images/hugo-18.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.2.1
തെണ്ണൂറ്റിരണ്ടു വയസ്സും മുപ്പത്തിരണ്ടു പല്ലും

റ്യു ബുഷെറയിലും റ്യു ദു് നോർമന്ദിയിലും റ്യു ദു് സാങ്തോങ്ഷിലും തിരിഞ്ഞു നോക്കിയാൽ മൊസ്സ്യു ഗിൽനോർമാൻ എന്നു പേരായ ഒരു കൊളളാവുന്ന മനുഷ്യനെപ്പററി ഓർമിക്കുന്നവരും ഇഷ്ടത്തോടുകൂടി സംസാരിക്കുന്നവരുമായ ചില പഴമക്കാർ ഇന്നുമുണ്ടു്. ഇവർ ചെറുപ്പക്കാരായിരിക്കുമ്പോൾ അദ്ദേഹം വയസ്സനാണു്. ഭൂതകാലമെന്നു പറയപ്പെടുന്ന ആ മങ്ങിയ നിഴൽക്കൂട്ടത്തെപ്പററി കുണ്ഠിതത്തോടുകൂടി കരുതിപ്പോരുന്നവരെസ്സംബന്ധിച്ചേടത്തോളം, ആ ആകൃതിവിശേഷം, ഇന്നത്തെപ്പോലെതന്നെ പതിന്നാലാമൻ ലൂയിയുടെ കാലത്തു ഫ്രാൻസിലെ എല്ലാ സംസ്ഥാനങ്ങളുടേയും പേരുകൾ കൂട്ടിക്കെട്ടിയിരുന്ന തെംപ്ലീന്റെ— പുതിയ തിവോലിപ്രദേശത്തുളള തെരുവുകൾക്കു യൂറോപ്പിലെ തലസ്ഥാനനഗരികളുടെ പേരുകൾ കിട്ടി; കൂട്ടത്തിൽ പറയട്ടെ, അഭിവൃദ്ധിയെ കാണാവുന്ന ഒരു കാലഗതി—പരിസരപ്രദേശത്തുനിന്നു തീരെ മാഞ്ഞുകഴിഞ്ഞിട്ടില്ല.

ക്രിസ്ത്വാബ്ദം 1831–ൽ കഴിവുള്ളേടത്തോളം ചുറുചുറുക്കോടുകൂടിത്തന്നെയിരുന്ന മൊസ്സ്യു ഗിൽനോർമാൻ, അനവധി കാലം ജീവിച്ചു എന്ന കാരണം കൊണ്ടു മാത്രം നോക്കിക്കാണാൻ കൌതുകം തോന്നിക്കുന്ന ചില സത്ത്വങ്ങളായിത്തീർന്നവരും, ഒരുകാലത്തു് എല്ലാവരെപ്പോലെയുമിരുന്നു് ഇന്നു് ഒരാളെപ്പോലെയുമല്ലാതായതുകൊണ്ടു് അസാധാരണന്മാരുമായ മനുഷ്യരിൽപ്പെട്ട ഒരാളാണു്. അദ്ദേഹം അപൂർവമട്ടിലുളള ഒരു വൃദ്ധനായിരുന്നു; വാസ്തവത്തിൽ, മറ്റൊരു പുരുഷാന്തരത്തിലെ ഒരാൾ—വലിയ പ്രഭുക്കന്മാർ പ്രഭുസ്വത്തുക്കളെ എന്നപോലെ അത്രയും അഭിമാനത്തോടുകൂടി തങ്ങളുടെ പഴമയേറിയ നാടുവാഴിത്തത്തെ വഹിച്ചുപോന്നിരുന്ന ആ പണ്ടത്തെ പതിനെട്ടാംനൂററാണ്ടിലെ ഒരു തികഞ്ഞ നാടുവാഴി, അദ്ദേഹത്തിനു വയസ്സു തൊണ്ണൂറു കടന്നു: നിവർന്നു നടക്കും; ഉറക്കെ സംസാരിക്കും; സൂക്ഷ്മമായി നോക്കിയറിയും; നല്ല കുടി കുടിക്കും; ഭക്ഷിക്കും,; ഉറങ്ങും; കൂർക്കം വലിക്കും. പല്ലു മുപ്പത്തിരണ്ടുമുണ്ടു്. വായിക്കുമ്പോൾ കണ്ണടവെക്കുമെന്നു മാത്രം. അദ്ദേഹം സ്ത്രീഭ്രാന്തനാണു്; പക്ഷേ, ഒരു പത്തുകൊല്ലമായിട്ടു, സ്ത്രീവിഷയം തികച്ചും ദൃഢമായും ഉപേക്ഷിച്ചിരിക്കുന്നു എന്നാണു് പറയാറു്. ‘ഇനി അവരെ തൃപ്തിപ്പെടുത്താൻ സാധിക്കില്ല.’ അദ്ദേഹം പറയും. ‘എനിക്കു വയസ്സായി.’ എന്നു തുടർന്നു പറയാറില്ല; ഇത്രമാത്രം: ‘ഞാൻ ദരിദ്രനായിപ്പോയി.’ അയാൾ പറഞ്ഞു: ‘ഞാൻ ദീപാളി പിടിച്ചില്ലെങ്കിൽ—ഹി, ഹി, ഹി! വാസ്തവത്തിൽ, അയാളുടെ കൈയിൽ ബാക്കി ഏകദേശം കൊല്ലത്തിൽ ഒരു പതിനയ്യായിരം ഫ്രാങ്ക് കിട്ടുന്ന മുതലേ ഉളളു. ആരോ മരിച്ചു തന്റെ ഉപപത്നിമാർക്കു കൊടുക്കാൻ ഒരു ലക്ഷം ലീവർ വരവുളള സ്വത്തു കൈവശത്തിലാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശ. വായനക്കാർ ഇനി കാണുംപോലെ ആ മനുഷ്യൻ, വൊൾത്തെയരുടെ മാതിരി ജീവകാലം മുഴുവനും മരിച്ചുമരിച്ചുകൊണ്ടു കഴിയുന്ന ആ ഒരുതരം ‘ഊതിയാൽ മുറിയുന്ന’ തൊണ്ണൂറാന്മാരിൽപ്പെട്ട ആളല്ല; ഒരുടഞ്ഞ ചട്ടിയുടെ ദീർഘായുസ്സല്ല അദ്ദേഹത്തിന്റേതു്; ഈ നേരംപോക്കുകാരൻ കിഴവന്നു് എന്നും നല്ല ആരോഗ്യമുണ്ടായിരുന്നു. അദ്ദേഹം കഴമ്പില്ലാത്തവനും ദ്രുതഗതിക്കാരനും ക്ഷണത്തിൽ ശുണ്ഠിയെടുക്കുന്നവനുമായിരുന്നു. കണ്ടതിനുനേരെയൊക്കെ അദ്ദേഹം ശണ്ഠകൂടും; മിക്കപ്പോഴും അതു തീരെ അസ്ഥാനത്തായിരിക്കും. എതിർപറഞ്ഞാൽ വടിയെടുത്തു; പണ്ടത്തെ മാതിരി അദ്ദേഹം ആളുകളെ പിടിച്ചടിക്കും.അദ്ദേഹത്തിനു് അമ്പതുവയസ്സു കഴിഞ്ഞ ഒരു മകളുണ്ടു്; അപരിണീതയാണു്; അവളെ അദ്ദേഹം ദേഷ്യംവന്നാൽ നാവുകൊണ്ടു നല്ല കണക്കിൽ ‘പൊതുക്കും;’ ചാട്ടവാർപ്രയോഗംതന്നെ ചെയ്താൽ കൊളളാമെന്നുണ്ടു്. അവൾ ഒരെട്ടു വയസ്സുളള കുട്ടിയാണെന്നേ ആ വൃദ്ധന്നു ഭാവമുളളു. ‘എട, കളള!’ എന്നും പറഞ്ഞ് അദ്ദേഹം ഭൃത്യരുടെ ചെകിടത്തു് അസ്സലടിയടിക്കും; ചില സമയത്തു പെട്ടെന്നു് അദ്ദേഹത്തിനു് എന്തെന്നില്ലാത്ത ഒരു ശാന്തത കയറും; ഭ്രാന്തനും മൊസ്സ്യുഗിൽനോമാനനു തന്റെ സുന്ദരിയും പകിട്ടുകാരിയുമായ ക്ഷുരകക്കാരി ഭാര്യയുമായി എന്തോ അടുപ്പമുണ്ടെന്നു ശങ്കിച്ച് ഉളളിൽ ദ്വേഷ്യം വെച്ചിരിക്കുന്നവനുമായ ഒരു ക്ഷുരകനെക്കൊണ്ടുമാത്രമേ അദ്ദേഹം ക്ഷൌരം ചെയ്യിക്കൂ. എല്ലാ കാര്യത്തിലും തനിക്കുളള ബുദ്ധിസാമർഥ്യത്തെപ്പററി അദ്ദേഹത്തിനു വലിയ ബഹുമാനമാണു്; വലിയ സൂത്രക്കാരനാണു് താൻ എന്നദ്ദേഹം പറയാറുണ്ടു്; ഇതദ്ദേഹത്തിന്റെ ഒരു വാക്കാണു്; ‘വാസ്തവത്തിൽ എനിക്കല്പം സൂക്ഷ്മബുദ്ധിയുണ്ടു്; ഒരീച്ച എന്നെ കടിക്കുമ്പോൾ, അതേതു സ്ത്രീയിൽനിന്നാണു് വന്നിട്ടുളളതെന്നു് എനിക്കു പറയാൻ കഴിയും.’

