അതേ ദിവസം, ഉച്ച തിരിഞ്ഞു നാലുമണിയോടുകൂടി, ഴാങ് വാൽഴാങ് തനിച്ചു ഷാം ദ് മാറിലെ ഏറ്റവും ഏകാന്തങ്ങളായ മലമ്പള്ളകളിലൊന്നിന്റെ പിൻവശത്തിരിക്കയാണ്. വിവേകംകൊണ്ടോ, മനോരാജ്യം വിചാരിക്കാനുള്ള ഒരാഗ്രഹംകൊണ്ടോ, അല്ലെങ്കിൽ ഓരോരുത്തന്റേയും ജീവിതത്തിലേക്കു പതുക്കെപ്പതുക്കെ അറിയാതെ കടന്നുവരുന്ന സമ്പ്രദായഭേദങ്ങളിൽ ഒന്നുമൂലമോ, അയാൾ ഇപ്പോൾ കൊസെത്തോടുകൂടി പുറത്തേക്കു പോകാറില്ല. അയാൾ തന്റെ കൂലിപ്പണിക്കാരൻ മാർക്കുപ്പായവും ചാരനിറത്തിലുള്ള പരുത്തിത്തുണിക്കാലുറകളുമാണിട്ടിരുന്നത്. അയാളുടെ നീളൻമുൻഭാഗത്തു റിപ്പോടുകൂടിയ തൊപ്പി മുഖത്തെ മറിച്ചിട്ടുണ്ട്.
ഇപ്പോൾ കൊസെത്തോടുകൂടി അയാൾ സമാധാനപൂർവ്വം കഴിയുന്നുണ്ട്. അയാളെ കുറച്ചിട പേടിപ്പെടുത്തുകയും പരിഭ്രമിപ്പിക്കുകയും ചെയ്തതെന്തോ അതുപോയി; പക്ഷേ, ഒന്നോ രണ്ടോ ആഴ്ചയായിട്ടു മറ്റൊരുതരം ഉൽക്കണ്ഠ പുറപ്പെട്ടിട്ടുണ്ട്. ഒരുദിവസം നഗരത്തിന്റെ അയൽപ്രദേശത്തു സഞ്ചരിക്കുമ്പോൾ, അയാൾ തെനാർദിയെറെ കണ്ടെത്തി; പക്ഷേ, ആ വേഷമാറ്റത്തിന്നു നാം നന്ദി പറയുക, തെനാർദിയെർ അയാളെ കണ്ടിട്ടറിഞ്ഞില്ല. എങ്കിലും അന്നുമുതൽ ഴാങ് വാൽഴാങ് അയാളെ ദിവസംപ്രതി അവിടെവെച്ചു കാണാൻ തുടങ്ങി; തെനാർദിയെർ അവരുടെ അയൽപക്കങ്ങളിൽ പതുങ്ങി നടക്കുന്നുണ്ടെന്ന് അയാൾക്കു തീർച്ചവന്നു.
അയാളെക്കൊണ്ട് ഒരു കാര്യം നിശ്ചയിപ്പിക്കുവാൻ ഇതു മതിയായി.
എന്നല്ല, പാരിസ് സമാധാനപരമല്ല; ജീവിതത്തിൽ എന്തെങ്കിലും ഒളിച്ചുവെക്കാനുള്ളവർക്ക് രാഷ്ട്രീയക്ഷോഭങ്ങളെക്കൊണ്ട് ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ട്; പൊല്ലീസ്സുകാർ വളരെ പരിഭ്രമത്തിലാകയും സകലത്തേയും ശങ്കിച്ചുതുടങ്ങുകയും ചെയ്തതുകൊണ്ട് ഒരു പെപ്പിന്നെയോ ഒരു മോറിയേയോ കുഴിച്ചെടുക്കാൻ നോക്കുന്നതിനിടയിൽ, അവർ വളരെ വേഗത്തിൽ ഴാങ് വാൽഴാങ്ങിനെപ്പോലുള്ള ഒരാളെ കണ്ടുപിടിച്ചു എന്നു വരാം.
ഴാങ് വാൽഴാങ് പാരിസ് വിടാൻ തീർച്ചപ്പെടുത്തി; എന്നല്ല ഫ്രാൻസുതന്നെ വിട്ട് ഇംഗ്ലണ്ടിലേക്കു പോവാനുറച്ചു.
അയാൾ കൊസെത്തിനെ വിവരം അറിയിച്ചു. ആ ആഴ്ചയുടെ അവസാനത്തോടുകൂടി പുറപ്പെടണമെന്നുവെച്ചു.
അയാൾ ഷാം ദ് മാറിലെ മലമ്പള്ളയിൽ ഈ എല്ലാത്തരം ആലോചനകളേയും ഇട്ട് തിരിച്ചുംകൊണ്ടിരിക്കുകയാണ്—തെനാർദിയെർ, പൊല്ലീസുകാർ, ദീർഘയാത്ര, യാത്രാനുവാദപത്രം സമ്പാദിക്കാനുള്ള ബുദ്ധിമുട്ട്.
ഈ എല്ലാക്കാര്യങ്ങളും അയാളെ അസ്വാസ്ഥ്യപ്പെടുത്തി.
ഒടുവിൽ അപ്പോൾത്തന്നെ അയാളുടെ ശ്രദ്ധയെ ആകർഷിച്ചതും അയാളുടെ ഉള്ളിൽനിന്നു പോയിട്ടില്ലാത്തതുമായ മറ്റൊരു ദുർഗ്രഹസംഗതി അയാളുടെ അസ്വാസ്ഥ്യത്തെ ഒന്നുകൂടി വർദ്ധിപ്പിച്ചു.
അന്നുതന്നെ നന്നെ രാവിലെ, വീട്ടിൽ അയാൾ മാത്രമേ ഉണർന്നിട്ടുള്ളു എന്നിരിക്കെ, കൊസെത്തിന്റെ ജനാല തുറക്കുന്നതിനുമുൻപായി, തോട്ടത്തിൽ ലാത്തുന്ന സമയത്തു മതിലിന്മേൽ, ഒരു സമയം, നഖംകൊണ്ടെഴുതിയ ഈയൊരുവരി അയാൾ അപ്രതീക്ഷിതമായി കണ്ടെത്തി:
16. റ്യൂ ദ് ല വെറെറി
ഇതു തീർച്ചയായും പുതിയ എഴുത്താണ്. പഴയ കരിക്കുമ്മായപ്പണിയിലെ പാടുകൾ വെളുത്തിരിക്കുന്നു; മതിലിന്റെ അടിയിലുള്ള കൊടിത്തൂവക്കാട്ടിൽ ഒരു മിനുസമുള്ള പുതുകുമ്മായപ്പൊടി ചിന്നിക്കിടപ്പുണ്ട്.
