images/hugo-31.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.9.1
തറപ്പണി മുതൽക്കുള്ള കൊരിന്തിന്റെ ചരിത്രം

ഇന്നത്തെ കാലത്തു റ്യു രംബുത്തൊവിലേക്കു ചെല്ലുന്ന പാരിസ്സുകാർ അറ്റത്തു ഹാലിന്നരികിലായി, വലതുവശത്തു, റ്യു മൊങ്ദെ തുരിന്നെതിരായി,

പഞ്ഞിക്കടച്ചിൽ യന്ത്രംകൊണ്ടാണ്

നെപ്പോളിയനെ ഉണ്ടാക്കിയിട്ടുള്ളത്

എന്ന എഴുത്തോടുകൂടി, മഹാനായ നെപ്പോളിയന്റെ ആകൃതിയിലുള്ള ഒരു കൊട്ട അടയാളമുദ്രയായ ഒരു കൊട്ടപ്പണിക്കാരന്റെ പീടിക നോക്കിക്കാണുന്ന സമയത്ത്, ഒരു മുപ്പതു കൊല്ലത്തിനിപ്പുറം ആ അതേ സ്ഥലത്തുവെച്ചു നടന്നിട്ടുള്ള ഭയങ്കരസംഭവങ്ങളെപ്പറ്റി ലേശമെങ്കിലും സംശയിക്കില്ല.

ഇവിടെയായിരുന്നു, പഴയ പാട്ടുകൾ ഷാങ് വെറ്റി എന്നുച്ചരിച്ചുപോന്ന റ്യു ദ് ല ഷെങ്വ്രെറി എന്ന സ്ഥലവും കൊരിന്ത് എന്നു പേരുള്ള പ്രസിദ്ധച്ചാരായക്കടയും.

ഈ സ്ഥലത്തേർപ്പെടുത്തിയിരുന്നതും സാങ്മെറിയിലേതുകൊണ്ടു വിലകെട്ടതുമായ വഴിക്കോട്ടയെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം വായനക്കാർ ഓർമ്മിക്കുന്നുണ്ടാവും. റ്യു ദ് ല ഷങ്വ്രെറിയിലെ ഈ പേർ കേട്ട വഴിക്കോട്ടയിലേക്ക്—അതേ, ഇന്ന് അന്ധകാരത്തിൽപ്പെട്ടുപോയ അതിലേക്ക്—ഒരു വെളിച്ചം കൊണ്ടുചെല്ലാനാണ് ഞങ്ങളുടെ ഇപ്പോഴത്തെ പുറപ്പാട്.

പറയുന്നതു വ്യക്തമാക്കിത്തരാൻവേണ്ടി, വാട്ടർലൂവിന്റെ കാര്യത്തിൽ ഞങ്ങൾ എടുത്ത വിദ്യതന്നെ ഇവിടെയും ആവർത്തിച്ചുകൊള്ളട്ടെ. അക്കാലത്തു പ്വാന്ത് സാങ് തുസ്താഷിനോടടുത്ത്, ഇന്നു റ്യു രംബൂത്തൊവിലെ പീരങ്കിവായ നില്ക്കുന്നേടത്ത്, ഹാലിന്റെ വടക്കു കിഴക്കെ മൂലയ്ക്കലുള്ള വീടുകളുടെ നില നല്ലപോലെ മനസ്സിൽ വരച്ചുവെയ്ക്കണമെന്നുള്ളവർ N (എൻ) എന്ന അക്ഷരാകൃതി ഒന്നോർമ്മിച്ചാൽ മതി; മുകൾഭാഗംകൊണ്ടു സാങ് ദെനിയും അടികൊണ്ടു ഹാലും തൊടുന്നുണ്ടെന്നും, അതിന്റെ രണ്ടു നേർവരകൾ റ്യു ദ് ല ഗ്രാൻദ് ത്രുവാങ്ദെറിയും റ്യു ദ് ല ഷങ്വ്രെറിയുമാണെന്നും, വിലങ്ങത്തിലുള്ള വര റ്യു ദ് ല പെതിത് ത്രുവാങ്ദെ നിയാണെന്നും സങ്കല്പിക്കണം. പഴയ റ്യു മൊങ്ദെതുർ N-ന്റെ ഏറ്റവും ഇടുങ്ങിയ മൂലകളെ മുറിക്കുന്നു. അങ്ങനെ ഈ നാലു തെരുവുകളും കൂടിച്ചേർന്നുണ്ടാകുന്ന വിഷമതയ്ക്ക് ഒരു പതിനെട്ടടി ചതുരത്തിനുള്ളിൽ, ഒരു വശത്തു ഹാലിന്നും റ്യു സാങ് ദെനിക്കും മധ്യത്തിൽവെച്ചും മറുവശത്തു റ്യു ദ്യു സിഞിന്നും റ്യു ദെ പ്രെഷൂറിന്നും മധ്യത്തിൽവെച്ചുമായി, പലേ വലുപ്പത്തിൽ വികൃതമായി ചെത്തിമുറിച്ചു. വിലങ്ങടിച്ചും അതാതിന്റെ യോഗം പോലേയും പെറുക്കിക്കൂട്ടി, കപ്പൽക്കോതിയിലെ കല്ലിൻമുറികൾപോലെ, ഇടുങ്ങിയ വിള്ളലുകളാൽ മാത്രം വേർപെടുത്തപ്പെട്ട വീടുകളുടെ ഏഴു ദ്വീപുകൾ ഉണ്ടാക്കിത്തീർക്കാൻ കഴിഞ്ഞു.

ഇടുങ്ങിയ വിള്ളലുകളെന്നാണ് ഞങ്ങൾ പറഞ്ഞത്—അതേ, ആ ഇരുണ്ടു ചുരുങ്ങിക്കൂടി, അസംഖ്യം മൂലകൾ ചിന്നി, എട്ടുനില മാളികകളെക്കൊണ്ടു വക്കുകരയിട്ട ഇടവഴികളെപ്പറ്റി ഇങ്ങനെയല്ലാതെ മറ്റൊരുവിധത്തിലും വിവരിക്കാൻ വയ്യാ. റ്യു ദ് ല ഷങ്വ്രെറിയിലും റ്യു ദ് ല പെതിത്ത്രുവാങ്ദെറിയിലുമുള്ള വീടുകളുടെ മുൻഭാഗം മുഴുവനും ഒരു വീട്ടിൽനിന്നു മറ്റൊന്നിലേക്കു കടന്നുനില്ക്കുന്ന തുലാങ്ങളെക്കൊണ്ട് ഊന്നുകൊടുത്തുംകൊണ്ടാകത്തക്കവിധം, ആ മാളികകളെല്ലാം അത്രമേൽ പഴകിയവയാണ് തെരുവുകൾ ഇടുങ്ങിയും ഓവുചാലുകൾ വിസ്താരം കൂടിയുമിരുന്നു, അതിലെ നടന്നുപോകുന്നർ നിലവറകളെപ്പോലുള്ള ചെറു പീടികകൾക്കും, ഇരിമ്പുപട്ടകളെക്കൊണ്ടു ചുറ്റിക്കെട്ടിയ കൂറ്റൻ കാലുകൾക്കും, അടിച്ചുവാരിക്കളഞ്ഞവ കുന്നുകൂടിയതിനും, നൂറു വയസ്സു ചെന്ന വമ്പിച്ച ഇരുമ്പഴികളെക്കൊണ്ട് ആയുധധാരികളായ പടികൾക്കും, അരുവെച്ചുകൊണ്ട് എപ്പോഴും ഈറൻപിടിച്ചു കിടക്കുന്ന പാതവിരിയിൽ കാൽവെച്ചു പോവണം. റ്യു രംബുത്തൊ അതൊക്കെ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു.

ആ തെരുവിൻകൂട്ടത്തിന്റെ വളവുകളെയെല്ലാം മൊങ്ദെതൂർ എന്ന പേർ അത്ഭുതകരമായവിധം വിവരിക്കുന്നുണ്ട്. കുറച്ചുകൂടി നടന്നാൽ റ്യു മൊങ്ദെതൂറിലേക്കു ചെന്നുകൂടുന്ന റ്യു പിരുവെത് (Pirouette = പമ്പരം തിരിച്ചൽ) എന്നത് അവയെ കുറെക്കൂടി സ്പഷ്ടമായിക്കാണിക്കുന്നു.

റ്യു സാങ്ദെനിയിൽനിന്നു റ്യു ദ് ലഷങ്വ്രെറിയിലേക്കു ചെന്നു കുടുങ്ങിപ്പോയ വഴിപോക്കന്നു, താൻ ഏതോ ഒരു നീണ്ട കുഴലിനുള്ളിൽ എത്തിച്ചേർന്നതുപോലെ, അതു ക്രമത്തിൽ ചുരുങ്ങിച്ചുരുങ്ങി വരുന്നതായിക്കാണാം. നന്നേ നീളം കുറഞ്ഞ ആ തെരുവിന്റെ അറ്റത്തായി, ഹാലിന്റെ ആ ഭാഗത്ത്, ഏറ്റവും ഉയരമുള്ള ഒരു വരി വീടുകൊണ്ടു മുൻപോട്ടുള്ള അയാളുടെ വഴി മുട്ടിപ്പോവും; എന്നല്ല, ഉപായത്തിൽക്കടന്നു രക്ഷപ്പെടുവാൻ ഇടതുവശത്തും വലതുവശത്തും ഓരോ കരിമ്പഴുതുകളുള്ളതു കണ്ടെത്താത്തപക്ഷം ഒരിരുണ്ട ഇടവഴിക്കുള്ളിൽപ്പെട്ടതായി അയാൾ അമ്പരന്നേക്കും ആ സ്ഥലം റ്യു മൊങ്ദെതുറാണ്; ഒരു ഭാഗത്തൂടേ പോയാൽ റ്യു ദ് പ്രെഷൂറിലേക്കും മറ്റേ ഭാഗത്തൂടെ പോയാൽ റ്യു ദ് സിഞിലേക്കും, പെതിത് ത്രുവാങ്ദെറിയിലേക്കും ചെല്ലാം. ഈയൊരുതരം വഴിക്കെണിയുടെ അറ്റത്തു, വലത്തോട്ടുള്ള പഴുതിന്റെ മൂലയ്ക്കൽ, മറ്റുള്ളവപോലെത്തന്നെ ഉയരമില്ലാതെ, ആ തെരുവിൽ ഒരു മുനമ്പുപോലെ നില്ക്കുന്ന ഒരു വീടുണ്ടായിരുന്നു രണ്ടുനിലമാത്രമുള്ള ഈയൊരു വീട്ടിലാണ് മുന്നൂറു കൊല്ലംമുൻപ് ഒരു സുപ്രസിദ്ധമായ ചാരായക്കട ആഹ്ലാദമയമായി കഴിഞ്ഞുപോന്നിരുന്നത്. ഈ ചാരായക്കട കിഴവൻ തിയോഫിലുസ്

കെട്ടിത്തൂങ്ങി മരിച്ചോരു സാധുവാം കാമുകന്നുടെ

കൊടുംകങ്കാളമിവിടെയൂഞ്ഞാലാടിയിരുന്നുതേ

എന്ന ഒരു ശ്ലോകംകൊണ്ടു വിവരിച്ച ആ സ്ഥലത്തുതന്നെ, ഒരു വലിയ പൊട്ടിച്ചിരിയുണ്ടാക്കി.

ആ കടയുടെ സ്ഥാനം നന്നായിരുന്നു: അച്ഛനും മകനുമായി മാറിമാറി അവിടെ കച്ചവടം ചെയ്തുപോന്നു.

റെന്യെ [1] യുടെ കാലത്ത് ഈ ചാരായക്കടയ്ക്കു പനിനീർപ്പൂക്കൊട്ട എന്നായിരുന്നു പേർ; അന്നു ചിത്രലിപി ഒരു പരിഷ്കാരമായിരുന്നതുകൊണ്ട് അതിന്റെ അടയാളമുദ്രയായി പനിനീർപ്പൂനിറത്തിൽ ചായമിട്ട ഒരു തൂണുണ്ടായിരുന്നു. കഴിഞ്ഞുപോയ നൂറ്റാണ്ടിൽ, ഇന്നത്തെ ധാടി കൂടിയ പ്രസ്ഥാനവിശേഷങ്ങൾ വിലവെയ്ക്കാതായിപ്പോയ പണ്ടത്തെ ചിത്രമെഴുത്തുകാരിൽ ഒരു പ്രമുഖൻ, റെന്യേ, ഇരുന്നു കുപ്പി ചെരിക്കാറുള്ള അതേ മേശപ്പുറത്തുവെച്ചു, പലപ്പോഴും കുടിച്ചുമത്തയായി, ആ ഒരു കൃതജ്ഞതകൊണ്ട് ആ ചുകന്ന തൂണിന്മേൽ ഒരു കൊരിന്ത് മുന്തിരിങ്ങക്കുല വരച്ചുണ്ടാക്കി. ചാരായക്കടയുടമസ്ഥൻ ആ സന്തോഷാവേഗത്തിൽ തന്റെ അടയാളമുദ്ര മാറ്റി ആ മുന്തിരിങ്ങക്കുലയുടെ താഴെ ‘കൊരിന്ത് മുന്തിരിങ്ങക്കുലയിൽ’ എന്ന പേർ തങ്കമഷികൊണ്ടു കൊത്തിയിടുവിച്ചു. ഇങ്ങനെയാണ് കൊരിന്ത് എന്ന പേർ വന്നത്. കള്ളുകുടിയന്മാർക്ക് അധ്യാരോപം സാധാരണമാണല്ലോ. അധ്യാരോപമെന്നതു വാക്യത്തിലെ അധ്യാരോപമാണ്. കൊരിന്ത് ക്രമത്തിൽ പനിനീർപ്പൂക്കൊട്ടയെ സിംഹാസനത്തിൽനിന്നു തള്ളി. ആ ഉടമസ്ഥവംശത്തിലെ അവസാനാംഗം, ഫാദർ യുഷെലൂ, ഇതിഹാസത്തെപ്പറ്റി കേട്ടുകേൾവികൂടിയില്ലാതാക്കി, ആ തൂണിനു നീലച്ചായം കൊടുത്തുകളഞ്ഞു.

കുടിസ്ഥലമായ ഒരു താഴത്തെ മുറി, ബില്ലിയേർഡ് കളിമേശയുള്ള മുകളിലെ മുറി, തട്ടിൻപുറത്തേക്കു തുളഞ്ഞുപോകുന്ന ഒരു മരപ്പിരിവുകോണി, മേശപ്പുറത്തു വീഞ്ഞു, ചുമരിന്മേൽ പുകവലിക്കുഴൽ, പച്ചപ്പകൽ മെഴുതിരിവിളക്ക്—ഇങ്ങനെയാണ് ആ ചാരായക്കടയുടെ രീതി. താഴത്തെ മുറിയിൽനിന്നു തട്ടുവാതിലോടുകൂടിയ ഒരു കോണി നിലവറയിലേക്കുമുണ്ട്. ഒത്ത മുകൾനിലയിലാണ് യുഷെലൂ കുടുംബത്തിന്റെ താമസം. കോണിയെന്നതിലധികം ഏണി എന്നു പറയാവുന്ന ഒന്ന് അങ്ങോട്ടുണ്ട്; ഒന്നാംനിലയിലെ വലിയ മുറിയിൽനിന്ന് ആ കോണി മുറിയിലേക്ക് ഒരു വാതിൽക്കീറും. തട്ടിൻപുറത്തു മേല്പുരത്തട്ടോടുകൂടിയ രണ്ടു മുറികളുള്ളതിലാണ് ഭൃത്യജനങ്ങളുടെ താമസം. കുടിമുറിക്കു തൊട്ടതുതന്നെ അടുക്കള.

ഒരു സമയം ഫാദർ യുഷെലൂ ജനനാൽ ഒരു രസായനശാസ്ത്രജ്ഞനായിരിക്കാം; പക്ഷേ, അയാൾ വാസ്തവത്തിൽ ഒരു വെപ്പുകാരനായിത്തീർന്നു; അയാളുടെ ചാരായക്കടയിൽവെച്ച് ആളുകൾ കുടിക്കുക മാത്രമല്ല ചെയ്തിരുന്നുള്ളു, തിന്നുകയും ചെയ്യും. യുഷെലൂ ഒരു സവിശേഷസാധനം കണ്ടുപിടിച്ചു; അത് അയാളുടെ വീട്ടിൽനിന്നല്ലാതെ മറ്റെവിടെനിന്നും കിട്ടുകയില്ല—മരുന്നിട്ട പരൽമത്സ്യം (കാർപ്സ്: Carps); അതിന്നയാൾ കാർപ്സ് ഓഗ്രാസ് (പരൽമത്സ്യവും മാംസവും) എന്നു പേരിട്ടു. മേശത്തുണികൾക്കു പകരം മെഴുത്തുണി ആണിയിട്ടുറപ്പിച്ച മേശപ്പുറത്തുവെച്ച് ഒരു കൊഴുപ്പുമെഴുതിരിയോ പതിനാറാമൻ ലൂയിയുടെ കാലത്തുള്ള ഒരു വിളക്കോ കത്തിച്ചുവെച്ച്, ആളുകൾ അതിരുന്നു ഭക്ഷിക്കും. ജനങ്ങൾ ദൂരത്തുനിന്നു വരികയായി. ഒരു ദിവസം രാവിലെ യുഷെലൂവിനു തന്റെ ‘സവിശേഷ ഭക്ഷണസാധന’ത്തെപ്പറ്റി വഴിപോക്കർക്കറിവുകൊടുക്കണമെന്നു തോന്നി; കറുത്ത ചായമുള്ള ഒരു പാത്രത്തിൽ ഒരു ബ്രഷ്ഷെടുത്തു മുക്കി, താൻ തന്റെ ആവശ്യമനുസരിച്ച് ഒരക്ഷരശാസ്ത്രജ്ഞനും തന്റെ സ്ഥിതിയനുസരിച്ച് ഒരു വെപ്പുകാരനുമായിരുന്നതുകൊണ്ടു, വാതിലിനു മുൻപിൽ ഈ സ്മരണീയങ്ങളായ വാക്കുകൾ കുറിച്ചിട്ടു: കാർപ്സ് ഹോ ഗ്രാസ്. [2]

ഒരു മഴക്കാലത്തു മഴയ്ക്കും കാറ്റിനുംകൂടി അതിലെ ആദ്യത്തെ വാക്കവസാനിക്കുന്ന സ് (S) എന്നക്ഷരത്തേയും മൂന്നാമത്തെ വാക്കാരംഭിക്കുന്ന ഗ് (G) എന്നക്ഷരത്തേയും മാച്ചുകളയാൻ ഒരു രസം തോന്നി; അപ്പോൾ അതിങ്ങനെയായിക്കലാശിച്ചു: കാർപ് ഹൊരാസ് (ലത്തീൻഭാഷയിൽ = മണിക്കൂറുകളെ അനുഭവിക്കുക).

മഴയുടേയും കാറ്റിന്റേയും സാഹായ്യംകൊണ്ട് ഒരു നിസ്സാരമായ ഭക്ഷണപ്രിയ പരസ്യം ഒരു സഗൌരവമായ ഉപദേശവാക്യമായിത്തീർന്നു.

ഇങ്ങനെ ഫ്രഞ്ചറിഞ്ഞുകൂടെങ്കിലും ഫാദർ യുഷെലൂവിനു ലത്തീൻ മനസ്സിലാവുമെന്നും, അയാൾ അടുക്കളയിൽനിന്നു തത്ത്വജ്ഞാനത്തെ ആവാഹിച്ചു വരുത്തിയെന്നും നോൽമ്പുകാലത്തെ ഇല്ലായ്മ ചെയ്വാൻ നോക്കിയിട്ട് അയാൾ ഹോരസ്സിനു സമനായിയെന്നും വന്നുകൂടി അതിൽ വിശേഷിച്ചും എടുത്തുപറയേണ്ട ഭാഗമെന്തെന്നാൽ, അതിന് ‘എന്റെ വീഞ്ഞുകടയിലേക്കു വരിക’ എന്നുകൂടി അർത്ഥമായി.

ഇതൊന്നുമില്ല ഇപ്പോൾ. ആ മൊങ്ദെതൂർകുടർമാല മുഴുവനും 1847-ൽ വെട്ടിപ്പൊളിച്ചു വായ തുറന്നുംകൊണ്ടാക്കി; ഒരു സമയം അതിപ്പോൾ ഇല്ലെന്നുതന്നെ വന്നിരിക്കാം. റ്യു ദ് ല ഷങ്വ്രെറിയും കൊരിന്തും റ്യു രംബൂത്തൊവിലെ പാതവിരിക്കടിയിൽ ആണ്ടുപോയി.

കുർഫെരാക്കിന്റേയും കൂട്ടുകാരുടേയും യോഗംകൂടലിന്നുള്ള സ്ഥലമല്ലെങ്കിലും കണ്ടു സംസാരിക്കാനുള്ള സ്ഥലമായിരുന്നു കൊരിന്തെന്നു ഞങ്ങൾ പറഞ്ഞിട്ടുണ്ട് ഗ്രന്തേറാണ് ഒന്നാമതായി കൊരിന്ത് കണ്ടുപിടിച്ചത്. മണിക്കൂറുകളെ അനുഭവിക്കുക (കാർപ്ഹോ രാസ്) എന്നതു കാരണമാണ് അയാൾ ആദ്യമായി അങ്ങോട്ടു ചെന്നത്, അങ്ങോട്ടു വീണ്ടും തിരിച്ചുചെന്നത് പരൽമത്സ്യവും മാംസവും (കാർപ്സ് ഹോ ഗ്രാസ്) എന്നതു കാരണവും അവിടെ അവരിരുന്നു കുടിക്കും, ഭക്ഷിക്കും, ഒച്ചയിടും, അവർ അധികമൊന്നും കൊടുത്തിരുന്നില്ല; കണിശമായി കൊടുത്തിരുന്നില്ല, കൊടുത്തിരുന്നതേയില്ല, എങ്കിലും അവർക്ക് എപ്പോഴും അവിടെ സന്തോഷപൂർവ്വം ചെല്ലാം. ഫാദർ യുഷെലൂ ഒരു നേരംപോക്കുകാരനായ ആതിഥേയനാണ്.

യുഷെലൂ, ഇപ്പോൾത്തന്നെ പറഞ്ഞതുപോലെ ആ നേരംപോക്കുകാരനായ മനുഷ്യൻ, ഒരു മേൽമീശയോടുകൂടിയ വീഞ്ഞുകച്ചവടക്കാരനാണ്; ഒരു നേരംപോക്കുള്ള വർഗ്ഗം അയാൾ എപ്പോഴും ശുണ്ഠികടിച്ചുംകൊണ്ടാണ്; അയാൾക്കു തന്റെ കക്ഷികളെ പേടിപ്പിക്കുകയാണ് രസമെന്നു തോന്നും, അയാൾ തന്റെ ചാരായക്കടയിൽ ചെല്ലുന്നവരോടൊക്കെ പിറുപിറുക്കും; അവർക്കു സൂപ്പു വിളമ്പിക്കൊടുക്കാനുള്ളതിലധികം അവരോടു ശണ്ഠകൂടാനായിരുന്നു അയാളുടെ നില്പ് എങ്കിലും, ഞങ്ങൾ ഊന്നിപ്പറയുന്നു, ആളുകൾക്ക് എപ്പോഴും അവിടെ സ്വാഗതമുണ്ട് ഈ വികൃതശീലം ആളുകളെ അയാളുടെ കടയിലേക്കാർഷിച്ചു; ചെറുപ്പക്കാരെ അങ്ങോട്ടു വരുത്തി; അവർ ഇങ്ങനെ തമ്മിൽപ്പറയും: ‘വരൂ, ഫാദർ യുഷെലൂ മുരളുന്നതു നോക്കൂ,’ അയാൾ ഒരു തല്ലാശാനായിരുന്നു. ഉടനെത്തന്നെ, അയാൾ പൊട്ടിച്ചിരിക്കുന്നതു കേൾക്കാം. ഒരു കൂറ്റനൊച്ച, ഒരു നല്ല മനുഷ്യൻ വ്യസനകരമായ ഒരു പുറംഭാഗത്തിന്റെ അടിയിൽ അയാൾക്ക് ഒരു സന്തോഷകരമായ അസ്തിവാരമുണ്ടായിരുന്നു, നിങ്ങളെ ഒന്നു ഭയപ്പെടുത്തുകയല്ലാതെ മറ്റൊന്നും അയാൾക്കാവശ്യമില്ല; കൈത്തോക്കിന്റെ ആകൃതിയിലുള്ള ആ പൊടിഡപ്പികൾ പോലെ, മുഴക്കം കേട്ടാൽ ആളുകൾ തുമ്മിപ്പോവും.

അയാളുടെ ഭാര്യ, മദർ യുഷെലൂ, താടിമീശയുള്ള ഒരു വെറും സാധാരണക്കാരിയാണ്.

ഏകദേശം 1830-ൽ ഫാദർ യുഷെലൂ മരിച്ചു. അതോടുകൂടി മരുന്നിട്ട പരൽ മത്സ്യത്തിന്റെ വെപ്പുരഹസ്യം പൊയ്പോയി. അതിദുഃഖിതയായ അയാളുടെ വിധവ വീഞ്ഞുകട പിന്നെയും നടത്തിപ്പോന്നു. പക്ഷേ, വെപ്പുപണി മോശമായി, നന്നേ ചീത്തയായി; എന്നും മോശമായിത്തന്നെയിരുന്ന വീഞ്ഞു വളരെയധികം മോശമായി. എന്തായിട്ടും കുർഫെരാക്കും കൂട്ടുകാരും കൊരിന്തിലേക്കുള്ള പോക്കുവേണ്ടെന്നു വെച്ചില്ല—അനുകമ്പകൊണ്ട്, ബൊസ്സ്വെ പറഞ്ഞു.

യുഷെലൂ വിധവ ശ്വാസം മുട്ടി, വികൃതയായി, നാട്ടുപുറസ്മരണകളിൽ മുങ്ങിക്കൊണ്ടാണ്. അവയുടെ സ്വരലഘുത്വത്തെ അവൾ തന്റെ ഉച്ചാരണവിശേഷം കൊണ്ട് ഇല്ലാതാക്കി. അവളുടെ കഥപറയലിന് ഒരു സവിശേഷമട്ടുണ്ട്; കാമത്തേയും യൗവ്വനാരംഭത്തേയും കുറിച്ചുള്ള അവളുടെ സ്മരണകൾക്ക് അതു രൂചിപിടിപ്പിച്ചു. ചെറുപക്ഷികൾ മരക്കൊമ്പിലിരുന്നു പാടുന്നതു കേൾക്കാൻ പണ്ടു ബഹുരസമാണെന്ന് ആ വിധവ ശപഥം ചെയ്യാറുണ്ട്.