ഏററവുമധികം പ്രാവശ്യം അദ്ദേഹം പറയാറുളള വാക്കുകൾ ഇവയാണു്. ബുദ്ധിമാൻ, പ്രകൃതി. നമ്മുടെ കാലത്തുണ്ടായിത്തീർന്നിട്ടുളള ആ വലിയ സ്ഥിതിയൊന്നും ഈ രണ്ടാംവാക്കിനു് അദ്ദേഹം സങ്കല്പിച്ചിട്ടില്ല; എങ്കിലും തന്റെ സമ്പ്രദായത്തിൽ, അതിനെ അദ്ദേഹം ഭക്ഷണസ്ഥലത്തിരുന്നുളള വെടിപറയലുകളിലേക്കു പ്രവേശിപ്പിച്ചിരുന്നു: ‘പരിഷ്കാരത്തിനു സർവത്തിന്റേയും ചിലതു കിട്ടിക്കാൻവേണ്ടി നേരംപോക്കുളള കാടത്തരത്തിന്റെ ചില മാതൃകകളേയും പ്രകൃതി അതിനു സമ്മാനിക്കുന്നു. ഏഷ്യയുടേയും ആഫ്രിക്കയുടേയും ഓരോ ചുരുങ്ങിയ നിലയിലുളള മാതൃകകൾ യുറോപ്പിലുണ്ടു്. പൂച്ച ഒരിരിപ്പറനരിയാണു്; ഓന്തു് ഒരു കീശച്ചീങ്കണ്ണിയാണു്. സംഗീതനാടകശാലയിലെ നർത്തകികൾ മോടിയിലുളള കാട്ടാളപ്പെണ്ണുങ്ങളാണു്. അവർ പുരുഷന്മാരെ തിന്നുന്നില്ല, കടിച്ചു ചവയ്ക്കുന്നു; അല്ലങ്കിൽ, അവർ, ആഭിചാരപ്പണിക്കാരികളായതുകൊണ്ടു, പുരുഷന്മാരെ കക്കകളായി രൂപാന്തരപ്പെടുത്തി, എടുത്തു വിഴുങ്ങുന്നു. നരഭുക്കുകൾ എല്ലു മാത്രമേ ബാക്കിയിടൂ; ഇവർ തൊണ്ടു മാത്രം. ഇങ്ങനെയാണു് നമ്മുടെ സദാചാരത്തിന്റെ നില. നമ്മൾ വിഴുങ്ങുകയില്ല, കാര്യം; നമ്മൾ ഉന്മൂലനം ചെയ്യുന്നില്ല. കൊത്തിപ്പറിക്കുന്നു.’

3.2.2
വീട്ടുടമസ്ഥനെങ്ങനെ, അങ്ങനെയിരിക്കും വീട്

അദ്ദേഹത്തിന്റെ താമസം മറെയിൽ റ്യു ദെ ഫിൽ ദ്യു കൽവേറിൽ 6–ആം നമ്പർ ഭവനത്തിലാണു്. സ്വന്തം വീടാണു്. ഇപ്പോൾ ഈ വീടു മാററപ്പണിയപ്പെട്ടിരിക്കുന്നു; പാരിസ്സിലെ തെരുവുകൾക്കുണ്ടാകാറുളള വീട്ടുമ്പറുകളുടെ പരിവർത്തനത്തിൽ അതിന്റേയും എണ്ണം മാറിയിരിക്കണം. തെരുവിനും തോട്ടത്തിനും നടുക്കുളള ഒന്നാംനിലയിലെ പഴയതും വിസ്താരമേറിയതുമായ ഒരു മുറിയാണു് അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നതു്; അതിൽ തട്ടുവരെ നാട്ടുപുറക്കാഴ്ചകളെ ക്ഷണിക്കുന്ന ചിത്രത്തീരശ്ശീലകളെക്കൊണ്ടു് അലങ്കരിച്ചിരുന്നു; തട്ടുകളിലേയും കണ്ണാടിച്ചട്ടകളിലേയും, ചിത്രങ്ങളുടെ വിഷയങ്ങൾ ചുരുങ്ങിയനിലയിൽ ചാരുകസാലകളിന്മേലും ആവർത്തിച്ചിട്ടുണ്ടു്. കൊറെമാണ്ടൽ പ്രദേശത്തുളള പട്ടുതുണികൊണ്ടുണ്ടാക്കിയതും പരപ്പുകൂടിയതുമായ ഒരു ഒമ്പതു മടക്കുമറകൊണ്ടു കട്ടിൽ മൂടിയിരുന്നു. നീണ്ടതും എല്ലായിടത്തുമെത്തുന്നതുമായ മറശ്ശീല ജനാലകളിൽ തൂക്കിയിട്ടുണ്ടു്; വളരെ അന്തസ്സിലുളള വലുതും വിധംമാറുന്നതുമായ പല ഞെറിയും അതുണ്ടാക്കിയിരുന്നു. അദ്ദേഹത്തിന്റെ ജനാലയ്ക്കൽനിന്നു തൊട്ടുകൊണ്ടുതന്നെ തുടങ്ങുന്ന തോട്ടം വീട്ടിൻമൂലയ്ക്കലുളള ഒരു ജനാലയോടു പത്തോ പതിനഞ്ചോ ഒതുക്കുളള ഒരു കല്ക്കോണിയാൽ സംബന്ധിക്കപ്പെട്ടിരിക്കുന്നു; ആ കോണിയിലൂടെ നമ്മുടെ മാന്യവൃദ്ധൻ ബഹുവേഗത്തിൽ ഇറങ്ങുകയും കയറുകയും ചെയ്യും. സ്വന്തം അറയോടു ചേർന്നുളള ഒരു ഗ്രന്ഥമുറിക്കു പുറമേ, അദ്ദേഹത്തിനു് ഒരു മണിമച്ചുകൂടിയുണ്ടു്; അതിനെപ്പററി ആ വൃദ്ധനു വലിയ അഭിമാനമാണു്; പതിന്നാലാമൻ ലൂയിയുടെ തണ്ടുവലിശ്ശിക്ഷാസ്ഥലത്തുണ്ടാക്കിയവയും മൊസ്സ്യു ദു് വിവൊന്നു് തന്റെ ഗൂഢപത്നിക്കുവേണ്ടി സ്വന്തം തടവുപുള്ളികളോടു വാങ്ങിച്ചവയമായ പുഷ്പാദ്യലങ്കാരപ്പണി നിറഞ്ഞ വയ്ക്കോൽത്തോരണങ്ങളോടുകൂടി മോടിയിലും അന്തസ്സിലുമുളള ഒരു വിശ്രമസ്ഥലമായിരുന്നു അതു്. നൂറു വയസ്സു ചെന്നു മരിച്ച ഒരമ്മയിൽനിന്നു് അതു മൊസ്സ്യു ഗിൽനോർമാന്റെ കൈയിൽ വന്നുചേർന്നു. അദ്ദേഹത്തിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സമ്പ്രദായം താൻ ഒരു കാലത്തുമായിട്ടില്ലാത്ത രാജസേവകന്റേയും, താൻ ആയേയ്ക്കാവുന്ന വക്കീലിന്റേയും സ്വഭാവം കൂടിച്ചേർന്നതാണു്. അദ്ദേഹം വിഷയലമ്പടനായിരുന്നു; വേണമെന്നു തോന്നിയാൽ സ്ത്രീകളെ നല്ലവണ്ണം ലാളിക്കുന്നവനുമാണു്. ഒരുമിച്ചുതന്നെ, ഭൂമിയിലുളള ഭർത്താക്കന്മാരിൽവെച്ച് ഏററവും വലിയ ദുശ്ശാഠ്യക്കാരും കാമുകന്മാരിൽവെച്ച് ഏററവും വലിയ രസികന്മാരുമായതുകൊണ്ടു്, ഭാര്യമാരാൽ എപ്പോഴും വഞ്ചിക്കപ്പെടുന്നവരും ഉപപത്നിമാരാൽ ഒരിക്കലും വഞ്ചിക്കപ്പെടാത്തവരുമായി ചിലരുളളതിൽ ഒരാളായിരുന്നു ചെറുപ്പത്തിൽ അദ്ദേഹം. ചിത്രമെഴുത്തിൽ അദ്ദേഹം ഒരു ഗുണദോഷജ്ഞനാണു്, തോന്നിയപോലെയും മിശ്രമായ വിധത്തിലും പലേപൊടിപ്പും തൊങ്ങലുംവെച്ച് ഏതു നിസ്സാരഭാഗവും തെളിയിച്ചു കാണിച്ചു ഴൊർഭേങ് എഴുതിയിട്ടുളള ഒരജ്ഞാതമനുഷ്യന്റെ അസാധാരണ ഛായാപടം അദ്ദേഹത്തിന്റെ മുറിയിൽ തൂക്കിയിട്ടുണ്ടു്. മൊസ്സ്യു ഗിൽനോർമാന്റെ ഉടുപ്പു പതിന്നാലാമൻ ലൂയിയുടെ മട്ടിലുളളതോ പതിനാറാമൻ ലൂയിയുടെ സമ്പ്രദായമനുസരിച്ചോ അല്ല; അതു നായകസഭയിലെ ഒരു സവിശേഷാംഗത്തിന്റെ രീതി പിടിച്ചുണ്ടാക്കിയതാണു്. ആ സഭയുടെ കാലംവരെ അദ്ദേഹം തനിക്കു ചെറുപ്പമാണെന്നു സങ്കല്പിച്ചു, പരിഷ്കൃതമട്ടുകളെ പിൻതുടർന്നുപോന്നു. അദ്ദേഹത്തിന്റെ കുപ്പായം നേരിയ തുണികൊണ്ടുണ്ടാക്കിയതും ഉൾവിസ്താരമുളള കീശകളോടുകൂടിയതും ഒരു നീണ്ട വാൽവെട്ടുളളതും വലിയ ഇരിമ്പുകുടുക്കുകൾ വെച്ചുപിടിപ്പിച്ചതുമാണു്. അതോടുകൂടി ചെറുകാലുറകളും പട്ടപ്പൂട്ടുപപ്പാസ്സുകളും അദ്ദേഹം ധരിച്ചിരുന്നു. എപ്പോഴും അദ്ദേഹം കൈ രണ്ടും കുപ്പായക്കീശകളിൽ തിരുകിയിരിക്കും. അദ്ദേഹം അധികാരപൂർവം പറയാറുണ്ടു്. ‘ഫ്രാൻസിലെ ഭരണപരിവർത്തനം തെമ്മാടികളുടെ ഒരു ചന്തയാണു്.’

