images/hugo-23.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.1.1
ഭംഗിയിൽ വെട്ടി

ജൂലായ് വിപ്ലവത്തോട് അടുത്തുസംബന്ധിച്ച 1831-ം 1832-ം സംവത്സരം ചരിത്രത്തിലെ ഏറ്റവും അസാധാരണങ്ങളും ഹൃദയാവർജ്ജകങ്ങളുമായ ഘട്ടങ്ങളിൽ ഒന്നാണ്. കഴിഞ്ഞവയ്ക്കും കഴിയാനിരിക്കുന്നവയ്ക്കും നടുക്കു രണ്ടു മലകൾ പോലെയാണ് ഈ രണ്ടു കൊല്ലങ്ങൾ. ഇവയ്ക്കു ഭരണപരിവർത്തനസംബന്ധിയായ ഒരന്തസ്സുണ്ട്. അഗാധസ്ഥലങ്ങൾ ഇവയിൽ വേറെ കാണാം. സാമുദായികങ്ങളായ വ്യക്തിപിണ്ഡങ്ങൾ, പരിഷ്കാരത്തിന്റെ യഥാർത്ഥപരിമാണങ്ങൾ, മീതെയ്ക്കുമീതെ സ്ഥാപിക്കപ്പെട്ടവയും തമ്മിൽ ഒട്ടിപ്പിടിക്കുന്നവയുമായ അവകാശങ്ങളുടെ ഉറച്ച കട്ട, പുരാതനമായ രാഷ്ട്രീയനിർമ്മിതിയുടെ നൂറ്റാണ്ടു പ്രായംചെന്ന മുഖരൂപങ്ങൾ, ആ അഗാധക്കുഴികൾക്കുള്ളിൽ, വ്യവസ്ഥകളുടേയും വികാരങ്ങളുടേയും സിദ്ധാന്തങ്ങളുടേയുമായ കരിങ്കാറുകൾക്കു വിലങ്ങനെ, ഓരോ നിമിഷത്തിലും പ്രത്യക്ഷമാകയും അപ്രത്യക്ഷമാകയും ചെയ്യുന്നു. ഈ പ്രത്യക്ഷമാകലിനും അപ്രത്യക്ഷമാകലിനും ജനങ്ങൾ പ്രസ്ഥാനമെന്നും പ്രതിബന്ധമെന്നും പേരിടുന്നുണ്ട്. ഇടയ്ക്കിടയ്ക്കു സത്യം, മനുഷ്യാത്മാവിനുള്ള ആ പകൽവെളിച്ചം, അവിടെ മിന്നുന്നതു കാണാം.

ഈ സ്മരണീയമായ ചരിത്രഘട്ടം അസന്ദിഗ്ദ്ധമായവിധം അതിരിടപ്പെട്ടതാണ്. എന്നല്ല ഇപ്പോൾത്തന്നെ അതിലെ പ്രധാനഭാഗങ്ങളെ നമുക്കു നോക്കി മനസ്സിലാക്കാൻ കഴിയുമാറ് അതു വേണ്ടിടത്തോളം അകന്നു തുടങ്ങിയിരിക്കുന്നു.

ഞങ്ങൾ ശ്രമിച്ചുനോക്കാം.

രാജത്വപുനഃസ്ഥാപനം എന്നതു വിവരിക്കാൻ പ്രയാസമുള്ള ആ അന്തരവർത്തികളായ ഘട്ടങ്ങളിലൊന്നാണ്; അതിൽ ക്ഷീണവും, തിരക്കും, പിറുപിറുക്കലും, ഉറക്കവും, ലഹളയും കാണാം; ഇവയെല്ലാം ഒരു മഹത്തായ ജനസമുദായം ഒരു താവളത്തിൽ എത്തിച്ചേരലല്ലാതെ മറ്റൊന്നുമല്ല.

ഈ ചരിത്രഘട്ടങ്ങൾ സവിശേഷങ്ങളാണ്; അവയെക്കൊണ്ടു തങ്ങൾക്ക് ഗുണമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന രാജ്യഭരണതന്ത്രജ്ഞന്മാരെ അവ തോല്പിക്കുന്നു. ആദ്യത്തിൽ, രാജ്യത്തിനു വിശ്രമമല്ലാതെ മറ്റൊന്നും വേണ്ടാ; അത് ഒന്നേ ഒന്നിനുമാത്രമാണ് ആർത്തിപിടിച്ചു നില്ക്കുന്നത്—വിശ്രമം; അതിന് ഒരൊറ്റ കാര്യമേഉള്ളൂ—ചെറുതാവണം. ഇതു സ്വസ്ഥമായിരിക്കുക എന്നതിന്റെ ഭാഷാന്തരമാണ്. മഹത്തരങ്ങളായ സംഭവങ്ങളേയും, മഹത്തരങ്ങളായ അപായങ്ങളേയും, മഹത്തരങ്ങളായ പരാക്രമങ്ങളേയും, മഹാന്മാരായ ആളുകളേയും—നമുക്ക് ഈശ്വരനോടുനന്ദി പറയുക—നാം ധാരാളം കണ്ടുകഴിഞ്ഞു; നമ്മുടെ തലമുടി മൂടത്തക്കവിധം അവ കുന്നുകൂടിയിരിക്കുന്നു. പ്രൂസിയസ്സിനു [1] സീസറെ നമുക്കു മാറ്റം കൊടുക്കാം; ഐവ്തോവിലെ [2] രാജാവിനുപകരം നെപ്പോളിയനേയും. ‘അവിടുന്ന് എന്തൊരു ‘നല്ല കൊച്ചുതിരുമേനിയായിരുന്നു!’ നേരം പുലർന്നതുമുതൽ നാം നടന്നുതുടങ്ങി ദീർഘവും ക്ലേശഭൂയിഷ്ഠവുമായ ഒരു പകലിന്റെ സന്ധിയിൽ നാം എത്തിച്ചേർന്നു. മിറബോവോടു [3] കൂടി നാം ഒന്നാമത്തെ തിരിച്ചൽ തിരിഞ്ഞു. രണ്ടാമത്തതു റൊബെപിയറോടുകുടി; മൂന്നാമത്തതു ബോനാപ്പാർത്തോടുകൂടിയും നമ്മൾ തളർന്നു കഴിഞ്ഞു. ഓരോ കിടയ്ക്ക ചോദിക്കുന്നതാണ് ഓരോന്നും.

തളർന്നുപോയ ഭക്തി, പ്രായംചെന്ന ധീരോദാത്തത, സിദ്ധിയടഞ്ഞ പ്രാഭവകാംക്ഷകൾ, കിട്ടിക്കഴിഞ്ഞ ഭാഗ്യങ്ങൾ, ഒന്നിനെ അന്വേഷിക്കുന്നു, ആവശ്യപ്പെടുന്നു, യാചിക്കുന്നു; കെഞ്ചിനോക്കുന്നു—എന്തിനെ? ഒരു താവളത്തെ, അതവയ്ക്കുകിട്ടി. അവ സ്വസ്ഥതയെ, സമാധാനത്തെ, വിശ്രമത്തെ, കൈയിലാക്കുന്നു; അതവയ്ക്കു തൃപ്തിയായി. പക്ഷേ, അതോടൊപ്പംതന്നെ ചില വാസ്തവാസ്ഥകൾ ഉദിച്ചു വരുന്നു; അവയെ കണ്ടുകൊള്ളണമെന്ന് നിർബന്ധിക്കുന്നു; അവഅതാതുൂഴമനുസരിച്ചു വന്നു വാതില്ക്കൽ മുട്ടുന്നു. ഈ വാസ്തവാവസ്ഥകൾ ഭരണപരിവർത്തനങ്ങളുടേയും യുദ്ധങ്ങളുടേയും സന്തതികളാണ്; അവ ഉള്ളതാണ്; അവ നിലനിൽക്കുന്നു; അവയ്ക്കു സമുദായത്തിനുള്ളിൽ സ്ഥലം പിടിക്കാൻ അധികാരമുണ്ട്; അതുപ്രകാരം അവ സ്ഥലം പിടിക്കുന്നു. മിക്കപ്പോഴും ഈ വാസ്തവാവസ്ഥകൾ കുടുംബത്തിലെ കാര്യസ്ഥന്മാരും, മുൻനടന്നു മൂലതത്ത്വങ്ങൾക്കു താമസസ്ഥലം അന്വേഷിക്കുകയല്ലാതെ മറ്റു പണിയില്ലാത്ത ഉദ്യോഗസ്ഥന്മാരുമാണ്.

അപ്പോൾ തത്ത്വജ്ഞാനികളായ രാജ്യഭരണതന്ത്രജ്ഞന്മാർക്കു തോന്നുന്നതാണിത്; ക്ഷീണിച്ച മനുഷ്യൻ വിശ്രമം ആവശ്യപ്പെടുന്ന ആ സമയത്തുതന്നെ, കൃതക്രിയങ്ങളായ വാസ്തവാസ്ഥകൾ ഉറപ്പുജാമ്യം ആവശ്യപ്പെടുന്നു. മനുഷ്യർക്കു വിശ്രമംപോലെയാണ്, വാസ്തവാവസ്ഥകൾക്ക് ഉറപ്പുജാമ്യം.

ക്രോംവെലിന്റെ [4] മരണശേഷം ഇംഗ്ലണ്ട് സ്റ്റുവർട്ട് രാജവംശത്തോടാവശ്യപ്പെട്ടത് ഇതാണ്; ഇതാണ് ചക്രവർത്തിഭരണശേഷം ഫ്രാൻസ് ബുർബൊങ് രാജവംശത്തോടാവശ്യപ്പെട്ടതും.

ഈ ഉറപ്പുകൾ അതാതു കാലത്തേക്ക് അത്യാവശ്യങ്ങളാണ്, അവ കൊടുത്തേ കഴിയൂ. രാജാക്കന്മാർ അവയെ ‘കൽപിച്ചുകൊടുക്കുന്നു;’ പക്ഷേ, വാസ്തവത്തിൽ അതാതു സംഭവങ്ങളുടെ ശക്തിയാണ് അവയെ കൊടുക്കുന്നത്. ഒരഗാധമായ വാസ്തവം; അറിഞ്ഞിരിക്കേണ്ടതായ ഒന്ന്—സ്റ്റുവർട്ട് രാജവംശക്കാർ 1662–ൽ ഇതിനെപ്പറ്റി സംശയിച്ചില്ല; ബൂർബൊങ് രാജവംശക്കാർ 1814-ൽ ഇതിനെ ഒരു നോക്കെങ്കിലും കണ്ടില്ല.

നെപ്പോളിയൻ അധഃപതിച്ചതോടുകൂടി ഫ്രാൻസിലേക്കു തിരിച്ചെത്തിയ ആ മുൻനിശ്ചിതമായ രാജവംശത്തിന്ന്, താനാണ് ഫ്രാൻസിന് അതു കൽപിച്ചുകൊടുത്തതെന്നും, താൻ കൽപിച്ചുകൊടുത്തതിന്റെ തിരിച്ചുവാങ്ങാനും തനിക്കധികാരമുണ്ടെന്നും, ബൂർബൊങ് കുടുംബത്തിനു ഈശ്വരദത്തമായ ഭരണാധികാരമുണ്ടെന്നും, ഫ്രാൻസിനു യാതൊന്നുമില്ലെന്നും, പതിനെട്ടാമൻ ലൂയിയുടെ അവകാശദാനപത്രം വഴിക്കു കൊടുക്കപ്പെട്ട രാഷ്ട്രീയാവകാശം ഈശ്വരദത്തമായ അവകാശത്തിന്റെ ഒരു ചിത്രം മാത്രമാണെന്നും, അതു ബൂർബൊങ് രാജവംശക്കാർ ഒടിച്ചെടുത്തു, രാജാവിനു തിരിച്ചുവാങ്ങാൻ തോന്നുന്നതുവരെയ്ക്കും കൈവശം വെച്ചുകൊള്ളാനായി പൊതുജനങ്ങൾക്കു സദയം സമ്മാനിച്ചതാണെന്നും വിശ്വസിക്കത്തക്കവിധം അപായകരമായ വങ്കത്തമുണ്ടായിരുന്നു. എങ്കിലും ആ സമ്മാനത്താൽ ഇളകിത്തീർന്ന നീരസത്തിൽനിന്ന് ബൂർബൊങ് കുടുംബക്കാർക്ക് അതു തങ്ങളുടെ ഒരു ദാനമായി കൂട്ടിക്കൂടെന്നു തോന്നിയിരിക്കണം.

ഈ രാജവംശം പത്തൊമ്പതാംനൂറ്റാണ്ടോടു ശുണ്ഠിയെടുത്തു. ഫ്രാൻസിന്റെ ഓരോ ഉൽഗതിയിലും അതു നെറ്റി ചുളിച്ചു. ഒരു നാടോടിവാക്ക്, അതായതു നിസ്സാരവും പരമാർത്ഥവുമായ ഒരു വാക്ക്, ഉപയോഗിക്കയാണെങ്കിൽ, അതു മുകർ വീർപ്പിച്ചു. ജനങ്ങൾ കണ്ടു.

ഒരു നാടകാഭിനയത്തിലെ രംഗമാറ്റംപോലെ ചക്രവർത്തിഭരണം മാറ്റിക്കളയപ്പെട്ടതുകൊണ്ടു താൻ ശക്തിയുള്ള ഒന്നാണെന്ന് ആ രാജവംശം വിചാരിച്ചു. ആ സമുദായത്തിൽത്തന്നെയാണ് തന്നേയും രംഗത്തിൽ കൊണ്ടുവന്നിട്ടുള്ളതെന്ന് അതു മനസ്സിലാക്കിയില്ല. നെപ്പോളിയനെ മാറ്റിക്കളഞ്ഞ കൈയേതോ അതിൽത്തന്നെയാണ് താനും നിൽക്കുന്നതെന്ന് അതു മനസ്സിലാക്കിയില്ല.

പണ്ടത്തേതായതുകൊണ്ട് തനിക്കു വേരുകളുണ്ടായിരിക്കണമെന്ന് അതു കരുതി. അതിനു വിഡ്ഡിത്തം പറ്റി. അതു പണ്ടത്തേതിന്റെ ഒരു ഭാഗം മാത്രമായിരുന്നു; പണ്ടത്തേതു മുഴുവനും കൂടിയുള്ളതു ഫ്രാൻസാണ്. ഫ്രഞ്ച് ജനസമുദായത്തിന്റെ വേരുകൾ ഉറച്ചുനില്ക്കുന്നത് ബൂർബൊങ് രാജവംശത്തിലല്ല, ഫ്രാൻസ് രാജ്യക്കാരിലാണ്. ആ നിഗൂഢങ്ങളും സജീവങ്ങളുമായ വേരുകൾ ഒരു വംശത്തിന്റെ അവകാശത്തെയല്ല, ഒരു രാജ്യക്കാരുടെ ചരിത്രത്തെയാണ് ഉണ്ടാക്കുന്നത്. ആ വേരുകൾ എല്ലായിടത്തുമുണ്ട്—സിംഹാസനത്തിന്റെ ചുവട്ടിലൊഴിച്ച്.

ഫ്രാൻസ് രാജ്യത്തിനു ബുർബൊങ് രാജവംശമെന്നത് അതിന്റെ ചരിത്രത്തിൽ മാന്യവും, ചോരയൊലിക്കുന്നതുമായ ഒരു മുഴയായിരുന്നു; അല്ലാതെ, അതു ഫ്രാൻസിന്റെ കർമ്മഗതിയിൽ ഒരു പ്രധാന ചലനശക്തിയും അതിന്റെ രാഷ്ട്രീയ സ്ഥിതിക്കാവശ്യമുള്ള ഒരസ്തിവാരവുമല്ല. ബുർബൊങ് രാജവംശമില്ലാതെത്തന്നെ ഫ്രാൻസിനു കഴിഞ്ഞുകൂടാം; അതില്ലാതെ ഇരുപത്തിരണ്ടു കൊല്ലം കഴിഞ്ഞു: ഒരു ധാരമുറിയൽ ഉണ്ടായിട്ടുണ്ട്. അത് ആ രാജവംശക്കാർ ആലോചിച്ചില്ല. അവർ അതെങ്ങനെ സംശയിക്കും?— അതേ, പതിനേഴാമൻ ലൂയി തെർമിദൊ [5] 9-ാംനു-: [6] സിംഹാസനാരോഹണം ചെയ്തു എന്നും മാറെൻഗോ യുദ്ധകാലത്തു പതിനെട്ടാമൻ ലൂയി സിംഹാസനത്തിലുണ്ടായിരുന്നു എന്നും സ്വപ്നം കണ്ടിരുന്ന ആ രാജവംശക്കാർ? ചരിത്രമുണ്ടായതിനുശേഷം, വാസ്തവാവസ്ഥകളുടേയും വാസ്തവാവസ്ഥകളിൽ അടങ്ങിയതും അവയാൽ ഘോഷിക്കപ്പെടുന്നതുമായ ഈശ്വരാജ്ഞാംശത്തിന്റേയും മുൻപിൽ ഇങ്ങനെ ഒരു കാലത്തും രാജാക്കന്മാർ അന്ധന്മാരാകുകയുണ്ടായില്ല. രാജാക്കന്മാരുടെ അവകാശം എന്നു ഭൂമിയിൽ പറയപ്പെടുന്ന ആ മേനിനാട്യം ഈശ്വരനിൽനിന്നു വന്നിട്ടുള്ള അവകാശത്തെ ഒരിക്കലും ഇത്രമേൽ നിരസിക്കുകയുണ്ടായിട്ടില്ല.

1814-ൽ ‘കല്പിച്ചുകൊടുക്കപ്പെട്ട’ ഉറപ്പുകളിന്മേൽ, അതുതന്നെ നാമകരണം ചെയ്തവിധമാണെങ്കിൽ സമ്മതങ്ങളിന്മേൽ, ഒരിക്കൽക്കൂടി ആ കുടുംബം കൈവെച്ചതു പരമാബദ്ധം. കഷ്ടം! ഒരു കഷ്ടസംഭവം! അതു തന്റെ സമ്മതങ്ങൾ എന്നുപേരിട്ടവ നമ്മുടെ സമ്പാദ്യങ്ങളായിരുന്നു; അതു നമ്മുടെ കയ്യേറ്റങ്ങൾ എന്നു പേരിട്ടവ നമ്മുടെ അവകാശങ്ങളായിരുന്നു.

സമയം വന്നു എന്നു തോന്നിയപ്പോൾ, രാജത്വപുനഃസ്ഥാപനമാകട്ടേ, താൻ ബോനാപ്പാർത്തിനെ തോൽപിച്ചയച്ചു എന്നും രാജ്യത്തു താൻ വേരൂന്നിയിരിക്കുന്നു എന്നും കരുതി, അതായത് തനിക്കു ശക്തിയുണ്ടെന്നും ഉറപ്പുണ്ടെന്നും വിശ്വസിച്ചു, താൻ ചെയ്യേണ്ടതെന്തെന്നു ക്ഷണത്തിൽ തീർച്ചപ്പെടുത്തി പണിതുടങ്ങി. ഒരു ദിവസം രാവിലെ അത് ഫ്രാൻസിനു മുൻപിൽ നിവർന്നുനിന്ന്, ഉച്ചത്തിൽ, രാജ്യഭരണത്തിൽ ഓരോരുത്തർക്കും പൊതുവായുള്ള അധികാരത്തെ, സ്വാതന്ത്രത്തിനുള്ള ഓരോ പൗരന്റേയും അധികാരത്തെ, എതിർത്തു. മറ്റൊരു വിധം പറകയാണെങ്കിൽ, ഫ്രാൻസിനെ ഫ്രാൻസാക്കിയതെന്തോ അതു ഫ്രാൻസിനും പൗരനെ പൗരനാക്കിയതെന്തോ അതു പൗരനും ഇല്ലെന്നു തർക്കിച്ചു.

ജൂലായിനിയമങ്ങൾ എന്നു പറയപ്പെടുന്ന ആ പ്രസിദ്ധവകുപ്പുകളുടെ അടിസ്ഥാനം ഇതാണ്. രാജത്വപുനഃസ്ഥാപനം വീണു.

അതു വീണുപോകേണ്ടതാണ്. പക്ഷേ, അത് അഭിവൃദ്ധിയുടെ എല്ലാ രൂപങ്ങളോടും എതിർനിന്നിട്ടില്ലെന്നു ഞങ്ങൾ സമ്മതിക്കുന്നു. അതോടുകൂടിത്തന്നെ, മഹത്തരങ്ങളായ കാര്യങ്ങളും അതു നിറവേറ്റിയിട്ടുണ്ട്.

രാജത്വപുനഃസ്ഥാപനത്തോടുകൂടി ശാന്തമായി വാദപ്രതിവാദം ചെയ്കയും—ഇതു പ്രജാധിപത്യകാലത്ത് ഇല്ലായിരുന്നു—സമാധാനത്തോടുകൂടിയ അന്തസ്സനുഭവിക്കയും - ഇതു ചക്രവർത്തി ഭരണകാലത്ത് ഉണ്ടായിരുന്നില്ല—ജനങ്ങൾക്കു ശീലമായി. സ്വതന്ത്രവും ശക്തിമത്തുമായ ഫ്രാൻസ് യൂറോപ്പിലെ അന്യരാജ്യങ്ങൾക്ക് ഉത്സാഹജനകമായ കാഴ്ച കാട്ടിക്കൊടുത്തു. ഭരണപരിവർത്തനമാണ് റോബെപിയരുടെ കാലത്തെ ആജ്ഞാവാക്യം; നെപ്പോളിയന്റെ കാലത്തെ ആജ്ഞാവാക്യം പീരങ്കിയായി; എന്നാൽ പതിനെട്ടാമൻ ലൂയിയുടേയും പത്താം ഷാർലിന്റേയും കാലത്തേ ബുദ്ധിക്ക് ആജ്ഞാവാക്യമായിരിക്കാൻ യോഗം വന്നുള്ളൂ. കാറ്റു നിലച്ചു; ഒരിക്കൽക്കൂടി ചൂട്ടുകത്തി. ഉയർന്ന ഭാഗങ്ങളിൽ മനസ്സിന്റെ പരിശുദ്ധവെളിച്ചം പാളിക്കത്തുന്നതു കാണാറായി. മഹത്തും പ്രയോജനകരവും ഹൃദയാകർഷകവുമായ ഒരു കാഴ്ച. ആലോചനാശീലന്ന് അത്രമേൽ പഴകിയവയും, രാജ്യഭരണതന്ത്രജ്ഞന്ന് അത്രമേൽ പുതിയവയുമായ ആ ഉത്കൃഷ്ടമൂലതത്ത്വങ്ങൾ—നിയമദൃഷ്ടിയിൽ സമത്വം, മനഃസാക്ഷിക്കു സ്വാതന്ത്ര്യം, പ്രസംഗത്തിനു സ്വാതന്ത്ര്യം വർത്തമാനപത്രങ്ങൾക്ക് സ്വാതന്ത്ര്യം, എല്ലാ ഉദ്യോഗങ്ങളിലേക്കും പ്രവേശിക്കുവാൻ എല്ലാ ഔചിത്യങ്ങൾക്കും സ്വാതന്ത്ര്യം എന്നിവ—തികച്ചും സമാധാനത്തോടുകൂടി പൊതു സ്ഥലങ്ങളിൽ വ്യാപരിക്കുകയായി. ഇങ്ങനെ 1830 വരെ നടന്നു. ഈശ്വരന്റെ കൈയിൽവെച്ചു പൊട്ടിപ്പോയ പരിഷ്കാരത്തിന്റെ ഒരായുധമാണ് ബുർബൊങ് രാജവംശം.

ബൂർബൊങ് കുടുംബക്കാരുടെ അധഃപതനം മാഹാത്മ്യപൂർണ്ണമായിരുന്നു—അവരുടെ ഭാഗത്തുനിന്നു നോക്കുമ്പോളല്ല, ഫ്രാൻസിന്റെ ഭാഗത്തുനിന്നു നോക്കുമ്പോൾ, അവർ ഗൗരവത്തോടുകൂടി, എന്നാൽ അധികാരത്തോടുകൂടാതെ. സിംഹാസനത്തിൽനിന്നിറങ്ങി; രാത്രിയിലേക്കുണ്ടായ അവരുടെ ഇറങ്ങൽ, ദുഃഖമയമായഒരു വികാരത്തെ ചരിത്രത്തിൽ ഇട്ടുംവെച്ചുകൊണ്ടുള്ള അത്തരം വിശിഷ്ടങ്ങളായ തിരോധാനങ്ങളിൽ ഒന്നായിരുന്നില്ല; ഒന്നാം ചാറത്സിന്റെ ആ പ്രേതസംബന്ധിയായ ശാന്തതയോ നെപ്പോളിയന്റെ ആ കഴുകിൻകരച്ചിലോ അതിലില്ല. അവർ പോയി. അത്രതന്നെ. അവർ കിരീടം താഴത്തുവെച്ചു; പ്രഭാപരിധിയൊന്നും അവരിൽ തങ്ങിനിന്നില്ല. അവർ കൊള്ളാവുന്നവരായിരുന്നു; പക്ഷേ, മഹത്ത്വമുള്ളവരല്ല. അവരുടെ നിർഭാഗ്യതയുടെ അന്തസ്സ് അവർക്കില്ലായിരുന്നു എന്നു പറയാം. ഷേർബുറിൽ നിന്നുള്ള കപ്പൽയാത്രയിൽ ഒരു വട്ടമേശയെ വെട്ടിമുറിച്ചു ചതുരമേശയാക്കിത്തീർത്ത പത്താം ഷാർൽ, തകർന്നുപോകുന്ന രാജത്വത്തെക്കാളധികം കഷ്ടത്തിൽപ്പെടുന്ന ആചാരത്തെയാണ് നോക്കിയിരുന്നതെന്നു തോന്നി. ഈ ചെറുതാകൽ അവരുടെ ദേഹത്തെ സ്നേഹിച്ചിരുന്ന രാജഭക്തന്മാരേയും അവരുടെ വംശത്തെ ബഹുമാനിച്ചിരുന്ന ഗൗരവശീലന്മാരേയും വ്യസനിപ്പിച്ചു. പൊതുജനങ്ങൾ അഭിനന്ദനീയരായിരുന്നു. ഒരുതരം രാജകീയലഹളസ്സംഘത്താൽ ആയുധങ്ങളോടു കൂടി ഒരു ദിവസം രാവിലെ ആക്രമിക്കപ്പെട്ടതായിക്കണ്ട ഫ്രാൻസ്, തന്റെ ഭാഗത്ത് അത്രയും ശക്തിയുണ്ടെന്നുള്ള ബോധത്താൽ ശുണ്ഠിയെടുക്കാതെ നിന്നു. അത് ആക്രമണത്തെ തടുത്തു, വികാരങ്ങളെ അടക്കി, ഓരോന്നിനേയും അതാതിന്റെ സ്ഥാനത്തേക്കുതന്നെയാക്കി, രാജ്യഭരണത്തെ നിയമാനുസൃതമാക്കി, ബൂർബൊങ്രാജവംശക്കാരെ നാടുകടത്തി. ഹാ, എന്നിട്ട് അവിടെ നിന്നു! പതിന്നാലാമൻ ലൂയിയെ രക്ഷിച്ച പീഠത്തിന്റെ ചുവട്ടിൽനിന്നുതന്നെ, ആ വയസ്സൻ പത്താംഷാർലിനെ അതു പിടിച്ചു പതുക്കെ നിലത്തുവെച്ചു. വ്യസനത്തോടും മുൻകരുതലോടും കൂടി മാത്രമേ അതു രാജാക്കന്മാരെ തൊട്ടുള്ളു. ഒരാളല്ല, കുറെ ആളുകളല്ല, ഫ്രാൻസാണ്, ഫ്രാൻസ് മുഴുവനുമാണ്. ജയിച്ചു വിജയഹർഷംകൊണ്ടു ലഹരിപിടിച്ച ഫ്രാൻസാണ്, സ്വബോധം വന്നു, ലോകം മുഴുവനും നോക്കിനിൽക്കെ, രാജധാനിയെ വരഞ്ഞിട്ടതിന്റെ പിറ്റേദിവസം ഗിയോംദ്യുവെ പറഞ്ഞ ഈ സഗൗരവാക്ഷരങ്ങളെ പ്രവൃത്തിയിൽ വരുത്തിയത്.—‘മഹാന്മാരുടെ പ്രീതികളെ അടിച്ചുകൂട്ടിയെടുക്കുകയും, ചില്ലയിൽനിന്നു ചില്ലയിലേക്കു ഒരു പക്ഷി എന്നപോലെ, നിർഭാഗ്യതയിൽനിന്നു മഹാഭാഗ്യത്തിലേക്ക് ചാടിച്ചെല്ലുകയും ഒരു പതിവായിട്ടുള്ളവർക്ക് ആപത്തിൽപ്പെട്ട രാജാവിനോടു പരുഷത കാണിപ്പാൻ എളുപ്പം കൂടും; പക്ഷേ, എനിക്കാണെങ്കിൽ, എന്റെ രാജാക്കന്മാരുടെ സ്ഥിതി, വിശേഷിച്ചും ആപത്തിൽപ്പെട്ടിരിക്കുന്ന എന്റെ രാജാക്കന്മാരുടെ സ്ഥിതി, എപ്പോഴും ആദരണീയമാണ്.’

ബൂർബൊങ് വംശക്കാർ ബഹുമാനവുംകൊണ്ടാണു പോയത്, പശ്ചാത്താപവുംകൊണ്ടല്ല, ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞതുപോലെ അവരുടെ നിർഭാഗ്യത അവരെക്കാളധികം മാഹാത്മ്യമുള്ളതായിരുന്നു. അവർ ആകാശാന്തത്തിൽ മങ്ങിമറഞ്ഞു.

ജൂലായിവിപ്പ്ലവത്തിനു ക്ഷണത്തിൽ ഭൂമിയിലെങ്ങും ബന്ധുക്കളും ശത്രുക്കളുമുണ്ടായി. ഒന്നാമത്തവർ ഫ്രാൻസിന്റെ അടുക്കലേക്കു സന്തോഷത്തോടും ഉന്മേഷത്തോടുംകൂടി പാഞ്ഞെത്തി; പിന്നത്തവർ ഫ്രാൻസിൽനിന്നു മുഖം തിരിച്ചു—അവരവരുടെ സ്വഭാവംപോലെ. ആദ്യത്തെ വെളിച്ചംവെയ്ക്കലിൽ യൂറോപ്പിലെ രാജാക്കന്മാർ, അതായത് ഈ പ്രഭാതത്തിലെ മൂങ്ങകൾ, മുറിപ്പെട്ടും അമ്പരന്നും കണ്ണടച്ചു; പേടി കാട്ടാൻമാത്രമേ അതുപിന്നെ തുറന്നിട്ടുള്ളു—നമുക്കു മനസ്സിലാക്കാവുന്ന ഒരു ഭയം; ക്ഷമിക്കാവുന്ന ഒരു ശുണ്ഠിയെടുക്കൽ, ഈ അഭൂതപൂർവമായ ഭരണപരിവർത്തനം ഒരു ക്ഷോഭവുമുണ്ടാക്കിയില്ല; അപജയപ്പെടുത്തിയിട്ട രാജത്വത്തിന്ന് ഒരു ശത്രുവായി നിന്നു യുദ്ധംവെട്ടുന്ന ബഹുമതികൂടി അതുണ്ടാക്കിക്കൊടുത്തില്ല. സ്വാതന്ത്ര്യം അവമാനപ്പെട്ടുകാണുന്നതിൽ എപ്പോഴും രസമുള്ളൊന്നായ ഉച്ഛ ്യംഖല ഭരണാധികാരത്തിന്റെ കണ്ണിൽ, ജൂലായിവിപ്ലവം താൻ ഭയങ്കരമെങ്കിലും സൗരമ്യമായിത്തന്നെയിരുന്നു എന്നുള്ള ഒരബദ്ധം കാണിച്ചു. എന്തായാലും അതിന്നെതിരായി ആരും പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ നോക്കുകയോ ഉണ്ടായില്ല. ഏറ്റവുമധികം അതൃപ്തിയുള്ളവരും, ഏറ്റവുമധികം ശുണ്ഠിയെടുത്തവരും, ഏറ്റവുമധികം പേടിച്ചവരുംകൂടി അതിനു മുൻപിൽ തലകുനിച്ചു; നമ്മുടെ അഹംഭാവവും ശത്രുതയും എന്തുതന്നെയായാലും, മനുഷ്യനിൽനിന്നു മീതെയുള്ള ഒരാളുടെ കൈ വ്യാപരിച്ചിട്ടുണ്ടെന്നു ബോധമുള്ള സംഭവങ്ങളുടെ നേരെ നമുക്ക് ഒരു നിഗൂഢമായ ബഹുമാനം ഉദിച്ചുപോകുന്നു.

