images/hugo-8.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.8.1
ഏതു കണ്ണാടിയിലാണു് മൊസ്സ്യു മദലിയെൻ തന്റെ തലമുടിയെ നോക്കിക്കാണുന്നതെന്നു്

നേരം പുലരാൻ തുടങ്ങി. ഉറക്കം വരാതെയും പനിയോടുകൂടിയും സുഖമയങ്ങളായ സ്വപ്നങ്ങൾ കണ്ടും ഫൻതീൻ ഒരു രാത്രി കഴിച്ചുകൂട്ടി; പുലർച്ചയോടുകൂടി അവൾ ഉറങ്ങി. അവളുടെ അടുക്കൽ ഉറക്കമൊഴിച്ചു കാത്തിരുന്ന സിസ്റ്റർ സിംപ്ലീസ്, ഈ ഉറക്കം തഞ്ചമാക്കി, അവിടെനിന്നു പോയി, മരുന്നു ശരിപ്പെടുത്താൻ ശ്രമിച്ചു. ആ സുശീലയായ കന്യകാമഠസ്ത്രീ രോഗിപ്പുരയിലെ മരുന്നുമുറിയിൽ ചെന്നു. പുലർകാലത്തിന്റെ പകുതി വെളിച്ചം സകലത്തിന്മേലും മൂടിയിടുന്ന മങ്ങൽ കാരണം, മരുന്നുകളും കുപ്പികളും താഴ്‌ന്നുനിന്നു പരിശോധിക്കയായിരുന്നു; അങ്ങനെ കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു. പെട്ടെന്നു് അവൾ തല പൊന്തിച്ചു നോക്കി, ഒന്നു പതുക്കെ നിലവിളിച്ചു. മൊസ്സ്യു മദലിയെൻ അവളുടെ മുൻപിൽ നില്‍ക്കുന്നു; അയാൾ ഒച്ചപ്പെടുത്താതെയാണു് അകത്തേക്കു കടന്നുവന്നതു്.

‘നിങ്ങളാണോ, മിസ്റ്റർ മെയർ?’ അവൾ കുറച്ചുറക്കെപ്പറഞ്ഞു.

അയാൾ ഒരു താഴ്‌ന്ന സ്വരത്തിൽ മറുപടി പറഞ്ഞു: ‘ആ സാധുസ്ത്രീക്ക് എങ്ങനെയിരിക്കുന്നു?’

‘ഇപ്പോൾ അധികമില്ല; പക്ഷേ, ഞങ്ങൾ വളരെ പേടിച്ചു.’

കഴിഞ്ഞതെല്ലാം അവൾ അയാളെ പറഞ്ഞുകേൾപ്പിച്ചു: തലേദിവസം ഫൻതീന്നു രോഗം വളരെ അധികമായി എന്നും, അവളുടെ കുട്ടിയെ കൂട്ടിക്കൊണ്ടു വരാൻ മെയർ മോങ്ഫെർമിയെയിലേക്കു പോയിരിക്കയാണെന്നുള്ള വിചാരത്തിൽ, ഇപ്പോൾ കുറേ ആശ്വാസമുണ്ടെന്നും ധരിപ്പിച്ചു. കന്യകാമഠസ്ത്രീക്കു മെയർ പോയിരുന്നതു് അങ്ങോട്ടാണോ എന്നു ചോദിപ്പാൻ ധൈര്യമുണ്ടായില്ല: പക്ഷേ, അയാൾ അവിടെ നിന്നല്ല അപ്പോൾ വരുന്നതെന്നു് അവൾ ഭാവംകൊണ്ടു വ്യക്തമായി മനസ്സിലാക്കി.

‘അതൊക്കെ നന്നായി,’ അയാൾ പറഞ്ഞു: ‘അവളുടെ ആ വിശ്വാസം തെറ്റാണെന്നു നിങ്ങൾ അറിയിക്കാത്തതു നന്നായി.’

‘ശരി,’ ആ കന്യകാമഠസ്ത്രീ പറഞ്ഞു; ‘പക്ഷേ, ഇനി അവൾ നിങ്ങളെ കാണും; കുട്ടിയെ കൂടെ കാണുന്നില്ല. അപ്പോൾ ഞങ്ങളെന്തു പറയും?’

അയാൾ ഒരു നിമിഷനേരം ആലോചിച്ചു.

‘ഈശ്വരൻ നമുക്കു വേണ്ടതു തോന്നിക്കും,’ അയാൾ പറഞ്ഞു.

‘പക്ഷേ, ഞങ്ങൾക്കു നുണ പറയാൻ വയ്യ.’ പകുതി ഉച്ചത്തിൽ കന്യകാമഠസ്ത്രീ പിറുപിറുത്തു.

പ്രഭാതത്തിലെ പ്രകാശം ആ മുറിയിൽ നല്ലപോലെ പരന്നു. ആ വെളിച്ചം മൊസ്സ്യൂ മദലിയെന്റെ മുഖത്തു പതിഞ്ഞു. ആ കന്യകാമഠസ്ത്രീ സംഗതിവശാൽ അങ്ങോട്ടു നോക്കി.

‘എന്റെ ഈശ്വര, സേർ!’ അവൾ ഉച്ചത്തിൽ പറഞ്ഞു, ‘നിങ്ങൾക്ക് എന്തുപറ്റി? നിങ്ങളുടെ തലമുടി മുഴുക്കെ വെളുത്തിരിക്കുന്നു!’

‘വെളുത്തു!’ അയാൾ പറഞ്ഞു.

സിസ്റ്റർ സിംപ്ലീസ്സിന്റെ വശം മുഖക്കണ്ണാടിയില്ല. അവൾ ഒരു വലിപ്പുമേശയിലുള്ള സാമാനങ്ങളെല്ലാം വലിച്ചിട്ടു; രോഗിപ്പുരയിലെ പതിവുവൈദ്യൻ ഒരു രോഗി മരിച്ചുവോ അതോ ശ്വാസം കഴിക്കുന്നുണ്ടോ എന്നു നോക്കിയറിയാൻ ഉപയോഗിക്കാറുള്ള ചെറിയ ചില്ലുകണ്ണാടി അവൾ തപ്പിയെടുത്തു. മൊസ്സ്യു മദലിയെൻ അതു കൈയിൽ വാങ്ങി. തലമുടി നോക്കിക്കണ്ടു പറഞ്ഞു: ‘ശരി!’

അയാൾ ഈ വാക്ക് ഉദാസീനമായാണു് ഉച്ചരിച്ചതു്; അയാളുടെ മനസ്സു മറ്റെങ്ങോ ആണെന്നു തോന്നി.

ഇതിലെല്ലാം നിന്നു് എന്തോ അത്ഭുതകരമായ ഒന്നുണ്ടായിട്ടുണ്ടെന്നു് ഏതാണ്ടു മനസ്സിലാക്കി, ആ കന്യകാമഠസ്ത്രീ ഒന്നു ചുളുങ്ങി.

അയാൾ ചോദിച്ചു: ‘എനിക്ക് ആ സ്ത്രീയെ കണ്ടുകൂടേ?’

‘മൊസ്സ്യു മെയർ അവളുടെ കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോകണമെന്നു വിചാരിക്കുന്നില്ലേ!’ എങ്ങനെയോ ധൈര്യം പിടിച്ച് അവൾ കടന്നു ചോദിച്ചു.

‘നിശ്ചയമായും: പക്ഷേ, അതിനു രണ്ടുമൂന്നു ദിവസം പിടിക്കും.’

‘അതുവരെ മൊസ്സ്യു മെയർ അവളെ ചെന്നു കാണാതിരിക്കുമെങ്കിൽ.’ അ കന്യകാമഠസ്ത്രീ പേടിച്ചുകൊണ്ടു പറഞ്ഞു, ‘നിങ്ങൾ വന്നിട്ടുള്ള കഥ അവൾ മനസ്സിലാക്കുകയില്ലേ; എന്നാൽ അവളെ പറഞ്ഞു സമാധാനിപ്പിക്കാൻ പ്രയാസം കുറയും; ആ കുട്ടി എത്തിക്കഴിഞ്ഞാൽ മൊസ്സ്യു മെയർ കുട്ടിയേയുംകൊണ്ടു് അപ്പോൾ വന്നതേയുള്ളു എന്ന അവൾ പ്രകൃത്യാ തീർച്ചപ്പെടുത്തിക്കൊളളും. ഒരു നുണ പറഞ്ഞു ധരിപ്പിക്കേണ്ട ആവശ്യം നമുക്കു വരില്ല.’

കുറച്ചു നേരം മൊസ്സ്യു മദലിയെൻ ആലോചിക്കുന്നതായി തോന്നി; എന്നിട്ടു തന്റെ ശാന്തമായ ഗൌവരത്തോടുകൂടി അയാൾ പറഞ്ഞു: ‘അല്ല, എനിക്കവളെ കണ്ടേ കഴിയൂ. ഒരു സമയം എനിക്കു വേഗത്തിൽ ഇവിടം വിടേണ്ടിവരും.’

ആ കന്യകാമഠസ്ത്രീ ‘ഒരു സമയം’ അത്ര സൂക്ഷിച്ചില്ല; ആ വാക്ക് മെയറുടെ സംസാരത്തിൽ ഗൂഢവും അസാധാരണവുമായ ഒരർഥവിശേഷത്തെ വ്യാപിപ്പിച്ചിരുന്നു: അവൾ ബഹുമാനപൂർവ്വം കീഴ്പോട്ടു നോക്കിക്കൊണ്ടു് ഒരു താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു: ‘അങ്ങനെയാണെങ്കിൽ അവൾ ഉറങ്ങുകയാണു്; പക്ഷേ, മൊസ്സ്യു മെയർക്ക് അകത്തേക്കു പോവാം.’

അടയാൻ കിണച്ചിൽ കാണിച്ച ഒരു വാതിലിനെപ്പറ്റി അയാൾ എന്തോ അഭിപ്രായപ്പെട്ടു. ആ രോഗിണിയെ അതിന്റെ ഒച്ച ഉണർത്തിയേയ്ക്കാനും മതി; എന്നിട്ടു് അയാൾ ഫൻതീന്റെ മുറിയിൽ കടന്നു; കട്ടിലിന്റെ അടുത്തു ചെന്നു; മറ നീക്കി. അവൾ ഉറങ്ങുകയായിരുന്നു. അത്തരം രോഗികൾക്കു സവിശേഷമായിട്ടുള്ളതും മരിക്കാനടുത്ത കുട്ടിയുടെ അടുക്കൽ രാത്രി മുഴുവനും കാത്തുകൊണ്ടിരിക്കുമ്പോൾ അമ്മമാരുടെ ഹൃദയം പിളർക്കുന്നതുമായ ആ അസുഖകരസ്വരത്തിൽ അവളുടെ മാറിടത്തിൽ നിന്നു ശ്വാസം പൊന്തിവരുന്നു. പക്ഷേ, ഈ ദുഃഖകരമായ ശ്വാസഗതി അവളുടെ മുഖഭാവത്തിൽ വ്യാപിച്ചിരുന്നതും ഉറക്കത്തിൽ അവളെ മറ്റൊരാളാക്കിയിരുന്നതുമായ ആ ഒരുതരം അനിർവചനീയമായ സാത്ത്വികത്വത്തിനു ലേശമെങ്കിലും പരിക്കേല്പിച്ചില്ല. അവളുടെ വിളർപ്പു വെളുപ്പായി; അവളുടെ കവിൾത്തടങ്ങൾ തുടുത്തിരുന്നു; അവളുടെ യൌവനത്തിന്റേയും ചാരിത്ര്യത്തിന്റേയും അവശേഷമായി നില്‍ക്കുന്ന ഏകസൌഭാഗ്യം—അവളുടെ നീണ്ടു തങ്കവർണ്ണത്തിലുള്ള കൺപോളകൾ— അടഞ്ഞും കീഴ്പോട്ടു വീണുമായിരുന്നുവെങ്കിലും, അനങ്ങിയിരുന്നു. മുഴുവനും വിരുത്തി അവളെ എടുത്തുകൊണ്ടുപോവാൻ തയ്യാറായി നില്‍ക്കുന്നതും അദൃശ്യമെങ്കിലും അനക്കം കേൾക്കാവുന്നതുമായ ചിറകിൻ കൂട്ടത്തിന്റെ അനിർവാച്യമായ ഒരു വിടർത്തൽപോലെ അവളുടെ ദേഹമാസകലം ഒന്നു വിറച്ചിരുന്നു. മരിക്കുന്ന ഒന്നിനെക്കാളധികം ദൂരത്തേക്കു പറന്നുപോവാൻ നില്‍ക്കുന്ന ഒന്നിനെപോലെ അവൾ കാണപ്പെട്ടു.

പുഷ്പത്തെ പറിച്ചെടുക്കുവാൻവേണ്ടി കൈ ചെല്ലുമ്പോൾ ചില്ലകള്‍ ഇളകുകയും ഒരുമിച്ചുതന്നെ പിന്നോക്കം വലിക്കുകയും മുൻപോട്ടു കൊണ്ടു കൊടുക്കുകയും ചെയ്യുന്നതുപോലെ തോന്നിക്കുകയും പതിവാണു്. നിഗൂഢങ്ങളായ മരണ ദേവതയുടെ കൈവിരലുകൾ ആത്മാവിനെ പറിച്ചെടുക്കാൻ തുടങ്ങുമ്പോൾ, മനുഷ്യശരീരത്തിനും ഇങ്ങനെയൊരനക്കം കാണുന്നു.

മൊസ്സ്യു മദലിയെൻ ആ കിടയ്ക്കക്കരികിൽ രണ്ടു മാസം മുൻപു് ഒരു ദിവസം, അവൾ രോഗിപ്പുരയിൽ കൊണ്ടു ചെയ്യപ്പെട്ട അന്നു ചെയ്തിരുന്നതുപോലെ, ആ രോഗക്കാരിയേയും കുരിശിനേയും മാറി മാറി നോക്കിക്കൊണ്ടു കുറച്ചുനേരം അനങ്ങാതെ നിന്നു. ആ രോഗിണിയും അയാളും അപ്പോഴും ആ നിലയിൽത്തന്നെയായിരുന്നു— അവളുറങ്ങുന്നു, അയാൾ ഈശ്വരവന്ദനം ചെയ്യുന്നു; ഈ രണ്ടു മാസം കഴിഞ്ഞതിനു ശേഷം, ഇപ്പോൾ, ഇങ്ങനെ ഒന്നുമാത്രം ഒന്നുമാത്രം—അവളുടെ തലമുടി നരച്ചു; അയാളുടേതു വെളുത്തു.

കന്യകാമഠസ്ത്രീ അയാളുടെ കൂടെ അങ്ങോട്ടു ചെന്നിരുന്നില്ല; മിണ്ടരുതെന്നു പറഞ്ഞു വെയ്ക്കേണ്ടതായി ആരോ അവിടെ ഉണ്ടായിരുന്നാലത്തെവിധം, ചുണ്ടത്തു വിരൽ വെച്ചുകൊണ്ടു്, അയാൾ ആ കട്ടിലിന്റെ അടുത്തു നിന്നു.

അവൾ കണ്ണുമിഴിച്ചു; അയാളെ കണ്ടു; ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞു: ‘അപ്പോൾ കൊസെത്തോ?’

