ഭൂമി കിലുങ്ങുമ്പോൾ ഉച്ചയുറക്കത്തിനുള്ളിൽ
ഒന്നുണർന്നു് പിന്നെയുമാഴത്തിലേക്കു്
വീണുപോയി തീരെപ്പൊടിക്കുഞ്ഞുങ്ങൾ
പക്ഷികൾ എല്ലാ നിറങ്ങളും കഴുകി
വിരിച്ചിടുന്നു, വെയിലത്തു്
കാറ്റു പിടിച്ചുവലിക്കാതിരിക്കാൻ മീതെ
ഭൂമിയെ കനംവയ്ക്കുന്നു
നെല്ലിമരം ഭൂമിക്കടിയിലാണു് വളരുന്നതു്
അതിനാൽ പുല്ലിൽ എപ്പോഴും അതിന്റെ
കായ്കൾ, അനങ്ങാതെ
വെളിച്ചത്തോടു് പ്രാർത്ഥിക്കുന്നു;
‘അണയൂ, അണയൂ’ വെളിച്ചമണഞ്ഞിടത്തു്
എനിക്കു് പുഴുവാകാതെ വയ്യ
‘പുഴുവാക്കൂ, വേഗം പുഴുവാക്കൂ’
പുഴുവായിക്കഴിഞ്ഞെനിക്കു് പറക്കാതെ വയ്യ
‘ചിറകുവയ്ക്കൂ, ചിറകുവയ്ക്കൂ’
പറക്കുവാനിരുട്ടിൽപ്പറക്കുവാനെനിക്കു്
‘തീതരൂ, തീതരൂ’
അണഞ്ഞും തെളിഞ്ഞും വീണ്ടുമണഞ്ഞും
രാത്രി മുഴുമിക്കുമ്പോൾ
വരുന്ന വെളിച്ചത്തോടു് പ്രാർത്ഥിക്കുന്നു
‘നിറയൂ, നിറയൂ’
വെളിച്ചം നിറഞ്ഞിടത്തു്
എനിക്കിരിക്കാൻ വയ്യ
‘മറച്ചു പിടിക്കൂ, എന്നെ മറച്ചുപിടിക്കൂ’
ഭൂമിയിൽനിന്നു് പെട്ടെന്നു്
കിളികളെക്കാണാതായി-
ഓരോ വർഷവും ദേശാടനക്കിളികളുടെ
ഭാരം കൂടിക്കൂടിവന്നു
രണ്ടു വൻകരകളിലെ ഓർമ്മ
ദേഹത്തു് തുന്നിവയ്ക്കുന്നതിനാൽ
പറക്കാൻ വയ്യാതാവുകയോ
കടലിൽ താഴ്‌ന്നുപോവുകയോ
ഓരോ വർഷവും എന്റെ നോട്ടുബുക്കിൽ
ഒഴിഞ്ഞ പേജുകൾ കൂടിക്കൂടിവന്നു
മരത്തിന്റെ കൊമ്പുകൾ
തെക്കുകിഴക്കുദിക്കിലേക്കു്
എല്ലാ ദിവസവും പതുക്കെ നീങ്ങുന്നു
ആഴ്ചയിലൊരിക്കൽ അവ
ഒട്ടുമനങ്ങാതെ, എങ്ങും പോവാതെ
വെറുതെയിരിക്കുന്നു
എല്ലാ പദാർത്ഥങ്ങളിലും
ഭൂതകാലം തങ്ങിനിന്നു
താഴ്‌ന്ന ചില്ലകളിൻമേൽ
തടാകത്തിലെ വെള്ളം
മൃഗങ്ങളുടെ മുതുകിൽ വിദൂരങ്ങളിലെ പൊടി
പുഴുക്കളിൽ പ്രാണൻ
ഒരിക്കലും അണയാതെ
ഒന്നിലുമഴുകാതെ
ശ്വാസത്തിലോ തീയിലോ
കിനാവിലോ കൈവിരലിലോ
2
പൂമ്പാറ്റ പെട്ടെന്നണഞ്ഞു
പകലിരുട്ടായി മൗനമായി
ദൂരെനിന്നു നോക്കുന്ന കിളികൾക്കു്
ഭൂമി കാണാതെയായി
