മരിച്ചുവെന്നു് ഉറപ്പുവരുത്തിക്കഴിഞ്ഞു്
മീനിനെ വെള്ളത്തിൽ താഴ്ത്തിവെച്ചു
തീ:
കല്ലുകൾ തമ്മിലുരയുന്ന സ്വരം,
ഉരുകുന്ന ശരീരം, ശവമടക്കുകഴിഞ്ഞ മണ്ണു്, ഓർമ്മ കിട്ടാത്ത കര, ആട്ടിൻപറ്റം, സുഗന്ധമുള്ള ഒരിനം വൃക്ഷത്തിന്റെ തൊലി.
വിത്തു്:
സസ്യങ്ങളുടെ അകത്തു് വളരുന്ന ഭാഷ,
വൃത്താകൃതിയായ ലിപി, ജനനേന്ദ്രിയത്തിന്റെ വാതിൽ, ദീർഘനിദ്ര, നിറങ്ങൾ കലർന്ന ശീല, പഴകിയ വയൽ മണ്ണു്.
കാടു്:
മനുഷ്യർ കൂട്ടമായി പാർക്കുന്ന ഇടം,
മരം കൊണ്ടുള്ള ഭൂതകാലം, തുകലിന്റെയോ കടലാസിന്റെയോ പ്രതലം, നീണ്ടു വളരുന്ന നഖങ്ങളും മുറിവുകളും, ചതുപ്പിന്റെ മണം.
വിരൽ:
മൃഗങ്ങളുടേയും കവിതകളുടേയും ആന്തരാവയവങ്ങളിലൊന്നു്, കണ്ടുപിടിക്കാൻ കഴിയാത്ത വിഷം, പുകയുണ്ടാക്കുന്ന ഒരു ഔഷധക്കൂട്ടു്, കറങ്ങുന്ന ചുറ്റുവഴി, വെള്ളപ്പൊക്കത്തിന്റെ ഒഴുക്കു്.
കുടം:
ഉൽപത്തി, ആദിമ മനുഷ്യരുടെ മരണാനന്തരച്ചടങ്ങു്, മുളപൊട്ടുന്ന നെല്ലു്, ആർത്തവം, പാലുള്ള ഒരു തരം വൃക്ഷം, ആരാധനാമൂർത്തി.
പൂവു്:
മരപ്പശ, ചില്ലുള്ള ജനാല, ശരീരത്തിൽ ചെയ്യുന്ന ഒരു ചിത്രത്തുന്നൽ, ഗർഭത്തിലെ ശിശു, ഉമിനീരു്, ദ്രവിച്ച കാറ്റു്, ഒരു തരം നിറം.
വെള്ളം:
രാത്രി പുറത്തിറങ്ങുന്ന ഒരിനം പറവ, തുറമുഖം, മൊഴിമാറ്റക്കാരൻ, നാണയം, അലകുകൾ ചേർത്തു കെട്ടിയ പാട്ടു്, തുരുമ്പു്, ഖരാവസ്ഥയിലുള്ള ദിക്കു്.
ചെമ്പരത്തിയിൽ നിന്നു്
മടങ്ങിപ്പോവുന്ന സൂര്യനെ
പറമ്പിനറ്റത്തു കണ്ടു
രക്തം വാർന്നു് വിളറിയ മുഖവുമായി
ആകാശത്തു് ചുറ്റിയലയുന്നു
എല്ലാ ഇലയിലും വീഴുന്നു, സൂര്യൻ
എഴുന്നേറ്റു് കടലുള്ള ദിക്കിലേക്കു് പോവുന്നു
നാലുപാടും വളരുന്നു ചില്ലകൾ
എന്റെ മുറിവിൽ
രാത്രിയുടെ മരുന്നു് വെക്കുന്നു
ഈ കുന്നുകയറിപ്പോവുമ്പോൾ
വീടിന്നുമീതെ സൂര്യൻ
വെളിച്ചവും ഇരുളും ഒരേവിധം വീഴ്ത്തുന്നു
നിലം തുടയ്ക്കുമ്പോൾ മായുന്നവ
സൂര്യനിൽ സുഷിരങ്ങളുണ്ടു്
വെളിച്ചം കടക്കാത്ത മടക്കുകളും
വെള്ളം തട്ടാത്ത മുറിവുകളും
തീയണഞ്ഞു കഴിഞ്ഞ നാൾ
പൊള്ളുന്ന കല്ലിൽ പറ്റിച്ചേർന്നു്
അവസാനത്തെ ചീവീടു്
അതിന്റെ കരിഞ്ഞ ചിറകുകൾ തമ്മിലുരച്ചു.
ആ ശബ്ദത്തിൽ നിന്നുണ്ടായി,
ദീർഘമായ മഴ
പ്രാണി
പറവ
ഉരഗങ്ങൾ
മത്സ്യം
പായലുകൾ
നീർച്ചോല
പാറ്റകൾ
പുഴുക്കൾ
പർവ്വതാഗ്രങ്ങൾ
ചിതൽപ്പുറ്റുകൾ
പഴുക്കിലകൾ
കക്കത്തോടുകൾ
കൂണുകൾ
കൂടുകൾ
വലകൾ
നൂലിഴ
നാരുകൾ
നാരകങ്ങൾ
ആ ശബ്ദത്തിൽനിന്നുണ്ടായി,
നിവർന്ന നടുവെല്ലു്
വേവ്വേറെയായ കൈവിരലുകൾ
ഓർമക്കു കാതുകൾ
ഭാഷകൾ
ചോര
മുലകളിൽ പാലു്
കണ്ണിൻ നനവു്
വിരലിന്നടയാള വലയങ്ങൾ
ആ ശബ്ദത്തിൽ നിന്നുണ്ടായി,
രാത്രിയും പകലും
ഈ ചെറിയ ഗോളം
സമുദ്രങ്ങളുടെ അശാന്തി
അതിനെച്ചുറ്റുന്ന വെളുത്ത ഗ്രഹം
ചിറകുകൾ തമ്മിലുരയുന്നു,
ചില്ലിന്റെ ചുമരുകൾക്കുള്ളിൽ
ചിറകുകൾ തമ്മിലുരയുന്നു.
നരിമടകൾക്കും പറങ്കൂച്ചികൾക്കും ഇടയിൽ
തെച്ചിപ്പൂവുകൾ തിരഞ്ഞു നടന്ന
മൂന്നു കുട്ടികൾ
കരയെ ചുറ്റുന്ന തോടു്
തോടിന്റെ കര പോലെ കൈത
കൈതക്കാടുകളുടെ കര പോലെ വെയിലു്
പൂവുകൾക്കിടയിലാരുടെ ശ്വാസം
കിതപ്പുകൾ
മുള്ളുകൾക്കിടയിലാരുടെ
പിറുപിറുപ്പുകൾ
ഇല്ലാനിഴലിൻ വെയിലിൽ
ഇല്ലാവഴിയില്ലാവഴി പായുന്നൂ,
പ്രേതങ്ങൾ പിന്തുടരുന്നു
കുന്നിൻ ചെരിവിൽ കുട്ടികളെ ഉപേക്ഷിച്ചു്
പാടംകടന്നു്
തോടുകടന്നു്
അവ വീട്ടിന്നരികത്തെ
അലരിച്ചുവട്ടിലേക്കു് മടങ്ങി
രാത്രിയാവാൻ കാക്കുന്നു
ഈ മരത്തിന്റെയോ ആ മരത്തിന്റെയോ
പേരു് എനിക്കറിയില്ല
(ഒന്നിൽ ചെറിയ വെള്ളപ്പൂവുകൾ,
മറ്റേതിൽ ഒരു നത്തിന്റെ ഇരിപ്പു്)
വേലിക്കൽ വരുന്ന കിളിയുടെ,
(അതിനു് ഇരുണ്ട നീലനിറമുണ്ടു്)
ഈ ശലഭത്തിന്റെ,
(അതിന്റെ ചിറകു വക്കിൽ കണ്ണുകളാണു്)
മരങ്ങൾക്കുമേൽ പറ്റിവളരുന്ന
വള്ളിച്ചെടിയുടെ,
(അതിന്റെ വേനൽക്കാലം തണ്ടുകളിൽ നിന്നു്
വിത്തിന്റെ നാരുകൾ പറത്തുന്നു)
മനുഷ്യരുടേയും പുസ്തകങ്ങളുടെയും പേരുകൾ
എനിക്കോർമ കിട്ടാറുണ്ടു്
സിനിമകളുടെയും സ്ഥലങ്ങളുടേയും
പേരു്, അത്യാവശ്യമുള്ള കാര്യമായിരിക്കുമോ?
