ഈ പുസ്തകം ഒരു നാടകമാണു്; ഇതിലെ പ്രധാനവേഷം ബ്രഹ്മവും.
മനുഷ്യനാണു് പിന്നത്തേതു്.
അങ്ങനെയിരിക്കെ, എന്നല്ല ഞങ്ങളുടെ വഴിക്കുമുൻപിൽ ഒരു കന്യാമഠം വന്നുപെടുകയും ചെയ്ത സ്ഥിതിക്ക്, അതിൽ കടന്നുനോക്കുന്നതു് ഞങ്ങളുടെ ചുമതലയായി. എന്തുകൊണ്ടു്? പാശ്ചാത്യരാജ്യത്തേക്കെന്നപോലെ പൌരസ്ത്യ രാജ്യത്തേക്കും, ആധുനികകാലത്തേക്കെന്നപോലെ പുരാതനകാലത്തേക്കും, വിഗ്രഹാരാധനത്തിനും, ബുദ്ധമതത്തിനും മുഹമ്മദുമതത്തിനും, അതേവിധം ക്രസ്തുമതത്തിനും, സാമാന്യമായുളള കന്യകാമഠം, ബ്രഹ്മത്തിനു നേരെ മനുഷ്യൻ വെച്ചുനോക്കുന്ന ദൂരദർശിനിയന്ത്രങ്ങളിൽ ഒന്നാണു്.
ചില സങ്കല്പവിശേഷങ്ങളെപ്പററി എന്തെന്നില്ലാതെ വിസ്തരിക്കുവാനുളള സന്ദർഭം ഇതല്ല; എങ്കിലും ഞങ്ങളുടെ അടക്കങ്ങളും ഞങ്ങളുടെ നിബന്ധനകളും എന്നല്ല ഞങ്ങളുടെ വെറുപ്പുകൾകൂടിയും ശരിക്കു നിലനിർത്തിക്കൊണ്ടു്, ഓരോ സമയത്തും മനുഷ്യനെ ബ്രഹ്മത്തിൽ കണ്ടുമുട്ടുമ്പോഴെല്ലാം കാഴ്ചയിൽ നല്ലവണ്ണം മനസ്സിലാകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, ഞങ്ങൾ ബഹുമാനംകൊണ്ടു മതിമറന്നുപോകാറുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. യഹൂദപളളിയിലും മുഹമ്മദീയപ്പളളിയിലും അമ്പലത്തിലും അമേരിക്കൻ കാപ്പിരിക്കുടിലിലും എല്ലാം, ഒരു ബീഭത്സഭാഗമുണ്ടു്— അതിനെ ഞങ്ങൾ വെറുക്കുന്നു; ഒരു വിശിഷ്ടഭാഗമുണ്ടു്—അതിനെ ഞങ്ങൾ പൂജിക്കുന്നു. മനുഷ്യഭിത്തിമേൽ ചെന്നലച്ചുണ്ടാക്കുന്ന ഈശ്വര പ്രതിധ്വനി, ഹാ മനസ്സിനു് എന്തൊരാലോചനാവിഷയവും, ആലോചനകൾക്ക് എന്തവസാനമില്ലാത്ത ഭക്ഷണവും!
ചരിത്രത്തിന്റേയും ന്യായത്തിന്റേയും സത്യത്തിന്റേയും നിലയിൽ, സന്ന്യാസിമഠധർമം സർവത്ഥാ അധിക്ഷേപിക്കപ്പെട്ട ഒന്നാണു്. സന്ന്യാസമഠങ്ങൾ ഒരു ജനസമുദായത്തിനിടയിൽ വർദ്ധിച്ചുപോയാൽ, അതുകൾ ആ സമുദായത്തിന്റെ ചോരയോട്ടത്തിനു തടസ്സങ്ങളായിത്തീരുന്നു; വലിച്ചുകൊണ്ടു പോവാൻ വയ്യാത്ത സ്ത്ഥാപനങ്ങൾ, വ്യവസായകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കേണ്ടിടത്തു വന്നുനില്‍ക്കുന്ന അലസതാകേന്ദ്രങ്ങൾ ‘ഓക്കു’മരത്തിനു ഇത്തക്കണ്ണികൾപോലെയും, മനുഷ്യദേഹത്തിനു പാലുണ്ണികൾ പോലെയുമാണു് ഒരു മഹത്തായ ജനസമുദദായത്തിനു സന്ന്യാസി സംഘങ്ങൾ, അവയ്ക്കുളള അഭിവൃദ്ധിയുടേയും തടിക്കൂടുതലിന്റേയും അർത്ത്ഥം രാജ്യത്തിന്റെ ദാരിദ്ര്യവർദ്ധനയാണു്. പരിഷ്കാരത്തിന്റെ പ്രാരംഭ ദശയിൽ നല്ലതും, തിര്യക്ക്‍സാധാരണമായ മനോവൃത്തിയെ ധാർമികബുദ്ധിക്കു കീഴ്പെടുത്തുന്നതുകൊണ്ടു് ഉപകാരപ്രദമായ സന്ന്യാസിഭരണരീതി, ജനങ്ങൾക്കു പ്രായം തികഞ്ഞാൽപ്പിന്നെ ഉപദ്രവകരമാണു്. അതുമാത്രമല്ല, അതിന്റെ മുറുക്കത്തിനു് അയവുതട്ടി അവ്യവസ്ത്ഥിതമായിത്തീരാൻ തുടങ്ങിയാൽ, നല്ല കാലത്തു് തന്നെ അതു പിന്നെ കൊളളരുതാത്തതായിപ്പോകുന്നു; എന്തുകൊണ്ടെന്നാൽ, പിന്നെയും അതു ജനസമുദായത്തിന്റെ മാർഗദർശിത്വം വെച്ചുകൊണ്ടിരിക്കുന്നു.
സന്ന്യാസിമഠസ്ത്ഥാപനത്തിനു് ഒരു കാലമുണ്ടായിരുന്നു. ആധുനികപരിഷ്കാരത്തിന്റെ പ്രാത്ഥമികവിദ്യാഭ്യാസകാലത്തു് ആവശ്യകങ്ങളായിരുന്ന സന്ന്യാസിമഠങ്ങൾ, ആ പരിഷ്കാരത്തിന്റെതന്നെ അഭിവൃദ്ധിയെ തടയുകയും അതിന്റെ ഊർദ്ധ്വഗതിക്ക് ഉപദ്രവകരങ്ങളായിത്തീരുകയും ചെയ്തു. മനുഷ്യനെസ്സംബന്ധിക്കുന്ന സ്ത്ഥാപനങ്ങൾ എന്ന നിലയിൽ നോക്കുമ്പോൾ, പത്താംനൂറ്റാണ്ടിൽ പ്രയോജനകരങ്ങളും പതിനഞ്ചാംനൂറ്റാണ്ടിൽ സംശയപ്രദങ്ങളുമായ സന്ന്യാസിമഠങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ അറയ്ക്കത്തക്കവയാണു്. സന്ന്യാസിമഠധർമ്മാകുന്ന കുഷ്ഠരോഗം അത്ഭുതകരങ്ങളായ രണ്ടു രാജ്യങ്ങളെ —ഇറ്റലിയേയും സ്പെയിനേയും—കടിച്ചുകാർന്നു് ഏതാണ്ടു് അസ്ത്ഥികൂടപ്രായമാക്കി. അനവധി നൂറ്റാണ്ടുകളായി യൂറോപ്പുരാജ്യത്തേക്ക് ഒന്നു വിളക്കും മറ്റതു വെളിച്ചവുമായിരുന്നു; ഇപ്പോൾ ആ രണ്ടു മാന്യജനസമുദായങ്ങൾക്ക് അല്പം മാംസം വെച്ചുതരുവാൻ കഷ്ടിച്ചാരംഭിക്കുന്നുണ്ടു്—1789–ലെ [1] ആരോഗ്യപ്രദവും ശക്തിവർദ്ധകവുമായ ആ ഒരേ ഒരു ദേഹസുഖശാസ്ത്രത്തിനു നാം നന്ദി പറയുക.
സന്ന്യാസിമഠം—വിശേഷിച്ചു, ഈ നൂറ്റാണ്ടിന്റെ നടപ്പുരയിൽ, ഇപ്പോഴും ഇറ്റലിയിലും ആസ്ത്രിയയിലും സ്പെയിനിലും പ്രത്യക്ഷമായി കാണപ്പെടുന്ന സന്ന്യാസിനീമഠം—മധ്യകാലങ്ങളിലെ ചളിക്കട്ടകളിൽ ഏറ്റവും കറുപ്പുകൂടിയ ഒന്നാണു്. കന്യകാമഠം, ആ കന്യകാമഠം, ജുഗുപ്സാവഹങ്ങളുടെ ഒരു കൂട്ടിമുട്ടൽസ്ത്ഥലമാണു്. ശരിക്കു പറഞ്ഞാൽ കത്തോലിക്കരുടെ കന്യകാമഠം മരണത്തിന്റെ അന്ധകാരനിബിഡതയാൽ തികച്ചും നിറയപ്പെട്ടിരിക്കന്നു.
