images/hugo-43.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.7.1
ദുഃഖിക്കുന്നവരോട് അനുകമ്പ, പക്ഷേ, സുഖിക്കുന്നവരോടു ദയ

സുഖിക്കുക, വല്ലാത്തൊന്ന്! എന്തു സംതൃപ്തിയാണതിൽ! എന്തു തനിക്കു താൻ പോരുമയാണതിൽ! കള്ളപ്പുരുഷാർത്ഥമായ സുഖം കൈയിലായാൽ മനുഷ്യൻ വാസ്തവപുരുഷാർത്ഥമായ ധർമ്മം എങ്ങനെ മറന്നുപോകുന്നു!

എന്തായാലും, വായനക്കാർ മരിയുസ്സിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതുതെറ്റാണ്.

ഞങ്ങൾ പറഞ്ഞിട്ടുള്ളവിധം മരിയുസ് വിവാഹത്തിന്നു മുൻപായി മൊസ്യു ഫുഷൽവാങ്ങോടു യാതൊന്നും ചോദിക്കുകയുണ്ടായിട്ടില്ല; അതിനു ശേഷം ഴാങ് വാൽഴാങ്ങിനോടു ചോദിക്കാൻ അയാൾക്കു ധൈര്യമില്ലാതായി. അയാളെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കാൻ ഇടയാക്കിയതിനെപ്പറ്റി അയാൾ പശ്ചാത്തപിച്ചു. നിരാശതയ്ക്ക് അങ്ങനെയൊരു സമ്മതം കൊടുത്തുപോയതു തന്റെ പക്കൽ തെറ്റാണെന്ന് അയാൾ പലപ്പോഴും സ്വയം പറകയുണ്ടായിട്ടുണ്ട്. പതുക്കെക്കൊണ്ടു ഴാങ് വാൽഴാങ്ങിനെ തന്റെ വീട്ടിലേക്കു വരാതാക്കുകയും അയാളെപ്പറ്റിയുള്ള വിചാരം കൊസെത്തിന്റെ മനസ്സിൽനിന്നു മാച്ചുകളയുകയും മാത്രമേ നിർവാഹമുള്ളു എന്നയാൾ ഉറച്ചു. കൊസെത്തിന്റെയും ഴാങ് വാൽഴാങ്ങിന്റെയും ഇടയ്ക്ക് അയാൾ എപ്പോഴും ഒരുവിധത്തിൽ തന്നത്താൻ കൊണ്ടുനിർത്തും; അങ്ങനെയായാൽ അവൾ അതറിയില്ലെന്നും ഴാങ് വാൽഴാങ്ങിനെപ്പറ്റി അവൾ വിചാരിക്കില്ലെന്നും അയാൾക്കുറപ്പുണ്ട്. അതൊരു മായ്ക്കലിലധികമായി, അതു തിരോഭവിപ്പിക്കലായി.

മരിയുസ് ആവശ്യവും ന്യായവുമായി തനിക്കു തോന്നിയതു ചെയ്തു. ഴാങ് വാൽഴാങ്ങിനെ, നിഷ്ഠുരതയോടു കൂടാതെ, എന്നാൽ മനക്കരുത്തില്ലായ്മയും കൂടാതെ, അങ്ങോട്ടു ചെല്ലാതാക്കാൻ അയാൾക്കു വായനക്കാർ കണ്ടുകഴിഞ്ഞ സഗൗരവകാരണങ്ങളും ഇനി കാണാനിരിക്കുന്ന മറ്റു ചിലതും ഉള്ളതായി അയാൾ കരുതി.

അയാൾ വക്കാലത്തു പിടിച്ചിരുന്ന ഒരു കേസ്സിന്റെ വിചാരണയിൽ സംഗതിവശാൽ അയാൾ ലഫീത്തിന്റെ ബാങ്കിൽ പണ്ടുദ്യോഗമുണ്ടായിരുന്ന ഒരാളെ കണ്ടെത്തി; ചോദിക്കാതെതന്നെ—അയാൾ കാത്തുകൊള്ളാമെന്നേറ്റിട്ടുള്ള ആ രഹസ്യകാര്യത്തോടുള്ള ആദരംകൊണ്ടും ഴാങ് വാൽഴാങ്ങിന്റെ അപായകരമായ സ്ഥിതിയെക്കുറിച്ചുള്ള ദയകൊണ്ടും അതിന്നയാൾക്കു വാസ്തവമായിട്ടും പാടില്ലല്ലോ— അയാൾക്കു ചില ഗൂഢസംഗതികൾ അറിവായി. അപ്പോൾ ഒരു സഗൗരവമായ ചുമതല തനിക്കുണ്ടെന്ന് അയാൾ വിശ്വസിച്ചു; അയാൾ കഴിയുന്ന വിധമെല്ലാം വകതിരിവോടുകൂടി അന്വേഷിച്ചുവരുന്ന ഏതെങ്കിലും ഒരാൾക്ക് ആ ആറു ലക്ഷം ഫ്രാങ്ക് മടക്കിക്കൊടുക്കേണ്ടതുണ്ട്. അതിന്നുള്ളിൽ, ആ പണം അയാൾ തൊട്ടുകൂടെന്നുവെച്ചു.

കൊസത്താണെങ്കിൽ, ഈ രഹസ്യസംഗതികളൊന്നുംതന്നെ അറിഞ്ഞിട്ടില്ല; അവളേയും ഈ കാര്യത്തിൽ കുറ്റപ്പെടുത്തുന്നതു കഷ്ടമാണ്.

മരിയുസ്സിനെയും അവളേയും സംബന്ധിച്ചേടത്തോളം ഒരു സർവ്വശക്തമായ ആകർഷണശക്തി പ്രവർത്തിച്ചിരുന്നതുകൊണ്ടു, മരിയുസ്സിന്നിഷ്ടമുള്ളതെല്ലാം അവൾ പ്രകൃതിപ്രേരണകൊണ്ടും താനറിയാതെകണ്ടുംതന്നെ ചെയ്തുപോന്നു. ‘മൊസ്യു ഴാങ്ങി’ന്റെ കാര്യത്തിൽ മരിയുസ്സിന്റെ ആവശ്യം ഇന്നതാണെന്ന് അവൾക്കു മനസ്സിലായി; അവൾ അതിനു വഴങ്ങി. ഭർത്താവിന് അവളോടു യാതൊന്നും പറയേണ്ടിവന്നില്ല; അയാളുടെ മൗനപൂർവ്വമായ ഉദ്ദേശ്യത്തെ അവൾ അവ്യക്തമായിട്ടെങ്കിലും വേണ്ടവിധം അറിഞ്ഞ്, അതിനെ കണ്ണടച്ചനുസരിച്ചു. ഇക്കാര്യത്തിൽ അവളുടെ അനുസരണം മരിയുസ് മറന്നുകളഞ്ഞതിനെ താൻ ഓർമ്മിക്കാതിരിക്കുക എന്നതായിരുന്നു. ഇതിന് അവൾക്കു വലിയ ശ്രമമൊന്നും വേണ്ടിവന്നില്ല. കാരണമെന്തെന്നു അവൾതന്നെ അറിയാതെ, അവളെ കുറ്റപ്പെടുത്താൻ അയാൾക്കു യാതൊരു കാരണവും കൂടാതെ, അവളുടെ ആത്മാവ് അത്ര തികച്ചും അവളുടെ ഭർത്താവിന്റേതായതുകൊണ്ടു് മരിയുസ്സിൽ അന്ധകാരമടഞ്ഞിരുന്നതെന്തോ അതു കൊസെത്തിലും ഇരുണ്ടുമൂടിനിന്നു.

എന്തായാലും ഞങ്ങൾ വേണ്ടതിലധികം മുൻപോട്ടുപോകാതിരിക്കട്ടെ; ഴാങ് വാൽ ഴാങ്ങിനെസ്സംബന്ധിച്ചേടത്തോളം, ഈ മറക്കലും മായ്ക്കലും തൊലിപ്പുറമെ മാത്രമേ തട്ടിയിട്ടുള്ളു. അവൾ മറന്നില്ല, ശ്രദ്ധിച്ചില്ല. അടിയിൽ, അവൾക്ക് അത്ര വളരെക്കാലമായി അച്ഛൻ എന്നു വിളിച്ചുപോന്ന ആളെപ്പറ്റി ഹൃദയപൂർവൃമായ സ്നേഹമുണ്ടായിരുന്നു; പക്ഷേ, അവൾ ഭർത്താവിനെ കുറെക്കൂടി ഉള്ളിൽക്കൊണ്ടു സ്നേഹിച്ചു. ഇതാണ് അവളുടെ ഹൃദയത്തിന്റെ സമത്തൂക്കം തകരാറാക്കിയിരുന്നത്; അവൾ ഒരു ഭാഗത്തേക്ക് അധികം ചാഞ്ഞു.

ചിലപ്പോൾ കൊസെത്ത് ഴാങ് വാൽഴാങ്ങിനെ കാണാതിരിക്കുന്നതിനെപ്പറ്റി സംസാരിച്ചു എന്നുവരും. ഉടനെ മരിയുസ് അവളെ സമാധാനിപ്പിക്കും: ‘അദ്ദേഹം ഇവിടെയില്ലെന്നു തോന്നുന്നു. എവിടെക്കോ പോവാനുണ്ടെന്നു പറകയുണ്ടായില്ലേ?’—‘അതു ശരിയാണ്, കൊസെത്ത് വിചാരിച്ചു. ‘അദ്ദേഹത്തിനെ ഇങ്ങനെ ചിലപ്പോൾ കാണാതാകലുണ്ട്. പക്ഷേ, ഇത്രയധികം താമസിക്കാറില്ല.’ രണ്ടോ മൂന്നോ തവണ മൊസ്യു ഴാങ് തിരിച്ചെത്തിയോ എന്നറിയാൻവേണ്ടി അവൾ നികൊലെത്തിനെ റ്യു ദ് ലോം അർമെയിലേക്കു പറഞ്ഞയയ്ക്കയുണ്ടായി. ഴാങ് വാൽഴാങ് ‘ഇല്ലെ’ന്നു പറയാനേല്പിക്കും.

കൊസെത്ത് പിന്നെയൊന്നും ചോദിക്കില്ല. അവൾക്കു ഭൂമിയിൽ ഒരൊറ്റക്കാര്യം മാത്രമേയുള്ളു, മരിയുസ്.

ഞങ്ങൾ ഒന്നുകൂടിപ്പറയട്ടെ, കൊസെത്തും മരിയുസ്സുമാണെങ്കിൽ അവരും അവിടെ ഉണ്ടാകാതിരുന്നു. അവർ വെർനൊങ്ങിലേക്കു പോയി. മരിയുസ് തന്റെ അച്ഛന്റെ സംസ്കാരസ്ഥലത്തേക്ക് കൊസെത്തിനേയും കൂട്ടിക്കൊണ്ടു പോയി.

മരിയുസ് പതുക്കെ കൊസെത്തിനെ ഴാങ് വാൽഴാങ്ങിൽനിന്നകത്തി. കൊസെത്ത് അതിന്നനുവദിച്ചു.

എന്നല്ല, ചില സംഗതികളിൽ വേണ്ടതിലധികം നിഷ്ഠുരതയോടുകൂടിത്തന്നെ, കുട്ടികളുടെ കൃതഘ്നത എന്നു പറയാറുള്ളത് എപ്പോഴും വിചാരിക്കും പോലെ അത്ര അധിക്ഷേപയോഗ്യമായിരിക്കില്ല. അതു പ്രകൃതിയുടെ കൃതഘ്നതയാണ്. പ്രകൃതി, ഞങ്ങൾ മറ്റൊരിടത്തു പറഞ്ഞിട്ടുള്ളതുപോലെ, ‘മുൻപിലേക്കുനോക്കിക്കൊണ്ടാണ്.’ പ്രകൃതി ജീവനുള്ളവയെ വരുന്നവരെന്നും പോകുന്നവരെന്നും രണ്ടു ചേരിയാക്കിപ്പിരിക്കുന്നു. പോകുന്നവർ ഇരുട്ടിലേക്കഭിമുഖമായി നടക്കുന്നു, വരുന്നവർ വെളിച്ചത്തിലേക്കും. അപ്പോൾ വയസ്സന്മാരെസ്സംബന്ധിച്ചേടത്തോളം അപായകരവും ചെറുപ്പക്കാരെസ്സംബന്ധിച്ചേടത്തോളം അനൈച്ഛികവുമായ ഒരഗാധകുണ്ഡം ഉണ്ടായിത്തീരുന്നു. ആദ്യത്തിൽ അറിയാൻ വയ്യാതെ കിടക്കുന്ന ഈ വിടവു ക്രമത്തിൽ, എല്ലാ മരച്ചില്ലകളുടേയും വേർതിരിവുപോലെ വിസ്താരം വെച്ചുവരും. മരത്തടിയോട് യാതൊരു വിധത്തിലും മുഷിഞ്ഞിട്ടല്ലാതെ കൊമ്പുകൾ ഓരോ ഭാഗത്തേക്കായി അതിൽനിന്നു വളർന്നു പിരിയുന്നു. അതവയുടെ കുറ്റമല്ല. യൗവ്വനം, എവിടെ സന്തോഷമുണ്ടോ ആഘോഷങ്ങളുണ്ടോ തെളിവുകളുണ്ടോ അനുരാഗമുണ്ടോ അങ്ങോട്ടു പോകുന്നു. വാർദ്ധക്യം അവസാനത്തിലേക്കും. അവർ അന്യോന്യം കാണൽ ഇല്ലെന്നു വെയ്ക്കുന്നില്ല; പക്ഷേ, തമ്മിൽ സംബന്ധമില്ലാതാവുന്നു, ചെറുപ്പക്കാർ ജീവിതത്തിന്റെ തണുപ്പിക്കലനുഭവിക്കുന്നു; വയസ്സന്മാർ ശവക്കുഴിയുടേയും. നമുക്കു ഈ സാധുക്കുട്ടികളെ കുറ്റപ്പെടുത്താതിരിക്കുക.

5.7.2
എണ്ണ വറ്റിയ വിളക്കിന്റെ പടുതിരി കത്തൽ

ഒരു ദിവസം, ഴാങ് വാൽഴാങ് കോണിയിറങ്ങി തെരുവിലേക്കു രണ്ടുമൂന്നടി വെച്ച്, ഒരു കട്ടിളക്കാലിന്മേൽ-ജൂൺ 5-നു രാത്രി ഗവ്രോഷ് അയാളെ മനോരാജ്യത്തിൽ മുങ്ങിയിരിക്കുന്നതായിക്കണ്ട ആ കട്ടിളക്കാലിന്മേൽത്തന്നെ—ഇരിപ്പായി; അയാൾ കുറേ നിമിഷത്തോളം അവിടെയിരുന്നു, വീണ്ടും മുകളിലേക്കു കയറിപ്പോയി. ഇതു ഘടികാരക്കട്ടിയുടെ ഒടുവിലത്തെ ആട്ടമാണ്. പിറ്റേ ദിവസം അയാൾ തന്റെ മുറി വിട്ടിട്ടില്ല. പിറ്റേ ദിവസം അയാൾ കിടക്കയിൽനിന്നെണീറ്റില്ല.

ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയോടുകൂടി കുറച്ചു മുട്ടക്കൂസ്സോ ഉരുളക്കിഴങ്ങോ ആയിക്കഴിയുന്ന അയാളുടെ നിസ്സാരഭക്ഷണം തെയ്യാറാക്കാറുള്ള വാതില്ക്കാവല്ക്കാരി തവിട്ടുനിറത്തിലുള്ള മൺചട്ടിയിലേക്കു നോക്കി അത്ഭുതപ്പെട്ടു പറഞ്ഞു: ‘അപ്പോൾ എന്റെ നല്ലാളായ സാധുമനുഷ്യ, നിങ്ങൾ ഇന്നലെ യാതൊന്നും കഴിച്ചില്ലല്ലോ’

‘നിശ്ചയമായും ഉവ്വ്,’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു.

‘ചട്ടി നിറഞ്ഞുതന്നെയിരിക്കുന്നു.’

‘വെള്ളപ്പാത്രം നോക്കു; അതൊഴിഞ്ഞിരിക്കുന്നു.’

‘അതുകൊണ്ട് നിങ്ങൾ വെള്ളം കുടിച്ചു എന്നു തെളിഞ്ഞു; ഭക്ഷണം കഴിച്ചു എന്ന് അതുകൊണ്ടു വന്നില്ലല്ലോ?’

‘ശരി,’ ഴാങ് വാൽഴാങ് പറഞ്ഞു. ‘എനിക്കു വെള്ളത്തിനുമാത്രമേ വിശപ്പുണ്ടായുള്ളുവെങ്കിൽ?’

‘അതു ദാഹമാണ്; അതോടുകൂടി ഭക്ഷണവും ചെല്ലുന്നില്ലെങ്കിൽ അതിനു പനിയെന്നാണ് പേർ.’

‘നാളെ ഞാൻ ഭക്ഷണം കഴിക്കാം.’

‘അല്ലെങ്കിൽ ‘ത്രിത്വോത്സവ’ ദിവസം. എന്തുകൊണ്ട് ഇന്നില്ല? ‘ഞാൻ നാളെഭക്ഷണം കഴിക്കാം.’ ഇതാരെങ്കിലും പറയാറുണ്ടോ? എന്റെ ചട്ടിയൊന്നു തൊടുകകൂടി ചെയ്തിട്ടില്ലെന്ന്? എന്റെ നീളനുരുളക്കിഴങ്ങ് എന്തു രസമുണ്ട്!’

ഴാങ് വാൽഴാങ്ങ് ആ കിഴവിയുടെ കൈപിടിച്ചു: ‘ഞാനേല്ക്കുന്നു, ഞാൻ കഴിച്ചുകൊള്ളാം’, തന്റെ ദയാപൂർവ്വമായ സ്വരത്തിൽ അയാൾ പറഞ്ഞു.

‘എനിക്കിതിഷ്ടമില്ല.’ വാതില്ക്കാവല്ക്കാരി മറുപടി പറഞ്ഞു.

ഴാങ് വാൽഴാങ് ഈ നല്ലവളായ കിഴവിയെയല്ലാതെ ആരേയും കാണാറില്ല. പാരിസ്സിൽ ആരുംതന്നെ കടന്നുപോകാത്ത തെരുവും ആരുംതന്നെ കടന്നു ചെല്ലാത്ത വീടുമുണ്ട്. അയാൾ അത്തരം ഒരു തെരുവിൽ അത്തരം ഒരു വീട്ടിലായിരുന്നു.

പുറത്തേക്കു പോകുന്ന ഒരിക്കൽ, ഒരു ചെമ്പുകൊട്ടിയുടെ പീടികയിൽനിന്നു കുറച്ചു സൂ കൊടുത്തു ഒരു ചെറിയ ചെമ്പുകുരിശു വാങ്ങി അതയാൾ കട്ടിലിന്റെ അടുക്കലായി തൂക്കി. ആ തൂക്കുമരം എപ്പോഴും നോക്കിക്കാണാൻ നന്ന്.

ഒരാഴ്ച കഴിഞ്ഞു, ഴാങ് വാൽഴാങ് മുറിയിൽ ഒരു കാൽവെച്ചിട്ടില്ല. അയാൾ കിടക്കയിൽത്തന്നെയാണ്. വാതില്ക്കാവല്ക്കാരി തന്റെ ഭർത്താവോടു പറകയുണ്ടായി: ‘അതാ, മുകളിലുള്ള ആ നല്ലാൾ എണീയ്ക്കലില്ല, ഭക്ഷണം കഴിക്കലില്ല; അയാൾ ഇനിയധികം ഈടുനില്ക്കില്ല. അയാൾക്ക് എന്തോ വ്യസനമുണ്ട്, എന്തോ ഒന്നുണ്ട്. അയാളുടെ മകളുടെ വിവാഹം നന്നായില്ലെന്നാണെനിക്ക്; നിങ്ങളെന്തു പറഞ്ഞാലും അതു പോവില്ല.’

ഭർത്താവു തന്റെ ഗാർഹസ്ഥ്യസംബന്ധിയായ അധികാരപ്രഭവത്തെ കാണിക്കുന്ന സ്വരത്തിൽ മറുപടി പറഞ്ഞു: ‘അയാൾക്ക് പണമുണ്ടെങ്കിൽ, ഒരു വൈദ്യനെ വരുത്തട്ടെ. പണമില്ലെങ്കിൽ, പുറത്തേക്കുപോട്ടെ, വൈദ്യനെ കാണാഞ്ഞാൽ മരിക്കും, അതുതന്നെ.’

‘ഒരു വൈദ്യനെ വരുത്തിയാലോ?’

‘മരിക്കും.’

വാതില്ക്കാവല്ക്കാരി തന്റെ നിലം എന്നു പറയുന്നതിൽനിന്ന് ഒരു പഴയ കത്തികൊണ്ട് പുല്ലു വരണ്ടാൻ തുടങ്ങി; അലകു പൊട്ടിയതോടുകൂടി അവൾ പിറുപിറുത്തു; ‘ഇതു കഷ്ടം. നല്ല വൃത്തിയുള്ള ഒരു വയസ്സൻ! ഒരു കോഴിക്കുഞ്ഞിനെപ്പോലെ വെളുത്തിരിക്കുന്നു.’

ആ പ്രദേശത്തേക്കുള്ള വൈദ്യൻ അതിലെ കടന്നുപോകുന്നത് അവൾ കണ്ടു, അവൾ അദ്ദേഹത്തോടു മുകളിലേക്ക് വരാൻ ആവശ്യപ്പെട്ടു.

‘രണ്ടാം നിലയിലാണ്.’ അവൾ പറഞ്ഞു. ‘അങ്ങോട്ടു ചെല്ലുന്നേടത്താണ് ആ നല്ലാൾ ഒന്നനങ്ങുകകൂടി ചെയ്യുന്നില്ലാത്തതുകൊണ്ട്, വാതിൽ എപ്പോഴും തുറന്നിട്ടാണ്.’

വൈദ്യൻ ഴാങ് വാൽഴാങ്ങിനെ കണ്ടു; അയാളുമായി സംസാരിച്ചു. താഴത്തേക്കിറങ്ങിയപ്പോൾ വാതില്ക്കാവല്ക്കാരി അയാളോടു ചോദിച്ചു:

‘എങ്ങനെ?’

‘നിങ്ങളുടെ രോഗിക്കു തീരെ സുഖമില്ല.’

‘എന്താണ് രോഗം?’

‘എല്ലാമുണ്ട്, ഒന്നുമില്ല. ആകപ്പാടെ കണ്ടാൽ, അയാൾക്കിഷ്ടപ്പെട്ടിട്ടുള്ള ആരെയോ കാണാതായിട്ടുണ്ട്. ആളുകൾ അതുകൊണ്ടു ചത്തേക്കും.’

‘നിങ്ങളോടെന്തു പറഞ്ഞു?’

‘തനിക്കു യാതൊരു സുഖക്കേടുമില്ലെന്നാണ് എന്നോടു പറഞ്ഞത്,’

‘ഇനിയും വന്നുനോക്കുമോ?’

‘വരാം,’ വൈദ്യൻ മറുപടി പറഞ്ഞു. ‘പക്ഷേ, വേറെ ആരോ ഒരാൾകൂടി വരേണ്ടിവരും’

5.7.3
ഫുഷൽവാങ്ങിന്റെ വണ്ടി പൊന്തിച്ച ആൾക്ക് ഒരു തൂവൽ കനം കൂടി

ഒരു ദിവസം വൈകുന്നേരം കൈമുട്ടുകുത്തിയെണീക്കാൻ ഴാങ് വാൽഴാങ്ങിനു വയ്യാ, അയാൾ മണികണ്ഠത്തിൽ കൈ വെച്ചു നോക്കി, ചോരമിടിപ്പു കാണാനില്ല, അയാളുടെ ശ്വാസം കുറുകി, ഇടയ്ക്കു നിന്നുപോയി; മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത ക്ഷീണം തട്ടിയിട്ടുണ്ടെന്ന് അയാൾക്ക് തോന്നി. ഉടനേ, നിശ്ചയമായും എന്തോ മഹത്തായ ഒരു മനോരാജ്യത്തിന്റെ പ്രേരണകൊണ്ട് അയാൾ ബുദ്ധിമുട്ടി എഴുന്നേറ്റിരുന്ന് ഉടുപ്പിട്ടു. അയാൾ തന്റെ പഴയ കൂലിക്കാരൻ വേഷം ധരിച്ചു. പുറത്തേക്കു പോക്കു നിർത്തിയപ്പോൾ അയാൾ വീണ്ടും അതുതന്നെയെടുത്തു; അതാണ് അയാൾക്കിഷ്ടം. ഉടുപ്പിടുന്നതിനിടയ്ക്കു വളരെ തവണ അയാൾക്ക് നിർത്തേണ്ടിവന്നു; മാർക്കുപ്പായത്തിനിടയിലൂടെ കൈയിട്ടതുകൊണ്ട് വിയർപ്പു നെറ്റിത്തടത്തിൽനിന്ന് ഇറ്റിറ്റു വീണു.

തനിച്ചായപ്പോൾ അയാൾ കട്ടിൽ പിടിച്ചു തളത്തിലിട്ടു; ആ ഉപേക്ഷിക്കപ്പെട്ട മുറി കഴിയുന്നതും കുറച്ചുപയോഗിക്കാൻ നിശ്ചയിച്ചു.

അയാൾ യാത്രപ്പെട്ടി തുറന്നു കൊസെത്തിന്റെ ഉടുപ്പെടുത്തു. അതയാൾ കിടയ്ക്കയിൽ പരത്തി.

മെത്രാന്റെ മെഴുതിരിക്കാലുകൾ അടുപ്പിൻതിണ്ണമേൽ ഇരിക്കുന്നുണ്ട്. അയാൾ ഒരു വലിപ്പ് തുറന്നു രണ്ടു മെഴുതിരിയെടുത്തു ആ മെഴുതിരിക്കാലുകളിൽ തിരുകി. എന്നിട്ട് പകലായിരുന്നുവെങ്കിലും—അതു വേനല്ക്കാലമാണ് —അയാൾ അവയെ കൊളുത്തി. ഒരു ശവം കിടക്കുന്ന മുറിയിലും ഇങ്ങനെ പകൽസ്സമയത്ത് മെഴുതിരികൾ കത്തിച്ചുവെച്ചുകാണാം.

സാമാനങ്ങളിരിക്കുന്ന ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ഓരോ കാൽവെപ്പും അയാളെ ക്ഷീണിപ്പിച്ചിരുന്നു; അയാൾക്ക് ഇരിക്കേണ്ടിവന്നു. വീണ്ടും പുതുക്കാൻവേണ്ടിമാത്രം ശക്തിയില്ലാതാക്കുന്ന അത്തരം ക്ഷീണമല്ലായിരുന്നു അത്; അയാൾക്ക് അനങ്ങാനുള്ള കഴിവിന്റെ അവസാനഭാഗമായിരുന്നു അത്. കലശലായ അധ്വാനത്തിൽ തുള്ളിതുള്ളിയായി ഒഴുകിപ്പോകുന്നതും പിന്നെ ഒരിക്കലും തിരിച്ചുകിട്ടാനുള്ളതല്ലാത്തതുമായ ആയുസ്സിന്റെ വറ്റിപ്പോകലായിരുന്നു അതു്.

