images/hugo-35.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.13.1
കൊടി: ഒന്നാമങ്കം

ഇതേവരെ ഒന്നും ഉണ്ടായിട്ടില്ല. സാങ്മെറിപള്ളിയിൽനിന്നു പത്തു മണിയടിച്ചു ആൻഷൊൽരായും കൊംബ്ഫേരും കൈയിൽ ചെറുതോക്കുമായി വലിയ വഴിക്കോട്ടയുടെ ബഹിർദ്വാരത്തോടടുത്തു ചെന്നിരിപ്പായി. അവർ അന്യോന്യം സംസാരിക്കുന്നില്ല; സൈന്യം വരുന്നതിന്റെ ഏറ്റവും നേർത്തതും ഏറ്റവുമധികം ദൂരത്തു നിന്നുള്ളതുമായ ശബ്ദമെങ്കിലും കേൾക്കുന്നുണ്ടോ എന്നു ചെവികൊടുക്കുകയാണ്.

പെട്ടെന്ന് ആ ഭയങ്കരമായ ശാന്തതയുടെ നടുക്കു റ്യു സാങ്ദെയിനിൽനിന്നുള്ളതെന്നു തോന്നിയ തെളിഞ്ഞതും ആഹ്ലാദപൂർവ്വവും പ്രായം കുറഞ്ഞതുമായ ഒരു ശബ്ദം ഒരു കോഴിയുടെ കൂകലോടുകൂടി അവസാനിക്കുന്ന ഈ കവിതാശകലത്തെ സ്പഷ്ടമായി പാടുന്നതു കേൾക്കാറായി

കണ്ണീരിലാണ്ടു മേ മൂക്കെൻപ്രിയബ്യൂഗോവെ, നീ-

യെനിക്കു ചിലതോതാനയയ്ക്കു പൊല്ലീസുകാരെ-

നീലമാം കുപ്പായവും തൊപ്പിയിൽക്കോഴിക്കുഞ്ഞു-

മുള്ള നിൻ പൊല്ലീസ്സിനെ; നഗരം വന്നെത്തിപ്പോയ്.

അവർ അന്യോന്യം കൈയമർത്തി.

‘അതു ഗവ്രോഷാണ്’, ആൻഷൊൽരാ പറഞ്ഞു.

‘അയാൾ നമുക്കു മുന്നറിവു തരികയാണ്’, കൊംബ്ഫേർ പറഞ്ഞു.

വേഗം കൂടിയ ഒരു പാച്ചിൽ ആ വിജനമായ തെരുവീഥിയെ അസ്വസ്ഥമാക്കി; ഒരു പൊറാട്ടുകാരനെക്കാൾ ചുറുചുറുക്കു കൂടിയ ഒരു സത്വം വണ്ടിയുടെ മുകളിലേക്കു പൊത്തിപ്പിടിച്ചു കയറുന്നത് അവർ കണ്ടു; ഗവ്രോഷ് ശ്വാസംമുട്ടി ഇങ്ങനെ പറഞ്ഞുകൊണ്ടു വഴിക്കോട്ടയിലേക്കു പാഞ്ഞെത്തി: ‘എന്റെ തോക്ക്! അവരതാ!

ആ വഴിക്കോട്ടയിലെങ്ങും ഒരു വിദ്യുച്ഛക്തി പാഞ്ഞു: ആളുകൾ തോക്കെടുക്കുന്ന ശബ്ദം കേൾക്കാറായി.

‘എന്റെ ചെറുതോക്കു മതിയോ?’ ആൻഷൊൽരാ ആ കുട്ടിയോടു ചോദിച്ചു.

‘എനിക്കൊരു വലിയ തോക്കു വേണം,’ ഗവ്രോഷ് മറുപടി പറഞ്ഞു.

അവൻ ഴാവേരുടെ തോക്കെടുത്തു.

രണ്ടു പാറാവുഭടന്മാർ സ്ഥാനത്തുനിന്നു പോന്നു, ഗവ്രോഷിനോടൊരുമിച്ചു തന്നെ എന്നു പറയാം, അവിടെയെത്തി. അവർ തെരുവിന്റെ അറ്റത്തും റ്യൂ ദ് ല് പെതിത് ത്രുവാങ്ദെരിയിലുമുള്ള പാറാവുകാരാണ്. ദെപ്രെഷൂർ ഇടവഴിയിലുള്ള കുതിരപ്പാറാവുകാരൻ അവിടെത്തന്നെ നിന്നു; അപ്പോൾ പാലങ്ങളുടേയും ഹാലിന്റെയും ഭാഗത്തൂടെ ആരും വരുന്നില്ലെന്നർത്ഥം.

കൊടിയിൽത്തട്ടുന്ന വെളിച്ചത്തിന്റെ പ്രതിബിംബത്തിൽ ചില പാതവിരികൾ മാത്രം അസ്പഷ്ടമായിക്കാണാനുള്ള റ്യു ദ് ല ഷങ്വ്വെറി രാജ്യകലഹക്കാരുടെ കണ്ണിന്ന് ഒരു പുകയിലേക്കു തുറന്ന ഒരു വലിയ ഇരുട്ടുവാതിലായി തോന്നി.

ഓരോരുത്തനും യുദ്ധത്തിനുള്ള തനതുനിലയെടുത്തു.

നാല്പത്തിമൂന്നു രാജ്യകലഹക്കാർ—അവരുടെ കൂട്ടത്തിൽ ആൻഷൊൽരായും കൊംബ്ഫേരും കുർഫെരാക്കും ബൊസ്സ്വെയും ഴൊലിയും ബയോരെലും ഗവ്രോഷുമുണ്ട്—വഴിമുടക്കത്തിന്റെ ഒത്ത മുകളോടു തല മുട്ടിച്ചു വെടിപ്പഴുതുകളിലെന്നപോലെ കല്ലിന്മേൽ തോക്കുകളും ചെറുതോക്കുകളും ചൂണ്ടിവെച്ചു, ശ്രദ്ധിച്ചു, മിണ്ടാതെ, വെടിവെക്കാൻ തെയ്യാറായി, വലിയ വഴിക്കോട്ടയുടെ ഉള്ളിൽ നിലയുറപ്പിച്ചിരിക്കുന്നു. ഫെയ്ലിയുടെ നേതൃത്വത്തിൽ ആറുപേർ തോക്കുകളും ചുമലിൽച്ചാരി കൊരിന്തിന്റെ രണ്ടു നിലകളിലേയും ജനാലയ്ക്കൽ നിലവായി.

ഇങ്ങനെ പല നിമിഷങ്ങൾ കഴിഞ്ഞു; ഉടനെ ക്രമമുള്ളവയും കനംകൂടിയവയും സംഖ്യാതീതങ്ങളുമായ കാൽവെപ്പുകളുടെ ഒരു ശബ്ദം സാങ്ലെയുടെ ഭാഗത്തു നിന്നു ശരിക്കു കേട്ടു. ആദ്യത്തിൽ നേർത്തതും, പിന്നീടു സൂക്ഷ്മവും, പിന്നീട് കനം പിടിച്ചതും വമ്പിച്ചതുമായ ആ ശബ്ദം പതുക്കെ, ഇളവില്ലാതെ, ഇടമുറിവില്ലാതെ ശാന്തവും ഭയങ്കരവുമായ ഒരു നിരന്തതയോടുകൂടി അടുത്തെത്തി. ഇതല്ലാതെ മറ്റൊന്നും കേൾക്കാനില്ല, അതു സൈന്യാദ്ധ്യക്ഷപ്രതിമയുടെ ശബ്ദവും നിശ്ശബ്ദതയും കൂടിക്കലർന്നതാണ്; പക്ഷേ, ഈ കനത്ത കാൽവെപ്പിൽ അനിർവചനീയമായ എന്തോ വമ്പിച്ചതും പലമടങ്ങുള്ളതുമായ ഒന്നുണ്ടായിരുന്നു; അത് ഒരാൾക്കൂട്ടത്തിന്റെ വിചാരവും അതോടുകൂടിത്തന്നെ ഒരു പ്രേതത്തിന്റെ വിചാരവും കൂട്ടിയിണക്കി. ഭയങ്കരമായ പ്രതിമാപ്രപഞ്ചത്തിന്റെ മുൻപോട്ടുള്ള വരവാണതെന്ന് ആർക്കും തോന്നിപ്പോവും. ഈ കാൽവെപ്പ് അടുത്തെത്തി; അതു കുറേക്കൂടി അടുത്തു; അവിടെ നിന്നു. തെരുവിന്റെ അറ്റത്തുനിന്ന് അസംഖ്യം പേരുടെ ശ്വാസോച്ചാസശബ്ദം കേൾക്കാനുണ്ടെന്നു തോന്നി. എങ്കിലും യാതൊന്നും കാണുന്നില്ല; പക്ഷേ, ആ നിഗൂഢതയുടെ അടിയിൽനിന്നും സൂചികളെപ്പോലെ കനം കുറഞ്ഞവയും ഏതാണ്ടു കാണാൻ വയ്യാത്തവയുമായ അസംഖ്യം ഉരുക്കു നൂലുകൾ, ഉറക്കത്തിലേക്കാണ്ടുപോകുന്ന സമയത്ത് ഒരു മയക്കത്തിൽ അടഞ്ഞ കൺപോളകളുടെ ഉള്ളിൽ നാം കാണാറുള്ള ആ അനിർവചനീയങ്ങളായ തെളി വലക്കെട്ടുകൾപോലെ, ആടിക്കളിച്ചിരുന്നു. അവ ദൂരത്തുനിന്നുള്ള ചൂട്ടിൻവെളിച്ചം കൊണ്ട് മിന്നുന്ന തോക്കിൻകുന്തങ്ങളും തോക്കിൻചട്ടകളുമായിരുന്നു.

രണ്ടു ഭാഗക്കാരും കാത്തുനിൽക്കുകയാണെന്നപോലെ കുറച്ചിട ഒരു ശബ്ദവുമില്ല. പെട്ടെന്ന് ആ അന്ധകാരത്തിന്റെ അഗാധതയിൽനിന്ന് ഒരു ശബ്ദം—ആരേയും കാണാനില്ലാത്തതുകൊണ്ട് അതു കുറേക്കൂടി ഭയങ്കരമായിരുന്നു; അന്ധകാരം തന്നെയാണ് ആ സംസാരിക്കുന്നതെന്നു തോന്നി—വിളിച്ചുപറഞ്ഞു: ‘ആരാണത്?’

അതോടുകൂടി, തോക്കുകൾ ശരിക്കു ചൂണ്ടിപ്പിടിക്കുന്ന കിടുകിടശബ്ദം കേൾക്കാറായി.

ആൻഷൊൽരാ അഭിമാനമയവും മാറ്റൊലിക്കൊള്ളുന്നതുമായ ഒരൊച്ചയിൽ മറുപടി പറഞ്ഞു:‘ഫ്രഞ്ച് ഭരണപരിവർത്തനം!’

‘വെടി’ ആ ഒച്ച ഉച്ചത്തിൽ ആജ്ഞാപിച്ചു.

പെട്ടെന്നു് ഒരു തീച്ചുളയുടെ വാതിൽ തള്ളിത്തുറക്കുകയും വീണ്ടും കൊട്ടിയടയ്ക്കുകയും ചെയ്തതുപോലെ, ഒരു മിന്നൽവെളിച്ചം തെരുവിന്റെ മുൻഭാഗങ്ങളെയെല്ലാം മിന്നിച്ചു.

ഒരു ഭയങ്കരമായ മുഴക്കം വഴിക്കോട്ടയിൽ വന്നലച്ചു. ചുകന്ന കൊടി വീണു. ആ വെടി അത്രമേൽ ഊക്കോടും ഉഗ്രതയോടും കൂടിയതായിരുന്നതുകൊണ്ട് കൊടിമരം, അതായതു വണ്ടിയുടെ ഏർക്കാലിന്റെ തലപ്പ്, അറ്റുപോയി.

വീടുകളുടെ വളരുകളിൽനിന്നു തട്ടിത്തെറിച്ചു വെടിയുണ്ടകൾ വഴിക്കോട്ടയുടെ ഉള്ളിലേക്കു തുളച്ചുകടന്നു പലരേയും മുറിപ്പെടുത്തി.

ഈ ആദ്യത്തെ വെടികൊണ്ടുണ്ടായ ഫലം ഒരു മരവിക്കലാണ്. ആ ആക്രമണം കടന്നതായിരുന്നു; എത്രവലിയ ധീരന്മാരേയും ഒന്നുനിർത്തിയാലോചിപ്പിക്കുന്നതായിരുന്നു. ചുരുങ്ങിയത് ഒരു സൈന്യവകുപ്പ് മുഴുവനോടുമാണ് അവർക്കു മാറിടേണ്ടിയിരിക്കുന്നതെന്നു വെളിവായി.

കൂട്ടുകാരെ! കുർഫെരാക് വിളിച്ചു പറഞ്ഞു, നമുക്കു നമ്മുടെ വെടിമരുന്നു വെറുതേ കളയാതിരിക്കുക. അവർ തെരുവിലെത്തുന്നതുവരെ നമുക്കു താമസിക്കുക; എന്നിട്ടാവാം നമ്മുടെ മറുപടി.’

‘പിന്നെ, എല്ലാറ്റിനും മുമ്പേ‘ ആൻഷൊൽരാ പറഞ്ഞു,‘നമുക്കു വീണ്ടും കൊടി തൂക്കുക’

അയാൾ കൊടി നോക്കിയെടുത്തു; അതയാളുടെ കാല്ക്കൽത്തന്നെയാണ് വീണിരുന്നത്.