മുകൾനിലയിലെ തളം—ഇവിടെയാണ് ഭക്ഷണസ്ഥലം—നീണ്ടു, വലുതായി, മുക്കാലികൾകൊണ്ടും കസാലകൾകൊണ്ടും ബെഞ്ചുകൾകൊണ്ടും മേശകൾ കൊണ്ടും കാൽ മുടന്തി കൂന്നു പ്രാംചെന്ന ഒരു ബില്ലിയേർഡ് മേശകൊണ്ടും കെട്ടിമറിഞ്ഞ ഒരകമാണ്. അങ്ങോട്ടു മുറിമൂലയ്ക്കലായി, കപ്പലിലെ ചരക്കറവാതിൽപോലുള്ള ഒരു ചതുരദ്വാരത്തിൽച്ചെന്നവസാനിക്കുന്ന ഒരു പിരിയൻകോണിയുണ്ട്.

ഒരൊറ്റ ചെറുജനാലകൊണ്ടും എപ്പോഴും കത്തുന്ന ഒരു വിളക്കുകൊണ്ടും ഇരുട്ടകന്ന ആ മുറിക്ക് ഒരു തട്ടിൻപുറത്തിന്റെ ഛായയുണ്ട്. എല്ലാ നാല്ക്കാലിസ്സാമാനങ്ങളും മുമ്മൂന്നു കാലേ ഉള്ളൂ എന്നപോലെയാണ് അവിടെ കഴിഞ്ഞുകൂടിയിരുന്നത്; വെള്ളയടിച്ച ചുമരുകൾക്ക് അലങ്കാരമായി മദാം യുഷെലൂവിനെ സ്തുതിച്ചെഴുതപ്പെട്ട ഈ കവിത മാത്രമുണ്ട്

പത്തടി ദൂരത്തായാലമ്പരപ്പിക്കുമവ-

ളത്രമേൽപ്പേടിപ്പിക്കും രണ്ടടിയകന്നായാൽ;

അവൾതന്നാപൽക്കരമായ മൂക്കത്തുണ്ടിരു-

ന്നരുളീടുന്നിതൊരു പോത്തനാമരിമ്പാറ;

അവളാ മൂക്കു നേർക്കായ്ച്ചീറ്റിയേയ്ക്കുമോ എന്നു-

മവൾതൻ വായിലതു ചാടുമോ എന്നും തോന്നും.

ഇതു ചുമരിന്മേൽ കരികൊണ്ടു കുറിച്ചിട്ടിരുന്നു.

ആ വിവരണത്തിനു ശരിയായ മദാം യുഷെലൂ രാവിലെ മുതൽ അർദ്ധരാത്രിവരെ എത്രയും പരിപൂർണ്ണമായ ശാന്തതയോടുകൂടി ആ കവിതാശകലത്തിനു മുൻപിലൂടേ വന്നുംപോയുമിരിക്കും. മതെലോത്ത് എന്നും ഗിബെലോത്ത് എന്നും [3] പേരുള്ള രണ്ടു ദാസികൾ—ഇവർക്കു വേറെ വല്ല പേരുമുണ്ടായിരുന്നുവോ എന്നറിഞ്ഞുകൂടാ—മേശപ്പുറത്തു മോശവീഞ്ഞു നിറഞ്ഞ പിടിപ്പാത്രങ്ങളും വിശന്ന കൂട്ടർക്കു മണ്ണുപാത്രങ്ങളിൽ വിളമ്പിക്കൊടുക്കാനുള്ള പലതരം മാംസക്കഷായങ്ങളും കൊണ്ടുവെക്കുന്നതിൽ മദാം യുഷെലൂവിനെ സഹായിക്കും. വലുതായി, തടിച്ചു, തലമുടി ചുകന്ന്, ഒച്ചയിട്ടുകൊണ്ടുള്ള ആ അന്തരിച്ചുപോയ യുഷെലൂവിന്റെ പ്രിയപ്പെട്ട അന്തഃപുരസ്ത്രീ മതെലോത്ത്, പുരാണങ്ങളിലെ രക്ഷസ്സുകളെക്കാളെല്ലാം— എന്തൊന്നുതന്നെയായാലുമാവട്ടെ—അധികം വിരൂപയായിരുന്നു; എങ്കിലും, എപ്പോഴും ദാസി എജമാനത്തിയുടെ പിന്നിൽ നില്ക്കുന്നതു മര്യാദയായതുകൊണ്ട്, അവൾ വൈരൂപ്യത്തിൽ മദാം യുഷെലൂവിനേക്കാൾ താഴെയായിരുന്നു. നീണ്ടു മെലിഞ്ഞു നീരുപിടിച്ചിട്ടുള്ള വിളർപ്പുകൊണ്ടെന്നപോലെ വെളുത്തു, കണ്ണുകൾക്കു ചുറ്റും വർണ്ണവൃത്തങ്ങളോടും തൂങ്ങിക്കിടക്കുന്ന കൺപോളകളോടുംകൂടി, എപ്പോഴും തളർന്നും, ക്ഷീണിച്ചും, മാറാദ്ദീനമായ ഒരാലസ്യംകൊണ്ടു രോഗിണിയായി എന്നു പറയട്ടെ, ആ വീട്ടിൽവെച്ച് ആദ്യം എഴുന്നേല്ക്കാനും ഒടുവിൽക്കിടക്കാനും ഉള്ളവളായ ഗിബെലോത്ത് തന്റെ ക്ഷീണത്തിനുള്ളിലൂടെ അസ്പഷ്ടവും നിദ്രാപരവുമായ ഒരു പുഞ്ചിരിയോടുകൂടി, മിണ്ടാതെ, ശാന്തമായി, സകലരേയും, മറ്റേ ദാസിയെക്കൂടി, ഉപചരിച്ചുപോന്നി.

ഭക്ഷണസ്ഥലത്തേക്കു കടക്കുന്നതിനു മുൻപായി അതിഥിക്കു വാതില്ക്കൽ കുർഫെരാക് ചോക്കുകൊണ്ടെഴുതിയിട്ടുള്ള ഈയൊരു വരി വായിക്കാം;

ആവുമെങ്കിൽ വിരുന്നേകൂ, ഭക്ഷിക്കൂ ധീരനെങ്കിലോ.

കുറിപ്പുകൾ

[1] ഒരു ഫ്രഞ്ചുകവിയും പരിഹാസകവനക്കാരനും.

[2] ഈ വാക്കു തോന്നുന്ന എന്ന് ഏതാണ്ടർത്ഥം കാണിക്കുന്ന ഒരവ്യയശബ്ദമാണ്. ഓ (മൗ) എന്നതിന്ന് ‘ഓട്’ എന്നർത്ഥം.

[3] മതെലോത്ത് * പല മത്സ്യങ്ങളും കൂടിയുള്ള ഒരു കറി ഗിബെലോത്ത് = മുയൽകൊണ്ടുള്ള ഇസ്റ്റു.

4.9.2
ആരംഭത്തിലെ ആഹ്ലാദങ്ങൾ

വായനക്കാർക്കറിവുള്ളവിധം ലെയ്ൽ ദ് മോ മറ്റിടങ്ങളിലേക്കാളധികം ഴൊലിയുടെ കൂടെയാണ് താമസിച്ചിരുന്നത്. പക്ഷിക്കു മരക്കൊമ്പത്ത് ഒരു കൂടുള്ളതുപോലെ, അയാൾക്കും ഒരു താമസസ്ഥലമുണ്ട് ആ രണ്ടു സുഹൃത്തുക്കൾ ഒരുമിച്ചു താമസിക്കും, ഒരുമിച്ചു ഭക്ഷിക്കും, ഒരുമിച്ചു കിടക്കും അവർ എല്ലാം ഒരുമിച്ചനുഭവിക്കും—ഏതാണ്ടൊക്കെ മ്യുസിഷെത്തയേയും, പ്രധാനസന്ന്യാസികളുടെ കൂടെ നടക്കുന്ന കീഴ്സന്ന്യാസികളെ വിളിക്കാറുള്ളപോലെ, അവർ ഇരട്ടയാണ്. ജൂൺ 5-ആം നു രാവിലെ അവർ പ്രാതൽ കഴിക്കാൻ കൊരിന്തിലേക്കു പോയി. വയർ കുത്തിനിറയ്ക്കപ്പെട്ടിരുന്ന ഴൊലിക്ക് ഒരു ജലദോഷമുണ്ടായിരുന്നു; അതു ലെയ്ൽ പകർത്തെടുക്കാനുള്ള ഭാവമുണ്ട്. ലെയ്ലിന്റെ പുറംകുപ്പായം പിഞ്ഞിയിരിക്കുന്നു, പക്ഷേ, ഴൊളി നന്നായിട്ട് ഉടുപ്പിട്ടിരുന്നു.

അവർ കൊരിന്തിന്റെ വാതിൽ ചെന്നുതുറന്നപ്പോൾ രാവിലെ ഏകദേശം ഒമ്പതു മണിയായി

അവർ മുകളിലേക്കു കയറി.

മതെലോത്തും ഗിബെലോത്തും അവരെ എതിരേറ്റു.

‘കക്കകളും, പാല്ക്കട്ടിയും, പന്നിത്തുടയും’, ലെയ്ൽ ആവശ്യപ്പെട്ടു.

അവർ ഒരു മേശയ്ക്കരികിൽച്ചെന്ന് ഇരുന്നു.

ചാരായക്കട ഒഴിഞ്ഞുകിടന്നിരുന്നു; അവിടെ അവരല്ലാതെ മറ്റാരുമില്ല.

ഴൊലിയേയും ലെയ്ലിനേയും കണ്ടറിഞ്ഞു ഗിബെലോത്ത് ഒരു കുപ്പി വീഞ്ഞു മേശപ്പുറത്തു കൊണ്ടുവെച്ചു.

അവർ ആദ്യത്തെ കക്കകളിൽ പിടുത്തംകൂടുമ്പോഴേയ്ക്ക് ഒരു തല കോണിയുടെ അറവാതില്ക്കൽ പ്രത്യക്ഷീഭവിച്ചു; ഒരു ശബ്ദം പറഞ്ഞു: ‘ഞാനിതിലേ കടന്നുപോകയായിരുന്നു. പാല്ക്കട്ടിയുടെ ഒരു സുഖകരമായ ഗന്ധം ഞാൻ തെരുവിൽനിന്നു കേട്ടു. ഞാൻ അകത്തേക്കു വന്നു.’ അതു ഗ്രന്തേറാണ്.

ഗ്രന്തേർ ഒരു മുക്കാലിയെടുത്തു. മേശയ്ക്കരികിലേക്കു നീക്കിയിട്ട്, ഇരുന്നു.

ഗ്രന്തേറെ കണ്ടതോടുകൂടി ഗിബെലോത്ത് രണ്ടു കുപ്പി വീഞ്ഞ് മേശപ്പുറത്തു കൊണ്ടുവെച്ചു.

അപ്പോൾ മൂന്നായി.

‘ആ രണ്ടു കുപ്പി വീഞ്ഞും നിങ്ങൾ കുടിക്കാൻതന്നെയാണോ ഭാവം?’ ലെയ്ൽ ഗ്രന്തേറോടു ചോദിച്ചു.

ഗ്രന്തേർ മറുപടി പറഞ്ഞു: ‘എല്ലാവരും സമർത്ഥന്മാരാണ്; നീ മാത്രം നിഷ്കപടൻ. രണ്ടു കുപ്പി ഒരിക്കലും ഒരു മനുഷ്യനെ അമ്പരപ്പിച്ചിട്ടില്ല.’

മറ്റുള്ളവർ തിന്നാൻ തുടങ്ങി; ഗ്രന്തേർ കുടിക്കാനും. അരക്കുപ്പി ഒരിറക്കുകൊണ്ടു തീർന്നു.

‘അപ്പോൾ നിങ്ങളുടെ വയറ്റിൽ ഒരു കുഴിയുണ്ട്?’ ലെയ്ൽ വീണ്ടും ആരംഭിച്ചു.

‘നിങ്ങൾക്ക് ഒന്നുള്ളതു കൈമുട്ടിലാണ്,’ ഗ്രന്തേർ പറഞ്ഞു.

അയാൾ വീണ്ടും തന്റെ ഗ്ലാസ്സൊഴിച്ചതിനുശേഷം തുടർന്നു: ‘അപ്പോൾ, കൂട്ടത്തിൽപ്പറയട്ടെ, ഹേ ശവസംസ്കാരപ്രാസംഗികൻ ലെയ്ൽ, നിങ്ങളുടെ കുപ്പായം പഴതായിരിക്കുന്നു.’

‘ഉവ്വെന്നു കരുതുന്നു.’ ലെയ്ൽ തിരിച്ചടിച്ചു. ‘അതുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരും, എന്റെ കുപ്പായവും ഞാനും, തമ്മിൽ ഇത്ര പത്ഥ്യം. അതിന്ന് എന്റെ മടക്കുകളെല്ലാം കിട്ടിയിട്ടുണ്ട്. അതെന്നെ ഒരിടത്തും കുടുക്കുന്നില്ല; അത് എന്റെ വൈരൂപ്യങ്ങളിൽവെച്ചു മെഴുപ്പിടിച്ചുണ്ടാക്കിയതാണ്; അത് എന്റെ എല്ലാ നടപടികളോടും പറ്റിച്ചേരുന്നു, അതെനിക്കു ചൂടുണ്ടാക്കിത്തരുന്നതുകൊണ്ടുമാത്രമേ ഞാനതു മേലുണ്ടെന്നറിയുന്നുള്ളൂ. പഴയ കുപ്പായങ്ങൾ പഴയ സ്നേഹിതന്മാരെപ്പോലെയാണ്.’

‘ശരിയാണ്,’ സംഭാഷണത്തിലേക്കു കയറിക്കൂടി, ഴൊലി ഉച്ചത്തിൽ പറഞ്ഞു, ‘ഒരു പഴയ കുപ്പായം ഒരു പഴയ സ്നേഹിതൻതന്നെ.’

‘തലനിറഞ്ഞിട്ടുള്ള ഒരു മനുഷ്യൻ പറയുമ്പോൾ, വിശേഷിച്ചും,’ ഗ്രന്തേർ പറഞ്ഞു.

‘ഗ്രന്തേർ,’ ലെയ്ൽ കല്പിച്ചു ചോദിച്ചു. ‘നിങ്ങൾ ഇപ്പോൾ വരുന്നതു കോട്ടപ്പുറത്തുനിന്നാണോ?’

‘അല്ല’.

‘ഞങ്ങൾ ഇപ്പോൾത്തന്നെയാണ് ഘോഷയാത്രയുടെ മുൻതല കടന്നുപോകുന്നതു കണ്ടത്—ഴൊലിയും ഞാനും.’

‘അതൊരത്ഭുതകരമായ കാഴ്ചയാണ്.’ ഴൊലി അഭിപ്രായപ്പെട്ടു.

‘ഈ തെരുവ് എത്ര ശാന്തം,’ ലെയ്ൽ അത്ഭുതത്തോടുകൂടി പറഞ്ഞു ‘പാരിസ് കീഴുമേൽ മറിഞ്ഞുവെന്ന് ആരെങ്കിലും ശങ്കിക്കുമോ? പണ്ടുകാലത്ത് ഈ പ്രദേശത്തു കന്യകാമഠങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ലെന്ന് എത്ര വേഗത്തിൽ മനസ്സിലാക്കാം. ഈ ഭാഗത്തൊക്കെ റ്യു ബ്രുലും സോവലും അവയുടെ ഒരു പട്ടിക കൊടുക്കുന്നുണ്ട്; അബെലെബോവും. ഇവിടെ ചുറ്റുമായിരുന്നു ആ കൂട്ടരൊക്കെ—ബൂട്ടുസ്സിട്ടും, ഇടാതെയും, ക്ഷൗരം ചെയ്തും, താടി വളർത്തിയും, ചാരനിറത്തിലും കറുത്തും വെളുത്തുമുള്ള ആ വർഗ്ഗക്കാർ മുഴുവനും ഇവിടെ പുറ്റുകൂടിയിരുന്നു; ഫ്രാൻസിസ്കൻ, [1] മിനിം, [2] കപൂഷിൻ; [3] കാർമിലൈറ്റ്, ചെറിയ അഗസ്തീൻ, വലിയ അഗസ്തീൻ, പഴയ അഗസ്തീൻ —ഇങ്ങനെ സന്ന്യാസിമഠഭേദങ്ങൾക്ക് അവസാനമില്ല.’

‘നമുക്കു സന്ന്യാസികളെപ്പറ്റി സംസാരിക്കാതിരിക്കുക’, ഗ്രന്തേർ പറഞ്ഞു: ‘അതാളുകളെക്കൊണ്ട് ആത്മാവിൽ മാന്താൻ തോന്നിക്കുന്നു.’

എന്നിട്ട് അയാൾ ഉച്ചത്തിൽ പറഞ്ഞു. ‘ഫൂ! ഞാനൊരു കെട്ട കക്ക വിഴുങ്ങിക്കളഞ്ഞു എനിക്കു പിന്നേയും മിഥ്യാരോഗഭയം പിടിക്കുന്നു, കക്കകൾ കെട്ടിരിക്കുന്നു: വെപ്പുകാരികൾ വിരൂപകളുമാണ്, ഞാൻ മനുഷ്യവർഗ്ഗത്തെ വെറുക്കുന്നു. ഞാനിതാ ഇപ്പോൾ റ്യു റിഷെല്യുവിലൂടെ പോരുമ്പോൾ ആ വലിയ ഗ്രന്ഥശാലയുടെ മുൻപിലൂടെ കടന്നു. ഗ്രന്ഥശാല എന്നു പറയപ്പെടുന്ന ആ കക്കത്തോടു കുന്നു വിചാരിച്ചാൽത്തന്നെ ദേഷ്യം വരും എത്ര കടലാസ്സ്! എത്ര മഷി! എത്ര കുത്തിവരയ്ക്കൽ! അതൊക്കെ എഴുതിയതാണല്ലോ! തൂവലി [4] ല്ലാത്ത ഇരുകാലിയാണ് മനുഷ്യനെന്ന് ഏതു തെമ്മാടിയാണ് പറഞ്ഞത്? പിന്നെ, വസന്തംപോലെ സൗഭാഗ്യമുള്ളവളും പൂച്ചെണ്ടെന്നു വിളിക്കപ്പെടാൻ അർഹയുമായ എന്റെ ഒരു പരിചയക്കാരിസ്സുന്ദരിപ്പെണ്ണിനെ ഞാൻ കാണുകയുണ്ടായി; അവൾക്ക് എന്തു സന്തോഷം, എന്തു പരമാനന്ദം, ദേവകൾക്കെന്നപോലെ എന്തു സുഖം! എന്തുകൊണ്ട്? ഇന്നലെ ഒരു ദുഷ്ടന്ന്, ആകെ മസൂരിക്കുത്തുള്ള ഒരു വല്ലാത്ത പണക്കച്ചവടക്കാരന്ന്, അവളുടെ മേൽ ഒരു രസം തോന്നിയത്രേ! കഷ്ടം! ഒരു കാമുകനെ പിടികൂടാനെന്നപോലെത്തന്നെ ഒരു രക്ഷകനെ കൈയിലാക്കാനും സ്ത്രീകൾ കാത്തുനില്ക്കുന്നു, പൂച്ചകൾ പക്ഷികളെ എന്നപോലെത്തന്നെ എലികളേയും വേട്ടയാടുന്നു രണ്ടു മാസംമുൻപ് ആ ചെറുപ്പക്കാരിപ്പെണ്ണ് ഒരു തട്ടിൻപുറത്തു ചാരിത്രവതിയായി കഴിഞ്ഞിരുന്നു; അടിക്കുപ്പായത്തിന്റെ ചെരുകുഴകളിൽ അവൾക്കു പിച്ചള വെച്ചുപിടിപ്പിക്കയായിരുന്നു പണി—എന്താണതിനു നിങ്ങൾ പേരു പറയാറ്? അവൾ തുന്നിയിരുന്നു! അവൾക്കൊരു പാളയക്കിടയ്ക്കയുണ്ട്; പൂക്കൾ നിറഞ്ഞ ഒരു പൂച്ചട്ടിയുടെ അടുത്താണ് അവളുടെ താമസം; അവൾക്കു സുഖമായിരുന്നു. ഇതാ, അവളിപ്പോൾ ഒരു മിസ്സിസ് പണക്കച്ചവടക്കാരനായി ഈ ജന്മംമാറൽ ഇന്നലെ രാത്രിയാണുണ്ടായത് ഈ ഗ്രഹപ്പിഴയിൽ ചാടിയവളെ ഞാൻ ഇന്നു രാവിലെ വലിയ ആഹ്ലാദവതിയായി കണ്ടു. അതിലുള്ള അവലക്ഷണ ഭാഗം എന്തെന്നാൽ, ഇന്നലത്തെപ്പോലെതന്നെ ഇന്നും അവൾ സുന്ദരിയായിരിക്കുന്നു. അവളുടെ ഭണ്ഡാരവിചാരകനെ അവളുടെ മുഖത്തു കാണാനില്ല. സ്ത്രീകൾക്കില്ലാത്തതായ ഈയൊരു ഗുണമോ ദോഷമോ പനിനീർപ്പൂക്കൾക്കുണ്ട്. അവയുടെ മേൽ കമ്പിളിപ്പുഴുക്കൾ ഉണ്ടാക്കിയിടുന്ന പാടുനോക്കിയാൽ കാണാം ഹാ! സദാചാരനിഷ്ഠഭൂമിയിലില്ല. അനുരാഗത്തിന്റെ അടയാളമായ കൊഴുന്തു ചെടിയും, അഭിമാനത്തിന്റെ അടയാളമായ പൂവല്ലിയും, സമാധാനത്തിന്റെ അടയാളമായ ആ വിടുവിഡ്ഢി ‘ഒലിവു’ ചെടിയും, വിത്തുകളോടുംകൂടി ആദാമിനെ ഏതാണ്ടു പാകപ്പെടുത്തിയ ആപ്പിൾമരവും, റവുക്കകളുടെ മുത്തച്ഛനായ അത്തിമരവും ഞാൻ തെളിവുതരാം. ധർമ്മത്തെപ്പറ്റിയാണെങ്കിൽ, നിങ്ങൾക്കറിയാമോ എന്താണ് ധർമ്മമെന്ന്? പണ്ടത്തെ ഫ്രാൻസുകാർക്കു ക്ളുസിയംപ്രദേശം കിട്ടിയേ കഴിയൂ; റോം ക്ളുസിയത്തെ കാത്തുനിന്നു; ക്ളുസിയം എന്താണ് തെറ്റുചെയ്തിട്ടുള്ളതെന്നു റോം ഫ്രാൻസിനോടു ചോദിച്ചു. ബ്രെൻസ് [5] മറുപടി പറഞ്ഞു ‘ആൽബ നിങ്ങളോടെന്തു തെറ്റുചെയ്തു ഫിഡനെ നിങ്ങളോടെന്തു തെറ്റു ചെയ്തു, അതുതന്നെ. അവർ നിങ്ങളുടെ അയൽപക്കക്കാരാണ്; ക്ളുസിയക്കാർ ഞങ്ങളുടേയും, അയൽപക്കക്കാരെ നോക്കിക്കാണുന്നതിൽ നിങ്ങളെപ്പോലെ തന്നെയാണ് ഞങ്ങളും. നിങ്ങൾ ആൽബ കട്ടെടുത്തു; ഞങ്ങൾ ക്ളുസിയവും കൈയിലാക്കും.’ റോം പറഞ്ഞു: ‘നിങ്ങൾക്കു ക്ളുസിയം തരില്ല,’ ബ്രെനുസ് റോം പിടിച്ചെടുത്തു, എന്നിട്ട് അദ്ദേഹം കല്പിച്ചു ‘തോറ്റവൻ നശിക്കട്ടെ.’ ഇതാണ് ധർമ്മമെന്നുവെച്ചാൽ, ഹാ! ഈ ലോകത്തിൽ എന്തു ശവംതീനികളാണ്! എന്തു കഴുക്കൾ! എനിക്കതാലോചിക്കുമ്പോൾ ചോര തിളയ്ക്കുന്നു.’

അയാൾ തന്റെ ഗ്ലാസ് ഴൊലിക്കു കാണിച്ചു; ഴൊലി അതു നിറച്ചുകൊടുത്തു; ഉടനെ അതകത്താക്കി, അയാൾ വീണ്ടും തുടങ്ങി—ആ ഒരു ഗ്ലാസ് വീഞ്ഞുകൊണ്ടു വിശേഷമൊന്നുമുണ്ടായില്ല; അതിനെപ്പറ്റി ആരും, അയാൾകൂടിയും, വലിവെച്ചില്ല.

