images/hugo-21.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.5.1
കഴിച്ചിലുനു മുട്ടിയ മരിയൂസ്

മരിയുസ്സിനു ജീവിതം ബുദ്ധിമുട്ടായിത്തീർന്നു. ഉടുപ്പുകളേയും ഘടികാരത്തേയും തിന്നുന്നതു സാരമില്ല. ശുണ്ഠിപിടിച്ച പശു എന്ന ആ ഭയങ്കരവും വാചാതീതവുമായ ജീവിതക്ലേശത്തെ അയാൾ ഭക്ഷിച്ചുനോക്കി- എന്നുവെച്ചാൽ, വലിയ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അയാൾ സഹിച്ചു. ഭക്ഷണമില്ലാത്ത പകലുകൾ, ഉറക്കമില്ലാത്ത രാത്രികൾ, വിളക്കില്ലാത്ത സന്ധ്യകൾ, തീയില്ലാത്ത അടുപ്പുകൾ, പ്രവൃത്തിയില്ലാത്ത ആഴ്ചകൾ, ആശിക്കാനൊന്നുമില്ലാത്ത ഭാവി, കൈമുട്ടുകളിൽ കീറിപ്പൊളിഞ്ഞ ഒരു കുപ്പായം, ചെറുപ്പക്കാരിപ്പെണ്ണുങ്ങളെ ചിരിപ്പിക്കുന്ന ഒരു പഴയ തൊപ്പി, വാടക കൊടുക്കാത്തതുകൊണ്ടു രാത്രി ഒരു മണി സമയത്തു പൂട്ടിയിരിക്കുന്നതായി കാണപ്പെടുന്ന ഒരു വാതിൽ, പടികാവല്ക്കാരന്റെയും അടുക്കളപ്പണിക്കാരന്റേയും അധികപ്രസംഗം, അയൽപക്കക്കാരുടെ പരിഹാസങ്ങൾ, അവമാനങ്ങൾ, ചവിട്ടിത്തേക്കപ്പെട്ട അന്തസ്സു്, കിട്ടിയ പണി എന്തും വെറുപ്പുകൾ, മടുപ്പു്, നിരാശത- ഇവകൊണ്ടൊക്കെയായ ജീവിതം ഭയങ്കര വസ്തുവാണു്. ഇവയൊക്കെ ഭക്ഷിക്കേണ്ടതെങ്ങനെയെന്നു മരിയൂസു് പഠിച്ചു; പലപ്പോഴും ഇതെല്ലാം മാത്രമേ വിഴുങ്ങുവാനുള്ളു എന്നാവുക എങ്ങനെയെന്നും അയാളറിഞ്ഞു. സ്നേഹം ആവശ്യമായതുകൊണ്ടു് തന്റെ അന്തസ്സു വേണ്ടിവരുന്നതെപ്പോഴോ ജീവിതത്തിലെ ആ സമയത്തു ഉടുപ്പു നന്നല്ലാത്തതുകൊണ്ടു് ആളുകൾ തന്നെ പരിഹസിക്കുകയും ദരിദ്രനായതുകൊണ്ടു് താൻ മോശപ്പെടുകയും ചെയ്യുന്നുണ്ടെന്നു് അയാൾക്കു ബോധം വന്നു. പ്രഭാവത്തോടുകൂടിയ അന്തസ്സുകൊണ്ടു് ഹൃദയം മേല്പ്പോട്ടു പൊങ്ങിയിരിക്കേണ്ട യൗവനത്തിൽ തന്റെ പൊളിഞ്ഞ ബൂട്ടുസ്സുകളിൽ ഒന്നിലധികം പ്രാവശ്യം അയാൾ കുനിഞ്ഞുനോക്കി; ദരിദ്രാവസ്ഥയുടെ അന്യായമായ നാണക്കേടും മർമഭേദകമായ പോരായ്മയും അയാൾ അറിഞ്ഞു. അശക്തന്മാർ നികൃഷ്ടന്മാരായും ശക്തന്മാർ ഉൽകൃഷ്ടന്മാരായും പുറത്തേക്കു പോരുന്ന സ്തുത്യവും ഭയങ്കരവുമായ ശക്തിപരീക്ഷ. ഒരു മൊരംകള്ളനെയോ ഒരർദ്ധദേവനെയോ ആവശ്യമുണ്ടെന്നു കാണുമ്പോൾ, വിധി ഒരു മനുഷ്യനെ പിടിച്ചു എറിഞ്ഞുകൊടുക്കുന്ന ഒരു തീചൂള.

മഹത്തരങ്ങളായ പല പ്രവൃത്തികളും ചെയ്യാറുള്ളതു നിസ്സാരങ്ങളായ മല്പിടുത്തങ്ങളിൽ വെച്ചാണു്. ഇല്ലായ്മകളുടേയും നീചത്വങ്ങളുടേയും വിധി മുഖേനയുള്ള ആക്രമണത്തിൽ അടിക്കടിക്കു തങ്ങളെത്തന്നെ രക്ഷിച്ചുപോരുന്ന അപ്രസിദ്ധങ്ങളും മർക്കടമുഷ്ടിയോടുകൂടിയവയുമായ ചില ധീരതകളുണ്ടു്. ഒരാളുടേയും കണ്ണു പതിഞ്ഞിട്ടില്ലാത്ത ഉൽകൃഷ്ടങ്ങളും നിഗൂഢങ്ങളുമായ ജയങ്ങൾ; പ്രസിദ്ധികൊണ്ടു പകരംവിടാത്തവയും യാതൊരു കാഹളംവിളിയാലും സ്വാഗതം ചെയ്യപ്പെടാത്തവയുമായ വിജയങ്ങൾ, ജീവിതം, ദൗർഭാഗ്യം, നിസ്സഹായത്വം, ഉപേക്ഷിക്കപ്പെട്ട നില, ദാരിദ്ര്യം എന്നിവ, സ്വന്തം വകയായ് ഓരോ ധിരോദാത്തന്മാർ-പ്രസിദ്ധി സമ്പാദിച്ച് മഹാന്മാരെക്കാൾ ചിലപ്പോൾ മാഹാത്മ്യമേറിക്കാണുന്ന പ്രസിദ്ധധീരന്മാർ-ഉള്ള യുദ്ധക്കളങ്ങളാണു്.

അപൂർവങ്ങളും സുസ്ഥിരങ്ങളുമായ പ്രകൃതികൾ ഇങ്ങനെയാണു് സൃഷ്ടിക്കപ്പെടുന്നതു്; ഏതാണ്ടു് പലപ്പോഴും ഒരു വളർത്തമ്മയായ കഷ്ടത ചില സമയത്തു് ഒരമ്മതന്നെയായിരിക്കും; ഇല്ലായ്മ ആത്മശക്തിയേയും മനശ്ശക്തിയേയും പ്രസവിക്കുന്നു; ബുദ്ധിമുട്ടു് അഭിമാനത്തിന്റെ പോറ്റമ്മയാണു്; നിർഭാഗ്യം മഹാമനസ്കതയ്ക്കു പറ്റിയ ഒരു മുലപ്പാലാണു്.

സ്വന്തം മുറി താൻതന്നെ അടിച്ചുവാരുക. പീടികയിൽ ചെന്നു് ഒരു സൂവിനുള്ള പൊട്ടപ്പാല്ക്കട്ടി മേടിക്കുക. അപ്പക്കച്ചവടക്കാരന്റെ സ്ഥലത്തു് ഉപായത്തിൽ കയറിച്ചെന്നു് ഒരപ്പം വാങ്ങിക്കുവാൻ സന്ധ്യയാകുന്നതുവരെ കാത്തു നില്ക്കുക, ആ അപ്പക്കഷ്ണം കട്ടെടുത്തതാണെന്നാലത്തെപ്പോലെ അതും കൊണ്ടു് പതുങ്ങിപ്പിടിച്ചു തന്റെ വാസഗുഹയിൽ ചെന്നുകൂടുക- മരിയൂസ്സിന്റെ ജീവിതദശയിൽ ഇതു വേണ്ടിവന്നു. വഴിമൂലയ്ക്കുള്ള ഒരു കശാപ്പുകാരന്റെ വീട്ടിലേക്കു ചിലസമയത്തു, കൈയിൽ തന്റെ പുസ്തകങ്ങളുമേറ്റി, ഒരു ചൂളലും മുഷിച്ചലും കാണിക്കുന്ന മുഖഭാവത്തോടൂകൂടി, ഒരു പന്തികേടുള്ള ചെറുപ്പക്കാരൻ, തമാശപറയുന്ന വെപ്പുകാരുടെ-അവർ അയാളെ കൈമുട്ടുകൊണ്ടു തിക്കിത്തിരക്കും- ഇടയിലൂടെ ഉപായത്തിൽ കടന്നുചെന്നു്, വിയർപ്പുതുള്ളികൾ പൊടിഞ്ഞ നെറ്റിയിൽനിന്നു തൊപ്പി മാറ്റി, അമ്പരന്നുപോയ കശാപ്പുകാരന്റെ ഭാര്യയ്ക്ക് സലാം ചെയ്തു്, ആറോ ഏഴോ സൂ കൊടുത്തു് അവളോടു് ഒരാട്ടുമാംസക്കഷ്ണം കൈയിലാക്കി, ഒരു കടലാസ്സുകൊണ്ടു് പൊതിഞ്ഞ് രണ്ടു പുസ്തകങ്ങൾക്കിടയിലായി വെച്ചു മടങ്ങിപ്പോകുന്നതു കാണാം. അതു മരിയുസ്സായിരിക്കും, ആ മാംസക്കഷ്ണംകൊണ്ട്-അവനവൻതന്നെ അതു വേവിക്കും- മരിയുസു് മൂന്നു് ദിവസം കഴിക്കും

ആദ്യത്തെ ദിവസം അയാൾ അതിലുള്ള ഇറച്ചി തിന്നും; രണ്ടാംദിവസം അതിലുള്ള കൊഴുപ്പും കഴിക്കും; മൂന്നാംദിവസം അതിലുള്ള എല്ലു കാരും. വലിയമ്മ പിന്നെയും പിന്നെയും ശ്രമിച്ചുനോക്കി; ആ അറുപതു പിസ്റ്റൾ അയാൾക്കു പലതവണ അയച്ചുകൊടുത്തു. ഓരോരിക്കലും തനിക്കു യതൊന്നും ആവശ്യമില്ലെന്നു പറഞ്ഞ് മരിയുസു് അതു തിരിച്ചയച്ചു.

ഞങ്ങൾ ഇപ്പോൾത്തന്നെ വിവരിച്ച ഒരു പരിവർത്തനം അയാളുടെ ഉള്ളിലുണ്ടായിത്തീർന്ന സമയത്തു് അച്ഛൻ മരിച്ചിട്ടുള്ള വ്യസനം കൈക്കൊള്ളൽ അവസാനിച്ചിട്ടില്ലായിരുന്നു. അന്നു മുതല്ക്ക് അയാൾ കറുത്ത ഉടുപ്പു് ഉപേക്ഷിച്ചിട്ടില്ല പക്ഷേ, ഉടുപ്പുകൾ അയാളെ വിട്ടുപോയിരുന്നു; ഒരു ദിവസം വന്നപ്പോൾ അയാൾക്കു പുറംകുപ്പായമില്ലെന്നായി. ഇനി കാലുറകൾ പോവും. എന്തു ചെയ്യും? ചില ഉപകാരങ്ങൾ താൻ അങ്ങോട്ടു ചെയ്തുകൊടുക്കുകയുണ്ടായിട്ടുള്ള കൂർഫെരാക് അയാൾക്ക് ഒരു പഴയ കുപ്പായം കൊടുത്തു. ഏതോ ഒരു ഭൃത്യന്നു മുപ്പതു് സൂ കൊടുത്തു് മാരിയൂസു് അതു മാറ്റി മേടിച്ചു. ആ കിട്ടിയതു് ഒരു പുതിയ കുപ്പായമായിരുന്നു. പക്ഷേ, ആ കുപ്പായം പച്ച നിറത്തിലുള്ളതാണു്. പിന്നീടു രാത്രിയായല്ലാതെ മരിയൂസു് പുറത്തേക്കു പോവുകയില്ലെന്നു വെച്ചു. ഇതു് അയാളുടെ പുറംകുപ്പായത്തെ കറുപ്പിച്ചു. കറുത്ത ഉടുപ്പിലേ എപ്പോഴും പുറത്തിറങ്ങൂ എന്നുണ്ടായിരുന്നതുകൊണ്ടു്, അയാൾ രാത്രിയെക്കൊണ്ടു് ഉടുപ്പിട്ടു.

ഇതൊക്കെയായാലും, അയാൾക്കു വക്കീല്പ്പണി നടത്തുവാൻ അനുവാദം കിട്ടി. അയാൾ കുർഫെരാകിന്റെ മുറിയിലാണു് താമസമെന്നാണു് വെപ്പു്. അതു കൊള്ളാവുന്ന ഒരു മുറിയാണു്; കുറച്ചു ചില നിയമപുസ്തങ്ങളും ധാരാളം കഥാപുസ്തകങ്ങളും കൂടിച്ചേർന്നപ്പോൾ നിയമപ്രകാരം വേണ്ട ഗ്രന്ഥശാല അവിടെ തയ്യാറായി.കത്തുകളെല്ലാം കുർഫെരാക്കിന്റെ മേൽവിലാസത്തിലാണു് അയപ്പിക്കാറു്.

വക്കീൽപണിയിൽ പ്രവേശിച്ച ഉടനെ വിവരം അയാൾ മുത്തച്ഛനെ എഴുതിയറിയിച്ചു; കത്തു രസമില്ലാത്തതായിരുന്നുവെങ്കിലും വിനയം കൊണ്ടും ബഹുമാനം കൊണ്ടും നിറയ്ക്കപ്പെട്ടതാണു്. ആ കത്തു കൈയിലെടുത്തപ്പോൾ മൊസ്സ്യു ഗിൽനോർമാൻ വിറച്ചു; മുഴുവൻ വായിച്ചു; നാലായിക്കീറി ഒരു ചവറ്റുകൊട്ടയിലിട്ടു. രണ്ടോ മൂന്നോദിവസം കഴിഞ്ഞപ്പോൾ മുറിയിൽ തനിച്ചായിരുന്നു. തന്റെ അച്ഛൻ എന്തോ തന്നോടുതന്നെ ഉറക്കെപ്പറയുന്നതു മദാംവ്വസേല്ലു് ഗിൽനോർമാൻ കേട്ടു. വല്ലാതെ ക്ഷോഭിച്ചിട്ടുള്ള സമയങ്ങളിൽ അദ്ദേഹം ഇങ്ങനെ ചെയ്യുക പതിവുണ്ടു്. അവൾ ചെവിയോർത്തു; ആ വയസ്സൻ പറയുകയായിരുന്നു: ‘നിയ്യൊരു വിഡ്ഡിയല്ലെങ്കിൽ. ആർക്കും ഒരേസമയത്തു പ്രഭുവും വക്കീലുമായിരിക്കാൻ സാധിക്കില്ലെന്നു നിനക്കു മനസ്സിലായേനേ!’

3.5.2
ദരിദ്രനായ മരിയുസ്

മറ്റെല്ലാറ്റിനേയും പോലെത്തന്നെയാണു് ദാരിദ്ര്യത്തിന്റെയും സ്ഥിതി. സഹിക്കാം എന്ന നിലയിലയിട്ടു് അതവസാനിക്കുന്നു. ഒടുവിൽ അതൊരു നിലയെടുക്കും; എന്നിട്ടു് ആ നിലയ്ക്കൊതുനില്ക്കും. അങ്ങനെ വളർന്നുപോരും, എന്നുവെച്ചാൽ, മോശമായ നിലയിൽ വലുപ്പം വെക്കും- എന്തായാലും പൊറുതിക്ക് അതു ധാരാളൻമതി; മരിയൂസു് പൊങ്ങ്മേർസിയുടെ കഴിച്ചൽ ഈ നിലയിലാണു് വ്യവസ്ഥപ്പെട്ടിരുന്നതു്:

അയാൾ ഏറ്റവും വമ്പിച്ച ദുർഘടങ്ങളെല്ലാം കടന്നു; അയാൾക്കു കുറച്ചു മുൻപിലായി ഇടുക്കുവഴി തുറന്നുവരുന്നു. അധ്വാനത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും ധൈര്യത്തിനേയും മനസ്സൃറപ്പിന്റേയും മിടുക്കുകൊണ്ടു കൊല്ലത്തിൽ ഏകദേശം എഴുനൂറു ഫ്രാങ്കോളം അയാൾ ഒരുവിധം വരവുണ്ടാക്കി. അയാൾ ജർമനും ഇംഗ്ലീഷും പഠിച്ചു; തന്റെ സ്നേഹിതനായ ഗ്രന്ഥപ്രകടനാധികൃതനോടു പരിചയപ്പെടുത്തിക്കൊടുത്തതിൽ നമുക്ക് കുർഫെരാക്കോടു നന്ദി പറയുക- പ്രസിദ്ധീകരണശാലയിലെ സാഹിത്യവകുപ്പിൽ ഒരു സഹായൻ എന്ന ഒരൊതുങ്ങിയ ഉദ്യോഗം മരിയുസ്സിനു ലഭ്വിച്ചു. അയാൾ പസര്യങ്ങളെഴുതിയും, വർത്തമാനപത്രങ്ങൾ തർജ്ജമ ചെയ്യും, ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനം നിർമിക്കും, ജീവചരിത്രങ്ങൾ എഴുതിക്കൂട്ടും; ഇനഗ്നെ കൊല്ലത്തിൽ ആകപ്പാടെ വരവു് എഴുനൂറു ഫ്രാങ്ക്. അതുകൊണ്ടു് അയാൾ ചെലവു കഴിച്ചു. എങ്ങനെ? അത്ര മോശത്തിലല്ല, ഞങ്ങൾ പറയാം.