വാസ്തവാവസ്ഥയെ മറിച്ചിടുന്ന അവകാശത്തിന്റെ വിജയമാണ് ജൂലായി വിപ്ലവം. തേജസ്സുകൊണ്ടു നിറഞ്ഞ ഒരു വസ്തു.

അവകാശം വാസ്തവാവസ്ഥയെ മറിച്ചിടുക. അതിൽനിന്നാണ് ജുലായിവിപ്ലവത്തിനുള്ള പ്രകാശം. അതിന്റെ സാമ്യതയും അതിൽനിന്നുതന്നെ. വിജയമടഞ്ഞ അവകാശത്തിന് അക്രമം പ്രവർത്തിക്കേണ്ട ആവശ്യമില്ല.

അവകാശം ന്യായവും പരമാർത്ഥവുമാണ്.

അവകാശത്തിന്റെ ഗുണം എന്നെന്നും പരിശുദ്ധവും കൗതുകകരവുമായിരിക്കുന്നതാണ്. ആകപ്പാടെ ഏറ്റവും അത്യാവശ്യമാണെങ്കിലും, സമകാലീനന്മാരെല്ലാം തികച്ചും സമ്മതിക്കപ്പെട്ടതുതന്നെയുമാണെങ്കിലും, വാസ്തവാവസ്ഥ ഒരു വാസ്തവാവസ്ഥ എന്ന നിലയ്ക്കു മാത്രമേ നില്ക്കുന്നുള്ളുവെങ്കിൽ, കുറച്ചുമാത്രമേ അവകാശം അതിലുള്ളു എങ്കിൽ, അല്ലെങ്കിൽ ഒട്ടുംതന്നെ ഇല്ലെങ്കിൽ, കാലക്രമേണ അതു വികൃതവും അശുദ്ധവും ഒരു സമയം പൈശാചികംകൂടിയുമായിത്തീരും. വാസ്തവാവസ്ഥയ്ക്ക് എത്രകണ്ടു പൈശാചികമാവാമെന്ന് ഒരടിയായി മനസ്സിലാക്കണമെങ്കിൽ, അയാൾ അനവധി ശതാബ്ദങ്ങളോളം ദൂരത്തുനിന്നാണെങ്കിലും മാക്കിയവെല്ലിയെ [7] ഒന്നു നോക്കിക്കാണട്ടെ. മാക്കിയവെല്ലി ഒരു ദുഷ്ടനല്ല,ഒരു ചെകുത്താനല്ല, നിസ്സാരനും ഭീരുവുമായ ഒരെഴുത്തുകാരനല്ല; അയാൾ വാസ്തവാവസ്ഥയല്ലാതെ മറ്റൊന്നുമല്ല. അയാൾ ഇറ്റലിയിലെ വാസ്തവാവസ്ഥ മാത്രമല്ല; അയാൾ യൂറോപ്പിലെ മുഴുവനും വാസ്തവാവസ്ഥയാണ്, പതിനാറാം നൂറ്റാണ്ടിലെ വാസ്തവാവസ്ഥ. അയാൾ ഒരു പിശാചിന്റെ മട്ടിലിരിക്കുന്നു; പത്തൊമ്പതാം നൂറ്റാണ്ടിലെ മനഃപരിഷ്കാരത്തിനു മുൻപിൽ അതങ്ങനെത്തന്നയാണ്.

സമുദായം ഉണ്ടായ മുതൽ അവകാശവും വാസ്തവാവസ്ഥയുമായുള്ള ഈയുദ്ധം നടന്നുവരുന്നു. ഈ ദ്വന്ദ്വയുദ്ധത്തെ അവസാനിപ്പിക്കുക, പരിശുദ്ധമായ ആലോചനയെ മാനുഷികമായ സത്യസ്ഥിതിയോട് കൂട്ടിയോജിപ്പിക്കുക, അവകാശത്തെ വാസ്തവാവസ്ഥയിലേക്കും വാസ്തവാവസ്ഥയെ അവകാശത്തിലേക്കും ലഹള കൂടാതെ പ്രവേശിപ്പിക്കുക—ഇത് മഹാത്മാക്കളുടെ പ്രവൃത്തിയാണ്.

കുറിപ്പുകൾ

[1] ഹാനിബാളിനെ റോമിനു പിടിച്ചുകൊടുത്ത ബിതിനിയയിലെ രാജാവ് ക്രി. മു. 228-180).

[2] ഫ്രാൻസിലെ ഒരു പട്ടണം.

[3] മനുഷ്യന്റെ സുഹൃത്ത് എന്ന സ്ഥാനമെടുത്ത ഫ്രാൻസിലെ സുപ്രസിദ്ധ ഭരണശാസ്ത്രജ്ഞൻ.

[4] ഒന്നാം ചാറൽസിനെ കൊലപ്പെടുത്തി ഇംഗ്ലണ്ട് ഭരിച്ചുപോന്ന ഒലിവർ ക്രോംവെൽ.

[5] ഭരണപരിവർത്തനാബ്ദപ്രകാരം 11-ാം മാസം ഈ അബ്ദവ്യവസ്ഥ 1893 ഒക്ടോബർ 5–ാംനു മുതൽ 1895 ഡിസംബർ 31-ാംനുവരെയ്ക്കുണ്ടായിരുന്നു തെർമിദോ മാസം ജൂലായി 19-ാംനു മുതൽ ആഗസ്ത് 17-ാംനു വരെയാണു്.

[6] 1733 ജൂലായി 28-ാംനുയാണ് ഇംഗ്ലണ്ടുകാരും ആസ്ത്രിയക്കാരുംകൂടി ഫ്രാൻസുകാരിൽനിന്നു വലെൻസി നഗരം പിടിച്ചെടുത്തത്.

[7] ഇറ്റലിക്കാരനായ ഒരു സുപ്രസിദ്ധ ഭരണശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഇദ്ദേഹത്തിന്റെ രാജകുമാരൻ എന്ന പ്രധാന കൃതി ഏതാണ്ട് എല്ലാ പരിഷ്കൃതഭാഷകളിലും തർജ്ജമചെയ്യപ്പെട്ടിട്ടുളളതാണ് മാക്കിയവെല്ലിയെപ്പോലെ എന്നുവെച്ചാൽ ചതിയൻ മട്ടിൽ എന്ന് അർത്ഥമായിട്ടുണ്ട് ഇപ്പോൾ.

4.1.2
ചീത്തയായി തുന്നി

പക്ഷേ, മഹാത്മാക്കളുടെ പ്രവൃത്തി ഒന്ന്, കൗശലക്കാരുടെ പ്രവൃത്തി മറ്റൊന്ന്. 1830-ലെ ഭരണപരിവർത്തനം പെട്ടെന്നു നിന്നുപോയി. ഒരു ഭരണപരിവർത്തനം കരയ്ക്കണഞ്ഞാൽ ഉടനെ കപ്പലുടയ്ക്കാനായി,കൗശലക്കാരുടെ കൊണ്ടുപിടുത്തം.

നമ്മുടെ നൂറ്റാണ്ടിലെ കൗശലക്കാർ അവർക്കു രാജ്യതന്ത്രജ്ഞന്മാർ എന്ന സ്ഥാനം കൊടുത്തിരിക്കുന്നു; അങ്ങനെ രാജ്യതന്ത്രജ്ഞന്മാർ എന്ന വാക്ക് ഏതാണ്ടൊരാഭാസശബ്ദമായി കലാശിച്ചു. ഒന്നോർമ്മവെക്കേണ്ടതാണ്: കൗശലമല്ലാതെ മറ്റൊന്നുമില്ലാത്തേടത്ത് വാസ്തവത്തിൽ ചെറ്റത്തം കൂടിയേ കഴിയൂ. ‘കൗശലക്കാരൻ’ എന്നു വെച്ചാൽ ഏതാണ്ടു ‘ചെറ്റ’ എന്നാണർത്ഥം.

അതുപോലെ ‘രാജ്യതന്ത്രജ്ഞൻ’ എന്നു പറയുന്നത് ചിലപ്പോൾ ‘രാജ്യദ്രോഹി’ എന്നു പറയുന്നതിന്ന് ഏതാണ്ട് ശരിയായി. അപ്പോൾ നമ്മൾ കൗശലക്കാരെ വിശ്വസിക്കയാണെങ്കിൽ, ജൂലായി വിപ്ലവംപോലുള്ള ഭരണപരിവർത്തനങ്ങൾ മുറിച്ചുനീക്കപ്പെട്ട രക്തനാഡികളാണ്; ക്ഷണത്തിൽ ഒരു കെട്ടുകെട്ടുന്നത് അത്യാവശ്യമത്രേ. വേണ്ടതിലധികം ഉച്ചത്തിൽ ഘോഷിക്കപ്പെട്ടാൽ അവകാശം കുലുങ്ങിപ്പോകും. എന്നല്ല, അവകാശത്തെ ഒരിക്കൽ ഉറപ്പിച്ചുനിർത്തിയാൽപ്പിന്നെ, രാജ്യഭരണത്തിനു ശക്തി കൂട്ടണം. സ്വാതന്ത്ര്യം ഒരിക്കൽ തീർച്ചപ്പെട്ടുകഴിഞ്ഞാൽപ്പിന്നെ, അധികാരശക്തിയിലാണ് മനസ്സു വെയ്ക്കേണ്ടത്.

ഇതുവരെ മഹാത്മാക്കൾ കൗശലക്കാരോട് അകലുന്നില്ല, അവർ ശങ്കിക്കാൻ തുടങ്ങുന്നു. അധികാരശക്തി വളരെ നല്ലത്. പക്ഷേ, ഒന്നാമത്, എന്താണ് അധികാരശക്തി? രണ്ടാമത്, അതെവിടെനിന്നുണ്ടാകുന്നു? പിറുപിറുക്കലൊന്നും കൗശലക്കാർ കേൾക്കുന്നില്ലെന്നു തോന്നും; അവർ തങ്ങളുടെ യുക്തിപ്പയറ്റുകളെ കൊണ്ടുപിടിക്കുന്നു.

സമ്പാദ്യമുണ്ടാക്കുന്നവയായ മനോരാജ്യങ്ങളെ ആവശ്യം എന്ന മൂടുപടമിടുവിക്കാൻ മിടുക്കന്മാരായ രാജ്യഭരണതന്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ, ഒരു ഭരണപരിവർത്തനം കഴിഞ്ഞാൽ ഉടനെ ആ രാജ്യക്കാർ —അവർ രാജവാഴ്ച നടപ്പുള്ള ഒരു ഭൂഖണ്ഡത്തിൽ ചേർന്നവരാണെങ്കിൽ വിശേഷിച്ചും—ഒന്നാമതായി ചെയ്യേണ്ടതു സ്വന്തമായി ഒരു രാജവംശത്തെ സമ്പാദിക്കുകയാണ്. എന്നാൽ അവർ പറയുന്നു, ഒരു ഭരണപരിവർത്തനം കഴിഞ്ഞതിനുശേഷം സമാധാനം കിട്ടും—അതായതു മുറികൾ വെച്ചുകെട്ടുവാനും വീടുകൾ ശരിപ്പെടുത്തുവാനും ഇടയുണ്ടാവും. രാജവംശം ശിരച്ഛേദനവിദ്യയെ ഒളിപ്പിക്കുകയും ചികിത്സാഗൃഹത്തെ മൂടിക്കളയുകയും ചെയ്യുന്നു. പക്ഷേ, ഒരു രാജവംശത്തെ സമ്പാദിക്കുക എന്നത് എപ്പോഴും അത്ര എളുപ്പമായിരിക്കയില്ല.

തികച്ചും കൂടിയേ കഴിയൂ എങ്കിൽ, ഒരു രാജാവിനെ ഉണ്ടാക്കുവാൻ ഒന്നാമതായി കണ്ണിൽപ്പെട്ട ഒരതിബുദ്ധിമാനെയോ ഒരതിഭാഗ്യവാനെയോ പിടികൂടിയാൽ മതി. ഒന്നാമത്തതിന് ഉദാഹരണം, നെപ്പോളിയൻ; രണ്ടാമത്തേതിന് ഇതുർബിദ്. [1]

പക്ഷേ, ഒരു രാജവംശമുണ്ടാക്കിത്തീർക്കാൻ ഒന്നാമത് കൈയിൽക്കിട്ടിയ കുടുംബം പോരാ. ഒരു വംശമാവുമ്പോൾ അതിന്ന് ഒരു പഴക്കം കൂടിയേ കഴിയൂ; ശതാബ്ദങ്ങളെക്കൊണ്ടുള്ള നെറ്റിച്ചുളിവ് തൽക്കാലം വെച്ച് ഉണ്ടാക്കിത്തീർക്കാൻ വയ്യ.

‘രാജ്യതന്ത്രജ്ഞന്മാ’രോടു നമ്മളും യോജിക്കയാണെങ്കിൽ, എല്ലാം സമ്മതിച്ചു കഴിഞ്ഞാലും, ഒരു ഭരണപരിവർത്തനത്തിനുശേഷം, അതിൽനിന്നുണ്ടാകുന്ന രാജാവിനു വേണ്ട ഗുണങ്ങൾ എന്തെല്ലാമാണ്? അദ്ദേഹം ഒരു ഭരണപരിവർത്തകനായിരിക്കാം—അതദ്ദേഹത്തിനു പ്രയോജനകരവുമാണ്;എന്നുവെച്ചാൽ, സ്വന്തം നിലയിൽ ആ ഭരണപരിവർത്തനത്തിലെ ഒരു പങ്കുകാരൻ, അതിൽ ഒരു കൈയുള്ളാൾ, അതിൽപ്പെടുകയോ അല്ലെങ്കിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടുള്ളാൾ, ശിരച്ഛേദനായുധം തൊടുകയോ അല്ലെങ്കിൽ അതിൽ വാളെടുത്തു പെരുമാറുകയോ ചെയ്തിട്ടുള്ളാൾ.

രാജവംശത്തിനു വേണ്ട ഗുണങ്ങൾ? അത് രാജ്യകക്ഷിയിലുള്ളതായിരിക്കണം; എന്നുവെച്ചാൽ ദൂരത്തുനിന്നുകൊണ്ട് പ്രവൃത്തികളിലൂടെയല്ല, അംഗീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായങ്ങൾ വഴിക്കു, ഭരണപരിവർത്തനത്തിൽ പടങ്കെടുത്തിട്ടുള്ള ഒന്നാവണം; അതു ഭൂതകാലത്തോടു ചേർന്നതും ചരിത്രത്തിൽപ്പെട്ടതുമാവണം; ഭാവിയോടു യോജിക്കുന്നതും പുതിയ ആദർശങ്ങളെ കൈക്കൊള്ളുന്നതുമായിരിക്കണം.

കഴിഞ്ഞ ഭരണപരിവർത്തനങ്ങളെല്ലാം ക്രോംവെലിനെയോ നെപ്പോളിയനെയോ—ഒരാളെ— കണ്ടുപിടിച്ചതുകൊണ്ട് തൃപ്തിപ്പെടാനും, പിന്നത്തെ ഭരണപരിവർത്തനം ബ്രൺസ്വിക്ക് രാജവംശത്തെയോ ഓർലിയാങ് രാജവംശത്തെയോ—ഒരു കുടുംബത്തെ—കണ്ടെത്തിയേ നില്ക്കു എന്നു സിദ്ധാന്തിക്കാനുമുള്ള കാരണം ഇതുകൊണ്ടു തെളിഞ്ഞു.

രാജകുടുംബങ്ങൾ, ഓരോ കൊമ്പും ഭൂമിയിലേക്കു ചാഞ്ഞുവന്നു, വേർപിടിച്ചു, വെവ്വേറെ ഓരോ മരമായിത്തീരുന്ന ഇന്ത്യയിലെ അത്തിമരങ്ങളെപ്പോലെയാണ്. ഓരോ താവഴിയും ഓരോ രാജവംശമായി എന്നുവരാം. ഒന്നുമാത്രം കൂടിയേ കഴിയു. അതു പൊതുജനങ്ങളുടെ അടുക്കലേക്കു ചാഞ്ഞുകൊള്ളണം.

ഇതാണ് കൗശലക്കാരുടെ സിദ്ധാന്തം.

അപ്പോൾ ഇവിടെയാണ് ആ മഹത്തായ കലാവിദ്യ കിടപ്പ്; വിജയംകൊണ്ട് സമ്പാദ്യമുണ്ടായിട്ടുള്ളവർ അതുകൊണ്ടുതന്നെ ഭയപ്പെടുകയും ചെയ്യാൻ വേണ്ടി, ഒരു കഷ്ടസംഭവത്തിന്റെ ഒച്ചപ്പാട് അതിന്നും അല്പമൊന്നുണ്ടാക്കിക്കൊടുക്കുക; എടുത്തുവെയ്ക്കുന്ന ഓരോ കാൽവെപ്പിലും ഭയം പുരട്ടുക; അഭിവൃദ്ധിയെ തടയത്തക്കവിധം അവസ്ഥാന്തരത്തിന്റെ വളവിനെ വലുതാക്കുക; ആ തേജോവിലാസത്തെ മങ്ങിക്കുക; ഉന്മേഷത്തിന്റെ കാഠിന്യത്തെ അധിക്ഷേപിക്കുകയും ചുരുക്കുകയും ചെയ്ക; എല്ലാ മുനമ്പുകളേയും നഖങ്ങളേയും ചെത്തുക; വിജയത്തിന്റെ വായിൽ തുണി തിരുകുക; അവകാശത്തിന്റെ മോന്ത പൊത്തിപ്പിടിക്കുക; പെരുംകൂറ്റനായ ജനസമുദായത്തെ രോമത്തുണികൊണ്ടു മൂടിപ്പുതപ്പിച്ചു വളരെ വേഗത്തിൽ കിടക്കയിൽ കൊണ്ടുകിടത്തുക; ആ ആരോഗ്യത്തിന്റെ ആധിക്യത്തെ പത്ഥ്യത്തിലിരുത്തുക; ലോകമഹാശക്തനെ, രോഗം മാറിത്തുടങ്ങുന്ന ഒരാളെ എന്നപോലെ, കൊണ്ടുപിടിച്ചു ചികിത്സിക്കുക; ഉപായപ്പണികൊണ്ടു സംഭവത്തെ നേർപ്പിക്കുക; ആദർശപ്രാപ്തിക്കായി തൊണ്ടവരണ്ടു നില്ക്കുന്ന ജീവന്ന് ഒരു കഷായവെള്ളം കൂട്ടി വീര്യം കെടുത്തിയ അമൃതു കാണിച്ചുകൊടുക്കുക. വിജയം ഏറിപ്പോവാതിരിപ്പാൻ വേണ്ട മുൻ കരുതലെടുക്കുക; ഭരണപരിവർത്തനത്തെ ഒരു നിഴൽകൊണ്ടലങ്കരിക്കുക.

1688-ൽ [2] ഇംഗ്ലണ്ടുകാർ മുൻപുതന്നെ പ്രയോഗിച്ചു നോക്കിക്കഴിഞ്ഞിട്ടുള്ള ഈ വിദ്യയെ 1830-ൽ ഫ്രാൻസെടുത്തു.

പകുതി വഴിക്കുവെച്ചു പിടിച്ചുനിർത്തപ്പെട്ട ഒരു ഭരണപരിവർത്തനമാണ് 1830. അഭിവൃദ്ധിയുടെ പകുതി; അവകാശാർദ്ധം. അപ്പോൾ സൂര്യന്നു മെഴുതിരിവെളിച്ചം അറിഞ്ഞുകൂടാത്തപോലെതന്നെ ന്യായശാസ്ത്രത്തിന് ‘ഏതാണ്ട്’ എന്ന വാക്കറിഞ്ഞുകൂടാ.

ഭരണപരിവർത്തനങ്ങളെ പകുതിവഴിക്കുവെച്ച് ആർ പിടിച്ചു നിർത്തുന്നു? നാടുവാഴികളാണോ?

എന്തുകൊണ്ട്?

എന്തുകൊണ്ടെന്നാൽ, നാടുവാഴികൾ എന്നതു നിറവേറിക്കഴിഞ്ഞ ആവശ്യമാണ്. ഇന്നലെ അതു രുചിയായിരുന്നു; ഇന്ന് അതു സമൃദ്ധിയാണ്; നാളെ അതു മടുപ്പാവും.

നെപ്പോളിയന്നു ശേഷമുണ്ടായ 1814-ലെ കാഴ്ച പത്താം ഷാർലിനു ശേഷം 1830-ൽ ആവർത്തിക്കപ്പെട്ടു.

ഒരുകൂട്ടം നാടുവാഴികളെ ഉണ്ടാക്കിത്തീർക്കാൻ നോക്കി; ശരിയായില്ല. തൃപ്തിയോടുകൂടിയ പൊതുജനഭാഗംമാത്രമാണ് നാടുവാഴികൾ എന്നുവെച്ചാൽ. ഇപ്പോൾ ഇരിക്കാൻ ഇട കിട്ടി എന്നായ ഒരാളാണ് നാടുവാഴി. ഒരു കസാല ഒരുജാതിയല്ല.

പക്ഷേ, വേണ്ടതിലധികം മുമ്പായി ഇരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടു മനുഷ്യസമുദായത്തിന്റെ മുന്നോട്ടുള്ള ഗതി പിടിച്ചുനിർത്തപ്പെട്ടേക്കും. നാടുവാഴികൾക്കു പലപ്പോഴും ഈ അബദ്ധം പറ്റിപ്പോയിട്ടുണ്ട്.

ഒരബദ്ധം പ്രവർത്തിച്ചു എന്നതുകൊണ്ട് ഒന്ന് ഒരു വർഗ്ഗമായില്ല. സാമുദായിക വ്യവസ്ഥയുടെ വിഭാഗങ്ങളിൽ സ്വാർഥം ഒരെണ്ണമില്ല.

പിന്നെ, നാം സ്വാർഥത്തോടു നീതി കാണിക്കണം. നാടുവാഴികൾ എന്ന പൊതു ജനവിഭാഗം 1830-ലെ കുലുക്കത്തിനുശേഷം കിട്ടാനാഗ്രഹിച്ചിരുന്നത്, ഔദാസീന്യത്തോടും അലസതയോടുംകുടി കെട്ടുപിണഞ്ഞതും കുറച്ചു പോരായ്മ കൂടിക്കലർന്നതുമായ ആ മന്ദതയല്ല; സ്വപ്നങ്ങൾക്കു പ്രവേശമുള്ള ഒരു ക്ഷണിക വിസ്മൃതി മുൻപുറത്തുള്ള ഒരുറക്കമല്ല—നില്പാണ്.

നില്പ് എന്നത് പരസ്പരവിരുദ്ധാർത്ഥത്തിലുള്ള രണ്ടു വാക്കുകൾ അസാധാരണമായവിധം കൂടിച്ചേർന്ന ഒരു വാക്കാണ്. നടന്നുപോകുന്ന ഒരു സൈന്യം, എന്നുവെച്ചാൽ ചലനം; ഒരു നില, എന്നുവെച്ചാൽ വിശ്രമം.

നില്പ് ശക്തികളെ വീണ്ടെടുക്കലാണ്,ആയുധം ധരിച്ചും കരുതലോടുകൂടിയുമുള്ള വിശ്രമമാണത്; പാറാവുകാരെ നിർത്തുന്നതും സ്വയം കരുതിനില്ക്കുന്നതുമായ ഒരു നിറവേറിയ കാര്യമാണത്.

നില്പ് എന്നതിൽനിന്ന് ഇന്നലത്തെ യുദ്ധവും നാളത്തെ യുദ്ധവും ഊഹിക്കാം.

അത് 1830-നേയും 1848-നേ [3] യും വേർതിരിക്കുന്ന പഴുതാണ്.

ഇവിടെ യുദ്ധം എന്നു ഞങ്ങൾ പറയുന്നതിനെ അഭിവൃദ്ധിയെന്നും പേര് വിളിക്കാം.

അപ്പോൾ, നാടുവാഴികൾക്കും ആവിധംതന്നെ രാജ്യതന്ത്രജ്ഞന്മാർക്കും ഈ നില്പ് എന്ന വാക്കു കാണിക്കാൻ ഒരാൾ വേണം. ഒരു എങ്കിലും—അതുകൊണ്ട്. ഭരണപരിവർത്തനത്തെ സൂചിപ്പിക്കുന്നതും സ്ഥിരതയെ സൂചിപ്പിക്കുന്നതുമായ മറ്റൊരുവിധം പറകയാണെങ്കിൽ, ഭാവികാലവുമായി ഭൂതകാലത്തിനു പ്രത്യക്ഷത്തിലുള്ള യോജിപ്പുകൊണ്ട് വർത്തമാനകാലത്തെ ഉറപ്പിക്കുന്നതായ ഒരു സങ്കലിതസത്ത്വം.

ഈ ആളെ ‘കിട്ടിക്കഴിഞ്ഞിരിക്കുന്നു.’ അദ്ദേഹത്തിന്റെ പേർ ലൂയി ഫിലിപ്പ് ദോർലിയാണ് എന്നാണ്.

ജനപ്രതിനിധിസംഘം ലൂയി ഫിലിപ്പിനെ രാജാവാക്കി. ലഫയേത്ത് [4] പട്ടാഭിഷേകം നടത്തി.

അയാൾ അതിനെ ജനപ്രാതിനിധ്യഭരണങ്ങളിൽവെച്ച് ഏറ്റവും നല്ലത് എന്ന് വിളിച്ചു. റീമിലെ വലിയ പള്ളിയുടെ [5] സ്ഥാനം പാരീസ്സിലെ ടൗൺഹാൾ കയ്യേറ്റു.

ഒരു പൂർണ്ണസിംഹാസനത്തിന്റെ സ്ഥാനത്ത് ഈ ഒരർദ്ധസിംഹാസനം വെയ്ക്കുകയാണ് ‘1830 ചെയ്ത പ്രവൃത്തി.’

കൗശലക്കാരുടെ ജോലി മുഴുമിച്ചപ്പോൾ അവരുടെ യുക്തിയിലുള്ള അപാര ദുഷ്ടത വെളിപ്പെട്ടു. ഇതെല്ലാം നടന്നത് കേവലാവകാശത്തിന്റെ അതിർത്തിപ്പുറത്തുവെച്ചാണ്. കേവലാവകാശം ഉച്ചത്തിൽ പറഞ്ഞു: ‘എനിക്കിതു സമ്മതമല്ല!’ എന്നിട്ടു, പറയാൻ ഭയം തോന്നുന്നു, അത് അന്ധകാരത്തിലേക്കു വാങ്ങി.

കുറിപ്പുകൾ

[1] സ്പെയിൻകാരുടെ ഭരണത്തിൽനിന്നു മെക്സിക്കോ വീണ്ടെടുത്താൾ, ചക്രവർത്തിയായി, പിന്നീടു സ്ഥാനത്യാഗം ചെയ്തു, നാടുകടത്തപ്പെട്ടു, വീണ്ടും തിരിച്ചുവന്നു; പിടിച്ചുവെയ്ക്കപ്പെട്ടു (1783–1814).

[2] ചാറൽസ് രണ്ടാമൻ സിംഹാസനസ്ഥനായ കൊല്ലം.

[3] പാരിസ്സിൽ ലഹളയുണ്ടാകയും ലൂയി ഫിലിപ്പ് സ്ഥാനത്യാഗം ചെയ്ത് ഇംഗ്ലണ്ടിൽ രക്ഷപ്രാപിക്കയും മറ്റും ഇക്കൊല്ലത്തിലാണുണ്ടായത്.

[4] ഒരു ഫ്രഞ്ച് സേനാപതി, സ്വരാജ്യസ്നേഹി, രാജ്യതന്ത്രജഞൻ.

[5] ആദ്യകാലങ്ങളിൽ ഇവിടെവെച്ചായിരുന്നു ഫ്രാൻസിലെ രാജാക്കന്മാരുടെ പട്ടാഭിഷേകം.

4.1.3
ലൂയി ഫിലിപ്പ്

ഭരണപരിവർത്തനങ്ങൾക്ക് ഒരു ഭയങ്കരമായ കൈയും ഒരു ഭാഗ്യമേറിയ കൈപ്പടവുമുണ്ട്; അവ ശക്തിയോടുകൂടി തല്ലുകയും ശരിയായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അപൂർണ്ണങ്ങളാണെങ്കിലും, 1830-ലെ വിപ്ലവംപോലെ നികൃഷ്ടവും അധിക്ഷിപ്തവും ഒരു ചില്ലറ ഭരണപരിവർത്തനം എന്ന നിലയിലോളം ഇടുങ്ങിയതുമായിരുന്നാൽക്കൂടിയും, അബദ്ധത്തിൽ ചെന്നുചാടാതെ കഴിയാൻമാത്രം വേണ്ട ഒരനുഗൃഹീതമായ തന്റേടത്തെ അവ വിടുന്നില്ല. അവയുടെ മറയൽ ഒരിക്കലും ഒരു സ്ഥാനത്യാഗമല്ല.

എങ്കിലും, നമുക്കു വേണ്ടതിലധികം ഉച്ചത്തിൽ മേനി പറയാതിരിക്കുക; ഭരണപരിവർത്തനങ്ങൾക്കും ചതി പറ്റിപ്പോവാം; ഗൗരവമേറിയ അബദ്ധങ്ങൾ വന്നു കണ്ടിട്ടുണ്ട്.

ഞങ്ങൾ 1830-ലേക്കു മടങ്ങിച്ചെല്ലട്ടെ. വഴിതെറ്റലിലും 1830-നു ഭാഗ്യമുണ്ട്. ഭരണ പരിവർത്തനം ഇടയ്ക്കുവെച്ചു നിർത്തപ്പെട്ടതിനുശേഷം, സമാധാനരക്ഷ എന്നു സ്വയം സ്ഥാനപ്പേരിട്ടുകൊണ്ടുണ്ടായ വ്യവസ്ഥാപനത്തിലെ രാജാവിൽ രാജത്വം മാത്രമല്ല ഉണ്ടായിരുന്നുള്ളു. ലൂയി ഫിലിപ്പ് ഒരസാധാരണ മനുഷ്യനായിരുന്നില്ല.