‘റോം പിടിച്ചെടുത്ത ബ്രെനുസ് ഒരു കഴുവാണ്; ആ പെൺകിടാവിനെപ്പിടിച്ചെടുത്ത പണക്കച്ചവടക്കാരനും ഒരു കഴുവാണ്! ആ പെൺകിടാവിനെപ്പിടിച്ചെടുത്ത പണക്കച്ചവടക്കാരനും ഒരു കഴുവാണ്! ഒന്നിൽ മര്യാദയില്ലെങ്കിൽ മറ്റതിലും ഒട്ടുമധികമില്ല; അതുകൊണ്ടു നമുക്കു യാതൊന്നും വിശ്വസിക്കാതിരിക്കുക. ഒന്നുമാത്രം വാസ്തവമായിട്ടുണ്ട്—കുടി. യുറിപ്രദേശക്കാരെപ്പോലെ നിങ്ങൾക്കു മെലിഞ്ഞ പൂവങ്കോഴി നന്നായാലും, അല്ലെങ്കിൽ ഗ്ലറി പ്രദേശക്കാരെപ്പോലെ നിങ്ങൾക്കു തടിച്ച പൂവങ്കോഴി നന്നായാലും ശരി, കുടിക്കൂ. നിങ്ങൾ എന്നോട് കോട്ടപ്പുറത്തെപ്പറ്റിയും ഘോഷയാത്രയെപ്പറ്റിയും മറ്റും മറ്റും പറകയുണ്ടായി. ആട്ടെ ചോദിക്കട്ടെ, മറ്റൊരു ഭരണപരിവർത്തനം ഭാവമുണ്ടോ? നല്ലവനായ ഈശ്വരന്റെ ഈ ആയുധദുർഭിക്ഷം എന്നെ അമ്പരപ്പിക്കുന്നു. ഓരോ നിമിഷത്തിലും അദ്ദേഹത്തിനു സംഭവങ്ങളുടെ ആണിക്കു മെഴുക്കിട്ടുകൊണ്ടിരിക്കണം. അതാ ഒരു കരട്. ചക്രമിളകാതായി. ട്ടും, ഭരണപരിവർത്തനം! നല്ലവനായ ഈശ്വരന്നു വണ്ടിമെഴുക്കിന്റെ കറകൊണ്ട് എപ്പോഴും കൈ കറുപ്പിച്ചുകൊണ്ടിരിക്കണം. ഞാനാണ് അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ, എളുപ്പത്തിൽ കാര്യം കഴിക്കും: ഓരോ നിമിഷത്തിലും യന്ത്രത്തിനു താക്കോൽ കൊടുക്കേണ്ടിവരില്ല; മനുഷ്യസമുദായത്തെ ഞാൻ നേരേ നടത്തിക്കൊണ്ടുപോവും; ചരടറാനയയ്ക്കാതെ, ഞാൻ കാര്യങ്ങളെ കണ്ണികണ്ണിയായി കെട്ടിക്കൊണ്ടുപോവും; അപ്പപ്പോൾ മാറ്റി ശരിയാക്കേണ്ട ആവശ്യമുണ്ടാവില്ല: വിശേഷിച്ചൊരു ഖജാനയൊന്നും എനിക്കു വേണ്ടി വരില്ല. ബാക്കിയുള്ള നിങ്ങളൊക്കെ അഭിവൃദ്ധി എന്നു പറയുന്നതു രണ്ടു പ്രവർത്തനശക്തികളെക്കൊണ്ടാണ് നടക്കുന്നത്—മനുഷ്യരും സംഭവപരമ്പര പക്ഷേ. വ്യസനകരം എന്നേ പറയേണ്ടു. ഇടയ്ക്കിടയ്ക്കു ചില വ്യത്യസ്തതകൾ ആവശ്യമായിവരുന്നു. സാധാരണ നാടകയോഗം രണ്ടുകൂട്ടർക്കും മതിയാവുന്നില്ല, സംഭവങ്ങൾക്കുമില്ല, മനുഷ്യർക്കുമില്ല; മനുഷ്യർക്കിടയിൽ അതിബുദ്ധിമാന്മാർ ആവശ്യമായിവരുന്നു. സംഭവങ്ങൾക്കിടയിൽ ഭരണപരിവർത്തനങ്ങളും. മഹത്തരങ്ങളായ യദൃച്ഛാസംഭവങ്ങളാണ് നിയമം; സംഗതികളുടെ പുരോഗതിക്ക് അവ കൂടിയേ കഴിയു. എന്നല്ല ധൂമകേതുക്കളുടെ ആവിർഭാവംകൊണ്ടു നോക്കുമ്പോൾ, ആകാശത്തിന്നുതന്നെ അതിന്റെ കഥാഭിനയത്തിനു പുതിയ നടന്മാർ ആവശ്യമായി വരുന്നുണ്ടെന്നു തോന്നും. ആളുകൾ ലേശമെങ്കിലും സംശയിക്കാതിരിക്കുന്ന സമയത്ത്, ഈശ്വരൻ ആകാശമതിലിന്മേൽ കൊള്ളിമീനുകളെ വിളംബരം ചെയ്യുന്നു. ഒരു കൂറ്റൻ വാൽകൊണ്ടു കീഴ്‌വരയിട്ട ഏതോ വികൃതനക്ഷത്രം, അതാ, അരങ്ങത്തെത്തി, അതു സീസർചക്രവർത്തിയെ കൊന്നുകളഞ്ഞു. ബ്രൂട്ടസ് അദ്ദേഹത്തെ ഒരു കത്തികൊണ്ട് ഒരു കുത്ത്: ഈശ്വരൻ ഒരു ധൂമകേതുവെക്കൊണ്ടും, ട്ടും, അതാ ഒരു ധ്രുവതേജസ്സ്, അതാ ഒരു ഭരണപരിവർത്തനം, അതാ ഒരു മഹാൻ; 1793 വലിയക്ഷരത്തിൽ, നെപ്പോളിയനായി പാറാവ്, പരസ്യത്തിനു മുകളിൽ 1818-ലെ ധൂമകേതു. ഹാ! അപ്രതീക്ഷിതങ്ങളായ മിന്നല്പിണരുകളെക്കൊണ്ടു തിങ്ങി നിറഞ്ഞ എന്തൊരു കൗതുകകരമായ നീലരംഗം! ഭൂം!ഭൂം! അത്ഭുതകരമായ കാഴ്ച! ഹേ, പൊട്ടന്മാരേ, കൺമിഴിച്ചു നോക്കുവിൻ. ഒക്കെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു, നക്ഷത്രവും നാടകവും. എന്റെ ജഗദീശ്വരാ, ഇതു കുറേ ഏറി, ഇനിയും പോരാ. വ്യത്യസ്തതയിൽനിന്നെടുത്തുകൂട്ടിയ ഈ മുതലുകൾ അന്തസ്സിനേയും ദാരിദ്ര്യത്തേയും കാണിക്കുന്നു ചങ്ങാതിമാരേ, ഈശ്വരന്ന് ഉപായം നോക്കണമെന്നായിട്ടുണ്ട് ഒരു ഭരണപരിവർത്തനം എന്തിനെ കാണിക്കുന്നു? ഈശ്വരൻ അമ്പരപ്പിലായിട്ടുണ്ടെന്നതിനെ, കഴിഞ്ഞുകൂടാൻ നിവൃത്തി കാണാത്തതുകൊണ്ട് അദ്ദേഹം, ഈശ്വരൻ, രാജ്യഭരണത്തെ പെട്ടെന്നു പിടിച്ചൊരു തിരി തിരിക്കുന്നു. വാസ്തവത്തിൽ, ഇതുകാരണം, ഈശ്വരന്റെ സമ്പന്നതയെപ്പറ്റി എനിക്കുള്ള സംശയം ഉറച്ചു പോകുന്നു ആകാശത്തും ഭൂമിയിലും, ഒരു നെല്ലിന്മണിപോലുമില്ലാത്ത പക്ഷി മുതൽ കൊല്ലത്തിൽ ഒരു ലക്ഷം ലിവർനാണ്യം വരവില്ലാത്ത ഞാൻവരെ സകലത്തിലും, ഇത്രയധികം ആപത്തു കാണുമ്പോൾ, ഒട്ടുംതന്നെ നന്നായിട്ടില്ലാത്ത ഉടുപ്പിട്ട മനുഷ്യന്റെ യോഗവും ആകെ പിഞ്ഞിപ്പറിഞ്ഞ ഉടുപ്പിട്ട ഈശ്വരന്റെ യോഗവും കാണുമ്പോൾ, ദ് കോങ്ദെ രാജകുമാരൻ തൂക്കുമരത്തിലേറിയതു കാണുമ്പോൾ ഉള്ളിലൂടെ കൊടുങ്കാറ്റു കടക്കുന്ന മുകൾബ്ഭാഗത്തിന്റെ ഒരു കീറൽപ്പഴുതല്ലാതെ മറ്റൊന്നുമല്ലാത്ത തികഞ്ഞ പുത്തൻ ചക്രവർത്തിയുടുപ്പിന്മേൽക്കൂടിയും അത്രയധികം കീറത്തുണികൾ കാണുമ്പോൾ, ആ കള്ളമുത്തുകളായ മഞ്ഞിൻതുള്ളികൾ കാണുമ്പോൾ, ആ കുഴമാവാകുന്ന മഞ്ഞിൻപുക കാണുമ്പോൾ, മനുഷ്യ സമുദായത്തെ ചീന്തിപ്പൊളിച്ചും സംഭവപരമ്പരയെ കഷ്ണംവെച്ചു തുന്നിയും കാണുമ്പോൾ, സൂര്യനിൽ അത്രയധികം പുള്ളിക്കുത്തുകളും ചന്ദ്രനിൽ അത്രയധികം ദ്വാരങ്ങളും കാണുമ്പോൾ, എല്ലായിടത്തും അത്രയധികം കഷ്ടപ്പാടു കാണുമ്പോൾ, എനിക്ക് ഈശ്വരൻ ധനവാനല്ലെന്നു തോന്നിപ്പോകുന്നു. പുറംമോടി കാണിക്കുന്നുണ്ട്, വാസ്തവംതന്നെ; പക്ഷേ, അദ്ദേഹത്തിനു വലിയ കൈമുട്ടുണ്ടെന്നാണ് തോന്നുന്നത് പണപ്പെട്ടിയൊഴിഞ്ഞ ഒരു കച്ചവടക്കാരൻ നൃത്തവിനോദം കഴിക്കുന്നതുപോലെ, ഈശ്വരൻ ഒരു ഭരണപരിവർത്തനം നടത്തുന്നു. പുറംകാഴ്ചകളെക്കൊണ്ട് ഈശ്വരന്റെ സ്ഥിതി നിശ്ചയിച്ചുകൂടാ. സ്വർഗ്ഗത്തിന്റെ പുറംപൂച്ചിന്നടിയിൽ ഞാൻ ദാരിദ്ര്യംപിടിച്ച ലോകത്തെ കാണുന്നു. സൃഷ്ടികർത്താവു ദീപാളിപിടിച്ചിരിക്കുന്നു. അതാണ് എനിക്കു സ്വസ്ഥതയില്ലാത്തത്. ഇന്നു ജൂൺ 4-ാംനു-യാണ്, ഏകദേശം രാത്രിയായി; ഇന്നു പുലരാൻകാലംമുതല്ക്കു തുടങ്ങിയതാണ് ഞാൻ പകൽവെളിച്ചവും കാത്തിരിക്കാൻ; അതിതുവരെ വന്നിട്ടില്ല; ഞാൻ വാതുവെക്കാം, അതിനി വരികയുമില്ല. ശമ്പളം കുറഞ്ഞ ഗുമസ്തന്റെ വാക്കു തെറ്റിക്കലാണിത്. അതേ, ഒക്കെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു; ഒന്നും മറ്റൊന്നിനു പാകത്തിലല്ല; ഈ പഴക്കംചെന്ന ലോകം ആകെ കോടിക്കഴിഞ്ഞു; ഞാൻ വാദിക്കുന്നു, സകലവും ചെരിഞ്ഞുപോയി; ഈ പ്രപഞ്ചം ഒരുപദ്രവിയാണ്. അതു കുട്ടികളെപ്പോലെയാണ് —വേണമെന്നുള്ളവർക്ക് കുട്ടികളെ കിട്ടില്ല. വേണ്ടാത്തവർക്ക് കുട്ടികളേ ഉള്ളൂ. ആകത്തുക; എനിക്ക് മുഷിഞ്ഞു. പിന്നെ ലെയ്ൽ ദ് മോ, ആ കഷണ്ടിത്തല എന്നെ ശുണ്ഠിപിടിപ്പിക്കുന്നു. എനിക്കും ആ കഷണ്ടിത്തലയോളംതന്നെ പ്രായമെന്നാലോചിക്കുമ്പോൾ, പോരായ്മ തോന്നുന്നു. ഏതായാലും, ഞാൻ ഗുണദോഷം പറകയാണ്, പരിഹസിക്കുകയല്ല. പ്രപഞ്ചം ഇങ്ങനെതന്നെയിരിക്കും. ഒരു ദുരുദ്ദേശവുമില്ലാതെ, എന്റെ മനസ്സാക്ഷിയെ ആശ്വസിപ്പിക്കാൻവേണ്ടി മാത്രമാണ്, ഞാനീ പറയുന്നത്. എന്റെ ശാശ്വതപിതാവേ, എന്റെ വിലയേറിയ ബഹുമാനത്തെ കൈക്കൊള്ളുക. ഹാ! സ്വർഗ്ഗത്തിലെ എല്ലാ മഹർഷിമാരേയും വൈകുണ്ഠത്തിലെ എല്ലാ ദേവന്മാരേയും പിടിച്ചു ഞാൻ സത്യം ചെയ്യുന്നു, ഞാൻ പാരിസ്സുകാരനാവേണ്ടവനല്ല! എന്നുവെച്ചാൽ, രണ്ടു പന്തടിക്കോരികകൾക്കിടയിൽ, മടിയന്മാരുടെ കൂട്ടത്തിൽനിന്നു തണ്ടുതപ്പികളുടെ കൂട്ടത്തിലേക്ക്, എന്നെന്നും തെറിച്ചുംകൊണ്ടിരിക്കാനുള്ള ഒരു കളിപ്പന്തല്ല ഞാൻ. പകൽനേരം മുഴുവനും സുന്ദരിമാരായ അന്തഃപുരസ്ത്രീകളെ നോക്കിക്കണ്ടുകൊണ്ട്, ഒരു ചാരിത്രനിഷ്ഠന്റെ സ്വപ്നംപോലെ കാമവികാരപൂർണ്ണങ്ങളായ ഈജിപ്തിലെ ആ മനോഹരനൃത്തങ്ങളുമാടി കഴിയുന്ന ഒരു തുർക്കിക്കാരനോ, അല്ലെങ്കിൽ ഒരു ബോസറോൺ കൃഷിക്കാരനോ, അല്ലെങ്കിൽ മാന്യസ്ത്രീകളാൽ ചുറ്റപ്പെട്ട വെനിസ്സിലെ മാന്യനോ, അല്ലെങ്കിൽ ഒരു കാലാൾക്കഷ്ണത്തെ രാജ്യഭരണത്തിന്നുണ്ടാക്കിക്കൊടുത്തും, വേലിക്കു മുകളിൽവെച്ച്, അതായതു രാജ്യത്തിന്റെ അതിർത്തിയിൽവെച്ച്, ഇടയുള്ള സമയത്തെല്ലാം കാലുറയുണക്കിയും കഴിയുന്ന ഒരു ജർമ്മൻ രാജകുമാരനോ ആയിരിക്കേണ്ടവനാണ് ഞാൻ. ഞാൻ ജനിച്ചിട്ടുള്ളത് ഈ വക സ്ഥാനങ്ങളിലേക്കുവേണ്ടിയാണ്; അതേ ഞാനൊരു തുർക്കിക്കാരനാവണമെന്നാണു പറഞ്ഞത്, ഞാനതു തിരിച്ചെടുക്കുകയില്ല. തുർക്കിക്കാരിൽ ദോഷം മാത്രമേ ആളുകൾ കാണുന്നുള്ളൂ എന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാവുന്നില്ല; മുഹമ്മദിനു നല്ല ഭാഗങ്ങളുണ്ട്; സുന്ദരിമാരോടുകൂടിയ അരമനകളുടേയും തേവിടിശ്ശികളോടുകൂടിയ സ്വർഗ്ഗങ്ങളുടേയും കണ്ടുപിടിത്തക്കാരനു കൂപ്പുകൈ? നമുക്കു മുഹമ്മദുമതത്തെ, കോഴിക്കൂടിനാൽ അലംകൃതമായ ആ ഏകമതത്തെ, അധിക്ഷേപിക്കാതിരിക്കുക! അപ്പോൾ എനിക്കൊരു കടി കൂടിയേ കഴിയൂ. ഭൂമി ഒരു വമ്പിച്ച വിഡ്ഢിത്തക്കഷ്ണമാണ്. അപ്പോൾ ആ ധാതുബലമില്ലാത്തവരെല്ലാംകൂടി, ഈ വേനല്ക്കാലത്തിന്റെ ഒത്ത നടുക്കു, ജൂൺമാസത്തിൽ, ഒരു പെൺകിടാവിനു കൈയും കൊടുത്തു വയലുകളിലെ പുതുകൊയ്ത്തു കഴിഞ്ഞ വൈക്കോൽമണം അനുഭവിക്കുന്നതിനു യാത്ര തിരിക്കേണ്ട സമയത്തു യുദ്ധം ചെയ്യാനും അന്യോന്യം ചെത്തിമുറിക്കാനും കൊത്തിനുറുക്കാനുമുള്ള പുറപ്പാടാണെന്നു തോന്നുന്നു! വാസ്തവത്തിൽ ആളുകൾ ആകപ്പാടെ വേണ്ടതിലധികം വങ്കത്തങ്ങൾ കാണിക്കുന്നു. ഞാനിപ്പോൾത്തന്നെ കണ്ടുപോന്ന ഒരു വിചിത്രവസ്തുവ്യാപാരിയുടെ പീടികയിലെ ഒരു പഴയ മുറിയൻ റാന്തൽ എന്റെ മനസ്സിൽ ഒരു സംഗതി ഉദിപ്പിച്ചു; മനുഷ്യജാതിയെ വെളിച്ചംവെപ്പിക്കേണ്ട കാലമായി. അതാ, ഞാൻ പിന്നെയും ദുഃഖത്തിലാഴുന്നു. ഇതാണ് ഒരു കക്കയും ഭരണ പരിവർത്തനവും വേണ്ടപോലെയല്ലാതെ എടുത്തുവിഴുങ്ങിയാലുള്ള ഫലം! ഒരിക്കൽക്കൂടി ഞാൻ ദുഃഖിതനാവുന്നു. ഹാ! വല്ലാത്തതായ കിഴവൻലോകം. ആളുകൾ അധ്വാനിക്കുന്നു, അന്യോന്യം ആട്ടിപ്പായിക്കുന്നു, അവരവരെ ചീത്തപ്പെടുത്തുന്നു, തമ്മിൽ കൊല്ലുന്നു, അങ്ങനെ അതൊരു ശീലമായി.’

ഈ പ്രസംഗമൂർച്ഛയ്ക്കുശേഷം ഗ്രന്തേർ ചുമമൂർച്ഛയിൽപ്പെട്ടു; അതു വേണ്ടതാണുതാനും.

‘ഭരണപരിവർത്തനത്തെപ്പറ്റി പറയുമ്പോൾ,’ ഴൊലി അഭിപ്രായപ്പെട്ടു, ‘ബരിയുസ് ഒരനുരാഗത്തിൽപ്പെട്ടിട്ടുണ്ട്, തീർച്ചയാണ്.’

‘ആരെക്കുറിച്ചാണെന്നു പറയുവാൻ കഴിയുമോ?’ ലെയ്ൽ കല്പിച്ചു ചോദിച്ചു.

‘കഴിയും.’

‘ഇല്ല?’

‘കഴിയും; ഞാൻ പറഞ്ഞുതരാം.’

‘മരിയുസ്സിന്റെ അനുരാഗകഥ!’ ഗ്രന്തേർ ഉച്ചത്തിൽ പറഞ്ഞു, ‘എനിക്കതൂഹിക്കാൻ കഴിയും. മരിയുസ്സ് ഒരു മൂടൽമഞ്ഞാണ്; അയാൾ ഒരാവി കണ്ടിട്ടുണ്ടാവണം. മരിയുസ്സ് കവിവർഗ്ഗത്തിൽപ്പെട്ട ആളാണ്; കവി എന്നുവെച്ചാൽ, വിഡ്ഢി, നൊസ്സൻ. മരിയുസ്സും അല്ലെങ്കിൽ അയാളുടെ മരിയോങ്ങും അല്ലെങ്കിൽ അയാളുടെ മറിയയും അല്ലെങ്കിൽ അയാളുടെ മരിയത്തും. അവർ രണ്ടുപേരും കൂടിയാൽ നേരമ്പോക്കുകളുള്ള ഒരേ കാമിനീകാമുകന്മാരാവണം. അതെങ്ങനെയിരിക്കുമെന്ന് എനിക്കറിയാം ചുംബിക്കാൻ മറന്നുപോകുന്ന ആനന്ദമൂർച്ഛകൾ. ഭൂമിയിൽ ബ്രഹ്മചാരികൾ, സ്വർഗ്ഗത്തിൽ വിവാഹിതർ. അവർ ഇന്ദ്രിയങ്ങളോടുകൂടിയ ആത്മാക്കളായിരിക്കും. അവർ നക്ഷത്രങ്ങളുടെ ഇടയിൽച്ചെന്നു കിടക്കുന്നു.’

ഗ്രന്തേർ തന്റെ രണ്ടാമത്തെ കുപ്പിയിൽ പിടികൂടുകയും ഒരു സമയം രണ്ടാമത്തെ പ്രസംഗത്തിൽ കൈവയ്ക്കുകയുമായി; അപ്പോൾ ഒരു പുതിയ ആൾ കോണിപ്പടിയുടെ ചതുരദ്വാരത്തിൽനിന്ന് ആവിർഭവിച്ചു. അതു, പത്തുവയസ്സു പ്രായമാവാതെ, കീറത്തുണിയുടുത്തു, ചെറുതായി. മഞ്ഞച്ച്, ഒരു വികൃതമോന്തയോടും ഒരു ചുണയുള്ള കണ്ണോടും മഴ നനഞ്ഞ് ഈറനായ ഒരുപാടു തലമുടിയോടും ഒരു സംതൃപ്തഭാവത്തോടുകൂടിയ ഒരു കുട്ടിയായിരുന്നു.

കുട്ടി ആ മൂന്നുപേരിൽവെച്ചു തനിക്കുവേണ്ട ആളെ സംശയംകൂടാതെ തിരഞ്ഞുപിടിച്ചു, ലെയ്ൽ ദ് മോവോടു പറഞ്ഞു: നിങ്ങളാണോ മൊസ്യു ബൊസ്സ്വെ?’

‘അതെന്റെ ശകാരപ്പേരാണ്’, ലെയ്ൽ മറുപടി പറഞ്ഞു, ‘എന്താണ് കാര്യം?’

‘ഇതുതന്നെ, ചെമ്പൻമുടിയും നീലക്കണ്ണുമുള്ള ഒരു നീണ്ട മനുഷ്യൻ കോട്ടപ്പുറത്തുവെച്ച് എന്നോടു ചോദിച്ചു: ‘നിങ്ങൾ മതർ യൂഷെലൂവിനെ അറിയുമോ?’ ഞാൻ പറഞ്ഞു: ‘ഉവ്വ്, റ്യു ഷങ് വ്രെറിയിൽ ആ വയസ്സന്റെ വിധവ.’ അയാൾ എന്നോടു പറഞ്ഞു: ‘അങ്ങോട്ടു ചെല്ലൂ. അവിടെ മൊസ്യു ബൊസ്സ്വെയെ കാണാം. അയാളോട് ഞാൻ പറഞ്ഞതായി പറയൂ, ‘എ ബി സി’ എന്ന്. അവർ നിങ്ങളെ കളിയാക്കുകയാണ്, അല്ലേ? അയാൾ എനിക്കു പത്തു സൂ തന്നു.’

‘ഴൊലി, എനിക്കു പത്തു സൂ കടം തരു’ ലെയ്ൽ പറഞ്ഞു; ഗ്രന്തേറെ നോക്കിയിട്ട്, ‘ഗ്രന്തേർ, പത്തു സൂ കടംതരൂ.’

അപ്പോൾ ഇരുപതു സൂവായി; അത് ലെയ്ൽ ആ കുട്ടിക്കു കൊടത്തു.

‘നന്ദി പറയുന്നു, സേർ’, ആ ചെക്കൻ പറഞ്ഞു.

‘എന്താണ് പേർ?’, ലെയ്ൽ ചോദിച്ചു.

‘നവെ, ഗവ്രോഷിന്റെ സ്നേഹിതൻ.’

‘ഞങ്ങളുടെ കൂടെ കൂടൂ,’ ലെയ്ൽ പറഞ്ഞു.

‘ഞങ്ങടെ ഒന്നിച്ചു പ്രാതൽ കഴിക്ക്,’ ഗ്രന്തേർ പറഞ്ഞു.

കുട്ടി മറുപടി പറഞ്ഞു: ‘നിവൃത്തിയില്ല, ഞാൻ ഘോഷയാത്രയിൽ ചേർന്നാളാണ്. ഞാനാണ് ‘പൊളിന്യാക് പോയ്ച്ചാവട്ടെ’ എന്നു വിളിച്ചുപറയുന്നത്.’

പിന്നിലേക്കു കാൽ നീട്ടി കുറച്ചിട നിലത്തുരച്ചുകഴിഞ്ഞതിനുശേഷം—ഇത് എല്ലാത്തരം ഉപചാരങ്ങളിലുംവെച്ച് അത്യധികം ബഹുമാനപൂർവ്വമാണ്—അവൻ ഒരു നട നടന്നു.

കുട്ടി പോയപ്പോൾ, ഗ്രന്തേർ ആരംഭിച്ചു: ‘അത് ഒരെണ്ണംപറഞ്ഞ തെമ്മാടിച്ചെക്കനാണ്. തെമ്മാടിച്ചെക്കന്മാർ പലതരത്തിലുണ്ട്. ആധാരം സാക്ഷിപ്പെടുത്തുന്ന ആളുടെ തെമ്മാടിച്ചെക്കന്റെ പേർ ഓവുചാൽ ചാടി എന്നാണ്: വെപ്പുകാരിയുടെ തെമ്മാടിച്ചെക്കനുള്ള പേർ ചെറുവെങ്കായം: അപ്പക്കാരന്റെ തെമ്മാടിച്ചെക്കന്ന് അടുപ്പുതോണ്ടി; പരിചാരകന്റെ തെമ്മാടിച്ചെക്കന്റെ പേരാണ് ചെക്കൻ; കപ്പലിലെ തെമ്മാടിച്ചെക്കന്നു കപ്പൽച്ചെറുക്കൻ; പട്ടാളക്കാരന്റെ തെമ്മാടിച്ചെക്കന്നു പേർ ചെണ്ടക്കാരൻ; ചിത്രമെഴുത്തുകാരന്റെ തെമ്മാടിച്ചെക്കന്റേതു ചായമരവുകാരൻ: കച്ചവടക്കാരന്റെ തെമ്മാടിച്ചെക്കന്നു പേർ കിങ്കരൻ; കൊട്ടാരത്തിലെ തെമ്മാടിച്ചെക്കന്റെ പേർ സേവൻ; രാജാവിന്റെ തെമ്മാടിച്ചെക്കന്നു പേർ യുവരാജാവ്: ഈശ്വരന്റെ തെമ്മാടിച്ചെക്കന്നു പേർ കുട്ടിക്രിസ്തു.’

ഈയിടയ്ക്കു ലെയ്ൽ മനോരാജ്യത്തിലായി; അയാൾ ഏതാണ്ടുച്ചത്തിൽ പറഞ്ഞു: ‘എ, ബി, സി, എന്നുവെച്ചാൽ: ലാമാർക്കിന്റെ ശവസംസ്കാരം.’

‘ആ ചെമ്പൻമുടിയും നീലക്കണ്ണുമുള്ള നീണ്ട മനുഷ്യൻ ആൻഷൊൽരാ; അയാൾ നിങ്ങൾക്കു മുന്നറിവു തരുന്നു.’

