images/hugo-37.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.1.1
ഓവുചാലും അതിലെ അത്ഭുതങ്ങളും

പാരിസ്സിലെ ഓവുചാലുകളിലേക്കാണ് ഴാങ് വാല്‍ഴാങ് ചെന്നുകൂടിയത്.

പാരിസ്സും കടലുമായുള്ള മറ്റൊരു സാദൃശ്യം. സമുദ്രത്തിലെന്നപോലെതന്നെ ഇവിടെയും മുങ്ങുന്ന ആളെ പുറത്തേക്കു കാണുന്നില്ല.

ഈ അവസ്ഥാന്തരം ആരും കേട്ടിട്ടില്ലാത്ത മട്ടാണ്. ഒരു ഞൊടിയിടകൊണ്ടു; മുടി പൊന്തിക്കാനും അടയ്ക്കാനും വേണ്ടിവന്ന സമയംകൊണ്ടു, നഗരത്തിന്നുളളില്‍നിന്ന് നഗരത്തിന്റെ ഉള്ളിലേക്കുതന്നെ, പച്ചപ്പകലില്‍നിന്നു തികച്ചും അന്ധകാരത്തിലേക്കു, നട്ടുച്ചയില്‍നിന്നു നടുപ്പാതിരയിലേക്കു, ലഹളയില്‍നിന്നു നിശ്ശബ്ദതയിലേക്കു, ഇടികളുടെ തള്ളിക്കയറ്റത്തില്‍നിന്നു ശവക്കല്ലറയുടെ കെട്ടിനില്പിലേക്ക്, കന്യകാമഠപ്രദേശത്തു വെച്ചുണ്ടായതിലധികം ശക്തിമത്തായ ഒരു പരിവര്‍ത്തനംമൂലം എത്രയും കവിഞ്ഞ അപകടത്തില്‍നിന്ന് എത്രയും തികഞ്ഞ നിഗൂഢതയിലേക്കു, ഴാങ് വാല്‍ഴാങ് ചെന്നുകൂടി രക്ഷപ്പെട്ടു.

ഒരു ഗുഹയിലേക്കു പെട്ടെന്നുള്ള വീഴ്ച; പാരിസ്സിന്റെ നിഗുഢപ്പഴുതിലൂടെയുള്ള അന്തര്‍ദ്ധാനം; എല്ലാ ഭാഗത്തും മരണമുള്ള ആ തെരുവീഥിയില്‍നിന്ന് ആയുസ്സിരിക്കുന്ന ശവക്കല്ലറയിലേക്കു മാറുക എന്നത് ഒരത്ഭുതകരമായ സംഗതിയാണ്. വളരെ നിമിഷങ്ങളോളം അയാള്‍ അന്തംവിട്ടു നിന്നു; ചെവിയോര്‍ത്തുകൊണ്ട് പകച്ചുനിന്നു. രക്ഷയുടെ കുപ്പക്കെണി അയാളുടെ മുന്‍പില്‍ പെട്ടെന്നു വായ തുറന്നു.

ദിവ്യമായ മനോഗുണം ഒരുവിധത്തില്‍ അയാളെച്ചതിച്ചു പിടിച്ചു. ഈശ്വരന്റെ ആരാധ്യങ്ങളായ പതിയിരിപ്പുകള്‍!

ഒന്നുമാത്രം, ആ മുറിവേറ്റിരുന്ന മനുഷ്യന്‍ അനങ്ങിയില്ല; ഴാങ് വാല്‍ഴാങ്ങിനു താന്‍ ആ ശവക്കല്ലറയിലേക്ക് എടുത്തുകൊണ്ടു ചെന്ന ആള്‍ ജീവനുള്ള ആളോ മരിച്ച ആളോ എന്നു തീര്‍ച്ചയുണ്ടായിരുന്നില്ല.

ആദ്യമായി അയാള്‍ക്കുണ്ടായ അനുഭവം അന്ധതയാണ്. പെട്ടെന്ന് അയാള്‍ക്കുയാതൊന്നും കാണ്മാന്‍ വയ്യാതായി. എന്നല്ല, ഒരു നിമിഷംകൊണ്ടു, താന്‍ ചെവി പൊട്ടനായിപ്പോയെന്നും അയാള്‍ക്കു തോന്നി. അയാള്‍ യാതൊന്നും കേള്‍ക്കാതായി. അയാളുടെ തലയ്ക്കു മുകളില്‍ കുറച്ചടി അകലെ പാഞ്ഞുനടക്കുന്ന ആ അഴിച്ചുവിടപ്പെട്ട കൊലപാതകത്തിന്റെ കമ്പംപിടിച്ച ലഹള, ഞങ്ങള്‍ പറഞ്ഞ വിധം ഭൂമിക്കുള്ള കട്ടിത്തം കാരണം അഗാധതയില്‍നിന്നുള്ള മുഴക്കംപോലെ, ശക്തിയറ്റും അവ്യക്തമായുമല്ലാതെ കേള്‍ക്കാനില്ലെന്നു വന്നു. കാലിനടിയില്‍ ഭൂമിക്കു നല്ല ഉറപ്പുണ്ടെന്ന് അയാള്‍ കാല്‍വെച്ചറിഞ്ഞു; അത്രമാത്രം; പക്ഷേ, അതു മതി, അയാള്‍ രണ്ടു കൈയും രണ്ടു ഭാഗത്തേക്കും നീട്ടി, ചുമരിന്റെ രണ്ടു വശവും തൊട്ടുനോക്കി, വഴി വളരെ ഇടുങ്ങിയതാണെന്നു മനസ്സിലാക്കി; അയാളുടെ കാല്‍ വഴുക്കി, നിലം ഈറനാണെന്നറിഞ്ഞു. പൊത്തോ ചളിയോ അഗാധക്കുഴിയോ ശങ്കിച്ചുകൊണ്ട് അയാള്‍ ശ്രദ്ധിച്ചു കാല്‍വെച്ചു; നിലത്തുള്ള വിരികല്ലു പിന്നെയും മുന്‍പോട്ടുണ്ടെന്നു അയാള്‍ കണ്ടു. ഒരു വല്ലാത്ത ദുര്‍ഗന്ധത്തിന്റെ വ്യാപ്തി അയാള്‍ നില്ക്കുന്നതെവിടെയാണെന്നു അറിയിച്ചു.

കുറച്ചു നിമിഷങ്ങളോടുകൂടി അയാളുടെ അന്ധത തീര്‍ന്നു; അയാള്‍ ഇറങ്ങിപ്പോന്ന ആള്‍പ്പഴുതിലൂടെ ഒരു വെളിച്ചം വന്നു; അയാളുടെ കണ്ണുകള്‍ക്ക് ആ ഗുഹ പരിചയപ്പെട്ടു. അയാള്‍ എന്തോ ഒന്നു കണ്ടറിയാന്‍ തുടങ്ങി. അയാള്‍ മടകുഴിച്ചു ണ്ടാക്കിയ വഴി—ഇങ്ങനെയല്ലാതെ മറ്റൊരുവിധത്തിലും അപ്പോഴത്തെ സ്ഥിതി പറഞ്ഞൊപ്പിക്കാന്‍ വയ്യാ—അയാളുടെ പിന്നില്‍വെച്ച് അടച്ചുമുട്ടിച്ചിരിക്കുന്നു. സവിശേഷമായ പടുഭാഷയില്‍ കൊമ്പുകള്‍ എന്നു പറയപ്പെട്ട ആ അടഞ്ഞ നടകളില്‍ ഒന്നായിരുന്നു അത്. അയാളുടെ മുന്‍പിലും മറ്റൊരു ചുമരുണ്ട്—രാത്രിപോലെ ഒരു ചുമര്‍. ഴാങ് വാല്‍ഴാങ് നിന്നിരുന്നതിന്റെ പത്തുപന്ത്രണ്ടടി ദൂരത്തുവെച്ച് ആ കാറ്റിന്‍പഴുതില്‍നിന്നുള്ള വെളിച്ചം കെട്ടു; ഓവുചാലിന്റെ ഓതംകെട്ടിയ ചുമരില്‍ കുറച്ചു വാരയോളംമാത്രം ഒരു വിളര്‍ത്ത മങ്ങല്‍ അതുകൊണ്ടുണ്ടായി. അപ്പുറത്തു മങ്ങല്‍ കലശലായിരുന്നു; അങ്ങോട്ടു തിരക്കിക്കടക്കുന്നതു ഭയങ്കരമായി തോന്നി; അങ്ങോട്ടു കടന്നുചെല്ലല്‍ അവനവനെത്തന്നെ കുഴിച്ചുമൂടുന്നതു പോലെയായിരുന്നു. എന്തായാലും ആ മൂടല്‍മഞ്ഞിന്‍ചുമരിലേക്കു ഊളിയിടുകയേ നിര്‍വ്വാഹമുള്ളു; അതു വേണം എന്നായി. ദ്രുതഗതിയാണ് ഇവിടെ അത്യാവശ്യം. പാവുകല്ലുകള്‍ക്കിടയില്‍ അയാള്‍ കണ്ടെത്തിയ അഴിവാതില്‍ പട്ടാളക്കാരുടേയും കണ്ണില്‍പ്പെട്ടാല്‍ മതി; സകലവും നില്ക്കുന്നത് ഈ യദ്യച്ഛാസംഭവത്തിന്മേല്‍ തുങ്ങിക്കൊണ്ടാണ്. അവരും ആ കിണറ്റിലേക്കിറങ്ങിയെന്നും അന്വേഷണം നടത്തിയെന്നും വരാം. ഒരു നിമിഷമെങ്കിലും വെറുതേ കളയാനില്ല. അയാള്‍ മരിയുസ്സിനെ നിലത്തു വെച്ചിരുന്നു; വീണ്ടും പെറുക്കിയെടുത്തു— അതാണ് വേണ്ട വാക്ക്—അയാളെ ഒരിക്കല്‍ക്കൂടി ചുമലിലേറ്റി, പുറപ്പാടായി അയാള്‍ വന്നതു വന്നു എന്ന് ഇരുട്ടിലേക്ക് ഊളിയിട്ടു.

വാസ്തവത്തില്‍ അവര്‍ക്കവിടെ ഴാങ് വാല്‍ഴാങ് വിചാരിച്ചേടത്തോളവും രക്ഷയില്ലായിരുന്നു. ഒരുസമയം മറ്റുവിധത്തിലുള്ളതും ഒട്ടുംതന്നെ ഗൗരവം കുറയാത്തതുമായ അപായസഞ്ചയം അവിടെ തെയ്യാറുണ്ടായിരുന്നു. യുദ്ധത്തിന്റെ മിന്നല്‍ നിറഞ്ഞ കൊടുങ്കാറ്റിനുശേഷം, വിഷവായുക്കളുടേയും കെണികളുടേയും ഒരു ഗുഹയായി അവര്‍ക്കു മുന്‍പില്‍; ലഹളയ്ക്കുശേഷം ഓവുചാല്‍. ഴാങ് വാല്‍ ഴാങ് നരകത്തിന്റെ ഒരു മതില്‍ച്ചുറ്റില്‍നിന്നു മറ്റൊന്നിലേക്കു വീണു.

ഒരെമ്പതടി മുന്‍പോട്ടു ചെന്നപ്പോഴെയ്ക്ക് അയാള്‍ക്കവിടെ നിലക്കേണ്ടിവന്നു. ഒരു വൈഷമ്യം മുന്‍പിലെത്തി. വഴിക്ക് ആദ്യം കണ്ടെത്തിയപോലുള്ള മറ്റൊരു കുടറില്‍ച്ചെന്നു പഴുതു മുട്ടി. അവിടെനിന്നു രണ്ടു വഴി പോകുന്നുണ്ട്. ഏതിലേയാണ് പോകേണ്ടത്? ഇടത്തോട്ടോ തിരിയേണ്ടതു, വലത്തോട്ടോ? അയാളുടെ നില എന്താണെന്നു എങ്ങനെ ആ ഉരുണ്ട വിഷമതയില്‍വെച്ചു കണ്ടുപിടിക്കും? ഞങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്നിട്ടുള്ള ഈ വിഷമതയ്ക്ക് ഒരു തുമ്പുണ്ട്. അതതിന്റെ ചായ്പാണ്. ചായ്പിലൂടെ പോയാല്‍ പുഴയിലെത്താം.

ഇതു ഴാങ് വാല്‍ഴാങ് ക്ഷണത്തില്‍ മനസ്സിലാക്കി.

അയാള്‍ക്കു താനിപ്പോള്‍ ദെയാലിന്റെ പ്രദേശത്തുള്ള ഓവുചാലിലാണെന്നും ഇടത്തോട്ടുള്ള വഴിക്കു പോയാല്‍ ഒരു കാല്‍മണിക്കുറിനുള്ളില്‍ പോങ്തൊഷാങ്ങിനും പൊങ്നെയ്ക്കും മധ്യത്തിലുള്ള സെയിന്‍നദിയുടെ അഴിമുഖങ്ങളില്‍ ഏതോ ഒന്നില്‍, എന്നുവെച്ചാല്‍ പച്ചപ്പകല്‍സ്സമയത്തു പാരിസ്സില്‍ വെച്ച് ഏറ്റവും ആള്‍ത്തിരക്കുള്ള പ്രദേശത്തു, ചെന്നു പൊന്തിപ്പോവുമെന്നും ഉള്ളില്‍ത്തോന്നി. ഒരു സമയം വഴിത്തിരിവുസ്ഥലത്തുള്ള ഏതോ ആള്‍പ്പഴുതിലൂടെ അയാള്‍ പുറത്തേക്കു ചാടും.

അതിലെ കടന്നുപോകുന്നവര്‍ തങ്ങളുടെ കാല്‍ച്ചുവട്ടില്‍ ഭൂമിയില്‍നിന്നു മുറിവേറ്റിട്ടുള്ള രണ്ടു മനുഷ്യര്‍ പൊന്തിവരുന്നതുകണ്ട് അമ്പരക്കും. പോലീസെത്തുകയായി; അടുത്തുള്ള പട്ടാളത്താവളത്തില്‍നിന്നു പാറാവുഭടന്മാരെ അവര്‍ വിളിച്ചുവരുത്തുകയും ക്ഷണത്തില്‍ക്കഴിയും. അങ്ങനെ പുറത്തേക്കു കടക്കുന്നതിനു മുന്‍പേ അവര്‍ പട്ടാളത്തിന്റെ പിടിയില്‍പ്പെടും. ഈ വിഷമതയിലേക്കുതന്നെ ആണ്ടുപോകയും, ആ ഉരുണ്ട മങ്ങലിലേക്കുതന്നെ തങ്ങളെ ഏല്‍പിച്ചുകൊടുക്കുകയും, ഈശ്വരന്‍ എവിടെയെങ്കിലും കൊണ്ടെത്തിക്കട്ടെ എന്നു കരുതുകയുമാണ് അതിലും ഭേദം.

അയാള്‍ ആ ചായ്പു മേല്പോട്ടു കയറി, വലത്തോട്ടു തിരിഞ്ഞു.

കല്പടയുടെ മൂല കടന്നു, ദൂരത്തുനിന്നു കാറ്റിന്‍പഴുതിലൂടെ വന്നിരുന്ന വെളിച്ചം തീര്‍ന്നു എന്നായപ്പോള്‍, അയാള്‍ വീണ്ടും കണ്ണുപൊട്ടനായി. എങ്കിലും അയാള്‍ ക്ഷണത്തില്‍ മുന്‍പോട്ടു നടന്നു. മരിയുസ്സിന്റെ രണ്ടു കൈയും അയാളുടെ കഴുത്തില്‍ ചുറ്റിയിട്ടുണ്ട്; കാലുകള്‍ അയാളുടെ പിന്നില്‍ ഇഴഞ്ഞുപോരികയാണ്. അയാള്‍ മരിയുസ്സിന്റെ രണ്ടു കൈയും തന്റെ ഒരു കൈകൊണ്ട് മുറുക്കിപ്പിടിച്ചു. മറ്റേ കൈകൊണ്ടു ചുമരിന്മേല്‍ തപ്പിത്തപ്പി നടന്നു. മരിയുസ്സിന്റെ കവിള്‍ അയാളുടെ കവിളിന്മേൽ തൊട്ടു. രക്തം പുരണ്ടിരുന്നതുകൊണ്ട് അതവിടെ ഒട്ടി. ഒരു ചൂടുള്ള നീരൊഴുക്കം മരിയുസ്സില്‍നിന്നു പുറപ്പെട്ട് അയാളുടെ ദേഹത്തിലൂടെ ഉടുപ്പിനു ള്ളിലേക്കു ഇറങ്ങുന്നുണ്ടെന്ന് അയാള്‍ക്കു ബോധം വന്നു. എങ്കിലും മുറിപ്പെട്ട ആളുടെ വായ ചെന്നു തൊട്ടിരുന്ന ഴാങ് വാല്‍ഴാങ്ങിന്റെ ചെവിക്കരികില്‍നിന്ന് ഒരു നേരിയ ശബ്ദം പൊന്തിയിരുന്നത്, ആ മനുഷ്യന്‍ ശ്വാസം കഴിക്കുന്നുണ്ടെന്നും മരിച്ചിട്ടില്ലെന്നും സൂചിപ്പിച്ചു. ഇപ്പോള്‍ അയാള്‍ നടക്കുന്ന വഴി ആദ്യത്തേതുപോലെ തന്നെ ഇടുങ്ങിയതല്ല. അയാള്‍ വളരെ ബുദ്ധിമുട്ടി അതിലേ മുന്‍പോട്ടു നടന്നു. തലേദിവസത്തെ മഴയുടെ വെള്ളം തികച്ചും പോയിക്കഴിഞ്ഞിട്ടില്ല; അടിയില്‍ നടുക്കായി ഒരു ചെറിയ നീര്‍ച്ചാലുണ്ടായിട്ടുണ്ട്; കാല്‍ വെള്ളത്തില്‍ നനയാതെ കഴിക്കാന്‍വേണ്ടി അയാള്‍ക്കു ചുമരോടു മുട്ടിനടക്കേണ്ടിവന്നു.

ഇങ്ങനെ അയാള്‍ ഇരുട്ടത്തു നടന്നു. അദൃശ്യതയില്‍ തപ്പിത്തടഞ്ഞു നടക്കുന്നവയും നിഴല്‍പാടിന്റെ ഞരമ്പുകളില്‍ ഭൂമിക്കടിയില്‍ ആണ്ടുമറയുന്നവയുമായ സത്ത്വങ്ങളെപ്പോലായി അയാള്‍.

എങ്കിലും, അല്പാല്പമായി, ദൂരത്തുള്ള കാറ്റിന്‍പഴുതുകള്‍ ഈ മങ്ങിയ ഇരുട്ടിനുള്ളിലേക്ക്, ഒരു നേര്‍ത്ത ചെറുവെളിച്ചത്തെ അയച്ചിരുന്നതുകൊണ്ടോ, അല്ലെക്കില്‍ ആ ഇരുട്ടുമായി അയാളുടെ കണ്ണുകള്‍ പരിചയപ്പെട്ടു എന്നതുകൊണ്ടോ, അയാളുടെ അന്ധതയ്ക്കു കുറവു കിട്ടി; താന്‍ തപ്പിനോക്കിയിരുന്ന ചുമരുകളുടേയും നടന്നുപോയിരുന്ന നിലവറയുടേയും മട്ട് അയാള്‍ക്കു കുറേശ്ശ മനസ്സിലാവാന്‍ തുടങ്ങി. ഇരുട്ടത്തു കൃഷ്ണമണികള്‍ വലുപ്പംവെയ്ക്കുന്നു; കഷ്ടപ്പാടില്‍ ആത്മാവു വലുപ്പംവെയ്ക്കുന്നു; ഒടുവില്‍ അവിടെ ഈശ്വരനെ കണ്ടെത്തുന്ന തില്‍ ചെന്നവസാനിക്കുന്നു.

അയാളുടെ വഴി തിരിച്ചുകൊണ്ടുപോവുക എളുപ്പമല്ലായിരുന്നു.

മുകളിലുള്ള തെരുവുകളുടെ ക്രമം ഓവുചാലിന്റെ ക്രമത്തില്‍ മാറ്റൊലിക്കൊള്ളുന്നുണ്ട് എന്നു പറയാം. അന്നു പാരിസ്സില്‍ രണ്ടായിരത്തിരുന്നൂറു തെരുവുകളുണ്ടായിരുന്നു. ഓവുചാല്‍ എന്നു പറയപ്പെടുന്ന ആ ഉരുണ്ട കൊമ്പിന്‍കാടുകൾക്കടിയില്‍ സ്വയം എത്തിയിരിക്കുന്നതായി വായനക്കാര്‍ സങ്കല്‍പിക്കട്ടെ. അന്നത്തെ കാലത്തുള്ള ഓവുചാല്‍ ഒന്നിന്റെ അറ്റത്തോടു മറ്റൊന്നിന്റെയായി കൂട്ടിവെച്ചാല്‍ മുപ്പത്തിമൂന്നു നാഴികയോളം ചെല്ലും. വാസ്തവത്തിലുള്ള ഓവുചാല്‍ വലപ്പണിക്കു—കഴിഞ്ഞ മുപ്പതു കൊല്ലത്തെ പ്രയത്നത്തിനു നാം നന്ദിപറയുക—ഇപ്പോള്‍ നൂറ്റെണ്‍പതു നാഴികയില്‍നിന്ന് ഒട്ടും കുറച്ചല്ല നീളമുള്ളൂ എന്നു ഞങ്ങള്‍ പറകയുണ്ടായി.

ഴാങ് വാല്‍ഴാങ്ങിന് ആദ്യത്തില്‍ത്തന്നെ ഒരബദ്ധം പറ്റി. അയാളുടെ ധാരണതാന്‍ റ്യു സാങ്ദെനിയുടെ അടിയിലാണെന്നായിരുന്നു; ഗ്രഹപ്പിഴയ്ക്ക് അതു ശരിയല്ല. റ്യു സാങ്ദെനിയുടെ അടിയില്‍ പതിമ്മൂന്നാം ലൂയിയുടെ കാലത്തുള്ള ഒരു പഴയ കല്ലോവുചാലുണ്ട്. അതു പഴയ കൂര്‍ദെമിറക്ടിന്റെ ഉയരത്തില്‍ വലതുവശത്ത് ഒരൊറ്റ വളവു മാത്രവും നാലു കൈവഴികള്‍ക്കൂടി ഒരു കുരിശു വരയ്ക്കുന്ന സാങ്മര്‍താങ് ചാലെന്ന ഒരൊറ്റ ശാഖയുംമാത്രം കൈക്കൊണ്ടു വമ്പിച്ച ഓവുചാല്‍ എന്നുപേരുള്ള നീര്‍ശ്ശേഖരിപ്പുതളത്തില്‍ നേരെ ചെന്നുചേരുന്നു. പക്ഷേ, കൊരിന്ത് വീഞ്ഞുകടയുടെ ആ പ്രദേശത്തു പ്രവേശദ്വാരമുള്ളതായ പെതിത് ത്രുവാങ്ദെറിയിലെ നീര്‍ച്ചാല്‍ റ്യു സാങ്ദെനിയിലെ ഓവുചാലിലേക്ക് ഒരിക്കലും ചെന്നുചേരുന്നില്ല; അതു മൊങ്മാർതൃയ ഓവുചാലില്‍ച്ചെന്നവസാനിച്ചിരുന്നു; അവിടെയാണ് ഴാങ് വാല്‍ഴാങ് അപ്പോള്‍ ചെന്നു കുടുങ്ങിയിരുന്നത്. അവിടെ ആളുകള്‍ക്കു വഴിതെറ്റാന്‍ ധാരാളം കാരണമുണ്ട്. മൊങ്മാര്‍തൃ ഓവുചാല്‍ പഴയ വലപ്പണിയുടെ ഏറ്റവും കലശലായ വിഷമതകളില്‍ ഒന്നാണ്. ഭാഗത്തിനു, മീതെയക്കുമീതേ ചേര്‍ത്തടക്കിയ ഒരുപാടു തത്തച്ചെക്കകളുടെ ആകൃതിയുള്ള ചന്തകളിലെ ഓവുചാല്‍ അയാളുടെ പിന്നില്‍പ്പെട്ടിരുന്നു; പക്ഷേ, അയാള്‍ക്കു മുന്‍പിലും ഒന്നിലധികം ബുദ്ധിമുട്ടുകളുണ്ടായിരുന്നു—ഇരുട്ടത്ത് ഓരോ ചോദ്യചിഹ്നംപോലെ വന്നുനില്ക്കുന്ന ഒന്നിലധികം തെരുവുമൂലകള്‍; ഒന്നാമത് ഇടതുവശത്ത് ഒരുതരം ലാടച്ചങ്ങലപോലെ തപാലാപ്പീസിന്റെ അടിയില്‍വെച്ചും കോതമ്പച്ചന്തയുടെ അടിയില്‍വെച്ചും പല T(ടി) കളും Z(സെഡി)കളുമായി കെട്ടിപ്പിണഞ്ഞു സെയിന്‍ നദിവരെ എത്തി, അവിടെവെച്ചു ഒരു Y(വൈ) ആയി അവസാനിക്കുന്നതുമായ പ്ലാത്രിയേറിലെ കൂറ്റന്‍ ഓവുചാല്‍; രണ്ടാമത്, വലതുവശത്ത് അടഞ്ഞ മുറ്റങ്ങളായ മൂന്നു പല്ലുകളോടുകൂടിയ റ്യു ദ്യു ക്രദാനിലെ വളയനിടനാഴി; മൂന്നാമത്, ഇടതു വശത്തു, തുടങ്ങുമ്പോള്‍ത്തന്നെ ഒരുതരം മുള്ളുകൊണ്ടു തകരാറു പിടിച്ചതും എല്ലാ ഭാഗത്തേക്കും മുറിഞ്ഞും ചെനച്ചംവെച്ചും ലുവ്രിലെ പുറത്തേക്കുള്ള പഴുതിലെ വലിയ നിലവറയില്‍ച്ചെന്നു വളഞ്ഞുതിരിഞ്ഞവസാനിക്കുന്നതുമായ മെയിയൂടെ ശാഖ: ഒടുവില്‍ വേണ്ടിടത്തോളം ദൂരത്തുചെന്നു രക്ഷപ്രാപിക്കണമെങ്കില്‍ വേറേ യാതൊരു മാര്‍ഗ്ഗവുമില്ലാത്ത ഓവുചാല്‍ നടുക്കെട്ടില്‍ ചെന്നുചേരുന്നതിനു മുന്‍പ് അവിടവിടെയുള്ള ചെറുകുഴലുകളൊന്നും കണക്കാക്കാതെ റ്യു ദെ ഴെന്യുറിലുള്ള അടഞ്ഞ വഴിയും.

ഞങ്ങള്‍ ഇവിടെ സൂചിപ്പിച്ചതിനെപ്പറ്റിയെല്ലാം ഴാങ് വാല്‍ഴാങ്ങിനു വല്ല അറിവുമുണ്ടായിരുന്നുവെങ്കില്‍, ചുമര്‍ തൊട്ടുനോക്കിയതുകൊണ്ടുതന്നെ താന്‍ റ്യു സാങദെനിയിലെ ഭൂഗര്‍ഭക്കല്പടയിലല്ല ചെന്നുപെട്ടിട്ടുള്ളതെന്നു ക്ഷണത്തില്‍ മനസ്സിലായേനേ, പഴയ കല്ലിനു പകരം, ഒരാള്‍ നീളത്തിന് എണ്ണൂറു ലിവര്‍ ചെലവു വരുന്ന കരിങ്കല്ലും കുമ്മായവും ചേര്‍ത്തുള്ള പാതവിരിയോടുകുടി ഓവുചാലിൽപ്പോലും അന്തസ്സിലും ധാടിയിലുമുള്ള പുരാതന ശില്പവിദ്യയുടെ സ്ഥാനത്ത്, അയാള്‍ തൊടുന്നത് അക്കാലത്തെ ചെലവു കുറവിന്മേലായിരുന്നു— മിതവ്യയ സാമര്‍ത്ഥൃത്തിന്മേലായിരുന്നു. വാരയ്ക്ക് 200 ഫ്രാങ്ക് വരുമാറു കോണ്‍ക്രീറ്റുകൊണ്ടുള്ള അടിപ്പണിയില്‍ കുമ്മായം തേച്ച മുരട്ടുകല്ലിന്മേലായിരുന്നു; പക്ഷേ, ഇതൊന്നും അയാള്‍ക്കറിവില്ല.

അയാള്‍ ഉല്‍ക്കണ്ഠയോടും എന്നാല്‍ ശാന്തതയോടുംകൂടി, യാതൊന്നും കാണാതെ, യാതൊന്നും മനസ്സിലാവാതെ, യദൃച്ഛാസംഭവത്തില്‍ കുഴിച്ചുമൂടപ്പെട്ട്, എന്നുവെച്ചാല്‍ ഈശ്വരനില്‍ ആണ്ടുമുങ്ങി, മുന്‍പോട്ടു നടന്നു.

പതുക്കെക്കൊണ്ട് ഒരുതരം ഭയം അയാളെ ബാധിച്ചു എന്നു ഞങ്ങള്‍ സമ്മതിക്കട്ടെ. അയാളെ ചുറ്റിയിരുന്ന അന്ധകാരം അയാളുടെ ആത്മാവിലേക്കു തുളച്ചുകടന്നു. അയാള്‍ ഒരു കടങ്കഥയില്‍ സഞ്ചരിക്കുകയായി. ഈ ഓവുചാല്‍ ഭയങ്കരമായിരുന്നു; അതു തലചുറ്റിക്കുന്ന വിധത്തില്‍ കൂടിപ്പിണയുന്നു. നിഴല്പാടുകളുടേതായ ഈ പാരിസ്സില്‍ കുടുങ്ങിപ്പോകുക എന്നതു വൃസനകരമാണ്. ഴാങ് വാല്‍ഴാങ്ങിനു തന്റെ വഴി കാണാതെതന്നെ നിശ്ചയിക്കുകയും ഉണ്ടാക്കിത്തീര്‍ക്കുകയും വേണമെന്നായി. ഈ അജ്ഞാതത്വത്തില്‍, അയാളുടെ ഓരോ കാല്‍വെപ്പും അവസാനത്തെ കാല്‍വെപ്പായിരുന്നു എന്നു വരാം. എങ്ങനെ പുറത്തു കടക്കുന്നു: വല്ല പഴുതും കണ്ടെത്തുമോ? വേണ്ട സമയത്താകുമോ കാണുക? കല്ലുപൊത്തുകളോടുകൂടിയ ആ ഭൂഗര്‍ഭത്തിലെ പടുകുറ്റന്‍ ’സ്പഞ്ച്’ തുളച്ചുകയറി അപ്പുറത്തേക്കു കടക്കാൻ കഴിയുമോ? അവിടേയും ഇരുട്ടത്തു വല്ല അപ്രതീക്ഷിതക്കുടുക്കും താന്‍ എത്തിമുട്ടുമോ? വിട്ടുപോരാന്‍ വയ്യാത്തതും കടന്നുപോവാന്‍ കഴിവില്ലാത്തതുമായ വല്ലതിലും ചെന്നു പെട്ടേക്കുമോ? മരിയുസ് അവിടെവെച്ചു രക്തവാര്‍ച്ചകൊണ്ടും താന്‍ വിശപ്പുകൊണ്ടും ചത്തുപോവുമെന്നുണ്ടോ? രണ്ടുപേരുടെയും കഥ തീരുകയും ആ രാത്രിയുടെ ഒരു മൂലയ്ക്കു രണ്ടു കങ്കാളങ്ങളെ സമ്പാദിച്ചുകൊടുക്കുകയും ചെയ്തു കാര്യം അവസാനിക്കുമെന്നുണ്ടോ? അയാള്‍ക്കറിഞ്ഞുകൂടാ. ഉത്തരമൊന്നുമില്ലാതെ ഈ ചോദ്യങ്ങളൊക്കെ അയാള്‍ സ്വയം ചോദിച്ചു. പാരിസ്സിന്റെ കുടര്‍മാല ഒരഗാധകുണ്ഡമാവാന്‍ പോവുന്നു. അവതാര പുരുഷനെപ്പോലെ അയാള്‍ രാക്ഷസന്റെ വയറ്റില്‍പ്പെട്ടു.

പെട്ടെന്ന് ഒരത്ഭുതം. തീരെ അപ്രതീക്ഷിതമായ സമയത്തു, നേരേ നടന്നിരുന്നത് ഒട്ടും നിര്‍ത്താതെയിരിക്കെ, അയാള്‍ മേല്പോട്ടു പോവുകയല്ല ചെയുന്നതെന്നറിവായി; ചെറുപുഴയില്‍നിന്നുള്ള വെള്ളം പെരുവിരലിന്മേല്‍ വന്നുകൊള്ളേണ്ടതിനു പകരം മടമ്പത്ത് വന്നടിക്കാന്‍ തുടങ്ങി. ഓവുചാല്‍ കീഴ്പോട്ടിറങ്ങുകയാണ്. എങ്ങനെ? അയാള്‍ പെട്ടെന്ന് സെയിന്‍നദിയുടെ മുന്‍പില്‍ച്ചെന്നുപെടാന്‍ ഭാവമാണോ? ഈ അപകടം വലിയതാണ്; പക്ഷേ, തിരിച്ചുപോവുക എന്നത് ഒരിക്കലും അപായകരം. അയാള്‍ മുന്‍പോട്ടുതന്നെ നടന്നു.

അയാള്‍ പോയിരുന്നതു സെയിന്‍നദിയിലേക്കല്ല. അതിന്റെ വലത്തേ കരയില്‍വെച്ചു പാരിസ്സിന്റെ നിലത്തിനുള്ള തിണ്ട് അതിന്റെ വെള്ളത്തൊട്ടികളില്‍ ഒന്നു സെയിന്‍നദിയിലേക്കും മറ്റേതു ഓവുചാലിലേക്കുമാണ് ഒഴിച്ചിരുന്നത്. വെള്ളത്തിന്റെ തിരിവു തീര്‍ച്ചപ്പെടുത്തുന്ന ഈ തിണ്ടിനോ മുകള്‍ഭാഗം ഒരു ക്രമമില്ലാത്ത നിലയിലാണ്, വെള്ളക്കുത്തുകളെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചുവിടുന്ന ആ അത്യുച്ചസ്ഥിതി റ്യു മിഷേല്‍ ല്‍ കൊംതിന്റെ അപ്പുറത്തു സാങ്ത് അവ്യാ ഓവുചാലിലും, നടക്കാവുകള്‍ക്കടുത്തുള്ള ലുവൃ ഓവുചാലിലും, ഹാലിന്നടുത്തുള്ള മൊങ്മാര്‍തൃഓവുചാലിലുമാണ്. ഈ അത്യുച്ചസ്ഥിതിയിലാണ് ഴാങ് വാല്‍ഴാങ് അപ്പോള്‍ എത്തിയിരുന്നത്, അയാള്‍ ഓവുചാല്‍ നടുക്കെട്ടിലേക്കുള്ള പോക്കാണ്; അയാളുടെ വഴി ശരിയാണ്. പക്ഷേ, അയാള്‍ക്കതറിഞ്ഞുകുടാ.

