കാറ്റില്‍ ഇളകിയാടി, പൊങ്ങിയും താണും, പതുക്കെ പതുക്കെ പറന്നുകൊണ്ടിരുന്ന ഒരപ്പൂപ്പന്‍താടി കിടപ്പറയുടെ ജനലിലൂടെ മുറിയിലേക്കു കയറി ജലം നിറച്ച കിടക്കയിലേക്കു വീണു് ഇനിയൊന്നിനും വയ്യെന്നു പറയാതെ പറഞ്ഞു്, പതിഞ്ഞമര്‍ന്നു കിടക്കുകയാണു്. അപ്പൂപ്പന്‍താടിയെന്നല്ല, അമ്മൂമ്മത്താടിയെന്നാണു് പറയേണ്ടതു്. പിന്നില്‍ വിശറി ഞൊറിവും മുന്നില്‍ മടിശ്ശീലയുമൊക്കെയായി പുരാതന സുറിയാനി ക്രിസ്ത്യാനി മട്ടില്‍ ഉടുപ്പിച്ച വെള്ളമുണ്ടും ചട്ടയും നേരിയ ചുളിവുപോലും പറ്റാതെ അതേപടിയുണ്ടു്. മേക്കാമോതിരം അഴിച്ചുകളഞ്ഞതിനാല്‍ കാതിലെ വലിയ തുളകള്‍ പതുക്കെപ്പതുക്കെ അടഞ്ഞുതുടങ്ങി. തൂവെവെള്ളനിറമുള്ള തലയിണയില്‍ പരിവേഷമായി പരന്നുകിടന്നിരുന്ന വെള്ളിത്തലമുടി കോതിയൊതുക്കി കെട്ടിവച്ചു എസ്തര്‍. ഇനി മേലാകെ മാര്‍ദ്ദവത്തോടെ വാസനത്തൈലമിട്ടു് ഒപ്പിയൊപ്പി തുടച്ചു കുളിപ്പിക്കണം. കാനഡയിലുള്ള ഇളയമകന്‍ പതിനൊന്നരയ്ക്കു് വീഡിയോ കോളില്‍ വരുമ്പോള്‍ തൊണ്ണൂറ്റിരണ്ടുകാരി അമ്മൂമ്മ ലൂര്‍ദ്ദ് മാതാവിനേപ്പോലെ സുന്ദരിയായിരിക്കേണ്ടതുണ്ടു്. അല്ലെങ്കിലും എക്കാലവും സുന്ദരിയമ്മൂമ്മയെന്നാണു് അയലത്തുകാരും ഇടവകക്കാരുമൊക്കെ അവരെ വിളിച്ചിരുന്നതു്. അമ്മൂമ്മയെ ചുറ്റിയുള്ള സകലത്തിനും സൗന്ദര്യവും, സുഗന്ധവുമുണ്ടു്. അന്നൊക്കെ കുര്‍ബ്ബാനയുടെ അവസാനത്തില്‍ തിരുവോസ്തി കൈക്കൊള്ളാനായി ചട്ടയും മുണ്ടും ചിത്രശലഭം പോലെയുള്ള ബ്രുച്ചുകുത്തിയ നാടനുമണിഞ്ഞു് ഇരിപ്പിടത്തില്‍ നിന്നു് എണീറ്റു് അള്‍ത്താരയിലേക്കു് അമ്മൂമ്മ നടക്കുമ്പോൾ പള്ളിയാകെ യൂഡികൊളോണിന്റെ സുഗന്ധത്തില്‍ മയങ്ങിപ്പോകുമായിരുന്നത്രേ.
കിടക്കയിലേക്കു വീണിട്ടും ഉരിയാട്ടം നിലയ്ക്കുന്നതുവരെ വാക്കിലും നോക്കിലും അമ്മൂമ്മ ആ സൗന്ദര്യം നിലനിര്‍ത്തി.