പുറത്തുനിന്നു തോക്കുകളിൽ അച്ചുകോലുകൾ പെരുമാറുന്ന കടകടശബ്ദം കേൾക്കാമായിരുന്നു; പട്ടാളക്കാർ വീണ്ടും തങ്ങളുടെ തോക്കു നിറയ്ക്കുകയാണ്.

ആൻഷൊൽരാ വീണ്ടും തുടങ്ങി:‘ഇവിടെ മനക്കരുത്തുള്ള ആൾ ആരുണ്ട്? വഴിക്കോട്ടയിൽ വീണ്ടും ആർ കൊടി നാട്ടും?’

ആരും മറുപടി പറഞ്ഞില്ല. രണ്ടാമതും പട്ടാളക്കാർ വെടിക്കുന്നംവെയ്ക്കുന്ന വഴിക്കോട്ടയുടെ മുകളിലേക്ക് ആ സമയത്തു കയറിച്ചെല്ലുന്നതു ചാവുകതന്നെയാണ്. അവനവന്റെ മരണശിക്ഷ വിധിക്കുവാൻ എത്രവലിയ ധീരനും ശങ്കിച്ചു ആൻഷൊൽരായ്ക്കുതന്നെ ഒരു കൂസൽ തോന്നി. അയാൾ ആവർത്തിച്ചു:‘ആരും പുറപ്പെടുന്നില്ല?’

4.13.2
കൊടി; രണ്ടാമങ്കം

അവർ കൊരിന്തിലെത്തി, വഴിക്കോട്ടയുടെ പണിയാരംഭിച്ചതു മുതൽ ഫാദർ മബേയെപ്പറ്റി ആരും ആലോചിച്ചിട്ടില്ല. എന്തായാലും മൊസ്യു മബേ പുരുഷാരത്തെ വിട്ടുപോയിരുന്നില്ല, അയാൾ വീഞ്ഞുകടയുടെ താഴത്തെ നിലയിൽക്കടന്നു പണത്തട്ടിലിരിപ്പായി. അവിടെ അയാൾ അയാളിലേക്കുതന്നെ തിരിച്ചെത്തി എന്നു പറയട്ടെ. അയാൾ നോക്കുകയോ വിചാരിക്കുകയോ ചെയ്യാതായി. കുർഫെരാക്കും മറ്റു ചിലരും രണ്ടോ മൂന്നോ തവണ അയാളെച്ചെന്നു വിളിച്ചു. വരാൻ പോകുന്ന ആപത്തിനെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും അവിടെനിന്നു തിരിച്ചു പോകാൻ അപേക്ഷിക്കുകയും ചെയ്തു; പക്ഷേ, അയാൾ അതൊന്നും കേട്ടില്ല. അവർ സംസാരിക്കാതിരിക്കുമ്പോൾ ആരോടോ മറുപടി പറകയാണെന്ന പോലെ അയാൾ ചുണ്ടനക്കും; ആരെങ്കിലും അയാളോടു സംസാരിക്കാൻ തുടങ്ങിയാൽ ഉടനേ അയാളുടെ ചുണ്ടുകൾ ഇളകാതാവും; കണ്ണുകൾക്കു, ജീവനുള്ളാളുടേതെന്ന നിലയില്ലാതായി.

വഴിക്കോട്ട ആക്രമിക്കപ്പെടുന്നതിനു വളരെ മുൻപുതന്നെ അയാൾ ഒരു നിലയിൽ ഇരിപ്പായിട്ടുണ്ട്; അതിനു പിന്നെ മാറ്റമുണ്ടായിട്ടില്ല—രണ്ടു കൈമുഷ്ടികളും കാൽമുട്ടുകളിൽ ഉറപ്പിച്ചൂന്നി, ഒരഗാധകുണ്ഡത്തിലേക്കു സൂക്ഷിച്ചുനോക്കുകയാണെന്നു തോന്നുമാറു തല മുൻപോട്ടു നീട്ടിപ്പിടിച്ച്, അയാൾ ആ ഇരിപ്പിരുന്നു. ഈ ഇരിപ്പിൽനിന്ന് അയാളെ ഇളക്കിവിടാൻ യാതൊന്നിനെക്കൊണ്ടും കഴിഞ്ഞില്ല; അയാളുടെ മനസ്സു വഴിക്കോട്ടയിലാണെന്നും തോന്നിയില്ല. എല്ലാവരും ഓരോരുത്തനായി യുദ്ധത്തിനുള്ള ചുവടുറപ്പിക്കുവാനായി അങ്ങോട്ടുമിങ്ങോട്ടും പോയപ്പോൾ ഴാവേറെ കെട്ടിയിട്ടിട്ടുള്ള കുടിമുറിയിൽ ഴാവേറെയും തന്നത്തന്നെയും നോക്കിക്കൊണ്ട് ഉറയൂരിയ വാളോടുകൂടി രാജ്യകലഹക്കാരിൽ ഒരാൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു— മൊസ്യു മബേ, വെടിപൊട്ടിയ സമയത്ത്, ആ മുഴക്കത്തിൽ, അയാളിലും ആ ഒച്ച ചെന്നലച്ചു; അയാളെ ഉണർത്തി; അയാൾ പെട്ടെന്നു ഞെട്ടിയെണീറ്റു, മുറിയിൽനിന്നു കടന്നു; ആൻഷൊൽരാ ‘ആരും പുറപ്പെടുന്നില്ല?’ എന്നാവർത്തിച്ച സമയത്ത് ആ കിഴവൻ വീഞ്ഞുകടയുടെ പുറത്തെത്തിച്ചേർന്നു അയാളുടെ വരവ് എല്ലാവരുടേയും ഇടയിൽ ഒരു സംഭ്രമമുണ്ടാക്കി. ഒരാർപ്പുവിളിപൊന്തി: ‘അതു സമ്മദിദാനാധികാരിയാണ്!’ അതു മഹായോഗത്തിലെ ഒരംഗമാണ്! അതു പൊതുജനങ്ങളുടെ പ്രതിനിധിയാണ്.

ഇതൊന്നും പക്ഷേ, അയാൾ കേട്ടില്ല.

അയാൾ നേരെ ആൻഷൊൽരായുടെ മുൻപിലേക്കു ചെന്നു; രാജ്യകലഹക്കാർ ഒരു മതസംബന്ധിയായ ഭയപ്പാടോടുകൂടെ ആ മനുഷ്യന്റെ മുൻപിൽ പിൻവാങ്ങി; അയാൾ ആൻഷൊൽരായുടെ കൈയിൽനിന്നു കൊടി പിടിച്ചെടുത്തു—ആൻഷൊൽരാ അമ്പരപ്പിച്ചുകൊണ്ടു പിന്നോക്കം വാങ്ങി; എന്നിട്ട് ഒരാൾക്കും അയാളെ തടയാനോ സഹായിക്കാനോ ധൈര്യമില്ലാതിരിക്കേ, ആ എൺപതു വയസ്സു ചെന്ന കിഴവൻ, ഇളകുന്ന തലയോടുകൂടിയെങ്കിലും ഉറച്ച കാൽവെപ്പോടുകൂടി, വഴിക്കോട്ടയിൽ അടുക്കിവെച്ചിട്ടുള്ള പാതവിരികല്ലുകൊണ്ടുള്ള കോണി പതുക്കെ കയറുകയായി. ഇത് അത്രയും വ്യസനകരവും അത്രയും വിശിഷ്ടതരവുമായിരുന്നതുകൊണ്ടു ചുറ്റുമുള്ള ആളുകൾ ഉച്ചത്തിൽ പറഞ്ഞുപോയി: ‘തൊപ്പിയെടുക്കുവിൻ!’ ഓരോ ഒതുക്കുകയറലും ഒരത്ഭുതക്കാഴ്ചയായി അയാളുടെ നരച്ച തലമുടിയും, ചുക്കിച്ചുളിഞ്ഞ മുഖവും, പരന്നു കഷണ്ടി കയറി ചാലു വീണ നെറ്റിയും അമ്പരന്നു തുറന്ന വായയും, ചുകന്ന കൊടി ഉയർത്തിപ്പിടിച്ച കിഴവൻ കൈയും ആ അന്ധകാരത്തിൽ പൊന്തിവന്നു, ചൂട്ടിന്റെ നാശംപിടിച്ച വെളിച്ചത്തു വലുപ്പംവെച്ചു കാണപ്പെട്ടു. 1793-ന്റെ പ്രേതം കൈയിൽ കൊടുംഭയമാകുന്ന കൊടിയോടുകൂടി ഭൂമിയിൽനിന്നു പൊന്തിവന്നതാണെന്നു കാണികൾക്കു തോന്നിപ്പോയി

അയാൾ മുകളിലെ പടിയിലെത്തിയപ്പോൾ, ഈ വിറയ്ക്കുന്നതും ഭയങ്കരവുമായ പ്രേതം അദൃശ്യങ്ങളായ ആയിരത്തിരുനൂറു തോക്കുകൾക്കു മുൻപിലുള്ള ആ കുപ്പക്കുന്നിനു മുകളിൽ, മരണത്തിന്റെ മുൻപിൽ, താൻ അതിനെക്കാൾ മീതെയാണെന്നപ്പോലെ ശരിക്കു നിവർന്നു നിന്നപ്പോൾ, ആ വഴിക്കോട്ട മുഴുവനും ആ അന്ധകാരത്തിനിടയിൽ അലൗകികവും അത്യുന്നതവുമായ ഒരു രൂപം വഹിച്ചു.

ഉടനെ അസാധാരണതകളുടെ സന്നിധിയിൽ മാത്രമുണ്ടാകുന്ന നിശ്ശബ്ദതകളിൽ ഒന്ന് അവിടെ ആവിർഭവിച്ചു. ആ നിശ്ശബ്ദതയ്ക്കിടയിൽ കിഴവൻ ചുകപ്പു കൊടിയിളക്കി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.‘ഭരണപരിവർത്തനം ജയിക്കട്ടെ! പ്രജാധിപത്യം വിജയിക്കട്ടെ! സാഹോദര്യം സമത്വം! മരണം!’

വേഗത്തിൽ ഈശ്വരപാർത്ഥന ചൊല്ലിക്കഴിക്കുന്ന ഒരു മതാചാര്യന്റെ മന്ത്രിക്കൽപോലെ, താഴ്‌ന്നതും വേഗമേറിയതുമായ ഒരു ചെറുശബ്ദം വഴിക്കോട്ടയിലുള്ളവർ കേട്ടു. അതു, പക്ഷേ, തെരുവിന്റെ അങ്ങേ അറ്റത്തുനിന്നു പൊല്ലീസധ്യക്ഷൻ രാജാജ്ഞ കൊടുക്കുന്നതായിരിക്കും.

ഉടനെ‘ആരാണത്?’ എന്നു ചോദിക്കുകയുണ്ടായ അതേ തുളഞ്ഞുകയറുന്ന ശബ്ദം തന്നെ വിളിച്ചുപറഞ്ഞു: ‘പിൻമാറുക!’

വിളർത്തു, വികൃതമട്ടിൽ, ചിത്തഭ്രമത്തിന്റെ വ്യസനകരമായ വെളിച്ചംകൊണ്ടു മിന്നിയ കണ്ണുകളോടുകൂടി മൊസ്സ്യു മബേ തലയ്ക്കു മീതേ കൊടിയുയർത്തി ആവർത്തിച്ചു:‘ഭരണപരിവർത്തനം ജയിക്കട്ടെ!’

‘വെടി!’ ആ ശബ്ദം പറഞ്ഞു.

ആദ്യത്തേതുപോലെതന്നെയുള്ള രണ്ടാമത്തെ ഒരു കൂട്ടവെടി വഴിക്കോട്ടയുടെ മേൽ ചൊരിയപ്പെട്ടു.

ആ വയസ്സൻ മുട്ടുകുത്തി വീണു, വീണ്ടും എഴുന്നേറ്റു, കൊടി താഴത്തിട്ടു, പാതവിരിയിലേക്ക്, ഒരു മരമുട്ടിപോലെ, കൈയും നീട്ടി പിന്നോക്കം മലർന്നുവിണു.

അയാളുടെ ചുവട്ടിൽ ചോരപ്പുഴയൊഴുകി. വിളർത്തു വ്യസനമയമായിരുന്ന അയാളുടെ വൃദ്ധശിരസ്സ് ആകാശത്തേക്കു സൂക്ഷിച്ചുനോക്കുകയാണെന്നു തോന്നി.

മനുഷ്യനിൽനിന്നു മീതെയുള്ള മനുഷ്യനെക്കൊണ്ടു തന്നത്താൻ വിസ്മരിപ്പിക്കുന്ന മനോവികാരങ്ങളിലൊന്നു രാജ്യകലഹക്കാരെ ബാധിച്ചു; അവർ ബഹുമാനമയമായ ശങ്കയോടുകൂടി ആ ശവത്തിന്റെ അടുത്തു ചെന്നു.

‘ഈ രാജഹന്താക്കൾ എന്തൊരു കൂട്ടരായിരുന്നു!’ ആൻഷൊൽരാ പറഞ്ഞു.

കുർഫെരാക് ആൻഷൊൽരായുടെ ചെകിട്ടിൽ മന്ത്രിച്ചു: ‘ഇതു നിങ്ങളോടു മാത്രമാണ്; ഉത്സാഹത്തെ അമർത്തണമെന്ന് എനിക്കാവശ്യമില്ല. പക്ഷേ, ഈ മനുഷ്യൻ മറ്റാരായാലും രാജഹന്താവല്ല. ഞാനറിയും ഈയാളെ. ഈയാളുടെ പേർ മൊസ്യു മബേ എന്നാണ്; ഇന്ന് അയാൾക്കെന്തു പിണഞ്ഞുപോയി എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ, അയാൾ ഒരുശിരൻവങ്കനാണ്. അയാളുടെ തല നോക്കൂ.’