എങ്കിലും അവ ഓർമ്മവിടാതെ
ഈ ചെരിവിലേക്കുതന്നെ
പറന്നുകൊണ്ടിരുന്നു
ഈ വിളക്കു് മഴയത്തു വച്ചു
അണയാത്ത ഈ വെളിച്ചത്തിൽ
മഴയുടെ ഉള്ളു കാണാം
അകത്തു പൊടിയുന്ന പാറ്റകൾ
കനമില്ലാത്ത ചിറകു്
2
അണയാത്ത ദുഃഖത്തിൽനിന്നാണു കല്ലുകൾ
അവയിൽ
പായലുകൾ വളരുന്നു
സൂര്യനും നിഴലും പോലെ
ഭൂമിയെ മൂടുന്ന
ഒരു താരാട്ടു്
കത്തുന്ന ഇല മഴയത്തണയുകയില്ല
കല്ലോ ചില്ലോ ഇരുമ്പോ
ഇറച്ചിയോ ആകുന്നതിനാൽ
ഇലയുടെ പ്രകാശം കെടാതെ
ഗ്രഹങ്ങളിൽനിന്നു് ഗ്രഹങ്ങളിലേക്കു്
യാത്ര ചെയ്യുന്നു
കത്തുന്ന കല്ലുകൾ കാറ്റിലാളുന്നു
കല്ലിനുള്ളിലെ കണ്ണുകൾ ദുഃഖത്താൽ
മുലകൾ പ്രേമത്താൽ
പൂക്കൾ നിറങ്ങളാൽ നിറഞ്ഞുകവിയുമ്പോൾ
കല്ലിനെ തീയിൽനിന്നു്
വേർതിരിക്കാനാവാതെ
വാനത്തിൽനിന്നു് കിളികൾ
ഒരിക്കലും മടങ്ങുന്നില്ല
ഭൂമിയിൽ അവയുടെ പഴങ്ങളും കാറ്റുകളും
ഭൂമിക്കടിയിൽ ചുള്ളിക്കമ്പുകളും നാരുകളും
വാനത്തിനകലത്തു് അവയുടെ
മുട്ടകൾ ഇരിക്കുന്നു
വെള്ളത്തിൽനിന്നു് അരിച്ചെടുക്കുന്നു
പൂമ്പാറ്റകൾ നിറം
കുതിർന്ന
ഗ്രഹങ്ങൾ
മാറിമാറി വീഴുന്ന
വിദൂരനിഴലുകൾ
ഇവിടെനിന്നു നോക്കൂ
ചെറുതരികൾ താഴേക്കു് വീഴുന്നതു് കാണാം
വെള്ളം കല്ലാവുകയും
കല്ലുകൾ അലിയുകയും
കിളികൾ ഭൂമിയിൽ പാർക്കുകയും
ആകാശനിഴലുകൾ നോക്കിനിൽക്കുകയും
ഒരു മരത്തെപ്പറ്റി
ഒരു മൃഗത്തെപ്പറ്റി
ഒരു പൂമ്പാറ്റയെപ്പറ്റി
ഇലകളിൽ ഒരു പുസ്തകം
മറ്റൊരു നാട്ടിലേക്കു് നീങ്ങുന്നു
പുസ്തകം വായിക്കാൻ ശ്രമിക്കുന്നു
അപരിചിതരെപ്പോലെ നൃത്തം വയ്ക്കുന്നു
പതുക്കെ വന്നുചേരുന്ന കാലം
കല്ലുകൾ വിതുമ്പുന്നു
ചില്ലകൾ തകർന്നുവീഴുന്നു
കാറ്റിൽ വളർത്തുമൃഗങ്ങൾ കെട്ടുപൊട്ടിക്കുന്നു
എന്തൊക്കെയോ കാര്യങ്ങൾ വിചാരിച്ചു
മരിക്കുന്നതിനുമുമ്പു് പോകേണ്ട ഒരു സ്ഥലം
ഒരു മരത്തിന്റെ മണം
പാറുന്ന പൊടിപടലങ്ങൾ
ഉച്ചനേരം
വീടുകൾ
മയങ്ങുന്നു
വെള്ളം വേഗമുരുകുന്നു
