(സച്ചിദാനന്ദന്റെ കവിതകളിലെ ബുദ്ധസങ്കല്പത്തെപ്പറ്റി)
ബുദ്ധൻ ഒന്നല്ല; നിരവധിയാണു്. ഓരോരുത്തരുടെയും ബുദ്ധസങ്കല്പം വ്യത്യസ്തമാണു്. ഓരോ മനുഷ്യനും അവനവനു വേണ്ട ബുദ്ധനെ സൃഷ്ടിയ്ക്കാം. അവനവനു വേണ്ടാത്ത ബുദ്ധശിരസ്സുകൾ ഉടച്ചുകളയുകയും ചെയ്യാം. (വഴിയിൽ വെച്ചു ബുദ്ധനെ കണ്ടാൽ കൊന്നുകളയണമെന്നു് ഒരു സെൻ വചനം പോലുമുണ്ടല്ലോ!—If you meet Budha on the road, kill him!) ബുദ്ധൻ ഒറ്റയാളല്ല; ഒറ്റ അസ്തിത്വവുമല്ല! മനസ്സിനു പോറ്റാൻ കെല്പുണ്ടെങ്കിൽ, അത്യാവശ്യക്കാർക്കു്, സ്വയം തന്റേതായ ബുദ്ധനെ സൃഷ്ടിക്കുകയുമാവാം.
കപിലവസ്തുവിലെയോ ലുംബിനിയിലെയോ ബുദ്ധൻ മാത്രമല്ല ബുദ്ധൻ. ലോകത്തെവിടെയും നിലനില്പുള്ള ഒരു അസ്തിത്വമോ, സാന്ത്വനമോ, കാരുണ്യമോ, സ്പർശമോ ദർശനമോ ആണു ബുദ്ധൻ. അതു കണ്ടെടുക്കേണ്ടവർ അവനവൻ തന്നെയാണു്. ‘ജീവിതമെന്ന സ്വപ്ന’ത്തെ തോറ്റിയുണർത്താനുള്ള നന്തുണിയോ കറുംകുഴലോ ആണു് തഥാഗതത്വം.
കവി, ബുദ്ധനാണു് എന്നു പറയുന്നു, കവിയായ സച്ചിദാനന്ദൻ. കവി, ബുദ്ധനാണു്; ബുദ്ധൻ, കവിയുമാണു്. അന്യനിൽ നിറഞ്ഞു കവിയുന്നവൻ കൂടിയാണു ബുദ്ധൻ. കവിയിലും ഏറെക്കവിയുന്നവനാണു് സച്ചിദാനന്ദന്റെ ബുദ്ധൻ. അപരകാണിയുടെ നിറകുടം!
കവി, ജീവിതത്തെക്കുറിച്ചെഴുതുന്നു. ബുദ്ധൻ ജീവിതങ്ങളെത്തന്നെ രൂപപ്പെടുത്തുന്നു (shaping lives).
‘കവിബുദ്ധൻ’ എന്ന കവിതയിൽ, ജ്ഞാനപിപാസയുമായി, ധ്യാനരഹസ്യം തേടി, തന്റെ മനസ്സു് ‘വെൺപദ്മദള’മായി മാറ്റിക്കിട്ടാനായി ശിഷ്യൻ ഗുരുവിനെ സമീപിക്കുന്നു. ഇരുകൈകൾ കൊട്ടി ആ ശബ്ദം കേൾപ്പിച്ചു്, ഇനി ഒറ്റക്കയ്യിന്റെ ശബ്ദമന്വേഷിച്ചു വരാൻ നിയോഗിക്കുന്നു ഗുരു, ശിഷ്യനെ.
“ഗുരു കൈ കൊട്ടി” നീ കേട്ട-
തിരുകൈയിന്റെ ശബ്ദമാം
ഒരു കൈയിന്റെ ശബ്ദം നീ-
യിനി വത്സാ, തിരക്കുക”
(‘കവിബുദ്ധൻ’)
ഒറ്റക്കമ്പിയിൽ ശ്രുതി മീട്ടുന്നയാളിൽ നിന്നു് തംബുരു കടം വാങ്ങി ഗുരുവിനെ കേൾപ്പിക്കുന്നു ശിഷ്യൻ. ഒറ്റക്കയ്യിന്റെ സ്വരം ഇതല്ലെന്നു ഗുരു!
അകക്കാമ്പിൽ, മഴ, മണി മുഴക്കുന്നതു കേട്ടു്, ഇളംകാറ്റിന്റെ തേങ്ങൽ കേട്ടു്, വാലിൽ ശിശിരം തൂക്കിപ്പറക്കുന്ന മീവൽപ്പക്ഷിക്കൂട്ടത്തിന്റെ ചിറകടിയൊച്ച കേട്ടു്, ഇതല്ലേ താൻ തേടുന്ന സ്വരമെന്നു് ശിഷ്യൻ സംശയിക്കുന്നു.
“കവിയായ് നീ കഴുത്തോളം.
ബുദ്ധനാവാൻ നടക്കണം
ഇനി മുക്കാൽക്കാത”മെന്നായ്
ഗുരു; എളിമയായവൻ.”
നീ കവിയായാൽ പോരാ, ‘കവിബുദ്ധൻ’ തന്നെയാകണമെന്നാണു് ശിഷ്യനോടു് ഗുരു പറയുന്നതു്. കുറേക്കൂടി, പ്രകൃതിയെ, ജീവിതത്തെ അറിഞ്ഞു വരാൻ നിയോഗിക്കുന്നു ഗുരു, വീണ്ടും ശിഷ്യനെ! വൈധവ്യത്തിന്റെ രോദനം, വിലങ്ങു തകർക്കുന്ന പാരതന്ത്ര്യത്തിന്റെ ആരവം എന്നിങ്ങനെ ചിലതു് അറിഞ്ഞു വരുന്നു ശിഷ്യൻ.
