images/hugo-9.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.1.1
നീവെല്ലിൽനിന്നു വരുംവഴി കണ്ടുമുട്ടിയത്

കഴിഞ്ഞകൊല്ലം (1851) മെയ് മാസത്തിലെ ഒരഴകുള്ള പ്രഭാതത്തിൽ, ഒരു വഴിപോക്കൻ, ഈ കഥയെഴുതുന്ന ആൾ, നീവെല്ലിയിൽനിന്നു വന്നു ലാഹുല്പിലേക്കുള്ള വഴിയിലേക്ക് തിരികയായിരുന്നു.അയാൾ നടക്കുകയാണു്. രണ്ടുവരി മരങ്ങൾക്കിടയിലൂടെ വളഞ്ഞുതിരിഞ്ഞ്, ഇടയ്ക്കു പൊങ്ങിയും ഇടയ്ക്കു താഴ്‌ന്നും, ഏതാന്റു വമ്പിച്ച കടൽത്തിരകളുടെ മട്ടിൽ എന്തോ ഒന്നായിത്തീർന്നുകൊണ്ടു്, തൊട്ടുതൊട്ടുള്ള കുന്നുകളെ കയറിക്കടന്നുപോകുന്ന ഒരു വിസ്താരമേറിയ കൽവിരിപ്പാതയിലൂടെയായിരുന്നു അയാളുടെ യാത്ര.

അയാൾ ലില്ല്വേയും ബ്വാസിന്റ്യ്യർ-ഇസക്കും കടന്നു. പടിഞ്ഞാറു പുറത്തു ബ്രയിൻലാല്യൂദിലെ കല്പലക മേഞ്ഞ ഗോപുരം അയാൾ കണ്ടു; അതിന്നു് ഒരു കമഴ്ത്ത്വെച്ച പൂച്ചട്ടിയുടെ മട്ടുണ്ടു്. കുറച്ചുയരത്തിലുള്ള ഒരു കാട്ടുപ്രദേശം അയാൾ അപ്പോൾ പിന്നിട്ടതേ ഉള്ളൂ; വഴിത്തിരിവിന്റെ ഒരു മൂലയ്ക്കു, പണ്ടത്തെ അതിരുകോട്ട. നമ്പർ 4, എന്നെഴുതിയിട്ടുള്ള ഒരുതരം പൂപ്പൽ പിടിച്ച കഴുമരത്തിന്റെ അരികിൽ, നാലുംകൂടിയേടത്തു് എഷബോ സ്വകാര്യ കാപ്പിപ്പീടിക എന്നു മുൻവശത്തു് അടയാളമുദ്രയോടുകൂടിയ ഒരു ഹോട്ടൽ കാണപ്പെട്ടിരുന്നു.

ഒരു നാഴികകൂടി മുൻപോട്ടു ചെന്നപ്പോൾ, അയാൾ വഴിപ്പാലത്തിന്റെ കമാനത്തിനുള്ളിലൂടെ വെള്ളമൊഴുകുന്ന ഒരു ചെറിയ മലയിഉകിന്റെ അടിയിൽ എത്തിച്ചേർന്നു. അങ്ങുമമിങ്ങുമായി വെച്ചുപിടിപ്പിക്കപ്പെട്ടതെങ്കിലും നല്ല പച്ചനിറം പൂണ്ട മരക്കൂട്ടം; വഴിയുടെ ഒരു ഭാത്തു, താഴ്‌വാരപ്രദേശം മുഴുവനും തങ്ങിനില്ക്കുന്നു; മറ്റേ ഭാഗത്താകട്ടേ, അതു മൈതാങ്ങളിൽചെന്നു് ചിന്നിപീയുന്നു; അങ്ങനെ അതു ബ്രയിൽലാല്യുദിന്റെ വഴിയേ ഭംഗിയോടുകൂടിയതും ഔ വരിക്രമമിലാതെയും പോയി ഒടുവിൽ മറഞ്ഞുകളയുന്നു.

വലതുവശത്തു, വഴിക്കടുത്തുതന്നെ, ഉമ്മറത്തു് ഒരു നാലു ചക്രമുള്ള വണ്ടിയും, ഒരു വലിയ കെട്ടുനിറയെ ഒറ്റക്കാൽച്ചാട്ടക്കളിയുടെ കാലുകളും, ഒരു ഉഴുതുകരിയും തഴച്ചുനില്ക്കുന്ന ഒരു ചെടിവേലിക്കടുത്തായി കുന്നുകൂടിക്കിടക്കുന്ന ഉണക്കച്ചില്ലകളും, ഒരു വട്ടക്കുഴിയിൽക്കിടന്നു പുകയുന്ന കുമ്മായവും, വയ്ക്കോൽച്ചുമരോടുകൂടിയ ഒരു ചായ്ച്ചുകെട്ടിയോടു ചേർത്തുതൂക്കിയിട്ട ഒരു കോണിയുമുള്ള ഒരു ചാരായക്കടയുണ്ടു്. ഒരു പെൺകിടാവു വയലിൽനിന്നു പുല്ലു പറിക്കുന്നു; അവിടെ എന്തോ ഒരുത്സവത്തെ നാട്ടുപുറത്തെങ്ങോ ഉള്ള കാഴ്ചയെ, സൂചിപ്പിക്കുന്ന ഒരു കൂറ്റൻ മഞ്ഞപരസ്യം കാറ്റത്തു പാറിക്കളിക്കുന്നു. ആ ചാരായക്കടയുടെ ഒരു മൂലയ്ക്കലൂടെ, താറാവുകളുടെ ഒരു ചെറിയ കപ്പൽക്കൂട്ടം നടകൊള്ളുന്ന ഒരു പൊട്ടക്കൂളത്തെ തൊട്ടുകൊണ്ടു, കൽവിരിപ്പു നന്നായിട്ടില്ലാത്ത ഒരു നിരത്തു. വഴി ചെന്നു ചെടിപ്പടർപ്പുകൾക്കിടയിൽ ആണ്ടുകളയുന്നുണ്ടു്, വഴിപോക്കൻ അതിലേക്കു കടന്നു.

ഒരു കൂർത്ത നെറ്റിപ്പുറംകൊണ്ടു പൊന്തിനില്ക്കുന്നതും തിരിച്ചും മറിച്ചും വെച്ച ഇഷ്ടികകളോടുകൂടിയതുമായ ഒരു പതിനഞ്ചാംനൂറ്റാണ്ടിലെ മതിൽക്കെട്ടിന്നു് ‘അരുവെച്ചു’ കൊണ്ടു്, അയാൾ ഒരു നൂറടി പോയതിന്നുശേഷം, ചൊവ്വിലുള്ള താങ്ങുകല്ലോടുകൂടി, പതിന്നാലാമൻ ലൂയിയുടെ കാലത്തു നടപ്പുണ്ടായിരുന്ന മാതിരി, കല്ലുകൊണ്ടു കമാനാകൃതിയിലുണ്ടാക്കപ്പെട്ടതും രണ്ടു പരന്ന കൊത്തുകട്ടിളകളോടുകൂടിയതുമായ ഒരു വലിയ വാതിലിനു മുൻപിൽ എത്തി. ആ വാതിലിനു മുകളിലായി ഒരു പരുക്കൻ പുറംതട്ടുമുണ്ടു്; അതിന്നെതിരായി ഒരു ഭിത്തി ചെന്നു വാതിലിന്മേൽ മുട്ടിയിരുന്നു; അങ്ങനെ അതു രണ്ടുംകൂടി ഒരു ഇടുങ്ങിയ സമകോണുമുണ്ടാക്കി. വാതിലിൻ മുൻപിലുള്ള പുൽത്തകിടിയിൽ മൂന്നു് ഈർച്ചമരങ്ങൾ കിടന്നിരുന്നു; അവയ്ക്കിടയിലൂടെ ക്രമമൊന്നും നോക്കാതെ, മെയ്മാസത്തിലെ എല്ലാ പുഷ്പങ്ങളും വിരിഞ്ഞുനില്ക്കുന്നുണ്ടു്. വാതിൽ അടച്ചിരിക്കയാണു്. വയസ്സേറിയ അതിന്റെ രണ്ടു കീറുകളും പഴയതായി തുരുമ്പിച്ച ഒരു വിളിയന്ത്രത്താൽ അലങ്കരിക്കപ്പെട്ടിരുന്നു.

സൂര്യൻ നല്ല ഭംഗിയിൽ പ്രകാശിക്കുന്നു. മെയ്മാസത്തിലെ ആ മൃദുലമായ അനക്കം വൃക്ഷചില്ലകളിൽ വ്യാപിച്ചിട്ടുണ്ടു്; കാറ്റിൽനിന്നാണെന്നതിലധികം അതു പക്ഷിക്കൂടുകളിൽനിന്നാണു് പുറപ്പെടുന്നതെന്നു തോന്നിപ്പോകും. ഒരുശീരുള്ള ചെറുപക്ഷി ഒരു വലിയ മരത്തിന്റെ മുകളിലിരുന്നു മനോരാജ്യത്തിൽ മൂളുന്നു.

വഴിപോക്കൻ കുനിഞ്ഞുനിന്നു വാതിലിന്റെ പുറംചുമരിനിടയിൽ ഇടതുഭാഗത്തുള്ള കല്ലിൽ വൃത്താകാരമായി ഒരു വലിയ ദ്വാരമുള്ളതിനെ നോക്കിക്കണ്ടു.

ഉടനെ വതിൽക്കീറുകൾ രണ്ടും നീങ്ങി; ഒരു കൃഷിവലസ്ത്രീ പുറത്തേക്കു പ്രവേശിച്ചു.

അവൾ വഴിപോക്കനെ കണ്ടു; അയാൾ നോക്കിക്കാണുന്നതെന്തെന്നു മനസ്സിലാക്കി. ‘ഒരു ഫ്രഞ്ച് പീരങ്കിയുണ്ടയാണു് അതുണ്ടാക്കിത്തീർത്തതു്,’ അവൾ അയാളോടു പറഞ്ഞു. പിന്നേയും അവൾ തുടർന്നു; ‘വാതിലിനു് ഒത്ത മുകളിൽ ഒരാണിക്കരികിലായി, നിങ്ങൾ ആ കാണുന്നതു് കോഴിമുട്ടയുടെ വലുപ്പത്തിലുള്ള ഒരു കൂറ്റൻ ഇരിമ്പുണ്ട തട്ടിയുണ്ടായ സ്വാരമാണു്. ആ ഉണ്ട മരം തുളച്ചില്ല.’ ‘ഈ സ്ഥലത്തിന്റെ പേരെന്താണു്?’ വഴിപോക്കൻ ചോദിച്ചു.

‘ഹൂഗോമോങ്ങ്,’ ആ കൃഷീവലസ്ത്രീ പറഞ്ഞു.

വഴിപോക്കൻ നിവർന്നുനിന്നു. അയാൾ കുറച്ചടി നടന്നു; വേലികൾക്കു മുകളിലൂടെ അയാൾ നോക്കി. ചക്രവാളത്തിൽ, മരങ്ങൾക്കിടയിലൂടെ, ഒരു ചെറിയ കുന്നിൻപുറം അയാൾ കണ്ടു; അവിടെ, അത്രയും ദൂരത്തുനിന്നു നോക്കുമ്പോൾ, ഒരു സിംഹത്തിന്റെ ആകൃതിയിൽ എന്തോ ഒന്നും ഉണ്ടായിരുന്നു.

അയാൾ വാട്ടർലൂ യുദ്ധഭൂമിയിലാണു്.

2.1.2
ഹൂഗോമോങ്ങ്

ഹൂഗോമോങ്ങ്—ഇതു് ഒരു ചുടലക്കളമായിരുന്നു. നെപ്പോളിയൻ എന്നു പേരായ യൂറോപ്പിലെ ആ വലിയ കാടുവെട്ടുകാരൻ വാട്ടർലൂവിൽവെച്ചു കണ്ടെത്തിയ തടസ്സത്തിന്റെ ആരംഭം— ഒന്നാമത്തെ പ്രതിബന്ധം— അദ്ദേഹത്തിന്റെ മഴുകൊണ്ടുള്ള വെട്ടുകൾക്കു മുൻപിൽ പ്രത്യക്ഷീഭവിച്ച ഒന്നാമത്തെ മരക്കമ്പു്.

ഈ സ്ഥലം ഒരു കോട്ടയായിരുന്നു; ഇനി എന്നേക്കും ഇതു് ഒരു കൃഷിസ്ഥലമല്ലാതെ മറ്റൊന്നുമില്ല. പുരാതനചരിത്രാന്വേഷിക്കു ഹൂഗോമോങ്ങ് യൂഗോമോങ്ങാണു്. ഈ കൃഷിസ്ഥലം പണിചെയ്യിച്ചതു യൂഗോ ആയിരുന്നു—വില്ലിയേറിലെ സന്ന്യാസിമഠത്തിൽ ആറാമത്തെ ബോധകസ്ഥാനം ഉണ്ടാക്കിച്ച ആൾതന്നെ.

വഴിപോക്കൻ വാതിൽ ഉന്തിത്തുറന്നു. നടപ്പുരച്ചുവട്ടിലുള്ള ഒരു ‘കാലിഷ്’ വണ്ടിയെ തിരക്കി നടുമുറ്റത്തേക്കു കടന്നു. ഈ കളിമുറ്റത്തു് ഒന്നാമതായി അയാളുടെ ശ്രദ്ധ പതിഞ്ഞതു പതിനാറാംനൂറ്റാണ്ടിലെ ഒരു വാതിലിന്മേലാണു്; അതു് ഒരു സ്തംഭതോരണപംക്തിയുടെ വേഷം നടിക്കുന്നുണ്ടു്; മറ്റു സകലവും അതിനു ചുറ്റും നമസ്കരിച്ചുകിടക്കുന്നു. നശിച്ചു കിടക്കുന്നതിൽ പലപ്പോഴും, ഒരു സ്മാരകഭാവം പുറപ്പെടും. ആ സ്തംഭതോരണത്തോടടുത്തുള്ള ഒരു ചുമരിൽ നാലാമൻ ആങ്ങ് റിയുടെ കാലത്തേക്കു ചേർന്ന മറ്റൊരു കമാനവാതിലുണ്ടു്; അതു് ഒരു തോട്ടത്തിലെ മരക്കൂട്ടത്തെ ഒരുനോക്കു കാട്ടിത്തരുന്നു; ഈ വാതിലിന്റെ അടുത്തു് ഒരു വളക്കുണ്ടും, ‘പിക്കാസു’ കളും ചില കൈക്കോട്ടുകളും, ചില വണ്ടികളും, പാവുകല്ലോടും ഇരുമ്പുതിരി വട്ടത്തോടും കൂടിയ ഒരു പഴയ കിണറും, ചാടിനടക്കുന്ന ഒരു കോഴിക്കുഞ്ഞും, ചിറകു വിരുത്തിയ ഒരു ‘തുർക്കി’ക്കോഴിയും, ഒരു ചെറിയ മണിമാളികകൊണ്ടു പൊന്തിനില്ക്കുന്ന ഒരു പള്ളിയും, ആ പള്ളിയുടെ ചുമരിനോടു ചേർത്തു ഭംഗിയിൽ പടർത്തിയ ഒരു പൂക്കുന്ന ‘സബർജൽ’ മരവും— ഈ മുറ്റത്തെ നോക്കൂ, ഇതു പിടിച്ചെടുക്കുകയായിരുന്നു നെപ്പോളിയന്റെ മനോരാജ്യങ്ങളിൽ ഒന്നു്. ഭൂമിയുടെ ഈ ഒരു മൂല പിടിച്ചെടുക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ, അതു് ഒരു സമയം ലോകത്തെ മുഴുവനും അദ്ദേഹത്തിനു സമ്മാനിച്ചേനേ. അതിലെ മണ്ണു കോഴിക്കുഞ്ഞുങ്ങൾ കൊക്കുകൊണ്ടു കൊത്തിച്ചിന്നുന്നു. ഒരു മുരളിച്ച കേൾക്കാനുണ്ടു്; അതു് ഒരു കൂറ്റൻ നായയുടെയാണു്; അവൻ ഇളിച്ചുകാട്ടുന്നു; ഇംഗ്ലണ്ടുകാരുടെ സ്ഥാനം നായ എടുത്തിരിക്കയാണു്.

ഇംഗ്ലണ്ടുകാർ ഇവിടെ അഭിനന്ദനീയമാംവണ്ണം പെരുമാറി. ഇവിടെ കുക്കിന്റെ നാലു രക്ഷിസൈന്യവകുപ്പുകൾ ഒരു വമ്പിച്ച പടക്കൂട്ടത്തിന്റെ തട്ടിക്കയറലോടു് ഏഴു മണിക്കൂർ നേരം മാറുകാട്ടിനിന്നു.

ഒരു ഭൂപടത്തിന്റെ ഭാഗമായി നോക്കുമ്പോൾ, കെട്ടിടങ്ങളാലും, നടുമുറ്റങ്ങളാലും ഉണ്ടായിത്തീർന്ന ഹൂഗോമോങ്ങ്, ഒരു മുക്കു മുഴുവനും മാച്ചുകളയപ്പെട്ട ഒരുതരം ചൊവ്വില്ലാത്ത സമകോണചതുരമായി കാണപ്പെട്ടു. ഈ മതിലിനാൽ കാക്കപ്പെട്ട തെക്കേ വാതിലോടുകൂടിയ ഈ മായ്ക്കപ്പെട്ട ഭാഗമാണു് ഒരു പീരങ്കിവെടിയുടെ ദൂരത്തു കാണപ്പെടുന്നതു്. ഹൂഗോമോങ്ങിൽ രണ്ടു വാതിലുണ്ട്— കോട്ടയുടേതായ തെക്കോട്ടുള്ള വാതിലും, കൃഷിസ്ഥലത്തേക്കു വടക്കോട്ടുള്ള വാതിലും. ഹൂഗോമോങ്ങിന്റെ നേരെ നെപ്പോളിയൻ തന്റെ അനുജനായ ഴേറോമിനെ അയച്ചു.

ഫ്വാ [1], ഗിൽമിനോ [1], ബാഷല്യു [1] എന്നിവരുടെ സൈന്യവിഭാഗങ്ങൾ അതിനുമേൽ തലയിട്ടടിച്ചു; റെയി [1] യുടെ സൈന്യം ഏതാണ്ടു മുഴുവനും അതിനു നേരെ പ്രയോഗിക്കപ്പെട്ടു. നശിച്ചു; ഈ ധീരോദാത്തമായ മതിൽക്കഷ്ണത്തിന്മേൽ കെല്ലെർമാന്റെ [1] ഉണ്ടകൾ മുഴുവനും ചെലവാക്കപ്പെട്ടു. ബ്വോദ്വാങ്ങിനുള്ള [1] സൈന്യങ്ങൾ ഹൂഗോമോങ്ങിന്റെ വടക്കുഭാഗം തകർത്തു കടക്കുവാൻ മതിയായില്ല; സോയി [2] യുടെ സൈന്യത്തിനു തെക്കുപുറത്തു് ഒരു വിടവുണ്ടാക്കാൻ നോക്കുന്നതിനല്ലാതെ, അതു പിടിച്ചടക്കുവാൻ അവയെക്കൊണ്ടു കഴിഞ്ഞില്ല.

കൃഷിപ്പുരകളാണു് ആ കളിമുറ്റത്തിന്റെ തെക്കെ അതിരു്, ഫ്രാൻസുകാരാൽ തകർക്കപ്പെട്ട വടക്കേ വാതിലിന്റെ ഒരു കഷ്ണം ചുമരിന്മേൽ തൂങ്ങിക്കിടക്കുന്നു. വിലങ്ങനെയുള്ള രണ്ടു മരത്തടിയിന്മേൽ ആണിവെച്ചുറപ്പിക്കപ്പെട്ട നാലു പലകക്കഷ്ണങ്ങളാണതു്; ആക്രമണത്തിന്റെ വടുക്കൾ അവയുടെ മേൽ കാണപ്പെടുന്നുണ്ടു്.

ഫ്രാൻസുകാർ തകർത്തുകളഞ്ഞതും ചുമരിന്മേൽ തൂക്കിയിട്ട കള്ളികളുടെ സ്ഥാനത്തു് ഒരു പലക ചേർക്കപ്പെട്ടതുമായ വടക്കേ വാതിൽ കളിമുറ്റത്തിന്റെ അറ്റത്തു പകുതി തുറന്നുകിടക്കുന്നു; ചുമരിന്റെ ഒരു ഭാഗം ചതുരത്തിൽ വെട്ടി ചുവട്ടിൽ കല്ലുകൊണ്ടും മുകളിൽ ഇഷ്ടികകൊണ്ടുമായി പണിചെയ്ത ആ വാതിൽ വടക്കുപുറത്തായി കാണാം. എല്ലാ കൃഷിപ്പുരകളിലുമുള്ള മാതിരി, ചെത്തിനന്നാക്കാത്ത രണ്ടു വലിയ കീറുകളോടുകൂടിയ ഒരു വെറും വണ്ടിവാതിലാണതു്; പുല്പറമ്പുകൾ അതിനപ്പുറത്താണു്. ഈ പ്രവേശദ്വാരത്തുവെച്ചുണ്ടായ യുദ്ധം ഭയങ്കരമായിരുന്നു. വാതില്ക്കട്ടിളകളിന്മേൽ ചോരക്കൈകളുടെ എല്ലാവിധ പാടുകളും വളരെക്കാലം മായാതെ കിടന്നു. ബോദ്വോങ്ങ് കൊല്ലപ്പെട്ടതു് ഇവിടെവച്ചാണു്.

യുദ്ധത്തിന്റെ ലഹള ഇപ്പോഴും ആ മുറ്റത്തു ചുറ്റിപ്പറ്റി നില്ക്കുന്നു. അതിന്റെ ഭയങ്കരത്വം അവിടെ കാണാനുണ്ടു്; പോരാട്ടത്തിലുള്ള പരിഭ്രമം അവിടെ കല്ലച്ചിരിക്കുന്നു; അതവിടെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഇന്നലെയാണു് ഇതു് കഴിഞ്ഞതെന്നു തോന്നും. ചുമരുകൾ മരണവേദനയിലാണു്, കല്ലുകൾ പുഴങ്ങി വീഴുന്നു. വിടവുകൾ ഉറക്കെ നിലവിളിക്കുന്നു, ദ്വാരങ്ങൾ മുറിവുകളാണു്, കുനിയുകയും വിറയ്ക്കുകയും ചെയ്യുന്ന മരങ്ങൾ ഓടിക്കളയാൻ നോക്കുകയാണോ എന്നു തോന്നും.

ഈ മുറ്റത്തിനു് ഇതിലുമധികം വിസ്താരം 1815-ൽ ഉണ്ടായിരുന്നു. അന്നു തകർക്കപ്പെട്ടുപോയ കെട്ടിടങ്ങൾ പല ആകൃതിവിശേഷങ്ങളേയും ഇതിനു നൽകിയിരുന്നു.

ഇംഗ്ലണ്ടുകാർ ഇവിടെയാണു് തങ്ങളെക്കൊണ്ടു കോട്ട കെട്ടിയതു്; ഫ്രാൻസുകാർ അകത്തു കടന്നു എങ്കിലും അവർക്കു നിലയുറച്ചില്ല. ചെറുപള്ളിക്കു പുറമെ, കോട്ടയുടെ ഒരുഭാഗംകൂടി— ഹൂഗോമോങ്ങിലെ പ്രഭുമന്ദിരത്തിൽ അങ്ങനെ ഒന്നു മാത്രമേ ബാക്കിയുള്ളൂ— ചുക്കിച്ചുളിഞ്ഞു നില്ക്കുന്നുണ്ടു്; കുടരെല്ലാം പോയി നില്ക്കുന്നു എന്നു പറയാം. കോട്ട ഒരു തുറുങ്കായും ചെറുപള്ളി തടിമരംകൊണ്ടുള്ള ഒരു കോട്ടയായും ഉപയോഗിക്കപ്പെട്ടിരുന്നു. ഇവിടെവച്ച് ആളുകൾ അന്യോന്യം കൊത്തി നുറുക്കി. എല്ലാ ഭാഗത്തുനിന്നും—ചുമരുകളുടെ പിന്നിൽനിന്നും, മാളികമുറികളുടെ മുകളിൽനിന്നും, എല്ലാ കിളിവാതിലുകളുടെയും ഉള്ളിൽനിന്നും, നിലവറകളുടെ ആഴത്തിൽനിന്നും, എല്ലാ കാറ്റിൻപഴുതുകളിൽനിന്നും, കല്ലുകളിലുള്ള ഓരോ ചെറുദ്വാരത്തിൽനിന്നും—വെടിവെക്കപ്പെട്ടു. ഫ്രാൻസുകാർ ഉണക്കച്ചുള്ളികൾ കൊണ്ടുവന്നു കൂട്ടി ചുമരുകൾക്കും മനുഷ്യർക്കും തീക്കൊടുത്തു; വെടിയുണ്ടകളോടുണ്ടായ മറുപടി തിയ്യിടലാണു്.

ഇടിഞ്ഞു തകർന്നുനില്ക്കുന്ന ഭാഗത്തു് ഇരുമ്പഴികളാൽ അലങ്കരിക്കപ്പെട്ട ജനാലകളിലൂടെ, മോടികളെല്ലാം നശിപ്പിച്ചുകളഞ്ഞ മണിയറകൾ നഗ്നങ്ങളായി കാണപ്പെട്ടിരുന്നു; ആ അറകളിലാണു് ഇംഗ്ലീഷ് രക്ഷിഭടന്മാർ പതിയിരുന്നതു്; നിലത്തുനിന്നു് തുടങ്ങി മേൽപ്പുരവരെ ഒരുപോലെ പൊളിഞ്ഞുകിടക്കുന്ന പിരിക്കോണി ഒരു പൊട്ടിപ്പിളർന്ന പീരങ്കിയുണ്ടയുടെ ഉള്ളുപോലെ തോന്നി. കോണിക്കു രണ്ടു നിലയുണ്ടു്; കോണിയിൽവെച്ചെതിർക്കപ്പെട്ടു മുകൾനിലയിൽ കൂട്ടംകൂടിയിരുന്ന ഇംഗ്ലണ്ടുകാർ താഴത്തെ കല്പടകളൊക്കെ ഉടച്ചുകളഞ്ഞു. അവ നീലനിറത്തിലുള്ള വലിയ കല്പലകകളായിരുന്നു; അവ ഇപ്പോൾ തൂവച്ചെടികളുടെ ഇയടിൽ കുന്നുകൂടി കിടക്കുകയാണു്. അഞ്ചുപത്തെണ്ണം ഇപ്പോൾ ചുമരിന്മേൽ പറ്റിപ്പിടിച്ചു നില്ക്കുന്നുണ്ടു്. ഒന്നാമത്തേതിൽ ഒരു ശൂലത്തിന്റെ രൂപം കൊത്തിയിരിക്കുന്നു. കയറാൻ വയ്യാത്ത ഈ കല്പടകൾ ഭിത്തിപ്പഴുതുകളിൽ കട്ടപിടിച്ചുനില്ക്കുന്നു. ബാക്കിയെല്ലാം പല്ലു പൊയ്പോയ ഒരു താടിയെല്ലുപോലെയിരുന്നു. അവിടെ രണ്ടു കിഴവൻ മരങ്ങളുണ്ടു്; ഒന്നു് ചത്തിരിക്കുന്നു; മറ്റേതിനു അടിയിൽ ഒരു മുറിവു് പറ്റിയിട്ടുണ്ടു്; ഏപ്രിൽമാസത്തിലെ ഇലപ്പടർപ്പുകൊണ്ടു അതുടുപ്പിട്ടിരുന്നു. 1815-നു ശേഷം അതു കോണിപ്പടികളിലൂടെ പിടിച്ചുവളരാൻ തുടങ്ങിയിട്ടുണ്ടു്.

ചെറുപള്ളിയിൽ ഒരു കൂട്ടക്കൊല നടന്നു. പണ്ടത്തെ ശാന്തത വീണ്ടുകിട്ടിയ അതിന്റെ അകം അപൂർവമട്ടിലാണു്. ആ പെരുംകൊലയ്ക്കു ശേഷം അവിടെ ഈശ്വരപ്രാർഥന നടന്നിട്ടില്ല. എങ്കിലും മിനുസം വരുത്താത്ത മരംകൊണ്ടുള്ള ‘തിരുവത്താഴമേശ’യുണ്ടു് അവിടെ പരുക്കൻ കല്ലുകളുടെ മുൻപിൽ കിടക്കുന്നു; വെള്ളതേച്ച നാലു വാതിലുകൾ, തിരുവത്താഴമേശയ്ക്കെതിരായി ഒരു വാതിൽ, കമാനാകൃതിയിലുള്ള രണ്ടു ചെറുജനാലകൾ; വാതിലിനു മീതെ ഒരു വലിയ മരക്കുരിശ്, കുരിശിനു ചുവട്ടിൽ ഒരു കെട്ടു് വൈക്കോൽകൊണ്ടടച്ചിട്ടുള്ള ഒരു പഴുതു്; നിലത്തു് ഒരു മൂലയിൽ ചില്ലൊക്കെ പൊടിഞ്ഞുതകർന്ന ഒരു പഴയ ജനാലച്ചട്ടം— ഇങ്ങനെയാണു് ആ ചെറുപള്ളി. തിരുവത്താഴമേശയ്ക്കടുത്തായി പതിനഞ്ചാം നൂറ്റാണ്ടിലെ സെയിന്റു് ആന്റെ ഒരു മരപ്രതിമ ആണിവെച്ചുറപ്പിച്ചിട്ടുണ്ടു്; പിഞ്ചുകുട്ടിയായ യേശുവിന്റെ തല ഒരു പീരങ്കിയുണ്ട കൊണ്ടുപോയി. ഒരു നിമിഷനേരത്തേക്കു ചെറുപള്ളിയുടെ ഉടമസ്ഥത കിട്ടിയവരുംഉടനെ ആട്ടിയയയ്ക്കപ്പെട്ടവരുമായ ഫ്രാൻസുകാർ അതിനു തീക്കൊളുത്തി. ആ കെട്ടിടം മുഴുവനും അഗ്നിജ്വാല നിറഞ്ഞു; അതു തികച്ചും ഒരു ചൂളക്കുഴിയായി; വാതിൽ കത്തി; നിലം കത്തി; മരം കൊണ്ടുള്ള ക്രിസ്തു കത്തിയില്ല. ആ പ്രതിമയുടെ കാലിന്മേൽ തിയ്യു ചെന്നു പിടികൂടി; ആ കാലിന്റെ കറുത്ത കഷ്ണങ്ങൾ മാത്രമേ ഇപ്പോൾ കാണാനുള്ളു; ഉടനെ കത്തിക്കയറൽ നിന്നു—അയൽപക്കക്കാരുടെ സിദ്ധാന്തപ്രകാരം, ഒരത്യത്ഭുതം. തല കൊയ്തുപോയ യേശുക്കുട്ടിക്കു ക്രിസ്തുവിനോളംതന്നെ ഭാഗ്യമുണ്ടായില്ല.

ചുമരുകളെല്ലാം ഓരോ എഴുത്തുകളെക്കൊണ്ടു മൂടിയിരിക്കുന്നു. ക്രിസ്തുവിന്റെ കാല്ക്കൽ എഴുതിക്കാണുന്നു; നോക്കുക പിന്നെ ഇങ്ങനെ: പാപികൾക്കു മാപ്പു കിട്ടും. ആശ്ചര്യക്കുറിപ്പുകളോടുകൂടിയ ഫ്രഞ്ച് പേരുകളുണ്ട്— ദേഷ്യത്തിന്റെ ഒരടയാളം. ചുമരുകളെല്ലാം 1849-ൽ പുതുതായി വെള്ള തേച്ചു. രണ്ടു രാജ്യക്കാർ ഇവിടെ വെച്ച് അന്യോന്യം അവമാനിച്ചു.

ഈ ചെറുപള്ളിയുടെ വാതിൽക്കൽവെച്ചാണു് കൈയിൽ മഴുവോടുകൂടിയ ഒരു ശവം തപ്പിയെടുക്കപ്പെട്ടതു്; ആ ശവം ഉപസൈന്യനായകനായ ലെഗ്രോവിന്റേയായിരുന്നു. ചെറുപള്ളിയിൽനിന്നു് കടന്നാൽ ഇടതുഭാഗത്തായി ഒരു കിണർ കാണാം. ഈ നടുമുറ്റത്തു രണ്ടു കിണറുണ്ടു്. ആളുകൾ ചോദിച്ചേക്കും, വെള്ളം കോരുന്ന പാത്രവും കയറും എന്തുകൊണ്ടില്ല? ഇവിടെ ആരും വെള്ളം കോരാറില്ല. എന്തുകൊണ്ടു് വെള്ളം കോരുന്നില്ല? കിണറു നിറച്ചും അസ്ഥികൂടങ്ങളാണു്.

ആ കിണറ്റിൽനിന്നു് ഒടുവിൽ വെള്ളം കോരിയിട്ടുള്ളാളുടെ പേർ ഗിയോം വാൻ കിൽസോം എന്നായിരുന്നു. അയാൾ ഹൂഗോമോങ്ങിൽ താമസിച്ചിരുന്ന ഒരു കൃഷിക്കാരനാണു്; അയാൾ ഇവിടെ ഒരു തോട്ടക്കാരനായിരുന്നു. 1815-ജൂൺ 18-ആം തീയതി അയാളുടെ കുടുംബം ഓടിപ്പോയി കാട്ടിൽ ചെന്നൊളിച്ചു.

വില്ലിയേറിലെ പള്ളിക്കു ചുറ്റുമുള്ള കാട്ടുപ്രദേശം അവിടവിടെ ചിന്നിപ്പോയ ഈ നിർഭാഗ്യന്മാരെ വളരെ ദിവസത്തേക്കു കാത്തുരക്ഷിച്ചു; കത്തിച്ച മരങ്ങളുടെ പഴയ കുറ്റികൾ തുടങ്ങി ചില അടയാളങ്ങൾ ഇന്നും കാണുന്നുണ്ടു്; അതുകൾ കുറ്റിക്കാടുകളുടെ ഒത്ത നടുവിൽച്ചെന്നു് വിറച്ചുകൂടിയ ഈ പാവങ്ങളുടെ വെളിമ്പാളയങ്ങൾ എവിടെയായിരുന്നു എന്നു് കാണിക്കുന്നു.

ഗിയോം വാൻ കിൽസോം ‘കോട്ട കാക്കുന്നതിനുവേണ്ടി’ ഹുഗോമോങ്ങിൽത്തന്നെ കൂടി; അയാൾ കുണ്ടറയിൽച്ചെന്നൊളിച്ചു. ഇംഗ്ലണ്ടുകാർ അയാളെ അവിടെ വെച്ചു കണ്ടു. അവർ അയാളെ ആ ഒളിസ്ഥലത്തുനിന്നു വലിച്ചെടുത്തു; ആ പേടിച്ചരണ്ട മനുഷ്യനെക്കൊണ്ടു് ശത്രുക്കൾ വാളു പരത്തിയടിച്ച് നിർബന്ധിച്ചു പണിയെടുപ്പിച്ചു. അവർക്കു ദാഹിച്ചിരുന്നു; ഈ ഗിയോം അവർക്കു വെള്ളം കൊണ്ടുക്കൊടുത്തു. ഈ കിണറ്റിൽനിന്നാണു് അയാൾ വെള്ളം കോരിയിരുന്നതു്. പലരും തങ്ങൾ ചാവുമ്പോഴത്തെ വെള്ളം അതിൽനിന്നു കുടിച്ചു. മരിച്ചുപോയ അത്രയധികം പേർ വെള്ളം കുടിച്ചതായ ആ കിണർ സ്വയമേവ ചാവണമെന്നായിരുന്നു ഈശ്വരവിധി.

യുദ്ധം കഴിഞ്ഞപ്പോൾ ശവങ്ങളെല്ലാം എടുത്തു കുഴിച്ചുമൂടുവാൻ അവർക്കു ബദ്ധപ്പാടായി, മരണത്തിനു വിജയത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു മട്ടുണ്ടു്; ബഹുമതിയുടെ പിന്നാലെ അതു പകർച്ചവ്യാധിയെ പറഞ്ഞയയ്ക്കുന്നു. ജയത്തിന്റെ ഒരു ചങ്ങാതിയാണു് വിഷജ്വരം. ഈ കിണറു് നല്ല ആഴമുള്ളതായിരുന്നു; അതിനെക്കൊണ്ടു് ഒരു ശവക്കുഴിയുണ്ടാക്കി. മുന്നൂറു ശവം അതിൽ കൊണ്ടിട്ടു. ഒരു സമയം വല്ലാത്ത ബദ്ധപ്പാടിൽ. അവരൊക്കെ ചത്തിരുന്നുവോ? ഐതിഹ്യം പറയുന്നതു് ഇല്ലെന്നാണു്; ശവസംസ്കാരം കഴിഞ്ഞ അന്നു രാത്രികിണറ്റിൽനിന്നു ചില ക്ഷീണസ്വരങ്ങൾ വിളിച്ചിരുന്നതു കേട്ടുവത്രേ.

ഈ കിണറ് മുറ്റത്തിന്റെ നടുക്ക് ഒറ്റപ്പെട്ടു നില്ക്കുന്നു. പകുതി കല്ലും പകുതി ഇഷ്ടികയുമായി, ഒരു ചെറിയ ചതുരമാളികയുടെ നാട്യം നടിച്ചുകൊണ്ടും ഒരു മറശ്ശീലയുടെ രണ്ടു കീറുകൾപോലെ മടക്കുകളിട്ടുകൊണ്ടുമുള്ള മൂന്നു ചുമരുകൾ അതിനെ എല്ലാ ഭാഗത്തും വളഞ്ഞിരിക്കുന്നു. നാലാമത്തെ വശം തുറന്നിട്ടതാണു്. വെള്ളം കോരിയിരുന്നതു് അവിടെനിന്നാണു്. ചുമരിന്നു് അടിയിലായി ആകൃതിയില്ലാത്ത ഒരു ദ്വാരമുണ്ടു്. ഒരു സമയം വെടിയുണ്ട തട്ടിയുണ്ടായതായിരിക്കാം അതു്. ഈ ചെറുമാളികയ്ക്കു മുൻപിൽ ഒരു മണ്ഡപമുണ്ടു്; അതിന്റെ തുലാം മാത്രമേ ബാക്കിയായി നില്പുള്ളൂ. കിണറിന്റെ വലതുവശത്തുള്ള ഇരിമ്പുതാങ്ങുകൾകൊന്റു് ഒരു കുരിശുണ്ടായിരിക്കുന്നു. അതിലേക്കു കുനിഞ്ഞുനോക്കുമ്പോൾ, നോട്ടം, കുന്നുകൂടിയ നിഴലുകളാൽ നിറയപ്പെട്ട ഒരഗാധമായ ഇഷ്ടികക്കുഴലിലേക്ക് ആണ്ടുപോകുന്നു. കിണറ്റിനു ചുറ്റുമുള്ള ചുമരിന്റെ അടി മുഴുവനും തൂവച്ചെടികളുടെ തഴപ്പിനുള്ളിൽ ഒളിച്ചിരിക്കുന്നു.

ബെൽജിയത്തിലെ എല്ലാ കിണറുകൾക്കും ഒരു മൂഖച്ചട്ടയായിക്കാണാറുള്ള ആ വലിയ നില്ക്കല്പലക ഈ കിണറ്റിനു മുൻപിലില്ല. ആ സ്ഥാനത്തു് ഒരു തുലാത്തണ്ടാണു് ഇതിന്നുള്ളതു്; അതിന്മേൽ വമ്പിച്ച എല്ലുകളെന്നു തോന്നുന്ന അഞ്ചോ ആറോ എണ്ണം ആകൃതിയില്ലാത്ത മുരട്ടുകഷ്ണങ്ങൾ ചാരിനില്ക്കുന്നുണ്ടു്.

തൊട്ടിയോ ചങ്ങലയോ ‘കപ്പി’യോ യാതൊന്നും അവിടെയില്ല; വെള്ളം കോരി നിറയ്ക്കുന്ന കല്ലുകൊട്ടത്തളം മാത്രം അപ്പോഴുമുണ്ടു്. മഴവെള്ളം അതിൽ കെട്ടി നില്ക്കുന്നു; ചിലപ്പോഴൊക്കെ അടുത്തുള്ള കാട്ടിൽനിന്നു് ഒരു പക്ഷി അവിടെ വന്നു് വെള്ളം കുടിച്ചു തിരികെ പറന്നുപോകും. ഈ നശിച്ചുപോയ കെട്ടിടത്തിന്റെ ഒരു ഭാഗത്തു് ഇപ്പോഴും ആൾപ്പാർപ്പുണ്ടു്. ആ വീട്ടിന്റെ വാതിൽ നടുമുറ്റത്തേക്കാണു്. ഈ വാതിലിന്മേൽ ഒരു ചന്തമുള്ള അപരിഷ്കൃതപ്പൂട്ടുപലകയുള്ളതിനോടടുത്തു ചെരിഞ്ഞ മൂന്നു ലോഹപ്പൊടുപ്പോടുകൂടിയ ഒരിരിമ്പോടാമ്പലുണ്ടു്. വിൽഡ എന്ന ഹാനോവേറിയൻ സേനാപതി ആ കൃഷിപ്പുരയ്ക്കടുത്തു കടന്നു രക്ഷപ്രാപിക്കുവാൻവേണ്ടി ആ ഓടാമ്പൽ കടന്നുപിടിച്ച ഉടനെ ഒരു ഫ്രഞ്ച് തുരങ്കപ്പടയാളി ഒരു മഴുകൊണ്ടു് അയാളുടെ കൈ ചെത്തിക്കളഞ്ഞു.

ഇപ്പോൾ ആ വീട്ടിൽ താമസിച്ചുവന്ന കുടുംബക്കാരുടെ മുത്തച്ഛനാണു് ആ വളരെ മുൻപു മരിച്ചുപോയ പഴയ തോട്ടക്കാരൻ ഗിയോംവാൻ കിൽസോം. തല നരച്ച ഒരു സ്ത്രീ ഇതെഴുന്നാളോടു് പറഞ്ഞു: ‘ഞാൻ ഇവിടെ ഉണ്ടായിരുന്നു. എനിക്കന്നു മൂന്നു വയസ്സാണു്. എന്റെ ജേഷ്ഠത്തി പേടിച്ചു പൊട്ടിക്കരഞ്ഞു. ആളുകൾ ഞങ്ങളെ കാട്ടിലേക്കെടുത്തുകൊണ്ടുപോയി. എന്നെ എന്റെ അമ്മയാണു് എടുത്തിരുന്നതു്. കേൾക്കുവാൻവേണ്ടി ഞങ്ങൾ ചെകിടു നിലത്തൊട്ടിച്ചുവെച്ചു. പീരങ്കിയുടെ ഒച്ച ഞാൻ പുറപ്പെടുവിച്ചിരുന്നു; ‘ബും!ബൂം!’ എന്നു ഞാൻ ഉറക്കെ ശ്ശബ്ദിക്കും.’

ഇടതുഭാഗത്തു മുറ്റത്തുനിന്നു കടപ്പാനുള്ള വാതിൽ തോട്ടത്തിലേക്കാണെന്നാണു് പറഞ്ഞുകേട്ടതു്. തോട്ടം ഭയങ്കരമാണു്.

അതു മൂന്നു ഭാഗമായിട്ടാണു്; മൂന്നങ്കമായിട്ടെന്നു് ഏതാണ്ടു് പറയാം. ഒന്നാമത്തേതു് ഒരു പൂങ്കാവു്, രണ്ടാമത്തേതു് ഒരു മരത്തോപ്പു്, മൂന്നാമത്തേതു് ഒരു കാടു്. ഈ മൂന്നിനുംകൂടി ഒരു വേലിയാണുള്ളതു്. കടന്നുചെല്ലുന്നേടത്തു കോട്ടയും കൃഷിപ്പുരയും; ഇടതുഭാഗത്തു് ഒരു വേലി, വലത്തുപുറത്തു് ഒരു മതിൽ, അറ്റത്തും ഒരു മതിൽ. വലത്തുപുറത്തുള്ള മതിൽ ഇഷ്ടികകൊണ്ടാണു്; അറ്റത്തുള്ളതു കല്ലുകൊണ്ടും. ആദ്യമായി ചെല്ലുന്നതു പൂന്തോപ്പിലേക്കാണു്. അതു കീഴ്പോട്ടു ചാഞ്ഞു നില്ക്കുന്നു; അരിനെല്ലിച്ചെടികൾ അതിൽ വെച്ചുപിടിപ്പിച്ചുണ്ടു്; ഒരുകൂട്ടം പാഴ്ചെടികൊണ്ടു് അതു നിറഞ്ഞ് ശ്വാസംമുട്ടുന്നു; ഇരട്ടവളവുള്ള കൽത്തൂൺവേലിയോടുകൂടി വെട്ടുകല്ലുകൊണ്ടുണ്ടാക്കിയ ഒരു മതിൽമേടകൊണ്ടു് അതവസാനിക്കുന്നു.

അതു് ആദ്യത്തെ ഫ്രഞ്ചുപരിഷ്കാരത്തിനു ചേർന്ന ഒരു പ്രഭുമന്ദിരോദ്യാനമായിരുന്നു; ഇപ്പോൾ അതു് മുൾച്ചെടികളും ഇഷ്ടികക്കൂട്ടങ്ങളുമാണു്. ചതുരത്തൂണുകൾക്കു മുകളിൽ പീരങ്കിയുണ്ടകളെപ്പോലുള്ള ശിലാഗോളങ്ങളുണ്ടു്. ആ ഗോളങ്ങളുടെ കൊഴായകളിൽ നാല്പത്തിമൂന്നു ഗുളികക്കാലുകൾ ഇന്നും എണ്ണാം. ബാക്കിയുള്ളവ പുല്പൊന്തയിൽ നമസ്കരിച്ചുകിടക്കുന്നു. ഏകദേശം എല്ലാറ്റിനുമുണ്ടു് വെടിയുണ്ടകൾകൊണ്ടുള്ള പോറലുകൾ. ഒരു മുറിഞ്ഞ ഗുളികക്കാൽ ഒരു മനുഷ്യന്റെ തകർന്ന കാലുപോലെ വാതില്ക്കമാനത്തിന്മേൽ എടുത്തുവെച്ചിരിക്കുന്നു.

ഈ പൂന്തോപ്പിൽ, തോട്ടത്തിന്റെയും അപ്പുറത്തുവെച്ചാണു്, അവിടെ വന്നു പെട്ടു പുറത്തേക്കുപോയി രക്ഷപ്പെടാൻ കഴിവില്ലാതായ ആറു കാലാളുകൾ, പൊത്തുകളിൽവെച്ചു കരടികളെപ്പോലെ നായാടിപ്പിടിക്കപ്പെട്ടു്, ഒന്നിന്റെ കൈയിൽ ചെറുതോക്കുകളുള്ള രണ്ടു ജർമൻഭടസംഘത്തോടു യുദ്ധം വെട്ടാൻ സന്നദ്ധരായതു്.

ജർമൻഭടന്മാർ, ഈ കൽത്തൂൺവേലിക്കു അകശ്ശീലവെച്ചപോലെ നിരന്നു, മുകളിലൂടെ വെടിവെച്ചു. അടുത്തുള്ള കുറ്റിക്കാടുകളല്ലാതെ മറ്റു രക്ഷാസ്ഥാനമില്ലാത്തവരായ ആ പദാതിധീരന്മാർ— ഇരുനൂറാളുകൾക്കു പകരം ആറുപേർ—അങ്ങൊട്ടും വെടിവെച്ചുകൊണ്ടുനിന്നു മരിക്കുന്നതിനു കാൽമണിക്കൂർ നേരമെടുത്തു.

ചില കല്പടകൾ കയറിയാൽ പൂന്തോപ്പിൽനിന്നു മരത്തോട്ടിൽ ചെല്ലുന്നു. അവിടെ, ആ ഇത്തിരി വട്ടത്തിൽവെച്ച് ഒരു മണിക്കൂറിനുള്ളിൽ ആയിരത്തഞ്ഞൂറുപേർ പരലോകം പ്രാപിച്ചു. മതിലുകൾ വീണ്ടും യുദ്ധത്തിനു തയ്യാറാണെന്നു തോന്നും. ഓരോരോ ഉയരത്തിലായി ഇംഗ്ലണ്ടുകാർ തുളച്ചുവിട്ട മുപ്പത്തെട്ടു ദ്വാരങ്ങൾ ഇപ്പോഴുമുണ്ടു്. ആറാമത്തതിനു മുൻപിൽ കരിങ്കല്ലുകൊണ്ടുള്ള രണ്ടു് ഇംഗ്ലീഷ് ശവകുടീരങ്ങൾ കാണപ്പെടുന്നു. തെക്കേ മതിലിന്മേൽ മാത്രമേ പഴുതുകളുള്ളൂ; ആ ഭാഗത്തുനിന്നാണു് പ്രധാനാക്രമണമുണ്ടായതു്. ഒരുയർന്ന വേലിയാൽ ആ മതിൽ പുറത്തു നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു; ഒരു വേലി മാത്രമേ കവച്ചുവെക്കേണ്ടതുള്ളു എന്നു കരുതി ഫ്രാൻസുകാർ തള്ളിക്കയറി. അതു കടന്നു; അപ്പോളാണു് ഇംഗ്ലീഷ് ഭടന്മാർ പിന്നിൽ കാത്തുനില്ക്കുന്ന ആ മതിൽ, ഒരു തടസ്സവും ഒരു പതിയിരിപ്പുസ്ഥലവുമായി മുൻപിൽ പ്രത്യക്ഷീഭവിച്ചതു്. ഉടനെ ആ മുപ്പത്തെട്ടു ദ്വാരങ്ങളും ഒപ്പം ഉണ്ടകളേയും തിരകളേയും വർഷിച്ചു. സോയിയുടെ പടക്കൂട്ടം അതിനു മുൻപിൽ പൊടിഞ്ഞു. അങ്ങനെ വാട്ടർലൂയുദ്ധം തുടങ്ങിവെച്ചു.

