images/hugo-41.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.5.1
നരകത്തിലെ ഏഴാമത്തെ ചുറ്റും സ്വർഗ്ഗത്തിലെ എട്ടാമത്തെ മതിലകവും

വിവാഹത്തിന്റെ പിറ്റേദിവസം ഏകാന്തമാണ്. ഭാഗ്യവാന്മാരായ ദമ്പതികളെ ആളുകൾ മനോരാജ്യത്തിലേക്കു വിടുന്നു; ഏതാണ്ട് അവരുടെ മന്ദഗതിയായ നിദ്രാഗമത്തിലേക്കും. കുറേക്കഴിഞ്ഞതിന്നുശേഷമേ കാണാൻ വരുന്നവരുടേയും അഭിനന്ദനങ്ങളുടേയും ലഹള തുടങ്ങു. ഫെബ്രവരി 17-ാംനു രാവിലെ ഏതാണ്ട് ഉച്ചതിരിഞ്ഞതിന്നുശേഷമാണ്, ബസ്ക് തന്റെ കൈകോർത്തും തൂവൽപ്പൊടി തട്ടിയും കക്ഷത്തിൽവെച്ചു, ജാഗ്രതയിൽ തളം വൃത്തിയാക്കുന്നതിനിടയ്ക്ക് വാതില്ക്കൽനിന്ന് ഒരു മുട്ടു കേട്ടത്. മണിയടിയുണ്ടായില്ല, അത് അന്നത്തെ ദിവസം ഒരു സവിശേഷതയായിക്കളയും. ബസ്ക് വാതിൽ തുറന്നു, മൊസ്യൂ ഫൂഷൽവാങ്ങിനെ കണ്ടു; അപ്പോഴും കശപിശയായും തകരാറായും കിടന്നിരുന്ന ഇരിപ്പുമുറിയിലേക്കു—അതിന്നു തലേദിവസത്തെ ആഹ്ലാദത്തിരക്കുകൾ കാരണം ഒരു യുദ്ധക്കളത്തിന്റെ ഛായയുണ്ട്—അതിഥിയെ ക്ഷണിച്ചുകൊണ്ടുപോയാക്കി.

‘പറയട്ടെ, സേർ’, ബസ്ക് അഭിപ്രായപ്പെട്ടു. ‘ഞങ്ങളൊക്കെ വൈകിയിട്ടാണ് എണീറ്റത്.’

‘നിങ്ങളുടെ എജമാനൻ ഉണർന്നുവോ? ‘ ഴാങ് വാൽഴാങ് ചോദിച്ചു.

‘അങ്ങയുടെ കയ്യെങ്ങിനെയിരിക്കുന്നു?’ ബസ്ക് മറുപടി പറയുന്നു.

‘ഭേദമുണ്ട്, നിങ്ങളുടെ എജമാനൻ ഉണർന്നുവോ?’

‘ഏതെജമാനൻ? പഴയതോ പുതിയതോ?’

‘മൊസ്യു പൊങ്മേർസി?’

‘മൊസ്യു ല് ബാറൺ’, ഒന്നു നിവർന്നുനിന്നു ബസ്ക് പറഞ്ഞു.

എല്ലാവരിലുംവെച്ചധികം ഭൃത്യന്മാർക്കാണ് ഒരാൾ പ്രഭുവാകുന്നത്. അവർക്ക് അയാൾ ഒരു വിലയുള്ള ആളാണ്; അവരുടെ മേലേക്കും, ഒരു തത്ത്വജ്ഞാനി പറയുന്നതായാൽ, ആ പ്രഭുപട്ടം തെറിച്ചുകളയുന്നു; അതവരെ മേനി കേറ്റും. കൂട്ടത്തിൽപ്പറയട്ടെ, ഒരുശിരുള്ള പ്രജാധിപത്യകക്ഷിയായിരുന്ന മരിയൂസ് അയാളറിയാതെതന്നെ ഒരു പ്രഭുവായി. ആ സ്ഥാനപ്പേരിനെസ്സംബന്ധിച്ചേടത്തോളം കുടുംബത്തിൽ ഒരു ചെറിയ ഭരണപരിവർത്തനം നടന്നു. ഇപ്പോൾ മൊസ്യു ഗിൽനോർമാനായി അത് മുറുക്കിപ്പിടിക്കാൻ; മരിയൂസ് അതിൽനിന്ന് ഒഴിഞ്ഞുനിന്നു. പക്ഷേ, കേർണൽ പൊങ്മേർസി എഴുതിവെച്ചിട്ടുണ്ട്: ‘എന്റെ മകൻ എനിക്കുള്ള സ്ഥാനപ്പേർ വഹിക്കും.’ മരിയൂസ് അതിനു കീഴടങ്ങി. സ്ത്രീത്വം ഉള്ളിൽ ഉദിച്ചുവരാൻ തുടങ്ങിയിരുന്ന കൊസെത്ത് പ്രഭ്വീപദലബ്ധിയിൽ സന്തോഷിച്ചു.

‘മൊസ്യു ല് ബാറണോ?’ ബസ്ക് ആവർത്തിച്ചു. ‘ഞാൻ പോയി നോക്കാം. മൊസ്യു ഫൂഷൽവാങ് വന്നിട്ടുണ്ടെന്നു ഞാൻ ചെന്നു പറയാം.’

മൊസ്യൂ ഫൂഷൽവാങ് ഞാനാണ് അദ്ദേഹത്തോട് പറയേണ്ട. ആരോ ഒരാൾ സ്വകാരമായി ചിലതു കണ്ടുപറയാൻ വന്നിട്ടുണ്ടെന്നറിയിക്കുക; പേർ പറയേണ്ടാ.

‘ആ! ബസ്ക് ഉച്ചത്തിൽപ്പറഞ്ഞു.

എനിക്കദ്ദേഹത്തെ അത്ഭുതപ്പെടുത്തണം.

‘ആ!’ ഒന്നാമത്തെ ‘ആ!’ നിന്റെ ഒരു വ്യാഖ്യാനമായി രണ്ടാമത്തതിനെ ഉച്ചരിച്ചുകൊണ്ട് ബസ്ക് ഉച്ചത്തിൽപ്പറഞ്ഞു.

ആ ഭൃത്യൻ അവിടെനിന്നു പോയി.

ഴാങ് വാൽഴാങ് തനിച്ചായി.

ഞങ്ങൾ പറഞ്ഞവിധം, ഇരിപ്പുമുറി വലിയ കശപിശയിൽക്കിടക്കുന്നു. ഒന്നു ചെവിയോർത്തുനോക്കിയാൽ അപ്പോഴും വിവാഹത്തിന്റെ അസ്പഷ്ടശബ്ദം കേൾക്കാൻ തുടങ്ങുമെന്നു തോന്നും. മാലകളിൽനിന്നും ശിരോലങ്കാരങ്ങളിൽ നിന്നും വീണ എല്ലാത്തരം പുഷ്പങ്ങളും മിനുസപ്പെട്ട നിലത്തു ചിന്നിയിട്ടുണ്ട്. കാല്ക്കുറ്റിയിലേക്കു കുത്തിയിറങ്ങിയ മെഴുതിരികൾ ശാഖാദീപങ്ങളുടെ പളുങ്കുതൂക്കുളോടു മെഴുകൊണ്ടുള്ള ചുണ്ണാമ്പുകൽപ്പുറ്റുകളെ കൂട്ടിച്ചേർത്തു. ഒരൊറ്റസ്സാധനമെങ്കിലും അതിന്റെ സ്ഥാനത്തില്ല. മൂലകളിൽ, ഒരു വട്ടത്തിൽ കൂടിച്ചേർന്നു കിടക്കുന്ന മൂന്നുനാലു ചാരുകസാലകൾ, അപ്പോഴും സംഭാഷണം തുടരുകയാണെന്നു തോന്നും. ആകപ്പാടെ കണ്ടാൽ രസമുണ്ട്, കഴിഞ്ഞുപോയ ഒരു സദ്യക്കു ചുറ്റും ഒരന്തസ്സു ചുറ്റിപ്പറ്റിനില്ക്കും. അതു രസമുള്ളതാണ്, ക്രമം തെറ്റിയിട്ട കസാലകളിലും, വാടിത്തുടങ്ങിയ പുഷ്പങ്ങൾക്കിടയിലും, കെട്ടുപോയ വിളക്കുകൾക്കിടയിലും, ആളുകൾ ഇരുന്നു സന്തോഷിച്ചിട്ടുണ്ട്. ശാഖാദീപങ്ങളുടെ സ്ഥാനത്തു സൂര്യനായി; അതു ചന്തത്തിൽ ഇരിപ്പറയിലേക്കു പ്രവേശിച്ചു.

വളരെ നിമിഷങ്ങൾ കഴിഞ്ഞു. ബസ്ക് പോകുമ്പോൾ ഇരുന്നേടത്തുതന്നെ ഴാങ് വാൽഴാങ് അനങ്ങാതെ ഇരിക്കുകയാണ്. അയാൾ വല്ലാതെ വിളർത്തിരിക്കുന്നു. അയാളുടെ കണ്ണുകൾ കുണ്ടിൽപ്പോയി, ഉറക്കമിളപ്പുമൂലം അത്രയും കഴിഞ്ഞിരുന്നതുകൊണ്ട്, ഏതാണ്ട് നോക്കിയാൽക്കാണാതായിരിക്കുന്നു. രാത്രി മുഴുവനും മേൽത്തന്നെ കിടന്നിട്ടുള്ള ഒരുടുപ്പിന്റെ ക്ഷീണിച്ച മടക്കുകൾ അയാളുടെ കറുത്ത പുറങ്കുപ്പായത്തിലുണ്ടായിരുന്നു, പരുത്തിത്തുണിയോട് കൂട്ടിയുരുമ്മിയാലത്തെ രോമത്തുണിയുടെ മിനുപ്പോടുകൂടി കുപ്പായക്കൈമുട്ടുകൾ വെളുത്തിട്ടുണ്ടായിരുന്നു.

പകൽവെളിച്ചംകൊണ്ട് മിനുസംകൂടിയ നിലത്തു പതിഞ്ഞിട്ടുള്ള ജനാലയുടെ ആകൃതി ഴാങ് വാൽഴാങ് സൂക്ഷിച്ചുനോക്കി.

ഒരു ശബ്ദം വാതില്ക്കൽനിന്നു കേട്ടു, അയാൾ തല പൊന്തിച്ചു.

മരിയൂസ് അകത്തേക്കു കടന്നു; അയാളുടെ തല ഉയർന്നിരിക്കുന്നു, ചുണ്ട് പുഞ്ചിരിക്കൊള്ളുന്നു, ഒരനീർവചനീയമായ തെളിവു മുഖത്തുണ്ട്, നെറ്റിത്തടത്തിനു വിസ്താരം കൂടിയിരിക്കുന്നു, കണ്ണുകൾ വിജയഹർഷംകൊള്ളുന്നു അയാളും ഉറങ്ങിയിട്ടില്ല.

അച്ഛനാണ്! ഴാങ് വാൽഴാങ്ങിനെ കണ്ട ഉടനെ അയാൾ ഉച്ചത്തിൽപ്പറഞ്ഞു; ആ വങ്കൻ ബസ്ക് എന്തോ ഒരു വല്ലാത്ത ഭാവമൊക്കെ ഭാവിച്ചു! പക്ഷേ, നിങ്ങൾ നന്നേ നേരത്തെയായി വന്നത്. പന്ത്രണ്ടര മണിയേ ആയിട്ടുള്ളു, കൊസെത്ത് ഉറങ്ങുകയാണ്.

മരിയൂസ് മൊസ്യു ഫൂഷൽവാങ്ങോടുപയോഗിച്ച വാക്ക് ‘അച്ഛാ’ എന്നത്, മഹത്തായ ആനന്ദത്തെ സൂചിപ്പിക്കുന്നു. വായനക്കാർക്കറിവുള്ളവിധം അവരുടെ ഇടയ്ക്ക് ഒരുയർന്ന ചുമർ, ഒരൗദാസീന്യം. ഒരു രസമില്ലായ്മ, നിന്നിരുന്നു; പൊട്ടിവീഴുകയോ ഉരുകിപ്പോവുകയോ ചെയ്യേണ്ട മഞ്ഞിൻകട്ട. ആ ചുമർ താണുപോകയും മഞ്ഞിൻകട്ട അലിഞ്ഞുപോകയും ചെയ്തു. കൊസെത്തിനെന്നപോലെതന്നെ തനിക്കും അയാൾ ഒരച്ഛനായിത്തീരുമാറ്, മരിയുസ് അത്രയും വലിയ ലഹരിയിൽപ്പെട്ടിരുന്നു.

അയാൾ തുടർന്നു—ദിവ്യമായ ആനന്ദമൂർച്ചയുടെ സവിശേഷതയ്ക്കൊത്ത് അയാളുടെ വാക്കുകൾ തള്ളിയൊഴുകി;

നിങ്ങളെ കാണാൻ പറ്റിയത് എത്ര നന്നായി. ഇന്നലെ നിങ്ങളില്ലാതിരുന്നത് എന്തു കഷ്ടമായെന്നോ! അച്ഛാ, സുഖംതന്നെ! കൈയിപ്പോൾ എങ്ങനെയിരിക്കുന്നു? ആശ്വാസമുണ്ട്, ഇല്ലേ?’

അയാൾതന്നെ സ്വയം പറഞ്ഞ ‘ഉവ്വെ’ന്നുള്ള മറുപടികൊണ്ട് തൃപ്തിപ്പെട്ടു, പിന്നെയും തുടങ്ങി;

‘ഞങ്ങൾ രണ്ടുപേരും നിങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു. കൊസെത്തിനു നിങ്ങളുടെമേൽ അത്രവളരെ ഇഷ്ടമുണ്ട്! ഇവിടെ നിങ്ങൾക്കായി ഒരു മുറിയുണ്ടെന്ന് മറക്കരുത്. നമുക്കിനി റ്യൂ ദ് ലോം അർമെ ആവശ്യമില്ല. അതു നമുക്കു വിട്ടുകളയണം. രോഗം പിടിപ്പിക്കുന്നതും, രസമില്ലാത്തതും, ഭംഗിയില്ലാത്തതും, ഒരറ്റത്ത് അടഞ്ഞിട്ടുള്ളതും, തണുപ്പു കൂടിയതും കടന്നുചെല്ലാൻ വയ്യാത്തതുമായ അങ്ങനെയൊരു തെരുവിൽ നിങ്ങൾ എങ്ങനെ ചെന്നു താമസിക്കും? നിങ്ങൾ ഇവിടെ വന്ന് ഇവിടെ താമസമാക്കുക. ഇന്നുതന്നെ. അല്ലെങ്കിൽ നിങ്ങൾക്ക് കൊസെത്തിനെ മുഷിപ്പിക്കേണ്ടിവരും. ഞാൻ പറയുന്നു, അവൾ നമ്മളെയൊക്കെ മൂക്കു തുളച്ചുകയറിട്ട് നടത്തിക്കാനാണ് ഭാവം. നിങ്ങൾക്കിവിടെ സ്വന്തം മുറിയുണ്ട്, ഞങ്ങളുടേതിനോടടുത്താണ്, തോട്ടത്തിലേക്കഭിമുഖമായിട്ടുള്ളതാണ്; മണി കേടുതീർത്തു, കിടയ്ക്ക വിരിച്ചിട്ടുണ്ട്, ഒക്കെ തയ്യാറാക്കിയിരിക്കുന്നു; നിങ്ങൾ അതുപയോഗപ്പെടുത്തുകയേ വേണ്ടൂ. നിങ്ങളുടെ കട്ടിലിനോടടുത്ത് കൊസെത്ത് വില്ലീസ് വിരിപ്പുള്ള ഒരു പഴയ കൂറ്റൻ ചാരുകസാല കൊണ്ടിടുവിച്ചിട്ടുണ്ട്; അവൾ അതിനോടു പറകയുണ്ടായി: ‘നീ അദ്ദേഹത്തിനു നേരെ കൈ നീട്ടുക,’ നിങ്ങളുടെ ജനാലയ്ക്കു പുറത്തെതിരായിട്ടുള്ള പൂവള്ളിക്കെട്ടിൽ ഒരു കുയിൽ എല്ലാവസന്തകാലത്തും വന്നിരിക്കാറുണ്ട്. രണ്ടുമാസം കഴിഞ്ഞാൽ മതി, അതെത്തും. നിങ്ങളുടെ ഇടതുവശത്ത് അതിന്റെ കൂടും, വലതുവശത്ത് ഞങ്ങളുടേതും. രാത്രി അത് പാടും; പകൽ കൊസെത്ത് കൊഞ്ചും. നിങ്ങളുടെ മുറി തെക്കോട്ടു തിരിഞ്ഞാണ്. നിങ്ങളുടെ പുസ്തകങ്ങളെല്ലാം കൊസെത്ത് അടുക്കിവെയ്ക്കും—കാപ്റ്റൻ കുക്കിന്റേയും, മറ്റെയാളുടെയും, വാൻകുവേരുടെയും, സഞ്ചാരഗ്രന്ഥങ്ങൾ; എന്നില്ല നിങ്ങളുടെ കാര്യങ്ങളെല്ലാം അവൾ നോക്കും. നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ചെറിയ യാത്രപ്പെട്ടിയുണ്ടല്ലോ; അതിന്നായി ഒരു മൂല ഞാൻ ഒഴിച്ചിടുവിച്ചിട്ടുണ്ട്. നിങ്ങൾ എന്റെ മുത്തച്ഛനെ കൈയിലാക്കിക്കളഞ്ഞു; അദ്ദേഹത്തിനു നിങ്ങൾ വളരെപ്പറ്റി. നമുക്കൊരുമിച്ചു താമസിക്കാം. നിങ്ങൾ ശീട്ടുകളിക്കാറുണ്ടോ? നിങ്ങൾ ശീട്ടുകളിക്കുമെങ്കിൽ മുത്തച്ഛന്ന് ഇതിലും മീതേ ഒരു സന്തോഷമുണ്ടാവാനില്ല, ഞങ്ങൾ പന്തുകളിക്കുകയായിരിക്കുമ്പോൾ നിങ്ങളാണ് കൊസെത്തിനെ നടക്കാൻ കൊണ്ടുപോവാൻ; നിങ്ങൾ അവൾക്ക് കൈകൊടുത്തു, പണ്ടു ലൂക്സെംബൂറിൽ ചെയ്യാറുള്ളതുപോലെ, കൊണ്ടുനടത്തും. നമുക്ക് നിശ്ചയമായും സുഖിക്കണം. അതിൽ, ഞങ്ങളുടെ സുഖത്തിൽ, അച്ഛാ, അച്ഛനും പങ്കുകൊള്ളണം, എങ്ങനെ? ആട്ടെ ഇന്നു പ്രാതലിനു ഞങ്ങളുടെ കൂട്ടത്തിൽ കൂടുമോ?’

‘സേർ,’ ഴാങ് വാൽഴാങ് പറഞ്ഞു, ‘എനിക്കു നിങ്ങളോടു ചിലതു പറയാനുണ്ട്. ഞാൻ തടവിൽ നിന്നു പോന്നവനാണ്.’

കേൾക്കാവുന്ന ശബ്ദത്തിൽനിന്നു ചിലപ്പോൾ മറുകണ്ടം ചാടി എന്നുവരാം— മനസ്സിനെസ്സംബന്ധിച്ചേടത്തോളവും ചെവിയെസ്സംബന്ധിച്ചേടത്തോളവും, രണ്ടും ‘ഞാൻ തടവിൽനിന്നു പോന്നവനാണ്’ എന്ന ഈ വാക്കുകൾ, മൊസ്യു ഫുഷൽ വാങ്ങിന്റെ വായിൽനിന്നു പുറപ്പെട്ട മരിയുസ്സിന്റെ ചെവിയിൽക്കടന്നപ്പോൾ, സംഭാവ്യതയെ കവിച്ചു ചാടിക്കളഞ്ഞു. എന്തോ ഒന്ന് തന്നോടു പറയുകയുണ്ടായെന്നു തോന്നുന്നുണ്ട്! എന്തേ ആ പറഞ്ഞതെന്ന് ഓർമ്മയില്ല. അയാൾ വായും പിളർന്നു നിലവായി.