അയാൾ ചെന്നുവീണ കസാല, അയാൾക്ക് അത്രമേൽ അപായകരവും മരിയുസ്സിന് അത്രമേൽ അനുഗ്രഹപരവുമായി കൊസെത്തിന്റെ ഒപ്പുകടലാസ്സു പുസ്തകത്തിലെ എഴുത്ത് മറിച്ചാക്കിക്കാണിച്ചുകൊടുത്ത ആ കണ്ണാടിയുടെ മുൻപിലായിരുന്നു. ആ കണ്ണാടിയിൽ അയാൾ തന്നെക്കണ്ടു; ആളെ അറിഞ്ഞില്ല അയാൾക്ക് എൺപതു വയസ്സായി; മരിയുസ്സിന്റെ വിവാഹത്തിനു മുൻപു് അയാൾക്കു് ഒരമ്പതു വയസ്സ് തോന്നില്ലായിരുന്നു; ആ കൊല്ലംകൊണ്ടു മുപ്പതു വയസ്സു കൂടി. അയാളുടെ നെറ്റിയിലുള്ള പ്രായാധിക്യത്തിന്റെ ചുക്കിച്ചുളി വല്ലാതായി. അത് മരണത്തിന്റെ നിഗൂഢമുദ്രയായിത്തീർന്നു. ആ നിർദ്ദയമായ നഖത്തിന്റെ കുഴി അതിലുണ്ട്. അയാളുടെ കവിളുകൾ ആടിത്തുടങ്ങി; മണ്ണു പറ്റിക്കഴിഞ്ഞു എന്ന് തോന്നുമാറുമുള്ള ഒരു വർണ്ണഭേദം അയാളുടെ മുഖത്തൊലിയിൽപ്പിടിച്ചു; പണ്ടുള്ളവർ ശവക്കല്ലറയിൽ കൊത്തിയിടാറുള്ള പാഴ്മോന്തയിലെപ്പോലെ വായയുടെ രണ്ടറ്റങ്ങളും തൂങ്ങി. അയാൾ ഒരു ശകാരിക്കുന്ന മട്ടിൽ ശൂന്യതയിലേക്കു സൂക്ഷിച്ചുനോക്കി; ആരെയോ ഒരാളെപ്പറ്റി ആവലാതി പറയാൻ കാരണമുള്ള ആ വ്യസനകരങ്ങളായ വിശിഷ്ടസത്ത്വങ്ങളിലൊന്നായി അയാൾ എന്നു പറയാം.

ആശാംഭംഗത്തിന്റെ അവസാനഘട്ടത്തിലായി, വ്യസനം പുറത്തേക്കൊഴുകാതാവുന്ന ആ ഒരു നിലയിലായി, ആ മനുഷ്യൻ; വ്യസനം കട്ടപിടിച്ചു എന്നു പറയട്ടെ; ആത്മാവിൽ ഒരു നിരാശതയുടെ കട്ടപോലെ എന്തോ ഒന്നുണ്ട്.

രാത്രിയായി, അയാൾ ബുദ്ധിമുട്ടി ഒരു മേശയും പഴയ ചാരുകസാലയും വലിച്ചു തിയ്യിനോടടുപ്പിച്ചിട്ടു; ആ മേശപ്പുറത്ത് ഒരു തൂവലും മഷിയും കുറച്ചു കടലാസ്സും നിരത്തി.

അതോടുകൂടി അയാൾ മോഹാലസ്യപ്പെട്ടു. അയാൾക്ക് ബോധം വന്നപ്പോൾ വല്ലാത്ത ദാഹമുണ്ടായിരുന്നു. പിടിപ്പാത്രം എടുത്തു പൊന്തിക്കാൻ ശക്തിയില്ലാതിരുന്നതുകൊണ്ട് അത് വേദനയോടുകൂടി ചുണ്ടത്തു തൊടുവിച്ച് ഒരിറക്കു വെള്ളം കുടിച്ചു.

മഷിയോ തൂവലോ വളരെക്കാലമായി ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട്, തൂവലിന്റെ മുന ചുരുണ്ടിരിക്കുന്നു. മഷി വറ്റിയിരിക്കുന്നു; അയാൾക്ക് എഴുന്നേറ്റ് ആ മഷിക്കുപ്പിയിൽ കുറച്ചു വെള്ളമൊഴിക്കേണ്ടി വന്നു; അതു ചെയ്യാൻ അയാൾ രണ്ടോ മൂന്നോ തവണ ഇടയ്ക്ക് ഇരുന്നു; തൂവലിന്റെ പിൻപുറംകൊണ്ടെഴുതേണ്ടതായി. ഇടയ്ക്കിടയ്ക്ക് അയാൾ നെറ്റി തുടച്ചു.

എന്നിട്ട് അയാൾ കിടയ്ക്കയിലേക്കു തിരിഞ്ഞു; ഇരുന്നുകൊണ്ടുതന്നെ—അയാൾക്ക് നില്ക്കാൻ വയ്യാ—ആ കറുത്ത ചെറുമേലങ്കിയും മറ്റു പ്രിയപ്പെട്ട സാധനങ്ങളും സൂക്ഷിച്ചുനോക്കി.

ഈ നോക്കിക്കാണൽ മണിക്കൂറുകളോളമുണ്ടായി; എങ്കിലും നിമിഷങ്ങളായി തോന്നി.

പെട്ടെന്ന് അയാൾ വിറച്ചു; ഒരു കുട്ടി വന്നു പിടികൂടിയപോലെ അയാൾക്കു തോന്നി. അയാൾ മെത്രാന്റെ മെഴുതിരിക്കാലുകളിരുന്നു കത്തുന്ന മേശപ്പുറത്തു കൈമുട്ടു കുത്തി തൂലെടുത്തു. അയാളുടെ കൈ വിറച്ചു. അയാൾ താഴെ കാണുന്ന ചില വരികൾ പതുക്കെയെഴുതി.

‘കൊസെത്ത്, നിനക്കു നന്നായിവരട്ടെ. ഞാൻ നിന്നോടു വിവരം പറഞ്ഞുതരാൻ പോകുന്നു. ഞാൻ പൊയ്ക്കൊള്ളണമെന്ന് നിന്റെ ഭർത്താവ് എന്നെ മനസ്സിലാക്കിയതു നന്നായി; പക്ഷേ, അദ്ദേഹം ചെയ്തത് ശരിയാണെങ്കിലും, വിശ്വസിച്ചതിൽ അല്പം അബദ്ധമുണ്ട്. അദ്ദേഹം നല്ലാളാണ്. ഞാൻ മരിച്ചാലും അദ്ദേഹത്തെ നീ നല്ലപോലെ സ്നേഹിക്കുക. മൊസ്യു പൊങ്മേർസി, എന്റെ കുട്ടിയെ നല്ലവണ്ണം സ്നേഹിക്കണേ. കൊസെത്ത്, ഈ കടലാസ്സ് നീ കാണും; ഇതാണ് എനിക്കു നിന്നോട് പറയാനുള്ളത്; എനിക്കോർമ്മിക്കാൻ ശക്തിയുണ്ടെങ്കിൽ കണക്ക് ഇതിൽ കാണും; കേൾക്കു, ഈ പണം നിന്റെയാണ്. ഇതാണ് ആകെയുള്ള കാര്യം. വെളുത്ത അമ്പർ നോർവെയൽനിന്നു വരുന്നു, കറുത്ത അമ്പർ ഇംഗ്ലണ്ടിൽനിന്നു വരുന്നു. കറുത്ത സ്ഫടികാഭരണങ്ങൾ ജർമ്മനിയിൽനിന്നു വരുന്നു. ജർമ്മനിയിലെന്നപോലെ ഫ്രാൻസിലും അത്തരമുണ്ടാക്കാം. രണ്ടിഞ്ചു ചതുരത്തിലുള്ള ഒരു ചെറിയ അടകല്ലും മെഴു ഉരുക്കാൻ മദ്യം പകർന്നു കത്തിക്കുന്ന ഒരു വിളക്കും മാത്രമേ വേണ്ടൂ. മരക്കറയും വിളക്കുമഷിയും കൂടിയാണു് പണ്ടു് മെഴുവുണ്ടാക്കിയിരുന്നതു്; അതിനു് റാത്തൽക്കു നാലു ലിവർ ചെലവു വരും. ഞാനതു പച്ച അരക്കും പയിനെണ്ണയും കൂട്ടിയുണ്ടാക്കാനുള്ള ഒരു വഴി കണ്ടുപിടിച്ചു. അതിന് മുപ്പതു സൂവിലധികം വില വരില്ല, മറ്റതിനെക്കാൾ നന്നുതാനും. ഒരു ഊതച്ചില്ലുകൊണ്ടു കറുത്ത ഒരിരിമ്പിൻപണിയിന്മേൽ ഈ മെഴുകൊണ്ട് ഒട്ടിച്ചുപിടിപ്പിച്ച് പട്ടപ്പൂട്ടുണ്ടാക്കാം. ഇരിമ്പാഭരണങ്ങൾക്കു ചില്ല് ഊതയായിരിക്കണം; സ്വർണ്ണാഭരണങ്ങൾക്കു കറുത്തതും. സ്പെയിൻ ഇതു ധാരാളം വാങ്ങും. അത് അമ്പറിന്റെ രാജ്യമാണു്…

ഇവിടെ അയാൾ നിർത്തി, തൂവൽ അയാളുടെ കൈയിൽനിന്നു വീണു; ചിലപ്പോൾ അയാളുടെ അഗാധതയിൽനിന്നു പൊന്തിപ്പുറപ്പെടുന്ന അത്തരം തേങ്ങലുകൾ അയാളെ ബാധിക്കും; ആ സാധുമനുഷ്യൻ രണ്ടു കൈകൊണ്ടും തലയമർത്തി, ഇരുന്നു മനോരാജ്യം വിചാരിച്ചു.

‘ഹാ!’ അയാൾ ഉള്ളിൽവെച്ചുതന്നെ ഉറക്കെപ്പറഞ്ഞു (ഈശ്വരൻ മാത്രം കേൾക്കുന്ന ദയനീയങ്ങളായ നിലവിളികൾ), ‘എല്ലാം കഴിഞ്ഞു. ഞാനിനി അവളെ കാണില്ല. അവൾ എന്റെ മീതേ പോയ ഒരു പുഞ്ചിരിയാണ്. അവളെ ഇനി കാണുകകൂടി ചെയ്യാതെ ഞാൻ രാത്രിയിലേക്കു മുങ്ങാൻ പോകുന്നു. ഹാ! ഒരു നിമിഷം, ഒരു ക്ഷണം, അവളുടെ ഒച്ച കേൾക്കുക, അവളുടെ ഉടുപ്പുതൊടുക, അവളെ, ആ ദേവസ്ത്രീയായ അവളെ, നോക്കിക്കാണുക! എന്നിട്ട് മരിച്ചോട്ടെ! മരിക്കുന്നതിൽ ഒന്നുമില്ല; അവളെ കാണാതെ മരിക്കുന്നതാണ് സങ്കടം! അവൾ എന്നോടു പുഞ്ചിരിക്കൊള്ളും. അവൾ എന്നോട് ഒരു വാക്കുപറയും, അതുകൊണ്ട് ആർക്കെങ്കിലും ഒരുപദ്രവം തട്ടാനുണ്ടോ? ഇല്ല, എല്ലാം കഴിഞ്ഞു, എന്നെന്നെയ്ക്കും. ഞാനിതാ തനിച്ചുണ്ടിവിടെ. എന്റെ ഈശ്വര! എന്റെ ഈശ്വര! ഞാനവളെ ഇനി കാണില്ല!

ആ സമയത്തു വാതില്ക്കൽ ഒരു മുട്ടു കേട്ടു.

5.7.4
വെളുപ്പിക്കാൻമാത്രം കഴിഞ്ഞ ഒരു കുപ്പിമഷി

അന്നേ ദിവസം കുറേക്കൂടി ശരിയാക്കിപ്പറഞ്ഞാൽ, അന്നേദിവസം വൈകുന്നേരം, മരിയുസ് ഭക്ഷണമേശയ്ക്കൽനിന്നു പോയി. ഒരു കേസ്സു നോക്കാനുള്ളതുകൊണ്ടു വായനമുറിയിലേക്കു കടക്കാൻ തുടങ്ങുമ്പോൾ, ബസ്ക് ഇങ്ങനെ പറഞ്ഞും കൊണ്ട് ഒരു കത്ത് കൈയിൽക്കൊടുത്തു: ഈ എഴുത്തെഴുതിയ ആൾ തളത്തിലുണ്ട്.’

കൊസെത്ത് മുത്തച്ഛന്റെ കൈയും പിടിച്ചു തോട്ടത്തിൽ ലാത്തുകയാണ്.

ഒരാൾക്കെന്നപോലെതന്നെ ഒരു കത്തിനും കാഴ്ചയിൽ അനിഷ്ടം തോന്നിക്കുന്ന ഒരു മട്ടുണ്ടാവാം, പരുക്കൻകടലാസ്സ് പരുക്കൻമട്ടിൽ മടക്കി—ചില കത്തു കണ്ടാൽത്തന്നെ ഒരു രസമില്ലായ്മ തോന്നും.

ബസ്ക് കൊണ്ടുവന്ന കത്ത് ഇത്തരത്തിലായിരുന്നു.

മരിയുസ് അതു വാങ്ങി, അതിനു പുകയിലനാറ്റമുണ്ട്. നാറ്റംപോലെ ഓർമ്മയെ ഉണർത്തിവിടുന്ന മറ്റൊന്നുമില്ല. മരിയുസ്സിന് ആ പുകയില മനസ്സിലായി. അയാൾ മേൽവിലാസം നോക്കി. ‘മൊസ്യു ല് ബാറൺ പൊമ്മേർസീ അവർകൾക്കു് സ്വന്തം ഹോട്ടലിൽ.’ പുകയില മനസ്സിലായതോടുകൂടി കൈയക്ഷരവും അയാൾ കണ്ടറിഞ്ഞു. അമ്പരപ്പിന്റെ വകയായി മിന്നലാട്ടങ്ങളുണ്ടെന്നു പറയട്ടെ.

മരിയുസ് അത്തരം ഒരു മിന്നൽ തട്ടിത്തെളിഞ്ഞു എന്നു തോന്നും.

ആ നാറ്റം, സ്മരണയുടെ ആ നിഗൂഢമിത്രം ഒരു ലോകത്തെ മുഴുവനും അയാളുടെ ഉള്ളിൽ തുറന്നുകാട്ടി. കടലാസ്സു, മടക്കിന്റെ രീതി, മഷിയുടെ മങ്ങിയ നിറം, എല്ലാം അതുതന്നെ, സംശയമില്ല; ആ നല്ലറിവുള്ള കൈയക്ഷരംതന്നെ; വിശേഷിച്ചു പുകയിലയും അതുതന്നെ.

ഴൊൻദ്രെത് തട്ടിൻപുറം അയാളുടെ മനസ്സിലുദിച്ചു.

അങ്ങനെ, യദൃച്ഛാസംഭവത്തിന്റെ അത്ഭുതഗതി! അയാൾ അത്രമേൽ സശ്രദ്ധമായന്വേഷിക്കുന്ന രണ്ടു വിവരങ്ങളിലൊന്ന്, വളരെയധികം ശ്രമം ചെയ്തിട്ടു നേരെയാവുന്നൊന്നല്ലെന്നു കരുതിയിരിപ്പായിരുന്ന ആ ഒന്ന്, അതിന്റെ സ്വന്തം മനസ്സാലെ, അതാ, അയാളുടെ മുൻപിൽ വന്നു നില്ക്കുന്നു.

അയാൾ ഉൽക്കണ്ഠയോടുകൂടി അരക്കു പൊട്ടിച്ചു വായിച്ചു:

‘മൊസ്യു ല് ബാറൺ: ജഗതീശ്വരൻ എനിക്കു സാമർത്ഥ്യം തന്നിരുന്നുവെങ്കിൽ ഞാൻ, ബാറൺ തെനാർ, പണ്ഡിതയോഗാംഗം (പ്രകൃതിശാസ്ത്രപണ്ഡിതയോഗം) ആയേനേ; പക്ഷേ, അതുണ്ടായില്ല. എനിക്കദ്ദേഹത്തിന്റ പേരുണ്ടെന്നു മാത്രമേയുള്ളു; ഈ ഓർമ്മ എന്നെ താങ്കളുടെ ദെയക്ക് അർഹനാക്കിയെങ്കിൽ ഭാഗ്യം. താങ്കൾ എനിക്ക് അതുകൊണ്ടു ചെയ്യുന്ന ഉപകാരം അന്ന്യോന്ന്യമായിരിക്കും. ഒരാളെപ്പറ്റി എനിക്കു ചില ഗൂഢകാര്യങ്ങളറിയാം. ആ ആൾ താങ്കളുടെയാണ്. താങ്കൾക്ക് ഒരു ഉപകാരിയാവുക എന്ന ബെഹുമതി കിട്ടാൻ ആ രെഹസ്യകാര്യം ഞാൻ അങ്ങയുടെ കാല്ക്കൽ വെക്കുന്നു. മദാം ലബരോന്ന് ഒരു വലിയ കുലീനയായതുകൊണ്ടു താങ്കളുടെ ബെഹുമാനപ്പെട്ട കുടുംബത്തിൽ കൂടാൻ ഒരവകാശവുമില്ലാത്ത ആ മനുഷ്യനെ അവിടെനിന്നാട്ടിയയക്കാനുള്ള എളുപ്പവഴി ഞാനുണ്ടാക്കിത്തരും. വാഴ്ചയൊഴിയേണ്ടിവരാതെ സൗശീല്യത്തിന്റെ ദിവ്യസ്താനത്തിനു ദുഷ്പ്രവർത്തിയോടു സംസർഗ്ഗം ചെയ്യാൻ സാധിക്കില്ല!

അവിടുത്തെ കല്പന കേൾക്കാൻ ഞാൻ തളത്തിൽ കാത്തിരിക്കുന്നു ബഹുമതിയോടുകൂടി.’

കത്തിൽ ഒപ്പിട്ടിരുന്നതു ‘തെനാർ’ എന്നാണ്.

ഒപ്പു കള്ളൊപ്പല്ല. നീളം അല്പം കുറച്ചു എന്നേയുള്ളു.

പിന്നെ വേണ്ടാത്ത വാക്കുകളും ലിപിന്യാസത്തിന്റെ മട്ടുംകൂടി ആളെ തികച്ചും വെളിപ്പെടുത്തി. ജനനസർട്ടിഫിക്കെറ്റ് മുഴുമിച്ചു.

മരിയുസ് കലശലായി ക്ഷോഭിച്ചു. ആദ്യത്തെ അമ്പരപ്പിനുശേഷം അയാൾക്കൊരു സുഖം തോന്നി. ഇനി അയാൾ അന്വേഷിച്ചുവരുന്ന മറ്റാളെക്കൂടി—അയാളെ. മരിയുസ്സിനെ രക്ഷപ്പെടുത്തിയ ആ ഒരാളെക്കൂടി— കണ്ടുകിട്ടിയാൽ പിന്നെയൊന്നും കൈവരേണ്ടതില്ല.

അയാൾ തന്റെ മേശപ്പെട്ടിയുടെ വലിപ്പു തുറന്നു, കുറേ നോട്ടെടുത്തു കീശയിലിട്ടു. മേശപ്പെട്ടിയടച്ചു, മണിയടിച്ചു. ബസ്ക് വാതിൽ പകുതി തുറന്നു.

‘ആ വന്നാളെ ഇങ്ങോട്ടു വിളിക്ക്,’ മരിയുസ് പറഞ്ഞു.

ബസ്ക് അറിയിച്ചു; ‘മൊസ്യു തെനാർ.’

ഒരു മനുഷ്യൻ അകത്തേക്കു കടന്നു.

മരിയുസ്സിനു മറ്റൊരത്ഭുതം, ആ വന്ന മനുഷ്യൻ അയാൾക്കു തീരെ അപരിചിതൻ

എന്നല്ല, വയസ്സനായിരുന്ന ആ മനുഷ്യന്ന് ഒരു തടിച്ച മൂക്കാണ്, കവിൾ ഒരു കണ്ഠവസ്ത്രംകൊണ്ടു ചുറ്റിയിരിക്കുന്നു, പച്ചപ്പട്ട് ഇരട്ട മടക്കാക്കി മറയിട്ട ഒരു പച്ചക്കണ്ണട വെച്ചിട്ടുണ്ട്. ‘അവസ്ഥക്കാരു’ടെ ഇടയിലുള്ള ഇംഗ്ലീഷ് വണ്ടിക്കാരുടെ പാഴ്മുടിപോലെ പുരികത്തിനൊപ്പം നെറ്റിയിൽ തലമുടി എണ്ണയിട്ടു പരത്തിവെച്ചിരിക്കുന്നു. അയാളുടെ തലമുടി നരച്ചിരുന്നു. അയാൾ അടിമുതൽ മുടിവരെ കറുത്ത വേഷത്തിലാണ്. ശീല പിന്നിപ്പൊളിഞ്ഞിരുന്നുവെങ്കിലും വൃത്തിയുള്ള ഉടുപ്പ്, ഗഡിയാൾക്കീശയിൽനിന്നു തൂങ്ങിക്കിടക്കുന്ന മുദ്രക്കൂട്ടം ഒരു ഗഡിയാളുണ്ടാവാമെന്നു സൂചിപ്പിക്കുന്നു. അയാൾ ഒരു പഴയ തൊപ്പി കൈയിൽപ്പിടിച്ചിട്ടുണ്ട്! കൂന്നിട്ടായിരുന്നു നടത്തം; നട്ടെല്ലിന്റെ വളവ് അയാളുടെ വണക്കത്തിന്നുള്ള അഗാധതയെ വർദ്ധിപ്പിച്ചു.

കാണുന്നവർക്ക് ഒന്നാമതായി തോന്നുക, സനിഷ്കർഷമായി കുടുക്കിട്ടു മുറുക്കിയിട്ടുണ്ടെങ്കിലും വലുപ്പക്കൂടുതലുള്ള ആ മനുഷ്യന്റെ പുറംകുപ്പായം അയാൾക്കായി തുന്നിച്ചതല്ലെന്നുള്ളതാണ്.

ഇവിടെ ഒരു കാര്യം പറഞ്ഞുവെക്കേണ്ടിവരുന്നു.

അക്കാലത്ത് റ്യൂ ബോത്രേല്ലിറിൽ, ആയുധശാലയ്ക്കടുത്തായി, ഒരു സമർത്ഥനായ യഹൂദൻ താമസിച്ചിരുന്നു; അയാളുടെ ഉദ്യോഗം കള്ളന്മാരെ മര്യാദക്കാരായി വേഷം മാറ്റുകയാണ്. അധികനേരത്തേക്ക് ആ മാറ്റം നില്ക്കില്ല; കള്ളന്ന് അത് സംഭ്രമകരമായിരുന്നു. മാറ്റം കാഴ്ചയിലേ ഉള്ളു. ഒന്നോ രണ്ടോ ദിവസത്തേക്ക്; ഒരു ദിവസത്തേക്കു മുപ്പതു സൂ ചെലവ്; എന്നാൽ ലോകത്തിൽ സാമാന്യമായുള്ള മര്യാദയുടെ ഛായ കഴിയുന്നതും കൈവരുത്തുന്ന ഒരുടുപ്പും കൊടുക്കും. ആ ഉടുപ്പുപണിക്കാരന്നു പേർ ‘വേഷംമാറ്റി’ എന്നാണ്; പാരിസ്സിലെ കീശത്തപ്പികൾ അയാൾക്ക് ഈ പേരു കൊടുത്തു; അതുകൊണ്ടു മാത്രമേ അവർക്കയാളെ അറിയാവു. അയാളുടെ പക്കൽ സാമാന്യം കൊള്ളാവുന്ന ഒരു ചമയലളുമാറിയുണ്ട്. അയാൾ ആളുകളെ ഉടുത്തുകെട്ടിച്ചയച്ചിരുന്ന കീറത്തുണികൾ ഏതാണ്ട് വിശ്വാസജനകങ്ങളാണ്. അയാളുടെ വശം സവിശേഷസാധനങ്ങളും വർഗ്ഗഭേദങ്ങളുമുണ്ട്; അയാളുടെ പീടികയിലെ ഓരോ ആണിമേലും ഒരു സാമുദായികസ്ഥാനം ഇഴപിഞ്ഞി ഉപയോഗിച്ചു പഴകി തൂങ്ങിനില്ക്കുന്നു; ഇവിടെ ഒരു ന്യായാധിപന്റെ വേഷം, അവിടെ ഒരു മതാചാര്യന്റെ ഉടുപ്പ്, അപ്പുറത്ത് ഒരു ഉണ്ടികക്കച്ചവടക്കാരന്റെ ഉടുപ്പ്, ഒരു മൂലയിൽ ഉദ്യോഗത്തിൽനിന്നു പിരിഞ്ഞ ഒരു പട്ടാളക്കാരന്റെ ഉടുചമയം, മറ്റൊരിടത്ത് ഒരു സാഹിത്യകാരന്റെ ഭംഗിവേഷം, കുറേക്കൂടി അപ്പുറത്ത് ഒരു രാജ്യതന്ത്രജ്ഞന്റെ വേഷാഡംബരം.