ഏതായാലും മരത്തോട്ടം പിടിച്ചടക്കി. കോണിയില്ലാതിരുന്നതുകൊണ്ടു ഫ്രാൻസുകാർ നഖംകൊണ്ടു പിടിച്ചുകയറി. മരങ്ങൾക്കിടയിൽവെച്ച് അവർ ദ്വന്ദ്വയുദ്ധം ചെയ്തു. ഈ പുല്ലുകളെല്ലാം ചോരപ്രളയത്തിൽ മുങ്ങി. നാസ്സോവിന്റെ എഴുനൂരു പേരുള്ള ഒരു സൈന്യം ഇവിടെവച്ചു നശിപ്പിച്ചു. കെല്ലർമാന്റെ രണ്ടു സൈന്യക്കൂട്ടങ്ങൾ നിരനിന്നിരുന്ന മതിലിന്റെ പുറംഭാഗത്തെ വെടിയുണ്ടകൾ കരണ്ടിരിക്കുന്നു.

മറ്റുള്ളവയെപ്പോലെ, ഈ മരത്തോട്ടവും മേയ്മാസത്തിൽ സചേതനമായിട്ടുണ്ടു്. ചന്തമുള്ള പുഷ്പങ്ങൾ ഇവിടെയും വിരിഞ്ഞുനില്ക്കുന്നു; പുല്ലുകൾ ഉയരം വെച്ചിരിക്കുന്നു; വണ്ടിക്കുതിരകൾ മേഞ്ഞുനടക്കുന്നു; വസ്ത്രങ്ങൾ തോരാനിട്ടിട്ടുള്ള കെട്ടുവള്ളികൾ, മരങ്ങൾക്കിടയിലുള്ള സ്ഥലം കീഴടക്കി വഴിപോക്കരെ തലതാഴ്ത്തുവാൻ നിർബന്ധിക്കുന്നു; ഈ ഉഴവു ചെല്ലാത്ത സ്ഥലത്തു് ആളുകൾ നടന്നുപോകുന്നു; അവരുടെ കാലുകൾ മൺപുറ്റുകളിൽ ആഴുന്നു. പുൽക്കൂട്ടത്തിൽ നടുക്ക് ഒരു മരത്തിന്റെ കുറ്റി മുഴുവനും പൊടിച്ചു പച്ചപ്പു നില്ക്കുന്നുണ്ടു്. ഈ മരത്തിന്മേൽ ചാരിക്കിടന്നിട്ടാണു് മേജർ ബ്ലാക്ക്മാൻ മരിച്ചതു്. ഇതിനടുത്തുള്ള ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടിൽവെച്ചു ജർമൻ സൈന്യാധിപനായ ഡ്യൂപ്ലാറു് കൊല്ലപ്പെട്ടു— നാന്റെ രാജശാസനം [3] ദുർബലമാക്കപ്പെട്ടതോടുകൂടി ഓടിപ്പോയ ഒരു ഫ്രഞ്ച് കുടുംബത്തിൽനിന്നത്രേ ഇദ്ദേഹത്തിന്റെ ജനനം. പ്രായംതട്ടി കുന്നു തുടങ്ങിയ ഒരാപ്പിൾമരം ഒരു ഭാഗത്തേക്ക് ചാഞ്ഞുകിടക്കുന്നു; വയ്ക്കോലും കളിമണ്ണും കൂട്ടി അതിന്റെ മുറിവു വെച്ചുകെട്ടിയിട്ടുണ്ടു്. ഏതാണ്ടു് എല്ലാ ആപ്പിൾമരങ്ങളും പ്രായംകൊണ്ടു കുനിഞ്ഞുതുടങ്ങിയിരിക്കുന്നു. വെടിയുണ്ട, ഒരു വിധത്തിലുള്ളതല്ലെങ്കിൽ മറ്റൊരു വിധത്തിലുള്ളത്. കണ്ടിട്ടില്ലാത്ത ഒരു വൃക്ഷവും ആ കൂട്ടത്തിലില്ല. ചത്തുപോയ മരങ്ങളുടെ അസ്ഥികൂടങ്ങൾ ആ മരത്തോട്ടത്തിൽ എങ്ങുമുണ്ടു്. കാക്കകൾ അവയുടെ കൊമ്പുകൾക്കിടയിലൂടെ പറക്കുന്നു; അറ്റത്തായി ജാതിമല്ലികളാൽ നിറയപ്പെട്ട ഒരു കാടുമുണ്ടു്.

ബ്വോദ്വോങ്ങിനെ വധിക്കൽ, ഫ്വാവെ മുറിപ്പെടുത്തൽ, തീവെക്കൽ, കൂട്ടക്കൊല, പെരുംകൊലെ, ഇംഗ്ലീഷ്രക്തം ഫ്രഞ്ചുരക്തം ജർമൻരക്തം എല്ലാം തള്ളിച്ചേർന്നു മറിഞ്ഞൊഴുകിയ ഒരു ചെറുനദി, ശവങ്ങൾകൊണ്ടു് തിങ്ങിനിറഞ്ഞ ഒരു കിണർ, നാസ്സോവിന്റേയും ബ്രൺസു് വിക്കിന്റേയും സൈന്യങ്ങളുടെ നാശം, ഡ്യൂപ്ലാറ്റിനെ വധിക്കൽ; ബ്ലാക്ക്മാനെ വധിക്കൽ, ഇംഗ്ലീഷ് രക്ഷിഭടന്മാരെ കൊത്തിനുറുക്കൽ, റെയിയുടെ നാല്പതൂ സൈന്യവകുപ്പുകൾക്കു പുറമേ ഇരുപതു ഫ്രഞ്ച് സൈന്യങ്ങൾ സംഹരിക്കപ്പെടൽ, ഹൂഗോമോങ്ങിലെ ചെറ്റപ്പുരയ്ക്കുള്ളിൽവെച്ചുതന്നെ മുവ്വായിരംപേരെ അരിഞ്ഞുതള്ളൽ, തുണ്ടുതുണ്ടായി ചെത്തിയിടൽ, വെടിവെക്കൽ, കഴുത്തറത്തുകളഞ്ഞു തീക്കൊളുത്തൽ—ഇതൊക്കെ എന്തിനു്? ഇന്നു് ഒരു കൃഷിക്കാരന്നു വഴിപോക്കനോടു് ഇങ്ങനെ പറയാൻവേണ്ടി: ഇതാ, എനിക്ക് മൂന്നു ഫ്രാങ്ക് തരൂ; നിങ്ങൾക്കു വേണമെങ്കിൽ ഞാൻ വാട്ടർലൂ യുദ്ധത്തിന്റെ കഥ മുഴുവനും പറഞ്ഞുതരാം.

കുറിപ്പുകൾ

[1] പ്രസിദ്ധന്മാരായ ഫ്രഞ്ചു സേനാപതികൾ.

[2] പ്രസിദ്ധനായ ഒരു ഫ്രഞ്ച് സേനാപതി.

[3] ഫ്രാൻസിലെ രാജാവായിരുന്ന ആങ്റി നാലാമാൻ പുതുകൂറ്റുകാർക്ക് മതസംബന്ധിയായ അഭിപ്രായത്തിൽ വേണ്ട സ്വാതന്ത്ര്യം കൊടുത്തുകൊണ്ടു് പുറപ്പെടുവിച്ച ഒരു രാജശാസനമാണിതു്; പതിന്നാലാമൻ ലൂയി ഇതിനെ എടുത്തുകളഞ്ഞു.

2.1.3
1815 ജൂൺ 18-ആം തിയ്യതി

നമുക്കു പിന്നോക്കം നടക്കുക—കഥ പറയുന്നവർക്കുള്ള അധികാരങ്ങളിൽ ഒന്നാണിത്— ഒന്നുകൂടി നമുക്ക് 1815-ൽ ചെന്നുകൂടുക; ഈ പുസ്തകത്തിന്റെ ആരംഭത്തിൽ പറഞ്ഞുവെച്ച സംഭവങ്ങൾ നടന്ന കാലത്തിനും കുറേക്കൂടി അപ്പുറത്തേക്കു കടക്കുക.

1815 ജൂൺ 17-ഉം 18-ഉം തിയ്യതികൾക്കിടയിലുള്ള രാത്രി മഴയില്ലായിരുന്നുവെങ്കിൽ, യൂറോപ്പിന്റെ ചരിത്രഗതി മാറിപ്പോയേനേ. കൂറച്ചു വെള്ളത്തുള്ളികൾ നെപ്പോളിയന്റെ അധ:പതനം തീർച്ചപ്പെടുത്തി. ഓസ്തർലിത്സു് യുദ്ധത്തിന്റെ അവസാനം വാട്ടർലൂ ആക്കിത്തീർക്കുവാൻ ജഗദീശ്വരന്നു് കുറച്ചുകൂടി മഴ മാത്രമേ വേണ്ടി വന്നുള്ളൂ; അകാലത്തിൽ ആകാശത്തിലൂടെ കടന്നുപോയ ഒരു മേഘശകലം ഒരു ലോകത്തെ മുഴുവനും തകർത്തുകളയാൻ ത്രാണിപ്പെട്ടു.

വാട്ടർലൂ യുദ്ധം ആരംഭിക്കുവാൻ പതിനൊന്നര മണിയാവുന്നതുവരെ സാധിച്ചില്ല; അതുകൊണ്ടു ബ്ളൂഷേർക്ക് [4] വന്നുചേരുവാൻ സമയം കിട്ടി. എന്തുകൊണ്ടു് സാധിച്ചില്ല? നിലം നനഞ്ഞിരുന്നു; പീരങ്കിപ്പട്ടാളത്തിനു പണി തുടങ്ങുവാൻ നിലം കുറെ ഉറച്ചുകിട്ടുന്നതുവരെ കാത്തുനില്ക്കേണ്ടിവന്നു.

നെപ്പോളിയൻ പീരങ്കിപ്പട്ടാളത്തിലെ ഒരുദ്യോഗസ്ഥനായിരുന്നു; അതുകൊണ്ടു് പീരങ്കിയുടെ ഫലം അദ്ദേഹത്തിനു നല്ലവണ്ണമറിയാം. ഈ അസാധാരണനായ സൈന്യാധിപന്റെ നില മുഴുവനും പ്രത്യക്ഷീഭവിക്കുന്നതു ഡയറക്ടർമാർക്കയച്ച വിവരണക്കൂറിപ്പിൽ ഇതെഴുതിയതിലാണ്— ‘ഞങ്ങളുടെ ആ ഒരുണ്ട ആറുപേരെ കൊന്നു.’ വെടിയുണ്ടകൾക്കു പാകത്തിലായിട്ടാണു് ആ മനുഷ്യന്റെ യുദ്ധരീതികൾ ക്രമപ്പെട്ടിരുന്നതു്. പീരങ്കിപ്പട്ടാളത്തെ മുഴുവനും ഒരു ലക്ഷ്യത്തിൻ നേർക്ക് ഊന്നിനിർത്തുന്നതാണു് നെപ്പോളിയന്റെ വിജയരഹസ്യം. ശത്രുസൈന്യാധിപന്റെ യുക്തിയെ ഒരു കോട്ടയായി സങ്കല്പിച്ച് അതിനു് അദ്ദേഹം ഒരു വിടവുണ്ടാക്കും. ആ മർമത്തെ അദ്ദേഹം വെടിയുണ്ടകൊണ്ടു് തകർക്കും; പീരങ്കികൊണ്ടു് അദ്ദേഹം യുദ്ധങ്ങളെ കൂട്ടിച്ചേർക്കുകയും ചിന്നിത്തകർക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ അതിബുദ്ധിയിൽ വെടിക്കാരന്നുള്ള എന്തോ ഒന്നുണ്ടു്. അടുക്കടുക്കായി നശിപ്പിക്കുക, സൈന്യങ്ങളെ ഒരടിയായി പൊടിക്കുക, സേനാപംക്തികളെ പിളർക്കുക, കൂട്ടംകൂട്ടങ്ങളെ തകർത്തുചിതറുക—നെപ്പോളിയനെ സംബന്ധിച്ചടുത്തോളം സകലവും നില്ക്കുന്നതു് ഈ ഒന്നിലാണു്. അടിക്കുക, അടിക്കുക, അടിച്ച കുഴിയിൽത്തന്നെ അടിക്കുക— ഈ ജോലി അദ്ദേഹം പീരങ്കിയുണ്ടെയെ ഏല്പിച്ചു. ശൗര്യമയമായ ഒരു സമ്പ്രദായം; അതൊന്നു് അസാധാരണമായ ബുദ്ധിശക്തിയോടു കൂടിച്ചേർന്നപ്പോൾ ഈ വല്ലാത്ത യുദ്ധമല്ലനെ പതിനഞ്ചു കൊല്ലത്തേക്ക് അജയ്യ്യനാക്കിത്തീർത്തു.

1815 ജൂൺ 18-ആം തീയതി അദ്ദേഹം തന്റെ പീരങ്കിപ്പട്ടാളത്തിന്മേൽ കുറേക്കൂടി ചാരിനിന്നു; എന്തുകൊണ്ടെന്നാൽ, അതു ധാരാളമുണ്ടായിരുന്നു. വെല്ലിങ്ങ്ടന്നു് ആകെ ഒരുനൂറ്റമ്പത്തൊമ്പതു തിയ്യുവായകളേ ഉണ്ടായിരുന്നുള്ളു; നെപ്പോളിയന്നോ ഇരുനൂറ്റമ്പതു്.

നിലം ഉണങ്ങിയതാണെന്നും പീരങ്കിപ്പട്ടാളത്തിനു നീങ്ങാമായിരുന്നു എന്നും സങ്കല്പിക്കുക; എന്നാൽ രാവിലെ ആറു മണിക്കു യുദ്ധം ആരംഭിച്ചേനെ. രണ്ടു മണിക്ക് ജയം നേടി, യുദ്ധം കഴിയുമായിരുന്നു— എന്നുവെച്ചാൽ, ഭാഗ്യം ജർമൻ ഭാഗത്തേക്ക് തിരിഞ്ഞുപോയതിനു മൂന്നു മണിക്കൂർ മുൻപു്, ഈ യുദ്ധത്തിൽ പരാജയം പറ്റിയതിൽ നെപ്പോളിയന്നു് എന്തു പോരായ്മയുണ്ടു്? കപ്പൽ പാറമേലടിച്ചതു് അമരക്കാരന്റെ കുറ്റമാണോ?

നെപ്പോളിയനിൽ വെളിപ്പെട്ടിരുന്ന ദേഹദൗർബ്ബല്യമാണോ ഈ ഘട്ടത്തിൽ അന്ത:ശക്തിക്ക് ഒരു കുറവുണ്ടാക്കി തകരാറുപിണച്ചതു്? ഇരുപതു കൊല്ലത്തെ യുദ്ധം വാളിന്റെ പിടിക്കെന്നപോലെ അലകിനും, ദേഹത്തിനെന്നപോലെ മനസ്സിനും, തേച്ചിൽതട്ടിച്ചു എന്നുണ്ടോ? പഴക്കം വന്ന പടയാളി എന്ന നില ഗ്രഹപ്പിഴയ്ക്കു നേതൃത്വത്തിൽ കടന്നു തല കാട്ടിയോ? ചുരുക്കിപ്പറഞ്ഞാൽ, ഈ അസാധാരണബുദ്ധിമാനെ, പേരുകേട്ട ചില ചരിത്രകാരന്മാർ വിചാരിച്ചിരുന്നതുപോലെ, ഒരു ക്ഷയം ബാധിച്ചിരുന്നുവോ? തന്റെ ശക്തിക്ഷയത്തെ തന്നിൽനിന്നുതന്നെ മറച്ചുവെക്കുവാൻവേണ്ടി അദ്ദേഹം ഭ്രാന്തു കാണിച്ചു എന്നുണ്ടോ? പരാക്രമം കാണിക്കുക എന്ന ‘കാറ്റി’ൽ അദ്ദേഹം തിരിയാൻ തുടങ്ങിയോ? ആപത്തിനെപ്പറ്റി—ഒരു സൈന്യനായകന്റെ കാര്യത്തിൽ ഇതു ഗൗരവമുള്ളതാണ്— അദ്ദേഹത്തിന്നു് ഓർമയില്ലാതായോ? ഉച്ചണ്ഡകർമാക്കൾ എന്നു പറയാവുന്ന ഇത്തരം പ്രാപഞ്ചിക മഹാത്മാക്കൾക്ക് അതിബുദ്ധിയുടെ കാഴ്ച കുറഞ്ഞുപോകുന്നതായ ഒരു പ്രായം തട്ടലുണ്ടോ? ഭാവനാവിഷയത്തിൽ അതിബുദ്ധി കാണിക്കുന്നവരുടെ മേൽ വാർദ്ധക്യത്തിനു് ഒരധികാരവുമില്ല; എന്തുകൊണ്ടെന്നാൽ, ദാന്തെയും മൈക്കിൽ ഏൻജെലോവും പ്രായംകൊണ്ടു് വൃദ്ധന്മാരാവുന്നതു മാഹാത്മ്യത്തിൽ മുതിർന്നുവരുകയാണു്; ഹാനിബാൾമാരേയും ബോണോപ്പാർട്ടുമാരേയും സംബന്ധിച്ചേടത്തോളം അതു താണുപോവുകയാവാമോ? വിജയമാർഗത്തെ കണ്ടുപിടിപ്പാനുള്ള ഇന്ദ്രിയ വിശേഷം നെപ്പോളിയനിൽനിന്നു പോയ്പോയോ? കടൽപ്പാറ കണ്ടറിയാൻ, കെണിയുള്ളതു് ഊഹിച്ചെടുക്കുവാൻ, അഗാധഗുഹകളുടെ തകരുന്ന വക്കുകൾ നോക്കിക്കാണുവാൻ കഴിയാത്ത ഒരു ഘട്ടത്തിൽ അദ്ദേഹം എത്തിച്ചേർന്നുവോ? അത്യാപത്തുകളെ മണത്തറിയുന്ന ശക്തി അദ്ദേഹത്തിനു നഷ്ടപ്പെട്ടുവോ? മുൻകാലങ്ങളിൽ വിജയത്തിലേക്കുള്ള എല്ലാ നിരത്തുവഴികളും അറിഞ്ഞിരുന്ന അദ്ദേഹം— അതേ, മിന്നല്പിണരാകുന്ന തന്റെ തേരിൻമുകളിൽനിന്നു്, ഒരു രാജകീയാധികാരത്തോടുകൂടി അവയെ ചൂണ്ടിക്കാണിച്ചിരുന്ന മഹാൻ—ഇപ്പോൾ ആ കൈ വിരലിന്മേൽ കൂട്ടിക്കെട്ടിയ തന്റെ ക്ഷുഭിതസൈന്യത്തെ പാതാളത്തിലേക്കു നയിക്കത്തക്കവണ്ണം അത്രമേൽ അപായകരമായ ഒരമ്പരപ്പിൽ ചാടിപ്പോയിയെന്നോ? നാല്പത്താറാമത്തെ വയസ്സിൽ അദ്ദേഹത്തെ ഒരു മഹത്തായ ചിത്തഭ്രമം ബാധിച്ചു കളഞ്ഞുവോ? ദൈവഗതിയുടെ ആ പടുകൂറ്റനായ സാരഥി ഒരു വമ്പിച്ച താന്തോന്നിയല്ലാതെ അതിലധികമൊന്നുമില്ലെന്നായോ?

ഞങ്ങൾ അങ്ങനെ വിചാരിക്കുന്നില്ല.

എല്ലാവരും സമ്മതിച്ചിട്ടുള്ളവിധം, അദ്ദേഹം ആലോചിച്ച യുക്തി അത്യുത്തമമായിരുന്നു. സങ്കലിതസൈന്യത്തിന്റെ ഒത്ത നടുവിലേക്കു നേരെ ചെന്നുകയറുക, ശത്രുക്കളുടെ അണിയിൽ ഒരു പഴുതുണ്ടാക്കുക. അതിനെ രണ്ടു കഷ്ണമായി വെട്ടിമുറിക്കുക, ബ്രിട്ടീഷ് സൈന്യത്തെ ഹാൽപട്ടണത്തിലേക്കും ജർമൻസൈന്യത്തെ തോങ്ഗ്പട്ടണത്തിലേക്കും ആട്ടിയോടിക്കുക, മോസോൺങ്ഴാങ് കൈയിലാക്കുക; ബ്രൂസ്സെൽസ് പിടിച്ചടക്കുക, ജർമനിക്കാരെ റയിൻനദിയിലേക്കും, ഇംഗ്ലണ്ടുകാരെ കടലിനുള്ളിലേക്കും വലിച്ചെറിയുക. നെപ്പോളിയന്റെ ആലോചനയിൽ ഇതെല്ലാം ആ യുദ്ധത്തിൽ അടങ്ങിയിരിക്കുന്നു. പിന്നീടു് ആളുകൾക്കു കാണാം.

വാട്ടർലൂയുദ്ധത്തിന്റെ ഒരു ചരിത്രം ഇവിടെ പറഞ്ഞുകളയാം എന്നു ഞങ്ങൾ തീർച്ചയായും ഭാവിക്കുന്നില്ല. ഞങ്ങൾ പറഞ്ഞുവരുന്ന കഥയുടെ അടിസ്ഥാനമായ സംഭവം പരമ്പരയിൽ ഒന്നു് ഈ യുദ്ധവുമായി സംബന്ധിക്കപ്പെട്ടിരിക്കുന്നു എങ്കിലും ആ ഒരു ചരിത്രമല്ല ഞങ്ങളുടെ പ്രതിപാദനവിഷയം, എന്നു മാത്രമല്ല, ആ ചരിത്രം എഴുതി അവസാനിപ്പിച്ചിരിക്കുന്നുതാനും— അതേ, അതിന്റെ ഒരു നിലയിലെ രൂപം നെപ്പോളിയനും, മറ്റേ നിലയിലേതു് ഒരുകൂട്ടം ചരിത്രകാരന്മാർ മുഴുവൻകൂടിയും, ബഹുസാമർഥ്യത്തോടുകൂടി എഴുതി അവസാനിപ്പിച്ചിരിക്കുന്നു.

ഞങ്ങളാകട്ടേ, ചരിത്രകാരന്മാരെ തമ്മിൽത്തല്ലുവാൻ വിട്ടുകളയുന്നു; ഞങ്ങൾ ദൂരത്തുനിന്നു നോക്കിക്കാണുന്ന ഒരു സാക്ഷിമാത്രം. മൈതാനത്തിൽ ഒരു വഴിപോക്കൻ, മുഴുവനും മനുഷ്യമാംസംകൊണ്ടുണ്ടായിട്ടുള്ള ആ കളിമണ്ണിന്മേൽ കുനിഞ്ഞുനോക്കുന്ന—പക്ഷേ, പുറംകാഴ്ചകൾ വാസ്തവങ്ങളെന്നു മനസ്സിലാക്കുന്ന— ഒരന്വേഷകൻ; നിശ്ചയമായും മിത്ഥ്യാഭ്രമങ്ങൾ കൂടിക്കലർന്നിട്ടുള്ള ഓരോ സംഗതികളുടെ കൂട്ടത്തെ പ്രകൃതിശാസ്ത്രത്തിന്റെ പേരും പറഞ്ഞെതിർക്കുവാൻ ഞങ്ങൾക്കധികാരമില്ല; ഒരു പ്രസ്ഥാനവിശേഷത്തെ പ്രമാണപ്പെടുത്തുവാൻ വേണ്ട യുദ്ധസംബന്ധിയായ പരിചയമാവട്ടേ, സൂത്രത്തോടുകൂടിയ സാമർത്ഥ്യമാവട്ടേ, ഞങ്ങൾക്കില്ല; ഞങ്ങളുടെ അഭിപ്രായത്തിൽ, വാട്ടർലൂവിലെ രണ്ടു സൈന്യനേതാക്കന്മാരെയും യദൃച്ഛാസംഭവങ്ങളുടെ ഒരു ചങ്ങലകെട്ടു കീഴ്പെടുത്തി; വിധിയുടെ—ആ നിഗൂഢതന്ത്രനായ ഘാതുകന്റെ— പ്രവൃത്തികളെസംബന്ധിച്ചാവുമ്പോൾ ഞങ്ങൾ, ആ അതിസമർഥനായ ന്യായാധിപതിയെപ്പോലെ, സാമാന്യജനത്തെപ്പോലെ, തീർപ്പുചെയ്യുന്നു.

കുറിപ്പുകൾ

[4] വാട്ടർലൂയുദ്ധത്തിൽ പ്രഷ്യൻസൈന്യത്തിന്റെ അധിപതനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ജാഗ്രതയും പ്രസരിപ്പും കാരണം ‘മാർഷൽ ഫോർവേർഡ്’= (സേനാധിപതി മുമ്പോട്ടു്) എന്നൊരു നാമവിശേഷംകൂടി ഉണ്ടായിത്തീർന്നു.

2.1.4
A

വാട്ടർലൂ യുദ്ധത്തെപ്പറ്റി ഒരു ശരിയായ അറിവുണ്ടാകണമെന്നാഗ്രഹിക്കുന്നവർ മനസ്സുകൊണ്ടു് നിലത്തു് A ഇങ്ങനെ ഒരടയാളമിട്ടാൽ കഴിഞ്ഞു. “എ’ എന്ന ഈ ഇംഗ്ലീഷക്ഷരത്തിന്റെ ഇടത്തെ കൈ നീവെല്ലിലേക്കുള്ള വഴിയും, വലത്തെ കൈഗെനാപ്പിലേക്കുള്ള നിരത്തും, നടുക്കുള്ള കെട്ടു ബ്രയിൽലാല്യൂദിൽനിന്നു് ഒഹെങ്ങിലേക്കുള്ള കുണ്ടുവഴിയുമാണു്. എ (A) യുടെ മുകൾഭാഗം മോൺസാങ്ങ്ഴാങ്ങാണ്—വെല്ലിങ്ങ്ടൻ അവിടെ നില്ക്കുന്നു: ഇടത്തേ ഭാഗത്തുള്ള മുനയാണു് ഹൂഗോമോങ്ങ്— ഴെറോം, ബോണോപ്പാർട്ടോടുകൂടി റെയി അവിടെയാണു് വലത്തെ ഭാഗത്തുള്ള മുന ബെൽ—അലിയാൻസ്— ഇവിടെയാണു് നെപ്പോളിയന്റെ നില്പു്. രണ്ടു കൈയിന്റേയുംകൂടിയുള്ള ഇടക്കെട്ടിനു നടുവിലായിട്ടാണു് യുദ്ധത്തിന്റെ ശരിക്കുള്ള ഭരതവാക്യം പാടിയ സ്ഥലം. അവിടെയാണു് സിംഹത്തെ, ചക്രവർത്തിയുടെ രക്ഷാസൈന്യത്തിന്റെ മഹത്തായ ധീരോദാത്തതയ്ക്കുള്ള അനൈച്ഛിക ചിഹ്നത്തെ നിർത്തിയിട്ടുള്ളതു്.

എ (A) യുടെ മുകൾബ്ഭാഗത്തു രണ്ടു കൈകളും ഇടക്കെട്ടുംകൂടി ഉണ്ടാകുന്ന ത്രികോണം മോൺസാങ്ങ്ഴാങ്ങ് എന്ന വെളിമ്പറമ്പാണു്. ഈ വെളിമ്പറമ്പിനെപ്പറ്റിയുള്ള തർക്കത്തിലൊതുങ്ങി യുദ്ധം മുഴുവനും. രണ്ടു സൈന്യങ്ങളുടേയും വരികൾ ഇടത്തും വലത്തുമായി ഗെനാപ്പും നീവെല്ലുംവരെ നീണ്ടുനിന്നിരുന്നു; ദർലോങ്ങ് പിക്റ്റനു നേരെയും, റെയി ഹില്ലിനു നേരെയും തിരിഞ്ഞു നില്ക്കുന്നു.

എ (A) യുടെ മുകളിലത്തെ മുനയ്ക്കു പിന്നിൽ, മോൺസാങ്ങ് ഴാങ്ങിൽ വെളിമ്പറമ്പിനു പിന്നിലായിട്ടാണു് സ്വാങ്ങ് കാട്ടുപ്രദേശം. മൈതാനത്തെപ്പറ്റി മാത്രം പറയകയാണെങ്കിൽ, അലകൾ, പൊങ്ങുന്നതുപോലെ തോന്നുന്ന ഒരു പരന്ന സ്ഥലം വായനക്കാർ സ്വയം വിചാരിക്കട്ടെ; ഓരോ ഉയർച്ചയും അതിനു പിന്നിലുള്ള ഉയർച്ചയെ കാണിക്കുന്നു; അങ്ങനെ മേല്പോട്ടു കയറിച്ചെന്നാൽ മോൺസാങ്ങ്ഴാങ്ങിലെത്തും; അവിടുന്നങ്ങോട്ടു കാട്ടുപുറം.

ഒരു യുദ്ധക്കളത്തിലുള്ള രണ്ടു ശത്രുസൈന്യങ്ങൾ രണ്ടു ഗുസ്തിപിടുത്തക്കാരാണു്. എതിരാളിയുടെ അരയ്ക്കു കെട്ടിപ്പിടിക്കുന്നതാരെന്നാണു് ചോദ്യം. ഒരാൾ മറ്റെയാളെ തട്ടിമറിച്ചിടുവാൻ നോക്കുന്നു. അവർ കണ്ടതിനെയെല്ലാം പിടികൂടും; ഒരുമരച്ചില്ല ഒരു താങ്ങാണു്; ഒരു മതിൽമൂല അവരുടെ ചുമലിന്നു് ഒരൂന്നു കൊടുക്കുന്നു; കഷ്ടിച്ചൊന്നു നിലക്കൊൾവാൻ ഒരു ചെറ്റക്കുടിൽ കിട്ടാഞ്ഞതുകൊണ്ടു് ഒരു സൈന്യസഞ്ചയം നിലതെറ്റിപ്പോകുന്നു; നിലത്തുള്ള ഒരു നിരപ്പുകേടിനു, ഭൂഭാഗങ്ങളിൽ യദൃച്ഛയായുണ്ടാകുന്ന ഒരു വളവിനും, തത്സമയത്തു വന്നുപെട്ട ഒരു വഴിത്തിരിവിനു്, ഒരു മരത്തോപ്പിനു, സൈന്യമെന്നു വിളിക്കപ്പെടുന്ന ആ പടുകൂറ്റന്റെ കാൽമടമ്പു തടഞ്ഞുള്ള പിന്നോട്ടൊഴിയലിനെ നിർത്താൻ സാധിക്കും. ആർ കളം വിട്ടു പോകുന്നുവോ അവൻ തോറ്റു; അതുകൊണ്ടു് എത്ര നിസ്സാരമായ മരക്കൂട്ടവും നോക്കിപ്പരീക്ഷണം ചെയ്യുന്നതും, നിലത്തുള്ള എത്ര ചെറുതായ വിടവുകൂടിയും ശ്രദ്ധിച്ചു മനസ്സിലാക്കുന്നതും, ഉത്തരവാദിത്വമുള്ള സൈന്യനേതാവിനു് അത്യാവശ്യമാണെന്നു വരുന്നു. വാട്ടർലൂ എന്നു് ഇപ്പോൾ വിളിക്കപ്പെട്ടുവരുന്ന മോൺസാങ്ങ് ഴാങ്ങ് മൈതാനത്തെ രണ്ടു സൈന്യാധിപന്മാരും ശരിക്കു നോക്കിപ്പഠിച്ചിട്ടുണ്ടായിരുന്നു. വെല്ലിങ്ങ്ടൻ മുൻകൊല്ലത്തിൽ മുൻകരുതലിനുള്ള സാമർഥ്യവിശേഷത്തോടുകൂടി, ഒരു വലിയ യുദ്ധം നടക്കാവുന്ന സ്ഥലമാണെന്നുവച്ച് ഈ സ്ഥലം നോക്കിപ്പഠിക്കുകയുണ്ടായി! അങ്ങനെ, ജൂൺ 18-ാം തിയ്യതിയത്തെ ഈ ദ്വന്ദ്വയുദ്ധത്തിൽ, വെല്ലിങ്ങ്ടന്നു നല്ല സ്ഥാനവും നെപ്പോളിയന്നു ചീത്ത സ്ഥാനവും കിട്ടി. ഇംഗ്ലീഷു സൈന്യം മുകളിലും ഫ്രഞ്ചുസൈന്യം ചുവട്ടിലുമായി.

1815 ജൂൺ 18-ാം തിയ്യതി പ്രഭാതത്തിൽ, കുതിരപ്പുറത്തു, കൈയിൽ ദൂരദർശിനിയുമായി, റോസ്സാംകുന്നിനു മുകളിൽ നില്ക്കുന്ന നെപ്പോളിയന്റെ തല ഇവിടെ എഴുതിക്കാണിക്കുന്നതു് ഏതാണ്ടു് അനാവശ്യമാണു്. ഞങ്ങൾക്കു കാണിക്കാൻ കഴിയുന്നതിനു മുൻപായി അദ്ദേഹത്തെ ലോകം മുഴുവനും കണ്ടിരിക്കുന്നു. മൂന്നു മൂലയോടുകൂടിയ ചെറുതൊപ്പിയുടെ ചുവട്ടിലുള്ള ആ ശാന്തമായ മുഖം, ആ പച്ച നിറത്തിലുള്ള ഉടുപ്പു്, കീർത്തിമുദ്രയെ മറയ്ക്കുന്ന വെള്ളപ്പട്ടു്, അംസാഭരണങ്ങളെ ഒളിപ്പിക്കുന്ന വലിയ പുറംകുപ്പായം, മുറിക്കുപ്പായത്തിന്റെ അടിയിൽനിന്നു പതുങ്ങിനോക്കുന്ന ചുകപ്പുനാടത്തുമ്പു്, തോൽകൊണ്ടുള്ള കാലുറകൾ, മൂലകളിൽ കിരീടരേഖയുള്ള അടയാളങ്ങളും ഗൃധ്രമുദ്രകളുമുള്ള ധൂമ്രനീരാളച്ചല്ലണത്തോടുകൂടിയ വെള്ളക്കുതിര, പട്ടുകീഴ്ക്കാലുകൾക്കു മീതെ പൊടിപ്പുപാപ്പാസ്സുകൾ, നീണ്ട ഖഡ്ഗം— അദ്വിതീയന്മാരായ ചക്രവർത്തിമാരിൽ ഒടുവിലത്തെയാളുടെ ഈ സ്വരൂപം മുഴുവനും എല്ലാവരുടേയും മനോദൃഷ്ടിക്കു മുൻപാകെ എപ്പോഴും പരിശോഭിക്കുന്നതാണു്, ചിലർ അതിനെ കോലാഹലത്തോടുകൂടി അഭിവാദ്യം ചെയ്യുന്നു, മറ്റു ചിലർ ഗൗരവത്തോടുകൂടി നോക്കിക്കാണുന്നു.

ആ സ്വരൂപം കുറേക്കാലത്തേക്കു വെളിച്ചത്തുതന്നെയായിരുന്നു; ഈ വെളിച്ചം അത്ഭുതപുരുഷന്മാരിൽ മിക്കപേരെയും ചുറ്റിനില്ക്കുന്നതും; സത്യത്തെ എപ്പോഴും ഏറെക്കുറെ മറയ്ക്കുന്നതുമായ ഐതിഹാസികനിഴല്പാടിൽനിന്നു പൊന്തിവന്നതാണു്; എന്നാൽ ഇപ്പോൾ ചരിത്രവും സൂര്യപ്രകാശവും അവിടെ എത്തിയിരിക്കുന്നു!

ചരിത്രമെന്നു പറയപ്പെടുന്ന ആ പ്രകാശം നിർദ്ദയമാണു്; അതു ശുദ്ധമേ പ്രകാശമായതുകൊണ്ടു്, എന്നല്ല അതു മുഴുവനും പ്രകാശംതന്നെയായതുകൊണ്ടു്, ആളുകൾ അതേവരെ പ്രകാശനാളം കണ്ടിരുന്നേടങ്ങളിൽ അതു് ഇരുട്ടിനെ വ്യാപിപ്പിക്കുമെന്നുള്ള ആ ദിവ്യവും അസാധാരണവുമായ സവിശേഷത അതിന്നുണ്ടു്; ഒറ്റ ആളിൽനിന്നുതന്നെ അതു രണ്ടു ഭിന്നങ്ങളായ മിഥ്യാസ്വരൂപങ്ങളെ പുറപ്പെടുവിക്കുന്നു; അവയിൽ ഒന്നു മറ്റതിനെ എതിർക്കുകയും വിചാരണചെയ്തു വിധി കല്പിക്കുകയും ചെയ്യുന്നു; സ്വേച്ഛാധികാരത്തിൽ നിഴലുകൾ നേതൃത്വത്തിന്റെ പ്രകാശവുമായി കൂട്ടിമുട്ടുന്നു. അതുകൊണ്ടാണു് അതൊരു ജനസമുദായങ്ങളുടെ ഉറച്ച തീർപ്പുകളിൽ കുറേക്കൂടി സത്യപ്രമാണ്യം ഉണ്ടാകുന്നതു്. തകർക്കപ്പെട്ട ബാബിലോൺ [5] അലക്സാൻഡർ ചക്രവർത്തിയെ താഴ്ത്തി; ബന്ധിക്കപ്പെട്ട റോം രാജ്യം സീസറെ താഴ്ത്തി; തലയെടുക്കപ്പെട്ട ജെറുസലം ടൈറ്റസിനെ [6] താഴ്ത്തി; ദുഷ്ടത ദുഷ്ടനെ പിന്തുടരുന്നു. മനുഷ്യന്നു തന്റെ രൂപത്തെ വഹിക്കുന്ന രാത്രിയെ പിന്നിലിട്ടും വെച്ചു പോകേണ്ടിവരുന്നതു് അവന്റെ നിർഭാഗ്യമാണു്.

കുറിപ്പുകൾ

[5] ക്രിസ്ത്വാബ്ദത്തിന്നു 2300 കൊല്ലം മുൻപു മുതൽ ബാബിലോണിയാരാജ്യത്തിന്റെ തലസ്ഥാനനഗരി.

[6] ഒരു പ്രസിദ്ധ റോമൻ ചക്രവർത്തി.

2.1.5
യുദ്ധങ്ങളുടെ ഗൂഢഭാഗം

ഈ യുദ്ധത്തിന്റെ ആദ്യഭാഗം എല്ലാവർക്കും പരിചയപ്പെട്ടതാണു്; അതേ, ക്ഷുഭിതവും, അനിശ്ചിതവും, സംശയം തീരാത്തതും, ഇരുസൈന്യങ്ങളേയും പേടിപ്പെടുത്തുന്നതുമായ— ഫ്രാൻസുകാരെക്കാളധികം ഭയപ്പെടുത്തിയതു് ഇംഗ്ലണ്ടുകാരെയാണ്—ആരംഭഭാഗം.

രാത്രി മുഴുവനും മഴ പെയ്തു; ഒരോ തുള്ളിയുടേയും ശക്തികൊണ്ടു നിലം തുളഞ്ഞുകീറി; പീപ്പകളിലെന്നപോലെ, അവിടെ മൈതാനത്തിലെ കുഴികളിൽ

വെള്ളം കെട്ടി; പീരങ്കിപ്പട്ടാളത്തിന്റെ വണ്ടിയുടെ പല്ലുചക്രം ചില ദിക്കിൽ അച്ചുതണ്ടുവരെ നിലത്താണ്ടു; കുതിരകളുടെ മേൽനിന്നു ചളിവെള്ളം ഇറ്റിറ്റു വീണു. യുദ്ധസാമഗ്രികകളോടുകൂടി പായുന്ന സേനാവിഭാഗത്താൽ ചവുട്ടിപ്പുഴക്കപ്പെട്ട കോതമ്പും മുത്താറിയുംകൊണ്ടു് ചക്രച്ചാലുകൾ നിറയുകയും, ചക്രങ്ങളുടെ ചുവട്ടിൽ വൈക്കോൽ വിരിപ്പു നിരക്കുകയും ചെയ്തിട്ടില്ലെങ്കിൽ, പാപ്പിലോത്തിനു നേരെയുള്ള ഈ പടയോട്ടം, വിശേഷിച്ചും വയലുകളിലൂടെയുള്ള പോക്ക്, അസാധ്യമാകുമായിരുന്നു.

കാര്യം തുടങ്ങുവാൻ നേരം വൈകി. ഞങ്ങൾ മുൻപേ പറഞ്ഞതുപോലെ, തന്റെ പീരങ്കിപ്പട്ടാളത്തെ മുഴുവനും കൈയിലെടുത്തു് ഒരിക്കൽ യുദ്ധത്തിന്റെ ഒരു ഭാഗത്തേക്കും മറ്റൊരിക്കൽ മറ്റൊരു ഭാഗത്തേക്കുമായി, ഒരു കൈത്തോക്കിനെയെന്നപോലെ, ചൂണ്ടുന്നതാണു് നെപ്പോളിയന്റെ സ്വഭാവം; കുതിരപ്പീരങ്കികൾക്ക് ഇളകുവാനും പാഞ്ഞുകയറുവാനും തരപ്പെടുന്നതുവരെ കാക്കുകയായിരുന്നു അദ്ദേഹത്തിന്നാവശ്യം. അതിനു സൂര്യൻ പുറത്തേക്കു വന്നു നിലം ഉറപ്പുവരുത്തണം. ഒന്നാമത്തെ പീരങ്കി പൊട്ടിയപ്പോൾ ഇംഗ്ലീഷ് സേനാനായകൻ കോൾവയിൽ ഘടികാരമെടുത്തു നോക്കി; പതിനൊന്നു മണി മുപ്പത്തഞ്ചു മിനിട്ടായി എന്നു കണ്ടു.

ഹൂഗോമോങ്ങിൽ നില്ക്കുന്ന ഫ്രഞ്ചുസൈന്യം യുദ്ധമാരംഭിച്ചതും ഭയങ്കരമായിട്ടാണ്—ഒരു സമയം ചക്രവർത്തി ആഗ്രഹിച്ചിരുന്നതിലധികം ഭയങ്കരമായിട്ടാണു്. ആ സമയത്തുതന്നെ, ക്വിയോവിന്റെ സൈന്യത്തെ ലായിസാന്തിലേക്കു വലിച്ചെറിഞ്ഞുകൊണ്ടു്, നെപ്പോളിയൻ മധ്യഭാഗത്തെ എതിർത്തു. എന്നല്ല നേ [7] ഇടതുഭാഗത്തു നിർത്തിയിട്ടുള്ള ഫ്രഞ്ച്സേനാവിഭാഗത്തെ പാപ്പിലോത്തിൽ മുട്ടി നില്ക്കുന ഇംഗ്ലീഷ് സൈന്യത്തിനു നേരെ തള്ളിക്കയറ്റി.

ഹൂഗോമോങ്ങിലെ യുദ്ധം ഒരുതരം തന്ത്രമായിരുന്നു; വെലിങ്ടനെ അങ്ങോട്ടു വലിച്ചുവരുത്തി; ഇടത്തോട്ടയയ്ക്കുകയായിരുന്നു ആലോചിച്ച യുക്തി. ഇംഗ്ലീഷ് രക്ഷിസംഘത്തിലെ നാലു വകുപ്പുകളും ബെൽജിയൻ സൈന്യാധിപനായ പേർപ്പോങ്ങ്ഷേരുടെ കീഴിലുള്ള സേനകളും ഉറച്ചുനില്ക്കാതിരിക്കുകയും, വെല്ലിങ്ങ്ടൻ തന്റെ സൈന്യങ്ങളെ അവിടെ ഒരുമിച്ചു നിർത്തുന്നതിനുപകരം, സാഹായ്യ്യത്തിനായി നാലു രക്ഷിസംഘങ്ങളേയും ബ്രൺസ്വിക്കിന്റെ കൂട്ടത്തിൽനിന്നു് ഒരു പട്ടാളവകുപ്പിനേയും മാത്രം പറഞ്ഞയയ്ക്കാൻ നോക്കുകയുമാണു് ചെയ്തതെങ്കിൽ, ഈ യുക്തി കുറിക്കുകൊള്ളുമായിരുന്നു.

വലതുഭാഗത്തെ ഫ്രഞ്ച് സൈന്യം പാപ്പിലോത്തിനു നേരെ കേറിയ കേറ്റം വാസ്തവത്തിൽ ഇംഗ്ലണ്ടുകാരുടെ ഇടത്തെ സൈന്യത്തെ തകരാറാക്കുന്നതിനും ബ്രൂസൽസിലേക്കുള്ള വഴി തടയുന്നതിനും, വന്നു ചേർന്നേക്കാവുന്ന ജർമനിക്കാരെ തടയുന്നതിനും, മോൺസാങ്ങ് ഴാങ്ങ് പിടിച്ചടക്കുന്നതിനും, വെല്ലിങ്ങ്ടനെ ഹൂഗോമോങ്ങിലേക്കും അവിടെനിന്നു ബ്രയിൻ-ലാല്യൂദിലേക്കും അവിടെനിന്നു ഹാലിലേക്കും തിരിച്ചയയ്ക്കുന്നതിനും വേണ്ടിയായിരുന്നു; ഇതിലധികം എളുപ്പമായിട്ടൊന്നില്ല. ചില ചില്ലറ കാര്യങ്ങളെ ഒഴിച്ചാൽ ആ തള്ളിക്കയറ്റം സഫലമാകുകതന്നെ ചെയ്തു. പാപ്പിലോത്തു് പിടിച്ചടക്കി; ലായിസാന്തു് കൈയിലായി.

ഓർമ്മിക്കേണ്ട ഒരു സംഗതി. ഇംഗ്ലീഷ് കാലാൾപ്പടയുടെ കൂട്ടത്തിൽ, വിശേഷിച്ചും കെംറ്റിന്റെ സൈന്യത്തിൽ, പുതുതായി ചേർക്കപ്പെട്ട പട്ടാളക്കാർ വളരെയധികമുണ്ടായിരുന്നു. ആ ചെറുപ്പക്കാരായ ഭടന്മാർ നമ്മുടെ ധീരോദാത്തന്മാരായ പദാതികളുടെ സാന്നിധ്യത്തിൽ വലിയ ശൂരന്മാരായി; അവരുടെ പരിചയക്കുറവു് അവരെ കൂസൽകൂടാതെ അപകടത്തിൽനിന്നു വേർപെടുത്തി; ചില്ലറപ്പോരുകളിൽ വിശേഷിച്ചും ഇവരെക്കൊണ്ടുപകാരമുണ്ടായി; ചില്ലറപ്പോരിലേർപ്പെടുന്ന ഭടൻ, യഥേഷ്ടം പ്രവർത്തിക്കാവുന്നതുകൊണ്ടു്, തൽക്കാലത്തേക്ക് അവനവന്റെ സേനാപതിയായിത്തീരുന്നു. ഈ പുതുഭടന്മാർ ഫ്രാൻസുകാരുടെ ശൗര്യവും പരാക്രമവും കാണിച്ചു. തഴക്കമില്ലാത്ത ഈ കാലാൾപ്പടയ്ക്കു നല്ല പ്രസരിപ്പുണ്ടായിരുന്നു. ഇതു് വെല്ലിങ്ടനെ മുഷിപ്പിച്ചു.

ലായിസാന്തു് പിടിച്ചതോടുകൂടി യുദ്ധം ഒന്നിളകി.

അന്നു് ഉച്ചമുതൽ നാലുമണിവരേയ്ക്ക് ഒരിരുണ്ട വിടവു കാണുന്നു: ഈ യുദ്ധത്തിന്റെ മധ്യഭാഗം അത്ര വ്യക്തമല്ല; അതു് ദ്വന്ദ്വയുദ്ധത്തിനുള്ള അപ്രസന്നതയിൽപ്പെടുന്നു. അതിന്മേൽ സന്ധ്യ കയറി. ആ മങ്ങലിൽ, തല ചുറ്റിക്കുന്ന മൃഗതൃഷ്ണതയിൽ, മഹത്തരങ്ങളായ ചില ഇളക്കങ്ങൾ—ഇന്നു മുക്കാലും അജ്ഞാതങ്ങളായിപ്പോയ യുദ്ധക്കോപ്പുകൾ—കാണപ്പെടുന്നുണ്ടു്; സാദികളുടെ പാറിപ്പറക്കുന്ന തോൽസഞ്ചികൾ, വാറുകൾ, തീക്കുടുക്കിൻ തിരപ്പെട്ടികൾ, കുതിരപ്പടയാളിനിലയങ്കികൾ, ഒരായിരം ചുളിവുകളോടുകൂടിയ പാദരക്ഷകൾ, നാടകളെക്കൊണ്ടു മാലയണിഞ്ഞു കനത്ത ശിരോലങ്കാരങ്ങൾ, ഇംഗ്ലണ്ടിലെ ചുകന്ന കാലാൾപ്പടയോടു കൂടിക്കലർന്നതായ ബ്രൺസ്വിക്കിന്റെ ഏതാണ്ടു് കറുത്ത കാലാൾക്കൂട്ടം,അംസാലങ്കാരങ്ങൾക്കു പകരം ചുമലുകലുടെ വളവിൽ വെളുത്ത വട്ടച്ചെറുമെത്തകളോടുകൂടിയ ഇംഗ്ലീഷ്ഭടന്മാർ, നീണ്ടു ചതുരത്തിലുള്ള ചർമശിരസ്ത്രങ്ങളോടു കൂടിയ ജർമൻ കുതിരപ്പട്ടാളം, നഗ്നങ്ങളായ കാൽമുട്ടുകളോടും കള്ളികളുള്ള വസ്ത്രങ്ങളോടുംകൂടിയ സ്കോട്ലാണ്ടുകാർ, വെളുത്തു വമ്പിച്ച വെൺപാദരക്ഷകളോടുകൂടിയ നമ്മുടെ പട്ടാളക്കാർ—ഇങ്ങനെ യുദ്ധത്തിനുതകുന്ന വരിനിരപ്പുകളല്ല, സാൽവറ്റർ റോസ [8] ക്ക് ആവശ്യമുള്ളവയും ഗ്രിബോവലി [9] ന്റെ ആവശ്യങ്ങൾക്കു യോജിക്കാത്തവയുമായ ചിത്രങ്ങൾ.