‘നമുക്കു പോവുക,’ ബൊസ്സ്വെ ഉച്ചത്തിൽപ്പറഞ്ഞു.

‘കൊള്ള തുടങ്ങി’, ഴൊലി അഭിപ്രായപ്പെട്ടു. ‘ഞാൻ തിയ്യിലൂടെ നടക്കാമെന്ന് ഏറ്റിട്ടുണ്ട്; വെള്ളത്തിലൂടെയില്ല. എനിക്കു പണം ആവശ്യമില്ല.’

‘ഞാനിവിടെ കൂടാം’, ഗ്രന്തേർ പറഞ്ഞു, ‘ശവമഞ്ചത്തെക്കാൾ എനിക്കിഷ്ടം പ്രാതലാണ്.’

‘ഉപസംഹാരം: നമുക്കു പോകേണ്ട,’ ലെയ്ൽ പറഞ്ഞു, ‘ആട്ടെ, അപ്പോൾ, നമുക്കു കുടിക്കുക. എന്നല്ല, കൊള്ളയിടൽ കാണുകയും ചെയ്യാം, ശവസംസ്കാരം കാണുകയും വേണ്ടാ.’

‘ഹാ! കൊള്ളയിടൽ, ഞാനുമുണ്ട് കൂടെ,’ ഴൊലി പറഞ്ഞു. ലെയ്ൽ കൈ തിരുമ്മി.

‘അപ്പോൾ നമ്മൾ 1830-ലെ ഭരണപരിവർത്തനത്തിൽച്ചെന്നു മുട്ടുകയായി. വാസ്തവത്തിൽ അത് ആളുകളുടെ സന്ധികൾ തകരാറാക്കുന്നു.’

‘ഞാൻ നിങ്ങളുടെ ഭരണപരിവർത്തനത്തെപ്പറ്റി അത്രയൊന്നും ആലോചിക്കുന്നില്ല,’ ഗ്രന്തേർ പറഞ്ഞു, ‘എനിക്ക് ഈ ഗവർമ്മേണ്ടോടു വെറുപ്പില്ല. അതു പരുത്തികൊണ്ടുള്ള രാത്രിത്തൊപ്പിയാൽ പതംപിടിപ്പിക്കപ്പെട്ട കിരീടമാണ്. ഒരു കുടയായിട്ടവസാനിക്കുന്ന ഒരു ചെങ്കോൽ. വാസ്തവത്തിൽ ഇപ്പോഴത്തെ കാലസ്ഥിതിക്കു, ഞാൻ വിചാരിക്കുന്നതു ലൂയി ഫിലിപ്പ് തന്റെ രാജത്വത്തെ രണ്ടു വഴിക്കുപയോഗിച്ചാൽ നന്നായിരിക്കുമെന്നാണ്— ചെങ്കോൽക്കെട്ടുള്ള ഭാഗത്തെ ജനങ്ങളുടെ മേലെയ്ക്കടുപ്പിക്കുകയും കുടയായിട്ടുള്ള ഭാഗത്തെ ആകാശത്തിന്റെ നേരെ നിവർത്തുകയും ചെയ്യട്ടെ.’

മുറി ഇരുണ്ടിരുന്നു: വലിയ മേഘങ്ങൾ വന്നു പകലിന്റെ ബാക്കിഭാഗവും നശിപ്പിച്ചുകഴിച്ചു. വീഞ്ഞുകടയിലാവട്ടേ തെരുവിലാവട്ടേ ഒരാളുമില്ല; എല്ലാവരും എന്താണു നടക്കുന്നതെന്നു നോക്കാൻ പോയിരിക്കുന്നു.

‘ഉച്ചയോ അർദ്ധരാത്രിയോ ഇപ്പോൾ?’ ബൊസ്സ്വെ ഉച്ചത്തിൽ പറഞ്ഞു, ‘മുഖത്തു കുത്തിയാലറിയില്ല. ഗിബെലോത്ത്, ഒരു വെളിച്ചം കൊണ്ടുവരൂ.’

ഗ്രന്തേർ ഒരു വ്യസനഭാവത്തിലിരുന്നു കുടിക്കുകയാണ്.

‘ആൻഷൊൽരാ എന്നെ അധിക്ഷേപിക്കുകയാണ്,’ അയാൾ പതുക്കെപ്പറഞ്ഞു. ‘ആൻഷൊൽരാ പറഞ്ഞിരിക്കും, ‘ഴൊലി രോഗത്തിലാണ്. ഗ്രന്തേർ കുടിയിലും. ബൊസ്സ്വൊയ്ക്കാണ് അയാൾ നവെയെ അയച്ചത്. അവൻ വന്നത് എന്നെ വിളിക്കാനാണെങ്കിൽ ഞാൻ പോയേനേ. അത്രയും ആൻഷൊൽരായുടെ വിഡ്ഢിത്തം! ഞാനയാളുടെ ശവസംസ്കാരത്തിനു പോകുന്നില്ല.’

ഇങ്ങനെ തീർച്ചപ്പെടുത്തി. ബൊസ്സ്വെയും ഴൊലിയും ഗ്രന്തേറും വീഞ്ഞുകടയിൽനിന്നിളകിയില്ല. ഉച്ച തിരിഞ്ഞു രണ്ടു മണിയായപ്പോഴേയ്ക്ക്, അവരുടെ മേശപ്പുറത്തു മുഴുവനും ഒഴിഞ്ഞു കുപ്പികളായി. തികച്ചും പച്ചച്ചിരുന്ന ഒരു പരന്ന ചെമ്പുമെഴുതിരിക്കാലിൽ ഒന്നും ഒരുടഞ്ഞ കുപ്പിയുടെ കഴുത്തിൽ മറ്റൊന്നുമായി രണ്ടു മെഴുതിരികൾ ആ മേശമേൽ ഇരുന്നു കത്തുന്നുണ്ട്. ഗ്രന്തേർ ഴൊലിയേയും ബൊസ്സ്വെയേയും കുടിയിലേക്കു പിടിച്ചു തിരിച്ചു: ബൊസ്സ്വെയും ഴൊലിയും കൂടി ഗ്രന്തേറെ ആഹ്ലാദത്തിലേക്കും.

ഗ്രന്തേറാണെങ്കിൽ, ഉച്ചമുതല്ക്കു തുടങ്ങി അയാൾ മനോരാജ്യങ്ങളുടെ സാമാന്യപ്രവർത്തകൻ മാത്രമായ വീഞ്ഞിനെ കവച്ചുകടന്നിട്ട്, ഒന്നാന്തരം കുടിയന്മാരുടെ ഇടയിൽ വീഞ്ഞിന് ഒരു സാമാന്യപ്പേരേ ഉള്ളൂ. വാസ്തവത്തിൽ ലഹരിയുടെ കാര്യത്തിലുമുണ്ട് നല്ല മന്ത്രവാദവും ചീത്ത മന്ത്രവാദവും; വീഞ്ഞു നല്ല മന്ത്രവാദം മാത്രമാണ് ഗ്രന്തേർ ഒരു കടന്ന കുടിയനായിരുന്നു. അയാളുടെ മുൻപിൽ വായ പിളർത്തുന്ന ഒരു ഭയങ്കരലഹരിയുടെ കൊടുംകറുപ്പ് അയാളെ അമ്പരപ്പിക്കുന്നതിനു പകരം ആകർഷിച്ചു. അയാൾ വീഞ്ഞുകുപ്പി തട്ടി ബീർഗാസ് കൈയിലെടുത്തു. ബീർഗ്ലാസ് അഗാധഗുഹയാണ്. കറപ്പോ കഞ്ചാവോ കൈയിലില്ലാതിരിക്കയും തന്റെ തല കൊണ്ടുപിടിച്ചു തിരിഞ്ഞാൽ കൊള്ളാമെന്നുണ്ടായിരിക്കയും ചെയ്തതുകൊണ്ട് അയാൾ ഏറ്റവും ഭയങ്കരമായ മോഹാലസ്യമുണ്ടാക്കുന്ന ബ്രാണ്ടിയും വിസ്കിയും ബീറും ചേർത്തുള്ള ആ വല്ലാത്ത മരുന്നുകൂട്ടു തെയ്യാറാക്കുവാൻ നിശ്ചയിച്ചു. ബ്രാണ്ടി, വിസ്കി, ബീർ എന്നീ മൂന്നു പുകകളെക്കൊണ്ടാണ് ആത്മാവിന്റെ കടഞ്ഞാണുണ്ടാക്കിയിട്ടുള്ളത്. അവ മൂന്നും മൂന്നിരുട്ടാണ്; ദിവ്യപ്പൂമ്പാറ്റ അവയിലാണ്ടുപോകുന്നു; അവിടെ കടവാതിലിന്റെ ചിറകായി കൊഴുപ്പിച്ചു കട്ടിയാക്കിയ ഒരംഗസംബന്ധിപ്പുകയ്ക്കുള്ളിൽവെച്ചാണ് ഉറങ്ങിയ ആത്മാവിൻമീതെ ചുറ്റിപ്പറ്റുന്ന ദുസ്സ്വപ്നം, രാത്രി, മരണം എന്നീ മൂന്നു മിണ്ടാസ്സംഭ്രമങ്ങൾ ഉണ്ടായിത്തീരുന്നത്.

ഗ്രന്തേർ ആ ദയനീയസ്ഥിതിയിൽ എത്തിക്കഴിഞ്ഞിട്ടില്ല; അതിനു നന്നേ ഇപ്പുറത്താണ്. അയാൾ എന്തെന്നില്ലാത്ത ആഹ്ലാദത്തിലായി; ബൊസ്സ്വെയും ഴൊലിയും അതു തിരിച്ചടിച്ചു. അവർ ഗ്ലാസ്സുകൾ എടുക്കുകയും വെയ്ക്കുകയുംതന്നെ. വാക്കുകളുടേയും വിചാരങ്ങളുടേയും ഉറപ്പിക്കലോടു ഗ്രന്തേർ സവിശേഷതരം ആംഗ്യങ്ങളും കൂട്ടിച്ചേർത്തു: അയാൾ ഇടഞ്ഞ കൈമുഷ്ടി ധാടിയോടുകൂടി കാൽമുട്ടിന്മേൽ വെച്ചു, ഭുജംകൊണ്ട് ഒരു സമക്കോണുണ്ടാക്കി, അഴിഞ്ഞ കണ്ഠവസ്ത്രത്തോടുകൂടി, ഒരു മുക്കാലിന്മേൽ വിലങ്ങനെ ഇരുന്നു, വലത്തേ കൈയിൽ മദ്യം നിറച്ച ഗ്ലാസ്സും പിടിച്ചു, ആ പോത്തൻദാസിയുടെ, മതെലോത്തിന്റെ, നേരെ ആ സഗൗരവവാക്കുകൾ വലിച്ചെറിഞ്ഞു; ‘അരമനയുടെ വാതിലുകളൊക്കെ മലർക്കെത്തുറന്നിടുക! ഓരോരുത്തനും ഫ്രഞ്ചുപണ്ഡിതമഹായോഗത്തിന്റെ അംഗമായിരിക്കട്ടെ; ഓരോരുത്തനും യൂഷെലൂവിനെ ആലിംഗനം ചെയ്വാൻ അവകാശമുണ്ടാവട്ടെ. നമുക്കു കുടിക്കുക.’

എന്നിട്ടു മദാം യൂഷെലൂവിനു നേരെ തിരിഞ്ഞ്, അയാൾ തുടർന്നു പറഞ്ഞു. പ്രായംചെന്നവളും ഉപയോഗിക്കപ്പെടൽകൊണ്ടു വന്ദ്യത കൂടിയവളുമായ ഹേ അമ്മേ, ഇങ്ങോട്ടടുത്തു വരൂ: ഞാൻ നിങ്ങളെ നോക്കിക്കാണട്ടേ!’

ഴൊലി ഉച്ചത്തിൽ പറഞ്ഞു: ‘മതെലോത്ത്, ഗിബെലോത്ത്, നിങ്ങൾ രണ്ടുപേരും ഗ്രന്തേർക്ക് ഇനി യാതൊന്നും കുടിക്കാൻ കൊടുക്കരുത്. ഈ ഇരുപ്പിൽ അയാൾ, വല്ലാത്ത ധാരാളിത്തത്തോടുകൂടി, രണ്ടു ഫ്രാങ്കും തൊണ്ണൂറ്റഞ്ചു സെന്റൈമും അകത്താക്കിക്കഴിഞ്ഞു.’

ഗ്രന്തേർ വീണ്ടും തുടങ്ങി. ‘എന്റെ സമ്മതം കൂടാതെ ആരാണ് നക്ഷത്രങ്ങളെ അഴിച്ചെടുത്തു മെഴുതിരികളുടെ വേഷത്തിൽ മേശപ്പുറത്തു നിരത്തിയത്?’

നല്ല കുടി കുടിച്ചുവെങ്കിലും ബൊസ്വെയ്ക്കു തലയ്ക്കു പിടിച്ചിരുന്നില്ല.

അയാൾ, പുറംമഴയേറ്റു നനഞ്ഞുംകൊണ്ടു ജനാലയുടെ കട്ടിളപ്പടിയിലിരുന്നു, തന്റെ രണ്ടു ചങ്ങാതികളേയും നോക്കിക്കാണുകയായിരുന്നു.

പെട്ടെന്ന് അയാൾ പിന്നിൽനിന്ന് ഒരു ലഹള കേട്ടു; ‘ആയുധമെടുക്കുവിൻ’ എന്നുള്ള ആർത്തുവിളി, ആളുകളുടെ പാഞ്ഞുവരവ്. അയാൾ തിരിഞ്ഞുനോക്കി, റ്യു സാങ്ദെനിയിൽ റ്യു ദ് ല ഷങ്വ്രെറിയുടെ അറ്റത്തായി കൈയിൽ തോക്കോടു കൂടി ആൻഷൊൽരയേയും കൈത്തോക്കോടുകൂടി ഗവ് രോഷിനേയും, വാളോടുകൂടി ഫെയ്ലിയേയും വാളോടുകൂടി കുർഫെരാക്കിനേയും, ചെറുതോക്കോടുകൂടി ഴാങ്പ്രുവേറെയും, തോക്കോടുകൂടി കൊംബ്ഫെറേയും, തോക്കോടുകൂടി ബയോരെലേയും, പിന്നാലെ ആയുധധാരികളായി ലഹളകൂട്ടിക്കൊണ്ടുള്ള ജനസംഘത്തേയും കണ്ടു.

റ്യു ദ് ഷങ്വ്രെറിയിലേക്ക് ഒരു വെടിപ്പാട് ദൂരമില്ല. അയാൾ രണ്ടു കൈകൊണ്ടുംകൂടി ഒരുച്ചവാദിനിയന്ത്രമുണ്ടാക്കി വായോടടുപ്പിച്ചു പിടിച്ചു. ഉച്ചത്തിൽ കൂക്കി: ‘കുർഫെരാക്! കുർഫെരാക്! ഹേ ഹേ!’

കുർഫെരാക് വിളി കേട്ടു, ബൊസ്സ്വെയെ കണ്ടു, റ്യു ദ് ല ഷങ് വ്രെറിയിലേക്കു കുറച്ചടി ഇങ്ങനെ വിളിച്ചുപറഞ്ഞുംകൊണ്ട് അടുത്തുചെന്നു: ‘എന്തു വേണം?’ അത്, എവിടേക്കു പോകുന്നു’ എന്നുള്ളതിനോടു വിലങ്ങനെ ചെന്നുമുട്ടി.

‘ഒരു വഴിക്കോട്ടയുണ്ടാക്കാൻ’ കുർഫെരാക് മറുപടി പറഞ്ഞു.

‘ആട്ടെ, ഇവിടെ! ഇതൊരു നല്ല സ്ഥലമാണ്! ഇവിടെയുണ്ടാക്കൂ.’

‘അത് ശരിയാണ്, എയ്ൽ’, കുർഫെരാക് പറഞ്ഞു.

കുർഫെരാകിന്റെ ഒരാംഗ്യം കണ്ടതോടുകൂടി, ആ ആൾക്കൂട്ടം മുഴുവനും റ്യു ദ് ല ൽഘ്വ്രെറിയിലേക്ക് തള്ളിക്കയറി.

കുറിപ്പുകൾ

[1] ഫ്രാൻസിസ് ദ് അസ്സിസി എന്ന സന്ന്യാസിശ്രേഷ്ഠനാൽ സ്ഥാപിക്കപ്പെട്ട സന്യാസിസംഘാംഗം.

[2] 15-ആം നൂറ്റാണ്ടിൽ പയോളയിലെ ഫ്രാൻസിസ് സന്ന്യാസി ഏർപ്പെടുത്തിയ സന്ന്യാസിമഠത്തിൽ ചേർന്ന ആൾ.

[3] മത്തിയോ ദി ബസ്സി എന്ന ഒരു സന്ന്യാസി ഫ്രാൻസിസ്കൻമഠത്തെ പരിഷ്കരിച്ചതാണ് കപൂഷിൻ സന്ന്യാസിമഠം.

[4] ചിറകെന്നും എഴുതുന്ന തൂവലെന്നും.

[5] ക്രി. മൂ 300-ൽ റോം മുഴുവനും തകർത്തുകളഞ്ഞ ഒരു ഫ്രഞ്ച് പ്രഭു ‘തോറ്റവൻ നശിക്കട്ടെ’ എന്ന ചൊല്ലിന്റെ ആദികർത്താവ്.

4.9.3
ഗ്രന്തേർ ഇരുട്ടിൽപ്പെടാൻ പോകുന്നു

വാസ്തവത്തിൽ ഈ സ്ഥലം നന്ന്; തെരുവിലേക്കുള്ള വഴി വിസ്താരമുള്ളതും അങ്ങേ ഭാഗം പുറത്തേക്കു പഴുതില്ലാത്ത ഒരു കീശയിലേക്കു ചുരുങ്ങിക്കൂടുന്നതുമായിരുന്നു. കൊരിന്ത് ഒരു തടസ്സമായിരുന്നു; മൊങ് ദെതുറിന്റെ ഇടത്തും വലത്തും ഭാഗങ്ങൾ ക്ഷണത്തിൽ മുട്ടിക്കാം; സാങ്ദെനിയിൽനിന്നല്ലാതെ, എന്നുവെച്ചാൽ മുൻപിലൂടെ—തികച്ചും കാണാവുന്നേടത്തൂടേ—അല്ലാതെ, എതിർക്കപ്പെടാൻ നിവൃത്തിയില്ല.

ബൊസ്സ്വെക്ക് ഒരു വ്രതം കൊള്ളുന്ന ഹാനിബാളിന്റെ വിവേകദൃഷ്ടിയുണ്ട്.

ആൾക്കൂട്ടത്തിന്റെ തള്ളിക്കേറ്റത്തോടുകൂടി തെരുവു മുഴുവനും പേടിച്ചു. ഒരൊറ്റ വഴിപോക്കനും മാറിക്കളയാതെയില്ല. ഒരിടിമിന്നലിന്റെ ഇടകൊണ്ടു പിന്നിലും വലത്തും ഇടത്തുമുള്ള പീടികകളും, കുതിരപ്പന്തികളും, വാതിലുകളും, ജനാലകളും, മറകളും, തട്ടിമ്പുറക്കിളവാതിലുകളും, എല്ലാത്തരം അഴിവാതിലുകളും, താഴത്തേ നില തുടങ്ങി മേൽപുരവരേക്കുള്ള സകലവും, അടഞ്ഞു കഴിഞ്ഞു. പേടിച്ചുപോയ ഒരു കിഴവി വെടിയൊച്ച ഒന്നു ശമിപ്പിക്കാൻവേണ്ടി, വസ്ത്രങ്ങൾ തോരാനിടുന്ന തന്റെ ജനാലയ്ക്കു മുൻപിലത്തെ അയക്കോലിന്മേൽ ഒരു കോസരി കൊണ്ടിട്ടു കെട്ടി. വീഞ്ഞുകടമാത്രമുണ്ട് അടയ്ക്കാതെ; അതിനു പിന്നെ മതിയായ കാരണമുണ്ട്. ആൾക്കൂട്ടം അങ്ങോട്ടു പാഞ്ഞുകേറി—‘അയ്യോ, എന്റെ ഈശ്വര! അയ്യോ, എന്റെ ഈശ്വര’. മാദം യൂഷെലു നിലവിളിച്ചു.

കുർഫെരാക്കിനെ എതിരേല്ക്കാൻ ബൊസ്സ്വെ താഴത്തേക്കു ചെന്നു.

ജനാലയ്ക്കൽ നിന്നിരുന്ന ഴൊലി ഉച്ചത്തിൽ പറഞ്ഞു: ‘കുർഫെരാക്, നിങ്ങൾ ഒരു കുട കൊണ്ടുവരേണ്ടിയിരുന്നു. നിങ്ങൾക്കു ചലതോഴം പിടിക്കും.’

ഈയിടയ്ക്കു, കുറച്ചു നിമിഷംകൊണ്ടു. വീഞ്ഞുകടയുടെ മുൻപുറത്തുള്ള ഇരിമ്പഴികളിൽനിന്ന് ഇരുപതെണ്ണം പറിച്ചെടുത്തുകഴിഞ്ഞു; തെരുവീഥിയിൽ അറുപതടി അകലംവരേക്കുള്ള വിരികല്ലുകൾ പുഴക്കിയെടുത്തു; ഗവ്രോഷും ബയോരെലുംകൂടി ആങ്സോ എന്നു പേരായ ഒരു കുമ്മായക്കച്ചവടക്കാരന്റെ സാമാനവണ്ടി പിടിച്ചു മറിച്ചിട്ടു; ആ വണ്ടിയിൽ മൂന്നു പീപ്പ കുമ്മായമുണ്ടായിരുന്നത് അവർ വിരികല്ലുകുന്നുകളുടെ അടിയിലിട്ടു; ആൻഷൊൽരാ ചെന്നു നിലവറക്കുണ്ടിന്റെ മൂടി തുറന്നു മദാം യുഷെലുവിന്റെ എല്ലാ ഒഴിഞ്ഞ ഭരണികളുമെടുത്തു കുമ്മായപ്പീപ്പകൾക്കു തടവുവെച്ചു; വിശറിപ്പിടികൾക്കു ചായമിടാൻ വിദഗ്ധങ്ങളായ കൈവിരലുകൾകൊണ്ടു ബയോരെൽ പടുചെത്തു ചെത്തിയ രണ്ടു കല്ലിൻ കുന്നുകൾ പീപ്പകൾക്കും സാമാനവണ്ടിക്കും പിന്നിലുറപ്പിച്ചു. മറ്റുള്ളവപോലെ തന്നെ കല്ലുകളൊക്കെ എവിടെനിന്നെത്തിച്ചുവെന്ന് ആർക്കും അറിഞ്ഞുകൂടാതാങ്ങുകളായി ഉപയോഗപ്പെട്ട തുലാങ്ങളെ അടുത്ത വീട്ടുമ്മറങ്ങളിൽനിന്നു പറിച്ചെടുത്തു. പീപ്പകൾക്കു മുകളിൽ നിരത്തി ബൊസ്സ്വെയും കുർഫെരാക്കും തിരിഞ്ഞുനോക്കുമ്പോഴേക്ക് ഒരാളിലധികം ഉയരമുള്ള കോട്ടമതിൽകൊണ്ടു തെരുവു പകുതിയും മുടങ്ങി. മറ്റൊന്നു ഇടിച്ചുതകർത്തു പണിചെയ്യപ്പെടുന്ന സകലവും ഉണ്ടാക്കിത്തീർക്കാൻ പൊതുജനക്കൂട്ടത്തിന്റെ കൈപോലെ മറ്റൊന്നുമില്ല.

മതെലോത്തും ഗിബെലോത്തും പണിക്കാരുടെ കൂട്ടത്തിൽക്കൂടി. ചപ്പുചവറു സാമാനങ്ങൾ ഗിബെലോത്തു പോയി ഏറ്റിക്കൊണ്ടുവന്നു. അവളുടെ ആലസ്യം വഴിക്കോട്ട കെട്ടാനുപയോഗപ്പെട്ടു, ഒരുറക്കംതൂങ്ങളോടുകൂടി വീഞ്ഞു കൊണ്ടുക്കൊടുക്കാറുള്ളതുപോലെ, അവൾ വഴിക്കോട്ടപ്പണിക്കു സാമാനങ്ങളെത്തിച്ചു.

രണ്ടു വെള്ളക്കുതിരകൾ പൂട്ടിയ സവാരിവണ്ടി തെരുവിന്റെ അകത്തൂടെ പാഞ്ഞു.

ബൊസ്സ്വെ ആ വിരികല്ലുകൾക്കു മുകളിലൂടെ പാഞ്ഞു; അതിന്റെ അടുത്തെത്തി, വണ്ടി തെളിക്കുന്നവനെ തടഞ്ഞുനിർത്തി, യാത്രക്കാരെ താഴത്തിറക്കി. ‘മാന്യ സ്ത്രീകളെ’ കൈപിടിച്ചു താഴത്തിറക്കി, വണ്ടിക്കാരനെ പണിയിൽനിന്നു പിരിച്ചു. കുതിരകളുടെ കടിഞ്ഞാൺ പിടിച്ചു വണ്ടിയുംകൊണ്ടു തിരിച്ചെത്തി.

‘സവാരിവണ്ടി കൊരിന്തിലൂടെ പോവാൻ പാടില്ല.’ അയാൾ കല്പിച്ചു.

ഒരു നിമിഷം കഴിഞ്ഞു, മെയ്ക്കോപ്പുകളെല്ലാം അഴിച്ചെടുത്തു സ്വതന്ത്രരായ കുതിരകൾ റ്യു മൊങ്ദെതുറിലൂടെ പാടുനോക്കി നടന്നു; വണ്ടി ചെരിഞ്ഞു കിടന്നു തെരുവിലൂടെയുള്ള വഴിമുടക്കം മുഴുമിപ്പിച്ചു.

തികച്ചും അമ്പരന്നുപോയ മദാം യുഷെലു മുകൾനിലയിൽച്ചെന്നു രക്ഷപ്രാപിച്ചിരിക്കുന്നു.

അവളുടെ കണ്ണുകൾ നിറംകെട്ടു; യാതൊന്നും കാണാതെ അവൾ തുറിച്ചു നോക്കി; ഒരു താഴ്‌ന്ന സ്വരത്തിൽ നിലവിളിക്കുന്നുമുണ്ട്. അവളുടെ പേടിച്ചിട്ടുള്ള നിലവിളിക്കു തൊണ്ടയിൽനിന്നു പുറത്തേക്കു കടക്കാൻ ധൈര്യമുണ്ടായില്ല.