എല്ലാ പിറന്നാളുകളും പായസം വച്ചും വിളമ്പിയും ആഘോഷിച്ചിരുന്ന അമ്മൂമ്മയുടെ തൊണ്ണൂറ്റിരണ്ടാം പിറന്നാള്‍ ഒരു നുള്ളു പഞ്ചസാരയുടെ മധുരം പോലുമില്ലാതെ കടന്നുപോയി. കാനഡയില്‍ നിന്നുള്ള ഉത്തരവാണു്. ഇത്രയും പ്രായമായെന്ന വിചാരം അമ്മൂമ്മത്താടിയെ മരണത്തിലേക്കു പറപ്പിച്ചുകളഞ്ഞാലോ എന്നാണു് ആ നിഷ്കളങ്കന്റെ പേടി. ആറുവര്‍ഷമായി കിടക്കയോടൊട്ടിയ മാര്‍ത്താ മറിയം എന്നു പേരുള്ള അമ്മൂമ്മയുടെ നാവു് കഴിഞ്ഞ ആറുമാസമായി തീര്‍ത്തും ചലനമില്ലാതായി. ഓര്‍മ്മയും കൈവിട്ടുപോയിട്ടുണ്ടാകണം. പണക്കാരനായ ഇളയ മകനെ സന്തോഷിപ്പിക്കാനായി ഒരു നോക്കു കാണാന്‍ വന്നിരുന്ന മറ്റു മക്കളും പേരക്കുട്ടികളും ആ മുറിയില്‍ കയറി വാതിലടച്ചാലുടന്‍ അമ്മൂമ്മയുടെ പഴങ്കാലത്തെ കുറ്റങ്ങളും കുറവുകളും ഓര്‍ത്തെടുക്കാനും പരിഹസിക്കാനുമൊക്കെ തുടങ്ങിയിരിക്കുന്നു. അമ്മൂമ്മയെ ശുശ്രൂഷിക്കാന്‍ ശമ്പളക്കാരിയായി വന്ന എസ്തറിനു് ആ നേരങ്ങളിലൊന്നും കണ്ണും കാതും നാവുമില്ല. എന്നാലും ആ കള്ളപ്പരിഷകളുടെ ദുഷ്ടവചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവള്‍ അവളോടുതന്നെ പറയാറുണ്ടു്:
“എന്റെ നിത്യസഹായ മാതാവേ… ഇവറ്റകള്‍ ഇവിടെ ഇരുന്നു പറയുന്ന ദുഷിപ്പുകളെല്ലാം കേള്‍ക്കാന്‍ പാകത്തില്‍ ഇത്തിരി നേരം അമ്മൂമ്മയുടെ കാതുകള്‍ നീ തുറന്നിടണേ…”
“എന്നിട്ടെന്നാത്തിനാ… മോളേ…” മാതാവു ചോദിക്കും.
“അമ്മൂമ്മ ജീവിതത്തിലേക്കു മടങ്ങിവരുമ്പോ ഇവറ്റകളോടെല്ലാം എണ്ണിയെണ്ണി ചോദിച്ചു് പ്രതികാരം വീട്ടാനേ…”
“ഓ… എന്നാത്തിനാ മോളേ… എന്റെ മോനതിഷ്ടമാകത്തില്ല…”
“ഓഹോ… അപ്പോ അമ്മേം യേശു മോനും കൂടി മനഃപ്പൂര്‍വ്വം നടത്തുന്ന കളികളാണല്ലേ ഇതെല്ലാം… ഇനി മേലാല്‍ നൊവേനപ്പള്ളീലു് ഞാന്‍ പോകത്തുമില്ല മെഴുതിരി കത്തിക്കത്തുമില്ല…”
എസ്തര്‍ കെറുവിക്കുമ്പോള്‍ നിത്യസഹായമാതാവു് ഒരു കള്ളച്ചിരി ചിരിക്കും. അതു് അമ്മൂമ്മയുടെ മുഖത്തു നിന്നാണു് എസ്തര്‍ വായിച്ചെടുക്കുക.
ബന്ധുക്കളാരുമില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല. അമ്മൂമ്മയും എസ്തറും മാത്രമായിരിക്കും മുറിയില്‍. ഇതൊരു കുഗ്രാമമാണെങ്കിലും ഇത്തിരി അകലെയുള്ള ടൗണിലെ വലിയ ഫ്ലാറ്റുകളിലും ഓഫീസുകളിലും അലങ്കരിക്കാന്‍ വയ്ക്കുന്ന വിലകൂടിയ ഇറക്കുമതിപ്പൂക്കള്‍ കൃത്യമായിത്തന്നെ വീട്ടിലെത്തിയിരിക്കും. അതുവന്നാലുടന്‍ ഇതളു വാടിത്തളര്‍ന്ന പൂക്കളെടുത്തു മാറ്റി കൊച്ചുകുഞ്ഞുങ്ങളുടെ കവിളുപോലെ നനുത്ത പുതുപുത്തന്‍ പൂക്കള്‍ അതിലു വയ്ക്കും. പതിനൊന്നരമണിക്കു് വീഡിയോ കോളിലു വരുന്ന മകനു് ആദ്യമേ തന്നെ അതു കാണിച്ചുകൊടുക്കണം. ഒരിക്കലെങ്ങാനും പൂപ്പാത്രത്തിനു ചുറ്റും മേശയിലും തറയിലും വാടിയ ഇതളുകള്‍ വീണുകിടക്കുന്നതു കണ്ടിട്ടു് അയാള്‍ ഫോണ്‍ കട്ടുചെയ്തുകളഞ്ഞു. അങ്ങേരുടെ ദ്വേഷ്യം അങ്ങനെയാണു്. ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്നു വന്നപ്പോള്‍ എസ്തര്‍ കാണുന്നതു് അമ്മൂമ്മയുടെ തൂവെള്ള വിരിപ്പിട്ട ജലക്കിടക്കയില്‍ കാലടിയ്ക്കരികിലായി ഒരു വാടിയ ഇതള്‍ വീണുകിടക്കുന്നതാണു്. അമ്മൂമ്മയുടെ തലയ്ക്കലെ മേശയിലിരിക്കുന്ന പൂപ്പാത്രത്തിലെ വാടിയ പൂവിതള്‍ എങ്ങനെ ഇവിടെ വന്നു എന്നാലോചിച്ചുകൊണ്ടു് എസ്തര്‍ അതെടുത്തപ്പോഴാണു് കൈകളില്‍ തരിപ്പു പടര്‍ന്നതു്. അതു് പൂവിന്റെ ഇതളല്ലായിരുന്നു. അമ്മൂമ്മയുടെ പാദത്തില്‍ നിന്നു് അടര്‍ന്നുപോയ തള്ളവിരലു്. ഇത്രയും കാലത്തെ ശൂശ്രൂഷാ പണിക്കിടയില്‍ ആദ്യമായാണു് ഇങ്ങനെയൊരനുഭവം. ബന്ധുക്കളും അയലത്തുകാരും വരുന്നതിനു മുമ്പേ മുറ്റത്തെ കുറ്റിക്കാട്ടിലോ മറ്റോ കുഴിച്ചിട്ടാലോ എന്നാണാദ്യം വിചാരിച്ചതു്. പതിനൊന്നരയുടെ വീഡിയോ കോളിന്റെ കാര്യമോര്‍ത്തപ്പോള്‍ അതു വലിയൊരു അബദ്ധമാകുമെന്നു തോന്നി. പള്ളിയാസ്പത്രിയില്‍ നിന്നു് പ്രത്യേക പരിശോധനയ്ക്കു വന്നുപോകുന്ന വയസ്സന്‍ ഡോക്ടറെ വിളിച്ചറിയിക്കുന്നതാകും ബുദ്ധി എന്നവള്‍ വിചാരിച്ചു.
“അതിപ്പം ആരോടും ചോദിക്കാനും പറയാനുമൊന്നും പോകണ്ടന്നേ… പറമ്പിലെങ്ങാനും കുഴിച്ചിട്ടാ മതി.”
ഡോക്ടറുടെ മറുപടി കേട്ടപ്പോള്‍ ചില കുറുമ്പന്‍ കുട്ടികളുടെ വര്‍ത്തമാനമാണു് ഓര്‍മ്മവന്നതു്. ഇനീം ശേഷിച്ച വിരലുകളും കൂടി ഇതേപോലെ വാടിക്കൊഴിഞ്ഞു പോകും. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്താല്‍ മതി. കാനഡക്കാരനോടു് ഡോക്ടര്‍ തന്നെ സമാധാനം ബോധിപ്പിക്കേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ ഒരു ചെറു ചിരിയോടെ അതങ്ങു് ഏറ്റെടുത്തു. എന്നാലും ഇനിയും വിരലുകളെല്ലാം കൊഴിയുന്നതും നോക്കി നില്‍ക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ വല്ലാത്തൊരു മനപ്രയാസമായി എസ്തറിനു്. പാവം… സൗന്ദര്യമില്ലാത്ത ഒരു നിമിഷം സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത അമ്മൂമ്മ ഇതെങ്ങനെ സഹിക്കും.
എട്ടൊമ്പതു മാസത്തിനു മുമ്പുള്ള അമ്മൂമ്മയേയാണു് അവള്‍ക്കു് ഓര്‍മ്മവരുന്നതു്.
“എസ്തറേ… നീ എന്നെ നോക്കിയില്ലേലും അപ്പുറത്തുള്ള മനുഷ്യേന്റെ കാര്യമൊന്നു് നോക്കണേട്ടോ…”
“അപ്പാപ്പനൊരു കുഴപ്പവുമില്ലല്ലോ അമ്മച്ചീ… പിന്നെന്നാത്തിനാ വെഷമിക്കുന്നേ…”
“കുഴപ്പമില്ലെന്നാരാ പറഞ്ഞതു്… അപ്പടീം കുഴപ്പമാ… ജെറിമോന്റെ കണ്ണു തെറ്റുന്ന നേരം വീട്ടീന്നു തന്നെ ഇറങ്ങിപ്പോകും… അതല്ല്യോ വലിയ കുഴപ്പം… ജെറിമോനാണേല്‍ അടുക്കളപ്പണിയൊഴിഞ്ഞിട്ടു നേരോമില്ലല്ലോ…”
അപ്പാപ്പനേക്കുറിച്ചു പറയുമ്പോ അമ്മൂമ്മയ്ക്കു് വലിയ ഉണര്‍വ്വായിരുന്നു.