‘ഒരു വങ്കന്റെ തലയും ഒരു ബ്രൂട്ടസ്സിന്റെ ഹൃദയവും.’ ആൻഷൊൽരാ പറഞ്ഞു.

ഉടനെ അയാൾ കുറച്ചുച്ചത്തിൽ പറഞ്ഞു:‘പൌരന്മാരേ! ഇതാണ് വൃദ്ധന്മാർ ചെറുപ്പക്കാർക്കു തരുന്ന പാഠം. നമ്മൾ ശങ്കിച്ചു, അദ്ദേഹം വന്നു. നമ്മൾ പിന്നോക്കം വെച്ചു. അദ്ദേഹം മുൻപോട്ടു നടന്നു! ഇതാണ് പ്രായാധിക്യംകൊണ്ടു വിറയ്ക്കുന്നവർ ഭയംകൊണ്ടു വിറയ്ക്കുന്നവരെ പഠിപ്പിക്കുന്നത്; ഈ വയസ്സൻ തന്റെ രാജ്യത്തിന്റെ കണ്ണിൽ വിശിഷ്ടനാണ്. അദ്ദേഹം വളരെക്കാലം ജീവിച്ചിരുന്നു, അന്തസ്സോടുകൂടി മരിച്ചു! ഇനി നമുക്കു ശവത്തെ മൂടിയിടുക; ജീവിച്ചിരിക്കുന്ന സ്വന്തം അച്ഛനെ എന്നപോലെ; നമുക്കേരോരുത്തന്നും മരിച്ചുപോയ ഈ വൃദ്ധനെ രക്ഷിക്കുക! ഇദ്ദേഹത്തിന്റെ സാന്നിധ്യം നമ്മുടെ വഴിക്കോട്ടയെ അനുല്ലംഘ്യമാക്കി നിർത്തട്ടെ!’

വ്യസനത്തോടും ഉത്സാഹത്തോടും കൂടിയ അനുമതിദ്യോതകമായ ഒരു മന്ത്രിക്കൽ ഈ വാക്കുകളെ തുടർന്നു.

ആൻഷൊൽരാ കുനിഞ്ഞു, വയസ്സന്റെ തല പൊന്തിച്ചു, നിഷ്ഠുരശീലനെങ്കിലും അയാൾ ആ നെറ്റിത്തടത്തെ ചുംബിച്ചു; എന്നിട്ട് ആ വൃദ്ധന്റെ ശവത്തിൽ നിന്ന്, അതിനു വേദനയായെങ്കിലോ എന്നു തോന്നിയിട്ടെന്നപോലെ, സനേഹപൂർവ്വമായ മുൻകരുതലോടുകൂടി പെരുമാറിക്കൊണ്ട് അതിന്റെ പുറംകുപ്പായം അഴിച്ചെടുത്തു; അതിലുള്ള ചോരയാണ്ട ദ്വാരങ്ങളെ എല്ലാവർക്കും കാണിച്ചു കൊടുത്തു പറഞ്ഞു:‘ഇതാണ് ഇനി നമ്മുടെ കൊടി.

4.13.3
ഗവ്രോഷിന് ആൻഷൊൽരായുടെ ചെറുതോക്കു വാങ്ങുകയായിരുന്നു ഭേദം

യുഷെലുവിധവയുടെ ഒരു കറുത്തു നീണ്ട സാൽവ അവർ ഫാദർ മബേയുടെ മേലിട്ടു. ആറുപേർ തങ്ങളുടെ തോക്കുകളെ ഒരു പല്ലക്കാക്കി; അതിയേൽ അവർ ആ ശവം കിടത്തി; തലയിൽ തൊപ്പി വെയ്ക്കാതെ, ഭക്തിപൂർവൃമായ മന്ദതയോടുകൂടി, അതെടുത്തു കുടിമുറിയിലെ വലിയ മേശമേൽ കൊണ്ടു കിടത്തി.

ആ സഗൗരവവും പരിശുദ്ധവുമായ പ്രവൃത്തിയിലേർപ്പെട്ടിരുന്ന അവർ തങ്ങളുടെ അപായകരസ്ഥിതിയെപ്പറ്റി ആലോചിച്ചതേ ഇല്ല.

ശവം ഴാവേരുടെ അടുക്കലൂടെ കൊണ്ടുപോകുമ്പോൾ—അയാൾ അപ്പോഴും അനങ്ങാതെ നില്ക്കുകയാണു്— ആൻഷൊൽരാ ആ ഒറ്റുകാരനോടു പറഞ്ഞു ‘നിങ്ങളുടെ ഊഴമാവും ഉടനെ!’

ഈ സമയത്തെല്ലാം ഗവ്രോഷ്കുട്ടി—അവൻ മാത്രം തന്റെ സ്ഥാനത്തുനിന്നു വിടുകയുണ്ടായിട്ടില്ല—ചില ആളുകൾ വഴിക്കോട്ടയിലേക്ക് ഉപായത്തിൽ കടന്നുവരുന്നത് കണ്ടു എന്നാലോചിക്കുകയായിരുന്നു. പെട്ടെന്ന് അവൻ കുക്കിപ്പറഞ്ഞു: ‘അങ്ങോട്ടു നോക്കൂ!’

കുർഫെരാക്കും ആൻഷൊൽരായും ഴാങ്പ്രുവേരും കൊംബ്ഫേരും ഴൊലിയും ബയോരെലും ബൊസ്സ്വെയും മറ്റു സകലരും ലഹളയായി വീഞ്ഞുകടയിൽനിന്നു പറഞ്ഞു. കുറച്ചു വൈകിപ്പോയി, മിന്നുന്ന തോക്കിൻകുന്തങ്ങളുടെ ഒരു കൂട്ടം വഴിക്കോട്ടയ്ക്കു മുകളിൽ ഓളം തള്ളുന്നത് അവർ കണ്ടു. ഉയരംകൂടിയ രാഷ്ട്രീയ രക്ഷിഭടന്മാർ അകത്തേക്കു വരികയാണ്; ചിലർ വണ്ടിയുടെ മുകളിലൂടെ കടക്കുന്നുണ്ട്; മറ്റു ചിലർ തെരുവുവണ്ടിയുടെ ഒരു ഭാഗത്തേക്കു നീക്കി, പ്രവേശദ്വാരത്തിലൂടെ കടക്കുന്നു, അവൻ പിൻമാറി, പക്ഷേ, പാഞ്ഞില്ല.

അതൊരു വല്ലാത്ത ഘട്ടമായി. പുഴവെള്ളം ചിറയുടെ ഒപ്പമെത്തുകയും ചിറക്കെട്ടിന്റെ വിള്ളലുകളിലൂടെ വെള്ളം ഇറ്റിറ്റു കടക്കുവാൻ തുടങ്ങുകയും ചെയ്യുന്ന വെള്ളപ്പൊക്കത്തിന്റെ ആ ആദ്യത്തെ ഭയങ്കരഘട്ടമായിരുന്നു അത്. ഒരു നിമിഷം കൂടി കഴിഞ്ഞാൽ തീർന്നു, വഴിക്കോട്ട പിടിച്ചു.

അകത്തേക്കു കടക്കുന്ന ഒന്നാമത്തെ രക്ഷിഭടന്റെ നേർക്കു ബയോരെൽ പാഞ്ഞുകേറി; തോക്കുകൊണ്ടുള്ള ഒരൊറ്റയടികൊണ്ട് ആ മനുഷ്യന്റെ കഥ കഴിച്ചു, ഉടനെ രണ്ടാമത്തെ ഭടൻ തോക്കിൻകുന്തംകൊണ്ട് ഒരു കുത്തു കുത്തി ബയോരെലിനേയും അവിടെവെച്ചു തീർത്തു. ‘പോരുവിൻ പിന്നാലെ’ എന്നും വിളിച്ചു പറഞ്ഞു ചെല്ലുന്ന കുർഫെരാക്കിനെ മറ്റൊരു ഭടൻ തള്ളിയിട്ടു. കൂട്ടത്തിൽ വെച്ചു പടുകൂറ്റൻ ഗവ്രോഷിന്റെ നേർക്കു കുന്തവും ചൂണ്ടിയടുത്തു. തെരുവുതെണ്ടി ഴാവേരുടെ പോത്തൻതോക്കെടുത്ത് ആ മനുഷ്യന്റെ നേരെ ചൂണ്ടി, കൊത്തികൊത്തിച്ചു. ഒച്ചയുണ്ടായില്ല. ഴാവേരുടെ തോക്കു നിറച്ചിട്ടില്ലായിരുന്നു, രക്ഷിഭടൻ ഒരു ചിരി ചിരിച്ചു, കുട്ടിയുടെ നേരെ കുന്തമോങ്ങി.

തോക്കിൻകുന്തം ഗവ്രോഷിനെ തൊട്ടു എന്നാകുമ്പോഴേക്കു, തോക്കു പട്ടാളക്കാരന്റെ പിടിയിൽനിന്നു താഴെ വീണു; ഒരുണ്ട നെറ്റിക്കു നടുവിൽ വന്നുകൊണ്ട് ആ രാഷ്ട്രീയരക്ഷിഭടൻ നിലത്തു മലർന്നുവീണു. കുർഫെരാക്കിന്റെ മാറത്തേക്ക് ഉന്നംവെച്ച മറ്റൊരു ഭടനിൽ രണ്ടാമതൊരുണ്ടയും ചെന്നുകൊണ്ടു; അയാളും നിലത്തു മറിഞ്ഞു.

ഇത് മരിയുസ്സിന്റെ പണിയായിരുന്നു: അയാൾ അപ്പോൾ വഴിക്കോട്ടയിൽ എത്തിയതേ ഉള്ളൂ.

4.13.4
മരുന്നുപീപ്പ

അപ്പോഴും റ്യു മൊങ്ദെതൂറിലെ തിരിവിൽ മറഞ്ഞിരുന്ന മരിയുസ് വിറച്ചുകൊണ്ടും ശങ്കിച്ചുകൊണ്ടും യുദ്ധത്തിന്റെ ആദ്യത്തെ ചുവടുമാറ്റം കണ്ടു. പക്ഷേ, അഗാധതയിൽനിന്നുള്ള ആജ്ഞ എന്നു പറയാവുന്ന ആ നിഗൂഢവും വിശിഷ്ടവുമായ തലചുറ്റലിനോട് എതിർത്തുനില്ക്കുവാൻ അയാൾക്ക് അധികനേരം കഴിഞ്ഞില്ല ആ എന്തെന്നില്ലാത്ത അപകടസ്ഥിതിയുടെ മുൻപിൽ—മൊസ്യു മബേയുടെ മരണത്തിന്, ആ വ്യസനകരമായ കടംകഥയ്ക്കു, മുൻപിൽ—ബയോരെൽ കൊല്ലപ്പെടുകയും‘പോരുവിൻ പിന്നാലെ’ എന്നു കുർഫെരാക് വിളിച്ചുപറയുകയും ആ കുട്ടിയെ കൊല്ലാൻ നോക്കുകയും സുഹൃത്തുക്കളെ സഹായിക്കേണ്ടിവരികയും അല്ലെങ്കിൽ അവർക്കു പകരം വീട്ടേണ്ടിവരികയും ചെയ്ക എന്നതിനു മുൻപിൽ—എല്ലാ ശങ്കയും നീങ്ങി; അയാൾ കൈയിൽ തന്റെ രണ്ടു കൈത്തോക്കുകളുമായി നേരെ യുദ്ധക്കളത്തിലേക്കു പാഞ്ഞുകയറി. ഒന്നാമത്തെ വെടികൊണ്ട് അയാൾ ഗവ്രോഷിനെ രക്ഷിച്ചു; രണ്ടാമത്തതുകൊണ്ട് കുർഫെരാക്കിനെയും രക്ഷപ്പെടുത്തി.

വെടിയൊച്ചകൾക്കിടയിൽ, എതിർക്കപ്പെട്ട പട്ടാളക്കാരുടെ ആർപ്പുവിളികൾക്കിടയിൽ, എതിരാളികൾ കോട്ടയിലേക്കു കയറി; അതിന്റെ ഒത്ത മുകളിൽ നഗര രക്ഷിഭടന്മാരും രാഷ്ട്രീയരക്ഷിഭടന്മാരും പട്ടാളക്കാരും കൈയിൽ തോക്കുകളോടുകൂടി ശരീരദൈർഘ്യത്തിന്റെ പകുതിവരെ കുനിഞ്ഞു നില്ക്കുന്നതു കാണാറായി.

അവർ വഴിക്കോട്ടയുടെ നീളത്തിൽ മൂന്നിൽ രണ്ടു ഭാഗവും എത്തിയിട്ടുണ്ട്, പക്ഷേ, വല്ല കെണിയുമുണ്ടോ എന്നു ശങ്കിച്ചിട്ടെന്നപോലെ, കീഴ്പോട്ടു ചാടുന്നില്ല ഒരു സിംഹത്തിന്റെ ഗുഹയിലേക്കെന്നപോലെ, അവർ ആ ഉരുണ്ട വഴിക്കോട്ടയിലേക്കു നോക്കുന്നുണ്ട്. ചൂട്ടിന്റെ വെളിച്ചം അവരുടെ തോക്കിൻകുന്തങ്ങളേയും കരടിത്തോൽത്തൊപ്പികളേയും അസ്വസ്ഥങ്ങളും അതിക്രുദ്ധങ്ങളുമായ മുഖങ്ങളുടെ മുകൾബ്ഭാഗത്തേയും മാത്രമേ തെളിയിക്കുന്നുള്ളു.

