images/hugo-19.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.3.1
ഒരു പഴയ സൽക്കാരമുറി

പണ്ടു് റ്യു സെർവാങ്ദൊനിയിൽ താമസിച്ചിരുന്ന കാലത്തു മൊസ്സ്യു ഗിൽനോർമാൻ പല പ്രഭുകുടുംബങ്ങളിലേയും അന്തസ്സു കൂടിയ സൽക്കാരമുറികളിൽ ചെല്ലാറുണ്ടു്. ഒരു നാടുവാഴിയാണെങ്കിലും, അദ്ദേഹത്തിനു പ്രഭുസമുദായത്തിൽ പ്രവേശമുണ്ടായിരുന്നു. ഒന്നു ജനനാലുള്ളതും മറ്റൊന്നു പറഞ്ഞുണ്ടാക്കിത്തീർത്തതുമായ രണ്ടു തുക ഫലിതമുള്ളതുകൊണ്ടു് അദ്ദേഹത്തെ ആളുകൾ ക്ഷണിക്കുകയും കൊണ്ടാടുകയുംതന്നെ ചെയ്തിരുന്നു. മേലേക്കിട തനിക്കു കിട്ടും എന്ന നിശ്ചയത്തിന്മേലല്ലാതെ അദ്ദേഹം ഒരിടത്തേക്കും പോവില്ല. എന്തു ചെലവായിട്ടെങ്കിലും തങ്ങൾക്കു പ്രാമാണ്യം കിട്ടിക്കുന്നവരും എപ്പോഴും തങ്ങളെപ്പറ്റി മറ്റുള്ളവരെക്കൊണ്ടു പറയിക്കുന്നവരുമായി ചിലരുണ്ടു്; പ്രമാണികളാവാൻ വയ്യാത്തേടത്തു് അവർ രസികന്മാരാവും. മൊസ്സ്യു ഗിൽനോർമാൻ ഇത്തരത്തിൽപ്പെട്ട ആളല്ല; താൻ പലപ്പോഴും ചെല്ലാറുള്ള രാജകീയ സൽക്കാരമുറികളിൽ തനിക്കുണ്ടാകുന്ന പ്രാമാണ്യംവകയ്ക്കു തന്റെ ആത്മാഭിമാനത്തിൽനിന്നു ചെലവൊന്നും പറ്റാറില്ല. എവിടെയും അദ്ദേഹം ബഹുമാന്യനാണു്. മൊസ്സ്യു ദു് ബൊനാൽദിന്റെ വീട്ടിലും മൊസ്സ്യു ബെങ്ങിപ്വിവെല്ലയുടെ വീട്ടിൽപ്പോലും അദ്ദേഹത്തിന്റെ നിലമീതെതന്നെയാണെന്നു കാണിക്കാൻ സന്ദർഭമുണ്ടായിട്ടുണ്ടു്.

ഏകദേശം 1817-ൽ, എല്ലാ ആഴ്ചയിലും രണ്ടു ദിവസം അദ്ദേഹം അയൽപക്കത്തു റ്യു ഫെരുവിലുള്ള ഒരു വീട്ടിൽ കൊള്ളാവുന്നവളും വലിയ അവസ്ഥക്കാരിയുമായ മദാം ല ബരൊന്നു് ദു് റ്റി, യോടുകൂടി നേരംപോക്കിനു ചേരുക പതിവായിരുന്നു; ഈ മാന്യസ്ത്രീയുടെ ഭർത്താവു്, ബാരൻ ദു് റ്റി, പതിനാറാമൻ ലൂയിയുടെ കാലത്തു ബേർലിനിൽ ഫ്രാൻസിന്റെ പ്രതിനിധിയായിരുന്നു. ജീവിച്ചിരുന്നപ്പോൾ ഓരോ കമ്പങ്ങളിലും ആകർഷണവിദ്യയെസ്സംബന്ധിച്ച മനോരാജ്യങ്ങളിലും കലശലായി മുങ്ങിയിരുന്ന ഈ പ്രഭു, പ്രഭുക്കന്മാരെല്ലാം ഓടിപ്പോയിരുന്ന കാലത്തു്, ഒരു ദീപാളിയായി മരിച്ചു; മെസ്മരേയും മെസ്മരുടെ കളിത്തൊട്ടിയേയും പറ്റിയുള്ള സ്മരണകളടങ്ങിയതും ചുകന്ന മേത്തരം ആട്ടിൻതോൽകൊണ്ടു കെട്ടി വക്കത്തു തങ്കപ്പൂച്ചിട്ടതുമായ പത്തു കൈയെഴുത്തു പുസ്തകം മാത്രം മരിക്കുമ്പോൾ തനിക്കാകെയുള്ള മുതലായി അയാൾ ബാക്കിവെച്ചു. മദാം ദു് റ്റി. ഈ ഗ്രന്ഥങ്ങളെ അഭിമാനം മൂലം അച്ചടിപ്പിക്കാതിരുന്നു; എങ്ങനെയെന്നാർക്കും അറിവില്ലാതെ ബാക്കികിടന്ന ഒരു ചുരുങ്ങിയ മുതലിൽനിന്നുള്ള വരവുകൊണ്ടു് അവൾ കഴിഞ്ഞുപോവുന്നു.

മദാം ദു് റ്റി, കൊട്ടാരത്തിൽനിന്നു ദൂരത്താണു് താമസിച്ചിരുന്നതു്; ഒരുൽകൃഷ്ടമായ ഏകാന്തതയിൽ, അഭിമാനത്തോടും ദാരിദ്ര്യത്തോടുകൂടി, അവളുടെ വാക്കിൽ ഒരു വലിയ സമ്മിശ്രസംഘത്തോടു ചേർന്നു, കഴിഞ്ഞുവന്നു. അവളുടെ വൈധവ്യം കലർന്ന ഭവനത്തിൽ ചുരുക്കം ചില സുഹൃത്തുക്കൾ ആഴ്ചയിൽ രണ്ടുതവണ ഒത്തുകൂടിയിരുന്നു; അതൊരു കറയില്ലാത്ത രാജഭക്തസദസ്സാണു്. അവർ അവിടെവെച്ചു ചായ കുടിക്കും; ആ ശതാബ്ദത്തേയോ സ്വാതന്ത്ര്യപത്രത്തേയോ ബോനാപ്പാർത്തു് കക്ഷിക്കാരെയോ മതാധികാരത്തിന്റെ വേശ്യാവൃത്തിയേയോ പതിനെട്ടാമൻ ലൂയിയുടെ മത്സരബുദ്ധിയേയോ പറ്റി, കാറ്റു തിരിയുന്നതു ചരമവിലാപത്തിലേക്കോ ശകാരകവിതയിലേക്കോ അതനുസരിച്ചു കുറെ ഞെരക്കം ഞെരുങ്ങുകയോ നിലവിളി കൂട്ടുകയോ ചെയ്യും; പിന്നീടു പത്താമൻ ഷാർലായിത്തീർന്ന അദ്ദേഹം പറഞ്ഞുവെച്ചിട്ടുള്ള പ്രത്യാശകളെപ്പറ്റിയും അവർ കുറേ മന്ത്രിക്കും.

നെപ്പോളിയനെ നിക്കൊലെ എന്നു വിളിച്ചുകൊണ്ടു മുക്കുവത്തികളുടെ പാട്ടുകൾ അവിടെ സന്തോഷകോലാഹലത്തോടുകൂടി കൊണ്ടാടപ്പെട്ടിരുന്നു. ഡച്ചസ്സുകാർ, ലോകത്തിൽവെച്ച് ഏറ്റവുമധികം ഓമനത്തവും സൗഭാഗ്യമേറിയ സ്ത്രീകൾ, ഉടമ്പടിയിലുൾപ്പെട്ടവരെപ്പറ്റിയുള്ള ഈ വരികൾക്കൊത്തു വല്ല കവിതാശകലവും ചൊല്ലിക്കേട്ടാൽ ചിരിച്ച് അന്തംവിട്ടുപോവുക പതിവാണു്.

തൂങ്ങിക്കിടക്കുന്ന കുപ്പായത്തൊങ്ങൽകൾ

കാലുറയ്ക്കുള്ളിലൊതുക്കിയേയ്ക്കു:

രാജ്യാഭിമാനികൾ വെള്ളക്കൊടിക്കൂറ

പാറിച്ചുവെന്നാവാൻ പാടില്ലല്ലോ!

അവിടെ അവർ ഭയങ്കരങ്ങളെന്നു കരുതപ്പെട്ട വക്രോക്തികൾകൊണ്ടും പക കാണിക്കുന്നവയെന്നു കരുതപ്പെട്ട ശ്ലേഷവിദ്യകൾകൊണ്ടും ശ്ലോകങ്ങൾകൊണ്ടും വെറും ചെറുപാട്ടുകൾകൊണ്ടുതന്നെയും നേരം പോക്കിയിരുന്നു; ദെസൊലിന്റെ മന്ത്രിസ്ഥാനകാലത്തു് ആ മിതവാദി മന്ത്രിസഭയിലെ അംഗങ്ങളായ ദെകാസിനെപ്പറ്റിയും ദെസെറെപ്പറ്റിയും പാടും.

ആടിയ സിംഹാസനം വീണ്ടുമങ്ങുറപ്പിക്കാൻ

മാറ്റണം നിലം (=ദെസൊൽ). മുളയകവും ഭവനവും (ദെകാസു്)’

അല്ലെങ്കിൽ പ്രഭുസഭയുടെ—‘ഒരു നികൃഷ്ടമായ വികൃതിസ്സംഘം’ —ഒരു പട്ടിക തയ്യാറാക്കും; അതിൽനിന്നു ശകാരമടങ്ങിയ വാക്യങ്ങൾ ഉണ്ടായിത്തീരുമാറു ചില പേരുകളെ ചേർത്തു മാല കെട്ടും. ഇതൊക്കെ നേരംപോക്കായിട്ടാണു്. ആ യോഗത്തിൽവെച്ച് അവർ ഭരണപരിവർത്തനത്തെപ്പറ്റി വികടകവിത കെട്ടും. അവർ തങ്ങളുടെ ചെറുപാനപ്പാട്ടു പാടും:

പോയിടുമവർ, പോയിടും; പോയിടും!

ബോനാപ്പാർത്തുകാർ തൂക്കുവിളക്കുമായി!

പാട്ടുകൾ ശിരച്ഛേദനയന്ത്രംപോലെയാണു്; അവ ഉദാസീനമായി ചെത്തിയെറിയുന്നു—ഇന്നു് ഈ തല, നാളെ ആ തല. ഒരു വകഭേദം മാത്രം.

ഇക്കാലത്തു്, 1816-ൽ, ഉണ്ടായ ഫ്വാൽദെ [1] കാര്യത്തിൽ അവർ ബസ്തിദിന്റെയും [1] ഴൊസിയൊവിന്റെയും [1] ഭാഗം പിടിച്ചു; എന്തുകൊണ്ടെന്നാൽ, ഫ്വാൽദെ ഒരു ‘ബ്വോനാപ്പാർത്തു്’ [1] കക്ഷിയാണു്. അവർ നവീകരണവാദക്കാരെ സുഹൃത്തുക്കൾ എന്നും സഹോദരന്മാർ എന്നു വിളിച്ചുവന്നു; ഇതാണു് ഏറ്റവും അസഹനീയമായ അവമാനം.

ചില പള്ളിഗ്ഗോപുരങ്ങളിലെ മാതിരി മദാം ദു് റ്റിയുടെ സൽക്കാരമുറിയിലും രണ്ടു കാറ്റുകാട്ടികളുണ്ടു്. ഒന്നു മൊസ്സ്യു ഗിൽനോർമാൻ. മറ്റേതു കൊന്തു് ദു് ലമോദ്വല്വ; രണ്ടാമത്തെ ആളെപ്പറ്റി ഒരുതരം ബഹുമാനത്തോടുകൂടി ആളുകൾ മന്ത്രിക്കാറുണ്ടായിരുന്നു: ‘അറിയാമോ? വൈരകണ്ഠശ്ശരത്തിന്റെ കാര്യ [2] ത്തിലുണ്ടായിരുന്ന ആ ലമോത്താണു്.’ ഇങ്ങനെയുള്ള ചില അസാധാരണമറവികൾ കക്ഷിപിടുത്തത്തിൽ സംഭവിക്കാറുണ്ടു്.

ഞങ്ങൾ ഇതുകൂടി പറയട്ടെ: നാടുവാഴികളുടെ ഇടയിൽ, ബഹുമതി കൂടിയ നില വേഴ്ച വർദ്ധിക്കുന്തോറും നശിച്ചുപോകുന്നു; ഉഷ്ണത്തിന്റെ ശക്തി തണുപ്പുകൂടിയവയുടെ മുൻപിൽ കുറഞ്ഞുപോകുന്നതുപോലെ, നിന്ദിക്കപ്പെട്ടവരുടെ സന്നിധിയിൽ ബഹുമാനത്തിനു കുറവു തട്ടിപ്പോകുന്നു. പണ്ടത്തെ പ്രമാണികൾ മറ്റെല്ലാ നിയമത്തിനുമെന്നപോലെ ഈ നിയമത്തിനും മീതെയായിരുന്നു. പോം പദുവിന്റെ [3] സഹോദരനായ മാരിഞിക്കു ദു് സുബിസു് രാജകുമാരന്റെ അടുക്കൽ പ്രവേശമുണ്ടായിരുന്നു. അങ്ങനെയായിട്ടും? അല്ല, അങ്ങനെയായതുകൊണ്ടു്, വൊബെർനിയെയുടെ ‘തലതൊട്ടച്ഛ’നായ ദ്യു ബരി, മൊസ്സ്യു മർഷാൽ ദു് റിഷ്ലിയെയുടെ വീട്ടിൽ ‘നിത്യ’നായിരുന്നു. ഈ പ്രഭുസമുദായം ഒലിംപുസു് പർവതംപോലെയാണു്. ബുധന്നും ഗ്വെമെനെ രാജകുമാരനും അതു വീടാണു്. ഒരു കള്ളന്നു കടന്നുവരാം. പക്ഷേ, ഒരീശ്വരനായിരിക്കണം.

1815-ൽ എഴുപത്തഞ്ചു വയസ്സുള്ള ഒരു വൃദ്ധനായിരുന്ന കൊന്ത്ലമൊത്തിനു തന്റെ സഗൗരവവും അർഥപൂർണവുമായ ഭാവവിശേഷവും, കൂർത്തതും വികാര രഹിതവുമായ മുഖവും, തികച്ചും പരിഷ്കൃതങ്ങളായ സമ്പ്രദായങ്ങളും, കണ്ഠവസ്ത്രംവരെ കുടുക്കിയിട്ടുള്ള പുറംകുപ്പായവും, ചൂളയ്ക്കുവെച്ച മൺചായത്തിന്റെ നിറത്തിൽ നീണ്ടുതുടിച്ചിട്ടുള്ള കാലുറകളിൽ എപ്പോഴും ഇറങ്ങിനില്ക്കുന്ന നീളൻകാലുകളുമല്ലാതെ വിശേഷിച്ച് എടുത്തുപറയത്തക്കതായി യാതൊന്നുമില്ല. അയാളുടെ മുഖവും കാലുറയുടെ നിറത്തിലാണു്.

പ്രസിദ്ധികൊണ്ടും കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും, വാസ്തവത്തിൽ വല്വ [4] എന്നു പേരുള്ളതുകൊണ്ടും ഈ ലമോതു് ആ സൽക്കാരമുറിയിൽ ‘ഒരെണ്ണപ്പെട്ട’ ആളായിരുന്നു.

മൊസ്സ്യു ഗിൽനോർമാനെ സംബന്ധിച്ചേടത്തോളമാണെങ്കിൽ, അദ്ദേഹത്തിനുള്ള പദവി തികച്ചും മേന്മകൊണ്ടുതന്നെയാണു്. ചപലതയിരുന്നാലും, ഒരു നാടുവാഴിയുടെ നിലയിൽ മാന്യത തോന്നിക്കുന്നതും, അന്തസ്സു കൂടിയതും, കളങ്കമില്ലാത്തതും ഔന്നത്യമേറിയതുമായ ഒരു സമ്പ്രദായം അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൊക്കെയുണ്ടു്; പ്രായം അതിനോടു കൂടിച്ചേർന്നു്. ഒരു മാറ്റവും വരാതെ നൂറു കൊല്ലം ജീവിക്കില്ല. വയസ്സു് ഒടുവിൽ തലയുടെ ചുറ്റും ഒരു വന്ദ്യമായ മുടിയഴിച്ചിടലുണ്ടാക്കുന്നു.

ഇതിനുപുറമേ, പഴമയായ പാറക്കല്ലിലെ ചില യഥാർഥത്തീപ്പൊരി പാറുന്ന ചില വാക്കുകൾ അദ്ദേഹം പറയും. ഒരുദാഹരണം: പതിനെട്ടാമൻ ലൂയിയെ സ്ഥാനാരോഹണം ചെയ്യിച്ചതിനുശേഷം പ്രുഷ്യാരാജാവു കൊന്തു് ദു് റുപ്പിൻ എന്ന പേരിൽ തിരുമേനിയെ കാണാൻ ചെന്ന സമയത്തു പതിന്നാലാമൻ ലൂയിയുടെ ആ പിന്തുടർച്ചാവകാശി അദ്ദേഹത്തെ ഒരു പ്രഭു എന്ന മട്ടിലും, ഏറ്റവും മയത്തിലുള്ള അധികപ്രസംഗത്തോടുകൂടിയും സ്വീകരിച്ചു. മൊസ്സ്യു ഗിൽനോർമാൻ അതിനെ കൊണ്ടാടി: ‘ഫ്രാൻസിലെ രാജാവല്ലാത്ത എല്ലാ രാജാക്കന്മാരും നാടുവാഴികളാണു്.’ ഒരു ദിവസം അദ്ദേഹത്തിന്റെ മുൻപിൽവെച്ച് ഈയൊരു ചോദ്യോത്തരം നടന്നു: ‘കുരിയെർ ഫ്രാങ്സെ പത്രത്തിന്റെ അധിപനെ എന്തു ശിക്ഷയാണു് ശിക്ഷിച്ചതു്?’ ‘സസ്പെൻദു (=സസ്പെൻഡ്) ചെയ്തു.’ ‘സസു്’ അധികമാണു്.’ മൊസ്സ്യു ഗിൽനോർമാൻ അഭിപ്രായപ്പെട്ടു (പെൻദു=തൂക്കുക). ഇത്തരം അഭിപ്രായങ്ങൾക്ക് ഒരുദ്യോഗം കിട്ടി.

ബൂർബോങ് രാജകുടുംബം വീണ്ടും സ്ഥാനാരോഹണം ചെയ്തതിന്റെ ഒരു വർഷോത്സവദിവസം മൊസ്സ്യു താലിരാങ് കടന്നുപോകുന്നതു കണ്ടു് അദ്ദേഹം പറഞ്ഞു: ‘അതാ പോകുന്നു ചെകുത്താൻ ഗവർണർ’.

മൊസ്സ്യു ഗിൽനോർമാന്റെ കൂടെ നീണ്ടു, നാല്പതു കഴിഞ്ഞു കാഴ്ചയിൽ അമ്പതു വയസ്സു തോന്നുന്ന ആ തന്റെ മകളും, വെളുത്തു തടിച്ചു തെളിവും ചന്തവുമുള്ള ഏഴു വയസ്സായ ഒരു മിടുക്കൻ കുട്ടിയും എപ്പോഴും ഉണ്ടായിരിക്കും. ഉണർവും സൗശീല്യവും കാണിക്കുന്ന കണ്ണുകളോടുകൂടിയ ആ കോമളബാലനെകണ്ടാൽ ഉടനെ ഏതു സല്ക്കാരമുറിയിലും ഇങ്ങനെയൊരു ചെറിയ മന്ത്രിക്കൽ വ്യാപിക്കുക പതിവാണു്: ‘എന്തു മിടുക്കൻകുട്ടി! കഷ്ടംതന്നെ! പാവം!’ കുറച്ചു മുൻപു് ഞങ്ങൾ ഒരു വാക്കു പറഞ്ഞുവെച്ചതു് ഈയൊരു കുട്ടിയെപ്പറ്റിയാണു്. ഈ കുട്ടി ‘പാവം’ എന്നു വിളിക്കപ്പെട്ടു. എന്തുകൊണ്ടു്? ഇവന്റെ അച്ഛൻ ‘ല്വാർയുദ്ധത്തിലെ ഒരു തട്ടിപ്പറിക്കാര’നായിരുന്നു.

ഈ ല്വാറിലെ തട്ടിപ്പറിക്കാരനാണു് മൊസ്സ്യു ഗിൽനോർമാന്റെ ജാമാതാവ്—ഈയാളെപ്പറ്റി ഞങ്ങൾ മുൻപു് സൂചിപ്പിച്ചിട്ടുണ്ടു്; ഈ ജാമാതാവിനെയാണു് അദ്ദേഹം ‘എന്റെ കുടുംബത്തിനു് ഒരവമാനം’ എന്നു പറയാറു്.

കുറിപ്പുകൾ

[1] അത്ര പ്രസിദ്ധന്മാരല്ല.

[2] ഈ വാക്കിനു് ഉച്ചാരണഭേദംകൊണ്ടു് കാടൻ എന്നർത്ഥം കിട്ടും ബ്വോനം കാട്.

[3] കൊന്തസു് ദു് ലമൊത്തിന്റെ പ്രേരണയിന്മേൽ കർദിനാൽ രോഹാങ് പതിനാറാമൻ ലൂയിയുടെ ഭാര്യയെ തൃപ്തിപ്പെടുത്താൻവേണ്ടി 60,000 പവൻ വിലയ്ക്കുള്ള ഒരു കണ്ഠശരം വാങ്ങി. അതു് കൊന്തസ്സിനു കിട്ടിയെങ്കിലും ഉടനെ കാണാതായി ഈ ആഭരണം ഫ്രഞ്ച് ചരിത്രത്തിൽ ഒരു വലിയ ഒച്ചയുണ്ടാക്കിയതാണ്.

[4] പതിനാറാമൻ ലൂയിയുടെ വെപ്പാട്ടി.

[5] ഈ പേരിൽ ഫ്രാൻസിൽ ഒരു രാജകുടുംബമുണ്ടായിരുന്നു.

3.3.2
അക്കാലത്തെ ഭയങ്കരന്മാരിൽ ഒരാൾ

ഇക്കാലത്തു വെർനോങ് എന്ന ചെറുപട്ടണത്തിലൂടെ, ഏതെങ്കിലും കാണാൻ കൊള്ളരുതാത്ത ഒരിരിമ്പുകമ്പിപ്പാലമായി മാറാനിരിക്കുന്ന-ഇങ്ങനെ നമുക്കു വിചാരിക്കുക-ആ കൗതുകകരമായ പാലം കടന്നു് ആരെങ്കിലും സംഗതിവശാൽ പോകുന്നുണ്ടെങ്കിൽ, അയാൾ ആൾമറയ്ക്കു മീതെ കുറച്ചകാലത്തേക്കു നോക്കുന്നപക്ഷം, ഒരു തോൽത്തൊപ്പിയും കാലുറയും, നരയുടെ നിറത്തിൽ പരുക്കൻ തുണികൊണ്ടുള്ളതും ഒരിക്കൽ ചുകപ്പുനാടയായിരുന്ന എന്തോ ഒരു മഞ്ഞച്ചസാധനം തുന്നിക്കുത്തിയിട്ടുള്ളതായ ഒരുൾക്കുപ്പായവുമിട്ടു് വെയിൽകൊണ്ടു് ഊറയ്ക്കിട്ട പോലായ മരച്ചെരിപ്പും ധരിച്ച്, മുഖം ഏതാണ്ടു കറുത്തു, തലമുടി മിക്കവാറും വെളുത്തു, നെറ്റിമേൽ കവിളുവരെ എത്തുന്ന ഒരു വലിയ കലയോടുകൂടി, കൂന്നു വളഞ്ഞ്, ഉള്ളതിലധികം പ്രായം തോന്നിച്ചുകൊണ്ടു് ഏകദേശം അമ്പതുവയസ്സുള്ള ഒരാൾ, പാലത്തോടു തൊട്ടും ഒരു വെൺമാടച്ചങ്ങലകൊണ്ടു സെയിൻ നദിയുടെ ഇടത്തേ വക്കത്തു വേലി കെട്ടിയുമുള്ള മതിലുകളാൽ ചുറ്റപ്പെട്ട ആ പറമ്പുകള്ളികളിൽ-മുഴുവനും പുഷ്പങ്ങളെക്കൊണ്ടു നിറഞ്ഞു, കുറേക്കൂടി വലുതെങ്കിൽ പൂന്തോട്ടവും, കുറേക്കൂടി ചെറുതെങ്കിൽ പൂച്ചെണ്ടുമാണെന്നു കാണികൾ പറഞ്ഞുപോകുന്നവിധമുള്ള ആ മനസ്സു മയക്കുന്ന മതിലകങ്ങളിൽ-ഒന്നിൽ ഏതാണ്ടു ദിവസം തോറും കൈയിൽ അരിവാളും കൈക്കോട്ടുമായി നടക്കുന്നതു കാണപ്പെട്ടേക്കാം. ഈ മതിലകങ്ങളെല്ലാം ഒരറ്റത്തു പുഴയോടും മറ്റേ അറ്റത്തു് ഒരു വീട്ടിനോടും ചെന്നുമുട്ടുന്നു. ഉൾക്കുപ്പായത്തോടും മരച്ചെരിപ്പോടുംകൂടിയുള്ള ആ പറയപ്പെട്ട മനുഷ്യൻ, 1817-ൽ ഇങ്ങനെയുള്ള വേലിയ്ക്കകങ്ങളിൽ വെച്ച് ഏറ്റവും ചെറിയതൊന്നിൽ, അതുകളിലെ വീടുകളിലെല്ലാംവെച്ച് ഏറ്റവും നിസ്സാരമായ ഒരു കുടിലിൽ താമസിച്ചുവന്നു. അവിടെ ഈയാൾ കുടുംബമൊന്നുമില്ലാതെ, ഒതുങ്ങി, നന്നേ കിഴിഞ്ഞ നിലയിൽ, തന്റെ കൂടെ പരിചാരകപ്രവൃത്തിക്കു ചെറുപ്പക്കാരിയോ കിഴവിയോ, സാധാരണക്കാരിയോ സുന്ദരിയോ, കൃഷിക്കാരിയോ സ്ഥാനമാനക്കാരിയോ അല്ലാത്ത ഒരു സ്ത്രീയുമായി കഴിച്ചുകൂട്ടുന്നു. തന്റെ തോട്ടമെന്നു പറഞ്ഞിരുന്ന ആ പറമ്പിൻതുണ്ടം, അതിൽ അയാൾ നിഷ്കർഷിച്ചുണ്ടാക്കിയിരുന്ന പുഷ്പങ്ങളുടെ ഭംഗികൊണ്ടു പട്ടണത്തിൽ പേരെടുത്തു. ആ പുഷ്പക്കൃഷിയാണു് അയാളുടെ പ്രവൃത്തി.

അധ്വാനത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും ശ്രദ്ധയുടേയും വെള്ളം നിറച്ച കുടങ്ങളുടേയും പ്രാബല്യംകൊണ്ടു, സൃഷ്ടികർത്താവിനെപ്പോലെ, അയാൾക്കും സൃഷ്ടിക്കാൻ സാധിച്ചു; പ്രകൃതീദേവി മറന്നുകളഞ്ഞുവോ എന്നു തോന്നുന്ന ചില ചെടികളെ അയാൾ കണ്ടുപിടിച്ചു; അയാൾ ബുദ്ധിമാനാണു്; അമേരിക്കയിലും ചൈനയിലുമുള്ള അപൂർവങ്ങളും അനർഘങ്ങളുമായ ചെടികളെ നട്ടുവളർത്തുവാൻ വേണ്ടവിധം മണ്ണു പാകപ്പെടുത്തി ചെറിയ തടങ്ങൾ പിടിച്ചുണ്ടാക്കുന്നതിൽ സുലാങ്ഷ് ബൊദിനെ അയാൾ മുന്നിട്ടു. വേനല്ക്കാലത്തു നട്ടും ചില്ല വെട്ടിയും കിളച്ചും നനച്ചും ദയയോടും കുണ്ഠിതത്തോടും പുഞ്ചിരിയോടുകൂടി തന്റെ പുഷ്പങ്ങൾക്കിടയിലൂടെ സഞ്ചരിച്ചും, ചിലപ്പോൾ ചില മണിക്കൂറുകളോളം അനങ്ങാതെ മനോരാജ്യത്തിൽ മുഴുകിനിന്നും, മരങ്ങളിൽനിന്നുള്ള ഒരു പക്ഷിയുടെ പാട്ടോ ഒരു വീട്ടിൽനിന്നുള്ള ഒരു കുട്ടിയുടെ കൊഞ്ചലോ മനസ്സിരുത്തിക്കേട്ടും, സൂര്യൻ ഒരു മാണിക്യക്കല്ലാക്കിത്തീർക്കുന്ന പുല്ലിൻതലയ്ക്കലെ മഞ്ഞുതുള്ളിയിൽ കൺപതിപ്പിച്ചും, അയാൾ നേരം പുലർന്നാൽ തന്റെ പറമ്പുവഴികളിൽ ചെന്നുകൂടും. അയാളുടെ ഭക്ഷണം ചുരുക്കം ചിലതുകൊണ്ടു കഴിയും; വീഞ്ഞിനെക്കാളധികം പാൽ കുടിക്കും. ഒരു കുട്ടിക്ക് അയാളെക്കൊണ്ടു പറഞ്ഞതു കേൾപ്പിക്കാം; ഭൃത്യ അയാളെ ശകാരിക്കും, അയാൾ അത്രയും ഭീരുവായതുകൊണ്ടു് മറ്റുള്ളവർക്കു മുൻപിൽ ബഹുനാണംകുണുങ്ങിയാണു്; വളരെ ചുരുക്കമേ അയാൾ പുറത്തേക്കു പോകാറുള്ളു; വീട്ടിൽ വന്നു വിളിക്കുന്ന സാധുക്കളേയും ഒരു കൊള്ളാവുന്ന കിഴവനായ മതാചാര്യനേയും മാത്രമേ അയാൾ കണ്ടിരുന്നുമുള്ളു. എങ്കിലും, പട്ടണനിവാസികളോ, അപരിചിതന്മാരോ, യദൃച്ഛയാ കണ്ടുമുട്ടിയ വേറേ വല്ലവരുമോ ആ അപൂർവച്ചെടികളെ നോക്കിക്കാണാൻ തന്റെ ചെറുഭവനത്തിൽ വന്നുവിളിക്കുന്നപക്ഷം ഉടനെ അയാൾ പുഞ്ചിരിയോടുകൂടി വാതിൽ തുറക്കും. ഈയാളാണു് ‘ല്വാർയുദ്ധത്തിലെ തട്ടിപ്പറിക്കാരൻ.’