കള്ളത്തരം പാരിസ്സിൽവെച്ചു നടത്തിപ്പോരുന്ന വമ്പിച്ച നാടകത്തിനു വേഷമൊരുക്കിക്കൊടുക്കുന്നത് ഈ സത്ത്വമാണ്. മോഷണം പുറത്തേക്കു വരികയും വികൃതിത്തം മടങ്ങിച്ചെല്ലുകയും ചെയ്യുന്ന അണിയറ അയാളുടെ മടയാണ്. ഒരു കീറത്തുണിവേഷക്കാരൻ കുള്ളൻ അയാളുടെ ചമയൽമുറിയിലേക്കു ചെല്ലും, മുപ്പതു സു മേശപ്പുറത്തു വെയ്ക്കും, അവൻ എന്തു വേഷം അഭിനയിക്കാനാണോ വെച്ചിട്ടുള്ളത് അതിനു പറ്റിയ ചമയലുടുപ്പ് തിരഞ്ഞെടുക്കും, ഇറങ്ങിപ്പോരും—അതാ ആൾ മാറിക്കഴിഞ്ഞു. പിറ്റേ ദിവസം ആ ഉടുപ്പു കണിശമായി തിരിച്ചെത്തിക്കും. കള്ളന്മാരുടെ കൈയിൽ സകലവും വിശ്വസിച്ചേല്പിച്ചിട്ടുള്ള ‘വേഷം മാറ്റി’യെ ആരും തോല്പിച്ചിട്ടില്ല. ഈ ഉടുപ്പുകൾക്ക് ഒരു തകരാറുമാത്രമുണ്ട്, ‘പാകമാവില്ല’. ഉപയോഗിക്കുന്നവർക്കുവേണ്ടി ഉണ്ടാക്കപ്പെട്ടവയല്ലാത്തതുകൊണ്ട്, അവ ചിലർക്കു കുടുക്കായിരിക്കും, ചിലർക്കേറിയിരിക്കും, ഒരാൾക്കും യോജിക്കില്ല. മനുഷ്യരുടെ സാമാന്യമായ ഉയരത്തിൽനിന്നു കുറയുകയോ ഏറുകയോ ചെയ്യുന്ന ഏതു കീശതപ്പിയും ‘വേഷം മാറ്റി’ യുടെ ഉടുപ്പിടാൻ ഞെരുങ്ങിപ്പോവും. ആരും അധികം തടിച്ചു എന്നോ അധികം മെലിഞ്ഞു എന്നോ വരാൻ പാടില്ല. ‘വേഷംമാറ്റി’ സാധാരണജനങ്ങളുടെ കാര്യം മാത്രമേ കരുതിയിട്ടുള്ളു. ആദ്യം കൈയിൽക്കിട്ടിയ ഒന്നാമത്തെ കള്ളനെ പിടിച്ചുനിർത്തി—അവൻ തടിച്ചവനോ മെലിഞ്ഞവനോ നീണ്ടവനോ കുറിയവനോ അല്ല—അവനെക്കൊണ്ട് ആ വർഗ്ഗത്തിന്റെ മുഴുവനും അളവെടുത്തിരിക്കയാണ്. അതുകൊണ്ട് യോജിപ്പിച്ചു പോവാൻ പ്രയാസമായി; ‘വേഷംമാറ്റി’യുടെ കക്ഷികൾ വല്ലവിധത്തിലും അതൊപ്പിച്ചുമാറും, അത്രയേ ഉള്ളു. അതുകൊണ്ട് വ്യത്യസ്തരുടെ കാര്യം കുഴപ്പത്തിലായി. ഉദാഹരണത്തിന്, കഴുത്തുമുതൽ കാലടിവരെ കറുപ്പുനിറത്തിലുള്ളതും അതുകൊണ്ട യോജിപ്പുള്ളതുമായ ഒരു രാജ്യതന്ത്രജ്ഞന്റെ ഉടുപ്പു പിറ്റിനു വലുപ്പം കൂടുകയും കസ്തെലിക്കലയ്ക്കു വലുപ്പം കുറയുകയും ചെയ്യുന്നു. ഒരു രാജ്യത്രന്തജ്ഞന്റെ ഉടുപ്പ് ‘വേഷം മാറ്റി’യുടെ സാമാനവിവരപ്പട്ടികയിൽ ഇങ്ങനെ വിവരിച്ചിട്ടുണ്ട്; ഞങ്ങൾ പകർക്കാം:

‘ഒരു കറുപ്പുതുണിപ്പുറംകുപ്പായം, കറുത്ത രോമത്തുണിക്കാലുറ, ഒരു പട്ടുമാർക്കുപ്പായം, ബൂട്ടുസ്സുകൾ, അടിക്കുപ്പായം.’ വക്കത്തെഴുതിയിട്ടുണ്ട്. പണിയിൽ നിന്നു പിരിഞ്ഞ രാജപ്രതിനിധി അതോടുകൂടി ഒരു കുറിപ്പും— അതു ഞങ്ങൾ പകർത്താം: ‘വേറേ ഒരു പെട്ടിയിൽ, വൃത്തിയിൽ ചുരുളിട്ട പാഴ്മുടി, പച്ചക്കണ്ണടകൾ, മുദ്രക്കൂട്ടം, ഒരിഞ്ചുനീളത്തിൽ പരുത്തിയിൽ ചുറ്റിപ്പൊതിഞ്ഞ രണ്ടു ചെറുതൂവലുകളും.’ ഇതെല്ലാം രാജ്യതന്ത്രജ്ഞന്നു, പണിയിൽനിന്നു പിരിഞ്ഞ രാജപ്രതിനിധിക്ക്, ഉള്ളതാണ്. ഈ ചമയലുടുപ്പു മുഴുവനും, ഞങ്ങൾക്കങ്ങനെ പറയാമെങ്കിൽ പ്രായം ചെന്നതാണ്; തുന്നുകൾ വെളുത്ത്, ഒരു മങ്ങിയ കുടുക്കിൻദ്വാരം കൈമുട്ടുകളിലൊന്നിൽ വായുംപിളർന്നു നില്ക്കുന്നുണ്ട്; എന്നല്ല, പുറംകുപ്പായക്കുടുക്കുകളിൽ മാറത്തുള്ള ഒന്നു കാണാനില്ല; പക്ഷേ, ഇതൊരു ചില്ലറക്കാര്യം മാത്രമാണ്; രാജ്യതന്ത്രജ്ഞന്റെ കൈ എപ്പോഴും കുപ്പായത്തിനുള്ളിൽ തിരുകിയിരിക്കുകയോ മാറത്തു വെച്ചിരിക്കുകയോ ആകകൊണ്ട് അതിന്റെ പ്രവൃത്തി ആ പോയ കുടുക്കിനെ മറയ്ക്കുകയാണല്ലോ. പാരിസ്സിലെ ഗോപ്യസ്ഥാനങ്ങളുമായി മരിയുസ് പരിചയപ്പെട്ടിരുന്നുവെങ്കിൽ ബസ്ക് ആ വിളിച്ചുകൊണ്ടുവന്ന മനുഷ്യന്റെ മേലുള്ളതു ‘വേഷംമാറ്റി’യുടെ ആ തോന്നിയതാക്കുന്ന പീടികയിൽനിന്നു കടം മേടിച്ച രാജ്യതന്ത്രജ്ഞ വേഷമാണെന്നു ക്ഷണത്തിൽ മനസ്സിലായേനേ.

കാണുമെന്നു വിചാരിച്ചിരുന്ന ആളെയല്ലാതെ മറ്റൊരാളെ കണ്ടതുകൊണ്ടുണ്ടായ മരിയുസ്സിന്റെ ആശാഭംഗം പുതുതായി വന്ന ആളുടെ ദോഷത്തിന്നായി

ആ മനുഷ്യൻ കലശലായ ഉപചാരം ഭാവിക്കുന്നതിനിടയ്ക്കു മരിയുസ് അയാളെ അടിമുതൽ മുടിവരെ സൂക്ഷിച്ചുനോക്കി. ഒരു മുഷിഞ്ഞ സ്വരത്തിൽ ചോദിച്ചു ‘എന്തു വേണം?’

ഒരടുപ്പം കാണിക്കുന്ന ഇളിയോടുകൂടി—ഒരു ചീങ്കണ്ണിയുടെ ഓമനിക്കുന്ന പുഞ്ചിരി അതിന്റെ ഏതാണ്ടൊരു ഛായ കാണിക്കും—ആ മനുഷ്യൻ മറുപടി പറഞ്ഞു: മൊസ്യു ല് ബാറനെ മുൻപ് ഒരു ഭേദപ്പെട്ട ഏതോ സ്ഥലത്തുവെച്ചു കാണാൻ എനിക്കു ഭാഗ്യമുണ്ടായിട്ടില്ലെന്നു വരാൻ വയ്യാ. വളരെക്കൊല്ലങ്ങൾക്കു മുൻപ് ഞാൻ മൊസ്യുവിനെ ബഗ്രഷിയോൺ രാജകുമാരിയുടെ താമസസ്ഥലത്തുവെച്ചും ഫ്രാൻസിലെ പ്രഭുവായ വിക്കോംത് ദംബ്രെ തിരുമനസ്സിലെ ഇരിപ്പു മുറികളിൽവെച്ചും നിശ്ചയമായും കണ്ടിട്ടുണ്ട്.

അറിയാത്ത ആളെ കണ്ടറിഞ്ഞു എന്നു ഭാവിക്കുന്നതു കള്ളത്തരത്തിന്റെ യുക്തിപ്പയറ്റുകളിൽ എപ്പോഴും എണ്ണംപറഞ്ഞ ഒന്നാണ്.

ആ മനുഷ്യന്റെ സംസാരത്തിന്റെ രീതി മരിയുസ് ശ്രദ്ധിച്ചു. ഉച്ചാരണവും ആംഗ്യവും അയാൾ മനസ്സിരുത്തി നോക്കി; പക്ഷേ, അയാളുടെ ആശാഭംഗം കൂടിയതേയുള്ളു; ഉച്ചാരണം മൂക്കിലുടെയാണ്, അയാൾ കരുതിയിരുന്ന പരുക്കൻതുളയനൊച്ചയ്ക്കു നേരെ വിരുദ്ധം.

അയാൾ തികച്ചും തോറ്റു.

‘ഞാൻ മദാം ബഗ്രഷിയോണിനെയോ മൊസ്യു ദംബ്രെയേയോ അറിയില്ല, അയാൾ പറഞ്ഞു. ‘ഞാൻ എന്റെ ജീവിതകാലത്തിന്നുള്ളിൽ അതിൽ ആരുടേയും വീട്ടിൽ ചവുട്ടിയിട്ടില്ല.’

മറുപടി നീരസത്തോടുകൂടിയായിരുന്നു. ആ വന്ന ആൾ എന്തായാലും നീരസപ്പെടില്ലെന്ന് ഉറച്ചിരുന്നതുകൊണ്ടു കിണഞ്ഞുകൂടി.

‘എന്നാൽ ഷതോബ്രിയാങ്ങിന്റെ വീട്ടിൽവെച്ചാവണം ഞാൻ അങ്ങയെ കണ്ടിട്ടുള്ളത്! ഞാൻ ഷതോബ്രിയാങ്ങിനെ നല്ലവണ്ണമറിയും അദ്ദേഹം നല്ല മര്യാദക്കാരനാണ്. അദ്ദേഹം ചിലപ്പോൾ എന്നോടു പറയും: ‘ഹേ ചങ്ങാതീ തെനാർ… നമുക്ക് ഒരു ഗ്ലാസ് വീഞ്ഞു കുടിക്കുകയല്ലേ?’

മരിയുസ്സിന്റെ ഭാവം അധികമധികം സഗൗരവമായി വന്നു.

‘ഞാൻ മൊസ്യു ദ് ഷതോബ്രിയാങ്ങിന്റെ വീട്ടിൽച്ചെല്ലുകയുണ്ടായിട്ടില്ല അതു നില്ക്കട്ടെ. എന്തു വേണം?’

ആ പരുഷസ്വരത്തിനു മുൻപിൽ ആ മനുഷ്യൻ ഒന്നുകൂടി കിഴിഞ്ഞു തലകുനിച്ചു.

‘മൊസ്യു ല് ബാറൺ, ദയചെയ്തു ഞാൻ പറയുന്നതു കേൾക്കു. അമേരിക്കയിൽ പനാമയ്ക്കടുത്തു ലഴോയ എന്നു പേരായ ഒരു ഗ്രാമമുണ്ട്. ആ ഗ്രാമത്തിൽ ഒരൊറ്റ വീടു മാത്രമേയുള്ളു—വെയിലത്തുവെച്ചു ചുട്ടെടുത്ത ഇഷ്ടികകൊണ്ടു പടുത്തുണ്ടാക്കിയ ഒരു വലിയ മൂന്നുനില ചതുരം വീട്; ആ ചതുരത്തിന്റെ ഓരോ ഭാഗവും അഞ്ഞൂറടി നീളമുണ്ട്; ചുവട്ടിലെ നിലയിൽനിന്നു പന്ത്രണ്ടടി പിന്നോക്കം വാങ്ങിയിട്ടാണ് ഓരോ മുകൾനിലയും; അപ്പോൾ ആ കെട്ടിടത്തിന്റെ നെടുനീളമെത്തുന്ന ഒരു നിലാമുറ്റം ഓരോ നിലയുടേയും മുൻപിലുണ്ട്; നടുക്കുള്ളമുറ്റത്തു നിറച്ചും സാമാനങ്ങളും മരുന്നുകലവറയുമാണ്; ജനാലയില്ല സുഷിരങ്ങളാണ്; വാതിലില്ല കോണിയാണ്; നിലത്തുനിന്ന് ഒന്നാംനിലയിലേക്കും അതിൽനിന്നു രണ്ടാംനിലയിലേക്കും അതിൽനിന്നു മൂന്നാംനിലയിലേക്കും ചെല്ലാൻ കോണികളാണ്; നടുമുറ്റത്തേക്കിറങ്ങാനും കോണി; മുറികളിലേക്കു കടക്കാൻ വാതിലില്ല, ചാരുപടി; മുകൾനിലകളിലേക്കൊന്നും കോണിപ്പടിയില്ല, കോണി; രാത്രി ചാരുപടിയടയ്ക്കും, കോണികൾ എടുത്തുമാറ്റും, സുഷിരങ്ങളിലൂടെ ചെറു തോക്കുകളും മുണ്ടംതോക്കുകളും തിരുകിശ്ശരിപ്പെടുത്തും; അകത്തേക്കു കടക്കാൻ മാർഗ്ഗമില്ല; പകൽ വീട്, രാത്രി കോട്ട; എണ്ണൂറു പേർ അതിൽ താമസിക്കും. ഇങ്ങനെയാണ്. എന്തിനാണ് ഇത്രയധികം മുൻകരുതൽ? രാജ്യം അപകടം പിടിച്ചതാണ്; നിറച്ചും നരഭുക്കുകളാണ്. അപ്പോൾ എന്തിനങ്ങോട്ട് ആളുകൾ പോകുന്നു? രാജ്യം അത്ഭുതകരമാണ്; അവിടെ സ്വർണ്ണമുണ്ട്.

എന്താണ് നിങ്ങൾ പറഞ്ഞുവരുന്നത്?’ ആശാഭംഗത്തിൽനിന്നു അക്ഷമതയിലേക്കു കടന്ന മരിയുസ് തടഞ്ഞു.

‘ഇതാണ് മൊസ്യു. ഞാൻ ക്ഷീണിച്ചുപോയ കിഴവൻ രാജ്യതന്ത്രജ്ഞനാണ്. പുരാതനപരിഷ്കാരം എന്നെ പാടുനോക്കിക്കൊള്ളാനിട്ടു. എനിക്കു കാടന്മാരെ ഒന്നു പരീക്ഷിച്ചുനോക്കണം.’

‘എന്നിട്ട്?’

‘മൊസ്യു ല് ബാറൺ, അഹംബുദ്ധിയാണ് ലോകത്തിലെ നിയമം. പകൽ മുഴുവൻ അധാനിക്കുന്ന സാധു കൃഷിക്കാരി വണ്ടി കടന്നുപോകുമ്പോൾ തിരിഞ്ഞു നോക്കുന്നു; വയലിൽ പണിയെടുക്കുന്ന കൃഷിക്കാരിയുടമസ്ഥ തിരിഞ്ഞുനോക്കുന്നില്ല. ദരിദ്രന്റെ നായ ധനവാന്റെ നേരെ കുരയ്ക്കുന്നു; ധനവാന്റെ നായ ദരിദ്രന്റെ നേരെ കുരയ്ക്കുന്നു. ഓരോരുത്തനും അവനവന്ന്. സ്വാർത്ഥസിദ്ധി—ഇതാണ് മനുഷ്യരുടെ പുരുഷാർത്ഥം. സ്വർണ്ണം, ഇതാണ് കാന്തക്കല്ല്’.

‘എന്നിട്ട് അവസാനിപ്പിക്കൂ’.

‘ഞാൻ ലഴോയയിൽച്ചെന്നു താമസമാക്കാൻ വിചാരിക്കുന്നു. ഞങ്ങൾ മൂന്നുപേരുണ്ട്. എന്റെ ഭാര്യയും എന്റെ ചെറുപ്പക്കാരി മകളും; നല്ല സൗന്ദര്യമുള്ള ഒരു പെൺകിടാവ്. യാത്രയ്ക്കു ചെലവും ബുദ്ധിമുട്ടും കൂടും. എനിക്കു കുറച്ചു പണംവേണം.’

‘അതിനു ഞാനെന്തു വേണം?’

ആ അപരിചിതൻ കഴുത്തുപട്ടയ്ക്കുള്ളിൽനിന്നു കഴുത്തു മുൻപോട്ടു നീട്ടി—കഴുകന്റേതായ ഒരാംഗ്യവിശേഷം; എന്നിട്ട് ഒന്നു ചട്ടിച്ച പുഞ്ചിരിയോടുകൂടി പറഞ്ഞു: ‘മൊസ്യു ല് ബാറൺ എന്റെ കത്തു വായിച്ചുവോ?’

ഇതിലല്പം സത്യമുണ്ട്; വാസ്തവമെന്തെന്നാൽ, എഴുത്തിലെ കാര്യം മരിയുസ്സിന്റെ മനസ്സിൽനിന്നു പോയി. അയാൾ കത്തു വായിക്കുകയല്ല, എഴുത്തു കാണുകയാണുണ്ടായത്. അയാൾ അതു മറന്നു. ഒരു നിമിഷം മുൻപ് അയാൾ മറ്റൊരു ഞെട്ടൽ കൂടി ഞെട്ടി; അയാൾ ഈ വിവരം ശ്രദ്ധിച്ചു; ‘എന്റെ ഭാര്യയും ചെറുപ്പക്കാരി മകളും.’

അയാൾ ആ അപരിചിതനെ സൂക്ഷിച്ചുനോക്കി. ഒരു വിചാരണജഡ്ജിക്ക് അതിലധികം നന്നായി നോക്കാൻ വയ്യാ, അയാൾ പതിയിരിക്കുകയാണ്

അയാൾ ഈ മറുപടിമാത്രം പറഞ്ഞു: ‘കാര്യം ശരിക്കു പറയു.’

അപരിചിതൻ കൈ രണ്ടും രണ്ടു ഗഡിയാൾക്കീശകളിലും തിരുകി, പുറത്തെയെല്ലു നിവരാതെ ഒന്നു നീണ്ടുനിന്നു, തന്റെ കണ്ണടയിലെ പച്ചച്ചില്ലിലൂടെ മരിയുസ്സിനെ അങ്ങോട്ടും സൂക്ഷിച്ചുനോക്കിക്കണ്ടു.

അങ്ങനെയാവട്ടെ മൊസ്യു. ഞാൻ ചുരുക്കി കാര്യം പറയാം. എന്റെ പക്കൽ നിങ്ങൾക്കു വില്ക്കാനുള്ള ഒരു ഗൂഢകാര്യമുണ്ട്.

‘ഒരു ഗൂഢകാര്യം?’

‘ഒരു ഗൂഢകാര്യം.’

‘എന്നെസ്സംബന്ധിച്ചതോ?’

‘ഏതാണ്ട്.’

‘എന്താണ് ഗൂഢകാര്യം?’

പറയുന്നതു ശ്രദ്ധിച്ചുകേൾക്കുന്നതോടുകൂടി അപരിചിതനെ മരിയുസ് സൂക്ഷിച്ചുനോക്കിപ്പഠിച്ചു.

‘ഞാൻ സൗജന്യമായി തുടങ്ങാം.’ അപരിചിതൻ പറഞ്ഞു. ‘ഞാൻ തരക്കേടില്ലെന്നു നിങ്ങൾ കാണുന്നുണ്ടല്ലോ.’

‘പറയു.’

‘മൊസ്യു ല് ബാറൺ, നിങ്ങളുടെ വീട്ടിൽ ഒരു കള്ളനും കൊലപാതകിയുമായ മനുഷ്യൻകൂടി താമസമുണ്ട്.’ മരിയൂസ് വിറച്ചു.

‘എന്റെ വീട്ടിലോ? ഇല്ല.’ അയാൾ പറഞ്ഞു.

അക്ഷോഭ്യനായ അപരിചിതൻ കൈമുട്ടുകൊണ്ടു തൊപ്പിയിലെ പൊടി തട്ടി, പറഞ്ഞുതുടങ്ങി: ഒരു കൊലപാതകിയും കള്ളനുമായ മനുഷ്യൻ. നോക്കു, ഞാൻ പഴയ കാലത്തെ പ്രവൃത്തികളെപ്പറ്റിയല്ല പറയുന്നത്; രാജ്യ നിയമത്തിന്റെ മുൻപിൽ കാലഹരണംകൊണ്ടും ഈശ്വരന്റെ മുൻപിൽ പശ്ചാത്താപംകൊണ്ടും മാഞ്ഞുകഴിഞ്ഞിട്ടുള്ള പണ്ടത്തെ ക്രിയകളെപ്പറ്റിയല്ല ഞാൻ പറയുന്നത്. ഇയ്യിടത്തെ പ്രവൃത്തികളെപ്പറ്റിയാണ്, ഇന്നേവരെ നീതിന്യായത്താൽ സംശയിക്കപ്പെട്ടിട്ടില്ലാത്ത വാസ്തവസംഗതികളെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ തുടരട്ടെ, ഈ മനുഷ്യൻ നിങ്ങളുടെ വിശ്വാസത്തിന്നുള്ളിലും ഒരു കള്ളപ്പേരിൽ നിങ്ങളുടെ കുടുംബത്തിനകത്തും കടന്നുകൂടിയിരിക്കുന്നു. ഞാനയാളുടെ വാസ്തവപ്പേരു പറയാൻ പോകുന്നു. യാതൊരു പ്രതിഫലവും കിട്ടാതെ ഞാനതു പറയുന്നു.’

‘ഞാൻ കേൾക്കുന്നുണ്ട്.’

‘ആ മനുഷ്യന്റെ പേർ ഴാങ് വാൽഴാങ്ങെന്നാണ്.’

‘എനിക്കറിയാം.’

‘അതുപോലെതന്നെ ഒരു പ്രതിഫലവും കിട്ടാതെ അയാളാരാണെന്നും ഞാൻ പറയാൻ പോകുന്നു.’

‘പറഞ്ഞോളു.’

‘തടവിൽനിന്നു പോന്ന പുള്ളി.’

‘എനിക്കറിയാം.’

‘ഞാൻ പറഞ്ഞുതന്നതുകൊണ്ടു നിങ്ങളറിഞ്ഞു.’

‘അല്ല. അതിനുമുമ്പേ അറിയും.’

മരിയുസ്സിന്റെ ഉദാസീനസ്വരം, ‘എനിക്കറിയാം’ എന്നുള്ള രണ്ടു പ്രാവശ്യത്തെ മറുപടി, സംഭാഷണത്തിന്നനുകൂലമല്ലാത്ത അയാളുടെ വാചകച്ചുരുക്കം, അപരിചിതനിൽ കുറച്ചു ദേഷ്യത്തെ ഊതിപ്പിടിപ്പിച്ചു. അയാൾ മരിയുസ്സിന്റെ നേരെ ഉപായത്തിൽ ഒരു നിഷ്ഠുര നോട്ടംനോക്കി; ഉടനെത്തന്നെ അതു കെട്ടു. വേഗത്തിൽ കഴിഞ്ഞുവെങ്കിലും ആ നോട്ടം, ഒരിക്കൽ കണ്ടിട്ടുള്ളവർ പിന്നെ കണ്ടാൽ അറിയാതിരിക്കില്ലെന്നുള്ള തരത്തിൽ ഒന്നാണ്. ചില നോട്ടങ്ങൾ ചില ആത്മാക്കളിൽ നിന്നു മാത്രമേ പുറപ്പെടു; ആലോചനയുടെ തോക്കിൻകാതായ കണ്ണ് ആ വെളിച്ചംകൊണ്ടു മിന്നുന്നു; കണ്ണടകൾ യാതൊന്നിനേയും മറയ്ക്കുന്നില്ല; നരകത്തിന്റെ മീതെ ഒരു കണ്ണാടി വെച്ചുനോക്കൂ!

അപരിചിതൻ ഒരു പുഞ്ചിരിയോടുകൂടി ആരംഭിച്ചു: ‘ഞാൻ, മൊസ്യു ല് ബാരൺ പറയുന്നതിനെ എതിർക്കാൻ ഭാവമില്ല. ഏതായാലും, എനിക്ക് എല്ലാ കാര്യത്തിലും നല്ല അറിവുണ്ടെന്നു നിങ്ങൾ മനസ്സിലാക്കണം. ഞാനിപ്പോൾ പറയാൻ പോകുന്നകാര്യം എനിക്കുമാത്രമേ അറിവുള്ളൂ. അത് അങ്ങയുടെ ഭാവിസുഖത്തെ സംബന്ധിച്ചതാണു്. അതൊരത്ഭുതകരമായ ഗൂഢകാര്യമാണ്. അതു വില്ക്കാൻ പോകുന്നു—ഒന്നാമതു നിങ്ങളോടു ചോദിക്കാം. ആദായമുണ്ട്. ഇരുപതിനായിരം ഫ്രാങ്ക്.

‘ആ ഗൂഢകാര്യം എനിക്കു മറ്റുള്ളവപോലെതന്നെ അറിയാം.’ മരിയുസ് പറഞ്ഞു.

വില കുറച്ചു കുറയ്ക്കുകയാണ് നല്ലതെന്നു ആ മനുഷ്യന്നു തോന്നി.

‘മൊസ്യു ല് ബാറൺ, പതിനായിരം ഫ്രാങ്ക് തരാം എന്നുവെയ്ക്കു, ഞാൻ കാര്യം പറയാം.’

‘ഞാൻ ഒരിക്കൽക്കൂടി പറയുന്നു, എനിക്കു യാതൊന്നും നിങ്ങൾ പറഞ്ഞു തരാനില്ല. നിങ്ങൾ പറയാൻ പോകുന്നത് എനിക്കറിയാം.’

ആ മനുഷ്യന്റെ കണ്ണിൽ ഒരു പുതിയ മിന്നൽ മിന്നി, അയാൾ കുറച്ചുറക്കെപ്പറഞ്ഞു: ‘ഏതായാലും എനിക്കിന്നു ഭക്ഷണം കഴിക്കണം. ഞാൻ പറയുന്നു, അതൊരത്ഭുതകരമായ ഗൂഢകാര്യമാണ്. മൊസ്യു ല് ബാറൺ, ഞാൻ പറയാം. ഞാനിതാ പറയുന്നു, ഇരുപതു ഫ്രാങ്ക് തരൂ.’

മരിയൂസ് ആ മനുഷ്യനെ നിഷ്കർഷിച്ചു നോക്കി: ‘എനിക്കു നിങ്ങളുടെ അത്ഭുതകരമായ ഗൂഢകാര്യമറിയാം; ഴാങ് വാൽഴാങ്ങിന്റെ പേരറിയാവുന്നതു പോലെ, നിങ്ങളുടേയും പേരറിയാവുന്നതുപോലെ, അതും എനിക്കറിയാം!’

‘എന്റെ പേർ?’

‘അതേ.’

‘അതു ഞെരുക്കമില്ല. ഞാൻ അങ്ങയ്ക്കെഴുതിയിരുന്നു, അതിൽ പറഞ്ഞിട്ടുണ്ട്. തെനാർ.’

‘-ദി യെർ.’

‘ഏ?’

‘തെനാർദിയെർ.’

‘അതാരാണ്?’

അപകടത്തിൽ മുള്ളൻപന്നി രോമമെടുത്തു പിടിക്കുന്നു, വണ്ടു ചത്തപോലെ കിടക്കുന്നു, പഴയ രക്ഷിസംഘം ചതുരത്തിൽ അണിനിരക്കുന്നു; ഈ മനുഷ്യൻ പൊട്ടിച്ചിരിച്ചു.

എന്നിട്ട് അയാൾ കുപ്പായത്തൊങ്ങലിൽനിന്ന് ഒരു മണ്ണിൻതരി എറ്റിത്തെറിപ്പിച്ചു.