മരിയുസ്സിന്ന് ആയുധമില്ലാതായി; പൊട്ടിച്ചുകഴിഞ്ഞതോടുകൂടി രണ്ടു കൈത്തോക്കും അയാൾ വലിച്ചെറിഞ്ഞു; പക്ഷേ, വാതിലിന്നടുത്തു കുടിമുറിയിൽ മരുന്നുപീപ്പ കിടക്കുന്നത് അയാൾ കണ്ടു.

അയാൾ പകുതി പിന്നോക്കം തിരിഞ്ഞ് അങ്ങോട്ടു സൂക്ഷിച്ചുനോക്കുന്ന സമയത്ത് ഒരു ഭടൻ അയാളുടെ നേരെ ഉന്നംവെച്ചു. മരിയുസ്സിനെ ചൂണ്ടി എന്നായപ്പോഴേക്ക് ആ പട്ടാളക്കാരന്റെ തോക്കിൻവായിൽ ആരോ പൊത്തിപ്പിടിച്ചു. ഇത് അപ്പോൾത്തന്നെ മുൻപോട്ടു കടന്നുവന്ന ഒരാളുടെ—പട്ടുകാലുറയോടുകൂടിയ ആ ചെറുപ്പക്കാരൻ കൂലിക്കാരന്റെ—പണിയായിരുന്നു. വെടിയുണ്ട പാഞ്ഞു കൈ തുളഞ്ഞുകടന്ന് ആ കൂലിക്കാരന്റെ മേൽത്തന്നെ പക്ഷേ, കൊണ്ടിരിക്കണം; എന്തുകൊണ്ടെന്നാൽ അയാൾ വീണുപോയി; എങ്കിലും മരിയുസ്സിനു വെടി കൊണ്ടില്ല വെടിപ്പുകയുടെ ഉള്ളിലൂടെ ഊഹിക്കാമെന്നല്ലാതെ കാണാൻ നിവൃത്തിയില്ലാതിരുന്ന ഇതൊന്നുംതന്നെ കുടിമുറിയിലേക്കു കടക്കുകയായിരുന്ന മരിയുസ് സൂക്ഷിച്ചില്ല. എങ്കിലും തന്റെ നേരെ തോക്കു ചൂണ്ടപ്പെട്ടതും ഒരു കൈ അതിന്റെ വായ മൂടിയതും വെടി പൊട്ടിയതും അയാൾ കണ്ടില്ലെന്നില്ല. പക്ഷേ, ഈവക സന്ദർഭങ്ങളിൽ ആളുകൾ കാണുന്നതൊന്നും, ചാഞ്ചാടിക്കൊണ്ട് ഉപായത്തിൽ മാഞ്ഞുപോകയല്ലാതെ, ആലോചനയിലേക്കു കടക്കുക പതിവില്ല. അതിലും വലിയ അന്ധകാരത്തിലേക്ക് നിഗൂഢമായി വലിക്കപ്പെടുന്നതുപോലെ തോന്നിപ്പോകുന്നു; ഭാഗത്തും മൂടൽ.

‘അമ്പരന്നുപോയ—പേടിക്കുകയല്ല—രാജ്യകലഹക്കാർ ഒത്തുചേർന്നു. ആൻഷൊൽരാ ഉറക്കെപ്പറഞ്ഞു: വരട്ടെ! വെറുതേ വെടിവെച്ചുകളയരുത്! ആദ്യത്തെ അമ്പരപ്പിൽ അവർ വാസ്തവത്തിൽ താന്താങ്ങളെത്തന്നെ മുറിപ്പെടുത്തി എന്നുവന്നേക്കും. അധികംപേരും മുകൾനിലയിലെ ജനാലകളുടേയും തട്ടിൻപുറത്തുള്ള കിളിവാതിലുകളുടേയും അടുക്കലേക്കു പാഞ്ഞു; അവിടെ നിന്നാൽ അവർക്ക് എതിരാളികളെ നല്ലവണ്ണം കാണാം.

ഏറ്റവും ഉൾക്കരുത്തുള്ളവർ, ആൻഷൊൽരായോടും കുർഫെരാക്കോടും ഴാങ്പ്രവേരോടും കൊംബ്ഫെരോടും കൂടി, വീടുകളിലേക്കു പുറംതിരിഞ്ഞു, യാതൊരു രക്ഷയുമില്ലാതെ, വഴിക്കോട്ടയുടെ മുകളിൽ കയറി നില്ക്കുന്ന പട്ടാളക്കാരുടെയും രക്ഷിഭടന്മാരുടേയും നേർക്ക് മാറുകാട്ടിക്കൊണ്ടു നിലവായി.

ഇതൊക്കെ യാതൊരു ബദ്ധപ്പാടും കൂടാതെ, യുദ്ധം തുടങ്ങുന്നതിനു മുൻപിലത്തെ അത്ഭുതകരവും ഭയങ്കരവുമായ ഗൌരവത്തോടുകൂടിയാണ് ചെയ്തത്. അവിടെയുള്ളവർ അങ്ങോട്ടുമിങ്ങോട്ടും രണ്ടു പങ്കിലേക്കും ശരിക്കുന്നം വെച്ചു; ഒട്ടും ഒച്ച പൊന്തിക്കാതെ അന്യോന്യം സംസാരിക്കാം എന്ന വിധം അത്രയും അടുത്തായിരുന്നു അവർ.

തീപ്പൊരി പൊട്ടിത്തെറിക്കുക എന്നായ ഈ ഘട്ടത്തിൽ കണ്ഠരക്ഷയുള്ള ഒരു ഭടൻ വാൾ നീട്ടിപ്പറഞ്ഞു; ‘ആയുധം വെയ്ക്കുവിൻ!’

‘വെടി! ആൻഷൊൽരാ മറുപടി പറഞ്ഞു. രണ്ടു കൂട്ടവെടിയും ഒപ്പം പൊട്ടി; എല്ലാംകൂടി ഒരു പുക.

മരിക്കുന്നവരും മുറിപ്പെട്ടവരും നേരിയ ഞരക്കത്തോടുകൂടി കിടന്നുഴയ്ക്കുന്ന നിഷ്ഠുരവും, ശ്വാസംമുട്ടിക്കുന്നതുമായ ഒരു പുക. പുക നീങ്ങിയപ്പോൾ, രണ്ടു ഭാഗത്തുള്ള ആൾസ്സംഘം ചെറുതായിരിക്കുന്നു; പക്ഷേ, ഉള്ളവർ, ആ നിന്നനിലയിൽത്തന്നെ, നിശ്ശബ്ദമായി വീണ്ടും തോക്കു നിറയ്ക്കുകയാണ്. പെട്ടെന്ന് ഇടിമുഴക്കം പോലെയുള്ള ഒരു ശബ്ദം ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടു: ‘പാഞ്ഞുകൊള്ളിൻ; ഇല്ലെങ്കിൽ വഴിക്കോട്ട ഞാനിപ്പോൾ ചുട്ടുപൊട്ടിക്കും!’

എല്ലാവരും ആ ഒച്ച പുറപ്പെട്ടേടത്തേക്കു നോക്കി.

മരിയുസ് കുടിമുറിയിലെത്തി മരുന്നുപീപ്പ കൈയിലാക്കി, പുകയുടേയും നാലുപുറവും മുട്ടിച്ചു ഇടപ്പഴുതിലെ ഒരുതരം മഞ്ഞിൻമൂടലിന്റേയും സാഹായത്താൽ കുത്തിനിർത്തിയിട്ടുള്ള വിരികല്ലുകൂടുവരെ വഴിക്കോട്ടയിലേക്ക് ഉപായത്തിൽ ചെന്നുചേർന്നു. ആ ചൂട്ടു വലിച്ചെടുക്കുക, അവിടെ മരുന്നുപീപ്പ വെയ്ക്കുക, ആ പീപ്പയുടെ ചുവട്ടിൽ— ഭയങ്കരമായ ഒരനുസരണശീലത്തോടുകൂടി അതു വേണ്ടിടത്തേക്കൊക്കെ നീങ്ങിനിന്നു കല്ലുകൾ തിരുകുക, ഇതിന്നെല്ലാംകൂടി ഒന്നു കുമ്പിട്ടു വീണ്ടും പൊന്തുവാൻ വേണ്ട സമയമേ മരിയുസ്സിനു വേണ്ടിവന്നുള്ളൂ; വഴിക്കോട്ടയുടെ അങ്ങേ അറ്റത്തു കുന്നുകൂടിയിരിക്കുന്ന രാഷ്ട്രീയരക്ഷിഭടന്മാരും നഗരരക്ഷിഭടന്മാരും ഉദ്യോഗസ്ഥന്മാരും പട്ടാളക്കാരുമെല്ലാം കല്ലുകളിൽ കാലടിയൂന്നി, കൈയിൽ ചൂട്ടുമായി, ഒരപായകരമായ നിശ്ചയദാർഢ്യംകൊണ്ടു തിളങ്ങുന്ന അഭിമാനമായ മുഖഭാവത്തോടുകൂടി, വെടിമരുന്നുപീപ്പപ്പൊളികളെ അവർക്കു നോക്കിയാൽ കാണാവുന്ന ആ ഭയങ്കരമായ സാമാനക്കുന്നിനു നേരെ വെളിച്ചം താഴ്ത്തിപ്പിടിച്ചു, ‘പാഞ്ഞുകൊള്ളിൻ, ഇല്ലെങ്കിൽ വഴിക്കോട്ട ഞാനിപ്പോൾ ചുട്ടുപൊട്ടിക്കും’ എന്നുള്ള ആ ഞെട്ടിത്തെറിപ്പിക്കുന്ന ആർത്തുവിളിക്കുന്ന ആളെ പകച്ചുംകൊണ്ടു നോക്കിനിന്നു.

ആ എൺപതു വയസ്സുകാരന്റെ പിന്നിലായി വന്നെത്തിയ മരിയുസ്സ് വൃദ്ധപ്രേതത്തിനുശേഷം ആവിർഭവിച്ച യുവഭരണപരിവർത്തനത്തിന്റെ കാഴ്ചയായിരുന്നു.

‘വഴിക്കോട്ട ചുട്ടുപൊട്ടിക്കൂ!’ ഒരു സർജ്ജന്റുദ്യോഗസ്ഥൻ പറഞ്ഞു, ‘നിങ്ങളേയും അതിലിട്ട്!’

മരിയുസ് തിരിച്ചടിച്ചു: ‘അതേ എന്നേയും.’

അയാൾ ആ ചൂട്ടു മരുന്നുപീപ്പയിൽ കുത്തി.

പക്ഷേ, അവിടെയെങ്ങും ആരുമില്ലാതായിരിക്കുന്നു. പട്ടാളക്കാരെല്ലാം മരിച്ചവരും മുറിപ്പെട്ടവരുമായ തങ്ങളുടെ കൂട്ടുകാരെ വിട്ടുംവെച്ചു സംഭ്രമത്തോടുകൂടിയും ലഹളപിടിച്ചും തെരുവിന്റെ അങ്ങേ അറ്റത്തേക്കു പറപറന്നു; വീണ്ടും അവിടെയെല്ലാം അന്ധകാരമായി, അതൊരു തലകുത്തിപ്പാച്ചിലായിരുന്നു.

വഴിക്കോട്ട രക്ഷപ്പെട്ടു.

4.13.5
ഴാങ്പ്രുവേരുടെ കവിതകളുടെ അവസാനം

എല്ലാവരും മരിയുസ്സിന്റെ ചുറ്റും കൂടി. കുർഫെരാക് അയാളെ മുറുകെപ്പിടിച്ചു.

‘നിങ്ങളുടെ പണി പറ്റി!’

‘എന്തു കുരുത്തം!’ കൊംബ്ഫേർ പറഞ്ഞു.

‘നിങ്ങൾ തരത്തിനെത്തി!’ ബൊസ്സെ ഉച്ചത്തിൽ പറഞ്ഞു.

‘നിങ്ങളില്ലായിരുന്നുവെങ്കിൽ, എന്റെ കഥ തീർന്നു,’ കുർഫെരാക്ക് വീണ്ടും തുടങ്ങി.

‘നിങ്ങളില്ലായിരുന്നവെങ്കിൽ, എന്റെ പണികഴിഞ്ഞു, ഗവ്രോഷ് തുടർന്നു

മരിയുസ് ചോദിച്ചു: ‘പ്രധാനനെവിടെ?’

‘പ്രധാനൻ നിങ്ങളാണ്.’ ആൻഷൊൽരാ പറഞ്ഞു.

