images/hugo-5.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.5.1
കറുത്ത ചില്ലറച്ചില്ലുസാമാനങ്ങൾകൊണ്ടുണ്ടായ അഭിവൃദ്ധിയുടെ ചരിത്രം

അപ്പോൾ ഈയിടയ്ക്ക്, മോങ്ഫെർമിയെക്കാരുടെ പക്ഷത്തിൽ, തന്റെ കുട്ടിയെ ഉപേക്ഷിച്ചുകളഞ്ഞതുപോലെയിരുന്ന ആ അമ്മയുടെ കഥയെന്തായി? അവൾ എവിടെയായിരുന്നു? അവൾ എന്തു ചെയ്തിരുന്നു?

തന്റെ കൊസെത്തു കുട്ടിയെ തെനാർദിയെർമാർ വശം ഏല്പിച്ചതിനു ശേഷം അവൾ പിന്നെയും യാത്ര തുടർന്നു; എം. എന്ന സ്ഥലത്തെത്തി.

ഇത് 1818-ലാണെന്ന് ഓർമിക്കുമല്ലോ.

പത്തുകൊല്ലം മുമ്പാണ് ഫൻതീൻ നാടുവിട്ടത്. എം. പട്ടണത്തിന്റെ മട്ടൊക്കെ മാറിപ്പോയി. ഫൻതീൻ അരിഷ്ടിൽനിന്ന് അരിഷ്ടിലേക്കായി പതുക്കെ ഇറങ്ങിയിറങ്ങിപ്പോകുമ്പോൾ, അവളുടെ പിറന്ന നാട് അടിക്കടി അഭിവൃദ്ധിപ്പെട്ടുവന്നു.

ഏകദേശം രണ്ടു കൊല്ലത്തിനു മുമ്പുവെച്ചു, ചില്ലറ ജില്ലകളിലേക്കെല്ലാം വലിയ കഥകളായ അത്തരം കച്ചവടമാറ്റങ്ങളിൽ ഒന്ന് എം. എന്ന പ്രദേശത്തു സംഭവിച്ചു.

ഈ വിവരണം അത്യാവശ്യമാണ്; എന്നല്ല, ഇതിനെ കുറേ നീട്ടി വിസ്തരിച്ചു പറയുന്നതുകുടി പ്രയോജനകരമാണെന്നു ഞങ്ങൾ കരുതുന്നു; ചുവട്ടിൽ ഒരു വര വരച്ചിടണമെന്നുകൂടി പറയേണ്ടതാണ്.

വളരെക്കാലം മുമ്പു മുതൽ എം. എന്ന പ്രദേശത്ത് ഇംഗ്ലീഷ് കറുപ്പുചായവും ജർമൻ ചില്ലറച്ചില്ലുസാമാനങ്ങളും അനുകരിച്ചുണ്ടാക്കിവരുന്ന ഒരു സവിശേഷക്കൈത്തൊഴിൽ നടപ്പുണ്ടായിരുന്നു; അതുകൾ ഉണ്ടാക്കാനുള്ള സാധനങ്ങളുടെ വിലക്കൂടുതൽകൊണ്ട്—അതു കൈത്തൊഴിൽക്കാരുടെ മുഖത്തടിച്ചിരുന്നു—ഈ വ്യവസായം എപ്പോഴും അഭിവൃദ്ധിപ്പെടാതെ കിടന്നതേ ഉള്ളു. ഫൻതീൻ അങ്ങോട്ടു മടങ്ങിച്ചെന്ന കാലത്തു ‘കറുപ്പുസാമാന’ങ്ങളുടെ നിർമാണത്തിൽ അഭൂതപൂർവമായ ഒരു മാറ്റം വന്നിരുന്നു. 1815-ന്റെ ഒടുവിൽവെച്ച് ഒരാൾ, ഒരപരിചിതൻ; ആ പട്ടണത്തിൽ വന്നുകൂടി; അയാൾക്ക് എങ്ങനെയോ ഒരു യുക്തിതോന്നി; ഈ വ്യവസായത്തിൽ മരക്കറയ്ക്കു പകരം കോലരക്കാക്കുകയും, വിശേഷിച്ചു ചില്ലുവളകളുടെ കാരൃത്തിൽ, ഇരിമ്പുപലകത്തുണ്ടങ്ങളെ വിളക്കിക്കൂട്ടുന്നതിനു പകരം, ഇരിമ്പുപലകത്തുണ്ടങ്ങൾ വെറുതെ യോജിപ്പിക്കുകയും ചെയ്യാൻ അയാൾ ആരംഭിച്ചു.

ഈ അതിനിസ്സാരമായ മാറ്റം ആ വ്യവസായത്തെ മുഴുവനും ഒന്ന് ഇളക്കിമറിച്ചു.

ഈ നിസ്സാരമായ മാറ്റം, വാസ്തവത്തിൽ, വ്യവസായത്തിനുവേണ്ട സാധനങ്ങൾക്കു വളരെ വില കുറച്ചു; അതുകാരണം കൈത്തൊഴിലിനു കിട്ടുന്ന പ്രതിഫലം വർദ്ധിച്ചു—രാജ്യത്തിന് ഒരു ഗുണം; രണ്ടാമത് പണിത്തരം നന്നായി—വാങ്ങുന്നവർക്ക് ഒരുപകാരം; മൂന്നാമത്, ആദായം മൂന്നിരട്ടിച്ചുകൊണ്ടു ചുരുങ്ങിയ വിലയ്ക്കു വില്‍ക്കാൻ പറ്റി—കൈത്തൊഴിൽക്കാരന്ന് ഒരു നന്മ.

ഇങ്ങനെ, ഒരു യുക്തിയിൽനിന്നു മൂന്നു ഫലമുണ്ടായി.

മൂന്നു കൊല്ലംകൊണ്ട് ഈ വഴി കണ്ടുപിടിച്ച ആൾ പണക്കാരനായി—അതു നല്ലതുതന്നെ; അതുകാരണം അയാളെസ്സംബന്ധിച്ചുള്ള എല്ലാവരും പണക്കാരായി—അത് അതിലും നന്നായി. അയാൾ വ്യവസായത്തിൽ തീരേ ഒരപരിചിതനായിരുന്നു. അയാളുടെ വംശത്തെപ്പറ്റി ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. അയാളുടെ ആദ്യത്തെ നില എന്തായിരുന്നു എന്നാണെങ്കിൽ, അത്രയുമില്ല. അയാൾ ആ പട്ടണത്തിൽ വന്ന കാലത്തു കൈയിൽ വളരെ കുറച്ചേ പണമുണ്ടായിരുന്നുള്ളൂ—ഏറിയാൽ ഒന്നോ രണ്ടോ നൂറു ഫ്രാങ്കു മാത്രം—എന്നാണ് ജനസംസാരം.

ഒരു യുക്തിപൂർവമായ ഏർപ്പാടിൽ ഇറക്കി, വ്യവസ്ഥകൊണ്ടും ആലോചന കൊണ്ടും പുഷ്ടിപ്പെടുത്തിയ ഈ ചുരുങ്ങിയ മുലധനത്തിൽനിന്നാണ് അയാൾ തനിക്കും ആ രാജ്യത്തിനു മുഴുവനും മഹത്തായ ധനലാഭം ഉണ്ടാക്കിവെച്ചത്.

എം. എന്ന പ്രദേശത്തു വന്നപ്പോൾ അയാൾക്ക് ഒരു കൂലിപ്പണിക്കാരന്റെ ഉടുപ്പും ഭാവവും സംസാരവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എം. എന്ന ആ ചെറുപട്ടണത്തിൽ അയാൾ ഡിസംബർ മാസത്തിൽ ഒരു ദിവസം വൈകുന്നേരം സന്ധ്യയോടുകൂടി, പുറത്ത് പട്ടാളമാറാപ്പും കൈയിൽ മുള്ളുവടിയുമായി ഉപായത്തിൽ കടന്നുവന്ന സമയത്ത്, അവിടത്തെ ടൌൺഹാൾ തീപ്പിടിച്ചു കത്തുകയായിരുന്നുവത്രേ.

ഈ മനുഷ്യൻ, തന്റെ ജീവനെ ഗണിക്കാതെ, തിയ്യിനുള്ളിലേക്കു പാഞ്ഞുചെന്നു, പൊല്ലീസ്സുമേലുദ്യോഗസ്ഥന്റെ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി; ഇതുകാരണമാണ് അയാളുടെ യാത്രാനുവാദപത്രത്തെ ആളുകൾ ചോദിക്കാൻ മറന്നു പോയത്. ഒടുവിൽ അയാളുടെ പേർ മനസ്സിലായി. അയാളെ ഫാദർ മദലിയെൻ എന്നു വിളിച്ചുവന്നു.

1.5.2
മദലിയെൻ

അയാൾ ഏകദേശം അമ്പതു വയസ്സു പ്രായമുള്ള ഒരാളാണ്; ആകപ്പാടെ ആളുകൾക്ക് ഇഷ്ടം തോന്നിക്കുന്ന ഒരു മട്ടുണ്ട്; നല്ലവനുമാണ്. ഇത്രമാത്രമേ അയാളെപറ്റി പറയാൻ സാധിക്കൂ.

അയാൾ അത്രയും അഭിനന്ദനീയമായവിധം പുഃനസ്ഥാപനം ചെയ്ത ആ കൈത്തൊഴിലിനു കാണെക്കാണെയുണ്ടായ അഭിവൃദ്ധിക്കു നാം നന്ദിപറയുക—എം. എന്ന പട്ടണം പ്രാധാന്യമേറിയ ഒരു കച്ചവടസ്ഥലമായിത്തീർന്നു. എത്രയോ അധികം കറുത്ത അമ്പർ ചെലവാക്കുന്ന രാജ്യമായ സ്പെയിൻ കൊല്ലന്തോറും അവിടെനിന്നു വലിയ സംഖ്യയ്ക്കുള്ള ചരക്കു വാങ്ങിയിരുന്നു. ഈ ഒരു കച്ചവടത്തിൽ എം. പട്ടണം ലണ്ടനേയും ബെർലിനേയും കവച്ചുവെച്ചു. ഫാദർ മദലിയെന്റെ സമ്പാദ്യം അത്ര അധികമുണ്ടായിരുന്നു; അയാൾ രണ്ടാമത്തെ കൊല്ലം അവസാനിക്കുന്നതോടുകൂടി, പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ വലുതായ പണിപ്പുരകളുള്ള ഒരു കൂറ്റൻ വ്യവസായശാല നിർമിച്ചു. വിശപ്പുള്ള ആർക്കും അവിടെച്ചെന്നു മുഖം കാണിക്കാം; ഉദ്യോഗവും ഭക്ഷണവും സംശയം കൂടാതെ കിട്ടും. ഫാദർ മദലിയെൻ പുരുഷന്മാരോട് ഋജുബുദ്ധിയും സ്ത്രീകളോടു പരിശുദ്ധമായ സദാചാരനിഷ്ഠയും രണ്ടു കൂട്ടരോടും നിഷ്കപടതയും വേണമെന്നാവശ്യപ്പെട്ടു. സ്ത്രീപുരുഷന്മാരെ വേർതിരിക്കാൻവേണ്ടി അയാൾ പണിപ്പുരകള്‍ രണ്ടാക്കി; അതിനാൽ സ്ത്രീകൾക്കും പെൺകിടാങ്ങൾക്കും വകതിരിവോടുകൂടി കഴിഞ്ഞുകുടാം. ഈ ഒരു കാര്യത്തിൽ അയാൾക്കു ബഹുശാഠ്യമുണ്ടായിരുന്നു. ഇങ്ങനെ ഒന്നിൽമാത്രമേ അയാളെക്കൊണ്ടു പൊറുതികേടുള്ളു. എം. ഒരു പട്ടാളത്താവളമായതുകൊണ്ടു, ദുഷ്പ്രവൃത്തികൾക്കുള്ള സകര്യം അവിടെ അധികമായിരുന്ന സ്ഥിതിക്കു വിശേഷിച്ചും, ഈ കാര്യത്തിൽ അയാൾ കുറേക്കൂടി നിഷ്കർഷിച്ചു. ഏതായാലും അയാളുടെ വരവ് ഒരുപകാരമായി; അയാളുടെ സാന്നിധ്യം ഒരീശ്വരാനുഗ്രഹമായി. ഫാദർ മദലിയെൻ ചെല്ലുന്നതിനു മുമ്പ്, ആ രാജ്യത്തിലുള്ള സകലവും ക്ഷയിച്ചു കിടന്നിരുന്നു. ഇപ്പോഴാകട്ടേ, അധ്വാനശീലത്തിന്റെ ഉന്മേഷത്തോടും ആരോഗ്യത്തോടുംകൂടി സകലവും ഉയിർക്കൊണ്ടു. ശക്തിയുള്ള ഒരാരോഗ്യപ്രസരം സർവത്തേയും ഉശിരുപിടിപ്പിക്കുകയും സകലത്തിലും കടന്നുപ്രവർത്തിക്കുകയും ചെയ്തു. ഇല്ലായ്മയുടെ കാലങ്ങളും അരിഷ്ടും തീരെ പോയ്ക്കഴിഞ്ഞു. കുറച്ചെങ്കിലും കാശു കിടയ്ക്കാത്ത അത്രയും മോശമായ ഒരു കുപ്പായക്കീശയില്ല; എന്തെങ്കിലും ഒരു സന്തോഷം കുടിയേറിപ്പാർക്കാത്ത അത്രയും ദാരിദ്ര്യം പിടിച്ച ഒരു പാർപ്പിടമില്ല.

ഫാദർ മദലിയെൻ എല്ലാവർക്കും കൊടുത്തു ഉദ്യോഗം. ഒന്നുമാത്രം, അയാൾ അവരോടു നിർബന്ധിച്ചു; സത്യമുള്ളവനായിരിക്കുക; സത്യമുള്ളവളായിരിക്കുക.

ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, താൻ കാരണവും ആണിയുമായ ഈ മഹോദ്യമത്തിന്നിടയിൽ, ഫാദർ മദലിയെൻ വളരെ പണം സമ്പാദിച്ചു; എന്നാൽ ഒരു വ്യവസായശീലനിൽ സാധാരണമായി കാണുന്നതല്ലാത്ത ഒരു സംഗതി—തന്റെ പ്രധാന ശ്രമം അതാണെന്ന് ഒരിക്കലും അയാളെ സംബന്ധിച്ചേടത്തോളം തോന്നിയിരുന്നില്ല. അയാൾ എപ്പോഴും മറ്റുള്ളവരെപ്പറ്റി വിചാരിക്കുന്നതുപോലെ കാണപ്പെട്ടു—തന്നെപ്പറ്റിയില്ല. 1820-ൽ ആറുലക്ഷത്തിമുപ്പതിനായിരം ഫ്രാങ്ക് അയാളുടെ പേരിൽ ബാങ്കിൽ കിടപ്പുണ്ടായിരുന്നു എന്നാണ് അറിവ്; എന്നാൽ ഈ ആറുലക്ഷത്തിമുപ്പതിനായിരം ഫ്രാങ്ക് സൂക്ഷിച്ചുവെക്കുന്നതിനിടയിൽ, കുറഞ്ഞാൽ ഒരു പത്തുലക്ഷത്തിലധികം അയാൾ നഗരവാസികൾക്കും സാധുക്കൾ ക്കുമായി ചെലവഴിച്ചിട്ടുണ്ട്.

ആസ്പത്രിയിൽ സാമാനങ്ങൾ വളരെ കുറവായിരുന്നു. അയാൾ അതിൽ ആറു കട്ടിലുകൾ പുതുതായി ചേർത്തു. എം. പട്ടണം മേലേതും താഴേതുമായി രണ്ടു ഖണ്ഡമാണ്. അയാൾ താമസിച്ചിരുന്ന താഴേ ഖണ്ഡത്തിൽ ഒരു വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളൂ—ഒരു ദാരിദ്ര്യം പിടിച്ച ചെറ്റപ്പുര; അതുതന്നെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു; ഒന്ന് ആൺകുട്ടികൾക്കും മറ്റൊന്നു പെൺകുട്ടികൾക്കുമായി അയാൾ അവിടെ രണ്ടെണ്ണം പണിചെയ്യിച്ചു. രണ്ടുപാധ്യായന്മാർക്കും അയാൾ സ്വതവേ സര്‍ക്കാരിൽ നിന്നുള്ള ചുരുങ്ങിയ ശമ്പളത്തിന്റെ ഒരിരട്ടി സ്വന്തം കൈയിൽ നിന്നു കൊടുത്തുവന്നു; അതിനെപ്പറ്റി അത്ഭുതപ്പെട്ട ഏതോ ഒരാളോട് അയാൾ ഒരുദിവസം പുഞ്ചിരിക്കൊണ്ടു പറഞ്ഞു, ‘രാജ്യത്തേക്കുള്ള രണ്ടു പ്രധാനോദ്യോഗം, ഒന്ന് ആയയുടേതും മറ്റേത് ഉപാധ്യായന്റേതുമാണ്.’ പിഞ്ചുകുട്ടികൾക്കായി അയാൾ തന്റെ കൈയിൽനിന്നു ചെലവിട്ട ഒരു വിദ്യാലയം ഏർപ്പെടുത്തി—ഈ വ്യവസ്ഥാപനം അന്നു ഫ്രാൻസിൽ ആരും കേൾക്കാത്ത ഒന്നാണെന്നു പറയണം; വൃദ്ധന്മാരും പ്രവൃത്തിയെടുപ്പാൻ വയ്യാത്തവരുമായ സാധുക്കളെ സഹായിപ്പാൻ അയാൾ ഒരു മൂലധനം ശേഖരിച്ചു. അയാളുടെ വ്യവസായശാല ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു കേന്ദ്രസ്ഥാനമായതുകൊണ്ട് അസംഖ്യം സാധുകുടുംബങ്ങളോടുകൂടിയ ഒരു പുതിയ നഗരഭാഗം അതിന്നു ചുറ്റുമായി ക്ഷണത്തിൽ പ്രത്യക്ഷീഭവിച്ചു; അയാൾ അവിടെ ഒരു ധർമ്മാസ്പത്രി സ്ഥാപിച്ചു.

ആദ്യമായി അയാളുടെ ശ്രമങ്ങൾ സുക്ഷിച്ചുനോക്കിയിരുന്ന ചില പുണ്യാത്മാക്കൾ പറഞ്ഞു, പണമുണ്ടാക്കാൻ നോക്കുന്ന ഒരു വിരുതൻ.’ തന്നെ ധനവാനാക്കുന്നതിനുമുമ്പ് അയാൾ രാജ്യത്തെ ധനസമൃദ്ധമാക്കുന്നതായി കണ്ടപ്പോൾ ആ പുണ്യാത്മാക്കൾ പറഞ്ഞു: ‘പ്രമാണിയാവാനുള്ള ഒരു ദുരക്കാരൻ.’ മതവിഷയത്തിൽ അയാൾക്കു ശ്രദ്ധയുണ്ടെന്നുകൂടി അറിഞ്ഞപ്പോൾ, അതൊന്നുകൂടി ശരിപ്പെട്ടു, അയാൾക്കു കുറെ മതനിഷ്ഠതന്നെ ഉണ്ടായിരുന്നു —ആ കാലത്ത് ഇങ്ങനെയുള്ള സ്വഭാവം ജനങ്ങൾക്ക് ഇഷ്ടം തോന്നിക്കുന്ന ഒന്നാണ്. എല്ലാ ഞായറാഴ്ചയും ശരിക്കു നിത്യ ‘കുർബാന’യ്ക്ക് അയാൾ പള്ളിയിൽ പോവും. എവിടേയും, എല്ലാവിധം ശണ്ഠയ്ക്കുള്ള കാരണങ്ങളും, മണത്തറിയുന്ന ഒരാളായ അവിടത്തെ പ്രജാസഭാംഗത്തിന് ഇങ്ങനെയുള്ള മതനിഷ്ഠ കണ്ടു ക്ഷണത്തിൽ കണ്ണുകടി തുടങ്ങി. ഈ പ്രജാസഭാംഗം ഫ്രഞ്ചുസാമ്രാജ്യത്തിലെ നിയമനിർമാണ സഭയിൽപ്പെട്ട ഒരാളായിരുന്നു; ഫൂഷ് എന്ന പേരിൽ അറിയപ്പെടുന്ന ദ്യുക് ദോത്രാന്തിനുള്ള മതവിഷയജ്ഞാനങ്ങളിലാണ് അയാൾ പങ്കുകൊണ്ടിരുന്നത്; അയാൾ അദ്ദേഹത്തിന്റെ ഒരാളും ചങ്ങാതിയുമാണ്. ആ വിദ്വാൻ വാതിലടച്ചിരുന്ന് ഈശ്വരനെ പതുക്കെ കളിയാക്കുക പതിവുണ്ട്. പക്ഷേ, പണക്കാരനായ മദലിയെൻ ഏഴുമണിസമയത്തു നിത്യ’കുർബാന’യ്ക്കു പോകുന്നതു കണ്ടപ്പോൾ, പിന്നത്തെ തിരഞ്ഞെടുപ്പിൽ ആ വ്യവസായശാലാപ്രവർത്തകൻ ജനപ്രതിനിധിയായിത്തീർന്നേക്കാൻ എളുപ്പമുണ്ടെന്ന് അയാൾ കണ്ടു; അതു കൂടാതെ കഴിക്കണമെന്ന് നിശ്ചയിച്ചു; ഒരു സന്ന്യാസിയുടെ ശിഷ്യത്വം കൈയിലാക്കി, പാട്ടു ‘കുർബാന’യ്ക്കും സന്ധ്യാരാധനകൾക്കും അയാൾ ഹാജർ കൊടുപ്പാൻ തുടങ്ങി. ആ കാലത്തു പ്രമാണിത്തതിനുള്ള ആഗ്രഹം എന്തിനേയും തട്ടിക്കടന്നുകൊണ്ടുള്ള ഒരു മരണപ്പാച്ചിലായിരുന്നു. മറ്റൊരാൾ മുമ്പിൽ കടന്നെങ്കിലോ എന്നുള്ള ഭയംകാരണം നല്ലവനായ ഈശ്വരനെന്നപോലെ പാവങ്ങൾക്കും ഗുണം കിട്ടി; ബഹുമാനപ്പെട്ട നമ്മുടെ പ്രജാസഭാംഗത്തിന്റെ വകയായും ആസ്പത്രിയിൽ രണ്ടു കട്ടിൽകൂടി—ആകെ പന്ത്രണ്ടായി.

എന്തായിട്ടും 1819-ൽ ഒരു ദിവസം രാവിലെ, പൊല്ലീസ്സ് മേലുദ്യോഗസ്ഥന്റെ അഭിപ്രായങ്ങളനുസരിച്ചും രാജ്യത്തിനുണ്ടായിട്ടുള്ള നന്മകളെപ്പറ്റി ആലോചിച്ചും. മഹാരാജാവു ഫാദർ മദലിയെനെ എം. പട്ടണത്തിലെ ‘മെയറാക്കി നിശ്ചയിക്കാൻ പോകുന്നു എന്നുള്ള ഒരു സംസാരം നാടെങ്ങും പരന്നു. പുതുതായി വന്ന ഈ മനുഷ്യൻ ‘പ്രമാണിത്തത്തിനു വലിയ ആഗ്രഹി’യാണെന്ന് ആദ്യമായി അഭിപ്രായപ്പെട്ടിട്ടുള്ളവർ, ‘അതാ! ഞങ്ങൾ പറഞ്ഞതെങ്ങനെ?’ എന്നുച്ചത്തിൽ പറയാൻ സർവരും ഇഷ്ടപ്പെടുന്ന ഈ തഞ്ചത്തെ സന്തോഷപൂർവം പിടികൂടി. പട്ടണം മുഴുവനും ഒന്നിളകിത്തീർന്നു. ആ കേട്ട ജനസംസാരം നല്ല അടിയുറപ്പുള്ളതായിരുന്നു. കുറെ ദിവസം കഴിഞ്ഞപ്പോൾ മാണിത്ത്യുർ പത്രത്തിൽ ഉദ്യോഗനിശ്ചയം പ്രതൃക്ഷീഭവിച്ചു. പിറ്റേദിവസം രാവിലെ ഫാദർ മദലിയെൻ അതിനെ ഉപേക്ഷിച്ചു.

ഈ കൊല്ലത്തിൽത്തന്നെ, 1819-ൽ, മദലിയെൻ കണ്ടുപിടിച്ച പുതു വ്യവസായത്തിന്റെ മാതൃകകൾ പ്രദർശനത്തിന്നു ചെന്നിരുന്നു; പരിശോധകസംഘത്തിന്റെ(ഫന്‍തീന്‍ പേജ്) നഗരത്തിൽ പിന്നേയും ഒരിളക്കം. ശരി, അപ്പോൾ കുരിശുമുദ്രയാണ് അയാൾക്കു വേണ്ടത്! ഫാദർ മദലിയെൻ കുരിശുമുദ്രയെ ഉപേക്ഷിച്ചു.

നിശ്ചയമായും, ഈ മനുഷ്യൻ ആളുകളെ അമ്പരപ്പിക്കുന്നു. പുണ്യാത്മാക്കൾ, ഇങ്ങനെ പറഞ്ഞുകൊണ്ടു തങ്ങൾക്ക് ഒരു നിൽക്കക്കള്ളിയുണ്ടാക്കി, എന്തായാലും, അയാൾ ആരാണെന്ന് ആർക്കറിയാം!’

ആ രാജ്യം അയാൾക്ക് അത്രയും കടപ്പെട്ടിട്ടുണ്ടെന്നു നാം കണ്ടു; സാധുക്കളുടെ സർവസ്വവും അയാൾതന്നെ; അയാൾ അത്രയും ഉപകാരിയും സൌമ്യശീലനുമായിരുന്നതുകൊണ്ടു, ജനങ്ങൾക്ക് അയാളെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യാതിരിപ്പാൻ വയ്യെന്നായി. വിശേഷിച്ചും അയാളുടെ കീഴ്ജീവനക്കാർ അയാളെ മനസ്സുകൊണ്ടു പൂജിച്ചു; അയാളാകട്ടെ, അവരുടെ പൂജയെ കുണ്ഠിതപൂർവമായ ഗൌരവത്തോടുകൂടി സഹിച്ചു. പണക്കാരനായി എന്നറിയപ്പെട്ടപ്പോൾ, പദവി വലുപ്പമുള്ളവർ അയാളുടെ മുമ്പിൽ തല കുനിച്ചു തുടങ്ങി; പട്ടണത്തിൽ നിന്നുള്ള ക്ഷണങ്ങൾ ചെല്ലുകയായി; പട്ടണത്തിൽ അയാൾ മൊസ്സ്യു മദലിയെൻ എന്നു വിളിക്കപ്പെട്ടു; അയാളുടെ കൂലിവേലക്കാരും നാട്ടിലുള്ള കുട്ടികളുമാകട്ടെ, പിന്നേയും അയാളെ ‘ഫാദർ മദലിയെൻ’ എന്നുതന്നെ വിളിച്ചുവന്നു—അയാളെക്കൊണ്ടു പുഞ്ചിരിക്കൊള്ളിക്കുവാൻ അതായിരുന്നു പറ്റിയ സംബോധനം. ഉയർന്നുയർന്നുവന്നതോടുകൂടി, അയാളുടെ സർവ്വതോമുഖമായ അഭിവൃദ്ധിയനുസരിച്ചു ക്ഷണങ്ങളും മീതെയ്ക്കുമീതെ അയാളിൽവന്നു വീണുതുടങ്ങി. ‘സമുദായം’ അയാളെ തന്റെ സ്വന്തമായി സ്വീകരിച്ചു. ആദ്യത്തിൽ കൈവേലക്കാരന്ന് ഒരിക്കലും തുറന്നുകൊടുക്കില്ലെന്ന് അടഞ്ഞുകിടന്നിരുന്ന എം. പട്ടണത്തിലെ മോടികൂടിയ ഇരിപ്പുമുറി വാതിലുകളെല്ലാം, കോടീശ്വരനെ സ്വീകരിക്കുവാനായി തങ്ങളുടെ ഈ രണ്ടു പൊളികളും മലർക്കെ തുറന്നിട്ടനിലയായി. അവ ഒരായിരം തവണ അയാളെ അങ്ങോട്ടു ക്ഷണിച്ചു: അയാൾ ഉപേക്ഷിച്ചു.

ഇക്കുറി ആളുകൾക്ക് ഓരോന്നു പറയാൻ നല്ല വഴി കിട്ടി. അയാൾ അക്ഷരജ്ഞാനമില്ലാത്തവനാണ്; ഒന്നും പഠിച്ചിട്ടില്ല. എവിടെനിന്നാണ് അയാൾ വന്നിട്ടുള്ളതെന്ന് ആർക്കും അറിഞ്ഞുകൂടാ. നാലുപേരുടെ ഇടയിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആ മനുഷ്യന്നു നിശ്ചയമില്ല. വായിക്കാനറിയാമെന്നുതന്നെ വേണ്ടപോലെ തെളിഞ്ഞിട്ടില്ല.’

അയാൾ പണമുണ്ടാക്കുന്നതു കണ്ടുപ്പോൾ, ആളുകൾ പറഞ്ഞു; ‘പണത്തിനു വേണ്ടി ജീവിക്കുന്ന ഒരാൾ.’ അയാൾ പണം നാലുപുറവും വാരിവിതയ്ക്കുന്നതു കണ്ടപ്പോൾ, അവർ പറഞ്ഞു; ‘പ്രമാണിത്തം കൈയിലാക്കാനുള്ള ഒരു ദുരാഗ്രഹി.’

ബഹുമതികളെ അയാൾ നിരസിക്കുന്നതു കണ്ടപ്പോൾ, ഇങ്ങനെയായി വാക്ക്: ‘എവിടെനിന്നോ വന്ന ഒരുത്തൻ,’ സമുദായത്തെ അയാൾ പുല്ലുപോലെ ഉപേക്ഷിക്കുന്നതു് കണ്ടപ്പോഴാകട്ടേ, അവർ ഇങ്ങനെ പറഞ്ഞുതുടങ്ങി: ‘അയാൾ ഒരു ജന്തു.’

അയാൾ എം. പട്ടണത്തിൽ എത്തി അഞ്ചു കൊല്ലം കഴിഞ്ഞപ്പോഴെയ്ക്കു്, അയാളിൽനിന്നു് ആ രാജ്യത്തിനു മുഴുവൻ ഉണ്ടായിവന്ന ഗുണങ്ങൾ അത്രയും അപരിമിതങ്ങളായി, നാട്ടുകാരുടെ മുഴുവനും നല്ല അഭിപ്രായം അത്രമേൽ ഏകകണ്ഠമായി; രാജാവു് അയാളെ പിന്നെയും എം. പണത്തിലെ ‘മെയർ’ പദത്തിൽ നിയമിച്ചു.പിന്നെയും അയാൾ അതിനെ നിരസിച്ചു. പക്ഷേ, പൊല്ലീസ്സുമേലുദ്യോഗസ്ഥൻ ശാഠ്യം പിടിച്ചു; അവിടത്തെ പ്രമാണികളെല്ലാം അയാളോട് അങ്ങോട്ടു ചെന്നപേക്ഷിച്ചു; തെരുവിലുള്ള പൊതുജനങ്ങൾ അയാളോടു യാചിച്ചു; ആളുകളുടെ സ്നേഹപൂർവ്വമായ നിർബന്ധം അത്രയും ശക്തിമത്തായിത്തീർന്നു. ഒടുവിൽ അയാൾക്ക് ആ ഉദ്യോഗം സ്വീകരിക്കേണ്ടിവന്നു. ഈവിധം സ്വീകരിക്കുവാൻ അയാളെ മുഖ്യമായി പ്രേരിപ്പിച്ചത് പൊതുജനങ്ങളുടെ ഇടയിൽ ഒരു വൃദ്ധ ഏതാണ്ടു ശുണ്ഠിയെടുത്തു പറഞ്ഞതുകൊണ്ടാണെന്നറിയുന്നു—ആ കിഴവി തന്റെ വീട്ടിനു മുകളിൽ നിന്നുകൊണ്ട് അയാളോട് ഇങ്ങനെ രസമില്ലാത്തവിധം വിളിച്ചു പറഞ്ഞു: നല്ലവനായ ഒരു മെയർ ആവശ്യമുള്ളൊന്നാണ്. തനിക്കു ചെയ്വാൻ കഴിയുന്ന നന്മകള്‍ക്കുമുമ്പിൽ, അദ്ദേഹം പിന്നെയും പിൻവാങ്ങുകയാണോ?

അയാളുടെ കയറ്റത്തിൽ ഇതു മൂന്നാമത്തെ പടിയാണ്. ഫാദർ മദലിയെൻ മൊസ്സ്യു മദലിയെനായി. മൊസ്സ്യു മദലിയെൻ പോയി. മൊസ്സ്യു മെയറായിത്തീർന്നു.

1.5.3
ബേങ്കിലിട്ടിട്ടുള്ള സംഖ്യ

എന്നാൽ, അയാൾ ആദ്യത്തെ ദിവസത്തെപ്പോലെത്തന്നെ അന്നും ഒതുങ്ങിയ നിലയിൽ കഴിഞ്ഞു. അയാൾക്കു നരച്ച തലമുടിയും ഒരു സഗൌരവമായ നോട്ടവും ഒരു കൂലിപ്പണിക്കാരന്റെ കരുവാളിപ്പു കയറിയ ശരീരവണ്ണവും ഒരു തത്ത്വജ്ഞാനിയുടെ ആലോചനാശീലത്തോടുകൂടിയ മുഖഭാവവുമാണുണ്ടായിരുന്നത്. അയാൾ പതിവായി ഒരു പരന്ന വക്കുള്ള തൊപ്പിയും, പരുക്കൻ തുണികൊണ്ടുണ്ടാക്കിയതും കവിളത്തു വെച്ചു കുടുക്കിയതുമായ ഒരു നീണ്ട കുപ്പായവുമാണ് ധരിച്ചിരുന്നത്. മെയറുദ്യോഗത്തെ സംബന്ധിച്ചുള്ള പ്രവൃത്തികളെല്ലാം അയാൾ ചെയ്തു. പക്ഷേ, ഒരു വൃത്യാസം മാത്രമുണ്ട്— അയാൾ ഏകാന്തവാസം ചെയ്തു പോന്നു. അയാൾ വളരെ കുറച്ചു പേരോടേ സംസാരിക്കുള്ളൂ. ആചാരസംബന്ധികളായ മര്യാദകളെ അയാൾ ചെയ്യാതെ കഴിക്കാൻ നോക്കും. അയാൾ എവിടെ നിന്നും ക്ഷണത്തിൽ പിരിയും; സംസാരിക്കേണ്ട ആവശ്യം കൂടാതെ കഴിക്കാൻ വേണ്ടി അയാൾ പുഞ്ചിരിക്കൊള്ളും; പുഞ്ചിരിയിടേണ്ട ആവശ്യംകൂടാതെ കഴിക്കാൻവേണ്ടി, അയാൾ കൊടുത്തുകളയും. സ്ത്രീകൾ അയാളെപ്പറ്റി പറഞ്ഞു:

‘എന്തു മര്യാദക്കാരനായ കരടി!’ വയലുകളിൽ ലാത്തുകയാണ് അയാൾക്ക് ആകെയുള്ള സുഖം.

