മുളങ്കാടിനടുത്തു് എന്തോ തിരയുകയായിരുന്നു, കുട്ടിയായിരിക്കെ ഞാൻ. പെട്ടെന്നു് എല്ലാം അദൃശ്യമായി. നിശ്ശബ്ദമായി.
ഞാൻ കണ്ടുവന്നിരുന്ന സ്വപ്നമിപ്പോൾ നിന്റെ ഉറക്കത്തിനടിത്തട്ടിലെവിടെയോ ആണു്. ഉണരാതിരുന്നിട്ടും എന്തുകൊണ്ടാണു് നമ്മൾ ഇങ്ങനെ തമ്മിൽ കലരുന്നതു്?
ഞാറപ്പഴങ്ങൾ തേടിപ്പോവുന്ന മലയിൽ,
കാറ്റത്തണയാത്ത ഉച്ചയിൽ, തീയിൽ, ഒരു ശലഭത്തെക്കണ്ടു.
വലതു കീഴ്ച്ചിറകു് വേർപെട്ടു്, ഇന്നീയരികിൽ ഇരിക്കുന്നു
പറക്കാൻ വയ്യാ,
ഭൂതകാലമതിനെ ഭൂമിയിലേയ്ക്കു്
പിടിച്ചമർത്തുന്നു.
ഭാരമുള്ള മരപ്പെട്ടി പ്രയാസപ്പെട്ടു്
നിരക്കി നീക്കി
തറയിൽപോറലുകളുണ്ടായി
പോറലുകളിൽനിന്നും ശലഭങ്ങൾ
പൊടിഞ്ഞുയർന്നു
കല്ലിനു മീതേയ്ക്കു് നിഴലുകൾ മടങ്ങിവരുന്നു
മരണങ്ങളെല്ലാം മടങ്ങിവരുന്നു
കിളികളുടെ നിഴലുകൾ മടങ്ങിവരുന്നു
അടക്കം ചെയ്യാത്ത കിളികളുടെയും മരണം
കഴിഞ്ഞ കൂടുകളുടെയും രാത്രി;
കനമുള്ളൊരു കല്ലു് അതിന്റെ
മീതെ വെച്ചിരിക്കുന്നു
ചെറിയ കുഴിയിൽ ഒരു കല്ലു്,
ചുള്ളിക്കമ്പു്, വെള്ളം, ഇലകൾ
തീയ്, മേഘങ്ങൾ, നിഴൽ
ചത്ത കിളിയുടെ ഉടൽ കൂടി.
മരിച്ച പൂമ്പാറ്റകൾ ഭൂമിയുടെ മറുവശത്തേയ്ക്കു
പോയ് മറയുന്നു,
ആച്ചെരിവിൽ നിറങ്ങൾ കട്ടപിടിച്ചുനിന്നു.
വെള്ളത്തിന്നടിയിൽ ഒഴിഞ്ഞ കൂടു്;
മണ്ണിനു താഴത്തു് ചുറ്റിയലയുന്ന കിളികൾ.
രാത്രിയുടെ സുഷിരങ്ങളിലൂടെ
എല്ലാം താഴേയ്ക്കു വീഴുന്നു
കൽവഴി;
ഓരോ ചുവടിലും ഉണരുന്ന പുഴുവിന്റെ
കരച്ചിൽ; ഉള്ളങ്കാലിൽ.
കല്ലുകൾ പതുക്കെപ്പതുക്കെ ഉരുകുന്നു.
പറവയെ കഴുകുന്നു; അതിനു് തണുക്കുന്നില്ല.
പിറന്നിട്ടില്ലാത്ത വസ്തുക്കൾക്കു്
ഇന്ദ്രിയങ്ങൾ ഇല്ല.
തടാകങ്ങളുടെ ഓർമ്മയോ വാക്കുകളുടെ
ആകൃതിയോ ഇല്ല.
കുതിർന്ന പറവയെ തുടച്ചു്,
ചില്ലു പെട്ടിയിലേക്കു് മാറ്റിവയ്ക്കുന്നു.