“കവിയായ് നീ പാതി, കാത,-
മര ബുദ്ധനിലേക്കിനി.”
എന്നു് ഗുരു.
മറ്റൊരാളുടെ കാൽക്കീഴിൽ നീറുന്ന ഉറുമ്പിന്റെ നെടുവീർപ്പും, വിത്തു മുളപൊട്ടുന്ന ശബ്ദവും, വെയിൽ ചായുന്ന സ്വരവും അറിഞ്ഞു തിരിച്ചുവരുന്നു ശിഷ്യൻ.
“കവിയായ് നീ മുക്കാലും, കാൽ,-
കാതം ബുദ്ധനിലേക്കിനി.”
പോയി കുറേക്കൂടി പഠിച്ചുവരൂ എന്നു ഗുരു.
ഒടുവിൽ, നക്ഷത്രങ്ങളുടെ കളിപ്പാട്ടു കേട്ടു്, പ്രണവമർമ്മരം കേട്ടു്, മൗനം മനനത്തിലലിയുന്ന നാദം കേട്ടു്, തമസ്സിൽ ജ്യോതിസ്സു നിറയുന്നതറിഞ്ഞു്, എത്തിയ ശിഷ്യന്റെ,
“ഗുരോ പഠിച്ചു ഞാൻ ധ്യാനം
പോയ് ഞാൻ കാതിനുമപ്പുറം;
എത്ര സീമിതമീ മാംസം
പഞ്ചേന്ദ്രിയ നിയന്ത്രിതം.”
എന്ന മറുപടിയിൽ ഗുരു തൃപ്തനാകുന്നു.
“ബദ്ധനല്ലിന്നു നീ ബുദ്ധൻ
സിദ്ധം ജീവനതത്ത്വവും
വത്സ, പോക, പ്രയത്നിക്ക
ദുഃഖിതർക്കു ശിവം വരാൻ.
പുഴുവിന്നും, പൊടിക്കും, പുൽ-
ക്കൊടിക്കും മുക്തി നൽകുവാൻ.
ഇതല്ലോ ഭിക്ഷുവിൻ ധർമ്മ-
മിതത്രേ കവിധർമ്മവും;
ഒരേ ധ്യാന,മൊരേ യാനം
ഒരേ ബോധി,യൊരേ ഗതി.”
ഒറ്റത്തോണിയിൽ സകലലോകർക്കും വേണ്ടിത്തുഴയുന്ന, ലോകദുഃഖമറിയുന്ന, സ്വാർത്ഥലാഭമേതുമില്ലാത്ത, ലോകസാന്ത്വനമേകുന്ന ഭിക്ഷുധർമ്മം പേറുന്നവനാകണം കവിയെന്നു് സച്ചിദാനന്ദനു് സംശയമേയില്ല. സച്ചിദാനന്ദന്റെ ബുദ്ധകവിതകളെല്ലാം ഈ അന്വേഷണത്തിന്റെ വിശിഷ്ട വാങ്മയപൂർത്തീകരണത്തിനായുള്ള ഉദ്യമങ്ങളാണു്.
ആർക്കും ജ്ഞാനമോ കാരുണ്യമോ വേണ്ടുവോളം നൽകാൻ കഴിയുന്ന അക്ഷയപാത്രമാണു് സച്ചിദാനന്ദന്റെ സങ്കല്പത്തിലെ ബുദ്ധൻ. എടുത്താൽ തീരാത്ത കരുണയുടെ കലവറ. ആത്മീയതയുടെ വ്യോമവിസ്തൃതി. എത്ര കൊടുത്താലും തന്നിൽ പിന്നെയും പൂർണ്ണമായിത്തന്നെ ബാക്കിയാവുന്ന കാരുണ്യപൂർണ്ണത!
“നിനക്കു നിന്നോടു തന്നെ സ്നേഹമില്ലെങ്കിൽ നിന്റെ സ്നേഹം അപൂർണ്ണമാണു്.”
“ഒന്നിനെയും പുണരാതിരിക്കുക.”
ബുദ്ധവചനങ്ങളുടെ കാർമേഘവർഷത്തിൽ ഏതു മനുഷ്യനാണു് ജീവിതനിർവൃതി അനുഭവിക്കാതിരിക്കുന്നതു്?
തന്റെ വാക്കുകൾ പൊന്നായി മാറിയതു് ബുദ്ധവചനങ്ങളുടെ അരയാൽച്ചുവട്ടിൽ കുടിപാർത്തതുകൊണ്ടാണെന്നു കവി കരുതുന്നു.
“ബുദ്ധനെക്കാണുവാൻ
പോകുമ്പോൾ ഞാനായി
കൃഷ്ണനെക്കണ്ട കുചേലൻ!
എന്റെയവിൽപ്പൊതി
കണ്ടപാടെയൊരു
നുള്ളാത്തിരുവായിലിട്ടു;
ചെന്നു തിരിച്ചു ഞാൻ
വീടിരുന്നേടത്തു
കണ്ടതോ, കൂറ്റനരയാൽ!
അന്നതിൻ ചോട്ടിലായ്
വാസ,മെൻ വാക്കുകൾ
പൊന്നായി മാറും വരേയ്ക്കും.”
(‘ബുദ്ധനെ കാണുവാൻ’—‘ഇരുട്ടിലെ പാട്ടുകൾ’)
മനസ്സു പോലെ എപ്പോഴും തുള്ളിക്കൊണ്ടിരിക്കുന്ന അരയാലില തന്നെയാണു് ബുദ്ധദർശനത്തിന്റെ പതാകയെന്നു പറയുന്നുണ്ടു് സച്ചിദാനന്ദൻ, ‘ഭരതൻ ഓർമ്മിക്കുന്നു’ എന്ന തന്റെ കവിതയിൽ (‘കയറ്റം’).