അയാൾ ഒരു തുറന്ന പുസ്തകം മുൻപിൽവെച്ചു വായിച്ചുകൊണ്ട് എപ്പോഴും തനിച്ചിരുന്നു ഭക്ഷണം കഴിക്കും. നല്ലപോലെ തിരഞ്ഞുനോക്കി വാങ്ങിയ ഒരു ചെറിയ പുസ്തകസമുച്ചയം അയാൾക്കുണ്ട്. അയാൾ പുസ്തകങ്ങളെ സ്നേഹിച്ചിരുന്നു. ഉദാസീനന്മാരാണെങ്കിലും വിശ്വാസയോഗ്യന്മാരായ സ്നേഹിതന്മാരത്രേ പുസ്തകങ്ങൾ. ഭാഗ്യത്തോടുകൂടി വിശ്രമസമയവും ക്രമത്തിൽ വർദ്ധിച്ചു തുടങ്ങിയപ്പോൾ, അതിനെ അയാൾ തന്റെ മനസ്സിനെ സംസ്കരിക്കുവാൻ ഉപയോഗപ്പെടുത്തി; എം. പട്ടണത്തിൽ വന്നതു മുതൽ ഓരോ കൊല്ലവും അയാളുടെ ഭാഷ അധികമധികം പരിഷ്കൃതവും വിശിഷ്ടവും സൌമ്യതരവുമാകുന്നുണ്ടെന്ന് ആളുകൾ പറഞ്ഞുവന്നു. പുറത്തു ലാത്തുന്ന സമയങ്ങളിൽ തോക്കു കൈയിൽ വെക്കുന്നത് അയാൾക്കിഷ്ടമായിരുന്നു; പക്ഷേ, അതയാൾ വളരെ ചുരുക്കമായേ ഉപയോഗപ്പെടുത്താറുള്ളൂ. എന്നാൽ എപ്പോഴെങ്കിലും അതിനു സംഗതി വന്നാൽ, അയാൾ വെക്കുന്ന വെടി ഭയങ്കരമായവിധം കുറിക്കുകൊള്ളുന്ന ഒന്നായിരിക്കും. ഉപദ്രവകരമല്ലാത്ത ഒരു ജന്തുവിനെയെങ്കിലും അയാൾ ഒരിക്കലും കൊന്നിട്ടില്ല. ഒരിക്കലും അയാൾ ഒരു ചെറുപക്ഷിയുടെ നേരെ വെടിവെച്ചിട്ടില്ല.

അയാളുടെ ചെറുപ്പം പോയിരിക്കുന്നുവെങ്കിലും, അന്നും അയാൾക്ക് എന്തെന്നില്ലാത്ത ശക്തിയുണ്ടായിരുന്നു സംസാരം. ആവശ്യമുണ്ടെന്നു കണ്ടാൽ ആർക്കും അയാൾ സഹായം ചെയ്തുകൊടുക്കും—വീണുകിടക്കുന്ന കുതിരയെ എടുത്തു പൊന്തിക്കും; ചേറ്റിൽ പൂഴ്‌ന്നുപോയ വണ്ടിച്ചക്രത്തിന് ഉരുളാറാക്കും; വിരണ്ടുപായുന്ന കാളയെ കൊമ്പുപിടിച്ചു നിർത്തും. പുറത്തേക്കിറങ്ങുമ്പോൾ എപ്പോഴും അയാളുടെ കുപ്പായക്കീശയിൽ പണം നിറഞ്ഞുകിടക്കും; എന്നാൽ മടങ്ങിവരുമ്പോൾ അതിൽ യാതൊന്നും ഉണ്ടാവില്ല. അയാൾ ഒരു ഗ്രാമത്തിലൂടെ പോകുമ്പോൾ, വൃത്തികെട്ട ചെറുപിള്ളേർ മുഴുവനും ആഹ്ലാദത്തോടുകൂടി അയാളുടെ പിന്നാലെ പാഞ്ഞുചെല്ലും; കൊതുകുകളെപ്പോലെ അയാളുടെ ചുറ്റും വളയും.

പണ്ടു് അയാൾ ഏതോ നാട്ടുപുറത്തായിരിക്കണം താമസിച്ചിരുന്നതെന്നു തോന്നി; എന്തുകൊണ്ടെന്നാൽ, ഉപകാരപ്രദങ്ങളായ എല്ലാത്തരം കുരുട്ടുവിദ്യകളും അയാൾക്കറിയാം; അവയെ അയാൾ അവിടെയുള്ള കൃഷിക്കാർക്കു പറഞ്ഞുകൊടുത്തു. കോതമ്പത്തിനുണ്ടാകുന്ന പുഴുക്കുത്തിനെ, വെറും ഉപ്പുവെള്ളം അതിലും കളപ്പുരയിലും തളിക്കുകയും നിലത്തുള്ള വിടവുകളിൽ നിറയ്ക്കുകയും ചെയ്തു. എങ്ങനെ മാറ്റിക്കളയാമെന്നും, ഒരുതരം കാട്ടുതുളസിച്ചെടി പൂത്തുനിൽക്കുമ്പോൾ പറിച്ച് എല്ലായിടത്തും, നാലു ചുമരിലും തട്ടിന്മേലും പുല്ലിന്നിടയിലും വീട്ടിനുള്ളിലും, കെട്ടിത്തൂക്കിയാൽ ‘കൊത്തൻ’ എന്ന പ്രമാണികളെ എങ്ങനെ നിശ്ശേഷം ആട്ടിയോടിച്ചു കളയാമെന്നും അയാൾ അവരോടുപദേശിച്ചു.

ഒരു പാടത്തുനിന്ന് അവിടെയുള്ള കോതമ്പത്തിന്റെ വിളവുകളെ നശിപ്പിക്കുന്നചാഴി, കള, പുല്ല് എന്നില്ല എല്ലാ വെറും ചെടികളെയും വേരറുത്തുകളയുവാൻ അയാൾക്കു ചില പൊടിക്കൈകളുണ്ട്. മുയലുകളെ വളർത്താനുള്ള കാട്ടുവളപ്പുകളിൽ ഒരുതരം ചെറുപന്നികളെ കൊണ്ടുപോയാക്കി അവയുടെ നാറ്റംകൊണ്ട് ആ പ്രദേശത്തെങ്ങും അയാൾ എലി കടക്കാതാക്കും.

ഒരു ദിവസം ചില നാട്ടുപുറത്തുകാർ കൊണ്ടുപിടിച്ചു കൊടുത്തൂവ പറിക്കുന്നത് അയാൾ കണ്ടു; അയാൾ ആ ചെടിയെ പരീക്ഷണം ചെയ്തു; വേരോടുകൂടി പറിച്ചിട്ട അതുണങ്ങിപ്പോയിരുന്നു; അയാൾ പറഞ്ഞു: ‘ഇതിന്റെ ജീവൻ പോയ്പോയി. ഏതായാലും ഇതിനെ ഉപയോഗപ്പെടുത്തേണ്ടതെങ്ങനെ എന്നറിഞ്ഞിരിക്കുന്നതു നന്ന്. കൊടുത്തൂവ ഇളയതായിരിക്കുമ്പോൾ, ഇല ഒരു നല്ല പച്ചക്കറിയാണ്; മൂത്താൽ വക്കയ്ക്കും ചണത്തിനുമെന്നപോലെ ഇതിനും നാരുണ്ട്. തൂവനാർത്തുണി പരുത്തിത്തുണിപോലെ നല്ലതാണ്. കൊത്തിയരിഞ്ഞാൽ. കോഴി, വത്ത് മുതലായവയ്ക്കു നന്ന്; ഇടിച്ചു ചതച്ചാൽ കന്നുകാലികൾക്കു കൊടുക്കാം. തൂവ വിത്തുകൾ പുല്ലിലും വയ്ക്കോലിലും മറ്റും ചേർത്തു തിന്നാൻ കൊടുത്താൽ കന്നുകാലികളുടെ രോമത്തിനു മിനുപ്പു കൂടും; വേരുകൾ ഉപ്പുകൂട്ടി പതപ്പെടുത്തിയാൽ അതിൽനിന്ന് ഒരു ഭംഗിയുള്ള മഞ്ഞച്ചായത്തിന്റെ കൂട്ടുണ്ടാക്കാം. ഇവയ്ക്കൊക്കെ പുറമേ, തൂവ ഒരു നല്ല വേലിസ്സാധനമാണ്; രണ്ടു പ്രാവശ്യം വെട്ടിവേറേ കുത്താം! എന്നാൽ ഈ തൂവയ്ക്ക് എന്തു ചെലവുണ്ട്? കുറച്ചു മണ്ണ്, നോട്ടം വേണ്ടാ; അറിവു വേണ്ടാ. ഒന്നു മാത്രം; വിത്തുകൾ മൂപ്പെത്തിയാൽ കൊഴിഞ്ഞു പോവും; അടിച്ചുകൂട്ടി എടുക്കാന്‍ അധ്വാനമുണ്, അതേ ഉള്ളൂ. കുറച്ചു മനസ്സിരുത്തിയാല്‍ തൂവയെ ആവശ്യമുളള ഒന്നാക്കിത്തീർക്കാം; ആരും നോക്കുന്നില്ല, അതു കൊണ്ട് അതുപദ്രവകരമായിത്തീർന്നു. അതിനെ ആളുകൾ നശിപ്പിച്ചുകളയുന്നു. എത്ര മനുഷ്യരുണ്ട് തൂവയെപ്പോലെ! കുറച്ചുകഴിഞ്ഞ് അയാൾ തുടർന്നുപറഞ്ഞും: എന്റെ ചങ്ങാതിമാരേ, ഇതോർമ്മ വെയ്ക്കു; ചീത്ത ചെടികളോ ചീത്ത മനുഷ്യരോ ഇല്ല. ചീത്ത കൃഷിക്കാർ മാത്രമേ ഉള്ളൂ.’

കുട്ടികൾക്ക് അയാളെ ഇഷ്ടമാണ്; വയ്ക്കോലും നാളികേരവുംകൊണ്ടു കൗതുകകരങ്ങളായ ഓരോന്നു കെട്ടിയുണ്ടാക്കാൻ അയാൾക്കറിയാം.

ഒരു പള്ളിവാതിക്കൽ കറുപ്പുതുണി തൂക്കിക്കണ്ടാൽ അയാൾ അകത്തു കടക്കും. മറ്റുള്ളവർ ജാതകർമം അന്വേഷിക്കുന്നതുപോലെ, അയാൾ ശവസംസ്കാരം അന്വേഷിച്ചു ചെല്ലും. തന്റെ മഹത്തായ സൌശീല്യം കാരണം. വൈധവ്യവും അന്യന്മാരുടെ പരിതാപവും അയാളെ ആകര്‍ഷിച്ചുപോന്നു; ദുഃഖിതരായി നടക്കുന്ന സുഹൃത്തുക്കളുടേയും, കറുത്ത ഉടുപ്പിട്ട കുടുംബാംഗങ്ങളുടേയും, ശവമഞ്ചത്തിനു ചുറ്റും ഞെരങ്ങുന്ന മതാചാര്യന്മാരുടേയും കൂട്ടത്തിൽ അയാളും കൂടും. പരലോകത്തിന്റെ നിഴല്പാടുകൊണ്ടു നിറഞ്ഞ ഈ ശവസംസ്കാരസമയത്തെ സങ്കീർത്തനങ്ങൾ അയാളുടെ വിചാരപരമ്പരയ്ക്ക് ഒരു വിഷയമായിത്തീരുന്നതുപോലെ തോന്നപ്പെട്ടു. തന്റെ നോട്ടം ആകാശത്തിൽ പതിഞ്ഞതുകൊണ്ട്, അപാരതയുടെ നിഗൂഡതകളിലേക്കെല്ലാം കടന്നുചെല്ലുന്ന ഒരുതരം ശ്വാസഗതിയോടുകൂടി, ഇരുട്ടടഞ്ഞു കിടക്കുന്ന മരണക്കുഴിയുടെ വക്കത്തുനിന്നു പാടുന്ന ആ ദുഃഖമയങ്ങളായ രാഗാലാപങ്ങളെ അയാൾ മനസ്സിരുത്തി കേൾക്കും.

മനുഷ്യൻ ദുഷ്പ്രവൃത്തികളിൽനിന്നു സ്വനാമത്തെ മറച്ചുവെക്കുന്നതു പോലെ, താനാണ് പ്രവർത്തിക്കുന്നതെന്നു മറ്റുള്ളവരെ അറിയിക്കാതെ അയാൾ അസംഖ്യം സൽപ്രവൃത്തികൾ ചെയ്തു. രാത്രി ആരുമറിയാതെ, അയാൾ വീടുകളിൽ കടന്നുചെല്ലും; കള്ളന്റെ മട്ടിൽ പതുക്കെ കോണികയറും. ഒരു ഗതിയില്ലാത്ത ഭാഗ്യഹീനൻ എവിടെയോ പോയിട്ടു താൻ നിലംപൊത്തുന്ന തട്ടിൻപുറത്തേക്കു മടങ്ങിച്ചെല്ലുമ്പോൾ, താനില്ലാത്തപ്പോൾ വാതിൽ ആരോ തുറന്നിരിക്കുന്നതായി—ഒരുസമയം ബലാൽക്കാരേണ തുറന്നിട്ടുള്ളതായി—കാണും. ആ സാധു നിലവിളിച്ചു ലഹളകൂട്ടും; ഏതോ കള്ളൻ കടന്നിരിക്കുന്നു എന്നായി! ആ പാവം അകത്തു കടന്നു നോക്കും; ഒന്നാമതായി കാണുക, ഏതെങ്കിലും ഒരു വീട്ടുസാമാനത്തിനു മീതെ ഒരു സ്വർണനാണ്യം ആരോ മറന്നുവെച്ചിട്ടുള്ളതായിരിക്കും. അവിടെ ചെന്നിട്ടുള്ള ‘കള്ളൻ’ ഫാദർ മദലിയെൻ ആയിരിക്കും.

അയാൾ സുശീലനും മനോരാജ്യക്കാരനുമാണ്. ജനങ്ങൾ സംസാരിച്ചു: ‘ലേശമെങ്കിലും അഹംഭാവമില്ലാത്ത ഒരു സമ്പന്നൻ. തികച്ചും അലംഭാവമില്ലാത്ത ഒരു സുഖിതൻ.

ചിലർ വാദിച്ചുപോന്നു. അയാൾ ഒരജ്ഞാതമനുഷ്യനാണെന്നും, ചിറകുള്ള നാഴികവട്ടകളെക്കൊണ്ടലങ്കരിച്ചതും മരിച്ചവരുടെ എല്ലുകളും തലയോടുകളും കൊണ്ട് ഉയിർക്കൊള്ളിച്ചതുമായ അയാളുടെ തനിത്തപസ്വി ഗുഹമുറിയിലേക്ക് ആരും കടന്നുചെല്ലാറില്ലെന്നും. ഇത് ഒരു വലിയ സംസാരവിഷമായിത്തീർന്നു; അങ്ങനെ, ആ എ. പട്ടണത്തിലുള്ള അന്തസ്സുകാരികളും അറുദുശ്ലീലകളുമായ യുവതികളിൽ ചിലർ ഒരു ദിവസം അയാളെ കാണാൻ ചെന്ന്, ഇങ്ങനെ ചോദിച്ചു; ‘മൊസ്സ്യു മെയർ, ദയചെയ്തു നിങ്ങളുടെ കിടപ്പുമുറി ഒന്നു കാണിച്ചുതരൂ. അതൊരു നിലവറയാണെന്നു കേട്ടിട്ടുണ്ട്.’ അയാൾ ഒന്നു മന്ദസ്മിതംകൊണ്ടു; അവരെ ക്ഷണത്തിൽ ആ ‘നിലവറ’യിലേക്കു ക്ഷണിച്ചുകൊണ്ടുപോയി. അവർകെല്ലാവര്‍ക്കും തങ്ങളുടെ ഉൽക്കണ്ഠയ്ക്കു മതിയായ ശിക്ഷ കിട്ടി. ആ മുറി ചേല വീട്ടികൊണ്ടുള്ള സാമാനങ്ങളാൽമാത്രം അലംകൃതമായിരുന്നു; അത്തരം വീട്ടു സാമാനങ്ങൾക്കുള്ളപോലെ, ആ മുറിക്കും ഒരു ഭംഗിയില്ലായ്മയുണ്ട്; പന്ത്രണ്ടു സൂ വിലയ്ക്കുള്ള കടലാസ്സുകളാണു് പതിച്ചിരുന്നതു്. ആ മുറിയിൽ ഒരിടത്തും ഒരസാധാരണത്വമുള്ളതായി കണ്ടുപിടിപ്പാൻ അവരെക്കൊണ്ടു കഴിഞ്ഞില്ല. പഴയ മട്ടിലുള്ള രണ്ടു മെഴുതിരിക്കാലുകൾ മാത്രം അടുപ്പിൻതിണ്ണമേലുണ്ടായിരുന്നു; അവ വെള്ളി കൊണ്ടുണ്ടാക്കിയവയാണെന്നു കാണപ്പെട്ടു; എന്തുകൊണ്ടെന്നാൽ, ‘കളവു വെള്ളിയല്ലെന്നുള്ള മുദ്ര അതാ’—ചില്ലറ പട്ടണങ്ങളിലെ സാധാരണഫലിതം മുഴുവനും നിറഞ്ഞ അഭിപ്രായപ്രകടനം..

എന്തായാലും, ആ മുറിയിലേക്ക് ആരും കടന്നുചെല്ലാറില്ലെന്നും അത ഒരു തപസ്വിഗുഹയാണെന്നും—അതേ, ഒരു നിഗൂഡമായ ഏകാന്തസ്ഥലം; ഒരു പൊത്ത്; ഒരു ശവക്കല്ലറ—ആളുകൾ സംസാരിച്ചു.

എന്നല്ല, അയാൾ ‘ഒരുപടി‘ പണം ബാങ്കിലിട്ടിട്ടുണ്ടെന്നും ജനങ്ങൾ നടന്നു മന്ത്രിച്ചു; ഒരു സവിശേഷതകൂടിയുണ്ട്—അത് എപ്പോഴും അയാൾക്കു തിരിച്ചു മേടിക്കാം; എന്നുവെച്ചാൽ, എന്നെങ്കിലും ഒരു ദിവസം രാവിലെ മൊസ്സ്യു മദലിയെന്നു ബാങ്കിൽ കടന്നുചെന്ന് ഒരു രശീതി ഒപ്പിട്ടു കൊടുത്താൽ, പത്തു നിമിഷത്തിനുള്ളിൽ ഇരുപതോ മുപ്പതോ ലക്ഷം കൈയിലാക്കി പോരാം. വാസ്തവംനോക്കുമ്പോൾ ‘ഈ ഇരുപതോ മുപ്പതോ ലക്ഷം’ ഞങ്ങൾ മുമ്പു പറഞ്ഞിട്ടുള്ളതു പോലെ ആറു ലക്ഷത്തി മുപ്പതിനായിരം, അല്ലെങ്കിൽ നാല്പതിനായിരം ഫ്രാങ്കായി കുറയ്ക്കേണ്ടിയിരിക്കും.

1.5.4
മൊസ്സ്യു മദലിയെൻ ദീക്ഷയെടുത്തത്

കൊല്ലം 1820-ന്റെ ആരംഭത്തിൽ, മോൺസിന്യേർ ബിയാങ് വെന്യു’ എന്ന വിശേഷപ്പേരുള്ള ഡി.യിലെ മ്മെതാൻ, മൊസ്സ്യു മിറിയേൽ, എൺപത്തിരണ്ടാമത്തെ വയസ്സിൽ വന്ദനീയതയുടെ ദിവ്യഗന്ധത്തിൽ മുഴങ്ങിക്കൊണ്ടു സ്വർഗാരോഹണം ചെയ്തതായി വർത്തമാനപത്രങ്ങൾ പ്രസ്താവിച്ചു.

ഡി.യിലെ മെത്രാൻ—പത്രങ്ങൾ പറയാൻ വിട്ടുപോയ ഒരു സംഗതികൂടി പറയട്ടെ—മരണത്തിനു കുറേ കൊല്ലം മുമ്പുവെച്ച് അന്ധനായി; തന്റെ സഹോദരി അടുത്തുണ്ടായിരുന്നതുകൊണ്ട് ആ അന്ധത്വത്തിൽ അദ്ദേഹത്തിന് അസുഖം തോന്നിയതുമില്ല.

ഈ കൂട്ടത്തിൽ ഒന്നു ഞങ്ങൾക്കു പറഞ്ഞുവെക്കാനുണ്ട്. യാതൊന്നും പരിപൂര്‍ണമായി കാണപ്പെടാത്ത ഈ ലോകത്തിൽ, കണ്ണുപോവുകയും സ്നേഹിക്കപ്പെടുകയുംകൂടി ചെയ്യുന്നത് ഏറ്റവും അനർഘങ്ങളും അത്ഭുതകരങ്ങളുമായ മഹാഭാഗ്യങ്ങളിൽ ഒന്നാണ്. ഒരു സ്ത്രീ, ഒരു മകൾ, ഒരു സോദരി, ഒരോമന, എപ്പോഴും അടുത്തുണ്ടായിരിക്കുക—നിങ്ങൾക്ക് അവളെക്കൊണ്ടാവശ്യമുള്ളതുകൊണ്ടും അവൾക്കു നിങ്ങളെ വിട്ടുപിരിയുവാൻ വയ്യാത്തതുകൊണ്ടും അവൾ ആവിധം ചെയ്യുക; നമുക്കാവശ്യമുള്ള ഒരാൾക്കു നാം ഒഴിച്ചുകൂടാത്തവരാണെന്നു ബോധപ്പെടുക; അവൾ എത്രകണ്ടു നമ്മുടെ അടുക്കൽ പിരിയാതെ നില്‍ക്കുന്നുവോ അത്രകണ്ടു അവളുടെ സ്നേഹബാഹുല്യത്തെ ഇളവില്ലാതെ അളന്നു നോക്കിക്കൊണ്ടിരിപ്പാൻ നമുക്കു കഴിയുക; ‘അവളുടെ സമയം മുഴുവനും എനിക്കായി സമർപ്പിച്ചിട്ടുള്ളതുകൊണ്ട് അവളുടെ മനസ്സും എനിക്കുള്ളതാണെന്നു സ്വയം വിചാരിക്കാൻ സംഗതി വരിക; അവളുടെ മുഖത്തിനുപകരം വിചാരത്തെ കാണുക; ലോകം മുഴുവനും ഇരുട്ടടഞ്ഞു കിടക്കെ, അതിനിടയിലുള്ള ഒരാളുടെ വിശ്വാസ്യതയെ തട്ടിച്ചുനോക്കുവാൻ തരംകിട്ടുക; ഒരു പാവാടയുടെ ചലനശബ്ദത്തെ ചിറകുകളുടെ ഒച്ചുപോലെ കരുതുക; അവൾ പോകുന്നതും വരുന്നതും മാറി നിൽക്കുന്നതും മടങ്ങിയെത്തുന്നതും പാട്ടുപാടുന്നതും കേൾക്കുക: എന്നല്ല ഈ കാലൊച്ചകളുടേയും ഈ സംസാരത്തിന്റേയും കേന്ദ്രസ്ഥാനം ഒരാളാണെന്നു വിചാരിക്കുക; ഓരോ നിമിഷത്തിലും ഒരാളുടെ സൗന്ദര്യവിശേഷം പ്രത്യക്ഷീഭവിക്കുക; ഒരാളുടെ അവശതകൊണ്ട് അയാൾക്ക് അത്രയും അധികാരശക്തി വർധിച്ചതായി തോന്നുക; ഒരാൾ അന്ധതയിൽക്കിടക്കുമ്പോഴും അയാളുടെ അന്ധത ഹേതുവായിട്ടും, ഇങ്ങനെയുള്ള ഒരു ദേവവനിത തന്റെ ആകർഷണശക്തിക്കധീനയായി എപ്പോഴും തന്നെ ചുറ്റിക്കൊണ്ടിരിക്കുമാറ്, അയാശ ഒരു ജ്യോതിർഗ്ഗോളമായി പരിണമിക്കുക—ഏതൊരു പരമാനന്ദവും ഇതിനു സമമല്ല. താൻ മറ്റൊരാളുടെ സ്നേഹത്തിനു പാത്രമാണെന്നു ബോധപ്പെടുന്നതിൽ നില്‍ക്കുന്നു, മനുഷ്യന്റെ പരമോൽകൃഷ്ടമായ ജീവിതസുഖം; ഒരാളെ അയാളാണെന്നു വെച്ചു തന്നെ മറ്റൊരാൾ സ്നേഹിക്കുക—അല്ലെങ്കിൽ ഇങ്ങനെ പറയട്ടെ; അയാൾ അയാളായിരുന്നിട്ടും മറ്റൊരാൾ അയാളെ സ്നേഹിക്കുക; ഈ ബോധം കണ്ണുപൊട്ടന്നുണ്ട്. ഈ ദുർദ്ദശയിൽ ശുശ്രൂഷിക്കപ്പെടുക എന്നതു നിശ്ചയമായും ഓമനിക്കപ്പെടുകയാണ്. അയാൾക്ക് എന്തെങ്കിലും ഇല്ലായ്കയുണ്ടോ? ഇല്ല, സ്നേഹം കൈവശമുള്ളവന്ന് എന്നും ഇരുട്ടില്ല. എന്നല്ല, എന്തു സ്നേഹം! മനോഗുണംകൊണ്ടു നിറഞ്ഞിട്ടുള്ള സ്നേഹം! നിശ്ചയമുള്ളേടത്ത് അന്ധത്വമില്ല. ആത്മാവ് ആത്മാവിനെ തപ്പിത്തപ്പിക്കൊണ്ട് അന്വേഷിക്കുകയും അതിനെ കണ്ടുപിടിക്കുകയും ചെയ്യുന്നു. എന്നല്ല, അങ്ങനെ കണ്ടുപിടിച്ചു മാറ്റുരച്ചു നോക്കപ്പെട്ട ആത്മാവോ, ഒരു സ്ത്രീ. ഒരു കൈ നിങ്ങളെ താങ്ങുന്നു; അത് അവളുടേതാണ്; രണ്ടു ചുണ്ടുകൾ പതുക്കെ നിങ്ങളുടെ നെറ്റിമേൽ തൊടുന്നു; അത് അവളുടെ ചുണ്ടുകളാണ്: നിങ്ങളുടെ വളരെ അടുക്കൽനിന്ന് ഒരു ശ്വാസം കേൾക്കുന്നു; അവളുടെയാണത്. അവളുടെ ആരാധന മുതൽ അനുകമ്പവരെ, അവളുടേതായ സകലവും, ഒരിക്കലും വിട്ടുപോകാത്ത വിധം, നിങ്ങൾക്കു കൈയിൽ കിട്ടുക; ആ ഓമനയായ ദുർബ്ബലത നിങ്ങളെ സഹായിക്കുന്നതാവുക; ആ ഇളക്കമില്ലാത്ത വയ്ക്കോല്ക്കൊടിയുടെമേൽ നിങ്ങൾ ചാരിയിരിക്കുക; ആ മനുഷ്യന്റെ കൈകൊണ്ടു ഈശ്വരനെ തൊടുക; എന്നല്ല, ആ ഈശ്വരനെ എടുത്തു മാറിടത്തിൽ—ഈശ്വരൻ തൊട്ടറിയാവുന്നതാക്കിത്തന്നെ തന്റെ മാറിടത്തിൽ— ചേർത്താശ്ശേഷിക്കുക—എന്തു പരമാനന്ദം! ഹൃദയം—ആ ദിവ്യവും നിഴലിൽ നില്‍ക്കുന്നതുമായ പുഷ്പം— ഒരത്ഭുതകരമായ വികസിക്കൽ വികസിക്കുന്നു. എല്ലാ പ്രകാശത്തിനായിട്ടുംകൂടി ആ അന്ധകാരത്തെ മനുഷ്യൻ കൈമാറുകയില്ല! ദിവ്യരൂപിയായ ആത്മാവ് ഒരിക്കലും വിട്ടുപിരിയാതെകണ്ട് അതാ; അവൾ പുറത്തേക്കു പോകുന്നുണ്ടെങ്കിൽ, വീണ്ടും മടങ്ങിവരാൻ മാത്രമാണ്; ഒരു സ്വപ്നംപോലെ, അവൾ മറയുകയും, വാസ്തവസ്ഥിതിപോലെ വീണ്ടും പ്രത്യക്ഷീഭവിക്കുകയും ചെയ്യുന്നു. ഒരു സുഖം വരുന്നതുപോലെ തോന്നുന്നു; ഉടനെ അതാ, അവൾ അവിടെയെത്തി. ശാന്തതയിൽ, ആഹ്ലാദത്തിൽ, പരമാനന്ദത്തിൽ, ഒരാൾ ആണ്ടുമുങ്ങുന്നു. രാത്രിക്കിടയിൽ ഒരാൾ തേജോവിലാസമായി കാണപ്പെടുന്നു. ഉണ്ട്, ഒരായിരം ചില്ലറശല്യങ്ങളുണ്ട്. ആ ശൂന്യതയിൽ വലിയവയായിത്തീരുന്ന ഒന്നുമില്ലായ്മകൾ. നിങ്ങളെ കിടത്തിയുറക്കുവാൻ ഉപയോഗിക്കപ്പെട്ടവയും, നിങ്ങളെസംബന്ധിച്ചേടത്തോളം ഇല്ലാതായ പ്രപഞ്ചത്തെ വീണ്ടും ഉള്ളതാക്കിത്തരുന്നവയുമായ ആ സ്ത്രീശബ്ദത്തിന്റെ ഏറ്റവും അനിർവചനീയങ്ങളായ ഉച്ചാരണവിശേഷങ്ങൾ. ആത്മാവിനെക്കൊണ്ട് ആ മനുഷ്യൻ ഓമനിക്കപ്പെടുന്നു. അയാൾ ഒന്നും കാണുന്നില്ല; പക്ഷേ, താൻ സ്നേഹപൂർവം ആരാധിക്കപ്പെടുന്നതായി അയാൾക്ക് അനുഭവപ്പെടുന്നു നിഴല്പാടുകളെകൊണ്ടുള്ള ഒരു സ്വർഗ്ഗമാണിത്.

ഈ സ്വർഗത്തിൽനിന്നാണ് മോൺസിന്യേർ വെൽക്കം പരലോകത്തേക്കു കടന്നത്.

അദ്ദേഹത്തിന്റെ മരണവർത്തമാനം എം. പട്ടണത്തിലെ ഒരു പത്രം പകർത്തിയിട്ടില്ല. പിറ്റേദിവസം മുതൽ മൊസ്സ്യു മദലിയെൻ ദേഹമാസകലം കറുത്ത ഉടുപ്പു കൊണ്ടു മൂടി; തലയിൽ ഒരു കറുത്ത പട്ടുചുരുൾവസ്ത്രം ധരിച്ചു.

ഈ ദീക്ഷ പട്ടണനിവാസികൾ സൂക്ഷിച്ചു; അവർ അതിനെപ്പറ്റി ഗുണദോഷ നിരൂപണം ചെയ്തു. മൊസ്സ്യു മദലിയെന്റെ ആദിമചരിത്രത്തെപ്പറ്റി അത് എന്തോ ഒരറിവു തരുന്നതുപോലെ തോന്നി. അയാളും ആ വന്ദ്യനായ മെത്രാനും തമ്മിൽ ഒരു സംബന്ധമുണ്ടെന്ന് ആളുകൾ തീർച്ചപ്പെടുത്തി. ഡി.യിലെ മെത്രാന്‍ മരിച്ചതുകൊണ്ട് അദ്ദേഹം ദീക്ഷ എടുത്തിരിക്കുന്നു. ഇരിപ്പുമുറികൾ സംസാരിച്ചു; ഇതു മൊസ്സ്യു മദലിയെന്റെ പദവിയെ അത്യധികം ഉയർത്തി; ഇത് ഒരു ക്ഷണത്തിൽ, ഒറ്റടിയായി, എം. പട്ടണത്തിലെ പ്രമാണികൾക്കിടയിൽ അയാളെപ്പറ്റി ഏതാണ്ടൊരു ബഹുമതിയുണ്ടാക്കി. തനിക്കു വന്നുകൂടിയ ഈ ഔന്നത്യം വൃദ്ധകളുടെ വർദ്ധിച്ചു വരുന്ന ഉപചാരങ്ങളിൽനിന്നും ചെറുപ്പക്കാരികളുടെ ഏറിയേറിവരുന്ന പുഞ്ചിരികളിരുനിന്നും മൊസ്സ്യു മദലിയെൻ കണ്ടറിഞ്ഞു. ഒരു ദിവസം വൈകുന്നേരം, ആ നിസ്സാരമായ മഹാലോകത്തിലെ ഒരു ഭരണാധികാരിണി പ്രായക്കൂടുതലിന്റെ അവകാശം കൊണ്ടു ജിജ്ഞാസയുണ്ടായി ഇങ്ങനെ കടന്നുചോദിച്ചു: മൊസ്സ്യു മെയർ, നിങ്ങൾ നിശ്ചയമായും ഡി.യിലെ കഴിഞ്ഞുപോയ മ്രെതാന്റെ ദായാദിയാണ്, അല്ലേ?’

അയാൾ പറഞ്ഞു: ‘അല്ല, മദാം.’

‘പക്ഷേ,’ ആ പ്രഭ്വി തുടർന്നുപറഞ്ഞു: ‘നിങ്ങൾ അദ്ദേഹത്തിന്റെ ദീക്ഷയെടുത്തിരിക്കുന്നുവല്ലോ.’

അയാൾ മറുപടി പറഞ്ഞു: ‘ചെറുപ്പത്തിൽ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിൽ ഒരു ഭൃത്യനായിരുന്നു.’

പിന്നെ, ഒന്നുകൂടി ആളുകൾ സൂക്ഷിച്ചു; അങ്ങുമിങ്ങും തെണ്ടിത്തിരിഞ്ഞു നടക്കുന്നവരും പുകക്കുഴലുകൾ തുടച്ചു നന്നാക്കാനുണ്ടോ എന്നന്വേഷിക്കുന്നവരുമായ കുട്ടികൾ വല്ലവരും എം. പട്ടണത്തിൽ വന്നാൽ, മെയർ അവരെ തന്റെ അടുക്കൽ വിളിച്ചുവരുത്തി പേരന്വേഷിക്കുകയും എന്തെങ്കിലും ഒരു സംഖ്യ കൊടുക്കുകയും ചെയ്യും. ഈ വിവരം അവരുടെ ഇടയിൽ സംസാരമായി. അനവധി പേർ അതിലേ വന്നുതുടങ്ങി.