1.8.2
ഫൻതീന്നു സുഖം

അത്ഭുതത്തേയോ സന്തോഷത്തേയോ കാണിക്കുന്ന ഒരനക്കവും അവൾക്കുണ്ടായില്ല. അവൾക്ക് സന്തോഷം തന്നെയായിരുന്നു. ‘അപ്പോൾ കൊസെത്തോ’ എന്നുള്ള ആ വെറും ചോദ്യം, അത്രയധികം ഹൃദയപൂർവമായ വിശ്വാസത്തോടും. അത്രയധികം ഉറപ്പോടും അസ്വസ്ഥതയുടേയും സംശയത്തിന്റേയും അത്ര ശരിയായ അഭാവത്തോടും കൂടിയാണു് അവൾ ചോദിച്ചതു്; അതിനാൽ ഉത്തരം പറയാൻ അയാൾക്കു വാക്കുകിട്ടിയില്ല. അവൾ തുടർന്നു പറഞ്ഞു: ‘നിങ്ങൾ അങ്ങോട്ടാണു് പോയതെന്നു ഞാനറിഞ്ഞു. ഞാൻ ഉറങ്ങുകയായിരുന്നു; പക്ഷേ, ഞാൻ നിങ്ങളെ കണ്ടു. വളരെ വളരെ നേരമായി ഞാൻ നിങ്ങളെ കാണുന്നു. രാത്രി മുഴുവനും നിങ്ങളുടെ പോക്കു ഞാൻ നോക്കിക്കണ്ടു. നിങ്ങൾ ഒരു മഹിമാവിനാൽ ചുറ്റപ്പെട്ടിരുന്നു; എല്ലാത്തരം ദേവസ്വരൂപങ്ങളും നിങ്ങളുടെ ചുറ്റുമുണ്ടായിരുന്നു.’

അയാൾ കുരിശിന്മേലേക്കു നോക്കി.

‘അപ്പോൾ,’ അവൾ തുടർന്നുപറഞ്ഞു: ‘എനിക്കു പറഞ്ഞുതരു, എവിടെയാണു് കൊസെത്തു? ഞാൻ ഉണരുമ്പോഴെയ്ക്കു പാകത്തിൽ നിങ്ങൾ എന്തുകൊണ്ടു് അവളെ എന്റെ കട്ടിലിന്മേൽ കൊണ്ടുവന്നിരുത്തിയില്ല?’

അയാൾ എന്തോ ഒന്നു പറയാൻ യത്നിച്ചു; അതെന്തായിരുന്നു എന്നു് അയാളെക്കൊണ്ടു പിന്നീടു് ഓർമിക്കുവാൻ കഴിഞ്ഞില്ല.

ഭാഗ്യത്തിനു് വൈദ്യന്നു് ആളെ അയച്ചിരുന്നു. അയാൾ എത്തി.

വൈദ്യൻ മെസ്സ്യു മദലിയെനെ സഹായിച്ചു.

‘എന്റെ കുട്ടി, അനങ്ങാതെ കിടക്ക്,’ വൈദ്യൻ പറഞ്ഞു: ‘നിങ്ങളുടെ മകൾ ഇവിടെയുണ്ടു്.’

ഫൻതീന്റെ കണ്ണുകൾ തിളങ്ങി. അവളുടെ മുഖത്തു മുഴുവനും ഒരു പ്രകാശം കയറി. ശക്തിയോടും വാത്സല്യത്തോടുകൂടിയുള്ള ഈശ്വരപ്രാർത്ഥനയിൽ എന്തെല്ലാം ഉണ്ടാകുമോ അതെല്ലാമടങ്ങിയ ഒരു ഭാവവിശേഷത്തിൽ അവൾ രണ്ടും അമർത്തിപ്പിടിച്ചു.’

‘ഹാ!’ അവൾ ഉറക്കെപ്പറഞ്ഞു, ‘ അവളെ എന്റെ അടുക്കൽ കൊണ്ടുവരൂ.’

മനസ്സലിയിക്കുന്നതായ അമ്മമാരുടെ കമ്പം! അവളെസ്സംബന്ധിച്ചേടത്തോളം, കൊസെത്തു് അന്നും കൈയിൽ എടുത്തുകൊണ്ടുവരാവുന്ന ഒരു ചെറുകുട്ടിയാണു്.

‘ആയിട്ടില്ല,’ വൈദ്യൻ പറഞ്ഞു, ‘ഇപ്പോൾ പാടില്ല. നിങ്ങൾക്ക് ഇപ്പോഴും കുറച്ചു പനിയുണ്ടു്. കുട്ടിയെ കണ്ടാൽ നിങ്ങളുടെ മനസ്സിളകും; അതുകൊണ്ടു ദീനം വർദ്ധിക്കും. ഒന്നാമതു രോഗം മാറട്ടെ.’

അവൾ ക്ഷോഭിച്ചുകൊണ്ടു പറഞ്ഞു: ‘പക്ഷേ, എനിക്കു ദീനം മാറി! ഇതാ, ഞാൻ പറയട്ടെ, എനിക്കു ദീനം മാറി! എന്തു കഴുതയാണു് ഈ ഡോക്ടർ! നോക്കൂ ഓരോന്ന്! എനിക്കു് എന്റെ കുട്ടിയെ കാണണം!’

‘കണ്ടില്ലേ,’ വൈദ്യൻ പറഞ്ഞു: ‘നിങ്ങൾ എത്രയധികം ക്ഷോഭിച്ചു പോകുന്നു. നിങ്ങൾ ഇങ്ങനെയിരിക്കുന്നേടത്തോളം നിങ്ങളുടെ കുട്ടിയെ കാണാൻ ഞാൻ സമ്മതിക്കുകയില്ല. നിങ്ങൾ മകളെ കണ്ടാൽ പോരാ; ആ മകൾക്കു വേണ്ടി ജീവിച്ചിരിക്കുകകൂടി വേണം. ഈ ക്ഷോഭം മാറി, നിങ്ങൾക്കു ബോധം വന്നാൽ, ഞാൻ തന്നെ കൊണ്ടുവന്നു തരും നിങ്ങളുടെ കുട്ടിയെ.’

ആ സാധു അമ്മ തല കുനിച്ചു.

‘ഞാൻ നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഡോക്ടർ, ഞാൻ നിശ്ചയമായും നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഇപ്പോൾ ചെയ്തതു പോലെ, മുൻപൊരിക്കലും ഞാൻ സംസാരിച്ചിട്ടില്ല; അത്രയധികം നിർഭാഗ്യങ്ങൾ ഞാൻ അനുഭവിച്ചു കഴിഞ്ഞു; അതുകൊണ്ടു് എന്താണു് പറയുന്നതെന്നു ചിലപ്പോൾ എനിക്കറിഞ്ഞുകൂടാ. നിങ്ങൾ പറയുന്നതു് എനിക്കു മനസ്സിലായി; തല്ക്കാലം ഉണ്ടായേക്കാവുന്ന വികാരാവേഗത്തെ നിങ്ങൾ ഭയപ്പെടുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളേടത്തോളം ഞാൻ കാത്തിരിക്കാം: പക്ഷേ എന്റെ മകളെ കാണുന്നതുകൊണ്ടു് എനിക്കു യാതൊരു ദോഷവും വരില്ലെന്നു ഞാൻ നിങ്ങളോടു സത്യം ചെയ്യാം. ഞാൻ അവളെ കാണുന്നുണ്ടു്; ഇന്നലെ വൈകുന്നേരം മുതൽ അവളുടെ മുഖത്തുനിന്നു ഞാൻ കണ്ണെടുത്തിട്ടില്ല. അതറിയാമോ? ഇപ്പോൾ അവളെ എന്റെ അടുക്കൽ കൊണ്ടുവന്നാൽ, ഞാൻ അവളോടു പതുക്കെ സംസാരിക്കും. അത്രമാത്രം. മോങ്ഫെർമിയെയിൽ നിന്നു ഇങ്ങനെയൊന്നിനു മാത്രമായി കൂട്ടിക്കൊണ്ടുവരപ്പെട്ട എന്റെ മകളെ ഞാൻ കാണണമെന്നാഗ്രഹിക്കുന്നതു പ്രകൃതിസാധാരണമല്ലേ? എനിക്കു ദേഷ്യമില്ല. എനിക്കു സുഖമാകാൻ പോകയാണെന്നു് നല്ലവണ്ണം അറിയാം. രാത്രി മുഴുവനും ഞാൻ വെളുത്ത സാധനങ്ങൾ കണ്ടു; എന്നോടു പുഞ്ചിരികൊള്ളുന്ന ആളുകളേയും, വൈദ്യനവർകൾക്ക് ഇഷ്ടമുള്ളപ്പോൾ അദ്ദേഹം കൊസെത്തിനെ എനിക്കു കൊണ്ടു വന്നുതരും. എന്റെ പനി മാറി. എനിക്കു സുഖമായി. എനിക്കിപ്പോൾ സുഖക്കേടു യാതൊന്നുമില്ലെന്നു നല്ല നിശ്ചയമുണ്ടു്; പക്ഷേ, ഇവിടെയുള്ള ഈ മാന്യസ്ത്രീകളെ സന്തോഷിപ്പിക്കുവാൻവേണ്ടി ഞാൻ ദീനക്കാരിയെപ്പോലെ കിടക്കാൻ പോകുന്നു; അനങ്ങുകയില്ല. എന്നെ വളരെ ശാന്തയായി കണ്ടാൽ അവർ പറയും, ‘അവൾക്കു കുട്ടിയെ കൊണ്ടുകൊടുക്കണം!’

മൊസ്സ്യു മദലിയെൻ കട്ടിലിന്റെ അടുത്തുള്ള ഒരു കസാലയിൽ ഇരുന്നിരുന്നു. അവൾ അയാളുടെ നേരെ തിരിഞ്ഞുനോക്കി. പിഞ്ചുകുട്ടിയെ മട്ടിലായിരുന്നു. അവൾ അയാളുടെ നേരെ തിരിഞ്ഞുനോക്കി. പിഞ്ചുകുട്ടിയെ മട്ടിലായിത്തീരുന്ന രോഗജന്യമായ ക്ഷീണത്തിൽ അവൾ തന്നെ പറഞ്ഞതുപോലെ, താൻ ‘നല്ലവളും’ സ്വസ്ഥയുമാണെന്നു വരുത്തിത്തീർക്കുവാൻ വേണ്ടി അവൾ വ്യക്തമായി ശ്രമിച്ചു; അതു കണ്ടു്, അവൾക്കു സുഖക്കേടൊന്നുമില്ലെന്നു കരുതി, അവർ വേഗത്തിൽ കൊസെത്തിനെ തന്റെ അടുക്കൽ കൊണ്ടുവരട്ടെ എന്നു് അവൾ വിചാരിച്ചു. പക്ഷേ, അവൾ മനഃക്ഷോഭത്തെ അടക്കാൻ യത്നിച്ചുവെങ്കിലും മൊസ്സ്യു മദലിയെനോടു് ഓരോന്നു ചോദിച്ചു നോക്കാതിരിക്കാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല.

‘നിങ്ങളുടെ യാത്ര സുഖമായോ, മൊസ്സ്യു മേയർ? ഹാ! നിങ്ങൾ പോയി അവളെ കൂട്ടിക്കൊണ്ടുവന്നതു് എത്ര നന്നായി. ഒന്നുമാത്രം പറയൂ, അവൾക്കു സുഖമല്ലേ? അവൾക്കു യാത്രകൊണ്ടു ക്ഷീണമൊന്നുമുണ്ടായില്ലല്ലോ? കഷ്ടം! അവൾ എന്നെ കണ്ടാലറിയില്ല. എന്റെ കൊച്ചോമന എന്നെ ഇപ്പോൾ മറന്നിട്ടുണ്ടായിരിക്കും! കുട്ടികൾക്ക് ഓർമ നില്ക്കില്ലല്ലോ. അവർ പക്ഷികളെപ്പോലെയാണു്. ഒരു കുട്ടി ഇന്നു് ഒന്നിനെ കാണും. നാളെ മാറ്റൊന്നിനെ കാണും; പിന്നെ അതിനു് ഒന്നിനെപ്പറ്റിയും വിചാരമില്ല. അപ്പോൾ അവളുടെ ഉടുപ്പു നല്ലപോലെ വെളുത്തിരിക്കുന്നില്ലേ? ആ തെനാർദിയെർമാർ അവളെ വൃത്തിയിൽ നടത്തുന്നില്ലേ? അവർ അവളെ എത്രകണ്ടു തടിപ്പിച്ചു? ഹാ, എന്റെ കഷ്ടകാലത്തു മുഴുവനും ഈ ചോദ്യങ്ങൾ എന്നോടു തന്നെ ചോദിച്ചുകൊണ്ടു്, എത്ര മനോവേദന അനുഭവിച്ചു എന്നു നിങ്ങൾക്കറിയാമോ? ഇപ്പോൾ അതൊക്കെ പോയി. എനിക്കു സുഖമായി. എനിക്കവളെ ഒന്നു കാണാൻ! അവളെ കാണാൻ ചന്തമുണ്ടെന്നാണോ നിങ്ങളുടെ പക്ഷം, മിസ്റ്റർ മെയർ? എന്റെ മകൾ സുന്ദരിയല്ലേ? ആ വണ്ടിയിലിരുന്നു നിങ്ങൾ വല്ലാതെ തണുത്തിട്ടുണ്ടാവും! ഒരൊറ്റ നിമിഷനേരത്തേക്കു മതി, അവളെ എന്റെ അടുക്കലേക്ക് ഒന്നുകൊണ്ടുവന്നുകൂടെ? അപ്പോൾതന്നെ അവളെ തിരികെ കൊണ്ടുപോവാം. എന്നോടു പറയൂ; നിങ്ങളാണു് ഇവിടത്തെ യജമാനൻ, നിങ്ങൾക്കിഷ്ടമുണ്ടെങ്കിൽ അതു സാധിക്കും!’

അയാൾ അവളുടെ കൈ പിടിച്ചു. ‘കൊസെത്തു് സുന്ദരിയാണു്,’ അയാൾ പറഞ്ഞു: ‘കൊസെത്തിനു സുഖക്കേടൊന്നുമില്ല; പക്ഷേ, നിങ്ങൾ സ്വസ്ഥമായി കിടക്കണം. നിങ്ങൾ അധികമായി സംസാരിക്കുന്നു; നിങ്ങൾ പുതപ്പിന്റെ ഉള്ളിൽ നിന്നു കൈ പുറത്തേക്കാക്കുന്നു; അതാണു് ചുമയ്ക്കുന്നതു്.’

ഓരോ വാക്കു പറയുമ്പോഴും വാസ്തവത്തിൽ ചുമകൊണ്ടു് ഫൻതീൻ കുഴങ്ങിയിരുന്നു.

ഫൻതീൻ ഒന്നും പിറുപിറുത്തില്ല; വികാരവേഗത്തോടുകൂടിയ ആവലാതി പറയൽകൊണ്ടു താൻ വേണമെന്നു വിചാരിച്ച വിശ്വാസത്തെ അവിടെയുള്ളവരിൽ ജനിപ്പിക്കുവാൻ സാധിക്കാതാവുന്നുണ്ടെന്നു് അവൾ ഭയപ്പെട്ടു. അവൾ ഉദാസീനങ്ങളായ സംഗതികളെപ്പറ്റി സംസാരിക്കാൻ തുടങ്ങി.

‘മോങ്ഫർമിയെ നല്ല ചന്തമുള്ള പ്രദേശമാണു്, അല്ലേ? ആളുകൾ വേനല്ക്കാലങ്ങളിൽ സുഖത്തിനായി അങ്ങോട്ടു പോകാറുണ്ടു്. തെനാർദിയെർമാർക്ക് അഭിവൃദ്ധിയുണ്ടാ? ആ പ്രദേശത്തു് അധികം വഴിയാത്രക്കാരില്ല. അവരുടെ ഹോട്ടൽ ഒരു തരം വെപ്പുപുരയാണു്.’

