images/hugo-32.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.10.1
റ്യൂ പ്ളുമെയിൽനിന്ന് സാങ്ദെനിയിലേക്ക്

ഇരുട്ടിലൂടെ മരിയുസ്സിനെ റ്യു ദ് ല ഷങ്വ്രെറിയിലെ വഴിക്കോട്ടയിലേക്കു വിളിച്ചു വരുത്തിയ ശബ്ദത്തിന് ഈശ്വരവിധിയുടെ ആജ്ഞാശബ്ദത്തിന്റെ ഒരു മട്ടുള്ളതു പോലെ തോന്നി. അയാൾക്കു മരിച്ചാൽക്കൊള്ളാമെന്നായി; അതിനുള്ള സന്ദർദം പ്രത്യക്ഷീഭവിച്ചു! അയാൾ ശവക്കല്ലറയുടെ വാതില്ക്കൽച്ചെന്നു മുട്ടി, ഇരുട്ടത്തു നിന്ന് ഒരു കൈ അയാൾക്കു താക്കോൽ കൊടുത്തു. നിരാശതയുടെ മുൻപിൽ അന്ധകാരത്തിനുള്ളിലുണ്ടാകുന്ന ഈ വ്യസനമയങ്ങളായ പഴുതുകൾ ഹൃദയാകർഷകങ്ങളാണ്. അത്രമേൽ പലപ്പോഴും അകത്തേക്കു കടപ്പാൻ ഇടംകൊടുത്തുപോന്ന ആ അഴി മരിയുസ് പിടിച്ചുമാറ്റി, തോട്ടത്തിൽനിന്നു പുറത്തേക്കു കടന്നു, പറഞ്ഞു: ‘ഞാൻ പോകാതിരിക്കില്ല.’

ദുഃഖംകൊണ്ടു ഭ്രാന്തുപിടിച്ചു, തലച്ചോറിനുള്ളിൽ ഉറപ്പുള്ളതോ സ്ഥിരതയുള്ളതോ ആയ യാതൊന്നുമില്ലാതായി, യൗവനത്തിന്റേയും അനുരാഗത്തിന്റേയും ലഹരിയിൽ കഴിഞ്ഞുകൂടിയ ആ രണ്ടു മാസത്തിനുശേഷം, കർമ്മഗതിയിൽ നിന്നു യാതൊന്നും കൈ നീട്ടി വാങ്ങാൻ സാധിക്കാതെ, നിരാശതയുടെ എല്ലാത്തരം മനോരാജ്യങ്ങളെക്കൊണ്ടും ആകെ മൂടി. അയാൾക്ക് ഒരൊറ്റ ആഗ്രഹം മാത്രമേ ബാക്കിയുള്ളൂ എന്നായി—എല്ലാം ഒരടിയായി അവസാനിപ്പിക്കുക.

അയാൾ വേഗത്തിൽ നടന്നു. ഴാവേരുടെ കൈത്തോക്കുകൾ കൈയിലുണ്ടായിരുന്നതുകൊണ്ടു നല്ല പാകത്തിൽ അയാൾക്ക് ആയുധം കിട്ടി.

ഒരു നോട്ടം കണ്ടു എന്നു തോന്നിയ ആ ചെറുപ്പക്കാരൻ തെരുവിൽ അയാളുടെകണ്ണിൽനിന്നു മറഞ്ഞു.

കോട്ടപ്പുറത്തുടെ റ്യൂ പ്ളുമെയിൽനിന്നു പോന്ന മരിയുസ് എസ്പ്ലനാദും, ആൻവലീദിലെ പാലവും, ഷാംസെലിസെയും, പതിനഞ്ചാമൻ ലൂയിപ്രദേശവും കടന്നു റ്യു ദ് റിവോലിയിലെത്തി. അവിടെ ഷാപ്പുകൾ തുറന്നിരുന്നു, അണിത്തോരണങ്ങൾക്കു ചുവട്ടിൽ ഗ്യാസ്വിളക്കു കത്തുന്നു, ചന്തപ്പുരകളിൽനിന്നു സ്ത്രീകൾ സാമാനം വാങ്ങുന്നു, ലെയിത്തർകാപ്പിയോട്ടലിൽ ആളുകൾ ഐസ് വാങ്ങി കഴിക്കുന്നു, ഇംഗ്ലീഷ് പലഹാരപ്പീടികയിൽനിന്ന് അവർ അപ്പം വാങ്ങി തിന്നുന്നു. രാജകുമാരൻഹോട്ടലിൽനിന്നും മോരിസ്ഹോട്ടലിൽനിന്നും ചില സവാരിവണ്ടികൾ മാത്രം വേഗത്തിൽ പാഞ്ഞുപോകുന്നുണ്ട്.

ദെലോർദിലൂടേ മരിയുസ് റ്യൂ സാങ്തൊണോരെയിലേക്കു കടന്നു. അവിടെ പീടികകളെല്ലാം അടച്ചിരിക്കുന്നു; പകുതിയടച്ച വാതിലിന്നുമ്മറത്തുവെച്ചു കച്ചവടക്കാർ സംസാരിക്കുന്നു; ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു; തെരുവുവിളക്കുകളെല്ലാം കത്തുന്നുണ്ട്; താഴത്തെ നിലമുതല്ക്കു വീട്ടുജനാലകളിൽ നിന്നെല്ലാം വെളിച്ചം കാണാനുണ്ട്. ദ്യു പലെരോയൽ പ്രദേശത്തു കുതിരപ്പട്ടാളമുണ്ടായിരുന്നു.

മരിയുസ് റ്യൂ സാങ്തൊണോരെയിലൂടെ നടന്നു. പലെരോയൽ പ്രദേശം വിടുന്നതോടുകൂടി വെളിച്ചമുള്ള ജനാലകളും കുറഞ്ഞുകുറഞ്ഞു വന്നു; പീടികകളെല്ലാം അടച്ചുപൂട്ടിയിരിക്കുന്നു; ഉമ്മറത്തിരുന്ന് ആരും സംസാരിക്കുന്നില്ല; തെരുവുകൾ ഇരുട്ടടഞ്ഞു കിടക്കുന്നു; അതോടുകൂടിത്തന്നെ ആൾക്കൂട്ടത്തിനു കനവും വർദ്ധിച്ചുവരുന്നുണ്ട്. വഴിയാത്രക്കാർ ആൾക്കൂട്ടംപോലെയായി. ആകൂട്ടത്തിൽ ഒരാളും സംസാരിക്കുന്നതായിക്കാണാനില്ല, എങ്കിലും അതിൽനിന്നു കനത്തിലും വിസ്താരത്തിലുമുള്ള ഒരു പിറുപിറുക്കൽ പുറപ്പെടുന്നുണ്ട്.

ആൽബൃസെക്കിലുള്ള ഉറവിനോടടുത്ത് നിശ്ചേഷ്ടങ്ങളും അസുഖമയങ്ങളുമായ യോഗങ്ങളുണ്ടായിരുന്നു. അതിലെ പോയിവരുന്നവർക്ക് അവ ഒഴുക്കുവെള്ളത്തിനിടയിലുള്ള പാറകളാണെന്നു തോന്നി.

റ്യൂ ദെ പ്രുവേറിന്റെ അടുത്തായപ്പോൾ, ആൾക്കൂട്ടത്തിന്റെ അനക്കംതന്നെ നിന്നു. അത് എതിർനില്ക്കുന്നതും വലുപ്പം കൂടിയതും കനംപിടിച്ചതും ഒത്തു ചേർന്നതും ഏതാണ്ട് അലംഘ്യവുമായ ഒരാൾക്കുന്നായിരുന്നു; അതിൽ ആളുകൾ കെട്ടിമറിഞ്ഞുകൂടി പതുക്കെ സംസാരിക്കുന്നുണ്ട്. കറുത്ത പുറംകുപ്പായമോ വട്ടത്തൊപ്പികളോ ഇല്ലാതായി, സ്ത്രീക്കുറുംകുപ്പായങ്ങളും കുറുംകുപ്പായങ്ങളും തൊപ്പികളും രോമമെടുത്തുപിടിച്ചും വിളർത്തുമുള്ള ശിരസ്സുകളും മാത്രമായി. ഈ ആൾക്കൂട്ടം രാത്രിയിലെ അന്ധകാരത്തിൽ സമ്മിശ്രമായ വിധം ഓളംമറിഞ്ഞിരുന്നു. അതിന്റെ മന്ത്രിക്കലിന്ന് ഒരു ചാഞ്ചാട്ടത്തിന്റെ രൂക്ഷസ്വരമുണ്ട്. അതിലുള്ള ഒരൊറ്റ ആളും നടക്കുന്നില്ലെങ്കിലും, ഒരു പൊന്തൻ കാൽവെപ്പുശബ്ദം ചളിയിൽനിന്നു പൊന്തിയിരുന്നു. ആൾക്കുട്ടത്തിന്റെ ഈ കട്ടപിടിച്ച ഭാഗത്തിൽ നിന്നപ്പുറത്തേക്ക് ഒരു മെഴുതിരി കത്തുന്ന ഒരൊറ്റ ജനാലയെങ്കിലുമില്ല. ഏകാന്തങ്ങളും കുറഞ്ഞുകുറഞ്ഞു പോകുന്നവയുമായ റാന്തൽവരികൾമാത്രം ദൂരത്തുള്ള തെരുവീഥികളിലേക്കു കടന്നുമറയുന്നതു കാണാം. അക്കാലത്തെ റാന്തലുകൾക്കു കയർത്തുണ്ടങ്ങളിൽ തുക്കിയിട്ട തുടുനക്ഷത്രങ്ങളുടെ ഛായയുണ്ട്; അവ പാതവിരിയിൽ കൂറ്റൻ എട്ടുകാലികളുടെ രൂപത്തിലുള്ള നിഴലുകളെ വ്യാപിപ്പിച്ചിരുന്നു. ഈ തെരുവുകൾ വിജനങ്ങളല്ല. കുന്നുകൂടിയ തോക്കുകളും നീങ്ങുന്ന തോക്കിൻകുന്തങ്ങളും പാളയമടിക്കുന്ന പട്ടാളങ്ങളും കാണപ്പെട്ടിരുന്നു; കണ്ടറിയാനുൽക്കണ്ഠയോടുകൂടി ആരും ആ അതിർത്തിക്കപ്പുറത്തേക്കു പോകാറില്ല. അവിടെവെച്ചു രക്തപരിസരണം നിന്നു. അവിടെവെച്ചു പുരുഷാരം അവസാനിച്ചു.