1.5.5
ആകാശാന്തത്തിനു മുകളിൽ ചില മിന്നൽവെളിച്ചങ്ങൾ

കുറേശ്ശക്കുറേശ്ശെയായി, ഏതാനും കാലംകൊണ്ട്, ഈ എതിർപക്ഷമെല്ലാം താനേ നശിച്ചു. പൊന്തിവരുന്ന എല്ലാവരും അനുസരിക്കാതെ കഴിയാത്ത ആ ഒരു തരം നിയമം കാരണം, ആദ്യത്തിൽ മൊസ്സ്യൂ മദലിയെന്റെ നേരെ ദുഷ്പ്രസ്താവങ്ങളും അപകീർത്തികളും പ്രയോഗിക്കപ്പെട്ടു; പിന്നീട് അതുകളെല്ലാം ദുഷ്പ്രസ്താവമല്ലാതെ മറ്റൊന്നുമല്ലെന്നു വന്നു; അതു കഴിഞ്ഞ്, അവയെല്ലാം അസൂയകൊണ്ടുണ്ടാകുന്ന ദുർവാക്കുകൾ മാത്രമായി; ഒടുവിൽ ആ വിചാരവും ഇല്ലാതായി; ബഹുമാനം പരിപൂർണമായി, ഏകകണ്ഠമായി, ഹൃദയപൂർവമായി. എന്നല്ല, ക്രിസ്ത്വാബ്ദം 1821-ഓടുകൂടി, 1815-ൽ ഡി. പട്ടണത്തിൽ ‘മെത്രാൻ തിരുമേനി’ എന്ന വാക്ക് ഏതുവിധം ഉച്ചരിക്കപ്പെട്ടിരുന്നുവോ അതേ ഉചാരണവിശേഷണത്തോടുകൂടി ‘മെയർ അവർകൾ എന്ന് എം. പട്ടണത്തിലെ ആളുകളും വിളിച്ചുവന്നു. മൊസ്സ്യു മദലിയെനുമായി കണ്ടാലോചിക്കുവാൻവേണ്ടി പത്തു കാതം ദൂരത്തുനിന്ന് ജനങ്ങൾ വരികയായി. തമ്മിലുള്ള സ്വരച്ചേർച്ചക്കുറവ് അയാൾ തീർത്തു; വ്യവഹാരങ്ങൾ കൂടാതെ കഴിച്ചു; വിരോധികളെ യോജിപ്പിച്ചു. എല്ലാവരും മൊസ്സ്യു മദലിയെനെ തങ്ങളുടെ വിധികർത്താവാക്കി സ്വീകരിച്ചു; അതു ന്യായം കൂടാതെയല്ലതാനും. അയാൾക്ക് ആത്മാവായി പ്രകൃതിനിയമഗ്രന്ഥമാണോ ഉള്ളതെന്നു തോന്നിപ്പോയി. ബഹുമാനമാകുന്ന ഒരു പകർച്ചവ്യാധി കടന്നുപിടിച്ചതുപോലെ, ആറോ ഏഴോ കൊല്ലത്തെ കാലംകൊണ്ട് ആ ജില്ല മുഴുവനും മെയറുടെ പേരിൽ ഭക്തിയുള്ളതായിത്തീർന്നു.

പട്ടണത്തിൽ, ആ രാജ്യത്തെല്ലാംകൂടി, നോക്കിയാൽ ഒരാൾക്കുമാത്രം ഈ രോഗം പിടിപെട്ടില്ല; ഫാദർ മദലിയെൻ എന്തുതന്നെ ചെയ്താലും ശരി, എന്തോ കലുഷമാകാത്തതും ചലനം തട്ടാത്തതുമായ ഒരു ബുദ്ധിവിശേഷത്താൽ ഉറപ്പിക്കപ്പെട്ടിട്ടെന്നപോലെ അയാളുടെ ആ ഒരു വിരോധിമാത്രം എപ്പോഴും സശ്രദ്ധനായും അസ്വസ്ഥനായുംതന്നെ നിന്നു. സ്വതവേ ഉള്ള എല്ലാ ബുദ്ധിവിശേഷങ്ങളുമെന്നപോലെ ശുദ്ധിയും ഋജുത്വവുമുള്ളൊന്നാണെങ്കിലും, വിരോധങ്ങളേയും അനുകമ്പകളേയും ജനിപ്പിക്കുന്നതും, ഒരു പ്രകൃതിയെ മറ്റൊരു പ്രകൃതിയിൽനിന്ന് അത്രമേൽ ആപല്‍ക്കരമായവിധം അകറ്റിനിർത്തുന്നതും, ഒരിക്കലും സംശയിക്കാൻ നില്‍ക്കാത്തതും, ഒരിക്കലും അസ്വസ്ഥത തോന്നാത്തതും, ഒരിക്കലും സമാധാനം കിട്ടാത്തതും, ഏതു സമയത്തും തന്നെമറന്നു പ്രവർത്തിക്കാത്തതും, ഏതന്ധകാരത്തിലും വഴിപിഴയ്ക്കാത്തതും, ഒരിക്കലും തെറ്റാത്തതും ഒട്ടും വെള്ളം കടക്കാത്തതും, എന്തായാലും ഇണങ്ങാത്തതും, ബുദ്ധികൊണ്ടുള്ള ഉപദേശങ്ങൾ ഒന്നും തന്നെ ഉള്ളിൽ കടക്കാത്തതും, യുക്തികൊണ്ടുള്ള ബന്ധവിച്ഛേദങ്ങളൊന്നും തട്ടാത്തതും, ദൈവഗതികൾ എന്തെല്ലാം വിധത്തിൽ മാറ്റിമറിച്ചുവെച്ചുടക്കിയാലും മനുഷൃശ്വാവിനു മനുഷ്യപ്പുച്ചയുടേയും മനുഷ്യക്കുറുക്കന് മനുഷ്യകേസരിയുടേയും സാന്നിധ്യത്തെ ഉപായത്തിൽ മന്ത്രിച്ചുകൊടുക്കുന്നതുമായി തികച്ചും മൃഗസാധാരണമായ ഒരു ബുദ്ധിവിശേഷം ചില മനുഷ്യരിൽ വാസ്തവമായി പ്രവർത്തിക്കാറുണ്ടെന്ന് തോന്നുന്നു.

മൊസ്സ്യു മദലിയെൻ ശാന്തനും സ്നേഹപൂർണനുമായി എല്ലാവരുടേയും അനുഗ്രഹങ്ങളാൽ ചുറ്റപ്പെട്ടുകൊണ്ട ഒരു തെരുവിലൂടെ നടന്നുപോകുമ്പോൾ, നീണ്ട്, ഇരുമ്പുനിറത്തിലുള്ള മുറിക്കുപ്പായമിട്ടു, കൈയിൽ ഒരു കനമുള്ള ചൂരൽ വടിയാൽ രക്ഷിതനായി, അമർന്നു നീണ്ട ഒരു തൊപ്പി തലയിൽ വെച്ചുകൊണ്ടുള്ള ഒരാൾ പെട്ടെന്ന് അയാളുടെ പിന്നിൽ വന്നുകൂടി. കൈകൾ മാറത്തു പിണച്ചുകെട്ടി, തല പതുക്കെ ഒന്നിളക്കി, മേൽച്ചുണ്ടിനെ കീഴച്ചുണ്ടോടു കൂട്ടി മൂക്കിനു നേർക്ക് ഒന്നു പൊന്തിച്ച്—അതേ, ‘എന്തുതന്നെയായാലും ശരി, ആ മനുഷ്യൻ ആരാണ്? ഞാൻ അയാളെ എവിടെയോവെച്ചു കണ്ടിട്ടുണ്ട്. ആട്ടെ, എന്നെ വിഡ്ഡിയാക്കുവാൻ അയാളെക്കൊണ്ടാവില്ല’എന്ന് പരിഭാഷപ്പെടുത്താവുന്ന, അങ്ങനെ ഒരുതരം അർഥമുള്ള കൊഞ്ഞനംകാട്ടലോടുകൂടി, അയാളെ കാണാതാവുന്നതുവരെ ഒരേ നിലയിൽനിന്ന് സുക്ഷിച്ചുനോക്കുന്നത് പലപ്പോഴും കാണാം.

ഏതാണ്ടു പേടിപ്പെടുത്തുന്ന ഒരു ഗൌരവത്താൽ ഗൌരവം പിടിച്ചുകൊണ്ടുള്ള ഈ മനുഷ്യൻ, വേഗത്തിലുള്ള ഒരു നോട്ടത്തിൽ മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും, ആ കണ്ടവന്റെ ശ്രദ്ധയെ ഹഠാൽ പിടിച്ചുനിർത്തുന്ന അങ്ങനെയുള്ള ചിലരിൽ ഒരാളാണു്.

അയാളുടെ പേർ ഴാവേർ എന്നായിരുന്നു; അയാൾ പൊല്ലീസ് സൈന്യത്തിൽപ്പെട്ട ഒരാളാണ്.

അയാൾ എ. പട്ടണത്തിൽ രസമില്ലാത്തവയും ആവശ്യമുള്ളവയുമായ ഒരിൻസ്പെക്ടരുടെ ജോലികൾ നടത്തിവരുന്നു. അയാൾ മദലിയെന്റെ ആദത്തെ നില കണ്ടിട്ടില്ല. അന്നു പാരിസ്സിലെ പൊല്ലീസ് സൈസന്യാധ്യക്ഷനായിരുന്ന കൊംത് ആൻഗ്ലെയുടെ കാര്യദർശിയായ മൊസ്സ്യു ഷാബുയിയെയുടെ രക്ഷകൊണ്ടാണ് ഴാവേർ ഉദ്യോഗസ്ഥനായത്. അയാൾ എ൦. പട്ടണത്തിൽ വന്നപ്പോൾ ആ മഹാനായ കൈത്തൊഴിൽ വ്യവസായക്കാരൻ പ്രമാണിയായിരിക്കുന്നു. ഫാദർ മദലിയെൻ മൊസ്സ്യു മദലിയെൻ ആയിരിക്കുന്നു.

ചില പൊല്ലീസ്സു ദ്യോഗസ്ഥന്മാരുടെ മുഖാകൃതി ഒരു സവിശേഷ മട്ടിലുള്ളതാണ്. ഒരു നീചത്വവും അധികാരവലുപ്പവും കൂടിച്ചേർന്ന ഒന്നായിരിക്കും അവരുടെ മുഖഭാവം. ഴാവേരുടെ മുഖഭാവം ഈ തരത്തിലാണ്— നീചത്വം കിഴിക്കണം.

ആത്മാവുകളെല്ലാം മാംസചക്ഷുസ്സുകൾക്കു ഗോചരങ്ങളായിരുന്നുവെങ്കിൽ, മനുഷ്യസമുദായത്തിലെ ഓരോ അംഗവും തിര്യക്കുകളിൽപ്പെട്ട ഏതെങ്കിലുമൊരു മൃഗത്തോടു യോജിച്ചിരിക്കുമെന്നാണ് ഞങ്ങളുടെ ദൃഡവിശ്വാസം; അങ്ങനെ, ശുക്തികീടം മുതൽ കഴുകൻ വരേയും പന്നിമുതൽ നരിവരേയുമുള്ള എല്ലാ തിര്യക്കുകളും മനുഷ്യനിലുണ്ടെന്നും, അവയിൽ ഓരോന്നും ഒരു മനുഷ്യനിൽ സ്ഥിതിചെയ്യുന്നുണ്ടാവണമെന്നുമായി തത്ത്വജ്ഞാനികൾ മനസ്സിലാക്കിയിട്ടില്ലാത്ത സത്യാവസ്ഥ ഞങ്ങൾ എളുപ്പത്തിൽ കണ്ടറിയാറുണ്ട്. ചിലപ്പോൾ അവയിൽ ഒന്നിലധികത്തേയും ഒരേ സമയത്തു കാണാം.

തിര്യക്കുകളെല്ലാം നമ്മുടെ കണ്ണിനുമുമ്പിലൂടെ അലഞ്ഞുനടക്കുന്ന നമ്മുടെ സൌശില്യങ്ങളുടേയും ദുശ്ലീലങ്ങളുടേയും സ്വരൂപങ്ങളല്ലാതെ, നമ്മുടെ ആത്മാവുകളുടെ ഛായാരുപങ്ങളല്ലാതെ, മറ്റൊന്നുമല്ല. നമ്മെ പിടിച്ചുനിർത്തി വിചാരിപ്പിക്കാൻവേണ്ടി ഈശ്വരൻ അവയെ നമുക്കു കാട്ടിത്തരുന്നു. തിര്യക്കുകളെല്ലാം ആവിധം മറ്റു ചിലതുകളുടെ ഛായകൾ മാത്രമായതുകൊണ്ടാണ്, ഈശ്വരൻ അവയെ വാസ്തവാർഥത്തിലുള്ള വിദ്യാഭ്യാസമുണ്ടാവാൻ നിവൃത്തിയുള്ളവയാക്കാഞ്ഞത്; അതുകൊണ്ട് പ്രയോജനമെന്ത്? നേരെമറിച്ച്, നമ്മുടെ ആത്മാവുകളെല്ലാം സത്യങ്ങളായതുകൊണ്ടും അവയ്ക്കെല്ലാം പ്രാപ്യമായി അനുരൂപമായ ഒരു പുരുഷാർഥമുള്ളതുകൊണ്ടും ഈശ്വരൻ അവയ്ക്കു വിശേഷബുദ്ധി കൊടുത്തു; എന്നുവെച്ചാൽ, വിദ്യാഭ്യാസത്തിനുള്ള കഴിവ്. സാമുദായികവിദ്യാഭ്യാസം, വേണ്ട വിധം ചെയ്യിക്കുന്നപക്ഷം, ഓരോ ജീവാത്മാവിൽനിന്നും, അത് എന്തുതരത്തിലുള്ളതെങ്കിലുമാവട്ടെ, അതിൽ ലയിച്ചുകിടക്കുന്ന ഉപയുക്തതയെ എപ്പോഴും പുറത്തേക്കു വലിച്ചുവരുത്താൻ കഴിയും.

ഇത് നിശ്ചയമായും, സ്പഷ്ടമായി കാണപ്പെടുന്ന ഭൌതികജീവിതത്തെസ്സംബന്ധിക്കുന്ന പരിമിതദൃഷ്ടികൊണ്ടുള്ള കാഴ്ചയാണ്. അല്ലാതെ അമാനുഷങ്ങളായി എല്ലാ ജീവികളിലും ആന്തരങ്ങളായോ ബാഹ്യങ്ങളായോ ഉള്ള സത്ത്വവിശേഷങ്ങളെസ്സംബന്ധിക്കുന്ന അഗാധതരമായ വാദമുഖത്തെ ഇതു പരാമർശിക്കുന്നില്ല. വാസ്തവത്തിലുള്ള ഞാൻ അന്തർലീനമായ ഞാൻ ഇല്ലെന്നു; പറയുവാൻ തത്ത്വജ്ഞാനികളെ ഒരിക്കലും അധികാരപ്പെടുത്തുന്നില്ല. ഇങ്ങനെ ഒന്നു പറഞ്ഞുവെച്ചുകൊണ്ടു, ഞങ്ങൾ പ്രകൃതത്തിലേക്ക് കടക്കട്ടെ.

അപ്പോള്‍, ഓരോ മനുഷ്യനിലും തിര്യക്‍ലോകത്തിലെ ഒരു സത്ത്വമുണ്ടെന്നു് ഒരു നിമിഷനേരത്തേക്ക് വായനക്കാരും ഞങ്ങളോടുകുടി സമ്മതിക്കുന്നപക്ഷം പൊല്ലീസ്സുദ്യോഗസ്ഥനായ ഴാവേറിലുള്ളത് എന്തായിരുന്നു എന്നു പറയാൻ ഞങ്ങൾക്ക് എളുപ്പത്തിൽ സാധിക്കും.

ആസ്തൂറിയയിലെ കൃഷീവലന്മാർക്ക് ഒരു ദൃഡബോധമുണ്ട്. ഓരോ ഈറ്റു ചെന്നായമടയിലും ഓരോ നായയുണ്ടായിരിക്കും; അതിനെ തള്ളച്ചെന്നായ പെറ്റ ഉടനെ തിന്നുകളയുന്നു; അല്ലെങ്കിൽ അതു വളർന്നുവന്നാൽ മറ്റു ചെന്നായക്കുട്ടികളെയെല്ലാം വിഴുങ്ങിക്കളയുമത്രേ.

ഒരു പെൺചെന്നായയുടേതായ നായക്കുട്ടിക്ക് ഒരു മനുഷ്യമുഖം കൊടുക്കുക; എന്നാൽ ഴാവേറായി.

തണ്ടുവലിശിക്ഷയിൽക്കിടക്കുന്ന ഒരുവന്റെ ഭാര്യയായ ഒരു കൈനോട്ടക്കാരിയുടെ മകനായി ഴാവേർ തടവുമുറിയിൽ ജനിച്ചു. മുതിര്‍ന്നു വന്നപ്പോൾ, താൻ സമുദായത്തിൽനിന്നു പുറത്തുള്ളവനാണെന്ന് അയാൾ മനസ്സിലാക്കി; അതിന്നുള്ളിൽ കടക്കാൻ ഒരിക്കലും സാധിക്കുകയില്ലെന്ന് അയാൾ നിരാശനായി. പൊതുജനസമുദായം രണ്ടു തരക്കാരെ എന്തായാലും മാപ്പു കൊടുക്കാതെ പുറത്തു തള്ളിവിടുന്നുണ്ടെന്ന് അയാൾ സൂക്ഷിച്ചു—അതിനെ ഉപദ്രവിക്കുവന്നവരേയും, അതിനെ രക്ഷിക്കുന്നവരേയും; ഈ രണ്ടു വർഗത്തിൽ ഏതെങ്കിലുമൊന്നിലല്ലാതെ അയാൾക്കു വേറെ നില്‍ക്കക്കള്ളിയുണ്ടായിരുന്നില്ല; അതോടൊപ്പംതന്നെ അയാൾക്കു ഒന്നുകൂടി ബോധമുണ്ടായിരുന്നു—താൻ ജനിച്ചിട്ടുള്ളത് അനിർവചനീയമായ ഒരു വെറുപ്പോടുകൂടി കരുതപ്പെടുന്നതും, മേലാൽ ഒരുവിധത്തിലും ഭേദപ്പെടുവാൻ നിവൃത്തിയില്ലാത്ത ഒരു തറക്കല്ലിന്മേൽ ഉറച്ചുനില്‍ക്കുന്നതുമായ തെണ്ടികളുടെ വംശത്തിലാണ്. അയാൾ പൊല്ലീസ്സിൽ ചേർന്നു. അതിൽ അയാൾക്കു ജയംകിട്ടി. നാല്പതാമത്തെ വയസ്സിൽ അയാൾ ഒരു ഇൻസ്പെക്ടരായി.

തെക്കൻപ്രദേശങ്ങളിൽ തണ്ടുവലിശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികൾക്കുള്ള താമസസ്ഥലങ്ങളിലാണ് അയാൾ ചെറുപ്പത്തിൽ നിയമിക്കപ്പെട്ടിരുന്നത്.

ഇവിടുന്നങ്ങോട്ടു കടക്കുന്നതിനു മുൻപായി, ഞങ്ങൾ ഴാവേറെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ച മനുഷ്യമുഖം’ എന്ന വാക്കിന്റെ ഉദ്ദിഷ്ടാർഥം നമുക്കന്യോന്യം മനസ്സിലാക്കുക.

ഴാവേറുടെ മനുഷ്യമുഖത്തിൽ ഒരു പരന്ന മൂക്കും ആഴമുള്ള രണ്ടു ദ്വാരങ്ങളും ആ ദ്വാരങ്ങളുടെ നേരക്കു കവിൾത്തടങ്ങളിലൂടെ കയറിച്ചെല്ലുന്ന രണ്ടു കൂറ്റൻ കവിൾമീശകളും അടങ്ങിയിരിക്കുന്നു. ഈ രണ്ടു കാടുകളും ആ ഗുഹകളും ഒന്നാമതായി കാണുന്ന ആരും ഒന്നു ചുളുങ്ങിപ്പോവും. ഴാവേർ ചിരിക്കുന്ന സമയത്ത്—അയാളുടെ ചിരി വളരെ അപൂർവവും ഭയങ്കരവുമായിരുന്നു—അയാളുടെ വീതികുറഞ്ഞ ചുണ്ടുകൾ അകന്നു പല്ലുകളെ മാത്രമല്ല നൊണ്ണുകളെക്കൂടിയും പുറത്തു കാണിക്കും; എന്നല്ല, അയാളുടെ മൂക്കിനു ചുറ്റും, കാട്ടുമൃഗത്തിന്റെ മോന്തയിലെന്ന പോലെ, പരപ്പുകൂടിയതും കണ്ടാൽ ഭയം തോന്നുന്നതുമായ ഒരു മടക്കുകയറും. ഗൌരവഭാവത്തിലുള്ള ഴാവേർ ഒരു വീട്ടുകാവൽനായയാണ്; ചിരിക്കുമ്പോൾ, അയാൾ ഒരു നരിതന്നെ. ബാക്കി ഭാഗങ്ങളെപ്പറ്റിയാണെങ്കിൽ, തലയോട് അയാൾക്കു വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളു; ഒരുപടി താടിയെല്ലുണ്ട്; അയാളുടെ തലമുടി നെറ്റി മുഴുവനും മറച്ച് പുരികങ്ങളുടെ മീതെ വീണുകിടക്കുന്നു; ദേഷ്യത്തിന്റെ ഒരു മുദ്രപോലെ അയാളുടെ രണ്ടു കണ്ണിനുമിടയിൽ സ്ഥിരവും സര്‍വദാ കേന്ദ്രസ്ഥവുമായ ഒരു ചുളുക്കുണ്ട്; അയാളുടെ നോട്ടം അസ്പഷ്ടമത്രേ; അയാളുടെ വായ മടക്കുഞെറിയുള്ളതും ഭയങ്കരവുമായിരുന്നു; അയാളുടെ മുഖഭാവം ക്രൂരത കൂടിയ ഈ മനുഷ്യനിൽ സാധാരണസ്ഥിതിക്കു വളരെ നല്ലവയും വളരെ ഒതുങ്ങിയവയുമായ രണ്ടു മനോവൃത്തികൾ ഉൾപ്പെട്ടിരുന്നു; പക്ഷേ, അയാൾ അവയെ വലുപ്പം വെപ്പിച്ചു വെപ്പിച്ചു ചീത്തയാക്കി കലാശിപ്പിച്ചു—അധികാരശക്തിയോടുള്ള ബഹുമാനവും, രാജ്യദ്രോഹത്തോടുള്ള വെറുപ്പും; എന്നല്ല, അയാളുടെ ദൃഷ്ടിക്കു കൊലപാതകം, തട്ടിപ്പറി, ദുഷ്പ്രവൃത്തികളെല്ലാം, രാജ്യദ്രോഹത്തിന്റെ ഓരോ രൂപഭേദമാണ്, രാജ്യഭരണത്തിൽ അധികാരപ്പെട്ട ആരെയും, പ്രധാനമന്ത്രി മുതൽ നാട്ടുപുറത്തുള്ള പൊല്ലീസ്സുകാരൻവരെ എല്ലാവരേയും, തിരിഞ്ഞും മറിഞ്ഞും നോക്കാതെ ഒരഗാധവിശ്വാസത്തിൽ പൊതിഞ്ഞിട്ടേ അയാൾ കാണാറുള്ളൂ. ദുഷ്പ്രവൃത്തിയുടെ ഉമ്മറത്തേക്ക് ഒരിക്കൽ കാൽ വെച്ചിട്ടുള്ള ഏതൊരാളെയും അയാൾ പരിഹാസംകൊണ്ടും വെറുപ്പുകൊണ്ടും അറപ്പുകൊണ്ടും മൂടിക്കളയും. അയാൾ കേവലസ്വരുപനാണ്; വൃത്യസ്തതകളെ അയാൾ കൈക്കൊള്ളില്ല. ഒരു ഭാഗത്തേക്ക് ചാഞ്ഞ് അയാൾ പറയും, ‘ഉദ്യോഗസ്ഥന്നു തെറ്റു വരാൻ വയ്യാ; മജിസ്ട്രേട്ടിന് ഒരിക്കലും അബദ്ധം പറ്റില്ല.’ മറ്റേ ഭാഗത്തെപ്പറ്റി അയാൾ ഇങ്ങനെ പറയും; ഈ മനുഷ്യർ ഇനി ഒരിക്കലും നേരെയാവില്ല. ഇവരെക്കൊണ്ടു യാതൊരു ഗുണവും ഉണ്ടാവാൻ വയ്യാ.’ മനുഷ്യനിയമത്തിൽ പിശാചുകളെ ഉണ്ടാക്കിത്തീർക്കാൻ, അഥവാ വായനക്കാർക്ക് ഇങ്ങനെ പറയുന്നതാണ് ഇഷ്ടമെങ്കിൽ, പിശാചുകളുണ്ടെന്ന് പ്രമാണപ്പെടുത്തുവാൻ, എന്തോ ശക്തി കൊടുത്തിട്ടുള്ളവരും സമുദായത്തിന്റെ അടിയിൽ ഒരു വിട്ടൊഴിച്ചിലില്ലാത്ത ദേവതയെ പ്രതിഷ്ഠിക്കുന്നവരുമായ അത്തരം മറുകണ്ടംചാടി’ തത്ത്വജ്ഞാനികളുടെ അഭിപ്രായത്തോട് അയാൾ തികച്ചും പങ്കുകൊണ്ടിരുന്നു. അയാൾ ആര്‍ദ്രതയില്ലാത്തവനും ഗൌരവക്കാരനും നിഷഠൂരസ്വഭാവനുമായിരുന്നു; അയാൾ ദുഃഖശീലനായ ഒരാലോചനക്കാരനാണ്.; മതഭ്രാന്തന്മാരെപ്പോലെ അയാൾ വിനീതനുമാണ്, അഹംഭാവിയുമാണ്. അയാളുടെ നോട്ടം തുരപ്പനുളിപോലെ ഉറപ്പുള്ളതും തുളഞ്ഞുകേറുന്നതുമത്രേ. അയാളുടെ ജീവിതം മുഴുവനും ഈ രണ്ടുവാക്കിന്മേൽ ഞാന്നു കിടക്കുന്നു; ഉണർച്ചയും മേൽ നോട്ടവും. ലോകത്തിൽവെച്ച് ഏറ്റവും വളവുള്ള ഒന്നിന് അയാൾ ഒരു നേർവര ഏർപ്പെടുത്തി; തന്നെക്കൊണ്ടുള്ള പ്രയോജനത്തിന്റെ യഥാർഥബോധവും, തന്റെ പ്രവൃത്തികളെസ്സംബന്ധിച്ചുള്ള ധർമശാസ്ത്രസിദ്ധാന്തവും അയാൾക്കുണ്ടായിരുന്നു; മറ്റുള്ളവർ മതാചാര്യന്മാരാകുന്നപോലെ, അയാൾ ഒരൊറ്റുകാരനായി. ഹാ, ആ മനുഷ്യന്റെ കൈയിൽപ്പെടുന്നവരുടെ ദുർദശ! തടവിൽനിന്നു ചാടിപ്പോന്നിരുന്നുവെങ്കിൽ സ്വന്തം അച്ഛനെക്കൂടി അയാൾ പിടിച്ചു ബന്ധിക്കും; അരുതാത്തതു ചെയ്തിരുന്നുവെങ്കിൽ അമ്മയ്ക്കും അയാൾ ഭ്രഷ്ടു പറയും. എന്നല്ല, സൽക്കർമം ചെയ്താലത്തെ മനസ്സന്തോഷത്തോടുകൂടി അയാൾ അതു പ്രവർത്തിക്കുകയും ചെയ്യും. ആകപ്പാടെ ഒരു വിട്ടൊഴിച്ചിലില്ലാതെ അരിഷ്ടുകൊണ്ടും ഏകാന്തസ്ഥിതി കൊണ്ടും സർവനിഷേധംകൊണ്ടും ചാരിത്ര്യം കൊണ്ടും നിറഞ്ഞുകിടക്കുന്ന ഒരു ജീവിതം. അതു ശമനം കിട്ടാത്ത ധർമഗതിയായിരുന്നു; ദയയില്ലാത്ത ഒരു പിടികൂടാൻ നിൽക്കൽ, ക്രൂരതരമായ ഒരു സതൃശീലം, വെണ്ണക്കല്ലുകൊണ്ടുള്ള ഒര്യായക്കാരൻ—സ്പാർട്ടക്കാർക്ക് സ്പാർട്ട അറിയാവുന്നതുപോലെ, ഇത് എന്താണെന്നു പൊല്ലീസ്സുകാർക്കറിയാം.

ഉറ്റുനോക്കുകയും മറ്റുള്ളവരുടെ നോട്ടത്തിൽ നിന്നു ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ഒരാളുടെ മട്ടു മുഴുവനും കാണിക്കുന്നതാണു് ഴാവേറുടെ ആകൃതി. അക്കാലത്തു മുന്തിനില്‍ക്കുന്ന പത്രങ്ങൾ എന്നു വിഭജിക്കപ്പെടുന്ന ആവക സാധനങ്ങളെ മഹത്തരമായ ജഗദുൽപത്തിചരിത്രം കൊണ്ടു രസംപിടിപ്പിച്ചിരുന്ന മെസ്തരുടെ ഗോപനപ്രിയന്മാരായ അനുഗാമികൾ ഴാവേറെ ഒരു മാതൃകാപുരുഷനെന്നു ഘോഷിക്കുവാൻ ഒരിക്കലും വിട്ടുപോകയില്ല. അയാളുടെ നെറ്റിത്തടം കാണുകയില്ല; അതു തൊപ്പിയുടെ ഉള്ളിൽ മറഞ്ഞിരിക്കും; അയാളൂടെ കണ്ണുകൾ കാണുകയില്ല; അതുകൾ പുരികങ്ങൾക്കുള്ളിൽ ഒളിച്ചുകിടക്കുന്നു; അയാളുടെ കവിൾത്തടങ്ങൾ കാണുകയില്ല; അവ അയാളുടെ കണ്ഠവസ്ത്രത്തിൽ താഴ്‌ന്നിറങ്ങിനില്‍ക്കുന്നു. അയാളുടെ കൈത്തലങ്ങൾ കാണുകയില്ല; അവ അയാളുടെ കുപ്പായക്കൈകളിലേക്ക് വലിഞ്ഞിട്ടാണ്; അയാളുടെ ചൂരൽവടിയും കാണുകയില്ല; അതിനെ അയാൾ പുറംകുപ്പായത്തിനുള്ളിൽപ്പിടിച്ചേ കൊണ്ടു നടക്കു. പക്ഷേ, ആ വേണ്ട സമയം വന്നാൽ, ഒരു പതിയിരുപ്പുസ്ഥലത്തു നിന്നെന്നപോലെ ഈ ഇരുട്ടിനിടയിൽ നിന്നൊക്കെക്കൂടി, ഒരു ഞൊടിയിടകൊണ്ടു വീതി കുറഞ്ഞു കൂർത്ത ഒരു നെറ്റിയും, അപകടംപിടിച്ച ഒരു നോട്ടവും ഭയപ്പെടുത്തുന്ന ഒരു കവിളും, പോത്തൻ കൈകളും, ഒരു രാക്ഷസന്നു ചേർന്ന പൊന്തൻവടിയും പുറത്തു ചാടുന്നതു കാണാം.

ഇടയുള്ള സമയങ്ങളിൽ പക്ഷേ, അതത്രയേറെ ഉണ്ടാകാറില്ല—പുസ്തകത്തോടു വെറുപ്പാണെങ്കിലും, അയാൾ വായിക്കും; ഇതുകാരണം അയാൾ തീരേ അക്ഷരജ്ഞനല്ലായ്കയില്ല. സംഭാഷണത്തിൽ അവിടവിടെയുള്ള ചില ഉച്ചാരണത്തിന്റെ ദൃഡതകൊണ്ട് ഇതു മനസ്സിലാക്കാം.

ഞങ്ങൾ പറഞ്ഞതുപോലെ, അയാൾക്കു ദുഃസ്വഭാവങ്ങളില്ല. തന്നെപ്പറ്റി അയാൾക്കു സന്തോഷം തോന്നുന്ന സമയങ്ങളിൽ, അയാൾ ഒരു കുത്തു പുകയിലപ്പൊടി എടുത്തു വലിക്കാറുണ്ട്. അതിലാണ് അയാൾക്കു മനുഷ്യലോകവുമായുള്ള സംബന്ധം കിടക്കുന്നത്.

നീതിന്യായഭരണത്തിനുള്ള മന്ത്രിസഭയിൽനിന്നു കൊല്ലംതോറും പുറത്തിറക്കുന്ന സ്ഥിതിവിവരപ്പട്ടിക സ്വന്തം നിയമഭാഷയിൽ ‘തെമ്മാടികൾ’ എന്നു നാമകരണം ചെയ്തുവിടുന്ന ആ ഒരു വർഗത്തിനു ഴാവേർ ഒരു ‘ഇമ്പാച്ചി’യാണെന്നുളളതു വായനക്കാർക്കു മനസ്സിലാക്കുവാൻ വലിയ ഞെരുക്കമില്ല. ഴാവേർ എന്ന പേർ പറഞ്ഞുകേട്ടാൽ മതി, അവരൊക്കെ കുതികുതിച്ചു; ഴാവേറുടെ മുഖം കണ്ടാൽത്തീർന്നു, അവരൊക്കെ മരവിച്ചു.

ഇങ്ങനെയായിരുന്നു ആ ഭയങ്കരമനുഷ്യൻ.

മൊസ്സ്യു മദലിയെന്റെമേൽ എപ്പോഴും പതിഞ്ഞുനില്‍ക്കുന്ന ഒരു ദൃഷ്ടിപോലെയായിരുന്നു ഴാവേർ; സംശയംകൊണ്ടും ഈഹങ്ങളെക്കൊണ്ടും നിറഞ്ഞ ഒരു കണ്ണ്. മൊസ്സ്യു മദലിയെൻ ഒടുവിൽ ഈ ഒരു വാസ്തവം മനസ്സിലാക്കി; പക്ഷേ, അതയാൾ അത്ര സാരമായി കരുതിയിരുന്നില്ലെന്നു തോന്നുന്നു. അയാൾ ഴാവേറോട് എന്തെങ്കിലും ഒന്നു ചോദിക്കുകകൂടി ചെയ്തിട്ടില്ല; അയാൾ ഴാവേറെ അമ്പേഷിക്കുകയാവട്ടേ, ഒഴിഞ്ഞുമാറുകയാവട്ടേ ചെയ്തില്ല. പരിഭ്രമിപ്പിക്കുന്നതും ഏതാണ്ട് അസുഖപ്പെടുത്തുന്നതുമായ ഒരു നോട്ടം—എന്നാൽ അതയാൾ അറിഞ്ഞിട്ടാണെന്നു ലേശമെങ്കിലും തോന്നിയിരുന്നില്ല—അയാളിൽ പ്രത്യക്ഷീഭവിക്കും. അയാൾ ഴാവേറോടു ഭൂമിയിൽ മറ്റുള്ളവരോടെല്ലാമെന്നപോലെ, സസുഖമായും സമര്യാദമായും പെരുമാറി.