“പ്രളയത്തിരക്കൊമ്പിൽ
പൂമരുതിന്മേലാലി-
ന്നിലയെക്കൊടിയാക്കിസ്സവാരി
ചെയ്യുന്നതാർ?
അതു മറ്റാരായീടാൻ, വിഹാരങ്ങൾ തന്നിരുൾ
കുറിച്ചു തെരുവിന്നു പ്രിയനായവൻ, സംഘ-
കരുണാകരൻ, മുക്തിവാഹനൻ,
ശക്തൻ, ബുദ്ധൻ!”
“ക്രിസ്തുവിനെ അക്കാലത്തെ അധികാരികൾ കൊലപ്പെടുത്തി. ബുദ്ധനെയാകട്ടെ ഇന്ത്യയിലെ സവർണ്ണപ്രത്യയശാസ്ത്രം, ക്രമേണ സ്വാംശീകരിച്ചു് നിർവീര്യനാക്കി. അവരെ വീണ്ടും മനുഷ്യചേതനയിലെ മരിക്കാത്ത നീതിബോധത്തിന്റെ സജീവമൂർത്തികളാക്കാനാണു് എന്റെ ശ്രമം” എന്ന കവിയുടെ വാക്കുകൾ കൂടി ഇതോടു ചേർത്തു വെയ്ക്കുമ്പോൾ, നാം കവിയുടെ ഉദ്ദേശ്യശുദ്ധിയെ തിലകമണിയിക്കാതിരിക്കില്ല. (ഡോ. ആർസുവുമായുള്ള അഭിമുഖം)
ലോകസഞ്ചാരത്തിനിടയിലും കവിയ്ക്കു് അഭയമാകുന്നതു് ബുദ്ധചിന്തകളുടെ അരയാൽച്ചുവടു തന്നെയാണു്. ലോകാഭിരാമമായ ഒരു ദർശനമാണതു്. പാലിക്കാവുന്നതു്, പിൻതുടരാവുന്നതു്, പ്രചരിപ്പിക്കാവുന്നതു്. ബുദ്ധബലത്തിന്റെ, സംഘബലത്തിന്റെ, അനന്യമായ പ്രത്യയശാസ്ത്രം!
കംബോഡിയ, തായ്ലാൻഡ്, മ്യാൻമാർ, ശ്രീലങ്ക എന്നിങ്ങനെ ചില രാജ്യങ്ങളിൽ ബുദ്ധൻ കുടിയിരുത്തപ്പെട്ട ദൈവമാണു്. അവിടെ ബുദ്ധനു് ക്ഷേത്രങ്ങൾ പണി കഴിക്കപ്പെട്ടിട്ടുണ്ടു്. ആരാധനയും അർച്ചനയുമുണ്ടു് അവിടെ.
ക്ഷേത്രത്തിന്റെ ഇടുങ്ങിയ ശ്രീലകത്തു്, കുടി വെയ്ക്കപ്പെടേണ്ടവൻ മാത്രമാണോ ബുദ്ധൻ? പുറമേ, നൊന്തുനീറുന്ന ഒരു ലോകം, ആ കാരുണികനെ ക്ഷേത്രബാഹ്യമായ ലോകങ്ങളിലേയ്ക്കു്, ദുഃഖിതരായ മനുഷ്യസഞ്ചയങ്ങളിലേയ്ക്കു്, ഉറക്കെ കൈകൊട്ടി വിളിയ്ക്കുമ്പോൾ ബുദ്ധനു് ഇടയ്ക്കെങ്കിലും അമ്പലം വിട്ടിറങ്ങേണ്ടി വരില്ലേ? കൊട്ടാരമേ വിട്ടിറങ്ങിയവനു് എന്തു ക്ഷേത്രം? എന്തു പ്രതിഷ്ഠ? കവിയായ സച്ചിദാനന്ദനു് ദൈവപരിവേഷമുള്ള ബുദ്ധനെയല്ല വേണ്ടതു്. ആ പ്രഭാവലയം ഊരിയെറിഞ്ഞു് ബാക്കിയാവുന്നതെന്തോ, ആ കരുണയും അഹിംസാബദ്ധതയും, സാർവ്വസാഹോദര്യത്വവുമാണു് സച്ചിദാനന്ദൻ തന്റെ ബുദ്ധകവിതകളിലൂടെ ആവിഷ്ക്കരിക്കാനും ഊട്ടിയുറപ്പിക്കാനും ഉദ്യമിക്കുന്നതു്. ദർശനമെന്നതിലുപരി പ്രാവർത്തികമാക്കപ്പെടേണ്ട ഒരു പ്രത്യയശാസ്ത്രമാണു് കവിയ്ക്കു്, തന്റെ ആഗോളബുദ്ധൻ. മറ്റൊരർത്ഥത്തിൽ, ‘കവിബുദ്ധൻ!’
ജീവിച്ചിരിക്കാത്ത ബുദ്ധസംഹിതകളിലെ ബുദ്ധൻ, ഒരുപക്ഷേ, നേരിട്ട ഏറ്റവും വലിയ ചോദ്യം, എന്തിനു് സിദ്ധാർത്ഥൻ യശോധരയേയും രാഹുലനേയും ഉപേക്ഷിച്ചു എന്നതാകും. കവിയായ സച്ചിദാനന്ദൻ പക്ഷേ, കരുതുന്നേ ഇല്ല, അവർ ത്യജിക്കപ്പെട്ടവരാണെന്നു്.