‘ലോകത്തിന്റെ അവസാനമായി’ അവൾ പിറുപിറുത്തു

ഴൊലി കടന്നു മദാം യുഷെലുവിന്റെ തടിച്ചു ചുകന്നു ജരകയറിയ കഴുത്തിൽ ഒരു ചുംബനം വെച്ചുകൊടുത്തു; അയാൾ ഗ്രന്തേറോടു പറഞ്ഞു. ‘എന്റെ പ്രിയപ്പെട്ട ചങ്ങാതി, എന്റെ എന്നെത്തേയും അഭിപ്രായം ഒരു സ്ത്രീയുടെ കഴുത്തു പോലെ എന്തെന്നില്ലാതെ മിനുസമുള്ള ഒന്നു വേറെയില്ല എന്നാണ്’

പക്ഷേ, ഗ്രന്തേർ ആഭാസപ്പാട്ടുകളുടെ അങ്ങേ അറ്റത്തെ ലോകത്തിൽ എത്തിക്കഴിഞ്ഞിരുന്നു. മതെലോത്ത് ഒരിക്കൽക്കൂടി മുകൾനിലയിലേക്കു കയറിവന്നു; ഗ്രന്തേർ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് ആ വിധവയെപ്പറ്റി ഉറക്കെ പൊട്ടിച്ചിരി തുടങ്ങി.

‘മതെലോത്ത് സുന്ദരിയല്ല!’ അയാൾ ഉറക്കെപ്പറഞ്ഞു, ‘മതെലോത്ത് ഒരു വൈരൂപ്യസ്വപ്നത്തിൽപ്പെട്ടതാണ്. മതെലോത്ത് ഒരു മനോരാജ്യമാണ്. ഇവളുടെ ജനനത്തിലുള്ള ഗൂഢസംഗതി ഇതത്രേ: വലിയ പള്ളികൾക്കു വികൃതക്കുമ്പാരങ്ങൾ കെട്ടിപ്പടുക്കുന്ന ഒരു മുണ്ടന്ന്, ഒരു കൊള്ളാവുന്ന ദിവസം രാവിലെ, അവയിൽവെച്ചു വല്ലാത്തതായ ഒന്നിനോട്, അനുരാഗം തോന്നി. അതിനു ജീവൻ കൊടുക്കുവാൻ അയാൾ അനുരാഗദേവതയോടഭ്യർത്ഥിച്ചു; അതിൽനിന്നു മതെലോത്ത് ജനിച്ചു. ഹേ പൌരന്മാരേ, ഇവളെ നോക്കിക്കാണുവിൻ! തിഷെന്റെ [1] ഉപപത്നിക്കുള്ളതുപോലെ നാനാനിറത്തലമുടിയാണ് ഇവൾക്ക്; ഇവൾ നല്ലപോലെ യുദ്ധംചെയ്യും. ഓരോ നല്ല പെൺകിടാവിന്നുള്ളിലുമുണ്ട് ഓരോ ധീരോദാത്തൻ. മതർ യുഷെലുവാണെങ്കിൽ, അവളൊരു വയസ്സൻ ഭടനാണ്. അവളുടെ മേൽമാശ നോക്കൂ! അവൾക്കതു ഭർത്താവിൽനിന്നു കിട്ടിയതാണ്! ഒരൊന്നാന്തരം കുതിരപ്പടയാളി! അവൾ പൊരുതുകയും ചെയ്യും. കോട്ടപ്പുറത്തിന്റെ ഉള്ളില് പേടി കടക്കണമെങ്കിൽ ഈ രണ്ടു പേർ തനിച്ചുണ്ടായാൽ മതി. മർഗറിക് ആസിഡിനും ഫോർമിക് ആസിഡിനും ഇടയ്ക്കു പതിനഞ്ചു ദ്രാവകവിശേഷങ്ങളുള്ളതുപോലെ സത്യമായിട്ടു നമുക്കു ഭരണാധികാരത്തെ തകിടംമറിക്കണം; ഏതായാലും ഞാനതിൽ തികച്ചും ഉദാസീനനാണ്, മാന്യരേ, എനിക്കു കണക്കുശാസ്ത്രം പഠിയാതിരുന്നതുകൊണ്ട് അച്ഛന്ന് എന്നോടു ബഹുശുണ്ഠിയായിരുന്നു. എനിക്ക് അനുരാഗവും സ്വാതന്ത്ര്യവും മാത്രമേ മനസ്സിലാവൂ. ഞാൻ ആ കൊള്ളാവുന്ന ചങ്ങാതി ഗ്രന്തേറാണ്. ഒരിക്കലും പണമുണ്ടായിട്ടില്ലാത്തതുകൊണ്ടു, ഞാനതു ശീലിച്ചു; അതുകൊണ്ടെന്തുവന്നു എന്നുവെച്ചാൽ, എനിക്ക് ഒരു സമയത്തും അതില്ലായ്കയില്ല; പക്ഷേ, ഞാൻ ധനവാനായിരുന്നുവെങ്കിൽ, ദരിദ്രരില്ലാതായേനേ! നിങ്ങൾക്കു കാണാമായിരുന്നു! ഹാ, ദയയുള്ള ഹൃദയങ്ങളുടെ കൈയിലാണ് തടിച്ച പണസ്സഞ്ചികളെങ്കിൽ, കാര്യം എത്ര ഭംഗിയിൽ നടന്നേനേ. റോത്സ് ചൈൽഡിന്റെ [2] മുതലോടു കൂടിയ ഒരു യേശുക്രിസ്തുവിനെയാണ് ഞാൻ ധ്യാനിക്കാറ്! അദ്ദേഹം എന്തൊക്കെ ഗുണം ചെയ്യും! മതെലോത്ത്, എന്നെ പിടിച്ചുപൂട്ടൂ! നിങ്ങൾ വികാരമുള്ളവളും നാണംകുണുങ്ങിയുമാണ്! ഒരു സഹോദരിയുടെ ചുംബനത്തെ ക്ഷണിക്കുന്ന കവിളുകളും ഒരു കാമുകന്റെ ചുംബനത്തെ അവകാശപ്പെടുന്ന ചുണ്ടുകളുമാണ് നിങ്ങൾക്കുള്ളത്.’

‘ഹേ മദ്യപ്പീപ്പേ, മിണ്ടാതിരിക്കൂ!’ കുർഫെരാക് പറഞ്ഞു.

ഗ്രന്തേർ തിരിച്ചടിച്ചു; ‘ഞാൻ തുലൂസ്സിലെ മുനിസിപ്പാലുദ്യോഗസ്ഥനാണ്; പുഷ്പവിനോദങ്ങളുടെ നേതാവും.’

വഴിക്കോട്ടയുടെ നിറുകയിൽ കൈയിൽ തോക്കുമായി നിന്നിരുന്ന ആൻഷൊൽരാ തന്റെ സുന്ദരവും സഗൗരവവുമായ മുഖം പൊന്തിച്ചു, വായനക്കാർക്കറിവുള്ളതുപോലെ, ആൻഷൊൽരയിൽ യുദ്ധവീരന്റേയും സദാചാരനിഷ്ഠന്റേയും കൂട്ടുണ്ട്. അയാൾ ലിയോണിദാസ്സൊരുമിച്ചു തെർമോപ്പിലിയിൽ [3] വെച്ചു മിക്കുകയും ക്രോംവലോടൊരുമിച്ചു ഡ്രോയെഡയിൽ [4] വെച്ചു സംസ്കരിക്കപ്പെടുകയും ചെയ്തേനേ.

‘ഗ്രന്തേർ,’ അയാൾ ഉച്ചത്തിൽ പറഞ്ഞു. ‘നിങ്ങളുടെ മദ്യപ്പുകയെല്ലാം വേറെവല്ലേടത്തും ഊതിക്കളഞ്ഞേക്കു. ഇത് ഉന്മേഷത്തിന്നുള്ള സ്ഥലമാണ്. ലഹരിക്കുള്ളതല്ല. വഴിക്കോട്ടയെ അവമാനിക്കരുത്.’

ഈ ശുണ്ഠിയെടുത്തു പ്രസംഗം ഗ്രന്തേറുടെ ഉള്ളിൽക്കൊണ്ടു. അയാളുടെ മുഖത്തേക്ക് ഒരു ഗ്ലാസ് പച്ചവെള്ളം പകർന്നുപോയി എന്നു പറയാൻ തോന്നും. പെട്ടെന്ന് അയാൾക്ക് ലഹരിയിറങ്ങിയ മട്ടായി

അയാൾ ഇരുന്നു, ജനാലയ്ക്കലുള്ള ഒരു മേശപ്പുറത്തു കൈമുട്ടൂകൾ കുത്തി, അനിർവാച്യമായ ഒരു സൌമ്യഭാവത്തോടുകൂടി ആൻഷൊൽരായെ സൂക്ഷിച്ചു നോക്കി, അയാളോടു പറഞ്ഞു: ‘ഞാനിവിടെ ഒന്നുറങ്ങട്ടെ.’

‘മറ്റെവിടെയെങ്കിലും ചെന്നു കിടന്നുറങ്ങൂ.’ ആൻഷൊൽരാ ഉച്ചത്തിൽ പറഞ്ഞു.

സൌമ്യങ്ങളും സംഭ്രാന്തങ്ങളുമായ നോട്ടങ്ങളെ വീണ്ടും ആൻഷൊൽരയുടെ മേൽത്തന്നെ ഊന്നി മറുപടി പറഞ്ഞു: ‘ഞാനിവിടെത്തന്നെ കിടന്നുറങ്ങട്ടെ—മരിക്കുന്നതുവരെ’

ആൻഷൊൽരാ പുച്ഛത്തോടുകൂടി ആ മനുഷ്യനെ നോക്കി.

‘ഗ്രന്തേർ, നിങ്ങൾക്കു വിശ്വസിക്കാനോ, വിചാരിക്കാനോ, ഇച്ഛിക്കാനോ, ജീവിക്കാനോ, മരിക്കാനോ യാതൊന്നിനുമാവില്ല.’

ഗ്രന്തേർ ഒരു സഗൌരവസ്വരത്തിൽ മറുപടി പറഞ്ഞു: ‘നിങ്ങൾക്കു കാണാം.’

കുറച്ചുകൂടി ചില തിരിയാത്ത വാക്കുകൾ അയാൾ വിക്കിപ്പറഞ്ഞ്, ആ മേശപ്പുറത്തുതന്നെ കെട്ടിമറിഞ്ഞുവീണു, മദ്യലഹരിയുടെ രണ്ടാമത്തെ ഘട്ടത്തിലെത്തിയാൽ പതിവുള്ളതുപോലെ—ആൻഷൊൽരാ അയാളെ പെട്ടെന്നും അപ്രതീക്ഷിതമായും അതിലെയ്ക്കന്തിക്കളഞ്ഞു—ഒരു നിമിഷംകൊണ്ടു ഗാഢനിദ്രയിൽപ്പെട്ടു

കുറിപ്പുകൾ

[1] വെനിസ്സിൽ ജനിച്ച ചിത്രകാരപ്രമുഖൻ: എണ്ണച്ചായപ്രയോഗത്തിലാണ് അതിപ്രസിദ്ധി.

[2] വലിയ കോടീശ്വരത്വം വളരെക്കാലമായി നിലനിർത്തിപ്പോരുന്ന ഒരു യഹൂദകുടുംബത്തിന്റെ പ്രസിദ്ധപ്പേർ.

[3] തെസ്സലിയിൽ നിന്നു ഗ്രീസ്സിലേക്കുള്ള പർവ്വതമാർഗ്ഗമായ തെർമോഷിലിയെ ശത്രുക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുത്തുവാൻവേണ്ടി ധീരോദാത്തതയോടുകൂടി യുദ്ധംവെട്ടി മരിച്ചുപോയ പ്രസിദ്ധ രാജാവ്.

[4] ഐർലാണ്ടിലെ ഒരു തുറമുഖം, ക്രോംവെൽ ഇതു പിടിച്ചെടുത്തു.

4.9.4
യുഷെലൂവിധവയെ ആശ്വസിപ്പിക്കാനുള്ള ഒരു ശ്രമം

വഴിക്കോട്ടയെക്കുറിച്ചുള്ള ആഹ്ലാദമൂർച്ഛയിൽ ബയോരെൽ വിളിച്ചുപറഞ്ഞു: ‘ഇതാ, നമ്മുടെ തെരുവ് അതിന്റെ കഴുത്തിടുങ്ങിയ ഉടുപ്പുമിട്ടു നില്ക്കുന്നു! എന്തു ഭംഗി കാണാൻ!’

വീഞ്ഞുകട ഏതാണ്ടു മുഴുവനും ഇടിച്ചുപൊളിച്ചശേഷം കുർഫെരാക് വിധവയായ ഉടമസ്ഥയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

‘മതർ യുഷെലു, നിയമവിരുദ്ധമായി പ്രവർത്തിച്ചതിനു, നിങ്ങളുടെ ജനാലയിലൂടേ പുറത്തേക്കു ഗിബെലോത്ത് ഒരു കട്ടിൽവിരിപ്പു കുടഞ്ഞതിനു, നിങ്ങൾക്കു നോട്ടീസ്സു കിട്ടിയതിനെപ്പറ്റി ഇന്നാളല്ലേ നിങ്ങൾ ആവലാതി പറഞ്ഞിരുന്നത്?’

‘അതേ, എന്റെ കൊള്ളാവുന്ന മൊസ്യു കുർഫെരാക്, ഹാ! എന്റെ ഈശ്വര, നിങ്ങളുടെ ലഹളക്കാരണക്കൂട്ടത്തിൽ എന്റെ ആ കാര്യവും നിങ്ങൾ ചേർക്കാനാണോ ഭാവം? ആ കട്ടിൽവിരിക്കും തട്ടിൻപുറത്തെ കിളിവാതിലിലൂടെ തെരുവിലേക്കു വീണുപോയ ഒരു പൂച്ചട്ടിക്കുംകൂടി ഭരണാധികാരത്തിൽനിന്ന് എന്നോടു ഒരഞ്ഞൂറു ഫ്രാങ്ക് പിരിച്ചു, അത് തോന്നിവാസമല്ലെങ്കിൽപ്പിന്നെ എന്താണ്?’

‘ശരി, മതർ യുഷെലു, ഞങ്ങൾ അതിനു പകരം ചോദിക്കയാണ്.’

തനിക്കുവേണ്ടി ചെയ്യുന്ന ഈ പകരം ചോദിക്കലുകൾകൊണ്ടു തനിക്കുണ്ടാവുന്ന ഗുണം എന്താണെന്നു മതർ യുഷെലുവിനു നല്ലപോലെ മനസ്സിലായി എന്നു തോന്നിയില്ല. ഭർത്താവിന്റെ പക്കൽനിന്നു ചെകിട്ടത്ത് ഒരടി കിട്ടിയിട്ട് അച്ഛന്റെ അടുക്കൽച്ചെന്നു ആവലാതിപ്പെടുകയും, ‘അച്ഛാ, എന്റെ ഭർത്താവു കാണിച്ച താന്തോന്നിത്തത്തിന്ന് അച്ഛൻ അദ്ദേഹത്തോടു പകരം കാണിക്കണം’ എന്നാവശ്യപ്പെടുകയും ചെയ്ത അറബിക്കാരിയെപ്പോലെ അവളും തൃപ്തിപ്പെട്ടു. അച്ഛൻ ചോദിച്ചുവത്രേ: ‘ഏതു ചെകിട്ടത്താണ് നിനക്കടി കിട്ടിയത്?’ ‘ഇടത്തേ,’ അച്ഛൻ അവളുടെ വലത്തേ ചെകിട്ടത്ത് ഒന്നു കൊടുത്തിട്ടു പറഞ്ഞു: ‘ഇപ്പോൾ തൃപ്തിയായല്ലോ, ചെന്നു നിന്റെ ഭർത്താവോടു പറ, അയാൾ എന്റെ മകളുടെ ചെകിട്ടത്തടിച്ചു. ഞാൻ അയാളുടെ ഭാര്യയുടേയും ചെകിട്ടത്തടിച്ചു എന്ന്.’

മഴ നിന്നു. പുതുതായി ആളുകൾ വന്നുചേരുന്നുണ്ട്. കൂലിപ്പണിക്കാർ തങ്ങളുടെ ഉടുപ്പിനുള്ളിൽ മറച്ച് ഒരു കുറ്റി വെടിമരുന്നും, ഗന്ധദ്രാവകക്കുപ്പികൾ നിറഞ്ഞ ഒരു കൊട്ടയും, രണ്ടോ മൂന്നോ തമാശച്ചൂട്ടുകളും, ‘രാജാവിന്റെ ഉത്സവത്തിൽ ബാക്കി കിടന്ന’ വെടിപ്പെട്ടികൾകൊണ്ടു തിങ്ങിയ ഒരു കൊട്ടയുംകൊണ്ടെത്തി. ഈ ഉത്സവം അടുത്തുകഴിഞ്ഞതായിരുന്നു. മെയ് 1-ാം തീയതി. ഈ വെടിസ്സാമാനങ്ങൾ സാങ്-ആന്ത്വാങ്ങിലുള്ള പെപ്പിൻ എന്നു പേരായ ഒരു ചില്ലറക്കച്ചവടക്കാരന്റെ കൈയിൽനിന്നു കിട്ടിയതാണത്രേ. അവർ റ്യു ദ് ല ഷങ്വ്രെറിയിൽ ആകെയുള്ള ആ ഒരു തെരുവുറാന്തലും—അതു സങ്ദെനിയിലുള്ളതിനു സമമാണ്—അടുത്തു ചുറ്റുമുള്ള ദ് മൊങ്ദെതൂർ, ദ്യു സിഞ്, ദെ പ്രെഷൂർ ദ് ല ഗ്രാൻദ്, ദ് ലപെത്-ത്രുവാങ്ദെറി എന്നീ പ്രദേശങ്ങളിലെ എല്ലാ റാന്തലുകളും തച്ചുടച്ചു.

ആൻഷൊർരായും കുർഫെരാക്കും കൊംബ്ഫേറുമാണ് എല്ലാം കൊണ്ടുനടത്തുന്നത്. പെട്ടെന്നു രണ്ടു വഴിക്കോട്ടകൾ കെട്ടിത്തീർന്നു; രണ്ടും കൊരിന്ത് ഭവനത്തിനു ചേർന്നിട്ടാണ്; രണ്ടുംകൂടി ഒരു സമക്കോണുണ്ടാക്കിയിരുന്നു; അവയിൽ വലിയതുകൊണ്ടു റ്യു ദ് ല ഷങ്വ്രെറിയിൽനിന്നുള്ള വഴിയും മറ്റേതുകൊണ്ട് റ്യു ദ് സിഞ്ഞിന്റെ ഭാഗത്തു റ്യു മൊങ്ദെതുറിൽനിന്നുള്ള വഴിയും മുട്ടി. ഈ രണ്ടാമതു പറഞ്ഞ ആ വളരെ ഇടുങ്ങിയ വഴിക്കോട്ട പീപ്പകളെക്കൊണ്ടും വിരികല്ലുകളെക്കൊണ്ടും മാത്രം ഉണ്ടാക്കപ്പെട്ടതാണ്. അതിൽ ഏകദേശം ഐമ്പതു പണിക്കാർ പണിയെടുത്തു; മുപ്പതു പേർക്കു തോക്കുണ്ടായിരുന്നു; എന്തുകൊണ്ടെന്നാൽ പോരുംവഴിക്ക് അവർ ഒരു കവചപ്പണിക്കാരന്റെ പീടികയിൽ ഉണ്ടായിരുന്നേടത്തോളമെല്ലാം ഉടമസ്ഥനെക്കൊണ്ട് കടം തരുവിക്കയുണ്ടായി.

ഈ സൈന്യത്തെക്കാളധികം നേരംപോക്കുന്നതും വിചിത്രനിറം കലർന്നതുമായി മറ്റൊന്നുമുണ്ടാവാൻ വയ്യാ. ഒരാൾക്ക് ഒരുരുളൻ കുറുംകുപ്പായവും. ഒരു സാദിഭടന്റെ വാളും, രണ്ടു ചെറുകൈത്തോക്കുകളുമാണ്; മറ്റൊരാൾക്ക് ഉൾക്കുപ്പായവും, ഒരു വട്ടത്തൊപ്പിയും, ചുമലിൽ തൂങ്ങിക്കിടക്കുന്ന മരുന്നുപെട്ടിയുമാണുള്ളത്; മൂന്നാമതൊരാൾ ഒമ്പതു പായ മഞ്ഞക്കടലാസ്സുകൊണ്ടുള്ള ഒരു മാർക്കവചം ധരിച്ച് ഒരു ജീനിപ്പണിക്കാരന്റെ തോലുളിയും പിടിച്ചുകൊണ്ടാണ്. ഒരാൾ നിന്ന് ഉറക്കെപ്പറയുന്നുണ്ടായിരുന്നു: ‘നമുക്കവറ്റയെ സകലവും കൊത്തിനുറുക്കി നമ്മുടെ കുന്തം കൊണ്ട് ചാവണം.’ ഈ മനുഷ്യന്നു കുന്തമില്ലായിരുന്നു. മറ്റൊരാൾ തന്റെ പുറംകുപ്പായത്തിനു മീതേ ഒരു രാഷ്ട്രീയരക്ഷിഭടന്റെ കുരിശുപട്ടയും വെടിത്തെരപ്പെട്ടിയും പരത്തിവെച്ചിരുന്നു; ആ വെടിത്തെരപ്പെട്ടി ചുകന്ന രോമനൂൽകൊണ്ടു സമാധാനരക്ഷ എന്നു തുന്നിപ്പിടിപ്പിച്ചതിനാൽ അലംകൃതമായിരുന്നു. പട്ടാളക്കാരുടെ നമ്പറോടുകൂടിയ പല തോക്കുകളുമുണ്ട്; തൊപ്പിയില്ല; കണ്ഠവസ്ത്രമില്ല; അസംഖ്യം നഗ്നഭൂജങ്ങൾ, ഏതാനും കുന്തങ്ങൾ, ഇതിനോടുകൂടി എല്ലാത്തരം പ്രായത്തേയും, എല്ലാത്തരം മുഖത്തേയും വിളർത്ത് വലിപ്പം കുറഞ്ഞ ചെറുപ്പക്കാരേയും കരുവാളിച്ച ചുമട്ടുകാരേയും കൂട്ടണം. എല്ലാവരും വെമ്പലിലാണ്; അന്യോന്യം സഹായിക്കുന്നതോടുകൂടി വരാവുന്ന കാര്യങ്ങളെപ്പറ്റി അവർ സംസാരിച്ചിരുന്നു. പുലരാൻ മൂന്നു മണിയോടുകൂടി അവർക്ക് തുണ കിട്ടും—ഒരു പട്ടാളവകുപ്പു തീർച്ചയായും വന്നെത്തും. പാരിസ്സ് മുഴുവനും ഇളകും, ഇങ്ങനെ. ഒരുതരം നേരംപോക്കുള്ള ആഹ്ലാദത്തോടു കൂടിക്കലർന്ന ഭയങ്കരവാക്കുകൾ. അവർ സഹോദരന്മാരാണെന്നു തോന്നിപ്പോകും; പക്ഷേ, അവർക്ക് അന്യോന്യം പേരറിഞ്ഞുകൂടാ. അത്യാപത്തുകൾക്ക് ഇങ്ങനെയൊരു നല്ല സവിശേഷതയുണ്ട് അപരിചിതന്മാരുടെ സാഹോദര്യത്തെ അവ വെളിച്ചത്തു വരുത്തും. അടുക്കളയിൽ തീ പൂട്ടിയിട്ടുണ്ട്, അവിടെ വെച്ച് അർ ഓട്ടുപിടിമൊന്തകളും, ഓട്ടുകയിൽകളും, മുള്ളുകളും, ഹോട്ടലിലുള്ള മറ്റു ലോഹസ്സാമാനങ്ങളൊക്കെയുമെടുത്തു വെടിയുണ്ടയുണ്ടാക്കുകയാണ്. ഈ തിരക്കിന്നിടയിലെല്ലാം അവർ കുടിക്കുന്നുണ്ട്. വീഞ്ഞുഗ്ലാസ്സുകളുടെ ഇടയ്ക്കു മേശപ്പുറത്തൊക്കെ കേപ്പുകളും തെരകളും ചിന്നി ബില്ലിയേർഡ് കളിസ്ഥലത്തിരുന്നു ഭയംകൊണ്ടു പല മട്ടിലായ മദാം യുഷെലുവും മതെലോത്തും ഗിബെലോത്തും കൂടി—ഒരാൾ അമ്പരന്നിരിക്കുന്നു. മറ്റാൾക്കു ശ്വാസമില്ല. മറ്റാൾക്കു ഉശിരുകയറി—പഴയ കൈത്തുണികളെല്ലാം പിച്ചിച്ചീന്തി, ചണപ്പഞ്ഞിയുണ്ടാക്കുകയാണ്; മൂന്നു രാജദ്രോഹികൾ താടിമീശകളും മേൽമീശകളുമുള്ള മൂന്നു ചപ്രത്തലയന്മാർ, അവരെ സഹായിക്കുന്നുണ്ട്; തുന്നൽപ്പണിക്കാരിയുടെയായ കൈവിരലുകളെക്കൊണ്ട് ആ ലഹളക്കാർ തുണി കടന്നുവാങ്ങിക്കും—അവർ സ്ത്രീകളെ പേടിപ്പിച്ചു.

റ്യു ദെ ബില്ലെത്തിന്റെ മൂലയ്ക്കൽവെച്ച് ആൾക്കൂട്ടത്തിൽച്ചേർന്ന സമയത്തു കുർഫെരാക്കും കൊംബ്ഫേരും ആൻഷൊൽരയും നോക്കിക്കണ്ട ആ നീണ്ട മനുഷ്യൻ ചെറിയ വഴിക്കോട്ടയിൽ പണിയെടുക്കുകയാണ്; അയാൾ ഓരോന്നു സഹായിക്കുന്നുണ്ട്. ഗവ്രോഷ് വലിയതിലാണ് കുർഫെരാക്കിനെ കാണാൻ വീട്ടിൽച്ചെന്നു കാത്തിരിക്കുകയും മൊസ്യു മരിയുസ്സിനെപ്പറ്റി അന്വേഷിക്കുകയും ചെയ്തിരുന്ന ചെറുപ്പക്കാരൻ ആ സവാരിവണ്ടി മറിക്കലുണ്ടായതോടുകൂടി മറഞ്ഞു.