സൈന്യം ആരംഭിച്ചു.

ആശയില്ലാതായ ഒരാളുടെ ഇച്ഛാശക്തിയാണ് മരിയുസ്സിനുണ്ടായിരുന്നത്. അയാൾക്കു കൽപന കിട്ടി. പോവാതെ കഴിയില്ല. ആൾക്കൂട്ടത്തെ തുളച്ചുകടക്കാനും പട്ടാളത്താവളങ്ങളെ വിട്ടുപോവാനും അയാൾ മാർഗ്ഗം കണ്ടു; അയാൾ പാറാവു നടക്കുന്നവരെ ഒഴിഞ്ഞുവെച്ചു; കാവൽ നില്ക്കുന്നവരെ വിട്ടുമാറി. അയാൾ ഒന്നു വളഞ്ഞുവെച്ചു; റ്യൂ ദ് ബെതിസിയിലെത്തി, ഹാലിലേക്കു തിരിച്ചു. റ്യൂ ദെ ബർദൊണയുടെ മൂലയ്ക്കൽ വിളക്കില്ലാതായിരുന്നു.

പുരുഷാരത്തിന്റെ ചുറ്റുവട്ടത്തിൽനിന്നു കടന്നതിനുശേഷം, അയാൾ സൈന്യങ്ങളുടെ അതിർത്തി കവിച്ചു; ഞെട്ടിത്തെറിപ്പിക്കുന്ന എന്തോ ഒന്നിലെത്തിയതായി കണ്ടു. ഒരു വഴിപോക്കനുമില്ല, ഒരു പട്ടാളക്കാരനുമില്ല, ഒരു വെളിച്ചവുമില്ല, ഒരാളുമില്ല; ഏകാന്തത, നിശ്ശബ്ദത, രാത്രി: എന്തൊരു മരവിക്കലാണ് അവിടെ ആളുകൾക്കുണ്ടാവുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു തെരുവിലേക്കു കടക്കുന്നത് ഒരു നിലവറയിലേക്കു കടക്കുകയായി.

അയാൾ പിന്നേയും മുൻപോട്ടു നടന്നു.

അയാൾ കുറച്ചടി വെച്ചു. ആരോ ഒരാൾ അയാളെ ഏതാണ്ടു തൊട്ടുംകൊണ്ട് ഒരു പാച്ചിൽ പാഞ്ഞു. അതൊരു പുരുഷനായിരുന്നുവോ? അതോ ഒരു സ്ത്രീയോ? അങ്ങനെ അധികം പേരുണ്ടോ? അയാൾക്കു പറയാൻ വയ്യാ, അതു കടന്നുപോയി, കാണാതായി.

വളഞ്ഞുതിരിഞ്ഞു പോയിപ്പോയി അയാൾ ഒരിടവഴിയിലെത്തി; അത് റ്യൂ ദ് ല പൊതരിയായിരിക്കണമെന്ന് അയാൾ നിശ്ചയിച്ചു. തെരുവിന്റെ മധ്യത്തിൽവെച്ച് അയാൾ ഒരു തടസ്സത്തിന്മേൽ ചെന്നുമുട്ടി. അയാൾ കൈ നീട്ടി നോക്കി. അതു മറിച്ചിട്ട ഒരു സാമാനവണ്ടിയാണ്; നീർക്കുഴികളും നീർച്ചാലുകളും ചിന്നിയും കുന്നുകൂടിയുമുള്ള പാതവിരിക്കല്ലുകളും കാൽകൊണ്ടു തപ്പിയറിഞ്ഞു. അവിടെ ഒരു വഴിക്കോട്ട കെട്ടാൻ നോക്കി ഉപേക്ഷിച്ചിരിക്കുകയാണ്. അയാൾ കല്ലുകളുടെമീതെ പിടിച്ചുകയറി, അപ്പുറത്തേക്കു കടന്നു. അയാൾ തെരുവുകാലുകൾക്കരികിലൂടെയാണ് നടന്നത്; വീട്ടുചുമരുകൾ പിടിച്ചു മുൻപോട്ടു പോയി. വഴിക്കോട്ടയുടെ അടുക്കലെത്തിയപ്പോൾ, മുൻപിലായി എന്തോ ഒരു വെളുത്ത സാധനം കാണാനുണ്ടെന്നു തോന്നി. അയാൾ അടുത്തു ചെന്നു; അതിന്നൊരു രൂപം വെച്ചു. അതു രണ്ടു വെള്ളക്കുതിരകളാണ്; രാവിലെ ബൊസ്സ്വെ അഴിച്ചുവിട്ട വണ്ടിക്കുതിരകൾ;

അവ തെരുവിൽനിന്നു തെരുവിലേക്കായി വന്നപാടേ പകൽ മുഴുവനും അലഞ്ഞു നടക്കുകയായിരുന്നു; ഒടുവിൽ, മനുഷ്യന്ന് ഈശ്വരന്റെ പ്രവൃത്തികളെപ്പറ്റിയുള്ളതിൽ ഒട്ടുമധികം മനുഷ്യരുടെ പ്രവൃത്തികളെപ്പറ്റി അറിഞ്ഞുകൂടാത്ത തിര്യക്കുകളുടെ തളർന്ന ക്ഷമയോടുകൂടി അവ അവിടെ വന്നുവീണതാണ്.

മരിയുസ് കുതിരകളെ പിന്നിട്ടു. റ്യു ദ്യു കൊങ്ത്രാത്-സോസിയെൽ എന്ന പ്രദേശമാണെന്നു തോന്നിയ ഒരു തെരുവിലെത്താറായപ്പോൾ ഒരു വെടിയുണ്ട—അതെവിടെനിന്നു വന്നുവെന്ന് ആർക്കും അറിഞ്ഞുകൂടാ— അന്ധകാരത്തിലൂടെ എങ്ങനെയോ കടന്ന് അയാളെ തൊട്ടുംകൊണ്ടെന്നപോലെ ഒച്ചപ്പെടുത്തി പാഞ്ഞു; അതു നേരേ പോയി, അയാൾക്കുമീതേ, ഒരു തലമുടിച്ചമയക്കാരന്റെ പീടികയിൽ കെട്ടിത്തൂക്കിയിരുന്ന പിച്ചളക്ഷൌരത്തളികയിൽച്ചെന്നു കൊണ്ടു. ഈ തുളഞ്ഞ ക്ഷൗരത്തളിക റ്യു ദ്യു കോങ്ത്രാത്-സോസിയേലിൽ ചന്തത്തൂണുകളുടെ മൂലയ്ക്കൽ 1848-ൽ ഇപ്പോഴും കാണാം.

ഈ വെടി ഒരിടത്തു ജീവനുണ്ടെന്നു കാണിച്ചു. പിന്നെ യാതൊന്നും അയാൾ കണ്ടിട്ടില്ല.

ഈ ചുറ്റിസ്സുഞ്ചാരം മുഴുവനും ഇരുളൊതുക്കുകൾ ഇറങ്ങിപ്പോകുന്നപോലിരുന്നു. എന്തായാലും മരിയുസ് മുൻപോട്ടു നടന്നു.

4.10.2
പാരിസ് ഒരു കൂമന്റെ ദൃഷ്ടിയിൽ

അന്നു രാത്രി ഒരു കടവാതിലിന്റെയോ കൂമന്റെയോ ചിറകോടുകൂടി പാരിസ് നഗരത്തിനു മുകളിലൂടെ ചുറ്റിനടക്കുന്ന ആൾ തനിക്കു ചുവട്ടിൽ ഒരു വല്ലാത്ത കാഴ്ചയാണു കാണുക.