എന്നാൽ യുദ്ധസംബന്ധികളായ സ്മരണകളും ജീവചരിത്രങ്ങളും മോനിത്യെപത്രവും വിവരണക്കുറിപ്പുകളും വായിച്ചുനോക്കിയിട്ടുള്ള ആരുംതന്നെ ഇടവിടാതെ അവയിൽ കാണപ്പെടുന്ന യോർഷ് പൊങ്മേർസി എന്ന ഒരു പേർ കണ്ടു് അത്ഭുതപ്പെട്ടിട്ടുണ്ടാവാതെ വയ്യാ. ചെറുപ്പത്തിൽ ഈ യോർഷ് പൊങ്മേർസി സാങ്തോങ്ഷിന്റെ സൈന്യത്തിൽ ഒരു ഭടനായിരുന്നു. ഭരണപരിവർത്തനം വന്നു. സാങ്തോങ്ഷിന്റെ പട്ടാളവകുപ്പു റൈൽസൈന്യത്തിന്റെ ഒരു ഭാഗമായി, രാജവാഴ്ചകാലത്തുള്ള പട്ടാളവകുപ്പുകൾ, രാജവാഴ്ചക്കാലം അവസാനിച്ചിട്ടും അതതു സംസ്ഥാനങ്ങളുടെ പേരുകളെ വിടാതെ വെച്ചുപോന്നിരുന്നു; 1794-ൽ മാത്രമേ ഓരോ സേനാമുഖങ്ങളായി വിഭജിക്കപ്പെട്ടുള്ളൂ. സ്പീറിലും, വോർരിലും, നൊയ്സ്താതിലും, തുർക്ക്ഹൈമിലും, ആൽസെയിലും, മയാങ്സിലും പോങ്മേർസി യുദ്ധം ചെയ്തിട്ടുണ്ടു്; ഒടുവിൽ പറഞ്ഞതിൽ ഷാറിന്റെ പിൻകാവൽസ്സൈന്യമായിരുന്ന ഇരുനൂറു പേരിൽ ഒരുവനായിരുന്നു അയാൾ. അതാണു് എസെ രാജകുമാരന്റെ സൈന്യങ്ങളോടു് അന്ദർനാക്കിലെ പഴയ കോട്ടമതിലിനു പിന്നിൽനിന്നു പന്ത്രണ്ടാമത്തെ തവണ യുദ്ധംവെട്ടിയതും ശത്രുക്കളുടെ പീരങ്കിമലഞ്ചെരുവിന്റെ അടിവാരത്തിലുള്ള അഴിത്തട്ടുചരടിൽ ഒരു വിടവുണ്ടാക്കിയപ്പോൾമാത്രം പ്രധാനസൈന്യവിഭാഗത്തിൽ ചെന്നുചേർന്നതുമായ പട്ടാളവകുപ്പു്. കാർഷീന്നെയിൽ ക്ലബെറയുടെ കീഴിലും മൊങ്-പാലിസ്സേൽ യുദ്ധത്തിലും അയാളുണ്ടായിരുന്നു; ഒടുവിൽ പറഞ്ഞതിൽവെച്ച് ഒരുണ്ട അയാളുടെ കൈ മുറിച്ചു; പിന്നീടു് അയാൾ ഇറ്റലിയിലേക്കു പോയി; ഴൂബെറോടുകൂടി കൊൽദു് താങ്ദു് കാത്തുനിന്ന മുപ്പതു പടയാളികളിൽ ഒരാൾ അയാളായിരുന്നു. ഴൂബെർ അഡ്ജുന്റു് - ജനറലായി; പൊങ്മേർസി സബ്ലെഫ്റ്റിനന്റും. ബോനാപ്പാർത്തിനെക്കൊണ്ടു, ‘ബെർത്തിയെ [1] പീരങ്കിപ്പടയാളിയുമാണു്, കുതിരപ്പടയാളിയുമാണു്, കുന്തപ്പടയാളിയുമാണു്,’ എന്നു പറയിച്ച ആ ദിവസം, ലോദിയിൽ പീരങ്കിയുണ്ടകളുടെ നടുക്ക് ബെർത്തിയെയുടെ അടുക്കൽ പൊങ്മേർസിയുമുണ്ടായിരുന്നു. വാൾ പൊന്തിച്ചുപിടിച്ച് അത്യുച്ചത്തിൽ ‘മുമ്പോട്ടു’ എന്നു വിളിച്ചുപറയുന്ന സമയത്തു് അയാൾ തന്റെ പണ്ടത്തെ മേലുദ്യോഗസ്ഥനായിരുന്ന ഴൂബെർ മരിച്ചുവീഴുന്നതുകണ്ടു. അയാൾ സംഘത്തോടുകൂടി യുദ്ധത്തിലുള്ള ആവേശങ്ങൾക്കിടയിൽ ജെനോവയിൽനിന്നു കടൽത്തീരത്തുള്ള ഏതോ ഒരു നിസ്സാരമായ തുറമുഖത്തിലേക്കു പോകുന്ന ഒരു പടക്കപ്പൽത്തോണിയിൽ കയറിപ്പോകുമ്പോൾ ഏഴോ എട്ടോ ഇംഗ്ലീഷുകപ്പലുകളടങ്ങിയ ഒരു കുടന്നൽക്കൂട്ടിൽ പെട്ടു. ജെനോവക്കാരൻ കപ്പൽസ്സൈന്യാധിപൻ അയാളോടു, പീരങ്കി കടലിലിട്ടു, പട്ടാളക്കാരെ മേൽത്തട്ടിലൊളിപ്പിച്ച്, ഒരു കച്ചവടക്കപ്പൽപോലെ അതിനുള്ളിൽനിന്നു് ഉപായത്തിൽ ഊരിപ്പോകുവാൻ ആവശ്യപ്പെട്ടു; പൊങ്മേർസി കൊടിക്കൂറയെ കൊടിമരത്തിനു മുകളിൽ പാറിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ പീരങ്കിയുണ്ടകൾക്കുള്ളിലൂടെ സാഹകാരമായി കടന്നുപോന്നു. കുറച്ചു ദൂരത്തെത്തിയപ്പോൾ അയാളുടെ ധൃഷ്ടത വർദ്ധിച്ചു; തന്റെ പടക്കപ്പൽത്തോണിയുംവെച്ച് ആ ഇംഗ്ലീഷ് കപ്പൽസ്സൈന്യത്തോടേറ്റു, സിസിലിയിലേക്കു സൈന്യത്തെ കൊണ്ടുപോകുന്നതും സമുദ്രത്തിന്റെ നിലയ്ക്കൊപ്പം താഴുമാറു് ആളുകളേയും കുതിരകളേയുംകൊണ്ടു കുത്തിനിറച്ചതുമായ ഒരു വലിയ കപ്പൽ പിടിച്ചടക്കി. 1805-ൽ ആർച്ച് ഡ്യുക്ഫെർദിനാന്ദിന്റെ പക്കൽനിന്നു ഗുങ്സു് ബർഗ് കൈവശപ്പെടുത്തിയ ആ മൽഹരുടെ സൈന്യവിഭാഗത്തിൽ അയാളുണ്ടായിരുന്നു. വെൽത്തിൻഗെ യുദ്ധത്തിൽ അയാൾ, ഒരു വെടിയുണ്ടമഴയുടെ നടുക്കുവെച്ചു, മരണപ്പരിക്കു പറ്റി മറിഞ്ഞ കേർണൽ മൊപെത്തിയെ കൈകൊണ്ടു താങ്ങിയെടുത്തു. ഓസ്തെർലിത്സു് യുദ്ധത്തിൽ ശത്രുക്കളുടെ വെടിക്കുള്ളിലൂടെയുണ്ടായ ആ അഭിനന്ദനീയമായ പോക്കിൽ അയാൾ ഒരു മാന്യനേതാവായിരുന്നു. നാലാം സൈന്യവിഭാഗത്തിലെ ഒരു വകുപ്പിനെ റഷ്യാ ചക്രവർത്തിയുടെ രക്ഷിസംഘത്തിൽപ്പെട്ട കുതിരപ്പട്ടാളം ചതച്ചതിനു്, അതിനോടു പകരം ചോദിച്ചു. രക്ഷിസംഘത്തെ തോല്പിച്ചുവിട്ടവരുടെ കൂട്ടത്തിൽ പൊങ്മേർസി ഉൾപ്പെട്ടിട്ടുണ്ടു്. നെപ്പോളിയൻ ചക്രവർത്തി അയാൾക്കു കുരിശുമുദ്ര കൊടുത്തു. മാൻച്വയിലും മേലാസ്സിലും അലെക്സാന്ദ്രിയയിലും വെച്ചു വേംസറേയും ഉൾമിൽ വെച്ചു മാക്കനേയും കണ്ടു, വഴിക്കു വഴിയേ തടവുകാരാക്കിയതു പൊങ്മേർസിയാണു്. മോർത്തിയേ നേതൃത്വം വഹിച്ചിരുന്നതും ഹംബർഗ്പട്ടണത്തെ പിടിച്ചടക്കിയതുമായ മഹാസൈന്യത്തിന്റെ എട്ടാമത്തെ വകുപ്പിൽ അയാൾ ഒരംഗമായിരുന്നു; പിന്നീടു് അയാൾ 55-ആം വകുപ്പിലേക്കു മാറി; അതാണു് ഫ്ളാൻഡേർസിലെ യുദ്ധത്തിൽപ്പെട്ട പഴയ സൈന്യം. ഈ പുസ്തകകർത്താവിന്റെ അമ്മാമൻ, ധീരോദാത്തനായ കാപ്റ്റൻ ലൂയി യൂഗോ, രണ്ടു മണിക്കൂർ നേരത്തോളം തന്റെ കൂട്ടത്തിൽപ്പെട്ട എൺപത്തിമൂന്നു പേരോടുകൂടി ശത്രുസൈന്യത്തിന്റെ സർവവിധാക്രമണങ്ങളേയും തടുത്തുനില്ക്കുകയുണ്ടായ ആ ഐലോവിലെ ചുടുകാട്ടിൽ അയാളും ഉണ്ടായിരുന്നു. അതിൽനിന്നു ജീവനോടുകൂടി പോന്ന മൂന്നു പേരിൽ ഒരാളത്രേ പൊങ്മേർസി. അയാൾ ഫ്രീദ്ലാങ് യുദ്ധത്തിൽ പെട്ടിരുന്നു; പിന്നീടു് മോസ്കോ യുദ്ധത്തിൽ കൂടി; പിന്നെ ലാ ബെറെസിനെ; പിന്നെ ലട്സൻ, ബോസൻ, ഡ്രെസ്ഡൻ, വാച്ചോ, ലീപ്സിഗ്; പിന്നെ മോങ്മിരെ, തിയെറി; ക്രയോൺ, മാൺ നദീതീരം, എയിൻനദീതീരം; പിന്നെ ലയോൺ, ആർനെ-ല്-ദുക്കിൽവെച്ച്-അന്നയാൾ കാപ്റ്റനാണ്-പത്തു യുദ്ധവീരന്മാരെ കൊത്തിനുറുക്കി, അയാൾ, തന്റെ മേലുദ്യോഗസ്ഥനെയല്ല, ഒരു കീഴ്ജീവനക്കാരനെ രക്ഷപ്പെടുത്തി. അന്നു് ഒരുമാതിരി അയാൾ കീറപ്പെട്ടു; ഇരുപത്തേഴു കുന്തത്തുമ്പുകൾ അയാളുടെ ഇടത്തെ കൈയിന്മേൽനിന്നുതന്നെ എടുക്കുകയുണ്ടായി. പാരിസു് പിടിച്ചതിനു് എട്ടു ദിവസം മുമ്പുവെച്ച് അയാൾ ഒരു കൂട്ടുകാരനുമായി ഉദ്യോഗമാറ്റം ചെയ്തു കുതിരപ്പട്ടാളത്തിൽ ചേർന്നു. അയാൾക്ക് ഒരു ഭാഷയിൽ പറയുമ്പോൾ സവ്യസാചിത്വമുണ്ടായിരുന്നു-എന്നുവെച്ചാൽ, ഒരു ഭടനെപോലെ വാളോ തോക്കൊ എടുക്കുകയും ഒരു മേലുദ്യോഗസ്ഥനെപ്പോലെ കുതിരപ്പട്ടാളങ്ങളെക്കൊണ്ടോ സാദിവകുപ്പുകളെക്കൊണ്ടോ പെരുമാറുകയും ചെയ്വാൻ അയാൾക്ക് ഒരേമാതിരി സാമർഥ്യമുണ്ടായിരുന്നു. ഈ സാമർഥ്യത്തിൽനിന്നാണു്, യുദ്ധസംബന്ധിയായ വിദ്യാഭ്യാസംകൂടി തികഞ്ഞാൽ ഒരുമിച്ചുതന്നെ സാദികളായും കുന്തപ്പടയാളികളായും പേരെടുക്കുന്ന യുദ്ധവിദഗ്ധന്മാരുണ്ടായിത്തീരുന്നതു്. അയാൾ നെപ്പോളിയന്റെ കൂടെ എൽബയിലേക്കു പോയി. വാട്ടർലൂ യുദ്ധത്തിൽ അയാൾ ദ്യുബൊവിന്റെ സൈന്യവകുപ്പിൽപ്പെട്ട ഒരു കവചധാരിഭടസംഘത്തിന്റെ നേതാവായിരുന്നു ല്യൂ നൽബർഗ് സൈന്യത്തിന്റെ കൊടി പിടിച്ചെടുത്തതു പൊങ്മേർസിയാണു്. അയാൾ ചെന്നു് ആ കൊടി ചക്രവർത്തിയുടെ കാൽക്കൽ ഇട്ടുകൊടുര്ത്തു. അയാൾ രക്തത്തിൽ മുഴുകിയിരുന്നു. ആ കൊടി തട്ടിപ്പറിക്കുന്ന സമയത്തു് അയാളുടെ ചക്രവർത്തി ഉച്ചത്തിൽ പറഞ്ഞു: ‘നിങ്ങൾ ഒരു കേർണലാണു്, ഒരു പ്രഭു, ബഹുമതിപട്ടത്തിന്നർഹനായ ഒരു മേലുദ്യോഗസ്ഥൻ!’ പൊങ്മേർസി മറുപടി പറഞ്ഞു: ‘തിരുമേനി, എന്റെ വൈധവ്യം വന്ന പത്നിക്കുവേണ്ടി ഞാൻ അങ്ങയോടു നന്ദി പറയുന്നു.’ ഒരു മണിക്കൂർകൂടി കഴിഞ്ഞു. ഒഹെങ്ങിലെ കുണ്ടുവഴിയിൽ അയാൾ തലകുത്തി. അപ്പോൾ ആരായിരുന്നു ഈ യോർഷ് പോങ്മെർസി? അയാൾ തന്നെയാണു് ‘ല്വാർയുദ്ധത്തിലെ തട്ടിപ്പറിക്കാരൻ.’

അയാളുടെ ചരിത്രത്തിൽ ചിലതു നാം കണ്ടുകഴിഞ്ഞിരിക്കുന്നു. ഒഹെങ്ങിലെ കുണ്ടുവഴിയിൽനിന്നു, വായനക്കാർക്കോർമയുള്ളവിധം, വലിച്ചെടുക്കപ്പെട്ട പൊങ്മേർസിക്കു വാട്ടർലൂയുദ്ധത്തിനു ശേഷം വീണ്ടും സൈന്യത്തിൽ ചേരാൻ സാധിച്ചു; ഒരു ചികിത്സാഗൃഹത്തിൽനിന്നു മറ്റൊരു ചികിത്സാഗൃഹത്തിലേക്കായി നീങ്ങിനീങ്ങി ല്വാറിലെ പട്ടാളത്താവളം വരെ അയാൾ എത്തി.

രാജത്വപുനഃസ്ഥാപനത്തോടുകൂടി അയാളുടെ ശമ്പളം പകുതിപ്പെട്ടു; പൊല്ലീസു് നോട്ടത്തിൻകീഴിൽ വെർനൊങ്ങിലുള്ള സ്വന്തം താമസസ്ഥലത്തേക്ക് അയാളെ ഭരണാധികാരികൾ പറഞ്ഞയച്ചു. നെപ്പോളിയൻ എൽബയിൽനിന്നു വന്നതിനു ശേഷമുണ്ടായ നൂറു ദിവസക്കാലങ്ങളിലെ സംഭവങ്ങളൊന്നും ഉണ്ടായിട്ടുള്ളതായി കൂട്ടാതിരുന്ന പതിനെട്ടാമൻ ലൂയി, ബഹുമതിപ്പട്ടം കിട്ടിയ ഉദ്യോഗസ്ഥനായിട്ടോ കേർണലായിട്ടോ പ്രഭുവായിട്ടോ അയാളെ കണക്കാക്കിയില്ല. പൊങ്മേർസിയാവട്ടെ, ‘കേർണൽ ബാറൺ പൊങ്മേർസി’ എന്നൊപ്പിടുവാൻ കിട്ടിയ അവസരമൊന്നും വെറുതെ വിട്ടില്ലതാനും. അയാൾക്ക് ഒരു പഴയ നീലക്കുപ്പായമേ ഉണ്ടായിരുന്നുള്ളു; അതിന്മേൽ ഒരിക്കലെങ്കിലും ബഹുമതിപ്പട്ടം കാണിക്കുന്ന ചുവപ്പുനാട പിടിപ്പിക്കാതെ അയാൾ പുറത്തേക്കിറങ്ങുകയില്ല നിയമവിരുദ്ധമായി ഈ അലങ്കാരമുദ്ര വഹിക്കുന്നതിനു് അയാളെ ഭരണാധികാരികൾ ശിക്ഷിക്കുന്നതാണെന്നു ഗവർമ്മെണ്ടുവക്കീൽ ഓർമപ്പെടുത്തി ഈ നോട്ടീസ്സുംകൊണ്ടു് ഒരുദ്യോഗസ്ഥൻ അയാളുടെ അടുക്കൽ ചെന്നപ്പോൾ, ഒരു സന്തോഷസൂചകമല്ലാത്ത പുഞ്ചിരിയോടുകൂടി പൊങ്മേർസി മറുപടി പറഞ്ഞു: ‘എനിക്ക് ഫ്രഞ്ചു ഭാഷ തിരിയാതായിട്ടോ നിങ്ങൾ ആ ഭാഷയിലുള്ള സംസാരം നിർത്തിയിട്ടോ എന്നെനിക്കറിവില്ല, പക്ഷേ, എനിക്കതു മനസ്സിലാവുന്നില്ലെന്നുള്ള കാര്യം വാസ്തവമാണു്.’ അതിനുശേഷം എട്ടു ദിവസം ഒരുപോലെ ആ മുദ്രയും ധരിച്ച് അയാൾ പുറത്തേക്കു പോയി. അയാളെ ഉപദ്രവിക്കാൻ അവർ ധൈര്യപ്പെട്ടില്ല രണ്ടോ മൂന്നോ തവണ യുദ്ധമന്ത്രി അയാൾക്ക് ‘മൊസ്സ്യു ലു് കൊമാൺഡന്റു് = (സൈന്യനേതാവു്), പൊങ് മേർസി’ എന്ന മേൽവിലാസത്തിൽ കത്തയയ്ക്കുകയുണ്ടായി; അതൊക്കെ പുറത്തെ അരക്കുകൂടി കേടുവരുത്താതെ അയാൾ അങ്ങോട്ടുതന്നെ മടക്കിയയച്ചു. ആ സമയ്ത്തുതന്നെ, സെന്റു് ഹെലീനദ്വീപിൽവെച്ചു സർഹഡ്സൺ ലോവിന്റെ ‘ജെനറൽ ബോനാപ്പാർത്തു് എന്ന മേൽവിലാസത്തിൽ അയച്ചിരുന്ന കത്തുകളോടു നെപ്പോളിയനും ആവിധംതന്നെ പെരുമാറിയിരുന്നു. ചക്രവർത്തിയുടെ വായിലുണ്ടായിരുന്ന ഉമിനീർതന്നെ-ഈ പറയുന്നതിനെ വായനക്കാർ ക്ഷമിക്കണം-പൊങ്മേർസി തന്റെ വായിലും വെച്ചുകൊണ്ടിരുന്നു.

ഇതേ മാതിരി, ഫ്ളെമിനിയസ്സിനെ [2] ബഹുമാനിക്കാതിരുന്ന കാർത്തിജീനിയക്കാർ തുടവുപുള്ളികൾ റോമിലും ഉണ്ടായിട്ടുണ്ടു്; ഹാനിബോളിന്റെ ചുണയുടെ ഒരു ചെറുഭാഗം അവരിലും പ്രകാശിച്ചു.

ഒരു ദിവസം ജില്ലാക്കോടതിയിലെ ഗവർമ്മെണ്ടുവക്കീലിനെ വെർനോങ് പട്ടണത്തിലെ ഒരു തെരുവീഥിയിൽവെച്ചു കണ്ടുമുട്ടിയ സമയത്തു് അയാൾ അടുത്തു ചെന്നു ചോദിച്ചു: ‘ഹേ ഗവർമ്മേണ്ടുവക്കീലവർകളേ, എനിക്ക് എന്റെ വെടിക്കല കൊണ്ടുനടക്കുവാൻ സമ്മതം തന്നിട്ടുണ്ടോ?’

ഒരു ചെറിയ പട്ടാളമേലുദ്യോഗസ്ഥന്റെ പകുതിശ്ശമ്പളമല്ലാതെ അയാൾക്ക് മറ്റൊരുപജീവനമാർഗവും ഉണ്ടായിരുന്നില്ല. വെർനോങ്ങിൽവെച്ചു കിട്ടാൻ കഴിയുന്ന ഏറ്റവും ചെറിയ ഒരു വീടു് അയാൾ വാടകയ്ക്കു വാങ്ങി നാമിപ്പോൾ കണ്ടു കഴിഞ്ഞതുപോലെ, അവിടെ അയാൾ താമസമാക്കി. ചക്രവർത്തിവാഴ്ചക്കാലത്തു, രണ്ടു യുദ്ധങ്ങളുടെ ഇടയ്ക്കുവെച്ചു, മാംസ്സെൻ ഗിൽനോർമാനെ കല്യാണം കഴിപ്പാൻ അയാൾ സമയം കണ്ടു. മനസ്സിൽ തികച്ചും ശുണ്ഠി കയറിയ ആ കിഴവൻ നാടുവാഴി ഒരു നെടുവീർപ്പോടുകൂടി ഇങ്ങനെ പറഞ്ഞുംകൊണ്ടു് അനുവാദം കൊടുത്തു: ‘വലിയ തറവാടുകൾക്ക് ചിലപ്പോൾ ഇതു പറ്റിയിട്ടുണ്ടു്.’ എല്ലാവിധത്തിലും അഭിനന്ദനീയയും ഒരുത്തമസ്ത്രീയും അസാമാന്യയും ഭർത്താവിനു യോജിച്ചവളുമായ മദാം പൊങ്മേർസി, ഒരാൺകുട്ടിയെ പ്രസവിച്ചതിനുശേഷം 1815-ൽ പരലോകപ്രാപ്തയായി. ആ വിജനവാസത്തിൽ കേർണൽ പൊങ്മേർസിയുടെ സന്തോഷം മുഴുവനും ആ ഒരു കുട്ടിയായിരുന്നു; പക്ഷേ, മുത്തച്ഛൻ ആ കുട്ടിയെ തനിക്കു കിട്ടണമെന്നു് അധികാരപൂർവം ആജ്ഞാപിച്ചു. കൊടുക്കാത്ത പക്ഷം കുട്ടിക്കു തന്റെ വക യാതൊരു സ്വത്തിനും അവകാശമില്ലാതാക്കിത്തീർക്കുമെന്നു് അദ്ദേഹം സിദ്ധാന്തിച്ചു. കുട്ടിയുടെ ഗുണം നോക്കി അച്ഛൻ അതനുസരിച്ചു; അയാൾ തന്റെ സ്നേഹത്തെ പുഷ്പങ്ങളുടെ മേലേക്കാക്കി.

അത്രയല്ല, അയാൾ സർവവും ഉപേക്ഷിച്ചു; അപകടങ്ങളെ ഉണ്ടാക്കിത്തീർക്കാനോ തീർത്തതിൽ പങ്കെടുക്കാനോ അയാൾ നില്ക്കാതായി. അപ്പോൾ ചെയ്തു പോരുന്ന നിർദ്ദോഷസംഗതികൾക്കും, ചെയ്തുകഴിഞ്ഞ മഹാകാര്യങ്ങൾക്കുമായി അയാൾ സ്വന്തം വിചാരങ്ങളെ പങ്കിട്ടുകൊടുത്തു. ഒരു പൂമൊട്ടുണ്ടാകുന്നതുകാത്തും ഓസ്തെർലിത്സു് യുദ്ധത്തെ ഓർമിച്ചും അയാൾ സമയം കഴിച്ചു.

മൊസ്സ്യു ഗിൽനോർമാന്നു് തന്റെ ജാമാതാവിനെപ്പറ്റി ഒരു വിചാരവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം കേർണൽ ‘ഒരു തട്ടിപ്പറി’ ക്കാരനായിരുന്നു. കേർണലിന്റെ പരിഹാസ്യമായ പ്രഭുപട്ടത്തെപ്പറ്റി അപ്പോൾ നേരംപോക്കു പറയുമ്പോഴല്ലാതെ മൊസ്സ്യു ഗിൽനോർമാൻ അയാളെപ്പറ്റി ഒന്നും മിണ്ടാറേ ഇല്ല. മകനെ തികച്ചും നിർധനനാക്കി തിരിച്ചേല്പിക്കുമെന്ന ശിക്ഷ കാണിച്ചു പൊങ്മേർസിയെക്കൊണ്ടു മകനുമായി മേലാൽ കാണാതിരുന്നുകൊള്ളാമെന്നു് അദ്ദേഹം ഉടമ്പടി ചെയ്യിച്ചു. ഗിൽനോർമാൻവംശക്കാരെസ്സംബന്ധിച്ചേടത്തോളം, പൊങ്മേർസി പ്ലേഗുരോഗം പിടിച്ചവനാണു്, ഈ ശാഠ്യങ്ങൾക്കു കീഴടങ്ങിയതിൽ കേർണൽക്കു പക്ഷേ, തെറ്റു പറ്റിയിരിക്കാം; പക്ഷേ, ആ ചെയ്യുന്നതു ധർമമാണെന്നും തന്നെയല്ലാതെ മറ്റാരേയും അതിനു ബലി കൊടുക്കുന്നില്ലല്ലോ എന്നും കരുതി അയാൾ അവയെ അനുസരിച്ചു.

മൊസ്സ്യു ഗിൽനോർമാന്റെ സ്വത്തു് അധികമൊന്നുമില്ലായിരുന്നു; പക്ഷേ, അദ്ദേഹത്തിന്റെ മൂത്ത മകളുടെ സ്വത്തു് അത്ര കുറച്ചൊന്നുമല്ല. അപരിണീതയായിരുന്ന ആ സ്ത്രീക്ക് അമ്മയുടെ വഴിയായി വളരെ മുതലുണ്ടായിരുന്നു; അതിന്നെല്ലാം ശരിയായ അവകാശി, ആ അനുജത്തിയുടെ മകനല്ലാതെ മറ്റാരുമല്ലതാനും. മരിയുസു് എന്നു പേരായ ആ ആൺകുട്ടിക്ക് ഒരച്ഛൻ തനിക്കുണ്ടെന്നല്ലാതെ വേറെയൊന്നും അറിവില്ലായിരുന്നു. അതിനെപ്പറ്റി ആരും അവനോടു മിണ്ടാറില്ല. ഏതായാലും മുത്തച്ഛൻ കൂട്ടിക്കൊണ്ടുപോകാറുള്ള ഓരോ ഇടങ്ങളിൽനിന്നു മന്ത്രിക്കലുകളും സൂചനകളും കൺചിമ്മലുകളുമായി ക്രമേണ ആ കുട്ടിയുടെ ഉള്ളിൽ കാര്യം തെളിഞ്ഞുവന്നുതുടങ്ങി; ഒടുവിൽ വാസ്തവസ്ഥിതിയുടെ ചില ഭാഗങ്ങളൊക്കെ മനസ്സിലായി; ആ ചെറുകുട്ടി ശ്വസിക്കുന്ന വായുതന്നെയാണെന്നു പറയാവുന്ന ആവക ആലോചനകളും അഭിപ്രായങ്ങളും അകത്തേക്കൂറിവീണു. പതുക്കെ തുളഞ്ഞു കടന്നു, മനസ്സിൽ പറ്റിയതോടുകൂടി, ലജ്ജയോടും വേദനയോടുംകൂടി മാത്രമേ അച്ഛനെപ്പറ്റി വിചാരിക്കാൻ കഴിയൂ എന്ന നില വന്നുകൂടി.

ഇങ്ങനെ വളർന്നുവരുമ്പോൾ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു ദിവസം കേർണൽ പതുക്കെ പുറപ്പെട്ടു. തടവിൽനിന്നു ചാടിപ്പോരുന്ന ഒരു കള്ളപ്പുള്ളിയെപ്പോലെ, ഉപായത്തിൽ പാരിസ്സിൽ വന്നു, മരിയുസ്സിന്റെ വലിയമ്മ മരിയുസ്സിനേയും കൂട്ടി പള്ളിയിലേക്കു പോകുന്ന സമയം നോക്കി സാങ്സുൽ പിസ്സിന്നടുത്തു് ഒരു ഭാഗത്തു വന്നുകൂടും. അവിടെ, ആ വലിയമ്മ തിരഞ്ഞുനോക്കിയാലോ എന്നു ഭയപ്പെട്ടുകൊണ്ടു്, അനങ്ങാതെ, ശ്വാസം കഴിക്കാൻകൂടി ധൈര്യമില്ലാതെ, ഒരു തൂണിനു പിന്നിൽ ഒളിച്ചുനിന്നു് ആ കുട്ടിയെ സൂക്ഷിച്ചു നോക്കും. കലകെട്ടിയ യുദ്ധഭടന്നു് ആ അപരിണീതവൃദ്ധയെ പേടിയായിരുന്നു.

ഈ വരവിൽനിന്നാണു് അയാളും വെർനോങ്ങിലെ മതാചാര്യനുമായി കൂട്ടുകെട്ടു തുടങ്ങിയതു്.

സാങ്സുൽപിസ്സിലെ ഒരു കീഴുദ്യോഗസ്ഥൻ അയാൾ ആ കുട്ടിയെ നോക്കിക്കാണുന്നതും, അയാളുടെ കവിളത്തുള്ള കലയും, കണ്ണിൽ കണ്ണീർ നിറയലും കണ്ടു മനസ്സിലാക്കാറുണ്ടു്. ആ കാവല്ക്കാരന്റെ സഹോദരനായിരുന്നു മതാചാര്യൻ. അത്രയും പുരുഷത്വമുള്ള ആ മനുഷ്യൻ ഒരു സ്ത്രീയെപ്പോലെ കരയുന്നതു കണ്ടു് ആ കാവല്ക്കാരനു ദയ തോന്നി. ആ മനുഷ്യന്റെ മുഖം അയാളുടെ ഉള്ളിൽ പതിഞ്ഞു, ഒരു ദിവസം ആ കാവല്ക്കാരൻ വെർനോങ്ങിലുള്ള മതാചാര്യനെ കാണാൻ ചെന്നിരുന്ന സമയത്തു കേർണൽ പൊങ്മേർസിയെ പാലത്തിന്മേൽ വെച്ചു യദൃച്ഛയാ കണ്ടുമുട്ടി, സാങ് സുൽപിസ്സിൽ വെച്ചു കാണാറുള്ള ആളാണതെന്നു മനസ്സിലാക്കി, അയാൾ വിവരമെല്ലാം മതാചാര്യനോടു പറഞ്ഞു; അവർ രണ്ടുപേരുംകൂടി എന്തോ ഉപായത്തിന്മേൽ കേർണലിനെ വീട്ടിൽ ചെന്നു കണ്ടു. അങ്ങനെ അവർ പിന്നെയും ഇടയ്ക്കിടയ്ക്കു ചെല്ലാൻ തുടങ്ങി. ആദ്യത്തിൽ അധികമൊന്നും മിണ്ടാതിരുന്ന കേർണൽ, ഒടുവിൽ തന്റെ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു; ക്രമത്തിൽ കാവല്ക്കാരനും മതാചാര്യനും ചരിത്രം മുഴുവൻ അറിയാനിടയായി; സ്വന്തം മകന്റെ ഭാവിക്ഷേമപൂർണമാകുവാൻവേണ്ടി അയാൾ തന്റെ സുഖത്തെ ബലികഴിക്കുകയാണെന്നു് അവർ കണ്ടു. ഇതുകാരണം മതാചാര്യൻ അയാളെ സ്നേഹത്തോടും ബഹുമാനത്തോടുകൂടി കരുതിപ്പോന്നു; പോങ്മേർസിക്കും മതാചാര്യന്റെ മേൽ ഇഷ്ടം തോന്നി. അത്രയല്ല, രണ്ടു പേരും നല്ല സ്ഥിരതയും സൗശീല്യമുള്ളവരായതുകൊണ്ടു്, ഒരു വൃദ്ധനായ മതാചാര്യനും ഒരു വൃദ്ധനായ യുദ്ധഭടനുമെന്നപോലെ അത്രമേൽ അന്യോന്യം കൂടിച്ചേരുകയും ഒന്നായി യോജിക്കുകയും ചെയ്യുന്ന വേറെ രണ്ടുപേർ ഉണ്ടാവാൻ തരമില്ല. ഒരാൾ ഈ ഭൂമിയിലുള്ള തന്റെ രാജ്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു; മറ്റേ ആൾ സ്വർഗത്തിലുള്ള തന്റെ രാജ്യത്തിനുവേണ്ടി-ഇതേ വ്യത്യാസമുള്ളൂ.