തികച്ചും ലഹരിയും ആഹ്ലാദവും കയറിയിരുന്ന ഗവ്രോഷ് സകലവും ശരിപ്പെടുത്തുകയാണ് അവൻ പോവും, വരും, പൊത്തിപ്പിടിച്ചു കയറും. കീഴ്പോട്ടിറങ്ങും, വീണ്ടും കയറും, ചൂളം വിളിക്കും, തുള്ളിച്ചാടും എല്ലാവരേയും ഉത്സാഹപ്പെടുത്താനാണ് അവനവിടെ എന്നു തോന്നും അവന്നു വല്ല പ്രേരകശക്തിയുമുണ്ടോ? നിശ്ചയമായുമുണ്ട്. അവന്റെ ദാരിദ്ര്യം; അവന്നു ചിറകുണ്ടോ? നിശ്ചയമായുമുണ്ട്. അവന്റെ സന്തോഷം. ഗവ്രോഷ് ഒരു കൊടുങ്കാറ്റായിരുന്നു എപ്പോഴും അവനെ കാണാം എപ്പോഴും അവന്റെ ഒച്ച കേൾക്കാം എല്ലായിടത്തും ഒരേസമയത്തുണ്ടായിരുന്നതുകൊണ്ട് അവൻ അന്തരീക്ഷത്തിൽ നിറഞ്ഞു; ഒരുതരം പൊറുതിയില്ലാത്ത സർവവ്യാപിത്വമായിരുന്നു അവന്റേത്; അവന്ന് ഒരു നിലനില്പ്പില്ല. ആ വമ്പിച്ച വഴിക്കോട്ട അവന്റെ മുതുകത്തുന്തി. അവൻ മടിയന്മാരെ സ്വാസ്ഥ്യം കെടുത്തി. അലസന്മാരെ ഉശിരു പിടിപ്പിച്ചു. ക്ഷീണിച്ചവരെ ജീവൻവെപ്പിച്ചു. ആലോചനാമഗ്നൻമാരെ തട്ടിയുണർത്തി; ചിലരെ ആഹ്ലാദപ്പെടുത്തി, മറ്റു ചിലർക്ക് ശ്വാസം വെപ്പിച്ചു വേറെ ചിലരെ ശുണ്ഠിപിടിപ്പിച്ചു എല്ലാവരേയും, ഇളക്കിത്തീർത്തു; ചിലപ്പോൾ ഒരു വിദ്യാർത്ഥിയെ നുള്ളും, ചിലപ്പോൾ ഒരു കൗശലപ്പണിക്കാരനെ കടിക്കും; അവൻ കീഴ്പോട്ടിറങ്ങും, നില്ക്കും, വീണ്ടും പറപറക്കും, ലഹളയുടെ മുകളിൽ ചുറ്റിപ്പറ്റി നില്ക്കും, പിറുപിറുത്തുകൊണ്ടും ചൂളംവിളിച്ചുകൊണ്ടും ഒരു ഭാഗത്തുനിന്നു മറുഭാഗത്തേക്ക് എടുത്തുചാടും, സംഘത്തെ മുഴുവനും സ്വാസ്ഥ്യം കെടുത്തും; ആ വമ്പിച്ച ഭരണപരിവർത്തനവണ്ടിയിലെ ഒരീച്ച.

അവന്റെ ചെറിയ കൈകളിൽ എപ്പോഴും ശാശ്വതമായ അധ്വാനം; അവന്റെ ചെറിയ ശ്വാസകോശങ്ങളിൽ ശാശ്വതമായ അലർച്ചയും.

‘ഉശിര് പിടിക്കിൻ! ഇനിയും വിരികല്ല്! ഇനിയും പീപ്പ! ഇനിയും യന്ത്രം! എവിടെയാണ് നിങ്ങൾ? ഈ ഓട്ടയടയ്ക്കാൻ എനിക്കൊരു തൊട്ടിക്കുമ്മായക്കൂട്ട്! നിങ്ങളുടെ വഴിക്കോട്ട നന്നേ ചെറുത്. അതു വേഗം തീർക്കണം. ഒക്കെ അതിൽക്കൊണ്ടു വന്ന് ഇടൂ, ഒക്കെ അതിലേക്കു വലിച്ചെറിയൂ, ഒക്കെ അതിൽക്കൊണ്ടൊട്ടിക്കൂ. വീടു തകർക്കൂ. വഴിക്കോട്ട മതർ ഗിബൊലത്തിന്റെ ചായയാണ്. ഏഹേ, അതാ ഒരു ചില്ലുവാതിൽ.’

ഇതു പണിക്കാരിൽനിന്ന് ഒരുച്ചശബ്ദമുണ്ടാക്കി.

‘ഒരു ചില്ലുവാതിൽ? ഒരു ചില്ലുവാതിൽകൊണ്ടു ഞങ്ങൾ എന്തു ചെയ്യാനാണ്, എന്റെ ഉണലേ?’

‘നിങ്ങൾ വലിയ ഹെർക്കുലസ്സുമാർ!’ ഗവ്രോഷ് തിരിച്ചടിച്ചു. ‘വഴിക്കോട്ട കെട്ടാൻ ചില്ലുവാതിൽ വളരെ ആവശ്യമുള്ളൊന്നാണ്. ആക്രമിക്കുന്നതിനെ അതു തടയില്ല; പക്ഷേ, കയറിക്കടക്കുന്നതിനെ അതു തടയും. അപ്പോൾ കുപ്പിത്തുണ്ടങ്ങൾ വെച്ചിട്ടുള്ള മതിലിന്മേൽ നിങ്ങൾ ആപ്പിൾപ്പഴംകൊണ്ടു തിരുകിവെച്ചിട്ടില്ലല്ലോ? വഴിക്കോട്ട കയറിക്കടക്കാൻ നോക്കുന്ന രക്ഷിഭടന്റെ കാൽമടമ്പിനെ ചില്ലുവാതിൽ കൊത്തിനുറുക്കും. ഹാ! ചില്ല് ഒരു ചതിയനാണ്. ആട്ടെ, ചങ്ങാതിമാരേ, നിങ്ങൾക്കാലോചിക്കാൻ ബുദ്ധി പോരാ.’

എന്തായാലും കൊത്തിയില്ലാത്ത തന്റെ കൈത്തോക്ക് അവനെ വല്ലാതെ ശുണ്ഠി പിടിപ്പിച്ചു. അവൻ ഓരോരുത്തരോടും നടന്ന് ആവശ്യപ്പെട്ടു: ‘ഒരു തോക്ക്! എനിക്കൊരു തോക്കു വേണം! എന്താ. നിങ്ങളെനിക്കൊരു തോക്കു തരാത്തത്?!

‘നിങ്ങൾക്കൊരു തോക്ക്!’ കൊംബ്ഫേർ പറഞ്ഞു.

‘ആട്ടെ ചോദിക്കട്ടെ,’ ഗവ്രോഷ് തിരക്കി, ‘എന്തുകൊണ്ടു വേണ്ടാ? പത്താം ഷാർലുമായി നമ്മൾ ശണ്ഠകൂടിയ 1830-ൽ എനിക്കൊരു തോക്കുണ്ടായിരുന്നു.’

ആൻഷൊൽരാ ചുമലൊന്നു ചുളുക്കി.

‘വലിയാളുകൾക്ക് വേണ്ടിടത്തോളം തോക്കായാൽ ഞങ്ങൾ കുട്ടികൾക്കും കൊടുക്കും.’

ഗവ്രോഷ് അഹങ്കാരത്തോടുകൂടി പിന്നോക്കം ഒരു തിരിച്ചിൽ തിരിഞ്ഞു, മറുപടി പറഞ്ഞു: ‘എന്നെക്കാൾ മുൻപു നിങ്ങൾ മരിച്ചാൽ ഞാൻ നിങ്ങളുടെ തോക്കെടുക്കും.’

‘തെമ്മാടിച്ചെക്ക!’ ആൻഷൊൽരാ പറഞ്ഞു.

‘പൊട്ട!’ ഗവ്രോഷ് പറഞ്ഞു.

വഴിതെറ്റി തെരുവിന്റെ അറ്റത്തൂടെ കടന്നുപോയ ഒരു പച്ചസ്സുന്ദരൻ ആളുകളുടെ ശ്രദ്ധയെ അങ്ങോട്ടു തിരിച്ചു. ഗവ്രോഷ് അയാളോടു വിളിച്ചു പറഞ്ഞു: ‘ഹേ, ചെറുപ്പക്കാരൻ ചങ്ങാതി, ഞങ്ങളുടെ കൂട്ടത്തിൽക്കൂടു! അപ്പോൾ ഞങ്ങൾ നമ്മുടെ പഴയ രാജ്യത്തിന്റെ ഗുണത്തിന്ന് ഒന്നും ചെയ്യുകയല്ലേ?’

പച്ചസ്സുന്ദരൻ പറപറന്നു.

4.9.5
ഒരുക്കങ്ങൾ

ആ റ്യു ദ് ല ഷങ്വ്രറി വഴിക്കോട്ടയെപ്പറ്റി അന്നത്തെ വർത്തമാനപത്രങ്ങൾ അത് -അവരുടെ അഭിപ്രായത്തിൽ ആ ഏതാണ്ട് അനുല്ലംഘ്യമായ എടുപ്പ്—ഉയരം കൊണ്ട് ഒന്നാംനില മുഴുവനും എത്തിയിരുന്നു എന്നു പറഞ്ഞത് അബദ്ധമാണ്. വാസ്തവത്തിൽ, അതിന്ന് ആറോ ഏഴോ അടിയിലധികം ഉയരമില്ല. യുദ്ധഭടന്മാർക്ക് ഇഷ്ടംപോലെ വേണമെങ്കിൽ അതിന്റെ പിന്നിൽ ഒളിക്കുകയോ അല്ലെങ്കിൽ ചവിട്ടുപടികൾപോലെ മൂന്നുനാലു വിരികല്ലുകൾ മീതെയ്ക്കുമീതേ അടക്കിവെച്ചതുകൊണ്ട് അകത്തുനിന്ന് അപ്പുറത്തേക്കു കയറിക്കടക്കുകയോ ചെയ്യാവുന്ന വിധത്തിലായിരുന്നു അതിന്റെ പണി. ആങ്സോവിന്റെ കുമ്മായവണ്ടിയുടേയും മറിച്ചിട്ട സവാരിവണ്ടിയുടേയും ചക്രങ്ങൾകൊണ്ടു കെട്ടുപിണഞ്ഞ തുലാങ്ങളാലും പലകകളാലും കൂട്ടിച്ചേർക്കപ്പെട്ട വിരികല്ലുകളും പീപ്പകളുമായ വഴിക്കോട്ടയുടെ മുൻവശത്തിനു രോമം എടുത്തുപിടിച്ചും വിടുർത്തിയെടുപ്പാൻ വയ്യാതെയുള്ള ഒരു മട്ടുണ്ട്.

വീട്ടുചുമരുകളുടേയും വീഞ്ഞുകടയോട് ഏറ്റവുമധികം അകന്നു നില്ക്കുന്ന വഴിക്കോട്ടയുടെ ആ ഭാഗത്തിന്റേയും മധ്യേ ഒരാൾക്കു കടക്കാവുന്ന പാകത്തിൽ ഒരു പൊത്തുണ്ടാക്കിയിട്ടുണ്ട്; അതിനാൽ വേണമെങ്കിൽ അതിലേ പുറത്തേക്കു പോവാം സവാരിവണ്ടിയുടെ ഏർക്കാൽ മുകളിലേക്കു പൊന്തിനിന്നിരുന്നതിനെ കയർകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും വലിച്ചുകെട്ടി ഉറപ്പിച്ചിരുന്നു; ആ ഏർക്കാലിന്റെ മുകളിൽ കെട്ടിത്തൂക്കിയിട്ടുള്ള ഒരു ചുകന്ന കൊടി വഴിക്കോട്ടയുടെ മീതേ പാറിക്കളിക്കുന്നു.

വീഞ്ഞുകടയുടെ പിന്നിൽ ഒളിച്ചുനില്ക്കുന്ന മൊങ്ദെതൂർ ചെറുവഴിക്കോട്ടനോക്കിയാൽ കാണുകയില്ല. ആ രണ്ടു വഴിക്കോട്ടകൾ കൂടിച്ചേർന്ന് ഒരൊന്നാന്തരം കാവൽക്കോട്ടതന്നെയായി. ബഹിർല്ലോകവുമായുള്ള ഇടപാടു നില്ക്കാതെ കഴിയണമെന്നുള്ളതുകൊണ്ടും, അപകടം പിടിച്ചതും വൈഷമ്യമേറിയതുമായ റ്യു ദെ പ്രെഷൂറിലൂടെ ഒരാക്രമണമുണ്ടാകുമെന്നു ഭയപ്പെടാൻ കാരണമില്ലാതിരുന്നതുകൊണ്ടും, ഹാലിലെക്കു ദ്യു ദെ പ്രെഷറിലൂടെ ഒരു വഴിയിടുന്ന മൊങ്ദെതൂറിലെ ആ ഒരു ഭാഗം അടയ്ക്കുവാൻ ആൻഷൊൽരയും കുർഫെരാക്കും വിചാരിക്കുകയുണ്ടായില്ല.

തടയാതെയിട്ടിരുന്നതും ഫൊലാർ [1] തന്റെ ഉപായരീതിയിൽ ഒരു കൊമ്പെന്നു നാമകരണം ചെയ്തേക്കാവുന്നതുമായ ഈയൊരു ഭാഗമൊഴിച്ചാൽ റ്യു ദ് ല ഷങ് വ്രെറിയിലുണ്ടാക്കിയിട്ടുള്ള ആ ഒരിടുങ്ങിയ പഴുതും ഓർമ്മിച്ചുകൊണ്ടുതന്നെ പറഞ്ഞാൽ, വീഞ്ഞുകട ഒരുന്തിനില്ക്കുന്ന കോണായിട്ടുള്ള വഴിക്കോട്ടയുടെ ഉള്ളുഭാഗം മുഴുവനും അടഞ്ഞ ഒരു ചൊവ്വറ്റ ചതുരത്തിന്റെ മട്ടുണ്ടാക്കിയിരുന്നു. വലിയ വഴിമുടക്കത്തിന്റേയും തെരുവിന്റെ പിൻവശത്തുള്ള വമ്പിച്ച ഭവനങ്ങളുടേയും ഇടയ്ക്ക് ഒരിരുപതടിയോളം ഒന്നുമില്ല; അതു കാരണം ആ വഴിക്കോട്ട ആളുകൾ നിറഞ്ഞതും അടിമുതൽ അറ്റംവരെ അടഞ്ഞതുമായ ഭവനപരമ്പരമേൽ ചാരിനില്ക്കുന്നു എന്നു പറയാം

ഈ പണികളൊക്കെ ഒരു മണിക്കൂർകൊണ്ടു മുഴുമിച്ചു; ഇടയ്ക്കു യാതൊരു കരടുമുണ്ടായില്ല – ആ ധീരസംഘം ഒരൊറ്റ കരടിത്തോൽത്തൊപ്പി [2] യെങ്കിലും കാണുകയോ ആ സ്ഥലത്ത് ഒരൊറ്റ തോക്കിൻകുന്തമെങ്കിലും പ്രത്യക്ഷീഭവിക്കയോ ഉണ്ടായില്ല. ഈ ഘട്ടത്തിലും റ്യൂസാങ് ദനിയിലൂടെ പോയിരുന്ന പ്രമാണികൾ റ്യു ദ് ല ഷങ് വ്രെറിയിലേക്ക് ഒരു നോട്ടം നോക്കി, ആ വഴിക്കോട്ട കണ്ടതോടുകൂടി നടത്തത്തിനു വേഗം കൂട്ടി.

രണ്ടു വഴിക്കോട്ടകളുടെയും പണി മുഴുമിച്ചു, കൊടിക്കൂറ തൂക്കിക്കഴിഞ്ഞതിനുശേഷം, വീഞ്ഞുകടയിൽനിന്ന് ഒരു മേശ വലിച്ചുകൊണ്ടുവന്നു പുറത്തിട്ടു, കുർഫെരാക് അതിന്മേൽ കയറിനിന്നു. ആൻഷൊൽരാ ചതുരപ്പെട്ടി എടുത്തുകൊണ്ടുവന്നു; കുർഫെരാക് അതു തുറന്നു. ആ ചതുരപ്പെട്ടിയിലൊക്കെ വെടിത്തെരകളായിരുന്നു. ജനസംഘത്തിനു വെടിത്തെര കണ്ടതോടുകൂടി, അതിൽ വെച്ചു വലിയ ധീരന്മാർക്കുപോലും, ഒരു വിറ കയറി; ഒരു ക്ഷണനേരത്തേക്ക് ആരും മിണ്ടാതായി.

കുർഫെരാക് ഒരു പുഞ്ചിരിയോടുകൂടി അവ എല്ലാവർക്കും പങ്കിട്ടുകൊടുത്തു.

ഓരോരുത്തന്നു മുപ്പതു വീതം കിട്ടി. മരുന്ന് പലരുടേയും കൈയിലുണ്ട്. ഒരു ഭാഗത്തു വാതിലിന്നരികെയുള്ള മേശപ്പുറത്തു മരുന്നുപീപ്പയുണ്ട്; അതു മറ്റുള്ളതെല്ലാം തീർന്നാൽ എടുക്കാനുള്ളതാണ്.

പാരിസ്സിലെങ്ങും വ്യാപിച്ചുവരുന്ന ആ അപകടസൂചകമായ പെരുംപറയടി അപ്പോഴും നിന്നിട്ടില്ല; പക്ഷേ, അതൊടുവിൽ ഒരു മുഷിപ്പൻശബ്ദം മാത്രമായി; ആളുകൾ അതിനു ചെവികൊടുക്കേണ്ടെന്നു വെച്ചു. വ്യസനകരങ്ങളായ ഓളം മറിച്ചിലുകളോടുകൂടെ, ആ ശബ്ദം ചിലപ്പോൾ അകന്നുപോവും, ചിലപ്പോൾ അടുത്തുവരും.

ബദ്ധപ്പാടില്ലാതെ, വിശിഷ്ടമായ ഗൗരവത്തോടുകൂടി, എല്ലാവരും ഒപ്പം തോക്കുകളും ചെറുതോക്കുകളും നിറച്ചു. ആൻഷൊൽരാ ചെന്ന് ഒരാളെ റ്യു ദ് ല ഷങ്വ്രെറിയിലും, മറ്റൊരാളെ റ്യു ദെ പ്രെഷുറിലും മറ്റൊരാളെ റ്യു ദ് ല പെതിത് ത്രുവാങ്ദെറിയിലുമായി, മൂന്നു പേരെ വഴിക്കോട്ടയ്ക്കു പുറമെ കാവൽ നിർത്തി.

എന്നിട്ടു, വഴിക്കോട്ടകളുടെ പണി കഴിഞ്ഞു, നിലയുറപ്പിച്ചു, തോക്കു നിറച്ച പാറാവുകാരെ നിർത്തി, എല്ലാം കഴിഞ്ഞതിനുശേഷം, ആരും വഴിനടക്കാതായ ആ ഭയങ്കരത്തെരുവുകളിൽ തനിച്ചു. ചത്തപോലെ മനുഷ്യസഞ്ചാരംകൊണ്ടുള്ള ചലനമറ്റ മിണ്ടാബ്ഭവനങ്ങളാൽ ചുറ്റപ്പെട്ട്, അധികമധികമായി സന്ധ്യയുടെ കനം പിടിക്കുന്ന അന്ധകാരത്തിനുള്ളിൽ, എന്തോ ഒന്ന്—ആകപ്പാടെ വ്യസനകരവും ഭയങ്കരവും ഏകാന്തവും യുദ്ധസന്നദ്ധവും ദൃഢനിശ്ചിതവും ശാന്തവുമായ ഒരു വസ്തു ചുഴന്നുകൊണ്ടുള്ള എന്തോ ഒന്നു—യാതൊന്നിലൂടെ അടുത്തടുത്തുവരുന്നതായി തോന്നുന്നുവോ, ആ നിശ്ശബ്ദതയ്ക്കുള്ളിൽ മുഴുകിക്കൊണ്ട് അവർ കാത്തുനില്പായി.

കുറിപ്പുകൾ

[1] സൈന്യവിന്യാസത്തെപ്പറ്റി ഗ്രന്ഥമെഴുതിയിട്ടുള്ള ഒരു പ്രസിദ്ധ യുദ്ധഭടൻ.

[2] പട്ടാളക്കാരുടെ ശിരോലങ്കാരം.

4.9.6
കാത്തുനില്പ്

ഈ കാത്തുനില്പിന്നിടയിൽ അവർ എന്തു ചെയ്തു?

ഇതു ചരിത്രമായതുകൊണ്ടു ഞങ്ങൾ പറഞ്ഞേ കഴയൂ.

പുരുഷന്മാർ ഉണ്ടകളും സ്ത്രീകൾ ചണപ്പഞ്ഞിയുമുണ്ടാക്കുമ്പോൾ, ഉണ്ടകളായി മാറാനുള്ള പിച്ചളയും ഈയവും ഉരുകിക്കിടക്കുന്ന ഒരു വലിയ ചട്ടി ഒരു തിളങ്ങുന്ന അടുപ്പിനുമീതേ പുകയുമ്പോൾ, കൈയിൽ ആയുധവുമായി പാറാവു ഭടന്മാർ വഴിക്കോട്ടയിൽ കാവൽ നില്ക്കുമ്പോൾ, നേരംപോക്കെന്നൊന്നില്ലാത്ത ആൻഷൊൽരാ പാറാവുകാരുടെ മേൽനിന്നു നോട്ടമെടുക്കാതെയിരിക്കെ, കൊംബ്ഫേർ, കുർഫെരാക്, ഴാങ്പ്രുവേർ, ഫെയ്ലി, ബൊസ്സ്വെ, ഴൊലി, ബയോരെൽ എന്നിവരും മറ്റു ചിലരും അന്യോന്യം എത്തിക്കൂടി, ഏറ്റവും സമാധാനപരങ്ങളായ സമയങ്ങളിലെന്നപോലെ ഒത്തുചേർന്നു, തങ്ങളുടെ വിദ്യാഭ്യാസകാലത്തെ സംഭാഷണങ്ങൾ ആരംഭിച്ചു, എന്നല്ല, ആ വീഞ്ഞുകടയുടെ ഒരു മുക്കിൽ, സ്വയം നിർമ്മിച്ച കാവല്ക്കോട്ടയിൽനിന്ന് ഒന്നോ രണ്ടോ വാര ദൂരെ, തോക്കുകളൊക്കെ നിറച്ചു തങ്ങളിരിക്കുന്ന കസാലയ്ക്കു പിന്നിൽ ചാരിവെച്ച്, ആ കൊള്ളാവുന്ന ചെറുപ്പക്കാർ, ഒരു മഹത്തരമായ സന്ദർഭത്തോട് അത്രയും തൊട്ടുംകൊണ്ടുള്ളപ്പോൾ, അനുരാഗകവിതകൾ പാടുകയായി.

എന്തു കവിതകൾ? ഇവ

ഓമലോർമ്മിക്കുന്നോ നമ്മുടെയന്നത്തെ

പ്രേമമനോഹരജീവിതത്തെ.

കുട്ടികൾ നാം, നമുക്കന്നസ്സൽവേഷങ്ങൾ

കെട്ടണം, തങ്ങളിൽ സ്നേഹിക്കണം.

നിന്റെയുമെന്റെയും പ്രായങ്ങൾ കൂട്ടിയാൽ

നാല്പതിലിപ്പുറമെന്നിരിക്കെ,

നമ്മുടെ സാധുവാം സുന്ദരഗേഹത്തി-

ലമ്മഴക്കാലവും തൂവസന്തം.

‘മാനുവെൽ’ മാനിയും ബുദ്ധിമാനും: ‘പരി’

മാനുഷദുർല്ലഭം സദ്യകൂട്ടും;

‘ഫ്വാ’ ശുണ്ഠി കൂട്ടിടും; നിന്നുള്ളുടുപ്പിലെ-

സ്സൂചിയെൻ ദേഹത്തിൽപ്പോറൽ ചേർക്കും.

ഒക്കെയും നിന്നെത്താൻ നോക്കിനില്ക്കും; ഒരു

ചുക്കും പണിയില്ലയെന്ന വക്കീൽ

ഞാനന്നു നിന്നെയും കൊണ്ടുപോയി ‘പ്രദോ’-

വിങ്കലേ മുത്താഴമെന്നു നണ്ണി,

നിയ്യത്ര സുന്ദരിയായിരുന്നു; പനി-

നീർപ്പൂക്കളൊക്കെത്തിരിഞ്ഞു നോക്കി

ഇങ്ങനെ തങ്ങളിൽച്ചൊല്ലിയിരുന്നി ‘താ-

പ്പെൺകിടാവെങ്ങിനെ, സുന്ദരിയോ?’

എന്തു സുഗന്ധമാണെന്തു മുടിച്ചുരുൾ!

തങ്കച്ചിറകണ്ടുടുപ്പിനുള്ളിൽ!

കൺകുളുർത്തീടുമവൾക്കുള്ള പൂന്തൊപ്പി-

യിപ്പോൾ വിരിഞ്ഞതേയുള്ളുവല്ലോ.

ഞാൻ നിന്റെ കോമളക്കയ്യുമമർത്തുകൊ-

ണ്ടൊന്നിച്ചു ചുറ്റിനടന്നിരുന്നു.

കാണികളോർത്തീടു, മുൾ മയങ്ങീടിന

രാഗം സുഖിതരാം നമ്മളാലേ

വേളികഴിപ്പിച്ചിതോമൽശ്ശരത്തിനെ

ശ്രീലവസന്തത്തെക്കൊണ്ടെന്നായി.

നമ്മൾ നിഗൂഢമായ്പ്പാർത്തു സംതൃപ്തരായ്,

വാതിലും കൊട്ടിയടച്ചോരേടം.

തിന്നുവാൻ പാടില്ലാതുള്ളാപ്പഴത്തിനെ,

നല്ലനുരാഗത്തൊത്തൻ, വിഴുങ്ങി,

നിന്നുടെയുള്ളുടൻ കൈക്കൊണ്ടിടാത്തൊന്നു-

മെന്നുടെ ചുണ്ടന്നു മിണ്ടിട്ടീല്ല.

‘സൊർബൊന്നി’ൽ വെച്ചാണ് കാലത്തുതൊട്ടു ഞാ-

നന്തിയോളം നിന്നെയാരാധിക്കൽ,

ലത്തീൻപ്രദേശത്തോടാമട്ടനുരക്ത-

ചിത്തമാത്മാവവകാശത്തെക്കാട്ടി,

നീയ്യപ്പുതുവസന്തോപമമാം കുടി-

യ്ക്കുള്ളിൽവെച്ചോമനക്കാലുകളിൽ

കീഴ്ക്കാലുറകളിറക്കുമ്പോൾക്കണ്ടു ഞാൻ

നക്ഷത്രമൊന്നു മുകളറയിൽ.