ചരിത്രം ചില വിലക്കുറവുകളെല്ലാം കല്പിച്ചുകൊടുക്കുന്ന ഒരച്ഛന്റെ മകൻ, എന്നാൽ അച്ഛൻ എത്രകണ്ടു നിന്ദയ്ക്കർഹനാണോ മകൻ അത്രകണ്ടും ബഹു മതിക്കർഹൻ,; കുടുംബജീവിതത്തിനുവേണ്ട പല ഗുണങ്ങളുമുള്ളാൾ; തന്റെ ആരോഗ്യത്തിലും, തന്റെ യോഗക്ഷേമത്തിലും, തന്റെ ദേഹസ്ഥിതിയിലും, തന്റെ കാര്യങ്ങളിലും ശ്രദ്ധാലു; ഒരു നിമിഷത്തിന്റെ വിലയറിയുന്നവനും ഒരു വർഷത്തിന്റെ വില എപ്പോഴും അറിഞ്ഞു എന്നുവരാത്തവനും; തന്റേടവും ഗൗരവവും ശാന്തതയും ക്ഷമയുമുള്ളാൾ; ഒരു കൊള്ളാവുന്ന മനുഷ്യനും, ഒരു കൊള്ളാവുന്ന രാജാവും; ഭാര്യയോടുകൂടി കിടന്നുറങ്ങുകയും സഭാര്യനായ തന്റെ കിടപ്പുമുറിയെ നാടുവാഴികൾക്കു കാണിച്ചുകൊടുക്കാൻ ചുമതലപ്പെട്ട ഭൃത്യന്മാരെ കൊട്ടാരത്തിൽ നിയമിക്കുകയും ചെയ്തിട്ടുള്ളാൾ—പൂർവ്വികരുടെ പണ്ടത്തെ അന്യായപ്രകടനങ്ങൾ നോക്കുമ്പോൾ പ്രയോജനകരമായ ഒരു ധാടി; യൂറോപ്പിലെ എല്ലാ ഭാഷകളും അറിയുന്നാൾ; എന്നല്ല, കുറെക്കൂടി അപൂർവം, എല്ലാ ആവശ്യങ്ങൾക്കുമുള്ള ഭാഷകൾ ധരിക്കുകയും അവയിലെല്ലാം സംസാരിക്കുകയും ചെയ്യാൻ കഴിവുള്ള ഒരാൾ; ‘ഇടത്തരക്കാരുടെ ഒരഭിനന്ദനീയ പ്രതിനിധി; പക്ഷേ, ആ നിലയിൽനിന്നു കടന്നവനും അവരിൽനിന്നെല്ലാം ഉയർന്നവനും; നല്ല തന്റേടമുള്ളാൾ; തന്റെ വംശോൽകൃഷ്ടത മനസ്സിലാക്കി തന്റെ ആന്തരഗുണത്തെത്തന്നെ സർവ്വോപരി ഗണിക്കുന്ന ഒരാൾ; സ്വന്തവംശത്തെപ്പറ്റിയാണെങ്കിൽ, താൻ ഓർലിയാങ് വംശക്കാരനെന്നല്ലാതെ ബൂർബൊണങ് വംശക്കാരനെന്ന് ഒരിക്കലും പറയാത്ത ആൾ; ഒരു ‘തിരുമേനി’മാത്രമായിരുന്ന കാലത്ത് ഒരൊന്നാന്തരം കുലീനരാജാവും, രാജപട്ടമെടുത്തതുമുതല്ക്ക് ഒരു നല്ല നാടുവാഴിയും; പൊതുജനകാര്യങ്ങളിലെല്ലാം വിസ്തരവും സ്വന്തം കാര്യങ്ങളിലെല്ലാം സംക്ഷേപവും പൂണ്ട ആൾ; പ്രസിദ്ധി അങ്ങനെയാണെങ്കിൽ, പിശുക്കനെന്നു തെളിഞ്ഞിട്ടില്ലാത്താൾ; വകഞ്ഞുനോക്കുമ്പോൾ, സ്വന്തം ആവശ്യമോ ചുമതലയോ അനുസരിച്ചു ക്ഷണത്തിൽ ധാരാളിയായിത്തീരുന്ന അത്തരം ചെലവുകണിശക്കാരിൽ ഒരാൾ; പണ്ഡിതൻ, എന്നാൽ പാണ്ഡിത്യത്തിൽ ഭ്രമമില്ലാത്താൾ; ഒരു മാന്യൻ, എന്നാൽ ഒരു യോഗ്യൻ എന്നില്ല; ശുദ്ധൻ, ശാന്തൻ, കുടുംബത്താലും കൂടെക്കഴിയുന്നവരാലും പൂജിക്കപ്പെടുന്നവൻ; മയക്കിക്കളയുന്ന ഒരുവാഗ്മി; ആന്തരമായി ഉറപ്പോടുകൂടി, തൽക്കാലത്തെ ആവശ്യത്തിൽ ആണ്ടുകൊണ്ട്, അടുത്തെത്തിയാൽ എന്തിനേയും എപ്പോഴും വശപ്പെടുത്തിക്കൊണ്ട്, പകയ്ക്കും നന്ദിക്കും കീഴടങ്ങാതെ, പ്രമാണിത്തത്തെ സാധുത്വത്തിന്മേൽ ദയയില്ലാതെ പ്രയോഗിച്ചുകൊണ്ട്, ജീവനില്ലാതെ സിംഹാസനത്തിനു ചുവട്ടിൽ കിടന്നു പിറുപിറുക്കുന്ന ആ നിഗൂഢൈകമത്യങ്ങളെ വിഡ്ഡിത്ത്വത്തിൽ ചാടിക്കാൻവേണ്ടി ഭരണാധികാരിസഭയിലെ ഭൂരിപക്ഷത്തെ കൈവശപ്പെടുത്താൻ സമർത്ഥനായി, ആരാലും വഞ്ചിക്കപ്പെടാത്ത ഒരു രാജ്യഭരണതന്ത്രജ്ഞൻ; ഉള്ളിൽ കലവറയില്ലാതെ ആ കലവറക്കുറവുകൊണ്ട് വകതിരിവുകേടുതന്നെ പറ്റിപ്പോകുമെങ്കിലും ആ വകതിരിവുകേടിൽപ്പോലും അത്ഭുതകരമായ സാമർത്ഥ്യമുള്ള ഒരാൾ; ഉപായങ്ങൾ, കള്ളമട്ടുകൾ, ഭാവമാറ്റങ്ങൾ, ധാരാളം തോന്നുന്നാൾ; ഫ്രാൻസിനെക്കൊണ്ട് യൂറോപ്പിനേയും യൂറോപ്പിനെക്കൊണ്ടു പ്രാൻസിനേയും പേടിപ്പിച്ചാൾ; സ്വരാജ്യത്തെ നിസ്തർക്കമായി സ്നേഹിച്ചിരുന്നുവെങ്കിലും, കുടുംബത്തിന്റെ മേൽ അതിലധികം പ്രതിപത്തിയുണ്ടായിരുന്നാൾ; അധികാരത്തെക്കാളധികം ആജ്ഞാശക്തിയും അന്തസ്സിലധികം അധികാരവും കാണിച്ചിരുന്നാൾ—ഈ ശീലത്തിന് ഇങ്ങനെയൊരു ഗ്രഹപ്പിഴപിടിച്ച വിശേഷതയുണ്ട്; എല്ലാം വിജയത്തിൽ കലാശിപ്പിക്കുന്നതോടുകൂടി വഞ്ചനയെ അതു സമ്മതിക്കുകയും നീചത്വത്തെ തീരെ കളയാതിരിക്കയും ചെയ്യുന്നു; എന്നാൽ ഈ വിലപിടിച്ച ഭാഗവും അതിലുണ്ട്; രാജ്യഭരണതന്ത്രത്തെ വലിയ ക്ഷോഭങ്ങളിൽനിന്നും രാജ്യത്തെ ഉടവുകളിൽനിന്നും സമുദായത്തെ കഷ്ടപ്പാടു കളിൽനിന്നും അതു കാക്കുന്നു; സൂക്ഷ്മതയോടും ഔചിത്യത്തോടും ശുഷ്കാന്തിയോടും സാമർത്ഥ്യത്തോടും അക്ഷീണതയോടുംകൂടിയ ആൾ; ചിലപ്പോൾ തന്നോടുതന്നെ തർക്കിച്ചു തന്നത്താൻ നുണയനാക്കുന്ന ഒരാൾ; ആൻകോണയിൽവെച്ച് ആസ്ത്രീയയുടെ മുൻപിൽ അതിധീരനും, സ്പെയിനിൽവെച്ച് ഇംഗ്ലണ്ടിന്റെ മുമ്പിൽ ദുശ്ലാഢ്യക്കാരനും; ആന്റ്വേർപ്പ് വളയുകയും പ്രിപ്പേർഡ് വിട്ടുകൊടുക്കുകയും ചെയ്ത ആൾ; ഉള്ളിൽക്കൊണ്ട് ഉത്തമരാഷ്ട്രീയഗാനം പാടുന്നാൾ; നിരാശതയ്ക്കും, അലസതതയ്ക്കും, കൗതുകകരവും ആദർശപരവുമായതിനോടുള്ള വാസനയ്ക്കും, ധീരോദാത്തമായ ഉദാരതയ്ക്കും, മനോരാജ്യസ്വർഗ്ഗത്തിനും, മിത്ഥ്യാഭ്രമങ്ങൾക്കും, ദേഷ്യത്തിനും, ഡംഭിനും, ഭയത്തിനും അപ്രാപ്യൻ; നിർഭയത്വത്തിന്റെ എല്ലാ രൂപഭേദങ്ങളും കൈവശമുള്ളാൾ; വാൽമിയിൽ [1] ഒരു സേനാപതി, ഴെമെയ്പ്പിൽ [2] ഒരു ഭടൻ; രാജഹന്താക്കളാൽ എട്ടു തവണ ആക്രമിക്കപ്പെട്ടവൻ; ആ എട്ടുതവണയും സ്മേരമുഖൻ; ഒരു പടയാളിയെപ്പോലെ ഉശിരനും ഒരു തത്ത്വജ്ഞാനിയെപ്പോലെ ധീരനും; യൂറോപ്പു മുഴുവനുംകൂടി കുലുങ്ങുന്ന ഘട്ടങ്ങളിൽ മാത്രം അസ്വസ്ഥനും മഹത്തരങ്ങളായ രാഷ്ട്രീയപരാക്രമങ്ങൾക്ക് അനർഹനും; തന്റെ ജീവനെ അപകടത്തിലാക്കാൻ എപ്പോഴും സന്നദ്ധൻ, എന്നാൽ തന്റെ പ്രവൃത്തിയെ അപകടത്തിലാക്കാൻ തീരെ അസന്നദ്ധൻ; ഒരു രാജാവെന്നതിലധികം ഒരു ബുദ്ധിമാൻ എന്ന നിലയിൽ അനുസരിക്കപ്പെടാൻവേണ്ടി അധികാരശക്തിക്കിടയിൽ തന്റെ ഇച്ഛയെ ഒളിപ്പിച്ചുവെച്ചിരിക്കുന്നാൾ; ദൈവജ്ഞതകൊണ്ടല്ല ലോകനിരീക്ഷണശക്തികൊണ്ട് അനുഗൃഹീതൻ; അധികം ഹൃദയത്തിലേക്കു ശ്രദ്ധിച്ചുനോക്കാതെയാണെങ്കിലും മനുഷ്യരെ മനസ്സിലാക്കുന്ന— അതായത്, കണ്ടതുകൊണ്ട് ആളെ അറിയുന്ന—ഒരാൾ; സമയോചിതവും സർവവ്യാപകവുമായ തന്റേടത്തോടും പ്രായോഗികമായ വിജ്ഞാനത്തോടും നിഷ്പ്രയാസമായ വാഗ്ധാടിയോടും മഹത്തായ ഓർമ്മശക്തിയോടും കൂടിയ മനുഷ്യൻ; ഈ ഓർമ്മയ്ക്കുള്ളിൽ സീസർ, അലെക്സാണ്ടർ, നെപ്പോളിയൻ എന്നിവരുമായി തനിക്കുള്ള സാദൃശ്യംമാത്രം ഇടവിടാതെ വരച്ചു നോക്കിക്കൊണ്ടുള്ളാൾ; പ്രവൃത്തികളും വാസ്തവാവസ്ഥകളും സൂക്ഷ്മവിവരങ്ങളും തിയതികളും പേരുകളും അറിഞ്ഞുകൊണ്ടു, മനോഗതികളും വികാരാവേഗങ്ങളും ജനക്കൂട്ടത്തിന്റെ വിഭിന്ന ബുദ്ധികളും ആന്തരങ്ങളായ ആഗ്രഹങ്ങളും ആത്മാക്കളുടെ നിഗൂഢങ്ങളും അവ്യക്തങ്ങളുമായ മത്സരങ്ങളും, ചുരുക്കിപ്പറഞ്ഞാൽ, അന്തഃകരണങ്ങളുടെ അദൃശ്യങ്ങളായ ഗതിതരംഗങ്ങളെന്ന് പറയപ്പെടാവുന്നവയിൽ യാതൊന്നും അറിഞ്ഞുകൂടാത്ത ആൾ; മുകൾഭാഗത്താൽ സമ്മതൻ, പക്ഷേ, ചുവട്ടിലെ ഫ്രാൻസുമായി തീരെ യോചിക്കാത്ത ആൾ; വിവേകത്തിന്റെ ബലംകൊണ്ട് അപകടങ്ങളിൽനിന്നും ജയിച്ചുപോരുന്നവൻ; അത്യധികം, എന്നാൽ വേണ്ടിടത്തോളമാവാത്ത, ഭരണശീലത്തോടുകൂടിയവൻ; അവനവന്റെതന്നെ പ്രധാനമന്ത്രി; വാസ്തവാവസ്ഥകളുടെ നിസ്സാരതയിൽനിന്നും ആലോചനകളുടെ അപാരതയ്ക്കു മുൻപിൽ ഒരു വിഘ്നം ഉണ്ടാക്കുവാൻ മിടുക്കൻ; പരിഷ്കാരത്തേയും സമാധാനരക്ഷയേയും സംഘശക്തിയേയും സൃഷ്ടിക്കുവാനുള്ള ഒരു യഥാർത്ഥ ത്രാണിയെ കാര്യങ്ങളും കള്ളത്തരങ്ങളും കൊണ്ടുനടക്കുവാനുള്ള ഒര നിർവാച്യധൈര്യത്തോടു കൂട്ടിയിണക്കുന്നാൾ; ഒരു രാജവംശത്തിന്റെ സ്ഥാപകനും അതിന്റെ വക്കീലും; ഷാർൽമാൻ ചക്രവർത്തിയുടെ ചില ഭാഗവും ഒരു വക്കീലിന്റെ ചില ഭാഗവും കൂടിക്കലർന്നിട്ടുള്ളാൾ; ചുരുക്കിപ്പറഞ്ഞാൽ, തികച്ചും പൊന്തിനില്ക്കുന്ന ഒരപൂർവ്വ പുരുഷൻ; ഫ്രാൻസിന്റെ അസ്വാസ്ഥ്യമിരുന്നാലും അധികാരബലത്തേയും യൂറോപ്പിന്റെ അസൂയയിലിരുന്നാലും ഭരണശക്തിയേയും ഉണ്ടാക്കിത്തീർക്കേണ്ടതെങ്ങനെ എന്നറിയുന്ന ഒരു രാജാവ്. പ്രശസ്തിയെ കുറച്ചെങ്കിലും ഇഷ്ടപ്പെടുകയും പ്രയോജനകരമായതിനോടുള്ളപോലെ മഹത്തരമായതിനോടു പ്രതിപത്തിയുണ്ടായിരിക്കയും ചെയ്തുവെങ്കിൽ, ലൂയി ഫിലിപ്പ് തന്റെ ശതാബ്ദത്തിലെ പ്രമുഖരുടെ ഇടയിൽ ഒരാളായി എണ്ണപ്പെടുകയും ചരിത്രത്തിലെ ഏറ്റവും ബഹുമാന്യന്മാരായ ഭരണകർത്താക്കന്മാരുടെ ഇടയിൽ തന്റെ പേർ ചേർക്കുകയും ചെയ്തേനേ.

ലൂയി ഫിലിപ്പ് സുന്ദരനായിരുന്നു; വാർദ്ധക്യത്തിലും അദ്ദേഹം ആ അന്തസ്സുവിട്ടില്ല. രാജ്യത്താൽ എപ്പോഴും അഭിനന്ദിതനായിരുന്നില്ലെങ്കിലും, പൊതുജനങ്ങൾ അദ്ദേഹത്തെ എപ്പോഴും സ്നേഹിച്ചുപോന്നു; അദ്ദേഹം സന്തോഷിപ്പിച്ചിരുന്നു. ആളുകളെ വശത്താക്കാനുള്ള ഒരു സാമർത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനു പ്രതാപമില്ല; രാജാവാണെങ്കിലും അദ്ദേഹം കിരീടം ധരിച്ചിരുന്നില്ല; വൃദ്ധനാണെങ്കിലും വെളുത്ത തലമുടിയുള്ളാളല്ല; അദ്ദേഹത്തിന്റെ സമ്പ്രദായങ്ങൾ പഴയ കാലത്തേക്കു ചേർന്നവയായിരുന്നു; നടപടികൾ പുതിയ കാലത്തേക്കും. 1830-ലേക്കു പറ്റിയവിധം പ്രഭുവും നാടുവാഴിയും കൂടിച്ചേർന്നത്. അവസ്ഥാന്തരം നാടുവാഴുക എന്നതായിരുന്നു ലൂയി ഫിലിപ്പ്, പണ്ടത്തെ ഉച്ചാരണവും പണ്ടത്തെ അക്ഷരശുദ്ധിയും അദ്ദേഹം സൂക്ഷിച്ചുപോന്നു; രണ്ടും അദ്ദേഹം നൂതനാഭിപ്രായങ്ങളുടെ ചൊല്പടിയിൽ നിർത്തി. പത്താം ഷാർലിനെപ്പോലെ അദ്ദേഹം രാഷ്ട്രീയരക്ഷിഭടന്റെ ഉടുപ്പും നെപ്പോളിയനെപ്പോലെ ബഹുമതിചിഹ്നമായ പട്ടുനാടക്കെട്ടും ധരിച്ചിരുന്നു.

അദ്ദേഹം അല്പാല്പമൊക്കെ പള്ളിയിൽ പോവും; നായാട്ടിനു പോവുകയുണ്ടായിട്ടില്ല; സംഗീതനാടകശാലയിലേക്ക് ഒരിക്കലുമില്ല. പള്ളിക്കാവല്ക്കാരെക്കൊണ്ടും നായാട്ടുമുപ്പന്മാരെക്കൊണ്ടും ആട്ടക്കാരികളെക്കൊണ്ടും അദ്ദേഹം ചീത്തപ്പെട്ടിട്ടില്ല; പ്രമാണികൾക്കിടയിൽ അദ്ദേഹത്തെപ്പറ്റി ഒരു സമ്മതം വീണതിൽ ഒരു ഭാഗം ഇതുകാരണമാണ്. അദ്ദേഹത്തിനു ഹൃദയമില്ലായിരുന്നു. കക്ഷത്തിൽ കുടയുമായി അദ്ദേഹം പുറത്തേക്കിറങ്ങും; ഈ കുട അദ്ദേഹത്തിന്റെ തേജഃ പരിധിയുടെ ഒരു ഭാഗമായി. അദ്ദേഹത്തിനു കുറച്ചാശാരിപ്പണിയറിയാം; കുറച്ചു തോട്ടക്കാരന്റെ പണിയറിയാം; ഏതാണ്ടൊക്കെ വൈദ്യവും; കുതിരപ്പുറത്തു നിന്നുരുണ്ടുവീണ ഒരു വണ്ടിക്കാരന്ന് അദ്ദേഹം മുറികെട്ടി; നാലാമൻ ആങ്തന്റെ കട്ടാരം കൂടാതെ എത്രകണ്ടു പുറത്തിറങ്ങിയിട്ടുണ്ടോ, അതിലും കുറച്ചേ ലൂയി ഫിലിപ്പ് തന്റെ ശസ്ത്രമെടുക്കാതെ പുറത്തിറങ്ങുകയുണ്ടായിട്ടുള്ളൂ. രാജകക്ഷിക്കാർ ഈ കൊള്ളരുതാത്ത രാജാവിനെ, മുറി ഭേദപ്പെടുത്തുവാൻവേണ്ടി ചോര വരുത്തിയിരുന്ന ഈ ഒന്നാമത്തെ രാജാവിനെ, കളിയാക്കി.

ലൂയി ഫിലിപ്പിനെപ്പറ്റിയുള്ള ആവലാതികളെസ്സംബന്ധിച്ചേടത്തോളം, ഒന്നു കുറയ്ക്കേണ്ടാതായിട്ടുണ്ട്, രാജത്വത്തെ കുറ്റപ്പെടുത്തുന്നതെന്തുകൊണ്ടോ അത്, രാജവാഴ്ചയെ കുറ്റപ്പെടുത്തുന്നതെന്തുകൊണ്ടോ അത്, രാജാവിനെ കുറ്റപ്പെടുത്തുന്നതുകൊണ്ടോ അതു വെവ്വേറെ തുക കൊടുക്കുന്ന മൂന്നു വരികൾ. പൊതുജനാവകാശങ്ങളെ പിടിച്ചടക്കുക, അഭിവൃദ്ധി ഒരപ്രധാനകാര്യമാക്കിത്തീർക്കുക, തെരുവീഥിയിൽനിന്നുള്ള എതിരഭിപ്രായത്തെ ബലാൽക്കാരേണ പിടിച്ചുനിർത്തുക. ലഹളക്കാരെ പട്ടാളത്തെക്കൊണ്ടു വെടിവെപ്പിക്കുക, ആക്രമണത്തെ ആയുധപ്രയോഗംകൊണ്ട് ഇല്ലാതാക്കുക, യുദ്ധകാര്യാലോചനസഭ കൂട്ടുക, വാസ്തവത്തിലുള്ള രാജ്യത്തെ നിയമസംബന്ധിയായ രാജ്യത്തെക്കൊണ്ടു വിഴുങ്ങിക്കുക—ഇതൊക്കെയാണ് രാജത്വത്തിന്റെ പ്രവൃത്തികൾ. ബെൽജിയത്തിന്റെ അവകാശത്തെ നിരസിക്കുക, അത്യധികം നിഷ്ഠുരതയോടുകൂടിയും ഇന്ത്യയിൽ ഇംഗ്ലണ്ടു കാണിക്കുന്നപോലെ, പരിഷ്കൃതമട്ടിനെക്കാളധികം കാടമട്ടോടുകൂടിയും ആൽജീറിയാ [3] രാജ്യം കീഴടക്കുക. അബ്ദുൽകാതരോടു [4] വിശ്വാസപാതകം പ്രവർത്തിക്കുക—ഇതൊക്കെ രാജവാഴ്ചയുടെ വിദ്യകളാണ്; രാജസംബന്ധിയാവുന്നതിലധികം, കൂടുംബസംബന്ധിയായ ഭരണനയം രാജാവു പറ്റിക്കുന്നതാണ്.

നോക്കിയാൽ കാണാവുന്നവിധം, വേണ്ടിടത്തോളം കുറവുചെയ്തു വരുമ്പോൾ, രാജാവിനുള്ള കുറ്റം കുറച്ചേ ഉള്ളൂ.

ഇതാണ് ലൂയി ഫിലിപ്പിന്റെ വലിയ കുറ്റം: ഫ്രാൻസിന്റെ പേർ പറഞ്ഞ അദ്ദേഹം ഒതുങ്ങിനിന്നു.

ഈ കുറ്റം എവിടെനിന്നുണ്ടായി?

ഞങ്ങൾ പറയാം.

വേണ്ടതിലധികം പിതൃവാത്സല്യത്തോടുകൂടിയ ഒരു രാജാവായിരുന്നു ലൂയിഫിലിപ്പ്; ഒരു രാജവംശം സ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയുള്ള ഒരു കുടുംബം ‘വിരിപ്പിക്കൽ’ സർവ്വത്തേയുംപറ്റി ശങ്കിക്കുന്നു; ഒരു ലേശമെങ്കിലും സ്വാസ്ഥ്യഭംഗം അതിന്നിഷ്ടമല്ല; അതിൽനിന്ന് അതിയായ ഭീരുത്വമുണ്ടാകുന്നു; രാജ്യഭരണ സംബന്ധിയായ പഴങ്കഥയിൽ ജൂലായ് 14-ാംനുയും യുദ്ധസംബന്ധിയായ ഇതിഹാസത്തിൽ ഓസ്തെർലിത്സും തനതായിട്ടുള്ള രാജ്യക്കാർക്ക് ഇതു രസിക്കുകയില്ല.

എന്നല്ല, ഒന്നാമതായി നിറവേറ്റേണ്ടുന്ന പൊതുകാര്യങ്ങളെ കിഴിച്ചാൽ, ലൂയിഫിലിപ്പിനു തന്റെ കുടുംബത്തോടുണ്ടായിരുന്ന ഹൃദയപുർവ്വമായ വാത്സല്യം ആ കുടുംബം അർഹിച്ചിരുന്നുതാനും. ആ കുടുംബം അഭിനന്ദിക്കത്തക്കതായിരുന്നു. സാമർത്ഥ്യത്തോടു മുട്ടിയുരുമ്മിക്കൊണ്ടുതന്നെ സൗശീല്യം അതിൽ താമസിച്ചുപോന്നു. ഷാർൽദോർലീയാണ് തന്റെ വംശത്തെ കവികളുടെ ഇടയിൽ പെടുത്തിയതുപോലെ, ലൂയി ഫിലിപ്പിന്റെ ഒരു മകൾ തന്റെ വംശത്തെ കലാനിപുണവർഗ്ഗത്തിലേക്ക് ഉയർത്തിവെച്ചു. ആ മാന്യ തന്റെ ആത്മാവിനെക്കൊണ്ട് ഒരു വെണ്ണക്കല്ലു കൊത്തിയുണ്ടാക്കി; അതിനു ഴാന്ന്ദാർക്ക് എന്നു പേരിട്ടു. ലൂയി ഫിലിപ്പിന്റെ രണ്ടു പെൺമക്കൾ മെതെർനിക്കിൽനിന്ന് ഈ സ്തുതി പുറപ്പെടുവിച്ചു: ‘കണ്ടെത്താൻ ഞെരുക്കമുള്ള രണ്ടു യുവതികളാണവർ,; ഒരിക്കലും കണ്ടെത്താൻ കഴിയാത്ത രണ്ടു രാജകുമാരിമാർ.’

യാതൊരു കളവും കൂടാതെയും യാതൊരതിശയോക്തിയുമില്ലാതെയുമുള്ള ലൂയി ഫിലിപ്പിന്റെ ഒരു വിവരണമാണിത്.

സമത്വരാജാവായിരിക്കുക, രാജവാഴ്ചയുടേയും ഭരണപരിവർത്തനത്തിന്റേയും പരസ്പരവിരുദ്ധതയെ ആത്മാവിൽ കൊണ്ടുനടക്കുക, ഭരണാധികാരിയിലാവുമ്പോൾ വിശ്വാസജനകമായിച്ചമയുന്ന ഭരണപരിവർത്തകനിലെ ആ അസ്ധാസ്ഥ്യകരത്വഭാഗം ഉണ്ടായിരിക്കുക - ഇതിലാണ് ലൂയി ഫിലിപ്പിന്റെ 1830-ലെ ഭാഗ്യം കിടക്കുന്നത്; ഒരു സംഭവത്തോട് ഇതിലധികം ഒരു മനുഷ്യൻ യോജിക്കുക എന്നതുണ്ടായിട്ടില്ല; ഒന്നു മറ്റൊന്നിലേക്കു കടന്നു, ഒരവതാരമായി. ലൂയി ഫിലിപ്പ് 1830-ന്റെ മനുഷ്യാവതാരമാണ്. എന്നല്ല, സിംഹാസനത്തിലേക്കുള്ള ഈ മഹത്തായ ശിപാർശിഗുണവും അദ്ദേഹത്തിനുണ്ടായിരുന്നു—രാജ്യഭ്രഷ്ടൻ. അദ്ദേഹം രാജ്യത്തു കടക്കാൻ പാടില്ലാത്തവനായിരുന്നു. ഒരു തെണ്ടി, ഇരപ്പാളി, സ്വന്തം പ്രയത്നം കൊണ്ടാണ് അദ്ദേഹം കഴിഞ്ഞുകൂടിയിരുന്നത്. ഫ്രാൻസിലെ ഏറ്റവുമധികം സമ്പന്നമായ രാജകുടുംബത്തിന് ഒന്നാം അവകാശിയായ അദ്ദേഹം സ്വിറ്റ്സർലാണ്ടിൽവെച്ച് ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തന്റെ കിളവൻകുതിരയെവിറ്റുകളഞ്ഞു. റെക്നോവിൽ [5] വെച്ച് അദ്ദേഹം കണക്കുശാസ്ത്രം പഠിപ്പിക്കുകയുണ്ടായി; അദ്ദേഹത്തിന്റെ സഹോദരി രോമച്ചരടുണ്ടാക്കുകയും തുന്നൽപ്പണി ചെയ്യുകയുമായിരുന്നു. പതിനൊന്നാമൻ ലൂയി ഉണ്ടാക്കിച്ചതും പതിനഞ്ചാമൻ ലൂയി ഉപയോഗിച്ചിരുന്നതുമായ മോങ്-സാങ്-മിഷേലിലെ ഇരിമ്പുകൂട് അദ്ദേഹം തന്റെ കൈകൊണ്ട് അടിച്ചു തകർത്തു. അദ്ദേഹം ദ്യു മുരിയെയുടെ [6] കൂട്ടുകാരനും, ലഫയേത്തിന്റെ സ്നേഹിതനുമായിരുന്നു; അദ്ദേഹം ജെക്കോബിൻ സംഘത്തിലെ ഒരംഗമായിരുന്നു; മിറബോ അദ്ദേഹത്തിന്റെ ചുമലിൽ താളം പിടിച്ചിട്ടുണ്ട്; ദാന്തോ അദ്ദേഹത്തെ ‘ഹേ ചെറുപ്പക്കാരൻ’ എന്നു വിളിച്ചിട്ടുണ്ട്. ഇരുപത്തിനാലാമത്തെ വയസ്സിൽ, 1793-ൽ, അന്നു മൊസ്യു ദ് ഷാർതൃ ആയിരുന്ന അദ്ദേഹം സാധുജനദ്രോഹി എന്നു യഥാർത്ഥമായി വിളിക്കപ്പെട്ടിരുന്ന പതിനാറാമൻ ലൂയിയുടെ വിചാരണ ഒരു പെട്ടിയുടെ ഉള്ളിൽനിന്നു നോക്കിക്കണ്ടിട്ടുണ്ട്. രാജാവിലുള്ള രാജത്വത്തെയും രാജത്വത്തോടുകുടി രാജാവിനെയും ഇല്ലാതാക്കിക്കൊണ്ടു ഭരണപരിവർത്തനത്തിന്റെ അന്ധമായ ദൂരദൃഷ്ടി ആലോചനയെ നിഷ്ഠുരമായി അരച്ചുകളയുന്നതിൽ മനുഷ്യനേയും, വിചാരണസഭയിലെങ്ങും പരന്നുപിടിച്ച ക്ഷോഭത്തെയും, ചോദ്യംചെയ്യുന്ന പൊതുജനക്രോധത്തെയും, ഉത്തരം പറയേണ്ടതെന്നറിഞ്ഞുകുടാത്ത രാജവംശത്തേയും, ആ അപായകരമായ ശ്വാസഗകതിക്ക് കിഴിൽനിന്നുള്ള രാജശിരസ്സിന്റെ ഭയങ്കരവും സംഭ്രാന്തവുമായ അനക്കത്തേയും, ആ കഷ്ടസംഭവത്തിൽപ്പെട്ട സകലരുടേയും— ശിക്ഷിച്ചവരുടെയെന്നപോലെ ശിക്ഷിക്കപ്പെട്ടവരുടെയും—നിരപരാധിത്വത്തെയും, ഏതാണ്ടു നോക്കാതെയാണ് അപ്രകാരം പ്രവർത്തിച്ചത് - ഇവയെല്ലാം അദ്ദേഹം നോക്കിക്കണ്ടു; ആ തലചുറ്റലിനെപ്പറ്റി അദ്ദേഹം ആലോചിച്ചു; ആ വിചാരണസഭയുടെ കൂട്ടിനു മുൻപിൽ ശതാബ്ദങ്ങൾ വന്നു നില്ക്കുന്നത് അദ്ദേഹം കണ്ടിരുന്നു; പതിനാറാമൻ ലൂയിയുടെ—ഉത്തരവാദിയാക്കിത്തീർത്ത ആ ഭാഗ്യംകെട്ട വഴിപോക്കന്റെ—പിന്നിൽ ആ ഭയങ്കരനായ കുറ്റക്കാരൻ—രാജവാഴ്ച—നിഴല്പാടുകളിലൂടെ പൊന്തിവന്നത് അദ്ദേഹം നോക്കിക്കണ്ടിരുന്നു; എന്നല്ല, ഈശ്വരന്റെ നീതിന്യായംപോലെ ഏതാണ്ടു വ്യക്തിരഹിതമായ പൊതുജനസംഘത്തിന്റെ നീതിന്യായമഹിമയെപ്പറ്റി ബഹുമാനപൂർവ്വമായ ഭയം അദ്ദേഹത്തിന്റെ ആത്മാവിൽ തങ്ങിനില്ക്കുകയും ചെയ്തു.