കൊല്ലത്തിൽ രണ്ടു തവണ, വർഷാരംഭദിവസവും സെയ്ന്റു ് ജോർജ്ജ് പെരുന്നാൾ ദിവസവും മരിയൂസു് അച്ഛന്നു മുറയനുസരിച്ച് ഓരോ കത്തെഴുതും; അതിലെ വാചകങ്ങൾ വലിയമ്മയാണു് പറഞ്ഞുകൊടുക്കാറു്. അവയെല്ലാം ഏതോ ഒരു പഴഞ്ചൊൽപ്പുസ്തകത്തിൽനിന്നു പകർത്തിയവയാണെന്നേ തോന്നു. ഇതിനു മാത്രമേ മൊസ്സ്യു ഗിൽനോർമാന്റെ അനുവാദമുള്ളു. അവയ്ക്ക് അച്ഛൻ അയയ്ക്കാറുള്ള വാത്സല്യപൂർണങ്ങളായ മറുപടികളെയെല്ലാം മകൻ വായിച്ചുനോക്കാതെ കീശയിലേക്കു തിരുകും.

കുറിപ്പുകൾ

[1] നെപ്പോളിയന്റെ രക്ഷിസംഘാധിപൻ.

[2] ഒരു റോമൻ സൈന്യാധിപൻ, മൂന്നു തവണ രാജ്യഭാരമേറ്റെടുത്തു ഒടുവിൽ ഹാനിബോളുമായുള്ള യുദ്ധത്തിൽ മരിച്ചുപോയി.

3.3.3
ശാന്തി ഭവിക്കട്ടെ

മരിയൂസു് പൊങ്മേർസി ലോകത്തിലാകപ്പാടെ ഒന്നറിഞ്ഞിട്ടുള്ളതു മദാം ദു് റ്റി.യുടെ സൽക്കാരമുറിയാണു്. ജീവിതത്തെ ഒരുനോക്കു നോക്കിക്കാണുവാൻ അയാൾക്കു കിട്ടിയിരുന്ന ഒരു പഴുതു് അതുമാത്രമാണു്. ഈ പഴുതു മങ്ങിയതായിരുന്നു; ആ നാട്ടുവെളിച്ചത്തിലൂടെ ചൂടിനെക്കാളധികം തണുപ്പാണു് അയാൾക്കു കിട്ടിയിരുന്നത്-പകലിനെക്കാളധികം രാത്രി. ഈ അപരിചിതലോകത്തിൽ കടക്കുമ്പോൾ ആകെ ആഹ്ലാദവും പ്രകാശവുമായിരുന്ന ഈ കുട്ടി വേഗത്തിൽ വ്യസനശീലനായി; എന്നല്ല, ആ പ്രായത്തിനു് ഏറ്റവും വിരുദ്ധമായ മറ്റൊന്ന്-അയാൾ സഗൗരവമായി, ഗംഭീരങ്ങളും അസാധാരണങ്ങളുമായ അത്തരം സത്ത്വങ്ങളാൽ ചുറ്റപ്പെട്ടതുകൊണ്ടു് അവൻ വല്ലാത്ത അമ്പരപ്പോടുകൂടി നാലുപുറവും നോക്കുകയായി. അവനിൽ ഈ അമ്പരപ്പു വർദ്ധിപ്പിക്കുവാൻ സകലവും കൂട്ടുകൂടി. മദാം ദു് റ്റിയുടെ സൽക്കാരമുറിയിൽ മത്താൻ, നോ, ലെവിസ്-ഇതിന്റെ ഉച്ചാരണം ലെവി എന്നായിരുന്നു-കംബിസ്-ഇതിന്റെ ഉച്ചാരണം കംബൈസു് എന്നായിരുന്നു- എന്നിങ്ങനെ പേരുള്ള ചില എണ്ണപ്പെട്ട പ്രഭ്വികൾ ഒത്തുകൂടാറുണ്ടു്. അവരുടെ പ്രായം കൂടിയ മുഖരൂപങ്ങളും വേദപുസ്തകത്തിലെ ഈ പേരുകളുമൊക്കെ ആ കുട്ടി കാണാപ്പാഠം പഠിച്ചുപോന്നിരുന്നു. പഴയ നിയമഗ്രന്ഥത്തോടു് അവന്റെ ഉള്ളിൽവെച്ചു കെട്ടിമറിഞ്ഞു; പച്ചമൂടിയിട്ട ഒരു വിളക്കിന്റെ മങ്ങൽവെളിച്ചത്തു്, ഒരു കെടാറായ അടുപ്പിൻതീയിന്റെ ചുറ്റുമായി, ആ പ്രഭ്വിമാർ, തങ്ങളുടെ കനം പിടിച്ച മുഖഭാവത്തോടും, നരച്ചതോ വെളുത്തതോ ആയ തലമുടിയോടും, കുണ്ഠിതമട്ടുള്ള നിറവിശേഷങ്ങളെ വേർതിരിച്ചറിയുവാൻ വയ്യാതെ മറ്റൊരു ശതാബ്ദത്തിലേക്കു ചേർന്നതായ നീളനുടുപ്പോടുംകൂടി, പ്രാഭവവും ഗൗരവവും കലർന്ന ഓരോ വാക്കുകൾ അപൂർവമായി ചിലപ്പോൾ ഉച്ചരിച്ചുകൊണ്ടിരിക്കെ, ആ കാണുന്നതൊന്നും സ്ത്രീകളല്ല, പത്രിയാർക്കീസ്സുമാരും മന്ത്രിവാദിനികളുമാണെന്ന-ജീവനോടുകൂടിയ ചില സത്ത്വങ്ങളല്ല, ചില പ്രേതങ്ങളാണെന്ന- ബോധത്തോടുകൂടി മരിയുസു് കുട്ടി അവരെ ഭയപ്പെട്ടു തുറിച്ചുനോക്കും.

ഈ പ്രേതങ്ങളോടുകൂടി ആ പഴയ സൽക്കാരമുറിയിലെ പതിവുകാരായ മതാചാര്യന്മാരും, ചില മാന്യപുരുഷന്മാരും ചിലപ്പോൾ ഒന്നിച്ചുകൂടാറുണ്ടു്; മദാം ദു് ബെറിയുടെ കാര്യദർശിയായ മാർക്കി ദു് സസ്സു്....ഷാർൽ ആങ്താങ് എന്ന കള്ളപ്പേരിൽ ഒറ്റപ്രാസപ്പാട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള വിക്കോന്ത്ദ്വൽ...., വളരെ ചെറുപ്പക്കാരനെങ്കിലും ഒരു നരച്ച തലയും, ആ നിഴൽസ്വരൂപങ്ങളെ പേടിപ്പിക്കുന്ന തുടുപ്പുപട്ടുകൊണ്ടു സ്വർണക്കമ്പിപ്പണിയോടുകൂടി കഴുത്തിടുക്കിയുണ്ടാക്കിയ ഒരുടുപ്പണിഞ്ഞു സുന്ദരിയും ഫലിതക്കാരിയുമായ ഭാര്യയുമുള്ളാളുമായ ദു് ബോ... രാജകുമാരൻ, ഫ്രാൻസിൽ മുഴുവനുംവെച്ചു ശരിയായ മര്യാദയറിയുന്ന മാർക്കി ദ്സ...., സൗമ്യശീലമുള്ള കവിൾത്തടങ്ങളോടുകൂടിയ ദയാവാൻ കൊന്തു് ദാം..., രാജാവിന്റെ മന്ത്രിസഭ എന്നു പേരുള്ള ലാർ ഗ്രന്ഥശാലയുടെ ഒരു തൂണായ ഷെവലിയെ ദു് പൊർത്-ദു് ഗ്വി. ഇങ്ങനെ കഷണ്ടിക്കാരനും, വയസ്സനെന്നതിലധികം പ്രായക്കാരനുമായ മൊസ്സ്യു ദു് പൊർത്-ദ്-ഗ്വി, 1793-ൽ, പതിനാറു വയസ്സുള്ളപ്പോൾ, ദുശ്ശാഠ്യക്കാരനെന്ന നിലയിൽത്തന്നെ അവിടെ എത്തിക്കൂടിയ ഒരെൺപതു വയസ്സുകാരൻ മീർപ്വയിലെ മെത്രാനോടുകൂടിയാണ്-താൻ അവിടെ പെട്ടതു് പട്ടാളക്കാരനായതുകൊണ്ടാണെങ്കിൽ, മറ്റേ ആൾ മതാചാര്യനായതുകൊണ്ടാണ്-തന്നെ ചങ്ങലയ്ക്കിട്ടിരുന്നതെന്നും കഥ പറയാറുണ്ടു്. ഇതു് തൂലോങ്ങിലായിരുന്നു. ഈ രണ്ടുപേർക്കും തടവുകാലത്തെ പണി, പകൽസ്സമയത്തു ശിരസ്സു ഛേദിച്ചുവിട്ടിട്ടുള്ള പുള്ളികളുടെയെല്ലാം തലയും ഉടലും രാത്രിയിൽ പോയി ശേഖരിക്കുകയായിരുന്നു; ഇവർ ആ ചോരയിറ്റുവീഴുന്ന ശവങ്ങളെ പുറത്തേറ്റിക്കൊണ്ടുപോരും; അവരുടെ ചുകന്ന തടവുപുള്ളിയുടുപ്പിൽ കഴുത്തിന്റെ പിൻഭാഗത്തു ചോര കട്ടകുത്തിയിട്ടുണ്ടാവും. അതു് രാവിലെ ഉണങ്ങിയിരിക്കും, രാത്രിയിൽ കുതിർത്തും. ഈ വക ദുഃഖമയങ്ങളായ കഥകൾ മദാം ദു് റ്റി.യുടെ സൽക്കാരമുറിയിൽ ധാരാളം കേൾക്കാം; മരായെ ശപിക്കുന്നതിലുള്ള ശക്തികൊണ്ടു് അവർ ത്രസ്തെയൊ [1] വിനെ സ്തുതിക്കും. കണ്ടുപിടിക്കാൻ വയ്യാത്ത വർഗത്തിന്റെ ചില പ്രതിനിധികൾ അവിടെവെച്ചു ‘ബ്രിഡ്ജ്’ കളിക്കും-മൊസ്സ്യുതിബോർ ദ്യു ഷാലാറും, മൊസ്സ്യു ലമർഷാർങ്ദു് ഗൊമിൻകൂറും, പേർ കേട്ട ധർമപരിഹാസി മൊസ്സ്യു കോർനെ ദെൻകൂറും, നീളം കുറഞ്ഞ കാലുറകളോടും മെലിവു കൂടിയ കാലുറകളോടും കൂടി ദു് ഫെറെതു് എന്ന ജപ്തിയാമീൻ മൊസ്സ്യു ദു് തലിരാങ്ങിനെ കാണാൻ പോകുംവഴിക്കു ചിലപ്പോൾ ആ സൽക്കാരമുറിയിലൂടെ ഒന്നു ലാത്തും. അയാൾ മൊസ്സ്യു ദു് കൊന്ത്ദാർത്ത്വാവിന്റെ നല്ല കാലങ്ങളിൽ അദ്ദേഹത്തിന്റെ ചങ്ങാതിയായിരുന്നു; അരിസ്റ്റോട്ടൽ കാംപസ്പിയുടെ [2] മുൻപിൽ നമസ്കരിക്കുന്നപോലെയല്ലാതെ, അയാളാകട്ടേ ഗ്വിമാറിനെക്കൊണ്ടു് ആനകളിപ്പിച്ചു; അങ്ങനെ, ഒരു ജപ്തിയാമീൻ ഒരു തത്ത്വജ്ഞാനിയോടു പകരംവീട്ടുന്ന കാഴ്ച അയാൾ പുരുഷാന്തരങ്ങൾക്കു കാണിച്ചുകൊടുത്തു. മതാചാര്യന്മാരാണെങ്കിൽ, അബൈഹൽമ ആ കൂട്ടത്തിലുണ്ടായിരുന്നു. ല ഫൂദൃപത്രത്തിന്റെ നടത്തിപ്പിൽ കൂട്ടാളിയായിരുന്ന മൊസ്സ്യു ലരോസു് ആരോടാണോ ‘ഹാ!’ അമ്പതു വയസ്സു പ്രായം ചെല്ലാതെ ആരുണ്ടു്? ചില പൊട്ടന്മാരുണ്ടാവാം. പക്ഷേ?’ എന്നു പറഞ്ഞതു്. അദ്ദേഹംതന്നെ. രാജാവിന്റെ മതോപദേശിയായ ആബെ ലെത്തൂർനെ; ഇതേവരെ കൊന്തോ മെത്രാനോ മന്ത്രിയോ പ്രഭുവോ ആയിട്ടില്ലാത്ത ആളും കുടുക്കെവിടെയോ പൊയ്പോയ ഒരു പഴയ നിലയങ്കി ധരിക്കുന്ന ആളുമായ ആബെ ഫ്രാസിനു; സാങ്-ഴെർമെങ് ദെപ്രെ പള്ളിയിലെ ഉപബോധകനായ ആബെ കെറവനാങ്; പിന്നീടു് പോപ്പിന്റെ പ്രതിനിധി, അന്നു മൊസ്സ്യു മാർച്ചി; നീണ്ടു കുണ്ഠിതഭാവമുള്ള മൂക്കോടുകൂടിയ ആ പിന്നീടു് കർദിനാലായ നിസിബി പ്രധാനമെത്രാൻ; പാപ്പസ്ഥാനത്തിലെ ഏഴു പ്രധാനഗുമസ്തന്മാരിൽ ഒരാളും സ്വർഗവകുപ്പിലേക്കുള്ള ‘അപേക്ഷകളുടെ മേലധികാരി’ എന്നു് ഏതാണ്ടു് പറയാവുന്നാളുമായ പൽമിയെരി മതാചാര്യൻ മൊസ്സ്യു ദ്ലലുസേർൻ, മൊസ്സ്യു ദു് ക്ല... എന്നീ രണ്ടു കർദിനാൽമാർ. ആദ്യത്തെ ആൾ ഒരെഴുത്തുകാരനാണു്; കുറെ കൊല്ലം കഴിഞ്ഞാൽ കേൻസെർവാതെ പത്രത്തിൽ ഷാതൊബ്രിയാങ്ങിന്റെ അടുത്തുതന്നെ ഒപ്പിട്ട ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബഹുമതി കിട്ടാനിരിക്കുന്ന ഭാഗ്യവാനും, രണ്ടാമതു പറഞ്ഞ കർദിനാൽ ക്ല...ലെ പ്രധാന മെത്രാനും യുദ്ധക്കപ്പലുകളേയും കരയുദ്ധത്തേയും സംബന്ധിച്ചുള്ള പ്രധാനമന്ത്രിയായ തന്റെ മരുമകനെ കാണാൻ പലപ്പോഴും പാരിസ്സിലേക്കു പോകാറുള്ളാളുമാണു്. ഈ കർദിനാൽ ക്ല... ഒരു നേരംപോക്കുകാരനായ മുണ്ടനാണു്; അയാൾ മേല്പോട്ടു ചുരുക്കിവെച്ച നിലയങ്കിയുടെ ചുവട്ടിൽ തന്റെ ചുകന്ന കീഴ്ക്കാലുറ കാണിച്ചുകൊണ്ടിരിക്കും; അയാൾക്കുള്ള വിശേഷതകൾ സർവജ്ഞാനനിധി എന്ന മഹാഗ്രന്ഥത്തോടുള്ള വെറുപ്പും ‘രണ്ടുംകെട്ട’ നിലയിലുള്ള ബില്ലിയേർഡ് കളിക്കലുമാണു്; ഹൊത്തേൽ ദു് ക്ല-അന്നു നിന്നിരുന്ന രുമ....യിലൂടെ വൈകുന്നേരം നടന്നുപോകുന്നവർ പന്തുകൾ ചെന്നടിക്കുന്ന ഒച്ചയും തന്റെ എതിരാളിയായ മൊസ്സ്യു കൊതിരയോടു-മെത്രാൻ കരിസ്തിന്റെ ഭാഗത്തായിരിക്കും-നോക്കൂ. ഞാൻ ‘കാനനെ’ [3] ടുത്തു് എന്നു് ഉറക്കെപ്പറയുന്ന കർദിനാലിന്റെ തുളഞ്ഞുകേറുന്ന ശബ്ദവും കേൾക്കാൻ നില്ക്കും. കർദിനാൽ ദു് ക്ല...യെ മദാം ദു് റ്റി.യുടെ വീട്ടിലേക്കു ആദ്യം കൂട്ടിക്കൊണ്ടു ചെന്നതു് അദ്ദേഹത്തിന്റെ പരമസുഹൃത്തും സെൻലിയിലെ മെത്രാനുമായ മൊസ്സ്യു ദു് രൊക്ലോറാണു്. മൊസ്സ്യു ദു് രോക്ലോർ തന്റെ ഉയർന്ന ശരീരംകൊണ്ടും, പണ്ഡിതസഭായോഗത്തിലെ ചുറുചുറുക്കുകൊണ്ടും പേരെടുത്താളാണു്; പണ്ഡിതയോഗം കൂടാറുണ്ടായിരുന്ന ഗ്രന്ഥശാലയുടെ അടുത്ത മുറിയിലെ ചില്ലുവാതിലിലൂടെ നോക്കുന്ന ഉൽക്കണ്ഠിതന്മാർക്ക്, എല്ലാ ചൊവ്വാഴ്ചയും സാലിയിലെ പണ്ടത്തെ മെത്രാൻ പുതുതായി പൊടിയിട്ടു്, ഊതക്കാലുറയോടുകൂടി, വാതില്ക്കലേക്കു പുറംതിരിഞ്ഞു, സാധാരണയായി നീണ്ടു നിവർന്നു, ശരിക്കു തന്റെ ചെറിയ കഴുത്തുപട്ട മറ്റുള്ളവരെ നല്ലവണ്ണം കാണിക്കുവാൻവേണ്ടി നില്ക്കുന്നതു കാണാം. പള്ളിപ്രവൃത്തിക്കാരെന്നപോലെതന്നെ രാജസേവകന്മാർകൂടിയായ ഈ മതാചാര്യന്മാരെല്ലാം കൂടി റ്റി.യുടെ സൽക്കാര മുറിയുടെ പ്രാഭവത്തിനു കനം കൂട്ടിയിരുന്നു; ആ സഗൗരവത്വത്തെ ഫ്രാൻസിലെ അഞ്ചു മഹാപ്രഭുക്കന്മാർ വർദ്ധിപ്പിച്ചു-മാർക്കി ദു് വിബ... മാർക്കി ദു് താൽ.... മാർക്കി ദു് ഹെർബ്വ....., വ്ക്കൊന്തെ ദാം...., ദ്യുക് ദു് വൽ... ഈ ദ്യുക് ഫ്രാൻസിൽ നിന്നപ്പുറത്തു മൊങ്... എന്ന പ്രദേശത്തു വാഴുന്ന ഒരു രാജാവാണെങ്കിലും ഫ്രാൻസിനേയും ഫ്രാൻസിലെ പ്രഭുക്കന്മാരേയും പറ്റി വളരെ വലിയ ഒരഭിപ്രായമുള്ളാളാണു്. അദ്ദേഹമാണു് ഒരിക്കൽ ഇങ്ങനെ പറഞ്ഞതു്: ‘കർദിനാൽമാർ റോമിലെ ഫ്രാൻസിലുള്ള പ്രഭുക്കന്മാരാണു്; പ്രഭുക്കന്മാർ ഇംഗ്ലണ്ടിലെ ഫ്രാൻസിലുള്ള നാടുവാഴികളുമാണു്.’ അത്രമാത്രമല്ല, ഈ നൂറ്റാണ്ടിൽ എവിടെയും ഭരണപരിവർത്തനമുണ്ടായേ കഴിയൂ എന്നുള്ളതുകൊണ്ടു്, ഈ നാടൻ സൽക്കാരമുറി, ഞങ്ങൾ പറഞ്ഞതുപോലെ, ഒരു നാടുവാഴിയാൽ ഭരിക്കപ്പെട്ടു. മൊസ്സ്യു ഗിൽനോർമാൻ അവിടെ രാജ്യഭരണം ചെയ്തു.

പാരിസ്സിലെ വെള്ളസ്സമുദായത്തിന്റെ സത്തും സാരവും ഇവിടെയാണു്. പ്രാമാണ്യങ്ങളെയെല്ലാം രാജകീയകക്ഷിക്കാരുടെ പ്രാമാണ്യങ്ങളെക്കൂടി, ഇവിടെ തളച്ചിടുന്നു. പ്രസിദ്ധിയിൽ എപ്പോഴും അരാജകത്വത്തിന്റെ ഒരു വാലുണ്ടു്. ഷതൊബ്രിയാങ് ഇവിടെയ്ക്കു കടന്നുവന്നിരുന്നുവെങ്കിൽ, പെർദ്യുഷീൻ എത്തിയാലത്തെ ഒരു മട്ടുണ്ടാക്കും. എന്നിട്ടും, സർവരും പരിഹസിക്കുന്ന ചിലർക്ക് ആരും വിരോധം പറയാത്തതുകൊണ്ടു് അവിടെ കടന്നുകൂടാൻ പറ്റിയിട്ടുണ്ടു്... പറഞ്ഞ വിധം കേട്ടുകൊള്ളാമെന്ന കരാറിന്മേൽ കൊന്തെ ബു...വിനെ അങ്ങോട്ടു കടത്തിവിടുകയുണ്ടായി.

ഇന്നത്തെ ‘പ്രമാണി’ സൽക്കാരമുറികൾക്ക് ഇവയുടെ യാതൊരു ഛായയുമില്ല. ഇപ്പോഴും സാങ്ഴെർമാങ് പ്രദേശത്തിനു് ഒരു കിഴവത്തമുണ്ടു്. ഇന്നത്തെ രാജകീയകക്ഷിക്കാർ ജനസംഘത്തലവന്മാരാണ്-അവരുടെ ഗുണത്തിനായി ഇതു ഞങ്ങൾ രേഖപ്പെടുത്തട്ടെ.

മദാം ദു് റ്റി.യുടെ വീട്ടിലെ വിരുന്നുകാർ മേലേക്കിടയിലുള്ളവരാണു്; വലിയ മര്യാദനാട്യത്തിനുള്ളിലെ അവരുടെ മട്ടു കൊള്ളാവുന്നതും അന്തസ്സു കൂടിയതുമാണു്. സംസ്കരിക്കപ്പെട്ടതും എന്നാൽ ജീവൻ പോയിട്ടില്ലാത്തതുമായ പണ്ടത്തെ സമ്പ്രദായത്തിന്-എല്ലാത്തരം അകൃത്രിമപരിഷ്കാരത്തിനും-അവിടെ കടന്നു ചെല്ലുവാൻ വിരോധമില്ല. ഈ സമ്പ്രദായത്തിന്റെ ചില ഭാഗങ്ങളെല്ലാം, വിശേഷിച്ചും ഭാഷയെ സംബന്ധിച്ചവ, നമുക്കു കമ്പമായി തോന്നും. അവയെപ്പറ്റി നല്ല വിവരമില്ലാത്തവർ അവിടെ കേൾക്കുന്ന വെറും പഴമവാക്കുകളെ ദേശ്യപദങ്ങളെന്നു കരുതിയേക്കും. മദാം ല ജെനറൽ എന്നു് ഒരു സ്ത്രീയെ വിളിച്ചിരുന്നു. മദാം ല കേർണൽ എന്നതും ഇല്ലാതായിട്ടില്ല. നിശ്ചയമായും ദുഷെസു് ദു് ലോഗുവിന്റേയും ദു് ഷെവ്രെസ്സിന്റേയും ഓർമയിൽ, അതിസുന്ദരിയായിരുന്ന മദാം ദു് ലെയൊവിനു രാജകുമാരി എന്നതിനെക്കാൾ ഈ സ്ഥാനമായിരുന്നു ഇഷ്ടം. മാർക്കിസു് ദു് ക്രെക്കിയേയും മദാം ല കേർണൽ എന്നായി പറയാറു്.

ഈ ചെറിയ പ്രമാണിക്കൂട്ടമാണു് രാജാവിനെ ഗൂഢമായി കണ്ടു സംസാരിക്കുമ്പോൾ രാജാവേ എന്നു സംബോധനം ചെയ്യുന്ന സമ്പ്രദായം തുലെരി രാജധാനിയിൽ കണ്ടുപിടിച്ചതു്; തിരുമനസ്സുകൊണ്ടു് എന്ന വാക്ക് ഒരിക്കലും ഉപയോഗിയ്ക്കാതായി. തിരുമനസ്സുകൊണ്ടു് എന്നതു് ‘ആ അധികപ്രസംഗി അശുദ്ധിപ്പെടുത്തി’ക്കളഞ്ഞു.

മനുഷ്യരും അവരുടെ പ്രവൃത്തികളും ഇവിടെ വിചാരണയ്ക്കു വരും. ആ വിധിന്യായകർത്താക്കളെ ഏതൊരു കാലവിശേഷമാണോ തന്നെ മനസ്സിലാക്കിയേ കഴിയൂ എന്നുള്ള നിർബന്ധത്തിൽനിന്നു വിടുത്തിക്കൊടുത്തതു്, ആ കാലത്തെ അവർ പുച്ഛിച്ചു. അവർ അമ്പരപ്പോടുകൂടി അന്യോന്യം ഇണനിന്നു. അവർ തങ്ങൾക്കുള്ള അറിവിൻശകലത്തെ അന്യോന്യം പറഞ്ഞുകൊടുത്തു. എപിമെനിഡ്സിന്ന് [4] മെത്തുസേല [5] ഓരോ വിവരം പറഞ്ഞുകൊടുത്തു. കാര്യഗതി ഇന്നതെന്നു ചെകിടുപൊട്ടൻ കണ്ണുപൊട്ടനെ ധരിപ്പിച്ചു. കൊബ്ലെൻസു് യുദ്ധത്തിനു ശേഷമുള്ളതൊന്നും ഉണ്ടായിട്ടേ ഇല്ലെന്നു് അവർ നിശ്ചയിച്ചു. പതിനെട്ടാമൻ ലൂയി ഈശ്വരാനുകൂല്യം കൊണ്ടു് രാജ്യഭരണത്തിലേർപ്പെട്ടിട്ടു് അങ്ങനെ ഇരുപത്തഞ്ചു കൊല്ലമായോ അങ്ങനെതന്നെ ഭരണപരിവർത്തനത്തിൽ ഓടിപ്പോയവരും അവകാശവഴിക്കു പ്രായംചെന്നു് ഇരുപതിരുപത്തഞ്ചു വയസ്സു കഴിഞ്ഞവരായി.

എല്ലാം ഭംഗിയായി; ആർക്കും പ്രായമേറിയിട്ടില്ല; പ്രസംഗം ഒരു ശ്വാസത്തോളം തന്നെ ഇല്ലായിരുന്നു. സൽക്കാരമുറികളോടു യോജിച്ചു വർത്തമാനപത്രങ്ങളും ഒരു ഞങ്ങണപ്പുല്ലായിത്തീർന്നു. ചില ചെറുപ്പക്കാരുണ്ടായിരുന്നു; പക്ഷേ, അവർ മരിച്ചപോലെയേ ഉള്ളു. ഈ തികച്ചും പഴകിപ്പോയ സത്ത്വങ്ങൾക്കു സാഹായത്തിനു് അതേ നിലയ്ക്കുള്ള ഭൃത്യവർഗവുമുണ്ടു്.

അവർക്കെല്ലാവർക്കും അനവധിക്കാലമായി ജീവിച്ചുപോന്നാലത്തെ ഒരു മട്ടുണ്ടു്; അവർ ശവക്കുഴിയോടു മനഃപൂർവം മല്ലിട്ടുനില്ക്കുകയാണെന്നു തോന്നും. നിഘണ്ടുവിലൊക്കെക്കൂടി ഒരു വാക്കേ ഉള്ളൂ എന്നു തോന്നും-പഴമക്കാരൻ; തഞ്ചത്തിൽ നില്ക്കുക-അതാണു് കാര്യം. വാസ്തവത്തിൽ ഈ വന്ദ്യജനങ്ങളുടെ അഭിപ്രായത്തിൽ സുഗന്ധദ്രവ്യങ്ങൾ വ്യാപിച്ചിരുന്നു; അവർ പറയുന്നതിലൊക്കെ അതിന്റെ വാസനയുണ്ടു്. സുഗന്ധദ്രവ്യമിട്ടുണക്കിയെടുത്ത ഒരു സംഘമായിരുന്നു അതു്. എജമാനന്മാരിലെല്ലാം സുഗന്ധദ്രവ്യം നിറച്ചിരുന്നു; ഭൃത്യന്മാരിലെല്ലാം വൈക്കോലും.

പണ്ടു ചാടിപ്പോയി ഒരു കാശുമില്ലാതായി ഒരൊറ്റ പെണ്ണു കൂടെയുള്ള ഒരു കൊള്ളാവുന്ന കിഴവിപ്രഭ്വി മാത്രം ഇടയ്ക്കിടയ്ക്കു പറയും; ‘എന്റെ ആളുകൾ.’

ഇവരെല്ലാംകൂടി റ്റി.യുടെ സൽക്കാരമുറിയിൽ എന്തു ചെയ്തു? അവർ മറുകണ്ടം ചാടി.

മറുകണ്ടം ചാടുക; ഈ വാക്ക് എന്തിനെ കാണിക്കുന്നുവോ അതു തീരെ ഇല്ലാതായിട്ടില്ലെങ്കിലും, ഈ വാക്കു പറഞ്ഞാൽ ഇന്നു് ഒരർഥവുമില്ല. ഞങ്ങൾ വിവരിക്കാം.

മറുകണ്ടം ചാടുക അപ്പുറത്താവുകയാണു്. സിംഹാസനത്തിന്റെ പേരും പറഞ്ഞു ചെങ്കോലിനെ എതിർക്കുക; തിരുവത്താഴമേശയുടെ പേരിൽ സഭാധ്യക്ഷകിരീടത്തെ എതിർക്കുക; വലിച്ചുകൊണ്ടുപോകുന്നതെന്തിനെയോ അതിനെ ദ്രോഹിക്കുക; ചവിട്ടടിപ്പാടുകളിൽ ചവിട്ടുക; മതദ്രോഹികൾക്കു കിട്ടിയിട്ടുള്ള വെപ്പു പണിയുടെ തോതനുസരിച്ചു വിറകുചുള്ളിക്കെട്ടിനെ കുത്തിച്ചതയ്ക്കുക; ബിംബാരാധനയുടെ ശകലത്തെപ്പിടിച്ചു ബിംബത്തെ ശകാരിക്കുക; ബഹുമാനത്തിന്റെ ആധിക്യംകൊണ്ടു് അവമാനിക്കുക; പോപ്പു് തികച്ചും പോപ്പായിട്ടില്ലെന്നും, രാജാവു വേണ്ടവിധം രാജാവായിട്ടില്ലെന്നും. രാത്രിക്കു വെളിച്ചം കൂടുന്നു എന്നും കണ്ടുപിടിക്കുക; വെളുപ്പിനുവേണ്ടി ചന്ദ്രകാന്തക്കല്ലിനോടും മഞ്ഞിനോടും അരയന്നത്തോടും വെള്ളാമ്പലോടും മുകർ വീർപ്പിക്കുക; ശത്രുതയിൽ കടക്കുമാറു് എന്തെങ്കിലും ഒന്നിന്റെ ഭാഗം പിടിക്കുക; എതിരാവാൻ മാത്രം അനുകൂലമാവുക.