തപസ്സിൽ മുഴുകിയിരുന്ന സിദ്ധാർത്ഥനോടു് ഒരു അണ്ണാർക്കണ്ണന്റെ, “അങ്ങു് ആരെയാണു് രാവും പകലും ധ്യാനിക്കുന്നതു?” എന്ന ചോദ്യത്തിനു്, താൻ ത്യജിച്ച മകന്റെ പേരിൽത്തന്നെ അതിനെ അഭിസംബോധന ചെയ്തുകൊണ്ടു്, ഇങ്ങനെയാണു് ബുദ്ധന്റെ മറുപടി:
“ഞാൻ മനുഷ്യദുഃഖത്തെക്കുറിച്ചു
ചിന്തിക്കുകയാണു് രാഹുലാ!
രോഗം, വാർദ്ധക്യം, മരണം.”
“അങ്ങു് ഉപേക്ഷിച്ച മകന്റെ പേരു്
എന്തിനു് എന്നെ വിളിക്കുന്നു?”
എന്ന അണ്ണാർക്കണ്ണന്റെ ചോദ്യത്തിനു്,
“ഉപേക്ഷിക്കുകയോ? ഞാനോ? ഇല്ല.
അവനും യശോധരയും എന്റെ
ഉള്ളിൽ തന്നെയുണ്ടു്.
പക്ഷേ, മനുഷ്യരുടെ ദുഃഖങ്ങൾ
എന്നെ വേട്ടയാടുന്നു.”
എന്നാണു് ധ്യാനമഗ്നനായ ശുദ്ധോധനപുത്രന്റെ മറുപടി.
(‘സിദ്ധാർത്ഥനും അണ്ണാർക്കണ്ണനും’—‘ഇല്ല, വരില്ലിനി’ എന്ന സമാഹാരം)
പത്നിയെയും പുത്രനെയും ത്യജിക്കുകയല്ല; സകല മനുഷ്യരേയും ബന്ധുവാക്കുന്ന, ബന്ധിതമാക്കുന്ന വിശാലമായ രാജാവില്ലാത്ത ഒരു സ്നേഹകാരുണ്യ സാമ്രാജ്യത്തിലേയ്ക്കു് അവരെയും കൂട്ടിയിണക്കുകയാണു് സച്ചിദാനന്ദൻ. അപൂർവ്വം കവികളേ ഇങ്ങനെ ബുദ്ധന്റെ ത്യാജപക്ഷത്തോടു് ഒത്തു നിന്നിട്ടുള്ളൂ; ഒട്ടി നിന്നിട്ടുള്ളൂ.
“നിശീഥനിശ്ശബ്ദതയിങ്കലെന്റെ
കൊട്ടാരവാതിൽപ്പൊളി കണ്ണുനീരാൽ
ഉന്തിത്തുറന്നോടിടുമെന്റെ പിന്നി-
ലുറങ്ങി നിഷ്കന്മഷരാഗപൂരം.”
എന്നു് ബുദ്ധൻ സ്വയം തന്നെ വെളിപ്പെടുത്തുന്ന ഒരു അക്കിത്തം കവിതയിലും, കൊട്ടാരവാതിൽ കണ്ണുനീർ കൊണ്ടു് തള്ളിത്തുറന്നു്, ലോകാഭിമുഖമായ ദുഃഖത്തെ ഏറ്റെടുക്കുന്ന സിദ്ധാർത്ഥനെ കാണാം. ഇതു് അക്കിത്തം വെളിപ്പെടുത്തുന്നതാകട്ടെ, ബുദ്ധസത്ത കൊണ്ടു് സ്വന്തം കവിതകൾ കടഞ്ഞെടുത്ത കുമാരനാശാനു സമർപ്പിക്കപ്പെട്ട ‘പ്രതിമാപ്രബോധം’ ( മാനസപൂജ) എന്ന കവിതയിലും!
സാമാന്യജനങ്ങളോ ബുദ്ധമതാനുയായികൾ തന്നെയോ അംഗീകരിക്കുന്ന രീതിയിൽത്തന്നെ ബൗദ്ധദർശനം ഉൾക്കൊള്ളുകയോ പിൻതുടരുകയോ വയ്യ സച്ചിദാനന്ദനെന്ന കവിക്കു്! തനിക്കു വേണ്ടതു്, ആ ദർശനസമുച്ചയത്തിൽ നിന്നെടുക്കുന്ന ലോകാഭിമുഖ്യമുള്ള ബൗദ്ധസത്തയാണു്. അതിനു് ഒരു മൊണാസ്ട്രിയിലും തനിക്കു പോകണ്ടതില്ല; ബുദ്ധമതസ്വീകാരവും അതിനു് ആവശ്യമില്ല! ലോകമെങ്ങും കാരുണ്യത്തിന്റെ കുളിർമഴനീർ പൊഴിക്കുന്ന ഒരു മുകിൽക്കീറായി വിഹരിക്കാൻ, വിഹാരം വേണ്ടാത്ത ഒരു ബുദ്ധനെ കണ്ടെത്തുകയാണു് കവി തന്റെ ബുദ്ധകവിതകളിൽ!