തലേ ദിവസം രാത്രി എഴുതിയിട്ടുള്ളതായിരിക്കാം അത്.
ഇതിന്റെ അർത്ഥം? മറ്റുള്ളവർക്ക് ഒരടയാളം? അയാൾക്ക് ഒരു മുന്നറിയിപ്പ്?
എന്തായാലും തോട്ടത്തിൽ ആൾപ്പെരുമാറ്റമുണ്ടായിട്ടുണ്ടെന്നും അവിടെ അപരിചിതർ കാലെടുത്തുകുത്തിയിട്ടുണ്ടെന്നും സ്പഷ്ടമായി.
ആളുകളെ ഭയപ്പെടുത്തുകയുണ്ടായി പണ്ടത്തെ ചില ചെറുസംഭവങ്ങൾ അയാൾ ഓർമ്മിച്ചു.
ഈ ചിത്രമെഴുത്തുതുണിയിന്മേൽ മുഴുവനും അയാളുടെ മനസ്സു വരയപ്പെടുകയായി.
കൊസെത്തിനെ പേടിപ്പിച്ചെങ്കിലോ എന്നു കരുതി ചുമരിന്മേലത്തെ ആ ഒരു വരിയുടെ കാര്യം അയാൾ അവളെ അറിയിക്കാതെ കഴിക്കാൻ യത്നിച്ചു.
ഈ മനോരാജ്യങ്ങൾക്കിടയിൽ, വെയിലത്ത് ഒരു നിഴൽകൊണ്ട്, ആ ഇരിക്കുന്നതിന്റെ അടുത്തു പിന്നിൽ മലമ്പള്ളയുടെ ഒത്ത മുകളിൽ ആരോവന്നു നില്ക്കുന്നതായി അയാൾ കണ്ടു.
അയാൾ തിരിഞ്ഞുനോക്കുമ്പോഴേയ്ക്കു തലയ്ക്കുമുകളിലൂടെ ആരോ എറിഞ്ഞിട്ടെന്നപോലെ, നാലായി മടക്കിയ ഒരു കടലാസ്സിൻ കഷ്ണം അയാളുടെ മടിയിൽ വന്നുവീണു.
അയാൾ അതെടുത്തു, നിവർത്തി, അതിൽ വലിയക്ഷരത്തിൽ പെൻസിൽകൊണ്ട് ഈ ഒരു വരി എഴുതിയിട്ടുള്ളതായി കണ്ടു:
നിങ്ങളുടെ വീട്ടിൽനിന്നു മാറിപ്പോവുക.
ഴാങ് വാൽഴാങ് പെട്ടെന്നു ചാടിയെണീറ്റു; ആ മലമ്പള്ളയിലെങ്ങും ആരുമില്ല; അയാൾ ചുറ്റുപാടും സൂക്ഷിച്ചുനോക്കി: ഒരു കുട്ടിയെക്കാൾ വലുതായി, ഒരാളോളമായിട്ടില്ലാത്ത, ഒരു സത്ത്വം ചാരനിറത്തിലുള്ള ഒരു കുറുംകുപ്പായത്തോടും മണ്ണിൻനിറത്തിലുള്ള പരുത്തിപ്പട്ടു കാലുറകളോടുകൂടി, അരച്ചുമർ കവിച്ചുചാടി, ഷാം ദ് മാറിലെ കിടങ്ങുകുഴിയിലേക്കിറങ്ങുന്നതു കണ്ടു.
ഴാങ് വാൽഴാങ് ഒരു വലിയ മനോരാജ്യത്തോടുകൂടി ക്ഷണത്തിൽ വീട്ടിലേക്കു മടങ്ങി.
മരിയുസ് നിരാശതയോടുകൂടിയാണ് മൊസ്യു ഗിൽനോർമാനെ വിട്ടുപോന്നത്; ഒട്ടും ആശയോടുകൂടിയല്ല അയാൾ വീട്ടിലേക്കു ചെന്നത്, അപാരമായ നിരാശതയോടുകൂടി അവിടെനിന്നു പോന്നു.
എന്തായാലും—മനുഷ്യഹൃദയത്തിന്റെ അഗാധതകൾ നോക്കിക്കണ്ടിട്ടുള്ളവർക്ക് ഇതു മനസ്സിലാവും—ആ ഉദ്യോഗസ്ഥൻ, ആ കുന്തപ്പടയാളി, ആ വങ്കൻ, ദായാദിയായ തെയോദുൽ, അയാളുടെ ഉള്ളിൽ ഒരു പെരുമാറ്റപ്പാടും ഇട്ടിരുന്നില്ല. അല്പമെങ്കിലുമില്ല. മുത്തച്ഛൻ ദൗഹിത്രനോടു മുഖത്തു നോക്കിപ്പറഞ്ഞ ആ ഗൂഢകാര്യത്തിൽനിന്നു ചില തകരാറുകളെല്ലാം ഉണ്ടാവണമെന്ന് ഒരു നാടകകർത്താവായ കവി ഊഹിക്കാതിരിക്കില്ല. പക്ഷേ, നാടകത്തിന്ന് അതുകൊണ്ടുള്ള സമ്പാദ്യം സത്യത്തിന്നു നഷ്ടമാവും. ദോഷഭാഗത്തുള്ള യാതൊന്നും വിശ്വസിക്കാതിരിക്കുന്ന ഒരു പ്രായത്തിലാണ് മരിയുസ്; ഇനി സകലവും വിശ്വസിക്കുന്ന പ്രായം വരും. ശങ്കകൾ മുഖച്ചുളിവുകളല്ലാതെ മറ്റൊന്നുമല്ല. നന്നെ ചെറുപ്പത്തിൽ അവയില്ല. ഒത്തെല്ലോവിനെ [1] ആകെ മുക്കിയവ കാൻഡൈഡിനെ [2] നനയ്ക്കാതെ പോകുന്നു. കൊസെത്തിനെ ശങ്കിക്കുക! അതിനുമുൻപായി മരിയുസ് ഒരുപാടു ദുഷ്കർമ്മങ്ങൾ ചെയ്യും.