കൊല്ലത്തിൽ മുപ്പതു ഫ്രാങ്ക് വാടകയ്ക്ക് ഗോർബോഭവനത്തിൽ ഉള്ളറ എന്നു പേരായി അടുപ്പുതിണ്ണയില്ലാത്ത ഒരു ഉജ അയാൾ വാട്കയ്ക്കെടുത്തു; അത്യാശ്യം സാമാനങ്ങൾ മാത്രമേ അതിലുള്ളൂ. അതുകൾ അയാളുടെ സ്വന്തവുമാണു്. തന്റെ മട ദിവസംപ്രതി വന്നു് അടിച്ചുവാരുവാനും രാവിലെ കുറച്ചു ചൂടുവെള്ളവും ഒരു പുതിയ കോഴിമുട്ടയും ഒരു പെനിവിലയ്കു പതമുള്ള ഒരു കോതമ്പപ്പവും കൊണ്ടുവന്നു കൊടുക്കാനും മാത്രം അയാൾ ആ വീട്ടിലെ പ്രായം ചെന്ന പ്രധാനപാർപ്പുകാരിക്കു മാസത്തിൽ മൂന്നു ഫ്രാങ് ക്കൊടുത്തിരുന്നു. ഈ അപ്പവും കോഴിമുട്ടയും കൊണ്ടു് അയാൾ പ്രാതൽ കഴിക്കും. കോഴിമുട്ടയ്ക്കു വില കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ച് അയാളുടെ പ്രാതലിനു രണ്ടു മുതൽ നാലു സൂ വരെ ചെലവുവരും. വൈകുന്നേരം ആറു മണിയോടുകൂടി അയാൾ റ്യൂ ദെ മതുരെങ്ങ് എന്ന പ്രദേശത്തു് ഒരു മൂലയ്ക്ക് മുദ്രപത്രം വില്ക്കുന്ന ബസ്സെയുടെ വീട്ടിനു നേരെ മുൻപിലുള്ള റൂസ്സോവിന്റെ ഹോട്ടലിലേക്ക് ഭക്ഷണത്തിനിറങ്ങും. അയാൾ സൂപ്പു കഴിക്കാറില്ല. ആറു സൂവിന്റെ മാംസവും മൂന്നു സൂവിന്റെ പച്ചക്കറിയും ഒരു മൂന്നു സൂവിന്റെ പലഹാരം വാങ്ങും. മൂന്നു സൂവിനു അയാൾക്കാവശ്യമുള്ള അപ്പം കിട്ടും. വീഞ്ഞിനു പകരം അയാൾ വെള്ളം കുടിക്കും. അപ്പോഴും തടിച്ചു ചോരത്തിളപ്പോടുകൂടിയ മദാംറൂസ്സോ അന്തസ്സിൽ അധ്യക്ഷ്യം വഹിച്ചിരിക്കുന്ന മേശയ്ക്കടുത്തു ചെന്നു പണമടയ്ക്കുമ്പോൾ, ഭൃത്യനു് അയാൾ ഒരു സൂ കൊടുക്കും; മദാംറൂസ്സോ അയാൾക്ക് ഒരു പുഞ്ചിരി കൊടുക്കും. അതുകഴിഞ്ഞാൽ അയാൾ യാത്രയായി. അങ്ങനെ പതിനാറു സൂവിനു് അയാൾക്കൊരു പുഞ്ചിരിയും ഭക്ഷണവും കിട്ടും.

അത്രയും കുറച്ചുമാത്രം കുപ്പികളും അത്രയും വളരെ വെള്ളക്കൂജകളും ഒഴിയാറുള്ള ആ റൂസ്സോ ഭക്ഷണശാലയെ ഒരു ഭക്ഷണശാല എന്നതിനെക്കാളധികം ഒരു സുഖം കൊടുക്കുന്ന പാനീയസാധനമെന്നാണു് പറയേണ്ടതു്, അതിപ്പോളില്ല. ഉടമസ്ഥന്നു് ഒരു നേരമ്പോക്കുള്ള ശകാരപ്പേരുണ്ടായിരുന്നു; അയാളെ ആളുകൾ ജലജന്തു റൂസ്സോ എന്നാണു് വിളിക്കാറു്.

അപ്പോൾ പ്രാതലിനു നാലു സൂ; മുത്താഴത്തിനു പതിനാറു സൂ! ഭക്ഷണത്തിനു് ആകെ ഒരു ദിവസത്തിൽ ഇരുപതു സൂ; കൊല്ലത്തിൽ ആ വഴിക്ക് ആകെ ചെലവു് മുന്നൂറ്ററുപത്തഞ്ചു ഫ്രാങ്കായി. വാടകയ്ക്ക് മുപ്പതു ഫ്രാങ്കും കൂട്ടണം; പിന്നെ ആ കിഴവിക്ക് മുപ്പത്താറു ഫ്രാങ്ക്; അതുമിതുമായി പുറമേ കുറച്ചും; അപ്പോൾ നാനൂറ്റമ്പതു ഫ്രാങ്കുകൊണ്ടു മരിയുസ്സിനു ഭക്ഷണം കഴിഞ്ഞു, താമസം കഴിഞ്ഞു, ഭൃത്യപ്പണിക്കാളയി, ഉടുപ്പിനു നൂറു ഫ്രാങ്ക്, തോർത്തു, വിരി എന്നിവയ്ക് അമ്പതു ഫ്രങ്ക്, അലക്കിനു് അമ്പതു ഫ്രാങ്ക്; ആകെ അറുനൂറ്റമ്പതു ഫ്രാങ്കിൽ കവിയില്ല. അയാൾ ധനവാനയിരുന്നു. അയാൾ ചിലപ്പോൾ പത്തു ഫ്രാങ്ക് ഒരു സ്നേഹിതനു കടം കൊടുക്കും. കുർഫെരാക് ഒരു ദിവസം അയാളോടു് അറുപതു ഫ്രാങ്ക് കടം മേടിക്കുകയുണ്ടായി. മരിയുസ്സിനു തിയ്യിടാൻ സ്ഥലമൊനുമില്ലാതിരുന്നടുകൊണ്ടു് ആ ചെലവു് അങ്ങനെ ‘ഉപായത്തിൽ കഴിഞ്ഞു.’

മരിയുസ്സിനു് രണ്ടുകൂട്ടു് ഉടുപ്പുണ്ടു്; ഒന്നു പഴയതാണ്-അതു ‘ദിവസേനയ്ക്ക്.’ മറ്റേതു പുതുപുത്തൻ- അതു വിശേഷദി വസങ്ങളിലേക്കും. രണ്ടും കറുത്തിട്ടാണു് മൂന്നു് ഉൾക്കുപ്പായ്മേ അയാൾക്കുള്ളൂ-ഒന്നയാളുടെ ദേഹത്തിൽ, ഒന്നയാളുമാറയിൽ, മൂന്നാമത്തേതു് അലക്കുകരി വശം. കീറിപ്പറിഞ്ഞാൽ അവ മാറും. പിഞ്ഞിയതേ ആയാൾ എന്നും ധരിക്കാറുള്ളൂ; അതുകൊണ്ടു് അയാൾക്കു കവിൾവരെ പുറംകുപ്പായത്തിന്റെ കുടുക്കിടേണ്ടിയിരുന്നു.

മരിയുസ്സിനു് ഈ സമ്പന്നതയിലെത്താൻ കുറച്ചു കൊല്ലങ്ങൾ വേണ്ടിവന്നു. വല്ലാത്ത കൊല്ലങ്ങൾ: ചിലതു നടന്നുപോവാൻ പ്രയാസം; ചിലതു കയറിപ്പോവാൻ പ്രയാസം. ഒരു ദിവസമെങ്കിലും മരിയൂസു് തോല്ക്കുകയുണ്ടയിട്ടില. ഇല്ലാമയുടെ അഴിയിലൂടെ സകലതും അയാൾ അനുഭവിച്ചു: കടക്കാരനാവുകയല്ലാത്തതൊക്കെയും അയാൾ ചെയ്തു ഒരാൾക്കും ഒരു സൂവും കൊടുക്കാനില്ലെന്നു് അയാൾ പരമാർഥമായി പറയും. ഒരു കടം അയാൾക്ക് അടിമത്തിന്റെ ആദ്യത്തെ പടിയായിരുന്നു. ഒരെജമാനെനെക്കാൾ ചീത്തയാണു് കടംതന്നവൻ എന്നയാൾ തന്നോടുതന്നെ പറയും. എജമാനന്നു നിങ്ങളുടെ ദേഹം മാത്രമേ കൈയിലുള്ളു; കടം തന്നവന്നു നിങ്ങളുടെ അന്തസ്സും കൈയിലുണ്ടു്; അതിന്റെ ചെകിടത്തു് ഒരടിയടിക്കാൻ അയാൾക്കു സാധിക്കും. കടം മേടിക്കേണ്ടിവന്നാൽ അയാൾ അന്നു ഭക്ഷണം കഴിച്ചില്ലെന്നേ വരൂ. പല ദിവസങ്ങൾ അയാൾ ഒന്നും കഴിക്കാതെ കഴിച്ചുകൂട്ടിയിട്ടുണ്ടു്. അറ്റങ്ങൾ രണ്ടും ഒന്നിച്ചുകൂടുമെന്നും കരുതിനിന്നില്ലെങ്കിൽ അധോഗയതി ആരെയും നികൃഷ്ട്തയിലെത്തിച്ചുകളയുമെന്നും ബോധമുള്ളതുകൊണ്ടു് അയാൾ അഭിമാനത്തെ നിഷ്കർഷതയോടുകൂടി കാത്തുപോകുന്നു. മറ്റേതൊരവസ്ഥയിലും തന്നോടു കാണിക്കുന്ന ഒരു വണക്കമായി മാത്രം തോന്നാവുന്ന ഒരു പെറുമാറ്റം, അല്ലെങ്കിൽ പ്രവൃത്തി, അന്നയാൾക്കു നിരസപ്രദമായി തോന്നി. അതയാൾ തടയാൻ ഒരുങ്ങി. അയാളുടെ മുഖത്തു് ഒരു വല്ലാത്ത കരുവാളിപ്പു വന്നു. ഒരു മര്യാദക്കുറവായിത്തന്നെ തീരുമാറു് അയാൾക്ക് ഒരു നാണം കുണുങ്ങിമട്ടുണ്ടായി.

എല്ലാ കഷ്ടപ്പാടുകളിലും അയാളുടെ ഉള്ളിൽനിന്നു് ഒരു ശക്തി അതാതു സമയത്തു് അയാളെ പ്രോത്സാഹിപ്പിക്കുകയും ചിലപ്പോൾ മേല്പോട്ടുയർത്തുകയും ചെയ്തിരുന്നു. ആത്മാവു ശരീരത്തെ സഹായിക്കുന്നു. ചില സമയത്തു തങ്ങിപ്പൊന്തിക്കുകയും ചെയ്യുന്നു. സ്വന്തം കൂടെടുത്തു് പൊന്തിക്കുന്ന പക്ഷി അതൊന്നുമാത്രമേ ഉള്ളൂ.

അച്ഛന്റെ പേരിനു പുറമേ, മറ്റൊരു പേരും മരിയുസ്സിന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു- തെനാർദിയെൻ. സഗൗരവവും ഓന്മേഷവുമായ പ്രകൃതിവിശേഷത്തോടുകുടിയ മരിയുസു്, തന്റെ ആലോചനയിൽ അച്ഛനെ ആയുസ്സിനു താൻ ആരോടു കടപ്പെട്ടിരിക്കുന്നുവോ ആ ഒരു മനുഷ്യനെ- വാട്ടർലൂവിലെ വെടിച്ചില്ലുകളുടേയും പീരങ്കികളുടേയും നടുവിൽനിന്നു കേർണലിനെ രഷപ്പെടുത്തിയ ആ പരമധീരനായ സർജ്ജന്റുദ്യോഗസ്ഥനെ-ഒരുതരം ദിവ്യപരിധികൊണ്ടു മുടി. അച്ഛനെക്കുറിച്ചുള്ള സ്മരണയിൽനിന്നു് ആ മനുഷ്യനെക്കുറിച്ചുള്ള സ്മരണയെ അയാൾ ഒരിക്കലും വേർപെടുത്തിയി; ആ രണ്ടിനേയും അയാൾ ഒപ്പം വന്ദിച്ചു. മീതെയുള്ള പീഠത്തിൽ കേർണലേയും താഴെയുള്ള പിഠത്തിൽ തെനാർദിയെരെയും വെച്ചുകൊണ്ടുള്ള അങ്ങനെയൊരുതരം പൂജയായിരുന്നു അതു്. തെനാർദിയെർ ചെന്നുപെട്ടിരിക്കവുന്നതും അയാളെ തീരെ വിഴുങ്ങിയിരികാവുന്നതുമായ കഷ്ടപ്പാടിനെപ്പറ്റിയുള്ള വിചാരമാണു് മരിസ്സിനു തെനാർദിയരോടുള്ള വാത്സല്യത്തെ ഇരട്ടിപ്പിച്ചതു് അ ഭാഗ്യംകെട്ട ഹോട്ടലുടമസ്ഥൻ കടം വന്നു പൊളിഞ്ഞുപോയി എന്നു് അയാൾ മൊങ്ങ്ഫോർമിയെയിൽവെച്ചു ധരിച്ചു. അതിനുശേഷം ആ മനുഷ്യനെ കണ്ടുപിടിക്കാനും ആ തെനാർദിയെർ ചെന്നു മറഞ്ഞിരിക്കുന്ന ഗ്രഹപ്പിഴയുടെ അഗാധന്ധകാരത്തിൽ തനിക്കു കടന്നുകൂടുവാനുംവേണ്ടി അയാൾ പഠിച്ച പണിയൊക്കെ നോക്കി. മരിയൂസു് ആ രാജ്യത്തു മുഴുവനും തെണ്ടിനടന്നു; അയാൾ ഹെലിൽ പോയി; ബൊൻദിയയിൽ പോയി, ഗുർനെയിൽ പോയി, ഷാനിൽ പോയി, ലാണയിൽ പോയി. മൂന്നു കൊല്ലം അയാൾ കിണഞ്ഞു; കുറച്ചു സമ്പാദിച്ചിരുനതെല്ലാം ഈ വഴിയാത്രകൊണ്ടു ചെലവായി. തെനാർദിയെരെക്കുറിച്ച് ഒരു വിവരവും അയാൾക്കു പറഞ്ഞുകൊടുക്കാൻ ആളുണ്ടായില്ല; ആഹോട്ട്ലുടമസ്ഥൻ നാടുവിട്ടുപോയിരിക്കണം. അയാളുടെ കടക്കാരും, മരിയസ്സിന്നുള്ളേടത്തോളംതന്നെ സ്നേഹത്തോടെയല്ലെങ്കിലും, അത്രതന്നെ ജാഗ്രതയോടുകൂടി, അയാളെ അന്വേഷിച്ചിരുന്നു; അവരെക്കൊണ്ടും അയാളെ കണ്ടുപിടിക്കാൻ സാധിച്ചില്ല. ഈ അന്വേഷണങ്ങൾകൊണ്ടു് ഒരു ഫലവും കിട്ടാഞ്ഞു മരിയുസു് സ്വയം നിന്ദിച്ചു; അയാൾക്കു ദേഷ്യംതന്നെ തോന്നി. ഇങ്ങനെയൊരു കടം മാത്രമാണു് കേർണൽ ബാക്കിവെച്ചതു്; അതു കൊടുത്തുതീർക്കുന്നതു തന്റെ ഉചിത ധർമമാണെന്നു് അയാൾ തീർച്ചപ്പെടുത്തി. അയാൾ വിചാരിച്ചു: ‘എന്തു്, എന്റെ അച്ഛൻ യുദ്ധക്കളത്തിൽ മരിക്കൻ കിടക്കുമ്പോൾ അച്ഛനുമായി യാതൊരു കടപ്പാടുമില്ലാത്ത ആ ഒരാൾ പുകയുടേയും വെടിയുണ്ടകളുടേയും ഇടയിൽനിന്നു് അച്ഛനെ കണ്ടുപിടിച്ചു ചുമലിൽ എടുത്തു കൊണ്ടുപോന്നു രക്ഷപ്പെടുത്തി; എന്നാൽ ആ തെനാർദിയെരോടു് ഇത്രയും കടപ്പെട്ടവനായ എനിക്ക്, മരണവേദനയ്ൽക്കിടക്കുന്ന ആ നിഴല്പാടിൽച്ചെന്നു് അദ്ദേഹത്തോടു ചേരുവാനും അതിൽ നിന്നു രക്ഷപ്പെടുത്തി ജീവിപ്പിക്കുകവാനും ഇതുവരെ സാധിച്ചില്ല! ആട്ടെ, ഞാൻ കണ്ടുപിടിക്കും!’ തെനാർദിയെരെ കണ്ടുപിടിക്കാൻ മരിയുസു് വേണ്ടിവന്നാൽ തന്റെ ഒരു കൈ കളയും; ആ മനുഷ്യനെ കഷ്ടപ്പാടിൽനിന്നു കരകേറ്റുവാനാണെങ്കിൽ അയാൾ ജീവനെത്തന്നെ ബലികഴിക്കും. തെനാർദിയെരെ കണ്ടുപിടിക്കുക, തെനാർദിയെർക്ക് എന്തെങ്കിലും ഉപകാരം ചെയ്യുക. അയാളോടു പറയുക‘നിങ്ങൾക്ക് എന്നെ അറിഞ്ഞുകൂടാ; ആട്ടെ, നിങ്ങളേ എനിക്കറിയാം! ഇതാ ഞാൻ. എന്നെക്കൊണ്ടു് എന്തു വേണം, അതു ചെയ്യാം!’-ഇതായിരുന്നു മരിയുസ്സിന്റെ ഏറ്റവും മനോഹരവും ഏറ്റവും ഉൽകൃഷ്ടവുമായ മനോരാജ്യം.