ഭരണപരിവർത്തനം അദ്ദേഹം ഇട്ടുംവെച്ചുപോയ വടു വലുതായിരുന്നു. നിമിഷം നിമിഷമായി നീണ്ട ആ വർഷങ്ങളുടെ ഒരു ജീവത്തായ മുദ്രപോലെയായിരുന്നു അതിന്റെ സ്മരണ. ഒരു ദിവസം ഞങ്ങൾക്ക് അവിശ്വസിക്കുവാൻ നിർവാഹമില്ലാത്ത ഒരു സാക്ഷിയുടെ മുൻപിൽവെച്ചു വിചാരണസഭയുടെ അക്ഷരക്രമത്തിലുള്ള പേരുവിവരപ്പട്ടികയിൽ ‘എ’ എന്ന അക്ഷരത്തിലുള്ളതും മുഴുവനും അദ്ദേഹം ഓർമ്മയിൽനിന്നു ശരിക്ക് ഉരുവിടുകയുണ്ടായി.

പച്ചപ്പകലത്തെ ഒരു രാജാവായിരുന്നു ലൂയി ഫിലിപ്പ്. അദ്ദേഹത്തിന്റെ വാഴ്ചക്കാലത്ത് പത്രലോകം സ്വതന്ത്രമായിരുന്നു; പ്രസംഗപീഠം സ്വതന്ത്രമായിരുന്നു; അന്തഃകരണം സ്വതന്ത്രമായിരുന്നു. സെപ്തേംമ്പറിലെ [7] നിയമങ്ങൾ വെളിച്ചത്തുള്ളവയാണ്. സവിശേഷാവകാശങ്ങളെ കടിച്ചുകാരുന്നതിൽ വെളിച്ചത്തിന്നുള്ള ശക്തി നല്ലവണ്ണം അറിയാമായിരുന്നെങ്കിലും, അദ്ദേഹം തന്റെ സിംഹാസനത്തെ വെളിച്ചത്തുതന്നെ വെച്ചു. ഈ വിശ്വസ്തതയ്ക്കു ചരിത്രം അദ്ദേഹത്തെ ബഹുമാനിക്കും.

രംഗത്തുനിന്നു മറഞ്ഞുകഴിഞ്ഞ എല്ലാ ചരിത്രപുരുഷന്മാരേയുംപോലെ ലൂയിഫിലിപ്പ് മനുഷ്യാന്തഃകരണത്താൽ ഇന്നു വിചാരണചെയ്യപ്പെട്ടു വരുന്നു. ഇതുവരെക്കും അദ്ദേഹത്തിന്റെ കാര്യം കീഴ്ക്കോടതിയിൽ മാത്രമേ ആയിട്ടുള്ളൂ. ചരിത്രം തന്റെ സ്വതന്ത്രവും ബഹുമാനപരവുമായ ഉച്ചാരണവിശേഷത്തോടു കൂടി സംസാരിച്ചുതുടങ്ങുന്ന ഘട്ടം അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ഇതുവരെ എത്തിക്കഴിഞ്ഞിട്ടില്ല. ഈ രാജാവിനെക്കുറിച്ച് ഒരു തീർച്ചവിധി കല്പിക്കാനുള്ള സമയമായിട്ടില്ല; സഗൗരവനും സുപ്രസിദ്ധനുമായ ചരിത്രകാരൻ ലുയ്ബ്ലാങ് [8] തന്നെ തന്റെ ഒന്നാമത്തെ വിധിയെ ഇയ്യിടെവെച്ച് ഒന്നു മയപ്പെടുത്തിയിരിക്കുന്നു. 221 എന്നും 1830 എന്നും പേരുള്ള ആ രണ്ട് ഏകദേശങ്ങളാൽ, എന്നുവെച്ചാൽ ഒരർദ്ധപ്രജാസഭയാലും ഒരർദ്ധഭരണപരിവർത്തനത്താലുമാണ് ലൂയി ഫിലിപ്പ് രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്; അതെന്തായാലും, തത്ത്വജ്ഞാനം ചെന്നു നില്ക്കേണ്ടതായ ആ ഉത്കൃഷ്ടസ്ഥിതിയിൽനിന്നു നോക്കുമ്പോൾ, വായനക്കാർ കണ്ടുകഴിഞ്ഞിട്ടുള്ളവിധം, പൊതുജനഭരണത്തിന്റെ കേവലതത്ത്വത്തെ മുൻനിർത്തി ചില വിട്ടൊഴിച്ചലുകളോടുകൂടിയല്ലാതെ അദ്ദേഹത്തെ ഇവിടെ വെച്ചു നമുക്കു വിചാരണ ചെയ്വാൻ പാടില്ല; കേവലത്വത്തിന്റെ ദൃഷ്ടിയിൽ, ഒന്നാമതു മനുഷ്യനുള്ള അവകാശം; രണ്ടാമതു പൊതുജനങ്ങൾക്കുള്ള അവകാശം എന്നീ രണ്ടവകാശങ്ങൾക്കു പുറമെ ഉള്ളതെല്ലാം അപഹരണമാണ്, എന്നാൽ ഈ വിട്ടൊഴിച്ചലുകളെല്ലാം ചെയ്തതിന്നുശേഷം ഇക്കാലത്തുകൂടിയും ഞങ്ങൾക്കു പറയാവുന്നതെന്തെന്നാൽ, ആകപ്പാടെ ഏതുവിധമാലോചിച്ചാലും, ലൂയി ഫിലിപ്പ്, ലൂയി ഫിലിപ്പ് എന്ന നിലയ്ക്ക്, മാനുഷികസൗശീല്യത്തെ മുൻനിർത്തി നോക്കുമ്പോൾ, പണ്ടത്തെ ചരിത്രത്തിന്റെ പുരാതനഭാഷയിൽ പറകയാണെങ്കിൽ, ഇതുവരെ സിംഹാസനാരോഹണം ചെയ്തിട്ടുള്ള ഏറ്റവും മേലേക്കിടയിലുള്ള രാജാക്കന്മാരിൽ ഒരാളായി എന്നെന്നേക്കും നിലനില്ക്കും.

അദ്ദേഹത്തിന്നെതിരെന്താണ്? ആ സിംഹാസനം, ലൂയി ഫിലിപ്പ് രാജാവിനെ എടുത്തുകളയുക, ആ ആൾ ബാക്കിനില്ക്കുന്നു. ആ ആൾ നന്നുതാനും. അഭിനന്ദനീയനായിത്തീരത്തക്കവണ്ണം ചിലപ്പോൾ അദ്ദേഹം അത്രയും നന്നാവും. അദ്ദേഹത്തെക്കുറിച്ചുള്ള അത്യധികം സഗൗരവങ്ങളായ സ്മാരകചിഹ്നങ്ങൾക്കിടയിൽ ഇതുണ്ട്; ഭൂഖണ്ഡത്തിന്റെ നയോപായം മുഴുവനോടും ഒരു പകൽ മുഴുവൻ യുദ്ധം വെട്ടിയതിനുശേഷം, രാത്രിയിൽ തന്റെ മുറികളിലേക്കു മടങ്ങിച്ചെന്ന്, അവിടെക്ഷീണംകൊണ്ടു തളർന്ന് ഉറക്കംകൊണ്ടു കുഴങ്ങിയിരിക്കുന്ന അദ്ദേഹം പലപ്പോഴും എന്തു ചെയ്തിരുന്നു? ഒരു മരണശിക്ഷാവിധി കൈയിലെടുത്തു, യൂറോപ്പിനോടു മുഴുവനും മല്ലിട്ടുനില്ക്കുന്നത് ഒരു കാര്യംതന്നെയാണെങ്കിലും, മരണശിക്ഷാവിധി നടത്തുന്നവനിൽനിന്ന് ഒരു മനുഷ്യനെ രക്ഷപ്പെടുത്തുന്നത് അതിലും വലിയ കാര്യമാണെന്നു കരുതി, ഒരു ക്രിമിനൽ വ്യവഹാരത്തിന്റെ രേഖകൾ പരീക്ഷിച്ചുകൊണ്ട് അദ്ദേഹം രാത്രിമുഴുവൻ കഴിക്കും. അദ്ദേഹം തന്റെ നീതിന്യായ നടത്തിപ്പുകാരന്നെതിരായി സ്വാഭിപ്രായത്തെ സിദ്ധാന്തപൂർവ്വം സ്ഥാപിക്കും; ഗവൺമേണ്ടുവക്കീലന്മാക്ക്, അദ്ദേഹം വിളിക്കാറുള്ള വിധം ആ നിയമത്തിന്റെ വായാടികൾക്കു, തുക്കുമരത്തിലേക്കുള്ള വഴി വിട്ടുകൊടുക്കാതെ അദ്ദേഹം അടിയടിയായി എതിർത്തുനോക്കും. ചിലപ്പോൾ കോടതിവിധികൾ അദ്ദേഹത്തിന്റെ മേശപ്പുറത്തു കുന്നുകൂടിക്കിടക്കും; അവയെല്ലാം അദ്ദേഹം പരിശോധിക്കും. ആ ശിക്ഷിക്കപ്പെട്ട പാവങ്ങളെ കൈവിടുന്നത് അദ്ദേഹത്തിനു പ്രാണസങ്കടമായിരുന്നു. ഞങ്ങൾ ഇതിന്നടുത്തു മുൻപു സൂചിപ്പിക്കുകയുണ്ടായ അതേ സാക്ഷിയോട് അദ്ദേഹം ഒരു ദിവസം പറഞ്ഞു: ‘ഞാൻ ഇന്നലെ ഏഴു ‘മേശ’ സമ്പാദിച്ചു.’ അദ്ദേഹത്തിന്റെ വാഴ്ച തുടങ്ങിയ ആദ്യകാലത്തു മരണശിക്ഷ ഏതാണ്ടു വേണ്ടെന്നുവെച്ചതുപോലെത്തന്നെയായിരുന്നു; ഒരു തുക്കുമരം നാട്ടുക എന്നതു രാജാവോടു ചെയുന്ന ഒരക്രമംപോലെയായിരുന്നു. പൂർവ്വികരോടുകൂടി ഗ്രീവ് എന്ന പൊതുജനങ്ങൾക്കുള്ള കൊലസ്ഥലം ഇല്ലാതായപ്പോൾ ബരിയേർ സാങ്ഴാക്ക് എന്ന പേരിൽ പ്രമാണികൾക്കുള്ള ഒരു വധഭുമി ഏർപ്പെടുത്തപ്പെട്ടു; കാര്യപരിചയമുള്ള ആളുകൾക്ക് ഒരർദ്ധനിയമാനുസാരിയായ തൂക്കുമരത്തിന്റെ ആവശ്യകത ബോധപ്പെട്ടു; നാടുവാഴികളുടെ സങ്കുചിതഭാഗങ്ങളെ ഉദാഹരിച്ചിരുന്ന കാസിമിപെറിയെ [9] അവരുടെ ഹൃദയവിശാലതയെ കാണിച്ചിരുന്ന ലൂയി ഫിലിപ്പിന്റെ മേൽ സമ്പാദിച്ച ജയങ്ങളിൽ ഒന്നായിരുന്നു ഇത്. ലൂയി ഫിലിപ്പ് സ്വഹസ്താക്ഷരത്തിൽ ബിക്കാറിയയുടെ കൃതി വ്യാഖ്യാനിച്ചു. മറ്റൊരു സന്ദർഭത്തിൽ, തന്റെ മന്ത്രിസംഘം എതിർനില്ക്കുന്നതിനെപ്പറ്റി സൂചിപ്പിച്ചുകൊണ്ട്, അക്കാലത്തെ ഏറ്റവും വലിയ മര്യാദക്കാരിൽ ഒരാളായ ഒരു രാഷ്ട്രീയത്തടവുപുള്ളിയെസ്സംബന്ധിച്ച് അദ്ദേഹം എഴുതുകയുണ്ടായി: അയാൾക്കു മാപ്പു കൊടുത്തു; ഇനി എനിക്കു മാപ്പുകിട്ടുകമാത്രമേ വേണ്ടു.’ ലൂയി ഫിലിപ്പ് ഒമ്പതാമൻ ലൂയിയെപ്പോലെ സൗമ്യനും നാലാമൻ ആങ്റിയെപ്പോലെ ദയാലുവുമായിരുന്നു.

എന്നാൽ ഞങ്ങളുടെ അഭിപ്രായത്തിൽ, ദയ ഏറ്റവുമധികം അപൂർവ്വമായ ഒരു വൈരക്കല്ലായി കാണുന്ന ചരിത്രത്തിൽ, മഹാനായ ആളെക്കാൾ ഏതാണ്ട് അധികം മേന്മ ദയാലുവായ ആൾക്കാണ്.

ചിലരാൽ സഗൗരവമായും മറ്റുചിലരാൽ നിഷ്ഠുരമായും വിചാരണ ചെയ്യപ്പെട്ടിട്ടുള്ള സ്ഥിതിക്ക് ആ രാജാവിനെ നേരിട്ടറിയുന്ന ഒരാൾ—ഇന്ന് അയാൾ ഒരു പ്രേതംമാത്രമാണെങ്കിലുമാവട്ടെ—ചരിത്രത്തിന്റെ മുമ്പിൽ വന്ന് അദ്ദേഹത്തിനു ഗുണമായി മൊഴി കൊടുക്കുന്നത് ആവശ്യമായിരിക്കുന്നു; ഈ വാമൊഴി, അതു മറ്റെന്തുതന്നെയായാലും ശരി, പ്രത്യക്ഷത്തിൽ സർവ്വത്തിനും ഉപരിയായി, സർവ്വഥാ നിഷ്പക്ഷമായിട്ടുള്ളതാണ്; മരിച്ചുകഴിഞ്ഞ ഒരാൾ എഴുതിയിട്ടുള്ള ചരമം പരമാർത്ഥമായിരിക്കും; ഒരു നിഴൽ മറ്റേ നിഴലിനെ ആശ്വാസപ്പെടുത്തിയേക്കാം; ഒരേ നിഴലുകളെ പങ്കുകൊള്ളൽ സ്വയം പുകഴ്ത്തപ്പെടുവാനുള്ള അവകാശം തരുന്നു, നാടുകടത്തപ്പെട്ട രണ്ടു ശവകുടീരങ്ങളെപ്പറ്റി, ഇതു മറ്റതിനെ മേനികേറ്റി” എന്നൊരഭിപ്രായം പുറപ്പെട്ടേക്കുമെന്നു വളരെയൊന്നും ഭയപ്പെടാനില്ല.

കുറിപ്പുകൾ

[1] ഫ്രാൻസിലെ ഈയൊരു കുഗ്രാമത്തിൽവെച്ചാണ് ഫ്രാൻസ്കാർ പ്രുഷ്യക്കാരെ 1792-ൽ തോൽപിച്ചത്.

[2] ബെൽജിയത്തിലെ ഒരു പട്ടണം, ഇവിടെവച്ചാണ് ഫ്രാൻസ് ആസ്ത്രിയക്കാരെ 1792-ൽ തീരെ തോല്പിച്ചു.

[3] മൊറോക്കോവിന്നു കിഴക്കായിട്ടുളള ഫ്രാൻസിന്റെ ഒരു ചെറുരാജ്യം.

[4] ആൽജീറിയയിലെ രാജാക്കന്മാരിൽ ഒരാൾ.

[5] ജർമ്മനിയിലെ ഒരു ദ്വീപു്.

[6] ഒരു ഫ്രഞ്ച് സേനാപതിയും ഭരണശാസ്ത്രജ്ഞനും വാൽമിയിലും ഴെമെയ്പ്പിലും വിജയം നേടിയത് ഇദ്ദേഹമാണു്.

[7] ഭരണപരിവർത്തനകാലത്തു കൂട്ടക്കൊല നടന്ന മാസം.

[8] സമഷ്ടിവാദിയും പത്രപ്രവർത്തകനും ചരിത്രകാരനുമായ ഇദ്ദേഹത്തിന്റെ ഫ്രഞ്ച് ഭരണപരിവർത്തന ചരിത്രം മുതലായ പല ഗ്രന്ഥങ്ങളും സുപ്രസിദ്ധങ്ങളാണു്.

[9] ലൂയിഫിലിപ്പിന്റെ പ്രധാനമന്ത്രി.

4.1.4
അസ്തിവാരത്തിന്നടിയിലുള്ള വിള്ളലുകൾ

ഞങ്ങൾ പറഞ്ഞുവരുന്ന നാടകം ലൂയി ഫിലിപ്പിന്റെ രാജ്യഭരണാധികാരം മൂടിയിരിക്കുന്ന ദുഃഖമയങ്ങളായ മേഘങ്ങളിലൊന്നിന്റെ അഗാധതകളിലേക്കു പ്രവേശിക്കാൻ തുടങ്ങുന്ന ഇസ്സമയത്തു യാതൊരു ശ്ലേഷപ്രയോഗവും കൂടാതെ കഴിക്കുന്നതത്യാവശ്യമാണ്; ഈ രാജാവിനെപ്പറ്റി ചില സമാധാനങ്ങളെ ഈ പുസ്തകം പറഞ്ഞുവെയ്ക്കേണ്ടിയിരിക്കുന്നു.

ലൂയി ഫിലിപ്പ് രാജ്യഭരണാധികാരം കൈക്കൊണ്ടതു യാതൊരു ക്രമത്തോടും കൂടിയല്ല, തന്റെ യാതൊരു ശ്രമംമൂലവുമല്ല. ഭരണപരിവർത്തനത്തിന്റെ യഥാർത്ഥോദ്ദേശ്യത്തിൽനിന്നു പ്രഥമദൃഷ്ടിയിൽ കേവലം ഭിന്നമെങ്കിലും, അദ്ദേഹം, ദ്യുക് ദാർലിയാങ്, യാതൊരു സ്വാർത്ഥവും പ്രയോഗിച്ചിട്ടില്ലാത്ത ഒരു വിപ്ലവ സംബന്ധിയായ മാറ്റം കാരണമായിട്ടാണ്. അദ്ദേഹം, ജനിച്ചത് ഒരു രാജകുമാരനായിട്ടാണ്; താൻ രാജാവായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് അദ്ദേഹവും വിശ്വസിക്കയും ചെയ്തു. ഈ കല്പന അദ്ദേഹംതന്നെ അദ്ദേഹത്തിന്നയച്ചുകൊടുത്തതായിരുന്നില്ല; അതദ്ദേഹംതന്നെ കടന്നു കൈയിലാക്കിയതല്ല; അതദ്ദേഹത്തിന്നയച്ചുകിട്ടി; അദ്ദേഹം അതു സ്വീകരിച്ചു; അവകാശരപ്രകാരമാണ് അതു തനിക്കയച്ചുകിട്ടിയതെന്നും അതിനെ സ്വീകരിക്കുന്നതു തന്റെ ധർമ്മമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ബോധം—തെറ്റായ ബോധം തീർച്ചതന്നെ; എങ്കിലും അങ്ങനെയായിരുന്നു ബോധം. അതിനാൽ അദ്ദേഹത്തിന്റെ ഭരണമേൽക്കൽ ഉത്തമവിശ്വാസപൂർവ്വമാണ്. അപ്പോൾ ലൂയി ഫിലിപ്പ് തികച്ചും ഉത്തമവിശ്വാസത്തോടുകൂടി ഭരണം കയ്യേൽക്കുകയും പ്രജാധിപത്യം അതേവിധം ഉത്തമവിശ്വാസത്തോടുകൂടിത്തന്നെ എതിർനില്ക്കയും ചെയ്തതാകകൊണ്ടു, സാമുദായികശണ്ഠകളിൽനിന്നുണ്ടായ ഭയങ്കരകർമ്മങ്ങൾക്കു രാജാവിനെയോ പ്രജകളെയോ കുറ്റപ്പെടുത്തിക്കൂടെന്നു ഞങ്ങൾ മനസ്സാക്ഷിയെ മുൻനിർത്തി പറയുന്നു. ധർമ്മനിഷ്ഠകൾ തമ്മിലുള്ള കലശൽ മൂലപ്രകൃതികൾ തമ്മിലുള്ള ഒരു കലശൽപോലെയാണ്. സമുദ്രം വെള്ളത്തെ കാക്കുന്നു; കൊടുങ്കാറ്റു വായുമണ്ഡലത്തെ കാക്കുന്നു; രാജാവ് രാജത്വത്തെ കാക്കുന്നു; പ്രജാധിപത്യം പൊതുജനാവകാശത്തെ കാക്കുന്നു; സാപേക്ഷത, അതായതു രാജവാഴ്ച, നിരപേക്ഷതയോട്, അതായതു പ്രജാധിപത്യത്തോട്, എതിരിടുന്നു; ഈ പൊരുതലിൽ സമുദായത്തിന്നു മുറിപറ്റിപ്പോകുന്നു; പക്ഷേ അതിന്റെ ഇന്നത്തെ കഷ്ടപ്പാട് അതിന്റെ മേലാലത്തെ രക്ഷയായിത്തീരും; എന്നല്ല, ഏതുനിലയിലും യുദ്ധംവെട്ടുന്നവരെ ആക്ഷേപിച്ചുകൂടാ; രണ്ടുള്ളതിൽ ഒരു ഭാഗത്തു പ്രത്യക്ഷത്തിൽ തെറ്റുണ്ടായിരിക്കണം; കൊളോസസ് പ്രതിമയെ പ്പോലെ, ഒരേസമയത്തു രണ്ടു കരയിലും കാൽവെച്ചല്ല—ഒരു കാൽ പ്രജാധിപത്യത്തിലും മറ്റേതും രാജത്വത്തിലുമായിട്ടല്ല— അവകാശത്തിന്റെ നില; അതു വിഭാജ്യമാണ്,; എപ്പോഴും അതു ഒരു ഭാഗത്തായിരിക്കും; എന്നാൽ ആ തെറ്റുകാർതന്നെയും അത്രമേൽ ശരിയാണെന്ന് ദൃഢവിശ്വാസത്തോടുകൂടിയാണ് പ്രവർത്തിച്ചിരിക്കുക; ഒരു വെൻഡിയക്കാരൻ [1] എത്രത്തോളം ഘാതുകനോ, അതിൽ ഒട്ടുമധികം കുറ്റക്കാരനല്ല ഒരന്ധൻ. അതിനാൽ, ഈ ഭയങ്കരങ്ങളായ ശണ്ഠകളെ നാം ദൈവഗതികളായിട്ടുമാത്രം ഗണിക്കുക, ഈ കൊടുങ്കാറ്റുകളുടെ മട്ടെന്തായാലും മനുഷ്യന്റെ അനുത്തരവാദിത്വം അവയോടു കൂടിക്കലർന്നിട്ടുണ്ട്.

ഈ വ്യാഖ്യാനത്തെ ഞങ്ങൾ മുഴുമിപ്പിക്കട്ടെ.

1840-ലെ ഗവർമേണ്ട് ഉത്തരക്ഷണത്തിൽ ഒരസ്വസ്ഥജീവിതം തുടങ്ങിവെച്ചു. ഇന്നലെ പെറ്റുവീണതെങ്കിലും യുദ്ധത്തിന്നിറങ്ങേണ്ടിവന്നു; സ്ഥാനത്തിരുന്നപ്പോഴേക്കും പുതുതായി നിലം കണ്ടതും അത്ര ഉറപ്പുവന്നിട്ടില്ലാത്തതുമായ ആ ജൂലായി ഭരണയന്ത്രത്തിൽ ചില വലിവുകളുടെ അവ്യക്തചലനം പരക്കെ കാണപ്പെട്ടു തുടങ്ങി.

പിറ്റേ ദിവസംതന്നെ എതിർഭാഗക്കാർ പുറപ്പെട്ടു. ഒരു സമയം ആ എതിർഭാഗം തലേദിവസം വൈകുന്നേരംതന്നെ ജനിച്ചിരിക്കുന്നു. മാസംപ്രതി ശത്രുതകൂടി വന്നു; രഹസ്യമായി വെച്ചതുകൊണ്ട് അതു പരസ്യമായിത്തീർന്നു.

ഫ്രാൻസിന്നു പുറത്തുള്ള രാജാക്കന്മാരുടെ ഇടയിൽ സമ്മതം കിട്ടാതിരുന്ന ജൂലായിവിപ്ലവം ഫ്രാൻസിൽത്തന്നെ, ഞങ്ങൾ പറഞ്ഞതുപോലെ, പലേവിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടു.

ഈശ്വരൻ തന്റെ ദൃശ്യമായ ഇച്ഛയെ സംഭവങ്ങൾമുഖേന മനുഷ്യർക്കു കാട്ടിക്കൊടുക്കുന്നു. ഒരു നിഗൂഢഭാഷയിൽ എഴുതപ്പെട്ട ഒരവ്യക്തവേദവാക്യം. മനുഷ്യർ ഉടൻതന്നെ അതിന്റെ തർജ്ജമകൾ തുടങ്ങുകയായി; അനാലോചിതങ്ങളും, അബദ്ധമയങ്ങളും, തെറ്റുകളെക്കൊണ്ടും വിടവുകളെക്കൊണ്ടും വിഡ്ഡിത്തങ്ങളെക്കൊണ്ടും നിറഞ്ഞവയുമായ തർജ്ജമകൾ. ദിവ്യഭാഷ വളരെക്കുറച്ചുപേർക്കേ മനസ്സിലാകയുള്ളു. ഏറ്റവുമധികം ബുദ്ധികൂർമ്മതയും ഏറ്റവുമധികം ശാന്തതയും ഏറ്റവുമധികം അവഗാഹവുമുള്ളവർ ഓരോ അക്ഷരമായി പതുക്കെ അതുവായിക്കും; അവർ തങ്ങളുടെ തർജ്ജമഗ്രന്ഥങ്ങളുംകൊണ്ടു പുറത്തെത്തുമ്പോഴേക്കു കാര്യമൊക്കെ എന്നോ കഴിഞ്ഞുപോയിട്ടുണ്ടാവും. നാട്ടിൽ ഒരിരുപതുതർജ്ജമ. ഓരോന്നിൽ നിന്നും ഓരോ ഭാഗക്കാർ പുറപ്പെടുന്നു; ഓരോ അബദ്ധ തർജ്ജമയിൽനിന്നും ഓരോ പ്രസ്ഥാനഭേദവും. ഓരോ ഭാഗക്കാരും തങ്ങൾക്കുമാത്രമേ ശരിയായ മൂലം കിട്ടിയിട്ടുള്ളു എന്നു വിചാരിക്കും; ഓരോ പ്രസ്ഥാനഭേദവും അതിനുമാത്രമേ ശരിയായ ജ്ഞാനമുള്ളു എന്നു വിചാരിക്കും.

അധികാരശക്തിതന്നെ പലപ്പോഴും ഒരു പ്രസ്ഥാനഭേദമാണ്.

ഭരണപരിവർത്തനങ്ങളിലെല്ലാം ഒഴുക്കിനെതിരായി നീന്തുന്ന ചിലരുണ്ടായിരിക്കും; ഇവരാണ് പഴയ കക്ഷിക്കാർ.

ഈശ്വരാനുഗ്രഹം മൂലമായ വംശപാരമ്പര്യത്തിന്മേൽ പറ്റിപ്പിടിക്കുന്ന പഴയ കക്ഷിക്കാർ ഭരണപരിവർത്തനങ്ങളെല്ലാം എതിർനില്ക്കാനുള്ള അവകാശത്തിൽ നിന്നുണ്ടായതാകകൊണ്ട് അവയോടു പൊരുതുവാൻ ആർക്കും അധികാരമുണ്ടെന്നു കരുതുന്നു. അബദ്ധം, എന്തുകൊണ്ടെന്നാൽ, ഈ ഭരണപരിവർത്തനങ്ങളിലെല്ലാം ശണ്ഠയ്ക്കു നില്ക്കുന്നതു പൊതുജനങ്ങളല്ല, രാജാവാണ്. ലഹളകൂടലിന്റെ നേരെ വിപരീതമാണ് ഭരണപരിവർത്തനം. പ്രകൃത്യാഉണ്ടായിവരുന്ന ഒന്നായതുകൊണ്ട്, ഓരോ ഭരണപരിവർത്തനത്തിലും അതിനുള്ള ന്യായത അടങ്ങിയിരിക്കുന്നുണ്ട്; ഈ ന്യായതയെ അയഥാർത്ഥഭരണപരിവർത്തകന്മാർ ചിലപ്പോൾ അവമാനപ്പെടുത്തുന്നുണ്ടെങ്കിലും, അതു കളങ്കിതമായിട്ടുകൂടി നിലനിൽക്കും; ചോര പുരണ്ടാലും അതു ജീവിച്ചിരിക്കും.

ഒരു വെറും യാദൃച്ഛാസംഭവത്തിൽനിന്നല്ല ഭരണപരിവർത്തനങ്ങൾ പുറപ്പെടുന്നത്— ആവശ്യത്തിൽനിന്നാണ്. അവാസ്തവത്വത്തിൽനിന്നു വാസ്തവത്വത്തിലേക്കുള്ള തിരിച്ചുവരലാണ് ഭരണപരിവർത്തനം എന്നുവെച്ചാൽ, അതുണ്ടാവണമെന്നുള്ളതുകൊണ്ടാണ് അതുണ്ടായത്.

അതെന്തായാലും, കഥയില്ലാതെ ആലോചനയിൽനിന്നുണ്ടാകുന്ന എല്ലാ നിഷ്ഠൂരതയോടുംകൂടി പഴയ അവകാശവാദിസംഘക്കാർ 1830-ലെ ഭരണപരിവർത്തനത്തോടെതിർക്കുന്നുണ്ട്. അബദ്ധങ്ങൾ ഒന്നാന്തരം പ്രക്ഷേപണവിദ്യകളെ ഉണ്ടാക്കുന്നു. അതിന്റെ മർമ്മത്തിൽ, അതിന്റെ കവചമില്ലായ്മയിൽ, അതിന്റെ യുക്തിഭംഗത്തിൽ, അവ സാമർത്ഥ്യത്തോടുകുടി ചെന്നുതറയ്ക്കുന്നു; ഈ ഭരണപരിവർത്തനത്തെ അവ അതിന്റെ രാജത്വത്തിൽ ചെന്നുകുത്തുന്നു; അവ അതിനോടു് വിളിച്ചു പറയുന്നു: ‘ഭരണപരിവർത്തനം; ഈ രാജാവെന്തിന്ന്?’ ശരിയ്ക്കുന്നം വെക്കുന്ന അന്ധന്മാരാണ് പ്രസ്ഥാനഭേദങ്ങൾ.

ഈവിധംതന്നെ ഈ നിലവിളി പ്രജാധിപത്യകക്ഷിക്കാരും കൊണ്ടുപിടിച്ചു. പക്ഷേ, അവരിൽനിന്നു വന്നപ്പോൾ ഈ നിലവിളി യുക്തിയുക്തമായി. അവകാശവാദികളിൽ അന്ധത്വമായിരുന്നതു പൊതുജനകക്ഷിക്കാരിലായപ്പോൾ കാഴ്ചത്തെളിവായി. ആ 1830 ജനങ്ങളെ ദീപാളി പിടിപ്പിച്ചിരുന്നു. ശുണ്ഠിപിടിച്ച പൊതു ജനകക്ഷിക്കാർ ഇതും പറഞ്ഞ് അതിനെ ശകാരിച്ചു.

ഭൂതകാലത്തിന്റെ ആക്രമണത്തിനും ഭാവികാലത്തിന്റെ ആക്രമണത്തിനും നടുക്കുനിന്നു ജൂലായിവിപ്ലവം യുദ്ധംവെട്ടി. ഒരു ഭാഗത്തു രാജവാഴ്ചയോടുകൂടിയ ശതാബ്ദപരമ്പരയും മറ്റേ ഭാഗത്തു സനാതനബോധവും നിന്നു കലഹിക്കുന്ന ആ നിമിഷനേരത്തെ അതു സൂചിപ്പിച്ചു.