നഗരത്തിനുള്ളിൽ ഒരു നഗരമെന്നപോലെ, സാങ്ദെനിയും സാങ്മർദെങ്ങും കൂടിച്ചേർന്നും ഒരായിരം ഇടവഴികൾ കൂടിമറിഞ്ഞുമുള്ള ഹാൽ പ്രദേശം—രാജ്യകലഹക്കാർ കാവല്ക്കോട്ട കെട്ടി ചുവടുറപ്പിച്ചിട്ടുള്ളത് ഇവിടെയാണല്ലോ—കണ്ടാൽ പാരിസ്സിന്റെ ഒത്ത നടുക്കു തുരന്നുണ്ടാക്കിയിട്ടുള്ള വമ്പിച്ചതും ഇരുട്ടുപിടിച്ചതുമായ ഒരു ഗുഹയാണെന്ന് അയാൾക്കു തോന്നിയിരിക്കണം. അവിടെ നോട്ടം ഒരഗാധകുണ്ഡത്തിൽ ആണ്ടുപോകുന്നു. റാന്തലുകളൊക്കെ പൊട്ടിയതുകൊണ്ടും ജനാലകളെല്ലാം അടഞ്ഞതുകൊണ്ടും അവിടെ എല്ലാ ശബ്ദവും എല്ലാ അനക്കവും നിലച്ചിരിക്കുന്നു. രാജ്യകലഹത്തിന്റെ അദൃശ്യമായ പൊല്ലീസ് സൈന്യം എല്ലായിടത്തും പാറാവുണ്ട്; അവർ സമാധാനത്തെ, എന്നുവെച്ചാൽ രാത്രിയെ, രക്ഷിച്ചുപോരുന്നു. രാജ്യകലഹത്തിനു കൂടിയേ കഴിയൂ എന്നുള്ള യുക്തിശാസ്ത്രം, ആകെയുള്ള കുറച്ചാളുകളെ വമ്പിച്ച അന്ധകാരത്തിൽ ആഴ്ത്തിയിടുകയും ആ അന്ധകാരത്തിലുള്ള സംഭാവ്യതകളെക്കൊണ്ട് ഓരോ യുദ്ധഭടനേയും പെരുപ്പിക്കുകയും ചെയ്കയാണ്. ഇരുട്ടാകുന്നതോടുകൂടി വെളിച്ചം കാണിച്ചിട്ടുള്ള എല്ലാ ജനാലകൾക്കുമുണ്ട് ഓരോ വെടി കൊണ്ടിട്ട്. വെളിച്ചം കെടും, ചിലപ്പോൾ പാർപ്പുകാരനും ചാവും. അതുകൊണ്ടു യാതൊരനക്കവും എങ്ങുമില്ല. ഭയവും ദുഃഖവും അമ്പരപ്പുമല്ലാതെ മറ്റൊന്നും വീടുകളിലില്ല; തെരുവുകളിലെല്ലാം ഒരുതരം കൂട്ടില്ലാത്ത ഭയങ്കരതയും. ജനാലകളുടെ നീണ്ട വരികളും, പുകക്കുഴലുകളുടേയും മേല്പുരകളുടേയും കുതകളും ചളികെട്ടി ഈറൻപിടിച്ച പാതവിരിയിൽ പരക്കുന്ന അവ്യക്തനിഴലുകളുംകൂടി കാണാനില്ലായിരുന്നു. ആ നിഴൽക്കൂട്ടത്തേക്കു സൂക്ഷിച്ചുനോക്കിയാൽ അവിടവിടെ, ഇടയ്ക്കിടയ്ക്കു, മുറിഞ്ഞും കമ്പം പിടിച്ചപോലെയുമുള്ള വരകളെ ഉണ്ടാക്കിത്തീർക്കുന്ന അസ്പഷ്ട പ്രകാശങ്ങളും അസാധാരണക്കെട്ടിടങ്ങളുടെ മുഖപാർശ്വങ്ങളും—ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നവയിൽ വന്നും പോയുമിരിക്കുന്ന വെളിച്ചങ്ങളെപ്പോലെ എന്തോ ചിലത്—പക്ഷേ, കണ്ടു എന്നു വരാം; ആ സ്ഥലങ്ങളിലാണ് വഴിക്കോട്ടയുടെ നിൽപ്. ബാക്കിയൊക്കെ പുക കെട്ടി, കനത്തു, വ്യസനകരമായ ഒരിരുൾത്തടാകം മാത്രം; അതിനു മീതേ നിശ്ചേഷ്ടവും വ്യസനമയവുമായ ആകൃതിവിശേഷത്തോടുകൂടെ സാങ്ഴാക്കിലെ മണിഗോപുരവും, സാങ്മെരിയിലെ പള്ളിയും, മനുഷ്യനാൽ രാക്ഷസന്മാരാക്കപ്പെടുന്നവയും രാത്രിയാൽ പ്രേതങ്ങളാക്കപ്പെടുന്നവയുമായ രണ്ടോ മൂന്നോ കൂറ്റൻ കെട്ടിടങ്ങളും പൊന്തിനില്ക്കുന്നു

ഈ ഏകാന്തവും സ്വാസ്ഥ്യഭേദകവുമായ വിഷമതയ്ക്കു ചുറ്റും, പാരിസ്സിന്റെ രക്തപരിസരണം തീരേ നിന്നുകഴിഞ്ഞിട്ടില്ലാത്തവയും കുറേശ്ശ തെരുവുവിളക്കു കളുള്ളവയുമായ പ്രദേശങ്ങളിൽ, ആ ആകാശസഞ്ചാരി വാളുകളുടേയും കുന്തങ്ങളുടേയും ലോഹസംബന്ധിയായ തിളക്കവും, പീരങ്കികളുടെ പാഴ്മുഴക്കവും; നിമിഷംപ്രതി വീർത്തുവീർത്തുവരുന്ന നിശ്ശൂബ്ദസൈന്യങ്ങളുടെ സംഘംചേരലും വേർതിരിച്ചു കണ്ടേക്കാം—അതേ, രാജ്യകലഹത്തിന്റെ ഉള്ളിലേക്കും നാലുഭാഗത്തേക്കും വന്നടുത്തുകൂടുന്ന ഒരു ഭയങ്കരമായ അരപ്പട്ട.

കലഹക്കാരുടെ പ്രദേശം ഒരു പൈശാചികഗുഹയല്ലാതെ മറ്റൊന്നുമല്ലെന്നായി; അവിടെയുള്ള സകലവും ഉറങ്ങുകയോ അനങ്ങാതാവുകയോ ചെയ്തതായി തോന്നി; ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, ഏതു തെരുവിൽച്ചെന്നാലുംഅവിടെ ഇരുട്ടല്ലാതെ മറ്റൊന്നുമില്ല.

കെണികളെക്കൊണ്ടു നിറഞ്ഞ, അദൃശ്യങ്ങളും ഭയങ്കരങ്ങളുമായ മനഃക്ഷോഭങ്ങളെക്കൊണ്ടു നിറഞ്ഞ, ഒരു വല്ലാത്ത ഇരുട്ട്; അതിൽ കടക്കുന്നത് അപകടം, നിൽക്കുന്നതു ഭയങ്കരം. അങ്ങോട്ടു കടക്കുന്നവർ അവിടെ ചെന്നുകൂടിയിട്ടുള്ളവരെപ്പറ്റി പേടിക്കുന്നു; അവിടെ ചെന്നുകൂടിയിട്ടുള്ളവർ അങ്ങോട്ടു കടന്നുവരുന്നവരെപ്പറ്റി ഭയപ്പെടുന്നു. തെരുവിന്റെ ഓരോ മൂലയ്ക്കുമുണ്ട് അദൃശ്യന്മാരായ പോരാളികൾ പതിയിരിക്കുന്നു; രാത്രിയുടെ നിബിഡതയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന ശവക്കല്ലറയിലെ കെണികൾ ഒക്കെക്കഴിഞ്ഞു. തോക്കുകളുടെ തിളങ്ങലല്ലാതെ വെളിച്ചം ആശിക്കേണ്ടതില്ല; മരണത്തിന്റെ സത്വരവും അപ്രതീക്ഷിതവുമായ ആവിർഭാവമല്ലാതെ യാതൊന്നും കണ്ടുമുട്ടാനില്ല. എവിടെ? എങ്ങനെ? എപ്പോൾ? ആർക്കും അറിഞ്ഞുകൂടാ; പക്ഷേ, അതു തീർച്ചയാണ്, നിവൃത്തിയില്ലാത്തതാണ്, യുദ്ധത്തിനു തിരഞ്ഞെടുക്കപ്പെട്ട ഈ സ്ഥലത്തുവെച്ചു ഭരണാധികാരവും രാജ്യകലഹവും,രാഷ്ട്രീയരക്ഷിഭടസംഘവും പൊതുജനസംഘവും, പ്രമാണികളും ലഹളക്കാരും, തപ്പിത്തടഞ്ഞ് എത്തിച്ചേർന്നു തമ്മിൽ കൂട്ടിമുട്ടും. രണ്ടുകൂട്ടർക്കുമുള്ള ആവശ്യം ഒന്നാണ്. ചത്തിട്ടോ ജയിച്ചിട്ടോ മാത്രമേ അവിടെനിന്നു പുറത്തേക്കു കടക്കാൻ മാർഗ്ഗമുള്ളൂ. ഏറ്റവും വലിയ ഭീരുക്കളെ ഒരു നിശ്ചയദാർഢ്യം കടന്നുബാധിക്കുകയും ഏറ്റവും വലിയ ധീരന്മാരെ ഒരു ഭയപ്പാടു ചെന്നു പിടികൂടുകയും ചെയ്യുമാറ് അത്രയും അറ്റത്തെത്തിയ ഒരു നില, അത്രയും ശക്തിമത്തായ ഒരന്ധത.

എന്നല്ല, രണ്ടു ഭാഗത്തും ഈർഷ്യയും ശുണ്ഠിയും നിശ്ചയദാർഢ്യവും സമമാണ്. ഒരുകൂട്ടർക്കു മുൻപോട്ടു ചെല്ലുന്നതു മരണം—ആരും പിന്നോക്കം പോരാൻ കരുതുന്നതുമില്ല; മറ്റേ കൂട്ടർക്ക് അവിടെ നില്ക്കുന്നതാണ് മരണം—ഓടിപ്പോകാൻ ആരും ആലോചിച്ചിട്ടുമില്ല.