അയാൾ തെരുവുകളിൽ അലയാൻ തുടങ്ങി—ദുഃഖിതർക്കുള്ള ആശ്രയം. പിന്നീടോർമ്മവെച്ചു നോക്കിയപ്പോൾ യാതൊന്നും അയാൾ ആലോചിച്ചിട്ടില്ല. പുലരാൻ രണ്ടുമണിക്ക് അയാൾ കുർഫെരാക്കിന്റെ വസതിയിലെത്തി, ഉടുപ്പഴിക്കാതെ, വിരിപ്പിൽച്ചെന്നുവീണു. ആലോചനകൾക്കു തലച്ചോറിലേക്കു പോവാനും വരാനും പഴുതുകൊടുക്കുന്ന ആ വല്ലാത്ത മയക്കത്തിൽ അയാൾ ആണ്ടപ്പോൾ നേരം നല്ലവണ്ണം വെളുത്തു. അയാൾ ഉണർന്നപ്പോൾ ആ മുറിയിൽ തൊപ്പിയും തലയിൽ വെച്ചു പുറത്തേക്കു പോവാൻ തെയ്യാറായി, കുർഫെരാക്കും ആൻഷോൽരായും ഫെയ്ലിയും കൊംബ്ഫേറും നില്ക്കുന്നുണ്ട്.
കുർഫെരാക് അയാളോടു ചോദിച്ചു: ‘നിങ്ങൾ ജനറൽ ലമാക്കിന്റെ [3] ശവസംസ്കാരത്തിനു വരുന്നുവോ?’
കുർഫെരാക് ചീനഭാഷയാണ് സംസാരിക്കുന്നതെന്ന് അയാൾക്കു തോന്നി.
അവർ പോയി കുറച്ചു കഴിഞ്ഞപ്പോൾ അയാളും പുറത്തേക്കിറങ്ങി. ഫെബ്രവരി 3-ആംന്-ത്തെ അത്ഭുതസംഭവത്തിൽ ഴാവേർ സമ്മാനിക്കുകയുണ്ടായ കൈത്തോക്കുകൾ അയാൾ കീശയിലിട്ടു; അവ അയാളുടെ പക്കൽത്തന്നെ ഉണ്ടായിരുന്നു. ആ തോക്കുകൾ അപ്പോഴും നിറച്ചിരുന്നു. അവ കൈയിലെടുത്തപ്പോൾ അയാളുടെ മനസ്സിലുണ്ടായിരുന്ന അസ്പഷ്ടവിചാരം എന്താണെന്നു പറയാൻ പ്രയാസം.
അന്നു പകൽ മുഴുവനും എവിടേക്കാണ് പോകുന്നതെന്നറിയാതെ, അയാൾ അങ്ങുമിങ്ങും ചുറ്റിത്തിരിഞ്ഞു; ചിലപ്പോൾ മഴ പെയ്തിരുന്നു, അയാൾ അതറിഞ്ഞില്ല; ഭക്ഷണത്തിന്ന് ഒരപ്പക്കച്ചവടക്കാരന്റെ പീടികയിൽനിന്ന് ഒരു പെനിയുടെ അപ്പച്ചുരുൾ വാങ്ങി കീശയിലിട്ടിരുന്നു, അതയാൾ ഓർമ്മ വിട്ടു. അറിയാതെ കണ്ട് അയാൾ സെയിൻനദിയിൽ ഒരു മുങ്ങു മുങ്ങി എന്നു തോന്നുന്നു. മനുഷ്യൻ തന്റെ തലച്ചോറിനുള്ളിൽ ഒരു തീച്ചൂളയുംകൊണ്ടു നടക്കുന്ന ചില സന്ദർഭങ്ങളുണ്ട്. മരിയുസ് അങ്ങനെയൊരു സന്ദർഭത്തിലായിരുന്നു. അയാൾക്ക് യാതൊന്നിനെപ്പറ്റിയും ആശയില്ല; തലേദിവസം വൈകുന്നേരംമുതൽ അയാൾ ഈയൊരു നിലയ്ക്കായിരിക്കുന്നു. സഹിച്ചുകൂടാത്ത അക്ഷമതയോടുകൂടി അയാൾ രാത്രി വരാൻ കാത്തു; അയാളുടെ മനസ്സിൽ ഒരൊറ്റ വിചാരം മാത്രമേ സ്പഷ്ടമായിട്ടുള്ളു—ഒമ്പതു മണിയോടുകൂടി കൊസെത്തിനെ കാണണം. ഈ ഒടുവിലത്തെ സുഖത്തിലടങ്ങി അയാളുടെ ഭാവി മുഴുവൻ; അതിനപ്പുറം അന്ധകാരം. ചില സമയത്ത് അയാൾ ആ ഏറ്റവും വിജനങ്ങളായ നഗരപ്രാന്തങ്ങളിൽ ചുറ്റിത്തിരിയുന്നതിനിടയ്ക്കു, പാരിസ്സിൽനിന്നു ചില അപൂർവ്വശബ്ദങ്ങൾ കേൾക്കുന്നതായി തോന്നും. അയാൾ തന്റെ മനോരാജ്യത്തിന്നിടയിൽനിന്നു പുറത്തേക്കു തലയിട്ടു നോക്കി, പറയും: ‘യുദ്ധം നടക്കുന്നുണ്ടോ?’
രാത്രി, ശരിക്ക് ഒമ്പതുമണിസമയത്തു, കൊസെത്തോടു പ്രജിജ്ഞ ചെയ്തിട്ടുള്ളവിധം, അയാൾ റ്യു പ്ളുമെയിലെത്തി. അഴിവേലിക്കലെത്തിയതോടുകൂടി അയാൾ സകലവും മറന്നു. നാല്പത്തിരണ്ടു മണിക്കൂർ കഴിഞ്ഞു, അയാൾ കൊസെത്തിനെ കണ്ടിട്ട്; അയാൾ ഒരിക്കൽക്കൂടി അവളെ കാണാൻ പോകുന്നു; മറ്റു സകല വിചാരവും മാഞ്ഞു; അഗാധവും അശ്രുതപൂർവ്വവുമായ ഒരാഹ്ലാദംമാത്രം അയാൾക്കനുഭവപ്പെട്ടു. ശതാബ്ദങ്ങളെല്ലാം ഒന്നിച്ചു ജീവിച്ചു കഴിക്കുന്ന ആ നിമിഷങ്ങൾക്ക് ഇങ്ങനെയൊരു ശ്രേഷ്ഠവും അത്ഭുതകരവുമായ സവിശേഷതയുണ്ട്: അവ കടന്നു പോകുന്ന സമയത്തു ഹൃദയത്തെ വഴിയത്തക്കവിധം നിറയ്ക്കുന്നു.