3.5.3
മുതിർന്നുവരുന്ന മരിയുസ്

ഈ സമയത്തുമരിയുസ്സിനു് ഇരുപതു് വയസ്സായിരുന്നു. അയാൾ മാതാമഹനുമായി പിരിഞ്ഞിട്ടു കൊല്ലം മൂന്നായി. അന്യോന്യം അടുത്തുനോക്കുനാവട്ടേ; തമ്മിൽ കാണുവാനാവട്ടേ രണ്ടു പേരും ശ്രമിക്കുകയുണ്ടായില്ല; മുൻപത്തെ മട്ടിൽ കഴിഞ്ഞുവന്നു. എന്നല്ല, എന്താണു് തമ്മിൽ കണ്ടിട്ടാവശ്യം? മരിയുസു് പിച്ചലത്തളികയാണ്! ഗിൽനോർമാൻ ഇരിമ്പുപാത്രവും.

മുത്തച്ഛന്റെ ഹൃദയം മരിയുസു് തെറ്റിദ്ധരിച്ചതാണെന്നു ഞങ്ങൾ സമ്മതിക്കുന്നു. മൊസ്യു ഗിൽനോർമാന്നു് ഒരിക്കലും തന്റെമേൽ സ്നേഹമുണ്ടായിട്ടില്ലെന്നും, ആ തുരുമ്പുപിടിച്ച മൊരശായി ചിരിച്ചുകൊണ്ടു് എപ്പോഴും ശുണ്ഠികടിച്ചും ഒച്ചയിട്ടും ലഹളകൂടിയും വടി വീശിയുമിരിക്കുന്ന കിഴവൻമൂപ്പർക്ക് ഉണ്ടെങ്കിൽത്തന്നെ കെട്ടുകഥകളിലെ തന്തമാർക്കുള്ളതരം നിസ്സാരവും മയമില്ലാത്തതുമായ ഒരു സ്നേഹം മാത്രമേ ഉള്ളൂ എന്നും അയാൾ ഊഹിച്ചു. മരിയുസ്സിനു തെറ്റിപ്പോയി. മക്കളെ സ്നേഹിക്കാത്ത അച്ഛന്മാരുണ്ടു്; മക്കളുടെ മക്കളെ മനസ്സുകൊണ്ടാരാധിക്കാത്ത മുത്തച്ഛനില്ല. അടിയിൽ നോക്കിയാൽ മൊസ്സ്യു ഗിൽനോർമാൻ, ഞങ്ങൾ പറഞ്ഞതുപൊലെ, മരിയുസ്സിനെ പൂജിച്ചിരുന്നു. ശുണ്ഠിയോടുകൂടിയും ചെകിട്ടത്തടിച്ചുകൊണ്ടും തന്റെയൊരുമട്ടിൽ ആ വൃദ്ധൻ മരിയുസ്സിനെ ആരാധിച്ചു,പക്ഷേ, ആ കുട്ടി വേർപെട്ടുപോയ ഉടനെ അദ്ദേഹത്തിന്റെ മനസ്സിനു് ഒരിരുണ്ട ശൂന്യത പിടിച്ചു; ആ കുട്ടിയുടെ പേർ ഒരാളേയും മിണ്ടാൻ സമ്മതിക്കില്ല. പക്ഷേ, അസ്സമയത്തെല്ലാം തന്റെ അന്നത്തെ വാക്ക് അവൻ അത്രമേൽ അനുസരിച്ചുവല്ലോ എന്നദ്ദേഹം പശ്ചാത്തപിച്ചിരുന്നു ഈ ബെനാപ്പാർത്തു് കക്ഷി. ഈ ലഹളക്കാരൻ, ഈ ഭയങ്കരൻ, ഈ കൂട്ടക്കൊലക്കാരൻ, മടങ്ങിവരാതിരിക്കില്ലെന്നു് അദ്ദേഹം ആദ്യത്തിലെല്ലാം ആശിച്ചു. പക്ഷേ, ആഴ്ചകൾ കഴിഞ്ഞു. കൊല്ലങ്ങൾ കഴിഞ്ഞു; മൊസ്സ്യു ഗിൽനോർമാന്റെ നിരാശതയുടെ വലുപ്പത്തിനു് ആ ‘ചോര കുടിയൻ’ തിരിച്ചുവന്നില്ല. ‘അവനെ പുറത്താക്കുകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ലായിരുന്നു.’ ആ മുത്തച്ഛൻ വിചാരിച്ചു; ഉടനെ അദ്ദേഹം ചോദിക്കും, ‘ഇതു് ഇനിയും ആവർത്തിക്കയാണെങ്കിൽ, ഞാനതു ചെയ്തു എന്നു വരുമോ?’ അദ്ദേഹത്തിന്റെ അഭിമാനം ‘ഉവ്വെ’ന്നു ക്ഷണത്തിൽ മറുപടി പറഞ്ഞു, ‘ഇല്ല.’ ചിലപ്പോൾ ആ വയസ്സൻ വ്യസനിക്കും. അദ്ദേഹം മരിയുസ്സിനെ കാണാഞ്ഞു കുഴങ്ങി അയാളെ കാണാനില്ലല്ലോ എന്നായി അദ്ദേഹത്തിനെപ്പോഴും. സൂര്യൻ ആവശ്യമുള്ളതുപോലെ സ്നേഹവും വൃദ്ധന്മാർക്കു കൂടിയേ കഴിയൂ. അതൊരുണർച്ച കൊടുക്കും. പ്രകൃത്യാ ഉറപ്പുള്ളവനാണെങ്കിലും മരിയുസ്സില്ലായ്മ അദ്ദേഹത്തിന്റെ മട്ടിനെ ഒന്നു മാറ്റിക്കളഞ്ഞു. ‘ആ കള്ളനെ വിളിച്ചുവരുത്തുന്നതിനു് അദ്ദേഹത്തെ നിർബന്ധിക്കാൻ ഭൂമിയിൽ യാതൊന്നിനുമാവില്ല; പക്ഷേ, ആ കിഴവൻ കുഴങ്ങി. അദ്ദേഹം ഒരിക്കലും അയാളെപ്പറ്റി അന്വേഷിക്കുകയുണ്ടായിട്ടില്ല; എങ്കിലും ഇളവില്ലാതെ അയാളെത്തന്നെ സ്മരിച്ചു അദ്ദേഹം മരെയിൽ അധികമധികം ഒതുങ്ങിയ നിലയിലായി താമസം; പണ്ടത്തെപ്പോലെതന്നെ ചിരിക്കുകയും ലഹള കൂട്ടുകയും ചെയ്തിരുന്നുവെങ്കിലും, ആ ആഹ്ലാദത്തിൽ ഒരു ഞെട്ടിത്തെറിക്കുന്ന പരുപരുപ്പുണ്ടായിരുന്നു; ആ ലഹളകൂട്ടലുകൾ എപ്പോഴും സൗമ്യഹരവും വ്യസനമയവുമായ ഒരു കുണ്ഠിതത്തിൽ ചെന്നവസാനിച്ചുമിരുന്നു; അദ്ദേഹം ചിലപ്പോൾ പറയും: ‘ആ! അവൻ വന്നാൽ മതിയായിരുന്നു; അവന്റെ ചെകിട്ടത്തു ഞാൻ ഒന്നാന്തരം ഒരു കാച്ചൽ കാച്ചും!’

വലിയമ്മയാണെങ്കിൽ, അധികമായി സ്നേഹിക്കുവാൻ വയ്യാത്തവിധം അവൾ അത്ര കുറച്ചേ ആലോചിച്ചിരുന്നുള്ളു; മരിയുസു് ആ സ്ത്രീയുടെ കണ്ണിൽ ഒരു മങ്ങിയ കറുത്ത രൂപത്തിൽനിന്നു് ഒട്ടുമധികമുണ്ടായിരുന്നില്ല; ഒടുവിൽ അയാളെക്കാളധികം ആ സ്ത്രീക്ക് താൻ വളർത്തിവന്ന പൂച്ചയേയോ മുളന്തത്തയേയോ പറ്റിയായി ആലോചന. മൊസ്സ്യു ഗിൽനോർമാന്റെ നിഗൂഢവ്യസനത്തെ വർദ്ധിപ്പിച്ചതു്, ഉള്ള സങ്കടമൊക്കെ മനസ്സിൽ പൂട്ടിവെക്കുകയും മറ്റാരെയും അതൂഹിച്ചറിയുവാൻ സമ്മതിക്കാതിരിക്കുകയും ചെയ്തതാണു്. സ്വന്തം പുകയെ വിഴുങ്ങിക്കളയുന്ന പുതിയതരം അടുപ്പുപോലെയായിരുന്നു അദ്ദേഹത്തിന്റെ വ്യസനം. പരകാര്യാന്വേഷണം തൊഴിലായിട്ടുള്ളവർ ചിലപ്പോൾ അദ്ദേഹത്തോടു മരിയുസ്സിനെപ്പറ്റി സംസാരിച്ചു എന്നു വരും; അവർ ചോദിക്കും, ‘നിങ്ങളുടെ പൗത്രൻ എന്തു കാട്ടുന്നു?’ ‘എന്തണിപ്പോൾ അയാളുടെ കഥ?’ ആ വയസ്സൻനാടുവാഴി, ഒരു ദീർഘശ്വാസത്തോടുകൂടി ആ കഥ കുറെ കഷ്ടമാണെന്നു് മറുപടി പറയും. സംസാരിക്കാൻ ഉത്സാഹമുള്ളപ്പോളാണെങ്കിൽ, ചുമയ്ക്കൊരുത്സാഹം കൂട്ടിക്കൊണ്ടു്, ‘മൊസ്സ്യു പൊങ്ങ്മേർസിപ്രഭു ഏതോ ഒരു മുക്കിലിരുന്നു പാറവക്കീൽപ്പണിനോക്കുന്നു’ എന്നു പറയും.

വയസ്സൻ ഇരുന്നു് പശ്ചാത്തപിക്കുമ്പോൾ മരിയുസു് തന്നെത്താൻ പുകഴ്ത്തി. എല്ലാ നല്ല മനസ്സുകാരിലും കാണുംപോലെ, നിർഭാഗ്യം അയാളുടെ അല്പരസത്തെ മാറ്റിക്കളഞ്ഞു. അയാൾ മൊസ്സ്യു ഗിൽനോർമാനെപ്പറ്റി ഒരു സസ്നേഹമായ മട്ടിൽ മാത്രമേ സ്മരിച്ചിരുന്നുള്ളൂ; എങ്കിലും അച്ഛനോടു നിർദ്ദയത്വം കാണിച്ച ആളുടെ പക്കൽനിന്നു യാതൊന്നും സ്വീകരിക്കുകയില്ലെന്നു് അയാൾ തീർച്ചപ്പെടുത്തി. ആദ്യത്തെകാലത്തെ ദേഷ്യത്തിന്റെ പാകം വന്ന ആ രൂപഭേദം ഇതായിരുന്നു. എന്നല്ല, കഷ്ടപ്പെട്ടതിലും അപ്പോഴും കഷ്ടപ്പെടുന്നതിലും അയാൾക്കൊരു സുഖം തോന്നി. അതെല്ലാം അച്ഛന്നുവേണ്ടിയാണല്ലോ; ജീവിതത്തിലെ ക്ലേശം അയാളെ തൃപ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഒരുതരം സന്തോഷത്തോടുകൂടി അയാൾ അതു തനിക്കു ചെയ്യാവുന്നതിൽ ഏറ്റവും ചുരുങ്ങിയതാണെന്നു തന്നെത്താൻ പറയും; അതൊരു പ്രായശ്ചിത്തമാണു്; അതു ചെയ്തിട്ടില്ലെങ്കിൽ അച്ഛനോടു കാണിക്കുന്ന നികൃഷ്ടമായ ഔദാസീന്യത്തിനു വേറെ വല്ല വിധത്തിലും കുറേ കഴിഞ്ഞാൽ താൻ ശിക്ഷയനുഭവിക്കേണ്ടിവന്നേക്കും; അതോ, അങ്ങനെയുള്ള അച്ഛനും! അച്ഛൻ എല്ലാ കഷ്ടതകളും അനുഭവിക്കുകയും മകൻ ഒന്നും അനുഭവിക്കാതിരിക്കുകയും ചെയ്യുന്നതും ശരിയല്ല; എന്തായാലും കേർണലിന്റെ ധീരോചിതമായ ജീവിതത്തോടു തന്റെ അധ്വാനങ്ങളും ദാരിദ്ര്യങ്ങളും തട്ടിച്ചു നോക്കിയാൽ എന്തുണ്ടു്? ചുരുക്കിപ്പറഞ്ഞാൽ, അച്ഛനോടു് അടുക്കുകയും സമനാവുകയും ചെയ്യുവാൻ, അച്ഛൻ ശത്രുവിന്റെ മുൻപിൽ ധീരത കാണിച്ചതുപോലെ താനും ദാരിദ്ര്യത്തിന്റെ മുഖത്തു വെച്ചു ധൈര്യം പ്രവർത്തിക്കുകമാത്രമേ ഒരു വഴിയുള്ളൂ; നിശ്ചയമായും അതായിരിക്കണം കേർണൽ ഈ വാക്കുകളെ കൊണ്ടു വിചാരിച്ചുള്ളതു്; ‘അവൻ അതിന്നർഹനയിരിക്കും-’ കേർണലിന്റെ എഴുത്തു കാണാതായതുമുതല്ക്കു, മരിയുസു് മാറത്തല്ല, ഹൃദയത്തിൽ സൂക്ഷിച്ചും കൊണ്ടു നടന്നിരുന്ന വാക്കുകൾ.