അമ്മൂമ്മമാരും നാരകമരങ്ങളും
ചെറിയ കുട്ടികളെ
മുറുക്കെ പുണർന്നു
കല്ലുകൾക്കു് ഭൂമിയുടെ പകുതിഭാരമുണ്ടു്
നൂറുകൊല്ലംകൊണ്ടവ വെള്ളമായി
പ്രായമായവർ കാത്തുനിൽക്കുന്നു
മരിച്ചവർക്കുള്ള പ്രാർത്ഥന കേൾക്കുന്നു
ദുഃഖങ്ങളുടെ നിഴൽ
എല്ലാ കൈവിരലുകളിലും
വൻകരയിലേക്കു് പോകുന്നു; കിളിയായോ മീനായോ കടൽവെള്ളം താണ്ടുന്നു; മുറിവിൽ ഉപ്പുതട്ടുന്നു; അറിയാത്ത മൊഴിയിൽ കരയുന്നു; അറിയാത്ത മനുഷ്യരുടെ ചുടലകളിൽ അലയുന്നു; വിളക്കണച്ചുകൊണ്ടു് വയലിലൂടെ നടക്കുന്നു; പ്രേതങ്ങളുടെ വഴിയിൽ ചെന്നുനിൽക്കുന്നു; ചുമരിൽനിന്നു് പായൽ ചുരണ്ടിയെടുക്കുന്നു; ലിപികളും വിയർപ്പുമണങ്ങളും മറക്കുന്നു; തോണിയിലെ വിള്ളൽ അരക്കുകൊണ്ടടയ്ക്കുന്നു; മടങ്ങിപ്പോരുന്നു; മടങ്ങിപ്പോരുന്നു;
ചാർക്കോൾ പെൻസിലുകളുടെ
പെട്ടിയിൽ കുട്ടിക്കാലത്തു്
ഞങ്ങൾ പാർത്തിരുന്ന കരയുടെ
ഒരു ചെറിയ കഷണം
പരുക്കനും പായലു വളർന്നതുമായ
ഒരു പാറക്കല്ലു്
മൂന്നുനാലു കൂറ്റൻ വൃക്ഷങ്ങൾ
അറ്റം കാണാത്ത അടിക്കാടുകൾ
എങ്ങുനിന്നോ വന്നെത്തുന്ന മാളങ്ങൾ
തള്ളവിരലിനും ചൂണ്ടുവിരലിനും
നടുവിരലിന്റെ ഒരറ്റത്തിനും ഇടയിൽ
കുട്ടിക്കാലമോ മലയ്ക്കു് താഴത്തെ
ഗ്രാമമോ വായിച്ചുപേക്ഷിച്ച പുസ്തകമോ
ഓർക്കാൻ കഴിയുന്നത്ര കാര്യങ്ങൾ ഈ വിരൽത്തുമ്പുകൾ ഓർക്കുന്നുണ്ടാവുമോ മരിച്ചുപോയവരെപ്പോലെ ഈ വീടുകൾക്കു് മീതെ വന്നുനിന്നു് എന്താണു് വരയ്ക്കുന്നതു് എന്നു് നോക്കിനിൽക്കുന്നുണ്ടാവുമോ
ഞാൻ ഒരു ചെറിയ തുണിക്കഷണം കൊണ്ടു് കറുത്ത വരകൾ പതുക്കെ മായ്ച്ചു പരത്തുന്നു
എന്തിന്റെ ചിത്രമായിരുന്നു അതു് എന്നു്
എനിക്കു് ഓർമ്മയില്ല
എകരമുള്ള പുല്ലുകൾ വളർന്നിരുന്നു ഒരു വഴി പോലെ ഇടയിൽ ഒരു നീണ്ട വിടവു്
എല്ലാ കാലങ്ങളിലും
ഉണ്ടായിരുന്നതുപോലെ
ദുഃഖത്തിന്റെ
ഒരു ആവരണം അതിനെ മൂടി
ഈ പച്ചില;
മനുഷ്യർ മാഞ്ഞുപോയി ഭൂമിയിൽ