രാജത്വപുനഃസ്ഥാപകനായ മൊസ്സ്യു ദു് വില്ലെലിന്റെ വരവോടുകൂടി, 1814-ൽ ആരംഭിച്ച് 1820-ന്നടുത്തുവെച്ചവസാനിച്ച ആ കാൽമണിക്കൂറിനു സമമായി യാതൊന്നും ചരിത്രത്തിലില്ല. ഈ ആറു കൊല്ലം ഒരസാധാരണനിമിഷമായിരുന്നു. ഒരേ ഒരു സമയത്തുതന്നെ തെളിവുള്ളതും ഇരുണ്ടതും, പുഞ്ചിരിക്കൊണ്ടതും മുകർവീർത്തതും, പ്രഭാതത്തിലുള്ള പ്രകാശത്താലെന്നപോലെ പ്രകാശമാനവും അപ്പോൾത്തന്നെ ആകാശാന്തത്തിൽ നിറഞ്ഞുനില്ക്കുന്നതും പതുക്കെ ഭൂതകാലത്തിലേക്കിരുത്തുന്നതുമായ മഹാവിപത്തുകളുടെ നിഴല്പാടുകളാൽ തികച്ചും മൂടപ്പെട്ടതുമായ ഒരു നിമിഷം. ആ വെളിച്ചത്തിന്റേയും ആ നിഴലിന്റേയും ഉള്ളിൽ പുതിയതും പഴയതും, നേരമ്പോക്കുള്ളതും വ്യസനമയവും, പ്രായം കുറഞ്ഞതും പ്രായം കൂടിയതുമായ ഒരു ചെറിയ മുഴുവൻലോകം കണ്ണും തിരുമ്മിക്കൊണ്ടു നിന്നിരുന്നു; ഉണർന്നെഴുന്നേല്ക്കലിനു തിരിച്ചുവരവിനെപ്പോലെ സദൃശമായ മറ്റൊന്നില്ല. ഫ്രാൻസിനെ മുഷിച്ചലോടുകൂടി കരുതുന്നതും ഫ്രാൻസു് അങ്ങോട്ടു് കപടഭക്തിയോടുകൂടി കരുതിപ്പോരുന്നതുമായ ഒരുകൂട്ടം; മടങ്ങിയെത്തിയ പ്രഭുക്കന്മാരും പ്രേതങ്ങളുമായ മുതുമുത്തൻ ഊമന്മാർ; ആദ്യം പറഞ്ഞവരാകട്ടേ-എല്ലാറ്റിനു മുൻപിലും മിഴിച്ചുനില്ക്കുന്ന ചിലർ-ഫ്രാൻസിൽ എത്തിയതുകൊണ്ടു് പുഞ്ചിരിക്കൊള്ളുകയും എന്നാൽ അപ്പോൾത്തന്നെ കരയുകയും, തങ്ങളുടെ രാജ്യത്തെ ഒരിക്കൽക്കൂടി കാണാറായതിൽ സന്തോഷിക്കയും തങ്ങളുടെ രാജവാഴ്ചയെ കാണാത്തതുകൊണ്ടു നിരാശരാവുകയും ചെയ്യുന്ന ധീരന്മാരും പ്രാമാണികളുമായ മാന്യന്മാർ; സാമ്രാജ്യത്തിലെ പ്രഭുക്കന്മാരെ, അതായതു വാളിന്റെ കാലത്തിലെ പ്രഭുക്കന്മാരെ, പുച്ഛിക്കുന്ന കുരിശുയുദ്ധകാലത്തിലെ പ്രഭുക്കന്മാർ, ചരിത്രത്തിന്റെ ഗന്ധംപോലുമില്ലാതായ ചരിത്രപ്രസിദ്ധന്മാരുടെ വർഗക്കാർ; നെപ്പോളിയന്റെ കൂട്ടുകാരെ അധിക്ഷേപിക്കുന്ന ഷാർലിമാന്റെ കൂട്ടുകാരുടെ സന്തതികൾ. ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞതുപോലെ, വാളുകൾ ആ അധിക്ഷേപത്തിനു പകരം ചോദിച്ചു; ഫോന്തെനോ യുദ്ധത്തിലെ വാൾ പരിഹാസയോഗ്യവും തുരുമ്പുപിടിച്ച ഒരിരിമ്പിൻകഷ്ണം മാത്രവുമായി; മാറെൻഗോ യുദ്ധത്തിലെ വാൾ അറപ്പു തോന്നിക്കുന്നതും ഒരു ചുരിക മാത്രവുമായിത്തീർന്നു. പണ്ടത്തെ കാലങ്ങൾ ഇന്നലെയെ ഗണിക്കാതായി. മഹത്തായതിനെപ്പറ്റി ആളുകൾക്കു ഒരു വിലയും തോന്നാതായി. ബോനാപ്പാർത്ത്ഷപെൻ എന്നു പേരായ ഒരാൾ ഉണ്ടായിരുന്നു. ഈയൊരു സമുദായം ഇന്നില്ല. ഞങ്ങൾ ഒന്നുകൂടിപ്പറയുന്നു, അതിന്റെ ഒരു ഭാഗവും ഇന്നില്ല. അതിന്നുള്ളിൽനിന്നു് ഇടയ്ക്കൊന്നിനെ പെറുക്കിയെടുത്തു് അതിനെ ആലോചനയിൽ വെച്ചു ഞങ്ങൾ വീണ്ടും ജീവിക്കാൻ നോക്കുമ്പോൾ, അത്ര പ്രളയത്തിനു മുൻപിലത്തെ ലോകത്തെപ്പോലെ അത്രമേൽ അസാധാരണമായിപ്പോകുന്നു. എന്തുകൊണ്ടെന്നാൽ, പറഞ്ഞുവരുമ്പോൾ, അതും വാസ്തവത്തിൽ ഒരു പ്രളയത്തിന്നുള്ളിൽ ആണ്ടുപോയിരിക്കുന്നു. രണ്ടു ഭരണപരിവർത്തനങ്ങൾക്കിടയിൽ അതും മറഞ്ഞുപോയി. എന്തു തിരമാലകളാണു് വിചാരങ്ങൾ! എന്തിനെയെല്ലാം നശിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്യാൻവേണ്ടിയാണോ ഉണ്ടായതു് അതിനെയെല്ലാം അവ എത്ര ക്ഷണത്തിൽ മറച്ചുകളയുന്നു; എത്ര ജാഗ്രതയോടുകൂടി അവ ഭയങ്കരങ്ങളായ പാതാളങ്ങളെ സൃഷ്ടിക്കുന്നു.

വോൾത്തെയറെക്കാളധികം മൊസ്സയു മർത്തെങ്വിലിന്നു [6] ഫലിതമുണ്ടായിത്തീർന്ന ആ സുദൂരവും നിഷ്കപടവുമായ നാളിലെ സല്ക്കാരമുറികളുടെ മുഖാകൃതി ഇങ്ങനെയായിരുന്നു.

ആ സൽക്കാരമുറികൾക്കു സ്വന്തമായി ഒരു സാഹിത്യവും രാജ്യഭരണയുക്തിയുമുണ്ടു്. അവ ഫിയെവെയൽ [7] വിശ്വസിച്ചു. മൊസ്സ്യു അഗിയെ [8] അവയിലേക്കുള്ള നിയമങ്ങളെ വ്യവസ്ഥപ്പെടുത്തി. മലകെ പാതാറിലുള്ള പഴയ പുസ്തകവ്യാപാരിയും ഗ്രന്ഥപ്രസാധകനുമായ മൊസ്സ്യു കെൽനെയെ അവ വ്യാഖ്യാനിച്ചു. നെപ്പോളിയൻ അവയ്ക്കു തികച്ചും കോർസിക്കക്കാരൻ രാക്ഷസനായിരുന്നു. രാജസൈന്യത്തിലെ ഉപസേനാധിപനായിരുന്ന മാർക്കി ദു് ബോനാപ്പാർത്തിനെ പിന്നീടു ചരിത്രത്തിൽ പ്രവേശിപ്പിച്ചതു് അന്നത്തെ കാലസ്ഥിതിക്കു കൊടുത്ത ഒരനുവാദമാണു്.

ഈ സൽക്കാരമുറികൾ സ്വന്തം പരിശുദ്ധിയെ അധികകാലം നിലനിർത്തിപ്പോന്നില്ല. 1818-ന്റെ ആരംഭത്തോടുകൂടി അവയ്ക്കിടയിൽ നൂതനോപദേശികൾ പുറപ്പെടാൻ തുടങ്ങി-സ്വസ്ഥത കെടുത്തുന്ന നിഴലുകൾ. അവരുടെ സമ്പ്രദായം രാജകീയകക്ഷിക്കാരാകയും അങ്ങനെയായതിനു ഞായം പറയുകയുമാണു്. മറുകണ്ടം ചാടിയവർ എന്തെന്നില്ലാത്ത അഭിമാനം കാണിച്ചിരുന്നേടത്തു നൂതനോപദേശികൾ ലജ്ജ ഭാവിച്ചു. അവർക്കു രസികത്തമുണ്ടു്; അവർക്കു മിണ്ടാതിരിക്കാൻ കഴിയും; അവരുടെ രാജ്യഭരണസിദ്ധാന്തത്തിനുള്ളിൽ വേണ്ടവിധം ദുരഹങ്കാരം നിറഞ്ഞിരുന്നു, അവർ ജയിക്കേണ്ടതാണു്. വെള്ളക്കഴുത്തുകെട്ടുകളുടേയും കുറുക്കിക്കുടുക്കിട്ട പുറംകുപ്പായങ്ങളുടേയും കാര്യത്തിൽ ആണ്ടുമുങ്ങുവാൻ അവർ നിശ്ചയിച്ചു; അതു പ്രയോജനകരവുമായിരുന്നു. നൂതനോപദേശകക്ഷിയ്ക്കു പിണഞ്ഞ അബദ്ധം, അല്ലെങ്കിൽ ആപത്തു്, അവർ പ്രായംചെന്ന ചെറുപ്പക്കാരെ സൃഷ്ടിച്ചു എന്നതാണു്. അവർ അറിവുള്ളവരുടെ നാട്യം നടിച്ചു. കവിഞ്ഞതും കൂട്ടില്ലാത്തതുമായ മൂലതത്ത്വത്തിന്മേൽ ഒരു ശാന്തമായ അധികാരശക്തിയെ വെച്ചുപിടിപ്പിക്കാമെന്നു് അവർ മനോരാജ്യം വിചാരിച്ചു. നശിപ്പിക്കുന്നതായ പരിഷ്കാരേച്ഛയോടു പഴമയെ പിൻതാങ്ങുന്ന പരിഷ്കാരേച്ഛയെ അവർ ചിലപ്പോൾ, അസാധാരണമായ ബുദ്ധിവൈഭവത്തോടുകൂടിത്തന്നെ, നേരിടുവിച്ചു. അവർ പറകയുണ്ടായത്രേ. ‘രാജത്വവാദത്തോടു നാം നന്ദി പറയുക! അതു് ഒന്നിലധികം ഗുണം ചെയ്തിട്ടുണ്ടു്. അതു പഴമയെ, പൂജയെ, മതത്തെ, ബഹുമാനത്തെ, വീണ്ടുകൊണ്ടുവന്നു. അതു വിശ്വസിക്കാവുന്നതും ധൈര്യമുള്ളതും ദാക്ഷിണ്യത്തോടുകൂടിയതും സ്നേഹിക്കുന്നതും ഭക്തിയേറിയതുമാണു്. ജനസമുദായത്തിന്റെ പുതിയ അന്തസ്സുകളോടുകൂടി രാജവാഴ്ചയുടെ ലൗകികങ്ങളായ അന്തസ്സുകളെ അതു, പശ്ചാത്താപത്തോടുകൂടിയാണെങ്കിലും, കൂട്ടിയിണക്കി. അതിന്റെ തെറ്റു് അതു ഭരണപരിവർത്തനത്തെ, സാമ്രാജ്യത്തെ, മാഹാത്മ്യത്തെ, സ്വാതന്ത്ര്യത്തെ, നൂതനവിചാരങ്ങളെ, ചെറുപ്പക്കാരെ, കാലത്തെ, മനസ്സിലാക്കിയില്ല എന്നതാണു് നമ്മെസ്സംബന്ധിച്ചേടത്തോളം അതു കാണിച്ച ഈ തെറ്റ്-ഇതു നമ്മൾ അവരോടും ചിലപ്പോൾ പ്രവർത്തിച്ചിട്ടില്ലേ? നമ്മൾ എന്തൊന്നിന്റെ സന്തതികളാണോ ആ ഭരണ പരിവർത്തനം എല്ലാ കാര്യത്തിലും വേണം ബുദ്ധിയുപയോഗിക്കുക. രാജത്വവാദത്തെ എതിർക്കുന്നതു പരിഷ്കാരേച്ഛയെ തെറ്റി വ്യാഖ്യാനിക്കലാണു്. എന്തബദ്ധം! എന്നല്ല, എന്തന്ധത! ഭരണപരിവർത്തനകാലത്തിലെ ഫ്രാൻസിനു പണ്ടേയ്ക്കു പണ്ടുള്ള ഫ്രാൻസിനോട്- എന്നുവെച്ചാൽ അതിന്റെ അമ്മയോടു്, അതിനോടുതന്നെ-ബഹുമാനം പോരാ. സെപ്തംബർ 5-ആം തിയ്യതിക്കു [9] ശേഷം രാജവാഴ്ചക്കാലത്തിലെ പ്രഭുസമുദായത്തോടുണ്ടായ പെരുമാറ്റം, ജൂലായ് 8-ആം തിയ്യതിക്കു [10] ശേഷം സാമ്രാജ്യവാഴ്ചക്കാലത്തിലെ പ്രഭുസമുദായത്തോടു് എങ്ങനെയായിരുന്നുവോ അങ്ങനെയായി. അവർ ചക്രവർത്തിക്കൊടുക്കൂറയോടു് അനീതികാണിച്ചു; നമ്മൾ രാജാവിന്റെ കൊടിക്കൂറയോടും. എന്തെങ്കിലും ഒന്നിനെ നമുക്ക് എപ്പോഴും നാടുകടത്തണമെന്നുണ്ടെന്നു് തോന്നുന്നു! പതിന്നാലാമൻ ലൂയിയുടെ കീരിടത്തിന്റെ പൂച്ചു കളഞ്ഞതുകൊണ്ടു, നാലാമൻ ആങ്റിയുടെ കവചം ചുരണ്ടിയതുകൊണ്ടു, നമുക്കെന്തു പ്രയോജനമുണ്ടായി? യേനയിലെ പാലത്തിന്മേൽ നിന്നു് N എന്ന അക്ഷരം [11] മാച്ചതിൽ നമ്മൾ മൊസ്സ്യു ദു് വൊബ്ലാനെ പരിഹസിക്കുന്നു; അയാൾ എന്താണു് ചെയ്തതു? നമ്മൾ എന്താണു് ചെയ്യുന്നതു? മറൻഗോയുദ്ധംപോലെതന്നെ, ബൂവിൻയുദ്ധവും നമ്മുടെയാണു്. N അടയാളംപോലെതന്നെ, ഫ്ളൂർദ ലീയും നമ്മുടെയാണു്. അതു നമ്മുടെ പൂർവസ്വത്താണു്. നമ്മൾ അതെന്തിനു കുറയ്ക്കുന്നു? ഇന്നത്തെ നമ്മുടെ രാജ്യത്തെ വിടാൻ പാടില്ലാത്തതുപോലെതന്നെ പണ്ടത്തെ നമ്മുടെ രാജ്യത്തെ നമുക്കു വിട്ടുകൂടാ. ചരിത്രത്തെ മുഴുവനും നമുക്കെന്തുകൊണ്ടു സ്വീകരിച്ചുകൂടാ? ഫ്രാൻസിനെ മുഴുവനും നമുക്കെന്തുകൊണ്ടു് സ്നേഹിച്ചുകൂടാ?’

ഇങ്ങനെയാണു് നൂതനോപദേശികൾ രാജത്വവാദത്തെ ഗുണദോഷവിവേചനം ചെയ്തതും രക്ഷപ്പെടുത്തിയതും; ഗുണദോഷവിവേചനത്തിൽ അതു മുഖം വീർപ്പിച്ചു; രക്ഷപ്പെടുത്തലിൽ അതു ശുണ്ഠിയെടുത്തു.

മറുകണ്ടംചാടിയവർ രാജത്വവാദത്തിന്റെ ആദ്യഭാഗത്തെ കാണിക്കുന്നു, മറ്റവർ പിന്നത്തേയും. സാമർഥ്യം ശ്രദ്ധയെ പിന്തുടരുന്നു. ഈ വിവരണംകൊണ്ടു ഞങ്ങൾ തൃപ്തിപ്പെടട്ടെ.

ഈ കഥയെഴുത്തിനിടയിൽ ഗ്രന്ഥകാരൻ ഇദാനീന്തനചരിത്രത്തിലെ ഈ അസാധാരണഘട്ടത്തെ മുൻപിൽ എത്തിമുട്ടിയിരിക്കുന്നു; ഒരോടിച്ച നോട്ടത്തെ അതിൽ വ്യാപരിപ്പിക്കാതിരിക്കാനും ഇന്നില്ലാതായിത്തീർന്നിട്ടുള്ള ആ സമുദായ വിശേഷത്തിന്റെ ചില അസാധാരണ രൂപങ്ങളെ ഒരിക്കൽക്കൂടി വരച്ചുകാണിക്കാതിരിക്കാനും അയാൾക്കു സാധിച്ചിട്ടില്ല. പക്ഷേ, അതു വേഗത്തിലും നീരസമോ പുച്ഛമോ കൂടാതെയുമാണു് ചെയ്യുന്നതു്. ബഹുമാനവും സ്നേഹവും തോന്നിക്കുന്ന ഈ സ്മാരകചിഹ്നങ്ങൾ-അവ അയാളുടെ അമ്മയുടേതാണല്ലോ-അയാളെ ഭൂതകാലത്തിലേക്കാകർഷിക്കുന്നു. എന്നല്ല, ഈ നിസ്സാരലോകത്തിനു് അതിന്റെതായ ഒരു മാഹാത്മ്യവിശേഷമുണ്ടു്. അതിനെ കണ്ടു പുഞ്ചിരിയിടാം; പക്ഷേ, ആർക്കും അതിനെ പുച്ഛിക്കാനോ വെറുക്കാനോ വയ്യ. അതു മുൻകാലത്തെ ഫ്രാൻസാണു്.

എല്ലാ കുട്ടികളും ചെയ്യുന്നതുപോലെ മരിയുസു് പൊങ്മേർസി കുറച്ചൊക്കെ പഠിച്ചു. വലിയമ്മയുടെ കൈയിൽനിന്നു വിട്ടതോടുകൂടി, മുത്തച്ഛൻ അയാളെ തികച്ചും സാഹിത്യനിർദ്ദോഷിയായ ഒരു കൊള്ളാവുന്ന ഉപാധ്യായന്റെ അടുക്കലേല്പിച്ചു. വളർന്നുവരുന്ന ഈ ചെറിയ ആത്മാവു് ഒരു നാണംകുണുങ്ങിയിൽ നിന്നു കടന്നു് ഒരു കൊള്ളരുതാത്ത ജ്ഞാനലവദുർവിദഗ്ധനിലെത്തി.

സർവകലാശാലയിലെ ആയുഷ്കാലം പിന്നിട്ടശേഷം, മരിയുസു് നിയമവിദ്യാലയത്തിലേക്കു പ്രവേശിച്ചു. അയാൾ ഒരു രാജ്യത്വവാദിയായിരുന്നു-അതിൽ ഭ്രാന്തും ശുഷ്കാന്തിയുമുള്ള ആളായിരുന്നു. മുത്തച്ഛന്റെ നേരമ്പോക്കും ലോകദ്വേഷവും തീരെ രസിക്കാതിരുന്നതുകൊണ്ടു്, അയാൾ മുത്തച്ഛനെ സ്നേഹിച്ചിരുന്നില്ല; അച്ഛനോടുള്ള മനോവൃത്തിയും അത്ര നന്നായിരുന്നില്ല.

അയാൾ ആകപ്പാടെ ചുണകെട്ടു. സൗശീല്യവും മര്യാദയും അഭിമാനവും മതനിഷ്ഠയുമുള്ള ഒരു കുട്ടിയായിരുന്നു; ക്രൂരതയോടടുക്കുന്ന അഹങ്കാരതത്തോടും നാണംകുണുങ്ങിയാകത്തക്കവിധം മനഃശുദ്ധിയോടുംകൂടിയ ഒരു കുട്ടി.

കുറിപ്പുകൾ

[1] അത്ര പ്രസിദ്ധനല്ല.

[2] മഹാനായ അലെക്സാന്ദർ ചക്രവർത്തിയുടെ ഉപപത്നിയായിരുന്ന ഒരു മഹാസുന്ദരി.

[3] ബില്ലിയേർഡ് കളിയിൽ ഒരു പെരുപ്പം എന്നു വെയ്ക്കുക.

[4] ഗ്രീസ്സിലെ ഒരു മഹാകവി ഇദ്ദേഹം അതെൻസിനെ പ്ലേഗിൽനിന്നു രക്ഷിച്ചു 57 കൊല്ലം ഒന്നിച്ചു കിടന്നുറങ്ങിയെന്നാണു് കഥ.

[5] 969 കൊല്ലം ജീവിച്ചിരുന്ന ഒരു ബൈബിൾ കഥാപാത്രം.

[6] അത്ര പ്രസിദ്ധനല്ല.

[7] ഫ്രാൻസിലെ ഒരെഴുത്തുകാരനും രാജ്യതന്ത്രജ്ഞനും.

[8] പ്രസിദ്ധനല്ല.

[9] സാമ്രാജ്യസ്ഥാപനദിവസം.

[10] രാജത്വപുനഃസ്ഥാപനദിവസം.

[11] ചക്രവർത്തിയുടെ അടയാളം.

3.3.4
തട്ടിപ്പറിക്കാരന്റെ അവസാനകാലം

മരിയുസ്സിന്റെ വിദ്യാഭ്യാസം അവസാനിച്ചതും മൊസ്സ്യു ഗിൽനോർമാന്റെ നിഗൂഢവാസം ആരംഭിച്ചതും ഒരേ കാലത്താണു്. സാങ് ഴെർമാങ് പ്രദേശത്തോടും മദാം ദു് റ്റി.യുടെ സൽക്കാരമുറിയോടും യാത്രപറഞ്ഞ്, വൃദ്ധൻ മരെയിലുള്ള സ്വന്തം ഭവനത്തിൽ താമസമുറപ്പിച്ചു. പുറംവാതില്ക്കാവല്ക്കാരനുപുറമേ, ഭൃത്യ പ്രവൃത്തികൾക്കു, മഞൊവിന്റെ പിൻവാഴ്ചക്കാരിയായ നിക്കൊലത്തും ഞങ്ങൾ മുൻപു വിവരിച്ചിട്ടുള്ള ആ കിതച്ചുകൊണ്ടും ഉരുണ്ടുകൊണ്ടുമുള്ള ബസ്ക്കും ഉണ്ടായിരുന്നു.

1827-ൽ മരിയുസ്സിനു പതിനേഴു വയസ്സു തികഞ്ഞു. ഒരു ദിവസം വൈകുന്നേരം അയാൾ പുറത്തുനിന്നു വന്നപ്പോൾ, മുത്തച്ഛൻ ഒരു കത്തും കൈയിൽപ്പിടിച്ചു നില്ക്കുന്നതു കണ്ടു.

‘മരിയുസു്, നീ നാളെ വെർനോങ്ങിലേക്കു പുറപ്പെടണം.’

‘എന്തിനു്?’ മരിയുസു് ചോദിച്ചു.

‘അച്ഛനെ കാണാൻ.’

മരിയുസ്സിനു് ഒരു വിറവാതം കയറി. ഇതല്ലാതെ മറ്റെന്തും അയാൾ കരുതിയിട്ടുണ്ടായിരുന്നു-ഒരു ദിവസം അച്ഛനെ കാണാൻ പോകേണ്ടിവരിക! ഇതിലുമധികം അപ്രതീക്ഷിതമായിട്ടൊന്നില്ല; ഇതിലധികം അത്ഭുതകരവും; എന്നല്ല, ഞങ്ങൾ ഒരു കാര്യംകൂടി സമ്മതിക്കട്ടെ, ഇതിലധികം അസുഖകരവുമായിട്ടൊന്നില്ല. മുഷിച്ചലിനെ പിടിച്ചു ‘ലോഗ്യ’മാക്കിത്തീർക്കലാണതു്. അതൊരുപദ്രവമല്ല; പക്ഷേ, അതൊരു രസമില്ലാത്ത പണിയാണു്.

രാജ്യഭരണസംബന്ധിയായ അഭിപ്രായഭേദംകൊണ്ടുള്ള രസക്കുറവിനു പുറമേ, മൊസ്സ്യു ഗിൽനോർമാൻ നേരംപോക്കുകാലത്തു വിളിക്കാറുള്ളവിധം ‘വെട്ടിക്കീറി’യായ തന്റെ അച്ഛന്നു തന്നെ സ്നേഹമില്ലെന്നു് അയാൾക്കറിയാമായിരുന്നു. അച്ഛൻ അയാളെ കണ്ടവർക്കു വിട്ടുകൊടുത്തതിൽനിന്നു് ഇതു പ്രത്യക്ഷമാണു് ഇങ്ങോട്ടു സ്നേഹമില്ലെന്നു തോന്നിയതോടുകൂടി അയാൾക്കങ്ങോട്ടും സ്നേഹമില്ലാതായി. ‘അതങ്ങനെയേ വരൂ.’ അയാൾ സ്വയം പറഞ്ഞു.

അയാൾ അത്രയും അമ്പരന്നുപോയതുകൊണ്ടു് മുത്തച്ഛനോടു് ഒന്നും ചോദിച്ചില്ല. മുത്തച്ഛൻ തുടർന്നു: ‘അയാൾക്കു സുഖമില്ലെന്നു തോന്നുന്നു. നിന്നെ കാണണമെന്നാവശ്യപ്പെടുന്നു.’

കുറച്ചിട മിണ്ടാതിരുന്നതിനുശേഷം പിന്നേയും തുടർന്നു. ‘നാളെ രാവിലെ പുറപ്പെടണം. ആറു മണിക്കു കൂർദ്ഫൊ വിടുന്ന ഒരു വണ്ടിയുണ്ടു്; അതവിടെ വൈകുന്നേരമെത്തും. അതിൽ കയറാം. വേഗം ചെല്ലണമെന്നു പറഞ്ഞിരിക്കുന്നു.’

എന്നിട്ടു് അദ്ദേഹം ആ കത്തു ചുരുട്ടിമെടഞ്ഞു തന്റെ കുപ്പായക്കീശയിൽ തിരുകി. മരിയുസ്സിനു് അന്നു വൈകുന്നേരംതന്നെ പുറപ്പെടാമായിരുന്നു; എന്നാൽ അയാൾ അച്ഛന്റെ അടുക്കൽ രാവിലേക്ക് എത്തിയേനേ. അക്കാലത്തു് ഒരു സവാരിവണ്ടി റ്യൂ ദു് ബുല്വയിൽനിന്നു രാത്രിയിൽ റുവാങ്ങിലെക്കു പോകാറുണ്ടായിരുന്നു; അതു വെർനോങ്ങിലൂടെ പോവും. അതിനെപ്പറ്റി മരിയുസ്സാവട്ടേ മൊസ്സ്യു ഗിൽ നോർമാനാവട്ടേ യാതൊരന്വേഷണവും ചെയ്തില്ല.

പിറ്റേ ദിവസം, സന്ധ്യയോടുകൂടി, മരിയുസു് വെർനോങ്ങിലെത്തി. ആളുകൾ വിളക്കു കൊളുത്തിത്തുടങ്ങുന്നു. ആദ്യം കണ്ടാളോടു് അയാൾ ‘മൊസ്സ്യു പൊങ് മേർസിയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. രാജത്വപുനഃസ്ഥാപനത്തോടു് അയാളും മനസ്സുകൊണ്ടു യോജിച്ചിരുന്നതുകൊണ്ടും, അതിനെ അയാൾ ഇഷ്ടപ്പെട്ടിരുന്നതുകൊണ്ടും, കേർണൽ എന്നോ പ്രഭു എന്നോ ഉള്ള സ്ഥാനത്തിനു് അച്ഛന്നുള്ള അധികാരത്തെ അയാൾ കൈക്കൊണ്ടിട്ടില്ല.

വീടു കാണിച്ചുകിട്ടി. അയാൾ അവിടെച്ചെന്നു വിളിച്ചു. കൈയിൽ ഒരു ചെറിയ വിളക്കോടുകൂടി ഒരു സ്ത്രീ വന്നു വാതിൽ തുറന്നു.

‘മൊസ്സ്യു പൊങ്മേർസിയുണ്ടോ?’ മരിയുസു് ചോദിച്ചു.

ആ സ്ത്രീ അനങ്ങാതെ നിന്നു.

‘ഇതദ്ദേഹത്തിന്റെ വീടാണോ?’ മരിയുസു് കല്പിച്ചു ചോദിച്ചു.

അതേ എന്ന അർഥത്തിൽ സ്ത്രീ തലയിളക്കി.

‘എനിക്കദ്ദേഹത്തോടു സംസാരിക്കാമോ?’

ആ സ്ത്രീ തലയിളക്കി.

‘ഞാനദ്ദേഹത്തിന്റെ മകനാണു്.’ മരിയുസു് ശാഠ്യം പിടിച്ചു.

‘എന്നെ അദ്ദേഹം കാത്തിരിക്കയാണു്.’

‘അദ്ദേഹം നിങ്ങളെ കാത്തിരിക്കൽ കഴിഞ്ഞു.’ ആ സ്ത്രീ പറഞ്ഞു. അവൾ കരയുന്നുണ്ടെന്നു് അയാൾ കണ്ടു.

താഴത്തെ നിലയിലുള്ള ഒരു മുറിയുടെ വാതില്ക്കലേക്ക് അവൾ ചൂണ്ടിക്കാണിച്ചു. അയാൾ അകത്തേക്കു കടന്നു.

അടുപ്പുതിണ്ണമേൽനിന്നു കത്തുന്ന മെഴുതിരിയുടെ വെളിച്ചത്തോടുകൂടിയ ആ മുറിയിൽ മൂന്നു പേരുണ്ടായിരുന്നു; ഒരാൾ നില്ക്കുന്നു, മറ്റൊരാൾ മുട്ടുകുത്തിയിരിക്കുന്നു. വേറെയൊരാൾ ഉൾക്കുപ്പായത്തോടുകൂടി നിലത്തു നീണ്ടു നിവർന്നു കിടക്കുന്നു.

നിലത്തു കിടക്കുന്നതു കേർണലാണു്. മറ്റു രണ്ടുപേരുള്ളതിൽ ഒരാൾ വൈദ്യൻ; മറ്റേതു മതാചാര്യൻ-അദ്ദേഹം ഈശ്വരവന്ദനത്തിൽ ഏർപ്പെട്ടിരിക്കയാണു്.