ശീർഷകമില്ലാത്ത കവിതകളുടെ ഒരു
സമാഹാരം എനിക്കുണ്ടായിരുന്നു
അറിയാത്ത ദിക്കുകളിലും കരകളിലും
ഒറ്റയ്ക്കു ചെന്നു നിൽക്കുമ്പോൾ
എന്റെ ദേഹത്തുണ്ടാവുന്ന
തിണർപ്പുകളാണു് ഞാൻ
അതിനു് പേരില്ല.
കുന്നിന്റെ മുകളിൽ
കാട്ടുചെടികളിൽ
മെല്ലെമെല്ലെ
ഇരുട്ടാവുന്ന ചുവന്ന
പഴങ്ങളും മുള്ളുകളും
മഴയുടെ വെള്ളമൂർന്നു്
മടക്കുകളിലൂടെ
താഴേക്കു് പോവുന്നു
നാലഞ്ചു വീടുകൾ അവിടെയുണ്ടു്
പിന്നെയും താഴത്തു്
ചതുപ്പുകൾ
ആ വയലിൽ നിന്നു് കയറിക്കുതിച്ചു വരുന്ന
മൃഗത്തിന്റെ മുരൾച്ചകൾ
കേൾക്കാം എനിക്കിപ്പോൾ
ഞാൻ അതിന്റെ മടയിൽ നിന്നിറങ്ങി
താഴേക്കു നടന്നു
കുടത്തിനുള്ളിൽ
ഉപ്പു്
അലിഞ്ഞുണ്ടായ
നീരു്
നൂറ്റാണ്ടുകൾ മുമ്പു്
നീറ്റിലാഴ്‌ന്നു്
നിലകിട്ടാഞ്ഞ
ഒരു പൂമ്പാറ്റയുടെ പിടപ്പുമാതിരി
ഈ ദിവസം,
അടിത്തട്ടിലടിഞ്ഞ
ചിറകുകളിലെ മങ്ങി വറ്റിയ നീലച്ചായം
പതുക്കെയിഴഞ്ഞു കേറുന്ന
ആ പുഴുവിന്റെ
ഉടലിന്റെ വെട്ടം
മുറിയിൽപ്പരക്കുന്നു
1
ഒറ്റയ്ക്കു നിൽക്കയാണൊരു മരം,
വീടിനു പിന്നിൽ മുറ്റത്തു്
ഒറ്റയ്ക്കായതിൻ സങ്കടം
ഇലകളിലെല്ലാം
കനംകൊണ്ടുനിൽക്കുന്നു
ഒരു നീലപ്പാറ്റ വട്ടമായിപ്പറന്നു്
മിണ്ടുന്നു മരത്തോടു് കൂട്ടുകൂടിക്കളിക്കുന്നു
മുടിക്കു വലിക്കുന്നു
ചിരിക്കുന്നു
തനിച്ചു നിൽക്കും മരത്തിന്റെ സങ്കടം
കാറ്റിലെങ്ങാണോ
പാറിയലയുന്നു
2
ചുവന്ന പൂവിന്റെ
ഗർഭത്തിനുള്ളിലനങ്ങാതെ
ഒതുങ്ങിയിരിക്കു,
ന്നതിന്റെ കുഞ്ഞു്.
തീരെച്ചെറിയൊരു ഭൂമി.
കണ്ണുമിഴിക്കാനുമൊച്ചവെക്കാനും ആയിട്ടില്ല.
ഉച്ചനേരത്തു വന്ന സൂര്യൻ
കുഞ്ഞിന്റെ കവിളിൽ പിച്ചി നോക്കുന്നു.
3
ഉറയൂരിയിട്ടിഴഞ്ഞു പോയ
സർപ്പത്തിന്റെ
മണവും
ഇഴച്ചിലും
ഒട്ടിനിൽക്കുന്നു
തോടടർത്തിപ്പുറത്തേയ്ക്കുനീട്ടും
കിളിയുടെ നോക്കും
പറ്റിനിൽക്കുന്നു
കാറ്റിലും പോവാതീക്കാട്ടുമരത്തിൻമേൽ.
4
ഇരുട്ടിൽ പൂക്കുന്നയിതളുകൾക്കുള്ളിൽ
തെഴുപ്പുകൾക്കുള്ളിൽ
ഉണങ്ങിയ തൊലിക്കുള്ളിൽ
നിറഞ്ഞു തുള്ളുന്ന പാലിൻ
തണുപ്പു കൊള്ളാതെ
കണ്ണുകൾ തുറന്നുമടച്ചും വെക്കുന്നു
കര,
കരയിൽ വീഴാതെ നിൽക്കുന്ന
മരത്തിന്റെയുള്ളിൽ
ച്ചുണ്ടുതട്ടാഞ്ഞിട്ടു
കടഞ്ഞു നിൽക്കുന്നു
മുലകൾ.
5
വലിച്ചുകെട്ടിയ അയകൾക്കിടയിൽ
ഉണക്കം വരാതെ നിക്കുന്നു
കാറ്റും മഴയും തട്ടുന്നു
ഇടിഞ്ഞുപോവുന്നു
തുടയിൽ നിന്നൊഴുകുന്ന
ചോര തറയിൽപ്പരക്കുന്നു
ടെറസിനു താഴേക്കു് പോവുന്നു
വിരിച്ചിട്ടതെന്നോ തുണികൾ
പഴകിപ്പിന്നിപ്പൊടിഞ്ഞിരിക്കുന്നു
നിന്നുനിന്നെത്ര കാലം കൊണ്ടു് കാലുകൾ
തേഞ്ഞുകഴിഞ്ഞിരിക്കുന്നു
അഴുകാതെ നിൽക്കുന്നതു്
സങ്കടത്തിന്റെ കീഴ്‌വായ
ചുറ്റിനും രോമങ്ങൾ
6
ഉച്ചനേരമായിരുന്നു
ഞാൻ മുറ്റത്തുതന്നെ നിന്നു
നീണ്ട അയക്കയറിൽ ആറാതെ
കിടക്കുന്ന ശീലകൾ കണ്ടു
യുദ്ധം കഴിഞ്ഞുവന്നതു്
പേറു കഴിഞ്ഞുവന്നതു്
ശവദാഹം കഴിഞ്ഞുവന്നതു്
ഓരോന്നിന്റേയും ഗന്ധങ്ങൾ
തമ്മിൽക്കുഴഞ്ഞു്
മുറ്റവും വീടും തൊടിയും പൊതിഞ്ഞെന്നു
തോന്നി
ഒന്നിനും അനക്കമില്ലാത്ത അവിടെ
അലക്കു കല്ലിൽ തല്ലിത്തിരുമ്പുന്ന ഒച്ച കേട്ടു
ആയിരമോ രണ്ടായിരമോ
വയസ്സായ ഒരു പെണ്ണു്
കുതിർന്ന ശരീരം,
കാൽക്കീഴിൽ,
തളംകെട്ടിയ ചോരയുമഴുക്കും
കല്ലിനു ചുറ്റും
അവൾക്കു ചുറ്റും
കാട്ടുചെടികൾ
വേഗത്തിൽ വളർന്നുകൊണ്ടിരുന്നു
7
ബസ്സിന്റെയരികുസീറ്റിൽ
തുറന്നു വെച്ച ജനാലയിൽ
കണ്ണിനുള്ളിലേക്കു പാറിവന്ന
ചുവന്ന പൊടിപടലങ്ങൾ
മരത്തിൻ നിഴൽ
പൊട്ടിലകൾ
ഉരുകാത്ത സങ്കടം
സമയം
കണ്ണിനു പുറത്തു്
ചൂടുള്ള വിരലുള്ളം വെച്ചു
വേദനിച്ചു
ഇരുട്ടായതു കണ്ടു
8
കടലാസിലേക്കു് വെയിൽ പടർന്നു
ഒരു കാക്കയുടെ മുഖം വരക്കുമ്പോൾ
കണ്ണിൽ വെളിച്ചം തറച്ചു്
അതു് മുറുക്കെയടച്ചു
9
വഴവെടുത്തു്
ഇരുപുറവുമാക്കി മെടഞ്ഞിട്ടു
ഓരോ വണ്ടിയും ഇടത്തേക്കോ
വലത്തേക്കോ ഇഷ്ടംപോലെ
പാഞ്ഞുപോയിമറഞ്ഞു
മുടിയിഴക്കെട്ടിൽക്കുരുങ്ങിയതുപോലെ,
ഒരാൾ അവിടെ
ആ പിരിവിൽ
അനക്കമില്ലാതെനിന്നു
10
തീരേ തണുത്ത കൈകൾ കൊണ്ടു്
തീ കൂട്ടി
മരണത്തെ
അകറ്റിനിർത്തി
അടക്കം കഴിഞ്ഞു
മടങ്ങിയെത്തിയവർ
11
ലോകം കണ്ടുകണ്ടു കലങ്ങിയ കണ്ണിൽ
പ്ലാവില ചുറ്റിപ്പാർന്ന
അമ്മിഞ്ഞപ്പാൽ,
വെളുത്ത പാടയിലൂടെ
ക്കാണുന്നതൊരു
മുലക്കണ്ണുമാത്രമീമണ്ണു്.