ആദ്യം ഉണ്ടാകുന്ന പുഴുവിനു്
എല്ലാ വാക്കുകളും ഓർമ്മിക്കുവാൻ
പൂമ്പാറ്റകൾ രാത്രിയായി
കാറ്റിനുള്ളിൽനിന്നു് മരങ്ങളുടെ മൗനം
മരിച്ചുപോയവർ പുഴവക്കിലിരിക്കുന്നു
കല്ലുകളിൽ ഓർക്കുന്നു
തൊട്ടുനോക്കുന്നു
—നിൽക്കാതുറങ്ങാതൊഴുകുന്നിരുൾ
കാണുന്ന ഒച്ചകൾ മരങ്ങളിൽ
പൊത്തുണ്ടാക്കുന്നു
കാണാദിക്കിൽനിന്നു് ഓർമ്മയെത്തുന്നു
എല്ലാ ഗ്രഹങ്ങളിലും ഒരേപോലെ
ഈ തൂവലുകൾ താഴേക്കുവീഴുന്നു
കിളികൾ മടങ്ങിവന്നു തീയണച്ചു
കൂടുകൾ തിരഞ്ഞു കണ്ടെത്തി
കുഞ്ഞൻമുട്ടകളിൽ തൊട്ടുനോക്കി
എല്ലാ ദുഃഖവും നീർച്ചോലകളായി
ഈ ചതുപ്പിൽ വന്നുചേർന്നു
വളർന്ന പുല്ലിനും വെള്ളത്തിനു
മടിയിൽ കലർന്നു
നിശബ്ദമായ വാക്കുകൾ ഉരുവിട്ടു
മരംകൊത്തികൾ എല്ലാ ദിവസവും മരങ്ങളുടെ വയസ്സു നോക്കുന്നു മരങ്ങൾ ഓരോ ദിവസവും കൂടുതൽ കൂടുതൽ കുട്ടിയാവുന്നു
വെള്ളം കെട്ടിനിൽക്കുന്നു
ഉപ്പും ചോരയും കലർന്ന അലകൾ
കല്ലും പൊടിയും അടിഞ്ഞുകിടക്കുന്നു
ദാഹവും കണ്ണീരും നനച്ച ഈർപ്പത്തിൽ
ഈയിരുണ്ടമർന്ന തണുപ്പിനടിയിൽ
ഒലിവും മാതളവും
നിശാശലഭവും ഉറുമ്പുകളും
കടലാസും ശീലയും
ഒരു കളിപ്പന്തിനു പിറകേ പായുന്നു
മുറിഞ്ഞ കാൽമുട്ടിൽ പച്ചില വയ്ക്കുന്നു
ആഴത്തിൽ ഓർമ്മയുടെ വാക്കുമാത്രമുച്ചരിച്ചു
മരത്തിന്റെ കൊമ്പുകൾ
തെക്കു കിഴക്കുദിക്കിലേക്കു്
എല്ലാ ദിവസവും പതുക്കെ നീങ്ങുന്നു
ആഴ്ചയിലൊരിക്കൽ അവ ഒട്ടുമനങ്ങാതെ
എങ്ങും പോവാതെ വെറുതെയിരിക്കുന്നു
ഉപ്പുഭരണിക്കു ചുറ്റിലും പാറുന്ന പൂമ്പാറ്റകൾ
അൽപനേരം ഓർത്തു നിൽക്കുന്നു
വായുവിൽ ഭൂതകാലത്തെ
ഭൂമിയിൽ ചായം
പുരട്ടാതെ ചിറകു-
വയ്ക്കാതെയൊരൊറ്റക്കോശ-
മായിരുന്ന കടൽ
ചാരത്തിൽനിന്നു് പ്രാണനുള്ള പാറ്റകളെ വേർപെടുത്തൂ. ചാരത്തിൽനിന്നു് ചവർപ്പുള്ള പച്ചക്കായ്കളെ വേർപെടുത്തൂ. ചാരത്തിൽനിന്നു് തേനീച്ചകളെയും പറ്റിപ്പിടിച്ചുമയങ്ങുന്ന പാറക്കല്ലുകളെയും വേർപെടുത്തൂ.