പിന്നെ, മുത്തച്ഛൻ വീട്ടിൽനിന്നു പുറത്താക്കിയ കാലത്തു് താൻ കുട്ടിയായിരുന്നു; ഇന്നു താൻ മുതിർന്ന ഒരാളായി. അതയാൾ സ്മരിച്ചു. കഷ്ടപ്പാടു് അയാൾക്കും ഗുണം ചെയ്തു, ഞങ്ങൾ ഒന്നുകൂടി പറയട്ടെ. ജയിച്ചുവരുന്നതാണെങ്കിൽ ചെറുപ്പത്തിലെ ദാരിദ്ര്യത്തിനു മഹത്തരമായ ഈ ഗുണം കാണും -അതു് ഒരു മനുഷ്യന്നുള്ള ഇച്ഛാശക്തി മുഴുവനും പ്രവൃത്തിയിലേക്കു തിരിച്ചുവിടുന്നു; ആത്മാവിനെ മുഴുവനും ഇച്ഛയിലേക്കും. ക്ഷണനേരംകൊണ്ടു ദാരിദ്ര്യം ലൗകികജീവിതത്തെ നഗ്നമാക്കുകയും ഭയങ്കരമാക്കിത്തീർക്കുകയും ചെയ്യുന്നു; അപ്പോഴാണു് മാതൃകാജീവിതത്തിലേക്കുള്ള ആ അനിർവചനീയങ്ങളായ എടുത്തു ചാട്ടങ്ങൾ. സമ്പന്നനായ ചെറുപ്പക്കാരന്നു നേരംപോക്കാൻ പുരുഷങ്ങളും മനോഹരങ്ങളായ ഒരു നൂറു മാർഗങ്ങളുണ്ടു്; കുതിരപ്പന്തയം, നായാട്ടു്, നായ്ക്കൾ, പുകയില, ചൂതുകളി, സുഖഭക്ഷണം, ബാക്കിയുള്ളതൊക്കെയും. ഹൃദയത്തിലെ അത്യുൽകൃഷ്ടങ്ങളും അതിലളിതങ്ങളുമായ ഭാഗങ്ങളെ ചെലവിട്ടു നികൃഷ്ടഭാഗങ്ങൾക്കു കിട്ടുന്ന പ്രവൃത്തികൾ. ദരിദ്രനായ യുവാവു ബുദ്ധിമുട്ടി ഭക്ഷണമുണ്ടാക്കുന്നു: ഭക്ഷിക്കുന്നു; ഭക്ഷണം കഴിഞ്ഞാൽപ്പിന്നെ ആലോചിച്ചിരിക്കയല്ലാതെ അയാൾക്കു വേറെ പണിയില്ല. ഈശ്വരൻ ‘സൗജന്യ’ നായിത്തന്നിട്ടുള്ള കാഴ്ചകൾ ചെന്നു കാണുന്നു; ആകാശത്തേയും ദിഗന്തരത്തേയും നക്ഷത്രങ്ങളേയും പുഷ്പങ്ങളേയും കുട്ടികളേയും താൻ കിടന്നു കഷ്ടപ്പെടുന്ന മനുഷ്യസമുദായത്തേയും താൻ ഉള്ളിൽനിന്നു പ്രകാശിക്കുന്ന പ്രപഞ്ചസൃഷ്ടിയെയും സൂക്ഷിച്ചുനോക്കുന്നു. മനുഷ്യസമുദായത്തെ അത്രമേൽ സൂക്ഷിച്ചുനോക്കിയിട്ടു് അതിന്റെ ജീവനെ അയാൾ കണ്ടുപിടിക്കുന്നു; പ്രപഞ്ചസൃഷ്ടിയെ അത്രമേൽ സൂക്ഷിച്ചുനോക്കിയിട്ടു് ഈശ്വരനേയും കണ്ടെത്തുന്നു. അയാൾ മനോരാജ്യം വിചാരിക്കുന്നു; വലിയാളാണു് താൻ എന്നയാൾക്കു ബോധ്യപ്പെടുന്നു. പിന്നേയും മനോരാജ്യം-അയാൾ ദയാലുവയിത്തീരുന്നു. കഷ്ടപ്പെടുന്ന മനുഷ്യന്റെ അഹങ്കാരത്തിൽനിന്നു് ആലോചിക്കുന്ന മനുഷ്യന്റെ അനുകമ്പയിലേക്ക് അയാൾ പ്രവേശിക്കുന്നു. ഒരഭിനന്ദനീയമായ വികാരം അയാളിൽ ഉദിക്കുന്നുഅവനവനെക്കുറിച്ചുള്ള വിസ്മൃതിയും സകലത്തേയും കുറിച്ചുള്ള അനുകമ്പയും. മറവില്ലാത്ത ആത്മാക്കൾക്കു പ്രകൃതി സമ്മാനിക്കുകയും ദാനം ചെയ്യുകയും വിതറിക്കൊടുക്കുകയും ചെയ്യുന്ന- അപ്പോൾത്തന്നെ മൂടപ്പെട്ട ആത്മാക്കൾക്ക് ആവിധം ചെയ്യാതിരിക്കുകയും പതിവുള്ള-സംഖ്യാതീതമായ സുഖപരമ്പരയെപ്പറ്റി ആലോചിക്കുമ്പോൾ, അയാൾക്ക്- ആ മനസ്സുകൊണ്ടുള്ള കോടീശ്വരന്നു- പണംകൊണ്ടുള്ള കോടീശ്വരനോടു ദയ തോന്നിപ്പോകുന്നു. ആത്മാവിലേക്കു കയറുന്ന പ്രകാശത്തിന്റെ തോതനുസരിച്ച് അയാളുടെ ഹൃദയത്തിൽനിന്നു് എല്ലാദ്വേഷവും പൊയ്പോകുന്നു. അയാൾക്ക് ദുഃഖമുണ്ടോ? ഇല്ല. ഒരു ചെറുപ്പക്കാരന്റെ കഷ്ടപ്പാടു് ഒരിക്കലും കഷ്ടപ്പാടല്ല. ആദ്യമായി കണ്ടെത്തുന്ന ഏതെങ്കിലും ഒരു കുട്ടി, എത്രതന്നെ ദരിദ്രനയാലും ശരി, കരുത്തോടും ആരോഗ്യത്തോടും വേഗം കൂടിയ നടത്തത്തോടും തിളങ്ങുന്ന കണ്ണുകളോടും നല്ല ചോരത്തിളപ്പോടും കറുത്ത തലമുടിയോടും ചുകന്ന ചുണ്ടുകളോടും വെളുത്ത പല്ലുകളോടും ശുദ്ധമായ വിശ്വാസത്തോടുംകൂടി കൈയിൽക്കിട്ടിയ എതൊരു കുട്ടിയും, എത്ര ദരിദ്രനായാലും ശരി, ഒരു വൃദ്ധനായ ചക്രവർത്തിക്ക് എപ്പോഴും അസൂയ ജനിപ്പിക്കും. പിന്നെ, ഓരോ ദിവസവും രാവിലെ അയാൾ ഭക്ഷണം സമ്പാദിപ്പിക്കാൻ വഴി പുതുതായി നോക്കുന്നു. അയാളുടെ കെകൾ ഭക്ഷണസാധനം സമ്പാദിക്കുമ്പോൾ, മുതുകെല്ലു് അഭിമാനം കൂട്ടുന്നു; തലച്ചോർ അറിവുകളെ ശേഖരിക്കുന്നു. പ്രവൃത്തി കഴിഞ്ഞാൽ, അയാൾ എന്തെന്നില്ലാത്ത ആഹ്ലാദങ്ങളിലേക്കു, മനോരാജ്യത്തിലേക്കു, സുഖാനുഭവങ്ങളിലേക്കു തിരിക്കുകയായി; അയാൾ തന്റെ കാലടി കഷ്ടപ്പാടുകളിൽ, തടസ്സങ്ങളിൽ, കൽവിരിയിൽ, തൂവച്ചെടികളിൽ, ചിലപ്പോൾ ചേറ്റുകുണ്ടിൽ, നില്ക്കുന്നതായി കാണും; തല വെളിച്ചത്തും. അയാൾ ഉറപ്പുള്ളവനാണു്,. ഗൗരവമുള്ളവനാണു്, മര്യാദക്കാരനാണു്, ശാന്തനാണു്, ശ്രദ്ധാലുവാണു്, പ്രസന്നനാണു്, കുറച്ചുകൊണ്ടു തൃപ്തിപെടുന്നവനാണു്, ദയാലുവാണു്; പല സമ്പന്നന്മാർക്കുമില്ലാത്ത ഈ രണ്ടെണ്ണം തനിക്കുതന്നതിനു് അയാൾ ഈശ്വരനെ സ്തുതിക്കും; പ്രവൃത്തിയും ആലോചനയും- ഒന്നു് അയാളെ സ്വതന്ത്രനാക്കുന്നു, മറ്റതു് അയാളെ ഉൽകൃഷ്ടനാക്കുന്നു.

ഇതാണു് മരിയുസ്സിനുണ്ടായതു്, വാസ്തവം പറഞ്ഞാൽ, അയാൾ കുറച്ചധികം ആലോചനാശീലത്തിലേക്കു ചാഞ്ഞു. കഴിച്ചിലിനു വേണ്ട ഏതാണ്ടു തീർച്ചയായി കൈയിൽ വരാൻ തുടങ്ങിയ മുതല്ക്കു, ദരിദ്രനാകുന്നതുകൊണ്ടു തരക്കേടില്ലെന്നു കരുതിയും പ്രവൃത്തിക്കുള്ളിൽനിന്നു് ആലോചനയ്ക്കു സമയം പിശുക്കിയെടുത്തും അയാൾ ഒന്നു നില്പായി; എന്നുവെച്ചാൽ, ആലോചനയിലാണ്ടു്, ആനന്ദപാരവശ്യത്തിന്റെ നിശ്ശബ്ദമായ എന്തെന്നില്ലായ്മയിലും ആന്തരാമായ വെളിച്ചത്തിലും താന്നുമുങ്ങി, ചിലപ്പോൾ അയാൾ ചില ദിവസം മുഴുവനും കഴിക്കും. ഇങ്ങനെ അയാൾ തന്റെ ജീവിതസിദ്ധാന്തത്തെ ശരിപ്പെടുത്തി; അദൈഹികമായ പ്രവൃത്തിയിൽ കഴിയുന്നേടത്തോളം അധികസമയം ഉപയോഗിക്കാൻവേണ്ടി ദൈഹികമായ പ്രവൃത്തിയിൽ കുറച്ചുമത്രം ഏർപ്പെടുക; മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ, യഥാർഥ ജീവിതത്തിനു കുറച്ചുമാത്രം സമയം കൊടുത്തു ബാക്കിയെല്ലാം അപാരതയ്ക്കായി വിടുക. വേണ്ടതൊന്നും ഇല്ലായ്കയില്ലെന്നുള്ള വിശ്വാസത്താൽ, ആ വിധമുള്ള ആലോചനാശീലം ആലസ്യത്തിന്റെ ഒരു രൂപാന്തരമാണെന്നും, അത്യാവശ്യം ജീവിതസുഖംകൊണ്ടു മാത്രം താൻ തൃപ്തിപ്പെടുകയാണു് ചെയ്യുന്നതെന്നും, കുറെയധികം വേഗത്തിൽ പ്രവൃത്തിയിൽനിന്നു താൻ വിട്ടുപോരുന്നുണ്ടെന്നും അയാൾ കണ്ടില്ല.

ഉന്മേഷവും അതിശ്രദ്ധയുമുള്ള ഈ പ്രകൃതിക്ക് ഈയൊരുനില അധികകാലം നില്ക്കുന്നതല്ലെന്നും ഈശ്വരവിധിയുടെ ഒഴിച്ചുകൂടാത്ത കെട്ടുപിണച്ചലുകളിൽച്ചെന്നു് ഒന്നാമത്തെ മുട്ടു മുട്ടുന്നതോടുകൂടി മരിയുസു് ഉണർന്നുകൊള്ളുമെന്നും സ്പഷ്ടമാണു്.

ഈയിടയ്ക്ക് അയാൾ ഒരു വക്കീലായിരുന്നുവെങ്കിലും, ഗിൽനോർമാൻ എന്തു തന്നെ വിചാരിച്ചിരുന്നാലും ശരി, അയാൾ വക്കീലായിരുന്നില്ല; അയാൾ പാറവക്കീൽപ്പണിയും നോക്കിയിരുന്നില്ല. വിചാരശീലം അയാളെ വക്കീൽപ്രവൃത്തിയിൽനിന്നു തിരിച്ചുവിട്ടു. വക്കീൽമാരുടെ അടുക്കൽ കൂടെക്കൂടെ ചെല്ലുക, കോടതിയിൽ ഹാജരാവുക, കേസ്സുകൾ തേടിപ്പിടിക്കുക- എന്തു ബുദ്ധിമുട്ട്! എന്തിനിതു ചെയ്യുന്നു? അപ്പോഴത്തെ ജീവിതരീതിയെ മാറ്റേണ്ട ആവശ്യമൊന്നും അയാൾ കണ്ടില്ല. ആ നിസ്സാരവും കുറഞ്ഞ ശബളം കൊടുക്കുന്നതുമായ പ്രദ്ധീകരണശാല അയാൾക്ക് ഒരു സ്ഥിരം സമ്പാദ്യമാർഗമായിരിക്കുന്നു; ഞങ്ങൾ വിചാരിച്ച വിധം അതിൽ അത്രയധികമൊന്നും അധ്വാനമില്ല; അയാളുടെ ചെലവിനു് അതുകൊണ്ടു് മതിയായിരുന്നുതാനും.

പ്രസിദ്ധീകരണശാലയുടെ ഉടമസ്തന്മാരിൽ ഒരാൾ- മൊസ്സ്യു മഗിമെലാണെന്നു ഞാൻ വിചാരിക്കുന്നു- തന്റെ സ്വന്തം ഭവനത്തിലേക്കു മരിയുസ്സിനെ കൊണ്ടു പോകാമെന്നും, സുഖമയി താമസിപ്പിക്കാമെന്നും, കണിശമായി പ്രവൃത്തിക്കേല്പിക്കാമെന്നും, കൊല്ലത്തിൽ ആയിരത്തഞ്ഞൂറു ഫ്രാങ്ക് ശമ്പളം കൊടുക്കാമെന്നും പറഞ്ഞുനോക്കി. സുഖമായി താമസിക്കുക! ആയിരത്തഞ്ഞൂറു ഫ്രാങ്ക്! ശരിയാണു്. പക്ഷേ, സ്വാതന്ത്ര്യം കളയുക! സ്ഥിരശമ്പളത്തിന്മേൽ പണിയെടുക്കുക! ഒരുതരം കൂലിപ്പണിക്കാരനായ എഴുത്തുകാരൻ! മരിയുസ്സിന്റെ അഭിപ്രായപ്രകാരം, അതു സ്വീകരിച്ചുപോയെങ്കിൽ, തന്റെ സ്ഥിതി അപ്പോഴത്തേതിലധികം നന്നാവുകയും ചീത്തയാവുകയും ചെയ്യും; സുഖം കൂടും, സ്ഥിതി താഴും; ആഭാസവും വെറുപ്പും തോന്നിക്കുന്നതുമായ ഒരു മഹാവേദനയായി ‘മാർഗം കൂടിയ’ ഒരു മനോഹരവും പരിപൂർണവുമായ നിർഭാഗ്യമായിരിക്കും അതു്; ഒരു കണ്ണിനു കാഴ്ച കിട്ടിയ കണ്ണുപൊട്ടന്റെ സ്ഥിതിപോലെ ഒന്നു്. അയാൾ ഉപേകക്ഷിച്ചു.

മരിയുസു് ഏകാന്തതയിൽ ജീവിച്ചു. സകലത്തിന്റേയും പുറത്തുകഴിഞ്ഞു കൂടാനുള്ള വാസനകൊണ്ടും കുറച്ചധികം ഭയപ്പെട്ടുപോയതിനാലും, ആൻഷൊൽരാ ആധ്യക്ഷം വഹിക്കുന്ന സംഘത്തിലേക്ക് അയാൾ മനഃപൂർവം പോകാതിരുന്നു. അവർ വലിയ സ്നേഹിതന്മാരാണു്; ആവശ്യം വന്നാൽ കഴിയുന്ന വിധമെല്ലാം അന്യോന്യം സഹായ്യം ചെയ്വാൻ അവർ തയ്യാറായിരുന്നു: അത്രമാത്രം മരിയുസിനു രണ്ടു സ്നേഹിതന്മാരുണ്ടു്: ഒന്നു ചെറുപ്പക്കാരനായ കുർഫെരാക്; മറ്റേതു പ്രായം ചെന്ന മൊസ്സ്യു മബെ. അയാളുടെ ചാച്ചിലഷികം പ്രായം ചെന്നാളോടായിരുന്നു. ഒന്നാമതു്, തന്റെ ആന്തരമായ അഭിപ്രായപരിവർത്തനത്തിനു് അയാൾ ആ വയസ്സനു കടപ്പെട്ടിരുന്നു. അച്ഛനെ അറിയുകയും സ്നേഹിക്കുകയും ചെയ്തതിനു് അയാൾ ആ മനുഷ്യനോടു കടപ്പെട്ടു. ‘അദ്ദേഹം ഒരു തിമിരരോഗത്തിനു് എനിക്കു ശസ്ത്രക്രിയ ചെയ്തുതന്നു.’ മരിയുസു് പറഞ്ഞു.

പള്ളിക്കാവല്ക്കാരന്നു നിശ്ചയമായും ഒരു പ്രധാനഭാഗമുണ്ടു്. എന്തായാലും ഇക്കാര്യത്തിൽ ഈശ്വരന്റെ കൈയിൽ ശാന്തവും ക്ഷോഭരഹിതവുമായ ഒരായുധമായി നിന്നു എന്നല്ലാതെ മറ്റൊന്നും മൊസ്സ്യു മബെ ചെയ്തിട്ടില്ലെന്നല്ല. യദൃച്ഛയായി, ഒരുവൻ കൈയിൽവച്ചുവരുന്ന മെഴുകുതിരിവിളക്കുപോലെ, എന്താനുണ്ടാവുന്നതെന്നറിയാതെ, അയാൾ മരിയുസ്സിനെ കാര്യം ധരിപ്പിച്ചു; അയാൾ ആ വിളക്കായി, അ ഒരുവനായിരുന്നില്ല.

മരിയുസ്സിന്റെ രാഷ്ട്രീയാഭിപ്രായപരിവർത്തനത്തെപ്പറ്റിയാണെങ്കിൽ അതു മനസ്സിലാക്കാനോ, അതുണ്ടാക്കിത്തീർക്കാനോ, അതു ശരിയാക്കാനോ മൊസ്സ്യു മബെയെക്കൊണ്ടാവില്ലായിരുന്നു.

ഇനിയും നമ്മൾ മൊസ്സ്യു മബെയെ കാണുന്നതാകകൊണ്ടു്, അയാളെപ്പറ്റി രണ്ടു വാക്കു പറയുന്നതു് അനാവശ്യമാകയില്ല.