സാമാന്യമല്ല സച്ചിദാനന്ദൻ എന്ന കവിയുടെ ആത്മീയത! ശിലാ,ദാരുനിർമ്മിതമായ, പൗരോഹിത്യ മേൽക്കോയ്മ ഉന്നതിയിൽ കൊടി പാറിച്ചു നിൽക്കുന്ന, ചെറുതോ വലുതോ ആയ, സാമ്പ്രദായികമായ, ലക്ഷണമൊത്തൊരു വാസ്തുനിർമ്മിതി, കവിയുടെ ആദർശ ക്ഷേത്രമായെന്നു വരില്ല. കവിയുടെ ദൈവവിചിന്തനമാകട്ടെ, യാഥാസ്ഥിതികസങ്കല്പങ്ങളിൽ, ദൈവനിന്ദ (blasphemy) ആയി പോലും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തേയ്ക്കാം. നോക്കുക, ‘ആത്മീയതയെക്കുറിച്ചു് മൂന്നു കവിതകൾ’ എന്ന രചനയിലെ, ‘ക്ഷേത്രം’ എന്ന ഖണ്ഡത്തിലെ ഒരു ഭാഗം:
“പട്ടി, മുറ്റത്തു്
മൂന്നു സുന്ദരിക്കുട്ടികളെ പ്രസവിക്കുമ്പോൾ,
ക്ഷേത്രം പുണ്യസ്ഥലമായി മാറുന്നു.”
(‘അനന്തം’)
പുണ്യാഹം കൊണ്ടല്ലാതെ, ഒരു സമസൃഷ്ടിയുടെ ഭൂമിയിലേയ്ക്കുള്ള ആഹ്ലാദകരമായ വരവുകൊണ്ടു് പുണ്യപ്പെടുന്ന ക്ഷേത്രം! (തള്ളപ്പട്ടി എത്ര സന്തോഷിച്ചിരിക്കും ആ പ്രതീക്ഷാനിർഭരമായ വരവിൽ! പിറപ്പുകളുടെ എണ്ണം കൂടുമ്പോൾ സന്തോഷവും കൂടിയേയ്ക്കും; അല്ലേ?) സൃഷ്ടിയുടെ പൂർണ്ണതകൊണ്ടല്ലാതെ, പിറവിയുടെ പാലനത്തിലൂടെയല്ലാതെ, ഏതമ്പലമാണു് പവിത്രവും പൂർണ്ണമാവുക? ആരെന്തു പറഞ്ഞാലും, മാനുഷികതയിൽ കവിഞ്ഞ മറ്റൊന്നുമല്ല, കവിക്കു് ദൈവം എന്ന സങ്കല്പം. ജാതീയതയും കവിക്കു മറ്റൊന്നല്ല.
“ചത്ത മൃഗത്തിൻ തോലുപൊളിക്കു-
മധഃകൃതനെന്നു പഴിക്കുന്നോരേ,
ഓർക്കുകയെന്നിൽ പാർക്കും വരിയേ
പാർക്കുന്നതു നിന്നുള്ളിലുമെന്നും.”
—രവിദാസ് ജാതിയെക്കുറിച്ചു സംസാരിക്കുന്നു. (‘പക്ഷികൾ എന്റെ പിറകേ വരുന്നു’ എന്ന സമാഹാരം)
തന്റെ വാക്കു തന്നെ അന്യനിലും കുടി പാർക്കുന്ന കവിത! ജന്മം കൊണ്ടു്, തൊഴിൽവിഭജനം കൊണ്ടു്, സാമ്പ്രദായികമായ ജാതീയതയുടെ മതിലുകൾ കൊണ്ടു് വേർതിരിക്കപ്പെട്ട; അപരവൽക്കരിക്കപ്പെട്ട വ്യത്യസ്തരായ രണ്ടു മനുഷ്യരിൽ കുടികൊള്ളുന്നതു് നിങ്ങൾ പറയുന്ന അതേ ദൈവം തന്നെയല്ലേ?
ബുദ്ധൻ പോലും അഭയാർത്ഥിയായി മാറുന്ന വർത്തമാനത്തിലാണു് ജനത ജീവിക്കുന്നതെന്നു കവിയ്ക്കറിയാം. അതുകൊണ്ടാണു് തന്റെ അറിവിന്റെ ‘ജ്ഞാനപ്പാന’യിൽ കവി സ്വന്തം വെളിപാടു് ഇങ്ങനെ കുടഞ്ഞിടുന്നതു്.
“വെടിയുണ്ടകൾ തുളച്ച ഉടലും ശിരസ്സുമായി
അനാഥമായ ഒരു ബുദ്ധവിഗ്രഹം
കൺകുഴികളിൽ നിന്നു ചോരയൊലിപ്പിച്ചു്
അഭയം തേടി തെരുവുതോറും അലഞ്ഞു.”
(‘ഒന്നാം പാഠം’)
അഹിംസയുടെ പ്രവാചകരെപ്പോലും മുറിവേല്പിക്കുകയും പ്രണപ്പെടുത്തുകയും സംശയിക്കുകയും ചെയ്യുന്നതാണു് ആസുരമായ വർത്തമാനം. ഇളവേൽക്കാൻ ആൽച്ചുവടു പോലുമില്ലാതെ സ്ഥാപനവൽക്കരിക്കപ്പെടുന്ന ബുദ്ധസത്തയിൽ നിന്നു തെന്നിത്തെറിച്ചു്, അഭയാർഥിയായി, അനാഥനായി തെരുവിലലയുന്ന ബുദ്ധനു്, സ്വന്തം കവിതയിൽ അഭയം നൽകുന്നു കവി.
തന്റെ ദർശനാശ്രിതത്വം, ബുദ്ധനു തണലു നൽകിയ, ബോധമണ്ഡലത്തിൽ സഹസ്രകരദീപ്തി ഉയർത്തിയ, അരയാൽ എന്ന രൂപകത്തിൽ ആരോപിക്കുന്നു കവി, ‘ബുദ്ധനെ കാണുവാൻ’ എന്ന കവിതയിൽ.
“അന്നതിൻ ചോട്ടിലായ്
വാസ,മെൻ വാക്കുകൾ
പൊന്നായി മാറും വരേയ്ക്കും.”