തന്റെ വർഗത്തിനുള്ളതും സ്വതവേ ഉള്ള ബുദ്ധിവിശേഷത്തോടു മനസ്സും കൂടിച്ചേർന്നുണ്ടാകുന്നതുമായ അത്തരം ഉൽക്കണ്ഠയോടുകൂടി, താൻ മൊസ്സ്യു മദലിയെന്റെ പൂർവചരിതത്തിന്റെ ചവിട്ടടികൾ മുഴുവനും ഗൂഡമായി കണ്ടുപിടിച്ചിട്ടുണ്ടെന്നു ഴാവേറുടെ മുഖത്തുനിന്നുതന്നെ വീണുപോയ ചില വാക്കുകൾ നിമിത്തം ഊഹിക്കപ്പെട്ടു. ഏതോ രാജ്യത്ത് അപ്പോൾ കുറ്റിയറ്റുപോയ ഒരു കുടുംബം ഉണ്ടായിരുന്നതിനെപ്പറ്റി ചില വിവരങ്ങൾ ഒരാൾ പതുങ്ങിനോക്കിയിട്ടുണ്ടെന്ന് അയാൾ അറിഞ്ഞതായിത്തോന്നി; അയാൾ ആവിധം ഗൂഡഭാഷയിൽ സംസാരിക്കയും ചെയ്തു. മനോരാജ്യം വിചാരിക്കുന്നതിന്നിടയിൽ, സംഗതിവശാൽ അയാൾ പറഞ്ഞു: ‘ആ മനുഷ്യൻ എന്റെ കൈയിലായി എന്നു തോന്നുന്നു.’ പിന്നെ ഒരു മൂന്നു ദിവസത്തിന് അയാൾ ആലോചിക്കുക തന്നെയായിരുന്നു; ഒരക്ഷരവും മിണ്ടിയിട്ടില്ല. അയാൾക്കു കിട്ടി എന്നു തോന്നിയ പിടിവള്ളി എങ്ങനെയോ മുറിഞ്ഞുപോയപോലെയിരുന്നു.

ഇതിനു പുറമെ ചില വാക്കുകളിൽനിന്നു തോന്നിപ്പോകാവുന്ന കേവലാർഥം കൊണ്ടുള്ള അപകടം തീർക്കുവാൻ ഈ പറയുന്നതാവശ്യവുമാണ്—ഒരു മനുഷ്യനിലും തീരെ തെറ്റിപ്പോകയില്ലെന്നുള്ള ഒന്നുണ്ടാവാൻ വയ്യാ; എന്നല്ല, മൃഗസാധാരണമായ പ്രകൃതിബോധത്തിന് ഒരു സവിശേഷതയുണ്ട്—അത് ഇടയ്ക്കുവെച്ചു കെട്ടിമറിഞ്ഞുപോകും; പോകേണ്ട വഴിയിൽനിന്നു പുറത്തേക്കു തെള്ളിപ്പോവും; പരാജയപ്പെട്ടേക്കും; ഇല്ലെങ്കിൽ അതു വിശേഷബുദ്ധിയേക്കാൾ ഉൽകൃഷ്ടമാവുമല്ലോ; മൃഗത്തിനു മനുഷ്യനേക്കാൾ അറിവുള്ളതായി കണ്ടേനേ.

മൊസ്സ്യു മദലിയെന്റെ തികഞ്ഞ മനസ്സ്യാസ്ഥ്യവും കൂസലില്ലായ്മയും ഴാവേറെ ഏതാണ്ടു വ്യക്തമായി പരിഭ്രമിപ്പിച്ചു.

എന്തായാലും ഒരു ദിവസം ഴാവേറുടെ അഭൂതപൂർവമായ ഒരു ഭാവദേദം മൊസ്സ്യു മദലിയെന്ന് ഒന്നുള്ളിൽക്കൊണ്ടു. അത് ഈ പറയുന്ന സന്ദർഭത്തിലാണ്.

1.5.6
ഫാദർ ഫൂഷൽവാങ്

ഒരു ദിവസം രാവിലെ മൊസ്സ്യു മദലിയെൻ എം. പട്ടണത്തിലെ കൽവിരിപ്പില്ലാത്ത ഒരിടവഴിയിലൂടെ നടക്കുകയായിരുന്നു; അയാൾ ഒരു ശബ്ദം കേട്ടു; കുറേ അകലെയായി ഒരാൾക്കൂട്ടം കൂടിയിരിക്കുന്നതു കണ്ടു. അയാൾ അടുത്തു ചെന്നു. ഫാദർ ഫൂഷൽവാങ് എന്നു പേരായ ഒരു വയസ്സൻ വണ്ടിക്കു ചുവട്ടിൽ വീണു കിടക്കുന്നു; ആ മനുഷ്യന്റെ കുതിര കാൽതെറ്റി മറിഞ്ഞുപോയി.

ഈ ഫൂഷൽവാങാകട്ടേ, മൊസ്സ്യു മദലിയെന്ന് അക്കാലത്തുണ്ടായിരുന്ന ചില വിരോധികളുടെ കൂട്ടത്തിൽ ഒരാളാണ്. ഏതാണ്ടൊക്കെ വിദ്യാഭ്യാസമുള്ള ഒരു കൃഷീവലനായിരുന്ന ഫൂഷൽ വാങ്, മദലിയെൻ ആ പ്രദേശത്തു വന്ന കാലത്ത്, ആധാരം സാക്ഷിപ്പെടുത്തുന്ന തന്റെ ഉദ്യോഗം പോയി, തകരാറാകാൻ തുടങ്ങുന്ന ഒരു പ്രവൃത്തി പതുക്കെ കൊണ്ടുനടക്കുകയായിരുന്നു. വക്കീലായിരുന്ന താൻ നശിച്ച് അപകടത്തിലാവാൻ നില്‍ക്കുമ്പോൾ, ഈ ഒരു വെറും കൂലിക്കാരൻ കടന്നു ധനവാനാകാൻ പോകുന്നത് അയാൾ കണ്ടു. അയാൾക്ക് അസുയ കലശലായി; തരംകിട്ടിയേടത്തെല്ലാം അയാൾ മദലിയെനെ ഉപദ്രവിക്കാൻ കഴിയുന്നതൊക്കെ പ്രവർത്തിച്ചു. ഒടുവിൽ കടത്തിൽ മുങ്ങി; ഒരു വണ്ടിയും ഒരു കുതിരയുമല്ലാതെ, കുടുംബമോ കരികളോ ഒന്നും ബാക്കിയില്ലാതായി; അയാൾ ഒരു വണ്ടിക്കാരനായി. കുതിരയുടെ രണ്ടു കാലും മുറിഞ്ഞു; അതിന്നെണീയ്ക്കുവാൻ വയ്യാ. ആ വയസ്സന്‍ ചക്രത്തിനുള്ളില്‍പ്പെട്ടു. വണ്ടിയുടെ കനം മുഴുവനും നെഞ്ഞത്തമരത്തക്കവണ്ണം, അങ്ങനെ ഒരു ഭാഗ്യംകെട്ടതായിരുന്നു ആ വീഴ്ച. വണ്ടിയിൽ ഞെരുങ്ങെ സാമാനവുമുണ്ട്. അത്യധികം ദയനീയമായവിധത്തിൽ ഫാദർ ഫൂഷൽവാങ് കിടന്നു ഞെരങ്ങുന്നു. അയാളെ ആ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ യത്നിച്ചു; പക്ഷേ, പറ്റിയില്ല. വേണ്ടപോലല്ലാതെ ഒന്നു പിടിച്ചാൽ, കഥയില്ലാതെ ഒരു സഹായിച്ചുപോയാൽ, തകരാറായിട്ട് ഒന്നനക്കിയാൽ, തീർന്നു—അയാൾ മരിക്കും. ചക്രം അയാളുടെ മേൽനിന്നു പൊന്തിക്കുകയല്ലാതെ, ആ മനുഷ്യനെ ആ അപകടക്കിടപ്പിൽനിന്നു മാറ്റുവാൻ നിർവാഹമില്ല. ആ സംഭവം ഉണ്ടായ ഉടനെ അവിടെ എത്തിച്ചേർന്നിട്ടുള്ള ഴാവേർ യന്ത്രത്തിരിപ്പാണിക്ക് ആളെ അയച്ചു.

മൊസ്സ്യു മദലിയെൻ വന്നു. ആളുകൾ ബഹുമാനപൂർവം വാങ്ങിനിന്നു.

രക്ഷിക്കണേ!’ വയസ്സൻ ഫൂഷൽവാങ് നിലവിളിച്ചു. ‘ഈ വയസ്സനെ ഒന്നു രക്ഷപ്പെടുത്തിത്തരാൻ ആരുണ്ട്?’

മൊസ്സ്യു മദലിയെൻ അവിടെ കൂടിയിട്ടുള്ളവരെ നോക്കി പറഞ്ഞു: ‘ഒരു യന്ത്രത്തിരിപ്പാണി കിട്ടാൻ തരമുണ്ടോ?’

‘ആളെ അയച്ചിട്ടുണ്ട്.’ ഒരുത്തൻ മറുപടി പറഞ്ഞു.

‘അതു കിട്ടാൻ എത്രകണ്ടു താമസിക്കും?’

‘അടുത്തു ലാടപ്പുരയുണ്ട്, അങ്ങോട്ടാണ് ആൾ പോയിട്ടുള്ളത്; പക്ഷേ, അതു കൊണ്ട് കാര്യമില്ല; നല്ലവണ്ണം ഒരു കാൽമണിക്കൂറു പിടിക്കും.’

‘ഒരു കാൽമണിക്കൂർ!’ മദലിയെൻ ഉച്ചത്തിൽ പറഞ്ഞു.

തലേദിവസം രാത്രി മഴ പെയ്തിരുന്നു: നിലം ചളിക്കെട്ടിയിരിക്കുന്നു. ഓരോ നിമിഷവും വണ്ടി കീഴ്പോട്ടു താഴ്‌ന്നുപോകുന്നു; ആ വയസ്സനായ വണ്ടിക്കാരന്റെ മാറിടത്തെ അതു പിന്നേയും പിന്നേയും അമർത്തിച്ചതയ്ക്കുന്നു. അഞ്ചു മിനുട്ടു കൂടി കഴിഞ്ഞാൽ അയാളുടെ വാരിയെല്ലു പൊട്ടിത്തകരുമെന്നു കണ്ടാലറിയാം.

‘കാൽമണിക്കൂർ നേരം താമസിക്കുവാൻ നിവൃത്തിയില്ല.’ മദലിയെൻ തന്നെ തുറിച്ചുനോക്കിയിരുന്ന തറക്കാരോടു പറഞ്ഞു.

‘അതു വേണം!’

‘പക്ഷേ, അപ്പോഴേക്കും കഥ കഴിയുമല്ലോ! വണ്ടി താഴത്തേക്കിരുത്തുന്നതു കണ്ടില്ലേ?’

‘അതു ശരി!’

‘കേൾക്കൂ,’ മദലിയെൻ തുടർന്നു പറഞ്ഞു: ഒരാൾക്കു കഷ്ടിച്ചു നീന്തിക്കിടന്നു പുറംകൊണ്ടു പൊക്കുവാൻ വേണ്ട സ്ഥലം വണ്ടിക്കു ചുവട്ടിലുണ്ട്. ഒരര നിമിഷമേ വേണ്ടു, ആ സാധുമനുഷ്യനെ വലിച്ചു പുറത്തേക്കെടുക്കാം; ശരീരത്തിനും മനസ്സിനും നല്ല കരുത്തുള്ള വല്ലവരും ഈ കൂട്ടത്തിലുണ്ടോ? അഞ്ചു സ്വർണനാണ്യം സമ്പാദിക്കാം.’

ആ കൂട്ടത്തിൽ ഒരാളും അനങ്ങിയില്ല.

‘പത്തു ലൂയി!നാണ്യം.’

അവിടെയുള്ളവരുടെ ദൃഷ്ടികൾ കീഴ്പോട്ടു തുങ്ങി. ഒരുത്തന്‍ മന്ത്രിച്ചു: ‘അതിനു പിശാചിന്റെ ശക്തിയുള്ള ആൾ വേണം. എന്നല്ല ചതഞ്ഞുപോവാൻ ഒരുങ്ങുകയാണുതാനും.’

‘ആട്ടെ.’ മദലിയെൻ പിന്നേയും പറഞ്ഞു,’ ഇരുപത്.’

ആ നിശ്ശബ്ദതതന്നെ.

‘വേണം എന്നു തോന്നായ്കയല്ല,’ ഒരു ശബ്ദം ഉച്ചരിച്ചു..

മൊസ്സ്യു മദലിയെൻ തിരിഞ്ഞുനോക്കി; ഴാവേറെ കണ്ടു. വന്ന സമയത്ത് അയാൾ ആ മനുഷ്യനെ സൂക്ഷിച്ചിരുന്നില്ല.

ഴാവേർ തുടർന്നു പറഞ്ഞു: ‘അതു ശരീരത്തിന്റെ ശക്തി, ഇങ്ങനെയുള്ള ഒരു വണ്ടി നടുപ്പുറംകൊണ്ടു പൊക്കിപ്പിടിക്കണമെങ്കിൽ, അതു ചെയ്യുന്ന ആൾ ഒരു വല്ലാത്താളായിരിക്കണം.’

‘ഉടനെ അയാൾ മൊസ്സ്യു മദലിയെന്നു നേരെ സൂക്ഷിച്ചുനോക്കി, ഓരോ വാക്കും ഉറപ്പിച്ചുകൊണ്ട് ഇങ്ങനെ തുടർന്നു പറഞ്ഞു: ‘മൊസ്സ്യു മദലിയെൻ, നിങ്ങൾ ആവശ്യപ്പെടുന്ന കാര്യം ചെയ്യാൻ സാധിക്കുന്നവനായി ഒരാളെ മാത്രമേ ഞാനറിയു.

മദലിയെൻ വിറച്ചു.

ഒരുദാസീനഭാവത്തോടുകൂടി, പക്ഷേ, മദലിയെന്റെ മുഖത്തുനിന്നു കണ്ണെടുക്കാതെ, ഴാവേർ തുടർന്നു പറഞ്ഞു: ‘ആ മനുഷ്യൻ ഒരു തടവുപുള്ളിയായിരുന്നു.

‘ആഹാ! മദലിയെന്റെ മുഖത്തുനിന്നു പുറപ്പെട്ടു.

‘തൂലോങ്ങിലെ തണ്ടുവലിശിക്ഷസ്ഥലത്തായിരുന്നു ആ മനുഷ്യൻ.’

മദലിയെൻ വിളർത്തു.

ഈയിടയ്ക്കു വണ്ടി പതുക്കെ കീഴ്പോട്ടിരുത്തുന്നുണ്ട്. ഫാദർ ഫൂഷൽവാങ്ങിന്റെ തൊണ്ട കിരുകിരുത്തു; അയാൾ നിലവിളിച്ചു: എന്റെ കഴുത്തു ഞെരുങ്ങി, ഞാനിതാ ചാവുന്നു. എന്റെ വാരിയെല്ലുകൾ തകരുന്നു. ഒരു യന്ത്രത്തിരിപ്പാണി!

എന്തെങ്കിലും ഒന്ന് ആവൂ!’

മദലിയെൻ ചുറ്റും നോക്കി. അപ്പോൾ, ഇരുപതു ലൂയിനാണ്യം സമ്പാദിച്ചും കൊണ്ട്, ഈ സാധുവയസ്സന്റെ ജീവനെ രക്ഷിക്കുവാൻ ഇഷ്ടമുള്ള ഒരാളും ഇല്ലെന്നോ?’

ആരും അനങ്ങിയില്ല. ഴാവേർ തുടർന്നു പറഞ്ഞും: ‘ഒരു യന്ത്രത്തിരിപ്പാണിയുടെ സ്ഥാനമെടുക്കാൻ സാധിക്കുന്നവനായി ഒരാളെ മാത്രമേ ഞാനറിയു; അത് ആ തടവുപുള്ളിയാണ്.’

‘അയ്യോ എന്നെ ചതയ്ക്കുന്നു!’ ആ വയസ്സൻ കരഞ്ഞു.

മദലിയെൻ തലയുയർത്തി; കഴുകിന്റേതുപോലുള്ള ഴാവേറുടെ ദൃഷ്ടി തന്റെ മേൽ അപ്പോഴും പതിഞ്ഞുനില്‍ക്കുന്നത് അയാൾ കണ്ടു; അനങ്ങാതെ നില്‍ക്കുന്ന തറക്കാരെ നോക്കി; അയാൾ വ്യസനപൂർവം പുഞ്ചിരിക്കൊണ്ടു. എന്നിട്ട്, ഒരക്ഷരവും പിന്നെ മിണ്ടാതെ, മുട്ടുകുത്തി ആൾക്കൂട്ടത്തിന് ഒന്നു നിലവിളിക്കാൻ കൂടി ഇട കിട്ടുന്നതിനു മുൻപ്, അയാൾ ആ വാഹനത്തിനു ചുവട്ടിൽ അമർന്നു.

ഭയങ്കരമായ ഒരു നിമിഷനേരത്തെ ഉൽക്കണ്ഠയും നിശ്ശബ്ദതയുമുണ്ടായി.

ആ ഭയങ്കരമായ ഭാരത്തിനു ചുവട്ടിൽ ഏതാണ്ടു മാറടച്ചു കിടന്നു. മദലിയെൻ തന്റെ കാൽമുട്ടുകളേയും കൈമുട്ടുകളേയും ഒരുമിപ്പിക്കുവാൻ വെറുതേ രണ്ടു തവണ യത്നിക്കുന്നത് ആളുകൾ കണ്ടു. അവർ അയാളോട് ഉച്ചത്തിൽ പറഞ്ഞു: ‘ഫാദർ മദലിയെൻ, ഇങ്ങോട്ടു പോരു!’ ആ വയസ്സൻ, ഫൂഷൽവാങ് തന്നെ അയാളോടു പറഞ്ഞു: മൊസ്സ്യു മദലിയൻ, പോയ്ക്കോളൂ! ഞാൻ ചാവാൻ പോവുകയാണെന്നു കണ്ടുവല്ലോ! എന്നെ വിട്ടേക്കു, നിങ്ങളേയും നിങ്ങൾ ചതച്ചുകളയും!’ മദലിയെൻ മറുപടി പറഞ്ഞില്ല.

കണ്ടുനില്‍ക്കുന്നവരെല്ലാം കിതച്ചുതുടങ്ങി. ചക്രങ്ങൾ പിന്നേയും കീഴ്പോട്ടിരുത്തുകയാണ്; ചക്രത്തിനിടയിൽനിന്നു പുറത്തു കടക്കുവാൻ മദലിയെന്നു തന്നെ ഏതാണ്ടു പ്രയാസത്തിലാണെന്നു വന്നു തുടങ്ങി.

പെട്ടെന്ന് ആ കൂറ്റൻ ഭാരം മുഴുവനും വിറയ്ക്കുന്നതു കണ്ടു; പതുക്കെ വണ്ടി പൊന്തി; ചക്രങ്ങൾ ചാലുകളിൽനിന്നു പകുതി പൊന്തി. ശ്വാസം മുട്ടിക്കൊണ്ടുള്ള ഒരു ശബ്ദം നിലവിളിക്കുന്നതു കേട്ടു. ‘വേഗം വരൂ സഹായിക്കണേ! അതു മദലിയെനായിരുന്നു. അയാൾ അതാ ഒടുവിലത്തെ കൈ എടുത്തുനോക്കി. ആളുകൾ മുൻപോട്ടു പാഞ്ഞുചെന്നു. ഒരൊറ്റ മനുഷ്യന്റെ ശ്രദ്ധ എല്ലാവർക്കും ശക്തിയും ധൈര്യവും കൊടുത്തു. പത്തിരുപതു പേർകൂടി വണ്ടി നീക്കി. വയസ്സൻ ഫൂഷൽ വാങ് രക്ഷപ്പെട്ടു.

മദലിയെൻ എണീറ്റു. വിയർപ്പ് ഇറ്റിറ്റു വീണിരുന്നുവെങ്കിലും, അയാൾ വിളർത്തിരുന്നു. അയാളുടെ ഉടുപ്പുകൾ കീറിയും ചളിപുരണ്ടുമിരുന്നു. എല്ലാവരും കരഞ്ഞു. ആ വയസ്സൻ അയാളുടെ കാൽമുട്ടുകളെ ചുംബിച്ചു; അയാളെ സംബന്ധിച്ചേടത്തോളമാണെങ്കിൽ, ദിവ്യവും സുഖപൂർണവുമായ പിഡാനുഭവത്തെ കാണിക്കുന്ന ഒരനിർവചനീയമായ ഭാവവിശേഷം അയാളുടെ മുഖത്തു പ്രകാശിച്ചിരുന്നു; അപ്പോഴും തന്നെ തുറിച്ചുനോക്കിക്കൊണ്ടു നിന്നിരുന്ന ഴാവേറുടെ മേൽ അയാൾ തന്റെ ശാന്തമായ നോട്ടത്തെ പതിച്ചു.

1.5.7
ഫൂഷൽവാങ് പാരീസ്സിൽ ഒരു തോട്ടക്കാരനാവുന്നത്

വീഴ്ചയിൽ ഫൂഷൽവാങ്ങിന്റെ കാൽമുട്ടിൻചിരട്ട തെറ്റിപ്പോയി. വ്യവസായശാലയുടെ എടുപ്പിൽത്തന്നെ ഒരു ഭാഗത്ത് അതിലെ പ്രവൃത്തിക്കാരുടെ ഉപയോഗത്തിനായി ഏർപ്പെടുത്തിയിട്ടുള്ള രോഗിപ്പുരയിലേക്കു മദലിയെൻ ആ വയസ്സനെ എടുപ്പിച്ചു കൊണ്ടുപോയി; അവിടെ കന്യകാമഠത്തിലെ രണ്ടു സ്ത്രീകൾ ധർമമായി രോഗികളെ ശുശ്രൂഷിച്ചിരുന്നു. പിറ്റേദിവസം രാവിലെ ആ വയസ്സൻ തന്റെ രാത്രിയിലെ ഭക്ഷണമേൽത്തട്ടിനു മീതെ ആയിരം ഫ്രാങ്കിന്റെ ഒരു നോട്ടു കണ്ടു: മദലിയെന്റെ കൈയക്ഷരത്തിൽ ഇങ്ങനെയൊരു കുറിപ്പും അതോടുകൂടിയുണ്ട്; നിങ്ങളുടെ വണ്ടിയും കുതിരയും ഞാൻ മേടിക്കുന്നു. വണ്ടി മുറിഞ്ഞിരിക്കുന്നു; കുതിര ചത്തും പോയി. ഫൂഷൽവാങ് ജീവിച്ചു; പക്ഷേ, കാൽമുട്ടു വെറുങ്ങലിച്ചുതന്നെ നിന്നു. മൊസ്സ്യു മദലിയെൻ ആ കന്യകാമഠസ്ത്രീകളുടേയും തന്റെ മതാചാര്യന്റേയും ശിപാർശയിയ്മേൽ ആ സാധുമനുഷ്യന്നു പാരീസ്സിലുള്ള റ്യൂ സാങ്—അന്ത്വാങ്ങിലുള്ള കന്യകാമഠത്തിൽ ഒരു തോട്ടക്കാരന്റെ ഉദ്യോഗം വാങ്ങിക്കൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോഴേക്കു മൊസ്സ്യു മദലിയെൻ മെയറായി. പട്ടണത്തിലേക്കു മുഴുവൻ ഭരണാധികാരം കൊടുത്ത കണ്ഠവസ്ത്രത്തോടുകൂടി മൊസ്സ്യു മദലിയെനെ ഒന്നാമതായി കണ്ടപ്പോൾ ഴാവേർക്ക്, ഒരു വീട്ടു കാവൽനായയ്ക്കു തന്റെ എജമാനന്റെ ഉടുപ്പിൽ ഒരു ചെന്നായയെ മണത്തറിഞ്ഞാൽ ഉണ്ടാകാവുന്ന വിധം, ഒരുതരം വിറ കയറി. അതിനുശേഷം ഇൻസ്പെക്ടർ അയാളെ കഴിയുന്നതും വിട്ടൊഴിയുവാൻ ശ്രമിച്ചു. ഉദ്യോഗസംബന്ധികളായ ആവശ്യങ്ങൾ ആജ്ഞയോടു കൂടി നിർബന്ധിക്കുമ്പോൾ, മെയറെ കാണാതെയിരിപ്പാൻ ഒരു നിവൃത്തിയുമില്ലെന്നു വരുന്ന സമയത്ത് അയാൾ ഏറ്റവും ഹൃദയപുർവമായ വണക്കത്തോടു കൂടി സംസാരിക്കും.

ഫാദർ മദലിയെൻ എം. പട്ടണത്തിന് ഉണ്ടാക്കിക്കൊടുത്ത ഈ അഭിവൃദ്ധി, ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ള സുവ്യക്തചിഹ്നങ്ങൾക്കു പുറമേ, വ്യക്തമായി കാണപ്പെടാത്തതുകൊണ്ടു പ്രാധാന്യം കുറഞ്ഞുപോയിട്ടില്ലാത്ത മറ്റൊരു സംഗതിയെക്കൂടി ഉണ്ടാക്കി. ഇത് ഒരിക്കലും വഞ്ചിക്കുന്ന ഒന്നല്ല. ജനസംഖ്യ കുറഞ്ഞുപോകയും, പ്രവൃത്തി ഇല്ലാതാകയും, കച്ചവടം നശിക്കുകയും ചെയ്യുമ്പോൾ നികുതിക്കുടിയാന്മാർ ദാരിദ്ര്യം നിമിത്തം നികുതി കൊടുക്കാതെ ശാഠ്യം പിടിച്ചു നില്‍ക്കുന്നു: അവർക്കു സ്വസ്ഥതയില്ലാതാകുന്നു; ഭരണാധികാരികൾ അവരെ നിർബന്ധിച്ചു നികുതി പിരിച്ചെടുക്കാൻവേണ്ടി വളരെ പണം ചെലവാക്കുന്നു. പ്രവൃത്തി ധാരാളമുണ്ടായി. രാജ്യത്തു ക്ഷേമവും അഭിവൃദ്ധിയും കൂടുമ്പോൾ, നികുതി ക്ഷണത്തിൽ പിരിഞ്ഞുകിട്ടുന്നു; ഭരണാധികാരികൾക്കു ചെലവു വരുന്നില്ല. പൊതുജനങ്ങളുടെ അരിഷ്ടിനേയും അഭിവൃദ്ധിയേയും നോക്കിക്കണ്ട് രേഖപ്പെടുത്തുന്ന ഒരു തെറ്റുവരാത്ത യന്ത്രമാണത്—നികുതി പിരിച്ചെടുക്കുവാനുള്ള ചെലവ്. ഏഴു കൊല്ലം കൊണ്ട് എം. പട്ടണത്തിലും അതിൽ ചേർന്ന സ്ഥലത്തും നിന്ന് നികുതി വസൂൽ ചെയ്വാനുള്ള ചെലവു നാലിൽ മൂന്നു ഭാഗവും ചുരുങ്ങിപ്പോയി; അതിനാൽ അന്നത്തെ ഭണ്ഡാരവിചാരിപ്പുകാരനായ മൊസ്സ്യു ദി വിയേല്ല് ഈ ജില്ലയെപ്പറ്റി പല പ്രാവശ്യവും മറ്റുള്ളവയിൽനിന്ന് വേറെ എടുത്തു പ്രസ്താവിച്ചിരുന്നു.

ഫൻതീൻ മടങ്ങിച്ചെന്ന—സമയത്ത് ആ രാജ്യത്തിന്റെ നില ഇതായിരുന്നു. ആരും അവളെ ഓര്‍മ്മിച്ചിരുന്നില്ല. ഭാഗ്യത്തിനു, മൊസ്സ്യു മദലിയെന്റെ വ്യവസായശാലയുടെ വാതിൽ ഒരു സുഹൃത്തിന്റെ മുഖംപോലെയായിരുന്നു. അവൾ അവിടെ ചെന്നു നോക്കി; സ്ത്രീകളുടെ പണിപ്പുരയിൽ അവൾക്കും ഒരുദ്യോഗം കിട്ടി. ആ വ്യവസായം ഫൻതീനു തീരെ പുതിയതായിരുന്നു; അവൾക്ക് അതിനു സാമർഥ്യമുണ്ടായിരുന്നില്ല; അതിനാൽ ഒരു ദിവസത്തെ പ്രവൃത്തികൊണ്ട് കുറച്ചു മാത്രമേ അവൾക്കു സമ്പാദ്യമുണ്ടായുള്ളൂ; എങ്കിലും അതുമതി; അവളുടെ പരിഭ്രമം തീർന്നു; അവൾ ഉപജീവിതത്തിനാവശ്യമുള്ള പ്രവൃത്തിയെടുത്തു സമ്പാദിക്കാൻ തുടങ്ങി.

1.5.8
മദാം വിക്തൂർണിയേങ് സദാചാരത്തിനുവേണ്ടി മുപ്പതു ഫ്രാങ്ക് ചെലവിടുന്നത്

തന്റെ ഉപജീവനത്തിനു വേണ്ടതു താൻ സമ്പാദിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഫനുതീന്നു കുറച്ചു സമയത്തേക്ക് ഒരാഹ്ലാദം തോന്നി. സ്വന്തം പരിശ്രമംകൊണ്ട് മര്യാദയിൽ ജീവിച്ചിരിക്കുക— ഈശ്വരന്റെ എന്തൊരു ദയ! പ്രവൃത്തിയെടുക്കുന്നതിന്റെ സ്വാദ് അവൾക്ക് വീണ്ടും തോന്നിത്തുടങ്ങി. അവൾ ഒരു കണ്ണാടി മേടിച്ചു; തന്റെ യൗവനത്തേയും, ഭംഗിയേറിയ കുന്തളബന്ധത്തേയും, കൗതുകകരങ്ങളായ പല്ലുകളേയും അതിൽ നോക്കിക്കാണുവാൻ അവൾക്കുത്സാഹം തോന്നി; അവൾ പല സംഗതികളും മറന്നു. കൊസെത്തിനെപ്പറ്റിയും ഭാവിയെക്കുറിച്ചും മാത്രം അവശ വിചാരിച്ചു; അവൾക്ക് ഏതാണ്ടു സുഖം തോന്നി. പണയംവെച്ച് അവൾ അതിനെ അലംകൃതമാക്കി—അവളുടെ കഥയില്ലാത്ത മട്ടുകളുടെ ഒരു ചെറിയ അവശേഷം, വിവാഹം കഴിഞ്ഞവളാണെന്നു പറയാൻ അവൾക്കു നിവൃത്തിയില്ലായിരൂന്നതൂകൊണ്ടു തന്റെ ചെറിയ പെൺകുട്ടിയെപ്പറ്റി പുറത്തു പറയാതിരിപ്പാൻ, നമ്മൾ കണ്ടതുപോലെ, അവൾ മനസ്സിരുത്തി. ആദ്യത്തിൽ വായനക്കാരക്കറിവുള്ളവിധം തെനാർദിയെർമാർക്കുള്ള സംഖ്യ അവൾ കണിശമായി അയച്ചുകൊടുത്തു. പേരെഴുതി ഒപ്പിടാൻ മാത്രമല്ലാതെ എഴുതുവാൻ വശമില്ലാത്തതുകൊണ്ട്, അവൾക്കു കൂലിക്കെഴുതിക്കൊടുക്കുന്ന ഒരാളുടെ സഹായം വേണ്ടിവന്നു. അവൾ പലപ്പോഴും എഴുത്തയച്ചു; ഇത് എങ്ങനെയോ കണ്ടെത്തിപ്പോയി. സ്ത്രീകളുടെ പണിമുറിയിൽവെച്ച്, ഒരു മന്ത്രിക്കുന്ന സ്വരത്തിൽ ഫൻതീൻ ‘എഴുത്തെഴുതുന്നു എന്നും, അവൾക്ക് ചില വിദ്യകളൊക്കെയുണ്ട്’ എന്നും സംസാരം തുടങ്ങി. ആളുകളുടെ പ്രവൃത്തികളെപ്പറ്റി ഗൂഢമായി നോക്കിയറിയുവാൻ അവയുമായി യാതൊരു വിധത്തിലും സംബന്ധിക്കപ്പെടാത്തവരെപ്പോലെ മറ്റാരുമില്ല. എന്തുകൊണ്ട് അദ്ദേഹം രാര്രിയായല്ലാതെ വീട്ടിൽ ചെല്ലുന്നില്ല? ചൊവ്വാഴ്ച ദിവസങ്ങളിൽ എന്തുകൊണ്ടു മിസ്റ്റർ ഇന്ന ആൾ ഒരിക്കലും തന്റെ താക്കോൽ ആണിയിന്മേരു തൂക്കിയിടാറില്ല; എന്തുകൊണ്ടാണ് ആ അമ്മ എപ്പോഴും വീട്ടിലെത്തുന്നതിനു മുമ്പേവെച്ചു വണ്ടിയിൽനിന്നിറങ്ങുന്നത്? ‘എഴുത്തുസാമാനങ്ങളുടെ ഒരു വലിയ ഷാപ്പു മുഴുവനും തന്നെ’ കൈയിലുള്ള പ്പോൾ എന്തിനായിട്ട് അവൾ ആറു കത്തുകടലാസ്സിനുവേണ്ടി ആളെ പറഞ്ഞയച്ചു?—അത്, ഇത് മുതലായവ. തങ്ങൾക്ക് യാതൊരാവശ്യവുമില്ലാത്ത ഈവക കടങ്കഥകളുടെ മർമഗുപ്തി കൈയിലാക്കാൻ വേണ്ടി അതുതന്നെ ധർമമായിട്ടു, തങ്ങളുടെ സുഖത്തിന്നും മാത്രമായി, തങ്ങളുടെ ഉൽക്കണ്ഠയ്ക്ക് ആ ഒരുൽക്കണ്ഠമാത്രമല്ലാതെ മറ്റൊന്നും പ്രതിഫലമില്ലാതെ, ഏകദേശം പത്തു നല്ല കാര്യങ്ങൾ പ്രവർത്തിച്ചു തീർക്കുവാൻ വേണ്ടതിലധികം പണം ചെലവാക്കുകയും സമയം കളയുകയും ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്വാൻ സന്നദ്ധരായ ചിലർ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. അവർ ആ ആണിസ്നേയോ ഈ പെണ്ണിന്റേയോ പിന്നാലെ വളരെ ദിവസങ്ങളോളം പാഞ്ഞുനടക്കും; തെരുവുകളുടെ മൂലയ്ക്കും ഇടവഴികളിലേക്കുള്ള വീട്ടുവാതില്ക്കലും രാത്രി തണുപ്പിലും മഴയത്തും ഒരിക്കൽ അസംഖ്യം മണിക്കൂറുകളോളം നേരം പാറാവു ശിപായിയുടെ പണി നോക്കും; അങ്ങുമിങ്ങും പായാനുള്ള ചെക്കന്മാർക്കു കൈക്കൂലി കൊടുക്കും; വണ്ടി തെളിക്കുന്നവരേയും ഭൃത്യന്മാരേയും കള്ളു കൊടുത്തു തന്റേടം മറപ്പിക്കും; ഒരു പരിചാരികയെ വിലയ്ക്കു മേടിക്കും; ഉമ്മറംകാവൽക്കാരനെ പാട്ടിലാക്കും. എന്തിന്? ഒരാവശ്യത്തിനുമല്ല. സംഗതികളെ കണ്ടറിയുവാനും മനസ്സിലാക്കുവാനും തുരന്നുകടക്കുവാനുമുള്ള ഒരു വെറും അത്യാഗ്രഹം; ഞായം പറയാനുള്ള ഒരു ചൊറിച്ചിൽ, എന്നല്ല, പലപ്പോഴും ഈവക ഗൂഢസംഗതികൾ അറിയപ്പെട്ടാൽ, ഈ രഹസ്യങ്ങൾ വെളിപ്പെട്ടുപോയാൽ, കടങ്കഥകളുടെ കള്ളി പുറത്തു വന്നാൽ, അതുകാരണം, യാതൊരാവശ്യവുമില്ലാതെ, പ്രകൃതിസിദ്ധമായ ഒരു വെറും ദുർവാസനയാൽ ‘എല്ലാം പുറത്തു വരുത്തിയ’ ആ കൂട്ടരുടെ ‘ആഹ്ലാദത്തിന് അത്യാപത്തുകളും ദ്വന്ദ്വയുദ്ധങ്ങളും അപജയങ്ങളും അതാത് കുടുംബങ്ങൾ പൊളിയലും ജന്മങ്ങൾ പാഴാകലും അവിടവിടെ വന്നുപിണയുന്നു. ഒരു മഹാകഷ്ടം!’

