ചരിത്രത്തിലേക്കു്
ആഴ്‌ന്നിറങ്ങുന്ന വെയില്‍.
രഥവേഗങ്ങളോ
കുളമ്പടികളോ ഇല്ല.
അശരണവിലാപങ്ങളുടെ
ഒരു ചുടുകാറ്റു്
ചൂഴ്‌ന്നുന്നുവന്നു്
നിലപാടുതറയില്‍
മൗനം കൊളളുന്നു.
കുളപ്പടവുകളുടെ
തകര്‍ക്കപ്പെടാത്ത
കണിശമായ
ജ്യാമതീയതയില്‍
വെയിലും നിഴലും
പടവുകളിറങ്ങുന്നു.
അടിക്കല്ലുകളില്‍
മുഖം ചേര്‍ത്തു;
നനവിന്റെ
ഓര്‍മ്മയേയില്ല.
ജലവാഹിനികളായ
കല്പാത്തികള്‍
ഛേദിക്കപ്പെട്ട
തുമ്പിക്കൈകള്‍പോലെ-
ആനക്കൊട്ടിലുകളുടെ
ശൂന്യത പിളര്‍ന്നു്
മസ്തകം പൊട്ടിയ
ഒരു നിലവിളി.
കേളീഗൃഹങ്ങളിലും
പടകുടീരങ്ങളിലും
മഹലുകളിലും
നിശ്ശബ്ദതയുടെ
അനന്തനിദ്ര.
വിചിത്രരൂപികളായ
പാറകളുടെ നെറ്റിയില്‍
സൂര്യന്റെ ആഗ്നേയം.

കല്ലുകളുടെ
പ്രാചീനനഗരത്തില്‍
ഇളനീര്‍ വില്ക്കാന്‍
വന്ന വൃദ്ധനോടു്
കൃഷ്ണദേവരായര്‍
സംശയിച്ചു.
ഹംപിയുടെ ചരിത്രം?
ഉഷ്ണം വരട്ടിയ ചുണ്ടുകളനക്കി
വൃദ്ധന്റെ ചരിത്രസാക്ഷ്യം
‘കാണാനെത്തുന്നവരുടെ
ദാഹം’.
പാറകള്‍ക്കിടയില്‍
അലറിയെത്തുന്ന
പൊടിക്കാറ്റില്‍
കൃഷ്ണദേവരായര്‍ നിന്നു.
തുംഗഭദ്രയില്‍നിന്നു്
ജലസ്മൃതികളുമായി
ഒരു ചെറുകാറ്റെങ്കിലുമില്ല.
ആരവങ്ങളുടെയും
നിലവിളികളുടെയും
ഒരു പൊടിക്കാറ്റു്
ദൂരെയെങ്ങോനിന്നു്
ഇരമ്പിവന്നു്
രാജാവിനെ മൂടി.
ചുമച്ചും ഞരങ്ങിയും
ഒരുതുള്ളി വെള്ളത്തിനു്
ചുണ്ടുകള്‍ പിളര്‍ന്നും
അയാള്‍
മണ്ണിന്റെ ചൂടില്‍
മലര്‍ന്നുകിടന്നു.
ചരിത്രത്തിന്റെ
പ്രേതാടനഭൂമിയില്‍
ചരിത്രപുരുഷന്‍
പിന്നെയും
കഥാവശേഷനായി.
നരസിംഹമഹാരൂപത്തിനു
മുന്നില്‍
ഇളനീര്‍ വില്ക്കുന്ന വൃദ്ധന്‍
കരിക്കിന്‍തൊണ്ടുകളിലെ
തണുത്ത വെയിലിലേക്കു്
കുഴഞ്ഞുവീണു.
നാക്കുനീട്ടി, കണ്ണുരുട്ടി
ഒരുതുള്ളി
വെള്ളമെന്നു് ചുമച്ചു.
കണ്‍കുഴികളില്‍
താണുതാണു്
ചലനം വറ്റി…
ചരിത്രമില്ലാത്തവരുടെ
കഥ
അവസാനിക്കുന്നതേയില്ല.

കോട്ടയം വെമ്പള്ളി, വൈഖരി ഭവനത്തിൽ പരേതനായ കെ. പി. ഭാസ്ക്കരക്കൈമളുടെയും ശ്രീമതി കെ. തങ്കയുടെയും പുത്രൻ. ഫിസിക്സിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടി. നിരൂപണം, കവിത, യാത്രാവിവരണം, വിവർത്തനം എന്നീ സാഹിത്യമേഖലകളിൽ സജീവം.
- സാഞ്ചി (കവിതാസമാഹാരം)
- അതിജീവിക്കുന്ന വാക്കു് (സാഹിത്യ വിമർശനം)
- മലകളിലെ കാറ്റു് പറയുന്നതു് (യാത്രാനുഭവം)
- ഉത്തർഖണ്ഡ്: ഹിമാലയദേവഭൂമി (യാത്രാവിവരണം)
- ശിവം, പഞ്ചകേദാരം (യാത്രാനുഭവം)
- ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങൾ (യാത്രാവിവരണം)
- ഹിമാലയം: കാഴ്ച, ദർശനം എന്ന കൃതിയുടെ എഡിറ്റർ.
ചിത്രങ്ങൾ: വി. മോഹനൻ