എല്ലാറിലും വെച്ച് എത്രയുമധികം ശ്മശാനതുല്യമായ ഒന്നാണു് സ്പെയിൽ രാജ്യത്തിലെ കന്യാകാമഠം. അവിടെ അന്ധകാരത്തിനുളളിൽ, ഇരുട്ടുകെട്ടിക്കിടക്കുന്ന നിലവറകൾക്കു ചുവട്ടിൽ, നിഴൽ തട്ടി അവ്യക്തങ്ങളായ കുംഭഗോപുരങ്ങൾക്കു താഴേ, വലിയ പളളികളുടെ ഉയരത്തിൽ ആത്മനാശത്തെ പ്രതിഷ്ഠിച്ചിട്ടുളള കൂറ്റൻ തിരുവത്താഴമേശകൾ പൊന്തിനില്‍ക്കുന്നു; അവിടെ ഇരുട്ടത്തു പെരും വെളളക്കുരിശുകൾ ചങ്ങലയിൽ ഞാന്നുകിടക്കുന്നു; അവിടെ കരിമരപ്പണിക്കു മുകളിൽ ആനക്കൊമ്പുകൊണ്ടുളള വലിയ ക്രിസ്തുരൂപങ്ങൾ തികച്ചും നഗ്നങ്ങളായി ഉയരത്തിൽ കാണപ്പെടുന്നു—അവ ചോരയെലിച്ചുകൊണ്ടാണെന്നു പറഞ്ഞാൽ പോരാ, ചോരയിൽ മുക്കിക്കൊണ്ടാണു്; എല്ലുകളെ കാണിക്കുന്ന കൈമുട്ടുകളോടും, അകംതൊലികളെ കാണിക്കുന്ന കാൽമുട്ടിൻചിരട്ടകളോടും, മാംസത്തെ കാണിക്കുന്ന മുറിവുകളോടുംകൂടി, വെളളമുളളുകളെക്കൊണ്ടുളള കീരീടം ചൂടി,പൊന്നാണികളെക്കൊണ്ടു് ആണി മേടപ്പെട്ടു, നെറ്റിത്തടത്തിൽ ചോരത്തുളളികളാകുന്ന പുഷ്യരാഗങ്ങളോടും കണ്ണിൽ വൈരക്കല്ലുകളായ കണ്ണീർത്തുളളികളോടുംകൂടി നില്‍ക്കുന്ന ആ രൂപങ്ങൾ ഭയങ്കരങ്ങളും മഹത്തരങ്ങളുമാണു്. ആ പുഷ്യരാഗങ്ങളും വൈരക്കല്ലുകളും നനഞ്ഞിരിക്കുന്നതുപോലെ തോന്നും; അവയാകട്ടെ രോമംകൊണ്ടുളള ഉൾക്കുപ്പായങ്ങളാലും ഇരിമ്പുകൊണ്ടുളള കുരടാവുകളാലും മുറിവേല്‍ക്കപ്പെട്ട വാരിഭാഗങ്ങളോടും, മെടച്ചില്പണിയുളള ചീനവേലികളാൽ ചതയപ്പെട്ട മാറിടങ്ങളോടും, ഈശ്വരപ്രാർത്ഥനയ്ക്കുളള മുട്ടുകുത്തൽകൊണ്ടു തൊലിയുരിഞ്ഞ കാൽമുട്ടുകളോടുംകൂടി ഇരുട്ടത്തു ചുവട്ടിലുളള ചില മുഖം മറച്ച സത്ത്വങ്ങളെ— തങ്ങൾ ഭാര്യമാരാണെന്നു കരുതുന്ന സ്ത്രീകളെ, തങ്ങൾ ദേവകളാണെന്നു കരുതുന്ന പ്രേതങ്ങളെ—കരയിക്കുന്നു. ആ സ്ത്രീകൾ വിചാരിക്കാറുണ്ടോ? ഇല്ല, അവർക്കു വല്ല ഇച്ഛയുമുണ്ടോ? ഇല്ല. അവർക്കനുരാഗമുണ്ടോ? ഇല്ല. അവർ ജീവിക്കുന്നുണ്ടോ? ഇല്ല. അവരുടെ ഞരമ്പുകൾ എല്ലായിരിക്കുന്നു; അവരുടെ എല്ലുകൾ കല്ലായിരിക്കുന്നു. അവരുടെ മൂടുപടം മെടയപ്പെട്ട രാത്രിയെക്കൊണ്ടാണു്. ആ മൂടുപടത്തിന്റെ ഉളളിലുളള ശ്വാസം മരണത്തിന്റെ എന്തെന്നില്ലാതെ ദുഃഖവിവശമായ വീർപ്പിനു തുല്യമാണു്. ഒരു പ്രേതമായ മഠാധികാരിണി അവരെ പാപമുക്തകളാക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. പരിശുദ്ധസ്വരൂപൻ അവിടെയുണ്ടു്; വളരെ ഭയങ്കരനാണു്. സ്പെയിനിലെ പണ്ടത്തെ സന്ന്യാസി മഠങ്ങൾ ഇങ്ങനെയാണു്. ഭയങ്കരഭക്തിയുടെ മടകൾ, കന്യകമാരുടെ ഗുഹകൾ നിഷ്ഠൂരങ്ങളായ പ്രദേശങ്ങൾ.
‘റോമിനെക്കാളധികം റോമായതാ’ണു് കത്തോലിക് സ്പെയിൻ. സ്പെയിനിലെ കന്യകാമഠമാണു് മറ്റെല്ലാറ്റിലുമേറെ കത്തോലിക് കന്യകാമഠമായിട്ടുളളതു്. അതിങ്കൽ ഒരു പൌരസ്ത്യഗന്ധമുണ്ടു്. പ്രധാനമെത്രാൻ, സ്വർഗത്തിന്റെ താക്കോൾ സൂക്ഷിപ്പുകാരൻ, ഈശ്വരന്നായി ഉഴിഞ്ഞിടപ്പെട്ട ഈ ആത്മാക്കളുടെ അന്തഃപൂരം അടച്ചുപൂട്ടി കാവൽ നില്‍ക്കുന്നു. സന്ന്യാസിനി അതിലുളള വെപ്പാട്ടിയാണു്; മതാചാര്യൻ ഷണ്ഡനും. വികാരമേറിയവർ തിരഞ്ഞെടുക്കപ്പെടുന്നതു സ്വപ്നത്തിലാണു്; അവർ ക്രിസ്തുവിനെ പ്രാപിക്കുന്നു. രാത്രിസമയത്തു സുന്ദരനും നഗ്നനുമായ യുവാവു കുരിശിന്മേൽ നിന്നിറങ്ങിവന്നു സന്ന്യാസിനിയുമായി കൂത്തടിക്കുന്നു. കുരിശിന്മേൽ തറയ്ക്കപ്പെട്ട സത്ത്വം തന്റെ സുൽത്താനായിക്കിട്ടിയിട്ടുളള ആ അസാധാരണ സുൽത്താനയെ ഉയർന്ന മതിലുകൾ സജീവവ്യാപാരത്തിൽ നിന്നു കാത്തുരക്ഷിക്കുന്നു. ബഹിർലോകത്തേക്ക് ഒരു നോക്കു നോക്കുന്നതു ചാരിത്ര്യഭംഗമാണു്. തുർക്കിയിൽ പാത്രപ്രത്യഭംഗത്തിന്റെ ശിക്ഷയ്ക്കുളള തോൽച്ചാക്കിനു പകരം, ഇവിടെ അനങ്ങാൻ സ്ത്ഥലമില്ലാത്ത കല്ലുപെട്ടിയാണു്. അവിടെ കടലിലിടുന്നതിനെ ഇവിടെ നിലത്തിടുന്നു. രണ്ടിടത്തും സ്ത്രീകൾ തലതല്ലുന്നു; അങ്ങുളളവർക്കു കിട്ടുന്നതു കടൽത്തിരയാണു്; ഇങ്ങുളളവർക്കു ശവക്കുഴി. അവിടെ മുക്കിക്കൊല്ലുന്നു, ഇവിടെ കുഴിച്ചുമൂടുന്നു. പൈശാചികമായ സാദൃശ്യം.
പുരാതനനടപടികളെ പിന്താങ്ങുന്നവർ, ഈവക സംഗതികളെ വിസംവദിക്കുവാൻ നിവൃത്തിയില്ലാതെ, ഇന്നു് അവയെപ്പറ്റി പുഞ്ചിരിക്കൊളളുക എന്ന വിദ്യയെടുക്കുന്നു. ചരിത്രം വെളിപ്പെടുത്തുന്നവയെ അടുച്ചുകെട്ടിയിടാൻ, തത്ത്വശാസ്ത്രം വ്യാഖ്യാനിക്കുന്നവയെ നിസ്സാരമാക്കിത്തളളാൻ, അമ്പരിപ്പിക്കുന്ന വാസ്തവങ്ങളേയും സുഖമില്ലാതാക്കുന്ന വാദമുഖങ്ങളേയും വിട്ടുകളയാൻ, പറ്റിയതായി പണ്ടില്ലാത്തതും പ്രയാസം കുറഞ്ഞതുമായ ഒരു വിദ്യ ഇപ്പോൾ നടപ്പായിട്ടുണ്ടു്. ‘വ്യർത്ഥവാദങ്ങൾക്കുളള ഒരു വിഷയം,’ സമർത്ഥന്മാർ പറയുന്നു. ‘വ്യർത്ഥവാദങ്ങൾ,’ വിഡ്ഢികൾ ആവർത്തിക്കുന്നുൂ. റുസ്സോ ഒരു വ്യർത്ഥവാദി; ദിദറോ വ്യർത്ഥവാദി; വോൽത്തെയർ വ്യർത്ഥവാദി. താസിതുസു് [2] ഒരു വ്യർത്ഥവാദിയാണെന്നും, നീറോ [3] ഭോഷനാണെന്നും, ‘ആ സാധു ഹോലോഫെർണിസ്സിനെ [4] പ്പററി നിശ്ചയമായും ദയവേണ്ടതാണെന്നും ഇയ്യിടെ വെച്ചു കണ്ടുപിടിച്ചതാരാണെന്നു് എനിക്കു മനസ്സിലായിട്ടില്ല.
വാസ്തവസംഗതികൾ, ഏന്തായാലും, ഭ്രമിപ്പിക്കുവാൻ ത്രാണിയില്ലാത്ത സാധുക്കളാണു്; സിദ്ധാന്തികളുമാണു്. ബ്രൂസ്സിൽസിൽനിന്നു് എട്ടു കാതം വഴി അകലെ എല്ലാവർക്കും നോക്കിയറിയാവുന്നവിധം, മധ്യകാലത്തിന്റെ അവശേഷങ്ങൾ ഇപ്പോഴും അവിടെയുണ്ടു്—വിയേറിലെ സന്ന്യാസിമഠത്തിൽ, മുൻകാലത്തു മുറ്റമായിരുന്ന വയൽസ്ഥലത്തിന്റെ നടുക്ക്, തിൽ നദിയുടെ വക്കത്തു, പകുതി ഭൂമിക്കുളളിലും പകുതി വെളളത്തിനടിയിലുമായി നാലു കല്ലുകുണ്ടറകൾ ഈ ഗ്രന്ഥകാരൻതന്നെ സ്വന്തം കണ്ണുകൊണ്ടു് കണ്ടിട്ടുണ്ടു്. അവ ചാരിത്ര്യഭംഗം വന്ന സ്ത്രീകളെ ഇട്ടു കൊല്ലാനുണ്ടായിരുന്ന കല്ലുപെട്ടികളാണു്. ഈ കുണ്ടറകളിലോരോന്നിലും ഒരിരിമ്പുവാതിലിന്റേയും, ഒരു നിലവറയുടേയും പുറത്തു പുഴവെളളത്തിൽനിന്നു രണ്ടടി ഉയരത്തിലും അകത്തു നിലത്തുനിന്നു് ആറടി ഉയരത്തിലുമായുളള ഒരിരുമ്പഴിപ്പഴുതിന്റേയും അവശേഷങ്ങളുണ്ടു്. പുറംചുമരിന്മേലുളള നാലടി ഉയരത്തിൽ പുഴവെള്ളം പായുന്നു. നിലം എപ്പോഴും ഉറവു പൊന്തിക്കൊണ്ടാണു്. ഈ കുണ്ടറയിൽ കഴിച്ചുകൂട്ടുന്നാൾക്ക് ഈ നനഞ്ഞ നിലത്തു കിടക്കാം. അവയിലൊന്നിൽ ഇരുമ്പുകൊണ്ടുളള ഒരു കഴുത്തുപട്ടയുടെ കഷ്ണം ചുമരിന്മേൽ തറച്ചിരിക്കുന്നു; മറ്റൊന്നിൽ ഒരു മനുഷ്യന്നു നിവർന്നുകിടപ്പാൻ വയ്യാത്തവിധം ചെറുതും നിവർന്നു നില്പാൻ വയ്യാത്തവിധം കുറുതുമായി നാലു കരിങ്കൽപ്പലകകൊണ്ടു് കൂട്ടിയുണ്ടാക്കിയ ഒരു ചതുരപ്പെട്ടിയുണ്ടു്. ഒരു മനുഷ്യനെ അതിനുളളിൽവെച്ചു കല്ലുകൊണ്ടുളള ഒരു മുകൾമൂടി ഇട്ടിരിക്കുന്നു. അതിപ്പോഴുമുണ്ടു്. കാണാം. തൊട്ടുനോക്കാം. ഈ കാരാഗൃഹങ്ങൾ, ഈ കുണ്ടറകൾ, ഈ ഇരിമ്പുതിരിക്കുറ്റികൾ, ഈ കഴുത്തുപട്ടകൾ, പുഴവെളളക്കൂത്തിന്റെ നിരപ്പിലുളള ആ ഉയർന്ന നോട്ടപ്പഴുതു്, ഒരു ശവക്കല്ലറപോലെ—പക്ഷേ, ഒരു വ്യത്യാസമുണ്ടു്, ഇവിടെയുളള ശവം ജീവനുളളതാണു്—കരിങ്കല്ലുകൊണ്ടുളള മുകൾമൂടിയാൽ അടയ്ക്കപ്പെട്ട ആ കല്ലുപെട്ടി, ചളിമാത്രമായ ആ നിലം, ആ നിലവറപ്പഴുതു്, ആ വെളളം ചോരുന്ന ചുമരുകൾ—ഹാ, എന്തു വ്യർത്ഥവാദികൾ!