3.2.3
കൊച്ചുവിരുതൻ

പതിനാറു വയസ്സുള്ളപ്പോൾ, സംഗീതനാടകശാലയിൽ ഒരു കളിദിവസം രാത്രി, ഒരേ സമയത്തു രണ്ടു സുന്ദരിമാരാൽ-വോൾത്തെയറാൽ പുകഴ്ത്തിപ്പാടപ്പെട്ടവരും പ്രൗഢിയും പ്രസിദ്ധിയുള്ളവരുമായ രണ്ടു സുന്ദരിമാരാൽ-കുഴൽക്കണ്ണാടികളിലൂടെ സൂക്ഷിച്ചുനോക്കപ്പെടുവാൻ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. രണ്ടു തീജ്വാലകൾക്കിടയിൽ കുടുങ്ങിപ്പോയപ്പോൾ അദ്ദേഹം ഒരു ചെറുപ്പക്കാരിയായ നർത്തകിയുടെ-ഹ്രസ്വഗാത്രിയും തന്നെപ്പോലെത്തന്നെ പതിനാറു വയസ്സുള്ളവളും ഒരു പൂച്ചയെപ്പോലെ ഒതുങ്ങിയവളുമായി നയേന്ദ്രി എന്ന ഒരാട്ടക്കാരിയുടെ-അടുക്കലേക്കു സധൈര്യം ഒരോട്ടം കൊടുത്തു; അവളുടെ മേൽ അദ്ദേഹത്തിന്നനുരാഗമുണ്ടായിരുന്നു. അദ്ദേഹത്തിനു പൂർവസ്മരണപറയൽ ലഹളയാണു്. ഇങ്ങനെ ഇടയ്ക്കൊക്കെ പറഞ്ഞുകേൾക്കാം: ‘അവൾ എന്തൊരു ചന്തക്കാരിയാണ്-ആഗിമാർ-ഗിമാർദിനി-ഗിമാർദിനെത്തു്; ഒടുവിൽ ഞാൻ അവളെ ലോൻഷായിൽവെച്ചു കണ്ടസമയത്തു, ഹാ, നിലനിർത്തിപ്പോരുന്ന വികാരങ്ങളായിച്ചുരുണ്ട അവളുടെ തലമുടിയും, വന്നോളു-കണ്ടോളു എന്നുള്ള അവളുടെ നോട്ടങ്ങളും, പുതുതായി വന്നവയുടെ നിറത്തിലുള്ള അവളുടെ ഉടുപ്പും, അവളുടെ ചെറിയ ലഹളക്കാരൻ കൈയുറയും ’യൗവനകാലത്തു് അദ്ദേഹം ഒരുതരം ശീലകൊണ്ടുള്ള ഉൾക്കുപ്പായമിട്ടിരുന്നു! അതിനെപ്പറ്റി പ്രസംഗിക്കുന്നതു് വലിയ ഇഷ്ടമാണു്. ‘ഞാൻ ഒരു തുർക്കിക്കാരന്റെ വേഷത്തിലായിരുന്നു അന്നു്.’ അദ്ദേഹം പറയും, ഒരിരുപതു വയസ്സുള്ളപ്പോൾ അദ്ദേഹത്തെ യദൃച്ഛയാ കണ്ടുമുട്ടിയ മദാം ദു് ബുഫ്ളർ ‘ഒരു രസികൻ’ എന്നാണു് വിവരിച്ചിട്ടുള്ളതു്. രാജ്യതന്ത്രവിഷയത്തിലും രാജ്യഭരണവിഷയത്തിലും പൊന്തിനില്ക്കുന്ന പരുകളെയെല്ലാം അദ്ദേഹത്തിനു ബഹുപുച്ഛമാണു്. അദ്ദേഹം പത്രങ്ങൾ-ഗജട്ടുകൾ എന്നാണു് പറയാറ്-വായിക്കും; അതൊക്കെ താനേ പൊട്ടിപ്പുറപ്പെടുന്ന ചിരി അമർത്തുംകൊണ്ടാണു്. അദ്ദേഹം പറയും, ‘എന്തു കൂട്ടരാണിവരൊക്കെ കാസിമിർ പെറിയേ! ഇതാ നിങ്ങൾക്കൊരു മന്ത്രി. ഇതൊരു പത്രത്തിൽ കണ്ടേയ്ക്കാമെന്നു തോന്നാറുണ്ടു്; ‘മൊസ്സ്യുഗിൽ, നോർമൻ, മന്ത്രി!’ അതൊരു പൊറാട്ടുകളിയായിരിക്കും. ശരി! അതുമുണ്ടാവും-അവർ അത്ര വിഡ്ഢികളാണു്;’ നേരംപോക്കിൽ അദ്ദേഹം എന്തിനേയും ഓരോ പേർ വിളിക്കും-സഭ്യമായാലും ശരി, അസഭ്യമായാലും ശരി; സ്ത്രീകളുണ്ടായതുകൊണ്ടു് അദ്ദേഹം ലേശമെങ്കിലും കൂസാറില്ല. അസഭ്യങ്ങളായ പ്രസംഗങ്ങളും, കന്നത്തരങ്ങളും, വികൃതിത്തങ്ങളും ഒരുതരം ശാന്തതയോടുകൂടിയും യാതൊരു ഭാവഭേദവുമില്ലാതെയും-അതു രസമുണ്ട്-അദ്ദേഹം തട്ടിമൂളിക്കും. അക്കാലത്തെ മര്യാദനോക്കായ്മയ്ക്ക് അതനുരൂപമാണു്. പദ്യത്തിൽ വൃഥാസ്ഥൂലതകൂടി കാലം ഗദ്യത്തിൽ അപാകത കാണുന്ന കാലമായിരിക്കുമെന്നു് ഓർമിക്കേണ്ടതാണു്. അദ്ദേഹത്തിന്റെ ‘തലതൊട്ട പിതാവു’ മൊസ്സ്യു ഗിൽനോർമാൻ ഒരതിബുദ്ധിമാനാവുമെന്നു ജ്യോതിഷം പറഞ്ഞിട്ടുണ്ടു്; ആ മാന്യവൃദ്ധൻ രണ്ടു് അസാധാരണപ്പേരുകൾ കുട്ടിക്കു സമ്മാനിച്ചു-കൊച്ചുവിരുതൻ.

3.2.4
നൂറുകൊല്ലത്തെ ആയുസ്സാഗ്രഹിക്കുന്നാൾ

അദ്ദേഹം ജനിച്ച മുലൊങ്ങിലെ സർവകലാശാലയിൽവെച്ചു കുട്ടിക്കാലത്തു സമ്മാനം വാങ്ങിയിട്ടുണ്ടു്; ഒരിക്കൽ ദ്യുക് ദു് നിവെർനേ-ദ്യുക് ദു് നെവർ എന്നേ ആദ്ദേഹം വിളിക്കൂ-അദ്ദേഹത്തെ കിരീടമണിയിക്കുകയുണ്ടായി. പ്രതിനിധിയോ ഗത്തിനാവട്ടേ, പതിനാറാമൻ ലൂയിയുടെ മരണത്തിനാവട്ടേ, നെപ്പോളിയനാവട്ടേ, ബുർബോങ് രാജകുടുംബത്തിന്റെ പുരോഗമനത്തിനാവട്ടേ, മറ്റെന്തൊന്നിനുമാവട്ടേ ഈ കിരീടധാരണത്തെക്കുറിച്ചുള്ള സ്മരണയെ അദ്ദേഹത്തിൽനിന്നു മാച്ചുകളയാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കണ്ണിനു ദ്യുക് ദു് നെവെറായിരുന്നു ആ നൂറ്റാണ്ടിലെ മഹാൻ. ‘എന്തൊരു രസികൻ പ്രമാണി.’ അദ്ദേഹം പറയും; ‘ആ നീലച്ചപട്ടുനാടയും കെട്ടി; എന്തന്തസ്സുണ്ടു് കാണാൻ!’