മരിയുസ് തുടർന്നു: ‘നിങ്ങൾ കൂലിക്കാരൻ ഴൊൻദ്രെത്തും, നാടകക്കാരൻ ഫബന്തുവും, കവി ഗെങ്ഫ്ളോവും, സ്പെയിൻകാരൻ ദൊൻ അൽവാരെസ്സും, മിസിസ് ബലിസാറും കൂടിയാണ്.’

‘മിസിസ് ആര്?’

‘എന്നല്ല നിങ്ങൾ മൊങ്ഫേർമിയയിൽ ഒരു ചാരായക്കടയും വെച്ചിരുന്നു.’

‘ഒരു ചാരായക്കട! ഒരിക്കലുമില്ല.’

‘ഞാൻ പറയുന്നു നിങ്ങളുടെ പേർ തെനാർദിയെർ എന്നാണ്.’

‘ഞാനതു നിഷേധിക്കുന്നു.’

‘പിന്നെ നിങ്ങളൊരു തെമ്മാടിയുമാണ്. ഇതാ.’

മരിയൂസ് കീശയിൽനിന്ന് ഒരു നോട്ടെടുത്ത് അയാളുടെ മുഖത്തേക്കിട്ടു.

‘നന്ദി പറയുന്നു! മാപ്പ്! അഞ്ഞൂറു ഫ്രാങ്ക്! മൊസ്യു ല് ബാറൺ!’

ആ മനുഷ്യൻ അമ്പരന്നു, താണുപചരിച്ചു, നോട്ടെടുത്തു പരീക്ഷണം ചെയ്തു.

‘അഞ്ഞുറു ഫ്രാങ്ക്!’ അത്ഭുതപ്പെട്ടുപോയ അയാൾ വീണ്ടും തുടങ്ങി.

‘ഒരു ശരിക്കുള്ള ഒച്ചക്കാരൻ!’ [1]

എന്നിട്ടു പരുഷതയോടുകൂടി: ‘ശരി, അങ്ങനെയാവട്ടെ!’ അയാൾ പറഞ്ഞു, ‘നമുക്കു കാര്യം പറഞ്ഞുതീർക്കുക.’

ഉടനെ ഒരു മൊച്ചയുടെ ചുറുചുറുക്കോടുകൂടി, തലമുടി പിന്നോക്കം തട്ടി, കണ്ണട വലിച്ചെടുത്തു, മുൻപു സൂചിപ്പിക്കുകയുണ്ടായ രണ്ടു തൂവലും—ഈ പുസ്തകത്തിൽത്തന്നെ മറ്റൊരു ഭാഗത്തു വായനക്കാർ ഇതു കണ്ടിട്ടുണ്ട് —മൂക്കിനുള്ളിൽ നിന്നെടുത്തു, തൊപ്പി മാറ്റുന്നപോലെ അയാൾ മുഖം മാറ്റി.

അയാളുടെ കണ്ണു മിന്നി; ചില ദിക്കിൽ കുഴികളോടും മറ്റു ചില ദിക്കിൽ മുഴകളോടുംകൂടി, മുകളിൽ ചുക്കിച്ചുളിഞ്ഞു നെറ്റിത്തടത്തിന്റെ മറവു നീങ്ങി; മുക്ക് ഒരു കൊക്കുപോലെ കൂർത്തിട്ടായി; ഒരു ദുഷ്ടമനുഷ്യന്റെ ഭയങ്കരവും കപടമയവുമായ മുഖഭാവം വീണ്ടും പ്രത്യക്ഷീഭവിച്ചു.

‘മൊസ്യു ല് ബാറന്നു തെറ്റുപറ്റിയിട്ടില്ല’, മുക്കുചിലപ്പു തീരേ മറഞ്ഞ ഒരു സുവ്യക്തസ്വരത്തിൽ അയാൾ പറഞ്ഞു, ‘ഞാൻ തെനാർദിയറാണ്.’

എന്നിട്ടു പുറത്തെ കുനിവു മാറ്റി നിവർന്നുനിന്നു.

തെനാർദിയെർ—അതയാൾതന്നെയായിരുന്നു—വല്ലാതെ, അത്ഭുതപ്പെട്ടു; അസ്വസ്ഥതയെന്നൊന്നുണ്ടാവാൻ കഴിയുമെങ്കിൽ, അയാൾ അസ്വസ്ഥനായേനെ. അത്ഭുതപ്പെടൽ കൊടുക്കാൻവേണ്ടി വന്ന ആൾ സ്വയം അത്ഭുതപ്പെട്ടു. ഈ അവമാനത്തിന് അയാൾക്ക് അഞ്ഞുറു ഫ്രാങ്ക് വില കിട്ടി; ആകപ്പാടെ അതയാൾ സ്വീകരിച്ചു; പക്ഷേ, അതുകൊണ്ട് അയാളുടെ അമ്പരപ്പു തീർന്നില്ല.

അയാൾ ഈ ബാറൺ പൊങ്മേർസിയെ ഒന്നാമതായിട്ടാണ് കാണുന്നത്; എന്നാൽ അത്രതന്നെ വേഷം മാറിയിട്ടും അയാളെ ഈ ബാറൺ പൊങ്മേർസി കണ്ടറിഞ്ഞു എന്നല്ല, തികച്ചും കണ്ടറിഞ്ഞു. പിന്നെയോ, ഈ പ്രഭുവിനു തെനാർദിയെരെപ്പറ്റി വിവരമുണ്ടെന്നു മാത്രമല്ല, ഴാങ് വാൽ ഴാങ്ങിനെസ്സംബന്ധിച്ചേടത്തോളവും നല്ല ചുവടുറപ്പുണ്ട്. ഈ ഏതാണ്ട് മീശമുളയ്ക്കാത്ത ചെറുപ്പക്കാരനാരാണ്—ഇത്രമേൽ കണിശക്കാരനും ഇത്രമേൽ ദയാലുവും, ആളുകളുടെ പേരറിയുന്നവനും, എല്ലാവരുടേയും പേർ മുഴുവനുമറിയുന്നവനും, അവർക്കു തന്റെ പണസ്സഞ്ചി തുറന്നിട്ടുകൊടുക്കുന്നവനും, ഒരു നീതിന്യായാധിപനെപ്പോലെ തെമ്മാടികളെ മൂക്കു കുത്തിക്കുന്നവനും, ഒരു വങ്കനെപ്പോലെ അവർക്കു സമ്മാനം കൊടുക്കുന്നവനും ആയ ഇയാൾ ആരാണ്?

വായനക്കാർ ഓർമ്മിക്കുന്നവിധം, തെനാർദിയെർ മരിയുസ്സിന്റെ അയൽപക്കക്കാരനായിരുന്നുവെങ്കിലും, അയാളെ അറിഞ്ഞുകണ്ടിട്ടില്ല—ഇതു പാരീസ്സിൽ അസാധാരണമല്ല; മരിയുസ്സെന്നു പേരായി ആ വീട്ടിൽ താമസമുള്ള ഒരു പരമദരിദ്രയുവാവിനെപ്പറ്റി അയാളുടെ പെൺമക്കൾ അല്പാല്പം സംസാരിച്ചുകേട്ടിട്ടില്ലെന്നില്ല. ആളേയറിയാതെ, അയാൾ ആ യുവാവിന്ന് എഴുതുകയുണ്ടായിട്ടുണ്ട്—അതു വായനക്കാർക്കറിവുള്ളതാണല്ലോ.

അയാൾ ആലോചിച്ചതിൽ ആ മരിയുസ്സും ബാറൺ പൊങ്മേർസിയുമായി ഒരു സംബന്ധത്തിന്നും വഴിയില്ല.

പൊങ്മേർസി എന്ന പേരിനെസ്സംബന്ധിച്ചേടത്തോളം വാട്ടർലു യുദ്ധക്കളത്തിൽവെച്ച് അതിന്റെ ഒടുവിലത്തെ ഒന്നുരണ്ടക്ഷരം മാത്രമേ അയാൾ കേൾക്കുകയുണ്ടായിട്ടുള്ളു; ഒരു നന്ദിപറയൽ മാത്രമായിട്ടുള്ള ഒന്നോട് ആളുകൾക്കുണ്ടാകേണ്ടതായ ആ ഒരു ന്യായമായ പുച്ഛം അയാൾക്ക് എന്നും അതിനോടുണ്ടായിരുന്നു.

ഏതായാലും, ആ പുതുദമ്പതികളെ കണ്ടുപിടിക്കാൻ ഫെബ്രവരി 16-നു മുതൽ ഏല്പിക്കപ്പെട്ടിരുന്ന അസെൽമ വഴിയായും സ്വന്തം അന്വേഷണങ്ങൾ കൊണ്ടും അയാൾക്കു പലതും മനസ്സിലാക്കാൻ പറ്റി; തന്റെ അന്ധകാരത്തിനുള്ളിൽ നിന്നുംകൊണ്ട് അയാൾക്ക് ഒന്നിലധികം കെട്ടിൻതുമ്പുകൾ കൈയിലാക്കാൻ കഴിഞ്ഞു. ഒരു ദിവസം വലിയ ഓവുചാലിന്നുള്ളിൽവെച്ച് അയാൾ കണ്ടുമുട്ടുകയുണ്ടായ ആൾ ആരായിരുന്നു എന്ന് അയാൾ ബുദ്ധിമുട്ടി കണ്ടുപിടിച്ചു. അല്ലെങ്കിൽ തലയിട്ടടിച്ച് ഊഹിച്ചുപിടിച്ചു. ആളെ കിട്ടിയപ്പോൾ ക്ഷണത്തിൽ പേരായി. ബാറൺ പൊങ്മേർസിയുടെ നവോഢ കൊസെത്താണെന്ന് അയാൾ മനസ്സിലാക്കി. പക്ഷേ, ആ വിവരം അയാൾ അപ്പോൾ ഒളിച്ചുവെച്ചതേയുള്ളൂ.

കൊസെത്ത് ആരായിരുന്നു? അയാൾക്കുതന്നെ ശരിക്കറിഞ്ഞുകൂടാ. ഒരച്ഛനില്ലാത്ത കുട്ടിയാവണമെന്ന് അയാൾ അല്പമൊന്ന് മനസ്സിലാക്കിയിട്ടുണ്ട്, ഫൻതീന്റെ ചരിത്രം അയാൾക്ക് അത്ര പിടിച്ചിരുന്നില്ല. പക്ഷേ, അതിനെപ്പറ്റി സംസാരിച്ചിട്ടു കാര്യമെന്ത്? തന്നെ മിണ്ടാതാക്കിക്കാൻവേണ്ടി അതു വല്ല സംഖ്യയും പുറത്തുവരുത്തുമോ? അതിലും നല്ല ചരക്കുകൾ വില്പനയ്ക്ക് തന്റെ കൈവശമുണ്ട്; അല്ലെങ്കിൽ ഉണ്ടെന്ന് അയാൾ വിചാരിച്ചു. പിന്നെ അയാൾ കടന്നുവന്ന ബാറൺ പൊങ്മേർസിയോടു—യാതൊരു തെളിവുമില്ലാതെ— ‘നിങ്ങളുടെ ഭാര്യ തന്തയില്ലാത്തവളാണ്’ എന്നു പറഞ്ഞുകൊടുത്താൽ, ഭർത്താവിന്റെ ബുട്ടൂസ്സും പറഞ്ഞ ആളുടെ നടുപ്പുറവും തമ്മിൽ ഒരു കൂടിക്കാഴ്ച കഴിയുകമാത്രമേ ഫലമുണ്ടാവു.

തെനാർദിയെരുടെ അഭിപ്രായത്തിൽ മരിയുസ്സുമായുള്ള സംസാരം ആരംഭിച്ചിട്ടേയില്ല. അയാൾ പിന്നോക്കം വാങ്ങണം. സൂത്രമൊന്നു കുറയ്ക്കണം, നിലയൊന്നു മാറണം, ചുവടൊന്നു തിരിക്കണം; കാര്യമായിട്ടുള്ളതൊന്നും പുറത്തെടുക്കുക കഴിഞ്ഞിട്ടില്ല; അപ്പൊഴേയ്ക്കും അഞ്ഞൂറു ഫ്രാങ്ക്: കീശയിൽ വന്നു എന്നല്ല, അയാൾക്കു കുറച്ചു ഗൗരവപ്പെട്ട കാര്യം പറയാനിരിക്കുന്നു; ഈ സർവ്വജ്ഞനും സർവ്വായുധധാരിയുമായ ബാറൺ പൊങ്മേർസിയുടെ മുൻപിൽക്കൂടിയും അയാളുടെ കാലുറച്ചു. തെനാർദിയെരെപ്പോലുള്ളവർക്ക് ഏതു സംഭാഷണവും ഓരോ ലയന്പയുദ്ധമാണ്. അയാൾ അപ്പോൾ ഏർപ്പെടാൻ പോകുന്ന ആ ഒന്നിൽ അയാളുടെ നിലയെന്താണ്? താൻ സംസാരിക്കുന്നതാരോടാണെന്നറിഞ്ഞുകൂടാ; പക്ഷേ, താൻ സംസാരിക്കുന്നതെന്തിനെപ്പറ്റിയാണെന്ന് അയാൾക്കു തികച്ചുമറിയാം; അയാൾ തന്റെ ആന്തരശക്തികളെയെല്ലാം ഒന്നോടിച്ചു നോക്കിക്കണ്ടതിന്നുശേഷം, ‘ഞാൻ തെനാർദിയെരാണ്’ എന്നും പറഞ്ഞ്, അവിടെ നിലകൊണ്ടു.

മരിയുസ് ആലോചനയിൽപ്പെട്ടു. അപ്പോൾ ഒടുവിൽ അയാൾക്ക് തെനാർദിയരെ പിടികിട്ടി. അയാൾ അത്രമേൽ കാണാനാഗ്രഹിച്ചിരുന്ന മനുഷ്യൻ അതാ മുൻപിൽ അയാൾക്കു് കേർണൽ പോങ്മേർസിയുടെ ശിപാർശിയെ ആദരിക്കാം.

ആ ധീരോദാത്തന്ന് ഈ കാട്ടുകള്ളനോടു അല്പമെങ്കിലും കടപ്പാടു വന്നു പോയല്ലോ എന്നും, തന്റെ അച്ഛൻ തനിക്കു, മരിയുസ്സിന്, ശവക്കുഴിയുടെ ഉള്ളിൽവെച്ചു എഴുതിയയച്ച കടപ്പത്രിക കൊടുത്തുതീർക്കാൻ ഈ ദിവസംവരെ താമസിക്കേണ്ടിവന്നുവല്ലോ എന്നും അയാൾ ലജ്ജിച്ചു. തെനാർദിയെരെസ്സംബന്ധിച്ചേടത്തോളമുള്ള അയാളുടെ അസ്വസ്ഥവിചാരങ്ങൾക്കിടയിൽ, ഇങ്ങനെയുള്ള ഒരു പരമവഞ്ചകനാൽ രക്ഷിക്കപ്പെടേണ്ടിവരിക എന്ന ദൗർഭാഗ്യത്തിനു കേർണൽക്കുവേണ്ടി പകരം ചെയ്യാൻ സംഗതി വന്നുവല്ലോ എന്നും അയാൾക്കു തോന്നാതിരുന്നില്ല. ഏതായാലും സമാധാനമായി. ഈ കൊള്ളരുതാത്ത മുതലാളിയുടെ കൈയിൽനിന്ന് അയാൾ കേർണലിനെ കടംതീർത്തു വീണ്ടെടുക്കുകയായി; കടക്കാരുടെ തടവുമുറിയിൽനിന്നു സ്വന്തം അച്ഛന്റെ സ്മരണയെ രക്ഷപ്പെടുത്തിക്കൊണ്ടുപോരികയാണ് താൻ ആ ചെയ്യാൻ പോകുന്നതെന്നു കരുതി. ഈ ചുമതലയുടെ അടുത്തുതന്നെ മറ്റൊന്നുകൂടിയുണ്ട്—കൊസെത്തിന്റെ സ്വത്ത് എവിടെ നിന്നുണ്ടായിയെന്നും പക്ഷേ, മനസ്സിലാക്കാം. അതിന്നുള്ള തഞ്ചം തനിയേ വന്നു. ഒരു സമയം തെനാർദിയെർക്കറിവുണ്ടാവാം. ഈ മനുഷ്യനെ അടിവരെ ചെനക്കി നോക്കുന്നതുകൊണ്ടു പ്രയോജനമുണ്ട്.

അയാൾ ഇങ്ങനെ തുടങ്ങിവെച്ചു.

തെനാർദിയെർ ആ ‘ശരിക്കുള്ള ഒച്ചക്കാരനെ’ ഗഡിയാൾക്കീശയിൽ ഒളിപ്പിച്ചുവെച്ചു, മരിയുസ്സിനെ ഏതാണ്ടു വാത്സല്യത്തോടടുക്കുന്ന ഒരു സമ്യമട്ടോടുകൂടി നോക്കിക്കാണുകയാണ്.

മരിയുസ് ആദ്യം മിണ്ടി.

‘തെനാർദിയെർ, ഞാൻ നിങ്ങളുടെ പേർ നിങ്ങൾക്കു പറഞ്ഞുതന്നു. ഇനി നിങ്ങൾ എനിക്കു പറഞ്ഞുതരാൻ വന്ന കാര്യമെന്താണെന്നും ഞാൻ നിങ്ങൾക്കു പറഞ്ഞുതരട്ടെ? എനിക്കും ചില വിവരങ്ങൾ കിട്ടിയിട്ടുണ്ട്. നിങ്ങൾക്കുള്ളതിലധികം അറിവ് അക്കാര്യത്തിൽ എനിക്കുണ്ടെന്നു നിങ്ങൾ കാണും. നിങ്ങൾ പറഞ്ഞപോലെ ഴാങ് വാൽഴാങ് ഒരു കൊലപാതകിയും ഒരു കള്ളനുമാണ്. ഒരു സമ്പന്നനായ വ്യവസായക്കാരനെ കട്ടുമുടിച്ചതുകൊണ്ട് ഒരു കള്ളൻ; പൊല്ലീസ്സുദ്യോഗസ്ഥനായ ഴാവേറെ കൊലപ്പെടുത്തിയതുകൊണ്ട ഒരു കൊലപാതകി.’

‘സേർ, എനിക്കു നിങ്ങൾ പറയുന്നതു മനസ്സിലാകുന്നില്ല,’ തെനാർദിയെർ പറഞ്ഞുവിട്ടു.

ഞാൻ മനസ്സിലാക്കിത്തരാം. പാദ് കലെയ് എന്നു പേരായ ഒരംശത്തിൽ 1822-ൽ തടവിൽനിന്നു ചാടിപ്പോന്ന ഒരു പുള്ളിയുണ്ടായിരുന്നു. ആ മനുഷ്യൻ മൊസ്യു മദലിയെൻ എന്ന പേരിൽ വീണ്ടും പ്രമാണിയായി, മുൻസ്ഥിതിയെടുത്തു. ഈ മനുഷ്യൻ വാസ്തവത്തിലുള്ള ഒരുത്തമമനുഷ്യനായിരുന്നു. കറുത്ത ചില്ലുസാമാനങ്ങളുണ്ടാക്കി കച്ചവടം ചെയ്ത് അദ്ദേഹം ഒരു പട്ടണം മുഴുവനും സമ്പന്നമാക്കി. സ്വന്തം സമ്പാദ്യമാണെങ്കിൽ അതും അദ്ദേഹമുണ്ടാക്കിയിരുന്നു; പക്ഷേ, അതപ്രധാനമായിട്ടാണ്; അതങ്ങനെ വന്നുചേർന്നുവെന്നു പറയാം. അദ്ദേഹം സാധുക്കളുടെയെല്ലാം വളർത്തച്ഛനായിരുന്നു. അദ്ദേഹം ആസ്പത്രികളുണ്ടാക്കി, വിദ്യാലയങ്ങളേർപ്പെടുത്തി, രോഗികളെച്ചെന്നുകണ്ടു, പെൺകുട്ടികളെ കെട്ടിച്ചുകൊടുത്തു, വിധവകളെ സംരക്ഷിച്ചു, അനാഥശിശുക്കളെ വളർത്തിപ്പോന്നു; അദ്ദേഹം രാജ്യത്തിന്റെ ഈശ്വരനായിരുന്നു. അദ്ദേഹം ബഹുമതി ചിഹ്നം വാങ്ങിയില്ല. മെയറായി നിയമിക്കപ്പെട്ടു. തടവിൽനിന്നു പോന്ന ഒരു പുള്ളിക്ക് ഈ മഹാൻ മുൻപെന്നോ ചെയ്തുപോയിട്ടുള്ള ഒരു കുറ്റം അറിവുണ്ടായിരുന്നു. അദ്ദേഹത്തെ പൊല്ലീസ്സിനെക്കൊണ്ടു പിടിപ്പിച്ചു; ആ തഞ്ചത്തിൽ ആ പഴയ തടവുപുള്ളി പാരിസ്സിൽ വന്നു ലത്തീഫ് ബാങ്കുടമസ്ഥന്റെ കൈയിൽനിന്ന് —ഇതു ആ ബാങ്കിലെ കാഷിയറിൽനിന്നു ഞാൻ മനസ്സിലാക്കിയതാണ്—കള്ളൊപ്പിട്ടുകൊടുത്തു മൊസ്യു മദലിയെന്നു ചെല്ലേണ്ടതായിരുന്ന അഞ്ചുലക്ഷത്തിലധികം ഫ്രാങ്ക് കൈയിലാക്കി. മൊസ്യു മദലിയെനെ തോല്പിച്ച ഈ തടവുപുള്ളിയാണ് ഴാങ് വാൽഴാങ്. മറ്റേ കാര്യത്തെപ്പറ്റിയാണെങ്കിൽ, അതിൽ നിങ്ങൾ എനിക്കൊന്നും പറഞ്ഞുതരേണ്ടതില്ല. ഴാങ് വാൽഴാങ് പൊല്ലീസ്സുദ്യോഗസ്ഥനായ ഴാവേറെ കൊലപ്പെടുത്തി; അയാൾ ഒരു കൈത്തോക്കുകൊണ്ട് ആ ഒറ്റുകാരന്റെ കഥകഴിച്ചു. നിങ്ങളോടു പറയുന്ന ഈ ഞാൻ അവിടെ ഹാജരുണ്ടായിരുന്നു.’

ഒരിക്കൽക്കൂടി വിജയത്തിന്മേൽക്കൈചെന്ന ഒരു പരാജിതന്റെ, ഒരു ക്ഷണനേരംകൊണ്ടു പൊയ്പോയ ചുവടെല്ലാം വീണ്ടുകിട്ടിയ ഒരു ഗുസ്തിക്കാരന്റെ, അന്തസ്സുകൂടിയ നോട്ടം തെനാർദിയെർ മരിയുസ്സിന്റു മേൽ വ്യാപരിപ്പിച്ചു. പക്ഷേ, ഉത്തരക്ഷണത്തിൽ വീണ്ടും പുഞ്ചിരിക്കൊണ്ടു. മേലാളിയുടെ മുൻപിൽ നില്ക്കുന്ന കീഴാളിയുടെ വിജയഹർഷം മുഖസ്തുതി പറയലായിരിക്കണം.

തെനാർദിയെർ മരിയുസ്സോട് ഇങ്ങനെ പറഞ്ഞതുകൊണ്ട് തൃപ്തിപ്പെട്ടു: ‘ബാറണവർകൾ, നമ്മുടെ വഴി പിഴച്ചിരിക്കുന്നു.’

മുദ്രക്കൂട്ടങ്ങളെ സാഭിപ്രായമായി ഒന്നു ചുറ്റിത്തിരിച്ചുകൊണ്ട് ഈ പറഞ്ഞതിന് അയാൾ ചുവട്ടിൽ ഒരു വരകൂടിയിട്ടു.

‘എന്ത്!’ മരിയുസ് പറയുകയുണ്ടായി, ‘നിങ്ങൾ അതില്ലെന്നു വാദിക്കുന്നോ. ഇതുകൾ വാസ്തവസംഗതികളാണ്.’

‘കമ്പങ്ങളാണ്. ബാറണവർകൾ എന്നോടു കാണിക്കുന്ന വിശ്വാസംമൂലം, ഞാനതൂന്നിപ്പറയേണ്ടിയിരിക്കുന്നു. എന്തുതന്നെയായാലും സത്യവും ന്യായവും കൈവിട്ടുകൂടാ. അന്യായമായി ആളുകളെ കുറ്റപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല, അല്ലയോ ബാറണവരകൾ, ഴാങ് വാൽഴാങ് മൊസ്യു മദലിയെന്റെ പണം തോല്പിച്ചിട്ടില്ല; ഴാങ് വാൽഴാങ് ഇൻസ്പെക്ടർ ഴാവേറെ കൊല്ലുകയുണ്ടായിട്ടില്ല.’

‘ഇതേറിപ്പോവുന്നു! എങ്ങനെ?’

‘രണ്ടു കാരണങ്ങളെക്കൊണ്ട്.’

‘എന്താണ്? പറയൂ.’

‘ഒന്നാമത്തത്: അയാൾ മൊസ്യു മദലിയെനെ പണം തോൽപിച്ചിട്ടില്ല; എന്തുകൊണ്ടെന്നാൽ ഴാങ് വാൽഴാങ്ങ് തന്നെയായിരുന്നു മൊസ്യു മദലിയെൻ.’

‘എന്തു കെട്ടുകഥയാണ് നിങ്ങൾ എനിക്കു പറഞ്ഞുതരുന്നത്?’

‘പിന്നെ രണ്ടാമത്തത്: അയാൾ ഴാവേറെ കൊലപ്പെടുത്തിയിട്ടില്ല; എന്തുകൊണ്ടെന്നാൽ ഴാവേറെ കൊന്നുകളഞ്ഞത് ഴാവേർ തന്നെയാണ്’

‘എന്താണീ പറയുന്നതിന്റെ അർത്ഥം?’

‘ഴാവേർ ആത്മഹത്യചെയ്തു എന്ന്.’

‘തെളിയിക്കു! തെളിയിക്കു!’ മരിയുസ് അന്തംവിട്ട് ഉച്ചത്തിൽ പറഞ്ഞുപോയി.

വൃത്തം പഠിക്കുന്നവർ ഗണം തിരിച്ചു ചൊല്ലുന്നതുപോലെ വാക്കുകളെ മുറിച്ചകത്തിക്കൊണ്ടു തെനാർദിയെർ ആരംഭിച്ചു;

‘പൊല്ലീസ്സിൻ-സ്പെക്ടർ-ഴാ-വേർ പൊങ്തോ-ഴാങ്ങിലെ-ഒരു തോ-ണിക്കടിയിൽ-മുങ്ങിച്ച-ത്തതായി-കണ്ടു.’

‘പക്ഷേ, തെളിവ്?’

തെനാർദിയെർ ഒരു കീശയിൽനിന്നു പല വലുപ്പത്തിലായി മടക്കിയിട്ടുള്ള ഒരു കൂറ്റൻ നരയൻലക്കോട്ടു പുറത്തേക്കു വലിച്ചെടുത്തു.

‘എനിക്കു രേഖകളുണ്ട്.’ അയാൾ ശാന്തമായി പറഞ്ഞു.