ഓരോ ശാഖയും കണ്ടെത്തുമ്പോള്‍ അയാള്‍ അതിന്റെ മൂല തപ്പിനോക്കും; അയാള്‍ നടക്കുന്ന വഴിയേക്കാള്‍ ആ കണ്ടെത്തിയ പഴുത് ഇടുങ്ങിയതായി കണ്ടാൽ, അങ്ങോട്ടു കടക്കാതെ നേരെ മുന്‍പോട്ടു പോവും; ഓരോ ഇടുങ്ങിയ വഴിയും അടഞ്ഞ നടയിലേക്കുള്ളതാവണമെന്ന് അയാള്‍ കരുതി—അതു ശരിയുമാണ്; അത് അയാള്‍ക്കെത്തേണ്ട ദിക്കില്‍നിന്ന് എന്നുവെച്ചാല്‍ പുറത്തേക്കു കടക്കാനുള്ള പഴുതില്‍നിന്ന്, അയാളെ അകറ്റുന്നതായിരിക്കും. അങ്ങനെ ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പറകയുണ്ടായ നാലു വിഷമതകള്‍കൂടി ഇരുട്ടത്തു ശരിപ്പെടുത്തിവെച്ചിരുന്ന നാന്മടങ്ങു കെണിയില്‍ അയാള്‍ പെടാതെ കഴിഞ്ഞു.

ഒരിടത്തായപ്പോള്‍, ലഹള കാരണം കല്ലച്ചു പോയിട്ടുള്ളതും വഴിക്കോട്ടകള്‍ രക്തപരിസരണത്തെ നിര്‍ത്തിക്കളഞ്ഞതുമായ പാരിസ്സിന്റെ ആ ഭാഗത്തുനിന്നു കടന്നു, താന്‍ ജീവനുള്ളതും കേടില്ലാത്തതുമായ പാരിസ്സിന്റെ അടിയില്‍ എത്തിയിരിക്കുന്നു എന്ന് അയാള്‍ക്കു തോന്നി. തലയ്ക്കു മുകളില്‍ പെട്ടെന്നു ദുരത്തു നിന്നെങ്കിലും ഇളവില്ലാതെ ഇടിപോലെയുള്ള ഒരു മുഴക്കം കേട്ടു. അതു വാഹനങ്ങളുടെ പാച്ചിലൊച്ചയായിരുന്നു.

അയാള്‍ ഒരരമണിക്കൂര്‍ നേരമായി നടക്കുന്നു അയാളുടെ മനസ്സിലുള്ള ഒരേകദേശക്കണക്കുപ്രകാരം; അതിനുള്ളില്‍ അല്പസമയവും വിശ്രമിക്കുകയുണ്ടായിട്ടില്ല; മരിയുസ്സിനെ പിടിച്ചിട്ടുള്ള കൈയൊന്നു മാറ്റുകമാത്രം ചെയ്തിട്ടുണ്ട്. ഇരുട്ടിന്റെ അഗാധതയ്ക്ക് ഒരു കുറവുമില്ല; പക്ഷേ, ആ ആഴം അയാളെ ധൈര്യപ്പെടുത്തി.

പെട്ടെന്ന് അയാള്‍ തന്റെ നിഴല്‍ മുന്‍പില്‍ക്കണ്ടു. അതു നേര്‍ത്തതും ഏതാണ്ടു അസപഷടവുമായ ഒരു ചുകപ്പുവര്‍ണ്ണത്തിലാണ് എഴുതപ്പെട്ടിരുന്നത്; ഈ നിറം അടിയിലുള്ള നിലത്തും. മുകളിലേ തട്ടിന്മേലും, ഇടംവലം വശങ്ങളിലുമുള്ള രണ്ടു ഒട്ടലുള്ള ചുമരിന്മേലും, എല്ലാം വ്യാപിച്ചിട്ടുണ്ട്. അമ്പരന്നുപോയി അയാള്‍ തിരിഞ്ഞുനോക്കി.

അയാള്‍ക്കു പിന്നില്‍, അപ്പോള്‍ത്തന്നെ പിന്നിട്ടുപോന്ന വഴിയില്‍ അപാരമെന്ന് അയാള്‍ക്കു തോന്നിയ അത്രയും അകലത്തായി, കട്ടപിടിച്ച അന്ധകാരത്തെ കുത്തിത്തുളച്ച്, അയാളെ നോക്കിപ്പഠിക്കുകയാണെന്ന ഭാവത്തിലുള്ള ഒരുതരം ഭയങ്കരനക്ഷത്രം തിളങ്ങിയിരുന്നു.

അത് ഓവുചാലില്‍ ഉദിച്ച പൊല്ലീസ്സിന്റെ വ്യസനകരമായ വിളക്കുനക്ഷത്രമായിരുന്നു.

ആ നക്ഷത്രത്തിനു പിന്നില്‍, കറുത്തു, നിവര്‍ന്നു, അസ്പഷ്ടമായി. ഭയങ്കരമായി, എട്ടോ പത്തോ രൂപങ്ങള്‍ സമ്മിശ്രമായ വിധത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നുണ്ട്.

5.1.2
വിവരണം

ജൂണ്‍മാസം 6-ാം ഓവുചാലിലെങ്ങും ഒരു കാടുതെളി നടത്താന്‍ കല്പന കിട്ടി. തോറ്റോടുന്നവന്‍ അതിനുള്ളില്‍ച്ചെന്നു രക്ഷപ്രാപിച്ചിട്ടുണ്ടെങ്കിലോ എന്നു ശങ്ക ജനിച്ചു; ജെനറല്‍ ബ്യൂഴോ വെളിച്ചത്തുള്ള പാരിസ് അടിച്ചുവാരുന്നതോടു കൂടി പൊല്ലീസ് മേലധ്യക്ഷന്‍ ഗിസ്കെ ഉരുട്ടത്തുള്ള പാരിസ്സും തിരിഞ്ഞുനോക്കുവാന്‍ ആരംഭിച്ചു; ഭരണശക്തിക്കു ഒരിരട്ടയുക്തി ആവശ്യമാക്കിയ ആ ഇരട്ടപ്രയോഗം മുകളില്‍ പട്ടാളക്കാരായും ചുവട്ടില്‍ പൊല്ലീസ്സുകാരായും ഒപ്പം പ്രത്യക്ഷീഭവിച്ചു. പൊല്ലീസ്സുകാരും ഓവുചാല്പണിക്കാരും കൂടിയുള്ള മൂന്നു ചെറുസൈന്യങ്ങള്‍ പാരിസ്സിന്റെ അടിയിലുള്ള കുപ്പക്കുഴി തോണ്ടിനോക്കുകയായി; ഒന്നു വലത്തേ വക്കിനേയും മറ്റൊന്ന് ഇടത്തേ വക്കിനേയും മുന്നാമത്തേതു നഗരത്തേയും പരീക്ഷണം ചെയ്തു. പൊല്ലീസ്സുകാര്‍ ചെറുതോക്കുകളും ഗദകളും വാളുകളും കട്ടാരങ്ങളും കൈയില്‍ വെച്ചിരുന്നു.

അസ്സമയത്തു ഴാങ് വാല്‍ഴാങ്ങിന്റെ നേര്‍ക്കു ചെന്നത് വലത്തേ വക്കിലെ പാറാവുകാരുടെ റാന്തല്‍വെളിച്ചമാണ്.

ഈ പാറാവുകാര്‍ റ്യു ദ്യു കദ്രാനിന്നടിയിലുള്ള വളയന്‍കല്‍പടയും മൂന്നു അടഞ്ഞ നടകളും നോക്കിക്കഴിഞ്ഞു. ആ അടഞ്ഞ നടവഴികളിലൂടെ റാന്തല്‍ നടത്തിയിരുന്നപ്പോളാണ്, കല്പടയിലേക്കുള്ള പ്രവേശനപ്പഴുതു ഴാങ് വാല്‍ഴാങ് കാണുകയും അതു (പ്രധാനവഴിയെക്കാള്‍ ഇടുങ്ങിയതാണെന്നുകണ്ട് അങ്ങോട്ടു കടക്കാതിരിക്കുകയും ചെയ്തത്. അയാള്‍ നേരെ പോയി. റ്യൂ കദ്രാനില്‍നിന്നു കടന്നപ്പോള്‍ അടിയില്‍നിന്നു കാല്പെരുമാറ്റം കേള്‍ക്കാനുണ്ടെന്നു പൊല്ലീസ്സുകാര്‍ക്കു തോന്നി. അതു വാസ്തവത്തില്‍ ഴാങ് വാല്‍ഴാങ്ങിന്റെയായിരുന്നു. ആ പാറാവുസംഘത്തിന്റെ നേതാവായ സര്‍ജ്ജന്റുദ്യോഗസ്ഥന്‍ തന്റെ റാന്തല്‍ പൊന്തിച്ചു; കൂടെയുള്ള സൈന്യം ആ ഒച്ച കേട്ട ഭാഗത്തേക്ക് ഉരുട്ടിലൂടെ സൂക്ഷിച്ചു നോക്കാന്‍ തുടങ്ങി.

ഇതു ഴാങ് വാല്‍ഴാങ്ങിനെ സംബന്ധിച്ചേടത്തോളം ഒരനിര്‍വചനീയ ഘട്ടമായിരുന്നു.

ഭാഗ്യത്തിന്, അയാള്‍ റാന്തല്‍ നല്ലവണ്ണം കണ്ടുവെങ്കിലും റാന്തല്‍ അയാളെ ഒരു വിധമേ കണ്ടുള്ളു. അതു വെളിച്ചമായിരുന്നു. അയാള്‍ നിഴലും. അയാള്‍ ദൂരത്തായിരുന്നു; അയാള്‍ ആ പ്രദേശത്തുള്ള ഇരുട്ടില്‍ ലയിച്ചു, അയാള്‍ ചുമരിനെ പിടിച്ചുപൂട്ടി അനങ്ങാതെ നിന്നു. എന്നല്ല, അയാളുടെ പിന്നില്‍ അനങ്ങിയിരുന്ന വസ്തുക്കളെന്താണെന്ന് അയാള്‍ ധരിച്ചില്ല. ഉറക്കവും ഭക്ഷണവുമില്ലായ്മയും വികാരങ്ങളുടെ ആവേഗവും കൂടി അയാളെ ഒരു മനോരാജ്യക്കാരനാക്കിത്തീര്‍ത്തിരുന്നു. അയാള്‍ ഒരു വെളിച്ചം കണ്ടു; ആ വെളിച്ചത്തിനു ചുറ്റും ചില രൂപങ്ങളും. അതെന്തായിരുന്നു? അയാള്‍ക്കു മനസ്സിലായില്ല.

ഴാങ് വാല്‍ഴാങ് അനങ്ങാതായപ്പോള്‍ ശബ്ദം നിന്നു.

പാറാവുകാര്‍ ചെവിയോര്‍ത്തു നോക്കി—ഒന്നും കേള്‍ക്കാനില്ല; അവര്‍ സൂക്ഷിച്ചു നോക്കി—ഒന്നും കാണാനില്ല. അവര്‍ കൂടിയാലോചിച്ചു.

അക്കാലത്തു മൊങ്മാര്‍തൃ ഓവുചാലിന്റെ ആ ഭാഗത്തു പണിയില്‍നിന്നു വിട്ടത് എന്നു പേരുള്ള ഒരു നാല്‍ക്കൂട്ടവഴിയുണ്ടായിരുന്നു; മഴവെള്ളം മുഴുവനും കുടിച്ചുതീര്‍ക്കുന്ന ഒരു ചെറിയ കുളം അവിടെയുണ്ടായിത്തീരുന്നു എന്നുവെച്ച് അത് പിന്നീട് അടച്ചുകളയപ്പെട്ടു. പാറാവുകാര്‍ ആ വെളിസ്ഥലത്തു യോഗംകൂടി. ആ രൂപങ്ങള്‍ ഒരു വട്ടം വരച്ചിരുന്നതായി ഴാങ് വാല്‍ഴാങ് കണ്ടു. ആ നായാട്ടു നായ്ക്കള്‍ അന്യോന്യം അടുത്തു മുട്ടിനിന്ന് എന്തോ മന്ത്രിച്ചു.

നായാട്ടുനായ്ക്കളുടെ കൂടിയാലോചനയില്‍നിന്നുണ്ടായ തീര്‍പ്പു തങ്ങളുടെ വഴി പിഴച്ചുപോയിയെന്നും, ഒരൊച്ചയും കേള്‍ക്കുകയുണ്ടായിട്ടില്ലെന്നും, ഓവുചാല്‍ വലക്കെട്ടില്‍ കുടുങ്ങിപ്പോയിട്ട് ആവശ്യമില്ലെന്നും അതു വെറുതേ സമയം കളകയാണെന്നും, നേരെ സാങ്മെറിയിലേക്കു വെച്ചടിക്കുകയാണ് അത്യാവശ്യമെന്നും, പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതും, മണത്തറിയാന്‍ വല്ല പോക്കിരിയുമുണ്ടെങ്കില്‍ അതും അവിടെയാണെന്നും ആയിരുന്നു.

ഇടയ്ക്കിടയ്ക്ക് അതാതു കക്ഷിക്കാര്‍ തങ്ങളുടെ പഴയ ശകാരങ്ങളെ വീണ്ടും അടിത്തോല്‍ വെച്ചു നന്നാക്കുന്നു. 1832-ല്‍ പോക്കിരി എന്ന വാക്കു രാജദ്രോഹി എന്ന വാക്കിന്റേയും—അതപ്പോഴേക്കും പഴകിപ്പോയി— ജനത്തലവന്‍ എന്ന വാക്കിന്റേയും—അതു പിന്നിടു പല ഉപകാരങ്ങളും ചെയ്തിട്ടുണ്ട—ഇട കാണിക്കുന്നു.

മേലുദ്യോഗസ്ഥന്‍ ഇടത്തോട്ടു തിരിയാന്‍, സെയിന്‍ നദിയുടെ മുഖത്തേക്കുനടക്കാന്‍, കല്പനകൊടുത്തു.

അവര്‍ക്കു രണ്ടായിപ്പിരിഞ്ഞു രണ്ടു ഭാഗത്തേക്കും പോവാന്‍ തോന്നിയിരുന്നുവെങ്കില്‍ ഴാങ് വാല്‍ഴാങ് പിടിയിലായി. എല്ലാം തുങ്ങിനില്ക്കുന്നത് ആ ചരടിന്മേലാണ്. ലഹളക്കാര്‍ ആയുധധാരികളായിരിക്കാനും യുദ്ധംതന്നെ ഉണ്ടായേയ്ക്കാനും വഴിയുണ്ടെന്നു മുന്‍കൂട്ടിക്കണ്ടു പൊല്ലീസ് അധികാരികളില്‍നിന്നു പാറാവുസൈന്യം കുട്ടംപിരിഞ്ഞു പോകരുതെന്നു കല്പന കൊടുത്തിരുന്നു എന്നു വരാം. ഴാങ് വാല്‍ഴാങ്ങിനെ പിന്നിലിട്ടു പൊല്ലീസ്സുകാര്‍ നടന്നു. ഴാങ് വാല്‍ ഴാങ്ങിനു റാന്തല്‍ പിന്നോക്കം തിരിഞ്ഞുമറഞ്ഞു എന്നല്ലാതെ മറ്റവിടെ കഴിഞ്ഞതൊന്നും മനസ്സിലായിരുന്നില്ല.

മടങ്ങിപ്പോവുന്നതിനു മുന്‍പായി സര്‍ജ്ജന്റുദ്യോഗസ്ഥന്‍ തന്റെ പൊല്ലീസ് മനസ്സാക്ഷിയുടെ ഭാരം തീര്‍ക്കാന്‍വേണ്ടി ഴാങ് വാല്‍ഴാങ്ങുള്ള ആ ഭാഗത്തേക്കു തന്റെ തോക്കൊഴിച്ചു. ആ ശബ്ദം നിലവറയ്ക്കുള്ളില്‍ ആ പടുകൂറ്റന്‍കുടര്‍മാലയിലെ തിളപോലെ മാറ്റൊലിക്കൊണ്ടു പാഞ്ഞു. ഴാങ് വാല്‍ഴാങ്ങുള്ളതിന്റെ കുറച്ചു ദൂരത്തായി ഒരു കുമ്മായക്കഷ്ണം അടര്‍ന്നുവീണു വെള്ളത്തില്‍ ചപ്പിളികൊട്ടി’യതില്‍നിന്നു വെടിയുണ്ട അയാളുടെ തലയ്ക്കു മുകളിലുള്ള കമാനത്തട്ടിന്മേലാണ് ചെന്നുകൊണ്ടതെന്നു മനസ്സിലായി.

മരപ്പണിയിലൂടെ കുറച്ചു നേരത്തേക്കു പതുക്കെ ക്രമത്തോടുകൂടി കാല്‍വെപ്പുശബ്ദം മാറ്റൊലിക്കൊണ്ടു; ഒടുവില്‍ അതു ദൂരത്തെത്തി, കേള്‍ക്കാതായി; ആ കറുത്ത രൂപങ്ങളുടെ കൂട്ടം അപ്രത്യക്ഷമായി. നിലവറയിലെങ്ങും ക്രമത്തില്‍ നേര്‍ത്തുപോകുന്ന ഒരു തുടുത്ത നിറം വ്യാപിക്കെ, ഒരു പ്രകാശനാളം ആടിയും മറിഞ്ഞും നിന്ന്, ഒടുവില്‍ മറഞ്ഞുകളഞ്ഞു; ഒരിക്കല്‍ക്കൂടി നിശ്ശബ്ദതയ്ക്കു കനംവെച്ചു; ഇരുട്ടു പൂര്‍ണ്ണമായി, അന്ധതയും ബധിരതയും ആ നിഴല്പാടുകളെ വിണ്ടും കീഴടക്കി; അപ്പോഴും അനങ്ങാന്‍ ധൈര്യം വന്നിട്ടില്ലാത്ത ഴാങ് വാല്‍ഴാങ് ചുമരിന്മേലേക്കു പുറംചാരി ചെവിയോര്‍ത്തു, വലുപ്പം വെയ്ക്കുന്ന കൃഷ്ണമണികളോടുകൂടി, ആ പാറാവു സൈന്യപ്രേതം മറയുന്നതിനെ സൂക്ഷിച്ചുനോക്കി, വളരെ നേരം നിന്നനിലയില്‍ നിന്നു.

5.1.3
പിരിമുറുക്കിയ’ ആള്‍

ഏറ്റവും സഗൗരവങ്ങളായ സന്ദര്‍ഭങ്ങളിലും അക്കാലത്തെ പൊല്ലീസ്സുകാര്‍ ഓവുചാലുകളേയും കാവലിനേയും സംബന്ധിച്ചേടത്തോളമുള്ള തങ്ങളുടെ ജോലി ക്ഷോഭരഹിതമായി നിര്‍വ്വഹിച്ചുപോന്നു എന്നു ഞങ്ങള്‍ അവരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഒരു ലഹളശിക്ഷാര്‍ഹന്മാരെ തോന്നിയവിധം പായാന്‍ വിടുന്നതിനും, ഭരണാധികാരം അപകടത്തിലാണെന്നുള്ളതു സമുദായത്തിന്റെ കാര്യം നോക്കാതിരിക്കുന്നതിനും ഒരു ഞായമായി അവര്‍ കരുതിയിരുന്നില്ല. അസാധാരണപ്രവൃത്തിയോടുകൂടിത്തന്നെ സാധാരണപ്രവൃത്തിയും നിര്‍വ്വഹിക്കപ്പെട്ടു, അല്ലാതെ ആദ്യത്തതു പിന്നത്തതിനു തടസ്സമായിരുന്നില്ല. തുടങ്ങിക്കഴിഞ്ഞ അപ്രതീക്ഷിത രാഷ്ട്രീയസംഭവത്തിന്റെ മധ്യേവെച്ചാണ്, ഒരു ഭാവി ഭരണപരിവര്‍ത്തനത്തിന്റെ ഇടയ്ക്കുവെച്ചുതന്നെയാണ്, ഒരു പൊല്ലീസ്സുകാരന്‍ ലഹള കൊണ്ടും വഴിക്കോട്ടകള്‍കൊണ്ടും ശ്രദ്ധ മറ്റൊരിടത്തേക്കു തിരിയാന്‍ സമ്മതിക്കാതെ ഒരു കള്ളനെ “പിരിമുറുക്കിയത്.’

ഇങ്ങിനെയൊന്നാണ് വാസ്തവത്തില്‍ ജൂണ്‍മാസം 6-ാംന് ഉച്ചയ്ക്കു സെയിന്‍ നദിയുടെ വക്കത്തു വലതുവശത്തെ ചാമ്പ്രയില്‍, ലീദിന്റെ കുറച്ചകലെവെച്ചുണ്ടായത്

ഇപ്പോള്‍ ആ സ്ഥലത്തു പുഴവക്കേ ഇല്ലാതായിരിക്കുന്നു. ആ പ്രദേശത്തിന്റെ ആകൃതി തീരെ മാറിപ്പോയി.

ആ പുഴവക്കില്‍ കുറേ അകലം വിട്ട് അന്യോന്യം കാണാതെ കഴിക്കുവാന്‍ നോക്കുന്നുണ്ടെങ്കിലും അന്യോന്യം സൂക്ഷിച്ചുനോക്കിക്കൊണ്ടു രണ്ടു പേരുണ്ടായിരുന്നു. മുന്‍പിലുള്ള ആള്‍ ചാടിപ്പോവാനും പിന്നിലുള്ള ആള്‍ മറ്റെയാളെ തേടിപ്പിടിക്കാനും നോക്കുകയാണ്.

ദൂരത്തുവെച്ചു മിണ്ടാതെ ചതുരംഗം കളിക്കുന്ന രണ്ടുപേരുടെ മട്ടുണ്ട് അവര്‍ക്ക്. രണ്ടുപേർക്കും ഒട്ടും തിടുക്കമുണ്ടെന്നു തോന്നുകയില്ല; താന്‍ വേഗം നടന്നാല്‍ മറ്റെയാൾ കുറേക്കൂടി വേഗം നടന്നെങ്കിലോ എന്ന ഭയംകൊണ്ടെന്നപോലെ ഓരോരുത്തരും പതുക്കയേ പോയിരുന്നുള്ളു.

അതിന് ഇര പിടിക്കാന്‍ പിന്നാലെ ചെല്ലുന്ന ഒരാര്‍ത്തിയുടെ ഛായയുണ്ടെന്നു പറയാം; പക്ഷേ, ആ ഛായ കൂടാതെ കഴിക്കാന്‍ രണ്ടു സത്ത്വങ്ങളും മനഃപൂര്‍വം യത്നിക്കുന്നുമുണ്ട്. ഇര സൂത്രംകൂടിയതാണ്, നല്ലവണ്ണം കരുതിക്കൊണ്ടാണ് പെരുമാറുന്നത്.

നായാടപ്പെടുന്ന കോക്കാന്റേയും നായാടുന്ന നായയുടേയും മട്ടു ശരിക്ക് അവര്‍ നിലനിര്‍ത്തിവരുന്നുണ്ട്. ഓടി രക്ഷപ്പെടാന്‍ നോക്കുന്ന ആള്‍ ഒരു നിസ്സാര മട്ടുകാരനും കാഴ്ചയില്‍ ആളുകളുടെ ശ്രദ്ധയെ ആകര്‍ഷിക്കാത്തവനുമാണ്; അയാളെ പിടിക്കാന്‍ ചെല്ലുന്ന ആള്‍ കാഴ്ചയിലും, ഒരു സമയം ആ വിധംതന്നെ പ്രവൃത്തിയിലും നിഷ്ഠുരനായിരുന്നു.

ഒന്നാമത്തെ ആള്‍ക്കു താന്‍ അശക്തനാണെന്നു ബോധമുള്ളതുകൊണ്ട് അയാള്‍ രണ്ടാമത്തെ ആളെ ഒഴിഞ്ഞുവെയ്ക്കാന്‍ ശ്രമിച്ചിരുന്നു; പക്ഷേ, അയാള്‍ മറ്റെയാളെ ഒഴിഞ്ഞുവെച്ചിരുന്നത് തികച്ചും ക്രൗര്യത്തോടുകൂടിയാണ്; അയാളെ നോക്കിക്കണ്ടിട്ടുള്ളവരാരും ആ മനുഷ്യന്റെ നോട്ടത്തിലുള്ള ആ വിട്ടുമാറലിലെ കൊടുംശത്രുതയും ഭയപ്പാടിലെ എല്ലാ ഭീഷണിയും കാണാതെ വരില്ല.

പുഴവക്കു വിജനമായിരുന്നു; വഴിപോക്കരാരുമില്ല; അവിടവിടെ കരയ്ക്കു കെട്ടിക്കിടക്കുന്ന ചെറുതോണികളിലൊന്നിലും തോണിക്കാരനോ മഞ്ചുക്കാരനോ ഇല്ല.

എതിര്‍വശത്തുള്ള പാതാറില്‍നിന്നല്ലാതെ ഈ രണ്ടു പേരേയും കാണാന്‍ എളുപ്പമല്ല. ആ ദൂരത്തുവെച്ച് അവരെ നോക്കിക്കാണുന്ന ഒരാള്‍ക്കു മുന്‍പേ പോകുന്ന ആള്‍ രോമമെടുത്തു പിടിച്ചു, കീറത്തുണി മേലിലിട്ടു, സംശയിക്കത്തക്ക ഒരു സത്ത്വവും—ഒരു സ്ത്രീക്കുപ്പായത്തിന്റെ ഉള്ളില്‍ അതു തുള്ളുകയും വിറയ്ക്കുകയും ചെയ്യുന്നു, മറ്റേ ആള്‍ കവിളത്തുവെച്ചു കടുക്കിട്ട കുറുങ്കുപ്പായത്തോടു കൂടി ഉദ്യോഗസ്ഥവേഷത്തില്‍ ധാടിയും അന്തസ്സുമുള്ള ഒരാളുമാണ്.

ഒരുസമയം അടുത്തെത്തിക്കണ്ടിരുന്നുവെങ്കില്‍, വായനക്കാര്‍ ഈ രണ്ടുപേരേയും അറിഞ്ഞു എന്നു വരും.

എന്തായിരുന്നു രണ്ടാമത്തെ ആളുടെ ഉദ്ദേശ്യം?

ഒരുസമയം മുന്‍പേ പോകുന്ന മനുഷ്യനെ കുറേക്കൂടി ചുടുള്ള ഒരുടുപ്പിടുവിക്കുകയാവാം.

രാജ്യഭരണത്താല്‍ ഉടുപ്പിടുവിക്കപ്പെട്ട ഒരാള്‍ കീറത്തുണിയിലുള്ള മറ്റൊരാളുടെ പിന്നാലെ ചെല്ലുന്നതു കണ്ടാല്‍, അത് അയാളെയും രാജ്യഭരണത്തെക്കൊണ്ടുതന്നെ ഉടുപ്പിടുവിക്കാന്‍വേണ്ടിയാവണം. ഒന്നുമാത്രം. നിറത്തിലാണ് വ്യത്യാസമെല്ലാം കിടക്കുന്നത്. നീലനിറത്തിലുള്ള ഉടുപ്പു മാഹാത്മ്യമേറിയതാണ്; ചുകന്ന നിറത്തിലുള്ളത് രസമില്ലാത്തതും. [1]

നരകത്തില്‍നിന്നു വരുന്ന ഒരു സ്ഥാനവസ്ത്രമുണ്ട്.

എന്തോ രസമില്ലായ്മയും അത്തരത്തിലുള്ള എന്തോ സ്ഥാനവസ്ത്രവുമാവാം ഒന്നാമത്തെയാള്‍ കുടഞ്ഞുകളയാന്‍ നോക്കുന്നത്.

അയാളെ മറ്റെയാള്‍ നടക്കാന്‍ സമ്മതിക്കുകയും അതേവരെ പിടികൂടാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ആകപ്പാടെ നോക്കുമ്പോള്‍, ഏതോ ഒരുപായ സ്ഥലത്തേക്കു കൊണ്ടുപോവാനും പിടിക്കാന്‍ നല്ല ഒരു കൂട്ടത്തിലേക്കെത്തിക്കാനുമുള്ള ആഗ്രഹംകൊണ്ടാവണം, ഈ സൂത്രപ്പണിക്കാണ് ’പിരിമുറുക്കലെ ”ന്നു പേര്‍.

ഈ ഊഹം തികച്ചും ശരിയാക്കുന്ന മറ്റൊരു സംഭവം—ആ കവിള്‍വരെ കുപ്പായം കുടുക്കിയിട്ട മനുഷ്യന്‍ പുഴവക്കത്തുനിന്ന് ഒഴിഞ്ഞ ഒരു കൂലിവണ്ടി പാതാറിലൂടെ പോകുന്നതു കണ്ട്, വണ്ടിക്കാരനോട് ഒരാംഗ്യം കാണിച്ചു; വണ്ടിക്കാരന്ന് കാര്യം മനസ്സിലായി, ആ ആവശ്യപ്പെട്ട ആള്‍ ആരാണെന്നു കണ്ടറിഞ്ഞ്, വണ്ടി തിരിച്ചു. കാല്‍നടയുടെ വേഗത്തില്‍ ആ രണ്ടുപേരുടേയും പിന്നാലെ പോന്നു. ഇത് മുന്‍പേ പോയിരുന്ന ആ പതുങ്ങിക്കൊണ്ടും കീറത്തുണിയുടുപ്പിട്ടുമുള്ള മനുഷ്യന്‍ മനസ്സിലാക്കിയില്ല.

കൂലിവണ്ടി ഷാംസെലിസെയിലെ മരക്കുട്ടത്തിലൂടേ പോന്നു. കൈയില്‍ ചാട്ടു വാറോടുകൂടിയ വണ്ടിക്കാരന്റെ അരയ്ക്കു മുകള്‍ഭാഗം പാതാറിന്റെ ആള്‍മറയ്ക്കു മുകളിലൂടേ നീങ്ങിപ്പോകുന്നതു കാണാമായിരുന്നു.

പൊല്ലീസ് സൈന്യാധ്യക്ഷന്മാര്‍ കിങ്കരന്മാര്‍ക്കു നല്കുന്ന നിഗുഢാജ്ഞകളില്‍ ഒന്ന് ഇതാണ്; “അത്യാവശ്യമായി വരുമ്പോഴേക്കു പാകത്തില്‍ ഒരു കൂലിവണ്ടികൂടെ നിര്‍ത്തുക.’

ഈ രണ്ടുപേരും, യാതൊരു കുറവും പറയാനില്ലാത്ത സാമര്‍ത്ഥ്യത്തോടുകൂടി, യുക്തിപ്പയറ്റുകള്‍ കൊണ്ടുപിടിക്കെ, പുഴവക്കത്തേക്ക് ഇറങ്ങിച്ചെല്ലുന്ന പാതാറിലെ ഒരു ചാമ്പ്രസ്ഥലത്തെത്തി; പാരിസ്സില്‍നിന്നു വരുന്ന കുതിരവണ്ടിക്കാര്‍ക്കു തങ്ങളുടെ കുതിരകളെ പുഴയിലിറക്കി വെള്ളം കൊടുക്കാന്‍ അതൊരു സൗകര്യപ്പെട്ട സ്ഥലമായിരുന്നു. ഈ ചാമ്പ്രസ്ഥലം ഭംഗിക്കുവേണ്ടി പിന്നീട് കെട്ടിത്തൂര്‍ത്തു. കുതിരകള്‍ വെള്ളം ദഹിച്ചു ചത്താലും, കണ്ണിനു രസമായി.

സ്ത്രീക്കുപ്പായത്തിലുള്ള മനുഷ്യന്‍ ആ ചാമ്പ്രസ്ഥലത്തേക്കിറങ്ങാനായിരിക്കാം ഉദ്ദേശിച്ചിട്ടുള്ളത്; എന്നാല്‍ ഷാംസെലിസെയിലെ മരങ്ങളാല്‍ അലംകൃതമായ സ്ഥലത്തേക്കു കടന്നു രക്ഷപ്പെടാം; പക്ഷേ, അവിടെ പൊല്ലീസ്സുകാര്‍ “ഉപ്പിലിട്ടതുപോലെ’യാണ്; അങ്ങോട്ടു കടന്നുകിട്ടിയാൽ മറ്റേ ആള്‍ക്ക് എളുപ്പത്തിൽ ബലം പ്രയോഗിക്കാം.

ഈ സ്ഥലം പാതാറില്‍ മൊറെയില്‍നിന്ന് 1824-ല്‍ കേര്‍ണല്‍ ബ്രാക് കൊണ്ടു വന്നതും ഒന്നാമന്‍ ഫ്രാങ്സ്വയുടെ ഭവനം” എന്നു പേരിട്ടിട്ടുള്ളതുമായ വീടു നില്ക്കുന്നതിനു വളരെ അടുത്താണ്. അതോടു തൊട്ടുതന്നെ ഒരു പാറാവുപുരയുമുണ്ട്. നായാടുന്ന ആള്‍ അത്ഭുതപ്പെടുമാറ് ആ നായാടപ്പെടുന്ന മനുഷ്യന്‍ കുതിരകളെ വെള്ളം കാട്ടാനുള്ള ചാമ്പ്രസ്ഥലത്തേക്കു കടക്കുകയുണ്ടായില്ല. അയാള്‍ പിന്നെയും പാതാറിലൂടേ നേരേ നടന്നു.

അയാളുടെ കാര്യം കാഴ്ചയില്‍ത്തന്നെ കഷ്ടത്തിലായിത്തുടങ്ങി.

സെയിൻനദിയിലേക്കു ചാടാനല്ലെങ്കില്‍ പിന്നെ എന്താണയാളുടെ ഭാവം?

അവിടുന്നങ്ങോട്ടു പാതാറിലേക്കു കടക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ല; വേറെ ചാമ്പ്രസ്ഥലമില്ല; കോണിയില്ല. പൊങ്ദെഴനായുടെ നേരെവെച്ച് സെയിന്‍നദിക്കുണ്ടാകുന്ന മടക്കിന്റെ അടുത്തെത്തിയിരുന്നു അവരപ്പോള്‍; അവിടെവെച്ചു ക്രമത്തില്‍ ഇടുങ്ങിയിടുങ്ങിവരുന്ന പുഴവക്ക് ഒരു മെലിഞ്ഞ നാവുപോലെയായി, ചെറുതായി, വെള്ളത്തിലേക്കു നീണ്ടുചെന്ന് ആണ്ടുകളയുന്നു. അവിടെ വലതുവശത്തു കുത്തനെയുള്ള മതിലും, ഇടതുഭാഗത്തും മുന്‍പിലും പുഴയും, കാല്‍മടമ്പുതൊട്ടു ഭരണാധികാരികളുമായ ആ മനുഷ്യനു കുടുങ്ങുകയേ ശരണമുള്ളു.

എന്തോ ഒന്നിടിച്ചുപൊളിച്ചതിന്റെ ഫലമായോ മറ്റോ ആറേഴടി ഉയരത്തിലുള്ള ഒരു കുപ്പക്കുന്നു കാരണം ഈ പുഴവക്കിന്റെ അവസാനഭാഗം കാണാന്‍ വയ്യായിരുന്നു എന്നതു വാസ്തവമാണ്. പക്ഷേ, ഈ മനുഷ്യന്‍ വാസ്തവത്തില്‍ ആ കുപ്പക്കുന്നിനു പിന്നില്‍, ഒന്നു വളഞ്ഞുവെയ്ക്കുകമാത്രം വേണ്ടിയിരുന്ന അതിന്നപ്പുറത്ത്, ഒളിക്കാമെന്ന് കരുതിയിരിക്കുമോ? ആ യുക്തി വെറും ബാലിശമാണ്. നിശ്ചയമായും അയാള്‍ അതായിരിക്കില്ല വിചാരിക്കുന്നത്. കള്ളന്മാരുടെ നിഷ്കപടത അത്രത്തോളം ചെല്ലുന്നില്ല.