മൊസ്സ്യു ഗിൽനോർമാന്റെ അഭിപ്രായത്തിൽ, രണ്ടാം കതറീൻ പോളണ്ടു രാജ്യം ഭാഗിച്ചതുകൊണ്ടുള്ള പാപം, മുവ്വായിരം റൂബിൾ [1] നാണ്യം കൊടുത്തു ബെസ്തുകെഫിന്റെ കൈയിൽനിന്നു സ്വർണമുണ്ടാക്കാനുള്ള മരുന്നുകൂട്ടു മനസ്സിലാക്കിയതിൽ തീർന്നുപോയി. ഈ വിഷയത്തെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിനു് ഉശിരുപിടിക്കും; ‘പതിനെട്ടാംനൂറ്റാണ്ടിലെ കണ്ടുപിടിത്തം, സ്വർണമുണ്ടാക്കാനുള്ള മരുന്നു്, ബെസ്തുകെഫിന്റെ മഞ്ഞച്ചായം, ലമൊത് [2] ഉപയോഗിച്ച തുള്ളി-അരയൗൺസു് കുപ്പിക്ക് ഒരു ലൂയിനാണ്യം വിലയുള്ള ഇതാണു് അനുരാഗ സംബന്ധികളായ കഷ്ടപ്പാടുകളുടെ പ്രത്യൗഷധം, മദനവിഷത്തിനുള്ള ദിവ്യാമൃതം. പതിനഞ്ചാമൻ ലൂയി ആ മരുന്നു് ഇരുനൂറു കുപ്പി പോപ്പിന്നയച്ചുകൊടുത്തു.’ സ്വർണമുണ്ടാക്കാനുള്ള ആ ദിവ്യൗഷധം Perchloride of Iron എന്ന മരുന്നല്ലാതെ മറ്റൊന്നുമല്ലെന്നു് ആരെങ്കിലും പറഞ്ഞുകൊടുത്താൽ അദ്ദേഹത്തിനു ശുണ്ഠിപിടിച്ചു കലശലാവും. മൊസ്സ്യു ഗിൽനോർമാൻ ബുർബൊങ് രാജകുടുംബത്തെ ആരാധിച്ചിരുന്നു; 1789-ലെ ഭരണപരിവർത്തനത്തെപ്പറ്റി അദ്ദേഹത്തിനു വലിയ ഭയമാണു്; ആ അപകടകാലത്തു തലവെട്ടിപ്പോയിട്ടും ചാടി രക്ഷപ്പെടാൻ തനിക്ക് എന്തെല്ലാം നേരമ്പോക്കുകളും സാമർഥ്യങ്ങളുമാണു് പ്രയോഗിക്കേണ്ടിവന്നിട്ടുള്ളതെന്നു് അദ്ദേഹം എപ്പോഴും എടുത്താവർത്തിച്ചു പറയും. അദ്ദേഹത്തിന്റെ മുമ്പിൽവെച്ചു വല്ല ചെറുപ്പക്കാരും പ്രജാഭരണത്തെപ്പറ്റി പ്രശംസിച്ചു പറഞ്ഞുപോയാൽ ആ വൃദ്ധൻ വിളർത്തുപോവും; ദേഷ്യം സഹിച്ചുകൂടാഞ്ഞ് മോഹാലസ്യപ്പെടുകതന്നെ ചെയ്തു എന്നു വരും. അദ്ദേഹം ചിലപ്പോൾ തന്റെ തൊണ്ണൂറാം വയസ്സിനെപ്പറ്റി പറയും: ‘ആയിരത്തെഴുനൂറ്റി തൊണ്ണൂറ്റിമൂന്നു രണ്ടു പ്രാവശ്യം കാണാൻ എനിക്കു സംഗതി വരില്ലെന്നു ഞാനാശിക്കുന്നു.’ ഈ സന്ദർഭങ്ങളിൽ, നൂറു വയസ്സുവരെ താൻ ജീവിച്ചിരിക്കാൻ ഭാവമുണ്ടെന്നു് അദ്ദേഹം ആളുകളോടു പതുക്കെ സൂചിപ്പിക്കാറുണ്ടു്.

കുറിപ്പുകൾ

[1] ഒന്നര ഉറുപ്പിക വിലയ്ക്കുള്ള ഒരു റഷ്യൻനാണ്യം.

[2] ഒരു ജർമ്മൻ ഭടനും കവിയും കഥാകാരനും.