അന്നു മുഴുവനും മരിയുസ്സിന്റെ തലച്ചോറിൽ ഒരു തീച്ചുളയായിരുന്നു; ഇപ്പോൾ ഒരു കൊടുങ്കാറ്റായി. അയാളുടെ ഉള്ളിലുള്ള ഈ കൊടുങ്കാറ്റു, പുറത്തേക്കു കടന്ന് അയാളെയുംകൊണ്ടു പാഞ്ഞു എന്നു പറയട്ടെ, അയാൾ അപ്പോൾത്തന്നെ ജീവിതത്തിൽനിന്ന് എത്രയോ ദൂരത്തായിരിക്കുന്നതുപോലെ തോന്നി. ആ ഭയങ്കരമായ അഗാധകുണ്ഡത്തിൽ പെട്ടെന്നു വന്നവസാനിച്ച തന്റെ സന്തോഷവും അനുരാഗവും നിറഞ്ഞ ആ രണ്ടുമാസം, കൊസെത്ത് തനിക്കു നഷ്ടപ്പെടൽ, ആ വഴിക്കോട്ട, പ്രജാധിപത്യത്തിനുവേണ്ടി മൊസ്യു മബെ ജീവത്യാഗം ചെയ്യൽ, താൻ ആ രാജ്യകലഹിസംഘത്തിനു തലവനാവൽ—ഇതൊക്കെ അയാൾക്കൊരു കൂറ്റൻ ഭയങ്കരസ്വപ്നമായി തോന്നി. ചുറ്റും നടക്കുന്നതൊക്കെ വാസ്തവസംഗതികളാണെന്ന് ഉറപ്പുവരാൻ അയാൾ മനസ്സുകൊണ്ട് ശ്രമിക്കേണ്ടിവന്നു. അസാധ്യമായതിനെക്കാൾ സംഭവ്യമായി മറ്റൊന്നുമില്ലെന്നും, അപ്രതീക്ഷിതമായതാണ് അവശ്യം പ്രതീക്ഷിക്കേണ്ടതെന്നും അറിയാൻമാത്രം അയാൾ ജീവിതം കണ്ടുകഴിഞ്ഞിരുന്നു. കണ്ടാൽ മനസ്സിലാകാത്ത ഒരു നാടകത്തെയെന്നപോലെ, അയാൾ തന്റെ ജീവിതകഥയെ നോക്കിക്കണ്ടു.

തന്റെ ആലോചനകളെ മൂടിനില്ക്കുന്ന മഞ്ഞിൻപുകയിൽ അയാൾ ഴാവേറെ കണ്ടറിഞ്ഞില്ല; വഴിക്കോട്ടയിൽ വെച്ച് അക്കണ്ട ലഹളയൊക്കെ നടന്നിട്ടും അയാൾ ആ കെട്ടിയിടപ്പെട്ടേടത്തുനിന്നു തലയൊന്നനക്കുകകൂടിയുണ്ടായില്ല, ധർമ്മാർത്ഥമായി പീഡയനുഭവിക്കുന്ന ഒരാളുടെ ശാന്തതയോടും ഒരു നീതി ന്യായാധിപന്റെ അന്തസ്സോടുംകൂടി അയാൾ തന്റെ ചുറ്റും നടക്കുന്ന ലഹളയെ സൂക്ഷിച്ചുനോക്കി. മരിയുസ് അയാളെ കാണുകതന്നെ ഉണ്ടായിട്ടില്ല.

ഈയിടയ്ക്കു പട്ടാളക്കാർ ഒന്നും പ്രവർത്തിച്ചില്ല; തെരുവിന്റെ അങ്ങേ അറ്റത്തു അവർ നടക്കുന്നതും ഒത്തുകൂടുന്നതുമായ ശബ്ദംമാത്രം കേൾക്കാനുണ്ട്; എന്തായാലും അവർ വീണ്ടും എതിർക്കാൻ നോക്കുന്നില്ല; ഒരു സമയം അവർ മേലധികാരത്തിൽനിന്നുള്ള കല്പനയും കാത്തുനില്ക്കുകയാവാം; അല്ലെങ്കിൽ ഈ അനുല്ലംഘ്യമായ കോട്ടയിൽ വീണ്ടും വന്നു മാറിട്ടടിക്കുന്നതിനുമുൻപു്, പുതുതായി കുറേപ്പേർകൂടി വന്നുചേർന്നോട്ടെ എന്നു കാക്കുകയാവാം. രാജ്യകലഹക്കാർ പാറാവുകാരെ നിർത്തിയിരുന്നു; വൈദ്യവിദ്യാർത്ഥികളായിരുന്ന അവരിൽ ചിലർ മുറിപ്പെട്ടവരുടെ ചികിത്സയിലേർപ്പെട്ടു.

ചണപ്പഞ്ഞിയും വെടിത്തെരകളും വെച്ചിട്ടുള്ള രണ്ടും ഫാദർ മബേ കിടക്കുന്ന ഒന്നുമൊഴിച്ചു ബാക്കി വീഞ്ഞുകടയിലെ എല്ലാ മേശകളും അവർ പുറത്തേക്കെടുത്തിരിക്കുന്നു; അവയെ അവർ വഴിക്കോട്ടയോടു ചേർത്തിടുകയും അവയുടെ സ്ഥാനത്തു കുടിമുറിയിൽ യുഷെലൂ വിധവയുടേയും അവളുടെ രണ്ടു ഭൃത്യകളുടേയും കിടപ്പുസാമാനങ്ങൾ വിരിക്കുകയും ചെയ്തു. ആ വിരികളിൽ മുറിപ്പെട്ടവരെ കൊണ്ടുകിടത്തി, കൊരിന്തിൽ താമസിച്ചിരുന്ന ആ മൂന്നു പാവങ്ങളുടെ കഥ പിന്നെ എന്തായെന്ന് ആർക്കും അറിഞ്ഞുകൂടാ. എന്തായാലും ഒടുവിൽ അവരെ പിന്നെ നിലവറയിൽ കണ്ടെത്തി.

രക്ഷപ്പെട്ടുകിട്ടിയ വഴിക്കോട്ടയിലെ ആഹ്ലാദത്തിന് ഒരു കഠിനമായ മനോവികാരം നിറക്കുറവു വരുത്തി.

ചാർത്തുപ്രകാരമുള്ള പേരുകൾ വിളിച്ചു. കലഹക്കാരിൽ ഒരാളെ കാണാനില്ല. ആരായിരുന്നു അത്? ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാൾ. ഏറ്റവും വലിയ വീരന്മാരിൽ ഒരാൾ. ഴാങ്പ്രുവേർ അയാളെ മുറിയേറ്റവരുടെ കൂട്ടത്തിൽ നോക്കി; അതിലില്ല. അയാളെ മരിച്ചവരുടെ കൂട്ടത്തിൽ നോക്കി; അതിലില്ല. നിശ്ചയമായും അയാൾ തടവുപുള്ളിയായിട്ടുണ്ടാവണം. കൊംബ്ഫേർ ആൻഷൊൽരായോടു പറഞ്ഞു: ‘അവർക്കു നമ്മുടെ സുഹൃത്തിനെ കിട്ടിയിട്ടുണ്ട്; നമുക്കവരുടെ ഏജന്റിനേയും ആ ഒറ്റുകാരന്റെ കഥ കഴിക്കാൻ നിങ്ങൾ തയ്യാറായോ?’

‘ഉവ്വ്, ആൻഷൊൽരാ മറുപടി പറഞ്ഞു,‘പക്ഷേ, ഴാങ് പ്രുവേരുടെ ജീവനാണ് എനിക്കതിലും മുൻപു വേണ്ടത്.’

ഇതു ഴാവേറെ കെട്ടിയിട്ടുള്ളതിന്റെ അടുത്തുള്ള കുടിമുറിയിൽ വെച്ചാണുണ്ടായത്

‘ആട്ടെ, കൊംബ്ഫേർ തുടർന്നു,‘ഞാനെന്റെ കൈലേസ്സ് എന്റെ വടിത്തലപ്പത്തു കെട്ടി, അതു സമാധാനക്കൊടിയാക്കി, നമ്മുടെ ആളെ തന്നാൽ അവരുടെ ആളെ തിരിച്ചുകൊടുക്കാമെന്നു പറയാൻ പോവുകയാണ്.’

‘കേൾക്കൂ, കൊംബ്ഫേരുടെ ഭുജത്തിന്മേൽ കൈ വെച്ച് ആൻഷൊൽരാ പറഞ്ഞു.

തെരുവിന്റെ അറ്റത്തുനിന്ന് ആയുധങ്ങളുടെ ഒരു സംഘട്ടനശബ്ദം കേട്ടു.

ഒരു പുരുഷ ശബ്ദം ഇങ്ങനെ ഉച്ചത്തിൽ പറയുന്നതു് അവർ കേട്ടു: ‘ഫ്രാൻസ് ജയിക്കട്ടെ! ഫ്രാൻസ് സർവോൽക്കർഷേണ വർത്തിക്കട്ടെ! ഭാവികാലം സർവ്വ ശ്രേയസ്സോടുംകുടി വർത്തിക്കട്ടെ!’

പ്രുവേരുടെ ശബ്ദം അവർ കേട്ടറിഞ്ഞു.

ഒരു മിന്നൽ മിന്നി. ഒരൊച്ച കേട്ടു.

വീണ്ടും നിശ്ശബ്ദത.

‘അവർ അയാളെ കൊന്നുകളഞ്ഞു.’ കൊംബ്ഫേർ ഉച്ചത്തിൽ പറഞ്ഞു.

ആൻഷൊൽരാ ഴാവേറുടെ നേരെ നോക്കി, അയാളോടു പറഞ്ഞു: ‘അതാ, നിങ്ങളുടെ കൂട്ടുകാർ നിങ്ങളുടെ കഥ കഴിച്ചു.’

4.13.6
ജീവിതത്തിലെ കഠിനവേദനയ്ക്കുശേഷം മരണത്തിന്റെ കഠിനവേദന

ഇത്തരം യുദ്ധങ്ങൾക്കുള്ള ഒരു സവിശേഷതയെന്തെന്നാൽ, വഴിക്കോട്ടയെ ആക്രമിക്കൽ എപ്പോഴും മുൻപിൽനിന്നേ വരു എന്നുള്ളതും, പതിയിരിപ്പുകളെ പേടിച്ചിട്ടോ അല്ലെങ്കിൽ വളഞ്ഞുതിരിഞ്ഞ തെരുവുകുടുക്കുകൾക്കുള്ളിൽ കുടുങ്ങിപ്പോയെങ്കിലോ എന്നു ശങ്കിച്ചിട്ടോ, ആക്രമിക്കുന്നവർ സാധാരണമായി നിന്ന നിലയിൽനിന്നു മാറാൻ നോക്കുകയില്ലെന്നുള്ളതുമാണ്. അതുകൊണ്ട് കലഹക്കാരുടെ ശ്രദ്ധ മുഴുവനും വലിയ വഴിക്കോട്ടയുടെ മേലായിരുന്നു; അതാണുതാനും എപ്പോഴും ആക്രമിക്കപ്പെട്ടിരുന്നത്; നിശ്ചയമായും അവിടെ ഇനിയും യുദ്ധമാരംഭിക്കും. പക്ഷേ, മരിയുസ് ചെറിയ വഴിക്കോട്ടയുടെ കാര്യത്തിലാണ് മനസ്സു വെച്ചത്; അയാൾ അങ്ങോട്ടു ചെന്നു. അവിടെ ആരുമില്ല; വിരികല്ലുകളുടെ ഇടയിൽനിന്നു വിറയ്ക്കുന്ന വെടിക്കുടുക്ക മാത്രമല്ലാതെ മറ്റൊന്നും രക്ഷയ്ക്കില്ല എന്നല്ല, മൊങ്ദെതുർ നടവഴിയും റ്യു ദേ ല പൊതിത്ത്രു വാങ്ദെരിയും റ്യൂ ദ്യുസിഞ്ഞും തികച്ചും ശാന്തമായി കിടക്കുന്നു.

പരീക്ഷണം കഴിഞ്ഞു മടങ്ങുന്ന സമയത്തു മരിയുസ് ഇരുട്ടത്തുനിന്ന് ആരോ തന്റെ പേർ വിളിക്കുന്നത് കേട്ടു.

‘മൊസ്യു മരിയുസ്!’

അയാൾ ഞെട്ടിപ്പോയി; രണ്ടു മണിക്കൂർ മുൻപു റ്യൂ പ്ളുമെയിൽ വെച്ചു പടിവാതിലിനുള്ളിലൂടെ തന്നെ വിളിക്കുകയുണ്ടായ അതേ ശബ്ദമാണതെന്ന് അയാൾക്കു മനസ്സിലായി.

ഒന്നുമാത്രം, ആ ശബ്ദം ഇപ്പോൾ ഒരു ശ്വാസം മാത്രമായിരിക്കുന്നു.

അയാൾ ചുറ്റും നോക്കി, ആരേയും കണ്ടില്ല.

എന്തോ തെറ്റിപ്പോയതാണെന്നും, ചുറ്റുപാടും അടിച്ചുകയറുന്ന അസാധാരണങ്ങളായ വാസ്തവസ്ഥിതികളോടു തന്റെ മനസ്സു കൂട്ടിച്ചേർത്ത ഒരു മിത്ഥ്യാഭ്രമം മാത്രമായിരിക്കണം അതെന്നും മരിയുസ് സങ്കല്പിച്ചു. ആ വഴിക്കോട്ട നില്ക്കുന്ന ഏകാന്തതയിൽനിന്നു വിട്ടുപോരാൻവേണ്ടി അയാൾ മുൻപോട്ട് ഒരു കാൽവെച്ചു.

‘മൊസ്യു മരിയുസ്!’ ആ ശബ്ദം ആവർത്തിച്ചു.

ഇത്തവണ വ്യക്തമായി കേട്ടു എന്നതിൽ സംശയമില്ല; അയാൾ നോക്കി. ഒന്നും കാണാനില്ല.

‘നിങ്ങളുടെ കാല്ക്കൽ,’ ആ ശബ്ദം പറഞ്ഞു.

അയാൾ കുനിഞ്ഞുനോക്കി; അയാളുടെ അടുക്കലേക്കു വലിഞ്ഞുവരുന്ന ഒരു സ്വരൂപത്തെ ആ അന്ധകാരത്തിൽ കണ്ടു.

അതു പാതവിരിയിലൂടെ നീന്തുകയാണ്. അതാണ് അയാളോടു സംസാരിച്ചത്.