സ്പെയിനിൽ ഉണ്ടായിരുന്നതും തിബത്തിൽ ഇപ്പോഴുളളതുമായ സന്ന്യാസിമഠം പരിഷ്കാരത്തിനു് ഒരു തരം ക്ഷയരോഗമാണു്. അതായുസ്സിനെ പിടിച്ചുനിൽത്തുന്നു. അതു നശിപ്പിക്കുന്നു. വന്ധ്യയാക്കുക, ഉടയെടുക്കുക, യൂറോപ്പിന്റെ ആപത്താണു്. ഇതോടുകൂടി, അന്തഃകരണത്തോടു പലപ്പോഴും ചെയ്യുന്ന ബലാൽക്കാരവും നിർബന്ധിച്ചുളള പ്രാർത്ഥനകളും, സന്ന്യാസിമഠങ്ങളാൽ താങ്ങിനില്‍ക്കപ്പെടുന്ന അടിമസ്സമ്പ്രദായവും, കുടുംബത്തിലെ നാഥന്നു് അതിലെ അനാവശ്യാംഗങ്ങളെ സന്ന്യാസിമഠത്തിലേക്ക് ഉന്തിയയ്ക്കാനുളള അധികാരവും, ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞ ഭയങ്കരകൃത്യങ്ങളും, കാരാഗൃഹങ്ങളും, വായയടയ്ക്കലും, തലച്ചോറിനെ മതിൽ കെട്ടി മുട്ടിക്കലും, സാധുഹൃദയങ്ങളെ ശാശ്വതവ്രതങ്ങളാകുന്ന കുണ്ടറയിടലിലും, നോൽമ്പുകൊളളലും, ജീവനുളള സത്ത്വങ്ങളെ കുഴിച്ചു മൂടലും കൂട്ടിനോക്കുക. രാഷ്ട്രീയങ്ങളായ അധഃപതനങ്ങളോടു വ്യക്തിപരങ്ങളായി കഠിനദണ്ഡനങ്ങളേയും കൂട്ടിചേർക്കുക; നിങ്ങൾ ആർതന്നെയായാലും ശരി, സന്ന്യാസിനിമാരുടെ കുറുംകുപ്പായത്തിനും മുഖാച്ഛാദനപടത്തിനും—മനുഷ്യൻ ഉണ്ടാക്കിത്തീർത്ത ഈ രണ്ടു ശവാവരണങ്ങൾക്കും—മുൻപിൽ നിങ്ങൾ വിറച്ചുപോവും. എന്തായിട്ടും, ചില സ്ഥലങ്ങളിലും ചില ഘട്ടങ്ങളിലും, തത്ത്വജ്ഞാനത്തെ കൂട്ടാക്കാതെ, അഭിവൃദ്ധിയെ കൂട്ടാക്കാതെ, സന്ന്യാസിമഠത്തിന്റെ ജീവൻ ഈ പത്തൊമ്പതാംനൂറ്റാണ്ടിന്റെ നടക്കുകൂടി, ശാഠ്യംപിടിച്ചു നില്‍ക്കുന്നുണ്ടു്. ഇതേ സമയത്തു സന്ന്യാസത്തിന്റെ ഒരഭൂതപൂർവമായ പുനരാരംഭം പരിഷ്കൃതലോകത്തെ പരിഭ്രമിപ്പിക്കുന്നുണ്ടു്. പുരാതനസ്ഥാപനങ്ങൾ വിട്ടു പോവാൻ കൂട്ടാക്കാതെ കാലുറപ്പിച്ചുനില്‍ക്കുന്നതു്, കാറിയ വാസനദ്രവ്യം നമ്മുടെ തലമുടി കിട്ടണമെന്നാവശ്യപ്പെടുന്നതുപോലെയും, ചീഞ്ഞളിഞ്ഞ മത്സ്യം മനുഷ്യനോടു തിന്നേ കഴിയൂ എന്നു ശഠിക്കുന്നതുപോലെയും, കുട്ടിയുടെ ഉടുപ്പു് ഒരു പ്രായം ചെന്നാളോടു് എടുത്തു ധരിക്കുവാൻ ലഹളകൂട്ടുന്നതുപോലെയും, ശവങ്ങൾ വന്നു ജീവിച്ചിരിക്കുന്നവരോടു് ആലിംഗനം ചെയ്വാൻ പറ്റിക്കൂടുന്നതു പോലെയുമാണു്.
‘കൃതഘ്നരേ!’ ഉടുപ്പു പറയുന്നു: ‘നിങ്ങളെ ഞാൻ കൊടുംതണുപ്പിൽനിന്നു രക്ഷിച്ചു. നിങ്ങൾക്കിപ്പോൾ എന്നെ ആവശ്യമില്ലെന്നോ?’ ‘ആഴമേറിയ കടലിന്നിടയിൽനിന്നു ഞാനിപ്പോൾ എത്തിയതേ ഉളളൂ.’ മത്സ്യം പറയുന്നു. ‘ഞാനൊരു പനിനീർപ്പൂവായിരുന്നു.’ പരിമളം പറയുന്നു. ‘ഞാൻ നിങ്ങളെ സ്നേഹിച്ചു.’ ശവങ്ങൾ പറയുന്നു. ‘ഞാൻ നിങ്ങളെ പരിഷ്കരിച്ചു.’ കന്യകാമഠം പറയുന്നു.
ഇതിനു് ഒന്നുമാത്രമേ മറുപടിയുളളൂ: ‘പണ്ടു്.’
കഴിഞ്ഞുപോയവയെ അവസാനിക്കാത്തേടത്തോളം കാലം നീട്ടുകയും ശവങ്ങളെ മരുന്നിട്ടു സൂക്ഷിച്ചതുകൊണ്ടു രാജ്യഭാരം നടത്തുകയും ചെയ്യാമെന്നു മനോരാജ്യം വിചാരിക്കുക; തകരാറായിപ്പോയ സിദ്ധാന്തങ്ങളെ വീണ്ടും സ്ഥാപിക്കുക; ശ്രീകോവിലുകളെ പിന്നേയും ചായമിടുക; സന്ന്യാസിമഠങ്ങളെ വീണ്ടും കൂട്ടിക്കെട്ടി നിർത്തുക; നിർമാല്യങ്ങളെ വീണ്ടും ചാർത്തിനോക്കുക; അന്ധവിശ്വാസങ്ങളെ വീണ്ടും സംഭരിക്കുക; മതഭ്രാന്തുകളെ പിന്നെയും ശക്തിവെപ്പിക്കുക; പുണ്യാഹം തളിക്കുന്ന പാത്രങ്ങൾക്കും ആയുധവാഴിക്കും പുതുതായി പിടിയിടുക; സന്ന്യാസിമഠധർമത്തേയും ആയുധവാഴ്ചയേയും വീണ്ടും വ്യവസ്ഥപ്പെടുത്തുക; പരോപജീവികളെ വർദ്ധിപ്പിച്ചതുകൊണ്ടു് ജനസമുദായത്തിനു മുക്തി കിട്ടുമെന്നു വിശ്വസിക്കുക; വർത്തമാനകാലത്തിൽ ഭൂകകാലത്തെ കുത്തിച്ചെലുത്തുക—ഇതു് അത്ഭുതകരമായി തോന്നുന്നു.. എന്നാൽ ഇങ്ങനെയുളള യുക്തിവാദങ്ങളെ മുറുക്കിപ്പിടിക്കുന്ന ചില യുക്തിവാദികളുണ്ടു്. മറ്റു കാര്യങ്ങളിലൊക്കെ ബുദ്ധിമാന്മാരായ ഈ യുക്തിവാദികൾ ഒരെളുപ്പിമേറിയ സൂത്രം കണ്ടുപിടിച്ചിട്ടുണ്ടു്; സാമുദായികവ്യവസ്ഥ, വൈദികാധികാരം, സദാചാരം, കുടുംബം, മൂത്തവരോടുളള ഭക്തി, പഴമാധികാരം, പരമ്പരാഗതമെന്ന മാഹാത്മ്യം, അവകാശം, ധർമ്മശാസ്ത്രം എന്ന കവിടിക്കൂട്ടു് അവർ ഭൂതകാലത്തിന്റെമേൽ പെരുമാറുന്നു. എന്നല്ല, അവർ ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞുനടക്കുന്നു: ‘നോക്കൂ! സത്യവാന്മാരെ, ഇതാണു് ശരി. ഈ ന്യായശാസ്ത്രം പണ്ടുളളവർക്കും അറിവുളളതാണു്. ലക്ഷണം പറയുന്നവർ അതുപയോഗിക്കുന്നുണ്ടു്. അവർ ഒരു കറുത്ത’ പശുക്കുട്ടിയെ പിടിച്ചു മേലെല്ലാം ചോക്കയുരച്ചുതേച്ചു പറയുന്നു: ‘അതു വെളുത്തതാണു്.’
ഞങ്ങളെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, അവിടേയും ഇവിടേയും പഴമയെ ഞങ്ങള്‍ ബഹുമാനിക്കുന്നു; സർവ്വോപരി അതിനെ ഞങ്ങള്‍ ഉപദ്രവിക്കാതെ വിടുന്നു; ഒന്നുമാത്രം, അതു് ചത്തതായി കിടക്കണം. ജീവിച്ചിരിക്കണമെന്നു ശാഠ്യംപിടിക്കുന്ന പക്ഷം ഞങ്ങൾ അതിനോടെതിർക്കും; അതിനെ കൊല്ലാൻ നോക്കും.
അന്ധവിശ്വാസങ്ങൾ, മതഭ്രാന്തികൾ, കൃത്രിമഭക്തി, തെറ്റിദ്ധാരണ, എല്ലാ രൂപങ്ങളും–രൂപങ്ങൾ എന്ന നിലയ്ക്കു സർവവും–ജീവനെ മറുക്കിപ്പിടിക്കുന്നു; അവയുടെ മങ്ങിച്ചയ്ക്കുളളിൽ പല്ലുകളും നഖങ്ങളുമുണ്ടു്; അവയെ ദേഹത്തോടുദേഹം ചേർത്തു് അമർത്തു കെട്ടിപ്പിടിക്കണം; അവയുടെ മുകളിൽ അമർന്നു കിടന്നു യുദ്ധം ചെയ്യണം; നിർത്തരുതു്; എന്തുകൊണ്ടെന്നാൽ, പ്രേതങ്ങളോടു് എന്നെന്നും യുദ്ധം ചെയ്വാൻ കിടക്കുക എന്നതു് മനുഷ്യ സമുദായത്തിനുളള യോഗങ്ങളിൽ ഒന്നാണു്. അന്ധകാരത്തെ കഴുത്തിൽപ്പിടിച്ചു ചുഴറ്റി നിലത്തേക്കെറിയാൻ ഞെരുക്കമുണ്ടു്.