വെള്ളത്തിനു് വേദനിച്ചു; ശലഭങ്ങളെ
അടിത്തട്ടിലേയ്ക്കു
നനച്ചു താഴ്ത്തുത്തുമ്പോഴെല്ലാം
വെള്ളത്തിനു് വേദനിച്ചു; കരകളിൽനിന്നു്
വേർപെട്ടപ്പോഴൊക്കെയും.
ഈ മുറിവിൽനിന്നു് പുളിമരത്തിന്റെ
ഓർമ വിട്ടുപോകുന്നു;
കാറ്റത്തു്,
ആയിരമിലകളായി അതിന്റെ
പേരു് വിട്ടുപോകുന്നു.
ഒരടിത്താഴ്ച്ചയുള്ള കുഴിയിൽ
കിളിയെ അടക്കുമ്പോൾ
എടലയുടെ വെളുത്ത ചില്ലകൾ ഓർമ്മ വന്നു
വെളുത്ത നിറം,
അതെല്ലാ വാക്കുകളെയും മായ്ച്ചു കളഞ്ഞു.
ചതുപ്പിന്റെ വക്കത്തു് പോയിനിന്നു.
കാടിന്റെ ചെരിവിറങ്ങി ജന്തുക്കൾ
വെള്ളം കുടിക്കുന്നു.
പകലിലും അങ്ങേക്കരയിൽ അവയുടെ
കണ്ണുകൾ തിളങ്ങി
പകലിലും വെള്ളക്കെട്ടിനു മീതെ
പാതിരാപ്പുള്ളിന്റെ കരച്ചിൽ.
ശബ്ദം, കുന്നിൻ ചെരിവിലെ മാളങ്ങളിലേയ്ക്കു
തന്നെ മടങ്ങിയെത്തി
കൊമ്പുകളും കുളമ്പടയാളങ്ങളും
ചതുപ്പിന്നടിയിൽ ആഴ്‌ന്നു കിടന്നു.
തീരാതെ രാത്രികൾ-
കുപ്പായമടക്കിലും മുടിയിഴയിലും
ഒച്ചയുണ്ടാക്കാതെ,
ശ്വാസം പിടിച്ചു് വളരുന്നു;
തീരാതെ മുറിവുകൾ
പൊത്തിപ്പിടിക്കുന്നു.
കല്ലിൽ ഉരച്ചു കഴുകിക്കൊണ്ടിരുന്നു;
രാത്രിയിൽ ചോരകലർന്നു,
കുതിർന്നു തൂവലുകൾ
ഒഴുകിത്താഴേയ്ക്കു പോയി,
ഇരുട്ടത്തു്, ചോലയുടെ വക്കിൽ,
വിറയ്ക്കുന്നു, ഈ പക്ഷി.
പച്ചക്കായ്കളുടെയും
കിളിക്കൂടുകളുടെയും
നീലപ്പഴങ്ങളുടെയും
നിഴലുകളുടെയും
മരണനേരങ്ങളുടെയും
പുഴുമുട്ടകളുടെയും
കൊക്കൂണുകളുടെയും
ഉച്ചരിക്കാവാക്കുകളുടെയും
ചിലന്തിവലകളുടെയും
ഭാരത്താൽ
ഞാറയുടെ കൊമ്പുകൾ താഴ്‌ന്നിരിക്കുന്നു,
മുറിവുള്ള കൈവിരൽ പോലെ
തണുത്തിരിക്കുന്നു.
മണിക്കൂറിൽ ശരാശരി 3,700 കിലോമീറ്റർ
വേഗതയിലാണു് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതു്.
ഭൂമി മണിക്കൂറിൽ ഏകദേശം 107,226
കിലോമീറ്റർ സഞ്ചരിക്കുന്നു.
കാറ്റു് വീശുന്നതു്, മണിക്കൂറിൽ 20 മുതൽ
30 വരെ കിലോമീറ്റർ വേഗതയിലാണു്.
സഹസ്രാബ്ദങ്ങളായി
എല്ലാം നീങ്ങിക്കൊണ്ടിരിക്കുകയാണു്,
പക്ഷികൾ, മേഘങ്ങൾ പോലും.