ആ മരുന്നുകടയുടെ വെളിച്ചംകൊണ്ട് ഒരു കുറുളങ്കുപ്പായവും, പരുത്ത പട്ടുതുണികൊണ്ടുള്ള കീറിപ്പറിഞ്ഞ കാലുറകളും, നഗ്നങ്ങളായ കാലടികളും, ഒരു ചോമക്കുഴിപോലെയുള്ള എന്തോ ഒന്നും. അയാൾ കണ്ടു. ഒരു വിളർത്ത തല തന്റെ നേർക്കുയർത്തപ്പെട്ടതായി ഏതാണ്ടു കണ്ടു, അതയാളോടു പറഞ്ഞു: ‘നിങ്ങളെന്നെ അറിയുന്നില്ലേ? ‘ഇല്ല.’

‘എപ്പൊണൈൻ’

മരിയുസ് പെട്ടെന്നു താണുനോക്കി—അതു വാസ്തവത്തിൽ, ആ ഭാഗ്യംകെട്ട പെൺകുട്ടിയായിരുന്നു. അവൾ പുരുഷന്റെ ഉടുപ്പിട്ടിരിക്കയാണ്.

‘നിങ്ങൾ എങ്ങനെ ഇവിടെയെത്തി? നിങ്ങളിവിടെ എന്തു ചെയ്യുന്നു?’

‘ഞാൻ മരിക്കുകയാണ് ’ അവൾ പറഞ്ഞു.

മനസ്സു ചത്ത സത്ത്വങ്ങളെ ഉണർത്തിവിടുന്ന വാക്കുകളും സംഭവങ്ങളുമുണ്ട്. മരിയുസ് ഒരു ഞെട്ടലോടുകൂടി ഉച്ചത്തിൽ പറഞ്ഞു. ‘നിങ്ങൾക്കു മുറിവു പറ്റിയിരിക്കുന്നു’ നില്ക്കു. ഞാൻ നിങ്ങളെ അകത്തേക്കു കൊണ്ടുപോവാം! അവിടെ ആവർ നിങ്ങളെ ശുശ്രൂഷിക്കും. അധികം വല്ലതുമുണ്ടോ? നിങ്ങളെ വേദനപ്പെടുത്താതെ ഞാനെങ്ങനെയാണ് പിടിക്കേണ്ടത്? എവിടെയാണ് വേദന? വരു! എന്റെ ഈശ്വര’ അപ്പോൾ നിങ്ങളെന്തിന് ഇവിടെ വന്നു?’

പൊന്തിക്കുവാൻവേണ്ടി അയാൾ അവളുടെ ചുവടെ കൈയിട്ടു.

അവൾ പതുക്കെ ഒന്നു ഞെരങ്ങി.

‘നിങ്ങൾക്കു വേദനിച്ചുവോ?’ മരിയുസ് ചോദിച്ചു.

‘കുറച്ച്.’

‘ഞാൻ നിങ്ങളുടെ കൈ മാത്രമേ തൊട്ടുള്ളുവല്ലോ.’

അവൾ തന്റെ കൈ മരിയുസ്സിനു പൊക്കിക്കാണിച്ചു; ആ കൈപ്പടത്തിന്റെ നടുക്ക് മരിയുസ് ഒരു കറുത്ത ദ്വാരം കണ്ടു.

‘എന്താണ് നിങ്ങളുടെ കൈയിന്മേൽ?”

‘അതു തുളഞ്ഞിരിക്കുന്നു.’

‘തുളഞ്ഞിരിക്കുന്നു?’

‘ഉവ്വ്.’

‘എന്തു തട്ടിയിട്ട്?’

‘ഒരു വെടിയുണ്ട.’

‘എങ്ങനെ?’

നിങ്ങളുടെ നേർക്ക് ഒരു തോക്ക് ഉന്നംവെച്ചതു കാണുകയുണ്ടായോ?’

‘ഉവ്വ്, ഒരു കൈ അതിന്റെ വായടയ്ക്കുകയും ചെയ്തു.’

‘ആ കൈയ് എന്റെയാണ്.’

മരിയുസ് ആകെ വിറച്ചു.

‘എന്തു ഭ്രാന്ത്! സാധുക്കുട്ടി! പക്ഷേ, അതു പിന്നത്തേതിൽ പൊറുതി; അത്രയേ ഉള്ളൂവെങ്കിൽ, സാരമില്ല; ഞാൻ നിങ്ങളെ ഒരു കിടക്കമേൽ കൊണ്ടുകിടത്തട്ടെ. അവർ നിങ്ങളുടെ മുറിവു കെട്ടിത്തരും; ഒരു കൈപ്പടം തുളഞ്ഞിട്ട് ആരും ചാകാറില്ല.’

അവൾ മന്ത്രിച്ചു. ‘ഉണ്ട എന്റെ കൈ തുളച്ചുപോയി; പക്ഷേ, അതെന്റെ പുറം തുളച്ചു പുറത്തേക്കു കടന്നു. എന്നെ ഈ സ്ഥലത്തുനിന്നു കൊണ്ടുപോയിട്ടു പ്രയോജനമില്ല. ഏതൊരു വൈദ്യനെക്കാളുമധികം എന്നെ ശുശ്രൂഷിക്കാൻ സാധിക്കുകയെങ്ങനെ എന്നു ഞാൻ പറഞ്ഞു തരാം. എന്റെ അടുത്ത് ഈ കല്ലിലിരിക്കു.’

അയാൾ അതനുസരിച്ചു; അവൾ മരിയുസ്സിന്റെ കാൽമുട്ടിന്മേൽ തലവെച്ചു; അയാളുടെ മുഖത്തേക്കു നോക്കാതെ, പറഞ്ഞു: ‘ഹാ! ഇതെത്ര നന്ന്! എന്തു സുഖമുണ്ട്, ഈ കിടപ്പ്! അതാ, എനിക്ക് വേദനയില്ലാതായി‘

ഒരു നിമിഷനേരത്തേക്ക് അവൾ മിണ്ടാതെ കിടന്നു; എന്നിട്ട് അവൾ ഒരു ഞരക്കത്തോടുകൂടി മുഖം തിരിച്ചു, മരിയുസ്സിനെ നോക്കിക്കണ്ടു.

‘നിങ്ങൾക്കറിയാമോ, മൊസ്യു മരിയുസ്? നിങ്ങൾ ആ തോട്ടത്തിലേക്കു കടന്നപ്പോൾ ഞാൻ അമ്പരന്നു; ആ വീടു ഞാനാണല്ലോ നിങ്ങൾക്കു കാട്ടിത്തന്നത്, അതു വിഡ്ഢിത്തമായി; അപ്പോൾ ഞാൻ വിചാരിക്കേണ്ടതായിരുന്നു, നിങ്ങളെപ്പോലുള്ള ഒരു ചെറുപ്പക്കാരൻ-’

അവൾ നിർത്തി; അവളുടെ മനസ്സിൽ നിശ്ചയമായും നിലനിന്നിരുന്ന വ്യസനമയങ്ങളായ വികാരങ്ങളെ ചവുട്ടിക്കവിച്ച് ഒരു ഹൃദയഭേദകമായ പുഞ്ചിരിയോടുകൂടി പറഞ്ഞു: ‘ഞാൻ വിരൂപയാണെന്നു നിങ്ങൾ കരുതി, അങ്ങനെയല്ലേ?’

അവൾ തുടർന്നു: കണ്ടില്ലേ, നിങ്ങളുടെ കഥ തീർന്നു, ഇനി ഈ വഴിക്കോട്ടയിൽനിന്ന് ഒരാൾക്കും പുറത്തു കടക്കാൻ വയ്യാ, കൂട്ടത്തിൽപ്പറയട്ടെ ഞാനാണ് നിങ്ങളെ ഇവിടെ എത്തിച്ചത്, നിങ്ങൾ മരിക്കാൻ പോവുകയാണ്, ഞാനതു കണക്കാക്കിയിട്ടുണ്ട് എങ്കിലും അവർ നിങ്ങളുടെ നേർക്കു തോക്കു ചുണ്ടുന്നതു കണ്ടപ്പോൾ, ഞാനതിന്റെ മോന്തയമർത്തി. അതെന്തു നേരംപോക്കായി! എനിക്കു നിങ്ങളുടെ മുൻപായി ചാകേണ്ടിയിരുന്നു. ആ ഉണ്ട കൊണ്ടയുടനെ, ഞാനിങ്ങോട്ടു പോന്നു; എന്നെ ആരും കണ്ടില്ല. എന്നെ ആരും കണ്ടെടുത്തില്ല; ഞാൻ നിങ്ങളെ കാത്തുകിടക്കയായിരുന്നു; ഞാൻ പറഞ്ഞു, ‘അദ്ദേഹം വന്നില്ലല്ലോ!’ ഹാ, നിങ്ങളറിഞ്ഞിരുന്നുവെങ്കിൽ! ഞാനെന്റെ കുപ്പായം കടിച്ചു, അത്ര വേദനയുണ്ടായിരുന്നു! ഇപ്പോൾ എനിക്കു സുഖമായി. ഞാൻ നിങ്ങളുടെ മുറിയിലേക്കു വന്നു നിങ്ങളുടെ കണ്ണാടിയിൽ എന്നെ നോക്കിക്കണ്ട ദിവസവും, അലക്കുകാരികളുടെ അടുക്കൽവെച്ചു നടക്കാവിൽ ഞാൻ നിങ്ങളുടെ അടുക്കലേക്കു വന്ന ദിവസവും നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? പക്ഷികൾ എങ്ങനെ പാടിയിരുന്നു! അതിപ്പോൾ ഒരുപാടു കാലമായി, നിങ്ങളെനിക്ക് ഒരു നൂറു സൂ തന്നു, ഞാൻ നിങ്ങളോടു പറഞ്ഞു, ‘എനിക്കു നിങ്ങളുടെ പണം വേണ്ടാ’ നിങ്ങളുടെ പണം നിങ്ങൾ പെറുക്കിയെടുത്തിരിക്കണമെന്നു ഞാൻ വിചാരിക്കുന്നു? നിങ്ങൾ ധനവാനല്ല. അതു പെറുക്കിയെടുത്തുകൊൾവാൻ ഞാൻ നിങ്ങളോടു പറകയുണ്ടായില്ല. സൂര്യൻ തെളിഞ്ഞുനിന്നിരുന്നു; തണുപ്പുണ്ടായിരുന്നില്ല. നിങ്ങൾക്കോർമ്മയുണ്ടോ, മൊസ്യു മരിയുസ്? ഹാ! എനിക്കെന്തു സുഖം! എല്ലാവരും മരിക്കാൻ പോകയാണ്.

അവൾക്കു ഭ്രാന്തുകയറിയതും, ഗൌരവം കൂടിയതും, ഹൃദയം പിളരുന്നതുമായ ഒരു മട്ടുണ്ടായിരുന്നു. അവളുടെ കീറിയ കുറുങ്കുപ്പായം അവളുടെ നഗ്നമായ കണ്ഠപ്രദേശത്തെ വെളിപ്പെടുത്തി.

ഇങ്ങനെ പറയുമ്പോൾ, അവൾ ആ തുളഞ്ഞ കൈകൊണ്ടു തന്റെ മാറത്തമർത്തു—അവിടെ വേറേയും ഒരു ദ്വാരമുണ്ടായിരുന്നു; പീപ്പയുടെ വായിൽനിന്നു വീഞ്ഞിൻതെറിപ്പെന്നപോലെ, ഇടയ്ക്കിടയ്ക്കൊക്കെ ഒരു രക്തധാര പുറത്തേക്കു ചാടുന്നുണ്ട്.

ഹൃദയപുൂർവ്വമായ അനുകമ്പയോടുകൂടി മരിയുസ് ആ സാധുകുട്ടിയെ നോക്കിക്കണ്ടു.

‘ഹാ!’ അവൾ തുടർന്നു, ‘അതതാ, വീണ്ടും വരുന്നു! എനിക്കു ശ്വാസം മുട്ടുന്നു!’

അവൾ തന്റെ കുറുംകുപ്പായം പിടിച്ചെടുത്തു വീണ്ടും അതു കടിച്ചു; അവളുടെ കൈകാലുകൾ പാതവിരിയിൽ വെറുങ്ങലിച്ചു നിന്നു.

ആ സമയത്തു ഗവ്രോഷിന്റെ കോഴികൂകലൊച്ച വഴിക്കോട്ടയിലെങ്ങും മാറ്റൊലിക്കൊണ്ടു.

ആ കുട്ടി തന്റെ തോക്കു നിറയ്ക്കാൻ മേശപ്പുറത്തു കയറിയിരുന്ന് അന്നത്തെ ഒരു നാടോടിപ്പാട്ട് ആഹ്ലാദപൂർവ്വം പാടുന്നുണ്ട്.

പൊല്ലീസ്സുകാരതാ പേർത്തുമാവർത്തിപ്പൂ,

കണ്ടനേരത്തു ലഫയേത്തിനെ;

‘നമ്മൾക്കു പായുക! നമ്മൾക്കു പായുക!

നമ്മൾക്കു പായുക! പായുക നാം?’

എപ്പൊണൈൻ തലയുയർത്തി ചെവിയോർത്തു; അവൾ മന്ത്രിച്ചു: അതവനാണ്.’

മരിയുസ്സിനോടായിട്ട്; എന്റെ അനുജനുണ്ട് അതിൽ. അവനെന്നെ കാണാൻ പാടില്ല. അവനെന്നെ ശകാരിക്കും.’

‘നിങ്ങളുടെ അനുജനോ?’ മരിയുസ് ചോദിച്ചു—അച്ഛൻ പൈതൃകമായി കൊടുത്തേല്പിച്ചിട്ടുള്ള തെനാർദിയെർക്കുടുംബത്തോട് തനിക്കുള്ള സ്വന്തം ചുമതലകളെപ്പറ്റി അയാൾ വ്യസനമയങ്ങളായ ഹൃദയാന്തർഭാഗങ്ങളിൽവെച്ചു മനോരാജ്യം വിചാരിക്കയായിരുന്നു, ആരാണ് നിങ്ങളുടെ അനുജൻ?’