12
അപ്പത്തിൽ പാർക്കുന്ന പൂപ്പൽ
അയ്യായിരമായിപ്പടർന്നു വളർന്നു
കൊടുങ്കാടു കെട്ടി
അവനെ പൊതിഞ്ഞു പിടിക്കുന്നു,
ഓരോ മുറിവിലുമൂതുന്നു
13
കല്ലിനും
കല്ലിനുമിടയിൽ
എന്നോകുഴച്ചു വെച്ച മണ്ണു്
മണ്ണിലുറങ്ങുന്ന വിത്തുകൾ
നനവിൽ
ഓരോ വിടവിലും തെഴുത്തുവരുന്ന
ലിംഗങ്ങൾ, തളിർപ്പുകൾ
14
വിളക്കിനുചുറ്റും ഇരുട്ടിൽനിന്നു് കേറി
വരുന്ന പ്രാണികൾ
പ്രാണികളുടെ ദേഹത്തെല്ലാം
ഇരുട്ടിൻ ശകലങ്ങൾ
ഇരുട്ടിൻ മുടിനാരുകളിൽ
പ്രാണികൾ നൃത്തത്തിൻ ചുവടുകൾ
മരണത്തെപ്പറ്റിയുള്ളൊരു പാട്ടിൻ വരി
15
പാടത്തിന്റെ കരയ്ക്കു നിന്നു ഞാൻ
ഇവിടെ കെട്ടിക്കിടക്കുന്ന
വെള്ളത്തിൽ നാലഞ്ചു പരൽ മീനുകൾ
എനിക്കു് കേൾക്കാത്ത സ്വരത്തിൽ
സംസാരിക്കുന്നു
ഭൂമിയുടെ അങ്ങേച്ചെരുവിൽ
വെള്ളത്തിലേക്കു് നോക്കിനിൽക്കുന്നൊരാൾ
കേൾക്കാനായിരിക്കാം
16
രാത്രിയിൽ മരിച്ചുപോയൊരാളിന്റെ
ശരീരത്തിനരികിൽ
തണുപ്പോടെ ഒരാൾ കാവലിരിക്കുന്നു
രാവിലെയാവും വരെയും
ഒരു വീടിന്നരികിൽ
മരവിച്ച പുളിമരം നിൽക്കുന്നു
ഇരുട്ടു് അതിന്റെ ഒച്ച
ഒരാളിൽ നിന്നു് മാറ്റൊരാളിലേക്കു് പകർന്നു
17
ഉറക്കത്തിനു രണ്ടു് കാതുകൾ ഉണ്ടു്
മുലയീമ്പുന്ന ചുണ്ടുകളെയും
അടിവയറ്റിൽച്ചുഴിയുന്ന
നാവിനേയും കേൾക്കുന്നു
അത്ര ഉച്ചത്തിലല്ലാതെ പ്രേതങ്ങൾ
കട്ടിലിനടിയിൽ പതുങ്ങിയിരിക്കുന്നു
18
മരത്തിനുള്ളിൽ വെള്ളം
ഈ കല്ലിനകത്തുണ്ടു് വെള്ളം
തൊടുമ്പോൾ കല്ലിലും മരത്തിലുംനിന്നു്
പ്രാണിപോലെ പിടയുമൊച്ച ഉണ്ടായി
19
മുടിപ്പടർപ്പുകൾക്കുള്ളിൽ
നടുവിരൽ പായുന്ന
താര
കരയിടിഞ്ഞു്
കുതിർന്ന ഒച്ച
20
കുന്നിറങ്ങുന്ന കുറുനരിപ്പറ്റം
കുളമ്പാഴ്ത്തും കാട്ടുപന്നികൾ
കരിനിറമായ മുലകൾ
കാതിനുള്ളിൽപ്പാർക്കാൻ വരുന്നു
21
കിളികളില്ലാത്ത മേൽക്കൂരയിൽ
ഒരു കിളിയുടെ നിഴലു് വരച്ചു
വെയിലു മൂത്തപ്പോൾ
അതു് ഇറയിലേക്കിറങ്ങി മയങ്ങിനിന്നു
22
അത്ഭുതത്തിനു രണ്ടു് ചിറകുകളുണ്ടായിരുന്നു
അതീയിലയിൽനിന്നുമായിലയിലേക്കു്
നിർത്താതെ തെന്നിക്കൊണ്ടിരുന്നു
കുറേ കഴിഞ്ഞപ്പോൾ അത്ഭുതം
അപ്രത്യക്ഷമായി
23
ഇരുട്ടിൽ മുളയ്ക്കുന്ന വിത്തുകൾ
രഹസ്യത്തെക്കുറിച്ചുള്ള
ഭൂമിയിലെ ഏറ്റവും ചെറുതായ അടയാളം
രാവിലെ ഒരടയാളവുമില്ല
ഈ പച്ചത്തെഴുപ്പൊഴികെ
വെളിച്ചമൊഴികെ
24
ഗർഭിണിയായ പക്ഷി
പ്രയാസമോടെ താഴേക്കുവന്നു
ചോറുകൊത്തിത്തിരിച്ചു പോവുന്നു
അതിന്റെ കുഞ്ഞിന്റെ ആദ്യത്തെ ഓർമ്മ
ഈ ഇറക്കവും പറത്തവും
25
മുറ്റത്തെ മരത്തിൽ
അയക്കയറിന്റെ മുറുക്കിക്കെട്ടിയ മുറിവു്
അതുണങ്ങി
കല മാത്രമായി
നീറ്റലിന്റെ ഓർമ്മ
ശീലകളിലാണു്
26
ഇരുമ്പിന്റെ മണം
ഇരുട്ടിന്റെ മണത്തിനുള്ളിൽ
കലർന്നു് കലർന്നു് വറ്റിക്കൊണ്ടിരുന്നു
വൈകുന്നേരത്തീവണ്ടി
27
ആദ്യത്തെ കണ്ണാടിയാണു് ചുണ്ടുകൾ
യോനിച്ചുരുളിരുളും
മുലത്തുമ്പും അതിലിപ്പഴും തെളിഞ്ഞു
28
മാവിൽ ഒരുനുള്ളുപ്പു ചേർത്തു്
ഇളക്കി അടച്ചുവച്ചു
അതായിരുന്നു ദിവസത്തിന്റെ
അവസാന പ്രാർത്ഥന
29
പാർപ്പൊഴിഞ്ഞ വീട്ടിൽ
അണ്ണക്കൊട്ടന്മാർ വന്നു്
ഓരോ തുമ്പു് കടിച്ചു
ഉറങ്ങുന്ന പൊത്തിനുള്ളിൽ വീടിന്റെ
ചെറുതരികൾ കൊണ്ടുവച്ചു
30
മുടിനാരുകൾ ഓരോന്നോരോന്നു്
വേർപെടുമൊച്ച കേട്ടു
അഴുകുന്ന അടിമണ്ണിൽ കലർന്നു്
31
ഉറങ്ങാതെ നോക്കിനിൽക്കേ
മിന്നാമിനുങ്ങുകളുടെ വെളിച്ചമൊക്കെയും
കിണറ്റിൽ വീണു
അവക്കു തമ്മിൽ കാണാതെയായി
സങ്കടംവന്നു
താഴെ മീനുകൾ വെളിച്ചത്തുണ്ടുകൾ കൊത്തി
നേരം വെളുപ്പിക്കുന്നതു് ഞാൻ നോക്കിനിന്നു
32
രണ്ടു ചെടിച്ചട്ടികൾക്കിടയിലെ വിടവിൽ
ഒരു ചെടി വളർന്നു
രണ്ടു മനുഷ്യർക്കിടയിൽ അദ്യശ്യമായി
മറ്റൊരാൾ പാർക്കുമ്പോലെ
നനയ്ക്കുമ്പോൾ മൂന്നാമത്തെ ചെടിയെ
അവൾ തൊട്ടുനോക്കി
തന്റെ എല്ലിലും എറച്ചിയിലും ചെന്നുമുട്ടി
33
മുറ്റത്തുവച്ച പാത്രത്തിൽ വെള്ളം
വെള്ളത്തിൽ ഒരുമുറിയിരുട്ടു്
ഇരുട്ടിൽ അമ്മയുടെ ഛായ
അമ്മയുടെ മറുപാതി എവിടെയായിരിക്കും?