മരിയുസ് അഴി മാറ്റി, തോട്ടത്തിലേക്ക് ഒരോട്ടമോടി: കൊസെത്ത് പതിവായി അയാളെ കാത്തുനില്ക്കുന്നേടത്തില്ല. അയാൾ കുറ്റിക്കാടു കടന്ന്, ഒതുക്കുകൾക്കരികിലുള്ള ചുമർമാടത്തിലെത്തി: ‘അവൾ എന്നെ അവിടെ കാത്തുനില്ക്കുന്നുണ്ടാവും’, അയാൾ പറഞ്ഞു. കൊസെത്ത് അവിടെയില്ലായിരുന്നു. അയാൾ തല പൊന്തിച്ചുനോക്കി; ജനാലകൾ അടച്ചിട്ടിരിക്കുന്നു. അയാൾ തോട്ടത്തിലൊക്കെ നടന്നു; ആരുമില്ല. അയാൾ വീട്ടിലേക്കുതന്നെ ചെന്നു; അനുരാഗംകൊണ്ടു തന്റേടം കെട്ടു, ലഹരികയറി, പേടിച്ചു, വ്യസനംകൊണ്ടും അസ്വാസ്ഥ്യംകൊണ്ടും ശുണ്ഠി പിടിച്ച്, അസമയത്തു വീട്ടിലേക്കു തിരിച്ചെത്തിയ ഒരു വീട്ടുടമസ്ഥനെപ്പോലെ, ജനാലയ്ക്കൽ മുട്ടി. ജനാല തുറന്ന് അവളുടെ അച്ഛന്റെ ഗ്രഹപ്പിഴ പിടിച്ച മുഖം പ്രത്യക്ഷമായി ‘എന്തു വന്നു’ എന്നു കല്പിച്ചുചോദിച്ചാലും ആവട്ടെ എന്നുറച്ച്, അയാൾ പിന്നെയും പിന്നെയും മുട്ടി. അയാൾക്കു കുറേശ്ശ സംശയം തോന്നാൻ തുടങ്ങിയ ആ ഒരു കാര്യത്തോടു തട്ടിച്ചുനോക്കുമ്പോൾ ഇതു സാരമില്ല. മുട്ടിനോക്കിയതിനുശേഷം, അയാൾ കൊസെത്തിനെ ഉറക്കെ വിളിച്ചു: ‘കൊസെത്ത്!,’ അയാൾ ഉറക്കെ വിളിച്ചു: ‘കൊസെത്ത്’. അയാൾ അധികാരസ്വരത്തിൽ ആവർത്തിച്ചു. മറുപടിയില്ല. ഒക്കെത്തീർന്നു. തോട്ടത്തിലാരുമില്ല; വീട്ടിലാരുമില്ല.
ഒരു ശവക്കുഴിപോലെ ഇരുണ്ടതും ശബ്ദമില്ലാത്തതും അതിനെക്കാൾ വളരെയധികം ശൂന്യവുമായ ആ ഒരു ഭയങ്കരഭവനത്തിനുനേരെ നിരാശനായി അയാൾ സൂക്ഷിച്ചുനോക്കി. കൊസെത്തുമായി സ്വർഗ്ഗോചിതങ്ങളായ അസംഖ്യം മണിക്കൂറുകൾ കഴിച്ചിട്ടുള്ള ആ കല്ലുബെഞ്ചിന്മേലേക്ക് അയാൾ ഊന്നിനോക്കി. എന്നിട്ട് ആ ഒതുക്കുകളിലൊന്നിൽ ഇരുന്നു. സ്നേഹംകൊണ്ടും തീർപ്പുകൊണ്ടും ഹൃദയം നിറയെ അയാൾ തന്റെ ആലോചനകളുടെ അടിയിൽനിന്ന് ആ അനുരാഗഭാജനത്തെ അനുഗ്രഹിച്ചു; കൊസെത്ത് പോയിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി മരിക്കുക മാത്രമേ താൻ ചെയ്യേണ്ടതായിട്ട് ഒന്നുള്ളു എന്നു സ്വയം പറഞ്ഞു.
പെട്ടെന്ന് ഒരു ശബ്ദം—അതു തെരുവിൽനിന്നാണെന്നു തോന്നി—മരങ്ങൾക്കിടയിലൂടെ അയാളെ വിളിക്കുന്നുണ്ട്: ‘മിസ്റ്റർ മരിയുസ്!’
അയാൾ പിടഞ്ഞെഴുന്നേറ്റു.
‘ഏ?’
‘മിസ്റ്റർ മരിയുസ്, നിങ്ങൾ അവിടെയുണ്ടോ?’
‘ഉവ്വ്.’
‘മിസ്റ്റർ മരിയുസ്സ്’, ആ ശബ്ദം പറകയായി: ‘നിങ്ങളുടെ സ്നേഹിതന്മാർ നിങ്ങളെ റ്യു ജ് ല ഷങ്വ്രെറിയിലെ വഴിക്കോട്ടയിൽ കാത്തുനില്ക്കുന്നു.’
ഈ ശബ്ദം അയാൾക്കു തീരെ അപരിചിതമല്ല. അതിന്ന് എപ്പൊനൈന്റെ ചിലമ്പിച്ച പരുക്കനൊച്ചയോടു സാദൃശ്യമുണ്ട്. മരിയുസ് നേരെ പടിക്കലേക്കു പാഞ്ഞു, ആ മാറ്റാവുന്ന അഴി വലിച്ചുനീക്കി. പഴുതിലൂടെ തലയിട്ടുനോക്കി; ഒരു ചെറുപ്പക്കാരനെന്നു തോന്നിയ ആരോ ഒരാൾ ഒരോട്ടംകൊടുത്ത് അന്ധകാരത്തിൽ അദൃശ്യനായത് അയാൾ കണ്ടു.
[1] ഒത്തെല്ലോ എന്ന ഷെക്സ്പിയർ നാടകത്തിലെ നായകൻ അയാഗോ കളവായി പറഞ്ഞുണ്ടാക്കിയ വ്യഭിചാരശങ്കകൊണ്ട് അയാൾ തന്റെ ഭാര്യയെ കൊലപ്പെടുത്തി.