എപ്പോഴും യുദ്ധത്തോടു കുറച്ചു കൊടുങ്കാറ്റു കൂടിക്കലർന്നുനില്ക്കും, ഗൂഢമായതെന്തോ അതു ദിവ്യമാണു്. പ്രായേണ ഈ ലഹളയ്ക്കുള്ളിൽനിന്നു് ഓരോ ചരിത്രകാരനും തനിക്കു രസം തോന്നിക്കുന്ന ഭാഗത്തെ തപ്പിയെടുക്കുന്നു. സേനാധിപന്മാരുടെ കൂട്ടുകെട്ടു് എന്തുതന്നെയായാലും ശരി, പൊതുഭടസംഘത്തിന്റെ കയറ്റത്തിനു് ഇന്നപ്പോഴെന്നില്ല. ഒരു വേലിയിറക്കമുണ്ടു്. യുദ്ധം ചെയ്യുന്ന സമയത്തു് രണ്ടു സേനാധിപതികളുടേയും ആലോചനകൾ പരസ്പരം കൂടിപ്പിണയുകയും പരസ്പരം രൂപഭേദം പ്രാപിക്കുകയും ചെയ്യുന്നു. യുദ്ധക്കളത്തിന്റെ ഈ ഒരു നില, നനവേറുന്നേടത്തോളം വേഗത്തിൽ നിലം വെള്ളം കുടിക്കുന്നതുപോലെ, മറ്റുള്ളതിലധികം പോരാളിവർഗത്തെ സാപ്പീട്ടുകളയുന്നു. കരുതുന്നതിലധികം പട്ടാളങ്ങളെ അവിടെ കൊണ്ടുനിറച്ചു കൊടുക്കേണ്ടിവരുന്നു; അപ്രതീക്ഷിതങ്ങളായ ഒരുപാടു ചെലവുകൾ; പടയണികൾ നൂലുപോലെ ഇളകുകയും ഓളം മറിയുകയും ചെയ്യുന്നു; ഒരു ക്രമവുമില്ലാതെ രക്തച്ചാലുകൾ തള്ളിയലയ്ക്കുന്നു; സൈന്യത്തിന്റെ മുന്നണികൾ ചാഞ്ചാടുന്നു; സേനകൾ മുന്നോട്ടു ചെല്ലുകയും പിന്നോട്ടു വാങ്ങുകയും ചെയ്യുമ്പോൾ മുനമ്പുകളും ചുഴിപ്പുകളുമുണ്ടാകുന്നു. ഈ കടൽപ്പാറകളിലോരോന്നും അതാതിന്റെ മുൻപിലൂടെ നിലകൊള്ളാതെ സഞ്ചരിക്കുന്നു. കാലാൾപ്പട നിന്നിരുന്നേടത്തു പീരങ്കിപ്പട്ടാളമെത്തുന്നു; പീരങ്കിപ്പട്ടാളം നിന്നിരുന്ന ദിക്കിൽ കുതിരപ്പട്ടാളം പാഞ്ഞുകയറുന്നു; പട്ടാളങ്ങൾ പുകപോലെയാണു്. എന്തോ അവിടെ ഉണ്ടായിരുന്നു; നോക്കൂ, അതു് മറഞ്ഞുകഴിഞ്ഞു; തുറസ്സായ ഇടങ്ങൾ സ്ഥലം മാറുന്നു; മങ്ങിയ മടക്കുകൾ മുമ്പോട്ടു ചെല്ലുകയും ചെയ്യുന്നു; ഒരുതരം ചുടലക്കാറ്റു് ഈ പിടയുന്ന ആൾക്കൂട്ടത്തെ മുൻപോട്ടു തള്ളുകയും പിമ്പോട്ടു വലിച്ചെറിയുകയും ദൂരത്തേക്ക് അകറ്റുകയും ചിതറുകയും ചെയ്യുന്നു. കലഹം എന്നാൽ എന്താണു്? ഒരു ചാഞ്ചാടലോ? ഗണിതശാസ്ത്രയുക്തിയുടെ സുസ്ഥിരതയെ കാണിക്കുന്നതു് ഒരു നിമിഷമാണു്, ഒരു ദിവസമല്ല. ഒരു യുദ്ധം ശരിയായി വരച്ചു കാണിക്കണമെങ്കിൽ, ആരുടെ തൂലികാഗ്രത്തിലോ പ്രളയകാലത്തിലെ മഹാക്ഷോഭമുള്ളതു് ആ ത്രാണിയേറിയ ചിത്രകാരന്മാരിൽ ഒരുവൻ തന്നെ വേണ്ടിയിരിക്കുന്നു. റെംബ്രാണ്ടിനെ [10] ക്കാൾ നല്ലതു് വാൻദർമ്യൂലാങ്ങാ [11] ണു്; എന്നാൽ ഉച്ചയ്ക്കു സത്യം പറയുന്ന വാൻദർമ്യൂലാങ്ങ് തന്നെ മൂന്നുമണിക്കായാൽ നുണയനാവും! ക്ഷേത്രഗണിതം ചതിയനാണു്. കൊടുങ്കാറ്റു മാത്രമേ വിശ്വാസയോഗ്യമായിട്ടുള്ളു. പൊളിബിസ്സി [12] നെ എതിർത്തു പറയാൻ ഫോർലാർഡി [13] ന്നു് അധികാരം കൊടുക്കുന്നതു് അതാണു്. ഞങ്ങൾ ഒന്നുകൂടി തുടർന്നു പറയട്ടെ— മഹായുദ്ധം ഒരു ദ്വന്ദ്വയുദ്ധത്തിലേക്ക് ഇടിഞ്ഞുപോകുന്ന, അതാതു ഭാഗങ്ങളിലായി പ്രത്യേകം പ്രത്യേകം കനംപിടിക്കുന്ന, ഒന്നുതന്നെ പലപല കൂട്ടങ്ങളായിത്തീരുന്ന, നെപ്പോളിയൻതന്നെ ഒരിക്കൽ പറഞ്ഞിട്ടുള്ളതു് കടം മേടിക്കുന്നപക്ഷം ‘സൈന്യസഞ്ചയത്തിന്റെ ചരിത്രത്തെക്കാളധികം സൈന്യവകുപ്പുകളുടെ ജീവചരിത്രത്തിലേക്കു ചേർന്ന’ അസംഖ്യം പരാക്രമഭേദങ്ങളായി ചിന്നിച്ചിതറുന്ന, ഒരു സന്ദർഭവിശേഷമുണ്ടു്. അതൊന്നിൽ സകലവും കൂട്ടിയൊതുക്കുവാൻ ചരിത്രകാരന്മാർക്കു സ്പഷ്ടമായി അധികാരമുണ്ടു്. യുദ്ധത്തിന്റെ പ്രധാന ഭാഗങ്ങളെ കടന്നു പിടികൂടുകയല്ലാതെ അതിലധികമൊന്നും ചെയ്വാൻ അവരെക്കൊണ്ടാവില്ല; എത്രതന്നെ സത്യവാനായാലും ശരി, ഒരെഴുത്തുകാരനെക്കൊണ്ടും യുദ്ധം എന്നു് വിളിക്കപ്പെടുന്ന ആ ഭയങ്കരമേഘത്തിന്റെ സ്വരൂപം തികച്ചും ഉറപ്പിച്ചുനിർത്തുവാൻ കഴിയുന്നതല്ല.

എല്ലാ യുദ്ധങ്ങളെ സംബന്ധിച്ചും വാസ്തവമായ ഒരു സംഗതി വാട്ടർലൂവിനെപ്പറ്റിയേടത്തോളം വിശേഷിച്ചും വാസ്തവമാണു്.

എന്തായാലും ഉച്ചതിരിഞ്ഞ് ഒരു മണിസമയത്തു യുദ്ധം വീണ്ടും ഒരു നിലയ്ക്കെത്തി.

കുറിപ്പുകൾ

[7] നെപ്പോളിയന്റെ ഒരു വലിയ സുഹൃത്തായ ഇദ്ദേഹത്തെ ചക്രവർത്തി മോസ്കോവിലെ രാജാവാക്കി. രാജവാഴ്ച വീണ്ടും സ്ഥാപിക്കപ്പെട്ടപ്പോൾ ഇദ്ദേഹം രാജ്യദ്രോഹക്കുറ്റത്തിനു കൊല്ലപ്പെട്ടു.

[8] ഒരു പ്രസിദ്ധനായ ഇറ്റലിക്കാരൻ ചിത്രകാരൻ. ചരിത്രകഥാപാത്രങ്ങളെയാണു് ഇദ്ദേഹം അധികവും വരച്ചിട്ടുള്ളതു്.

[9] അത്ര പ്രസിദ്ധനല്ല.

[10] ഹോളണ്ടുകാരനായ ചിത്രകാരനും കൊത്തുപണിക്കാരനും, ‘രാത്രിയിലെ പാറാവു്’ എന്നു് ഇദ്ദേഹത്തിന്റെ ചിത്രം ലോകപ്രസിദ്ധമാണു്.

[11] അത്ര പ്രസിദ്ധനല്ല.

[12] ഒരു ഗ്രീക്ക് ചരിത്രകാരൻ.

[13] ഒരു ഫ്രഞ്ചുഭടനും യുദ്ധയുക്തികളെപ്പറ്റി ഒരു ഗ്രന്ഥമെഴുതിയിട്ടുള്ളാളും.

2.1.6
ഉച്ചതിരിഞ്ഞു നാലുമണി

നാലുമണിയോടുകൂടി ഇംഗ്ലീഷ് സൈന്യത്തിന്റെ സ്ഥിതി കുറേ ചിന്തനീയമായി. ഓറൻജ് രാജകുമാരൻനടുക്കും, ഹിൽ വലത്തുവശത്തും, പിക്റ്റൺ ഇടത്തു പുറത്തുമാണു് നേതൃത്വം വഹിച്ചിരുന്നതു്. ഒരു നോട്ടവുമില്ലാത്തവനും തീരെ ഭയരഹിതനുമായിരുന്ന ഓറൻജ് രാജകുമാരൻ ബെൽജിയസൈന്യത്തോടു വിളിച്ചു പറഞ്ഞു: ‘നസ്സോ! ബ്രൺസ്വിക്ക്! ഒരിക്കലും പിൻതിരിയരുത്!’ ക്ഷീണിച്ചുപോയ ഹിൽ ചെന്നു വെല്ലിങ്ങ്ടന്റെ തണലിൽക്കൂടി; പിക്റ്റൺ മരിച്ചു. 105-ാമത്തെ ഫ്രഞ്ച് സൈന്യവകുപ്പിൽനിന്നു് ഇംഗ്ലണ്ടുകാർ കൊടിപിടിച്ചടക്കിയ ആ നിമിഷത്തിൽ ഫ്രാൻസുകാർ ഇംഗ്ലീഷ് സേനാനായകനായ പിക്റ്റന്റെ തലയിലൂടെ ഒരുണ്ടയയച്ചു കഥ കഴിച്ചു. വെല്ലിങ്ടനെസ്സംബന്ധിച്ചേടത്തോളം യുദ്ധത്തിനു പ്രധാനമായി രണ്ടു സ്ഥലമാണുണ്ടായിരുന്നതു്. ഹൂഗോമോങ്ങും ലായിസാന്തും. ഹൂഗോമോങ്ങ് അപ്പോഴും പിടിച്ചുനില്ക്കുന്നുണ്ട്— പക്ഷേ, തിയ്യിലാണു്; ലായിസാന്തു് അന്യാധീനമായിക്കഴിഞ്ഞു. അതു കാത്തിരുന്ന ജർമ്മൻസൈന്യത്തിൽ നാല്പത്തിരണ്ടുപേർ മാത്രമേ ചാവാതെ ശേഷിച്ചിട്ടുള്ളൂ; അധിപന്മാർ അഞ്ചൊഴിച്ചു ബാക്കിയുള്ളവരെല്ലാം മരിച്ചു. അല്ലെങ്കിൽ ബന്ധനത്തിലായി. ആ കളപ്പുരയിൽവെച്ചു മുവ്വായിരം പോരാളികൾ കൊത്തിനുറുക്കപ്പെട്ടു. ഇംഗ്ലീഷ് രക്ഷിഭടന്മാരിൽ ഒരു പ്രധാനോദ്യോഗസ്ഥൻ, ഇംഗ്ലണ്ടിൽവെച്ചു ഒന്നാമത്തെ ഗുസ്തിപ്പിടുത്തക്കാരൻ, എന്തായാലും തോൽവി പറ്റാത്തവനെന്നു കൂട്ടാളികളാൽ പുകഴ്ത്തപ്പെട്ടവൻ ഒരു ചെറിയ ചെണ്ടക്കാരൻ ചെക്കനാൽ അവിടെവെച്ചു വധിക്കപ്പെട്ടു. ബെറിങ്ങ് താഴത്തു വീണു; ആൽട്ടൻ വാളിന്നിരയായി. അസംഖ്യം കൊടികൾ പൊയ്പോയി— ഒന്നു് ആൽട്ടന്റെ കൂട്ടത്തിൽനിന്നു്; മറ്റൊന്നു, ല്യൂനൻബർഗിന്റെ സൈന്യത്തിൽ നിന്നു, ദോപോങ്ങ് വംശത്തിൽ ചേർന്ന ഒരു രാജകുമാരൻ കൊണ്ടുപോയി. സ്കോട്ട്ലാണ്ടുകാരുടെ ഒരു പട മുച്ചൂടും മുടിഞ്ഞു; പോൺസൺബിയുടെ വമ്പിച്ച കുതിരപ്പട്ടാളം സകലവും കഷ്ണം കഷ്ണമായി; ആ ധീരോദാത്തന്മാരായ കുതിരപ്പട്ടാളക്കാർ ബ്രോവിന്റെ കുന്തക്കാരുടെയും ട്രാവർസിന്റെ കവചക്കാരുടെയും തള്ളലിൽ അമർന്നു; ആകെയുണ്ടായിരുന്ന ആയിരത്തിരുനൂറിൽ അറുനൂറുശേഷിച്ചു; മൂന്നു പ്രധാനോദ്യോഗസ്ഥന്മാരിൽ രണ്ടുപേരും നിലംപൊത്തി—ഹാമിൽട്ടൽ മുറിയേറ്റിട്ടും, മെയ്റ്റർ മരിച്ചിട്ടും; ഏഴു കുന്തത്തുളകളാൽ അരിപ്പകുത്തപ്പെട്ടു പോൺസൺബി മറിഞ്ഞുകഴിഞ്ഞു. ഗോർഡൻ മരിച്ചു. മാർഷ് മരിച്ചു. രണ്ടു സൈന്യവകുപ്പുകൾ, അഞ്ചാമത്തേതും ആറാമത്തേതും തകർത്തു.

ഹൂഗോമോങ്ങ് പരിക്കിലും ലായിസാന്തു് പിടിയിലും പെട്ടുകഴിഞ്ഞു. ഒരു മർമം മാത്രം ബാക്കിയുണ്ട്—നടു. അതു് അപ്പോഴും ഉറച്ചുനിന്നു. വെല്ലിങ്ങ്ടൻ അതിനു രക്ഷകൂട്ടി. മേർൾബ്രയിനിലുണ്ടായിരുന്ന ഹില്ലിനേയും ബ്രയിൻലാല്യൂദിലായിരുന്ന ഷാസ്സെയേയും അദേഹം അങ്ങോട്ടു വരുത്തി.

ഏതാണ്ട് അകം വളഞ്ഞതും വളരെ ഇടതൂർമയുള്ളതും വളരെ കട്ടിത്തമുള്ളതുമായ ഇംഗ്ലീഷ് സൈന്യത്തിന്റെ മധ്യഭാഗം ശക്തിയിൽ ഉറപ്പിക്കപ്പെട്ടിരുന്നു. അതിന്റെ നിൽപ്പു പിന്നിൽ ഗ്രാമത്തോടും മുൻപിൽ അക്കാലത്തു നല്ല കുത്തനെയായിരുന്ന മലമ്പള്ളയോടുംകൂടിയ മോൺസാങ്ങ് ഴാങ്ങ് കുന്നിൻപുറത്തായിരുന്നു. ആ കാലത്തു നീവെല്ലിലേക്കു ചേർന്നിരുന്നതും, വഴികൾ മുറിഞ്ഞുപോകുന്നേടത്തെ സൂചിപ്പിക്കുന്നതുമായ ആ കനത്ത ശിലാഗൃഹത്തിൽ—പതിനാറാം നൂറ്റാണ്ടിലേക്കു ചേർന്നതും, പീരങ്കിയുണ്ടകൾ ഒരു പരിക്കും തട്ടിക്കാതെ പിന്നോട്ടു തെറിക്കുമാറു് അത്രയും കരുത്തുള്ളതുമായ ഒരു വലിയ എടുപ്പിൽ—അതു താവളം പിടിച്ചു. ഇംഗ്ലീഷ് സൈന്യം കുന്നിന്റെ നാലുപുറത്തും വേലികൾക്ക് അവിടവിടെ പഴുതുകൾ തീർത്തു, മരങ്ങളിൽ വിടവുകളുണ്ടാക്കി, ഓരോ പീരങ്കിയുടേയും കഴുത്തു മരക്കൊമ്പുകളുടെ ഉള്ളിലേക്കു തിരുകി, വനമണ്ഡലത്തെ യുദ്ധക്കോട്ടയാക്കിയിരുന്നു. അവിടെ പീരങ്കിപ്പട്ടാളം കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. വിശ്വാസവഞ്ചനയായ ഈ പ്രവൃത്തി— എല്ലാ കെണികളും ആവാമെന്നു വെച്ചിട്ടുള്ള യുദ്ധനീതിയാൽ ഇതു നിർവിവാദം സമ്മതിക്കപ്പെട്ടതുതന്നെ—ഏറ്റവും ഭംഗിയിൽ ശരിപ്പെടുത്തി വെച്ചിരുന്നതുകൊണ്ടു, രാവിലെ ഒമ്പതുമണിസമയത്തു ശത്രുക്കളുടെ പീരങ്കിനിര നോക്കിയറിഞ്ഞു ചെല്ലുവാൻ ചക്രവർത്തി പറഞ്ഞയച്ചിരുന്ന ഹാക്സോ യാതൊന്നും കണ്ടില്ല; എന്നല്ല; നീവെല്ലിലേക്കും ഗെനാപ്പിലേക്കുമുള്ള രണ്ടു നിരത്തുവഴികളും നിരോധിച്ചിട്ടുള്ളതല്ലാതെ വേറെ യാതൊരു തടസ്സവുമില്ലെന്നു് അയാൾ അവിടെ മടങ്ങിച്ചെന്നറിയിക്കുകകൂടി ചെയ്തു. വയൽവിളവുകൾ വളർന്നുയർന്നു നില്ക്കുന്ന കാലമായിരുന്നു അതു്; കൊറ്റിന്റെ 95-ആം വകുപ്പിലെ ചെറുതോക്കുപട്ടാളക്കാർ മുഴുവനും ആ കുന്നിന്റെ വക്കത്തു നീണ്ട കോതമ്പച്ചെടിക്കുള്ളിൽ മറയപ്പെട്ടിരുന്നു.

ഇങ്ങനെ ഉറപ്പിക്കുകയും താങ്ങു കൊടുക്കുകയും ചെയ്തതിനാൽ ഇംഗ്ലീഷ് ഡച്ചുസൈന്യനിരപ്പിന്റെ ധന്യം നല്ല നിലയിലായിരുന്നു. ഈ നില്പിൽ അപകടമുള്ളതു യുദ്ധഭൂമിക്കു തൊട്ടതും ഗ്രോയനോങ്ങ്ദേൽ, ബ്വാഫോർ എന്ന രണ്ടു കളങ്ങൾക്കൊണ്ടു നടുക്കുവെച്ചു മുറിഞ്ഞതുമായ സ്വാങ്ങ് കാട്ടുപുറം മാത്രമാണു്. അവിടെ വെച്ച് അലിഞ്ഞുപോകാതെ ഒരു സൈന്യത്തിനു് അതിലെ പിന്മാറുവാൻ വയ്യാ; പട്ടാളവകുപ്പുകൾ ഓരോന്നും അവിടെച്ചെന്നാൽ ചിക്കെന്നു ചിന്നിക്കളയും. ചതുപ്പുനിലങ്ങൾക്കുള്ളിൽ പീരങ്കിപ്പട്ടാളം പൂഴ്‌ന്നുപോവും. പിന്തിരിഞ്ഞുള്ള ഓട്ടം, ആ കലാവിദ്യയിൽ പരിചയമുള്ള പലരുടേയും അഭിപ്രായപ്രകാരം—മറ്റു ചിലർ എതിർപറയുന്നുണ്ടെങ്കിലും—ഒരു ക്രമമില്ലാത്ത കൂട്ടപ്പാച്ചിലായി കലാശിക്കും.

ഈ മധ്യഭാഗത്തേക്കു വെല്ലിങ്ങ്ടൻ വലതുവശത്തുനിന്നു ഷാസ്സെയുടെ ഒരു പട്ടാളവകുപ്പിനേയും ഇടതുവശത്തുനിന്നു വിൻകിന്റെ ഒരു സൈന്യത്തേയും ക്ലിൻടന്റെ സേനയോടുകൂടി വരുത്തിച്ചേർത്തു. തന്റെ ഇംഗ്ലീഷ് സൈന്യത്തിനും, ഹാൽകെറ്റിന്റെ പട്ടാളവകുപ്പുകൾക്കും മിച്ചലിന്റെ ചമു വിഭാഗത്തിനും മെയിറ്റ്ലണ്ടിന്റെ രക്ഷിതഭടന്മാർക്കും വേണ്ട ബലസഹായ്യങ്ങൾക്കായി ബ്രൺസു് വിക്കിന്റെ കാലാളുകളേയും നാസ്സോവിന്റെ സേനാംശത്തേയും കിൽമാൻസെഗ്ഗിന്റെ ഹനോവർക്കാരേയും ഓംടെഡയുടെ ജർമനിക്കാരേയും അദ്ദേഹം അയച്ചുകൊടുത്തു. ഇങ്ങനെ ഇരുപത്തിയാറു സൈന്യങ്ങളെ അദ്ദേഹം കൈക്കലാക്കി. ഷാറാ എന്ന ചരിത്രകാരൻ പറയുംപോലെ, വലതുവശത്തെ സേനയെ നടുക്കിൽ കൊണ്ടു തള്ളി. ‘വാട്ടർലൂ കാഴ്ചബങ്കളാവെ’ന്നു പറയപ്പെടുന്നതു നില്ക്കുന്നേടത്തു് മഹത്തായ ഒരു പീരങ്കിപ്പട്ടാളം മുഴുവനും മണ്ണുചാക്കുകളാൽ മറയ്ക്കപ്പെട്ടിരുന്നു. ഇതിനു പുറമെ ഒരുയർന്ന സ്ഥലത്തിനു പിന്നിലായി ആയിരത്തിനാനൂറു സാദികളുള്ള സോമർസെറ്റിന്റെ രക്ഷിസൈന്യം വെല്ലിങ്ങ്ടന്റെ കൈവശമുണ്ടുതാനും. വാസ്തവ പ്രസിദ്ധിയുള്ള ഇംഗ്ലീഷ് കുതിരപ്പട്ടാളത്തിന്റെ ശേഷിച്ച പകുതിയായിരുന്നു അതു്. പോൺസൺബി നശിച്ചു; സോമർസെറ്റു് ശേഷിച്ചു.

മുഴുമിച്ചു എങ്കിൽ പ്രായേണ ഒരു കാവൽക്കോട്ടയാകുമായിരുന്ന പീരങ്കിനിര, പൂഴിച്ചാക്കുകളെക്കൊണ്ടും ഒരു വലിയ മണ്ണിൻതാഴ്‌വാരംകൊണ്ടുമുള്ള പുറം തേപ്പിനാൽ ദൃഢതകൂട്ടപ്പെട്ട ഒരുയരം കുറഞ്ഞ തോട്ടമതിലിനു പിന്നിൽ നിർത്തിയിരുന്നു. ഈ പണി മുഴുവനായില്ല; അതിന്നൊരു വേലിക്കോട്ടയുണ്ടാക്കാൻ സമയം കിട്ടിയില്ല.

അസ്വസ്ഥനെങ്കിലും ക്ഷുബ്ധഹൃദയനല്ലാത്ത വെല്ലിങ്ടൻ കുതിരപ്പുറത്തായിരുന്നു; അതേനിലയിൽ അദ്ദേഹം മോൺസാങ്ങ്ഴാങ്ങിലെ ഇന്നും നിൽപ്പുള്ള പഴയ ചക്കുപുരയ്ക്കു കുറച്ചു മുൻപിൽ ഒരിമ്പകവൃക്ഷച്ചുവട്ടിൽ അന്നത്തെ ദിവസം കഴിച്ചു; ആ മരം ഒരിംഗ്ലണ്ടുകാരൻ, ഒരു ശുഷ്കാന്തി മുഴുത്ത കാട്ടാളൻ, ഇരുനൂറു ഫ്രാങ്കു കൊടുത്തു വാങ്ങി വെട്ടിമുറിച്ചു കൊണ്ടുപോയി. വെല്ലിങ്ടൻ ഒരു ചഞ്ചലപ്പില്ലാത്ത ധീരനായിരുന്നു. വെടിയുണ്ടകൾ ചുറ്റുപാടും മഴ പെയ്യുന്ന പോലെയാണു് വീണിരുന്നതു്. അദ്ദേഹത്തിന്റെ അന്തസ്സചിവനായ ഗോൾഡൻ അടുക്കൽത്തന്നെ വീണു മരിച്ചു. പൊട്ടിത്തെറിച്ച ഒരു തിയ്യുണ്ട ചൂണ്ടിക്കാണിച്ചു ലോർഡ് ഹിൽ ചോദിച്ചു: ‘ഇവിടുന്നു മരിച്ചുപോയാൽ എന്തു ചെയ്യണമെന്നാണു് കല്പിക്കുന്നതു?’ ‘എന്നെപ്പോലെ ചെയ്വാൻ,’ വെല്ലിങ്ടൻ മറുപടി പറഞ്ഞു. ക്ലിന്റനോടു് അദ്ദേഹം സംക്ഷിപ്തമായി പറഞ്ഞു: ‘ഒടുവിലത്തെ ആൾകൂടി ഇവിടം വിടരുതു്.’ ദിവസം സ്പഷ്ടമായി അപകടം പിടിച്ചുവരുന്നു. വെല്ലിങ്ങ്ടൻ തന്റെ കൂട്ടുകാരോടു വിളിച്ചുപറഞ്ഞു: ‘എന്റെ കുട്ടികളേ, പിൻമടങ്ങുക എന്നതാലോചിക്കാമോ? പഴയ ഇംഗ്ലണ്ടിനെ വിചാരിക്കണേ!’

നാലുമണിയോടുകൂടി ഇംഗ്ലീഷ് സൈന്യനിര പിന്നോക്കം വാങ്ങി. പെട്ടന്നു പിരങ്കിപ്പട്ടാളവും കുറിവെടിക്കാരുമല്ലാതെ മറ്റൊന്നും ആകുന്നിന്മുകളിൽ ഇല്ലെന്നായി; ബാക്കിയെല്ലാം മറഞ്ഞു, പീരങ്കിയുണ്ടകളും ഫ്രഞ്ച് വെടിയുണ്ടകളും തട്ടി നിലം പറിഞ്ഞുപോയ സൈന്യവകുപ്പുകൾ മോൺസാങ്ഴാങിലെ കളപ്പുരയിലേക്കുള്ള പുറംവഴിയാൽ മുറിയപ്പെട്ടു. കുന്നിന്നടിയിലേക്കു മാറി; കീഴ്പോട്ടുള്ള ഗതിയായി; ഇംഗ്ലീഷ് സൈന്യത്തിന്റെ മുന്നണി ഒളിച്ചു; വെല്ലിങ്ടൻ പിന്നോട്ടു വാങ്ങി. ‘പിൻതിരിയലിന്റെ ആരംഭം!’ നെപ്പോളിയൻ ഉച്ചത്തിൽ പറഞ്ഞു.

2.1.7
നെപ്പോളിയന്നു ബഹുരസം

രോഗത്തിലും, അരക്കെട്ടിന്റെ അടുത്തു വേദനയുള്ളതുകൊണ്ടു കുതിരപ്പുറത്തുള്ള ഇരിപ്പു ശരിയാവാത്ത മട്ടിലുമിരുനു എങ്കിലും, അന്നത്തെപ്പോലെ ബഹുരസത്തിൽ ചക്രവർത്തി കാണപ്പെട്ടിട്ടില്ല. രാവിലെ മുതല്ക്ക് അദ്ദേഹത്തിന്റെ സ്തോഭരഹിതത്വം പുഞ്ചിരിയിട്ടുകൊണ്ടിരുന്നു. വെണ്ണക്കല്ലുകൊണ്ടുള്ള മൂടുപടമിട്ട ആ അഗാധാത്മാവു ജൂൺ 18-ാം തിയ്യതി നിലവിട്ടു വിലസുകയായി. ഓസു് തെർലിത്സു് യുദ്ധത്തിൽ പ്രസാദമേറ്റിരുന്ന മനുഷ്യൻ വാട്ടർലൂവിൽ ആഹ്ലാദിച്ചു. നിയതിയുടെ കണ്ണിലുണ്ണികൾ അബദ്ധം കാണിക്കുന്നു. നമ്മുടെ സന്തോഷമെല്ലാം നിഴലുകൊണ്ടുള്ളതാണു്. മഹത്തായ മന്ദസ്മിതം ഈശ്വരന്നു മാത്രമേ ഉള്ളൂ.

സീസർ ചിരിക്കുന്നു. പോംപെയ് [14] കരയും എന്നു പറഞ്ഞു പണ്ടത്തെ റോമൻ പടയാളികൾ. ആ സന്ദർഭത്തിൽ പോംപെയ്ക്കു കരയാൻ യോഗമുണ്ടായില്ല; പക്ഷേ, സീസർ ചിരിച്ചു എന്നതു തീർച്ചയാണു്. തലേദിവസം രാത്രി ഒരുമണിസ്സമയത്തു കാറ്റും മഴയുമുള്ളപ്പോൾ ബെത്രാങ്ങൊരുമിച്ചു റോസ്സാമിന്റെ അയൽപ്രദേശങ്ങളെ നോക്കിപ്പഠിപ്പിക്കുമ്പോൾ, ഫ്രിഷ്മോങ്ങ് മുതൽ ബ്രയിൻ ലാല്യൂദ്വരെയുള്ള ചക്രവാളം മുഴുവനുമെത്തുമെന്ന ഇംഗ്ലീഷ് പട്ടാളത്താവളങ്ങളിലെ വിളക്കുവരി കണ്ടു തൃപ്തിപ്പെട്ട അദ്ദേഹത്തിനു്, അദ്ദേഹത്താൽ വാട്ടർലൂ യുദ്ധമാകുന്ന ഒരു ദിവസം കല്പിച്ചുകൊടുക്കപ്പെട്ടിരുന്ന ഈശ്വരവിധി ആ കരാറനുസരിച്ച് അന്നവിടെ എത്തിച്ചേർന്നിട്ടുള്ളതായി തോന്നി; അദ്ദേഹം കുതിരയെ നിർത്തി, മിന്നലുകളെ സൂക്ഷിച്ചുനോക്കിക്കൊണ്ടും ഇടിവെട്ടിനു ചെവി കൊടുത്തുകൊണ്ടും കുറച്ചിട ഇളകാതെ ഇരുന്നു; ആ അദൃഷ്ടവാദി അന്ധകാരത്തിനുള്ളിലേക്ക് ഈ ദുർഗ്രഹമായ വാക്യത്തെ എറിയുന്നതായി കേട്ടു; ‘നമ്മൾ യോജിച്ചിരിക്കുന്നു.’ നെപ്പോളിയന്നു തെറ്റിപ്പോയി. അവരുടെ യോജിപ്പവസാനിച്ചിരിക്കുന്നു.

ഒരു നിമിഷനേരമെങ്കിലും അദ്ദേഹം ഉറങ്ങാൻ നോക്കിയില്ല; അന്നു രാത്രിയിലെ ഓരോ ക്ഷണനേരവും അദ്ദേഹത്തിനു് ഓരോ പുതുസന്തോഷമായിരുന്നു. പാളയക്കാവല്ക്കാരോടു് സംസാരിക്കുവാൻ അവിടവിടെ നിന്നുകൊണ്ടു് അദ്ദേഹം പ്രധാന പുറംകാവൽസ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു. രണ്ടരമണിസ്സമയത്തു ഹൂഗോമോങ്ങിലെ കാട്ടുപുറത്തിന്റെ അടുത്തുവെച്ച് ഒരു പട്ടാള നിരപ്പിന്റെ കാൽവെപ്പുശബ്ദം കേട്ടു; അതു വെല്ലിങ്ങ്ടന്റെ പിൻമാറലായിരിക്കുമെന്നാണു് അദ്ദേഹം അപ്പോൾ വിചാരിച്ചതു്. അദ്ദേഹം പറഞ്ഞു: ‘ഇംഗ്ലീഷ് സൈന്യത്തിന്റെ പിന്നണികൾ പിന്തിരിഞ്ഞോടുവാൻവേണ്ടി വഴിമാറുന്നതാണു്. ഓസ്റ്റെണ്ടിൽനിന്നു് ഇപ്പോൾ വന്നെത്തിയ ആറായിരം ഇംഗ്ലണ്ടുകാരെ ഞാൻ തടവുകാരാക്കും.’ അദ്ദേഹം ധാരാളമായി സംസാരിച്ചു; മാർച്ച് ഒന്നാംതീയതി ഫ്രാൻസിൽ വന്നു കപ്പലിറങ്ങിയപ്പോഴത്തെ ഉത്സാഹം അദ്ദേഹത്തിനു വീണ്ടുകിട്ടി; അന്നു ഴുവാങ്ങിലെ കൃഷീവലനെ ചൂണ്ടിക്കാട്ടി പ്രധാന സേനാപതിയോടു് അദ്ദേഹം പറയുകയുണ്ടായി; ‘ബെർത്രാങ്ങ്, ഇതാ ഇപ്പോൾത്തന്നെ ഒരു സഹായസൈന്യം!’ ജൂൺ 17-ആം തീയതിമുതൽ 18-ആം തീയതിവരെ അദ്ദേഹം വെല്ലിങ്ങ്ടനെ കളിയാക്കി. ‘അ ഇംഗ്ലണ്ടുകാരൻ മുണ്ടനെ ഒരു പാഠം പഠിപ്പിക്കണം,’ നെപ്പോളിയൻ പറഞ്ഞു. മഴ ശക്തിയിൽ പിടിച്ചു; ചക്രവർത്തി സംസാരിക്കുമ്പോൾ കലശലായി ഇടിവെട്ടി.

രാവിലെ മൂന്നരമണിയോടുകൂടി ഒരു മിഥ്യാഭ്രമം നശിച്ചു; നോക്കിയറിയുവാൻ അയയ്ക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാർ മടങ്ങിവന്നു ശത്രുക്കൾക്കു യതൊരുരിളക്കവുമായിട്ടില്ലെന്നുണർത്തിച്ചു. യാതൊന്നും അനങ്ങിയിരുന്നില്ല; രാത്രിയിലെ വെളിമ്പാളയവിളക്കുകൾ ഒന്നെങ്കിലും കെടുത്തിയിട്ടില്ല; ഇംഗ്ലീഷ് സൈന്യം ഉറങ്ങുകയാണു്. ഭൂമിയിലെ ശാന്തത അതിനിബിഡമായിരുന്നു; ആകാശത്തു മാത്രമേ ഒച്ചയുള്ളു. നാലുമണിയോടുകൂടി ഒറ്റുകാർ ഒരു കൃഷിക്കാരനെ ചക്രവർത്തി മുൻപാകെ പിടിച്ചുകൊണ്ടുവന്നു; ആ കൃഷിക്കാരൻ ഇടത്തേ അറ്റത്തുള്ള ഒഹെങ്ങ് ഗ്രാമത്തിൽ ചെന്നുചേരുവാൻ പോയിരുന്ന ഒരിംഗ്ലീഷ് കുതിരപ്പട്ടാള വകുപ്പിന്— ഒരു സമയം വിവിന്റേതായിരിക്കാം— വഴി കാട്ടിയിരുന്നു. അഞ്ചു മണിക്കു പട്ടാളത്തിൽ ചാടിപ്പോന്ന രണ്ടു ഡച്ചുഭടന്മാർ അപ്പോൾത്തന്നെയാണു് തങ്ങൾ പട്ടാളത്താവളത്തിൽനിന്നു വിട്ടതെന്നും, ഇംഗ്ലണ്ടുകാർ യുദ്ധത്തിനു തയ്യാറായിരിക്കുന്നു എന്നും അറിവുകൊടുത്തു. ‘അത്രയും അധികം നന്നായി,’ നെപ്പോളിയൻ ഉച്ചത്തിൽ പറഞ്ഞു, ‘അവരെ നശിപ്പിക്കുന്നതാണു് ആട്ടിപ്പായിക്കുന്നതിനെക്കാൾ എനിക്കിഷ്ടം.’

പ്ലാൻസ്ന്വാ വഴിയോടുകൂടി ഒരു കോണു വരയ്ക്കുന്ന കുന്നിൻതാഴ്‌വരയിലെ ചളിയിൽ രാവിലെ അദ്ദേഹം കുതിരപ്പുറത്തിറങ്ങി. റോസ്സോമിലെ കൃഷിപ്പുരയിൽനിന്നു് ഒരടുക്കളമേശയും ഒരു കൃഷിവലക്കസാലയും വരുത്തി, അവിടെ ചെന്നിരുന്നു്, ഒരു വയ്ക്കോൽവീശി മേശവിരിപ്പാക്കി, ആ മേശപ്പുറത്തു യുദ്ധഭൂമിയുടെ പടം നിവർത്തിവെച്ചു; അതു ചെയ്യുമ്പോൾ അദ്ദേഹം സൂൾട്ടോടു [15] പറഞ്ഞു: ‘നല്ല രസമുള്ള ഒരു ചതുരംഗപ്പടം.’

രാത്രിയിലെ മഴ കാരണം കുതിർന്നു വഴിയിൽ പൂഴ്‌ന്നുപോയതുകൊണ്ടു സാമാനവണ്ടികൾക്കു രാവിലേക്ക് എത്തിച്ചേരുവാൻ കഴിഞ്ഞില്ല; പട്ടാളക്കാർ ഉറങ്ങിയിട്ടില്ല; അവർ നനഞ്ഞും പട്ടിണിയായും കഴിച്ചു. ഇതൊന്നുംതന്നെ, നേയോടു് ഇങ്ങനെ സസന്തോഷം ഉച്ചത്തിൽ പറയുന്നതിൽ നെപ്പോളിയനെ തടഞ്ഞില്ല: ‘നൂറ്റിൽ തൊണ്ണൂറും നമുക്കു ഗുണം.’ എട്ടുമണിയോടുകൂടി ചക്രവർത്തിയുടെ പ്രാതലെത്തി. അദ്ദേഹം പലേ സേനാനായകന്മാരേയും അതിനു ക്ഷണിച്ചു. പ്രാതൽ സമയത്തു, വെല്ലിങ്ങ്ടൻ രണ്ടു രാത്രി മുൻപു് ബ്രൂസ്സൽസിൽ റിച്ച് മണ്ടു് ഡച്ചസ്സിന്റെ ഒരു നൃത്തവിനോദത്തിനു പോയിരുന്നതായി ആരോ പറഞ്ഞു: ഒരു പരുക്കൻ ഭടനായിരുന്ന സൂൾട്ടു്, ഒരു പ്രാധാന മെത്രാന്റെ മുഖഭാവത്തോടു കൂടി, പറഞ്ഞു: ‘നൃത്തവിനോദം നടക്കുന്നതു് ഇന്നാണു്.’ ‘ഇവിടുത്തെ വരവു കാത്തുനില്ക്കാൻ മാത്രം വെല്ലിങ്ങ്ടൻ അത്ര സാധുവല്ല’ എന്നു പറഞ്ഞ നേയോടു ചക്രവർത്തി വെടിപറഞ്ഞു. ഏതായാലും അതദ്ദേഹത്തിന്റെ സ്വഭാവമാണു്. ‘വെടി പറയുന്നതു് അദ്ദേഹത്തിനിഷ്ടമാണു്.’ ഫ്ളൂറിദു് ഷാബൂലോങ്ങ് [16] പറയുന്നു: ‘ഒരാഹ്ലാദശീലമാണു് അദ്ദേഹത്തിന്റെ സ്വഭാവാന്തർഭാഗത്തുള്ളതു്,’ ഗൂർഗോ [17] അഭിപ്രായപ്പെടുന്നു. ‘നേരംപോക്കുകളെക്കാൾ സവിശേഷഗുണമുള്ള തമാശകളാണ് അദ്ദേഹത്തിൽ നിറച്ചും,’ ബെൻജെമിൻ കോൺസ്റ്റന്റ് [18] പറഞ്ഞിട്ടുണ്ടു്. ഒരസാധാരണന്റെ ഈ തമാശകൾ ഊന്നിപ്പറയാൻ അർഹങ്ങളാണു്. സ്വന്തം പടയാളികളെ ‘എന്റെ പിറുപിറുപ്പുകാർ’ എന്നു നാമകരണം ചെയ്തിട്ടുള്ളതു് അദ്ദേഹമാണു്; അദ്ദേഹം അവരുടെ ചെവി പിടിയ്ക്കും; അവരുടെ മേൽമീശ വലിക്കും. ‘ചക്രവർത്തി ഞങ്ങളെ എപ്പോഴും കളിയാക്കുകകയേ ഉള്ളൂ.’ അവരിലൊരാൾ അഭിപ്രായപ്പെട്ടതാണിതു്. എൽബദ്വീപിൽനിന്നു് ഉപായത്തിൽ ഫ്രാൻസിലേക്ക് മടങ്ങിപ്പോരുന്ന വഴിക്കു, ഫിബ്രവരിമാസം 27-ആം തീയതി, കടലിന്റെ നടുക്കുവെച്ചു, ലാ സെഫീർ എന്ന ഫ്രഞ്ച് പടക്കപ്പൽ, ചക്രവർത്തി ഒളിച്ചുകയറിയിരുന്ന ലാങ്ങ് കോങ്ങ്സ്താൻ എന്ന കപ്പലുമായി എത്തിമുട്ടി. നെപ്പോളിയന്റെ കഥയെന്താണു് എന്നു ചോദിച്ചപ്പോൾ, എൽബദ്വീപിലുണ്ടായിരുന്ന കാലത്തെമാതിരി അപ്പോഴും തൊപ്പിയിൽ വെളുത്ത നാടക്കെട്ടു ധരിച്ചിരുന്ന ചക്രവർത്തി ചിരിച്ചുംകൊണ്ടു സംഭാഷണക്കുഴൽയന്ത്രം കടന്നെടുത്തു താൻതന്നെ മറുപടി പറഞ്ഞു. ‘ചക്രവർത്തിക്കു സുഖംതന്നെ.’ ഈ നിലയിൽ ചിരിക്കുന്ന ഒരാൾ എന്തിനു മുൻപിലും പരുങ്ങില്ല. വാട്ടർലൂവിലെ പ്രാതൽസ്സമയത്തു നെപ്പോളിയൻ വളരെ പ്രാവശ്യം ഇത്തരം ചിരി പൊട്ടിച്ചിരിക്കയുണ്ടായി. പ്രാതൽ കഴിഞ്ഞു ഒരു കാൽമണിക്കൂർ നേരം ധ്യാനത്തിലിരുന്നു; പിന്നീടു് രണ്ടു സേനാനായകന്മാർ കൈയിൽ തൂവലും കാൽമുട്ടിന്മേൽ കടല്ലാസ്സുമായി വയ്ക്കോൽവിരിയിൽ ചെന്നിരുന്നു; ചക്രവർത്തി അവർക്ക് അന്നത്തെ യുദ്ധത്തിനുവേണ്ട ആജ്ഞകൾ പറഞ്ഞുകൊടുത്തു.

ഒമ്പതു മണിക്ക് ചാരിനിർത്തിയ കോണിപോലെ വരി നിരന്നു്, അഞ്ചു വകുപ്പുകളായി നടന്നു തുടങ്ങി ആ മഹത്തായ ഫ്രഞ്ച്സൈന്യം മുഴുവനും പരന്നുകഴിഞ്ഞപ്പോൾ,— സൈന്യവകുപ്പുകൾ രണ്ടുവരി, സേനാമുഖങ്ങൾക്കിടയിൽ പീരങ്കിപ്പട്ടാളം, മുൻപിലായി സംഗീതം ഇങ്ങനെ ചെണ്ട ആഞ്ഞുകൊട്ടിയും കാഹളങ്ങൾ ഉച്ചത്തിലൂതിയും ഗാംഭീരമായി അപാരമായി ആഹ്ലാദിതമായി ആകാശാന്തത്തിൽ ശിരോലങ്കാരങ്ങളുടേയും വാളുകളുടേയും കുന്തങ്ങളുടേയും ഒരു കടൽക്രമത്തിൽ

കാൽവെച്ചു പോകുന്നതു കണ്ടപ്പോൾ—ഉള്ളിൽത്തട്ടി ചക്രവർത്തി രണ്ടു തവണെ ഉച്ചത്തിൽ പറഞ്ഞു: ‘അസ്സൽ!അസ്സൽ! ഒമ്പതു മണിമുതൽ പത്തര മണിക്കുള്ളിൽ— കേട്ടാൽ അവിശ്വാസം തോന്നും- ആ മഹത്തായ സൈന്യം മുഴുവൻ, എത്തേണ്ട ദിക്കിലെത്തി. ആറുവരിയായി, ചക്രവർത്തിയുടെ വാക്ക് ആവർത്തിക്കയാണെങ്കിൽ, ‘ആറു് വി (V)യുടെ രൂപ’ ത്തിൽ നിരന്നുകഴിഞ്ഞു. പടനിരക്കൽ കഴിഞ്ഞു കുറച്ചുനിമിഷങ്ങൾശേഷം, ഒരു കൊടുങ്കാറ്റിനെ സൂചിപ്പിക്കുന്ന ശാന്തതപോലെ, യുദ്ധാരംഭങ്ങൾക്കു മുൻപുണ്ടാകറുള്ള നിശ്ശബ്ദതയുടെ മധ്യത്തിൽ, തന്റെ കല്പനപ്രകാരം വന്നവരും നീ വെല്ലു് ഗനാപ്പു് വഴികൾ ചേർന്നു് മുറിയുന്നേടത്തുള്ള മോൺസാങ്ങ്ഴാങ്ങ് പിടിച്ചടക്കി മൂന്നുനിരപ്പു നോക്കിക്കണ്ടു. ചക്രവർത്തി ഹാക്സോവിന്റെ ചുമലിൽ താളം പിടിച്ചു പറഞ്ഞു, ‘അതാ, ഇരുപത്തിനാലു സുന്ദരിമാരായ പെൺകിടാങ്ങൾ.’

ഗ്രാമം പിടിക്കേണ്ട സമയമായാൽ ഉടനെ മോൺസാങ്ങ്ഴാങ്ങ് തടയുവാൻ താൻ നിയമിച്ചിരുന്ന തുരങ്കപ്പടയാളിസ്സംഘം മുൻപിലൂടെ കടന്നുപോയപ്പോൾ, യുദ്ധത്തിന്റെ അവസാനം ഇന്നതാവുമെന്നുള്ള ഉറപ്പോടുക്കുടി, അദ്ദേഹം അവരെ ഒരു പുഞ്ചിരികൊണ്ടു പ്രോത്സാഹിപ്പിച്ചു. ഈ എല്ലാ ഗൗരവത്തിന്റെയും ഉള്ളിൽ സ്വാഭിമാനമായ അനുകമ്പയുടെ ഒരൊറ്റശബ്ദം മാത്രം ഒന്നു വിലങ്ങനെ പായുകയുണ്ടായി; ഇന്നു് ഒരു വലിയ ശവകുടീരം നില്കുന്നേടത്തു തന്റെ ഇടത്തുഭാഗത്തായി ആ അഭിനന്ദനീയന്മാരായ സ്കോട്ട്ലാണ്ടുകാരായ സാദികൾ തങ്ങളുടെ എണ്ണംപറഞ്ഞ കുതിരളോടുകൂടി വന്നു വരിനിരക്കുന്നതു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘കഷ്ടംതന്നെ.’

പിന്നീടു് അദ്ദേഹം കുതിരപ്പുറത്തു കയറി, റോസ്സോമ്മ് വിട്ടുകടന്നു, ഗെനാപ്പിൽനിന്നു ബ്രൂസ്സൽസിലേക്കുള്ള വഴിയുടെ വലത്തുപുറത്തു് ഒരു കൂർത്ത മൈതാനപ്പൊക്കം തനിക്കു നിന്നുനോക്കാനുള്ള സ്ഥലമായി തിരഞ്ഞെടുത്തു—യുദ്ധം തുടങ്ങിയതിനുശേഷം രണ്ടാമത്തെ നില്പിടം. വൈകുന്നേരം ഏഴുമണിയോടു കൂടി സ്വീകരിച്ച ആ ലാബെൽഅലിയാൻസിന്റേയും ലായിസാന്തിന്റേയും നടുക്കുള്ള സ്ഥലം ഭയങ്കരമാണു്; ഇപ്പോഴുള്ള ആ പ്രദേശം ഒരുയർന്ന കുന്നാണു്; അതിനു പിന്നിൽ മൈതാനത്തിന്റെ പള്ളയ്ക്കായി രക്ഷിഭടന്മാർ സംഘംകൂടി, ഈ കുന്നിനുചുറ്റും വഴിയുടെ കൽവിരിപ്പുകളിൽത്തട്ടി നെപ്പോളിയൻ നില്ക്കുന്നേടത്തേക്കു തന്നെ വെടിയുണ്ടകൽ തെറിച്ചിരുന്നു. ബ്രിയെനിലെപ്പോലെ ഉണ്ടകളുടേയും പീരങ്കികളുടേയും ഇരമ്പം അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ചീറിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കുതിര കാൽവെച്ചിരുന്നേടത്തു നിന്നു മണ്ണുപിടിച്ച പീരങ്കിയുണ്ടകളും പഴയ വാളലകുകളും തുരുമ്പുകയറി രൂപഭേദംവന്ന ചില്ലുകളും പെറുക്കിയെടുത്തിട്ടുണ്ടു്. കുറച്ചു കൊല്ലത്തിനുമുൻപു്, അപ്പോഴും മരുന്നു പോയിട്ടില്ലാത്തതും ഉണ്ടപ്പൂറംവരെ മുറിഞ്ഞു പൊയ്പോയ തോക്കുതിരയോടുകൂടിയതുമായ ഒരറുപതു റാത്തൽപ്പീരങ്കിയുണ്ട കുഴിച്ചെടുക്കുകയുണ്ടായി. ഈ ഒടുവിലത്തെ സ്ഥാനത്തുവെച്ചാണു് ഒരെതിർപക്ഷക്കാരനും പേടിത്തൊണ്ടനുമായ ലാക്കോസ്തു് എന്ന തന്റെ വഴികാട്ടിയോടു ചക്രവർത്തി ഇങ്ങനെ പറഞ്ഞത്— ഒരു കുതിരപ്പടയാളിയുടെ ജീനിയോടു കെട്ടിയിട്ടിരുന്ന ആ മനുഷ്യൻ ഓരോ പീരങ്കിച്ചില്ലുണ്ടയും പൊട്ടുമ്പോൾ പിന്തിരിഞ്ഞു നെപ്പോളിയന്റെ പിന്നിൽച്ചെന്നു് ഒളിച്ചു നിന്നു; ‘വിഡ്ഢി, ഇതു നാണക്കേട്! ഒരുണ്ട പുറത്തു വന്നുകൊണ്ടു നീ അവിടെ കിടന്നു ചാവും.’ ഇതെഴുതുന്നാൾതന്നെ ഈ കുന്നിൻമുകളിലെ ഉതിരുന്ന മണ്ണിൽ പൂഴി നീക്കി നോക്കിയപ്പോൾ, നാല്പത്താറു കൊല്ലത്തെ അമ്ലവായുപ്രസരണം കൊണ്ടു നുറുങ്ങിയ ഒരു തിയ്യുണ്ടക്കഴുത്തിന്റെ അവശേഷങ്ങളും, ഉണക്കച്ചില്ലകൾ പോലെ വിരലുകൊണ്ടു പിടിച്ചുപൊട്ടിക്കാവുന്ന പഴയ ഇരുമ്പുകഷ്ണങ്ങളും കണ്ടിട്ടുണ്ടു്.