ഉടനേ, അയാളോട് സംസാരിക്കുന്ന ആ മനുഷ്യൻ വല്ലാതിരിക്കുന്നു എന്നയാൾക്കു മനസ്സിലായി. സ്വന്തം സന്തോഷലഹരിയിൽ മുങ്ങിയിരുന്നതുകൊണ്ടു് അയാൾ അതുവരെ മറ്റേ ആളുടെ ഭയങ്കരവേഷത്തെ നോക്കിയറിയുകയുണ്ടായില്ല.

ഴാങ് വാൽഴാങ് തന്റെ വലത്തേ കൈ താങ്ങിപ്പിടിച്ചിരുന്ന തുണിക്കെട്ട് അഴിച്ചുകളഞ്ഞു. കൈയിയേൽ ചുറ്റിയിരുന്ന തുണി ചുരുളഴിച്ചു. തള്ളവിരൽ മറവില്ലാതാക്കി, മരിയുസ്സിനെ നീട്ടിക്കാണിച്ചു.

‘എന്റെ കൈയിനു യാതൊന്നുമില്ല’. അയാൾ പറഞ്ഞു.

മരിയൂസ് തള്ളവിരലിന്മേലേക്കു നോക്കി.

‘അതിനു കേടൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല’, ഴാങ് വാൽഴാങ് തുടർന്നു.

വാസ്തവത്തിൽ പരിക്കേറ്റിട്ടുള്ള യാതൊരു പാടും അതിലുണ്ടായിരുന്നില്ല.

ഴാങ് വാൽഴാങ് തുടർന്നു: ‘നിങ്ങളുടെ വിവാഹത്തിൽ ഞാൻ പങ്കുകൊള്ളാതിരിക്കുകയായിരുന്നു ഉത്തമം. ഞാൻ എന്നാൽക്കഴിയുന്നേടത്തോളം ഒഴിഞ്ഞു നിന്നു. ഒരു കള്ളൊപ്പിടേണ്ടിവരാതെകഴിക്കാനായി, വിവാഹപത്രത്തിനു ഒരു കോട്ടമുണ്ടാക്കാതിരിക്കാൻവേണ്ടി, ഞാൻ ഈ മുറിവു പറഞ്ഞുണ്ടാക്കി.’ മരിയൂസ് വിക്കിനോക്കി. ‘എന്താണിതിന്റെ അർത്ഥം?’

‘ഇതിന്റെ അർത്ഥം’. ഴാങ് വാൽഴാങ് മറുപടി പറഞ്ഞു, ‘ഞാൻ തണ്ടുവലിശ്ശിക്ഷയിൽ കിടന്നിട്ടുണ്ടെന്ന്.’

‘നിങ്ങൾ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു!’ മരിയൂസ് ഭയപ്പാടോടുകൂടി ഉറക്കെപ്പറഞ്ഞു.

‘മൊസ്യു പൊങ്മേർസി’, ഴാങ് വാൽഴാങ് പറഞ്ഞു, ഞാൻ പത്തൊമ്പതു കൊല്ലം തണ്ടുവലിശ്ശിക്ഷയനുഭവിച്ചിട്ടുണ്ട്, കളവിന്ന്. പിന്നെ, രണ്ടാമതൊരു കളവുകുറ്റത്തിന്മേൽ, ഞാൻ ജന്മപര്യന്തം ശിക്ഷിക്കപ്പെട്ടു. ഇപ്പോള് ഞാൻ ജേലിൽ നിന്നു ചാടിപ്പോന്നിരിക്കയാണ്.’

മരിയൂസ് വാസ്തവസ്ഥിതിയുടെ മുൻപിൽ വെറുതേ ചൂളിനോക്കി, സത്യത്തെ നിഷേധിച്ചുനോക്കി, തെളിവോട് എതിർനിന്നു നോക്കി, അയാൾക്കു കീഴടങ്ങാതെ ഗതിയില്ലെന്നായി. അയാൾക്കു മനസ്സിലാവാൻ തുടങ്ങി; എന്നല്ല, ഈവക ഘട്ടങ്ങളിൽ പതിവുള്ള വിധം, അയാൾ വേണ്ടതിലധികം മനസ്സിലാക്കിക്കളഞ്ഞു, ഭയങ്കരമായ ബോധത്തിന്റെ ഒരാന്തരമായ മിന്നൽ അയാളിലെങ്ങും പാഞ്ഞു; അയാളെ വിറപ്പിക്കുന്ന ഒരാലോചന മനസ്സിൽക്കടന്നു. അയാളുടെ ഭാവിയിലും ഒരു നികൃഷ്ടമായ യോഗം നില്ക്കുന്നതായി ഒരു നോക്കു കണ്ടു.

‘എല്ലാം പറയൂ, എല്ലാ പറയൂ! അയാൾ നിലവിളിച്ചു ‘നിങ്ങൾ കൊസെത്തിന്റെ അച്ഛനാണ്!

അയാൾ അനിർവചനീയമായ ഒരസഹ്യതയോടുകൂടി രണ്ടടി പിന്നോക്കം വാങ്ങി.

ഴാങ് വാൽഴാങ് അത്രയും പ്രാഭവപൂർണ്ണമായ ഒരു നിലയവലംബിച്ചു തലയുയർത്തിപ്പിടിച്ചു; അയാൾ മുകളിലെ തട്ടു തൊടുന്നുണ്ടെന്നു തോന്നി.

‘സേർ, നിങ്ങൾ ഞാനീപ്പറയുന്നതിനെ വിശ്വസിച്ചുകൊള്ളണം; ഞങ്ങൾ മറ്റുള്ളവരോടു ചെയ്യുന്ന സത്യം രാജ്യനിയമത്താൽ സ്വീകരിക്കപ്പെടുന്നതല്ലെങ്കിലും…’

ഇവിടെ അയാൾ നിന്നു; എന്നിട്ടു രാജകീയവും ശ്മശാനോചിതവുമായ ഒരധികാരശക്തിയോടുകൂടി, പതുക്കെ ഉച്ചരിച്ചുകൊണ്ടും അക്ഷരങ്ങളെ ഉറപ്പിച്ചു കൊണ്ടും, തുടർന്നു:

‘…നിങ്ങൾ എന്നെ വിശ്വസിക്കണം. ഞാൻ കൊസെത്തിന്റെ അച്ഛൻ! ഈശ്വരനെ മുൻനിർത്തി പറയുന്നു, അല്ല. മൊസ്യു ല് ബാറൺ പൊങ്മേർസി, ഞാൻ ഫേവറോളെയിലെ ഒരു കൃഷിക്കാരനാണ്. ഞാൻ മരംവെട്ടി ഉപജീവനം കഴിച്ചുപോന്നു എന്റെ പേർ ഫുഷൽവാങെന്നല്ല, ഴാങ് വാൽഴാങെന്നാണ്. എനിക്കു കൊസെത്തുമായി ചാർച്ചയില്ല. ഉറച്ചിരിക്കുക.’

മരിയൂസ് വിക്കിപ്പറഞ്ഞു: ‘അതാരെനിക്കു തെളിയിച്ചുതരും?’

‘ഞാൻ, ഞാൻ പറയുന്നുണ്ടല്ലോ.’

മരിയൂസ് ആ മനുഷ്യന്റെ നേരേ നോക്കി. അയാൾ ദുഃഖിതനെങ്കിലും ശാന്തനായിരുന്നു. അത്തരം ശാന്തതയിൽനിന്നു നുണ പുറപ്പെടാൻ വയ്യാ. മരവിപ്പു ഹൃദയപൂർവ്വമാണ്. ശവക്കല്ലറയുടേതായ ആ നീരസത്തിൽ സത്യമുണ്ട്.

‘ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.’ മരിയൂസ് പറഞ്ഞു.

അതിനെ കൈക്കൊള്ളും പോലെ ഴാങ് വാൽഴാങ് തലയൊന്നു കുനിച്ചു.തുടർന്നു പറഞ്ഞു; ‘ഞാൻ കൊസെത്തിന് ആരാണ്? ഒരു വഴിപോക്കൻ. പത്തു കൊല്ലത്തിനുമുൻപ്, അവൾ ജീവിച്ചിരിപ്പുണ്ടെന്നേ എനിക്കറിവില്ല. എനിക്കവളെപറ്റി സ്നേഹമുണ്ട്, വാസ്തവം. ഒരാൾ പ്രായം ചെന്നിരിക്കെ, നന്നേ ചെറുപ്രായത്തിൽ കണ്ടെത്തിയ ഒരു കുട്ടിയെ സ്നേഹിക്കാതിരിക്കില്ല. പ്രായമായാൽ, ആർക്കും എല്ലാ കുട്ടികളുടേയും നേരെ ഒരു മുത്തച്ഛന്റെ നില തോന്നും. എനിക്കു ഹൃദയത്തിന്റെ ഛായയിൽ അങ്ങനെയൊന്നുണ്ടെന്നു നിങ്ങൾക്കു വിചാരിക്കാവുന്നതാണ്. അവൾ ഒരനാഥക്കുട്ടിയായിരുന്നു. അച്ഛനുമില്ല. അമ്മയുമില്ല. അവൾക്കു ഞാൻ ആവശ്യമായിരുന്നു. അങ്ങനെയാണ് ഞാനവളെ സ്നേഹിച്ചുതുടങ്ങിയത്. കുട്ടികൾ അത്രയും ഉൾക്കരുത്തില്ലാത്തവരായതുകൊണ്ട് ആദ്യം കണ്ടെത്തിയ ആർക്കും എന്നെപ്പോലെയുള്ള ഒരാൾക്കും, അവരുടെ രക്ഷിതാവായിത്തീരാം. കൊസെത്തിനെപ്പറ്റി എനിക്കുള്ള ഈ ചുമതല ഞാൻ നിറവേറ്റി. ഇത്രയും നിസ്സാരമായ ഒരു കാര്യം ഒരു സൽപ്രവൃത്തിയായിക്കൂട്ടാമെന്നു ഞാൻ കരുതുന്നില്ല; പക്ഷേ, അതു നല്ല പ്രവൃത്തിയാണെങ്കിൽ ശരി, ഞാനതു ചെയ്തിട്ടുണ്ടെന്നു വെയ്ക്കുക. ഈ പുണ്യകർമ്മം എന്റെ ഭാഗത്തേക്ക് ഒരു ഗുണമായി രേഖപ്പെടുത്തുക. ഇന്നു കൊസെത്ത് എന്റെ ജീവിതവുമായി വേർപെട്ടു; അവൾ മദാം പൊങ്മേർസിയായി. അവളുടെ തലയിലെഴുത്തു മാറി. ആ മാറ്റത്തിൽ കൊസെത്തിനു ഗുണവുമാണു്. എല്ലാം നന്നായി. ആറുലക്ഷം ഫ്രാങ്കിനെപ്പറ്റിയാണെങ്കിൽ, നിങ്ങൾ അതിനെപ്പറ്റി എന്നോടു പറയരുത്; പക്ഷേ, നിങ്ങളുടെ വിചാരം എനിക്കറിയാം. അത് എന്റെ കൈയിൽ ഒരു ന്യാസമാണ്. ആ ന്യാസം എന്റെ കൈയിലെങ്ങനെ വന്നു? അതിന്റെ അർത്ഥമെന്താണ്? ഞാൻ ആ ന്യാസം തിരിച്ചേല്പിക്കുന്നു. ഇതിലധികം എനിക്കു പറയാനില്ല. എന്റെ സ്വന്തം പേർ പറഞ്ഞു തിരിച്ചേല്പിക്കലിനെ ഞാൻ മുഴുമിപ്പിക്കുന്നു. അത് എന്നെസ്സംബന്ധിച്ചതാണ്. ഞാൻ ആരാണെന്നു നിങ്ങളറിയണമെന്ന് എനിക്കാവശ്യമുണ്ട്.’

എന്നിട്ട് ഴാങ് വാൽഴാങ് മരിയുസ്സിനെ സൂക്ഷിച്ചുനോക്കി.

മരിയുസ്സിന് അപ്പോൾ തോന്നിയിരുന്നതെല്ലാം ലഹളപിടിച്ചതും പരസ്പരസംബന്ധമില്ലാത്തതുമായിരുന്നു. ഈശ്വരവിധിയുടെ ചില കൊടുംകാറ്റടികൾ നമ്മുടെ ആത്മാവിൽ ഇങ്ങനെ ചില തിരമാലകളെ പുറപ്പെടുവിക്കാറുണ്ടു്.

നമ്മുടെ ഉള്ളിൽ അതുവരെയുള്ളതെല്ലാം ചിന്നിപ്പറക്കുന്ന ചില അസ്വാസ്ഥ്യം നമുക്കൊക്കെ അനുഭവപ്പെട്ടിരിക്കും; നമ്മുടെ നാവിൽ ആദ്യം വന്നതു നാം പറഞ്ഞുപോകുന്നു; അത് എപ്പോഴും ശരിക്കു പറയാൻ പാടുള്ളതായി എന്നു വരില്ല, പെട്ടെന്നു ചില കാര്യങ്ങൾ മനസ്സിലാകുമ്പോൾ അവ നമ്മെ എടുത്തുമറിച്ചു കളയും; അവ ഒരു പീപ്പ വീഞ്ഞ് കുടിച്ചാലത്തെപ്പോലെ നമ്മെ ലഹരിപിടിപ്പിയ്ക്കും മരിയുസ്സിന്റെ മുൻപിൽ വന്നുപെട്ട ആ അപൂർവ്വസ്ഥിതി അയാളെ അമ്പരപ്പിച്ചു. അയാൾ ആ പറഞ്ഞുകൊടുത്ത ആളോട് ദേഷ്യം തോന്നിയിട്ടുള്ള ഒരാളെപ്പോലെ സംസാരിച്ചു.

‘അപ്പോൾ എന്തിന് ഇതെല്ലാം നിങ്ങളെന്നോടു പറഞ്ഞു? ആരാണ് നിങ്ങളെക്കൊണ്ട് ഇതു പറയിക്കുന്നത്? ഈ നിഗൂഢകാര്യം നിങ്ങളിൽത്തന്നെ ഒളിച്ചുവെക്കാമായിരുന്നു. നിങ്ങളെ ആരും കണ്ടുപിടിച്ചിട്ടില്ല. അന്വേഷിക്കുന്നില്ല, പിടിപ്പാൻ വരുന്നില്ല. ഇങ്ങനെ വെറുതെ കേറി തുറന്നുപറഞ്ഞതിൽ നിങ്ങൾക്ക് ഒരു കാരണമുണ്ട്. മുഴുവനാക്കൂ. ഇനിയും ചിലതുണ്ട്. എന്താവശ്യത്തിനാണ് നിങ്ങളിതു പറഞ്ഞത്? നിങ്ങളുടെ ഉദ്ദേശ്യമെന്ത്?’

‘എന്റെ ഉദ്ദേശ്യം?’ മരിയുസ്സിനോടായിട്ടല്ല, സ്വയം സംസാരിക്കുകയാണെന്നു തോന്നത്തക്കവിധം അത്രയും താഴ്‌ന്ന ഒരു സ്വരത്തിൽ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു. ‘വാസ്തവത്തിൽ എന്തൊരുദ്ദേശ്യത്തിന്മേലാണ് ഈ തടവുപുള്ളി ഞാൻ ഒരു തടവുപുള്ളിയാണ്’ എന്നു പറഞ്ഞത്? അതേ, ശരി. ഉദ്ദേശ്യം അത്ഭുതകരമാണ്. സത്യനിഷ്ഠമാത്രം. നില്ക്കൂ. ഗ്രഹപ്പിഴയെന്തെന്നാൽ എന്റെ ഹൃദയത്തിൽ ഒരു ചരടുണ്ട്. അതെന്നെ മുറുക്കിക്കെട്ടിയിരിക്കുന്നു. പ്രായം ചെല്ലുമ്പോഴാണ് ആ ചരടിനു പിരിമുറുക്കം കൂടുന്നത്. ജീവിതം ഒരാളുടെ മുൻപിൽ ഇടിഞ്ഞുതകരുന്നു; അയാൾ പിടഞ്ഞുനോക്കുന്നു. ആ ചരടു പൊട്ടിച്ചെറിയാനോ, വലിച്ചുപൊട്ടിക്കാനോ, കെട്ടഴിക്കാനോ, മുറിച്ചുകളയാനോ, ദൂരത്തേക്ക് പാഞ്ഞുകളയാനോ, എനിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ ഞാൻ ജയിച്ചു. എനിക്കൊരു നടനടന്നാൽ മതി; ഈ രാജ്യത്ത് നാലുരുൾവണ്ടികളുണ്ട്; നിങ്ങൾക്കു സുഖമായി; ഞാൻ പോകുന്നു. ഞാൻ ആ ചരടു പൊട്ടിക്കാൻ നോക്കി, ഞാൻ അതു പിടിച്ചുവലിച്ചുനോക്കി; അതു പൊട്ടുന്നില്ല. എന്റെ ഹൃദയവും അതോടുകൂടി പൊട്ടുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ‘എനിക്കിവിടെയല്ലാതെ മറ്റെങ്ങും ജീവിക്കാൻ വയ്യാ.’ ഞാൻ താമസിച്ചേ കഴിയൂ. ശരിയാണ്, അതേ, ഞാനൊരു വിഡ്ഢിയാണ്. നിങ്ങൾ പറയുന്നത് ശരി; എന്നാൽ എന്തുകൊണ്ട് ഇവിടെ മിണ്ടാതെ താമസിച്ചുകൂടാ? നിങ്ങൾ എനിക്കിവിടെ ഒരു മുറി തരുന്നു; മദാം പൊങ്മേർസിക്ക് എന്നോട് ഇപ്പോഴും ഇഷ്ടമുണ്ട്; ചാരുകസാലയോടു പറകയുണ്ടായി; ‘അദ്ദേഹത്തിന്റെ നേരെ കൈ നീട്ടു; നിങ്ങളുടെ മുത്തച്ഛന്നു ഞാനിവിടെ ഉണ്ടായിരിക്കുക മാത്രമേ വേണ്ടു; ഞാൻ അദ്ദേഹത്തിനു പാകമാണ്; നമുക്കിവിടെ ഒരുമിച്ചു പാർക്കാം, ഒരുമിച്ചു ഭക്ഷണം കഴിക്കാം; ഞാൻ കൊസെത്തിന്നു-മാപ്പ്, മദാം പൊങ്മേർസിക്ക്. അതൊരു ശീലമാണു്—കൈകൊടുത്തു നടക്കുന്നു; നമ്മൾ എല്ലാവരും ഒരു വീട്ടിൽ, ഒരു മേശപ്പുറത്തുനിന്നു ഭക്ഷിക്കുക, ഒരു തിയ്യിന്റെ അടുത്തു കൂടുക, മഴക്കാലത്തു ഒരടുപ്പിൻമൂലയിൽ വട്ടമിടുക, വേനല്ക്കാലത്ത് ഒരേ കളിസ്ഥലത്തു കൂടുക—ഇതു സുഖമാണ്. ഇതു സകലവുമായി. നമ്മൾ ഒരു കുടുംബമായി പാർക്കുക. ഒരു കുടുംബം!’