[2] ലീബ്നിറ്റ്സ് എന്ന തത്ത്വജ്ഞാനിയേയും ‘ഈ ലോകംതന്നെയാണ് സ്വർഗ്ഗ’മെന്നുള്ള സിദ്ധാന്തത്തെയും പരിഹസിക്കാൻവേണ്ടി വോൾത്തെയർ എഴുതിയ പ്രസിദ്ധ കഥാപുസ്തകത്തിലെ നായകൻ അയാൾ പലതരം കഠിനാപത്തുകളിൽപ്പെട്ടിട്ടും ലോകത്തോടുള്ള ഇഷ്ടം വിട്ടില്ല.
[3] ഫ്രാന്സിലെ ഒരു സൈന്യാധിപനും പ്രാസംഗികനും; നെപ്പോളിയന്റെ ഭാഗത്തു പല യുദ്ധങ്ങളിലും കൂടിയിട്ടുണ്ട്.
ഴാങ് വാൽഴാങ്ങിന്റെ പണസ്സഞ്ചി മൊസ്യു മബേയ്ക്ക് ഉപയോഗപ്പെട്ടില്ല. മൊസ്യു മബേ, തന്റെ ബഹുമാന്യമായ ബാലിശ തപോനിഷ്ഠമൂലം, ആ നക്ഷത്രങ്ങളുടെ സമ്മാനത്തെ കൈക്കൊണ്ടില്ല; ഒരു നക്ഷത്രത്തെ സ്വയം ലൂയിനാണ്യമായിത്തീരുവാൻ അയാൾ സമ്മതിച്ചില്ല; സ്വർഗ്ഗത്തിൽനിന്നു വീണ ആ സാധനം ഗവ് രോഷിന്റെ സമ്മാനമാണെന്ന് അയാളറിഞ്ഞില്ല. അയാൾ ആ പണസ്സഞ്ചി, അവകാശികൾക്ക് തിരിച്ചുകൊടുക്കാനായി കണ്ടുകിട്ടിയ ആൾ ഏല്പിച്ചുകൊടുക്കുന്ന ഒരു കളഞ്ഞുപോയ സാധനം എന്ന നിലയിൽ, ആ പ്രദേശത്തുള്ള പൊല്ലീസ് മേലധികാരിയുടെ വശം കൊണ്ടുക്കൊടുത്തു. അങ്ങനെ ആ പണസ്സഞ്ചി വാസ്തവത്തിൽ പോയി. അതാരും അവകാശപ്പെടുകയുണ്ടായില്ലെന്നു പറയേണ്ടതില്ലല്ലോ; അതു മൊസ്യു മബേയ്ക്ക് ഉപകാരപ്പെട്ടുമില്ല.
എന്നല്ല, മൊസ്യു മബേയുടെ അധോഗതി പിന്നെയും തുടർന്നു.
അമരിച്ചെടിക്കൃഷിയെസ്സംബന്ധിച്ചുള്ള അയാളുടെ പരീക്ഷണങ്ങളൊന്നും ഓസ്തർലിത്സ് തോട്ടത്തിൽവെച്ചുണ്ടായതിലധികം ഴാർദാങ് ദ് പ്ലാന്തിലും ഫലപ്രദമായില്ല. മുൻകൊല്ലത്തിൽ അയാൾക്കു വീട്ടുപണിക്കാരിയുടെ ശമ്പളബാക്കി മാത്രമേ കടമുണ്ടായിരുന്നുള്ളു; ഇപ്പോൾ, നമ്മൾ കണ്ടതുപോലെ, മൂന്നുമാസത്തെ വീട്ടുവാടക അയാൾ കൊടുക്കാൻ ബാക്കിയായി. പതിമ്മൂന്നു മാസം കഴിഞ്ഞപ്പോൾ അയാളുടെ പുഷ്പസഞ്ചയ ഗ്രന്ഥത്തിലെ ചെമ്പുചിത്രപ്പലകകളെല്ലാം പണയം വാങ്ങിയിരുന്നവർ ലേലം ചെയ്തു. അവയെക്കൊണ്ട് ഏതോ ചെമ്പുകൊട്ടി കലങ്ങളുണ്ടാക്കി. ചെമ്പുചിത്രപ്പലകകളെല്ലാം പോയി, ബാക്കി കൈവശമുള്ള അപൂർണ്ണഗ്രന്ഥപ്രതികളൊന്നും പൂർണ്ണമാക്കാൻ കഴിവില്ലെന്നായപ്പോൾ, ആ അച്ചടിക്കടലാസ്സുകളെല്ലാം അയാൾ ഒരു പഴയ പുസ്തകവ്യാപാരിക്കു മോശവിലയ്ക്കു, കീറക്കടലാസ്സെന്ന മട്ടിൽ, തൂക്കിവിറ്റു. അയാളുടെ ജീവിതയത്നത്തിൽ യാതൊന്നും ശേഷിച്ചില്ല. ആ പുസ്തകങ്ങൾ വിറ്റുകിട്ടിയ പണം കുറേശ്ശയെടുത്ത് അയാൾ ഭക്ഷിച്ചുതീർത്തു. ആ നിസ്സാരമുതൽ കഴിഞ്ഞുതുടങ്ങിയപ്പോൾ, അയാൾ, തോട്ടം നോക്കാതായി, അതു കിടന്നു തരിശാവാൻ വിട്ടു. അതിനുമുൻപായി, വളരെ മുൻപുമുതല്ക്ക് ഇടയ്ക്കിടയ്ക്കു താൻ കഴിക്കാറുണ്ടായിരുന്ന കോഴിമുട്ടകളും പശുമാംസക്കഷ്ണവും അയാൾ ഉപേക്ഷിച്ചിരിക്കുന്നു. അയാൾ അപ്പവും ഉരുളക്കിഴങ്ങുമായി കഴിച്ചുകൂട്ടി. വീട്ടുസാമാനങ്ങളെല്ലാം അയാൾ വിറ്റുതീർത്തു; പിന്നെ ഇരട്ടവിരിപ്പുകൾ, ഉടുപ്പുകൾ, കമ്പിളികൾ, ഒടുവിൽ ശുഷ്കസസ്യശേഖരങ്ങളും, അച്ചടിച്ച പുസ്തകങ്ങളും; പക്ഷേ, അയാൾ തന്റെ ഏറ്റവും വിലപിടിച്ച പുസ്തകങ്ങൾ പിന്നേയും സൂക്ഷിച്ചു; അവയിൽ പലതും വളരെ അപൂർവ്വങ്ങളായിരുന്നു— ‘ചരിത്രക്രമത്തിലുള്ള ബൈബിളിലെ നാലു ഭാഗങ്ങൾ’ 1560-ലെ പതിപ്പ്; പിയേർ ദ് ബെസ്സിന്റെ ബൈബിളിലെ കഥപ്പൊരുത്തം; നവർ മഹാരാജ്ഞിക്ക് ഒരു സമർപ്പണമുള്ള ഴാങ് ദ്ലഹയെയുടെ ‘മുത്തുകളുടെ മുത്ത്’; സിയെ യുദ് വില്ലിയേർ ഓത്ഴാങ്ങിന്റെ ‘ഒരു രാജപ്രതിനിധികളുടെ ഉദ്യോഗത്തിലും സ്ഥാനത്തിലും’ എന്ന പുസ്തകം 1644-ലെ റബ്ബിഭാഷയിലെ പുഷ്പങ്ങൾ; വെനിസ്സിൽ മനുഷ്യായുസ്സിന്റെ ഗൃഹത്തിൽ എന്ന വിശിഷ്ടക്കുറിപ്പോടുകൂടിയ 1567-ലെ ഒരു തിബുലിയസ്സ് കൃതി; ഒടുവിൽ, വത്തിക്കാനിൽ [1] പതിമ്മൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ആ സുപ്രസിദ്ധമായ 411-ആം കയ്യെഴുത്തുകോപ്പിയും ആങ്റി എസ്തിയേന്ന് അത്രമേൽ പ്രയോജനം കണ്ട വെനിസ്സിലെ 393-ഉം 394-ഉം കയ്യെഴുത്തുകോപ്പികളും, നേപ്പിൾസിലെ ഗ്രന്ഥശാലയിൽ പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന ആ പ്രസിദ്ധക്കയ്യെഴുത്തുകോപ്പിയിൽ മാത്രം കാണപ്പെടുന്ന ഡോറിക് [2] ലിപിയിലെ എല്ലാ വരികളും അടങ്ങിയതായി 1644-ൽ ലയോൺസ് പട്ടണത്തിൽ അച്ചടിച്ച ഒരു ഡയോജിനിസ് ലയേർഷിയുസ്കൃതിയും. മൊസ്യു മബേയുടെ അറയിൽ ഒരു സമയത്തും തിയ്യുണ്ടാവലില്ല; മെഴുതിരി ചെലവാക്കാതിരിക്കാൻ വേണ്ടി അയാൾ സന്ധ്യയോടുകൂടി ചെന്നുകിടക്കും. അയാൾക്ക് അയൽപക്കക്കാരില്ലാതായെന്നു തോന്നുന്നു; അയാൾ പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും മാറുകയാണ് പതിവ്; അയാൾക്കതു മനസ്സിലായി. ഒരു കുട്ടിയുടെ കഷ്ടസ്ഥിതി ഒരമ്മയുടെ ശ്രദ്ധയെ ആകർഷിക്കുന്നു; ഒരു ചെറുപ്പക്കാരന്റെ കഷ്ടസ്ഥിതി ഒരു പെൺകിടാവിന്റെ ശ്രദ്ധയെ ആകർഷിക്കുന്നു; ഒരു കിഴവന്റെ കഷ്ടസ്ഥിതി ആരുടെ ശ്രദ്ധയേയും ആകർഷിക്കുന്നില്ല. അതാണ് എല്ലാ കഷ്ടസ്ഥിതികളിലും വെച്ചു കഠിനം. എങ്കിലും ഫാദർ മബേ തന്റെ ബാലിശമായ ഗൗരവത്തെ തീരെ വിട്ടില്ല. അയാളുടെ കണ്ണുകൾക്കു സ്വന്തം പുസ്തകങ്ങളെ നോക്കിക്കാണുമ്പോൾ ഒരു ചൊടി വെയ്ക്കും; ഒരദ്ലിതീയഗ്രന്ഥമായ ഡയോജിനിസ് ലയേർഷിയുസ്സിന്റെ കൃതി നോക്കിക്കാണുമ്പോൾ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി ഉദിച്ചുകാണാം. ഒരിക്കലും കൂടാതെ കഴിയില്ലെന്നുള്ളവയ്ക്ക് പുറമേ ചില്ലുവാതിലുള്ള പുസ്തകാളുമാരി മാത്രമേ അയാൾ ബാക്കി വെച്ചിരുന്നുള്ളു.
ഒരു ദിവസം മദർ പ്ളുത്താർക്ക് അയാളോടു പറഞ്ഞു: ‘ഭക്ഷണത്തിനു വല്ലതും വാങ്ങിക്കാൻ എന്റെ കൈയിൽ യാതൊന്നുമില്ല.’
അവൾ ഭക്ഷണം എന്നു പറഞ്ഞത് ഒരപ്പവും നാലോ അഞ്ചോ ഉരുളൻകിഴങ്ങുമാണ്.
‘കടമായിട്ട്?’ മൊസ്യു മബേ പറഞ്ഞുകൊടുത്തു.
‘ആരും എനിക്കു കടം തരുന്നില്ലെന്നറിയാമല്ലോ.
മൊസ്യു മബേ തന്റെ പുസ്തകാളുമാരി തുറന്നു. ഒരു കുട്ടിയെ തിരഞ്ഞെടുക്കാൻ വേണ്ടി തന്റെ മക്കളെ വെവ്വേറെ നോക്കിക്കാണുന്ന ഒരച്ഛനെന്നപോലെ, അയാൾ ഓരോന്നായി, തന്റെ പുസ്തകങ്ങൾ മുഴുവനും ഒന്നൂന്നിനോക്കി; എന്നിട്ടു ക്ഷണത്തിൽ ഒന്നിനെ വലിച്ചെടുത്തു, കക്ഷത്തിൽത്തീരുകി, പുറത്തേക്കിറങ്ങി. രണ്ടു മണിക്കൂറിനുള്ളിൽ കക്ഷത്തിൽ യാതൊന്നുമില്ലാതെ, അയാൾ തിരിച്ചെത്തി, മുപ്പതു സൂ മേശപ്പുറത്തുവെച്ചു, പറഞ്ഞു: ‘എന്തെങ്കിലും ഭക്ഷണത്തിനു വാങ്ങിക്കാം.’