3.2.5
ബസ്കും നിക്കൊലെത്തും

അദ്ദേഹത്തിനു ചില സിദ്ധാന്തങ്ങളുണ്ടു്. അവയിൽ ഒന്നിതാണു്; ‘ഒരു പുരുഷന്നു സ്ത്രീകളുടെമേൽ കലശലായ ഇഷ്ടമുണ്ടായിരിക്കയും, ആ സമയത്തുതന്നെ തനിക്കു തീരെ പ്രതിപത്തിയില്ലാത്തവളും, കൊള്ളരുതാത്തവളും, ശുണ്ഠിക്കാരിയും, അധികാരക്കാരിയും, ധാരാളം അവകാശം പറയാനുള്ളവളും, എപ്പോഴും സ്മൃതിയിന്മേൽ പിടിച്ചുനില്ക്കുന്നവളും, ആവശ്യംപോലെ സാപത്ന്യം ഭാവിക്കുന്നവളുമായ ഒരു ഭാര്യ അയാൾക്കുണ്ടായിരിക്കുകയും ചെയ്യുന്നപക്ഷം ആ വിഷമസ്ഥിതിയിൽ നിന്നു തല വീണ്ടെടുത്തു സമാധാനത്തോടുകൂടി കഴിയാറാവാൻ ഒരൊറ്റ മാർഗമുണ്ടു്: പണസ്സഞ്ചിയുടെ ചരടു ഭാര്യയുടെ കൈയിൽ കൊടുക്കുക. ഈ സ്ഥാനത്യാഗം അയാളെ സ്വതന്ത്രനാക്കും. പിന്നെ അവൾക്ക് എപ്പോഴും പണിയായി. ബഹുരസത്തിൽ നാണ്യങ്ങളെണ്ണിക്കൂട്ടുന്നു, അതിനിടയിൽ വിരൽത്തുമ്പത്തു കറ പിടിപ്പിക്കുന്നു. പകുതിപ്പണം മുടക്കിയ കുടിയാന്മാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നു, കൃഷിക്കാരെ പ്രവൃത്തി പഠിപ്പിക്കുന്നു, വക്കീൽമാരുടെ സഭ കൂട്ടുന്നു, ആധാരം സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്മാരുടെ സഭയ്ക്ക് ആധ്യക്ഷ്യം വഹിക്കുന്നു. ആധാരമെഴുത്തുകാരോടു പ്രസംഗം ചെയ്യുന്നു, ഉദ്യോഗസ്ഥന്മാരെ ചെന്നു കാണുന്നു, വ്യവഹാരങ്ങൾ നടത്തുന്നു, പാട്ടത്തിനേല്പിക്കുന്നു, കരാറുകൾ ചെയ്യിക്കുന്നു, സർവാധികാരങ്ങളും തനിക്കാണെന്നു ഭാവിക്കുന്നു, വില്ക്കുന്നു, വാങ്ങുന്നു, ശരിപ്പെടുത്തുന്നു, വാഗ്ദാനം ചെയ്യുന്നു, രാജിയാക്കുന്നു, സന്ധിപ്പിക്കുന്നു, സന്ധിയില്ലാതാക്കുന്നു, സേവയ്ക്കു നില്ക്കുന്നു, വഴിപ്പെടുന്നു, മുഷിയുന്നു, വ്യവസ്ഥപ്പെടുത്തുന്നു, തകരാറാക്കുന്നു, നിധി വെക്കുന്നു, ചെലവഴിക്കുന്നു; അവൾ വിഡ്ഢിത്തങ്ങൾ കാണിക്കുന്നു-അവരവർക്കു ബഹുരസമുള്ള കാര്യം: അതവളെ ആശ്വസിപ്പിക്കുന്നു. ഭർത്താവുതന്നെ നിസ്സാരമാക്കിത്തള്ളിയതിനു ഭർത്താവിനെ താൻ ദീപാളി പിടിപ്പിക്കുന്നുണ്ടെന്നു് അവൾക്കു സന്തോഷിക്കാം.’ ഈ സിദ്ധാന്തമനുസരിച്ച് അദ്ദേഹംതന്നെ നടന്നുനോക്കി; അതദ്ദേഹത്തിന്റെ ചരിത്രമായിത്തീർന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമത്തേതു്, കൈകാര്യം നടത്തി നടത്തി, അവൾ മരിച്ചിട്ടു് ഒരു ശുഭദിവസത്തിൽ കണക്കുനോക്കിയപ്പോൾ കഷ്ടിച്ചു ചെലവിനുള്ളതേ ബാക്കിയുള്ളൂ എന്ന ദിക്കായി; ആകെയുള്ള സ്വത്തു മുഴുവനുംകൂടി കൊല്ലത്തിൽ പതിനയ്യായിരം ഫ്രാങ്ക് മാത്രം വരവുള്ള ഒരു സംഖ്യയായി കലാശിച്ചു; അതുതന്നെ അദ്ദേഹത്തിന്റെ കാലാവസാനത്തോടുകൂടി മുക്കാലും ഊർദ്ധ്വൻവലിക്കും. ഈ ഒടുവിൽ പറഞ്ഞതുകൊണ്ടു് അദ്ദേഹം അമ്പരന്നില്ല; പിന്നെയ്ക്കു കുറെ സമ്പാദിച്ചുവെക്കണമെന്നു് അദ്ദേഹത്തിനു പരിഭ്രമമില്ലായിരുന്നു. എന്നല്ല, പൂർവികസ്വത്തു നിലനിന്നുപോരാൻ പ്രയാസമാണെന്നു് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടു്; അതു രാജ്യസ്വത്തായിത്തീരുന്നു. ഭരണാധികാരികളുടെ വാഗ്ദാനം പല അവതാരങ്ങളും കഴിച്ചുകൂട്ടിക്കണ്ടിട്ടുള്ളതുകൊണ്ടു് അദ്ദേഹത്തിനു ഗവർമ്മെണ്ടുകടത്തിന്റെ വിവരണഗ്രന്ഥത്തിൽ വലിയ വിശ്വാസമില്ല. അദ്ദേഹം പറയും: ‘അതൊക്കെ പൊറാട്ടുനാടക സ്ഥലമാണു്.’ അദ്ദേഹത്തിന്റെ താമസസ്ഥലം സ്വന്തമാണെന്നു ഞങ്ങൾ മുൻപുതന്നെ പറഞ്ഞുവല്ലോ. അവിടെ ഭൃത്യജനങ്ങളായി രണ്ടുപേരുണ്ട്-ഒരാണും, ഒരു പെണ്ണും. ഒരു ഭൃത്യൻ പാർക്കാൻ വന്നാൽ ഉടനെ അദ്ദേഹം അവനെ പുതുതായി ജ്ഞാനസ്നാനം ചെയ്യിക്കും. ഭൃത്യന്മാർക്കെല്ലാം അവരവരുടെ രാജ്യപ്പേരിടും-നിമ്വ, കൊന്ത്വ, പ്വാത്വെൻ, പിക്കാർ. അദ്ദേഹത്തിന്റെ ഒടുവിലത്തെ പരിചാരകൻ തടിച്ച്, വാർത്തുണ്ടാക്കപ്പെട്ടപോലെ, ഒച്ച നേർത്തു്, ഏറിയാൽ ഇരുപതടി ഓടാൻ വയ്യാത്ത അമ്പത്തഞ്ചു വയസ്സുള്ള ഒരാളായിരുന്നു; പക്ഷേ, ആ മനുഷ്യന്റെ ജനനം ബയോന്നിലായിരുന്നതുകൊണ്ടു്, അദ്ദേഹം അയാൾക്കു ബസ്ക് എന്നു പേരിട്ടു. അവിടെ താമസിച്ചിട്ടുള്ള ഭൃത്യന്മാർക്കെല്ലാം നിക്കൊലത്തെന്നായിരിക്കും വിളിക്കുന്ന പേർ. ഇനി നമ്മൾ അറിയാൻപോകുന്ന മഞോവിനും അതുതന്നെ. ഒരു ദിവസം ഒരഹങ്കാരമേറിയ വെപ്പുപണിക്കാരി പാർക്കാൻ വന്നു മുഖം കാണിച്ചു. ‘മാസത്തിൽ നിങ്ങൾക്ക് എന്തു ശമ്പളം കിട്ടണം?’ മൊസ്സ്യു ഗിൽനോർമാൻ ചോദിച്ചു. ‘മുപ്പതു ഫ്രാങ്ക്.’ പേരെന്താണു്?’ ‘ഒലിംപിയെ.’ ‘നിങ്ങൾക്ക് അമ്പതു ഫ്രാങ്ക് കിട്ടും; പേർ നിക്കൊലെത്തെന്നാവും.’

