തയിലിട്ട പ്ലാസ്റ്റിക് ചെയറുകളിൽ കുറെപ്പേർ ഇരിക്കുന്നതു കണ്ടു. മിക്കവാറും സ്ത്രീകൾതന്നെ. പല പ്രായക്കാരുമുണ്ടു്. വാതിൽക്കൽ മോഹനൻ നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപാടെ അയാളുടെ മുഖം വിളറി വെളുത്തു. പിടിക്കപ്പെടാൻ പോവുന്ന കുറ്റവാളിയുടേതെന്നപോലെ അയാളുടെ ശരീരം ഒന്നു വളഞ്ഞു ചുരുങ്ങി. ഞാൻ അടുത്തുചെന്നു് “എന്താ മോഹനാ, സുഖംതന്നെയല്ലേ?” എന്നു ചോദിച്ചപ്പോഴാണു് അയാളുടെ മുഖത്തു് പരിചയഭാവത്തിലുള്ള ചെറിയൊരു ചിരി പരന്നതു്.
“എനിക്കു് ഒരു മണിക്കൂറിനകം സ്വാമിയെ കാണാനുള്ള സൗകര്യമുണ്ടാവുമോ. വെറുതെ ഒന്നു പരിചയപ്പെടുകയേ വേണ്ടൂ” എന്നു ഞാൻ പറഞ്ഞു.
“ഞാൻ ശരിയാക്കാം ഡോക്ടറെ. ഈ ഇരിക്കുന്ന പെണ്ണുങ്ങള കൂട്ടത്തില് രാവിലേ വന്ന ഒരാള്ണ്ട്. അവരും കൂടി ഒന്നു പൊയ്ക്കോട്ട്.”
മോഹനൻ പറഞ്ഞതനുസരിച്ചു് ഞാൻ കാത്തിരുന്നു. സ്വാമി ഉച്ച കഴിഞ്ഞുള്ള ദർശനം അനുവദിക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അല്പം കഴിഞ്ഞാണു് അകത്തു നിന്നു് സമയമായി എന്ന സൂചന കിട്ടിയതു്. മോഹനൻ ഒരു സ്ത്രീയെ അകത്തേക്കു് കയറ്റി വിട്ടു. തിളങ്ങുന്ന പട്ടുസാരിയുടുത്ത തടിച്ച ശരീരപ്രകൃതമുള്ള പത്തു മുപ്പത്തഞ്ചു് വയസ്സു തോന്നിച്ച ഒരു സ്ത്രീ. ഇളകിയാടിയുള്ള നടത്തമായിരുന്നു അവരുടേതു്.
അര മണിക്കൂറിലധികം കഴിഞ്ഞാണു് ആ സ്ത്രീ പുറത്തേക്കു വന്നതു്. അവരുടെ മുഖം വിടർന്നു് തുടുത്തിരുന്നു.
“ഡോക്ടറ് പൊയ്ക്കോ” എന്നു പറഞ്ഞു് മോഹനൻ എന്നെ അകത്തേക്കയച്ചു.
അകത്തു് സ്വർണ്ണനിറത്തിലുള്ള പട്ടു് വിരിച്ച ഇരിപ്പിടത്തിൽ ആസനസ്ഥനായ സ്വാമി സുമുഖനായ ഒരു യുവാവായിരുന്നു. കാഷായവസ്ത്രമൊഴിച്ചു് സ്വാമിയുടെ യാതൊരു ലക്ഷണവും അയാളിൽ കണ്ടില്ല. ഞാൻ സ്വാമിയെ തറപ്പിച്ചൊന്നു നോക്കി.
“എന്താ വന്നതു്?” കൃത്രിമമായി നല്ല മാർദ്ദവം വരുത്തിയ ശബ്ദത്തിലാണു് സ്വാമി ചോദിച്ചതു്.
“വിശേഷിച്ചു് ആവശ്യമൊന്നുമില്ല സ്വാമീ. ഞാനിവിടെ കേളൻചിറയിലെ ഒരു ക്ലിനിക്കിൽ കൺസൾട്ടിങ് സൈക്കോളജിസ്റ്റാണു്” തികഞ്ഞ ലാഘവത്തിലായിരുന്നു എന്റെ മറുപടി. പെട്ടെന്നു് സ്വാമി അല്പമൊന്നു ശബ്ദമുയർത്തി “രമണാ” എന്നു വിളിച്ചു. അപ്പോഴേക്കും ആ ശബ്ദത്തിലെ മാർദ്ദവം മുഴുവൻ പോയി അതു് തികഞ്ഞ ആജ്ഞാശക്തിയുള്ള ഒന്നായി മാറിക്കഴിഞ്ഞിരുന്നു. ഞൊടിയിടയിൽ സ്വാമിയുടെ ഇരിപ്പിടത്തിനു പിന്നിലെ ചുവന്ന തിരശ്ശീല നീക്കി പുറത്തേക്കു വന്നതു് മധ്യവയസ്കനായ ഒരു കാഷായധാരിയായിരുന്നു. പ്രകടമായും കള്ളലക്ഷണമുണ്ടായിരുന്നു അയാളുടെ മുഖത്തു്.
ഞാൻ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുന്നതിനു മുമ്പു് സ്വാമി മധ്യവയസ്കനോടു് പറഞ്ഞു: “എന്റെ കണ്ണിലൊരു പൊടി വീണൂന്നാ തോന്ന്ണു് രമണാ.”
“അയ്യോ സ്വാമീ” എന്നു് കൃത്രിമമായി ഉത്കണ്ഠപ്പെട്ടുകൊണ്ടു് മധ്യവയസ്കൻ സ്വാമിയുടെ മുഖം പിടിച്ചുയർത്തി കണ്ണിൽ ശക്തിയായി ഊതി. അതുകൊണ്ടൊന്നും ഫലമില്ലെന്ന മട്ടിൽ സ്വാമി പിന്നെയും കണ്ണുതിരുമ്മി.
“പോയില്ലേ സ്വാമീ, എന്നാ നമുക്കു പോയി പനിനീരുകൊണ്ടു് കണ്ണു കഴുകി പത്തുമിനുട്ടു നേരം വിശ്രമിക്കാം” എന്നു പറഞ്ഞു് മധ്യവയസ്കൻ സ്വാമിയെ പിടിച്ചെഴുന്നേല്പിച്ചു.
“എന്നാ, ഞാൻ പിന്നെ വരാം” എന്നുള്ള എന്റെ പറച്ചിൽ അവരിരുവരും കേട്ടതായി നടിച്ചില്ല. എന്തായാലും ഞാൻ എഴുന്നേറ്റു് പുറത്തേക്കു നടന്നു. സ്വാമിയുടെ കണ്ണിൽ പോയ പൊടി എന്താണു്, ഏതാണു് എന്നൊക്കെ എനിക്കു് മനസ്സിലായിക്കഴിഞ്ഞിരുന്നു.
തിരിച്ചു് ബസ്റ്റോപ്പിലേക്കു നടക്കുമ്പോഴും പിന്നെ കേളൻചിറയിലേക്കുള്ള ബസ്സിൽ ഇരിക്കുമ്പോഴുമെല്ലാം ഞാൻ ആലോചിച്ചുകൊണ്ടിരുന്നതു് മോഹനനെയും ചിത്രയെയും കുറിച്ചാണു്. മോഹനൻ കുടുങ്ങോം കാവുമായി ബന്ധപ്പെട്ടു് അങ്ങനെയൊരു കഥ കെട്ടിച്ചമച്ചതു് എന്തിനാണു്? ആ കഥയിലെ പൂജാരിണിക്കു് ചിത്ര എന്നുതന്നെ പേരു വന്നതു് യാദൃച്ഛികമാവാൻ സാധ്യതയില്ല. കാവിൽ വിളക്കു വെക്കാൻ ഒരുപക്ഷേ, അവളും അച്ഛനും കൂടിയാവും വരുന്നതു്. അങ്ങനെയെങ്കിൽ മോഹനൻ അവളെ കണ്ടിരിക്കാനും മോഹിച്ചിരിക്കാനും സാധ്യതയുണ്ടു്. അതിലപ്പുറം ഒന്നും ഉണ്ടാവാനിടയില്ല. അത്രയും മാത്രം വെച്ചു് ഒരുപാടു സംഭവങ്ങൾ ഭാവന ചെയ്തു് ഉണ്ടാക്കിയ നിലയ്ക്കു് അയാൾ ഒരു സാധാരണക്കാരനല്ല. മോഹനനെക്കുറിച്ചു് കേവലം ഒരു മനോരോഗി എന്നു വിചാരിക്കാനും വിഷമം തോന്നുന്നു. അയാൾ എന്റെ മുന്നിലിരുന്നു് കഥ പറയുമ്പോൾ ഒരു നിമിഷംപോലും അതു് വെറുമൊരു കഥയാണെന്ന കാര്യം എനിക്കു് ആലോചിക്കാനേ കഴിഞ്ഞില്ല. പക്ഷേ, മോഹനൻ എന്നെ കബളിപ്പിച്ചതിന്റെ കാരണവും മനസ്സിലാകുന്നില്ല.
ഞാൻ ഏറാൻമൂലയ്ക്കു പോയി തിരിച്ചുവന്ന അന്നു രാത്രിതന്നെ ചിത്രയുടെ കാര്യം ഡോക്ടറോടു് പറഞ്ഞു. മൂന്നാം ദിവസം ചിത്ര ക്ലിനിക്കിൽ ഫാർമസിസ്റ്റായി നിയമിതയാവുകയും ചെയ്തു. എനിക്കു വലിയ സന്തോഷം തോന്നിയ ദിവസമായിരുന്നു അതു്. അവളുടെ കാൽപെരുമാറ്റം ക്ലിനിക്കിനു് പുതിയൊരു ജീവൻ നല്കിയതുപോലെ തോന്നി.
ദിവസവും രാവിലെ ഉച്ചഭക്ഷണത്തിനു വേണ്ടുന്നതു് ബാഗിൽ പൊതിഞ്ഞുവെച്ചാണു് ചിത്ര വന്നിരുന്നതു്. ഒരു ദിവസം അവൾ ഊണുകഴിക്കുന്നിടത്തു ചെന്നു് ഞാൻ ചോദിച്ചു: “എങ്ങനെ? കറികളൊക്കെ ഉണ്ടാക്കാനറിയോ?”
“ഓ, അതൊക്കെ ചെറുപ്പത്തിലേ പഠിച്ചു” ലജ്ജിച്ചാണെങ്കിലും ചിത്ര പറഞ്ഞു.
“ടെയ്സ്റ്റൊക്കെ എങ്ങനെയിരിക്കുന്നൂന്നു് കുടുങ്ങോത്തപ്പനറിയാം.”
“എന്തായാലും “രുചീ”ന്നു് കിട്ട്ന്നേനേക്കാൾ രുചിയുണ്ടാവും.”
അവളുടെ സംസാരത്തിലെ ചുറുചുറുക്കു് എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അന്നു് ആദ്യമായി അവളോടു് ഞാൻ വ്യക്തിപരമായ ചില കാര്യങ്ങൾ അന്വേഷിച്ചു. കൂട്ടത്തിൽ ഏറാൻമൂലയിലെ മോഹനൻ എന്നൊരാളെ അറിയാമോ എന്നും ചോദിച്ചു. ആ പേരു് ചിത്രയിൽ ഒരു ഭാവവ്യത്യാസവും ഉണ്ടാക്കിയില്ല. സ്കൂളിൽ പഠിക്കുന്ന കാലത്തു് എയ്ത്തിലും ടെൻതിലും ഓരോ മോഹനൻ ഉണ്ടായിരുന്നുവെന്നും സ്കൂൾ വിട്ടതിൽ പിന്നെ അവരെയൊന്നും കണ്ടിട്ടേയില്ല എന്നും അവൾ പറഞ്ഞു. എന്തെങ്കിലും ഒളിച്ചുവെക്കുന്നതായി നേരിയ തോതിൽപ്പോലും സംശയിക്കത്തക്ക വിധത്തിലായിരുന്നില്ല ചിത്രയുടെ സംസാരം.
ചിത്രയുടെ വരവു് ക്ലിനിക്കിനു് പുതിയൊരു ജീവൻ നൽകിയതായി എനിക്കു് മാത്രമല്ല നാട്ടുകാർക്കും തോന്നിയിരുന്നു. “ആ പെണ്ണു് വന്നു കേറേയപ്പിന്നെ ആട നല്ല ഐശ്വര്യാ” എന്നു് ഏതാനും ദിവസങ്ങൾക്കുള്ളിൽ നാട്ടുകാരും പറയാൻ തുടങ്ങി.
എന്തായാലും ക്ലിനിക്കിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വലിയ വർധനവുണ്ടായി. മുരുകൻ ഡോക്ടറുടെയും എന്റെയും പേരുകൾ പെട്ടെന്നു് പലേടത്തും സുപരിചിതമായിത്തീർന്നതുപോലെ. കിടത്തി ചികിത്സിക്കേണ്ടവരെയെല്ലാം ഡോ. മുരുകൻ കത്തു നൽകി പുറത്തേക്കയയ്ക്കുകയായിരുന്നു പതിവു്. ആ രീതി മാറ്റിയേ മതിയാവൂ എന്നു് ഉറപ്പായി തോന്നിത്തുടങ്ങിയപ്പോഴാണു് അങ്ങാടിയുടെ കിഴക്കേ മൂലയ്ക്കു് പുതിയൊരു കെട്ടിടം ഉയർന്നുവന്നതു്. ഒന്നു രണ്ടു വർഷത്തോളമായിരുന്നു അതിന്റെ ചുമരുകൾ കെട്ടിയുയർത്തിയിട്ടു്. അടുത്തൊന്നും പണി പൂർത്തിയാവില്ല എന്നൊരു തോന്നൽ നാട്ടിലെ മറ്റുള്ളവർക്കെന്നപോലെ എനിക്കും ഉണ്ടായിരുന്നു. അവിചാരിതമായി പെട്ടെന്നൊരു ദിവസം അതിന്റെ വാർപ്പിനുവേണ്ടി കമ്പിയും ജില്ലിയുമൊക്കെ ഇറക്കുന്നതു് കണ്ടു. പിറ്റേന്നുതന്നെ വാർപ്പിനു് തട്ടു കെട്ടുന്നതു് കണ്ടു. മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾ വാർപ്പു പണിയും നടന്നു. ഒരു ദിവസം രാത്രി ഡോക്ടർ പറഞ്ഞു:
“വിവേകേ, നമുക്കാ പുതിയ കെട്ടിടത്തിന്റെ ഉടമയെ ഒന്നു ബന്ധപ്പെട്ടാലോ, ആളെ പരിചയമുണ്ടോ?”
“ഉണ്ടു്. രാഘവേട്ടൻന്നു് പറയ്ന്ന ആളാ. പുള്ളിക്കു് ബാംഗ്ളൂരിൽ ബേക്കറി ബിസിനസ്സായിരുന്നു. ഇപ്പോ അതു് മതിയാക്കി. ഇഷ്ടം പോലെ റബ്ബറുണ്ടു്. ഈ ബിൽഡിങ് വാടകയ്ക്കു് കൊടുക്കാനുള്ള ഉദ്ദേശ്യത്തിൽതന്നെ ഉണ്ടാക്കിയതാ. ഡോക്ടർക്കു് താത്പര്യം ഉണ്ടെങ്കിൽ നമുക്കു് പോയി മുട്ടി നോക്കാം.” “എങ്ങനെ അതു് സൗകര്യംള്ള കെട്ടിടം തന്നല്ലേ? നമുക്കു് നാലോ അഞ്ചോ പേഷ്യന്റ്സിനെ കിടത്താൻ പറ്റണം. ഓരോരുത്തർക്കും ഓരോ മുറി. ബാത്റും സൗകര്യോം വേണം.”
“അറ്റാച്ച്ഡ് ബാത്റൂമിനുള്ള സാധ്യതയില്ല. ഇപ്പോ ഗ്രൗണ്ട് ഫ്ളോറിന്റെ പണിയേ മൂപ്പരു് ചെയ്തിട്ടുള്ളൂ. തൽക്കാലം അവിടെ നിർത്തുംന്നാ തോന്ന്ന്ന്. ഗ്രൗണ്ട് ഫ്ളോറിനു് മൊത്തത്തിൽ ഒരു ലാട്രിനും ബാത്ത് റൂമും മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ.”
തൽക്കാലം ആ സൗകര്യംകൊണ്ടു് ഒപ്പിക്കാൻ നോക്കണം. അതല്ലേ പറ്റൂ. അത്യാവശ്യം ചില പേഷ്യന്റ്സിനെ മൂന്നോ നാലോ ദിവസം ഇവിടെ നിർത്താൻ നോക്കണം. പിന്നെ നമുക്കു് കോഴിക്കോട്ടേക്കോ മറ്റോ വിടാം. കാര്യമായി ഒന്നും ചെയ്യാതെ ആളുകളെ പറഞ്ഞു വിടുമ്പം മനസ്സിനൊരു സുഖം ഇല്ല. നമ്മുടെ പേഷ്യന്റ്സാണെങ്കിൽ പലരും തീരെ പാവങ്ങളല്ലേ?”
പിറ്റേന്നുതന്നെ ഞാൻ രാഘവേട്ടനെ പോയി കണ്ടു. ഡോക്ടർ, മനോരോഗം, ക്ലിനിക് എന്നൊക്കെ കേട്ടപ്പോൾ താത്പര്യക്കേടു് പ്രകടമാക്കിയെങ്കിലും കെട്ടിടം മുഴുവനായി വാടകയ്ക്കെടുക്കാമെന്നും മൂന്നു മാസത്തെ വാടക അഡ്വാൻസായി തരാമെന്നും പറഞ്ഞപ്പോൾ അയാൾ അയഞ്ഞു. അഡ്വാൻസിന്റെ കാര്യം ഞാൻ സ്വന്തം നിലയ്ക്കു് പറഞ്ഞതായിരുന്നു. ഡോക്ടറെക്കൊണ്ടു് അതു് സമ്മതിപ്പിക്കാമെന്നു് എനിക്കു് ഉറപ്പുണ്ടായിരുന്നു. എന്തായാലും സംഗതി നടന്നു. ക്ലിനിക്കിന്റെ എക്സ്റ്റൻഷനായ ആ ഹോസ്പിറ്റൽ മൂന്നാഴ്ചയ്ക്കകം പ്രവർത്തനം തുടങ്ങി. അവിടേക്കു മാത്രമായി ഡോക്ടർ മുരുകൻ ഒരു അസിസ്റ്റന്റിനെ കണ്ടെത്തി. ഡോ. സദാശിവം. പേരു് സദാശിവം എന്നാണെങ്കിലും ആള് ചെറുപ്പക്കാരനായിരുന്നു. നല്ല ചുറുചുറുക്കുള്ള ഒരാൾ. ഒത്ത തടിയും വണ്ണവുമൊക്കെ ഉണ്ടു്. അക്രമകാരികളായ രോഗികളെ ഒറ്റയ്ക്കു് കൈകാര്യം ചെയ്യാൻ മാത്രം കരുത്തുണ്ടെന്നു് ഒറ്റ നോട്ടത്തിൽ ആർക്കും ബോധ്യപ്പെടും.
ഡോക്ടർ സദാശിവത്തെ ഡോ. മുരുകൻ എനിക്കു് പരിചയപ്പെടുത്തിത്തന്നതൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓർമയുണ്ടു്. പത്തൊമ്പതു് വർഷവും ഏതാനും മാസങ്ങളും കഴിഞ്ഞു. കാലം എത്ര വേഗത്തിലാണു് പോവുന്നതെന്നു ചിലപ്പോഴൊക്കെയേ നാം ആലോചിക്കുകയുള്ളൂ. സാധാരണഗതിയിൽ എത്രയെത്ര മറ്റു കാര്യങ്ങളും തിരക്കുകളുമുണ്ടു് ജീവിതത്തിൽ. അവയും വളരെ വേഗം ഓർമയുടെയോ മറവിയുടെയോ ഭാഗമായിത്തീരുന്നു. എല്ലാം കഴിഞ്ഞു് കാലത്തിന്റെ ഗതി മാത്രം ബാക്കിയാവുന്നു.
എന്റെ പേഷ്യന്റ്സിൽ പലരെയും എനിക്കു കൃത്യമായി ഓർമയുണ്ടു്. അവരുടെ പ്രശ്നങ്ങളും എന്റെ ഓർമയിൽത്തന്നെ ഉണ്ടു്. ഞാനും ഡോ. മുരുകനും ഡോ. സദാശിവവും ചേർന്നു് ഒരുപാടു പേരെ അവരുടെ മനോനില സാധാരണഗതിയിലാക്കാൻ സഹായിച്ചിട്ടുണ്ടു്. ദൂരസ്ഥലങ്ങളിൽ ഏതെങ്കിലും കല്യാണത്തിനോ മരണാനന്തര ചടങ്ങിനോ പോയ സന്ദർഭങ്ങളിൽപോലും അവരിൽ ചിലർ ഇങ്ങോട്ടു വന്നു് ഓർമ പുതുക്കിയിട്ടുണ്ടു്. അവർ കാണിക്കുന്ന സ്നേഹവും നന്ദിയും പലപ്പോഴും എന്നെ വികാരാധീനനാക്കാറുണ്ടു്.
മോഹനനെ മാത്രമാണു് പിന്നീടു് ഞാൻ കാണാതിരുന്നിട്ടുള്ളതു്. ഏറാൻമൂലയുടെ “കേക്കേമൂല”യിലെ സ്വാമിക്കു് ഞാൻ അവിടം വരെ പോയി വന്നു് രണ്ടു മൂന്നു് കൊല്ലം കഴിഞ്ഞപ്പോൾ കഠിനമായി മർദ്ദനമേറ്റിരുന്നു. ആശ്രമത്തിൽ വന്ന ഒരു സ്ത്രീയോടു് മോശമായി പെരുമാറിയതിനെത്തുടർന്നു് അവരുടെ ഭർത്താവു് നിയോഗിച്ച ഗുണ്ടകളാണു് അതു ചെയ്തതു്. അവരുടെ തീവെപ്പിൽ ആശ്രമം ഭാഗികമായി തകരുകയും ചെയ്തു. അതോടെ സ്വാമി സ്ഥലം വിട്ടെന്നാണു് ഏറാൻമൂലയിൽനിന്നു വന്ന ഒരാൾ പറഞ്ഞതു്. സ്വാമി പോയതോടെ മോഹനനു് പണിയില്ലാതായി. അയാൾ പിന്നീടു് ഏറാൻമൂലയിൽ പ്രവർത്തനമാരംഭിച്ച സഹകരണാശുപത്രിക്കു മുന്നിൽ ഇളനീർ കച്ചവടം നടത്താൻ തുടങ്ങി. അത്രയും വരെയുള്ള വിവരം എനിക്കു് കിട്ടിയിരുന്നു, പക്ഷേ, അതു കഴിഞ്ഞിട്ടുതന്നെ എത്ര വർഷങ്ങളായി. മോഹനൻ ഇപ്പോൾ എന്താവും ചെയ്യുന്നുണ്ടാവുക? സ്വയം കെട്ടിയുണ്ടാക്കുന്ന കഥകൾക്കുള്ളിൽ സന്തോഷവും സങ്കടവുമൊക്കെ അനുഭവിച്ചു് അയാൾ വെറുതെയങ്ങനെ കാലം കഴിക്കുകയാവുമോ? മോഹനന്റെ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാവുമോ? മോഹനൻ എപ്പോഴെങ്കിലും എന്നെ ഓർമിക്കുന്നുണ്ടാവുമോ? ചിത്ര യാതൊന്നും അറിഞ്ഞിരിക്കില്ലെങ്കിലും അയാൾ പറഞ്ഞുണ്ടാക്കിയ കഥയിലെ നായിക അവൾ തന്നെയായിരിക്കുമോ? എങ്കിൽ പണ്ടു് ഒക്കത്തു് കുടവുമായി പോവുന്ന യുവതിയുടെ ചിത്രം കാണിച്ചു് ചിത്രയെ ഓർമ വരുന്നുണ്ടോ എന്നു ചോദിച്ചതു് എന്തു് ബോറായിപ്പോയി?
ഈവക ചിന്തകൾകൊണ്ടു് ചില ദിവസങ്ങളിൽ ഞാൻ വല്ലാതെ വലഞ്ഞുപോകും. യാതൊരാവശ്യവുമില്ലാതെ എന്തിനങ്ങനെ ആലോചിച്ചുകൂട്ടുന്നു എന്നു് ഞാൻ സ്വയം കുറ്റപ്പെടുത്താറുണ്ടു്. പക്ഷേ, മോഹനനെക്കുറിച്ചുള്ള ചിന്തകൾ അനിയന്ത്രിതമായ ഒരു വികാരം പോലെയാണു് എന്നെ കീഴടക്കുന്നതു്. അതു് നോർമൽ ആയ ഒരു അവസ്ഥയല്ലെന്നു ഞാൻ എന്നെത്തന്നെ ഓർമപ്പെടുത്താറുണ്ടു്. എങ്കിലും ചിലപ്പോഴൊക്കെ അതിൽ ഞാൻ വീണുപോവുന്നു. എന്റെ ഗാഢമായ ആലോചന കണ്ടു് “ആരെപ്പറ്റിയാ ഇങ്ങനെ ചിന്തിച്ചുകൂട്ട്ന്ന്?” എന്നു് ചിത്ര ഒന്നു രണ്ടു തവണ ചോദിച്ചിരുന്നു. എന്റെ മറുപടി തീരെ അലസമായതുകൊണ്ടുതന്നെയാവാം പിന്നെ അവൾ ആ ചോദ്യം ആവർത്തിച്ചില്ല.
മോഹനനെ കാണാൻ ഏറാൻമൂലയ്ക്കു് പോവണമെന്നു് പലവട്ടം ഞാൻ ആലോചിച്ചതാണു്. ഓരോരോ ചെറിയചെറിയ തടസ്സങ്ങൾ കാരണം അതു നടന്നില്ല. തിരിഞ്ഞുനോക്കി ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. നാട്ടിൽനിന്നു് കാറിൽ കഷ്ടിച്ചു് അരമണിക്കൂർ കൊണ്ടു് എത്തിച്ചേരാവുന്ന ഒരു സ്ഥലത്തുചെന്നു് ഒരാളെ കാണാൻ ഇത്രയും വർഷങ്ങളായിട്ടും സാധിക്കാതെ വരിക. അതിനു് സ്വയം വിശ്വസിപ്പിക്കാൻ പറ്റുന്ന ഒരു കാരണം കണ്ടെത്താൻപോലും പ്രയാസമാണു്. ഒരുപക്ഷേ, എന്നെ കബളിപ്പിച്ച ഒരാളെ അങ്ങോട്ടു് ചെന്നു കാണേണ്ട എന്ന ഉറച്ച തീരുമാനം മനസ്സിനുള്ളിൽ വേരുപിടിച്ചതു കൊണ്ടാകാം. അല്ലെങ്കിൽ അയാളുടെ ആ നിഷ്ഫലമെങ്കിലും സമർത്ഥമായ കഥ പറച്ചിൽ, വിശേഷിച്ചും അതിലെ ചിത്ര എന്ന പേരു്, പിന്നീടു് എന്നെ പലതരത്തിൽ ചെറുതാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്തിരിക്കാം.