ആ കുന്നുകൂടിയ കുപ്പസ്സാമാനങ്ങള്‍ വെള്ളത്തിന്റെ വക്കത്ത് ഒന്നു മുൻപോട്ടു തള്ളിനില്ക്കുന്നുണ്ട് ആ മുനമ്പു പാതാറിന്റെ മതില്‍വരെ നീണ്ട് ഉന്തിയിരിക്കുന്നു.

നായാടപ്പെടുന്ന മനുഷ്യൻ ഈ ചെറുതിണ്ടിന്റെ അടുത്തെത്തി; അതൊന്നു പ്രദക്ഷിണംവെച്ചു; അപ്പോള്‍ പിന്നിലുള്ള ആള്‍ക്ക് അയാളെ കാണാന്‍ വയ്യാതായി.

മറ്റെയാള്‍ക്കു കാണാൻ വയ്യാതായതോടുകുടി അയാള്‍ക്കങ്ങോട്ടും കാണാന്‍ വയ്യാതായി; ആ തഞ്ചംപിടിച്ചു പിന്‍ചെന്നിരുന്ന ആള്‍ ഉപായമെല്ലാം കളഞ്ഞു ക്ഷണത്തില്‍ മുന്‍പോട്ടു നടന്നു. കുറച്ചു നിമിഷത്തിനുള്ളില്‍ അയാള്‍ ആ കുപ്പക്കുന്നിന്റെ അടുത്തെത്തി; ചുറ്റിവെച്ചു. അവിടെ അയാള്‍ തികച്ചും അമ്പരന്നു പോയി; അയാള്‍ പിടിക്കാന്‍ ചെന്നിരുന്ന ആള്‍ അവിടെയില്ല.

സ്ത്രീക്കുപ്പായക്കാരന്‍ തീരെ മറഞ്ഞുകഴിഞ്ഞു.

കുപ്പക്കുന്നോടുകുടി ആരംഭിക്കുന്ന പുഴവക്കിലേക്ക് ഒരു മുപ്പതടിമാത്രം ദൂരമേ ഉള്ളു; അപ്പുറത്ത് അതു പാതാറിന്റെ മതിലിന്മേല്‍ വന്നടിക്കുന്ന വെള്ളത്തില്‍ മുങ്ങുന്നു. ആ ചാടിപ്പോകുന്ന ആള്‍ക്കു പിന്നാലെ ചെല്ലുന്ന ആള്‍ കാണാതെ സെയിന്‍നദിയില്‍ ചാടാന്‍ വയ്യാ. അപ്പോള്‍ അയാളെവിടെപ്പോയി?

കവിള്‍വരെ കുപ്പായം കുടുക്കിയിട്ടുള്ള ആള്‍ കരയുടെ അറ്റംവരെ നടന്നു നോക്കി; മുഷ്ടി ചുരുട്ടി, നാലുപുറവും സൂക്ഷിച്ചു തിരിഞ്ഞുനോക്കിക്കൊണ്ട്, അവിടെ അയാള്‍ ഒരു നിമിഷനേരം വെറുതേ നിന്നു. ഉത്തരക്ഷണത്തില്‍ അയാള്‍ നെറ്റിക്ക് ഒരടിയടിച്ചു. കര അവസാനിക്കുകയും പുഴ ആരംഭിക്കുകയും ചെയ്യുന്നേടത്ത് ഉയരം കുറഞ്ഞു കമാനാകൃതിയില്‍ ഒരു കനത്ത പൂട്ടോടും മുന്നു കട്ടിത്തിരികുറ്റികളോടുംകൂടി ഒരു കൂറ്റന്‍ ഇരിമ്പഴിവാതിലുള്ളതായി അയാള്‍ കണ്ടു. പാതാറിന്റെ അടിയില്‍ തുളച്ചു നിര്‍ത്തിയ ഈ അഴിവാതില്‍ പുഴയിലേക്കും കരയിലേക്കും തുറക്കാം. അതിന്നടിയിലൂടെ ഒരു കറുത്ത പുഴ ഒഴുകുന്നുണ്ട. ഈ പുഴസെയിന്‍നദിയില്‍ച്ചെന്നു ചേരുന്നു.

കനത്തു തുരുമ്പുപിടിച്ച ഇരുമ്പഴികള്‍ക്കപ്പുറത്ത് ഒരുതരം ഇരുണ്ട നിലവറനടകാണാനുണ്ട് ആ മനുഷ്യന്‍ കൈരണ്ടും കെട്ടി ഒരു ശകാരിക്കുന്ന ഭാവത്തോടുകൂടി ആ അഴിവാതില്‍ സൂക്ഷിച്ചുനോക്കി.

ഈ നോട്ടംകൊണ്ടു തൃപ്തിയാവാതെ അയാള്‍ അതു പിടിച്ചുനീക്കാന്‍ ശ്രമിച്ചു; അയാള്‍ അതു കുലുക്കിനോക്കി, അനങ്ങുന്നില്ല. ശബ്ദമൊന്നും കേട്ടില്ലെങ്കിലും—അത്രയും തുരുമ്പുപിടിച്ചു വാതില്‍ അങ്ങനെ ചെയ്തത് അത്ഭുതംതന്നെ—അതു തുറന്നിരിക്കണം; അതു വീണ്ടും അടച്ചു എന്നതിനും സംശയമില്ല. അപ്പോള്‍ ആ വാതിലിനു മുന്‍പില്‍ച്ചെന്ന ആളുടെ കൈയില്‍ ഒരു കൊക്കയല്ല ഉള്ളൂ. ഒരു താക്കോല്‍തന്നെയുണ്ട്.

അഴിവാതില്‍ വലിച്ചുമാറ്റാന്‍ നോക്കുകയായിരുന്ന ആ മനുഷ്യന്റെ മനസ്സില്‍ ഇങ്ങനെയൊരു വിചാരം പെട്ടെന്നുദിക്കുകയും ഈ അത്ഭുതസൂചകമായ ഒരു വാക്യം അയാളുടെ മുഖത്തുനിന്നു പുറപ്പെടുകയും ചെയ്തു: ’ഇതു കുറച്ചു കടന്നു. ഒരു ഗവര്‍മ്മേണ്ടുതാക്കോല്‍!’

ഉടനേ വിണ്ടും സ്വബോധം വന്നു, ഏതാണ്ട് പുച്ഛത്തോടുകൂടി ഉച്ചരിക്കപ്പെട്ട ഈ വാക്കുകളിലൂടെ അകത്തുള്ള ആലോചനകളുടെ ഒരു പ്രപഞ്ചം മുഴുവനും അയാള്‍ പുറത്താക്കി; “ആട്ടെ! ആട്ടെ! ആട്ടെ! ആട്ടെ!”

ഇങ്ങനെ പറഞ്ഞു, അയാള്‍ എന്തോ ഒന്ന്, ആ മനുഷ്യന്‍ പുറത്തേക്കു വരുന്നതോ അല്ലെങ്കില്‍ മറ്റു ചിലര്‍ അകത്തേക്കു ചെല്ലുന്നതോ കാണുമെന്നാശിച്ച്. ഒരു നായാട്ടുനായയുടെ ക്ഷമാപൂര്‍വ്വമായ കൊടുംശുണ്ഠിയോടുകൂടി, ആ കുപ്പക്കുന്നിനു പിന്നില്‍ പാറാവുനിന്നു.

അയാളുടെ അനക്കമനുസരിച്ചു തന്റേയും പോക്കു ക്രമപ്പെടുത്തിയിരുന്ന കൂലിവണ്ടി അയാളില്‍നിന്ന് അല്പം മുന്‍പിലായി ആള്‍മറയ്ക്കരികില്‍ നിലവായി കുറേ അധികനേരം കാത്തുനില്ക്കേണ്ടിവരുമെന്ന് മുന്‍ക്കൂട്ടിക്കണ്ടു വണ്ടിക്കാരൻ അടിയില്‍ നനവുള്ള കുതിരക്കോതമ്പുസഞ്ചിയിലേക്കു തന്റെ കുതിരയുടെ മോന്ത ഇറക്കി, ഒരാവരണവാക്യമായി പറയട്ടെ, ഇതു പാരിസ്സുകാര്‍ക്കു പരിചിതമാണ്; ഗവര്‍മ്മേണ്ട് അവരുടെ കാര്യത്തിലും ഇതു ചിലപ്പോള്‍ ചെയ്യാറുണ്ടല്ലോ. പൊങ് ദ് ഴെനായില്‍ ചുരുക്കമായിട്ടുള്ള വഴിപോക്കര്‍, അവരുടെ പാട്ടില്‍ നടന്നുപോകുന്നതിനു മുന്‍പായി, തലയൊന്നു തിരിച്ച് ആ പുഴവക്കത്ത് അനക്കമില്ലാതെ നില്ക്കുന്ന രണ്ടിനേയും, കരയ്ക്കലുള്ള ആളേയും പാതാറിലുള്ള വണ്ടിയേയും ഓരോന്നു നോക്കിക്കാണും.

കുറിപ്പുകൾ

[1] നീലനിറം പൊല്ലീസ്സുടുപ്പിനും ചുകപ്പുനിറം തടവുപുളളിയുടുപ്പിനുമുള്ളതാണ്.

5.1.4
അയാളും അയാളുടെ കഷ്ടപ്പാടനുഭവിക്കുന്നു

ഴാങ് വാല്‍ഴാങ് വിണ്ടും നടന്നുതുടങ്ങി; അയാള്‍ പിന്നെ നിലക്കുകയുണ്ടായിട്ടില്ല.

ഈ നടത്തം പിന്നെയും പിന്നെയും ബുദ്ധിമുട്ടു കൂടിയതായി. ഈ നിലവറയുടെ നിലനിരപ്പ് ഓരോ വിധത്തിലാണ്. സാധാരണമായുള്ള ഉയരം അഞ്ചടിയും ആറു വിരലും—ഒരാളുടെ ഉയരത്തിന്റെ കണക്ക്; മരിയുസ് നിലവറയോടു കൂട്ടിമുട്ടാതിരിക്കാന്‍ ഴാങ് വാല്‍ഴാങ്ങിനു കുനിയേണ്ടിവന്നു; ഓരോ അടി വെയ്ക്കാനും അയാള്‍ക്കു കുനിയുകയും ഉടന്‍തന്നെ നിവരുകയും വേണം; എപ്പോഴും ഇളവില്ലാതെ ചുമര്‍ തപ്പിനോക്കുകയും; കല്ലുകളുടെ നനവും മരപ്പണിയുടെ ഒട്ടലും കൈയിനാവട്ടേ കാലിനാവട്ടേ ഉറപ്പിച്ചു പിടിക്കാന്‍ പറ്റിയതായിരുന്നില്ല, അയാള്‍ നഗരത്തിന്റെ വല്ലാത്ത മലക്കുന്നിന്മേല്‍ തട്ടിത്തടഞ്ഞു നടന്നു. കാറ്റിന്‍പഴുതുകളില്‍ നിന്നുള്ള വെളിച്ചം വളരെ അകലം ഇടവിട്ടേ കാണു. എന്നല്ല ആ ഉള്ളതുതന്നെ പകല്‍നേരത്തേതുകൂടി നിലാവിന്റെ മാതിരിയാകുമാറ് അത്രമേല്‍ വിളര്‍ത്തിരുന്നു താനും. അതില്ലാത്ത മറ്റു സമയത്തെല്ലാം പുകതന്നെ, വിഷവായു, മങ്ങല്‍, കറുപ്പ്; ഴാങ് വാല്‍ഴാങ്ങിനു വിശപ്പും ദാഹവുമുണ്ട്; വിശേഷിച്ചും ദാഹം. ഇതു, കടല്‍ പോലെ, ഒരു മനുഷ്യന്നു കുടിക്കാന്‍ കൊള്ളരുതാത്ത വെള്ളംകൊണ്ടു നിറഞ്ഞ ഒരിടമാണ്. വായനക്കാര്‍ക്കറിവുള്ളതുപോലെ മഹത്തരവും പ്രായംകൊണ്ടു ലേശമെങ്കിലും കുറവു തട്ടിയിട്ടില്ലാത്തതും—അയാളുടെ ബ്രഹ്മചര്യത്തോടും കുടിയില്ലായ്മയോടും നമുക്കു നന്ദി പറയുക—ആയ ദേഹശക്തി—എന്തായിട്ടും ഒടുവില്‍ തളരുകയായി. അയാൾ ക്ഷീണിച്ചുതുടങ്ങി; ശക്തി ക്ഷയിക്കുന്നതോടുകൂടി അയാളുടെ ഭാരത്തിന്റെ കനം വര്‍ദ്ധിച്ചു. ഒരു സമയം മരിച്ചുകഴിഞ്ഞിരുന്ന മരിയുസ് ജീവനറ്റദേഹങ്ങള്‍ക്കുള്ള കനക്കൂടുതലോടുകൂടി അയാളെ കീഴ്പോട്ടമര്‍ത്തി. ഴാങ് വാല്‍ഴാങ് പിടിച്ചിരുന്നതു മരിയുസ്സിന്റെ നെഞ്ഞ് അമരാത്ത വിധത്തിലായിരുന്നതു കൊണ്ട് ശ്വാസത്തിനു വേണമെങ്കില്‍ സഞ്ചരിക്കാം. കാലിനടിയിലൂടെ എലികള്‍ ക്ഷണത്തില്‍ പാഞ്ഞുപോവും. അവയിലൊന്ന് അത്രമേല്‍ പേടിച്ചുപോയി. അയാളെ ഒരു കടി കടിക്കുകകൂടി ചെയ്തു. ഇടയ്ക്കിടയ്ക്ക് ഓവുചാലിന്റെ മുഖത്തുള്ള പൊത്തുകളിലൂടെ ശുദ്ധവായു വന്ന് അയാളെ ഒന്നു ജീവന്‍ വെപ്പിക്കും.

അയാള്‍ ഓവുചാലിന്റെ നടുക്കെട്ടിലെത്തിയപ്പോള്‍ നേരം ഉച്ചതിരിഞ്ഞു മൂന്നുമണിയായി.

ഈ പെട്ടെന്നുണ്ടായ വലുപ്പംവെയ്ക്കല്‍ അയാളെ അമ്പരപ്പിച്ചു. അയാള്‍ അപ്രതീക്ഷിതമായി തന്റെ കൈ നീട്ടിയാല്‍ ചുമര്‍ തൊടാന്‍ വയ്യാത്തവിധത്തിലുള്ള ഒരു നടപ്പന്തിയിലും തല മുകളില്‍ പൊട്ടിപ്പോകാത്ത ഒരു നിലവറയിലും എത്തിച്ചേര്‍ന്നു. ആ വലിയ ഓവുചാലിന് വാസ്തവത്തില്‍ എട്ടടി വിസ്താരവും ഏഴടി ഉയരവുമുണ്ട്.

മോങ്മാർതൃയ ഓവുചാല്‍ വലിയ ഓവുചാലില്‍ ചേരുന്നേടത്തു വേറെ രണ്ടു നിലവറനടപ്പന്തികൾ—റ്യൂദ് പ്രൊവാങ്സിലേയും അബത്ത്വാറിലേയും—ഒരുമിച്ചുകൂടി ഒരു നാല്‍ക്കൂട്ട വഴിയുണ്ടാക്കുന്നുണ്ട്. ഈ നാലു വഴികള്‍ക്കു മുന്‍പില്‍ കുറേക്കൂടി സാമര്‍ത്ഥ്യം കുറഞ്ഞ ഒരാള്‍ സംശയത്തിലായിപ്പോയേനേ. ഴാങ്വാല്‍ഴാങ് ഏറ്റവുമധികം വിസ്താരമുള്ളതു തിരഞ്ഞെടുത്തു—എന്നുവെച്ചാല്‍, നടുച്ചാല്‍. പക്ഷേ, ഇവിടെ പിന്നേയും സംശയം —ഇറങ്ങുകയോ കയറുകയോ വേണ്ടത്? വേഗം പുറത്തു ചാടേണ്ടിയിരിക്കുന്നു എന്നും, എന്തപകടം വന്നാലും ഇനി സെയിന്‍നദിയില്‍ എത്തിച്ചേരണമെന്നും, അയാള്‍ വിചാരിച്ചു. മറ്റുവിധത്തില്‍ പറഞ്ഞാല്‍ കീഴ്പോട്ടിറങ്ങണം. അയാള്‍ ഇടത്തോട്ടു വെച്ചു.

അയാള്‍ അങ്ങനെ ചെയ്തതു നന്നായി; എന്തുകൊണ്ടെന്നാല്‍ നടുക്കെട്ടിന് ഒന്നു ബേര്‍സിയിലേക്കും മറ്റതു പാസ്സിയിലേക്കുമായി രണ്ടു നിഷ്ക്രമണപ്പഴുതുകളുണ്ടെന്നും, അതിന്റെ പേര്‍ സൂചിപ്പിക്കുന്നവിധം വലതുവശത്തുള്ളത് പാരിസ്സിന്റെ ഭൂഗര്‍ഭത്തിലുള്ള അരഞാണാണെന്നും വിചാരിക്കുന്നത് അബദ്ധമാണ്. മെനില്‍മോങ്ങ്താങ്ങിലെ പഴയ തോടല്ലാതെ മറ്റൊന്നുമല്ലാത്ത വലിയ ഓവുചാല്‍, അതിലൂടെ ആരെങ്കിലും കയറിപ്പോകുന്നുണ്ടെങ്കില്‍, ഒരിരുട്ടടഞ്ഞ ചാക്കിനുള്ളില്‍ അതായതു മെനില്‍മോങ്താങ്ങിലെ കുന്നിനടിയില്‍ അതിന്റെ ഉത്ഭവസ്ഥലമായിരുന്നേടത്തു, ചെന്നവസാനിക്കുന്നതായി കാണും. പൊപ്പാങ്കൂറില്‍ നിന്നു തുടങ്ങി പാരിസ്സിലെ വെള്ളം ശേഖരിച്ചുപോരുന്നതും അമെലൊത് ഓവുചാലിലൂടേ പോയി പഴയ ലൂവിയേറിന്റെ മുകളില്‍വെച്ചു സെയിന്‍നദിയിലേക്കു വീഴുന്നതുമായ ശാഖയോടു ശരിക്കു കൂടിച്ചേരുന്ന വഴിയൊന്നുമില്ല. വെള്ളം ശേഖരിക്കുന്ന ഓവുചാലിനെ മുഴുമിപ്പിക്കുന്ന ഈയൊരു ശാഖ റ്യു മെനില്‍ മോങ്താങ്ങിന്നടിയില്‍വെച്ചു പുഴയിലേക്കു പോകുന്നതും പുഴയില്‍നിന്നു വരുന്നതുമായ വെള്ളം തമ്മില്‍ വേര്‍തിരിയുന്ന സ്ഥലം കാണിക്കുന്ന ആ കല്ക്കെട്ടിനാല്‍ വേര്‍തിരിക്കപ്പെടുന്നു. ഴാങ് വാല്‍ഴാങ് മേല്പോട്ടു കയറിപ്പോകയാണ് ചെയ്തിരുന്നതെങ്കില്‍ വളരെ ബുദ്ധിമുട്ടിയതിനുശേഷം ക്ഷീണിച്ചു തളര്‍ന്നു ചാവാറായി ഇരുട്ടത്ത് ഒരു ചുമരിന്മേല്‍ചെന്നു മുട്ടുമായിരുന്നു. അയാളുടെ കഥ തീര്‍ന്നേനേ.

കൂടിയേ കഴിയു എന്നുവന്നു. കുറച്ചു പിന്നോക്കംതന്നെ പോന്നു, ബുഷെറിത്തിലെ ഓവുചാല്‍ത്തിരിവു കടക്കാന്‍ കൂസാതെ, ഫില്‍ ദ്യു കുല്‍വേറിലെ വഴിയിലേക്കു കടന്നു. സാങ്ലൂയിയിലെ ഇടനാഴി പിന്നിട്ടു, വലത്തോട്ട് തിരിഞ്ഞു, സാങ് സെബാസ്തിയന്‍ മാര്‍ഗ്ഗത്തിലേക്കു ചാടാതെ പോയിയെങ്കില്‍ അയാള്‍ അമെലൊത് ഓവുചാലിലെത്തും; എന്നിട്ടു ബസ്തീലിനടിയില്‍ ഒരുതരം (എഫ്) എന്നായി നില്ക്കുന്നേടത്തു തെറ്റിക്കടക്കാതെ കഴിച്ചാല്‍ അയാള്‍ ആയുധപ്പുരയ്ക്കടുത്തു സെയിന്‍നദിയിലേക്കുള്ള പഴുതിന്‍മുന്‍പില്‍ എത്തിച്ചേരും. പക്ഷേ, ഇതിനു വേണമെങ്കില്‍ ഈ പടുകൂറ്റന്‍ ഓവുചാല്‍പ്പുറ്റിന്റെ എല്ലാ ചിനച്ചങ്ങളും എല്ലാ ദ്വാരങ്ങളും തികച്ചും കണ്ടുപരിചയപ്പെട്ടിരുന്നാല്‍ മാത്രമേ നിവൃത്തിയുള്ളു. എന്നാല്‍ താന്‍ ആ നടന്നിരുന്ന ഭയങ്കരക്കുപ്പച്ചാലിനെപ്പറ്റി യാതൊന്നുംതന്നെ അയാൾക്കറിവില്ലെന്നു ഞങ്ങള്‍ ഒന്നുകൂടി ഊന്നിപ്പറയട്ടെ; ആരെങ്കിലും അയാളോടു ഇപ്പോള്‍ എവിടെയാണെന്നു ചോദിക്കുന്നപക്ഷം അയാള്‍ മറുപടി പറഞ്ഞേനേ;“രാത്രിയില്‍.’

അയാളുടെ പ്രകൃതിബോധം അയാളെ നല്ലവണ്ണം സഹായിച്ചു. കീഴ്പോട്ടിറങ്ങിയതു വാസ്തവത്തില്‍ രക്ഷയിലേക്കായിരുന്നു.

ഒരു കഴുനഖത്തിന്റെ ആകൃതിയില്‍ ചിനച്ചംവെയ്ക്കുന്ന റ്യൂ ലഫിത്തിനും റ്യൂ സാങ്ഴോര്‍ഴിനും അടിയിലുള്ള രണ്ട് ഇടുങ്ങിയ വഴികളും ഷോസ്സ്റേ ദാങ്താങ്ങിലെ നീണ്ട് ഇരട്ടപ്പിരിവുള്ള ഇടനാഴിയും അയാള്‍ ഇടതുവശത്ത് ഇട്ടുംവെച്ചും നടന്നു.

ഒരുപനദിയുടെ കുറച്ചകലെവെച്ച്—ഒരു സമയം അത് മദലിയെന്‍ ശാഖയാവാം—അയാള്‍ നിന്നു. അയാള്‍ എന്തെന്നില്ലാതെ ക്ഷീണിച്ചിരിക്കുന്നു. അവിടെ നല്ല വലുപ്പമുള്ള കാറ്റിന്‍പഴുതു, പക്ഷേ, റ യു ദാങ് ഭോവിലെ മനുഷ്യപ്പഴുത്, ഏതാണ്ട് കൊള്ളാവുന്ന ഒരു വെളിച്ചം ഉണ്ടാക്കിയിരുന്നു. ഒരു സഹോദരന്‍ മുറിവേറ്റ മറ്റൊരു സഫോദരനോട് കാണിക്കുന്ന വാത്സല്യഭാവത്തോടുകൂടി ഴാങ് വാല്‍ഴാങ് മരിയുസ്സിനെ ഓവുചാലിന്റെ തിണ്ടിന്മേല്‍ ചാരിയിരുത്തി. ഒരു ശ്മശാനത്തിന്റെ അടിയില്‍ ചാരമെന്നപോലെ, കാറ്റിന്‍പഴുതിന്റെ മങ്ങിയ വെളിച്ചത്തില്‍ മരിയുസ്സിന്റെ ചോരപറ്റിയ മുഖം കാണപ്പെട്ടു, അയാളുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു; തുടുത്ത ചായം പറ്റി ഉണങ്ങിപ്പിടിച്ച ഒരു ചായപ്പണിക്കാരന്റെ ബ്രഷുകള്‍പോലെ അയാളുടെ തലമുടി ചെന്നികളില്‍ ഒട്ടിപ്പിടിച്ചിരുന്നു; അയാളുടെ കൈകള്‍ കുഴഞ്ഞു ജീവസ്സറ്റ വിധം തുങ്ങിക്കിടക്കുന്നു; അയാളുടെ കൈകാലുകള്‍ തണുത്തിരിക്കുന്നു; വായയുടെ അറ്റങ്ങളില്‍ ചോര കട്ടപിടിച്ചിരുന്നു; ഉള്‍ക്കുപ്പായങ്ങള്‍ മുറിവുകളിലേക്കു വലിഞ്ഞിരിക്കുന്നു; പുറംകുപ്പായത്തിന്റെ ശീല മാംസത്തിലേക്കാണ്ടിട്ടുള്ള വായതുറന്ന മുറിവുകള്‍ക്കുള്ളില്‍ മുട്ടിയുരുമ്മുന്നുണ്ട്. ഴാങ് വാല്‍ഴാങ് വിരല്‍ത്തുമ്പുകളെക്കൊണ്ടു് ഉടുപ്പു മാറ്റി മരിയുസ്സിന്റെ മാറത്തു കൈവെച്ചു നോക്കി; അയാളുടെ ഹൃദയം അപ്പോഴും മിടിക്കുന്നുണ്ട്. ഴാങ് വാല്‍ഴാങ് തന്റെ ഉള്‍ക്കുപ്പായം പിച്ചിച്ചീന്തി കഴിയുന്ന വിധത്തില്‍ ആ ചെറുപ്പക്കാരന്റെ ദേഹത്തിലുള്ള മുറിവു കെട്ടി, ചോരയുടെ തള്ളിച്ച നിര്‍ത്തി; എന്നിട്ട് അപ്പോഴും തന്റേടമില്ലാതെ, ഏതാണ്ട് ശ്വാസം കൂടിയില്ലാതെ, ആ മങ്ങിയ വെളിച്ചത്ത് കിടക്കുന്ന മരിയുസ്സിനെ അനിര്‍വചനീയമായ ദ്വേഷത്തോടുകൂടി സൂക്ഷിച്ചുനോക്കി.

മരിയുസ്സിന്റെ ഉടുപ്പു ശരിപ്പെടുത്തുന്നതിനിടയ്ക്ക് അയാളുടെ കുപ്പായക്കീശയില്‍ രണ്ടെണ്ണം കണ്ടു; തലേ ദിവസം വൈകുന്നേരം അവിടെ മറന്നിട്ട ആ കടലാസ്സുചുരുളും, മരിയുസ്സിന്റെ നോട്ടുപുസ്തകവും, പുസ്തകത്തില്‍ ഒന്നാമത്തെ ഭാഗത്ത് ഈ നാലുവരി എഴുതിയിരുന്നു. വായനക്കാര്‍ക്ക് ഇതോര്‍മ്മയുണ്ടായിരിക്കും.

“എന്റെ പേര്‍ മരിയുസ് പൊങ്മേര്‍സി എന്നാണ്. എന്റെ ശവം മറെയില്‍ വ്യു ദെ ഫില്‍ റ്യു കല്‍വേറില്‍ 6-ാം നമ്പര്‍ ഭവനത്തിലുള്ള മൊസ്യു ഗില്‍നോര്‍മാന്ന്, എന്റെ മുത്തച്ഛന്ന്, എത്തിച്ചുകൊടുക്കുക.”

കാറ്റിന്‍പഴുതിലൂടേയുള്ള വെളിച്ചത്തു നോക്കി ഴാങ് വാല്‍ഴാങ് ഈ നാലു വരിവായിച്ചു; ഒരു താഴ്‌ന്ന സ്വരത്തില്‍ ’റ്യു ദെ ഫില്‍ വ്യു കല്‍വേറില്‍ 6-ാം നമ്പര്‍ ഭവനത്തില്‍ മൊസ്യു ഗില്‍ നോര്‍മാന്‍’ എന്നാവര്‍ത്തിച്ചുകൊണ്ടു മനോരാജ്യത്തില്‍ മുങ്ങിയവിധം ഒരു നിമിഷനേരം അനങ്ങാതെ നിന്നു. അയാള്‍ ആ നോട്ടുപുസ്തകം മരിയുസ്സിന്റെ കീശയില്‍നിന്നെടുത്തേടത്തുതന്നെ വെച്ചു. അയാളുടെ ഭക്ഷണം കഴിഞ്ഞു. അയാള്‍ക്കു ശക്തിവെച്ചു; അയാള്‍ ഒരിക്കല്‍ക്കൂടി മരിയുസ്സിനെ എടുത്തു പുറത്തേറ്റി; ആ യുവാവിന്റെ ശിരസ്സു പതുക്കെ തന്റെ വലത്തേ ചുമലിലേക്കു ചാച്ചു. വീണ്ടും ഓവുചാലിലുടേ കീഴ്പോട്ടിറങ്ങിത്തുടങ്ങി.

മെനിമോങ്താങ്ങിന്റെ വഴിക്കുള്ള വലിയ ഓവുചാല്‍ ആറുനാഴിക നീളമുണ്ട്. അതില്‍ അധികഭാഗവും കല്‍വിരിയുള്ളതാണ്.

ഴാങ് വാല്‍ഴാങ്ങിന്റെ നിലവറസ്സഞ്ചാരത്തില്‍, ഞങ്ങള്‍ വായനക്കാര്‍ക്കുവേണ്ടി കൊളുത്തിക്കാണിച്ചിരുന്ന ഈ പാരിസ്സിന്റെ തെരുവിന്‍പേരുകളാകുന്ന ചൂട്ടഴാങ് വാല്‍ഴാങ്ങിന്റെ പക്കലുണ്ടായിരുന്നില്ല. അയാള്‍ എവിടെയാണ് സഞ്ചരിക്കുന്നതെന്നും ഏതു വഴിക്കാണ് യാത്ര ചെയ്യുന്നതെന്നും യാതൊന്നും അയാളോട് പറഞ്ഞുകൊടുത്തിരുന്നില്ല. ഇടയ്ക്കിടയ്ക്ക് എത്തിമുട്ടിയിരുന്ന വെളിച്ചത്തിന്റെ മങ്ങലില്‍നിന്നു സൂര്യന്‍ കല്‍വിരിയില്‍നിന്നു കുറേശ്ശ മാറുന്നുണ്ടെന്നും, താമസിയാതെ പകലിന്റെ കഥ തീര്‍ന്നുകഴിയുമെന്നും ഇളവില്ലാതെ നില്ക്കുന്നതിനുപകരം ഇടവിട്ടുവിട്ടും അങ്ങനെ തീരെ ഇല്ലാതെതന്നെയും ആയിത്തീരുന്ന തലയ്ക്കു മീതെയുള്ള വാഹനപ്പോക്കുകളില്‍നിന്നു, താന്‍ പാരിസ്സിന്റെ മധ്യഭാഗം വിട്ടിരിക്കുന്നു എന്നും, കോട്ടപ്പുറത്തെ നടക്കാവുകളിലോ അങ്ങേ അറ്റത്തെ പാതാറിലോ പെട്ട ഒരു വിജനസ്ഥലത്തേക്കാണ് താന്‍ ചെല്ലുന്നതെന്നും മാത്രം തോന്നി. വീടുകളും തെരുവുകളും ചുരുങ്ങിയിരുന്നേടത്ത് ഓവുചാലിലേക്കുള്ള കാറ്റിന്‍പഴുതുകളും ചുരുങ്ങിയിരുന്നു. ഴാങ് വാല്‍ഴാങ്ങിന്റെ ചുറ്റുമുള്ള ഇരുട്ടു കനംപിടിച്ചു. എന്തായാലും അയാള്‍ ഇരുട്ടത്തു തപ്പിത്തടഞ്ഞ് പിന്നേയും മുൻപോട്ടുതന്നെ നടന്നു.

പെട്ടെന്ന് ഈ അന്ധകാരം ഭയങ്കരമായിത്തീര്‍ന്നു.

5.1.5
സ്ത്രീയിലെന്നപോലെതന്നെ മണലിലും ചതിയനായ ഒരു മിനുപ്പുണ്ട്

താന്‍ വെള്ളത്തിലേക്കാണ് കടക്കുന്നതെന്നു മനസ്സിലായി, കാലിന്‍ചുവട്ടില്‍ കൽവിരിയില്ലാതായി, ചളി മാത്രമായി.

ബ്രെത്തായിലേയോ അല്ലെങ്കില്‍ സ്കോട്ലാണ്ടിലേയോ ചില കടല്‍ക്കരകളില്‍ വെള്ളത്തോടടുത്തു വക്കത്തു നടക്കുന്ന ഒരു വഴിപോക്കനോ ഒരു മുക്കുവനോ താന്‍ കുറച്ചുനേരമായി ബുദ്ധിമുട്ടിയാണ് മുന്‍പോട്ടു നീങ്ങുന്നതെന്നുമുള്ള വാസ്തവം പെട്ടെന്നു ധരിക്കും. കാലിന്‍ചുവട്ടിലുള്ള കടല്‍പ്പുറം കുഴിപോലെയാണ്; അയാളുടെ കാല്‍മടമ്പുകള്‍ അതില്‍ ഒട്ടിപ്പോകുന്നു; അവിടെ മണലല്ല, മുളഞ്ഞാണ്. കടല്‍ത്തീരം തികച്ചും ഉണങ്ങിയിട്ടാണ്; പക്ഷേ, ഓരോ കാൽവെപ്പു വെയ്ക്കുമ്പോഴും, അതു കഴിഞ്ഞ് കാലെടുത്താലത്തെ കുഴിയില്‍ വെള്ളം വന്നു നിറയുന്നു. എന്തായാലും ആ മാറ്റം കണ്ണറിയുന്നില്ല; വമ്പിച്ച കടല്‍ക്കരപ്പരപ്പ് സരമ്യവും ശാന്തവുംതന്നെ; മണലിന്നെല്ലാം ഒരൊറ്റ നിലയാണ്, ഉറപ്പുള്ള നിലത്തെ ഉറപ്പില്ലാത്ത നിലത്തില്‍നിന്ന് വേര്‍തിരിക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ല; ആഹ്ലാദിക്കുന്ന മണൽപ്പേനുകളുടെ ചെറുകൂട്ടം വഴിപോക്കന്റെ കാലിനടിയില്‍ ലഹളപിടിച്ചു ചാടിച്ചാടിക്കളിക്കുന്നത് നിന്നിട്ടില്ല.