34
ഉണർന്നിട്ടില്ലാത്ത മരങ്ങളിൽ
ഇന്നലത്തെ കിളികൾ
പറ്റിനിൽക്കുന്നതു് കണ്ടു
ചെറുതായി വരുന്ന ചന്ദ്രനെ കണ്ടു
മരങ്ങൾക്കു ചുറ്റിലും
കനംവെച്ചു വലുതാവുന്ന
ഇന്നലത്തെ രാത്രിയെക്കൂടി
ആ മരങ്ങൾ ഉണരുന്നതുവരെ
ഞാൻ കണ്ണുകൾ തുറക്കാതെ
ഇളവെയിലിൽ നിന്നു
35
നിവർന്നു നിൽക്കുന്ന പനയുടെ
ഉച്ചിയിൽ ഒരു വലിയ പക്ഷി
പനയുടെ താഴെ
മനുഷ്യരില്ലാത്ത ഒരു വീടു്
മുള്ളുകളിലും കുറ്റിച്ചെടികളിലും പാർക്കുന്നു
കാട്ടുപന്നികൾ, നരികൾ, പ്രേതങ്ങൾ,
വെളിച്ചം തട്ടാത്ത പുഴുക്കൾ, പാറ്റകൾ,
മുളയ്ക്കുന്ന കായ്കൾ,
പടർക്കുന്ന പൂവുകൾ പാർക്കുന്നു
പനയുടെ ചുറ്റിലും ചോട്ടിൽ
പോറലുകൾ, പൊട്ടിയടർന്ന പഴങ്ങൾ,
ചോര,യുമിനീർവഴുപ്പുകൾ,
മിനുസമില്ലാത്ത വാക്കുകൾ.
36
വെള്ളം
ചുഴിഞ്ഞിറങ്ങുന്ന വരമ്പിൽ
നെൽച്ചെടികൾക്കിടയിൽ വച്ചു്
അവൾക്കു മുലകൾ ചുരന്നു
കരയിൽച്ചെരിഞ്ഞു വാഴും
തെങ്ങുകൾക്കു മീതേ
പക്ഷികൾ
കൂടുകൾ
വിടർത്തി നോക്കുന്നു
ചുണ്ടുകൾ
37
ആദ്യം വന്ന വെയിലത്തു്
നഗ്നമായ ഉടലിൽ അവൾ
തൊട്ടുനോക്കി
പുഴുവാണോ ഞാൻ
പാറ്റയാണോ ഞാൻ
വിരലറ്റങ്ങളുടെ
തേടൽ
38
ഇന്നു ഞാനുറക്കത്തിൽ
കാണാനിരിക്കുന്ന
സ്വപ്നം പോലെ
നിഗൂഢമായി അതു
മണ്ണിനടിയിൽ കഴിയുന്നു
അതിന്റെ
മുളച്ചുപൊട്ടുന്ന വേരുകൾ
ഏതു ദിക്കിലേക്കു് നീളുന്നു?
39
വരമ്പിലൂടെ നടക്കുന്നവളുടെ
നടപ്പിന്റെയൊച്ചകളൊക്കെയും
വരമ്പിൽത്തന്നെ
വീണുകൊണ്ടിരുന്നു
അതു് ചെറിയ പ്രാണികളെ,
പ്പുഴുക്കളെ,
പ്പുൽച്ചാടികളെ
യെല്ലാമുണർത്തി
ആ ഉണർച്ചയുടെയൊച്ചയിൽ, മുഴക്കത്തിൽ
അവളുണർന്നുപോയി
നടക്കാനാവാതെ
പാതിരാവിൽ നടുവരമ്പിൽ
തണുപ്പത്തു നിന്നു, ഒറ്റയ്ക്കു്
40
കാണാതെ പാറിമറഞ്ഞ കിളിയുടെ,
പാതി തെളിഞ്ഞ നിലാവിന്റെ,
കാറ്റിനകത്തു കുടുങ്ങിയ സൂര്യന്റെ,
കൊമ്പിൽ നഖം താഴ്ത്തി മൂളുന്ന കൂമന്റെ,
പൊട്ടി വിരിയുന്ന വെളുത്ത പൂവിന്റെ,
ആരുടേതാകുമീത്തൂവൽ?
തൊട്ടുനോക്കുമ്പോൾത്തണുക്കുന്നു,
വിരലുകൾ,
ഇരു ചുമലിലും ചിറകിന്റെ വേരുകൾ പോലെ
കുതിർന്ന ചോര, ഞാനേതേതു
പറവ,യാരുടെ പറത്തം?
41
ആരാണു വന്നുപോയതീ വീടിന്റെ
മൺമുറ്റത്തെല്ലാം പതുക്കെ
കുഞ്ഞിക്കാലുകൾ വെച്ചു്,
നേരിയ പൂമണം വിതറിയിട്ടു്,
ഏറെ നേരം നിലത്തു പടിഞ്ഞിരുന്നിട്ടു്
ഉറങ്ങി,യുറക്കത്തിൽസ്സൂര്യനെക്കണ്ടിട്ടു്
കൺമിഴിച്ചിട്ടു്, വെളിച്ചത്തോടു ചിരിച്ചിട്ടു്
കാണാതെങ്ങോ മറഞ്ഞു നിൽക്കുന്നൂ?
42
എവിടന്നു വന്നതീ നീല,
മീനിന്റെയോ പെരുങ്കടലിന്റെയോ,
വിഷം പോലെ കാലിൽ,
അനങ്ങാതെയെന്നാൽപ്പടർന്നു
പടർന്നു ഭൂമിയെപ്പൊതിയുന്ന നീല,
ചന്ദ്രനിൽച്ചെന്നു നോക്കുമ്പോൾ?
43
കാറ്റിനുള്ളിൽക്കാറ്റിന്റെ വിത്തുകൾ
കനമില്ലാത്ത വേരുകൾ,
തെഴുക്കുന്ന ചുണ്ടുകൾ,തുറക്കാമിഴി,
കാൽവിരൽകുഞ്ഞിനെപ്പോലെയീമ്പുന്നു,
പൊത്തിലും പോടിലും
പുഴുവിലുമിലയിലും
ചിറയിലും ചിറകിലും തൊടുന്നു,
കാറ്റിനുള്ളിലെക്കാറ്റിന്റെ
വിത്തുകൾ കാറ്റിലൂർന്നു് ദേഹത്തു്
വീണു മുളയ്ക്കുന്നു, തണുപ്പോടെ.
44
ഒരലിന്നടിയിലെറുമ്പുകൾ,
ഇലഞ്ഞിക്കു താഴത്തു കനമാർന്നിരുട്ടു്,
കാൽക്കീഴെയിഴയുന്ന പ്രാണികൾ,
വെള്ളത്തിന്നടിയിലലിയാത്ത കല്ലുകൾ,
അലമാരക്കുചോട്ടിലുരുണ്ടു പോയി
മറന്ന കളിവണ്ടി,
കാറ്റിനു താഴത്തു തുമ്പികൾ,
കുഴിയിലവറ്റയുടെ കുഞ്ഞുങ്ങൾ,
അടുപ്പിന്നു താഴത്തു വെണ്ണീരു്,
നിലത്തുണങ്ങിയ വറ്റു്,
ചവിട്ടടികൾ, തൊലിമണം,
കട്ടിലിന്നടിയി-
ലനങ്ങാതെ പതിഞ്ഞിരിക്കുന്നു,
പ്രേതങ്ങൾ.