ആ വാക്കോടുകൂടി ഴാങ് വാൽഴാങ്ങിനു ഭ്രാന്തായി. അയാൾ കൈ കെട്ടി, വാതില്ക്കലേക്ക്, അയാളുടെ കാല്ക്കലേക്ക്, അവിടെ ഒരു പാതാളം കുഴിച്ചുണ്ടാക്കാനാണെന്നവിധം തുറിച്ചുനോക്കി, പെട്ടെന്ന് ഒരിടിയൊച്ചയോടുകൂടി തുടർന്നു: ‘ഒരു കുടുംബമായി ഇല്ല. ഞാൻ ഒരു കുടുംബത്തിലേയുമല്ല. ഞാൻ നിങ്ങളുടെ കുടുംബത്തിലെയല്ല, ഞാൻ മനുഷ്യരാരുടേയും കുടുംബത്തിലെയല്ല. സ്വന്തം ആളുകൾ ഒരുമിച്ചു പാർക്കുന്നേടത്തെല്ലാം ഞാൻ അനാവശ്യമാണ്. കുടുംബങ്ങളുണ്ട്; പക്ഷേ, എനിക്കൊത്ത തരത്തിലുള്ളതില്ല. ഞാൻ ഒരു ഭാഗ്യംകെട്ട പാപിയാണ്! എന്നെ പുറത്തേക്കിട്ടിരിക്കുന്നു. എനിക്ക് ഒരച്ഛനും ഒരമ്മയും ഉണ്ടായിരുന്നുവോ? ഞാൻ സംശയിക്കുന്നു. ആ കുട്ടിയെ ഞാൻ വിവാഹം ചെയ്തുകൊടുത്തതോടുകൂടി, എല്ലാം തീർന്നു. അവൾക്കു സുഖമായി, അവൾ അവളെ സ്നേഹിക്കുന്ന ഒരു പുരുഷന്റെ കൂടെയാണ്. ഒരു സുശീലനായ വൃദ്ധൻ ഇവിടെയുണ്ട്, രണ്ടു ദേവകളുടെ ഭവനം, എല്ലാ ആനന്ദങ്ങളും ആ ഭവനത്തിലുണ്ട്; ഇതു നന്ന്; ഞാൻ എന്നോടു പറഞ്ഞു; ‘നിയ്യങ്ങോട്ടു കടക്കരുത്’ എനിക്കു നുണ പറയാം. വാസ്തവമാണ്; നിങ്ങളെയെല്ലാം തോൽപിച്ചു. മൊസ്യു ഫുഷൽവാങ്ങായിക്കൂടാം. അവൾക്കുവേണ്ടിയാവുന്നേടത്തോളം കാലം, എനിക്കു നുണ പറയാം; പക്ഷേ, ഇനി അതെനിക്കു വേണ്ടിയാവും, അതു പാടില്ല. ഞാൻ മിണ്ടാതിരുന്നാൽ മതി, ശരിയാണ്, എല്ലാം ഭംഗിയായിനടക്കും. നിങ്ങൾ എന്നോടു ചോദിക്കുന്നു; എന്താണ് ഈ പറയിച്ചത്? ഒരു ചില്ലറസ്സാധനം; എന്റെ മനസ്സാക്ഷി. എന്തായാലും, ഒന്നും പറയാതിരിക്കുന്നത് എളുപ്പമുള്ളതാണ്. അതിനുവേണ്ടി ഇന്നലെ രാത്രിമുഴുവനും ഞാനെന്നോടുപദേശിച്ചു; നിങ്ങൾ എന്നോടു ചോദ്യം ചെയ്യുന്നു—ഞാനിപ്പോൾ നിങ്ങളോടു പറഞ്ഞത് അത്രയും അസാധാരണമായ ഒന്നായതുകൊണ്ട്, അതിനു നിങ്ങൾക്കു ന്യായമുണ്ട്; ശരിയാണ്, അതേ, ഞാൻ ഇന്നലെ രാത്രി മുഴുവനും എന്നോടു ന്യായം പറഞ്ഞു നോക്കുകയായിരുന്നു; വളരെ നല്ല ന്യായങ്ങൾ, ഞാൻ കഴിയുന്നതും കിണഞ്ഞു. പക്ഷേ, രണ്ടും കാര്യം എനിക്കു സാധ്യമായില്ല; എന്നെ ചേർത്തുകെട്ടുകയും അമർത്തിനിർത്തുകയും അനങ്ങാൻ വയ്യാതാക്കുകയും ചെയ്യുന്ന ആ ചരടു പൊട്ടിക്കാനോ, അല്ലെങ്കിൽ ഞാൻ തനിച്ചാവുമ്പോൾ എന്നോട് പതുക്കെ സംസാരിക്കുന്ന ആ വായ മൂടാനോ കഴിഞ്ഞില്ല. അതാണ് ഇന്നുരാവിലെ ഞാൻ സകലവും നിങ്ങളെ പറഞ്ഞുകേൾപ്പിക്കാൻ ഇങ്ങോട്ടു വന്നത്. എല്ലാം, അല്ലെങ്കിൽ ഏതാണ്ടെല്ലാം. എന്നെ മാത്രം സംബന്ധിക്കുന്ന കാര്യങ്ങൾ നിങ്ങളോടു പറഞ്ഞിട്ടാവശ്യമില്ല; ഞാനത് എന്റെ പക്കൽത്തന്നെ വെയ്ക്കുന്നു. പ്രധാനസംഗതികൾ നിങ്ങളറിഞ്ഞു. അങ്ങനെ ഞാനെന്റെ നിഗൂഢകാര്യവുമെടുത്തു നിങ്ങൾക്കു കൊണ്ടുവന്നു തന്നു. നിങ്ങളുടെ കണ്ണിൻമുൻപിൽ ഞാനെന്റെ ഉള്ളിലുള്ളതെല്ലാം വിളമ്പി. ഈ തീർപ്പ് അത്ര എളുപ്പത്തിലൊന്നും ഉണ്ടായതല്ല. രാത്രി മുഴുവനും ഞാൻ മല്ലിട്ടുനോക്കി. ഇത് ഷാങ്മാത്തിയോ കാര്യമല്ലെന്നും, എന്റെ പേർ മറച്ചുവെക്കുന്നതുകൊണ്ട് ഞാൻ ആരേയും ദ്രോഹിക്കുന്നില്ലെന്നും, ഞാൻ ചെയ്തുകൊടുത്തിട്ടുള്ള ഒരുപകാരത്തിനു പ്രതിഫലമായി ഫുഷൽവാങ് താൻതന്നെ എനിക്കനുവദിച്ചുതന്നിട്ടുള്ള ഒരു പേരാണ് ഫൂഷൽവാങ് എന്നുള്ളതെന്നും, അതു നിശ്ചയമായും കൈവശം വയ്ക്കാൻ എനിക്കവകാശമുണ്ടെന്നും, നിങ്ങൾ തരുന്ന മുറിയിൽ എനിക്ക് സുഖമായിരിക്കുമെന്നും, എന്നെക്കൊണ്ട് ആർക്കും ഒരലട്ടലുണ്ടാവാൻ വഴിയില്ലെന്നും, ഞാൻ എന്റെ ചെറുമൂലയിൽ കൂടിക്കൊള്ളാമെന്നും, നിങ്ങൾക്കു കൊസെത്തിനെ കിട്ടിയെങ്കിലും, അവളുള്ള വീട്ടിൽത്തന്നെയാവുമല്ലോ ആ ഞാനുമെന്നും—ഇതെല്ലാം ഹാ! ഞാൻ ആലോചിച്ചിട്ടില്ലെന്നു കരുതുന്നു. നമുക്കോരോരുത്തർക്കും ഓരോ സുഖമുണ്ടാവും. ഞാൻ മൊസ്യു ഫൂഷൽവാങ്ങായിത്തന്നെയിരുന്നാൽ, എല്ലാം ശരിയാവും. ഉവ്വ്, എന്റെ ആത്മാവൊഴികെ. മുകളിൽ എല്ലാടത്തും സുഖംതന്നെ; പക്ഷേ, എന്റെ ആത്മാവിന്നടിയിൽ ഇരുട്ട്. സുഖമായിരുന്നാൽ പോരാ, തൃപ്തിയാവണം. അങ്ങനെ ഞാൻ മൊസ്യു ഫൂഷൽവാങ്ങായിക്കഴിയും; അങ്ങനെ ഞാനെന്റെ ശരിക്കുള്ള മുഖംമൂടിവെക്കും; അങ്ങനെ നിങ്ങൾ വലുപ്പംവെച്ചുവരവേ എനിക്കൊരു കടങ്കഥയുംവെച്ച് ഇരിക്കേണ്ടിവരും; അങ്ങനെ നിങ്ങളുടെ നട്ടുച്ചസ്സമയത്ത് എനിക്കിരുട്ടായിരിക്കും; അങ്ങനെ ‘സൂക്ഷിച്ചോളു’ എന്നു വിളിച്ചുപറയാതെ ഞാൻ നിങ്ങളുടെ അടുപ്പിൻ ചുറ്റുപാടിലേക്ക് എന്റെ തണ്ടുവലിശ്ശിക്ഷയെ ഉപായത്തിൽ കൊണ്ടുവരും: ഞാനാരാണെന്നറിഞ്ഞാൽ നിങ്ങളെന്നെ അട്ടിപ്പായിക്കുമെന്നുള്ള വിചാരത്തോടുകൂടി ഞാൻ നിങ്ങളുടെ ഭക്ഷണമേശയ്ക്കടുത്തു വന്നിരിക്കും. അറിഞ്ഞിരുന്നുവെങ്കിൽ ‘എന്താപത്ത്’ എന്നു പറയുമായിരുന്ന ഭൃത്യന്മാർ കൊണ്ടുവന്നു വിളമ്പുന്ന ഭക്ഷണസാധനങ്ങളെ ഞാനനുഭവിക്കും. നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ അവകാശമുണ്ടായിരിക്കെ, ഞാൻ നിങ്ങളെ എന്റെ കൈമുട്ടുകൊണ്ട് തൊട്ടേയ്ക്കും; ഞാൻ നിങ്ങളുടെ കൈപ്പടത്തെ തട്ടിയെടുക്കും, നിങ്ങളുടെ വീട്ടിനുള്ളിൽ ആരാധ്യമായ വെള്ളത്തലമുടിക്കും കളങ്കമുള്ള വെള്ളത്തലമുടിക്കുമായി ബഹുമതി പങ്കിടലുണ്ടാവും. നിങ്ങൾ എത്രയും സൗഹാർദ്ദത്തോടുകൂടി പെരുമാറുന്ന സമയത്ത്, ഓരോരുത്തനും അവനവന്റെ ഹൃദയാന്തർഭാഗം മുഴുവനും മറ്റുള്ളവർക്ക് തുറന്നുകാണിക്കുകയാണെന്നു കരുതുന്ന സമയങ്ങളിൽ, നിങ്ങളുടെ മുത്തച്ഛനും, നിങ്ങൾ രണ്ടുപേരും ഞാനും, നമ്മൾ നാലുപേർ, ഒരുമിച്ചിരിക്കുമ്പോൾ, ഒരപരിചിതൻകൂടി അവിടെ പ്രത്യക്ഷീഭവിക്കും! എന്റെ കൊള്ളരുതാത്ത കുപ്പക്കുണ്ട് കുത്തിയിളക്കാതിരിക്കണമെന്നുള്ള ഏകനോട്ടത്തോടുകൂടി, ഞാൻ നിങ്ങളുടെ ജീവിതത്തിന്നിടയിൽ അടുത്തു മുട്ടിയിരിക്കും. അങ്ങനെ, ഞാൻ, ഒരു ചത്തമനുഷ്യൻ, ജീവിച്ചിരിക്കുന്നവരായ നിങ്ങളുടെ കൂട്ടത്തിൽ കഴിഞ്ഞുകൂടും. അവൾ എന്നെന്നേക്കും എന്റെ അടുക്കലിരിക്കട്ടെ എന്നു ഞാൻ ശിക്ഷ വിധിക്കും. നിങ്ങളുടേയും കൊസെത്തിന്റേയും എന്റേയും മൂന്നുപേരുടേയും തലയിൽ ഒപ്പം തടവുപുള്ളിത്തൊപ്പി വെപ്പിക്കും! നിങ്ങൾ പകയ്ക്കുന്നില്ലയോ? ഞാൻ മാത്രമാണ് മനുഷ്യരിൽവെച്ച് അത്യധികം അധഃപതിച്ചവൻ; അതു ചെയ്താൽ ഞാനാവണം ലോകത്തിൽവെച്ച് ഭയങ്കരദുഷ്ടൻ. എന്നല്ല ആ ദുഷ്കർമ്മം ഞാൻ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നുതാനും! എന്നല്ല, ആ രാത്രിയുടെ പേമുഖം ഞാൻ ദിവസംപ്രതി, ഹാ, ദിവസംപ്രതി, വെച്ചുകൊണ്ടിരിക്കുക! എന്നല്ല ദിവസംപ്രതി, ഹാ! ദിവസംപ്രതി നിങ്ങളെ, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെ, എന്റെ കുട്ടികളെ, എന്റെ നിഷകളങ്കരായ കുഞ്ഞുങ്ങളെ, എന്റെ അവമാനത്തിൽ ഞാൻ പങ്കുകാരാക്കുക! മിണ്ടാതിരിക്കുക എന്നുവെച്ചാൽ ഒന്നുമില്ലേ? വായ തുറക്കാതിരിക്കുക അത്ര നിസ്സാരമായ ഒരു പണിയാണോ? അതത്ര നിസ്സാരമല്ല. നുണ പറയുന്ന ഒരുതരം മിണ്ടാതിരിക്കലുണ്ട്, എന്നത് എന്റെ നുണയും എന്റെ ചതിയും എന്റെ അവമാനവും എന്റെ ഭീരുത്വവും എന്റെ മഹാപാതകവും എന്റെ ദുഷ്പ്രവൃത്തിയും ഞാൻ തുള്ളിതുള്ളിയായി വലിച്ചെടുക്കണം; ഞാൻ അതു വലിച്ചു തുപ്പിയിട്ടു് വീണ്ടും എടുത്തു വിഴുങ്ങണം; അർദ്ധരാത്രി അവസാനിപ്പിച്ചുവെച്ചിട്ട് വീണ്ടും വീണ്ടും ആരംഭിക്കണം; എന്റെ രാവിലത്തെ കുശലവാക്ക് നുണ പറയണം. എന്റെ രാത്രിയിലെ കുശലവാക്കു നുണ പറയണം; ഞാനതിന്മേൽ കിടന്നുറങ്ങണം, ഞാൻ അതെടുത്ത് എന്റെ അപ്പത്തോടുകൂട്ടി തിന്നണം; ഞാൻ കൊസെത്തിന്റെ മുഖത്തു നോക്കണം; ദേവസ്ത്രീയുടെ പുഞ്ചിരിക്ക് മഹാപാപിയുടെ പുഞ്ചിരികൊണ്ട് മറുപടി പറയണം; ഹാ, അപ്പോൾ ഞാൻ ഒരു പമ്പരദുഷ്ടനാവേണ്ടിയിരിക്കുന്നു! ഞാനതെന്തിന് ചെയ്യുന്നു? സുഖിക്കാൻ. എനിക്കു സുഖിച്ചിരിക്കാൻ അവകാശമുണ്ടോ? സേർ, ഞാൻ ജീവിതത്തിൽനിന്നു പുറത്താണ്.

ഴാങ് വാൽഴാങ് നിർത്തി. മരിയൂസ് ശ്രദ്ധിച്ചു കേട്ടു. അത്തരം ആലോചനകളുടേയും പ്രാണവേദനകളുടേയും ചങ്ങലക്കെട്ട് ഇടയ്ക്കുവെച്ചു പൊട്ടിച്ചുകൂടാ. ഴാങ് വാൽഴാങ് ഒരിക്കൽക്കൂടി ഒച്ച താഴ്ത്തി; പക്ഷേ, അതൊരുദാസീനസ്വരമായിരുന്നില്ല—ഒരു ഭാഗ്യംകെട്ട ശബ്ദം.

‘നിങ്ങൾ ചോദിക്കുന്നു, ഞാനെന്തിനാണ് പറയുന്നത്? എന്നെ ആരും കണ്ടുപിടിച്ചിട്ടില്ല. ആരും പിടിക്കാൻ വരുന്നില്ല. ആരും അന്വേഷിക്കുന്നില്ല—നിങ്ങൾ പറകയുണ്ടായി. ഉവ്വ്! എന്നെ കണ്ടുപിടിച്ചിരിക്കുന്നു: ‘ഉവ്വ്! എന്നെ പിടിക്കാൻ വരുന്നുണ്ട്! ആര്? ഞാൻതന്നെ. ഞാനാണ് എന്നെ കടന്നുപോവാൻ സമ്മതിക്കാത്തത്; ഞാൻ എന്നെത്തന്നെ പിടിച്ചുന്തുന്നു; ഞാൻ എന്നെത്തന്നെ പിടികൂടുന്നു, ഞാൻ എന്നെത്തന്നെ ശിക്ഷിക്കുന്നു; അവനവൻതന്നെ പിടിക്കുകയാകുമ്പോൾ പിടുത്തത്തിനു മുറുക്കം കൂടും.’

എന്നിട്ട് അയാൾതന്നെ തന്റെ പിരടിക്കു കടന്നുപിടിച്ചു പുറങ്കുപ്പായത്തിന്റ ആ ഭാഗം മരിയുസ്സിന്റെ അടുക്കലേക്കു നീട്ടിക്കാട്ടി പറഞ്ഞു; ‘ഈ പിടുത്തം കണ്ടുവോ? കണ്ടില്ലേ, വിട്ടുപോരാൻ നിവൃത്തിയില്ലാത്ത വിധത്തിലുള്ളതാണ് ഈ പിടുത്തം. ശരി! മനസ്സാക്ഷി മറ്റൊരു പിടുത്തം! സേർ, സുഖിക്കണമെന്നാഗ്രഹമുള്ളവൻ ഒരിക്കലും ധർമ്മത്തെപ്പറ്റി മനസ്സിലാക്കരുത്; അതു മനസ്സിലായിക്കഴിഞ്ഞാൽപ്പിന്നെ അതിന് ദയയില്ല. മനസ്സിലാക്കിയതെന്തിന്, അതിന്നാണോ അത് നിങ്ങളെ ശിക്ഷിക്കുന്നതെന്നു തോന്നും; എന്നാൽ അല്ല, അതു നിങ്ങൾക്കു സമ്മാനം തരികയാണ്. ഈശ്വരൻ നിങ്ങളുടെ തൊട്ടടുക്കലുണ്ടെന്നു തോന്നുന്ന ഒരു നരകത്തിലേക്ക് അതു നിങ്ങളെ കൊണ്ടാക്കുന്നു. സ്വന്തം കൂടർമാലകളെ മുഴുവനും കത്തിവാർന്നു കഴിഞ്ഞാൽ ഒരാൾക്കു പിന്നെ സമാധാനമായി.’

എന്നിട്ട് ഒരു മർമ്മഭേദകമായ സ്വരത്തിൽ തുടർന്നു: ‘മൊസ്യു പൊങ്മേർസി, ഇതു സാമർത്ഥ്യമല്ല; ഞാനൊരു സത്യനിഷ്ഠനാണ്. നിങ്ങളുടെ നോട്ടത്തിൽ ഞാൻ താഴുന്നേടത്തോളമാണ് എന്റെ നോട്ടത്തിൽ ഞാൻ പൊന്തുന്നത്. ഇതു മുമ്പൊരിക്കൽക്കൂടിയുണ്ടായിട്ടുണ്ട്; പക്ഷേ, അന്നിത്ര വേദനപ്പെടുത്തിയിരുന്നില്ല; അന്നു സാരമില്ലായിരുന്നു. അതേ, ഒരു സത്യനിഷ്ഠൻ, എന്റെ കുറ്റംകൊണ്ടു നിങ്ങൾ എന്നെ ബഹുമാനിച്ചുകൊണ്ടായിരുന്നുവെങ്കിൽ, ഞാനതാവുകയില്ല; ഇപ്പോൾ നിങ്ങളെന്നെ പുച്ഛിക്കുന്നതുകൊണ്ട് ഞാൻ സത്യനിഷ്ഠനാണ്. മോഷ്ടിച്ചെടുത്ത ബഹുമതിയല്ലാതെ മറ്റൊന്നും അനുഭവിക്കാൻ നിവൃത്തിയില്ലാത്ത വിധമാണ് എന്റെ ഈശ്വരവിധി എന്നിൽ തുങ്ങിനില്ക്കുന്നതെന്നുള്ളതുകൊണ്ട് ആ ബഹുമതി എന്നെ അവമാനിക്കുകയും ആന്തരമായി എന്നെ കുത്തിച്ചതയിക്കുകയും ചെയ്യുന്നു; അതിനാൽ എനിക്കെന്നിൽ ബഹുമാനം തോന്നുന്നതിന് നിങ്ങൾ എന്നെ പുച്ഛിക്കേണ്ടിയിരിക്കുന്നു. അപ്പോൾ ഞാൻ വീണ്ടും നിവർന്നുനില്ക്കുന്നു. ഞാൻ സ്വന്തം മനസ്സാക്ഷിയെ അനുസരിക്കുന്ന ഒരു തണ്ടുവലിശ്ശിക്ഷക്കാരനാണ്. അതു വളരെ അസംഭാവ്യമാണെന്നു് എനിക്കു് നല്ലവണ്ണമറിയാം. പക്ഷേ, അതിനെന്തു ചെയ്യുന്നു? വാസ്തവം അങ്ങിനെയാണ്. ഞാൻ ഞാനുമായി ചില ഉടമ്പടികൾ ചെയ്തു വെച്ചിട്ടുണ്ടു്. എനിക്കവയെ നിറവേറ്റണം. നമ്മെ കെട്ടിയിടുന്ന ചില ഏർപ്പാടുകളുണ്ട്. നമുക്കു, മുറകളെ ഉണ്ടാക്കിത്തീർക്കുന്ന യദൃച്ഛാസംഭവങ്ങളുണ്ട്. നോക്കൂ, മൊസ്യു പൊങ്മേർസി, എന്റെ ജീവിതത്തിന്നുള്ളിൽ പലതും ഉണ്ടായിട്ടുണ്ട്.