വെടിപറയേണ്ടുന്ന ഒരാവശ്യംകൊണ്ടു മാത്രമാണ് ചില ജനങ്ങൾ ദുഷ്ടവിചാരക്കാരാകുന്നത്. അവരുടെ സംഭാഷണം, ഇരിപ്പുമുറിയിലെ വെടിപറയൽ, പുറത്തളങ്ങളിൽവെച്ചുള്ള കൂട്ടംകൂടൽ, ക്ഷണത്തിൽ ക്ഷണത്തിൽ വിറകു ദഹിപ്പിക്കുന്ന ഒരുതരം കുഴലടുപ്പുകളെപ്പോലെയാണ്; അതിന് അവസാനിക്കാത്തേടത്തോളം വിറകു കിട്ടണം; ആ വിറകുകളെല്ലാം അയൽപക്കക്കാർ ശേഖരിച്ചുകൊടുക്കുകയും വേണം.

അതുകൊണ്ട് ഫൻതീനെ കാവൽതുടങ്ങി. അതിനു പുറമെ, അവളുടെ തങ്കനിറത്തിലുള്ള തലമുടിയോടും വെളുവെളുപ്പുള്ള പല്ലുകളോടും അധികംപേർക്കും അസൂയയുണ്ടായിരുന്നു.

പണിമുറിയിൽവെച്ചു, മറ്റുള്ളവരുടെ നടുക്കുവെച്ച്, അവൾ ചിലപ്പോൾ കണ്ണുനീർ തുടയ്ക്കുവാൻവേണ്ടി മുഖം തിരിക്കാറുണ്ടെന്ന് സംസാരമായി. തന്റെ കുട്ടിയെപ്പറ്റി അവൾ വിചാരിക്കുന്ന സമയങ്ങളിലായിരുന്നു അത്; ഒരു സമയം, അവൾ സ്നേഹിച്ചിരുന്ന പുരുഷനെപ്പറ്റിയും.

കഴിഞ്ഞ കാലങ്ങളിലെ വ്യസനമയങ്ങളായ ബന്ധങ്ങളെ മുറിച്ചുവിടുക എന്നത് അത്ര സുഖമില്ലാത്ത ഒരു പ്രവൃത്തിയാണു്.

ചുരുങ്ങിയതു മാസത്തിൽ രണ്ടു തവണ അവൾ കത്തയയ്ക്കാറുണ്ടെന്ന് മനസ്സിലായി; അവൾ കത്തുകൾ മുദ്രപതിച്ചു തപാലിലിട്ടിരുന്നു എന്നും കണ്ടുപിടിച്ചു. അവർ അതിന്റെ മേൽവിലാസം കൈവശപ്പെടുത്തി; മൊസ്സ്യു, മൊസ്സ്യു തെനാരീദിയെർ, ഹോട്ടൽക്കച്ചവടം, മോങ്ഫെർമിധേ. കുചിക്കെഴുതാനിരിക്കുന്നാൾ—തന്റെ കുപ്പായക്കീശയിലുള്ള ഗുഢകാര്യങ്ങളെ പുറത്തേക്കു കൊട്ടിക്കൊടുക്കാതെ ചുകന്ന വീഞ്ഞുകൊണ്ട് വയറുനിറയ്ക്കാൻ നിവൃത്തിയില്ലാതിരുന്ന ഒരു സാധു വൃദ്ധൻ—വീഞ്ഞുവില്പനസ്ഥലത്തുവെച്ചു ഞായം പറയുവാൻ നിർബന്ധിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ, ഫൻതീന്ന് ഒരു കുട്ടിയണ്ടെന്നുള്ള കാര്യം പുറത്തു വന്നു. ‘അവൾ ഒരു കൊച്ചുമിടുക്കത്തിതന്നെയാവണം.’ ഒരു ഞായക്കാരിത്തള്ളയെ കിട്ടി; ആ സ്ത്രീ മോങ് ഫെർമിയേയിലേക്ക് ഒന്നു പതുക്കെ ലാത്തി; തെനാർദിയെർമാരെ കണ്ടു; മടങ്ങിവന്നിട്ടു പറഞ്ഞു: ‘മുപ്പത്തഞ്ചു ഫ്രാങ്കു കൊടുത്തു. ഞാനെന്റെ മനസ്സിന്റെ കിടുകിടുപ്പു തീർത്തു. ഞാൻ കുട്ടിയെ കണ്ടു.’ ഈ കാര്യം പറ്റിച്ച ഞായക്കാരി, മദാം വിക്തൂർണിയേങ് എന്നു പേരായി എല്ലാ മനുഷ്യരുടേയും സദാചാരനിഷ്ഠയുടെ രക്ഷാകർത്തിയും പടികാവല്ക്കാരിയുമായ ഒരു വികൃതരൂപമാണ്. മദാം വിക്തുർണിയേങ്ങിനു വയസ്സ് അമ്പത്താറായി; സ്വതവേ ഉള്ള വൈരുപ്യമാകുന്ന പേമുഖത്തിനു വാർദ്ധക്യംകൊണ്ടുള്ള ഒരു പേമുഖംകൂടി ചേർത്തു കനംപിടിപ്പിച്ചിരുന്നു. ഒരു പതറുന്ന ഒച്ച; ഒരിളകിക്കളിക്കുന്ന മനസ്സ്. ഈ വൃദ്ധ ഒരു കാലത്തു ചെറുപ്പക്കാരിയായിരുന്നു—അത്ഭുതകരമായ സംഗതി! തന്റെ ചെറുപ്പത്തിൽ, ‘93-ൽ, അവൾ ഒരു സന്ന്യാസിയായ മതാചാര്യനെ കല്യാണം കഴിച്ചു; ആ സന്ന്യാസി ഒരു ചുകന്ന തൊപ്പിയും തലയിൽവെച്ചു, തന്റെ ഗുഹയിൽനിന്ന് പാഞ്ഞുപോയി, ബെർനാർദിൻ [1] കാരുടെ കൂട്ടംവിട്ടു ജെക്കോബി [2] കാരുടെ കൂട്ടത്തിൽ ചെന്നു. അവൾ ദയയില്ലാത്തവളും, ശുണ്ഠിക്കാരിയും, അല്പ രസംകൂടിയവളും, കൗശലമേറിയവളും, എന്തായാലും ഇണങ്ങാത്തവളും, ഏതാണ്ട് ചേട്ടയുമായിരുന്നു; ഇതെല്ലാം അവൾ ആരുടെ വിധവയോ ആ സന്യാസിയുടെ ഓർമയിൽക്കിടന്നു; അയാൾ അവളെ പാകത്തിലാക്കി, തന്റെ ഇഷ്ടംപോലെ അവളെ പിടിച്ചുവളച്ചു. മതാചാര്യക്കുപ്പായത്തിന്റെ ഉലച്ചിലോടുകൂടിയ ഒരു തൂവച്ചെടിയായിരുന്നു അവൾ. ഭരണപരിവർത്തനം കഴിഞ്ഞു വീണ്ടും രാജ്യം രാജാവിന്റെ കീഴിലായപ്പോൾ, അവൾ വലിയ മതഭ്രാന്തുകാരിയായി; എന്നല്ല, മതാചാര്യന്മാർ അവളുടെ സന്ന്യാസിക്കു മാപ്പുകൊടുക്കത്തക്കവിധം അത് അത്ര ശുഷ്കാന്തിയിൽ നടത്തുകയും ചെയ്തു. അവൾക്കു കുറച്ചു സ്വത്തുണ്ടായിരുന്നു; അത് വലിയ ഈറ്റത്തോടുകൂടി അവൾ ഏതോ ഒരു മതസംബന്ധിയായ സംഘത്തിന് ഒസ്യത്തുകൊടുത്തു. ആറായിലെ മെത്രാന്റെ അരമനയിൽ അവൾ വലിയ സേവക്കാരിയാണ്. അപ്പോൾ ഈ മദാം വിക്തുർണിയേങ് മോങ്ഫെർമിയെയിലേക്കുപോയി; ഈ വാക്കുംകൊണ്ട് മടങ്ങിവന്നു; ‘ഞാൻ ആകുട്ടിയെ കണ്ടു.’

ഇതിന്നൊക്കെ സമയം പിടിച്ചു. ഫൻതീൻ വ്യവസായശാലയിൽ ചെന്നുകൂട്ടിയിട്ടു കൊല്ലം ഒന്നായി; അങ്ങനെ ഒരു ദിവപ്സം രാവിലെ പണിമുറിയുടെ മേൽവിചാരിപ്പുകാരി വന്നു മെയറുടെ പക്കൽനിന്നു അവൾക്കു കിട്ടാനുള്ള അമ്പതു ഫ്രാ: കൈയിൽ കൊടുത്തു; അവളെ അവിടെനിന്നു പിരിച്ചിരിക്കുന്നു എന്ന് പറഞ്ഞു; എന്നല്ല, മെയറുടെ ആവശ്യപ്രകാരം, ഉടനെ ആ അടുത്ത പ്രദേശങ്ങളിൽനിന്നു പുറത്തു പൊയ്ക്കൊള്ളണമെന്നും പറഞ്ഞു.

തെനാർദിയെർമാർ ആറിനുപകരം ഒരിക്കൽ പ്രന്തണ്ടു ഫ്രാങ്കാവശ്യപ്പെട്ടതിനു ശേഷം, പ്രന്തണ്ടു പോയി പതിനഞ്ചു ഫ്രാങ്ക് പിടുങ്ങിയ അതേ മാസത്തിലായിരുന്നു ഇതും.

ഫൻതീൻ കുഴങ്ങിപ്പോയി. അവൾക്ക് ആ പ്രദേശം വിടാൻ വയ്യാ: വാടകയും മുറിസ്സാമാനങ്ങളും അവൾക്കു കടമുണ്ട്. ഈ കടം വീട്ടണമെങ്കിൽ അമ്പതു ഫ്രാങ്കുണ്ടായാൽ പോരാ. അവൾ എന്തോ ചിലതു വിക്കിക്കൊണ്ട് അപേക്ഷിച്ചു. മേൽവിചാരിപ്പുകാരി അവളോട് ഉടനെ പുറത്തുപോവാൻ കല്പിച്ചു. പോരാത്തതിനു ഫൻതീന്നു പ്രവൃത്തിയിൽ ഒരു സാധാരണ സാമർഥ്യമേ ഉണ്ടായിരുന്നുള്ളൂ താനും. നിരാശതയെക്കാളധികം അവമാനംകൊണ്ടു കുഴങ്ങി അവൾ അവിടെ നിന്നു പോന്നു; സ്വന്തം മുറിയിലേക്കു പോയി. അങ്ങനെ അവളുടെ തെറ്റ് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞു.

ഒരു വാക്കുപോലും പറയുവാൻ അവൾക്കു ശക്തിയില്ലാതായി. മെയറെ പോയി കാണുവാൻ ചിലർ ഉപദേശിച്ചു. അവൾക്കു ധൈര്യമുണ്ടായില്ല. മെയർ നല്ലാളായതുകൊണ്ട് അവർക്ക് അമ്പതു ഫ്രാങ്ക് കൊടുത്തു; അയാൾ നീതിനിഷ്ഠയുള്ള ആളായതുകൊണ്ട് അവളെ പണിയിൽനിന്ന് പിരിച്ചു. അവൾ വിധിക്കു മുൻപിൽ തലതാഴ്ത്തി.

കുറിപ്പുകൾ

[1] സെയിന്റ് ബർനാർദ് ഏർപ്പെടുത്തിയ ഒരു മതസംബന്ധിയായ സംഘം.

[2] മറ്റൊരു മതസംബന്ധിയായ സംഘം. ഈ സംഘക്കാർ ദരിദ്രന്മാരാണ് ഭരണപരിവർത്തനത്തിൽ ഇവർ വളരെ പ്രവർത്തിച്ചിട്ടുണ്ട് ഗുഡമായ ചതിപ്പണിക്കു ശ്രമിക്കുന്നവരെ ഇന്ന ജെക്കോബിൻ എന്നു വിളിക്കുന്നു.

1.5.9
മദാം വിക്തൂർണിയേങ്ങിനുണ്ടായ ജയം

അതുകൊണ്ട് ആ ക്രിസ്തുമതസന്ന്യാസിയുടെ വിധവയെക്കൊണ്ടും ലോകത്തിൽ പ്രയോജനമുണ്ടായി.

പക്ഷേ, മൊസ്സ്യു മദലിയെൻ ഈ കഥ ഒന്നുംതന്നെ അറിഞ്ഞില്ല. ജീവിതം ഇങ്ങനെയുള്ള സംഭവപരമ്പരയെക്കൊണ്ടുതന്നെ നിറഞ്ഞിരിക്കുന്നു. മൊസ്സ്യു മദലിയെൻ പ്രായേണ സ്ത്രീകളുടെ പണിമുറിയിൽ കടക്കാതിരിക്കുകയാണ് ചെയ്യാറ്.

ഈ വകുപ്പിൽ അധ്യക്ഷനായി അയാൾ ഒരു പ്രായംചെന്ന അവിവാഹിതയെ നിയമിച്ചിട്ടുണ്ട്—അവളെ മതാചാര്യനാണ് തിരഞ്ഞുകൊടുത്തിട്ടുള്ളത്; അയാൾക്ക് ഈ അധ്യക്ഷയുടെമേൽ തികച്ചും വിശ്വാസമുണ്ട്; അവൾ വാസ്തവത്തിൽ ഒരു മാന്യയും, സ്വൈര്യക്കാരിയും ന്യായസ്ഥയും, സത്യസന്ധയും, കൊടുക്കുന്ന വിഷയത്തിൽ ധർമശീലയും, എന്നാൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിലും മാപ്പുചെയ്യുന്നതിലും അത്രതന്നെ ധർമശീലമില്ലാത്തവളുമായിരുന്നു. മൊസ്സ്യു മദലിയെൻ തികച്ചും അവളെ വിശ്വസിച്ചുപോന്നു. ഏറ്റവും നല്ല സ്വഭാവക്കാർ തങ്ങളുടെ അധികാരത്തെ മറ്റുള്ളവർക്കേൽപിച്ചുകൊടുക്കുന്നത് പലപ്പോഴും കാണാം. ഈ പൂർണാധികാരംകൊണ്ടും താൻ ചെയ്യുന്നതു ശരിയാണെന്നുള്ള ബോധംകൊണ്ടുമാണ് ആ അധ്യക്ഷ ഫൻതീന്റെ മേൽ വ്യവഹാരം നടത്തി, വിചാരണചെയ്ത് കുറ്റക്കാരിയെന്നു വിധിച്ചു, വിധി നടത്തിയത്.

അമ്പതു ഫ്രാങ്കിനെസ്സംബന്ധിച്ചാണെങ്കിൽ—മൊസ്ത്യു മദലിയെൻ ധർമ്മവിഷയത്തിൽ ഉപയോഗിക്കുന്നതിനും പ്രവൃത്തിക്കാരികളായ സ്ത്രീകൾക്കു സാഹായ്യം ചെയ്യുന്നതിനുമായി തന്നെ ഏൽപിച്ചിട്ടുള്ള സംഖ്യയിൽനിന്ന് അവൾ അതെടുത്തു കൊടുത്തു; ആ സംഖ്യയെപ്പറ്റി അവൾ കണക്കൊന്നും ബോധിപ്പിക്കേണ്ടതില്ല.

അടുത്ത പ്രദേശങ്ങളിൽ ഒരു ഭൃത്യയായി താമസിക്കുവാൻ നിവൃത്തിയുണ്ടോ എന്ന് ഫൻതീൻ അന്വേഷിച്ചു; അവൾ വീടുതോറും നടന്നുനോക്കി, ആരും അവളെ സ്വീകരിച്ചില്ല. അവൾക്കു പട്ടണം വിട്ടുപോവാനും വയ്യാ. പഴയ സാമാനങ്ങളെക്കൊണ്ട്—എന്തു സാമാനങ്ങളാണ്!—കച്ചവടം ചെയ്യുന്നവനും അവൾ കടംകൊടുക്കാനുള്ളവനുമായ ആൾ പറഞ്ഞു: ‘നിങ്ങൾ ഇവിടം വിട്ടുപോകുന്നപക്ഷം, എന്റെ മുതൽ കട്ടു എന്ന നിലയിൽ ഞാൻ നിങ്ങളെ പൊല്ലീസ്സുകാരെക്കൊണ്ടു പിടിപ്പിക്കും!’ വീട്ടുവാടക കൊടുപ്പാനുള്ള വീട്ടുടമസ്ഥൻ അവളോടു പറഞ്ഞു: ‘നിങ്ങൾക്കു ചെറുപ്പം; നല്ല സൌന്ദര്യവുമുണ്ട്! നിങ്ങൾക്കു വാടക തരാൻ സാധിക്കും.’ അവൾ ആ അമ്പതു ഫ്രാങ്ക്; വീട്ടുടമസ്ഥന്നും വീട്ടുസാമാനവ്യാപാരിക്കുമായി പങ്കുവെച്ചു; വീട്ടുസാമാനങ്ങളിൽ മുക്കാൽഭാഗവും ആ വ്യാപാരിക്കുതന്നെ മടക്കിക്കൊടുത്തു; അത്യാവശ്യസാധനങ്ങൾ മാത്രം കൈവശം വെച്ചു; അങ്ങനെ അവൾക്ക് ഒരു പ്രവൃത്തിയുമില്ലാതായി; ഒരു കച്ചവടവുമില്ലാതായി; ഒരു കിടപ്പു സാധനമൊഴികെ മറ്റു സാമാനങ്ങളും ഇല്ലാതായി; ഏകദേശം അമ്പതു ഫ്രാങ്ക് കടംമാത്രം ബാക്കിയുണ്ട്.

കോട്ടകാവൽസ്സൈന്യത്തിലുള്ള പട്ടാളക്കാർക്ക് പരുക്കൻ ഉൾക്കുപ്പായങ്ങൾ തുന്നി അവൾ ദിവസത്തിനു പന്ത്രണ്ട് സൂ വീതം സമ്പാദിക്കാൻ തുടങ്ങി. അവളുടെ മകൾക്കു പത്തു സൂ വേണം. ഈ സമയത്താണ് അവൾ തെനാർദിയെർമാർക്കു പണം അവധി തെറ്റി കൊടുക്കാൻ ആരംഭിച്ചത്.

ഏതായാലും, രാത്രിസമയത്തു മടങ്ങിവരുമ്പോൾ അവൾക്കുവേണ്ടി വിളക്കുകത്തിക്കുന്ന വൃദ്ധ കഷ്ടപ്പാടിൽ ജീവിച്ചിരിക്കേണ്ടതെങ്ങനെ എന്ന് അവളെ പഠിപ്പിച്ചു. കുറച്ചുകൊണ്ട് ജീവിക്കുന്നതിന്റെ പിൻപുറത്ത്, ഒന്നുമില്ലാതെ ജീവിക്കുന്ന പണിയുണ്ട്. ഇവ രണ്ടു മുറികളാണ്, ഒന്ന് ഇരുണ്ടതും, മറ്റത് കറുത്തതും.

മഴക്കാലത്തു തീരെ വിറകുകൂടാതെ കഴിഞ്ഞുകൂടേണ്ടതെങ്ങനെ എന്നു ഫൻതീൻ മനസ്സിലാക്കി; ഈരണ്ടു ദിവസം കൂടുമ്പോൾ അര ഫാർതിങ് വിലയ്ക്കുള്ളതിന തിന്നുന്ന ഒരു പക്ഷിയെ വേണ്ടെന്നു വെക്കേണ്ടതെങ്ങനെ എന്നവൾ ധരിച്ചു; വിരിപ്പുകൊണ്ട് ഉള്ളുടുപ്പും, ഉള്ളുടുപ്പുകൊണ്ടു വിരിപ്പും ഉണ്ടാക്കേണ്ടതെങ്ങനെ എന്ന് അവൾ പഠിച്ചു; എതിർഭാഗത്തുള്ള ജനാലയിലെ വെളിച്ചംകൊണ്ട് ഒരാൾ അത്താഴം കഴിക്കേണ്ടതെങ്ങനെ എന്നവളറിഞ്ഞു. ദാരിദ്ര്യത്തിലും മര്യാദയിലും കിടന്നുവളർന്നു വയസ്സായ ചില മെലിഞ്ഞ കൂട്ടർക്ക് ഒരു സൂകൊണ്ട് എന്തെല്ലാം ഉണ്ടാക്കിത്തീർക്കാൻ സാധിക്കുമെന്ന് ആർക്കും നിശ്ചയമില്ല. അത് ഒടുവിൽ ഒരു സാമർഥ്യവിശേഷമായി കലാശിക്കുന്നു. ഈ മഹത്തായ സാമർഥ്യം ഫൻതീൻ സമ്പാദിച്ചു; കുറച്ചു ധൈര്യവും അവൾക്കു വിണ്ടുകിട്ടി.

ഈ സമയത്ത് അവൾ ഒരയൽപക്കക്കാരിയോടു പറഞ്ഞു: ‘ഹാ! ഞാൻ ചിലപ്പോൾ എന്നോടുതന്നെ പറയാറുണ്ട്; അഞ്ചു മണിക്കൂർ മാത്രം ഉറങ്ങുകയും, ബാക്കിയുള്ള സമയത്തെല്ലാം എന്റെ സൂചിക്കടുത്തിരിക്കുകയും ചെയ്താൽ എന്റെ ഭക്ഷണത്തിനുള്ള വക ഞാൻ എന്നും സമ്പാദിച്ചുകൊള്ളാം. മനസ്സിനു സുഖമില്ലാത്തപ്പോൾ, ആർക്കും കുറച്ചേ ഭക്ഷണം ചെല്ലൂ. അങ്ങനെ, അരിഷ്ടുകളും. സുഖക്കേടും, ഒരു കൈയിൽ കുറച്ചപ്പവും, മറ്റേതിൽ ബുദ്ധിമുട്ടും—ഇതെല്ലാംകൂടി എന്നെ പൊറുപ്പിക്കും.’

തന്റെ ചെറിയ പെൺകുട്ടി ഈ കഷ്ടപ്പാടിൽ തനിക്കടുത്തുണ്ടായിരുന്നെങ്കിൽ അതൊരു വലിയ സുഖമായേനേ. അവൾ ആ കുട്ടിയെ വരുത്തിയാൽ കൊള്ളാമെന്നാലോചിച്ചു. പക്ഷേ, എന്നിട്ടെന്താണ്! ആ കുട്ടിയെക്കൂടി തന്റെ ദാരിദ്ര്യത്തിൽ പങ്കുകൊള്ളിക്കുക! ആട്ടെ, അങ്ങനെയായാലും, താൻ തെനാർദിയെർമാർക്കു കടപ്പെട്ടിരിക്കുന്നു! അതു താനെങ്ങനെ കൊടുത്തുതീർക്കും? പിന്നെ, അങ്ങോട്ടുള്ള വഴി! അതു കടന്നുവീഴുവാൻ ചെലവിന്ന്?

ദാരിദ്ര്യത്തിൽ ജീവിച്ചിരിക്കേണ്ടതെങ്ങനെ എന്നുള്ള പാഠങ്ങൾ അവളെ പഠിപ്പിച്ച കിഴവി, മാർഗ്യുറീത്ത് എന്നു പേരായി, തപസ്വിനിമട്ടിലുള്ള ഒരവിവാഹിതയാണ്; അവൾ യഥാർഥ ദൈവഭക്തിയുള്ളവളും, സാധുവും, സാധുക്കളോടും സമ്പന്നരോടുകൂടിയും ദയയുള്ളവളും മാർഗ്യുറീത്ത് എന്നു തെറ്റാതെ ഒപ്പിടുവാൻ മാത്രം എഴുത്തറിയുന്നവളും ഈശ്വരവിശ്വാസം—അതു പ്രകൃതിശാസ്ത്രമാണല്ലോ—കൂടിയവളുമായിരുന്നു.

ഈ കീഴ്ലോകത്തിൽ ഇങ്ങനെയുള്ള സത്ധഭാവക്കാർ പലരുമുണ്ട്; ഒരു കാലത്ത് അവർ മേൽലോകത്തിലാവും. ഈ ജീവിതത്തിന്ന് ഒരു പ്രഭാതമുണ്ട്.

ആദ്യത്തിൽ ഫൻതീന്ന് അത്രമേൽ നാണിച്ചിട്ട് പുറത്തേക്കു പോവാൻ ധൈര്യം വന്നില്ല.

തെരുവിൽ നടക്കുമ്പോൾ, ആളുകൾ തിരിഞ്ഞുനിന്നു പിന്നിലൂടെ തന്നെ ചൂണ്ടിക്കാണിക്കുന്നുവെന്ന് അവൾ ഊഹിച്ചു; എല്ലാവരും അവളുടെ നേരെ തുറിച്ചുനോക്കുന്നു. ആരും അവളോട് സംസാരിക്കുന്നില്ല; രസമില്ലാത്തതും ദേഷ്യം പിടിപ്പിക്കുന്നതുമായ ആളുകളുടെ അവജ്ഞ ഒരു തണുപ്പുകാറ്റുപോലെ അവളുടെ മാംസത്തിനുള്ളിലേക്കും ആത്മാവിലേക്കുകൂടിയും തുളച്ചു കയറി.

ചെറുപട്ടണങ്ങളിലുള്ള ഒരു ഭാഗ്യംകെട്ട സ്ത്രീ, അവിടെയുള്ള എല്ലാവരുടേയും പരിഹാസത്തിനും സോൽക്കണ്ഠമായ ശ്രദ്ധയ്ക്കും മുൻപിൽ വെറും നഗ്നയാണെന്നപോലെ തോന്നും. പാരിസ്സിലെങ്കിലും ആരും നിങ്ങളെ അറിയില്ല, ഈ അപ്രസിദ്ധി ഒരു മൂടുപടമാണ്. ഹാ! പാരിസ്സിൽച്ചെന്നു വീഴുവാൻ അവൾ എത്ര ആശിച്ചിരിയ്ക്കും! സാധ്യമല്ല!

ദാരിദ്ര്യത്തോട് ഇടപഴകുവാൻ ശീലിച്ചതുപോലെ, അവൾ അവമാനത്തോടും പരിചയപ്പെടേണ്ടിവന്നു. ഒടുവിൽ അവൾ എന്തു ചെയ്യണമെന്നു തീർച്ചപ്പെടുത്തി. രണ്ടോ മുന്നോ മാസം കഴിഞ്ഞതോടുകൂടി, അവൾ തന്റെ നാണം കുടഞ്ഞുകളഞ്ഞ്, ഒന്നും സാരമില്ലെന്ന നിലയിൽ പുറത്തേക്കിറങ്ങാൻ തുടങ്ങി. ‘എനിക്ക് ഒക്കെ ഒന്ന്,’ അവൾ പറഞ്ഞു.

തല നല്ലവണ്ണം ഉയർത്തിപ്പിടിച്ച്, ഒരു രസമില്ലാത്ത പുഞ്ചിരിയോടുകൂടി, അവൾ പുറത്തേക്കു പോവും, വരും; മുഖത്തിനു കട്ടിത്തം കൂടുന്നുണ്ടെന്ന അവൾക്കു ബോധമായി.

അവൾ കടന്നുപോകുമ്പോൾ, മദാം വിക്തൂർണിയെങ് ചിലപ്പോൾ തന്റെ ജനാലയ്ക്കൽ ഇരുന്ന് ‘ആ ജന്തുവിന്റെ കഷ്ടപ്പാടു നോക്കിക്കണ്ട്—അവളെ ആ ‘വേണ്ട നിലയ്ക്കാക്കിയ’തിനു നാം ആ മദാമയോടു നന്ദി പറയുക—തന്നത്താൻ അഭിനന്ദിക്കും. ദുഷ്ടമനസ്സുള്ളവരുടെ സുഖം കറുത്തിട്ടാണ്.

അതിയായ അധ്വാനം ഫൻതീനെ ക്ഷീണിപ്പിച്ചു; അവളെ ബുദ്ധിമുട്ടിച്ചിരുന്ന ആ ചെറിയ ‘കൊക്രക്കുര’ അധികമായി. അവൾ ചിലപ്പോൾ തന്റെ അയൽപക്കക്കാരിയായ മാർഗ്യുറീത്തോട് പറയും; എന്റെ കയ്യിന് എന്തു ചൂടാണെന്നു തൊട്ടു നോക്കൂ!’

എന്തായാലും, രാവിലെ ഒരു പഴയ പൊളിയൻ ചീർപ്പുകൊണ്ടു തന്റെ ഭംഗിയുള്ള തലമുടി ചീകി, അതു, മിനുത്ത പട്ടുനൂൽക്കൂട്ടംപോലെ, ചുറ്റും തൂങ്ങിക്കിടക്കുന്ന സമയത്ത്, അവൾക്ക് ഒരു നിമിഷനേരത്തേക്ക് സുഖമയമായ ഒരു തേവിടിശ്ശിത്തം തോന്നും.

1.5.10
ജയംകൊണ്ടുണ്ടായ ഫലം

മഴക്കാലത്തിന്റെ ഒടുവിൽവെച്ചാണ് അവൾ പണിയിൽനിന്നു പിരിക്കപ്പെട്ടത്; വേനൽക്കാലം കഴിഞ്ഞു; പക്ഷേ, പിന്നേയും മഴക്കാലമായി. പകൽ കുറച്ച്, പണികുറവ്. മഴക്കാലം; ചൂടില്ല. വെളിച്ചമില്ല, ഉച്ചയില്ല. വൈകുന്നേരം രാവിലെയോടു കൂടുന്നു; മൂടൽമഞ്ഞ്, മങ്ങൽ; ജനാല നരച്ചു; അതിലൂടെ ഒന്നും സ്പഷ്ടമായികാണാൻ വയ്യാ. ആകാശം ഒരു തോക്കിൻകാതുമാത്രം. പകൽ മുഴുവനും ഒരു ഗുഹ. സൂര്യന്ന് ഒരു യാചകന്റെ മട്ടുണ്ട്. ഒരു വല്ലാത്ത കാലം! മഴക്കാലം സ്വർഗത്തിലുള്ള വെള്ളത്തേയും മനുഷ്യന്നുള്ള മനസ്സിനേയും കല്ലാക്കി മാറ്റുന്നു. അവളുടെ കടക്കാർ അവളെ ബുദ്ധിമുട്ടിച്ചു.

ഫൻതീൻ വളരെ കുറച്ചേ സമ്പാദിച്ചിരുന്നുള്ളു. കടം വർദ്ധിച്ചു. കണിശമായി പണമെത്തിക്കാതായപ്പോൾ, തെനാർദിയെർമാർ അവൾക്കു ഭ്രാന്തുപിടിപ്പിക്കുന്ന കത്തുകൾ മീതെയ്ക്കുമീതേ എഴുതി; അവരുടെ മട്ട് അവളെ ദീപാളി പിടിപ്പിച്ചു. അവളുടെ കൊസെത്തുകുട്ടി ആ തണുപ്പുകാലത്തു തികച്ചും നഗ്നയാണെന്നും, രോമംകൊണ്ടുള്ള ഒരുൾക്കുപ്പായമുണ്ടായേ പറ്റു എന്നും, അതിനു കുട്ടിയുടെ അമ്മ ഉടനെ പത്തു ഫ്രാങ്കയയ്ക്കണമെന്നും അവർ ഒരു ദിവസം ഒരു കത്തയച്ചു. അവൾക്കു കത്തു കിട്ടി; പകൽ മുഴുവനും അതു കൈയിലിട്ടു ചുരുട്ടി. അന്നു വൈകുന്നേരം അവൾ തെരുവുമൂലയ്ക്കുള്ള ഒരു ക്ഷൗരക്കാരന്റെ പീടികയിൽച്ചെന്നു, തലയിൽനിന്നു ചീർപ്പുവലിച്ചെടുത്തു. അവളുടെ കൌതുകകരമായ തങ്കത്തലമുടി കാൽമുട്ടുകളിലേക്ക് വീണു.

‘എന്തൊന്നാന്തരം തലമുടി!’ ക്ഷുരകൻ അത്ഭുതപ്പെട്ടു പറഞ്ഞു.

‘ഇതിനു നിങ്ങൾ എന്തു വില തരും?’ അവൾ ചോദിച്ചു.

‘പത്തു ഫ്രാങ്ക്.’

‘മുറിച്ചെടുക്കൂ.’

അവൾ ഒരു മെടച്ചിൽക്കുപ്പായം വാങ്ങി, തെനാർദിയെർമാർക്കയച്ചു കൊടുത്തു. ആ കുപ്പായം തെനാർദിയെർമാരെ ഭ്രാന്തുപിടിപ്പിച്ചു. പണമായിരുന്നു അവർക്കാവശ്യം. അവർ ആ ഉൾക്കുപ്പായം എപ്പൊനൈന്നു കൊടുത്തു. ആ സാധുവാനമ്പാടിപ്പക്ഷി തണുത്തുവിറച്ചു കഴിഞ്ഞു.

ഫൻതീൻ വിചാരിച്ചു; ‘എന്റെ കുട്ടിയുടെ തണുപ്പ് മാറി. ഞാനവളെ എന്റെ തലമുടികൊണ്ട് ഉടുപ്പിച്ചു.’ അവൾ ചെറിയ വട്ടത്തൊപ്പികൊണ്ടു തന്റെ മൊട്ടത്തലമറച്ചു; അപ്പോഴും അതിലും ആ അവൾ സുന്ദരിതന്നെയായിരുന്നു.

ഫനതീന്റെ മനസ്സിനെ ഇരുണ്ടവിചാരങ്ങൾ ബാധിച്ചു.

തലമുടി കെട്ടിവെക്കാൻ നിവൃത്തിയില്ലെന്നായപ്പോൾ, അവൾക്കു ചുറ്റുമുള്ള സകലരുടെ നേരെയും ദേഷ്യമായി. ഫാദർ മദലിയനെക്കുറിച്ചു രാജ്യക്കാർക്കെല്ലാമുള്ള ഭക്തിയിൽ അവളും വളരെക്കാലമായി പങ്കുകൊണ്ടിരുന്നു; എങ്കിലും അയാളാണു് തന്നെ പണിയിൽനിന്നു പിരിച്ചതെന്നും, അയാളാണ് തന്റെ കഷ്ടപ്പാടിനെല്ലാം കാരണഭൂതനെന്നും മനസ്സിൽ ആവർത്തിച്ചതിന്റെ ശക്തികൊണ്ട്, അയാളുടെ നേരെയും അവൾക്കു ദേഷ്യമായി; എന്നല്ല, മറ്റാരോടുള്ളതിലധികം പ്രവൃത്തി ദിവസങ്ങളിൽ, പണിക്കാർ വാതില്ക്കലുള്ള സമയം, വ്യവസായശാലയ്ക്കടുക്കലൂടെ കടന്നുപോകുമ്പോഴെല്ലാം അവൾ വെറുതേ ചിരിക്കുകയും പാടുകയും ചെയ്യും.