3.2.6
ഇതിൽ മഞോവിനെയും അവളുടെ രണ്ടു സന്താനങ്ങളേയും കാണാം

മൊസ്സ്യു ഗിൽനോർമാന്റെ കാര്യത്തിൽ ദുഃഖം ക്രോധമായി മാറും; നിരാശതയിൽ പെട്ടാൽ പിന്നെ അദ്ദേഹത്തിനു ബഹുശുണ്ഠിയായി. ആ വൃദ്ധന്നു് എല്ലാ വിധം ദുശ്ശാഠ്യങ്ങളുമുണ്ടു്; എല്ലാവിധം ദുഃസ്വാതന്ത്ര്യങ്ങളും കാണും. അകത്തും പുറത്തും അദ്ദേഹത്തിനു സന്തോഷവും സമാധാനവുമുണ്ടാക്കുന്ന സംഗതികളിൽ ഒന്നു്, ഞങ്ങൾ മുൻപു് പറഞ്ഞിട്ടുള്ളതുപോലെ, താൻ എപ്പോഴും ഒരു ചൊടിയുള്ള ആൺകുട്ടിയായിരിക്കുന്നുവല്ലോ എന്നുള്ളതാണു്; ആ ഒരു നിലയിൽത്തന്നെയാണു് അദ്ദേഹത്തിന്റെ പെരുമാറ്റവും. ഇതിനെ അദ്ദേഹം ‘രാജകീയബഹുമതി’ എന്നാണു് പറയാറു്. ഈ രാജകീയബഹുമതി ചിലപ്പോൾ വല്ലാത്ത തകരാറുകളെയൊക്കെ തലയ്ക്കു വലിച്ചിടും. ഒരു ദിവസം, ഒരു കൊട്ട കക്കപോലെ, തടിച്ചു വല്ലാത്ത നിലവിളി കൂട്ടുന്ന ഒരു പിഞ്ചുകുട്ടിയെ കൊട്ടയിലിട്ടു്, അഞ്ചാറുമാസം മുൻപു് അവിടെനിന്നു താമസം മാറ്റിപ്പോയ ഒരു ദാസിപ്പെണ്ണു്, അതു് അദ്ദേഹത്തിന്റെ കുട്ടിയാണെന്നും പറഞ്ഞു, കൊണ്ടുവന്നു കാഴ്ചവെച്ചു. അക്കാലത്തു മൊസ്സ്യു ഗിൽനോർമാന്നു തികച്ചും വയസ്സു് എൺപത്തിനാലു കഴിഞ്ഞു. വീടാകെ കലങ്ങി മറിഞ്ഞു; ശുണ്ഠിയും ലഹളയുമായി. ഇതാരെ വിശ്വസിപ്പിച്ചുകളയാമെന്നാണു് ആ രണ്ടും കെട്ട പെണ്ണു വിചാരിച്ചിരിക്കുന്നതു? എന്തധികപ്രസംഗം! എന്തു വല്ലാത്ത അപവാദം! മൊസ്സ്യു ഗിൽനോർമാന്നാകട്ടേ ലേശമെങ്കിലും ദേഷ്യം വന്നില്ല. ആ അപവാദംകൊണ്ടു മേനികേറിയ ഒരു സൗശീല്യവാന്റെ പുഞ്ചിരിയോടുകൂടി ആ ചെക്കനെ നോക്കിക്കണ്ടു്, അദ്ദേഹം ആത്മഗതമായി പറഞ്ഞു; ‘ശരി, എന്തേ ഇപ്പോൾ? എന്തേ ഉണ്ടായതു? നിങ്ങളൊക്കെ അമ്പരന്നിരിക്കുന്നു; നിങ്ങൾക്കൊന്നും ലേശമെങ്കിലും കഥയില്ല. ഒമ്പതാമൻ ഷാർൽ മഹാരാജാവിന്റെ പിറക്കാത്ത മകനായ മൊസ്സ്യു ദ്യുക് ദാൻഗുലിം എൺപതു വയസ്സായിരിക്കുമ്പോൾ പതിനഞ്ചു വയസ്സുള്ള ഒരു കൊള്ളരുതാത്ത പെണ്ണിനെ കല്യാണം കഴിച്ചു; ബോർദോവിലെ പ്രധാന മെത്രാനായ കർദിനാൽദു് സുർദിയുടെ സഹോദരനായ മർകി ദലുയിക്, എൺപത്തിമൂന്നാമത്തെ വയസ്സിൽ മദാം ലപ്രെസിദാന്തു് ഴാക്കാങ്ങിൽ, അവർ രണ്ടുപേരുടേയും പ്രേമസന്താനമായി ഒരു മകൻ ജനിച്ചു; ആ കുട്ടി ഒടുവിൽ രാജ്യഭരണാധികാരികളിൽ ഒരു പ്രധാനാംഗമായിത്തീർന്നു. ഈ നൂറ്റാണ്ടിലെ മഹാന്മാരിൽ ഒരാളായ തബരോ മതാചാര്യൻ എൺപത്തേഴു വയസ്സായ ഒരാളുടെ മകനാണു്. ഇതിലൊന്നും സാധാരണത്തിൽനിന്നു കവിഞ്ഞ യാതൊന്നുമില്ല. പിന്നെ, വേദപുസ്തകം! അതു മുൻപിൽവെച്ചു ഞാൻ പറയുന്നു, ഈ ചെറുപ്പക്കാരൻ മാന്യൻ എന്റെയല്ല. അവനെനോക്കി വളർത്തുക. ഇതവന്റെ തെറ്റല്ലല്ലോ!’ ഈ മാതിരി പ്രവൃത്തിയിൽ നല്ല ക്ഷമയുണ്ടു്. മഞൊ എന്നു പേരായ ആ സ്ത്രീ പിറ്റേ കൊല്ലവും അദ്ദേഹത്തിനു മറ്റൊരു കെട്ടയച്ചു. അതും ഒരാൺകുട്ടിയായിരുന്നു. അപ്പോൾ, മൊസ്സ്യു ഗിൽനോർമാൻ കാര്യം ഒഴിഞ്ഞുകൊടുത്തു. ഇനിമേൽ ആ അമ്മ ഇങ്ങനെ ചെയ്യില്ലെന്നുള്ള നിശ്ചയത്തിന്മേൽ, രണ്ടു കുട്ടികളുടേയും ചെലവിന്നു മാസത്തിൽ എൺപതു ഫ്രാങ്ക് വീതം അയച്ചുകൊടുക്കാമെന്നേറ്റു് ആ രണ്ടു ചെക്കന്മാരെയും അദ്ദേഹം അവറ്റിന്റെ അമ്മയ്ക്കു തിരിച്ചയച്ചു. അദ്ദേഹം തുടർന്നു: ‘അമ്മ ഈ രണ്ടു കുട്ടികളേയും നല്ലപോലെ നോക്കി വളർത്തിക്കൊള്ളണമെന്നു ഞാൻ നിർബന്ധിക്കുന്നു. ഇടയ്ക്കിടയ്ക്കു ഞാനിവരെ ചെന്നു കാണും.’ ഇതദ്ദേഹം ചെയ്തിരുന്നുതാനും. മുപ്പത്തിമൂന്നു കൊല്ലമായി പ്വാത്തിയേറിലെ മതപാഠശാലയിൽ പ്രധാനാധ്യാപകനായിരുന്ന ഒരു സഹോദരൻ അദ്ദേഹത്തിനുണ്ടു്; ആ മതാചാര്യൻ എഴുപത്തൊമ്പതാമത്തെ വയസ്സിൽ മരിച്ചു. ‘ചെറുപ്പത്തിൽ അവനെന്റെ കൈയിൽ നിന്നു പോയി,’ അദ്ദേഹം പറഞ്ഞു. പൂർവസ്മരണകളൊന്നും ബാക്കി നില്ക്കാതെ മരിച്ചുപോയ ഈ സഹോദരൻ ഒരു ചെറിയ പിശുക്കനായിരുന്നു; ഒരു മതാചാര്യനായതുകൊണ്ടു കണ്ടെത്തുന്ന സാധുക്കൾക്കൊക്കെ ധർമം കൊടുക്കുന്നതു് തന്റെ മുറയാണെന്നു് അയാൾ വിചാരിച്ചു; പക്ഷേ, എടുക്കാത്തതും കൊള്ളരുതാത്തതുമായ സൂനാണ്യമല്ലാതെ അയാൾ അവർക്കു കൊടുത്തിരുന്നില്ല- ഇങ്ങനെ സ്വർഗത്തിലൂടെ അയാൾ നരകത്തിലേക്കുള്ള ഒരു വഴി കണ്ടുപിടിച്ചു. എന്നാൽ മൊസ്സ്യു ഗിൽനോർമാൻ എന്ന ജ്യേഷ്ഠസഹോദരനാകട്ടേ, ധർമം കൊടുക്കുന്ന കാര്യത്തിൽ ഒരു പിശുക്കുമില്ല; സന്തോഷത്തോടുകൂടിയും തറവാടിത്തത്തോടു കൂടിയും അദ്ദേഹം ധർമം ചെയ്യും. അദ്ദേഹം ദയാലുവും ദ്രുതഗതിക്കാരനും ഉദാരശീലനുമായിരുന്നു. ധനവാൻകൂടിയായിരുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ മനോഗതി മഹത്തരമായേനേ. തന്നെസ്സംബന്ധിച്ച സകലവും പ്രാഭവത്തോടുകൂടി ചെയ്യപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം-തെമ്മാടിത്തങ്ങളായാലും ശരി. ഒരു ദിവസം അവകാശസ്വത്തു കിട്ടുന്ന കാര്യത്തിൽ ഒരു കാര്യസ്ഥനാൽ കഠിനമായും സ്പഷ്ടമായും വഞ്ചിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ ഒരു വിശിഷ്ടാഭിപ്രായം ഉച്ചരിക്കയുണ്ടായി: ‘ആ ചെയ്തതു മര്യാദയായില്ല! ഇത്തരം മോഷണം കാണുമ്പോൾ എനിക്കു പോരായ്മ തോന്നുന്നു. ഈ മൂറ്റാണ്ടിൽ സകലവും ദുഷിച്ചു പോയിരിക്കുന്നു-തെമ്മാടികൾകൂടി. എന്റെ സ്ഥിതിയിലുള്ള ഒരാളോടു് ഇങ്ങനെയല്ല തട്ടിപ്പറിക്കേണ്ടതു്. ഒരു കാട്ടിൽ വച്ചിട്ടെന്നപോലെ എന്റെ പക്കൽനിന്നു പിടിച്ചു പറിച്ചു. അതുതന്നെ വല്ലാതെയും. കാടും മന്ത്രിക്കൊത്തതാവട്ടെ.’

ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ളതുപോലെ അദ്ദേഹം രണ്ടു കല്യാണം കഴിച്ചിരുന്നു. ആദ്യത്തെ ഭാര്യയിൽ ഒരു മകളുണ്ടായി; അവൾ വിവാഹം ചെയ്തില്ല. രണ്ടാമത്തേതിൽ മറ്റൊരു മകളുണ്ടായി; അവൾ ഏകദേശം മുപ്പതാമത്തെ വയസ്സോടുകൂടി മരിച്ചു; അവൾ അനുരാഗത്താലോ, ഈശ്വരകല്പനയാലോ, മറ്റെന്തുകൊണ്ടോ ഒരു ഗതിയില്ലാത്ത പട്ടാളക്കാരനെ കല്യാണം കഴിച്ചു; അയാൾ നെപ്പോളിയന്റെ ഭാഗത്തു ചേർന്നു യുദ്ധം ചെയ്തു് ഓസ്തെർലിത്സിൽവെച്ചു കുരിശുബഹുമതിയും വാട്ടർലൂവിൽ വെച്ചു കേർണൽസ്ഥാനവും സമ്പാദിച്ചിരുന്നു. അവൻ എന്റെ കുടുംബത്തിനു് ഒരവമാനമാണു്, ആ നാടുവാഴി വൃദ്ധൻ പറഞ്ഞു. അദ്ദേഹം ഒരുപാടു പൊടിവലിക്കും; അദ്ദേഹത്തിനു് ഒരു കൈയിന്റെ പുറംകൊണ്ടു നാടഞെറിയെ സവിശേഷമാതിരിയിൽ പിടിച്ചുവലിക്കുന്ന സമ്പ്രദായമുണ്ടു്. ഈശ്വരനിൽ അദ്ദേഹത്തിനു തീരെ വിശ്വാസമില്ല.

3.2.7
നിയമം: വൈകുന്നേരമല്ലാതെ ആരെയും സ്വീകരിക്കരുത്

ഇങ്ങനെയായിരുന്നു മൊസ്സ്യു കൊച്ചുവിരുതൻ ഗിൽനോർമാൻ. അദ്ദേഹത്തിനു തലമുടി പോയിട്ടില്ല-വെളുക്കുന്നതിലധികം ചാരനിറം വെക്കുകയാണു് അതു ചെയ്തിട്ടുള്ളതു്; അതദ്ദേഹം എപ്പോഴും നായച്ചെവിപോലെ ചീന്തിയിട്ടിരിക്കും. ചുരുക്കിപ്പറഞ്ഞാൽ, ഇങ്ങനെയൊക്കെയിരുന്നാലും അദ്ദേഹം കണ്ടാൽ ആരാധ്യനായിരുന്നു.

പതിനെട്ടാംനൂറ്റാണ്ടിലെ എന്തോ ഒരു മട്ടു് അദ്ദേഹത്തിനുണ്ടു്; അദ്ദേഹം പ്രമാണിയും കഴമ്പില്ലാത്തവനുമാണു്.