അയാള്‍ നേരേ നടക്കുകയാണ്. അയാള്‍ പാടുനോക്കി പോകുന്നു, കരയിലേക്കു തിരിഞ്ഞു, ഭൂമിയിലേക്കു കയറുകയായി. അയാള്‍ക്ക് കൂസലില്ല. എന്തിനെപ്പറ്റി കൂസുന്നു? ഒന്നുമാത്രം, ഓരോ കാല്‍വെപ്പിലും കാലിന്റെ കനം വര്‍ദ്ധിക്കുന്നുണ്ടെന്ന് അയാള്‍ക്കറിയാം. പെട്ടെന്ന്, അതാ, അയാള്‍ താണുപോകുന്നു; അയാള്‍ രണ്ടോ മൂന്നോ ഇഞ്ചു താണു. നിശ്ചയമായും, താന്‍ തനിക്കു പോകേണ്ട വഴിയിലല്ല; താന്‍ എവിടെയാണെന്ന് നിന്നുനോക്കുകയായി. ഉടനെ അയാള്‍ കാലിന്നടിയിലേക്കു നോക്കുന്നു; അയാളുടെ കാലടികള്‍ കാണാനില്ല. അവ മണ്ണില്‍ പൂഴ്‌ന്നിരിക്കുന്നു. അയാള്‍ ആ മണലില്‍നിന്ന് കാല്‍ വലിച്ചെടുക്കുന്നു, പിന്നോക്കം തന്നെ പോവാൻ നോക്കുന്നു, പിന്നോക്കം തിരിയുന്നു—അതാ, അയാള്‍ കുറേക്കൂടി ആഴത്തിലേക്കു മുങ്ങുകയായി. മണല്‍ ഞെരിയാണിവരെയായി; അയാള്‍ അതില്‍ നിന്ന് കാല്‍ വലിച്ചെടുത്ത് ഇടത്തോട്ട് ചാടി, കണങ്കാല്‍പ്പകുതിവരെയ്ക്കായി മണല്‍; അയാള്‍ വലത്തോട്ട് പാഞ്ഞു, മണല്‍ കാല്‍മുട്ടിലെത്തി, ഉടനേ അയാള്‍. താനൊരു മണല്‍ക്കുഴിയില്‍പ്പെട്ടിരിക്കുന്നു എന്നും, മനുഷ്യന്നു നടക്കുകയും മത്സ്യത്തിനു നീന്തുകയും ചെയ്യാന്‍ വയ്യാത്ത ആ ഭയങ്കരമായ മധ്യനിലയാണ് തന്റെ കാലിന്‍ചുവട്ടിലുള്ളതെന്നുമുള്ള വാസ്തവസ്ഥിതി അനിര്‍വചനീയമായ ഒരു ഭയപ്പാടോടുകൂടി കണ്ടറിയുന്നു. ഉടനേ അയാള്‍ വല്ല ചുമടും കൈയിലുണ്ടെങ്കില്‍ അത് വലിച്ചൊരേറെറിഞ്ഞു, അപകടത്തില്‍പ്പെട്ട കപ്പല്‍ പോലെ, തന്റെ കനം ചുരുക്കുന്നു; പക്ഷേ, വൈകിപ്പോയി, മണല്‍ മുട്ടുവരെയെത്തി.

അയാൾ നിലവിളിക്കുന്നു, തൊപ്പിയോ കൈലേസ്സോ ഇളക്കിക്കാണിക്കുന്നു; മണല്‍ അടിക്കടി അയാളെ പിടിച്ചാഴ്ത്തുകതന്നെയാണ്, കടല്‍പ്പുറത്താരുമില്ലെങ്കില്‍. സമനിലം അത്രയും ദൂരത്താണെങ്കില്‍, ആ മണല്‍ക്കടല്‍വക്ക് അത്രയും ദുഷ്പേരുള്ള ഒന്നാണെങ്കില്‍, അടുത്ത പ്രദേശത്തെങ്ങും ഒരു ധീരോദാത്തനില്ലെങ്കില്‍, അയാളുടെ കഥ കഴിഞ്ഞു—അയാള്‍ അതിന്നുള്ളിലാണ്ടു. വേഗം കുറയ്ക്കാനോ വേഗം കൂട്ടാനോ വയ്യാതെയുള്ളതും, അസംഖ്യം മണിക്കൂറുകളോളം നില്ക്കുന്നതും, എന്തായാലും അവസാനിക്കാത്തതും, നിങ്ങളെ നിര്‍ത്തി, കൈയും കാലുമൊന്നും കെട്ടാതെ, നല്ല ആരോഗ്യമിരിക്കെ, പിടികൂടുന്നതും. കാല്‍ പിടിച്ചു നിങ്ങളെ കീഴ്പോട്ടു വലിക്കുന്നതും, നിങ്ങള്‍ ഓരോ കുടച്ചില്‍ കുടയുമ്പോഴും ഓരോ നിലവിളി നിലവിളിക്കുമ്പോഴും നിങ്ങളെ ഒന്നുകൂടി കീഴ്പോട്ടിടിക്കുന്നതും, ഒന്നുകൂടി മുറുക്കിപ്പിടിച്ചു നിങ്ങളുടെ എതിര്‍നില്പിനെ ശിക്ഷിക്കുന്ന മട്ടിലുള്ളതും, ആകാശാന്തത്തേയും, മരങ്ങളേയും, പച്ചച്ച നാട്ടുപുറത്തേയും, മൈതാനസ്ഥലങ്ങളിലുള്ള ഗ്രാമങ്ങളുടെ തീപ്പുകയേയും, കടലിലുള്ള കപ്പലുകളുടെ ഓട്ടത്തേയും, പറക്കുകയും പാടുകയും ചെയ്യുന്ന പക്ഷികളേയും, സൂര്യനേയും, ആകാശത്തേയും നോക്കിക്കാണാന്‍ കുറച്ചിട അനുവദിച്ചതിനു ശേഷം മനുഷ്യനെ പിടിച്ചു ഭൂമിയിലേക്കുതന്നെ തിരിച്ചുവരുത്തുന്നതുമായി ആ കാല ദൈര്‍ഘ്യം കൂടിയ, ആ പിഴ പറ്റിപ്പോകാത്ത, ആ അനുല്ലംഘ്യമായ, ഭയങ്കരക്കുഴിച്ചുമൂടലിന് അയാള്‍ വിധിക്കപ്പെട്ടുകഴിഞ്ഞു. ഈ കുഴിച്ചുമുടല്‍ ഒരു കോളേറ്റം പിടിച്ച ശവസംസ്ക്കാരമാണ്; ഭൂമിയുടെ അഗാധതയില്‍നിന്നു ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ അടുക്കലേക്കു പൊന്തിച്ചെല്ലുന്ന ഒരു ശവക്കുഴി, ഓരോ നിമിഷവും മരണത്തിന്റെ ഓരോ നിഷ്ഠുരമായ അട്ടിമറിക്കലാണ്. ആ ഭാഗ്യംകെട്ട മനുഷ്യന്‍ ഇരിക്കാന്‍ നോക്കുന്നു, കിടക്കാന്‍ നോക്കുന്നു. പൊത്തിപിടിച്ചു കയറാന്‍ നോക്കുന്നു; അയാളുടെ ഓരോ അനക്കവും അയാളെ അധികമധികം കുണ്ടിലേക്കിറക്കുന്നു; അയാള്‍ നീണ്ടുനിവര്‍ന്നു നില്ക്കുന്നു. അയാള്‍ ആഴുകയായി; താന്‍ വിഴുങ്ങപ്പെടുന്നതായി ബോധം വരുന്നു; അയാള്‍ ഉറക്കെക്കരയുന്നു, കെഞ്ചുന്നു, മേഘങ്ങളോട് ആവലാതിപ്പെടുന്നു, കൈകളെ പിടിച്ചു ഞെരിക്കുന്നു, നിരാശനാവുന്നു. അതാ, അയാളുടെ വയറുവരെ മണലായി; മണല്‍മാറത്തേക്കെത്തി, അതാ, അയാള്‍ ഒരു മുഖപ്രതിമ മാത്രമായി. അയാള്‍ കൈയുയര്‍ത്തുന്നു, ഭയങ്കരങ്ങളായ ഞെരക്കങ്ങള്‍ ഞെരങ്ങുന്നു, കടല്‍ക്കരയുടെ ഉള്ളിലേക്കു തന്റെ കൈനഖങ്ങളെ ആഴ്ത്തുന്നു, ആ ചാരത്തെ മുറുക്കിപ്പിടിക്കാന്‍ കിണയുന്നു. ആ കോമളമായ വാളുറയില്‍നിന്നു പൊന്തിപ്പോരാന്‍വേണ്ടി കൈമുട്ടുകളില്‍ ഊന്നി വലിയുന്നു, പിടഞ്ഞുംകൊണ്ട് തേങ്ങിക്കരയുന്നു; മണല്‍ പിന്നെയും മേല്പോട്ടു പൊങ്ങുകയാണ്. മണല്‍ അയാളുടെ ചുമലിലെത്തി; മണല്‍ അയാളുടെ തൊണ്ടവരെയായി; അതാ, അയാളുടെ മുകറു മാത്രമേ കാണാനുള്ളൂ. അയാളുടെ വായ പിന്നെയും ഉറക്കെക്കരയുന്നുണ്ട്; മണല്‍ അതിനെ നിറച്ചു; നിശ്ശബ്ദത. അയാളുടെ കണ്ണുകള്‍ പിന്നെയും തുറിച്ചുനോക്കുന്നുണ്ട്; മണല്‍ അവയെ അടുപ്പിച്ചു; രാത്രി, ഉടനേ അയാളുടെ നെറ്റിത്തടം കുറഞ്ഞുകുറഞ്ഞു വരുന്നു; ഏതാനും തലനാരിഴകള്‍ മണല്‍പരപ്പിനു മീതേ പാറുന്നുണ്ട്; ഒരു കൈ പുറത്തേക്കുന്തുന്നു, കടല്‍ത്തീരത്തിന്റെ മുകള്‍ഭാഗം തുളച്ചുകടക്കുന്നു, ആടിമറിയുന്നു, മറയുന്നു. ഒരു മനുഷ്യന്റെ അവലക്ഷണംപിടിച്ച നാശം.

ചിലപ്പോള്‍ ഒരു കുതിരസ്സവാരിക്കാരൻ കുതിരയോടുകൂടി കുഴിച്ചുമുടപ്പെടും; ചിലപ്പോള്‍ വണ്ടിക്കാരന്‍ വണ്ടിയോടുകുടി വിഴുങ്ങപ്പെടും; ആ കടല്‍പ്പുറത്തു സര്‍വ്വവും വിഴുങ്ങപ്പെടുന്നു. വെള്ളത്തിലല്ലാതെ മറ്റെങ്ങോവെച്ചുള്ള കപ്പല്‍ത്തകര്‍ച്ചയാണത്. അതു കര ഒരു മനുഷ്യനെ മുക്കലാണ്. സമുദ്രം കിനിഞ്ഞു കടന്ന ഭൂമി ഒരു ചതിക്കുഴിയായിത്തീരുന്നു. അത് ഒരു മൈതാനത്തിന്റെ വേഷത്തില്‍ നില്ക്കുകയും ഒരു തിരയെപ്പോലെ വായ പിളര്‍ത്തുകയും ചെയ്യുന്നു. പാതാളത്തിനു ഇങ്ങനെ ചില ചതിപ്പണികളുണ്ട്.

ചില കടല്‍ക്കരകളില്‍ എപ്പോഴുമുണ്ടാകാവുന്ന ഈ വ്യസനകരമായ കഷ്ടസ്ഥിതി മുപ്പതു കൊല്ലംമുന്‍പു പാരിസ്സിലെ ഓവുചാലില്‍ വരാവുന്നതായിരുന്നു.

1833-ല്‍ ആരംഭിച്ച പ്രധാനപണികള്‍ക്കുമുന്‍പു പാരിസ്സിലെ കുപ്പച്ചാലില്‍ ഇത്തരം അപ്രതീക്ഷിതങ്ങളായ ഇടിഞ്ഞുവീഴലുകള്‍ ഉണ്ടാകാറുണ്ട്.

വിശേഷിച്ചും ഉതിര്‍ച്ചയുള്ള ചില ഭൂഗര്‍ഭത്തിലെ പാറയടുക്കിലേക്കു വെള്ളം കിനിഞ്ഞിറങ്ങുന്നു; പണ്ടത്തെ ഓവുചാലുകളിലെപ്പോലെ പാവുകല്ലുകളോടുകൂടിയതോ അല്ലെങ്കില്‍ പുതിയ കല്പടകളിലെപ്പോലെ അസ്തിവാരമില്ലാതായിത്തീര്‍ന്ന ആ ചരല്‍ക്കൂട്ടുകല്ലു നിരത്തി കുമ്മായമിട്ടതോ ആയ കാലടിപ്പാത പാതാളത്തിലേക്കാണ്ടുകളയും. ഇത്തരം കല്‍വിരിപ്പണിയിലെ ഓരോ ചേര്‍പ്പും ഓരോ വിള്ളലാണ്, ഓരോ ഉതിര്‍ച്ച. കുറെ അധികം ദൂരത്തെ കല്‍ച്ചട്ട ഉതിര്‍ന്നുപോയി. ഈ വിടവിന്, ഒരു ചളിക്കുണ്ടിലെ ഈ പഴുതിനു, ചേര്‍ക്കുഴിച്ചാല്‍ എന്നാണ് സവിശേഷഭാഷയില്‍ പേര്‍ പറയാറ്. ഈ ചേര്‍ക്കുഴിച്ചാല്‍ എന്താണ്? അതു കടല്‍ക്കരകളിലെ മണല്‍ക്കുഴി ഭൂമിയുടെ മുകള്‍ത്തട്ടിന്നടിയില്‍ പെട്ടെന്നു കണ്ടെത്തുന്നതാണ്; അത് ഓവുചാലിലെ സാങ്മിഷേല്‍ കടപ്പുറമാണ്. കുതിര്‍ന്ന നിലം അവിടെ ഉരുകിക്കിടക്കുകയാണെന്നു പറയട്ടെ; ഇടയിലുള്ള മയം കൂടിയ വസ്തുവില്‍ അതിന്റെ പരമാണുക്കളെല്ലാം തുങ്ങിനില്ക്കയാണ്; അതു ഭൂമിയല്ല, അതു സമുദ്രവുമല്ല. ചിലപ്പോള്‍ വളരെ ആഴമുണ്ടാവും. അങ്ങനെയൊന്നില്‍പ്പെടുന്നതിനേക്കാള്‍ ഭയങ്കരമായി മറ്റൊന്നുമില്ല. വെള്ളമാണ് അധികമെങ്കില്‍ മരണം ക്ഷണത്തില്‍ക്കഴിഞ്ഞു. മനുഷ്യന്‍ വിഴുങ്ങപ്പെട്ടു; കരയാണ് അധികമെങ്കില്‍ മരണം താമസിക്കും.

ഇങ്ങനെയുള്ള ഒരു മരണം ആര്‍ക്കെങ്കിലും സങ്കല്പിക്കാന്‍ കഴിയുമോ? കടല്‍പുറത്തുവെച്ചു ഭൂമിയാല്‍ വിഴുങ്ങപ്പെടുന്നത് ഭയങ്കരമാണെങ്കില്‍, അതൊരു ചളിക്കുഴിയില്‍വെച്ചായാലോ? തുറന്ന വായുമണ്ഡലത്തിനു പകരം, പച്ചപ്പകലിനും തെളിഞ്ഞ ആകാശമണ്ഡലത്തിനും പകരം. ആ എല്ലാടത്തുമുള്ള ഒച്ചുകള്‍ക്കു പകരം, ജീവിതം മഴയായി വരുന്ന ആ സ്വതന്ത്രമേഘങ്ങള്‍ക്കു പകരം, ദൂരത്തു നിന്നു കേള്‍ക്കാവുന്ന ആ കരകള്‍ക്കു പകരം, എല്ലാ രൂപത്തിലുമുള്ള ആശകള്‍ക്കു പകരം, ഉണ്ടായേക്കാവുന്ന വഴിയാത്രക്കാര്‍ക്കു പകരം, ഒടുവിലത്തെ നിമിഷം വരെ ഉണ്ടായേക്കാവുന്ന സാഹായത്തിനു പകരം—അതേ, ഇതുകള്‍ക്കൊക്കെ പകരം, ചെവി കേള്‍ക്കായ്ക, കണ്ണു കാണായ്്ക, ഒരിരുണ്ട നിലവറ തെയ്യാറാക്കിക്കഴിഞ്ഞ ഒരു ശവക്കുഴിയുടെ അന്തര്‍ഭാഗം, ഒരു മേല്‍മൂടിക്കു ചുവട്ടില്‍ ചളിക്കുഴിയില്‍വെച്ചുള്ള മരണം! ചേറുകൊണ്ട് ശ്വാസമമുട്ടിയിട്ടു പതുക്കെ മരിക്കല്‍, ചളിക്കുണ്ടില്‍വെച്ചു ശ്വാസംമുട്ടിച്ചാകല്‍; തന്റെ നഖങ്ങളെ വിരുത്തുകയും നിങ്ങളെ കഴുത്തില്‍ മുറുക്കിപ്പിടികൂടുകയും ചെയ്യുന്ന ഒരു കല്ലുപെട്ടി, മരണഞെരക്കത്തോടു കൂടിക്കലര്‍ന്ന ദുര്‍ഗന്ധം; കടല്‍ക്കരയ്ക്കു പകരം ചളിമണ്ണ്, കൊടുങ്കാറ്റിനു പകരം ഗന്ധകം കലര്‍ന്ന ജലവായു, സമുദ്രത്തിനു പകരം ചാണകക്കുഴി! അവനവന്നു മുകളില്‍ ആ കഥ യാതൊന്നും അറിയാതെ നില്ക്കുന്ന ആ മഹത്തായ നഗരത്തിന്റെ നേരേ നിലവിളിക്കുക, പല്ലിറുമ്മുക, കൈകാലിട്ടടിക്കുക, കുടഞ്ഞുപിടയക്കുക, മരണവികൃതി കാട്ടുക!

ഇങ്ങനെ മരിക്കുന്ന സങ്കടം അനിര്‍വചനീയമാണ്! മരണം ചിലപ്പോള്‍ ഭയങ്കരമായ ഒരുതരം അന്തസ്സുകൊണ്ടു തന്റെ കൊടുംക്രൂരതയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യാറുണ്ട്. പട്ടടയ്ക്കു മുകളില്‍, കപ്പല്‍ത്തകര്‍ച്ചയില്‍, ഒരാള്‍ക്കു മഹാനാവാം; തീജ്ജ്വാലകളിലെന്നപോലെ വെള്ളപ്പതയിലും ഒരന്തസ്സിലുമുള്ള നിലയെടുക്കാം; അവിടെക്കിടന്നു മരിച്ചുപോകുന്നതില്‍ ആള്‍ ഒന്നു മാറിപ്പോകുന്നു. എന്നാല്‍ ഇവിടെ ഇല്ല, മരണം അശുദ്ധമാണ്. ചാവുന്നതുതന്നെ നിന്ദ്യമായിത്തീരുന്നു. ഒടുവിലത്തെ ഉത്കൃഷ്ടകാഴ്ചകള്‍ നികൃഷ്ടങ്ങളാവുന്നു. ചളി അവമാനത്തിന്റെ പര്യായമാണ്. അതു നികൃഷ്ടമാണ്, അലക്ഷ്മി പിടിച്ചതാണ്, അറയ്ക്കുന്നതാണ്. ക്ലാറെന്‍സിനെ [1] പ്പോലെ മാല്‍വ്യാസിയിലെ കുറിവെടിക്കാരന്റെ മറവിടത്തിരുന്നു മരിക്കുന്നതു പിന്നെയുമാവാം; ഒരു കുപ്പവാരിയുടെ മലക്കുഴിയില്‍ക്കിടന്നുള്ള മരണം കഷ്ടമാണ്; അവിടെ കിടന്നുള്ള പിടച്ചില്‍ പൈശാചികമാണ്; മരണവേദനകളെ അനുഭവിക്കുന്നതോടുകൂടി അയാള്‍ക്കു നാലുപുറത്തേക്കും ചേറു കുടഞ്ഞുകളയണം. നരകത്തിലേക്കു വേണ്ട അന്ധകാരവും ചളിക്കുണ്ടല്ലാതെ മറ്റൊന്നുമല്ലെന്നാക്കാന്‍ വേണ്ട ചേറും അവിടെയുണ്ട്; ആ മരിക്കുന്ന മനുഷ്യനു താനൊരു പ്രേതമാവാനോ ഒരു തവളയാവാനോ ഭാവമെന്നു നിശ്ചയമില്ല.

മറ്റെല്ലായിടത്തും ശവക്കുഴി ഗ്രഹപ്പിഴപിടിച്ചതാണ്; ഇവിടേയോ അത് അലക്ഷ്മിപിടിച്ചതാണ്.

അടിനിലത്തിന്റെ ചീത്തത്തം ഏറുകയും കുറയുകയും ചെയ്യുന്നതനുസരിച്ചു ചേര്‍ക്കുഴിച്ചാലിന്റെ ആഴത്തിനും അകലത്തിനും കുട്ടിത്തത്തിനും ഏറ്റക്കുറവുണ്ടാകുന്നു. ചിലപ്പോള്‍ ഒരു ചേര്‍ക്കുഴിച്ചാലിനു മുന്നോ നാലോ അടി ആഴമുണ്ടാവും; ചിലപ്പോള്‍ എട്ടും പത്തും; ചിലപ്പോള്‍ അത്യഗാധമായിരിക്കും. ഇവിടെ ചളി ദ്രവപ്രായമാവും. അവിടെ ഉറച്ചതും ലൂനിയേറിലേ ചേര്‍ക്കുഴിച്ചാലില്‍ ഒരു മനുഷ്യനെ കാണാതാവാന്‍ ഒരു ദിവസം വേണം; എന്നാല്‍ ഫിലിപ്പോവിലെ ചളിക്കുണ്ട് ആ മനുഷ്യനെ അഞ്ചു നിമിഷംകൊണ്ടു വിഴുങ്ങിക്കളയും. ചേര്‍ക്കട്ടിത്തമനുസരിച്ചു ചളി ഏറേയും കുറച്ചും നേരം താങ്ങിനില്ക്കും. ഒരു മുതിര്‍ന്ന ആള്‍ വിഴുങ്ങപ്പെടുന്നേടത്തുനിന്ന് ഒരു കുട്ടിക്കു കയറി രക്ഷപ്പെടാന്‍ കഴിയും. എല്ലാത്തരം കനവും കൂടാതെ കഴിക്കുന്നതാണ് ഒന്നാമത്തെ രക്ഷാമാര്‍ഗ്ഗം. അടി താഴ്‌ന്നു പോകുന്നതായിക്കണ്ട ഏത് ഓവുചാല്പണിക്കാരനും ഒന്നാമതായി ചെയ്യുക തന്റെ പണിയായുധങ്ങളോ തന്റെ പുറംകോട്ടയോ തന്റെ കുമ്മായപ്പെട്ടിയോ വലിച്ചെറിയുകയാണ്.

ചേര്‍ക്കുഴിച്ചാല്‍ പല കാരണങ്ങളെക്കൊണ്ടുണ്ടാവും: നിലത്തിന്റെ ഉതിര്‍ച്ച; മനുഷ്യന്റെ കൈ ചെല്ലാത്ത ആഴത്തില്‍വെച്ചു നിലം ഇടിഞ്ഞുവീഴല്‍; വേനൽക്കാലത്തു കലശലായി മഴപെയ്യല്‍; മഴക്കാലത്ത് ഇളവില്ലാതെ വെള്ളംകയറല്‍; ഇടയ്ക്കിടയ്ക്കൊക്കെ മഴ ചാറല്‍. കളിമണ്ണുള്ളതോ മണല്‍ കൂടിയതോ ആയ നിലത്തുള്ള അയല്‍വീടുകളുടെ കനംകൊണ്ടു ചിലപ്പോള്‍ ഭൂഗര്‍ഭത്തിലെ കല്പടകളുടെ മുകള്‍ബ്ഭാഗം കീഴ്പോട്ടിടിയും; അല്ലെങ്കില്‍ മുകള്‍ത്തട്ടു പൊട്ടി കനം പൊറുക്കാതെ തകര്‍ന്നുചിന്നും. ഇങ്ങനെ പര്‍തെനോവില്‍ ഇടിഞ്ഞുവീണു കുന്നുകൂടിയത് ഒരു നൂറു കൊല്ലം മുന്‍പു സാങ്ഴെനെവിയെയിലെ ഓവുചാലിന്റെ ഒരുഭാഗം മുഴുവനും നശിപ്പിച്ചു. വീടുകളുടെ കനം താങ്ങാതെ ഓവുചാല്‍ കീഴ്പോട്ടിടിഞ്ഞുപോകുന്നേടത്ത് ഈ അപകടസംഭവം മുകളിലെ തെരുവീഥിയില്‍ പാതവിരിക്കല്ലുകള്‍ക്കിടയില്‍. ഒരീര്‍ച്ചവാളിന്റെ പല്ലു പോയാലത്തെപ്പോലെ, ഒരു പഴുതുവരുന്നതില്‍നിന്നു വെളിപ്പെടും; നിലവറ തകര്‍ന്നേടങ്ങളിലെല്ലാം നെടുനീളം ഈ വിടവു വളഞ്ഞുതിരിഞ്ഞു ചെല്ലുന്നുണ്ടാവും; അങ്ങനെ ആ തകരാറു കണ്ണില്‍ പെട്ടാല്‍ ഉടനേ ആളുകള്‍ അതിനു പരിഹാരം ആലോചിക്കും. അകത്തെ തകരാറുകളൊന്നുംതന്നെ പുറത്ത് ഒരു മുറിവുകൊണ്ടും വെളിപ്പെട്ടില്ലെന്നും പലപ്പോഴും വരും; എന്നാല്‍ ഓവുചാല്പണിക്കാരുടെ കഥ കഷ്ടംതന്നെ. മുന്‍കരുതലൊന്നും കൂടാതെയാണ് അവര്‍ ഓവുചാലിലേക്കിറങ്ങിയിരുന്നതെങ്കില്‍, അവര്‍ പിന്നെ മേല്പോട്ടു കയറിവരില്ല, നിശ്ചയം. ഈ നിലയില്‍ ചേര്‍ക്കുഴിച്ചാലില്‍വെച്ചു മരണ മടഞ്ഞ പല കുപ്പക്കോരികളുടെയും കഥ പഴയ വിവരണക്കുറിപ്പുകളിലുണ്ടു്. അവയില്‍ പല പേരുകളും കാണാം; പലതിന്റെയും കൂട്ടത്തില്‍, റ്യു കരീംപ്രെനാങ്ങിലെ ആൾപ്പഴുതിന്നടിയില്‍ വെച്ച് ഒരു മണല്‍ക്കുഴിയാല്‍ വിഴുങ്ങപ്പെട്ട ഓവുചാല്പണിക്കാരന്‍ ഒരു ബ്ലെസ്പുത്രെങ്ങും; ഷാര്‍നിയേദെ ഇന്നോസെന്‍ത എന്നു പേരായ ശ്മശാനസ്ഥലത്തു 1785-ല്‍—ഈ കൊല്ലത്തിലാണ് ആ ശ്മശാനസ്ഥലം ചത്തുപോയത്—പണിയെടുത്തിരുന്ന ഒടുവിലത്തെ ശവക്കുഴികുത്തുകാരനായ നിക്കൊലെ പുത്രെങ്ങിന്റെ സഹോദരനായിരുന്നു ഈ ബ്ലെസ് പുത്രെങ്.

പിന്നെ, ലെറിദയിലെ കോട്ടവളയലില്‍വെച്ചു ധീരോദാത്തത കാണിച്ചുവരില്‍ ഒരാളായ—അവിടെ അവര്‍ തലയില്‍ ഫിഡിലുകളോടുകൂടി പട്ടുകീഴ്ക്കാലുറകളുമിട്ടു കോട്ടയുടെ ആക്രമണം നടത്തി—ആ സുന്ദരയുവാവു, ഞങ്ങള്‍ ഇപ്പോൾത്തന്നെ പറഞ്ഞ വിക്കോംത് ദെസ്കുബ്ലോ. ദെസ് കൂബ്ലോ തന്റെ ഒരു ദായാദിയായ ദെസൂര്‍ദി മഹാപ്രഭ്വിയെ രാത്രി ഉപായത്തില്‍ച്ചെന്നുണര്‍ത്തിയതിനുശേഷം, ബോത്രെല്ലി ഓവുചാലിലെ മണല്‍ച്ചുഴിയില്‍ മുങ്ങിപ്പോയി; അയാള്‍ ആ മാന്യ സ്ത്രീയുടെ ഭര്‍ത്താവില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി അവിടെ ചെന്നൊളിച്ചതായിരുന്നു. ആ പ്രഭ്വി അയാളുടെ മരണം പറഞ്ഞുകേട്ടപ്പോള്‍ തന്റെ ലാണതൈലം എടുത്തുകൊണ്ടുവരാന്‍ ആജ്ഞാപിച്ചു; അതു മണത്തു മൂക്കിലേക്കു കേറ്റുന്നതിരക്കില്‍ വ്യസനിക്കാന്‍ മറന്നുപോയി. ഈവക ഘട്ടങ്ങളില്‍ വളരെ ഊന്നിനില്ക്കുന്ന അനുരാഗമൊന്നുമില്ല; ഓവുചാല്‍ അതിനെ കെടുത്തുകളയുന്നു. ഹിറോ [2] പണ്ടു ലിയാണ്ടറുടെ ദേഹം ശുദ്ധീകരിക്കുവാന്‍ കൂട്ടാക്കിയില്ല. പിറാമുസ്സിന്റെ സാന്നിധ്യത്തില്‍ തിസ്ബി [3] പറയുന്നു.

“ആയി!

കുറിപ്പുകൾ

[1] നാലാം എഡ്വേര്‍ഡ് മഹാരാജാവിന്റെ സഹോദരന്‍, രാജദ്രോഹത്തിനു മരണശിക്ഷ വിധിക്കപ്പെട്ടു. കുറിവെടിക്കാരന്റെ ഒളിവുസ്ഥലത്തു മൃതനായി കാണപ്പെട്ടു.

[2] യവനപുമാണങ്ങളില്‍ വര്‍ണ്ണിക്കപ്പെട്ട ഒരു മതാചാര്യ, ലിയാണ്ടറുടെ അനുരാഗഭാജനം. ദിവസംപ്രതി രാത്രി ഹെല്ലെസ്പോഞ്ങ് നദി നീന്തിക്കടന്നാണ് ഇയ്യാള്‍ തന്റെ പ്രിയതമയുടെ അടുക്കലേക്കു ചെല്ലാറ് ഒരു ദിവസം കോളേറ്റത്തില്‍പ്പെട്ട് മുങ്ങിപ്പോയി; ഹിറോ അതറിഞ്ഞു വൃസനംകൊണ്ടു സമുദ്രത്തില്‍ച്ചാടി ആത്മഹത്യ ചെയ്തു എന്നാ കഥ.

[3] യവനപുരാണങ്ങളിലെ മറ്റു രണ്ടു കഥാപാത്രങ്ങള്‍ റാമുസ്സും തിസ്ബിയും വലിയ അനുരക്തരായിരുന്നു തിസ്ബി മരിച്ചുപോയെന്ന നുണവര്‍ത്തമാനം കേട്ടു പിരാമുസ ഒരു കട്ടാരംകൊണ്ടു ആത്മഹത്യ ചെയതു തിസ്ബിയും അതു കേട്ടു വ്യസനംകൊണ്ടു തന്റെ കാമുകന്‍ ഉപയോഗിച്ച ആ കട്ടാരംതന്നെ പറിച്ചെടുത്തു തന്റെ മാറത്തിറക്കി.

5.1.6
ഴാങ് വാല്‍ഴാങ് ഒരു ചേര്‍ക്കുഴിച്ചാലിനു മുന്‍പില്‍പ്പെട്ടു

ഷാംസെലിസയുടെ അടിയില്‍ കലശലായ നീരുറവകൊണ്ടു വെള്ളംവാര്‍പ്പുയന്ത്രങ്ങള്‍ക്കു പണിയെടുക്കാന്‍ പ്രയാസമായി. ഭൂഗര്‍ഭസംബന്ധികളായ പണിത്തരങ്ങള്‍ക്കേല്‍പിച്ചുകൊടുക്കാന്‍ വയ്യാത്ത, ഇത്തരം മണല്ക്കുഴി അക്കാലത്ത് സാധാരണമാണ്. ഈ നീരുറവു സാങ്ഴോര്‍ഴിനടിയിലുള്ള മണല്‍പ്പരപ്പിന്റേയും—ചരല്‍ക്കൂട്ടുപണിയിന്മേല്‍ ഉറപ്പിച്ച കല്ലുവിരികൊണ്ടു മാത്രമേ അതിനെ കീഴടക്കിക്കൂടു—ദെമാരത്തീറില്‍ കല്ക്കരിബാഷ്പം നിറഞ്ഞ കളിമണ്ണുപാറകളുടേയും— മാര്‍ത്തീറിനടിയിലുള്ള കല്പടയ്ക്കുള്ളില്‍ ഒരുരുക്കുകുഴല്‍കൊണ്ടാണ് അപ്പുറത്തേക്കു കടക്കാന്‍ മാ൪ഗ്ഗമുണ്ടാക്കിയിട്ടുള്ളത്—ഈ രണ്ടിന്റേയും അവിശ്വാസ്യതയെ കവച്ചുവെയ്ക്കുന്നുണ്ട്. ഴാങ് വാല്‍ഴാങ്ങിനെ നാമിപ്പോള്‍ കാണുന്ന സാങ്തോണോറെയുടെ അടിയിലുള്ള പഴയ കല്ലോവുചാല്‍ 1836—ല്‍ മാറ്റിപ്പണിചെയ്യുവാന്‍വേണ്ടി പൊളിച്ചുകളഞ്ഞ സമയത്ത് ഷാംസെലിസയുടെ അടിനിലത്തു സെയിന്‍വരെ നീണ്ടുനില്ക്കുന്ന മണല്‍ക്കുഴി, പുഴവക്കത്തു താമസിക്കുന്നവര്‍, വിശേഷിച്ചും ഹോട്ടലുകളും സവാരിവണ്ടികളുമുള്ളവര്‍, വല്ലാതെ ലഹളകൂട്ടത്തക്കവിധം ഏതാണ്ട് ആറുമാസത്തോളം കാലം പണി നീട്ടിക്കൊണ്ടുപോയി ബുദ്ധിമുട്ടിച്ചുകളഞ്ഞു. ആ പണി ആരോഗ്യനാശകമായിരുന്നു എന്നു പറഞ്ഞാല്‍ പോരാ, അപായകരമായിരുന്നു. നാലര മാസത്തെ മഴയും മൂന്നു തവണത്തെ സെയിന്‍നദിയിലെ വെള്ളപ്പൊക്കവും അവര്‍ക്കു പ്രതികൂലമായിട്ടുണ്ടായിരുന്നു എന്നതു വാസ്തവമാണ്.

ഴാങ് വാല്‍ഴാങ് എത്തിമുട്ടിയ ചേര്‍ക്കുഴിച്ചാല്‍ തലേദിവസത്തെ മഴയുടെ ഫലമാണ്. അടിനിലത്തെ മണല്‍പ്പരപ്പുകൊണ്ട് ഉറപ്പില്ലാതെ കൂട്ടിനിര്‍ത്തിയിരുന്ന കല്‍വരി ഇടിഞ്ഞു വെള്ളംവരവിനെ തടഞ്ഞു. ഉള്‍ക്കിനിവുണ്ടായിരുന്നു; അതില്‍ നിന്ന് ഒരു മണ്ണിടിവുണ്ടായി. പിടുത്തം തെറ്റിയ അടിനിലം ആ ഇടിവിലേക്കിരുത്തി, എത്രകണ്ട്? പറയാന്‍ വയ്യാ. അവിടെ മറ്റെല്ലാ സ്ഥലത്തേക്കാളുമധികം ഇരുട്ടുണ്ടായിരുന്നു. അത് രാത്രിയുടെ ഒരു ഗുഹയിലുള്ള ഒരു ചളിക്കുണ്ടാണ്.