3.5.4
മൊസ്സ്യു മബെ

‘നിശ്ചയമായും രാഷ്ട്രീയഭിപ്രായങ്ങളെ ഞാൻ ശരിവെക്കുന്നു’ എന്നു മൊസ്സ്യു മബെ മരിയുസ്സോടു പറഞ്ഞ ദിവസം മനസ്സിന്റെ യഥാർഥസ്ഥിതിതന്നെയാണു് അയാൾ പ്രസ്താവിച്ചതു്. എല്ലാ രാഷ്ട്രീയാഭിപ്രായങ്ങളും അയാൾക്കു ചില ഉദാസീനവസ്തുക്കളാണു്, വ്യത്യാസമൊന്നും കൂടാതെ സകലത്തെയും അയാൾ ശരിവെച്ചു- ഒന്നുമാത്രം അയാൾക്കപകടമൊന്നും അതുകൊണ്ടു വരരുത്- എന്നുവെച്ചാൽ, ഗ്രീസ്സുകാർ റോംകാരുടെ മൂർഖദേവതകളെ ‘സൗന്ദര്യവും സൗഭാഗ്യവും സൗശീല്യവുമുള്ള’ നല്ലവർ എന്നു നാമകരണം ചെയ്തിട്ടുള്ളതുപോലെ, ചെടികളെക്കുറിച്ചും എല്ലാറ്റിനും മീതെ പുസ്തകങ്ങളെക്കുറിച്ചുമുള്ള ഒരതിപ്രതിപത്തിയിലൊതുങ്ങി. മൊസ്സ്യു മബെയുടെ രാഷ്ട്രീയാഭിപ്രായം. ലോകത്തിലുള്ള മറ്റെല്ലാവരേയുംപോലെ അയാളും ഒരു കക്ഷിയാണു്. അതില്ലാതെ അക്കാലത്തു് ആർക്കും കഴിഞ്ഞു കൂടാൻ വയ്യ; പക്ഷേ, അയാൾ രാജകക്ഷിയും ബെനാപ്പാർത്തു് കക്ഷിയും അവകാശപത്ര കക്ഷിയും അരാചക കക്ഷിയും ഒന്നുമല്ല; അയാൾ ഗ്രന്ഥ കക്ഷിയായിരുന്നു-പഴയ ഗ്രന്ഥങ്ങൾ ശേഖരിക്കുന്നാൾ. ആളുകൾ ലോകത്തിൽ തങ്ങൾക്കു നോക്കിക്കാണുവാൻ എല്ലാത്തരം പൂപ്പൽകളും പുല്ലുകളും ചെടികളും മറിച്ചുനോക്കുവാൻ കൂട്ടംകൂട്ടമായി പഴയ ഗ്രന്ഥവരികളും ഉണ്ടായിരിക്കെ, അവകാശപത്രം, പ്രജാധിപത്യം, രാജവാഴ്ച, പ്രാതിനിധ്യഭരണം,അതു് ഇതു് എന്നീ ഓരോ നിസ്സാരവസ്തുക്കളെപ്പിടിച്ച് എന്തിനാണു് തമ്മിൽത്തല്ലി കാലം കഴിക്കുന്നതെന്നു് അയാൾക്കാലോചിച്ചിട്ടു് കിട്ടിയിട്ടില്ല. അയാൾ ഒരുപയോഗശൂന്യവസ്തുവായിത്തീരാതിരിപ്പാൻ നന്നെ ശ്രമിക്കുന്നുണ്ടു്; പുസ്തകമുണ്ടെന്നുള്ളതു് അയാളുടെ വായനയെ തടഞ്ഞില്ല; സസ്യശാസ്ത്രജ്ഞനാണെന്നുള്ളതു് ഒരു തോട്ടക്കാരനാവുന്നതിലും അയാളെ തടഞ്ഞില്ല. പൊങ്ങ്മേർസിയുമായി പരിചയപ്പെടുന്ന കാലത്ത്- ഇങ്ങനെയൊരു യോജിപ്പു് കേർണലും അയാളുമായിട്ടുണ്ടായിരുന്നു- പൂക്കൾക്കുവേണ്ടി കേർണൽ എന്തു് ചെയ്തിരുന്നുവെന്നോ അതു കായകൾക്കുവേണ്ടി അയാളും ചെയ്തിരുന്നു. കരുവേപ്പിനെന്നപോലെ ‘സബർജൽ’ മരത്തിനു തൈയുണ്ടാക്കാൻ അയാൾക്കു സാധിച്ചിട്ടുണ്ടു്; അയാളുടെ ശ്രമത്തിന്റെ ഫലമാണു് വേനൽ ‘മിരബെൽ’ ച്ചെടിയിൽനിന്നും ഒട്ടും കുറയാതെ വാസനയുള്ളതും ഇപ്പോൾ പേരുകേട്ടുകഴിഞ്ഞതുമായ ഒക്റ്റോബർ ‘മിരബെൽ’ച്ചെടി. ഭക്തിയെക്കാളധികം മര്യാദകൊണ്ടാണു് അയാൾ കുർബ്ബാനയ്ക്കു പോയിരുന്നതു്; അയാൾക്കു മനുഷ്യരുടെ മുഖം നോക്കിക്കാണുന്നതു് ഇഷ്ടവും ഒച്ച കേൾക്കുന്നതു് അനിഷ്ടവുമായിരുന്നു; എന്നാൽ പള്ളിയിൽ മാത്രമേ അവർ ഒന്നിച്ചുകൂടുകയും ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുന്നതായി അയാൾ കണ്ടുള്ളൂ. രാജ്യത്തു് എന്തെങ്കിലും ഒരേർപ്പാടിൽ താനും ഉൾപ്പെട്ടിരിക്കണമെന്നുവെച്ച് അയാൾ കാവല്ക്കാരന്റെ ഉദ്യോഗമെടുത്തു. ഏതായാലും ഒരു പൂവരശിന്റെ മൊട്ടിനോളം ഒരു സ്ത്രീയെ സ്നേഹിക്കാൻ അയാളെക്കൊണ്ടു സാധിച്ചിട്ടില്ല; ഭംഗിയിൽക്കെട്ടിയ ഒരു പുസ്തകത്തോളം ഒരു പുരുഷനേയും, അയാൾക്കു ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടു കുറെ കൊല്ലങ്ങളായി; ഒരു ദിവസം ആരോ അയാളോടു ചോദിച്ചു: ‘നിങ്ങൾ വിവാഹം ചെയ്കയുണ്ടായിട്ടില്ലേ?’ ‘ഞാൻ മറന്നു,’ ഇതായിരുന്നു ഉത്തരം. ചിലപ്പോൾ അയാളും, ‘ഹേ! ഞാൻ ധനവാനായിരുന്നുവെങ്കിൽ!’ എന്നു ചോദിച്ചു എന്നു വരും- ആരാണു് അതു ചെയ്തിട്ടില്ലാത്തതു്? എന്നാൽ അതു, മൊസ്സ്യു ഗിൽനോർമാനെപ്പോലെ, ഒരു ചന്തമുള്ള പെൺകുട്ടിയെ കടാക്ഷിക്കുമ്പോഴല്ല; ഒരു പഴയ പുസ്തകത്തെപ്പറ്റി വിചാരിക്കുമ്പോഴാണു്. ഒരു പ്രായംചെന്ന വീട്ടുവിചാരിപ്പുകാരിയോടുകൂടി അയാൾ തനിച്ചു താമസിച്ചുപോന്നു അയാൾക്ക് അല്പം വാതരോഗമുണ്ടു്. ഉറക്കത്തിൽ, വാതം കൊണ്ടു വെറുങ്ങലിച്ച അയാളുടെ പ്രായംചെന്ന വിരലുകൾ പുതപ്പിന്റെ മടക്കുകൾക്കിടയിൽ വലിഞ്ഞുംകൊണ്ടു കിടക്കും. അയാൾ ഒരു സസ്യശാസ്ത്രഗ്രന്ഥമെഴുതി വലിയ ചിത്രങ്ങളോടുകൂടി പ്രസിദ്ധീകരിച്ചിരുന്നു; അതിനെപ്പറ്റി അളുകൾക്കു് സാമാന്യം ബഹുമാനമുണ്ടു്; അതു ധാരാളം വിറ്റിരുന്നുതാനും. ആ പുസ്തകം ചോദിച്ചു ദിവസത്തിൽ രണ്ടും മൂന്നും തവണ ദ്യു മെസിയേറിൽ അയാളുടെ വീട്ടുവാതില്ക്കൽ വന്നു മുട്ടും. ആ പുസ്തകത്തിൽനിന്നു് കൊല്ലത്തിൽ രണ്ടായിരം ഫ്രാങ്ക് കിട്ടിയിരുന്നു; ഏതാണ്ടു് ഇതായിരുന്നു അയാളുടെ സ്വത്തു്. ദരിദ്രനാണെങ്കിലും ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടും കാലക്രമേണ എല്ലാതരത്തിലുള്ള അനവധി അപൂർവഗ്രന്ഥങ്ങൾ ശേഖരിച്ചുവെക്കാൻ അയാൾക്കു ത്രാണിയുണ്ടായി. കൈയിൽ ഒരു പുസ്തകമില്ലാതെ ഒരു സമയത്തും അയാൾ പുറത്തേക്കിറങ്ങിയിട്ടില്ല. പലപ്പോഴും രണ്ടെണ്ണവുംകൊണ്ടു് തിരിച്ചുവരും. അയാൾ ഉപയോഗിച്ചുപോരുന്ന താഴത്തെ നിലയിലെ നാലു മുറികളിൽ ആകപ്പാടെ അലങ്കാരമായി കൂടിട്ട ശുഷ്കസസ്യശേഖരങ്ങളും പുരാതനചിത്രകാരന്മാരുടെ കൊത്തുപണികളും മാത്രമാണുള്ളതു്. ഒരു വാളോ ഒരു തോക്കോ കണ്ടാൽ ആ മനുഷ്യൻ സ്തംഭിച്ചു. ഒരു പീരങ്കിയുടെ അടുക്കലേക്കു, സൂക്ഷിപ്പുസ്ഥലത്തേക്കായാലും ശരി, അയാൾ ആയുസ്സിനുള്ളിൽ പോയിട്ടില്ല. അയാൾക്ക് ഒരു കൊള്ളാവുന്ന കുമ്പയും, മതാചാര്യനായ ഒരു സോദരനും, തികച്ചും വെളുത്ത തലമുടിയും, വായിലോ മനസ്സിലോ ഒരൊറ്റപ്പല്ലില്ലായ്കയും കൈയിനും കാലിനും ഒരു വിറയും, ഒരു നാടൻ ഉച്ചാരണവും, ഒരു പിഞ്ചുകുട്ടിയുടെ ചിരിയും, ഒരു മുത്തനാടിന്റെ മട്ടും ഉണ്ടായിരുന്നു; അയാൾ എളുപ്പത്തിൽ പേടിക്കും. ഇതോടുകൂടി, പോർത്ത്- സാങ്ങ്-ഴാക്ക് എന്ന പ്രദേശത്തു രൊയൽ എന്നു പേരായ ഒരു കിഴവൻ പുസ്തക വ്യാപാരിയൊഴിച്ചു് ഒരു സ്നേഹിതനോ, ജീവിച്ചിരിപ്പുള്ളവരിൽ ഏതെങ്കിലും ഒരുവനുമായി പരിചയമോ അയാൾക്കില്ലെന്നുംകൂടിയിട്ടുണ്ടു് അമരിച്ചെടി ഫ്രാൻസിൽ നടപ്പാക്കാണമെന്നാണു് അയാളുടെ മനോരാജ്യം.

അയാളുടെ വേലക്കാരിയും ഒരുതരം സാധുവാണു്. ആ പാവമായ മുത്തശ്ശിയമ്മ വിവാഹം ചെയ്തിട്ടില്ല. സുൽത്താൽ എന്നു പേരായി, സിസ്റ്റെൻ ചെറുപള്ളിയിൽ [1] വെച്ച് അല്ലെങ്ങിയുടെ [2] മൂളിപ്പാട്ടു് പാടിയേയ്ക്കാവുന്ന ഒരു സ്വന്തം പൂച്ചയെ ധാരാളം മതിയായിരുന്നു. ഒരു മനുഷ്യനിലോളം ദൂരത്തേക്ക് ഒരിക്കലും അവളുടെ മനോരാജ്യം എത്തിയിട്ടില്ല. തന്റെ പൂച്ചയിൽനിന്നു് അപ്പുറത്തേക്കു കടക്കാൻ അവളെക്കൊണ്ടു കഴിഞ്ഞിട്ടില്ല. അയാളെപ്പോലെ അവൾക്കും ഒരു മേൽമീശയുണ്ടു് അവളുടെ അന്തസ്സു മുഴുവൻ നില്ക്കുന്നതു് തൊപ്പിയിലാണു്; അതു് എപ്പോഴും വെളുത്തിരിക്കും ഞായറാഴ്ച ദിവസം കുർബ്ബാന കഴിഞ്ഞാൽപ്പിന്നെ, അവൾ സമയം പോക്കുക പെട്ടിയിലുള്ള വസ്ത്രങ്ങൾ എണ്ണിനോക്കിയിട്ടും താൻ മേടിച്ചതും ഒരിക്കലും തുന്നിക്കഴിയാത്തതുമായ ഉടുപ്പുതുണി കിടക്കയിൽ വിരിച്ചിട്ടിട്ടുമാണു് അവൾക്കു വായിക്കാനറിയാം. മൊസ്സ്യു മബെ അവൾക്കു മദർ പ്ളുതാർക് എന്നൊരു ശകാരപ്പേരിട്ടിരുന്നു.

മൊസ്സ്യു മബെയ്ക്കു മരിയുസ്സിന്റെമേൽ ഒരിഷ്ടം തോന്നി, എന്തുകൊണ്ടെന്നാൽ, മരിയുസു് ചെറുപ്പക്കാരനും സൗമ്യശീലനുമായതുകൊണ്ടു് അയാൾ മൊസ്സ്യു മബെയുടെ നാണംകുണുങ്ങിമട്ടിനെ കുലുക്കിമറിക്കാതെ ആ വയസ്സനു് ഒരുന്മേഷമുണ്ടാക്കി. യൗവനം സൗമ്യശീലത്തോടുകൂടിയാൽ, പ്രായംചെന്നവർക്ക് കാറ്റോടുകൂടാത്ത വെയിലിന്റെ ഒരു സുഖം കൊടുക്കുന്നു. യുദ്ധസംബന്ധിയായ മേന്മയും വെടിമരുന്നും സൈന്യയാത്രകളും പിൻതിരിയലുകളും അച്ഛൻ വാങ്ങിയിട്ടുള്ളതും തിരിച്ചുകൊടുത്തിട്ടുള്ളതുമായ അത്തരം കൊടുംവെട്ടുകളോടുകൂടിയ ആ കൂറ്റൻ യുദ്ധങ്ങളും മനസ്സിൽ നിറഞ്ഞുവഴിഞ്ഞാൽ മരിയൂസു് ആ മൊസ്സ്യൂ മബെ കാണാൻ ചെല്ലും; മൊസ്സ്യു മബെയാവട്ടെ, തന്റെ ആരാധനാമൂർത്തിയെപ്പറ്റി, അദ്ദേഹം പുഷ്പങ്ങളുണ്ടാക്കിയിരുന്നതിനെ മുൻനിർത്തി, സംസാരിക്കും

അയാളുടെ സഹോദരനായ മതാചാര്യൻ ഏതാണ്ടു് 1830-ൽ മരിച്ചു; ഉത്തരക്ഷണത്തിൽത്തന്നെ, സന്ധ്യയായാലത്തെ മാതിരി, മൊസ്സ്യു മബെയ്ക്ക് ആകാശാന്തമെങ്ങും ഇരുട്ടടഞ്ഞു. ഒരാധാരമെഴുത്തുകാരന്റെ കൈത്തെറ്റുകൊണ്ടു് അയാൾക്കു പതിനായിരം ഫ്രാങ്ക് നഷ്ടം വന്നു; സഹോദരന്റെയും തന്റേയും അവകാശവഴിയ്ക്ക് അതേ ആകപ്പാടെ അയാൾക്കുണ്ടായിരുന്നുള്ളൂ. ജൂലായി വിപ്ലവം പുസ്തക പ്രസിദ്ധീകരണത്തിനു ഗുണമില്ലാതാക്കി. ക്ഷോഭസമയത്തു സസ്യവർണന ഗ്രന്ഥമാണു് ഒന്നാമതായി ആരും മേടിക്കാതാവുന്നതു്. മബെയുടെ പുസ്തകം വില്ക്കാതായി. പല ആഴ്ചകൾ കഴിഞ്ഞു, പുസ്തകം വാങ്ങാൻ ഒരാളില്ല. ചിലപ്പോൾ മൊസ്സ്യു മബെ പുറത്തെ വാതില്ക്കലെ മുട്ടു കേട്ടു പരിഭ്രമിക്കും മദർ പ്ളുതാർക് വ്യസനത്തോടുകൂടി പറയും, ‘മൊസ്സ്യു, അതു വെള്ളം കൊണ്ടുവരുന്നവനാണു്.’ ചുരുക്കിപ്പറഞ്ഞാൽ മൊസ്സ്യു മബെ ഒരു ദിവസം റ്യു മെസിയെൻ പ്രദേശം വിട്ടു, കാവല്ക്കാരന്റെ പണി രാജിവെച്ചു, പുസ്തകങ്ങളിലല്ല ചിത്രങ്ങളിൽ ഒരു ഭാഗം- അയാൾക്കു ഏറ്റവും പ്രതിപത്തി കുറഞ്ഞ സാധനം-വിറ്റു, ദ്യു മൊങ്ങ് പർനാസ്സു് എന്ന ദിക്കിൽ ചെന്നു താമസമാക്കി; ഏതായാലും അവിടെ രണ്ടുമൂന്നു മാസമേ താമസിച്ചുള്ളൂ; അതിനു രണ്ടു കാരണമുണ്ടു്; ഒന്നാമതു്, താഴത്തെ നിലയ്ക്കും തോട്ടത്തിനുംകൂടി മുന്നൂറു ഫ്രാങ്ക് വാടകയുണ്ടായിരുന്നു; വാടകയ്ക്കായി ഇരുനൂറു് ഫ്രാങ്കിലധികം ചെലവിടാൻ അയാൾ ധൈര്യപ്പെട്ടില്ല; രണ്ടാമതു്, ആ സ്ഥലം ഫതുവിന്റെ വെടിസ്ഥലത്തിനടുത്തായതുകൊണ്ടു് അവിടെ വെടിയുടെ ശബ്ദം കേൾക്കും; അതയാൾക്ക് അസഹ്യമാണു്.

അയാൾ തന്റെ കൃതിയും ശുഷ്കസസ്യശേഖരങ്ങളും ഗ്രന്ഥങ്ങളും പുസ്തകങ്ങളും എല്ലാം എടുത്തു സാൽപെത്രിയേർക്കടുത്തു് ഓസ്തെർലിത്സു് ഗ്രാമത്തിൽ ഒരുതരം ഓലമേഞ്ഞ വീട്ടിൽ താമസമുറപ്പിച്ചു; അവിടെ കൊല്ലത്തിൽ അമ്പതു് ക്രൗണിനു [3] മൂന്നു മുറിയും ഒരു കിണറുമുള്ള വേലിക്കകം തോട്ടവും കിട്ടി. ഈ താമസമാറ്റത്തോടുകൂടി വീട്ടുസാമാങ്ങൾ ഒട്ടുമുക്കാലും വില്ക്കാൻ തരംവന്നു. പുതുഭവനത്തിൽ താമസമാക്കിയ ദിവസം അയാൾക്കു വലിയ ഉന്മേഷമായിരുന്നു; തന്റെ ചിത്രപടങ്ങളും കൂടിട്ട ശുഷ്കസസ്യശേഖരങ്ങളും തൂക്കുവാൻ അയാൾ തന്റെ കൈകൊണ്ടുതന്നെ ആണി തറച്ചു; ബാക്കി പകൽസ്സമയം മുഴുവനും തോട്ടത്തിൽ കിളച്ചു; രാത്രി മാർ പ്ളുതാർക് ഒരു കുണ്ഠിതത്തോടുകൂടി ആലോചനയിൽ മുങ്ങിയിരിക്കുന്നതു് കണ്ടു് അവളുടെ ചുമലിൽ കൈവച്ച് അയാൾ ഒരു പുഞ്ചിരിയിട്ടു പറഞ്ഞു: ‘നമുക്ക് അമരിയായി.’