45
മുലകളുടെ ആകാരത്തോടെ
ചിരട്ടയിൽ മണ്ണുവാരി നിറച്ചു്
കമഴ്ത്തി വെക്കുന്നു
മുറ്റത്തു നിറയുന്ന മുലക,
ളവയെല്ലാം ചുരന്നു നനയുന്നു
നനവിലെല്ലാം നനയുന്നു
നനവിലീവീടുമകവും
നനവിലീയമ്മയുടെ മുലകളും
46
ഒളിച്ചു കളിക്കുമ്പോൾ
മരത്തിൽ മുഖം വെച്ചു് കണ്ണുപൊത്തുകയാണു്
എണ്ണം തെറ്റാതെ നീങ്ങുന്ന നേരം
മരപ്പൊത്തിലെ സർപ്പം
അതിന്റെ വിഷപ്പല്ലുകൾ വൃത്തിയാക്കി
വഴി തെറ്റാതെയിഴയുന്നു
മരം ആരേയും കാണുന്നില്ല
മരിച്ചു നീലിച്ച കുട്ടിയെക്കൂടി
ചുരുണ്ടൊതുങ്ങിയ സർപ്പത്തെക്കൂടി
47
പടർന്ന തൊട്ടാവാടിയിലെല്ലാം
പറന്നു വന്നൂ വണ്ടുകൾ
അവയുടെ മൂളൽ, പാട്ടുകൾ,
പാടത്തെല്ലാമൊഴുകുന്നൂ
നടന്നുപോരുന്നെന്റെ കാൽപാദങ്ങൾ
മൂളലി,ലല്ലാ
തേനിൻ മധുരത്തിൽ
നേരിയ മഞ്ഞിൽ
മുള്ളിൻ മുനയിൽ
ക്കുതിരുന്നൂ
തൊട്ടാവാടിച്ചെടിയിലമാതിരി
നനവാൽ മെല്ലെക്കൂമ്പുന്നൂ
48
ഓരിതൾ
ഈരിതൾ
തെഴുക്കുന്നതിൻ കരച്ചിൽ
പച്ചനിറത്തിൻ പകൽ കൊണ്ടു്
സൂര്യനെ മൂടിനിൽക്കുന്നു
പതുക്കെ മാത്രം പുറത്തേക്കു് പടരുന്നൂ
കല്ലിന്റെ പ്രാണൻ
49
കാട്ടുപഴങ്ങളിലുമിനീരുകലർന്നു
താഴേക്കിറ്റിത്തെറിക്കുന്നു
വീടിന്റെ മേൽക്കൂരയിൽ
വീണുപറ്റിയുണങ്ങുന്നു
ഉണങ്ങാതുറക്കത്തിനുള്ളിലതിൻ
മണം, പാടപോലെപ്പരന്നൂ
പാതി തുറന്നു ഞാൻ ചുണ്ടുകൾ
വായിൽ നിറയുന്നതിരുട്ടിൻ തണുപ്പു്
മേലേ വാനത്തിലപ്പോഴും
ചുറ്റിപ്പറന്നുതന്നെ വാവലുകൾ
പാതിര കടക്കുന്നു
50
ജനലിലൂടെയകത്തേക്കു് വന്നൂ
വീശിക്കൊണ്ടൊരു മഴ
പടിയിലിരുന്ന പൂച്ചയുടെ മേൽ
വെള്ളം തങ്ങിനിന്നു
കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിൽനിന്നു്
അതു് ഉടലുകുടഞ്ഞുണർന്നു്
താഴേക്കിറങ്ങി
കട്ടിലിന്നടിയിൽ ചുരുണ്ടു
ഞാനും പൂച്ചയും ജനലിൽ വീഴുന്ന
വെള്ളത്തെ നോക്കിക്കിടന്നു
51
പ്രേതങ്ങൾ ഭൂമിയിൽ നിൽക്കുന്നു
മരങ്ങളോടും പുഴുക്കളോടും മിണ്ടുന്നു
മുല ചുരത്തുന്നു
നഗ്നരാവുന്നു
പ്രേതങ്ങൾ, തുരുമ്പിച്ച
ശരീരത്തോടെ
വീടുകൾക്കുമേൽ അടിയുന്നു
ഓടിനുമീതെ ഒട്ടിപ്പിടിക്കുന്നു
52
അലരിയുടെ വലിയ ഇലകൾ
അലരിയുടെ ചെറിയ പൂവുകൾ
അലരിയുടെ ഉരുണ്ടു പുളഞ്ഞ ഉടൽ
അലരിയുടെ താഴെ വച്ച കല്ലു്
പുറത്തിറങ്ങാൻ പഴുതില്ലാതെ
അലരിയുടെ ഓർമ്മ
അലരിയുടെ ആകൃതിയിൽ
അലഞ്ഞു തിരിയുന്നതു് കണ്ടു
തൊടുമ്പോൾ അതുലഞ്ഞു
53
നീലനിറമാണു് ഭൂമിയെന്നു കേട്ടു
ഞാൻ വീടിനുപിന്നിലെ കുന്നിൻമുകളിൽ
ചെന്നുനിന്നു
മരങ്ങൾക്കിടയിലൂടെ, വിദൂരമായി
അതു നീങ്ങുന്നതു കണ്ടു
അതെ, നീലഗ്രഹം തന്നെ
54
ഒരു കണ്ണു് പൊട്ടിപ്പോയ കിളി
ഈ ഭൂമിയെക്കാണുന്നതെങ്ങനെ?
കാണാത്ത ആ ചില്ലയിൽ ഇരിക്കുന്നതു്
സർപ്പമോ പരുന്തോ?
ഈ ചില്ലയിൽ അതിനിരിപ്പുറക്കുന്നില്ല
ഒരു കണ്ണു് അതൊരിക്കലും പൂട്ടി വെക്കുന്നില്ല
55
മഴവെള്ളം കൊണ്ടു് മരങ്ങൾ
അധികം ഇരുണ്ടതാകുന്നു
മഴക്കാലം ഇരുട്ടു കൊണ്ടുവരുന്നു
സൂര്യനുണ്ടാവുന്നതിനു മുമ്പത്തെ
ഭൂമിയുടെ പരിക്രമണം ഓർക്കുന്നു
56
കൈതയുടെ മണം വന്നു
തോടിന്റെ ഒച്ചയുടെ കൂടെ
സർപ്പങ്ങളുടെ മണം വന്നു
കൈതയുടെ മുറിവിനൊപ്പം
സർപ്പങ്ങളും കൈതകളും
ഒരേ കാലത്തു പൂക്കുന്നു
ഒരേ കാൽത്തണ്ടയിൽ നീറുന്നു
57
വളരുന്നതിനു് വെളിച്ചം തികയാതെ
അപ്പുറത്തെ മുറിയിലേക്കു്
ചെരിഞ്ഞു നോക്കുന്നു
എന്റെ വളർത്തുനായ,
സസ്യങ്ങളെപ്പോലെ
58
മുറിവുണങ്ങുന്നതുപോലെയാണു്
പുളിമരത്തിന്നിലകൾ വളരുന്നു
നീറ്റലിനു് ഒട്ടും തിരക്കില്ല
വളരെ പതുക്കെ
59
ഞാനുണ്ടെന്ന വിചാരത്താൽ മീനുകൾ
കൂട്ടമായി വന്നു് കല്ലിനു് ചുറ്റും നിന്നു.
ഇപ്പോഴവ അടിത്തട്ടിലേക്കു്
തിരിച്ചു പോയിരിക്കുന്നു
കല്ലു് ഉണക്കത്തോടെ വെയിലിനു
താഴെ നിന്നു
കുതിർന്ന ദേഹത്തോടെ
ഞാൻ വരമ്പിലൂടെ ചുറ്റിത്തിരിഞ്ഞു
നനഞ്ഞ കാലുകളിൽ പുൽത്തലപ്പുകൾ
പറ്റിനിൽക്കുന്നു,
ഒരാളുണ്ടെന്ന വിചാരത്താൽ
60
നീലച്ച പ്രാണി,
യിലകളിൽത്തുള്ളുന്നൂ
ഇലകളിൽത്തങ്ങിയ
വെള്ളം ചിതറുന്നൂ,
വെള്ളം വീണുണരു,ന്നൊരു
പുഴു,വീച്ചെടിത്തണ്ടിൽ
നോക്കുമ്പോളുയരത്തിൽ
ക്കാണുന്നതെന്നെ
നീയാണോ മഴ?
ഈ തണുത്ത വെള്ളം?
വെയിൽ?