ഏഴെട്ടു കൊല്ലം മുമ്പു് അമ്മൂമ്മയുടെ മുന്‍നിരയിലെ പല്ലു് അടര്‍ന്നുപോയി. അതു വലിയ സങ്കടമായി. യാതൊരു കേടുമില്ലാത്ത പല്ലായിരുന്നു. ഓട്ട വീണ ചിരി കാണിക്കാന്‍ മടിച്ചു് അമ്മൂമ്മ ചുണ്ടുകള്‍ ചേര്‍ത്തടച്ചായി നടത്തം. തന്റെ ചിരിക്കാത്ത മുഖം മരിച്ചതിനു തുല്യമെന്നാണു് അമ്മൂമ്മയുടെ വിചാരം.
“ഇപ്പം വളരെ ഭംഗീലു് പല്ലുകളൊക്കെ മാറ്റിവയ്ക്കുന്ന ഏര്‍പ്പാടുകളൊക്കെ ഒള്ളതല്ല്യോ… അതോണ്ടാ ഞാനതു പറഞ്ഞേ… എനിക്കു് പുതിയൊരു പല്ലു വയ്ക്കണം… അപ്പാപ്പനതു കേട്ടിട്ടു പറഞ്ഞതെന്നാന്നറിയോ…”
കുറച്ചുനേരം മിണ്ടാതിരുന്നു്, എസ്തറിനെ ഒന്നു നോക്കിയിട്ടു് സ്വരം മാറ്റി, പള്ളീലച്ചന്‍മാരുടെ തൊണ്ടയില്‍ അമ്മൂമ്മ പറഞ്ഞു.
“നാലുമണിയായില്ലേ മറിയേ… ഇരുട്ടാനിനി ഏറെ നേരമില്ല…”
എസ്തറിനു് അതുകേട്ടിട്ടു് അതിശയം തോന്നി.
“അപ്പാപ്പന്‍ കവിയാകേണ്ട ആളായിരുന്നു. അല്ലേ അമ്മാമ്മേ…”
“ഓ കവിയിപ്പം കണ്ണുതെറ്റിയാലു് കുസൃതിപ്പിള്ളാര്ട പോലെ മരത്തിലും പുരപ്പുറത്തും പെടച്ചു കയറിക്കൊണ്ടിരിക്കുവാ…”
എസ്തര്‍ ഒന്നും പറയില്ലെന്നു് തീര്‍ച്ചയുള്ളതിനാല്‍ ഏറെ ചിന്തിച്ചു് മനപ്പാഠമാക്കിയതു പോലെ ഒരു വാചകം അമ്മൂമ്മയുടെ നാവില്‍ നിന്നു് ഇറങ്ങി വന്നു.
“ഓര്‍മ്മയില്ലാതായാപ്പിന്നെ ചാകുന്നതാ നല്ലതു് അല്ല്യോടി മോളേ…”
‘അങ്ങനൊന്നും പറയാതെ അമ്മച്ചീ…’ എന്നൊക്കെയാണു് മറുത്തു് പറയേണ്ടതു്… എന്നാല്‍ അമ്മൂമ്മയോടങ്ങനെ കള്ളം പറയാനൊക്കില്ല. അമ്മൂമ്മയ്ക്കതിഷ്ടമേയല്ല. ആ ദിവസം അമ്മൂമ്മ കുറേ മിണ്ടാതിരുന്നു. പിന്നെ പറഞ്ഞു.
“പൊറം നാട്ടിലൊക്കെ വേദന തിന്നു കഴിയുന്നോരെ കൊന്നുകളയാന്‍ നെയമമുണ്ടു്… അല്യോടീ…”
എസ്തര്‍ മിണ്ടിയില്ലെന്നു മാത്രമല്ല, സൂത്രത്തില്‍ മുറിയില്‍നിന്നു് ഇറങ്ങിപ്പോകുകയും ചെയ്തു. അമ്മൂമ്മയും നാലഞ്ചു ദിവസത്തേക്കു് ഒന്നും മിണ്ടിയില്ല. എന്തായിരിക്കും അവരാലോചിക്കുന്നതെന്നു് ഓര്‍ത്തു് അവള്‍ ആറു നാളു വിഷമിച്ചതു മാത്രം ശേഷിച്ചു. അമ്മൂമ്മയ്ക്കും മറവി പിടിച്ചുകാണുമോ. പക്ഷേ, എസ്തറിനാണു് തെറ്റിയതു്. ഏഴാം നാള്‍ മൂത്തമകളുടെ കുരുത്തംകെട്ട പന്ത്രണ്ടാം ക്ലാസുകാരി മകള്‍ വന്നുപോയപ്പോള്‍ ചെറുചിരിയോടെ അവര്‍ എസ്തറിനു നേരെ ഒരു വെള്ളക്കടലാസു നീട്ടിയിട്ടു വായിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു. എസ്തര്‍ ചുണ്ടുകളനക്കാതെ അതു വായിക്കുന്നതു് അമ്മൂമ്മ ശ്രദ്ധയോടെ നോക്കിയിരുന്നു. തീവ്രമായ വേദന സഹിച്ചു്, മരിക്കാതെ കോലം കെട്ടു കിടക്കുന്ന സമയം വരുമ്പോള്‍ മാര്‍ത്താ മറിയം എന്നു പേരായ തന്നെ കൊന്നു തരുന്നതിനുവേണ്ടിയുള്ള സമ്മതപത്രമായിരുന്നു അതു്. കൈയ്യൊപ്പിനു പുറമേ തള്ളവിരല്‍ മഷിയില്‍ മുക്കി പതിപ്പിക്കുകയും ചെയ്തിരുന്നു.