ചാരത്തിൽനിന്നു് പന്നലിലകളെ
വേർപെടുത്തൂ.
ചാരത്തിൽനിന്നു് നീർക്കാക്കകളെയും
പരൽമീനുകളെയും വേർപെടുത്തൂ.
ചാരത്തിൽനിന്നു് ഉണക്കിവച്ച
നാരങ്ങകളെയും പൂക്കളെയും വേർപെടുത്തൂ.
ചാരത്തിൽനിന്നു് കുതിർന്ന
ചീവീടുകളെ വേർപെടുത്തൂ.
തീയണഞ്ഞുകഴിഞ്ഞാൽ, ആദ്യം,
ചാരത്തിൽനിന്നു് പുരാതനമായ
വെള്ളത്തെ വേർപെടുത്തൂ.
അനായാസം ഒരു ജന്തുവിനെ
അടക്കം ചെയ്തു
ഒരു പോത്തുകുട്ടി അല്ലെങ്കിൽ
ഒരു കിളി, ഒരു പാമ്പു്
ഒരു മൺകൂന, ഉണങ്ങിയ
ഇലകൾക്കിടയിൽ
വളർന്ന കുറ്റിക്കാടുകൾക്കിടയിൽ
അനായാസം സന്ധ്യയായി രാത്രിയായി
ഇരുട്ടിൽ പിറന്ന ഗ്രാമത്തിൽ
ഒറ്റയ്ക്കു് ചുറ്റിയലഞ്ഞു
ഓരോ മൺകൂനയും കുഴിച്ചുനീക്കിത്തുറന്നു
ഓരോ അടയാളവും ഓർമ്മിച്ചു
ഓരോ തുന്നലും ഓരോ കലയും കണ്ടു
ഓരോ മുഖവും അതുമൂടിയ വെളുത്ത ശീലയും
ഇഴകീറാതെ ഛായയഴിയാതെ
അനായാസം രാവിലെ
ഒഴിഞ്ഞ ഒരിടം
തൊഴുത്തിൽ, പിന്നിലെ മരത്തിന്മേൽ,
വിദൂരമായ ഏതോ ദിക്കിൽ, ഒരു ചെരിവിൽ.