മുറിഞ്ഞ ഉറക്കത്തിന്റെ മറുപാതിയിലേക്കു്
അതിഴഞ്ഞുമറഞ്ഞു
61
ടിഷ്യൂ പേപ്പറിൽ പടർന്ന
വിയർപ്പുപോലെ ഒരാൾ
ഇടുങ്ങിയ തെരുവുമുറിയിൽക്കഴിഞ്ഞിരുന്നു
പാത്രങ്ങളുടെ മടക്കുകളിലും ചുളിവിലും
അയാളുടെ വാക്കുകൾ പറ്റിപ്പിടിച്ചു നിന്നു
അമർത്തിത്തുടച്ചാൽ
നഖം കൊണ്ടു ചുരണ്ടിയാൽ
കാണാതാവുന്ന അത്ര ചെറിയ മനുഷ്യൻ
അയാൾ കവിതകൾ എഴുതിയിരുന്നു എന്നു്
ശവമടക്കിന്റെ നേരത്തു് ആരോ
പറയുന്നതായി തോന്നി
അയാൾക്കു് മീതേ ചുവന്ന മണ്ണു
വീണുകൊണ്ടിരുന്നതിന്റെ ശബ്ദത്താൽ
എനിക്കതു് മനസ്സിലായില്ല
62
നാലു വയസ്സുള്ളവൾ കുളിക്കുന്നു
അഴുക്കു കഴുകുന്നു
ഉടുപ്പു കഴുകുന്നു
പാട്ടുകൾ കഴുകുന്നു
വാക്കുകൾ കഴുകുന്നു
ചോളത്തിന്റെ കുരു, മുള്ളൻ ചീര,
കൂർക്കലിന്റെ തെഴു, മുറികൂട്ടി,യിളതായ പന്നൽ,
പയർവള്ളി, പായൽ, വാഴങ്കൈയിൻ നിഴൽ,
കരിങ്കല്ലു്,
മണ്ണിലെല്ലാതും കുളിക്കുന്നു
കുളി കഴിഞ്ഞവൾ
ഉറക്കത്തിൻ പാട നീക്കി
സ്സൂര്യനെത്തേടുന്നു,
ഈറനോടെ
ഭൂമിയുടെ ഒരു തുമ്പു്.
63
ആനയുടെ മണം നിറഞ്ഞു വിങ്ങിയ മുറിയിൽ
പുലർനേരം,
തണുത്തു വെറുങ്ങലിച്ച കൈകൾ
പരതുന്നു,
ശരീരം.
ഇരുട്ടിന്റെ കൊമ്പിലും
ഇരുട്ടിന്റെ പള്ളയിലും തൊടുന്നു
മുളകളുലഞ്ഞു വീഴുന്നതു കേൾക്കാം
രാത്രി അലിഞ്ഞില്ലാതെയാവുന്നു
ശ്വാസവും ചൂടും
അലിഞ്ഞില്ലാതെയായി
ആ മണം മാത്രം മുറിയിൽ നിൽക്കുന്നു
അവളടെ ചുളിഞ്ഞീർപ്പം വറ്റിയ ഉടലിൽ
തങ്ങിനിൽക്കുന്നു
64
ഇടത്തേച്ചിറകിൽ
വലത്തേച്ചിറകിൽ
കരിമ്പുള്ളി കുത്തുകയാണു്
അവൾ
മുറിക്കുള്ളിലൊതുങ്ങാത്ത വലിയ
ശരീരം അനക്കാതെ
ക്ഷമാപൂർവ്വം നിന്നുകൊടുത്തു
ചിറകുകൾ നൂർത്തിവെച്ചു്
പൂമ്പാറ്റ
65
കുപ്പായം വിരിച്ചിട്ടതിൽനിന്നു
മിഴപിന്നി നീണ്ടുപോരുന്ന നൂലു്
കടുന്നിറം,
കാറ്റത്തു ദേഹത്തിഴയുമ്പോൾ
നഗ്നതയുടെ
നീളൻ നൂലിഴ
66
കൂമന്റെ കണ്ണുകൾ
കൂമന്റെ ചുണ്ടു്
കൂമന്റെ കുറുകിയ ഉടൽ
കൂമന്റെ രാത്രി
കൂമന്റെ പുളിങ്കൊമ്പു്
ഒറ്റമൂളലിനും ഇരട്ടമൂളലിനുമിടയിലിടനേരം
കൊണ്ടു് ഞാൻ
മുറിക്കുള്ളിൽ പതുങ്ങിയുറങ്ങാൻ കിടന്നു
ഇരുണ്ട ചന്ദ്രൻ കൂമനെ തൊട്ടു
കൂമൻ അങ്ങേക്കൊമ്പത്തേക്കു് മാറിയിരുന്നു
ഉറക്കത്തിലേക്കാഴുമ്പോൾ ചന്ദ്രൻ
കൂടുതലിരുട്ടോടെ വന്നെന്നെയും തൊട്ടു
ഞാൻ അങ്ങേക്കൊമ്പത്തേക്കു് നീങ്ങിനിന്നു
67
വീടിന്റെ നാലു ദിക്കിലുമോരോ
വിളർത്ത ചന്ദ്രക്കല കണ്ടു
ജനലിലൂടെ വെളിച്ചം പുറത്തു
ചെന്നുനോക്കിയകത്തു
വന്നുകിടന്നു
വെളുപ്പിനു് നാലുദിക്കിലും
ഉറക്കം തൂങ്ങുന്നു ചന്ദ്രൻമാർ
68
ചോരപ്പശ
പുരണ്ട
രണ്ടു നീളൻ പല്ലുകൾ
ഈ വാതിൽക്കൽ അഴിച്ചു വെച്ചു്
കാട്ടിലേക്കു് പോയി മറഞ്ഞു
മുറ്റത്തു കാലമർന്ന വൃത്തങ്ങൾ
കിഴക്കു ദിക്കിൽ തലയെടുപ്പോടെ
വെയിൽ മുടികൾ
69
നീലനിറം തേച്ചു
വെള്ള നിറം തേച്ചു
ഇരുണ്ട തോണികൾ വരച്ചു
കടൽക്കാക്കകളെ വരച്ചു
അവ പറന്നു കൊണ്ടിരുന്നു
പറന്നു കൊണ്ടിരുന്നു
പറന്നു കൊണ്ടിരുന്നു
70
ഒരാൾപ്പൊക്കമായപ്പോൾ ചെടിയുടെ
തലപ്പുകടിഞ്ഞു
നാലു ദിക്കിലേക്കും
തെഴുപ്പു വന്നു
ഇലകൾ വന്നു
എന്റെ നാലു ചുമരിലും
കിളിവാതിലുകൾ ഉണ്ടായിരുന്നു
ഞാൻ ഓരോന്നോരോന്നിലും ചാരി
നിന്നു പുറം കണ്ടു
കഴിഞ്ഞ നാലു ജൻമത്തിലും ചെയ്തിരുന്ന
അതേ മട്ടിൽ
71
പാറ്റയുടെ
ഇതളുകൾ കൊഴിയുന്നതും
മീനുകൾ ഉണർന്നിരിക്കുന്നതും കണ്ടു
അമാവാസി എല്ലാം കാണിച്ചു തന്നു
ചന്ദ്രന്റെയിരുണ്ട ദേഹത്തു
കാട്ടുമുള്ളിന്റെ പോറലുകൾ
72
വേനലിന്റെ സ്വരം മാതിരി
മഴക്കാലത്തിന്റെ ശബ്ദവും വളരുകയാണു്
എന്റെ ഇരുവശത്തേയും മുറികൾക്കുള്ളിൽ
73
ഇരുണ്ട നിറമുള്ള
മുലകൾ
മൂങ്ങയുടെ രണ്ടു കണ്ണുകൾ പോലെ
മരത്തിനു താഴേക്കിറ്റിക്കുന്ന പാലു്
74
മരങ്ങൾ അവയുടെ സ്വരം
ചീവീടുകൾക്കു കൈമാറി
മൗനത്തിൽ വളർന്നു
75
മരങ്കൊത്തിയുടെ ചുണ്ടുകൾ
പുഴുക്കളെത്തേടിക്കൊണ്ടു്
ഓരോ പേജിലും
കൊത്തുന്നു
76
വെളിച്ചം
അഴുകുന്ന മൃഗത്തിന്റെ മണ്ണിൽ നിന്നു
പൊടിപൊടിയായി പുറപ്പെട്ടു
77
കാതുകൾ ആണു് ഏറ്റവും മനോഹരമായ
അവയവങ്ങൾ
എകരം കൂടിയ
മഴക്കാല വൃക്ഷങ്ങളിൽ
കുതിർന്നിലകൾ പോലെ
78
അകത്തെ കുളിമുറിയിലയാൾ
നഗ്നനായി നനയുന്നു
കഴുകുന്നു
കുന്നിറങ്ങി വന്നു് ഇറയത്തു്
തൂക്കിയ മഴക്കോട്ടിൽ
ഇലച്ചെടികളുടെ ഗന്ധം കടിച്ചുതൂങ്ങിനിന്നു
79
കാടിന്റെ വക്കിൽ പോയി
തിരിച്ചെത്തിയ ദിവസം
ആരും കണ്ടിട്ടില്ലാത്ത ഒരു പൂമ്പാറ്റയെ
കാണാൻ
നേരത്തേ വിളക്കണച്ചുകിടന്നു
80
ഒരു മരത്തിൽ
മറ്റൊരു ചെടിയുടെ വേരുകൾ
വെയിലോരോയിലയിലും
തൊട്ടു
81
പൂട്ടി വെച്ചിരുന്ന അറകളെല്ലാം തുറന്നു
മുറിയിലെ വായുവും വെളിച്ചവും മണവും
ഉള്ളിൽ കലർന്നു
മുറുക്കെ പൂട്ടിവച്ചു
82
അടിവയറ്റിലെ തുന്നു്
പക്ഷിക്കൂടിന്റെ ഓർമ്മയാണോ?