‘ആ ചെറിയ ചെക്കൻ.’

‘ആ പാടുന്ന കുട്ടിയോ?’

‘അതേ.

മരിയുസ് ഒന്നനങ്ങി.

‘അയ്യോ, പോകരുതേ’, അവൾ പറഞ്ഞു, ‘ഇനിയധികം താമസിക്കേണ്ടി വരില്ല.’

അവൾ എഴുന്നേറ്റു നിവർന്നിരിക്കയാണ്; പക്ഷേ, അവളുടെ ഒച്ച വളരെ നേർത്തതും എക്കിട്ടംകൊണ്ട് ഇടമുറിഞ്ഞതുമായിരുന്നു.

ഇടയ്ക്കിടയ്ക്ക് അവൾക്കു മരണവേദന വരും. അവൾ തന്റെ മുഖത്തെ മരിയുസ്സിന്റെ മുഖത്തോടു കഴിയുന്നതും അടുത്തുപിടിച്ചിരുന്നു. അവൾ ഒരസാധാരണമുഖഭാവത്തോടുകൂടി തുടർന്നു: ‘കേൾക്കൂ, ഞാൻ നിങ്ങളെ വഞ്ചിക്കാൻ വിചാരിക്കുന്നില്ല. എന്റെ കീശയിൽ നിങ്ങൾക്കുള്ള ഒരു കത്തുണ്ട്. അതു തപ്പാലിലിടാനാണ് എന്നോടു പറഞ്ഞിരുന്നത്, ഞാനതു കൈയിൽ വെച്ചു. എനിക്കതു നിങ്ങൾക്കു കിട്ടണമെന്നുണ്ടായിരുന്നില്ല. പക്ഷേ, ഇനി നമ്മൾ കാണുമ്പോൾ നിങ്ങൾക്കതുകൊണ്ട് എന്റെ നേരെ ദ്വേഷ്യം തോന്നിയേക്കും. നിങ്ങൾക്കുള്ള കത്തെടുത്തോളു.’

ആ തുളഞ്ഞ കൈകൊണ്ട് അവൾ മരിയുസ്സിന്റെ കൈ ഒരു പിടച്ചിലോടുകൂടി പിടിച്ചമർത്തി; അവൾക്കു വേദനയൊന്നും അറിയാതായി. അവൾ മരിയുസ്സിന്റെ കൈയെടുത്തു തന്റെ കുറുംകുപ്പായക്കീശയിലേക്കു തിരുകി. അവിടെ വാസ്തവത്തിൽ മരിയുസ് ഒരു കടലാസ്സിന്മേൽ തൊട്ടു.

‘അതെടുത്തോളൂ,’ അവൾ പറഞ്ഞു.

മരിയുസ് കത്തെടുത്തു.

അവൾ സന്തോഷവും സംതൃപ്തിയും കാണിക്കുന്ന ഒരു ഭാവം കാണിച്ചു;

അപ്പോൾ ഞാനനുഭവിച്ച ബുദ്ധിമുട്ടുകൾക്കായി എന്നോടു സത്യം ചെയ്യു—അവൾ നിർത്തി.

‘എന്ത്?’ മരിയുസ് ചോദിച്ചു.

‘എന്നോടു സത്യം ചെയ്യു!’

‘ഞാൻ സത്യം ചെയ്യുന്നു.’

‘ഞാൻ മരിച്ചാൽ എന്റെ നെറ്റിയിൽ ഒരുമ്മവെയ്ക്കാമെന്നു നിങ്ങളെന്നോട് ആണയിടു—ഞാനതാസ്വദിക്കും.’

അവൾ വീണ്ടും മരിയുസ്സിന്റെ കാൽമുട്ടിന്മേൽ തല വെച്ചു; അവളുടെ കണ്ണടഞ്ഞു. ആ സാധുജീവൻ വിട്ടുപോയെന്ന് അയാൾ കരുതി. എപ്പൊണൈൻ അനങ്ങാതെ കിടന്നു. പെട്ടെന്ന്, അവൾ എന്നന്നെക്കുമായി ഉറങ്ങിക്കഴിഞ്ഞുവെന്നു മരിയുസ്സിനു തോന്നിയ അതേ നിമിഷത്തിൽ, പതുക്കെ അവൾ കണ്ണു തുറന്നു. അതിൽ മരണത്തിന്റെ വ്യസനകരമായ അഗാധത കാണാമായിരുന്നു; മറ്റൊരു ലോകത്തിൽനിന്നാണ് വരുന്നതെന്നു തോന്നിക്കുന്ന മനോഹരതയോടുകൂടിയ ഒരു സ്വരത്തിൽ അയാളോടു പറഞ്ഞു: ‘കൂട്ടത്തിൽ പറയട്ടെ, മൊസ്യു മരിയുസ്, എനിക്കു നിങ്ങളുടെ മേൽ അല്പം അനുരാഗമുണ്ടെന്നാണ് എന്റെ വിശ്വാസം.’

അവൾ ഒരിക്കൽക്കൂടി പുഞ്ചിരിക്കൊള്ളാൻ ശ്രമിച്ചു, മരിച്ചുപോയി.

4.13.7
ഗവ്രോഷ് ദൂരം അളന്നറിയുന്നതിൽ പരമജ്ഞാനി

മരിയുസ് വാഗ്ദാനം നിറവേറ്റി; മുത്തുമണികളായി മഞ്ഞിൻതണുപ്പുള്ള വിയർപ്പുതുള്ളികൾ പറ്റിനില്ക്കുന്ന ആ കരുവാളിച്ച നെറ്റിത്തടത്തിൽ അയാൾ ഒരു ചുംബനം ചെയ്തു.

ഇതു കൊസെത്തോടു ചെയ്ത ഒരു വിശ്വാസവഞ്ചനയല്ല; ഒരു ഭാഗ്യംകെട്ട ആത്മാവിനോടു ചെയ്ത സൗമ്യവും വ്യസനമയവുമായ ഒരു യാത്രപറയലാണ്.

എപ്പൊണൈൻ കൊടുത്ത കത്ത് ഒരു വിറയോടുകൂടാതെയല്ല അയാളെടുത്തത്. ഉടനെത്തന്നെ അതെന്തോ ഒരു ഗൗരവമേറിയ കാര്യമാണെന്ന് അയാൾക്കു തോന്നി. അയാൾക്കതു വായിച്ചുനോക്കാൻ തിടുക്കമായി. മനുഷ്യന്റെ ഹൃദയം അങ്ങനെയാണ് ഈശ്വരൻ നിർമ്മിച്ചിട്ടുള്ളത്. ആ ഭാഗ്യംകെട്ട കുട്ടിയുടെ കണ്ണടഞ്ഞു എന്നാകുമ്പോഴേക്കും മരിയുസ് ആ കടലാസ് തുറന്നുനോക്കാനുള്ള ആലോചന തുടങ്ങി.

അയാൾ അവളെ പതുക്കെ നിലത്തു കിടത്തി, അവിടെനിന്നു പോയി. ആ ശരീരത്തിന്റെ മുൻപിൽവെച്ച് അതു തുറന്നുനോക്കാൻ പാടില്ലെന്ന് എന്തോ ഒന്ന് അയാളോടു പറഞ്ഞു.

അയാൾ കുടിമുറിയിലുള്ള ഒരു മെഴുതിരിയുടെ അടുക്കലേക്കു ചെന്നു. ഒരു സ്ത്രീയുടെ മനോഹര ശ്രദ്ധയോടുകൂടി മുദ്രവെച്ച ഒരു ചെറുകത്തായിരുന്നു അത് മേൽവിലാസം ഒരു സ്ത്രീയുടെ കൈയക്ഷരത്തിലായിരുന്നു; അതിതാണ്;‘മൊസ്യു മരിയുസ് പൊങ്മേർസി, നമ്പർ16, മൊസ്യു കുർഫെരാക്കിന്റെ ഭവനം, റ്യൂദ ല വെറെറി.’

അയാൾ മുദ്ര പൊട്ടിച്ചു, വായിച്ചു: ‘എന്റെ പ്രാണപ്രിയ, കഷ്ടം! എന്റെ അച്ഛൻ ഇപ്പോൾത്തന്നെ പുറപ്പെട്ടേ കഴിയൂ എന്നു ശാഠ്യം പിടിക്കുന്നു. ഞങ്ങൾ ഇന്നു വൈകുന്നേരം റ്യൂ ദ് ലോം അർമെയിൽ 7-ാം നമ്പർ ഭവനത്തിലായിരിക്കും. ഒരാഴ്ചയക്കുള്ളിൽ ഞങ്ങൾ ഇംഗ്ലണ്ടിലെത്തും. കൊസെത്ത്, ജൂൺ 4-ാംന്.

കൊസെത്തിന്റെ കൈയക്ഷരംകൂടി മരിയുസ്സിനു കണ്ടാൽ അറിഞ്ഞുകൂടാതിരിക്കുമാറ്, അത്രമേലുണ്ടായിരുന്നു അവരുടെ അനുരാഗത്തിന്റെ നിഷ്കളങ്കത.

എന്താണുണ്ടായതെന്നു കുറച്ചു വാക്കുകൾകൊണ്ടു പറയാം. എപ്പൊണൈനാണ് എല്ലാറ്റിനും കാരണം ജൂൺ 3-ാംന് രാത്രിക്കു ശേഷം അവൾക്കു രണ്ടു കാര്യം ഒപ്പിക്കണമെന്നായി—തന്റെ അച്ഛന്റെയും മറ്റു ഘാതുകന്മാരുടേയും ഉദ്ദേശം സാധിക്കാതാക്കുകയും മരിയുസ്സിനെയും കൊസെത്തിനേയും ഭിന്നിപ്പിക്കുകയും. ഒരു സ്ത്രീയെപ്പോലെ ഉടുപ്പിടുന്നതു നേരംപോക്കായിത്തോന്നിയ ഒന്നാമതു കണ്ട തെമ്മാടിക്കു തന്റെ കീറത്തുണിവേഷം കൊടുത്ത്, അവൾ ഒരു പുരുഷനായി വേഷം മാറി. അവളാണ് ഴാങ് വാൽഴാങിനു ‘നിങ്ങളുടെ വീടു വിടുക’ എന്നുള്ള അർത്ഥവത്തായ മുന്നറിയിപ്പ് എത്തിച്ചുകൊടുത്തത്. വാസ്തവത്തിൽ ഴാങ് വാൽഴാങ് വീട്ടിൽ മടങ്ങിച്ചെന്നു കൊസെത്തോടു, നമ്മൾ ഇന്നു വൈകുന്നേരം പുറപ്പെടുകയായി; നമ്മൾ തുസ്സാങ്ങോടുകൂടി റ്യു ദ് ലോം അർമെയിലേക്കു പോകുന്നു; വരുന്ന ആഴ്ചയിൽ നമ്മൾ ലണ്ടനിലായിരിക്കും’ എന്നു പറഞ്ഞു. ഈ അപ്രതീക്ഷിതമായ അടിയേറ്റു തികച്ചും തലതിരിഞ്ഞുപോയ കൊസെത്ത് ഉടനെതന്നെ മരിയുസ്സിനു രണ്ടു വരി കുറിച്ചു. പക്ഷേ, അതെങ്ങിനെ അവൾ തപാലിലെത്തിക്കും? അവൾ ഒരിക്കലും തനിച്ചു പുറത്തേക്കു പോയിട്ടില്ല, തുസ്സാങ്ങാണെങ്കിൽ അങ്ങനെയൊരു കാര്യം ചെയ്യാൻ പറഞ്ഞാൽ, നിശ്ചയമായും ആ കത്ത് മൊസ്യു ഫുഷൽവാങ്ങിനു കാണിച്ചുകൊടുക്കും. ഈ കുഴപ്പത്തിലിരിക്കെ, കൊസെത്ത് വേലിക്കിടയിലൂടെ പുരുഷവേഷത്തിലുള്ള എപ്പൊണൈനെ കണ്ടെത്തി—അവൾ ഏതാണ്ടെപ്പോഴും ആ തോട്ടത്തിനു ചുറ്റും നടക്കാറുണ്ട്; കൊസെത്ത് ‘ആ ചെറുപ്പക്കാരൻ കൂലിക്കാരനെ’ വിളിച്ച് അഞ്ച് ഫ്രാങ്കിന്റെ നോട്ടും കത്തുംകൂടി ഇങ്ങനെ പറഞ്ഞുംകൊണ്ടു കൊടുത്തു: ‘ഈ കത്ത് ക്ഷണത്തിൽ മേൽവിലാസക്കാരനെത്തിച്ചുകൊടുക്കണം.’ എപ്പൊണൈൻ കത്തു കീശയിലിട്ടു. പിറ്റേ ദിവസം, ജൂൺ 5-ാംന് അവൾ മരിയുസ്സിനെപ്പറ്റി അന്വേഷിച്ചു കുർഫെൊരാക്കിന്റെ താമസസ്ഥലത്തേക്കു ചെന്നു; അതു കത്തു കൊടുക്കാൻവേണ്ടിയായിരുന്നില്ല, ഒന്നു കാണാൻ മാത്രം—സാപത്ന്യവും അനുരാഗവുമുള്ള എല്ലാവർക്കും മനസ്സിലാകുന്ന ഒരു കാര്യം. അവിടെ അവൾ, കാണുന്നതിനു വേണ്ടിത്തന്നെ, മരിയുസ്സിന്റെ വരവു കാത്തു—അല്ലെങ്കിൽ കുർഫെരാക്കിന്റെയെങ്കിലും, ‘ഞങ്ങൾ യുദ്ധസ്ഥലത്തേക്കു പോകയാണ്’ എന്നു കുർഫെരാക്ക് പറഞ്ഞുകേട്ടപ്പോൾ, അവൾക്കു, മറ്റെന്തിലേക്കുമെന്നപോലെ, മരണത്തിലേക്കു ചെന്നുചാടുകയും അതിലേക്കു മരിയുസ്സിനേയും ഉന്തിമറിക്കുകയും ചെയ്ക തന്നെ എന്നൊരു തോന്നൽ പെട്ടെന്നു ജനിച്ചു. അവൾ കുർഫെരാക്കിന്റെ പിന്നാലെ ചെന്നു; വഴിക്കോട്ട കെട്ടിയുണ്ടാക്കാൻ പോകുന്ന സ്ഥലം നോക്കി മനസ്സിലാക്കി, മരിയുസ്സിനു മുന്നറിവൊന്നും കിട്ടിയിട്ടില്ലാത്ത സ്ഥിതിക്കും കത്ത് ഇടയ്ക്കുവെച്ച് അവൾ കൈയിലാക്കിയിട്ടുള്ള സ്ഥിതിക്കും, മരിയുസ് എല്ലാ ദിവസത്തിലുമെന്നപോലെ അന്നും സന്ധ്യയോടുകൂടി സങ്കേതസ്ഥലത്തേക്കു പോകാതിരിക്കില്ലെന്നു നല്ല തീർച്ചയുള്ളതുകൊണ്ട്, അവൾ നേരെ റ്യു പ്ളുമെയിലേക്ക നടന്നു, മരിയുസ് വരുന്നതുവരെ അവിടെ കാത്തുനിന്നു, വഴിക്കോട്ടയിലേക്ക് അയാളെ പുറപ്പെടുവിക്കാതിരിക്കില്ലെന്ന് അവൾ കരുതിയ ആ അയാളുടെ സുഹൃത്തുക്കളുടെ അപേക്ഷ, അവർക്കുവേണ്ടി അയാളെ അറിയിച്ചു. കൊസെത്തിനെ കാണാതിരിക്കുമ്പോഴത്തെ മരിയുസ്സിന്റെ നിരാശത അവൾ കണക്കാക്കി; അവൾക്കു തെറ്റിയില്ല. അവൾ റ്യു ദ് ല ഷങ് വ്രെറിയിലേക്കുതന്നെ മടങ്ങി. അവിടെ അവളെന്തു ചെയ്തു എന്നു വായനക്കാർ കണ്ടുവല്ലോ. അവരുടെ മരണത്തിലേക്ക് അനുരാഗഭാജനത്തെക്കൂടി വലിക്കുകയും ‘ഇനി ആർക്കും അദ്ദേഹത്തെ കിട്ടില്ല’ എന്നു പറയുകയും ചെയ്യുന്ന സാപത്ന്യം നിറഞ്ഞ ഹൃദയങ്ങളുടെ വ്യസനകരമായ ആഹ്ലാദത്തോടുകുടി അവൾ മരിച്ചു.