കല്ലുകൾക്കു മുന്നേ
ഇലചുരുട്ടിപ്പുഴുക്കളുണ്ടായിരുന്നു
ഇലചുരുട്ടിപ്പുഴുക്കൾക്കു മുന്നേ
മീനുകളുടെ ചേറ്റുമടകളുണ്ടായിരുന്നു
തോടുകൾക്കു മുന്നേ
കൈതകളുടെ അടിയിരുട്ടുണ്ടായിരുന്നു
കല്ലിൽനിന്നു വെള്ളവും
വെള്ളത്തിൽനിന്നു തീയും
തീയിൽനിന്നു നെൻമണികളുമുണ്ടായി
നെൽച്ചെടികൾക്കു മുന്നേ പൂമ്പാറ്റകൾ
കൂട്ടമായി ഒരു വൻകരയിൽ നിന്നു്
മറ്റൊന്നിലേക്കു യാത്ര ചെയ്തു
കല്ലുകൾക്കുമുന്നേ ചെമ്പരത്തിപ്പൂക്കളുടെ
ഗ്രഹണമുണ്ടായിരുന്നു
ചുവന്ന നിഴലുകൾ സൂര്യനെ
മറച്ചുപിടിച്ചിരുന്നു
ഭൂമിയിലേക്കു് ഒരിക്കലും ഞാനില്ല
ഈ കുറ്റിച്ചെടികളിലെ നിഴൽ
എനിക്കു് വിട്ടുപോവാൻ വയ്യ
കല്ലിൽ കൊത്തിയതു വായിക്കുന്നു
പുഴുനൂലിഴനീണ്ട വാക്കുകൾ
അപ്പപ്പോൾ മറന്നുപോകുന്നു
ഇവിടെ എന്താണുണ്ടായിരുന്നതെന്നു്
ഓർമ്മിക്കാൻ ശ്രമിച്ചു
ഇരുവശത്തെയും ചുമലിലെ ചിറകുകൾ
ഗാഢമായ വേദനയോടെ
അടർന്നുപോയതു കണ്ടു
മരത്തിനു താഴെ എന്റെ
പൊഴിഞ്ഞ കൊമ്പുകൾ
ചില്ലകളിൽ എന്റെ പഴയ കൂടുകൾ
കല്ലിനു് ദൈവമാകുവാൻ കഴിഞ്ഞു
കല്ലിനു് ഉളിയാകുവാനും ഓർമ്മയും
രാത്രിയുമാകുവാനും കഴിഞ്ഞു
കല്ലിനു് കനമാകുവാനും മധുരമുള്ള
കനിയാകുവാനും കഴിഞ്ഞു
കല്ലിനു് ഭൂമിയുടെയുമാകാശങ്ങളുടെയും
തുടക്കവും മരണങ്ങളുമാവാൻ കഴിഞ്ഞു
കല്ലിനു് ദുഃഖമാവാനും
ആനന്ദമാവാനും കഴിഞ്ഞു
കല്ലിനു് വെള്ളമാകുവാനും
ശലഭപ്പുഴുവാകുവാനും കഴിഞ്ഞു
കല്ലിനു് മൊഴിയാകുവാനും
കല്ലിനു് എപ്പോഴും
കല്ലാകുവാനും കഴിഞ്ഞു
കല്ലിലുരയുന്നു ഈയൽ
ഇരുമ്പുകമ്പികൾ പൂമ്പാറ്റകൾ
ഇഷ്ടിക പുഴു തകരഷീറ്റുകൾ
തെച്ചിക്കായ്കൾ ഉരുകുന്ന
കല്ലിലുരയുന്നു ഈ ദിക്കു്
ഈ വരമ്പു് ഈ ചെരിവു്
ചോരപൊടിഞ്ഞുനീറുന്നു
നീലയാകുന്നു
ഈ നേരം
അടക്കിയമർത്തിവച്ച
വാക്കു്
ഭൂമിയിൽ കിളികളുണ്ടായിരുന്നില്ല
എല്ലാ മരത്തിലും അവയുടെ കൂടുകൾ
മേഘങ്ങളെയുംവലിച്ചുകൊണ്ടു്