പ്ലേറ്റോ [1] വിനെപ്പറ്റിയെത്രയോ വായിച്ചു:

യാതൊന്നുമില്ലിപ്പോളെന്നോർമ്മയിൽ,

ധർമ്മോപദേഷ്ടാക്കളാകുമാരെക്കാളു-

മെന്മനസ്സിങ്കലമർത്തിക്കാട്ടി

നീ തന്നെയീശ്വരകാരുണ്യ, മെന്നെനി-

യ്ക്കായി നീ നല്കിയ കൊച്ചുപൂവാൽ.

ഞാൻ നിന്റെ ചൊല്പടി നിന്നു, നീ നിന്നെത്താ-

നെന്നുടെ കൈയിലേക്കായർപ്പിച്ചു.

തങ്കപ്പൂച്ചിട്ടുള്ള മേൽമച്ചേ, ഹാ നിന്നെ-

പ്പൂനാട കെട്ടിപ്പതെന്തു ചന്തം!

കാലത്തുതൊട്ടു നീ നിന്നുള്ളുടുപ്പുമായ്

നിന്റെ പഴകിയ കണ്ണാടിയിൽ

താരുണ്യത്തൂനെറ്റി നോക്കിയുംകൊണ്ടങ്ങു-

മിങ്ങും നടപ്പതു കണ്ടീടാവൂ!

ആർക്കു മറന്നിടാം മുറ്റുമനുരാഗ-

മോമനഗ്ഗാനത്തെക്കൊഞ്ചിടുംനാൾ,

പൂക്കളും പൂമ്പട്ടുമാകാശവീഥിയും

നൽപ്പുലർവേളയുമുള്ള കാലം?

നമ്മുടെ തോട്ടങ്ങളന്നു നാനാനിറ-

പ്പൂച്ചെടിത്തൊട്ടിയൊന്നായിരുന്നു,

നീ നിൻജനാലയ്ക്കു മൂടുപടമിട്ടൂ

നിന്നുടെ പട്ടുറവുക്കയാലേ;

ഞാനൊരു മൺപിടിപ്പാത്രമെടുത്തു നൽ-

‘ജ്ജാപ്പനീസ്’ക്കപ്പു നിനക്കു നല്കീ.

നമ്മെച്ചിരിപ്പിച്ചൊരന്നത്തെദ്ദുഃഖങ്ങൾ!

പൊള്ളി നിൻകൈ! നിന്റെ പാമ്പു പോയീ!

അത്താഴത്തിന്നു നാം വിറ്റൂ പ്രിയപ്പെട്ടൊ-

രദ്ദിവ്യൻ ഷേക്സ്പിയർതൻ പടത്തെ;

ഞാനൊരിരപ്പാളി, നീ ധർമ്മശീലയും;

ഞാൻ നിന്നുരുണ്ട കൈയുമ്മവെച്ചു.

ദാന്തേമഹാഗ്രന്ഥം മേശയാക്കീ നമ്മൾ

കാശിന്റെ ചെസ്നട്ടു വെച്ചു തിന്നാൻ.

ആഹ്ലാദപൂർണ്ണമാമെന്നുടെ പൊത്തിൽവെ-

ച്ചാദ്യമായ്ച്ചുട്ട നിൻചുണ്ടിൽനിന്നേ

ഞാനൊരു ചുംബനം തട്ടിയെടുത്ത നാ-

ളാകെത്തലമുടി ചിന്നിപ്പാറി,

മുറ്റും തുടുത്തു പോയ്പോയ്; വിളർത്തു

ഞാനീശ്വരൻതന്നെ നമസ്കരിച്ചു

എണ്ണമില്ലാസ്സുഖമോർമ്മയുണ്ടോ, തുണി-

ക്കഷ്ണമായ് മാറിയ പട്ടുതട്ടം

നമ്മുടെയുള്ളിൽനിന്നത്രയുമസ്വാസ്ഥ്യ-

മാണ്ടുള്ള ദീർഗ്ഘനിശ്വാസമെത്ര

ആഹന്ത! പാടിപ്പറന്നു കടന്നു നേർ-

ക്കാകാശത്തിന്റെയഗാധതയിൽ!

സമയം, സ്ഥലം, ചെറുപ്പകാലത്തെക്കുറിച്ചുള്ള ഈ സ്മരണകൾ, ആകാശത്തിൽ മിന്നാൻ തുടങ്ങിയ ചുല നക്ഷത്രങ്ങൾ, ആ ഏകാന്തവീഥികളിലെ ശ്മശാന സംബന്ധിയായ നിശ്ശബ്ദത, ഒരുങ്ങിവരുന്ന നിഷ്ഠുരസംഭവത്തിന്റെ അനുല്ലംഘ്യത ഇവ, ഇരുട്ടത്തുവെച്ചു ഴാങ്പ്രുവേർ—ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ ഈയാൾ ഒരു സൗമ്യകവിയാണ്—പതുക്കെ പാടിയ ഈ കവിതയ്ക്ക് ഒരു വ്യസനകരമായ മനോഹരതയുണ്ടാക്കി

ഈയിടയ്ക്കു ചെറിയ വഴിക്കോട്ടയിൽ ഒരു വിളക്കു കൊളുത്തി; നോല്മ്പിൻ തലേദിവസം ല കുർത്തിലിലേക്കു നിറച്ചും പേമുഖങ്ങളോടുകൂടി പോകുന്ന വാഹനങ്ങളുടെ മുൻപുറത്തു കാണാറുള്ള മെഴുച്ചൂട്ടുകളിൽ ഒന്നു വലിയതിലും കൊളുത്തിക്കണ്ടു. വായനക്കാർക്കറിവുള്ളവിധം ഈ ചൂട്ടുകൾ സാങ് ആന്ത്വാങ്ങിൽനിന്നു വന്നവയാണ്.

കാറ്റുകൊണ്ടു കെടാതിരിപ്പാൻ മൂന്നു ഭാഗവും മുട്ടിച്ചു പടുത്ത ഒരുതരം വിരികല്ലുകൂട്ടിലാണ് ചൂട്ടു വെച്ചിട്ടുള്ളത്; അതിന്റെ നില, വെളിച്ചം മുഴുവനും കൊടിക്കൂറമേൽ തട്ടുന്ന വിധത്തിലായിരുന്നു തെരുവും വഴിക്കോട്ടയും ഇരുട്ടിലാണ്ടിട്ടാണ്, ഒരു കൂറ്റൻ ഇരുട്ടുറാന്തൽകൊണ്ടെന്നപോലെ ഭയങ്കരമാംവിധം വെളിച്ചം കൊള്ളുന്ന ചുകപ്പുകൊടിയൊഴികെ യാതൊന്നും കാണാൻ വയ്യാ.

ഈ വെളിച്ചം കൊടിയുടെ ചുകപ്പുനിറത്തിനു വാചാതീതവും ഭയങ്കരവുമായ ഒരു തുടുപ്പു കൂട്ടി

കുറിപ്പുകൾ

[1] കാമസ്പർശമില്ലാതെ അനുരാഗമുണ്ടാവാമെന്നു പ്ലേറ്റോ ഉപദേശിച്ചു അത്തരം വിശിഷ്ടാനുമാഗത്തിനു ‘പ്ലേറ്റോ അനുരാഗം’ എന്നു പേർ പറയുന്നു.

4.9.7
റ്യു ദെ ബില്ലെത്തിൽവെച്ചു കൂടിയ പുതുഭടൻ

നല്ലവണ്ണം രാത്രിയായി; വിശേഷിച്ചു യാതൊന്നുമുണ്ടായില്ല. ചില അസ്പഷ്ട ശബ്ദങ്ങൾ മാത്രം കേൾക്കാം; ഇടയ്ക്കു കൂട്ടവെടികളും. പക്ഷേ, അവ ഇടയ്ക്കും കുറച്ചുനേരത്തേക്കും അകലത്തുനിന്നും മാത്രമായിരുന്നു. അത്രയും നീണ്ടുനില്ക്കുന്ന ഈ താമസംകൊണ്ടു ഭരണാധികാരികൾ ഇടയെടുക്കുകയാണെന്നും സൈന്യങ്ങളെ പതുക്കെ വിളിച്ചുകൂട്ടുകയാണെന്നും വരുന്നു. അറുപതിനായിരം പേരുടെ വരവിനെ ഈ അമ്പതുപേർ കാത്തുനിന്നു.

ഭയങ്കരസംഭവങ്ങളുടെ ഉമ്മറത്തുവെച്ചു ശക്തങ്ങളായ ആത്മാക്കളെ പിടികൂടാറുള്ള ആ അക്ഷമത ആൻഷൊൽരായെ ബാധിച്ചു. അയാൾ ഗവ്രോഷിനെ തിരഞ്ഞു ചെന്നു; അവൻ കുടിമുറിയിൽ, മേശപ്പുറത്തെല്ലാം വെടിമരുന്നായതുകൊണ്ടു മുൻകരുതലോടുകൂടി പണത്തട്ടിന്മേൽ കൊളുത്തിവെച്ചിരുന്ന രണ്ടു മെഴുതിരികളുടെ മങ്ങിയ വെളിച്ചത്തുവെച്ചു, വെടിത്തിരയുണ്ടാക്കുകയാണ്. ഈ രണ്ടു മെഴുതിരികൾ പുറത്തേക്കു വെളിച്ചം കാണിച്ചിരുന്നില്ല. എന്നല്ല മുകൾനിലയിലെങ്ങും വെളിച്ചമില്ലാതിരിക്കാൻ ലഹളക്കാർ നിഷ്കർച്ചിരുന്നുതാനും.

ആ സമയത്തു ഗവ്രോഷ് അധികവും മുങ്ങിയിരുന്നത് ആലോചനയിലാണ്; വെടിത്തിരകളുണ്ടാക്കുന്ന പണിയിലല്ല. റ്യു ദെ ബില്ലെത്തിൽവെച്ചു കണ്ട ആൾ ആ സമയത്തു കുടിമുറിയിലേക്കു കടന്നുവന്നു മേശയ്ക്കടുക്കൽ ഏറ്റവും വെളിച്ചം കുറഞ്ഞ ഭാഗത്തുകൂടി. വലുപ്പമേറിയ ഒരു തോക്ക് അയാൾക്കും പങ്കിട്ടതിൽ കിട്ടിയിരുന്നു; അതയാൾ കാലിന്നടിയിൽ ഇറുക്കിപ്പിടിച്ചിട്ടുണ്ട്, അതേവരെ ഒരുനൂറുനേരംപോക്കുകളെപ്പറ്റി മനോരാജ്യം വിചാരിച്ചുകൊണ്ടിരുന്ന ഗവ്രോഷ് ഈ മനുഷ്യനെ കണ്ടില്ല.

അയാൾ അകത്തേക്കു കടന്ന ഉടനെ, ഗവ്രോഷ്, അയാളുടെ തോക്കിനെ അഭിനന്ദിച്ചുകൊണ്ട്, ഒരു പാവപോലെ, അങ്ങോട്ടുതന്നെ നോക്കിക്കൊണ്ടിരുന്നു; പിന്നീടു പെട്ടെന്ന്, ആ മനുഷ്യൻ ഇരുന്നപ്പോൾ, തെരുവുതെണ്ടി ഒരു ഞെട്ടൽ ഞെട്ടി. ആ നിമിഷംവരെ ആ മനുഷ്യന്റെ മട്ടുകൾ നോക്കിക്കാണുന്ന ആൾ, അയാൾ വഴിക്കോട്ടയിലും ലഹളക്കാരുടെ സംഘത്തിലുമുള്ള സകലവും അത്യധികം നിഷ്കർഷയോടുകൂടി നോക്കിപ്പഠിക്കയായിരുന്നു എന്നു കണ്ടിരിക്കണം; പക്ഷേ, ആ മുറിയിലേക്കു കടന്ന ഉടനെ അയാൾ ഒരുതരം ധ്യാനത്തിൽപ്പെട്ടു; യാതൊന്നും കാണാതെയായി. തെമ്മാടിച്ചെക്കൻ ആ മനോരാജ്യക്കാരന്റെ അടുത്തു ചെന്ന്, ഉണർത്തപ്പെട്ടുപോയെങ്കിലോ എന്നു ഭയമുള്ള ഒരാളുടെ അടുത്തു നടക്കുന്നതുപോലെ, പെരുവിരൽമാത്രം നിലംതൊടുവിച്ചുകൊണ്ട് അയാളുടെ നാലുഭാഗവും നടക്കാൻ തുടങ്ങി. ആ സമയത്തുതന്നെ, അത്രയും ധൃഷ്ടവും സഗൗരവവും, അത്രയും ചപലവും അഗാധവും, അത്രയും സാഹ്ലാദവും ഹൃദയഭേദകവുമായ അവന്റെ ബാലകമുഖത്ത് ഈ വിചാരങ്ങളെ സൂചിപ്പിക്കുന്ന ഒരു വൃദ്ധന്റെ എല്ലാ ഭാവവൈലക്ഷണ്യങ്ങളും പ്രകാശിച്ചു— ഹാ, ഹാ! അതു വരാൻ വയ്യാ! എന്റെ നോട്ടം തെറ്റി! ഞാൻ സ്വപ്നം കാണുകയാണ്! അങ്ങനെ വരുമോ? ഇല്ല, അതില്ല! പക്ഷേ, അതേ! എയ്, അല്ല! മറ്റും മറ്റും. ഗവ്രോഷ് കാൽമടമ്പുകളിൽ കുന്തിച്ചു നിന്നു, രണ്ടു കൈമുഷ്ടികളും കീശയിൽ മുറുക്കിത്തിരുകി, ഒരു പക്ഷിയെപ്പോലെ കഴുത്തു തിരിച്ചു, തന്റെ ചുവട്ടിലെ ചുണ്ടിനുള്ള ചതുരത മുഴുവനും ഒരു കൂറ്റൻ കിണുങ്ങലിൽ ചെലവാക്കി, അവൻ അമ്പരന്നു, പരിഭ്രമിച്ചു, സംശയത്തിലായി, ഉറച്ചുകഴിഞ്ഞു, പകച്ചുപോയി. അടിമച്ചന്തയിലുള്ള ഒരു പരുക്കൻസ്ത്രീയിൽ സൗന്ദര്യദേവതയെ കണ്ടുമുട്ടിയ ഒരു നപുംസകപ്രമാണിയുടെ മുഖഭാവവും, പൂച്ചുസാമാനക്കുന്നുകൾക്കുള്ളിൽ രഫേലിനെ കണ്ടറിഞ്ഞ ഒരു ചിത്രകാരൻകുട്ടിയുടെ മട്ടും അവന്നുണ്ടായി. മണത്തറിയാൻ ശക്തിയുള്ള തിര്യഗ്ബുദ്ധിയും, കൂട്ടിയോജിപ്പിക്കാൻ ത്രാണിയുള്ള മനുഷ്യബുദ്ധിയും, അവനിലുള്ളതു രണ്ടും, പ്രവർത്തിക്കുകയായി, ഗവ്രോഷിന്റെ ജീവിതത്തിൽ ഒരു മഹത്തായ സംഭവം വന്നു എന്നു തീർച്ചയാണ്.

ഈ ആലോചനയുടെ മൂർദ്ധന്യത്തിലാണ് ആൻഷൊൽരാ അവനെ വിളിക്കാൻ ചെന്നത്.

‘നിങ്ങൾ കുട്ടിയാണ്,’ ആൻഷൊൽരാ പറഞ്ഞു, ‘നിങ്ങളെ ആരും കാണില്ല. വഴിക്കോട്ട കടന്നുപോയി, വീട്ടോരങ്ങളിലൂടേ ഉപായത്തിൽച്ചെന്നു, തെരുവീഥികളിൽ പതിയിരുന്ന്, എന്താണ് നടക്കുന്നതെന്ന് എന്നോടു വന്നു പറയു.’

ഗവ്രോഷ് നിന്നനിലയിൽ ഒരു പൊന്തൽ പൊന്തി.

‘അപ്പോൾ ചെക്കന്മാരെക്കൊണ്ടും ചില പ്രയോജനമുണ്ട്! അതു ഭാഗ്യം തന്നെ! ഞാൻ പോവാം! കൂട്ടത്തിൽപ്പറയട്ടെ, കുട്ടികളെ വിശ്വസിച്ചോളൂ; വലിയവരെ വിശ്വസിക്കരുത്.’ ഉടനെ ഗവ്രോഷ് തല പൊന്തിച്ച്, ഒച്ച താഴ്ത്തി, റ്യു ദെ ബില്ലെത്തിലെ ആളെ ചൂണ്ടിക്കാണിച്ചു, തുടർന്നു പറഞ്ഞു; ‘ആ ഇരിക്കുന്ന കൂറ്റനെ കണ്ടവോ?’

‘എന്നിട്ട്?’

‘അയാൾ ഒരു പൊല്ലിസ്സൊറ്റുകാരനാണ്.’

‘തീർച്ചയുണ്ടോ?’

‘രണ്ടാഴ്ചയേ ആയുള്ളു, ഞാൻ പൊർത്റോയലിലെ മുക്കിൽ കാറ്റു കൊള്ളുമ്പോൾ അയാൾ എന്റെ ചെവി പിടിച്ചു പൊന്തിച്ചിട്ട്.’

ആൻഷൊൽരാ ഉടനെ ആ തെമ്മാടിച്ചെക്കന്റെ അടുക്കൽനിന്നു പോയി, വീഞ്ഞുകലവറയിൽ ആദ്യം കണ്ടെത്തിയ ഒരു ചുമട്ടുകാരനോടു നന്നേ താഴ്‌ന്നസ്വരത്തിൽ എന്തോ മന്ത്രിച്ചു. ആ മനുഷ്യൻ ഉടനെ അവിടെനിന്നു പോയി, വേറെ മൂന്നുപേരെയും കൂട്ടി തിരിച്ചെത്തി. ആ നാലുപേരും, പരന്ന ചുമലുകളോടുകൂടിയ ആ നാലു കാവുകാരും, കൂടിച്ചെന്നു റ്യു ദെ ബില്ലെത്തിലെ ആൾ കൈമുട്ടും കുത്തി തല താഴ്ത്തിയിരിക്കുന്ന മേശയ്ക്കു പിന്നിലായി, ആ മനുഷ്യന്റെ ശ്രദ്ധതിരിക്കുന്ന യാതൊന്നും കാണിക്കാതെ നിലക്കൊണ്ടു. അയാളുടെ മേലേക്ക് ഒരടിയായി പാഞ്ഞുവീഴാൻ നാലുപേരും തയ്യാറായി.

ഉടനെ ആൻഷൊൽരാ ആ മനുഷ്യന്റെ അടുക്കലേക്കു ചെന്ന് അയാളോടു കല്പിച്ചു ചോദിച്ചു: ‘നിങ്ങളാരാണ്?’

അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് ആ മനുഷ്യൻ ഞെട്ടിപ്പോയി. അയാൾ ആൻഷൊൽരായുടെ തെളിഞ്ഞ ദൃഷ്ടികളിലേക്കു തന്റെ നോട്ടത്തെ ആഴ്ത്തിപ്പതിപ്പിച്ചു; അതിലുള്ള കാര്യം ഇന്നതെന്നു മനസ്സിലാക്കിയെന്നു തോന്നുന്നു. ഒന്നു പുഞ്ചിരിയിട്ടു—ആ പുഞ്ചിരിയെക്കാൾ പുച്ഛം നിറഞ്ഞതും ചുറുചുറുക്കു കൂടിയതും നിശ്ചയദാർഢ്യം കാണിക്കുന്നതുമായ മറ്റൊന്നും ഭൂമിയിലുണ്ടാവാൻ വയ്യാ; എന്നിട്ട് അഭിമാനമയമായ ഗൗരവത്തോടേ മറുപടി പറഞ്ഞു: ‘എനിക്കു കാര്യം മനസ്സിലായി, ആവട്ടെ, ശരി!’

‘നിങ്ങൾ ഒരു പൊല്ലീസ്സൊറ്റുകാരനാണ്, അല്ലേ?’

‘ഞാൻ ഭരണാധികാരികളുടെ ഒരാളാണ്.’

‘പേര്?’

‘ഴാവേർ.’

ആൻഷൊൽരാ ആ നാലുപേരോട് ഒരാംഗ്യം കാണിച്ചു. ഒരു ഞൊടിയിടകൊണ്ട്, ഴാവേർക്ക് ഒന്നു തിരിയുവാൻ ഇട കിട്ടുന്നതിനുമുൻപായി, അവർ അയാളെ കഴുത്തുപട്ടമേൽപ്പിടികൂടി. തട്ടിമറിച്ചിട്ടു, കൈകാൽ പിടിച്ചമർത്തി ദേഹപരീക്ഷണം കഴിച്ചു.

രണ്ടു ചില്ലുകഷ്ണത്തിന്മേൽ പശവെച്ചൊട്ടിച്ചതും ഒരു പുറത്തു ഫ്രാൻസിന്റെ ഭരണമുദ്ര കൊത്തി മേൽനോട്ടവും കാവലും എന്ന മുദ്രാവാക്യത്തോടുകൂടിയതും, മറുഭാഗത്തു ‘ഴാവേർ പൊല്ലീസ്സിൻസ്പെക്ടർ, വയസ്സ് 55’ എന്ന കുറിപ്പും അന്നത്തെ പൊല്ലീസ് സൈന്യാധ്യക്ഷനായ മൊസ്യു ഗിസ്കെയുടെ ഒപ്പുമുള്ളതുമായ ഒരു ചെറിയ വട്ടക്കാർഡ് അവർ അയാളുടെ പക്കൽ കണ്ടു.

ഇതിനുപുറമേ ഗഡിയാളും അസംഖ്യം സ്വർണ്ണനാണ്യങ്ങളുള്ള പണസ്സഞ്ചിയുമുണ്ടായിരുന്നു. പണസ്സഞ്ചിയും ഗഡിയാളും അവർ അയാൾക്കുതന്നെ കൊടുത്തു. ഗഡിയാൾക്കീശയുടെ അടിയിൽ ഗഡിയാളിനു ചുവട്ടിൽ അവർ തപ്പിനോക്കി, ഒരു ലക്കോട്ടിനുള്ളിൽ ഒരു കടലാസ്സു കണ്ടു, പുറത്തേക്കെടുത്തു. അത് ആൻഷൊൽരാ നിവർത്തിനോക്കി; അതിൽ പൊല്ലീസ് സൈന്യാധ്യക്ഷന്റെ കൈയക്ഷരത്തിൽത്തന്നെ ഈ നാലു വരി എഴുതിയിട്ടുണ്ട്

‘രാഷ്ട്രീയപ്രവൃത്തി കഴിഞ്ഞാൽ ഇൻസ്പെക്ടർ ഴാവേർ സവിശേഷമായി പരിശോധിച്ചു സയിൻനദിയുടെ വലത്തുവശത്തു ഴെനാ പാലത്തിനടുക്കൽ രാജദ്രോഹികൾ ചില കള്ളപ്പണികൾ ഏർപ്പെടുത്തിവെച്ചിട്ടുള്ളതു വാസ്തവമാണോ എന്നറിയണം.’

പരീക്ഷണം കഴിഞ്ഞ് അവർ ഴാവേറെ എഴുന്നേല്പിച്ചു നിർത്തി, കൈ രണ്ടും പിടിച്ചു പിന്നോക്കം കെട്ടി, വീഞ്ഞുകടയ്ക്കു പണ്ട് അതിന്റെ പേർ സമ്പാദിച്ചു കൊടുത്ത ആ പ്രസിദ്ധസ്തംഭത്തോട് അയാളെ മുറുക്കിക്കെട്ടിയിട്ടു.

ഇതെല്ലാം നോക്കിക്കാണുകയും നിശ്ശബ്ദമായി തലയൊന്നിളക്കി സകലവും അഭിനന്ദിക്കുകയും ചെയ്തിരുന്ന ഗവ്രോഷ് ഉടനെ ഴാവേരുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: ‘പൂച്ചയെ പിടിച്ചത് എലിയാണ്.’

വീഞ്ഞുകടയിലുള്ള മറ്റു പേർ അറിയുമ്പോഴേക്ക് സകലവും കഴിയുമാറ് അത്രയും ജാഗ്രതയോടുകൂടി ഇതെല്ലാം നടന്നു.

ഴാവേർ ഒരു ശബ്ദവും പുറപ്പെടുവിച്ചില്ല.

ഴാവേറെ തൂണിനോടു കൂട്ടിക്കെട്ടിയിടുന്നതു കണ്ടു കുർഫെരാക്കും ബൊസ്സ്വെയും ഴൊലിയും കൊംബ്ഫേരും രണ്ടു വഴിക്കോട്ടകളിലും അവിടവിടെയുണ്ടായിരുന്ന ആളുകളുമെല്ലാം പാഞ്ഞെത്തി.

തൂണിന്മേല്ക്കു പുറംചേർന്നും ഒന്നനങ്ങാൻപോലും വയ്യാത്തവിധം കയറുകൊണ്ടു വരിയപ്പെട്ടും നില്ക്കുന്ന ഴാവേർ ഒരിക്കലും നുണപറഞ്ഞിട്ടില്ലാത്ത ഒരു മനുഷ്യന്റെ നിർഭയമായ ഗംഭീരതയോടുകൂടി തലയുയർത്തി.

‘ഈയാൾ ഒരു പൊല്ലീസ്സൊറ്റുകാരനാണ്,’ ആൻഷൊൽരാ പറഞ്ഞു. ഴാവേരുടെ നേർക്കു തിരിഞ്ഞുനോക്കിയിട്ടു: ‘വഴിക്കോട്ട പിടിച്ചെടുക്കുന്നതിനു പത്തുമിനുട്ടു മുൻപു നിങ്ങളെ വെടിവയ്ക്കുന്നതാണ്.’

ഴാവേർ തന്റെ ഏറ്റവുമധികം അഭിമാനമുള്ള സ്വരത്തിൽ മറുപടി പറഞ്ഞു: ‘എന്തുകൊണ്ട് ഇപ്പോൾത്തന്നെ വയ്യാ?’

‘ഞങ്ങൾ വെടിമരുന്നു ലാഭം പിടിക്കുകയാണ്.’

‘എന്നാൽ ഒരു കത്തികൊണ്ടു കഥകഴിച്ചുകൂടേ?’

‘ഹേ, ഒറ്റുകാരാ,’ സുഭഗനായ ആൻഷൊൽരാ പറഞ്ഞു, ‘ഞങ്ങൾ നീതിന്യായാധിപന്മാരാണ്, കൊലപാതകികളല്ല.’

എന്നിട്ട് അയാൾ ഗവ്രോഷിനെ വിളിച്ചു: ‘ഇതാ, നോക്കൂ, പോയി കാര്യം നോക്കൂ! ഞാൻ പറഞ്ഞതു ചെയ്തുവരൂ.’

‘ഞാൻ പോകയായി!’ ഗവ്രോഷ് ഉച്ചത്തിൽ പറഞ്ഞു.

പുറപ്പെട്ടിറങ്ങി, ഉടനെത്തന്നെ അവൻ ഇങ്ങനെ പറയാൻ നിന്നു: ‘കൂട്ടത്തിൽച്ചോദിക്കട്ടെ, എനിക്കയാളുടെ തോക്കു തരാമോ?’ അവൻ തുടർന്നു: ‘ഭാഗവതരെ ഞാൻ നിങ്ങൾക്കു തന്നു, തംബുരു എനിക്കു കിട്ടണം.’

തെമ്മാടിച്ചെക്കൻ ഒരു പട്ടാളസ്സലാം വെച്ചു, വലിയ വഴിക്കോട്ടയുടെ പഴുതിലൂടെ ആഹ്ലാദപൂർവ്വം ഒരു നട കൊടുത്തു.

4.9.8
ല് കബുക് എന്നു പേരാവണമെന്നില്ലാത്ത ഒരു ല് കബുക്കിനെസ്സംബന്ധിച്ചു പല ചോദ്യങ്ങൾ

ഗവ്രോഷ് പോയ ഉടനെത്തന്നെയുണ്ടായ ആ കാവ്യസംബന്ധിയും പൈശാചികവുമായ ഭയങ്കരതകൊണ്ടു നിറഞ്ഞ സംഭവം ഇവിടെ കൊടുത്തുവരുന്ന വിവരണത്തിൽ ചേർക്കാതെ വിടുന്നപക്ഷം ഞങ്ങൾ എഴുതിവരുന്ന ചിത്രം മുഴുവനാകാതെ പോവുകയും വേദനയോടും മുക്കലോടും കൂടിയ ഒരു ഭരണപരിവർത്തന പ്രസവത്തിലെ സാമുദായികങ്ങളായ ഈറ്റുനോവുകൾ ശരിയായും വാസ്തവമായുമുള്ള വിധത്തിൽ വായനക്കാർ ഗ്രഹിക്കാതെപോവുകയും ചെയ്യും.

വായനക്കാർക്കറിവുള്ളവിധം പൊതുജനക്കൂട്ടങ്ങൾ ആലിപ്പഴംപോലെയാണ്; ഉരുണ്ടുരുണ്ട് പോകുന്നതോടുകൂടി ഒരുകൂട്ടം ലഹളക്കാരെ അതൊരുമിച്ചു കൂട്ടുന്നു. എവിടുന്നു വരുന്നു എന്ന് ആരും അന്യോന്യം ചോദിക്കാറില്ല. ആൻഷൊൽരായും കൊംബ്ഫേരും കുർഫെരാക്കും കൂടി കൊണ്ടുപോകുന്ന ലഹളസ്സംഘത്തിൽ എത്തിക്കൂടിയ വഴിപോക്കരുടെ കൂട്ടത്തിൽ. ചുമലിൽ വെച്ചു പിഞ്ഞിപ്പൊളിഞ്ഞ ഒരു ചുമട്ടുകാരൻകുപ്പായമിട്ട് ആംഗ്യം കാണിച്ചുകൊണ്ടും കൂക്കിവിളിച്ചു കൊണ്ടും ഒരു കുടിയൻകാടന്റെ മട്ടുള്ള ഒരു സത്ത്വവുമുണ്ടായിരുന്നു. പേരോ ശകാരപ്പേരോ ല് കബുക് എന്നായിരുന്ന ആളും അറിയുമെന്നു നടിക്കുന്നവർക്കു കൂടി തികച്ചും അപരിചിതനുമായ ഈ മനുഷ്യന്നു കുടിച്ചിട്ടു ലേശമെങ്കിലും തന്റേടമില്ല; അല്ലെങ്കിൽ അങ്ങനെയായിരുന്നു അയാളുടെ നാട്യം; അയാൾ മറ്റു പലരും കൂടി വീഞ്ഞുകടയിൽനിന്നു പുറത്തേക്കു വലിച്ചുകൊണ്ടുവന്നിട്ടിരുന്ന ഒരു മേശയ്ക്കടുക്കലായി ഇരിക്കുകയാണ്. ഈ കബുക് തന്നോടു തിരക്കാൻ നിന്ന സർവ്വരേയും കുടിച്ചു തന്റേടം മറപ്പിക്കുന്നതോടുകൂടി, വഴിക്കോട്ടയുടെ അങ്ങേ അറ്റത്തു തെരുവു മുഴുവനും കീഴടക്കുമാറ് അഞ്ചു നിലയുയരത്തിൽ പൊങ്ങി റ്യു സാങ്ദെനിക്കഭിമുഖമായി നില്ക്കുന്ന ആ വലിയ വീട് ഒരാലോചനയോടുകൂടി നോക്കിക്കാണുകയായിരുന്നു. പെട്ടെന്ന് അയാൾ ഉച്ചത്തിൽ പറഞ്ഞു: ‘ഹേ, ചങ്ങാതിമാരേ, ആ കാണുന്ന വീട്ടിൽ നമ്മൾ ജനാലയ്ക്കൽ നിന്നാൽ പിന്നെ തെരുവിലൂടെ ഒരാൾ കാലെടുത്തു കുത്തുന്നതു കാണാമല്ലോ!

‘ശരി, പക്ഷേ, വീടടച്ചിട്ടിരിക്കുന്നു.’ കുടിയന്മാരിൽ ഒരാൾ പറഞ്ഞു.

‘നമുക്കു മുട്ടിവിളിക്കുക!’

‘അവർ വാതിൽ തുറക്കില്ല.’

‘നമുക്കു വാതിൽ ഇടിച്ചു തുറക്കുക!’

ല് കബുക് വാതില്ക്കലേക്കു പാഞ്ഞു—ഒരു പെരുംകൂറ്റൻ ദ്വാരതാഡനിയാണ് അതിന്നുള്ളത്, അയാൾ അതു പിടിച്ചു മുട്ടി. വാതിൽ തുറന്നില്ല. അയാൾ രണ്ടാമതും മുട്ടിവിളിച്ചു. മറുപടിയില്ല. മൂന്നാമതും അതേ നിശ്ശബ്ദത.

‘ഇവിടെ ആരെങ്കിലുമുണ്ടോ?’ കബുക് വിളിച്ചു ചോദിച്ചു.

ഒരനക്കവുമില്ല.

ഉടനെ അയാൾ ഒരു തോക്കെടുത്തു, ചട്ടകൊണ്ടു വാതിൽ ഇടിച്ചുപൊളിക്കുകയായി അത് ഉയരം കുറഞ്ഞു, കമാനാകൃതിയിൽ, ഇടുങ്ങി, കനത്തിൽ, ഓക്കുമരം കൊണ്ട്, അകത്ത് ഒരിരുമ്പുവാറോടും ഇരിമ്പുതാങ്ങുകളോടുംകൂടി, ഒരെണ്ണം പറഞ്ഞ കാരാഗൃഹപ്പിൻവാതിലായ ഒരു പഴയ നടവാതിലാണ്. തോക്കിൻചട്ടകൊണ്ടുള്ള ഇടികൊണ്ടു വാതിൽ കുലുങ്ങി; പക്ഷേ, ഇളകിയില്ല.

എന്തായാലും അതിൽ താമസിക്കുന്നവർ ഭയപ്പെട്ടിരിക്കണം; എന്തുകൊണ്ടെന്നാൽ, മൂന്നാംനിലയിലുള്ള ഒരു ചെറിയ ചതുരജ്ജനാല തുറന്നു; വന്ദ്യവും ഭയപൂർണ്ണവുമായ ഒരു നരച്ച കിഴവൻതല ആ പഴുതിൽ ആവിർഭവിച്ചു; ആ മനുഷ്യൻ വാതില്ക്കാവല്ക്കാരനാണ്; അയാൾ ഒരു മെഴുതിരി പിടിച്ചിട്ടുണ്ട്.

വാതില്ക്കൽ മുട്ടിയിരുന്ന ആൾ വിളി നിർത്തി.

‘മാന്യരേ!’ വാതില്ക്കാവല്ക്കാരൻ ചോദിച്ചു: ‘നിങ്ങൾക്കെന്തു വേണം?’

‘തുറക്കൂ!’ കബുക് പറഞ്ഞു.

‘മാന്യന്മാരേ, അതിനു നിവൃത്തിയില്ല.’

‘എന്തായാലും തുറക്കൂ.’

‘സാധ്യമല്ല.’

ല് കബുക് തോക്കെടുത്തു വാതില്ക്കാവല്ക്കാരനെ ഉന്നംവെച്ചു; കബുക് താഴത്തായതുകൊണ്ടും നേരം നല്ലവണ്ണം ഇരുട്ടായിരുന്നതുകൊണ്ടും വാതില്ക്കാവല്ക്കാരൻ അതു കണ്ടില്ല.

‘തുറക്കുമോ, ഇല്ലയോ?’

‘ഇല്ല, നിവൃത്തിയില്ല.’

‘ഇല്ല എന്നാണോ?’

‘ഇല്ല. എന്റെ കൊള്ളാവുന്ന-’

വാതില്ക്കാവല്ക്കാരൻ മുഴുവനാക്കിയില്ല. വെടി പൊട്ടി; ഉണ്ട ആ മനുഷ്യന്റെ കവിളിനു ചുവട്ടിലൂടെ കടന്നു കഴുത്തിന്റെ പിൻപുറത്തൂടെ കണ്ഠരക്തനാഡി തുളച്ചുകേറി പുറത്തേക്കു പോയി.

കിഴവൻ ഒരു ഞെരക്കംകൂടിയില്ലാതെ മറിഞ്ഞുവീണു. മെഴുതിരി താഴത്തു വീണു, കെട്ടു; ചെറുജനാലയുടെ കട്ടിളപ്പടിയിൽ അനക്കമറ്റു കിടക്കുന്ന ഒരു തലയും മേല്പുരയിലേക്കു പറന്നുപോയ ഒരു ചെറിയ വെള്ളപ്പുകയുമല്ലാതെ മറ്റൊന്നും കാണാനില്ല.

‘അതുതന്നെ!’ തോക്കിൻചട്ട പാതവിരിയിൽ കുത്തില് കബുക് പറഞ്ഞു.

ഈ വാക്കു പറഞ്ഞില്ല പറഞ്ഞു എന്നാകുമ്പോഴേക്കു കഴുകിന്റെ കാൽനഖം പോലെ കനമുള്ള ഒരു കൈ ആ മനുഷ്യന്റെ ചുമലിൽപ്പതിഞ്ഞു; ഒരു ശബ്ദം അയാളോടു പറയുന്നതു കേട്ടു: ‘മുട്ടു കുത്തൂ!’

കൊലപാതകി തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ആൻഷൊൽരായുടെ സഗൌരവമായ വെളുത്ത മുഖമാണ്.

ആൻഷൊൽരായുടെ കൈയിൽ ഒരു കൈത്തോക്കുണ്ട്.

വെടി പൊട്ടുന്ന ഒച്ച കേട്ട് ആൻഷൊൽരാ അങ്ങോട്ടു ചെന്നതാണ്.

അയാൾ കബുക്കിന്റെ കഴുത്തുപട്ടയും കുറുംകുപ്പായവും ഉൾക്കുപ്പായവും ചുമല്പട്ടയും ഇടത്തെ കൈകൊണ്ടു കൂട്ടിപ്പിടിച്ചു.

‘മുട്ടു കുത്തൂ!’ അയാൾ ആവർത്തിച്ചു.

ഒരു പിടിച്ചുതാഴ്ത്തലിൽ ആ ഇരുപതു വയസ്സുള്ള മെലിഞ്ഞ ചെറുപ്പക്കാരൻ തടിച്ച് ഇരിമ്പുപോലുള്ള ചുമട്ടുകാരനെ, ഒരു ഞങ്ങണപ്പുല്ലിനെ എന്നപോലെ, വളച്ചു ചളിയിൽ മുട്ടു കുത്തിച്ചു.

ല് കബുക് എതിർത്തുനോക്കി; പക്ഷേ, ഒരമാനുഷശക്തി അയാളെ പിടികൂടിയിട്ടുള്ളതുപോലെ തോന്നി.

വിളർത്തു നഗ്നമായ കഴുത്തോടും പാറിപ്പരത്തിയിട്ട തലമുടിയോടും ഒരു സ്ത്രീയുടെ മുഖത്തോടുകൂടിയുള്ള ആൻഷൊൽരായ്ക്ക് ആ സമയത്തു പണ്ടത്തെ തെമിസ്സിന്നുള്ള [1] എന്തോ ഒന്നുണ്ടായിരുന്നു. അയാളുടെ വിടർന്ന നാസാദ്വാരങ്ങളും കീഴ്പോട്ടു തൂങ്ങിയ നോട്ടങ്ങളും, അയാളുടെ സൗമ്യതയില്ലാത്ത ഗ്രീസ്സുകാരൻ മുഖത്തിനു, പുരാണകാലങ്ങളിലെ അഭിപ്രായമനുസരിച്ചു, നീതിന്യായത്തിനു യോജിച്ച ശുണ്ഠിയുടെ ആ ഭാവവിശേഷത്തേയും ഉണ്ടാക്കിക്കൊടുത്തു.

വഴിക്കോട്ടയിലുള്ളവരെല്ലാം പാഞ്ഞെത്തി. ദൂരത്തു വട്ടംകൂടി, തങ്ങൾ കാണാൻ പോകുന്ന സംഭവത്തിനു മുൻപിൽ ഒരക്ഷരമെങ്കിലും മിണ്ടാൻ സാധ്യമല്ലെന്ന ബോധത്തോടുകൂടി നിലവായി

തോറ്റുകഴിഞ്ഞൽ കബുക് എതിർ കാണിക്കാതായി. ആസകലം വിറകൊണ്ടു.

ആൻഷൊൽരാ അയാളെ വിട്ടു, തന്റെ ഗഡിയാൾ കൈയിലെടുത്തു.

‘തന്റേടം വരുത്തിക്കൊൾക.’ അയാൾ പറഞ്ഞു. ‘ധ്യാനിക്കാം. അല്ലെങ്കിൽ പ്രാർത്ഥിക്കാം. നിങ്ങൾക്കിനി ഒരു നിമിഷമേ ആയുസ്സുള്ളൂ.’

‘രക്ഷിക്കണേ?’ ആ കൊലപാതകി മന്ത്രിച്ചു; അയാളുടെ തല കീഴ്പോട്ടു തൂങ്ങി, എന്തോ അസ്പഷ്ടമായി ചിലതു പതുക്കെ വിക്കിനോക്കി.

ആൻഷൊൽരായുടെ നോട്ടം അയാളിൽനിന്ന് ഒരിക്കലും മാറിയിട്ടില്ല; ഒരു മിനുട്ട് അനുവദിച്ചുകൊടുത്ത ഇട കഴിഞ്ഞു, അയാൾ ഗഡിയാൾ കുപ്പായക്കീശയിലേക്കു തിരുകി. എന്നിട്ട് അയാൾ ല് കബുക്കിന്റെ തലമുടി പിടിച്ചു —ആ മനുഷ്യൻ അയാളുടെ കാൽമുട്ടുകൾക്കിടയിൽ ഒരു പന്തുപോലെ ചുരുണ്ടുംകൊണ്ടു നിലവിളിച്ചു— കൈത്തോക്കിന്റെ വായ ചെവിക്കുറ്റിയിലേക്കമർത്തി. ഏറ്റവും ഭയങ്കരങ്ങളായ സംഭവങ്ങൾ അനുഭവിച്ചിട്ടുള്ള പല ധീരോദാത്തന്മാരും തല തിരിച്ചു.

ഒരു വെടി കേട്ടു, ആ കൊലപാതകി കല്ലുവിരിയിൽ ദൃഢനിശ്ചയവുമായ ഒരു നോട്ടത്തെ നാലുപുറവും വ്യാപരിപ്പിച്ചു. എന്നിട്ട് അയാൾ ശവത്തെ കാൽകൊണ്ട് ഒരു തട്ടു തട്ടി പറഞ്ഞു. ‘അതു പുറത്തെക്കു കളയൂ.’

ആ ഭാഗ്യംകെട്ട മനുഷ്യന്റെ ശവത്തെ—ജീവൻ പോയ ഉടനെയുള്ള പിടച്ചിലുകൾ അപ്പോഴും അതിന്നവസാനിച്ചിട്ടില്ല – മൂന്നുപേർ കൂടിയെടുത്തു ചെറിയ വഴിക്കോട്ടയുടെ മീതെ റ്യു മൊങ് ദെ തുറിലേക്കു വലിച്ചെറിഞ്ഞു.

ആൻഷൊൽരാ ആലോചനയിൽപ്പെട്ടു. അയാളുടെ പരാക്രമമയമായ ഗാംഭീര്യത്തിനുമീതെ എന്തെല്ലാം സഗൗരവനിഴല്പാടുകളാണ് പതുക്കെ വ്യാപിച്ചതെന്നു പറയാൻ വയ്യാ പെട്ടെന്ന് അയാൾ പറയുകയായി.

എല്ലാവരും മിണ്ടാതെ നിന്നു.

‘പൗരന്മാരേ,’ ആൻഷൊൽരാ ആരംഭിച്ചു, ‘ആ മനുഷ്യൻ ചെയ്തതു ബീഭത്സമാണ്, ഞാൻ ചെയ്തതു നിഷ്ഠുരവും. അയാൾ കൊന്നു; അതിനു ഞാൻ അയാളേയും കൊന്നു എനിക്കതു ചെയ്യേണ്ടിവന്നു. രാജ്യകലഹത്തിന്ന് അതിന്റെ അനുസരണശീലം നിലനിർത്തണം. കൊലപാതകം മറ്റു സ്ഥലങ്ങളിലുള്ളതിലധികം കുറ്റമാണ് ഇവിടെ; നമ്മൾ നില്ക്കുന്നതു ഭരണപരിവർത്തനത്തിന്റെ നോട്ടത്തിനു മുൻപിലാണ്; നമ്മൾ ജനാധിപത്യത്തിലെ മതാചാര്യന്മാരാണ്; നമ്മൾ ധർമ്മത്തിന്റെ കിങ്കരന്മാരാണ്; നമ്മുടെ പ്രവൃത്തിയെ ദുഷിക്കുവാൻ ഇടവരുത്തിക്കൂടാ. അതുകൊണ്ടു ഞാൻ ആ മനുഷ്യനെ വിചാരണചെയ്തു; അയാൾക്കു മരണശിക്ഷവിധിച്ചു. എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, കേവലം അനിഷ്ടമാണെങ്കിലും അതു ചെയ്യാതെ എനിക്കു ഗത്യന്തരമില്ലാതെ വന്നതുകൊണ്ടു ഞാൻ എന്നെയും വിചാരണചെയ്തിരിക്കുന്നു; എന്തു ശിക്ഷയാണ് ഞാനെനിക്കു വിധിച്ചിട്ടുള്ളതെന്നു നിങ്ങൾ വഴിയേ അറിയും.’

അയാളുടെ ശ്രോതാക്കളെല്ലാം വിറച്ചു.

‘നിങ്ങളുടെ കർമ്മഗതിയിൽ ഞങ്ങളും പങ്കുചേരും,’ കൊംബ്ഫേർ പറഞ്ഞു.

‘അങ്ങനെയാവട്ടെ’, ആൻഷൊൽരാ മറുപടി പറഞ്ഞു. ‘ഒരു വാക്കുകൂടി. ഈ മനുഷ്യനെ ശിക്ഷിച്ചതിൽ, ഞാനൊരാവശ്യത്തിന്റെ കല്പന ചെയ്തു; പക്ഷേ, ആവശ്യം പഴയ കാലത്തെ ഒരു രാക്ഷസനാണ്; ആവശ്യത്തിന്റെ പേർ ഗ്രഹപ്പിഴയെന്നാണ്. എന്നാൽ, അഭിവൃദ്ധിയുടെ നിയമമെന്തെന്നാൽ, രാക്ഷസന്മാർ ദേവന്മാരുടെ മുൻപിൽ നില്ക്കരുതെന്നും ഗ്രഹപ്പിഴ സാഹോദര്യത്തിനു മുൻപിൽ കാണാതായ്ക്കൊള്ളണമെന്നുമാണ്. സ്നേഹം എന്ന വാക്കുച്ചരിക്കാൻ തീരെ നന്നല്ലാത്ത ഒരു സന്ദർഭമാണിത്. എങ്കിലുമാവട്ടെ, ഞാനതുച്ചരിക്കുന്നു. ഞാനതിനെ വാഴ്ത്തുകയും ചെയ്യുന്നു. സ്നേഹമേ, ഭാവി അവിടുത്തെയാണ്. മരണമേ, ഞാൻ നിന്നെ ഉപയോഗപ്പെടുത്തുന്നു; പക്ഷേ, എനിക്കു നിന്നോടു വെറുപ്പാണ്. പൗരന്മാരേ, ഭാവിയിൽ ഒരിക്കലും ഇരുട്ടും ഇടിവെട്ടുമില്ല; നിഷ്ഠുരമായ അജ്ഞതയും ക്രൂരമായ പ്രതികാരവുമില്ല. ഇനിയത്തെക്കാലത്ത് ആരും ആരേയും കൊല്ലുകയില്ല; ഭൂമി പ്രകാശമാനമായി ശോഭിക്കും; മനുഷ്യജാതി അന്യോന്യം സ്നേഹിക്കും. പൗരന്മാരെ, എല്ലായിടത്തും മൈത്രിയും യോജിപ്പും വെളിച്ചവും ആഹ്ലാദവും ജീവനുമായ ഒരു കാലം വരും; അതു വരും; അതു വരാൻവേണ്ടിയാണ് നാമിപ്പോൾ ചാവാൻ പോകുന്നത്.’

ആൻഷൊൽരാ നിർത്തി. അയാളുടെ നിഷ്കളങ്കച്ചുണ്ടുകൾ കൂടി; വെണ്ണക്കല്ലിന്റെ സ്ഥിരതയോടുകൂടി, അയാൾ ആ മരണശിക്ഷ നടന്നേടത്തു കുറച്ചിട നിന്നു. അയാളുടെ സൂക്ഷ്മനോട്ടം നാലു പുറത്തുമുള്ളവരെ പതുക്കെസ്സംസാരിപ്പിച്ചു.

ഴാങ്പ്രുവേരും കൊംബ്ഫേരും അന്യോന്യം മിണ്ടാതെ കൈ പിടിച്ചമർത്തി; വഴിക്കോട്ടയുടെ ഒരു മൂലയിൽ അന്യോന്യം ചാരിനിന്ന് ഏതാണ്ട് അനുകമ്പാസഹിതമായ ബഹുമാനത്തോടുകൂടി ആ ചെറുപ്പക്കാരനെ, സ്ഫടികക്കഷ്ണം പോലെയും പാറക്കല്ലുപോലെയും പ്രകാശംകൊണ്ടു നിറഞ്ഞ ആ മരണശിക്ഷ നടത്തിയവനെ, ആ മതാചാര്യനെ, നോക്കിക്കണ്ടു

ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞുവെയ്ക്കട്ടെ, പിന്നീടു കാര്യമെല്ലാം കഴിഞ്ഞതിനുശേഷം ശവങ്ങളെല്ലാം ശവദർശനശാലയിലേക്ക് എടുത്തുകൊണ്ടുംപോയി പരിശോധിച്ചപ്പോൾ, ഒരു പൊല്ലീസ്സൊറ്റുകാരന്റെ കാർഡ് ല് കബുക്കിന്റെ കീശയിൽനിന്നു കണ്ടെടുക്കുകയുണ്ടായി. ഈ വിഷയത്തെക്കുറിച്ചു 1832-ൽ പൊല്ലീസ് സൈന്യാധ്യക്ഷന്നയച്ചുകൊടുക്കപ്പെട്ട സവിശേഷവിവരണക്കുറിപ്പ് 1848-ൽ ഇതെഴുതുന്ന ആളുടെ പക്കലുണ്ട്.

പൊല്ലീസ്സുകാരുടെ ഇടയിൽ നടപ്പുള്ള ഒരിതിഹാസം—അസാധാരണമാണെങ്കിലും അതു നല്ല തെളിവുകളോടുകൂടിയതാണ്—വിശ്വസിക്കാമെങ്കിൽ, ഈ ല് കബുക് ക്ലക്സുവായിരുന്നു. വാസ്തവമെന്തെന്നാൽ ഈ കബുക്കിന്റെ മരണത്തിനുശേഷം ക്ലക്സുവിനെപ്പറ്റിയുള്ള സംസാരമുണ്ടായിട്ടില്ല. ക്ലക്സു എവിടെപ്പോയി മറഞ്ഞു എന്നതിന്റെ യാതൊരു പാടും ഒരിടത്തുമില്ല; അയാൾ അദൃശ്യ വസ്തുവോടുകൂടി സ്വയം ലയിച്ചിരിക്കുമെന്നു തോന്നുന്നു. അയാളുടെ ജീവിതം മുഴുവനും നിഴലുകളിലായിരുന്നു; മരണം രാത്രിയായി.

അത്ര വേഗത്തിൽ വിചാരണചെയ്യപ്പെട്ടതും വിധി നടത്തപ്പെട്ടതുമായ ആ വ്യസനകരക്കേസ്സിൽനിന്നുണ്ടായ വികാരാവേഗങ്ങൾ ആ ലഹളസ്സംഘത്തിൽ അപ്പോഴും മാറ്റൊലിക്കൊണ്ടിരിക്കേ, അന്നു രാവിലെ വന്നു മരിയുസ്സിനെപ്പറ്റി അന്വേഷിച്ച ആ ചെറിയ യുവാവിനെ കുർഫെരാക് വീണ്ടും വഴിക്കോട്ടയിൽ കണ്ടു.

ധൈര്യവും സാഹസവും നിറഞ്ഞ ഭാവവിശേഷത്തോടുകൂടി ആ കുട്ടി രാത്രിയിൽ ലഹളസ്സംഘത്തോടു ചേരുവാൻ വന്നു.

കുറിപ്പുകൾ

[1] യവനേതിഹാസപ്രകാരം ദൈവികമായ നീതിന്യായത്തിന്റെ അധിദേവത.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 9; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.