പോരാത്തതിന്, ഇതിനൊക്കെപ്പുറമേ, ഒരു ഭരണപരിവർത്തനം എന്ന നിലവിട്ടഒരു രാജവാഴ്ച എന്നായിത്തീർന്നതുകൊണ്ട് 1830 യൂറോപ്പിനു മുഴുവനും മാർഗ്ഗദർശിത്വം വഹിച്ചു. സമാധാനത്തെ നിലനിർത്തുന്നതു കുഴക്കിനെ വർദ്ധിപ്പിക്കുകയാണ്. വിവേകത്തിന്നെതിരായി സ്ഥാപിക്കപ്പെടുന്ന ഒരു സ്വസ്ഥത പലപ്പോഴും ഒരു യുദ്ധത്തെക്കാളധികം ഞെരുക്കം കൂടിയതാണ്. എപ്പോഴും വായമൂടപ്പെട്ടിട്ടുള്ളതെങ്കിലും എപ്പോഴും മുരണ്ടുംകൊണ്ടുള്ള ഈ നിഗൂഢകലഹത്തിൽനിന്ന്, ആയുധധാരിയായ സമാധാനം യൂറോപ്പിലെ മുഴുവനും മന്ത്രിസഭകളാകുന്ന പടച്ചമയത്തിന്നുള്ളിൽ സ്വതവേ സംശയിക്കത്തക്ക ഒന്നായിത്തീരുന്ന ആ അപായകരമായ പരിഷ്കാരയുക്തി ജനിച്ചു. യുറോപ്പിലെ മുഴുവനും മന്ത്രിസഭകളാകുന്ന പടച്ചമയത്തിനുള്ളിൽനിന്നു കിട്ടിയതാണെങ്കിലും ജൂലായിയിലെ രാജത്വം വളരുക തന്നെ ചെയ്തു. മെത്തർനിക് അതിനെ സന്തോഷത്തോടുകൂടി ചവിട്ടുതോൽവാറിടുവിക്കുമായിരുന്നു. അഭിവൃദ്ധിയാൽ ഫ്രാൻസിൽ വെച്ചുന്തപ്പെട്ടപ്പോൾ അതു രാജവാഴ്ചകളെയും—യൂറോപ്പിലെ ആ മടിയന്മാരെയും—ഉന്തിക്കൊടുത്തു. കെട്ടി വലിക്കപ്പെട്ടതിനുശേഷം അതുതന്നെ കെട്ടിവലിക്കയായി.

ഈയിടയ്ക്കു ഫ്രാൻസിൽത്തന്നെ, വമ്പിച്ച ദാരിദ്ര്യം, ഇരപ്പാളികൾ, ശമ്പളം, വിദ്യാഭ്യാസം, നാടുകടത്തൽ, വ്യഭിചാരം, സ്ത്രീകളുടെ സങ്കടം, സമ്പത്ത്, കഷ്ടപ്പാട്, വിളവ്, ദുർവ്യയം, വിഭാഗം, ഇടപാട്, നാണ്യം, വ്യാപാരവിശ്വാസം, മൂലധനാവകാശം, കൂലിപ്രവൃത്തിക്കാരുടെ അവകാശങ്ങൾ—ഈ എല്ലാ വിഷയങ്ങളും സമുദായത്തിനുമീതെ കുന്നുകൂടി; ഒരു ഭയങ്കരമായ താഴ്‌വാരം.

ശരിക്കുള്ള രാഷ്ട്രീയസംഘങ്ങൾക്കു പുറമേ, മറ്റൊരു സംഘംകൂടി വെളിപ്പെട്ടു. പൊതുജനങ്ങളുടെ പതയലിനു തത്ത്വശാസ്ത്രങ്ങളുടെ പതയൽ മറുപടിപറഞ്ഞു. പൊതുജനങ്ങളെപ്പോലെത്തന്നെ പ്രമാണികളും അസ്വസ്ഥരായി; മറ്റൊരു വിധത്തിൽ, പക്ഷേ, അത്രത്തോളംതന്നെ.

ഭരണപരിവർത്തനത്തിന്റെ വലിവുകളാൽ ഇട മുറിക്കപ്പെട്ട നിലം, അതായതു പൊതുജനക്കൂട്ടം, അനിർവാച്യമായവിധം അസ്പഷ്ടങ്ങളായ അപസ്മാരവികൃതികളാൽ അടിയിൽക്കിടന്നു തുള്ളിവിറയ്ക്കെ, തത്ത്വജ്ഞാനികൾ മനോരാജ്യം തുടങ്ങി. ഈ മനോരാജ്യക്കാർ—ചിലർ ഒറ്റപ്പെട്ടും, മറ്റു ചിലർ കുടുംബം ചേർന്നും, ഏതാണ്ടു തിരുവത്താഴംകൊള്ളലിന്നെന്നപോലെ ഒത്തുകൂടിയും—ശാന്തമായും അവഗാഢമായും സാമുദായികവിഷയങ്ങളെപ്പറ്റി ചിന്തിക്കയായി; സ്വന്തം തട്ടിരിപ്പിടങ്ങളെ ഒരഗ്നിപർവ്വതത്തിന്റെ അഗാധതകളിലേക്കു ക്രമത്തിൽ തള്ളിയിടുന്നവരും ഉന്മേഷരഹിതമായ ലഹളയാലും തങ്ങൾ ചില നോക്കു കണ്ടെത്തുന്ന ചൂളപ്പുരകളാലും ലേശമെങ്കിലും അസ്വാസ്ഥ്യപ്പെടാത്തവരുമായ ആ കുലുക്കമില്ലാത്ത തുരങ്കപ്പടയാളികൾ.

ഈ ശാന്തത ഈ ക്ഷുഭിതഘട്ടത്തിലെ അത്ര സൗഭാഗ്യംകെട്ട കാഴ്ചയായിരുന്നില്ല.

അവകാശത്തെപ്പറ്റിയുള്ള ആലോചന രാഷ്ട്രീയസംഘങ്ങൾക്കായി വിട്ടും കൊടുത്ത്, ഇവർ സുഖത്തെപ്പറ്റിയുള്ള ആലോചനയിൽ മുഴുകി.

മനുഷ്യന്റെ ക്ഷേമം—ഇതാണ് അവർക്ക് സമുദായത്തിൽനിന്നു പിഴുതെടുക്കേണ്ടിയിരുന്നത്.

അവർ കൃഷി, വ്യവസായം, കച്ചവടം എന്നീ ലൗകികവിഷയങ്ങളെ എടുത്ത് ഏതാണ്ട് ഒരു ധർമ്മശാസ്ത്രത്തിനുള്ള പ്രാഭവത്തിലേക്കുയർത്തി.

പരിഷ്കാരേച്ഛയാലും അധികഭാഗവും മനുഷ്യപ്രയത്നത്താലും ഉണ്ടായിത്തീർന്നിട്ടുള്ള ആവശ്യങ്ങൾ ഒരുമിച്ചുകൂടുകയും യോജിക്കുകയും, രാജ്യതന്ത്രാഭിജ്ഞന്മാർ—രാജ്യഭരണതന്ത്രത്തിലെ ഭൂതത്ത്വശാസ്ത്രജ്ഞന്മാർ —ക്ഷമയോടുകൂടി പഠിച്ചറിഞ്ഞ ഒരു ചലനശാസ്ത്രനിയമമനുസരിച്ച് ഒരൊന്നാന്തരം പാറയുടെമട്ടിൽ ഒന്നിച്ചുചേരുകയും ചെയ്യുന്നു. പലേ പേരുകളിലായി സംഘംചേർന്നിട്ടുള്ളവരും എന്നാൽ സമഷ്ടിവാദികൾ എന്ന സാധാരണ സ്ഥാനപ്പേർകൊണ്ട് ഒരു പോലെ വിളിക്കാവുന്നവരുമായ ഈ മനുഷ്യർ ആ പാറയെ കുത്തിത്തുളയ്ക്കുവാനും, മാനുഷസുഖോപഭോഗത്തിന്റെ ഉറവുനീരുകളെ അതിൽനിന്നു പുറപ്പെടുവിക്കാനും ശ്രമിച്ചു.

തൂക്കുമരം തുടങ്ങി യുദ്ധംവരെ സകലത്തേയും അവരുടെ പ്രവൃത്തികൾ പരാമർശിച്ചു. ഫ്രാൻസിലെ ഭരണപരിവർത്തനത്താൽ ഘോഷിക്കപ്പെട്ട പുരുഷാവകാശങ്ങളോട് അവർ സ്ത്രീയുടെ അവകാശങ്ങളേയും കുട്ടികളുടെ അവകാശങ്ങളേയും കൂട്ടിച്ചേർത്തു.

സമഷ്ടിവാദത്തിൽനിന്നു പുറപ്പെടുന്ന വാദങ്ങളെപ്പറ്റി ഞങ്ങൾ പല കാരണങ്ങളാലും അവ്യാവഹാരികമായ നിലയിൽ നിന്നുകൊണ്ടും പരിപൂർണ്ണമായി പരാമർശിക്കുന്നില്ലെങ്കിൽ, അതിൽ വായനക്കാർ അത്ഭുതപ്പെടുകയില്ല. ഞങ്ങൾ അവയെ സൂചിപ്പിക്കുകമാത്രമേ ചെയ്യുന്നുള്ളു.

മനോരാജ്യവും വിശ്വാസവാദവും തള്ളിപ്പറഞ്ഞാൽ, സമഷ്ടിവാദികൾ തങ്ങളോടുതന്നെ ചോദിക്കുന്ന ചോദ്യങ്ങളെയെല്ലാം രണ്ടു പ്രധാന വിഷയങ്ങളാക്കി ചുരുക്കാം.

ഒന്നാമത്തെ വിഷയം: ധനമുണ്ടാക്കുക.

രണ്ടാമത്തെ വിഷയം: അതു പങ്കിടുക.

ആദ്യത്തെ വിഷയത്തിൽ പ്രവൃത്തിയെടുക്കൽ ഉൾപ്പെട്ടിരിക്കുന്നു.

രണ്ടാമത്തതിൽ ശമ്പളകാര്യവും ഉൾപ്പെട്ടിട്ടുണ്ട്.

ആദ്യത്തെ സംഗതിയിൽ ശക്തിവിനിമയമാണ് പ്രധാനം.

രണ്ടാമത്തതിൽ, സുഖവിഭജനം.

ശക്തികളെ വേണ്ടവിധം വിനിയോഗിക്കുന്നതിൽനിന്നാണ് പൊതുശക്തിയുണ്ടാകുന്നത്.

സുഖത്തെ വേണ്ടവിധം പങ്കിടുന്നതിൽനിന്നാണ് ഓരോരുത്തന്നുമുള്ള സുഖലബ്ധിയുണ്ടാകുന്നത്.

വേണ്ടവിധം പങ്കിടുക എന്നതിന് ഒപ്പത്തിലുള്ള ഭാഗിക്കൽ എന്നല്ല, ന്യായമായ വിഭജിക്കൽ എന്നാണ് അർത്ഥം മനസ്സിലാക്കേണ്ടത്.

ഈ രണ്ടു സംഗതികൾ, പുറമെ പൊതുജനങ്ങൾക്കുള്ള ശക്തിയും അകമേ ഓരോരുത്തന്നുമുള്ള സുഖവും ഒരുമിച്ചുചേരുന്നതിൽനിന്നാണ് സാമുദായികമായ അഭ്യുദയമുണ്ടാകുന്നത്.

സാമുദായികമായ അഭ്യുദയം എന്നുവെച്ചാൽ സുഖിതനായ മനുഷ്യൻ സ്വതന്ത്രനായ പൗരൻ, ഉത്കൃഷ്ടമായ ജനസമുദായം.

ഇംഗ്ലണ്ട് ആദ്യത്തെ വിഷയം നിറവേറ്റിക്കഴിഞ്ഞു. അതു സമ്പത്തിനെ അഭിനന്ദനീയമായവിധം സമ്പാദിക്കുന്നു; കൊള്ളരുതാത്തവിധം പങ്കിടുന്നു. ഒരു ഭാഗം മാത്രം ശരിയായ ഈ കാര്യനിവൃത്തി ഇംഗ്ലണ്ടിനെ ഈ രണ്ടറ്റങ്ങളിലേക്ക് അപായകരമായവിധം എത്തിക്കുകമാത്രം ചെയ്യുന്നു—എന്തെന്നില്ലാത്ത സമ്പന്നത; എന്തെന്നില്ലാത്ത ദാരിദ്ര്യം. എല്ലാ സുഖങ്ങളും ചിലർക്ക്, എല്ലാ കഷ്ടപ്പാടുകളും ബാക്കിയുള്ളവർക്ക്— എന്നുവെച്ചാൽ പൊതുജനങ്ങൾക്ക്. അദ്ധ്വാനത്തിൽനിന്നുതന്നെ ഉണ്ടായതായ അധികാരവിശേഷം, വ്യത്യസ്തത, അവകാശക്കുത്തക, കുടിയായ്മ, കൃത്രിമവും അപായകരവുമായ ഒരു സ്ഥിതി; ഇതു പൊതുവായുള്ള അധികാരബലത്തെയോ ഓരോ വ്യക്തിയുടേയും കഷ്ടപ്പാടിനെയോ വേണ്ടുവോളം വർദ്ധിപ്പിക്കുന്നു; ഇതു രാജഭരണത്തിന്റെ വേരിനെ ഓരോ വ്യക്തിയുടെയും കഷ്ടപ്പാടിൽ ഉറപ്പിക്കുന്നു. ശാരീരങ്ങളായ എല്ലാ മൂലതന്തുക്കളേയും കൂട്ടിച്ചേർക്കുന്നതും എന്നാൽ മാനസമായ യാതൊരു മുലതന്തുവേയും കൂട്ടിത്തൊടുവിക്കാത്തതുമായി, കൊള്ളരുതാത്തവിധം ഏർപ്പെടുത്തപ്പെട്ട ഒരു മഹത്ത്വം.

സമത്വവാദവും ഭൂസംബന്ധിയായ നിയമവിശേഷവുംകൂടി തങ്ങൾ രണ്ടാമത്തെ ആവശ്യം നിവർത്തിച്ചുകൊടുക്കുന്നുണ്ടെന്നു വിചാരിക്കുന്നു, അവയ്ക്കു തെറ്റിപ്പോയി. അവ ചെയ്യുന്ന വിഭാഗം വിളവിനെ നശിപ്പിക്കുന്നു. സമമായ വിഭാഗം ജയേച്ഛയെ ഇല്ലാതാക്കുന്നു; തന്മൂലം പ്രയത്നശീലത്തെയും. ഈ വിഭാഗം വിഭക്തത്തെ കൊന്നുകളയുന്നു. അതിനാൽ ഈ യുക്തിനാട്യങ്ങളെപ്പറ്റി ആലോചിക്കാൻ പ്രയാസം. സമ്പത്തിനെ നശിപ്പിക്കൽ അതിനെ വിഭജിക്കലായില്ല.

രണ്ടു കാര്യവും ഒന്നിച്ച് ശരിപ്പെടണം; നന്നായിട്ടു ശരിപ്പെടണം. രണ്ടു കാര്യത്തെയും ഒന്നിച്ചു ചേർത്ത് ഒന്നാക്കണം.

ഈ രണ്ടു കാര്യത്തിൽ ആദ്യത്തേതിനെ മാത്രം ശരിപ്പെടുത്തുക—നിങ്ങൾ വെനിസ്സാവും, നിങ്ങൾ ഇംഗ്ലണ്ടാവും. നിങ്ങൾക്കു വെനിസ്സിനെന്നപോലെ ഒരു കൃത്രിമശക്തി കിട്ടും; അല്ലെങ്കിൽ ഇംഗ്ലണ്ടിനെന്ന പോലെ ഒരു സമ്പച്ഛക്തി കിട്ടും: നിങ്ങൾ ദുഷ്ടനായ ധനവാനാവും. വെനിസ്സ് നശിച്ചതുപോലെ, നിങ്ങളും ഒരടികിട്ടി മരിക്കും; അല്ലെങ്കിൽ, ഇംഗ്ലണ്ട് നിശ്ചയമായും ഇനി വീഴുംപോലെ, നിങ്ങളും ദീപാളിത്തംകൊണ്ടു നശിക്കും. വെറും സ്വാർത്ഥമായ സകലവും, മനുഷ്യസമുദായത്തിന് ഒരു സവിശേഷമായ മനോഗുണമോ വിചിന്തനവിഷയമോ കാണിച്ചു കൊടുക്കാത്ത സർവ്വവും, നശിക്കുകയും അധഃപതിക്കുകയും ചെയ്യുന്നതു ലോകത്തിനു സമ്മതവുമാണ്.

വെനിസ്, ഇംഗ്ലണ്ട് എന്നീ വാക്കുകളെക്കൊണ്ടു ഞങ്ങൾ അതാതു രാജ്യത്തെയല്ല, അവിടവിടെയുള്ള സമുദായഘടനകളെയാണ്, എന്നുവെച്ചാൽ, അതാതു രാജ്യങ്ങൾക്കു മുകളിൽ പണിചെയ്യപ്പെട്ടിട്ടുള്ള പ്രഭുജനവാഴ്ചയെയാണ്, സൂചിപ്പിച്ചിട്ടുള്ളതെന്നു സുസ്പഷ്ടമത്രേ. അല്ലാതെ ആ ജനസമുദായങ്ങളെയല്ല എന്നർത്ഥം. ആ രണ്ടു രാജ്യങ്ങൾക്കു ഞങ്ങളുടെ ആദരവും അനുകമ്പയും എപ്പോഴുമുണ്ട്. ഒരു രാജ്യക്കാർ എന്ന നിലയിൽ വെനിസ് ഇനിയും ജീവിക്കും; പ്രഭുജനവാഴ്ചയോടുകൂടിയ ഇംഗ്ലണ്ടു വീണുപോകുമെങ്കിലും ഒരു ജനസമുദായമായ ഇംഗ്ലണ്ട് അനശ്വരമാണ്. ഇത്രയും പറഞ്ഞു ഞങ്ങൾ വിഷയം തുടരട്ടെ.

രണ്ടു കാര്യത്തെയും ശരിപ്പെടുത്തുക, ധനവാന്മാരെ പ്രോത്സാഹിപ്പിക്കുകയും ദരിദ്രന്മാരെ സഹായിക്കുകയും ചെയ്ക, കഷ്ടപ്പാടിനെ കെടുക്കുക, ശക്തർ അശക്തരെക്കൊണ്ടുണ്ടാക്കുന്ന അന്യായസമ്പാദ്യത്തെ അവസാനിപ്പിക്കുക, പ്രാപ്യസ്ഥാനത്തെത്തിയിട്ടുള്ള മനുഷ്യന്റെ നേരെ അങ്ങോട്ടു ചെല്ലാൻ നോക്കുന്നവർക്കുള്ള അന്യായദ്വേഷത്തെ അടയ്ക്കുക, പണികൂലിയെ കണക്കുശാസ്ത്രമനുസരിച്ചും സാഹോദര്യത്തോടുകൂടിയും ക്രമപ്പെടുത്തുക, ബാല്യത്തിന്റെ വളർച്ചയോടുകുൂടി സൗജന്യമായും നിർബന്ധപൂർവ്വമായുമുള്ള വിദ്യാഭ്യാസത്തെ കൂട്ടിച്ചേർക്കുക, അങ്ങനെ പ്രകൃതിശാസ്ത്രത്തെക്കൊണ്ടു പുരുഷത്വത്തിന്റെ അടിസ്ഥാനമാക്കുക, കൈകളെക്കൊണ്ട് എപ്പോഴും പണിയെടുപ്പിക്കെത്തന്നെ മനസ്സിനെ സംസ്കരിക്കുക, ഒരു ശക്തിമത്തായ ജനസമുദായമെന്നും സുഖിതജനങ്ങളുടെ ഒരു കുടുംബമെന്നുമുള്ള നില ഒരുമിച്ചുതന്നെ വരുത്തിവെയ്ക്കുക, സ്വത്തു പ്രജകൾക്കുള്ളതാക്കുക. ഇതു സ്വത്തില്ലാതാക്കിയിട്ടല്ല, യാതൊരു ഭേദവുംകൂടാതെ ഏതൊരു പരന്നും ഉടമസ്ഥനാകാവുന്നവിധം - ഇതു സാധാരണമായി വിചാരിച്ചുവരുന്നതിലും എളുപ്പമുള്ളതാണു്—സ്വത്ത് എല്ലാവർക്കുമുള്ളൊന്നാക്കിയിട്ട് - രണ്ടു വാക്കിൽ പറഞ്ഞാൽ, എങ്ങനെയാണ് ധനമുണ്ടാക്കേണ്ടതെന്നും എങ്ങനെയാണ് പങ്കിടേണ്ടതെന്നും പഠിപ്പിക്കുക; അപ്പോൾ ഫ്രാൻസ് എന്നു വിളിക്കപ്പെടുവാൻ നിങ്ങൾ അർഹരാവും.

ഇതാണ്, വഴിതെറ്റിപ്പോയ ചില കൂട്ടരിൽനിന്നു വിട്ടു മീതേ നിന്നുകൊണ്ട് പറഞ്ഞാൽ സമഷ്ടിവാദം; വാസ്തവാവസ്ഥകളിൽനിന്ന് അതെടുക്കാൻ നോക്കിയിരുന്നത് ഇതാണ്; ഇതാണ് അതു മനസ്സിൽ കുറിച്ചിരുന്നത്.

അഭിനന്ദനാർഹങ്ങളായ ശ്രമങ്ങൾ! പാവനങ്ങളായ ഉദ്യമങ്ങൾ!

ഈ വിശ്വസങ്ങൾ, ഈ സിദ്ധാന്തങ്ങൾ, ഭരണ ശാസ്ത്രജ്ഞന്മാർക്കു തത്ത്വജ്ഞാനികളെ വിലവെച്ചേ കഴിയു എന്നാക്കിത്തീർക്കുന്ന അപ്രതീക്ഷിതാവശ്യം, നമ്മൾ ഒരുനോക്കു നോക്കിക്കാണുന്ന സമ്മിശ്രത്തെളിവുകൾ, പുതിയ ഭരണപരിവർത്തനാദർശത്തോട് അധികം വിരുദ്ധമാകാതെ പഴയ ലോകത്തോട് യോജിക്കുന്നതായി ഇനി ഉണ്ടാക്കേണ്ടിയിരിക്കുന്ന ഒരു നൂതനരാജ്യഭരണനയം, പോളിഞ്ച്യാക്കിനെ [2] പിന്താങ്ങുവാൻ ലഫയേത്തിനെ ഉപയോഗിക്കേണ്ടിവരുന്നഒരു സ്ഥിതി, ലഹളയുടെ അടിയിൽ മിന്നിക്കാണുന്ന അഭിവൃദ്ധിയെപ്പറ്റിയുള്ള സഹജജ്ഞാനം, മണിമച്ചുകളും തെരുവീഥികളും, തന്റെ ചുറ്റും നിലയ്ക്കുനിർത്തേണ്ടവയായ മത്സരങ്ങൾ, ഭരണപരിവർത്തനത്തിൽ തനിക്കുള്ള വിശ്വാസം, മേലേക്കിടയിലുള്ള ഒരു നിശ്ചയാർത്ഥകാവകാശത്തെ ഏതാണ്ട് കൈക്കൊണ്ടതിൽനിന്നു പക്ഷേ, ജനിച്ച പിന്നത്തെ ഒരനിർവചനീയമായ കീഴ്‌വണക്കം, തന്റെ വർഗ്ഗത്തിൽത്തന്നെ നില്ക്കണമെന്നുള്ള ആഗ്രഹം, കുടുംബസ്നേഹാധിക്യം, പൊതുജനങ്ങളോട് തനിക്കുള്ള ഹൃദയപൂർവ്വമായ ആദരം, മര്യാദ—ഇതെല്ലാം കൂടി ലൂയിഫിലിപ്പിനെ ഏതാണ്ട് സങ്കടകരമായവിധം പിടിച്ചു മുക്കിക്കളഞ്ഞു; എന്നല്ല, ശക്തനും ധീരനുമായിരുന്നെങ്കിലും, രാജാവായിരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾകൊണ്ട് അദ്ദേഹം കുഴങ്ങിപ്പോകതന്നെ ചെയ്ത ചില സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

പൂർവ്വാധികമായി ഫ്രാൻസ് ഫ്രാൻസാകുന്നതുകൊണ്ട് തന്റെ കാൽച്ചുവട്ടിൽ ഒരു ഭയങ്കരമായ ചിന്നിത്തകരൽ—ഇത്, എന്തായാലും, പൊടിയാവലല്ല—ഉണ്ടാകുന്നുണ്ടെന്നു് അദ്ദേഹത്തിനു ബോധം വന്നു.

നിഴല്പാടുകളുടെ കുന്നുകൾ ആകാശാന്തത്തെ മൂടി. ക്രമത്തിൽ അധികമധികം അടുത്തെത്തുന്ന ഒരഭൂതപൂർവൃമായ നിഴൽ കുറേശ്ലെക്കുറേശ്ശെയായി ആളുകളുടേയും സംഗതികളുടേയും ആലോചനകളുടേയും മീതെ വ്യാപിച്ചു—അതേ, ദ്വേഷങ്ങളിൽനിന്നും നിബന്ധനകളിൽനിന്നും പുറപ്പെട്ട ഒരു നിഴൽ, ക്ഷണത്തിൽ അമർത്തിയിടപ്പെട്ടതായ സകലവും, ചലിക്കുകയും നുരയുകയും ചെയ്തു. ചില സമയങ്ങളിൽ മര്യാദക്കാരനായ മനുഷ്യന്റെ മനസ്സാക്ഷി വിണ്ടും ശ്വാസം വലിക്കുകയായി—സത്യങ്ങളോടു സത്യാഭാസങ്ങൾ കൂടിക്കലർന്ന ആ വായുമണ്ഡലത്തിലെ സുഖമില്ലായ്മ അത്ര മഹത്തായിരുന്നു. ഒരു കൊടുങ്കാറ്റിനു മുൻപിൽ ഇലകളെന്നപോലെ, സാമുദായികമായ ഉത്കണ്ഠയിൽ, ആത്മാക്കൾ വിറച്ചു. ചില സമയങ്ങളിൽ ഒന്നാമതെത്തിയ ആൾ, ഒരപരിചിതൻ, വെളിച്ചമുണ്ടാക്കിത്തന്നു എന്നാകുമാറ് അത്രയായിരുന്നു വിദ്യുച്ഛക്തിയുടെ ഒരു വലിവ്. ഉടനെ സന്ധ്യാസമയത്തുള്ള നിഗൂഢത വീണ്ടും വന്നുകൂടി. ചിലചില ഘട്ടങ്ങളിൽ കനംകൂടിയവയും രസമില്ലാത്തവയുമായ പിറുപിറുക്കലുകൾകൊണ്ട് മേഘത്തിനുള്ളിൽ അടങ്ങിയിട്ടുള്ള ഇടിമുഴക്കത്തിന്റെ തുകയെപ്പറ്റി ഒരു മതിപ്പുണ്ടാക്കാമായിരുന്നു.

ജൂലായിവിപ്പ്ലവം കഴിഞ്ഞിട്ട് പന്ത്രണ്ടുമാസം കഷ്ടിച്ചായി; അപ്പോഴെയ്ക്ക് എന്തോ അശുഭസുചകവും ഭയജനകവുമായ ഒരു ഭാവവിശേഷത്തോടുകൂടി ക്രിസ്താബ്ദം 1832 ആവിർഭവിച്ചു.

പൊതുജനങ്ങളുടെ അരിഷ്ട്, പട്ടിണിക്കാരായ കൂലിപ്പണിക്കാർ നിഴൽപ്പാടുകളിൽ കുഴിച്ചുമൂടപ്പെട്ട ഒടുവിലത്തെ കോങ്ദേ രാജകുമാരൻ [3] ബൂർബോങ് രാജകുടുംബത്തെ പാരീസ് എന്നപോലെ, നാസ്സോരാജവംശത്തെ ബ്രുസ്സെൽസ് അട്ടിപ്പായിക്കൽ, ബെൽജിയം അതിനെ ഒരു ഫ്രഞ്ചുരാജാവിനു കൊടുക്കാമെന്നു പറഞ്ഞ് ഒരു ഇംഗ്ലീഷ് രാജാവിന് കൊടുത്തത്, നിക്കോളസ്സിന്റെമേൽ റഷ്യക്കാർക്കുള്ള വെറുപ്പ്, നമ്മുടെ പിന്നിലുള്ള തെക്കൻരാജ്യത്തിലെ രാക്ഷസന്മാർ, സ്പെയിനിൽ ഫോർഡിനാൻസ്, പോർച്ചുഗലിൽ മികെൽ, ഇറ്റലിയിൽ ഭൂകമ്പം, ബൊളോനയുടെ മീതെയുള്ള മെത്തേർനിക്കിന്റെ [4] കൈപരത്തൽ, ആൻ കോനയിൽവെച്ചു ഫ്രാൻസ് ആസ്ട്രിയയോട് കാണിച്ച നിഷ്ഠുരപെരുമാറ്റം, പോളണ്ടിനെ ശവമഞ്ചത്തിൽ കിടത്തി ആണി മേടുന്ന ചുറ്റികയുടെ ആ ഗ്രഹപ്പിഴപിടിച്ച ശബ്ദം, യൂറോപ്പിലെല്ലാടത്തുംനിന്നു ഫ്രാൻസിനെ പാളിനോക്കുന്ന ശുണ്ഠിപിടിച്ച നോട്ടങ്ങൾ, ചാഞ്ചാടിക്കണ്ടതിന്ന് ഒരുന്തുകൊടുക്കാനും വീഴാൻ തുടങ്ങുന്നതിനുമേൽ വിരണ്ടടിച്ചു വീഴാനും ഒരുങ്ങിനില്ക്കുന്ന ഒരു വിശ്വസ്തമിത്രമായ ഉംഗ്ലണ്ട്, നാലു തലകളെ നിയമശാസനത്തിനു പിടിച്ചുകൊടുക്കാതെ കഴിക്കാൻവേണ്ടി ബെക്കാരിയയുടെ പിന്നിൽ പ്രഭുത്വം ചെന്നഭയം പ്രാപിക്കൽ, രാജവാഹനത്തിൽനിന്നു രാജമുദ്രകളെ ചുരണ്ടിക്കളയൽ, നോർത്തൃദാം പള്ളിയിൽനിന്ന് കുരിശു വലിച്ചെടുക്കൽ. ലഫയേത്തിന്റെ നില താഴൽ, ലഫിത്തു നശിക്കൽ, ബെൻജമിൻ കോൺസ്റ്റന്റ് ദാരിദ്ര്യത്തിൽ കിടന്നു മരിക്കൽ, സ്വശക്തിനാശത്തോടുകുടി കാസിമി പെരിയെ മരിച്ചുപോകൽ, ആലോചനാശീലത്തിന്റെ ഇരിപ്പിടത്തിൽ ഒന്നും അധ്വാനശീലത്തിന്റെ ഇരിപ്പിടത്തിൽ മറ്റതുമായി രാജ്യത്തിലെ രണ്ടു പ്രധാനനഗരങ്ങളിലും ഒരുമിച്ചു തന്നെ രാഷ്ട്രീയവും സാമുദായികവുമായ മഹാരോഗങ്ങളുടെ പുറപ്പാട്, പാരിസ്റ്റിലെ ആഭ്യന്തരകലഹവും ലയോങ്ങിലെ അടിമക്കലശലും, രണ്ടു നഗരങ്ങളിലും ചൂളപ്പുരയിൽനിന്നുള്ള ഒരേ തീനാളം, പൊതുജനങ്ങളുടെ നെറ്റിത്തടത്തിൽ ഒരഗ്നിപർവ്വതമുഖത്തിലെ ചുകപ്പുനിറം, തെക്കൻരാജ്യത്തിനു ഭ്രാന്തുകയറൽ, പടിഞ്ഞാറൻപ്രദേശത്തിന്റെ അസ്വസ്ഥത, രാജദ്രോഹങ്ങൾ, കള്ളക്കൂട്ടുകെട്ടുകൾ, ലഹളകൾ, നടപ്പുദീനം—ഇവയെല്ലാംകൂടി ആലോചനകളുടെ ദുഃഖമയമായ ഇരമ്പത്തോടു സംഭവങ്ങളുടെ ദുഃഖമയമായ ഇരമ്പത്തെ കൂട്ടിച്ചേർത്തു.