“അമ്മൂമ്മയെന്നാ പരിപാടിയാണീ കാണിച്ചേ… ആ പൊങ്കൊച്ചിതു പാടിക്കൊണ്ടു നടക്കത്തില്ല്യോ…”
“ഇല്ലന്നേ… അവള്‍ക്കു ഞാനെന്റെ പച്ചക്കല്ലു വച്ച പൊന്നിന്റെ മോതിരം കൊടുക്കാമെന്നു പറഞ്ഞിരിക്കുവാ… തലതെറിച്ചവളാണേലും സ്വര്‍ണ്ണക്കൊതിച്ചിയല്ല്യോ…”
“എന്നതായാലും ഇതു ശരിയായില്ല…”
നേരു പറഞ്ഞാല്‍ അവള്‍ക്കിത്തിരി സങ്കടമൊക്കെ വന്നിരുന്നു. എന്നിട്ടും കണ്ണീരു മറച്ചുപിടിക്കാനൊന്നും പോയില്ല.
“എടി പെണ്ണേ… ഞാന്‍ ചത്താ നിന്റെ വരുമാനം നിന്നുപോകത്തൊന്നുമില്ല… അതിനൊള്ള പരിപാടിയൊക്കെ ചെയ്തുവയ്ക്കുന്നുണ്ടു്… പിന്നെ കൊന്നു തരുന്നതിനുള്ള കൂലി വേറേം കിട്ടും…”
എസ്തറിനു ഭയങ്കരമായിട്ടു കലികയറിയെന്നു മാത്രമല്ല കുട്ടിക്കാലംതൊട്ടു കേട്ടു പഠിച്ച തെറികളെല്ലാം നാവിലേക്കു കയറിവരികയും ചെയ്തു. തെറിവാക്കുകളേയെല്ലാം വകഞ്ഞുമാറ്റിക്കൊണ്ടു് എസ്തര്‍ പറഞ്ഞു:
“ദേ… തള്ളേ നിങ്ങട ഒരു പുല്ലും എനിക്കു വേണ്ട… മേലനങ്ങി പണിയെടുത്തു കാശുണ്ടാക്കാനൊക്കെ എസ്തറിനറിയാം… ആരാച്ചാരുടെ പണിക്കെന്നെ കിട്ടത്തില്ല… അതു നിങ്ങട മൂത്തമോളോടും പേരക്കുട്ടിയോടും തന്നെ പറഞ്ഞാ മതി… ഞാന്‍ ദാണ്ടു് പോകുവാ…”
ഒറ്റ മൂച്ചിനു പറഞ്ഞുപോയതാണു്. പറഞ്ഞുകഴിഞ്ഞപ്പോള്‍ അതു പാലിക്കാനും തോന്നി. കെട്ടും മാറാപ്പുമെടുത്തു് മക്കള്‍ക്കു നാലുവരി സന്ദേശവുമയച്ചു് എസ്തര്‍ പുറപ്പെട്ടു. നാലാം നാള്‍ മൂന്നുമക്കളും കൂടി കാറും പിടിച്ചു വീട്ടിലെത്തി. കാനഡക്കാരന്‍ വിളിയോടു വിളി. എസ്തര്‍ പോന്നതില്‍പ്പിന്നെ അമ്മൂമ്മ പച്ചവെള്ളം ഇറക്കിയിട്ടില്ലെന്നു മാത്രമല്ല മിണ്ടാട്ടവുമില്ലാതായി. സര്‍വ്വത്തിനും കാരണക്കാരിയായ മൂത്തമകളുടെ തലതെറിച്ച മകള്‍ അവളുടെ തെറ്റു സ്വയമേ കുമ്പസാരിക്കുകയും ചെയ്തു. അങ്ങനെ ചെറിയൊരിടവേളയ്ക്കു ശേഷം എസ്തര്‍ വീണ്ടും അമ്മൂമ്മയുടെ അരികിലെത്തി. അവളെ കണ്ടപ്പോള്‍ അത്രയ്ക്കൊന്നും സുഗന്ധിയല്ലാതെ കിടന്നിരുന്ന സുന്ദരിയമ്മൂമ്മ ഒന്നു ചിരിച്ചുവെങ്കിലും ആ ചിരിയില്‍ ആത്മാവില്ലായിരുന്നുവെന്നു് എസ്തറിനു തോന്നി. അമ്മൂമ്മയുടെ നാവു് പതുക്കെ പതുക്കെ നിശ്ചലമാകാന്‍ തുടങ്ങിയതു് അന്നുമുതലാണു്. എസ്തര്‍ എന്തുതന്നെ പറഞ്ഞാലും അതൊന്നും കേള്‍ക്കാത്തമട്ടില്‍ അവരെപ്പോഴും മയക്കമായിരിക്കും. അതു് അഭിനയമാണോ എന്നു് അവള്‍ക്കു നല്ല തീര്‍ച്ചയില്ല. പിന്നെപ്പിന്നെ അമ്മൂമ്മയ്ക്കതു വഴക്കമായി. അവരുടെ രാപ്പകലുകള്‍ സ്വരങ്ങളില്ലാത്തതായി. പഴയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പുഞ്ചിരിയോടെ കേട്ടിരുന്ന അമ്മൂമ്മ ‘ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നുംതോണി’ കേട്ടിട്ടുപോലും മുഖം ചുളിക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ നാവുപോലെ കൈകളുടെ പ്രവര്‍ത്തനവും ഇല്ലാതായി. അമ്മൂമ്മയ്ക്കു വേദനയുണ്ടോ എന്നുപോലും അറിയാന്‍ കഴിയാതായി. ആ സമയത്താണു് പൂമുഖപ്പടിയിലെ ചവിട്ടുകളില്‍ നിന്നു വഴുക്കി വീണ അപ്പാപ്പന്‍ മരിച്ചുപോയതു്. വീഴ്ച അത്രയ്ക്കു ഗുരുതരമായിരുന്നില്ല. എല്ലാത്തിനും എന്നതുപോലെ വിട പറയുന്നതിനും ഒരു കാരണം വേണമല്ലോ എന്നേ പറയാനാകൂ.
“അപ്പന്‍ പോയ കാര്യം ഒരു കാരണവശാലും അമ്മയറിയണ്ട കേട്ടോ…”
കാനഡേന്നു് സഹോദരങ്ങള്‍ക്കും എസ്തേറിനും ശബ്ദസന്ദേശം വന്നു.
“അതെന്നാ പരിപാടിയാണു്. പത്തെഴുപതുകൊല്ലം ഒന്നിച്ചു കഴിഞ്ഞോരല്ലേ. അവര്… ഒരു നോക്കു് കാണാന്‍ വിടാതെ എങ്ങനാ…”
എന്ന വാചകം നാവിലേക്കെത്തും മുമ്പു് എല്ലാവരും മനസ്സിലിട്ടുതന്നെ മായ്ച്ചുകളഞ്ഞു. വൈകുന്നേരം ശവസംസ്കാരം നടക്കുവോളം എസ്തര്‍ അമ്മൂമ്മയുടെ മുറിയില്‍ നിന്നും ഇറങ്ങിയില്ല. മരിച്ച വീടിന്റേതായ വിലാപങ്ങളെല്ലാം അവര്‍ കരുതലോടെ വാതിലിനു പറത്തു് അടച്ചുവച്ചു. എന്നാല്‍ കുന്തിരിക്കത്തിന്റെ വാസന മാത്രം ആ വീട്ടിലെ എല്ലാ മുറികളിലും സഞ്ചരിച്ചുകൊണ്ടിരുന്നു. വൈകുന്നേരമായപ്പോള്‍ ശവമെടുക്കാന്‍ വന്ന പള്ളീലച്ചന്‍മാരുടെ പാട്ടും പ്രാര്‍ത്ഥനയും അവരുടെ നിയന്ത്രണങ്ങളല്ലാം വിട്ടു പുറത്തേക്കൊഴുകിയെങ്കിലും അതൊന്നും കേള്‍ക്കാതിരിക്കാന്‍ മൂത്തമകള്‍ അമ്മയുടെ ഇരുചെവിക്കുള്ളിലും പഞ്ഞിത്തുണ്ടുകള്‍ തിരുകിവച്ചിരുന്നു. അപ്പാപ്പനെ യാത്രയാക്കിയിട്ടു് സന്ധ്യക്കു് മക്കളെല്ലാവരും കൂടി അകമുറിയില്‍ കൂടിയിരുന്നു കടുംകാപ്പിയും കുടിച്ചു വര്‍ത്തമാനം പറയുന്ന നേരത്തു് കറന്റു പോയതൊഴിച്ചാല്‍ എല്ലാം ഭംഗിയായി എന്നുതന്നെ പറയണം. മുറിയിലെ ഇരുട്ടകറ്റാന്‍ നീളന്‍ മെഴുതിരിയില്‍ നാളം പറ്റിച്ചു് അമ്മൂമ്മയുടെ മുറിയിലെത്തിയ എസ്തര്‍ അതിശയത്തോടെ ഒരു കാഴ്ച കണ്ടു. ചത്ത തടിപോലെ കിടന്നിരുന്ന അമ്മൂമ്മയുടെ രണ്ടു കണ്ണുകളില്‍ നിന്നും ചാലുകുത്തി കണ്ണീരൊഴുകിയിരിക്കുന്നു. അതു കണ്ടപ്പോള്‍ എസ്തറിനു് പറഞ്ഞറിയിക്കാനാകാത്ത സങ്കടമുണ്ടാകുകയും അതു് കഴുത്തിനും നെഞ്ചിനുമിടയില്‍ പുകഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. ആ പുകച്ചിലില്ലാതാക്കാന്‍ മറ്റു വഴികളൊന്നുമില്ലെന്ന തിരിച്ചറിവില്‍ അമ്മൂമ്മയുടെ അരികിലിരുന്നു് അവളും കുറച്ചു നേരം കണ്ണീരൊഴുക്കി. എല്ലാ ഇന്ദ്രീയങ്ങളും കൊട്ടിയടച്ചു് ചത്തതുപോലെ കഴിയുമ്പോഴും അമ്മൂമ്മ എല്ലാം അറിഞ്ഞിരുന്നുവെന്നും അതു തിരിച്ചറിയാതെപോയതു് തന്റെ വലിയൊരു കുറവായിരുന്നുവെന്നും എസ്തര്‍ കണക്കു കൂട്ടി. അന്നു രാത്രി അവരുറങ്ങിയില്ല. തുടര്‍ന്നു വന്ന രണ്ടാഴ്ചയോളം എസ്തറിന്റെ ഉറക്കം ഏറെക്കുറെ അവസാനിച്ച മട്ടിലായിരുന്നു. കണ്ണടച്ചു തുറക്കുമ്പോഴേക്കും സുന്ദരിയമ്മൂമ്മ മുന്നിലു വന്നു നില്‍ക്കും. പിന്നെ കുറ്റപ്പെടുത്തുന്നതുപോലെ ചൂണ്ടുവിരല്‍ അവള്‍ക്കു നേരെ നീട്ടും. മയക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു് അവള്‍ തള്ളയുടെ വിരലുകള്‍ കരിഞ്ഞുണങ്ങിയ മരക്കൊള്ളിപോലുള്ള കാലുകള്‍ തലോടും. പിന്നെയങ്ങനെ ഇരിക്കും, നേരംവെളുക്കുവോളം. അമ്മൂമ്മയോടു ദയവു കാണിച്ചില്ലെന്നുമാത്രമല്ല വലിയ നീതികേടാണു് ചെയ്തതെന്നും അവള്‍ക്കു തോന്നി.
അപ്പൂപ്പന്‍ മരിച്ചതിന്റെ രണ്ടാം മാസം എസ്തര്‍ കാനഡയിലേക്കു് വീഡിയോ വിളിച്ചു് അമ്മൂമ്മയുടെ കൊഴിയുന്ന കാല്‍വിരലുകളും തട്ടിടിഞ്ഞ കാതും പതിവിലും തുറന്ന മൂക്കും നെറ്റിയിലെ പിടച്ച ഞരമ്പുകളും കാണിച്ചുകൊടുത്തിട്ടു പറഞ്ഞു:
“ഇനി ഏറെ നേരമൊന്നും കാണത്തില്ല… ഇന്നുതന്നെ പുറപ്പെട്ടാല്‍ അത്രയും നല്ലതു്…”
അമ്മൂമ്മയേക്കുറിച്ചു് എല്ലാം അറിയുന്ന എസ്തര്‍ പറഞ്ഞാല്‍ കാനഡക്കാരനു് എതിര്‍വാക്കില്ല. അയാള്‍ പിറ്റേന്നുതന്നെ പുറപ്പെട്ടു. മറ്റു മക്കളും പേരക്കുട്ടികളും അയാളു വരുമ്പോഴേക്കും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. പ്രത്യേകമായി വിവരിക്കേണ്ടുന്ന നാടകീയ സംഭവങ്ങളൊന്നുമില്ലാതെ, പഴുത്തു പാകമായ ഒരില ചെറുകാറ്റില്‍ പതുക്കെ അടരുന്നതുപോലെ അമ്മൂമ്മ മരണമടയുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഐസുപെട്ടിയിലൊന്നും കിടത്താതെ അപ്പാപ്പന്റെ കല്ലറയില്‍ത്തന്നെ അടക്കുകയും ചെയ്തു. സെമിത്തേരിയില്‍ നിന്നു വീട്ടിലെത്തിയപാടെ എസ്തര്‍ തന്റെ കെട്ടും മാറാപ്പും എടുത്തു പോകാനിറങ്ങുന്നതു കണ്ടു് വീട്ടുകാര്‍ മഹാമനസ്കതയോടെ തടയുവാന്‍ നോക്കിയെങ്കിലും അവള്‍ വഴങ്ങിയില്ല. പള്ളിയാസ്പത്രിയിലെ കുറുമ്പന്‍ ഡോക്ടറും അവളുടെ പക്ഷം തന്നെ പിടിച്ചു. തന്റെ കാറില്‍ അവളെ തീവണ്ടി സ്റ്റേഷനിലെത്തിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു.