പിറ്റേ ദിവസം രാവിലേക്കു സകലവും അവസാനിക്കുമെന്നുള്ളതു തീർച്ചയാണ്—ഇവിടെയോ അവിടെയോ ഒരു ദിക്കിൽ ജയം വരണം; രാജ്യകലഹം ഒന്നുകിൽ ഒരു ഭരണപരിവർത്തനമാവും, അല്ലെങ്കിൽ ചില്ലറപ്പോരാവും, എതിരാളികൾക്കെന്നപോലെ ഭരണാധികാരികൾക്കും ഇതറിയാം; എത്ര നിസ്സാരനായ നാടുവാഴിയും ഇതു മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടു സർവവും തീർച്ചപ്പെടാനിരിക്കുന്ന അവിടുത്തെ അഭേദ്യാന്ധകാരത്തോട് ഒരു മഹത്തരമായ മനോവേദന ചുറ്റിപ്പിണഞ്ഞു; അതുകൊണ്ട് ഒരു മഹാകഷ്ടസംഭവം ഉണ്ടാവാൻ പോകുന്ന ആ നിശ്ശബ്ദതയുടെ ചുറ്റും ഒരു വർദ്ധിച്ച ഉത്കണ്ഠ പറ്റി. അവിടെ ഒരൊറ്റ ശബ്ദം മാത്രമേ കേൾക്കാനുള്ളു; മരണവേദനയിലെ ഞെരക്കംപോലെ ഹൃദയഭേദകമായ ഒരു ശബ്ദം; ഒരു ശാപംപോലെ അത്രയും അപായസുചകം-സാങ്മെറിപ്പള്ളിയിലെ ആപൽസൂചകമായ മണിയടി. നിഴൽപാടുകൾക്കിടയിൽവെച്ചു നിലവിളിക്കുന്ന ആ നിഷ്ഠുരവും നിരാശവുമായ മണിയടിയുടെ ഒച്ചപോലെ ചോര കട്ടപിടിക്കുന്ന മറ്റൊന്നുമുണ്ടാവാൻ വയ്യാ.

പലപ്പോഴും കാണുന്നതുപോലെ, മനുഷ്യൻ ചെയ്വാൻ തുടങ്ങുന്നതിനോടു പ്രകൃതിയും യോജിച്ചു എന്നു തോന്നുന്നു. സർവ്വത്തിന്റേയും കൂടിയുള്ള രഞ്ജിപ്പിൽ ഒരു കരടും തടഞ്ഞില്ല. നക്ഷത്രങ്ങൾ മറഞ്ഞു; കാർമേഘങ്ങൾ തങ്ങളുടെ വ്യസനമയങ്ങളായ മടക്കുകളെക്കൊണ്ട് ആകാശാന്തത്തെ നിറച്ചു. ഈ മഹത്തായ ശവക്കുഴിയുടെ മീതേ ഒരു മഹത്തായ ശവമൂടുതുണി വിരിച്ചിട്ടുള്ളതുപോലെ, ഈ ചത്തുകിടക്കുന്ന തെരുവുകൾക്കു മുകളിൽ ഒരിരുണ്ട ആകാശം പരന്നുകൂടി.

അത്രയുമധികം വിപ്ലവസംബന്ധികളായ സംഭവങ്ങളെ കണ്ടുപോന്ന ആ അതേ പ്രദേശത്തു പിന്നെയും തികച്ചും രാഷ്ട്രീയമായ ഒരു യുദ്ധം ഒരുങ്ങി വരുമ്പോൾ, ധർമ്മനിഷ്ഠയെ മുൻനിർത്തി യൗവനവും ഗുഢസംഘങ്ങളും വിദ്യാലയങ്ങളും, അവകാശങ്ങളെ മുൻനിർത്തി പ്രമാണികളും അന്യോന്യം കൂട്ടിയടിക്കുകയും പിടിച്ചു മറിച്ചിടുകയും ചെയ്വാൻവേണ്ടി അടുത്തുകൂടുമ്പോൾ, ഓരോരുത്തനും പാഞ്ഞുചെന്ന് അവസാനഘട്ടത്തിനുള്ള ഒടുവിലത്തെ നിശ്ചിത മുഹൂർത്തത്തെ എതിരേല്ക്കുമ്പോൾ, വളരെ ദുരത്ത് ആ അപായകരമായ പ്രദേശത്തിനു പുറത്തു സുവർണ്ണവും സമൃദ്ധിമത്തുമായ പാരിസ്സിന്റെ പ്രകാശധോരണിയിൽ മറഞ്ഞുപോകുന്ന ആ പണ്ടത്തെ ഗ്രഹപ്പിഴ പിടിച്ച പാരിസ്സിന്റെ, ഏറ്റവും അഗാധങ്ങളും ആഴമറിയാത്തവയുമായ ഗുഹകൾക്കുള്ളിൽ, ജനങ്ങളുടെ വ്യാകുലശബ്ദം ഒരു നെടുംമുഴക്കമുണ്ടാക്കുന്നതു കേൾക്കാം.

തിര്യക്കിന്റെ അലർച്ചയും ഈശ്വരന്റെ അരുളപ്പാടും കൂടിച്ചേർന്ന ഭയങ്കരവും ദിവ്യതരവുമായ ഒരു ശബ്ദം— അശക്തന്മാമെ പേടിപ്പെടുത്തുന്നതും അറിവുള്ളവരെ ആലോചിപ്പിക്കുന്നതുമായി, സിംഹത്തിന്റെ ഗർജ്ജനംപോലെ ആഴത്തിൽനിന്നും ഇടിയുടെ മുഴക്കംപോലെ മുകളിൽനിന്നുമുണ്ടാകുന്ന ഒരു ശബ്ദം.

4.10.3
അലകിൻ വായ്ത്തല

മരിയുസ് ഹാലിലെത്തി.

ആ പ്രദേശം അടുത്തുള്ള മറ്റു തെരുവുകളെക്കാളധികം ശാന്തവും അന്ധകാരമയവും നിശ്ചേഷ്ടവുമായിരുന്നു. ശവക്കുഴിയുടെ മരവിപ്പിക്കുന്ന ശാന്തത ഭൂമിയിൽനിന്നു പൊന്തിവന്ന് ആകാശത്തെങ്ങും പരന്നിരിക്കുന്നു എന്നു പറയാൻ തോന്നും.

എന്തായാലും, ഒരു ചുകന്ന വെളിച്ചം ഈ ഇരുൾപ്പരപ്പിനു മുൻപിൽ, സാങ് തുസ്താഷിന്റെ ഭാഗത്തു, റ്യൂ ദ് ല ഷങ്വ്രെറിയെ തടഞ്ഞുനില്ക്കുന്ന വീടുകളുടെ ഉയർന്ന മേൽപ്പുരകളെ പൊന്തിച്ചു കാണിച്ചു. അത് കൊരിന്ത് വഴിക്കോട്ടയിൽ കത്തിയിരുന്ന ചൂട്ടിന്റെ വെളിച്ചമാണ്. മരിയുസ് ആ ചുകന്ന വെളിച്ചത്തിനു നേരേ നടന്നു. അതയാളെ മഷ്ഓപ്വാരെയിലേക്കു തിരിച്ചു; റ്യൂ ദെ പ്രെഷുറിന്റെ ഇരുണ്ടവായ അയാൾക്ക് ഒരു നോട്ടം കാണാറായി. അയാൾ അതിൽക്കടന്നു. മറ്റേ വശത്തു പാറാവുനിന്നിരുന്ന രാജ്യകലഹികളുടെ കിങ്കരൻ അയാളെ കണ്ടില്ല. അയാൾക്കു താൻ തിരഞ്ഞുനോക്കുന്നതിന്റെ തൊട്ടടുത്തായിരിക്കുന്നു എന്നു തോന്നി; അയാൾ പെരുവിരലിന്മേൽ നടന്നു. ഈ നിലയ്ക്ക് അയാൾ റ്യു മൊങ്ദെതുറിന്റെ ഇടുങ്ങിയ ഭാഗത്തിന്റെ വളവിലെത്തി; വായനക്കാർക്കറിവുള്ളതുപോലെ ബഹിർല്ലോകവുമായി അങ്ങനെയൊരു സംബന്ധം മാത്രമാണല്ലോ ആൻഷൊൽരാ തുറന്നുവെച്ചിരുന്നത്. ഇടതുവശത്തുള്ള ഒടുവിലത്തെ വീടിന്റെ മൂലയ്ക്കൽവെച്ച് അയാൾ തലയൊന്നു മുൻപോട്ടു നീട്ടി, റ്യു മൊങ്ദെതുറിന്റെ ആ ഒരു കഷ്ണത്തിലെ കഥയെന്തെന്നു നോക്കി.

ഒരു വലിയ നിഴല്പരപ്പുമറ വിരുത്തിയിടുന്ന—അതിന്നുള്ളിലാണ് മരിയുസ്സ് മറയ്ക്കപ്പെട്ടത്—ഇടവഴിയുടേയും റ്യു ദ് ല ഷങ്വ്രെറിയുടേയും കൂടിയുള്ള മൂലയിൽനിന്ന് അല്പം ദൂരെ പാതവിരിയിൽ ഒരു വെളിച്ചവും, വീഞ്ഞുകടയുടെ ഒരു കഷണവും, അപ്പുറത്ത് ആകൃതിരഹിതമായ ഒരുതരം ചുമരിന്നുള്ളിൽ ഒരു മങ്ങുന്ന വിളക്കും, കാൽമുട്ടിന്മേൽ തോക്കുമായി പതുങ്ങിക്കിടക്കുന്ന ആളുകളും കാണപ്പെട്ടു. ഇവയെല്ലാം അയാളിൽനിന്ന് ഒരറുപതടി ദൂരത്താണ്. അതു വഴിക്കോട്ടയുടെ അന്തർഭാഗമായി.