കുറിപ്പുകൾ

[1] പ്രജാഭരണത്തോട് രാജകക്ഷിക്കാർ (1793–1795) അനവധി തവണ ശണ്ഠ നടത്തിയിട്ടുളള ഒരു സ്ഥലം.

[2] പത്താം ഷാർലിന്റെ ഒരു ഫ്രഞ്ച് പ്രധാനമന്ത്രി.

[3] ഒരു സേനാപതി ഒളിച്ചോടിപ്പോയ ഒരു രാജകക്ഷി (1736–1818).

[4] ഇറ്റലിയിലെ ഒരു സംസ്ഥാനം.

4.1.5
ചരിത്രത്തിന്റെ ഉറവുസ്ഥലവും ചരിത്രത്താൽ വിലവെക്കപ്പെടാത്തതുമായ വാസ്തവാവസ്ഥ

ഏപ്രിൽമാസാവസാനത്തോടുകൂടി സകലവും അങ്ങേ അറ്റത്തെത്തി. നുര പൊന്തിയിരുന്നതു തിളച്ചുമറിയലായി. 1830 മുതൽക്കുതന്നെ ചില്ലറ ലഹളകൾ അവിടവിടെ ഉണ്ടായിക്കൊണ്ടിരുന്നു; അവ ക്ഷണത്തിൽ അമർത്തപ്പെടും; പക്ഷേ, എപ്പോഴും പുതുതായി പുറപ്പെട്ടുകൊണ്ടേയിരിക്കും—അടിയിൽ പരക്കെ തീപ്പിടിച്ചിട്ടുണ്ടെന്നുള്ളതിന്റെ അടയാളം. ഭയങ്കരമായ എന്തോ ഒന്ന് അണിയറയിൽ തെയ്യാറാവുന്നുണ്ട്. വന്നേക്കാവുന്ന ഒരു ഭരണപരിവർത്തനത്തിന്റെ അപ്പോഴും അവ്യക്തങ്ങളും അപൂർണ്ണമായിമാത്രം തെളിവേറ്റവയുമായ മുഖാവയവങ്ങളെ ഓരോനോക്കു കാണാം. ഫ്രാൻസ് പാരിസ്സിന്റെമേൽ ഒരു കണ്ണൂന്നി; പാരിസ്സ് സാങ്-അന്താങ്ങിലും കണ്ണുവെച്ചു.

ഒരു മങ്ങിയ വെളിച്ചം മാത്രം കാണിച്ചിരുന്ന സാങ്-അന്താങ് ആളിക്കത്താൻ ആരംഭിച്ചു.

റ്യൂ ദ് ഷാറോന്നിലെ വീഞ്ഞുകടകൾ (ഈ രണ്ടു വിശേഷങ്ങളുടെ യോജിപ്പു വീഞ്ഞുകടകളെപ്പറ്റിയാകുമ്പോൾ കുറെയധികം അസാധാരണമാണെങ്കിലും) സൗഗരവങ്ങളും ലഹളമയങ്ങളുമായി.

അവിടെവെച്ചു ഭരണാധികാരം ശരിക്കു സ്പഷ്ടമായി വിചാരണ ചെയ്യപ്പെട്ടു അവിടെവെച്ച് ആളുകൾ യുദ്ധംചെയ്കയോ മിണ്ടാതിരിക്കയോ വേണ്ടതെന്നകാര്യം പരസ്യമായി വാദപ്രതിവാദത്തിനെടുത്തു. പിൻകടകളിൽവെച്ചു, കൂലിപ്പണിക്കാരെക്കൊണ്ടു തങ്ങൾ ആദ്യത്തെ വിളി കേട്ട തെരുവീഥികളിലെത്തിക്കൊള്ളാമെന്നും ‘ശത്രുക്കളുടെ എണ്ണം നോക്കാതെ യുദ്ധം ചെയ്തുകൊള്ളാ’മെന്നും സത്യം ചെയ്യിച്ചിരുന്നു. ഈ ഏർപ്പാടു ചെയ്തുകഴിഞ്ഞാൽ, വീഞ്ഞുകടയുടെ മൂലയ്ക്കലിരിക്കുന്ന ഒരാൾ ‘ഒരു ചിലമ്പനൊച്ച’യിൽ പറയും: ‘മനസ്സിലായോ നിങ്ങൾ സത്യം ചെയ്തു!’

ചിലപ്പോൾ ആളുകൾ മുകൾനിലയിലേക്കും, മുകളിലുള്ള ഒരു സ്വകാര്യമുറിയിലേക്കും, ചെല്ലും; പിന്നെ അവിടെവെച്ചു ‘ഫ്രീമേസൺ’കാരുടെ മട്ടിലുള്ള ചിലഗൂഢവിദ്യകൾ നടക്കുകയായി. ‘ദീക്ഷാകലശമാട’പ്പെട്ടവരെക്കൊണ്ടു തങ്ങൾക്കെന്നപോലെ കുടുംബങ്ങളിലെ അച്ഛന്മാർക്കുവേണ്ടി എല്ലാ സാഹായ്യവും ചെയ്തുതുകൊള്ളാമെന്ന് അവർ സത്യം ചെയ്യിക്കും. ഇതായിരുന്നു സത്യവാചകം.

കുടിമുറികളിൽവെച്ചു ‘നാശകരങ്ങളായ’ലഘുപ്രതികകൾ വായിക്കപ്പെടും. അവ ഗവർമെണ്ടിനെ പുച്ഛത്തോടുകുടി ഗണിച്ചു എന്ന് അന്നത്തെ ഒരു നിഗൂഢമായ സംഭവക്കുറിപ്പു് പറയുന്നു.

താഴെ കാണുന്നവിധമുള്ള വാക്കുകൾ അവിടെ കേൾക്കാം—‘എനിക്കു നേതാക്കന്മാരുടെ പേരറിവില്ല. നമ്മുടെ കൂട്ടുകാർക്കു രണ്ടു മണിക്കൂർ മുമ്പല്ലാതെ ദിവസം തന്നെ മനസ്സിലാവില്ല.’ ഒരു കൂലിപ്പണിക്കാരൻ പറഞ്ഞു: ‘നമ്മൾ മുന്നൂറുപേരുണ്ട്; ഓരോരുത്തനും മുന്നു സൂ വീതമെടുക്കുക; അപ്പോൾ മരുന്നും ഉണ്ടകളും വാങ്ങിക്കാൻ ഒരു നൂറ്റമ്പതു ഫ്രാങ്കായി.’

മറ്റൊരാൾ പറഞ്ഞു: ഞാൻ ആറുമാസത്തെ ഇട ചോദിക്കുന്നില്ല; രണ്ടുമാസം കൂടി വേണ്ടാ. ഒരു പതിനഞ്ചു ദിവസത്തിനുള്ളിൽ നമുക്കു ഗവർമെണ്ടോടു നേരും കിടയുമായി നില്ക്കണം. ഇരുപത്തായ്യിരം ആളായാൽ നമുക്കു പൊരുതാം. മറ്റൊരാൾ പറഞ്ഞു; ‘ഞാൻ രാത്രിയിൽ ഉറങ്ങാറില്ല; രാത്രി മുഴുവനും തിരയുണ്ടാക്കുകയാണ്.’ ‘ഇടത്തരക്കാരുടെ മട്ടിലും നല്ല പുറംകുപ്പായത്തോടുകൂടിയു’മുള്ള ആളുകൾ ഇടയ്ക്കു വന്നു കുഴപ്പമുണ്ടാക്കും, അവർ ‘കൽപിക്കുന്ന’മട്ടോടുകുടി ഏറ്റവും വലിയ പ്രധാനർക്കു കൈകൊടുത്തു മടങ്ങിപ്പോവും. അവർ പത്തുനിമിഷത്തിലധികം നില്ക്കില്ല. ഒരു താന്ന സ്വരത്തിൽ സാരഗർഭങ്ങളായ ചില അഭിപ്രായപ്രകടനങ്ങൾ നടക്കും. ‘കെണിയൊക്കെ ശരിയായി, കാര്യം ശരിപ്പെട്ടു.’ അവിടെയുണ്ടായിരുന്ന ഒരാളുടെ വാക്കു കടം വാങ്ങുന്നപക്ഷം, ‘അവിടെയുള്ളവരെല്ലാം ഇതു വെവ്വേറെ മന്ത്രിച്ചു.’ ആവേശംകയറൽ അത്രയധികമായിരുന്നു— ഒരു ദിവസം ഒരു കൂലിപ്പണിക്കാരൻ വീഞ്ഞുകടയിലുള്ള എല്ലാവരുടേയും മുൻപിൽ വെച്ച് ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞു: ‘നമുക്ക് ആയുധമില്ലല്ലോ!’ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു: ‘പട്ടാളക്കാരുടെ വശമുണ്ട്!’ അയാൾ താനറിയാതെയാണെങ്കിലും, ബോനാപ്പാർത്ത് ഇറ്റലിയിലുള്ള തന്റെ സൈന്യത്തോടു ചെയ്ത വിളംബരത്തിന് ആവിധം ഒരനുകരണകവിതയുണ്ടാക്കി. ‘എന്തെങ്കിലും ഒരു നിഗൂഢതരമായ കാര്യമുണ്ടെങ്കിൽ’ ഒരു സംഭവക്കുറിപ്പിൽ പറഞ്ഞുകാണുന്നു. ‘അവർ അതന്യോന്യം പറഞ്ഞുകൊടുത്തിരുന്നില്ല.’ അവർ പറഞ്ഞിരുന്നതു നോക്കുമ്പോൾ അവർക്കു മറച്ചുവെയ്ക്കാൻ കഴിഞ്ഞിരുന്നതെന്താണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ട്.

ഈ യോഗംകൂടലുകൾ ചിലപ്പോൾ കാലാനുക്രമമായിരിക്കും. ചില യോഗങ്ങളിൽ ആകെ എട്ടോ പത്തോ പേരിലധികം ഹാജരുണ്ടായിരിക്കില്ല; അവരെല്ലാം എപ്പോഴും ഒരേ കൂട്ടർത്തന്നെയായിരിക്കുംതാനും. മറ്റു ചില യോഗങ്ങളിൽ വേണമെന്നു തോന്നിവയർക്കെല്ലാം ചെല്ലാം; അങ്ങനെ മുറി മുഴുവനും നിറഞ്ഞു, ചെല്ലുന്നവരൊക്കെ നില്ക്കേണ്ടിവന്നേക്കും. ചിലർ ഉത്കണ്ഠകൊണ്ടും അത്യാർത്തികൊണ്ടും വന്നതായിരിക്കും; മറ്റു ചിലർ തങ്ങളുടെ പണിസ്ഥലത്തേക്കുള്ള വഴി അതിലെയായതുകൊണ്ടും. ഭരണപരിവർത്തനകാലത്തെപ്പോലെ, ഈ വീഞ്ഞുകടകളിൽ ചിലതിൽ സ്വരാജ്യസ്നേഹത്തോടുകൂടിയ സ്ത്രീകളുണ്ടായിരുന്നു; അവർ പുതുതായി വന്നവരെ ആലിംഗനം ചെയ്യും.

മറ്റ് അർത്ഥവത്തായ സംഗതികൾ വെളിപ്പെട്ടു.

ഒരാൾ ഒരു ചാരായക്കടയിൽ വരും, കുടിക്കും, ഇതുംപറഞ്ഞു മടങ്ങിപ്പോവും; ‘ഹേ, ഷാപ്പുകാരൻ, നിങ്ങൾക്കു വരാനുള്ള സംഖ്യയെ ഭരണപരിവർത്തനം തന്നു തീർക്കും.’

റ്യൂ ദ് ഷാറോന്നിൽ എതിരായുള്ള വീഞ്ഞുകടയ്ക്കു മുൻപിൽ ഭരണപരിവർത്തകസംഘത്തിന്റെ ആൾക്കാരെ നിർത്തിയിരുന്നു. അവരുടെ തൊപ്പികളിലിട്ടാണ് നറുക്കെടുക്കാറ്.

റ്യൂ ദ് കോത്തിൽവെച്ച് അഭ്യാസം നടത്തിയിരുന്ന വാൾപ്പയറ്റാശാന്റെ വീട്ടിൽ കൂലിപ്പണിക്കാർ യോഗം കൂടും. അവിടെ മരവാളുകൾ, ചൂരലുകൾ, പന്തീരാൻവടികൾ, കളരിവാളുകൾ എന്നിങ്ങനെ ശത്രുക്കളിൽനിന്നു പിടിച്ചെടുത്ത ആയുധ പരമ്പരയുമുണ്ട്. ഒരു ദിവസം കളരിവാളുകളുടെ ഉറക്കുടുക്കുകളൂരി.

ഒരു കൂലിപ്പണിക്കാരൻ പറഞ്ഞു: ‘ഞങ്ങൾ ഇരുപത്തഞ്ചു പേരുണ്ട്, പക്ഷേ, എന്നെ അവർ കണക്കാക്കുന്നില്ല; എന്നെ ഒരു യന്ത്രമായിട്ടാണ് വെച്ചിട്ടുള്ളത്!’ പിന്നീട് ആ യന്ത്രം കെനിസെയായി.

കാച്ചിയെടുക്കപ്പെട്ടിരുന്ന ആ അവസാനമറ്റ വസ്തുക്കൾ പതുക്കെക്കൊണ്ട് അഭൂതപൂർവ്വവും അനിർവചനീയവുമായ ഒരു കുപ്രസിദ്ധിയെ സമ്പാദിച്ചു. ഉമ്മറം അടിച്ചുവാരിയിരുന്ന ഒരു സ്ത്രീ മറ്റൊരുവളോടു പറഞ്ഞു: ‘കുറേക്കാലമായിട്ട് ഒരു വലിയ സംഘം കൊണ്ടുപിടിച്ച് തിരയുണ്ടാക്കിവരുന്നുണ്ട്.’ തെരുവീഥികളുടെ നടുക്കു രാഷ്ട്രീയകക്ഷിസംഘങ്ങൾക്കുള്ള വിളംബരങ്ങൾ കാണാം. ഈ വിളംബരങ്ങളിലൊന്നിൽ ഇങ്ങനെ ഒപ്പിട്ടു കണ്ടു: ബുർത്തോ, വീഞ്ഞുകച്ചവടക്കാരൻ.

ഒരു ദിവസം, കഴുത്തുപട്ടയുടെ ഛായയിൽ താടിവളർത്തി ഇറ്റലിക്കാരന്റെ ഉച്ചാരണത്തോടുകൂടിയ ഒരാൾ മാർഷെലെമ്പാ എന്ന പ്രദേശത്തുള്ള ഒരു കല്ലുകട്ടിളമേൽ കയറിനിന്ന്, എന്തോ നിഗൂഢശക്തിയിൽനിന്നു പുറപ്പെട്ടതാണെന്നു തോന്നിയ ഒരസാധാരണരേഖ ആളുകളെ ഉച്ചത്തിൽ വായിച്ചു കേൾപ്പിച്ചിരുന്നു. ആൾക്കൂട്ടങ്ങൾ അയാളുടെ ചുറ്റുംകൂടി അഭിനന്ദിച്ചു.

ആൾക്കുട്ടത്തെ ഏറ്റവുമധികം ഇളക്കിത്തീർത്ത വാചകങ്ങളെ വേറെയെടുത്തു കുറിച്ചുവെച്ചിരുന്നു: ‘നമ്മുടെ പ്രമാണങ്ങളെ തടയുന്നു, നമ്മുടെ വിളംബരങ്ങളെ ചീന്തിക്കളയുന്നു, നമ്മുടെ പരസ്യം പതിക്കുന്നവരെ ഒറ്റുനിന്നു പിടിച്ചുജയിലിലിടുന്നു’—‘പരുത്തിവിലയിൽ ഇയ്യിടെയുണ്ടായ ഇടിവ് നമുക്ക് അനവധി ഇടനില്പുകാരെ തന്നിരിക്കുന്നു.’ ‘രാജ്യങ്ങൾക്കു ശോഭനമായ ഭാവിയെ ഉണ്ടാക്കി വെയ്ക്കുന്നതു മോശക്കാരായ നമ്മുടെ ഇടയിൽനിന്നാണ്.’ ‘മാറ്റമില്ലാത്ത നിശ്ചയങ്ങൾ ഇതാ: ഒന്നുകിൽ ഊർദ്ധ്വഗതി, അല്ലെങ്കിൽ അധോഗതി; ഒന്നുകിൽ ഭരണപരിവർത്തനം, അല്ലെങ്കിൽ എതിർപരിവർത്തനം. നമ്മുടെ കാലത്തു നമുക്ക് ആലസ്യത്തിലോ സ്ഥാവരത്വത്തിലോ വിശ്വാസമില്ല. ജനങ്ങൾക്കുവേണ്ടിയോ ജനങ്ങൾക്കെതിരായോ, ഇതേ ചോദ്യമുള്ളു. മറ്റൊന്നില്ല.’—‘ഞങ്ങൾ നിങ്ങൾക്കു കൊള്ളുകയില്ലെന്നാവുന്നതെന്നോ അന്നേദിവസം ഞങ്ങളെ തകർത്തുകളയുക; പക്ഷേ, അതുവരെ ഞങ്ങളെ മുമ്പോട്ടു നടക്കാൻ സഹായിക്കണം.’ ഇതൊക്കെ പച്ചപ്പകലാണ്.

കുറേക്കൂടി ധൃഷ്ടങ്ങളായ മറ്റു ചില പ്രവൃത്തികൾ അവയുടെ ധൃഷ്ടത കാരണം ജനങ്ങളുടെ ദൃഷ്ടിയിൽ ശങ്ക ജനിപ്പിച്ചു. 1832 ഏപ്രിൽ 4-ാംനു ഒരു വഴി പോക്കൻ റ്യു സാങ് - മാർഗ്യുറീത്തിലെ വഴിമൂലയ്ക്കലുള്ള ഒരു തറയിൽ കയറിനിന്നു വിളിച്ചുപറഞ്ഞു: ‘ഞാൻ ഒരു ബബുകക്ഷിക്കാര [1] നാണ്.’പക്ഷേ, ബബുവിനു പിന്നിൽ ആളുകൾ ഗിക്കെയെ [2] മണത്തറിഞ്ഞു.

മറ്റു പലതിന്നിടയിൽ ഈ മനുഷ്യൻ പറഞ്ഞു: ‘സ്വത്തുക്കളെ നശിപ്പിക്കുക! ഇടത്തുഭാഗത്തുടെയുള്ള എതിർക്കൽ ഭീരുത്വവും വഞ്ചനയുമാണ്. വലത്തുപുറത്തു നില്ക്കണമെന്നുള്ളപ്പോൾ അതു ഭരണപരിവർത്തനത്തെപ്പറ്റി പ്രസംഗിക്കുന്നു; തോല്ക്കാതെ കഴിക്കാൻവേണ്ടി അതു പൊതുജനങ്ങളുടെ ഭാഗം പറകയാണ്; യുദ്ധം ചെയ്യേണ്ടിവരാതെ കഴിക്കാൻവേണ്ടി അതു രാജകക്ഷിയാവുന്നു. പ്രജാധിപത്യക്കാർ തൂവലുകളോടുകുടിയ മൃഗങ്ങളാണ്. ഹേ കൂലിപ്പണിക്കാരുടെ വർഗ്ഗത്തിൽപ്പെട്ട പൗരന്മാരേ, നിങ്ങൾ പ്രജാധിപത്യവാദികളെ വിശ്വസിക്കാതിരിക്കിൻ.’

‘മിണ്ടരുത്, ഹേ പൗരനായ ഒറ്റുകാരൻ!’ ഒരു കൈത്തൊഴിൽക്കാരൻ ഉച്ചത്തിൽ പറഞ്ഞു.

ഈ വിളിച്ചുപറയൽകൊണ്ടു സംഭാഷണം അവസാനിച്ചു.

അത്ഭുതകരങ്ങളായ സംഭവങ്ങൾ നടന്നു.

രാത്രിയായതോടുകൂടി, തോട്ടിനടുത്തുവെച്ച് ഒരു കൂലിവേലക്കാരൻ ഒരു മേത്തരം ഉടുപ്പിട്ട ആളെ’കണ്ടെത്തി; അയാൾ കൂലിപ്പണിക്കാരനോടു ചോദിച്ചു: ‘ഹേ പരൻ, എവിടേക്കാണ് പോകുന്നത്?’ ‘സേർ,’ ആ കൂലിപ്പണിക്കാരൻ മറുപടി പറഞ്ഞു, ‘എനിക്ക് നിങ്ങളുമായി പരിചയപ്പെടാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.’ ‘എങ്കിലും ഞാൻ നിങ്ങളെ നല്ലവണ്ണമറിയും’ അയാൾ തുടർന്നു: ‘പേടിക്കേണ്ട, ഞാൻ യോഗത്തിന്റെ ഒരാളാണ്. നിങ്ങൾ തികച്ചും വിശ്വസ്തനല്ലെന്ന് ഒരു ശജം ജനിച്ചിരിക്കുന്നു. എന്തെങ്കിലും പുറത്താക്കിയാൽ നിങ്ങളുടെമേൽ കണ്ണുണ്ടെന്നറിയാമല്ലോ.’ എന്നിട്ട് അയാൾ ആ കൂലിവേലക്കാരന്നു കൈ കൊടുത്ത്, ഇങ്ങനെ പറഞ്ഞുംകൊണ്ടു പിരിഞ്ഞു, ‘നമ്മൾക്ക് ഇനിയും താമസിയാതെ തമ്മിൽ കാണാം.’

ചെവി കൂർപ്പിച്ചുകൊണ്ടിരുന്ന പൊല്ലീസ് സൈന്യം വീഞ്ഞുകടകളിൽനിന്നു മാത്രമല്ല, തെരുവുകളിൽനിന്നുകൂടി അസാധാരണങ്ങളായ സംഭാഷണങ്ങളെ ശേഖരിച്ചു.

‘വേഗത്തിൽ ചെന്നുചേർന്നോളു’, ഒരു നെയ്ത്തുകാരൻ ഒരു മന്ത്രിയോഗാംഗത്തോടു പറഞ്ഞു.

‘എന്തിന്ന്?’

‘ഒരു വെടിവെപ്പു നടക്കാൻ ഭാവമുണ്ട്.

ഇരപ്പാളി വേഷത്തിലുള്ള രണ്ടു വഴിപോക്കർ സ്പഷ്ടമായി ലഹളച്ചുവയുള്ള ഈ സ്മരണീയസംഭാഷണം നടത്തുകയുണ്ടായി:

‘നമ്മെ ആർ ഭരിക്കുന്നു?’

‘മൊസ്യ ഫിലിപ്പ്.

‘അല്ല, നാടുവാഴികൾ.’

ലഹള എന്നതു ഞങ്ങൾ ചീത്ത അർത്ഥത്തിലാണ് വെച്ചിട്ടുള്ളതെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു വായനക്കാരുടെ തെറ്റാണ്. ലഹള സാധുക്കളുടേതാണ്. മറ്റൊരു സന്ദർഭത്തിൽ രണ്ടു പേർ നടന്നുപോകും വഴിക്ക് ഇങ്ങനെ പറയുന്നതു കേട്ടു: ‘ഞങ്ങൾ യുദ്ധത്തിനുവേണ്ട യുക്തികളൊക്കെ ആലോചിച്ചുവെച്ചിട്ടുണ്ട്.’

ദ്യു തുറോങ് എന്ന പ്രദേശത്തുള്ള ഒരു കുഴിയിൽ കുനിഞ്ഞുനിന്നിരുന്ന നാലുപേർ തമ്മിലുണ്ടായ ഗൂഢസംഭാഷണത്തിൽ ഈ താഴെ കാണുന്ന ഭാഗം മാത്രം പുറത്തു കേട്ടു; ഇനി അയാൾ പാരിസ്സിൽ സഞ്ചരിക്കാതിരിക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്യപ്പെടും.’

ഈ അയാൾ ആരാണ്? ഭയങ്കരമായ നിഗൂഢത.

ആളുകൾ പറഞ്ഞിരുന്നതുപോലെ, ‘പ്രധാനനേതാക്കന്മാർ’ പിന്മാറിനിന്നു. സാങ്തുസ്താഷിന്നടുത്തുള്ള ഒരു വീഞ്ഞുകടയിൽവെച്ച് അവർ ആലോചനസഭകൂടിയിരുന്നു എന്നാണ് ഊഹം. റ്യു മൊനെത്തുവിൽ തുന്നല്ക്കാരുടെ സഹായയോഗത്തിന്റെ കാര്യദർശിയായ ഏതോ ഒരു ഓ..., നേതാക്കന്മാരും സാങ്-ആന്ത്വാങ്ങിലെ സംഘവുമായുള്ള ആലോചനകളിൽ പ്രധാന മധ്യസ്ഥനായിരുന്നുവെന്നാണ് പ്രസിദ്ധി.

ഏതായാലും ഈ നേതാക്കന്മാരെസ്സംബന്ധിച്ചേടത്തോളം ഒരു വമ്പിച്ച നിഗൂഢത എപ്പോഴുമുണ്ടായിരുന്നു; പ്രഭുയോഗത്തിനു മുൻപാകെ വിചാരണയ്ക്കു കൊണ്ടുചെല്ലപ്പെട്ട ഒരാൾ പിന്നീടു പറകയുണ്ടായ ഈ മറുപടിക്കുള്ളിൽ തുളുമ്പിയിരുന്ന അഹങ്കാരത്തെ യാതൊരു വാസ്തവസംഭവത്തിനും സാരമില്ലെന്നാക്കാൻ വയ്യാ:

‘ആരാണ് നിങ്ങളുടെ നേതാവ്?’

ഞാൻ ആരേയും അറിയില്ല; ഞാൻ ആരേയും സ്വീകരിച്ചിട്ടുമില്ല.

സ്വച്ഛങ്ങളെങ്കിലും നിസ്സാരങ്ങളായ വാക്കുകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ചിലപ്പോൾ വെറും സംസാരം, കള്ളക്കഥ, കിംവദന്തി. മറ്റു ചില സൂചനകൾ പുറപ്പെട്ടുവരുന്നു.

റ്യൂ ദ് റ്യുയിയിൽ പണിചെയ്തു വന്നിരുന്ന ഒരു ഭവനത്തിന്റെ പറമ്പിൻ ചുറ്റുമുള്ള വേലിക്കു പലക തറയ്ക്കുന്ന ഒരാശാരി, താഴെ കാണുന്ന വരികൾ അപ്പോഴും വായിക്കാവുന്ന ഒരു കത്തിൻകഷ്ണം അവിടെനിന്നു കണ്ടെടുക്കുകയുണ്ടായി:

അതാത് സംഘങ്ങളുടെ വക ഓരോ വകുപ്പുകളിലേക്ക് പുതുതായി ആളെ ചേർക്കുന്നത് നിർത്തുവാൻ യോഗം വേണ്ട ഏർപ്പാടുകൾ ചെയ്യേണ്ടതാണ്.

ഇങ്ങനെ ഒരു ചുവട്ടിൽക്കുറിപ്പും:

റ്യു ദ്യു ഫോബർ ഫാസ്പോന്നിയേറിൽ അവിടുത്തെ ഒരു തോക്കുപണിക്കാരന്റെ വീട്ടിൽ അയ്യാറായിരം തോക്കുകളോളം ശേഖരിച്ചുണ്ടെന്നു ഞങ്ങൾ അറിഞ്ഞിരിക്കുന്നു. ആ യോഗവകുപ്പിൽ തോക്കുകളില്ല;

ആശാരി പരിഭ്രമിക്കാനും ഇതിനെ അയൽപക്കക്കാർക്കു കാണിച്ചുകൊടുക്കാനുമുണ്ടായ സംഗതി, കുറച്ചുകൂടി അപ്പുറത്തുനിന്ന് ആദ്യത്തേതുപോലെ തന്നെ കീറിയിട്ടതും കുറേക്കൂടി സാരഗർഭവുമായ മറ്റൊരു കടലാസ്സിൻകഷ്ണം കണ്ടുകിട്ടിയതാണ്; ഈ അസാധാരണ രേഖകൾക്കുള്ള ചരിത്രസംബന്ധിയായ വിലകരുതി ഞങ്ങൾ അതിന്റെ ഒരു നേരുപകർപ്പുതന്നെ ഇവിടെ കൊടുക്കുന്നു:

  • ക്യൂ സി ഡി ഇ – ഈ പട്ടികയെ മനഃപാഠമാക്കുക. അതു കഴിഞ്ഞു ചീന്തിക്കളയണം. സ്വീകരിക്കപ്പെട്ടിട്ടുള്ള ആളുകൾക്കു തങ്ങൾക്കുള്ള കല്പനകൾ നിങ്ങളിൽനിന്നു കിട്ടിക്കഴിഞ്ഞാൽ അവരും. അങ്ങനെതന്നെ ചെയ്യണം.
  • ആരോഗ്യവും സാഹോദര്യവും, യു ഓ എ ഫ ല.

ഈ നിഗൂഢമായ കണ്ടുകിട്ടൽ മനസ്സിലാക്കിയിരുന്നവർ കുറച്ചുകഴിഞ്ഞതിനു ശേഷമേ ആ നാലു വലിയക്ഷരങ്ങളുടെ സാരം ധരിച്ചുള്ളു: ക്യു. അയ്യഞ്ചു ഭടന്മാരുടെ നേതാക്കന്മാർ. സി. നൂറുനൂറു ഭടന്മാരുടെ നേതാക്കന്മാർ, ഡി. പതിപ്പത്തുഭടന്മാരുടെ നേതാക്കന്മാർ, ഇ. ഒറ്റുകാർ, അതുപോലെ,യു ഓ എ ഫ എന്നീ അക്ഷരങ്ങളുടെ അർത്ഥം ഒരു തിയ്യതിയായിരുന്നു—1832 ഏപ്രിൽ 15, ഓരോ വലിയക്ഷരത്തിന്റേയും താഴെ സവിശേഷക്കുറിപ്പുകളോടുകുടിയ പേരുകളും എഴുതപ്പെട്ടിരുന്നു. ഇങ്ങനെ: ക്യു ബാനെരൽ. 8 തോക്ക്, 83 തെര. ഒരു വിശ്വസ്തൻ – സി. ബുബിയെർ 1 കൈത്തോക്ക്, 40 തെര-ഡി. റോയെ, 1 കളരിവാൾ, 1 കൈത്തോക്ക്, റാത്തൽ മരുന്ന്—ഇ. തെസ്സിയെ. 1 വാൾ. 1 തെരപ്പെട്ടി – കണിശക്കാരൻ - തെറ്യു 8 തോക്ക്, ധീരൻ, മറ്റും മറ്റും.

ഒടുവിൽ അതേ വേലിക്കുള്ളിൽത്തന്നെ ഈ ആശാരി മൂന്നാമതൊരു കടലാസ്സു കണ്ടെത്തി; അതിൽ പെൻസിൽകൊണ്ടാണെങ്കിലും വളരെ സ്പഷ്ടമായി ഈ ഒരു ദുർഗ്രഹമായ പട്ടിക എഴുതപ്പെട്ടിരുന്നു:

യുനിത്തെ: ബ്ലാങ്ഷാരീ. ഓ-വകുപ്പ് 6.

ബറ. സ്വാസ്. സാൽ-ഓ-കോത്.

കൊഷ്യുസ്ക്കോ. കശാപ്പുകാരൻ ഓബ്രി?

ജെ. ജെ. ആർ.

കയുസ് ഗ്രാകസ്.

പരിശോധനാവകാശം. ദ്യു ഫോങ്ങ്. നാല്,

‘ഗിറോൺഡിസ്റ്റുകളുടെ’ [3] നാശം. ദർബക്. മൊബൊ

വാഷിങ്ടൻ. പിൻസൺ. കൈത്തോക്ക്, 86 തെര.

മാരസെയിലെസ്.

പൊതുജനങ്ങളുടെ രാജ്യഭരണം. മികേതി. കെൻകാംപ്വാ വാൾ.

ഹോഷ്.

മാർസോ പ്ലാറ്റോ എ: വകുപ്പ്

വാർസോ. പെരുമ്പറക്കാരൻ തില്ലി.