പത്തെമ്പതാംനൂറ്റാണ്ടിന്റെ നട്ടുച്ചയ്ക്കുളള ഫ്രാൻസിലെ ഒരു കന്യകാമഠം വെളിച്ചത്തോടു നേരിട്ടുനില്‍ക്കുന്ന മൂങ്ങകളുടെ വിദ്യാലയമാണു്. 1789–1830–1848 ഉം [5] ഉണ്ടായ ഒരു നഗരത്തിന്റെ ഒത്ത നടക്കു, പച്ചപ്പകൽ, സന്ന്യാസം നടത്തിപ്പോന്നതായ ഒരു സന്ന്യാസിമഠം, പാരിസ്സിൽ ഉദിച്ചുണ്ടാകുന്ന റോം പട്ടണം, ഒരു കാലഗണനാപ്രമാദമാണു്. സാധാരണകാലങ്ങളിൽ ഒരു കാലഗണനാപ്രമാദത്തെ ഉടച്ചുകളയാൻ ശരിയായ തിയ്യതി പറകയേ വേണ്ടൂ. പക്ഷേ, നാമിപ്പോൾ സാധാരണ കാലത്തല്ല.
നമുക്കു യുദ്ധം വെട്ടുക.
നമുക്കു യുദ്ധം വെട്ടുക; പക്ഷേ, നമുക്കൊരു വകതിരിവു വേണം. സത്യത്തിനുളള ഒരു വിശേഷഗുണം എപ്പോഴും അധികമായിപ്പോകയില്ല എന്നതാണു്. അതിശയോക്തികൊണ്ടു് അതിനെന്താണാവശ്യം? നശിപ്പിക്കുന്നതാവശ്യമായ ഒന്നുണ്ടു്; സ്പഷ്ടമായി കാണിക്കുകയും സനിഷ്കർഷമായി കൺനടത്തുകയും മാത്രമേ ആവശ്യമുളളൂ എന്ന ഒന്നുമുണ്ടു്. സദയവും സഗൌരവുമായ നോക്കിക്കാണൽ എന്തൊരു ശക്തിയാണ്! ഒരു വെളിച്ചം മാത്രമേ ആവശ്യമുളളൂ എന്നിടത്തു നാം തിയ്യിൻനാളം കൊണ്ടു ചെല്ലാതിരിക്കുക.
അതുകൊണ്ടു് പത്തൊമ്പതാംനൂറ്റാണ്ടിലേക്കു നോക്കുമ്പോൾ സാമാന്യമായിട്ടു്, ഏഷ്യയിലവാവട്ടെ യൂറോപ്പിലാവട്ടേ, ഇന്ത്യയിലാവട്ടേ, തുർക്കിയാലാവട്ടേ, ഏതു ജനസമുദായത്തിനിടയിലായാലും ശരി, സന്ന്യാസിമഠസ്ഥാപനത്തിനു് ഈ ഗ്രന്ഥകാരൻ വിരോധിയാണു്. സന്ന്യാസിമഠം എന്നു പറയുന്നതു കുഴിനിലമാണു്. അങ്ങനെയുളളവയുടെ അളിച്ചൽ സ്പഷ്ടമാണു്; അവയുടെ നീർക്കെട്ടി നില്‍പു് ആരോഗ്യനാശകമാണു്; അവയുടെ നുഴഞ്ഞുപൊങ്ങൽ ജനങ്ങളിൽ സന്നിപാതജ്വരത്തെ പരത്തുന്നു; അവരെ അവ വിളർപ്പിക്കുന്നു; അവയുടെ വർദ്ധന പകരുന്ന വിഷജ്വരമാണു്. ബർമയിലെ ബുദ്ധസന്ന്യാസികളും, ജപ്പാനിലെ ‘ഭിക്കു’കളും ‘ഫക്കീർ’മാരും മുഹമ്മദീയസന്ന്യാസികളും പേർഷ്യൻ സന്ന്യാസികളും യവനസന്ന്യാസികളും വിഷകൃമികളുടെ കൂട്ടംപോലെ വർദ്ധിച്ചുവരുന്നതെവിടെയോ അവിടങ്ങളെപ്പറ്റി ഭയപ്പാടോടുകൂടിയല്ലാതെ ഞങ്ങൾക്കു വിചാരിക്കാൻ വയ്യാ.
ധാർമികവിഷയം മാത്രം ആലോചിക്കാൻ ബാക്കിയുണ്ടു്. അതിനു നിഗൂഢങ്ങളും ഭയങ്കരങ്ങളുമായ ചില ഭാഗങ്ങളുണ്ടു്; അതിനെ ഞങ്ങളൊന്നു സൂക്ഷിച്ചു നോക്കിക്കൊള്ളട്ടെ.
[5] ഫ്രാൻസിൽ ജനാധിപത്യഭരണം ഏർപ്പെടുത്തപ്പെട്ടതു് 1848–ലാണ്.
മനുഷ്യർ ഒത്തുകൂടി സംഘങ്ങളായി താമസിക്കുന്നു. എന്തധികാരത്തിന്മേൽ? സഹവാസത്തിനുള്ള അധികാരത്തിന്മേൽ.
അവർ വീട്ടിൽ അടച്ചിരിക്കുന്നു. എന്തധികാരത്തിന്മേൽ? ഓരോ മനുഷ്യനും തന്റെ വീട്ടുവാതിൽ അടയ്ക്കാനും തുറക്കാനുമുള്ള അധികാരത്തിന്മേൽ
അവർ പുറത്തേക്കു വരുന്നില്ല, എന്തധികാരത്തിന്മേൽ? പോവാനും വരാനുമുള്ള അധികാരത്തിന്മേൽ-ഇതിൽ വീട്ടിലിരിക്കാനുള്ള അധികാരം അന്തർഭവിച്ചിട്ടുണ്ടു്.
അവിടെ, വീട്ടിൽ, അവരെന്തു ചെയ്യുന്നു?
അവർ താഴ്‌ന്ന സ്വരത്തിൽ സംസാരിക്കുന്നു; അവർ ഉറങ്ങുന്നു; അവർ പണിയെടുക്കുന്നു. അവർ ലോകത്തെ, പട്ടണങ്ങളെ, വിഷയങ്ങളെ, സുഖങ്ങളെ, മോടികളെ, ഗർവിനെ, ആഗ്രഹങ്ങളെ ത്യജിക്കുന്നു. അവർ പരുത്ത രോമത്തുണികളെക്കൊണ്ടോ പരുത്ത പരുത്തിത്തുണികളെക്കൊണ്ടോ ദേഹാച്ഛാദനം ചെയ്യുന്നു. അവരിൽ ഒരുവനെങ്കിലും സ്വന്തം അവകാശത്തിന്മേൽ യാതൊന്നുമില്ല. അവിടെ ചെന്നാൽ ഓരോ സമ്പന്നനും അവനവനെ ദരിദ്രനാക്കുന്നു. തനിക്കുള്ളതിനെ അവൻ എല്ലാവർക്കും കൊടുക്കുന്നു. മാന്യനെന്നും തറവാടിയെന്നും പ്രഭുവെന്നും വിളിക്കപ്പെടുന്നവൻ ഒരു കൃഷിക്കാരനെന്നു പറയപ്പെടുന്നവന്നു തുല്യനാവുന്നു. എല്ലാവരുടേയും ചെറുമുറി ഒരുപോലെയാണു്. എല്ലാവരും ഒരേവിധം മുടിവെട്ടുന്നു; ഒരേ ഉൾക്കുപ്പായമിടുന്നു; ഒരേ കറുത്തപ്പം തിന്നുന്നു; ഒരേ വയ്ക്കോൽക്കിടക്കയിൽ കിടക്കുന്നു; ഒരേ ചാരത്തിൽ കിടന്നു മരിക്കുന്നു. ഒരേ ചാക്കുതന്നെ പുറത്തു്; ഒരേ ചരടുതന്നെ അരയിൽ. വെറുംകാലോടെ നടക്കണമെന്നാണു് കല്പനയെങ്കിൽ, എല്ലാവരും വെറുംകാലോടെ നടക്കുന്നു. അവരുടെ കൂട്ടത്തിൽ ഒരു രാജകുമാരനുണ്ടാവാം; ആ രാജകുമാരനും, മറ്റുപേരെപ്പോലെ നിഴല്പാടു്. സ്ഥാനപ്പേരുമില്ല. തറവാട്ടുപേർ ഇല്ലാതായി. ഇട്ട പേർ മാത്രമേ അവർക്കുള്ളൂ. ജ്ഞാനസ്നാനത്തിലെ നാമസമത്വത്തിനു മുൻപിൽ എല്ലാവരും കുമ്പിടുന്നു. വിഷയസംബന്ധിയായ കുടുംബത്തെ അവർ പിരിച്ചു; ധാർമികകുടുംബത്തെ ഏർപ്പെടുത്തി; എല്ലാ മനുഷ്യരുമല്ലാതെ വേറെ അവർക്കു ചാർച്ചക്കാരില്ല. അവർ സാധുക്കളെ സഹായിക്കുന്നു; രോഗികളെ ശുശ്രൂഷിക്കുന്നു. തങ്ങൾ അനുസരിക്കുന്നവരെ അവർ ഭരണാധികാരികളായി തിരഞ്ഞെടുക്കുന്നു. അവർ അന്യോന്യം ‘എന്റെ സഹോദര’ എന്നു സംബോധനം ചെയ്യുന്നു.
എന്നെ പിടിച്ചുനിർത്തി നിങ്ങൾ അത്ഭുതപ്പെട്ടു പറയുന്നു: ‘അപ്പോൾ ഇതു ശരിയായ കന്യകാമഠമാണല്ലോ!’
എനിക്കു ശ്രദ്ധിക്കാതെ നിവൃത്തിയില്ലെന്നവിധം, അതു കന്യകാമഠമാണെന്നു വന്നാൽ മതി.
കഴിഞ്ഞ പുസ്തകത്തിൽ ഞാൻ ഒരു കന്യകാമഠത്തെപ്പറ്റി ബഹുമാനപൂർവം സംസാരിച്ചതിന്റെ കാരണം ഇതാണു്. മധ്യകാലത്തെ കളഞ്ഞ്, ഏഷ്യയെ കളഞ്ഞ്, ചരിത്രസംബന്ധിയായും രാജ്യഭരണസംബന്ധിയായുമുള്ള വാദവിഷയത്തെ നിർത്തിവെച്ചു; ശരിയായ തത്ത്വജ്ഞാനത്തെ മുൻനിർത്തി നോക്കുമ്പോൾ, സൈനികനയത്തിന്റെ ആവശ്യങ്ങൾക്കപ്പുറത്തു, സന്ന്യാസിമഠധർമത്തിന്റെ സ്വീകരണം സ്വേച്ഛാനുസൃതമായും സമ്മതമുള്ളവരെ മാത്രം സംബന്ധിക്കുന്നതായിരിക്കുമെന്നുള്ള നിലയ്ക്ക്, ഒരു സന്ന്യാസിസംഘത്തെപ്പറ്റി ഞാൻ എപ്പോഴും ഏതാണ്ടു ശ്രദ്ധാപൂർവമായും, ചില സംഗതികളിൽ ആദരപൂർവമായുമുള്ള ഗൗരവത്തോടുകൂടിയേ വിചാരിക്കു.