ഇടവഴിയുടെ വലതുവശത്തുള്ള വീടുകൾ വീഞ്ഞുകടയുടെ ബാക്കി ഭാഗത്തേയും, വലിയ വഴിക്കോട്ടയേയും, കൊടിക്കൂറയേയും അയാളിൽനിന്നു മറച്ചിരുന്നു.

മരിയുസ്സിന്ന് ഒരടികൂടിയേ ഇനി മുൻപോട്ടു വെയ്ക്കാനുള്ളൂ.

ഉടനെ ആ ഭാഗ്യംകെട്ട ചെറുപ്പക്കാരൻ ഒരു മുറിത്തൂണിന്മേലിരുന്നു, കൈകെട്ടി, അച്ഛനെപ്പറ്റിയുള്ള ആലോചനയിലാണ്ടു.

അയാൾ ധീരോദാത്തനായ കേർണൽ പൊങ്മെർസിയെപ്പറ്റി—അത്രമേൽ അഭിമാനിയായ ഒരു ഭടനും പ്രജാധിപത്യത്തിൻകീഴിൽ ഫ്രാൻസിന്റെ അതിർത്തിയെ കാത്തുരക്ഷിച്ച ആളും, നെപ്പോളിയന്നു കീഴിൽ ഏഷ്യയുടെ അതിർത്തിയിൽ കാൽവെച്ച ആളും, ജെനോവയും അലെക്സാൺഡ്രിയയും മിലാനും തുറിനും മാഡ്രിഡും വിയെനയും ഡ്രെസ്ഡനും ബെർലിനും മോസ്കോവും കണ്ടിട്ടുള്ള ആളും, യൂറോപ്പിലെ എല്ലാ വിജയപൂർണ്ണങ്ങളായ യുദ്ധക്കളങ്ങളിലും മരിയുസ്സിന്റെ രക്തനാഡികളിലുള്ള അതേ രക്തത്തെ ഇറ്റിറ്റിച്ചുപോന്ന ആളും, സൈനിക നിയമനിഷ്ഠകൊണ്ടും ആജ്ഞ നടത്തൽകൊണ്ടും കാലം വരുന്നതിനു മുൻപായി നരച്ചുപോയ ആളും, വാളുറ കൊത്തിയിട്ട്, അംസാലങ്കാരങ്ങൾ മാറത്തേക്കു തുങ്ങി, തൊപ്പിയിലെ ബഹുമതിചിഹ്നം വെടിമരുന്നു തട്ടി കറുത്തു, നെറ്റിത്തടത്തിൽ പടത്തൊപ്പികൊണ്ടു ചാൽ വീണു, പാളയങ്ങളിലും തമ്പുകളിലും പട്ടാളത്താവളങ്ങളിലും പോർക്കളത്തിലെ ചികിത്സാഗൃഹങ്ങളിലുമായി ജീവിച്ചുപോന്ന ആളും, ഇരുപതുകൊല്ലം കഴിഞ്ഞ് ഒരു കല വീണ കവിളോടും പുഞ്ചിരി കലർന്ന മുഖത്തോടും ശാന്തതയോടും മാന്യതയോടും ഒരു കുട്ടിയെപ്പോലെ നിഷ്കളങ്കതയോടുംകൂടി ഫ്രാൻസിനുവേണ്ടി സകലവും പ്രവർത്തിക്കുകയും ഫ്രാൻസിനെതിരായി യാതൊന്നും പ്രവർത്തിക്കാതിരിക്കുകയും ചെയ്ത മഹായുദ്ധങ്ങളിൽനിന്നു തിരിച്ചെത്തിയ ആളുമായ അച്ഛനെപ്പറ്റി —അയാൾ ആലോചിച്ചു.

തന്റേയും സമയമായിയെന്നും, മുഹൂർത്തം എത്തിക്കഴിഞ്ഞുവെന്നും, അച്ഛനെപ്പോലെതന്നെ താനും അതാ ധീരനും നിർഭയനും കൂസലില്ലാത്തവനുമാണെന്നു കാണിക്കാൻ, തോക്കിന്റെ ഉണ്ടകൾക്കു നേരെ പാഞ്ഞുചെല്ലാൻ, തോക്കിൻകുന്തങ്ങളുടെ മുൻപിൽ മാറു കാട്ടാൻ, ആത്മരക്തം ചൊരിയുവാൻ, ശത്രുവിനെ അന്വേഷിച്ചു പിടിപ്പാൻ, മരണത്തെ തിരഞ്ഞുപിടിപ്പാൻ പോവുന്നു എന്നും, തന്റെ വകയായ യുദ്ധം നടത്താനും യുദ്ധക്കളത്തിൽ ഇറങ്ങാനും ചെല്ലുന്നു എന്നും, താൻ ചെന്നുകൂടാൻ പോകുന്ന യുദ്ധക്കളം തെരുവീഥിയാണെന്നും, താൻ ഏർപ്പെടാൻ പോകുന്ന യുദ്ധം പൌരയുദ്ധമാണെന്നും അയാൾ സ്വയം പറഞ്ഞു.

അയാൾ തന്റെ മുൻപിൽ പൗരയുദ്ധം, ഒരന്ധകാരകുണ്ഡംപോലെ, വായപിളർത്തി നില്ക്കുന്നതു കണ്ടു; അയാൾ അതിന്നുള്ളിലേക്കു വീഴുകയായി. ഉടനെ അയാൾ വിറച്ചു.

മുത്തച്ഛൻ ഒരു പുരാതനവസ്തുവ്യാപാരിക്കു വിറ്റുകളഞ്ഞ—ആ ക്രിയയെപ്പറ്റി അയാൾ അത്രയും വ്യസനപൂർവ്വം പശ്ചാത്തപിക്കുകയുണ്ടായി—അച്ഛന്റെ വാൾ അയാളോർത്തു. ആ പരിശുദ്ധവും പരാക്രമപൂർണ്ണവുമായ വാൾ അയാളിൽനിന്നു വിട്ടുമാറിയതും ശുണ്ഠിയെടുത്ത് അന്ധകാരത്തിലേക്കു യാത്ര തിരിച്ചതും നന്നായിയെന്നും; അങ്ങനെ വിട്ടുപിരിഞ്ഞത് അതിനു ബുദ്ധിയുള്ളതുകൊണ്ടും ഭാവിയെപ്പറ്റി മുൻകൂട്ടി അറിയാമായിരുന്നതുകൊണ്ടുമാണെന്നും; ഈ ലഹളയെപ്പറ്റി, ഓവുചാലുകളുടെ ശണ്ഠയിടലിനെപ്പറ്റി, പാതവിരികളുടെ പോരാട്ടത്തെപ്പറ്റി, നിലവറജ്ജനാലകളിലൂടെയുള്ള കൂട്ടവെടിയെപ്പറ്റി, പിന്നിലൂടെയുള്ള വെട്ടിനേയും എതിർവെട്ടിനേയും പറ്റി, അതിനു മുന്നറിവുണ്ടായിരുന്നു എന്നും; ആ ചെയ്തത് അതു മറെൻഗോവിൽനിന്നും ഫ്രീദ്ലാങ്ങിൽനിന്നും വരുന്നതാകകൊണ്ടു റ്യു ദ് ല ഷങ്വ്രെറിയിലേക്കിറങ്ങാൻ അതിന്നിഷ്ടമില്ലാതിരുന്നതിനാലാണെന്നും; അച്ഛനോടുകൂടി അത്രയെല്ലാം കാണിച്ചിട്ടുള്ള സ്ഥിതിക്ക് ഇനി മകനോടുകുടി ക്രിയ പ്രവർത്തിക്കാൻ അതിന്നിഷ്ടമില്ലാതിരുന്നതുകൊണ്ടാണെന്നും അയാൾ തന്നോടു തന്നെ പറഞ്ഞു! ആ വാൾ അവിടെ ഉണ്ടായിരുന്നുവെങ്കിൽ, അച്ഛന്റെ മരണക്കിടയ്ക്കയുടെ തലയ്ക്കൽബ്ഭാഗത്തുനിന്ന് അതു കൈയിലാക്കി തെരുവിൽവെച്ചു ഫ്രാൻസ്കാർ തമ്മിലുള്ള ഈ നരകപ്പോരാട്ടത്തിനു കൊണ്ടുവന്നിരുന്നുവെങ്കിൽ, അതയാളുടെ കൈകളെ പൊള്ളിക്കുമായിരുന്നു എന്നും, ദേവന്റെ വാളുപോലെ കണ്ണിന്മുൻപിൽ കത്തിജ്ജലിക്കുമായിരുന്നു എന്നും അയാൾ സ്വയം പറഞ്ഞു!

അതവിടെ ഇല്ലാതിരുന്നതും അതു കാണാതായതും ഭാഗ്യമായി എന്നും. അതു നന്നായിയെന്നും, അതുത്തമമായിയെന്നും, അച്ഛന്റെ മാനത്തെ ശരിയായി സംരക്ഷിച്ചതു മുത്തച്ഛനാണെന്നും, ഇന്ന് അച്ഛന്റെ വാൾ സ്വന്തം രാജ്യത്തെ മുറിപ്പെടുത്താൻ പോകുന്നതിനെക്കാൾ അതു ലേലത്തിൽ വിറ്റുപോയതു, പുരാതനവസ്തു വ്യാപാരിക്കു വിറ്റുകളഞ്ഞതു, പഴയ ഇരിമ്പുസാമാനങ്ങളുടെ കൂട്ടത്തിലേക്ക് അതു വലിച്ചെറിഞ്ഞത്, എത്രയോ ഉചിതമായിയെന്നും അയാൾ സ്വയം പറഞ്ഞു.