ഞാൻ ഇപ്പോഴും ഡോ. മുരുകന്റെ ക്ലിനിക്കിൽതന്നെയാണു്. ചിത്രയും അവിടെത്തന്നെ. ഒരേ ക്ലിനിക്കിലെ കൺസൾട്ടിങ് സൈക്കോളജിസ്റ്റും ഫാർമസിസ്റ്റും എന്ന അവസ്ഥ തുടരുന്നതിനിടയിൽതന്നെ പതിനാറു വർഷം മുമ്പു് ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായി. ഞങ്ങൾക്കു് രണ്ടു് ആൺകുട്ടികളുണ്ടായി. എന്റെ വരുമാനത്തിലും അവളുടെ ശമ്പളത്തിലും വലിയ വർധനവുണ്ടായി. ഞങ്ങൾ ചെറിയൊരു വീടുവെച്ചു. കുടുങ്ങോംകാവിനടുത്തുള്ള വീടും പറമ്പും അറുപതു ലക്ഷം രൂപയ്ക്കു വിറ്റു് ചിത്രയുടെ അമ്മയും അച്ഛനും ഞങ്ങളോടൊപ്പം പാർപ്പു തുടങ്ങി. എന്റെ ഒരേയൊരു സഹോദരി വിവാഹം കഴിഞ്ഞു് ആസ്ട്രേലിയയ്ക്കു് പോയി. എന്റെ അച്ഛനും അമ്മയും അടുത്തടുത്ത വർഷങ്ങളിൽ മരിച്ചു. ക്ലിനിക്കിലെ ജോലി എനിക്കു് മിക്കവാറും മടുത്തു കഴിഞ്ഞു. ഡോ. മുരുകനു് പ്രായത്തിന്റെ അവശതയും അതിലേറെ ആകെ ഒരു മരവിപ്പും ഉണ്ടു്. ഡോ. സദാശിവമാണു് ക്ലിനിക്കിന്റെയും ഹോസ്പിറ്റലിന്റെയും നടത്തിപ്പിനു മേൽനോട്ടം വഹിക്കുന്നതു്. രാഘവേട്ടൻ കെട്ടിടത്തിന്റെ രണ്ടാം നില കൂടി പൂർത്തിയാക്കിയതുകൊണ്ടു് ഇപ്പോൾ പത്തു രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടു്. മിക്കവാറും റൂമൊന്നും ഒഴിവുണ്ടാവില്ല. അതൊക്കെ തന്റെ മിടുക്കു് കൊണ്ടാണെന്ന ഭാവമാണു് ഡോ. സദാശിവത്തിനു്. അയാളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും വന്ന മാറ്റം ഡോ. മുരുകൻ തിരിച്ചറിയാതിരിക്കുന്നുണ്ടാവില്ല. പക്ഷേ, എന്തുകൊണ്ടോ ആകെക്കൂടി നിസ്സഹായനും നിരുന്മേഷനുമായതുപോലെയാണു് അദ്ദേഹം. എനിക്കും വല്ലാതെ മടുത്തു കഴിഞ്ഞു. നൂറുകണക്കിനാളുകളെ കടുത്ത മാനസികസംഘർഷങ്ങളിൽനിന്നു് ഞാൻ രക്ഷിച്ചിട്ടുണ്ടു്. അത്രയും വരില്ലെങ്കിലും കുറെയധികം കേസ്സുകളിൽ ഞാൻ പരാജയപ്പെട്ടിട്ടും ഉണ്ടു്. തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തിയെക്കാൾ വല്ലായ്മയാണു് അനുഭവപ്പെടുന്നതു്.
പെട്ടെന്നൊരു ദിവസം ജോലി ഉപേക്ഷിച്ചാലും എനിക്കു് സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടിവരില്ല. സ്വത്തു് വിറ്റു് കിട്ടിയ പണത്തിൽ പാതിയും ചിത്രയുടെ അച്ഛനമ്മമാർ അവളുടെയും എന്റെയും പേരിലാണു് ഇട്ടിരിക്കുന്നതു്. അതിന്റെ പലിശകൊണ്ടുതന്നെ ഞങ്ങൾക്കു് സുഖമായി ജീവിച്ചുപോവാം. ഇനി അതല്ല കൺസൾട്ടിങ് സൈക്കോളജിസ്റ്റായി തുടരണമെന്നുണ്ടെങ്കിൽ വീട്ടിൽ വെച്ചുതന്നെ അതു ചെയ്യാം. ഓരോ ദിവസവും അഞ്ചിൽ കൂടുതൽ ആളുകൾക്കു് കൺസൾട്ടേഷൻ അനുവദിക്കുകയില്ല എന്നു തീരുമാനിച്ചാൽ എന്റെ ജോലി കുറെക്കൂടി വൃത്തിയായും സത്യസന്ധമായും ചെയ്യാം. ഇങ്ങനെയൊക്കെ ആലോചിച്ചു വരുന്നതിനിടയിൽ ഒരു ദിവസം ചിത്ര പറഞ്ഞു: “നമ്മക്കൊരു ടൂറ് പോയാലോ?”
“നമ്മളെല്ലാരും കൂടിയോ?”
“അതെ, അച്ഛനും അമ്മയ്ക്കും വീട്ടിൽതന്നെ ഇരുന്നു് വല്ലാതെ മടുക്കുന്നുണ്ടു്. ടൂറ് ചെറിയ മട്ടിൽ മതി. തമിഴ്‌നാട്ടിലോ കർണ്ണാടകത്തിലോ ഉള്ള രണ്ടോ മൂന്നോ ക്ഷേത്രങ്ങളിൽ പോയാൽ മതി.”
“അങ്ങനെ മതിയെങ്കിൽ അങ്ങനെ.” ഒട്ടും താത്പര്യമില്ലാത്ത മട്ടിലാണു് ഞാൻ പറഞ്ഞതു്. എന്റെ താത്പര്യക്കേടു് ചിത്രയ്ക്കു് പൂർണ്ണമായും മനസ്സിലായതുകൊണ്ടോ എന്തോ ഒരാഴ്ചക്കാലത്തേക്കു് അവൾ ടൂറിന്റെ കാര്യം മിണ്ടിയതേയില്ല. പിന്നെ ഒരു ദിവസം രാത്രി ഉറങ്ങാൻ നേരത്തു് അവൾ പറഞ്ഞു: “വിവേകേട്ടൻ ആ ടൂറിന്റെ കാര്യം വിട്ടുകളഞ്ഞോ. എല്ലാരേം കൂട്ടി ഒരു യാത്രയ്ക്കു് പോവാൻ തീരെ താത്പര്യം ഇല്ലന്നൊക്കെ എനിക്കു് മനസ്സിലായി. എന്നാലും ഒന്നു പോണംന്നെന്ന്യാ ഞാൻ പറയ്വാ. അച്ഛന്റെ മടുപ്പു് കാണുമ്പോ വല്ലാതാവുന്നു. നമ്മക്ക് വേണ്ടി ഒരുപാടു ചെയ്തുതന്ന ആളല്ലേ. ചെറിയൊരു സഹായം അങ്ങോട്ട് നമ്മള് ചെയ്തുകൊടുക്കണ്ടേ?”
ചിത്ര പറയുന്നതു് ശരിയാണെന്നു് എനിക്കും തോന്നി. മാത്രവുമല്ല ടൂറിന്റെ പേരും പറഞ്ഞു് ഒരാഴ്ചയെങ്കിലും എനിക്കു് ക്ലിനിക്കിൽ നിന്നു് മുങ്ങാമെന്ന കാര്യവും എന്നെ പ്രലോഭിപ്പിച്ചു.
അങ്ങനെ ഞങ്ങൾ യാത്ര പോകാൻ തീരുമാനിച്ചു. കർണ്ണാടകത്തിലെ മൂന്നു് പ്രസിദ്ധ ക്ഷേത്രങ്ങളെ സംബന്ധിച്ച വിവരങ്ങളെല്ലാം നെറ്റിൽനിന്നു് സംഘടിപ്പിച്ചു. അഞ്ചു ദിവസത്തേക്കു വേണ്ട വസ്ത്രം, മറ്റു സാധനങ്ങൾ ഇവയൊക്കെ എടുത്തുവെച്ചു. ഒരു ദിവസം അതിരാവിലെ ഞങ്ങൾ പുറപ്പെട്ടു. മൂന്നു മണിക്കൂർ ഇടവിട്ടു് ഞാനും ചിത്രയും ഡ്രൈവ് ചെയ്യണം എന്ന ധാരണയോടെയാണു് പുറപ്പെട്ടതെങ്കിലും മിക്കവാറും സമയം ഞാൻതന്നെയാണു് വണ്ടിയെടുത്തതു്. യാത്രയുടെ മൂന്നാം ദിവസം ഞങ്ങൾ ഒരു കാട്ടുപ്രദേശത്തൂടെ യാത്രചെയ്യുമ്പോൾ വഴിയരികിൽ ഒരു ക്ഷേത്രത്തിന്റെ തുരുമ്പിച്ച ബോർഡ് കണ്ടു. ബോർഡിനു ചുവട്ടിൽ ബസ്സ് കാത്തെന്നപോലെ നാലഞ്ചു പേർ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വണ്ടി നിർത്തി ക്ഷേത്രം എവിടെയാണെന്നു് ചോദിച്ചു. കാട്ടുവഴിയിലൂടെ ഒരു കിലോ മീറ്ററോളം പോയാലേ ക്ഷേത്രത്തിലെത്തൂ എന്നും ക്ഷേത്രത്തിന്റെ ഏതാണ്ടു് വളരെ അടുത്തുവരെ കാറുംകൊണ്ടു് പോകാമെന്നും അവർ പറഞ്ഞു. അവരുടെ കൂട്ടത്തിലുള്ള കഷ്ടിമുഷ്ടി ഇംഗ്ലിഷ് പറയാനാവുന്ന ആളാണു് ഇത്രയും പറഞ്ഞൊപ്പിച്ചതു്. കാട്ടിൽ മൃഗങ്ങളുണ്ടാവുമോ എന്ന ചോദ്യത്തിനു് ഇതൊരു വലിയ കാടൊന്നുമല്ലെന്നും പുലിയോ ആനയോ ഒന്നുമില്ലെന്നും അയാൾ മറുപടി പറഞ്ഞു. ഇറങ്ങിനടക്കുമ്പോൾ സൂക്ഷിക്കണമെന്നും ഇഷ്ടംപോലെ മൂർഖൻ പാമ്പുള്ള സ്ഥലമാണെന്നും അയാൾ ഓർമിപ്പിച്ചു. ക്ഷേത്രത്തിലെ മൂർത്തി ആരാണെന്ന കാര്യം അയാൾക്കു് അറിയില്ലായിരുന്നു. വനദേവൻ എന്നാണു് പറഞ്ഞു വരുന്നതു് എന്നു മാത്രമേ അയാൾക്കു പറയാൻ കഴിഞ്ഞുള്ളൂ. ഞാൻ ഏതായാലും വണ്ടി കാട്ടിലേക്കു് തിരിച്ചു. മുക്കാൽ കിലോമീറ്ററിലധികം പോയപ്പോൾ വലിയ കാട്ടുമരങ്ങൾക്കിടയിലൂടെ ചെറിയ ഒരു ക്ഷേത്രം കണ്ണിൽപ്പെട്ടു. അരയാൽ, ചമ്പകം, കൂവളം, നീർമരുതു് തുടങ്ങിയ ഏതാനും മരങ്ങൾ പെട്ടെന്നു് ഞാൻ തിരിച്ചറിഞ്ഞു. ആ മരങ്ങളുടെ സാന്നിധ്യം എന്നെ കേളൻചിറയിലെ പൊട്ടൻകാവിനു പിന്നിലെ സാമാന്യം വലിയ കാടിന്റെ ഓർമയിലേക്കെത്തിച്ചു.
കാറിനു പോകാവുന്ന വഴി അവസാനിച്ചിരുന്നു. ഞങ്ങൾ അവിടെ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ, മലയാളികളെന്നു തോന്നിച്ച ഒരു കുടുംബം ക്ഷേത്രദർശനം കഴിഞ്ഞു് മടങ്ങിവരുന്നതുകണ്ടു. അവരുമായി പരിചയപ്പെടാൻ ബുദ്ധിമുട്ടുണ്ടായില്ല. തൃശൂർ ഭാഗത്തു നിന്നു വരുന്നവരായിരുന്നു അവർ. ഭർത്താവു് റിട്ടയേഡ് പ്രൊഫസർ. ഭാര്യ അഗ്രിക്കൾച്ചറൽ ഓഫീസർ. കൂടെയുള്ളതു് ഭാര്യയുടെ അച്ഛനും മകന്റെ ഭാര്യയും ഒരു കുട്ടിയും.
“നല്ല ക്ഷേത്രാണ്” പ്രൊഫസർ പറഞ്ഞു: “നല്ല സമാധാനം കിട്ടുന്ന അന്തരീക്ഷം.” അയാൾ കൂട്ടിച്ചേർക്കുമ്പോഴേക്കും ചിരിച്ചുകൊണ്ടു് ഭാര്യ പറഞ്ഞു: ഇളനീരാണു് പ്രസാദംന്നുള്ള വിശേഷം കൂടിയുണ്ടു്. തെങ്ങുള്ള സ്ഥലൊന്നും ആണെന്നു തോന്നിയില്ല. എന്നിട്ടും പ്രസാദം ഇങ്ങനെയാക്കിയതെന്താന്നറിയില്ല.”
“പഴയ മലയാളിബന്ധം വല്ലതും കാണും” പ്രൊഫസർ പറഞ്ഞു.
ക്ഷേത്രത്തിനു് അകത്തു കടന്നപ്പോൾ അതിന്റെ അന്തരീക്ഷം പ്രൊഫസർ പറഞ്ഞതുപോലെ നല്ല മനഃസുഖം തരുന്നതാണെന്നു തോന്നി. നാട്ടിലെ ചെറിയ മുത്തപ്പൻകാവിന്റേതിനു സമാനമായിരുന്നു ക്ഷേത്രത്തിന്റെ ആകൃതി. പക്ഷേ, വലിയ കരിങ്കൽപാളികൾ പാകിയ തറയുണ്ടു്. അരയാൾ പൊക്കത്തിലുള്ള ഒരു മതിലും.
ഭണ്ഡാരത്തിൽ ചിത്ര നൂറു് രൂപ ഇട്ടു.
“ഈ കാടിനു നടുവിൽ ഇങ്ങനെയൊരു സ്ഥാപനം നിലനിർത്തുന്നതുതന്നെ വല്യ കാര്യാണ്” താൻ ചെയ്തതിനെ ന്യായീകരിക്കാനെന്ന പോലെ അവൾ പറഞ്ഞു.
“പൂജാരിക്കും ഒന്നു രണ്ടു് സഹായികൾക്കും ജീവിച്ചുപോവാനുള്ള വക കിട്ടുന്നുണ്ടാവും” ഞാൻ പറഞ്ഞതു് അവൾക്കു് ഇഷ്ടപ്പെട്ടതായി തോന്നിയില്ല.
ഞങ്ങൾ ശ്രീകോവിലിനു നേരേ നീങ്ങി. ചിത്രയും മോനും അമ്മയും അച്ഛനുമെല്ലാം തൊഴുതു് പിന്മാറുന്നതുവരെ ഞാൻ മാറി നിന്നു. പിന്നെ മുന്നോട്ടുനീങ്ങി. എനിക്കു് വിഗ്രഹത്തിൽ നോക്കി തൊഴാനുള്ള സൗകര്യമുണ്ടാക്കുന്നതിനായി പൂജാരി അല്പം മാറി നിന്നു. ഞാൻ തൊഴുതു. കരിങ്കല്ലിൽ കൊത്തിയ ഒരു വിചിത്രരൂപം എന്നതിലപ്പുറം വിഗ്രഹം ഏതു് ദൈവത്തിന്റെതാണെന്നൊന്നും എനിക്കു് മനസ്സിലായില്ല. തൃപ്പടിയിൽ ഒരു പത്തു രൂപാ നോട്ടു വെച്ചു് ഞാൻ പ്രസാദത്തിനായി കൈക്കുമ്പിൾ നീട്ടിയപ്പോഴാണു് പൂജാരി വിഗ്രഹത്തിനു തൊട്ടു മുന്നിലുള്ള ഇരുളിൽനിന്നും ഇളനീർ പുറത്തെടുത്തതു്. അതിന്റെ വായവട്ടം നന്നായി ചെത്തിവെച്ചിരുന്നു. പൂജാരി അതിൽ ഒരു സ്പൂണിട്ട് മൂന്നു വട്ടം എന്റെ കൈക്കുമ്പിളിൽ ഇളനീർ ഒഴിച്ചു തന്നു. പെട്ടെന്നാണു് ഞാൻ പൂജാരിയുടെ മുഖത്തേക്കു നോക്കിയതു്. മോഹനൻ! കുടുങ്ങോംകാവിനു മുന്നിൽ ഇളനീർ വിറ്റിരുന്നതായി പറഞ്ഞ മോഹനൻ! വർഷങ്ങൾ പലതു കഴിഞ്ഞു. ഇല്ല, എനിക്കു് തെറ്റു പറ്റിയിട്ടൊന്നുമില്ല. ഇതു് മോഹനൻ തന്നെയാണു്. പക്ഷേ, മോഹനന്റെ മുഖത്തു് യാതൊരു ഭാവവ്യത്യാസവുമില്ല. പരിഭ്രമമോ പരിചയത്തിന്റെ ലക്ഷണമോ ഒന്നും കാണാനില്ല. ഞാൻ പിന്നെയും പിന്നെയും നോക്കുന്നതു കണ്ടിട്ടോ എന്തോ മോഹനൻ വീണ്ടും ഇളനീരിനകത്തേക്കു് സ്പൂണിട്ടു. ഒരിക്കൽകൂടി കൈവെള്ളയിൽ വീണു ഇളം തണുപ്പാർന്ന ആ മധുരിക്കുന്ന വെള്ളം!
ഗ്രന്ഥാലോകം, ആഗസ്റ്റ് 2015.
കഴിഞ്ഞ ദിവസം ഉച്ചയോടടുപ്പിച്ചു് ക്ലിനിക്കിലെത്തിയ ഒരു കവി എന്റെ ഉറക്കം കെടുത്തിക്കളഞ്ഞു. അയാളുടേതിനേക്കാൾ പതിന്മടങ്ങു് സങ്കീർണ്ണമായ പല വ്യക്തികളെയും പലപ്പോഴായി ഞാൻ അഭിമുഖീകരിച്ചിട്ടുണ്ടു്. എന്റെ തൊഴിലിൽ അതു് തികച്ചും സ്വാഭാവികം മാത്രമാണു്. പക്ഷേ, എന്നിട്ടും എന്തുകൊണ്ടോ…
ചെറുപ്പക്കാരനായിരുന്നു ആ കവി. വസ്ത്രധാരണത്തിൽ പ്രകടമായ അശ്രദ്ധയുണ്ടായിരുന്നു അയാൾക്കു്. അശ്രദ്ധ എന്നതിനേക്കാൾ പാന്റ്സും ഷർട്ടും തെരഞ്ഞെടുത്തതിലെ സൗന്ദര്യബോധമില്ലായ്ക എന്നു പറയുന്നതാവും കൂടുതൽ ശരി. രണ്ടും അയാളുടെ ശരീരത്തിന്റെ വലുപ്പവുമായി തീരെ ഇണങ്ങാത്ത വിധം വലുതായിരുന്നു. കടും നിറവും അവിടെയും ഇവിടെയുമൊക്കെയുള്ള പോക്കറ്റുകളും വിചിത്രമായ തയ്യൽപ്പണികളുമെല്ലാം ചേർന്നു് ആ വേഷം അയാൾക്കു് ചെറുതല്ലാത്ത തോതിൽ ഒരു കോമാളിയുടെ ഛായ നൽകിയിരുന്നു. മുഖത്തു് പക്ഷേ, തികഞ്ഞ ഔദ്ധത്യമായിരുന്നു. “ഒരാളെയും ഞാൻ വകവെക്കില്ല” എന്നു് എഴുതി ഒട്ടിച്ചതുപോലെ.
“എന്താ പേര്?” വളരെ സൗമ്യമായാണു് ഞാൻ ചോദിച്ചതു്.
“ഹരി തിത്തിരിയൻ” നല്ല കനത്തിൽ ഏതാണ്ടൊരു തർക്കുത്തരം പറയുന്ന മട്ടിലായിരുന്നു മറുപടി.
“എന്തൊക്കെയുണ്ടു് ഹരീ?” മറുപടിയിലെ ധാർഷ്ട്യം അണുപോലും തിരിച്ചറിഞ്ഞെന്നു ഭാവിക്കാതെയായിരുന്നു എന്റെ രണ്ടാം ചോദ്യം.
“അപ്പോ, സാറിനു് എന്നെ അറിയാം അല്ലേ. പൊതുവെ എല്ലാവർക്കും അറിയാം. എന്റെ കവിതകൾക്കു് നല്ല വായനക്കാരുണ്ടു്. കേരളത്തിൽ എവിടെ പോയാലും ആളുകൾ എന്നെ തിരിച്ചറിയും. പ്രസാധകർക്കും എന്നെ വലിയ കാര്യമാണ്” ഹരിയുടെ മുഖം അഭിമാനബോധം കൊണ്ടു് വികസിച്ചു. അയാൾ നെഞ്ചു് വിരുത്തി ഉടലാകെ നിവർത്തിപ്പിടിച്ചതുപോലെ ഇരുന്നു.
ഹരിയുടെ അസുഖം എനിക്കു് പിടികിട്ടിത്തുടങ്ങിയിരുന്നു. അതു് പുറത്തു കാട്ടാതെ ഞാൻ ചോദിച്ചു:
“എന്താ വന്നതു്?”
“മറ്റൊന്നിനുമല്ല സാർ, നാടകത്തിനുവേണ്ടി ഒരു കലാസമിതി എന്നെ സമീപിച്ചിട്ടുണ്ടു്. അമ്പതിനായിരം അഡ്വാൻസ് തരാമെന്നു പറഞ്ഞിട്ടുമുണ്ടു്. ഒരു ലക്ഷമാണു് എന്റെ റെയ്റ്റ്. ബൈപോളാർ ഡിസ്ഓർഡർ എന്ന അസുഖം ബാധിച്ച ഒരു കഥാപാത്രത്തെ വെച്ചാണു് ഞാൻ പ്ലോട്ട് ഡവലപ് ചെയ്യാൻ ഉദ്ദേശിക്കുന്നതു്. എനിക്കു് ആ അസുഖത്തിന്റെ ലക്ഷണങ്ങളെല്ലാം കൃത്യമായി ഒന്നു മനസ്സിലാക്കണം.”
“ലക്ഷണങ്ങൾ ഞാൻ പറഞ്ഞു തരുന്നതിനേക്കാൾ നല്ലതു് പുസ്തകങ്ങൾ വായിച്ചു് അറിയുന്നതാണു്. മലയാളത്തിൽതന്നെ ഡോ. പി. കെ. സുകുമാരൻ എഴുതിയ പുസ്തകമുണ്ടു്.”
“ശരി. അതു് ഞാൻ സംഘടിപ്പിച്ചോളാം. ഇംഗ്ലിഷ് പുസ്തകങ്ങൾ വല്ലതുമുണ്ടോ. എനിക്കീ മലയാളം വായിക്കാൻ തീരെ താത്പര്യം തോന്നുന്നില്ല.”
“ഉണ്ടല്ലോ. ഇംഗ്ലിഷിൽ ധാരാളം പുസ്തകങ്ങളുണ്ടു്. ഡോ. മോണികാ റാമിറസ് ബാസ്കോയുടെ ദി ബൈപോളാർ വർക് ബുക്, മരിയാ ഹോൺബാച്ചറുടെ മാഡ്നസ് എ ബൈപോളാർ ലൈഫ് അങ്ങനെ ഒരുപാടു് പുസ്തകങ്ങളുണ്ടു്. നിങ്ങളുടെ കഥാപാത്രം സ്ത്രീയോ പുരുഷനോ?”
“കലാസമിതിക്കാരുടെ കയ്യിൽ നല്ല നടിയുണ്ടെങ്കിൽ സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യണമെന്നുണ്ടു്.”
“എങ്കിൽ ഈ രണ്ടു പുസ്തകങ്ങളും വളരെ സഹായകമായിരിക്കും.”
“പിന്നെ ഡോക്ടർ, എഴുത്തുകാരനെന്ന നിലയിൽ എന്നെ എല്ലാവർക്കും അറിയാം. പക്ഷേ, എനിക്കു് അവാർഡൊന്നും കിട്ടിയിട്ടില്ല.” ഹരിയുടെ ശബ്ദത്തിൽ വല്ലാത്ത നിരാശയും പാരവശ്യവും കലർന്നിരുന്നു. ഭാവവും തികച്ചും വ്യത്യസ്തമായിക്കഴിഞ്ഞിരുന്നു. ഉടലിന്റെ ബലം മുഴുവൻ ചോർന്നു് ഞൊടിയിടയിൽ ആള് തന്നെ മാറിപ്പോയതു പോലെ. അത്രയും നേരം എന്റെ മുന്നിൽ പ്രദർശിപ്പിച്ച അതിയായ ആത്മവിശ്വാസത്തിന്റെ നേർവിപരീതത്തിലേക്കു് ഒരു ഗർത്തത്തിലേക്കെന്നപോലെയുള്ള അയാളുടെ വീഴ്ച തീർത്തും അപ്രതീക്ഷിതം തന്നെയായിരുന്നു.
“അവാർഡൊക്കെ പിന്നാലെ വന്നോളുമല്ലോ. ഇപ്പോ, നിങ്ങൾ നിങ്ങളുടെ പണി ചെയ്യുക. അതായതു് എഴുതുക. അതല്ലേ പ്രധാന കാര്യം.”
ഞാൻ പറഞ്ഞതു് ഹരിക്കു് ബോധിച്ചില്ലെന്നു മാത്രമല്ല അയാളെ പ്രകോപിപ്പിക്കുകയും ചെയ്തു. ശബ്ദത്തിൽ തികഞ്ഞ ആധികാരികത വരുത്തി, മുതിർന്ന ഒരാൾ ഒരു കൗമാരക്കാരനോടെന്നപോലെ ഹരി പറഞ്ഞു:
“ഡോക്ടർക്കു് ഈ മേഖലയിലെ സംഗതികളൊന്നും അറിഞ്ഞു കൂടാത്തതുകൊണ്ടാണു്. കുതികാൽവെട്ടിന്റെ ഉസ്താദുമാരാണു് സാഹിത്യകാരന്മാർ കാര്യമായ ഒരവാർഡിന്റെ പരിഗണനയിൽ തുടർച്ചയായി മൂന്നു വർഷം അവസാനറൗണ്ടിൽ വന്നതായിരുന്നു എന്റെ കവിതാസമാഹാരം. കിട്ടിയില്ല. മൂന്നു തവണയും അവസാന നിമിഷം വേറെ ഓരോ പുസ്തകം കയറിവന്നു. കയറിവന്നതല്ല കയറ്റിവെച്ചതാണു്. അതിനു പിന്നിൽ കളിച്ച കക്ഷികളെയൊക്കെ എനിക്കു നന്നായി അറിയാം.”
“ചിലപ്പോ അങ്ങനെ സംഭവിച്ചിട്ടുണ്ടാവാം. പക്ഷേ, കവിയെ സംബന്ധിച്ചിടത്തോളം കവിതയെഴുത്തുതന്നെയാണു് പ്രധാനം. അവാർഡ് കിട്ടിയാൽ പുസ്തകത്തിന്റെ കോപ്പികൾ കുറച്ചധികം വിറ്റുപോവും. സാഹിത്യസമ്മേളനങ്ങളിലും നിങ്ങൾ മുഖ്യാതിഥിയാവും. അതൊക്കെ ചെറിയ സംഗതികളല്ലേ?” ഞാൻ പറഞ്ഞതു് ഹരിക്കു് തീരെ ഇഷ്ടപ്പെട്ടതായി തോന്നിയില്ല. അയാൾ പറഞ്ഞ രീതി പിൻതുടർന്നു് ഞാനും സാഹിത്യകാരന്മാരെക്കുറിച്ചു് പൊതുവിലോ എന്റെ പരിചയത്തിൽ വരുന്ന ഏതെങ്കിലും സാഹിത്യകാരനെക്കുറിച്ചു് പ്രത്യേകമായോ എന്തെങ്കിലും ദൂഷണം പറയണമെന്നാണു് ഹരി ആഗ്രഹിക്കുന്നതെന്ന കാര്യം വ്യക്തമായിരുന്നു. അസുഖകരമായ കനത്ത മൗനവുമായി അയാൾ അല്പനേരം ഇരുന്നു. ഒടുവിൽ ഞാൻ തന്നെ വീണ്ടും സംസാരത്തിലേക്കു കടന്നു.