ആ നിലയ്ക്കു ചിരിച്ചുകൊണ്ടും പാടിക്കൊണ്ടും പോകുന്ന അവളെ ഒരിക്കൽ കണ്ടു് അവിടെ പണിക്കാരിയായ ഒരു കിഴവി പറഞ്ഞു: ‘ആ പെണ്ണ് അപകടത്തിൽ ചാടും.’

ആദ്യമായാവശ്യപ്പെട്ട ഒരാളെ അവൾ കാമുകനായി സ്വീകരിച്ചു: സ്നേഹം കൊണ്ടല്ല, എന്തായാലെന്ത് എന്നുവെച്ചും, ഉള്ളിൽ ശുണ്ഠിയോടുകൂടിയും, അവൻ ഒരു വെറും തെമ്മാടിയായിരുന്നു; ഒരിരപ്പാളിപ്പാട്ടുകാരൻ; ഒരു മടിയൻ തെണ്ടി; അവൻ അവളെ അടിച്ചു; സ്വീകരിച്ചതുപോലെതന്നെ വെറുപ്പോടുകൂടി അവൻ അവളെ ഉപേക്ഷിച്ചു.

അവൾ തന്റെ കുട്ടിയെ ആരാധിച്ചു.

ഓരോ പടി കീഴ്പോട്ടിറങ്ങുന്തോറും ചുറ്റുമുള്ള സകലവും അധികമധികം ഇരുണ്ടുവരുന്നതോടുകൂടി, ആ ചെറുദേവത അവളുടെ ഹൃദയത്തിന്റെ അടിയിൽ പൂർവാധികശോഭയോടുകൂടി പ്രകാശിച്ചു. അവൾ പറഞ്ഞു: ‘ഞാൻ പണക്കാരിയായാൽ എന്റെ കൊസെത്തിനെ ഒരുമിച്ചു താമസിപ്പിക്കും.’ എന്നിട്ട് അവൾ ചിരിച്ചു. അവളുടെ ചുമ വിട്ടുപോയിട്ടില്ല; അവളുടെ പുറത്ത് ഉണൽ പൊന്തിയിരുന്നു.

ഒരു ദിവസം അവൾക്കു തെനാർദിയെർമാരുടെ പക്കൽനിന്ന് ഇങ്ങനെ ഒരു കത്തു കിട്ടി; ‘കൊസെത്തിന് ഈ പ്രദേശത്തു നടപ്പുള്ള ഒരു ദീനം പിടിപെട്ടിരിക്കുന്നു. തരിക്കുരുപ്പ് എന്നാണ് ആളുകൾ പേർ പറയുന്നത്. വിലപിടിച്ച മരുന്നുകൾ വേണം. ഞങ്ങൾ ദീപാളി പിടിച്ചു; ഇനിയും വാങ്ങിക്കൊടുക്കാൻ സാധിക്കില്ല. ഈ ആഴ്ചയിൽ നാല്പതു ഫ്രാങ്ക് അയച്ചുതന്നിട്ടില്ലെങ്കിൽ കുട്ടിയുടെ കഥ തീരും.’

അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു; അയൽപക്കക്കാരിയോട് പറഞ്ഞു: ‘ഹാ! നല്ല കൂട്ടർ, നാല്പതു ഫ്രാങ്ക്! തരക്കേടില്ല! അപ്പോൾ രണ്ടു നെപ്പോളിയൻ നാണ്യമായി! എനിക്കത് എവിടെനിന്നു കിട്ടുമെന്നാണ് അവർ കരുതിയിട്ടുള്ളതാവോ? ഈ നാടന്മാർ വിഡ്ഢികളാണ്. സംശയമില്ല.’

ഏതായാലും അവൾ കോണിത്തട്ടിലുള്ള ഒരു കിളിവാതില്ക്കലേക്കു ചെന്നു കത്ത് ഒരിക്കൽക്കൂടി വായിച്ചു. എന്നിട്ടു കോണി ഇറങ്ങി. ഓടിയും ചാടിയും പാട്ടുപാടിയുംകൊണ്ട് പുറത്തേക്കു പോയി.

ആരോ അവളെ കണ്ടുമുട്ടി ചോദിച്ചു: ‘എന്തേ നിങ്ങളെ ഇത്ര സന്തോഷിപ്പിച്ചയച്ചത്?’

അവൾ മറുപടി പറഞ്ഞു: ‘ചില നാടന്മാർ എനിക്കെഴുതിയയച്ച ഒരൊന്നാന്തരം വിഡ്ഢിത്തക്കഷ്ണം. അവർക്കു ഞാൻ നാല്പതു ഫ്രാങ്ക് കൊടുക്കണം. എട, നാടന്മാരേ! നിങ്ങൾക്കു അത്ര വേണമല്ലേ? ശരി!’

അവൾ നാലുംകൂടിയ വഴി കടക്കുമ്പോൾ, അവിടെ ഒരു നൊസ്സൻ—വണ്ടിക്കു ചുറ്റുമായി വളരെ ആൾക്കൂട്ടം കൂടിയിരിക്കുന്നതു കണ്ടു; ആ വണ്ടിയുടെ മുകളിൽ ചുകന്ന ഉടുപ്പിട്ട ഒരുവൻ കയറി എത്തിച്ചുനില്ക്കുന്നു. സഞ്ചരിക്കാനിറങ്ങിയ ഒരു കൊള്ളരുതാത്ത ദന്തവൈദ്യനായിരുന്നു അത്; അയാൾ പല്ലുകളും ഉറക്കമരുന്നുകളും ചൂർണങ്ങളും രസായനങ്ങളും ആളുകളോടു വാങ്ങാൻ ക്ഷണിക്കുന്നു.

ഫൻതീനും ആ കൂട്ടത്തിൽ കുടി; പൊതുജനങ്ങൾക്കു കന്നഭാഷയും പ്രമാണികൾക്കു ഭ്രാന്തഭാഷയുമടങ്ങിയിട്ടുള്ള അയാളുടെ പ്രസംഗം കേട്ട് അവളും മറ്റുള്ളവരോടുകൂടി ചിരിക്കാൻ തുടങ്ങി. പല്ലുപറിയൻ ആ ചിരിക്കുന്ന സുന്ദരിപ്പെൺകിടാവിനെ സൂക്ഷിച്ചുനോക്കി, പെട്ടെന്ന് ഉച്ചത്തിൽ പറഞ്ഞു: ‘അതാ, ആ ചിരിക്കുന്ന പെൺകിടാവിനോട്—നിങ്ങൾക്കു നല്ല ഭംഗിയുള്ള പല്ലുണ്ട്, നിങ്ങളുടെ ചായപ്പലകകൾ എനിക്കു വിലയ്ക്കു തരാൻ ഇഷ്ടമുണ്ടെങ്കിൽ, ഓരോന്നിനും ഓരോ സ്വർണ നെപ്പോളിയൻ നാണ്യം ഞാൻ തരും.’

‘എന്റെ ചായപ്പലകകൾ, ഏതാണ്?’ ഫൻതീൻ ചോദിച്ചു.

‘ചായപ്പലകകൾ എന്നുവെച്ചാൽ,’ ആ ദന്തവൈദ്യപണ്ഡിതൻ മറുപടി പറഞ്ഞു, ‘മുകളിലത്തെ വരിയിൽ മുമ്പിൽ കാണുന്ന രണ്ടു പല്ലുകൾ.’

‘എന്തു കഷ്ടമാണ്!’ ഫൻതീൻ കുറച്ചുച്ചത്തിൽ പറഞ്ഞു.

‘രണ്ടു നെപ്പോളിയൻനാണ്യം!’ അവിടെ ഉണ്ടായിരുന്ന ഒരു പല്ലില്ലാത്ത കിഴവി പിറുപിറുത്തു. ‘ഒരു പെണ്ണിന്റെ ഭാഗ്യം!’

ഫൻതീൻ പറപറന്നു; അവളോടായി ആ മനുഷ്യന്റെ പരുക്കനൊച്ച ഈവിധം വിളിച്ചുപറയുന്നതു കേൾക്കാതിരിപ്പാൻവേണ്ടി ചെവി പൊത്തി: ‘എന്റെ സുന്ദരി, ആലോചിക്കൂ! രണ്ടു നെപ്പോളിയൻ നാണ്യം; അതുകൊണ്ടാവശ്യമുണ്ടാവും. നിങ്ങളുടെ മനസ്സു കല്പിക്കുന്നപക്ഷം ഇന്നു വൈകുന്നേരം തില്ലാക് ദാർഴാങ് എന്ന ഹോട്ടലിൽ വന്നോളൂ; എന്നെ അവിടെ കാണാം.’

ഫൻതീൻ വീട്ടിലേക്കു മടങ്ങി. അവൾക്കു ഭ്രാന്തു പിടിച്ചിരുന്നു; നല്ലവളായ അയൽപക്കക്കാരിയോട് അവൾ ആ കഥ പറഞ്ഞുകൊടുത്തു: ‘നിങ്ങൾക്ക് ഇതു പറഞ്ഞാൽത്തന്നെ മനസ്സിലാവുമോ? ആ മനുഷ്യൻ ഒരു നികൃഷ്ടനല്ലേ? ഇങ്ങനെയുള്ള ആളുകളെ തെണ്ടിത്തിരിയാൻ സമ്മതിക്കുന്നതെങ്ങനെ? എന്റെ ഉമ്മറത്തെ രണ്ടു പല്ലുപറിച്ചെടുക്കുക! എന്ത്, എന്നെക്കണ്ടാൽ പേടിയാവുമല്ലോ! തലമുടി ഇനിയും വളരും; പല്ല്! ഹാ! എന്തൊരു ചെകുത്താനെപ്പോലുള്ള മനുഷ്യൻ! ഇതിലും ഭേദം എനിക്കു അഞ്ചുനിലയുള്ള വീട്ടിന്റെ മുകളിൽനിന്നു കൽവിരിപ്പിലേക്കു മുതലക്കുപ്പു കുത്തുകയാണ്. അയാൾ എന്നോടു വൈകുന്നേരം തില്ലാക് ദാർഴാങ് ഹോട്ടലിൽ ചെല്ലാൻ പറഞ്ഞിരിക്കുന്നു.

‘എന്തു തരാമെന്നുണ്ട്?’ മാർഗ്യുറീത്ത് ചോദിച്ചു.

‘രണ്ടു നെപ്പോളിയൻ.’

‘അപ്പോൾ നാല്പതു ഫ്രാങ്കായി.’

‘ഉവ്വ്, ഫൻതീൻ പറഞ്ഞു, രണ്ടും കൂടിയാൽ നാല്പതു ഫ്രാങ്കാവും.’

അവൾ അലോചനയിൽപ്പെട്ടു; തന്റെ പ്രവൃത്തി ആരംഭിച്ചു. ഒരു കാൽ മണിക്കൂറു കഴിഞ്ഞപ്പോൾ അവൾ തുന്നൽ നിർത്തി, തെനാർദിയെർമാരുടെ കത്ത് ഒരിക്കൽക്കൂടി വായിക്കാൻവേണ്ടി കോണിത്തട്ടിലേക്കു പോയി.

മടങ്ങിവന്ന് അവൾ തന്റെ അടുത്തിരുന്നു പണിയെടുക്കുന്ന മാർഗ്യൂറീത്തോടു പറഞ്ഞു: ‘തരിക്കുരുപ്പ് എന്നുവെച്ചാൽ എന്താണ്? നിങ്ങൾക്കറിയാമോ?’

‘ഉവ്വ്, ആ അവിവാഹിതവൃദ്ധ മറുപടി പറഞ്ഞു, ‘അതൊരു ദീനമാണ്.’

‘അതിനു മരുന്നു വളരെ കഴിക്കേണ്ടിവരുമോ?’

‘ഹോ! വല്ലാത്ത ഓരോ മരുന്ന്.’

‘അതെങ്ങനെയാണ് വന്നുപെടുന്നത്?’

‘എങ്ങനെ എന്നറിഞ്ഞുകൂടാതെ വന്നു പിടികൂടുന്ന ഒരു ദീനമാണത്.’

‘അപ്പോൾ, അതു കുട്ടികൾക്കു പിടിക്കും?’

‘വിശേഷിച്ചും കുട്ടികൾക്കാണത്.’

‘അതുകൊണ്ടു മരിക്കുമോ?’

‘മരിക്കാം,’ മാർഗ്യുറീത്ത് പറഞ്ഞു.

ഫൻതീൻ ആ മുറിയിൽനിന്ന് ഒരിക്കൽക്കൂടി കത്തു വായിക്കാൻ കോണിത്തട്ടിലേക്കു പോയി.

അന്നു വൈകുന്നേരം ഫൻതീൻ പുറത്തേക്കിറങ്ങി; ഹോട്ടലുകളുള്ള റ്യൂദ് പാരിസ്സിലേക്കു തിരിയുന്നതു കണ്ടു.

പിറ്റേദിവസം, നേരം പുലരുന്നതിന്നുമുൻപായി മാർഗ്യുറീത്ത് ഫൻതീന്റെ മുറിയിൽ ചെന്നപ്പോൾ—അവർ രണ്ടുപേരും ഒരുമിച്ചാണ് എന്നും പണിയെടുത്തിരുന്നത്; അങ്ങനെ അവർ രണ്ടാളും ഒരു മെഴുതിരികൊണ്ടു കഴിച്ചുപോന്നു—ഫൻതീൻ വിളർത്തും മരവിച്ചും കിടയ്ക്കമേൽ ഇരിക്കുന്നതു കണ്ടു. അവൾ കിടന്നിട്ടേ ഇല്ല. അവളുടെ തൊപ്പി മടിയിൽ വീണുകിടക്കുന്നു. അവളുടെ മെഴുതിരി രാത്രി മുഴുവനും കത്തി ഏതാണ്ടവസാനിച്ചതുപോലെയായിരിക്കുന്നു. ഈ സഹിച്ചുകൂടാത്ത ധാരാളിത്തം കണ്ട് അവൾ ആ ഉമ്മറത്തുതന്നെ നിന്നു; അവൾ കുറച്ചുറക്കെ പറഞ്ഞു: ‘ഈശ്വരാ മെഴുതിരി ഒക്കെ കത്തിത്തീർന്നു! എന്തോ ഉണ്ടായി.’

എന്നിട്ട് അവൾ ഫൻതീനെ നോക്കിക്കണ്ടു; മുടി പോയ തല അവൾ മാർഗ്യുറീത്തിനു നേരെ തിരിച്ചു.

ആ കഴിഞ്ഞ ഒരു രാത്രികൊണ്ടു ഫൻതീന്നു പത്തു വയസ്സു കൂടിയിരിക്കുന്നു.

‘യേശോ!’ മാർഗ്യുറീത്ത് പറഞ്ഞു, ഫൻതീൻ, ‘എന്തേ നിങ്ങൾക്കു പറ്റിപ്പോയത്?’

‘ഒന്നുമില്ല,’ ഫൻതീൻ മറുപടി പറഞ്ഞു, ‘നേരെമറിച്ചു, നോക്കാഞ്ഞിട്ട് എന്റെ മകൾ ആ അപകടദീനത്തിൽ മരിക്കില്ല. എനിക്കു സുഖമായി.’

ഇങ്ങനെ പറഞ്ഞു മേശമേൽ കിടന്നു തിളങ്ങുന്ന രണ്ടു നെപ്പോളിയൻ നാണ്യം അവൾ അവിവാഹിതയ്ക്കു കാണിച്ചുകൊടുത്തു.

‘ഹാ! യേശുക്രിസ്തോ!’ മാർഗ്യുറീത്ത് പറഞ്ഞു, ‘അപ്പോൾ അതൊരു നിധിയാണ്! എവിടെനിന്ന് കിട്ടി നിങ്ങൾക്ക് ഈ ലൂയി നെപ്പോളിയൻ നാണ്യം?’

‘എനിക്കു കിട്ടി.’ ഫൻതീൻ മറുപടി പറഞ്ഞു.

ഇതോടുകൂടി, അവൾ പുഞ്ചിരിക്കൊണ്ടു, മെഴുതിരിവെളിച്ചും അവളുടെ മുഖത്തെ പ്രകാശിപ്പിച്ചു. അതൊരു ചോരപ്പുഞ്ചിരിയായിരുന്നു. ഒരു ചുകന്ന ഉമിനീർ അവളുടെ ചുണ്ടിന്നറ്റങ്ങളിൽ കട്ടപിടിച്ചിരിക്കുന്നു; വായിൽ ഒരു കറുത്ത ഗുഹയുണ്ട്.

‘രണ്ടു പല്ലും പറിച്ചെടുത്തിരിക്കുന്നു.’

അവൾ നാല്പതു ഫ്രാങ്ക് മോങ്ഫെർമിയെയിലേക്കയച്ചു.

ഇതൊക്കെ പണം കിട്ടാനുള്ള തെനാർദിയെർമാരുടെ വിദ്യയായിരുന്നു. കൊസെത്തിനു ദീനമൊന്നുമില്ല.

ഫൻതീൻ കണ്ണാടിയെടുത്തു ജനാലയിലൂടെ എറിഞ്ഞു. അവൾ രണ്ടാംനിലയിലുള്ള മുറി വിട്ടു. മേൽപ്പുരയുടെ നേരെ ചുവട്ടിൽ ഒരു സാക്ഷകൊണ്ടുമാത്രം അടച്ചിടാവുന്ന തട്ടിൻപുറത്തു താമസമായിട്ടു കുറേ കാലമായി; നിലത്തോടുകൂടി ഒരു ത്രികോണാകൃതി വരയ്ക്കുന്നവയും, ഓരോ നിമിഷത്തിലും തല മുട്ടിക്കുന്നവയുമായ അത്തരം തട്ടിൻപുറങ്ങളിൽ ഒന്ന്, അതിൽ പാർക്കുന്ന സാധുവിനു, തന്റെ ദുർവിധിയുടെ അറ്റത്തേക്കെന്നപോലെ, പിന്നേയും പിന്നേയും കൂന്നും കൊണ്ടേ തന്റെ മുറിയുടേയും അറ്റത്തേക്കു ചെല്ലാവു.

അവൾക്കു കിടക്കാൻ കിടക്കയില്ല; പുതപ്പെന്നു പറഞ്ഞിരുന്ന ഒരു കീറത്തുണിയും, നിലത്ത് ഒരു പായയും, മൂടില്ലാത്ത ഒരു കസാലയും ബാക്കിയുണ്ട്. അവൾക്കുണ്ടായിരുന്ന ഒരു ചെറിയ പനിനീർപ്പൂച്ചെടി വാടി, നോട്ടമില്ലാതെ, ഒരു മൂലയ്ക്കു നില്ക്കുന്നു. മറ്റൊരു മൂലയ്ക്കു വെള്ളം നിറയ്ക്കാനുള്ള ഒരു ചട്ടിയുണ്ടു്; മഴക്കാലത്ത് അതു കട്ടയാവും; വട്ടത്തിലുള്ള മഞ്ഞുവരകൾകൊണ്ട് അതിൽ വെള്ളം നിന്നിരുന്ന പലേ നിലകളും വളരെക്കാലമായി രേഖപ്പെട്ടുകിടക്കുന്നു. അവളുടെ നാണം പോയ്പോയി. അവളുടെ തേവടിശ്മിത്തരവും പോയി. അവൾ മുഷിഞ്ഞ തൊപ്പി വെച്ചു പുറത്തേക്കു പോവും. ഇടയില്ലാഞ്ഞിട്ടോ നിഷ്കർഷയില്ലാഞ്ഞിട്ടോ അവൾ തന്റെ വസ്ത്രങ്ങളൊന്നും തിരുമ്മാറില്ല. മടമ്പിന്റെ ഭാഗം ദ്രവിച്ചുപോയപ്പോൾ, കീഴ്ക്കാലുറകളെ അവർ പാപ്പാസ്സിന്നുള്ളിലേക്കു അമർത്തി. പരന്നു കാണാവുന്ന ഞെരിയാണികൊണ്ട് ഇതു മനസ്സിലാക്കാം. പഴകിപ്പിഞ്ഞിയ കുപ്പായത്തിൽ, തൊട്ടാൽക്കീറുന്ന ചീട്ടിത്തുണികൊണ്ട് അവൾ കഷ്ണം വെച്ചു. അവൾ കടപ്പെട്ടിട്ടുള്ളവർ ലഹള കൂട്ടിയിട്ടു ഒരു നേരവും ഒരു പൊറുതിയില്ല. പുറത്തേക്കു കടന്നാൽ അവിടെ അവരുണ്ട്, അകത്തേക്കു വന്നാൽ അവിടെയും. കരഞ്ഞും ആലോചിച്ചും അവൾ വളരെ രാത്രികൾ കഴിച്ചു. അവളുടെ കണ്ണുകൾ നല്ല പ്രകാശമുള്ളവയായിരുന്നു; ഇടത്തേ ചുമല്പലകയുടെ മുകളിലായി എപ്പോഴും ഒരു വേദന. അവൾ വല്ലാതെ ചുമച്ചിരുന്നു, അവൾക്കു മൊസ്സ്യു മദലിയെന്റെ നേരെ കലശലായ ദേഷ്യമുണ്ടായിരുന്നു: പക്ഷേ, ആവലാതിപ്പെട്ടില്ല. അവൾ ഒരു ദിവസം പതിനേഴു മണിക്കൂർനേരം തുന്നും; പക്ഷേ, തടവുപുള്ളികളുടെ പ്രവൃത്തി കരാറെടുത്തിരുന്ന ഒരാൾ, അവരെക്കൊണ്ടു കുറഞ്ഞ കൂലിക്കു പണിയെടുപ്പിച്ചിരുന്നതുകൊണ്ട്, പെട്ടെന്നു സാമാനങ്ങൾക്കു വില താഴ്ത്തി, ഒരു കൂലിപ്പണിക്കാരിക്ക് ഒരു ദിവസത്തെ സമ്പാദ്യം ഒമ്പതു സൂവാക്കിക്കുറച്ചു. പതിനേഴു മണിക്കൂറു നേരത്തെ പണി. ദിവസത്തിൽ ഒമ്പതു സൂ വീതം സമ്പാദ്യവും! അവളുടെ കടക്കാർ പൂർവാധികം നിർദ്ദയത കാണിക്കാൻ തുടങ്ങി. പഴയ സാമാനം വില്ക്കുന്നാൾ—തന്റെ സാമാനങ്ങൾ ഏതാണ്ട് മുഴുവനും അയാൾ മടക്കിക്കൊണ്ടുപോയിരിക്കുന്നു —അവളോട് ഇളവില്ലാതെ ചോദിക്കും: ‘ഹേ കേമത്തി, എന്നാണ് എന്റെ പണം തരിക?’ എന്റെ ഈശ്വരാ, അവർക്കൊക്കെ എന്താണ് അവളെക്കൊണ്ടു വേണ്ടത്! ജനങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് അവൾക്കു തോന്നി; കാട്ടുമൃഗങ്ങളുടെ സ്വഭാവത്തിലെ എന്തോ ഒന്ന് അവളിൽ വളർന്നുവന്നു. ഏതാണ്ട് ഈ സമയത്തുതന്നെ, തെനാർദിയെരുടെ കത്തു വന്നു; അയാൾ മര്യാദ വിചാരിച്ചു വളരെ ദിവസം കാത്തു; ഇനി ഒരു നിമിഷം താമസിയാതെ, നൂറു ഫ്രാങ്ക് അയച്ചു കിട്ടണം; ഇല്ലെങ്കിൽ, ആ വല്ലാത്ത ദീനത്തിൽനിന്നു കഷ്ടിച്ചു വിട്ടുപോന്ന കൊസെത്തുകുട്ടിയെ അയാൾ തണുപ്പും വെറുപ്പും തെരുവും ശരണമായി വീട്ടിൽ നിന്നു പുറത്താക്കും; അവിടെക്കിടന്ന് അവൾക്ക് എന്തെങ്കിലും വരട്ടെ; ചത്താൽ ചത്തു. ‘നൂറു ഫ്രാങ്ക്, ഫൻതീൻ വിചാരിച്ചു. ‘പക്ഷേ, എന്തു പ്രവൃത്തിയെടുത്താലാണ് ഒരാൾക്കു ദിവസത്തിൽ നൂറു സു വീതം സമ്പാദിക്കാവുന്നത്?’

‘ആട്ടേ!’ അവൾ പറഞ്ഞും, ‘ഇനി ബാക്കിയുള്ളതും വിറ്റുനോക്കട്ടേ.’

ആ ഭാഗ്യംകെട്ട സ്ത്രീ തോന്നിവാസക്കാരിയായി.

1.5.11
ക്രിസ്തു നമ്മെ മുക്തരാക്കി

ഈ ഫൻതീന്റെ ചരിത്രം എന്താണ്? സമുദായം ഒരടിമയെ വിലയ്ക്കു വാങ്ങൽ.

ആരോട്? കഷ്ടപ്പാടോട്.

വിശപ്പോട്, തണുപ്പോട്, നിസ്സഹായതയോട്, വലച്ചിലോട്. വ്യസനകരമായ ഒരാദായക്കച്ചവടം, ഒരു കഷണം അപ്പത്തിന് ഒരാത്മാവ്. കഷ്ടപ്പാടു വില്ക്കുന്നു. സമുദായം വാങ്ങുന്നു.

യേശുക്രിസ്തുവിന്റെ പരിശുദ്ധനിബന്ധനയാണ് നമ്മുടെ പരിഷ്കാരത്തെ ഭരിച്ചുവരുന്നത്; പക്ഷേ, അതിനിയും അകത്തു കടന്നിട്ടില്ല. യൂറോപ്പിലെ പരിഷ് കൃതജീവിതത്തിൽനിന്ന് അടിമക്കച്ചവടം പോയ്ക്കഴിഞ്ഞു എന്നു കേൾക്കാം.

ഇതു തെറ്റാണ്. അത് ഇപ്പോഴുമുണ്ട്; പക്ഷേ, അതു സ്ത്രീകളെ മാത്രമേ ബാധിച്ചു കിടപ്പുള്ളു; അതിനു പേർ വ്യഭിചാരം എന്നാണ്.

അതു സ്ത്രീകളെ ബാധിച്ചു കിടക്കുന്നു—എന്നുവെച്ചാൽ, സൗഭാഗ്യത്തെ, അശക്തിയെ, സൗന്ദര്യത്തെ, മാതൃത്വത്തെ. പുരുഷന്മാർക്കുള്ള അവമാനങ്ങളിൽ ഒരിക്കലും ഇതത്ര ചുരുങ്ങിയ ഒന്നല്ല.

ഈ ദുഃഖമയമായ നാടകത്തിൽ നാമിപ്പോൾ എത്തിയിരിക്കുന്ന ഘട്ടത്തിൽ, ഫൻതീൻ മുൻപ് എന്തായിരുന്നുവോ അതിലൊന്നും അവളില്ലാതായിരിക്കുന്നു.

ചളിയായതോടുകൂടി അവൾ ഉറച്ചു വെണ്ണക്കല്ലായിത്തീർന്നു. അവളെ തൊടുന്നവർക്കു കൈ മരവിക്കുന്നു. അവൾ കടന്നുപോകുന്നു; അവൾ നിങ്ങളെ വെച്ചു പൊറുക്കുന്നു; നിങ്ങളുണ്ടെന്നു ഭാവിക്കുന്നില്ല; അവൾ ദുസ്സഹവും അവമാനിതവുമായ ഒന്നാണ്. ജീവിതവും സാമുദായികാചാരവും അവളോടു യാത്ര പറഞ്ഞു. അവൾക്കു വരാവുന്നതെല്ലാം വന്നുകഴിഞ്ഞു. അവൾ എല്ലാം അനുഭവിച്ചു; എല്ലാം കഴിച്ചു; എല്ലാം പരിചയിച്ചു; എല്ലാം സഹിച്ചു; എല്ലാം കളഞ്ഞു; എല്ലാറ്റിനെപ്പറ്റിയും ദുഃഖിച്ചു. മരണം എങ്ങനെ ഉറക്കത്തെപ്പോലിരിക്കുന്നുവോ, അങ്ങനെ ഉദാസീന തയെപ്പോലിരിക്കുന്ന ആ വിരക്തികൊണ്ട് അവൾ വിരക്തയായി. ഇനി അവൾ ഒന്നിനേയും ഒഴിഞ്ഞുവെക്കില്ല. മേഘങ്ങളായ മേഘങ്ങൾ മുഴുവനും അവളുടെ മേൽ ഇടിഞ്ഞു വീഴട്ടെ; സമുദ്രമായ സമുദ്രം മുഴുവനും അവളുടെ മീതെ അടിച്ചു മറിയട്ടെ! അവൾക്കെന്ത്? അവൾ നനഞ്ഞുപോയ ഒരു ‘സ്പഞ്ചാ’ണ്.

അവളങ്ങനെ വിശ്വസിച്ചിരിക്കുന്നു. നിശ്ചയം; പക്ഷേ, വിധിയുടെ കലവറ തീർന്നു പോയേക്കാമെന്നും, എന്തിന്റേയായാലും ഒന്നിന്റെ അടിത്തട്ടിൽ നാം എത്തിക്കഴിഞ്ഞുവെന്നും കരുതുന്നത് അബദ്ധമാണ്.

കഷ്ടം! ഇങ്ങനെ കെട്ടിമറിഞ്ഞു മുൻപോട്ടു തെളിക്കപ്പെടുന്ന ഈ വിധി പരമ്പരയെല്ലാം എന്താണ്? ഇതൊക്കെ എങ്ങോട്ടു പോകുന്നു? എങ്ങനെ വന്നുകൂടി?

അതറിയുന്നവൻ ആ അന്ധകാരം മുഴുവനും കാണുന്നു.

അദ്ദേഹം ഏകൻ. അദ്ദേഹത്തിന്റെ പേരാണ് ഈശ്വരൻ.

1.5.12
മൊസ്സ്യു ബാമത്തബായുടെ അലസത

ചെറിയ പട്ടണങ്ങളിലെല്ലാം, വിശേഷിച്ചും എം. പട്ടണത്തിൽ, തങ്ങളുടെ തരക്കാർ പാരിസ്സിൽ നടന്നു കൊല്ലത്തിൽ രണ്ടു ലക്ഷം ഫ്രാഭം വരവുള്ളതു മുഴുവൻ എന്തൊരു നിലയിൽ വിഴുങ്ങുന്നുവോ, ആ നിലയിൽ തങ്ങൾക്കുള്ള ആയിരത്തഞ്ഞുറു ഫ്രാ: വരവ് ചവച്ചിറക്കിക്കളയുന്ന ഒരുകൂട്ടം ചെറുപ്പക്കാരുണ്ട്. ഇവരൊക്കെ ആ മഹത്തായ നപുംസകവർഗത്തിലെ സത്ത്യങ്ങളാണ്; കുറേ കഥയില്ലായ്മയും, കുറച്ചു ഫലിതവുമുള്ള ധാതുക്ഷയക്കാർ; ഇരിപ്പുമുറികളിൽ ഇവർ നാടന്മാരാവും; കള്ളുഷാപ്പുകളിൽ മാന്യന്മാരെന്നു നടിക്കും; ‘എന്റെ വസ്തുക്കൾ, എന്റെ കുടിയാന്മാർ, എന്റെ കാടുകൾ’ എന്നു പറഞ്ഞുനടക്കും. രസികന്മാരാണെന്നു വരുത്താൻവേണ്ടി ഇവർ നാടകശാലയിൽവെച്ചു നർത്തകികളെ പുച്ഛിക്കും; ധീരന്മാരാണെന്നാക്കാൻവേണ്ടി. കോട്ടകാവൽസ്സൈന്യത്തിലെ ഉദ്യോഗസ്ഥന്മാരോടു ശണ്ഠകൂടും; നായാടും, ചുരുട്ടു വലിക്കും, കോട്ടുവായിടും, കുടിക്കും, പുകയില നാറ്റിക്കും, ‘ബില്ലിയേർഡ്’ കളിക്കും, വണ്ടിയിൽനിന്നിറങ്ങുന്ന വഴിയാത്രക്കാരെ തുറിച്ചുനോക്കും, കാപ്പിപ്പീടികയിൽ താമസിക്കും, ഹോട്ടലിൽ ഭക്ഷണം കഴിക്കും, മേശയ്ക്കു ചുവട്ടിൽനിന്ന് എല്ലുപെറുക്കിത്തിന്നുന്ന ഒരു നായയേയും, മേശയ്ക്കു മുകളിൽനിന്നു കറികൾ എടുത്തു കഴിക്കുന്ന ഒരു വെപ്പാട്ടിയേയും വളർത്തിപ്പോരും; ഒരു കാശിനു വാശിപിടിക്കും, പരിഷ്കാരങ്ങളെ കുട്ടിപ്പറയും, ദുഃഖപര്യവസായികഥയെ അഭിനന്ദിക്കും, സ്ത്രീകളെ പുച്ഛിക്കും, പഴയ ബൂട്ടുകൾക്കു തേച്ചിൽ പിടിപ്പിക്കും, പാരിസ്സിലൂടെ ലണ്ടനെ പകർത്തെടുക്കും, പാരിസ്സിനെ പോന്താമുസ്സോങ് പട്ടണത്തിലൂടെയും. കോമാളിയായി ഇരുന്നു നരയ്ക്കും; ഒരു പണി എടുക്കില്ല; ഒരുപകാരത്തിനുമാവില്ല, വലിയ ഉപദ്രവം ചെയ്യില്ല..

മൊസ്സ്യു ഫെലിതോമിയെ, പാരിസ്സ് കാണാതെ സ്വരാജ്യത്തുതന്നെയാണ് കഴിച്ചുകൂട്ടിയതെങ്കിൽ, ഈ തരക്കാരിൽ ഒരാളായേനേ.

കുറേക്കൂടി പണമുള്ളവരായിരുന്നുവെങ്കിൽ, ഇവരെ ആളുകൾ പപച്ചസ്സുന്ദരന്മാർ’ എന്നു വിളിക്കും; കുറേക്കൂടി പണമില്ലാത്തവരായിരുന്നുവെങ്കിൽ, ഇവരെ ആളുകൾ ‘മെനങ്ങാക്കള്ളന്മാർ’ എന്നു വിളിക്കും. ഇവർ തൊഴിലില്ലാത്ത വെറും ചില ആളുകളാണ്. തൊഴിലില്ലാത്തവരുടെ കൂട്ടത്തിൽ അറപ്പിക്കുന്നവരുണ്ട്; അറച്ചവരുണ്ട്; മനോരാജ്യക്കാരുണ്ട്; ചില കള്ളന്മാരുമുണ്ട്.