ഇങ്ങനെയും: ബാറണവർകൾ, നിങ്ങൾക്കുവേണ്ടി ഞാൻ ഴാങ് വാൽഴാങ്ങിനെ തികച്ചും നോക്കിപ്പഠിച്ചിട്ടുണ്ട്. ഞാൻ പറയുന്നു, ഴാങ് വാൽഴാങ്ങും മൊസ്യു മദലിയെനും ഒരാളാണ്, പിന്നെ ഴാവേറെ കൊലപ്പെടുത്തിയതു ഴാവേറല്ലാതെ മറ്റാരുമല്ല. ഞാനങ്ങനെ പറയുന്നുണ്ടെങ്കിൽ, എനിക്കതിന്നു തെളിവുകളുണ്ട്. കയ്യെഴുത്തുരേഖകളല്ല —കയ്യെഴുത്തു വിശ്വസിച്ചുകൂടാ, എഴുത്തു തഞ്ചക്കാരനാണ്—അച്ചടിച്ച രേഖകൾ.’

ഇങ്ങനെ പറയുന്നതോടുകൂടി ലക്കോട്ടിൽനിന്ന് അയാൾ മഞ്ഞച്ചു നിറംകെട്ടുവല്ലാതെ പുകയിലനാറ്റംപിടിച്ച രണ്ടു വർത്തമാനപ്പത്രപ്പായകൾ പുറത്തേക്കെടുത്തു. ആ രണ്ടു പത്രങ്ങളിൽ ഒന്നു, മടക്കുന്തോറും കീറിപ്പൊടിഞ്ഞു പഴന്തുണിപോലായിട്ടുള്ളതു, മറ്റതിനെക്കാൾ പ്രായം കൂടിയതാണെന്നു തോന്നി.

രണ്ടു വാസ്തവസംഗതികൾ, രണ്ടു തെളിവുകൾ, തെനാർദിയെർ അഭിപ്രായപെട്ടു. അയാൾ ആ രണ്ടു പത്രങ്ങളും നിവർത്തിക്കൊണ്ടു മരിയുസ്സിനെ ഏല്പിച്ചു.

ഈ രണ്ടു പത്രങ്ങളും വായനക്കാർക്കു പരിചിതങ്ങളാണ്. ഒന്ന്, ഏറ്റവും പഴക്കം കൂടിയത്, 1823 ജൂലായി 25-ാംനു-ത്തെ ദ്രാപ്പോബ്ലാങ് പത്രത്തിന്റെ ഒരു പ്രതിയാണ്; അതിലെ വരികൾ ഒന്നാം ഭാഗത്തു കാണാം; അതു മൊസ്യു മദലിയെനും ഴാങ് വാൽഴാങ്ങും ഒരാളാണെന്നു തെളിയിക്കുന്നതാണ്.

മറ്റേത് 1832 ജൂൺ 15-ാംനു-ത്തെ മൊനിത്തയ്യെ പത്രമാണ്; അതിൽ ഴാവേരുടെ ആത്മഹത്യയെ രേഖപ്പെടുത്തിയിട്ടുണ്ട്; എന്നല്ല, പൊല്ലീസ്സുമേലുദ്യോഗസ്ഥനോടു ഴാവേർ നേരിട്ടു പറഞ്ഞിട്ടുള്ളതിൽ നിന്നു, റ്യൂ ദ് ല ഷങ് വ്രെറിയിലെ വഴിക്കോട്ടയിൽവെച്ചു തടവുകാരനായി പിടിക്കപ്പെട്ടിട്ട് അയാൾ ഒരു ലഹളക്കാരന്റെ ഉദാരബുദ്ധി കാരണമാണ് ജീവനോടുകൂടി പോന്നതെന്നും ആ ലഹളക്കാരൻനിറച്ച കൈത്തോക്കിന്നു മുൻപിൽ അയാളെ നിർത്തിയിട്ടു തലയ്ക്കു നേരെവെടിവെയ്ക്കുന്നതിന്നു പകരം ആകാശത്തേക്കു തോക്കൊഴിക്കുകയാണ് ചെയ്തതെന്നും കാണുന്നു എന്നുകൂടി എടുത്തുപറഞ്ഞിരുന്നു.

മരിയുസ് വായിച്ചു. അയാൾക്കു തെളിവായി, ഒരു തീയതി അതിലുണ്ട്, തട്ടിക്കളയാൻ വയ്യാത്ത തെളിവു, തെനാർദിയെർ പറഞ്ഞത് ശരിയാണെന്നു വരുത്താൻവേണ്ടി ആ രണ്ടു പത്രങ്ങളും കല്പിച്ചുകൂട്ടി അച്ചടിപ്പിച്ചതാവാൻ വയ്യാ; മൊന്നിത്യെ പത്രത്തിൽ അച്ചടിച്ചിട്ടുള്ള ആ കുറിപ്പു പൊല്ലീസ്സുമേലുദ്യോഗസ്ഥൻ ഭരണാധികാരത്തിലേക്കയച്ചുകൊടുത്തിട്ടുള്ള വിവരണക്കുറിപ്പിന്റെ ഒരു പകർപ്പാണ്. മരിയുസ്സിനു സംശയിക്കാൻ വയ്യാ.

ബാങ്ക് ഗുമസ്തനിൽനിന്ന് കിട്ടിയ വിവരം ശരിയല്ല; അയാൾക്കു തെറ്റിപ്പോയി.

പെട്ടെന്നു മഹാനായിത്തീർന്ന ഴാങ് വാൽഴാങ് അന്ധകാരത്തിൽനിന്നു പുറത്തേക്കു പ്രവേശിച്ചു. മരിയുസ്സിനു ആഹ്ലാദസൂചകമായ ഒരൊച്ച പുറപ്പെടുവിക്കാൻ കഴിഞ്ഞില്ല.

‘അപ്പോൾ ഈ ഭാഗ്യംകെട്ട ദുഷ്ടൻ ഒരു വന്ദനീയനായ മനുഷ്യനാണ്. ആ സ്വത്തുമുഴുവനും വാസ്തവത്തിൽ അദ്ദേഹത്തിന്റെതന്നെയാണ്! അദ്ദേഹമാ മദലിയെൻ, ഒരു രാജ്യത്തിന്റെ മുഴുവനും ദൈവം! അദ്ദേഹമാണ്, ഴാങ് വാൽ ഴാങ്ങാണ്, ഴാവേറുടെ ജീവനെ രക്ഷിച്ച ആളും; അദ്ദേഹം ഒരു മഹാത്മാവാണ്! അദ്ദേഹം ഒരു ഋഷിയാണു്!’

‘അയാൾ ഒരു ഋഷിയുമല്ല, ഒരു മഹാത്മാവുമല്ല’, തെനാർദിയെർ പറഞ്ഞു.‘അയാൾ ഒരു കൊലപാതകിയും ഒരു തട്ടിപ്പറിക്കാരനുമാണ്.’

കുറച്ചധികാരശക്തിയുണ്ടെന്നു സ്വയം തോന്നിത്തുടങ്ങിയ ഒരാളുടെ സ്വരത്തിൽ അയാൾ തുടർന്നു: ‘നമുക്കു പരിഭ്രമിക്കാതിരിക്കുക.’

തട്ടിപ്പറിക്കാരൻ, കൊലപാതകി—മറഞ്ഞുകഴിഞ്ഞു എന്നു മരിയുസ് കരുതിയിരുന്ന ഈ രണ്ടു വാക്കുകൾ വീണ്ടും തിരിച്ചെത്തി, മഞ്ഞിൻതണുപ്പുള്ള ധാരാജലംപോലെ അയാളുടെ മേൽ വന്നുവീണു.

‘ഇനിയും?’ അയാൾ ചോദിച്ചു.

‘എപ്പോഴും’, തെനാർദിയെർ തിരിച്ചടിച്ചു. ഴാങ് വാൽഴാങ് മദലിയെന്റെ പണം തട്ടിയെടുത്തിട്ടില്ല. എങ്കിലും അയാൾ കള്ളനാണ്. അയാൾ ഴാവേറെ കൊന്നിട്ടില്ല. എങ്കിലും കൊലപാതകിയാണ്.’

‘നിങ്ങൾ പറയുന്നത്’, മരിയുസ് അങ്ങോട്ടടിച്ചു. ‘ആ നാല്പതു കൊല്ലം മുൻപിലത്തെ പറയാൻ മാത്രമില്ലാത്ത കളവിനെപ്പറ്റിയാണോ?—ഒരു ജീവിതദശയിലെ പശ്ചാത്താപംകൊണ്ടും സൗശീല്യംകൊണ്ടും സ്വാർത്ഥത്യാഗംകൊണ്ടും, നിങ്ങളുടെ പത്രങ്ങൾതന്നെ പറയുന്നവിധം, വേണ്ടതിലധികം പ്രായശ്ചിത്തം ചെയ്തുകഴിഞ്ഞ ആ ഒരു മോഷണത്തെപ്പറ്റി?’

‘ഞാൻ പറഞ്ഞു, കൊലപാതകവും മോഷണവുമെന്ന്; ഹേ ബാറണവർകൾ, ഞാൻ വാസ്തവസംഗതികളെപ്പറ്റിയാണ് പറയുന്നതെന്ന് ആവർത്തിക്കട്ടെ. ഞാനിപ്പോൾ പറയാൻ പോകുന്നത് ആരും അറിഞ്ഞിട്ടുള്ളതല്ല. അതു പ്രസിദ്ധീകരിക്കപ്പെടാത്ത സംഗതിയാണ്. ഴാങ് വാൽഴാങ്ങ് അവിടുത്തെ ഭാര്യയ്ക്കു സാമർത്ഥ്യത്തോടുകൂടി സമ്മാനിച്ചിട്ടുള്ള സ്വത്തിന്റെ ആഗമം ഒരു സമയം അതിൽനിന്നറിയാം. സാമർത്ഥ്യത്തോടുകൂടി എന്നു ഞാൻ പറകയുണ്ടായി; എന്തുകൊണ്ടെന്നാൽ, അങ്ങനെയൊരു സമ്മാനം സമ്മാനിച്ചതുകൊണ്ട് ഒരു മാന്യമായ തറവാട്ടിലേക്ക് അതിലെ സുഖാനുഭവങ്ങളിൽ പങ്കുകൊള്ളാറാവുകയും, ആ ഒരടികൊണ്ടുതന്നെ, തന്റെ ദുഷ്പ്രവൃത്തിയെ മറച്ചുവെയ്ക്കാനും, മോഷ്ടിച്ചെടുത്തതിനെ അനുഭവിക്കാനും, സ്വന്തം പേരിനെ കുഴിച്ചുമുടാനും, സ്വന്തമായി ഒരു കുടുംബമുണ്ടാക്കിവെയ്ക്കാനും കഴിയുകയും ചെയ്ക എന്നത് അത്ര സാമർത്ഥ്യം കുറഞ്ഞ പണിയല്ലല്ലോ.’

‘ഞാൻ നിങ്ങളെ ഇവിടെവെച്ചുതന്നെ തടയേണ്ടതാണ്, മരിയുസ് പറഞ്ഞു. ‘പക്ഷേ, മുഴുവനാക്കു.’

‘ഞാൻ മുഴുവനും പറയാം, പ്രതിഫലം നിങ്ങളുടെ ഔദാര്യംപോലെ. ഈ ഗൂഢസംഗതിക്കു കട്ടിസ്വർണ്ണം തരേണ്ടതാണ്. നിങ്ങൾ എന്നോട് ചോദിക്കും ‘നിങ്ങൾക്കു ഴാങ് വാൽഴാങ്ങിനോടു ചോദിച്ചുകൂടേ? കാരണം സാരമില്ല: അയാളുടെ കൈയിൽ ഇനി യാതൊന്നുമില്ല, ഉണ്ടായിരുന്നതെല്ലാം നിങ്ങൾക്കു തന്നുകഴിഞ്ഞു എന്നെനിക്കറിയാം; ആ വിദ്യ വളരെ സമർത്ഥമായെന്നു ഞാൻ കരുതുന്നു. എന്നാൽ ഇനി അയാളുടെ പക്കൽ ഒരു കാശുമില്ല; അയാൾ കൈ മലർത്തിക്കാണിക്കും; എനിക്കാണെങ്കിൽ, ലഴോയയിലേക്കു പോവാൻ കുറച്ചു പണം ആവശ്യമുള്ള സ്ഥിതിക്ക്, ഒരു കാശുമില്ലാത്ത ആ മനുഷ്യനെക്കാൾ എല്ലാം കൈയിൽ വന്നിരിക്കുന്ന നിങ്ങളെയാണ് ഞാനിഷ്ടപ്പെട്ടത്. എനിക്കു കുറച്ചു ക്ഷീണമുണ്ട്: ഞാൻ ഒരിടത്തിരിക്കട്ടെ.’

മരിയുസ് ഒരു കസാലയിൽ ഇരുന്നു. മറ്റേ ആളോട് ഇരിക്കാൻ ആഗ്യം കാണിച്ചു.

തെനാർദിയർ ഒരു പൊടിപ്പുകസാലയിൽ ചെന്നുകൂടി, തന്റെ രണ്ടു പത്രങ്ങളും പെറുക്കിയടുത്തു. വീണ്ടും അവയുടെ ലക്കോട്ടിലേക്കുതന്നെയാക്കി. ‘ദ്രാപ്പോബ്ലാങ്’ നഖംകൊണ്ടു കുത്തിത്തുളയ്ക്കെ ഇങ്ങനെ പിറുപിറുത്തു; ‘ഈ ഒന്നു കൈയിലാക്കാനാണ് ഞാൻ ബുദ്ധിമുട്ടിയതൊക്കെ.’

എന്നിട്ടു കാലിന്മേൽ കാലേറ്റി കസാലച്ചാരിലേക്കു മലർന്നുകിടന്നു—പറയാൻ പോകുന്നതെന്താണെന്നു തീർച്ചയുള്ള ആളുകൾ സാധാരണമായി അവലംബിക്കുന്ന നില; എന്നിട്ടു വാക്കുകളെ ഉറപ്പിച്ചുച്ചരിച്ചുകൊണ്ടു ഗൗരവത്തോടുകൂടി വിഷയത്തിലേക്കിറങ്ങി:

‘മൊസ്യു ബാറൺ, ഏകദേശം ഒരു കൊല്ലം മുൻപ് 1832-ൽ, ജൂൺ 6-ാംനു, അതായത് ലഹളദിവസം, പാരീസ്സിലെ ഒരു വലിയ ഓവുചാലിൽ പൊങ്ങ് ദ് ആൻ വലീദിനും പൊങ് ദ് യനായിക്കും നടുക്ക് ഓവുചാൽ സെയിൻ നദിയിൽ ചെന്നു ചാടുന്നേടത്ത്, ഒരു മനുഷ്യനുണ്ടായിരുന്നു.’

മരിയുസ് പെട്ടെന്നു തന്റെ കസാല തെനാർദിയെരിരിക്കുന്നതിനോട് അടുപ്പിച്ചു. തെനാർദിയെർ അതു സൂക്ഷിച്ചു; തൽക്കാലവിധി കൈയിലാകയും എതിരാളി തന്റെവാക്കുകൾക്കു മുൻപിൽ ദീർഘശ്വാസമിടുകയും ചെയ്യുന്ന ഒരു പ്രാസംഗികന്റെ ആലോചനയോടുകൂടി അയാൾ തുടർന്നു; ‘രാഷ്ട്രീയങ്ങളല്ലാത്ത കാരണങ്ങളെക്കൊണ്ട് ഒളിച്ചുതാമസിക്കാതെ ഗത്യന്തരമില്ലെന്നായ ആ മനുഷ്യൻ ഓവുചാൽ തന്റെ പാർപ്പിടമായെടുത്തു; അയാളുടെ പക്കൽ അതിന്റെ താക്കോലുണ്ടായിരുന്നു. ഞാനാവർത്തിക്കുന്നു, അതു ജൂൺ 6-ാംനാണ്; വൈകുന്നേരം എട്ടുമണിക്കായിരിക്കണം. അയാൾ ഓവുചാലിൽനിന്ന് ഒരു ശബ്ദം കേട്ടു. വല്ലാതെ പകച്ചുപോയി, അയാൾ ഒരിടത്ത് ഒളിച്ചു ചെവിയോർത്തു നിലവായി. ആ കേട്ടതു ചവുട്ടടിശബ്ദമായിരുന്നു; ആരോ ഇരുട്ടത്തു അങ്ങോട്ട് നടന്നുവരികയാണ്. അത്ഭുതാത്ഭുതം, രണ്ടാമതൊരാൾകൂടി ഓവുചാലിലുണ്ട്. ഓവുചാലിന്റെ പുറത്തേക്കുള്ള അഴിവാതിൽ അധികം അകലെയല്ല. ആ അഴികളിലൂടേ വന്നിരുന്ന ചെറുവെളിച്ചംകൊണ്ട് അങ്ങോട്ട് വന്നതാരാണെന്ന് അയാൾക്കു മനസ്സിലായി; ആ പുതിയ ആൾ പുറത്ത് എന്തോ ഒന്നിനെ ഏറ്റിയിട്ടുണ്ട്. അയാൾ കൂന്നിട്ടാണ് നടന്നിരുന്നത്. ആ കൂന്നുനടന്നിരുന്ന ആൾ തടവിൽനിന്നു ചാടിപ്പോന്ന ഒരു പുള്ളിയാണ്, ആ മനുഷ്യൻ പുറത്തേറ്റിക്കൊണ്ടുപോകുന്നത് ഒരു ശവവും. കൊലപാതകം എന്നു വെച്ചിട്ടൊന്നുണ്ടെങ്കിൽ, അതാ കയ്യോടെ. മോഷണമാണെങ്കിൽ, അതസ്പഷ്ടം; ധർമ്മമായിട്ട് ആരും ഒരു മനുഷ്യനെ കൊല്ലില്ലല്ലോ. ആ തടവുപുള്ളി ശവം പുഴയിലെറിയാനുള്ള പോക്കാണ്. ഒരു കാര്യം ഓർമ്മിക്കേണ്ടതുണ്ട്; പുറത്തെയ്ക്കുള്ള അഴിവാതില്ക്കലെത്തുന്നതിനു മുൻപ് ഓവുചാലിലൂടേ വളരെ ദൂരംപോന്നു കഴിഞ്ഞിട്ടുള്ള ആ തടവുപുള്ളി നിശ്ചയമായും ഒരു വല്ലാത്ത ചളിക്കുണ്ടു കണ്ടെത്തിയിരിക്കണം; ആ മനുഷ്യന്നു ശവത്തെ അങ്ങോട്ടെറിയാമായിരുന്നു; പക്ഷേ, പിറ്റേ ദിവസംതന്നെ ഓവുചാൽപ്പണിക്കാർ ചളിക്കുണ്ടിൽ പണിയെടുക്കുമ്പോൾ ആ ശവം കണ്ടെത്തിക്കളയും; അത് ആ കൊലപാതകിയുടെ ആലോചനയ്ക്കു യോജിച്ചിരുന്നില്ല. ആ ഭാരവും പേറി ചളിക്കുണ്ടു പിന്നിടുകയാണ് നല്ലതെന്ന് അയാൾ നിശ്ചയിച്ചു; അയാൾ വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ടാവണം; ആ ചളിക്കുണ്ടിൽവെച്ചുള്ളതിലധികം തികച്ചും ആയുസ്സു പണയംവെയ്ക്കാൻ വയ്യാ. എങ്ങനെയാണ് ആ മനുഷ്യൻ അതിൽനിന്നു് പുറത്തു കടന്നതെന്ന് എനിക്കു മനസ്സിലാവുന്നില്ല’

‘മരിയുസ് കുറേക്കൂടി അടുക്കലേക്കു കസാല വലിച്ചിട്ടു. തെനാർദിയെർ ആ തഞ്ചത്തിൽ ദീർഘശ്വാസമിട്ടു. അയാൾ തുടർന്നു:

മൊസ്യു ബാറൺ, ഒരോവുചാൽ എന്നുവെച്ചാൽ രാജവീഥിയല്ല. അവിടെ യാതൊന്നും കിട്ടില്ല. നടക്കാൻ പഴുതുകൂടിയില്ല. രണ്ടുപേർ ഒന്നിച്ച് അതിൽപ്പെട്ടാൽ തമ്മിൽ കൂട്ടിമുട്ടണം. അതാണുണ്ടായതും. അവിടെ പാർപ്പുറപ്പിച്ചിട്ടുള്ള മനുഷ്യനും അതിലെ വന്ന വഴിപോക്കനും തമ്മിൽ കണ്ടു സലാം കൊടുക്കാതെ നിവൃത്തിയല്ലെന്നായി; അതു രണ്ടു കൂട്ടർക്കും ഇഷ്ടമുള്ള കാര്യമായിരുന്നില്ലതാനും. വഴിപോക്കൻ പാർപ്പുകാരനോടു പറഞ്ഞു: ‘എന്റെ പുറത്തുള്ള ഭാരം കണ്ടുവല്ലോ; എനിക്കു പുറത്തേക്കു പോവണം; നിങ്ങളുടെ പക്കൽ താക്കോലുണ്ടല്ലോ, അതിങ്ങോട്ടു തരൂ.’ ആ തടവുപുള്ളി ഒരു വല്ലാത്ത ശക്തനാണ്. ഇല്ലെന്നു പറയാൻ നിവൃത്തിയുമില്ല. എങ്കിലും, താക്കോൽ കൈയിലുള്ളവൻ ഇടകിട്ടാൻവേണ്ടി പിശകിനിന്നു. അയാൾ ശവത്തെ പരിശോധിച്ചു; അതൊരു ചെറുപ്പക്കാരനാണെന്നും, നല്ല ഉടുപ്പിട്ടിട്ടുണ്ടെന്നും, ഏതാണ്ടൊരു ധനവാന്റെ മട്ടുണ്ടെന്നും, ചോരകൊണ്ടു വൈകൃതപ്പെട്ടിരിക്കുന്നുവെന്നുമല്ലാതെ മറ്റൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. സംസാരിക്കുന്നതിനിടയ്ക്ക് കൊലപാതകി കാണാതെ ആ കൊലചെയ്യപ്പെട്ട മനുഷ്യന്റെ പുറംകുപ്പായത്തിന്റെ പിന്നിൽനിന്ന് ഒരു കഷണം കത്തിരിച്ചെടുക്കാൻ അയാൾക്കു തഞ്ചം കിട്ടി. ആളെ കണ്ടുപിടിക്കാനുള്ള ഒരു തെളിവുരേഖ, മനസ്സിലായല്ലോ; കാര്യങ്ങളെ അന്വേഷിച്ചു പിടിക്കാനും കുറ്റക്കാരങ്കൽ കൈ ചെല്ലാനും പറ്റിയ ഒരു പണി. അയാൾ തെളിവുരേഖ കീശയിലാക്കി, അതു കഴിഞ്ഞ് അയാൾ വാതിൽ തുറന്നുകൊടുത്തു, മുതുകത്തു ഗ്രഹപ്പിഴച്ചുമടുമായി ആ മനുഷ്യനെ പുറത്തേക്കാക്കി, അഴിവാതിൽ വീണ്ടും അടച്ചുപൂട്ടി, അവിടുന്നങ്ങോട്ടുള്ള കഥയിൽ പങ്കുകൊള്ളാതിരിക്കാനും കൊലപാതകി കൊലചെയ്യപ്പെട്ട ആളെ പുഴയിലേക്കു വലിച്ചെറിയുമ്പോൾ അവിടെ ഇല്ലാതിരിക്കാനുംവേണ്ടി ഒരു പാച്ചിൽ പാഞ്ഞു. ഇപ്പോൾ മനസ്സിലായല്ലോ. ശവവുംകൊണ്ടു പോയിരുന്ന മനുഷ്യൻ ഴാങ് വാൽഴാങ്ങാണു്; താക്കോൽ കൈയിലുണ്ടായിരുന്ന ആൾ ഇപ്പോൾ നിങ്ങളോടു സംസാരിക്കുന്നു; പുറംകുപ്പായത്തിന്റെ കഷ്ണം…’

തെനാർദിയെർ തന്റെ കീശയിൽനിന്ന് ആകെ കറുത്ത പുള്ളി വീണ ഒരു കറുത്തതുണിക്കഷ്ണം കണ്ണിനുനേർക്കുയർത്തി രണ്ടു തള്ളവിരൽകൊണ്ടും രണ്ടു ചൂണ്ടാണിവിരൽകൊണ്ടും’ അമർത്തിപ്പിടിച്ചു നിവർത്തിക്കാണിച്ച് തന്റെ വാചകം മുഴുമിപ്പിച്ചു.

മരിയുസ് ചാടിയെണീറ്റു, വിളർത്തു, ശ്വാസം കിട്ടാതെ, ആ കറുത്ത തുണിക്കഷ്ണത്തിയ്മേൽ കണ്ണൂന്നിക്കൊണ്ട്, ഒരക്ഷരവും മിണ്ടാതെ, ആ കുപ്പായത്തുണ്ടത്തിൽനിന്നു കണ്ണെടുക്കാതെ, ചുമരിന്റെ അടുക്കലേക്കു വാങ്ങിവാങ്ങി ചെന്നു, പുകക്കുഴലോടടുത്തുള്ള ഒരു ചുമരളുമാറിയുടെ പൂട്ടിലുണ്ടായിരുന്ന ഒരു താക്കോൽ വലത്തെ കൈകൊണ്ടു തപ്പിനോക്കി.

അയാൾ താക്കോൽ കണ്ടെത്തി, ചുമരളുമാറി തുറന്നു, നോക്കാതെയും അപ്പോഴും തെനാർദിയെർ പിടിച്ചുകാണിക്കുകതന്നെയായിരുന്ന കീറത്തുണിയിൽനിന്നു തന്റെ അമ്പരന്ന നോട്ടമെടുക്കാതെയും അതിന്നുള്ളിലേക്കു കൈയിട്ടു.

പക്ഷേ, തെനാർദിയെർ തുടർന്നു; ‘ബാറണവർകൾ, ആ കൊല്ലപ്പെട്ട ചെറുപ്പക്കാരൻ ഴാങ് വാൽഴാങ്ങിന്റെ കെണിയിൽപ്പെട്ടുപോയ ഒരു ധനികയുവാവും ഒരുപാടു പണം അപ്പോൾ കൈയിൽ വെച്ചിരുന്ന ആളുമായിരിക്കണമെന്നാണ് എന്റെ ദൃഢബോധം’

‘ആ ചെറുപ്പക്കാരൻ ഞാനായിരുന്നു; ആ പുറംകുപ്പായം ഇതാ! മരിയുസ് വിളിച്ചുപറഞ്ഞു. എന്നിട്ട് ആകെ ചോര നിറഞ്ഞ ഒരു കറുത്ത പഴങ്കുപ്പായം അയാൾ നിലത്തേക്കു വലിച്ചെറിഞ്ഞു.

എന്നിട്ടു തെനാർദിയെർ കൈയിൽപ്പിടിച്ചിരുന്ന തുണിക്കഷ്ണം തട്ടിപ്പറിച്ചു, പുറംകുപ്പായത്തിനുമീതേ കുനിഞ്ഞിരുന്ന് ആ കീറത്തുണി കുപ്പായത്തൊങ്ങലിന്റെ പഴുതിൽ ചേർത്തു പതിച്ചു. ആ കഷ്ണം അവിടെ ശരിക്കു ചേർന്നു; ആ കഷ്ണം കൂടിയൊത്തപ്പോൾ കുപ്പായം മുഴുവനായി.