എവിടെ ഒരു സംഘമുണ്ടോ അവിടെ ഒരു കൂടിയാലോചനയുണ്ടു്; എവിടെ ഒരു കൂടിയാലോചനയുണ്ടോ അവിടെ അധികാരമുണ്ടു്. സന്ന്യാസിമഠധർമം ഉത്ഭവിച്ചിട്ടുള്ളതു് ഈ വിശ്വാസപ്രമാണത്തിൽനിന്നാണു്; സമത്വം, സഹോദരത്വം, അഹോ! സ്വാതന്ത്ര്യം എത്ര മഹത്താണ്! എന്നല്ല, എത്ര വിശിഷ്ടമായ ഒരു രൂപ മാറ്റം! സന്ന്യാസിമഠധർമത്തെ ഒരു പ്രജാധിപത്യമായി രൂപാന്തരപ്പെടുത്താൻ മതിയായതാണു് സ്വാതന്ത്ര്യം.
ഞങ്ങൾ ഇനിയും പറയട്ടെ.
എന്നാൽ ആ നാലു മതിലുകൾക്കുള്ളിലുള്ള പുരുഷന്മാർ അല്ലെങ്കിൽ സ്ത്രീകൾ-അവർ പരുത്ത രോമത്തുണികളുടുക്കുന്നു; അവർ സമന്മാരാണു്; അവർ അന്യോന്യം സഹോദരന്മാരെന്നു വിളിക്കുന്നു. ഇതു നല്ലതുതന്നെ; പക്ഷേ, അവർ മറ്റു ചിലതുകൂടി ചെയ്യുന്നുണ്ടു്?
ഉവ്വു്.
എന്താണത്?
അവർ അന്ധകാരത്തിലേക്കു സൂക്ഷിച്ചുനോക്കുന്നു; അവർ മുട്ടുകുത്തുന്നു; അവർ കൈകളെ കൂട്ടിപ്പിടിക്കുന്നു.
ഇതെന്തിനെയാണു് സൂചിപ്പിക്കുന്നത്?
അവർ പ്രാർത്ഥിക്കുന്നു.
ആരോടു്?
ഈശ്വരനോടു്.
ഈശ്വരനോടു പ്രാർത്ഥിക്കുക-ഈ വാക്കുകളുടെ അർത്ഥം?
നമുക്കപ്പുറത്തു് ഒരപാരതയുണ്ടോ?
ആ അപാരത ശാശ്വതവും സർവാന്തര്യാമിയുമാണോ? അതപാരതയായതുകൊണ്ടും, എന്നല്ല, അതിൽ ജഡപ്രകൃതി കൂടിയിട്ടില്ലെങ്കിൽ അതു സീമയുള്ളതായിപ്പോകുന്നതുകൊണ്ടും, അതവശ്യം സത്തായിരിക്കുമോ? അതപാരതയായതുകൊണ്ടും, എന്നല്ല അതിനു ബുദ്ധിയില്ലെങ്കിൽ അതവസാനിച്ചേക്കാവുന്നതുകൊണ്ടും, അതവശ്യം ബുദ്ധിയുള്ളതായിരിക്കുമോ? നമുക്കു നാം ജീവിക്കുന്നുണ്ടെന്നല്ലാതെ മറ്റൊന്നും വിചാരിക്കാൻ കഴിയാതിരിയ്ക്കെ, ഈ അപാരത നമ്മളിൽ നാം സത്താമാത്രമാണെന്നുള്ള വിചാരത്തെ ഉണർത്തുന്നുണ്ടോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അതു പൂർണതയല്ലേ? നമ്മൾ അതിന്റെ ഒരു ഭാഗം മാത്രമല്ലേ?
അപ്പോൾത്തന്നെ മറ്റൊന്നു്; നമുക്കു പുറമെ ഒരപാരതയുള്ളതുപോലെ, നമുക്കുള്ളിലും ഒരപാരതയില്ലേ? ഈ രണ്ടപാരതകൾ (എന്തപകടം പിടിച്ച ഒരു ബഹുവചനം!) ഒന്നിനൊന്നു മീതെയായി കൂട്ടിയൊട്ടിച്ചിരിക്കയല്ലേ? ഈ രണ്ടാമത്തെ അപാരത, എന്നുതന്നെ പറയട്ടെ, ആദ്യത്തേതിനു ചുവട്ടിലല്ലേ? ഈ രണ്ടാമതു പറഞ്ഞതു് ആദ്യം പറഞ്ഞതിന്റെ കണ്ണാടി, പ്രതിബിംബം, പ്രതിധ്വനി, അല്ലേ-മറ്റൊരഗാധതയോടു കൂടിച്ചേർന്നതല്ലേ? ഈ രണ്ടാമത്തെ അപാരതയും ബുദ്ധിയുള്ളതാണോ? അതാലോചിക്കുന്നുണ്ടോ? അതിച്ഛിക്കുന്നുണ്ടോ? ഈ രണ്ടപാരതകൾക്കും ബുദ്ധിയുണ്ടെങ്കിൽ, ഓരോന്നിനും ഓരോ ഇച്ഛാശക്തിയുണ്ടാവണം; ചുവട്ടിലത്തെ അപാരതയിൽ ഒരു ‘ഞാൻ’ ഉള്ളതുപോലെ, മുകളിലത്തെ അപാരതയിലും ഒരു ‘ഞാൻ’ ഉണ്ടാവണം.
ചുവട്ടിലുള്ള ഞാൻ ആത്മാവു്; മുകളിലുള്ള ഞാൻ ഈശ്വരൻ.
ഇവിടെ ചുവട്ടിലുള്ള അപാരതയെ, വിചാരംവഴിയായി, മുകളിലുള്ള അപാരതയോടു കൂട്ടിയിണക്കുന്നതിനാണു് പ്രാർത്ഥിക്കൽ എന്നു പറയുന്നതു്.
മനുഷ്യഹൃദയത്തിൽനിന്നു യാതൊന്നും നമുക്ക് എടുത്തുകളയാതിരിക്കുക; അമർത്തിവെക്കുന്നതു് ചീത്തയാണു്. നമുക്കു പുതുരൂപമുണ്ടാക്കുകയും രൂപ ഭേദം വരുത്തുകയും വേണം. മനുഷ്യന്റെ ചില അന്തഃകരണവൃത്തികൾ അജ്ഞാതവസ്തുവിനു നേരെ തിരിയുന്നുണ്ടു്; വിചാരം, ധ്യാനം, പ്രാർത്ഥന. അജ്ഞാതവസ്തു ഒരു സമുദ്രമാണു്. അന്തഃകരണം എന്താണു്? അതു് ആ അജ്ഞാതവസ്തുവിന്റെ വടക്കുനോക്കിയന്ത്രം. വിചാരം, ധ്യാനം, പ്രാർത്ഥന - ഇവ മഹത്തരങ്ങളും നിഗൂഢങ്ങളുമായ തേജഃകിരണങ്ങളാണു്. നമുക്കവയെ ആദരിക്കുക. ജീവാത്മാവിന്റെ ഈ ഉൽക്കൃഷ്ടനാളങ്ങൾ എവിടേക്കു പോകുന്നു? നിഴലിലേക്ക്; എന്നുവെച്ചാൽ, വെളിച്ചത്തിലേക്ക്.
പ്രജാഭരണത്തിനുള്ള മാഹാത്മ്യം മനുഷ്യസമുദായത്തിലുള്ള യാതൊന്നിനേയും ഉപേക്ഷിക്കാതിരിക്കുകയും, യാതൊന്നിനേയും നിഷേധിക്കാതിരിക്കുകയുമാണു്. മനുഷ്യനുള്ള അധികാരത്തോടു് തൊട്ടുകൊണ്ടു് എത്രതന്നെ കുറച്ചു പറഞ്ഞാലും അരികിലായി, ജീവാത്മാവിനുള്ള അധികാരം നില്‍ക്കുന്നുണ്ടു്.
മതഭ്രാന്തിനെ ഉടച്ചുകളയണം, അപാരതയെ പൂജിക്കുകയും-ഇതാണു് ധർമം. പ്രപഞ്ചസൃഷ്ടിയാകുന്ന വൃക്ഷത്തിനു മുൻപിൽ നമസ്കരിച്ചതുകൊണ്ടും നക്ഷത്രങ്ങളാൽ നിറയപ്പെട്ട അതിന്റെ കൊമ്പുകളെക്കുറിച്ചു മനോരാജ്യം വിചാരിച്ചതുകൊണ്ടും മാത്രം നമുക്കു തൃപ്തിപ്പെടാതിരിക്കുക. മനുഷ്യാത്മാവിനു മീതേ കടന്നുപ്രവർത്തിക്കുന്നതു്, അത്ഭുതസംഭവത്തിൽനിന്നു നിഗൂഢതയെ രക്ഷപ്പെടുത്തുന്നതു്, അജ്ഞേയമായതിനെ പൂജിക്കുകയും വിഡ്ഢിത്തത്തെ ഉപേക്ഷിക്കുകയും ചെയ്യുന്നതു്, ഒരു സ്പഷ്ടമായ യത്ഥാർത്ഥതത്ത്വം എന്ന നിലയിൽ ആവശ്യമുള്ളതിനെ മാത്രം സമ്മതിക്കുന്നതു്, വിശ്വാസത്തെ ശുദ്ധിപ്പെടുത്തുന്നതു്, മതത്തിനു മുകളിൽനിന്നു് അന്ധവിശ്വാസങ്ങളെ നീക്കുന്നതു്, നമ്മുടെ ഒരു ചുമതലയാണ്-അതേ, ഈശ്വരനിൽനിന്നു കമ്പിളിപ്പുഴുക്കളെയെല്ലാം തട്ടിക്കളയുന്നതു് നമ്മുടെ ചുമതലയാണു്.
പ്രാർത്ഥനയുടെ രീതിയെപ്പറ്റിയാണെങ്കിൽ, എല്ലാം നന്നു്; ഒന്നുമാത്രം, മനസ്സിൽത്തട്ടിയതാവണം. നിങ്ങളുടെ വേദപുസ്തകത്തെ കീഴുമേൽ മറിച്ചു. നിങ്ങൾ അപാരതയിൽ ചെല്ലുക.
അപാരത എന്നൊന്നില്ലെന്നു പറയുന്ന ഒരു തത്ത്വശാസ്ത്രമുണ്ടു്. ഞങ്ങൾക്കറിയാം. രോഗപ്പട്ടികയിൽ ചേർത്തിട്ടുള്ള മറ്റൊരു തത്ത്വശാസ്ത്രവുമുണ്ടു്. അതു് സൂര്യനെ നിഷേധിക്കുന്നു; ഈ തത്ത്വശാസ്ത്രത്തിന്റെ പേരാണു് അന്ധത്വം.