ഈ രാത്രി എന്റെ ഉടലിനെ പൊതിയുന്നു.
എത്ര നിശ്ചലവും നിശബ്ദവുമാണു്,
ഈ മുറ്റം.
ചതുപ്പിന്റെ കരയിൽ
കൂറ്റൻ മരങ്ങൾ. കൊമ്പുകളിൽ ഇരുണ്ട
ദിക്കുകൾ, കൂടുകൾ.
എല്ലാ മരണങ്ങളുമാഴ്‌ന്നുപോയ
രാത്രിയുടെ വക്കിൽ,
ഈ തണുതണുത്ത കിളിമുട്ടകൾ,
അവയുടെ അരണ്ട നീലനിറവും
ഇളകുന്ന ഭാരവും.
അരയ്ക്കൊപ്പം വെള്ളത്തിൽ
അയാൾ തോടു മുറിച്ചുകടന്നു.
വളർത്തുനായ അയാളുടെ
പിറകേ നീന്തിച്ചെന്നു.
രാത്രിയായിരുന്നു,
വെള്ളം, മനുഷ്യനേയും
മൃഗത്തേയും പിന്തുടർന്നു.
അതു് കാർഡ് ബോഡ് പെട്ടിയുടെ
ചുമരിൽ ഇടിച്ചു
അതിനു ജീവനുണ്ടായിരുന്നില്ല
മുറിവുള്ള ഒരു പക്ഷി
ഞാനതിനെ
തൊടിയിൽ അടക്കി
മീതെ ഒരു കല്ലു വെച്ചു
വീണ്ടും ഉച്ചരിക്കാൻ വയ്യാത്ത
ഒരു വാക്കു്
ഭൂമിയ്ക്കൊപ്പം എപ്പോഴും നീങ്ങുന്നു,
ഭൂമിയുടെ നിഴൽ; വൃത്താകാരത്തിൽ,
കല്ലു വീണാൽ കേൾക്കുന്ന നിശ്ശബ്ദമായ
ആഴത്തിൽ.
പൊഴിയുമ്പോൾ ഇലകളെല്ലാം,
കുട്ടിക്കാലത്തെ വാക്കുകൾ പോലെ
ആയിരുട്ടിലേയ്ക്കു് പോയി മറഞ്ഞു.
അവിടെനിന്നാണു്
ഈ മുറിവുകൾ പൊടിഞ്ഞു വളരുന്നതു്.
മരുന്നു കുപ്പിയിൽ, അടിയിലിത്തിരി.
തീരാതെ, വറ്റിപ്പോകാതെ
അതേ പഴയ വാക്കു്
മരണം വരാതെ കാക്കുന്നു,
മേപ്പടിയിൽ.
ഇവിടെനിന്നു് കഴിയാവുന്നത്ര
അകലത്തിൽ ചെന്നുവീഴുന്നു,
പക്ഷികൾ വിട്ടുപോകുമ്പോൾ
മരങ്ങളുടെ കരച്ചിൽ;
മറ്റൊരു ഗ്രഹത്തിന്റെ
ചുഴിയിൽ
അനന്തമായി കറങ്ങിക്കൊണ്ടിരിക്കുന്നു,
പൊഴിയുമിലകൾ.
നൂറ്റാണ്ടുകൾ പ്രായമുള്ള ശലഭങ്ങൾ
ഇതിലൂടെക്കടന്നുപോകുന്നു;
മുറ്റത്തുമിലകളിലും നിറമുള്ള പൊടിപറ്റുന്നു,
അതു തൊട്ടുനോക്കാൻ
ഇപ്പോഴെനിക്കു തെഴുക്കുന്നു, വിരലുകൾ
മുള്ളിനറ്റത്തു്
വാക്കുകൾ നഷ്ടപ്പെടുന്നു,
വാക്കുകൾക്കടിത്തട്ടിൽ
ഉള്ളങ്കാലടികൾ മാഞ്ഞുപോവുന്നു
നടക്കാൻ വയ്യാതായ
പ്രാണികളും സസ്യങ്ങളും
സന്ധ്യയുടെ വിളുമ്പിൽ നിൽക്കുന്നു.