കുറുമ്പന്‍ ഡോക്ടര്‍ക്കു് അറുപതിലേറെ പ്രായമുണ്ടായിരുന്നെങ്കിലും ആളു രസികനായിരുന്നു. പോകുന്ന വഴി പുഴയുടെ അരികില്‍ വണ്ടി നിര്‍ത്തിയിട്ടു് തനിക്കൊന്നു പുകയ്ക്കണം എന്നു് അദ്ദേഹം പറഞ്ഞു.
അദ്ദേഹം സിഗരറ്റു കത്തിച്ചു വലിച്ചു പുകവിടുന്നതു കണ്ടിട്ടു് എസ്തര്‍ പറഞ്ഞു:
“വലി തുടങ്ങിയ കുട്ടികളേപ്പോലെയാ ഡോക്ടര്‍ വലിക്കുന്നേ…”
“വലിയവരെങ്ങനാ വലിക്കുന്നതെന്നു് നീയൊന്നു കാണിച്ചുതാ.”
എന്നു പറഞ്ഞു് ഡോക്ടര്‍ ഒരു സിഗരറ്റ് അവള്‍ക്കു നേരെ നീട്ടി. അവളതു കത്തിച്ചു് വളരെ മനോഹരമായി പുകയൂതി വിടുന്നതു കണ്ടു് ഡോക്ടര്‍ ചിരിച്ചു. വലിച്ചു തീര്‍ന്നപ്പോള്‍ ഡോക്ടര്‍ അവളോടു് അമ്മൂമ്മയുടെ ആ കത്തെവിടെയാണു് വച്ചിരിക്കുന്നതെന്നു ചോദിച്ചു. അവള്‍ തന്റെ ബാഗില്‍ നിന്നു് അതെടുത്തു കൊടുത്തു. ഡോക്ടര്‍ അതു വാങ്ങി ഒരുവട്ടം കൂടി വായിച്ചു നോക്കിയിട്ടു് തീപ്പെട്ടിയുരച്ചു കത്തിച്ചു. അമ്മൂമ്മയുടെ കൈയ്യൊപ്പും വിരലടയാളവുമുള്ള ആ കടലാസില്‍ നിന്നു് അവരുടെ ആത്മാവുപോലെ നേരിയ പുക കാറ്റിനൊപ്പം ഇളകിയാടി, അപ്പൂപ്പന്‍താടി പോലെ മേലേക്കുയര്‍ന്നു…
“എന്നാത്തിനാ കത്തിച്ചു കളഞ്ഞതു്… ഓര്‍മ്മയ്ക്കായിട്ടു കാത്തു വച്ചതാ ഞാന്‍.”
“അതിന്റെ ആവശ്യമില്ല… ചില ഓര്‍മ്മകളെ കിട്ടിയിടത്തു തന്നെ കളയുന്നതാണു നല്ലതു്…”
കരിഞ്ഞു ശേഷിച്ച കടലാസ് ഡോക്ടര്‍ പുഴയിലേക്കു് എറിഞ്ഞു. അതു് വെള്ളത്തില്‍ കുതിര്‍ന്നു് അലിഞ്ഞു് ഇല്ലെന്നായി.
“പോകാം…”
ഡോക്ടര്‍ പറഞ്ഞു. എസ്തര്‍ തലയാട്ടി.

കൊച്ചി സ്വദേശി. നോവൽ, കഥ, തിരക്കഥ മാദ്ധ്യമങ്ങളിൽ സജീവം. ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ, കടലിന്റെ മണം (2021) എന്നീ നോവലുകളും തെരഞ്ഞെടുത്ത കഥകൾ, ചില പ്രാചീന വികാരങ്ങൾ, പതിമൂന്നു കടൽക്കാക്കകളുടെ ഉപമ, മുഴക്കം തുടങ്ങിയ കഥാസമാഹാരങ്ങളും ഈ. മ. യൌ. എന്ന തിരക്കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പുത്രൻ, കുട്ടിസ്രാങ്ക്, ഈ. മ. യൌ., അതിരൻ എന്നീ ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതി. ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ, റോസസ് ഇൻ ഡിസംബർ, ചാരുലത, ദൈവത്തിനു് സ്വന്തം ദേവൂട്ടി തുടങ്ങിയ ടെലിവിഷൻ പരമ്പരകളും രചിച്ചിട്ടുണ്ടു്. കുട്ടിസ്രാങ്കിന്റെ തിരക്കഥയ്ക്കു് ദേശീയ അവാർഡും ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ എന്നിവയുടെ രചനയ്ക്കു് സംസ്ഥാന അവാർഡും മുഴക്കം, അടിയാളപ്രേതം എന്നിവയ്ക്കു് അക്കാദമി അവാർഡും ലഭിച്ചു. എസ് ബി ഐ അവാർഡ് ചാവുനിലത്തിനും വൈക്കം മുഹമ്മദു ബഷീർ പുരസ്ക്കാരം പതിമൂന്നു കടൽക്കാക്കകളുടെ ഉപമയ്ക്കും.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.