കേർണൽ മൂന്നു ദിവസത്തോളമായി പനി പിടിച്ചു കിടപ്പിലായിട്ടു്, ആദ്യം മുതല്ക്കുതന്നെ എന്തോ പന്തികേടുണ്ടെന്നു യദൃച്ഛയാ തോന്നിയിരുന്നതുകൊണ്ടു, മകനെ പറഞ്ഞയക്കുവാൻ അയാൾ മൊസ്സ്യു ഗിൽനോർമാനെഴുതി. ദീനം ക്രമത്തിൽ വർദ്ധിച്ചു. മരിയുസു് വെർനോങ്ങിൽ എത്തിയ ദിവസം വൈകുന്നേരം തന്നെ കേർണലിനു് ഒരു മോഹാലസ്യമുണ്ടായി; പരിചാരിക എത്രതന്നെ തടഞ്ഞുനോക്കിയിട്ടും, അയാൾ കിടക്കമേൽ എഴുന്നേറ്റിരുന്നു; ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞു ‘എന്റെ മകൻ വരുന്നില്ല! ഞാനങ്ങോട്ടു ചെന്നു കാണും!’ അയാൾ മുറിയിൽനിന്നു പുറത്തെയ്ക്കോടി; തളത്തിൽ എത്തിയതോടുകൂടി മലച്ചുകെട്ടിവീണു. അയാളുടെ ജീവൻ പോയി.

വൈദ്യന്നു് ആളെ ഓടിച്ചു; മതാചാര്യന്നും. വൈദ്യൻ വരാൻ വൈകി; മകനും വരാൻ വൈകിപ്പോയി.

മെഴുതിരിയുടെ മങ്ങിയ വെളിച്ചത്തു വിളർത്തു വീണുകിടക്കുന്ന കേർണലിന്റെ കവിൾത്തടത്തിലായി ഒരു വലിയ കണ്ണുനീർത്തുള്ളി വ്യക്തമായി കാണപ്പെട്ടു. അയാളുടെ ജിവസ്സറ്റ കണ്ണിൽനിന്നു് അതവിടെ ഇറ്റുവീണു. കണ്ണുകെട്ടുപോയി; പക്ഷേ, കണ്ണുനീർ വറ്റിയിട്ടില്ല. ആ കണ്ണീർ മകന്റെ വരവിന്നുണ്ടായ താമസമാണു്.

ആദ്യമായി കാണുന്ന ആ ആളേയും, ആ വന്ദ്യവും പൗരുഷപൂർണവുമായ മുഖത്തേയും, കാഴ്ചയില്ലാതായ ആ തുറന്ന കണ്ണുകളേയും, ആ വെള്ളകയറിയ തലമുടിച്ചുരുളുകളേയും, അവിടവിടെ വാൾപ്പാടുകളെ കാണിക്കുന്ന വടുക്കളാലും കുന്തത്തിന്റെ കുത്തുകളെ കാണിക്കുന്ന ചുകപ്പുപുള്ളികളാലും അടയാളപ്പെട്ട ആ കരുത്തേറിയ കൈകളേയും മരിയുസു് സൂക്ഷിച്ചുനോക്കി. ഈശ്വരൻ സൗശീല്യത്തിന്റെ മുദ്ര കുത്തിയിട്ടുള്ള ആ മുഖത്തു ധീരോദാത്തതയെ മായാത്തവിധം പതിച്ച മഹത്തരമായ വടുവിനെ അയാൾ നോക്കിക്കണ്ടു. ആ കണ്ട മനുഷ്യൻ തന്റെ അച്ഛനാണെന്നും അദ്ദേഹം മരിച്ചിരിക്കുന്നു എന്നും അയാൾ മനസ്സുകൊണ്ടു പറഞ്ഞു: ദേഹമാസകലം ഒരു വെറുങ്ങലിപ്പു കയറി.

അയാൾക്കു തോന്നിയ ദുഃഖം മറ്റേതൊരാളും ആവിധം യദൃച്ഛയാ മരിച്ചുകിടക്കുന്നതായി മുൻപിൽ കണ്ടാൽ തോന്നുമായിരുന്ന ദുഃഖമാണു്.

മനോവേദന, സഹിച്ചുകൂടാതെ മനോവേദന, ആയിരുന്നു ആ മുറിക്കുള്ളിൽ, വാലിയക്കാരി ഒരു മുക്കിൽനിന്നു നിലവിളിക്കുന്നു; ആ മതാചാര്യൻ ഈശ്വരവന്ദനം ചെയ്യുന്നു-അദ്ദേഹത്തിന്റെ തേങ്ങലുകൾ വ്യക്തമായി കേൾക്കാം; വൈദ്യൻ കണ്ണു തുടയ്ക്കുന്നു; ശവം തന്നെ കരയുകയാണു്.

മനോവേദനയ്ക്കിടയ്ക്കു വൈദ്യനും മതാചാര്യനും സ്ത്രീയും മരിയുസ്സിനെ ഒരക്ഷരവും മിണ്ടാതെ സൂക്ഷിച്ചുനോക്കി; അയാളായിരുന്നു അവിടത്തെ അപരിചിതൻ. വളരെ കുറച്ചുമാത്രം വ്യസനം തട്ടിയിരുന്ന മരിയുസ്സിനു പോരായ്മ തോന്നി; അയാളുടെ സ്ഥിതി കണ്ടു സ്വയം അമ്പരന്നു; അയാൾ തൊപ്പി കൈയിലെടുത്തു; താങ്ങിനില്ക്കാൻ വ്യസനാധിക്യത്താൽ ശക്തിയില്ലാതായി എന്നു തോന്നിക്കാൻ വേണ്ടി അതിനെ അയാൾ താഴെയിട്ടു.

അപ്പോൾത്തന്നെ അയാൾക്കു പശ്ചാത്താപം തോന്നി; ആവിധം പ്രവർത്തിച്ചതിൽ അയാൾ തന്നത്താൻ പുച്ഛിച്ചു. പക്ഷേ, അതയാളുടെ തെറ്റാണോ? അയാൾക്ക് അച്ഛനെ സ്നേഹമില്ല. എന്തിനു സ്നേഹിക്കുന്നു!

കേർണലിനു യാതൊരു മുതലുമുണ്ടായിരുന്നില്ല. വീട്ടുസാമാനങ്ങൾ വിറ്റിട്ടുശവസംസ്കാരത്തിനുള്ള വകതന്നെ കഷ്ടിച്ചു കിട്ടിയതേ ഉള്ളൂ.

വാലിയക്കാരി ഒരു കടലാസ്സിൻകഷ്ണം കണ്ടെത്തി; അതവൾ മരിയുസ്സിന്റെ കൈയിൽ കൊടുത്തു. കേർണലിന്റെ കൈയക്ഷരത്തിൽ ഈ വരികൾ അതിലുണ്ടായിരുന്നു: ‘എന്റെ മകന്ന്-വാട്ടർലൂ യുദ്ധത്തിൽ വെച്ചു ചക്രവർത്തി എന്നെ ഒരു പ്രഭുവാക്കി. ഞാൻ എന്റെ രക്തംകൊണ്ടു സമ്പാദിച്ച ഈ സ്ഥാനത്തിനു് എനിക്കുള്ള അവകാശത്തെപ്പറ്റി രാജത്വപുനഃസ്ഥാപനം വാദിക്കുന്നതുകൊണ്ടു്, എന്റെ മകന്നു് അതെടുക്കുകയും ഉപയോഗിക്കുകയും ചെയ്യാം. അതിനു് എന്റെ മകന്നു് അർഹതയുണ്ടെന്നുള്ളതിൽ സംശയിക്കാനില്ലല്ലോ.’ ചുവട്ടിൽ കേർണൽ തുടർന്നെഴുതി: ‘ആ വാട്ടർലൂ യുദ്ധസ്ഥലത്തുവെച്ചുതന്നെ ഒരു സർജ്ജന്റുദ്യോഗസ്ഥൻ എന്റെ ജീവനെ രക്ഷിച്ചു. ആ മനുഷ്യന്റെ പേർ തെനാർദിയെർ എന്നാണു് പാരിസ്സിന്റെ അടുത്തു ഷെല്ലിലോ മോങ്ഫെർമിയെയിലോ മറ്റോ അയാൾ ഇപ്പോൾ ഒരു ഹോട്ടൽ നടത്തിവരികയാണെന്നു തോന്നുന്നു. എന്റെ മകൻ ആതെനാർദിയെറെ കണ്ടെത്തുന്നപക്ഷം അയാൾക്കു വേണ്ട സാഹായ്യമെല്ലാം ചെയ്തു കൊടുക്കണം.’

മരിയുസു് ആ കടലാസ്സു് സൂക്ഷിച്ചു. അതു് അച്ഛനുവേണ്ടി അയാൾ ചെയ്യേണ്ട മുറയാണു് എന്നുവെച്ചിട്ടല്ല, മനുഷ്യഹൃദയത്തിൽ എപ്പോഴും ആജ്ഞ നടത്തിക്കൊണ്ടു നില്ക്കുന്ന ആ മൃത്യുവിന്റെ മേലുള്ള ആദരംകൊണ്ടുമാത്രം.

കേർണലിനെസ്സംബന്ധിച്ച സകലവും തീർന്നു. മൊസ്സ്യു ഗിൽനോർമാർ അയാളുടെ വാളും ഉടുപ്പുംകൂടി ഒരു പഴയ വസ്ത്രവ്യാപാരിക്കു വിറ്റു. അയൽ പക്കക്കാർ പൂന്തോട്ടമൊക്കെ നശിപ്പിച്ചു; അപൂർവപുഷ്പങ്ങളെയെല്ലാം കൊള്ളയിട്ടു. മറ്റു ചെടികളൊക്കെ തൂവകളും പാഴ്പുല്ലുകളുമായി മാറി, നശിച്ചു.

മരിയുസു് വെർനോങ്ങിൽ നാലപത്തെട്ടു മണിക്കൂർനേരമേ താമസിച്ചിട്ടുള്ളു. സംസ്കാരം കഴിഞ്ഞ ഉടനെ അയാൾ പാരിസ്സിലേക്കു മടങ്ങി; അച്ഛനെപ്പറ്റി അങ്ങനെയൊരാൾ ജീവിച്ചിരുന്നില്ലെന്നാലത്തെ മട്ടിൽനിന്നു് ഒട്ടുമധികം ആലോചിക്കാതെ, അയാൾ തന്റെ നിയമപരീക്ഷയ്ക്കുള്ള പഠിപ്പിലേർപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ കേർണലിന്റെ സംസ്കാരം കഴിഞ്ഞു; മൂന്നു ദിവസത്തിനുള്ളിൽ അയാളെക്കുറിച്ചുള്ള സ്മരണയും തീർന്നു.

മരിയുസു് തൊപ്പിയുടെ മീതെ കറുത്ത പട്ടുചുരുൾത്തുണി കെട്ടിയിരുന്നു. അത്രതന്നെ.

3.3.5
ഭരണപരിവർത്തകനാവാൻ കുർബാനയ്ക്കു പോകുന്നതുകൊണ്ടുള്ള പ്രയോജനം

മരിയുസു് കുട്ടിക്കാലത്തെ മതനിഷ്ഠയെല്ലാം നിലനിർത്തിപ്പോന്നിരുന്നു. ഒരു ഞായറാഴ്ച അയാൾ സാങ്-സുൽപിസു് പള്ളിയിൽ കുർബ്ബാനയ്ക്കു പോയി. ഒരു ചെറുകുട്ടിയായിരുന്ന കാലത്തു താൻ പതിവായി പോകാറുള്ള ആ പള്ളിയുള്ളറയിൽ, ഒരു തൂണിന്റെ പിൻവശത്തു ചെന്നുകൂടി; അന്നു പതിവിലധികം അയാൾ മനോരാജ്യക്കാരനും ശൂന്യഹൃദയനുമായിരുന്നു. വിശേഷിച്ച് ഒരു ശ്രദ്ധയൊന്നും വെക്കാതെ ഒരു പട്ടുവിരിക്കസാലയിൽ അയാൾ മുട്ടുകുത്തി; ആ കസാലയുടെ പിൻവശത്തു് ഇങ്ങനെ കൊത്തിയിരുന്നു: ‘മൊ. മബെ, കാവല്ക്കാരൻ.’ കുർബ്ബാന തുടങ്ങുമ്പോഴേക്ക് ഒരു വയസ്സൻ അടുത്തു ചെന്നു മരിയുസ്സോടു പറഞ്ഞു: ‘സേർ, അതെന്റെ സ്ഥലമാണു്.’

ഉടനെ അയാൾ ഇറങ്ങി നീങ്ങിനിന്നു; ആ വയസ്സൻ കസാലമേൽ കൂടി.

കുർബ്ബാന കഴിഞ്ഞു; മരിയുസു് അപ്പോഴും മനോരാജ്യത്തിൽ മുങ്ങി കുറച്ചു ദൂരെ ഒരിടത്തു നില്ക്കുകയായിരുന്നു; ആ വയസ്സൻ പിന്നെയും അയാളുടെ അടുത്തു ചെന്നു പറഞ്ഞു: ‘കുറച്ചു മുമ്പു് ഞാൻ നിങ്ങളെ ബുദ്ധിമുട്ടിച്ചതിനു മാപ്പു ചോദിക്കുന്നു; അതുപോലെ, ഇപ്പോഴത്തെ ബുദ്ധിമുട്ടിക്കലിനും. ഞാൻ നിങ്ങളെ അലട്ടുകയാണുണ്ടായതെന്നു തോന്നിയിരിക്കും; ഞാൻ പറയാം.’

‘സേർ, അതുകൊണ്ടാവശ്യമില്ല.’

‘ഉവ്വ്!’ വയസ്സൻ പറയാൻ തുടങ്ങി, ‘എന്നെപ്പറ്റി നിങ്ങൾക്ക് ഒരു ദുരഭിപ്രായമുണ്ടായിക്കൂടാ. എനിക്ക് ഈ സ്ഥലത്തോടു് ഒരു പ്രതിപത്തിയുണ്ടെന്നു നിങ്ങൾ കണ്ടുവല്ലോ. എന്തുകൊണ്ടാണതു? പറഞ്ഞുതരാം. സാധുവും ധീരനുമായ ഒരു പിതാവു കഴിഞ്ഞ പത്തു കൊല്ലമായി രണ്ടും മൂന്നും മാസം കൂടുമ്പോൾ ഇവിടെ പതിവായി വന്നുകൂടുന്നതു് ഞാൻ നോക്കിക്കാണാറുള്ള സ്ഥലം ഇതാണു്; ഇവിടെ വന്നല്ലാതെ, ആ സാധുമനുഷ്യന്നു മകനെ കാണാൻ സൗകര്യവും കഴിവുമുണ്ടായിരുന്നില്ല. അവരുടെ കുടുംബത്തിലെ ഏർപ്പാടു് അതിനു തടസ്സമായിരുന്നു. മകനെ കുർബ്ബാനയ്ക്കു കൊണ്ടുവന്നിട്ടുണ്ടാവും എന്നറിവുള്ള ആ ഒരു സമയം നോക്കി അയാൾ എത്തും. അച്ഛൻ ഇവിടെ ഉണ്ടായിരിക്കുമെന്നു് ആ കുട്ടി ഒരിക്കലും സംശയിച്ചിട്ടില്ല. ഒരു സമയം അങ്ങനെയൊരച്ഛൻ തനിക്കുണ്ടെന്നുതന്നെ ആ കുട്ടി അറിഞ്ഞിട്ടുണ്ടാവില്ല. പാവം! തന്നെ കാണാതിരിക്കണമെന്നു കരുതി അച്ഛൻ ഒരു തൂണിന്റെ മറവിലിരിക്കും. അയാൾ ആ കുട്ടിയെ നോക്കി, കരയും. അയാൾക്ക് ആ കുട്ടിയെന്നുവെച്ചാൽ ജീവനായിരുന്നു. സാധുമനുഷ്യൻ! എനിക്കതു കാണാം. ആ സ്ഥലം എന്റെ കണ്ണിൽ വിശിഷ്ടമായിത്തീർന്നു; കുർബ്ബാന കേൾക്കാൻ ഞാനും വരിക എന്നതു് ഒരു ശീലമായി. കാവല്ക്കാരൻ എന്ന നിലയിൽ എനിക്കധികാരപ്പെട്ട ആ പുറത്തളത്തിലിരിക്കുന്നതിനേക്കാൾ ഇവിടെ വന്നുകൂടുന്നതാണു് അധികം നല്ലതെന്നു തോന്നി. എനിക്ക് ആ നിർഭാഗ്യനെക്കുറിച്ചറിയാംതാനും. അയാൾക്ക് ഒരു ശ്വശുരനുണ്ടു്. ഒരു പണക്കാരിയായ ചാർച്ചക്കാരിയുണ്ടു്, ബന്ധുക്കളുണ്ട്-ആരൊക്കെ എന്തൊക്കെ എന്നെനിക്കു നല്ല നിശ്ചയമില്ല; ആ കുട്ടിയെ അയാൾ, അച്ഛൻ, കണ്ടുപോയിയെങ്കിൽ അവന്നു യാതൊരു മുതലവകാശവും ഇല്ലാതാക്കുമെന്നു് അവരൊക്കെക്കൂടി പേടിപ്പെടുത്തി. മകൻ ഒരു കാലത്തു സമ്പന്നനും സുഖിതനുമാവുന്നതിനുവേണ്ടി അയാൾ തന്നെത്താൻ ബലികൊടുത്തു. ആവിധം അച്ഛനും മകനും വേർപെടാനുള്ള കാരണം രാജ്യഭരണസംബന്ധിയാണു്. രാജ്യഭരണസംബന്ധികളായ അഭിപ്രായങ്ങളെ നിശ്ചയമായും ഞാൻ വിലവെക്കുന്നുണ്ടു്; പക്ഷേ, ചില കൂട്ടർക്ക് എവിടെയാണു് നില്ക്കേണ്ടതെന്നറിഞ്ഞുകൂടാ. എന്റെ ഭഗവാനേ! ഒരു മനുഷ്യൻ വാട്ടർലൂ യുദ്ധത്തിലുണ്ടായിരുന്നതുകൊണ്ടു് അയാൾ രാക്ഷസനാവുമോ? ആ ഒരു കാരണത്തിന്മേൽ അച്ഛന്നു മകനെ കാണാൻ പാടില്ലെന്നാവില്ല. അയാൾ ബോനാപ്പാർത്തിന്റെ പടനായകന്മാരിൽ ഒരാളായിരുന്നു. അയാൾ മരിച്ചു എന്നു തോന്നുന്നു. അയാളുടെ താമസം വെർനോങ്ങിലായിരുന്നു; അവിടെ എനിയ്ക്കൊരു സഹോദരനുണ്ടു്; അവിടത്തെ മതാചാര്യൻ. ആ അച്ഛന്റെ പേർ പൊങ്മെറി എന്നോ മൊങ് പേർസി എന്നോ മറ്റോ ആണു്. അയാളുടെ മുഖത്തു് ഒരു നല്ല വാൾ വടുവുണ്ടു്, ഞാൻ സത്യം ചെയ്യാം.’

‘പൊങ്മേർസി,’ മരിയുസു് പറഞ്ഞുകൊടുത്തു; അയാൾ വിളർത്തു കഴിഞ്ഞു.

‘അതുതന്നെ, പൊങ്മേർസി; നിങ്ങളറിയുമോ?’

‘സേർ, അദ്ദേഹം എന്റെ അച്ഛനാണു്.’

ആ കിഴവൻ കാവൽക്കാരൻ കൈ ഞെരിച്ച് ഉറക്കെപ്പറഞ്ഞു: ‘ഹാ! നിങ്ങളാണു് ആ കുട്ടി. അതേ, ശരിയാണു്; ആ കുട്ടി ഇപ്പോൾ ഒരാൾക്കുമാത്രം പോന്നിരിക്കണം ശരി! സാധുക്കുട്ടി, ‘എന്നെ അത്യന്തം സ്നേഹിക്കുന്ന ഒരച്ഛൻ എനിക്കുണ്ടായിരുന്നു’ എന്നു നിങ്ങൾക്കു പറയാം.’

മരിയുസു് ആ വയസ്സനെ കൈപിടിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.

പിറ്റേ ദിവസം അയാൾ മൊസ്സ്യു ഗിൽനോർമാനോടു പറഞ്ഞു: ‘ഞാൻ ചില സ്നേഹിതന്മാരോടുകൂടി ഒരു നായാട്ടു നിശ്ചയിച്ചിട്ടുണ്ടു്. ഞാൻ ഒരു മൂന്നു ദിവസം കഴിഞ്ഞു വന്നാൽ പോരേ?’

‘നാല്!’ മുത്തച്ഛൻ മറുപടി പറഞ്ഞു: ‘പോയി കളിച്ചോളൂ.’

അയാൾ മകളോടു് ഒരു ഇമവെട്ടലോടുകൂടി പതുക്കെ പറഞ്ഞു; ‘ഒരു പെൺകാര്യം.’

3.3.6
ഒരു കാവൽക്കാരനെ കണ്ടെത്തിയതിന്റെ ഫലം

മരിയുസു് പോയതെങ്ങോട്ടായിരുന്നു എന്നു കുറച്ചു കഴിയുമ്പോഴേക്കു വെളിപ്പെടും.

മരിയുസു് അവിടെ ഉണ്ടായിരുന്നില്ല. മൂന്നു ദിവസം പിന്നീടു് അയാൾ പാരിസ്സിൽ എത്തി; നേരേ നിയമവിദ്യാലയം വക ഗ്രന്ഥശാലയിൽ ചെന്നു മൊനിത്യെ പത്രത്തിന്റെ പഴയ ലക്കങ്ങൾ അന്വേഷിച്ചു.

അയാൾ മൊനിത്യെ വായിച്ചുനോക്കി; പ്രജാഭരണകാലത്തേയും ചക്രവർത്തിഭരണകാലത്തേയും പറ്റിയുള്ള എല്ലാ ചരിത്രങ്ങളും, എല്ലാ ചരിത്രക്കുറിപ്പുകളും, എല്ലാ പത്രങ്ങളും, വിവരണക്കുറിപ്പുകളും, രാജശാസനങ്ങളും അയാൾ പഠിച്ചു; എല്ലാം അയാൾ അകത്താക്കി. സൈന്യചരിത്രത്തെപ്പറ്റിയുള്ള വിവരണക്കുറിപ്പുകളിൽ അച്ഛന്റെ പേർ ആദ്യമായി കണ്ടെത്തിയതു് ഒരാഴ്ചയായി അയാൾ പനി പിടിച്ചു കിടപ്പിലായിരുന്നപ്പോളാണു്. യോർഷ് പൊങ്മേർസി കീഴിൽ പണിയെടുത്തിരുന്ന മേലുദ്യോഗസ്ഥന്മാരെയെല്ലാം അയാൾ പോയി കണ്ടു; കൂട്ടത്തിൽ കോന്തു് എഛി.നേയും അയാൾ രണ്ടാമതു കാണാൻ ചെന്നപ്പോൾ മൊസ്സ്യു മബെ കേർണലിന്റെ വെർനോങ്ങിലത്തെ താമസത്തെപ്പറ്റിയും നിഗൂഢസ്ഥിതിയെപ്പറ്റിയും പുഷ്പങ്ങളെപ്പറ്റിയും പറഞ്ഞുകൊടുത്തു. അസാധാരണനും സുശീലനും വിശിഷ്ടനുമായ ആ മനുഷ്യനെപ്പറ്റി-തന്റെ അച്ഛനായ ആ സിംഹമേഷത്തെക്കുറിച്ചു-സകല വിവരവും മരിയുസ്സിനു കിട്ടി.

എല്ലായ്പ്പോഴും ഈ കാര്യങ്ങളെപ്പറ്റി ആലോചിക്കുകയും അന്വേഷിക്കുകയും ചെയ്തു സമയം മുഴുവനും പോയതുകൊണ്ടു്, അയാൾക്ക് ഗിൽനോർമാൻകാരെ കാണാൻതന്നെ ഇടകിട്ടിയിരുന്നില്ല. അയാൾ ഭക്ഷണസമയത്തു് അവിടെയുണ്ടാവും; പിന്നെ അവർ അയാളെ തിരയുകയായി; ഒരിടത്തും കാണുകയില്ല ഗിൽനോർമാൻ പുഞ്ചിരികൊണ്ടു; ‘ഹാ! ഹാ! പെൺകുട്ടികൾക്കു പറ്റിയ പ്രായമാണു് അവന്നിപ്പോൾ!’ ചിലപ്പോൾ ആ വയസ്സൻ തുടർന്നു പറയും; ‘ഗ്രഹപ്പിഴേ! ഞാൻ വിചാരിച്ചതു് ഒരു നേരംപോക്കു മാത്രമായിരിക്കുമെന്നാണു്. കുറച്ച് ഉള്ളിൽത്തട്ടിയ കാര്യമാണെന്നു തോന്നുന്നു!’

ഉള്ളിൽത്തട്ടിയ കാര്യംതന്നെയാണു്, വാസ്തവം, മരിയുസു് അച്ഛനെ മനസ്സുകൊണ്ടു പൂജിക്കാൻ തുടങ്ങി.

ഇതിനിടയ്ക്ക് അയാളുടെ ആലോചനകളെല്ലാം അഭൂതപൂർവമായ തിരിച്ചൽ തിരിഞ്ഞു. ഈ മാറ്റം പല ദിക്കിലും പല പ്രാവശ്യവും ചെന്നു തട്ടി. ഇതു് ഇന്നുള്ള പലരുടേയും മനോഗതിയുടെ ചരിത്രമായതുകൊണ്ടു്, ഈ മാറ്റത്തിന്റെ ഓരോ ഭാഗവും വെവ്വേറെ എടുത്തുപറയുന്നതു പ്രയോജനകരമാണെന്നു ഞങ്ങൾ വിചാരിക്കുന്നു.

അയാളുടെ കണ്ണെത്തിയതായ ആ ചരിത്രം അയാളെ നടുങ്ങിച്ചു.

ആദ്യമായി അയാൾ അമ്പരക്കുകയാണുണ്ടായതു്.

അതേവരെ പ്രജാഭരണം, സാമ്രാജ്യഭരണം, പൈശാചികശബ്ദങ്ങൾ മാത്രമായിരുന്നു. പ്രജാഭരണം, സന്ധ്യാപ്രകാശത്തിലുള്ള ഒരു തൂക്കുമരം; സാമ്രാജ്യഭരണം, രാത്രിയിലെ ഒരു വാൾ. അതാ, അയാൾ അങ്ങോട്ടൊന്നു നോക്കി; നിഴല്പാടുകളെക്കൊണ്ടു നിറഞ്ഞ ഒരു നരകക്കുണ്ടുമാത്രം കരുതിയിരുന്നേടത്തു് അയാൾ, ഭയവും സന്തോഷവും ഇടകലർന്ന ഒരുതരം അഭൂതപൂർവമായ അത്ഭുതത്തോടുകൂടി, നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതും-മീർബോ, വെർഞ്യോ [1], സാങ്-ഴുസ്ത് [2], റോബെപിയെർ, ദെമു-ലെങ് [3] ദന്തോങ്-ഒരു സൂര്യൻ ഉദിച്ചുനില്ക്കുന്നതും-നെപ്പോളിയൻ-കണ്ടെത്തി. അയാൾ നിന്നിരുന്നതു് എവിടെയാണെന്നു നിശ്ചയമില്ലാതായി. അയാൾ ആ മിന്നിത്തിളങ്ങുന്ന പ്രകാശങ്ങൾക്കു മുൻപിൽ അന്ധനായി, പിന്നോക്കം വാങ്ങി. കുറച്ചുകുറച്ചായി തന്റെ അമ്പരപ്പു നീങ്ങിയതോടുകൂടി, അയാൾക്ക് ആ പ്രകാശധോരണി പരിചയപ്പെട്ടു; ആ പരാക്രമവിശേഷങ്ങളെ അയാൾ തലചുറ്റിപ്പോകാതെ നോക്കിക്കണ്ടു; ഭയപ്പെട്ടുപോകാതെ ആ പ്രധാനപുരുഷന്മാരെ പരിശോധിച്ചു; പ്രജാഭരണവും സാമ്രാജ്യഭരണവും അയാളുടെ മനോദൃഷ്ടിക്കു മുൻപിൽ, ഒരു ദൂരക്കാഴ്ചയിൽ, മിന്നിക്കൊണ്ടുദിച്ചു; രണ്ടു മഹത്തായ വാസ്തവസ്ഥിതിക്കുള്ളിൽ ഇനം ചേർന്നു് ആ അതാതു സംഭവങ്ങളും ആളുകളും നിരന്നുനില്ക്കുന്നതു് അയാൾ കണ്ടു-പൊതുജനങ്ങൾക്ക് വീണ്ടും കിട്ടിയ സാമുദായികാവകാശങ്ങളുടെ രാജത്വാധികാരനിലയ്ക്കു പ്രജാഭരണം, യൂറോപ്പിൽ മുഴുവനും വ്യാപിച്ചുറച്ച ഫ്രഞ്ച് സിദ്ധാന്തത്തിന്റെ രാജത്വാധികാര നിലയ്ക്കു സാമ്രാജ്യഭരണം; ഭരണപരിവർത്തനത്തിനുള്ളിൽനിന്നു ജനസമുദായത്തിന്റെ മഹത്തായ സ്വരൂപവും, സാമ്രാജ്യഭരണത്തിൽനിന്നു ഫ്രാൻസിന്റെ ഉൽക്കൃഷ്ടരൂപവും പുറത്തേക്കു കടക്കുന്നതു് അയാൾ കണ്ടു. ഇതെല്ലാം ഗുണത്തിനുണ്ടായതാണെന്നു് അയാളുടെ മനസ്സാക്ഷി സിദ്ധാന്തിച്ചു. ഇതിന്നുള്ളിൽ നിന്നു്, ഈ ആദ്യത്തെ അത്യധികം കൃത്രിമമായ അയാളുടെ വിലയിടലിനുള്ളിൽ, അയാളുടെ അമ്പരന്ന സ്ഥിതി എന്തിനെയെല്ലാമാണു് തള്ളിക്കളഞ്ഞതെന്നു് ഇവിടെ ചൂണ്ടിക്കാണിക്കേണ്ട ആവശ്യമുണ്ടെന്നു ഞങ്ങൾ വിചാരിക്കുന്നില്ല: മുൻപോട്ടു നടക്കുന്ന ഒരു മനസ്സിന്റെ സമ്പ്രദായമാണു് ഞങ്ങൾ രേഖപ്പെടുത്തുന്നതു്. ഒരു പടിയിൽനിന്നുതന്നെ ഉൽഗതി കിട്ടിക്കഴികയില്ല. മുൻപു കഴിഞ്ഞതിനേയും ഇനിവരാനുള്ളതിനേയും പറ്റി ഒരടിയായി ഇങ്ങനെയൊന്നു പറഞ്ഞുവെച്ചു ഞങ്ങൾ മുന്നോട്ടു നടക്കട്ടെ.

ആ നിമിഷംവരെ, അയാൾ തന്റെ അച്ഛനെപ്പറ്റിയുള്ളതിൽ ഒട്ടുമധികം തന്റെ രാജ്യത്തെപ്പറ്റിയും മനസ്സിലാക്കുകയുണ്ടായിട്ടില്ലെന്നു പിന്നീടു കണ്ടുപിടിച്ചു. അയാൾ ആ രണ്ടും മനസ്സിലാക്കിയിരുന്നില്ല; മനഃപൂർവം ഉണ്ടായിരുന്ന ഒരന്ധകാരം അയാളുടെ കണ്ണുകൾക്കു കാഴ്ചയില്ലാതാക്കിയിരുന്നു. ഇപ്പോൾ അയാൾ കണ്ടു; ഒരു ഭാഗംകൊണ്ടു് അയാൾ അഭിനന്ദിച്ചു! മറ്റേ ഭാഗംകൊണ്ടു പൂജിച്ചു.