പിന്നെയും ഴാങ് വാൽഴാങ് നിർത്തി; അയാൾ തന്റെ വാക്കുകൾ ഒരു കയ്പു വരുന്നുണ്ടെന്നപോലെ ഒട്ടു ഞെരുങ്ങി ഉമിനീരിറക്കിക്കൊണ്ട് വീണ്ടും തുടർന്നു; ‘അങ്ങിനെയൊരു വല്ലായ്മ തലയിലിരിക്കുന്ന ഒരാൾ മറ്റുള്ളവരുടെ സമ്മതത്തോടുകൂടിയല്ലാതെ അതിൽ പങ്കെടുപ്പിക്കാൻ പാടില്ല; മറ്റുള്ളവർക്കു കാണിച്ചുകൊടുത്തിട്ടല്ലാതെ അവരെ അയാളുടെ കുണ്ടിലേക്കു കാൽ വഴുതിച്ചുകൂടാ; അയാളുടെ രക്തം പുരണ്ട മാർക്കുപ്പായത്തെ അവരുടെ മേലിട്ടിഴച്ചുകൂടാ; മറ്റുള്ളവരുടെ സുഖത്തെ അയാളുടെ കഷ്ടപ്പാടുകൊണ്ട് തകരാറാക്കിത്തീർത്തുകൂടാ. ആരോഗ്യമുള്ള ആളുകളുടെ അടുക്കലേക്കു ചെന്ന് അവനവന്റെ മേലുള്ള വ്രണത്തെ ഇരുട്ടത്ത് അവരുടെമേൽ വെച്ചുരയ്ക്കാൻ പാടില്ല. ഫൂഷൽവാങ് തന്റെ പേരിനെ എനിക്കു സമ്മാനിച്ചുവെന്നിരുന്നാലും അതുപയോഗിക്കാൻ ഞാനവകാശിയല്ല; അയാൾക്ക് എനിക്കതു തരാം, പക്ഷേ, എനിക്കതെടുക്കാൻ പാടില്ല. ഒരു പേർ ഒരു ഞാനാണ്. നോക്കു, സേർ, ഞാൻ കുറച്ചൊക്കെ ആലോചിച്ചു; ഞാനൊരു കൃഷിക്കാരനാണെങ്കിലും അല്പാല്പം വായിച്ചിട്ടുണ്ട്; ഞാൻ പറയുന്നത് ശരിയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടല്ലോ. ഞാൻ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഞാൻ പഠിപ്പുണ്ടാക്കിയിട്ടുണ്ട്. അതേ, അപ്പോൾ, ഒരു പേർ കൈയിലാക്കി അതിന്റെ ചുവട്ടിൽച്ചെന്നുകൂടുന്നത് മര്യാദയല്ല. ഒരു പണസ്സഞ്ചിയോ ഒരു ഗഡിയാളോ എന്നപോലെ അക്ഷരമാലയിലെ അക്ഷരങ്ങളും തട്ടിക്കയ്യിലാക്കാം. ദേഹത്തോടുകൂടിയ ഒരു കള്ളൊപ്പായിരിക്കുക, ഒരു ജീവനുള്ള കള്ളത്താക്കോലാവുക, മര്യാദക്കാരുടെ വീട്ടിലേക്ക് ഉപായത്തിൽ വാതിൽപൂട്ടു പറിച്ചു കടന്നുചെല്ലുക, ഒരിക്കലും നേരേ നോക്കുകയില്ലെന്നാവുക, ഞാനെന്നതിന്റെ ഉള്ളിലിരുന്നു കള്ളത്തരം കാണിക്കുക—വയ്യാ! വയ്യാ! വയ്യാ! അതിലും ഭേദം കഷ്ടപ്പെടുകയാണ്, ചോരയൊഴുക്കുകയാണ്, കരയുകയാണ്, സ്വന്തം കൈനഖങ്ങളെക്കൊണ്ട് ദേഹത്തിൽനിന്നു തൊലി പറിച്ചെടുക്കുകയാണ്, പ്രാണവേദനയിൽക്കിടന്നു രാത്രി മുഴുവനും ഞരങ്ങുകയാണ്, സ്വന്തം ദേഹത്തേയും ദേഹിയേയും ചവച്ചു വിഴുങ്ങുകയാണ്. അതാണ് ഇതെല്ലാം ഞാനിപ്പോൾ നിങ്ങളോടു പറയാൻ. നിങ്ങൾ പറയുംപോലെ, ആവശ്യമില്ലാതെ!

അയാൾ ഒരു വേദനയോടുകൂടിയ നെടുവീർപ്പിട്ടു; എന്നിട്ട് ഈ ഒടുവിലത്തെ വാക്ക് ഒരേറെറിഞ്ഞു: ‘പണ്ടുകാലത്ത് ജീവിച്ചിരിക്കാൻവേണ്ടി ഞാനൊരു കഷ്ണം അപ്പം കട്ടു; ഇന്നു ജീവിച്ചിരിക്കാൻവേണ്ടി, ഞാൻ ഒരു പേരു കട്ടുകൂടാ.’

‘ജീവിച്ചിരിക്കാൻ!’ മരിയൂസ് തടഞ്ഞു. ‘ജീവിച്ചിരിക്കുവാൻ നിങ്ങൾക്ക് ആ പേരാവശ്യമില്ലല്ലോ?’

‘ഓഹോ! എനിക്കതു മനസ്സിലായി,’ വളരെ തവണ വഴിക്കുവഴിയേ തലയുയർത്തുകയും താഴ്ത്തുകയും ചെയ്തു ഴാങ് വാൽഴാങ് പറഞ്ഞു.

കുറച്ചിട ആരും മിണ്ടിയില്ല. രണ്ടുപേരും ആലോചനകളുടെ ഒരു കുണ്ടിൽ വീണ് അവിടെ അനങ്ങാതെ കിടന്നു. മരിയൂസ് ഒരു മേശയ്ക്കരികിൽ ഇരിക്കുകയാണ്; പിന്നോക്കം മടങ്ങിയിരുന്ന ഒരു കൈവിരൽക്കൊണ്ട് അയാൾ തന്റെ വായയുടെ അറ്റം താങ്ങിയിട്ടുണ്ട് ഴാങ് വാൽഴാങ് അങ്ങോട്ടുമിങ്ങോട്ടും ലാത്തുന്നു. അയാൾ കണ്ണാടിയുടെ മുൻപിലെത്തി, അനങ്ങാതെ നിന്നു, ഉടനേ, എന്തോ ആന്തരമായ ഒരു വാദപ്രതിവാദത്തിൽ മറുപടി പറകയാണെന്നവിധം, ആ കണ്ണാടിയിലേക്കു നോക്കിക്കൊണ്ട്—അയാൾ കണ്ടിട്ടില്ല—അയാൾ പറഞ്ഞു: ‘എന്റെ കാലിന്നൊരിഴച്ചിലുണ്ട്. ഇപ്പോൾ നിങ്ങൾക്കതിന്റെ കാരണം മനസ്സിലായി.

എന്നിട്ട് അയാൾ മരിയൂസ്സിന്റെ നേരെ തിരിഞ്ഞുനിന്നു പറഞ്ഞു: ‘സേർ ഇനി, ഇതൊന്നാലോചിക്കു: ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാൻ നിങ്ങളുടെ കൂട്ടത്തിൽ ഒരാൾ, ഞാൻ നിങ്ങളുടെ മുറിയിലുണ്ട്, ഞാൻ പാപ്പാസ്സിട്ട് രാവിലെ പ്രാതൽ കഴിക്കാൻ വരുന്നു. വൈകുന്നേരം നമ്മൾ മൂന്നുപേരുംകൂടി നാടകം കാണാൻ പോകയാണ്. ഞാൻ മദാം പൊങ്മേർസിയുടെ കൂടെ ത്വിലെറിക്കൊട്ടാരത്തിലേക്ക് പോകുന്നു. നമ്മൾ ഒരുമിച്ചാണ്, നിങ്ങൾ എന്നെ കൂട്ടത്തിലൊരാളായിക്കരുതുന്നു; ഒരു ദിവസം നിങ്ങളുണ്ട്, ഞാനുണ്ട്, നമ്മൾ സംസാരിക്കുകയാണ്; നമ്മൾ ചിരിക്കുകയാണ്, പെട്ടെന്ന് ഒരു ശബ്ദം ‘ഴാങ് വാൽഴാങ്’ എന്ന പേർ ഉറക്കെ വിളിക്കുന്നതുകേട്ടു; അതാ ആ ഭയങ്കരമായ കൈ, പൊല്ലീസ്, അന്ധകാരത്തിൽനിന്നു പൊന്തിവന്ന് എന്റെ പാഴ്മോന്തയ്ക്കു ഒരു തട്ടു തട്ടുന്നു!’

പിന്നെയും അയാൾ നിർത്തി; മരിയൂസ് ഒരു വിറയലോടുകൂടി ചാടിയേണീറ്റു.

ഴാങ് വാൽഴാങ് തുടർന്നു: ‘അതിന് നിങ്ങൾ എന്തു പറയുന്നു?’ മരിയുസ്സിന്റെ മാനം മറുപടി പറഞ്ഞു.

ഴാങ് വാൽഴാങ് തുടർന്നു: ‘അപ്പോൾ മിണ്ടാതിരിക്കുകയല്ല വേണ്ടതെന്നു ഞാൻ നിശ്ചയിച്ചതു നന്നായെന്നു നിങ്ങൾ കണ്ടുവല്ലോ. സുഖിക്കുക, സ്വർഗ്ഗത്തിൽ വാഴുക, ദേവന്മാരുടെ ദേവനായിരിക്കുക, സൂര്യമണ്ഡലത്തിൽ ജീവിക്കുക, അതുകൊണ്ട് സംതൃപ്തനായിരിക്കുക; ഒരു സാധുവായ നിർഭാഗ്യജീവി അവന്റെ മനസ്സു തുറന്നുകാണിക്കുകയും അവന്റെ ധർമ്മത്തെ നിറവേറ്റുകയും ചെയ്യുന്നതിനെപ്പറ്റി അസ്വാസ്ഥ്യംകൊള്ളേണ്ടാ; സേർ, നിങ്ങളുടെ മുൻപിൽ നില്ക്കുന്ന ആൾ ഒരു ഭാഗ്യഹീനനാണ്.’

മരിയൂസ് പതുക്കെ മുറിയിൽ വിലങ്ങനെ ലാത്തിത്തുടങ്ങി; അയാൾ ഴാങ് വാൽഴാങ്ങിന്റെ നന്നേ അടുത്തെത്തിയപ്പോൾ കൈ നീട്ടി.

പക്ഷേ, മരിയൂസ് തനിക്കായി നീട്ടിക്കാണിക്കപ്പെടാത്ത കൈ കടന്നു പിടിക്കേണ്ടിവന്നു; ഴാങ് വാൽഴാങ് അയാളെ അപ്രകാരം ചെയ്തുകൊള്ളാൻ സമ്മതിച്ചു; മരിയൂസ്സിന്ന് ആ അമർത്തിയത് ഒരു വെണ്ണക്കൽക്കയ്യിന്മേലാണെന്നു തോന്നി.

‘എന്റെ മുത്തച്ഛന്നു സ്നേഹിതന്മാരുണ്ട്’, മരിയൂസ് പറഞ്ഞു. ‘ഞാൻ നിങ്ങൾക്കു മാപ്പു വാങ്ങിത്തരും.’

‘അതുകൊണ്ടു പ്രയോജനമില്ല, ഴാങ് വാൽഴാങ് പറഞ്ഞു, ‘ഞാൻ മരിച്ചുപോയിരിക്കുന്നു എന്നാണ് വിശ്വാസം. അതു മതി. മരിച്ചവർക്കു പൊല്ലീസ്സന്വേഷണത്തെ പേടിക്കേണ്ടതില്ല. അവർ സമാധാനപൂർവ്വം ദ്രവിച്ചുപോവുകയാണെന്നു വെക്കും. മരണം മാപ്പുപോലെത്തന്നെ ഒന്നാണ്.’

എന്നിട്ടു മരിയൂസ് പിടിച്ചിരുന്ന കൈ വിടുവിച്ച് ഒരുതരം അചഞ്ചലമായ അന്തസ്സോടുകൂടി അയാൾ തുടർന്നു: ‘എന്നല്ല, ഞാൻ ശരണം പ്രാപിച്ചിട്ടുള്ള സ്നേഹിതൻ, എന്റെ മുറ പ്രവർത്തിക്കുക എന്നതാണ്; എനിക്ക് ഒരൊറ്റ മാപ്പേ ആവശ്യമുള്ളു, എന്റെ മനസ്സാക്ഷിയുടേത്.’

അസ്സമയത്ത്, ഇരിപ്പുമുറിയുടെ അങ്ങേ അറ്റത്തേ ഒരു വാതിൽ പതുക്കെ പകുതി തുറന്നു പഴുതിലൂടെ കൊസെത്തിനെ ശിരസ്സു പ്രത്യക്ഷിഭവിച്ചു. അവർ അവളുടെ മനോഹരമുഖം മാത്രമേ കണ്ടുള്ളു; അവളുടെ തലമുടി ചിന്നിക്കിടന്നിരുന്നു, ഉറക്കംകൊണ്ട് അപ്പോഴും അവളുടെ കൺപോളകൾ വീർത്തിരുന്നു. കൂട്ടിൽനിന്നു പുറത്തേക്കു തല കാണിക്കുന്ന ഒരു പക്ഷിയുടെ മട്ട് കാട്ടി. അവൾ ആദ്യം തന്റെ ഭർത്താവിനേയും പിന്നെ ഴാങ് വാൽഴാങ്ങിനേയും ഓരോ നോക്കുനോക്കി, ഒരു പുഞ്ചിരിയോടുകൂടി—അവർക്കു തങ്ങൾ ഒരു പനിനീർപ്പുവിന്റെ ഹൃദയത്തിലെ ഒരു പുഞ്ചിരിയാണ് കാണുന്നതെന്നു തോന്നി—ഇങ്ങനെ ശബ്ദിച്ചു: ഞാൻ ശപഥം ചെയ്യാം, നിങ്ങൾ രാജ്യകാര്യം പറകയാണ്. എന്നെ കൂട്ടാതെ അതു പറയുമ്പോൾ എന്തു കഥയില്ലായ്മയാണ്!’.

ഴാങ് വാൽഴാങ് വിറച്ചുപോയി: ‘കൊസെത്ത്’ശ്*** മരിയൂസ് വിക്കി.

അയാൾ നിർത്തി, അവർ രണ്ടുപേരും രണ്ടു കളവുപുള്ളികളാണെന്നു തോന്നും.

ആഹ്ലാദത്തിലാണ്ടിരുന്ന കൊസെത്ത് അവരെ രണ്ടുപേരേയും പിന്നേയും നോക്കിക്കൊണ്ടുനിന്നു. സ്വർഗ്ഗത്തിലെ പ്രകാശനാളംപോലെ എന്തോ ഒന്ന് അവളുടെ നോട്ടത്തിലുണ്ടായിരുന്നു.

‘ഞാൻ നിങ്ങളെ ഇടയ്ക്കുവെച്ചു പിടിച്ചു.’ കൊസെത്ത് പറഞ്ഞു. ഇപ്പോൾത്തന്നെ, എന്റെ അച്ഛൻ പറഞ്ഞിരുന്നതു ഞാൻ വാതിൽപ്പഴുതിലൂടെ കേട്ടു: മനസ്സാക്ഷി… എന്റെ മുറ.’ അതു രാജ്യകാര്യമാണ്, അതേ തീർച്ച. ഞാനതു സമ്മതിക്കില്ല. പിറ്റേ ദിവസംതന്നെ ആളുകൾ രാജ്യകാര്യം പറഞ്ഞുതുടങ്ങാൻ പാടില്ല. അതു ശരിയല്ല.’

‘അങ്ങനെയല്ല, കൊസെത്ത്’ മരിയൂസ് പറഞ്ഞു, ‘ഞങ്ങൾ സ്വന്തം കാര്യം പറകയാണ്. നിന്റെ ആറു ലക്ഷം ഫ്രാങ്ക്, എവിടെയാണ് പലിശയ്ക്കുറപ്പിക്കേണ്ടതെന്നു ഞങ്ങൾ ആലോചിക്കുകയാണ്.’

‘ഒരിക്കലും അതല്ല’, കൊസെത്ത് പറഞ്ഞു, ‘ഞാനും വരുന്നു. എന്നെ ഇവിടെ ആർക്കെങ്കിലും ആവശ്യമുണ്ടോ?’

എന്നിട്ട് ഉറപ്പിച്ചുകൊണ്ടു വാതിൽ തുറന്നു കടന്നു അവൾ ഇരിപ്പറയിലെത്തി. അവൾ ഒരു വലിയ വെള്ളനിലയങ്കിയാണ് മേലിട്ടിരുന്നത്; അത് ഒരായിരം ഞെറികളോടും മടക്കുകളോടുംകുടി കഴുത്തുമുതൽ അടിവരെ തുങ്ങിക്കിടക്കുന്നു. പഴയ കാലത്തെ ചില പുരാണകഥാചിത്രങ്ങളിൽ ദേവസ്ത്രീകളണിയുന്ന ഇത്തരംമനോഹരമേലങ്കികൾ കാണാം.

അവൾ ഒരു നീണ്ട നിലക്കണ്ണാടിയിൽ തന്നെത്തന്നെ ഒന്നു നോക്കിക്കണ്ടു; എന്നിട്ട് ഒരനിർവചനീയമായ ആനന്ദാവേഗത്തിന്റെ പൊട്ടിപ്പുറപ്പെടലിൽ അവൾ പറഞ്ഞു: ‘പണ്ടൊരു കാലത്ത് ഒരു രാജാവും രാജ്ഞിയുമുണ്ടായിരുന്നു. ഹാ! എനിക്കെന്തു സുഖം!’

അതും പറഞ്ഞ്, അവൾ മരിയൂസ്സിനേയും ഴാങ് വാൽഴാങ്ങിനേയും നോക്കി ഉപചാരപൂർവ്വം തല കുനിച്ചു.

‘ഇതാ’, അവൾ പറഞ്ഞു, ‘ഞാൻ നിങ്ങളുടെ അടുത്ത് ഒരു കസാലയിൽ ഊന്നിയിരിക്കാനാണ് ഭാവം; അരമണിക്കൂറിനുള്ളിൽ പ്രാതൽ കഴിക്കാം; നിങ്ങൾക്കിഷ്ടമുള്ളതു പറയാം; പുരുഷന്മാർക്ക് സംസാരിക്കണമെന്നു എനിക്കു നല്ലവണ്ണമറിയാം; ഞാൻ ഒരു വികൃതിത്തവും കാണിക്കില്ല.’

മരിയൂസ് അവളുടെ കൈ പിടിച്ചു പ്രേമപൂർവ്വം പറഞ്ഞു: ‘ഞങ്ങൾ കാര്യം പറകയാണ്.’

കൂട്ടത്തിൽപ്പറയട്ടെ. കൊസെത്ത് പറഞ്ഞു, ‘ഞാനെന്റെ ജനാല തുറന്നു. ഒരു കൂട്ടം ‘വളുസ’ക്കുപ്പായക്കാർ തോട്ടത്തിലെത്തിയിട്ടുണ്ട്—പക്ഷികൾ, കോമാളിവേഷക്കാരല്ല. ഇന്നു നോല്മ്പ് തുടങ്ങുന്ന ദിവസമാണല്ലോ; പക്ഷേ, പക്ഷികൾക്കതില്ല.’