ഈ പട്ടിക സംഗതിവശാൽ കിട്ടിയ മര്യാദക്കാരായ ഇടത്തരക്കാർക്ക് അതിന്റെ അർത്ഥം മനസ്സിലായി. ‘മനുഷ്യാവകാശസംരക്ഷകസംഘ’ത്തിലെ നാലാം ഭാഗത്തിലെ വകുപ്പുകളുടെ മുഴുവനും പേരും അതാതു വകുപ്പുകളുടെ നേതാക്കന്മാരുടെ പേരും മേൽവിലാസവും കാണിക്കുന്നതായിരുന്നു അത്. നിഗൂഢങ്ങളായിരുന്ന ഇവയെല്ലാം ഇന്നു ചരിത്രമല്ലാതെ മറ്റൊന്നുമല്ലാതായിത്തീർന്നിട്ടുള്ള സ്ഥിതിക്ക് ഞങ്ങൾക്ക് ഇവയെ പ്രസിദ്ധീകരിക്കാം. ഈ കടലാസ്സു കണ്ടുകിട്ടിയതിനു മുൻപായി ‘മനുഷ്യാവകാശ സംരക്ഷകസംഘം’ സ്ഥാപിച്ചിരിക്കണം എന്നുകൂടി പറയാവുന്നതാണ്. ഒരുസമയം ഇതൊരു കരടുപകർപ്പുമാത്രമായിരിക്കും.

എങ്കിലും, എഴുതിവെച്ചിട്ടുള്ളവയിലെ കുറിപ്പുകളെക്കൊണ്ടും വാക്കുകളെക്കൊണ്ടും നോക്കുമ്പോൾ ഓരോന്നു പുറപ്പെട്ടുതുടങ്ങിയിരിക്കുന്നു.

റ്യൂ പൊപ്പിൻകൂർ എന്ന പ്രദേശത്തു കൗതുകകരസാധനങ്ങളെക്കൊണ്ടു കച്ചവടം ചെയ്യുന്ന ഒരാളുടെ വീട്ടിൽവെച്ച്, ഒരേ നീളത്തിൽ നാലായി മടക്കിയിട്ടുള്ള ഏഴു പായ ചാരനിറക്കടലാസ്സ് കണ്ടെടുക്കപ്പെട്ടു; ആ കടലാസ്സുപായകൾക്കുള്ളിൽ അതേ ചാരനിറക്കടലാസ്സുതന്നെ വെടിത്തെരപോലെ മടക്കിയ ഇരുപത്താറു ചതുരക്കഷ്ണങ്ങളും താഴെ കാണുന്നതെഴുതിയിട്ടുള്ള ഒരു ശീട്ടും ഉണ്ടായിരുന്നു.

  1. വെടിയുപ്പ് – 12 ഓൺസ്
  2. ഗന്ധകം – 2 ഓൺസ്
  3. കരി – 2 1/2 ഓൺസ്
  4. വെള്ളം – 2 1/2 ഓൺസ്

ഈ കണ്ടുകിട്ടലിനെക്കുറിച്ചുള്ള വിവരണക്കുറിപ്പിൽ, മേശവലിപ്പിനുള്ളിൽ നിന്നു വെടിമരുന്നുഗന്ധം പുറപ്പെട്ടിരുന്നതായി പറഞ്ഞുകാണുന്നുണ്ട്.

ഒരു ദിവസത്തെ പണി കഴിഞ്ഞുപോരുന്ന ഒരു കല്ലാശാരി ഓസ്തെർ ലിത്സ് പാലത്തിന്റെ അടുത്തുള്ള ഒരു ബെഞ്ചിന്മേൽ ഒരു ചെറിയ കടലാസ്സുകെട്ടു മറന്നുവെച്ചുപോയി. ഈ കെട്ടു പൊല്ലീസ്സുകച്ചേരിയിൽ എത്തിക്കപ്പെട്ടു. അതു തുറന്നുനോക്കി; അതിനുള്ളിൽ ലിയൊത്തിയേർ എന്നു പേരെഴുതി ഒപ്പിട്ട രണ്ട് അച്ചടിച്ച സംഭാഷണങ്ങളും, ‘കൂലിക്കാരെ, കൂടിക്കൊൾവിൻ’ എന്ന തലവാചകത്തോടു കൂടിയ ഒരു പാട്ടും, വെടിത്തെരകൾ നിറച്ച ഒരു തകരപ്പെട്ടിയും കണ്ടു.

ഒരു ചങ്ങാതിയോടുകൂടി കുടിച്ചിരുന്ന ഒരു കൈത്തൊഴിൽക്കാരൻ തനിക്ക് എന്തു ചൂടുണ്ടെന്നു മറ്റാളെക്കൊണ്ടു തൊടുവിച്ചുനോക്കി; ആ മറ്റാൾ മാർക്കുപ്പായത്തിനടിയിൽ ഒരു കൈത്തോക്കു കണ്ടെത്തി.

ഉപനഗരത്തിൽ, പെർ-ലഷെസിനും ദ്യു ത്രോങ്ങിനും നടുക്ക്, ആൾസ്സഞ്ചാരം നന്നേ കുറഞ്ഞ ഒരിടത്തു ചില കുട്ടികൾ കളിക്കുന്നതിനിടയ്ക്കു ക്ഷാരംചെയ്തിട്ട രോമക്കുന്നിനും വലിച്ചെറിയപ്പെട്ട മരക്കഷ്ണങ്ങൾക്കും അടിയിലായി ഒരു പീരങ്കിയുണ്ടയും, വെടിത്തെരയുമുണ്ടാക്കാനുള്ള ഒരു മരക്കുത്തുളിയും, വെടിമരുന്നു പൊടിയോടുകൂടിയ ഒരു മരപ്പാത്രവും, അകം നോക്കിയാൽ ഉരുക്കിയ ഈയമുണ്ടായിരുന്നു എന്നതിന്റെ ചിഹ്നങ്ങളോടുകുടിയ ഒരു ചെറുചീനച്ചട്ടിയും അടങ്ങിയ ഒരു സഞ്ചി കണ്ടെത്തി.

പെട്ടെന്നും അപ്രതീക്ഷിതമായും, രാവിലെ അഞ്ചുമണിക്ക്, പാർദോ എന്നുപേരായി, പിന്നീടു വഴിതടയൽപ്പട്ടാളത്തിലെ ഒരംഗമായിച്ചേർന്ന് 1834 ഏപ്രിലിലെ ലഹളക്കാലത്തു ചെന്നു തലകളഞ്ഞ ഒരാളുടെ താമസസ്ഥലത്തു കയറിച്ചെന്ന പൊല്ലീസ്സുകാർ അയാൾ തന്റെ കട്ടിലിന്നടുക്കൽ അപ്പോൾ ഉണ്ടാക്കിവരുന്ന ഒരു വെടിത്തെര കൈയിൽപ്പിടിച്ചുനിന്നിരുന്നതായി കണ്ടെത്തി.

കൂലിപ്പണിക്കാർ കിടക്കാൻ തുടങ്ങുന്ന സമയത്തും, പിക്പിക്കും ഷാറൻതോവിനും ഇടയ്ക്കു രണ്ടു മതിലിന്നിടയിലൂടെ പോകുന്ന ഒരു ചെറിയ ഇടവഴിയിൽ, പന്തുരുട്ടിക്കളിസ്ഥലമെന്ന് ഉമ്മറത്തെഴുതിവെച്ചിട്ടുള്ള ഒരു വീഞ്ഞുകടയ്ക്കരികെവെച്ചു രണ്ടുപേർ തമ്മിൽ കണ്ടുമുട്ടി. ഒരാൾ കുറുക്കു കുപ്പായത്തിനടിയിൽനിന്ന് ഒരു കൈത്തോക്കു വലിച്ചെടുത്തു മറ്റാളുടെ കൈയിൽ കൊടുക്കുന്നതു കണ്ടു. കൊടുത്തസമയത്ത്, മാറത്തുള്ള വിയർപ്പ് കാരണം വെടിമരുന്ന് ഈറനായിരിക്കുന്നു എന്ന് ആ മറ്റാൾ കണ്ടു. ആ മനുഷ്യൻ കൈത്തോക്കു വൃത്തിപ്പെടുത്തി, തട്ടിൽ സ്വതേ ഉള്ളതിനോടു കുറേക്കൂടി മരുന്നു കൂട്ടിച്ചേർത്തു. എന്നിട്ടു രണ്ടുപേരും പിരിഞ്ഞു.

ഏപ്രിൽലഹളയിൽ റ്യൂ ബോബൂറിൽവെച്ചു പിന്നീടു കൊല്ലപ്പെട്ടുപോയ ഒരു ഗല്ലൈ എന്നാൾ തന്റെ വീട്ടിൽ എഴുനൂറു തെരയും 26 തോക്കുമുണ്ടെന്നു മേനി പറഞ്ഞിരുന്നു.

നഗരപ്രാന്തത്തിൽ തോക്കുകളും രണ്ടു ലക്ഷം വെടിത്തെരകളും പങ്കിട്ടു കൊടുത്തിരിക്കുന്നു എന്നു ഗവർമേണ്ടിലേക്ക് ഒരറിയിപ്പു കിട്ടി. പിന്നത്തെ ആഴ്ചയിൽ മുപ്പതിനായിരം തെരകൾകൂടി പങ്കിട്ടുകൊടുത്തു. അതിൽ എടുത്തുപറയേണ്ടകാര്യമെന്തെന്നാൽ, പൊല്ലീസ്സുസൈന്യത്തെക്കൊണ്ട് അതിൽ ഒരൊറ്റത്തെരയെങ്കിലും പിടിച്ചെടുക്കാൻ കഴിഞ്ഞില്ല.

ഇടയ്ക്കുവെച്ചു പിടിക്കപ്പെട്ട ഒരു കത്തിൽ പറയുന്നു: ‘നാലുമണിക്കൂർ ഇടകൊണ്ട് എൺപതിനായിരം സ്വരാജ്യസ്നേഹികൾ യുദ്ധസന്നദ്ധരാവുന്ന ദിവസം അടുത്തുമുട്ടിയിരിക്കുന്നു.’

ഈ എല്ലാ പതഞ്ഞുപൊങ്ങലും പരസ്യമായിട്ടാണ്—സാവധാനമായിട്ടാണെന്നു തന്നെ ഏതാണ്ടു പറയാം. വരാനിരിക്കുന്ന ലഹള തന്റെ പൊട്ടിപ്പുറപ്പെടലിനെ ഗവർമേണ്ടിന്റെ മുഖത്തുവെച്ചാണ് ശാന്തമായി തെയ്യാറാക്കിവന്നിരുന്നത്. അപ്പോൾത്തന്നെ കണ്ടുതുടങ്ങിയിരുന്ന ആ ഉള്ളിലൂടെയുള്ള തുരപ്പൻപണിക്കു യാതൊരപൂർവ്വതയും പോരായ്കയില്ല. ആ ഒരുക്കത്തെപ്പറ്റിയുള്ള എല്ലാ വിവരവും ഇടത്തരക്കാർ കൂലിപ്പണിക്കാർക്കു പറഞ്ഞുകൊടുത്തു. ‘നിങ്ങളുടെ ഭാര്യയ്ക്ക് എങ്ങനെയിരിക്കുന്നു?’ എന്നു ചോദിക്കുന്ന സ്വരത്തിൽത്തന്നെ അവർ പറഞ്ഞു: ഒടുക്കം എങ്ങനെയാണ് ലഹള തുടങ്ങുക?’

വ്യു മൊറോവിലെ ഒരു വീട്ടുസാമാനവ്യാപാരി ചോദിച്ചു: ‘ആട്ടെ, എന്നാണ് നിങ്ങൾ യുദ്ധം തുടങ്ങാൻ ഭാവം?’

മറ്റൊരു കച്ചവടക്കാരൻ പറഞ്ഞു: ‘യുദ്ധം ക്ഷണത്തിലാരംഭിക്കും.’

‘എനിക്കറിയാം. ഒരു മാസംമുമ്പു നിങ്ങൾ ആയിരത്തഞ്ഞൂറേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ ഇരുപത്തയ്യായിരമായി.’ അയാൾ തന്റെ തോക്കു സമ്മാനിച്ചു; ഒരയൽപക്കക്കാരൻ ഏഴു ഫ്രാങ്കിനു താൻ വില്ക്കാൻ തെയ്യാറായിരുന്ന ഒരു ചെറുകൈത്തോക്കു കൊടുത്തു.

എന്നല്ല, ഭരണപരിവർത്തനജ്വരം വർദ്ധിക്കുകതന്നെയായിരുന്നു. പാരിസ്സിലും ഫ്രാൻസിൽത്തന്നെയും ഒരിടവും അതു വ്യാപിക്കാതെയില്ല. എല്ലായിടത്തുമുണ്ട് രക്തനാഡി മിടിക്കുന്നു. ഒരുതരം വീക്കത്തിൽനിന്നുണ്ടായി മനുഷ്യശരീരത്തിൽ ഒരു ഭാഗമായിക്കൂടുന്ന അത്തരം തൊലിപ്പൊള്ളപ്പുകൾ പോലെ, രാജ്യത്തെങ്ങും ഗൂഢസംഘങ്ങൾ വ്യാപിച്ചു. അക്കാലത്തു ഗൂഢങ്ങളും അഗൂഢങ്ങളുമായിരുന്ന ‘പൊതുജനസുഹൃത്സംഘ’ങ്ങളിൽനിന്നു മനുഷ്യാവകാശസംരക്ഷകസംഘങ്ങൾ ഉത്ഭവിച്ചു; ഇതുകളും അക്കാലത്തു നടപ്പുള്ള വിധത്തിൽ ഒരു തിയ്യതിയോടുകൂടിത്തന്നെ തുടങ്ങി—ഭരണപരിവർത്തനാബ്ദം 40-ാം വർഷം; നീതിന്യായക്കോടതിയിൽനിന്നു സംഘം പിരിച്ചുകൊള്ളണമെന്നുള്ള കല്പന പുറപ്പെട്ടിട്ടും അവയുടെ ആയുസ്സു നിന്നില്ല; എന്നല്ല, താഴെ കാണുന്നവിധം അർത്ഥഗർഭങ്ങളായ പേരുകളെ ഓരോ വകുപ്പുകൾക്കിടുവാൻകൂടി അവയ്ക്കു സങ്കോചമുണ്ടായില്ല:

കുന്തങ്ങൾ.

ആപൽസൂചകമണിയടി.

കുറിവെടി.

ഫ്രിജിയക്കാരൻ തൊപ്പി.

ജനവരി 21.

യാചകന്മാർ.

തെണ്ടികൾ.

മുൻപോട്ടുചെല്ലൽ.

റോബെപിയർ.

കുറിനോക്കൽ.

‘മനുഷ്യാവകാശസംരക്ഷകസംഘം’ ‘മുൻപോട്ടു പാഞ്ഞ ചില പൊറുതികെട്ടവരാണ്. മറ്റു സംഘങ്ങൾ ആദ്യത്തെ മഹാസംഘങ്ങളിൽനിന്നുതന്നെ അംഗങ്ങളെ എടുക്കാൻ നോക്കി. അതാതു വകുപ്പുകളിലെ അംഗങ്ങൾ താന്താങ്ങളെ പിടിച്ചു ചീന്തിക്കളഞ്ഞു എന്നാവലാതി കൂട്ടി. അങ്ങനെ, സംഘവും നഗരസംരക്ഷക സംഘങ്ങളുമുണ്ടായി. അങ്ങനെ, പത്രസ്വാതന്ത്ര്യത്തെയും മനുഷ്യസ്വാതന്ത്ര്യത്തെയും രക്ഷിപ്പാനുള്ള സംഘങ്ങളും പൊതുജനസമ്മതം കൂടാതെ നികുതി ചുമത്തുന്നതിനെ എതിർക്കാൻ വേണ്ട ഉപദേശം കൊടുക്കുന്ന സംഘങ്ങളും. പിന്നെ കൂലിപ്പണിക്കാരുടെ സംഘം; ഇതു മൂന്നു ഭാഗമാണ്—സമത്വവാദികൾ, സമഷ്ടിവാദികൾ, സമുദായപരിഷ്കാരികൾ. പട്ടാളനിയമമനുസരിച്ചേർപ്പെടുത്തപ്പെട്ട ഒരുതരം സൈന്യഭാഗമായ ബാസ്തീൽ സൈന്യം—നാലുപേർക്ക് ഒരു മേലാൾ, പത്തുപേർക്ക് ഒരു സർജ്ജന്റുദ്യോഗസ്ഥൻ, ഇരുപതുപേർക്ക് ഒരുപസൈന്യാധിപൻ, നാല്പതുപേർക്ക് ഒരു സൈന്യാധിപൻ, ഇങ്ങനെ; അന്യോന്യമറിയുന്നവരായി അഞ്ചുപേരിലധികം ഈ കൂട്ടത്തിലില്ല. മുൻകരുതൽ അധിക പ്രസംഗത്തോടു കൂടിക്കലർന്ന സൃഷ്ടിവിശേഷം.

തലയ്ക്കൽഭാഗത്തുള്ള പ്രധാന സംഘത്തിന്നു രണ്ടു കൈകളാണുള്ളത്. ഒന്നു പ്രവൃത്തിസംഘം, മറ്റേതു ബാസ്തീൽസൈന്യം.

വിശ്വസ്തപ്രമാണികൾ എന്നുപേരായ ഒരു രാജകക്ഷിസംഘം ഈ സംഘവിശേഷങ്ങൾക്കെല്ലാമിടയിൽ സഞ്ചരിച്ചു. ഈ സംഘം പ്രധാനസംഘത്തിൽവെച്ച് അധിക്ഷേപിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്തു.

പാരിസ്സിലെ സംഘങ്ങൾക്കു പ്രധാനനഗരങ്ങളിൽ—ലയോങ്, നാന്തെ, ലിൽമാർസെയിൽ എന്നിവിടെയെല്ലാം—ശാഖകളുണ്ട്; ഓരോന്നിന്റെ വകയായും പ്രത്യേകം മനുഷ്യാവകാശസംരക്ഷകസംഘവും സ്വതന്ത്ര്യസംഘവുമുണ്ട്. എല്ലാറ്റിനും ഒരു ഭരണപരിവർത്തകസംഘമുണ്ട്; അതിനു കുഗൂർദ് എന്നു പേർ പറയുന്നു. ഈ പേർ ഞങ്ങൾ മുൻപേ പറഞ്ഞിട്ടുണ്ട്.

പാരിസ്സിൽ, ഫോബൂർസാങ്-മോർസോ എന്ന പ്രദേശം ഫോബൂർസാങ്-ആന്ത്വാങ്ങിൽ ഒരേ ഒരിരമ്പലുണ്ടാക്കിക്കൊണ്ടു പോന്നു; ആവക പരിസരപ്രദേശങ്ങളിലേക്കാൾ ഒട്ടും കുറച്ചല്ല സ്കൂളുകളിലും ഒച്ചപ്പാട്. റ്യു സാങ് തയാസിന്തിലുള്ള ഒരു കാപ്പിപ്പീടികയും റ്യൂ ദെ മത്ത്യൂറിങ്—സാന്ത്ഴാക്കിലെ ഏഴു ‘ബില്ലിയേർഡുകൾ’ എന്ന വീഞ്ഞുകടയും സ്കൂൾകുട്ടികളുടെ യോഗസ്ഥലങ്ങളായിരുന്നു. എബിസി സുഹൃദ്സംഘം ആംഗേറിലെ പരസ്പരസംബന്ധവാദികളോടു് കൂടിച്ചേർന്നു; എയിയിലെ കുഗൂർദ് നമ്മൾ കണ്ടിട്ടുള്ളതുപോലെ മുസെങ് കാപ്പിപ്പീടികയിൽവെച്ചു യോഗം കൂടി. ഞങ്ങൾ മുൻപുതന്നെ പറഞ്ഞിട്ടുള്ളതുപോലെ ഈ ചെറുപ്പക്കാർ റ്യു മൊങ്ദെത്തുവിലെ കൊറിന്ത് എന്ന വീഞ്ഞുകടയിലും സംഘംചേർന്നു. ഈ യോഗംകൂടൽ ഗൂഢമാണ്. മറ്റുള്ളവയെല്ലാം കഴിയുന്നതും പരസ്യമായിട്ടാകുന്നു; പൊല്ലീസ്സുകാർ പിടിച്ചു കേസ്സാക്കിയിട്ടുണ്ടായ ഒരു വിചാരണയിൽ നടന്ന ഈ ചോദ്യോത്തരത്തിൽനിന്ന് ഇവരുടെ ധൈര്യം വായനക്കാർക്ക് ഏകദേശം തീർച്ചപ്പെടുത്താം. ‘എവിടെവെച്ചാണ് ഈ യോഗം കൂടിയത്?’ ‘റ്യു ദ്ല പെയ് എന്ന പ്രദേശത്തുവെച്ച്.’ ‘ആരുടെ വീട്ടിൽ?’ ‘തെരുവിൽ.’ ‘ഏതെല്ലാം വകുപ്പുകളാണ് അവിടെ കൂടിയിരുന്നത്?’. ‘ഒന്നുമാത്രം.’ ‘ഏതു?’ ‘കൂലിപ്പണിസംഘം.’ ‘അതിന്റെ നേതാവ് ആരാണ്?’ ‘ഞാൻ.’ ഗവർമെണ്ടിനോടെതിർക്കുക എന്ന ധീര പ്രവൃത്തി ചെയ്യാൻ തനിച്ചുറയ്ക്കുന്നതിന്നു നിങ്ങൾ വളരെ ചെറുപ്പക്കാരനാണല്ലോ. ‘നിങ്ങൾക്ക് ആരിൽനിന്നാണ് ഉപദേശം കിട്ടിയിരുന്നത്?’ ‘പ്രധാന സംഘത്തിൽനിന്ന്.’

ഒബഫോർ, യുനെവിൽ, എപ്പിനാർ എന്നിവരുടെ പ്രവൃത്തികളിൽനിന്നു പിന്നീടു തെളിഞ്ഞതുപോലെ, പൊതുജനങ്ങൾക്കിടയിലെന്നവിധം സൈന്യത്തിനിടിയിലും തുരങ്കമുണ്ടായിരുന്നു. അമ്പത്തിരണ്ടും അഞ്ചും എട്ടും മുപ്പത്തേഴും പട്ടാളവകുപ്പുകളും ഇരുപതാം കുതിരപ്പട്ടാളവും തങ്ങളുടെ ഭാഗത്താണെന്ന് അവർ കണക്കാക്കിയിരുന്നു. ബർഗൺഡിയിലും തെക്കൻപട്ടണങ്ങളിലും അവർ സ്വാതന്ത്ര്യവൃക്ഷം കുഴിച്ചിട്ടിരുന്നു— എന്നുവെച്ചാൽ ചുകന്ന തൊപ്പികൊണ്ടു തലമൂടിയ കൊടിമരം.

ഇതായിരുന്നു സ്ഥിതി.

സാങ് –ആന്ത്വാങ്ങാൺ, ഞങ്ങൾ ആദ്യംതന്നെ പറഞ്ഞതുപോലെ, മറ്റെല്ലാ പ്രദേശത്തെക്കാളധികം, ഈ സ്ഥിതിക്കു ശക്തിവെപ്പിച്ചിരുന്നതും വില കൂട്ടിയിരുന്നതും, അതായിരുന്നു പുണ്ണുള്ള ഭാഗം. ഒരു ചിതൽപ്പുറ്റുപോലെ ആൾപ്പാർപ്പുകൂടിയതും പണിത്തിരക്കുള്ളതും ധൈര്യമേറിയതും ഒരു തേനീച്ചക്കൂടുപോലെ ശുണ്ഠിപിടിച്ചതുമായ ഈ പഴയ ഉപനഗരം ഉൽക്കണ്ഠകൊണ്ടും ഒരു ലഹളയ്ക്കുക്കുള്ള ആർത്തിക്കൊണ്ടും തുള്ളിയിരുന്നു. പതിവുപണിക്കു യാതൊരു തടസ്സവും തട്ടിപ്പോകാതെയാണെങ്കിലും, അവിടെയുള്ള സകലവും ഒന്നിളകിയിരുന്നു. ഈ ഉന്മേഷപരമെങ്കിലും അപ്രസന്നമായ മുഖാകൃതിയെപ്പറ്റി ഒരു വിവരമുണ്ടാക്കുക അസാധ്യമാണ്. പരിഷ്കൃതങ്ങളായ മേൽപ്പുരകൾക്കുള്ളിലായി ഈ ഉപനഗരത്തിലെങ്ങും മർമ്മഭേദകമായ അസ്വസ്ഥത ഒളിച്ചുകൂടിയിരുന്നു; അപൂർവാക്യങ്ങളും ഉത്കണ്ഠാപരങ്ങളുമായ മനസ്സുകളും അവിടെയുണ്ട്. അവസാനത്തിൽ രണ്ടറ്റവും ഒന്നിച്ചുകൂടുന്നു എന്നതു, വിശേഷിച്ചും, ആപത്തിലും ബുദ്ധിശക്തിയിലുമാണ് അപായകരമായിത്തീരുന്നത്.

സാങ് - ആന്ത്വാങ്ങിനു [4] വിറ കയറുവാൻ വേറെയും കാരണങ്ങളുണ്ടായിരുന്നു; കച്ചവടത്തെസ്സംബന്ധിച്ച അപകടസ്ഥിതികളുടേയും അപജയങ്ങളുടേയും പണിമുടക്കങ്ങളുടേയും ഉദാസീനനിലകളുടേയും എതിർക്ഷോഭം—മഹത്തരങ്ങളായ രാഷ്ട്രീയക്ഷോഭങ്ങളോടു പറ്റിനില്ക്കുന്ന സകലവും— അതിന്മേൽ ചെന്നടിച്ചിരുന്നു. ഭരണപരിവർത്തനകാലങ്ങളിൽ കഷ്ടപ്പാടു കാരണവും കാര്യവുമാണ്. അതടിക്കുന്ന അടി അതിന്മേൽതന്നെ ചെന്നുകൊള്ളുന്നു. അഭിമാനമയമായ മനോഗുണത്താൽ, നിറയപ്പെട്ടതും, അങ്ങേ അറ്റത്തോളം ഉശിർകാണിക്കാൻ കഴിയുന്നതും, ആയുധമെടുത്തു ചാടാൻ എപ്പോഴും തെയ്യാറായിരിക്കുന്നതും, ക്ഷണം കൊണ്ടു പൊട്ടിത്തെറിക്കുന്നതും, ശുണ്ഠിപിടിച്ചതും, ആഴമേറിയതും, അടിയിൽ തുരങ്കംവെയ്ക്കപ്പെട്ടതുമായ ഈ പൊതുജനസംഘം ഒരു തീപ്പൊരി വീണുകിട്ടാനായി മാത്രം കാത്തുനില്ക്കയാണെന്നു തോന്നി. സംഭവപരമ്പരയാകുന്ന കാറ്റിനാൽ അട്ടിപ്പായിക്കപ്പെട്ടുകൊണ്ടു ചില തീപ്പൊരികൾ ആകാശാനത്തത്തിലൂടെ എപ്പോഴെങ്കിലും പറന്നുപോകുന്നതു കാണുമ്പോൾ, സാങ് ആന്ത്വാങ്ങിനെപ്പറ്റിയും, പാരിസ്സിന്റെ പടിവാതില്ക്കൽത്തന്നെ കഷ്ടപ്പാടും ആലോചനകളുമായ വെടിമരുന്നുപുര കൊണ്ടുവെച്ച ആ ഭയങ്കരമായ യദൃച്ഛാസംഭവത്തെക്കുറിച്ചും വിചാരിക്കാതിരിപ്പാൻ വയ്യാ.

വായനക്കാർ കണ്ടുകഴിഞ്ഞ വിവരണങ്ങൾക്കിടയിൽ ഒന്നിലധികം പ്രാവശ്യം വരയ്ക്കപ്പെട്ടിട്ടുള്ള ആന്ത്വാങ് ഉപനഗരത്തിലെ വീഞ്ഞുകടകൾക്കു ചരിത്രസംബന്ധിയായ കുപ്രസിദ്ധിയുണ്ട്. സ്വാസ്ഥ്യമറ്റ കാലങ്ങളിൽ അവിടെ ആളുകൾക്കു വീഞ്ഞുകൊണ്ടുള്ളതിലധികം വാക്കുകൊണ്ട് ലഹരിപിടിക്കുന്നു. ഹൃദയങ്ങളെ ഇളക്കിമറിക്കുകയും ആത്മാക്കളെ വലുപ്പംവെപ്പിക്കുകയും ചെയ്തുകൊണ്ട് ഒരുതരം ദീർഘദർശനസാമർത്ഥ്യവും ഭാവിയെസ്സുംബന്ധിച്ചുള്ള ഒരാവേശംകൊള്ളലും ആ പ്രദേശങ്ങളിൽ ചുറ്റിനടക്കുന്നു. സാങ്-ആന്ത്വാങ്ങിലെ വീഞ്ഞുഷാപ്പുകൾ, സിബിലിന്റെ [5] ഗുഹയ്ക്കുമീതെ പണിചെയ്യപ്പെട്ടിട്ടുള്ളവയും പരമവും പരിശുദ്ധവുമായ ഈശ്വരവിശ്വാസത്തോടും ബന്ധപ്പെട്ടവയുമായ അവെന്തീൻ കുന്നിലെ ചാരായക്കടകളെപ്പോലുള്ളവയാണ്— അതേ, മേശകൾ ഏതാണ്ടു മുക്കാലികളായിട്ടുള്ളവയും വെളിച്ചപ്പാട്വീഞ്ഞ് എന്ന് എന്നിയുസ്സ് [5] നാമകരണം ചെയ്തിട്ടുള്ള ആ ഒരു വീഞ്ഞ് ആളുകൾ ഇരുന്നുകുടിക്കുന്നവയുമായ ചാരായക്കടകൾ.

സാങ്-ആന്ത്വാങ് ജനങ്ങളുടെ ഒരു ഏരിയയാണ്. ഭരണപരിവർത്തനസംബന്ധികളായ ഇളക്കങ്ങൾ അവിടെ ദ്വാരങ്ങളുണ്ടാക്കുന്നു; ആ ദ്വാരങ്ങളിലൂടെ പൊതുജനവാഴ്ച കിനിഞ്ഞുവരുന്നു. ഈ പൊതുജനവാഴ്ച ദോഷം ചെയ്തേക്കാം; അതും മറ്റേതൊന്നിനേയുംപോലെ തെറ്റിദ്ധരിക്കപ്പെടാം; പക്ഷേ, വഴി തെറ്റിപ്പോയിയെങ്കിലുംകൂടി, അതു മഹത്തരമായിത്തന്നെ നില്ക്കുന്നു.

നാലുപുറവും പാറിനടന്നിരുന്ന ആലോചന നല്ലതോ ചീത്തയോ അതനുസരിച്ചു. മതഭ്രാന്തിന്റെയോ അത്യുത്സാഹത്തിന്റെയോ കാലം അതനുസരിച്ചു. സാങ് - ആന്ത്വാങ്ങിൽനിന്നു കാടന്മാരുടെ കൂട്ടവും 1793-ൽ ചിലപ്പോൾ ധീരോദാത്തന്മാരുടെ സംഘവും പൊന്തിപ്പുറപ്പെടും.