“ചോദിക്കാൻ വിട്ടുപോയി; ഹരിയുടെ ജോലി എന്താ?”
“എനിക്കങ്ങനെ ജോലിയൊന്നുമില്ല. സർക്കാരുദ്യോഗംന്നൊക്കെ പറയുമ്പോ എനിക്കൊരു പുച്ഛാ. പിന്നെ, ഏതെങ്കിലും സ്വകാര്യസ്ഥാപനം. ഓ, അതൊന്നും തെരഞ്ഞുനടക്കാൻ എനിക്കു് സമയവുമില്ല.”
ഹരിയുടെ മുഖത്തു് പുച്ഛത്തേക്കാളധികം ക്രൗര്യമാണു് നിറഞ്ഞു കണ്ടതു്.
“പക്ഷേ, ജീവിക്കാൻ എന്തെങ്കിലുമൊരു ജോലി വേണ്ടേ?”
“ജീവിക്കാൻ എനിക്കു ബുദ്ധിമുട്ടൊന്നുമില്ല. അച്ഛൻ സമ്പാദിച്ചുവെച്ച പതിനാറേക്കർ റബ്ബർ തോട്ടമുണ്ടു്. ചെറിയ ഒരു പലചരക്കുകടയും. എല്ലാം, അച്ഛൻതന്നെയാണു് നോക്കിനടത്തുന്നതു്. ഞാൻ ഒറ്റ മകനാണു്.”
“വിവാഹം കഴിച്ചോ?”
“ഇല്ല” നാണം കലർന്ന ചെറുചിരിയോടെ അയാൾ പറഞ്ഞു: “എത്രയോ പെൺകുട്ടികൾ പലപ്പോഴായി ഇങ്ങോട്ടു് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടു്. പക്ഷേ, കുറച്ചു കഴിഞ്ഞു മതി ആ അസ്വാതന്ത്ര്യം എന്നാ എന്റെ തീരുമാനം.”
“ശരി, അങ്ങനെയെങ്കിൽ അങ്ങനെ. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ?”
“ഇഷ്ടത്തിന്റെമാത്രം പ്രശ്നമല്ല ഡോക്ടർ. വേറെയും ചില കാര്യങ്ങളുണ്ടു്. ഒന്നു്, എന്നോടു് സാഹിത്യവും ഫിലോസഫിയുമൊക്കെ സംസാരിക്കാൻ പറ്റുന്ന ഒരു പെണ്ണിനെയും ഇതേവരെ എനിക്കു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വലിയ കാര്യത്തിൽ വന്നു് പരിചയപ്പെടുകയും സ്നേഹം നടിക്കുകയും ചെയ്യുന്നവരൊക്കെ സബ്സ്റ്റാൻഡേഡ് പാർട്ടികളാ. അവരിൽ ഒരു കക്ഷിയെയും ജീവിതത്തിലേക്കു വലിച്ചുകയറ്റാൻ പറ്റില്ല. അതു് ഒരു സംഗതി. പിന്നെ, എഴുത്തിനു് ഒരുപാടു് സമയം വേണം. നാടകമെഴുത്തു് ചെറിയ പണിയല്ല. ഒരു നാടകം എഴുതുക എന്നതുതന്നെ വലിയ ജോലിയാണു്. എഴുതിക്കഴിഞ്ഞാൽ നാടകം സ്റ്റേജിൽ എത്തുന്നതുവരെ ഞാൻ കൂടെ വേണ്ടിവരും. നന്നായി ഒരു നാടകം സംവിധാനം ചെയ്യാൻ പറ്റുന്ന ഒരുത്തനും ഇന്നു് കേരളത്തിലില്ല ഡോക്ടർ. നേരാംവണ്ണം അഭിനയിക്കാനറിയുന്നവർതന്നെ വളരെ കുറവു്. എല്ലാം ഞാൻ ചെയ്തു കാണിച്ചുകൊടുക്കണം.”
“അതെന്താ അങ്ങനെ; മലയാളത്തിൽ ഓരോ വർഷവും പ്രൊഫഷനലും അല്ലാതെയുമായി കുറെ നാടകങ്ങൾ സ്റ്റേജിലെത്തുന്നില്ലേ?”
“എന്തു നാടകം? അതിൽ ഏതെങ്കിലുമൊന്നു് കണ്ടുനോക്കണം. വകയ്ക്കു കൊള്ളില്ല. ഒന്നര രണ്ടു മണിക്കൂർ നീളുന്ന നാടകത്തിനകത്തു് ജീവനുള്ള ഒരു സ്വിറ്റേഷനുണ്ടാക്കാൻ പോലും ഇവിടെ നാടക കൃത്തെന്നു പറഞ്ഞു നടക്കുന്ന ഒരുത്തനും അറിയില്ല.”
“പോട്ടെ, മലയാളത്തിൽ നിങ്ങൾക്കു് ഇഷ്ടപ്പെട്ട നാടകകൃത്തു് ആരാ?”
“എനിക്കിഷ്ടപ്പെട്ട ഒരു നാടകകൃത്തും ഇല്ല.”
“മരിച്ചുപോയവരെക്കൂടി ഉദ്ദേശിച്ചാണു് ഞാൻ ചോദിച്ചതു്.”
“മരിച്ചുപോയവരിൽ ങ്ഹാ, സി. എൻ. ശ്രീകണ്ഠൻ നായർ തരക്കേടില്ല. ബാക്കി എല്ലാവരും കണക്കാണ്”
“ശ്രീകണ്ഠൻനായരുടെ ഏതു നാടകമാ ഇഷ്ടപ്പെട്ടതു്?”
“ലങ്കാലക്ഷ്മി. അതു് ഞാൻ ഡിഗ്രിക്കു് പഠിച്ചിരുന്നു. നല്ല കിടിലൻ ഡയലോഗാ.”
“പുതിയ കവികളിൽ ആരെയാ ഇഷ്ടം?”
“ആരോടും എനിക്കങ്ങനെ ഇഷ്ടം തോന്നിയിട്ടില്ല. ആനുകാലികങ്ങളിൽ വരുന്ന കവിതകളൊക്കെ വായിക്കും. ഒന്നും ഇഷ്ടപ്പെടാറില്ല. മലയാളത്തിൽ ഇപ്പോ എഴുതുന്ന എല്ലാവരെക്കാളും നന്നായി ഞാൻ എഴുതും. എഴുത്തിനു് പ്രത്യേകമായ ഒരു ടാലന്റ് വേണം. ഡോക്ടറോടു് ഞാൻ പറയേണ്ടല്ലോ. ആ ടാലന്റുള്ളവർ കുറഞ്ഞുകുറഞ്ഞു വരികയാണു്.”
“എന്തുകൊണ്ടായിരിക്കും അങ്ങനെ?”
“ടാലന്റ് കുറഞ്ഞുവരുന്നതിനു് പ്രത്യേക കാരണം പറയാൻ പറ്റുമോ ഡോക്ടർ?” എന്നെയൊന്നു കൊച്ചാക്കിയതിലുള്ള ആഹ്ലാദം നിറഞ്ഞു തുളുമ്പുന്ന അട്ടഹാസംപോലുള്ള ചിരിയോടെ ഹരി പറഞ്ഞു.
“നിങ്ങളുടെ കവിതകൾക്കെങ്ങനെ, പ്രസിദ്ധീകരിച്ചു വന്നാൽ നല്ല റസ്പോൺസുണ്ടാവാറുണ്ടോ?”
“ഞാനങ്ങനെ പ്രസിദ്ധീകരണത്തിനൊന്നും അയക്കാറില്ല. സുഹൃത്തുക്കളെ വായിച്ചു കേൾപ്പിക്കുകയാണു് പതിവു്. തോട്ടത്തിൽ പോവും. കുറച്ചു സ്മാളടിക്കും. പിന്നെ മണിക്കൂറുകളോളം കവിത ചൊല്ലൽ തന്നെ. ദോസ്തുമാരെല്ലാംകൂടെ ചേർന്നു പാടും. അതൊരു ഹരം തന്നെയാ.”
“ദിവസോം ഇങ്ങനെ സുഹൃത്തുക്കളേം കൂട്ടി സ്മാളടിക്കാൻ നല്ല ചെലവു വരില്ലേ?”
“ഏയ്, അതൊന്നും ഇല്ല. ചില ദിവസങ്ങളിൽ ചെലവു് എന്റെ വകയായിരിക്കും. മിക്ക ദിവസവും മറ്റേതെങ്കിലും സ്പോൺസറുണ്ടാവും. ഗൾഫ് നാടുകളിലൊക്കെ എന്റെ കവിതകളുടെ കാസറ്റ് നല്ലപോലെ പോവുന്നുണ്ടു്. നാട്ടിൽനിന്നുള്ള ഒരുപാടു പേർ ഗൾഫിലുണ്ടു്. എപ്പോ നോക്കിയാലും കൂട്ടത്തിൽ ഏതെങ്കിലുമൊരാൾ നാട്ടിൽ വന്നിട്ടുണ്ടാവും. ചെലവു് മൂപ്പരുടെ വക.”
“കാസറ്റ് ധാരാളമായി വിറ്റുപോകുന്നുണ്ടെങ്കിൽ അതിനു തക്ക കാശും കിട്ടുന്നുണ്ടാവ്വ്വല്ലോ?”
“ങ്ഹാ, തരക്കേടില്ല.”
“ഹരി നന്നായി വായിക്കുമോ? മലയാളം വായിക്കുന്നതിൽ താത്പര്യമില്ലെന്നു പറഞ്ഞു. വിദേശ നോവലുകളൊക്കെ ഒരുപാടു വായിച്ചിട്ടുണ്ടോ?”
“ഹേയ്, ഞാനങ്ങനെ വായിക്കാറൊന്നും ഇല്ല. ഫ്രാൻസിൽനിന്നും ഇംഗ്ലണ്ടിൽനിന്നും ലാറ്റിനമേരിക്കയിൽനിന്നുമൊക്കെ ഓരോരുത്തൻ എഴുതിക്കൂട്ടുന്നതു് ഞാനെന്തിനാ വായിക്ക്ന്ന്? എഴുത്തിന്റെ ടെക്നിക്കൊന്നും ഒരു പുസ്തകത്തിൽനിന്നും എനിക്കറിയേണ്ട. ടൗണിൽ നമ്മുടെ ജോൺസൺ സാറ് പ്രിൻസിപ്പലായിട്ടുള്ള ഒരു കോളജുണ്ടു്. അവിടെ ക്രിയേറ്റീവ് റൈറ്റിങ്ങിൽ ആറു മാസത്തെ ഒരു കോഴ്സ് തുടങ്ങാൻ പോവുകയാ. എച്ച്. ഒ. ഡി.-യാകാൻ എന്നെ വിളിച്ചിട്ടുണ്ടു്. സാലറിയുടെ കാര്യം സംസാരിച്ചുറപ്പിക്കണം. എന്നിട്ടേ ജോയിൻ ചെയ്യാൻ പറ്റൂ” ശബ്ദത്തിൽ തികഞ്ഞ ഗൗരവം വരുത്തി നിറഞ്ഞു തുളുമ്പുന്ന ഗമയോടെയാണു് ഹരി പറഞ്ഞതു്.
ജോൺസൺ എന്റെ അടുത്ത സുഹൃത്താണു്. കഴിഞ്ഞ ദിവസവും കണ്ടിരുന്നു. സ്ഥാപനത്തിൽ ഫാഷൻ ടെക്നോളജി ഡിപ്ലോമാ കോഴ്സ് തുടങ്ങുന്നതിനെപ്പറ്റി എന്നോടു് അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു. ക്രിയേറ്റീവ് റൈറ്റിങ് എന്നൊരു സംഗതി എന്തായാലും ജോൺസന്റെ തലയിൽ വരില്ല. ഇതു് മിക്കവാറും ഹരി കെട്ടിച്ചമച്ചതാവും. വേണമെങ്കിൽ ഇപ്പോൾതന്നെ ജോൺസണെ വിളിച്ചു് സംശയം തീർക്കാം. പക്ഷേ, ഹരിയെ നാണം കെടുത്തി അയയ്ക്കാമെന്നല്ലാതെ അതു കൊണ്ടു് മറ്റു പ്രയോജനമൊന്നുമില്ലല്ലോ എന്നു വിചാരിച്ചു് ആ ആലോചന അപ്പോൾതന്നെ ഞാൻ ഉപേക്ഷിച്ചു.
എനിക്കു് നല്ല വിശപ്പു് തുടങ്ങിയിരുന്നു. ഹരിയെ വിട്ട ശേഷം ഊണു കഴിക്കാൻ പോവാമെന്നു് തീരുമാനിക്കുകയാണെങ്കിൽ അയാളെ ഏതെങ്കിലും ഒരു തിരിവിൽ എത്തിച്ചു് പെട്ടെന്നു് ഒഴിവാക്കണം. അതു പക്ഷേ, വേണ്ടെന്നു തോന്നി. എന്റെ അടുത്തു് ആദ്യമായാണു് ഇങ്ങനെ ഒരാൾ കൺസൾട്ടേഷനു വരുന്നതു്. ഡിപ്രഷന്റെ പ്രശ്നവുമായാണു് കുറെയേറെപ്പേർ വരിക. പിന്നെ വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട കാര്യമായ ചില തടസ്സങ്ങൾ കാരണം മുന്നോട്ടുപോകാൻ പ്രയാസപ്പെടുന്നവർ, അഴിച്ചെടുക്കാൻ വളരെ വിഷമമുള്ള ജീവിത പ്രശ്നങ്ങളിലും വിഷമകരമായ വ്യക്തിബന്ധങ്ങളുടെ ഊരാക്കുടുക്കുകളിലും പെട്ടു പോയവർ. പിന്നെ ഏതു ജീവിതത്തിലും സംഭവ്യമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ രോഗം എന്നു് തെറ്റിദ്ധരിച്ചു വരുന്നവർ. ഹരി ഈ കൂട്ടത്തിലൊന്നുമല്ല. അയാളുടെ മാനസികാവസ്ഥ മാറ്റിയെടുക്കുക എളുപ്പമല്ല. എങ്കിലും അയാളെ കുറച്ചുകൂടി സംസാരിക്കാൻ അനുവദിക്കുന്നതുതന്നെയാണു് നല്ലതു്.
“നമുക്കു് ഊണു കഴിച്ചു വന്നാലോ ഹരീ” എന്റെ നിർദ്ദേശം അയാൾ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. ഹോട്ടലിലേക്കു് നടക്കുമ്പോൾ ഹരി തല നല്ലപോലെ ഉയർത്തിപ്പിടിച്ചു് ശരീരത്തിനു് ഉള്ളതിലധികം ഭാരം ഭാവിച്ചാണു് ഓരോ ചുവടും വെക്കുന്നതെന്നു് ഞാൻ ശ്രദ്ധിച്ചു.
ഹോട്ടലിൽ ഞങ്ങൾ അടുത്തടുത്താണിരുന്നതു്. ഭക്ഷണം ആവശ്യത്തിലേറെ ശബ്ദമുണ്ടാക്കിയും വലിയ രുചി ഭാവിച്ചുമാണു് അയാൾ കഴിച്ചതു്. ചോറും കറിയും വലിയ വലിയ ഉരുളകളാക്കി “ഊഫ്” എന്ന ഒച്ചയുണ്ടാക്കി വിഴുങ്ങുകയായിരുന്നു. എനിക്കതു് വല്ലാതെ അരോചകമായി തോന്നി. ഊണു കഴിച്ച ഉടൻ ഹരി കൈകഴുകി പുറത്തേക്കു പോയി റോഡരികിൽ ചെന്നുനിന്നു. ബില്ല് കൊടുക്കേണ്ടതു് എന്റെ ചുമതലയാണെന്നും താൻ അതിനുള്ള ഒരവസരം ഉണ്ടാക്കിത്തന്നതുമാണെന്ന മട്ടായിരുന്നു അയാൾക്കു്.
ക്ലിനിക്കിൽ എന്നെ കാണാൻ രണ്ടു പേർ എത്തിയിരുന്നു. “അല്പം കഴിഞ്ഞു കാണാം, കാത്തിരിക്കൂ” എന്നു് കയ്യാംഗ്യം വഴി അവരെ അറിയിച്ചു് ഞാൻ ഹരിയെയുംകൊണ്ടു് മുറിയിലേക്കു കയറി.
ഹരി എന്റെ മേശയ്ക്കപ്പുറത്തെ കസേരയിലിരുന്നു് സുഖാലസ്യത്തിലെന്നപോലെ പുറകോട്ട് അല്പമായി ചാഞ്ഞു. അയാൾ ആ ഇരിപ്പിൽ കുറെ നേരം ഇരുന്നേക്കുമെന്നു് എനിക്കു തോന്നി.
“നോക്കൂ ഹരീ, പുറത്തു് രണ്ടുപേർ കാത്തുനിൽക്കുന്നതു കണ്ടില്ലേ, അവരു് രാവിലെ വിളിച്ചു് അപ്പോയിന്റ്മെന്റ് വാങ്ങിയവരാ. അവരെ അധിക നേരം ഇരുത്തിക്കാൻ പറ്റില്ല” അല്പം അധികാരഭാവത്തിൽ തന്നെയാണു് ഞാൻ പറഞ്ഞതു്.
“ഓ, അതൊക്കെ സില്ലി കേസുകളാ, കണ്ടാൽതന്നെ അറിയില്ലേ. ഞാൻ വിചാരിച്ചാൽതന്നെ അവന്മാർക്കു് കൗൺസലിങ് കൊടുക്കാൻ പറ്റും. ഇതൊന്നും അത്ര വലിയ കാര്യം അല്ല ഡോക്ടറേ. ഈ സൈക്കോളജീന്നു് പറഞ്ഞാത്തന്നെ…”
“ഹരിക്കു് പൊളിറ്റിക്സിൽ താത്പര്യംണ്ടോ?” അയാൾ ആ മട്ടിൽ പറഞ്ഞു മുന്നേറുന്നതിനു തടയിടാനായിത്തന്നെ ഞാൻ ചോദിച്ചു.
“രാഷ്ട്രീയക്കാരൊക്കെ വെറും കള്ളന്മാരല്ലേ. എനിക്കതിൽ താല്പര്യമേ ഇല്ല.”
“ഞാൻ വ്യക്തികളായ രാഷ്ട്രീയക്കാരെയോ രാഷ്ട്രീയകക്ഷികളെയോ കുറിച്ചല്ല ചോദിച്ചതു്. രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ കാര്യത്തിൽ?”
“മാർക്സിസം ഞാൻ കൊറേ വായിച്ചുനോക്കിയതാ. ഭയങ്കര ബോറിങ്ങല്ലേ സംഗതി? മൂലധനൊക്കെ ആർക്കെങ്കിലും വായിക്കാൻ പറ്റ്വോ? അല്ലെങ്കിലും സിദ്ധാന്തത്തിലൊന്നും ഒരു കാര്യം ഇല്ല. കവിത, നാടകംന്നൊക്കെ പറഞ്ഞാ അതു വേറെതന്നെയാ. രാഷ്ട്രീയക്കാർക്കൊന്നും അതുമ്മല് തൊട്ട് കളിക്കാൻ പറ്റൂല്ല.”
“ശരി, ഹരി നാടകത്തിന്റെ കാര്യം പറഞ്ഞു. വേറേ ഏതെങ്കിലും പ്രൊജക്റ്റ് മനസ്സിലുണ്ടോ?”
“ഒരു ഫിലിമിന്റെ ഐഡിയയുണ്ടു്. സ്ക്രിപ്റ്റ് വർക്ക് മുക്കാലും കഴിഞ്ഞു.”
“ആരാ ഡയരക്ടറ്?”
“നാട്ടിൽതന്നെയുള്ള ഒരു പയ്യനാ. പക്ഷേ, പണി മിക്കവാറും ഞാൻ തന്നെ ചെയ്യേണ്ടിവരും.”
“അതെന്താ അങ്ങനെ?”
“സാറിനു് ഇതൊന്നും അറിഞ്ഞുകൂടാത്തതുകൊണ്ടാ. സിനിമ ഡയറക്ട് ചെയ്യാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ നാട്ടില്. എല്ലാം വെറും പോസിങ്ങല്ലേ” ഒരിക്കൽകൂടി എന്നെ ചെറുതാക്കിയതിന്റെ ആഹ്ലാദം അയാളുടെ മുഖത്തു തെളിഞ്ഞു.
“നിങ്ങള് ഡയറക്ഷൻ പഠിച്ചിട്ടുണ്ടോ?”
“ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചിട്ടൊന്നും ഇല്ല. അതിന്റെയൊന്നും ആവശ്യമില്ല. ഒരുപാടു് ഫിലിംസ് കണ്ടിട്ടുണ്ടു്. അങ്ങനെ സ്ക്രിപ്റ്റ് റൈറ്റിങ്ങിന്റേം ഡയരക്ഷന്റേം എല്ലാ ആംഗിളുകളെപ്പറ്റീം കൃത്യമായ ഐഡിയ ഉണ്ടാക്കീട്ട്ണ്ടു്. ഫോട്ടോഗ്രാഫി പിന്നെ നേരത്തേ എന്റെയൊരു ഹോബിയാ. ഞാനീ ചെയ്യാൻപോവുന്ന ഫിലിമുണ്ടല്ലോ, ഡോക്ടറ് നോക്കിക്കോ, നാഷണൽ അവാർഡ് ഷുവറാ. അത്ര എക്സലന്റ് സ്ക്രിപ്റ്റാ. പക്ഷേ…”
ഹരി പെട്ടെന്നു് വളരെ മൂഡിയായി. അയാൾ മുഖം താഴ്ത്തി കുറച്ചുനേരം ഒരേ ഇരിപ്പിരുന്നു. “പക്ഷേ,” എന്നു പറഞ്ഞു് മുഴുമിപ്പിക്കാതെ വിട്ട കാര്യം എന്തെന്നു് എനിക്കു് ചോദിക്കാമായിരുന്നു. അതു് ഞാൻ ചെയ്തില്ല. ഹരി എന്റെയടുത്തു വന്നതു് നാടകമെഴുതാൻ ബൈ പോളാർ ഡിസീസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു് അറിയാൻ വേണ്ടിയല്ലെന്ന കാര്യം ഉറപ്പാണു്. അയാൾക്കു് അയാളുടെതായ പല പ്രശ്നങ്ങളും അവതരിപ്പിക്കാനുണ്ടു്. പക്ഷേ, സ്വയം ഊതിവീർപ്പിച്ചുണ്ടാക്കിയ വലുപ്പം ഹരിയെ അതിനു് സമ്മതിക്കില്ല. പറ്റുമെങ്കിൽ ഞാൻ സ്വന്തം നിലയ്ക്കു് അതു് കണ്ടെത്തി അയാളെ പ്രശ്നപരിഹാരത്തിന്റെ വഴിയിൽ എത്തിക്കണം. അപ്പോഴും അതു് അയാളുടെ ഒരാവശ്യമെന്നതിനേക്കാൾ എന്റെ ആവശ്യമായിരിക്കും. ഈയൊരു തീർപ്പുമായിട്ടാണു് അയാളുടെ മൗനം പുതച്ചുള്ള ഇരിപ്പു്. അല്പനേരം ഞാനും മിണ്ടാതെ ഇരുന്നു. പിന്നെ ചോദിച്ചു:
“സ്മാളടിക്കുന്ന കാര്യം ഹരി നേരത്തേ പറഞ്ഞു. ഈയിടെയായി മദ്യപാനം വല്ലാതെ കൂടുന്നുണ്ടോ?” എന്റെ ചോദ്യം ഹരിയെ ഉണർത്തി. വലിയ ആവേശത്തോടെ അയാൾ പറഞ്ഞു: “ഉണ്ടു് ഡോക്ടർ. മദ്യപിക്കാതെ എങ്ങനെയാ ഈ സമൂഹത്തിൽ ജീവിക്കുക. ടോട്ടലി കറപ്റ്റഡ് ആയ പൊളിറ്റിക്സ്, കാലുപിടിത്തംകൊണ്ടു മാത്രം കാര്യം സാധിക്കുന്ന സാഹിത്യരംഗം, ചരടുവലിയിൽ മാത്രം അവാർഡുകൾ തീരുമാനിക്കപ്പെടുന്ന സിനിമാരംഗം, തകർന്ന വിദ്യാഭ്യാസമേഖല, യാതൊരു മൊറാലിറ്റിയുമില്ലാത്ത മാധ്യമരംഗം, ഒന്നിനും കൊള്ളാത്ത കുറെ മനുഷ്യന്മാരും. ഇതിന്റെയൊക്കെ ഇടയിൽ സ്വബോധത്തോടെ ദിവസം മുഴുവൻ കഴിയുകാന്നു് വെച്ചാ അതിൽപ്പരം ബോറുണ്ടോ? എനിക്കെന്തായാലും ഒരു സൗകര്യംണ്ടു്, വൈകുന്നേരമാവുമ്പോ എന്റെ കുറെ ഫാൻസ് വരും. അധികവും എന്റെ കവിത തലയ്ക്കു പിടിച്ചവർ തന്നെ. പിന്നെ, ഞാൻ മുമ്പെഴുതിയ നാടകങ്ങളിൽ അഭിനയിച്ച കക്ഷികളും. എല്ലാവരും കൂടി ബാറിലേക്കു് ഒരു പോക്കു പോകും. ഇല്ലെങ്കിൽ നേരേ തോട്ടത്തിൽ കയറും. അവിടെയിരുന്നു് അടിച്ചുഫിറ്റായി ഉറക്കെ എന്റെ കവിതകൾ ചൊല്ലും. ഞാനും കൂട്ടത്തിൽ കൂടും. അതൊരു ഹരം തന്നെയാണു്.”
സന്തോഷംകൊണ്ടു് ആകെ പൂത്തുലഞ്ഞതുപോലെ ഹരി വല്ലാത്ത ഒരു ചിരിചിരിച്ചു. ആ ചിരി പ്രതീക്ഷിച്ചതിലധികം നീണ്ടുപോയി.
ചിരി അസഹ്യമായി തോന്നിയപ്പോൾ ഞാൻ തിടുക്കപ്പെട്ടു ചോദിച്ചു: “ഹരി കഞ്ചാവു് ഉപയോഗിക്കാറുണ്ടോ?”
പതിവായിട്ടില്ല. വയനാട്ടിൽ എന്റെ ഒരാരാധകനുണ്ടു്. ഈരണ്ടാഴ്ച കൂടുമ്പോൾ എന്നെ കാണാൻ മാത്രമായി അവൻ വരും. വരുമ്പോ ഫസ്റ്റ് ക്ലാസ് സാധനം കയ്യിലുണ്ടാവും. അതു് ഞാൻ ആരുമായും പങ്കു വെക്കില്ല. ഒറ്റയ്ക്കു് വീട്ടിലിരുന്നു് പുകയ്ക്കും. പാതിര കഴിഞ്ഞേ സംഗതി നടക്കൂ. പക്ഷേ, നല്ല ഇൻസ്പിരേഷൻ കിട്ടും. ഭാവന ചിറകു വിരുത്തി പറക്കുകാന്നു് പറയുന്നതൊക്കെ അപ്പോഴാ ശരിക്കു് നടക്കുക. എന്റെ കുറെ വർക്സ് അങ്ങനെ ഉണ്ടായതാ.”
“ഹരി കുറെ വർക് ചെയ്തു, പക്ഷേ, കേരളത്തിൽ പൊതുവേ അറിയപ്പെടുന്ന ഒരു തലത്തിലേക്കു് ഉയരാൻ പറ്റുന്നില്ല. അതിൽ വിഷമം തോന്നാറുണ്ടോ?”
മുഖം പെട്ടെന്നൊന്നു് മങ്ങിയെങ്കിലും വളരെ വേഗം പ്രസാദം വീണ്ടെടുത്തെന്നു വരുത്തി അയാൾ പറഞ്ഞു: “എനിക്കങ്ങനെ വിഷമം തോന്നാറൊന്നുമില്ല. ഒന്നാമത്തെ കാര്യം കേരളം മുഴുക്കെ ഒരുപാടു പേർക്കു് എന്നെ അറിയാം. അറിയാം എന്നു മാത്രമല്ല, അവരൊക്കെ എന്റെ കവിതയ്ക്കും നാടകത്തിനും വേണ്ടി കാത്തിരിക്കുന്നവരാണു്.”