അയാളുടെ ഹൃദയം കുണ്ഠിതംകൊണ്ടും പശ്ചാത്താപംകൊണ്ടും നിറഞ്ഞു; തന്റെ ആത്മാവിലുള്ളതെല്ലാം ശവക്കല്ലറയോടു മാത്രമേ പറഞ്ഞുതീർക്കാൻ സാധിക്കു എന്നയാൾ ആലോചിച്ചു. ഹാ! അയാളുടെ അച്ഛൻ അപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ, അപ്പോഴും അദ്ദേഹം തന്റെ പക്കൽത്തന്നെയുണ്ടായിരുന്നുവെങ്കിൽ, കരുണയോടുകൂടിയ നല്ലവനായ ഈശ്വരൻ അപ്പോഴും അദ്ദേഹത്തെ ജീവനുള്ളവരുടെ കൂട്ടത്തിൽത്തന്നെ നിർത്തിയിരുന്നുവെങ്കിൽ, അയാൾ എത്ര ജാഗ്രതയോടുകൂടി ഓടിച്ചെന്നു്, അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ പാഞ്ഞുചെന്നു് അച്ഛനോടു് ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞേനേ; ‘അച്ഛാ! ഇതാ ഞാൻ! ഇതു ഞാനാണു്; എന്റെ ഹൃദയവും അച്ഛന്റേതുപോലെതന്നെയാണ്! ഞാൻ അച്ഛന്റെ മകനാണ്!’ എങ്ങനെയൊക്കെ അയാൾ ആ വെള്ളത്തലയെ പിടിച്ചുപൂട്ടുകയും, അദ്ദേഹത്തിന്റെ തലരോമങ്ങളെ കണ്ണുനീരിൽ കുളിപ്പിക്കുകയും, കലകളെ സൂക്ഷിച്ചു നോക്കിക്കാണുകയും, ഉടുപ്പിനെ ആരാധിക്കുകയും, കാലുകളെ ചുംബിക്കുകയും ചെയ്യുമായിരുന്നു! ഹാ! എന്തിനാണു് അയാളുടെ അച്ഛൻ അത്രയും കാലേക്കൂട്ടി, ശരിക്കുള്ള സമയം വരുന്നതിനു മുൻപു്, മകന്റെ സ്നേഹം തനിക്കു കൈവരുന്നതിനു മുൻപുതന്നെ, മരിച്ചുപോയതു? മരിയുസ്സിനു ഹൃദയത്തിൽ ഒരു നില്ക്കാത്ത തേങ്ങലുണ്ടായിരുന്നു; അതു് ഓരോ നിമിഷവും അയാളോടു് ഉച്ചത്തിൽ പറഞ്ഞു: ‘കഷ്ടം!’ അതോടൊപ്പംതന്നെ അയാൾ പൂർവാധികം വാസ്തവത്തിൽ സഗൗരവസ്വഭാവനും, കുറേക്കൂടി യഥാർഥമായി കളിവിട്ടവനും, തന്റെ ആലോചനയിലും വിശ്വാസത്തിലും കുറേക്കൂടി സ്ഥിരതയുള്ളവനുമായിത്തീർന്നു. ഓരോ നിമിഷത്തിലും, അയാളുടെ ആലോചനയെ മുഴുമിപ്പിക്കുന്നതിനു വാസ്തവാവസ്ഥയുടെ കാഴ്ചകൾ അയാളെ പ്രാപിച്ചു. അയാളുടെ ഉള്ളിൽ ഒരാന്തരവളർച്ച കൂടിവരുന്നതുപോലെ തോന്നി. പ്രകൃത്യനുകൂലമായ ഒരുതരം വികാസനം അയാൾക്കനുഭവപ്പെട്ടു; അതയാൾ മുൻപു കണ്ടിട്ടില്ലാത്ത രണ്ടെണ്ണത്തെ അയാൾക്കു സമ്പാദിച്ചുകൊടുത്തു-അച്ഛനേയും രാജ്യത്തേയും.

താക്കോലുണ്ടെങ്കിൽ എന്തും തുറക്കാവുന്നവിധം, താൻ വെറുത്തിരുന്നതെന്തിനേയും അയാൾ കണ്ടറിയുകയായി; അയാൾക്ക് ദ്വേഷമുണ്ടായിരുന്നതെന്തിനോടോ അതിന്റെ അന്തർഭാഗത്തു് അയാൾ കടന്നു; എന്തിനെയെല്ലാം പുച്ഛിക്കുവാനാണോ തന്നെ പഠിപ്പിച്ചുപോന്നിരുന്നതു് ആ മഹത്തരങ്ങളായ സംഗതികളേയും. ആരെയെല്ലാം ശപിക്കുവാനാണോ തന്നെ ആളുകൾ അഭ്യസിപ്പിച്ചിരുന്നതു് ആ മഹാന്മാരേയും സംബന്ധിച്ചുള്ള ദിവ്യവും ദൈവികവും ലൗകികവുമായ ആന്തരാർഥത്തെ അതേമുതൽ അയാൾ വ്യക്തമായി നോക്കിയറിഞ്ഞു. മുൻപുണ്ടായിരുന്ന അഭിപ്രായങ്ങളെപ്പറ്റി-തലേദിവസത്തേതാണെങ്കിലും അവ അത്രയുമധികം പുരാതനങ്ങളായി അയാൾക്കു തോന്നി-ആലോചിച്ചപ്പോൾ അയാൾക്കു ദ്വേഷ്യം തോന്നി; എങ്കിലും അയാൾ പുഞ്ചിരിക്കൊണ്ടു.

അച്ഛനെ യഥാസ്ഥാനം നിർത്തിയതോടുകൂടി, അയാൾ ശരിക്കു നെപ്പോളിയനെ യഥാസ്ഥാനം നിർത്തുവാൻ പുറപ്പെട്ടു.

പക്ഷേ, ആ ഒടുവിൽ പറഞ്ഞതു് അത്ര എളുപ്പത്തിൽ സാധിച്ചില്ലെന്നു ഞങ്ങൾ സമ്മതിക്കുന്നു.

പിഞ്ചുകുട്ടിയായിരുന്ന മുതൽ ബോനാപ്പാർത്തിനെപ്പറ്റി 1814-ലെ പ്രധാനകക്ഷിക്കാർക്കുള്ള അഭിപ്രായങ്ങളിൽ മുങ്ങുവാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെ രാജത്വപുനഃസ്ഥാപനത്തിലുള്ള എല്ലാ പക്ഷഭേദങ്ങളും എല്ലാ സ്വാർഥങ്ങളും എല്ലാ ആന്തരവാസനകളുംകൂടി നെപ്പോളിയന്റെ മുഖാകൃതിയെ മാറ്റാൻ ശ്രമിച്ചു. അവ അദ്ദേഹത്തെ റോബെപിയറെക്കാളധികം ശപിച്ചു. രാജ്യത്തിന്റെ ക്ഷീണത്തേയും അമ്മമാരുടെ ദ്വേഷത്തേയും പിടിച്ച് അതു ബഹുസാമർഥ്യത്തോടുകൂടി സ്വകാര്യസിദ്ധിക്കു തിരിച്ചു. ബോനാപ്പാർത്തു് ഏതാണ്ടു് ഒരു കെട്ടുകഥയിലെ രാക്ഷസനായിത്തീർന്നു! ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ളവിധം കുട്ടികളുടെ ആലോചനപോലെയിരിക്കുന്ന പൊതുജനങ്ങളുടെ ആലോചനയിൽ എഴുതിവെക്കുവാൻ പാകത്തിൽ അദ്ദേഹത്തെ 1814-ലെ പ്രധാനകക്ഷി, ഗംഭീരമെങ്കിലും ഭയങ്കരമായതിൽനിന്നു തുടങ്ങി ഭയങ്കരവും ബീഭത്സവുമായിത്തീരുന്നതുവരെ, തിബെരിയുസ്സിൽനിന്ന് [4] ഇമ്പാച്ചിവരെ ഉള്ള എല്ലാത്തരം ഭയങ്കരമോന്തകളും അദ്ദേഹത്തിന്റെ മുഖത്തു വെച്ചുകെട്ടിക്കുവാൻ തുനിഞ്ഞു. അങ്ങനെ, ബോനാപ്പാർത്തിനെപ്പറ്റി സംസാരിക്കുമ്പോൾ, വേണമെങ്കിൽ ഒരാൾക്കു തേങ്ങുകയോ പൊട്ടിച്ചിരികൊണ്ടു കവിൾ വീർപ്പിക്കുകയോ ചെയ്യാമെന്നായി-ഒന്നുമാത്രം, ദ്വേഷം അടിയിലുണ്ടായിരിക്കണം. ആ മനുഷ്യനെപ്പറ്റി-അങ്ങനെയാണു് നെപ്പോളിയൻ അന്നു വിളിക്കപ്പെട്ടിരുന്നത്-വേറെ യാതൊരു വിചാരവും മരിയുസ്സിന്റെ ഉള്ളിലുണ്ടായിരുന്നില്ല. ഈ അഭിപ്രായങ്ങൾ അയാളുടെ ഉള്ളിലുള്ള അതിസ്ഥൈര്യവുമായി കൂടിച്ചേർന്നു. നെപ്പോളിയനെ വെറുക്കുന്ന ഒരു താന്തോന്നിയായ ചെറുമനുഷ്യൻ അയാളുടെ ഉള്ളിലുണ്ടായി.

ചരിത്രം വായിച്ചതോടുകൂടി, നെപ്പോളിയനെ പഠിച്ചറിഞ്ഞതോടുകൂടി-വിശേഷിച്ചും ചരിത്രത്തിനുപയോഗിക്കാനുള്ള രേഖകളിൽനിന്നും സാമഗ്രികളിൽ നിന്നും-അദ്ദേഹത്തെ മരിയുസ്സിൽനിന്നു മറച്ചിരുന്ന മൂടുപടം ക്രമത്തിൽ പിഞ്ഞിപ്പൊളിഞ്ഞു. എന്തോ മഹത്തായ ഒന്നിനെ അയാൾ ഒരു നോക്കു കണ്ടു; മറ്റെല്ലാവരുടേയും മട്ടിൽ നെപ്പോളിയന്റെ കാര്യത്തിലും താൻ ആ നിമിഷംവരെ വഞ്ചിതനായിരുന്നു എന്നു് അയാൾക്ക് ശങ്ക തുടങ്ങി; ഓരോ ദിവസവും അയാളുടെ കാഴ്ചയ്ക്കു വ്യക്തത കൂടി; അങ്ങനെ, ആദ്യത്തിൽ ഏതാണ്ടു പശ്ചാത്താപത്തോടുകൂടിയും പിന്നീടു ലഹരി പിടിച്ചും എന്തോ ഒരനുല്ലംഘ്യമായ വശീകരണശക്തിയാൽ ആകൃഷ്ടനായിട്ടെന്നപോലെയും അയാൾ സാവധാനമായി പടിപടിയായി - ആദ്യം ഇരുണ്ട പടികൾ, പിന്നെ മങ്ങിയ വെളിച്ചത്തോടുകൂടിയവ, ഒടുവിൽ ഉൽകൃഷ്ടങ്ങളും പ്രകാശമാനങ്ങളുമായ ശുഷ്കാന്തിയുടെ ഉയർന്ന പടികൾ എന്നിങ്ങനെ-അയാൾ കയറിച്ചെന്നു.

ഒരു ദിവസം രാത്രി, മുകളിലത്തെ നിലയിലുള്ള തന്റെ ചെറുമുറിയിൽ അയാൾ തനിച്ചിരിക്കയായിരുന്നു. അയാളുടെ വിളക്കു കത്തുന്നുണ്ടു്; തുറന്ന ജനാലയ്ക്കടുത്തുള്ള മേശമേൽ കൈമുട്ടു കുത്തി അയാൾ ഇരുന്നു വായിക്കുകയാണു്. ദിഗന്തരത്തിൽനിന്നു് എല്ലാത്തരം മനോരാജ്യങ്ങളും വന്നു് അയാളുടെ വിചാരങ്ങളുമായികൂടിക്കലരുന്നുണ്ടു്. എന്തൊരു കൂടിക്കാഴ്ചയാണു് രാത്രി! എവിടുന്നാണു് ഉണ്ടാകുന്നതെന്നറിഞ്ഞുകൂടാതെ ചില ചെറുശബ്ദങ്ങൾ കേൾക്കാം; ഭൂമിയേക്കാൾ ആയിരത്തിരുനൂറിരട്ടി വലിപ്പമുള്ള വ്യാഴനക്ഷത്രം ഒരു തീക്കൊള്ളിപോലെ മിന്നുന്നതു കാണാം; ആകാശം കറുത്തിരിക്കുന്നു; നക്ഷത്രങ്ങൾ മിന്നുന്നു; ഭയങ്കരം.

സൈന്യപ്രവൃത്തികളെ രേഖപ്പെടുത്തുന്ന വിവരണക്കുറിപ്പുകൾ, യുദ്ധഭൂമിയിൽ വെച്ചെഴുതിയവയായ പരാക്രമപ്പാട്ടുകൾ, അയാൾ വായിച്ചു പഠിക്കുകയാണു്; അവയ്ക്കിടയിൽ ഇടയ്ക്കിടയ്ക്ക്, അയാൾ അച്ഛന്റെ പേർ കാണും; ചക്രവർത്തിയുടെ പേർ എപ്പോഴും; ആ മഹത്തായ സാമ്രാജ്യഭരണകാലം മുഴുവനും അയാളുടെ മുൻപിൽ പ്രത്യക്ഷമായി; ഒരു കോൾക്കയറ്റം അയാളുടെ ഉള്ളിൽ തള്ളിപ്പൊങ്ങുന്നതുപോലെ തോന്നി; ചിലപ്പോൾ ഒരു ശ്വാസംപോലെ അച്ഛൻ അടുത്തു വരുന്നതായും എന്തോ ചെകിട്ടിൽ മന്ത്രിക്കുന്നതായും അയാൾക്കു തോന്നുന്നു; അയാൾ ക്രമത്തിൽ ഒരപൂർവസ്ഥിതിയിലായിത്തീർന്നു; ചെണ്ട കൊട്ടും പീരങ്കിയൊച്ചയും, കുഴൽവിളികളും, പട്ടാളക്കാരുടെ താളത്തിനൊത്ത കാൽവെപ്പും, ദൂരത്തുനിന്നു താന്ന ഒച്ചയിൽ കുതിരപ്പട്ടാളത്തിന്റെ പാച്ചിലും കേൾക്കാനുണ്ടെന്നു് അയാൾ വിചാരിച്ചു; ഇടയ്ക്കിടയ്ക്ക് അയാളുടെ നോട്ടം ആകാശത്തേക്കു പൊങ്ങുകയും ദിഗന്തരത്തിന്റെ അളവറ്റ അഗാധതകളിൽ മിന്നിത്തിളങ്ങുന്ന ആ മഹത്തരങ്ങളായ തേജഃപുഞ്ജങ്ങളെ അയാൾ നോക്കിക്കാണുകയും ചെയ്യും; ഉടനെ ആ നോട്ടം ഒരിക്കൽക്കൂടി ആ പുസ്തകത്തിൽത്തന്നെ പതിയും; അവിടെ വേറെ ചില മഹത്തരവസ്തുക്കൾ കൂടിമറിഞ്ഞു നടന്നുപോകുന്നതായി അയാൾ കാണും. അയാളുടെ ഹൃദയം ഉള്ളിലിരുന്നു ചുങ്ങിച്ചുരുങ്ങി. അയാൾ എന്തോ ഒരാവേശത്തിലായി, വിറച്ചു, കിതച്ചു, പെട്ടെന്നു്, എന്താലോചനയാണുണ്ടായതെന്നും എന്തൊരു പ്രേരണയെയാണനുസരിക്കുന്നതെന്നും അറിയാതെ, അയാൾ ചാടിയെണീറ്റു, രണ്ടു കൈയും ജനാലയുടെ അപ്പുറത്തേക്കു നീട്ടി, ആ മങ്ങലിന്റെ നിശ്ശബ്ദതയുടെ, അപാരമായ അന്ധകാരത്തിന്റെ, ശാശ്വതമായ വിപുലതയുടെ, ഉള്ളിലേക്കു സൂക്ഷിച്ചുനോക്കി ഉച്ചത്തിൽ പറഞ്ഞു: ‘ചക്രവർത്തി ജയിക്കട്ടെ!’

ആ നിമിഷത്തോടുകൂടി സകലവും തീർന്നു; കോർസിക്കയിലെ രാക്ഷസൻ-രാജ്യാപഹാരി-പ്രജാപീഡകൻ-സ്വന്തം സഹോദരിമാരുടെ കാമുകനായ തൽമയിൽനിന്നു [5] പാഠങ്ങൾ പഠിച്ച നർത്തകൻ-പിശാച്-വിഷം കൊടുക്കുന്നവൻ-നരി-ബോനാപ്പാർത്ത്-ഇതൊക്കെത്തന്നെ മറഞ്ഞുകഴിഞ്ഞു; അയാളുടെ മനസ്സിൽ അസ്പഷ്ടവും പ്രകാശമാനവുമായ ഒരു തേജസ്സു മാത്രമായി, ആ തേജസ്സിനുള്ളിൽ, ആർക്കും അടുത്തെത്താൻ കഴിയാത്ത ഉയരത്തിൽ, ചക്രവർത്തിയുടെ വിളർത്തതും വെണ്ണക്കല്ലുകൊണ്ടുള്ളതുമായ സ്വരൂപം മിന്നിത്തിളങ്ങി. അച്ഛന്നാകട്ടേ, ചക്രവർത്തി ബഹുമാന്യനും ആർക്കുവേണ്ടി സർവരും ജീവനെക്കൂടി ഉപേക്ഷിച്ചുകളയുമോ ആവിധം അത്രയും ആരാധ്യനുമായ ഒരു സൈന്യനേതാവു മാത്രമായിരുന്നു; മരിയുസ്സിന്റെ കണ്ണിൽ അദ്ദേഹം കുറേക്കൂടി മേല്പോട്ടു കയറി. ഭൂമണ്ഡലം മുഴുവനും കീഴടക്കുവാൻവേണ്ടി, പണ്ടത്തെ റോമൻജനസംഘത്തിനുശേഷമുണ്ടായ ഫ്രഞ്ചു ജനസംഘത്തിന്റെ പ്രവർത്തകനുംകൂടിയായിത്തീർന്നു. അദ്ദേഹം ഒരു നാശത്തിന്റെ മഹാനായ നിർമാതാവും. ഷാർൽമാന്റേയും പതിനൊന്നാമൻ ലൂയിയുടേയും നാലാമൻ ആങ്റിയുടേയും റിഷെല്യുവിന്റെയും പതിന്നാലാമൻ ലൂയിയുടേയും പൊതുജനരക്ഷയ്ക്കുള്ള സംഘത്തിന്റേയും പിൻതുടർച്ചക്കാരനുമായി-അദ്ദേഹത്തിനു നിശ്ചയമായും ചില കളങ്കങ്ങളുണ്ടു്, തെറ്റുകളുണ്ടു്, മനുഷ്യനായ സ്ഥിതിക്കു കുറ്റങ്ങൾതന്നെയുമുണ്ടു്; എന്നാൽ ആ തെറ്റുകളിൽ അദ്ദേഹം ഉൽകൃഷ്ടനും, കളങ്കങ്ങൾക്കിടയിൽ പ്രകാശമാനനും, കുറ്റങ്ങൾക്കുള്ളിൽ ശക്തനുമായിരുന്നു.

എല്ലാ ജനസമുദായങ്ങളെക്കൊണ്ടും നിർബന്ധിച്ചു, ഫ്രാൻസിനെ ‘മഹത്തായ ജനസമുദായം’ എന്നു പറയിക്കുവാൻ ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ടു ജനിച്ച ഒരാളായിരുന്നു നെപ്പോളിയൻ. പോരാ, അദ്ദേഹം അതിലും മീതെയാണ്-യൂറോപ്പുരാജ്യത്തെ മുഴുവനും താൻ കൈയിൽ പിടിച്ച വാൾകൊണ്ടും, ഭൂമണ്ഡലത്തെ മുഴുവനുംതന്നെ താൻ വെളിപ്പെടുത്തിയ പ്രകാശംകൊണ്ടും കീഴടക്കുവാൻ ജനിച്ച ഫ്രാൻസിന്റെ അവതാരമൂർത്തി. ഏതു കാലത്തും ഫ്രാൻസിന്റെ അതിർത്തിയിൽ ഉദിച്ചുപൊങ്ങുന്നതും ഭാവിയെ കാത്തുരക്ഷിക്കുന്നതുമായ ആ കണ്ണഞ്ചിക്കുന്ന സ്വരൂപത്തെ മരിയുസു് ബോനാപ്പാർത്തിൽ കണ്ടു. സ്വേച്ഛാധികാരി, എങ്കിലും സർവത്തേയും കല്പിച്ചു നടത്തുന്നവൻ; ഒരു പ്രജാഭരണത്തിൽനിന്നുണ്ടായവനും ഭരണപരിവർത്തനത്തിന്റെ ആകെത്തുകയായിരിക്കുന്നവനുമായ ഒരു സ്വേച്ഛാധികാരി. യേശുക്രിസ്തു ഈശ്വരമനുഷ്യനായതുപോലെ നെപ്പോളിയൻ അയാളുടെ കണ്ണിനു പൊതുജനമനുഷ്യനായി.

ഒരു മതത്തിലേക്ക് ആദ്യമായി പ്രവേശിക്കുന്ന എല്ലാവരേയുംപോലെ, അയാളേയും അയാളുടെ ‘മാർഗംകൂടൽ’ ലഹരി പിടിപ്പിച്ചു; അയാൾ ആ ഒരു പക്ഷത്തിലേക്കു, തിരിഞ്ഞുനോക്കാതെ, ‘മുതലക്കൂപ്പുകുത്തി;’ അയാൾ കുറേകൂടി അടിയിലേക്കു പോയി. അയാളുടെ സ്വഭാവം അങ്ങിനെയാണു്; ഒരിക്കൽ കീഴ്പോട്ടിറങ്ങൻ തുടങ്ങിയാൽപ്പിന്നെ, ഇടയ്ക്കുവെച്ചു നില്ക്കുക അയാളെസ്സംബന്ധിച്ചേടത്തോളം അസാധ്യമാണു്. യുദ്ധസംബന്ധിയായ ഒരു മതഭ്രാന്തു് അയാളെ ബാധിച്ചു; അതു് ആലോചനയോടുള്ള ശുഷ്കാന്തിയുമായി ഉള്ളിൽവെച്ചു കെട്ടിമറിഞ്ഞു. അതിബുദ്ധിയോടും കെട്ടിമറിച്ചലോടുംകൂടി കൈയൂക്കിനെ അടുപ്പിക്കയാണു് താൻ ചെയ്യുന്നതെന്ന്-എന്നുവെച്ചാൽ, തന്റെ പ്രതിമാപൂജനത്തിന്റെ രണ്ടു കള്ളറകൾക്കുള്ളിൽ ഒരു ഭാഗത്തു ദിവ്യത്വത്തേയും മറ്റേ ഭാഗത്തു മൃഗത്വത്തേയുമാണു് പ്രതിഷ്ഠിക്കുന്നതെന്നു് അയാൾ-മനസ്സിലാക്കിയില്ല. അങ്ങിനെയല്ലെന്നു തന്നെ തെറ്റിദ്ധരിപ്പിക്കുവാൻ അയാൾ പലവിധത്തിലും ശ്രമിച്ചു. അയാൾ എല്ലാം സമ്മതിച്ചു. സത്യസ്ഥിതിയിലേക്കു പോകുമ്പോൾ അബദ്ധത്തെ കണ്ടുമുട്ടലുണ്ടു്. സർവത്തേയും ഒരടിയായി കൈയിലെടുക്കുന്ന ഒരു ശക്തികൂടിയ അതിഭക്തി അയാളുടെ എല്ലാ പ്രവൃത്തികളിലും കാണാം. അയാൾ നടക്കാൻ തുടങ്ങിയ പുതുവഴിയിൽ, നെപ്പോളിയന്റെ മാഹാത്മ്യത്തെ അളക്കുന്നതുപോലെ പഴയ ഭരണരീതിയുടെ തെറ്റുകളേയും വിചാരണ ചെയ്യുന്നതിൽ, ഊക്കു കുറയ്ക്കുന്ന ഭാഗങ്ങളെ അയാൾ നിസ്സാരമാക്കി.

എന്തായാലും, ഒരു വല്ലാത്ത കാൽവെപ്പുവെച്ചു. ഏകച്ഛത്രാധിപത്യത്തിന്റെ അധഃപതനത്തെ ആദ്യം കണ്ടെത്തിയേടത്തു് അയാൾ ഇപ്പോൾ ഫ്രാൻസിന്റെ അവതാരം കാണുകയായി. അയാളുടെ ദിക്സ്ഥിതിനിർണയം ഒന്നു മറിഞ്ഞു. ആദ്യത്തിൽ കിഴക്കായിരുന്ന ഭാഗം ഇപ്പോൾ പടിഞ്ഞാറായി. അയാൾ നിന്നേടത്തുനിന്നു് ഒരു നേരേ തിരിഞ്ഞു.

ഈ പരിവർത്തനങ്ങളെല്ലാം നടന്നതു് അയാളുടെ ഉള്ളിൽവെച്ചാണു്; കുടുംബക്കാർ ഇതിന്റെ ഒരു ശകലമെങ്കിലും മനസ്സിലാക്കിയില്ല.

ഈ നിഗൂഢമായ പ്രസവവേദനയ്ക്കിടയിൽ, പഴയ രാജകുടുംബത്തെ അയാൾ തികച്ചും വലിച്ചെറിഞ്ഞ ഉടനെ, പ്രഭൂവിനേയും മതനിഷ്ഠനേയും രാജകക്ഷിയേയും അയാൾ ദൂരത്തേക്കിട്ടതോടുകൂടി, അയാൾ തികച്ചും ഒരു ഭരണപരിവർത്തനകക്ഷിയായപ്പോൾ, ഉള്ളിൽത്തട്ടിയ പ്രജാധിപത്യക്കാരനും പ്രജാഭരണ കക്ഷിയുമായിക്കഴിഞ്ഞപ്പോൾ, ഒരു കൊത്തുപണിക്കാരന്റെ വീട്ടിൽ ചെന്നു്, ബാറൺ മരിയുസു് പൊങ്മേർസി എന്നു രേഖപ്പെടുത്തിയ നൂറു കാർഡ് തയ്യാറാക്കിക്കിട്ടുവാൻ ഏർപ്പാടുചെയ്തു.

ഇതു് അയാളുടെ മനസ്സിനുണ്ടായിത്തീർന്ന മാറ്റത്തിന്റെ-സർവവും അച്ഛന്റെ ചുറ്റുഭാഗത്തും ചേർന്നടങ്ങിക്കൂടുന്നതായ ആ ഒരു മാറ്റത്തിന്റെ-ശരിക്കുള്ള ഫലം മാത്രമായിരുന്നു.

ഒന്നുമാത്രം; അയാൾക്ക് ആരേയും പരിചയമില്ലാത്തതുകൊണ്ടും തന്റെ കാർഡ് യാതൊരു പടിക്കാവല്ക്കാരന്റേയും പക്കൽ കൊടുത്തേല്പിക്കാൻ കഴിയാഞ്ഞതുകൊണ്ടും അയാൾ അതു കീശയിൽത്തന്നെ ഇട്ടു.

പ്രകൃത്യാതന്നെ മറ്റൊരു ഫലംകൂടി ഇതിൽനിന്നുണ്ടായി; അച്ഛന്റെ അടുക്കലേക്ക് അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണയോടും ഇരുപത്തഞ്ചു കൊല്ലമായി കേർണൽ എന്തൊന്നിനുവേണ്ടി യുദ്ധം ചെയ്തുപോന്നുവോ അതിനോടും അധികമധികം അടുത്തതോടുകൂടി, അയാൾ മുത്തച്ഛനിൽനിന്നു് അത്രയുമധികം വാങ്ങിയകന്നു. മൊസ്സ്യു ഗിൽനോർമാന്റെ ശുണ്ഠികൂടിയ സ്വഭാവം അയാൾക്കത്ര രസിച്ചിരുന്നില്ലെന്നു ഞങ്ങൾ പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ടു്. ആ രണ്ടുപേരുടേയും നടുക്ക് ഗൗരവശീലനായ ചെറുപ്പക്കാരന്റേയും അല്പരസക്കാരനായ കിഴവന്റേയും എല്ലാ യോജിപ്പികേടുകളും മുൻപുതന്നെ സ്ഥലം പിടിച്ചിരുന്നു. ഗെറോന്തിന്റെ [6] ആഹ്ലാദം വേർതരുടെ [7] വ്യസനശീലത്തിനു പരിക്കേല്പിക്കുകയും ശുണ്ഠി പിടിപ്പിക്കുകയും ചെയ്യുന്നു. രണ്ടുപേരുടേയും രാജ്യഭരണസംബന്ധികളായ അഭിപ്രായങ്ങളും ആലോചനകളും യോജിച്ചിരുന്ന കാലത്തു മരിയുസു് മൊസ്സ്യു ഗിൽനോർമാനെ ഒരു പാലത്തിന്മേൽവെച്ചെന്നപോലെ കണ്ടെത്തിയിരുന്നു. ആ പാലം ഇടിഞ്ഞുവീണപ്പോൾ അവിടെ ഒരു മഹാഗുഹയായി. എന്നല്ല, എല്ലാറ്റിനും പുറമെ, കഥയില്ലാത്ത ചില ഉദ്ദേശ്യങ്ങളാൽ മൊസ്സ്യു ഗിൽനോർമാനാണു് തന്നെ കേർണലിൽ നിന്നു നിർദ്ദയം അകറ്റിക്കളഞ്ഞതും, ആവിധം അച്ഛന്നു മകനും മകന്നു് അച്ഛനുമില്ലെന്നാക്കിയതും എന്നാലോചിച്ചപ്പോൾ മുത്തച്ഛനോടു തികച്ചും എതിർനില്ക്കാൻ മരിയുസ്സിനുള്ളിൽ എന്തെന്നില്ലാത്ത ചില പ്രേരണകൾ തള്ളിവന്നു.

അച്ഛനോടുള്ള അനുകമ്പയുടെ ശക്തികൊണ്ടു് മരിയുസു് മുത്തച്ഛനെ വെറുത്തു എന്ന നില ഏതാണ്ടായി.

എന്തായാലും ഞങ്ങൾ മുൻപുതന്നെ പറഞ്ഞതുപോലെ ഇതൊന്നും അയാൾ പുറത്തു കാട്ടിയില്ല. അയാൾ അധികമധികം സന്തോഷരഹിതനായി എന്നുമാത്രം. മിണ്ടാതിരുന്ന ഭക്ഷണം കഴിക്കും; മിക്കപ്പോഴും വീട്ടിലില്ലാതിരിക്കും. അതിനെപ്പറ്റി വലിയമ്മ ശകാരിച്ചാൽ, അയാൾ, സൗമ്യമട്ടിൽ തനിക്കു പഠിക്കാൻ പലതുമുണ്ടെന്നും, അധ്യാപകപ്രസംഗങ്ങൾക്കു പോകേണ്ടതുണ്ടെന്നും പരീക്ഷാകാലമാണെന്നും മറ്റും ഓരോ ഒഴിവു പറയും. അബദ്ധം വരാൻ നിവൃത്തിയില്ലാത്തവിധം താൻ കണ്ടുപിടിച്ച ഈ രോഗനിദാനത്തിൽനിന്നു മുത്തച്ഛൻ ഒരിക്കലും പിൻവാങ്ങിയില്ല: ‘അനുരാഗത്തിൽപ്പെട്ടു! എനിക്കറിയാമൊക്കെ.’

ഇടയ്ക്കിടയ്ക്കു മരിയുസ്സിനെ കാണാതാവും.

‘എവിടെയ്ക്കാണു് മരിയുസു് ഈ പോകുന്നതു?’ അയാളുടെ വലിയമ്മ ചോദിച്ചിരുന്നു.

എപ്പോഴും കുറച്ചു ദിവസത്തേക്കുമാത്രം നീളുന്ന ഈവക യാത്രകളിലൊന്നിൽ അയാൾ അച്ഛൻ ഏല്പിച്ചിരുന്ന കാര്യം ശരിപ്പെടുത്തുവാൻവേണ്ടി മോങ് ഫെർമിയെയിലേക്കു പോയി; വാട്ടർലൂവിലെ പഴയ സർജ്ജന്റുദ്യോഗസ്ഥനായ ഹോട്ടൽക്കാരൻ തെനാർദിയെറെ അന്വേഷിച്ചു നോക്കി. തെനാർദിയെർ കച്ചവടത്തിൽ തോറ്റു; ഹോട്ടൽ പൂട്ടിയിരിക്കുന്നു; അയാൾ എവിടെപ്പോയിയെന്നു് ആർക്കും അറിഞ്ഞുകൂടാ. ഈ അന്വേഷണത്തിൽ മരിയുസ്സു് നാലു ദിവസത്തോളം വീട്ടിലില്ലായിരുന്നു.