ആകാശം ഒരിരുണ്ട മടയിലേക്കു മറഞ്ഞു
കിളിക്കൂട്ടിലേക്കു് സാവധാനം നീങ്ങുന്ന ഭൂമി
എല്ലാ കൂടുകൾക്കുള്ളിലും
മയങ്ങിക്കിടന്നു ഞാൻ
മങ്ങിയ നിഴലുകൾ എന്നെക്കടന്നുപോയി
കിളിമുട്ടകൾ പരസ്പരം മിണ്ടുന്നു ഗ്രഹങ്ങൾ
അല്പം കൂടി അടുത്തു് വന്നിരുന്നു് കറങ്ങുന്നു
കാണാനാവാത്ത ദിക്കുകൾ ചൂണ്ടി
കിളികളുടെ കൂട്ടം നീങ്ങിപ്പോകുന്നു
കാറ്റിൽ ചിതറി വീഴുന്നു, ഓർക്കുന്നു,
ഇലയോ കായോ
മുറിവുപൊത്തിപ്പിടിക്കുന്നു, കരയുന്നു
കല്ലുകൾക്കുള്ളിൽ നീരായി നിൽക്കുന്നു
തൊടാൻ വയ്യാത്ത സന്ധ്യയാകുന്നു
ഓരോ പാറയിലും തൊട്ടു നോക്കി
പായലിലും പറവയുടെ നിഴലിലും
പതുക്കെപ്പതുക്കെപ്പടർന്നു
വളർന്നു കനംവയ്ക്കുന്ന
ഭൂമിയുടെ ഓർമ്മയിൽ
ശലഭങ്ങൾ മടങ്ങിപ്പോയി
രാത്രിയുടെ താഴെയും മുകളിലും രണ്ടു
കരിമ്പടങ്ങൾ വിരിച്ചിട്ടിരിക്കുന്നു
ചീവീടുകളുടെ ഈ മൗനത്തിനു് ചുറ്റിലും
കറങ്ങുന്ന ഗ്രഹങ്ങൾ
ഞാൻ ആയുസ്സിൽ ആകെ മൂന്നു
വാക്കുകൾ കണ്ടെത്തി;
‘മായുന്നു’
‘വെളിച്ചം’
‘രഹസ്യം’
ഈ ശലഭമില്ലാതായാൽ
ആ മരമെന്തുചെയ്യും?
ഈ പുഴുവില്ലാതായാൽ
ആ മേഘപടലങ്ങളെന്തുചെയ്യും?
ഈയിലകളില്ലാതായാൽ
ആ ഉച്ചനേരമെന്തു ചെയ്യും?
ഈ മഴപ്പാറ്റകളില്ലാതായാൽ
ആ കാട്ടുതീയെന്തു ചെയ്യും?
ഈ ചതുപ്പുകളില്ലാതായാൽ
ആ മാൻകൂട്ടമെന്തു ചെയ്യും?
ഈ കല്ലുകളില്ലാതായാൽ
ആ കാട്ടുപഴങ്ങളെന്തുചെയ്യും?
ഈ നീലനിറമില്ലാതായാൽ
ആ സർപ്പമെന്തുചെയ്യും?
ഈ മൺപുറ്റുകളില്ലാതായാൽ
ആ വാക്കു് എന്തു ചെയ്യും?
ഈ രാത്രിയില്ലാതായാൽ
ആ പാലമരമെന്തുചെയ്യും?
ഈ കിളിക്കൂടുകളില്ലാതായാൽ
ആ കടൽ ദ്വീപുകളെന്തുചെയ്യും?
ഈ നെന്മണികളില്ലാതായാൽ
ആ പരൽമീനുകളെന്തുചെയ്യും?
ഈ ഗ്രഹണമില്ലാതായാൽ
ആ കക്കത്തോടെന്തുചെയ്യും?
ഈ ചിറയില്ലാതായാൽ
ആ താഴ്‌വരയെന്തുചെയ്യും?
ഈ ചോരയൊഴുക്കില്ലാതായാൽ
ആ ചിലന്തിവലയെന്തുചെയ്യും?
ഈ സന്ധ്യയില്ലാതായാൽ
ആ ചെമ്പരത്തിയെന്തു ചെയ്യും?