ഇതെഴുതുന്ന കാലത്തെ ഒരു പച്ചസ്സുന്ദരൻ ഉയരമുള്ള ഒരു കഴുത്തുപട്ടയും; ഒരു വലിയ കണ്ഠവസ്ത്രവും; ചില്ലറ ആഭരണങ്ങളോടുകുടിയ ഒരു ഘടികാരവും; അകത്തു ചുകന്നതും നീലിച്ചതുമായി പല നിറത്തിൽ ഒന്നിനു മുകളിൽ ഒന്നായി മൂന്നു മുറിക്കുപ്പായവും; ഒരു ചെറുമത്സ്ൃത്തിന്റെ വാലോടും, അടുത്തടുത്തായി ചൂമലുവരെ ചെല്ലുന്ന രണ്ടുവരി വെള്ളിക്കുടുക്കുകളോടുംകൂടി തവിട്ടു—പച്ച നിറത്തിൽ അര കുടുങ്ങിയ ഒരു പുറംകുപ്പായവും; ഇതിലൽപം പകിട്ടു കുറഞ്ഞ തവിട്ടു—പച്ചനിറത്തിൽ ഒറ്റയായവസാനിക്കുന്ന ഒന്നു മുതൽ പതിനൊന്നുവരെ—ഇത്രയെന്നു നിയമമില്ല; പക്ഷേ, പതിനൊന്നിൽ ഒരിക്കലും ഏറാറില്ല—എത്രയെങ്കിലും വരകൾ രണ്ട് എടുപ്പുകളിലും തുന്നി മോടിപിടിപ്പിച്ച ഒരു കൂട്ടുകാലുറയും അടങ്ങിയ ഒരു സത്ത്വമാണ്. ഈ കൂട്ടത്തിൽ മടമ്പത്തു ലാടനില്ലാതെ ഉയർന്ന രണ്ടു പാപ്പാസ്സും, വക്കിനു വീതിയില്ലാത്ത ഒരുയർന്ന തൊപ്പിയും, ഒരു ചെണ്ടുപോലാക്കി വളർത്തുന്ന തലമുടിയും, ഒരു പൊന്തൻ ചൂരലും പോത്തിയെയുടെ [3] വക ശ്ശേഷങ്ങൾകൊണ്ടു മോടികുടിയ സംസാരവും കൂട്ടണം. ഇവയ്ക്കൊക്കെ പുറമെ, കുതിമുള്ളുകളും മേൽമീശയും, ആ കാലത്തു മേൽമീശ പ്രമാണിയാണെന്നതിനും കുതിമുള്ളുകൾ കാൽനടക്കാരനാണെന്നതിനുമുള്ള ചിഹ്നമായിരുന്നു.

ചില്ലറപ്പട്ടണങ്ങളിലുള്ള പച്ചസ്സുന്ദരന്ന് ഏറ്റവും നീളമുള്ള കുതിമുള്ളുകളും, ഏറ്റവും ഭയങ്കരങ്ങളായ മേൽമീശകളുമുണ്ടായിരിക്കും.

തെക്കേ അമേരിക്കയിലെ പ്രജാധിപത്യവും സ്പെയിനിലെ രാജാവുംകൂടി. ബോലിവറും [4] മോറില്ലോവുമായി, ഉണ്ടായ ശണ്ഠയുടെ കാലമായിരുന്നു അത്. വക്കിനു വീതി കുറഞ്ഞ തൊപ്പി ധരിക്കുന്നവർ രാജകക്ഷിക്കാരാണ്, അവരെ മോറി ചിര എന്നു വിളിക്കുന്നു; ഭരണമാറ്റക്കാർ വക്കിനു വീതി കൂടിയ തൊപ്പിയാണ്: ഇവരെ ആളുകൾ ബോലിവർമാർ എന്നു വിളിച്ചു വന്നു.

അങ്ങനെ കഴിഞ്ഞ ഭാഗങ്ങളിൽ വിവരിച്ചു സംഭവം നടന്നിട് എട്ടോ പത്തോ മാസത്തിനുശേഷം, 1828 ജനവരി മാസത്തിന്നടുത്തു നല്ല മഞ്ഞുള്ള ഒരു ദിവസം വൈകുന്നേരം, ഈ പച്ചസ്സുന്ദരന്മാരിൽ ഒരാൾ, ഈ തൊഴിലില്ലാത്ത വർഗക്കാരിൽ ഒരുവൻ, ഒരു ‘ബുദ്ധിമാൻ’—അയാൾ ഒരു മോറില്ലോത്തൊപ്പി ധരിച്ചിട്ടുണ്ടല്ലോ; എന്നല്ല, തണുപ്പുകാലത്തെ ഉടുപ്പുപരിഷ്കാരത്തെ തികയ്ക്കുന്ന അത്തരം വലിയ പുറങ്കുപ്പായങ്ങളിലൊന്നു മേലിട്ടിട്ടുമുണ്ട്—കഴുത്തു മറയ്ക്കാതെയും മുടിയിൽ പുഷപങ്ങളോടുകൂടിയും ഒരു നൃത്തവിനോദസ്ഥലത്തേക്കു ചേർന്ന ഉടുപ്പിൽ കാപ്പിപ്പീടികയുടെ മുൻഭാഗത്തു പതുങ്ങിനടന്നിരുന്ന ഒരുത്തിയെ ഉപദ്രവിച്ചു വിനോദിക്കുകയായിരുന്നു. ഈ പച്ചസ്സുന്ദരൻ ചുരുട്ടു വലിക്കുന്നുണ്ട്; നിശ്ചയമായും അയാൾ പരിഷ്കാരിയാണല്ലോ.

ആ സ്ത്രീ ഓരോരിക്കലും മുൻപിലൂടെ കടന്നുപോകുമ്പോൾ, ചുരുട്ടിൽനിന്ന് ഒരു വലി പുക വിട്ടുകൊണ്ടു ഫലിതവും നേരമ്പോക്കുമുള്ളവയെന്നു താൻ വിചാരിക്കുന്ന ഈ ചില വാക്കുകളെ അയാൾ അവൾക്കു സമ്മാനിക്കും; നിങ്ങൾ എന്തു വിരുൂപയാണ്!—എന്റെ മുമ്പിൽനിന്നു കടന്നുപോവാമോഃ നിങ്ങൾക്കു പല്ലില്ല!’ മൂതലായത്. ഈ മാന്യനെ മൊസ്സ്യു ബാമത്തബാ എന്നു പറയും. ആ സ്ത്രീ—മഞ്ഞിലൂടെ പോവുകയും വരികയും ചെയ്യുന്ന ആ ഒരു ദുഃഖമയവും അലംകൃതവുമായ പ്രേതരുപം—യാതൊന്നും അതിനു മറുപടി പറഞ്ഞില്ല; അയാളുടെ നേരെ ഒന്നു നോക്കുകകൂടി ചെയ്തില്ല; എങ്കിലും, ആവിധം ശബ്ദിക്കാതെയും ഒരു ദുഃഖമയമായ ക്രമത്തോടുകൂടിയും അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു; അതിനാൽ ഒരു ശിക്ഷിക്കപ്പെട്ട പട്ടാളക്കാരൻ അടികളുടെ മുൻപിലേക്കെന്നപോലെ, അയ്യഞ്ചു മിനുട്ടു കൂടുമ്പോഴൊക്കെ ആ പരിഹാസവാക്കുകളുടെ മുൻപിലേക്ക് അവൾ ചെല്ലും. ചെയ്യുന്ന പ്രവൃത്തി വേണ്ടവിധം ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ ആ അലസന്നു ശുണ്ഠി പിടിച്ചു; അവൾ പുറംതിരിച്ച തക്കത്തിൽ ഒരു ചെന്നായയുടെ നടത്തത്തോടുകൂടി അവളുടെ പിന്നിലേക്ക് പതുങ്ങിച്ചെന്നു, ചിരിയടക്കിക്കൊണ്ട്, കുനിഞ്ഞു നിന്ന് കാൽവരിയിൽനിന്ന് ഒരുപിടി മഞ്ഞിൻകട്ട വാരിയെടുത്ത് പെട്ടെന്ന് അവളുടെ നഗ്നങ്ങളായ ചുമലുകളുടെ നടുവിലേക്കിട്ടു. സ്ത്രീ ഒരലർച്ചയലറി, പമ്പരം തിരിഞ്ഞു, ഒരു പുള്ളിപ്പുലിയെപ്പോലെ അയാളുടെ നേർക്ക് ഒരു ചാട്ടം ചാടി, പാറാവുമുറിയിൽനിന്നു ഓവുചാലിലേക്ക് വീഴാവുന്നവയിൽ വെച്ച് ഏറ്റവും വല്ലാത്ത ചില വാക്കും പറഞ്ഞുകൊണ്ട്, അയാളുടെ മുഖത്തു നഖം മുഴുവനും ആഴ്ത്തി. മദ്യംകൊണ്ടു പരുപരുത്ത ഒരു സ്വരത്തിലായ ഈ ശകാരം നിശ്ചയമായും മുൻപുറത്തെ രണ്ടു പല്ലില്ലാത്ത ഒരു വായിൽനിന്നേ പുറത്തു ചാടാൻ തരമുള്ളു. അതേ, അതു ഫൻതീനാണ്.

ഈ ഒച്ച കേട്ടു കാപ്പിപ്പീടികയിൽ ഉണ്ടായിരുന്ന പട്ടാളക്കാർ ഒരടുക്കായി പുറത്തേക്കു ചാടി; വഴിയാത്രക്കാർ ഒത്തുകൂടി; കൂക്കിവിളിച്ചും ലഹളകൂടിയും ആഹ്ലാദിക്കുന്ന ഒരു വലിയ കൂട്ടം ആ രണ്ടു സത്ത്വങ്ങൾ തമ്മിലുള്ള കലഹത്തിന്നു ചുറ്റും വളഞ്ഞു; ആ രണ്ടുപേർ ഒന്നാണും മറ്റേതു പെണ്ണുമാണെന്നറിയാൻ തന്നെ കുറെ ബുദ്ധിമുട്ടി; പുരുഷൻ, തൊപ്പി താഴെ വീണു, പായാൻ കിടന്നു പിടയുന്നു; സ്ത്രീ—മുടിയും പല്ലും കിഴിക്കണം—തല മൂടാതെ മുരണ്ടുകൊണ്ടു ശുണ്ഠികൊണ്ടു ചുകന്നുമറിഞ്ഞു, വല്ലാതായി, കാലുകളെക്കൊണ്ടും മുഷ്ടികൊണ്ടും ഇടിക്കുന്നു.

പെട്ടെന്ന് ഒരു ദീർഘകായൻ ചൊടിയോടുകൂടി ആ ആൾക്കൂട്ടത്തിൽനിന്നു മുൻപിലേക്ക് ചെന്ന് ആ സ്ത്രീയെ ചളികൊണ്ടു മൂടിയ മേത്തരം പുറംകുപ്പായത്തിന്മേൽ പിടിച്ചുനിർത്തി, പറഞ്ഞു: ‘എന്റെ കൂടെ വരു!

ആ സ്ത്രീ തലയുയർത്തിനോക്കി; അവളുടെ ഭയങ്കരശബ്ദം പെട്ടെന്നു ചത്തു, അവളുടെ കണ്ണൂകൾ സ്ഫടികക്കഷ്ണങ്ങളായി; ചുകന്നു മറഞ്ഞിരുന്നതു പോയി. അവൾ വിളർത്തു. അവൾ പേടികൊണ്ടു കിടുകിടെവിറച്ചു. അവൾ ഴാവേറെ കണ്ടറിഞ്ഞു.

ഈ തഞ്ചത്തിൽ പച്ചസ്സുന്ദരൻ ചുവടൊഴിച്ചു.

കുറിപ്പുകൾ

[3] ഒരു ഫ്രാൻസുകാരൻ വക്കീൽ. ഇദ്ദേഹം നിയമസംബന്ധികളായ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ടു്.

[4] സർവസ്വം ബലികിച്ച തെക്കെ അമേരിക്കയെ സ്വതന്ത്രമാക്കിയ സ്വരാജ്യസ്നേഹി.

1.5.13
നഗരപ്പൊല്ലീസ്സിനെ സംബന്ധിക്കുന്ന ചില വാദമുഖങ്ങളെ ശരിപ്പെടുത്തൽ

ഴാവേർ ആളുകളെ തള്ളിനീക്കി; ആൾച്ചുറ്റു പൊളിച്ചു; തെരുവിന്റെ അറ്റത്തുള്ള പൊല്ലീസ് കച്ചേരിയിലേക്ക് ആ ഭാഗ്യംകെട്ട സ്ത്രീയേയും വലിച്ചുകൊണ്ടു വേഗത്തിൽ നടന്നു; അവൾ ഒരു പാവയെപ്പോലെ ചെന്നു. അയാളും അവളും ഒരക്ഷരം ശബ്ദിച്ചില്ല; ആ ആൾക്കൂട്ടമാകുന്ന മേഘം, ഒരു സന്തോഷമൂർച്ഛയിൽ തമാശ പറഞ്ഞുകൊണ്ടു, പിന്നാലെ കൂടി. മഹത്തായ കഷ്ടപ്പാട് അസഭ്യതയ്ക്കുള്ള ഒരു സന്ദർഭമാണ്.

ഒരടുപ്പിനാൽ ചൂടുണ്ടാക്കപ്പെടുന്നതും, ചില്ലുവെച്ച് അഴിയിട്ട ഒരു വാതിൽ തെരുവിലേക്കുള്ളതും, ഒരു ചെറുസൈന്യത്താൽ രക്ഷിക്കപ്പെടുന്നതും, തട്ടുയരം കുറഞ്ഞ ഒരു മുറിയുമായ പൊല്ലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഴാവേർ വാതിൽ തുറന്നു ഫൻതീനോടുകൂടി അകത്തു കടന്ന്, ഉൽക്കണ്ഠിതരായ ആളുകളെ അത്യധികം ആശാഭംഗപ്പെടുത്തിക്കൊണ്ടു, വാതിലടച്ചു; അവരാകട്ടെ പെരുവിരലിന്മേൽ നിന്നു, കാണാനുള്ള തിടുക്കത്തിൽ, സ്റ്റേഷൻകെട്ടിടത്തിന്റെ കനത്ത ചില്ലിൻ മുൻപിൽ കൊറ്റികളെപ്പോലെ തല നീട്ടി നിലയായി. ഉൽക്കണ്ഠ ഒരുതരം ബുഭുക്ഷയത്രേ. കാണുക, വിഴുങ്ങുകയാണ്.

സ്റ്റേഷനിൽ കടന്ന ഉടനെ ഫൻതീൻ അനക്കമില്ലാതെയും ശബ്ദമില്ലാതെയും ഒരു പേടിച്ച നായയെപ്പോലെ പതുങ്ങിക്കൊണ്ട് ഒരു മൂലയിൽച്ചെന്നു വീണു.

രക്ഷിസൈനൃത്തിന്റെ മേലാൾ ഒരു മെഴുതിരി കത്തിച്ചുകൊണ്ടുവന്നു മേശപ്പുറത്തു വെച്ചു. ഴാവേർ ഇരുന്നു, കുപ്പായക്കീശയിൽനിന്ന് ഒരു മുദ്രക്കടലാസ്സു വലിച്ചെടുത്ത് എഴുതാൻ തുടങ്ങി.

നമ്മുടെ രാജ്യഭരണനിയമങ്ങൾ ഇത്തരം സ്ത്രീകളെ കേവലം പൊല്ലീസ്സുകാരുടെ വകതിരിവിലേക്ക് വിട്ടുകൊടുത്തിരിക്കുന്നു. പൊല്ലീസ്സുകാരോ, അവർക്കിഷ്ടമുള്ളതു ചെയ്യുന്നു; വേണമെന്നു തോന്നിയാൽ ശിക്ഷിച്ചുവിടും; സാധുക്കളുടെ വ്യവസായമെന്നും സ്വാതന്ത്ര്യമെന്നും പറയുന്ന രണ്ടു ദയനീയ വസ്തുക്കളെ അവർ യഥേഷ്ടം പിടിച്ചടക്കുന്നു. ഴാവേർക്കു യാതൊരു ക്ഷോഭവുമില്ല; അയാളുടെ സഗൌരവമായ മുഖം യാതൊരു വികാരത്തേയും വെളിപ്പെടുത്തുന്നില്ല. എങ്കിലും അയാളുടെ മനസ്സിൽ അഗാധവും സഗൌരവുമായ എന്തോ ഒരാലോചനയുണ്ട്. അയാൾ തന്റെ എന്തെന്നില്ലാത്ത വിവേകശക്തിയെ ഒരു പിടിവള്ളിയില്ലാതെ, എങ്കിലും ഒരു വിട്ടൊഴിച്ചിലില്ലാത്ത മനസ്സാക്ഷിയുടെ ആജ്ഞകളനുസരിച്ചു, വിട്ടുകൊടുക്കുന്ന സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്. ആ സമയത്തു പൊല്ലീസ്സുകാരന്റേതായ തന്റെ പീഠം ഒരു നീതിന്യായക്കോടതിയാണെന്ന് അയാൾക്കു ബോധമുണ്ട്. അയാൾ വിധിന്യായം എഴുതുകയാണ്. അയാൾ വിചാരണ ചെയ്തു ശിക്ഷിയ്ക്കുന്നു. മനസ്സിലുണ്ടാകാവുന്ന എല്ലാ വിചാരങ്ങളേയും, ആ ചെയ്യാൻ പോകുന്ന ശ്രേഷ്ഠകാര്യത്തിനുമുൻപിൽ അയാൾ വിളിച്ചുവരുത്തി. ആ സ്ത്രിയുടെ പ്രവൃത്തിയെപ്പറ്റി ആലോചിക്കുന്തോറും, അയാൾക്ക് അധികമധികം ദേഷ്യം തോന്നി. ഒരു കുറ്റം പ്രവർത്തിക്കുന്നത് അയാൾ സ്പഷ്ടമായി കണ്ടിരിക്കുന്നു.

അതാ, ആ തെരുവിൽവെച്ച്, ഒരു ജന്മിയും ഭരണാധികാരി സഭാംഗങ്ങളെ തിരഞ്ഞെടുപ്പാൻ അധികാരിയുമായ ഒരാൾ മുഖേന എല്ലാ അതിർത്തികൾക്കും അപ്പുറത്തു കിടക്കുന്ന ഒരുവളാൽ ജനസമുദായം അവമാനിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും അയാൾ നോക്കിക്കണ്ടു. ഒരു കുലട ഒരു പൌരന്റെ ആയുർഭംഗം ചെയ്യാൻ ശ്രമിച്ചു. അയാൾ അതു കണ്ടു—അയാൾ ഴാവേർ. അയാൾ മിണ്ടാതെ എഴുതി.

കഴിഞ്ഞ് ഒപ്പിട്ടു, മടക്കി, രക്ഷിസൈന്യാധ്യക്ഷനെ വിളിച്ച് അതു കൈയിൽ ക്കൊടുത്തു പറഞ്ഞു: മൂന്നു പേരെ കൂടെ വിളിച്ച് ആ പുള്ളിയെ തടവിലേക്ക് കൊണ്ടുപോവു.’

എന്നിട്ടു ഫൻതീന്നു നേരെ നോക്കി പറഞ്ഞു: ‘നിനക്ക് ആറു മാസം.’ ആ ഭാഗ്യംകെട്ട സ്ത്രീ വിറച്ചു.

‘ആറു മാസം! ആറു മാസത്തെ തടവ്’ അവൾ ഉച്ചത്തിൽ പറഞ്ഞു: ‘ദിവസത്തിൽ ഏഴു സു വീതം സമ്പാദിച്ചുകൊണ്ട് ആറുമാസം കഴിക്കുക! അപ്പോൾ കൊസെത്തിന്റെ കഥ എന്താവും? എന്റെ മകൾ! എന്റെ മകൾ! പക്ഷേ, ഇപ്പോൾത്തന്നെ ഞാൻ തെനാർദിയെർമാർക്കു നൂറു ഫ്രാങ്ക് കൊടുക്കാനുണ്ട്; അതറിയാമോ, മൊസ്സ്യു ഇൻസ്പെക്ടർ?’

അവൾ ആ ഈറൻപിടിച്ച നിലത്തൂടെ, ആ സർവരുടേയും ചളി പിടിച്ച ബൂട്സ്സുകൾക്കിടയിലൂടെ, എണീയ്ക്കാതെ, കയ്യമർത്തിപ്പിടിച്ചു. കാൽമുട്ടുകളെ നീട്ടി നീട്ടി വെച്ചുകൊണ്ട് നീങ്ങി.

‘മൊസ്സ്യു ഴാവേർ,’ അവൾ പറഞ്ഞു, ‘ഞാൻ നിങ്ങളുടെ ദയയ്ക്കു കെഞ്ചുന്നു. എന്റെ പക്കലല്ല തെറ്റെന്നു ഞാൻ തീർത്തുപറയുന്നു. ആദ്യം മുതൽ കണ്ടിരുന്നുവെങ്കിൽ, നിങ്ങൾക്കു മനസ്സിലാവും. ഞാൻ തെറ്റുകാരിയല്ലെന്ന് ഈശ്വരനെ മുൻനിർത്തി ആണയിടുന്നു! ആ മാന്യൻ. ഞാൻ അറിയില്ല, ആ പ്രമാണി, എന്റെ പുറത്തു മഞ്ഞു വാരിയിട്ടു. നമ്മൾ ആരെയും ഉപ്രദവിക്കാതെ വെറുതെ നടക്കുമ്പോൾ, ആർക്കെങ്കിലും നമ്മുടെ പുറത്തു മഞ്ഞു വാരിയെറിയാൻ അധികാരമുണ്ടോ! നിങ്ങൾ കാണുംപോലെ, എനിക്കു ദേഹസുഖമില്ല. എന്നല്ല, വളരെ നേരമായിട്ട് അയാൾ എന്നോട് അധികപ്രസംഗം പറകയായിരുന്നു: ‘നിങ്ങൾ വിരൂപയാണ്! നിങ്ങൾക്കു പല്ലില്ല.’ ആ പല്ലുകൾ എനിക്കില്ലെന്നു ഞാൻ നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ട്. ഞാൻ ഒന്നും ചെയ്തില്ല; ഞാൻ വിചാരിച്ചു; അദ്ദേഹം കളിക്കുകയാണ്. ഞാൻ അദ്ദേഹത്തോടു മര്യാദ പ്രവർത്തിച്ചു; ഞാൻ ഒന്നും സംസാരിച്ചില്ല. അപ്പോഴാണ് അദ്ദേഹം എന്റെ പുറത്തു മഞ്ഞു വാരിയിട്ടത്. മൊസ്സ്യു ഴാവേർ. ഹേ നല്ലാളായ മൊസ്സ്യു ഇൻസ്പെക്ടർ; അതു കണ്ടിട്ടുള്ള ആരും ഇവിടെ ഇല്ലേ?

ഞാൻ പറഞ്ഞതു വെറും പരമാർത്ഥമാണെന്നു നിങ്ങളെ ബോധിപ്പിക്കുവാൻ ഒരാളുമില്ലേ? പക്ഷേ, ഞാൻ ശുണ്ഠിയെടുത്തതു തെറ്റായിരിക്കാം. ആ ആദ്യത്തെ ക്ഷണത്തിൽ ക്ഷമകെട്ടുപോകുമെന്നറിയാമല്ലോ. ഒരു രസമില്ലാത്ത സമയമുണ്ടാവും; പിന്നെ തീരെ ആലോചിക്കാതിരിക്കുമ്പോൾ തണുത്ത വല്ല സാധനവും എടുത്തു പുറത്തേക്കിടുക! ആ മാന്യന്റെ തൊപ്പി ചീത്തയാക്കിയത് എന്റെ പക്കൽ തെറ്റാണ്. അദ്ദേഹം എന്തിനു പാഞ്ഞുപോയി? ഞാൻ മാപ്പു ചോദിക്കും. ഹാ! എന്റെ ഈശ്വരാ! അദ്ദേഹത്തോടു മാപ്പുചോദിക്കുവാൻ എനിയ്ക്കൊരു വിരോധവുമില്ല. മൊസ്സ്യു ഴാവേർ, ഈ തവണ അങ്ങനെയൊരുപകാരം ചെയ്യൂ; നില്‍ക്കണേ! തടവിലുള്ള ഒരാൾക്ക് ഒരു ദിവസത്തിൽ ഏഴു സൂവേ കിട്ടൂ എന്നു നിങ്ങൾക്കറിഞ്ഞുകൂടാ; അതു സർക്കാറിന്റെ കുറ്റമല്ല; പക്ഷേ, ഏഴു സൂ മാത്രമാണു് ഒരാൾക്കു കിട്ടുന്നത്; അപ്പോൾ നോക്കണേ, എനിക്ക് നൂറു ഫ്രാങ്ക് ചെലവുണ്ട്; അല്ലെങ്കിൽ എന്റെ കൂട്ടിയെ എന്റെ അടുക്കലേക്കയച്ചുകളയും. ഹാ, എന്റെ ഈശ്വരാ! അവളെ എനിക്ക് എന്റെ അടുക്കലേക്ക് വരുത്തിക്കൂടാ; ഞാൻ ചെയ്യുന്നത് അത്ര ചീത്തത്തമാണ്! ഹാ, എന്റെ കൊസെത്ത്! ഹാ, സാധുവായ എന്റെ ഓമനക്കുട്ടി, പാവം, അവളുടെ കഥയെന്താവും? ഞാൻ പറയട്ടെ; അതു തെനാർദിയെർമാരാണ്. ഹോട്ടൽക്കച്ചവടക്കാർ, നടന്മാർ; അത്തരക്കാർക്കു കഥയില്ല. അവർക്കു പണം വേണം. എന്നെ തടവിലിടരുതേ! നോക്കൂ, ഒരു ചെറിയ പെൺകുട്ടിയെ ഒന്നാന്തരം മഴക്കാലത്തു കഴിയുംപോലെ കഴിയാൻ, തെരുവിലേക്കിറക്കിക്കളയും. എന്റെ നല്ലൊരാളായ മൊസ്സ്യു ഴാവേർ, അങ്ങനെയുള്ള ഒരു കുട്ടിയുടെ മേൽ ദയ വേണേ! കുറച്ചു മുതിര്‍ന്നാൽ കഴിഞ്ഞുകൂടിക്കൊള്ളും. അവൾക്കു വല്ലതും സമ്പാദിക്കാം: പക്ഷേ, ഈ പ്രായത്തിൽ അതു വയ്യാ. ഞാൻ വാസ്തവത്തിൽ അത്ര ചേട്ടയല്ല. ഭീരുത്വവും ബുഭുക്ഷയുമല്ല എന്നെ ഈ നിലയിലാക്കിത്തീർത്തത്. ഞാൻ മദ്യപാനം ചെയ്തിട്ടുണ്ടെകിൽ, അത് എന്റെ കഷ്ടപ്പാടുകൊണ്ടാണ്. എനിക്കതിഷ്ടമല്ല; പക്ഷേ, അത് എന്റെ ബുദ്ധിയെ മയക്കുന്നു. എന്റെ നല്ല കാലത്ത് എന്റെ ഉടുപ്പളുമാറിയിലേക്കു നോക്കിയാൽ മതി, ഞാൻ ഒരു തേവിടിശ്ലിയോ ഒരു വൃത്തികെട്ടവളോ അല്ലെന്നു കാണാം. എനിക്കു വസ്ത്രങ്ങളുണ്ടായിരുന്നു; ധാരാളമുണ്ടായിരുന്നു. എന്റെ മേൽ ദയ വിചാരിക്കണേ, മൊസ്സ്യു ഴാവേർ.’

ഹൃദയം തകർന്നു. തേങ്ങലുകളെക്കൊണ്ട് ഇളകിയും കണ്ണുനീരുകൊണ്ട് അന്ധയായും കൈകളെ ചേർത്തുരുമ്മിയും, ‘കൊക്കിക്കൊക്കിച്ചുമച്ചും, മരണ വേദനയുടെ സ്വരത്തിൽ പതുക്കെ വിക്കിക്കൊണ്ടും അവൾ സംസാരിച്ചു. മഹത്തായ സങ്കടം ദിവ്യവും ഭയങ്കരവുമായ ഒരു ദീപ്തിയാണ്; അതു ഭാഗ്യഹീനരെ രൂപാന്തരപ്പെടുത്തുന്നു. ആ സമയത്ത് ഒരിക്കൽക്കൂടി ഫൻതീൻ സുന്ദരിയായി. ഇടക്കിടയ്ക്ക് അവൾ പറയൽ നിർത്തി, പൊല്ലീസ്സുദ്യോഗസ്ഥന്റെ പുറംകുപ്പായം ചുംബിക്കും. കരിങ്കല്ലുകൊണ്ടുള്ള ഒരു ഹൃദയത്തെ അവൾ മാർദ്ദവപ്പെടുത്തിയേനെ; പക്ഷേ, മരംകൊണ്ടുള്ള ഒരു ഹൃദയത്തെ മാർദ്ദവപ്പെടുത്താൻ വയ്യ.

‘ആട്ടെ, ഴാവേർ പറഞ്ഞു, ‘നിനക്കു പറയാനുള്ളതൊക്കെ ഞാൻ കേട്ടു. ഒക്കെയായോ:? ആറുമാസം. ഇനി നടക്കാം. ലോകപിതാവായ ഈശ്വരൻ പ്രത്യക്ഷീഭവിച്ചാൽ ഇതിലധികമൊന്നും ചെയ്യാൻ കഴിയില്ല.’

ലോകപിതാവായ ഈശ്വരൻ പ്രത്യക്ഷിഭവിച്ചാൽ ഇതിലധികമൊന്നും ചെയ്യാൻ കഴിയില്ല. എന്നു കേട്ടപ്പോൾ തന്റെ കാര്യം തീർച്ചപ്പെട്ടു എന്നവൾക്ക് മനസ്സിലായി. അവൾ ഇങ്ങനെ മന്ത്രിച്ചുകൊണ്ടു കുഴഞ്ഞുവീണു, ‘ദയ!’

ഴാവേർ പുറം തിരിച്ചു.

പൊല്ലിസ്സുകാർ അവളുടെ കൈയിന്മേൽ പിടിച്ചു.

കുറച്ചു മുൻപായി അങ്ങോട്ട് ഒരാൾ കടന്നുവന്നിരുന്നു; പക്ഷേ, ആരും ആ വന്നാളെ ശ്രദ്ധിച്ചില്ല. അയാൾ വാതിലടച്ചു; വാതിലിന്മേൽ പുറംചാരിനിന്നു; നിരാശതയോടുകുടിയ ഫൻതീന്റെ ആവലാതികൾ അയാൾ ശ്രദ്ധിച്ചുകേട്ടു.

എഴുന്നേല്‍ക്കാതെ കിടക്കുന്ന ആ ഭാഗ്യംകെട്ട സ്ത്രീയുടെ മേൽ പട്ടാളക്കാർ കൈവെച്ച ഉടനെ അയാൾ നിഴലിൽനിന്നു വെളിച്ചത്തേക്കു വന്നു പറഞ്ഞും: ‘നില്‍ക്കണേ ഒരു നിമിഷം.’

ഴാവേര്‍ തലയുയർത്തി, മൊസ്സ്യു മദലിയെനെ കണ്ടറിഞ്ഞു, ഇൻസ്പെക്ടർ മുഷിച്ചിലോടുകുടിയ ഒരുതരം പരുങ്ങലോടെ ഉപചരിച്ചു പറഞ്ഞു: മാപ്പുതരണേ, മിസ്റ്റർ മെയർ.’

മിസ്റ്റർ മെയർ’ എന്ന വാക്കുകൾ ഫൻതീന്റെ മട്ടിന്ന് അഭൂതപൂർവമായ ഒരു മാറ്റം വരുത്തി. അവൾ നിലത്തുനിന്നു പൊട്ടിപ്പുറപ്പെട്ട ഒരു ഭൂതംപോലെ ഒരു ചാട്ടത്തിൽ ചാടിയെണീറ്റു, രണ്ടു കൈകൊണ്ടും പട്ടാളക്കാരെ തട്ടിനീക്കി, ഒരാൾക്കും തടയാൻ ഇടകിട്ടുന്നതിനു മുൻപായി മൊസ്സ്യു മദലിയെന്റെ അടുക്കലേക്കു ചെന്ന്, ഒരമ്പരന്ന മട്ടിൽ മെയറെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പറഞ്ഞു: ‘ഹാ! അപ്പോൾ നിങ്ങളാണ് മൊസ്സ്യു മെയർ!’

ഉടനെ അവള്‍ പൊട്ടിച്ചിരിച്ചു; അയാളുടെ മുഖത്ത് ഒരു തുപ്പു തുപ്പി.

മൊസ്സ്യു മദലിയെൻ മുഖം തുടച്ചു പറഞ്ഞു: ‘ഇൻസ്പെക്ടർ ഴാവേർ, ഈ സ്ത്രീയെ വിട്ടയയ്ക്കൂ.’

ഭ്രാന്തു പിടിക്കുകയായി എന്നു ഴാവേർ നിശ്ചയിച്ചു. ആ സമയത്ത്, അയാൾ താൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത അത്രയും ശക്തിമത്തുക്കളായ വികാരങ്ങളെ വഴിക്കുവഴിയേ, അടിയോടടി എന്ന മട്ടിൽ, സഹിച്ചുവരികയാണ്. വഴിയിൽ അലഞ്ഞുനടക്കുന്ന ഒരു സ്ത്രീ മെയറുടെ മുഖത്തു തുപ്പുന്നതു കാണുക എന്ന കാര്യം, സാഹസമേറിയ മനോരാജ്യഗതികളിൽപ്പോലും ഉണ്ടാവുമെന്നു വിശ്വസിച്ചുപോയാൽ അതൊരീശ്വരദോഷമായി കരുതുമാറ്, അത്രയും പൈശാചികമാണ്. നേരെമറിച്ചു, തന്റെ ആലോചനകൾക്കിടയിൽവെച്ച് ആ സ്ത്രീ ആരാണെന്നും ഈ മെയർ ആരായിരിക്കാമെന്നും അയാൾ ഒരു ഭയങ്കരമായ താരതമ്യ വിവേചനം ചെയ്തു നോക്കി; ആ തട്ടിച്ചുനോക്കലിന്നിടയിൽ, ഈ കഴിഞ്ഞ അഭൂതപൂര്‍വമായ അക്രമപ്രവൃത്തിക്ക് ഒരു വിഷമമല്ലാത്ത സമാധാനം—എന്താണെന്ന് എനിക്കറിഞ്ഞുകൂടാ—ഭയപ്പാടോടുകൂടെ, അയാൾ കുറച്ചൊന്നു നിഴലിച്ചു കണ്ടു. പക്ഷേ, ആ മെയർ, ആ മജിസ്ട്രേട്ട്, ശാന്തഭാവത്തിൽ മുഖം തുടച്ച് ഈ സ്ത്രീയെ വിട്ടയയ്ക്കു’ എന്നു പറഞ്ഞുകേട്ടപ്പോൾ, അയാൾക്ക് ഏതാണ്ട് അമ്പരപ്പിന്റെ ഒരു ലഹരി കയറി; വിചാരിക്കാനും സംസാരിക്കാനും ഒരേവിധം അയാൾക്കു വയ്യാതായി; സംഭവിച്ചേക്കാവുന്ന അമ്പരപ്പിന്റെ ആകത്തുകയൊക്കെ കവിഞ്ഞു. അയാൾ മിണ്ടാതെ നിലയായി.