മൊസ്സ്യു മദലിയെൻ അവളുടെ കൈ വിട്ടിട്ടില്ല; അവളെ ഉൽകണ്ഠയോടുകൂടി നോക്കുകയായിരുന്നു; അയാൾ അവളോട് എന്തോ പറയാൻ വേണ്ടിയാണു് വന്നതെന്നും അതു പറയാൻ അയാളുടെ മനസ്സു സംശയിക്കുന്നു എന്നും വെളിപ്പെട്ടു. വൈദ്യൻ തന്റെ പണി കഴിഞ്ഞു, പോയി. സിസ്റ്റർ സിംപ്ലീസ് മാത്രം അവരോടൊരുമിച്ചുണ്ടായിരുന്നു.

ഈയിടയ്ക്കു ഫൻതീൻ ഉച്ചത്തിൽ പറഞ്ഞു: ‘ഞാൻ അവളുടെ സംസാരം കേൾക്കുന്നു! എന്റെ ഈശ്വരാ, ഞാനവളുടെ സംസാരം കേൾക്കുന്നു!’

അവിടെ നിശ്ശബ്ദത പാലിക്കാൻവേണ്ടി അവൾ കൈ നീട്ടി; ശ്വാസം നിർത്തി, അത്യാഹ്ലാദത്തോടുകൂടി ചെവിയോർത്തു.

ഒരു കുട്ടി മുറ്റത്തു് ഓടിക്കളിക്കുന്നുണ്ടായിരുന്നു—വാതില്ക്കാവല്ക്കാരിയുടെയോ മറ്റേതോ കൂലിപ്പണിക്കാരിയുടേയോ കുട്ടി. എപ്പോഴും ഉണ്ടാകാറുള്ള അത്തരം സംഭവങ്ങളിൽ ഒന്നാണതു്; അതു ദുഃഖമയങ്ങളായ സംഭവങ്ങളുടെ ഒടുവിലത്തെ അത്ഭുതകരമായ രംഗമാറ്റക്കാഴ്ചയിൽ ഒരു ഭാഗമായി തോന്നുന്നു. ആ കുട്ടി—ഒരു ചെറിയ പെൺകുട്ടി—പോകുന്നു, വരുന്നു, തണുപ്പു മാറ്റുവാൻവേണ്ടി പായുന്നു, ചിരിക്കുന്നു. കഴിയുന്നേടത്തോളം ഉച്ചത്തിൽ പാട്ടു പാടുന്നു. കഷ്ടം! കുട്ടികളുടെ വിളയാട്ടങ്ങള്‍ എന്തൊന്നിനോടുതന്നെ കൂടിച്ചേരുന്നില്ല! ഈ ചെറിയ പെൺകുട്ടി പാടുന്നതാണു് ഫൻതീൻ കേട്ടതു്.

‘ഹാ!’ അവൾ പറയാൻ തുടങ്ങി, ‘അതെന്റെ കൊസെത്താണ്! എനിക്ക് അവളുടെ ഒച്ച കേട്ടപ്പോൾ മനസ്സിലായി.’

ആ കുട്ടി വന്നപോലെത്തന്നെ മടങ്ങിപ്പോയി; ആ ഒച്ച നിലച്ചു. കുറച്ചു നേരംകൂടി ഫൻതീൻ ചെവിയോർത്തു; അവളുടെ മുഖം മങ്ങി; ഒരു താഴ്‌ന്ന സ്വരത്തിൽ അവൾ പറയുന്നതു മൊസ്യു മദലിയെൻ കേട്ടു: ‘ആ വൈദ്യൻ ദുഷ്ടനാണു്; എന്റെ മകളെ എനിക്കു കാണാൻ സമ്മതം തന്നില്ലല്ലോ! അയാളുടെ മുഖം കണ്ടാൽത്തന്നെ അലക്ഷ്മി പിടിച്ചതാണു്. അതേ അതങ്ങനെ ഒന്നാണു്.’

പക്ഷേ, അവളുടെ വിചാരങ്ങൾക്കു പിന്നിലുള്ള ആ പുഞ്ചിരിക്കൊള്ളുന്ന ഭാഗം പിന്നേയും മുന്നോട്ടു വന്നു, തല തലയണയിന്മേൽ കിടത്തിവെച്ചുംകൊണ്ടു പിന്നേയും അവൾ സ്വയം സംസാരിക്കാൻ തുടങ്ങി: ‘ഞങ്ങൾക്ക് എന്തു സുഖമാവാൻ പാോകുന്നു; ആദ്യംതന്നെ ഞങ്ങൾ ഒരു ചെറിയ തോട്ടമുണ്ടാക്കും; മൊസ്സ്യു മദലിയെൻ അതുവാങ്ങിത്തരാമെന്നേറ്റിട്ടുണ്ടു്. എന്റെ മകൾ ആ തോട്ടത്തിൽ ഓടിക്കളിക്കും. അവൾക്ക് ഇപ്പോൾ അക്ഷരം കണ്ടാലറിയാറായിട്ടുണ്ടാവും. ഓരോ വാക്കിലുമുള്ള അക്ഷരങ്ങളെ ഞാനവൾക്കു പറഞ്ഞുകൊടുക്കും. അവൾ ചിത്രശലഭങ്ങളെ തേടിപ്പിടിക്കുവാൻവേണ്ടി പുല്ലിന്മേലും പായും. ഞാനതു നോക്കിക്കാണും. എന്നിട്ടു് അവളുടെ ഒന്നാമത്തെ തിരുവത്താഴം കൊള്ളൽ?’

അവൾ കൈവിരലുകളിന്മേൽ കണക്കുകൂട്ടാൻ തുടങ്ങി.

‘ഒന്നു്, രണ്ടു്, മൂന്നു്, നാലു്—അവൾക്കു വയസ്സേഴായി. അഞ്ചു കൊല്ലത്തിനുള്ളിൽ അവൾക്കു വെളുത്ത ഒരുടുപ്പും, അടുത്തടുത്തു ചെറുദ്വാരങ്ങളുള്ള കീഴ്ക്കാലുറകളും വാങ്ങിക്കാം; ഒരു ചെറുപ്പക്കാരിയുടെ മട്ടാവും അവൾ കണ്ടാൽ, അല്ലയോ എന്റെ സുശീലയായ കന്യാകാമഠക്കാരിയമ്മേ, എന്റെ മകളുടെ ആദ്യത്തെ തിരുവത്താഴം കൊള്ളലിനെപ്പറ്റി ആലോചിച്ചുനോക്കുമ്പോൾ എനിക്കു എന്തു കമ്പംപിടിക്കുന്നു എന്നു നിങ്ങൾക്കറിഞ്ഞുകൂടാ!’

അവൾ ചിരിക്കാനാരംഭിച്ചു.

അയാൾ ഫൻതീന്റെ കൈ വിട്ടിരിക്കുന്നു. ഒരാളിരുന്നു് ഇളങ്കാറ്റിന്റെ തേങ്ങലിനെ കേൾക്കുന്നതുപോലെ, നിലത്തേക്കു നോക്കിക്കൊണ്ടു്, അടി കാണാത്ത മനോരാജ്യത്തിൽ മുങ്ങി; അയാൾ അവളുടെ വാക്കുകളെ ശ്രദ്ധിച്ചുകേട്ടു. പെട്ടെന്നു് അവൾ സംസാരം നിർത്തി; അതുകാരണം ഒരു പാവയുടെ മട്ടിൽ അയാൾ തലയുയർത്തി; ഫൻതീൻ ഭയങ്കര മട്ടിലായിരിക്കുന്നു.

അവൾ സംസാരിക്കുന്നില്ല; അവൾ ശ്വാസം കഴിക്കുന്നില്ല. തന്റെ മെലിഞ്ഞ ചുമൽ ഉൾക്കുപ്പായത്തിന്റെ ഉള്ളിൽനിന്നു പുറത്തേക്ക് കാണിച്ചുകൊണ്ടു്, അവൾ കിടന്നേടത്തുനിന്നെണീറ്റിരുന്നു; ഒരു നിമിഷം മുൻപു് പ്രകാശമാനമായിരുന്ന അവളുടെ മുഖം കാഴ്ചയിൽ ഭയങ്കരമായി; ഭയപ്പാടുകൊണ്ടു് വലുപ്പംവെച്ച കണ്ണുകളെ അവൾ മുറിയുടെ അങ്ങേ അറ്റത്തു ഘോരദർശനമായ എന്തോ ഒന്നിന്മേൽ പതിച്ചിരുന്നു.

‘എന്റെ ഈശ്വരാ!’ അയാൾ ഉച്ചത്തിൽ പറഞ്ഞു: ‘ഫൻതീൻ, നിങ്ങൾക്കെന്താണു്?’

അവൾ മറുപടി പറഞ്ഞില്ല; അവൾ കാണുന്നുണ്ടെന്നു തോന്നിയ ആ സാധനത്തിൽ നിന്നു കണ്ണെടുത്തില്ല. അവൾ അയാളുടെ പിടിയിൽനിന്നു് തന്റെ ഒരു കൈമാറ്റി, മറ്റേ കൈകൊണ്ടു, പിൻഭാഗത്തേക്കു നോക്കുവാൻ ഒരാംഗ്യം കാണിച്ചു.

അയാള് തിരിഞ്ഞുനോക്കി, ഴാവേറെ കണ്ടു.

1.8.3
ഴാവേർ തൃപ്തിപ്പെട്ടു

ഇതാണുണ്ടായതു്.

മൊസ്സ്യു മദലിയെൻ ആറായിലെ സെഷ്യൻകോടതിയിൽനിന്നു പോന്നപ്പോൾ നേരം പന്ത്രണ്ടര മണി അടിച്ചു. തനിയ്ക്കൊരിരിപ്പിടം മുൻപേതന്നെ ഏർപ്പാടു ചെയ്തുവെച്ചിരുന്ന തപ്പാൽവണ്ടി പുറപ്പെടുന്ന കണിശസമയത്തേക്ക് അയാൾ ഹോട്ടലിൽ മടങ്ങിച്ചെന്നു. രാവിലെ ആറു മണിക്ക് അല്പം മുൻപായി അയാൾ എം. പട്ടണത്തിലെത്തി; അയാളുടെ ഒന്നാമത്തെ പണി മൊസ്സ്യു ലാഫീത്തിനു് ഒരു കത്തു് തപ്പാലിലിടുകയായിരുന്നു; എന്നിട്ടു് ഫൻതീനെ കാണാനായി രോഗിപ്പുരയിലേക്കു കടന്നു.

ഏതായാലും, അയാൾ സെഷ്യൻകോടതിയിൽനിന്നു പോയ ഉടനെ, ഗവർമ്മെണ്ടുവക്കീലിന്നു് ആദ്യത്തെ അമ്പരപ്പുമാറി; ബഹുമാനപ്പെട്ട എം. പട്ടണത്തിലെ മെയറുടെ ഭ്രാന്തുപിടിച്ചിട്ടുള്ള പ്രവൃത്തിയെപ്പറ്റി താൻ വ്യസനിക്കുന്നു എന്നും. ആ അസാധാരണസംഭവംകൊണ്ടു തന്റെ വിശ്വാസങ്ങൾക്കു യാതൊരു മാറ്റവും തട്ടിയിട്ടില്ലെന്നും അതിനെപ്പറ്റി മേലാൽ വിവിരിച്ചുപറഞ്ഞുകൊള്ളാമെന്നും. ആയിടയ്ക്ക് വാസ്തവത്തിലുള്ള ഴാങ് വാൽഴാങ് തന്നെയായ ഷാങ്മാത്തിയോവിന്നുള്ള ഗവർമ്മെണ്ടു ശിക്ഷ വിധിച്ചുകഴിയേണ്ടതാണെന്നും അയാൾ പ്രസംഗിച്ചു. ഗവർമ്മെണ്ടു വക്കീലിന്റെ ഈ സിദ്ധാന്തം അവിടെയുണ്ടായിരുന്ന ജനക്കൂട്ടത്തിന്റേയും, കോടതിയുടേയും, ജൂറിമാരുടേയും, എന്നില്ല എല്ലാവരുടേയും അഭിപ്രായത്തിന്നു് എതിരാണെന്നു വെളിപ്പെട്ടു. പ്രതിഭാഗംവക്കീലിന്നു ഈ പ്രസംഗത്തെ ഖണ്ഡിക്കുവാനും മൊസ്സ്യു മദലിയെൻ വാസ്തവത്തിലുള്ള ഴാങ് വാൽഴാങ്ങിനെപ്പറ്റി ഉണ്ടാക്കിക്കൊടുത്ത തെളിവുകൾ കാരണം കാര്യത്തിന്റെ സ്ഥിതി തികച്ചും മാറിപ്പോയതായും ജൂറിമാരുടെ മുമ്പിൽ നില്ക്കുന്ന ആൾ വെറും ഒരു നിർദോഷി മാത്രമായിത്തീർന്നതായും സ്ഥാപിക്കുവാനും കുറച്ചു ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവിൽ, നിർഭാഗ്യത്തിനു് അത്ര വളരെ പുതിയതല്ലാത്ത ചില നീതിന്യായവ്യവസ്ഥാപനത്തിന്റെ കേടുകളെപ്പറ്റിയും മറ്റും മറ്റും വക്കീൽ കുറെ സമാപനപ്രസംഗം ചെയ്തു; പ്രധാന ജഡ്ജി കേസ്സവസാനിപ്പിക്കുവാനുള്ള പ്രസംഗത്തിൽ പ്രതിവക്കീലിനോടു യോജിക്കുകയാണുണ്ടായതു്; കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ജൂറിമാർ ഷാങ്മാത്തിയോവിനെ അന്നത്തെ കേസ്സിൽനിന്നു പുറത്തുതള്ളി.

ഏതായാലും ഗവർമ്മെണ്ടുവക്കീലിന്നു് ഒരു ഴാങ് വാൽഴാങ്ങിനെ കിട്ടാതെ കഴിയില്ല; ഷാങ്മാത്തിയോ കൈയിൽനിന്നു പൊയ്പോയപ്പോൾ, അയാൾ മദലിയെനെ പിടികൂടി.

ഷാങ്മാത്തിയോവിനെ സ്വതന്ത്രനാക്കി വിട്ടയച്ച ഉടനെ, ഗവർമ്മെണ്ടു വക്കീൽ പ്രധാന ജഡ്ജിയോടുകൂടി കുറേനേരം വാതിലടച്ചിരുന്നു ഗൂഢാലോചന ചെയ്തു. ‘എം. പട്ടണത്തിലെ മെയറായ ആളെ പിടിക്കണമെന്നു് അവർ സംസാരിച്ചുറച്ചു. അനവധി ആയ ഉള്ള ഈ വാക്യം ഗവർമ്മെണ്ടുവക്കീൽ സംസ്ഥാനഗവർമ്മെണ്ടുവക്കീലിനു സ്വന്തം കൈയക്ഷരത്തിൽ കുറിച്ചയച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നതാണു്. ആദ്യത്തെ വികാരാവേശം ഒന്നു നിലച്ചിരുന്നതുകൊണ്ടു, ജഡ്ജി അധികമൊന്നും തടസ്സം പറഞ്ഞില്ല. എന്തായാലും നീതി പ്രവർത്തിക്കാതെ കഴിയില്ല. അങ്ങനെ, ഓരോന്നു പറഞ്ഞുവരുന്ന കൂട്ടത്തിൽ ജഡ്ജി സ്വതവേ ദയാലുവും സാമാന്യം ബുദ്ധിമാനുമായിരുന്നുവെങ്കിലും, അതോടുകൂടിത്തന്നെ കലാശലായ ഏതാണ്ടു ഹൃദയപൂർവമായും രാജഭക്തിയുള്ള ആളുമായിരുന്നതുകൊണ്ടു്, എം. പട്ടണത്തിലെ മെയർ, ബോണാപ്പാർട്ട് എന്നല്ലാതെ ചക്രവർത്തി എന്നു്, അദ്ദേഹം കാന്നിൽ വന്നിറങ്ങിയതിനെപ്പറ്റി പ്രസ്താവിച്ചപ്പോൾ, പറഞ്ഞുപോയതു ജഡ്ജിക്കു സഹിച്ചില്ല.’