വെള്ളത്തിന്നടിയിൽ
മാഞ്ഞുതെളിയുന്ന
ദീർഘവലയങ്ങൾ
കരയിൽ, പാതിരാ
നിഴലിൽ നിന്നാൽ
കാണാം
തീച്ചുവപ്പുള്ള വിദൂരഗ്രഹങ്ങൾ,
വാക്കുകൾ, ഓർമ
കടക്കുന്ന പാതകൾ.
വെള്ളം പതുക്കെ പിൻവാങ്ങി;
വരമ്പിലും വഴിയിലും
മൃഗങ്ങളുടെ കാലടയാളങ്ങൾ
അവശേഷിച്ചു
വെള്ളം പതുക്കെ പിൻവാങ്ങി;
മുറിക്കുള്ളിൽ
മൃഗത്തിന്റെയുടലിൽനിന്നും
വെള്ളമിറ്റിക്കൊണ്ടിരുന്നു
വാക്കിന്റെ
ഒരു ഇഴ,
അറിയാത്ത ഭാഷയിൽനിന്നു്.
കാലങ്ങൾക്കു് മുമ്പു്,
ആരോ സൌമ്യമായി
സൂക്ഷിച്ചുവച്ചതുപോലെ,
ഈ കല്ലിനുള്ളിൽ.
നിറം മാറുന്നു;
മരണശേഷം മുലകളുടെ ചുറ്റിലുംനിന്നു്
കരിമ്പാറകളിലേയ്ക്കു്
കറുപ്പു മടങ്ങുന്നു
കുന്നിഞ്ചെരിവിൽ നടക്കുമ്പോൾ
തൊടുന്നിടമെല്ലാം ചുരക്കുന്നു
നിറം മാറുന്നു;
മരണങ്ങളും പുനർജൻമങ്ങളും കഴിഞ്ഞു്
നീലശലഭം പതുക്കെ
ചുവക്കുന്നു; സന്ധ്യയാവുന്നു
നിറം മാറുന്നു;
തുടയിടുക്കുകൾക്കു് കടൽനിറം
പാതിരകൾ പകരുന്നു
ചോരത്തുണികളിൽ നീല
കുതിരുന്നു
നിറം മാറുന്നു;
കല്ലുകളിൽ ദുഃഖത്തിന്റെ കറയിറ്റുന്നു
വെളുത്ത മേഘങ്ങൾ വീടുകളെ
കഴുകിയുണക്കുന്നു
നിറം മാറുന്നു;
നിറങ്ങളിൽനിന്നു് നിശ്ശബ്ദമായി
നിറങ്ങൾ വേർപെടുന്നു
കാട്ടുപഴങ്ങളിൽ അടിഞ്ഞുകൂടുന്നു
നിറം മാറുന്നു;
ഓർമ കിട്ടാത്ത വാക്കുകളിൽ
ഈ പക്ഷികളുടെ നിറം കലരുന്നു
അകലങ്ങളിൽത്താഴ്‌ന്നു മറയുന്നു
വെളുത്ത കൊറ്റികളും വെള്ളരിവള്ളികളും
എല്ലാ ദിക്കിലേക്കും വളരുന്നു
ദിക്കു തെറ്റിക്കുന്നു
എല്ലുകളിൽ വന്നിരിക്കുന്നു
പോകാതിരിക്കുന്നു
കാണാതെ വളരുന്ന
ചെറിയ പൂവുകൾ
കാറ്റുകൾക്കുമീതെ നനഞ്ഞ
ഇഷ്ടികയുടെ കനം വെച്ചു
ചെറുനേരങ്ങളുടെ ദൈവം
ആയിരുന്നു, പാറ്റകൾ
ഞാൻ പ്രാർത്ഥിച്ചു തുടങ്ങുമ്പോഴേക്കും
അവ ഭൂമിയിൽനിന്നു മടങ്ങി
ഒരിലയിൽ
വേറൊരിലയുടെ ഛായ
വീണു വളരുമ്പോൾ
ഇന്നത്തെ രാത്രിയാവുന്നു
25°42’55” വടക്കു്
100°18’49” പടിഞ്ഞാറു്
തെക്കേ അമേരിക്കയിൽ
മെക്സിക്കൻ കരയിൽ
നിനോ ഹിറോസ് എന്നു
പേരുള്ള തടാകക്കരയിൽ