‘ഞാൻ പറയുന്നു, ഞങ്ങൾ കാര്യം സംസാരിക്കയാണ്; പോവൂ കൊസെത്ത് കുട്ടി, ഞങ്ങളിവിടെ കുറച്ചു തനിച്ചിരിക്കട്ടെ, ഞങ്ങൾ കണക്കുകൂട്ടുകയാണ്. അതു മുഷിപ്പനായിരിക്കും.’

മരിയൂസ്, ഇന്നത്തെ നിങ്ങളുടെ കണ്ഠവസ്ത്രം കൊള്ളാം. ഹേ മൊൺസിന്യേർ, അങ്ങു നല്ല പച്ചസ്സുന്ദരനായിരിക്കുന്നു; ഇല്ല, എനിക്കതു മുഷിപ്പനാവില്ല.’

‘ഉവ്വേന്ന്, അതു മുഷിപ്പനായിരിക്കും.’

‘ഇല്ല. നിങ്ങളായ സ്ഥിതിക്ക്. നിങ്ങൾ പറയുന്നതെനിക്ക് മനസ്സിലാവില്ല; പക്ഷേ, ഞാൻ കേട്ടുകൊണ്ടിരിക്കാം. ഇഷ്ടമുള്ളവർ സംസാരിക്കുന്നത് കേൾക്കുമ്പോൾ, അവർ പറയുന്ന വാക്കുകളെല്ലാം മനസ്സിലായിക്കൊള്ളണമെന്നില്ല. നമുക്കിവിടെ ഒരുമിച്ചിരിക്കണം—എനിക്കത്രയേ വേണ്ടു. ഞാൻ നിങ്ങളുടെ ഒരുമിച്ചിരിക്കും, എന്താ!’

‘നീയെന്റെ ഓമനക്കൊസെത്താണ്. അതു പാടില്ല.’

‘പാടില്ല!’

‘അതേ.’

‘വളരെ ശരി’, കൊസെത്ത് പറഞ്ഞു. ‘ഞാൻ നിങ്ങളോടൊരു കാര്യം പറയാൻ ഭാവിക്കുകയായിരുന്നു. നിങ്ങളുടെ മുത്തച്ഛൻ ഉണർന്നെണീറ്റിട്ടില്ലെന്നും, നിങ്ങളുടെ വലിയമ്മ നാമം ജപിക്കയാണെന്നും, എന്റെ അച്ചൻ ഫുഷൽവാങ്ങിന്റെ മുറിയിലെ പുകക്കുഴൽ പുകയുന്നുണ്ടെന്നും, നികൊലെത്ത് പുകക്കുഴൽതുടപ്പുകാരനെ വിളിക്കാൻ ആളെ അയച്ചിട്ടുണ്ടെന്നും, തുസ്സാങ്ങും നികൊലെത്തുംകൂടി ശണ്ഠകൂടിക്കഴിഞ്ഞു എന്നും, നികൊലെത്ത് തുസ്സാങ്ങിന്റെ വിക്കിനെപ്പറ്റി പരിഹസിച്ചു എന്നും ഞാൻ പറഞ്ഞുതന്നേനേ. ശരി, നിങ്ങൾക്കൊന്നും അറിയേണ്ടെങ്കിൽ വേണ്ടാ. ഹാ! പാടില്ല? നിങ്ങൾക്കറിയാമോ. എനിക്കും നിങ്ങളോടു പറയാം: പാടില്ല. അപ്പോൾ ആരാണ് കുടുങ്ങുക? ഞാനപേക്ഷിക്കുന്നു, എന്റെ മരിയൂസ് കുട്ടി, ഞാൻ നിങ്ങളുടെ രണ്ടുപേരുടേയും കൂടെയിരിക്കട്ടെ.’

‘ഞാൻ തീർത്തു പറയുന്നു, ഞങ്ങൾക്കിവിടെ തനിച്ചിരുന്നേ കഴിയൂ.’

‘അപ്പോൾ ഞാൻ ആരാനുമാണോ?’

ഴാങ് വാൽഴാങ് ഒരക്ഷരവും മിണ്ടിയിട്ടില്ല, കൊസെത്ത് അയാളോടായി പറഞ്ഞും ‘ഒന്നാമത് അച്ഛാ, അച്ഛൻ എന്നെ വന്ന് ഒന്നു പിടിച്ചുപൂട്ടണം. എന്റെ ഭാഗം പിടിക്കാതെ ഇങ്ങനെ ഒന്നും മിണ്ടാതിരിക്കുന്നതിന്റെ അർത്ഥമെന്താണ്? ആരേ എനിക്കിങ്ങനെ ഒരച്ഛനെ തന്നത്? എന്റെ കുടുംബജീവിതം വളരെ അസുഖകരമാണെന്ന് അച്ഛൻ കാണണം. എന്റെ ഭർത്താവ് എന്നെത്തല്ലുന്നു. വരു, എന്നെ വേഗം പിടിച്ചുപൂട്ടു.’

ഴാങ് വാൽഴാങ് അടുത്തുചെന്നു.

കൊസെത്ത് മരിയൂസ്സിന്റെ നേരേ തിരിഞ്ഞു: ‘നിങ്ങളെ—നിങ്ങൾക്കു ഞാൻ കാണിച്ചുതരാം.’

എന്നിട്ടു അവൾ ഴാങ് വാൽഴാങ്ങിനു തന്റെ നെറ്റിത്തടം കാണിച്ചുകൊടുത്തു.

ഴാങ് വാൽഴാങ് അവളുടെ അടുക്കലേക്ക് ഒരടി മുൻപോട്ടു വെച്ചു.

കൊസെത്തു പിൻവാങ്ങിപ്പോയി.

‘അച്ഛാ, അച്ഛൻ വിളർത്തിരിക്കുന്നു. കൈ വേദനിക്കുന്നുണ്ടോ?

‘അതാശ്വാസപ്പെട്ടു’, ഴാങ് വാൽഴാങ് പറഞ്ഞു.

‘ഇന്നലെ ഉറക്കം നന്നായില്ല?’

‘ഇല്ല.’

‘വല്ല വ്യസനവുമുണ്ടോ?

‘ഇല്ല.’

‘രോഗം മാറിയെങ്കിൽ, നല്ലവണ്ണം ഉറങ്ങിയെങ്കിൽ, സുഖമാണെങ്കിൽ, എന്നെ പിടിച്ചു പൂട്ടു, ഞാനൊന്നും ശകാരിക്കില്ല.’

പിന്നെയും അവൾ തന്റെ നെറ്റിത്തടം അയാൾക്കു കാണിച്ചുകൊടുത്തു.

ഒരു ദിവ്യമായ പ്രകാശം നിലകൊള്ളുന്ന ആ നെറ്റിയിൽ ഴാങ് വാൽഴാങ് ഒരു ചുംബനം ചെയ്തു.

‘ചിരിക്കൂ.’

ഴാങ് വാൽഴാങ് ആ ആജ്ഞ കേട്ടു. അതൊരു പ്രേതത്തിന്റെ ചിരിയായിരുന്നു.

‘ഇനി എന്റെ ഭർത്താവുമായുള്ള ശണ്ഠയിൽ എന്റെ ഭാഗം കൂടു.’

‘കൊസെത്ത്!… മരിയൂസ് കുറച്ചുച്ചത്തിൽ പറഞ്ഞു.

‘അച്ഛാ, ഒന്നു ദേഷ്യപ്പെടൂ. ഞാനിവിടെ ഇരുന്നോട്ടെ എന്ന് പറയൂ. എന്റെ മുൻപിൽവെച്ചു നിങ്ങൾക്ക് സംസാരിക്കാമല്ലോ, അപ്പോൾ ഞാനൊരു വിഡ്ഢിയാണെന്നു നിങ്ങൾ കരുതുന്നു. നിങ്ങൾ പറയുന്നത് എനിക്കു മനസ്സിലാവുന്നില്ല! കാര്യം പണം ബാങ്കിലിടൽ, നിശ്ചയമായും വലിയതുതന്നെ. ഒന്നുമില്ലെങ്കിലും പുരുഷന്മാർ വലിയ കാര്യമാക്കിക്കാണിക്കും. ഞാൻ ഇന്നു രാവിലെ ഒന്നാന്തരം സുന്ദരിതന്നെയാണ്. ഇങ്ങോട്ടു നോക്കു, മരിയൂസ്!’

എന്നിട്ടു മനോഹരമായ ഒരു ചുമൽച്ചുളുക്കലോടും ഒരനിർവചനീയച്ചന്തമുള്ള ചുണ്ടുപിളുത്തലോടുംകൂടി അവൾ മരിയുസ്സിനെ ഒന്നു നോക്കി.

‘ഞാൻ നിങ്ങളെ സ്നേഹിക്കുന്നു!’ മരിയൂസ് പറഞ്ഞു.

‘ഞാൻ നിങ്ങളെ ആരാധിക്കുന്നു!’ കൊസെത്ത് പറഞ്ഞു.

അവർ രണ്ടുപേരും അന്യോന്യം മാറിടത്തിലേക്കു ചാടിപ്പറ്റി.

‘ഇനി’, ഒരു വിജയപൂർണ്ണമായ ചെറുകൊഞ്ഞനംകാട്ടലോടുകുടി തന്റെ മേലങ്കിയുടെ ഒരു ഞെറി നേരേയാക്കിക്കൊണ്ട് കൊസെത്ത് പറഞ്ഞു, ‘ഞാനിവിടെ കൂടും.’

‘ഇല്ല, അതു പാടില്ല,’ ഒരപേക്ഷയായി മരിയൂസ് പറഞ്ഞു. ‘ഞങ്ങൾക്ക് ഒന്നു പറഞ്ഞുതീർക്കാനുണ്ട്.’

‘ഇനിയും പാടില്ല?’

മരിയൂസ് ഒരു സഗൌരവസ്വരമവലംബിച്ചു. ‘ഞാൻ തീർത്തുപറയുന്നു കൊസെത്ത് അത് പാടില്ല.’

‘ഹോ, സേർ. നിങ്ങൾ നിങ്ങളുടെ പുരുഷശബ്ദമെടുത്തു. ആട്ടേ തരക്കേടില്ല, ഞാൻ പോകുന്നു. അച്ഛൻ എന്നെ സഹായിച്ചില്ലല്ലോ. ഹേ എന്റെ അച്ഛനവർകൾ, എന്റെ ഭർത്താവവർകൾ, നിങ്ങൾ രണ്ടുപേരും നിഷ്ഠുരന്മാരാണ്. ഞാൻ ചെന്നു മുത്തച്ഛനോട് പറയട്ടെ. ഞാൻ ഇനിയും നിങ്ങളോട് വിഡ്ഢിത്തം പറഞ്ഞു കൊണ്ട് തിരിച്ചുവരുമെന്നാണെങ്കിൽ അതു നിങ്ങൾക്കു തെറ്റി. എനിക്കുമുണ്ട് ഒരന്തസ്സ്. ഞാൻ നിങ്ങളുടെ വരവു കാക്കാം, ഞാനില്ലാഞ്ഞിട്ട് മുഷിയുക നിങ്ങൾക്കാണെന്നു കാണാം. ഞാൻ പോകുന്നു അതാണ് ഭേദം.’

എന്നിട്ട് അവൾ മുറിയിൽനിന്നു പോയി.

രണ്ടു ഞൊടിയിട കഴിഞ്ഞു, വാതിൽ ഒരിക്കൽക്കൂടി തുറന്നു, അവളുടെ ഉണർവുള്ളതും പനിനീർപ്പുപോലുള്ളതുമായ മുഖം പിന്നെയും വാതിൽപ്പാളികൾക്കിടയിലൂടെ തിരുകി. അവൾ അവരോട് വിളിച്ചുപറഞ്ഞു: ‘എനിക്കു കലശലായി മുഷിഞ്ഞു.’

വാതിൽ വീണ്ടുമടഞ്ഞു, ഒരിക്കൽക്കൂടി അവിടെ ഇരുട്ടായി.

പെട്ടെന്നു രാത്രിയിലേക്ക് ഒരു പ്രഭാതനാളം, താൻതന്നെയറിയാതെ കടന്നു വന്നതുപോലെയായിരുന്നു അത്.

മരിയൂസ് നല്ലവണ്ണം വാതിലടഞ്ഞില്ലേ എന്നു നോക്കി.

‘സാധു കൊസെത്ത്!’ അയാൾ പിറുപിറുത്തു, ‘അവൾക്കു മനസ്സിലാവുമ്പോൾ…’

ആ വാക്കു കേട്ടതോടുകൂടി ഴാങ് വാൽഴാങ് ആകെ വിറച്ചു. അയാൾ മരിയുസ്സിന്റെ നേരെ ഒരമ്പരന്ന നോട്ടം നോക്കി.

‘കൊസെത്ത്! ഓ, ശരി, വാസ്തവംതന്നെ, നിങ്ങൾ ഇതിനെപ്പറ്റി കൊസെത്തോട് സംസാരിക്കാൻ ഭാവമാണ്. ശരി, നില്ക്കു, ഞാനതാലോചിച്ചില്ല. ഒരാൾക്ക് ഒന്നിന് ശക്തിയുണ്ടെന്നു വരും. മറ്റൊന്നിനുണ്ടാവില്ല, സേർ, ഞാൻ നിങ്ങളോടപേക്ഷിക്കുന്നു, ഇതാ, സേർ, ഞാൻ നിങ്ങളോടു കെഞ്ചുന്നു, നിങ്ങൾ അവളോടിത് പറയുകയില്ലെന്ന് എന്നോടു തികച്ചും ശപഥം ചെയ്യണം. നിങ്ങളറിഞ്ഞാൽ പോരേ? നിർബന്ധിച്ചിട്ടല്ലാതെ ഞാൻതന്നെ പറഞ്ഞുതന്നു. ഞാനത് ലോകത്തോടു മുഴുവനും പറയാം, പ്രപഞ്ചത്തോടൊട്ടുക്കും—അതൊക്കെ എനിക്കൊന്ന്. പക്ഷേ, അവളെ, അവളെ അതറിയിച്ചുകൂടാ. അവൾ പേടിച്ചുപോവും. എന്ത്, ഒരു തടവുപുള്ളി! നമുക്കവളോട് വിസ്തരിക്കേണ്ടിവരും: അവളോടു ‘അയാൾ തണ്ടുവലി ശ്ശിക്ഷസ്ഥലത്തായിരുന്നു’ എന്ന് നമുക്കു പറഞ്ഞുകൊടുക്കേണ്ടിവരും. അവൾ ആ തടവുപുള്ളിസ്സംഘം കടന്നുപോകുന്നത് ഒരു ദിവസം കണ്ടു. ഹാ! എന്റെ ജഗദീശ്വരാ!’

അയാൾ ഒരു ചാരുകസാലയിലേക്ക് കുഴഞ്ഞുവീണു. മുഖം കൈകൊണ്ടു പൊത്തി.

അയാളുടെ തേങ്ങൽ കേട്ടിരുന്നില്ല; പക്ഷേ, ചുമലുകളുടെ വിറയൽകൊണ്ട് അയാൾ കരയുകയായിരുന്നു എന്നു കാണാം. നിശ്ശബ്ദമായ കരച്ചിൽ, വല്ലാത്ത കരച്ചിൽ.

തേങ്ങലിൽ ഒരുതരം ശ്വാസംമുട്ടലുണ്ട്. അയാളെ ഒരുതരം വിറവാതം ബാധിച്ചു; ശ്വാസം കിട്ടാനെന്നപോലെ അയാൾ കൈ രണ്ടും നീട്ടി കസാലച്ചാരിലേക്കു മലർന്നു; കണ്ണുനീരിൽ മുഴുകിയ അയാളുടെ മുഖം മരിയുസ്സിനു കാണാറായി: അയാളുടെ ശബ്ദം ആഴമറിയാത്ത പാതാളത്തിനുള്ളിൽനിന്നാണ് പുറപ്പെടുന്നതെന്നപോലെ. അയാൾ ഇങ്ങനെ പിറുപിറുത്തത് മരിയൂസ് കേട്ടു: ഹാ! എനിക്കു മരിച്ചാൽ മതിയിരുന്നുവല്ലോ!’

‘വ്യസനിക്കേണ്ടാ’. മരിയൂസ് പറഞ്ഞു, ‘നിങ്ങളുടെ കാര്യം ഞാൻ ഗൂഢമാക്കിവെച്ചുകൊള്ളാം.’

ഒരു സമയം വേണ്ടിടത്തോളംതന്നെ ഉള്ളിളകാതെയും എന്നാൽ അവസാനംവരെക്കും ഭയങ്കരമായിരിക്കുന്നപോലെതന്നെ അപ്രതീക്ഷിതവുമായ എന്തോ ഒന്നിനോടു പരിചയപ്പെടുവാൻ നിർബദ്ധനായും, കണ്ണിനുമുൻപിൽ വെച്ചുതന്നെ മൊസ്യു ഫൂഷൽവാങ്ങിന്റെ മീതെ പുള്ളിക്രമത്തിൽ കയറിയിരിപ്പായതിനെ നോക്കിക്കണ്ടും, ആ വ്യസനകരമായ വാസ്തവസ്ഥിതിയിൽ കുറേശ്ശയായി ആണ്ടുമുങ്ങിയും, നിലയുടെ സാമാന്യതയനുസരിച്ച് ആ മനുഷ്യന്നും അയാൾക്കും ഇടയിലുണ്ടായിത്തീർന്ന അകൽച്ചയെ കൈക്കൊണ്ടും മരിയൂസ് തുടർന്നു: ‘നിങ്ങൾ അത്രമേൽ വിശ്വാസത്തോടും നിഷ്കളങ്കതയോടുംകൂടി എന്നെ ഏല്പിച്ചിട്ടുള്ള ന്യായസംഖ്യയെപ്പറ്റി ഒരു വാക്കും നിങ്ങളോടു പറയാതിരിക്കാൻ എനിക്കു് വയ്യാ. സത്യനിഷ്ഠകൊണ്ടു ചെയ്തതാണത്. അതുകൊണ്ടുതന്നെ എന്തെങ്കിലും ഒരു പ്രതിഫലം അങ്ങോട്ടും തരേണ്ടിയിരിക്കുന്നു. സംഖ്യ ഇന്നതെന്നു നിങ്ങൾ തീർച്ചയാക്കുക. ഇപ്പോൾ എണ്ണിത്തരാം. എത്ര വലുതാക്കുന്നതിനും ശങ്കിക്കേണ്ട.’

‘സേർ. ഞാൻ നന്ദിപറയുന്നു.’ ഴാങ് വാൽവാങ് പതുക്കെ പറഞ്ഞു.

അതറിയാതെ തള്ളവിരലിന്റെ നഖം ചൂണ്ടാണിവിരലിന്റെ അറ്റത്താൽ തടവിക്കൊണ്ടു, കുറച്ചുനേരം അയാൾ ആലോചനയിൽ മുങ്ങി; എന്നിട്ട കുറച്ചുച്ചത്തിൽ പറഞ്ഞു: ‘അപ്പോൾ എല്ലാമായി; പക്ഷേ, ഒടുവിൽ ഒരു കാര്യംകൂടി…’

‘എന്താണത്?’

ഒടുവിലത്തെ ഒരു ശങ്കയോടു ഴാങ് വാൽഴാങ് യുദ്ധംവെട്ടുകയാണെന്നു തോന്നി; എന്നിട്ട് ഒച്ചയില്ലാതെ, ശ്വാസമില്ലാതെ, അയാൾ പറഞ്ഞു എന്നല്ല പറയേണ്ടതു, വിക്കി:

‘നിങ്ങൾക്കറിവായ സ്ഥിതിക്കു, സേർ, തീർച്ചപ്പെടുത്താനധികാരിയായ നിങ്ങൾ ഞാൻ ഇനിമേൽ കൊസെത്തിനെ കാണാതിരിക്കണമെന്നു വിചാരിക്കുന്നുണ്ടോ?’.

‘അതായിരിക്കും നല്ലതെന്നു തോന്നുന്നു.’ മരിയൂസ് രസമില്ലാതെ പറഞ്ഞു.