ഓസ്തെർലിത്സിലെ ഓലമേഞ്ഞ വീട്ടിൽ അയാൾ പൊർത്തസാങ്ങ്-ഴാക്കിലെ പുസ്തകവ്യാപാരിയേയും മരിയുസ്സിനേയും മാത്രമേ കാണാൻ സമ്മതിച്ചിരുന്നുള്ളു-വാസ്തവം പറഞ്ഞാൽ ആ ഓസ്തെർലിത്സു് എന്ന തകരാറുപിടിച്ച പേരു് അയാൾക്ക് ഒട്ടും രസിച്ചിരുന്നില്ല.

ഏതായാലും, ഞങ്ങൾ മുൻപു സൂചിപ്പിച്ചതുപോലെ ഒരു കഷ്ണം ജ്ഞാനത്തിലോ കഥയില്ലായ്മയിലോ, അല്ലെങ്കിൽ പലപ്പോഴും കാണുന്നതുപോലെ ഒരേ സമയത്തു രണ്ടിലും കൂടിയോ മുഴുകിയിരിക്കുന്ന തലച്ചോറുകൾ ലൗകികസംഗതികളിലേക്കു വളരെ പതുക്കെയേ കടക്കാറുള്ളൂ. സ്വന്തം കർമഫലംതന്നെ അവർക്കു വളരെ ദൂരപ്പെട്ട ഒന്നാണു്. ബുദ്ധിയുടെ അത്തരം ഏകാഗ്രതയിൽ ഒരൗദാസീന്യം പുറപ്പെടുന്നു; അതു് ആലോചനയുടെ ഫലമായിരുന്നുവെങ്കിൽ തത്ത്വജ്ഞാനത്തോടൊത്തേനേ, മോശമാവുന്നു, കീഴ്പോട്ടിടിയുന്നു, ചോർന്നുപോവുന്നു, ഉതിർന്നുപോകുകകൂടി ചെയ്യുന്നു. എന്തായാലും അയാൾ അതറിയുന്നില്ല. അതെപ്പോഴും ഒരുണർവിൽ ചെന്നവസാനിക്കുന്നു, വാസ്തവം തന്നെ; പക്ഷേ, ആ ഉണർവു് മന്ദഗതിക്കാരനാണു്. ആയിടയ്ക്കു നമ്മുടെ സുഖവും നമ്മുടെ ദുഃഖവുമായി നടക്കുന്ന ചൂതുകളിൽ നാം ഉദാസീനരായി നിന്നു എന്നു് തോന്നിപ്പോവും, പണയം നമ്മളാണു്; എന്നിട്ടും കളി നമ്മൾ ഉദാസീനമായി നോക്കുന്നു.

ഇങ്ങനെയാണു്, മൊസ്സ്യു മബെ തന്റെ ചുറ്റും വന്നടിഞ്ഞ മേഘപടലത്തിനിടയിൽ തന്റെ എല്ലാ ആഗ്രഹങ്ങളും ഒന്നൊന്നായി നശിച്ചുപോയിട്ടും കൂട്ടാക്കാതെ തികച്ചും ഗൗരവത്തോടുകൂടി നിന്നുപോന്നതു്. അയാളുടെ മനോവൃത്തികൾക്ക് ഒരു ഘടികാരക്കട്ടിയുടെ ആട്ടക്രമമുണ്ടു്. ഒരു കമ്പത്തിന്മേൽ കയറിയാൽപ്പിന്നെ, ആ കമ്പം പൊയ്ക്കഴിഞ്ഞാലും വളരെക്കാലത്തേക്ക് അയാൾ ആ നിലയ്ക്കേ ആടും. താക്കോൽ കൊടുത്തു കഴിഞ്ഞു എന്നുവെച്ചു നാഴികമണി ആ ക്ഷണത്തിൽത്തന്നെ നിന്നുകൊള്ളണമെന്നില്ല.

മൊസ്സ്യു മബെയ്ക്കു ചില നിരുപദ്രവങ്ങളായ വിനോദങ്ങളുമുണ്ടു്. ഈ വിനോദങ്ങൾ ചെലവില്ലാത്തവയും തീരേ ആലോചിച്ചിരിക്കാത്തവയുമാണു്. ഒരു ദിവസം മദർ പ്ളുതാർക് മുറിയുടെ ഒരു മൂലയ്ക്കിരുന്നു് ഒരു കെട്ടുകഥ വായിക്കുകയാണു് കാര്യം മനസ്സിലാവാൻ അധികം നന്നെന്നുവെച്ച് അവൾ ഉറക്കെ വായിക്കുന്നുണ്ടു് ഉറക്കെയുള്ള വായന എന്താണു് വായിക്കുന്നതെന്നുള്ളതിനെ സ്വയം ഉറപ്പിക്കലാണു് അത്യുച്ചത്തിൽ വായിക്കുന്ന ചിലരുണ്ടു്; അവർ വായിച്ചു മനസ്സിലാക്കുന്നതു് ഇന്നതാണെന്നു് സ്വയം സത്യം ചെയ്യുകയാണെന്നു തോന്നും.

ഇത്തരം ശ്രമത്തോടുകൂടിയാണു് മദർ പ്ളുതാർക് തന്റെ കൈയിലുള്ള കഥാഗ്രന്ഥം വായിച്ചിരുന്നതു്. വായിക്കുന്നതിൽ ചെവി കൊടുക്കാതെ മൊസ്സ്യുമബെ അവളുടെ വായന കേട്ടു.

വായനയ്ക്കിടയിൽ മദർ പ്ളുതാർക് ഇങ്ങനെയൊരു വാക്യമധ്യത്തിലെത്തി. കുതിരപ്പട്ടാളത്തിലെ ഒരു മേലുദ്യോഗസ്ഥനേയും ഒരു സുന്ദരിയേയും സംബന്ധിച്ച ഒന്നാണു് വിഷയം.

‘-സുന്ദരി (ബ്യൂട്ടി) ചുണ്ടു പിളുത്തി; കുതിരപ്പടയാളി (ഡ്രാഗൂൺ)-’ ഈ ഘട്ടത്തിൽ അവൾ കണ്ണടച്ചില്ലു തുടയ്ക്കുവാൻ വായന നിർത്തി. ‘ബുദ്ധനും പൊട്ടിപ്പിശാചും,’ മബെ ഒരു താന്ന സ്വരത്തിൽ തിരക്കിക്കൂട്ടി പറഞ്ഞു, ‘അതേ, വാസ്തവത്തിൽ ഒരു പൊട്ടിപ്പിശാചുണ്ടായിരുന്നു; അതു ഗുഹയുടെ ഉള്ളിൽനിന്നു് ആമാശയത്തിലൂടെ തീജ്വാലവമിച്ച് ആകാശം മുഴുവനും കത്തിച്ചു. ഈ പിശാചു പല നക്ഷത്രങ്ങളേയും വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; പോരാത്തതിനു നരിയുടെ നഖങ്ങളും അതിന്നുണ്ടു്. ബുദ്ധൻ ആ ചെകുത്താന്റെ ഗുഹയിലേക്കു ചെന്നു; ആ പിശാചിനെ ‘മാർഗംകൂട്ടി.’ മദർ പ്ളുകാർക്, നിങ്ങൾ വായിക്കുന്ന പുസ്തകം തരക്കേടില്ല. ഇതിലധികം നല്ല ഇതിഹാസം ഭൂമിയിലില്ല.’ മൊസ്സ്യു മബെ ഒരു പരമാനന്ദമയമായ മനോരാജ്യത്തിൽ മുഴുകി.

കുറിപ്പുകൾ

[1] പോപ്പിന്റെ അരമനയിൽ സിറ്റെൻ എന്ന പോപ്പു് പണിചെയ്തിട്ടുള്ളതും പിന്നീടു് മൈക്കൽ ഏൻജൊലൊവും മറ്റുകൂടി ചിത്രപടങ്ങളെക്കൊണ്ടു ഭംഗിയിൽ അലങ്കരിച്ചിട്ടുള്ളതുമായ ഒരു സുപ്രസിദ്ധ പള്ളി.

[2] ഗ്രിഗെറിയൊ അല്ലെഗ്രി- ഒരു ഇല്ലാറ്റിയൻ ഗ്രന്ഥകർത്താവ്.

[3] രണ്ടര ഉറുപ്പികയ്ക്കുള്ള ഒരു നാണ്യം.

3.5.5
ദാരിദ്ര്യം കഷ്ടപ്പാടിനു് നല്ല ഒരയൽപ്പക്കക്കാരൻ

ദാരിദ്ര്യത്തിന്റെ പിടുത്തത്തിലേക്കു ക്രമത്തിൽ വീണുപോകുന്നതു കണ്ടു് ഒട്ടും തന്നെ കുണ്ഠിതപ്പെടാതെ കുറേശ്ശക്കുറേശ്ശയായി അത്ഭുതപ്പെടുക മാത്രം ചെയ്തു പോന്ന ഈ നിഷ്കളങ്കവയസ്സനെ മരിയുസ്സിനു് ഇഷ്ടമായിരുന്നു. മരിയുസു് കുർഫെരാക്കിനെ കണ്ടെത്താറുണ്ടു്; മബെയെ ചെന്നു കാണും. എന്തായാലും അപൂർവമായിട്ടേ ഉള്ളൂ; ഏറിയാൽ മാസത്തിൽ രണ്ടുകുറി.

നാട്ടുപുറങ്ങളിലോ ഷാംപു് ദു് മാരിലോ ലുക്സെംബൂറിലെ ഏറ്റവും ആൾക്കൂട്ടം കുറഞ്ഞ നടവഴിയിലോ തനിച്ചു നടക്കുന്നതുകൊണ്ടു കഴിഞ്ഞു മരിയുസ്സിന്റെ വിനോദം. ഒരു ചന്തപ്പറമ്പോ, ഉവർച്ചീരക്കൃഷിയോ ചാണകക്കുണ്ടിലെ കോഴിക്കുട്ടികളേയോ, തേക്കുയന്ത്രം തിരിക്കുന്ന കുതിരയേയോ നോക്കി പലപ്പോഴും അയാൾ അര ദിവസം കഴിക്കും. അതിലെ പോകുന്നവർ അയാളെ അത്ഭുതപ്പെട്ടു തുറിച്ചുനോക്കും; അവരിൽ ചിലർ അയാളുടെ ഉടുപ്പു നല്ല പന്തിയല്ലെന്നും ഭാവം കണ്ടാൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്നും വിചാരിക്കും. ഒരുദ്ദേശ്യവുമില്ലാതെ മനോരാജ്യം വിചാരിക്കുന്ന ഒരു സാധു ചെറുപ്പക്കാരൻ മാത്രമായിരുന്നു അയാൾ.

ഈ സഞ്ചാരങ്ങളിലൊന്നിലാണു് അയാൾ ഗോർബൊവീടു കണ്ടെത്തിയതു്; അതിന്റെ ഏകാന്തതയും ചെലവുകുറവും കണ്ടു ഭ്രമംതോന്നി അയാൾ അവിടെ പാർപ്പാക്കി. മൊസ്സ്യു മരിയുസു് എന്ന പേരിൽ മാത്രമേ അവിടെ ആളുകൾ അയാളെ അറിഞ്ഞിരുന്നുള്ളൂ.

അച്ഛന്റെ പഴയ മേലുദ്യോഗസ്ഥന്മാരും ചങ്ങാതിമാരും അയാളെ അറിഞ്ഞപ്പോൾ തങ്ങളെ വന്നു കാണുവാൻ ക്ഷണിച്ചു. മരിയുസു് അവരുടെ ക്ഷണങ്ങളെ നിരസിച്ചില്ല. അവ അച്ഛനെപ്പറ്റി സംസാരിപ്പാൻ സൗകര്യമുണ്ടാക്കി. അങ്ങനെ അയാൾ കൊംതു് പയോൽ, ജെനറൽ ബെല്ലവെൻ, ജെനറൽ ഫ്രിരിയൊങ്ങ് എന്നിവരുടെ വാസസ്ഥലങ്ങളിൽ ചെന്നു. അവിടെ പാട്ടുകച്ചേരിയും നൃത്തവിനോദവും ഉണ്ടായിരുന്നു. ആവക ദിവസങ്ങളിൽ മരിയുസു് തന്റെ പുതിയ പുറംകുപ്പായം എടുത്തിടും. എന്നാൽ വെള്ളം ഉറച്ചുപോകുന്ന തണുപ്പത്തല്ലാതെ ഒരു ദിവസവും അയാൾ ഈവക വിരുന്നുകൾക്കോ വിനോദങ്ങൾക്കോ പോയിട്ടില്ല; എന്തു കൊണ്ടെന്നാൽ, അയാൾക്കു സവാരിവണ്ടി വിളിക്കാൻ വകയില്ല; ബൂട്ടുസ്സുകൾ കണ്ണാടിച്ചില്ലുപോലെ മിന്നിച്ചുംകൊണ്ടല്ലാതെ മറ്റൊരു വീട്ടിൽ കയറിച്ചെല്ലാൻ അയാൾക്കിഷ്ടവുമില്ല.

അയാൾ ചിലപ്പോൾ പക്ഷേ, നീരസത്തോടുകൂടാതെ ഇങ്ങനെ പറയും: ‘ഇരിപ്പറകളിലാവുമ്പോൾ, എവിടെയെല്ലാം ചളി പറ്റിയാലും കാലിന്മേൽമാത്രം വൃത്തികേടുണ്ടാവാൻ പാടില്ലെന്ന നിലയിലാണു് മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളതു്. അവിടങ്ങളിൽ നിങ്ങൾക്കു സമര്യാദമായ സ്വീകാര്യം കിട്ടുമെന്നു തീർച്ചപ്പെടാൻ ഒരു കോട്ടവുമില്ലാത്ത ഒരു സാധനംമാത്രം നിങ്ങൾക്കുണ്ടായിരിക്കണം; നിങ്ങളുടെ മനസ്സാക്ഷി? അല്ല, നിങ്ങളുടെ ബൂട്ടുസ്സുകൾ.’

ഹൃദയസംബന്ധികളല്ലാത്ത മറ്റെല്ലാ വികാരങ്ങളും മനോരാജ്യംകൊണ്ടു് പൊയ്പോകുന്നു. മരിയുസ്സിന്റെ രാഷ്ട്രീയാവലാതികൾ ഇങ്ങനെ മാറിപ്പോയി. ‘830- ലെ ഭരണപരിവർത്തനം അയാളെ തൃപ്തിപ്പെടുത്തുകയും സമാധാനപ്പെടുത്തുകയും ചെയ്തു, ആ ആവലാതി മാറ്റത്തിൽ സഹായിച്ചു. ശുണ്ഠികടിച്ചുചാടലുകൾ നിലച്ചു; മറ്റു സ്വഭാവങ്ങളെല്ലാം അയാൾക്ക് അപ്പോഴും; ഒന്നുമാത്രം, കുറച്ചു പാകംവെച്ചു. തെറ്റാതെ പറകയാണെങ്കിൽ, അയാൾക്ക് അഭിപ്രായങ്ങളൊന്നും ഇല്ലാതായി; അയാൾക്ക് ഓരോന്നിനോടു് ഇഷ്ടം മാത്രമുണ്ടു്. അയാൾ ഏതു കക്ഷിയായിരുന്നു. മനുഷ്യസമുദായകക്ഷി. മനുഷ്യസമുദായത്തിൽനിന്നു് അയാൾ ഫ്രാൻസു് തിരഞ്ഞെടുത്തു; ഫ്രാൻസുകാരിൽനിന്നു് അയാൾ പൊതുജനത്തെ തിരഞ്ഞെടുത്തു; എല്ലാറ്റിലും വെച്ച് ആ ഒരു ഭാഗത്തേക്കാണു് അയാളുടെ അനുകമ്പ മുഴുവനും ചാഞ്ഞിരുന്നതു്. അപ്പോൾ ഒരു പ്രവൃത്തിയെക്കാളധികം ഒരാലോചനയേയും, ഒരു യുദ്ധവീരനെക്കാളധികം ഒരു കവിയേയും അയാൾ ഇഷ്ടപ്പെട്ടു; മാറെൻഗൊ യുദ്ധത്തെക്കാളധികം ഒരു ബൈബിളിലെ യോബ് പോലെയുള്ള ഒരു പുസ്തകത്തെ അയാൾ അഭിനന്ദിച്ചു. അങ്ങനെ ഒരു ദിവസം മുഴുവനും ധ്യാനത്തിൽ കഴിച്ചു കൂട്ടിയതിനുശേഷം, വൈകുന്നേരം നാട്ടുപുറത്തൂടെ മടങ്ങിപ്പോരുമ്പോൾ, മരച്ചില്ലകൾക്കിടയിലൂടെ ആഴമറിയാത്ത ദിഗന്തരത്തെ, പേരില്ലാത്ത ഇരുൾപ്പരപ്പുകളെ, പാതാളത്തെ, മാനുഷം മാത്രമായ സകലവും അയാൾക്കു വളരെയധികം നിസ്സാരമായി തോന്നിയിരുന്നു.