നെപ്പോളിയനും വെല്ലിങ്ങ്ടനും കൂടിയുള്ള യുദ്ധം നടന്ന മൈതാനത്തിൽ ഇന്നുള്ള പലതരം കുന്നുകുഴികളുടെ മട്ടു് 1815 ജൂൺ 18-ആം തീയതി ഉണ്ടായിരുന്നവയിൽനിന്നു കേവലം ഭേദപ്പെട്ടിട്ടുണ്ടെന്നു് എല്ലാവർക്കുമറിയാം. ഈ വ്യസനകരമായ സ്ഥലത്തുനിന്നു് അതിന്റെ ഒരു സ്മാരകസ്തംഭം പ്രതിഷ്ഠിക്കുവാനായി കിട്ടുന്നതെല്ലാം എടുത്തുകളഞ്ഞുകൊണ്ടു് അതിന്റെ വാസ്തവസ്വരൂപം പൊയ്പ്പൊയി. ഭ്രമിക്കപ്പെട്ട ചരിത്രത്തിനു താൻ പറയുന്ന കഥകളോടു സംബന്ധിക്കുന്ന എന്തെങ്കിലും ഒന്നു ചൂണ്ടിക്കാട്ടാൻ അവിടെ ഇല്ലാതായിരിക്കുന്നു, രണ്ടുകൊല്ലം കഴിഞ്ഞു വാട്ടർലൂ ഒരിക്കൽകൂടി കണ്ട വെല്ലിങ്ങ്ടൻ ഉച്ചത്തിൽ പറഞ്ഞു: ‘എന്റെ യുദ്ധഭൂമി അവർ മാറ്റിക്കളഞ്ഞു!’ ഇന്നു സിംഹപ്രതിമയാൽ പൊന്തിനില്ക്കുന്ന അ വലുതായ മൺ ‘പിരമിഡു’ [19] ള്ളേടത്തു നിവെല്ലു് നിരത്തിലേക്കു ചെരിഞ്ഞിറങ്ങിയിരുന്നതും, ഗെനാപ്പിലേക്കുള്ള രാജപാതയുടെ പാർശ്വത്തിൽ ഏതാണ്ടു കടുംകുത്തനെയുള്ളതുമായ ഒരു ചെറുകുന്നായിരുന്നു. ആ കുത്തനെയുള്ള ഭാഗത്തിന്റെ ഉയർച്ച ഗെനാപ്പിൽനിന്നു ബ്രൂസ്സെൽസിലേക്കുള്ള വഴിത്തിരിവു മുട്ടിനില്ക്കുന്ന ആ രണ്ടു കൂറ്റൻ ശവക്കുടീരക്കുന്നുകളെക്കൊന്റു തിട്ടപ്പെടുത്താം. ഇംഗ്ലണ്ടുകാരുടേതായ ഒന്നു് ഇടതുഭാഗത്തുള്ളതാണു്; ജർമനിക്കാരുടേതു വലത്തു പുറത്തുള്ളതും. ഫ്രാൻസുകാരുടെ വക ശവകുടീരമില്ല. ആ മൈതാനം മുഴുവനും ഫ്രാൻസിന്റെ ശ്മശാനസ്ഥലമാണു്. നൂറ്റമ്പതടി ഉയരവും അരനാഴിക ചുറ്റളവുമുള്ള ആ ചെറുകുന്നിൻ പ്രവൃത്തിയെടുത്തിരുന്ന ശതസഹസ്രം മണ്ണുവണ്ടികൾക്കു നാം നന്ദിപറയുക; മോൺസാങ്ങ്ഴാങ്ങ് എന്ന പർവതപ്പരപ്പിലേക്ക് ഇപ്പോൾ എളുപ്പത്തിൽ കയറിച്ചെല്ലാറായി. യുദ്ധദിവസം, വിശേഷിച്ചും ലായിസാന്തിന്റെ ആ ഭാഗത്തു്, അതു കടുംകുത്തനെയുള്ളതും കയറിച്ചെല്ലുവാൻ വയ്യാത്തതുമായിരുന്നു. താഴ്‌വാരത്തിന്റെ അടിയിലുള്ളതും, യുദ്ധത്തിന്റെ മദ്ധ്യഭാഗവുമായ കളസ്ഥലം, ഇംഗ്ലീഷുപീരങ്കിക്കു നോക്കിയാൽ കാണാതിരിക്കത്തക്കവിധം, അത്രയും കുത്തനെയായിരുന്നു. 1815 ജൂൺ 18-ാം തീയതി മഴ പെയ്തിട്ടു് ആ മലഞ്ചെരിവു കുറേക്കൂടി തകരാറായി; ചളികൊണ്ടു് കയറിച്ചെല്ലുവൻ കുറേകൂടി പ്രയാസമായി; ആളുകൾ പിന്നോട്ടുരസിവീണു എന്നല്ല, ചളിക്കെട്ടിൽ ഉറച്ചുപൊവുകകൂടി ചെയ്തു. ആ പർവതപ്പരപ്പിന്റെ കൊടുമുടിയിലൂടെ ഒരുതരം തോടുണ്ടായിരുന്നു; അതവിടെ ഉണ്ടെന്നു ദൂരത്തുനിന്നു നോക്കുന്ന ഒരാൾക്കു ഊഹിക്കാൻ വയ്യാ.

ഈ തോടു് എന്തായിരുന്നു? ഞങ്ങൾ വിവരിക്കട്ടെ. ബ്രെയിൻ ലാല്യൂദു് ഒരു ബെൽജിയൻഗ്രാമമാണു്; പിന്നെ ഒഹെങ്ങും, ഭൂഭാഗത്തിന്റെ വളവുകളാൽ മറയപ്പെട്ട ഈ രണ്ടു ഗ്രാമങ്ങളും, മൈതാനത്തിന്റെ ഓളം മറഞ്ഞുനില്ക്കുന്ന നിലപ്പരപ്പിലൂടെ പോകുന്നതും ഇടയ്ക്കുവെച്ച് നിരത്തുവഴിയെ തട്ടിയെടുക്കുന്ന കുന്നുകളിൽ ഒരുഴവുചാലുപോലെ തിരക്കിക്കടന്നു തന്നത്താൻ കുഴിച്ചുമൂടപ്പെടുന്നതുമായി ഏകദേശം ഒന്നരക്കാതം നീളമുള്ള ഒരു നിരത്തുവഴിയാൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ മാതിരിതന്നെ, 1815-ൽ ഈ നിരത്തു ഗെനാപ്പിൽനിന്നു; നീവെല്ലിൽനിന്നുമുള്ള രാജമാർഗങ്ങൾക്കിടയിൽവെച്ചു മോൺസാങ്ങ്ഴാങ്ങ് പർവതപ്പരപ്പിന്റെ നിറുകയെ പിളർത്തുപോകുന്നു; ഒന്നുമാത്രം— ഇപ്പോൾ അതു മൈതാനത്തിന്റെ നിരപ്പിലാണു്; അന്നു് അതൊരു കുഴിഞ്ഞ വഴിയായിരുന്നു. അതിന്റെ രണ്ടു പള്ളകളും ശവകുടീരക്കുന്നുണ്ടാക്കുവാൻ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഈ വഴി മുക്കൽഭാഗവും അന്നെന്നപോലെ ഇന്നും ഒരു തോടാണു്; ചിലേടത്തു പത്തുപന്ത്രണ്ടി ആഴമുള്ളതും, വക്കുകൾ അത്യധികം കുത്തനെയായതുകൊണ്ടു് അവിടവിടെ, വിശേഷിച്ചും നല്ല മഴക്കാലത്തു്, ഇടിഞ്ഞുവീണിട്ടുള്ളതുമായ ഒരു കുഴിത്തോടു്. ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ടു്. ബ്രെയിൻലാല്യൂദിലേക്കു ചെല്ലുന്നേടത്തു വഴി നന്നേ വീതികുറഞ്ഞതായിരുന്നതുകൊണ്ടു് ഒരു വഴിപോക്കൻ വണ്ടിമേൽക്കയറി അരയ്ക്കപ്പെട്ടു; ശ്മശാനസ്ഥലത്തിന്റെ അടുത്തു, മരിച്ചു പോയാളുടെ പേരും, മൊസ്സ്യു ബേർനാർ ദെബ്രി, അപകടം പറ്റിയ തിയ്യതിയും, 1637 ഫിബ്രവരി— കൊടുത്തിട്ടുള്ള ഒരു കല്ലുകുരിശുകൊണ്ടു് ഇതു തെളിയുന്നു. മോൺസാങ്ങ്ഴാങ്ങ് പർവതപ്പരപ്പിൽ അതു് അത്രയും കുണ്ടുള്ളതായതുകൊണ്ടു മാത്തിയോ നിക്കയ്സു് എന്ന ഒരു കൃഷീവലൻ 1783-ൽ കാൽവഴുതി വീണു ചതഞ്ഞുപോയി; സ്ഥലം നന്നാക്കുന്ന കൂട്ടത്തിൽ മുകൾഭാഗം കാണാതായ്പോയതും, എന്നാൽ ലായിസാന്തിന്റേയും മോൺസാങ്ങ്ഴാങ്ങ് കളപ്പുരയുടേയും മധ്യത്തിലുള്ള വഴിയുടെ ഇടതുവശത്തുള്ള പുല്ലു നിറഞ്ഞ താഴ്‌വാരത്തിലായി മറഞ്ഞുകിടക്കുന്ന തറ ഇന്നും കാണാവുന്നതുമായ മറ്റൊരു കല്ലുകുരിശിന്മേൽ ഇതും വിവരിക്കപ്പെട്ടിട്ടുണ്ടു്.

യുദ്ധദിവസം, മോൺസാങ്ങ്ഴാങ്ങ് തലവാരത്തെ തൊട്ടുപോകുന്നതും അങ്ങനെയൊന്നുണ്ടെന്നു് ഒരുവിധത്തിലും സൂചിപ്പിക്കാത്തതുമായ ഈ കുഴിനിരത്തു്, കുത്തനെ നില്ക്കുന്ന ഭാഗത്തിന്റെ ഒത്ത മുകളിലുള്ള ഈ തോടു്, മണ്ണിന്റെ അടിയിൽ ഒളിച്ചുകിടക്കുന്ന ഈ ഒരു ചാലു്, അദൃശ്യമായിരുന്നു; എന്നുവെച്ചാൽ, ഭയങ്കരം.

കുറിപ്പുകൾ

[14] സീസറുടെ എതിരാളിയായ പ്രസിദ്ധ റോമൻസേനാപതി.

[15] നെപ്പോളിയന്നു് ഇഷ്ടപ്പെട്ട ഒരു പ്രസിദ്ധ സേനാപതി.

[16] ഒരു ഫ്രഞ്ച് ചരിത്രകാരൻ.

[17] ഒരു ഫ്രഞ്ച് സേനാധിപതിയും എഴുത്തുകാരനും. ‘സ്മരണകൾ’ എന്ന ഇദ്ദേഹത്തിന്റെ കൃതി പ്രസിദ്ധമാണു്.

[18] ഫ്രാൻസിലെ ഒരു പ്രസിദ്ധ വാഗ്മിയും രാജ്യതന്ത്രജ്ഞനും ഗ്രന്ഥകാരനും. The Spirit of Conquest and Usurapation എന്ന ഇദ്ദേഹത്തിന്റെ പ്രധാന കൃതി വളരെ ഒച്ചപ്പാടുണ്ടാക്കിയ ഒന്നാണു്.

[19] ഈജിപ്റ്റിലെ പുരാതനരാജാക്കന്മാരുടെ സമാധിസ്ഥലം.

2.1.8
ചക്രവർത്തി വഴികാട്ടിയായ ലാക്കോസ്തോടു് ഒരു ചോദ്യം ചോദിക്കുന്നു

അപ്പോൾ, വാട്ടർലൂയുദ്ധദിവസം രാവിലെ; നെപ്പോളിയൻ സന്തുഷ്ടനായിരുന്നു.

അദ്ദേഹത്തിനു തെറ്റിയിട്ടില്ല; നമ്മൾ കണ്ടതുപോലെ, അദ്ദേഹം കണ്ടുവെച്ച യുദ്ധക്രമം തികച്ചും അഭിനന്ദനീയംതന്നെയാണു്.

യുദ്ധം ആരംഭിച്ചുകഴിഞ്ഞപ്പോൾ, അതിനുണ്ടായിക്കൊണ്ടുവന്ന നാനാവിധ മാറ്റങ്ങൾ— ഹൂഗോമോങ്ങിന്റെ എതിർത്തുനില്ക്കൽ; ലായിസാന്തിന്റെ ഉറച്ച പിടുത്തം; ബൊദ്വാങ്ങിനെ കൊലപ്പെടുത്തൽ; ഫ്വാ മുറിപ്പെടൽ; സോയിയുടെ പട്ടാളം തട്ടിത്തകർന്നുപോയ ആ അപ്രതീക്ഷിതമായ മതീൽക്കെട്ടു്; തുരങ്കപ്പെട്ടിയാവട്ടേ വെടിമരുന്നുചാക്കുകളാവട്ടേ കൈയിലില്ലാത്ത സമയത്തു് ഗിൽമിനോ കാണിച്ച ആ അപായകരമായ കൂസലില്ലായ്മ; പീരങ്കിനിരകൾ ചളിയിൽ പൂഴ്‌ന്നുപോകൽ: അക്സ്ബ്രിഡ്ജിന്റെ അടുത്തുള്ള കുഴിവഴിയിൽവെച്ചു വഴികാട്ടാൻ ആളില്ലാതെ വന്ന പതിനഞ്ചു പീരങ്കികൾ മുഴുവനും ആണ്ടുപോകൽ; ഇംഗ്ലീഷ്സൈന്യനിരപ്പിൽ ചെന്നുവീണു. മഴയത്തു കുഴഞ്ഞുമറിഞ്ഞ മണ്ണിൽ പൂഴ്‌ന്നുപോയി. പീരങ്കിച്ചില്ലുണ്ടയുടെ പൊട്ടൽ വെള്ളംതെറിപ്പിക്കലായിത്തീരുമാറു്, മണ്ണു ചിന്നുന്ന ഒരഗ്നി പർവതപ്പിളർച്ചയെ മാത്രമുണ്ടാക്കാൻ സാധിച്ച തിയ്യുണ്ടകളുടെ നിഷ്പ്രയോജനത്4വം, നശിക്കൽ; ബ്രയിൻലാല്യൂദിൽവെച്ചു പീറെ പ്രകടിപ്പിച്ച വൈദഗ്ധ്യം ഫലിക്കായ്ക; ഇംഗ്ലീഷ്സൈന്യനിരപ്പിന്റെ വലത്തുഭാഗം വല്ലാതെ പേടിച്ചമ്പരക്കലും, ഇടത്തുഭാഗം മുറിഞ്ഞകലലും; ഒന്നാംസൈന്യത്തിന്റെ നാലു വിഭാഗങ്ങളും കയറാൻ പാകത്തിലുള്ള കോണിപോലെ നിരത്തിനിർത്തുന്നതിനു പകരം ഒരുമിച്ചു കൂട്ടിയതിൽ നേയ്ക്കു പറ്റിപ്പോയ അസാധാരണാബദ്ധം; ഇരുപത്തേഴു പേരെ വീതിയിലും ഇരുനൂറു പേരെ നീളത്തിലുമായി വരിനിർത്തി തോക്കുണ്ടകൾക്കു ബലികൊടുക്കൽ; ഈ ആൾക്കൂട്ടത്തിന്റെ ഇടയിൽ പീരങ്കിയുണ്ടകൾ വരുത്തിത്തീർത്ത ഭയങ്കര വിടവുകൾ; എതിർക്കുന്ന ഭടസംഘത്തിന്റെ ചിന്നിച്ചിതറൽ; പാർശ്വഭാഗത്തിലെ പീരങ്കിനിരകൾക്കു പെട്ടന്നു മൂടുപടം പോകൽ, ബുർഴ്‌വാ, ദോങ്ങ്സ്ലോ, ദ്യു റ്യുത്തു് എന്നിവർ ശത്രുക്കളോടു യോജിക്കൽ; ക്വിയോവിന്റെ ഓടിക്കളയൽ; നാനാവിധ ശില്പവിദ്യാപാഠശാലയിൽനിന്നും ബിരുദം നേടിയ ആ ഹോർക്ക്യുലിസ്സ്വിയോ, ഗെനാപ്പിൽനിന്നു ബ്രൂസ്സൽസിലേക്കുള്ള വഴിത്തിരിവു മുടക്കിയ ഇംഗ്ലീഷ് പീരങ്കിസൈന്യത്തിന്റെ വെടി ഇളവില്ലാതെ കിടന്നിരമ്പുമ്പോൾ ഒരു മഴുവെടുത്തു ലായിസാന്തിന്റെ വാതിൽ വെട്ടിമുറിക്കുന്നേടത്തുവെച്ചു മുറിപ്പെടൽ; മാർക്കോങ്ങ്യയുടെ സൈന്യഭാഗം കാലാൾപ്പടയുടേയും കുതിരപ്പട്ടാളത്തിന്റേയും നടുവിൽപ്പെടൽ; ബെസ്റ്റും പ്യാക്കും കൂടി ആ സേനാപംക്തിയെ തോക്കിൻവായയോടു ചേർത്തുവെച്ചു വെടിവെച്ചതു്; പോൺസൺബി അവരെ പിടിച്ചു കൊത്തിനുറിക്കിയതു്; അയാളുടെ പതിനഞ്ച് പീരങ്കികളുടെ വെടിത്തുള അടച്ചുകളയപ്പെട്ടതു്; കോംതു് ദോർലോങ്ങ് എത്ര ശ്രമിച്ചിട്ടും സാക്സ്—വീമർ രാജകുമാരൻ ഫ്രീമോങ്ങിനേയും സ്മൊഹാങ്ങിനേയും കൈവിടാതിരിക്കൽ; 105-ആം 45-ആം സൈന്യവകുപ്പുകളുടെ കൊടി പിടിച്ചെടുക്കൽ; വാവർ, പ്ലൻസ്ന്വാ എന്നീ പ്രദേശങ്ങൾക്കിടയിൽ ഒറ്റുനില്ക്കുമ്പോൾ പ്രഷ്യക്കാരനായ ആ കറുത്ത അശ്വഭടനെ മുന്നൂറു കുതിരപ്പട്ടാളങ്ങൾ പറന്നുപോകുന്നതിനിടയ്ക്കു കടന്നു പിടികൂടൽ; തടവുകാർ പറഞ്ഞ ഭയങ്കര സംഗതികൾ; ഗ്രൂഷി [20] വരാനുണ്ടായ താമസം; ഒരു മണിക്കൂറിനുള്ളിൽ ഹൂഗോമോങ്ങിലെ മരത്തോട്ടത്തിൽവെച്ച് ആയിരത്തഞ്ഞൂറുപേർ കൊല്ലപ്പെടൽ; അതിലും കുറച്ചു സമയംകൊണ്ടു് ലായിസാന്തിനടുത്തുവെച്ച് ആയിരത്തെണ്ണൂറുപേർ തോല്പിക്കപ്പെടൽ— ഇങ്ങനെ സർവത്തേയും ഇളക്കിമറിച്ചു നെപ്പോളിയന്റെ മുമ്പിലൂടെ പാഞ്ഞുപോയിരുന്ന ഈ യുദ്ധസംബന്ധികളായ മേഘപടലങ്ങൾ മുഴുവൻ കൂടിയിട്ടും; അദ്ദേഹത്തിന്റെ നോട്ടം അല്പമെങ്കിലും മങ്ങുകയോ ആ രാജകീയമായ നിശ്ചയദാർഢ്യമുള്ള മൂഖത്തു നിഴൽ കയറുകയോ ഉണ്ടായില്ല. യുദ്ധത്തെ കണ്ണിളകാതെ നോക്കിക്കാണുവാൻ നെപ്പോളിയൻ പരിചയിച്ചിരിക്കുന്നു; സുന്നംസുന്നമായി വന്നുകൂടുന്ന ഹൃദയഭേദക സംഗതികളെ നെപ്പോളിയൻ ആകെയിട്ടതേ ഇല്ല; വിജയം എന്ന ആകത്തുക വരുത്തിയാലല്ലാതെ, സുന്നങ്ങളൊന്നും അദ്ദേഹത്തിനു വിലയില്ല; ഒടുവിൽ എല്ലാം തന്റെ കൈയിലും ഇഷ്ടം പോലെയുമാണെന്നു കരുതിയിരുന്നതുകൊണ്ടു് ആരംഭങ്ങൾ പിഴച്ചുകണ്ടതിൽ അദ്ദേഹം പരിഭ്രമിച്ചില്ല; തന്നെപ്പറ്റി യാതൊന്നും ആലോചിക്കാനില്ലെന്നുള്ള വിശ്വാസംമൂലം, കാത്തുനില്ക്കേണ്ടതെങ്ങനെയെന്നു് അദ്ദേഹത്തിനറിയാമായിരുന്നു; അദ്ദേഹം വിധിയെ തന്റെ ഒരു സമാനനായി കരുതി; അദ്ദേഹം വിധിയോടു പറയുന്നതുപോലെ തോന്നി: ‘നിനക്കതിനു ധൈര്യമില്ല.’

പകുതി വെളിച്ചത്താലും പകുതി നിഴലാലും നിർമ്മിക്കപ്പെട്ടതിനാൽ താൻ നന്മയിൽ രക്ഷിതനും തിന്മയിൽ അദ്വിഷ്ടനുമാണെന്നു നെപ്പോളിയൻ വിചാരിച്ചു. പുരാതനത്വത്തിന്റെ അഭേദ്യതയ്ക്കു ശരിയായി, തനിക്കു ഗുണം വരുവാൻ എല്ലാ ലൗകികസംഭവങ്ങളുടേയും ഒരു മൗനാനുവാദം—ഒരു കൂട്ടാളിത്തം എന്നുതന്നെ പറയാം— അദ്ദേഹത്തിനു കിട്ടിയിരുന്നു; അല്ലെങ്കിൽ അങ്ങനെ അദ്ദേഹം കരുതിയിരുന്നു.

അതെന്തായാലും, ബെറെസിന [21], ലീപ്സിഗ്ഗു്, ഫോന്താൻബ്ലോ എന്നിവ ആർക്കും പിന്നിലുള്ളപ്പോൾ, വാട്ടർലൂവിനെ അവിശ്വസിക്കാമെന്നു തോന്നും. ആകാശത്തിന്റെ അഗാധഭാഗങ്ങളിൽനിന്നു് ഒരു ദുർഗ്രഹമായ മുഖംകറുക്കൽ ദൃഷ്ടിഗോചരമാകുന്നു.

വെല്ലിങ്ടൻ പിൻമാറിയ സമയത്തു് നെപ്പോളിയൻ വിറച്ചു. പെട്ടന്നു മോൺ സാങ്ങ്ഴാങ്ങിലെ മുകൾപ്പരപ്പു തെളിയുന്നതായി കണ്ടു; ഇംഗ്ലീഷ് സൈന്യത്തിന്റെ മുന്നണി കാണാതായി. അതു് ഒന്നിച്ചുകൂടിയിരുന്നു; പക്ഷേ, ഒളിക്കുകയാണു്. ചക്രവർത്തി ജീനിച്ചവിട്ടിന്മേൽ പകുതുയെഴുന്നേറ്റു നിന്നു. വിജയത്തിന്റെ മിന്നൽ അദ്ദേഹത്തിന്റെ കണ്ണൂകളിൽനിന്നു പാഞ്ഞു:

വെല്ലിങ്ങ്ടനെ സ്വാങ്ങ് കാട്ടുപുറങ്ങളിൽ ഒരു മുക്കിലേക്കോടിച്ചു നശിപ്പിക്കുക— ഫ്രാൻസു് ഇംഗ്ലണ്ടിനെ കീഴടക്കുന്നതിൽ ഒടുവിലത്തെ കൈ ഇതായിരുന്നു; അതു ചെയ്താൽ ക്രെസി [22] പോയിറ്റിയേഴ്സ് [23] മാൽപ്ലാക്കെ [24] റാമില്ലിസ് [25] എന്നിവയുടെ പ്രതിക്രിയയായി. മാറിൻ— ഗോവിന്റെ [26] ഉടമസ്ഥൻ ആസിൻകൂ [27] തുടച്ചുകളഞ്ഞു.

അതിനാൽ, ആ ഭയങ്കരമായ ദൈവപ്രാതികൂല്യത്തെപ്പറ്റി വിചാരിച്ചുകൊണ്ടു് ഒടുവിലത്തെത്തവണ ചക്രവർത്തി തന്റെ ദൂരദർശിനിക്കണ്ണാടിയെ യുദ്ധഭൂമിയുടെ എല്ലാ ഭാഗത്തേക്കും ഒന്നോടിച്ചു തിരിച്ചു. ആയുധം താഴ്ത്തി പിന്നിൽ നിന്നിരുന്ന സ്വന്തം രക്ഷിഭടൻ അദ്ദേഹത്തെ ഒരു മതസംബന്ധിയായ ഭക്തിയോടുകൂടി താഴത്തുനിന്നു നോക്കിക്കണ്ടു. അദ്ദേഹം ആലോചിച്ചു. മലമ്പള്ളകളെ നോക്കിപ്പഠിച്ചു; ഇറക്കങ്ങളെ സൂക്ഷിച്ചുനോക്കി; മരക്കൂട്ടങ്ങളും കോതമ്പുകണ്ടങ്ങളും വഴിയും സനിഷ്കർഷമായി നോക്കി മനസ്സിലാക്കി; ഓരോ കുറ്റിക്കാടും അദ്ദേഹം എണ്ണുന്നതുപോലെ തോന്നി. രണ്ടു രാജമാർഗങ്ങളിലും ഇംഗ്ലണ്ടുകാർ ചെയ്തുവെച്ചിട്ടുള്ള വഴിമുടക്കങ്ങളെ അദ്ദേഹം കുറെ ശ്രദ്ധയോടുകൂടി സൂക്ഷിച്ചുനോക്കി— ഒന്നു ലായിസാന്തിനു മുകളിൽ ഗെനാപ്പിലേക്കുള്ളതും— ആകെയുള്ള ഇംഗ്ലീഷ് പീരങ്കിനിരയിൽ, യുദ്ധത്തിന്റെ അതിർത്തി കാക്കുന്ന രണ്ടു പീരങ്കിയുള്ളതു രണ്ടും അവിടെയാണു്; മറ്റേതു നീവെല്ലിലേക്കുള്ള വഴിയിലുള്ളതുമായി—ഷാസ്സെയുടെ സൈന്യത്തിൽപ്പെട്ട ഡച്ച് കുന്തങ്ങൾ അവിടെ മിന്നുന്നു. മരങ്ങളെ തള്ളിയിട്ടു കൊമ്പുകൾ കുർപ്പിച്ചുണ്ടാക്കിയ ആ രണ്ടു ചെറുകോട്ടകൾ അദ്ദേഹം കണ്ടു മനസ്സിലാക്കി. ഈ മാർഗനിരോധത്തിന്റെ ഒരരികിലായി ബ്രയിൻലാല്യൂദിനോടു തൊട്ട വഴിമുറിവിന്റെ കോണിൽ നില്ക്കുന്നതും, വെള്ളച്ചായമിട്ടതുമായ സെയിന്റു് നിക്കൊളസ്സിന്റെ പഴയ ചെറുപള്ളി അദ്ദേഹം കണ്ടു. അദ്ദേഹം തല കുനിച്ചു. ലാക്കോസ്തോടു് ഒരു താഴ്‌ന്ന സ്വരത്തിൽ എന്തോ പറഞ്ഞു. ഇല്ലെന്നർഥത്തിൽ വഴികാട്ടി തലയിളക്കി—അതു പക്ഷേ, വിശ്വാസവഞ്ചനയായിരിക്കാം.

ചക്രവർത്തി നിവർന്നുനിന്നു; അദ്ദേഹം ആലോചനയിലാണ്ടു.

വെല്ലിങ്ങ്ടൻ പിന്നോക്കം വാങ്ങിയിരുന്നു.

അദ്ദേഹത്തെ ചതച്ചുകളഞ്ഞ് ആ പിന്മാറൽ മുഴുമിപ്പിക്കുക മാത്രമേ ഇനി വേണ്ടൂ.

നെപ്പോളിയൻ പെട്ടന്നു പിന്നോക്കം തിരിഞ്ഞു. യുദ്ധം ജയിച്ചു എന്നു പരസ്യപ്പെടുത്തുവാൻ ഒരാളെ കഴിയുന്ന വേഗത്തിൽ പാരിസ്സിലേക്കോടിച്ചു. ഇടിമിന്നലുകളെ പുറപ്പെടുവിക്കുന്ന അത്തരം അതിബുദ്ധിമാന്മാരിൽ ഒരാളാണു് നെപ്പോളിയൻ.

അദ്ദേഹം താനുണ്ടാക്കിയ ഇടിവെട്ടു് അതാ, കണ്ടു.

മോൺസാങ്ങ്ഴാങ്ങ് പിടിച്ചടക്കുവാൻ മിൽഹോവിന്റെ കവചധാരിസൈന്യത്തിനു് അദ്ദേഹം ആജ്ഞകൊടുത്തു.

കുറിപ്പുകൾ

[20] നെപ്പോളിയന്റെ കീഴിൽ പല യുദ്ധവും നടത്തിയ ആൾ, വാട്ടർലൂവിൽ പ്രഷ്യക്കാരുടെ തള്ളിക്കയറ്റം നിർത്താൻ സാധിക്കാത്തതു് നാടുകടത്തപ്പെട്ടുവെങ്കിലും പതിനെട്ടാമൻ ലൂയി മടക്കിവിളിച്ചു.

[21] നെപ്പോളിയൻ വല്ലാതെ തോറ്റുപോയ മൂന്നു പ്രധാന യുദ്ധങ്ങൾ.

[22] ഫ്രാൻസിലെ ഈ ചെറുപട്ടണത്തിൽവെച്ചാണു് ഇംഗ്ലണ്ടിലെ മൂന്നാമൻ എഡ്വേർഡ് 1346-ൽ ഫ്രാൻസിനെ തോല്പിച്ചതു്.

[23] ഫ്രാൻസിലെ ഈ മറ്റൊരു പട്ടണത്തിൽവെച്ച് ഇംഗ്ലണ്ടു് ഫ്രാൻസിനെ 1356-ൽ കലശലായി തോല്പിച്ചു.

[24] ഇംഗ്ലണ്ടും ഹോളന്റും ആസ്ട്രിയയും കൂടി 1709-ൽ ഫ്രാൻസിനെ തോല്പിച്ച യുദ്ധം.

[25] മാർൾബാരോ ഡ്യൂക്ക് ഫ്രാൻസിനേയും ബവേറിയയെയും കൂടി 1706-ൽ ഇവിടെ വെച്ചു തോല്പിച്ചു.

[26] നെപ്പോളിയൻ 1900-ൽ ആസ്ട്രിയയെ കലശലായി തോല്പിച്ച പ്രസിദ്ധയുദ്ധം.

[27] 9000 ഇംഗ്ലീഷുഭടന്മാർ 6000 ഫ്രഞ്ച് ഭടന്മാരെ തികച്ചും പരാജയപ്പെടുത്തിയ 1416-ലെ യുദ്ധം.

2.1.9
അപ്രതീക്ഷിതസംഭവം

അതിൽ ആകെ മുവ്വായിരത്തഞ്ഞൂറുപേരുണ്ടു്. അവരുടെ വരിനിരപ്പു് ഒരു കാല്ക്കാതം നീളമുണ്ടായിരുന്നു. അവർ വലിയ കൂറ്റന്മാരാണു്; അവരുടെ കുതിരകളും കൂറ്റന്മാർതന്നെ, അവർ ആകെ ഇരുപത്താറു ഭാഗങ്ങളാണു്. അവരെ സഹായിക്കുവാൻ പിന്നിലായി ഒരു നൂറ്റാറു് ഒന്നാന്തരം പദാതികളും, ആയിരത്തൊരുനൂറ്റിത്തൊണ്ണൂറ്റേഴു് സാദികളും, രക്ഷിസൈന്യത്തിൽപ്പെട്ട എണ്ണൂറ്റൊൻപതു കുന്തധാരികളുമുണ്ടു്. കുതിരവാലുകളില്ലാത്ത ശിരോലങ്കാരങ്ങളും, ഉരുക്കുകൊണ്ടുള്ള മാർച്ചട്ടകളുമാണു് അവർ ധരിച്ചിരുന്നതു്; ജീനിസ്സഞ്ചിയിൽ കൈത്തോക്കുകളുമുണ്ടു്; കൈയിൽ നീണ്ട ഉറവാളുകളും. അന്നു രാവിലെ ഒമ്പതുമണിസ്സമയത്തു്, എല്ലാ കാഹളങ്ങളും ഊതിക്കൊണ്ടും, ‘നമുക്ക് നമ്മുടെ സാമ്രാജ്യത്തെ രക്ഷിക്കുക’ എന്നുള്ള പാട്ടു് എല്ലാ സാമഗ്രികളോടുംകൂടി പാടിക്കൊണ്ടും, ഒരു പീരങ്കിനിര പാർശ്വത്തിലും മറ്റൊന്നു നടുക്കുമായി ഒരുറച്ച കൂട്ടംചേർന്നു് അവർ ക്രമത്തിൽ നടന്നുവന്നു. ഗെനാപ്പിലേക്കും ഫ്രീഷ്മോങ്ങിലേക്കുമുള്ള വഴികൾക്കിടയിൽ രണ്ടു വകുപ്പുകളായി പരക്കെ വരിനിരന്നു്, ഇടത്തേ അറ്റത്തു നെതർല്ലാന്റിന്റെ സൈന്യഭാഗവും വലത്തെ അറ്റത്തു മിൽഹോവിന്റെ സൈന്യഭാഗവുമായ, രണ്ടു ഇരിമ്പു ചിറകുകളോടുകൂടിയതെന്നു പറയാവുന്നവിധം നെപ്പോളിയൻ അത്രമേൽ സാമർഥ്യത്തോടുകൂടി ഏർപ്പെടുത്തിക്കൊടുത്ത ആ ശക്തിമത്തായ രണ്ടാമത്തെ അണിനിരയിൽ തങ്ങളുടെ സ്ഥാനത്തു കയറിയപ്പോൾ, അന്നുള്ള സൈനികർ അവരെ ഹൃദയപൂർവം അഭിനന്ദിച്ചിരിരുന്നു.

ചക്രവർത്തിയുടെ പരിചാരകനായ ബോർ അവിടുത്തെ കല്പന അവരെ ചെന്നറിയിച്ചു. നേ തന്റെ വാളൂരി, അവരുടെ നേതാവായി, ആ മഹത്തായ സേനാവിഭാഗം നടതുടങ്ങി.

ഉടനെ ഒരു ഭയങ്കരകാഴ്ച കാണപ്പെട്ടു.

വാളുകൾ ഉയർത്തിപ്പിടിച്ചു, കൊടികളും കാഹളങ്ങളും ആടിമറിഞ്ഞു കൊണ്ടു് ആ കുതിരപ്പട്ടാളം മുഴുവനും രണ്ടു വകുപ്പുകളായി വരിനിരന്നു്, ഒരാളെന്ന നിലയിൽ ഒരേ ക്രമത്തിലുള്ള നടത്തോടുകൂടി, ഒരു വിടവിന്മേൽ കയറിപ്പിടിച്ചു മതിലുടയ്ക്കുന്ന പിച്ചളയന്ത്രമുട്ടിയ്ക്കൊത്ത കണിശത്തോടെ, ലീബൈൽ അലീയാൻസു് കുന്നിറങ്ങി, അനവധി പേർ വീണുകഴിഞ്ഞിട്ടുള്ള ആ ഭയങ്കരമായ അഗാധസ്ഥലത്തു് ആണ്ടുമുങ്ങി, അവിടെ വെടിപ്പുകയിൽ മറഞ്ഞു, ക്ഷണത്തിൽ ആ നിഴല്പാട്ടിൽനിന്നു പുറത്തു കടന്നു്, അപ്പോഴും ഏകോപിച്ചും വഴിതെറ്റാതേയും, നാലുപുറത്തും വന്നുവീഴുന്ന വെടിയുണ്ടക്കൂട്ടത്തിന്റെ ലഹളയിലൂടെ, മോൺസാങ്ങ്ഴാങ്ങ് മലമ്പരപ്പിന്റെ ഭയങ്കരവും ചളികെട്ടിയതുമായ പള്ളയിലേക്ക് അടിച്ചുകയറുന്നതായി അപ്പുറത്തുള്ള താഴ്‌വാരത്തിൽ വീണ്ടും പ്രത്യക്ഷീഭവിച്ചു. ഗൗരവത്തോടുകൂടിയും, ഭയം തോന്നിക്കുമാറും, പരിഭ്രമമില്ലാതെയും അവർ മേല്പോട്ടു കയറി; വെടിയുടേയും പീരങ്കിയൊച്ചയുടേയും ഇടയ്ക്ക് അവരുടെ വമ്പിച്ച കുതിരകളുടെ കുളമ്പടിശ്ശബ്ദം കേൾക്കാമായിരുന്നു. രണ്ടു വകുപ്പുകളായതുകൊണ്ടു് അവരുടെ പോക്ക് രണ്ടു ഭാഗമായിട്ടായിരുന്നു; വാത്തിയുടെ ഭാഗം വലത്തും ദെലോറിന്റേതു് ഇടത്തും. അതു കണ്ടാൽ കുന്നിന്റെ ഒത്ത മുകളിലേക്കു രണ്ടു വമ്പിച്ച ഇരിമ്പലിപ്പാമ്പുകൾ അരിച്ചുപോകുന്നതായി തോന്നും. അതു് ഒരു രാക്ഷസസ്വരൂപിയെപ്പോലെ യുദ്ധഭൂമി കടന്നു.

മോസ്കോവിലെ വലിയ കാവല്ക്കോട്ട പിടിച്ചതിനു ശേഷം ഇങ്ങനെയൊരു കാഴ്ച എങ്ങും കണ്ടിട്ടില്ല; അന്നത്തെ മ്യൂറാ [28] ഇവിടെയില്ല. എങ്കിലും, നേ ഇതിലുമുണ്ടു്. ആ ഭടസംഘമാകെ ഒരു ഭയങ്കരസ്വരൂപിയും ഒരൊറ്റ ജീവനോടുകൂടിയതുമായിച്ചമഞ്ഞതുപോലെ തോന്നി. ഒരു സഹസ്രശീർഷസർപ്പത്തിന്റെ ഉടലുപോലെ ഓരോ വരിനിരപ്പും ഓളം മറിയുകയും വീർത്തുപൊങ്ങുകയും ചെയ്തു. അവിടവിടെ പിളർത്തപ്പെട്ട ഒരു പരന്ന പുകക്കൂട്ടത്തിനുള്ളിലൂടെ അവരെ കാണാമായിരുന്നു. തൊപ്പികളുടേയും കൂക്കിവിളികളുടേയും വാളുകളുടേയും പീരങ്കിയൊച്ചയ്ക്കും കാഹളശബ്ദത്തിനും ഇടയ്ക്കുള്ള കുതിരകളുടെ പിൻവശച്ചാട്ടങ്ങളുടേയും, ഒക്കെക്കൂടിയ ഒരു ലഹള ഭയങ്കരവും ക്രമാന്വിതവുമായ ഒരു ബഹളം; എല്ലാറ്റിനും മുകളിലായി, സഹസ്രശീർഷസർപ്പത്തിന്റെ ചെളുക്കുകളെപ്പോലെ, ആ ഭടസംഘത്തിന്റെ മാർച്ചട്ടകൾ.

ഈ കഥകൾ പൗരാണികകാലത്തേക്കു ചേർന്നതാണെന്നു തോന്നും; ഈ കാഴ്ചയ്ക്കു സമാനമായ എന്തെങ്കിലുമൊന്നു മനുഷ്യശിരസ്സുകളോടും അശ്വശരീരങ്ങളോടും കൂടി പർവതങ്ങളുടെ മുകളിലേക്ക് ഒരുക്കിൽ അരിച്ചുകയറുന്ന ഓരോ വല്ലാത്ത സത്ത്വങ്ങളെപ്പറ്റി—ഭയങ്കരങ്ങളും അഭേദ്യങ്ങളും അലൗകികങ്ങളുമായ ദേവകളേയും തിര്യക്കുകളേയും കുറിച്ചു പ്രതിപാദിക്കുന്ന പുരാണഗാനങ്ങളിൽ നിശ്ചയമായും ചിലതുണ്ടു്.

അക്കങ്ങളുടെ യാദൃച്ഛികമായ യോജിപ്പ്— ഇരുപത്താറു പട്ടാളവകുപ്പുകൾ ഇരുപത്താറു പട്ടാളവകുപ്പുകളോടെതിർക്കാൻ ചെന്നു. മുകൾപ്പരപ്പിന്റെ അറ്റത്തിനു പിന്നിൽ, പീരങ്കിനിരയുടെ നിഴലിൽ, രണ്ടു വകുപ്പുകൾ ഒരു ചതുരത്തിലായി പതിമ്മൂന്നു ചതുരങ്ങൾ ചേർന്നു്, ഏഴെണ്ണം ഒന്നാമത്തേതിലും ആറെണ്ണം രണ്ടാമത്തേതിലുമായി രണ്ടു വരിയൊത്തു, തോക്കുകളുടെ ചട്ട ചുമലിൽ വെച്ചു, മുൻപിൽ കാണുന്നതിനു നേരെ ഉന്നം വെച്ചുകൊണ്ടു് ഇംഗ്ലീഷ് കാലാൾപ്പട ശാന്തമായി നിശ്ശബ്ദമായി, നിശ്ചലമായി കാത്തുനില്ക്കുന്നു. അവർ ആ കവചധാരിസൈന്യത്തെയും ആ കവചധാരിസൈന്യം അവരേയും കണ്ടിട്ടില്ല. ഈ മനുഷ്യത്തിരയടി കയറിക്കയറിവരുന്ന ശബ്ദത്തിൽ അവർ ചെവിയോർത്തു. വലുപ്പം കൂടിക്കൂടി വരുന്ന ആ മുവ്വായിരം കുതിരകളുടെ ഒച്ചയും അടിച്ചുകയറുന്ന അവയുടെ കുളമ്പുകൾ ഇടവിട്ടും ക്രമംതെറ്റാതെയും നിലത്തടിക്കുന്ന കെടകെട ശബ്ദവും, മാർക്കവചങ്ങളുടെ ചിലമ്പിച്ചയും വാളുകളുടെ കിലുക്കവും മഹത്തും ഭയങ്കരവുമായ നെടുവീർപ്പും അവർ കേട്ടു. അതാ, അതിഭീഷണമായ ഒരു നിശ്ശബ്ദത; ഉടനെ ഉത്തരക്ഷണത്തിൽ, ഉയർത്തപ്പെട്ട തോക്കുകളുടേയും ചുഴറ്റപ്പെടുന്ന വാളുകളുടേയും ഒരു നീണ്ട അണിനിര കുന്നിൻമുകളിൽ പ്രത്യക്ഷീഭവിച്ചു. അതോടുകൂടി ശിരോലങ്കാരങ്ങളും, കാഹളങ്ങളും, കൊടിക്കൂറകളും; എന്നല്ല, ഒന്നിച്ചു ‘ചക്രവർത്തി ജയിക്കട്ടെ’ എന്നാർത്തുകൊണ്ടു നരച്ച മേൽമീശയോടുകൂടിയ മുവ്വായിരം തലകളും. ആ കുതിരപ്പട്ടാളം മുഴുവനും കുന്നിന്മുകളിൽ ആവിർഭവിച്ചു; അതു് ഒരു ഭൂകമ്പത്തിന്റെ പുറപ്പാടുപോലെയിരുന്നു.

പെട്ടെന്നു് ഒരു വ്യസനകരമായ സംഭവം. ഇംഗ്ലീഷ്സൈന്യത്തിന്റെ ഇടത്തു ഭാഗത്തു നമ്മുടെ വലത്തുഭാഗത്തുമായി, ഒരു ഭയങ്കരമായ കൂക്കിവിളിയോടു കൂടി, കവചധാരിഭടനിരപ്പിന്റെ തല പൊന്തി. നിർത്താൻ വയ്യാതെയും ദേഷ്യം കൊണ്ടു തികച്ചും ഭ്രാന്തുപിടിച്ചും ശത്രുക്കളുടെ സൈന്യനിരപ്പുകളും പീരങ്കികളും നിശ്ശേഷം നശിപ്പിച്ചുകളയാൻ തന്നെയായും ആ കവചധാരിസൈന്യം കുന്നിന്മുകളിന്റെ ഒത്ത നിറുകയിലെത്തിയപ്പോൾ, ഒരു കുണ്ടുവഴി ദൃഷ്ടിയിൽപ്പതിഞ്ഞു— അവർക്കും ഇംഗ്ലീഷ് സൈന്യത്തിനുമിടയിൽ ഒരു കണ്ടുവഴി; ഒഹെങ്ങിലെ കുഴിത്തോടായിരുന്നു അതു്.

അതു് ഒരു ഭയങ്കര സന്ദർഭമായിരുന്നു. അപ്രതീക്ഷിതമായി, വാപിളർന്നു കൊണ്ടു, കുതിരകളുടെ കുളമ്പിന്നടിയിൽത്തന്നെ, രണ്ടു കുന്നിമ്പള്ളകളുടേയും ഇടയ്ക്കു പന്ത്രണ്ടടി ആഴത്തിൽ അതാ ആ ഗുഹ; രണ്ടാമത്തെ സൈന്യവരി ആദ്യത്തേതിനെ അതിലേക്കുന്തി, മൂന്നാമത്തേതു രണ്ടാമത്തേതിനേയും തിരക്കിത്തള്ളി; കുതിരകൾ പിന്നോക്കം വാങ്ങി, പുറംകുത്തി മറിഞ്ഞു, പിന്നുകുത്തിനിന്നു, നാലു കാലും മുകളിലേക്കു പൊന്തിച്ചു പുറത്തിരിക്കുന്നവരെ ചതച്ചും അരച്ചും താഴത്തേക്കുരസി; പിന്മാറുവാൻ യാതൊരു നിർവാഹവുമില്ലാഞ്ഞതിനാൽ — അ സൈന്യപംക്തി ആകപ്പാടെ പീരങ്കിയിൽനിന്നു വിട്ട ഒരു ചില്ലുണ്ടയല്ലതെ മറ്റൊന്നുമല്ലായിരുന്നു.— ഇംഗ്ലീഷ് സൈന്യത്തെ ചതച്ചുകളയുവാൻ എടുത്തു കൂട്ടിയ ശക്തി ഫ്രഞ്ച്സൈന്യത്തെത്തന്നെ ചമ്മന്തിയരച്ചു. ആ ചഞ്ചലിപ്പില്ലാത്ത ഗുഹ നിറഞ്ഞുകഴിഞ്ഞാൽ മാത്രമെ കീഴടങ്ങുകയുള്ളൂ; തമ്മിൽത്തമ്മിൽ ചവുട്ടിപ്പൊടിച്ചുകൊണ്ടു്, ആ ഗുഹയ്ക്കുള്ളിൽ അശ്വങ്ങളും അശ്വഭടന്മാരുമെല്ലാം ഒരു വലിയ മാംസപിണ്ഡം മാത്രമായി കൂടിമറിഞ്ഞു കിടക്കുന്നുണ്ടു്; ആ കുഴിത്തോടു നിറച്ചും ജിവനുള്ള മനുഷ്യരായപ്പോൾ, ശേഷിച്ചവർ അവർക്കു മീതെ ഓടിച്ചു കടന്നു പോയി. ദ്യ്ബ്വാവിന്റെ സൈന്യത്തിൽ മൂന്നിലൊരു ഭാഗം ആ ഗുഹയിൽ വീണു.

യുദ്ധത്തിൽ തോല്മ ഇവിടെനിന്നു തുടങ്ങി.

ആപ്രദേശത്തെ ഒരൈതിഹ്യപ്രകാരം—വ്യക്തമായി അതു കുറെ കൂട്ടിപ്പറയുന്നുണ്ട്— ഒഹൊങ്ങിലെ കുണ്ടുകുഴിയിൽ രണ്ടായിരം കുതിരകളും ആയിരത്തഞ്ഞൂറു മനുഷ്യരും വീണു ചത്തു. യുദ്ധത്തിന്റെ പിറ്റേദിവസം ആ ഗുഹയിലേക്കു വലിച്ചെറിയപ്പെട്ട മറ്റു ശവങ്ങളും ഈ കണക്കിൽ പക്ഷേ, ഉൾപ്പെട്ടിട്ടുണ്ടാവാം.