കാലിന്നടിയില്‍നിന്നു വിരികല്ലുകള്‍ മറഞ്ഞിരിക്കുന്നു എന്നു ഴാങ് വാല്‍ഴാങ്ങിനു മനസ്സിലായി; അയാള്‍ ഈ ചളിമണ്ണിലേക്കു കടന്നു. മുകളില്‍ വെള്ളമുണ്ട്, അടിയില്‍ ചളിമണ്ണാണ്. അയാള്‍ക്ക് അതു കടക്കണം. പിന്നോക്കം വെക്കുക അസാധ്യം. മരിയുസ്സ് മരിക്കുകയായി; ഴാങ് വാല്‍ഴാങ് ക്ഷീണിച്ചിരിക്കുന്നു, അതിനുപുറമേ, അയാള്‍ എവിടേക്കു പോകുന്നു? ഴാങ് വാല്‍ഴാങ് മുന്‍പോട്ടു നടന്നു. എന്നല്ല, കുറച്ചടി വെയ്ക്കുന്നതുവരേയ്ക്കു കുഴി വളരെ ആഴമുള്ളതായി തോന്നിയില്ല. പക്ഷേ, അധികമധികം മുന്‍പോട്ടു ചെല്ലുന്നതോടുകൂടി, അയാളുടെ കാലടികൾ ആഴത്തിലേക്കു പതിഞ്ഞു. ക്ഷണത്തില്‍ അയാളുടെ കണങ്കാലുകള്‍വരെ ചളിമണ്ണായി; മുട്ടുവരെ വെള്ളവും. കഴിയുന്നേടത്തോളം വെള്ളത്തില്‍ത്തൊടാതെ മരിയുസ്സിനെ താങ്ങിയെടുത്ത് അയാള്‍ മുന്‍പോട്ടു നടന്നു. ചളി മുട്ടുവരെയായി, വെള്ളം അരയിലോളവും. ഒരാള്‍ക്ക് അപകടം വരാത്തേടത്തോളം മാത്രം ഉറപ്പുള്ളതായിരുന്ന ചളിമണ്ണിനു നിശ്ചയമായും രണ്ടുപേരെ താങ്ങിനില്ക്കാന്‍ വയ്യാ, മരിയുസ്സും ഴാങ് വാല്‍ഴാങ്ങും വെവ്വേറെയാണ് നടന്നിരുന്നതെങ്കില്‍ ഒരു സമയം ഇവിടെനിന്ന് അപായം കൂടാതെ പുറത്തുകടക്കാം. ഴാങ് വാല്‍ഴാങ് ആ മരിക്കാന്‍ പോകുന്ന മനുഷ്യനേയുംകൊണ്ട്, ഒരു സമയം ആ ശവത്തേയുംകൊണ്ട് മുന്‍പോട്ടു നടന്നു.

വെള്ളം അയാളുടെ കക്ഷംവരെയ്ക്കായി; താണുപോവുകയാണെന്ന് അയാള്‍ക്ക് ബോധം വന്നു; അയാള്‍ നന്നേ അധ്വാനിച്ചിട്ടാണ് ആ വെള്ളത്തിന്നുള്ളിലൂടേ മുന്‍പോട്ടു നീങ്ങിയിരുന്നത്. അയാളെ താങ്ങിയിരുന്ന ചളിക്കനംതന്നെ അയാളുടെ മുന്‍പോട്ടുള്ള കാല്‍വെപ്പിന് ഒരു തടസ്സമായി. അയാള്‍ അപ്പോഴും മരിയുസ്സിനെ വെള്ളത്തിന്മീതേ പൊന്തിച്ചു പിടിച്ചിരിക്കയാണ്! അഭൂതപൂര്‍വമായ ദേഹശക്തിയെ ചെലവിട്ടുകൊണ്ട് അയാള്‍ പിന്നേയും മുന്‍പോട്ടു നടന്നു; പക്ഷേ. അയാള്‍ കീഴ്പോട്ടു താഴുന്നുണ്ട്. വെള്ളത്തിനു മീതേ അയാളുടെ തലയും മരിയുസ്സിനെ എടുത്തു പൊക്കിപ്പിടിച്ചിട്ടുള്ള രണ്ടും കൈയും മാതമേ ഉള്ളു. പ്രളയത്തിന്റെ പഴയ ചിത്രപടങ്ങളില്‍ ഇങ്ങനെ തന്റെ കുട്ടിയെയും പിടിച്ചുംകൊണ്ട് ഒരമ്മയെ കാണാം.

അയാള്‍ പിന്നേയും കീഴ്പോട്ടാണ്ടു; വെള്ളം വന്നടിക്കാതെ കഴിപ്പാനും ശ്വാസം കിട്ടാനുംവേണ്ടി അയാള്‍ മുഖം പിന്നോക്കം തിരിച്ചു; ആ അന്ധകാരത്തില്‍വെച്ച് അയാളെ കാണുന്നവരാരും നിഴല്പാടുകളുടെ മീതേ ഒഴുകിപ്പോകുന്ന ഒരു പാഴ്മോന്തയെയാണ് ആ കാണുന്നതെന്ന് കരുതിപ്പോവും; മരിയുസ്സിന്റെ തൂങ്ങുന്ന തലയുടേയും കരുവാളിച്ചമുഖത്തിന്റേയും മീതേ ഒരു നേരിയ വെളിച്ചം തട്ടിയിട്ടുള്ളതായി അയാള്‍ ഒരു നോക്കു കണ്ടു; അയാള്‍ നിരാശനായി ഒന്നു പിടഞ്ഞുനോക്കി. ഒരിക്കല്‍ക്കൂടി മുന്‍പോട്ട് കാലെടുത്തുവെച്ചു; അയാളുടെ കാല്‍ ഉറപ്പുള്ള എന്തോ ഒന്നിന്മേല്‍ തട്ടി; ഒരു താങ്ങുകിട്ടി. വളരെ നേരമായി കുഴങ്ങുന്നു.

അയാള്‍ നിവര്‍ന്നുനിന്നു; ഒരുതരം പിടച്ചിലോടുകൂടി ആ താങ്ങിന്മേല്‍ അയാള്‍ ഉറപ്പിച്ചു ചവുട്ടി നിലകൊണ്ടു. ഇതയാള്‍ക്കു ജീവിതത്തിലേക്കുള്ള കോണിയുടെ ഒന്നാമത്തെ പടിയിന്മേലുള്ള കാല്‍വെപ്പ് പോലെയായി.

ഒടുവിലത്തെ നിമിഷത്തില്‍ ചളിക്കുഴിയില്‍വെച്ച് എത്തിമുട്ടിയ ഈയൊരു താങ്ങ് കല്‍വിരിയുടെ മറ്റേ വെള്ളത്തളത്തിന്റെ ആരംഭമായിരുന്നു; അതൊന്നു വളഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. താണുപോയിട്ടില്ല; ഒരു പലകപോലെ അത് വെള്ളത്തില്‍ ഒന്നുവളഞ്ഞു. നല്ലവണ്ണം പണിചെയ്തിട്ടുള്ള പാതവിരികള്‍ ഒരു നിലവറയായിത്തീരുന്നു; അവയ്ക്ക് ഇങ്ങിനെയൊരുറപ്പുണ്ടായിരിക്കും. പകുതി വെള്ളത്തിലാണ്ടിരുന്നുവെങ്കിലും ഉറപ്പുള്ളതായി ആ നിലവറക്കഷ്ണം ഒരെണ്ണം പറഞ്ഞ ചാമ്പ്രയായിരുന്നു; അതിലെത്തിക്കഴിഞ്ഞാല്‍ അയാള്‍ ജയിച്ചു. ഴാങ് വാല്‍ഴാങ് ആ ചാമ്പ്രസ്ഥലത്തേക്കു കയറി; അയാള്‍ ചേര്‍ക്കുഴിച്ചാലിന്റെ അങ്ങേവശത്തെത്തി.

വെള്ളത്തില്‍നിന്നു കയറിയതോടുകുൂടി ഒരു കല്ലിന്മേല്‍ കാല്‍തട്ടി അയാള്‍ മുട്ടുകുത്തി വീണു. ഇതുത്തമമായി എന്ന് അയാള്‍ ആലോചിച്ചു: ഈശ്വരസ്തുതികളിൽ അയാളുടെ ആത്മാവ് ആകെ മുങ്ങി. അങ്ങനെ കുറച്ചിട ഇരുന്നു.

വിറച്ചു, മരവിച്ചു, ദുര്‍ഗന്ധത്തിലാണ്ടിരിക്കുന്ന അയാള്‍ ഇറ്റിറ്റുവീഴുന്ന ചളിയുമായി താന്‍ താങ്ങിപ്പിടിച്ചുകൊണ്ടുപോരുന്ന ആ മരിക്കാറായ മനുഷ്യന്റെ കനംകൊണ്ടു കുന്ന്, അവിടെനിന്നെഴുന്നേറ്റു; അയാളുടെ ആത്മാവില്‍ ഒരത്ഭുതകരമായ പ്രകാശം നിറഞ്ഞു.

5.1.7
കരയ്ക്കിറങ്ങുകയാണെന്ന് വിചാരിച്ചിരിക്കെ, ചിലപ്പോള്‍ ഒരാള്‍ കരയ്ക്കുചെന്നടിക്കുകയാവും അയാള്‍ ഒരിക്കല്‍ക്കൂടി മുന്‍പോട്ടു നടക്കുകയായി

എന്തായാലും, ആ ചേര്‍ക്കുഴിച്ചാലില്‍ തന്റെ ആയുസ്സ് ഇട്ടുപോന്നിരുന്നില്ലെങ്കിലും അയാള്‍ തന്റെ ശക്തിമുഴുവനും അതില്‍ കളഞ്ഞു. ആ മഹത്തായ അധ്വാനം അയാളെ ക്ഷീണിപ്പിച്ചു. മൂന്നോ നാലോ അടി വെച്ചാല്‍ അപ്പോഴൊക്കെ ശ്വാസംമുട്ടി അടുത്തുള്ള ചുമരിന്മേല്‍ ചാരിനില്ക്കക്കണമെന്നാകുമാറ് അയാളുടെ ക്ഷീണം അത്രയ്ക്കുണ്ടായിരുന്നു. മരിയുസ്സിനെ ഒന്നു നിലമാറ്റിപ്പിടിക്കാന്‍ വേണ്ടി അയാള്‍ക്കൊരിക്കല്‍ ഒരു ചുമര്‍വളരിന്മേല്‍ ഊന്നിയിരിക്കേണ്ടിവന്നു; അവിടെ നിന്ന് ഇനിയനങ്ങുകയുണ്ടാവില്ലെന്നുകൂടി അയാള്‍ ശങ്കിച്ചു. പക്ഷേ, അയാളുടെ ദേഹശക്തി കെട്ടുപോയിരുന്നുവെങ്കിലും, ഉള്‍ക്കരുത്തു കുറഞ്ഞിട്ടില്ല. അയാള്‍ വിണ്ടും എണീറ്റു.

അയാള്‍ രണ്ടുംകെട്ട നിലയില്‍, ഏതാണ്ട് വേഗത്തില്‍ത്തന്നെ, ഈവിധം ഒന്നു ശ്വാസം കഴിക്കുകകൂടി ചെയ്യാതെ, എന്നു പറയട്ടെ, ഒരു നൂറടിയോളം മുന്‍പോട്ടു നടന്നു; പെട്ടെന്ന് ഒരു മതിലിന്മേല്‍ ചെന്നുമുട്ടി. അയാള്‍ ഓവുചാലിന്റെ വളവിലെത്തി; തലയും താഴ്ത്തി തിരിവിലെത്തിയപ്പോള്‍ അയാള്‍ ചുമരോടു കൂട്ടിമുട്ടി, അയാള്‍ തല പൊക്കി നോക്കി; ആ നിലവറയുടെ അങ്ങേ അറ്റത്ത്, അയാളുള്ളേടത്തുനിന്ന് വളരെയകലെ, ഒരു വെളിച്ചം കണ്ടു. ഇത്തവണ അത് ആ ഭയങ്കരവെളിച്ചമല്ല, അത് നല്ല വെളുത്ത പ്രകാശമായിരുന്നു. അത് പകല്‍വെളിച്ചമാണ്. ഴാങ് വാല്‍ഴാങ് പുറത്തേക്കു കടക്കാനുള്ള പഴുത് കണ്ടു.

നരകത്തിലെ അഗ്നികുണ്ഡത്തിനുള്ളില്‍വെച്ചു കഠിനദണ്ഡനശാലയുടെ നിഷ്ക്രമണദ്വാരം പെട്ടെന്നു കണ്ടെത്തുന്ന നരകവാസിയായ ആത്മാവിന്നേ അപ്പോള്‍ ഴാങ് വാല്‍ഴാങ് അനുഭവിച്ചത് എന്തെന്നറിഞ്ഞുകൂടു. അത്, കത്തിപ്പോയിട്ട് ബാക്കി നില്ക്കുന്ന ചിറകിന്‍തുണ്ടോടുകൂടി ആ പ്രകാശമാനമായ പഴുതിലേക്കു കമ്പംപിടിച്ച ഒരോട്ടം കൊടുക്കും. ഴാങ് വാല്‍വാങിനു ക്ഷീണം അറിയാതായി; അയാള്‍ക്ക് മരിയുസ്സിനെ കനം തോന്നാതായി; അയാളുടെ കാലുകള്‍ ഒരിക്കല്‍ക്കൂടി ഉരുക്കുകൊണ്ടുള്ളവയായി. അയാള്‍ നടക്കുകയല്ല, പാഞ്ഞു. അടുത്തടുത്തെത്തുന്നേടത്തോളം ആ പുറത്തേക്കുള്ള ദ്വാരം അധികമധികം തെളിഞ്ഞു കണ്ടു. അത് ക്രമത്തില്‍ ഇടുങ്ങിയിടുങ്ങിവന്നിരുന്ന നിലവറയേക്കാള്‍ ഉയരം കുറഞ്ഞതും, നിലവറ ഉയരം കുറഞ്ഞതോടുകൂടി അടഞ്ഞുപോയ കല്പടയേക്കാളധികം ഗുഡുസ്സായതും, മുകള്‍ബ്ഭാഗം കൂര്‍ത്തതുമായ ഒരു കമാനപ്പഴുതാണ്. ഒരു കുഴലിന്റെ ഉള്ളുപോലെ ആ തുരങ്കവഴി അവസാനിച്ചു; കാരാഗൃഹങ്ങളിലെ കാവല്‍പ്പുരകളുടെ ഛായ പിടിച്ചിട്ടുണ്ടാക്കിയ—കാരാഗൃഹങ്ങളില്‍ അത് ശരിയായിരിക്കുമെങ്കിലും ഓവുചാലുകളില്‍ അത് തെറ്റുതന്നെയാണ്—ഒരു കൊള്ളരുതാത്ത പണി; ഇത് പിന്നീട ശരിപ്പെടുത്തി.

ഴാങ് വാല്‍ഴാങ് ആ പുറത്തേക്കുള്ള പഴുതിലെത്തി.

അവിടെ അയാള്‍ നിന്നു.

അതു നിശ്ചയമായും പുറത്തേക്കുള്ള ദ്വാരമാണ്; പക്ഷേ, അയാള്‍ക്ക് അതിലൂടെ കടക്കാന്‍ നിവൃത്തിയില്ല.

ആ കമാനം ഒരു കനത്ത ഇരുമ്പഴിവാതില്‍കൊണ്ട് അടയ്ക്കപ്പെട്ടിരുന്നു; തുരുമ്പുപിടിച്ച തിരികുറ്റികളില്‍ മുക്കാലും തിരിയുകയില്ലെന്ന നിലയില്‍ നില്‍ക്കുന്ന ആ അഴിവാതില്‍ അതിന്റെ കല്ലുകുറുമ്പടിയോടു ചേര്‍ത്തു, തുരുമ്പുകൊണ്ട് ചുകന്നതും ഒരു കൂറ്റന്‍ ഇഷ്ടികയാണെന്നു തോന്നിപ്പോകുന്നതുമായ ഒരു കനത്ത താഴിട്ടു പൂട്ടിയിരിക്കുന്നു. താക്കോല്‍പ്പഴുതു കാണാനുണ്ട്; പടുകൂറ്റന്‍ ഓടാമ്പല്‍ ഇരിമ്പുകുറ്റിയിലേക്ക് ആണ്ടുമറഞ്ഞിരിക്കുന്നു. വാതിലിന് ഇരട്ടപ്പൂട്ടുണ്ട്, സംശയിക്കാനില്ല. പഴയ കാലത്തെ പാരിസ്സിന് എല്ലായിടത്തും വാരിവിതയ്ക്കുക ഒരു രസമായിരുന്ന ആ കാരാഗൃഹപ്പൂട്ടുകളില്‍ ഒന്നാണത്.

അഴിവാതിലിന്റെ അങ്ങേ വശം വായുമണ്ഡലമാണ്, പുഴയാണ്. പകലാണ്, വളരെ ഇടുങ്ങിയതെങ്കിലും ചെന്നു രക്ഷപ്രാപിക്കാവുന്ന കരയാണ്. അകലെ പാതാറുകള്‍, എളുപ്പത്തില്‍ച്ചെന്ന് ഒളിച്ചുകൂടാവുന്ന ഗുഹയായ പാരിസ്, പരപ്പുകൂടിയ ആകാശാന്തം, സ്വാതന്ത്ര്യം. വലതുവശത്ത് പുഴയുടെ കീഴ്പോട്ടുള്ള ഭാഗം. ഴെനായിലെ പാലം, അതാ, കാണാനുണ്ട്; ഇടതുവശത്തു പുഴയുടെ മേല്പോട്ടുള്ള ഭാഗം. ആന്‍വാലിദിലെ പാലം; രാത്രി വരുംവരെ കാത്തുനിന്ന് വന്നാല്‍ രക്ഷ പ്രാപിക്കുവാന്‍ പറ്റിയ സ്ഥലം; പാരിസ്സിലെ ഏറ്റവും വലിയ ഏകാന്തതകളില്‍ ഒന്നാണത്; ഗ്രാങ് കെയ്ല്ലുവിന്നഭിമുഖമായുള്ള പുഴവക്ക്. അഴിവാതിലിന്റെ പഴുതുകളിലൂടെ ഈച്ചകള്‍ അകത്തേക്കു കടക്കുകയും പുറത്തേക്കു പോവുകയും ചെയ്യുന്നുണ്ട്.

അപ്പോള്‍ വൈകുന്നേരം എട്ടരമണിയായിരിക്കണം. പകല്‍ അവസാനിച്ചു തുടങ്ങി.

ഴാങ് വാല്‍ഴാങ് ആ നിലവറയിലെ ഈറനല്ലാത്ത ഒരു സ്ഥലത്തു നോക്കി മരിയുസ്സിനെ ചുമരിനോടു ചേര്‍ത്തു ചാരി; എന്നിട്ട് ആ ഇരിമ്പഴികളെ രണ്ടു കൈ കൊണ്ടും ചെന്നുപിടിച്ചു; അയാള്‍ ആ കുലുക്കിയ കുലുക്കു കമ്പംപിടിച്ചതായിരുന്നു; പക്ഷേ, അതു നീങ്ങിയില്ല. ആ അഴിവാതില്‍ അനങ്ങിയതേയില്ല. ഉറപ്പുകുറഞ്ഞതിനെ വലിച്ചെടുക്കാമെന്നുള്ള ആശകൊണ്ട് അയാള്‍ ഓരോ അഴിയും വഴിക്കുവഴിയേ പിടിച്ചുനോക്കി; ഒരഴി കൈയില്‍ വന്നാല്‍ അതുകൊണ്ടു വാതില്‍ നീക്കുകയോ പൂട്ടു പറിക്കുകയോ ചെയ്യാമല്ലോ. ഒരൊറ്റ അഴിയും ഇളകിയില്ല. ഒരു നരിയുടെ പല്ലുകളെ ഇതിലധികം ഉറപ്പില്‍ ഊന്‍കുഴികളില്‍ ആഴ്ത്തിപ്പിടിപ്പിച്ചുണ്ടാവില്ല. വീണ്ടിയില്ല; കുത്തിപ്പൊന്തിക്കാന്‍ വയ്യാ. ആ തടസ്സം നീങ്ങാത്തതാണ്. ആ പടി തുറക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ല.

അപ്പോള്‍ അയാള്‍ അവിടെ നില്ക്കുകയോ? അയാള്‍ എന്തു വേണം? അയാളുടെ കഥ എന്താവും? അയാള്‍ക്കു തിരിച്ചുപോവാന്‍, പോന്ന വഴി മുഴുവനും ഇനി അങ്ങോട്ടും ചവിട്ടിപ്പിന്നിടാന്‍, ശക്തിയില്ല. അതിനു പുറമേ, എന്തോ ഒരത്ഭുതം എന്ന നിലയില്‍ അയാള്‍ കടന്നുപോന്ന ആ മണല്‍ക്കുഴി ഇനിയെങ്ങനെയാണ് അങ്ങോട്ടും കടക്കുക? ആ മണല്‍ക്കുഴിയുടെ അപ്പുറത്ത് ആ പൊല്ലീസ് പാറാവില്ലേ? അതുണ്ടോ രണ്ടാമതൊരിക്കല്‍ക്കൂടി വിട്ടുപോവാന്‍ പറ്റുന്നു? ഇതിനൊക്കെപ്പുറമേ, എവിടേക്കു പോവുന്നു? ഏതു ഭാഗത്തേക്കാണ് അയാള്‍ പോകേണ്ടത്? കീഴ്പോട്ടുള്ള ചരിവിലൂടെ പോയാല്‍ വേണ്ടേടത്തെത്തില്ല. ഇനി ഇതുപോലെ വേറെയൊരു പുറത്തേക്കുള്ള ദ്വാരത്തിനു മുന്‍പിലെത്തിയാല്‍ അവിടെയുമുണ്ടാവും, ഒരടപ്പോ ഒരഴിവാതിലോ അയാളെ തടയാന്‍. ഈ വിധത്തില്‍ നിശ്ചയമായും എല്ലാ നിഷ്ക്രമണപ്പഴുതുകളും അടച്ചിട്ടിരിക്കണം. അയാള്‍ അകത്തേക്കു കടന്ന അഴിവാതില്‍ യദുച്ഛാസംഭവത്താല്‍ തുറന്നിടപ്പെട്ടതാണ്; മറ്റെല്ലാ ഓവുചാല്‍പ്പഴുതുകളും അടച്ചിട്ടിരിക്കാതെ വരില്ല. അയാള്‍ക്ക് ഒരു തടവിനുള്ളിലേക്കു കടന്നു രക്ഷപ്പെടാനാണു സാധിച്ചത്.

എല്ലാം കഴിഞ്ഞു. ഴാങ് വാല്‍ഴാങ് അതുവരെ പ്രവര്‍ത്തിച്ചതെല്ലാം നിഷ്ഫലം. അധ്വാനം അപജയത്തില്‍ച്ചെന്നവസാനിച്ചു.

അവര്‍ രണ്ടുപേരും മരണത്തിന്റെ അന്ധകാരമയമായ പടുകൂറ്റന്‍ വലയില്‍ പെട്ടുപോയി; ഇരുണ്ട വലച്ചരടുകളിലൂടെ ആ ഭയങ്കരനായ എട്ടുകാലി നിഴല്പാടുകളില്‍ തുള്ളിയിളകിക്കൊണ്ടു പാഞ്ഞടുക്കുന്നതായി ഴാങ് വാല്‍ഴാങ്ങിന് ബോധം വന്നു. അയാള്‍ ആ അഴിവാതിലിനു പുറം കാട്ടി, കല്‍വിരിയില്‍ മരിയുസ്സിന്റെ അടുത്തായി കാല്‍മുട്ടുകള്‍ക്കിടയില്‍ തല കുനിഞ്ഞു ഇരിപ്പായി, അല്ല അങ്ങനെ നിലത്തേക്കു പിടിച്ചു മറിക്കപ്പെട്ടു എന്നു പറയട്ടെ! ഇതു കഠിനമായ മനോവേദനയുടെ ഒടുവിലത്തെ തുള്ളിയായിരുന്നു.

ഈ അഗാധമായ വിഷാദത്തിന്നിടയില്‍ അയാള്‍ ആരെപ്പറ്റിയാണ് ആലോചിച്ചിരുന്നത്? തന്നെപ്പറ്റിയും മരിയുസ്സിനെപ്പറ്റിയുമല്ല. അയാള്‍ കൊസെത്തിനെക്കുറിച്ചു വ്യസനിച്ചു.

5.1.8
ചീന്തിയ കുപ്പായത്തൊങ്ങല്‍

ഈ മനോവിഷാദത്തിന്നിടയില്‍ അയാളുടെ ചുമലില്‍ ആരോ തൊട്ടു; ഒരു താഴ്‌ന്ന സ്വരം അയാളോടു പറഞ്ഞു ‘പകുതിപ്പങ്ക്’

ആ ഇരുട്ടില്‍ ഒരാളോ? നിരാശതയെപ്പോലെ അത്രയധികം സ്വപ്നത്തിന്റെ ഛായ പിടിക്കുന്ന മറ്റൊന്നുമില്ല. ഴാങ് വാല്‍ഴാങ്ങിനു താന്‍ സ്വപ്നം കാണുകയാണെന്നു തോന്നി. കാല്‍വെപ്പുശബ്ദമൊന്നും കേട്ടിട്ടില്ല, അങ്ങനെ വരുമോ? അയാള്‍ സൂക്ഷിച്ചു നോക്കി.

ഒരു മനുഷ്യന്‍ അയാളുടെ മുന്‍പിലുണ്ട്.

ഈ മനുഷ്യന്‍ ഒരു സ്ത്രീക്കുപ്പായമിട്ടിരിക്കുന്നു; കാലടികള്‍ നഗ്നങ്ങളാണ്; പാപ്പാസ്സുകളുള്ളതു ഇടത്തേ കൈയില്‍ പിടിച്ചിട്ടുണ്ട്; കാല്‍വെപ്പുശബ്ദം കേള്‍ക്കാതിരിക്കാന്‍വേണ്ടി അയാള്‍ ഴാങ് വാല്‍ഴാങ്ങിന്റെ അടുക്കലേക്കു ചെല്ലുമ്പോള്‍ അവ ഊരിയതായിരിക്കണം.

ഴാങ് വാല്‍ഴാങ്ങിന് ഒട്ടും സംശയമുണ്ടായില്ല. ഈ കണ്ടുമുട്ടല്‍ അപ്രതീക്ഷിതമായിരുന്നുവെങ്കിലും, ഈ മനുഷ്യന്‍ അയാള്‍ക്കു പരിചിതനാണ്. ആ മനുഷ്യന്‍ തെനാര്‍ദിയെറായിരുന്നു.

ഒരു ഞെട്ടിത്തെറിക്കലോടുകൂടിയാണ് ഉണര്‍ന്നതെങ്കിലും എന്നുപറയട്ടെ, അപകടങ്ങളുമായി പരിചയപ്പെട്ടിട്ടുള്ള ആളും ക്ഷണത്തില്‍ തടുത്തുനോക്കേണ്ടതായ പല അവിചാരിത കുന്തപ്രയോഗത്തോടും മാറുകാട്ടി ശീലംവന്നിട്ടുള്ള ആളുമായ ഴാങ് വാല്‍ഴാങ് ഒരു നിമിഷംകൊണ്ടു സ്വബോധസ്ഥനായി, എന്നല്ല, അപ്പോഴത്തെ നില അതിലധികം തകറാവാന്‍ വയ്യാ; ഒരുതരത്തിലെത്തിയിട്ടുള്ള അപായത്തിനു പിന്നെയൊരു ഇരമ്പക്കൂടുതല്‍ വരാൻവയ്യാ എന്നുണ്ടാവും; ഈ രാത്രിയുടെ കറും കറുപ്പിനോടു തെനാര്‍ദിയെറെക്കൊണ്ടു യാതൊന്നും കൂട്ടാന്‍ കഴിയില്ല.

ഒരു നിമിഷനേരം ആരും അനങ്ങിയില്ല.

തെനാര്‍ദിയെര്‍ തന്റെ വലത്തേ കൈ നെറ്റിത്തടത്തോളം ഉയര്‍ത്തി അതുകൊണ്ടു ഒരു മറയുണ്ടാക്കി. എന്നിട്ടു കണ്ണുകളെ ഹേമിച്ചു കണ്‍പോളകള്‍ ഒരുമിപ്പിച്ചു—വായയുടെ ഒരു ചെറിയ മുറുക്കംകൂടിയായാല്‍, മറ്റൊരാളെ കണ്ടു മനസ്സിലാക്കാന്‍ ഒരാളെടുക്കുന്ന ബുദ്ധിപൂര്‍വ്വമായ അതിശ്രദ്ധയുടെ ബാഹ്യചിഹ്നം, അയാള്‍ തോറ്റതേയുള്ളു. ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ പറഞ്ഞവിധം ഴാങ് വാല്‍ഴാങ് വെളിച്ചത്തിനെതിരായിട്ടാണ് നിന്നിരുന്നത്; എന്നല്ല, നട്ടുച്ചയ്ക്കുകൂടി കണ്ടാല്‍ മനസ്സിലാകാത്തവിധം അയാള്‍ അത്രമേല്‍ വൈകൃതപ്പെട്ടും അത്രമേല്‍ ചളിപറ്റിയും അത്രമേല്‍ ചോരപുരണ്ടുമിരുന്നിരുന്നുതാനും. നേരേമറിച്ചു അഴിവാതില്‍നിന്നുള്ള വെളിച്ചത്ത്—ഒരു കുണ്ടറ വെളിച്ചമായി കരുവാളിച്ചതു തന്നെ, വാസ്തവം; എങ്കിലും ആ കരുവാളിപ്പിനുള്ളില്‍ ഒരു സൂക്ഷ്മതയുണ്ടു്—അവിടെ തെളിഞ്ഞുനിന്നിരുന്ന തെനാര്‍ദിയെര്‍, പൊതുജനങ്ങളുടെ ഉന്മേഷം കൂടിയ അലങ്കാരഭാഷയില്‍ പറകയാണെങ്കില്‍, ക്ഷണത്തില്‍ ഴാങ് വാല്‍യാങ്ങിന്റെ കണ്ണുകളിലേക്കു ’ചാടി’. ഈ സ്ഥിതികളുടെ അസമത്വം ആ രണ്ടു നിലകളും ആ രണ്ടു മനുഷ്യരും തമ്മില്‍ ഇനി ആരംഭിക്കാന്‍ പോകുന്ന നിഗൂഢ ദ്വന്ദ്വയുദ്ധത്തില്‍ ഴാങ് വാല്‍ഴാങ്ങിന്റെ ഭാഗത്തേക്ക് അല്പം ഗുണമുണ്ടെന്നു കാണിക്കാന്‍ ധാരാളം മതിയായിരുന്നു. മൂടുപടമിട്ട് ഴാങ് വാല്‍ഴാങ്ങും മൂടുപടം പോയ തെനാര്‍ദിയെരും തമ്മില്‍ കൂട്ടിമുട്ടി.

തെനാര്‍ദിയെര്‍ക്കു ആളെ മനസ്സിലായിട്ടില്ലെന്നു ഴാങ് വാല്‍ഴാങ് ക്ഷണത്തില്‍ കണ്ടു.

പരസ്പരം അളവെടുത്തുവെക്കയാണെന്നു തോന്നുമാറു രണ്ടുപേരും ആ അര്‍ദ്ധാന്ധകാരത്തില്‍ ഒരു നിമിഷനേരം അന്യോന്യം സൂക്ഷിച്ചുനോക്കി. ഒന്നാമതു മൗനം ഭഞ്ജിച്ചതു തെനാര്‍ദിയെരാണ്.

നിങ്ങള്‍ എങ്ങനെയാണ് പുറത്തേക്കു കടക്കാന്‍ ഭാവം?”

ഴാങ് വാല്‍ഴാങ് മറുപടി പറഞ്ഞില്ല. തെനാര്‍ദിയെര്‍ തുടര്‍ന്നു: “ആ പടിവാതിലിന്റെ പൂട്ടു പറിച്ചെടുക്കുക സാധ്യമല്ല. പക്ഷേ, എന്തായാലും, നിങ്ങള്‍ക്കു പുറത്തു കടക്കണമല്ലോ?”

“അതു നേര്.” ഴാങ് വാല്‍ഴാങ് പറഞ്ഞു.

“ശരി, എന്നാല്‍ പകുതിപ്പങ്കെനിക്ക്.”

“എന്താണ് നിങ്ങളീപ്പറയുന്നതിന്റെ അര്‍ത്ഥം?”

“നിങ്ങള്‍ ആ മനുഷ്യന്റെ കഥ തീര്‍ത്തു; അതൊക്കെ ശരി, താക്കോല്‍ എന്റെ കൈയിലാണ്.”

തെനാര്‍ദിയെര്‍ മരിയുസ്സിനെ ചൂണ്ടിക്കാട്ടി. അയാള്‍ തുടര്‍ന്നു: “എനിക്കു നിങ്ങളെ അറിഞ്ഞുകൂടാ; എങ്കിലും ഞാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഒരു സുഹൃത്താവണം.’

ഴാങ് വാല്‍ഴാങ്ങിനു കാര്യം മനസ്സിലായിത്തുടങ്ങി. തെനാര്‍ദിയെര്‍ അയാളെ ഒരു കൊലപാതകിയായി കൂട്ടിയിരിക്കയാണ്.

തെനാര്‍ദിയെര്‍ പിന്നേയും: “കേള്‍ക്കു, ചങ്ങാതി. ആ മനുഷ്യന്റെ കുപ്പായക്കീശയിലെന്തുണ്ടെന്നു നോക്കാതെ നിങ്ങള്‍ അയാളെ കൊല്ലുകയില്ല. എന്റെ പകുതിപ്പങ്ക് എനിക്കു തരു. ഞാന്‍ നിങ്ങള്‍ക്കു വാതില്‍ തുറന്നുതരാം.”

കീറിപ്പറിഞ്ഞ സ്ത്രീക്കുപ്പായത്തിന്നിടയില്‍നിന്ന് ഒരു പോത്തന്‍ താക്കോല്‍ പകുതി പുറത്തേക്കെടുത്തു അയാള്‍ തുടര്‍ന്നു: ’സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍ എന്തു മട്ടാണെന്നു നിങ്ങള്‍ക്കു കാണണമോ? ഇതാ നോക്കു.’

ഴാങ് വാല്‍ഴാങ് അത്രമേല്‍ ‘അന്തംവിട്ടി’രുന്നതുകൊണ്ട് ആ കണ്ടതു ശരിതന്നെയാണോ എന്നയാള്‍ ശങ്കിച്ചു. അതു പൈശാചികരൂപത്തില്‍ വന്ന ഈശ്വരനായിരുന്നു; തെനാര്‍ദിയെരുടെ രൂപം ധരിച്ചു ഭൂമിയില്‍നിന്നു പൊന്തിവന്ന അയാളുടെ ഭാഗ്യം.

തെനാര്‍ദിയെര്‍ തന്റെ സ്ത്രീക്കുപ്പായത്തിന്റെ ഉള്ളിലുള്ള ഒരു വലിയ കുപ്പായക്കീശയിലേക്കു കൈമുഷ്ടി തിരുകി, ഒരു കയര്‍ പുറത്തേക്കെടുത്തു. ഴാങ് വാല്‍ഴാങ്ങിനു കാണിച്ചു.

നില്ക്കൂ.” അയാള്‍ പറഞ്ഞു, ’ഞാന്‍ നിങ്ങള്‍ക്കു കയര്‍ വെറുതെ തരാം.’

“എന്തിനാണ് കയര്‍?”

ഒരു കല്ലുകൂടി നിങ്ങള്‍ക്കു വേണ്ടിവരും; പക്ഷേ, അതു നിങ്ങള്‍ക്കു പുറത്തു നിന്നു കിട്ടും. ഒരു കുപ്പക്കുന്നു മുഴുവനുമുണ്ടവിടെ.”