വളരുന്ന മരങ്ങൾക്കിടയിൽ അവയുടെ
നിഴലുനോക്കിനിന്നു
വർഷങ്ങളായി
ദിവസവും
ഒരാൾ
മുന്നൂറോ മൂവായിരമോ കൊല്ലം മുമ്പു്
ഏതോ ഒരു മനുഷ്യൻ
അതേ മരത്തെ നോക്കിനിൽക്കുന്നു
11°07’22” വടക്കു്
76°14’45” കിഴക്കു്
എന്റെ വീടുള്ള കരയിൽ
മുപ്പതു കൊല്ലം മുമ്പു് ഞാൻ
ചെന്നുനിന്ന അതേ
പാടത്തിന്റെ വക്കിൽ
അതേ മരത്തെ ഇപ്പോൾ
തൊട്ടുനിൽക്കുന്നു, മകൾ
എത്ര വയസ്സുള്ള മരത്തെയാണു്
അവൾ തൊടുന്നു?
എത്ര പഴക്കമുണ്ടവളുടെ വിരലുകൾ?
കണ്ണുകൾക്കാണോ പഴക്കം?
പുരാതനമായ ഈ മരങ്ങൾക്കോ?
ഈ ദിക്കിൽ എല്ലാ വീടുകൾക്കും
മീതെ എന്റെ നിഴലുണ്ടു്
പുകക്കുഴലുകൾക്കുള്ളിലും ഒഴിഞ്ഞ മച്ചിലും
തൊഴുത്തുകളുടെ മുകളിലും
ഞാൻ വെറുതെ ചെന്നിരിക്കും
മരങ്ങളിലും
നീർപ്പരപ്പുകളിലും തുള്ളി
കാറ്റും അലകളുമുണ്ടാക്കും
മാളങ്ങളിലും മരപ്പൊത്തുകളിലും
ചൂളം വിളികൾ കൊണ്ടുവെക്കും
വളർത്തുമൃഗങ്ങളുടെ കൂടുകളിൽ
രാത്രിയിൽ വെട്ടം തെളിക്കും
വണ്ടികളുടെ ചക്രമഴിച്ചുകളയും
വിരിച്ചിട്ട തുണികളിൽ തീ കൂട്ടും
കുറുനരികളെ കുന്നിന്റെ അങ്ങേ
പ്പൊളിയിലേക്കു് ആട്ടിപ്പായിക്കും
പനങ്കായകൾ തല്ലിവീഴ്ത്തും
വെള്ളരിവള്ളികൾ ചവിട്ടിമെതിക്കും
ഈ ദിക്കിൽ
ഈ കുന്നുകൾക്കിടയിൽ
ഭൂതബാധയുണ്ടെന്നു് കേൾക്കുന്നു
മനുഷ്യരെല്ലാം ഒഴിഞ്ഞു പോയി
ഒച്ചയനക്കങ്ങൾ വിട്ട കരയിൽ
ഒരു കമ്പും ചുഴറ്റി,
പാട്ടയിൽ കൊട്ടി,
പുളിങ്കുരു ചവച്ചു്,
കിളിനിഴലുകളിൽച്ചവിട്ടാതെ
ഞാനലഞ്ഞുതിരിയുന്നു
തളരുമ്പോൾ ഈ കുന്നുകളുടെ നെറുകയെ
വായിലാക്കി നുണഞ്ഞുറങ്ങുന്നു
എല്ലാ ദിവസവും എല്ലാ കൊമ്പുകളിലും
വന്നിരുന്നു്
കാക്കകൾ ഇരുണ്ട നീലനിറം
കുടഞ്ഞു തെറിപ്പിക്കുന്നു
മൂന്നു് കവരങ്ങളുണ്ടു്
വെള്ളം
ചോര
മണ്ണു്
ഓരോ കവരങ്ങളിലും വെച്ചു്
എനിക്കു് ദിക്കു തെറ്റിക്കൊണ്ടിരുന്നു
കാൽക്കീഴിൽ ഉണങ്ങിയ ചുള്ളിക്കമ്പുകൾ
പതുക്കെ ഒടിയുന്നതും
കുറ്റിക്കാടുകൾക്കുള്ളിൽ
എന്റെ കൂടു് വിറയ്ക്കുന്നതും
ഇരുമ്പു പ്രതിമയ്ക്കു്
ഭൂമിയാകുവാൻ എത്രകാലം വേണം?