‘അവന്നു ഭ്രാന്തുതന്നെയായി,’ മുത്തച്ഛൻ പറഞ്ഞു.

അയാൾ ഉൾക്കുപ്പായത്തിന്നുള്ളിൽ, മാറോടു ചേർത്തു, കഴുത്തിൽ, എന്തോ ഒരു സാധനം കറുപ്പുനാടകൊണ്ടു കെട്ടിത്തൂക്കിയിട്ടുള്ളതായി അവർ കണ്ടുപിടിച്ചുവത്രേ!

കുറിപ്പുകൾ

[1] ഒരു ഫ്രഞ്ച് പ്രാസംഗികൻ, ഭരണപരിവർത്തകൻ, പതിനാറാമൻ ലൂയിയ്ക്കു മരണശിക്ഷ വിധിച്ച പ്രതിനിധിയോഗത്തിന്റെ അധ്യക്ഷൻ; ഒടുവിൽ മരണശിക്ഷ വിധിക്കപ്പെട്ടു.

[2] രാജാവിനെ കൊന്നതിൽ ഏർപ്പെട്ടിരുന്ന മൂന്നു പ്രാധന ഭരണപരിവർത്തകന്മാരിൽ ഒരാൾ.

[3] ഫ്രാൻസിലെ ഒരെഴുത്തുകാരൻ; ഭരണപരിവർത്തകന്മാരിൽ ഒരു പ്രധാനൻ ദെന്തോങ്ങിന്റെ ഒരു കൂട്ടുകാരൻ; മരണശിക്ഷ വിധിക്കപ്പെട്ടു.

[4] വേദപുസ്തകത്തിൽ പറയുന്ന രണ്ടാമനായ റോ ചക്രവർത്തി.

[5] ഫ്രാൻസിലെ പ്രസിദ്ധനായ ദുഃഖപര്യവസായിനാടകകർത്താവ്.

[6] ഫ്രഞ്ച് ഭാഷയിലെ പല പ്രസിദ്ധ വിനോദനാടകങ്ങളിലും കാണപ്പെടുന്ന ഒരു സാധു വൃദ്ധൻ.

[7] ഗെഥെ എന്ന ജർമ്മൻ മഹാകവിയുടെ ഒരു സുപ്രസിദ്ധ കഥയിലെ നായകൻ, അനുരാഗഭ്രാന്തനും അസാധാരണമായവിധം കരളുറപ്പറ്റവനുമായ ആളെ ഈ പേർ വിളിയ്ക്കാറുണ്ട്.

3.3.7
ഏതോ റവുക്ക

ഞങ്ങൾ ഒരു കുന്തപ്പടയാളിയെപ്പറ്റി പറഞ്ഞിട്ടുണ്ടു്.

അച്ഛൻവഴിക്കു മൊസ്സ്യു ഗിൽനോർമാന്നു് ഇങ്ങേ അറ്റത്തുള്ള ഒരു മരുമകനായിരുന്നു അതു്; അയാൾ എപ്പോഴും പട്ടാളത്തിന്റെ കൂടെയാണു്; വീട്ടിൽ വരാറില്ല. കുടുംബക്കാരുമായി കാണാറില്ല... ഒരൊന്നാന്തരം ഉദ്യോഗസ്ഥനാവാൻ വേണ്ട എല്ലാ വിശേഷതകളും ലെഫ്റ്റിനന്റു് തെയൊദുൽ ഗിൽനോർമാന്നു തികഞ്ഞിരുന്നു. അയാൾക്ക് ‘ഒരു മാന്യസ്ത്രീയുടെ അരക്കെട്ടും’ ഒരു സർവവിജയിമട്ടിലുള്ള വാൾ വീശലും ഒരു ചൂണ്ടൽപോലെ മേൽമീശ പിരിക്കലുമുണ്ടു്. അയാൾ വളരെ അപൂർവമായേ പാരിസ്സിൽ വരു; മരിയുസു് അയാളെ കാണുകതന്നെയുണ്ടായിട്ടില്ല. അതു് അത്രയും അപൂർവമായിരുന്നു. ആ ചാർച്ചക്കാർക്ക് അന്യോന്യം പേർകൊണ്ടുമാത്രമേ അറിഞ്ഞുകൂടൂ. വലിയമ്മയ്ക്കു തെയൊദുൽ വളരെ ഇഷ്ടപ്പെട്ട ഒരാളാണെന്നു ഞങ്ങൾ മുൻപു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു; കണ്ടിട്ടേ ഇല്ലാത്തതുകൊണ്ടു് അവൾക്കയാളെ വലിയ കാര്യമായി. ആളുകളെ കാണാതിരുന്നാൽ അവരിൽ എല്ലാത്തരം മേന്മകളേയും കൊണ്ടുവെക്കുവാൻ സൗകര്യമുണ്ടാകുന്നു.

ഒരു ദിവസം രാവിലെ, തന്റെ ശാന്തതയ്ക്കു സമ്മതിച്ചുകൊടുക്കാൻ കഴിയുന്നേടത്തോളം പരിഭ്രമത്തോടുകൂടി ആ വലിയമ്മ സ്വന്തം മുറിയിലേക്കു തിരിച്ചുവന്നു. മരിയുസു് ഒന്നു പുറത്തേക്കു പോവാൻ മുത്തച്ഛന്റെ അനുവാദം ചോദിച്ചുകഴിഞ്ഞ സമയമാണു്; അയാൾക്ക് അന്നു വൈകുന്നേരംതന്നെ യാത്ര പുറപ്പെടുകയും വേണമത്രേ. ‘പോയ്ക്കോളൂ!’ എന്നായിരുന്നു മുത്തച്ഛന്റെ മറുപടി; ഒരപവാര്യയായി തന്റെ പുരികങ്ങളെ നെറ്റിയുടെ അങ്ങേ അറ്റംവരെ പൊന്തിച്ചുകൊണ്ടു് അദ്ദേഹം തുടർന്നു: ‘അതാ ഒരു രാത്രികൂടിയായി പുറത്തേക്കു പോകുന്നു. വലിയമ്മ വലിയ പരിഭ്രമത്തോടുകൂടി മുറിയിലേക്കു കയറിച്ചെന്നു; കോണിപ്പടിയിൽ ഇങ്ങനെയൊരു വാക്യം ഇട്ടുംവെച്ചാണു് വന്നതു്; ‘ഇതു് കുറേ അധികമായിത്തുടങ്ങി,’ ഈ ഒരു ചോദ്യവും. ‘പക്ഷേ, എവിടേക്കാണിവൻ പോകുന്നതു?’ ഏതോ ഒരനുരാഗസംഗതി, ഏതാണ്ടു് ഒരു പാടില്ലാത്ത കാര്യം, നിഴല്പാടിനുള്ളിൽ ഒരു സ്ത്രീ, ഒരു ഗൂഢസമാഗമം, ഒരു രഹസ്യം, അവളുടെ ദൃഷ്ടിയിൽപ്പെട്ടു; ആ കാര്യത്തിനായി കണ്ണടയൊന്നു വെച്ചാൽ അതിൽ അവൾ വ്യസനിക്കില്ല. ഒരു ലോകാപവാദത്തിന്റെ ആദ്യത്തെ രുചികരമായ ഗന്ധം അനുഭവിക്കുന്നതുപോലെയാണു് ഒരു നിഗൂഢസംഗതിയെ സ്വാദു നോക്കുന്നതു്; ഋഷിത്വത്തിലെത്തിയ ആത്മാക്കൾ ഇതിനെ വെറുക്കുന്നില്ല. മതഭ്രാന്തിയുടെ അന്തഃപുരങ്ങൾക്കുള്ളിൽ അപവാദങ്ങളെപ്പറ്റി അന്വേഷിച്ചറിവാനുള്ള ഒരുൽക്കണ്ഠയുണ്ടു്.

അതിനാൽ ഒരു ചരിത്രം മനസ്സിലാക്കുവാനുള്ള സ്പഷ്ടമായ ഒരഭിരുചിക്ക് അവൾ ഒരു തീൻപണ്ടമായി.

പതിവു വിട്ടു തന്നെ അധികമായി ക്ഷോഭിച്ചുകളഞ്ഞ ഈ ഉൽക്കണ്ഠയിൽ നിന്നു വിട്ടുകിട്ടുവാൻവേണ്ടി, അവൾ തന്റെ വിദ്യാനൈപുണ്യത്തിൽ ചെന്നഭയം പ്രാപിച്ചു; ഓരോ പരുത്തിത്തുണി മടക്കുകളെക്കൊണ്ടു ചക്രവർത്തിഭരണത്തിന്റേയും രാജത്വപുനഃസ്ഥാപനത്തിന്റേയും കാലത്തേക്കു ചേർന്ന ചിത്രത്തയ്യൽകളിലൊന്നിനു് അരുഞെറിയുവാൻ അവൾ ആരംഭിച്ചു; ആ ശീലയിൽ അസംഖ്യം വണ്ടിച്ചക്രങ്ങളുണ്ടായിരുന്നു. പ്രവൃത്തി മുഷിപ്പൻ; പ്രവൃത്തിയെടുക്കുന്നതോ മുഷിഞ്ഞിരിക്കുന്നവൾ. അവൾ വളരെ മണിക്കൂറുകളോളം ആ നിലയ്ക്കിരുന്നു; പെട്ടെന്നു് ആരോ വാതിൽ തുറന്നു. മദാംവ്വസേല്ലു് ഗിൽനോർമാൻ മൂക്കൊന്നു പൊന്തിച്ചു; ലെഫ്റ്റിനന്റു് തെയൊദുൽ പട്ടാളസ്സലാം വെച്ചുകൊണ്ടു് അതാ അവളുടെ മുൻപിൽ. അവൾ ഒരു സന്തോഷശബ്ദം പുറപ്പെടുവിച്ചു. വയസ്സായിരിക്കാം, നാണംകുണുങ്ങിയായിരിക്കാം, മതവിശ്വാസക്കാരിയായിരിക്കാം, ഒരു വലിയമ്മയായിരിക്കാം-പക്ഷേ, ഒരു കുന്തപ്പടയാളി അവരവരുടെ അറയിലേക്കു കടന്നു വരുന്നതു് കാണാൻ എപ്പോഴും രസമുണ്ടു്.

‘അല്ലാ, നീയോ തെയൊദുൽ!’ അവൾ ഉച്ചത്തിൽ പറഞ്ഞു.

‘ഞാൻ പട്ടണത്തിലൂടെ പോകുന്ന വഴി.’

‘എന്നെ പിടിച്ചുപൂട്ടു.’

‘ഇതാ കഴിഞ്ഞു!’ തെയൊദുൽ പറഞ്ഞു.

അയാൾ അവളെ ഉമ്മവെച്ചു. വലിയമ്മ എഴുത്തുമേശയുടെ അടുക്കലേക്കു ചെന്നു് അതു തുറന്നു.

‘ചുരുങ്ങിയാൽ ഒരാഴ്ചയെങ്കിലും നീയിവിടെ ഞങ്ങളൊന്നിച്ചു പാർക്കുമല്ലോ?’

‘ഞാൻ ഇന്നു വൈകുന്നേരം പോവും.’

‘അതു വയ്യാ.’

‘കണക്കുവെച്ച്.’

‘വരട്ടെ പോവാൻ, എന്റെ കുട്ടി, ഞാനപേക്ഷിക്കുന്നു.’

എന്റെ മനസ്സു പറയുന്നു, ‘അങ്ങനെതന്നെ; പക്ഷേ, എനിക്കുള്ള കല്പന, ‘പാടില്ല’ എന്നും. കാര്യം ക്ഷണത്തിൽ പറയാം; ഞങ്ങളുടെ സൈന്യത്താവളം ഒന്നു മാറ്റുകയാണു്; ഞങ്ങൾ ഇതുവരെ മെലുങ്ങിലായിരുന്നു; ഇതാ ഗെയൊങ്ങിലേക്കു പോകുന്നു; പഴയ താവളത്തിൽനിന്നു് പുതിയ താവളത്തിലെത്താൻ പാരിസ്സിലൂടെ കടന്നുപോണം. ഞാൻ പറഞ്ഞു: ‘ഞാൻ വലിയമ്മയെ കാണാൻ പോകുന്നു.’

‘നിന്റെ ഈ ബുദ്ധിമുട്ടിനു് ഇതിരിക്കട്ടെ.’

പത്തു ലൂയിനാണ്യം അവൾ അയാളുടെ കൈയിൽ ഇട്ടുകൊടുത്തു.

‘എന്റെ നേരംപോക്കിനു്, അങ്ങനെയല്ലേ?’

തെയൊദുൽ ഒരിക്കൽകൂടി അവളെ ഉമ്മവെച്ചു; അയാളുടെ ഉടുപ്പിന്റെ മെടച്ചിൽപ്പണികൾ തട്ടി കഴുത്തിൽ കുറച്ചു തോലരങ്ങുക എന്ന ആനന്ദം അവളനുഭവിച്ചു.

‘നീ നിന്റെ കൂട്ടുകാരോടുകൂടി കുതിരപ്പുറത്താണോ യാത്ര? അവൾ ചോദിച്ചു.

‘അല്ല, എനിക്കു വലിയമ്മയെ കാണണം. ഞാൻ വിശേഷിച്ച് അനുവാദം വാങ്ങിയിട്ടുണ്ടു്. എന്റെ ഭൃത്യൻ കുതിരയെ കൊണ്ടുവരുന്നു, ഞാൻ വണ്ടിക്കു പോകുന്നു. അപ്പോൾ, ഈ കൂട്ടത്തിൽ, എനിയ്ക്കൊന്നു ചോദിക്കാനുണ്ടു്.’

‘എന്താണതു?’

‘മരിയുസു് പൊങ്മേർസിയും പോകുന്നുണ്ടോ?’

‘അതെങ്ങനെയറിഞ്ഞു?’ ഒരുശിരുള്ള ഉൽക്കണ്ഠകൊണ്ടു പെട്ടെന്നു് ഇളകിത്തീർന്ന ആ സ്ത്രീ ചോദിച്ചു.

‘ഞാൻ വണ്ടിത്താവളത്തിൽ ചെന്നു് ഒരു ശീട്ടു് എനിക്കാവശ്യമുണ്ടെന്നു പറയാൻ പോയി.’

‘എന്നിട്ടു്?’

‘ഒരു ശീട്ടു മുമ്പുതന്നെ ഒരാൾ വാങ്ങിപ്പോയിരിക്കുന്നു. അയാളുടെ പേരുള്ള ഒരു കാർഡ് ഇരിപ്പിടത്തിൽ പതിച്ചിട്ടുണ്ടു്.’

‘എന്താണു് പേരു്?’

‘മരിയുസു് പൊങ്മേർസി.’

‘വികൃതി!’ അയാളുടെ വലിയമ്മ ഉച്ചത്തിൽ പറഞ്ഞു. ‘ഹാ, നിന്റെ അനുജൻ നിന്നെപ്പോലെ അത്ര ഉൾക്കരുത്തുള്ളവനല്ല. ഒരു രാത്രി മുഴുവനും വണ്ടിയിൽക്കഴിച്ചുകൂട്ടാൻ അവൻ നിന്നപ്പോൾ!’

‘എന്നെപ്പോലെതന്നെ.’

‘പക്ഷേ, നീ-നിന്റെ മുറയാണതു്; അവന്റെ കാര്യത്തിൽ താന്തോന്നിത്തം.’

‘ആഹാ!’ തെയൊദുൽ പറഞ്ഞു.

ഇവിടെ മാംസെൽ ഗിൽനോർമാനെസ്സംബന്ധിച്ചേടത്തോളം ഒരു സംഭവമുണ്ടായി- അവൾക്കൊരു യുക്തി തോന്നി. അവൾ ഒരു പുരുഷനായിരുന്നുവെങ്കിൽ, നെറ്റിക്കടിച്ചേനേ. അവൾ തെയൊദുലോടു പറഞ്ഞു: മരിയുസ്സിനു നിന്നെ അറിയാമോ?’

‘അറിഞ്ഞുകൂടാ, ഞാനവനെ കണ്ടിട്ടുണ്ടു്; പക്ഷേ, അവൻ എന്നെ അറിഞ്ഞു കണ്ടിട്ടില്ല.’

‘അപ്പോൾ നിങ്ങൾ രണ്ടുപേരും ഒരുമിച്ചാണു് യാത്ര ചെയ്യാൻ ഭാവം?’

‘അവൻ വണ്ടിയുടെ പുറത്തും ഞാൻ അകത്തും ഇരുന്നു്.’

‘ഈ വണ്ടി പോകുന്നതെങ്ങോട്ടാണു്?’

‘അങ് ദെലി.’

‘അപ്പോൾ അവിടെയ്ക്കാണു് മരിയുസ്സിന്റെയും യാത്ര?’

‘എന്നെപ്പോലെ അവൻ വഴിക്കിറങ്ങിയില്ലെങ്കിൽ. ഞാൻ വെർനോങ്ങിൽ ചെന്നാൽ ഇറങ്ങും; അവിടെനിന്നു ഞാൻ ഗെയോങ്ങിലേക്കു വേറെ വണ്ടി പിടിക്കും. മരിയുസ്സിന്റെ യാത്രയെക്കുറിച്ചുള്ള വിവരമൊന്നും എനിക്കില്ല.’

‘മരിയുസ്! എന്തു വൃത്തികെട്ട പേര്!’ അങ്ങനെയൊരു പേരിടാൻ അവർക്കെന്തായിരുന്നു? നിനക്കെങ്കിലും തെയൊദുലെന്നാലല്ലോ.’

‘എന്റെ പേർ ആൾഫ്രെഡ്ഡ് എന്നായാൽ നന്നെന്നാണു് എനിക്ക്-ആ ഉദ്യാഗസ്ഥൻ പറഞ്ഞു.

‘കേൾക്കൂ, തെയൊദുൽ.’

‘ഞാൻ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടു്.’

‘മനസ്സിരുത്തണം.’

‘ഞാൻ മനസ്സിരുത്തുന്നുണ്ടു്.’

‘മനസ്സിലായോ?’

‘ഉവ്വു്.’

‘അപ്പോൾ മരിയുസു് ഇവിടെ ഉണ്ടാകാറില്ല.’

‘ഏ! ഏ!’

‘അവൻ സഞ്ചരിക്കുന്നു.’

‘ആ! ആ!’

‘രാത്രി ഇവിടെ ഉണ്ടാകാറില്ല.’

‘ഓ! ഓ!’

‘എന്താണിതിന്റെ സാരമെന്നു ഞങ്ങൾക്കറിഞ്ഞാൽ കൊള്ളാമായിരുന്നു.

ഒരു പിച്ചളപ്രതിമയുടെ ക്ഷോഭരാഹിത്യത്തോടുകൂടി തെയൊദുൽ മറുപടി പറഞ്ഞു: ‘ഏതോ ഒരു റവുക്ക.’

സംശയമില്ലായ്കയെ കാണിക്കുന്ന ആ ആന്തരമായ ചിരിയാടുകൂടി അയാൾ തുടർന്നു: ‘ഒരു പെണ്ണു്.’

‘അതു തീർച്ച.’ ആ സ്ത്രീ ഉച്ചത്തിൽ പറഞ്ഞു; മൊസ്സ്യു ഗിൽനോർമാനാണു് ആ പറഞ്ഞതെന്നു് അവൾക്കു തോന്നി; ഒരേ ഉച്ചാരണവിശേഷത്തോടുകൂടിത്തന്നെ വലിയമ്മാമനും മരുമകനും ആ വാക്കു പറഞ്ഞുകേട്ടപ്പോൾ അവളുടെ ഉറപ്പു് എന്തായാലും ഇളകാത്തതായിത്തീർന്നു. അവൾ പറയാൻ തുടങ്ങി: ‘ഞങ്ങൾക്കു വേണ്ടി ഒരു കാര്യം ചെയ്യണം. മരിയുസ്സിന്റെ പിന്നാലെ ചെല്ലൂ. അവന്നു നിന്നെ അറിഞ്ഞുകൂടല്ലോ. അതുകൊണ്ടു് എളുപ്പമുണ്ടു്. ഒരു പെണ്ണുള്ള സ്ഥിതിക്ക് അവളെ ഒരു നോക്കു കണ്ടുപോരണം. ആ കഥ ഞങ്ങൾക്കെഴുതിയയയ്ക്കണം. അവന്റെ മുത്തച്ഛനു് ബഹുരസം പിടിക്കും.’

ഇത്തരം ഒറ്റുനില്ക്കലിനു തെയൊദുൽ അത്ര വാസനയുള്ള ആളല്ലായിരുന്നു; പക്ഷേ, ആ പത്തു ലൂയിനാണ്യം അയാളുടെ ഉള്ളിൽത്തട്ടിപ്പോയി; അതിന്റെ ഉത്തര ഭാഗംകൂടി കാണാനുണ്ടെന്നു തോന്നി. അയാൾ ആ പണിയേറ്റു; ഇങ്ങനെ പറഞ്ഞു: ‘ഇഷ്ടംപോലെ.’

അയാൾ ഒരാത്മഗതമായിപറഞ്ഞു: ‘ഇതാ ഞാനൊരു പരിചാരികയാവുന്നു.’

‘മദാംവ്വസേല്ലു് ഗിൽനോർമാൻ അയാളെ ആലിംഗനം ചെയ്തു.

‘തെയൊദുൽ, ഈവക വിദ്യകളെടുക്കാൻ നീ ആളല്ല. നീ ആജ്ഞയെ അനുസരിക്കുന്നു; നീ കല്പനകളുടെ അടിമയാണു്; നീ മുറയുടെ ഒരാളാണു്; ഒരു പെണ്ണിനെ ചെന്നു കാണാൻവേണ്ടി നീ നിന്റെ കുടുംബം വിടില്ല.’

സത്യനിഷ്ഠയെപ്പറ്റി പുകഴ്ത്തപ്പെട്ടപ്പോൾ കർത്തൂഷിന്റെ മുഖത്തുണ്ടായ സന്തോഷച്ചിരി ആ കുന്തപ്പടയാളി കാണിച്ചു.

ഈ സംഭാഷണം നടന്ന ദിവസം വൈകുന്നേരം മരിയുസു്, തന്നെ ആരോ ഒറ്റു നില്ക്കുന്നുണ്ടെന്നു ലേശമെങ്കിലും സംശയിക്കാതെ വണ്ടിയിൽ കയറി. ഒറ്റുകാരനാണെങ്കിൽ, അയാൾ ഒന്നാമതായി ചെയ്തതു കിടന്നുറങ്ങുകയാണു്. അയാൾ ഒന്നാന്തരം ഉറക്കമുറങ്ങി. ആ അതിജാഗ്രതയുള്ള കാവല്ക്കാരൻ രാത്രി മുഴുവൻ കൂർക്കം വലിച്ചു.

പ്രഭാതത്തോടുകൂടി വണ്ടിക്കാരൻ ഉച്ചത്തിൽ പറഞ്ഞു: ‘വെർനോങ്! ഇതാ വണ്ടി മാറിക്കയറേണ്ട വെർനോങ്! ഹേ, വെർനോങ്ങിലേക്കുള്ള യാത്രക്കാർ.’ ലെഫ്റ്റനന്റു് തെയൊദുൽ ഉണർന്നു.

‘ശരി.’ അപ്പോഴും പകുതി ഉറങ്ങിയിരുന്ന അയാൾ മുരണ്ടു, ‘ഇവിടെയാണു് എനിക്കിറങ്ങേണ്ടതു്.’

പിന്നീടു ക്രമത്തിൽ നല്ലവണ്ണം ഉണർന്നു് ഓർമകളെല്ലാം തെളിഞ്ഞതോടുകൂടി അയാൾ വിലിയമ്മയേയും, പത്തു ലൂയിനാണ്യത്തെയും, മരിയുസ്സിന്റെ മട്ടുകളും പ്രവൃത്തികളും കണ്ടു വിവരമായി അറിയിച്ചുകൊടുക്കാം എന്നു താൻ ഏറ്റിട്ടുള്ളതിനേയും ഓർമിച്ചു. അയാൾക്കു ചിരി വന്നു.

‘ഒരു സമയം അവൻ വണ്ടിയിൽനിന്നു പോയിരിക്കാം,’ അഴിഞ്ഞുകിടന്ന ഉൾക്കുപ്പായത്തിന്റെ കുടുക്കിട്ടുകൊണ്ടു് അയാൾ വിചാരിച്ചു. ‘അയാൾ പ്വാസിയിൽ ഇറങ്ങിയിരിക്കാം; അയാൾ ത്രിയെലിൽ ഇറങ്ങിയിരിക്കാം; മെലുങ്ങിൽ ഇറങ്ങിയിട്ടില്ലെങ്കിൽ, മങ്തിൽ ഇറങ്ങിയിരിക്കുന്നു എന്നു വരാം; അല്ല, ഇടത്തോട്ടു് എവ്രെയിലെക്കോ, വലത്തോട്ടു ലരോഷ്-ഗിയോവിലെക്കോ തിരിയാൻവേണ്ടി പാസിയോളം പോയിട്ടില്ലെങ്കിൽ, രൊൽബ്വാസ്സിൽ ഇറങ്ങിയിരിക്കാം. അയാളുടെ പിന്നാലെ ഓടുക, എന്റെ വലിയമ്മേ! ആ സാധുവിനു ഞാൻ എന്തെഴുതിയയയ്ക്കും?’

ആ സമയത്തു രണ്ടു കറുത്ത കാലുറകൾ വണ്ടിയിൽനിന്നിറങ്ങി ജനാലയ്ക്കൽ ആവിർഭവിച്ചു.

‘അതു മരിയുസ്സാവുമോ?’ ലെഫ്റ്റനന്റു് സംശയിച്ചു.

അതു മരിയുസ്സായിരുന്നു.

വണ്ടിയുടെ അറ്റത്തു കുതിരകളും വണ്ടിക്കാരുംകൂടി ഇടകലർന്നു നില്ക്കുന്ന തിരക്കിൽ ഒരു ചെറിയ നാടൻപെണ്ണു് യാത്രക്കാർക്ക് പുഷ്പം വില്ക്കാൻ കാണിക്കുന്നുണ്ടു്. ‘നിങ്ങളുടെ വീട്ടിലുള്ള മാന്യസ്ത്രീകൾക്ക് പുഷ്പം കൊടുക്കുവിൻ.’ അവൾ വിളിച്ചുപറഞ്ഞു.

മരിയുസു് അടുത്തു ചെന്നു് അവളുടെ പരന്ന കൊട്ടയിൽവെച്ച് ഏറ്റവും നല്ല പുഷ്പങ്ങൾ വാങ്ങി.

‘ശരി. ശരി.’ വണ്ടിയിൽനിന്നു് എടുത്തുചാടി തെയൊദുൽ പറഞ്ഞു, ‘ഇതു് എന്റെ ഉൽക്കണ്ഠയെ കുത്തിപ്പൊന്തിക്കുന്നു; ഏതു ഗ്രഹപ്പിഴക്കാരിക്കാണു് ഈയാൾ ഈ പുഷ്പങ്ങളും കൊണ്ടുപോകുന്നതു? ഇത്ര നല്ല ഒരു പൂച്ചെണ്ടു കൊടുക്കാൻ അവൾ സാമാന്യത്തിലധികം സുന്ദരിയായിരിക്കണം. എനിക്കവളെ കണ്ടേ കഴിയൂ.’

മറ്റൊരാളുടെ കല്പനയനുസരിച്ചല്ല, എന്റെ ഉൽക്കണ്ഠ തീർക്കുവാൻവേണ്ടിത്തന്നെ, സ്വമേധയ്ക്കു മൃഗങ്ങളെ നായാടുന്ന നായ്ക്കളെപ്പോലെ, അയാൾ മരിയുസ്സിനെ പിന്തുടർന്നു.

മരിയുസ്സാകട്ടേ തെയൊദുൽ പിന്നാലെ ചെല്ലുന്നതു സൂക്ഷിച്ചതേയില്ല. അന്തസ്സിലുള്ള സ്ത്രീകൾ വണ്ടിയിൽനിന്നിറങ്ങി; അയാൾ അവരെ ഒരു നോക്കു കണ്ടതേ ഇല്ല. ചുറ്റുമുള്ള യാതൊന്നിനേയും അയാൾ കാണുന്നില്ലെന്നു തോന്നി.

‘അവൻ തികച്ചും അനുരാഗത്തിൽ മുങ്ങിയിരിക്കുന്നു!’ തെയൊദുൽ വിചാരിച്ചു.

മരിയുസു് നേരേ പള്ളിയിലേക്കു നടന്നു.

‘ഒന്നാന്തരം,’ തെയൊദുൽ സ്വയം പറഞ്ഞു. ‘ഒരു കഷ്ണം കുർബാനകൊണ്ടുരസം പിടിപ്പിച്ച ഗുഢസമാഗമം ബഹുരസമുള്ളതാണു്. നല്ലവനായ ഈശ്വരന്റെ തലയ്ക്കുമീതേ പോകുന്ന ഒരു കടാക്ഷവീക്ഷണംപോലെ ഉൽകൃഷ്ടമായി മറ്റൊന്നില്ല.’

പള്ളിയിൽ എത്തിയപ്പോൾ, മരിയുസു് അകത്തേക്കു കടന്നില്ല; അയാൾ പുറം ചുമരിന്നു് അരുവെച്ചുകൊണ്ടു നടന്നു. ഗോപുരത്തിന്റെ അപ്പുറത്തു് ഒരു മൂലയ്ക്കൽ അപ്രത്യക്ഷനായി.

‘ഗൂഢസമാഗമം പുറത്തുവെച്ചാണു് നടക്കാൻ വെച്ചിട്ടുള്ളതു്,’ തെയൊദുൽ പറഞ്ഞു. ‘ആ പെണ്ണിനെ ഒന്നു കാണുകതന്നെ.’

മരിയുസു് തിരിഞ്ഞുപോയ മൂലയിലേക്കു തെയൊദുൽ ബൂട്ടുസ്സിൻ തുമ്പുമാത്രം നിലം തൊടുവിച്ചു ചെന്നു.

അവിടെ എത്തിയപ്പോൾ അയാൾ അമ്പരന്നു നിലവായി.

നെറ്റി കൈകളിൽ ചേർത്തുവെച്ച് ഒരു ശവക്കല്ലറയ്ക്കടുത്തു മരിയുസു് പുല്ലിന്മേൽ മുട്ടുകുത്തിയിരിക്കയാണു്. അയാൾ തന്റെ പൂച്ചെണ്ടു് അവിടെ വെച്ചു. ശവക്കല്ലറയുടെ അറ്റത്തു തലയെ സൂചിപ്പിക്കുന്ന ഒരു മണ്ണിന്റെ പൊള്ളപ്പിന്മേൽ ഈയൊരു പേർ കാണിക്കുന്ന വെളുത്ത അക്ഷരങ്ങളോടുകൂടിയ ഒരു കറുത്ത മരക്കുറിശ് നില്ക്കുന്നുണ്ട്-‘കെർണൽ ബാറൺ പൊങ്മേർസി.’ മരിയുസ്സിന്റെ തേങ്ങലുകൾ വ്യക്തമായി കേൾക്കാമായിരുന്നു.

‘പെണ്ണു്’ ഒരു ശവക്കല്ലറയായിരുന്നു.

3.3.8
കരിങ്കല്ലിനോടെതിർ കുളിർക്കല്ല്

പാരിസ്സിൽനിന്നു് ആദ്യമായി പോയ ദിവസം മരിയുസു് ചെന്നതു് ഇവിടേക്കായിരുന്നു. ‘പുറത്തുപോയി കിടക്കയാണു്’ എന്നു മൊസ്സ്യു ഗിൽനോർമാൻ പറയുകയുണ്ടായ ഓരോ ദിവസവും മരിയുസു് ഇവിടെയായിരുന്നു.