മുറിവുകളുടെ ഓർമയാണോ?
83
ഉറക്കം കിട്ടാത്ത പുഴുക്കൾ
ഉണരാനാവാത്ത പാറ്റകൾ
കാറിൽ മൂടിയ ചന്ദ്രക്കല
എന്നെ കേൾക്കുന്നു
84
കുളത്തിന്റെ വക്കത്തു് നിന്നു
ഇടക്കിടക്കു് മീനുകൾ പൊന്തിവന്നു
അവയുടെ ശ്വാസത്തിൽ നിന്നൊരു
കവിൾ തന്നു
85
സങ്കടം എന്ന വാക്കു്
ചീവീടുകളുടെ മരം പോലെ
ചെവികൾക്കു തൊട്ടടുത്തു് വളരുന്നു
തിരികെ വരുമ്പോൾ കിളിയുടെയൊച്ച കേട്ടു. അവൾ ചുറ്റിനും നോക്കി. തല താഴ്ത്തിയും ഏന്തിയും ചെരിച്ചും നോക്കി. എങ്ങുമില്ല. ഒരനക്കവുമില്ല. അപ്പോഴൊരു കാറ്റുണ്ടായി. കാറ്റിലവൾ ഒന്നുലഞ്ഞുപോയി. വീഴാതെനിന്നു. കാറ്റടങ്ങിയപ്പോൾ കിളിയൊച്ച വീണ്ടുമെത്തി. ഉടലിൽ എവിടെയോ ഒരനക്കമുണ്ടെന്നു തോന്നി. അവൾ മേലുടുപ്പിന്റെ താഴത്തെ കീശ തൊട്ടുനോക്കി. ഇളതായൊരു ചൂടുണ്ടു്. കൈയിട്ടപ്പോൾ വിരലുകൾ മിനുസമുള്ള എന്തിലോ തട്ടി. അവൾ കീശയുടെ വായറ്റം വിടർത്തി ഒരു കിണറിനുള്ളിലേയ്ക്കെന്നപോലെ പാളി നോക്കി. ഒരു തിളക്കം. രണ്ടു കണ്ണുകൾ. ചെറിയ ചുണ്ടു്. കൈ തിരിച്ചെടുത്തു് അവൾ വേഗം വീട്ടിലേക്കു നടന്നു. കോലായപ്പടിമേലിരുന്നിട്ടു് അവൾ അതിനെ പതിയെ പുറത്തെടുത്തു. ഇരുണ്ടു് നീലനിറത്തിൽ ഒരു കിളി. അതു് കൂനിയിരിപ്പായിരുന്നു. പതുക്കെ അതിനെ പൊന്തിച്ചു. കിളിയുടെ അടിവയർക്കീഴീൽ കാലുകൾക്കിടയിൽ ഒരു ചെറിയ മുട്ട. അതു വിള്ളാൻ തുടങ്ങി. തീരേ കുഞ്ഞ്യേതായ ഒരു കുഞ്ഞു് പുറത്തേക്കു് ചുണ്ടു പിളർത്തി.
ഒ
ഒച്ചു് അതിന്റെ തോടിനുള്ളിലേക്കു്
ചുറ്റിച്ചുറ്റിക്കയറിക്കൊണ്ടിരുന്നു
ഋ
കെട്ടുപിണഞ്ഞറ്റങ്ങൾ കാണാനില്ലാത്ത
രണ്ടു സർപ്പങ്ങൾ
റ
വളച്ചുകെട്ടിയ വില്ലിന്മേൽ
മുറുക്കിപ്പിടിക്കുമൊരാൾ
മ
മഴയത്തുനിന്നും
കയറിനില്ക്കാനൊരു മട
അ
ചോലയിലേക്കു് നീണ്ടുപോകുമൊരു
ആനത്താര
അതിൻ ചെരിവു്
ഉ
വയലിലേക്കിറങ്ങുന്ന ഇരുട്ടുകുമിഞ്ഞ
ഊടുവഴി
യ
ചുരുട്ടിവെച്ചിട്ടുമഴിഞ്ഞുതുടങ്ങുന്ന തഴപ്പായ
മുറ്റത്തു മണ്ണിൽക്കളിക്കുന്ന നേരത്തു
മുതുകത്തു വന്നു വീണതാണു്
കനമുള്ളതെന്തോ
തണുപ്പോടെയെന്തോ
നനയുന്നതെന്തോ
ഒന്നിന്റെ തുമ്പു്
പുറംകുപ്പായത്തിന്റെ
മുതുകിലൊരു വട്ടത്തിൽ
കുതിർന്നു് നീല,യിരുൾനീലയായി,
കുഴിഞ്ഞിരിക്കുന്നു
പിന്നിലേക്കു് കൈയെത്തിച്ചു്
അവൾ തൊട്ടു നോക്കി
മരവിച്ച ഒരു പാൽക്കട്ടി
അലിഞ്ഞുകൊണ്ടിരുന്നു
അവൾ മീതേയ്ക്കു നോക്കി
വാനമിരുട്ടിയിരുന്നു
അത്രനേരവും തലക്കുമോളിൽ
ചിരിച്ചോണ്ടിരുന്ന ചന്ദ്രനെ
അവിടെങ്ങും കണ്ടില്ല
അവളുടെ വിരലുകളിൽ
വെളിച്ചം പുരണ്ടിരുന്നു
മൂന്നാമത്തെ നാൾ
തെളിഞ്ഞുവരുന്ന ചന്ദ്രക്കലയുടെ മേലെ
മങ്ങിയ മറുപാതി വൃത്തം
അവൾ കാണിച്ചുതന്നു.
വെളിച്ചമോ ഇരുട്ടോ പോലെ
മരണത്തിന്റെ ഭാരം മൂന്നു് നാൾ
കൊണ്ടു് കുറയുമായിരുന്നില്ല.
മുറിക്കുള്ളിലിപ്പോഴുമവൾ
പാർക്കുന്നുണ്ടെന്നു തോന്നി
ലൈറ്റിടുമ്പോൾ മാഞ്ഞുപോവുന്ന ആ മുറി
ചിലപ്പോൾ ഈ വീടിന്റെ അദൃശ്യമായ
മറുപാതിയിൽ ആയിരിക്കാം
നാലോ അഞ്ചോ നാൾ കൂടി കഴിയുമ്പോൾ
മരിക്കുന്നതിനു് മുമ്പുണ്ടായ തലയിലെ മുറിവു്
ചോരത്തണുപ്പോടെ
തെളിഞ്ഞുവരുമായിരിക്കും
ഈ വീടും ഞാനും
കാണാൻ കഴിയാതെയാവും
മെരുങ്ങുകയില്ല എളുപ്പത്തിൽ.
ഞാൻ പതിയിരുന്നു.
കുറ്റിച്ചെടികൾക്കു പിന്നിൽ. നിലാവിൽ.