അതുപ്രകാരം അയാളെ പിടിക്കാനുള്ള കല്പനയായി. ഗവർമ്മെണ്ടു വക്കീൽ ആ കല്പന പ്രത്യേകം ഒരാൾവശം എം. പട്ടണത്തിൽക്കൊണ്ടുനടത്തുന്നതിനും, ആ പ്രവർത്തി പൊല്ലീസ്സിൻസ്പെക്ടർ ഴാവേറെത്തന്നെ ഏല്പിക്കുന്നതിനും ശട്ടം ചെയ്തു.

വാമൊഴി കൊടുത്ത ഉടനെ ഴാവേർ എം. പട്ടണത്തിലേക്ക് മടങ്ങിപ്പോയതായി വായനക്കാർക്കറിവുണ്ടല്ലോ.

വക്കീലിന്റെ ആൾ ചെന്നു കല്പനയും തടവുപുള്ളിയെ ഹാജരാക്കുവാനുള്ള ശാസനവും കൈയിൽ കൊടുത്തപ്പോൾ ഴാവേർ കഷ്ടിച്ചു ഉണർന്നെഴുന്നേറ്റു, അത്രയേ ആയിരുന്നുള്ളു.

ആ ചെന്ന ആൾ പൊല്ലീസ്സ് സൈന്യത്തിലെ ഒരു നല്ല സമർത്ഥനായിരുന്നതു കൊണ്ടു് രണ്ടേ രണ്ടു വാക്കുകൊണ്ടു് ആറായിൽ നടന്ന കഥ മുഴുവനും ഴാവേറെ ധരിപ്പിച്ചു. ഗവർമ്മെണ്ടുവക്കീൽ ഒപ്പിട്ടിട്ടുള്ള ആ കല്പനയുടെ പകർപ്പു് ഇതാണു്: ‘ഇൻസ്പെക്ടർ ഴാവേർ എം. പട്ടണത്തിലെ മെയറായ സയർ [1] മദലിയെന്റെ ദേഹം കണ്ടുപിടിച്ചു കോടതിയിൽ ഹാജരാക്കണം; ആ മനുഷ്യൻ വിട്ടുപോയ തടവുപുള്ളി ഴാങ് വാൽഴാങ്ങാണെന്നു സെഷ്യൻകോടതി മനസ്സിലാക്കിയിരിക്കുന്നു.’

ഴാവേറെ അറിയാത്തവരും രോഗിപ്പുരയിലെ തളത്തിലേക്ക് പാളിനോക്കി അയാളെ അപ്പോൾ കാണാൻ കഴിഞ്ഞവരുമായ ആരെക്കൊണ്ടുംതന്നെ, പുതുതായിട്ടു് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്നു് ആ മനുഷ്യന്റെ മുഖഭാവത്തിൽനിന്ന് ഊഹിച്ചറിയുവാൻ കഴിയില്ല; ലോകത്തിൽ ഏറ്റവും സാധാരണമായുണ്ടാകുന്ന ഒരു മുഖഭാവമാണതു് എന്നേ വിചാരിക്കുകയുളളൂ. അയാൾ ശാന്തനും ക്ഷോഭരഹിതനും സഗൗരവസ്വഭാവനുമായിത്തന്നെയിരുന്നു; അയാളുടെ നരച്ച തലമുടി നെറ്റിത്തടത്തിൽ നല്ല മയത്തിൽ പറ്റിക്കിടക്കുന്നു; തനിക്കു പതിവുള്ള ആലോചനാശീലത്താടുകൂടി അയാൾ പതുക്കെ കോണിപ്പടി കയറിവന്നു. അയാളുമായി നല്ല പരിചയമുള്ളവനും അയാളെ ആ സമയത്തു സശ്രദ്ധമായി പരിശോധിച്ചിട്ടുള്ളവനുമായ ഒരാൾ നിശ്ചയമായും നടുങ്ങിപ്പോവും; ആയാളുടെ തോല്പട്ടയുടെ കൊളുത്തു് കഴുത്തിന്റെ നേരെ പിൻപുറത്തുണ്ടാകാറുള്ളതിനു പകരം ഇടത്തേ ചെവിയുടെ ചുവട്ടിലേക്ക് നീങ്ങിയിരിക്കുന്നു. ഇതു പതിവില്ലാത്ത മനഃക്ഷോഭത്തെ പുറത്താക്കിക്കളഞ്ഞു.

സ്വാഭാവവിശേഷതയ്ക്കു തികച്ചും ഉറപ്പും വ്യക്തതയുമുള്ള ഒരാളാണ് ഴാവേർ; അയാളുടെ പ്രവൃത്തിയിലാവട്ടേ, ഉടുപ്പിലാവട്ടേ ഒരിക്കലും ഒരു ചുളിവു കാണുകയില്ല; കുറ്റക്കാരോടു വിധിപ്രകാരം, തന്റെ കുപ്പായക്കുടുക്കുകളോടു വളവില്ലാതെ.

അയാൾ തന്റെ തോല്പട്ടയുടെ കൊളുത്തു ചെരിച്ചുവെച്ചപ്പോൾ അന്തർഭാഗത്തൂടെയുള്ള ഭൂകമ്പങ്ങൾ എന്നു പറയാവുന്ന അത്തരം മനഃക്ഷോഭങ്ങളിൽ ഒന്നു പ്രവർത്തിച്ചിട്ടുണ്ടെന്നു വരാതെ ഒരു നിർവാഹമില്ല.

പതിവുമട്ടിൽ അയാൾ പുറപ്പെട്ടു. ഒരു ‘ഹേഡി’നേയും നാലു പട്ടാളക്കാരേയും കിട്ടാൻ അടുത്തുള്ള പാറാവുസ്ഥലത്തൊന്നു കയറി; ആ പട്ടാളക്കാരെ മുറ്റത്തു നിർത്തി; മേയറെ അന്വേഷിച്ചുകൊണ്ടു് ആളുകൾ എപ്പോഴും വന്നുകൂടുന്നതു കണ്ടുശീലമുള്ളവളായ വാതില്ക്കാവല്ക്കാരി, വിശേഷിച്ചൊന്നുണ്ടെന്നു ലേശമെങ്കിലും സംശിയിക്കാതെ, ഫൻതീൻ കിടക്കുന്ന മുറി അയാൾക്കു കാണിച്ചുകൊടുത്തു.

അയാൾ ഫൻതീൻ മുറിക്കടുത്തെത്തി, സാക്ഷ നീക്കി, ഒരു രോഗി ശുശ്രൂഷക്കാരിയുടേയോ ഒരു പെല്ലീസ്സൊറ്റുകാരന്റേയോ മട്ടിൽ പതുക്കെ വാതിൽ ഉന്തിത്തുറന്നു.

ശരിക്കു പറയാണെങ്കിൽ, അയാൾ അകത്തു കടക്കുകയുണ്ടായില്ല. അ പകുതി തുറക്കപ്പെട്ട വാതില്ക്കൽ തലയിൽ തൊപ്പിയോടുകൂടി കവിൾ വരെ കുടുക്കിയിട്ടിട്ടുള്ള പുറംകുപ്പായത്തിനുള്ളിലേക്ക് ഇടത്തേ കൈയിട്ടു കൊണ്ടു് അയാൾ നിവർന്നുനിന്നു. കൈമുട്ടിന്റെ മടക്കിൽ, അയാള് പിന്നിൽ ഒളിച്ചുവെച്ചിരുന്ന പൊന്തൻവടിയുടെ ഈയനിറത്തിലുള്ള തലപ്പു കാണപ്പെട്ടു.

താൻ അവിടെ എത്തിയിട്ടുണ്ടെന്നു് ആളുകളറിയാതെ അയാൾ ഏകദേശം ഒരു നിമിഷനേരം അങ്ങനെ നിന്നു. പെട്ടെന്നു് ഫൻതീൻ അങ്ങോട്ടു മലർന്നുനോക്കി, അയാളെ കണ്ടു. മൊസ്സ്യൂ മദലിയനെ തിരിഞ്ഞുനോക്കിച്ചു.

മദലിയന്റെ നോട്ടം ഴാവേറുടെ നോട്ടത്തോടു കൂട്ടിമുട്ടിയ ക്ഷണത്തിൽ ഴാവേർ അനങ്ങാതെ, നിന്നേടത്തുനിന്നിളകാതെ, അങ്ങോട്ടുടുത്തു ചെല്ലാതെ, ഭയങ്കരനായിത്തീർന്നു. സന്തോഷംപോലെ അത്ര ഭയങ്കരമാവാൻ കഴിയുന്ന മറ്റൊരു മനുഷ്യമനോവൃത്തിയില്ല.

തനിക്കു വരാനുള്ളതായ ആ ശപിക്കപ്പെട്ട അത്മാവിനെ കണ്ടുകിട്ടിയാലത്തെ ഒരു പിശാചിന്റെ മുഖഭാവം എന്തോ, അതായിരുന്നു അതു്.

ഒടുവിൽ ഴാങ് വാൽഴാങ്ങിനെ കൈയിൽ കിട്ടുന്നു എന്നുള്ള മനഃസംതൃപ്തി അന്താരാത്മാവിൽ കിടക്കുന്ന സകലത്തേയും അയാളുടെ മുഖഭാവത്തിലേക്കു വരുത്തി. അടിത്തട്ടുകൾ കലങ്ങിത്തീർന്നപ്പോൾ ഉള്ളതെല്ലാം മുകളിലേക്കു പൊന്തി വന്നു. ശരിക്കുള്ള നോട്ടം കുറച്ചിടയ്ക്ക് ഒന്നു തെറ്റി നീങ്ങിപ്പോയതിലും കുറച്ചു നേരത്തേക്ക് ആ ഷാങ്മാത്തിയോവിനെസ്സംബന്ധിച്ചേടത്തോളം ഒരുബദ്ധത്തിൽ ചാടിയതിലുമുള്ള അവമാനം, ഒന്നാമതായി അത്ര ശരിയായും നല്ലപോലെയും വേണ്ടിടത്തു് ആലോചന ചെന്നതുകൊണ്ടും അത്രയുമധികം കാലം ആ ഒരുത്തമമായ ആലോചനയെ മനസ്സിൽ വളർത്തിവന്നതുകൊണ്ടുമുള്ള അഭിമാനത്താൽ തികച്ചം മാച്ചുകളയപ്പെട്ടു. ഴാവേറുടെ മനഃസംതൃപ്തി അയാളുടെ അന്തസ്സോടുകൂടിയ നിലയിൽ പ്രകാശിച്ചു. ആ ഇടുങ്ങിയ നെറ്റിത്തടത്തിൽ വിജയത്തിന്റെ വിരൂപത വ്യാപിച്ചു. തൃപ്തിയോടുകൂടിയ ഒരു മുഖത്തിനുണ്ടാകാവുന്ന ഭയങ്കരതയുടെ എണ്ണങ്ങൾ മുഴുവനും അതിലുണ്ടായിരുന്നു.

ഴാവേർ ആ സമയത്തു സ്വർഗ്ഗത്തിലായിരുന്നു. തികച്ചും താൻതന്നെ ആലോചിച്ചുനോക്കാതെ, തന്റെ സാന്നിധ്യംകൊണ്ടും തന്റെ വിജയം കൊണ്ടുമുള്ള ആവശ്യം സമ്മിശ്രമായവിധം ഉള്ളിൽ തെളിഞ്ഞു കാണാതെ, അയാൾ, ഴാവേർ, ദുഷ്കർമ്മത്തെ നശിപ്പിച്ചുകളയാവുന്ന ആ ദിവ്യമായ പ്രവൃത്തിയിൽ ഏർപ്പെടുന്ന നീതിയുടേയും ജ്ഞാനത്തിന്റെയും സത്യത്തിന്റെയും മൂർത്തിവിശേഷമായിത്തീർന്നു. അയാളുടെ പിന്നിലും ചുറ്റും, അത്യധികം ദൂരത്തായി, അധികാരബലം, വിശേഷബുദ്ധി, വിചാരണചെയ്തു തീർച്ചപ്പെടുത്തപ്പെട്ട കേസ്സ്, നിയമപരമായ അന്തഃകരണം, പരസ്യമായി ചെയ്ത കോടതിത്തീർപ്പു്—നക്ഷത്രങ്ങൾ മുഴുവനും നില്ക്കുന്നു; അയാൾ രാജശാസനത്തെ രക്ഷിക്കുകയാണു്; അയാൾ രാജ്യനിയമത്തിൽനിന്നു് അതിന്റെ ഇടിമിന്നലുകളെ പുറപ്പെടുവിക്കയാണു്; അയാൾ ജനസമുദ്രത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യിക്കുകയാണു്; അയാൾ പരമാത്മാവിനെ സഹായിക്കുയാണു്; അയാൾ ഒരു മഹാത്മ്യധോരണിക്കുള്ളിൽ നിവർന്നു നില്ക്കുന്നു. അയാളുടെ വിജയത്തിൽ മത്സരത്തിന്റെയും പോരാട്ടത്തിന്റെയും ഒരവശേഷമുണ്ടു്. നിവർന്നു്, അഹങ്കാരത്തോടുകൂടി, അന്തസ്സിൽ അയാൾ പച്ചപ്പകല്‍സമയത്തു് ഒരു കൊടുംക്രൂരനായ ദേവന്റെ അമാനുഷമായ മൃഗത്വത്തെ കെട്ടിച്ചമയിച്ചു കൊണ്ടുനടത്തുന്നു. താൻ ആ പ്രവർത്തിക്കുന്ന പ്രവൃത്തിയുടെ ഭയങ്കരമായ നിഴല്പാടു സാമുദായക ഖഡ്ഗത്തിന്റെ അവ്യക്തമായ മിന്നിച്ചയെ അയാളുടെ മുറുകിയ മുഷ്ടിക്കുള്ളിൽ കാണിക്കുന്നു; സുഖത്തോടും ശുണ്ഠിയോടുകൂടി അയാൾ ദുഷ്പ്രവൃത്തിയുടെ, ദുഷ്ടതയുടെ, രാജദ്രോഹത്തിന്റെ നിത്യദണ്ഡത്തിന്റെ, നരകത്തിന്റെ മുകളിൽ അമർത്തിച്ചവിട്ടുന്നു; അയാൾ മിന്നിത്തിളങ്ങി, അയാൾ ഉന്മൂലനം ചെയ്തു, അയാൾ പുഞ്ചിരിക്കൊണ്ടു; ഈ രാക്ഷസനായ സെയ്ന്റ് മൈക്കലിൽ [2] സർവസമ്മതമായ ഒരു പ്രതാപവിശേഷം ഉണ്ടായി.

ഭയങ്കരനായിരുന്നുവെങ്കിലും ഴാവേറിൽ നികൃഷ്ടമായ യാതൊന്നുമില്ല.