‘ഞാനിനി അവളെ കാണുന്നില്ല.’ ഴാങ് വാൽഴാങ് പിറുപിറുത്തു. അയാൾ വാതില്ക്കലേക്ക് നടന്നു.

അയാൾ കുറ്റിമേൽ കൈവെച്ചു. ഓടാമ്പൽ നീക്കി. വാതിൽ തുറന്നു. പുറത്തേക്ക് കടക്കാൻ പഴുതുണ്ടാകുവോളം അതു മലർക്കെ ഉന്തി, ഒരു നിമിഷനേരം അനങ്ങാതെ നിന്നു, എന്നിട്ടു വീണ്ടും വാതിലടച്ചു മരിയൂസ്സിനു നേരെ നോക്കി.

അയാൾ വിളർത്തിട്ടല്ലാതായി, കരുവാളിച്ചു. അയാളുടെ കണ്ണുകളിൽ കണ്ണുനീരില്ലാതായി, ഒരു വ്യസനകരമായ പ്രകാശമുദിച്ചു. അയാളുടെ ശബ്ദത്തിൽ ഒരസാധാരണമായ ശാന്തത കയറി.

‘നില്ക്കു, സേർ’. അയാൾ പറഞ്ഞു: ‘നിങ്ങൾ അനുവദിക്കുന്ന പക്ഷം, ഞാൻ അവളെ കാണാൻ വരും. എനിക്കതിന് നന്നേ ആഗ്രഹമുണ്ട്. എനിക്ക് കൊസെത്തിനെ കാണണമെന്നില്ലെങ്കിൽ, ഞാനിത് നിങ്ങളോടു പറഞ്ഞുതരേണ്ടതില്ലായിരുന്നു; എനിക്കെന്റെ പാട്ടിൽപ്പോയാൽമതി; പക്ഷേ, എനിക്കു കൊസെത്തുള്ള ദിക്കിൽ പാർക്കണമെന്നും അവളെ ഇടയ്ക്കിടയ്ക്കു കാണണമെന്നും മോഹമുള്ളതുകൊണ്ട്, ഞാൻ നിങ്ങളോടു വാസ്തവമെല്ലാം പറയേണ്ടിവന്നു. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ? മനസ്സിലാവാൻ പ്രയാസമുള്ള ഒന്നില്ല. നോക്കു. ഒമ്പതു കൊല്ലാമായിട്ട് അവൾ എന്റെ കൂടെയായിരുന്നു. ഞങ്ങൾ ആദ്യം നടക്കാവോടടുത്തുള്ള ആ കുടിലിൽ പാർത്തു, പിന്നെ കന്യകാമഠത്തിൽ, പിന്നെ ലുക്സെംബുറിന്നടുത്ത്. അവിടെവെച്ചാണ് നിങ്ങൾ ആദ്യമായി അവളെ കണ്ടത്. അവളുടെ നീലച്ച രോമത്തൊപ്പി നിങ്ങൾക്കോർമ്മയുണ്ടല്ലോ. പിന്നീടു ഞങ്ങൾ റ്യുപ്ളുമെയിൽ കഷ്വാർതിയെർ ദെ ആൻവലീദിലെ ആ ഇരുമ്പുവേലിത്തോട്ടമുള്ളേടത്തേക്കു മാറി. ഞാൻ പിൻപുറത്തു മുറ്റത്തുള്ള ഒരു മുറിയിലായിരുന്നു; അവിടെയിരുന്നാൽ അവളുടെ പിയാനോവായന കേൾക്കാം. അതായിരുന്നു എന്റെ ജീവൻ. ഞങ്ങൾ ഒരിക്കലും വിട്ടുപിരിഞ്ഞിട്ടില്ല. ഇങ്ങനെ ഒമ്പതു കൊല്ലവും ചില മാസങ്ങളും കഴിഞ്ഞു. ഞാൻ അവളുടെ സ്വന്തം അച്ഛനെപ്പോലെയായിരുന്നു; അവൾ എന്റെ മകളും. നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ എന്നറിഞ്ഞില്ല, മൊസ്യു പൊങ്മേർസി, ഇപ്പോൾവെച്ചു വിട്ടുപോവുക. ഇനിയൊരിക്കലും അവളെ കാണുന്നില്ലെന്നു വെയ്ക്കുക, ഇനിയൊരിക്കലും അവളോട് സംസാരിക്കുന്നില്ലെന്നു വെയ്ക്കുക, ഒരു സംബന്ധവും ഇല്ലെന്നാവുക—ഇതു കുറെ കഠിനമാണ്. നിങ്ങൾക്കു വിസമ്മതമില്ലെങ്കിൽ, അധികനേരം താമസിക്കില്ല. എന്നെ ചെറിയ ഇരിപ്പുമുറിയിൽവെച്ചു കണ്ടാൽ മതിയെന്ന് നിങ്ങളേല്പിച്ചേക്കൂ. താഴത്തെനിലയിൽ, എനിക്കു പിൻവാതിലിലൂടെ ധാരാളമായി വരാം; പക്ഷേ, അതാളുകളെ അത്ഭുതപ്പെടുത്തിയേയ്ക്കും; അതുകൊണ്ട് നല്ലതു നേർവഴിക്കു വരികതന്നെയാണെന്നു തോന്നുന്നു. വാസ്തവമായിട്ടും, സേർ, എനിക്കു കൊസെത്തിനെ കുറേശ്ശ കാണണം. നിങ്ങളുടെ ഇഷ്ടംപോലെ, ചുരുക്കമായിട്ടു മതി. എന്റെ നിലയിൽനിന്നു നോക്കു, എനിക്കതല്ലാതെ മറ്റൊന്നുമില്ല. പിന്നെ, നമ്മൾ സൂക്ഷിക്കണം. ഞാൻ വരുന്നതേയില്ലന്നായാൽ, അതു നന്നായിരിക്കില്ല; അതെന്തോ എന്ന് ആളുകൾക്കു തോന്നും.

ഞാൻ സന്ധ്യയോടുകൂടി ഇങ്ങോട്ടു വരാം.’

‘നിങ്ങൾ എല്ലാ ദിവസവും വൈകുന്നേരം വന്നുകൊള്ളൂ.’ മരിയൂസ് പറഞ്ഞു:

‘കൊസെത്ത് നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും.’

‘സേർ, നിങ്ങൾ ദയാലുവാണ്’, ഴാങ് വാൽഴാങ് പറഞ്ഞു.

മരിയൂസ് ഴാങ് വാൽഴാങ്ങിനെ ഉപചരിച്ചു: സുഖം നിരാശതയ്ക്കു വഴിത്തുണനിന്നു; രണ്ടുപേരും യാത്ര പറഞ്ഞു പിരിഞ്ഞു.

5.5.2
ഒരു വെളിപ്പെടുത്തിപ്പറയലിലുണ്ടാകാവുന്ന നിഗൂഢതകൾ

മരിയൂസ് തികച്ചും പരിഭ്രമിച്ചു.

കൊസെത്തോടുകൂടി കണ്ടിരുന്ന ആ ഒരു മനുഷ്യന്റെ നേരെ അയാൾക്ക് എപ്പോഴും തോന്നാറുള്ള ആ ഒരുതരം അകൽച്ച ഇപ്പോൾ അയാൾക്ക് മനസ്സിലായി. ആ മനുഷ്യനിൽ എന്തോ ദുർഗ്രഹമായ ഒന്നുണ്ടായിരുന്നു; അയാളുടെ പ്രകൃതിബോധം അയാൾക്ക് മുന്നറിവു കൊടുത്തു.

ആ കടങ്കഥ ഏറ്റവുമധികം അറപ്പു തോന്നിക്കുന്ന അപകൃഷ്ടതയായിരുന്നു, തണ്ടുവലിശ്ശിക്ഷ. ഈ മൊസ്യു ഫൂഷൽവാങ് തടവുപുള്ളിയായ ഴാങ് വാൽഴാങ്ങായിരുന്നു.

ഒരാളുടെ സുഖത്തിനിടയിൽവെച്ചു പെട്ടെന്ന് ഇങ്ങനെയൊരു ഗുഢകാര്യം മനസ്സിലാവുന്നത് കാട്ടുപ്രാവുകളുടെ കൂട്ടിനുള്ളിൽവെച്ച് ഒരു കരിന്തേളിനെ കണ്ടെത്തുന്നതുപോലെയാണ്.

മരിയുസ്സിന്റേയും കൊസെത്തിന്റേയും സുഖത്തിന്റെ ഒരു ഭാഗത്ത് ഇനിമേൽ ഇതുണ്ടായിക്കൊണ്ടിരിക്കുമോ? ഇതു തീർച്ചപ്പെട്ട കാര്യമാണോ? ഇപ്പോൾ നടന്നുകഴിഞ്ഞ വിവാഹത്തിന്റെ ഒരംശമായി ആ മനുഷ്യനെ കൈക്കൊള്ളാൻ കൂടിയുണ്ടോ? യാതൊരു നിവൃത്തിയുമില്ലേ?

മരിയൂസ് ആ തടവുപുള്ളിയേയും വിവാഹം ചെയതു എന്നുണ്ടോ?

ആഹ്ലാദത്തിലും സന്തോഷത്തിലും എത്രതന്നെ മുഴുകിക്കഴിഞ്ഞിട്ടും ഫലമില്ല. ജീവിതത്തിലെ പ്രഭാതമായ വിശിഷ്ടാനുരാഗം അനുഭവിച്ചുകൊണ്ടിരുന്നിട്ടും ഫലമില്ല. ഇത്തരം കിലുക്കങ്ങൾ ദേവേന്ദ്രനെക്കൂടി അദ്ദേഹത്തിന്റെ ആനന്ദത്തിനിടയിൽ, ഈശ്വരനെക്കൂടി അവിടത്തെ മഹിമാതിശയത്തിനിടയിൽ, വിറപ്പിച്ചുകളയും.

ഇത്തരത്തിലുള്ള സ്ഥിതിമാറ്റങ്ങളിൽ പതിവുള്ളവിധം, മരിയൂസ് തന്നത്താൻ അധിക്ഷേപിക്കുന്നതിന് യാതൊരു കാരണവും ഉണ്ടാക്കിയിട്ടില്ലേ എന്നാലോചിച്ചു. താൻ വേണ്ടവിധം ആലോചിച്ചിട്ടില്ലേ തനിക്കു വകതിരിവു പോരാതായിട്ടുണ്ടോ? താൻ തൽക്കാലത്തേക്ക് അന്ധനായി എന്നുണ്ടോ? ഒരു സമയം, കുറച്ച്. ചുറ്റുമുള്ള സ്ഥിതികളെപ്പറ്റിയറിയാൻ വേണ്ട ശ്രമമൊന്നും ചെയ്യാതെയാണോ താൻ കൊസെത്തിനെ വിവാഹംചെയ്ക എന്നതിലവസാനിച്ച ഈ അനുരാഗകഥയിലേക്കു പ്രവേശിക്കുകയുണ്ടായത്? അതേ—ഇങ്ങനെ നമ്മെപ്പറ്റിത്തന്നെ നമ്മൾ അടിക്കടി ഓരോന്നു സമ്മതിച്ചുവരുന്നതിൽനിന്നാണ് ജീവിതം കുറെശ്ശക്കുറെശ്ശ നന്നായിവരിക—അയാൾ തന്റെ പ്രകൃതിയിലുള്ള ആ മനോരാജ്യ ശീലം, പലർക്കും കാണുന്നതും ആത്മാവിന്റെ സ്ഥിതിമാറ്റത്തോടുകൂടി വികാരത്തിന്റേയും ദുഃഖത്തിന്റേയും ആവേശത്തിൽ പരന്നുപിടിക്കുന്നതും മനുഷ്യനെ മഞ്ഞിൻപുകയിലാണ്ട ഒരന്തകരണമല്ലാതെ മറ്റൊന്നുമല്ലെന്നാക്കിത്തീർക്കുന്നവിധം ആസകലം ബാധിച്ചുപോരുന്നതുമായ ആ ഒരാന്തരമായ മങ്ങലുള്ളതു സമ്മതിച്ചു. മരിയൂസ്സിനുള്ള ഈ സവിശേഷസ്വഭാവത്തെ ഞങ്ങൾ ഒന്നിലധികം തവണ സൂചിപ്പിച്ചിട്ടുണ്ട്.

റ്യൂ പ്ളുമെയിൽവെച്ചു കഴിച്ചുകൂട്ടിയ ആ ആനന്ദമൂർച്ഛയോടുകൂടിയ ആറോ ഏഴോ ആഴ്ചകൾക്കുള്ളിൽ ഒരിക്കലും അയാൾ, തന്റെ അനുരാഗലഹരിമൂലം ഗൊർബോചെറ്റക്കുടിലിൽവെച്ചഭിനയിക്കപ്പെട്ട നാടകത്തെപ്പറ്റിയും, അന്നു ഘാതുകന്മാരുടെ വശത്തിലായ ആൾ എന്തായിട്ടും ഒന്നും മിണ്ടാതിരിക്കുകയും, ഒടുവിൽ ചാടിക്കളകയും ചെയ്തതിനെക്കുറിച്ചം യാതൊന്നും ചോദിക്കുകയുണ്ടായില്ലെന്ന് ഓർമ്മവന്നു. എന്തേ അയാൾ അതിനെപ്പറ്റി ഒരക്ഷരവും കൊസെത്തോടു ചോദിക്കാഞ്ഞത്? അതപ്പോൾ കഴിഞ്ഞതാണ്. അത്ര ഭയങ്കരമായൊരു സംഗതിയാണ്. അയാൾ തെനാർദിയെർമാരെപ്പറ്റി സംസാരിക്കാതിരുന്നതെങ്ങനെ—വിശേഷിച്ചും എപ്പൊനൈനെ കണ്ടെത്തിയ ദിവസമെങ്കിലും? അന്നത്തെ ആ മൌനത്തിന് ഒരു കാരണവും അയാൾക്കാലോചിച്ചിട്ടു കിട്ടിയില്ല. എങ്കിലും അയാൾ അതിന്നൊരു സമാധാനം കണ്ടു. അയാൾ തന്റെ മരവിച്ച നിലയും കൊസെത്തുമൂലമുള്ള ലഹരിയും. സകലത്തേയും വിഴുങ്ങിക്കളയുന്ന അനുരാഗവും, ആദർശത്തിലേക്ക് അന്യോന്യമുള്ള പിടിച്ചുവലിക്കലും ഓർമ്മിച്ചു; എന്നല്ല, ആത്മാവിന്റെ ഈ ലഹളപിടിച്ചതും മതിമയക്കുന്നതുമായ സ്ഥിതിയോടു കൂടിച്ചേർന്ന ബുദ്ധിയുടെ ഒരു പരമാണുപോലെ, ആ ഭയങ്കരസംഭവത്തെ അയാളുടെ സ്മരണയിൽനിന്ന് മാറ്റി നിർത്തുകയും മാച്ചുകളയുകയും ചെയ്യാൻ അയാളെ നിർബന്ധിച്ചിരുന്ന ആ ഒരവ്യക്തപ്രകൃതിബോധവും അയാൾക്ക് ഓർമ്മവന്നു; ആ സംഭവവുമായുള്ള സംബന്ധത്തെപ്പറ്റി അയാൾ പേടിച്ചിരുന്നു. അതിൽ യാതൊരു പങ്കുമെടുക്കാൻ അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല, അതിൽ അയാൾക്കുണ്ടായിരുന്ന ജോലി അയാൾ ആരേയും അറിയിക്കാതെ വെച്ചു. ഒരന്യായക്കാരനായിക്കൊണ്ടല്ലാതെ അതിനെ പറ്റി സംസാരിക്കുകയോ സാക്ഷിപറയുകയോ അയാൾക്കു വയ്യായിരുന്നു—ഇതും അയാൾ സ്മരിക്കുകയുണ്ടായി.

അത്രമാത്രമല്ല, ആ ചില ആഴ്ചകൾ ഒരു മിന്നലാട്ടമായിരുന്നു; അനുരാഗത്തിനല്ലാതെ മറ്റൊന്നിനും അന്നിടയുണ്ടായിരുന്നില്ല.

ചുരുക്കിപ്പറഞ്ഞാൽ, എല്ലാം നോക്കിക്കണ്ട, എല്ലാറ്റിനെപ്പറ്റിയും ആലോചിച്ചുനോക്കി, സകലവും പരീക്ഷണം ചെയ്തതിനുശേഷം, അയാകൊസെത്തോടു ഗോർബോവീട്ടിലെ പതിയിരുപ്പിനെപ്പറ്റി പറഞ്ഞുകൊടുത്തതു കൊണ്ടുള്ള ഫലം എന്തുതന്നെയായിരുന്നാലും ശരി, ഴാങ് വാൽഴാങ് ഒരു തടവുപുള്ളിയാണെന്നു കണ്ടുപിടിച്ചാൽക്കൂടി, അത് അയാളുടെ, മരിയൂസ്സിന്റെ സ്ഥിതിക്കു മാറ്റം വരുത്തുമായിരുന്നുവോ? അത് അവൾക്ക്, കൊസെത്തിന്, വല്ല മാറ്റവുമുണ്ടാക്കുമോ? അയാൾ പിന്നോക്കം വെയ്ക്കുമോ? അതുകൊണ്ട് കൊസെത്തിന്റെമേൽ അയാൾക്കുള്ള അനുരാഗം കുറയുമോ? അവളെ അയാൾ വിവാഹം ചെയ്യേണ്ടെന്നു വെയ്ക്കുമോ? ഇല്ല. അപ്പോൾ പശ്ചാത്തപിക്കാനൊന്നുമില്ല, അയാൾക്ക് തന്നത്താൻ അധിക്ഷേപിക്കാൻ കാരണമൊന്നുമില്ല. എല്ലാം നന്നായി. അനുരാഗികളെന്നു വിളിക്കപ്പെടുന്ന ആ മദ്യപായികൾക്ക് ഒരീശ്വരനുണ്ട്, കണ്ണുപൊട്ടനായ മരിയൂസ്. അയാൾക്ക് തികച്ചും കണ്ണുണ്ടായിരുന്നാൽ ഏതൊരു വഴിയിലൂടേ നടക്കുമായിരുന്നുവോ ആ വഴിക്കുവെച്ചു, അനുരാഗം അയാളുടെ കണ്ണടച്ചുകെട്ടി—എവിടേക്കു കൂട്ടിക്കൊണ്ടുപോവാൻ? സ്വർഗ്ഗത്തിലേക്ക്.

പക്ഷേ, ഈ സ്വർഗ്ഗത്തിൽ ഇനി നരകത്തിന്റെയും ഒരു കൂട്ടുണ്ടാവും.

ഈ മനുഷ്യനുമായി, ഴാങ് വാൽഴാങ്ങായി വേഷം മാറിയ ഈ ഫൂഷൽവാങ്ങുമായി, അയാൾക്ക് ആദ്യംമുതല്ക്കേ ഉണ്ടായിരുന്ന അകൽച്ചയിൽ ഉപ്പോൾ വെറുപ്പുകൂടി ഇടകലർന്നു.

ഈ വെറുപ്പിൽ, ഞങ്ങൾ പറയട്ടെ, കുറച്ചൊരനുകമ്പയുണ്ട്, ഏതാണ്ട് ഒരത്ഭുതം.

ഈ കള്ളൻ, രണ്ടാമതൊരു മോഷണംകൂടി നടത്തിയ ഈ കള്ളൻ, തന്റെ പക്കലേല്പിച്ചിട്ടുള്ള മുതൽ മടക്കിക്കൊടുത്തു, എന്നല്ല, എത്രയുണ്ട് ആ മുതൽ! ആറുലക്ഷം ഫ്രാങ്ക്.

ആ ന്യാസത്തിന്റെ വാസ്തവം അയാൾക്ക് ഒരാൾക്കു മാത്രമേ അറിഞ്ഞുകൂടൂ അയാൾക്ക് അത് മുഴുവനും കൈവശം വെയ്ക്കാം; അയാൾ അത് മുഴുവനും തിരിച്ചേല്പിച്ചു.