അത്യപകടത്തിൽപ്പെട്ട ഈ ദ്യുബ്വ്വവിന്റെ സൈന്യമാണു് ഒരുമണിക്കൂർ മുൻപു്, ഒരു വശത്തേക്കു തള്ളിക്കയറി, ല്യൂനെർബർഗ് പട്ടാളത്തിന്റെ കൊടി പിടിച്ചെടുത്തതെന്നു ഞങ്ങൾ ഓട്ടത്തിൽ ഒന്നു പറഞ്ഞുവെക്കട്ടെ.

മിൽഹോവിന്റെ കവചധാരിസൈന്യത്തിനു് ഈ തള്ളിക്കയറ്റത്തിനുള്ള ആജ്ഞ കൊടുക്കുന്നതിനു മുൻപു് നെപ്പോളിയൻ ആ സ്ഥലം സൂക്ഷിച്ചുനോക്കിയിരുന്നു; പക്ഷേ, ആ കുണ്ടുവഴി കാണാൻ കഴിഞ്ഞില്ല; അതു് ആ കുന്നിന്മുകൾപ്പരപ്പിന്റെ സമനിലത്തു് ഒരു ചുളിവുകൂടി ഉണ്ടാക്കിയിരുന്നില്ല. എങ്കിലും, നീവെല്ലു് നിരത്തുമായി അതു ചേർന്നുണ്ടാകുന്ന കോണിനെ സൂചിപ്പിക്കുന്നതായ ആ വെളുത്ത ചെറുപള്ളിയാൽ സൂക്ഷിക്കണമെന്നു മുന്നറിവു് കൊടുക്കപ്പെട്ടു്, അദ്ദേഹം അവിടെയെങ്ങാനും വല്ല തടസ്സവുമുണ്ടോ എന്നു ലാക്കോസ്തോടു പക്ഷേ, ചോദിച്ചിരിക്കും. ആ വഴികാട്ടി ഇല്ലെന്നു മറുപടി പറഞ്ഞു. ഒരു കൃഷീവലന്റെ തലകൊണ്ടുള്ള ആംഗ്യത്തിൽനിന്നു നെപ്പോളിയന്റെ അത്യാപത്തു മുഴുവനുമുണ്ടായി എന്നു് ഏതാണ്ടു സിദ്ധാന്തിക്കാം.

മറ്റു ഗ്രഹപ്പിഴകൾ വരുവാൻ നില്ക്കുന്നു.

നെപ്പോളിയൻ ആ യുദ്ധത്തിൽ ജയിച്ചു എന്നു വരാമായിരുന്നുവോ? ഞങ്ങൾ മറുപടി പറയുന്നു, ഇല്ല. എന്തുകൊണ്ടു്? വെല്ലിങ്ങ്ടൻ കാരണമാണോ? ബ്ളൂഷർ കാരണമാണോ? അല്ല. ഈശ്വരൻ കാരണം.

വാട്ടർലൂവിൽ ബോണോപ്പാർട്ടു് ജയിക്കുക; പത്തൊമ്പതാംനൂറ്റാണ്ടിലെ ലോകനിയമത്തിൽ അതുൾപ്പെട്ടിട്ടില്ല; വേറെ ഒരു കൂട്ടം സംഭവങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടു്. നെപ്പോളിയന്നു് അവയിലെങ്ങും ഇടമില്ല. സംഭവപരമ്പയുടെ ദുരഭി പ്രായം വളരെ മുൻപുതന്നെ തീർച്ചപ്പെട്ടുതുടങ്ങി.

ഈ വലിയ മനുഷ്യൻ വീഴേണ്ട കാലമയി.

മനുഷ്യസംബന്ധിയായ ഈശ്വരവിധിയിൽ ഈ മനുഷ്യന്റെ വല്ലാത്ത കനം തുലാസ്സിന്റെ നില തെറ്റിച്ചു. ലോകം മുഴുവനും ഒന്നായിക്കൂടിയതിനേക്കാൾ ഈ ഒരൊറ്റസ്സത്വം അധികം കനം തൂങ്ങി. എല്ലാ മാനുഷികചൈതന്യത്തിന്റേയും ഈ കവിഞ്ഞൊഴുകലുകൾ ഒരൊറ്റത്തലയിൽ ഒത്തുകൂടി; ഒരു മനുഷ്യന്റെ തലച്ചോറിനു ലോകം മുഴുവനുംകൂടി കയറിച്ചെല്ലുക— ഇതു നിലനില്ക്കുന്ന പക്ഷം ലോകപരിഷ്കാരം നശിച്ചുപോകും. ന്യായവും സൽവോത്കൃഷ്ടവുമായ അവകാശതുല്യതയ്ക്കു തന്റെ യുക്തി ഒന്നു മാറ്റേണ്ട സമയമായി. ഭൗതികലോകത്തിന്റെ എന്നപോലെ മാനസികലോകത്തിന്റേയും നിയമാനുസാരികളായ കേന്ദ്രാകർഷണങ്ങൾ യാവചിലവയെ ആശ്രയിച്ചുനില്ക്കുന്നുവോ. ആവക മൂലതത്ത്വങ്ങളും മൂലപ്രകൃതികളും, പക്ഷേ, ആവലാതിപ്പെട്ടിരിക്കാം. പുകയുന്ന രക്തം, നിറഞ്ഞുവഴിഞ്ഞ ശ്മാനസ്ഥലങ്ങൾ, കണ്ണുനീരിലാണ്ട അമ്മമാർ— ഇവർ എതിരില്ലാത്ത പക്ഷവാദികളാണു്. താങ്ങുപൊറുക്കാത്ത ഭാരംകൊണ്ടു ഭൂമി കഷ്ടപ്പെടുമ്പോൾ നിഴലാടുകളുടെ നിഗൂഢങ്ങളായ ഞെരക്കങ്ങൾ പുറപ്പെടുകയും അഗാധത അവയ്ക്കു ചെവികൊടുക്കയും ചെയ്യുന്നു.

അപാരതയിൽവെച്ചു നെപ്പോളിയൻ കുറ്റക്കാരനെന്നു വിധിക്കപ്പെട്ടു; അദ്ദേഹത്തിന്റെ അധ:പതനം തീർച്ചപെടുത്തിപ്പോയി.

അദ്ദേഹം ഈശ്വരനെ അമ്പരപ്പിച്ചു.

വാട്ടർലൂ ഒരു യുദ്ധമല്ല; പ്രപഞ്ചത്തിന്റെ ഒരു ചുവടുമാറ്റമാണു്.

കുറിപ്പുകൾ

[28] പ്രസിദ്ധനായ ഫ്രഞ്ചു സേനാപതി. ഇറ്റലിയിലെ രാജാവു്. നെപ്പോളിയന്റെ സ്യാലൻ.

2.1.10
മോൺസാങ്ങ്ഴാങ്ങിലെ മുകൾപ്പരപ്പ്

മലപ്പിളർപ്പിന്റേതോടുകൂടിത്തന്നെ, പീരങ്കിനിരയുടേയും വായ്മൂടി തുറക്കപ്പെട്ടു.

അറുപതു പീരങ്കികളും പതിമ്മൂന്നു ചതുരപ്പടകളും ആ കവചധാരികളുടെ നേർക്ക് ഉന്നംവെച്ച് ഇടിമിന്നലയച്ചു. നിർഭയനായ ദെലോർ ഇംഗ്ലീഷ് പീരങ്കിപ്പട്ടാളത്തിന്നു ഒരു പട്ടാളസ്സലാം കൊടുത്തു.

ഇംഗ്ലണ്ടുകാരുടെ പറന്നുനടക്കുന്ന കുതിരപ്പട്ടാളം മുഴുവനും ഓരോട്ടത്തിനു വീണ്ടും ചതുരപ്പടയിൽക്കടന്നു. കവചധാരികൾക്കു നില്ക്കാൻകൂടി ഇട കിട്ടിയില്ല. കുണ്ടുവഴിയിൽവെച്ചു പറ്റിയ അപകടം അവരുടെ എണ്ണം കുറച്ചു എന്നല്ലാതെ അവരെ ഉത്സാഹഭംഗപ്പെടുത്തിയില്ല. എണ്ണത്തിൽ കുറയുന്തോറും ധൈര്യത്തിൽ കൂടിവരുന്ന അത്തരം മനുഷ്യരിൽ അവരുൾപ്പെട്ടിരുന്നു.

ആ ആപത്തിൽ വാത്തിയെരുടെ സേനാഭാഗം മാത്രമേ പെട്ടിരുന്നുള്ളൂ; ഒരു പതിയിരിപ്പുപടയെപ്പറ്റി എങ്ങനെയോ മുന്നറിവു തോന്നിയിട്ടെന്നപോലെ, നേ ഇടത്തോട്ടു പരത്തിനിർത്തിയിരുന്ന ദെലോറുടെ ഭാഗക്കാർ മുഴുവനും എത്തേണ്ടിടത്തെത്തി.

കവചധാരികൾ ഇംഗ്ലീഷ് ചതുരപ്പടകളുടെ മേൽ പാഞ്ഞുകയറി.

തികച്ചും വേഗത്തിൽ, കടിഞ്ഞാൺ വിട്ടുകൊടുത്തും, വാളുകൾ കടിച്ചും, കൈത്തോക്കുകൾ മുറുക്കിപ്പിടിച്ചും— ഇങ്ങനെയായിരുന്നു ആ തള്ളിക്കേറ്റം.

യുദ്ധങ്ങൾക്കിടയ്ക്കു, യുദ്ധഭടൻ ഒരു പ്രതിമയായി മാറുകയും മാംസപിണ്ഡം മുഴുവനും കരിങ്കല്ലായിത്തീരുകയും ചെയ്യുന്നതുവരെ ജീവൻ മനുഷ്യനെ മരവിപ്പിച്ചുകളയുന്ന അത്തരം ചില സന്ദർഭങ്ങളുണ്ടു്. ഒരു നോട്ടവുമില്ലാതെ കടന്നാക്രമിക്കപ്പെട്ടിട്ടും ഇംഗ്ലീഷ് പട്ടാളം അനങ്ങിയില്ല.

അപ്പോൾ അതു ഭയങ്കരമായിരുന്നു.

ഇംഗ്ലീഷ് ചതുരപ്പടയുടെ എല്ലാ മുഖപ്പന്തികളും ഒന്നിച്ചെതിർക്കപ്പെട്ടു. ഒരു കമ്പംപിടിച്ച ചുഴലിച്ച അവരെ മൂടിക്കളഞ്ഞു. ആ സ്തോഭരഹിതമായ കാലാൾപ്പട മരവിച്ചപോലെ നിലകൊണ്ടു. ഒന്നാമത്തെ വരി കുനിഞ്ഞു കവചധാരിപ്പടയെ തങ്ങളുടെ കുന്തങ്ങളെക്കൊണ്ടു് സ്വാഗതം ചെയ്തു; രണ്ടാമത്തെ വരി അവരെ വെടിവെച്ചമർത്തി; രണ്ടാമത്തെ വരിയുടെ പിന്നിലുള്ള പീരങ്കിപ്പടയാളികൾ വെടി തുടങ്ങി; ചതുരപ്പടയുടെ മുഖപ്പന്തി നീങ്ങി, ഒരുക്കു ചില്ലുണ്ടകൾക്കു പായുവാൻ ഇടംകൊടുത്തു, വീണ്ടും അടഞ്ഞു. കവചധാരികൾ അതിനു പകരം അവരെ ചതിച്ചു. അവരുടെ വമ്പിച്ച കുതിരകൾ പിൻവാങ്ങി, വരിനിരപ്പിലൂടെ കുതിച്ചു പാഞ്ഞു, കുന്തങ്ങൾക്കു മീതേ കവച്ചുച്ചാടി, ആ മനുഷ്യമയങ്ങളായ നാലു കിണറുകൾക്കുള്ളിൽ ശക്തിയോടുകൂടി മറിഞ്ഞു. കവചധാരിപ്പടയിൽ പീരങ്കിയുണ്ടകൾ ചാലുകീറി; ആ കവചധാരികൾ ചതുരപ്പടയിൽ വിടവു തുളച്ചു. കുതിരകളുടെ ഓട്ടത്തിൽ പൊടിഞ്ഞുതകർന്നു് ആളുകളുടെ അണിനിരകൾ കാണാതായി. ആ അശ്വശരീരന്മാരുടെ വയറുകളിലേക്ക് പടക്കുന്തങ്ങൾ അണ്ടുകടന്നു; മുൻപു് ഒരു ദിക്കിലും, പക്ഷേ, കണ്ടിട്ടില്ലാത്ത മുറിവുകളുടെ ഒരെന്തിന്നില്ലായ്മയുണ്ടായി. ആ ഭ്രാന്തുപിടിച്ച കുതിരപ്പട്ടാളത്താൽ നശിക്കപ്പെട്ട ചതുരപ്പടകൾ ഒരു കാൽ പതറാതെ പിന്നേയും വരിചേർന്നു. ചില്ലുണ്ടകളുടെ കാര്യത്തിൽ ദുർഭിക്ഷമില്ലാത്ത പീരങ്കിപ്പടകൾ ശത്രുക്കളുടെ മധ്യത്തിലിട്ടു വെടിമുഴക്കി. ഈ യുദ്ധത്തിന്റെ സ്വരൂപം പൈശാചികമായിരുന്നു. ഈ ചതുരപ്പടകൾ പട്ടാളക്കാരല്ലാതായി. അവർ അഗ്നിപർവതങ്ങളുടെ വായകളായി; ആ കവചധാരികൾ കുതിരപ്പട്ടാളമല്ലാതായി, അവർ കൊടുങ്കാറ്റുകളായി; ഓരോ ചതുരപ്പടയും ഓരോ മേഘപടലത്താൽ ആക്രമിക്കപ്പെട്ട ഓരോ അഗ്നിപർവതമായി; ശിലാദ്രവം ഇടിമിന്നലുമായി കൂട്ടിമുട്ടി.

വലത്തേ അറ്റത്തുള്ള ചതുരപ്പട, നിലത്തല്ലായിരുന്നതുകൊണ്ടു് എല്ലാറ്റിലും വെച്ച് അധികം തുറസ്സിൽപ്പെട്ട കൂട്ടം, ഒന്നാമത്തെ തള്ളിക്കയറ്റത്തിൽത്തന്നെ അധികഭാഗവും നശിച്ചു. സ്കോട്ട്ലാണ്ടുകാരുടെ സൈന്യത്തിൽ 75-ാം ഭാഗം കൊണ്ടാണു് അതുണ്ടാക്കിയിരുന്നതു്. നടുക്കു നില്ക്കുന്ന കുഴലൂത്തുകാരൻ കാടുകളേയും തടാകങ്ങളേയും പറ്റിയുള്ള വിചാരങ്ങളാൽ നിറയപ്പെട്ട തന്റെ വ്യസനമയങ്ങളായ നോട്ടങ്ങളെ നാലുപുറവുമുള്ള ആളുകൾ മീതെയ്ക്കുമീതെ ചത്തു വീഴുമ്പോൾ തികഞ്ഞ അശ്രദ്ധയിൽ കീഴ്പൊട്ടു തൂക്കിയിട്ടു; അയാൾ ഒരു ചെണ്ടമേൽ ചെന്നിരുന്നു തന്റെ രാജ്യത്തു നടപ്പുള്ള ഒരു പുരാതനഗാനം പാടാൻ തുടങ്ങി. ഗ്രീസ്സുകാർ ആർഗോസ്സുപ്രദേശം ഓർമിച്ചുകൊണ്ടു മരിച്ചതുപോലെ, ആസ്കോട്ട്ലാണ്ടുകാർ ബെൻലോതിയൻ പ്രദേശത്തെ വിചാരിച്ചുകൊണ്ടു മരിച്ചു. കുഴലും അതു പിടിച്ചിട്ടുള്ള കൈയും ചെത്തിക്കളഞ്ഞ ഒരു കവചധാരിഭടന്റെ വാൾ ആ പാട്ടുകാരന്റെ കഥ കഴിച്ചു, പാട്ടവസാനിപ്പിച്ചു.

ശത്രുക്കളുമായി നോക്കുമ്പോൾ സ്വതവേ എണ്ണത്തിൽ കുറഞ്ഞവരും, മലപ്പിളർപ്പിൽവെച്ചുണ്ടായ അപകടത്താൽ കുറേക്കൂടി എണ്ണം കുറഞ്ഞവരുമായ ആ കവചധാരികളോടെതിരിടാൻ ഇംഗ്ലീഷ് സേനകൾ ഏതാണ്ടു മുഴുവനുണ്ടായിരുന്നു; എന്നാൽ അവർ സ്വയമേവ എണ്ണംകൂടി, ഒരാൾ പത്തുപേരായിത്തീർന്നു. എന്തായാലും ചില ജർമ്മൻപട്ടാളക്കാർ പിൻവാങ്ങി. വെല്ലിങ്ങ്ടൻ അതു കണ്ടു, തന്റെ കുതിരപ്പട്ടാളത്തെ ഓർമിച്ചു. അതേസമയത്തു നെപ്പോളിയൻ തന്റെ കാലാൾ സൈന്യത്തെക്കൂടി ഓർമിച്ചിരുന്നുവെങ്കിൽ, യുദ്ധത്തിൽ ചക്രവർത്തി ജയിച്ചേനേ. ഈ മറവിയാണു് അദ്ദേഹത്തിനു പറ്റിയ മഹത്തും അത്യപായകരവുമായ അബദ്ധം.

പെട്ടെന്നു്, അതേവരെ എതിർക്കുന്നവരായിരുന്ന കവചധാരികൾ സ്വയം എതിർക്കപ്പെട്ടതായി കണ്ടു. ഇംഗ്ലീഷ് കുതിരപ്പട അവരുടെ പിന്നിലെത്തി. അവരുടെ മുൻപിൽ രണ്ടു ചതുരപ്പട; പിന്നിൽ സോമർസെറ്റു് സേനാപതി; സോമർസെറ്റു് സേനാപതി എന്നുവെച്ചാൽ രക്ഷിസംഘത്തിൽപ്പെട്ട ആയിരത്തിനാനൂറു കുതിരപ്പടയാളികളാണു്. സോമർസെറ്റിനു വലതുഭാഗത്തായി ജർമൻ കുതിരപ്പട്ടാളങ്ങളോടുകൂടിയ ഡോർൺബർഗും ഇടതുഭാഗത്തു ബൽജിയൻ കുതിരപ്പടയാളികളോടുകൂടിയ ട്രിപ്പും ഉണ്ടായിരുന്നു; പാർശ്വങ്ങളിൽനിന്നും മുൻപിൽനിന്നും പിന്നിൽനിന്നും എതിർക്കപ്പെട്ട കവചധാരിസംഘത്തിനു നാലു ഭാഗത്തേക്കും തിരിഞ്ഞു യുദ്ധം ചെയ്യേണ്ടിവന്നു. അതുകൊണ്ടു് അവർക്കെന്തു സാരം? അവർ ഒരു ചുഴലിക്കാറ്റായിരുന്നു. അവരുടെ പരാക്രമം എന്തോ അനിർവചനീയമായ ഒന്നായിരുന്നു.

ഇതിനു പുറമേ, അവർക്കു പിന്നിൽ പീരങ്കിനിരയുണ്ടു്; അതു് അപ്പോഴും മുഴങ്ങിയിരുന്നു. അതു വേണം; ഇല്ലെങ്കിൽ അവരുടെ പിൻഭാഗം മുറിപ്പെടുമായിരുന്നില്ല. ഒരു കനത്ത വെടിയുണ്ടകൊണ്ടു ചുമൽ തുളഞ്ഞ ഒരു മാർച്ചട്ട വാട്ടർലൂ കാഴ്ച ബംഗ്ലാവിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടു്.

അത്തരം ഫ്രാൻസുകാർക്ക് ഇംഗ്ലണ്ടുകാർതന്നെ വേണം. അതു് ഒരു ദ്വന്ദ്വയുദ്ധമല്ലാതായി; അതൊരു നിഴലാട്ടമായിരുന്നു, ഒരു ഭ്രാന്തു്, ജീവാത്മാക്കളും ധീരോദാത്തതയും തമ്മിലുള്ള ഒരു തല ചുറ്റിക്കുന്ന കൈമാറ്റം; ഇടിമിന്നുന്ന വാളുകളുടെ ഒരു ചുഴലിക്കാറ്റു്. ഒരു നിമിഷംകൊണ്ടു്, ആയിരത്തിനാനൂറുണ്ടായിരുന്ന കുതിരപ്പടയാളികൾ, എണ്ണൂറു മാത്രമായി. അവരുടെ ഉപസേനാപതി, ഫുള്ളർ, മരിച്ചു വീണു. കുന്തക്കാരോടും ലെഫെബ്വർ—ദെനുയത്തിന്റെ കുതിരപ്പടയാളികളോടും കൂടി നേരെ പാഞ്ഞുചെന്നു. മോൺസാങ്ങ്ഴാങ്ങ് പിടിച്ചുകൊടുത്തു. പിന്നേയും പിടിച്ചെടുത്തു. ഒരിക്കൽക്കൂടി പിടിച്ചെടുത്തു. കവചധാരികൾ കാലാൾപ്പടയിലേക്ക് മടങ്ങിച്ചെല്ലാൻ വേണ്ട കുതിരപ്പട്ടാളത്തെ വിട്ടു; അല്ലെങ്കിൽ, കുറേക്കൂടി ശരിയാക്കിപ്പറകയാണെങ്കിൽ, ആ ഭയങ്കരമായ സൈന്യം മറ്റുള്ളവരെ വിടാതെകണ്ടുതന്നെ അന്യോന്യം പിടികൂടി. ചതുരപ്പട അപ്പോഴും ഉറച്ചുനിന്നു.

ഒരു പന്ത്രണ്ടു പ്രാവശ്യമുണ്ടായി യുദ്ധം. നേയുടെ കാല്ക്കീഴിൽ നാലു കുതിര ചത്തുവീണു. കവചധാരിപ്പടയിൽ പകുതി കുന്നിൻപുറത്തുതന്നെ നില്ക്കുന്നു. ഈ ലഹള രണ്ടു മണിക്കൂറുണ്ടായി.

ഇംഗ്ലീഷ് സൈന്യം തികച്ചും കുലുങ്ങി. ആ കുണ്ടുവഴിയിൽവെച്ചുണ്ടായ അപകടംകൊണ്ടു് ആദ്യത്തെ എതിർക്കലിൽ ക്ഷീണിച്ചുപോയിരുന്നില്ലെങ്കിൽ, ആ കവചധാരികൾ ഇംഗ്ലീഷുസൈന്യനിരപ്പിന്റെ മധ്യഭാഗം തകർത്തുകളഞ്ഞു, വിജയം തീർച്ചപ്പെടുത്തിക്കളയുമായിരുന്നു. ഈ അസാധാരണമായ കുതിരപ്പട ടാലവരെയും [29] ബദഴോവും [30] കണ്ടിട്ടുള്ള ക്ലിൻടനെ [31] മരവിപ്പിച്ചു മുക്കാൽഭാഗവും തോല്പിക്കപ്പെട്ട വെല്ലിങ്ങ്ടൻ അവരെ വീരോചിതമായി അഭിനന്ദിച്ചു. അദ്ദേഹം ഒരു താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു: ‘വിശിഷ്ടം.’

കവചധാരിസൈന്യം പതിമ്മൂന്നിൽ ഏഴു ചതുരപ്പടയെ തകർത്തു; അറുപതു വലിയ തോക്കു പിടിച്ചു, അല്ലെങ്കിൽ വെടിത്തുളയടച്ചു; ലാബെൽ അലിയാൻസിന്നു മുൻപിൽവെച്ച് ഇംഗ്ലീഷ് സൈന്യത്തിൽ നിന്നു് ആറു കൊടി പിടിച്ചെടുത്തു— മൂന്നു കവചധാരികളും രക്ഷിസംഘത്തിൽപ്പെട്ട മൂന്നു പാച്ചിൽക്കുതിരപ്പടയാളികളുംകൂടി അവ ചക്രവർത്തിക്കു കാഴ്ചവെച്ചു.

വെല്ലിങ്ങ്ടന്റെ സ്ഥിതി പൂർവാധികം അപകടത്തിലായി, ഈ അസാധാരണ യുദ്ധം, ക്രോധിച്ചു തുള്ളിയും മുറിപ്പെട്ടുമുള്ള രണ്ടുപേർ—ഓരോരുത്തനും അപ്പോഴും കയറിയെതിർത്തുകൊണ്ടും നിന്നു തടുത്തുകൊണ്ടും തനിക്കുള്ള രക്തം മുഴുവൻ അവിടെ ചൊരിയുന്നുണ്ട്— തമ്മിലുള്ള ഒരു ദ്വന്ദ്വയുദ്ധംപോലെയായിരുന്നു.

ആ രണ്ടുപേരിൽ ആദ്യം വീഴുന്നതാരായിരിക്കും?

ആ മലമ്പരപ്പിൽവെച്ചുള്ള യുദ്ധം നിന്നിട്ടില്ല.

കവചധാരിപ്പടയുടെ കഥയെന്തായി? ആർക്കും പറയാൻ വയ്യായിരുന്നു. ഒന്നു തീർച്ചയാണ്— യുദ്ധം കഴിഞ്ഞു പിറ്റേദിവസം മോൺസാങ്ങ്ഴാങ്ങിലേക്കുള്ള വാഹനങ്ങൾ കയറാനുള്ള കോണികളുടെ മരപ്പണിക്കിടയിൽ നീവെല്ലു്, ഗെനാപ്പു്, ലാഹൂൾപ്പു്, ബ്രൂസ്സെൽസു് എന്നീ നാലുദിക്കിൽനിന്നുമുള്ള വഴികൾ കൂടിച്ചേരുന്നതും മുറിഞ്ഞുപോകുന്നതുമായ ആ സ്ഥലത്തു് ഒരു കവചധാരിയും അയാളുടെ കുതിരയും മരിച്ചുകിടക്കുന്നതായി കണ്ടു. ഈ കുതിരപ്പടയാളി ഇംഗ്ലീഷ് സൈന്യനിരപ്പുകളെ തുളച്ചുകടന്നു. ആ ശവം തപ്പിയെടുത്തവരിൽ ഒരുവൻ ഇപ്പോഴും മോൺസാങ്ങ് ഴാങ്ങിൽ ജീവിച്ചിരിക്കുന്നുണ്ടു്. അയാളുടെ പേർ ദെഹാസു് എന്നാണു്. അയാൾക്കന്നു് എൺപതു വയസ്സായിരുന്നു.

വെല്ലിങ്ങ്ടന്നു താൻ തോറ്റു എന്നു ബോധപ്പെട്ടു. മുഹൂർത്തമടുത്തു.

സൈന്യനിരപ്പിന്റെ മധ്യഭാഗം പിളർക്കപ്പെടാത്തതുകൊണ്ടു കവചധാരികൾ ജയിച്ചുകഴിഞ്ഞില്ല. ആ കുന്നിൻമുകൾപ്പരപ്പു് ഓരോരുത്തന്റേയും കൈവശത്തിൽപ്പെട്ടതുകൊണ്ടു്, ആർക്കും പിടിയുറച്ചില്ല; എന്നല്ല, വാസ്തവത്തിൽ, അതധികസമയവും ഇംഗ്ലണ്ടുകാരുടെ കൈയിൽത്തന്നെയായിരുന്നു. ഗ്രാമവും മുകളിലെ മൈതാനവും വെല്ലിങ്ങ്ടൺ വിട്ടില്ല; നേയ്ക്ക് ആ നിറുകയും താഴ്‌വാരവും മാത്രമേ കിട്ടിയുള്ളൂ. ആ അപായകരമായ നിലത്തു രണ്ടു ഭാഗക്കാരും വേരുറച്ചതുപോലെ തോന്നി.

പക്ഷേ, ഇംഗ്ലണ്ടുകാർക്കു പറ്റിയ ക്ഷീണം മാറാത്തതാണെന്നു തോന്നി. ആ സൈന്യത്തിനു പറ്റിയ രക്തവാർച്ച ഭയങ്കരമായിരുന്നു. ഇടതുവശത്തുള്ള കെംറ്റു് സഹായ്യ്യം ആവശ്യപ്പെട്ടു. ‘ഇവിടെ ഇല്ല,’ വെല്ലിങ്ങ്ടൻ മഠുപടി പറഞ്ഞു, ‘അയാൾ അവിടെക്കിടന്നു മരിക്കാൻ നോക്കണം.’ ആ സമയത്തുതന്നെ— രണ്ടു സൈന്യങ്ങളുടേയും ക്ഷീണാവസ്ഥയെ കുറിക്കുന്ന ഒരത്ഭുതകരമായ യദൃച്ഛാസംഭവം—നെപ്പോളിയനോടു നേ കാലാൾപ്പട ആവശ്യപ്പെട്ടു; നെപ്പോളിയൻ ഉച്ചത്തിൽ പറഞ്ഞു, ‘കാലാൾപ്പട! എനിക്കതു് എവിടെനിന്നു കിട്ടുമെന്നാണു് അയാളുടെ ധാരണ? എനിക്കതുണ്ടാക്കാൻ കഴിയുമെന്നു് അയാൾ കരുതുന്നുണ്ടോ?’

എന്തായാലും രണ്ടിൽവെച്ച് ഇംഗ്ലീഷ് സൈന്യത്തിന്റെ സ്ഥിതിയായിരുന്നു അധികം കഷ്ടം. ഇരിമ്പുകൊണ്ടുള്ള കവചങ്ങളോടും ഉരുക്കുകൊണ്ടുള്ള മാറിടങ്ങളോടുംകൂടിയ ആ കൂറ്റൻ കുതിരപ്പടയാളികളുടെ ഭ്രാന്തുപിടിച്ച തള്ളിക്കയറ്റം കാലാൾപ്പടയെ ഒന്നിനുംകൊള്ളാത്തവിധം അരച്ചുകളഞ്ഞു. ഒരു സൈന്യവകുപ്പിന്റെ സ്ഥാനം കാണിക്കുന്ന ഒരു കൊടിയുടെ ചുറ്റുമായി അല്പം പേർ കൂട്ടം കൂടിയിട്ടുണ്ടു്; ഇന്ന ഒരു പട്ടാളക്കൂട്ടത്തിൽ ആധിപത്യം വഹിക്കാൻ ഒരു സേനാപതിയോ ഒരുപസേനാപതിയോ മാത്രമേ ഉള്ളൂ എന്നായി; ലായിസെന്തിൽവെച്ച് ഒന്നു നല്ലവണ്ണം കശക്കിക്കഴിഞ്ഞിട്ടുള്ള ആൽട്ടന്റെ സൈന്യവകുപ്പു പ്രായേണ നശിച്ചുകഴിഞ്ഞു; വാൻക്ലൂസ്സിന്റെ ധീരോദാത്തമായ ബെൽജിയൻ സൈന്യം നീവെല്ലു് നിരത്തിൽ നെടുനീളെ കോതമ്പക്കണ്ടങ്ങളിൽ വിതറപ്പെട്ടു; 1811-ൽ സ്പെയിൻകാരോടുകൂടി നമ്മുടെ ഭാഗത്തുനിന്നു വെല്ലിങ്ങ്ടനോടു യുദ്ധം ചെയ്ത ആ ഡച്ച് പട്ടാളങ്ങളിൽ1815-ൽ അവർ ഇംഗ്ലീഷ് കൊടിക്കു കീഴിൽനിന്നു നെപ്പോളിയനോടെതിർത്തു- ഇനി യാതൊന്നും ബാക്കിയില്ല. ഉദ്യോഗസ്ഥന്മാർ നശിച്ചു പോയിട്ടുള്ളതിനു കണക്കില്ല. പിറ്റേദിവസം കാൽ മുഴുവനും മണ്ണിൻചുവട്ടിലായ ലോർഡ് അക്സ്ബ്രിഡ്ജിന്റെ കാൽമുട്ടു തകർന്നുപോയി. കവചധാരിപ്പടയുടെ മല്പിടുത്തത്തിൽ ഫ്രാൻസുകാരുടെ ഭാഗത്തു ദെലോർ, ലേത്തിയേർ, കോൾബർട്ടു്, നോപ്പ്ബ്ലാൻകാർഡ് എന്നിവർ കൊള്ളരുതാതായിട്ടുണ്ടെങ്കിൽ, ഇംഗ്ലീഷിന്റെ ഭാഗത്തു് ആൽട്ടൻ മുറിപ്പെട്ടു. ബാർൺ മുറിപ്പെട്ടു, ഡിലാൻസി കൊല്ലപ്പെട്ടു, മാൻമീരെൻ കൊല്ലപ്പെട്ടു, ഓംറ്റീഡ കൊല്ലപ്പെട്ടു, വെല്ലിങ്ങ്ടന്റെ സഹായസംഘം മുഴുവനും തീർന്നു; ആ ചോരപ്രളയത്തിൽ ഇംഗ്ലണ്ടുകാർക്കാണു് അധികം പരിക്കുപെട്ടതു്, രക്ഷിസംഘത്തിൽപ്പെട്ട കാലാൾപ്പടകളിൽ രണ്ടാംവകുപ്പിലേക്കു പന്ത്രണ്ടുദ്യോഗസ്ഥന്മാർ നഷ്ടപ്പെട്ടു; 30-ആം വകുപ്പിൽ ഒന്നാം ഭാഗത്തിലേക്കു 24 ഉദ്യോഗസ്ഥന്മാരും 1200 പട്ടാളക്കാരും നഷ്ടമായി; ജർമ്മൻസൈന്യത്തിന്റെ 79-ആം വകുപ്പിലേക്ക് 24 ഉദ്യോഗസ്ഥന്മാർ മൂറിപ്പെട്ടതും, 18 ഉദ്യോഗസ്ഥന്മാർ കൊല്ലപ്പെട്ടും, 450 പട്ടാളക്കാർ കൊല്ലപ്പെട്ടും പൊയ്പോയി. പിന്നീടു വിചാരണചെയ്തു പണിയിൽ നിന്നു പിരിക്കപ്പെടുവാൻ നിന്നിരുന്ന കേർണൽ ഹാക്ക് അധിപനായ കമ്പർലാണ്ടിലെ കുതിരപ്പടയാളികൾ, ഒരു സേനാഭാഗം മുഴുവൻ, ആ ലഹളയിൽ പിന്തിരിഞ്ഞു, ബ്രൂസ്സെൽസിലേക്കുള വഴിക്കെല്ലാം പരാജയം വിതച്ചുംകൊണ്ടു് സ്വാങ്ങ് കാട്ടുപുറങ്ങളിലേക്കു പാഞ്ഞു. ഫ്രാൻസുകാർ കയറിവരുന്നതായും കാട്ടുപുറത്തേക്ക് അടുക്കുന്നതായും കണ്ടു പടക്കോപ്പുകപ്പലുകളും വെടിമരുന്നുവണ്ടികളും സമാനങ്ങളുമെല്ലാം അങ്ങോട്ടു കുതികുതിച്ചു. ഫ്രഞ്ചു കുതിരപ്പടയാൽ അരിയപ്പെട്ടു ഹോളണ്ടുകാർ ഉറക്കെ നിലവിളിയായി.

ഇന്നും ജീവിച്ചിരിക്കുന്ന പലരും കണ്ടിട്ടുള്ളതായി പറയുന്നപ്രകാരം വേർകുക്കുവിൽനിന്നു ഗ്രോആന്താന്തോൽവരെ, ബ്രൂസ്സെൽസിലേക്കുള്ള വഴിക്ക് ഏകദേശം രണ്ടു കാതം ദൂരം, നിരത്തിലെല്ലാം യുദ്ധത്തിൽനിന്നു പാഞ്ഞുപോയവരുടെ ലഹളയായിരുന്നു. മോൺസങ്ങ്ഴാങ്ങിലെ കളത്തിൽ ഏർപ്പെടുത്തിയിരുന്ന ചികിത്സാമന്ദിരത്തിനു പിന്നിൽ ചാഞ്ഞ കോണിപോലെ അണിനിരന്ന ചുരുക്കം ചിലരും ഇടത്തേ സൈന്യനിരപ്പിൽ ചേർന്ന വിവന്റേയും വാൻഡലീരുടേയും സേനകളും ഒഴികെ വെല്ലിങ്ങ്ടന്റെ കുതിരപ്പട്ടാളത്തിൽ മറ്റാരും ശേഷിച്ചിരുന്നില്ല. അസംഖ്യം പീരങ്കിനിരകൾ വീണുകിടക്കുന്നു. ഈ സംഗതികൾക്കെല്ലാം സൈബോൺ സാക്ഷിപറയുന്നുണ്ടു്; പ്രിൻഗിളാകട്ടേ, അല്പം അതിശയോക്തിയോടുകൂടി, ഇംഗ്ലീഷ് ഡച്ച് സൈന്യം ആകെ മുപ്പത്തിനാലായിരം പേർ മാത്രമായിത്തീർന്നു എന്നുതന്നെ പറയാൻ ഭാവമുണ്ടു്. ആ ‘ഇരിമ്പൻഡ്യുക്ക്, [32] ഒരു കുലുക്കമില്ലാതെ നിന്നു; പക്ഷേ, അദ്ദേഹത്തിന്റെ ചുണ്ടുകൾ വിളർത്തു. ഇംഗ്ലീഷ് സൈന്യത്തിലെ ഉദ്യോഗസംഘത്തോടുകൂടി യുദ്ധസമയത്തുണ്ടായിരുന്ന ആസ്ത്രിയൻ കമ്മീഷണർ വിൻസെന്റും സ്പാനിഷ്കമ്മീഷണർ അലവയും വെല്ലിങ്ങ്ടൻ തോറ്റു എന്നു വിചാരിച്ചു. അഞ്ചുമണിക്ക് അദ്ദേഹം വാച്ചെടുത്തു നോക്കി, ഈ അസ്വസ്ഥാക്ഷരങ്ങൾ പതുക്കെ പിറുപിറുക്കുന്നതു കേട്ടു; ‘ബ്ലൂഷേർ, അല്ലെങ്കിൽ രാത്രി!’

ഏതാണ്ടു് ഈ സമയത്താണു് ഫ്രീഷ്മോങ്ങ് വഴിക്കുള്ള ഉയരങ്ങളിൽ ഒരു കുന്തവരി അകലെ മിന്നിക്കണ്ടതു്.

ഈ വമ്പിച്ച നാടകത്തിന്റെ മുഖഭാവം മാറ്റുന്നതു് ഇവിടെയാണു്.

കുറിപ്പുകൾ

[29] സപെയിൻകാരും ഇംഗ്ലണ്ടുകാരുംകൂടി ഫ്രാൻസുകാരെ ഇവിടെവച്ചു തോല്പിച്ചു.

[30] സപെയിനിൽ ഒരു സംസ്ഥാനം. 1806-1809-ൽ ഇതിന്റെ തലസ്ഥാനം ആക്രമിക്കപ്പെട്ടു.

[31] ഒരു പ്രസിദ്ധനായ ചരിത്രശാസ്ത്രജ്ഞൻ.

[32] വെല്ലിങ്ങ്ടന്നു് ഇങ്ങനെ (Iron Duke) ഒരു പേരുണ്ടായിരുന്നു.

2.1.11
ഒരു ചീത്ത വഴികാട്ടി നെപ്പോളിയന്ന്; ഒരു നല്ല വഴികാട്ടി ബ്യൂളോവിന്ന്

വേദനയോടുകൂടിയ നെപ്പോളിയന്റെ അമ്പരപ്പു് അതിപ്രസിദ്ധമാണു്. ഗ്രൂഷിയെ കരുതിയിരുന്നു; ബ്ലൂഷേർ വരുന്നു. ആയുസ്സിനു പകരം മരണം.

ഈശ്വരവിധിക്ക് ഇങ്ങനെ ചില തിരിച്ചൽ തിരിയാനുണ്ടു്; ലോകത്തിനൊട്ടുക്കുമുള്ള സിംഹാസനം കാത്തിരുന്നു; മുൻപിൽ കണ്ടതോ സെയിന്റു് ഹെലിന. [33]

ബ്ലൂഷേരുടെ സഹായകനായ ബ്ല്യൂളോവിനു വഴികാട്ടിയിരുന്ന ആ ആട്ടിടയക്കുട്ടി, പ്ലാൻസ്വാവിന്റെ പടിവാരത്തിലൂടെ എന്നതിനു പകരം, ഫ്രീഷ്മോങ്ങിന്റെ മുകളിലുള്ള കാട്ടിലൂടെ ഇറങ്ങിക്കൊൾവാനാണു് അയാളോടു് ഉപദേശിച്ചിരുന്നതെങ്കിൽ, ഒരു സമയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആകൃതി മാറിപ്പോകുമായിരുന്നു. നെപ്പോളിയൻ വാട്ടർലൂ യുദ്ധം ജയിക്കുമായിരുന്നു. പ്ലാൻസ്ന്വാവിന്റെ അടിവാരത്തിലൂടെയല്ലാതെ മറ്റേതു വഴിക്കായാലും പ്രഷ്യൻസൈന്യം കുതിരപ്പട്ടാളത്തിനു കടക്കാൻ വയ്യാത്ത ഒരു മലങ്കുഴിയിൽ പെടും, ബ്ല്യൂളോ എത്തുമായിരുന്നില്ല.

ഒരു മണിക്കൂർകൂടി താമസിച്ചുപോയാൽ ബ്ലൂഷേർ ഒരിക്കലും വെല്ലിങ്ടനെ ജീവനോടുകൂടി കാണുമായിരുന്നില്ലെന്നു പ്രഷ്യൻസേനാപതിയായ മ്ഫ്ളിങ്ങ് തീർത്തുപറയുന്നു. ‘യുദ്ധം തോറ്റുകഴിഞ്ഞു.’

ഇനി കാണാവുന്നതുപോലെ, ബ്ല്യൂളോവിന് എത്തേണ്ട സമയമായി. എന്നല്ല, അയാൾ വളരെയധികം താമസിച്ചുപോയി. രാത്രിയിൽ അയാൾ ദിയോങ്ങ്-ല്-മോങ്ങിൽ പാളയമടിച്ചു. പ്രഭാതത്തോടുകൂടി അവിടെനിന്നു പുറപ്പെട്ടു; പക്ഷേ, നിരത്തിലൂടെ നടക്കാൻ വയ്യായിരുന്നു; അയാളുടെ സൈന്യവകുപ്പുകൾ ചളിയിൽ പൂഴ്‌ന്നു, വണ്ടിച്ചാലുകൾ പീരങ്കിച്ചക്രങ്ങളുടെ അരടവരെ ചെന്നു. എന്നല്ല, അയാൾക്കു ഡയിൽനദിയുടെ ആ ഇടുങ്ങിയ വാവർപ്പാലത്തിന്മേലുടെ കടക്കേണ്ടി വന്നു; പാലത്തിലേക്കുള്ള തെരുവു ഫ്രാൻസുകാർ ചൂട്ടിരുന്നു; അതിനാൽ കത്തിയെരിയുന്ന രണ്ടു വരി വീടുകളുടെ നടുവിലൂടെ പോവാൻ വയ്യാത്തതുകൊണ്ടു്,തിയ്യു മുഴുവനും കത്തിയാറുന്നതുവരെ താമസിക്കേണ്ടിവന്നു. ബ്യൂളോവിന്റെ മുന്നണിക്ക് ഉച്ചയോടുകൂടിയ ഷാപ്പേൽ-സാങ്ങ്-ലാംബെറിൽ എത്തിച്ചേരാൻ കഴിഞ്ഞുള്ളൂ.

രണ്ടു മണിക്കൂർ മുൻപു് യുദ്ധം ആരംഭിച്ചിരുന്നു എങ്കിൽ, നാലുമണിക്കു മുൻപായി സകലവും അവസാനിക്കുകയും, ബ്ലൂഷേർ ചെന്നു നെപ്പോളിയൻ വിജയം നേടിയ യുദ്ധത്തിൽ മരിച്ചുപോകയും ചെയ്യുമായിരുന്നു. നമുക്കു മനസ്സിലാക്കാൻ കഴിയാത്ത ആ ഒരപാരതയുമായി ഇത്തരം വമ്പിച്ച അപകടങ്ങളാണു് വീതിക്കപ്പെട്ടിട്ടുള്ളതു്.

ചക്രവർത്തിയാണു് ഒന്നാമതായി, നേരത്തെ ഉച്ചയോടുകൂടി, ചക്രവാളാന്തത്തിൽ എന്തോ ഒന്നുള്ളതായി തന്റെ ദൂരദർശിനികൊണ്ടു നോക്കിക്കണ്ടതു്. അദ്ദേഹം പറയുകയുണ്ടായി, ‘ഞാൻ അവിടെ ഒരു മൂടൽ കാണുന്നു; അതു സൈന്യമാണെന്നു തോന്നുന്നു.’ അദ്ദേഹം അടുത്തുള്ള സൈന്യാധിപനോടു ചോദിച്ചു, ‘ഷാപ്പേൽ-സാങ്ങ്-ലാംബെറിനു നേരെ ആ കാണുന്നതെന്താണു്?’ തന്റെ ദൂരദർശിനിക്കണ്ണാടി ശരിപ്പെടുത്തി വെച്ചുനോക്കൊ ആ സേനാപതി മറുപടി പറഞ്ഞു: ‘തിരുമേനി, നാലോ അഞ്ചോ ആയിരം ആളുകൾ; ഗ്രൂഷിയാവണം, പക്ഷേ, ആ കണ്ടതു മൂടലിൽ അനങ്ങാതെ നിന്നു. ചക്രവർത്തി ചൂണ്ടിക്കാട്ടിയ ‘മൂടൽ’ ഉദ്യോഗവകുപ്പിൽപ്പെട്ട എല്ലാവരുടേയും കണ്ണാടികളാൽ നോക്കിപ്പഠിക്കപ്പെട്ടു, ചിലർ പറഞ്ഞു: ‘അതു മരമാണു്., വാസ്തവമെന്തെന്നാൽ ആ മേഘം നീങ്ങിയില്ല. ദമോങ്ങിന്റെ കുതിരപ്പട്ടാളത്തെ വിളിച്ച് ആ സ്ഥലത്തു പോയി അന്വേഷിച്ചു വരുവാൻ ചക്രവർത്തി ആജ്ഞാപിച്ചു.ബ്യൂളോ വാസ്തവത്തിൽ അനങ്ങിയിരുന്നില്ല, അയാളുടെ മുന്നണിപ്പട വല്ലാതെ ക്ഷീണിച്ചിരുന്നു. അതിനെക്കൊണ്ടു യാതൊന്നും ചെയ്യാൻ വയ്യാ. ബാക്കി സൈന്യത്തിൽ എത്തിച്ചേരുന്നതുവരെ അയാൾക്കു കാത്തിരിക്കേണ്ടിവന്നു; യുദ്ധക്കളത്തിൽ വന്നുചേരാൻ സൈന്യം മുഴുവനും കൂടിയിട്ടു വേണമെന്നു് അയാൾക്കു മേലധികാരത്തിൽനിന്നു കല്പനയും കിട്ടിയിരുന്നു; പക്ഷേ, അഞ്ചുമണിക്കു വെല്ലിങ്ടന്റെ കഷ്ടസ്ഥിതി കണ്ടൂ, യുദ്ധത്തിൽക്കൂടുവാൻ ബ്യൂഷേർ ബ്ല്യൂളോവിനു കല്പന കൊടുത്തു; അയാൾ ഈ സ്മരണീയങ്ങളായ വാക്കുകൾ ഉച്ചരിച്ചു: ‘നമുക്ക് ഇംഗ്ലീഷ് സൈന്യത്തിനു് ഒന്നു കാറ്റുകൊള്ളാൻ ഇട കൊടുക്കണം.’

കുറച്ചു കഴിഞ്ഞപ്പോൾ ലോസ്തിൻ, ഹില്ലർ, ഹെയ്ക്ക്, റൈസൽ എന്നിവരുടെ സൈന്യവകുപ്പുകൾ ലോബോവിന്റെ സൈന്യത്തിനു മുൻപിൽ അണിനിരന്നു. പ്രഷ്യയിലെ വില്യം രാജകുമാരന്റെ കുതിരപ്പട്ടാളം പാരിസ്സിലെ കാട്ടുപുറങ്ങളിൽ നിന്നു് ഇറങ്ങിവന്നു; പ്ലാൻസ്ന്വാ തീക്കത്തി; എന്നല്ല, പ്രഷ്യൻ പീരങ്കിയുണ്ടമഴ നെപ്പോളിയന്റെ പിന്നിൽ കാത്തുനിർത്തിയിരുന്ന രക്ഷിസംഘത്തിൽക്കൂടിയും വന്നു പെയ്തുതുടങ്ങി.

കുറിപ്പുകൾ

[33] വാട്ടർലൂയുദ്ധത്തിൽ തോറ്റ നെപ്പോളിയൻ ഈ ദ്വീപിലേക്കാണല്ലോ നാടുകടത്തപ്പെടതു്.

2.1.12
രക്ഷിസംഘം

ഇനിയത്തെ കഥ എല്ലാവർക്കുമറിയാം- മൂന്നാമത്തെ ഒരു സൈന്യവകുപ്പു തള്ളിക്കയറി; യുദ്ധം തകർന്നുചിന്നി; എൺപത്താറു പീരങ്കികൾ ഒന്നിച്ചുപൊട്ടി; പേർച്ച് ഒന്നാമതായി ബ്യൂളോവിനോടേറ്റു; സീത്തോങ്ങിന്റെ കുതിരപ്പട്ടാളത്തെ ബ്ലൂഷേർ താൻതന്നെ മുൻനിന്നു മുൻപോട്ടു വിട്ടു; ഫ്രാൻസുകാരെ ആട്ടിപ്പായിച്ചു; ഒഹാങ്ങ്മുകൾപ്പരപ്പിൽനിന്നു മാർക്കോങ്ങ്യെ പറപറന്നു; പാപ്പിലോത്തിൽ നിന്നു ദ്യുറ്യുത്തിനെ ഇറക്കിയയച്ചു. ലോബോ അണിനിരപ്പിന്റെ അറ്റത്തു പെട്ടു. സന്ധ്യയായതോടുകൂടി ചിന്നിപ്പോയ നമ്മുടെ സൈന്യവകുപ്പുകളിൽ ഒരു പുതുയുദ്ധം ഉപായത്തിൽ സ്വയമേവ പൊന്തിവന്നു; ഇംഗ്ലീഷ് സൈന്യനിരപ്പു മുഴുവൻ മുൻപോട്ടു തള്ളിക്കയറി; ഫ്രഞ്ചുസൈന്യത്തിൽ ഒരു വമ്പിച്ച വിടവുണ്ടായി.ഇംഗ്ലീഷ് വെടിയുണ്ടകളും പ്രഷ്യൻവെടിയുണ്ടകളും അന്യോന്യം സഹായിച്ചു; ഉന്മൂലനാശം; മുമ്പിൽ അപകടം; ഇരുപുറത്തും അപകടം; ഇങ്ങനെ സർവവും ഭയങ്കരമായ വിധം പൊടിഞ്ഞുതകരുന്നതിനുള്ളിലേക്കു രക്ഷിസംഘം കയറിച്ചെല്ലുന്നു.