ഹരിയെ ഇനിയും അധികനേരം സംസാരിക്കാൻ വിടേണ്ടതില്ല എന്നെനിക്കു തോന്നി. അയാളെ പ്രകോപിപ്പിച്ചു് പെട്ടെന്നു് ഒഴിവാക്കാനുള്ള വിദ്യ ഞാൻ പ്രയോഗിച്ചു. ഞാൻ പറഞ്ഞു:
“ഹരി ഒരു കാര്യം ചെയ്യണം. തൽക്കാലം ഒരു മാസത്തേക്കെങ്കിലും മദ്യപാനവും കഞ്ചാവടിയുമൊക്കെ ഒന്നു നിർത്തണം. അതിനു ശേഷം നമുക്കു വീണ്ടും കാണാം. എന്താ പ്രശ്നംന്നു് വെച്ചാ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം അവനവനെക്കുറിച്ചു് കുറെ തെറ്റിദ്ധാരണകളുണ്ടാക്കും. പലരുടെയും കാര്യത്തിൽ അങ്ങനെയാണു് കണ്ടു വരുന്നതു്.”
ആകെ വിരണ്ടുപോയതുപോലെ ഹരി പെട്ടെന്നു് എഴുന്നേറ്റു. അയാളുടെ കവിളുകൾ വലിഞ്ഞുമുറുകുകയും ചുണ്ടുകൾ വിറയ്ക്കുകയും കൈത്തണ്ടകൾ ചീർക്കുകയും ചെയ്തു. “ശരി ഞാൻ പോവുന്നു, ഇതാ, നിങ്ങളുടെ ഫീസ്” എന്നു് കനപ്പിച്ചു പറഞ്ഞു് നൂറ് രൂപയുടെ ഒരു നോട്ടെടുത്തു് മേശപ്പുറത്തേക്കു് വലിച്ചെറിഞ്ഞു് വാതിൽ വലിയ ഒച്ചയിൽ വലിച്ചുതുറന്നു് അയാൾ പുറത്തേക്കിറങ്ങി.
പ്രസാധകൻ ഓണപ്പതിപ്പു്, ആഗസ്റ്റ് 2015.
വരൂ; ഇരിക്കൂ. നിങ്ങളുടെ മുഖത്തു് തെളിഞ്ഞുകാണുന്ന അമിത പ്രതീക്ഷ എന്നെ അല്പം അലോസരപ്പെടുത്തുന്നുണ്ടു്. പുറത്തു വെച്ചിരിക്കുന്ന ബോർഡാണു് ഈ പ്രതീക്ഷയുടെ അടിസ്ഥാനം എന്നറിയാം. പക്ഷേ, ഒരു കാര്യം ആദ്യമേതന്നെ പറയാം. നിങ്ങളുടെ ഭൂത കാലത്തെപ്പറ്റി കാര്യമായി എന്തെങ്കിലും ഞാൻ പറയുമെന്നു് കരുതരുതു്. വർത്തമാനത്തെയും ഭാവിയെയുംകുറിച്ചു് ചില ഊഹങ്ങൾ സാധിക്കും. അവ സത്യമാവാൻതന്നെയാണു് കൂടുതൽ സാധ്യത.
ഞാനൊരു ജ്യോതിഷിയോ ദിവ്യനോ അല്ല. നക്ഷത്രങ്ങളെക്കുറിച്ചു് സാമാന്യം നന്നായി ചില കാര്യങ്ങൾ ധരിച്ചുവെച്ചിട്ടുണ്ടു്. എങ്കിലും ജാതകപ്പൊരുത്തം നോക്കാനോ ജാതകത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾക്കോ മുതിരാറില്ല. അതിലൊന്നും എനിക്കു് വിശ്വാസമില്ല എന്നതുതന്നെ കാരണം.
ഇത്രയും കാലത്തെ പരിചയത്തെ ആധാരമാക്കി ഈ പ്രദേശത്തുള്ളവരെക്കുറിച്ചു് സ്വരൂപിക്കാൻ കഴിഞ്ഞ ധാരണയുടെ അടിസ്ഥാനത്തിൽ ഒരു കാര്യം എനിക്കു് നിസ്സംശയമായും പറയാൻ കഴിയും: ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗം അവരുടെ ഭാവിയെപ്പറ്റി വലിയ ആശങ്കകളുള്ളവരാണു്. അവരിൽ ജാതകപരിശോധന നടത്തി ഫലം പറയണമെന്നു നിർബന്ധമുള്ളവർ എന്നെ സമീപിക്കാറില്ല. അത്തരക്കാരെ തൃപ്തിപ്പെടുത്താനാവുന്ന അഞ്ചു് ജ്യോത്സ്യന്മാർ ഈ ചെറു നഗരത്തിൽതന്നെ ഉണ്ടു്. അവരിൽ ഒരാൾ മാസത്തിൽ ഒരിക്കലെങ്കിലും എന്നെ വന്നുകണ്ടു് സ്വന്തം മനഃപ്രയാസങ്ങൾക്കു് പരിഹാരം തേടാറുമുണ്ടു്.
ആളുകൾക്കു് എന്നെക്കുറിച്ചുള്ള ധാരണ ഞാൻ വലിയൊരു പണ്ഡിതനും മനഃശാസ്ത്രജ്ഞനുമൊക്കെയാണു് എന്നാണു്. ഞാനായിട്ടു് അതു് തിരുത്താനുള്ള ശ്രമമൊന്നും നടത്താറില്ല. മറ്റുള്ളവർ നമ്മെപ്പറ്റി എന്തു് ധരിച്ചാലും അതു് തിരുത്താൻ നമ്മൾ പാടുപെടേണ്ടതില്ല. അത്തരം ശ്രമങ്ങൾ നമ്മുടെ മനസ്സിന്റെ ഭാരം വർധിപ്പിക്കുകയേ ഉള്ളൂ.
“ശരി. ഞാൻ നിങ്ങളുടെ കാര്യത്തിലേക്കുതന്നെ വരാം. നിങ്ങൾക്കു് നക്ഷത്രഫലത്തിൽ വിശ്വാസമുണ്ടോ?”
“ഇല്ല, ആ വഴിക്കൊന്നും ഞാൻ ആലോചിക്കാറില്ല.”
“പോട്ടേ, നിങ്ങളുടെ നക്ഷത്രം എന്താണെന്നറിയുമോ?”
“രേവതി.”
“രേവതിയാണു് നിങ്ങളുടെ നക്ഷത്രം അല്ലേ. അപ്പോ എന്റെ ഊഹം തെറ്റിയില്ല. ഈ നക്ഷത്രക്കാർ പൊതുവേ മാന്യമായി പെരുമാറുന്നവരും മറ്റുള്ളവരെ സഹായിക്കുന്നതിൽ തത്പരരുമായിരിക്കും. ഉയർന്ന വ്യക്തിത്വമുള്ളവരും കലാഹൃദയമുള്ളവരും നിസ്വാർത്ഥരുമായ ആളുകൾ. പക്ഷേ, ചില പ്രശ്നങ്ങളുണ്ടു്. പ്രധാനപ്പെട്ട ഒരു കാര്യംമാത്രം പറയാം. പിടിയാനയാണു് ഈ നക്ഷത്രക്കാരുടെ മൃഗം. ആനയുടെ കാര്യം അറിയാമല്ലോ. അതിനു് സ്വന്തം ബലത്തെപ്പറ്റി മിക്ക സമയത്തും ബോധമുണ്ടാവില്ല. നിങ്ങളുടെ കാര്യവും അങ്ങനെതന്നെയാണു്. നിങ്ങൾക്കു് ആത്മവിശ്വാസം കുറവാണു്. ലോകം അതു വളരെ പെട്ടെന്നു തിരിച്ചറിയും. ആത്മവിശ്വാസം കുറഞ്ഞ ഒരാളെ ചവിട്ടിത്താഴ്ത്തുന്നതിൽ ലോകത്തിനു് വലിയ ഉത്സാഹമായിരിക്കും. ഉദാഹരണത്തിനു് നിങ്ങൾ ഒരു ചർച്ചാവേദിയിൽ വായനയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുന്നുവെന്നു് വെക്കുക. പൊതുവേ എല്ലാവർക്കും സ്വീകാര്യമാവാൻ ഇടയുള്ള സംഗതികളേ നിങ്ങൾ പറയുന്നുള്ളൂ എന്നും വെക്കുക. എങ്കിൽതന്നെ തുടർന്നു സംസാരിക്കുന്നവരെല്ലാം നിങ്ങളെ എതിർത്തു് സംസാരിക്കും. അവർ പറയുന്നതിനെക്കുറിച്ചു് അവർക്കു തന്നെ ബോധ്യമുണ്ടാവില്ല. എങ്കിലും, വായന ഗുണം ചെയ്യും എന്നു് ഏതു് സ്ഥിതിവിവരക്കണക്കിലാണു് പറഞ്ഞിട്ടുള്ളതു്? വായനയെപ്പറ്റി ഷെയ്ക്സ്പിയർ പറഞ്ഞ കാര്യം സൂചിപ്പിക്കാതിരുന്നതെന്താണു്? വായിച്ചാൽ മാത്രമേ വളരൂ എന്നുണ്ടോ, നല്ല ആഹാരം കഴിച്ചാലും വളരില്ലേ? എന്നൊക്കെ അവർ ചോദിക്കും. ചുരുക്കത്തിൽ ചർച്ചാ സമ്മേളനം കഴിയുമ്പോഴേക്കും നിങ്ങൾ നന്നായി അപമാനിതനായല്ലോ എന്ന സംതൃപ്തിയിൽ പല മുഖങ്ങളും പ്രകാശപൂരിതമാവും. ഈയിടെയായി നിങ്ങളുടെ ജീവിതത്തിൽ അങ്ങനെയുള്ള അനേകം അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടു്. അതിൽ ദുഃഖിച്ചിട്ടു് കാര്യമൊന്നുമില്ല. മാറ്റാൻ പറ്റാത്ത ചില സംഗതികൾ ഓരോ മനുഷ്യന്റെ കാര്യത്തിലും ഉണ്ടു്. മറ്റുള്ളവരിൽനിന്നു് ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങൾ ഉണ്ടാവുക എന്നതു് നിങ്ങളുടെ തലവിധിയാണു് എന്നു മനസ്സിലാക്കുക. ആശാവഹമായ ഒരു കാര്യമുള്ളതു് ലോകത്തിനു് നിങ്ങളുടെ നേർക്കുള്ള മനോഭാവത്തെ ഒരു പരിധിക്കപ്പുറം നിങ്ങൾ പരിഗണിക്കുന്നില്ല എന്നതാണു്. ഈ നിലപാടു് കൈവിടാതെ മുന്നോട്ടുപോവുക. ഇച്ഛാഭംഗങ്ങളെയും മനഃപ്രയാസങ്ങളെയും മറികടക്കാൻ അതു് നിങ്ങളെ സഹായിക്കും.
ഇന്നിപ്പോൾ നിങ്ങൾ ഇവിടെ വന്നിരിക്കുന്നതു് വലിയ പ്രതീക്ഷയോടെയാണെന്നു് ഞാൻ ആരംഭത്തിൽ പറഞ്ഞതു് ശരിയായിരുന്നു. പക്ഷേ, ഏതാനും മിനുട്ടുകൾക്കകംതന്നെ നിങ്ങളുടെ മനസ്സു് മറ്റൊരു വഴിയിൽ എത്തിച്ചേർന്നു കഴിഞ്ഞു. ഹൃദയം തുറന്നുള്ള ഒരു സംഭാഷണത്തിനും പരസ്പരധാരണ രൂപപ്പെടുത്തുന്നതിനും നിങ്ങൾ സജ്ജനായിക്കഴിഞ്ഞു. ഇനി പറയൂ, എന്താണു് നിങ്ങളുടെ പ്രശ്നം? എന്താണു നിങ്ങൾക്കു് അറിയേണ്ടതു്?”
“പ്രശ്നം എന്നു പറയാൻ പ്രത്യേകിച്ചൊന്നും ഇല്ല.”
“ഇപ്പോൾ പറഞ്ഞതു് ശരിയാണെന്നു തോന്നുന്നില്ല; ഒരു പ്രശ്നവുമില്ലാത്ത ഒരാൾ എന്നെ കാണാൻ വരില്ല.”
“ഇല്ല, കാര്യമായ പ്രശ്നമൊന്നുമില്ല.”
“അപ്പോൾ എന്തോ ഒരു പ്രശ്നമുണ്ടു്. അതു് എന്നോടു് പറയാൻ താങ്കൾക്കു വിഷമവുമുണ്ടു്. അതവിടെ നിൽക്കട്ടെ. നമ്മൾ തമ്മിൽ ശരിക്കൊന്നു പരിചയപ്പെടും മുമ്പാണു് ഞാൻ സംസാരിച്ചുതുടങ്ങിയതു്. സോറി. പറയൂ, എന്താണു് നിങ്ങളുടെ പേരു്? എവിടെയാണു് ജോലി?”
“പേരു് ആഗ്നേയ്; ജോലി യൂനിവേഴ്സിറ്റിയിലാണു്.”
“ആഗ്നേയ്, ആ പേരു് എനിക്കു സുപരിചിതമാണു്. സമീപകാലത്തു് വന്ന ഒരു നോവലെറ്റിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണതു്.”
“ആണോ? ഞാനതു് വായിച്ചിട്ടില്ല.”
“നിങ്ങൾ യൂനിവേഴ്സിറ്റിയിലാണെന്നു പറഞ്ഞു; പ്രൊഫസറാണോ?”
“അല്ല, ഓഫീസിലാണു്.”
“മിസ്സിസ് ?”
“അവൾ സ്കൂൾടീച്ചറാണു്.”
“കുട്ടികൾ?”
“രണ്ടുപേരുണ്ടു്. ഒരാൾ നൈൻതിൽ മറ്റേയാൾ സിക്സ്തിൽ.”
“രണ്ടുപേരും ഇംഗ്ലിഷ് മീഡിയത്തിലാണു്?”
“അതെ.”
“നിങ്ങൾക്കു് പൊളിറ്റിക്സിൽ താല്പര്യമുണ്ടോ?”
“കാര്യമായ താല്പര്യമൊന്നുമില്ല.”
“എങ്കിലും ഇടതുപക്ഷക്കാരനാണു് അല്ലേ?”
“എന്നു പറയാം.”
“കുടുംബപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ?”
“വൈഫിന്റെ വീട്ടുകാരും ഞാനും തമ്മിൽ അത്ര സുഖത്തിലല്ല.”
“എന്താ പ്രശ്നം?”
“വൈഫിന്റെ അച്ഛൻ റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെ ആളാ. എന്റെ കല്യാണം കഴിയുമ്പോ വലിയ സ്ഥിതിയിലൊന്നുമായിരുന്നില്ല. ഇപ്പോ പക്ഷേ, ആളങ്ങു് കൊഴുത്തു. രാഷ്ട്രീയനേതാക്കന്മാരുമായിട്ടൊക്കെ നല്ല ലോഹ്യത്തിലാണു്. ഒരു മന്ത്രിയും കൈപ്പിടിയിലുണ്ടു്. എല്ലാംകൊണ്ടും എടുത്താൽ പൊങ്ങാത്ത അഹങ്കാരമാണു്.”
“മൂപ്പരു് മൂപ്പരുടെ അഹങ്കാരവുംകൊണ്ടു് ഇരുന്നോട്ടെ. നിങ്ങൾക്കു നിങ്ങളുടെ വഴിക്കു പോവാലോ?”
“പോവാം. അതുതന്നെയാണു് ഇപ്പോ ചെയ്യുന്നതു്. പക്ഷേ, മൂപ്പരു് അഹങ്കാരവുംകൊണ്ടു് അടങ്ങിയിരിക്കില്ല. അതു് മുഴുവൻ മറ്റുള്ളവരുടെമേൽ പ്രയോഗിക്കും. വൈഫിനും അതിന്റെ അസുഖം ചെറിയ തോതിൽ വന്നുപെട്ടിട്ടുണ്ടു്.”
“അതൊക്കെ കണ്ടില്ലാ, കേട്ടില്ലാ എന്നുവെച്ചു് മുന്നോട്ടുപോവാനേ പറ്റൂ. ഏറ്റവും അടുത്ത ആളുകളായാലും ഒരു പരിധിക്കപ്പുറം അവരെ നമുക്കു സ്വാധീനിക്കാനും നന്നാക്കാനും കഴിയില്ല. നിങ്ങൾ പറഞ്ഞ പ്രശ്നം കുറച്ചു പ്രയാസങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ടാവും. പക്ഷേ, അതൊന്നും വലിയ സംഗതികളല്ലെന്നു നിങ്ങൾക്കു നന്നായി അറിയാം. ഒരു പരിധിക്കപ്പുറം അത്തരം പ്രശ്നങ്ങളൊന്നും നിങ്ങളെ ബാധിക്കുകയുമില്ല. യഥാർത്ഥ പ്രശ്നം മറ്റെന്തോ ആണു്; അല്ലേ?”
“ആണെന്നു പറയാം. പക്ഷേ, യഥാർത്ഥത്തിൽ എന്റെ പ്രശ്നം എന്താണെന്നു് എനിക്കുതന്നെ അറിയില്ല.”
“പലരുടെയും സ്ഥിതി അതുതന്നെയാണു്. പിന്നെ, ഒരു കാര്യം കൂടി ചോദിക്കട്ടെ, നിങ്ങൾ സാഹിത്യം, കല ഇത്യാദി കാര്യങ്ങളിൽ താല്പര്യമുള്ള ആളാണോ? ജന്മനക്ഷത്രപ്രകാരം അങ്ങനെ ആയിരിക്കണം.”
“അതെ.”
“എന്തിലാണു് താത്പര്യം?”
“സാഹിത്യത്തിൽ.”
“കവിതയെഴുതാറുണ്ടോ?”
“ഇല്ല.”
“എങ്കിലും ശ്രമിച്ചുനോക്കിയിട്ടുണ്ടാവും.”
“നോക്കിയിരുന്നു.”
“ശരിയാവില്ലെന്നു് കണ്ടു് ഉപേക്ഷിച്ചു; അല്ലേ?”
“അതെ.”
“കഥ എഴുതാൻ ശ്രമിച്ചിരുന്നോ?”
“ഇല്ല.”
“എന്തേ?”
“അതെനിക്കു് പറ്റുകയേ ഇല്ല. നല്ല ക്ഷമ വേണ്ടുന്ന പണിയല്ലേ?”
“ശരിയാണു്. നല്ല ക്ഷമ വേണം. നിങ്ങൾക്കു് അതു് സാധ്യമാവില്ല. ക്ഷമ ഇല്ല എന്നതുമാത്രമല്ല പ്രശ്നം. ഒരുപാടു് പണിപ്പെട്ടു് എങ്ങുമെത്തിയില്ലെങ്കിലോ എന്നൊരു ഭയം നിങ്ങൾക്കുണ്ടു്. അധൈര്യം എന്നുതന്നെ പറയാം. പോട്ടെ. അതൊക്കെ എത്രയോ പേർക്കു് ഉള്ളതുതന്നെ. സാരമില്ല. എങ്ങനെ, നന്നായി വായിക്കുന്ന കൂട്ടത്തിലാണോ?”
“വായിക്കാറുണ്ടു്; നല്ല വായനക്കാരനാണെന്നു് പറയാനാവില്ല.”
“ഞാനും വായിക്കാറുണ്ടു്. വായന വളരെ നല്ലതുതന്നെയാണു്. പക്ഷേ, പുസ്തകങ്ങളിൽ ഒരു പരിധിക്കപ്പുറം നമ്മൾ ആണ്ടുമുഴുകരുതു്. അതു് ദോഷം ചെയ്യും. നിങ്ങളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നു സംശയമുണ്ടു്. എന്റെ ജീവിതം എന്റെ കയ്യിലാണു്. അതിന്റെ ഗതിവിഗതികൾ ഒരു കഥാപാത്രത്തിനും ഞാൻ വിട്ടുകൊടുക്കില്ല എന്ന ഉറച്ച തീരുമാനം ഉള്ളിലുണ്ടാവണം. ഇല്ലെങ്കിൽ വായന കൊണ്ടുണ്ടാവുന്ന അപകടം ചില്ലറയാവില്ല. നിങ്ങൾ സാഹിത്യതാല്പര്യമുള്ളയാളാണു്. അതിലുപരി സാഹിത്യ നിർമാണത്തിനു് കെല്പുള്ളയാളാണു്. അങ്ങനെയുള്ള ഒരാളെ ജീവിതത്തിലെ നിസ്സാരസംഗതികൾ പോലും വല്ലാതെ ബാധിച്ചെന്നിരിക്കും. ഞാൻ പറയുന്നതു ശരിയല്ലേ?”
“അതെ.”
“നാട്ടിൽ നിങ്ങൾക്കു് സുഹൃത്തുക്കളായി ആരുമില്ലേ?”
“ഇല്ല.”
“മദ്യപിക്കാറുണ്ടോ?”
“ഇല്ല, മദ്യം എനിക്കു് തീരെ ഇഷ്ടമല്ല.”
“അങ്ങനെയായാൽ ഇന്നത്തെ കേരളത്തിൽ ഒരു സുഹൃത്തിനെ കിട്ടാൻ പ്രയാസമാണു്. അറുപതു വയസ്സു് കഴിഞ്ഞ ഒരാളാണെങ്കിൽ സാരമില്ല. അയാൾക്കു് ഭാര്യയും മക്കളും മറ്റു് ബന്ധുക്കളുമൊക്കെയായി ഡാവിലങ്ങ് കഴിഞ്ഞുപോകാം. സജീവമായി രാഷ്ട്രീയത്തിലോ പൊതുപ്രവർത്തനത്തിന്റെ രംഗത്തോ ഉള്ള ആളാണെങ്കിൽ മദ്യം ഒരു വിഷയമായേ വരില്ല. മദ്യപാനികളുമായി സൗഹൃദം പുലർത്തേണ്ട ആവശ്യം അത്തരക്കാർക്കു് ഉണ്ടാവുകയേ ഇല്ല. ഇങ്ങനെയൊന്നുമല്ലാത്ത സാധാരണമനുഷ്യർക്കു്, പതിനെട്ടു വയസ്സു മുതൽ അമ്പതു് അമ്പ ത്തഞ്ചു് വയസ്സു് വരെയുള്ളവർക്കു്, മദ്യപാനശീലമില്ലെങ്കിൽ വലിയ വിഷമമാണു്. അവർ മിക്കവാറും മുപ്പത്തഞ്ചു വയസ്സിലേ ഏകാന്തത കൊണ്ടു് നരച്ചുപോകും. നിങ്ങൾക്കു് വായനാതാല്പര്യമുള്ളതുകൊണ്ടു് കുറച്ചൊക്കെ ഒപ്പിച്ചുപോകാൻ കഴിയും. പക്ഷേ, വായിച്ച ഒരു പുസ്തകത്തെക്കുറിച്ചു് മറ്റാരുമായും സംസാരിക്കാനാവില്ല എന്നു വന്നാൽ അതൊരു സങ്കടംതന്നെയാണു്. എങ്ങനെ, വായനാനുഭവങ്ങൾ ആരെങ്കിലുമായി പങ്കു വെക്കാറുണ്ടോ?”
“ഇല്ല.”
“അതെന്താ?”
“സാഹിത്യകൃതികളെപ്പറ്റി ആശയവിനിമയം നടത്താൻ പറ്റുന്ന ആരെയും കണ്ടുകിട്ടുന്നില്ല. ഇവിടെ ഈ ടൗണിൽ നല്ല പുസ്തക വായനക്കാരായി കുറച്ചുപേർ ഉണ്ടാവുമെന്നതു് തീർച്ചയാണു്. പക്ഷേ, അവരാരും എന്റെ പരിചയവലയത്തിൽ എത്തിപ്പെടുന്നില്ല. എനിക്കു പരിചയപ്പെടാൻ കഴിഞ്ഞ ചെറുപ്പക്കാരുടെ സെൻസിബിലിറ്റിയും എന്റേതും തമ്മിൽ യാതൊരു പൊരുത്തവുമില്ല. പഴയ ആളുകൾ ഡിറ്റക്ടീവ് നോവലുകളൊക്കെ രസം പിടിച്ചു് വായിച്ചിരുന്നില്ലേ? പുതിയ ചെറുപ്പക്കാരുടെ വായനയും അതേ ലൈനിലാണു്. വായിക്കുന്ന നോവലുകളിൽ ഡിറ്റക്ടീവ് ഒരു കഥാപാത്രമായി വരുന്നില്ല എന്നേ ഉള്ളൂ. സംഭവങ്ങളൊക്കെ പഴയ കുറ്റാന്വേഷണ നോവലുകളിലേതു തന്നെ. കൊലപാതകം, ബലാത്സംഗം, കൂടിയ അളവിലുള്ളതും വിചിത്ര രീതികൾ അവലംബിക്കുന്നതുമായ ഹിംസ ഒന്നിനും അടിസ്ഥാനപരമായി വ്യത്യാസമില്ല. ഈ പുതിയ നോവലുകളിൽ ഭാഷ കൂടി കുറ്റകൃത്യം ചെയ്തു് ഒളിച്ചൊളിച്ചു നടക്കുന്നതുപോലെ തോന്നും. അതേ വ്യത്യാസമുള്ളൂ.”
“ഞാൻ നോവലുകൾ അധികമൊന്നും വായിക്കാറില്ല. എങ്കിലും നിങ്ങൾ പറഞ്ഞതു് ശരിയാകാൻതന്നെയാണു് സാധ്യത എന്നു തോന്നുന്നു. ചെറുപ്പക്കാരുടെ വായന ഇത്തരത്തിലായതു് എന്തുകൊണ്ടാണെന്നാണു് നിങ്ങൾ കരുതുന്നതു്?”
“തുടക്കക്കാരായ വായനക്കാർ മുമ്പും ഇങ്ങനെതന്നെയായിരുന്നു എന്നാണു തോന്നുന്നതു്.”
“അതെ, നിങ്ങൾ പറഞ്ഞതിലെ തുടക്കക്കാരായ എന്ന വാക്കിലാണു് ഞാൻ ഊന്നുന്നതു്. വായന തുടങ്ങുന്നതു് പൈങ്കിളിയിലും ഡിറ്റക്ടീവിലും ഒക്കെത്തന്നെ. പക്ഷേ, വളരെ വേഗം ആളുകൾ അതിൽനിന്നു് മാറും. ഇപ്പോൾ പക്ഷേ, അങ്ങനെയല്ലെന്നാണു് തോന്നുന്നതു്. എന്തു കൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്? ആലോചിച്ചുനോക്കിയിട്ടുണ്ടോ?”
“ഇല്ല.”
“നമുക്കു് അല്പം കഴിഞ്ഞു് അതിലേക്കു് വരാം. അതിനിടയിൽ ഒരു കാര്യംകൂടി. ആഗ്നേയ് സാർ, നിങ്ങൾ പൊതുപ്രവർത്തനത്തിന്റെ ഏതെങ്കിലും മേഖലയുമായി ബന്ധപ്പെടാറുണ്ടോ? ഗ്രന്ഥശാലാപ്രവർത്തനം, സാക്ഷരതാപ്രവർത്തനം, പരിസ്ഥിതി പ്രവർത്തനം അങ്ങനെ എന്തെങ്കിലും?”