പഴയ കപ്പലിനു് എന്റെ വിരലുകളാവാൻ?
ഒരു കരിങ്കല്ലുവച്ചടച്ചു
പ്രാണൻ കെടുത്തിക്കളയുന്ന
ഒരു വാക്കു് ഉച്ചരിക്കുന്നപോലെ
ഓരോ കല്ലിലും
ഏകകോശമാർന്ന വാക്കുകൾ
രഹസ്യത്തിൽക്കഴിയുന്നു
സസ്യങ്ങൾപോലെ
മുറിഞ്ഞുപെരുകുന്നു
ഓരോ ചോലയുടെ വക്കിലും
കല്ലുകൾ തഴച്ചുവളരുന്നു
തെഴുത്തു പടർക്കുന്നു
കിളികൾ പറന്നുപോവാതിരിക്കാനാണു്
ഈ കല്ലു്
മരങ്ങളുടെയെല്ലാം തലപ്പു് അതുകൊണ്ടു്
ഇത്തിരിത്താണുനിന്നു
കരിങ്കല്ലു് മരത്തിന്നടുത്തേക്കു നീക്കിവച്ചു
ഉള്ളിൽനിന്നു്
ഉള്ളിലേക്കുതന്നെ
ഒരു വാക്കു്
എല്ലാ പ്രാണികളും ഇപ്പോൾ കല്ലിലും
മരത്തിലും വാക്കിലും മാറിമാറിയിരിക്കുന്നു
ഒരു കല്ലിനു് എത്ര കാലം
കിളിയായിരിക്കാനാവും?
ചിറകുപൂട്ടി
മരച്ചില്ലയാവുന്നു
ഒരു കല്ലിനു് എത്ര കാലം
മരമായിരിക്കാനാവും?
ഇലകൊഴിച്ചു്
മീനാവുന്നു
ഒരു കല്ലിനു് എത്ര കാലം
ഒഴുകിക്കൊണ്ടിരിക്കാനാവും?
അനങ്ങാതിരിക്കുന്നു
മിണ്ടാതിരിക്കുന്നു
കുട്ടിയായിരുന്ന കാലത്തു്
ഞാനുരുവിട്ട വാക്കുകൾ
പഴയ അലമാരിയിൽ
ഇരുന്നു പഴകുകയാണു്
മനുഷ്യർക്കു് മനസ്സിലാവുകയില്ല
അതനക്കം വെക്കുന്നു
മരണശേഷം പതുക്കെ അഴിച്ചുനീക്കി
അയാൾ ആദ്യം ധരിച്ച ചെരിപ്പുകൾ
ഒരു പുഴുവിന്റെയും ചോര അതിലില്ല
പകൽനേരം
ഓടിന്റെ വിള്ളലിലൂടെ
അകത്തു വന്നുവീണ പ്രകാശവലയം
സൂര്യനിപ്പോൾ ഭൂമിയുടെ അങ്ങേപ്പാതിയിൽ
നിലത്തു് അലിഞ്ഞുപോവാതിപ്പൊഴും
ചെറുതായനങ്ങി
ജ്വലിച്ചുനിൽക്കുന്നു
ഉറക്കം വരാതെ ഞങ്ങൾ
അതിനു ചുറ്റിനുമിരിക്കുന്നു
ഞങ്ങളുടെ വിരലുകളും മുഖങ്ങളും മിന്നുന്നു
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.