മരണം തീർച്ചയാണെന്നുള്ള ബോധത്തോടുകൂടി അവർ ഉച്ചത്തിലാർത്തു. ‘ചക്രവർത്തി ജയിക്കട്ടെ!’ ആഘോഷശബ്ദങ്ങളിൽ പുറപ്പെട്ട ആ മരണവേദനയേക്കാളധികം ഹൃദയസ്പൃക്കായ മറ്റൊന്നിനേയും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. അന്നു പകൽ മുഴുവനും ആകാശം ഇരുണ്ടിരുന്നു. പെട്ടെന്നു് ആ സമയത്തു തന്നെ-വൈകുന്നേരം എട്ടു മണിസമയത്ത്-ആകാശത്തുള്ള മേഘപടലം പിളർന്നു നീങ്ങി, നീവെല്ലിൽ നിരത്തുവക്കുത്തുള്ള ഇരിമ്പകവൃക്ഷങ്ങൾക്കിടയിലൂടെ അസ്തമയസൂര്യന്റെ വിശിഷ്ടവും അമംഗളസൂചകവുമായ വെളിച്ചത്തിനു പുറത്തുകടക്കുവാൻ ഇടംകൊടുത്തു. ഓസ്തർലിത്സു് യുദ്ധത്തിൽ അവർ സൂര്യന്റെ ഉദയമാണു് കണ്ടതു്.

ഈ അന്തിമവിപത്തിൽ രക്ഷിസംഘത്തിലെ ഓരോ വകുപ്പിനും ഓരോ പ്രധാന സൈന്യാധിപൻ നേതൃത്വമെടുത്തു. ഫ്രിയാങ്ങ്, മിഷെൽ, റോംഷൂവെ, ഹാർലെ, മലെ, പൊറെ ദ മൊർവാങ്ങ്. എല്ലാവരും അതിലുണ്ടായിരുന്നു. കഴുകിൻരൂപമുള്ള കൂറ്റൻവള്ളിപ്പൂവുകളോടുകൂടിയ രക്ഷിസംഘത്തിലെ പടയാളികളുടെ നീണ്ട തൊപ്പികൾ അന്തസ്സിൽ വരിയെടുത്തു, നിശ്ശബ്ദമായി ആ ഭയങ്കരയുദ്ധത്തിനിടയിൽ പ്രത്യക്ഷീഭവിച്ചപ്പോൾ ശത്രുക്കൾക്കു ഫ്രാൻസിന്റെ മേൽ ഒരു ബഹുമാനം തോന്നി; ചിറകുകൾ വിരുത്തിപ്പിടിച്ച് ഇരുപതു വിജയങ്ങൾ യുദ്ധഭൂമിയിലേക്കു പ്രവേശിക്കുന്നതു കാണുന്നതുപോലെ അവർക്കു തോന്നി; ജയം നേടിയിരുന്നവർ, തങ്ങൾ തോറ്റുപോയി എന്നു് വിശ്വാസത്തോടുകൂടി, പിൻവാങ്ങി; എന്നാൽ വെല്ലിങ്ങ്ടൻ ഉറക്കെപ്പറഞ്ഞു: ‘എവിടെ രക്ഷിഭടന്മാർ? ഉന്നം വെക്കുവിൻ!’ ചുകന്ന ഉടുപ്പിട്ട ഇംഗ്ലീഷ് രക്ഷിസംഘം വേലിക്കു പിന്നിൽ കമിഴ്‌ന്നു കിടന്നിരുന്നേടത്തു നിന്നു പെട്ടെന്നു ചാടിയെണീറ്റു; വെടിയുണ്ടെകളെക്കൊണ്ടുള്ള ഒരു മേഘപടലം ബ്രിട്ടീഷ് കൊടിക്കൂറയെ തുളതുളയാക്കി നമ്മുടെ ഗൃധ്രപതാകകൾക്കു ചുറ്റും മൂളി; എല്ലാവരും മുൻപോട്ടു പാഞ്ഞുകയറി, അവസാനത്തെ കൂട്ടക്കൊല തുടങ്ങി, ഇരുട്ടത്തു, ചക്രവർത്തിയുടെ രക്ഷിസംഘത്തിനു സൈന്യങ്ങളെല്ലാം പിന്തിരിഞ്ഞു പായുന്നുണ്ടെന്ന ബോധം വന്നു; ‘ചക്രവർത്തി ജയിക്കട്ടെ’ എന്നുള്ള ആർപ്പുവിളിയുടെ സ്ഥാനത്തു് നിരാശതയോടുകൂടിയ പരക്കംപാച്ചിലിന്റെ ലഹള കേൾക്കുന്നു; പിന്നിൽ കൂട്ടപ്പാച്ചിലോടുകൂടി, അധികമധികം ചതയപ്പെട്ടും, ഓരോ കാൽവെപ്പിലും അധികമധികം ആളുകൾ ചത്തുമറിഞ്ഞും, അവർ മുൻപോട്ടു തന്നെ തള്ളിക്കയറി. ഒരുത്തനെങ്കിലും ശങ്കിച്ചു നില്ക്കുകയുണ്ടായില്ല; ആ അണിനിരപ്പിൽ ഒരൊറ്റ പേടിത്തൊണ്ടനില്ല. ആ സൈന്യത്തിലെ ഓരോ ഭടനും ഓരോ സേനാപതിയായിരുന്നു. ആ ആത്മഹത്യയിൽ ഒരുത്തനെയെങ്കിലും കാണാതിരുന്നിട്ടില്ല.

തികച്ചും അമ്പരന്നു, മരണത്തെ സ്വാഗതപൂർവം സ്വീകരിക്കുന്നതിലുള്ള സർവമാഹാത്മ്യം കൊണ്ടും മഹത്തരനായ നേ ആ കൊടുങ്കാറ്റിലെ എല്ലാ ആപൽപ്രവാഹങ്ങൾക്കും മുൻപിൽ അവനവനെ കൊണ്ടിട്ടു. അവിടെവെച്ച് അയാളുടെ കാല്ക്കീഴിൽ അഞ്ചാമത്തെ കുതിര ചത്തുമറിഞ്ഞു. വിയർത്തൊലിച്ച് കണ്ണുകൾ കത്തിജ്ജ്വലിച്ച്, വായിൽനിന്നു പത വന്നുകൊണ്ടു് കുടുക്കിടാത്ത ഉടുപ്പോടുകൂടി, ഒരശ്വഭടന്റെ വെട്ടിൽ തന്റെ അംസാഭരണങ്ങളിൽ ഒന്നു പകുതി മുറിഞ്ഞുപോയി, കഴുകിൻരൂപമുള്ള തന്റെ തൊപ്പിപ്പൂവു് ഒരു വെടിയുണ്ടയാൽ ചതഞ്ഞുമങ്ങി, ആ ചോരയിൽ മുങ്ങി, ചളിയിലാണു്, ഒരു മുറിഞ്ഞ വാൾ കൈയിലുമായി, ആർക്കും ബഹുമാനം തോന്നിക്കുന്ന ആ മഹാൻ നിന്നു പറഞ്ഞു: ‘ഒരു ഫ്രഞ്ചു സേനാപതി യുദ്ധക്കളത്തിൽ മരണമടയുക എങ്ങനെയെന്നു വന്നു കാണുവിൻ!’ പക്ഷേ, അതു വെറുതെ; അയാൾ മരിച്ചില്ല. അയാൾ കണ്ണു നട്ടും ശുണ്ഠിപിടിച്ചുമിരുന്നു. ദെർലോങ്ങിനു നേർക്ക് അയാൾ ഈ ചോദ്യം വലിച്ചെറിഞ്ഞു, ‘നിങ്ങൾ ഇവിടെ കിടന്നു മരിക്കുവാൻ ഭാവമില്ലേ?’ ഒരുപടി ജനങ്ങളെ അരച്ചുകളയുവാൻവേണ്ടി നില്ക്കുന്ന ആ പീരങ്കിനിരൗഇടെയെല്ലാം നടുവിൽനിന്നു് അയാൾ ഉച്ചത്തിൽ ആർത്തു പറഞ്ഞു: ‘അപ്പോൾ എനിക്കു മാത്രം യാതൊന്നുമില്ല! ഹാ! ഈ ഇംഗ്ലീഷ് വെടിയുണ്ടകൾ മുഴുവനും എന്റെ കുടലിൽ പാഞ്ഞുകയറിയാൽകൊള്ളാമായിരുന്നു!’ ഭാഗ്യംകെട്ട മനുഷ്യ, ഫ്രാൻസുകാരുടെ വെടിയുണ്ടകൾക്കായിട്ടാണു് അങ്ങയെ ഈശ്വരൻ കരുതിയിട്ടുള്ളത്!

2.1.13
അത്യാപത്ത്

രക്ഷിസംഘത്തിനു പിന്നിൽ നടന്ന കൂട്ടപ്പാച്ചിൽ വ്യസനകരമായിരുന്നു.

പെട്ടെന്നു് എല്ലാ ഭാഗത്തുനിന്നും സൈന്യങ്ങൾ പിൻവാങ്ങി- ഹൂഗോമോങ്ങ്, ലായിസാന്തു്, പാപ്പിലോത്തു്, പ്ലാൻസ്വ്നാ. ‘ചതി!’ എന്നുള്ള നിലവിളിയെത്തുടർന്നു ‘കഴിയുന്നവർ രക്ഷപ്പെട്ടുകൊൾവിൻ’ എന്നു മാറ്റൊലിക്കൊണ്ടു. ചിതറിപ്പോകുന്ന ഒരു സൈന്യം ഒരു മഞ്ഞുരുക്കംപോലെയാണു്. എല്ലാം അലിയുന്നു, തകരുന്നു, പൊട്ടിക്കീറുന്നു, ഒലിക്കുന്നു, ഒഴുകുന്നു, തള്ളിവീഴുന്നു, തിങ്ങിഞെരുങ്ങുന്നു, കുതിച്ചുപായുന്നു, ക്ഷണത്തിൽ കഴിയുന്നു. അന്നത്തെ പരക്കംപാച്ചിൽ അഭൂതപൂർവമാണു്. നേ ഒരു കുതിരയെ കടം വാങ്ങി. അതിന്മേൽ ചാടിക്കയറി. തൊപ്പിയോ വാളോ കൂടാതെ ബ്രൂസ്സൽസിലേക്കുള്ള വഴിയിൽ വിലങ്ങടിച്ചു നിന്നു. ഇംഗ്ലണ്ടുകാരേയും ഫ്രാൻസുകാരേയും ഒരുപോലെ, തടഞ്ഞു. അയാൾ സൈന്യത്തെ മടക്കിവിളിക്കാൻ ബുദ്ധിമുട്ടി ശ്രമിക്കുന്നു; സ്വധർമത്തെ കൈവിടാതിരിക്കാൻ അവരോടുപദേശിക്കുന്നു; അവരെ പുച്ഛിക്കുന്നു; ആ പാച്ചിലിനിടയിൽ അയാൾ പിടിച്ചുതൂങ്ങുന്നു. അയാൾ അമ്പരന്നു. ‘സേനാപതി നേ ചിരകാലം ജയിക്കട്ടെ’ എന്നാർത്തുംകൊണ്ടു പട്ടാളക്കാർ അയാളുടെ മുൻപിൽനിന്നു പാഞ്ഞു. ടാർട്ടർ സൈന്യത്തിന്റെ വാളുകൾക്കും, കെംറ്റു്, ബെസ്റ്റു്, പ്യാക്ക്, റയ്ലാണ്ടു് എന്നിവരുടെ സൈന്യവകുപ്പുകൾ ചൊരിയുന്ന കൂട്ടവെടികൾക്കും നടുക്കു കിടന്നു് ഓളംവെട്ടുന്നതുപോലെ, ദ്യൂറ്യൂത്തിന്റെ സൈന്യങ്ങൾ അമ്പരന്നു് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ദ്വന്ദ്വയുദ്ധങ്ങളിൽവെച്ച് ഏറ്റവും അപകടംപിടിച്ചതാണു് തോല്മ; രക്ഷപ്പെട്ടു കിട്ടുവാൻവേണ്ടി സുഹൃത്തുക്കൾത്തന്നെ അന്യോന്യം കുത്തിക്കൊല്ലുന്നു; യുദ്ധപ്പുഴയിലെ വമ്പിച്ച നുരക്കട്ടകളെന്നപോലെ, കാലാൾപ്പടകളും കുതിരപ്പടകളും ചിന്നിപ്പിരിഞ്ഞു, തമ്മിൽത്തമ്മിൽ തട്ടിച്ചിതറുന്നു. ഒരറ്റത്തു ലോബോവും മറ്റേ അറ്റത്തു റെയിനും ആ കോളേറ്റത്തിലേക്കു വലിഞ്ഞുപോയി, തന്റെ രക്ഷി സംഘത്തിൽനിന്നു ശേഷിച്ചു കിട്ടിയ സാമാനങ്ങളെക്കൊണ്ടു് നെപ്പോളിയൻ വെറുതെ അവിടവിടെ മതിൽ കെട്ടി; അപ്പോഴും കീഴിൽ നില്ക്കുന്ന കുതിരപ്പട്ടാളങ്ങളെ ഒടുവിലത്തെ കൈയായി അദ്ദേഹം വെറുതെ ചെലവഴിച്ചുനോക്കി. വിവിയന്നു മുൻപിൽ ക്വിയോവും, ബ്യൂളോവിനു മുൻപിൽ ലോബോവും, വാൻഡെല്യൂറിനു മുൻപിൽ കെല്ലർമാനും, പേർച്ചിനു മുമ്പിൽ ലോബോവും, വാൻഡെല്യൂറിനു മുൻപിൽ കെല്ലർമനും, പേർച്ചിനു മുമ്പിൽ മൊറാണ്ടും, പ്രഷ്യയിലെ വില്യം രാജകുമാരനു മുമ്പിൽ ദാമോങ്ങും സൂബേർവിക്കും പിൻവാങ്ങി; ചക്രവർത്തിയുടെ കുതിരപ്പട്ടാളങ്ങൾക്കു നേതാവായിരുന്ന ഗയോട്ടു് ഇംഗ്ലീഷ് കുതിരപ്പടയാളികളുടെ കാൽച്ചുവട്ടിൽ നിലംപൊത്തി. ഓടിപ്പോകുന്നവരുടെ മുൻപിൽ നെപ്പോളിയൻ പറന്നുചെല്ലുന്നു. പ്രസംഗിക്കുന്നു, തിരക്കുന്നു, പേടിപ്പെടുത്തുന്നു, അപേക്ഷിക്കുന്നു. രാവിലെ ‘ചക്രവർത്തി ജയിക്കട്ടെ’ എന്നു് ആർത്തുവിളിച്ചിരുന്ന എല്ലാവരും വായ പൊളിച്ചു നില്പായി. അവർ അദ്ദേഹത്തെ കണ്ടിട്ടു് അറിയുന്നതേ ഇല്ല. പൂതുതായി വന്ന പ്രഷ്യൻ കുതിരപ്പട്ടാളം മുൻപോട്ടു് അടിച്ചുകയറുന്നു. പറന്നുചെല്ലുന്നു, കൊത്തിനുറുക്കുന്നു, തച്ചുമറിക്കുന്നു, കൊന്നുതള്ളുന്നു, മൂലനാശം വരുത്തുന്നു. കുതിരകൾ കുടഞ്ഞുപായുന്നു; പീരങ്കികൾ പറപറക്കുന്നു; പീരങ്കിപ്പട്ടാളത്തിലെ ഭടന്മാർ പീരങ്കിവണ്ടികൾ അഴിച്ചുവിട്ടു കുതിരകളെ തങ്ങളുടെ രക്ഷയ്ക്കുപയോഗപ്പെടുത്തുന്നു. നാലു ചക്രങ്ങളും ആകാശത്തു മറിഞ്ഞുകിടക്കുന്ന സാമാനവണ്ടികൾ വഴിമുടക്കുകയും കൂട്ടക്കൊലകൾ ഉണ്ടാക്കിത്തീർക്കുകയും ചെയ്യുന്നു. ആളുകൾ ചതഞ്ഞു, കിടന്നരഞ്ഞു, മറ്റുള്ളവർ ചത്തവരുടേയും ചാവാത്തവരുടേയും മുകളിലൂടെ ചവുട്ടിപ്പോയി. ആയുധങ്ങളൊന്നും കാണാനില്ല. ഈ നാല്പതിനായിരം ആളുകളുടെ ആക്രമണംകൊണ്ടു മുടങ്ങിയിരിക്കുന്നു നിരത്തുകളും ഊടുവഴികളും പാലങ്ങളും കുന്നുകളും വയലുകളും നിരാശതയും പട്ടാളമാറാപ്പുകളും തോക്കുകളും കോതമ്പച്ചെടി നിറഞ്ഞ വയലുകളിൽ ചെന്നുവീഴുന്നു. വാൾവെട്ടുകൾ വഴിയുണ്ടാക്കുന്നു; ചങ്ങാതിമാരില്ലാതായി, ഉദ്യോഗസ്ഥന്മാരില്ലാതായി, സേനാപതികളില്ലാതായി, അനിർവചനീനമായ ഒരു ഭയങ്കരത. വാളിന്റെ സൗകര്യംപോലെ സിത്താങ്ങ് ഫ്രാൻസിനെ മുറിച്ചുതള്ളി. സിംഹങ്ങൾ ആടുകളായി മാറുക. ഇങ്ങനെയായിരുന്നു അന്നത്തെ പരക്കം പാച്ചിൽ..

ഗെനോപ്പിൽവെച്ചു തിരിഞ്ഞുനില്ക്കാനുള്ള, യുദ്ധത്തിനൊരുങ്ങുവാനുള്ള, വരിനിരക്കുവാനുള്ള, ഒരു ശ്രമമുണ്ടായി. ലോബോ മുന്നൂറു പേരെ പിടിച്ചുകൂട്ടി. അയാൾ ഗ്രാമത്തിലേക്കുള്ള വഴി മുടക്കി; പക്ഷേ, പ്രഷ്യൻപീരങ്കികളുടെ ഒന്നാമത്തെ വെടിപൊട്ടലോടുകൂടി എല്ലാം കുതികുതിച്ചു; ലോബോ പിടിക്കപ്പെട്ടു. ഗെനാപ്പിലേക്കു കടക്കുവാൻ കുറച്ചു നിമിഷങ്ങൾകൂടി നടക്കേണമെന്നുള്ളേടത്തു വഴിയുടെ വലതുവശത്തുള്ള ഒരിഷ്ടികപ്പുരയുടെ പഴയ നെറ്റിപ്പുറത്തു് ആ കൂട്ടവെടി രേഖപ്പെട്ടുകിടക്കുന്നതു് ഇന്നും കാണാം. ധാരാളത്തിലധികം ജയിച്ചില്ലെങ്കിലോ എന്നുവെച്ചു പ്രഷ്യക്കാർ, നിശ്ചയമായും, ഭ്രാന്തുപിടിച്ചു, ഗെനാപ്പിനു നേരെ അടിച്ചുകയറി. അവരുടെ പിൻചെല്ലൽ എന്തെന്നില്ലാത്തതായിരുന്നു. ഉന്മൂലനാശം ചെയ്വാൻ ബ്ലൂഷേർ കല്പനകൊടുത്തു. ഒരു പ്രഷ്യക്കാരനെയെങ്കിലും തടവുകാരനായി പിടിച്ചുകൊണ്ടുവരുന്ന ഏതു് ഫ്രഞ്ച് ഭടനേയും കൊന്നുകളയുമെന്നു പേടിപ്പെടുത്തിയ റോഷുവേ പരിതാപകരമായ ഒരുദാഹരണം കാണിച്ചുകൊടുത്തു. ബ്ലൂഷേറാകട്ടെ റോഷുവയെ കവച്ചുവെച്ചു. യുവാക്കന്മാരായ രക്ഷകരുടെ മേലാളായ ദുയേം ഗെനാപ്പിലെ ഒരു ചാരായക്കടയുടെ ഉമ്മറത്തുവെച്ചു ഞെരുക്കപ്പെട്ടു് ഒരു യമകിങ്കരന്നു വാൾ വെച്ചു കുമ്പിട്ടു; ആ എതിരാളി അതു വാങ്ങി തടവുകാരന്റെ കഥ കഴിച്ചു. തോറ്റുപോയവരെ കൊത്തിനുറുക്കി ജയം മുഴുമിപ്പിച്ചു; ഞങ്ങൾ ചരിത്രം പറകയായതുകൊണ്ടു്, ശിക്ഷിക്കുകയും ചെയ്യട്ടെ; വയസ്സനായ ബ്ലൂഷേർ തന്നെത്തന്നെ അവമാനിച്ചു. ഈ കൊടും ക്രൂരത ആ മഹാപാവത്തിനു് ഓപ്പമിട്ടു. നിരാശതയോടുകൂടിയ ആ പരക്കംപാച്ചിൽ ഗെനാപ്പു് കടന്നു, ക്വാത്തൃ-ബ്രാ കടന്നു, ഗോസ്സിയെ കടന്നു, ഫ്രാനെ നിന്നുള്ളൂ. കഷ്ടം! അപ്പോൾ ആരാണു് ആവിധം തിരിഞ്ഞുനോക്കാതെ പാഞ്ഞുപോയതു? നെപ്പോളിയന്റെ മഹാസൈന്യം!

ഈ തലചുറ്റൽ, ഈ ഭയപ്പാടു്, ചരിത്രത്തെ അമ്പരപ്പിച്ചിട്ടുള്ളവയിൽവെച്ച് ഏറ്റവും ഉൽകൃഷ്ടതരമായ ധീരോദാത്തതയുടെ നാശത്തിലേക്കുള്ള ഈ അധ:പതനം-ഇതു കാരണമില്ലാത്തതാണോ! അല്ല, വാട്ടർലൂവിന്നു വിലങ്ങനെ ഒരു വമ്പിച്ച നീതിയുടെ നെടുനിഴൽ തള്ളിനില്ക്കുന്നു. ഇതു വിധിയുടെ ദിവസമാണു്. മനുഷ്യനേക്കാൾ ശക്തികൂടിയ ഒരു തേജോബലം അന്നത്തെ ദിവസത്തെയുണ്ടാക്കി. നെറ്റിത്തടങ്ങളിലെ ആ ഭയച്ചുളിവു് അതുകൊണ്ടാണു്; ആ അത്രയും മഹാന്മാർ മുഴുവനും വാളുവെച്ചതു് അതുകൊണ്ടാണു്. യൂറോപ്പു മുഴുവനും പിടിച്ചടക്കിയതാരോ അവർ, യാതൊന്നും പറയനാവട്ടെ ചെയ്യാനാവട്ടെ കഴിയാതെ ആ നിഴല്പാടിനുള്ളിൽ ഒരു ഭയങ്കരനായ സന്നിധാനമുണ്ടെന്നു ബോധപ്പെട്ടു, ഭൂമിയിൽ കമിഴ്‌ന്നുവീണു. ഇതു വിധിലിഖിതമാണു്. ആ ദിവസം മനുഷ്യജാതിയുടെ കാഴ്ചപ്പാടു് ഒരു മാറ്റം മാറി. പത്തൊമ്പതാംനൂറ്റാണ്ടിന്റെ തിരികുറ്റിയാണു് വാട്ടർലൂ. ആ മഹത്തായ ശതാബ്ദത്തിന്റെ ആഗമനത്തിനു് ആ മഹാനായ മനുഷ്യന്റെ അന്തർദ്ധാനം ആവശ്യമായിരുന്നു. ഏതോ ഒരാൾ-ആരും ഉത്തരം പറയാനില്ലാത്ത ഒരു സത്ത്വം- സകലത്തിന്റെയും ഉത്തരവാദിത്വം കൈയിലെടുത്തു. ധീരോദാത്തന്മാരുടെ പരിഭ്രമത്തിനു സമാധാനം പറയാം. വാട്ടർലൂ യുദ്ധത്തിൽ ഒരു മേഘത്തിലും കവിഞ്ഞ എന്തോ ഒന്നുണ്ട്-ആകാശക്കാഴ്ചയെസ്സംബന്ധിക്കുന്ന എന്തോ ഒന്നുണ്ടു്. ഈശ്വരൻ അതിലെ കടന്നുപോയി.

രാത്രിയായപ്പോൾ, ഗെനാപ്പിനടുത്തുള്ള വയൽപ്രദേശത്തുവെച്ചു, ബേർനാറും ബേർത്രാങ്ങും കൂടി, കണ്ണു നട്ടു, മനോരാജ്യത്തിൽ മുങ്ങി, ഭാഗ്യംകെട്ടു, പടുദു:ഖിയായ ഒരു മനുഷ്യനെ പുറംകുപ്പായത്തിന്റെ വക്കു പിടിച്ചുനിർത്തി; കൂട്ടപ്പാച്ചിലിന്റെ ഓളത്തിൽ അതുവരെ തള്ളിപ്പോന്നുപോയ ആ മനുഷ്യൻ കുതിരപ്പുറത്തുനിന്നിറങ്ങി, തന്റെ കുതിരയുടെ കടിഞ്ഞാൺ കൈയിൽച്ചുറ്റി. അമ്പരന്ന നോട്ടത്തോടുകൂടി, തനിച്ചു വീണ്ടും വാട്ടർലൂവിലേക്കുതന്നെ മടങ്ങുകയാണു്. അതു് ഒരിക്കൽകൂടി മുൻപോട്ടു കയറിച്ചെല്ലാൻ നോക്കുന്ന നെപ്പോളിയനായിരുന്നു- ആ ചിന്നിത്തകർന്നുപോയ സ്വപ്നത്തിലെ പടുകൂറ്റനായ സ്വപ്നാടനക്കാരൻ.

2.1.14
ഒടുവിലത്തെ ചതുരപ്പട

രക്ഷിസൈന്യത്തിലെ പല ചതുരപ്പടകളും ആ അപജയപ്പുഴയുടെ നടുക്കു, തള്ളിയൊഴുകുന്ന വെള്ളത്തിൽ പാറകളെന്നപോലെ, യാതൊരനക്കവുമില്ലാതെ രാത്രിയാവുന്നതുവരെ നിന്നനിലയിൽത്തന്നെ നില്ക്കുകയുണ്ടായി. രാത്രി വന്നു; അതോടുകൂടി മരണവും; ആ രണ്ടു നിഴലുകളുടേയും കൂടിയുള്ള പുറപ്പാടു് അവർ കാത്തുനിന്നു; അജയ്യന്മാരായ ആ രക്ഷികൾ അവയ്ക്കു തങ്ങളെ ചുറ്റിവളയുവാൻ സമ്മതം കൊടുത്തു. ഓരോ സൈന്യവകുപ്പും, മറ്റുള്ളവയിൽനിന്നു് ഒറ്റപ്പെട്ടു.സാക്ഷാൽ സൈന്യവുമായി യാതൊരുബന്ധവുമില്ലാതെ, ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം ചിന്നിച്ചിതറി, തനിച്ചു ചത്തു. ഈ അവസാനക്രിയയ്ക്ക് അവർ, ചിലർ റോസോമ്മിന്നു മുകളിലും മറ്റുപേർ മോൺസാങ്ഴാങ്ങിലെ മുകൾപ്പരപ്പിലുമായി, തങ്ങളുടെ ചുവടുറപ്പിച്ചിരുന്നു. അവിടെ, ആ ഭാഗ്യംകെട്ട ചതുരപ്പടകൾ ഉപേക്ഷിക്കപ്പെട്ടു, തോല്പിക്കപ്പെട്ടു. ഭയങ്കരങ്ങളായി, ഒരു വല്ലാത്ത നിലയിൽ തങ്ങളുടെ മരണവേദനകളെ അനുഭവിച്ചു. യൂൽം, വാഗ്രാം, ഴെന, ഫ്രീദ്ലാങ് എന്നിവർ അവരോടുകൂടി മരിച്ചു.

ഇരുട്ടത്തു വൈകുന്നേരം ഒമ്പതു മണിയോടുകൂടി, അവരിൽ ഒരാൾ മോൺസാങ്ഴാങ് കുന്നിൻപുറത്തിന്റെ അടിവാരത്തിൽ തനിച്ചുപെട്ടു. ആ അപകടംപിടിച്ച താഴ്‌വാരത്തിൽ, കവചധാരികൾ കയറിപ്പോയ കടുംതൂക്കത്തിനു ചുവട്ടിൽ. ഇംഗ്ലീഷ് ഭടസംഘം തള്ളിക്കവിഞ്ഞ സ്ഥലത്തു, ജയിച്ചുകഴിഞ്ഞ ശത്രുസൈന്യത്തിന്റെ കൂട്ടവെടികൾക്കു കീഴിൽ, ഭയങ്കരമായ വെടിമരുന്നുപുകയുടെ ഉള്ളിൽ, ഈ ചതുരപ്പട നിന്നു യുദ്ധംവെട്ടി. അതിന്റെ നേതൃത്വം വഹിച്ചിരുന്നതു് കാംബ്രോന്ന് എന്നു് പേരായ ഒരു നിസ്സാരനാണു്. ഓരോ കുട്ടവെടിയും വന്നുകൊള്ളുമ്പോൾ ആ ചതുരപ്പട വിസ്താരം കുറയുകയും പകരം കാണിക്കുകയും ചെയ്യും. തന്റെ നാലു പുറം ചുമരും ഉള്ളോട്ടു ചുരുങ്ങിച്ചുരുങ്ങിവന്നു് ആ ചതുരപ്പട ശത്രൂകളുടെ വെടിയുണ്ടകൾക്ക് ഓരോ കൂട്ടവെടികൊണ്ടു മറുപടി പറഞ്ഞു. ഓടിപ്പോകുന്നവർ ദൂരത്തു ശ്വാസമില്ലാതെ നിമിഷനേരം അനങ്ങാതെ നിന്ന് ആ വ്യസനകരവും അടിക്കടി കുറയുന്നതുമായ ഇടിയൊച്ചയുടെ നേർക്ക് ഇരുട്ടത്തു ചെവിയോർത്തു.

ഈ സൈന്യം ഒരുപിടിയിൽ കൊള്ളുന്നേടത്തോളമായി ചുരുങ്ങിയപ്പോൾ: അവരുടെ കൊടിക്കൂറയിൽ ഒരു കീറത്തുണിക്കഷ്ണമല്ലാതെ മറ്റൊന്നും ബാക്കിയില്ലെന്നായപ്പോൾ; വെടിയുണ്ടകളെല്ലാം തീർന്നു, അവരുടെ തോക്കുകൾ വെറും പന്തീരാൻവെടികൾ മാത്രമായി എന്നുവന്നപ്പോൾ: ജീവൻ പോയവർ ജീവനുള്ളവരേക്കാൾ വളരെയധികം ആയപ്പോൾ- ആ യുദ്ധവിജയികളുടെ കൂട്ടത്തിൽ. അത്രമേൽ ഹൃദയസ്പൃക്കായ മാഹാത്മ്യത്തോടുകൂടി ജീവത്യാഗം ചെയ്യുന്ന ആ വീരപുരുഷർക്കു ചുറ്റും. ഒരമാനുഷമായ ഭയവിശേഷം വ്യാപിക്കുകയും ഒരു ദീർഘശ്വാസമിട്ടുകൊണ്ടു് ഇംഗ്ലീഷ് പീരങ്കിപ്പട മൗനമവലംബിക്കുകയും ചെയ്തു. ഇതു് ഒരുതരം സ്വസ്ഥതയുണ്ടാക്കി. ഈ പോരാളികൾക്കു ചുറ്റും പ്രേതസ്വരൂപികളുടെ സമൂഹം എന്നു പറയാവുന്ന എന്തോ ഒന്ന്. അശ്വാരൂഢന്മാരായ ഭടന്മാരുടെ നിഴല്പാടുകൾ. പീരങ്കികളുടെ കറുത്ത സ്വരൂപങ്ങൾ. ചക്രങ്ങളുടേയും തോക്കുവണ്ടികളുടേയും ഇടയിലൂടെ കാണപ്പെടുന്ന വെള്ളയാകാശം, യുദ്ധത്തിന്റെ അഗാധഭാഗങ്ങളിൽ പുകയ്ക്കുള്ളിലൂടെ യുദ്ധവീരന്മാർ ഇടയ്ക്കിടെ കണ്ടിരുന്ന ആ വമ്പിച്ച മരണവേദനയുടെ ശിരസ്സു പ്രത്യക്ഷീഭവിക്കുകയും അതു് അവരുടെ നേർക്കു പാഞ്ഞുചെല്ലുകയും അവരെ തുറിച്ചുനോക്കുകയും ചെയ്തു. ഇരുട്ടിന്റെ നിഴലുകളിലൂടെ തോക്കു നിറയ്ക്കുന്നതു് അവർക്കു കേൾക്കാമായിരുന്നു; രാത്രിയിൽ നരികളുടെ കണ്ണുപോലെ, ഒന്നായി കൊളുത്തപ്പെട്ട തീപ്പെട്ടിക്കോലുകൾ അവരുടെ തലയ്ക്കു ചുറ്റും ഒരു തലച്ചക്രമുണ്ടാക്കി; ഇംഗ്ലീഷ് പീരങ്കിനിരയുടെ അടുക്കലേക്കു പഞ്ഞിത്തിരികൾ അടുത്തു ചെന്നു; ഉടനെ, വികാരാവേശത്തോടുകൂടി ആ വീരപുരഷന്മാരുടെ മുൻപിൽ ‘ധനാശിപാടൽ’ ഒരു നിമിഷംകൂടി കഴിഞ്ഞിട്ടാവട്ടെ എന്നു നിർത്തിവെച്ച്, ഒരു ഇംഗ്ലീഷ്സേനാപതിചിലരുടെ അഭിപ്രായത്തിൽ കോൾവയിൽ, മറ്റു ചിലരുടെ പക്ഷത്തിൽ മെയ്റ്റ്ലാൻഡ്-അവരോടു് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, ‘കീഴടക്കുവാൻ, ഹേ ധീരന്മാരായ ഫ്രാൻസുകാരേ, ആയുധം വെക്കുവിൻ.’ കാംബ്രോന്ന് മറുപടി പറഞ്ഞു, ‘മണ്ണാങ്കട്ട!’

കാംബ്രോന്നിന്റെ മുഖത്തുനിന്നു് ആ വാക്കു കേട്ട ഉടനെ, ഇംഗ്ലീഷ് സൈന്യം മറുപടി പറഞ്ഞു, ‘വെടി!’ പീരങ്കിനിരയ്ക്കു തീപ്പിടിച്ചു; കുന്നു വിറച്ചു; ആ മുഴങ്ങുന്ന മുഖങ്ങളിൽനിന്നെല്ലാം വെടിയുണ്ടകളുടെ ഒടുവിലേത്തേതായ ഒരു ഭയങ്കരത്തേട്ടൽ കേട്ടു; പൊന്തിവരുന്ന ചന്ദ്രികയിൽ അല്പം വെളുപ്പുകൂടിയ ഒരു വമ്പിച്ച പുകപ്പരപ്പു മുകളിലേക്കു മറിഞ്ഞു മറിഞ്ഞുകൊണ്ടു തള്ളിക്കയറി; ആ പുക ചിന്നിപ്പോയപ്പോൾ അവിടെ യാതൊന്നുമുണ്ടായിരുന്നില്ല. ആ ഭയങ്കമായ സേനാവശേഷം നശിച്ചു; ആ രക്ഷിസംഘം മരിച്ചു. മനുഷ്യരാൽ നിർമ്മിക്കപ്പെട്ട ആ കാവല്ക്കോട്ടയുടെ നാലു ചുമരുകളും കമിഴ്‌ന്നു. ആ ശവങ്ങളിൽ, അവിടവിടെയായിട്ടെങ്കിലും, ഒരനക്കംകൂടിയില്ല; ഇങ്ങനെയാണു്, മോൺസാങ്ഴാങ്ങിൽവെച്ചു, മഴവെള്ളംകൊണ്ടും ചോരപ്രളയംകൊണ്ടും നനഞ്ഞുകുതിർന്ന മണ്ണിൽ, പ്രസാദമില്ലാതെ നില്ക്കുന്ന ധാന്യച്ചെടിയുടെ ഇടയിൽ- അതേ, ഇന്നത്തെക്കാലത്തു നീവെല്ലിൽനിന്നുള്ള തപ്പാൽവണ്ടി അടിച്ചുപായിക്കുന്ന ജോസഫ് ചൂളവിളിച്ചു കൊണ്ടു സവാരിപോകുന്നതും പുലരാൻകാലത്തു നാലു മണിക്ക് ആഹ്ലാദത്തോടുകൂടി സവാരിപോകുന്നതും പുലരാൻകാലത്തു നാലു മണിക്ക് ആഹ്ലാദത്തോടുകൂടി കുതിരകളെ തല്ലിയോടിക്കുന്നതുമായ അവിടെത്തന്നെ- കിടന്നു റോമൻ സൈന്യത്തേക്കാൾ മഹിമകൂടിയ ഫ്രഞ്ച് സൈന്യം കാലധർമം പ്രാപിച്ചതു്.

2.1.15
ഒരു നേതാവിനെ എത്രവിധം തൂക്കിനോക്കാം

വാട്ടർലൂയുദ്ധം ഒരു കടങ്കഥയാണു്. തോറ്റുപോയവർക്കെന്നപോലെ ജയം കിട്ടിയവർക്കും അതു നിഗൂഢമത്രേ. നെപ്പോളിയനെസ്സംബന്ധിച്ചേടത്തോളം അതൊരു പരിഭ്രമമായിരുന്നു. ബ്ലൂഷേർ [34] അതിൽ വെടിയുണ്ടയല്ലാതെ മറ്റൊന്നും കാണുന്നില്ല. വെല്ലിങ്ടന്നു് അതിനെപ്പറ്റി യാതൊന്നും മനസ്സിലായിട്ടില്ല. വിവരണക്കൂറിപ്പുകൾ നോക്കുക. യുദ്ധവർത്തമാനപത്രങ്ങളൊക്കെ ഓരോന്നു പറയുന്നു, വ്യാഖ്യാനങ്ങളെല്ലാം വ്യംഗ്യമയങ്ങൾ. ചിലർ വിക്കുന്നു, മറ്റു ചിലർ കൊഞ്ഞുകയാണു്. വാട്ടർലൂയുദ്ധത്തെ ഴോമിനി [35] നാലു കാര്യങ്ങളാക്കി തിരിക്കുന്നു; മ്ഫളിങ്ങ് അതിനെ മൂന്നു മാറ്റങ്ങളായി വെട്ടിമുറിക്കുന്നു; ഷാറാ മാത്രം- ചില സംഗതികളിൽ ഞങ്ങൾ നേരെ വിപരീതാഭിപ്രായക്കാരാണെങ്കിലും അദ്ദേഹം മാത്രം- തന്റെ സാഹങ്കാരമായ നോട്ടത്താൽ വിധിയോടു മല്ലിടുന്ന മനുഷ്യബുദ്ധിയുടെ ആ അത്യാപത്തിന്റെ ആകൃതിവിശേഷങ്ങളെ കടന്നുപിടിച്ചിട്ടുണ്ടു്. മറ്റു ചരിത്രകാരന്മാർക്കെല്ലാം ഏതാണ്ടമ്പരപ്പു പറ്റിപ്പോകുന്നു; ആ അമ്പരപ്പിൽ അവർ നാലു പാടും തപ്പിനോക്കുന്നു. മിന്നൽപ്രകാശത്തോടുകൂടിയ ഒരു ദിവസമായിരുന്നു അതു്; അതേ, രാജാക്കന്മാരുടെ തല തികച്ചും തിരിഞ്ഞുപോകുമാറു്, എല്ലാ കോയ്മകളെയും തന്റെ പിന്നിൽ വലിച്ചുകൂട്ടിയ സൈനികരാജത്വത്തിന്റെ ഒരു പൊടിഞ്ഞു തകരൽ- ആയുധശക്തിയുടെ അധ:പതനം, യുദ്ധത്തിന്റെ അപജയം.

അമാനുഷികമായ ആവശ്യകതയാൽ മുദ്രവെക്കപ്പെട്ട ഈ സംഭവത്തിൽ മനുഷ്യൻ വേഷംകെട്ടിയാടിയിട്ടുള്ള ഭാഗം സാരമുള്ളതല്ല.

വെല്ലിങ്ടനിൽനിന്നും ബ്ലൂഷേറിൽനിന്നും വാട്ടർലൂയുദ്ധം എടുത്തുകളയുന്ന പക്ഷം, ഞങ്ങൾ ആ പ്രകാശമാനമായ ഇംഗ്ലണ്ടാകട്ടേ, ആ പ്രതാപവത്തായ ജർമനിയാകട്ടേ, വാട്ടർലൂ വാദപ്രതിവാദത്തിൽ പങ്കെടുക്കുന്നില്ല. പരിതാപകരങ്ങളായ വാൾപ്പയറ്റുകളെ കൂട്ടാതെ തന്നെ, ഓരോ രാഷ്ട്രീയസമുദായങ്ങളും മഹത്തരങ്ങളാണല്ലോ എന്നു നമുക്ക് ഈശ്വരനോടു നന്ദി പറയുക. ഇംഗ്ലണ്ടാകട്ടേ, ജർമനിയാകട്ടേ, ഫ്രാൻസാകട്ടേ, ഒരു വാൾപ്പിടിയിൽ ഒതുങ്ങിക്കൊണ്ടല്ല, വാട്ടർലൂ എന്നതു വാളൂകളൂടെ ഒരു കൂട്ടിമുട്ടൽ മാത്രമായിരിക്കുന്ന ഇക്കാലത്തു ബ്ലൂഷേർക്കു മുകളിലായി ജർമനിക്ക് ഷില്ലറുണ്ടു്; വെല്ലിങ്ടന്നു മുകളിൽ ഇംഗ്ലണ്ടിനു ബയറനും. നമ്മുടെ ഈ ശതാബ്ദത്തിനുള്ള സവിശേഷത, ഒരു പരപ്പാലോചനകളുടെ അഭൂതപൂർവമായ ആവിർഭാവമാണു്. ആ അരുണോദയത്തിൽ ഇംഗ്ലണ്ടിനും ജർമനിക്കും ഒരു സവിശേഷമായ പ്രകാശമുണ്ടു്. അതു രണ്ടും ഉൽകൃഷ്ടങ്ങൾതന്നെ, എന്തുകൊണ്ടു്? അവ ആലോചന ചെയ്യുന്നു. പരിഷ്കാരത്തിലേക്കുള്ള അവയുടെ വക വരികൊടുക്കലായ ആ ഉന്നതനിരപ്പു ജാത്യാ അവയിൽ അന്തർലീനമത്രേ; അതു് അവയിൽ നിന്നുതന്നെ ഉണ്ടാകുന്നതാണ്- അല്ലാതെ എന്തോ ഒരപ്രതീക്ഷിത സംഭവത്തിൽ നിന്നല്ല. പത്തൊമ്പതാംനൂറ്റാണ്ടിലേക്ക് ആ രണ്ടു രാജ്യങ്ങളുംകൂടി കൊണ്ടുവന്നിട്ടുള്ള അഭിവൃദ്ധിയുടെ ഉത്ഭ്വാസ്ഥാനം വാട്ടർലൂവല്ല. ഒരു ജയത്തിനുശേഷം ക്ഷണത്തിൽ വളർന്നുപൊന്തുക, വെറും അപരിഷ്കൃതജനങ്ങൾ മാത്രമാണു്. ഒരു കൊടുംങ്കാറ്റിൽ അലമറിക്കപ്പെട്ട വെള്ളച്ചാട്ടങ്ങളുടെ ക്ഷണികമായ അഹംഭാവമാണതു്. പരിഷ്കൃത ജനങ്ങൾ, വിശേഷിച്ചും നമ്മുടെ കാലത്തു്, ഒരു സൈന്യാധിപന്റെ നല്ല കാലംകൊണ്ടോ ചീത്തക്കാലംകൊണ്ടോ പൊന്തുകയും താഴുകയുമില്ല. മനുഷ്യജാതിക്കിടയിൽ അവർക്കുള്ള സഗൗരവത്വം ശണ്ഠയിടലിൽനിന്നു് കുറേക്കൂടി വലുതായ ഒന്നിൽനിന്നുണ്ടാകുന്നു. അവരുടെ മാന്യത, അവരുടെ പദവി, അവരുടെ അറിവു്, അവരുടെ അസാധാരണ ബുദ്ധി, ഇതൊന്നും ആ ചൂതുകളിക്കാർ-ധീരോദാത്തന്മാരും ലോകവിജയികളും- യുദ്ധങ്ങളാകുന്ന ഷോടതിയിൽ ഇടുന്ന ചില നറുക്കുകളല്ല; അഹോ, നമുക്കതിനു് ഈശ്വരനോടു് നന്ദി പറയുക! പലപ്പോഴും യുദ്ധത്തിൽ, തോല്മ പറ്റുന്നു; അഭിവൃദ്ധി കീഴടക്കപ്പെടുന്നു. ബഹുമതി കുറയുന്നു, സ്വാതന്ത്ര്യം വർദ്ധിക്കുന്നു. യുദ്ധഭേരി മിണ്ടാതാകുന്നു; ആലോചനാശക്തി സംസാരിക്കാൻ തുടങ്ങുന്നു. ആർ തോല്ക്കുന്നുവോ അവൻ ജയിക്കുന്നതായ ഒരു ചൂതുകളിയാണതു്. അതുകൊണ്ടു വാട്ടർലൂവിന്റെ രണ്ടുഭാഗത്തെപ്പറ്റിയും ഞങ്ങൾ മൂഖംനോക്കാതെ പറയട്ടെ, ആകസ്മികസംഭവത്തിനവകാശപ്പെട്ടതെന്തോ അതു് ആകസ്മികസംഭവത്തിനു കൊടുക്കുക; ഈശ്വരന്നവകാശപ്പെട്ടതെന്തോ അതീശ്വരനുന്നും. വാട്ടർലൂ എന്താണു്? ഒരു ജയമാണോ? അല്ല, ഷോടതിയിൽ സമ്മാനം കിട്ടുന്ന അക്കം.

ഷോടതിയിൽ സമ്മാനമുള്ള അക്കങ്ങളഞ്ചും യൂറോപ്പു കൈയിലാക്കി; ഫ്രാൻസ് സംഖ്യ എണ്ണിക്കൊടുത്തു-ഇത്രമാത്രം.

അവിടെ ഒരു സിംഹപ്രതിമ പ്രതിഷ്ഠിക്കപ്പെടാൻ അർഹതയില്ല.

അത്രമാത്രമല്ല, ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളവയിൽവച്ച് ഏറ്റവും അത്ഭുതകരമായ ഒരു യുദ്ധമാണു് വാട്ടർലൂ. നെപ്പോളിയനും വെല്ലിങ്ടനും. ഇവർ ശത്രുക്കളല്ല; ഇവർ വിപര്യായങ്ങളാണു്; വിരോധാലങ്കാരങ്ങളിൽ അത്യധികം ഉത്സുകനായ ഈശ്വരൻ ഇതിലധികം വിസ്മയനീയമായ ഒരു വൈപരീത്യപരിശോധനയിൽഇതിലധികം അസാധാരണമായ ഒരു താരതമ്യവിവേചനത്തിൽ- ഏർപ്പെട്ടിട്ടില്ല. ഒരു ഭാഗത്തു സൂക്ഷ്മത, ദീർഘദൃഷ്ടി, ക്ഷേത്രഗണിതം, കാര്യബോധം, ഉറച്ച പിൻവാങ്ങൽ, വാശിയേറിയ കൂസലില്ലായ്മയോടുകൂടി കരുതിവെച്ച പിൻബലം, അക്ഷോഭ്യമായ ഒരു വ്യവസ്ഥ, ചുവടുനോക്കുന്നതായ യുദ്ധനൈപുണ്യം, പട്ടാളത്തിന്റെ നിലയ്ക്കിളക്കം തട്ടിക്കാതെ നിർത്തുന്ന സേനാവിന്യസനസാമർഥ്യം, നിയമത്തെ അനുസരിച്ചു ചെയ്യുന്ന കൂട്ടക്കൊല, ക്രമപ്പെടുത്തിയ യുദ്ധം, കൈയിൽത്തന്നെ ഘടികാരം, ആകസ്മികസംഭവത്തിനു യാതൊന്നും ഒഴിച്ചിടായ്ക, പണ്ടത്തെ ഇതിഹാസങ്ങളിൽ വർണിക്കപ്പെട്ട ധൈര്യം, തികഞ്ഞ കണിശം; മറ്റേ ഭാഗത്തു സഹജജ്ഞാനം, മുന്നറിവു്, യുദ്ധസംബന്ധിയായ വിഷമത, അമാനുഷമായ ജന്മവാസന, ഒരു തീപ്പറക്കുന്ന നോട്ടം, ഒരു കഴികിനെപ്പോലെ സൂക്ഷിച്ചു നോക്കുന്നതും മിന്നലുപോലെ ചെന്നുകൊള്ളുന്നതുമായ എന്തോ ഒരനിർവചനീയവസ്തു, അഹമ്മതിയോടുകൂടിയ സാഹസത്തിൽ ഒരു വല്ലാത്ത സാമർഥ്യം, അഗാധതരമായ ഒരാത്മാവിന്റെ എല്ലാ നിഗൂഢഭാഗങ്ങളും, വിധിയുമായുള്ള കൂട്ടുകെട്ട്-അതേ, പുഴയേയും മൈതാനത്തേയും കാട്ടുപ്രദേശത്തേയും കുന്നുകളേയും വിളിച്ചുവരുത്തി നിർബന്ധിച്ച് തന്നിഷ്ടം പ്രവർത്തിപ്പിക്കൽ, യുദ്ധക്കളത്തിൽക്കൂടിയും തോന്നിയതു കാണിക്കാൻ മാത്രം പോന്ന സ്വേച്ഛാധികാരിത്വം; യുദ്ധസാമർഥ്യപരമായ പ്രകൃതിശാസ്ത്രത്തോടു കൂടിച്ചേർന്ന- അതിനെ ഉയർത്തുന്നതും എന്നാൽ കലക്കിത്തീർക്കുന്നതുമായ- ഒരു ദൈവയോഗവിശ്വാസം. യുദ്ധത്തിന്റെ ബറീം ആയിരുന്നു വെല്ലിങ്ടൻ; നെപ്പോളിയനാകട്ടേ അതിന്റെ മൈക്കേൽ ഏൻജെലോവും. ഈ സന്ദർഭത്തിൽ ഗണിതവിദ്യ അതിബുദ്ധിയെ കീഴ്പെടുത്തി. രണ്ടു ഭാഗക്കാരും ഓരോരുത്തരെ കാത്തിരുന്നു. ശരിക്കു കണക്കു കൂട്ടിയതാരോ അയാൾ ജയിച്ചു. നെപ്പോളിയൻ ഗ്രൂഷിയെ കാത്തിരുന്നു; അയാൾ വന്നില്ല. വെല്ലിങ്ടൻ ബ്ളൂഷേരുടെ വരവു കാത്തു; അയാൾ വന്നു.