തെനാർദിയെർ നിലത്തോടു ചേർത്താണിതറയ്ക്കപ്പെട്ടു.

അയാൾ ഇങ്ങനെ വിചാരിച്ചു. ‘ഞാൻ ആകെ മറിഞ്ഞു.’

വിറച്ചുകൊണ്ടു, നിരാശനായി, പ്രകാശമാനനായി മരിയൂസ് അവിടെനിന്നെഴുന്നേറ്റു

അയാൾ കീശയിൽ കൈയിട്ടു തപ്പി തെനാർദിയെരുടെ അടുക്കലേക്കു ഭയങ്കരമട്ടിൽ നടന്നുചെന്ന് അഞ്ഞൂറു ഫ്രാങ്കിന്റെ നോട്ടുകളും ആയിരം ഫ്രാങ്കും കൈമുഷ്ടിയിൽ വാരിപ്പിടിച്ചിരുന്നത് ആ മനുഷ്യന്റെ മുഖത്തേക്ക് ഒരേറുകൊടുത്തു.

‘നിങ്ങൾ ഒരറയ്ക്കത്തക്ക ദുഷ്ടനാണ്! നിങ്ങൾ നുണയനാണ്, പരദൂഷകനാണ്, തെമ്മാടിയാണ്. നിങ്ങൾ ആ മനുഷ്യനെ കുറ്റപ്പെടുത്താൻ വന്ന്, അദ്ദേഹത്തെ മര്യാദക്കാരനാക്കി, നിങ്ങൾക്ക് അദ്ദേഹത്തെ ചീത്തപ്പെടുത്തേണ്ടിയിരുന്നു, നിങ്ങൾ അദ്ദേഹത്തെ ബഹുമാന്യനാക്കി; അപ്പോൾ നിങ്ങളാണ് കള്ളൻ! നിങ്ങളാണ് കൊലപാതകി! ഞാൻ നിങ്ങളെ തെനാർദിയെർ ഴൊൻദ്രെത്തായ നിങ്ങളെ, റ്യു ദ് ലോപ്പിത്താലിലെ ആ മടയിൽവെച്ചു കണ്ടിട്ടുണ്ട്. നിങ്ങളെ തണ്ടുവലിശിക്ഷസ്ഥലത്തേക്കല്ല വേണമെങ്കിൽ അതിന്നപ്പുറത്തേക്കുതന്നെയും പറഞ്ഞയയ്ക്കാൻ വേണ്ട വിവരങ്ങൾ ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. അധികപ്രസംഗി, ഇതാ, ആയിരം ഫ്രാങ്ക്!’

ഒരായിരം ഫ്രാങ്കിന്റെ നോട്ടുകൂടി അയാൾ വലിച്ചെറിഞ്ഞുകൊടുത്തു.

‘ഹാ, തെനാർദിയെർ ഴൊൻദ്രെത്, ആനക്കള്ള, പഴയ ഗൂഢകാര്യങ്ങളെക്കൊണ്ടുകച്ചവടം നടത്തുന്ന മനുഷ്യാ, ഗൂഢസംഗതികളെക്കൊണ്ടുള്ള വാണിഭക്കാര, ഇരുൾപ്രദേശങ്ങളെ വാരിനോക്കി നടക്കുന്ന ദുഷ്ട, ഇത് ഒരു പാഠമായിരിക്കട്ടെ! ഈ അഞ്ഞൂറു ഫ്രാങ്കും പെറുക്കിയെടുത്ത് ഇവിടെനിന്നു പോവു! വാട്ടർലൂ നിങ്ങളെ രക്ഷിക്കുന്നു.’

‘വാട്ടർലൂ!’ മുൻപുള്ളവയോട് ആ അഞ്ഞുറു ഫ്രാങ്കും എടുത്തുകൂട്ടിക്കൊണ്ടുതെനാർദിയെർ മുരണ്ടു.

‘അതേ, ആളെക്കൊല്ലി! നിങ്ങൾ അവിടെവെച്ച് ഒരു കേർണലിന്റെ ജീവൻരക്ഷിച്ചു…’

‘ഒരു ജനറലിന്റെ’ തലയുയർത്തിക്കൊണ്ടു തെനാർദിയെർ പറഞ്ഞു.

‘ഒരു കേർണലിന്റെ!’ മരിയുസ് ശുണ്ഠിയെടുത്തു പറഞ്ഞു, ഒരു ജനറൽക്കുവേണ്ടി ഞാൻ ഒരു കാശും തരുമായിരുന്നില്ല. നിങ്ങൾ ഇവിടെ കടന്നുവന്നതു ദോഷാരോപണത്തിന്നാണ്. ഞാൻ പറയുന്നു, നിങ്ങൾ എല്ലാത്തരം പാപകർമ്മങ്ങളും ചെയ്തിരിക്കുന്നു. പോവൂ! ഇനി ഇവിടെ കാണരുതു്. ഒന്നുമാത്രമേ എനിക്കു പറയാനുള്ളു, സുഖിക്കു. ഹാ! പരമദുഷ്ട! ഇതാ, ഒരു മുവ്വായിരം ഫ്രാങ്കു കൂടി. എടുത്തോളൂ നാളെ നിങ്ങൾ മകളോടുകൂടി അമേരിക്കയിലേക്കു കപ്പൽ കയറണം; എന്തെന്നില്ലാത്ത നുണയ, നിങ്ങളുടെ ഭാര്യ മരിച്ചിരിക്കുന്നുവല്ലോ നിങ്ങൾ പോകുന്നുണ്ടോ എന്നു ഞാനന്വേഷിക്കും; പോകുന്ന സമയ ഇരുപതിനായിരം ഫ്രാങ്ക്കൂടി ഞാൻ തരും. എവിടെയെങ്കിലുംപോയി കഴുകയറൂ!’

‘മൊസ്യു ബാറൺ’, നിലത്തോടു തല മുട്ടുമാറു താണുപചരിച്ചികൊണ്ടു് തെനാർദിയെർ മറുപടി പറഞ്ഞു, ‘എന്നെന്നേക്കും ഞാൻ നന്ദിയുള്ളവനായിരിക്കും.’ എന്നിട്ടു യാതൊന്നും മനസ്സിലാകാതെ, അമ്പരന്ന്, ആ സ്വർണ്ണച്ചാക്കിനു ചുവടിൽ രസമായരഞ്ഞും നോട്ടുകളെ ചിന്നിക്കൊണ്ടു തലയ്ക്കു മുകളിൽ വെച്ച് ഇരമ്പിവെട്ടിയ ഇടിവെട്ടേറ്റും ആഹ്ലാദഭരിതനായി, തെനാർദിയെർ ആ മുറിയിൽനിന്നു പോയി.

അയാൾ ഇടിവെട്ടേറ്റപോലെയായിരുന്നു, എങ്കിലും തൃപ്തനായി; ഇത്തരമുള്ള ഒരിടിമിന്നൽ തട്ടാതെയാക്കുന്ന യന്ത്രം അയാളുടെ കൈയിലുണ്ടായിരുന്നുവെങ്കിൽ അയാൾ വല്ലാതെ ശുണ്ഠിയെടുത്തേനേ.

നമുക്ക് ഈ മനുഷ്യനെപ്പറ്റിയുള്ളതു പറഞ്ഞുകഴിക്കുക.

ഈ സമയത്തു ഞങ്ങൾ പറഞ്ഞുവരുന്ന കാര്യം നടന്നിട്ടു രണ്ടു ദിവസത്തിനുശേഷം അയാൾ തന്റെ മകൾ അസെൽമയുമൊന്നിച്ചു—മരിയുസ്സിന്റെ സശ്രദ്ധമായ അന്വേഷണത്തിനു നാം നന്ദി പറയുക—ഒരു കള്ളപ്പേരിൽ കൈയിൽ ന്യൂയോർക്ക് നഗരത്തിലെ ഒരു ബാങ്കിലേക്ക് ഇരുപതിനായിരം ഫ്രാങ്കിന്റെ ചെക്കുമായി അമേരിക്കയിലെക്കു യാത്രതിരിച്ചു.

തെനാർദിയെരുടെ മനസ്സിന്റെ ചീത്തത്തം എന്തായാലും മാറാത്തതാണ്; അയാളെ ചട്ടുകമാക്കിക്കിട്ടാൻ കഴിയാതെപോയ പ്രമാണികളുടെ നഷ്ടവും തീരാത്തതുതന്നെ. അയാൾ അമേരിക്കയിൽച്ചെന്നിട്ടും യൂറോപ്പിലെ പണിയാരംഭിച്ചു. ഒരു ദുഷ്ടനുമായുള്ള സമ്പർക്കം ചിലപ്പോൾ ഒരു സൽപ്രവൃത്തിയെക്കൂടി ചീത്തപ്പെടുത്തും; അതിൽനിന്നു പാപകർമ്മങ്ങൾ മുളച്ചുണ്ടായി എന്നു വരും. മരിയുസ്സിന്റെ പണംകൊണ്ടു തെനാർദിയെർ അടിമക്കച്ചവടം നടത്തി.

തെനാർദിയെർ വീട്ടിൽനിന്നു പോയ ഉടനെ മരിയുസ് തോട്ടത്തിലേക്കു പാഞ്ഞു; കൊസെത്ത് അവിടെ ലാത്തുകയായിരുന്നു.

‘കൊസെത്ത്! കൊസെത്ത്!’ അയാൾ വിളിച്ചു; ‘വരൂ! വേഗം വരു! നമുക്കു പോവുക. ബസ്ക്, ഒരു വണ്ടി! കൊസെത്ത്, വരൂ! ഹാ! എന്റെ ഈശ്വരാ! അദ്ദേഹമാണ് എന്റെ ജീവനെ രക്ഷിച്ചത്. നമുക്കിനി ഒരു നിമിഷം വൈകിച്ചുകൂടാ. സാൽവയെടുത്തു മേലിടൂ.’

കൊസെത്തിന് അയാൾക്കു ഭ്രാന്താണെന്നു തോന്നി; അവൾ ആ പറഞ്ഞവിധംചെയ്തു.

അയാൾക്കു ശ്വാസം കിട്ടുന്നില്ല; നെഞ്ഞിടിപ്പു കുറയ്ക്കാൻവേണ്ടി അയാൾ മാറത്തു കൈവെച്ചു. അയാൾ നീണ്ട കാൽവെപ്പുകളോടുകൂടി നടന്നു; അയാൾ കൊസെത്തിനെ പിടിച്ചു പൂട്ടി.

‘ഹാ! കൊസെത്ത്! ഞാനൊരു ഭാഗ്യംകെട്ട കഴുവാണ്!’ അയാൾ പറഞ്ഞു.

മരിയുസ് അമ്പരന്നിരിക്കുന്നു. ഴാങ് വാൽഴാങ് മരിയുസ്സിന്റെ കണ്ണിൽ അനിർവചനീയമായവിധം ഉയരത്തിലുള്ള ഒരു വ്യസനമയമായ രൂപമെടുത്തു. വിശിഷ്ടവും മനോഹരവും അപാരതകൊണ്ടു വിനീതവുമായ ഒരു മനോഗുണം അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചു. തടവുപുള്ളി ക്രിസ്തുവായി മാറി.

ഈ മാഹാത്മ്യവിശേഷത്തിനുമുൻപിൽ മരിയുസ്സിന്റെ കണ്ണഞ്ചി. എന്താണ് കാണുന്നതെന്ന് അയാൾക്ക് മനസ്സിലായില്ല; എങ്കിലും അതു മഹത്തരമായിരുന്നു.

ഒരു നിമിഷംകൊണ്ട് ഒരു കൂലിവണ്ടി പടിക്കലെത്തി.

മരിയുസ് കൊസെത്തിനെ അതിലേറ്റി താനും ചാടിക്കയറി.

‘വണ്ടിക്കാരൻ,’ അയാൾ പറഞ്ഞു, ‘റ്യൂ ദ് ലോം അർമെ, 7-ാം നമ്പർ വീട്’

വണ്ടി പറപറന്നു.

‘ഹാ! എന്തു സുഖം!’ കൊസെത്ത് ഉച്ചത്തിൽ പറഞ്ഞു. ‘റ്യൂ ദ് ലോം അർമെ, എനിക്കതിനെപ്പറ്റി അങ്ങോട്ടു പറയാൻ ധൈര്യമുണ്ടായില്ല. അപ്പോൾ നമ്മൾ മൊസ്യു ഴാങ്ങിനെ കാണാൻ പോകയാണ്!’

‘നിന്റെ അച്ഛനെ! കൊസെത്ത്, എന്നെന്നും നിന്റെ അച്ഛനെ. കൊസെത്ത്, ഞാനങ്ങിനെ ഊഹിക്കുന്നു: ഗവ്രോഷിന്റെ പക്കൽ ഞാനയച്ച കത്തു കിട്ടുകയുണ്ടായില്ലെന്നു പറഞ്ഞുവല്ലോ. അതദ്ദേഹത്തിന്റെ കൈയിൽച്ചെന്നിരിക്കണം. കൊസെത്ത്, എന്നെ രക്ഷപ്പെടുത്താൻവേണ്ടി അദ്ദേഹം വഴിക്കോട്ടയിലേക്കു വന്നു. ഒരു ദേവനായിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായതുകൊണ്ട് അദ്ദേഹം വേറേയും ആളുകളെ രക്ഷിച്ചു; അദ്ദേഹം ഴാവേറെ രക്ഷിച്ചു. എന്നെ നിനക്കുകൊണ്ടുവന്നു തരാൻവേണ്ടി അദ്ദേഹം എന്നെ ആ അഗാധക്കുഴിയിൽനിന്നു രക്ഷപ്പെടുത്തി. ആ വല്ലാത്ത ഓവുചാലിലൂടെ അദ്ദേഹം എന്നെയും പുറത്തേറ്റിപോന്നു. ഹാ! ഞാനൊരു നന്ദികെട്ട പിശാചാണ്. കൊസെത്ത്, നിന്റെ ഈശ്വരനായിരുന്നതിനുശേഷം, അദ്ദേഹം എന്റെ ഈശ്വരനുമായി. നോക്കൂ, ഒരു നൂറു പ്രാവശ്യം ആളുകൾക്കു മുങ്ങിച്ചാവാൻ മാത്രമുള്ള ഒരു ഭയങ്കരച്ചളിക്കുഴിയുണ്ട്; ചളിയിൽ ആണ്ടുചാവും. കൊസെത്ത്, അദ്ദേഹം എന്നെയുംകൊണ്ട് അതിലേ പോന്നു. എനിക്കു ബോധമില്ലായിരുന്നു; ഞാനൊന്നും കണ്ടില്ല, ഞാനൊന്നും കേട്ടില്ല, എന്തേ എനിക്കുണ്ടായതെന്നുതന്നെ ഞാനറിഞ്ഞില്ല. നമ്മൾ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ പോകയാണ്, നമ്മുടെ കൂടെ താമസിപ്പിക്കാൻ; അദ്ദേഹം ഇഷ്ടപ്പെട്ടാലുംശരി, ഇല്ലെങ്കിലും ശരി, നമുക്കദ്ദേഹത്തെ ഇനിവിട്ടുകൂടാ. അദ്ദേഹം വീട്ടിലുണ്ടായാൽ മതിയായിരുന്നു! നമുക്കദ്ദേഹത്തെ കാണാൻ പറ്റട്ടെ, ഞാൻ ഈ ജന്മം മുഴുവനും അദ്ദേഹത്തെ പൂജിക്കും. അതേ, അതാണ് വേണ്ടത്, കൊസെത്ത് മനസ്സിലായോ? ഗവ്രോഷ് നിനക്കുള്ള കത്ത് അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തിരിക്കണം. ഒക്കെത്തെളിഞ്ഞു, മനസ്സിലായല്ലോ.’

കൊസെത്തിന്ന് ഒരക്ഷരമെങ്കിലും മനസ്സിലായില്ല.

‘ശരിയാണ്.’ അവൾ അയാളോടു പറഞ്ഞു.

ഈയിടയ്ക്കു വണ്ടി പാഞ്ഞു.

കുറിപ്പുകൾ

[1] മടക്കുമ്പോഴത്തെ ഒച്ചകാരണം നോട്ടിന് ഒച്ചക്കാരൻ എന്നർത്ഥത്തിലുളള ഒരു വാക്ക് ഫ്രഞ്ച് കന്നഭാഷയിൽ നടപ്പുണ്ട്.

5.7.5
പിന്നിൽ പകലോടുകൂടിയ ഒരു രാത്രി

വാതില്ക്കൽനിന്നു മുട്ടു കേട്ടതോടുകൂടി ഴാങ് വാൽഴാങ് പിന്നോക്കം തിരിഞ്ഞു.

‘അകത്തേക്കു വരു’, അയാൾ ഒച്ചയില്ലാതെ പറഞ്ഞു.

വാതിൽ തുറന്നു.

കൊസെത്തും മരിയുസ്സും വാതില്ക്കൽ പ്രത്യക്ഷീഭവിച്ചു.

കൊസെത്ത് അകത്തേക്കു പാഞ്ഞുചെന്നു.

വാതിലിന്റെ കുറുമ്പടിയിലേക്കു ചാരി മരിയുസ് ഉമ്മറത്തു നിന്നു.

‘കൊസെത്ത്!’ ഴാങ് വാൽഴാങ് പറഞ്ഞു.

എന്നിട്ട് അയാൾ കസാലയിൽ നിവർന്നു, കൈ രണ്ടും നീട്ടി, വിറച്ചുകൊണ്ടു, കണ്ണു നട്ടു, വിളർത്തു, പരവശനായി, നോട്ടത്തിൽ ഒരപാരമായ ആഹ്ലാദത്തോടുകൂടിയിരുന്നു. വികാരാവേഗംകൊണ്ടു ശ്വാസം കിട്ടാതായ കൊസെത്ത് ഴാങ് വാൽഴാങ്ങിന്റെ മാറത്തു വീണു.

‘അച്ഛാ!’ അവൾ പറഞ്ഞു.

മതിമറന്നുപോയ ഴാങ് വാൽഴാങ് വിക്കി.

‘നിയ്യാണ്! അവൾ! നിങ്ങൾ! മദാം! നിയ്യാണ്! ഹാ, എന്റെ ഈശ്വരാ!’

കൊസെത്തിനാൽ മുറുകെ ആശ്ലേഷിക്കപ്പെട്ട അയാൾ ഉറക്കെപ്പറഞ്ഞു:

‘നിയ്യാണ്! നിയ്യിവിടെ വന്നു! അപ്പോൾ എനിക്കു നീ മാപ്പുതന്നു!

ഉരുണ്ടുകൂടുന്ന കണ്ണുനീർ വീഴാതിരിക്കാൻവേണ്ടി കണ്ണു ചിമ്മിക്കൊണ്ടു മരിയുസ് മുൻപോട്ടു ചെന്നു, തേങ്ങലമർത്താൻ മുറുകെകൂട്ടിപ്പിടിച്ച ചുണ്ടുകളിലൂടെ മന്ത്രിച്ചു: ‘എന്റെ അച്ഛാ!’

‘അപ്പോൾ നിങ്ങളും, നിങ്ങളും എനിക്കു മാപ്പ് തന്നു!’ ഴാങ് വാൽഴാങ്ങ് അയാളോടു പറഞ്ഞു.

മരിയുസ്സിനു വാക്കു കിട്ടിയില്ല; ഴാങ് വാൽഴാങ് തുടർന്നു: ‘ഞാൻ നന്ദിപറയുന്നു.’

കൊസെത്ത് തന്റെ സാൽവ വലിച്ചെറിഞ്ഞു, തൊപ്പി കട്ടിലിന്മേലേക്കു തട്ടിയിട്ടു.

‘എനിക്കു മനസ്സിലാവുന്നില്ല.’ അവൾ പറഞ്ഞു.

എന്നിട്ട് വൃദ്ധന്റെ മടിയിൽക്കയറിയിരുന്ന് ഒരു മനോഹരമട്ടിൽ അയാളുടെ നരച്ച തലമുടി രണ്ടു വശത്തേക്കും മാടിയിട്ട്, അയാളുടെ നെറ്റിത്തടത്തിൽ ഒരുമ്മ വെച്ചു.

അമ്പരന്നുപോയ ഴാങ് വാൽഴാങ് അവളെ ഇഷ്ടംപോലെ ചെയ്യാൻ വിട്ടു.

അവ്യക്തമായ വിധത്തിൽമാത്രം ചിലതു മനസ്സിലാക്കിയിരുന്ന കൊസെത്ത്, മരിയുസ്സിന്റെ കടപ്പാടുകൂടി തീർക്കാനെന്ന മട്ടിൽ, തന്റെ ഓമനിക്കൽ ഇരട്ടിയാക്കി.

ഴാങ് വാൽഴാങ് വിക്കി; ‘ആളുകൾ എന്തു വിഡ്ഢികളാണ്, ഞാനിനി അവളെ ഒരിക്കലും കാണില്ലെന്നേ വിചാരിച്ചത്. നോക്കൂ! മൊസ്യു പൊങ്മേർസി, നിങ്ങൾ അകത്തേക്കു വന്ന സമയം ഞാൻ വിചാരിക്കയായിരുന്നു: ‘ഒക്കെക്കഴിഞ്ഞു. ഇതാ അവളുടെ ഉടുപ്പ്, ഞാനൊരു ഭാഗ്യംകെട്ടവനാണ്; ഞാനിനി കൊസെത്തിനെ കാണില്ല,’ ആ സമയത്താണ് നിങ്ങൾ കോണി കയറി വന്നിരുന്നത്, ഞാനൊരു വങ്കനല്ലേ? നോക്കു, ഒരാൾ എന്തു വങ്കനായിപ്പോവുന്നു? ഈശ്വരനെ കണക്കാക്കാതെയാണ് ആളുകളുടെ പണി. നല്ലവനായ ഈശ്വരൻ പറയുന്നു: ‘നിന്നെ ഉപേക്ഷിച്ചുപോയി എന്നു നീ കമ്പം വിചാരിക്കുന്നു, വിഡ്ഢി, ഇല്ല! ഇല്ല, അങ്ങനെ വരില്ല. ആട്ടെ, ഒരു ദേവസ്ത്രീയെ കണ്ടേ കഴിയൂ എന്നുള്ള ഒരാളുണ്ടവിടെ.’ അതാ, ദേവസ്ത്രീ വരുന്നു; കൊസെത്തിനെ പിന്നെയും കാണുകയായി! ഒരിക്കൽക്കൂടി, അതാ ഞാനെന്റെ കൊസെത്ത്കുട്ടിയെ കാണുന്നു! ഹാ! ഞാൻ വളരെ ദുഃഖിച്ചു.’

കുറച്ചിടയ്ക്ക് അയാൾക്ക് ഒച്ച പൊന്താതായി; പിന്നീടു തുടർന്നു:

എനിക്ക് ഇടയ്ക്കിടയ്ക്കു കൊസെത്തിനെ കാണേണ്ടിയിരുന്നു. ഹൃദയത്തിനു കാർന്നുകൊണ്ടിരിക്കാൻ ഒരെല്ലിൻകഷ്ണം വേണം. പക്ഷേ, ഞാൻ നിങ്ങൾക്ക് ഒരു ‘സ്വൈരംകൊല്ലി’യായിത്തീർന്നിരിക്കുന്നു എന്നെനിക്കു തികച്ചും മനസ്സിലായി. ഞാനാലോചിച്ചു: ‘അവർക്കു നിങ്ങളെക്കൊണ്ടാവശ്യമില്ല. നിങ്ങളുടെപാടു നോക്കൂ, എന്നും ഒരാളുടെ മേൽ പറ്റിക്കൂടാൻ പാടില്ല.’ ഹാ! ഈശ്വരൻ, രക്ഷിച്ചു, അവളെ ഞാൻ ഒരിക്കൽക്കൂടി കണ്ടു. കൊസെത്ത്, നിനക്കറിയാമോ. നിന്റെ ഭർത്താവു് പരമസുന്ദരനാണ്? ഹാ, ഭാഗ്യത്തിന്, എന്തു ചന്തമുള്ള ചിത്രപ്പണിയോടുകൂടിയ കഴുത്തുനാടയാണ് നീയിന്നു കെട്ടിയിട്ടുള്ളത്. എനിക്ക് ഈ ജാതി ഇഷ്ടമാണ്. ഇതു നിന്റെ ഭർത്താവാണ് തിരഞ്ഞുവാങ്ങിയത്, അല്ലേ? പിന്നെ നീ ചില കാശ്മീരസ്സാല്വകൾ മേടിക്കണം. ഞാനവളെ നീ എന്നു വിളിക്കട്ടെ, മൊസ്യു പോങ് മേർസി അധികനേരത്തേക്കു വേണ്ടിവരില്ല.’

കൊസെത്ത് തുടങ്ങി ‘ഞങ്ങളെ അങ്ങനെ വിട്ടുകളഞ്ഞതു നന്നായോ? നിങ്ങൾ എവിടെപ്പോയിരുന്നു? ഇത്രയധികം കാലം വരാതിരുന്നതെന്തേ? പണ്ടൊക്കെ നിങ്ങളുടെ യാത്ര മൂന്നുനാലു ദിവസത്തെയ്ക്കേ നിലനിന്നിരുന്നുള്ളു. ഞാൻ നികൊലെത്തിനെ പറഞ്ഞയച്ചു; എപ്പോഴും അവൾ മടങ്ങിവന്നു പറയും, അദ്ദേഹം അവിടെയില്ല.’ നിങ്ങൾ തിരിച്ചെത്തിയിട്ടു ദിവസമെത്രയായി? എന്തേ ഞങ്ങളെ അറിയിക്കാഞ്ഞത്? അപ്പോൾ, നിങ്ങൾ വല്ലാതെ വ്യത്യാസപ്പെട്ടിരിക്കുന്നുവല്ലോ എന്തു വികൃതിയച്ഛൻ! അദ്ദേഹത്തിനു രോഗമായിരുന്നു. എന്നിട്ടു ഞങ്ങൾ അതറിഞ്ഞില്ല നില്ക്കു, മരിയുസ്സ്, അദ്ദേഹത്തിന്റെ കയ്യെങ്ങനെ തണുത്തിരിക്കുന്നു!’

‘അപ്പോൾ നിങ്ങൾ ഇവിടെയുണ്ട്! മൊസ്യു പോങ്മേർസി, നിങ്ങൾ എനിക്കു മാപ്പു തന്നു!’ ഴാങ് വാൽഴാങ് ആവർത്തിച്ചു.

ഴാങ് വാൽഴാങ് ഒരിക്കൽക്കൂടി പറഞ്ഞ ആ വാക്കുകൾ കേട്ടതോടുകൂടി മരിയുസ്സിന്റെ ഹൃദയത്തിൽ വീർത്തുവന്നിരുന്നതെല്ലാം പൊട്ടിപ്പോയി.