“ഇല്ല. ഗ്രന്ഥശാലകൾക്കു വേണ്ടി ഞാൻ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. യൂനിവേഴ്സിറ്റിയിൽ ഒന്നാന്തരം ലൈബ്രറിയുണ്ടു്. പുറമെ, ഈ നഗരത്തിൽ നന്നായി പ്രവർത്തിക്കുന്ന മൂന്നു ലൈബ്രറികൾ വേറെയുമുണ്ടു്. മൂന്നിടത്തും ലൈബ്രേറിയൻമാരുണ്ടു്. ലൈബ്രറി കമ്മിറ്റിയുമുണ്ടു്. വർഷംതോറും ഗ്രാന്റ് കിട്ടും. പുസ്തകം വാങ്ങും. കാറ്റലോഗ് പുതുക്കും. എല്ലാം മുറപോലെ നടക്കും. പുസ്തകമെടുത്തു് വായിക്കാൻ ആള് തീരെ കുറവാണെന്ന പ്രശ്നമുണ്ടു്. അതിലിപ്പോ എനിക്കു് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പിന്നെ സാക്ഷരതാപ്രവർത്തനം. അതു് സർക്കാർ മേൽനോട്ടത്തിൽ അതിന്റേതായ രീതിയിൽ നടന്നുവരുന്നുണ്ടു്. പ്രേരകന്മാരും മറ്റാളുകളുമൊക്കെ അതു് നടത്തിക്കൊള്ളും. ഞാൻ ചെന്നു് ഇടപെടേണ്ട യാതൊരു കാര്യവുമില്ല. പിന്നെയുള്ളതു് പരിസ്ഥിതി പ്രവർത്തനമാണു്. എന്തുകൊണ്ടാണെന്നറിയില്ല. പണ്ടു മുതലേ എനിക്കു പരിസ്ഥിതിക്കാരുമായും ശാസ്ത്രസാഹിത്യ പരിഷത്തുകാരുമായും ഒത്തുപോവാൻ കഴിയാറില്ല.”
“അപ്പോ, അങ്ങനെയൊക്കെയാണു് കാര്യങ്ങൾ. ഇനി ഞാൻ ചില കാര്യങ്ങൾ പറയാം. നിങ്ങൾക്കു് നമ്മുടെ സമൂഹത്തിലെ പല വ്യവഹാരങ്ങളുമായും പൊരുത്തപ്പെട്ടു് പോവാനാവുന്നില്ല. ഈ അവസ്ഥയിൽ ഹൃദയം തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരു നല്ല സുഹൃത്തിനെയാണു് നിങ്ങൾക്കാവശ്യം. അങ്ങനെയൊരാൾ ഇല്ല. ഭാര്യയുമായി വളരെ ഔപചാരികമായ ഒരു ബന്ധം മാത്രമേ താങ്കൾക്കുള്ളൂ. ഉള്ള ബന്ധത്തേക്കാളധികം ഉള്ളിൽ ശത്രുതയുണ്ടു താനും. എന്തിനധികം പറയുന്നു. അവരുമായി നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലും മിക്കവാറും ഇല്ലെന്നായിരിക്കുന്നു. ഞാൻ പറയുന്നതിൽ തെറ്റുണ്ടോ?”
“ഇല്ല.”
“വീട്ടിനു പുറത്തു് സുഹൃത്തുക്കളെ കിട്ടാത്തതും ഒരു പ്രസ്ഥാനവുമായും സഹകരിക്കാനാവാത്തതും നിങ്ങളുടെ കുറ്റംകൊണ്ടു മാത്രമല്ല. ഏതു സമൂഹത്തിലും വ്യക്തികൾ തമ്മിലുള്ള അടുപ്പം രൂപപ്പെടുന്നതു് ചില താല്പര്യങ്ങളും ആശയങ്ങളും പങ്കുവെക്കാൻ ഉണ്ടാവുമ്പോൾ മാത്രമാണു്. പണ്ടൊക്കെ തെയ്യവും നാടൻകലകളുമൊക്കെ ജനങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന ശക്തമായ കണ്ണികളായി പ്രവർത്തിച്ചിരുന്നു. കേരളീയ നവോത്ഥാനവും ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ ഭാവിസമൂഹത്തെക്കുറിച്ചുള്ള വ്യക്തമായ ചില ധാരണകളും ആശയങ്ങളും വഴിയാണു് ജനങ്ങളെ ഐക്യപ്പെടുത്തിയതു്. ഇപ്പോൾ അത്തരം സംഗതികളൊന്നും സമൂഹത്തിൽ പ്രവർത്തിക്കുന്നില്ല. രാഷ്ട്രീയം എന്നതിനു് പ്രധാനമായും ഭരണാധികാരവുമായി ബന്ധപ്പെട്ട ചില വ്യവഹാരങ്ങൾ എന്നു മാത്രമാണു് അർത്ഥം. പ്രാദേശികതലത്തിൽ മാത്രം പ്രവർത്തനം കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളുടെ അധികാരം മുതൽ രാജ്യഭരണത്തിന്റെ അധികാരംവരെയുള്ള സകലതും അധികാരംതന്നെയാണു്. പാർട്ടികളുടെ നിലനില്പു് അതിനെ കേന്ദ്രീകരിച്ചാവുമ്പോൾ രാഷ്ട്രീയ ദർശനങ്ങൾ വലിയൊരളവോളം അപ്രസക്തമാവും. വ്യക്തികളെ സമൂഹത്തിലേക്കു് കൂട്ടിയിണക്കുന്ന പ്രധാനപ്പെട്ട കണ്ണി അങ്ങനെ ദുർബലമാവും. അതോടെ വായന മുതൽ പരിസ്ഥിതിസംരക്ഷണംവരെയുള്ള സകലതും ഓരോ വ്യക്തിയും സ്വന്തം സന്തോഷത്തെയോ ലാഭത്തെയോ മാത്രം ലാക്കാക്കി ചെയ്യുന്ന പ്രവൃത്തിയായി മാറും. നമ്മുടെ സമൂഹം അങ്ങനെയൊരു പതനത്തിൽ എത്തിച്ചേർന്നിരിക്കുന്നു. നിങ്ങളെപ്പോലെ ആശയങ്ങളെ സ്നേഹിക്കുന്ന വ്യക്തികളെ അതു് വല്ലാതെ ബാധിക്കും. ഇത്രയും സമൂഹത്തിന്റെ കുറ്റങ്ങൾ. ഇനി നിങ്ങളുടെ പരിമിതികളെപ്പറ്റിയും ആലോചിക്കാം. നിങ്ങളുടെ വീടു് ടൗണിന്റെ ഉള്ളിൽ തന്നെയാണോ?”
“അല്ല; ഞാൻ വയലൂരിലാണു്.”
“ശരി. വയലൂരിലേക്കു് ടൗണിന്റെ അതിർത്തിയിൽനിന്നു് മൂന്നു് കിലോമീറ്ററേയുള്ളൂ. ഇന്നത്തെ നിലയ്ക്കു് അതിനെയും ടൗണിന്റെ ഭാഗമായി കണക്കാക്കാം. പക്ഷേ, ഒരു പത്തു നാല്പതു കൊല്ലം മുമ്പു് അതു് പൂർണ്ണാർത്ഥത്തിൽ വയലിന്റെ ഊരു തന്നെയായിരുന്നു. ആളുകളിൽ തൊണ്ണൂറു ശതമാനവും കൃഷിയും കന്നുകാലിവളർത്തലുമായി കഴിയുന്നവർ. മണ്ണുമായി ഉറച്ച ബന്ധമുള്ള ജനത. അവർക്കു് ഉപേക്ഷിക്കാനാവാത്ത ചില ശീലങ്ങളും ധാരണകളും ഉണ്ടാവും. സാഹചര്യം മാറുമ്പോൾ അവ പിടിവാശികളായി മാറും. ഉന്നതവിദ്യാഭ്യാസം നേടി ഓഫീസ് ജോലി നേടിയ ആളാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ ആ പഴയ കാർഷികസംസ്കൃതിയുടെ പല അംശങ്ങളും മുറുകെ പിടിക്കുന്നുണ്ടു്. അതുകൊണ്ടു് പുതിയകാലത്തെ ചെറുപ്പക്കാരുടെ പല താല്പര്യങ്ങളും നിങ്ങൾക്കു ബാലിശമായി തോന്നും. മുതിർന്നവരിൽത്തന്നെ പുതിയ ജീവിതശൈലിയുമായി പൊരുത്തപ്പെട്ടു് മാനസിക ലോകം അടിമുടി മാറിമറിഞ്ഞവരുമായി നിങ്ങൾക്കു് ഒത്തുപോവാനാവില്ല. അതുണ്ടാക്കുന്ന സംഘർഷങ്ങൾ വളരെ വലുതായിരിക്കും. രക്ഷപ്പെടാൻ മറ്റു് മാർഗ്ഗങ്ങളൊന്നുമില്ല. നിങ്ങൾ നിങ്ങളുടെ വഴിയിൽ മുന്നോട്ടു പോവുക. ലോകത്തെ വലിയ തോതിൽ പരിഗണിക്കാതിരിക്കുക. അന്വേഷണം അവസാനിപ്പിക്കേണ്ട. നിങ്ങളുടെ താത്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ആരെയെങ്കിലും കണ്ടെത്താതിരിക്കില്ല. വീട്ടിനകത്തുള്ള പ്രശ്നങ്ങൾ എങ്ങനെ പരമാവധി കുറയ്ക്കാനാവുമെന്നു നിങ്ങൾതന്നെ ആലോചിക്കുക. അതിനുള്ള വഴി നിങ്ങൾതന്നെ കണ്ടെത്തുക. സൈക്കോളജിസ്റ്റുകളെയൊന്നും സമീപിക്കേണ്ട. സ്വന്തമായി പരിഹരിച്ചാൽ മതി.
ഒരു കാര്യം പ്രത്യേകമായി പറയാം. നിങ്ങളെപ്പോലുള്ളവർ സമൂഹവുമായി പൊരുത്തപ്പെടാനാവാതെയും ഭാര്യയുമായി ശക്തമായ ഹൃദയബന്ധം നിലനിർത്താനാവാതെയും വരുമ്പോൾ സാധാരണയായി ഓർമകളെ അഭയം പ്രാപിക്കുകയാണു് ചെയ്യുക. കുട്ടിക്കാലത്തു് താലോലിച്ച കൗതുകങ്ങൾ, കൗമാരപ്രണയം, പഴയ കൂട്ടുകാർ. ഇങ്ങനെ ഒരുപാടു കാര്യങ്ങൾ വൈകാരികാവേശത്തോടെ ഓർമിച്ചെടുക്കാനുണ്ടാവും. അതു് അപ്പാടെ ഒഴിവാക്കണം എന്നൊന്നും ഞാൻ പറയില്ല. പക്ഷേ, ഗൃഹാതുരത ഒരു പരിധിക്കപ്പുറമായാൽ ദോഷം ചെയ്യും. ഒരു സാങ്കല്പിക ലോകത്തിലെന്നതുപോലെയാവും പിന്നീടു് നിങ്ങളുടെ ജീവിതം. ചിലർ ഓർമകളിലേക്കു തിരിച്ചുപോയി പോയ കാലത്തിന്റെ ഏതെങ്കിലുമൊരു പടവിൽ ഉറച്ചങ്ങു നിന്നുപോവും. നിങ്ങളുടെ കാര്യത്തിലും അതു സംഭവിച്ചുതുടങ്ങിയിരിക്കയാണു്. മുപ്പതു കൊല്ലം മുമ്പു് അങ്ങനെയായിരുന്നു, എന്റെ കോളജ് ജീവിതകാലത്തു് ഇങ്ങനെയായിരുന്നു, പഴയ രാഷ്ട്രീയ നേതാക്കൾ എത്ര ധീരരും പരിശുദ്ധരുമായിരുന്നു എന്നൊക്കെ മറ്റു പലരെയുംപോലെ നിങ്ങളും പറഞ്ഞു തുടങ്ങിയിട്ടുണ്ടു്. അതു് ശരിയായ രീതിയല്ല. ഒരു കാലഘട്ടത്തെയും അങ്ങനെ അവതരിപ്പിക്കുന്നതിൽ അർത്ഥമില്ല. ഓരോ കാലത്തും ജ്ഞാനത്തെക്കുറിച്ചുള്ള ധാരണകൾ വ്യത്യസ്തമായിരുന്നു. പത്തെൺപതു കൊല്ലം മുമ്പു് പാണ്ഡിത്യം എന്നാൽ സംസ്കൃത വ്യാകരണത്തിലും പുരാണങ്ങളിലും കാളിദാസ കൃതികളിലും ജ്യോതിഷത്തിലുമൊക്കെയുള്ള വ്യുൽപത്തിയായിരുന്നു. ഇന്നിപ്പോൾ ആ ജ്ഞാനം തേടി എത്ര പേർ പോകും? പോകുന്നവർക്കുതന്നെ അതുകൊണ്ടു് കാര്യമായ എന്തെങ്കിലും പ്രയോജനമുണ്ടോ? സമർത്ഥനായ ജ്യോതിഷിയാണെങ്കിൽ പണമുണ്ടാക്കാം. പക്ഷേ, പുതിയ കാലം അയാളെ പണ്ഡിതന്മാരുടെ കൂട്ടത്തിലാണോ പരിഗണിക്കുക? പഴയ രാഷ്ട്രീയ നേതാക്കളിൽ പലരും ത്യാഗികളായിരുന്നു. ഉള്ളതെല്ലാം ദരിദ്രർക്കു കൊടുക്കുന്നവർ. ദരിദ്രരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരം ചെയ്തു തല്ലു വാങ്ങുന്നവർ. പട്ടിണി കിടക്കാൻ മടിയില്ലാത്തവർ. ഉടുതുണിക്കു് മറു തുണിയില്ലാത്തവർ. ഇന്നത്തെ കാലത്തു് അങ്ങനെയുള്ള ത്യാഗത്തിനു് എന്തെങ്കിലും വിലയുണ്ടോ? കാര്യം സാധിക്കാൻ തങ്ങളെ സഹായിക്കാത്ത ഏതെങ്കിലും നേതാവിനെ ആരെങ്കിലും മൈന്റ് ചെയ്യുമോ? ലോകം മാറിയിരിക്കുന്നു. നല്ലതിനോ ചീത്തയ്ക്കോ എന്നതൊക്കെ വേറെ പരിശോധിക്കാം. മാറിയിരിക്കുന്നു എന്ന കാര്യം ആദ്യം അംഗീകരിക്കുക. നിങ്ങൾ പ്രവൃത്തികൊണ്ടു് കുറെയൊക്കെ അതിനു് തയ്യാറാവുന്നുണ്ടെങ്കിലും മനസ്സുകൊണ്ടു് സന്നദ്ധനാവുന്നില്ല. അതിൽ നിന്നുണ്ടാവുന്നതാണു് മറ്റു പല പ്രശ്നങ്ങളും. താത്ത്വികമായ പ്രശ്നങ്ങളും പലതരം പൊരുത്തപ്പെടാൻ പറ്റായ്കകളും മാത്രമല്ല നിങ്ങളെ അലട്ടുന്നതു്. ഈ ഘട്ടത്തിൽ ഞാൻ നിങ്ങളെക്കുറിച്ചു് കാര്യമായ ഒരു ഊഹത്തിലേക്കു പ്രവേശിക്കുകയാണു്. തെറ്റാണെങ്കിൽ നിങ്ങൾക്കെന്നെ തിരുത്താം.
യൗവനത്തിലേക്കു് കാലെടുത്തുവെക്കുന്ന ഘട്ടത്തിൽ ഹൃദയം കീഴടക്കിയ ഒരു പെൺകുട്ടിയെ ഈയിടെയായി നിങ്ങൾ വല്ലാത്ത നഷ്ടബോധത്തോടെ ഓർമിക്കുകയും വികാരാധീനനായി കരച്ചിലിന്റെ വക്കോളമെത്തുകയും ചെയ്യുന്നുണ്ടു്. അവളുടെ പാവാട, അല്ലെങ്കിൽ ദാവണി, അവളുടെ നില്പു്, നടപ്പു്, നോട്ടം എല്ലാം നിങ്ങൾ പിന്നെയും പിന്നെയും കാണുകയും ഓർമകളുടെ ഭാരംകൊണ്ടു് ശരീരംതന്നെ കുനിഞ്ഞുപോകുന്നതായി ചിലപ്പോഴെല്ലാം നിങ്ങൾക്കു് അനുഭവപ്പെടുകയും ചെയ്യുന്നുണ്ടു്. ഞാൻ പറയാതെതന്നെ നിങ്ങൾക്കറിയാം. അതൊന്നും ആരോഗ്യകരമായ ഒരു മാനസികാവസ്ഥയുടെ ലക്ഷണമല്ല. നിങ്ങൾ ഓരോ നിമിഷവുമെന്നപോലെ മനസ്സിൽ കൊണ്ടുനടക്കുന്ന ആ പെൺകുട്ടി ഇന്നൊരു പത്താം ക്ലാസ്സുകാരിയോ പ്രീഡിഗ്രിക്കാരിയോ അല്ല. അവൾ വിവാഹിതയായി, അമ്മയായി എവിടെയോ ജീവിക്കുന്നുണ്ടാവും. ഒരു വേള അവളുടെ രൂപം അപ്പാടെ മാറിയിരിക്കാം. ഒന്നുകിൽ ആർക്കും സഹതാപം തോന്നിപ്പോവുംവിധം വല്ലാതെ ചടച്ചു്, അല്ലെങ്കിൽ തടിച്ചു് ചീർത്തു് കഴുത്തൊക്കെ ഇറുങ്ങി വലിയൊരു ഭരണിപോലെ. അവളുടെ ചുളിഞ്ഞ കൺതടങ്ങളിലും തൂങ്ങുന്ന കവിളുകളിലും പ്രായം ഉറഞ്ഞുകൂടിയിരിക്കാം. എല്ലാം പോട്ടെ, അവൾ രാജ്യത്തിനകത്തുതന്നെ ഉണ്ടോ? ഇപ്പോഴും നിങ്ങളെ ഓർമിക്കുന്നുണ്ടാവുമോ? ഒന്നും ഉറപ്പിച്ചു പറയാനാവില്ല. എന്നിട്ടും നിങ്ങളുടെ ഹൃദയം അവൾക്കു വേണ്ടി വിങ്ങുന്നു. സാരമില്ല; അതിൽ ലജ്ജിക്കാനൊന്നുമില്ല. നിങ്ങളുടേതുപോലുള്ള പ്രകൃതമുള്ളവരുടെ കാര്യത്തിൽ ഇതെല്ലാം തീർത്തും സ്വാഭാവികമാണു്. യുക്തിയല്ല ഭാവനയും വികാരവുമാണു് എക്കാലവും നിങ്ങളെ നയിച്ചിട്ടുള്ളതു്. എന്നിട്ടും അമ്പേ പരാജയപ്പെടാതിരുന്നതു് മനസ്സിന്റെ മറ്റൊരു കോണിൽ മഹത്ത്വത്തിന്റെ സ്പർശമുള്ള ചില വിശാല താത്പര്യങ്ങൾക്കു നേരത്തേ തന്നെ ആഴത്തിൽ വേരോട്ടമുണ്ടായതു കൊണ്ടാണു്. അതൊരു ഭാഗ്യം തന്നെയാണു്.
പക്ഷേ, സമൂഹവുമായി ആശയവിനിമയം സാധ്യമാവുന്നില്ല എന്നതിനെ ഒരു പ്രശ്നമായി എടുത്തു് സദാസമയവും അതിനു ചുറ്റിലും മനസ്സിനെ വ്യാപരിപ്പിച്ചുകൊണ്ടിരിക്കുന്ന ദുശ്ശീലം ഈയിടെയായി നിങ്ങളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അതു് എത്രയും വേഗം ഉപേക്ഷിക്കണം. ഇല്ലെങ്കിൽ പിന്നെയും പിന്നെയും മനസ്സമാധാനക്കേടിന്റെ ആഴത്തിലാഴത്തിലേക്കു പോവുകയേ ഉള്ളൂ. അതിൽനിന്നു രക്ഷപ്പെടുന്നതിനു വേണ്ടി അബോധമായി കണ്ടെത്താൻ ഏറ്റവുമധികം സാധ്യതയുള്ളതു് ആദ്യപ്രണയത്തിന്റെ ഓർമയിലേക്കുള്ള ആവേശം നിറഞ്ഞ തിരിച്ചുപോക്കുതന്നെ. ചിലപ്പോൾ ഈ പ്രണയം സാങ്കല്പികം മാത്രമാവാം. ചിലപ്പോൾ ഒരു നുള്ളു് വാസ്തവമുള്ളതുമാകാം. രണ്ടായാലും അതിന്റെ ഓർമയിൽ മുങ്ങിത്താഴുന്നതിന്റെ ഫലം എത്ര മോശമായിരിക്കുമെന്നു് സ്വാനുഭവത്തിലൂടെ നിങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കയാണു്.
അഗ്നേയ് സാർ, കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുക. നാം ജീവിക്കുന്നതു് വ്യക്തികേന്ദ്രിതമായി മാത്രം ചിന്തിക്കാൻ ആളുകളെ നർബന്ധിക്കുന്ന ഒരു സാമൂഹ്യ-സാമ്പത്തിക സാഹചര്യത്തിലാണു്. അതു് പെട്ടെന്നൊന്നും മാറില്ല. ഒരുപക്ഷേ, പത്തമ്പതു് വർഷം കഴിയുമ്പോഴേക്കും സമൂഹം വേറൊരവസ്ഥയിൽ എത്താം. അതു് മെച്ചപ്പെട്ട അവസ്ഥയായിരിക്കുമെന്നു് ഉറപ്പിച്ചു പറയാനാവില്ല. പക്ഷേ, നാം ഇന്നു ചർച്ച ചെയ്യുന്ന പലതും അന്നു് ആളുകളുടെ ആലോചനയിൽനിന്നു് അപ്രത്യക്ഷമാവും. കാര്യങ്ങൾ അത്രയേ ഉള്ളൂ. ഞാൻ അവസാനിപ്പിക്കാം. താങ്കൾ എന്നിൽനിന്നു് പ്രതീക്ഷിച്ചതു് കുറെക്കൂടി ആഴത്തിലുള്ള താത്ത്വിക രാഷ്ട്രീയ വിശകലനങ്ങളൊക്കെ ആയിരിക്കും. എനിക്കു പക്ഷേ, അതിൽ താല്പര്യമില്ല. അതിനുള്ള ശേഷിയും ഇല്ല എന്നു കൂട്ടിക്കോളൂ. ശരി, എന്തായാലും ഇപ്പോൾ നിങ്ങൾ പോയ്ക്കോളൂ. കടുത്ത മനഃപ്രയാസങ്ങളുണ്ടാവുമ്പോൾ തീർച്ചയായും ഇങ്ങോട്ടു വരാം. നമുക്കു സംസാരിക്കാം.”
“അപ്പോ, സാറിന്റെ ഫീസ്?”
“ഈ ടൗണിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെല്ലാം ഇരുന്നൂറ്റമ്പതും മുകളിലുമൊക്കെയാണു് ഫീസ് വാങ്ങുന്നതു്. ഞാൻ അവരേക്കാൾ കുറഞ്ഞ ആളാണെന്ന വിചാരം എന്തായാലും എനിക്കില്ല. ഇനി താങ്കൾ തീരുമാനിച്ചോളൂ. വലുതെന്നു തോന്നിച്ച ചില കാര്യങ്ങൾ സംസാരിച്ച ഒരാൾ ഫീസിന്റെ കാര്യത്തിൽ ഇത്രയും താത്പര്യപ്പെടുന്നതെന്തിനെന്നു് നിങ്ങൾ ആലോചിക്കുന്നുണ്ടാവും. ഫീസൊന്നും വേണ്ട എന്നു പറഞ്ഞു് നിങ്ങളെ വേണമെങ്കിൽ വിടാം. അല്ലെങ്കിൽ എഴുപതു രൂപയോ നൂറു രൂപയോ ആണു് ഫീസെന്നു പറയാം. അങ്ങനെയായാൽ നിങ്ങൾക്കു് എന്നോടു് തരിമ്പും ബഹുമാനം തോന്നില്ല. മാത്രവുമല്ല, ഞാൻ പറഞ്ഞുതന്ന കാര്യങ്ങളൊക്കെ “ഓ, സാധാരണം, ഇതൊക്കെ ആർക്കാണു് പറഞ്ഞുകൂടാത്തതു്” എന്നു് നിങ്ങൾക്കു തോന്നുകയും ചെയ്യും. അതു് ഒഴിവാക്കാൻതന്നെയാണു് ഫീസിന്റെ കാര്യം ഞാൻ വ്യക്തമായി പറഞ്ഞതു്. ഇനി ഏതായാലും ഫീസ് തന്നോളൂ. പിന്നെ സമാധാനമായി വീട്ടിലേക്കു് പോവുക. എന്റെ നമ്പർ കയ്യിലുണ്ടല്ലോ. ആവശ്യം വന്നാൽ വിളിക്കാൻ മറക്കരുതു്. ഓ. കെ. സീ. യൂ.”
അകം മാസിക, സെപ്തംബർ 2015.
അവരെ കണ്ടപ്പോൾ എന്തുകൊണ്ടെന്നറിയില്ല കാരമസോവ് സഹോദരന്മാരിലെ ആ പ്രശസ്തയായ കഥാപാത്രത്തിന്റെ പേരാണു് മനസ്സിലെത്തിയതു്. ‘ഗ്രൂഷങ്കാ’ ഞാൻ രണ്ടു മൂന്നുവട്ടം നിശ്ശബ്ദമായി ഉരുവിട്ടുപോയി.
ക്ലിനിക്കിൽ അന്നു് ആദ്യം എത്തിയ രോഗി അവരായിരുന്നു. കാഴ്ചയിൽ നാല്പത്തഞ്ചിനടുത്തു് പ്രായം തോന്നിക്കുന്ന സാമാന്യത്തിലധികം സുന്ദരിയായ ഒരു സ്ത്രീ. ഒറ്റനോട്ടത്തിൽ എന്തെങ്കിലും മാനസിക പ്രശ്നമുള്ളതായി ആർക്കും തോന്നുകയുമില്ല.
ഗ്രൂഷങ്കാക്കു് യഥാർത്ഥത്തിൽ പ്രായം അമ്പതു കഴിഞ്ഞിരുന്നു. ജില്ലാ ആശുപത്രിയുടെ ഓഫീസിലാണു് ജോലി. അവർ ആദ്യമായി പറഞ്ഞ പ്രശ്നം രാത്രിയിൽ പലവട്ടം അനുഭവപ്പെടുന്ന ചൂടിന്റെതായിരുന്നു. ഉറക്കത്തിൽനിന്നു് ഞെട്ടിപ്പോവും വിധം ചൂടിന്റെ പെട്ടന്നുള്ള ഒരു ഇരച്ചുകയറ്റം. പിന്നെ ആകെയൊരു പരവേശമാണു്. ദേഹമാകെ വിയർത്തു കുളിക്കും. വല്ലാതെ കിതയ്ക്കും. വന്നുവന്നു് തീരെ അസഹ്യമായിരിക്കുന്നു. പല രാത്രികളിലും തീരെ ഉറങ്ങാറില്ലെന്നുതന്നെ പറയാം. അതു് മനസ്സിനും ശരീരത്തിനും ഉണ്ടാക്കുന്ന ക്ഷീണം പറഞ്ഞറിയിക്കാനാവില്ല.
“നിസ്സാരസംഗതികൾപോലും എന്നെ ആകെ ബേജാറാക്കും. പെട്ടെന്നു് ദേഷ്യവും കരച്ചിലും വരും. പല കാര്യങ്ങളും മറന്നുപോവും. ഇതൊക്കെക്കൊണ്ടു് നിത്യവും ഓഫീസിലുണ്ടാവുന്ന പ്രശ്നങ്ങൾക്കു് കണക്കില്ല. എനിക്കാണെങ്കിൽ ഓരോ ദിവസവും ഓർമക്കുറവും ക്ഷീണവുമൊക്കെ കൂടിക്കൂടി വരികയാണു്.”
“നിങ്ങൾ ഇതിനു മുമ്പു് ഏതെങ്കിലും ഡോക്ടറെ സമീപിച്ചിരുന്നോ?”