പണ്ടത്തെ യുദ്ധരീതി ചെയ്തു പകരംവീട്ടലാണു് വെല്ലിങ്ടൻ. ആദ്യകാലത്തു നെപ്പോളിയൻ ഇറ്റലിയിൽ വെച്ച് അദ്ദേഹത്തോടെതിരിട്ടു, തികച്ചും മണ്ണു കപ്പിച്ചു. വൃദ്ധനായ കൂമൻ, കുട്ടിയായ കഴുകിനു മുൻപിൽ പുറംതിരിഞ്ഞു പറപറന്നു. പഴയ യുദ്ധച്ചടങ്ങിനു് ഇടികൊണ്ടതുപോലെയായി; എന്നു മാത്രമല്ല, തല താണു. ആ ഇരുപത്താറു വയസ്സുള്ള കോർസിക്കക്കാരൻ ആരാണു്? സകലവും തനിക്കു പ്രതിക്കുലമായി, തനിക്കനുകൂലമായി യാതൊന്നുമില്ലാതെ, ഭക്ഷണസാധനങ്ങളില്ലാതെ, വെടിമരുന്നില്ലാതെ, പീരങ്കികളില്ലാതെ, പാദരക്ഷകളില്ലാതെ, ഏതാണ്ടു സൈന്യംകൂടിയില്ലാതെ, അസംഖ്യം ആളുകളോടു് ഒരു കൈപ്പിടിയിലൊതുങ്ങുന്ന ഭടന്മാരെ വെച്ചുകൊണ്ടു്, ഒന്നിച്ചുകൂടിയ യൂറോപ്പിനു മുഴുവനും നേരെ നിർദ്ദാക്ഷിണ്യമായി തന്നെത്തന്നെ വലിച്ചെറിയുകയും തികച്ചും അസാധ്യമായ സ്ഥലത്തു് എങ്ങനെയോ കടന്നുകേറി ജയം നേടുകയും ചെയ്ത ആ മഹാനായ ശുദ്ധമന്തൻ എന്തു സൂചിപ്പിച്ചു? ഒരിക്കൽ ശ്വാസം കഴിക്കാൻകൂടി നില്ക്കാതെ, അതേ നിലയ്ക്കുള്ള ചില യുദ്ധഭടന്മാരെയും കൈയിൽവെച്ച്, ഒന്നു കഴിഞ്ഞൊന്നായി, ജർമൻചക്രവർത്തിയുടെ അഞ്ചു സൈന്യവകുപ്പുകളെ തടവിലാക്കിവിട്ട ആ ഇടിമുഴങ്ങുന്ന ശാസനകളോടുകൂടിയ തടവുപുള്ളി എവിടെനിന്നുദിച്ചു? ഒരു വിജ്ഞാനസൂര്യന്റെ ധിക്കാരത്തോടുകൂടിയ ഈ യുദ്ധത്തെപ്പയറ്ററിയാത്തവൻ ആരാണു്? യുദ്ധസമ്പ്രദായം പഠിപ്പിക്കുന്ന സർവകലാശാല അയാൾക്കു ഭ്രഷ്ടു് കല്പിച്ചു; അതൊടുകൂടി അതിന്റെ തറ പുഴുങ്ങി; പണ്ടത്തെ ‘സീസർ’ യുദ്ധസമ്പ്രദായത്തിനു പുതിയതിനോടുണ്ടായ എന്തെന്നില്ലാത്ത ദ്വേഷം അതിൽനിന്നാണ്- അതേ, സാധാരണമായ വാളിനു തീപ്പറക്കുന്ന വാളിനോടുള്ള ദ്വേഷം; ഭണ്ഡാരത്തിനു ബുദ്ധിശക്തിയുടെ നേരെയുള്ളതു്. 1815 ജൂൺ 18-ആം തിയ്യതി നാൾ ആ കൊടും പക പകരം ചോദിച്ചു; ലോഡി, [36] മോൺട് ബെല്ലോ, [36] മോൺടിനോട് [36] മാൻച്വ, [36] ആർക്കോള [36] എന്നീ യുദ്ധങ്ങൾക്കു ചുവട്ടിൽ അതെഴുതിയിട്ടു. ‘വാട്ടർലൂ.’ അധികജനങ്ങൾക്കും രുചികരമായ ഇടത്തരക്കാരുടെ ജയം. ഈ കപടനാട്യത്തിനു് ഈശ്വരാജ്ഞ അനുവാദം കൊടുത്തു. തന്റെ അധ:പതനത്തിൽ നെപ്പോളിയൻ ചെറിയ വേംസറെ പിന്നേയും മുൻപിൽ കണ്ടു.

വാസ്തവം നോക്കിയാൽ വേംസറെ കിട്ടുവാൻ വെല്ലിങ്ടന്റെ തലമുടിയൊന്നു വെളുപ്പിച്ചാൽ മതി.

ഒന്നാംതരത്തിലുള്ള ഒരു യുദ്ധം രണ്ടാംതരത്തിലുള്ള ഒരു സേനാപതി ജയിച്ചതാണു് വാട്ടർലൂ.

വാട്ടർലൂ യുദ്ധത്തിൽ അഭിനന്ദനീയമായിട്ടുള്ളതു് ഇംഗ്ലണ്ടാണു്: ഇംഗ്ലീഷ് സൈഥര്യം: ഇംഗ്ലീഷ് ദൃഢത, ഇംഗ്ലീഷ് ധൈര്യം; അവിടെയുണ്ടായിരുന്ന ഇംഗ്ലണ്ടിലെ ശ്രേഷ്ഠവസ്തു- ഞങ്ങൾ ആ രാജ്യത്തെ മുഷിപ്പിക്കുകയല്ല-ഇംഗ്ലണ്ടു് തന്നെയായിരുന്നു. ഇംഗ്ലണ്ടിന്റെ സൈന്യാധിപനല്ല; ഇംഗ്ലണ്ടിന്റെ സൈന്യം.

തന്റെ സൈന്യം 1815 ജൂൺ 18-ാം തിയ്യതി യുദ്ധം ചെയ്ത ആ സൈന്യം ‘ഒരറയ്ക്കത്ത സൈന്യ’മായിരുന്നു എന്നു വെല്ലിങ്ടൻ ലോർഡ് ബാത്തർസ്റ്റിന്നുള്ള ഒരു കത്തിൽ, എന്തെന്നില്ലാത്ത കൃതഘ്നതയോടുകൂടി പറഞ്ഞുകളഞ്ഞു. വാട്ടർലൂവിലെ ഉഴവുചാലുകൾക്കു ചുവട്ടിൽ കുഴിച്ചുമൂടപ്പെട്ട ആ ദു:ഖമയമായ മനുഷ്യാസ്ഥിസങ്കലനം അതിനെപ്പറ്റി എന്തു വിചാരിക്കുന്നു?

വെല്ലിങ്ടന്റെ കാര്യത്തിൽ ഇംഗ്ലണ്ടു് വേണ്ടതിലധികം വിനയം കാണിച്ചു. വെല്ലിങ്ടനെ അത്രമേൽ വലുതാക്കുന്നതു് ഇംഗ്ലണ്ടിനെ ചെറുതാക്കുകയാണു്. മറ്റു പലരുമുള്ളതുപോലെ ഒരു യുദ്ധവീരൻ വെല്ലിങ്ടനും എന്നേ ഉള്ളൂ. ആ സ്കോച്ച് ഭടന്മാർ, ആ അശ്വാരൂഢമായ രക്ഷിസംഘം, ആ മെയ്റ്റു് ലാൻഡിന്റേയും മിച്ചലിന്റേയും സൈന്യവകുപ്പുകൾ, ആ പ്യാക്കിന്റേയും കെംറ്റിന്റേയും കാലാളുകൾ, ആ പോൺസൺബിയുടേയും സോമർസെറ്റിന്റേയും കുതിരപ്പട്ടാളം. വെടിയുണ്ടകൾ മഴപോലെ വന്നുചൊരിയുമ്പോൾ അതിനുള്ളിലിരുന്നു പണ്ടത്തെ യുദ്ധഗാനങ്ങൾ പാടിയ ആ സ്കോട്ട്ലാണ്ടിലെ നാട്ടുപുറത്തുകാർ, ആ റ്റെലാൻഡിന്റെ പട്ടാളങ്ങൾ, ഒരു തോക്കെടുത്തു ചൂണ്ടേണ്ടതെങ്ങനെയെന്നറിഞ്ഞുകൂടാതെ എസ്ലിങ്ങിന്റേയും റിവോളിയുടേയും പഴയ ഭടസംഘങ്ങളോടു മാറിട്ടുനിന്ന ആ വെറും ബാലന്മാർ- ഇതൊക്കെയാണു് മഹത്തരം. വെല്ലിങ്ടൻ നല്ല ഉറപ്പുള്ളാളാണു്; അതിലാണു് അദ്ദേഹത്തിന്റെ ഗുണമിരിക്കുന്നതു്; അതിനെ ഞങ്ങൾ കുരയ്ക്കണമെന്നു വിചാരിക്കുന്നില്ല; പക്ഷേ, അദ്ദേഹത്തിന്റെ കാലാളൂകളിലും കുതിരപ്പടയാളികളിലും വെച്ച് എത്ര നിസ്സാരവും അദ്ദേഹത്തെപ്പോലെതന്നെ ഉറച്ചുനില്ക്കുമായിരുന്നു. ഇരിമ്പൻഭടനും ‘ഇരിമ്പൻഡ്യൂക്കി’ നെപ്പോലെത്തന്നെ വിലയുള്ളൊന്നാണു്. ഞങ്ങളെസ്സംബന്ധിച്ചാണെങ്കിൽ, ഞങ്ങൾ ബഹുമാനിക്കുകയെല്ലാം ഇംഗ്ലീഷ് ഭടനെയാണ്ഇംഗ്ലീഷ് സൈന്യത്തെ, ഇംഗ്ലീഷ് ജനസംഘത്തെ. ജയസ്മാരകം പ്രതിഷ്ഠിക്കുകയാണെങ്കിൽ, അതു് ഇംഗ്ലണ്ടിന്നാണു് വേണ്ടതു്. വാട്ടർലൂവിലുള്ള ജയസ്തംഭത്തിനു മുകളിൽ ഒരു മനുഷ്യന്റെ രൂപത്തിനു പകരം ഒരു രാജ്യക്കാരുടെ പ്രതിമയാണു് ഉയരത്തിൽ കൊത്തിവെച്ചിരുന്നതെങ്കിൽ, കുറേക്കൂടി ഉചിതമായേനേ.

പക്ഷേ, ഈ മഹത്തായ ഇംഗ്ലണ്ടു് ഞങ്ങൾ ഇവിടെ പറയുന്നതു കേട്ടാൽ ശുണ്ഠിയെടുക്കും. ഇംഗ്ലണ്ടിനു സ്വന്തമായുള്ള 1688-ഉം [37] നമ്മുടേതായ 1789-ഉം [38] ഇരുന്നിട്ടും, ഇന്നു പ്രഭുത്വബഹുമാനമാകുന്ന ആ മായ വിട്ടുപോയിട്ടില്ല. വംശപാരമ്പര്യത്തിലും പൗരോഹിത്യാധികാരത്തിലും അതു വിശ്വസിക്കുന്നു. ശക്തിയിലും മാന്യതയിലും മറ്റാരാലും കവച്ചുവെക്കപ്പെടാത്ത ഈ രാജ്യക്കാർ, ഒരു രാജ്യക്കാരായിട്ടില്ല; ഒരു രാഷ്ട്രീയസമുദായക്കാരായിട്ടാണു് തങ്ങളെ കരുതുന്നതു്. ഒരു രാജ്യക്കാർ എന്ന നിലയിൽ അവർ സ്വമനസ്സോടെ, കീഴ്‌വണങ്ങുകയും തങ്ങളുടെ ഏജമാനനായി ഒരു പ്രഭുവിനെ സ്വീകരിക്കുകയുകയും ചെയ്യുന്നു. ഒരു തൊഴിലാളി എന്ന നിലയിൽ, സ്വയം പുച്ഛിക്കപ്പെടുവാൻ ഇംഗ്ലണ്ടു് സമ്മതിക്കുന്നു; ഒരു പടയാളി എന്ന നിലയിൽ, സ്വയം മുക്കാലിന്മേൽ കെട്ടിയിട്ടടിക്കപ്പെടുവാൻ അതു സമ്മതിക്കുന്നു.

ഇൻകെർമാനിലെ യുദ്ധത്തിൽ സൈന്യത്തെ മുഴുവനും രക്ഷിച്ചതായിക്കാണുന്ന ഒരു ‘സർജ്ജന്റി’ന്റെ പേർ, പ്രധാനോദ്യോഗസ്ഥനിൽനിന്നു താഴെയുള്ള ആരെയും യുദ്ധവീരന്റെ നിലയിൽ വിവരണക്കുറിപ്പിൽ ചേർക്കുവാൻ ഇംഗ്ലണ്ടിലെ സൈനികപ്രഭുത്വം അനുവദിച്ചിട്ടില്ലാത്തതുകൊണ്ടു്, എടുത്തുപറയുവാൻ ലോർഡ് റാഗ്ലിന്നു നിവൃത്തിയില്ലാതെപോയതു് ഇവിടെ സ്മരണീയമാണു്.

വാട്ടർലൂപോലെയുള്ള ഒരു യുദ്ധത്തിൽ ഞങ്ങൾ മറ്റെല്ലാറ്റിലുംവെച്ചധികം അഭിനന്ദിക്കുന്നതു് യദൃച്ഛാസംഭവത്തിന്റെ അത്ഭുതകരമായ ഒരു സാമർഥ്യമാണു്. രാത്രി ഒരു മഴ, ഹൂഗോമോങ്ങിലെ മതിൽ, ഒഹെങ്ങിലെ കുണ്ടുവഴി, പീരങ്കിയൊച്ച കേൾക്കാതെപോയ ഗ്രൂഷി, നെപ്പോളിയന്റെ വഴി അദ്ദേഹത്തെ വഞ്ചിച്ചതു, ബ്ല്യൂളോവിന്റെ വഴികാട്ടി അയാളെ സഹായിച്ചത്- ഈ അത്യാപത്തു് മുഴുവനും എത്ര ഭംഗിയിൽ വരുത്തിക്കൂട്ടിയിരിക്കുന്നു!

എല്ലാംകൂടി, ഞങ്ങൾ തുറന്നുപറയട്ടെ, വാട്ടർലൂവിലുണ്ടായതു് ഒരു യുദ്ധത്തെക്കാളധികം ഒരു കൂട്ടക്കൊലയാണു്.

സേനകളെ ഉറപ്പിച്ചുനിർത്തിയിട്ടുള്ള യുദ്ധങ്ങളിലെല്ലാംവെച്ച്, അത്രയുമസംഖ്യം പോരാളികൾക്കുകൂടി അത്രയും കുറച്ചു സ്ഥലം ഉപയോഗപ്പെടുത്തിയിട്ടുള്ള ഒന്നേ ഒന്നു വാട്ടർലൂവാണു്. നെപ്പോളിയൻ മുക്കാൽക്കാതമേ എടുത്തിരുന്നുള്ളൂ; വെല്ലിങ്ടൻ അരക്കാതം; ഓരോ ഭാഗത്തു് എഴുപത്തീരായിരം പോരാളികളും. ഈ ഇടതൂർമയിൽനിന്നാണു് കൂട്ടക്കൊല പുറപ്പെട്ടതു്.

താഴെ കാണുന്ന കണക്കു തിട്ടപ്പെടുത്തിയിരിക്കുന്നു-ആൾനഷ്ടം; ഓസ്കർലിത്സു് യുദ്ധത്തിൽ, ഫ്രാൻസുകാർക്കു നൂറ്റുക്കു പതിന്നാലു്; റഷ്യക്കാർക്കു നൂറ്റുക്കു മുപ്പതു്; ആസ്ട്രിയക്കാർക്കു നൂറ്റുക്കു നാല്പത്തിനാലു്. വാഗ്രാം [39] യുദ്ധത്തിൽ ഫ്രാൻസുകാർക്കു നൂറ്റുക്കു പതിമ്മൂന്നു്; ആസ്ത്രിയക്കാർക്കു നൂറ്റുക്കു പതിന്നാലു്; മോസ്കോവായുദ്ധത്തിൽ ഫ്രാൻസുകാർക്കു നൂറ്റുക്കു മുപ്പത്തേഴു്; റഷ്യക്കാർക്ക് നാല്പത്തിനാലു്. ബോട്സൻ [40] യുദ്ധത്തിൽ ഫ്രാൻസുകാർക്കു നൂറ്റുക്കു പതിമ്മൂന്നു്; റഷ്യക്കാർക്കും പ്രഷ്യക്കാർക്കുംകൂടി നൂറ്റുക്കു പതിന്നാലു്. വാട്ടർലൂവിൽ, ഫ്രാൻസുകാർക്കു നൂറ്റുക്ക് അമ്പത്താറു്. എതിർഭാഗക്കാർക്കു മുപ്പത്തൊന്നു്. വാട്ടർലൂവിൽ ആകെ, നൂറ്റുക്കു നാല്പത്തൊന്നു്; ആകെ ഒരു ലക്ഷത്തിനാല്പത്തിനാലായിരം പോരാളികൾ; അറുപതിനായിരം പേർ മരിച്ചു.

ഇന്നാകട്ടെ, ഭൂമിയുടെ ശാന്തത, മനുഷ്യന്നുള്ള ഉദാസീനമായ സഹായ്യം, വാട്ടർലൂയുദ്ധസ്ഥലത്തു കാണപ്പെടുന്നു; അതു മറ്റെല്ലാ മൈതാനങ്ങളുടേയും മട്ടിലിരിക്കുന്നു.

അത്രമാത്രമല്ല, രാത്രിസമയത്തു് ഒരുതരം മനോരാജ്യക്കാരായ മൂടൽമഞ്ഞ് ആ വെളിമ്പറമ്പിൽനിന്നു പുറപ്പെടും; അതിലെ ഒരു പാനഥൻ സഞ്ചരിക്കുന്നു എങ്കിൽ, അയാൾ ചെവിയോർത്തുനോക്കുന്നു എങ്കിൽ, അയാൾ സൂക്ഷിച്ചുനോക്കുന്നു എങ്കിൽ, അപായകരമായ ഫിലിപ്പിയിലെ മൈതാനത്തി [41] വേർജി [42] എന്നപോലെ അയാൾ മനസ്സുകൊണ്ടു സ്വപ്നം കാണുന്നു എങ്കിൽ, അവിടെ വെച്ചുന്റായ അത്യാപത്തിനെസ്സംബന്ധിച്ച് ഒരു മന:ക്ഷോഭം അയാളെ കടന്നു ബാധിച്ചുപോകും. ആ ഭയങ്കരമായ 1815 ജൂൺ 15-ആം തിയ്യതി വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു; കൃത്രിമമായ ആ ജയസ്മാരകമെന്നു് അതാ, അന്തർദ്ധാനം ചെയൂന്നു; സിംഹപ്രതിമ വായുമണ്ഡലത്തിൽ ലയിക്കുന്നു; യുദ്ധഭൂമി അതിന്റെ വാസ്തവസ്ഥിതി കൈക്കൊള്ളുന്നു; കാലാൾപ്പടകളുടെ അണിനിരപ്പുകൾ മൈതാനത്തിൽ ഓളംമറിയുന്നു; ഭയങ്കരങ്ങളായ കുതിരക്കുളമ്പടികൾ ചക്രവാളന്തത്തെ ചവിട്ടിക്കടക്കുന്നു; ആ ഭയപ്പെട്ടുപോയ മനോരാജ്യക്കാരൻ വാളുകളുടെ മിന്നിച്ചയും കുന്തങ്ങളുടെ തിളക്കവും തിയ്യുണ്ടകളുടെ പാളിച്ചയും ഇടിമുഴക്കങ്ങളുടെ വമ്പിച്ച സങ്കലനവും കണ്ണുകൊണ്ടു കാണുന്നു; ഒരു ശവക്കല്ലറയുടെ അഗാധഭാഗങ്ങളിലെ മരണത്തിന്റെ ചിലമ്പിച്ച, യുദ്ധപ്രേതത്തിന്റെ അസ്പഷ്ടമായ നിലവിളി എന്നുതന്നെ പറയട്ടെ, അയാൾ കേൾക്കുന്നു; ആ നിഴലുകളൊക്കെ പടയാളികളാണു്. ആ വെളിച്ചങ്ങളൊക്കെ കവചധാരിഭടന്മാരാണു്; ആ അസ്ഥികൂടം നെപ്പോളിയൻ, മറ്റേ അസ്ഥികൂടം വെല്ലിങ്ടൻ; ഇതൊന്നും ഇപ്പോളില്ല. എങ്കിലും അവ കൂട്ടിമുട്ടുകയും അപ്പോഴും ശണ്ഠയിടുകയും ചെയ്യുന്നു; എന്നല്ല, മലമ്പിളർപ്പുകളെല്ലാം രക്തവർണമാകുന്നു; മരങ്ങൾ നിന്നു തുള്ളിത്തുടങ്ങുന്നു; മേഘങ്ങലിലും നിഴലുകളിലുംകൂടി ലഹളതന്നെ; ആ ഭയങ്കരങ്ങളായ കുന്നുകൾ, ഹൂഗോമോങ്ങ്, മോൺസാങ്ങ്ഴാങ്ങ്, ഫ്രീമോങ്ങ്, പാപ്പിലത്തു്, പ്ലാൻസ്ന്വാ എല്ലാം തമ്മിൽത്തമ്മിൽ കൊന്നുകളയാൻ ഏർപ്പെട്ട പലേ പ്രേതമയങ്ങളായ കൊടുങ്കാറ്റുകളെക്കൊണ്ടു സമ്മിശ്രമായവിധം മുടിചൂടി നില്ക്കുകയാണെന്നു തോന്നിപ്പോകുന്നു.

കുറിപ്പുകൾ

[34] ഒരു യുദ്ധം അവസാനിക്കൽ, ഒരു കാര്യം മുഴിമിക്കൽ, അബദ്ധപ്രവൃത്തികളെ ശരിയാക്കൽ, നാളെയ്ക്ക് അത്ഭുതപൂർവ്വങ്ങളായ ജയങ്ങലെ ഉറപ്പിക്കൽ- ഒരു നിമിഷത്തുണ്ടായ ആ പരിഭ്രമം ഇതെല്ലാം തകരാറാക്കി-നെപ്പോളിയൻ (Dietles de Sainte Heldne) പറഞ്ഞിരിക്കുന്നു.

[35] ഒരു ഫ്രഞ്ച് സേനാപതി. ഇദ്ദേഹം ചരിത്രകാരനും യുദ്ധസംബന്ധിയായ പല ഗ്രന്ഥങ്ങൾ എഴുതിയ ആളുമാണു്. ‘യുദ്ധകല’ എന്ന പുസ്തകം അതിപ്രസിദ്ധം.

[36] നെപ്പോളിയന്നു ശത്രുക്കളുടെ മേൽ പരിപൂർണ്ണ ജയം കിട്ടിയ യുദ്ധങ്ങൾ.

[37] ഇംഗ്ലണ്ടിലെ പൊതുജനങ്ങൾക്ക് ഇന്നുള്ള എല്ലാ അധികാരങ്ങളും മുളയിട്ടതു് ഈ കൊല്ലത്തിലാണു്. അവിടത്തെ രാജ്യഭരണ ചരിത്രത്തിൽ 1688 എന്നെന്നും സ്മരണീയമത്രേ.

[38] ഫ്രാൻസിലെ ഭരണപരിവർത്തനം 1769-ലാണു് ആരംച്ചതു്.

[39] ആസ്ട്രിയയിലെ ഒരു കുഗ്രാമമായ ഇവിടെവെച്ചു നെപ്പോളിയൻ 1739-ൽ ആസ്ത്രിയക്കാരെ തോല്പിച്ചു വിട്ടു.

[40] ജർമ്മനിയിലെ ഈ പട്ടണത്തിൽവെച്ചു ഫ്രാൻസു് റഷ്യയേയും പ്രഷ്യയെയും പരാജയപ്പെടുത്തി: 1813.

[41] ഇവിടെവച്ചാണു് ക്രിസ്ത്വാബ്ദത്തിനു 42 കൊല്ലം മിമ്പു് ഓഗസ്റ്റസ്സും ആന്റണിയുംകൂടി ബ്രൂട്ടസ്സിനൃയും കാസ്സിയസ്സിനേയും തോല്പിച്ചതു്.

[42] റോമിൽ ഉണ്ടായിരുന്ന മഹാകവി.

2.1.16
വാട്ടർലൂ നന്നായി എന്നാണോ വിചാരിക്കേണ്ടത്

വാട്ടർലൂവിനെപ്പറ്റി ദ്വേഷം വിചാരിക്കാത്തവരായി വളരെ മാന്യത കൂടിയ ഒരഭിപ്രായഭേദക്കാർ ഇന്നുണ്ടു്. ഞങ്ങൾ ആ കൂട്ടത്തിൽ ചേർന്നിട്ടില്ല. ഞങ്ങളെസ്സംബന്ധിച്ചേടത്തോളം, വാട്ടർലൂ എന്നതു സ്വാതന്ത്ര്യത്തിന്റെ അമ്പരപ്പുദിവസം മാത്രമാണു്. അത്തരം മുടുകയിൽനിന്നു് അത്തരം ഒരു കഴുകു പുറത്തുവന്നതു നിശ്ചയമായും അപ്രതീക്ഷിതംതന്നെ.

ആ വാദത്തിൽ ഒരത്യുന്നതസ്ഥാനത്തു കയറിനില്ക്കുന്നപക്ഷം, ഭരണപരിവർത്തനത്തിന്നെതിരായി മനഃപൂർവം സമ്പാദിച്ചെടുത്ത ഒരു ജയമാണു് വാട്ടർലൂ. ഫ്രാൻസിനോടു് യൂറോപ്പുമുഴുവൻ എതിരിട്ടതാണതു്; പീറ്റേഴ്സ്ബർഗ്, ബർലിൻ, വിയന, [43] മൂന്നുംകൂടി പാരിസ്സിനോടെതിർത്തതാണു്; സ്ഥാനവലുപ്പം ബുദ്ധിശക്തിയോടെതിർത്തതു്; 1815 മാർച്ച് 20-ആം തിയ്യതി മുഖാന്തരം 1789 ജൂലായി 14-ആം തിയ്യതി [44] ആക്രമിക്കപ്പെട്ടതു്. അജയ്യമായ ഫ്രാൻസിലെ പൊതുജനക്ഷോഭത്തിനെതിരായി ഏകച്ഛത്രാധിപത്യങ്ങൾ ചെയ്ത യുദ്ധസന്നാഹം.ഇരുപത്താറു കൊല്ലമായി തിളച്ചുമറിഞ്ഞുനില്ക്കുന്ന ആ മഹത്തായ ജനസംഘത്തെ എന്നെന്നേക്കുമായി നശിപ്പിച്ചുകളയുക- ഇതായിരുന്നു മനോരാജ്യം. വാട്ടർലൂവിന്റെ കുതിരപ്പിൻപുറത്തു ദൈവികമായ അധികാരശാസന തൂങ്ങിനിന്നു. അന്നത്തെ ഫ്രഞ്ച് സാമ്രാജ്യം സ്വേച്ഛാധികാരത്തോടുകൂടിയിരുന്നതുകൊണ്ടു, പ്രകൃതിസാധാരണമായ കർമഗതിക്കു വിശാലമനസ്കതയോടുകൂടിയ രാജ്യഭരണം കൂടിയേകഴിയൂ എന്നാകയും, വാട്ടർലൂവിൽ ജയം പ്രാപിച്ചവരുടെ മഹത്തരമായ ആശാഭംഗത്തിനു്, ഇഷ്ടപ്രകാരമല്ലെങ്കിലും അതിന്റെ ഫലമായി നിയമാനുസൃതമായ ഒരു ഭരണരീതി ഏർപ്പെടുത്തുകയും ചെയ്തു എന്നുള്ളതു വാസ്തവമാണു്. ഭരണപരിവർത്തനമെന്ന ലോകഗതി വാസ്തവത്തിൽ അജയ്യമാകയാലും, എന്നല്ല അതു കാലചോദിതവും, ഈശ്വരാജ്ഞയാൽ ഉണ്ടാക്കപ്പെടുന്നതുമാകകൊണ്ടും, അതു് എപ്പോഴും പുതുതായി പുതുതായി പുറപ്പെട്ടുകൊണ്ടിരിക്കുന്നു. വാട്ടർലൂവിനു മുൻപെ, രാജകീയസിംഹാസനങ്ങളെ നെപ്പോളിയൻ ഇളക്കിമറിച്ചതിൽ അതു പ്രത്യക്ഷീഭവിച്ചു; വാട്ടർലൂവിനു ശേഷം, പതിനെട്ടാമൻ ലൂയി സ്വാതന്ത്ര്യപത്രം കൊടുത്തതിലും അതു കാണപ്പെടുന്നു; സമത്വത്തെ തെളിയിക്കുവാനായി അസമത്വത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടു, നേപ്പിൾസിലെ സിംഹാസനത്തിൽ ഒരു വണ്ടിക്കാരനേയും സ്വീഡനിലെ സിംഹാസനത്തിൽ ഒരു ചെറുസൈന്യാധിപനേയും ബോണപ്പാർട്ടു് പ്രതിഷ്ഠിച്ചു; പതിനെട്ടാമൻ ലൂയിയോസാങ്ങ്- ത്വാനിൽ വെച്ചു മനുഷ്യ സ്വാതന്ത്ര്യത്തിന്റെ അധികാരപത്രത്തിൽ സമ്മതിച്ചൊപ്പിട്ടു. ഭരണപരിവർത്തനത്തെപ്പറ്റി നിങ്ങൾക്ക് ഒരറിവുണ്ടാകണമെന്നുണ്ടെങ്കിൽ, അതിനെ അഭിവൃദ്ധി എന്നു വിളിക്കുക; പിന്നെ ആ അഭിവൃദ്ധിയെപ്പറ്റി നിങ്ങൾക്ക് ഒരറിവുണ്ടാകണമെങ്കിൽ, അതിനെ അഭിവൃദ്ധി എന്നു വിളിക്കുക, ആ നാളെ സ്വന്തം ജോലി അപ്രതിഹമായവിധം നടത്തിവരുന്നു; എന്നല്ല, ഇന്നുതന്നെ മുഴുമിച്ചു തുടങ്ങുകയും ചെയ്യുന്നു. എത്തിച്ചേരേണ്ട സ്ഥലത്തേക്ക് എപ്പോഴും അത്ഭുതകരമായവിധം ചെല്ലുന്നു. ഒരു യുദ്ധഭടൻ മാത്രമായിരുന്ന ഫ്വാവിനെ പിടിച്ചു വാഗ്മിയാക്കിത്തീർക്കുവാൻ അതു വെല്ലിങ്ടനെ ഉപയോഗിക്കുന്നു. ഫ്വാവാകട്ടെ ഹൂഗോമോങ്ങിൽ മരിച്ചുവീഴുന്നു; ന്യായാധികാരിയിൽ വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു. ഇങ്ങനെയാണു് അഭിവൃദ്ധി മുന്നോട്ടു പോകുന്നതു്. ആ പണിക്കാരന്റെ കൈയിൽ ചീത്തപ്പണിയായുധമായിട്ടു് ഒന്നില്ല. എന്തായാലും അവന്നു കുണ്ഠിതമില്ല; ആൽപ്സു് പർവതത്തെ ചവിട്ടിക്കടന്നവനേയും കാലിടറിത്തുടങ്ങിയ എലിയസിലെ [45] മുതുമുതുക്കനേയും തന്റെ ദൈവികമായ പ്രവൃത്തിയിലേക്ക് ആ പണിക്കാരൻ കൊള്ളിക്കുന്നു. ലോകവിജയിയേയും വാതരോഗിയേയും അവൻ ഉപയോഗപ്പെടുത്തുന്നു; ലോകവിജയിയെ പുറമെ, വാതരോഗിയെ ഉള്ളിൽ, വാളെടുത്തു യൂറോപ്പിലെ സിംഹാസന പരമ്പരയെ വെടിനിരത്തുന്നതു നിർത്തിക്കളഞ്ഞതിനാൽ, ഭരണപരിവർത്തനത്തിനു മറ്റൊരു വഴിക്കു തന്റെ പ്രവൃത്തി തിരിക്കേണ്ടിവന്നു എന്നല്ലാതെ, വാട്ടർലൂയുദ്ധംകൊണ്ടു മറ്റു ഫലമൊന്നുണ്ടായില്ല. വെട്ടിപ്പൊളിക്കാരുടെ പ്രവൃത്തി കഴിഞ്ഞു; ആലോചനക്കാരുടെ പ്രവൃത്തി തിരിക്കേണ്ടിവന്നു എന്നല്ലാതെ, വാട്ടർലൂയുദ്ധംകൊണ്ടു മറ്റു ഫലമൊന്നുണ്ടായില്ല. വെട്ടിപ്പൊളിക്കാരുടെ പ്രവൃത്തി കഴിഞ്ഞു; ആലോചനക്കാരുടെ പ്രവൃത്തി തുടങ്ങി. വാട്ടർലൂ തടഞ്ഞുനിർത്തുവാൻ പുറപ്പെട്ട ശതാബ്ദം പിന്നേയും അതിന്റെ വഴിയ്ക്കു നടന്നു. ദു:ഖകരമായ ആ യുദ്ധവിജയം സ്വാതന്ത്ര്യത്താൽ തോല്പിക്കപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാൽ, എന്നല്ല നിസ്തർക്കമായി പറഞ്ഞാൽ വാട്ടർലൂവിൽ ജയം നേടിയത്-വെല്ലിങ്ങ്ടന്റെ പിന്നിൽനിന്നു പുഞ്ചിരിക്കൊണ്ടിരുന്നത്- യൂറോപ്പിലെ എല്ലാ സൈന്യാധിപന്മാരുടേയും ഭടസമൂഹങ്ങളെ, അതിൽ ഫ്രാൻസിലെ ഒരു സൈന്യാധിപന്റെ സൈന്യംകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണു് സംസാരം. വെല്ലിങ്ങ്ടന്റെ കൈയിലെത്തിച്ചുകൊടുത്തത്-സിംഹപ്രതിമയോടുകൂടി കുന്നു പടുത്തുണ്ടാക്കുവാൻ മനുഷ്യാസ്ഥികളാൽ നിറയപ്പെട്ട കൈവണ്ടികളെ ഉത്സാഹത്തോടുകൂടി ഉരുട്ടിക്കൊണ്ടുവന്നത്-ആ പീഠത്തിനു മുകളിൽ ‘1815 ജൂൺ 18-ആം തിയ്യതി’ എന്നു ജയഭേരിയോടുകൂടി കൊത്തിയിടുവിച്ചത്- പറപറക്കുന്ന സൈന്യത്തെ വാളിന്നിരയാക്കുവാൻ, ബ്ലൂഷേറെ പ്രോത്സാഹിപ്പിച്ചത്-അതേ, ഒരു കഴുകുശവത്തിനുമീതേ എന്നപോലെ, മോൺസാങ്ങ് ഴാങ്ങ് ചെറുകുന്നിനു മുകളിൽ നിന്നു ഫ്രാൻസിനു മീതെ ചുറ്റിപ്പറന്നതെന്തോ അത്ഭരണപരിവർത്തനത്തിന്റെ എതിരായ മറ്റൊരു പരിവർത്തനമാണ്. ആ നികൃഷ്ടവാക്കിനെ, ‘ഖണ്ഡംഖണ്ഡമാക്കുക’ എന്നതിനെ, പിറുപിറുത്തതു് ആ മറ്റൊരു പരിവർത്തനമായിരുന്നു. പാരിസ്സിൽ മടങ്ങിയെത്തിയപ്പോൾ അതു്. അഗ്നിപർവതമുഖത്തെ അടുത്തു് കണ്ടു; തന്റെ കാൽ പൊള്ളിച്ച തീക്കട്ടകളെ അതു തൊട്ടു; അതു തന്റെ അഭിപ്രായം മാറ്റി; ഒരു സ്വാതന്ത്ര്യാധികാരപത്രത്തെ വീണ്ടും അതു വിക്കിപ്പറവാൻ തുടങ്ങി.

വാട്ടർലൂവിൽ ഉള്ളതെന്തോ അതുമാത്രം നമുക്കു വാട്ടർലൂവിൽ കാണുക. സ്വാതന്ത്ര്യേച്ഛയെസ്സംബന്ധിച്ച യാതൊന്നും അതിലില്ല. ഭരണപരിവർത്തനത്തിന്റെ എതിരായ പരിവർത്തനം യദൃച്ഛയാ ഒരു വിശാലമനസ്കതയോടുകൂടിയതായിരുന്നു; അതെന്തുപോലെയെന്നാൽ, ആ പ്രകൃതിനിയമംകൊണ്ടുതന്നെ, നെപ്പോളിയൻ അനൈച്ഛികമായി ഒരു ഭരണപരിവർത്തകനുമായിരുന്നു. അശ്വാരുഢനായ റോബെപിയേ [46] 1815 ജൂൺ 18-ആം തിയ്യതി ജീനിപ്പുറത്തുനിന്നു തള്ളിമറിക്കപ്പെട്ടു.

കുറിപ്പുകൾ

[43] റഷ്യ, ജർമ്മനി, ആസ്ത്രിയ എന്നീ മൂന്നു രാജ്യങ്ങളുടേയും തലസ്ഥാനനഗരങ്ങൾ.

[44] ഫ്രാൻസിലെ പ്രധാന കാരാഗൃഹത്തെ ആൾക്കൂട്ടം ആക്രമിച്ചു തകർത്ത ദിവസം.

[45] ഫ്രാൻസിലെ ഭരണാധികാരിയോഗാധ്യക്ഷന്റെ വാസസ്ഥലം.

[46] ഒരു വലിയ പ്രാസംഗികനും ഭരണതന്ത്രജ്ഞനുമായ ഇദ്ദേഹമാണു് തികച്ചും ഭരണപരിവർത്തനത്തിന്റെ പ്രവർത്തകൻ. രാജാവിനെ കൊലപ്പെടുത്തിയതിനു ശേഷം ഇദ്ദേഹം ഭരണാധികാരം കയ്യേറ്റു; ഒടുവിൽ എതിരാളികൾ വർദ്ധിച്ച് ഇദ്ദേഹം ശിരച്ഛേദം ചെയ്യുന്നു.

2.1.17
ദൈവികമായ രാജാധികാരത്തിന്റെ പുനഃപ്രവേശം

സർവാധികാരിത്വത്തിൻകീഴിലുള്ള രാജ്യഭരണം അവസാനിച്ചു. യൂറോപ്പു മുഴുവനുമുള്ള ഭരണനീതി തകർന്നു. റോം സാമ്രാജ്യം ഊർദ്ധ്വൻ വലിച്ചപ്പോഴത്തെ ആ ഒരന്ധകാരത്തിൽ ഫ്രാൻസും ആണ്ടുപോയി. അപരിഷ്കൃതന്മാരുടെ കാലത്തുള്ള അന്ധകാരം നാം വീണ്ടും കാണുന്നു; ഭരണപരിവർത്തനത്തിന്റെ എതിർപരിവർത്തനം എന്ന ഓമനപ്പേരുകൊണ്ടു വിളിച്ചേ കഴിയൂ എന്നുള്ള 1825-ലെ അപരിഷ്കൃതസ്ഥിതി അധികകാലം ജീവിച്ചില്ല; ക്ഷണത്തിൽ കിതച്ചുവീണു്, അനക്കമറ്റു. സാമ്രാജ്യത്തെപ്പറ്റി ആളുകൾ കരഞ്ഞു- നമുക്ക് ആ സത്യാവസ്ഥ സമ്മതിക്കുക- എന്നല്ല, ധീരോദാത്തന്മാർ കരഞ്ഞു. ഖഡ്ഗത്തെ ഒരു ചെങ്കോലാക്കി മാറ്റുന്നതാണു് ബഹുമതി എങ്കിൽ ഫ്രഞ്ച് സാമ്രാജ്യം മൂർത്തിമത്തായ ബഹുമതിയായിരുന്നു. അതു സ്വേച്ഛാധിപത്യത്തിനുണ്ടാക്കാവുന്ന പ്രകാശം മുഴുവനും ഭൂമിയിൽ പരത്തി-ഒരിരുണ്ട പ്രകാശം. ഞങ്ങൾ ഒന്നുകൂടി പറയും- ഒരു നിഗൂഢമായ പ്രകാശം. നല്ല പകൽവെളിച്ചത്തോടു താരതമ്യപ്പെടുത്തിയാൽ അതു രാത്രിയാണു്. ആ ഇരുട്ടിന്റെ മറയൽ ഒരു ഗ്രഹണത്തിന്റെ ഫലം ചെയ്യുന്നു.

പതിനെട്ടമൻ ലൂയി വീണ്ടും പാരിസ്സിൽ കടന്നു. ജൂലായി 8-ാം തിയ്യതിയത്തെ വൃത്താകാരനൃത്തങ്ങൾ [47] മാർച്ച് 20-ാം തിയ്യതിയത്തെ [48] ആഹ്ലാദങ്ങളെ മാച്ചുകളഞ്ഞു. കോർസിക്കക്കാരനാകട്ടെ ബേർണർകാരന്റെ [49] വിരോധാഭാസമായി. തൂലെറിരാജാധാനിയിലെ കൊടിക്കൂറ വെളുത്തു. രാജ്യഭ്രഷ്ടൻ രാജാവായി. പതിന്നാലാമൻ ലൂയിയുടെ രാജകീയചിഹ്നം നിറഞ്ഞ സിംഹാസനത്തിനു മുൻപിൽ ഹാർട്ടു് വെല്ലിലെ [50] ‘പയിൻ’ മരമേശ സ്ഥലംപിടിച്ചു. ബൂവി [51] ഫോൺതെനോയ് [52] എന്നീ യുദ്ധങ്ങളെപ്പറ്റി, തലേദിവസമുണ്ടായതുപോലെ, ആളുകൾ സംസാരിച്ചു; ഓസ്തർലിത്സു് പഴകിപ്പോയി. തിരുവത്താഴമേശയും സിംഹാസനവും അന്തസ്സിൽ സഹോദരത്വം കൈകൊണ്ടു. പത്തൊമ്പതാംനൂറ്റാണ്ടിലെ സാമുദായികാരോഗ്യത്തിന്റെ ഏറ്റവും അവിതർക്കിതങ്ങളായ രൂപവിശേഷങ്ങളിൽ ഒന്നു ഫ്രാൻസിൽ, യൂറോപ്പിൽ മുഴുവനുംതന്നെ, പ്രതിഷ്ഠാപിതമായി; വെളുത്ത പട്ടുനാട [53] യൂറോപ്പു മുഴുവനും സ്വീകരിക്കപ്പെട്ടു. ചക്രവർത്തുരക്ഷിസംഘം നിന്നിരുന്നേടത്തു് ഇപ്പോൾ ഒരു ചുകന്ന എടുപ്പായി. വല്ലവിധവും സമ്പാദിച്ച ജയങ്ങളെക്കൊണ്ടു നിറഞ്ഞു ഞെരുങ്ങിയ ആർക്ദ്യുകാറൂസെൽ എന്ന സ്ഥലം ഈ പുതുമകളുടെ ഇടയിൽപെട്ടു വല്ലാതായി; മാറൻഗോ, ആർക്കോള എന്നീ യുദ്ധങ്ങളെപ്പറ്റി വിചാരിച്ച് അല്പം ലജ്ജിച്ചിട്ടാവാം, ദ്യുക്ദാൻഗുലീമിന്റെ [54] പ്രതിമയെ സ്വീകരിച്ച് ആഗ്രഹപ്പിഴയിൽനിന്നു് ഒഴിഞ്ഞുനിന്നു. 1793-ൽ ‘ഒരു ഭയങ്കരനായ ഇരപ്പാളി’ യുടെ മറവുനിലമായിരുന്ന മദലിയെനിലെ ശ്മശാനസ്ഥലം, പതിനാറാമൻ ലൂയിയുടേയും രാജ്ഞിയുടേയും അസ്ഥിസഞ്ചയം അവിടെ മണ്ണടിഞ്ഞിരുന്നതുകൊണ്ടു്, സൂര്യകാന്തങ്ങളാലും വെണ്ണക്കല്ലുകളാലും മൂടപ്പെട്ടു.

നെപ്പോളിയൻ കിരീടം ചൂടിയ ആ മാസത്തിൽത്തന്നെയാണു് വിൻസെന്നിലെ കിടങ്ങുകുഴിയിൽവെച്ച് ദ്യുക്ദാങ്ങിയാങ്ങ് [55] കാലധർമമടഞ്ഞതുതന്നെ വാസ്തവത്തെ ഓർമ്മിപ്പിച്ചുകൊണ്ടു് ഒരു സ്മാരകസ്തംഭം ഭൂമിയിൽനിന്നു പൊന്തിവന്നു. ഈ മരണത്തിനു വളരെ അടുത്തുവെച്ചുതന്നെ പട്ടാഭിഷേകം നടത്തുകയുണ്ടായ ഏഴാമൻ പയസു് പോപ്പു് ആ ഉന്നഗതിയെ ഏതു നിലയിൽ അനുഗ്രഹിച്ചുവോ, അതേ ശാന്തിയോടുകൂടി ആ അധോഗതിയേയും അനുഗ്രഹിച്ചു. ഷുവാങ്ങ്ബ്രൂങ്ങിൽ നാലു വയസ്സുള്ള ഒരു കുട്ടിയുടെ [56] നിഴൽ കിടന്നിരുന്നു; അതിനെ റോം രാജാവെന്നു വിളിക്കുന്നതു രാജദ്രോഹമായിത്തീർന്നു. ഇതൊക്കെ സംഭവിച്ചു; രാജാക്കന്മാർ അതാതു സിംഹാസനങ്ങളിൽ കയറിക്കൂടി; യൂറോപ്പിന്റെ ഏകനായകൻ ഒരു കൂട്ടിനുള്ളിലടയ്ക്കപ്പെട്ടു; പഴയ ഭരണരീതി പുതിയ ഭരണരീതിയായി; ഭൂമിയിലെ എല്ലാ നിഴലുകളും എല്ലാ വെളിച്ചങ്ങളും സ്ഥലംമാറി- എന്തുകൊണ്ടു്? ഏതോ ഒരു വേനല്ക്കാലത്തു് പകലുച്ചയ്ക്ക് ഒരാട്ടിടയൻ ഒരു പ്രഷ്യക്കാരനോടു് കാട്ടിൽവെച്ചു പറഞ്ഞു: ‘അതിലെയല്ല, ഇതിലെ.’

ഈ 1815 ഒരുതരം ദുഃഖമയമായ വസന്തകാലമായിരുന്നു. പഴയകാലത്തെ ആരോഗ്യനാശകവും വിഷസമ്മിശ്രവുമായ സകല മുളയും പുതുരൂപങ്ങളാൽ മൂടപ്പെട്ടു. 1789-നെ ഒരസത്യം പാണിഗ്രഹണം ചെയ്തു; ദൈവികമായ രാജാധികാരം ഒരു സ്വാതന്ത്ര്യപത്രത്തിനുള്ളിൽ ഒളിച്ചുകൂടി; കെട്ടുകഥകൾ നിയമാനുസൃതങ്ങളായി; പക്ഷഭേദങ്ങളും അന്ധവിശ്വാസങ്ങളും മനോരാജ്യങ്ങളും എല്ലാം വിശാലമനസ്കതയാൽ പൂച്ചിടപ്പെട്ടു. അതു പാമ്പിന്റെ വളയൂരലായിരുന്നു.

നെപ്പോളിയൻ കാരണം മനുഷ്യൻ വലുതാവുകയും ചെറുതാവുകയും ചെയ്തു. മഹത്തരമായ ഭൗതികപ്രകൃതിയുടെ ഈ ഏകശാസനവാഴ്ചയിൽ പരമതത്ത്വത്തിനു ഭാവനാശാസ്ത്രമെന്ന അപൂർവപ്പേരു കിട്ടി! ഭാവിയെ പരിഹാസയോഗ്യമാക്കുക എന്നതു് ഒരു മഹാനിൽ സഗൗരവമായ ആലോചനക്കുറവാണു്. ഏതായാലും പൊതുജനം-പീരങ്കിക്കാരന്റെ മേൽ അത്രയും സ്നേഹമുള്ളതായ പീരങ്കിയുടെ ആ ഭക്ഷണസാധനംഅദ്ദേഹത്തെ നോട്ടംകൊണ്ടന്വേഷിച്ചു. അദ്ദേഹം എവിടെ? അദ്ദേഹം എന്തു ചെയ്യുന്നു? ‘നെപ്പോളിയൻ മരിച്ചു, മാറൻഗോവിലും വാട്ടർലൂവിലും യുദ്ധം ചെയ്തിട്ടുള്ള ഒരു വൃദ്ധഭടനോടു വഴിപോക്കൻ പറഞ്ഞു: ‘അദ്ദേഹം മരിച്ചു! നിങ്ങൾക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ.’ മറിച്ചിടപ്പെട്ടിട്ടും ഈ മനുഷ്യനെ സങ്കല്പം അവിശ്വസിച്ചു. വാട്ടർലൂവിനു ശേഷം യൂറോപ്പിലെ അഗാധതകൾ മുഴുവനും അന്ധകാരംകൊണ്ട് നിറഞ്ഞു. നെപ്പോളിയന്റെ അഭാവത്തോടു കൂടെ വമ്പിച്ച എന്തോ ഒന്നു വളരെക്കാലം ശൂന്യമായിക്കിടന്നു.