സത്യത്തിന്റെ വഴിക്കു നമുക്കില്ലാത്ത ഒരിന്ദ്രിയത്തെ കെട്ടിയുണ്ടാക്കുന്നതു് അന്ധന്റെ സവിശേഷമായ അഹമ്മതിയാണു്.
ഈശ്വരനെ കാണുന്ന തത്ത്വശാസ്ത്രത്തിനു മുൻപിൽ ഈ തപ്പിത്തടയുന്ന തത്ത്വശാസ്ത്രം കാണിക്കുന്ന ആ ദുരഭിമാനത്തോടും താൻപ്രമാണിത്തത്തോടും അനുകമ്പയോടും കൂടിയ ഭാവവിശേഷമാണു് അത്ഭുതകരം. ഒരു കാക്കപ്പുള്ളി ഇങ്ങനെ നിലവിളിക്കുന്നതു് കേൾക്കുന്നതുപോലെ തോന്നിപ്പോകുന്നു; ‘എനിക്ക് അവരെപ്പറ്റിയും അവരുടെ സൂര്യനെപ്പറ്റിയും അനുകമ്പയാണ്!’
ശക്തന്മാരും കൊള്ളാവുന്നവരുമായ നിരീശ്വരന്മാരുണ്ടു്, ഞങ്ങൾക്കറിയാം. അടിയിൽ നോക്കിയാൽ തങ്ങളുടെ ശക്തിമൂലം അവർ സത്യത്തിലേക്കു പിന്നോക്കം പോകുന്നതുകൊണ്ടു് തങ്ങൾ നിരീശ്വരന്മാരാണെന്ന കാര്യം അവർക്കുതന്നെ നല്ല നിശ്ചയമില്ല; അവരുടെ തർക്കം മുഴുവനും വിവരണത്തിൽ മാത്രമാണു്; എന്നല്ല, എന്തായാലും, അവർ ഈശ്വരനെ വിശ്വസിക്കുന്നില്ലെങ്കിൽ, മഹാന്മാരാകയാൽ അവർ ഈശ്വരനെ തെളിയിക്കുന്നുണ്ടു്.
അവരുടെ തത്ത്വശാസ്ത്രത്തെ ഞങ്ങൾ കഠിനമായി അധിക്ഷേപിയ്ക്കെ, തത്ത്വജ്ഞാനികൾ എന്ന നിലയിൽ അവരെ ഞങ്ങൾ ബഹുമാനിക്കുന്നു.
ഞങ്ങൾ ഇനിയും പറയട്ടെ.
ആ തത്ത്വശാസ്ത്രത്തിൽ എടുത്തുപറയേണ്ടതായ മറ്റൊന്നു, വാക്കുകളെക്കൊണ്ടു് ജയിച്ചുകളായൻ അവർക്കുള്ള സാമർത്ഥ്യമാണു്. വടക്കുള്ള ഒരു തത്ത്വജ്ഞാനിസംഘം-ആ രാജ്യത്തെയനുസരിച്ച് അവരുടെ തത്ത്വജ്ഞാനത്തിലും കുറേയധികം മഞ്ഞിൻപുക കലർന്നിട്ടുണ്ട്-ഇച്ഛ എന്ന വാക്കോടുകൂടി ശക്തി എന്ന വാക്കു വെച്ചതുകൊണ്ടു് മനുഷ്യന്റെ ആലോചനയ്ക്കുള്ളിൽ ഒരു വലിയ പരിവർത്തനം ഉണ്ടാക്കിത്തീർത്തു എന്നു് സ്വപ്നം കാണുന്നു.
‘ചെടി വളരുന്നു’ എന്നതിനുപകരം, ‘ചെടി ഇച്ഛിക്കുന്നു’ എന്നു് പറയുക-പ്രപഞ്ചം ഇച്ഛിക്കുന്നു’ എന്നുകൂടി ഞങ്ങൾക്കു കൂട്ടാവുന്നപക്ഷം, ഇതു നിശ്ചയമായും നല്ല ഫലമുള്ളൊന്നാണു്. എങ്ങനെ? ഇങ്ങനെയാവും; ചെടി ഇച്ഛിക്കുന്നു, അതിനാൽ അതിന്നൊരു ഞാനുണ്ടു്; പ്രപഞ്ചം ഇച്ഛിക്കുന്നു, അതിനാൽ അതിന്നൊരീശ്വരനുണ്ടു്.
ഏതായാലും ഈ പ്രസ്ഥാനക്കാരെപ്പോലെയല്ലാതെ, യാതൊന്നും മുൻകൂട്ടി ഉപേക്ഷിക്കാതിരിക്കുന്ന ഞങ്ങൾക്ക്, ഇവരാൽ സ്വീകരിക്കപ്പെട്ട ചെടിയുടെ ഇച്ഛാ ശക്തിയെയാണു്, നിഷേധിക്കപ്പെട്ട പ്രപഞ്ചത്തിന്റെ ഇച്ഛാശക്തിയേക്കാൾ സമ്മതിക്കാൻ ഞെരുക്കമായി തോന്നുന്നതു്.
അപാരതയുടെ ഇച്ഛാശക്തിയെ, അതായതു് ഈശ്വരനെ, നിഷേധിക്കുവാൻ, ആ അപാരതയെ നിഷേധിക്കുകയല്ലാതെ വേറെ ഒരുവിധത്തിലും നിവൃത്തിയില്ല, ഇതു് ഞങ്ങൾ തെളിയിച്ചിട്ടുണ്ടു്.
അപാരതതന്നെ ഇല്ലെന്നു പറയുന്നതു് നേരേ ശൂന്യത്വവാദത്തിലേക്ക് എത്തിച്ചു കളയുന്നു. സർവവും ‘ഒരു മനസ്സങ്കല്പ’മായിത്തീരുന്നു.
ശൂന്യത്വവാദത്തോടു യാതൊരു വാദപ്രതിവാദത്തിനും, നിവൃത്തിയില്ല; എന്തുകൊണ്ടെന്നാൽ ശൂന്യത്വവാദിയുടെ ന്യായം, ചോദിക്കുന്നാൾതന്നെ ഉണ്ടോ എന്നു സംശയിക്കുന്നു; എന്നല്ല, അതുതന്നെയുണ്ടെന്നു നല്ല നിശ്ചയമില്ല.
ആ ന്യായപ്രകാരം, അതുതന്നെ അതിനു് ‘ഒരു മനസ്സങ്കല്പം’ മാത്രമാണെന്നു വരാം.
ചുരുക്കിപ്പറഞ്ഞാൽ, ഇല്ല എന്ന രണ്ടക്ഷരംകൊണ്ടു് സകലത്തെയും അവസാനിപ്പിക്കുന്ന ഒരു തത്ത്വശാസ്ത്രം ആലോചനയുടെ മുൻപിൽ യാതൊരു മാർഗത്തേയും തുറന്നുകാണിക്കുന്നില്ല.
ഇല്ല എന്നതിനു് ഒരൊറ്റ ഉത്തരം മാത്രമേ ഉള്ളൂ, ഉവ്വു്.
ശൂന്യത്വവാദത്തിനു് അവസാനമില്ല.
ശൂന്യത്വം എന്നൊന്നില്ല. സുന്നം ഉള്ളതല്ല. എല്ലാം എന്തെങ്കിലുമൊന്നാണു്. ഇല്ലാത്തതു് ഇല്ലാത്തതുതന്നെ.
ഭക്ഷണത്തെക്കാളധികം ഉവ്വു് എന്നതുകൊണ്ടാണു് മനുഷ്യൻ ജീവിക്കുന്നതു്.
കണ്ടാലും കാണിച്ചാലും മാത്രം മതിയായില്ല. തത്ത്വജ്ഞാനം ഒരു ചൈതന്യമായിരിക്കണം; മനുഷ്യന്റെ സ്ഥിതി നന്നാക്കിത്തീർക്കലായിരിക്കണം അതിന്റെ ശ്രമവും ഫലവും. സോക്രട്ടീസു് ആദാമിന്റെ ഉള്ളിൽ കടന്നു മാർക്കസ്സു് ഒറീലിയസ്സിനെ ഉണ്ടാക്കണം; മറ്റൊരുവിധം പറഞ്ഞാൽ, സുഖിതന്റെ ഉള്ളിൽനിന്നു ജ്ഞാനിയെ പുറപ്പെടുവിക്കണം. ഏഡൻതോട്ടത്തെ പിടിച്ച് ഒരു ലൈസിയം [6] കളരിത്തോട്ടമാക്കി മാറ്റണം. പ്രകൃതിശാസ്ത്രം ഒരു ദീപനൗഷധമായിരിക്കണം. സുഖിക്കുക-എന്തു ദയനീയമായ ഉദ്ദേശ്യം; എന്തു നിസ്സാരമായ അതിമോഹം! തിര്യക്കുകൾ സുഖിക്കുന്നു. മനുഷ്യരുടെ ദാഹം തീർക്കുവാൻ ആലോചനയെടുക്കുക; ഈശ്വരസങ്കല്പമാകുന്ന അമൃതത്തെ അവർക്കെല്ലാവർക്കും സമ്മാനിക്കുക; അവരിൽ അന്തഃകരണത്തിനും പ്രകൃതിശാസ്ത്രത്തിനും സഹോദരത്വമുണ്ടാക്കുക; നിഗൂഢമായ ഈ കൂട്ടിവെച്ചു ചോദിക്കൽകൊണ്ടു് അവരെ ധർമനിഷ്ഠരാക്കുക; യത്ഥാർത്ഥ തത്ത്വജ്ഞാനത്തിന്റെ പ്രവൃത്തി ഇതൊക്കെയാണു്. സത്യത്തിൽനിന്നു് മുളച്ചു വളരുന്ന ഒന്നാണു് സദാചാരം. ആലോചന പ്രവൃത്തിയിലെത്തിക്കുന്നു. കേവലത്വം പ്രായോഗികമായിരിക്കണം. മനുഷ്യമനസ്സിനു ശ്വസിക്കാവുന്നതും കുടിക്കാവുന്നതും ഭക്ഷിക്കാവുന്നതുമായിരിക്കണം ആദർശം എന്നതത്യാവശ്യമാണു്. ഇങ്ങനെ പറയാനുള്ള അവകാശം ആദർശത്തിന്നാണു്; ഇതെന്റെ ശരീരം, ഇതെന്റെ രക്തം, എടുത്തുകൊള്ളൂ. ജ്ഞാനം ഒരു പരിശുദ്ധമായ ‘തിരുവത്താഴ’മാണു്. ഈ നിലയിലാണു്, അതു് വന്ധ്യമായ പ്രകൃതിശാസ്ത്രഭ്രമമല്ലാതാകുന്നതും, മനുഷ്യരെ ഏകീകരിക്കുവാനുള്ള മനുഷ്യരെ ഏകീകരിക്കുവാനുള്ള ഏകവും മുഖ്യവുമായ മാർഗമാകുന്നതും; എന്നല്ല, തത്ത്വജ്ഞാനംതന്നെ മതത്തിലേക്ക് കയറിച്ചെല്ലുന്നതു് ഈ നിലയിലാണു്.
ഉൽക്കണ്ഠയ്ക്കു തന്റെ സൗകര്യംപോലെ നോക്കിക്കാണുവാൻ പാകത്തിലുള്ള ഒന്നു് എന്നതൊഴിയെ മറ്റു യാതൊരു ഫലവുമില്ലാതെ, നിഗുഢതയുടെ മുകളിൽ കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു മോടിപ്പണിയായിരിക്കരുതു് തത്ത്വശാസ്ത്രം.