എന്നിട്ട് അയാൾ വല്ലാതെ തേങ്ങിക്കരഞ്ഞു.

ഇതു കഠിനംതന്നെ; പക്ഷേ, എന്തു ചെയ്യും! കൊസെത്തിനെക്കൂടാതെ ജീവിക്കുക തനിക്കു സാധ്യമല്ല. അവൾ പോയ സ്ഥിതിക്ക്, തനിക്കു മരിച്ചേ കഴിയു. മരിക്കുന്നതാണെന്ന് അയാൾ അവളോടും പ്രതിജ്ഞചെയ്തിട്ടില്ലേ? അതറിഞ്ഞുംകൊണ്ടാണ് അവൾ പോയിട്ടുള്ളത്; അപ്പോൾ മരിയുസ് മരിക്കുന്നതാണ് അവൾക്കിഷ്ടമെന്നു വന്നു. അതിനാൽ, ഒരറിയിപ്പുകൂടി തരാതെ, ഒരു വാക്കെങ്കിലും,മേൽവിലാസം അറിഞ്ഞിരുന്നിട്ടും ഒരു കത്തെങ്കിലും, അയയ്ക്കാതെ, അവൾ ആ വിധം വിട്ടുപോയ സ്ഥിതിക്ക്, അവൾക്ക് അയാളെപ്പറ്റി സ്നേഹമില്ല! ഇനി ജീവിച്ചിരുന്നിട്ടു പ്രയോജനമെന്ത്? അയാൾ ഇനിയെന്തിനു ജീവിച്ചിരിക്കുന്നു? പിന്നെ, എന്ത്! അത്രയും മുൻപോട്ടു പോന്ന സ്ഥിതിക്ക് ഇനി പിന്നോക്കംവെയ്ക്കുക! അടുത്തെത്തിയിട്ട് ഇനി താൻ അപകടത്തിൽനിന്നു പിൻമാറുക! വഴിക്കോട്ടയിലേക്കു ചെന്നു പതുങ്ങിനോക്കിയിട്ട്, ഇനി ഉപായത്തിൽ വിട്ടുമാറുക! ഒരു ഞൊടിയിൽ ഇങ്ങനെ പറഞ്ഞുകൊണ്ട് ചുവടൊഴിക്കുക—‘ആകപ്പാടെ എനിക്കു വേണ്ടിടത്തോളമായിക്കഴിഞ്ഞു. ഞാൻ കണ്ടു; അതു മതി; ഇതു പൗരയുദ്ധമാണ്; ഞാനിതാ പോകുന്നു!’ തന്നെ കാത്തിരിക്കുന്ന സുഹൃത്തുക്കളെ—തന്നെക്കൊണ്ടു പക്ഷേ, ആവശ്യമുള്ള അവരെ—ഒരു സൈന്യത്തിനു മുൻപിൽ കുറച്ചുപേർ മാത്രമായ അവരെ—വിട്ടുപോവുക! തന്റെ അനുരാഗപാത്രത്തോടും രാജ്യത്തോടും പ്രതിജ്ഞയോടും ഒപ്പം തെറ്റു കാണിക്കുക! തന്റെ ഭീരുത്വത്തിനു സ്വരാജ്യസ്നേഹമെന്നു പേരിടുക! പക്ഷേ, അതു വയ്യാ; ആ അന്ധകാരത്തിനുള്ളിൽ അച്ഛന്റെ പ്രേതമുണ്ടെങ്കിൽ, അദ്ദേഹം നിശ്ചയമായും അദ്ദേഹത്തിന്റെ വാളലകുകൊണ്ട് തന്നെ അരയ്ക്കു നല്ല അടിയടിച്ചു വിളിച്ചും പറയും: ”മുൻപോട്ടു പോ, വങ്ക!”

ഇങ്ങനെ ആലോചനകളുടെ പരസ്പരശണ്ഠയിൽ വശംകെട്ട് അയാളുടെ തലകീഴ്പോട്ടു തൂങ്ങി.

പെട്ടെന്ന് അയാൾ തലയുയർത്തി. ഒരുതരം വിശിഷ്ടമായ തിരുത്തൽ അയാളുടെ മനസ്സിലുണ്ടായി. ശവക്കല്ലറയുടെ സാമീപ്യത്തിനു സവിശേഷമായുള്ള ആലോചനാമണ്ഡലത്തിന്റെ ഒരു പരപ്പുകൂടലുണ്ട്; അതുകാരണം മരണത്തോടടുത്തുമുട്ടിയാൽ നോട്ടത്തിനു സൂക്ഷ്മത കൂടുന്നു. അയാൾ ഒരു സമയം ചെന്നു കുടാൻ പോകുന്ന ആ യുദ്ധം അയാളുടെ കണ്ണിനു വ്യസനകരമല്ലാതായി, വിശിഷ്ടതരമായി. ആത്മാവിന്റെ എന്തോ ആഴമറിയാത്ത ഒരന്തഃപ്രേരണയുടെ ഫലമായി തെരുവീഥികളിൽ വെച്ചുള്ള യുദ്ധം അയാളുടെ ആലോചനാദൃഷ്ടിക്കു മുൻപിൽ പെട്ടെന്നൊന്നു രൂപം മാറി. മനോരാജ്യത്തിലെ ആ ലഹളപിടിച്ച ചോദ്യചിഹ്നങ്ങളെല്ലാം വീണ്ടും തിരക്കിക്കേറി; പക്ഷേ, അവ അയാളെ ബുദ്ധിമുട്ടിച്ചില്ല. ഉത്തരം കൊടുക്കാതെ അവയിലൊന്നിനേയും അയാൾ പറഞ്ഞയച്ചില്ല.

നമുക്കു നോക്കുക: അയാളുടെ അച്ഛൻ എന്തിനു ശൂണ്ഠിയെടുക്കുന്നു? രാജ്യകലഹം ധർമ്മത്തിനുള്ള അന്തസ്സുവരെ ഉയർന്നു ചെല്ലുന്ന ഘട്ടങ്ങളില്ലേ? അപ്പോൾ ആരംഭിക്കാൻ പോകുന്ന യുദ്ധത്തിൽ കേർണൽ പൊങ്മേർസിയുടെ മകന്ന് അവമാനകരമാകുന്ന എന്താണുള്ളത്? അത് ഏതെങ്കിലും ഒരു പരിശുദ്ധസ്ഥലത്തെപ്പറ്റിയുള്ളതല്ലാതായി—അതൊരു ദിവ്യകാര്യമായി. രാജ്യം കരയുമായിരിക്കാം; പക്ഷേ, മനുഷ്യസമുദായം വാഴ്ത്തും. അപ്പോൾ രാജ്യം കരയുമെന്നുള്ളത് വാസ്തവമാണോ? ഫ്രാൻസിനു ചോരയൊഴുകുന്നുണ്ട്. പക്ഷേ, സ്വാതന്ത്ര്യം പുഞ്ചിരിക്കൊള്ളുന്നു; സ്വാതന്ത്രത്തിന്റെ പുഞ്ചിരിക്കു മുൻപിൽ ഫ്രാൻസ് അതിന്റെ മുറിവു മറക്കും. എന്നല്ല, കുറേക്കൂടി ഉത്കൃഷ്ടമായ ഒരു നിലയിൽനിന്നു നോക്കുമ്പോൾ, ഞങ്ങളെന്തിനാണ് പൗരയുദ്ധമെന്നു പറയുന്നത്?