അറ്റംകൂർപ്പിച്ചു് മുളയമ്പുകളും കത്തിയും കയറുമായി. ഞാൻ പതിയിരുന്നു. ഒച്ചയനക്കങ്ങളുടെ പിറകിൽ. ശ്വാസഗതിയുടെ നിശ്ചലതക്കു പിന്നിൽ. നിഴലിനും നിശബ്ദതക്കും പിന്നിൽ. ഇരുട്ടിനു പിന്നിൽ. അതു വന്നു. മിന്നൽ പതുങ്ങിവരുന്ന മാതിരി. മുരണ്ടുകൊണ്ടു്. അതിന്റെ ഗന്ധമവിടെ പരന്നു. അതിന്റെ വിശപ്പു് അവിടെ നിന്നുകത്തിക്കൊണ്ടിരുന്നു. ഞാനിടംകാലു പിന്നിൽ, മരത്തിൽ വലിയ വേരിൽ ചവിട്ടി ഊന്നി മുന്നോട്ടാഞ്ഞു് വലംകെ വീശി നീട്ടി ഒരു മുനയായിട്ടതിന്റെ പള്ളയിൽ തറച്ചു. നിലവിളിയുടെ കാട്ടുവള്ളി മീതേക്കു് ചുഴറ്റിപ്പോയി. പിടഞ്ഞു. മരങ്ങളിൽ ചെന്നിടിച്ചു. കാലുകൾ മേലേക്കു പൊന്തി. തല താഴ്‌ന്നു. കണ്ണുകൾ വറ്റി. കിതപ്പു കലങ്ങിക്കലങ്ങിയൊഴിഞ്ഞു. ഞാൻ കാത്തുനിന്നു. ചോര നനഞ്ഞ മുളയുടെ മുനമ്പത്തു്. അനക്കം വിട്ടു്. വാനത്തിലും മണ്ണിലും ഉണ്ടെന്നു തോന്നിക്കാതെ. കണ്ണുകൾ മാത്രമായിട്ടു്.
2
കാടിന്റെ ഒലിയിൽ വഴുവഴുക്കുന്നയിരുട്ടിൽ വിളറിയ വെട്ടത്തിനു താഴെ അതിന്റെ യുടലു ചാരി ഞാനിരുന്നു.-ആയിരം കൊല്ലത്തിനു മുൻപേ ഞാനിരുന്നിട്ടുള്ള അതേ നിലത്തു്. അതേ കിതപ്പോടെ. അതേ ചോര നനവോടെ. അതേ മൃഗത്തെ ചാരിക്കൊണ്ടു്. അതേ വിശപ്പും ദാഹവുമോടെ.
3
മുൻ കാലുകൾക്കിടയിൽ നിന്നും കീഴ്‌വയറിനു നടുവിലൂടെ ഞാൻ കത്തി പായിച്ചു. കത്തി താഴത്തിട്ടു് ഇരു കൈകളും കൊണ്ടു് അതിനെ പിളർന്നു. അതിന്റെയുള്ളിലുള്ളതെല്ലാം തള്ളിവന്നു. ഇരുണ്ടു ചുവന്ന ഞരമ്പുവള്ളികൾ. കുഴലുകൾ. കെട്ടുകൾ. തുടുത്ത തേൻനിറമായ കരളിറച്ചി വഴുക്കുന്ന ഞെട്ടിയിൽ പിടിച്ചുപൊട്ടിച്ചെടുത്തു. അതിനപ്പോഴും ചൂടു്. പൊള്ളുന്ന ഭാരം. വലിയ ഇലകളിൽ ഞാനതു പൊതിഞ്ഞെടുത്തു.
4
നടന്നിറങ്ങി. ഊർന്നും തൂങ്ങിയും തെന്നിയും തെറ്റിയും താഴേക്കു പോന്നു. പൊതിയിലകൾക്കുള്ളിലൂടെ ചൂടു് എന്റെ നെഞ്ചിലേക്കു പടർന്നു. അടഞ്ഞടഞ്ഞുപോകുന്ന രണ്ടു് ഉരുളൻ കണ്ണുകൾ തെളിഞ്ഞും മങ്ങിയുമിരുന്നു.
നടന്ന വഴിയുടെ അടയാളം പോലെ ചോരയുടെ ഇരുട്ടു് പിന്നിൽ വാർന്നു കൊണ്ടിരുന്നു. അതെന്റെ കാതിൽ കുടുങ്ങി. കാതിനകത്തെല്ലാം വേദന തെഴുത്തുവന്നു.
5
കുന്നുകളിടിഞ്ഞു പോവുന്നതു പോലെ അതിന്റെ ശ്വാസമെന്നിൽ ചുറ്റിക്കൊണ്ടിരുന്നു.
ധൃതിയിൽ ഉടുപ്പിട്ടു് ചെരിപ്പു ധരിച്ചു് കിതപ്പോടെ ക്കോണിയിറങ്ങി പുറത്തെവിടെയോ മറഞ്ഞു
വിരിപ്പിനുള്ളിൽ
വിയർപ്പിൻ മണത്തിനുള്ളിൽ
മയങ്ങുമ്പോൾ
നിരത്തിലൂടെപ്പോകുന്ന
അവന്റെ ഉൾച്ചുണ്ടിൽത്തടഞ്ഞു നിൽക്കുന്ന
എന്റെ അടിയുടൽ മുടിനാരു് ഞാൻ കണ്ടു
2
കടുന്നിറമുള്ള ഒരില
നിരത്തുകളും വണ്ടികളും
ഇവിടെ അവസാനിച്ചു
മനുഷ്യർ മടങ്ങിപ്പോയി
ഇല തിന്നുന്ന ഒരു ചെറിയ പുഴു
അതിന്റെ ദീർഘമായ
ഉറക്കത്തിലേക്കിഴഞ്ഞു
3
സൂര്യനെച്ചിറകിന്റെ തലപ്പു കൊണ്ടു്
മറച്ചു പിടിക്കുന്ന ഒരു തുമ്പിയെ ഞാൻ കണ്ടു
ഭൂമിയുടെ ഒരു പാതി
ഇരുട്ടിൽ നിന്നതും
ഇരുമ്പിൻ ചവർപ്പു
നിറയുന്നു വായ്ക്കുള്ളിൽ
ചോരമാതിരിയലിയിച്ചിറക്കുന്നു
ഒടുക്കമില്ലാതുറവപൊട്ടുന്ന
കുന്നിഞ്ചെരിവെന്റെ വായ
2
ഞാറയുടെ മരം.
ചില്ലകളിൽ പച്ചക്കായ്കൾ.
ഇളതു്.
വളർന്നുകൊണ്ടിരുന്നതു്.
ഒരു കൊമ്പിന്നറ്റത്തു്
നാലഞ്ചു കായ്കൾ കണ്ടു,
പതുക്കെപ്പതുക്കെപ്പഴുത്തു കൊണ്ടിരിക്കുന്നു
3
ഇലകൾ
തിന്നുന്ന പുഴു
അതിന്റെ വിശന്നു ചുവന്ന വായ
വരുങ്കൊല്ലം ഞാനെഴുതാനിരിക്കുന്ന
കവിത പോ,
ലതിന്റെയുറക്കം
കാറ്റിലലയുന്നു
പുഴുക്കൾക്കുണ്ണുവാ,
നിത്ര പോരും, പച്ച
മീനിന്നു നീന്തുവാ,
നിത്ര പോരും, ജലം
പറവകൾക്കിത്ര വാനം,
മിന്നാമിനുങ്ങിനിത്രയിരുള്,
എറുമ്പുകൾക്കിത്ര പൂഴിമണ്ണു്,
പുല്ലുകൾക്കിത്ര പകൽ വെയിലു്,
ഒച്ചുകൾക്കീ നേർത്ത താര,
നത്തിനീച്ചില്ലയുമുലയുമൊച്ചയും
പൂവിന്നു വിടരുവാനീക്കടുഞ്ചുവപ്പു്,
പാമ്പിന്നു പൊത്തു്, പടർപ്പുകൾ,
തോട്ടിറമ്പിന്നു കാവൽ കാട്ടുകൈതകൾ,
ചെറവരമ്പിന്നുരാവെളിച്ചം,
ദേവകൾക്കു കരിങ്കല്ലു്, അലരിച്ചോടു്,
പ്രേതങ്ങൾക്കോർമ്മ, പഴകിയ നാടു്,
മരണത്തിന്നു വഴുക്കുന്ന കൽപ്പടവുകൾ,
നനഞ്ഞ മണ്ണു്
നനഞ്ഞ ശീല
പ്രാണനുള്ളോരുടൽ
എനിക്കു പാർക്കുവാനിത്രയും പോരു,
മില്ല, പൊട്ടിത്തുരുമ്പിച്ചൊരു
വാക്കു കൂടി
മൃഗം
മരങ്ങളിൽ
ഉടലമർത്തിയുരയ്ക്കുന്നു
മേൽച്ചില്ലകൾ പരസ്പരം
പുണർന്നുലഞ്ഞു
ഇരുട്ടിൽക്കലർന്നു പ്രാണികൾ
ഉരഗങ്ങൾ
ഇവക്കെല്ലാമുള്ളിലൂടെ-
ക്കടന്നപ്പുറം പോകുന്നു
അതിന്റെ മുഴക്കം
കാട്ടാനകളേയും മലമുടികളേയും
കുതിർത്തു
വഴുക്കുന്നൊരു താരയുടെ
ഉൾമണം
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.