ഒട്ടും കുറഞ്ഞ പരിഭ്രമത്തെയല്ല ഈ വാക്കുകൾ ഫൻതീനെ സംബന്ധിച്ചേടത്തോളവും ഉണ്ടാക്കിവിട്ടത്. അവൾ നഗ്നമായ തന്റെ കൈയുയർത്തി, തല തിരിഞ്ഞുവീഴാൻ പോകുന്ന ഒരാളെപ്പോലെ അടുപ്പിന്റെ തീക്കെടുത്തിയന്ത്രത്തെ കെട്ടിപ്പിടിച്ചു. ഏതായാലും അവൾ ചുറ്റും നോക്കി; ഒരു താഴ്‌ന്ന സ്വരത്തിൽ, തന്നോടുതന്നെ സംസാരിക്കുകയാണെന്നവിധം, അവൾ പറയാൻ തുടങ്ങി:

‘വിട്ടയയ്ക്കുക! എന്നെ പോവാൻ സമ്മതിച്ചു! ഞാൻ ആറുമാസത്തേക്കു തടവിൽ പോകേണ്ടാ. അതാരുപറഞ്ഞു? അതാരും പറഞ്ഞിരിക്കാൻ വഴിയില്ല. ഞാൻ ശരിയായി കേട്ടില്ല. ആ ചെകുത്താനായ മെയർ അതു പറയില്ല! നിങ്ങളാണോ, എന്റെ നല്ലാളായ മൊസ്സ്യു ഴാവേർ, എന്നെ വിട്ടയയ്ക്കാൻ പറഞ്ഞത്? ഹാ, ഇതു നോക്കു! ഞാൻ പറയാം; അപ്പോൾ എന്നെ വിട്ടയയ്ക്കാൻ സമ്മതിക്കും. ആ ഒരു മെയറാകുന്ന ചെകുത്താൻ, ആ ഒരു മെയറാകുന്ന തന്തക്കഴുവേറി, ആണ് ഇതിന്നൊക്കെ ഹേതു. ആലോചിച്ചുനോക്കു, മൊസ്സ്യു ഴാവേർ. എന്നെ ആ മനുഷ്യന്‍ അട്ടിപ്പുറത്താക്കി! പണിമുറിയിൽ ഇരുന്നു കണ്ടവരെ ദുഷിക്കുന്ന ഒരുകൂട്ടം ചേട്ടപ്പെണ്ണുങ്ങൾ കാരണം. അതൊരു ദുഷ്ടതയല്ലെങ്കിൽ, പിന്നെ എന്താണ്? മര്യാദയോടുകൂടി പ്രവർത്തിനടത്തുന്ന ഒരു സാധുസ്ത്രീയെ പണിയിൽനിന്നു പിരിക്കുക: പിന്നെ, അതിൽപ്പിന്നെ എനിക്കൊന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല; എന്നിട്ടാണ് ഈ കഷ്ടപ്പാടൊക്കെ വന്നത്. ഒന്നാമത് ഈ പൊല്ലീസ് വകുപ്പിൽപ്പെട്ട മാന്യന്മാർ ഒരു കാര്യമാണ് പരിഷ്കാരപ്പെടുത്തേണ്ടത്; തടവുപുള്ളികളുടെ പ്രവൃത്തികരാറെടുക്കുന്ന വരെക്കൊണ്ടു സാധുക്കളെ ഉപദ്രവിക്കാൻ സമ്മതിക്കരുത്. ഞാൻ നിങ്ങളോടു പറഞ്ഞുതരാം, കേൾക്കൂ: ഒരുവൾ ഉൾക്കുപ്പായം തുന്നി ദിവസത്തിൽ പന്ത്രണ്ടു സൂ വീതം സമ്പാദിച്ചിരുന്നതു കുറഞ്ഞ ഒമ്പതു സൂവാകുന്നു; അതു; കിട്ടിയാൽ കഴിഞ്ഞുകൂടാൻ വയ്യാ. പിന്നെ എന്താണാവാൻ കഴിയുക, അതാവുകയേ നിവൃത്തിയുള്ളു. എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ എനിക്കു കൊസെത്തുണ്ട്; ഒരു ധൂർത്തയായിത്തീരാതെ നിവൃത്തിയില്ലെന്നു വന്നു. അപ്പോൾ കണ്ടില്ലേ, ഇങ്ങനെയാണ് ആ ഒരു മെയറാകുന്ന കഴുവേറി ഈ ഗ്രഹപ്പിഴയൊക്കെ വരുത്തിത്തീർത്തത്. അങ്ങനെയിരിക്കെ ഞാൻ കാപ്പിപ്പീടികയുടെ മുൻപിൽ വെച്ച് ആ മാന്യന്റെ തൊപ്പി ചവിട്ടിക്കേടുവരുത്തി; പക്ഷേ, അദ്ദേഹം മഞ്ഞിൻകട്ട കൊണ്ട് എന്റെ ഉടുപ്പാകെ കൊള്ളരുതാത്തതാക്കിയിരുന്നു; സ്ത്രീകളായ ഞങ്ങൾക്കു വൈകുന്നേരം ഉടുക്കാൻ ഒരു പട്ടുടുപ്പു മാത്രമേ ഉണ്ടാവു. ഞാൻ കൽപിച്ചുകൂട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഇപ്പോൾ കണ്ടില്ലേ വാസ്തവമാണ്, മൊസ്ത്യു ഴാവേർ; എന്നേക്കാൾ എത്രയോ ചീത്ത സ്ത്രീകൾ എന്നെക്കാളധികം സുഖമായിട്ടു കഴിയുന്നതു ഞാൻ എവിടെയും കാണുന്നുണ്ട്. ഹാ, മൊസ്സ്യു ഴാവേർ, എന്നെ വിട്ടയയ്ക്കാൻ കല്പന കൊടുത്തത് നിങ്ങളാണ്, അല്ലേ? അന്വേഷിച്ചുനോക്കൂ, എന്റെ ഹോട്ടലുടമസ്ഥനോടു ചോദിക്കൂ; ഞാൻ ഇപ്പോൾ വാടക ശരിക്കു കൊടുക്കാറുണ്ട്; ഞാൻ തികച്ചും മര്യാദക്കാരിയാണെന്ന് അവർ പറയും. ഹാ! എന്റെ ഈശ്വരാ! ഞാൻ മാപ്പു ചോദിക്കുന്നു. അടുപ്പിന്റെ തീക്കെടുത്തിയന്ത്രത്തെ ഞാൻ അറിയാതെ തൊട്ടുപോയി; അത് അതിനെ പുകച്ചു.’

മൊസ്സ്യു മദലിയെൻ അവളുടെ വാക്കുകളെല്ലാം അത്യന്തം ശ്രദ്ധവെച്ചു കേട്ടു. അവൾ സംസാരിക്കുന്നതിനിടയ്ക്ക് അയാൾ തന്റെ മാര്‍ക്കുപ്പായത്തിൽ തപ്പിനോക്കി, പണസ്സഞ്ചി പുറത്തേക്കെടുത്തു തുറന്നു. അതിൽ ഒന്നുമില്ല. അതയാൾ കുപ്പായക്കീശയിൽത്തന്നെ ഇട്ടു. അയാൾ ഫൻതീനോടു ചോദിച്ചു: ‘നിങ്ങൾക്ക് എന്തു കടമുണ്ടെന്നാണ് പറഞ്ഞത്?’

ഴാവേറിന്റെ മുഖത്തേക്കുമാത്രം നോക്കിക്കൊണ്ടിരുന്ന ഫൻതീൻ മെയറെ തിരിഞ്ഞു നോക്കി: ‘ഞാൻ നിങ്ങളോടായിരുന്നോ സംസാരിച്ചിരുന്നത്?” എന്നിട്ടു, പട്ടാളക്കാരെ നോക്കി പറഞ്ഞു: ‘അപ്പോൾ, കൂട്ടരേ, നിങ്ങൾ, ഞാനയാളുടെ മുഖത്ത് എന്തു തുപ്പു തുപ്പി, കണ്ടുവോ? ഒരു മെയറാവുന്ന തന്തക്കഴുവേറി, നിങ്ങൾ എന്നെ ഭയപ്പെടുത്താൻ വരുന്നു, അല്ലേ? എനിക്കു നിങ്ങളെ ലേശമെങ്കിലും ഭയമില്ല. എനിക്കു മൊസ്സ്യു ഴാവേറെ ഭയമുണ്ട്. എനിക്ക് എന്റെ നല്ലാളായ മൊസ്സ്യു ഴാവേറെ ഭയമുണ്ട്.’

ഇങ്ങനെ പറഞ്ഞ്, അവൾ പിന്നേയും ഇൻസ്പെക്ടരെ നോക്കി ആരംഭിച്ചു: ‘എങ്കിലും മിസ്റ്റർ ഇൻസ്പെക്ടർ, നീതി പ്രവർത്തിക്കുന്നത് ആവശ്യമാണ്, അതേ, മിസ്റ്റർ ഇൻസ്പെക്ടർ, നിങ്ങൾ നീതിമാനാണെന്ന് എനിക്കറിയാം. വാസ്തവത്തിൽ സാരമില്ല: ഒരാൾ നേരമ്പോക്കിനുവേണ്ടി ഒരു സ്ത്രീയുടെ പുറത്തു മഞ്ഞു വാരിയിടുന്നു; ഉദ്യോഗസ്ഥന്മാർ അതു കണ്ടു ചിരിക്കുന്നു; ആളുകൾക്ക് എന്തെങ്കിലും ഒരു വിനോദം വേണം; പിന്നെ ഞങ്ങൾ— അതോ ഞങ്ങൾ നിശ്ചയമായും അവരെ വിനോദിപ്പിക്കുവാനുള്ളവരാണല്ലോ. അപ്പോഴെയ്ക്ക് അതാ,നിങ്ങൾ വരുന്നു; നിങ്ങൾക്കു സമാധാനരക്ഷചെയ്യേണ്ട ചുമതലയുണ്ടല്ലോ; തെറ്റു ചെയ്ത സ്ത്രീയെ നിങ്ങൾ പിടിച്ചു കൊണ്ടുപോന്നു; പക്ഷേ കുറച്ചാലോചിച്ചപ്പോൾ, നിങ്ങൾ ഒരു നല്ലാളായതുകൊണ്ട്, എന്നെ വിട്ടയച്ചിരിക്കുന്നു എന്നു പറഞ്ഞു. അത് എന്റെ കുട്ടിയെ വിചാരിച്ചു ചെയ്തതാണ്; ഞാൻ ആറുമാസം തടവിൽ പെട്ടാൽ, അവളെ നോക്കാൻ ആരുമില്ലാതാവുമല്ലോ. ‘ഒന്നുണ്ടു, തെറിച്ചിപ്പെണ്ണേ, ഇനി ഇതു ചെയ്യരുത്.’ ഹാ, ഞാൻ ഇനി ഇത് ചെയ്യില്ല, മൊസ്സ്യു ഴാവേർ, ഇനി അവർക്ക് ഇഷ്ടമുള്ളതെല്ലാം എന്നെ ചെയ്തോട്ടെ; ഞാൻ അനങ്ങില്ല. പക്ഷേ ഇന്നു, നിങ്ങള്‍ കണ്ടില്ലേ, എനിക്കു വേദനയായി; അതാണ് ഞാൻ, കരഞ്ഞുപോയത്. ആ മാന്യൻ എന്റെ മേൽ മഞ്ഞു വാരിയിടുമെന്നു ഞാൻ ഒട്ടും സംശയിച്ചില്ല; പിന്നെ, ഞാൻ പറഞ്ഞതുപോലെ, എനിക്കു സുഖമില്ല; എനിക്കൊരു ചുമയുണ്ട്; എന്റെ വയറ്റിൽ കത്തിയെരിയുന്ന ഒരുരുള ഉള്ളതുപോലെ തോന്നും; വൈദ്യൻ പറയുന്നു, ‘സൂക്ഷിച്ചോളു.’ ഇവിടെ ഒന്നു തൊട്ടുനോക്കു, കൈയൊന്നു തരു; പേടിക്കാനില്ല—ഇവിടെയായിട്ടാണ്.’

അവളുടെ കരച്ചിൽ മാറി; അവളുടെ സ്വരം ഓമനിക്കൂന്ന ഒന്നായി; ഴാവേറുടെ പരുക്കൻകൈ പിടിച്ച് അവൾ തന്റെ മിനുത്തതും വെളുത്തതുമായ കഴുത്തിൽ വെച്ചു; പുഞ്ചിരിയോടുകൂടി അയാളെ നോക്കി.

പെട്ടെന്ന് അവൾ തന്റെ മാറിമറിഞ്ഞ ഉടുപ്പുകൾ നേരെയാക്കി, പാവാടയുടെ ഞെറികളെല്ലാം താഴത്തെയ്ക്കിട്ടു —നിലത്തൂടെ നീന്തിയ സമയത്ത് അത് ഏകദേശം മുട്ടുവരെ പൊന്തിയിരുന്നു; ഒരു താഴ്‌ന്ന സ്വരത്തിലും സൌഹാർദ്ദപൂർവമായ ഒരാംഗ്യത്തോടുകൂടിയും പട്ടാളക്കാരോട് ഇങ്ങനെ പറഞ്ഞുംകൊണ്ട് വാതില്‍ക്കലേക്കു ചെന്നു: മക്കളേ, മൊസ്സ്യു ഇൻസ്പെക്ടർ എന്നെ വിടാൻ പറഞ്ഞു; ഞാനിതാ പോണു.’

അവൾ വാതിലിന്റെ സാക്ഷമേൽ കൈവെച്ചു; ഒരടികൂടി വെച്ചാൽ, അവൾ നിരത്തിന്മേലായി.

അതേവരെ ഴാവേർ നിവർന്ന്, അനങ്ങാതെ, നിലത്തേക്കു സുക്ഷിച്ചു നോക്കിക്കൊണ്ട്, ഇളക്കിയെടുത്തു മറ്റെവിടെയോ കൊണ്ടുപോയി സ്ഥാപിക്കാൻ നിർത്തിയിട്ടുള്ള ഒരു പ്രതിമപോലെ, അവിടെ നിലയായിരുന്നു. സാക്ഷയുടെ ശബ്ദം അയാളെ ഉണർത്തി, രാജകീയമായ അധികാരത്തോടുകൂടി—കാട്ടുമൃഗത്തിലാണെന്കില്‍ കൊടുംക്രുരവും പ്രായംചെന്ന ഒരു നിസ്സാരനിലാണെങ്കിൽ അറുദുഷ്ടമാകുമാറ് അധികാരം എത്രമേൽ നികൃഷ്ടസ്ഥിതിയിലേക്കിറങ്ങുന്നുവോ അത്രമേൽ അത്യധികം അപകടസൂചകമായ ഒരു ഭാവത്തോടുകൂടി— അയാൾ തലയുയർത്തി.

‘സർജ്ജന്റ്.’ അയാൾ ഉറക്കെപ്പറഞ്ഞു. ‘ആ തേവിടിശ്ശിപ്പെണ്ണ് കടന്നുപോകുന്നതു കാണുന്നില്ലേ? അവളെ വിട്ടയയ്ക്കാൻ ആർ പറഞ്ഞു തന്നോട്?’

‘ഞാൻ, ‘ മദലിയെൻ പറഞ്ഞു.

ഴാവേറുടെ ഒച്ച കേട്ടപ്പോൾ ഫൻതീൻ ചൂളി; ഒരു കള്ളൻ കട്ടു കൈയിലാക്കിയ സാധനത്തെ വേണ്ടെന്നു വെക്കുന്നതുപോലെ, അവൾ സാക്ഷയിൽനിന്നു കൈയെടുത്തു. മദലിയെന്റെ ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞുനോക്കി; അതു മുതൽ അവൾ ഒന്നും മിണ്ടുകയുണ്ടായിട്ടില്ല; ഇഷ്ടംപോലെ ശ്വാസം കഴിക്കാൻ കൂടി ധൈര്യമില്ലാതായി; പക്ഷേ, അപ്പപ്പോൾ സംസാരിക്കുന്നതാരോ അതനുസരിച്ചു അവളുടെ നോട്ടം മദലിയെന്റെ മേൽനിന്നു ഴാവേറുടെ മേലേക്കും ഴാവേറുടെ മേൽനിന്നു മദലിയെന്റെ മേലേക്കുമായി അലഞ്ഞുനടന്നിരുന്നു. ഫൻതീനെ വിട്ടയയ്ക്കണമെന്നുള്ള മെയറുടെ ആവശ്യം കേട്ടതിന്നുശേഷം. പട്ടാളമേലുദ്യോഗസ്ഥനോട് ആവിധം കല്പിക്കാൻ ഒരുങ്ങണമെങ്കിൽ ഴാവേർക്ക് സാമാന്യത്തിലധികം ശുണ്ഠി വന്നിരിക്കണമെന്നു തീർച്ചയാണ്. മെയറുടെ സാന്നിധ്യത്തെ മറക്കത്തക്ക ഒരു നിലയിൽ അയാൾ എത്തിപോയോ? ഏതു ‘മേലധികാര’ത്തിൽനിന്നും അങ്ങനെയൊരു കല്പന കൊടുത്തു എന്നു വരാൻ വയ്യെന്നും, മെയർ, അതുദ്ദേശിക്കാതെ, എന്തോ മറ്റൊന്നു വിചാരിച്ചു പറഞ്ഞതായിരിക്കണമെന്നും അയാൾ ഒടുവിൽ തീർച്ചപ്പെടുത്തിയോ? അതോ, കഴിഞ്ഞ ചില മണിക്കുറുകൾക്കുള്ളിൽ ഉണ്ടായിക്കണ്ട ന്യായവിരുദ്ധതകളെക്കൊണ്ടു നോക്കുമ്പോൾ, മഹത്തരങ്ങളായ തീർപ്പുകൾ ചെയ്യുന്നത് ആവശ്യമായിരിക്കുന്നു എന്നും, ചെറുതിനെ വലുതാക്കുന്നത് കൂടാതെ കഴിയാത്ത ഒന്നായി എന്നും, പൊല്ലീസ്സൊറ്റുകാരൻ മജിസ്രേട്ടായി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു എന്നും, ഒരു പൊല്ലീസ്സുകാരൻ പോയി ഒരു നീതിന്യായപ്രവർത്തകനായിത്തീർന്നേ പറ്റൂ എന്നും, അത്രയല്ല, ഈ എന്തെന്നില്ലാത്ത അപകടസ്ഥിതിയിൽ സമാധാനം, നിയമം, സദാചാരം, ഭരണാധികാരം, സാമുദായികവ്യവസ്ഥ മുഴുവനുംതന്നെ, തന്നിൽ, ഴാവേറിൽ, മൂർത്തീഭവിച്ചാണ് നില്ക്കുന്നതെന്നുംകൂടി വിചാരിച്ചുവോ?

അതെങ്ങനെയായാലും നാമിപ്പോൾത്തന്നെ കേട്ടവിധം, മൊസ്സ്യു മദലിയെൻ ഞാൻ എന്ന വാക്ക് ഉച്ചരിച്ചതോടുകുടി ഇൻസ്പെക്ടർ ഴാവേർ വിളർത്തു ചുണകെട്ടു കറുത്ത ചുണ്ടുകളോടും, നിരാശത കാണിക്കുന്ന ഒരു ഭാവത്തോടുംകൂടി അവ്യക്തമായൊരു വിറയാലും അഭൂതപൂർവമായൊരു ക്ഷോഭത്താലും ദേഹം മുഴുവനും തുള്ളിക്കൊണ്ട മെയറുടെ നേരേ തിരിഞ്ഞു, കീഴ്പോട്ടു നോക്കിയ നോട്ടത്തോടുകൂടിയാണെങ്കിലും ഒരു ദൃഡസ്വരത്തിൽ, ഇങ്ങനെ പറഞ്ഞു: ‘മൊസ്സ്യു മെയർ പാടില്ല.’

എന്തുകൊണ്ട്?’

‘ഈ ചേട്ട ഒരു പൌരനെ അവമാനിച്ചു.’

‘ഇൻസ്പെക്ടർ ഴാവേർ,’ ശാന്തവും സന്തോഷകരവുമായ ഒരു സ്വരത്തിൽ മെയർ മറുപടി പറഞ്ഞു: ‘കേൾക്കു. നിങ്ങൾ ഒരു സത്യവാനാണ്; കാര്യം നിങ്ങളെ പറഞ്ഞു മനസ്സിലാക്കുവാൻ എനിക്കു മടിയില്ല. വാസ്തവസ്ഥിതി ഇതാണ്: നിങ്ങൾ ഈ സ്ത്രീയെ പിടിച്ചുകൊണ്ടുപോരുന്ന സമയത്ത് ഞാൻ ആ വഴിയെ പോയിരുന്നു; ചിലരൊക്കെ അപ്പോഴും അവിടെ നിന്നിരുന്നു; ഞാനന്വേഷിച്ചു, സകലവും മനസ്സിലാക്കി. ആ പൌരനാണ് തെറ്റു ചെയ്താൾ; വേണ്ടവിധം നടത്തപ്പെടുന്ന ഒരു പൊല്ലീസ് സൈന്യം അയാളെയാണ് കയ്യാമം വെയ്ക്കേണ്ടിയിരുന്നത്.’

ഴാവേർ തിരിച്ചടിച്ചു; ‘ഈ അസത്ത് ഇപ്പോൾത്തന്നെ മൊസ്സ്യു മെയറെ അവമാനിച്ചു.’

‘അത് എന്റെ കാര്യമാണ്, മൊസ്സ്യു മദലിയെൻ പറഞ്ഞും: ‘എന്നെ അവമാനിച്ചു എന്നുള്ളത് ഞാനാണാലോചിക്കേണ്ടത് എന്നു തോന്നുന്നു. അതിനെപ്പറ്റി എനിക്കിഷടമുള്ളതു ചെയ്യാം.’

‘മൊസ്സ്യു മെയർ, എനിക്കു മാപ്പുതരണം. ആ അവമാനം തട്ടിയതു മൊസ്സ്യു മെയർക്കല്ല, ഭരണനിയമത്തിനാണ്.’

ഇൻസ്പെക്ടർ ഴാവേർ,’ മൊസ്സ്യു മദലിയെൻ മറുപടി പറഞ്ഞു, ‘സർവ്വോത്കൃഷ്ടമായ നിയമം മനസ്സക്ഷിയാണു്. ഞാൻ ഈ സ്ത്രീ പറഞ്ഞതൊക്കെ കേട്ടു: ഞാൻ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാം.’

എനിക്കാണെങ്കിൽ, മിസ്റ്റർ മെയർ, ഞാൻ കാണുന്നതെന്താണെന്നു മനസ്സിലാവുന്നില്ല.

ഞാൻ പറയുന്നതു ചെയ്തു മിണ്ടാതിരിക്കൂ.’

‘ഞാൻ എന്റെ മുറ പറയുന്നതിനെ ചെയ്യുന്നു. ഈ സ്ത്രീ ആറു മാസം തടവിൽ കിടക്കണമെന്നാണു് എന്റെ മുറ കല്പിക്കുന്നത്.’

മൊസ്സ്യു മദലിയെൻ ശാന്തഭാവത്തിൽ പറഞ്ഞു: ‘നല്ലവണ്ണം സൂക്ഷിച്ചോളൂ; ഈ സ്രതീ ഒരു ദിവസവും തടവനുഭവിക്കാൻ പാടില്ല.’

ഈ തീർപ്പു കേട്ടപ്പോൾ, ഴാവേർ മെയറുടെ നേരെ ഒരു തുളഞ്ഞുകയറുന്ന നോട്ടം നോക്കി; അയാൾ ഇങ്ങനെ, എന്നാൽ അത്യന്തം ബഹുമാനമയമായ ഒരു സ്വരത്തിൽ പറഞ്ഞു.

മൊസ്സ്യു മെയറോട് ഏതിർ പറയേണ്ടിവന്നതിൽ ഞാൻ വ്യസനിക്കുന്നു: എന്റെ ജീവകാലത്തിൽ ഇതാദ്യത്തെ തവണയാണ്; എങ്കിലും ഞാൻ എന്റെ അധികാരസീമയിൽത്തന്നെയാണ് നില്ക്കുന്നതെന്നു പറയുവാൻ അനുവദിക്കണം. മൊസ്സ്യു മെയർ ഇഷ്ടപ്പെടുന്ന സ്ഥിതിക്ക്, ആ മാന്യന്റെ കാര്യം മാത്രമേ ഞാൻ പറയുന്നുള്ളു. ഞാനുണ്ടായിരുന്നു. ഈ സ്ത്രീ ഭരണാധികാരിസഭാംഗങ്ങളെ തിരഞ്ഞെടുപ്പാൻ അവകാശിയും, മൈതാനത്തിന്റെ മുക്കു മുഴുവനും ചെല്ലുമാറു മൂന്നു നിലയിൽ ആകെ ചെത്തുകല്ലുകൊണ്ടുണ്ടാക്കിയ ആ ഒരു ജനാലപ്പുറം തട്ടുള്ള വീടിന്റെ ഉടമസ്ഥനുമായ മൊസ്സ്യു ബാമത്തബ്ബായുടെ മേല്‍ക്കിട്ടുകേറി. ഇതൊക്കെ ലോകത്തിൽ കുറച്ചു വിലയുള്ളതാണ്! അതെന്തായാലും, മൊസ്സ്യു മെയർ, ഇതു പൊല്ലീസ്സധികാരങ്ങളിൽ പെട്ടതാണ്; അതുകൊണ്ട് എന്റെ ചുമതലയാണ്; ഞാൻ ഈ സ്ത്രീയെ, ഫൻതീനെ, വിട്ടയയ്ക്കില്ല.’

ഉടനെ മൊസ്സ്യു മദലിയെൻ കൈകെട്ടി, അതേവരെ പട്ടണത്തിൽ ഒരാളും കേട്ടിട്ടില്ലാത്ത ഒരു സഗൌരവസ്വരത്തിൽ പറഞ്ഞു: ‘പട്ടണപ്പൊല്ലീസ്സിനെസ്സംബന്ധിച്ച കാര്യമാണ് നിങ്ങൾ പറയുന്നത്. ക്രിമിനൽ വിചാരണയ്ക്കുള്ള നിയമത്തിൽ ഒമ്പതും പതിനൊന്നും പതിനഞ്ചും ഇരുപത്താറും വകുപ്പുകളെക്കൊണ്ട്, ഞാനാണ് വിധിക്കധികാരി. ഈ സ്ത്രീയെ വിട്ടയയ്ക്കണമെന്നു ഞാൻ വിധിക്കുന്നു.’

ഴാവേർ ഒരവസാനക്കയ്യെടുക്കാൻ നിശ്ചയിച്ചു: ‘പക്ഷേ, മൊസ്സ്യു മെയർ— ‘ന്യായം നോക്കാതെ തടങ്ങൽ ചെയുന്നതിനെപ്പറ്റി 1793 ഡിസംബർ 13൦ തീയതിയത്തെ നിയമത്തിൽ 81-ഠം നമ്പർ വകുപ്പു വായിച്ചുനോക്കാൻ ഞാനാവശ്യപ്പെടുന്നു.’

‘മൊസ്സ്യു മെയർ, ഞാനൊന്നു പറയട്ടെ’

‘ഒരക്ഷരവും ഇനി പാടില്ല.’

‘പക്ഷേ’

‘പുറത്തു പോവൂ.’ മൊസ്സ്യു മദലിയെൻ പറഞ്ഞു.

ഒരു റഷ്യൻ ഭടനെപ്പോലെ ഴാവേർ നിവർന്നുനിന്ന് ഒരു ഭാവഭേദമില്ലാതെ ഈ അടി മാറുകാട്ടി മേടിച്ചു. അയാൾ മെയറുടെ മുൻപിൽ നിലംതൊട്ടു, പുറത്തേക്കു കടന്നു.

ഫൻതീൻ വാതില്‍ക്കൽനിന്നു മാറി; കടന്നുപോകുമ്പോൾ അയാളെ അവൾ തുറിച്ചുനോക്കി.

ഏതായാലും, അവളും ഒരഭൂതപൂർവമായ സംഭ്രമത്തിൽപ്പെട്ടിരിക്കയാണ്. മത്സരിക്കുന്ന രണ്ടധികാരശക്തികൾക്ക് താൻ ഒരു കലഹവിഷയമായത് അവൾ കണ്ടു. തന്റെ സ്വാതന്ത്ര്യത്തെ, തന്റെ ജീവിതത്തെ, തന്റെ ആത്മാവിനെ, തന്റെ കുട്ടിയെ, കൈയിൽ പിടിച്ചിട്ടുള്ള രണ്ടാളുകൾ തമ്മിൽ, തന്റെ കൺമുൻപിൽവെച്ചു. മല്ലിടുന്നത് അവൾ കണ്ടു; അവരിൽ ഒരാൾ തന്നെ ഇരുട്ടിലേക്കു വലിക്കുന്നു; മറ്റേയാൾ തന്നെ വെളിച്ചത്തിലേക്കു വീണ്ടുകൊണ്ടു വരുന്നു. ഭയപ്പാടിന്റെ അതിശയോക്തികളിലൂടെ നോക്കിയപ്പോൾ, അവൾക്ക് ഈ യുദ്ധത്തിൽ ഈ രണ്ടു പേർ രണ്ടു വലിയാളുകളായി തോന്നി. ഒരാൾ തന്റെ ചെകുത്താനെപ്പോലെയും മറ്റെയാൾ തന്റെ ദേവദുതനെപ്പോലെയും സംസാരിച്ചു. ദേവദൂതൻ ചെകുത്താനെ ജയിച്ചു; എന്നാൽ അത്ഭുതാത്ഭുതം! ഈ ദേവദൂതൻ, ഈ മോക്ഷദൻ ആര? താൻ വെറുക്കുന്ന അതേ മനുഷ്യൻ, തന്റെ എല്ലാ കഷ്ടപ്പാടുകൾക്കും കാരണഭൂതനെന്നു കരുതിപ്പോന്ന മെയർ, ആ മദലിയെൻ! ഇതാണ് അവളെ കിടുകിടെ വിറപ്പിച്ചത്. എന്നല്ല, അത്രയും വല്ലാത്ത വിധത്തിൽ താൻ അയാളെ അവമാനിച്ചുവിട്ട അതേ നിമിഷത്തിലാണ് തന്നെ അയാൾ രക്ഷപ്പെടുത്തിയത്! അപ്പോൾ, തനിക്കു തെറ്റിയെന്നുണ്ടോ? താൻ ആത്മാവിനെ മുഴുവനും മാറ്റണമോ? അറിഞ്ഞുകൂടാ; അവൾ വിറച്ചു. അവൾ പകച്ചു നിന്നു കേട്ടു; അവൾ മിഴിച്ചുംകൊണ്ട നോക്കി; മൊസ്സ്യു മദലിയെൻ ഓരോ വാക്കും പറയുമ്പോൾ അവളുടെ ദ്വേഷത്തിന്റെ നിബിഡതകൾ തകരുകയും താനേ അലിഞ്ഞുപോകയും, എന്നല്ല ആഹ്ലാദവും വിശ്വാസവും സ്നേഹവുമാകുന്ന എന്തോ സോന്മേഷവും അനിർവാച്യവുമായ ഒന്നു മനസ്സിൽ ഉദിച്ചുവരുകയും ചെയ്യുന്നതായി തോന്നി.

ഴാവേർ പോയപ്പോൾ മൊസ്സ്യു മദലിയെൻ അവളെ നോക്കി. കരയാൻ ഇഷ്ടപ്പെടാത്തവനും സംസാരിക്കാൻ ബുദ്ധിമുട്ടുന്നവനുമായ ഒരു ഗൌരവശാലിയെപ്പോലെ, ഒരു ദൃഡസ്വരത്തിൽ അവളോടു പറഞ്ഞു:

നിങ്ങൾ പറഞ്ഞതു ഞാൻ കേട്ടു. നിങ്ങൾ സൂചിപ്പിച്ച കാര്യം ഞാനറിഞ്ഞിട്ടില്ല. അത് വാസ്തവമാണെന്ന് ഞാൻ വിശ്വസിക്കുന്നു; അത് വാസ്തവമാണെന്ന് എനിക്കു തോന്നുന്നു. എന്റെ വ്യവസായശാലയിൽനിന്നു നിങ്ങൾ പിരിഞ്ഞ കഥ തന്നെ ഞാൻ മനസ്സിലാക്കിയിട്ടില്ല. നിങ്ങൾ എന്തുകൊണ്ട് എന്നെ അറിയിച്ചില്ല? പക്ഷേ ഇതാ, നോക്കൂ, നിങ്ങളുടെ കടങ്ങളെല്ലാം ഞാൻ തീർത്തുതരും; നിങ്ങളുടെ കുട്ടിയെ ഞാൻ വരുത്തും, അല്ലെങ്കിൽ നിങ്ങളെ അങ്ങോട്ടു പറഞ്ഞയയ്ക്കാം, നിങ്ങൾക്ക് ഇവിടെയോ പാരിസ്സിലോ, അല്ലെങ്കിൽ ഇഷ്ടമുള്ളേടത്തു പാർക്കാം. നിങ്ങളുടെ കുട്ടിയേയും നിങ്ങളേയും രക്ഷിക്കേണ്ട ഭാരം ഞാനേല്‍ക്കുന്നു. നിങ്ങൾ, ഇഷ്ടമില്ലെങ്കിൽ, ഇനി യാതൊരു പ്രവൃത്തിയും എടുക്കേണ്ടതില്ല. ആവശ്യമുള്ള പണമെല്ലാം ഞാൻ തരും. ഒരിക്കൽക്കൂടി നിങ്ങൾക്കു മര്യാദയോടെ സുഖമായി കഴിയാറാക്കാം. കേൾക്കു! ഈ പറയുന്നതെല്ലാം വാസ്തവമാണെങ്കിൽ— ഒരിക്കലും ഞാനതു സംശയിക്കുന്നില്ല—നിങ്ങൾ ഈശ്വരദൃഷ്ട്യാ സുശീലയും പരിശുദ്ധയും തന്നെയാണ്. അയ്യോ പാവം!’

ഇതു ഫൻതീന്നു സഹിക്കാവുന്നതിൽ എത്രയോ അധികമായി. കൊസെത്തിനെ കിട്ടുക! ഈ അവമാനകരമായ ജീവിതത്തെ വിടുക. കൊസത്തുമായി സ്വാതന്ത്ര്യത്തോടും സമ്പത്തോടും സുഖത്തോടും മാന്യതയോടുംകൂടി കഴിയുക!

അവളുടെ കഷ്ടപ്പാടിന്റെ നടുക്കു സ്വർഗത്തിലേതായ ഈ സത്യസ്ഥിതികളെല്ലാം പെട്ടെന്നുദിച്ചുവരുക! അവളോടു സംസാരിച്ചിരുന്ന ആ മനുഷ്യനെ അവൾ അന്തംവിട്ട തുറിച്ചുനോക്കി; പിന്നീട് ഇങ്ങനെ രണ്ടോ മുന്നോ തേങ്ങൽ തേങ്ങാൻ മാത്രമേ അവളെക്കൊണ്ടു കഴിഞ്ഞുള്ളു. ‘ഹാ! ഹാ! ഹാ!’

അവളുടെ കൈയും കാലും കുഴഞ്ഞു; അവൾ മൊസ്സ്യു മദലിയെന്റെ മുൻപിൽ മുട്ടുകുത്തി; തടയാൻ സാധിക്കുന്നതിനുമുൻപായി അവൾ തന്റെ കൈ പിടിച്ച് അതിനെ ചുംബിച്ചതായി അയാൾ കണ്ടു.

ഉടനെ അവൾ മോഹാലസ്യപ്പെട്ടു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.