പൗരയുദ്ധം—അർത്ഥമെന്ത്? പൗരന്മാരല്ലാത്തവർ തമ്മിൽ യുദ്ധമുണ്ടോ? എല്ലാ മനുഷ്യരും തമ്മിലുള്ള യുദ്ധം സഹോദരന്മാർ തമ്മിലുള്ള യുദ്ധമല്ലേ? ഉദ്ദേശ്യമനുസരിച്ചാണ് യുദ്ധത്തിനു വ്യത്യാസം. മറ്റുള്ളവരുമായി യുദ്ധമെന്നോ പൗരന്മാർ തമ്മിൽ യൂദ്ധമെന്നോ ഒന്നില്ല; ന്യായമായ യുദ്ധം അന്യായമായ യുദ്ധം എന്നു മാത്രമേ ഉള്ളൂ. മഹത്തായ മനുഷ്യസമുദായൈക്യം ശരിപ്പെടുന്നതുവരെ, ഭാവിയുടെ പ്രവൃത്തിയായ— കഴിഞ്ഞതിന്നെതിരായുള്ള തള്ളിക്കയറ്റമായ—പിന്നിൽ തങ്ങിനില്ക്കലായ—യുദ്ധമെങ്കിലും ആവശ്യമായിരിക്കും. ആ യുദ്ധത്തെ നമുക്കധിക്ഷേപിക്കാനെന്താണുള്ളത്? അവകാശത്തെ, അഭിവൃദ്ധിയെ, ആലോചനയെ, പരിഷ്കാരത്തെ, സത്യത്തെ, കൊലപ്പെടുത്താനുപയോഗിക്കുമ്പോഴല്ലാതെ യുദ്ധം ഒരവമാനമാവുകയില്ല— വാൾപ്രയോഗം ഒരവമാനമാവുകയില്ല. അപ്പോൾ, യുദ്ധം, പൌരന്മാർ തമ്മിലുള്ളതായാലും, അന്യന്മാർ തമ്മിലുള്ളതായാലും, അന്യായമാണ്; അതിനു പേർ കുറ്റമെന്നാണ്. ആ പരിശുദ്ധവസ്തുവിന്റെ, നീതിയുടെ, വേലിക്കപ്പുറത്ത് എന്തധികാരത്തിന്മേലാണ് ഒരു മാനുഷരൂപം മറ്റൊന്നിനെ അധിക്ഷേപിക്കുന്നത്? എന്തധികാരത്തിന്മേലാണ് വാഷിങ്ടന്റെ വാൾ കമിൽ ദെ മുലാങ്ങിന്റെ കുന്തത്തെ അധിക്ഷേപിക്കുന്നത്? അപരിചിതനോടെതിർക്കുന്ന ലിയോണിദാസ്, രാജ്യദ്രോഹിയോടെതിർക്കുന്ന തിമോലിയോൺ [1] —ആരാണ് മീതേ? ഒരാൾ രക്ഷപ്പെടുത്തിയ ആൾ, മറ്റെയാൾ സ്വാതന്ത്യം തന്ന ആൾ. ഒരു നഗരക്കോട്ടയുടെ ഉള്ളിൽ വെച്ചുള്ള ആയുധധാരണത്തെയെല്ലാം, അതിന്റെ ഉദ്ദേശ്യത്തെ ആലോചിക്കാതെ, നമുക്കു കുറ്റപ്പെടുത്താൻ പാടുണ്ടോ? എന്നാൽ ബ്രൂട്ടസ്സിന്റേയും മാർസെലിന്റേയും [2] കോലിഞ്ഞിയുടേയും [3] ആക്ഷേപയോഗ്യതയെ വകവെക്കണം. വേലിക്കകത്തെ യുദ്ധം? തെരുവുകളിലെ യുദ്ധം? എന്തുകൊണ്ടു പാടില്ല? അംബീയോരിക്സിന്റെ [4] യുദ്ധം അതായിരുന്നു ആർതിവെൽദിന്റെ [5] യുദ്ധം അതായിരുന്നു, മാർനിക്സിന്റെ [6] യുദ്ധം അതായിരുന്നു. പിലാഗിയുസ്സിന്റെ യുദ്ധം അതായിരുന്നു. പക്ഷേ, അംബിയോരിക്സ് റോമിനു നേരെ യുദ്ധം ചെയ്തു; ആർതിവെൽദ് ഫ്രാൻസിനു നേരെ യുദ്ധം ചെയ്തു; മാർനിക്സ് സ്പെയിനിനു നേരെ യുദ്ധം ചെയ്തു; പിലാഗിയുസ് അറബികളുടെ നേരെ യുദ്ധം ചെയ്തു. എല്ലാവരും അന്യന്മാരുടെ നേരെതന്നെ. അപ്പോൾ, ചക്രവർത്തിഭരണം ഒരന്യനാണ്; പ്രജാപീഡനം ഒരന്യനാണ്; ദൈവികാധികാരം ഒരന്യനാണ്. ഉച്ഛൃംഖലഭരണം നീതിപരമായ അതിർത്തിയെ ആക്രമിക്കുന്നു; ആക്രമണം ഭൂമിശാസ്ത്രസംബന്ധിയായ അതിർത്തിയെ അതിക്രമിക്കുന്നു. രാജ്യദ്രോഹിയെ ആട്ടിയോടിക്കുക, അല്ലെങ്കിൽ ഇംഗ്ലണ്ടുകാരെ ആട്ടിയോടിക്കുക—രണ്ടായാലും ശരി—സ്വന്തം രാജ്യത്തെ വീണ്ടും കൈവശപ്പെടുത്തുകയാണ്. നിഷേധവാദംകൊണ്ടു ഫലമില്ലാതാകുന്ന ഒരു ഘട്ടം വരും; തത്ത്വജ്ഞാനം കഴിഞ്ഞാൽ, പ്രവൃത്തി ആവശ്യമായി; ആലോചന കരടുകുറിപ്പുണ്ടാക്കിയതിനെ ജീവശക്തി അസ്സലെഴുതുന്നു; ചങ്ങലയിൽക്കിടക്കുന്ന പ്രൊമീതിയുസ്സായി ആരംഭിക്കുന്നു, അറിസ്റ്റോഗെയ്ററനായി [7] അവസാനിക്കുന്നു; സർവൃജ്ഞാനനിധിഗ്രന്ഥം ആത്മാക്കൾക്കറിവുണ്ടാക്കുന്നു,ആഗസ്ത് 10-ാംന് ആത്മാക്കളിൽ വിദ്യുച്ഛക്തി വ്യാപരിപ്പിക്കുന്നു. എസ്കിലുസ്സിനുശേഷം ത്രാസിബുലുസ്; [8] ദിദെരോ കഴിഞ്ഞാൽ പിന്നെ ദന്തോങ്. എജമാനനെ കൈക്കൊള്ളാൻ പൊതുജനസംഘങ്ങൾക്ക് ഒരു വാസനയുണ്ട്. അവരുടെ സംഘംകുടൽ നീരസത്തിനു സാക്ഷിത്വം വഹിക്കുന്നു. ഒരാൾക്കൂട്ടത്തെ ഒന്നായി ക്ഷണത്തിൽ കൈവശപ്പെടുത്താം. ആളുകളെ പിടിച്ചിളക്കണം, ഉന്തിത്തള്ളണം, സ്വാതന്ത്യദാനം ചെയ്തുകൊണ്ടുതന്നെ അവരോട് ഒരു പരുക്കൻമട്ടിൽ പെരുമാറണം. സത്യത്തെക്കൊണ്ട് അവരുടെ നോട്ടത്തെ മുറിപ്പെടുത്തണം. ഭയങ്കരമുഷ്ടികളായി വെളിച്ചത്തെ അവരുടെ മേലേക്ക് എറിഞ്ഞുകൊടുക്കണം, അവരുടെ ഭാഗ്യംകൊണ്ട് അവർ കുറച്ചൊന്നു ഞെട്ടിപ്പോവണം; ആ കണ്ണഞ്ചിക്കൽ അവരെ ഉണർത്തും. അതാണ് ആപൽസൂചകമണിയടികളും യുദ്ധങ്ങളും കൂടിയേ കഴിയൂ എന്ന്. മഹാന്മാരായ യുദ്ധഭടന്മാരുണ്ടാവണം; ജനസമുദായത്തെ ധൃഷ്ടതകൊണ്ടു കൺമിഴിപ്പിക്കണം. ദൈവികാവകാശംകൊണ്ടും, ചക്രവർത്തിമാഹാത്മ്യംകൊണ്ടും പ്രബലതകൊണ്ടും മതഭ്രാന്തുകൊണ്ടും ഉത്തരവാദിത്വമില്ലാത്ത അധികാരശക്തികൊണ്ടും, ഏകച്ഛത്രാധിപത്യംകൊണ്ടുമുള്ള അന്ധകാരത്താൽ മൂടപ്പെട്ടുകിടക്കുന്ന ആ വ്യസനകരമായ മനുഷ്യജാതിയെ പിടിച്ചുകുലുക്കണം; ധ്യാനത്തിൽ, അന്ധകാരമടഞ്ഞ അന്തസ്സിൽ, രാത്രിയുടെ വ്യസനകരങ്ങളായ വിജയങ്ങളിൽ, കഥയില്ലാതെ മുങ്ങിയിരിക്കുന്ന ആൾക്കൂട്ടത്തെ പിടിച്ചിളക്കണം. രാജ്യദ്രോഹി പോയ്ച്ചാവട്ടെ! ആരെപ്പറ്റിയാണ് സംസാരിക്കുന്നത്? ലൂയി ഫിലിപ്പിനെ നിങ്ങൾ രാജ്യദ്രോഹി എന്നു വിളിക്കുന്നുവോ? ഇല്ല. പതിനാറാമൻ ലൂയിയെന്നതിൽ ഒട്ടും അധികമില്ല. നല്ല രാജാക്കന്മാർ എന്നു ചരിത്രം വിളിക്കാറുള്ളതരക്കാരാണ് രണ്ടുപേരും; പക്ഷേ, മൂലതത്ത്വങ്ങളെ ഓഹരിയിട്ടുകൂടാ; സത്യത്തിന്റെ ന്യായശാസ്ത്രം ചൊവ്വയിലുള്ളതാണ്; ഉപചാരശീലമില്ലെന്നുള്ളതാണ് സത്യത്തിനുള്ള സവിശേഷത; അപ്പോൾ ഇന്നതിന്നനുവാദമുണ്ട് എന്നൊന്നില്ല; മനുഷ്യാധികാരത്തിലേക്കുള്ള എല്ലാ കയ്യേറ്റങ്ങളും അടക്കണം. പതിനാറാമൻ ലൂയിയിൽ ഒരു ദൈവികാവകാശമുണ്ട്; ലൂയി ഫിലിപ്പിൽ ഒരു ബൂർബോങ് വംശക്കാരനായതുകൊണ്ട് എന്നുള്ളതുണ്ട്; അവകാശത്തെ കൈയടക്കൽ ഏതാണ്ടൊക്കെ രണ്ടുപേരും കാണിക്കുന്നു; സാർവ്വജനീനമായ രാജ്യകലഹത്തെ ഇല്ലാതാക്കാൻ അവരോടു യുദ്ധം വെട്ടുകതന്നെ വേണം; തുടങ്ങിവെക്കേണ്ടത് എന്നും ഫ്രാൻസായതുകൊണ്ട് അതു ചെയ്തേ കഴിയൂ. ഫ്രാൻസിലെ രാജാവു വീണാൽ എവിടെയുള്ള രാജാവും വീണു. ചുരുക്കിപ്പറഞ്ഞാൽ സാമുദായികധർമ്മത്തെ പുനഃസ്ഥാപിക്കുന്നതും, സ്വാതന്ത്ര്യത്തെ വീണ്ടും സിംഹാസനത്തിലിരുത്തുന്നതും,പൊതുജനങ്ങളെ പൊതുജനങ്ങളുടെ കൈയിലേക്കുതന്നെ വീണ്ടുകൊടുക്കുന്നതും, മനുഷ്യന്റെ കൈയിലേക്കു രാജത്വത്തെ വീണ്ടുകൊടുക്കുന്നതും, ചക്രവർത്തികീരിടത്തെ വീണ്ടും ഫ്രാൻസിന്റെ തലയിൽത്തന്നെ ചൂടിക്കുന്നതും, ധർമ്മത്തെയും ന്യായത്തേയും അവയുടെ പരിപൂർണ്ണതയിലേക്കുതന്നെ വീണ്ടും കൊണ്ടുവരുന്നതും, ഓരോരുത്തനേയും അവനവനിലേക്കുതന്നെ വീണ്ടും കൊണ്ടുവന്നു ശത്രുതയുടെ എല്ലാ മുളയേയും അടച്ചുകളയുന്നതും, മഹത്തായ സാർവ്വജനീനമ്രൈതിക്കു മുൻപിൽ രാജത്വം ഉണ്ടാക്കിത്തീർക്കുന്ന തടസ്സത്തെ നശിപ്പിക്കുന്നതും, ഒരിക്കൽക്കൂടി മനുഷ്യജാതിയെ അധികാരത്വത്തിൽ നിലനിർത്തുന്നതുമായ ആ ഒന്നിനെക്കാൾ ഉത്തമമായി മറ്റെന്തുണ്ട്? അപ്പോൾ അതിന്നായുള്ള ഒരു യുദ്ധത്തേക്കാൾ മഹത്തരമായി മറ്റെന്തുണ്ട്? ഈ യുദ്ധങ്ങൾ സമാധാനത്തെ ഉണ്ടാക്കുന്നു. പക്ഷദേദങ്ങളെക്കൊണ്ടും, സവിശേഷാധികാരങ്ങളെക്കൊണ്ടും, അന്ധവിശ്വാസങ്ങളെക്കൊണ്ടും, അസത്യങ്ങളെക്കൊണ്ടും, അപഹരണങ്ങളെക്കൊണ്ടും, അധിക്ഷേപങ്ങളെക്കൊണ്ടും, ആക്രമണങ്ങളെക്കൊണ്ടും, ദുഷ്ടതകളെക്കൊണ്ടും, അന്ധകാരത്തെക്കൊണ്ടുമുള്ള ഒരു വമ്പിച്ച ദുർഗ്ഗം ഇപ്പോഴും ഈ ലോകത്തിൽ അതിന്റെ ദ്വേഷഗോപുരങ്ങളോടുകൂടി ഉയർന്നുനില്ക്കുന്നുണ്ട്. അതിടിച്ചു തകർക്കണം. ഈ കൂറ്റൻ കെട്ടിടത്തെ തവിടാക്കണം. ഓസ്തെർലിത്സ് യുദ്ധത്തിൽ ജയിക്കുന്നതു വിശിഷ്ടമാണ്: ബസ്തീൽ പിടിച്ചെടുക്കുന്നതു മഹത്തരമാണ്.