ഞാന്‍ ഒരു കല്ലുകൊണ്ട് എന്തു ചെയ്യും?”

വങ്ക, നിങ്ങള്‍ക്ക് ആ മരമുട്ടി പുഴയിലേക്കെറിയണ്ടേ? ഒരു കല്ലും ഒരു കയറും വേണ്ടിവരും; അല്ലെങ്കില്‍ അതു വെള്ളത്തില്‍ പൊന്തിക്കിടക്കും.”

ഴാങ് വാല്‍ഴാങ് കയര്‍ വാങ്ങി. ഈവിധം ഒരു പാവപോലെ ചിലപ്പോള്‍ എന്തെങ്കിലും സ്വികരിക്കുകയുണ്ടായിട്ടില്ലാത്ത ഒരാളില്ല.

പെട്ടെന്ന് ഒരു യുക്തി തോന്നിയപോലെ തെനാര്‍ദിയെര്‍ കൈവിരലുകള്‍ പൊട്ടിച്ചു.

“ഹാ, നോക്കൂ, എന്റെ ചങ്ങാതി, നിങ്ങള്‍ എങ്ങനെയാണ് ആ ചളിക്കുഴിയില്‍ നിന്നു പുറത്തു കടന്നത്? എനിക്കതില്‍ ആയുസ്സു പണയം വെച്ചുനോക്കാന്‍ ധൈര്യമില്ല. ആയി! നിങ്ങള്‍ നല്ല നാറ്റക്കാരനല്ല.”

കുറച്ചു കഴിഞ്ഞ് അയാള്‍ തുടര്‍ന്നു: “ഞാന്‍ ചില ചോദ്യം ചോദിക്കുന്നു; പക്ഷേ, ഉത്തരം പറയാതിരിക്കാന്‍ നിങ്ങള്‍ക്കു പൂര്‍ണ്ണാവകാശമുണ്ട്. വിചാരണ ചെയ്യുന്ന നീതിന്യായാധിപന്റെ മുന്‍പില്‍ ഒരു നാശംപിടിച്ച മണിക്കൂര്‍ ചെലവഴിക്കേണ്ടിവരുന്നതു മുന്‍കൂട്ടി ചെയ്തു പരിചയിക്കുകയാണെന്നു വെക്കുക. അപ്പോള്‍, മിണ്ടാതിരിക്കുകയാണെങ്കില്‍പ്പിന്നെ, ഉറക്കെപ്പറഞ്ഞുപോയി, എന്നു വരാനില്ല. നിങ്ങളുടെ മുഖം ഞാന്‍ കാണുന്നില്ലെന്നും നിങ്ങളുടെ പേരെനിക്കറിഞ്ഞുകൂടെന്നുമുള്ളതു സാരമില്ല; നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ ആവശ്യമെന്താണെന്നും ഞാന്‍ ധരിച്ചിട്ടില്ലെന്നു കരുതുന്നതു തെറ്റാണ്. ഞാന്‍ സൂക്ഷ്മമറിയുന്നു. നിങ്ങള്‍ ആ മാന്യനെ കുറച്ചൊന്നു കഷ്ണമാക്കി; അപ്പോള്‍ ഇനി അദ്ദേഹത്തെ എവിടെയെങ്കിലും കുഴിച്ചുമൂടണം. പുഴയാണ്, വിഡ്ഡിത്തത്തെ ഒളിച്ചുവെക്കാനുള്ള ആ മഹാസമര്‍ത്ഥനാണ്, ഇനി ആവശ്യം. ഞാന്‍ നിങ്ങളെ കെണിയില്‍നിന്നു പുറത്താക്കിത്തരാം. ഒരു കൊള്ളാവുന്ന ചങ്ങാതിയെ ദുര്‍ഗ്ഘടത്തില്‍നിന്നു രക്ഷിക്കുകയാണ് എനിക്കു ആപാദചൂഢം രസംപിടിക്കുന്ന പണി.”

ഴാങ് വാല്‍ഴാങ്ങിന്റെ മാനത്തെ അഭിനന്ദിച്ചുകൊണ്ട് തെനാര്‍ദിയെര്‍ അയാളെക്കൊണ്ട് സംസാരിപ്പിക്കാന്‍ നോക്കി. അയാളുടെ മുഖാകൃതി നോക്കിക്കാണാനുള്ള ശ്രമത്തില്‍ തെനാര്‍ദിയെര്‍ അയാളുടെ ചുമലൊന്നു കുലുക്കി; പക്ഷേ, ഒച്ചയൊട്ടും പൊന്തിക്കാതെ അയാള്‍ പറഞ്ഞു: “ആ ചേര്‍ക്കുഴി കൈയില്‍ക്കിട്ടിയിട്ടും, നിങ്ങളൊട്ടു കൊള്ളാം. എന്തേ നിങ്ങളയാളെ അതിലേക്കു മറിക്കാഞ്ഞത്?”

ഴാങ് വാല്‍ഴാങ്, മിണ്ടാതെ നിന്നു.

കഴുത്തിലുള്ള മുഴവരെയ്ക്കെത്തുന്ന ഒരു കണ്ഠവസ്ത്രമായി ഉപയോഗിക്കപ്പെട്ടിരുന്ന കീറത്തുണി തട്ടിനീക്കി—ഒരു സഗൗരവമനുഷ്യന്റെ സമര്‍ത്ഥമട്ട് മുഴുവനും കാണിക്കുന്ന ഒരാംഗ്യം—തെനാര്‍ദിയെര്‍ പിന്നെയും തുടങ്ങി:

“ഏതായാലും നിങ്ങള്‍ ചെയ്തതു നന്നായി. നാളെ ആ ദ്വാരം ശരിപ്പെടുത്താന്‍ വന്നെത്തുന്ന പണിക്കാര്‍ ആ മരമുട്ടി അവിടെ കിടക്കുന്നത് നിശ്ചയമായും കാണും; എന്നിട്ട് നൂലോടുനൂലു പിടിച്ചു, കമ്പോടുകമ്പു തപ്പി, കാര്യത്തിലെത്തിക്കൂടി, നിങ്ങളെ പിടികൂടും. ആരോ ഒരാള്‍ ഓവുചാലിലൂടെ പോയിട്ടുണ്ട്. ആര്‍? ആ മനുഷ്യന്‍ എതിലേ പുറത്തു കടന്നു? പുറത്തേക്കു കടക്കുന്നത് ആരെങ്കിലും കണ്ടുവോ? പൊല്ലീസ്സുകാര്‍ സാമര്‍ത്ഥ്യക്കട്ടകളാണ്. ഓവുചാല്‍ ചതിയനാണ്; അവന്‍ നിങ്ങളെപ്പറ്റി കഥ പറഞ്ഞുതുടങ്ങും. ഇങ്ങനെയാണ് കണ്ടെത്തുന്നത് അപൂര്‍വ്വമാണ്; ആളുകളുടെ ശ്രദ്ധയിളകി; എല്ലാവര്‍ക്കുമുള്ള സ്വത്തായി പുഴ കിടക്കെ, ഓവുചാല്‍ വളരെക്കുറച്ചു പേരേ ഉപയോഗപ്പെടുത്താന്‍ നോക്കൂ. പുഴയാണ് വാസ്തവത്തിലുള്ള ശ്മശാനം. ഒരു മാസംകൊണ്ട് നിങ്ങളുടെ ആളെ അവര്‍ സാങക്ലനോദില്‍വെച്ച് വലയിട്ടു പിടിക്കുമായിരിക്കാം. ആവട്ടെ, ആരാണതിനെപ്പറ്റി തല പുണ്ണാക്കാന്‍? അതൊരു ചീഞ്ഞ ശവം! ആരേ ആ മനുഷ്യനെ കൊന്നുകളഞ്ഞത്? പാരിസ് തീര്‍ന്നു. നീതിന്യായം പിന്നെ അന്വേഷണം നടത്തില്ല. നിങ്ങള്‍ ചെയ്തത് ഉചിതമായി.”

തെനാര്‍ദിയെര്‍ക്കു വായാടിത്തം കൂടുന്തോറും ഴാങ് വാല്‍ഴാങ്ങിന്റെ മാന് മൗനവൃതം വര്‍ദ്ധിച്ചു.

ഒരിക്കല്‍ക്കൂടി തെനാര്‍ദിയെര്‍ അയാളുടെ ചുമല്‍ പിടിച്ചുകുലുക്കി.

“അപ്പോള്‍ നമുക്കിക്കാര്യം തീര്‍ക്കുക. നമുക്കു പങ്കിടുക. നിങ്ങള്‍ എന്റെ താക്കോല്‍ കണ്ടുവല്ലോ; നിങ്ങളുടെ പണം കാണിക്കു.”

തെനാര്‍ദിയെര്‍ കണ്ണുനട്ടു, ഭയങ്കരനായി, ശങ്കയോടുകൂടി, ഭീഷണിപ്പെടുത്തിക്കൊണ്ടെങ്കിലും സൗമ്യമട്ടിലിരുന്നു.

ഒരത്ഭുതകരസംഗതി: തെനാര്‍ദിയെരുടെ മട്ടിനു ഒരു വൈകൃതമുണ്ട്; അയാള്‍ക്കു നല്ല മനസ്സമാധാനമില്ലെന്നു തോന്നും; ഒരത്ഭുതഭാവം നടിക്കുന്നുണ്ടെങ്കിലും അയാള്‍ താഴ്‌ന്നസ്വരത്തിലേ സംസാരിക്കുന്നുള്ളു; ഇടയ്ക്കിടയ്ക്കു വായ പൊത്തി പതുക്കെ മന്ത്രിക്കും, ഛു!” അതിന്റെ കാരണം ഊഹിക്കാന്‍ വയ്യ. അവരല്ലാതെ അവിടെയെങ്ങും വേറെയൊരാളില്ല. വേറെയും ഘാതുകന്മാര്‍ ഏതോ മൂലയില്‍ ഒളിച്ചുനില്ക്കുന്നുണ്ടാവണമെന്നും അവര്‍ക്കു പണം പങ്കിട്ടു കൊടുക്കാന്‍ തെനാര്‍ദിയെര്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കണമെന്നും ഴാങ് വാല്‍ഴാങ് ഊഹിച്ചു.

തെനാര്‍ദിയെര്‍ തുടര്‍ന്നു: “കാര്യം തീര്‍ച്ചപ്പെടുത്തുക. ആ മരമുട്ടിയുടെ പൊത്തില്‍ എന്തുണ്ടായിരുന്നു?”

ഴാങ് വാല്‍ഴാങ് കീശകളില്‍ തപ്പി.

വായനക്കാര്‍ ഓര്‍മ്മിക്കുന്നവിധം, എപ്പോഴും കുറച്ചു പണം കൈയില്‍ വെയ്ക്കുന്നത് അയാളുടെ ഒരു പതിവാണ്. ആ മനുഷ്യന്‍ അനുഭവിച്ചുപോരുന്ന താല്‍ക്കാലികയുക്തികളെക്കൊണ്ടുള്ള വ്യസനകരജീവിതം ഇതിനെ അയാളുടെ ഒരു നിയമമാക്കിത്തീര്‍ത്തു. എന്തായാലും ഇക്കുറി അയാള്‍ കരുതാതെ അപകടത്തില്‍പ്പെട്ടു. തലേദിവസം വൈകുന്നേരം ഒരു രാഷ്ട്രീയരക്ഷിഭടന്റെ ഉടുപെടുത്തിട്ട സമയത്തു്, വ്യസനകരമായ മനോരാജ്യത്തില്‍ മുങ്ങിയിരിക്കെ, അയാള്‍ തന്റെ പോക്കറ്റുപുസ്തകമെടുക്കാന്‍ മറന്നുപോയി. ഗഡിയാള്‍ക്കീശയില്‍ കുറച്ചു ചില്ലറമാത്രമേ അയാളുടെ പക്കലുള്ളൂ. ചളികൊണ്ട് ഈറന്‍പിടിച്ച കുപ്പായക്കീശ തെനാര്‍ദിയെര്‍ അകംപുറം മറിച്ചു. നിലവറയുടെ ചുമര്‍വളരില്‍ ഒരു ലൂയിയും രണ്ട് അയ്യഞ്ചു ഫ്രാങ്ക് നാണ്യവും അഞ്ചോ ആറോ സൂവും ചിന്നിയിട്ടു.

തെനാര്‍ദിയെര്‍ സാകൂതമായ ഒരു കഴുത്തുവെട്ടലോടുകൂടി താഴത്തെ ചുണ്ടു പിളര്‍ത്തി.

“നിങ്ങള്‍ അയാളെ വളരെ കുറഞ്ഞ വിലയ്ക്കു പൊതുക്കിക്കളഞ്ഞുവല്ലോ.” അയാള്‍ പറഞ്ഞു.

വലിയ പരിചിതനെന്നപോലെ അയാള്‍ ഴാങ് വാല്‍ഴാങിന്റെയും മരിയുസ്സിന്റെയും കുപ്പായക്കീശകള്‍ ഞെക്കിനോക്കി. വെളിച്ചത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്നതില്‍ അധികവും ശ്രദ്ധപതിച്ചിരുന്ന ഴാങ് വാല്‍ഴാങ് അയാള്‍ക്കിഷ്ടമുള്ളതു ചെയ്തുകൊള്ളട്ടെ എന്നു വെച്ചു.

മരിയുസ്സിന്റെ പുറംകുപ്പായത്തില്‍ കൈ നടത്തുന്നതിനിടയ്ക്ക് ഒരു കീശതപ്പിയുടെ സാമര്‍ത്ഥ്യത്തോടുകൂടിയും ഴാങ് വാല്‍ഴാങ് അറിയാതെയും അതിന്റെ ഒരു കഷണം ചീന്തിയെടുത്തു തന്റെ സ് സ്ത്രീക്കുപ്പായത്തിനടിയില്‍ ഒളിച്ചുവെച്ചു: ആ കൊലപാതകം നടത്തിയവനേയും നടത്തപ്പെട്ടവനേയും ഇനിയൊരിക്കല്‍ കണ്ടുപിടിക്കാന്‍ ആ ശീലക്കഷ്ണം ഉപയോഗപ്പെടുമെന്ന് അയാള്‍ കരുതിയിരിക്കാം. ഏതായാലും ആകെ മുപ്പതു ഫ്രാങ്കേ കണ്ടെത്തിയുള്ളു.

“അപ്പോള്‍’, അയാള്‍ പറഞ്ഞു: “നിങ്ങളുടെ രണ്ടുപേരുടെയും പക്കല്‍ക്കൂടി ഇതിലധികമില്ല.”

എന്നിട്ടു “പകുതിപ്പങ്ക്’ എന്നുള്ള തന്റെ മുദ്രാവാക്യം മറന്നു. മുഴുവനും അയാള്‍ കൈയില്‍ വെച്ചു.

ആ സൂനാണ്യങ്ങളുടെ കാര്യത്തില്‍ അയാള്‍ അല്പം ശങ്കിച്ചുനിന്നു. ഒടുവില്‍ മതിയായ ആലോചനയ്ക്കുശേഷം ഇങ്ങനെ പിറുപിറുത്തുകൊണ്ട് അതുകളും അയാള്‍ പെറുക്കിയെടുത്തു. ‘എന്തെങ്കിലുമാവട്ടെ. നിങ്ങള്‍ ആകപ്പാടെ വളരെക്കുറച്ചു സംഖ്യയ്ക്ക് ആളുകളെ കഴുത്തുചെത്തുന്നു.’

അതു കഴിഞ്ഞ് അയാള്‍ ഒരിക്കല്‍ക്കൂടി തന്റെ സ്ത്രീക്കുപ്പായത്തിനടിയില്‍ നിന്ന് ആ പോത്തന്‍താക്കോലെടുത്തു.

“അപ്പോള്‍, എന്റെ ചങ്ങാതി, നിങ്ങള്‍ക്കിനി പുറത്തു കടക്കണം. ശരി, ഇതിപ്പോള്‍ ഒരു ചന്തസ്ഥലം പോലെയാണ്, പുറത്തേക്കു പോകണമെങ്കില്‍ പണം കൊടുക്കണം. നിങ്ങള്‍ പണം തന്നു, ഇനി പോയാട്ടെ.”

അയാള്‍ ചിരിക്കാന്‍ തുടങ്ങി.

ഈ അപരിചിതനു തന്റെ താക്കോല്‍കൊണ്ടുള്ള സാഹായം ചെയ്തു കൊടുക്കാനും തന്നെയല്ലാതെ മറ്റൊരാളെ ആ പടിയിലൂടെ പുറത്തേക്കു പറഞ്ഞയയ്ക്കാനും അയാളെ പ്രേരിപ്പിച്ചത് ഒരു കൊലപാതകിയെ രക്ഷപ്പെടുത്താനുള്ള വെറും രസംതന്നെയായിരുന്നുവോ? ഞങ്ങള്‍ക്കു സംശയമുണ്ട്. മരിയുസ്സിനെ എടുത്തു ചുമലിലേറ്റാന്‍ തെനാര്‍ദിയെര്‍ ഴാങ് വാല്‍ഴാങ്ങിനെ സഹായിച്ചു; എന്നിട്ട് പെരുവിരലിന്മേല്‍, നഗ്നങ്ങളായ കാലുകളോടുകൂടി, ഴാങ് വാല്‍ഴാങ്ങിനോടു പിന്നാലെ പോരാന്‍ ആംഗ്യം കാണിച്ചുകൊണ്ട്, നേരേ അഴിവാതിലിന്റെ അടുക്കലെയ്ക്കു ചെന്നു. പുറത്തേക്കു നോക്കി, മിണ്ടരുതെന്ന് വായ പൊത്തിക്കാണിച്ചു, ശങ്കയോടുകൂടി എന്നു തോന്നും, കുറേ ക്ഷണങ്ങളോളം അനങ്ങാതെ നിന്നു; തന്റെ ഉറ്റുനോട്ടം അവസാനിച്ചശേഷം, താക്കേല്‍ പൂട്ടിലിട്ടു. ഓടാമ്പല്‍ നീങ്ങി. വാതില്‍ തുറന്നു. അത് ഒരൊച്ചയുണ്ടാക്കിയില്ല. ഒന്നു കിരുകിരുത്തില്ല. അതു നന്നേ സൗമ്യമട്ടില്‍ നീങ്ങിനിന്നു.

സശ്രദ്ധം മെഴുക്കിട്ടിരിക്കുന്ന ആ വാതിലും തിരികുറ്റികളും ആദ്യം തോന്നുന്നതിലധികം തവണ ഇളകിനീങ്ങാറുണ്ട്. ഈ സൗമ്യത ശങ്കാജനകമാണ്; ഉപായത്തില്‍ അങ്ങോട്ട് ആളുകള്‍ പോവുകയും വരികയും പതിവുണ്ടെന്നും, രാത്രിഞ്ചരന്മാര്‍ ആ വാതിലിലൂടെ മിണ്ടാതെ സഞ്ചരിക്കാറുണെന്നും, ദുഷ്പ്രവൃത്തി അതിലേ ചെന്നായപ്പതുങ്ങിനടത്തം നടക്കാറുണ്ടെന്നുമാണ് അതിന്റെ സൂചന.

ഓവുചാല്‍ ഏതോ നിഗൂഡസംഘത്തിന്റെ ഒരു കൂറ്റുകാരനാണെന്നു സ്പഷ്ടം. ഈ മൗനശീലനായ അഴിവാതില്‍ മോഷണദ്രവ്യങ്ങളെ വാങ്ങി സൂക്ഷിക്കുന്നവനാണ്.

ഴാങ് വാല്‍ഴാങ്ങിനു കടക്കാന്‍മാത്രം പഴുതു കൊടുക്കുമാറ് തെനാര്‍ദിയെര്‍ വാതില്‍ അല്പം തുറന്നുവെച്ചു. വീണ്ടും അടച്ചു, ഇരട്ടപ്പൂട്ടു പൂട്ടി, പിന്നെയും ഒരു ശ്വാസത്തിന്റെയല്ലാതെ അതില്‍ക്കവിഞ്ഞ ഒച്ചയുണ്ടാക്കാതെ, ഇരുട്ടിലേക്കുതന്നെ ഊളിയിട്ടു. അയാള്‍ നരിയുടെ വില്ലീസ്ക്കാലടികളോടുകൂടിയാണ് നടക്കുന്നതെന്നു തോന്നി.

ഒരുനിമിഷംകൂടി കഴിഞ്ഞു, ആ പിശാചരൂപിയായ ഈശ്വരന്‍ വീണ്ടും അദൃശ്യതയിലേക്കുതന്നെ തിരിച്ചുപോയി.

ഴാങ് വാല്‍ഴാങ് പുറത്തെത്തി.

5.1.9
ആകാര്യത്തില്‍ തീര്‍പ്പുചെയ്വാന്‍ അധികാരമുള്ള ഒരാളുടെ കണ്ണിനു മരിയുസ് താന്‍ ഒരു ശവമാണെന്നു തോന്നിച്ചു

അയാള്‍ മരിയുസ്സിനെ പുഴവക്കത്തിറക്കി.

അവര്‍ വെളിച്ചത്തായി!

വിഷവായു, അന്ധകാരം, ഭയങ്കരസ്ഥിതി, അയാളുടെ പിന്നില്‍പ്പെട്ടു. പരിശുദ്ധവും ആരോഗ്യകരവും ജീവനുള്ളതും ആഹ്ലാദകാരിയും സുഖമായി ശ്വസിക്കാവുന്നവയുമായ കാറ്റ് അയാളുടെ നാലുപുറത്തും ധാരാളം. അയാളുടെ ചുറ്റുപാടും നിശ്ശബ്ദത; പക്ഷേ, സൂര്യന്‍ അസ്തമിച്ച ഉടനേ തെളിഞ്ഞുകിടക്കുന്ന ആകാശത്തിനു ചുവട്ടിലുള്ള ആ സന്തോഷകരമായ നിശ്ശബ്ദത. സന്ധ്യയായി; കഠിനമായ മനോവേദനയില്‍നിന്നു പുറത്തു ചാടാന്‍ ഒരു കറുത്ത മൂടുപടം ആവശ്യമുള്ള സകലര്‍ക്കും ഏകരക്ഷയായ രാത്രി വന്നുതുടങ്ങി. എല്ലാ ഭാഗത്തും ആകാശം ഒരു മഹത്തായ ശാന്തതപോലെ കാണപ്പെട്ടു. ഒരു ചുംബനത്തിന്റെ ഒച്ചയോടുകൂടി പുഴവെള്ളം അയാളുടെ കാലടികളില്‍ വന്നുതൊടുന്നു. ഷാംസെലി സെയിലെ ഇരിമ്പകമരങ്ങളില്‍ വെച്ച് അന്യോന്യം സുഖനിദ്രയെ ആശംസിക്കുന്ന പക്ഷിക്കൂടുകളുടെ ആകാശവാണി കേള്‍ക്കാനുണ്ട്. മുകള്‍ഭാഗത്തിന്റെ മങ്ങിയ നീലവര്‍ണ്ണത്തെ ഭംഗിയില്‍ തുളച്ചുവന്നവയും മനോരാജ്യത്തിനു മാത്രം കാണാവുന്നവയുമായ ചില നക്ഷത്രങ്ങള്‍ മഹത്ത്വത്തിനിടയ്ക്കു ചില ചെറിയ അസ്പഷ്ടപ്രകാശങ്ങളെ ഉദിപ്പിച്ചു. സായംകാലം ഴാങ് വാല്‍ഴാങ്ങിന്റെ തലയ്ക്കുമീതേ അപാരതയുടെ എല്ലാ മനോഹരതകളേയും തറന്നു കാണിക്കുകയാണ്.

ഉവ്വ് എന്നോ ഇല്ല എന്നോ രണ്ടും പറയാത്ത ആ മനോഹരവും അനിശ്ചിതവുമായ സമയമാണത്. കുറച്ചു ദൂരത്തെത്തിയാല്‍പ്പിന്നെ ആളെ അറിയില്ലെന്നാകത്തക്കവിധം രാത്രി വേണ്ടിടത്തോളം മുന്‍പോട്ടു വന്നുകഴിഞ്ഞിരിക്കുന്നു; എന്നാല്‍ അടുത്തെത്തിയാല്‍ നല്ലവണ്ണം ആളെ അറിയാമെന്നാകുമാറ് അത്രമേല്‍ പകല്‍വെളിച്ചമുണ്ടായിരുന്നുതാനും.

ആ അന്തസ്സുകൂടിയതും ഓമനിക്കുന്നതുമായ ഗൌരവത്തില്‍ ഴാങ് വാല്‍ഴാങ് ചില നിമിഷങ്ങളോളം അവശനായി ആണ്ടുമുങ്ങി; ഭാഗ്യംകെട്ട സാധുവിനെ അലട്ടുവാന്‍ കഷ്ടപ്പാടു ശങ്കിച്ചുനില്ക്കുന്നു; സകലവും ആലോചനയില്‍ മറയുന്നു; രാത്രിപോലെ സമാധാനം മനോരാജ്യക്കാരനെ മൂടിക്കളയുന്നു; മിന്നുന്ന സന്ധ്യാ നാളങ്ങള്‍ക്കു ചുവട്ടില്‍വെച്ചു വിളക്കു കൊളുത്തപ്പെട്ട ആകാശത്തെ അനുകരിച്ച് ആത്മാവു നക്ഷത്രങ്ങളെക്കൊണ്ട് മിന്നിവെച്ചപോലെയാവുന്നു. ഴാങ് വാല്‍ഴാങ്ങിനു തന്റെ ചുറ്റും വ്യാപിച്ചു ആ മഹത്തും വ്യക്തവുമായ നിഴല്പാടിനെപ്പറ്റി വിചാരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല; ശാശ്വതാവകാശത്തിന്റെ അന്തസ്സുകൂടിയ നിശ്ശബ്ദതയില്‍വെച്ച് ആ ആഹ്ലാദമൂര്‍ച്ഛയുടേയും ഈശ്വരസ്തുതിയുടേയും കടലില്‍ അയാള്‍ വിചാരഭരിതനായി സ്നാനം ചെയ്തു. ഉടനെ ചുമതലയെപ്പറ്റിയുള്ള ബോധം തിരിച്ചെത്തിയപോലെ അയാള്‍ മരിയുസ്സിന്റെ അടുത്തുചെന്നു കുനിഞ്ഞുനോക്കി; അയ്യാള്‍ കൈയില്‍ വെള്ളം മുക്കി പതുക്കെ അത് ആ യുവാവിന്റെ മുഖത്തു തളിച്ചു. മരിയുസ് കണ്ണു തുറന്നില്ല; പക്ഷേ, ആ പകുതി തുറന്ന വായയിലുടെ അയാൾ ശ്വാസം കഴിച്ചിരുന്നു.

ഴാങ് വാല്‍ഴാങ് പിന്നെയും പുഴയില്‍നിന്നു വെള്ളം മുക്കാനുള്ള ശ്രമമായി; ഉടനെ പെട്ടെന്ന്, അദൃശ്യനായ ആരോ ഒരാള്‍ അടുത്തു പിന്നിലുണ്ടെന്നു തോന്നിയാല്‍ ഒരാള്‍ക്കുണ്ടാവുന്ന ആ അനിര്‍വചനീയമായ സംഭ്രമം അയാളെ ബാധിച്ചു.

എല്ലാവര്‍ക്കും പരിചയമുള്ളതായ ഈ അനുഭവത്തെപ്പറ്റി ഞങ്ങള്‍ മുന്‍പും സൂചിപ്പിച്ചിട്ടുണ്ട്.

അയാള്‍ പിന്നോക്കം തിരിഞ്ഞു.

കുറച്ചു മുന്‍പുണ്ടായിരുന്നതുപോലെ വാസ്തവത്തില്‍ ഒരാള്‍ അയാളുടെ പിന്നിലുണ്ട്.

ഒരു വലിയ പുറംകുപ്പായത്താല്‍ മൂടിക്കെട്ടി, കൈ രണ്ടും കെട്ടി, ഈയംകൊണ്ടു മകുടംകെട്ടിച്ച തല പുറത്തേക്കു കാണാവുന്ന ഒരു മുണ്ടന്‍വടി വലത്തെ കൈമുഷ്ടിയില്‍ മുറുക്കിപ്പിടിച്ചു. നല്ല ഉയരമുള്ള ഒരാള്‍ ഴാങ് വാല്‍ഴാങ്, മരിയുസ്സിന്റെ മേല്‍ കുനിഞ്ഞുനിന്നിരുന്നതിനു പിന്നില്‍ കുറച്ചടി ദൂരെയായി നില്പുണ്ട്.

അന്ധകാരത്തിന്റെ സാഹായത്താല്‍, അതൊരുതരം പ്രേതമായിത്തീര്‍ന്നു. ഒരു സാധാരണക്കാരന്‍ ആ ഇരുട്ടുകൊണ്ടും ഒരാലോചനാശീലന്‍ ആ മുണ്ടന്‍വടി കൊണ്ടും പേടിച്ചുപോവും. ഴാങ് വാല്‍ഴാങ്ങിനു അതു ഴാവേറാണെന്നു മനസ്സിലായി. തെനാര്‍ദിയെറെ പിടിക്കാന്‍ കൂടിയിരുന്നത് ഴാവേറാണെന്നു നിശ്ചയമായും വായനക്കാര്‍ ഊഹിച്ചിരിക്കണം. വിചാരിയാതെ വഴിക്കോട്ടയില്‍നിന്ന് രക്ഷപ്പെട്ടതിനുശേഷം ഴാവേര്‍ നേരെ പൊല്ലീസ്സധ്യക്ഷന്റെ ആപ്പീസ്സില്‍ച്ചെന്നു, മേലുദ്യോഗസ്ഥനെ നേരിട്ടു കണ്ടു വിവരമെല്ലാം ചുരുക്കത്തില്‍ പറഞ്ഞു ധരിപ്പിച്ചതിന്നു ശേഷം. ക്ഷണത്തില്‍ തന്റെ താല്ക്കാലിക പ്രവൃത്തിക്കിറങ്ങി—അയാളുടെ കുപ്പായക്കീശയില്‍ കണ്ടെത്തിയ ആ കുറിപ്പു വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ. അതു കുറച്ചുകാലമായി പൊല്ലീസ്സിന്റെ സവിശേഷശ്രദ്ധയെ ആകര്‍ഷിച്ചുവരുന്ന ഷാംസെലിസെയ്ക്കടുത്തുള്ള സെയിന്‍നദിയുടെ വക്കത്തു കാവല്‍നില്ക്കുകയായിരുന്നു. അവിടെ അയാള്‍ തെനാര്‍ദിയെറെ കണ്ടെത്തി, അയാളെ പിന്തുടര്‍ന്നു. ശേഷം വായനക്കാര്‍ക്കുറിയാം.

അപ്പോള്‍ ഴാങ് വാല്‍ഴാങ്ങിന് അത്രയും ഉപചാരപൂര്‍വ്വം ആ അഴിവാതില്‍ തുറന്നുകൊടുത്ത തെനാര്‍ദിയെര്‍ ഒരു സൂത്രമാണ് കാണിച്ചതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. ഴാവേര്‍ അപ്പോഴും അവിടെ കാവലുണ്ടെന്നു തെനാര്‍ദിയെകക്കു; തനിയെ തോന്നി; നായാടപ്പെടുന്ന മനുഷ്യന് ഒരിക്കലും തെറ്റാത്ത ഒരപായബോധമുണ്ട്; ആ നായാട്ടുനായയ്ക്ക്, അതിനാല്‍ ഒരെല്ലിന്‍കഷ്ണം എറിഞ്ഞുകൊടുത്തേ പറ്റൂ. ഒരു കൊലപാതകി, എന്തു ദൈവാനുഗ്രഹം! അത്രയും നല്ല ഒരു സൗകര്യം ഒരിക്കലും വെറുതെ കളഞ്ഞുകൂടാ. തെനാര്‍ദിയെര്‍ തനിക്കു പകരം ഴാങ് വാല്‍ഴാങ്ങിനെ പുറത്തേക്കാക്കി. പൊല്ലീസ്സിനു ഒരിരയുണ്ടാക്കിക്കൊടുത്തു. തന്നില്‍ നിന്നു തല്‍ക്കാലം നോട്ടംപിടിച്ചു തിരിച്ചു, കുറേക്കൂടി വലിയ ഒരു കാര്യത്താല്‍ത്തന്നെ അവരെക്കൊണ്ട് വിസ്മരിപ്പിച്ചു. ഴാവേര്‍ക്ക് അവിടെ കാത്തുനിന്നതിനു കൂലി കൊടുത്തു—എപ്പോഴും അതൊരൊറ്റുകാരന്ന് അഭിമാനകരമാണല്ലോമുപ്പതു ഫ്രാങ്ക് സമ്പാദിച്ചു. ആ തിരക്കിനടിയില്‍ നിശ്ചയമായും രക്ഷപ്പെട്ടുകൊള്ളാമെന്ന ഉള്ളുകൊണ്ടു കണക്കാക്കി.

ഴാങ് വാല്‍ഴാങ് ഒരപകടത്തില്‍നിന്നു മറ്റൊന്നിലേക്കു ചാടി.

ഈ രണ്ടു കൂട്ടിമുട്ടലുകള്‍, ഒന്നു കഴിഞ്ഞതോടുകൂടിത്തന്നെ മറ്റൊന്നു, തെനാര്‍ദിയെര്‍ പോയ ഉടനേതന്നെ ഴാവേര്‍—ഒരു വല്ലാത്ത പിടിച്ചുകുലുക്കലായി.

ഴാവേര്‍ക്കു ഴാങ് വാല്‍ഴാങ്ങിനെ മനസ്സിലായില്ല; അയാള്‍ ഞങ്ങള്‍ പറഞ്ഞിരുന്നതുപോലെ എന്തെന്നില്ലാതെ മാറിയിരുന്നു, അയാള്‍ കെട്ടിയിരുന്ന കയ്യെടുത്തില്ല; ഒരദൃശ്യമായ അനക്കംകൊണ്ടു മുണ്ടന്‍വടി കൈപ്പിടിയില്‍ ഒന്നുകൂടി ഉറപ്പിച്ചതിനുശേഷം ഒരു നേരിയ ശാന്തസ്വരത്തില്‍ ചോദിച്ചു: ”ആര്?”

“ഞാന്‍.”

“ആരാണ് ഞാന്‍?”

“ഴാങ് വാല്‍ഴാങ്.’

ഴാവേര്‍ മുണ്ടന്‍വടി കടിച്ചു, ഒട്ടു കുനിച്ചു, ദേഹമൊന്ന് ചാച്ചു, തന്റെ ശക്തികൂടിയ രണ്ടു കൈകളും ഴാങ് വാല്‍ഴാങ്ങിന്റെ ചുമലുകളില്‍ പതിച്ചു—രണ്ടു കൊടിലുകള്‍ക്കെന്നപോലെ ആ ചുമല്‍ മുറുകിക്കൂടി— സൂക്ഷിച്ചുനോക്കിപ്പഠിച്ചു, ആളെ അറിഞ്ഞു. രണ്ടുപേരുടേയും മുഖങ്ങള്‍ ഏതാണ്ടു തൊട്ടു. ഴാവേരുടെ നോട്ടം ഭയങ്കരമായിരുന്നു.

ഒരു കാട്ടുപുച്ചയുടെ പിടുത്തത്തില്‍ ഒരു സിംഹമെന്നപോലെ ഴാവേരുടെ പിടുത്തത്തില്‍ ഴാങ് വാല്‍ഴാങ് അനങ്ങാതെ നിന്നു.