പിന്നീട് ഒരിക്കലും നീങ്ങിയിട്ടില്ലാത്ത ഒരു വ്യസനമയമായ മൂടുപടം അന്നുമുതൽ ആ വയസ്സന്റെ കലവറയില്ലാത്ത മുഖത്തു തൂങ്ങിയതായി മദർ പ്ളുത്താർക്ക് കണ്ടു.
പിറ്റേ ദിവസവും, അതിന്റെ പിറ്റേ ദിവസവും, അതിന്റെ പിറ്റേ ദിവസവും ഇതു തന്നെ തുടർന്നു.
മൊസ്യു മബേ ഒരു പുസ്തകവുംകൊണ്ടു പുറത്തേയ്ക്കു പോവും, ഒരു നാണ്യവുംകൊണ്ടു തിരിച്ചുവരും. അയാൾക്കു വില്ക്കാതെ നിവൃത്തിയില്ലെന്നു കണ്ടതുകൊണ്ടു, ചിലപ്പോൾ അതേ പീടികകളിൽവെച്ചുതന്നെ ഇരുപതു ഫ്രാങ്ക് കൊടുത്തു മേടിച്ചിട്ടുള്ള പുസ്തകത്തിനുകൂടി കച്ചവടക്കാർ അയാൾക്ക് ഇരുപതു സൂ വിലകൊടുത്തു. പുസ്തകം പുസ്തകമായി ആ ഗ്രന്ഥശാല മുഴുവനും ഒരേ വഴിക്കു നടന്നു. ചിലപ്പോൾ അയാൾ പറയും: ‘ആട്ടെ, എനിക്കെൺപതായല്ലോ.’ പുസ്തകങ്ങൾ അവസാനിക്കുന്നതിനുമുൻപായി ആയുസ്സവസാനിക്കുമെന്ന് അയാൾ നിഗൂഢമായി ആശിച്ചിരുന്നു എന്നു തോന്നും. അയാളുടെ വ്യസനശീലം വർദ്ധിച്ചു. എന്തായാലും ഒരിക്കൽ അയാൾക്കൊരു സുഖം തോന്നി. റൊബർത് എസ്തിയെന്നിന്റെ കൃതിയുംകൊണ്ട് അയാൾ ഒരു ദിവസം പുറത്തേക്കിറങ്ങി; അതു മലക്കെപാതാറിൽ വെച്ചു മുപ്പത്തഞ്ചു സൂവിനു വിറ്റു. റ്യു ദെ ഗ്രേയിൽനിന്നു നാല്പതു സൂവിന് ഒരു അൽദുസ്സിന്റെ കൃതിയും വാങ്ങി തിരിച്ചുപോന്നു—‘എനിക്ക് അഞ്ചു സൂ കടമുണ്ട്’, മദർ പ്ളുത്താർക്കോട് അയാൾ ഒരു മുഖപ്രസാദത്തോടുകൂടി പറഞ്ഞു. അന്ന് അയാൾ ഭക്ഷണം കഴിക്കുകയുണ്ടായില്ല.
അയാൾ തോട്ടക്കൃഷിക്കാരുടെ സംഘത്തിൽ ഒരംഗമാണ്. അയാളുടെ ദരിദ്രസ്ഥിതി അവിടെ അറിഞ്ഞു. സംഘാധ്യക്ഷൻ അയാളെ വീട്ടിൽച്ചെന്നു കണ്ടു, കൃഷി—കച്ചവടമന്ത്രിയോട് അയാളെപ്പറ്റി പറയാമെന്നേറ്റു; അതുപ്രകാരം പറകയും ചെയ്തു—‘എന്ത്, ആഹാ!’ മന്ത്രി അത്ഭുതപ്പെട്ടു പറഞ്ഞു, ‘ആലോചിക്കാം! ഒരു വൃദ്ധജ്ഞാനി! ഒരു സസ്യശാസ്ത്രജ്ഞൻ! ഒരാൾക്കും ഉപദ്രവമില്ലാത്ത സാധു! എന്തെങ്കിലും അയാൾക്കു ചെയ്തുകൊടുക്കണം!’ പിറ്റേ ദിവസം ഭക്ഷണത്തിനു ചെല്ലാൻ വേണ്ടി മൊസ്യു മബേയ്ക്കു മന്ത്രിയുടെ ഒരു ക്ഷണം കിട്ടി. ആഹ്ലാദം കൊണ്ടു വിറയ്ക്കെ, അയാൾ ആ കത്തു മദർ പ്ളുത്താർക്കിനു കാണിച്ചു കൊടുത്തു. ‘നമ്മുടെ കുഴക്കു തീർന്നു!’ അയാൾ പറഞ്ഞു. ആ നിശ്ചിതദിവസം അയാൾ മന്ത്രിയുടെ വീട്ടിലെത്തി. തന്റെ കീറിപ്പൊളിഞ്ഞ കണ്ഠവസ്ത്രവും നീണ്ടു ചതുരത്തിലുള്ള പുറംകുപ്പായവും പഴകിയ പാപ്പാസ്സുകളുംകൂടി വാതില്ക്കാവല്ക്കാരെ അമ്പരപ്പിച്ചതായി അയാൾ ധരിച്ചു. ആരും അയാളോടു സംസാരിച്ചില്ല; മന്ത്രിയുമില്ല. ഏകദേശം രാത്രി പത്തുമണിക്ക്, എന്തെങ്കിലും ഒരു വാക്കു പറഞ്ഞുകേൾപ്പാൻവേണ്ടി അപ്പോഴും കാത്തുനില്ക്കേ, മന്ത്രിയുടെ ഭാര്യ, കഴുത്തു കുറേ കീഴ്പോട്ടിറങ്ങിയിട്ടുള്ള ഒരു നിലയങ്കിയോടുകൂടിയ ഒരു സൗഭാഗ്യമുള്ള സ്ത്രീ—അയാൾക്ക് അവരുടെ അടുത്തു ചെന്നു സംസാരിക്കാൻ ധൈര്യമുണ്ടായില്ല – ചോദിക്കുന്നതു കേട്ടു: ‘ആ മാന്യവൃദ്ധൻ ആരാണ്?’ ഇരമ്പിയടിക്കുന്ന കാറ്റത്തും മഴയത്തും, അർദ്ധരാത്രിയോടുകൂടി, കാൽനടയായി അയാൾ വീട്ടിലേക്കു മടങ്ങി. അങ്ങോട്ടു പോവാനുള്ള വണ്ടിക്കൂലിക്ക് അയാൾ ഒരു എൽസീവീർ [3] വിറ്റിരിക്കുന്നു.