എന്നല്ല, അയാൾതന്നെ തന്റെ കഥ വന്നു പറഞ്ഞു. യാതൊന്നും അതിന് അയാളെ നിർബന്ധിച്ചിട്ടില്ല. അയാളാരാണെന്ന് ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ, അതയാൾ പറഞ്ഞിട്ടു മാത്രമാണ്. ഈ തുറന്നുപറയലിൽ അപമാനത്തെ കൈക്കൊള്ളുക എന്നതിലും അധികമായ എന്തോ ഒന്നുണ്ട്. ആപത്തിനെ കൈക്കൊള്ളൽകൂടിയുണ്ട്. ഒരു ശിക്ഷിക്കപ്പെട്ട മനുഷ്യന്ന് ഒരു മുഖംമൂടി, ഒരു മുഖംമൂടി മാത്രമല്ല, ഒരു രക്ഷയാണ്. ഒരു കള്ളപ്പേർ ഒരു രക്ഷയാണ്; അയാൾ ആ കള്ളപ്പേർ കളഞ്ഞു. അയാൾക്ക്, ഒരു തണ്ടുവലിശ്ശിക്ഷക്കാരന്ന്, ഒരു മര്യാദയുള്ള കുടുംബത്തിൽ എന്നെന്നും ഒളിച്ചുപാർക്കാം; അയാൾ ഈ പ്രലോഭനത്തെ തട്ടിക്കളഞ്ഞു. എന്തുദ്ദേശ്യത്തിന്മേൽ? മനസ്സാക്ഷിയുടെ ഒരു പ്രേരണയിന്മേൽ, അനുല്ലംഘ്യമായ സത്യസ്വരത്തോടുകൂടി അയാൾതന്നെ അത് വിവരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, ഈ ഴാങ് വാൽഴാങ് ആരുതന്നെയായാലും, അയാൾ ഉണർന്നുവരുന്ന ഒരു മനസ്സാക്ഷിയാണ്, സംശയമില്ല. എന്തോ ഒരു നിഗൂഢമായ നവീകരണം അയാളിൽ ആരംഭിച്ചിട്ടുണ്ട്; എല്ലാംകൊണ്ടു നോക്കിയാലും പാപശങ്കകൾ ഈ മനുഷ്യനെ വളരെക്കാലമായി കീഴടക്കിയിട്ടിരിക്കുന്നു. ഇത്തരം നീതിബോധളുടേയും പുണ്യകർമ്മങ്ങളുടേയും ആവേശം നികൃഷ്ടപ്രകൃതികളിൽ കാണൻവയ്യാ. ഒരു മനസ്സാക്ഷിയുടെ പ്രബോധനം ആത്മാവിന്റെ വൈഭവമാണ്.

ഴാങ് വാൽഴാങ് നിഷ്കപടനാണു്. ദൃശ്യവും സ്പൃശ്യവും അശങ്കനീയവുമായ ഈ നിഷ്കപടത— അതയാൾക്കുണ്ടാക്കിത്തീർക്കുന്ന ദുഃഖത്തിൽനിന്നു് ഇതു തികച്ചും തെളിയുന്നു—ചോദ്യങ്ങളെക്കൊണ്ടു ഫലമില്ലെന്നാക്കുകയും ആ മനുഷ്യൻ പറയുന്നതിനെല്ലാം ഒരധികാരശക്തിയെ വ്യാപരിപ്പിക്കുകയും ചെയ്യുന്നു.

ഇവിടെ മരിയുസ്സിന്റെ നോട്ടം ആകെ അസാധാരണമായവിധം ഒന്നു തിരിഞ്ഞു. മൊസ്യൂ ഫുഷൽവാ്ങിൽനിന്ന് എന്തു പുറപ്പെടുന്നു? അവിശ്വാസം. ഴാങ് വാൽഴാങ് എന്തു ജനിപ്പിക്കുന്നു? വിശ്വാസം.

ഴാങ് വാൽങ്ങിനെസ്സംബന്ധിച്ചുള്ള അസാധാരണക്കണക്ക് മരിയൂസ് ആകെയിട്ടു നോക്കിയതിൽ, മുതൽ അയാൾ സമ്മതിച്ചു. ചെലവയാൾ സമ്മതിച്ചു, ബാക്കി എത്രയുണ്ടെന്നു കണ്ടുപിടിക്കാൻ ശ്രമിച്ചു.

പക്ഷേ, ഇതൊക്കെ ഒരു ലഹളയായിട്ടാണ് നടന്നത്. ഈ മനുഷ്യനെപ്പറ്റി ഒരു ശരിയായ വിവരമുണ്ടാക്കാൻ നോക്കുകയും ഴാങ് വാൽഴാങ്ങിനെ ഹൃദയാന്തർ ഭാഗത്തുവെച്ച് നായാടിച്ചെല്ലുകയും, എന്നു പറയട്ടെ, ചെയ്തിരുന്ന മരിയൂസ്സിന്റെ കൈയിൽനിന്ന് അയാൾ പോയി, ഒരപായകരമായ മഞ്ഞിൻപുകയിൽ വീണ്ടും കാണപ്പെട്ടു.

ന്യാസസംഖ്യ ശരിക്കു തിരിച്ചുകൊടുത്തത്, കുറ്റസമ്മതം സത്യനിഷ്ഠയോടുകൂടി ചെയ്തത്—ഇതു രണ്ടും നന്നായി. ഇത് മേഘത്തിനുള്ളിൽ ഒരു മിന്നലുണ്ടാക്കി; പിന്നെയും മേഘം ഒരിക്കൽക്കൂടി ഇരുണ്ടു.

മരിയുസ്സിന്റെ സ്മരണകൾ കശപിശയായിരുന്നുവെങ്കിലും അവയുടെ നിഴൽ വീണ്ടും അയാളിലേക്ക് തിരിച്ചെത്തി.

അതിനൊക്കെപ്പുറമെ, എന്തായിരുന്നു ആ ഴൊൻദ്രെത് തട്ടിമ്പുറത്തുവെച്ച് നടന്നത്? പൊല്ലീസ് വന്ന ഉടനെ, അവരോടന്യായം ബോധിപ്പിക്കാതെ എന്തിനയാൾ ഉപായത്തിൽച്ചാടി?

ഇതിന്നു മരിയൂസ് ഉത്തരം കണ്ടു. എന്തിനെന്നുവെച്ചാൽ, അയാൾ രാജ്യനിയമത്തിന്റെ പിടിയിൽനിന്നു ചാടിപ്പോന്നിട്ടുള്ള ഒരുവനാണ്.

മറ്റൊരു സംശയം: എന്തിന് അയാൾ വഴിക്കോട്ടയിലേക്കു വന്നു?

ചൂടു തട്ടിയാൽ നിറംവെക്കുന്ന ആ ഒരുതരം സവിശേഷമഷികൊണ്ടുള്ള എഴുത്തുപോലെ, തന്റെ വികാരപരമ്പരയിൽ വീണ്ടും ആവിർഭവിച്ച ആ സ്മരണയെ മരിയൂസ് അപ്പോൾ ഒരിക്കൽക്കൂടി വ്യക്തമായി കണ്ടു. ഈ മനുഷ്യൻ വഴിക്കോട്ടയിലുണ്ടായിരുന്നു. അവിടെ അയാൾ യുദ്ധം ചെയ്തിട്ടില്ല. അയാൾ എന്തിനവിടെ വന്നു? ഈ ചോദ്യത്തിന് മുൻപിൽ ഒരു പ്രേതം പ്രത്യക്ഷീഭവിച്ചു. മറുപടി പറഞ്ഞു: ‘ഴാവേർ’.

കെട്ടിമുറുക്കിയിട്ടിരുന്ന ഴാവേറിനെ വഴിക്കോട്ടയിൽനിന്നു ഴാങ് വാൽഴാങ് വലിച്ചുകൊണ്ടുപോയിരുന്ന ആ വ്യസനകരക്കാഴ്ച മരിയൂസ് അപ്പോൾ തികച്ചും ഓർമ്മിച്ചു. റ്യൂ മൊങ്ദെതൂർച്ചെറുതെരുവിന്റെ മൂലയ്ക്കൽ വെച്ചുണ്ടായ ആ ഭയകരമായ വെടിപൊട്ടൽ അയാൾ വ്യക്തമായി കേട്ടു. ആ പൊല്ലീസ്സൊറ്റുകാരനും ഈ തണ്ടുവലിശ്ശിക്ഷപുള്ളിയും തമ്മിൽ ദേഷമുണ്ടായിരിക്കണം, സംശയിക്കാനില്ല. ഒരാൾക്കു മറ്റേ ആളെ കണ്ടുകൂടാ. പ്രതികാരം ചെയ്യണമെന്ന ഉദ്ദേശ്യത്തിന്മേലാവണം ഴാങ് വാൽഴാങ് വഴിക്കോട്ടയിൽ വന്നത്. വരാൻ വൈകിപ്പോയി. ഴാവേർ അവിടെ പിടിയിൽപ്പെട്ടിരിക്കുന്നു എന്നു പക്ഷേ, അയാൾ അറിഞ്ഞിരിക്കാം. കഠിനമായ പ്രതികാരബുദ്ധി ഒന്നുകൂടി ചുവട്ടിലേക്കു ചുഴഞ്ഞിറങ്ങി അവിടെ സ്ഥലം പിടിച്ചു; നന്മയുടെ ഭാഗത്തേക്ക് പകുതി തിരിഞ്ഞിട്ടുള്ള ആത്മാക്കളെ അതത്ഭുതപ്പെടുത്തുകയില്ല; പശ്ചാത്താപമാരംഭിച്ചിട്ടുള്ള ഒരു ദുഷ്പ്രവൃത്തിക്കാരന്നു മോഷണത്തിന്റെ കാര്യത്തിൽ ശങ്കയുണ്ടെന്നും പ്രതികാരം ചെയ്യുന്നതിൽ ഒരു ശങ്കയുമില്ലെന്നും വരാവുന്ന വിധത്തിലാണ് അത്തരം ഹൃദയങ്ങളുടെ സൃഷ്ടി ഴാങ് വാൽഴാങ് ഴാവേറെ കൊന്നു. ഏതായാലും അങ്ങനെയാണ് തെളിവ്.

ഇതാണു് ഒടുവിലത്തെ ചോദ്യം. തീർച്ച അതിന്നുത്തരം പോരാ. ഈ ചോദ്യം മരിയൂസ്സിനെ ചവണകൊണ്ടിറുക്കി ഴാങ് വാൽഴാങ്ങിന്റെ ജീവിതം കൊസെത്തിന്റേതുമായി ഇത്ര വളരെക്കാലം മുട്ടിയുരുമ്മിക്കൊണ്ടിരിക്കാനെന്താണ്?

ഈശ്വരന്റെ എന്തൊരു വ്യസനകരമായ വിനോദമാണ് ആ കുൂട്ടിയെപ്പിടിച്ച് ഈ മനുഷ്യന്റെ കൈയിൽ ഏല്പിച്ചുകൊടുത്തത്? അപ്പോൾ രണ്ടുപേരെ കൂട്ടിക്കെട്ടുന്ന ചങ്ങല ഈശ്വരൻ ഉണ്ടാക്കിയിടാറുണ്ടോ? ദേവനേയും അസുരനേയും ഒരു നുകത്തോടു ചേർക്കുന്നതിൽ ഈശ്വരന്നു രസം തോന്നാമോ? അപ്പോൾ കഷടപ്പാടിന്റെ നിഗൂഢത്തണ്ടുവലിശ്ശിക്ഷസ്ഥലങ്ങളിൽ ഒരു ദുഷ്പ്രവൃത്തിയും ഒരു നിഷ്കളങ്കതയുംകൂടി ഒരേ മുറിയിൽ പാർപ്പുകാരായി എന്നുവരുമോ? മനുഷ്യന്റെ കർമ്മഗതിയെന്നു പറയപ്പെടുന്ന ആ ശിക്ഷിക്കപ്പെട്ടവർക്കുള്ള ഇടുക്കുവഴിയിൽ, ഒന്നു നിഷ്കളങ്കവും മറ്റത് ഭയങ്കരവും, ഒന്നു പ്രഭാതത്തിന്റെ ദിവ്യസ്വച്ചതയിൽ ആകെ മുങ്ങിയതും മറ്റതു എന്നെന്നും ഒരനശ്വരമായ മിന്നലാട്ടത്താൽ കളങ്കിതവുമായ രണ്ടു മുഖങ്ങൾ തൊട്ടുതൊട്ടു നടന്നു എന്നു വരുമോ? ആ കാരണമറിയാത്ത ഇണചേർക്കൽ ആരുടെ വിദ്യയാണ്? ആ ദിവ്യശിശുവിന്നും ഈ പഴകിയ ദുഷ്ടന്നും തമ്മിൽ ഏതു നിലയ്ക്കാണ്, എന്തൊരവലക്ഷണംമൂലമാണ്, ഒരു ജീവിതസംബന്ധമുണ്ടായിത്തീർന്നത്.

ആരാണ് ആട്ടിൻകുട്ടിയേയും ചെന്നായയേയും കൂട്ടിയിണക്കിയത്? എന്നല്ല, കുറേക്കൂടി ദുർഗ്രഹം, ചെന്നായയ്ക്ക് ആട്ടിൻകുട്ടിയോട് സ്നേഹമുണ്ടാക്കിത്തീർത്തത്? ചെന്നായ ആട്ടിൻകുട്ടിയെ സ്നേഹിച്ചുവല്ലോ, നിഷ്ഠുരജന്തു അശക്തജീവിയെ ആരാധിച്ചുവല്ലോ, ഒമ്പതു കൊല്ലത്തേക്ക് ആ രാക്ഷസനാണല്ലോ ദേവസ്ത്രീക്ക് ഏകാധാരമായി നിന്നത്! കൊസെത്തിന്റെ കുട്ടിക്കാലവും പെൺകിടാവുകാലവും, അവളുടെ പകൽവെളിച്ചത്തിലേക്കുള്ള പ്രവേശനം, ജീവിതത്തിലേക്കും പ്രകാശത്തിലേക്കുമുള്ള അവളുടെ കന്യകാകാലത്തെ വളർച്ച, ആ പൈശാചികമായ വാത്സല്യത്തിന്റെ തണലിൽവെച്ചാണ്. ഇവിടെ ചോദ്യങ്ങൾ അസംഖ്യം കടങ്കഥകളായി ചില്ല പൊട്ടിപ്പരന്നു എന്നു പറയട്ടെ; അഗാധകുണ്ഡങ്ങൾക്കിടയിൽ അഗാധകുണ്ഡങ്ങൾ വായ തുറന്നു; തല ചുറ്റിപ്പോകാതെ മരിയൂസ്സിനു ഴാങ് വാൽഴാങ്ങിലേക്കു നോക്കാൻ വയ്യാതായി. എന്തൊന്നാണ് ഈ മനുഷ്യപ്പാതാളം? വേദപുസ്തകത്തിലെ പ്രപഞ്ചോൽപ്പത്തി ഉപദേശിക്കുന്നത് അനശ്വരതത്ത്വമാണ്. ഇന്നത്തെ സ്ഥിതിയിൽ, ഇനിയൊരു നല്ല പകൽ ഉദിച്ചുവന്ന് ഒരു പരിപൂർണ്ണമാറ്റം വരുത്തുന്നതുവരേക്ക്, മനുഷ്യസമുദായത്തിൽ എന്നെന്നും, ഒരാൾ വിശിഷ്ടനും മറ്റൊരാൾ ദുഷ്ടനുമായി, രണ്ടു മനുഷ്യർ ഉണ്ടായിക്കൊണ്ടിരിക്കും; പുണ്യവാനായിട്ടുള്ള ആൾ എബെലും പാപിയായിട്ടുള്ളവൻ കെയിനും ആയിക്കാണാം. ഈ ഇളയ കെയിൻ ആരാണ്? ഒരു കന്യകയുടെ മേൽ മതസംബന്ധിയായ ഒരതിപ്രതിപത്തിയോടുകൂടി, അവളെ രക്ഷിച്ചും, അവളെ വളർത്തിപ്പോന്നും, അവളെ കാത്തും, അവളെ നന്നാക്കിയും, താൻ കളങ്കിതനാണെങ്കിലും അവളെ നിഷകളങ്കതകൊണ്ട മൂടിയുമിരുന്ന ഈ ഘാതുകൻ എന്തൊരാളാണ്?

ഒരൊറ്റ പുള്ളിക്കുത്തെങ്കിലും തട്ടിച്ചുകൂടാ എന്നു നിഷ്കർഷിക്കത്തക്കവിധം ആ നിഷ്കളങ്കതയെ അത്രമേൽ ബഹുമാനിച്ചുപോന്ന ഈ ചളിക്കുണ്ട് എന്തൊന്നാണ്? കൊസെത്തിനെ പഠിപ്പിച്ചുപോന്ന ഈ ഴാങ് വാൽഴാങ് ആരാണ്? എല്ലാ നിഴലിൽനിന്നും എല്ലാ മങ്ങലിൽനിന്നും ഒരു നക്ഷത്രത്തെ രക്ഷിച്ചു പോരണമെന്ന ഏകോദ്ദേശ്യത്തോടുകൂടി നിലകൊണ്ട ഈ ഇരുൾസ്വരൂപം എന്താണ്?

അതു ഴാങ് വാൽഴാങ്ങിന്നറിയാവുന്ന ഒരു രഹസ്യമാണ്; അത് ഈശ്വരന്നുമറിയാവുന്ന ഒരു രഹസ്യംതന്നെ.

ഈ രണ്ടു രഹസ്യങ്ങൾക്കിടയിൽ മരിയൂസ് ചുളുങ്ങിച്ചൂളി. ഒന്ന് ഒരുവിധത്തിൽ മറ്റതിനെ അയാൾക്കുറപ്പിച്ചുകൊടുത്തു. ഇക്കാര്യത്തിൽ ഴാങ് വാൽഴാങ് എത്രകണ്ടു പ്രത്യക്ഷീഭവിച്ചിരുന്നുവോ അത്രകണ്ട് ഈശ്വരനുണ്ട്. ഈശ്വന്നും തന്റെവക ഉപകരണങ്ങളുണ്ട്. അവിടുന്ന് തനിക്കാവശ്യമുള്ള ആയുധത്തെ എടുത്തുപയോഗിക്കുന്നു. അവിടുന്നു മനുഷ്യരോടു ഉത്തരം പറയേണ്ടതില്ല. ഈശ്വരൻ എങ്ങനെയാണ് പ്രവൃത്തി നടത്തുന്നതെന്ന് നമുക്കറിയാമോ? ഴാങ് വാൽഴാങ് കൊസെത്തിന്മേൽ അധ്വാനിച്ചു പ്രവർത്തിച്ചു. ഏതാണ്ടൊക്കെ അയാളാണ് ആ ആത്മാവിനെ ഉണ്ടാക്കിയത്. അതിൽ തർക്കിക്കാൻ വയ്യാ. ആവട്ടെ, എന്നിട്ട് പ്രവൃത്തിയെടുത്ത ആൾ ജുഗുപ്സാവഹൻ; പ്രവൃത്തിയുടെ ഫലമോ മനോഹരം. ഈശ്വരൻ തനിക്കു നല്ലതാണെന്നു തോന്നുന്ന വിധത്തിൽ തന്റെ അത്ഭുതകർമ്മങ്ങൾ പ്രവർത്തിക്കുന്നു, അവിടുന്ന് ആ മനോജ്ഞയായ കൊസെത്തിനെ ഉണ്ടാക്കി; അതിന്നു ഴാങ് വാൽഴാങ്ങിനെ ഏർപ്പെടുത്തി, അവിടെയ്ക്ക് അങ്ങനെയൊരു വല്ലാത്ത സഹായനെ കൂട്ടുപിടിക്കാൻ രസം തോന്നി. നമ്മൾ ഈശ്വരനോടു എന്തു സമാധാനം ചോദിക്കാനാണ്? ചാണകക്കുണ്ട് വസന്തത്തിനു പനിനീർപ്പുവുണ്ടാക്കാൻ സഹായിക്കുന്നത് ഇന്നൊന്നാമതായിട്ടാണോ?