പരമാർത്ഥം, നിഷ്കപടത, പക്ഷപാതമില്ലായ്മ, ദൃഢവിശ്വാസം, ധർമശീലം, പക്ഷപാതമില്ലായ്മ, എന്നിവ വേണ്ടിടത്തേക്കല്ലാതെ തെറ്റിപ്രയാഗിക്കപ്പെട്ടാൽ അതിഭയങ്കരങ്ങളായിത്തീരുന്ന ചില സാധനങ്ങളാണു്; എന്നാൽ ഭയങ്കരങ്ങളായിരുന്നാലും, അവയുടെ അന്തസ്സു പെയ്പോകുന്നില്ല; അവയുടെ ഓജസ്സു മനുഷ്യരുടെ അന്തഃകരണത്തിനുള്ള ഒരു സവിശേഷതയായ ഓജസ്സു്, ഭയപ്പാടിന്റെ ഒത്ത നടുവിൽപ്പോലും അവയെ വിടാതെ പറ്റിനില്ക്കുന്നു; അവ ഒരേ ദോഷം മാത്രമുള്ള ഗുണങ്ങളാണ്—അബദ്ധം. തികച്ചും ദുഷ്കർമത്തിൽ ആണ്ടുമുങ്ങിയിരിക്കുമ്പോൾക്കൂടി ഒരു മതഭ്രാന്തന്റെ സത്യപരവും ദയാരഹിതവുമായ സന്തോഷം പരിതാപകരമായ വിധം സംപൂജ്യമായ ഒരു പ്രകാശവിശേഷത്തെ നിലനിർത്തുന്നു. താൻ അങ്ങനെയൊരു കാര്യം സംശിയിച്ചിട്ടേ ഇല്ലെങ്കിലും, ഭയങ്കരമായ തന്റെ മനസ്സുഖത്തിനിടയിൽ ഴാവേർ, ജയം നേടിയ എല്ലാ മൂഢമനുഷ്യരേയുംപോലെ, ദയനീയനായിത്തീർന്നു. ആ ഒരു മുഖംപോലെ അത്രമേൽ രൂക്ഷതരവും അത്രമേൽ ഭയങ്കരവുമായ മറ്റൊന്നും ഭൂമിയിൽ ഉണ്ടാവാൻ വയ്യാ; നന്മയുടെ ദുഷ്ടത എന്നു പറയാവുന്ന സകലവും അതിൽ പ്രത്യക്ഷീഭവിച്ചു.

കുറിപ്പുകൾ

[1] ഇതു പണ്ടു ഫ്രാൻസിൽ നടപ്പുണ്ടായിരുന്ന ഒരു ബഹുമതി വാക്കാണു്. ഇംഗ്ലീഷിലെ സേർ പോലെ.

[2] സേറ്റനുമായുള്ള യുദ്ധത്തിൽ ഈ ദിവ്യപുരുഷനായിരുന്നുവത്രേ സൈന്യാധിപൻ, മിൽട്ടന്റെ മഹാകാവ്യത്തിൽ, ആദാമിന്റേയും മറ്റും പക്കൽനിന്നു സർഗ്ഗം ഒഴിപ്പിച്ചെടുക്കാൻ പറഞ്ഞയ്ക്കപ്പെട്ട ഉദ്യേഗസ്ഥൻ ഈ ദേവമുഖ്യനാണെന്നു പറഞ്ഞുകാണാനുണ്ടു്.

1.8.4
അധികാരം അതിനുള്ളിൽ അവകാശങ്ങളെ വീണ്ടും എടുത്തുപിടിക്കുന്നു

ആ മനുഷ്യനിൽനിന്നു മെയർ തന്നെ പിടിച്ചുപറിച്ചു കൊണ്ടുപോന്നതിനു ശേഷം, അന്നേവരെ ഫൻതീൻ ഴാവേറെ കാണുകയുണ്ടായിട്ടില്ല. അസ്വസ്ഥമായ അവളുടെ തലച്ചോറിനു യാതൊന്നും മനസ്സിലായില്ല; അയാൾ അവളെ കൊണ്ടു പോവാൻ വന്നിരിക്കയാണെന്നുമാത്രം അവൾക്കു തോന്നി; അതിൽ അവൾക്കു സംശയമുണ്ടായില്ല. അവൾക്ക് ആ ഭയങ്കരമുഖം കണ്ടു സഹിക്കാൻ കഴിഞ്ഞില്ല. അവളുടെ ജീവൻ പോയ്പോകുന്നതുപോലെ തോന്നി; അവൾ രണ്ടു കൈകൊണ്ടു് മുഖം പൊത്തി കഠിനമായ വേദനയോടുകൂടി നിലവിളിച്ചു. ‘മൊസ്സ്യു മദലിയെൻ, എന്നെ രക്ഷിക്കണേ!’

ഴാങ് വാൽഴാങ്—ഞങ്ങൾ ഇനി അയാളെ മറ്റൊന്നുംകൊണ്ടും വിളിക്കുന്നില്ല—എഴുന്നേറ്റു. സൌമ്യതരവും ശാന്തതരവുമായ ഒരു ശബ്ദത്തിൽ അയാൾ ഫൻതീനോടു പറഞ്ഞു: ‘പേടിക്കേണ്ട; നിങ്ങളെ അന്വേഷിച്ചല്ല അയാൾ വന്നിട്ടുള്ളതു്.’

എന്നിട്ടു് അയാൾ ഴാവേറെ നോക്കി പറഞ്ഞു: ‘നിങ്ങളുടെ ആവശ്യം എനിക്കു മനസ്സിലായി.’

ഴാവേർ മറുപടി പറഞ്ഞു: ‘അതു വേഗമാവട്ടെ!’

ഈ വാക്കുകളോടുകൂടി വന്ന ഉച്ചാരണവിശേഷത്തിൽ അനിർവചനീയമാം വിധം ക്ഷുഭിതവും ഭയങ്കരവുമായി എന്തോ ഒന്നുണ്ടായിരുന്നു. ഴാവേർ പറഞ്ഞതു് ‘അതു വേഗമാവട്ടെ!’ എന്നല്ല, ‘അതു് വേഗ്ഗാവ്ട്ടെ എന്നാണു്.’

ഒരു വർണശാസ്ത്രത്തിനും ആ ഉച്ചരിക്കപ്പെട്ട ശബ്ദം ശരിക്കെഴുതിക്കാണിക്കാവുന്നതല്ല; അതു മനുഷ്യർ സംസാരിക്കാറുള്ള വാക്കല്ലാതായി; അതൊരു ഗർജ്ജനമായിരുന്നു.

പതിവുമട്ടൊന്നും അയാൾ അന്നു കാണിച്ചില്ല; അയാൾ കാര്യത്തിലേക്കു കടന്നില്ല; അയാൾ കല്പന എടുത്തു കാട്ടിയില്ല. അയാളുടെ ദൃഷ്ടിയിൽ ഴാങ് വാൽഴാങ് ഒരു തരം അസാധാരണനായ എതിരാളിയത്രേ; ആ എതിരാളിയെ കടന്നു പിടിക്കാൻ പാടില്ല; അഞ്ചു കൊല്ലത്തോളം കൈയിൽ കിടന്നിട്ടു പിടിച്ചുമറിച്ചിടാൻ സാധിച്ചിട്ടില്ലാത്തവിധം അത്ര സൂത്രം കൂടിയ ഒരു ഗുസ്തിക്കാരനാണതു്. ഈ പിടിക്കൽ ഒരു പ്രാരംഭപ്രക്രിയയല്ല. ഒരവസാനച്ചടങ്ങാണു്. അയാൾ ഇങ്ങനെ പറയുക മാത്രമേ ചെയ്തുള്ളു: ‘അതു വേഗമാവട്ടെ!’

ഇങ്ങനെ പറഞ്ഞപ്പോൾ, അയാൾ ഒരടി മുൻപോട്ടു വെക്കുകയെങ്കിലും ഉണ്ടായിട്ടില്ല. അയാൾ ഴാങ് വാൽഴാങ്ങിന്റെ നേരെ നോട്ടം വീശിയെറിഞ്ഞു: മുറുക്കിപ്പിടിക്കാനുള്ള ഒരു ചൂണ്ടക്കൊളുത്തുപോലെയാണു് അതയാൾ എടുത്തു ചാട്ടിയതു്; അതറിഞ്ഞു ഭാഗ്യംകെട്ട മനുഷ്യരെ അയാൾ പിടിച്ചുവലിച്ചുകൊണ്ടു വരുക പതിവാണു്.

രണ്ടു മാസം മുൻപു് തന്റെ എല്ലുകൾക്കുള്ളിലേക്കുകൂടി തുളഞ്ഞുകയറിയതായി ഫൻതീൻ അനുഭവിച്ചറിഞ്ഞതു് ഈ നോട്ടമാണു്.

ഴാവേറുടെ ഈ ഗർജ്ജനം കേട്ട ഫൻതീൻ ഒരുക്കൽക്കൂടി കൺമിഴിച്ചു. പക്ഷേ, മെയർ അവിടെയുണ്ടായിരുന്നു; അവൾക്കു പേടിക്കാനെന്താണു്?

ഴാവേർ മുറിയുടെ നടുവിലേക്കു ചെന്നു്, ഉച്ചത്തിൽ പറഞ്ഞു: ‘ഇതാ കണ്ടില്ലേ! നീ വരുന്നുവോ?’

ആ ഭാഗ്യംകെട്ട സ്ത്രീ ചുറ്റും നോക്കി. കന്യകാമഠസ്ത്രീയും മെയറുമല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ആ ‘നീ’ എന്ന നികൃഷ്ടവാക്ക് ആരേ ഉദ്ദേശിച്ചു പറഞ്ഞതായിരിക്കാം! അവളെ മാത്രം അവൾ വിറച്ചു.

ഉടനെ അഭൂതൂപൂർവമായ ഒരു സംഭവം അവൾ കണ്ടു; അതേ, തന്റേടം മറിഞ്ഞ അവളുടെ എത്ര വലിയ മാേഹാലസ്യത്തിലും അങ്ങനെയുള്ള മറ്റൊന്നും ഉണ്ടായിട്ടില്ലാത്തവിധം അതു് അത്രമേൽ അഭൂതപൂർവമായിരുന്നു.

പൊല്ലീസ്സൊറ്റുകാരനായ ഴാവേർ മെയറുടെ കഴുത്തുപട്ടമേൽ കടന്നു പിടികൂടുന്നതു് അവൾ കണ്ടു; മെയർ ബഹുമാനപൂർവം തല കുനിച്ചതായി അവൾ കണ്ണുകൊണ്ടു് കണ്ടു. ലോകത്തിന്റെ അവസാനമായി എന്നവൾക്കു തോന്നി.

ഴാവേർ വാസ്തവത്തിൽ ഴാങ് വാൽഴാങ്ങിന്റെ കഴുത്തുപട്ടമേൽ മറുകിപ്പിടിച്ചിരിക്കുന്നു.

‘മൊസ്സ്യു മെയർ!’ ഫൻതീൻ നിലവിളിച്ചു.

ഴാവേർ തന്റെ തൊണ്ണു മുഴുവനും പുറത്തു കാണിക്കുന്നതായ ആ ഭയങ്കരച്ചിരികളിൽ ഒന്നു പെട്ടെന്നു പൊട്ടിച്ചിരിച്ചു.

‘ഇനി ഇവിടെ മൊസ്സ്യു മേയർ എന്നൊരാൾ ഇല്ല!’

തന്റെ പുറംകുപ്പായത്തിന്റെ കഴുത്തുപട്ടമേൽ മുറുക്കിപ്പിടിച്ചിട്ടുള്ള കൈ വിടുർത്താവാൻ ഴാങ് വാൽഴാങ് ശ്രമമൊന്നും ചെയ്തില്ല. അയാള് പറഞ്ഞു: ‘ഴാവേർ—’ ഴാവേർ അയാളെ തടഞ്ഞു പറഞ്ഞു, ‘എന്നെ മിസ്റ്റർ ഇൻസ്പെക്ടർ എന്നു വിളിക്കുക.’

‘മൊസ്സ്യു’ ഴാങ് വാൽഴാങ് പറഞ്ഞു, ‘എനിക്കു നിങ്ങളോടു ഗൂഢമായി ഒരു വാക്കു പറഞ്ഞാൽ കൊള്ളാമെന്നുണ്ട്.

‘ഉറക്കെ! ഉള്ളതു് ഉറക്കെ പറയുക!’ ഴാവേർ മറുപടി പറഞ്ഞു:‘എനിക്കു നിങ്ങളോടു് ഒരു കാര്യം അപേക്ഷിക്കാനുണ്ട്—’

‘ഉറക്കെപ്പറയണമെന്നു് ഞാൻ നിങ്ങളോടാവശ്യപ്പെടുന്നു.’

‘പക്ഷേ, നിങ്ങൾ മാത്രമേ അതു കേൾക്കാൻ പാടുള്ളു—’

‘അതുകൊണ്ടു് എനിക്കെന്തു വ്യത്യാസമാണു് വരാനുള്ളതു? ഞാൻ കേൾക്കുകയില്ല.’

ഴാങ് വാൽഴാങ് അയാളെ നോക്കി; വേഗത്തിലും ഒരു താഴ്‌ന്ന സ്വരത്തിലും പറഞ്ഞു: ‘എനിക്ക് ഒരു മൂന്നു ദിവസത്തെ അവധി തരൂ! ഈ ഭാഗ്യംകെട്ട സ്ത്രീയുടെ കുട്ടിയെ പോയി കൂട്ടിക്കൊണ്ടുവരാൻവേണ്ടി മൂന്നു ദിവസം. എന്താണെതിനു ചെയ്യേണ്ടതെന്നു വെച്ചാൽ അതു ഞാൻ ചെയ്യാം. വേണമെങ്കിൽ നിങ്ങൾ എന്റെകൂടെ വരുക.’

‘എന്നെ കളിപ്പിച്ചുനോക്കുകയാണ്!’ ഴാവേർ ഉച്ചത്തിൽ പറഞ്ഞു: ‘ആട്ടെ വരൂ, അത്ര വിഡ്ഢിയാണു് താനെന്നു വിചാരിച്ചിട്ടില്ല. ചാടിപ്പോവാൻ മൂന്നു ദിവസത്തെ അവധി തരുവാൻ താൻ എന്നോടാവശ്യപ്പെടുന്നു! അതു് ആ പെണ്ണിന്റെ കുട്ടിയെ കൂട്ടിക്കൊണ്ടുവരാനാണെന്നു പറയുന്നു! ഹാ!ഹാ! തരക്കേടില്ല. നിശ്ചയമായും ഇതിൽ നല്ല നേരംപോക്കുണ്ടു്.’

ഫൻതീന്നു് ആസകലം ഒരു വല്ലാത്ത വിറ കയറി.

‘എന്റെ കുട്ടി,’ അവൾ നിലവിളിച്ചു, ‘എന്റെ കുട്ടിയെ പോയി കൂട്ടിക്കൊണ്ടു വരാൻ! അപ്പോൾ അവൾ ഇവിടെയില്ല! എന്നോടു പറയൂ, എന്റെ സഹോദരി; കൊസെത്തെവിടെയാണു്? എനിക്കെന്റെ കുട്ടിയെ കിട്ടണം മൊസ്സ്യു മദലിയെൻ! മൊസ്സ്യു മെയർ!’

ഴാവേർ നിലത്തൊരു ചവിട്ടു ചവിട്ടി.

‘ഇതാ ഇനി മറ്റേ ജന്തുവിന്റെ പുറപ്പാടായി! എടി പെണ്ണേ, നീ കുറച്ചുനേരം അവിടെ മിണ്ടാതെ കിടക്കുമോ? ഈ സ്ഥലം ഒട്ടുകൊളളാം—തടവുപുള്ളികൾ ഇവിടെ മജിസ്ട്രേറ്റുമാരാണു്; ഇരപ്പാളിച്ചികൾ തമ്പുരാട്ടിമാരെപ്പോലെ ശുശ്രൂഷിക്കപ്പെടുന്നു! പക്ഷേ, ഇതൊക്കെ ഇപ്പോൾ മാറ്റിക്കളയുന്നുണ്ടു്; നേരം വൈകി!’