1814-ലും രാജത്വപുനഃസ്ഥാപനത്തിന്റെ ആദ്യകാലത്തും, ചെറുപ്പമായിരുന്ന മൊസ്സ്യു ഗിൽനോർമാൻ- വയസ്സു് അന്നെഴുപത്തിനാലേ ആയിരുന്നുള്ളു-റ്യു സർവാൻദൊനിക്കടുത്തുള്ള സാങ് സുൽപ്പിസിലാണു് താമസിച്ചിരുന്നതു്. ഇപ്പോഴത്തെ സ്ഥലത്തേക്കു പാർപ്പു മാറ്റിയതു് ഒതുങ്ങിത്താമസിക്കാൻ തുടങ്ങിയതു മുതല്ക്കാണ്-ധാരാളമായി എൺപതു വയസ്സു കഴിഞ്ഞതിനു ശേഷം.

ഒതുങ്ങിപ്പാർക്കാൻ തുടങ്ങിയതുമുതല്ക്ക്, അദ്ദേഹം തന്റെ സ്വഭാവവിശേഷങ്ങളിൽ ആണ്ടുമുങ്ങി. പ്രധാനമായ ഒന്നു് - അതിനു മാറ്റമില്ല-പകൽ മുഴുവനും പുറത്തെ വാതിൽ അമ്പിച്ചടച്ചിട്ടിരിക്കും എന്നുള്ളതാണു്; ആർതന്നെ വന്നാലും വൈകുന്നേരമല്ലാതെ വാതിൽ തുറക്കില്ല. അഞ്ചു മണിക്കു ഭക്ഷണം കഴിക്കും; അതു കഴിഞ്ഞാൽ ഉടനെ വാതിൽ തുറന്നു. ഇതു പതിനെട്ടാംനൂറ്റാണ്ടിലെ നടപ്പായിരുന്നു; അദ്ദേഹം ആ പതിവുനടപ്പിൽനിന്നു് ഒരിഞ്ചനങ്ങുകയില്ല. ‘പകൽ അലക്ഷ്മി പിടിച്ചതാണു്,’ അദ്ദേഹം പറയും; ‘അതിനു് അടഞ്ഞ വാതിലേ കാട്ടികൂടൂ, മുകൾത്തട്ടു തന്റെ നക്ഷത്രങ്ങളെ കൊളുത്തിവെക്കുമ്പോൾ മാത്രമേ, പരിഷ്കാരികൾ തങ്ങളുടെ മനസ്സിനു വെളിച്ചം വെപ്പിക്കു.’ ആർ വന്നാലും, മഹാരാജാവുതന്നെയായാലും, അദ്ദേഹം അകത്തേക്കു കടക്കാൻ സമ്മതിക്കില്ല. അതദ്ദേഹത്തിന്റെ കാലത്തെ ഒരു പഴയ അന്തസ്സായിരുന്നു.

3.2.8
രണ്ടെണ്ണം കൂടിയതുകൊണ്ടു് ഇണയായില്ല

ഞങ്ങൾ മൊസ്സ്യു ഗിൽനോർമാന്റെ രണ്ടു പെൺമക്കളെപ്പറ്റി ഇപ്പോൾത്തന്നെ പറകയുണ്ടായി. അവർ പത്തു കൊല്ലം ഇടവിട്ടിട്ടാണു് ലോകത്തിൽ പ്രവേശിച്ചതു്. ചെറുപ്പത്തിൽ ആ രണ്ടു പേർക്കും തമ്മിൽ, ആകൃതിയിലാവട്ടേ പ്രകൃതിയിലാവട്ടേ, യാതൊരു യോജിപ്പുമില്ലായിരുന്നു; അന്യോന്യമുള്ള പെരുമാറ്റത്തിലും സഹോദരികളാണെന്നു കഴിയുന്നതും കാണിക്കാതെ കഴിച്ചിരുന്നു. അനുജത്തിയുടെ ഹൃദയം സുകുമാരകലകളോടു സംബന്ധിച്ച സകലത്തോടും ഇടപെടുന്ന ഒരു രമണീയവസ്തുവായിരുന്നു; പുഷ്പങ്ങളും കവിതയും സംഗീതവുമായി അവൾ കാലം കഴിച്ചു; ഉത്സാഹമയമായ ഒരു പ്രാപഞ്ചികാകാശത്തിൽ അവൾ പറന്നുകളിച്ചു; കുട്ടിക്കാലം മുതൽ അവ്യക്തവും മഹത്തരവുമായ ഒരു രൂപവിശേഷത്തെ അവൾ, ഉള്ളുകൊണ്ടു, വിവാഹം ചെയ്തിരുന്നു. ഇതുപോലെതന്നെ, ജ്യേഷ്ഠത്തിക്കുമുണ്ടായിരുന്നു സ്വന്തം ചില മനോരാജ്യം; അവളും ആകാശത്തു് ഏതോ അതിധനവാനായ ഒരു കൊട്ടാരാധികാരിയെ, ഒരു കരാറുപണിക്കാരനെ, ഒരു വങ്കപ്രഭുഭർത്താവിനെ, ഒരു കോടീശ്വരനെ, അല്ലെങ്കിൽ ഒരു പൊല്ലീസു് മേലധ്യക്ഷനെ, നോക്കിക്കണ്ടിരുന്നു; പൊല്ലീസു് മേലധ്യക്ഷന്റെ താമസസ്ഥലത്തുവെച്ചുള്ള സദ്യകൾ, കഴുത്തിൽ ചങ്ങലയോടുകൂടിയ ഒരു ദ്വാരപാലകൻ, ഉദ്യോഗസംബന്ധികളായ നൃത്തവിനോദങ്ങൾ, നഗരസഭാ മണ്ഡലത്തിലെ പ്രസംഗകോലാഹലങ്ങൾ, പൊല്ലീസു് മേലധ്യക്ഷന്റെ ‘കൊച്ചമ്മ’ യാവൽ-ഇതൊക്കെ അവളുടെ മനോരാജ്യത്തിൽ ഒരു കൊടുങ്കാറ്റുണ്ടാക്കിയിരുന്നു.

ഇങ്ങനെ ആ രണ്ടു സഹോദരിമാരും, ചെറിയ പെൺകിടാങ്ങളായിരിക്കുമ്പോൾ അതാതു സ്വന്തം മനോരാജ്യത്തിലൂടെ ദാമ്പത്യകാലത്തിലേക്ക് അലഞ്ഞു ചെന്നിരുന്നു. രണ്ടു പേർക്കുമുണ്ടു് ചിറകുകൾ-ഒരുവളുടെ ചിറകു ദേവസ്ത്രീയുടേതാണു്, മറ്റവളുടേതു് വൻവാത്തിന്റേതും.

ഒരു മനോരാജ്യവും തികച്ചും സാധിക്ക എന്നതില്ല-ഇഹലോകത്തിൽ തീർച്ച നമ്മുടെ കാലത്തു് ഒരു സ്വർഗവും ഭൂമിയിലുണ്ടായിട്ടില്ല അനുജത്തി തന്റെ മനോരാജ്യത്തിലെ പുരുഷനെത്തന്നെ വേളികഴിച്ചു. പക്ഷേ, അവൾ മരിച്ചുപോയി. ജ്യേഷ്ഠത്തി വിവാഹംതന്നെ ചെയ്തില്ല.

ഞങ്ങൾ എഴുതിവരുന്ന ചരിത്രത്തിലേക്കു പ്രവേശിച്ച കാലത്തു് അവൾ ഒരു പഴക്കംചെന്ന ഗുണവിശേഷമായിരിക്കുന്നു-ഏറ്റവും കൂർമയുള്ള ഒരു മൂക്കോടും ഒരാൾക്കു കണ്ടെത്താവുന്നേടത്തോളം അത്യന്തം ഉന്തിനില്ക്കുന്ന മനസ്സോടും കൂടി വേവുതട്ടാത്ത ഒരു വസ്തു. മാറിപ്പോവാൻ വയ്യാത്ത ഒരു ലക്ഷണം; അടുത്ത ബന്ധുക്കൾക്കൊഴിച്ചു മറ്റാർക്കും അവളുടെ സാക്ഷാൽ പേരറിഞ്ഞുകൂടാ. മൂത്തമാംസെൽ ഗിനോർമാൻ എന്നാണു് അവളെ പറഞ്ഞുവന്നതു്.

കപടനാട്യത്തിൽ അവൾ, ഏതു കന്യകയേയും ചില ‘കൊമ്പുവയ്ക്കും.’ അവൾ തന്റെ ചാരിത്ര്യനിഷ്ഠയെ അന്ധകാരത്തിന്റെ അങ്ങേ അറ്റത്തേക്കു കടത്തിയിരുന്നു. തന്റെ ജീവകാലത്തിലെ ഒരു ഭയങ്കരസംഭവത്തെക്കുറിച്ചുള്ള സ്മരണ അവൾ എന്നെന്നും നിലനിർത്തിപ്പോന്നിരുന്നു; ഒരു ദിവസം ഒരു പുരുഷൻ അവളുടെ കാലുറക്കെട്ടു കണ്ടുപോയി.