എന്നു് കവി പറയുന്നതു് അതു കൊണ്ടാണു്.
ബാധിസത്വനെ അകമേയറിഞ്ഞപ്പോൾ, എവിടെപ്പോയാലും തിരിച്ചെത്തേണ്ടുന്ന ആശ്വാസസങ്കേതമായി കവിക്കു പിന്നീടു് ബുദ്ധദർശനമെന്ന അരയാൽച്ചുവടു്. തുള്ളുന്ന ഇലകളിൽ ശ്വാസമായി, ചില്ലകൾ വീശുന്ന കാറ്റിൽ പ്രാണനായി, ഇലഞരമ്പിൽ താൻ പിന്നിട്ട വഴികളായി, ബുദ്ധന്റെ അശ്വത്ഥത്തിൽ താനുണ്ടെന്നു കവി പറയുന്നു. ഇങ്ങനെയാണു് ആ സമഗ്രദർശനത്തെ പ്രതിയുള്ള കവിയുടെ സത്യവാങ്മൂലം:
“ഉണ്ടതിൻ മണ്ണിലും
വേരിലും നീരിലും
എൻ ചോരയെന്നതു പോലെ,
ഉണ്ടതിൻ നിർത്താതെ
തുള്ളുമിലകളിൽ
എൻ ശ്വാസമെന്നതുപോലെ,
ഉണ്ടതിൻ ചില്ലയിൽ
വീശുമിളം കാറ്റിൽ
എൻ പ്രാണനെന്നതു പോലെ,
ഉണ്ടാ,ലില തൻ
ഞരമ്പിൽ ഞാൻ പിന്നിട്ട
എല്ലാ വഴികളുമല്ലോ.
ഉണ്ടതിൻ മഞ്ഞിൻ
കണത്തിൽ ഞാൻ താണ്ടിയ
എല്ലാ സമുദ്രവുമല്ലോ.”
ധർമ്മത്തെക്കുറിച്ചുള്ള ആധി പേറലോ അതിനെ പരിചരിക്കലോ, അതിനഭയം നൽകലോ ആണു് ബുദ്ധന്റെ വിധിയും നിയോഗവുമെന്നു് കവിതയ്ക്കൊടുവിൽ അസന്ദിഗ്ദ്ധമായി പറയുന്നു കവി.
“ബുദ്ധനെക്കാണുവാൻ
പോയപ്പോൾ സൃഷ്ടി തൻ
ദുഃഖമെന്റേതായ് മുഴുക്കെ.
അക്കരുണാധാര
തന്നിലിറക്കി
ഞാനക്കരെപ്പോകുന്ന തോണി!”
ബുദ്ധകാരുണ്യത്തിൽ, അപരകാരുണിയുടെ തോണിയിറക്കലാണു് സച്ചിദാനന്ദനു് കവിത!
കവിതയുടെ തുടക്കത്തിലെ വരികൾ ഒന്നു കൂടി മനസ്സിരുത്തി നോക്കൂ:
“ബുദ്ധനെക്കാണുവാൻ
പോകുമ്പോൾ ഞാനായി
കൃഷ്ണനെക്കണ്ട കുചേലൻ!
എന്റെയവിൽപ്പൊതി
കണ്ടപാടെയൊരു
നുള്ളാത്തിരുവായിലിട്ടു;
ചെന്നുതിരിച്ചു ഞാൻ
വീടിരുന്നേടത്തു
കണ്ടതോ കൂറ്റനരയാൽ!”
എത്ര അവസരോചിതമായി, എത്ര ധർമ്മചിന്താബന്ധിതമായി, കവി, ഒരു പുരാവൃത്തത്തെ, സന്ദർഭോചിതമായി, അർത്ഥവത്തായി ആനയിച്ചന്വയിക്കുന്നു, തന്റെ കവിതയിൽ!
ഒരു മറവിയുടെ പ്രത്യാനയനം, കാലത്തിന്റെ മധുരമായ പ്രത്യുത്തരം, ബാല്യകാല അജ്ഞതയുടെ പശ്ചാത്താപനിർഭരമായ പ്രായശ്ചിത്തം… എന്നിങ്ങനെ എന്തു വേണമെങ്കിലും വ്യാഖ്യാനിക്കാം സുദാമാവിന്റെ ദ്വാരകാധിപനായുള്ള അവിൽപ്പൊതി സമർപ്പണത്തെ. കുചേലന്റെ കയ്യിൽ പത്നി, “ഇരുട്ടത്തിടിച്ച, കല്ലും നെല്ലുമേറുന്ന പൃഥുകം” കൊടുത്തയച്ചതു് പ്രത്യർഥസമ്പാദനത്തിനല്ല. “അറിഞ്ഞു വല്ലതും കൂടെ തന്നയക്കണം” എന്ന കുചേലന്റെ അപേക്ഷയുടെ പാലനവും, ചെന്നുകയറുന്ന അതിഥിയുടെ സമർപ്പണമര്യാദയുമാണതു്. പക്ഷേ, ആ കർമ്മം കൊണ്ടു്, ചെയ്തു മറന്നുപോയ ബാല്യകാല ചപലതയ്ക്കു് (സുദാമാവു്, അവിൽ കൃഷ്ണനു പങ്കു വെയ്ക്കാതെ ഒറ്റയ്ക്കു കഴിച്ചു എന്നതിനു്) പ്രത്യുത്തരമായി കൈവന്നതോ ശിഷ്ടജീവിതത്തിന്റെ സമ്പൽസമൃദ്ധിയും!