കാടൻ. ഞങ്ങൾ ഈ വാക്കിനെ വിവരിക്കട്ടെ. ഭരണപരിവർത്തനതമസ്സിന്റെ ആദ്യകാലങ്ങളിൽ കീറിപ്പൊളിഞ്ഞു, നിലവിളി കൂട്ടിക്കൊണ്ടു, ശുണ്ഠികയറി. മുണ്ടൻവടിയും പൊത്തിച്ചുപിടിച്ചു, മുകളിൽ കുന്തത്തോടുകൂടി, ഒരു ലഹളയായി പഴയ പാരിസ്റ്റിന്മേൽ ചെന്നു തലയിട്ടടിച്ച ഈ പോക്കിരിക്കൂട്ടത്തിന്ന് എന്തായിരുന്നു ആവശ്യം? അവർക്കും ദ്രോഹത്തിന് ഒരവസാനം കിട്ടണം—ദുഷ്പ്രഭുത്വത്തിന്ന് ഒരവസാനം, വാൾപ്രയോഗത്തിന് ഒരവസാനം, പുരുഷന്മാർക്കു പ്രവൃത്തി, കുട്ടികൾക്കു പഠിപ്പ്, സ്ത്രീകൾക്കു സാമുദായികസുഖം, സ്വാതന്ത്ര്യം, സമത്വം, സഹോദരത്വം, എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും ആലോചനാവിഷയം, ഭൂമി സ്വർഗ്ഗമായിത്തീരൽ. അഭിവൃദ്ധി; ആ ദിവ്യവും മനോഹരവും ഉത്തമവുമായ സാധനത്തെ, അഭിവൃദ്ധിയെ അവർ, കഷ്ടപ്പാടിന്റെ അങ്ങേ അറ്റത്തെത്തിയിരുന്നതുകൊണ്ട് ഒരു ഭയങ്കരമായ വിധത്തിൽ അർദ്ധനഗ്നന്മാരായി, കൈയിൽ മുണ്ടൻവടിയോടും വായിൽ ഒരലർച്ചയോടുംകൂടി, അവകാശപ്പെട്ടു. അവർ കാടന്മാരായിരുന്നു, അതേ; പക്ഷേ, പരിഷ്കാരത്തിന്റെ കാടന്മാർ.

അവർ ശുണ്ഠിയെടുത്തുകൊണ്ട് അവകാശത്തെ ഘോഷിച്ചു. ഭയത്തോടും വിറയലോടുംകൂടി മാത്രമാണെങ്കിലും, മനുഷ്യജാതിയെ സ്വർഗ്ഗത്തിലേക്കു പിടിച്ചുകേറ്റുവാൻ അവർ ആഗ്രഹിച്ചിരുന്നു. അവർ കാടന്മാരാണെന്നു തോന്നി; അവർ ലോകസംഗ്രഹം നിറവേറ്റിയവരാണ്. രാത്രിയാകുന്ന മുഖപടത്തോടുകൂടി അവർ വെളിച്ചം കിട്ടണമെന്നാവശ്യപ്പെട്ടു.

നിഷ്ഠൂരന്മാരും, ഞങ്ങൾ സമ്മതിക്കുന്നു, ഭയങ്കരന്മാരുമായ—പക്ഷേ, നല്ല കാര്യങ്ങൾ സാധിക്കാൻവേണ്ടി നിഷ്ഠൂരന്മാരും ഭയങ്കരന്മാരുമായ—ഈ മനുഷ്യർക്ക് അഭിമുഖമായി പുഞ്ചിരിയിട്ടും, വിചിത്രാലങ്കാരങ്ങളണിഞ്ഞും, തങ്കപ്പൂച്ചുകളോടുകൂടിയും, രത്നപ്പൊട്ടുകളാർന്നും, പട്ടുകീഴ്ക്കാലുറകളിട്ടും, വെള്ളപ്രഭുത്വ ചിഹ്നങ്ങളണിഞ്ഞും, മഞ്ഞക്കൈയുറകളിട്ടും, ‘വാർണ്ണിഷി’ട്ട പാപ്പാസ്സുകളോടു കൂടിയും വേറെ ചിലരുണ്ടായിരുന്നു. ഇവർ വെണ്ണക്കല്ലുകൊണ്ടുള്ള പുകക്കുഴൽത്തിണ്ണയുടെ അടുക്കൽ ഒരു വില്ലീസ്സുമേശവിരിമേൽ കൈമുട്ടു കുത്തി പണ്ടത്തെ, ഇടക്കാലങ്ങളിലെ, സമ്പ്രദായങ്ങളേയും, ദിവ്യമായ അധികാരത്തേയും, മതഭ്രാന്തിനേയും, നിഷ്കളങ്കതയേയും അടിമത്തത്തേയും, മരണശിക്ഷയേയും, യുദ്ധത്തേയും നിലനിർത്തണമെന്നും, പഴയ നടപടികളെ വിലവെക്കണമെന്നുമായി മയത്തിൽ ശാഠ്യംപിടിച്ചിരുന്നു—വാളിനേയും വധസ്തംഭത്തേയും തൂക്കുമരത്തേയും ഒരു താന്നസ്വരത്തിലും മര്യാദയോടുകുടിയും വെച്ചുപുകഴ്ത്തിയിരുന്നു. ഞങ്ങളെസ്സംബന്ധിച്ചെടത്തോളമാണെങ്കിൽ, പരിഷ്കാരത്തിന്റെ കാടന്മാരും കാടത്തരത്തിന്റെ പരിഷ്കാരികളുമുള്ളതിൽ ഒരുകൂട്ടരെ തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർബന്ധിക്കപ്പെടുകയാണെങ്കിൽ, ഞങ്ങൾ കാടന്മാരുടെ ഭാഗത്തേ കൂടൂ.

പക്ഷേ,—ഈശ്വരനോടു നന്ദി പറയട്ടെ—മറ്റൊരു നില്ക്കക്കള്ളികൂടിയുണ്ട്. മുന്നിലേക്കെന്നില്ല പിന്നിലേക്കും കുത്തനെയുള്ള വീഴ്ച ആവശ്യമില്ല.

സ്വേച്ഛാപ്രഭുത്വവും വേണ്ടാ, നിഷ്ഠുരഭരണവും വേണ്ടാ. കുറച്ചുകൂടി മയത്തിൽ ചരിവോടുകൂടിയ അഭിവൃദ്ധിയാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്.

ഈശ്വരൻ അതിൽ ശ്രദ്ധവെയ്ക്കുന്നുണ്ട്. താഴ്‌വാരങ്ങളെ പിന്നെയും പിന്നെയും കുത്തനെയല്ലാതാക്കുന്നതിലാണ് ഈശ്വരന്റെ നയം മുഴുവനും നില്ക്കുന്നത്.

കുറിപ്പുകൾ

[1] ഫ്രാങ്ക്, സ്വാ ബബു ഭരണപരിവർത്തനകാലത്ത് പരിപൂർണ്ണമായ സമത്വം നടപ്പാക്കണമെന്നു വാദിച്ചു.

[2] ഗവർമെണ്ടാറ്റുകാരിൽ ഒരാൾ.

[3] ഭരണപരിവർത്തനകാലത്തേർപ്പെടുത്തപ്പെട്ട ഒരു സംഘം മിതവാദികൾ.

[4] പുരാതനേതിഹാസപ്രകാരം ഒരു ദേവാവേശംകാരണം തുള്ളിയിരുന്ന ലക്ഷണം പറയുന്ന സ്ത്രീ ഈ സിബിൽമുഖേന പല പൗരസ്ത്യദേവന്മാരും റോമിൽ കടന്നുകൂടിയിട്ടുണ്ട്.

[5] ക്രിസ്താബ്ദത്തിനു 300 കൊല്ലംമുമ്പ് ജീവിച്ചിരുന്ന ഒരു റോമൻ മഹാകവി, ഇദ്ദേഹത്തിന്റെ കൃതികളുടെ അവിടവിടെ ചില ഭാഗങ്ങൾ മാത്രമേ ഇപ്പോൾ നടപ്പുള്ളു.

4.1.6
ആൻഷൊൽരായും കൂട്ടുകാരും

ഒരത്യാപത്തു വരാനിരിക്കുന്നുണ്ടെന്നുവെച്ച്, ഈ കാലത്താണ് ആൻഷൊൽരാ നിഗൂഢമായി ഒരു കാനേഷുമാരിക്കണക്കെടുത്തത്.

മുസെങ് കാപ്പിപ്പീടികയിൽവെച്ചുണ്ടായ ഒരു നിഗൂഢയോഗത്തിൽ എല്ലാവരും ഒത്തുകൂടിയിരുന്നു.

പകുതിയും ദുർഗ്രഹമായിരുന്നുവെങ്കിലും അർത്ഥഗർഭങ്ങളായ ചില രൂപകാലങ്കാരങ്ങളോടു തന്റെ വാക്കുകളെ കൂട്ടിക്കലർത്തി ആൻഷൊൽരാ പറഞ്ഞു:

‘നമ്മുടെ നില ഇപ്പോൾ എവിടെയാണെന്നും ആരെയെല്ലാം നമുക്കു കണക്കുപിടിക്കാമെന്നും അറിഞ്ഞിരിക്കുന്നതു നന്ന്. യുദ്ധഭടന്മാർ ആവശ്യമുണ്ടെങ്കിൽ അവരെ ഉണ്ടാക്കണം. അടിക്കാനുള്ള സാധനം കൈയിലാക്കുന്നതുകൊണ്ടു ദോഷമൊന്നും വരാനില്ല. വഴിയിൽ കാളകളുണ്ടായിരിക്കുമ്പോഴാണ് ഇല്ലാതിരിക്കുമ്പോഴത്തെക്കാളധികം യാത്രക്കാർക്കു കുത്തുകൊള്ളാൻ സംഗതിയുള്ളത്. അതുകൊണ്ട് നമുക്കു നമ്മുടെ കൂട്ടുകാരെ ഒന്നു കണക്കിട്ടുനോക്കുക. നമ്മൾ എത്ര പേരുണ്ട്? ഈ പണി നാളെയ്ക്കു നീട്ടിവെയ്ക്കുന്ന കാര്യം ആലോചിക്കാനേ ഇല്ല. ഭരണപരിവർത്തകന്മാർ എപ്പോഴും ബദ്ധപ്പാടോടുകൂടിയിരിക്കണം; അഭിവൃദ്ധിക്കു വെറുതേ കളയാൻ സമയമില്ല. അപ്രതീക്ഷിതമായതെന്തോ അതിനെ നമുക്ക് അവിശ്വസിക്കുക. കരുതിയിരിക്കാത്തപ്പോൾ നമ്മെ പിടികൂടി എന്നു വന്നുകൂടാ. എല്ലാ ചേർപ്പുകളും നടന്നുനോക്കി അവയൊക്കെ ഉറച്ചുനില്ക്കുന്നുണ്ടോ എന്നു നമുക്കു പരിശോധിക്കുക. ഈ പണി ഇന്നു ചെയ്തു കഴിയണം. കുർഫെരാക്, വിവിധയന്ത്രനിർമ്മാണവിദ്യകൾ അഭ്യസിക്കുന്ന കുട്ടികളെ നിങ്ങൾ നോക്കണം. അവർക്കു പുറത്തുപോകാനുള്ള ദിവസമാണ് ഇന്ന്. ഇന്നു ബുധനാഴ്ചയാണ്. ഫെയ്ലി, ഗ്ലൂസിയേറിലുള്ളവരെ നിങ്ങൾ നോക്കുക, അങ്ങനെയല്ലേ? കൊംബ്ഫെർ പിക്പ്യുവിലേക്കു പോയ്ക്കൊള്ളാമെന്ന് എന്നോടേറ്റിട്ടുണ്ട്. അവിടെ ഒരൊന്നാന്തരം ആൾകൂട്ടമുണ്ട്; അതു നന്നുതാനും, ബയോരെലാകട്ടെ എസ്രപ്പാദ് ചെന്നു നോക്കിക്കൊള്ളും. പ്രുവെർ, കല്ലാശാരികൾ ക്രമത്തിൽ ചുണകെട്ടവരായിത്തീരുകയാണ്; നിങ്ങൾ റ്യു ദ് ഗ്രെനൽ സാങ്തൊണോറെയിൽ പോയി അവിടത്തെ വർത്തനമാനം ഞങ്ങളോടു വന്നുപറയണം. ദ്യു പ്യുത്രെങ്ങിന്റെ രോഗനിദാനപ്രസംഗം കേൾക്കാൻ പോയി ഴൊലി ആ വൈദ്യവിദ്യാർത്ഥികളുടെ നാഡി പരിശോധിച്ചുവരട്ടെ. ബൊസ്സെ പതുക്കെ കോടതിയിൽ ഒന്നു ലാത്തി ചെറുപ്പക്കാരായ വക്കീൽമാരുമായി സംസാരിക്കണം.

‘അപ്പോൾ എല്ലാം ഏർപ്പാടായി,’ കുർഫെരാക് പറഞ്ഞു.

‘ഇല്ല.’

‘ഇനി എന്താണ് ബാക്കി?’

‘വളരെ പ്രധാനമായ ഒന്ന്.’

‘അതെന്താണ്?’

‘ദ്യു മേൻ പ്രദേശം.’

ആൻഷൊൽരാ മനോരാജ്യത്തിൽ മുങ്ങിയപോലെ കുറച്ചിട നിന്നു; എന്നിട്ട് വീണ്ടും ആരംഭിച്ചു:

‘ദ്യു മേനിൽ, പണിക്കാരുടെ പ്രവൃത്തിസ്ഥലങ്ങളിൽ വെണ്ണക്കൽപ്പണിക്കാരുണ്ട്, ചിത്രമെഴുത്തുകാരുണ്ട്, ദിവസപ്പണിക്കാരുണ്ട്, അവർ ഒരുത്സാഹിക്കുടുംബമാണ്; പക്ഷേ, ഉത്സാഹം കുറഞ്ഞുപോവാൻ മതി. കുറച്ചുകാലമായിട്ട് എന്താണ്അവരുടെ സ്ഥിതിയെന്ന് എനിക്കറിഞ്ഞുകൂടാ. അവർ മറ്റെന്തിനെയോ പറ്റി ആലോചിക്കയാണെന്നു തോന്നുന്നു. അവർ ഇല്ലാതാവാൻ തുടങ്ങിയിരിക്കുന്നു. അവർഓരോ കളികൊണ്ട് സമയം പോക്കുന്നു. ആരെങ്കിലും ഒരാൾ അവിടെപ്പോയി അവരുമായി കുറച്ചുനേരം—പക്ഷേ, ശക്തിയോടുകൂടി— സംസാരിക്കുന്നത് അത്യാവശ്യമാണ്. അവർ റിഷ്ഫെയുടെ ഷാപ്പിലാണ് കൂടാറ്. പന്ത്രണ്ടു മണിക്കും ഒരു മണിക്കും ഉള്ളിൽ അവരെ അവിടെ കാണാം. ആ വെണ്ണീർ ഒന്നു വീശിക്കത്തിക്കണം. അതിനു ഞാൻ ആ നൊസ്സുപിടിച്ച ആ മരിയുസ്സിനെയാണ് കണക്കാക്കിയിരുന്നത്; അയാൾ ആകപ്പാടെ ഒരു നല്ലാളാണ്; പക്ഷേ, ഇപ്പോൾ അയാൾ ഇങ്ങോട്ടു വരാതായിരിക്കുന്നു, ദ്യൂ മേനിലേക്കയയ്ക്കാൻ എനിക്കൊരാൾ വേണം. അതിന്നൊരാളില്ല.

‘അപ്പോൾ എന്നെ എന്തു ചെയ്യുന്നു?’ ഗ്രന്തേർ പറഞ്ഞു. ‘ഞാനിതാ.’

‘നിങ്ങളോ?’

‘ഞാൻ.’

‘നിങ്ങൾ പ്രജാധിപത്യകക്ഷിക്കാരെ ഉപദേശിക്കുക! നിങ്ങൾ ഉശിർകെട്ട ഹൃദയങ്ങളെ ഓരോ മൂലതത്ത്വങ്ങൾ മുൻനിർത്തി ചൂടുപിടിപ്പിക്കുക! കൊള്ളാം!

‘എന്തുകൊണ്ടില്ല?’

‘നിങ്ങളെക്കൊണ്ട് എന്തിനെങ്കിലും കൊള്ളുമോ?’

‘അക്കാര്യത്തിൽ എനിക്കൊന്നു പേരെടുക്കണമെന്നു കഷ്ടിച്ചു തോന്നുന്നുണ്ട്.’ ഗ്രന്തേർ പറഞ്ഞു.

‘നിങ്ങൾക്ക് എല്ലാറ്റിലും ഒരവിശ്വാസമുണ്ട്..

“എനിക്ക് നിങ്ങളിൽ വിശ്വാസമുണ്ട്.”

‘ഗ്രന്തേർ, നിങ്ങൾ എനിക്കുവേണ്ടി ഒരുപകാരം ചെയ്യുമോ?’

‘എന്തും, ഞാൻ നിങ്ങളുടെ ബൂട്ടൂസ്സ് തുടയ്ക്കും.

‘ആട്ടെ, ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾ ബുദ്ധിമുട്ടാതിരിക്കുക. മദ്യത്തിൽ മുങ്ങാതെ തന്റേടത്തോടുകൂടി കിടന്നുറങ്ങുക.’

‘ആൻഷൊൽരാ, നിങ്ങൾ ഒരു നന്ദികെട്ടവനാണ്.

‘ദ്യു മേനിലേക്കു പോവാനുള്ള ആൾ നിങ്ങൾ! നിങ്ങളെക്കൊണ്ട് അതു സാധിക്കുമോ?’

‘ദ്യു ദ് ഗ്രെ ഇറങ്ങി. സാങ്മികേൽ കടന്നു. റ്യു മൊസ്യു-ല-പ്രിൻസിലുടെ ഉരസിയിറങ്ങി, വോഗിരാറിൽ ചെന്ന്, അങ്ങനെ കാർമലിത്ത് കടന്നു. റ്യു ദസായിലേക്കുതിരിഞ്ഞു.’ ‘റ്യൂ ദ്യു ഷേർഷ് മിദിയിലെത്തി. കോങ്സീ ദ് ഗേ പിന്നിട്ടു. ദ്യു ദെവീയൽ ത്വിലെരി കടന്നു, നടക്കാവിന്റെ അപ്പുറത്തു ചെന്നു. ഷോസെദ്യുമേനിലൂടെ, കോട്ടപ്പുറത്തെത്തി. റിഷ്ഫെയുടെ വീട്ടിലെത്താൻ എനിക്ക് ത്രാണിയുണ്ട്.’ എനിക്കതിനു ത്രാണിയുണ്ട്. എന്റെ പാപ്പാസുകൾക്ക് അതിനു ത്രാണിയുണ്ട്.

‘റിഷ്ഫെയുടെ ഭവനത്തിൽ കൂടുന്ന കൂട്ടരെപ്പറ്റി എന്തെങ്കിലും നിങ്ങൾക്കറിവുണ്ടോ?’

‘അധികമില്ല. ഞങ്ങൾ അന്യോന്യം നീ എന്നാണ് വിളിക്കാറ്.’

‘നിങ്ങൾ അവരോട് എന്തു പറയും?’

‘ആവു, ഞാനവരോടു റോബെപിയറെപ്പറ്റി പറയും. ദാന്തൊവിനെപ്പറ്റി. മൂലതത്ത്വങ്ങളെപ്പറ്റി’.

‘നിങ്ങൾ?’

‘ഞാൻ, പക്ഷേ, എനിക്കു കിട്ടേണ്ടുന്നതു കിട്ടുന്നില്ല. ഞാനതിന്നിറങ്ങിയാൽ, വല്ലാത്തൊരാളാവും. ഞാൻ വായിച്ചിട്ടുണ്ട്; റുസ്സോവിന്റെ പ്രധാനകൃതി എനിക്കറിയാം. എനിക്ക് 1795-ലെ ഭരണവ്യവസ്ഥ കാണാപ്പാഠം തോന്നും. ഒരു പൗരന്റെ സ്വാതന്ത്ര്യം മറ്റൊരു പൗരന്റെ സ്വാതന്ത്ര്യം എവിടെനിന്നു തുടങ്ങുന്നുവോ അവിടെവെച്ചവസാനിക്കുന്നു.’ ‘എന്നെ നിങ്ങൾ ഒരു ജന്തുവായിട്ടാണോ കൂട്ടുന്നത്? പ്രജാവാഴ്ചക്കാലത്തെ ഒരു ഉണ്ടിക എന്റെ മേശവലിപ്പിലുണ്ട്. മനുഷ്യന്റെ അവകാശങ്ങൾ, പൊതുജനങ്ങളുടെ രാജത്വം! ഞാൻ ഒരു കഷ്ണം എബെർ [1] കക്ഷി കൂടിയാണ്. ഏറ്റവും ഉത്കൃഷ്ടമായ നിസ്സാരസംസാരം ഗഡിയാൾ കൈയിൽ വെച്ചുകൊണ്ട്, ആറു മണിക്കൂർ നേരം എനിക്ക് സംസാരിക്കാൻ സാധിക്കും.’

‘കളി പോട്ടെ’, ആൻഷൊൽരാ പറഞ്ഞു.

‘എനിക്കു ഭ്രാന്താണ്.’ ഗ്രന്തേർ മറുപടി പറഞ്ഞു.

ആൻഷൊൽരാ കുറച്ചു നിമിഷങ്ങളോളം ആലോചിച്ചു നിന്നു; എന്നിട്ട് ഒരു തീർപ്പുചെയ്താളുടെ ആംഗ്യം കാണിച്ചു.

‘ഗ്രന്തേർ,’ അയാൾ ഗൗസ്രവത്തോടുകൂടി പറഞ്ഞു, ‘ഞാൻ നിങ്ങളെ പരീക്ഷിച്ചു നോക്കാമെന്നു സമ്മതിക്കുന്നു. നിങ്ങൾ ദ്യു മേനിലേക്ക് പോയ്ക്കൊൾക.’

മുസെങ് കാപ്പിപ്പീടികയുടെ വളരെ അടുത്തു വീട്ടുസാമാനങ്ങളോടുകൂടിയ ഒരു പാർപ്പിടത്തിലായിരുന്നു ഗ്രന്തേരുടെ താമസം. അയാൾ പുറത്തേക്കു പോയി, ഒരഞ്ചുനിമിഷത്തിനുള്ളിൽ തിരിച്ചെത്തി. ഒരു ‘റൊബെപിയർ’ മാർക്കുപ്പായമെടുത്തിടാനാണ് അയാൾ വീട്ടിലേക്കു പോയത്.

‘ചുകപ്പ്,’ അകത്തേക്കു കടന്ന ഉടനെ അയാൾ പറഞ്ഞു: അയാൾ സശ്രദ്ധമായി ആൻഷൊൽരായുടെ നേരെ നോക്കി, എന്നിട്ടു തന്റെ ഉന്മേഷമേറിയ കൈപ്പടം കൊണ്ടു മാർക്കുപ്പായത്തിലെ കടുംചുകപ്പുള്ള രണ്ടറ്റങ്ങളെ ശരിപ്പെടുത്തി.

അതു കഴിഞ്ഞ് ആൻഷൊൽരായുടെ അടുക്കലേക്കു ചെന്നു ചെകിട്ടിൽ മന്ത്രിച്ചു:

‘പരിഭ്രമിക്കാതിരിക്കൂ.’

അയാൾ തൊപ്പി ഇറുക്കിവെച്ചു. പുറത്തേക്കിറങ്ങി.

ഒരു കാൽമണിക്കൂർ കഴിഞ്ഞപ്പോഴേക്കു മുസെങ് കാപ്പിപ്പീടികയുടെ പിൻപുറത്തുള്ള മുറി വിജനമായി. ഓരോരുത്തനും ഓരോ ഭാഗത്തേക്കായി. ഓരോരുത്തനും താന്താങ്ങളുടെ പ്രവൃത്തിക്കായി, എബിസി സുഹൃത്തുക്കൾ മുഴുവനും പിരിഞ്ഞു. എയിയിലെ കുഗുർദ് തന്റെ പ്രവൃത്തിക്കായി നീക്കിവെച്ചിരുന്ന ആൻഷൊൽരായാണ് അവസാനം അവിടെനിന്നിറങ്ങിയത്.

പാരീസ്സിലുണ്ടായിരുന്ന എയിയിലെ കുഗൂർദിലുള്ള അംഗങ്ങൾ അപ്പോൾ ഇസ്സിമൈതാനത്തിൽ, പാരിസ്റ്റിന്റെ ആ ഭാഗത്തു ധാരാളമുള്ള വിജനങ്ങളായ കൽക്കുഴികളിലൊന്നിലാണ് യോഗംകൂടിയിരുന്നത്.

അങ്ങോട്ടു പോകുന്നതിനിടയ്ക്ക് ആൻഷൊൽരാ മനസ്സുകൊണ്ട് അപ്പോഴത്തെ സ്ഥിതി മുഴുവനും ഒന്നാലോചിച്ചുനോക്കി. സംഗതികളുടെ ഗൗരവം സ്പഷ്ടമായിരുന്നു. സംഗതികൾ, മറഞ്ഞുകിടക്കുന്ന സാമുദായികരോഗത്തിന്റെ ‘പൂർവ്വരൂപങ്ങൾ’, ശക്തിയിൽ മുൻപോട്ടു നീങ്ങുമ്പോൾ, എത്രയും നിസ്സാരമായ ഒരു തകരാറുകൂടി അവയെ നിർത്തുകയും തമ്മിൽ കെട്ടുപിണയ്ക്കുകയും ചെയ്യുന്നു. നാശവും പുതിയ ജനങ്ങളും പുറപ്പെടുന്നതായ ഒരപൂർവ്വസ്ഥിതി. ഭാവിയുടെ മങ്ങിയ ഉടുപ്പുഞെറികൾക്കിടയിൽ ഒരു പ്രകാശമാനമായ ഉദ്ഗതിയെ ആൻഷൊൽരാ കണ്ടു. ആർക്കറിയാം? ഒരു സമയം മുഹൂർത്തം വന്നിരിക്കാം. പൊതുജനങ്ങൾ വിണ്ടും അവകാശത്തെ കൈയിലാക്കുന്നു—എന്തൊരു മനോഹരക്കാഴ്ച! ഭരണപരിവർത്തനം അന്തസ്സോടുകുടി പിന്നെയും ഫ്രാൻസിനെ കൈയിലാക്കി ലോകത്തോടു പറയുകയായി: ശേഷം നാളെ. ആൻഷൊൽരാ തൃപ്തനായി. ചൂളപ്പുരയിൽ തിയ്യിട്ടുവരുന്നു. അസ്സമയത്ത് അയാൾ ഫ്രാൻസിന്റെ എല്ലാ ഭാഗത്തും ഒരു വെടിമരുന്നു സുഹൃത്സംഘത്തെ വ്യാപിപ്പിച്ചിരിക്കുന്നു. മനസ്സിൽവെച്ചു കൊംബ്ഫെരുടെ തത്ത്വജ്ഞാനപരവും ഹൃദയസ്പൃക്കുമായ വാഗ്മിത്വംകൊണ്ടും, ഫെയ്ലിയുടെ സർവ്വവ്യാപിയായ ആവേശംകൊണ്ടും, കുർഫെരാക്കിന്റെ ചുറുചുറുക്കുകൊണ്ടും, ബയൊരലിന്റെ പുഞ്ചിരികൊണ്ടും, പ്രുവെരുടെ കുണ്ഠിതഭാവംകൊണ്ടും, ഴൊലിയുടെ പ്രകൃതിശാസ്ത്രജ്ഞാനം കൊണ്ടും, ബൊസ്വെയുടെ കൊള്ളിവാക്കുകൾകൊണ്ടുംകൂടി ഏതാണ്ട് എല്ലായിടത്തും ഒരൊറ്റക്ഷണത്തിൽ തീപ്പിടിപ്പിക്കുന്ന ഒരു വിദ്യുച്ഛക്തിത്തീപ്പൊരി അയാൾ ഉണ്ടാക്കിത്തീർത്തു. എല്ലാവരും പ്രവൃത്തി തുടങ്ങി. നിശ്ചയമായും ഫലം ശ്രമത്തിന്റെ മറുപടി പറയും. ഇതു നന്നായി. ഇത് അയാളെക്കൊണ്ടു ഗ്രന്തേരെപ്പറ്റി വിചാരിപ്പിച്ചു.

‘നില്ക്കണേ,’ അയാൾ തന്നെത്താൻ പറഞ്ഞു. ‘ദ്യു മേനിലെയ്ക്ക് എന്റെ വഴിയിൽനിന്ന് അധികമൊന്നും വിട്ടുപോകേണ്ടതില്ല. ഞാൻ റിഷ്ഫെയുടെ ഭവനംവരെ ഒന്നു പോയിനോക്കിയാൽ എന്താണ്? ഗ്രന്തേർ കാണിക്കുന്നത് എന്താണെന്നു നമുക്കൊന്നു നോക്കാം; അയാൾ എങ്ങനെയിരിക്കുന്നു എന്നറിയുകതന്നെ.

വോഗിരാർഗോപുരാഗ്രത്തിൽനിന്ന് ഒരു മണിയടിക്കുന്നു അസ്സമയത്തെ അയാൾ റിഷ്ഫെയുടെ ചുരുട്ടുവലിമുറിയിൽ എത്തി.

അയാൾ വാതിൽ ഉന്തിത്തുറന്നു, അകത്തേക്കു കടന്നു, വാതിലക്കീറടഞ്ഞു ചുമലിൽ വന്നുതട്ടുവാൻ വിട്ടുകൊണ്ടു, കൈകെട്ടി നിന്നു; അങ്ങനെ അയാൾ മേശകളെക്കൊണ്ടും ആളുകളെക്കൊണ്ടും പുകയെക്കൊണ്ടും നിറഞ്ഞ ആ മുറിയെങ്ങും സൂക്ഷിച്ചുനോക്കി.

ഒരു സ്വരം മറ്റൊരു സ്വരത്തിൽ തടയപ്പെട്ടും കൊണ്ട് ആ പുകയ്ക്കുള്ളിൽനിന്നുപുറപ്പെട്ടു. ഒരെതിരാളിയുമായി ഗ്രന്തേർ വാദം നടത്തുന്നതായിരുന്നു അത്

തവിടുകൊണ്ടും കളിസ്സാമാനംകൊണ്ടും നിറഞ്ഞ ഒരു വെണ്ണക്കൽമേശയ്ക്കടുത്തു മറ്റൊരു സ്വരൂപത്തിന്നെതിരായി ഗ്രന്തേർ ഇരിക്കുന്നു.

അയാൾ മേശപ്പുറത്തു മുഷ്ടികൊണ്ട് ഇടിക്കുന്നുണ്ട്; ആൻഷൊൽരാ കേട്ടത്

ഇതാണ്:

‘ഈരാറ്.’

‘ഇരുനാല്’

‘തേങ്ങ. എന്റെ കൈയിൽ ഇനി ഇല്ല.’

‘നിങ്ങൾ ചത്തു, ഒരു രണ്ട്.’

‘ആറ്.’

‘മൂന്ന്.’

‘ഒന്ന്.’

‘ഞാനാണ് വെയ്ക്കേണ്ടത്.’

‘നാൽ.’

‘ഇനി നിങ്ങളാണ്.’

‘എനിക്കൊരു കൂറ്റൻ തെറ്റുപറ്റി.’

‘നിങ്ങൾ നല്ലവണ്ണം കളിക്കുന്നു.’

‘പതിനഞ്ച്.’

‘ഏഴുംകൂടി.’ ‘അപ്പോൾ ഇരുപത്തിരണ്ടായി.’ (ആലോചനാപൂർവും, ‘ഇരുപത്തിരണ്ട്’)

ഈരാറു നിങ്ങൾ കരുതിയിരുന്നില്ല. അത് ആദ്യമായിരുന്നുവെങ്കിൽ കളിയാകെ തിരിഞ്ഞേനെ.

‘രണ്ടുംകൂടി.’

‘ഒന്ന്.’

‘ഒന്ന്! ആട്ടെ, അഞ്ച്.’

‘എനിക്കൊന്നുമില്ല.’

‘ഇനി നിങ്ങളാണ് കളിക്കേണ്ടതെന്നു തോന്നുന്നു.’

‘അതേ.’

‘ഒന്നുമില്ല.’

അയാൾക്ക് എന്തു ഭാഗ്യമാണ്! ഹാ! നിങ്ങൾ ഭാഗ്യവാനാണ്!

(ഒരു നീണ്ട മനോരാജ്യം) രണ്ട്!’

‘ഒന്ന്.’

‘അഞ്ചുമില്ല ഒന്നുമില്ല, അതു നന്നായില്ല.’

‘ഡോമിനോ കളി.’

‘കൊണ്ടുപോയിക്കളയു.’

കുറിപ്പുകൾ

[1] എബെർ ഒരു പ്രസിദ്ധനായ ഭരണപരിവർത്തകനാണ്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.