ജീവിതത്തിന്റേയും മാനുഷികതത്ത്വശാസ്ത്രത്തിന്റേയും പരമാർഥാവസ്ഥയിൽ താൻ എത്തിയിരിക്കുന്നു എന്നു് അയാൾ കരുതി. വാസ്തവത്തിൽ എത്തിയിരുന്നുതാനും, ഒടുവിൽ ആകാശത്തെ മാത്രമല്ലാതെ മറ്റൊന്നിനേയും അയാൾ സൂക്ഷിച്ചു നോക്കാതായി; സത്യത്തിൽ തന്റെ കിണറ്റിനുള്ളിൽനിന്നു നോക്കിയാൽ കാണാവുന്ന വസ്തു അതൊന്നുമാത്രമാണല്ലോ. യുക്തികളേയും കൂട്ടുകെട്ടുകളേയും ഉയരക്കോപ്പുകളേയും ഭാവിയിലേക്കുള്ള സൂത്രങ്ങളേയും പെരുപ്പിക്കാൻ ഇതുകൊണ്ടു തടസ്സം വന്നില്ല. ഈ മനോരാജ്യസമയത്തു മരിയുസ്സിന്റെ അന്ത:കരണത്തിലേക്ക് ഒരുനോക്കു നോക്കുന്നപക്ഷം, ആ ആത്മാവിന്റെ ശുദ്ധികൊണ്ടു കണ്ണഞ്ചിപ്പോവും. വാസ്തവത്തിൽ നമ്മുടെ മാംസദൃഷ്ടികൾക്കു മറ്റുള്ളവരുടെ അന്ത:കരണത്തിലേക്കു സൂക്ഷിച്ചുനോക്കുവാൻ കഴിവുണ്ടായിരുന്നെങ്കിൽ, വിചാരിക്കുന്നതെന്തോ അതനുസരിച്ചല്ല, മനോരാജ്യം കൊള്ളുന്നതെന്തോ അതനുസരിച്ചു മനുഷ്യരെ കുറേക്കൂടി തെറ്റാതെ നമുക്ക് മനസ്സിലാക്കാമായിരുന്നു വിചാരത്തിൽ ഇച്ഛയുണ്ടു്; മനോരാജ്യത്തിൽ ഒന്നുമില്ല; കേവലം അനൈച്ഛികമായ മനോരാജ്യം. ഏറ്റവും മഹത്തരവും ആദർശപരവുമായതിൽപ്പോലും, നമ്മുടെ ആത്മാവിന്റെ രൂപമെടുത്തു് അതിനെ നിലനിർത്തിപ്പോരുന്നു. ഈശ്വരവിധിയുടെ വൈശിഷ്ട്യങ്ങളെപ്പറ്റിയുള്ള അനൈച്ഛികങ്ങളും അപാരങ്ങളുമായ മനോരാജ്യങ്ങളെക്കാൾ അത്രമേൽ ഋജുത്വത്തോടും അത്രമേൽ നിഷ്കളങ്കതയോടും കൂടി മറ്റൊന്നും നമ്മുടെ ആത്മാക്കളുടെ അഗാധതയിൽനിന്നു പുറപ്പെടുന്നില്ല. മനഃപൂർവങ്ങളും ബുദ്ധികൊണ്ടു് സങ്കലിതങ്ങളുമായ ആലോചനകളെക്കാൾ വളരെയധികം ഇത്തരം മനോരാജ്യങ്ങളിലാണു് മനുഷ്യന്റെ വാസ്തവസ്വഭാവം കാണപ്പെടുന്നതു്. നമ്മളുമായി ഏറ്റവുമധികം അനുരൂപ്യമുള്ള വസ്തുക്കൾ നമ്മുടെ മനോരാജ്യങ്ങളാണു്. നമ്മളിൽ ഓരോരുത്തനും അവനവന്റെ പ്രകൃതിയനുസരിച്ച് അജ്ഞാതവും അസാധ്യവുമായതിനെക്കുറിച്ചു സ്വപ്നം കാണുന്നുണ്ടു്.

ഈ 1831-ന്റെ മധ്യത്തിൽവെച്ചു, മരിയുസ്സിന്റെ പരിചാരകപ്രവൃത്തി നടത്തിയിരുന്ന കിഴവിസ്ത്രീ അയാളുടെ അയൽപക്കക്കാരായ സാധുഴൊൻദ്രെതു് കുടുംബക്കാർ വീട്ടിൽനിന്നു പുറത്താക്കപ്പെട്ടതായി അയാളോടു പറഞ്ഞു. മിക്കപ്പോഴും വീട്ടിൽനിന്നു പുറത്തുകഴിഞ്ഞിരുന്ന മരിയുസ്സിനു ചില അയൽപക്കക്കാർ തനിക്കുണ്ടെന്നുതന്നെ അറിവില്ലായിരുന്നു.

‘എന്തെ, അവരെ പറഞ്ഞയയ്ക്കാൻ?’ അയാൾ ചോദിച്ചു.

‘അവർ വാടക തരുന്നില്ല; ആറുമാസത്തെ ബാക്കിയാണു്.’

‘എന്തുണ്ടതു്?’ ‘ഇരുപതു ഫ്രാങ്ക്.’ ആ കിഴവി പറഞ്ഞു. മരിയുസ്സിന്റെ ഒരു വലിപ്പുമേശയിൽ മുപ്പതു് ഫ്രാങ്ക് മുതലുണ്ടായിരുന്നു.

‘ഇതാ,’ അയാൾ അ വൃദ്ധയോടു പറഞ്ഞു: “ഈ ഇരുപത്തഞ്ചു ഫ്രാങ്കെടുത്തോളൂ. അവരുടെ വാടക കഴിച്ചു ബാക്കി അഞ്ചു ഫ്രാങ്ക് ആ സാധുക്കൾക്കു കൊടുത്തേക്കൂ; ഞാനാണു് തന്നതെന്നു് അവരോടു പറയരുതു്.’

3.5.6
പകരക്കാരൻ

ലെഫ്റ്റിനന്റു് തെയൊദുൽ ചേർന്ന പട്ടാളവകുപ്പിനു പാറാവു പ്രവൃത്തിക്കു പാരിസ്സിൽ വരേണ്ടിവന്നു. അപ്പോൾ വലിയമ്മയ്ക്കു രണ്ടാമതും ഒരു യുക്തി തോന്നി. ആദ്യത്തിലൊരിക്കൽ തെയൊദുലിനെക്കൊണ്ടു മരിയുസ്സിന്റെ പ്രവൃത്തികൾക്ക് ഒറ്റുനിർത്താമെന്നു് ഒരു കൗശലം അവൾ കണ്ടുപിടിച്ചുവല്ലോ; ഇപ്പോൾ അയാളെ പിടിച്ചു മരിയുസ്സിന്റെ സ്ഥാനത്തിരുത്താമെന്നും അവൾക്കൊരാലോചന ചെന്നു.

എല്ലാംകൂടി, വീട്ടിൽ ഒരു കുട്ടിയുടെ മുഖം ഏതാണ്ടു് കൂടിയേ കഴിയൂ എന്നു മുത്തച്ഛന്നു തോന്നിത്തുടങ്ങുന്നപക്ഷംഇടിഞ്ഞുതകർന്നേടത്തു് ഇത്തരം പുലർകാലവെളിച്ചം ചിലപ്പോൾ രസമുണ്ട്- മറ്റൊരു മരിയുസ്സിനെ കണ്ടുവെക്കുന്നതു് അത്യാവശ്യമാണു്. അവൾ വിചാരിച്ചു: ‘പുസ്തകത്തിൽ കാണാറുള്ളതുപോലെ, അതൊരു വെറും ശുദ്ധിപത്രത്തിലെ വരിയെന്നു വെച്ചാൽ മതി. മരിയുസ്സിനു പകരം തെയൊദുൽ എന്നു വായിക്കുക.’

മകളുടെ മകനും മരുമകന്റെ മകനും ഏതാണ്ടു് ഒന്നുതന്നെയാണു്; വക്കീലില്ലാത്തതുകൊണ്ടു് ആ സ്ഥാനത്തേക്ക് ഒരു കുന്തപ്പടയാളി.

ഒരുദിവസം രാവിലെ ഗിൽനോർമാൻ ‘കോത്തിദിയെന്നു്’ പത്രത്തിൽ എന്തോ വായിക്കാൻ തുടങ്ങുന്ന സമയത്തു് അദ്ദേഹത്തിന്റെ മകൾ ആ മുറിയിലേക്കു ചെന്നു, തമിക്കുള്ളതിൽവെച്ച് ഏറ്റവും വാത്സല്യസൂചകമായ സ്വരത്തിൽ പറഞ്ഞു- എന്തുകൊണ്ടെന്നാൽ, കാര്യം അവൾക്ക് അത്യന്തം ഇഷ്ടപ്പെട്ട ആളെപ്പറ്റിയായിരുന്നുവല്ലൊ- ‘അച്ഛാ, അച്ഛനെ കണ്ടുപോവാൻവേണ്ടി ഇന്നു രാവിലെ തെയോദുൽ വരുന്നുണ്ടു്.’

‘ആരാണു് തെയൊദുൽ?’ ‘അച്ഛന്റെ മരുമകന്റെ മകൻ.’ ‘ഓ!’ മമുത്തച്ഛൻ പറഞ്ഞു.

അദ്ദേഹം വീണ്ടും വായനയിൽ പ്രവേശിച്ചു; ഏതോ തെയൊദൂലോ മറ്റോ മാത്രമായിരുന്ന മരുമകന്റെ മകനെപ്പറ്റി അദ്ദേഹം പിന്നെ ആലോചിച്ചതേ ഇല്ല; ഉടനെ ശുണ്ഠിപിടിച്ചു ലഹളകൂട്ടി- വായിക്കാൻ തുടങ്ങിയാൽ എന്നും ഇതു പതിവുള്ളതാണു്. അദ്ദേഹം കൈയിൽപ്പിടിച്ചിരുന്ന കടലാസു് രാജകക്ഷിയിലുള്ളതാണെങ്കിലും, അക്കാലത്തു പാരിസ്സിൽ ദിവസംപ്രതി ഉണ്ടാകുന്ന ചെറുസംഭവങ്ങളിൽ ഒന്നായ ഈ സംഗതി പിറ്റേ ദിവസം നടക്കുന്നതാണെന്നു, മയപ്പെടുത്തുന്ന യാതൊരു വാചകവും കൂട്ടിച്ചേർക്കാതെ, പ്രസിദ്ധീകരിച്ചിരിക്കുന്നു: ‘നിയമവും വൈദ്യവും പഠിക്കുന്ന വിദ്യാർഥികൾ പ്ലാസു് ദ്യു പങ്ങ്തിയോവിൽവെച്ച് ഉച്ചയ്ക്കു ക്കു കാര്യാലോചനയ്ക്കായി യോഗം കൂടുവാൻ നിശ്ചയിച്ചിരിക്കുന്നു.’ ആലോചനയ്ക്കു വെച്ചിരുന്നതു് അന്നത്തെ പ്രധാന വിഷയമാണ്- രാഷ്ട്രീയ രക്ഷിസംഘത്തിലെ പീരങ്കിപ്പടയും, ലുവൃകോട്ടമുറ്റത്തു വെച്ചിട്ടുള്ള പീരങ്കിയെപ്പറ്റി യുദ്ധമന്ത്രിയും പൗരപ്പട്ടാളവും കൂടിയുള്ള ശണ്ഠയും. വിദ്യാർഥികൾ ഇതിനെപ്പറ്റി “ആലോചിക്കാൻ’ പോകയാണു്. മൊസ്സ്യു ഗിൽനോർമാനെ ശുണ്ഠിപിടിപ്പിക്കാൻ ഇതിലധികമൊന്നും വേണ്ടിയിരുന്നില്ല.

ഒരു വിദ്യാർഥിയായിരുന്ന മരിയുസ്സിനെപ്പറ്റി അദ്ദേഹം വിചാരിച്ചു; മരിയുസു് ഒരു സമയം മറ്റുള്ളവരോടുകൂടി ‘പങ്ങ്തിയോവിൽ വെച്ച് ഉച്ചയ്ക്കുള്ള കാര്യാലോചനയ്ക്ക്’ പോകുന്നുണ്ടായിരിക്കണം.

അദ്ദേഹം ഈ വ്യസനകരമായ മനോരാജ്യത്തിൽ മുങ്ങുമ്പോൾ, ലെഫ്റ്റിനന്റു് തെയൊദുൽ ഒരു നാടുവാഴിയുടെ മോടികൂടാത്ത ഉടുപ്പിട്ട്- അതയാളുടെ സാമർഥ്യമാണു്; മദാംവ്വസ്സേല്ലു് ഗിൽനോർമാൻ അയാൾക്കു ബുദ്ധിപൂർവം ഉപദേശം കൊടുക്കുകയും ചെയ്തു- അകത്തേക്കു വന്നു. കുന്തപ്പടയാളി ഇങ്ങനെ ഉള്ളു കൊണ്ടു കണ്ടു; ‘കിഴവച്ചാർ പണം മുഴുവനും വസ്തുക്കളിൽനിന്നു പിരിച്ചുകളഞ്ഞു കഴിഞ്ഞിട്ടില്ല. പട്ടാളവേഷത്തിലല്ലാതെ വേഷച്ഛന്നനായി ഇടയ്ക്കൊക്കെ നടക്കുന്നതുകൊണ്ടു ഗുണമുണ്ടു്’

മാംസെൽ ഗിൽനോർമാൻ ഉച്ചത്തിൽ അച്ഛനോടു പറഞ്ഞു. ‘തെയൊദൂൽ. അച്ഛന്റെ മരുമകന്റെ മകൻ.’ ഒരു താന്ന സ്വരത്തിൽ ലഫ്റ്റിനന്റിനോടും: ‘പറയുന്നതൊക്കെ സമ്മതിച്ചേക്കു’ അവൾ പുറത്തേക്കു പോയി.

ഇത്തരം ബഹുമാനം കാണിക്കേണ്ട കൂടിക്കാഴ്ച അധികമൊന്നും ചെയ്തു ശീലമില്ലാത്ത തെയാസുൽ കുറച്ചു ഭയത്തോടുകൂടി വിക്കിപ്പറഞ്ഞു: ‘അമ്മാമ സുഖംതന്നെ?-; ഒരു പട്ടാളസ്സലാത്തിന്റെ എല്ലും തോലുമെടുത്തു് ഒരു നാടുവാഴിയുടെ ഉപചാരമാക്കി ഭംഗിപിടിപ്പിച്ച ഒരു വന്ദനം അയാൾ കാണിച്ചു.

‘ഹോ! നിയ്യാണു്; നന്നായി, ഇരിക്കൂ’ ആ മാനവൃദ്ധൻ പറഞ്ഞു. ഇതും പറഞ്ഞ് ആ കുന്തപ്പടയാളിയുടെ കഥ അദ്ദേഹം തീരെ മറന്നു.

തെയാദുൽ ഇരുന്നു; മൊസ്സ്യു ഗിൽനോർമാൻ എഴുന്നേറ്റു.

കൈ രണ്ടും ഓരോ കീശയിൽ തിരുകി ഉറക്കെ സംസാരിച്ചുകൊണ്ടു ചുക്കിചുളിഞ്ഞ വിരലുകളാൽ രണ്ടു ഘടികാരക്കീശകളിലുള്ള ഘടികാരങ്ങളെ ദ്വേഷ്യപ്പെട്ടു പിടിച്ചുവലിച്ചുംകൊണ്ടു് മൊസ്സ്യു ഗിൽനോർമാൻ അങ്ങോട്ടുമിങ്ങോട്ടും ലാത്താൻ തുടങ്ങി.

‘അ ചെക്കന്മാർ! ആ പങ്ങ്തിയോവിൽ സഭ കൂടാൻ പോകുന്നു! എന്നെത്തന്നെയാണ്! ഇന്നലെ വരെ വളർത്തമ്മമാരുടെ കൂടെയിരുന്ന പിള്ളർ! അവരുടെ മൂക്കു പിടിച്ചു ചീറ്റിയാൽ, മുലപ്പാൽ പുറത്തേക്കു ചാടും അവർ നാളെ ഉച്ചയ്ക്കു ആലോചന നടത്തുന്നു. എവിടേക്കാണു് നമ്മൾ ചെല്ലുന്നതു്? ഒരു കാട്ടുകുണ്ടിൽ ചെന്നു ചാടാനാണു് യാത്ര, സംശയമില്ല വികൃതികളൊക്കെക്കൂടി അവിടെ കൊണ്ടു ചാടിച്ചു. രാഷ്ട്രീയസൈന്യത്തിന്റെ പീരങ്കിപ്പട്ടാളത്തെപ്പറ്റി ആലോചിക്കുക! രാഷ്ട്രീയസേനയുടെ നിലയെക്കുറിച്ച് ഒരു മൊട്ടപ്പറമ്പിൽ ചെന്നു നിന്നു ചിലക്കുക! ആരൊക്കെക്കൂടിയാണു് അവിടെവെച്ചു കൂടിയാലോചന! രാജ്യദ്രോഹം ആളുകളെ എവിടെക്കൊണ്ടെത്തിക്കുന്നു, നോക്കൂ. എന്തും, വേണമെങ്കിൽ ഒരു പത്തുലക്ഷം, ഞാൻ വാതുവെക്കാം, തടവിൽനിന്നു പോന്നവരും തണ്ടുവലിശ്ശിക്ഷയിൽനിന്നു വിട്ടു ചാടിയവരുമല്ലാതെ മറ്റാരും അവിടെയുണ്ടായിരിക്കില്ല. പ്രജാധിപത്യകക്ഷിക്കാരും തടവുപുള്ളിക്കാരും- ഒരു നുകത്തിനു നല്ല പാകം. കുർനൊ [1] പറയാറുണ്ടു്; ‘രാജ്യദ്രോഹി, ഞാനെവിടെ പോണമെന്നാണു് മോഹം?’ ഫുഷ് [2] മറുപടി പറഞ്ഞു: ‘ഉശിരില്ലാത്തവനേ, ഇഷ്ടമുള്ള ദിക്കിൽ!’ ഇതാണു് പ്രജാധിപത്യകക്ഷി എന്നുവെച്ചാൽ.’