പക്ഷേ, കുചേലനു കൈവന്ന അർത്ഥസമൃദ്ധിയല്ല കവിയ്ക്കു വേണ്ടതു്; തന്നെ ഉദ്ബുദ്ധനാക്കുന്ന ആത്മീയതയുടെ അർത്ഥസമ്പുഷ്ടിയാണു് ബുദ്ധനിൽ നിന്നു കവി തേടുന്നതു്. കവിതയിൽ, തഥാഗതദർശന സമ്മാനിതനായ കവിയ്ക്കു് വീണുകിട്ടുന്ന കൈവല്യമോ ദർശനദീപ്തിയോ തന്നെയാണു് ബൗദ്ധദർശനത്തിലേയ്ക്കാേ ബുദ്ധസൂക്തങ്ങളിലേക്കോ ഉള്ള തിരിച്ചു വരവു്. എന്നോ എത്തേണ്ടതായിരുന്നു ദർശനത്തിന്റെ ഈ അരയാൽത്തറയിൽ! പക്ഷേ, കർമ്മവിപര്യയത്താൽ തനിക്കതിനായില്ല എന്ന സങ്കടം! ഒരുപക്ഷേ, താനതിന്റെ എതിർദിശയിലായിരുന്നോ സഞ്ചരിക്കാൻ വ്യഗ്രത പൂണ്ടു നിന്നതു? വിരുദ്ധധ്രുവത്തിലേയ്ക്കു്, തന്റെ യാത്ര അങ്ങനെ തന്നെ തുടർന്നു കൊണ്ടേയിരുന്നില്ലെന്ന കൃതാർത്ഥത; എത്തേണ്ടിടത്തു് എത്തിയെന്ന കൈവല്യം. ഇവ രണ്ടും കൂടിച്ചേർന്നതാണു് കവിയുടെ ബുദ്ധനെ കണ്ടുമുട്ടൽ. ബുദ്ധനെ കണ്ടുമുട്ടുകയെന്നാൽ മനുഷ്യമഹാേന്നതിയുടെ ഗിരിശൃംഗങ്ങളിലേയ്ക്കു് ആനയിക്കപ്പെടുക എന്നു തന്നെയാണർത്ഥം. ബുദ്ധദർശനങ്ങളുടെ സ്വീകാരം തന്നെ ആത്മാവിൽ ധനവാനാക്കിയിരിക്കുന്നു. വൈകിയെത്തിയിട്ടും കൈ രണ്ടും നീട്ടി സ്വീകരിച്ചു് തണലേകിയിരിക്കുന്നു ബുദ്ധന്റെ അരയാൽ തനിക്കു്.
ഇനി ബുദ്ധപ്രകീർത്തനമാണു് തന്റെ വഴി. അതു പാടി നടക്കുക; അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക. അതാണു് തന്റെ കവികർമ്മം. അതാണു തന്റെ കവിധർമ്മം! “സംഘം ശരണം ഗച്ഛാമി” എന്നതിലെ സംഘനടത്തം (herd travel), മനുഷ്യവംശത്തോടൊത്തൊരുമിച്ചുള്ള നടത്തം തന്നെയാണു്. ബുദ്ധമതാനുയായികളോടൊപ്പമോ ബുദ്ധവിഹാരത്തിനോടൊപ്പമോ മാത്രമല്ലാതെ, മനുഷ്യകുലത്തോടും പ്രാണികുലത്തോടുമൊപ്പമാണല്ലോ ബുദ്ധനും ബുദ്ധന്റെ പ്രത്യയശാസ്ത്രവും യഥാർത്ഥത്തിൽ ഒത്തൊരുമിച്ചു് ചുവടുവെച്ചു നടന്നതു്.
“കായലോളങ്ങളേ,
കാറ്റേ പുഴകളേ
പാടുക ബുദ്ധപ്രശസ്തി.
ഏതു കവിതയും
വീഞ്ഞായി മാറ്റുമ-
ദ്ധീരകൃഷകന്റെ കീർത്തി.
ബുദ്ധനെക്കാണുവാൻ
പോയപ്പോൾ സൃഷ്ടി തൻ
ദുഃഖമെന്റേതായ് മുഴുക്കെ.
അക്കരുണാധാര
തന്നിലിറക്കി ഞാൻ
അക്കരെപ്പോകുന്ന തോണി.
(ബുദ്ധനെ കാണുവാൻ)
ഇതാണു് അപരനു് കാരുണ്യമേകുന്ന തന്റെ കവിതയുടെ ധർമ്മസ്പർശം. ലോകത്തുള്ള സകല സൃഷ്ടികളുടേയും ദുഃഖമേറ്റെടുത്തു് ആശ്വാസം നൽകലാണതു്. ബുദ്ധനെക്കാണുകയെന്നാൽ, ലോകത്തിലെ സകല ചരങ്ങൾക്കും കരുണ പകരലാണു്. സുഖദുഃഖസമ്മിശ്രമായ ജീവിതപാരാവാരം കടക്കാനുള്ള തോണിയാണു് തനിക്കു് ബുദ്ധദർശനങ്ങളുടെ പാലനവും അതിന്റെ അനുധാവനവും.
ഏതു ദർശനങ്ങളെ പിൻതുടരുമ്പോഴും ഏതു ജീവിതാദർശങ്ങളെ ആശ്ലേഷിക്കുമ്പോഴും, തന്റെ കവിതയുമായി ലോകസഞ്ചാരം നടത്തുമ്പോഴും (രണ്ടർത്ഥത്തിലും—ലോകരിലേയ്ക്കും, ലോക രാഷ്ട്രങ്ങളിലേയ്ക്കും) സച്ചിദാനന്ദൻ എന്ന കവിക്കു് ബുദ്ധദർശനം എന്ന കൂറ്റനരയാൽച്ചുവട്ടിൽത്തന്നെ തിരിച്ചെത്തേണ്ടതുണ്ടു്. കാരുണ്യം, അഹിംസ, ഭൂതദയ എന്നിവ അതിൻ ചുവട്ടിൽ സ്ഥിരവാസമുണ്ടെന്നു കവിക്കറിയാം.