“എന്റെ വീട്ടിനടുത്തു് ഒരു ഗൈനക്കോളജിസ്റ്റുണ്ടു്. കോളജിൽ എന്റെകൂടെ പഠിച്ചതാണു്. പക്ഷേ, അവള് തന്ന മരുന്നോണ്ടൊന്നും ഒരു ഗുണോംണ്ടായില്ല.”
“എങ്ങനെ മറ്റു് ബോഡിലി ഫങ്ഷൻസൊക്കെ റഗുലറാണോ? ഐ മീൻ ബവൽ മൂവ്മെന്റ്സ്, മെൻസസ് ആന്റ് ദി ലൈക്ക്.”
“കോൺസ്റ്റിപ്പേഷന്റെ പ്രശ്നം ഭയങ്കരായിരുന്നു. അതു പിന്നെ ഒരായുർവേദ ചൂർണ്ണംകൊണ്ടു് ഏതാണ്ടു് ശരിയായി. എന്നാലും ഇടയ്ക്കിടെ എടുത്തു കഴിക്കേണ്ടി വരും. മെൻസസ് വല്ലാതെ ഇർറഗുലറാണു്. വേദനയും ഉണ്ടാവുന്നുണ്ടു്. മൂത്രം വളരെ കൂടുതലാണു്. ഉറക്കെ ഒന്നു ചിരിച്ചാലോ തുമ്മിപ്പോയാലോ മൂത്രം പോയ്പോവുന്ന പ്രശ്നോം ണ്ടു്.
“വീട്ടിൽ ആരൊക്കെയുണ്ടു്?”
“ഭർത്താവും അമ്മയും മാത്രമേ ഇപ്പോൾ വീട്ടിലുള്ളൂ.”
“മക്കൾ?”
“ഒരു മോളും മോനും ഉണ്ടു്. രണ്ടാളും ബാംഗ്ളൂരിലാണു്. മോൻ എൻജിനീയറിങ്ങിനു്. ഫൈനൽ സെമസ്റ്ററായി. മോള് ഇക്കൊല്ലം ഫാർമസി കോഴ്സിനു് ചേർന്നു.”
“അവരെക്കുറിച്ചാലോചിച്ചു് പരിഭ്രമിക്കുന്ന പതിവുണ്ടോ?”
“ഇല്ല, എന്റെ കുട്ടികള് രണ്ടും വളരെ നല്ലവരാ. അവരെക്കൊണ്ടു് ഒരു വെഷമോം വരൂല്ല.”
“ഭർത്താവിനോടു് നിങ്ങള് പ്രശ്നങ്ങളൊന്നും പറഞ്ഞില്ലേ?”
“ഇല്ല” ഗ്രൂഷങ്കായുടെ മുഖം പെട്ടെന്നു് വിവർണ്ണമായി. അടുത്ത നിമിഷത്തിൽ അവർ കരഞ്ഞേക്കുമോ എന്നുപോലും തോന്നി.
“സാവകാശത്തിൽ പറഞ്ഞാൽ മതി. ഭർത്താവിനു് എന്താ ജോലി?”
“തഹസീൽദാറായിരുന്നു. ഇപ്പോ റിട്ടയർ ചെയ്തു.”
“അപ്പോ മിക്കവാറും വീട്ടിൽതന്നെ കാണുമല്ലോ?”
“അതൊന്നും പറയേണ്ട. രാവിലെ ഇറങ്ങിയാ ചിലപ്പോ വന്നുകയറുന്നതു് പാതിരാത്രി കഴിഞ്ഞിട്ടായിരിക്കും.”
“എന്താ പരിപാടി?”
“രാഷ്ട്രീയം, ബാങ്ക് തിരഞ്ഞെടുപ്പു്, പി. എസ്. സി. പരീക്ഷകൾക്കുള്ള ട്യൂഷൻ, ചർച്ചാസമ്മേളനം അങ്ങനെ നാട്ടിലുള്ള സകലതിലും ചെന്നു് തലയിടും. വീട്ടിലേക്കു് ഒരു കിലോ അരിയോ മീനോ പച്ചക്കറിയോ വാങ്ങിക്കൊണ്ടുവന്ന കാലം മറന്നു.”
“അപ്പോ, നിങ്ങള് ഭാര്യാഭർത്താക്കന്മാരെന്ന നിലയിൽ?”
അവിചാരിതമായി മുഖത്തടിയേറ്റതുപോലെ തുറിച്ച കണ്ണുകളോടെ എന്നെ നോക്കി ഗ്രൂഷങ്കാ അല്പം നേരം അനക്കമറ്റിരുന്നു. പിന്നെ ആ കണ്ണുകൾ നിറഞ്ഞൊഴുകി. സാരിത്തലപ്പു് കൊണ്ടു് കണ്ണുകൾ തുടച്ചു് അവർ മുഖം കുനിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു:
“പറയാൻ വിഷമമുള്ള കാര്യങ്ങൾ തല്ക്കാലം പറയേണ്ട. നമുക്കു് ഇനിയും കാണേണ്ടി വരും. തൽക്കാലം നിങ്ങളുടെ മറ്റു ബുദ്ധിമുട്ടുകൾ പറഞ്ഞാൽ മതി.”
അല്പനേരത്തെ മൗനത്തിനുശേഷം അവർ പറഞ്ഞു: “എന്റെ മനസ്സിനും ശരീരത്തിനും ഒരു കൊല്ലത്തോളമായി ബുദ്ധിമുട്ടുകളേ ഉള്ളൂ. വയറ്റില് ഗ്യാസിന്റെ പ്രശ്നമുള്ളതുകൊണ്ടു് ഭക്ഷണം സൂക്ഷിച്ചേ കഴിക്കാൻ പറ്റൂ. പിന്നെ മെൻസസ് ഇർറഗുലറായതിനുശേഷം അതു സംബന്ധിച്ചു് എപ്പോഴും എനിക്കു ടെൻഷനാ. ഉറക്കത്തിന്റെ കാര്യം ഞാൻ പറഞ്ഞല്ലോ. രാത്രി രണ്ടു് മണിയോടെ ഞെട്ടിയെണിക്കും. പിന്നെ ഒരു പോള കണ്ണടയ്ക്കാനാവില്ല. ആ സമയത്തു് എന്തൊക്കെയാ ഞാൻ ആലോചിച്ചു കൂട്ടാന്നു് പറയാനാവില്ല. നേരം വെളുക്കുമ്പോഴേക്കും ഞാൻ തളർന്നു ചണ്ടിപോലെയാവും. എല്ലാം പോരാഞ്ഞിട്ടു് ഇപ്പോ കൊറച്ചു നാളായി വേറെയൊരു ബുദ്ധിമുട്ടും കൂടി ഉണ്ടു്.” പറയാൻ അറയ്ക്കുന്ന എന്തോ ഒന്നു് നാവിൻ തുമ്പത്തോളമെത്തി തടഞ്ഞു നിന്നതുപോലെ ഗ്രൂഷങ്കാ പെട്ടെന്നു് മൗനത്തിലേക്കു് മുഖം കുനിച്ചു.
“എന്താ? എന്താ വിഷമം? എന്തായാലും പറഞ്ഞോളൂ.”
“എന്റെ വെയർപ്പിന്റെ മണത്തിനു് വല്ലാത്തൊരു മാറ്റം വന്നിറ്റിണ്ടു്. എനക്കു തന്നെ ചിലപ്പോ അതു് സഹിക്കാൻ പറ്റുന്നില്ല” ഭാരമേറിയ എന്തോ ഒന്നു് വളരെ ഉയരത്തിൽനിന്നു് താഴെ തള്ളിയിടുന്നതു പോലെയാണു് അവർ അതു് പറഞ്ഞുതീർത്തതു്.
ഗ്രൂഷങ്കായുടെ രൂപം ഇതിനകം ഞാൻ ആദ്യം കണ്ടതിൽനിന്നു് വളരെ വ്യത്യസ്തമായി കഴിഞ്ഞിരുന്നു. അവരുടെ മുഖത്തു് പത്തറുപതു വയസ്സിന്റെ മുദ്രകൾ കല്ലിച്ചു കിടക്കുന്നുണ്ടു് എന്നെനിക്കു തോന്നി. കൈത്തണ്ടകളിലെ ചുളിവുകളും ഞാൻ വ്യക്തമായി ശ്രദ്ധിച്ചു. ഞാൻ ആദ്യം ഊഹിച്ചതിനേക്കാൾ അഞ്ചു് വയസ്സെങ്കിലും അവർക്കു് കൂടുതലാണെന്നു് ഞാൻ ഉറപ്പിച്ചു.
അവരെക്കൊണ്ടു് ഇനി അധികം സംസാരിപ്പിക്കേണ്ടെന്നു് എനിക്കു തോന്നി. വളരെ സാവകാശത്തിലും ശബ്ദത്തിൽ ആകാവുന്നത്ര ഗൗരവം വരുത്തിയും അവരോടു് ഞാൻ പറഞ്ഞു: “മാഡംതന്നെ ഒരുപക്ഷേ, മനസ്സിലാക്കിയിട്ടുണ്ടാവും. ഇവിടെ പറഞ്ഞ അസ്വാസ്ഥ്യങ്ങളെല്ലാം മെനോപ്പോസിന്റെ ഭാഗമായി പല സ്ത്രീകൾക്കും ഉണ്ടാവുന്നതാണു്. ഒരു കൊല്ലം കൂടി, ചിലപ്പോൾ അതിലും അല്പം കൂടുതൽ കാലം ഈ വിഷമങ്ങളുമായി പൊരുത്തപ്പെട്ടു കഴിയാൻ മനസ്സുകൊണ്ടു് തയ്യാറാവണം. നിങ്ങൾക്കു സഹായം ചെയ്യുന്ന ചില മരുന്നുകളുണ്ടു്. ചില ടെസ്റ്റുകളും ചെയ്യേണ്ടിവന്നേക്കും. അതൊന്നും ഞാൻ എഴുതുന്നില്ല. അറിയാലോ ഞാനൊരു കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് മാത്രമാണു്. അപ്പുറത്തെ മുറിയിൽ പോയി ഡോക്ടറെ കണ്ടോളൂ. ഞാനൊരു കുറിപ്പു തരാം. അതു് ഡോക്ടറെ കാണിച്ചാൽ മതി. മരുന്നൊക്കെ മൂപ്പരെഴുതും.”
ഗ്രൂഷങ്കാ പറഞ്ഞ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടവയും അവയെ അടിസ്ഥാനമാക്കിയുള്ള എന്റെ ഊഹങ്ങളും ഞാൻ എനിക്കും ഡോക്ടർക്കും മനസ്സിലാവുന്ന ഭാഷയിൽ കുറിച്ചു് അതു് അവരുടെ കയ്യിൽത്തന്നെ കൊടുത്തു.
ഗ്രൂഷങ്കായുടെ മുഖം ആകെ വിളറിവെളുത്തിരുന്നു. ഞെട്ടിക്കുന്ന എന്തോ ഒന്നു് കേട്ടുകഴിഞ്ഞതുപോലെ തരിച്ചിരിക്കുകയായിരുന്നു അവർ.
“ഒട്ടും പരിഭ്രമിക്കാനില്ല. വലിയ എന്തെങ്കിലും രോഗമുള്ളതായി തെറ്റിദ്ധരിക്കുകയും വേണ്ട. കാലം പോവുന്നു. പ്രായം നിങ്ങളെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കു് നയിക്കുന്നു. ശരീരം അതിന്റെ മുന്നറിയിപ്പു് തരുന്നു. അത്രയേ ഉള്ളൂ. മനസ്സും ശരീരവും ജീവിതത്തിലുടനീളം ഒരേ ആരോഗ്യവും ഉന്മേഷവും നിലനിർത്തണമെന്നു് എല്ലാവർക്കും ആഗ്രഹിക്കാം. പക്ഷേ, ആരുടെ കാര്യത്തിലും അതു് സഫലമാവില്ല. അതിൽ അന്ധാളിക്കുന്നതിൽ അർത്ഥമില്ല. ഡോക്ടറ് പറയുന്നതുപോലെയൊക്കെ ചെയ്യുക. പിന്നെയും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അദ്ദേഹത്തെയോ എന്നെയോ വന്നു കാണാം” ഞാൻ പറഞ്ഞു.
ദീർഘമായി ഒന്നു നിശ്വസിച്ചു് ഗ്രൂഷങ്കാ എഴുന്നേറ്റു. അവർ പുറത്തേക്കു നടക്കുമ്പോൾ ഒരു കാര്യം ഞാൻ മനസ്സിൽ കുറിച്ചിട്ടു. ശരിയാണു്, അവർ പറഞ്ഞതു് ശരിയാണു്. അവരുടെ വിയർപ്പിനു് വല്ലാത്ത ഒരു ഗന്ധമുണ്ടു്.
ജൂലൈ, 2015.
“ഓർമകളുടെ ശ്മശാനം” എന്നാണു് അയാൾ സൗഹൃദ സംഭാഷണങ്ങളിൽ തന്നെപ്പറ്റി പറഞ്ഞിരുന്നതു്. വലിയ കാര്യങ്ങൾ, വ്യക്തിപരമായാലും അല്ലെങ്കിലും തികഞ്ഞ ലാഘവത്തോടെ പറയുന്നതിൽ പ്രത്യേകമായൊരു സുഖമനുഭവിച്ചിരുന്നു അയാൾ.
ഓർമകൾ ആരംഭിക്കുന്നിടത്തുതന്നെ, സ്വന്തം അച്ഛന്റെ ചോര പടർന്നിരുന്നതുകൊണ്ടാകാം അയാൾ എല്ലാം മറന്നുകളയാൻ, അല്ലെങ്കിൽ അങ്ങനെ ഭാവിക്കാൻ നന്നേ ചെറുപ്പത്തിലേ മനസ്സിനെ പരിശീലിപ്പിച്ചിരുന്നു. 1948-ലായിരുന്നു സംഭവം. കുട്ടിക്കുന്നു് എന്നു് നാട്ടുകാർ പണ്ടെന്നോ പേരിട്ട ചെറിയ കുന്നിനു ചുവട്ടിൽ വെച്ചു് സന്ധ്യാസമയത്തു് അയാളുടെ അച്ഛനെ ആരോ കുത്തിക്കൊന്നു. കൊന്നതു് കോൺഗ്രസ്സുകാരാണെന്നും അല്ല ജനസംഘക്കാരാണെന്നും പറഞ്ഞു കേട്ടിരുന്നു. എന്തായാലും കൊലപാതകികൾ പോലീസ് പിടിയിലായില്ല. കാര്യമായ അന്വേഷണവുമുണ്ടായില്ല. അയാളുടെ അച്ഛൻ പാർട്ടിമെമ്പറൊന്നുമായിരുന്നില്ല. മെമ്പർഷിപ്പെടുക്കാൻ അയാൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുമില്ല. എങ്കിലും എന്തോ ഒരു വിശ്വാസത്തിന്റെ പേരിൽ നേതാക്കന്മാരുടെ കത്തു് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ എത്തിക്കാനും ചില രഹസ്യങ്ങൾ കൈമാറാനും സ്ഥലത്തെ പാർട്ടി നേതാക്കൾ അയാളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ആ ഒരു ബന്ധം കാരണം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അയാളെ പാർട്ടിയുടെ രക്തസാക്ഷിയായി കണക്കാക്കി. കുട്ടിക്കുന്നിന്റെ ചോടെ ചെറിയൊരു സ്മാരകവും പണിതു. 1964 വരെ വോളണ്ടിയർ മാർച്ചും ജില്ലാതലം വരെയുള്ള നേതാക്കന്മാരുടെ പ്രസംഗവും മറ്റുമായി രക്തസാക്ഷി ദിനാചരണവും നടന്നിരുന്നു. പാർട്ടി പിളർന്നപ്പോൾ ഒന്നു രണ്ടുകൊല്ലക്കാലം ഏതു ഭാഗത്തു് ചേർന്നു നിൽക്കണമെന്നതിനെപ്പറ്റി നാട്ടിലെ മിക്ക നേതാക്കളും തികഞ്ഞ കൺഫ്യൂഷനിലായിരുന്നു. അതൊക്കെ ഒന്നു ലവലായി വന്നപ്പോഴേക്കും പഴയ രക്തസാക്ഷിയുടെ കാര്യത്തിൽ മിക്കവർക്കും വലിയ താല്പര്യമില്ലാതായി. സി. പി. ഐ.-ക്കാർ മൂന്നു വർഷം രക്ത സാക്ഷിദിനാചരണം നടത്തിയിരുന്നു. ആള് തീരെ കുറവായിരുന്നതു കൊണ്ടുതന്നെയാകാം അവർ വോളണ്ടിയർമാർച്ച് വേണ്ടെന്നു വെച്ചു. ഓരോ കൊല്ലം കഴിയുന്തോറും സി. പി. ഐ.-യിൽനിന്നു് കൊഴിഞ്ഞു പോക്കുണ്ടായി. അധികം പേരും മാർക്സിസ്റ്റ് പാർട്ടിയിലേക്കുതന്നെയാണു പോയതു്. ഏതാനും ചിലർ കോൺഗ്രസ്സിലും ചേക്കേറി. പിന്നെ പഞ്ചായത്തിൽ ആകെക്കൂടി അവരുടെ എണ്ണം ഇരുപത്തഞ്ചിൽ താഴെയായി. എന്തായാലും 1970 ആവുമ്പോഴേക്കും കുട്ടിക്കുന്നിലെ രക്തസാക്ഷിയുടെ കാര്യം അവർ ഗൗരവപൂർവം പരിഗണിക്കാതെയായി.
രക്തസാക്ഷിസ്മാരകം കുറച്ചു കൊല്ലംകൊണ്ടു് ചുറ്റിലും കുറ്റിക്കാട് വളർന്നുമൂടി ആളുകളുടെ കാഴ്ചയിൽനിന്നു് മറഞ്ഞു. പ്രകൃതി സഹവാസത്തിന്റെ ഭാഗമായി കുന്നോരം യു. പി. സ്കൂളിലെ കുട്ടികളും മാഷമ്മാറും അഞ്ചാറു് കൊല്ലം മുമ്പു് കുട്ടിക്കുന്നിൽ വന്നു് രാവിലെ മുതൽ വൈകുന്നേരംവരെ പക്ഷികളെയും ചെടികളെയും നിരീക്ഷിച്ചും കഥ പറഞ്ഞും പാട്ടു പാടിയുമൊക്കെ അവിടെ ഉണ്ടായിരുന്നു. അവർ വന്നു പോയതിന്റെ പിറ്റേ ദിവസം ഒരു പത്രറിപ്പോർട്ടർ ഫോട്ടോഗ്രാഫറെയും കൂട്ടി വന്നു. അവരിരുവരും ചേർന്നു് കുറ്റിക്കാട് വകഞ്ഞു മാറ്റി രക്തസാക്ഷി സ്മാരകത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കെ വളർന്നുമുറ്റിയ ഒരണലിപ്പാമ്പു് കണ്ണിൽപ്പെട്ടു. ഫോട്ടോഗ്രാഫർ ആ വഴി വിറകു കീറാൻ പോവുകയായിരുന്ന രണ്ടു് മറുനാടൻതൊഴിലാളികളെ വിളിച്ചു വരുത്തി പാമ്പിനെ കൊല്ലുകയും പിന്നെ എല്ലാവരും ചേർന്നു് സ്മാരകത്തിന്റെ ചുറ്റിലുമുണ്ടായിരുന്ന കാടു് പറ്റേ ചെത്തിക്കളഞ്ഞു് വെടിപ്പാക്കുകയും ചെയ്തു. അങ്ങനെ അയാളുടെ അച്ഛന്റെ സ്മാരകം പിന്നെയും ജനങ്ങളുടെ കാഴ്ചയിൽ വരാൻ തുടങ്ങി. പക്ഷേ, അധികകാലം ആ നില തുടർന്നില്ല. ഒരു ദിവസം രാവിലെ നോക്കുമ്പോൾ ഒറ്റ കല്ലു പോലും ബാക്കി വെക്കാതെ സ്മാരകം തകർത്തു് അവിടെ അങ്ങനെ ഒരു സംഗതി ഉണ്ടായിരുന്നതായിപ്പോലും പുതുതായി ആ വഴി വരുന്ന ഒരാൾക്കു് ആലോചിക്കാനേ പറ്റാത്ത നിലയിലാക്കിയിരുന്നു. ആരാണതു് ചെയ്തതെന്നതിനെപ്പറ്റി ആർക്കും ഒരൂഹവും സാധ്യമായില്ല. നാലഞ്ചു ദിവസം സകലരും മുറുമുറുത്തു. അതിൽ സി. പി. ഐ., സി. പി. എം. വ്യത്യാസമൊന്നും ഉണ്ടായില്ല. പക്ഷേ, വിശേഷിച്ചൊന്നും സംഭവിച്ചില്ല. പതുക്കെപ്പതുക്കെ സ്മാരകം ജനസംസാരത്തിൽ വല്ലപ്പോഴും മാത്രം വന്നെത്തുന്ന സ്ഥിതിയായി.
അയാൾക്കു് ചെറിയൊരു വേദന തോന്നാതിരുന്നില്ല. അയാളുടെ അമ്മ പല വർഷങ്ങൾക്കു മുന്നേ പുനർവിവാഹം കഴിഞ്ഞു് നാട്ടിൽ നിന്നു പോയിരുന്നതുകൊണ്ടു് അവർ സംഗതി അറിഞ്ഞിരിക്കാൻ ഇടയില്ല. ഇനി അറിഞ്ഞാൽത്തന്നെ അനേകവർഷങ്ങൾ കടന്നുപോയതു കൊണ്ടു് അതു് അവരെ കാര്യമായി സ്പർശിക്കാൻ ഇടയില്ല താനും.
രണ്ടു ദിവസം ഉള്ളിലൊരു മൂടിക്കെട്ടലുമായി അയാൾ നടന്നു. മകളുടെ വിവാഹക്കാര്യം, മകന്റെ ട്രാൻസ്ഫർ, ഭാര്യയുടെ നടുവേദന അങ്ങനെ പല സംഗതികളും അയാൾക്കു് ആലോചിക്കാനുണ്ടായിരുന്നു. ദില്ലിയിലും മുംബെയിലുമായി മൂന്നു സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം അഞ്ചു കൊല്ലം മുമ്പു്, അതായതു് അറുപത്തഞ്ചാം വയസ്സിൽ നാട്ടിലെത്തിയപ്പോൾ പറയത്തക്ക രോഗമോ ശരീരക്ഷീണമോ ഒന്നുമില്ലാതെ വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കാനാവാത്തതുകൊണ്ടുമാത്രം പഴയൊരു സുഹൃത്തിന്റെ ശുപാർശയിൽ ഒരു സായാഹ്ന പത്രത്തിന്റെ റിപ്പോർട്ടറായിത്തീർന്ന അയാൾക്കു് സ്വന്തം ജോലിയുടെ തലവേദനകൾ വേറെയും ഉണ്ടായിരുന്നു. താൻ നേരത്തേ ജോലി നോക്കിയ ഇടങ്ങളിൽനിന്നെല്ലാം അയാൾക്കു് സഹിക്കേണ്ടി വന്നതു് കടുത്ത അപമാനങ്ങളാണു്. ഇപ്പോൾ പത്രത്തിൽനിന്നുണ്ടാവുന്ന അനുഭവവും വ്യത്യസ്തമല്ല. അതു പക്ഷേ, അയാളെ ബാധിക്കാറില്ലായിരുന്നു. ഏതുതരം പാരവെപ്പിനെയും അപ്പപ്പോൾ മറക്കാനുള്ള ശേഷി ഇതിനകം അയാൾ നേടിക്കഴിഞ്ഞിരുന്നു. ആ മറവി പക്ഷേ, താങ്ങാനാവാത്ത ഭാരമായി നെഞ്ചിനുമേൽ അമർന്നു കിടക്കും. അതു കാരണം അയാൾ സദാസമയവും കിതയ്ക്കും. “ആസ്ത്മയാണു്, ഹൃദയത്തിനുള്ള കാര്യമായ പ്രശ്നമാണു്, നിസ്സാരമാക്കി തള്ളരുതു്” എന്നൊക്കെ ഓരോരുത്തർ പറയും. തന്റെ പ്രശ്നം അതൊന്നുമല്ല, താൻ മറവിയുടെ ഭാരം ചുമന്നു കിതയ്ക്കുകയാണു് എന്നൊന്നും ആരെയും പറഞ്ഞു് ബോധ്യപ്പെടുത്താനാവില്ല.
അന്നു് തികച്ചും അപ്രതീക്ഷിതമായി പത്രത്തിൽനിന്നു് വലിയൊരു ചുറ്റികയോ ഉരുക്കുദണ്ഡോ മറ്റോകൊണ്ടുള്ള അടിയേൽക്കും പോലൊരനുഭവം അയാൾക്കുണ്ടായി. പോയ ദിവസം റിപ്പോർട്ടർമാരിലൊരാൾ അവിവാഹിതയായ ഒരു സ്കൂൾ ടീച്ചറെപ്പറ്റി പത്രത്തിൽ അടിസ്ഥാനരഹിതമായ ഒരപവാദം എഴുതിപ്പിടിപ്പിച്ചിരുന്നു. രാത്രി തന്നെ അവരുടെ ജ്യേഷ്ഠൻ എഡിറ്ററെ വിളിച്ചു് കണക്കിനു കൊടുത്തു. “തന്റെ പത്രം നാളെത്തൊട്ടു് ഈ ഭാഗത്തൊന്നും കണ്ടുപോകരുതെ”ന്നു ഭീഷണിപ്പെടുത്തിയാണു് അയാൾ ഫോൺ വെച്ചതു്. വിവരം അറിഞ്ഞിട്ടു തന്നെയാകാം റിപ്പോർട്ടർ എങ്ങോട്ടോ മുങ്ങി. അതിന്റെ കോലാഹലം നടക്കുന്ന ആപ്പീസിലേക്കാണു് അയാൾ രാവിലെ കയറിച്ചെന്നതു്.
എഡിറ്റർ പതിവില്ലാത്ത സ്നേഹം നടിച്ചു് അയാളോടു് പറഞ്ഞു: “ആ ചെക്കൻ മുങ്ങി. ഇനിയിപ്പോ ആനന്ദൻ വിചാരിച്ചാലേ രക്ഷയുള്ളൂ. നിങ്ങളൊരു ബൈലൈൻ കാച്ചണം. ആനന്ദനു് നമ്മുടെ റീഡേഴ്സിനിടയിൽ നല്ല ക്രെഡിബിലിറ്റിയുണ്ടു്. ഈ ടൗണിലെ ടീച്ചർമാരെപ്പറ്റി മുമ്പും പല ദൂഷണങ്ങളും കേട്ടിരുന്നു. തീയില്ലാതെ പുകയുണ്ടാവില്ലെന്നു് പൊതുവേ പറയാമെങ്കിലും ഇതൊക്കെ ചില അപവാദ വ്യവസായികളുടെ പണിയാകാനും സാധ്യതയുണ്ടു് എന്ന മട്ടിൽ എങ്ങും തൊടാതെ ഒരു ഇൻട്രോ കാച്ചുക. പിന്നെ മുമ്പു് ചില ടീച്ചർമാരെപ്പറ്റി പ്രചരിച്ചിരുന്ന കഥകൾ എന്നു പറഞ്ഞു് നല്ല മുഴുമുഴുപ്പുള്ള സാധനങ്ങൾ എഴുതിവിടുക, പിള്ളാരേം കൂട്ടി എക്സ്കർഷനു പോയപ്പോ, കലോത്സവത്തിനു പോയപ്പോ എന്നൊക്കെ കാച്ചിക്കോ. ഹ്യൂമറിനാ മാർക്കറ്റ്ന്നറിയാലോ. സീരിയസ് ലൈനിലോട്ട് തിരിയുകയേ വേണ്ട.”
അങ്ങേരുടെ കൊഴുത്ത ചിരിയും വർത്തമാനവും കേട്ടപ്പോൾ അയാൾക്കു് ആകെ ചൊറിഞ്ഞുവന്നു. പന്ത്രണ്ടു വയസ്സിനെങ്കിലും ഇളപ്പമുള്ള എഡിറ്റർ തന്നെ പേരു ചൊല്ലി വിളിക്കുമ്പോൾ അല്ലെങ്കിൽതന്നെ അയാൾക്കു് ദേഹത്തൂടെ ഒച്ചിഴയുംപോലൊരു തോന്നലുണ്ടാവാറുള്ളതാണു്.