അയാളിൽനിന്നു പൊട്ടിപ്പുറപ്പെട്ടു: ‘കൊസെത്ത്, കേട്ടുവോ? അദ്ദേഹം അങ്ങോട്ടെത്തി! അദ്ദേഹം എന്നോടു മാപ്പു ചോദിക്കുന്നു! അദ്ദേഹം എനിക്കു വേണ്ടി എന്തു ചെയ്തുവെന്നറിയാമോ, കൊസെത്ത്? അദ്ദേഹം എനിക്കെന്റെ ജീവനെ രക്ഷിച്ചുതന്നു. അദ്ദേഹം അതിലുമധികം ചെയ്തു—അദ്ദേഹം നിന്നെ എനിക്കുതന്നു എന്നിട്ട് എന്റെ ജീവനെ രക്ഷിക്കുകയും നിന്നെ എനിക്കു തരികയും ചെയ്തിട്ട്, അദ്ദേഹം തനിക്കായി എന്തു ചെയ്തു? അദ്ദേഹം തന്നെത്താൻ ബലികഴിച്ചു നോക്കണേ മനുഷ്യനെ. എന്നിട്ട് അദ്ദേഹം നന്ദികെട്ടവനായ എന്നോടു, മറവിക്കാരനായ എന്നോടു, നിർദ്ദയനായ എന്നോടു, കുറ്റക്കാരനായ എന്നോടു്, പറയുന്നു, ഞാൻ നന്ദിപറയുന്നു എന്ന്! കൊസെത്ത്, ഞാനെന്റെ ജീവിതകാലം മുഴുവനും ഇദ്ദേഹത്തിന്റെ പാദശുശ്രൂഷ ചെയ്തുകൊണ്ടിരുന്നാൽ പോരാ. വഴിക്കോട്ട, ആ ഓവുചാൽ, ആ തീച്ചൂള, ആ ചളിക്കുണ്ട്—ഇതെല്ലാം അദ്ദേഹം എനിക്കുവേണ്ടി, കൊസെത്ത്, നിനക്കുവേണ്ടി കടന്നു. എല്ലാത്തരം മരണങ്ങളേയും എന്റെ മുൻപിൽനിന്നു തട്ടിനീക്കി താൻ സ്വീകരിച്ചുകൊണ്ട് എന്നേയും വാരിയെടുത്തു നടന്നു. എല്ലാത്തരം ധൈര്യവും എല്ലാത്തരം മനോഗുണവും, എല്ലാത്തരം ധീരോദാത്തതയും അദ്ദേഹത്തിനുണ്ട്! കൊസെത്ത്, ഈ മനുഷ്യൻ ഒരമാനുഷനാണ്!’

‘നില്ക്കു! നില്ക്കൂ!’ ഴാങ് വാൽഴാങ് ഒരു താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു. ‘എന്തിനാണതൊക്കെ പറയുന്നത്?’

‘അപ്പോൾ നിങ്ങൾ!’ ബഹുമാനം കൂടിക്കലർന്ന ഒരു ശുണ്ഠിയോടുകൂടി മരിയുസ് പറഞ്ഞു, ‘നിങ്ങൾ എന്തുകൊണ്ട് അതൊന്നും എന്നോടു പറഞ്ഞില്ല? നിങ്ങളുടേയും കുറ്റമുണ്ട്. നിങ്ങൾ ആളുകളുടെ ജീവനെ രക്ഷിക്കുന്നു; അവരോടൊട്ടു പറഞ്ഞുകൊടുക്കുകയുമില്ല! അത്രമാത്രമല്ല, നിങ്ങളെ മനസ്സിലാക്കിത്തരികയാണെന്ന നാട്യത്തിൽ നിങ്ങൾ സ്വയം അധിക്ഷേപിക്കുന്നു. ഇതു നന്നല്ല.’

‘ഞാൻ നേരു പറഞ്ഞു,’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു.

‘ഇല്ല’, മരിയുസ് തിരിച്ചടിച്ചു, ‘നേരെന്നു വെച്ചാൽ നേരുമുഴുവനും വേണം അതു നിങ്ങൾ പറഞ്ഞില്ല. നിങ്ങളായിരുന്നു മൊസ്യു മദലിയെൻ; അതെന്തുകൊണ്ടു പറഞ്ഞില്ല? നിങ്ങൾ ഴാവേറെ രക്ഷിച്ചു. അതെന്തുകൊണ്ട് പറഞ്ഞില്ല എന്റെ ആയുസ്സിനു ഞാൻ നിങ്ങൾക്കു കടപ്പെട്ടിരിക്കുന്നു; അതെന്തുകൊണ്ട് പറഞ്ഞില്ല?’

‘ഞാനും നിങ്ങളെപ്പോലെത്തന്നെ കരുതി. നിങ്ങളുടെ അഭിപ്രായം ശരിയാണെന്നു ഞാൻ വിചാരിച്ചു. ഞാൻ വിട്ടുപോരേണ്ടതാണെന്ന് എനിക്കു തോന്നി. ഓവുചാലിലെ കഥ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ എന്നെ നിങ്ങളുടെ അടുക്കൽതന്നെ താമസിപ്പിക്കാൻ നോക്കും. അതുകൊണ്ട് ആ കാര്യം ഞാൻ മിണ്ടാതിരുന്നേ പറ്റു എന്നായി. ഞാൻ പറഞ്ഞിരുന്നുവെങ്കിൽ, അത് എല്ലാവിധത്തിലും സംഭ്രമമുണ്ടാക്കിയേനേ’

‘എന്തു സംഭ്രമം? ആരെ സംഭ്രമിപ്പിക്കും?’ മരിയുസ് തിരിച്ചടിച്ചു. നിങ്ങൾ വിചാരിക്കുന്നുണ്ടോ നിങ്ങളിവിടെ ഇനി താമസിക്കുമെന്ന്? ഞങ്ങൾ നിങ്ങളെ എടുത്തു കൊണ്ടുപോവും. ഹാ! എന്റെ ഈശ്വര! യദൃച്ഛയായിട്ടാണ് ഞാനിതെല്ലാം മനസ്സിലാക്കിയത്. നിങ്ങൾ ഞങ്ങളുടെ കൂട്ടത്തിൽ ഒരാളാണ്. നിങ്ങൾ അവളുടെ അച്ഛനാണ്, എന്റേയും. ഈ മോശസ്ഥലത്ത് ഇനി ഒരു നിമിഷമെങ്കിലും നിങ്ങൾ താമസിക്കാൻ പാടില്ല. നാളെ നിങ്ങളിവിടെയുണ്ടായിരിക്കുമെന്നു കരുതേണ്ടാ.’

‘നാളെ’, ഴാങ് വാൽഴാങ് പറഞ്ഞു, ഞാനിവിടെ ഉണ്ടായിരിക്കില്ല, നിങ്ങളുടെകൂടെയും ഉണ്ടായിരിക്കില്ല.’

‘എന്താണ് നിങ്ങൾ പറയുന്നത്?’ മരിയുസ് മറുപടി പറഞ്ഞു. ‘ആട്ടെ പറയട്ടെ. ഇനി നിങ്ങളെ ദൂരയാത്ര ചെയ്യാൻ ഞങ്ങൾ സമ്മതിക്കുകയില്ല. നിങ്ങൾ ഇനിയൊരിക്കലും ഞങ്ങളെ വിട്ടുപോയിക്കൂടാ. നിങ്ങൾ ഞങ്ങളുടെയാണ്, ഞങ്ങൾ നിങ്ങളെ ഒരിക്കലും വിടില്ല.’

‘ഇക്കുറി കണക്കിനു പറ്റി,’ കൊസെത്ത് തുടർന്നു. ‘വാതില്ക്കൽ വണ്ടിയുണ്ട്. ഞാൻ നിങ്ങളേയുംകൊണ്ടു ചാടും. വേണ്ടിവന്നാൽ ഞാൻ ബലംകൂടി പ്രയോഗിക്കും.’

അവൾ ചിരിച്ചുംകൊണ്ട് വയസ്സനെ എടുത്തുപൊന്തിക്കാൻ ശ്രമിച്ചു.

‘നിങ്ങളുടെ മുറി ഇപ്പോഴും അവിടെ അങ്ങനെത്തന്നെയിരിക്കുന്നു’. അവൾ തുടർന്നു. ‘ഇപ്പോൾ തോട്ടം എന്തു ഭംഗിയിലിരിക്കുന്നു എന്നോ! പൂച്ചെടികൾക്കൊരു സുഖംതന്നെ. വഴികളിലൊക്കെ പുഴമണ്ണു കൊണ്ടുവന്നിടുവിച്ചു. ഊത നിറത്തിൽ ചെറിയ ഇത്തിളുകളുണ്ട്. നിങ്ങൾ എന്റെ ‘സ്റ്റ്രാബറി’പ്പഴം തിന്നുനോക്കണം! ഞാൻതന്നെയാണ് അവയ്ക്കു നനയ്ക്കാറ്. ഇനി ‘മദാം’ എന്നു പറയാൻ പാടില്ല, ‘മൊസ്യു ഴാങ്’ എന്നും പറഞ്ഞുകൂടാ; ഞങ്ങൾ പ്രജാവാഴ്ചക്കാരാണ്. എല്ലാവരും നീ എന്നു പറയണം, അല്ലേ മരിയുസ്? മട്ടൊക്കെ മാറി. അച്ഛാ. എനിക്കൊരാപത്തു പറ്റിയതു കേൾക്കണം: ചുമരിന്റെ ഒരു പൊത്തിൽ ഒരു ചുകപ്പുകിളി കൂടുകെട്ടിയിരുന്നു; അതിനെ ഒരു വല്ലാത്ത പൂച്ച പിടിച്ചുകളഞ്ഞു. സ്വന്തം ജനാലയിലൂടെ കൊച്ചുതല പുറത്തേക്കിട്ട് എന്നെ നോക്കാറുള്ള എന്റെ സാധു ഓമനപ്പക്ഷിക്കുഞ്ഞ്! ഞാൻ വളരെ കരഞ്ഞു. എനിക്ക് ആ പൂച്ചയെ കൊല്ലണമെന്നുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആരും കരയുന്നില്ല. എല്ലാവരും ചിരിക്കുന്നു, എല്ലാവർക്കും സുഖംതന്നെ. നിങ്ങൾ ഞങ്ങളുടെ കൂടെ പോരണം, മുത്തച്ഛന്ന് എന്തു രസമാവും! തോട്ടത്തിൽ നിങ്ങളുടെ വകയായി ഒരു ഭാഗമെടുക്കാം. അതിൽ കൃഷി ചെയ്യാം; എന്റെ സ്റ്റ്രാബറിയോ അച്ഛന്റെ സ്റ്റ്രാബറിയോ ഏറെ നന്നാവുകയെന്നു നമുക്കുനോക്കാം. നിങ്ങൾ പറയുന്നതൊക്കെ ഞാൻ ചെയ്യാം; ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുമല്ലോ.’

ഴാങ് വാൽഴാങ് അവൾ പറയുന്നതൊന്നും മനസ്സിലാവാതെതന്നെ മനസ്സുവെച്ചിരുന്നു. അവൾ പറയുന്നതിലെ കാര്യത്തിനെക്കാളധികം അവളുടെ വാക്കുകളിലുള്ള മാധുര്യമാണ് അയാൾ ശ്രദ്ധിച്ചിരുന്നത്; ആത്മാവിന്റെ വ്യസനമയങ്ങളായ മുത്തുമണികളായ ആ വലിയ കണ്ണുനീർത്തുള്ളികളിലൊന്ന് അയാളുടെ കണ്ണുകളിൽ പതുക്കെ ഉരുണ്ടുകൂടി. അയാൾ മന്ത്രിച്ചു: ‘ഈശ്വരൻ ദയാലുവാണെന്നുള്ളതിന്റെ അടയാളമാണ് വീണ്ടും വന്നത് ‘അച്ഛാ’, കൊസെത്ത് പറഞ്ഞു. ഴാങ് വാൽഴാങ് തുടർന്നു. ‘നമ്മൾ ഒരുമിച്ചു താമസിക്കുകയാണെങ്കിൽ അതു വളരെ നന്നായിരിക്കും, ശരിയാണ്, അവരുടെ മരങ്ങളിലൊക്കെ പക്ഷികളുണ്ട്. ഞാൻ കൊസെത്തുമായി ലാത്തും. കുശലം പറകയും തോട്ടത്തിൽ അന്യോന്യം സംസാരിച്ചുനടക്കുകയും ചെയ്യുന്ന ഈ ജീവിച്ചിരിക്കുന്നവരോടു കൂടിക്കഴിയാൻ രസമുണ്ട്. ആളുകൾ പുലർച്ചെ മുതൽ അന്യോന്യം കാണുന്നു. നമ്മൾ ഓരോരുത്തന്നും സ്വന്തമായി ഓരോ സ്ഥലം കണ്ടുപിടിക്കണം. ഞാനവളുടെ സ്റ്റ്രാബറിപ്പഴം തിന്നണമെന്നാണവൾക്ക്. ഞാനെന്റെ പനിനീർപ്പൂവുകളെ അവളെക്കൊണ്ടു പറിച്ചുകൂട്ടിക്കും. അതു നന്നായിരിക്കും. ഒന്നുമാത്രം…’

അയാൾ നിർത്തി, പതുക്കെപ്പറഞ്ഞു: ‘കഷ്ടംതന്നെ!’

ആ കണ്ണുനീർത്തുള്ളി കീഴ്പോട്ടു വീണില്ല. അതു പിന്നോക്കംതന്നെ പോയി;

ആ സ്ഥാനത്തു ഴാങ് വാൽഴാങ് ഒരു പുഞ്ചിരി വെച്ചു. കൊസെത്ത് വൃദ്ധന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു.

‘എന്റെ ഈശ്വരാ!’ അവൾ പറഞ്ഞു, നിങ്ങളുടെ കൈ മുൻപത്തെക്കാളധികം തണുത്തിരിക്കുന്നു. രോഗമുണ്ടോ? വേദനപ്പെടുന്നുണ്ടോ?’

‘എനിക്കോ? ഇല്ല.’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു, ‘എനിക്കു നല്ല സുഖമാണ്. ഒന്നുമാത്രം…’ അയാൾ നിർത്തി.

‘എന്തുമാത്രം?’

‘ഞാൻ മരിക്കുകയായി.’

കൊസെത്തും മരിയുസ്സും നടുങ്ങി.

‘മരിക്കുക!’ മരിയുസ് ഉച്ചത്തിൽ പറഞ്ഞു.

‘അതേ, പക്ഷേ, സാരമില്ല,’ ഴാങ് വാൽഴാങ് പറഞ്ഞു.

അയാൾ ശ്വാസം വീണ്ടെടുത്തു. പുഞ്ചിരിയിട്ടുകൊണ്ടു പറഞ്ഞു: ‘കൊസെത്ത്, എന്തേ നിയ്യെന്നോടു പറഞ്ഞിരുന്നത്? കേൾക്കട്ടെ; അപ്പോൾ നിന്റെ ചുകപ്പുകിളി ചത്തുപോയി. പറയു, ഞാൻ നിന്റെ ഒച്ച കേൾക്കട്ടെ. മരിയുസ് സംഭ്രമത്തോടുകൂടി വൃദ്ധനെ സൂക്ഷിച്ചുനോക്കി.

കൊസെത്ത് ഹൃദയഭേദകമായ ഒരു നിലവിളി പുറപ്പെടുവിച്ചു.

‘അച്ഛാ! അച്ഛാ! മരിക്കരുത്. നിങ്ങൾ ജീവിച്ചിരിക്കു. ഞാൻ സമ്മതിക്കില്ല, നിങ്ങൾ ജീവിച്ചിരുന്നേ പറ്റൂ. കേട്ടില്ലേ?’

ഴാങ് വാൽഴാങ് വാത്സല്യത്തോടുകൂടി അവളുടെ അടുക്കലേക്കു തന്റെ തലയുയർത്തി.

‘ഹാ! അതേ! എന്നെ മരിക്കാൻ സമ്മതിക്കാതിരിക്കു. ആർക്കറിയാം? ഒരു സമയം ഞാൻ കേട്ടേക്കാം; നിങ്ങൾ വന്ന സമയത്തു ഞാൻ മരിച്ചപോലെയായിരുന്നു. നിങ്ങളുടെ വരവ് അതിനെ തടഞ്ഞു; ഞാൻ വീണ്ടും ജനിച്ചപോലെ തോന്നുന്നു.’

‘നിങ്ങൾക്കു ശക്തിയും ജീവനും പരിപൂർണ്ണമായിട്ടുണ്ട്,’ മരിയുസ് പറഞ്ഞു. ഈ നിലയിൽ ഒരാൾക്ക് മരിക്കാൻ കഴിയുമെന്നു തോന്നുന്നുണ്ടോ? നിങ്ങൾ ദുഃഖിക്കുകയുണ്ടായിട്ടുണ്ട്, ഇനി അതു വേണ്ടിവരില്ല. ഞാനാണ് നിങ്ങളോടു മാപ്പുചോദിക്കുന്നത്—അതേ, മുട്ടുകുത്തിയിരുന്നു! നിങ്ങൾ ജീവിച്ചിരിക്കാനാണ് പോകുന്നത്; ഞങ്ങളുടെ കൂടെ; വളരെക്കാലത്തേക്കും. ഞങ്ങൾ ഒരിക്കൽക്കൂടി നിങ്ങളെ കൈവശപ്പെടുത്തുന്നു. നിങ്ങളുടെ സുഖമല്ലാതെ മറ്റൊരു ചിന്തയുമില്ലാത്ത രണ്ടുപേരുണ്ട് ഞങ്ങൾ.’

‘കണ്ടുവോ’, കണ്ണുനീരിൽക്കുളിച്ചുകൊണ്ട കൊസെത്ത് പറഞ്ഞു, മരിയുസ്സതാ പറയുന്നു, നിങ്ങൾ മരിക്കുകയില്ലെന്ന്.’

ഴാങ് വാൽഴാങ് വീണ്ടും പുഞ്ചിരിയിടാൻ തുടങ്ങി.

‘നിങ്ങൾ എന്നെ കൈവശപ്പടുത്തുകയാണെങ്കിൽത്തന്നെ, മൊസ്യു പൊങ്മേർസി, എന്നെ ഞാനല്ലാതാക്കിത്തീർക്കാൻ കഴിയുമോ? ഇല്ല, ഈശ്വരനും എന്നേയും നിങ്ങളേയുംപോലെ ആലോചിച്ചു; അവിടുത്തെ അഭിപ്രായം മാറുകയില്ല, ഞാൻ പോവുകയാണ് ഇനി വേണ്ടത്. മരണം ഒരു നല്ല ഏർപ്പാടാണ്. നമുക്കാവശ്യമുള്ളതെന്താണെന്നു നമ്മെക്കാളധികം ഈശ്വരന്നാണറിയാവുന്നത്. നിങ്ങൾ സുഖിക്കുവിൻ, എന്റെ മൊസ്യു പൊങ് മേർസിക്കു കൊസെത്തിരിക്കട്ടെ; യൗവനം ഉഷസ്സിനെ വിവാഹം ചെയ്യട്ടെ; എന്റെ കുട്ടികളേ, നിങ്ങളുടെ ചുറ്റും പൂവുകളും കുയിലുകളുമായിരിക്കട്ടെ; നിങ്ങളുടെ ജീവിതം വെയിൽ തട്ടുന്ന ഒരു ചന്തമുള്ള മൈതാനമായിരിക്കട്ടെ, സ്വർഗ്ഗത്തിലെ എല്ലാ മനോഹരതകളും നിങ്ങളുടെ ആത്മാവുകളിൽ നിറയട്ടെ. ഇനി യാതൊന്നിനും കൊള്ളരുതാത്തവനായ ഞാൻ മരിച്ചോട്ടെ. ഇതൊക്കെ ഇങ്ങനെത്തന്നെയാണ് വേണ്ടത്, സംശയമില്ല, വരു; കഥയില്ലായ്മ കാണിക്കരുത്. ഇനി യാതൊന്നിനും കഴിവില്ല, എല്ലാം കഴിഞ്ഞുപോയി എന്നെനിക്കു നല്ലവണ്ണമറിയാം. ഇന്നലെ രാത്രി ഞാനാപ്പിടിപ്പാത്രം നിറച്ചുണ്ടായിരുന്ന വെള്ളം മുഴുവനും കുടിച്ചു. നിങ്ങളുടെ ഭർത്താവ് എത്ര നല്ല ആളാണ്, കൊസെത്ത്! എന്റെ കൂടെയാവുന്നതിലും എത്രയോ അധികം നിനക്കദ്ദേഹത്തിന്റെ കൂടെയിരിക്കുന്നതാണ് നല്ലത്.’

വാതില്ക്കൽനിന്ന് ഒരൊച്ച കേട്ടു.

അതു വൈദ്യന്റെ വരവായിരുന്നു.

‘വരു, വരു, വൈദ്യൻ, നിങ്ങളോടു ഞാൻ യാത്ര പറയുന്നു’, ഴാങ് വാൽഴാങ് പറഞ്ഞു. ‘ഇതാ, എന്റെ സാധുക്കുട്ടികൾ.’

മരിയുസ് വൈദ്യന്റെ അടുക്കലേക്കു ചെന്നു. അയാൾ വൈദ്യനോട് ഇത്രമാത്രമേ പറഞ്ഞുള്ളു: ‘മൊസ്യു…’ പക്ഷേ, ആ പറയുന്ന മട്ടിൽ ചോദ്യം മുഴുവനും അടങ്ങിയിരുന്നു.

വൈദ്യൻ ഒരു സാഭിപ്രായമായ നോട്ടംകൊണ്ടു ചോദ്യത്തിനു മറുപടി പറഞ്ഞു.

‘നമ്മുടെ ഇഷ്ടംപോലെയായില്ലെന്നുവെച്ചു’, ഴാങ് വാൽഴാങ് പറഞ്ഞു: ‘ഈശ്വരനോടു ദേഷ്യപ്പെടാൻ ന്യായമില്ല.’

കുറച്ചിട ആരും മിണ്ടിയില്ല.

എല്ലാ ഹൃദയവും വിങ്ങിയിരുന്നു.

കൊസെത്തിനെ നോക്കി. അവളുടെ അവയവങ്ങൾ ഓരോന്നും ഉള്ളിൽ സൂക്ഷിച്ചുവെയ്ക്കാനാണെന്നപോലെ അയാൾ അവളെ നോക്കിക്കാണാൻ തുടങ്ങി.

അയാൾ—ആ ഇറങ്ങിച്ചെന്നിരുന്ന അന്ധകാരകുണ്ഡത്തിനുള്ളിലും—കൊസെത്തിനെ നോക്കിക്കാണുന്ന സമയത്ത് ആഹ്ലാദമൂർച്ഛയിൽ പെട്ടിരുന്നു. അയാളുടെ വിളർത്ത മുഖത്തെ ആ മനോഹരമുഖത്തിന്റെ പ്രതിഫലനം പ്രകാശമാനമാക്കി.

വൈദ്യൻ അയാളുടെ നാഡി പിടിച്ചുനോക്കി.

‘ഹാ! നിങ്ങളെയാണ് അപ്പോൾ അദ്ദേഹത്തിനു കാണേണ്ടിയിരുന്നതു്!’ കൊസെത്തിനേയും മരിയുസ്സിനേയും നോക്കിക്കൊണ്ട് അയാൾ മന്ത്രിച്ചു.

എന്നിട്ടു മരിയുസ്സിന്റെ ചെകിട്ടിലേക്കു കുനിഞ്ഞുനിന്ന് അയാൾ വളരെ താഴ്‌ന്ന ഒരു സ്വരത്തിൽത്തുടർന്നു; ‘വൈകിപ്പോയി.’

ഴാങ് വാൽഴാങ് കൊസെത്തിനെ നോക്കിക്കാണാൻ ഒട്ടും കുറയ്ക്കാതെ തന്നെ, വൈദ്യനേയും മരിയുസ്സിനേയും ഗൗരവത്തോടുകൂടി നോക്കി.

അയാളുടെ മുഖത്തുനിന്നു കഷ്ടിച്ചു കേൾക്കാവുന്ന സ്വരത്തിൽ ഈ വാക്കുകൾ പുറത്തേക്കു വന്നു.

‘മരിക്കുന്നതു സാരമില്ല; ജീവിച്ചിരിക്കാതാവുക വ്യസനകരംതന്നെ.’

പെട്ടെന്ന് അയാൾ എണീറ്റുനിന്നു. ഇത്തരം ശക്തിവെയ്ക്കലുകൾ ചിലപ്പോൾ മരണപ്പിടച്ചിലിന്റെ അംഗങ്ങളാണ്. അയാൾ ഉറച്ച കാൽവെപ്പോടുകൂടി ചുമരിന്റെ അടുക്കലേക്കു നടന്നു, സഹായിക്കാൻ ചെന്ന മരിയുസ്സിനേയും വൈദ്യനേയും തട്ടിനീക്കി, ചുമരിന്മേൽ തൂക്കിയിട്ടിരുന്ന ഒരു ചെമ്പുകുരിശു വലിച്ചെടുത്തു, നല്ല തികഞ്ഞ ആരോഗ്യത്തിന്റെ ചുറുചുറുക്കോടുകൂടി തിരിച്ചുവന്ന്, ആ കുരിശുമേശപ്പുറത്തു വെയ്ക്കെ ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞും: ‘ധർമ്മാർത്ഥമായി പീഡയനുഭവിച്ച ലോകമഹാത്മാവിനെ നോക്കൂ.’

ഉടനേ അയാളുടെ മാറിടം കുനിഞ്ഞു. ശവക്കല്ലറയിലെ ലഹരി ബാധിക്കാൻ തുടങ്ങിയിട്ടെന്നപോലെ, അയാളുടെ തല ചാഞ്ചാടി.

കൈമുട്ടിന്മേൽ ഇരുന്നിരുന്ന അയാളുടെ കൈകൾ കാലുറയുടെ ശീലയിലേക്കു നഖം പായിക്കാൻ തുടങ്ങി.

കൊസെത്ത് അയാളുടെ ചുമൽ താങ്ങി; അവൾ തേങ്ങിക്കരഞ്ഞു; അയാളോടു സംസാരിക്കാൻ നോക്കി, കഴിഞ്ഞില്ല.

കണ്ണുനീരോടുകൂടി കാണാറുള്ള ആ വ്യസനകരമായ ഉമിനീർ കലർന്നുവന്ന വാക്കുകൾക്കിടയിൽ അവർ ഇങ്ങനെ ചിലതു കേട്ടു:

‘അച്ഛാ, ഞങ്ങളെ വിട്ടുപോവരുത്. വിട്ടുപിരിയാൻവേണ്ടി മാത്രമാണ് ഞങ്ങൾ അച്ഛനെ കണ്ടുപിടിച്ചതെന്നു വരുമോ?’

മരണവേദന ഉഴയ്ക്കുമെന്നു പറയാം. അതു നീങ്ങുന്നു, പോകുന്നു, ശവക്കുഴിയിലേക്കു ചെല്ലുന്നു, ഉടനേ ജീവിതത്തിലേക്കുതന്നെ മടങ്ങുന്നു. മരിക്കലിൽ ഒരു തപ്പിനടക്കലുണ്ട്.