ഈയലുകൾ ഭൂമിയിലേക്കു് ഏകാന്തമായ
ചുറ്റുവഴികൾ കൊണ്ടുവന്നു
മടങ്ങുമ്പോൾ ഈയലുകൾ ചിറകുകൾക്കു്
പകരം ഭാരമുള്ള സങ്കടങ്ങൾ
കൊണ്ടുപോകുന്നു
മഴയുടേയും മിന്നലിന്റേയും അരണ്ട
വെളിച്ചംമാത്രമുള്ള പകൽ
മനുഷ്യർക്കു് അല്പം ഭാരം
കുറഞ്ഞതായി തോന്നുന്നു
ഈ കല്ലുകളായിരുന്നു ഞാൻ
കല്ലുകൾക്കിടയിൽ അമർന്നുപോയ
ഈ ചിറകുകൾ
ചിറകിൽനിന്നു് ഏതോ കാലത്തു്
അറ്റു പോയ പുഴു
പുഴുവിൽനിന്നു് ഇപ്പോഴും
വേർപെടാത്ത പ്രാണൻ
പ്രാണന്റെ ഒറ്റക്കോശമായിരുന്ന മുറിവു്
മുറിവിനു് മീതെ ഒരിക്കലും ഉണങ്ങാത്ത
ഈ കല്ലുകൾ
പൂമ്പാറ്റകൾ ചോര കല്ലിച്ച നീലനിറത്തിനുള്ളിലൂടെ കടന്നുപോകുന്നു; മുറിവിനെ പൊതിഞ്ഞുകെട്ടിയ പരുത്തിത്തുണിയിലൂടെ കടന്നുപോകുന്നു; മരത്തിനു താഴെ എടുത്തുവച്ച കല്ലിനുള്ളിലൂടെ കടന്നുപോകുന്നു; പൂമ്പാറ്റകൾ രാത്രിയിലൂടെ; പൂമ്പാറ്റകൾ പകലിലൂടെ; പൂമ്പാറ്റകൾ മരണങ്ങൾക്കുമീതെ വിരിച്ചിട്ട വെളുത്ത മൗനത്തിലൂടെയും കടന്നുപോകുന്നു; പൂമ്പാറ്റകൾ തുറക്കാതെ തുരുമ്പിച്ച പെട്ടിക്കുള്ളിലൂടെ; പൊട്ടിയ കണ്ണാടിച്ചില്ലിനുള്ളിലൂടെ; കാട്ടിലഴുകുന്ന മൃഗത്തിന്റെ ഉടലിനുള്ളിലൂടെ; പൂമ്പാറ്റകൾ പകുതിച്ചന്ദ്രനുള്ളിലൂടെ
കടന്നുപോകുന്നു; പൂമ്പാറ്റകൾ ഈ പാടത്തിന്റെ ഇരു കരകളിലൂടെയും പറന്നുപോകുന്നു; ഭൂമിയിലില്ലാത്ത, അദൃശ്യമായ ചിറകുകൾ നക്ഷത്രമരണത്തിന്റെ ഇരുളിലേക്കു് വീണുമറയുമ്പോഴും;
കടലാസിലെ കിളികൾക്കു നിറം കൊടുത്തു; പകരമായവ തോട്ടുവക്കിൽ വളർന്ന മരങ്ങളിലെക്കായ്കൾ പൊട്ടിച്ചു കൊണ്ടുവന്നു. അകലെ ഒരു ശബ്ദം കേൾക്കെ അതു കിളികളുടേതെന്നുറപ്പിച്ചു. അവ കുറച്ചുകാലം കൂടി ജീവിച്ചു, പിന്നെക്കാണാതായി. കിളികളെപ്പോലീ കടലിനും വെയിലിനെപ്പോലീമരങ്ങൾക്കും നാം നിറം കൊടുത്തു; അവയൊക്കെയും വളരുന്നെന്നു വിശ്വസിച്ചു. ഓരോ നിമിഷവും താഴേക്കു പതിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ ഭാരമേറി വന്നു. ഭൂമിയുടെ ഓരോ തൊലിപ്പടർപ്പിലും നിറം തേച്ചുപിടിപ്പിച്ചു.
ഭൂമി ഉണ്ടെന്നു തന്നെ നാം കരുതി.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.