“ഇന്‍സ്പെക്ടര്‍ ഴാവേര്‍,’ അയാള്‍ പറഞ്ഞു, നിങ്ങള്‍ക്ക് എന്നെ നിങ്ങളുടെ പിടിയില്‍ക്കിട്ടി. എന്നല്ല, ഇന്നു രാവിലെമുതല്‍ ഞാന്‍ എന്നെ നിങ്ങളുടെ തറവാട്ടുകാരനായി കൂട്ടിയിരിക്കുന്നു. നിങ്ങളില്‍നിന്നു വിട്ടുപോകണമെന്നുള്ള ഉദ്ദേശത്തോടുകൂടിയല്ല എന്റെ മേല്‍വിലാസം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതന്നത്. ഇതാ, ഞാൻ ഒന്നുമാത്രം, എനിക്കൊരുപകാരം ചെയ്യണം.”

ഴാവേര്‍ അയാളുടെ വാക്കുകളൊന്നും കേള്‍ക്കുന്നതായി തോന്നിയില്ല. അയാള്‍ തന്റെ കണ്ണുകളെ ഴാങ് വാല്‍ഴാങ്ങില്‍ ഊന്നിപ്പതിച്ചു നില്‍ക്കയാണ്. കവിളുകള്‍ ചുളുങ്ങിയിരിക്കുന്നു; ചുണ്ടുകള്‍ മൂക്കിന്റെ അടുക്കലെയ്ക്കു പൊന്തിയിരിക്കുന്നു ഒരു കാടന്‍ മനോരാജ്യത്തിലാണ്ടതിന്റെ അടയാളം, ഒടുവില്‍ അയാള്‍ ഴാങ് വാല്‍ഴാങ്ങിനെ വിട്ട്, ഒരു വളവുമില്ലാത്തവിധം നീണ്ടുനിവര്‍ന്നു നിന്നു, വീണ്ടും മുണ്ടന്‍വടി മുറുക്കിപ്പിടിച്ചു സ്വപ്നത്തിലെന്നപോലെ ഈ ചോദ്യം, ചോദിച്ചു എന്നല്ല പറയേണ്ടത്, മന്ത്രിച്ചു: “നിങ്ങള്‍ ഇവിടെ എന്തു ചെയ്യുന്നു? ഈയാള്‍ ആരാണ്?”

അയാള്‍ പിന്നെയും ഴാങ് വാല്‍ഴാങിനെ നീ എന്നു വിളിക്കാന്‍ മടിച്ചു.

ഴാങ് വാല്‍ഴാങ് മറുപടി പറഞ്ഞു അയാളുടെ ശബ്ദം ഴാവേറെ ഒന്നു പിടിച്ചു കുലുക്കിയതുപോലെ തോന്നി— ’ഇയാളെപ്പറ്റിയാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്. എന്നെക്കൊണ്ട് നിങ്ങള്‍ എന്തുചെയ്താലും ശരി; പക്ഷേ, ഞാന്‍ ഈ യുവാവിനെ വേണ്ടേടത്ത് എത്തിക്കട്ടെ. എനിക്ക് ഇത്രമാത്രമേ നിങ്ങള്‍ ചെയ്തു തരേണ്ടതുള്ളൂ.’

ഒരു വിട്ടൊഴിച്ചില്‍ ചെയ്തുതരുമെന്ന് അയാളെപ്പറ്റി ആളുകള്‍ വിചാരിക്കുന്ന എല്ലായ്പോഴും കാണാറുള്ളവിധം ഴാവേറുടെ മുഖം ഒന്നു ചുളുങ്ങി. എന്തായാലും അയാള്‍ ’ഇല്ലെ’ന്നു പറഞ്ഞില്ല.

വീണ്ടും അയാള്‍ കുനിഞ്ഞുനിന്നു, കീശയില്‍നിന്ന് ഒരു കൈയുറുമാല്‍ വലിച്ചെടുത്തു വെള്ളത്തില്‍ നനച്ച് അതുകൊണ്ടു മരിയുസ്സിന്റെ ചോര പറ്റിയ നെറ്റി തുടച്ചു.

“ഈ മനുഷ്യന്‍ വഴിക്കോട്ടയിലുണ്ടായിരുന്നു.” ഒരു താഴ്‌ന്ന സ്വരത്തിലും തന്നോടുതന്നെ എന്നപോലെയും അയാള്‍ പറഞ്ഞു: “ഇത് അവര്‍ മരിയുസ്സെന്നു വിളിച്ചിരുന്ന അയാളാണ്.”

മരിക്കാന്‍ പോവുകയാണെന്നു കരുതിയിരിക്കെക്കൂടിയും സകലവും നോക്കിക്കാണുകയും സകലവും മനസ്സിരുത്തിക്കേള്‍ക്കയും സകലവും ധരിച്ചുവെയ്ക്കുകയും ചെയ്ത ഒരെണ്ണംപറഞ്ഞ ഒറ്റുകാരന്‍; മരണവേദനയില്‍ കിടക്കുമ്പോള്‍ക്കൂടിയും അയാള്‍ ഒറ്റുകാരന്റെ പ്രവൃത്തി നോക്കി; ശവക്കല്ലറയിലെ ഒന്നാമത്തെ ഒതുക്കിന്മേല്‍ കൈമുട്ടു കുത്തി അയാള്‍ ഇരുന്നു നോട്ടുകുറിച്ചു.

അയാൾ മരിയുസ്സിന്റെ കൈ പിടിച്ചു ചോരമിടിപ്പിനെ പരീക്ഷണം ചെയ്തു. “അയാള്‍ക്കു മുറിവു പറ്റിയിരിക്കുന്നു.’ ഴാങ് വാല്‍ഴാങ് പറഞ്ഞു. “അയാള്‍ മരിച്ചുകഴിഞ്ഞു,” ഴാവേര്‍ പറഞ്ഞു.

ഴാങ് വാല്‍ഴാങ് മറുപടി പറഞ്ഞു: “ഇല്ല, ആയിട്ടില്ല.”

“അപ്പോള്‍ നിങ്ങള്‍ അയാളെ വഴിക്കോട്ടയില്‍നിന്ന് എടുത്തുകൊണ്ടു പോന്നു?” ഴാവേര്‍ അഭിപ്രായപ്പെട്ടു.

ഓവുചാലിലൂടേ ഈ അപായകരമായ രക്ഷപ്പെടുത്തിക്കൊണ്ടുപോരലിനെപ്പറ്റി ഊന്നിച്ചോദിക്കാതിരിക്കുകയും ഈ ചോദ്യത്തിന് ഴാങ് വാല്‍ഴാങ് മറുപടി പറയുകയുണ്ടായില്ലെന്നു സൂക്ഷിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ഴാവേറുടെ മനോരാജ്യമഗ്നത കുറച്ചൊന്നുമായാല്‍ പോര.

ഴാങ് വാല്‍ഴാങ്ങിന് ഒരൊറ്റ വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു തോന്നി. അയാള്‍ തുടര്‍ന്നു: “അയാളുടെ താമസം മറെയില്‍ റ്യൂ ദെഫില്‍ ദ്യു കല്‍വേറില്‍ മുത്തച്ഛനോടുകൂടിയാണ്. പേരു ഞാന്‍ മറന്നുപോയി.”

ഴാങ് വാല്‍ഴാങ് മരിയുസ്സിന്റെ പുറംകുപ്പായക്കീശയില്‍ കൈയിട്ടു തപ്പി, പോക്കറ്റുപുസ്തകം പുറത്തേക്കു വലിച്ചെടുത്തു, മരിയുസ് പെന്‍സില്‍കൊണ്ട് എഴുതിയിട്ടുള്ള ഭാഗം തുറന്നു, ഴാവേര്‍ക്കു കാണിച്ചുകൊടുത്തു.

അപ്പോഴും വായിക്കാന്‍ വേണ്ട വെളിച്ചമുണ്ടായിരുന്നു. അതിനു പുറമേ, ഴാവേരുടെ കണ്ണിനു കൂമന്റെ പൂച്ചക്കണ്ണിന്‍പ്രകാരം സ്വതസ്സിദ്ധമായിരുന്നു. അയാള്‍ മരിയുസ്സെഴുതിയിട്ടുള്ള കുറച്ചു വരികള്‍ വായിച്ചു നോക്കിയതിനുശേഷം മന്ത്രിച്ചു: ‘ഗില്‍നോര്‍മാന്‍, റ്യൂ ദെഫില്‍ ദ്യു കല്‍വേര്‍, 6-ാം നമ്പര്‍ ഭവനം.’

എന്നിട്ട് അയാള്‍ ഉച്ചത്തില്‍പ്പറഞ്ഞു: “വണ്ടിക്കാരന്‍!”

ആവശ്യം നോക്കി കൂലിവണ്ടി അവിടെ കാത്തുനില്പുണ്ടെന്നു വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ.

ഴാവേര്‍ മരിയുസ്സിന്റെ പോക്കറ്റുപുസ്തകം തന്റെ പക്കല്‍ വെച്ചു.

ഒരു നിമിഷം കഴിഞ്ഞു, പാതാറിന്റെ ചാമ്പ്രസ്ഥലങ്ങളിലൂടെ ഇറങ്ങി വണ്ടി പുഴവക്കത്തെത്തി. മരിയുസ്സിനെ പിന്നിരിപ്പിടത്തില്‍ ചാരിയിരുത്തി, ഴാവേര്‍ ഴാങ് വാല്‍ഴാങ്ങോടുകൂടി മുന്‍പുറത്തെ ഇരിപ്പിടത്തിലിരുന്നു.

വാതില്‍ കൊട്ടിയടച്ചു. വണ്ടി ക്ഷണത്തില്‍ പാഞ്ഞു, ബസ്തീലിന്റെ നേരെ പറപറന്നു.

അവര്‍ പാതാറു കടന്നു, തെരുവീഥികളിലെത്തി. വണ്ടിപ്പെട്ടിയിന്മേലുള്ള ആ കറുത്ത സ്വരൂപം, വണ്ടിക്കാരന്‍, തന്റെ മെലിഞ്ഞ കുതിരകളെ അടിച്ചുപായിച്ചു. വണ്ടിയില്‍ ഒരു കട്ടപിടിച്ച നിശ്ശബ്ദത. അനക്കമറ്റ ഒരു മൂലയില്‍ ചാരിയിരിക്കുന്ന ദേഹത്തോടും മാറത്തു തൂങ്ങിയ ശിരസ്സോടും തൂങ്ങിക്കിടക്കുന്ന കൈകളോടും വെറുങ്ങലിച്ച കാല്‍കളോടും കൂടിയ മരിയുസ് ഒരു ശവമഞ്ചത്തെ മാത്രമാണ് കാത്തിരിക്കുന്നതെന്നു തോന്നും; ഴാങ് വാല്‍ഴാങ് നിഴലുകളെക്കൊണ്ടും ഴാവേര്‍ കല്ലുകൊണ്ടും ഉണ്ടാക്കിയപോലെയിരുന്നു; ഓരോ തെരുവുവിളക്കിന്റേയും മുന്‍പിലൂടേ പോകുമ്പോള്‍, ഇടയ്ക്കിടയ്ക്കു മിന്നല്‍ തട്ടിയിട്ടെന്നപോലെ, ഒരു വിളർപ്പുനിറം വ്യാപിക്കുന്ന ഉള്‍ഭാഗത്തോടുകൂടിയ ആ രാത്രിയെക്കൊണ്ടുനിറഞ്ഞ വാഹനത്തില്‍ വ്യസനകരമായ സ്ഥാവരത്വത്തിന്റെ മൂന്നു രൂപഭേദങ്ങളേയും—ശവത്തേയും പ്രേതത്തേയും പ്രതിമയേയും—യദൃച്ഛാസംഭവം ഒരുമിച്ചുകൂട്ടി മുഖത്തോടുമുഖം ചേര്‍ത്ത് ഇരുത്തിയിരിക്കയാണെന്നു തോന്നും.

5.1.10
ആയുസ്സിനെക്കൊണ്ട് ധാരാളിത്തം കാണിച്ചിരുന്ന മകന്റെ തിരിച്ചുവരവ്

കല്‍വിരിയില്‍ വണ്ടി ഓരോന്നു കുലുങ്ങുമ്പോഴും മരിയുസ്സിന്റെ തലമുടിയില്‍നിന്ന് ഓരോ തുള്ളി ചോര ഇറ്റിറ്റു വീഴും.

വണ്ടി വ്യു ദെഫില്‍ ദ്യു കല്‍വെറില്‍ പാം നമ്പര്‍ വീട്ടിലെത്തിയപ്പോള്‍ നല്ലവണ്ണം രാത്രിയായി.

ഴാവേറാണ് ആദ്യം ഇറങ്ങിയത്; വണ്ടിപ്പടിവാതില്ക്കലുള്ള വീട്ടുനമ്പര്‍ അയാള്‍ ഒരു നോട്ടം നോക്കി ഉറപ്പിച്ചു; നേരിട്ടു നില്ക്കുന്ന ഒരു കോലാടിന്റേയും ഒരു മനുഷ്യക്കുരങ്ങിന്റേയും രൂപംകൊണ്ടു പഴയ രീതിയില്‍ മോടിപിടിപ്പിച്ച കൂറ്റന്‍ ഉരുക്കുദ്വാരതാഡനി പൊന്തിച്ചു ശക്തിയില്‍ ഒരടിയടിച്ചു; പടിവാതില്‍ കുറച്ചു തുറന്നതോടുകൂടി ഴാവേര്‍ ഒരുന്തുകൊടുത്തു. ഏതാണ്ടുണര്‍ന്ന വാതിൽക്കാവല്ക്കാരന്‍ കോട്ടുവായിട്ടുകൊണ്ടും കൈയില്‍ ഒരു മെഴുതിരി പിടിച്ചും അവിടെ പ്രത്യക്ഷീഭവിച്ചു.

വീട്ടില്‍ എല്ലാവരും ഉറക്കമാണ്. വിശേഷിച്ചും ഒരു ലഹള നടക്കുന്ന കാലത്തുമറേയില്‍ ആളുകള്‍ നേരത്തേ കിടപ്പാവും. ഇമ്പാച്ചി വരുന്നു എന്നു കേള്‍ക്കുമ്പോള്‍ കുട്ടികള്‍ പുതപ്പിനുള്ളില്‍ ക്ഷണത്തില്‍ തലയും താഴ്ത്തി കിടക്കുന്നതു പോലെ, ഈ കൊള്ളാവുന്ന കിഴവന്‍ വെളിച്ചം ഭരണപരിവര്‍ത്തനത്തെ പേടിച്ച് ഉറക്കത്തില്‍ച്ചെന്നഭയം പ്രാപിക്കുന്നു.

ഈയിടയ്ക്കു ഴാങ് വാല്‍ഴാങ്ങും വണ്ടിക്കാരനുംകൂടി മരിയുസ്സിനെ വണ്ടിയില്‍നിന്നിറക്കി; ഴാങ് വാല്‍ഴാങ് കക്ഷത്തില്‍ പിടിച്ചു, വണ്ടിക്കാരന്‍ കാല്‍മുട്ടുകള്‍ താങ്ങി.

അങ്ങനെ താങ്ങിക്കൊണ്ടുപോകുന്നതിനിടയ്ക്കു ഴാങ് വാല്‍ഴാങ് അയാളുടെ കീറിപ്പറിഞ്ഞിരുന്ന ഉടുപ്പിനുള്ളിലൂടെ കൈയിട്ടു നെഞ്ഞു തൊട്ടുനോക്കി, ഹൃദയം അപ്പോഴും മിടിക്കുന്നുണ്ടെന്നു തീര്‍ച്ചയറിഞ്ഞു. വണ്ടിയിലിരുന്നുള്ള യാത്ര പുതുതായി എന്തോ ജീവനുണ്ടാക്കിയപോലെ അതു മുന്‍പത്തേക്കാള്‍ കുറച്ചധികം ശക്തിയില്‍ മിടിക്കുന്നുണ്ട്.

ഭരണാധികാരത്തിനും രാജ്യകലഹത്തിനു നില്ക്കുന്ന ഒരാളുടെ വാതില്ക്കാവല്ക്കാരന്റെ സാന്നിധ്യത്തിനും അനുരൂപമായ ഒരു സ്വരത്തില്‍ ഴാവേര്‍ ചോദിച്ചു:“ഗില്‍നോര്‍മാന്‍ എന്നു പേരുള്ള ഒരാള്‍ ഇവിടെയല്ലേ?” “ഇവിടെത്തന്നെ. അദ്ദേഹത്തെക്കൊണ്ട് എന്തു വേണം?”

മകനെ കൊണ്ടുവന്നിട്ടുണ്ട്.’ “അദ്ദേഹത്തിന്റെ മകനെയോ?” വാതില്ക്കാവല്ക്കാരന്‍ അന്തംവിട്ട് ചോദിച്ചു.

“അയാള്‍ മരിച്ചിരിക്കുന്നു.”

ചളിപുരണ്ടും കീറിപ്പറിഞ്ഞുമുള്ള ഉടുപ്പില്‍ ഴാവേരുടെ പിന്നില്‍ നില്ക്കുന്ന ഗാങ് വാല്‍ഴാങ്—വാതില്ക്കാവല്ക്കാരന്‍ അയാളെ ഒരു ഭയപ്പാടോടുകൂടി നോക്കുന്നുണ്ട—വാസ്തവം അങ്ങനെയല്ലെന്ന് തലയിളക്കിക്കാണിച്ചു.

വാതില്ക്കാവല്ക്കാരന്നു ഴാവേരുടെ വാക്കുകളോ ഴാങ് വാല്‍ഴാങ്ങിന്റെ ആംഗ്യമോ മനസ്സിലായതായി തോന്നിയില്ല.

ഴാവേര്‍ തുടര്‍ന്നു: “അയാള്‍ വഴിക്കോട്ടയിലേക്കു പോയി; ഇതാ, ഇങ്ങനെ തിരിച്ചെത്തി.”

“വഴിക്കോട്ടയിലേക്കോ?” വാതില്ക്കാവല്ക്കാരന്‍ അമ്പരന്നു ചോദിച്ചു.

“അയാള്‍ ചെന്നു തല കളഞ്ഞു. പോയി അച്ഛനെ ഉണര്‍ത്തു.”

വാതില്‍ക്കാവല്ക്കാരന്‍ അനങ്ങിയില്ല.

പോയാട്ടെ കടന്നു!” ഴാവേര്‍ ആവര്‍ത്തിച്ചു.

ഇങ്ങനെയും: നാളെ ഇവിടെയൊരു ശവസംസ്കാരമുണ്ടാവും.”

ഴാവേറെസ്സംബന്ധിച്ചേടത്തോളം പൊതുനിരത്തുകളില്‍വെച്ചുണ്ടാകുന്ന സാധാരണസംഭവങ്ങളെല്ലാം വകതിരിച്ച് അടുക്കിവെച്ചിരിക്കയാണ്—മുന്‍കരുതലിന്റേയും സമാധാനരക്ഷയുടേയും ആരംഭം; ഓരോ സംഭവത്തിനും സ്വന്തം കള്ളറയുണ്ട്; എല്ലാ സംഭാവ്യതകളേയും ഓരോ വലിപ്പുകള്‍ക്കുള്ളിലായി അടുക്കിവെച്ചിരിക്കുന്നു എന്നു പറയട്ടെ; സന്ദര്‍ഭമനുസരിച്ചു പല നിലകളിലായി അവ അവിടെനിന്നു പുറത്തേക്കു കടക്കുന്നു; തെരുവുകളിലുള്ളവ ലഹളയും ശണ്ഠയും തമാശയും ശവസംസ്കാരവുമാണ്.

വാതില്ക്കാവല്ക്കാരന്‍ ബസ്കിനെ വിളിച്ചുണര്‍ത്തിയതുകൊണ്ടു തൃപ്തിപ്പെട്ടു. ബസ്ക് നികൊലെത്തിനെ ഉണര്‍ത്തി; നികൊലെത്ത് ഗില്‍നോര്‍മാന്‍ വലിയമ്മയെ ഉണര്‍ത്തി.

മുത്തച്ഛനെസ്സംബന്ധിച്ചേടത്തോളം, അദ്ദേഹം എങ്ങനെയായാലും നേരത്തേ അതിനെപ്പറ്റി കേള്‍ക്കാതിരിക്കില്ലെന്നു കരുതി അവര്‍ അദ്ദേഹത്തെ ഉറങ്ങിക്കൊള്ളാന്‍ സമ്മതിച്ചു.

വീട്ടില്‍ മറ്റു ഭാഗങ്ങളിലുള്ളവരാരും കാര്യം മനസ്സിലാക്കാതെ മരിയുസ് ഒന്നാംനിലയില്‍ എത്തിക്കപ്പെട്ടു; മൊസ്യു ഗില്‍നോര്‍മാന്റെ അറയുടെ മുന്‍തളത്തിലുള്ള ഒരു സോഫമേല്‍ അവര്‍ അയാളെ കിടത്തി; ബസ്ക് വൈദ്യനെ അന്വേഷിച്ചുപോകയും നികൊലെത്ത് കീറത്തുണിപ്പെട്ടി തുറക്കുകയും ചെയ്യുന്നതിനിടയ്ക്കു ഴാവേര്‍ ചുമലില്‍ കൈവെച്ചതായി ഴാങ് വാല്‍ഴാങ്ങിനു തോന്നി. അയാള്‍ കാര്യം ധരിച്ചു, പിന്നില്‍ ഴാവേറോടുകുടി കോണിപ്പടിയിറങ്ങി.

സംഭ്രമിച്ചുപോയ മയക്കത്തില്‍ വാതില്ക്കാവല്ക്കാരന്‍ അവരുടെ വരവിനെയെന്നപോലെതന്നെ പോക്കിനേയും സുക്ഷിച്ചുനോക്കി.

അവര്‍ ഒരിക്കല്‍ക്കൂടി വണ്ടിയില്‍ക്കയറി; വണ്ടിക്കാരന്‍ തന്റെ സ്ഥാനത്തും.

“ഇന്‍സ്പെക്ടര്‍ ഴാവേര്‍’, ഴാങ് പറഞ്ഞു: “എനിക്ക് ഒരുപകാരംകൂടി ചെയ്തു തരണം.”

“എന്താണത്?” ഴാവേര്‍ മുഷിച്ചലോടുകൂടി കല്പിച്ചു ചോദിച്ചു.

“ഞാന്‍ ഒരു നിമിഷനേരത്തേക്കു വീട്ടിലൊന്നു പോയ്ക്കൊള്ളട്ടെ. അതു കഴിഞ്ഞാല്‍ എന്നെക്കൊണ്ടു നിങ്ങള്‍ക്കു വേണ്ടതു ചെയ്യാം.”

ഴാവേര്‍ തന്റെ വലിയ പുറംകുപ്പായത്തിന്റെ കഴുത്തുപട്ടയിലേക്കു വലിഞ്ഞ കവിളോടുകൂടി കുറച്ചിട ഒന്നും മിണ്ടാതിരുന്നു; എന്നിട്ടു കണ്ണടയും നെറ്റിയും കീഴ്പോട്ടിറക്കി.

“വണ്ടിക്കാരന്‍”, അയാള്‍ പറഞ്ഞു, ’ദ്യു ദ് ലോം അര്‍മേയില്‍ 7ാം നമ്പര്‍ വീട്.”

5.1.11
കേവലത്വത്തില്‍വെച്ചുള്ള കുലുക്കം

പിന്നെ വണ്ടി നില്ക്കുന്നതുവരെ അവര്‍ സംസാരിക്കുകയുണ്ടായിട്ടില്ല.

ഴാങ് വാല്‍ഴാങ്ങിന് എന്തു വേണം; തുടങ്ങിവെച്ചതവസാനിപ്പിക്കുക; കൊസെത്തോടു കാര്യം പറയുക, മരിയുസ് ഇന്ന ദിക്കിലുണ്ടെന്നു അവള്‍ക്കു പറഞ്ഞു കൊടുക്കുക. പക്ഷേ, മറ്റു ചില സംഗതികള്‍കുൂടി മനസ്സിലാക്കിക്കുക, കഴിയുമെങ്കിൽ തന്റെ അവസാന്വപ്രവൃത്തികളെല്ലാം ചെയ്തുവെയ്ക്കുക. അയാളെ സംബന്ധിച്ചടത്തോളം, അയാള്‍ ഒരാളെസ്സംബന്ധിച്ചേടത്തോളം, എല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു; ഇതേ നിലയില്‍പ്പെട്ട മറ്റേെതൊരാളാണെങ്കിലും, തെനാര്‍ദിയെര്‍ കൊടുക്കുകയുണ്ടായ കയറിനെപ്പറ്റിയും കടന്നുചെല്ലുന്ന ഒന്നാമത്തെ കുണ്ടറത്തടവ; സ്ഥലത്തെ ഉരുമ്പഴികളെക്കുറിച്ചും ചിലതെല്ലാം ആലോചിക്കാതിരിക്കില്ല; പക്ഷേ ഞങ്ങള്‍ ഇതു വായനക്കാരുടെ മനസ്സില്‍ ഉറപ്പിക്കട്ടെ, മെത്രാനെപ്പോലെ ഴാങ്വാല്‍ഴാങ്ങിന് ഏതൊരു നിഷ്ഠുരപ്രവൃത്തിയുടേയും മുന്‍പില്‍—അതു തന്നോട്; തന്നെ കാണിക്കുന്നതായാലും ശരി—ഒരു കലശലായ സങ്കോചമുണ്ടായിരുന്നു.

ആത്മഹത്യ, അജ്ഞാതത്വത്തോടു ചെയ്യുന്ന ആ നിഗൂഢമായ നിഷ്ഠുര പ്രവൃത്തി—അതില്‍ പക്ഷേ, ആത്മാവിന്റെ മരണംകൂടി ഉള്‍പ്പെട്ടിരിക്കാം—ചെയ്യുക ഴാങ് വാല്‍ഴാങ്ങിനെക്കൊണ്ട് സാധ്യമല്ല.

വണ്ടികള്‍ക്ക് അകത്തേക്കു കടക്കാവുന്നേടത്തോളം തെരുവിനു വിസ്താരമില്ലാതിരുന്നതുകൊണ്ടു റ്യു ദ് ലോം അര്‍മേയില്‍ വീട്ടിന്റെ ഉമ്മറത്തു ചെന്നപ്പോൾ വണ്ടി നിന്നു; ഴാവേറും ഴാങ് വാല്‍ഴാങ്ങും വണ്ടിയില്‍നിന്നിറങ്ങി.

വണ്ടിക്കാരന്‍ “ഇന്‍സ്പെക്ടരവര്‍കളെ’, തന്റെ വണ്ടിയിലെ പട്ടുശീല കൊലപാതകം ചെയ്യപ്പെട്ട ആളുടെ ചോരകൊണ്ടും ചെയ്ത ആളുടെ മേലത്തെ ചളികൊണ്ടും ചീത്തയായിട്ടുണ്ടെന്നു താഴ്മയോടുകൂടി ധരിപ്പിച്ചു. ഇങ്ങനെയായിരുന്നു വണ്ടിക്കാരന്‍ കാര്യം മനസ്സിലാക്കിയത്. അപകടമൊന്നും വരില്ലെന്ന് ഒരു താക്കീതും അവന്നു വേണ്ടിയിരുന്നു. അതോടുകൂടിത്തന്നെ കീശയില്‍നിന്ന് ഒരു സര്‍ട്ടിഫിക്കറ്റുപുസ്തകം പുറത്തേക്കെടുത്ത്, അതില്‍ ഒരു നല്ല അഭിപ്രായം കുറിച്ചുകൊടുത്താല്‍ കൊള്ളാമെന്നും അവന്‍ ഇന്‍സ്പെക്ടരോടപേക്ഷിച്ചു.

വണ്ടിക്കാരന്‍ എടുത്തുകാണിച്ച പുസ്തകം ഒരു തട്ടുകൊടുത്തു, ഴാവേര്‍ ചോദിച്ചു; ’കാത്തുനിന്നതിനും വണ്ടിയോടിച്ചതിനുംകൂടി എന്തു കിട്ടണം?” “ഏഴേകാല്‍ മണിക്കൂറായി’, ആ മനുഷ്യന്‍ മറുപടി പറഞ്ഞു. “എന്റെ പട്ടുശീല പുതുതായിരുന്നുതാനും, മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍, എണ്‍പതു ഫ്രാങ്ക്”

ഴാവേര്‍ കീശയില്‍നിന്നു നാലു നെപ്പോളിയന്‍നാണ്യമെടുത്തുകൊടുത്തു വണ്ടി മടക്കിയയച്ചു.

ഴാവേരുടെ ഉപദേശം ഴാങ് വാല്‍ഴാങ്ങിനെ ബ്ലാങ് മന്തോവിലുള്ള സ്റ്റേഷനിലേക്കോ ആര്‍ഷിവിലുള്ള സ്റ്റേഷനിലേക്കോ—രണ്ടും അടുത്താണ്. നടത്തിക്കൊണ്ടുപോവാമെന്നായിരിക്കുമെന്ന് അയാള്‍ ഊഹിച്ചു.

അവര്‍ തെരുവിലേക്കു കടന്നു. പതിവുപോലെ അതു വിജനമായിക്കിടക്കുന്നു. ഴാവേര്‍ ഴാങ് വാല്‍ഴാങ്ങിന്റെ പിന്നാലെയുണ്ട്, അവര്‍ 7-ാം നമ്പര്‍ വീട്ടിലെത്തി, ഴാങ് വാല്‍ഴാങ് വിളിച്ചു. വാതില്‍ തുറക്കപ്പെട്ടു. “ശരി’, ഴാവേര്‍ പറഞ്ഞു. ’അകത്തേക്കു പൊയ്ക്കോള്ളൂ.’

ഒരസാധാരണമായ ഭാവത്തോടുകൂടി അങ്ങനെ പറയാന്‍ കുറേ അധ്വാനിച്ചിട്ടുണ്ടെന്നു തോന്നുമാറ്, അയാള്‍ തുടര്‍ന്നു. “ഞാനിവിടെ കാത്തുനില്ക്കാം.”

ഴാങ് വാല്‍ഴാങ് ഴാവേറെ സൂക്ഷിച്ചുനോക്കി. ഈ ചെയ്തതു ഴാവേറുടെ മട്ടിന് ഒട്ടും യോജിച്ചതായിരുന്നില്ല. എന്തായാലും, ഴാങ് വാല്‍ഴാങ് സ്വന്തമനസ്സാലേ കിഴടങ്ങി കാര്യം അവസാനിപ്പിക്കാന്‍ നോക്കുകയാണെന്നു കണ്ട സ്ഥിതിക്ക് ഒരു തരം അഹങ്കാരപൂര്‍വൃമായ വിശ്വാസം, തന്റെ നഖങ്ങളുടെ അറ്റത്തോളം നടന്നു പോവാന്‍ എലിയെ വിട്ടയയ്ക്കുന്ന ഒരു പൂച്ചയുടെ വിശ്വാസം, ഴാവേര്‍ക്ക് അയാളില്‍ തോന്നിയിരുന്നുവെങ്കില്‍ അതിലത്ഭുതപ്പെടാനില്ല. അയാള്‍ വാതിലുന്തിത്തുറന്നു. വീട്ടിനുള്ളില്‍ക്കടന്നു. ഉറങ്ങിയിരുന്ന കാവല്‍ക്കാരനെ വിളിച്ചുണര്‍ത്തി, കട്ടിലിനോടു കൂട്ടിക്കെട്ടിയിട്ടുള്ള കമ്പി പിടിച്ചുവലിക്കുന്ന ആ ഭൃത്യനോട് “ഇതു ഞാനാണ് എന്നു പറഞ്ഞു, കോണി കയറി.

മുകള്‍നിലയിലെത്തിയപ്പോള്‍ അയാള്‍ നിന്നു. എല്ലാ വ്യസനകരങ്ങളായ മാര്‍ഗ്ഗങ്ങളിലുമുണ്ട് നില്പുതാവളങ്ങള്‍. കോണിത്തട്ടിലുള്ള ജനാല—അതു ചില്ലു ജനാലയാണ്—തുറന്നുകിടക്കുന്നു. പല പഴയ വീടുകളിലുമുള്ളതുപോലെ, കോണിത്തട്ടിലേക്കു വെളിച്ചം കിട്ടിയിരുന്നതു പുറത്തുനിന്നാണ്; ആ ജനാല തെരുവിലേക്കഭിമുഖമായിട്ടായിരുന്നു. നേരെ എതിര്‍വശത്തുള്ള തെരുവുറാന്തല്‍ കോണിത്തട്ടിനെ അല്പാല്പം തെളിയിച്ചിരുന്നു; അങ്ങനെ അവര്‍ വിളക്കുവെപ്പില്‍ മിതവ്യയം കാണിക്കുന്നുണ്ട്.

കാറ്റു കിട്ടാന്‍വേണ്ടിയോ അല്ലെങ്കില്‍ പാവയെപ്പോലെയോ അയാള്‍ ആ ജനാലയിലൂടെ പുറത്തേക്കു തലയിട്ടു നോക്കി. അയാള്‍ തെരുവീഥിയിലേക്കു കുനിഞ്ഞുനോക്കി. അതു നീളം കുറഞ്ഞതാണ്; ആ റാന്തല്‍വെളിച്ചും അതിനെ നെടുനീളം തെളിയിച്ചിരുന്നു. ഴാങ് വാല്‍ഴാങ് അത്ഭുതപരവശനായിപ്പോയി; അവിടെയെങ്ങും ഒരാളുമില്ല.

ഴാവേര്‍ പോയിരിക്കുന്നു.

5.1.12
മുത്തച്ഛന്‍

ബസ്കും വാതില്ക്കാവല്ക്കാരനുംകൂടി മരിയുസ്സിനെ അയാള്‍ വന്ന ഉടനേ അനക്കമറ്റു നീണ്ടുനിവര്‍ന്നു കിടക്കുന്ന സോഫയോടുകൂടി എടുത്ത് ഇരിപ്പുമുറിയിലേക്കു കൊണ്ടുപോയി. ആള്‍ ചെന്നു വിളിച്ച വൈദ്യന്‍ ക്ഷണത്തിലെത്തി. ഗില്‍നോര്‍മാന്‍വലിയമ്മ ഉണര്‍ന്നുവന്നിരിക്കുന്നു.