അയാൾ സാകുതമായി ഫൻതീനെ സൂക്ഷിച്ചുനോക്കി; ഒരിക്കൽക്കൂടി ഴാങ് വാൽഴാങ്ങിന്റെ കണ്ഠവസ്ത്രവും ഉൾക്കുപ്പായവും കഴുത്തുപട്ടയും മുറുക്കെപ്പിടിച്ച് അയാൾ തുടർന്നു പറഞ്ഞു: ‘ഞാൻ പറഞ്ഞുതരുന്നു. ഇവിടെ മൊസ്സ്യു മദലിയെനുമില്ല, മൊസ്സ്യു മെയറുമില്ല. ഒരു കള്ളനുണ്ടു്. ഒരു പിടിച്ചുപറിക്കാരൻ, ഴാങ് വാൽഴാങ് എന്നുപോരായ ഒരു തടവുപുള്ളി! അവനെ എനിക്കെന്റെ പിടിയിൽ കിട്ടുകയും ചെയ്തു! അതാണു് കഥ!’

ഫൻതീൻ ഒരുക്കിൽ ചാടിയെണീറ്റു വെറുങ്ങലിച്ച തന്റെ കൈകളാൽ തന്നെത്തന്നെ താങ്ങിക്കൊണ്ടു കിടക്കയിലിരുന്നു! അവൾ ഴാങ് വാൽഴാങ്ങിനെ സൂക്ഷിച്ചുനോക്കി! അവൾ ആ കന്യകാമഠസ്ത്രീയെ സൂക്ഷിച്ചുനോക്കി; പറയാനെന്ന പോലെ അവൾ വായ തുറന്നു; അവളുടെ തൊണ്ടയ്ക്കടിയിൽനിന്നു് ഒരു ഞെരുക്കം പുറപ്പെട്ടു; അവളുടെ പല്ലുകൾ കിറുകിറുത്തു; അപസ്മാരവികൃതിയിലെന്ന പോലെ കൈവിരലുകൾ മലർക്കെത്തുറന്നുകൊണ്ടും, മുങ്ങിച്ചാവാൻ പോകുന്ന ഒരുവന്റെ മട്ടിൽ സംഭ്രമത്തോടുകൂടി തപ്പിക്കൊണ്ടും, മരണവേദനയിൽ അവൾ കൈനീട്ടി, പെട്ടെന്നു് അവൾ തലയണയിന്മേൽ വിരണ്ടുവീണു.

അവളുടെ തല, കട്ടിലിന്റെ തലപ്പലകയിന്മേൽ അടിച്ചു. തുറന്നുപോയ വായോടും തുറച്ചുനോക്കുന്നവയും ഒന്നും കാണാത്തവയുമായ കണ്ണുകളോടുംകൂടി മാറത്തേക്കു തൂങ്ങിവീണു.

അവൾ മരിച്ചുപോയി.

പിടിച്ചുനിർത്തുന്നതായ ഴാവേറുടെ കൈയിനെ ഴാങ് വാൽഴാങ് കടന്നുപിടിച്ചു. വെറും ഒരു പിഞ്ചുകുട്ടിയുടെതെന്നപോലെ വിരൽ നിവർത്തി, അയാൾ ഴാവേറോടു പറഞ്ഞു; ‘നിങ്ങൾ ആ സ്ത്രീയെ കൊന്നുകളഞ്ഞു.’

‘ഇതവസാനിപ്പിക്കക!’ കലശലായി ശുണ്ഠിയെടുത്തു് ഴാവേർ അലറി; ‘ഞാനിവിടെ തർക്കം കേൾക്കാൻവേണ്ടി വന്നതല്ല. അതൊക്കെ നമുക്കു ലാഭം പിടിക്കുക: ഭടന്മാർ താഴത്തുണ്ടു്; നേരെ നടന്നോളു, ക്ഷണത്തിൽ അല്ലെങ്കിൽ നിങ്ങൾക്കു കൈയാമം കിട്ടും.’

ആ മുറിയുടെ അറ്റത്തു് ഒരു പഴയ ഇരിമ്പുകട്ടിലുണ്ടു്; അതു വല്ലാതെ തകർന്നുകഴിഞ്ഞിരുന്നു; ദീനക്കാരെ കാത്തിരിക്കുമ്പോൾ കന്യകാമഠസ്ത്രീകൾക്ക് അതൊരു മടക്കുകട്ടിലായി ഉപയോഗപ്പെടാറുണ്ടു്. ഴാങ് വാൽഴാങ് ആ കട്ടിലിന്റെ അടുക്കലേക്കു ചെന്നു; ഒരു നിമിഷംകൊണ്ടു് അതിന്റെ തലയ്ക്കൽ ഭാഗത്തുള്ള ഇരിമ്പുസാമാനം മുഴുവൻ വലിച്ചെടുത്തു—അതു വല്ലാതെ പഴയതായിരുന്നു; അയാളുടേതുപോലുള്ള ഒരു കൈയിനു് അതു് എളുപ്പത്തിൽ കഴിയും—ഒരു പന്തീരാൻവടിപോലെ അതിന്റെ പ്രധാനഭാഗം കൈയിലാക്കി; എന്നിട്ടു ഴാവേറെ ഒന്നു നോക്കി. ഴാവേർ വാതില്ക്കലേക്കു മടങ്ങിപ്പോയി. തന്റെ ഇരിമ്പുവടി ആയുധമാക്കിപ്പിടിച്ച് ഴാങ് വാൽഴാങ് ഫൻതീന്റെ കട്ടിൽ കിടക്കുന്നേടത്തേക്കു ചെന്നു. അവിടെ എത്തിയിട്ടു് അയാൾ തിരിഞ്ഞു നോക്കി. കഷ്ടിച്ചു കേൾക്കാവുന്ന ഒരു സ്വരത്തിൽ ഴാവേറോടു പറഞ്ഞു: ‘ഈ സമയത്തു് എന്നെ ഉപദ്രവിക്കരുതെന്നു ഞാൻ പറഞ്ഞുതരുന്നു.’

ഒരു കാര്യം തീർച്ചയാണു്; അതെന്തെന്നാൽ, ഴാവേർ വിറച്ചുപോയി.

പട്ടാളക്കാരെ വിളിച്ചുവരുത്തിയാലോ എന്നയാൾക്കു തോന്നി; പക്ഷേ, ഴാങ് വാൽഴാങ് ആ തഞ്ചത്തിൽ ചാടിപ്പോയി എന്നുവരാം; അതുകൊണ്ടു് അയാള്‍ അവിടെ നിന്നു; വടിയുടെ തല മാറിപ്പിടിച്ചു; ഴാങ് വാൽഴാങ്ങിന്റെ മേൽനിന്നു കണ്ണെടുക്കാതെ വാതില്ക്കട്ടിളമേൽ ചാരി നിന്നു.

ഴാങ് വാൽഴാങ് കട്ടിലിന്റെ തലയ്ക്കൽഭാഗത്തുള്ള ആണിമേൽ കൈമുട്ടു കുത്തി, തന്റെ നെറ്റിത്തടം കൈകൊണ്ടു താങ്ങി, അവിടെ മലർന്നുകിടക്കുന്ന ഫൻതീന്റെ അനക്കമറ്റ ശരീരത്തെ നോക്കിക്കൊണ്ടു് ആലോചനയിൽ മുഴുകി. ഇങ്ങനെ, മിണ്ടാതെ, മനോരാജ്യത്തിൽ മഗ്നനായി, വ്യക്തമായിത്തന്നെ ഈ ലോകത്തെസംബന്ധിച്ച യാതൊന്നിലും മനസ്സില്ലാതെ, കുറച്ചിട നിന്നു. അയാളുടെ മുഖത്തും ഭാവത്തിലും അനിർവചനീയമായ അനുകമ്പയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഈ ധ്യാനം കുറിച്ചിട ഉണ്ടായതിനുശേഷം അയാൾ ഫൻതീന്റെ അടുക്കലേക്കു കുനിഞ്ഞു; ഒരു താഴ്‌ന്ന സ്വരത്തിൽ അയാൾ എന്തോ അവളൊടു പറഞ്ഞു.

എന്താണു് അയാൾ അവളോടു പറഞ്ഞതു്? ഈ അധിക്ഷേപിക്കപ്പെട്ട മനുഷ്യൻ ആ മരിച്ചുപോയ സ്ത്രീയോടു് എന്തു പറയാനാണു്? ആ വാക്കുകൾ എന്തായിരിക്കും? ഭൂമിയിൽ ആരും അതു കേട്ടിട്ടില്ല. ആ മരിച്ചുപോയ സ്ത്രീ കേട്ടിരിക്കുമോ? ഉള്ളിൽത്തട്ടുന്ന ചില ചിത്തഭ്രമങ്ങളുണ്ടു്; അവ, പക്ഷേ, മഹാത്മ്യമേറിയ സത്യവാസ്ഥകളാണു്. സംശയത്തിനു വകയില്ലാത്ത ഒരു കാര്യം ഇതാണു്; ആ സംഭവം കണ്ടിട്ടുള്ള ഏകസാക്ഷിയായ സിസ്റ്റർ സിംപ്ലീസ്, ആ സമയത്തു്, ഴാങ് വാൽഴാങ് ഫൻതീന്റെ ചെകിട്ടിൽ എന്തോ മന്ത്രിച്ച ആ സമയത്തു്, ആ വിളർത്ത ചുണ്ടുകളിലും ശവക്കല്ലറയിലെ അത്ഭുതാവസ്ഥയാൽ നിറയപ്പെട്ട ആ മങ്ങിയ കണ്ണുകളിലും അനിർവചനീയമായ ഒരു പുഞ്ചിരി പ്രകാശിച്ചതു വ്യക്തമായി കണ്ടുവെന്നു പലപ്പോഴും പറഞ്ഞിട്ടുണ്ടു്.

ഴാങ് വാൽഴാങ് രണ്ടു കൈകൊണ്ടും ഫൻതീന്റെ ശിരസ്സു താങ്ങിയെടുത്തു് ഒരമ്മ തന്റെ കുട്ടിയെ എന്നപോലെ തലയണയിന്മേൽ നേരെ കിടത്തി; എന്നിട്ടു് അവളുടെ ഉൾക്കുപ്പായത്തിന്റെ കുടുക്കഴിച്ചു; അവളുടെ തലമുടി തൊപ്പിയുടെ ഉള്ളിലേക്കു പതുക്കെ തലോടിയിറക്കി. അതു കഴിഞ്ഞിട്ടു് കണ്ണടപ്പിച്ചു.

ആ സമയത്തു് ഫൻതീന്റെ മുഖം അത്ഭുതകരമായവിധം പ്രകാശിച്ചു.

മഹത്തായ തേജസ്സിലേക്കുള്ള പ്രവേശത്തെ സൂചിപ്പിക്കുന്ന മരണം.

ഫൻതീന്റെ കൈ കട്ടിലിന്റെ ഒരു വശത്തു തൂങ്ങിക്കിടന്നിരുന്നു. ഴാങ് വാൽഴാങ് ആ കൈയിന്റെ മുൻപിൽ മുട്ടകുത്തി; അതു പതുക്കെ പൊന്തിച്ച്; അതിനെ ചുംബിച്ചു. എന്നിട്ടു് അയാൾ എണീറ്റു, ഴാവേറെ നോക്കി.

‘ഇതാ’ അയാൾ പറഞ്ഞു, ‘ഞാൻ നിങ്ങൾ പറയുന്നേടത്തേക്കു പോരാം.’

1.8.5
ഒരു യോജിച്ച ശവക്കുഴി

ആ വഴിക്ക് ഴാങ് വാൽഴാങ്ങിനെ ഴാവേർ പട്ടണത്തിലെ ജെയിലിൽ കൊണ്ടു പോയാക്കി.

മെസ്സ്യു മദലിയനെ പിടിച്ച കഥ എം. പട്ടണത്തിലെ ജേയിലിൽ കൊണ്ടു പോയാക്കി.

മൊസ്സ്യു മദലിയനെ പിടിച്ച കഥ എം. പട്ടണത്തലെങ്ങും ഒരൊച്ചപ്പാടുണ്ടാക്കി. അല്ലെങ്കിൽ ഒരസാധാരണ ബഹളമുണ്ടാക്കി. ‘അയാൾ ഒരു തടവുപുള്ളിയായിരുന്നു’ എന്നു ഒരൊറ്റ ശബ്ദംകൊണ്ടു് സകലരും അയാളെ ഉപേക്ഷിച്ചുകളഞ്ഞു എന്ന വാസ്തവം ഞങ്ങൾക്കു മറച്ചുവെക്കാൻ കഴിയാഞ്ഞതിൽ വ്യസനിക്കുന്നു. രണ്ടു മണിക്കൂറിനുള്ളിൽ അയാൾ ചെയ്തിട്ടുള്ള ഗുണങ്ങൾ മുഴുവനും ആളുകൾ മറന്നു; അയാൾ തണ്ടുവലിശ്ശിക്ഷസ്ഥലത്തുനിന്നു വിട്ടുപോന്ന ഒരു തടവുപുള്ളിയല്ലാതെ മറ്റൊന്നുമല്ലാതായി. ആറായിൽ നടന്ന സംഭവത്തിന്റെ മുഴുവൻ വിവരങ്ങളൊന്നും അപ്പോൾ അറിയപ്പെട്ടിട്ടില്ലെന്നുകൂടി പറഞ്ഞുവെക്കുന്നതു മര്യാദയാണു്. അന്നത്തെ ദിവസം മുഴുവനും പട്ടണത്തിലെ എല്ലാ ഭാഗത്തും താഴെ കാണുന്ന വിധമുള്ള സംഭാഷണങ്ങൾ കേൾക്കാറായി: ‘നിങ്ങളറിഞ്ഞില്ലേ? അയാൾ ഒരു വിട്ടുപോന്ന തടവുപുള്ളിയായിരുന്നു!’ ‘ആരു്?’ ‘മെയർ.’ ‘ആ? മൊസ്സ്യു മദലിയൻ?’ ‘അതേ.’ നേരു്? ‘അയാളുടെ പേർ മദലിയെൻ എന്നേ ആയിരുന്നില്ല; കേട്ടാൽ പേടിയാവുന്ന ഒരു പേരായിരുന്നു, ബെഭ്യാങ്, ബെഴ്യാങ്, ബുഴ്യാങ്.’ ‘ഹാ! എന്റെ ജഗദീശ്വര!’ ‘അയാളെ പോല്ലീസ്സുകാർ പിടിച്ചുകഴിഞ്ഞു.’ ‘പിടിച്ചു!’ ‘മാറ്റാൻ ഭാവമുണ്ട്!’ ‘അയാളെ അവിടെനിന്നു മാറ്റും.’ ‘എവിടേക്കാണു് കൊണ്ടു പോകുന്നത്!’ ‘വളരെക്കാലം മുമ്പു ചെയ്തിട്ടുള്ള ഒരു തട്ടിപ്പറിക്കുറ്റത്തിനു സെഷ്യൻ കോടതിയിൽ അയാളെ വിചാരണ ചെയ്യും.’ ‘ആട്ടെ, ഇതൊക്കെ ഞാൻ ആദ്യംതന്നെ സംശിയിച്ചു. അയാൾ അത്രയധികം നല്ലവനും, മര്യാദക്കാരനും, കള്ളനാട്യക്കാരനുമായിരുന്നു. അയാൾ സ്ഥാനമാനത്തെ ഉപേക്ഷിച്ചു. അതിന്റെയൊക്കെ പിന്നിൽ എന്തെങ്കിലും ഒരു ചീത്ത ചരിത്രം ഉണ്ടായിരിക്കണമെന്നു ഞാൻ അപ്പോഴും ആലോചിച്ചിട്ടുണ്ടു്.’