‘വാസ്തവമാണു്,’ തെയൊദുൽ പറഞ്ഞു. മൊസ്സ്യു ഗിൽനോർമാൻ ഒന്നു തിരിഞ്ഞുനോക്കി, തെയൊദൂലെ കണ്ടു; വീണ്ടും തുടങ്ങി ‘ആ അധികപ്രസംഗി ഇങ്ങനെ ഒരു തെമ്മാടിയായിത്തീർന്നല്ലോ! നിയ്യെന്തിനു് എന്റെ വീട്ടിൽനിന്നു പോയി? ഓടിച്ചെന്നു പ്രജാധിപത്യകക്ഷിയിൽ ചേരാൻ! ഛട്ടു്; ഒന്നാമതു് നിന്റെ ജനപ്രാതിനിധ്യഭരണത്തെ ജനങ്ങൾക്കാർക്കും ആവശ്യമില്ല; ആളുകൾക്കു കുറച്ചു ബുദ്ധിയുണ്ടു്; ഏതു കാലത്തും രാജാക്കന്മാർ ഉണ്ടായിരുന്നു എന്നും ഇനി ഏതു കാലത്തും ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നും അവർക്കറിയാം. പൊതുജനങ്ങൾ എന്നുവെച്ചാൽ വെറും പൊതുജനങ്ങളാണെന്നു് എനിക്കറിയാം; നിന്റെ ജനാധിത്യഭരണത്തെ അവർ കളിയാക്കുകയാണ്- മനസ്സിലാകുന്നുണ്ടോ, കഴുതേ? ഇതൊരു വല്ലാത്ത കമ്പമല്ലേ? പെർദൂഷിന്റെ മേൽ കമ്പം പിടിക്കുക, ശിരച്ഛേദനയന്ത്രത്തെ പ്രേമത്തോടുകൂടി കടാക്ഷിക്കുക, കെട്ടുകഥകളും പാടി നടക്കുക, ഭരണപരിവർത്തനത്തിന്റെ മൂർദ്ധന്യമായ 1793- ന്റെ ജനാലപ്പുറന്തട്ടിലിരുന്നു വീണവായിക്കുക- ഈ ചെറുപ്പക്കാർ കഴുതകളുടെയൊക്കെ മുകറടച്ച് ഓരോ തുപ്പുതുപ്പാൻ ഇതുമതി! അത്ര കഴുതകളാണവർ! ഒക്കെ ഒരൊറ്റമാതിരി. ഒന്നിനും വ്യത്യാസമില്ല. തെരുവിലൂടെ ആഞ്ഞടിക്കുന്ന കാറ്റൊന്നു ശ്വസിച്ചാൽ മതി, സകലത്തിന്റേയും തല തിരിഞ്ഞു പത്തൊമ്പതാം നൂറ്റാണ്ടു വിഷമാണു്. അലഞ്ഞുനടക്കുന്ന വെറും ഒരു തെമ്മാടി കോലാടിനെപ്പോലെ താടി നീട്ടുന്നു; ഒരാനകള്ളനെന്നു സ്വയം തീർച്ചപ്പെടുത്തുന്നു; അതാ, പഴയ ബന്ധുക്കളെ വിട്ടു് ഒരു നട, അവൻ പ്രജാധിപത്യകക്ഷിയായി, അവൻ ശൂരനായി. എന്താണു് ശൂരൻ എന്നുവെച്ചാൽ? എനിക്കതൊന്നു പറഞ്ഞുകേട്ടാൽ കൊള്ളാം. കണ്ട വങ്കത്തരം മുഴുവൻ. ഒരു കൊല്ലം മുൻപേ അവർക്കു ‘ഹേർനാനി’ [3] കമ്പമായിരുന്നു. ഇപ്പോൾ ഞാൻ ചോദിക്കട്ടെ; എന്താണു് ഹേർനാനി! വിരോധാഭാസം! ഫ്രഞ്ച് ഭാഷയിൽ എഴുതുകകൂടി വയ്യാത്ത ആഭാസങ്ങൾ! പിന്നെയോ, അവർ ലുവൃകോട്ടയുടെ മുറ്റത്തു പീരങ്കികൾ ശേഖരിച്ചിരിക്കുന്നു. ഇതൊക്കെയാണു് തെമ്മാടിത്തങ്ങൾ.’

‘ശരിയാണു്,’ തെയൊദുൽ പറഞ്ഞു. മൊസ്സ്യു ഗിൽനോർമാൻ തുടർന്നു: ‘കാഴ്ചബംഗ്ലാവിന്റെ മുറ്റത്തു പീരങ്കികൾ! എന്താവശ്യത്തിനു്? നിങ്ങൾ അപ്പോളൊ ബെൽവെദെറി [4] നു നേരെ തോക്കൊഴിക്കുന്നുണ്ടോ? വീനസു് ഡി മെഡിസി [5] യെക്കൊണ്ടു കവിടിയുണ്ടകൾക്കെന്താണു് വേണ്ടതു്? ഹാ! ഇന്നത്തെ ചെറുപ്പക്കാർ മുഴുവനും തെമ്മാടികളാണു്. തെമ്മാടികളല്ലാത്തവർ വങ്കന്മാരും! തങ്ങളെ അലക്ഷ്മി പിടിച്ചവരാക്കിത്തീർക്കുവാൻ വേണ്ടതൊക്കെ അവരെടുക്കുന്നുണ്ടു്; അവർ മോശം ഉടുപ്പിടും; പെണ്ണുങ്ങളെ അവർക്കു പേടിയാണു്; റൗക്കകളുടെ മുൻപിൽ അവർക്ക് ഒരിരപ്പാളിമട്ടുണ്ട്- ഇതു പെൺകുട്ടികളെ പൊട്ടിച്ചിരിപ്പിക്കും; ഞാൻ സത്യം ചെയ്യാം, ഈ പാവങ്ങൾക്ക് അനുരാഗത്തെക്കുറിച്ചു ലജ്ജയാണെന്നു പറയാം. അവർ വിരൂപന്മാരാണു്; വിഡ്ഢികളും കൂടിയായി അതവർ മുഴുമിപ്പിക്കുന്നു; അവർ പത്രാധിപന്മാരുടെ ഫലിതങ്ങൾ ഇരുന്നുരുവിടും, ചാക്കുകൊണ്ടുള്ള പുറംകുപ്പായമണിയും; കുതിരക്കാരുടെ മാർക്കുപ്പായം ധരിക്കും, പരുത്ത പരുത്തിത്തുണികൊണ്ടുള്ള ഉൾക്കുപ്പായമിടും; പരുക്കൻ തുണികൊണ്ടുള്ള കാലുറയിടും; പരുക്കൻ തോൽകൊണ്ടുള്ള ബൂട്ടുസ്സു കെട്ടും; അവരുടെ തുമ്പില്ലാത്ത സംസാരവും തലയിലുള്ള അലങ്കാരങ്ങളും ഒരുപോലെയാണു്; അവരുടെ പഴയ ബൂട്ടുസ്സുകൾക്കു മടമ്പുവെപ്പിപ്പാൻ കൊള്ളാം, അവരുടെ ചിലയ്ക്കൽ. ഇങ്ങനെയുള്ള കൊള്ളരുതാത്ത ഒരുകൂട്ടം ചെക്കന്മാർക്കു രാജ്യഭരണത്തെപ്പറ്റി, വേണമെങ്കിൽ, അഭിപ്രായങ്ങളുമുണ്ടു്. രാഷ്ട്രീയാഭിപ്രായങ്ങളെ തീരെ നിർത്തൽചെയ്യണം. അവർ ചിട്ടകളുണ്ടാക്കുന്നു, സമുദായങ്ങളെ ഉടച്ചുവാർക്കുന്നു, രാജ്യത്ത്വത്തെ തട്ടിത്തകർക്കുന്നു, നാട്ടുനിയമങ്ങളെയൊക്കെ വലിച്ചെറിയുന്നു, ഗുഹയുടെ സ്ഥാനത്തു തട്ടിൻപുറമാക്കുന്നു, രജാവിന്റെ സ്ഥാനത്തു് എന്റെ വേലക്കാരനെ വെക്കുന്നു, യൂറോപ്പു് കീഴുമേൽ മറിക്കുന്നു, ലോകം മുഴുവനും മാറ്റിയുണ്ടാക്കുന്നു; അവരുടെ അനുരാഗകഥകൾ മുഴുവനും അലക്കുകാരികൾ വണ്ടിയിൽ കയറുമ്പോൾ ആ പെണ്ണുങ്ങളുടെ ഞെരിയാണികളിന്മേലേക്കു നാണംകുണുങ്ങി കടാക്ഷിക്കുന്നതു കൊണ്ടു് അവസാനിക്കുന്നു. ഹാ! മരിയുസ്!ഹാ! എടാ തെമ്മാടി! വഴിസ്ഥലത്തു ചെന്നു് അലറാൻ നിന്നുവല്ലോ! ആലോചിക്കുക, വാദപ്രതിവാദം ചെയ്യുക, കാര്യം നടത്തുക! കാര്യം നടത്തലാണത്രേ, എന്റെ ഈശ്വരാ! അക്രമങ്ങൾ താനേ മോശപ്പെട്ടു വങ്കത്തരങ്ങളായിത്തീരുന്നു. അന്ധകാരമടയൽ ഞാൻ കണ്ടിട്ടുണ്ടു്; താറുമാറാകൽ ഇപ്പോൾ കാണുന്നു. പൗരസ്ത്യസൈന്യത്തെപ്പറ്റി വിദ്യാർഥികൾ ആലോചന നടത്തുക- ഇതേതു കാടന്മാരുടെ കൂട്ടത്തിലും കാണാത്തതാണു് നൂലുബന്ധമില്ലാതെ, തൂവൽപ്പന്തിനൊപ്പം മണ്ടയലങ്കരിച്ചു, കൈയിൽ മുണ്ടൻ വടിയുമായി നടക്കുന്ന കാടന്മാർ ഈ ബി.എ.ക്കാരോളം തന്നെ ജന്തുക്കളല്ല! നാലു പെനിയുടെ മൊച്ചകൾ! അവർ ന്യായാധിപതികളായി ഞെളിയുന്നു! ഈ കഴുക്കൾ ആലോചിക്കുന്നു, ന്യായം പറയുന്നു! ലോകത്തിന്റെ അവസാനമായി! വെള്ളവും കരയുമായ ഈ നികൃഷ്ടഗോളത്തിനു് ഇതു് തീർച്ചയായും അവസാനമാണു്. ഒടുവിലത്തെ ഒരെക്കിട്ടം വേണ്ടിയിരുന്നു; അതു് ഫ്രാൻസു് കഴിച്ചു. ആലോചിക്കുന്നു. എന്റെ പമ്പര വികൃതികളേ! അതേ, നാടകശാലയുടെ ഇറയത്തു ചെന്നുനിന്നു വർത്തമാനപത്രങ്ങൾ വായിക്കുന്ന കാലത്തോളം ഇതൊക്കെയുണ്ടാവും. ഒരു വർത്തമാനപത്രങ്ങൾ വായിക്കുന്ന കാലത്തോളം ഇതൊക്കെയുണ്ടാവും. ഒരു വർത്തമാനപത്രത്തിനു് അവർക്ക് ഒരു സൂ ചെലവ്- അതോടുകൂടി അവരുടെ ബോധവും ബുദ്ധിയും ഹൃദയവും ആത്മാവും, തന്റേടവും. അവിടുന്നു് അവർ പുറപ്പെടുകയായി; കുടുംബത്തിൽനിന്നു് ഒരു നട! എല്ലാ പത്രങ്ങളും പകർച്ചവ്യാധികളാണു്; ഒക്കെ, ദ്രോപ്പോബ്ളാങ്ങ് കൂടി! ഹാ! എന്റെ ജഗദീശ്വര! നിന്റെ മുത്തച്ഛനെ നിരാശതയിലേക്കോടിച്ചു എന്നു് നിനക്കു മേനി പറയാം; ഉവ്വു്, നിനക്കു പറയാം.’

‘അതു സ്പഷ്ടമാണു്,’ തെയൊദുൽ പറഞ്ഞു.

മൊസ്സ്യു ഗിൽനോർമാൻ ശ്വാസമെടുക്കാൻ നില്ക്കുന്ന തഞ്ചംപിടിച്ച് കുന്തപ്പടയാളി പരധികാരത്തോടുകൂടിയ മട്ടിൽ തുടർന്നു്: ‘മൊനിത്യേപത്രമല്ലാതെ വേറെ പത്രം പാടില്ല; ‘സൈന്യചരിത്ര’ മല്ലാതെ വേറെ പുസ്തകവും.’

മൊസ്സ്യു ഗിൽനോർമാൻ തുടർന്നു:

‘ഇതവരുടെ സിയെയെ [6] പ്പോലെയാണു്. ഒരു രാജഘാതകൻ പോയി ആലോചനാസഭാംഗമാവുക; ഇങ്ങനെയാണു് എല്ലാറ്റിന്റേയും അവസാനം. പതുക്കെക്കൊണ്ടു പ്രഭുവാവാൻവേണ്ടി ആദ്യത്തിൽ പൗരൻ എന്ന നിലയിൽ ‘നീ’ എന്നു വിളിക്കപ്പെടുന്ന ഒരു വടു അവർ തങ്ങൾക്കുതന്നെയുണ്ടാക്കുന്നു. എന്റെ ഈ കയ്യോളം പോന്ന ഓരോ പ്രഭുക്കന്മാർ- നാട്ടുകാരെയൊക്കെ കൊത്തിനുറുക്കിയ കൊലപാതകികൾ. തത്ത്വജ്ഞാനി സിയയെ! ഞാൻ തുറന്നു പറയാം, അത്തരം എല്ലാ തത്ത്വജ്ഞാനികളുടേയും തത്ത്വജ്ഞാനങ്ങളെപ്പറ്റി തിവൊലിയിലെ കോമാളിവേഷക്കാരന്റെ കളികളെക്കാൾ ഒട്ടും നല്ല ഒരഭിപ്രായം എനിക്കില്ല. ഊതനിറത്തിലുള്ള പട്ടിൽ തേനീച്ചകളെ തുന്നിപ്പിടിപ്പിച്ചതുകൊണ്ടു് വെട്ടിയുണ്ടാക്കിയ പുറംകുപ്പായവുമിട്ടു് മന്ത്രിമാർ കടന്നുപോകുന്നതു് ഒരു ദിവസം ഞാൻ കണ്ടു; നാലാമൻ ആങ്ങ്റിയുടെ തൊപ്പിയും, കണ്ടാൽ ദ്വേഷ്യം വരും അവരെ കണ്ടാൽ നരിയുടെ ആസ്ഥാനസഭയിൽനിന്നു പോന്ന കുരങ്ങന്മാരാണെന്നേ ആരും പറയൂ. ഹേ, പൗരന്മാരേ, നിങ്ങൾക്കു ഞാൻ പറഞ്ഞുതരുന്നു, നിങ്ങളുടെ അഭിവൃദ്ധി ഭ്രാന്താണു്; നിങ്ങളുടെ മനുഷ്യത്വം സ്വപ്നമാണു്; നിങ്ങളുടെ ഭരണപരിവർത്തനം പാപമാണു്; നിങ്ങളുടെ ജനാധിപത്യഭരണം ഒരു രാക്ഷസനാണു്; നിങ്ങളുടെ ചെറുപ്പക്കാരിയും ചാരിത്രവതിയുമായ ഫ്രാൻസു് വരുന്നതു് തേവിടിശ്ശി വീട്ടിൽനിന്നാണു്; എന്നല്ല ഞാനിതു് ആരോടും എതിർത്തു പറയുന്നു- നിങ്ങൾ ആരായാലും ശരി, പത്രാധിപമോ, രാജ്യഭരണശാസ്ത്രജ്ഞനോ, നിയമകർത്താവോ, അല്ലെങ്കിൽ ശിരച്ഛേദനയന്ത്രത്തിലെ വെട്ടുകത്തിയെക്കാളധികം സ്വാതന്ത്ര്യം, സമത്വം, സഹോദരത്വം എന്നിവയെപ്പറ്റി ആലോചിച്ചു തീർച്ചപ്പെടുത്തുന്നാൾ തന്നെയോ, ആരായാലും വേണ്ടില്ല! എന്റെ രസികന്മാരേ, നിങ്ങൾക്കു ഞാൻ പറഞ്ഞുതരുന്നു.

‘ഈശ്വര!’ ലഫ്റ്റിനന്റു് ഉച്ചത്തിൽ പറഞ്ഞു: ‘ഇതു് അത്ഭുതകരമായ വാസ്തവമാണു്’

മൊസ്സ്യു ഗിൽനോർമാൻ എന്തോ ആംഗ്യം കാണിക്കാൻ തുടങ്ങിയതു് അവിടെ നിർത്തി, നേരെ പിന്നിലേക്ക് ഒരു തിരിച്ചൽ തിരഞ്ഞു, തെയൊദുൽ കുന്തപ്പടയാളികളുടെ മുഖത്തേക്കു സശ്രദ്ധം സൂക്ഷിച്ചുനോക്കി, അയാളോടു പറഞ്ഞു ‘നിയ്യൊരു വങ്കനാണു്.’

കുറിപ്പുകൾ

[1] ഒരു ഫ്രഞ്ച് രാജ്യതന്ത്രജ്ഞൻ, 1792-ലെ രാഷ്ട്രീയയോഗാംഗം.

[2] രൊബെപിയരെ അമർക്കുവൻ ശ്രമിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു നീതിന്യായ പരിപാലകൻ

[3] ഈ ഗ്രന്ഥകാരന്റെതന്നെയായ ഒരു കൃതി, പഴമക്കാർക്ക് ഈ പുസ്തകം അന്നു ഭ്രാന്തു പിടിപ്പിച്ചു കളഞ്ഞു.

[4] പോപ്പിന്റെ അരമനയിലുള്ള സുപ്രസിദ്ധപ്രതിമ പുരുഷരൂപത്തെ ഇത്ര ശരിയായി കാണിക്കുന്ന മറ്റൊന്നും ഭൂമിയിലില്ലെന്നു പറയപ്പെടുന്നു.

[5] ലുവൃകോട്ടയിലെ പ്രതിമ.

[6] ഒരു ഫ്രഞ്ച് ഭരണപരിവർത്തകപ്രമുഖനായ മതാചാര്യൻ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.