ഈ അർദ്ധമോഹാലസ്യത്തിനു ശേഷം ഴാങ് വാൽഴാങ്ങിനു ബോധം വെച്ചു; നിഴൽപ്പാടുകളെ കുടഞ്ഞുകളയാനാണെന്നപോലെ അയാൾ നെറ്റിത്തടം ഇളക്കി; ഒരിക്കൽക്കൂടി സ്വബോധസ്ഥനായി.

അയാൾ കൊസെത്തിന്റെ ഒരു കുപ്പായക്കൈഞെറി പിടിച്ചു ചുംബിച്ചു.

‘അദ്ദേഹത്തിനു ബോധം വന്നു! ഡോക്ടർ, അദ്ദേഹത്തിനു ബോധം വന്നു!’ മരിയുസ് ഉറക്കെപ്പറഞ്ഞു.

‘നിങ്ങൾ നന്ന്, രണ്ടുപേരും,’ ഴാങ് വാൽഴാങ് പറഞ്ഞു.

‘എന്നെ വേദനപ്പെടുത്തിയതെന്താണെന്നു ഞാൻ നിങ്ങളെ മനസ്സിലാക്കാൻ പോകുന്നു. മൊസ്യു പൊങ്മേർസി, നിങ്ങൾ ആ പണം തൊടാതിരുന്നതാണ് എന്നെ വേദനിപ്പിച്ചത്. ആ പണം വാസ്തവമായി നിങ്ങളുടെ ഭാര്യയ്ക്കവകാശപ്പെട്ടതാണ്. എന്റെ കുട്ടികളേ, ഞാൻ നിങ്ങളോടു പറയാം, ഈ കാരണംകൊണ്ടും നിങ്ങളെ ഇപ്പോൾ കാണാറായതു നന്നായി. കറുത്ത അമ്പർ ഇംഗ്ലണ്ടിൽ നിന്നാണ് വരുന്നത്; വെളുത്തതു നോർവെയിൽനിന്നും, അതൊക്കെ ഈ കടലാസ്സിലുണ്ട്, ഇനി വായിച്ചുനോക്കാം. വളയുണ്ടാക്കാൻ വിളക്കിയ ഇരിമ്പുതകിടു ചില്ലിന്റെ സ്ഥാനത്ത് ഇരിമ്പുചില്ലു കൂട്ടിവെയ്ക്കുക എന്നൊരു സമ്പ്രദായം ഞാൻ കണ്ടുപിടിച്ചു. അതിനു ഭംഗി കൂടും, നന്മ കൂടും, വില കുറയും. അങ്ങനെ എത്ര പണമുണ്ടാക്കാമെന്നറിയാമോ? അപ്പോൾ കൊസെത്തിന്റെ പണം അവൾക്കുള്ളതുതന്നെയാണ്. നിങ്ങളുടെ മനസ്സിനു ശങ്കയില്ലാതിരിക്കാനാണ് ഞാനിപ്പറയുന്നത്.’ വാതില്ക്കാവല്ക്കാരി മുകളിലേക്കു കയറിവന്നു വാതില്പഴുതിലൂടെ നോക്കിയിരുന്നു; വൈദ്യൻ അവളോടു പോവാൻ പറഞ്ഞു. പക്ഷേ, ആ ഹൃദയാലുവായ സ്ത്രീയെക്കൊണ്ടു മരിക്കുന്ന ആളെ നോക്കി ഇങ്ങിനെ പറയിക്കാതാക്കാൻ അയാളെക്കൊണ്ടു കഴിഞ്ഞില്ല: ഒരു മതാചാര്യനെ കാണണമെന്നുണ്ടോ?’

‘എനിക്കൊരാളുണ്ടായിരുന്നു,’ ഴാങ് വാൽഴാങ് മറുപടി പറഞ്ഞു. എന്നിട്ട് അയാൾതന്നെ തലയ്ക്കുമീതെ ഒരിടത്തേക്കു ചൂണ്ടിക്കാണിച്ചു; അവിടെ അയാൾ ആരെയോ കാണുന്നുണ്ടെന്നു തോന്നും. വാസ്തവത്തിൽ മെത്രാൻ ഈ മരണക്കിടക്കയ്ക്കരികിൽ ഉണ്ടായിരുന്നിരിക്കാം.

കൊസെത്ത് പതുക്കെ അയാളുടെ അരക്കെട്ടിലേക്ക് ഒരു തലയിണ തിരുകിവെച്ചു. ഴാങ് വാൽഴാങ് തുടർന്നു; ‘ഭയപ്പെടേണ്ടാ, മൊസ്യു പൊങ്മേർസി, ഞാൻ ഏറ്റുപറയുന്നു. ആറു ലക്ഷം ഫ്രാങ്ക് വാസ്തവമായി കൊസെത്തിന്നവകാശപ്പെട്ടതാണ്. നിങ്ങൾ അതനുദവിക്കുന്നില്ലെങ്കിൽ എന്റെ ജീവിതം വൃഥാവിലായി. ഞങ്ങൾ ആ ചില്ലുസാമാനംകൊണ്ടു നല്ല ആദായമുണ്ടാക്കി. ബേർലിൻപണ്ടങ്ങളെന്നു പറയുന്നവയോടു ഞങ്ങൾ എതിർനിന്നു. എങ്കിലും, ഇംഗ്ലണ്ടിലെ കറുത്ത ചില്ലുകളോടു മത്സരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. മിനുസക്കൊത്തുള്ള ആയിരത്തിരുനൂറു നെന്മണിത്തൂക്കത്തിനു മൂന്നു ഫ്രാങ്ക് മാത്രമേ വില വന്നിരുന്നുള്ളൂ.’

നമുക്കു പ്രിയപ്പെട്ട ഒരാൾ മരിക്കാൻ കിടക്കുമ്പോൾ പിടച്ചിലോടുകൂടി അയാളെ പറ്റിപ്പിടിക്കുന്നതും അയാളെ ഒന്നു തടഞ്ഞുനിർത്തുന്നതുമായ നോട്ടംകൊണ്ട് നാം അവരെ സൂക്ഷിച്ചുനോക്കുന്നു. ഴാങ് വാൽഴാങ് നിമിഷംപ്രതി അധികമധികം ക്ഷീണിച്ചിരുന്നു. അയാൾ മരിക്കുകയായി; വ്യസനമയമായ ആകാശാന്തത്തിലേക്ക് അയാൾ അടുത്തെത്തിത്തുടങ്ങി. അയാളുടെ ശ്വാസം ഇടവിട്ടായി; ഇടയ്ക്ക് ഒരു ചെറിയ എക്കിട്ടം വന്നുതിരക്കി കൈയനക്കാൻ അയാൾക്കു ഞെരുക്കമായി, കാലുകൾ അനങ്ങാതായി, കൈകാലുകളുടെ ക്ഷീണവും ദേഹത്തിന്റെ തളർച്ചയും വർദ്ധിക്കുന്നതോടുകൂടി അയാളുടെ ആത്മാവിലെ പ്രാഭവം മുഴുവനും നെറ്റിത്തടത്തിൽ വ്യാപിച്ചു പ്രകാശിച്ചു. അജ്ഞാതലോകത്തിലെ വെളിച്ചം അയാളുടെ കണ്ണുകളിൽ കണ്ടുതുടങ്ങി.

അയാളുടെ മുഖം വിളർക്കുകയും പുഞ്ചിരിക്കൊള്ളുകയും ചെയ്തു ജീവിതം അവിടെയില്ലാതായി, അവിടെ മറ്റെന്തോ ഒന്നായി. അയാളുടെ ശ്വാസം നേർത്തു; അയാളുടെ നോട്ടം പൂർവ്വാധികം തിളങ്ങി. ചിറകുകൾ വെച്ചുവന്ന ഒരു ശവമായി അയാൾ.

അയാൾ കൊസെത്തോട് അടുത്തു വരാൻ ആംഗ്യം കാണിച്ചു. പിന്നെ മരിയുസ്സോടും; ഒടുവിലത്തെ മണിക്കൂറിലെ ഒടുവിലത്തെ നിമിഷം അടുത്തുപോയി, സംശയമില്ല.

ദൂരത്തുനിന്നു വരികയാണെന്നു തോന്നുമാറ് അത്രമേൽ നേർത്ത ഒരു സ്വരത്തിൽ അയാൾ അവരോടു പറയാൻ തുടങ്ങി; അവരുടേയും അയാളുടേയും നടുക്ക് ഒരു ചുമരുണ്ടായി എന്നു പറയാം.

‘അടുത്തു വരു. അടുത്തു വരു, രണ്ടാളും. ഞാൻ നിങ്ങളെ അത്യന്തം സ്നേഹിക്കുന്നു. ഹാ! ഇങ്ങനെ മരിക്കാൻ പറ്റുന്നത് എത്ര നന്ന്! നിനക്ക് എന്നേയും സ്നേഹമുണ്ട്, ഇല്ലേ, കൊസെത്ത്? നിന്റെ സാധുക്കിഴവനോടു നിനക്ക് ഇപ്പോഴും ഇഷ്ടം തോന്നുന്നുണ്ടെന്ന് എനിക്കറിയാം. ആ തലയിണ എന്റെ അരക്കെട്ടിലേക്കു നീക്കിവെച്ചു തന്നത് എത്ര നന്നായി! എന്നെപ്പറ്റി നീ കുറച്ചു കരയും, ഇല്ലേ? അധികം കരയരുത് നീ യാതൊരു ദുഃഖവും അനുഭവിക്കരുതെന്നാണെനിക്ക്. എന്റെ കുട്ടികളേ, നിങ്ങൾ ധാരാളം സുഖിക്കണം. നാക്കില്ലാത്ത പട്ടകളെക്കൊണ്ട് ഇപ്പോഴും മറ്റെല്ലാറ്റിനെക്കാളുമധികം ആദായമുണ്ടാക്കാം; അതു ഞാൻ പറയാൻ വിട്ടു. പന്ത്രണ്ടു ഡജന്നു പത്തു ഫ്രാങ്കേ വില വരു, അറുപതിനു വിറ്റിരുന്നു. അതു നല്ല കച്ചവടമായിരുന്നു. അപ്പോൾ ആറു ലക്ഷം ഫ്രാങ്കുണ്ടായതിൽ മൊസ്യു പൊങ്മേർസി, നിങ്ങൾ ഒട്ടും അത്ഭുതപ്പെടേണ്ടാ. അതു ശുദ്ധമായ പണമാണ്. നിങ്ങൾക്കു മനസ്സമാധാനത്തോടുകൂടി അനുഭവിക്കാം. കൊസെത്ത്, നിനക്കു സ്വന്തം ഒരു വണ്ടി വേണം, ഇടയ്ക്കൊക്കെ നാടകശാലയിൽ ഇരിപ്പറ ഏർപ്പെടുത്തണം. നല്ല വിലപ്പെട്ട ഉടുപ്പിടണം. പിന്നെ സുഹൃത്തുക്കൾക്കു നല്ല സദ്യ കഴിക്കണം, സുഖമായി കഴിയണം. ഞാൻ കൊസെത്തിന് ഒരെഴുത്തെഴുതിയിരുന്നു. എന്റെ കത്തു കാണാം. ആ പുകക്കുഴൽത്തിണ്ണമേലുള്ള രണ്ടു മെഴുതിരിക്കാലുകൾ ഞാനവൾക്കു കൊടുക്കുന്നു. അവ വെള്ളിയാണ്; പക്ഷേ, എനിക്കവ സ്വർണ്ണംകൊണ്ടുള്ളവയാണ്, അല്ല വൈരക്കല്ലുകൊണ്ട്, അവ അവയിൽ ഇറക്കിക്കൊടുക്കുന്ന മെഴുതിരികളെ വിളക്കുകളാക്കുന്നു. അവയെ എനിക്കു തന്ന ആ മുകളിൽ നില്ക്കുന്നാൾക്ക് എന്നെപ്പറ്റി സന്തോഷംതന്നെയാണോ തോന്നിയിട്ടുള്ളതെന്ന് എനിക്കറിഞ്ഞുകൂടാ. എന്നെക്കൊണ്ടു കഴിയുന്നതു ഞാൻ ചെയ്തു. എന്റെ കുട്ടികളേ. ഞാനൊരു ദരിദ്രനാണെന്നുള്ള കഥ നിങ്ങൾ മറന്നുപോകരുത്; ആദ്യം കണ്ടേടത്ത് എവിടെയെങ്കിലും എന്നെ കുഴിച്ചുമൂടുക; സ്ഥലം കണ്ടുപിടിക്കാൻ ഒരു കല്ലു നാട്ടിയേടത്ത്. ഇതാണ് എന്റെ ആഗ്രഹം. കല്ലിന്മേൽ പേരൊന്നും വേണ്ടാ. കൊസെത്ത് ഇടയ്ക്കിടയ്ക്ക് അങ്ങോട്ടു വരുമെങ്കിൽ, അതെനിക്കു സന്തോഷമായിരിക്കും. നിങ്ങളും, മൊസ്യു പൊങ്മേർസി. നിങ്ങളെ എപ്പോഴും ഞാൻ സ്നേഹിക്കുകയുണ്ടായിട്ടില്ലെന്നു ഞാൻ സമ്മതിക്കുന്നു. ഞാനതിനു മാപ്പു ചോദിക്കുന്നു. ഇപ്പോൾ അവളും നിങ്ങളും എനിക്ക് ഒന്നായി. എനിക്കു നിങ്ങളോടു വളരെ നന്ദിയുണ്ട്. നിങ്ങൾ കൊസെത്തിനെ സുഖിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്. മൊസ്യു പൊങ്മേർസി, അവളുടെ പനിനീർപ്പുപോലുള്ള കവിളുകൾ എന്റെ സർവ്വസ്വമായിരുന്നു എന്നറിയാമോ? അവൾക്ക് അല്പമെങ്കിലും അസുഖം തട്ടിയാൽ എനിയ്ക്കു വ്യസനമായി. വലിപ്പുമേശയിൽ അഞ്ഞുറു ഫ്രാങ്കിന്റെ നോട്ടുണ്ട്. ഞാനതു തൊട്ടിട്ടില്ല. പാവങ്ങൾക്കുള്ളതാണ്. കൊസെത്ത്, നിന്റെ ഉടുപ്പ് ഇതാ, കട്ടിലിന്മേൽ കിടക്കുന്നതു കണ്ടുവോ? നിനക്കതു കണ്ടിട്ടു മനസ്സിലായോ? അതിപ്പോൾ പത്തുകൊല്ലം മുൻപത്തെയാണ്. കാലം എങ്ങനെ പാഞ്ഞുകളയുന്നു. നമ്മൾ വളരെ സുഖിച്ചു. ഒക്കെക്കഴിഞ്ഞു. കുട്ടികളേ കരയാതിരിക്കൂ; ഞാൻ വളരെ ദൂരത്തെക്കൊന്നും പോകുന്നില്ല; ഞാൻ അവിടെനിന്നു നിങ്ങളെ നോക്കിക്കാണും; രാത്രിയായാൽ നിങ്ങൾ നോക്കിക്കൊള്ളു, ഞാൻ നിങ്ങളോടു പുഞ്ചിരിയിടുന്നുണ്ടാവും. കൊസെത്ത്, നീ മൊങ്ഫേർമിയയെ ഓർമ്മിക്കുന്നുണ്ടോ? നീ കാട്ടിലായിരുന്നു; നീ വല്ലാതെ ഭയപ്പെട്ടു; വെള്ളത്തൊട്ടിയുടെ കൈപ്പിടി ഞാൻ വന്നു മേടിച്ചത് നിനക്കിപ്പോൾ ഓർമ്മയുണ്ടോ? നിന്റെ കുഞ്ഞിക്കയ്യ് ഞാൻ ഒന്നാമതായി തൊട്ടത് അപ്പോളാണ്; അത്രമേൽ തണുത്തിരുന്നു. ഹാ, നിന്റെ കൈയന്നു ചുകന്നിരുന്നു; മദാംവ്വസേല്ലു്, ഇന്നതു വെളുത്തിട്ടായി. പിന്നെ ആ വലിയ കളിപ്പാവ! നിനക്കോർമ്മയുണ്ടോ, നീയതിന് കാതറിൻ എന്നു പേരിട്ടു. അതു കന്യകാമഠത്തിലേക്കു കൊണ്ടുപോന്നില്ലല്ലോ എന്നായിരുന്നു നിനക്കു വ്യസനം. എന്റെ ഓമനക്കുട്ടി, നീ ചിലപ്പോൾ എന്നെ ചിരിപ്പിച്ചിരുന്നു; മഴയുള്ള സമയത്ത് നീ വെള്ളച്ചാലിൽ വൈക്കോൽക്കൊടിയിട്ട് അതൊലിച്ചുപോകുന്നതു നോക്കിക്കാണും. ഒരു ദിവസം ഞാൻ നിനക്കു മഞ്ഞച്ചും നീലച്ചും പച്ചച്ചും തൊപ്പകളുള്ള ഒരു തൂവൽപ്പന്തും അതടിച്ചുകളിക്കാൻ അലറിപ്പൂനിറത്തിലുള്ള ഒരു പന്തടിക്കോരികയും വാങ്ങിത്തന്നു. നീയതുമറന്നു. വിരുതും കാട്ടി നടക്കുമാറ് നീയത്ര ചെറുകുട്ടിയായിരുന്നു. നീ കളിച്ചു. നീ ചെകിട്ടിൽ മുളകിൻമണിയെടുത്തിട്ടു. അതൊക്കെ പഴങ്കഥയാണ്. സ്വന്തം കുട്ടിയോടുംകൂടി നടന്നുപോയ കാടുകളും ലാത്തിക്കൊണ്ടിരുന്ന മരച്ചുവടുകളും ഒളിച്ചുപാർത്ത കന്യകാമഠങ്ങളും, കളികളും, കുട്ടിക്കാലത്തെ പൊട്ടിച്ചിരികളും, എല്ലാം നിഴലുകളായി. അതൊക്കെ എനിക്കുള്ളതാണെന്നു ഞാൻ കരുതി. അതായിരുന്നു എന്റെ വങ്കത്തം. ആ തെനാർദിയെർമാർ ദുഷ്ടന്മാരാണ്. നീ അവർക്കു മാപ്പുകൊടുക്കണം. കൊസെത്ത്, നിന്റെ അമ്മയുടെ പേരു ഞാൻ നിനക്കു പറഞ്ഞുതരേണ്ട സമയമായി. അവളുടെ പേർ ഫൻതീൻ എന്നാണ്. ആ പേരോർമ്മിക്കണേ— ഫൻതീൻ. അതു പറയുമ്പോൾ നീ മുട്ടുകുത്തണം. അവൾ വളരെ കഷ്ടപ്പെട്ടു. അവൾക്കുനിന്നെ വലിയ ഇഷ്ടമായിരുന്നു. നിനക്കു സുഖമുള്ളതിനൊപ്പം അവൾക്കു ദുഃഖമായിരുന്നു. അങ്ങനെയാണ് ഈശ്വരൻ കാര്യങ്ങളെ ശരിപ്പെടുത്തുന്നത്. അവിടുന്ന് അവിടെ മുകളിലുണ്ട്. അവിടുന്നു നമ്മെയെല്ലാം കാണുന്നു. അവിടുത്തെ മഹത്തരങ്ങളായ നക്ഷത്രങ്ങൾക്കിടയിൽവെച്ച് അവിടുന്നെന്താണ് ചെയ്യുന്നതെന്ന് അവിടെയ്ക്കറിയാം. എന്റെ കുട്ടികളേ, ഞാനിതാ പോവുകയായി. നിങ്ങൾ അന്യോന്യം എപ്പോഴും സ്നേഹിക്കുക. അതല്ലാതെ മറ്റൊന്നും ഭൂമിയിലില്ല: അന്യോന്യമുള്ള സ്നേഹം, ഇവിടെവെച്ചു മരിച്ച സാധുക്കിഴവനെപ്പറ്റി നിങ്ങൾ ചിലപ്പോൾ ആലോചിക്കും. ഹാ, എന്റെ കൊസെത്ത്, ഇതുവരെ ഞാൻ നിന്നെ വന്നു കാണാതിരുന്നത് എന്റെ കുറ്റമല്ല; അതെന്റെ മർമ്മം പിളർത്തി; ഞാൻ തെരുവിന്റെ മൂലവരെ വന്നു; ഞാൻ പോകുന്നതു കണ്ടിട്ടുള്ളവർക്കു നേരമ്പോക്കു തോന്നിയിട്ടുണ്ടാവും. ഞാനൊരു ഭ്രാന്തനെപ്പോലെയായിരുന്നു, ഒരിക്കൽ ഞാനെന്റെ തൊപ്പിയെടുക്കാതെ പുറത്തേക്കു പോയി. എന്റെ കാഴ്ച കുറയുന്നു; എന്റെ കുട്ടികളേ, എനിക്കിനിയും പലതു പറയാനുണ്ടായിരുന്നു. ആട്ടെ സാരമില്ല. എന്നെപ്പറ്റികുറച്ചാലോചിക്കണേ. കുറേക്കൂടി അടുത്തുവരു. ഞാൻ സുഖത്തോടുകൂടി മരിക്കുന്നു. നിങ്ങളുടെ ആ നല്ല ഓമനശ്ശിരസ്സുകളെ ഒന്നിങ്ങോട്ടടുപ്പിക്കുവിൻ. ഞാനെന്റെ കൈ വെയ്ക്കട്ടെ അവയ്ക്കുമീതേ.’

കൊസെത്തും മരിയുസ്സും ഹൃദയം തകർന്നു കണ്ണുനീർകൊണ്ടു ശ്വാസംമുട്ടി.

ഓരോരുത്തരും ഴാങ് വാൽഴാങ്ങിന്റെ ഓരോ കൈയ്ക്കടുയ്ക്കലായി മുട്ടുകുത്തി; ആ വിശിഷ്ടങ്ങളായ കൈകൾ അനങ്ങാതായി. അയാൾ പിന്നോക്കം വീണിരുന്നു; മെഴുതിരിവെളിച്ചം അയാളെ തിളങ്ങിച്ചു;

അയാളുടെ വിളർത്ത മുഖം ആകാശത്തേക്കു നോക്കി; അയാൾ കൊസെത്തിനേയും മരിയുസ്സിനേയും തന്റെ കൈകൾ ചുംബനങ്ങളെക്കൊണ്ടു മൂടിക്കൊൾവാൻ അനുവദിച്ചു.

അയാൾ മരിച്ചു.

അന്നത്തെ രാത്രി നക്ഷത്രങ്ങളില്ലാത്തതും വല്ലാതെ കറുത്തിരുണ്ടതുമായിരുന്നു നിശ്ചയമായും ആ അന്ധകാരത്തിനുള്ളിൽ ഏതോ ഒരു വിശിഷ്ടദേവൻ തന്റെ ചിറകുകളും വിരുത്തി ആ ആത്മാവിനെ എതിരേറ്റു കൊണ്ടുപോവാൻ കാത്തുനില്ക്കുന്നുണ്ടായിരിക്കണം.

5.7.6
പുല്ലു മൂടുന്നു, മഴ മായ്ക്കുന്നു

പെർ ലെഷെസ്സിലെ ശ്മശാനഭൂമിയിൽ, പൊതുജനങ്ങളുടെ മറവുസ്ഥലത്തിന്റെ അടുത്ത്, ആ ശവക്കല്ലറകളുടെ നഗരത്തിലെ മേന്മപ്പെട്ട ഭാഗങ്ങളിൽനിന്നകലെയായി, ശാശ്വതത്വത്തിന്റെ സന്നിധിയിൽ, മരണത്തിന്റെ എല്ലാത്തരം വല്ലാത്ത മോടിപ്പകിട്ടുകളേയും കാണിച്ചു നില്ക്കുന്ന നാനാവിധ ശവക്കല്ലറകളിൽനിന്നും ദൂരത്തായി, ഒരു വിജനമായ മൂലയ്ക്കൽ, ഒരു പഴയ മതിലിന്റെ തൊട്ടടുത്തു, കാടുപിടിച്ച ഇത്തിക്കണ്ണി പറ്റിക്കയറിയ ഒരു കൂറ്റൻ ദേവതാരുമരത്തിന്റെ ചുവട്ടിൽ, പുല്ലുകളുടേയും പൂപ്പലുകളുടേയും ഇടയ്ക്ക്, ഒരു കല്ലു നില്ക്കുന്നുണ്ട്, കാലമുണ്ടാക്കുന്ന കുഷ്ഠരോഗത്തിൽനിന്നും, ഓതത്തിൽനിന്നും, കല്പായലുകളിൽനിന്നും, പക്ഷികൾ വരുത്തിക്കൂട്ടുന്ന വൈകൃതത്തിൽനിന്നും, ആ കല്ലിനും മറ്റു കല്ലുകൾക്കുള്ളതിലധികം വിടുതി കിട്ടിയിട്ടില്ല. വെള്ളം അതിനെ പച്ചപിടിപ്പിക്കുന്നു, കാറ്റതിനെ കറുപ്പിക്കുന്നു. അതു വഴികൾക്കൊന്നിനും അടുത്തിട്ടല്ല; അവിടെ പുല്ലുകൾ വളർന്നുനില്ക്കുന്നതുകൊണ്ട്, കാലുകൾ ക്ഷണത്തിൽ ഈറനായിപ്പോകുന്നതുകൊണ്ട്, ആളുകൾ സാധാരണമായി അങ്ങോട്ടു ചെല്ലാറില്ല. ചുറ്റുപാടും കളകൾ തുള്ളിയാടുന്നു. വസന്തത്തിൽ മരങ്ങളിലിരുന്നു ചെറുപക്ഷികൾ പാട്ടു പാടും.

ഈ കല്ലിന്മേൽ യാതൊരു കൃത്രിമപ്പണിയുമില്ല. അതു കുഴിച്ചെടുക്കുമ്പോൾ ഒരു ശവസംസ്കാരസ്ഥലത്തു നാട്ടണമെന്നു മാത്രമേ ഉദ്ദേശ്യമുണ്ടായിട്ടുള്ളു. ഒരാളുടെ ശ്മശാനസ്ഥലത്തേക്കു വേണ്ട നീളത്തിലും വീതിക്കുറവിലും വെട്ടിയെടുക്കണമെന്നല്ലാതെ അതുണ്ടാക്കുമ്പോൾ മറ്റൊന്നും ആരും ഉദ്ദേശിച്ചിട്ടില്ല.

അതിന്മേൽ പേരൊന്നും കാണാനില്ല.

ഒന്നുമാത്രം: വളരെക്കൊല്ലങ്ങൾക്കുമുൻപ് ആരോ ഒരാൾ ഈ നാലുവരി പെൻസിൽകൊണ്ട് അതിന്മേൽ കുറിച്ചിടുകയുണ്ടായി; മഴയും പൊടിയുമേറ്റ അതിപ്പോൾ വായിക്കാൻ വയ്യാതായിരിക്കുന്നു; ഇന്ന് അതു തീരെ മാഞ്ഞുപോയി:

അദ്ദേഹമുറങ്ങുന്നു, വിധിയെന്തായീടിലും

ജീവിച്ചു പൂമാനിവൻ; മരിച്ചു ജീവൻ പോകെ-

എത്രയോ സാധാരണമായതു സംഭവിച്ചു;

പകൽ പോയെന്നാലപ്പോൾ രാത്രി വന്നിടുംവണ്ണം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.