‘ഇരിപ്പുമുറികളാ’ണു് വിശേഷിച്ചും ഈവക അഭിപ്രായങ്ങളെക്കൊണ്ടു തിങ്ങിയിരുന്നതു്.

ദ്രാപ്പോ ബ്ലാങ് എന്ന പത്രത്തിന്റെ വരിക്കാരിൽപ്പെട്ട ഒരു മാന്യവൃദ്ധ ഇങ്ങനെ അഭിപ്രായപ്പെട്ടു—അതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാൻ സാധിക്കുന്നതല്ല; ‘എനിക്കു വ്യസനമില്ല. ബോണാപ്പാർട്ടുകക്ഷിക്കാർക്ക് ഇതൊരു പാഠമാവും!’

ഇങ്ങനെയാണു് മൊസ്സ്യു മദലിയെൻ എന്ന മായാരൂപം എം. പട്ടണത്തിൽ നിന്നു് മറഞ്ഞതു്. പട്ടണത്തിൽ ആകെ നോക്കിയാൽ മൂന്നോ നാലോ പേർമാത്രം അയാളെ സ്മരിച്ചുവന്നു. ആ കൂട്ടത്തിലൊരാളാണു്, അയാളെ ആശ്രയിച്ചുപോന്നിരുന്ന ആ പടികാവല്ക്കാരിയായ കിഴവി.

അന്നു വൈകുന്നേരം ആ സുശീലയുടെ വൃദ്ധ, അപ്പോഴും തികച്ചും സംഭ്രമിച്ചു കൊണ്ടു, ദുഃഖമയങ്ങളായ മനോരാജ്യങ്ങളിൽ മുങ്ങി തന്റെ ചെറുഭവനത്തിൽ ഇരിക്കുകയാണു്. വ്യവസായശാല അന്നു മുഴുവനും തുറന്നിട്ടില്ല; വണ്ടിപ്പടി അടച്ചു സാക്ഷയിട്ടിരിക്കുന്നു; തെരുവിലെങ്ങും ഒരാളുമില്ല. വീട്ടിൽത്തന്നെ ആ രണ്ടു കന്യകാമഠസ്ത്രീകൾ, സിസ്റ്റർ പേർപെത്യവും സിസ്റ്റർ സിംപ്ലീസും, മാത്രമല്ലാതെ മറ്റൊരാളുമില്ല; ആ രണ്ടുപേർ ഫൻതീന്റെ ശവത്തിനടുക്കൽ കാത്തിരിക്കയാണു്.

മൊസ്സ്യു മദലിയെൻ വീട്ടിൽ വരാറുള്ള സമയമടുത്തപ്പോൾ ആ സുശീലയായ പടിക്കാവല്ക്കാരി, താനറിയാതെതന്നെ എഴുന്നേറ്റു. മൊസ്സ്യു മദലിയന്റെ സ്വന്തം മുറിയുടേതായ ഒരു താക്കോൽ മേശവലിപ്പിൽ നിന്നെടുത്തു; എല്ലാദിവസവും വൈകുന്നേരം അയാൾ കൊണ്ടുപോകാറുള്ള പരന്ന മെഴുതിരിക്കാലും കൈയിലെടുത്തു; എന്നിട്ടു് എവിടെനിന്നാണോ അയാൾ അതെടുക്കാറു് അവിടെ, ആ ആണിക്കു മുകളിൽ, അതു തൂക്കി, അയാൾ വരുന്നതു കാത്തിരിക്കുന്ന മട്ടിൽ ആവിളക്ക് ഒരു ഭാഗത്തു വെച്ചു, തന്റെ കസാലയിൽ ചെന്നിരുന്നു; ഒരിക്കൽക്കൂടി മനോരാജ്യത്തിൽ മുങ്ങി; ആ സുശീലയായ സാധുവൃദ്ധ ഇതെല്ലാം ചെയ്തതു താനറിയാതെയായിരുന്നു.

രണ്ടു മണിക്കൂർ കഴിഞ്ഞിട്ടേ അവൾ ആ മനോരാജ്യത്തിൽ നിന്നുണർന്നുളളൂ; അവൾ കുറച്ചുറക്കെ പറഞ്ഞു, ‘നില്ക്കണേ! എന്റെ ഈശ്വരനായ യേശോ! അപ്പോൾ ഞാനദ്ദേഹത്തിന്റെ താക്കോൽ ആണിമേൽ തൂക്കി!’

ആ സമയത്തു വീട്ടിലെ ചെറിയ ജനാല തുറക്കപ്പെട്ടു; ഒരു കൈ അകത്തേക്കു വന്നു; താക്കോലും മെഴുതിരിവിളക്കുമെടുത്തു; അവിടെ കത്തിയിരുന്ന മെഴുതിരിയിൽനിന്നു് ആ വിളക്കു കൊളുത്തി.

പടിക്കാവല്ക്കാരി തലയുയർത്തി നോക്കി, അവിടെ വായ പൊളിച്ചു നിന്നു; ഒരു നിലവിളി വന്നതു് അവളുടെ തൊണ്ടയിൽ കിടന്നു പരുങ്ങി.

ആ കൈത്തലം, ആ കൈ, ആ പുറംകുപ്പായത്തന്റെ കൈമുട്ടുവരെയുള്ള ഭാഗം, അവൾക്കറിയാം.

ആ കണ്ടതു മൊസ്സ്യു മദലിയെനാണു്.

അവൾക്ക് ഒച്ച പൊന്താറായപ്പോഴേക്ക് സമയം കുറച്ചു കഴിഞ്ഞു; ഈ കഥ പിന്നീടു വിസ്തരിക്കുമ്പോൾ അവൾതന്നെ പറഞ്ഞതുപോലെ, അവൾക്ക് ഒരു ‘ബാധകയറി.’

‘എന്റെ ഈശ്വര, മൊസ്സ്യു മെയർ.’ അവൾ ഒടുവിൽ നിലവിളിച്ചു പറഞ്ഞു, ‘ഞാൻ വിചാരിച്ചതു നിങ്ങൾ—’

അവൾ നിർത്തി; അവളുടെ വാചകം ആദ്യം തുടങ്ങിയപ്പോഴേത്തതതിൽനിന്നു് അവസാനത്തിൽവെച്ചു ബഹുമാനം കുറഞ്ഞതായേനേ. ഴാങ് വാൽഴാങ് അവൾക്ക് അപ്പോഴും മൊസ്സ്യു മെയറാണു്.

അവൾ വിചാരം അവസാനിപ്പിച്ചു; ‘തടവിലാണെന്നാണു്.’

അയാൾ പറഞ്ഞു: ‘ഞാനെവിടെയാണു്. ഞാൻ ജനാലയുടെ ഒരിരുമ്പഴി പിടിച്ചു പൊട്ടിച്ചു; മോന്താഴത്തിൽനിന്നു ഞാൻ കീഴ്പോട്ടു ചാടി; ഇതാ ഇവിടെ എത്തി. ഞാൻ എന്റെ മുറിയിലേക്കു പോവുകയാണു്; എനിക്കുവേണ്ടി ആ സിസ്റ്റർ സിംപ്ലീസിനെ പോയി വിളിക്കൂ; അവൾ ഇപ്പോൾ ആ സാധുസ്ത്രീയുടെ അടുത്തായിരിക്കും, സംശയമില്ല.’

ആ കിഴവി ക്ഷണത്തിൽ അപ്രകാരം ചെയ്തു.

അയാൾ അവളോടു് ഒന്നും ആവശ്യപ്പെട്ടില്ല; തന്നെക്കാളധികം അയാളെ അവൾ കാത്തുകൊള്ളുമെന്നു് അയാൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു.

വലിയ പടിവാതിലുകൾ തുറക്കാതെ അയാൾ എങ്ങനെയാണു് മുറ്റത്തെത്തിയതെന്നു് ആരും ഇതേവരെ കണ്ടുപിടിച്ചിട്ടില്ല. ഒരു ചെറിയ മൂലവാതിൽ തുറക്കാനുള്ള താക്കോൽ എപ്പോഴും അയാൾ കൊണ്ടുനടക്കുക പതിവുണ്ടു്; അതു് അയാളുടെ കൈയിലുണ്ടാരുന്നിരിക്കണം; പക്ഷേ, അയാളുടെ ദേഹം പൊലീസ്സുകാർ പരിശോധിക്കുമല്ലോ; അപ്പോൾ താക്കോൽ അയാളുടെ കൈയിൽനിന്നു പോയിട്ടുണ്ടാവണം. ഈ കാര്യംം ഇതേവരെ ആരും തെളിയിച്ചു കേട്ടിട്ടില്ല.

അയാൾ സ്വന്തം മുറിയിലേക്കുള്ള കോണി കയറി. മുകളിലെത്തിയപ്പോൾ, വിളക്കു കോണിയുടെ മകൽപ്പടിയിൽ വെച്ചു, ശബ്ദം കൂടാതെ വാതിൽ തുറന്നു, അകത്തു കടന്നു, ജനാല തപ്പികണ്ടുപിടിച്ച് അടച്ചു കുറ്റിയിട്ടു; എന്നിട്ടു ചെന്നു വിളക്കെടുത്തു വീണ്ടും മുറിയിൽ കടന്നു.

ഇതു് ആവശ്യമുള്ള ഒരു മുൻകരുതലായിരുന്നു; തെരിവിൽനിന്നു നോക്കിയാൽ ആ ജനാല കാണാമെന്നുള്ളതു് ഇവിടെ വായനക്കാർ ഓർമിക്കുമല്ലോ.

അയാൾ തന്റെ ചുറ്റും, മേശയിലേക്കും, കസാലയിലേക്കും, മൂന്നു ദിവസമായി അനക്കാതെ ഇട്ടിട്ടുള്ള കട്ടിലിന്മേലേക്കും ഒന്നോടിച്ചുനോക്കി. കഴിഞ്ഞതിനു മുൻപിലത്തെ രാത്രിയുണ്ടായ പരിഭ്രമത്തിന്റെ യാതൊരടയാളവും അവിടെയില്ല. പടികാവല്ക്കാരി അറയെല്ലാം ‘കൂട്ടിക്കെട്ടി’യിരുന്നു; ഒന്നുമാത്രം—ആ പൊന്തൻ വടിയുടെ രണ്ടു ഇരിമ്പുകെട്ടുകളും തിയ്യു തട്ടി കരവാളിച്ച നാല്പതു സുനാണ്യവും അവൾ ചാരത്തിൽനിന്നു പെറുക്കിയെടുത്തു വൃത്തിയിൽ മേശപ്പുറത്തു വെച്ചിട്ടുണ്ടു്.

അയാൾ ഒരു പായക്കടലാസ്സെടുത്തു് അതിൽ എഴുതി—‘എന്റെ ഇരിമ്പുകെട്ടുള്ള പൊന്തൻവടിയുടെ രണ്ടു തലപ്പുകളും, ഞാൻ സെഷ്യൻ കോടതിയിൽ പറഞ്ഞവിധം, ഴെർവെയ്ക്കുട്ടിയുടെ പക്കൽനിന്നു തട്ടിപ്പറിച്ചെടുത്ത നാല്പതു സുനാണ്യവുമാണു് ഇവ’; എന്നിട്ടു് ആ മുറിയിൽ കടന്നാൽ ഒന്നാമതായി കാണുക ഇവയെല്ലാമാണെന്നവിധം, ഈ കടലാസ്സുകഷ്ണവും ഇരിമ്പുതുണ്ടങ്ങളും നാണ്യവും എടുത്തു ചേർത്തടക്കി വെച്ചു. ഒരു ചുമരളുമാറയിൽനിന്നു തന്റെ പഴയ ഒരുൾക്കുപ്പായം വലിച്ചെടുത്തു് കഷ്ണം കഷ്ണമായി ചീന്തി. ആ തുണിക്കഷ്ണങ്ങൾക്കുള്ളിൽ രണ്ടു വെള്ളിമെഴുതിരിക്കാലുകളും കെട്ടിപ്പൊതിഞ്ഞു. ബദ്ധപ്പാടോ പരിഭ്രമമോ അയാൾക്കുള്ളതായി കണ്ടില്ല; മെത്രാന്റെ മെഴുതിരിക്കാലുകൾ കെട്ടിപ്പൊതിയുന്നിതിനിടയ്ക്ക്, ഒരു കഷ്ണം കറുത്ത അപ്പം അയാൾ ഒന്നു കടിച്ചു. ചാടിപ്പോന്ന കൂട്ടത്തിൽ അയാൾ പക്ഷെ, ജെയിലപ്പം കൊണ്ടുപോന്നിട്ടുണ്ടായിരിക്കാം.

കുറച്ചു കഴിഞ്ഞു പോല്ലീസ്സുകാർ മുറി പരിശോധിച്ചപ്പോൾ നിലത്തുനിന്നു കിട്ടിയ ചില തരികളിൽനിന്നു് ഇതു ശരിയാണെന്നു തെളിഞ്ഞു.

വാതില്ക്കൽ ഒരുമുട്ടു കേട്ടു.

‘അകത്തേക്കു വരു.’ അയാൾ പറഞ്ഞു.

അതു സിസ്റ്റർ സിംപ്ലീസ്സായിരുന്നു.

അവൾ വിളർത്തിരുന്നു; അവളുടെ കണ്ണുകൾ ചുകന്നിരിക്കുന്നു. അവൾ കൊണ്ടു വന്ന മെഴുതിരി കൈയിലിരുന്നു വിറച്ചു. നമ്മൾ എത്രതന്നെ പരിഷ്കാരകളിൽനിന്നുതന്നെ മനുഷ്യസ്വഭാവത്തെ പിടിച്ചുവലിച്ചു വീണ്ടും മുകളിൽ വരുത്തിവെയ്ക്കുന്നതു് ഈശ്വരവിധിയുടെ ബലാൽക്കാരങ്ങൾക്കുള്ള പ്രകൃതിവിശേഷമാണു്. അന്നത്തെ വികാരാവേഗങ്ങൾ കന്യാകാമഠസ്ത്രീയെ പിടിച്ച് ഒരിക്കൽക്കൂടി സ്ത്രീയാക്കിത്തീർത്തു. അവൾ കരഞ്ഞിരുന്നു; അവൾ വിറയ്ക്കുന്നു.

ഴാങ് വാൽഴാങ് ഒരു കടലാസ്സിൽ എന്തോ എഴുതിയിരുന്നതു കഴിഞ്ഞു; അയാൾ അതു കന്യകാമഠസ്ത്രീയുടെ കൈയിൽ ഇങ്ങനെ പറഞ്ഞുകൊടുത്തു—‘സഹോദരി, ഇതു നിങ്ങൾ ഉപബോധകനവർകളുടെ കൈയിൽ കൊടുക്കണം.’

കടലാസ്സു മടക്കിയിട്ടില്ല. അവൾ അതിലേക്ക് ഒന്നു നോക്കി.

‘നിങ്ങൾക്കതു വായിച്ചുനോക്കാം,’ അയാൾ പറഞ്ഞു.