ഒരു ശവക്കല്ലറയുമായുണ്ടായ ഈ അപ്രതീക്ഷിതസമാഗമം ലെഫ്റ്റിനന്റു് തെയൊദുലിനെ തികച്ചും അമ്പരപ്പിച്ചു; ഇന്നതാണെന്നു കണ്ടുപിടിപ്പാൻ വയ്യാതെ അഭൂതപൂർവവും നീരസപ്രദവുമായ ഒരു വികാരവിശേഷം അയാളെ ബാധിച്ചു; അതിൽ ശവക്കല്ലറയുടെ മേലുള്ള ഭക്തിയും കേർണലിന്റെമേലുള്ള ബഹുമാനവും കൂടിക്കലർന്നിരുന്നു. മരിയുസ്സിനെ തനിച്ചു ശവപ്പറമ്പിൽ വിട്ടുംവെച്ച് അയാൾ പിന്നോക്കം മടങ്ങി; ആ പിന്നോക്കമുള്ള പോക്കിൽ ഒരു പട്ടാളക്കീഴടക്കമുണ്ടായിരുന്നു. വലിയ അംസാലങ്കാരങ്ങളോടുകൂടി മൃത്യുദേവത അയാളുടെ മുൻപിൽ ആവിർഭവിച്ചു; അയാൾ ആ മൃത്യുവിനു് ഏതാണ്ടൊരു പട്ടാളസ്സലാം വെച്ചുകൊടുത്തു. മദാംവ്വസേല്ലു് ഗിൽനോർമാന്നു് എന്താണെഴുതേണ്ടതെന്നറിഞ്ഞുകൂടായ്കയാൽ, ഒന്നും എഴുതാതിരിക്കുവാൻ അയാളുറച്ചു; വിധിയുടെ പോക്കിൽ പലപ്പോഴും ഉണ്ടാകുന്ന ആ നിഗൂഢങ്ങളായ ഏർപ്പാടുകളിൽ ഒന്നുകൊണ്ടു വെർനോങ്ങിലെ സംഭവം ഏതാണ്ടു് ആ സമയത്തുതന്നെ പാരിസ്സിൽ ഒരു പ്രതിധ്വനിയുണ്ടാക്കിയിട്ടില്ലായിരുന്നുവെങ്കിൽ, മരിയുസ്സിന്റെ അനുരാഗസംഗതിയെപ്പറ്റിയുള്ള തെയൊദുലിന്റെ കണ്ടുപിടുത്തത്തിൽനിന്നു യാതൊരു ഫലവും പുറപ്പെടുമായിരുന്നില്ല.

വെർനോങ്ങിൽനിന്നു മരിയുസു് മൂന്നാംദിവസം അകത്തുച്ചയോടുകൂടി തിരിച്ചു മുത്തച്ഛന്റെ വീട്ടുവാതില്ക്കൽ എത്തിച്ചേർന്നു; രണ്ടു രാത്രി മുഴുവനും വണ്ടിയിൽ കഴിച്ചുകൂട്ടിയതുകൊണ്ടു ക്ഷീണിച്ചും, നീന്തം പഠിപ്പിക്കുന്ന വിദ്യാലയത്തിൽ പോയി ഒരു മണിക്കൂർ വെള്ളത്തിൽ കിടന്നു് ഉറക്കമിളച്ചതിന്റെ കേടു തീർക്കണമെന്നു നിശ്ചയിച്ചും, അയാൾ ക്ഷണത്തിൽ സ്വന്തം മുറിയിൽ കയറിച്ചെന്നു; തന്റെ യാത്രയുടുപ്പും കഴുത്തിൽക്കെട്ടിയിരുന്ന കറുപ്പുനാടയും വലിച്ചെറിയുവാൻ മാത്രം വേണ്ട സമയമെടുത്തതിനുശേഷം കുളിസ്ഥലത്തേക്കിറങ്ങി.

ആരോഗ്യമുള്ള എല്ലാ വയസ്സന്മാരെയുംപോലെ അപ്പോഴേക്കും ഉണർന്നെണീറ്റിട്ടുണ്ടായിരുന്ന മൊസ്സ്യു ഗിൽനോർമാൻ അയാളുടെ അകത്തേക്കുള്ള വരവറിഞ്ഞു; പ്രായംകൂടിയ കാലുകൾ അനുവദിച്ചേടത്തോളം വേഗത്തിൽ മരിയുസ്സിനെ ആലിംഗനം ചെയ്യുവാനും, ആ ഇടയ്ക്ക് അയാൾ അതേവരെ എവിടെയായിരുന്നു എന്നു ചോദിച്ചറിയുവാനും വേണ്ടി മുകളിലത്തെ നിലയിലേക്കുള്ള കോണി പാഞ്ഞുകയറി.

പക്ഷേ, വയസ്സന്നു കയറിച്ചെല്ലാൻ വേണ്ടിവന്ന സമയം ചെറുപ്പക്കാരന്നു് ഇറങ്ങിപ്പോവാൻ ആവശ്യമായില്ല; അതിനാൽ ഗിൽനോർമാൻ മുകൾത്തട്ടിലെത്തുമ്പോഴേക്കും മരിയുസു് അവിടെനിന്നു പോയിക്കഴിഞ്ഞു.

കിടയ്ക്കക്ക് ഒരു ചുളിവും തട്ടിയിട്ടില്ല; കിടയ്ക്കമേൽ ആ പുറംകുപ്പായവും കറുപ്പുനാടയും, തകരാറായിട്ടില്ലെങ്കിലും, പരന്നുകിടക്കുന്നു.

‘എനിക്കിതാണു് അധികം ആവശ്യം,’ മൊസ്സ്യു ഗിൽനോർമാൻ പറഞ്ഞു.

ഒരു നിമിഷംകൂടി കഴിഞ്ഞു; ആ വൃദ്ധൻ മാംസെൽ ഗിൽനോർമാൻ ഇരുന്നു ജാഗ്രതയോടുകൂടി വണ്ടിച്ചക്രങ്ങൾ തുന്നിയുണ്ടാക്കുന്ന സൽക്കാരമുറിയിലേക്കു കടന്നുചെന്നു.

വിജയഹർഷത്തോടുകൂടിയാണു് ആ ചെല്ലലുണ്ടായതു്.

മൊസ്സ്യു ഗിൽനോർമാൻ ഒരു കൈയിൽ പുറംകുപ്പായവും മറ്റേതിൽ കഴുത്തു നാടയും പിടിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം ഉച്ചത്തിൽ പറഞ്ഞു: ‘വിജയം! ഇതാ, നമ്മൾ ഉള്ളുകള്ളി കണ്ടുപിടിക്കയായി! നമ്മൾ എല്ലാ ഭാഗവും ഇതാ തികച്ചും അറിയാൻപോകുന്നു; നമ്മുടെ ചെറുപ്പക്കാരൻ ചങ്ങാതിയുടെ ദുർന്നടപ്പുകളിൽ നമ്മൾ കൈവെച്ചു! ആ കഥ മുഴുവനുംതന്നെ കൈയിലായിക്കഴിഞ്ഞു. ഛായ എന്റെ കൈയിൽ കിട്ടി!’

വാസ്തവത്തിൽ ആ നാടയുടെ തുമ്പത്തു കറുത്ത പരുക്കൻ തോൽകൊണ്ടു് ഒരു കൊത്തുഛായാപടംപോലുള്ള കൂടു തൂങ്ങിക്കിടന്നിരുന്നു.

വയസ്സൻ ആ കൂടെടുത്തു, തുറക്കാതെതന്നെ, അവനവനുള്ളതല്ലാത്ത ഒന്നാന്തരം ഒരു സദ്യ മുഖത്തൂടെ കടന്നുപോകുന്നതു് കാണുന്ന ഒരു വിശപ്പുകൂടിയ പാവത്തെപ്പോലെ, സന്തോഷവും ആഹ്ലാദവും ശുണ്ഠിയും കലർന്ന ഭാവവിശേഷത്തോടുകൂടി കുറച്ചുനേരം സൂക്ഷിച്ചുനോക്കി.

‘നിശ്ചയമായും ഇതൊരു ഛായാപടമാണു്. എനിക്കറിയാം ഈ വകയൊക്കെ, വലിയ വാത്സല്യത്തോടുകൂടി മാറത്തു തൂക്കിയിട്ടിരിക്കയാണു്. എന്തു വിഡ്ഢികൾ! നമ്മെ ഒരു സമയം വിറപ്പിച്ചുകളയുന്ന ഏതോ കൊള്ളരുതാത്ത ഭയങ്കര വസ്തു! ഈ കാലത്തെ ചെറുപ്പക്കാർക്ക് ഇങ്ങനെ ചില ദുശ്ശീലം തുടങ്ങിയിരിക്കുന്നു!’

‘അച്ഛാ, നമുക്കു തുറന്നുനോക്കുക, ആ പ്രായം ചെന്ന അപരിണീത പറഞ്ഞു.

ഒരു കമ്പി തൊട്ടപ്പോൾ കൂടു തുറന്നു. സശ്രദ്ധമായി മടക്കിക്കെട്ടിയ ഒരു കടലാസ്സല്ലാതെ മറ്റൊന്നും അവരതിൽ കണ്ടില്ല.

‘ആ ആൾതന്നെ ആ ആൾക്കുതന്നെ അയച്ചതു്.’ പൊട്ടിച്ചിരിച്ചു കൊണ്ടു മൊസ്സ്യു ഗിൽനോർമാൻ പറഞ്ഞു. ‘എനിക്കറിയാം അതെന്താണെന്നു്. ഒരു കാമലേഖം.’

‘ഹാ, നമുക്കതു വായിച്ചുനോക്കുക, വലിയമ്മ പറഞ്ഞു.

അവൾ കണ്ണടയെടുത്തുവെച്ചു. അവൾ കടലാസ്സു നിവർത്തി ഇങ്ങനെ വായിച്ചു:

‘എന്റെ മകന്നു–വാട്ടർലൂ യുദ്ധത്തിൽവെച്ചു ചക്രവർത്തി എന്നെ ഒരു പ്രഭുവാക്കി. ഞാൻ എന്റെ രക്തംകൊണ്ടു സമ്പാദിച്ച ഈ സ്ഥാനത്തിനു് എനിക്കുള്ള അവകാശത്തെപ്പറ്റി രാജവാഴ്ചയുടെ പുനഃസ്ഥാപനം വാദിക്കുന്നതുകൊണ്ടു്, എന്റെ മകന്നു് അതെടുക്കുകയും ഉപയോഗിക്കുകയും ചെയ്യാം. അതിന്നു് എന്റെ മകന്നർഹതയുണ്ടെന്നുള്ളതിൽ സംശയിക്കാനില്ലല്ലോ!’

അച്ഛന്റേയും മകളുടേയും വികാരങ്ങളെ വിവരിക്കാൻ വയ്യാ. മൃത്യുമുഖത്തു നിന്നുള്ള നിശ്വാസംകൊണ്ടെന്നപോലെ അവർ മരവിച്ചുപോയി. അവർ ഒരക്ഷരവും തമ്മിൽ മിണ്ടിയില്ല.

ഒന്നുമാത്രം, തന്നോടുതന്നെയെന്ന നിലയിൽ ഒരു താന്നസ്വരത്തിൽ മൊസ്സ്യു ഗിൽനോർമാൻ പറഞ്ഞു: ‘അതു തട്ടിപ്പറിക്കാരന്റെ കൈയക്ഷരമാണു്.’

വലിയമ്മ ആ കടലാസു് പരിശോധിച്ചു; എല്ലാ പാട്ടിലും അതു തിരിച്ചും മറിച്ചും പിടിച്ചുനോക്കി; എന്നിട്ടു് അതു് ആ കൂട്ടിൽത്തന്നെയാക്കി.

ആ സമയത്തുതന്നെ, ഒരു നീലക്കടലാസ്സിൽ പൊതിഞ്ഞിട്ടുള്ള ഒരു ചെറിയ കെട്ടു് കുപ്പായത്തിന്റെ ഒരു കീശയിൽനിന്നു താഴെ വീണു. മദാംവ്വസേല്ലു് ഗിൽ നോർമാൻ അതു പെറുക്കിയെടുത്തു്, ആ നീലക്കടലാസ്സു നിവർത്തി.

ആ കെട്ടിൽ മരിയുസ്സിന്റെ നൂറു കാൽഡായിരുന്നു. അതിൽ ഒന്നെടുത്തു മൊസ്സ്യു ഗിൽനോർമാന്റെ കൈയിൽ കൊടുത്തു; അദ്ദേഹം വായിച്ചു: ‘ലു് ബാറൺ മരിയുസു് പൊങ്മേർസി.’

വയസ്സൻ മണിയടിച്ചു. നിക്കൊലെത്തു വിളി കേട്ടു വന്നു. മൊസ്സ്യു ഗിൽനോർമാൻ ആ നാടയും കൂടും പുറംകുപ്പായവുമെടുത്തു മുറിയുടെ നടുവിലേക്ക് ഒരേറെറിഞ്ഞു പറഞ്ഞു: ‘കൊണ്ടുപോ മണ്ണാങ്കട്ടകൾ.’

അഗാധമായ നിശ്ശബ്ദതയിൽ ഒരു മണിക്കൂർനേരം കഴിഞ്ഞു, ആ കിഴവനും ആ പ്രായംകൂടിയ അപരിണീതയും പുറത്തോടുപുറം തിരിഞ്ഞിരുന്നു മനോരാജ്യം വിചാരിക്കയായി; ഒന്നു് ഏതാണ്ടു് തീർച്ചയാണു്, രണ്ടുപേരും ഒരു സംഗതിയെപ്പറ്റിയായിരിക്കണം ആലോചിക്കുന്നതു്.

ആ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, വലിയമ്മ പറഞ്ഞു: ‘നന്നായി ഒക്കെക്കൂടി.’

കുറച്ചുകൂടി കഴിഞ്ഞപ്പോൾ മരിയുസു് അങ്ങോട്ടു വന്നു. അയാൾ അകത്തുകടന്നു. വീട്ടിനുള്ളിലെത്തുന്നതിനു മുൻപുതന്നെ, മുത്തച്ഛൻ തന്റെ ഒരു കാർഡും പിടിച്ചുനില്ക്കുന്നതു് അയാൾ കണ്ടു; മരിയുസ്സിനെ കണ്ട ഉടനെ ഒരു നാടുവാഴിയുടെ ഭാവത്തോടും മുഖത്തടിക്കുന്നതുപോലെയുള്ള ഒരിളിച്ചുകാട്ടുന്ന പ്രമാണിത്തത്തോടുംകൂടി മുത്തച്ഛൻ ഉച്ചത്തിൽ പറഞ്ഞു: ‘ശരി! ശരി! ശരി! ശരി! ശരി! അപ്പോൾ നിങ്ങൾ ഒരു പ്രഭുവായിരിക്കുന്നു. ഞാൻ നിങ്ങളെ അഭിനന്ദിച്ചുകൊള്ളുന്നു. എന്താണിതിന്റെ സാരം?’

മരിയുസ്സു് കുറച്ചൊന്നു തുടുത്തു; അയാൾ പറഞ്ഞു: ‘ഇതിന്റെ സാരം, ഞാൻ എന്റെ അച്ഛന്റെ മകനാണെന്നു്.’

മൊസ്സ്യു ഗിൽനോർമാൻ ചിരി നിർത്തി; ശുണ്ഠിയോടുകൂടി പറഞ്ഞു: ‘ഞാനാണു് നിന്റെ അച്ഛൻ.’

‘എന്റെ അച്ഛൻ,’ കീഴ്പോട്ടു നോക്കിയും ഗൗരവത്തോടുകൂടിയും മരിയുസു് മറുപടി പറഞ്ഞു: ‘ഒരു സാധുവും ധീരനുമായിരുന്നു; അദ്ദേഹം പ്രജാധിപത്യത്തേയും ഫ്രാൻസു് രാജ്യത്തേയും വേണ്ടവിധം സഹായിച്ചു; മനുഷ്യൻ ഇതുവരെയുണ്ടാക്കിയിട്ടുള്ള ചരിത്രങ്ങളിൽവെച്ച് ഏറ്റവും മാഹാത്മ്യമേറിയ ചരിത്രത്തിൽ അദ്ദേഹം ഒരു മഹാനായിരുന്നു; പീരങ്കിയുണ്ടയുടേയും വെടിയുണ്ടകളുടേയും ചുവട്ടിൽ, പകൽ മഞ്ഞത്തും ചളിയിലും രാത്രി മഴയത്തുമായി ഒരു കാൽ നൂറ്റാണ്ടു കാലം അദ്ദേഹം പട്ടാളത്താവളത്തിൽ കഴിച്ചുകൂട്ടി; അദ്ദേഹം രണ്ടു കൊടിക്കൂറ പിടിച്ചെടുത്തു; ഇരുപതു മുറിവേറ്റു; ആരും ഓർമിക്കാതെയും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടും അദ്ദേഹം കിടന്നു മരിച്ചു; ഒരു കുറ്റമല്ലാതെ മറ്റൊന്നും ആ മഹാൻ ചെയ്തിട്ടില്ല. അതെന്തെന്നാൽ, രണ്ടു കൃതഘ്നജന്തുക്കളെ അദ്ദേഹം വേണ്ടതിലധികം സ്നേഹിച്ചു-സ്വന്തം രാജ്യത്തേയും, ഈ എന്നെയും.’

മൊസ്സ്യു ഗിൽനോർമാന്നു സഹിക്കാവുന്നതിൽ അധികമായി ഇതു്. പ്രജാധിപത്യം എന്ന വാക്കു കേട്ടതോടുകൂടി അദ്ദേഹം എണീറ്റു; അല്ലെങ്കിൽ, കുറേക്കൂടി ശരിയായി പറയുന്നപക്ഷം, ചാടിയെണീറ്റു. മരിയുസു് ഉച്ചരിച്ച ഓരോ വാക്കും ആ കിഴവനായ രാജകക്ഷിയുടെ മുഖത്തു് ഉലയിൽനിന്നു പുറപ്പെടുന്ന ഓരോ ഊത്തു് ഒരു ജ്വലിക്കുന്ന തീക്കൊള്ളിയിൽ തട്ടുമ്പോഴുണ്ടാകുന്ന ഭാവഭേദമുണ്ടാക്കി. മങ്ങിയ നിറംപോയി അയാൾ തുടുത്തു; തുടുപ്പു പോയി, ധൂമ്രവർണമായി; ധൂമ്രവർണം പോയി, തീജ്വാലയുടെ നിറം വഹിച്ചു.

‘മരിയുസ്!’ അയാൾ ഉറക്കെപ്പറഞ്ഞു, ‘കൊള്ളരുതാത്ത കുട്ടി! നിന്റെ അച്ഛൻ ആരായിരുന്നു എന്നെനിക്കറിഞ്ഞുകൂടാ! എനിക്കറിയണമെന്നാഗ്രഹമില്ല! എനിക്കതിനെപ്പറ്റി ഒന്നും അറിവില്ല; ഞാൻ അയാളെ അറിയില്ല; പക്ഷേ, എനിക്കറിയാവുന്നതെന്തെന്നാൽ, ആ കൂട്ടത്തിൽ തെമ്മാടികളല്ലാതെ മറ്റാരുമില്ല! അവറ്റയൊക്കെ വികൃതികളാണു്, കുത്തിക്കൊലക്കാർ, തട്ടിപ്പറിക്കാർ, കള്ളന്മാർ? ഞാൻ പറയുന്നു, എല്ലാവരും! ഞാൻ പറയുന്നു, എല്ലാവരും! ഒരാളെയായി ഞാനറിയില്ല! ഞാൻ പറയുന്നു, എല്ലാവരും! ഞാൻ പറയുന്നതു കേട്ടുവോ, മരിയുസ്! കണ്ടോ, എന്റെ കാലിൽ കിടക്കുന്ന നപാപ്പാസ്സെത്രത്തോളമോ അതിൽ ഒട്ടുമധികം നീ ഒരു പ്രഭുവായിട്ടില്ല! അവറ്റയൊക്കെ രൊബെപിയരുടെ കീഴിലുണ്ടായിരുന്ന തട്ടിപ്പറിക്കാരാണ്! ബ്വോനാ-പ്പാർത്തിനെ സഹായിച്ചവരെല്ലാം തട്ടിപ്പറിക്കാരാണ്! തങ്ങളും യഥാർഥരാജാവിനെ വഞ്ചിച്ച, വഞ്ചിച്ച, വഞ്ചിച്ച- അതേ അവറ്റയൊക്കെ രാജ്യദ്രോഹികളാണ്! വാട്ടർലൂവിൽവെച്ചു പ്രുഷ്യക്കാരുടേയും ഇംഗ്ലണ്ടുകാരുടേയും മുൻപിൽ പാഞ്ഞൊളിച്ച അവറ്റ മുഴുവനും ഭീരുക്കൾ! ഇതാണു് എനിക്കറിവുള്ളത്! നിന്റെ അച്ഛനവർകൾ ഈ പട്ടികയ്ക്കുള്ളിൽ സ്ഥലം പിടിച്ചിട്ടുണ്ടോ എന്നെനിക്കു നിശ്ചയമില്ല! എനിക്കതിൽ വ്യസനമുണ്ടു്; അത്രയും ചീത്തതന്നെ! നിന്റെ വിനീതദാസൻ!’

തിരിഞ്ഞുമറിഞ്ഞു മരിയുസു് തീക്കൊള്ളിയും മൊസ്സ്യു ഗിൽനോർമാൻ ഉലത്തോലുമായി. മരിയുസ്സിന്റെ ഓരോ അവയവവും തുള്ളിവിറച്ചു; ഇനിയെന്താണുണ്ടാവുക എന്നയാൾക്കു നിശ്ചയമില്ലാതായി; അയാളുടെ തലച്ചോറിനു തീപ്പിടിച്ചുകഴിഞ്ഞു. തിരുവത്താഴത്തിനുള്ള പരിശുദ്ധമായ അപ്പം മുഴുവനും വലിച്ചെറിയപ്പെട്ടതു കണ്ടുനില്ക്കുന്ന ഒരു മതാചാര്യനായി മരിയുസു്; ഒരു വഴിപോക്കൻ തന്റെ ആരാധനാമൂർത്തിയെ തുപ്പിയതായി കണ്ട ഒരു ‘പക്കീർ.’ ഈ ചില അക്ഷരങ്ങൾ തന്റെ മുൻപിൽവെച്ച് ഉച്ചരിക്കപ്പെട്ടു എന്നു വരാൻ വയ്യാ. അയാൾ എന്തു ചെയ്യേണ്ടു? അയാളുടെ അച്ഛൻ അയാളുടെ മുൻപിൽവെച്ചു ചവിട്ടപ്പെടുകയും ചവിട്ടിത്തേക്കപ്പെടുകയും ചെയ്തു; ആരാൽ? അയാളുടെ മുത്തച്ഛനാൽ. ഒരാളോടു് അക്രമം കാണിക്കാതെ മറ്റൊരാളോടു് എങ്ങനെ പകരംവീട്ടും? മുത്തച്ഛനെ അവമാനിക്കാൻ വയ്യാ; അതുപോലെതന്നെ അച്ഛനെ അവമാനിച്ചതിനു പകരം ചോദിക്കാതിരിക്കാനും വയ്യാ. ഒരു ഭാഗത്തു് ഒരു പരിശുദ്ധമായ ശവക്കല്ലറ; മറ്റേ ഭാഗത്തു നരച്ച തലമുടി.

തലയ്ക്കുള്ളിലൂടെ തള്ളിയിരമ്പുന്ന ഈ കൊടുങ്കാറ്റോടുകൂടി, ലഹരിപിടിച്ചവനെപ്പോലെ ചാഞ്ചാടിക്കൊണ്ടു്, അയാൾ കുറച്ചു നേരം അവിടെ നിന്നു; എന്നിട്ടു് അയാൾ മുഖമുയർത്തി, മുത്തച്ഛനെ സൂക്ഷിച്ചു നോക്കി, ഇടിയൊച്ചയിൽ പറഞ്ഞു: ‘ബുർബോങ് രാജകുടുംബം പോയ്ച്ചാവട്ടെ; പതിനെട്ടാമൻ ലൂയി എന്ന ആപോത്തൻ പോർക്കു പോയി തൂക്കുമരത്തിൽക്കയറട്ടെ.’

പതിനെട്ടാമൻ ലൂയി മരിച്ചിട്ടു കൊല്ലം നാലായി; അതൊക്കെ കാര്യം ഒന്നായിരുന്നു.

മുഖം തുടുത്തിരുന്ന ആ വയസ്സൻ തന്റെ നരയെക്കാളധികം വിളർത്തുപോയി. അദ്ദേഹം തിരിഞ്ഞുനിന്നു് അടുപ്പുതിണ്ണമേലുള്ള ദ്യുക് ദു് ബെറിയുടെ പ്രതിമയെ നോക്കി ഒരു സവിശേഷപ്രാഭവത്തോടുകൂടി ഉപചാരപൂർവം തലകുനിച്ചു. എന്നിട്ടു ജനാലയ്ക്കൽനിന്നു് അടുപ്പുതിണ്ണയിലേക്കും അടുപ്പുതിണ്ണയിൽനിന്നു ജനാലയ്ക്കലേക്കുമായി ആ മുറിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ, അദ്ദേഹം, നടക്കാൻ തുടങ്ങിയ ഒരു കൽപ്രതിമയായാലത്തെപ്പോലെ, ആ ചായമിട്ട നിലം കിടന്നു ഞെരങ്ങുമാറു്, രണ്ടു പ്രാവശ്യം പതുക്കെ ഒരക്ഷരവും മിണ്ടാതെലാത്തി.

പഴയകാലത്തെ ഒരാട്ടിൻകുട്ടിക്കുള്ള അമ്പരപ്പോടുകൂടി ആ ദ്വന്ദ്വയുദ്ധം സൂക്ഷിച്ചു നോക്കിയിരുന്ന മകളുടെ അടുക്കലേക്ക് അദ്ദേഹം രണ്ടാമത്തെ തിരിവിൽ അടുത്തു ചെന്നുനിന്നു് ഏതാണ്ടു് ശാന്തമായ ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞു: ‘ഇയ്യാളെപ്പോലുള്ള ഒരു പ്രഭുവും എന്നെപ്പോലുള്ള ഒരു നാട്ടുപ്രമാണിയുംകൂടി ഒരു വീട്ടിനുള്ളിൽ താമസിച്ചുകൂടാ.’

പെട്ടെന്നു നിവർന്നുനിന്നു, വിളർത്തു, വിറച്ചുകൊണ്ടു, ശുണ്ഠിയുടെ വല്ലാത്ത മിന്നിച്ചയാൽ ഒന്നുകൂടി മുകളോട്ടു കയറിയ പുരികക്കൊടികളോടുകൂടി, ഭയങ്കരനായി, അദ്ദേഹം മരിയുസ്സിന്റെ നേർക്കു കൈ നീട്ടി ഉച്ചത്തിൽ പറഞ്ഞു: ‘കടന്നുപോ!’

മരിയുസു് വീട്ടിൽനിന്നു പോയി.

പിറ്റേ ദിവസം മൊസ്സ്യു ഗിൽനോർമാൻ മകളോടു പറഞ്ഞു: ‘ആ ചോരകുടിയന്നു് ആറാറുമാസം കൂടുമ്പോൾ നിങ്ങൾ അറുപതു പിസ്റ്റൾ [1] വീതം അയച്ചുകൊടുക്കണം; അവന്റെ പേർ നിങ്ങൾ എന്റെ മുമ്പിൽ വെച്ചു മിണ്ടിപ്പോകരുതു്.’

തീർത്തുകളയേണ്ടതായ ഒരു വലിയ തുക ശുണ്ഠി ഈടുവെപ്പിൽ ബാക്കികിടന്നതുകൊണ്ടും അതുകൊണ്ടു് എന്തുവേണ്ടു എന്നറിഞ്ഞുകൂടാതിരുന്നതിനാലും, പിന്നെ ഒരു മൂന്നു മാസത്തേക്ക് അദ്ദേഹം മകളെ നീ എന്നതിനു പകരം നിങ്ങൾ എന്നു വിളിച്ചുപോന്നു.

മരിയുസു് ശുണ്ഠിയെടുത്തു പുറത്തേക്കു പോയി. അയാളുടെ ദേഷ്യത്തിനു ശക്തി വർദ്ധിപ്പിച്ച ഒരു കാര്യമുണ്ടായി എന്നു സമ്മതിച്ചേ കഴിയൂ. കുടുംബസംബന്ധികളായ നാടകങ്ങളെ തകരാറാക്കിത്തീർക്കുന്ന ചില ചില്ലറ ദൈവഗതികൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. തെറ്റുകൾ അവകൊണ്ടു വാസ്തവത്തിൽ വർദ്ധിക്കുന്നില്ലെങ്കിലും മനോവേദനയ്ക്ക് അവ ആവക സന്ദർഭങ്ങളിൽ വലുപ്പം കൂട്ടുന്നു. മുത്തച്ഛന്റെ കല്പനപ്രകാരം മരിയുസ്സിന്റെ ‘മണ്ണാങ്കട്ടകളെ’ എടുത്തു കൊണ്ടു പോകുംവഴി നിക്കൊലെത്തു്, ശ്രദ്ധക്കുറവുകൊണ്ടു, കേർണൽ എഴുതിയ കടലാസ്സുണ്ടായിരുന്ന കറുപ്പുതോൽക്കൂടു്, ഒരു സമയം കോണിത്തട്ടിൽവെച്ചാവാം. താഴെയിട്ടു. കടലാസ്സാവട്ടെ കൂടാവട്ടെ പിന്നെ കണ്ടിട്ടില്ല. ‘മൊസ്സ്യു ഗിൽനോർമാൻ’-അന്നുമുതൽ അദ്ദേഹത്തെ മരിയുസു് മറ്റൊരു വാക്കുകൊണ്ടു സംബോധനം ചെയ്തിട്ടില്ല-‘അച്ഛന്റെ മരണപത്രം’ തിയ്യിലേക്കെറിഞ്ഞിരിക്കണമെന്നു് അയാൾ നിശ്ചയിച്ചു. കേർണൽ എഴുതിയിരുന്ന എല്ലാ വരിയും അയാൾക്കു കാണാപ്പാഠം തോന്നും; അതുകൊണ്ടു് അക്കാര്യത്തിൽ നഷ്ടമൊന്നുമുണ്ടായില്ല. പക്ഷേ, ആ കടലാസ്സു്, കൈയക്ഷരം, ആ പരിശുദ്ധസ്മാരകവസ്തു-അതൊക്കെയായിരുന്നു അയാളുടെ ജീവൻ. അതിനെക്കൊണ്ടെന്തു ചെയ്തിരിക്കണം?

എവിടേക്കാണു് പോകുന്നതെന്നു പറയാതെയും എവിടെക്കെന്നു തനിക്കു തന്നെ അറിവില്ലാതെയും മരിയുസു് മുപ്പതു ഫ്രാങ്കും ഘടികാരവും ഒരു കൈപ്പെട്ടിയിൽ ചില ഉടുപ്പുസാമാനങ്ങളുമായി ആ വീട്ടിൽനിന്നു പുറത്തേക്കു പോയി. അയാൾ ഒരു കൂലിവണ്ടിയിൽ കയറി; മണിക്കൂറിന്റെ കണക്കിൽ കൂലി ശരിപ്പെടുത്തി, സർവകലാശാലയുള്ള പ്രദേശത്തേക്ക് ഒന്നും ആലോചിക്കാതെ യാത്ര തിരിച്ചു.

മരിയുസ്സിനു് എന്തു സംഭവിക്കാൻ പോകുന്നു?

കുറിപ്പുകൾ

[1] 8 ക മുതൽ 10 ക വരെ വിലയുള്ള ഒരു പഴയ സ്വർണ്ണനാണ്യം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.