മരിയുസ് കൊസെത്തിന്റെ കത്തു ചുംബനങ്ങളെക്കൊണ്ടു മൂടി. അപ്പോൾ അവൾക്കു തന്റെ മേൽ സ്നേഹമുണ്ട്! ഇപ്പോൾ മരിച്ചുകൂടാത്തതാണെന്ന് ഒരു നിമിഷനേരം അയാൾക്കു തോന്നി. ഉടനേ അയാൾ സ്വയം പറഞ്ഞു: ‘അവൾ പോവുകയാണ് അവളുടെ അച്ഛൻ അവളെ ഇംഗ്ലണ്ടിലേക്കു കൊണ്ടുപോവാൻ നിൽക്കുന്നു; എന്റെ മുത്തച്ഛൻ വിവാഹത്തിനു സമ്മതിക്കുന്നുമില്ല. ഞങ്ങളുടെ ഈശ്വരവിധിയിൽ മാറ്റമൊന്നും വന്നിട്ടില്ല.’ മരിയുസ്സിനെപ്പോലുള്ള മനോരാജ്യക്കാരെ കഠിനങ്ങളായ മനോവ്യസനങ്ങൾ ബാധിച്ചുപോകുന്നു; നിരാശതയോടുകൂടിയ തീർപ്പാണ് അതിന്റെ ഫലം. ജീവിച്ചിരിക്കുന്നതിലുള്ള ബുദ്ധിമുട്ടു സഹിക്കാൻ വയ്യാ; മരണം വേഗത്തിൽ തീരുമല്ലോ. അപ്പോൾ രണ്ടു ചുമതലകൾ ചെയ്തുതീർക്കാനുണ്ടെന്ന് അയാളാലോചിച്ചു— കെസെത്തിനു തന്റെ മരണം അറിവുകൊടുക്കുകയും അവളോട് അവസാനത്തെ യാത്ര പറയുകയും; അവിടെ തെയ്യാറായി വരുന്ന ആപത്തിൽനിന്ന് എപ്പൊണൈന്റെ സഹോദരനും തെനാർദിയെരുടെ മകനുമായ ആ സാധുക്കുട്ടിയെ രക്ഷപ്പെടുത്തുക.

അയാളുടെ കൈയിൽ തന്റെ പോക്കറ്റുപുസ്തകമുണ്ട്; കൊസെത്തോടുള്ള തന്റെ അനുരാഗത്തെപ്പറ്റിയുള്ള അത്രയധികം ചിന്തകൾ കുറിച്ചുവെച്ച ആ കുറിപ്പു പുസ്തകമടങ്ങിയ ആ അതുതന്നെ. അയാൾ ഒരേടു ചീന്തിയെടുത്തു പെൻസിൽ കൊണ്ട് അതിൽ ചില വരികളെഴുതി:

‘നമ്മുടെ വിവാഹം അസാധ്യമാണ്. ഞാൻ മുത്തച്ഛനോടു ചോദിച്ചു; അദ്ദേഹം സമ്മതിച്ചില്ല. എനിക്കു മുതലില്ല, നിനക്കുമില്ല. ഞാൻ നിന്റെ അടുക്കലേക്കു പാഞ്ഞു വന്നു; നീ അവിടെനിന്നു പോയിരിക്കുന്നു. ഞാൻ നിന്നോടു ചെയ്തിട്ടുള്ള പ്രതിജ്ഞ ഓർമ്മയിലുണ്ടല്ലോ, ഞാനതു നിറവേറ്റാൻ പോകുന്നു. ഞാൻ മരിക്കുകയാണ്. എനിക്കു നിന്റെ മേൽ അനുരാഗമുണ്ട്. നീ ഇതു വായിക്കുമ്പോഴേക്ക് എന്റെ ആത്മാവു നിന്റെ അടുത്തെത്തിയിരിക്കും; നീ പുഞ്ചിരിക്കൊള്ളുമല്ലോ.’

കത്തിനു മുദ്രവെക്കാൻ സാമാനമൊന്നുമില്ലാത്തതുകൊണ്ടു, കടലാസ്സ് നാലാക്കി മടക്കി അയാൾ തൃപ്തിപ്പെട്ടു; മേൽവിലാസം എഴുതി:

‘മദാംവ്വാസേല്ല് കൊസെത്ത് ഫൂഷൽവാങ്ങിന്, നമ്പർ 7, മൊസ്യു ഫൂഷൽവാങ്ങിന്റെ ഭവനം, റ്യു ദ് ലോം അർമെ.’

കത്തു മടക്കി ഒരു നിമിഷനേരം അയാൾ ആലോചിച്ചുനിന്നു, വീണ്ടും തന്റെ പോക്കറ്റുപുസ്തകം പുറത്തേക്കെടുത്തു, തുറന്ന്, അതേ പെൻസിൽകൊണ്ടു തന്നെ ആദ്യത്തെ ഭാഗത്ത് ഇങ്ങനെ നാലുവരികൂടി എഴുതി:

‘എന്റെ പേർ മരിയുസ് പൊങ്മെർസി എന്നാണ് എന്റെ ശവം മറേയിൽ റ്യുദെ ഫിൽദ്യുകൽവേറിൽ 6-ാം നമ്പർ ഭവനത്തിലുള്ള മൊസ്യു ഗിൽനോർമാനെന്ന എന്റെ മുത്തച്ഛന്റെ അടുക്കൽ എത്തിച്ചുകൊടുക്കണം.’

അയാൾ പോക്കറ്റുപുസ്തകം വീണ്ടും കീശയിലേക്കുതന്നെ തിരുകി; എന്നിട്ടു ഗവ്രോഷിനെ വിളിച്ചു..

മരിയുസ്സിന്റെ വിളി കേട്ടു തെമ്മാടിച്ചെക്കൻ തന്റെ ആഹ്ലാദമയവും സനേഹ പൂർണ്ണവുമായ മട്ടോടുകൂടി ക്ഷണത്തിൽ പാഞ്ഞെത്തി.

‘എനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമോ?’

‘എന്തും,’ ഗവ്രോഷ് പറഞ്ഞു:‘എന്റെ ഈശ്വര! നിങ്ങളതു ചെയ്തില്ലായിരുന്നുവെങ്കിൽ ഞാനിപ്പോളില്ല.’

‘ഈ കത്തു കണ്ടുവോ?’

‘ഉവ്വ്.’

‘ഇതു മേടിക്കു. ഇനി ക്ഷണത്തിൽ ഈ വഴിക്കോട്ടയിൽനിന്നു പോയി, (ഗവ്രോഷ് അസ്വസ്ഥനായി ചെവി ചൊറിയാൻ തുടങ്ങി) ‘നാളെ രാവിലെ, ഈ കത്തു റ്യൂ ദ് ലോം അർമെയിൽ 7-ാം നമ്പറായ മൊസ്യു ഫുഷൽവാങ്ങിന്റെ വീട്ടിൽച്ചെന്നു, മേൽവിലാസത്തിൽക്കാണുന്ന മദാംവ്വസേല്ല് കൊസെത്തിനു കൊടുക്കണം.’

ആ ഉശിരൻകുട്ടി മറുപടി പറഞ്ഞു: ‘ശരി, പക്ഷേ! ഇതിനിടയ്ക്കു വഴിക്കോട്ട പിടിച്ചുകളയും; ഞാനിവിടെ ഉണ്ടാകയുമില്ല’

‘എല്ലാംകൊണ്ടും നോക്കിയാൽ പുലരുന്നതുവരെ വഴിക്കോട്ടയാക്രമിക്കലുണ്ടാവില്ല. നാളെ ഉച്ചയ്ക്കു മുൻപായി പിടിച്ചുകഴിയില്ല.

പട്ടാളക്കാർ വഴിക്കോട്ടയ്ക്കനുവദിച്ചുകൊടുത്ത വിശ്രമസമയം വാസ്തവത്തിൽ കുറേ നീണ്ടിരുന്നു. രാത്രിയുദ്ധങ്ങളിൽ പലപ്പോഴും കാണാറുള്ള തൽക്കാല ശ്രമങ്ങളിൽ ഒന്നായിരുന്നു അത്, എപ്പോഴും അതിന്റെ പിന്നിൽ പൂർവ്വാധികമായ ശുണ്ഠിയുണ്ട്.

‘ആട്ടെ,’ ഗവ്രോഷ് പറഞ്ഞു, ഞാൻ നിങ്ങളുടെ കത്തു നാളെ കൊണ്ടുക്കൊടുക്കാമെന്നു വെച്ചാലോ?’

‘അപ്പോഴേക്കും വൈകിപ്പോവും. വഴിക്കോട്ട വളയപ്പെടും; എല്ലാ തെരുവുകളിലും പാറാവുണ്ടാവും; നിങ്ങൾക്കു പുറത്തു കടക്കാൻ സാധിക്കില്ല. ഇപ്പോൾത്തന്നെ പോണം.’

ഇതിന് ഒരു മറുപടിയും ഗവ്രോഷിനെക്കൊണ്ടുണ്ടാക്കാൻ കഴിഞ്ഞില്ല; വ്യസനപൂർവം ചെവി ചൊറിഞ്ഞുംകൊണ്ട് അവൻ സംശയിച്ചു നിലവായി.

പെട്ടെന്ന്, അവന്നു പതിവുള്ള പക്ഷിമട്ടുകളിൽ ഒന്നോടുകൂടി അവൻ കത്തു റാഞ്ചിയെടുത്തു.

‘അങ്ങനെയാട്ടെ’, അവൻ പറഞ്ഞു.

ഉടനെതന്നെ മൊങ്ദെതൂർ ഇടവഴിയിലൂടേ അവൻ ഒരു പാച്ചിൽ കൊടുത്തു.

ആവിധം തീർച്ചപ്പെടുത്തുന്നതിൽ ഗവ്രോഷിന് ഒരു യുക്തി തോന്നി; പക്ഷേ, മരിയുസ് വല്ല തടസ്സവും പറഞ്ഞെങ്കിലോ എന്നു ശങ്കിച്ച് അവനതു പുറത്തേക്കു പറഞ്ഞില്ല.

ഇതായിരുന്നു യുക്തി; ‘നേരം അർദ്ധരാത്രി ആവുന്നതേ ഉള്ളൂ; റ്യൂ ദ് ലോം അർമെ ഇവിടെനിന്ന് അധികം ദൂരത്തല്ല; ഞാൻ ഈ കത്ത് ഇപ്പോൾത്തന്നെ കൊണ്ടുചെന്നുകൊടുത്തു, സമയത്തേക്കു തിരിച്ചെത്തും.’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 13; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.