ഞങ്ങളുടെ ആലോചനാപരമ്പരയോ മറ്റൊരു സന്ദർഭത്തിലേക്കു നീട്ടിവെച്ചു. ഞങ്ങളെസ്സംബന്ധിച്ചേടത്തോളം, വിശ്വാസം സ്നേഹം എന്നീ രണ്ടു പ്രേരക ശക്തികളോടുകൂടാതെ, മനുഷ്യനെ മറ്റുള്ളവയിൽനിന്നു വേറിട്ടൊന്നായിട്ടോ അഭിവൃദ്ധിയെ അവസാനഫലമായിട്ടോ ഞങ്ങൾ മനസ്സിലാക്കുന്നില്ലെന്നു മാത്രം പറഞ്ഞു തൃപ്തിപ്പെടട്ടെ.
അഭിവൃദ്ധി പ്രാപ്യസ്ഥാനമാണു്; ആദർശം മാതൃകയാണു്.
ഈ ആദർശം എന്താണു്? ഈശ്വരൻ.
ആദർശംസ കേവലത്വം, പൂർണത, അപാരത; ഒരേ വാക്കുകൾ.
[6] ഏതൻസു് പട്ടണത്തിന്റെ അടുത്തു് മുകൾമറയുള്ള നടവഴികൾകൊണ്ടു് നിറഞ്ഞ ഈ തോട്ടത്തിൽ നടന്നുംകൊണ്ടാണത്രേ അരിസ്റ്റോട്ടൽ എന്ന പ്രസിദ്ധതത്ത്വജ്ഞാനി തന്റെ തത്ത്വശാസ്ത്രം നിർമ്മിച്ചിട്ടുള്ളതു്.
ചരിത്രത്തിനും തത്ത്വശാസ്ത്രത്തിനും ശാശ്വതങ്ങളായ ചുമതലകളുണ്ടു്; അതോടൊപ്പംതന്നെ, അവ ഞെരുക്കമില്ലാത്തവയുമാണ്-മതാചാര്യന്മാരിൽ ശ്രേഷ്ഠനായ കയഫസ്സോടും [7] സ്തുതികർത്താവായ ദ്രക്കോവോടും [8] നിയമപ്രചാരകനായ ത്രിമാൽക്കിയോനോടും [9] ചക്രവർത്തിയായ തിബെരിയൂസ്സോടും [10] മല്ലിടുക; ഇതു വ്യക്തവും ഋജുവും നിഷ്കളങ്കവുമാണു്; യാതൊരു കലുക്കവും ഇതിലില്ല.
അസൗകര്യങ്ങളും ദുരാചാരങ്ങളും എന്തുതന്നെയുണ്ടായിരുന്നാലും സമുദായത്തിൽനിന്നു വിട്ടുതാമസിക്കാനുള്ള അധികാരം അതിനെ പുറത്തു കാണിക്കുവാനും വിലവെപ്പിക്കുവാനും സിദ്ധാന്തിക്കുന്നു. സന്ന്യാസം എന്നതു് മനുഷ്യ സംബന്ധിയായ ഒരു വാദവിഷയമാണു്.
അബദ്ധത്തിന്റേയും പക്ഷേ, നിഷ്കപടതയുടേയും ഭ്രാന്തിയുടേയും പക്ഷേ, സദ്വിചാരത്തിന്റേയും അജ്ഞതയുടേയും പക്ഷേ, ഭക്തിയുടേയും ദണ്ഡനത്തിന്റേയും പക്ഷേ, ധർമാർത്ഥമായ പീഡാനുഭവത്തിന്റേയും പാർപ്പിടങ്ങളായ കന്യകാമഠങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ ഉവ്വെന്നോ ഇല്ലെന്നോ ഒന്നു തീർത്തുപറയേണ്ട ആവശ്യം എപ്പോഴും ഉണ്ടായി വരുന്നു.
ഒരു കന്യകാമഠം എന്നതു് ഒരു പരസ്പരവിരുദ്ധതയാണു്. അതിന്റെ ഉദ്ദേശ്യം, മുക്തി; അതിലേക്കുള്ള അതിന്റെ വഴി, ത്യാഗം. മഹത്തരമായ നിഷേധം അവസാന ഫലമായിട്ടുള്ള ഒരു മഹത്തരമായ സ്വാർത്ഥബുദ്ധിയാണു് കന്യകാമഠം.
രാജ്യഭരണം കിട്ടുവാനുദ്ദേശിച്ചുകൊണ്ടു വാഴ്ചയൊഴിയുക എന്നതു സന്ന്യാസാശ്രമം കണ്ടുപിടിച്ചിട്ടുള്ള സൂത്രമാണെന്നു തോന്നുന്നു.
സന്ന്യാസാശ്രമത്തിൽ സുഖത്തിനുവേണ്ടി ദുഃഖമനുഭവിക്കുന്നു. മരണവുമായി ഉണ്ടികക്കച്ചവടം നടത്തുന്നു. ഐഹികമായ അന്ധകാരംകൊണ്ടു പാരത്രികമായ പ്രകാശത്തിന്റെ വില കൊടുക്കുന്നു. മരണാനന്തരമുള്ള സ്വർഗത്തിനു വേണ്ടി സന്ന്യാസിമഠത്തിൽ നരകം സ്വീകരിക്കപ്പെടുന്നു.
മുഖാച്ഛാദനമോ കുറുങ്കുപ്പായമോ സ്വീകരിക്കുന്നതു് അനശ്വരത്വം പ്രതിഫലമായിട്ടുള്ള ഒരാത്മഹത്യയാണു്.
ഇങ്ങനെയൊരു വിഷയത്തിൽ പരിഹാസം പാടുണ്ടെന്നു ഞങ്ങൾക്കു തോന്നുന്നില്ല. അതിനെ സംബന്ധിച്ച സകലവും സഗൗരവമാണ്-നല്ലതും, അതുപോലെത്തന്നെ, ചീത്തയും.
ഉത്തമമനുഷ്യൻ നെറ്റി ചുളിക്കുന്നു; പക്ഷേ, പകയുള്ള ഒരു പരിഹാസത്തോടുകൂടി ഒരിക്കലും പുഞ്ചിരിക്കൊള്ളുകയില്ല. ശുണ്ഠി ഞങ്ങൾക്കു മനസ്സിലാവുന്നുണ്ടു്; എന്നാൽ പക മനസ്സിലാവുന്നില്ല.
[7] വേദപുസ്തകത്തിലെ ഒരു കത്ഥാപാത്രം.
[8] അത്ഥീനിയയിലെ നിയമഗ്രന്ത്ഥത്തിന്റെ ആദികർത്താവു്. അത്രമേൽ കഠിനശിക്ഷകൾ വിധിക്കപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ സ്മൃതി രക്തത്തിലാണു് എഴുതിയിരുന്നതെന്നു വിശ്വസിച്ചുപോന്നു.
[9] അത്ര പ്രസിദ്ധനല്ല.
[10] റോമിലെ രണ്ടാമത്തെ ചക്രവർത്തി.
കുറച്ചു വാക്കുകൾകൂടി.
ഉപായപ്പണികളെക്കൊണ്ടു നിറയുമ്പോൾ ഞങ്ങൾ പള്ളിയെ ശകാരിക്കുന്നു; ഇഹലോകത്തോടു ക്രൂരത കാണിക്കുന്ന പരലോകത്തെ ഞങ്ങൾ നിന്ദിക്കുന്നു; എന്നാൽ എവിടേയും ഞങ്ങൾ ആലോചനാശീലനായ മനുഷ്യനെ ബഹുമാനിക്കും.
മുട്ടുകുത്തുന്ന മനുഷ്യന്നു ഞങ്ങൾ സലാം ചെയ്യും.
ഒരു വിശ്വാസം; മനുഷ്യന്നു് ഇതൊരാവശ്യമാണു്. യാതൊന്നും വിശ്വസിക്കാത്തവനാരോ അവന്റെ കത്ഥ കഷ്ടംതന്നെ.
ഒരാൾ മനോരാജ്യത്തിൽ മുങ്ങിയതുകൊണ്ടു്, അയാൾക്കു പണിയില്ലായ്മയില്ല. കാണാവുന്ന പണിയും കാണാത്ത പണിയുമുണ്ടു്.
ധ്യാനിക്കുന്നതു് അധ്വാനമാണു്; വിചാരിക്കുന്നതു പ്രവൃത്തിയാണു്.
കെട്ടിയ കൈകൾ പ്രവൃത്തിയെടുക്കുന്നു; കൂട്ടിപ്പിടിച്ച കൈകൾ ജോലിനോക്കുന്നു. ആകാശത്തിൽ ഊന്നിയ നോട്ടം ഒരധ്വാനമാണു്.
തൈൽസ് [11] നാലു കൊല്ലത്തേക്ക് അനങ്ങാതിരുന്നു. അദ്ദേഹം തത്ത്വശാസ്ത്രം നിർമിച്ചു.
ഞങ്ങളുടെ അഭിപ്രായത്തിൽ, സന്ന്യാസികൾ മടിയന്മാരല്ല; വാനപ്രസ്ത്ഥന്മാർ തെണ്ടികളുമല്ല.
നിഴല്പാടിനെക്കുറിച്ചു ധ്യാനിക്കുക ഗൗരവമേറിയ ഒന്നാണു്.
ഞങ്ങൾ ഇപ്പോൾ പറഞ്ഞുകഴിഞ്ഞതിനൊന്നിനും ശക്തി കുറയ്ക്കാതെ, ശവക്കല്ലറയെപ്പറ്റിയുള്ള ഒരു ശാശ്വതസ്മരണ ജീവിച്ചിരിക്കുന്നവർക്കു നല്ലതാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഈ കാര്യത്തിൽ മതാചാര്യനും തത്ത്വജ്ഞാനിയും തമ്മിൽ യോജിക്കുന്നു. നമ്മൾ മരിക്കണം, ത്രാപ്പിലെ മതാചാര്യൻ [12] ഹോറൈസ്സോടു [13] മറുപടി പറയുന്നു.
ജീവിതത്തോടു ശ്മശാനത്തിന്റെ ഒരുതരം സന്നിധാനത്തെ കൂട്ടിയിണക്കുക-ഇതാണു് ഋഷിയുടെ ധർമം; ഇതുതന്നെയാണു് സന്ന്യാസിയുടെയും ധർമം. ഈ കാര്യത്തിൽ ഋഷിയും സന്ന്യാസിയും തമ്മിൽ യോജിക്കുന്നു. പ്രാപഞ്ചികമായ ഒരു വളർച്ചയുണ്ടു്; ഞങ്ങൾ അതു സമ്മതിക്കുന്നു. മാനസികമായ ഒരു മഹത്ത്വമുണ്ടു്; ഞങ്ങൾ അതിനെ മുറുക്കിപ്പിടിക്കുന്നു. ആലോചനയില്ലാത്തവരും വായാടികളുമായ ചിലർ പറയുന്നു; ‘നിഗൂഢതയുടെ ഭാഗത്തു കാണുന്ന ആ നിശ്ചേഷ്ടരൂപങ്ങളെക്കൊണ്ടു ഗുണമെന്ത്? അവയെക്കൊണ്ടു് എന്തു പ്രയോജനം? അവയെന്തു ചെയ്യുന്നു?’