“പറ്റൂല്ല സാറേ, എന്നെക്കൊണ്ടു് അമ്മാതിരി എഴുത്തൊന്നും പറ്റൂല്ല.” അയാൾ എടുത്തടിച്ചതുപോലെ പറഞ്ഞു.
“ഊം. എന്താ സംഗതി?”
“പ്രത്യേകിച്ചു് സംഗതിയൊന്നും ഇല്ല. ആ പയ്യൻ എഴുതിവെച്ചതിന്റെ ബാക്കിയായി എന്തെങ്കിലും കള്ളക്കഥയെഴുതിവെക്കാൻ എനിക്കു പറ്റൂല്ല.”
“അവനു് വെവരമില്ലാത്തതുകൊണ്ടു പറ്റിയതല്ലേ. നിങ്ങള് ആളുടെ പേരും സ്കൂളിന്റെ പേരും ഒന്നും എഴുതണ്ട. പ്രത്യേകിച്ചെന്തെങ്കിലും സൂചന കൊടുക്കോം വേണ്ട. പിടിച്ചാ പിടിത്തം കിട്ടാത്ത വഴുവഴുപ്പനൊരു സാധനം പടച്ചുവിട്ടാ മതി.”
ഇത്തവണ തനിക്കു് സമനില കൈവിട്ടുപോവുമോ എന്നുതന്നെ അയാൾക്കു് തോന്നി.
ഒന്നും പറയാൻ നിൽക്കാതെ വിസ്തരിച്ചൊരു സലാം കാണിച്ചു് അയാൾ പത്രമാപ്പീസിന്റെ കോണിപ്പടിയിറങ്ങി.
ബസ്സിലോ ഓട്ടോവിലോ ഒന്നും കയറാതെ പത്രസ്ഥാപനത്തോടുള്ള വാശി തീർക്കാനെന്നപോലെ അയാൾ പൊരിവെയിലത്തു് രണ്ടു കിലോ മീറ്ററിലേറെ ആഞ്ഞുവലിച്ചു് നടന്നു. കുട്ടിക്കുന്നിന്റെ അടുത്തെത്തുന്തോറും എന്തുകൊണ്ടോ അയാളുടെ നെഞ്ചിന്റെ പടപടപ്പു് കൂടിക്കൂടി വന്നു.
അച്ഛന്റെ സ്മാരകം തകർക്കപ്പെട്ടതിനു തൊട്ടടുത്തായി എന്തോ ഉയർന്നു വന്നിരിക്കുന്നതായി അയാൾ കണ്ടു. രാവിലെ വരുമ്പോൾ കാണാതിരുന്ന ആ സാധനം എങ്ങനെ ഇത്ര പെട്ടെന്നു് പൊങ്ങിവന്നു എന്നോർത്തു് അയാൾക്കു് തല ചുറ്റുന്നതുപോലെ തോന്നി. കുറച്ചുകൂടി അടുത്തെത്തിയപ്പോഴാണു് സംഗതി മനസ്സിലായതു്. നല്ല വർണ്ണഭംഗിയുള്ള പ്ലാസ്റ്റിക് ഷീറ്റ് കട്ടിയുള്ള കാർഡ്ബോർഡുകൊണ്ടോ മറ്റോ ഉണ്ടാക്കിയിരിക്കുന്ന തൂണുകളിൽ വലിച്ചുകെട്ടിയിരിക്കുകയാണു്. സാധനം ഒരു കൂൾബാറാണു്. ചൂടുകാലം തുടങ്ങിക്കഴിഞ്ഞതിനാൽ കച്ചോടത്തിനു ബുദ്ധിമുട്ടുണ്ടാവില്ല.
പൊരിവെയിലത്തു് അത്രയും ദൂരം വിയർത്തൊലിച്ചു് നടന്നതിനാൽ അയാൾ ദാഹിച്ചു് തൊണ്ട വരണ്ടും ഉടലിൽനിന്നു് ആവി പാറുന്ന വിധത്തിലുമായിരുന്നു. കൂൾബാറിനുമുന്നിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും അയാൾ വലിയ പ്രയാസമൊന്നുമില്ലാതെ തിക്കിത്തിരക്കി മുന്നിലെത്തി.
“വെൽകം സാർ, എന്താണു് വേണ്ടതു്?” ഇറുകിപ്പിടിച്ച ജീൻസും ബനിയനും ധരിച്ച പത്തു പതിനെട്ടു് വയസ്സുള്ള ഒരു പയ്യൻ വന്നു് ചോദിച്ചു.
പെട്ടെന്നൊരു മറുപടി പറയാനാവാതെ അയാൾ നിന്നപ്പോൾ അവൻ പറഞ്ഞു:
“ഗ്രെയ്പ് ജ്യൂസെടുത്തോ സാർ, നല്ല ഫ്രഷ് മുന്തിരിയാണു്. ഒന്നാന്തരം കളറാ. ശരിക്കും ചോരപോലിരിക്കും.”
അയാൾ തലയാട്ടി. പയ്യൻ രണ്ടു മിനുട്ടിനകം വലിയൊരു ചില്ലുഗ്ലാസിൽ ഗ്രെയ്പ് ജ്യൂസുമായി എത്തി. അവൻ പറഞ്ഞതു് നൂറു ശതമാനവും ശരിയായിരുന്നു. ശരിക്കും ചോരയുടെ നിറം! അയാൾ ഗ്ലാസ് വാങ്ങി ഒറ്റത്തവണപോലും ശ്വാസമെടുക്കാൻ നിൽക്കാതെ അതു് വലിച്ചുകുടിച്ചു. ഗ്ലാസിൽ ചോര കുടിക്കുന്ന വിചിത്ര ജന്തുവായി സ്വയം സങ്കല്പിച്ചപ്പോൾ അയാൾക്കു് ഓക്കാനമൊന്നും വന്നില്ല. ഏതെങ്കിലും അമേരിക്കൻ സിനിമയിൽ അത്തരമൊരു ജീവിയുണ്ടാവും എന്ന ഉറപ്പോടെ കാശും കൊടുത്തു് അയാൾ റോഡിലേക്കിറങ്ങി. ഇത്തിരി ദൂരം നടന്നു കഴിഞ്ഞപ്പോഴാണു് അച്ഛന്റെ സ്മാരകം പൊളിച്ചു കളഞ്ഞ അതേ സ്ഥലത്തുതന്നെയാണല്ലോ ആ കൂൾബാർ കെട്ടിയിരിക്കുന്നതു് എന്നു് അയാൾക്കു് ഓർമ വന്നതു്. അയാൾ തിരിഞ്ഞു നടന്നില്ല. നടന്നു വന്ന അതേ വേഗത്തിൽ മുന്നോട്ടേക്കു് ചുവടു് വെക്കുമ്പോൾ അയാൾ തന്നോടുതന്നെ പറഞ്ഞു:
“മറക്കു്. വേഗം മറക്കു്. മറ്റൊന്നും വിചാരിക്കേണ്ട. അറിയില്ലേ, നിന്റെ പേരു് ഓർമകളുടെ ശ്മശാനംന്നാണു്.”
ജനശക്തി ദ്വൈവാരിക, സെപ്റ്റംബർ 15, 2015.
ആ വഴി പോകാം എന്നൊരാലോചന നേരത്തേ അയാളുടെ ഉള്ളിൽ ഉണ്ടായിരുന്നില്ല. നടന്നുനടന്നു് ആണ്ടി മാധവേട്ടന്റെ വീട്ടുപറമ്പിൽ എത്തിച്ചേർന്നുവെന്നു മാത്രം. മാധവേട്ടൻ മരിച്ചിട്ടു് പത്തു മുപ്പതു് കൊല്ലമായി. അയാളുടെ ആൺമക്കൾ മൂന്നും പുറത്താണു്. ഒരാൾ സൗദിയിൽ. മറ്റു് രണ്ടുപേരും അമേരിക്കയിൽ. ഒരേയൊരു മകളെ കല്യാണം കഴിച്ചുകൊണ്ടുപോയതും വിദേശത്തു ജോലി ചെയ്യുന്ന ആൾതന്നെ. പണ്ടത്തെ ചെറിയ പറമ്പും വീടും കൈമാറിക്കഴിഞ്ഞിട്ടു് വർഷങ്ങളായി. പക്ഷേ, അതു വിലയ്ക്കെടുത്ത ആൾ ഇതേവരെ ഒന്നും ചെയ്തിട്ടില്ല. പറമ്പിലൂടെ ഒരു നടവഴി രൂപപ്പെട്ടിട്ടുണ്ടു്. ആണ്ടിമാധവേട്ടന്റെ വീടിനു പിന്നിൽ പണ്ടു് കാടുപിടിച്ചു കിടന്ന വലിയൊരു പറമ്പായിരുന്നു. ഇപ്പോൾ അതു് തുല്യവലുപ്പമുള്ള അഞ്ചു പ്ലോട്ടുകളായി തിരിച്ചിരിക്കുന്നു. അഞ്ചിലും പുതിയ വീടുകൾ ഉയർന്നുവന്നിരിക്കുന്നു. ആ വീടുകളുടെ നിർമാണം നടക്കുമ്പോഴാവാം നടവഴി രൂപപ്പെട്ടതു്. നായ്ത്തുമ്പയും പാറക്കൊങ്ങിണിയും കുറുന്തോട്ടിയുമൊക്കെ വളർന്നു മുറ്റി മുക്കാലും മൂടിയിരിക്കുന്ന നടവഴി ഇപ്പോൾ അധികമാരും ഉപയോഗിക്കുന്നതിന്റെ ലക്ഷണമില്ല.
എല്ലാ വർഷവും രണ്ടോ മൂന്നോ തവണ നാട്ടിൽ വന്നുപോകാറുണ്ടെങ്കിലും ചുറ്റുപാടുമുള്ള മനുഷ്യരും ഭൂപ്രകൃതിതന്നെയും എങ്ങനെയൊക്കെ മാറിപ്പോവുന്നുവെന്നു് ശ്രദ്ധിക്കാൻ അയാൾക്കു് സമയം കിട്ടാറില്ല. സമയം കിട്ടാറില്ല എന്നതിലുപരി അതൊന്നും ശ്രദ്ധിക്കേണ്ടതുണ്ടെന്നു് തോന്നിയിരുന്നില്ല എന്നതാണു് സത്യം. പുതിയ പുതിയ തിരക്കഥകൾ, പുതിയ പുതിയ പ്രൊഡ്യൂസർമാർ, പ്രൊഡക്ഷൻ മാനേജർമാർ, നടീനടന്മാർ, ക്യാമറാമാന്മാർ, ഗാനരചയിതാക്കൾ, സംഗീതസംവിധായകർ, ആർട്ട് ഡയറക്ടർമാർ, ഡബ്ബിങ് ആർട്ടിസ്റ്റുകൾ, സൗണ്ട് എഡിറ്റർമാർ ജീവിതം അവർക്കിടയിലൊക്കെ അങ്ങനെയങ്ങനെ പോയി. ഫിലിം ഫെസ്റ്റിവെലുകൾ, അവാർഡ് വിവാദങ്ങൾ, അഭിമുഖങ്ങൾ… തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. മനസ്സിനു് ഒഴിവു കിട്ടുന്ന സമയമെന്നതു് മൂന്നു ദശകത്തോളമായി മിക്കവാറും സ്വപ്നം പോലെയായിരുന്നു. ഇപ്പോഴും അതിനു മാറ്റം വന്നിട്ടില്ല. ഒരു പഴയ നാടോടിക്കഥയ്ക്കു് തിരക്കഥയെഴുതിത്തരാൻ ഏറ്റ ആൾ ഹോങ്കോങ്ങിലേക്കു പോയിരിക്കയാണു്. ഒരാഴ്ച കഴിഞ്ഞേ വരൂ. അയാൾ എത്തിയാലേ അടുത്ത പണിയെപ്പറ്റിയുള്ള ആലോചനകൾ മുറുകിത്തുടങ്ങൂ. അതിനിടയിൽ നാട്ടിൽ ചെന്നു് അമ്മയോടും അനിയത്തിയോടും മരുമക്കളോടുമൊപ്പം രണ്ടോ മൂന്നോ ദിവസം കഴിയാമെന്നു കരുതിയാണു് അയാൾ വന്നതു്. എത്രയോ വർഷങ്ങളായി കാൽ ചവുട്ടി നടന്നിട്ടില്ലാത്ത പഴയ വഴികളിലൂടെയുള്ള നടത്തം ആ വരവിന്റെ അവിചാരിത ഫലമാണു്.
മുക്കാലും തകർന്നുവീണ ആണ്ടിമാധവേട്ടന്റെ വീട്ടിൽ നിലംപൊത്താതെ കിടക്കുന്ന ചെറിയ മുറിയുടെ ചിതലെടുത്തു് വീഴാറായ കുഞ്ഞു ജാലകം കണ്ടപ്പോൾ പെട്ടെന്നു് അയാൾ മറ്റെല്ലാം മറന്നു. പുറത്തു് ഒരു ചെത്തുകല്ലിനുമേൽ വെച്ച കണ്ണാടിയിൽനിന്നു് ആ ജാലകത്തിന്റെ അഴികൾക്കിടയിൽ ചരടിട്ടു കെട്ടിവെച്ച ചെറിയ തകരക്കുഴലിലെ ചില്ലിലേക്കു് വെളിച്ചത്തിന്റെ ധാര വന്നുവീണതു് പത്തുനാല്പത്തെട്ടു കൊല്ലം മുമ്പാണെന്ന കാര്യം അയാൾ ഓർത്തതേയില്ല. അതു് അപ്പോൾ ആ നിമിഷങ്ങളിൽ തന്റെ കണ്മുന്നിൽ സംഭവിക്കുന്നതാണെന്നു് അയാൾക്കു തോന്നി. ആ തകരക്കുഴലിനകത്തു് മാറ്റിമാറ്റി വെക്കുന്ന ഫിലിമുകളിലെ ചിത്രങ്ങൾ ഉള്ളിലെ ചുമരിൽ തെളിയുമ്പോൾ ദാ എം. ജി. ആർ., അടടാ എം. എൻ. നമ്പ്യാർ, ഹോ എസ്. പി. പിള്ള, മുത്തയ്യാ എന്നൊക്കെ ഹരംകൊള്ളുന്ന പത്തു പന്ത്രണ്ടുപേർക്കിടയിൽ താൻ കൂടി ഉണ്ടെന്ന അറിവു് അയാളെ രോമാഞ്ചമണിയിച്ചു.
ആണ്ടി മാധവേട്ടന്റെ മകൻ രാജുവായിരുന്നു ആ സിനിമാപ്രദർശനത്തിന്റെ നടത്തിപ്പുകാരൻ. മാധവേട്ടനു് അങ്ങാടിയിൽ ചെറിയ ഒരനാദിപ്പീടികയുണ്ടായിരുന്നു. രാജു ദിവസവും വൈകുന്നേരം സ്കൂൾ വിട്ടാൽ നേരേ ആ പീടികയിലേക്കു് പോവും. അങ്ങാടിയിൽ നിന്നാണു് അവൻ സിനിമാകാണിക്കാനുള്ള തകരക്കുഴലും ഫിലിം തുണ്ടുകളുമൊക്കെ വാങ്ങിയിരുന്നതു്. ഞായറാഴ്ചകളിൽ വീട്ടിലെ ഈ മുറിയിൽ വെച്ചു് അവൻ ഫ്രീയായി സിനിമ കാണിക്കും. പുറത്തു നിന്നു് കണ്ണാടി പിടിച്ചു് തകരക്കുഴലിലേക്കു് വെളിച്ചം വീഴ്ത്തേണ്ടതു് രാജുവിന്റെ അനിയൻ മോഹനന്റെ പണിയാണു്. ചെറിയ കാർഡ് ബോർഡ് പെട്ടിയിൽനിന്നു് ഫിലിമുകൾ ഓരോന്നായി എടുത്തു് കുഴലിൽ മാറ്റിമാറ്റി വെക്കുമ്പോൾ രാജുവിനു് വല്ലാത്ത ഗമയായിരിക്കും. അന്നേരം മുഴങ്ങുന്ന ശബ്ദത്തിൽ അവന്റെ വക ചെറിയൊരു കമന്ററിയുണ്ടാവും. ഇതാ എം. ജി. ആർ. മദുരൈവീരൻ എന്ന സിനിമയിലെ വീരൻ, ദാ വരുന്നു ശിവാജി ഗണേശൻ, കൺനിറയെ കാണൂ വൈജയന്തിമാല, ഹഹഹ ഇതാ എസ്. പി. പിള്ള.
സിനിമയ്ക്കു് പ്രേക്ഷകരായി മൂന്നു വയസ്സുകാർ തൊട്ടു് പത്തുപതിനൊന്നു വയസ്സുള്ളവർവരെ ചുരുങ്ങിയതു് പത്തുപേരെങ്കിലും സ്ഥിരമായി ഉണ്ടാകും. സിനിമ എന്നാൽ കുറച്ചു് ആണുങ്ങളും പെണ്ണുങ്ങളും അഭിനയിക്കുന്നതിന്റെ ഫോട്ടോ പിടിച്ചു് കാണിക്കുന്നതിനപ്പുറം എന്തെങ്കിലുമാണെന്ന അറിവു് രാജുവിനു് ഉണ്ടായിരുന്നില്ല. തന്റെ പ്രദർശന ശാലയെ അവൻ ടാക്കീസെന്നാണു് വിളിച്ചിരുന്നതു്. എല്ലാ ഞായറാഴ്ചയും ടാക്കീസ് പ്രവർത്തിക്കും. അവനു് അമ്മാവന്റെ വീട്ടിലോ മറ്റോ പോവേണ്ടിവന്നാലേ പ്രദർശനം മുടങ്ങൂ. തലേ ദിവസംതന്നെ രാജു അക്കാര്യം എല്ലാവരെയും അറിയിക്കും. “നാളെ ടാക്കീസ്ണ്ടാവൂല്ലേ എനക്ക് കുന്നോരത്തെ അമ്മാവന്റെടുത്ത് പോവാന്ണ്ട്.”
അത്തരം ഞായറാഴ്ചകളിൽ കാണികളനുഭവിച്ച സങ്കടം പറഞ്ഞറിയിക്കാനാവാത്തതാണു്. മോഹനന്റെ ടാക്കീസിൽനിന്നുള്ള സിനിമ കാണലിന്റെ സന്തോഷത്തേക്കാൾ എത്രയോ വലുതായിരുന്നു അതിനകത്തെ കൂടിയിരിക്കലിന്റെ ഹരം. വെറും തറയിൽ തമ്മിൽ തമ്മിൽ ചേർന്നു് പടിഞ്ഞിരുന്നു് സിനിമ കാണുമ്പോൾ എന്നും വിമലതന്നെയായിരുന്നു തന്റെ തൊട്ടടുത്തു്. അക്കാര്യം അവളും താനും പരസ്പരം അറിഞ്ഞുതന്നെ ഉറപ്പാക്കിയിരുന്നു. പഴുത്ത കുരുമുളകു് തിന്നു് ചുവപ്പിച്ച അവളുടെ ചുണ്ടുകളിലക്കു് ഇടയ്ക്കിടെ നോക്കിക്കൊണ്ടുള്ള ആ ഇരിപ്പു് അതിനെ പൊതിഞ്ഞുനിന്ന കാലപ്പഴക്കത്തിന്റെ ആവരണം ഊരിയെറിഞ്ഞു് വർത്തമാനത്തിന്റെ തുഞ്ചത്തെത്തി അയാളുടെ കണ്ണിൽ ജീവൻ തുടിക്കുന്ന ദൃശ്യമായി. കേവലം കാഴ്ചയെന്ന അവസ്ഥ സൃഷ്ടിക്കുന്ന അകലത്തിൽനിന്നു് അതിനെ മോചിപ്പിക്കാനോ മറ്റെന്തിനോ ഉള്ള വെമ്പലിൽ അയാൾ ആണ്ടിമാധവേട്ടന്റെ വീട്ടിലെ ആ കുഞ്ഞുമുറിയിലേക്കു് ഓടിക്കയറി. അതിനുള്ളിൽ വെറും തറയിൽ അയാൾ എത്രയോ നേരം ഇരുന്നു. വിമലയോ മറ്റാരെങ്കിലുമോ എത്തിയില്ല. രാജു വന്നു് ജാലകത്തിൽ തകരക്കുഴൽ ഉറപ്പിച്ചില്ല. മോഹനന്റെ കണ്ണാടി പുറത്തു നിന്നു് വെളിച്ചം വീഴ്ത്തിയില്ല. പക്ഷേ, കുറച്ചു നേരം കഴിഞ്ഞപ്പോൾ ചുമരിൽ ആദ്യം ഒരു ഒഴിഞ്ഞ ചതുരവും പിന്നെ അതിനുള്ളിൽ ഒരു ദൃശ്യവും തെളിഞ്ഞുവന്നു. ആ ദൃശ്യത്തിൽ മനുഷ്യരൂപങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പൊരുളെന്തെന്നു് പിടി തരാത്ത അമൂർത്തമായ എന്തോ ഒരു കാഴ്ച മാത്രം. അതിൽ കണ്ണും നട്ടു് കുറെ നേരം ഇരുന്നപ്പോൾ പൊടുന്നനേ പ്രകാശത്തിന്റെ ഒരു ധാര ഉള്ളിൽ വന്നുവീണു. തന്റെ ഇത്രയും കാലത്തെ സിനിമാജീവിതം മുഴുവൻ അയഥാർത്ഥമായിരുന്നുവെന്ന ഉള്ളു് പൊള്ളിക്കുന്ന അറിവിലേക്കു് ഞൊടിയിടയിൽ അയാൾ ഞെട്ടിയുണർന്നു. ഫാമിലി സെന്റിമെന്റ്സ്, മാസ് അപ്പീൽ, യൂത്തിന്റെ ടെയ്സ്റ്റ്, ലീഡ്റോൾ ചെയ്യുന്ന ആർട്ടിസ്റ്റിന്റെ ഇഷ്ടാനിഷ്ടങ്ങൾ, സ്പീഡ് എന്നിങ്ങനെ ഓരോ കാലത്തു് ഓരോന്നോരോന്നു പറഞ്ഞു് ഓരോരുത്തരെ ഉപയോഗിച്ചു് തട്ടിക്കൂട്ടിയെടുത്ത കഥകൾ, പ്രൊഡ്യൂസറുടെ നിർബന്ധത്തിനു് വഴങ്ങി അതിൽ വരുത്തിയ കൂട്ടിച്ചേർക്കലുകൾ, ക്യാമറാമാന്റെ കടുംപിടിത്തത്തിനു കീഴടങ്ങി ഒഴിവാക്കേണ്ടി വന്ന ദൃശ്യങ്ങൾ എല്ലാറ്റിന്റെയും ഓർമകൾ ഇരച്ചുയരുന്ന കയ്പുനീരായി അന്നനാളിയിലൂടെ മുകളിലോട്ടു് ഒഴുകിക്കയറി. അയാൾ ഛർദ്ദിയെ വല്ലപാടും തൊണ്ടയിൽ തടഞ്ഞു് അണച്ചണച്ചു് മുഖം കുനിച്ചിരുന്നു. ഇക്കാലമത്രയും താൻ ചെയ്തതും പഠിച്ചതുമെല്ലാം മറന്നു് ആണ്ടിമാധവേട്ടന്റെ ജാലകത്തിലൂടെ വരുന്ന വെളിച്ചത്തിൽ തെളിയുന്ന ഒറ്റയൊറ്റ നിശ്ചല ദൃശ്യങ്ങൾക്കു മുന്നിൽ ഒരിക്കൽക്കൂടി അത്ഭുത പരതന്ത്രനായി ഇരിക്കാൻ അയാൾ തിടുക്കപ്പെട്ടു. ആ തിടുക്കം നൽകിയ ഊഷ്മളതയിൽ അയാൾ വിയർത്തു. അണയാൻ തുടങ്ങുന്ന സാന്ധ്യവെളിച്ചത്തോടൊപ്പം അകത്തേക്കെത്തിയ ഇളം കാറ്റു് വിയർത്ത നെഞ്ചിനുമേൽ സുഖദമായ കുളിരായി. പെറ്റുവീണപാടെയുള്ള കുഞ്ഞിന്റെ കണ്ണിൽ വിടരുന്ന അത്ഭുതവും അമ്പരപ്പും അന്നേരം അയാൾ അനുഭവിച്ചു.
ഇന്ത്യാ ടുഡേ ഓണപ്പതിപ്പു്, ആഗസ്റ്റ് 2015.
ഭാർഗവൻ മാഷ് സ്കൂൾ വരാന്തയിൽ നിൽക്കാൻ തുടങ്ങിയിട്ടു് ഒരുപാടു നേരമായി. മൂടിക്കെട്ടിയ ആകാശത്തിനു ചുവടെ ഊർന്നിറങ്ങുന്ന മഴയുടെ നേർത്ത വലയ്ക്കപ്പുറം അകലെയുള്ള കുന്നും താഴ്‌വരയിലെ മരങ്ങളുമെല്ലാം മങ്ങിയ നിഴൽച്ചിത്രങ്ങളായിക്കഴിഞ്ഞിരുന്നു.
ബെന്നിമാഷും പ്രേമവല്ലി ടീച്ചറും സൂസന്ന ടീച്ചറും കാർത്തിക ടീച്ചറും പ്യൂൺ മഹേഷും സ്കൂളിലെ നൂറ്റിനാല്പതിലധികം കുട്ടികളെയും കൂട്ടി മഴയറിവു് പരിപാടിക്കു പോയിരിക്കുകയാണു്. ഇതു കഴിഞ്ഞാൽ കുന്നറിവു്, ചെടിയറിവു്, പുഴയറിവു്, ഔഷധസസ്യങ്ങളെ അടുത്തറിയൽ, കൃഷിയെ അനുഭവിച്ചറിയൽ തുടങ്ങിയ പലതും ഉണ്ടാവും. കവികളുടെയും നേതാക്കളുടെയും മറ്റു മഹാന്മാരുടെയും ജന്മദിനങ്ങളും മാതൃദിനം, അധ്യാപകദിനം, പരിസ്ഥിതിദിനം എന്നിങ്ങനെയുള്ള വിശേഷദിനങ്ങളും വിശദമായി ആചരിക്കുന്നതിനു് പുറമെ ഹെഡ്മാസ്റ്റർ ഗോകുലൻ മാഷുടെ പ്രത്യേക താത്പര്യവും തീരുമാനവുമനുസരിച്ചു് ഇടയ്ക്കിടെ ഇങ്ങനെ ചില പരിപാടികൾ കൂടി നടത്തേണ്ടിവരും.