മരിയൂസ് ഈ മറുപടികളുണ്ടാക്കി; നന്നായിയെന്നു നിശ്ചയിച്ചു. ഞങ്ങൾ ഇപ്പോൾ സൂചിപ്പിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളും ഴാങ് വാൽഴാങ്ങിനോട് ചോദിച്ചറിയാൻ അയാൾക്ക് ധൈര്യമുണ്ടായില്ല; പക്ഷേ, ധൈര്യമില്ലാഞ്ഞിട്ടായിരുന്നു അതെന്ന് അയാൾ സ്വയം സമ്മതിച്ചില്ല. അയാൾ കൊസെത്തിനെ മനസ്സുകൊണ്ടാരാധിച്ചു. അയാൾക്കു കൊസെത്തിനെ കൈവശം കിട്ടി. കൊസെത്ത് അതിവിശിഷ്ടമായ പരിശുദ്ധിയുള്ളവളാണ്. അയാൾക്കതേ വേണ്ടു. ഇനിയെന്താണ് അയാൾക്കറിയേണ്ടത്? കൊസെത്ത് ഒരു പ്രകാശമാണ്, വെളിച്ചത്തിന് ഒരു വിളക്കു വേണമോ? അയാൾക്ക് എല്ലാം കിട്ടി; ഇനിയെന്താണ് അയാൾക്കൊന്നു വേണ്ടത്? സകലം; അതു പോരേ? ഴാങ് വാൽഴാങ്ങിന്റെ ജീവിതകഥ മരിയുസ്സിനെസ്സംബന്ധിച്ചതല്ല.

ആ മനുഷ്യനാകുന്ന അപായകരാന്ധകാരത്തിലേക്കു കുനിഞ്ഞുനോക്കി ആ ഭാഗ്യംകെട്ട ദുഷ്ടന്റെ ഈ ഹൃദയപൂർവ്വമായ വാക്കിനെ മരിയൂസ് ഒരു പിടച്ചിലോടുകൂടി മുറുക്കിപ്പിടിച്ചു; ‘ഞാൻ കൊസെത്തിന്റെ ആരുമല്ല. പത്തു കൊല്ലത്തിനുമുൻപ് അവൾ ജീവിച്ചിരിപ്പുണ്ടെന്നേ ഞാനറിഞ്ഞിട്ടില്ല.’

ഴാങ് വാൽഴാങ് ഒരുവഴിപോക്കൻ. അയാൾതന്നെ അത് പറകയുണ്ടായി. ശരി, അയാൾ കടന്നുപോയി. അയാൾ ആരായാലും അയാളുടെ ആട്ടം അവസാനിച്ചു.

ഇനിമേൽ മരിയൂസ്സിനു കൊസെത്തോടുള്ള ഈശ്വരന്റെ ചുമതല നിറവേറ്റേണ്ടതുണ്ട്. കൊസെത്ത് ആത്മരക്ഷയെ അവളെപ്പോലെതന്നെയുള്ള ഒരാളിൽ, അവളുടെ കാമുകനിൽ, അവളുടെ ഭർത്താവിൽ, അവളുടെ പ്രാണേശ്വരനിൽ, സമർപ്പിച്ചുകഴിഞ്ഞു. കൊസെത്ത് ചിറകുവെച്ചു രൂപംമാറി ആകാശത്തേക്കു പറന്നുപോയ സമയത്ത് അവളുടെ വിരൂപവും ഉള്ളിലൊന്നുമില്ലാത്തതുമായ കൂടുപുഴുവിനെ, ഴാങ് വാൽഭാങ്ങിനെ, ഭൂമിയിൽതതന്നെയിട്ടു.

ഏതു മതിൽച്ചുറ്റിലൂടെയെല്ലാം മരിയുസ്സിന്റെ ആലോചനകൾ ചുറ്റിത്തിരിഞ്ഞാലും, ഒടുവിൽ, അയാൾ ഴാങ് വാൽഴാങ്ങിന്റെ നേർക്കുള്ള വെറുപ്പിൽത്തന്നെ തിരിച്ചുചെല്ലും. ഒരു ദിവ്യമായ വെറുപ്പാവാം. പക്ഷേ; എന്തുകൊണ്ടെന്നാൽ ആ മനുഷ്യനിൽ ഒരർദ്ധദേവത്വമുള്ളതായി അയാൾക്കു തോന്നിയിരുന്നു എന്ന് ഞങ്ങൾ സൂചിപ്പിക്കുകയുണ്ടായി. അയാൾ എന്തുചെയ്താലും ശരി, എത്ര ഊക്കുകുറച്ചു നോക്കിയാലും ശരി, പിന്നെയും അയാൾക്ക് ഈയൊരു കാര്യത്തിൽച്ചെന്നുമുട്ടാതെ കഴിഞ്ഞില്ല; ആ മനുഷ്യൻ ഒരു തടവുപുള്ളിയാണ്, എന്നുവെച്ചാൽ, ഏറ്റവും ചുവട്ടിലുള്ള പടിയിൽനിന്നും അയാൾ കുറേക്കൂടി ചുവട്ടിലായതുകൊണ്ട്, സാമുദായികക്കോണിപ്പടിയിൽ ഒരിടത്തും സ്ഥലമില്ലാത്ത ഒരു സത്വം എല്ലാ മനുഷ്യരിൽ വെച്ചും താഴെയാണ് തടവുപുള്ളി. ഒരു തടവുപുള്ളിക്കു ജീവനുള്ള മട്ടേ ഇല്ലെന്ന് വേണമെങ്കിൽ പറയാം. രാജ്യനിയമത്തിന് ഒരു മനുഷ്യനിലുള്ള മനുഷ്യത്വത്തെ എത്രകണ്ടും അടിച്ചുതുടച്ച എടുത്തുകളയാമോ അത്രകണ്ടും അയാളിൽനിന്നു പോയിക്കഴിഞ്ഞിരിക്കുന്നു.

ശിക്ഷാനിയമങ്ങളുടെ കാര്യത്തിൽ, മരിയൂസ് ഒരു പ്രജാധിപത്യകക്ഷിയാണെങ്കിലും അപ്പോഴത്തെ വ്യവസ്ഥ ഇളക്കിക്കൂടാത്തതാണെന്നുള്ള പക്ഷക്കാരനാണ്; രാജ്യനിയമം കുറ്റപ്പെടുത്തിയിരുന്ന ആളുകളെസ്സംബന്ധിച്ചേടത്തോളം അതിന്നുണ്ടായിരുന്ന ആലോചനകളെല്ലാം അയാൾക്കുമുണ്ട്. അയാൾക്ക് എല്ലാ സംസ്കാരാഭിവൃദ്ധിയും വന്നുകഴിഞ്ഞിട്ടില്ല; ഞങ്ങൾ സമ്മതിക്കുന്നു. മനുഷ്യൻ എഴുതിയുണ്ടാക്കിയിട്ടുള്ളതിന്റേയും ഈശ്വരൻ എഴുതിവെച്ചിട്ടുള്ളതിനേയും, നിയമത്തേയും അവകാശത്തെയും തമ്മിൽ അയാൾക്ക് വേർതിരിച്ചറിയാറായിട്ടില്ല. മാറ്റാൻ പാടില്ലാത്തതും മാറ്റാൻ വയ്യാത്തതുമായ ഒന്നിനെ വലിച്ചെറിയാൻ മനുഷ്യർക്കുള്ള അവകാശത്തെപ്പറ്റി അയാൾ ആലോചിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടില്ല. അയാൾക്ക് ശിക്ഷ എന്ന വാക്ക് കേട്ടാൽ ഞെട്ടലില്ല. ചില വ്യവസ്ഥിതനിയമത്തെ അതിക്രമിച്ചാൽപ്പിന്നെ എന്നെന്നും സങ്കടപ്പെട്ടുകൊള്ളുകയെന്നത് വേണ്ടതാണെന്നേ അയാൾ വിചാരിച്ചിട്ടുള്ളു; പരിഷ്കാരഗതിയിൽ സാമുദായികമായ നരകം ആവശ്യമാണെന്ന് അയാൾ കരുതി. അയാളുടെ പ്രകൃതി നല്ലതും അടിയിൽ അഭിവൃദ്ധി ലയിച്ചുകിടക്കുന്ന ഒന്നുമായതുകൊണ്ട് ഇനി നിശ്ചയമായും അയാൾ മുൻപോട്ടു പോകുന്നതാണെങ്കിലും അപ്പോൾ ആ നിലയിൽത്തന്നെ ഊന്നിനില്ക്കുകയാണ്.

അയാളുടെ ആലോചന നിലക്കുന്ന ഈയൊരു നില്പിൽ, ഴാങ് വാൽഴാങ് അയാൾക്ക് അറപ്പും വെറുപ്പും തോന്നിച്ചു. അയാൾ ശിക്ഷിക്കപ്പെട്ടവനാണ്. ഒരു തടവുപുള്ളി, അവസാനവിചാരണദിവസത്തെ കാഹളംവിളിപോലെയായിരുന്നു ആ വാക്ക് അയാൾക്ക്; അങ്ങനെ, ഴാങ് വാൽഴാങ്ങിനെപ്പറ്റി. വളരെ നേരം ഇരുന്നാലോചിച്ചതിന്നു ശേഷം, അയാൾ ഒടുവിൽച്ചെയ്തത് മുഖം തിരിക്കയാണ് പിന്നോക്കം നോക്കുക.

ഞങ്ങൾ വാസ്തവത്തെ നോക്കിയറിയുകയും ഊന്നിപ്പറയുകയുമാണുചെയ്യേണ്ടതെങ്കിൽ, ഴാങ് വാൽഴാങ്ങിനെക്കൊണ്ട് ‘നിങ്ങൾ എന്നെക്കൊണ്ടു പാപസമ്മതം ചെയ്യിക്കുകയാണ്. എന്നു പറയിക്കത്തക്കവിധം അയാളോട് കുത്തിക്കുത്തിച്ചോദിക്കുമ്പോൾക്കൂടി, മരിയൂസ് അയാളോട് രണ്ടോ മുന്നോ അത്യാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ വിട്ടിട്ടുണ്ട്.

ആ ചോദ്യങ്ങൾ അയാൾക്കപ്പോൾ തോന്നാതിരുന്നിട്ടില്ല. ചോദിക്കാൻ ധൈര്യമുണ്ടായില്ല. ഴൊൻദ്രെത് തട്ടിൻപുറം? വഴിക്കോട്ട? ഴാവേർ?; അവയുടെ ഉത്തരം എവിടെച്ചെന്നിട്ടാണു് നിന്നുകളകയെന്ന് ആർ കണ്ടു? ഴാങ് വാൽഴാങ് പിന്നോക്കം വാങ്ങുന്ന തരത്തിൽ ഒരാളാണെന്നു തോന്നിയില്ല; അയാളെ കുത്തിപ്പെപൊന്തിച്ചിട്ട് ഒടുവിൽ മരിയുസ്സിനുതന്നെ പിടിച്ചമർത്തിയാൽക്കൊള്ളാമെന്നാവില്ലെന്ന് ആർ കണ്ടു?

ചില കടന്ന ഘട്ടങ്ങളിൽ ഒരു ചോദ്യം ചോദിച്ചിട്ട് ഉത്തരം കേൾക്കാതിരിക്കാൻ വേണ്ടി ചെവി പൊത്തുക എന്നതു നമ്മളെല്ലാവരിലും ഉണ്ടായിട്ടില്ലെ? ഇത്തരം ഭീരുത്വങ്ങൾ നാം കാണിക്കുന്നത് വിശേഷിച്ചും അനുരാഗത്തിൽപ്പെട്ടിരിക്കുമ്പോഴാണ്. വിശേഷിച്ചും നമ്മുടെ ജീവിതത്തിലെ അഴിച്ചുകളയാൻ പാടില്ലാത്ത ഭാഗവുമായി അപായകരമാകുംവണ്ണം കൂടിപ്പിണഞ്ഞുകിടക്കുന്നവയാണ്, അറ്റം വരെ ചോദിച്ചുകൊണ്ട് പോകരുതാത്തവ. ഴാങ് വാൽഴാങ്ങിന്റെ രണ്ടുംകെട്ടുള്ള സമാധാനങ്ങളിൽനിന്ന് എന്തു ഭയങ്കരസ്ഥിതിതന്നെ പുറത്തുവരില്ല? എന്നല്ല ആ തുറിച്ച നോട്ടം കൊസെത്തിന്റെ അടുക്കലോളംതന്നെ എത്തുകയില്ലെന്ന് ആർക്കറിയാം? ഒരു മിന്നലിന്റെ കഷ്ണം ഇടിയുടേയും കഷണമാണെന്നു വരാം, നിറം കൊടുക്കുന്ന പരാവർത്തനത്തിന്റെ വ്യസനകരമായ നിയമപ്രകാരം നിഷ്കപടതയെക്കൂടി കുറ്റപ്പെടുത്തുന്ന ചില സന്ധിത്തിരിവുകൾ കർമ്മഗതിയിൽ കാണാം. ഒരു വല്ലാത്ത ചാർച്ചയുടെ പ്രതിബിംബത്തെ ഏറ്റവും സ്വച്ഛതരങ്ങളായ രൂപങ്ങൾ കൂടി എന്നെന്നും കൈക്കൊണ്ടു നിന്നു എന്നു വരും. തെറ്റിയിട്ടായാലും ശരിയായിട്ടാലും മരിയൂസ് പേടിച്ചുപോയി. അയാൾ അപ്പോൾത്തന്നെ വേണ്ടതിലധികം അറിഞ്ഞു. ഇനിയും വെളിച്ചത്തേക്കു ചെല്ലുന്നതിലും ഭേദം കണ്ണടയ്ക്കുകയാണ് നല്ലതെന്ന് അയാൾക്കു തോന്നി.

ഭയപ്പാടിൽ അയാൾ കൊസെത്തിനേയും താങ്ങിയെടുത്ത് ഴാങ് വാൽഴാങ്ങിന്റെ നേരെ നോക്കാതെ ഒരു നട നടന്നു.

ആ മനുഷ്യൻ രാത്രിയാണ്, ജീവിച്ചിരിക്കുന്നതും അറപ്പു തോന്നിക്കുന്നതുമായ രാത്രി. അതിന്റെ അങ്ങേ അറ്റത്തേക്ക് അയാൾ എങ്ങനെ നോക്കും? നിഴല്പാടിനെ വിചാരണ ചെയ്യുക എന്നത് ഒരു വല്ലാത്ത പണിയാണ്. അതിന്റെ ഉത്തരം എന്തായിരിക്കുമെന്ന് ആർക്കറിയാം? അതിനെക്കൊണ്ട് പ്രഭാതംതന്നെ എന്നെന്നേക്കും കറുത്തിരുണ്ടുപോയി എന്നു വരാം.

ഈ നിലയ്ക്ക്, അതു മുതൽ ആ മനുഷ്യൻ കൊസെത്തുമായി കാണുക എന്നുള്ളതുകൂടി മരിയൂസ്സിന് ഹൃദയഭേദകമായിത്തോന്നി.

ഇപ്പോൾ അയാൾ ആദ്യത്തിൽ കണ്ടു ഞെട്ടിപ്പോയ ആ ഭയങ്കരചോദ്യങ്ങളെത്തന്നെ ചോദിച്ചുനോക്കാതിരുന്നതിനെപ്പറ്റി സ്വയം അധിക്ഷേപിച്ചു; അവകൊണ്ട് അഭേദ്യവും സുസ്ഥിരവുമായ ഒരു തീർപ്പ് അയാൾക്കുണ്ടാക്കാമായിരുന്നു. താൻ വേണ്ടതിലധികം സുശീലനും വേണ്ടതിലധികം സൌമ്യനും വേണ്ടതിലധികം അശക്തനും—ഇങ്ങനെയൊന്ന് പറയാമെങ്കിൽ—ആയിപ്പോയെന്ന് അയാൾക്കു തോന്നി, ഈ അശക്തികൊണ്ടാണ് അവിവേകപൂർവ്വമായ ഒരനുവാദം താൻ കൊടുത്തുകളഞ്ഞത്. തനിക്കു തെറ്റി. താൻ ഴാങ് വാൽഴാങ്ങിനെ ശരിക്കുപേക്ഷിക്കുകയായിരുന്നു വേണ്ടത്. ഴാങ് വാൽഴാങ് തിയ്യാണ്; താനും അങ്ങനെയാവേണ്ടിയിരുന്നു. ആ വീട്ടിലേക്ക് ആ മനുഷ്യൻ കടക്കാൻ പാടില്ലെന്നു വെയ്ക്കേണ്ടിയിരുന്നു.

അയാൾക്ക് തന്നോടുതന്നെ മുഷിച്ചിൽ തോന്നി; തന്നെ അന്ധനും ബധിരനുമാക്കിക്കൊണ്ട് ചാടിക്കളഞ്ഞ ആ വികാരാവേശത്തോട് അയാൾക്കു ദ്വേഷ്യം പിടിച്ചു. അയാൾക്ക് തന്നോടുതന്നെ രസമില്ലാതായി.

ഇനി അയാൾ എന്തുവേണം? ഴാങ് വാൽഴാങ്ങിന്റെ വരവ് അയാൾക്ക് അത്യന്തം അസഹ്യമായി. ആ മനുഷ്യനെ വീട്ടിൽ വരുത്തിയിട്ടുള്ള കാര്യമെന്ത്? ആ മനുഷ്യൻ എന്തുവേണം? ഇവിടെ അയാൾ നടുങ്ങി. അവിടുന്നും ചുവട്ടിലേക്കു കുഴിക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിന്നെയും അടിയിലേക്കു ചെല്ലാൻ അയാൾ ഇഷടപ്പെട്ടില്ല; അയാൾ സ്വയം ആഴം നോക്കുവാൻ ഇഷ്ടപ്പെട്ടില്ല. അയാൾ ഏറ്റിട്ടുണ്ട്, അയാൾ തന്നെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുവാൻ സമ്മതിച്ചുപോയി; ഴാങ് വാൽഴാങ്ങിന്റെ കൈയിൽ ആ പ്രതിജ്ഞയുണ്ട്, ഒരു തടവുപുള്ളിയോടായാലും ഒരാൾ വാഗ്ദാനം നിറവേറ്റണം—മറ്റെല്ലാവരോടുമുള്ളതിലധികം ഒരു തടവുപുള്ളിയോട്. എങ്കിലും അയാൾ ഒന്നാമതാലോചിക്കേണ്ടത് കൊനെത്തിന്റെ കാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, അയാളെ വശപ്പെടുത്തിയിരുന്ന വെറുപ്പു കാര്യം നേടി.

മരിയൂസ് ഈ ആലോചനക്കശപിശയെല്ലാം ഓരോന്നായി പരീക്ഷണം ചെയ്തു; ഓരോന്നിനു മുൻപിൽ നില്ക്കുമ്പോഴും അയാളെ എല്ലാംകൂടി വളഞ്ഞിരുന്നു. അതുകാരണം അയാൾ വല്ലാതെ കുഴങ്ങി.

ഈ കുഴക്ക് കൊസെത്തറിയാതെ കഴിക്കൽ എളുപ്പമല്ല; എങ്കിലും അനുരാഗം ഒരു സാമർത്ഥ്യമാണ്; മരിയൂസ്സിന് അതു ചെയ്യാൻ കഴിഞ്ഞു.

എന്തായാലും, പുറമേ യാതൊരുദ്ദേശ്യവുമില്ലാതെ, ഒരു പ്രാവിന്റെ വെളുപ്പുപോലെ അത്രമേൽ കലവറയില്ലാത്തവളും യാതൊന്നും ശങ്കിക്കാത്തവളുമായ കൊസെത്തിനെ അയാൾ വിചാരണചെയ്തു; അയാൾ അവളുടെ ശൈശവത്തേയും യൗവനത്തേയും പറ്റി സംസാരിച്ചു; ആ തടവുപുള്ളി കൊസെത്തിന്റെ നേരേ ഒരാൾക്ക് എത്രകണ്ടാവാമോ അത്രകണ്ട് സകലവിധത്തിലും നല്ലവനും മാന്യനും വാത്സല്യവാനുമായിട്ടാണ് പെരുമാറിയിട്ടുള്ളതെന്നു വീണ്ടും വീണ്ടും ഉറപ്പുകിട്ടി. മരിയൂസ് മനസ്സിലാക്കിയതും ഊഹിച്ചതും പോലെതന്നെയാണ് വാസ്തവവും. ആ വല്ലാത്ത കൊടിത്തൂവ ആ വെള്ളാമ്പലിനെ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്തുപോന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.