കഷ്ടം! നമ്മെ ചുറ്റിനില്‍ക്കുന്നതും നമ്മെ അന്വേഷിക്കുന്നതുമായ അന്ധകാരത്തിന്റെ മുൻപിൽ, മഹത്തായ വേർപാടു നമ്മെക്കൊണ്ടു് എന്തു ചെയ്യാൻ പോകുന്നു എന്നറിഞ്ഞുകൂടാതെ, നാം മറുപടി പറയുന്നു: ‘ഒരു സമയം ഈ ജീവാത്മാക്കൾ ചെയ്യുന്നതിലധികം ദിവ്യമായ ഒരു പ്രവൃത്തിയില്ല.’ എന്നല്ല, നാം തുടർന്നു പറയുന്നു: ‘ഒരേസമയം അതിലധികം ഉപകാരപ്രദമായ ഒരു പ്രവൃത്തിയില്ല.’
ഒരിക്കലും ഒന്നും പ്രാർത്ഥിക്കാത്തവരെപ്പറ്റി ഈശ്വരനോടു പ്രാർത്ഥിപ്പാൻ നിശ്ചയമായും ചിലർ വേണം.
ഞങ്ങളുടെ അഭിപ്രായത്തിൽ ആ പ്രാർത്ഥനയോടു കൂടിനില്‍ക്കുന്ന വിചാരത്തിന്റെ തുകയിലാണു് കാര്യം.
ലീബ്നിത്സ് [14] ഈശ്വരവന്ദനം ചെയ്യുന്നതു മഹത്തരമാണു്; വോൾത്തെയർ ഈശ്വരവന്ദനം ചെയ്യുന്നതു മനോഹരമാണു്. വോൾത്തെയർ ഈശ്വരനെ പ്രതിഷ്ഠിക്കുന്നു.
മതങ്ങൾ വേണ്ടെന്നതുപോലെ, മതം വേണമെന്നാണു് ഞങ്ങൾക്ക്.
സങ്കീർത്തനങ്ങളുടെ നികൃഷ്ടതയിലും പ്രാർത്ഥനയുടെ മാഹാത്മ്യത്തിലും വിശ്വാസമുള്ളവയിൽ ഞങ്ങൾ ഉൾപ്പെടുന്നു.
അത്രമാത്രമല്ല, നമ്മൾ ഇപ്പോൾ കടന്നുപോകുന്ന ഈ സമയത്ത്-ഭാഗ്യം കൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്മേൽ യാതൊരടയാളവും പതിച്ചിടാതെ കടന്നുപോരുന്ന ഈ നിമിഷത്തിൽ-അത്രയുമധികം പേർക്ക് മുഖംവീർപ്പും ഇടുങ്ങിയ ആത്മാവുമുള്ളതുമായ ഈ ഘട്ടത്തിൽ സദാചാരം മുഴുവനും സുഖാനുഭവമെന്ന ഒന്നിൽ അടങ്ങിയിട്ടുള്ളവരും ക്ഷണികങ്ങളും ആപന്മയങ്ങളുമായ ലൗകികകാര്യങ്ങളിൽ മുദ്ര കുത്തുന്നവരുമായ ഇത്രയുമധികം മനുഷ്യരുടെ ഇടയിൽ, ആരാണോ അതിൽനിന്നു തന്നത്താൻ നാടുകടത്തുന്നതു് ആ ഒരാളെക്കുറിച്ചു ഞങ്ങൾക്ക് ബഹുമാനമാണുള്ളതു്.
സന്ന്യാസിമഠം ഒരു ത്യാഗമാണു്. അബദ്ധത്തിലേക്കു തിരിഞ്ഞതായാലും ത്യാഗം ത്യാഗംതന്നെ. ഒരു ഗൗരവമേറിയ അബദ്ധത്തെ ഒരു ധർമമായി തെറ്റിദ്ധരിക്കുന്നതിൽ സ്വതവേ ഒരു മാഹാത്മ്യമുണ്ടു്.
തനിച്ചു വേർപ്പെടുത്തിയെടുത്തു്, എല്ലാ ഭാഗത്തും നിഷ്പക്ഷപാതമായി കൺ നടത്തുവാൻവേണ്ടി, മാനസികമായി നോക്കുന്നപക്ഷം, സന്ന്യാസിമഠത്തിനു വിശേഷിച്ചും കന്യകാമഠത്തിന്-എന്തുകൊണ്ടെന്നാൽ, നമ്മുടെ ശതാബ്ദത്തിൽ സ്ത്രീയാണു് അധികം കഷ്ടപ്പെടുന്നതു്; എന്നല്ല, സന്ന്യാസിമഠമാകുന്ന ഈ നാടുകടത്തലിൽ എന്തോ ഒരെതിർപ്രസ്താവമുണ്ട്-അതേ, കന്യകാമഠത്തിനു് ഒരു തരം പ്രാഭവമുണ്ടെന്നുള്ളതിൽ തർക്കമില്ല.
അത്രയും തപസ്സോടുകൂടിയതും അത്രയും മനസ്സിടിവുണ്ടാക്കുന്നതുമായ ഈ സന്ന്യാസിമഠവാസം-അതിന്റെ ചില ഭാഗങ്ങളെല്ലാം ഞങ്ങൾ കാണിച്ചുകഴിഞ്ഞു-ജീവിക്കലല്ല, എന്തുകൊണ്ടെന്നാൽ അതിൽ സ്വാതന്ത്ര്യമില്ല; ശവക്കല്ലറയല്ല. എന്തുകൊണ്ടെന്നാൽ അതു പരിപൂർണതയല്ല; അതു് ഒരുയർന്ന പർവതത്തിന്റെ കൊടുമുടിയിൽ നിന്നെന്നപോലെ, നാം കഴിഞ്ഞുകൂടുന്ന അഗാധസ്ഥലം ഒരു ഭാഗത്തും നാം ഇനി ചെല്ലാൻ പോകുന്ന അഗാധസ്ഥലം മറ്റേ ഭാഗത്തുമായി മനുഷ്യർ നിന്നുനോക്കിക്കാണുന്ന ഒരസാധാരണസ്ഥലമാണു്; ക്ഷീണിച്ചുപോയ ജീവിതത്തിന്റെ പ്രകാശം മരണത്തിന്റെ മങ്ങിയ വെളിച്ചത്തോടു കൂടിച്ചേർന്നു് ഒരുമിച്ചുതന്നെ വിളങ്ങുകയും ഇരുളുകയും ചെയ്യുന്ന രണ്ടു ലോകങ്ങളുടെ വീതികുറഞ്ഞതും മൂടലേറിയതുമായ ഒരതിർത്തിവരമ്പാണതു്; അതു ശവക്കല്ലറയിലെ അർദ്ധാന്ധകാരമാണു്.
ഈ സ്ത്രീകൾ വിശ്വസിക്കുന്നതിനെ വിശ്വസിക്കാത്തവരും, പക്ഷേ, അവരെപ്പോലെതന്നെ, വിശ്വാസംകൊണ്ടു ജീവിക്കുന്നവരുമായ ഞങ്ങൾ-ഞങ്ങൾക്ക് ആ ഭക്തി കൂടിയവരും പേടിച്ചും വിശ്വസിച്ചും കഴിഞ്ഞുകൂടുന്നവരുമായ സാധുക്കളെപ്പറ്റി-അതേ, അടഞ്ഞുകഴിഞ്ഞ ഇഹലോകത്തിന്റെയും തുറന്നിട്ടില്ലാത്ത പരലോകത്തിന്റെയും ഇടയിൽ, കാണാൻ കഴിയാത്ത വെളിച്ചത്തിനു നേരെ തിരിഞ്ഞ് അതെവിടെയാണെന്നു തങ്ങൾക്കറിയാമെന്നു വിചാരിക്കുന്ന ഒരു സുഖംമാത്രം അനുഭവിച്ചുകൊണ്ടു് അന്ധകാരത്തിലേക്ക് ഇമവെട്ടാതെ സൂക്ഷിച്ചുനോക്കി, മുട്ടുകുത്തി അമ്പരന്നു, പരിഭ്രമിച്ചു. പേടിച്ചുതുള്ളി ചിലപ്പോൾ ശാശ്വതത്വത്തിന്റെ ദീർഘനിശ്വാസങ്ങളേറ്റു പകുതി മേല്പോട്ടു പൊന്തി, അഗാധ ഗുഹയിലേക്കും, അജ്ഞാതവസ്തുവിലേക്കും ചെല്ലാൻ ആർത്തിയോടെ ശ്രമിച്ചുകൊണ്ടു്, നിഗൂഢതയുടെ വെറും വക്കത്തു താമസിക്കുവാൻ ധൈര്യപ്പെടുന്ന ആ വിനീതരും വിശിഷ്ടരുമായ ആത്മാക്കളെക്കുറിച്ചു വാത്സല്യപൂര്‍വവും മതസംബന്ധിയുമായ ഭയപ്പാടോടു കൂടാതെ; അസൂയയാൽ നിറയപ്പെട്ട ഒരുതരം അനുകമ്പയോടു കൂടാതെ; ഒരിക്കലും വിചാരിച്ചുനോക്കാൻ സാധിച്ചിട്ടില്ല.
[11] ഒരു മഹാനായ ഗ്രീസ്സുകാരൻ തത്ത്വജ്ഞാനി പാശ്ചാത്യസപ്തർഷികളിൽ ഒരാൾ ഗ്രീസ്സിലെ ഗണിത ശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും സാക്ഷാത്തായ ക്ഷേത്രഗണിതത്തിന്റെയും കർത്താവു് (ക്രി.മു 640-646).
[12] ത്രാപ്പിലെ സന്ന്യാസിമഠം സുപ്രസിദ്ധമാണു്. ഭരണപരിവർത്തനകാലത്തു് ഇതും തകരാറായെങ്കിലും, വീണ്ടും ജീവിച്ചു ഇപ്പോൾ ഈ സ്ത്ഥാപനം ഫ്രാൻസു്, ഇംഗ്ലണ്ടു്, ജർമ്മനി, ഐർലാണ്ടു്, അമേരിക്ക എന്നീ എല്ലായിടത്തുമുണ്ടു്. ഈ സ്ത്ഥാപനത്തിൽപ്പെട്ട മതാചാര്യന്റെ വ്രതം ബഹുകഠിനമാണു്; പ്രാർത്ത്ഥിക്കുമ്പോളൊഴികെ മിണ്ടാൻ പാടില്ല; ബ്രഹ്മചര്യം വേണം; പതിനൊന്നു മണിക്കൂർ നേരം ദിവസംപ്രതി പ്രാർത്ത്ഥിക്കണം, മറ്റും മറ്റും.
[13] ഒരു റോമൻ മഹാകവിയും തത്ത്വജ്ഞാനിയും.
[14] ഒരു മഹാനായ ജർമ്മൻപണ്ഡിതൻ. ഗണിതശാസ്ത്രവിദഗ്ധൻ: ന്യൂട്ടന്റെ എതിരാളി, അനവധി തത്ത്വശാസ്ത്രഗ്രന്ഥങ്ങളുടെ കർത്താവ്.