ആ ശൂന്യതയിൽ രാജാക്കന്മാർ ചെന്നുനിന്നു. ഭരണപരിഷ്കാരങ്ങളേർപ്പെട്ടതുകൊണ്ടു് അതുമൂലം പുരാതനയൂറോപ്പിനു ഗുണം കിട്ടി. ഒരു പരിശുദ്ധസഖ്യമുണ്ടായി: ‘കൗതുകകരമായ സഖ്യം.’ ആ ഗ്രഹപ്പിഴ പിടിച്ച വാട്ടർലൂയുദ്ധക്കളം മുൻകൂട്ടി പറഞ്ഞു.

ജീർണ്ണോദ്ധാരണം ചെയ്യപ്പെട്ട ആ പുരാതനയൂറോപ്പിന്റെ മുൻപിൽ വെച്ചും മുഖത്തുവെച്ചും ഒരു പുതിയ ഫ്രാൻസിന്റെ മുഖരൂപം വരയ്ക്കപ്പെട്ടു. ചക്രവർത്തി അടുപ്പിച്ചുകൂട്ടിയിരുന്ന ഭാവിരംഗത്തു പ്രവേശിച്ചു. അതിന്റെ നെറ്റിത്തടത്തിൽ മുദ്രയുണ്ടായിരുന്നു, സ്വാതന്ത്ര്യം എല്ലാ നവീനപുരുഷാന്തരങ്ങളുടേയും തിളങ്ങുന്ന നോട്ടങ്ങൾ ആ മുദ്രയുടെ നേരെ തിരിഞ്ഞു. അത്യാശ്ചര്യകരമായ വസ്തുത! പൊതുജനങ്ങൾ സ്വാതന്ത്ര്യമായ ഭാവിലോകത്തോടും നെപ്പോളിയനായ ഭൂതകാലത്തോടും ഒരു സമയത്തുതന്നെ സ്നേഹം കാണിച്ചു. തോല്മ തോറ്റവനെ ഒന്നു കൂടി വലുതാക്കി. നിവർന്നു നില്ക്കുന്ന നെപ്പോളിയനേക്കാൾ വീണുകിടന്ന ബോണോപ്പാർട്ടിനു് ഉയരം തോന്നി. ജയിച്ചവരൊക്കെ പകച്ചു. അദ്ദേഹത്തെ കരുതി ഇംഗ്ലണ്ടു് ഹഡ്സൺലോ [57] വിനെ പാറാവു നിർത്തി; ഫ്രാൻസാകട്ടേ, അദ്ദേഹത്തിനു മോങ്ങ്ഷെന്യുവിനെ [58] കാവലാക്കി. മാറോടു ചേർക്കപ്പെട്ട അദ്ദേഹത്തിന്റെ കൈകൾ രാജസിംഹാസനങ്ങൾക്കു പൊറുതികേടുണ്ടാക്കി. റഷ്യാചക്രവർത്തി അദ്ദേഹത്തിനു് ‘എന്റെ ഉറക്കമില്ലായ്മ’ എന്നു പേരിട്ടു. ഈ ഭയം അദ്ദേഹത്തിലടങ്ങിയ ഭരണപരിവർത്തനത്തുകയുടെ ഫലമായിരുന്നു. ബോണോപ്പാർട്ടിന്റെ ഭരണരീതിയെ നിരൂപണം ചെയ്യുന്നതും നിർദ്ദോഷമാക്കുന്നതും അതാണു്. ഈ പ്രേതരൂപം പഴയ ലോകത്തെ ഇട്ടു വിറപ്പിച്ചു. രാജാക്കന്മാർ സിംഹാസനസ്ഥന്മാരായി; പക്ഷേ, സൈന്റു് ഹെലിനയിലെ പാറപ്പുറം മുൻപിലുള്ളതുകൊണ്ടു് അവരുടെ ഇരിപ്പുറച്ചില്ല.

ലോങ്ങ്വുഡ്ഡ് എന്ന കാട്ടുപുറത്തുവെച്ചു നെപ്പോളിയൻ മരണവുമായി മല്ലിടുമ്പോൾ വാട്ടർലൂയുദ്ധഭൂമിയിൽ മരിച്ചുവീണ അറുപതിനായിരം പേർ പതുക്കെ മണ്ണടിയുകയായിരുന്നു; അവരുടെ ശാന്തതയിൽ എന്തോ ഒരു ഭാഗം ലോകത്തിലെങ്ങും വ്യാപിച്ചു. വിയന്നയിലെ ജനപ്രതിനിധിയോഗം 1815-ൽ ഉടമ്പടിപ്പത്രങ്ങളെഴുതി; യൂറോപ്പു് ഇതിന്നു രാജത്വയഥാസ്ഥാപനം എന്നു പേർ വിളിച്ചു.

ഇതാണു് വാട്ടർലൂ.

പക്ഷേ, ആ അപാരതയ്ക്ക് ഇതെല്ലാം എന്തു സാരം- ആ കൊടുങ്കാറ്റാവട്ടേ, ആ മേഘസമൂഹമാവട്ടേ, ആ യുദ്ധമാവട്ടേ, പിന്നീടുണ്ടായ ആ സമാധാനമാവട്ടേ എന്തും? ഒരു പുല്ലിൻകൊടിയിൽനിന്നു മറ്റൊരു പുല്ലിൻകൊടിയിലേക്കു ചാടിച്ചെല്ലുന്ന ഒരു പച്ചപ്പയ്യിനേയും നോത്തർദാംപള്ളിയിലെ ഒരു മണിമാളികയിൽനിന്നു മറ്റൊരു മണിമാളികയിലേക്കു പറന്നുകയറുന്ന കഴുകനേയും ഒരുപോലെ കാണുന്ന ആ അപാരദൃഷ്ടിയുടെ വെളിച്ചത്തെ ആ അന്ധകാരമൊന്നും ഒരു നിമിഷമെങ്കിലും അസ്വാസ്ഥ്യപ്പെടുത്തിയില്ല.

കുറിപ്പുകൾ

[47] പണ്ടത്തെ രാജവംശക്കാരുടെ ഭരണം ഫ്രാൻസിൽ 1816 ജൂലായ് 8-ാം തിയ്യതിയാണു് വീണ്ടും ആരംഭിച്ചതു്.

[48] നെപ്പോളിയൻ ചക്രവർത്തിക്ക് മകനുണ്ടായതു് 1811 മാർച്ച് 20-ാം തിയ്യതിയാണു്. ഈ ദിവസം ഫ്രാൻസു് മുഴുവനും ഒരു വലിയ ആഘോഷമായി കൊണ്ടാടി.

[49] ഫ്രാൻസിലെ രാജാവായിരുന്ന....ഈ രാജ്യക്കാരനാണു്. ഈ രാജാവിനെ ബേർൺകാരൻ (La Bcarlais) എന്നു പറയാനുണ്ടായിരുന്നു.

[50] ഇംഗ്ലണ്ടിലെ ഈ ഒരു കുഗ്രാമത്തിലാണു് രാജ്യഭ്രഷ്ടനായിരുന്ന കാലത്തു പതിനെട്ടാമൻ ലൂയി താമസിച്ചതു്.

[51] ഫ്രാൻസിലെ ഈ ചെറുപട്ടണത്തിൽവെച്ചു 1214-ൽ ഫ്രാൻസിലെ രാജാവായിരുന്ന ഫിലിപ്പു് ഓശസ്തസ്സും ഇംഗ്ലണ്ടു്, ജർമ്മനി, ഫ്ളാൻഡേർഡ് എന്നീ മൂന്നു രാജ്യങ്ങളുംകൂടി ഒരു യുദ്ധമുണ്ടായി. അതിൽ ഫ്രാൻസാണു് ജയിച്ചതു്.

[52] 1745-ലെ ഈ യുദ്ധത്തിൽവെച്ചു ഫ്രാൻസു് ഇംഗ്ലണ്ടിനെ തോല്പിച്ചു.

[53] ഫ്രാൻസിലെ രാജകക്ഷിക്കാരുടെ അടയാളമുദ്ര.

[54] ശിരച്ഛേദം ചെയ്യപ്പെട്ട രാജദമ്പതികളുടെ പുത്രി; 1797-ൽ കാരഗൃഹത്തിലാക്കപ്പെട്ടു; ഒടുവിൽ 1830-ൽ നാടുകടത്തപ്പെടുകയും ചെയ്തു.

[55] ജനാധിപത്യഭരണത്തിന്നെതിരായി യുദ്ധം ചെയ്ത ഒരു ഫ്രഞ്ചു രാജകുമാരൻ. ജർമ്മനിയിൽച്ചെന്നു് അഭയംപ്രാപിച്ചിരുന്നേടത്തുനിന്നു നെപ്പോളിയൻ പിടിച്ചുവരുത്തി വിചാരണ ചെയ്തു വിൻസെന്നിൽവെച്ചു വെടിവെച്ചുകൊന്നു.

[56] നെപ്പോളിയന്റെ മകൻ.

[57] സേർ ഹഡ്സൺലോ: ഇദ്ദേഹമായിരുന്നു നെപ്പോളിയൻ നാടുകടത്തപ്പെട്ട കാലത്തു് സെയിന്റു് ഹെലിന ദ്വീപിലെ ഗവർണ്ണർ.

[58] ഫ്രാൻസിലെ പ്രധാന ഭരണാധികാരി.

2.1.18
രാത്രിയിലെ പോർക്കളം

ആ അപാരമായ പോർക്കളത്തിലേക്കു നമുക്കു മടങ്ങിച്ചെല്ലുക- ഈ പുസ്തകത്തിൽ അതുകൊണ്ടാവശ്യമുണ്ടു്.

ജൂൺ 18-ാം തിയ്യതി വെളുത്ത വാവായിരുന്നു. ആ നിലാവു ബ്ലൂഷേറുടെ നിർദ്ദയമായ പാഞ്ഞെത്തിപ്പിടിക്കലിനെ സഹായിച്ചു; ഓടിപ്പോയവരുടെ മാർഗത്തെ വെളിപ്പെടുത്തി. അപകടത്തിൽപ്പെട്ട ജനക്കൂട്ടത്തെ അതു് ആർത്തിപിടിച്ചെത്തുന്ന പ്രഷ്യൻകുതിരപ്പട്ടാളത്തിന്റെ കൈയിൽ പിടിച്ചുകൊടുത്തു; കൂട്ടക്കൊലയെ അതു സഹായിച്ചു. രാത്രിയുടെ ഇത്തരം പരിതാപകങ്ങളായ സഹായ്യ്യങ്ങൾ വലിയ ആപത്തുകൾക്കിടയിൽ ചിലപ്പോൾ ഉണ്ടാകാറുണ്ടു്. ഒടുവിലത്തെ പീരങ്കിയുണ്ട പൊട്ടിയതിനുശേഷം, മോൺസാങ്ഴാങിലെ മൈതാനസ്ഥലം നിർജ്ജനമായി. ഫ്രഞ്ചുപാളയം ഇംഗ്ലീഷ് സൈന്യത്തിന്റെ കൈയിലായി, ജയത്തിന്റെ ഒരു സാമാന്യലക്ഷണമാണു് തോല്പിക്കപ്പെട്ടവരുടെ കിടക്കയിൽ കിടന്നുറങ്ങുന്നതു്. അവർ സോമ്മിനപ്പുറത്തു തങ്ങളുടെ രാത്രികാലത്തിലെ വെളിമ്പാളയത്തെ ഉറപ്പിച്ചു. തിരിഞ്ഞോടുന്ന ഭടസംഘത്തിലേക്കു ചങ്ങല വിടപ്പെട്ട പ്രഷ്യൻസൈന്യം മുൻപോട്ടു തള്ളിക്കയറി. ലോർഡ് ബാത്തർസ്റ്റിന്നുള്ള വിവരണക്കുറുപ്പു തയ്യാറാക്കുവാൻവേണ്ടി വെല്ലിങ്ടൻ വാട്ടർലൂവിലെ ഗ്രാമത്തിലേക്കു പോയി.

എപ്പോഴെങ്കിലും ‘അങ്ങനെ നിങ്ങൾ ചെയ്യുക, പക്ഷേ, നിങ്ങൾക്കായിട്ടല്ല’ എന്നതു യോജ്യമായിട്ടുണ്ടെങ്കിൽ, അതു നിശ്ചയമായും ആ വാട്ടർലൂഗ്രാമത്തോടാണു്. വാട്ടർലൂഗ്രാമം യുദ്ധത്തിൽ യാതൊരു പങ്കുമെടുത്തില്ല; അതു യുദ്ധസ്ഥലത്തുനിന്നു് അരക്കാതം ദൂരത്താണു്. മോൺസാങ്ഴാങ് പീരങ്കിക്കിരയായി; ഹൂഗോമോങ്ങ് കത്തിയമർന്നു; ലായിസാന്തു് ആക്രമിക്കപ്പെട്ടു; പാപ്പിലോത്തു് കത്തിയമർന്നു; പ്ലാൻസ്ന്വാ കത്തിയമർന്നു. രണ്ടു വിജയികളുടേയും പിടിച്ചുപൂട്ടൽ ലാബെൽ അലിയാൻസു് കണ്ടു. ഈ പേരുകളൊന്നും ആരും കേട്ടിട്ടില്ല; യുദ്ധത്തിൽ യാതൊന്നും ചെയ്യാത്ത വാട്ടർലൂ ബഹുമതി മുഴുവൻ കൈയിലാക്കി.

ഞങ്ങൾ യുദ്ധത്തെ മേനികേറ്റുന്നവരുടെ കൂട്ടത്തിലല്ല; സന്ദർഭം വന്നാൽ അതിനെക്കുറിച്ചുള്ള വാസ്തവം ഞങ്ങൾ പറയും. യുദ്ധത്തിനു ഭയങ്കരങ്ങളായ ചില സൗഭാഗ്യങ്ങളുണ്ടു്; ഞങ്ങൾ അവയെ മറച്ചുവെച്ചിട്ടില്ല. അതിനു പൈശാചികങ്ങളായ ചില മുഖാവയവങ്ങളുണ്ട്- അവയെ ഞങ്ങൾ സമ്മതിക്കുന്നു. യുദ്ധം ജയിച്ചുകഴിഞ്ഞതിന്റെ പിറ്റേദിവസം മരിച്ചവരുടെ ശരീരങ്ങളെല്ലാം നഗ്നങ്ങളാകുന്നതാണു് ഏറ്റവും അത്ഭുതകരമായ ഒന്നു്. യുദ്ധത്തിന്റെ പിറ്റേദിവസം സൂര്യൻ ഉടുപ്പില്ലാത്ത ശവങ്ങളും കണ്ടുകൊണ്ടാണു് എന്നും ഉദിക്കാറു്.

ഇതാരു ചെയ്യുന്നു? വിജയത്തെ ഈവിധം വഷളാക്കുന്നതാരാണു്? ജയത്തിന്റെ കീശയിലേക്ക് ഉപായത്തിൽ കടന്നുകൂടുന്ന ആ വല്ലാത്ത കള്ളക്കൈ ഏതാണു്? ബഹുമതിയുടെ പിന്നിൽനിന്നു കച്ചവടം ചെയ്യുന്ന അവർ ഏതു ‘കോന്തലമുറിയന്മാരാ’ണു്? ചില തത്ത്വജ്ഞാനികൾ- ആ കൂട്ടത്തിൽ വോൾട്ടയറുണ്ട്ബഹുമതിയുണ്ടാക്കിയവർത്തന്നെയാണു് അവരും എന്നു തീർത്തുപറയുന്നു. അവർ പറയുകയാണു്. ആ കൂട്ടർതന്നെയാണതു്; ശുശ്രൂഷസംഘമല്ല; നിവർന്നു നില്ക്കുന്നവർ ഭൂമിയിൽ വീണുപോയവരെ കൊള്ളയിടുന്നു. പകലത്തെ യുദ്ധവീരൻ രാത്രിയിലെ ശവംതീനിപ്പിശാചാണു്. ആകപ്പാടെ, ശവത്തിന്റെ കർത്താവായിരിക്കെ, അയാൾക്ക് അതിന്റെ ഉടുപ്പു കുറച്ചഴിക്കുവാൻ നിശ്ചയമായും അധികാരമുണ്ടു്. ഞങ്ങളെ സ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, ഞങ്ങൾക്ക് ആ അഭിപ്രായമില്ല; ബഹുമതി സമ്മാനങ്ങൾ വാങ്ങിക്കുകയും ചത്ത മനുഷ്യന്റെ പപ്പാസ്സുകൾ മോഷ്ടിക്കുകയും ഒരേ കൈ ചെയ്യുന്നതു് അസാധ്യമായി ഞങ്ങൾക്കു തോന്നുന്നു.

ഒന്നു തീർച്ച: യുദ്ധവിജയികൾ പോയ ഉടനെ അവിടെ കള്ളന്മാരെത്തുന്നതു സാധാരണമാണു്. എന്നാൽ പട്ടാളക്കാരനെ, വിശേഷിച്ച് ഇന്നത്തെ പട്ടാളക്കാരനെ, വിശേഷിച്ച് ഇന്നത്തെ പട്ടാളക്കാരനെ നമുക്കൊഴിവാക്കുക.

ഓരോ സൈന്യവകുപ്പിന്റെ പിന്നിൽ ഒരു രക്ഷിസംഘമുണ്ടു്; അതിനെയാണു് കുറ്റപ്പെടുത്തേണ്ടതു്. പകുതി പിടിച്ചുപറിക്കാരും ഭൃത്യന്മാരുമായി കടവാതിലിനെപ്പോലുള്ള ജന്തുക്കൾ; യുദ്ധം എന്നു പറയുന്ന ആ സന്ധ്യാസമയത്താൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന എല്ലാത്തരം നരിച്ചീറുകളും; യുദ്ധത്തിൽ യാതൊരു പങ്കുമെടുക്കാത്ത യുദ്ധഭടവേഷധാരികൾ; നാട്യത്തിൽ മുറിപ്പെട്ടവർ; ഭയങ്കരന്മാരായ നൊണ്ടികൾ; ചിലപ്പോൾ ഭാര്യമാരോടുകൂടി ചെറിയ കട്ടവണ്ടികളിൽ പതുക്കെ സവാരി ചെയ്തു കൊണ്ടു, കണ്ടതു കൈയിലാക്കി, പിന്നീടു കൊണ്ടുവില്ക്കുന്ന കള്ളപ്പട്ടാളവ്യാപാരികൾ; പട്ടാളമേലുദ്യോഗസ്ഥന്മാർക്ക് വഴികാട്ടികളായിക്കൊള്ളാം എന്നു പറഞ്ഞുചെല്ലുന്ന യാചകന്മാർ; പട്ടാളക്കാരുടെ ഭൃത്യന്മാർ; കൊള്ളക്കാർ; മുൻകാലങ്ങളിൽ- ഞങ്ങൾ പറയുന്നതു് ഇന്നത്തെ കഥയല്ല- യുദ്ധസ്ഥലത്തേക്കു യാത്ര തുടരുന്ന സൈന്യങ്ങൾ ഇതൊക്കെയും പിന്നാലെ വലിച്ചുകൊണ്ടു പോകാറുണ്ടു്; അതിനാൽ സവിശേഷഭാഷയിൽ അവരെ ‘തെണ്ടികൾ’ എന്നു പറയും. ഈ സത്ത്വങ്ങളെ സ്സംബന്ധിച്ചേടത്തോളം, ഒരു സൈന്യവും ഒരു ജനസമുദായവും ഉത്തരവാദിയല്ല; അവർ ഇറ്റാലിയൻഭാഷ സംസാരിച്ചുകൊണ്ടു് ജർമനിക്കാരുടെകൂടെ കൂടും; പിന്നീടു ഫ്രഞ്ചുഭാഷ പറഞ്ഞുകൊണ്ടു് ഇംഗ്ലണ്ടുകാരുടെ കൂട്ടത്തിൽ തൂങ്ങും; ഈ നികൃഷ്ട വർഗത്തിൽപ്പെട്ട ഒരുവനാണ്- അതേ, ഫ്രഞ്ചുഭാഷ സംസാരിച്ചിരുന്ന ഒരു സ്പെയിൻകാരൻ തെണ്ടിയാണ്-അവന്റെ പേച്ചു കേട്ടു നമ്മുടെ ഫ്രാൻസുകാരനാണെന്നു് ഫേവർ ക്യൂവിലെ മാർക്കിസ്സു് തെറ്റിദ്ധരിച്ചു- ഒടുവിൽ ചതിയായി അദ്ദേഹത്തെ കൊലപ്പെടുത്തി. സെരിസോൾ യുദ്ധവിജയത്തിന്റെ പിറ്റേദിവസം രാത്രി യുദ്ധസ്ഥലത്തുവെച്ചുതന്നെ കൊള്ളയിട്ടതു്. ആ തെമ്മാടി ഇത്തരം കൊള്ളക്കാരുടെ കൂട്ടത്തിൽനിന്നു പുറപ്പെട്ടവനാണു്. ആ നികൃഷ്ടപ്പഴഞ്ചൊല്ലു്, ശത്രുവിനെക്കൊണ്ടു് ഉപജീവിക്കുക, എന്നതാണു് ഈ കുഷ്ഠരോഗത്തെ ഉണ്ടാക്കിത്തീർത്തതു്; സനിഷ്കർഷമായ ഒരു സന്മാർഗപരിശീലനംകൊണ്ടു മാത്രമേ അതു ശമിക്കുകയുള്ളൂ. പ്രസിദ്ധികളിൽ ചിലതു ചതിയനായിട്ടുണ്ടു്; മറ്റു ചില കാര്യങ്ങളിൽ വലിയ മഹാന്മാരായ ചില സൈന്യാധിപതികൾ, ഇത്രമേൽ പൊതുജനങ്ങൾക്കിഷ്ടപ്പെട്ടവരായിത്തീരാൻ കാരണമെന്താണെന്നു് എപ്പോഴും നിശ്ചയമുണ്ടായി എന്നുവരില്ല, കൊള്ളയിടാൻ സമ്മതിച്ചിരുന്നതുകൊണ്ടാണു് ത്യുറാ [59] ഭടന്മാരാൽ പൂജിക്കപ്പെട്ടതു്. സമ്മതിക്കപെട്ട ദുഷ്ടപ്രവൃത്തി സൗശീല്യത്തിന്റെ ഒരു ഭാഗമായിക്കൂടുന്നു. രാജ്യമാകെ കൊത്തിനുറുക്കുകയോ തിയ്യിട്ടു ചുടുകയോ ചെയ്വാൻ സമ്മതിക്കത്തക്കവിധം ത്യുറാൻ അത്രയും ഗുണവാനായിരുന്നു. സൈന്യാധിപന്റെ ഗൗരവമനുസരിച്ചായിരിക്കും അതതു സൈന്യത്തിന്റെ പിന്നിൽ തൂങ്ങിക്കൂടുന്ന കൊള്ളക്കാരുടെ ഏറ്റക്കുറവു്. ഹോഷിന്റേയും [60] മാർസോവിന്റേയും കൂടെ തെണ്ടികളേ ഇല്ല; വെല്ലിങ്ങ്ടന്റെ കൂടെ അല്പമുണ്ടായിരുന്നു- അദ്ദേഹത്തെ വിചാരിച്ചു മര്യാദയ്ക്ക് അതു ഞങ്ങൾ പറയേണ്ടതാണു്.

എന്തായാലും ജൂൺ 18-ആം തിയ്യതി രാത്രി ശവങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടു. വെല്ലിങ്ങ്ടൻ നിഷ്കർഷക്കാരനാണു്; അങ്ങനെ വല്ലവനും ചെയ്യുന്നതായി കണ്ടാൽ അവനെ വെടിവച്ചുകളയാൻ അദ്ദേഹം കല്പന കൊടുത്തു; പക്ഷേ, കൊള്ളയിടുക എന്നതു് ഒരു മർക്കടമുഷ്ടിക്കാരനാണു്. യുദ്ധഭൂമിയുടെ ഒരു ഭാഗത്തുവെച്ചു ചില കൊള്ളക്കാർ വെടിവയ്ക്കപ്പെടുമ്പോൾ, മറ്റു ചിലർ അങ്ങേ ഭാഗത്തുനിന്നു കിട്ടുന്നതു കൈയിലാക്കിയിരുന്നു.

ചന്ദ്രൻ ഈ മൈതാനത്തിൽ അമംഗളക്കാരനായി.

അർദ്ധരാത്രിയോടുകൂടി ഒരു മനുഷ്യൻ പതുങ്ങി നടക്കുന്നുണ്ടു്; അല്ലെങ്കിൽ, ഒഹാങ്ങിലെ കുണ്ടുവഴിക്കു നേരെ കയറിപ്പോകുന്നുണ്ടു്. ആകപ്പാടെ കണ്ടാൽ ആ മനുഷ്യൻ ഞങ്ങൾ ഇപ്പോൾത്തന്നെ വിവരിച്ച തരത്തിൽ പെട്ടവനാണ്- ഇംഗ്ലണ്ടുകാരനോ ഫ്രാൻസുകാരനോ അല്ല; കൃഷീവലനോ യുദ്ധഭടനോ അല്ല; ഒരു മനുഷ്യനേക്കാളധികം ശവങ്ങളുടെ നാറ്റം കേട്ടടുത്തെത്തിയ ഒരു പിശാചാണെന്നു പറയണം; സ്വന്തം ജയമായിക്കിട്ടിയ മോഷണപ്പണിയുംകൊണ്ടു് അവർ വാട്ടർലൂ കൊള്ളയിടുവാൻ ഇറങ്ങിയിരിക്കയാണു്. ഒരു വലിയ പുറംകുപ്പായത്തിന്റെ രീതിയിലുള്ള ഒന്നാണു് അവൻ മേലിട്ടിട്ടുള്ളതു്; അവൻ അസ്വസ്ഥനും അധികപ്രസംഗിയുമായിരുന്നു; അവൻ മുൻപോട്ടു നടക്കും, പിന്നോക്കം സൂക്ഷിച്ചു നോക്കും, ഈ മനുഷ്യൻ ആരായിരുന്നു? ഒരു സമയം പകലിനെക്കാളധികം രാത്രിക്കായിരിക്കും അവനെപ്പറ്റി അറിവു്? അവന്റെ കൈയിൽ ചാക്കില്ല; പക്ഷേ, പുറംകുപ്പായത്തിനുള്ളിൽ വ്യക്തമായിത്തന്നെ നല്ല ഉള്ളുള്ള കീശകളുണ്ടു്. ഇടയ്ക്കിടയ്ക്ക് അവൻ നില്ക്കും; തന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്നു നോക്കുന്നതുപോലെ, അവൻ ചുറ്റുമുള്ള മൈതാനത്തെ നോക്കിപ്പഠിക്കും; പെട്ടെന്നു കുനിഞ്ഞുനിന്നു ശബ്ദമില്ലാതെയും അനക്കം കൂടാതെയും നിലത്തുകിടക്കുന്ന എന്തോ ഒന്നിനെ ഇട്ടുരുട്ടും; എഴുന്നേറ്റു പിന്നേയും പായും. അവന്റെ നിരങ്ങിക്കൊണ്ടുള്ള പോക്കും, അവന്റെ നിലകളും, അസാധാരണങ്ങളും അതിവേഗത്തിലുള്ളവയുമായ അവന്റെ ആംഗ്യവിശേഷങ്ങളുംകൂടി കണ്ടാൽ, ഇടിഞ്ഞുപൊളിഞ്ഞു പോയ കെട്ടിടങ്ങൾക്കുള്ളിൽ ഇരുട്ടത്തു സഞ്ചരിക്കാറുള്ള പുഴുക്കളുടെ ഛായ തോന്നും.

രാത്രിസഞ്ചാരമുള്ള ചില ഇഴവുപക്ഷികൾ ചതുപ്പുനിലങ്ങളിലൂടെ ചിലപ്പോൾ ഇങ്ങനെയുള്ള നിഴൽമാറ്റങ്ങൾ ഉണ്ടാക്കാറുണ്ടു്.

ആ മങ്ങിച്ച മുഴുവനും തുളച്ചുകടക്കാൻ കഴിയുന്ന ഒരു നോട്ടം നോക്കിയാൽ, കുറച്ചകലെയായി നേരിയ ഒരു വള്ളിക്കൊട്ടയോടുകൂടിയ ഒരുതരം ചെറിയ പട്ടാളക്കച്ചവടക്കാരന്റെ കട്ടവണ്ടി നിന്നേടത്തുനിന്നു കടിവാളത്തിനിടയിലൂടെ പുല്ലു നുറുക്കുന്ന ഒരു ചാവാളിക്കുതിരയെ പൂട്ടിക്കെട്ടി, മോൺസാങ്ഴാങിൽനിന്നു് ബ്രെയിൻലാല്യൂദിലേക്കുള്ള വഴിത്തിരിവിൽ നീവെല്ലിലേക്കുള്ള പ്രധാന നിരത്തിനു തൊട്ടുനിൽക്കുന്ന ചെറ്റക്കുടിലിനു പിന്നിൽ ഒളിച്ചു നില്ക്കുന്നതു കാണാം; എന്നല്ല, ആ വണ്ടിയിൽ പെട്ടികളുടേയും ഭാണ്ഡങ്ങളുടേയും മുകളിലായി എന്തോ ഒരുതരം സ്ത്രീയും ഇരിക്കുന്നുണ്ടു്. ഒരു സമയം ആ വണ്ടിയും ഈ പതുങ്ങി നടക്കുന്നവനും തമ്മിൽ ഒരു സംബന്ധമുണ്ടെന്നു വരാം.

ആ രാത്രി വിശിഷ്ടമായിരുന്നു. ഒരൊറ്റ മേഘമെങ്കിലും തലയ്ക്കു മുകളിലില്ല. ഭൂമി ചുകന്നുപോയാൽ എന്താണ്! ചന്ദ്രൻ വെളുത്തുതന്നെയിരിക്കുന്നു. ഇതൊക്കെയാനു് ആകാശത്തിന്റെ ഉദാസീനതകൾ. പറമ്പുകളിൽ, വെടിയുണ്ടകൊണ്ടു പൊട്ടിയാലും, വീഴാതെ തോലുകൊണ്ടു പിടിച്ചുനില്ക്കുന്ന മരക്കൊമ്പുകൾ രാത്രിയിലെ മന്ദമാരുതനിൽ പതുക്കെ ചാഞ്ചാടി. ഒരു ശ്വാസം, ഏതാണ്ടൊരൂത്തു്, ചുള്ളിക്കാടിനെ ഒന്നനക്കി. ജീവാത്മാക്കളുടെ യാത്രപോലെയുള്ള ഇളക്കങ്ങൾ പുല്ലുകളിലൂടെ വ്യാപിച്ചു.

അകലത്തായി പാറാവുകാരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കാൽവെപ്പുകളും പാളയത്തിൽനിന്നു് ഇംഗ്ലീഷ് ഭടന്മാരുടെ കാവൽനടത്തങ്ങളും കേൾക്കാമായിരുന്നു.

ഒന്നു പടിഞ്ഞാറും ഒന്നു കിഴക്കും രണ്ടു വലിയ തീജ്വാലകളായി, ചക്രവാളത്തിൽ കുന്നുകൾക്കു ചുറ്റും ഇംഗ്ലീഷു വെളിമ്പാളയത്തിൽ വരിവരിയായി വലിയ അർദ്ധചന്ദ്രാകൃതിയിലുള്ള അടുപ്പുതിയ്യുകളോടു കൂടിച്ചേർന്നു, പുഷ്യരാഗക്കണ്ഠശ്ശരത്തിന്റെ അറ്റത്തു രണ്ടു മാണിക്യക്കല്ലുകൾപോലെ, ഹൂഗോമോങ്ങും ലായിസാന്തും അപ്പോഴും നിന്നു കത്തുകയാണു്.

ഒഹാങ്ങിലേക്കുള്ള വഴിയിൽവെച്ചുണ്ടായ അത്യാപത്തു ഞങ്ങൾ വിവരിച്ചിട്ടുണ്ടു്. ധീരോദാത്തന്മാരായ അത്രയധികം യുദ്ധഭടന്മാർക്ക് ആ മരണം എന്തായിരുന്നു എന്നാലോചിക്കുമ്പോൾ ഹൃദയം തകരുന്നു.

ഭയങ്കരമായി എന്തെങ്കിലുമൊന്നുണ്ടെങ്കിൽ, സ്വപ്നങ്ങളെ കവച്ചുവെക്കുന്ന ഒരു വാസ്തവമുണ്ടെങ്കിൽ, അതിതാണു്; ജീവനോടുകൂടിയിരിക്കുക; ആദിത്യനെ കാണുക; യൗവനത്തിന്റെ തികഞ്ഞ ചോരത്തിളപ്പുണ്ടായിരിക്കുക; ആരോഗ്യവും ആഹ്ലാദവും ഉണ്ടായിരിക്കുക; ശൗര്യത്തോടുകൂടി പൊട്ടിച്ചിരിക്കുക; മുൻഭാഗത്തു കണ്ണഞ്ചിച്ചുകൊണ്ടുള്ള ഒരു ബഹുമതിയിലേക്കു പാഞ്ഞുചെല്ലുക; ശ്വാസോച്ഛ ്വാസം ചെയ്യുന്ന ശ്വാസകോശങ്ങളും, മിടിക്കുന്ന ഹൃദയവും, ഗുണദോഷവിവേചനം ചെയ്യുന്ന അന്ത:കരണവും നെഞ്ചിലുണ്ടെന്ന ബോധമിരിക്കുക; സംസാരിക്കുക, ആലോചിക്കുക, സ്നേഹിക്കുക, അമ്മയുണ്ടായിരിക്കുക, ഭാര്യയുണ്ടായിരിക്കുക, മക്കളുണ്ടായിരിക്കുക, അറിവുണ്ടായിരിക്കുക- പെട്ടെന്നു്, ഒരു നിലവിളിക്കുള്ള ഇടയ്ക്ക് ഒരർദ്ധനിമിഷത്തിനകം ഒരന്ധകാരകുണ്ഡത്തിൽ തലകുത്തിപ്പോവുക, ഹാ, വീഴുക, ഉരുളുക, ചതയുക, ചതയ്ക്കപ്പെടുക; കോതമ്പക്കതിരുകൾ, പുഷ്പങ്ങൾ, ഇലകൾ, ചില്ലകൾ, ഓരോന്നും മുൻപിൽ കാണുക; യാതൊന്നും പിടിക്കുവാൻ കഴിവില്ലാതിരിക്കുക; ചുവട്ടിൽ മനുഷ്യരും മുകളിൽ കുതിരകളുമായി വാളൊന്നനക്കാൻ നിവൃത്തിയില്ലാതിരിക്കുക; ഇരുട്ടത്തുള്ള ചവിട്ടു പറ്റി എല്ലു മുഴുവനും നുറുങ്ങിയതുകൊണ്ടു കിടന്നുപിടഞ്ഞിട്ടു യാതൊരു ഫലവുമില്ലാതിരിക്കുക. കണ്ണു രണ്ടും കൺകുഴികളിൽനിന്നു തെറിച്ചു ചാടുന്നവിധം ചവിട്ടു കൊള്ളുക; ദ്വേഷ്യം സഹിച്ചുകൂടാതെ കുതിരലാടൻ കടിക്കുക; ശ്വാസം മുട്ടുക, ചക്രശ്വാസം വലിക്കുക; താഴെ വീണുകിടക്കുക; കിടന്നേടത്തുനിന്നു തന്നെത്താൻ പറയുക, ‘ഒരു നിമിഷം മുമ്പു ഞാനും ജീവനുള്ളവയായിരുന്നു!’

അവിടെ ആ കണ്ണുനീർ വരുത്തുന്ന കഷ്ടസംഭവം അവസാന ഞെരക്കം ഞെരങ്ങിയേടത്തു്, ഇന്നെല്ലാം നിശ്ശബ്ദമായി. വേർപെടുത്താൻ വയ്യാത്തവിധം കൂടിപ്പിണഞ്ഞു കുന്നുകൂടിയ അശ്വങ്ങളെക്കൊണ്ടും അശ്വാരൂഢന്മാരെക്കൊണ്ടും ആ കുണ്ടുവഴിയുടെ വക്കുകൾ തകരാറായി. ഭയങ്കരമായ കുടുക്ക്! അവിടെ ഇടുക്കുകളൊന്നുമില്ല; വഴിയും മുകൾപ്പരപ്പും ശവക്കൂട്ടത്താൽ ഒരു നിരപ്പായി; കോതമ്പു നിറഞ്ഞ കൊട്ടപോലെയിരുന്നു ആ കുണ്ടുവഴി. മുകളിൽ ഒരു ശവക്കുന്നു്, അടിയിൽ ഒരു ചോരപ്പുഴ- 1815 ജൂൺ 19-ാം തിയ്യതി വൈകുന്നേരം ആ വഴിയുടെ നില ഇതായിരുന്നു. ചോര നീവെല്ലു് നിരത്തിലേക്കുകൂടി ഒലിച്ചു തള്ളി. ഇന്നും ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു സ്ഥലത്തു വഴി മുടക്കുന്ന മരക്കൂട്ടത്തിനു മുൻപിലെ കുളത്തിൽ ചെന്നു ചാടി.

അതിന്റെ അങ്ങേ വശത്തു്, ഗെനാപ്പിലേക്കുള്ള വഴി പോകുന്നേടത്തു വെച്ചാണു് കവചധാരിഭടന്മാർക്ക് ആപത്തു പിണഞ്ഞതെന്നു് ഓർമിക്കുമല്ലോ. കുണ്ടുവഴിയുടെ ആഴത്തിനൊത്തു ശവങ്ങളുടെ അടുക്കിനു് എണ്ണം കുറഞ്ഞിരുന്നു; നടുക്കു, ദിലോറിന്റെ സൈന്യം കടന്നുപോയേടത്തു്, വഴി അധികം കുണ്ടില്ലാത്തതുകൊണ്ടു്. അധികം അടുക്കു ശവങ്ങളില്ല.

ഞങ്ങൾ വായനക്കാർക്ക് ഇപ്പോൾത്തന്നെ കാട്ടിത്തന്ന ആ രാത്രിക്കൊള്ളക്കാരൻ അതിലെയാണു് പോയിരുന്നതു്. ആവമ്പിച്ച ശ്മശാനഭൂമി പരിശോധിക്കുകയാണു് അയാൾ. അയാൾ ചുറ്റും സൂക്ഷിച്ചു നോക്കി. ആ മരിച്ചു കിടക്കുന്നവരിലെല്ലാം ഒരു പൈശാചികമായ പരിശോധന നടത്തിക്കൊണ്ടു പോയി. കാൽ ചോരയിൽ മുങ്ങിക്കൊണ്ടാണു് ആ മനുഷ്യന്റെ നടത്തം.

പെട്ടെന്നു് അയാൾ നിന്നു.

അയാളുടെ മുൻപിൽ കുറച്ചടി അകലെ, ആ കുണ്ടുവഴിയിൽ, ശവപുഞ്ജത്തിന്റെ അവസാനത്തിൽ ചന്ദ്രികയാൽ പ്രകാശമാനമായ ഒരു തുറന്ന കൈ ആ മനുഷ്യക്കുന്നിന്റെ ഉള്ളിൽനിന്നു പുറത്തേക്കു പൊന്തിവന്നു. ആ കൈയിൽ മിന്നുന്ന എന്തോ ഒന്നുണ്ടായിരുന്നു; അതൊരു പൊന്മോതിരമാണു്.

ആ മനുഷ്യൻ അവിടെ കുനിഞ്ഞു: ഒരു നിമിഷം ആ നിലയിൽ താണു കിടന്നു; അയാൾ എണീറ്റപ്പോൾ ആ കൈയിൽനിന്നു മോതിരം കാണാതായിരിക്കുന്നു.

അയാൾ തികച്ചും എണീറ്റില്ല; ശവക്കുന്നിലേക്കു പുറം ചാരി, മുട്ടുകുത്തി ചക്രവാളത്തെ സൂക്ഷിച്ചുനോക്കിക്കൊണ്ടു്, നിലത്തൂന്നിയ രണ്ടു കൈപ്പെരുവിരലിന്റേയും സഹായ്യ്യത്താൽ ഉടൽ മുഴുവനും പൊക്കിപ്പിടിച്ച്, കുണ്ടുവഴിയുടെ വക്കിനു മുകളിലൂടെ തലയുയർത്തി, പതുങ്ങിയും ഭയം കാണിക്കുന്നതുമായ നിലയിൽ ഇരുന്നതേ ഉള്ളൂ. കുറുക്കന്റെ നാലു കാലടികളെക്കൊണ്ടു ചില പറ്റിയ പണിയുണ്ടു്.

ഉടനെ എന്തോ ഒന്നുറച്ച് അയാൾ എഴുന്നേറ്റുനിന്നു.

ആ സമയത്തു് അയാൾ ഒരു വല്ലാത്ത ഞെട്ടൽ ഞെട്ടി. ആരോ പിന്നിൽനിന്നു പിടികൂടിയതുപോലെ അയാൾക്കു തോന്നി.

അയാൾ ഒരു തിരികുറ്റിയിന്മേലെന്നവിധം തിരിഞ്ഞു; ആ തുറന്ന നിലയിൽ കണ്ട കൈയാണു്, കൂടിച്ചേർന്ന വിരലുകൾകൊണ്ടു് ആ മനുഷ്യന്റെ പുറംകുപ്പായമടക്കിൽ പിടിച്ചതു്.

ഒരു മര്യാദക്കാരൻ ഭയപ്പെട്ടുപോവും, ഈ മനുഷ്യൻ പൊട്ടിച്ചിരിച്ചു.

‘ആട്ടെ,’ അയാൾ പറഞ്ഞു, ‘അതൊരു ശവം മാത്രമാണു്. എനിക്കു പ്രേതത്തെയാണു് പട്ടാളക്കാരനെക്കാൾ ഇഷ്ടം.’

പക്ഷേ, ആ കൈ തളർന്നു. അയാളെ പിടിവിട്ടു. ശ്മശാനഭൂമിയിലെ ശ്രമം ക്ഷണത്തിൽ ക്ഷീണിച്ചുപോവുന്നു.

‘എന്നാൽ ആവട്ടെ,’ ആ പതുങ്ങിക്കള്ളൻ പറഞ്ഞു: ‘ആ ചത്തവന്നു ജീവനുണ്ടോ? നോക്കട്ടെ.’

അയാൾ വീണ്ടും കുനിഞ്ഞിരുന്നു; ശവക്കുന്നിനിടയിൽ തപ്പിനോക്കി. തടഞ്ഞതൊക്കെ തട്ടിനീക്കി; ആ കൈ കവർന്നെടുത്തു, തന്റേതിനോടു കോർത്തു പിടിച്ചു; തല കൂട്ടത്തിൽനിന്നു വിടുവിച്ചു. ദേഹം പുറത്തേക്കു വലിച്ചു; കുറച്ചു നേരംകൊണ്ടു് കുണ്ടുവഴിയിലെ നിഴലുകൾക്കുള്ളിലൂടെ ആ ജീവനറ്റ, അല്ലെങ്കിൽ മോഹാലസ്യത്തിൽ കിടക്കുന്ന, മനുഷ്യനെ വലിച്ചുകേറ്റി. അതു് ഒരു കവചധാരിഭടനായിരുന്നു, ഒരുദ്യോഗസ്ഥൻ. വളരെ ഉയർന്ന നിലയിലുള്ള ഒരു ഉദ്യോഗസ്ഥൻ; കവചത്തിനുള്ളിൽനിന്നു കനകമയമായ ഒരു വലിയ സ്ഥാനമുദ്ര പതുങ്ങി നോക്കുന്നു. ആ ഭയങ്കരമായ വാൾവെട്ടു് അയാളുടെ മുഖം തകരാറിലാക്കിയിരിക്കുന്നു: ചോരയല്ലാതെ മറ്റൊന്നും അവിടെ കാണാനില്ല.

ഏതായാലും ആ മനുഷ്യന്റെ കൈയും കാലും മുറിഞ്ഞിട്ടില്ല, എന്തോ ഭാഗ്യം കൊണ്ട്- ആ വാക്കിവിടെ ഉപയോഗിക്കുന്നതിനു വിരോധമില്ലെങ്കിൽ-അയാളെ ചതഞ്ഞുപോകാതെ സൂക്ഷിച്ചുകൊണ്ടാണു് ശവങ്ങൾ മീതെ വന്നു മറിഞ്ഞതു്. അയാളുടെ കണ്ണു് അപ്പോഴും അടഞ്ഞിരുന്നു.

ബഹുമതിമുദ്രയായ വെള്ളക്കുരിശ് അയാളുടെ കവചത്തിനു മുകളിൽ കാണപ്പെട്ടു.

കൊള്ളക്കാരൻ ഈ കുരിശുമുദ്ര പറിച്ചെടുത്തു; അതവന്റെ വലിയ പുറം കുപ്പായത്തിലെ അഗാധങ്ങളായ ഉൾപ്പൊത്തുകളിളൊന്നിൽ മറഞ്ഞു.

ഉടനെ അയാൾ ഉദ്യോഗസ്ഥന്റെ ഗഡിയാൾക്കീശ തൊട്ടുനോക്കി; അതിൽ ഘടികാരമുണ്ടെന്നു കണ്ടു; അതു കൈയിലാക്കി. പിന്നീടു് ഉൾക്കുപ്പായത്തെ പരീക്ഷണം ചെയ്തു; ഒരു പണസ്സഞ്ചിയിൽ കണ്ണെത്തി, അതും തന്റെ കീശയിലാക്കി.

മരിക്കുവാൻ പോകുന്ന മനുഷ്യന്നു ചെയ്തുപോവുന്ന ശുശ്രൂഷകൾ ഇത്രത്തോളമായപ്പോൾ ആ സേനാധ്യക്ഷൻ കണ്ണുമിഴിച്ചു.

‘നന്ദി,’ അയാൾ ക്ഷീണിച്ചു പറഞ്ഞു.

അയാളുടെ മേൽ കള്ളപ്പണി ചെയ്യുന്ന മനുഷ്യന്റെ പ്രവൃത്തിവേഗവും, രാത്രിയുടെ കുളിർമയും, ധാരാളമായി ശ്വസിക്കാൻ കിട്ടിയ ശുദ്ധവായുവുംകൂടി ആ മനുഷ്യനെ മോഹാലസ്യത്തിൽനിന്നുണർത്തി.

കൊള്ളക്കാരൻ മറുപടിയൊന്നും പറഞ്ഞില്ല. അവൻ തലയൊന്നുയർത്തി, മൈതാനത്തിൽനിന്നു കാല്പെരുമാറ്റത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു; പാറാവുകാരൻ ആരോ അടുത്തുവരുന്നുണ്ടാവാം.

ഉദ്യോഗസ്ഥൻ പതുക്കെ ചോദിച്ചു- മരണവേദന അപ്പോഴും ആ ഒച്ചയിലുണ്ടായിരുന്നു:

‘യുദ്ധത്തിൽ ആർ ജയിച്ചു?’ ‘ഇംഗ്ലണ്ടു്.’ ‘എന്റെ കീശയിൽ നോക്കൂ; ഒരു ഘടികാരവും ഒരു പണസ്സഞ്ചിയും കാണും. അവ നിങ്ങൾക്കെടുക്കാം.’

അതു കഴിഞ്ഞിരിക്കുന്നു.

കൊള്ളക്കാരൻ ആവശ്യമുള്ള നാട്യം നടിച്ചു; എന്നിട്ടു പറഞ്ഞു: ‘അതിൽ യാതൊന്നുമില്ല.’

‘ആരോ കൊള്ളയിട്ടു,’ ഉദ്യോഗസ്ഥൻ പറഞ്ഞു: ‘കഷ്ടമായി, അതുകൾ നിങ്ങൾക്കു കിട്ടേണ്ടതായിരുന്നു.’

പാറാവുഭടന്റെ കാല്പെരുമാറ്റശ്ശബ്ദം അധികമധികം വ്യക്തമായിത്തുടങ്ങി.

‘ആരോ വരുന്നു,’ പോവാൻ തുടങ്ങുന്ന ഒരാളുടെ മട്ടോടുകൂടി ആ കൊള്ളക്കാരൻ പറഞ്ഞു.

ഉദ്യോഗസ്ഥൻ കൈയുയർത്തി, ആ മനുഷ്യനെതടഞ്ഞു.

‘നിങ്ങൾ എന്റെ ജീവനെ രക്ഷിച്ചു, നിങ്ങൾ ആരാണു്?’

കൊള്ളക്കാരൻ വേഗത്തിലും താഴ്‌ന്ന സ്വരത്തിലും മറുപടി പറഞ്ഞു: ‘നിങ്ങളെപ്പോലെത്തന്നെ, ഞാനും ഫ്രഞ്ചുസൈന്യത്തിൽപ്പെട്ടവനാണു്. എനിക്കു പോകേണ്ടിയിരിക്കുന്നു. അവർ എന്നെ പിടികിട്ടിയാൽ വെടിവെച്ചുകളയും. ഞാൻ നിങ്ങളുടെ ജീവനെ രക്ഷിച്ചു. ഇനി നിങ്ങൾ തന്നെ നിങ്ങളുടെ പാടു നോക്കുക.’

‘നിങ്ങളുടെ സ്ഥാനമെന്താണു്? ‘സർജന്റു്’. ‘നിങ്ങളുടെ പേരു്?’ ‘തെനാർദിയെൻ.’ ‘ആ പേർ ഞാൻ മറക്കില്ല.’ ആ ഉദ്യോഗസ്ഥൻ പറഞ്ഞു; ‘നിങ്ങൾക്ക് എന്റെ പേർ ഓർമയുണ്ടോ? എന്റെ പേർ പോങ്ങ്മേർസി എന്നാണു്.’

കുറിപ്പുകൾ

[59] യൂറോപ്പു രാജ്യചരിത്രത്തിൽ സുപ്രസിദ്ധമായ ‘മുപ്പതു കൊല്ലത്തെ യുദ്ധ’ത്തിലെ പ്രധാന സേനാപതി.

[60] ലസാർഹോഷ്; ഭരണപരിവർത്തനകാലത്തുണ്ടായിരുന്ന ഒരു ഫ്രഞ്ചു സേനാപതി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.