അവൾ വായച്ചു: ‘ഞാൻ ഇവിടെ ഇട്ടുംവെച്ചുപോകുന്നു സകലത്തിലും ദൃഷ്ടിവെക്കണമെന്നു സഭാബോധകനവർകളോടപേക്ഷിക്കുന്നു. എന്റെ കേസ്സുവിചാരണയുടെ ചെലവും ഇന്നലെ മരിച്ചുപോയ സ്ത്രീയുടെ ശവസംസ്കാരത്തിന്റെ ചെലവും അതിൽനിന്നു കൊടുത്തുതീർക്കുമല്ലോ. ബാക്കിയുള്ളതെല്ലാം സാധുക്കൾക്കാണു്.’

കന്യകാമഠസ്ത്രീ പറയാൻ ശ്രമിച്ചു; പക്ഷേ കേട്ടാൽ തിരിയാത്ത ചില ശബ്ദങ്ങൾ വിക്കിപ്പുറപ്പെടുവിക്കുവാൻ മാത്രമേ അവളെക്കൊണ്ടു കഴിഞ്ഞുള്ളു. ഏതായാലും ഇങ്ങനെയൊന്നു പറയാൻ അവൾക്കു ത്രാണിയുണ്ടായി: ‘ആ ഭാഗ്യംകെട്ട സാധുസ്ത്രീയെ ഒടുക്കത്തേതായി ഒന്നു കാണാൻ മൊസ്സ്യു മെയർ ആഗ്രഹിക്കുന്നില്ലേ?’

‘ഇല്ല,’ അയാൾ പറഞ്ഞു; ‘എന്നെപ്പിടിക്കാൻ പിന്നാലെ ആളുണ്ടു്; അങ്ങനെ ചെയ്താൽ, എന്നെ അവർ ആ മുറിയിൽവെച്ചു പിടിച്ചു എന്നുവരും; അതു് അവളെ സ്വൈരം കെടുത്തും.’

ഇതു് അയാൾ പറഞ്ഞുകഴിഞ്ഞില്ല. അപ്പോഴേക്കും കോണിപ്പടിയിൽനിന്നു് ഉറക്കെ ഒരു ശബ്ദം കേട്ടു. ആളുകൾ ലഹളയായി കോണി കയറിവരുന്ന ചവിട്ടടി ശബ്ദം അവർ കേട്ടു; കിഴവിയായി പടിക്കാവല്ക്കാരി കഴിയുന്നതും ഉച്ചത്തിലും എങ്ങും തുളഞ്ഞുചെല്ലുന്നവിധത്തിലും പറയുന്നു; ‘എന്റെ സേർ, ഞാൻ എന്റെ ഈശ്വരനെ പിടിച്ചു സത്യം ചെയ്യുന്നു, പകലാവട്ടെ, വൈകുന്നേരമാവട്ടെ, ഒരൊറ്റ മനുഷ്യനും ഈ വീട്ടിൽ കടന്നുവരുന്നതു ഞാൻ കണ്ടിട്ടില്ല. ഈ വാതില്ക്കൽ നിന്നു ഞാനൊട്ടിളകീട്ടുമില്ല.’

ഒരാൾ മറുപടി പറഞ്ഞു: ‘ഏതായാലും ശരി, ആ മുറിയിൽ ഒരു വെളിച്ചമുണ്ടു്.’ ഴാവേറുടെ ശബ്ദം അവർ കേട്ടറിഞ്ഞു.

വാതിൽ തുറന്നാൽ വലത്തുപുറത്തു ചമുലോടു ചേർന്നു ഒരു മുക്കു മറച്ചുണ്ടാക്കുന്ന വിധത്തിലാണു് ആ മുറിയുടെ പണി. ഴാങ് വാൽഴാങ് വിളക്കൂതി, ആ മൂലയിൽ ചെന്നുനിന്നു.

സിസ്റ്റർ സിംപ്ലീസ് മേശയുടെ അടുത്തു മുട്ടുകുത്തി.

വാതിൽ തുറക്കപ്പെട്ടു.

ഴാവേർ അകത്തു കടന്നു.

പലരുടേയും മന്ത്രിക്കലും, പടികാവല്ക്കാരിയുടെ തടസ്സംപറയലും തളത്തിൽനിന്നു കേൾക്കുമായിരുന്നു.

കന്യകാമഠസ്ത്രീ തലയുയർത്തി നേക്കിയില്ല, അവൾ ഈശ്വരവന്ദനം ചെയ്കയായിരുന്നു.

അടുപ്പിൻതിണ്ണയിൽ മെഴുതിരി ഇരിക്കുന്നുണ്ടു്; പക്ഷേ, വെളിച്ചമില്ലെന്നു പറയണം.

ഴാവേർ കന്യകാമഠസ്ത്രീയെ കണ്ടെത്തി; അയാൾ പരിഭ്രമിച്ചു നിന്നുപോയി.

ഴാവേറുടെ സ്വഭാവത്തിലുള്ള പ്രധാനമായ സവിശേഷത, അയാളുടെ സാക്ഷാൽ പ്രകൃതിസ്ഥിതി, അയാൾ ശ്വാസംകഴിച്ചു ജീവിക്കുന്ന വായുമണ്ഡലം

തന്നെ, അധികാരത്തിൻപേരിലുള്ള ബഹുമാനമാണെന്നുള്ളതു മറക്കരുതു്. ഇതു് അലംഘ്യമാണു്; തടസ്സത്തിനാവട്ടെ നിബന്ധനയ്ക്കാവട്ടെ അവിടേക്ക് കടക്കുവാൻ അനുവാദമില്ല. അയാളുടെ ദൃഷ്ടിയിൽ, നിശ്ചയമായും, പള്ളിവകയായ അധികാരമാണു് മറ്റെല്ലാറ്റിലും വെച്ചു പ്രധാനം; അയാൾ മതനിഷ്ഠനാണു്, പ്രാകൃതനാണു്, മറ്റു വിഷയങ്ങളിലെല്ലാമെന്നപോലെ ഈ കാര്യത്തിലും കണിശക്കാരനാണു്. അയാളുടെ ദൃഷ്ടിയിൽ, ഒരു മതാചാര്യൻ ഒരിക്കലും അബദ്ധം പ്രവർത്തിക്കാതെയുള്ള ഒരു മനസ്സാണു്; ഒരു കന്യകാമഠസ്ത്രീ ഒരിക്കലും പാപംചെയ്യാത്ത ഒരു ജീവിയാണു്; അവർ ഈ ലോകത്താൽ ബാധിക്കപ്പെടാത്തവിധം ചുമർക്കൂടിനുള്ളിൽ നില്ക്കുന്ന ആത്മാവുകളത്രേ—ആ ചുമർക്കൂട്ടിൽ സത്യത്തിനു ഗതാഗതം ചെയ്യാനല്ലാതെ മറ്റൊന്നിനുവേണ്ടിയും തുറക്കാത്ത ഒരു വാതിലേ ഉളളൂ.

കന്യകാമഠസ്ത്രീയെ കണ്ട ഉടനെ അയാൾ ആദ്യം ചെയ്വാൻ പുറപ്പെട്ടതു പിന്നോക്കം മാറിക്കളയാനാണു്.

പക്ഷേ, അയാളെ അവിടെത്തന്നെ കെട്ടിയിടുകയും പിന്നോക്കം മാറുന്നതിനു പകരം മുൻപോട്ടു് നടത്തുകയും ചെയ്ത മറ്റൊരു മുറകൂടി ഉണ്ടായിരുന്നു. അയാൾ പിന്നത്തെ ആലോചനയിൽ അവിടത്തന്നെ നിന്നു് ഏതായാലും ഒരു ചോദ്യം ചോദിച്ചുനോക്കുവാൻ ഒരുങ്ങി.

ജനിച്ചതിൽപിന്നെ ഒരിക്കലും ഒരിക്കലും ഒരു നുണയും പറഞ്ഞിട്ടില്ലാത്ത സിസ്റ്റർ സിംപ്ലിസാണിതു്. ഴാവേർക്ക് അതറിയാം; അതുകാരണം അയാൾ ആ കന്യകാമഠസ്ത്രീയെ വളരെ ബഹുമാനിച്ചിട്ടാണു്.

‘സഹോദരി,’ അയാൾ പറഞ്ഞു. ‘ഈ മുറിയിൽ നിങ്ങൾ മാത്രമേ ഉളളൂ?’

ഭയങ്കരമായ ഒരു നിമിഷം അവിടെ ആവർഭവിച്ചു; ആ സമയത്തു മുഴുവനും പടികാവല്ക്കാരിക്ക് താൻ മോഹാലസ്യപ്പെട്ടുപോയേക്കുമോ എന്നു തോന്നുമാറു് ഉള്ളു കിടന്നുപിടിച്ചു.

കന്യകാമഠസ്ത്രീ ഉത്തരം പറയാൻ നാക്കെടുത്തു; അവൾ പറഞ്ഞു: ‘അതേ.’

‘എന്നാൽ,’ ഴാവേർ തുടർന്നു പറഞ്ഞു, ‘ഞാൻ ശാഠ്യം പിടിക്കുന്നതിൽ എനിക്കു നിങ്ങൾ മാപ്പുതരണം; ഇതു് എന്റെ മുറയാണു്; നിങ്ങൾ ഇന്നു വൈകുന്നേരം ഒരാളെ—ഒരു പുരുഷനെ—കാണുകയുണ്ടായില്ല, അവൻ ചാടിപ്പോയി; ഞങ്ങൾ അവനെ അന്വേഷിക്കുകയാണു്—ഴാങ് വാൽഴാങ്, നിങ്ങൾ അവനെ കണ്ടിട്ടില്ലേ?’

കന്യകാമഠസ്ത്രീ മറുപടി പറഞ്ഞു: ‘ഇല്ല.’

അവൾ നുണ പറഞ്ഞു. ഒന്നു കഴിഞ്ഞിട്ടു് ഒന്നായി, രണ്ടു തവണ ശരിക്കു യാതൊരു സങ്കോചവും കൂടാതെ, തന്നെത്തന്നെ ബലികൊടുക്കുമ്പോഴത്തെ മാതിരി, അവൾ നുണ പറഞ്ഞു.

‘എനിക്കു മാപ്പുതരണം.’ ഴാവേർ പറഞ്ഞു; ആദരപൂർവം തലകുനിച്ച് അയാൾ പിന്നോക്കം മാറി.

അല്ലയോ തപസ്വിനിയായ കന്യകേ! നിങ്ങൾ വളരെക്കാലമായി ഈ ലോകത്തെ വിട്ടിരിക്കുന്നു; നിങ്ങൾ ജ്ഞാനവിഷയത്തിൽ നിങ്ങളുടെ സഹോദരിമാരായ നിത്യകന്യകമാരേയും നിങ്ങളുടെ സഹോദരന്മാരായ ദേവന്മാരേയും ചേർന്നു കഴിഞ്ഞു; ഈ അസത്യം സ്വർഗത്തിൽ നിങ്ങളുടെ പുണ്യകർമങ്ങളുടെ കൂട്ടത്തിൽ കിടക്കട്ടെ.

കന്യകാമഠസ്ത്രീയുടെ വാക്ക് ഴാവേർക്ക് അത്രയും തീർച്ചയുള്ള ഒന്നായിരുന്നു; അപ്പോൾ കെടുത്തിക്കളഞ്ഞതും മേശപ്പുറത്തിരുന്നു് അപ്പോഴും പുകയുന്നതുമായ മെഴുതിരിയുടെ അസാധാരണ മട്ടു് അയാൾ സൂക്ഷിക്കുകകൂടി പിന്നെ ചെയ്തില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ഒരാൾ, മരങ്ങളുടെയും മഞ്ഞിൻമൂടലുകളുടേയും ഇടയിലൂടെ ക്ഷണത്തിൽ എം. പട്ടണത്തിൽനിന്നു പാരിസ്സിലേക്ക് പോയിരുന്നു. ആ മനുഷ്യൻ ഴാങ് വാൽഴാങ്ങാണു്. വഴിക്കുവെച്ച് എത്തിമുട്ടിയ ചില വണ്ടിക്കാരുടെ വാമൊഴികൊണ്ടു് അയാൾ ഒരു ഭാണ്ഡം കൊണ്ടുപോയിരുന്നു എന്നു സ്ഥാപിക്കപ്പെട്ടു; അയാൾ കൂലിക്കാർക്കു ചേർന്ന ഒരു മുറുക്കൻകുപ്പായമാണിട്ടിരുന്നതു് എന്നും തെളിഞ്ഞു. അതു് അയാൾക്കെവിടെന്നുനിന്നു കിട്ടി? ആരും ഇതേവരെ കണ്ടുപിടിച്ചിട്ടില്ല. പക്ഷേ, വ്യസായശാലയ്ക്കു ചേർന്ന രോഗിപ്പുരയിൽകിടന്നു ഒരു വയസ്സനായ കൂലിപ്രവൃത്തിക്കാരൻ മരിക്കുകയുണ്ടായി. അയാൾക്കു തന്റെ മുറുക്കൻകുപ്പായിമല്ലാതെ മറ്റൊന്നും മുതലില്ലായിരുന്നു. ഒരു സമയം ഇതു് ആ ഒന്നായിരിക്കാം.

ഫൻതീനെപ്പറ്റി ഒരു വാക്കുകൂടെ.

നമുക്കെല്ലാവർക്കും ഒരമ്മയുണ്ടു്—ഭൂമി. ഫൻതീനെ ആ അമ്മയെ ഏല്പിച്ചു.

പാവങ്ങൾക്കായി ഴാങ് വാൽഴാങ് കൊടുത്തുംവെച്ചുപോയ പണത്തിൽനിന്നു കഴിയുന്നതും ഭാഗം സഭാബോധകൻ സൂക്ഷിച്ചുവെച്ചു; ആ ചെയ്തതു ധർമമാണെന്നായിരുന്നു അയാളുടെ വിചാരം; ഒരു സമയം അതങ്ങനെത്തന്നെയായിരിക്കാം. ആരാണു് അതിൽ ചോദിപ്പാനുള്ളതു? ഒരു തടവുപുള്ളിയും ഒരു തെണ്ടി സ്ത്രീയും. അങ്ങനെയാണു് വളരെ താഴ്‌ന്നതരം ശവസംസ്കാരംകൊണ്ടു് ഫൻതീനെപ്പറ്റിയുള്ള ചുമതല അയാൾ നിർവഹിച്ചതു്; ഇരപ്പാളിയുടെ ശവക്കുഴി എന്ന നിലയിൽ അറിയപ്പെടുന്ന അത്യാവശ്യകാര്യംകൊണ്ടു് ആ ഭാരം തീർന്നു.

അങ്ങനെ, ആർക്കും, എല്ലാവർക്കും, ഉള്ളതുമായ ശ്മശാനഭൂമിയുടെ സൌജന്യമായി കിട്ടുന്ന മൂലയിൽ ഫൻതീൻ സംസ്കരിക്കപ്പെട്ടു; അവിടെയാണു് പാവങ്ങൾ കാണാതാകുന്നതു്. ഭാഗ്യത്തിനു്, ആത്മാവിനെ വീണ്ടും അവിടെച്ചെന്നു കണ്ടുപിടിക്കാമെന്നു് ഈശ്വരനറിയാം. കൈയിൽ വന്ന ആദ്യത്തെ അസ്ഥസഞ്ചയത്തിനിടയിൽ ഫൻതീൻ മറയ്ക്കപ്പെട്ടു; ചാരത്തിന്റെ സമ്മിശ്രതയ്ക്ക് അവൾ വഴിപ്പെട്ടു; അവൾ പൊതുജനങ്ങൾക്കുള്ള ശവക്കുഴിയിൽ ചെന്നുവീണു. അവളുടെ ശവക്കുഴി അവളുടെ കിടക്കയ്ക്കു സമമായിരുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 8; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.