“പിന്നെയലഞ്ഞു ഞാൻ തംബുരു നെഞ്ചേറ്റി-
യെൻ പാട്ടുമായുലകെങ്ങും.
എന്നാലുമെപ്പൊഴും വന്നൂ തിരിച്ചു ഞാ-
നെന്നരയാലിൻ തണലിൽ.”
ഈയൊരു കവിതയിൽ മാത്രമൊതുക്കിയെന്നു വരില്ല, കവി, തന്റെ വിശ്വാസം. ഏറ്റവും പുതിയ സമാഹാരത്തിൽ പോലും കവി തന്റെ ഉറപ്പു് പേർത്തും പ്രഖ്യാപിക്കും.
“ഇടയനായി വളരേണ്ടവൻ
പശുത്തൊഴുത്തിൽ പിറക്കണം.
ആൽത്തണലിന്റെ അറിവു നേടാൻ
അരമന വിട്ടിറങ്ങണം.”
‘താജിൽ വീണ്ടും’ (‘എത്ര ചെറിയതീ ഭൂമി’)
Go to the grass root level എന്നു നാം എപ്പോഴും പറയാറുള്ള, വേരിലേക്കിറങ്ങിച്ചെന്നുള്ള മനുഷ്യസങ്കടങ്ങളുടെ സമൂലാന്വേഷണമാണതു്. കനത്ത മതിൽക്കെട്ടുകളുള്ള കൊട്ടാരം വെടിയാതെ, തെരുവിലിറങ്ങി നടക്കാതെ, എങ്ങിനെ അറിയാനാണു് ലോകദുഃഖവും, മുറിവു നീറ്റുന്ന നോവുകളും, മർത്ത്യസങ്കടങ്ങളും?
‘നടക്കൂ നടക്കൂ’ എന്ന തന്റെ കവിതയിലും (‘പക്ഷികൾ എന്റെ പിറകേ വരുന്നു’) ബുദ്ധന്റെ കൊട്ടാരം വിട്ടിറങ്ങലിനെ ശ്ലാഘിക്കുകയാണു് കവി.
“കൊട്ടാരം വിട്ട ബുദ്ധനെപ്പോലെ,
ദണ്ഡിയിലേക്കു് നടക്കുന്ന ഗാന്ധിയെപ്പോലെ,
തിരിഞ്ഞു നോക്കാതെ നടക്കൂ,
നടന്നു കൊണ്ടേയിരിക്കൂ”
എന്നാണു വരികൾ.
അപരാനുതാപം, ലോകനന്മ എന്നീ ആത്യന്തികതകൾ മുന്നിലുള്ളപ്പോൾ ജ്ഞാനിയായ ഒരുവനു് സമ്പൽസമൃദ്ധിയുടേയും ആഡംബരത്തിന്റെയും അകത്തളങ്ങളിൽ എങ്ങനെ സമാധാനപൂർവ്വം വിശ്രമിക്കാൻ കഴിയും?
കുമാരനാശാനു ശേഷം ഇടശ്ശേരി യും, ഇടശ്ശേരിക്കു ശേഷം, ഒരു പക്ഷേ, സച്ചിദാനന്ദനുമായിരിക്കും ബുദ്ധദർശനങ്ങളുടെ അന്തസ്സത്തയെ മലയാളകവിതയിൽ അഗാധവും ഗാഢവുമായി പ്രതിഷ്ഠിച്ചതു്. ഇവരിൽത്തന്നെ, ഇടശ്ശേരിയും സച്ചിദാനന്ദനുമാണു് പൂർവ്വപരിപ്രേക്ഷ്യങ്ങളിൽ നിലയുറപ്പിച്ചു കൊണ്ടു്, ബുദ്ധദർശനത്തെ സമകാലികതയിലൂന്നി പുനർനിർവ്വചിച്ചു് ആധുനികകാലത്തേയ്ക്കു കൂടി അതിനെ ആനയിക്കുകയും സന്നിവേശിപ്പിക്കുകയും ചെയ്തതു്. സച്ചിദാനന്ദന്റെ ഭാഷയിൽത്തന്നെ പറഞ്ഞാൽ, കവിതയെ വീഞ്ഞാക്കി മാറ്റുന്ന, ധീരമായ കൃഷകവൃത്തി!
തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂരിൽ 1963ൽ ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നു് ബിരുദം. പബ്ലിക് റിലേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി. ജി. ഡിപ്ലോമ. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസിൽ നിന്നു് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി സ്വയം വിരമിച്ചു. ‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ’, ‘ആൽബട്രോസ്’, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ കവിതാസമാഹാരങ്ങൾ. കുട്ടികൾക്കു വേണ്ടി ‘പന്ത്രണ്ടു സോദരരും ഒരു പെങ്ങളും’ എന്ന കവിതാപുസ്തകം. ‘അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ’ എന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ എഡിറ്റർ. സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ ഇടശ്ശേരി അവാർഡ്, സംഘമിത്രം കവിതാപുരസ്ക്കാരം, ഒ. വി. വിജയൻ കവിതാ പുരസ്ക്കാരം, സംഗമസാഹിതി കവിതാ പുരസ്ക്കാരം, സൃഷ്ടി കവിതാ അവാർഡ്, അക്കിത്തം കവിതാപ്രബന്ധത്തിനുള്ള പൗർണ്ണമി പുരസ്ക്കാരം എന്നിവ ലഭിച്ചു.