സ്വന്തംകാര്യത്തിൽ ആരും ഇതു സൂക്ഷിക്കാറില്ല, സർവ്വവ്യാപിത്വംകൊണ്ടുകെട്ടിമറിഞ്ഞ അതിന്റെ അത്ഭുതകരമായ ഏകത്വം കിടക്കുന്നത് അതിലാണ്-ആത്മാവിന് ഏറ്റവും കടന്ന നിലകളിൽക്കൂടിയും ആലോചനചെയ്യുവാനുള്ള ഒരു വിസ്മയാവഹമായ വാസനയുണ്ട്; ഹൃദയം തകർന്ന വികാരാവേഗവും അഗാധമായ നിരാശതയും വ്യസനാകുലങ്ങളായ മനോഗതങ്ങളിലെ മരണവേദനയിൽ വിഷമതകളെ പരാമർശിക്കുകയും പൂർവ്വപക്ഷങ്ങളെപ്പറ്റി വാദപ്രതിവാദം ചെയ്കയും പലപ്പോഴും പതിവുണ്ട്. ന്യായശാസ്ത്രം പിടിച്ചുവലികളോടു കൂടിച്ചേരുകയും ന്യായതന്തു പൊട്ടിപ്പോകാതെ വ്യസനമയമായ ആലോചനയുടെ

കോളേറ്റത്തിനുമീതേ പൊന്തിക്കിടക്കുകയും ചെയ്യുന്നു. ഇതായിരുന്നു മരിയുസ്സിന്റെ മനഃസ്ഥിതി.

വ്യസനത്തോടെയെങ്കിലും ഉറപ്പിച്ചുകൊണ്ടും, എങ്ങോട്ടു തിരിയുമ്പോഴും ശങ്കിച്ചുകൊണ്ടും— ചുരുക്കിപ്പറഞ്ഞാൽ അപ്പോൾ ചെയ്യാൻ പോകുന്നതിനെപ്പറ്റി വിറയോടുകൂടി—ഇങ്ങനെ മനോരാജ്യം വിചാരിക്കുന്നതിനിടയ്ക്ക്, അയാളുടെ നോട്ടം വഴിക്കോട്ടയുടെ ഉള്ളിലേക്ക് അലഞ്ഞുചെന്നു. അവിടെ രാജ്യദ്രോഹികൾ, ഒരു താഴ്‌ന്ന സ്വരത്തിൽ സംസാരിക്കുന്നുണ്ട്; ഉത്കണ്ഠയുടെ അങ്ങേ അറ്റത്തെത്തുമ്പോഴത്തെ ആ അർദ്ധനിശ്ശബ്ദത അവിടെയുണ്ട്. മുകളിൽ, മുന്നാംനിലയുടെ ചെറിയ കിളിവാതില്ക്കൽ, ഒരസാധാരണമട്ടിലുള്ള ശ്രദ്ധയോടുകൂടി നോക്കുകയാണെന്നു തോന്നപ്പെട്ട ഒരാളുള്ളതായി മരിയുസ്സ് കണ്ടു. അതു ല് ക ബുക് കൊല്ലുകയുണ്ടായ ആ വാതില്ക്കാവല്ക്കാരനായിരുന്നു. ചുവട്ടിൽ, പാതവിരികല്ലുകളിൽ കുത്തിനിർത്തിയ ചൂട്ടിന്റെ വെളിച്ചത്ത് ആ തല ഏതാണ്ടുകാണാം. കരുവാളിച്ച്, അനക്കമറ്റ്, എടുത്തുപിടിച്ച തലരോമത്തോടുകൂടി, കണ്ണുകൾ തുറിച്ചുന്തി, വായ തുറന്ന്, ഉത്കണ്ഠയോടുകൂടി നോക്കുന്നതുപോലെ തെരുവിലേക്കു ചാഞ്ഞ ആ തലയേക്കാൾ അത്ഭുതകരമായി ആ ഇരുണ്ടതും അസ്പഷ്ടവുമായ അന്ധകാരത്തിൽ മറ്റൊന്നുമുണ്ടാവാൻ വയ്യാ. ആ മരിച്ചുപോയ മനുഷ്യൻ മരിക്കാൻ പോകുന്നവരെ നോക്കിപ്പരീക്ഷണം ചെയ്കയാണോ എന്നു തോന്നും. ചുകന്ന നൂലുകളായി ആ തലയിൽനിന്നൊലിച്ച ഒരു നീണ്ട ചോരപ്പാട് ജനാലയിൽനിന്ന് ഒന്നാംനിലവരെ എത്തിയിട്ടുണ്ട്; അവിടെവെച്ച് അതു പൊട്ടിപ്പോയി.

കുറിപ്പുകൾ

[1] ഒരു ഗ്രീക്ക് സേനാപതി സിസിലിയെ സ്വതന്ത്രമാക്കി കാർത്തജീനിയക്കാരെ തോല്പിച്ചു.

[2] ഫ്രാൻസിലെ ഒരു രാഷ്ട്രിയനേതാവ് ‘ദുശ്ശീലനായ ഷാർൽ’ എന്ന രാജാവിനാൽ വഞ്ചിക്കപ്പെട്ടു, ഒടുവിൽ ഒരാൾ കുത്തിക്കൊന്നു.

[3] ഒരു ഫ്രഞ്ച് സേനാനായകൻ, ബർത്തലോമിയ ലഹളയിൽവെച്ചു കൊല്ലപ്പെട്ടു.

[4] ക്രി മു 54-ൽ രാജ്യഭരണം ചെയ്തിരുന്ന ഗോളിലെ ഒരു രാജാവ്.

[5] ഫ്രാൻസിലെ ഒരു രാജ്യസ്നേഹി, ഒരു രാജ്യകലഹനേതാവ്.

[6] ഹോളണ്ടിലെ ഒരു രാജ്യസ്നേഹിയും ഗ്രന്ഥകാരനും മതപരിഷ്കാരപ്രവർത്തകനും.

[7] രണ്ടു രാജ്യദ്രോഹികളായ രാജാക്കന്മാരുടെ ഭരണത്തോടു നിഷ്ഫലമായി എതിർത്തുനോക്കിയ ഒരു ആതെൻസുകാരൻ രാജ്യാഭിമാനി.

[8] ഗ്രീസ്സിലെ ഒരു രാജ്യാഭിമാനിയും കപ്പൽസ്സൈന്യാധിപനും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 10; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.