പ്രായംകൊണ്ടു് ഈ നിർദ്ദയമായ ചാരിത്ര്യനിഷ്ഠയ്ക്ക് ഒന്നുകൂടി കനം പിടിക്കുക മാത്രമേ ചെയ്തുള്ളു. ഒരു മനുഷ്യനും സ്വപ്നത്തിൽക്കൂടി നോക്കുവാൻ വഴിയില്ലാത്തേടത്തു് അവൾ കൊളുത്തുകളും മൊട്ടുസൂചികളും വെച്ചു നിറച്ചു. ലജ്ജാശീലത്തിന്റെ ഒരു സവിശേഷത, ആരും കോട്ടയെ എതിർക്കാൻ ഭാവമില്ലെന്നു് എത്രത്തോളം തീർച്ചപ്പെടുന്നുവോ അത്രത്തോളം അധികം കാവല്ക്കാരെ നിർത്തുന്നതാണു്.

എന്തായാലും-നിർദ്ദോഷതയുടെ ഈ പഴയ രഹസ്യങ്ങൾക്കുള്ള സാരം കഴിവുള്ളവർ വിവരിക്കട്ടെ-കുന്തപ്പടയാളികളുടെ മേലുദ്യോഗസ്ഥനായ തിയോദുൽ എന്ന ഒരു മരുമകനെ അവൾ തന്നെ ആലിംഗനം ചെയ്വാൻ നീരസം കൂടാതെ അനുവദിച്ചിരുന്നു.

ഈ ഇഷ്ടപ്പെട്ട കുന്തപ്പടയാളിയിരുന്നാലും ഞങ്ങൾ അവൾക്കിട്ടിട്ടുള്ള ലജ്ജാവതി എന്ന പേർക്കുറിപ്പു് അവൾക്ക് എത്രയോ തികച്ചും യോജിപ്പിച്ചിരുന്നു. ഇരുട്ടിൽ ജീവിക്കുന്ന ഒരുതരം സത്ത്വമായിരുന്നു മാംസെൽ ഗിൽനോർമാൻ. ലജ്ജാശീലം ഒരർദ്ധസദ്ഗുണവും ഒരർദ്ധദുർഗുണവുമാണു്.

ലജ്ജാശീലത്തോടു മതഭ്രാന്തും അവൾ കൂട്ടിച്ചേർത്തു-നല്ലവണ്ണം പറ്റിക്കിടക്കുന്ന ഒരകശ്ശീല. അവൾ കന്യകാസംഘത്തിലെ ഒരംഗമാണു്; ചില അടിയന്തിരങ്ങളിൽ അവൾ വെളുത്ത മുഖപടമിട്ടിരുന്നു; ചില പ്രത്യേകമന്ത്രങ്ങളെ മൊച്ചപോലെ ചവച്ചിരുന്നു; ‘പരിശുദ്ധര3.2ക്ത’ത്തെ വന്ദിച്ചിരുന്നു. ‘ദിവ്യഹൃദയ’ത്തെ ആരാധിച്ചിരുന്നു; മതവിശ്വാസികളിൽ അത്ര നിസ്സാരന്മാർക്കൊന്നും കടക്കാൻ പാടില്ലാത്ത ചെറുപള്ളിയിലെ തിരുവത്താഴമേശയ്ക്കു മുൻപിൽ അവൾ ചില മണിക്കൂറുകളോളം ധ്യാനിച്ചിരിക്കാറുണ്ടു്; അവിടെയിരുന്നു കുളിർക്കല്ലുകളെക്കൊണ്ടുള്ള ചെറുമേഘങ്ങൾക്കിടയിലും സ്വർണപ്പൂച്ചിട്ടു മരപ്പണിയുടെ മഹത്തായ കിരണധോരണിയിലൂടെയും പാറിക്കളിപ്പാൻ അവൾ തന്റെ ആത്മാവിനെ അനുവദിക്കും.

അവൾക്കു തന്നെപ്പോലെതന്നെ പഴക്കംചെന്ന കന്യകയായ ഒരീശ്വരഭക്ത സുഹൃത്തായിട്ടുണ്ടു്; അവൾക്കു പേർ മദാംവ്വസേല്ലു് വൊബ്വ എന്നാണു്; അവൾ ശുദ്ധമന്തത്തിയാണു്; അവളുടെ മുൻപിൽ മാംസെൽ ഗിൽനോർമാന്നു താനൊരു കഴുകാണെന്നു സന്തോഷപൂർവം അഭിമാനിക്കാം. ‘ഈശ്വരന്റെ ആട്ടിൻകുട്ടി,’ ‘മറിയം ജയിക്കട്ടെ’ എന്നിവ കഴിഞ്ഞാൽ. അവൾക്ക് ഉപ്പിലിട്ടതുണ്ടാക്കേണ്ട പലേരീതികളല്ലാതെ മറ്റു യാതൊന്നിന്റേയും വിവരമില്ല. ഉടുപ്പിൽ ഒരു കളങ്കവുമില്ലാത്ത മദാംവ്വസേല്ലു് വൊബ്വെ ബുദ്ധിയുടേതായി ഒരോറ്റപ്പുള്ളിക്കുത്തെങ്കിലുമില്ലാത്ത ഒരു വിഡ്ഢിത്തനീർനായയാണു്.

ഞങ്ങൾ സ്പഷ്ടമായി പറഞ്ഞുകൊള്ളട്ടെ, പ്രായം വർദ്ധിക്കുന്തോറും മാംസെൽ ഗിൽനോർമാന്നു ലാഭമല്ലാതെ നഷ്ടം വന്നിരുന്നില്ല. പ്രകൃത്യാ സഹനശീലത്തോടുകൂടിയവരുടെയൊക്കെ കഥയിതാണു്, അവൾ ഒരിക്കലും പക വിചാരിക്കുകയുണ്ടായിട്ടില്ല; ഇതു സാപേക്ഷമായ ഒരു ദയാശീലമാണു്; പിന്നെ കോണുകളെല്ലാം കാലപ്പോക്കിൽ തേഞ്ഞു ശരിയായി; പ്രായത്തിനൊപ്പമുണ്ടാകുന്ന പാകം അവൾക്കു കിട്ടുകയും ചെയ്തു. ഒരു നിഗൂഢമായ വ്യസനത്താൽ അവൾ എപ്പോഴും, ദുഃഖിതയായിരുന്നു-ആ വ്യസനത്തിന്റെ രഹസ്യം എന്താണെന്നു് അവൾക്കുതന്നെ അറിഞ്ഞുകൂടാ. അവസാനിച്ചുകഴിഞ്ഞതും ഒരിക്കലും ആരംഭിക്കുകയുണ്ടായിട്ടില്ലാത്തതുമായ ഒരു ജീവിതത്തിന്റെ മയക്കം അവളിൽ എല്ലായിടത്തും വ്യാപിച്ചിരുന്നു.

അച്ഛന്റെ ഗൃഹഭരണം അവൾ നടത്തിപ്പോന്നു. മോൺസിന്യേർ ബിയാങ് വെന്യുവിന്റെ കൂടെ അദ്ദേഹത്തിന്റെ സഹോദരിയുണ്ടായിരുന്നതു നാം കണ്ടിട്ടുള്ളതുപോലെ, മൊസ്സ്യു ഗിൽനോർമാന്റെ കൂടെ അദ്ദേഹത്തിന്റെ മകളുണ്ടായിരുന്നു. ഒരു വൃദ്ധനും ഒരപരിണീതവൃദ്ധയും മാത്രമടങ്ങിയ ഇത്തരം കുടുംബങ്ങൾ അപൂർവമല്ല; എന്നല്ല, രണ്ടു് അശക്തികൾ ഒരുറപ്പിന്നായി അന്യോന്യം ചാരിനില്ക്കുന്ന ആ ഒരുള്ളിൽത്തട്ടുന്ന ഭാഗം എപ്പോഴും അവയിലുണ്ടു്.

ഈ പ്രായംചെന്ന കന്യകയുടേയും ആ വയസ്സന്റേയും ഇടയ്ക്ക് ഒരു കുട്ടികൂടി, ഒരു ചെറിയ ആൺകുട്ടികൂടി, ആ വീട്ടിലുണ്ടായിരുന്നു; മൊസ്സ്യു ഗിൽനോർമാന്റെ മുൻപിൽ അവൻ എപ്പോഴും വിറച്ചുംകൊണ്ടും മിണ്ടാതെ നില്ക്കും, ഒരു നിർദ്ദയസ്വരത്തിലും ചിലപ്പോൾ വടിയോങ്ങിക്കൊണ്ടുമല്ലാതെ ഒരിക്കലും മൊസ്സ്യുഗിൽനോർമാൻ ആ കുട്ടിയോടു സംസാരിച്ചിട്ടില്ല: ‘ഇതാ സേർ! തെമ്മാടി, കള്ളച്ചെക്ക, ഇവിടെ വാ! - എടാ തെണ്ടി, എന്നോടു സമാധാനം പറ! ഒന്നിനും കൊള്ളരുതാത്ത കഴു, ഞാൻ കാണട്ടെ നിന്നെ!’ മറ്റും, മറ്റും. അദ്ദേഹത്തിന്നു് ആ കുട്ടിയെ എന്തെന്നില്ലാത്ത ഇഷ്ടമാണു്.

ഈ കുട്ടി അദ്ദേഹത്തിന്റെ മകളുടെ മകനാണു്. കുറച്ചു കഴിഞ്ഞാൽ ഈ കുട്ടിയെ നമ്മൾ ഇനിയും കണ്ടെത്തും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.