കഴിഞ്ഞ വർഷത്തെ 189 പ്രവൃത്തിദിവസങ്ങളിൽ 131-ഉം ഈവക ഏർപ്പാടുകൾക്കുള്ളതായിരുന്നു. “മുനിക്കാട് യു. പി.-യെ മികവിന്റെ മകുടമാക്കും” എന്നു് അധ്യാപകരെയും കുട്ടികളെയും നാട്ടുകാരെയും കൊണ്ടു് പ്രതിജ്ഞയെടുപ്പിച്ചിട്ടുണ്ടു് അദ്ദേഹം. തനിക്കു് ഇടത്തേ കാലിനു മുടന്താണു്. പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെ ഉണ്ടു്. റിട്ടയർ ചെയ്യാൻ ഇനി രണ്ടു കൊല്ലം കൂടിയേ ഉള്ളൂ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ കണക്കിലെടുത്താവാം ഗോകുലൻമാഷ് പുറംപരിപാടികളിൽ നിന്നെല്ലാംതന്നെ ഒഴിവാക്കാറുണ്ടു്. “അവശനല്ലേ, വികലാംഗനല്ലേ” എന്നൊക്കെ തരം കിട്ടുമ്പോഴൊക്കെ കുത്തുവാക്കു് പറയാൻ പക്ഷേ, മറന്നുപോകാറില്ല. അത്രയുമല്ല തന്നെ ഇവിടെ നിന്നു ട്രാൻസ്ഫർ ചെയ്യിക്കാനുള്ള പണിയും മൂപ്പർ എടുത്തുവരുന്നുണ്ടന്നാണറിവു്. ഹരീഷ് മാഷും റയീസ് മാഷുമാണു് സംഗതി പറഞ്ഞതു്. ഫീൽഡ് ട്രിപ്പുകളുമായി സഹകരിക്കുന്നില്ല, സ്കൂളിൽനിന്നു് രാഷ്ട്രീയം പറയുന്നു എന്നൊക്കെ അവരെപ്പറ്റി പരാതി പറഞ്ഞു് ഡി ഡിയെക്കൊണ്ടു് കഴിഞ്ഞ കൊല്ലം മെമ്മോ അയപ്പിച്ച ആളാണു് ഹെഡ്മാഷ്. അവരു് പക്ഷേ, കുലുങ്ങിയില്ല. ഗോകുലൻമാഷുടെ ഒരു പരിപാടിയുമായും പിന്നെയും അവർ സഹകരിച്ചില്ല. മാത്രവുമല്ല അവർ ഡി. ഡി.-യെ രഹസ്യമായി ചെന്നുകണ്ടു് കനത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണു പറഞ്ഞു കേൾക്കുന്നതു്. എന്തായാലും ആരെയൊക്കെയോ പിടിച്ചു് ഇക്കൊല്ലം അവർ കുനിയൻകുന്നു് യു. പി.-യിലേക്കു് ട്രാൻസ്ഫർ വാങ്ങി. പകരം ഇങ്ങോട്ടു് ആരും വന്നതുമില്ല. അതിന്റെ തലവേദന കൂടി മറ്റുള്ളവർക്കായി. അനീഷ്മാഷും സുനിൽ മാഷും മിക്കവാറും സ്കൂളിലുണ്ടാവില്ല. റജിസ്റ്ററ് വാങ്ങാൻ പോകല്, കുട്ടികൾക്കു് ഉച്ചനേരത്തെ ചോറിന്റെകൂടെ കൊടുക്കാനുള്ള പുളിശ്ശേരിക്കും എരിശ്ശേരിക്കും മറ്റും വേണ്ട തേങ്ങ നാട്ടുകാരുടെ കയ്യിൽനിന്നു് സംഘടിപ്പിക്കല്, പഞ്ചായത്തു് പ്രസിഡന്റിനെ കണ്ടു് സ്കൂളിലെ പരിപാടികളുടെ വിവരങ്ങൾ മുഴുവൻ ധരിപ്പിക്കല് അങ്ങനെയുള്ള പണികളൊക്കെ അവർക്കുള്ളതാണു്. മിക്ക ദിവസങ്ങളിലും രാവിലെ വന്നു തല കാണിച്ചു് സ്ഥലം വിട്ടാൽ വൈകുന്നേരം ബെല്ലടിക്കാനാവുമ്പോഴേ രണ്ടു കക്ഷികളും തിരിയെ വരൂ. അതിനിടയിൽ ഒരു ദിവസം സുനിൽ മാഷെ ബീവറേജസിന്റെ മുന്നിലെ ക്യൂവിൽ കണ്ടു എന്നു പറഞ്ഞു് ഒരു രക്ഷിതാവു് വന്നു ബഹളം വെച്ചിരുന്നു. ഗോകുലൻമാഷ് അയാളെ എങ്ങനെ സമാധാനിപ്പിച്ചു മടക്കിയയച്ചു എന്നു് ആർക്കും അറിയില്ല. “ഒരു ഹാഫ് വീട്ടിലെത്തിക്കാം” എന്നു പറഞ്ഞാണു് മൂപ്പരു് അയാളെ ഒതുക്കിയതെന്നു റയീസ്മാഷ് പറഞ്ഞു നടന്നിരുന്നു. അതു് തമാശതന്നെ ആയിക്കൊള്ളണമെന്നില്ല. ഗോകുലൻ മാഷ് എന്തും ചെയ്യും, എന്തും പറയും. ഇപ്പോൾ ഏഴാം ക്ലാസ്സിലുള്ള ബിപീഷ് കഴിഞ്ഞ വർഷാന്തപ്പരീക്ഷയ്ക്കു് ഗണിതത്തിന്റെ ഉത്തരക്കടലാസ്സിൽ മുഴുവൻ താഴെത്താഴെ വരിവരിയായി “കുക്കുകൂ, ലല്ലല്ലാ, ണിംണിംണിം, ഡുണ്ടറഡും” എന്നു മാത്രം എഴുതിവെച്ചതു് കൊണ്ടുപോയി കാണിച്ചപ്പോൾ മൂപ്പരു് പറഞ്ഞു: “ബി ഗ്രേഡ് കൊടുത്തേക്കു് ഭാർഗവൻ മാഷേ. മാർക്ക്, മാർക്ക് എന്നും പറഞ്ഞു് ചാവാൻ പോവുന്ന കളി കളിക്കുന്നതൊക്കെ നമ്മള പഴേ ഏർപ്പാടല്ലേ. ഒന്നൂല്ലെങ്കില് ആ ചെക്കനു് നല്ല താളബോധം ഇല്ലേ?” ഒന്നും അങ്ങോട്ടു് പറയാൻ നിന്നില്ല. പറഞ്ഞിട്ടു് കാര്യമില്ല. എല്ലാം അതാതിന്റെ വഴിക്കു നടക്കും. സ്കൂളിലെ പഠിപ്പിക്കലും മറ്റു സംഗതികളുമൊക്കെ ഇങ്ങനെയൊരു സ്ഥിതിയിലെത്തിച്ചേരുമെന്നു് മുമ്പെപ്പോഴെങ്കിലും ആരെങ്കിലും വിചാരിച്ചിരുന്നോ? എന്തെല്ലാം ഗുലുമാലാണു്. അക്ഷരം പഠിപ്പിച്ചൂടാ. കൂട്ടാനും കിഴിക്കാനും പഠിപ്പിച്ചൂടാ. ഗുണനപ്പട്ടിക പഠിപ്പിച്ചൂടാ. തെറ്റു് തിരുത്തിക്കൂടാ. കുട്ടികളെ തറപ്പിച്ചു നോക്കിക്കൂടാ. ഈ വയസ്സുകാലത്തു് തനിക്കിനി എല്ലാം വരുമ്പോലെ വരട്ടെ എന്നു് വിചാരിക്കാനേ പറ്റൂ.” ‘ഇന്നത്തെ കാലത്തു് ഇതൊക്കെ ഒരു പ്രായാണോ മാഷേ, ഇപ്പോ എൺപതിനു മേൽപ്പോട്ടല്ലേ ആളുകളുടെ ശരാശരി പ്രായം?’ എന്നൊക്കെ പറയുന്നവരുണ്ടു്. ശരിയായിരിക്കാം. പക്ഷേ, ഓരോരുത്തരും അവനവന്റെ പ്രായം ശരീരത്തിലും അതിലേറെ മനസ്സിലും അനുഭവിക്കുന്നതാണു്. ശരാശരി പ്രായത്തിന്റെ കണക്കൊന്നും പറഞ്ഞിട്ടു കാര്യമില്ല.
ക്ലാസ് നടക്കാത്തപ്പോൾ സ്കൂളിൽ മറ്റൊന്നും ചെയ്യാതെ വിശ്രമിക്കാമെന്നു വെച്ചാൽ ഗോകുലൻ മാഷ് സമ്മതിക്കില്ല. ഉച്ചക്കഞ്ഞിയുടെ കണക്കെഴുതു് മാഷേ, മികവു് പരിപാടികളുടെ ഫോട്ടോയും റിപ്പോർട്ടും എടുത്തു തന്നു് ‘ഇതു് സായാഹ്നപത്രങ്ങളുൾപ്പെടെ സകല പത്രത്തിന്റേം ആപ്പീസില് ഇപ്പോത്തന്നെ കൊണ്ടുപോയി കൊടുക്കു് മാഷേ,’ ‘സ്കൂളിൽ അതുമിതും വാങ്ങാനും ഓരോരോ വിശേഷദിവസങ്ങള് ആഘോഷിക്കാനും ചെലവില്ലേ. നമ്മളെവിടന്നുണ്ടാക്കാനാ, ചിട്ടി തുടങ്ങിയതു് ഡി. ഡി. നിർദ്ദേശിച്ചിട്ടാ. പക്ഷേ, അതിനു് ആളെ മൂപ്പരു് ചേർത്തു തരില്ലല്ലോ. മാഷാ ദാമൂന്റെ ചായപ്പീട്യേ പോയി ഇരുന്നു് ആരെയെങ്കിലും പിടിക്കാൻ പറ്റോന്നു് നോക്കു്’ എന്നൊക്കെ ഓരോന്നോരോന്നു പറഞ്ഞു് അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു് ഓടിക്കും. ഇന്നു പക്ഷേ, ഭാഗ്യത്തിനു് ഒന്നും പറഞ്ഞില്ല.
ഐ. എസ്. എം.-ന്റെ ആൾക്കാർ, അവരിൽതന്നെ ക്ലാസ്സെടുക്കുന്നതിന്റെ വീഡിയോ പിടിച്ചു് അതു് എ. ഇ. ഓ.-വിനും ഡി. ഡി.-ക്കും എത്തിക്കുന്നവർ, ഇടയ്ക്കിടെ വരുന്ന പി. ടി. എ. പ്രസിഡന്റ്, വാർഡ് മെമ്പർ ലത്തീഫ് എല്ലാവരും അധ്യാപനത്തിന്റെ ഗുണനിലവാരം കൂട്ടണംന്നുള്ള വാശിയിലാണു്. പക്ഷേ, ഒന്നും പഠിപ്പിക്കരുതു്, സകലതും പഠിക്കണം, വിദ്യാർത്ഥികൾ കൂട്ടംകൂടിയിരുന്നു് അറിവുത്പാദിപ്പിക്കണം, ഒരു വിദ്യാർത്ഥിയെയും തോല്പിക്കരുതു്, തെറ്റു് എഴുതിവെച്ചാലും അതു് തെറ്റാണെന്നു പറഞ്ഞു് കുട്ടിയുടെ മനസ്സു വിഷമിപ്പിക്കരുതു് എന്നൊക്കെയുള്ള ശാസനകൾക്കപ്പുറം പോവാൻ സകല മാഷമ്മാറും ടീച്ചർ മാരും ഭയക്കുന്നിടത്തു് എന്തു് ഗുണനിലവാരം? ‘പുതിയ രീതിയിൽ പഠിപ്പിക്കുന്നില്ല, പഴയതുപോലെതന്നെ അറിവു് വിദ്യാർത്ഥിക്കു് മേൽ അടിച്ചേൽപ്പിക്കുകയാണു്’ എന്നു വീഡിയോവിൽ നോക്കി കണ്ടുപിടിച്ചിട്ടാണു് ഡി. ഡി. സൂസന്ന ടീച്ചറെ ഓഫീസിലേക്കു് വിളിപ്പിച്ചു് ചീത്ത പറഞ്ഞതു്.
മഴ അടങ്ങുന്ന കോളില്ലല്ലോ, കുട്ട്യളേംകൊണ്ടു് കേറി നിൽക്കാൻ മലയടിവാരത്തിൽ ബെന്നിമാഷ് വല്ല ഷെഡ്ഡോ ചാപ്പയോ മറ്റോ നേരത്തേ നോക്കി വെച്ചിട്ടുണ്ടാവ്വോ? രാവിലെ മുതലേ ചിണുങ്ങിച്ചിണുങ്ങി പെയ്യുകയായിരുന്ന മഴയ്ക്കു് പെട്ടെന്നു് കനം വെച്ചപ്പോൾ ഭാർഗവൻ മാഷുടെ ചിന്ത വഴി മാറി. സ്കൂൾ മുറ്റം മുഴുവൻ മഴവെള്ളം കെട്ടി നിന്നു് കുളം പോലെയായിക്കഴിഞ്ഞിരുന്നു. നാലുപാടും ഇരുൾ പരത്തി പെയ്യുന്ന മഴ കണ്ടു് പേടിച്ചരണ്ടതുപോലെ നിൽക്കുന്ന നേർത്ത പകൽവെളിച്ചത്തെ മുഴുവൻ ആ കുളം തന്നിലേക്കു് വലിച്ചു് താഴ്ത്തുകയായിരുന്നു. ഭാർഗവൻമാഷ്ക്കു് പുറത്തേക്കുതന്നെ അങ്ങനെ നോക്കി നിൽക്കാൻ പേടി തോന്നി.
ഒരേ നില്പുനിന്നു മരവിച്ചു തുടങ്ങിയിരുന്ന കാൽ ഏന്തിവലിച്ചു് അയാൾ ഒന്നാം ക്ലാസ്സിലേക്കു് കയറി. ഒഴിഞ്ഞ ബെഞ്ചുകളിലേക്കും ബോർഡിൽ തലേന്നു് കാർത്തിക ടീച്ചർ വരച്ചുവെച്ച ആൽമരത്തിന്റെ ചിത്രത്തിലേക്കും നോക്കി അയാൾ അല്പനേരം അനങ്ങാതെ നിന്നു. പിന്നെ ആൺകുട്ടികളും പെൺകുട്ടികളുമായി പത്തിരുപതു പേർ ആ ബെഞ്ചുകളിൽ ഇരിപ്പുണ്ടു് എന്ന സങ്കല്പത്തിൽ ഭാർഗവൻമാഷ് ശരീരം മുഴുവൻ ഇളക്കിയും അപ്പോൾ തോന്നിയ ആംഗ്യങ്ങൾ സമൃദ്ധമായി കാണിച്ചും കുറച്ചൊന്നു് ശബ്ദമുയർത്തിത്തന്നെ പാടി:
“മുറ്റം മുഴുവൻ മഴവെള്ളം
മഴവെള്ളത്തിൽ കളിവള്ളം
കളിവള്ളത്തിലെ യാത്രക്കാർ
തുമ്പപ്പൂവും തുമ്പികളും
ഹായ് തുമ്പപ്പൂവും തുമ്പികളും
ഹായ് തുമ്പപ്പൂവും തുമ്പികളും.”
നാലാമത്തെ വരി “ഹായ്” ചേർത്തു് രണ്ടു് വട്ടം ആവർത്തിച്ചപ്പോഴേക്കും അയാൾ വല്ലാതെ കിതച്ചുതുടങ്ങി. പതിവില്ലാത്തതാണു് ഇങ്ങനെയൊരു കിതപ്പു്. ഭാർഗവൻ മാഷുടെ ഉള്ളിൽ ഭയം ഭീമാകാരമായ ഒരിരുണ്ട മേഘത്തെപ്പോലെ നീങ്ങിനീങ്ങിയെത്തി. അയാൾ തിടുക്കപ്പെട്ടു് വരാന്തയിലേക്കിറങ്ങി.
ചെരിഞ്ഞുപെയ്യുന്ന മഴയ്ക്കെതിരേ തല ചെരിച്ചു പിടിച്ചു് സ്കൂൾ വരാന്തയിലേക്കു് ഒരാടു് കയറി വരുന്നതു കണ്ടപ്പോൾ ആദ്യം എന്തെന്നില്ലാത്ത ആശ്വാസം തോന്നുകയും “ആരുമില്ലാത്തവനു് ആടു് തുണ” എന്നു് തമാശയായി മനസ്സിൽ പറയുകയും ചെയ്തെങ്കിലും അടുത്ത നിമിഷത്തിൽ “ഹോ, ഇതൊരു മുഴുത്ത മുട്ടനാടാണല്ലോ. എന്തെങ്കിലും ദേഷ്യം തോന്നി നേരേയിങ്ങു് വന്നാൽ എന്റെ പണി കഴിയ്വല്ലോ. രക്ഷിക്കാൻ ഒരു കുട്ടിപോലും ഇല്ലല്ലോ” എന്നൊക്കെ വിചാരിച്ചു് അടിമുടി കിടുങ്ങിപ്പോവുകയും ചെയ്തു.
വയറിളക്കം വന്നതുകൊണ്ടു് രാവിലെ പതിനൊന്നു മണിക്കേ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കാണാൻപോയ ഗോകുലൻ മാഷെപ്പറ്റി ഇത്രനേരമായിട്ടും ഒരു വിവരവുമില്ല. വയറ്റില് വേറെ വല്ല പ്രശ്നോം ആയിപ്പോയോ? ജില്ലാ ആസ്പത്രീലേക്കോ മറ്റോ പോയിട്ടുണ്ടാവ്വോ? ഹേയ്, അതിനൊന്നും സാധ്യതയില്ല. മൂപ്പരു് മിക്കവാറും അങ്ങാടീലെ തറിമരുന്നു് പീട്യേല് പോയിട്ടുണ്ടാവും. കഴിഞ്ഞ കൊല്ലം വലിയ ഉത്സാഹത്തിലാണു് ഗോകുലൻമാഷ് ആ പീട്യ തൊടങ്ങിയതു്. അന്നു് മൂപ്പരു് ചെയ്ത സ്വാഗതപ്രസംഗം കേട്ടു് സകലരും അന്തം വിട്ടു പോയിരുന്നു. അഷ്ടാംഗഹൃദയത്തിൽനിന്നും പിന്നെ ഏതൊക്കെയോ പഴയ വൈദ്യഗ്രന്ഥങ്ങളിൽനിന്നുമുള്ള ഉദ്ധരണികൾകൊണ്ടുള്ള പെരുമഴതന്നെയായിരുന്നു ആ പ്രസംഗം. “ആയുർവേദ കോളജില് ഗോകുലൻ മാഷെപ്പോലുള്ളോരെയാ മാഷമ്മാറാക്കേണ്ടതു്, ഒരു സംശയോം ഇല്ല” എന്നാണു് അന്നു് ആധ്യക്ഷ്യം വഹിച്ച ജില്ലാ പഞ്ചായത്തു് മെമ്പർ ശ്വേത ടീച്ചർ ആവേശംകൊണ്ടതു്. അയൽവക്കത്തുള്ള രാമേട്ടനെയും പഠിക്കാൻ തീരെ മനസ്സില്ലാത്തതുകൊണ്ടു് എസ്. എസ്. എൽ. സി. കഴിഞ്ഞപ്പോൾ “ഇനി മേലോട്ടേക്കു് ഞാനില്ല” എന്നു പറഞ്ഞു് വീട്ടിലിരുന്നു കളഞ്ഞ മരുമകൻ ജഗീഷിനെയുമാണു് ഗോകുലൻ മാഷ് തറി മരുന്നു് പീട്യേല് നിർത്തിയിരിക്കുന്നതു്. സാധാരണ വൈകുന്നേരം സ്കൂൾ വിട്ടാലേ അങ്ങോട്ടേക്കു് പോവൂ. ഇടയ്ക്കു് ചിലപ്പോ ഇങ്ങനെ പെട്ടെന്നു് ചെന്നുകയറി പരിശോധന നടത്തുന്ന പതിവും മൂപ്പർക്കുണ്ടു്.
ഭാർഗവൻ മാഷ് വരാന്തയിൽതന്നെ നിന്നു് ഇമ്മട്ടിൽ എന്തൊക്കെയോ ആലോചിച്ചുകൂട്ടി. ഉച്ചയൂണിന്റെ കാര്യംപോലും അയാൾ മറന്നു പോയിരുന്നു. മണി മൂന്നര കഴിഞ്ഞിട്ടും മാഷമ്മാരും കുട്ടികളും തിരിച്ചുവരുന്നതു കാണാഞ്ഞപ്പോൾ അയാൾക്കു് പരിഭ്രമം തുടങ്ങി. സാധാരണ ദിവസമായിരുന്നെങ്കിൽ മറ്റെല്ലാവരും പോയാലും കഞ്ഞി വെക്കുന്ന നാണിയേടത്തിയും സഹായി പൊട്ടൻ പപ്പുവും ഉണ്ടാവുമായിരുന്നു. “നാളെ മഴയറിവിനു് കുന്നുമ്മലേക്കു് പോവ്വാണു്. വൈന്നേരേ വെരൂ, അതുകൊണ്ടു് ഉച്ചക്കഞ്ഞി വേണ്ട നാണ്യടത്തീ” എന്നു് ഇന്നലെത്തന്നെ ബെന്നിമാഷ് പറഞ്ഞതുകൊണ്ടു് ഇന്നിപ്പോൾ അവരും വന്നിട്ടില്ല. സ്കൂളിൽ താനൊഴിച്ചു് മറ്റാരും ഇല്ല. പഞ്ചായത്തു് പ്രസിഡന്റോ, പത്രക്കാരോ, പി. ടി. എ.-ക്കാരോ, വിദ്യാഭ്യാസ ഗവേഷണം നടത്തുന്ന ആരെങ്കിലുമോ ഒക്കെ കേറിവന്നു് ഒച്ചയുയർത്തി എന്തെങ്കിലുമൊന്നു് ചോദിച്ചാൽ പ്രഷറു കൂടി താൻ വീണുപോവും. ആധിപിടിച്ചു സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ ഭാർഗവൻമാഷ് കിഴക്കോട്ടു നോക്കി ഒരേ നില്പു നിന്നു. “Milky Way” ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സ് പോകുന്നതു കണ്ടപ്പോഴാണു് മണി മൂന്നേ മുക്കാലായല്ലോ എന്നോർത്തതു്. നാലിനു് സ്കൂൾ വിടുന്നതിനു് കൃത്യം പതിനഞ്ചുമിനുട്ടു മുമ്പാണു് ആ ബസ്സ് ഇതു വഴി പോവുന്നതു്. ബസ്സിന്റെ ഈ സമയ നിഷ്ഠ കണ്ടാലറിയാം, ആ സ്കൂളില് പഠിപ്പു് കൃത്യായി നടക്കുന്നുണ്ടു്. കാടറിവും കൃഷിയറിവും പ്രകൃതി സഹവാസവുമൊക്കെ സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളില് മാത്രാ. അവിടെ ഇതൊക്കെ മതി. മുമ്പു് ഡി. പി. ഇ. പി. തുടങ്ങിയപ്പോൾ കുഞ്ഞാണൻ മാഷ് പറഞ്ഞിരുന്നു “ദാരിദ്ര്യവാസി പിള്ളറ് എങ്ങനെയെങ്കിലും പഠിക്കട്ട്. അതിന്റെ ചുരുക്കെഴുത്താ ഈ ഡി.പി.ഇ.പി.” എല്ലാവരും അതുകേട്ടു് ചിരിച്ചതല്ലാതെ എന്തിനെയും ഏതിനെയും കുറ്റം പറയുന്ന ആളായതുകൊണ്ടു് കുഞ്ഞാണൻ മാഷുടെ പറച്ചിലിനു് ആരും ഗൗരവം കല്പിച്ചില്ല. മാഷ് റിട്ടയർ ചെയ്തു. റിട്ടയർ ചെയ്തു് മൂന്നു കൊല്ലം തികയും മുമ്പേ മരിക്കുകയും ചെയ്തു. ഇപ്പോ ആലോചിച്ചുനോക്കുമ്പോ ആ തമാശ വല്ലാത്ത സങ്കടമാണു് ഉണ്ടാക്കുന്നതു്.
പത്തു മുപ്പത്തിരണ്ടുകൊല്ലം മുമ്പു് മാഷ് പണി തൊടങ്ങ്യേപ്പിന്നെ എന്തെന്തെല്ലാം പരിഷ്കാരങ്ങള് കണ്ടു. വന്നുവന്നു് ഒന്നും ഇല്ലാത്തിടത്തു് എത്തി. അക്ഷരം വേണ്ട, മനഃപാഠം വേണ്ട, ഓർമ വേണ്ട, മാഷമ്മാറോടും ടീച്ചർമാരോടും ബഹുമാനം വേണ്ട. ഒരുപക്ഷേ, ഇനിയങ്ങോട്ടുള്ള കാലത്തു് ഇങ്ങനെയൊക്കെ മതിയായിരിക്കും. ഇതൊന്നും ശരിയല്ലെന്നു തോന്നുന്നതു് വയസ്സായതിന്റെ ലക്ഷണമായിരിക്കും. പുതിയ തലമുറയ്ക്കല്ലേ സകല സംഗതിലും കൂടുതല് വിവരംണ്ടാവ്വ്വാ. എല്ലാം അവരു് ചിന്തിച്ചു് തീരുമാനിക്കട്ടെ. എന്നെപ്പോലൊരാള് ഇനിയിപ്പോ ചിന്തിച്ചാലെന്തു്, ഇല്ലെങ്കിലെന്തു്?
ആ ആലോചനയും മനസ്സിലിട്ടു് ഭാർഗവൻ മാഷ് അല്പനേരം അനങ്ങാതെ നിന്നു. പിന്നെ അതിന്റെ അസഹ്യതകൊണ്ടുതന്നെയാവാം ‘ശ്ശേ’ എന്നു ശബ്ദമുണ്ടാക്കി വലതു കയ്യിലെ ചൂണ്ടുവിരൽ ഒന്നു കടിച്ചു കുടഞ്ഞു. അപ്പോഴേക്കും ഏഴാം ക്ലാസ്സിലെ ബിപീഷ് കഴിഞ്ഞ വർഷം ഉത്തരക്കടലാസ്സിൽ എഴുതിവെച്ചതു് വള്ളിപുള്ളി വ്യത്യാസമില്ലാതെ കണ്മുന്നിൽ കാണുന്നതുപോലൊരനുഭവം അയാൾക്കുണ്ടായി. അതു പിന്നെ തന്നത്താൻ മറന്നു പോകുംവിധമുള്ള ഒരു ലഹരിയായി. ആ ഉത്തരക്കടലാസ്സിൽ ആദ്യം മുതൽ അവസാനംവരെ എഴുതിവെച്ചിരുന്ന വരികൾ നല്ല മുഴക്കമുള്ള ശബ്ദത്തിൽ ഒരു പാട്ടു് പാടുന്നതു പോലെ അയാൾ പാടി:
“കുക്കൂക്കൂ, കുക്കുക്കൂ
ലല്ലല്ലാ, വല്ലല്ലാ
ണിംണിംണിം, ണിംണിംണിം
ഡുണ്ടറഡും, ഡുണ്ടറഡും.”
പാട്ടിനോടൊപ്പം ഭാർഗവൻ മാഷുടെ ശരീരം മുന്നോട്ടും പിന്നോട്ടും ആടുന്നതു കണ്ടിട്ടോ എന്തോ സ്കൂൾവരാന്തയിൽ മടുപ്പു പിടിച്ചു് നില്ക്കുകയായിരുന്ന ആടിനു വല്ലാതെ ചിരിവന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പു്, സെപ്റ്റംബർ 27, 2015.
ചെറുകഥാകൃത്തും, കവിയും, നോവലിസ്റ്റുമാണു് എൻ. പ്രഭാകരൻ. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിനു് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണു് ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ‘ഒറ്റയാന്റെ പാപ്പാൻ’ എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ നാല്പതിലേറെ കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.
കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30-നു് ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നു് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഏറെക്കാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു. വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു. റീനയാണു ഭാര്യ. സുചേത്, സച്ചിൻ എന്നിവർ മക്കളാണു്.
- ഒറ്റയാന്റെ പാപ്പാൻ
- ഏഴിനും മീതെ
- പുലിജന്മം
- ജന്തുജനം
- ബഹുവചനം
- തീയ്യൂർ രേഖകൾ
- രാത്രിമൊഴി
- കാൽനട
- ജനകഥ
- എൻ. പ്രഭാകരന്റെ കഥകൾ
- ഞാൻ തെരുവിലേയ്ക്ക് നോക്കി ( കവിതകൾ)
- അദൃശ്യവനങ്ങൾ
- ക്ഷൗരം
- മറുപിറവിയും മറ്റു കഥകളും
- രാമേശ്വരവും മറ്റു കഥകളും
- മായാ മനുഷ്യർ
- ഞാൻ മാത്രമല്ലാത്ത ഞാൻ
- വടക്കൻ മനസ്സു്