രാത്രി കിടക്കാൻ പോകുന്നതിനു മുൻപായി, ദിവസംതോറും അയാൾക്കു തന്റെ ഡയോജിനിസ് ലയേർഷിയുസ്സിന്റെ കൃതിയിലെ ചില ഏടുകൾ വായിക്കുക പതിവുണ്ട്. കൈവശമുള്ള പുസ്തകത്തിലെ മൂലത്തിനുള്ള സവിശേഷതകൾ നോക്കി യാനന്ദിക്കുന്നതിനുമാത്രമുള്ള ഗ്രീക്ക് ഭാഷാജ്ഞാനം അയാൾക്കുണ്ടായിരുന്നു. മറ്റൊരു വിനോദവും അയാൾക്കില്ല. പല ആഴ്ചകൾ കഴിഞ്ഞു. പെട്ടെന്നു മദർ പ്ളുത്താർക്ക് രോഗത്തിൽപ്പെട്ടു. അപ്പക്കച്ചവടക്കാരന്റെ പീടികയിൽനിന്ന് അപ്പം വാങ്ങാൻ കാശില്ലെന്നാകുന്നതിനെക്കാൾ വ്യസനകരമായി മറ്റൊന്നുണ്ട്. അത് വൈദ്യന്റെ പക്കൽനിന്നു മരുന്നു വാങ്ങാൻ കാശില്ലെന്നാകുന്നതാണ്. ഒരു ദിവസം വൈകുന്നേരം ഡോക്ടർ വളരെ വിലപിടിച്ച ഒരു മരുന്നു വാങ്ങിക്കാൻ കല്പിച്ചു. രോഗം വർദ്ധിക്കുകയാണ്; ഒരു ശുശ്രൂഷക്കാരി വേണം. മൊസ്യു മബേ തന്റെ പുസ്തകാളുമാറി തുറന്നു; അതിലൊന്നുമില്ല. ഒടുവിലത്തെ പുസ്തകവും യാത്ര തിരിച്ചിരിക്കുന്നു. ആ ഡയോജിനിസ് ലയേർഷിയുസ് മാത്രമേ ബാക്കിയുള്ളു. അയാൾ ആ അദ്വിതീയഗ്രന്ഥവുമെടുത്തു കക്ഷത്തിൽത്തിരുകി, പുറത്തേക്കിറങ്ങി. അന്ന് 1832 ജൂൺ 4-ആംനു-യാണ്: അയാൾ പോർത്സാങ്ഴാക്കിലുള്ള രൊയലിന്റെ പിന്തുടർച്ചാവകാശിയുടെ പീടികയിലേക്കു ചെന്നു. ഒരു നൂറു ഫ്രാങ്കുംകൊണ്ടു തിരിച്ചുവന്നു. ആ അയ്യഞ്ചു ഫ്രാങ്ക് നാണ്യങ്ങളെ കിഴവിയുടെ മേശത്തട്ടിനു മീതെ കുന്നുകൂട്ടി, ഒരക്ഷരവും മിണ്ടാതെ സ്വന്തം മുറിയിലേക്കു നടന്നു.
പിറ്റേ ദിവസം രാവിലെ, അയാൾ തന്റെ തോട്ടത്തിൽ മറിഞ്ഞുകിടക്കുന്ന കല്ലിന്മേൽ ചെന്നിരിക്കുകയാണ്; തല കീഴ്പോട്ടു തൂങ്ങി, വാടിയ പൂച്ചെടികളുടെ ചട്ടികളിലേക്ക് അന്തംവിട്ടു നോക്കിക്കൊണ്ടു, രാവിലെനേരം മുഴുവനും ആ ഇരിപ്പിൽ, അനങ്ങാതെ ഇരുന്നിരുന്നതു വേലിക്കുമീതെ നോക്കിയാൽ കാണാം. ഇടയ്ക്കിടയ്ക്കു മഴ പെയ്തിരുന്നു; അക്കാര്യം വയസ്സൻ അറിഞ്ഞിരുന്നു എന്നു തോന്നിയില്ല.
ഉച്ചയോടുകൂടി പാരിസ്സിൽ ചില അപൂർവ്വശബ്ദങ്ങൾ പുറപ്പെട്ടു; അവയ്ക്കു വെടിയുടേയും ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികളുടേയും ഛായയുണ്ടായിരുന്നു.
ഫാദർ മബേ തല പൊന്തിച്ചു. ഒരു തോട്ടക്കാരൻ അതിലെ പോകുന്നതു കണ്ടു; അയാൾ ചോദിച്ചു: ‘എന്താണത്?’
‘എന്തു ലഹള?’
‘അതേ, അവർ യുദ്ധം ചെയ്യുന്നു?’
‘അവർ എന്തിനു യുദ്ധം ചെയ്യുന്നു?’
‘ഹാ, എന്റെ ഈശ്വര!’ തോട്ടക്കാരൻ ഉച്ചത്തിൽ പറഞ്ഞു.
‘എവിടെ വെച്ച്?’
‘ആയുധശാലയുടെ അയൽപക്കത്തു വെച്ച്.’
ഫാദർ മബേ തന്റെ മുറിയിലേക്കു ചെന്നു. തൊപ്പിയെടുത്തു; കക്ഷത്തിൽത്തിരുകാൻ വേണ്ടി പതിവനുസരിച്ചു പുസ്തകം തിരഞ്ഞു, ഒന്നും കണ്ടില്ല; ഇങ്ങനെ പറഞ്ഞു: ‘ഹാ! ശരിതന്നെ!’ ഒരമ്പരപ്പോടുകൂടി ഇറങ്ങിനടന്നു.
[1] പോപ്പിന്റെ അരമന.
[2] ഗ്രീസ്സിലെ ഒരു ഭാഗത്തു നടപ്പുണ്ടായിരുന്ന ഭാഷ.
[3] ആംസ്റ്റേർഡാമിലും ലെയ്ഡനിലും 1592 മുതൽ 1681 വരെ, ഭംഗിയിൽ ചെറുപുസ്തകങ്ങളായി എല്ലാ ഉത്തമകൃതികളും അച്ചടിച്ചു പുറത്തിറക്കിക്കൊണ്ടിരുന്ന എൽസീവീർ എന്ന പ്രസിദ്ധീകരണശാലക്കാരുടെ വക ഒരു പുസ്തകം.