ഗില്‍നോര്‍മാന്‍വലിയമ്മ പരിഭ്രമത്തോടുകൂടി കൈ ഞെരിച്ചുകൊണ്ടും ഇങ്ങനെ പറയാനല്ലാതെ മറ്റൊന്നിനും കഴിയാതെയും അങ്ങോട്ടുമിങ്ങോട്ടും പോകുന്നു, വരുന്നു: ഈശ്വര! അതു വരുമോ?” ചിലപ്പോള്‍ ഇതും അവള്‍ തുടര്‍ന്നു പറയും; “സകലവും ചോരയില്‍ മുങ്ങും.” ആദ്യത്തെ അമ്പരപ്പു തീര്‍ന്നപ്പോള്‍, അപ്പോഴത്തെ സ്ഥിതിയെപ്പറ്റി കുറച്ചു തത്ത്വജ്ഞാനം അവളുടെ ഉള്ളിലേക്കു തുളച്ചുകടന്ന്, ഈയൊരു വാക്യത്തിന്റെ രൂപമെടുത്തു: അതിങ്ങനെയേ ഒടുവില്‍ അവസാനിക്കൂ.. അവള്‍ “ഞാന്‍ പറഞ്ഞില്ലേ?” എന്ന അത്രത്തോളം ചെന്നില്ല; ഈ വകസന്ദര്‍ഭങ്ങളില്‍ അതൊരു പതിവുവാക്യമാണ്. വൈദ്യന്റെ കല്പനപ്രകാരം സോഫയുടെ അടുത്തായി ഒരു മടക്കുകട്ടില്‍ ശരിപ്പെടുത്തി. വൈദ്യന്‍ മരിയുസ്സിനെ പരീക്ഷിച്ചു: ഹൃദയം അപ്പോഴും മിടിക്കുന്നുണ്ടെന്നും മുറിവേറ്റ ആശക്കു മാറത്തെ മുറിവിനു വലിയ ആഴമില്ലെന്നും വായയുടെ അറ്റത്തുള്ള ചോര മൂക്കില്‍നിന്നുവരുന്നതാണെന്നും മനസ്സിലാക്കിയതിന്നുശേഷം, അയാള്‍ മരിയുസ്സിനെ തലയണ കൂടാതെ ഉടലിന്റെ നിരപ്പില്‍ത്തന്നെ, കുറച്ചുകൂടി താഴ്ത്തി, തല വെച്ചു കിടത്തി; ശ്വാസോച്ഛ ്വാസത്തിന്റെ എളുപ്പത്തിനുവേണ്ടി മാറില്‍നിന്നു കുപ്പായങ്ങളെല്ലാം നീക്കി. മരിയുസ്സിന്റെ ഉടുപ്പഴിക്കാനുള്ള ഭാവമുണ്ടെന്നു കണ്ടപ്പോള്‍ മദാംവ്വസേല്ല് ഗില്‍നോര്‍മാന്‍ അവിടെനിന്നു മാറി. അവള്‍ സ്വന്തം മുറിയില്‍ച്ചെന്നിരുന്നു മാലയെടുത്തു ജപം തുടങ്ങി.

അരയ്ക്കു മേല്പോട്ടുള്ള ഭാഗത്തു വലിയ ആന്തരമായ കേടൊന്നും പറ്റിയിട്ടില്ല; പോക്കറ്റുപുസ്തകത്തില്‍ത്തട്ടി പതംവന്ന ഒരു വെടിയുണ്ട തിരിഞ്ഞുവെച്ചു, ഭയങ്കരമായ ഒരു മുറിവുണ്ടാക്കിക്കൊണ്ടു് വാരിയെല്ലുകളിലൂടെ സഞ്ചരിച്ചു. ആ മുറിവു വലിയ ആഴമുള്ളതല്ലായിരുന്നതുകൊണ്ട്, അപകടമൊന്നും ശങ്കിക്കാനില്ല. അടിയിലൂടെയുള്ള ആ ദീര്‍ഘയാത്ര മുറിവേറ്റിരുന്ന തോളെല്ലിന്റെ കഥ നന്നേ കഷ്ടത്തിലാക്കി; അവിടെ പറ്റിയിട്ടുള്ള കേടു സാരമുള്ളതുതന്നെയാണ്. വാള്‍ വെട്ടുകളെക്കൊണ്ടു രണ്ടു കൈയും പിളര്‍ന്നിരിക്കുന്നു. മുഖത്തു കല വീഴത്തക്ക മുറിവൊന്നുമില്ല; പക്ഷേ, തലയില്‍ മുഴുവനും വെട്ടുകളാണ്: ആ തലയിലുള്ള മുറിവുകളെക്കൊണ്ട് എന്തു പറ്റിപ്പോവും? അവ രോമങ്ങളുള്ള പുറംതോലിനു മാത്രമേ ബാധിച്ചിട്ടുള്ളുവോ, അതോ തലച്ചോറിലെക്കെത്തിയിട്ടുണ്ടോ? അതിനിയും തീര്‍ച്ചപ്പെടുത്താറായിട്ടില്ല. മോഹാലസ്യമുണ്ടാക്കി എന്നുള്ളതാണ് ഒരു ദുര്‍ല്ലക്ഷണം; അങ്ങനെയുള്ള മോഹാലസ്യങ്ങളില്‍നിന്ന് ആളുകള്‍ പിന്നെ ഉണരാറില്ല. എന്നല്ല, മുറിവേറ്റ ആള്‍ രക്തവാര്‍ച്ചകൊണ്ടു തളര്‍ന്നിട്ടുമുണ്ട്. അരയ്ക്കു കീഴ്പോട്ടു വഴിക്കോട്ടച്ചുമര്‍കാരണം തകരാറൊന്നും പറ്റിയിട്ടില്ല.

ബസ്കും നികൊലെത്തുംകൂടി പരുത്തിത്തുണി ചീന്തി കെട്ടുകളുണ്ടാക്കുകയാണ്. നികൊലെത്ത് തുന്നിശ്ശരിയാക്കുന്നു, ബസ്ക് ചുരുട്ടിത്തെറുക്കുന്നു. ചണപ്പഞ്ഞി തല്‍ക്കാലം ഇല്ലാതിരുന്നതുകൊണ്ട് വൈദ്യന്‍ പഴന്തുണിമടക്കുകളെക്കൊണ്ട് ചോരച്ചാട്ടം നിര്‍ത്തി. കട്ടിലിനോടടുത്ത്, വൈദ്യസാമഗ്രികള്‍ പരന്നുകിടക്കുന്ന മേശപ്പുറത്തു മൂന്നു മെഴുതിരിവിളക്കുകള്‍ ഇരുന്നു കത്തുന്നുണ്ട്. വൈദ്യന്‍ മരിയുസ്സിന്റെ മുഖവും ശിരസ്സും പച്ചവെള്ളംകൊണ്ടു കഴുകി. ഒരു വെള്ളപ്പാത്രം മുഴുവനും ഒരു നിമിഷംകൊണ്ടു ചുകന്നു. വാതില്ക്കാവല്ക്കാരന്‍ വിളക്കു കാണിച്ചുകൊടുക്കുന്നുണ്ട്.

വൈദ്യന്‍ വ്യസനപൂര്‍വ്വം ആലോചിക്കുകയാണ്. ഇടയ്ക്കിടയ്ക്കു സ്വയം ചോദിക്കുന്ന എന്തോ ചില ചോദ്യങ്ങള്‍ക്കു മറുപടി പറയുകയാണെന്നു തോന്നു മാറ് അയാള്‍ ഇല്ലെന്നര്‍ത്ഥത്തില്‍ തലയോരോന്നിളക്കും.

വൈദ്യന്‍ തന്നോടുതന്നെയായി ചെയ്യുന്ന ഈ അസാധാരണസംഭാഷണങ്ങള്‍ രോഗിക്ക് ഒരു ദുര്‍ല്ലക്ഷണമാണ്.

വൈദ്യന്‍ മരിയുസ്സിന്റെ മുഖം തുടയ്ക്കുകയും അപ്പോഴും അടഞ്ഞിരിക്കുന്ന കണ്‍പോളകളെ വിരല്‍കൊണ്ടു പതുക്കെ തൊടുകയും ചെയ്യുന്ന സമയത്ത് ഇരിപ്പുമുറിയുടെ അറ്റത്തെ ഒരു വാതില്‍ തുറന്ന് ഒരു നീണ്ട വിളര്‍ത്ത സ്വരൂപം ആവിർഭവിച്ചു.

അതു മുത്തച്ഛനായിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി ലഹള മൊസ്യു ഗില്‍നോര്‍മാന്റെ മനസ്സിനെ കലശലായി ക്ഷോഭിപ്പിക്കുകയും ശുണ്ഠിപിടിപ്പിക്കുകയും ആക്രമിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. തലേ ദിവസം രാത്രി അദ്ദേഹത്തെക്കൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല; പകല്‍ മുഴുവനും പരിഭ്രമത്തിലായിരുന്നു. വൈകുന്നേരം വീട്ടിലുള്ള സകലവും സൂക്ഷിച്ചുവെച്ചുകൊള്ളണമെന്നേല്പിച്ച് അദ്ദേഹം വളരെ നേരത്തെ ചെന്നുകിടന്നു; വല്ലാത്ത ക്ഷീണംകൊണ്ട് ഒന്നു മയങ്ങി.

വയസ്സന്മാര്‍ കുറച്ചേ ഉറങ്ങു; മൊസ്യു ഗില്‍നോര്‍മാന്റെ കിടപ്പറ ഇരിപ്പുമുറിയോടു, തൊട്ടതാണ്; എത്രയധികം മനസ്സു വെച്ചുനോക്കിയിട്ടും അവിടുത്തെ ശബ്ദം അദ്ദേഹത്തെ ഉണര്‍ത്തിക്കളഞ്ഞു. വാതിലിന്റെ അടിയിലൂടേ കടന്നിരുന്ന വെളിച്ചപ്പൊളിവു കണ്ടത്ഭുതപ്പെട്ട അദ്ദേഹം കിടയ്ക്കയില്‍നിന്നെഴുന്നേറ്റ് ഇരിപ്പു മുറിയിലേക്കു തപ്പിത്തടഞ്ഞു ചെന്നു.

പകുതി തുറന്ന വാതില്ക്കല്‍ ഓടാമ്പലില്‍ കൈവെച്ച്, അല്പം മുന്‍പോട്ടു ചാഞ്ഞു തലയോടുകൂടി, വിറച്ചുംകൊണ്ട്, ചൊവ്വുള്ളതും ഒരു ശവമൂടുതുണി പോലെ ഒരു മടക്കമില്ലാത്തതുമായ ഒരു നേരിയ വെള്ളയങ്കികൊണ്ട് ദേഹം മൂടി അദ്ദേഹം അമ്പരന്നു കുറച്ചിട ഉമ്മറപ്പടിയിന്മേല്‍ത്തന്നെ നിന്നു.

അദ്ദേഹം കട്ടില്‍ കണ്ടു; കോസരിയിട്ടുള്ളതില്‍ ചോരയൊലിച്ച്, ഒരു മെഴുകിന്‍വിളര്‍പ്പുകൊണ്ടു വിളര്‍ത്ത്, അടഞ്ഞ കണ്ണുകളോടും തുറന്ന വായയോടും നിറംകെട്ട ചുണ്ടുകളോടുംകൂടി, അരവരെ ഉടുപ്പില്ലാതെ, തുടുത്ത മുറിവുകളെക്കൊണ്ട് ആകെ കൊത്തിമുറിക്കപ്പെട്ട, അനക്കമറ്റും വെളിച്ചത്തു കിടക്കുന്ന ആ ചെറുപ്പക്കാരനേയും.

എല്ലായിത്തീര്‍ന്ന കൈകാലുകള്‍ക്ക് എത്രകണ്ടാകാമോ അത്രകണ്ടും ശക്തിയില്‍ ആ മുത്തച്ഛന്‍ അടിമുതല്‍ മുടിവരെ വിറച്ചു; പ്രായാധിക്യംകൊണ്ട് ശുക്ലചര്‍മ്മം മഞ്ഞച്ചുപോയ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഒരുതരം പളുങ്കുവര്‍ണ്ണംകൊണ്ടു മൂടിയിരുന്നു; ഒരു നിമിഷംകൊണ്ട് അദ്ദേഹത്തിന്റെ മുഖത്താകെ ഒരു തലയോടിന്റെ മണ്ണടിഞ്ഞ ഉന്തിച്ചകള്‍ വ്യാപിച്ചു; ഒരു കമ്പി പൊട്ടിപ്പോയിട്ടെന്നപോലെ അദ്ദേഹത്തിന്റെ കൈകള്‍ തൂങ്ങിക്കിടക്കുന്നു; ആകെ വിറയ്ക്കുന്ന കൈവിരലുകളുടെ നീട്ടിയകത്തിപ്പിടിക്കല്‍ അദ്ദേഹത്തിന്റെ അമ്പരപ്പിനെ വെളിപ്പെടുത്തി; നേരിയ നിലയങ്കിയുടെ പഴുതിലൂടേ വെളുത്ത രോമങ്ങള്‍ എടുത്തുപിടിച്ചുനില്ക്കുന്ന അദ്ദേഹത്തിന്റെ മെലിഞ്ഞ നഗ്നങ്ങളായ കാലുകളെ കാണിച്ചുകൊണ്ട് കാല്‍മുട്ടുകള്‍ മുന്‍പില്‍ ഒരു കോണ്‍ വെട്ടിയിരിക്കുന്നു; അദ്ദേഹം മന്ത്രിച്ചു.

‘മരിയുസ്!’

‘സേര്‍, ബസ്ക് പറഞ്ഞു, ’മൊസ്യുവിനെ, ഇതാ, ഇപ്പോള്‍ ഇവിടെ കൊണ്ടുവന്നു. അദ്ദേഹം വഴിക്കോട്ടയിലേക്കു പോയിരുന്നു; എന്നിട്ട്...’

‘അദ്ദേഹം മരിച്ചു!’ ഒരു ഭയങ്കരശബ്ദത്തില്‍ ആ വൃദ്ധന്‍ നിലവിളിച്ചു. ‘ഹാ! എന്റെ തെമ്മാടി!’

ഒരുതരം ശ്മശാനസംബന്ധിയായ രൂപാന്തരപ്പെടല്‍ ആ നൂറുവയസ്സുകാരനെ പിടിച്ചു നിവര്‍ത്തി; അദ്ദേഹത്തിന് ഒരു ചെറുപ്പക്കാരന്റെ ദേഹച്ചൊവ്വുണ്ടാക്കി.

“സേര്‍, ” അദ്ദേഹം പറഞ്ഞു, “നിങ്ങളാണ് വൈദ്യന്‍. ആദ്യംതന്നെ എന്നോട് ഒരു കാര്യം പറയൂ. അവന്‍ മരിച്ചിരിക്കുന്നു. ഇല്ലേ?

ആശങ്കയുടെ അങ്ങേ അറ്റത്തെത്തിയിരുന്ന വൈദ്യന്‍ മിണ്ടാതെ നിന്നു.

ഒരു ഭയങ്കരച്ചിരിയോടുകൂടി മൊസ്യു ഗില്‍നോര്‍മാന്‍ കൈ ഞെരിച്ചു.

“അവൻ മരിച്ചു! അവന്‍ മരിച്ചു! അവന്‍ മരിച്ചു! അവന്‍ വഴിക്കോട്ടയില്‍ക്കടന്നു ചെന്നു തല കളഞ്ഞു! എന്നോടുള്ള ദേഷ്യംകൊണ്ട്! എന്നോടുള്ള വിരോധം കാണിക്കാനാണ് അവനതു ചെയ്തത്! ഹാ, എന്റെ അറുപോക്കിരി: ഇങ്ങനെയാണ് എന്റെ അടുക്കലേക്കുള്ള അവന്റെ തിരിച്ചുവരവ്! എന്റെ ഗ്രഹപ്പിഴേ, അവര്‍ മരിച്ചു!”

അദ്ദേഹം ജനാലയുടെ അടുക്കലേക്കു ചെന്നു, ശ്വാസംമുട്ടുന്നുണ്ടെന്നു തോന്നു മാറു ജനാലവാതില്‍ മലര്‍ക്കെ ഉന്തിത്തുറന്ന്, അന്ധകാരത്തിനു മുന്‍പില്‍ നീണ്ടു നിവര്‍ന്നു നിന്നു തെരുവീഥിയെ നോക്കി, രാത്രിയെ നോക്കി, സംസാരിക്കാന്‍ തുടങ്ങി:

“കുത്തിത്തുളയ്ക്കപ്പെട്ടു, വെട്ടിയരിയപ്പെട്ടു, കഥകഴിക്കപ്പെട്ടു, കൊത്തി നൂറുക്കപ്പെട്ടു, കഷ്ണം കഷ്ണമായി മുറിക്കപ്പെട്ട! നോക്കണേ, ആ വികൃതി ഞാനവനെ അന്വേഷിച്ചുംകൊണ്ടിരിക്കയാണെന്നും, അവന്റെ മുറി ഞാന്‍ ശരിപ്പെടുത്തി വെച്ചിട്ടുണ്ടെന്നും, അവന്‍ ഒരു കുട്ടിയായിരുന്ന കാലത്തെടുപ്പിച്ചിട്ടുള്ള ഛായ ഞാനെന്റെ കട്ടിലിനു തലയ്ക്കല്‍ബ്ഭാഗത്തു തൂക്കിയിട്ടുണ്ടെന്നും അവന്നു നല്ലവണ്ണമറിയാം! അവനിങ്ങോട്ടു വരികയേ വേണ്ടു എന്നും, അവനെ ഞാന്‍ വളരെക്കൊല്ലങ്ങളോളമായി കാത്തിരിക്കുന്നുണ്ടെന്നും എന്താണ് വേണ്ടതെന്നറിഞ്ഞു കൂടാതെ കാല്‍മുട്ടുകളില്‍ കൈയുമൂന്നി ഞാനെന്റെ തീത്തിണ്ണയ്ക്കടുക്കല്‍ കുത്തിയിരിക്കയാണെന്നും, എനിക്കതു വിചാരിച്ചു കമ്പംപിടിച്ചിരിക്കുന്നു എന്നും അവനു നല്ലവണ്ണമറിയാം! ഇങ്ങോട്ടു തിരിച്ചുവന്ന് “ഇതു ഞാനാണ്” എന്നൊന്നു പറകയേ വേണ്ടു എന്നും, നിയ്യിവിടുത്തെ എജമാനനായി എന്നും, ഞാന്‍ നിന്റെ ചൊല്പടിക്കു നില്ക്കുമെന്നും ആ നിന്റെ വങ്കന്‍തന്തയായ മുത്തച്ഛനെ നിന്റെ ഇഷ്ടംപോലെ നിനക്കു കൊണ്ടുനടത്താമെന്നും നിനക്കു നല്ലവണ്ണമറിയാം! നിനക്കതു നല്ലവണ്ണമറിയാം; നീ പറഞ്ഞു: “ഇല്ല, അയാള്‍ രാജരക്ഷിക്കാരനാണ്; ഞാന്‍ പോവില്ല!” നീ വഴിക്കോട്ടയിലേക്കു നടന്നു; എന്നോടുള്ള പകകൊണ്ടു നീ നിന്റെ തല വെടിക്കു കൊടുത്തു! മൊസ്യു ല് ദ്യുക്ദ് ബെറിയെപ്പറ്റി ഞാന്‍ പറഞ്ഞതിനു പകരം വീട്ടാന്‍! ഇതു തെമ്മാടിത്തമായി! ആട്ടെ കിടയ്ക്കമേല്‍ച്ചെന്നു കിടന്നു സുഖമായി ഉറങ്ങ്! അവന്‍ മരിച്ചു; ഇതെന്റെ കണ്ണു മിഴിപ്പിച്ചു.”

രണ്ടാളെപ്പറ്റിയും ആശ പിടിക്കാന്‍ തുടങ്ങിയ വൈദ്യന്‍ മരിയുസ്സിനെ വിട്ടുമൊസ്യുഗില്‍നോര്‍മാന്റെ അടുക്കലേക്കു ചെന്നു കൈ പിടിച്ചു. മുത്തച്ഛൻ ഒന്നു തിരിഞ്ഞു, ഉള്ളതിലധികം വലുപ്പം വെയ്ക്കുകയും ചോരയ്ക്കുകയും ചെയ്തതായിത്തോന്നിയ കണ്ണുകളെക്കൊണ്ട് അയാളെ സൂക്ഷിച്ചു നോക്കി, ശാന്തമായി പറഞ്ഞു.

“സേര്‍, നിങ്ങള്‍ക്കു വന്ദനം. എനിക്കു തന്റേടമുണ്ട്; ഞാനൊരു പുരുഷനാണ്. ഞാന്‍ പതിനാറാമന്‍ ലൂയിയുടെ മരണം കണ്ടിട്ടുള്ളവനാണ്; എനിക്കറിയാം എങ്ങനെയാണ് ഓരോ സംഗതികള്‍ കണ്ടു സഹിക്കേണ്ടതെന്ന്. ഒന്നാണ് സഹിച്ചുകൂടാത്തത്, ഈ ആപത്തൊക്കെ ഉണ്ടാക്കിത്തീര്‍ക്കുന്നതു നിങ്ങളുടെ വര്‍ത്തമാനപത്രങ്ങളാണ്. നിങ്ങള്‍ക്കു ഗ്രന്ഥകാരച്ചെക്കന്മാര്‍ വേണം, വായാടികള്‍ വേണം. വക്കീല്‍മാര്‍ വേണം, പ്രാസംഗികന്മാര്‍ വേണം, സദസ്സുകള്‍ വേണം, വാദപ്രതിവാദം വേണം, അഭിവൃദ്ധി വേണം, പരിഷ്കാരം വേണം, മനുഷ്യാവകാശം വേണം. പത്രസ്വാതന്ത്ര്യം വേണം എന്നിട്ട് ഇങ്ങനെയാണ് നിങ്ങളുടെ കുട്ടികളെ വീട്ടിലേക്കു കൊണ്ടുവരിക. ഹാ, മരിയുസ്! ഇതു മോശമായി! കൊല്ലപ്പെട്ടു! എന്നെക്കാള്‍ മുന്‍പു മരിച്ചു! ഒരു വഴിക്കോട്ട! എന്റെ തെമ്മാടിച്ചെക്കാ! ഡോക്ടര്‍. നിങ്ങള്‍ ഈ പ്പരദേശത്തുകാരനായിരിക്കും? അതേ, ഞാന്‍ നല്ലവണ്ണമറിയും നിങ്ങളുടെ വണ്ടി എന്റെ ജനാലയുടെ ചുവട്ടിലൂടെ പോകാറുള്ളതു ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ നിങ്ങളോടു പറയട്ടെ, എനിക്കു ശുണ്ഠി പിടിച്ചിട്ടുണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നതു തെറ്റാണ്. ഒരു ചത്ത ആളെപ്പറ്റി ആളുകള്‍ ശുണ്ഠിയെടുക്കാറില്ല. അതു വങ്കത്തമാണ്. ഇതു ഞാന്‍ വളർത്തിപ്പോന്ന ഒരു കുട്ടിയാണ് അവന്നു ചെറുപ്പമായിരിക്കുമ്പോള്‍ത്തന്നെ ഞാനൊരു കിഴവനായിക്കഴിഞ്ഞു അവന്‍ ത്വിലെറിക്കൊട്ടാരത്തിലെ മുറ്റത്ത് അവന്റെ ചെറുകൈക്കോട്ടോടും നീളമില്ലാത്ത തലമുടിയോടും കൂടി പാഞ്ഞുകളിച്ചിരുന്നു; ഇന്‍സ്പെക്ടര്‍മാര്‍ പിറുപിറുക്കാതിരിക്കാന്‍വേണ്ടി അവന്‍ നിലത്തു കൈക്കോട്ടുകൊണ്ടു കുഴിച്ചുണ്ടാക്കിയിരുന്ന കുഴികള്‍ ഞാനെന്റെ വടികൊണ്ടു തട്ടിമൂടും. ഒരു ദിവസം അവന്‍ ആര്‍ത്തു; പതിനെട്ടാമന്‍ ലൂയി പോയ്ച്ചാവട്ടെ! അതാ, ഒരൊറ്റ നട. അതെന്റെ കുറ്റമല്ല. അവന്നു ചെറുപ്പമായിരുന്നു. മിടുക്കന്‍. അവന്റെ അമ്മ മരിച്ചു. നിങ്ങള്‍ നോക്കിയിട്ടുണ്ടോ, എല്ലാ കുട്ടികളും മിടുക്കന്മാരാണ്? എന്താ അത്? അവന്‍ ആല്വാര്‍യുദ്ധത്തിലെ തട്ടിപ്പറിക്കാരില്‍ ഒരുവന്റെ മകനാണ്; പക്ഷേ, മക്കളില്‍ അച്ഛന്മാരുടെ ദുഷ്പ്രവൃത്തികള്‍ കാണാറില്ല. അവന്‍ ഇതാ, ഇതിലൊട്ടുമധികമില്ലാതിരുന്നത് എനിക്കോര്‍മ്മയുണ്ട്. അവന്ന് ’അച്ഛന്‍ എന്നു പറയാന്‍തന്നെ വയ്യാ. അവന്ന് ആര്‍ക്കും മനസ്സിലാവാത്ത ഒരുതരം ഭാഷ കൊഞ്ചിപ്പറയാനുണ്ട്; ഒരു പക്ഷി ചിലയ്ക്കുകയാണെന്നേ പറയൂ! എനിക്കോര്‍മ്മയുണ്ട്, ഒരു ദിവസം പൂന്തോട്ടത്തില്‍ ആളുകള്‍ അവന്റെ ചുറ്റും അവനെ ഓമമനിച്ചുകൊണ്ടും വാഴ്ത്തിക്കൊണ്ടും വളഞ്ഞുകൂടി. അവനത്ര ചന്തമുണ്ട്. ആ കുട്ടിയാണിത്! നിങ്ങള്‍ ചിത്രങ്ങളില്‍ക്കാണുന്ന ഒരു തലയാണവന്ന്. ഞാനൊരു ദിവസം ഉറക്കെ എന്തോ പറഞ്ഞു; എന്റെ വടിയോങ്ങി ഞാനവനെ പേടിപ്പെടുത്തി; പക്ഷേ, അവന്നു നല്ലവണ്ണമറിയാം, ഞാനവനെ ചിരിപ്പിക്കാനാണെന്ന്. രാവിലെ എന്റെ മുറിയിലേക്കു കടന്നപ്പോള്‍ ഞാനവനെ ദേഷ്യപ്പെട്ടു; പക്ഷേ, എന്തായാലും എനിക്കവന്‍ പകല്‍വെളിച്ചംപോലെയാണ്. ഈ പിള്ളേരോട് ഒരു നിവൃത്തിയുമില്ല. അവര്‍ നിങ്ങളെ പിടികൂടുന്നു, അവര്‍ നിങ്ങളെ മുറുക്കിപ്പിടിക്കുന്നു, അവര്‍ വിടില്ല. വാസ്തവത്തില്‍, ആ കുട്ടിയെപ്പോലെ ഒരു കാമദേവനും ഉണ്ടായിരുന്നില്ല. അപ്പോള്‍ അവനെ കൊന്നുകളഞ്ഞ നിങ്ങളുടെ ലഫയേത്ത്മാരേയും, ബെഞ്ചമിന്‍ കോണ്‍സ്റ്റാന്റ് മാരേയും നിങ്ങളുടെ തിര്‍കൂര്‍ ദ് കൊര്‍സെല്‍മാരേയും പറ്റി നിങ്ങള്‍ക്കെന്തു പറയാന്‍ കഴിയും? ഇതീ നിലയില്‍ നടക്കാന്‍ സമ്മതിച്ചുകൂടാ.”

അദ്ദേഹം അപ്പോഴും വിളര്‍ത്തും നിശ്ചേഷ്ടമായും കിടക്കുന്ന മരിയുസ്സിന്റെ അടുക്കലേക്കു ചെന്നു—വൈദ്യന്‍ അയാളെ ശുശ്രൂഷിക്കാന്‍ വീണ്ടും തുടങ്ങിയിരിക്കുന്നു—ഒരിക്കല്‍ക്കൂടി കൈ രണ്ടും പിടിച്ചു ഞെരിച്ചു. ഒരു യന്ത്രപ്പണികൊണ്ടെന്നപോലെ ആ വയസ്സന്റെ വിളര്‍ത്ത ചുണ്ടുകള്‍ ഇളകി, മരണവേദനയിലെ ശ്വാസംവലികള്‍ പോലെ കഷ്ടിച്ചു കേള്‍ക്കാമെന്ന നിലയിലുള്ള ഈ വാക്കുകളെ പുറത്തേക്കു കടത്തിയയച്ചു: “ഹാ എന്റെ ഹൃദയമില്ലാത്ത കുട്ടി! ഹാ, സഭായോഗക്കാര! ഹാ, ഭാഗ്യംകെട്ട മനുഷ്യാ! ഹാ, ഗജപോക്കിരി!’

മരണവേദനയില്‍പ്പെട്ട ഒരു മനുഷ്യന്‍ ഒരു ശവത്തോടു പതുക്കെച്ചെയ്യുന്ന ശകാരങ്ങള്‍.

ആന്തരങ്ങളായ ക്ഷോഭങ്ങള്‍ എപ്പോഴും പുറത്തു വരാതെ കഴിയാത്തതു കൊണ്ടു കുറേശ്ശക്കുറേശ്ശയായി വാക്കുകള്‍ക്ക് അന്വയം തിരിച്ചുവന്നു; പക്ഷേ, മുത്തച്ഛന്ന് അവയെ ഉച്ചരിക്കാനുള്ള ശക്തിയില്ലാതായി; അയാളുടെ ഒച്ച അത്രമേല്‍ ക്ഷീണിച്ചതും കെട്ടതുമായി; വാക്കുകള്‍ ഒരഗാധകുണ്ഡത്തില്‍നിന്നാണ് വരുന്നതെന്നു തോന്നി.

“എനിക്കതൊക്കെ ഒന്ന്; ഞാനും മരിക്കുകതന്നെയാണ്; അതേ. ഞാനും ഈ ഭാഗ്യംകെട്ടവനെ സുഖിപ്പിക്കാന്‍ തെയ്യാറില്ലാത്ത ഒരൊറ്റ കൊഞ്ചിപ്പെണ്ണും പാരിസിലില്ലെന്നറിയണം! അപ്പോള്‍ രസിക്കുകയും ജീവിതം അനുഭവിക്കുകയും ചെയ്യുന്നതിനുപകരം ഒരു തെമ്മാടി യുദ്ധം ചെയ്യാന്‍ പോയി അവിടെക്കിടന്ന് ഒരു നായയെപ്പോലെ വെടിയേറ്റു! ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? പ്രജാധിപത്യത്തിനുവേണ്ടി ഷോമിയേറില്‍പ്പോയി നൃത്തവിനോദം ആസ്വദിക്കുന്നതിനുപകരം ഇതാണ് ചെറുപ്പക്കാരുടെ കര്‍ത്തവ്യകര്‍മ്മമെന്നു തോന്നും! എന്താണ് ഇരുപതു വയസ്സു പ്രായമായിട്ടു കാര്യം? പ്രജാധിപത്യം, കുരുത്തംകെട്ട ഒരസ്സല്‍ വങ്കത്തം! സാധുക്കളായ അമ്മമാരേ, കൊള്ളാവുന്ന മക്കളെയുണ്ടാക്കിന്‍, അതു ചെയ്യിന്‍! ആട്ടെ, അവന്‍ മരിച്ചു. അത് ഒരേ വണ്ടിപ്പടിയിലൂടേ രണ്ടു ശവമഞ്ചം കൊണ്ടുപോവിക്കും. ജനറല്‍ ലമാര്‍ക്കിന്റെ കൊള്ളാവുന്ന നോട്ടം ഭ്രമിച്ചു നീ നിന്നെ ഈ നിലയിലാക്കിത്തീര്‍ത്തു. ആ ജെനറല്‍ ലമാര്‍ക്ക് നിനക്കെന്തു ചെയ്തുതന്നു? ഒരു വെട്ടിക്കീറി! ഒരു വായാടി! ഒരു മരിച്ചാള്‍ക്കുവേണ്ടി ആയുസ്സു കളയുക! ഇതു പോരേ ആര്‍ക്കും ഭ്രാന്തു പിടിക്കാന്‍! ഒന്നാലോചിച്ചുനോക്കൂ. ഇരുപതാമത്തെ വയസ്സില്‍! ഇവിടെ ചിലതു കിടക്കെയല്ലേ യാത്ര പോകുന്നതെന്നു നോക്കാൻകൂടി അവന്‍ തലയൊന്നു തിരിച്ചില്ല. ഇങ്ങനെയാണ് സാധുക്കളായ പടുകിഴവന്മാരെ ഇക്കാലത്ത് ആളുകള്‍ തനിച്ചു കിടന്നു മരിച്ചുകൊള്ളാന്‍ വിടുന്നത്. ആ നിന്റെ മൂലയ്ക്കല്‍ക്കിടന്നു ചത്തോ, കൂമ! ആട്ടെ. ആകപ്പാടെ അതു പിന്നത്തത്തില്‍ ഭേദം; എനിക്കും അതുതന്നെയാണ് വേണ്ടത്;ഇതെന്നെ ഒരടിക്കു കൊന്നുകൊള്ളും. ഞാന്‍ പടു കിഴവനായി, എനിക്കു നൂറു വയസ്സു കഴിഞ്ഞു. എനിക്കൊരു നൂറായിരം വയസ്സു കഴിഞ്ഞു; അവകാശപ്രകാരം ഞാനിതിന് എത്രയോ മുന്‍പു മരിക്കേണ്ടതാണ്. ഈ അടി അതവസാനിപ്പിക്കുന്നു. അപ്പോള്‍ ഒക്കെത്തീര്‍ന്നു, എന്തു സുഖം! നവസാരം അവന്റെ മുക്കില്‍ക്കയറ്റിയിട്ടു പ്രയോജനമെന്താണ്? എന്തിനാണ് ആക്കണ്ട മരുന്നിന്‍പെട്ടിയൊക്കെ? ഹേ, എന്റെ വങ്കന്‍ വൈദ്യാ, വെറുതേ ബുദ്ധിമുട്ടുകയാണ്. ഇതാ, അവന്‍ ചത്തു, ചത്തു വെറുങ്ങലിച്ചു. എനിക്കറിയാം അതൊക്കെ; ഞാനും മരിച്ചിരിക്കുന്നു. അവന്‍ കാര്യം പകുതിക്കുവെച്ചനിര്‍ത്തിയില്ല. അതേ, ഈ കാലം അസത്താണ്; നീയും, നിന്റെ അഭിപ്രായങ്ങളും, നിന്റെ സ്ഥാപനങ്ങളും, നിന്റെ ഉപദേഷ്ടാക്കളും, നിന്റെ ദീര്‍ഘദര്‍ശികളും, നിന്റെ വൈദ്യന്മാരും, നിന്റെ തെമ്മാടിയെഴുത്തുകാരും, നിന്റെ രണ്ടുംകെട്ട തത്ത്വജ്ഞാനികളും, കഴിഞ്ഞ അറുപതു കൊല്ലത്തോളമായി ത്വീലെരിക്കൊട്ടാരത്തിലെ കാക്കക്കൂട്ടങ്ങളെയൊക്കെ പേടിപ്പിച്ചു പോരുന്ന നിന്റെ ഭരണപരിവര്‍ത്തനങ്ങളൊക്കെയും, എല്ലാം അസത്ത്; അതേ. അങ്ങനെയാണ് എനിക്കു തോന്നിയിട്ടുള്ളത്! പക്ഷേ, ഇങ്ങനെ നീ നിന്നെ കൊണ്ടുപോയി കഥ തീര്‍പ്പിച്ചത് കഷ്ടമായി; എനിക്കു നിന്നെപ്പറ്റി ഒരു സങ്കടവുമില്ല. മനസ്സിലായോ, എടാ, ആളെക്കൊല്ലി?

ആ സമയത്തു മരിയുസ് പതുക്കെ കണ്ണു തുറന്നു; മോഹാലസ്യത്തിലെ അമ്പരപ്പുകൊണ്ട് അപ്പോഴും മങ്ങിയിരുന്നുവെങ്കിലും അയാളുടെ നോട്ടം മൊസ്്യു ഗില്‍നോര്‍മാന്റെമേല്‍ പതിഞ്ഞു. “മരിയുസി” ആ കിഴവന്‍ നിലവിളിച്ചു പറഞ്ഞു. ’മരിയുസ്! എന്റെ കുട്ടി മരിയുസ്! എന്റെ കുട്ടി! എന്റെ ഓമനമകനേ! നീ നിന്റെ കണ്ണു തുറക്കുന്നു, നിയ്യെന്നെ നോക്കിക്കാണുന്നു, നിനക്കു ജീവനുണ്ട്, ഞാന്‍ നന്ദി പറയുന്നു!”

അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.