പുഴവെള്ളം കരിങ്കല്ലിനെ നീലപ്പഴമാക്കുന്നു
കാട്ടുതീ പൂമ്പാറ്റകളെ പേരാലിലകളാക്കി
അവയുടെ ചിറകിൽ
ഒരു പുറം മിനുസം
മറുപുറം ഒരം
ഓരോ മരക്കീഴിലും ചെന്നുനിന്നു് കരയുന്നു
കിളികൾ അതു കേൾക്കുന്നുണ്ടു്
എന്നു തോന്നും
മനുഷ്യർ എവിടെയാണു് സങ്കടങ്ങൾ
മഴതട്ടാതെ വയ്ക്കുന്നതു്?
ആയിരം കൊല്ലം കൊണ്ടു് മരച്ചില്ലകൾ
മുടിനാരുകളാവുന്നു;
നീയതു് മെടഞ്ഞുകെട്ടുന്നു; അറ്റത്തു് പൂവു്,
ഒരു പിന്നു്,
—കിളിക്കൂടുകളുടെയൊച്ചകൾ
ദീർഘമായ പ്രാർത്ഥനയിൽനിന്നു്
ഓരോ മുറിവിനും വേണ്ടത്ര
വലിപ്പത്തിൽ മുറിച്ചെടുക്കൂ
മരച്ചോട്ടിൽ ഒരു കല്ലു് വയ്ക്കുന്നു
ഉണങ്ങിയ ഇലകൾക്കൊപ്പം
പൊടിയായിവീഴുന്നു പ്രാണികൾ
ഭൂമി ഖരമോ ദ്രവമോ ആയിരുന്നില്ല
വെയിലത്തു് നക്ഷത്രങ്ങളെ കാണാൻ വയ്യ
കുഞ്ഞീച്ചകൾക്കു് നടുവിൽ ഒരു തുറന്ന മുറിവു്
വിരലറ്റത്തു് നോക്കൂ, മൃഗത്തിന്റെ താരകളുണ്ടു്
മുലചുരന്നു
പാതിരാത്രിയായതുപോലെ
ഒരു കിളിക്കരച്ചിൽ
തൊടുന്നു തൊടുന്നു ഈ മുള്ളുകളിൽ
അല്ലെങ്കിൽ ഈ തീയിൽ
വെള്ളത്തിൽ ഒട്ടുമുപ്പില്ല
കല്ലുകൾ ഉരുകുന്നു കണ്ണുകൾക്കു്
തൊട്ടുപിന്നിൽ
മരങ്ങളെ വലംവച്ചുകൊണ്ടിരുന്നു ഞാൻ
എല്ലാ ജന്മത്തിലും
എല്ലാ മരണത്തിലും
കണ്ണുകൾ കഴുകുന്നു;
ചില്ലു്
പൊടി
ഇരുണ്ട വീടുകൾ
മുറിവുപൊത്തിപ്പിടിക്കുന്നു;
കുപ്പായത്തിൽനിന്നു് കീറിയെടുത്ത ശീല
പച്ചിലകൾ
വെയിലു്
ഉള്ളങ്കൈയിൽ വയ്ക്കുന്നു;
കായ്കനികൾ
പുഴുക്കൂടു്
കിളികൾ
സന്ധ്യയാകുന്നു;
വെള്ളത്തിനുമീതെവീഴുന്ന
നിശബ്ദത
ഉണങ്ങിയ ശിഖരങ്ങൾ
ഭൂമിയുടെ ചെരിവിൽ;
കടലുനോക്കിനിൽക്കുന്നു തിരിച്ചുവരുന്നു
വാക്കുകൾ
കടലാസ്സുകൾ;
ഇപ്പോഴും ഓർമ്മിക്കുന്നതുപോലെ
മരണം വരുന്നതുവരെ.
വഴിയിൽ എപ്പോഴും;
തോണിയിൽ വെള്ളം നിറഞ്ഞു
തീയണഞ്ഞു
പേരുകൾ തെറ്റിപ്പോകുന്നു
ദുഃഖത്താൽ;
കല്ലുകൾ മാത്രം
ഉള്ളുരുക്കത്തോടെ
ഈ മുറിയിൽ
തുണികൊണ്ടു്;
വഴിക്കു് ഇരുപുറവും
പതുക്കെ പൂവുകൾ
ഭാരമുള്ള രാത്രികൾ
അകലമായിരിക്കുന്നു;
ഓരോ വാക്കും പൊത്തിനുള്ളിൽ
മയങ്ങുന്നു
മേഘങ്ങളെ മൂടുന്നു.
ആ കിളികൾ താഴേക്കുവീണു;
(ആ മരങ്ങൾ ഉലഞ്ഞുപൊട്ടി;
ആ മീനുകൾ വെള്ളത്തിനുമേൽ
പൊന്തിക്കിടന്നു;
ആ മൃഗങ്ങൾ മടകൾക്കുള്ളിൽ
നിന്നു് ചീറിക്കരഞ്ഞു;
ആ ശലഭങ്ങൾ കാറ്റിനേക്കാൾ
ഭാരത്തോടെ ആകാശത്തേക്കു്
ഉയർന്നുപോയി;
ആ കൂടുകളും മുട്ടകളും നിന്നുനിന്നുരുകി;
ആ കടലാമകൾ തോടുകളിൽനിന്നു
വേർപെട്ടു;
ആ പന്നൽത്തെഴുച്ചുരുളഴിയാതെ;
ആ സർപ്പങ്ങൾ ഇഴഞ്ഞുനിവരാതെ
ചുറ്റിക്കിടന്നു;
ആ കായ്കൾ നിറംമാറാതെ;
ആ പൂവുകൾ വാടാതെ വീഴാതെ;
ആ പഴുതാരകൾ കാലുകളനക്കാതെ;
ആ തേനീച്ചകൾ നൃത്തം വയ്ക്കാതെ;
ആ മത്തൻവള്ളികൾ നീളാതെനീളാതെ;
ആ ആട്ടിൻപറ്റങ്ങൾ ഒരിക്കലും മടങ്ങാതെ;
ആ ഉന്നക്കായ്കൾ പൊട്ടിച്ചിതറാതെ;
ആ മൂങ്ങകൾ രാത്രിയെത്താതെ;
ആ പാതിരാപ്പുള്ളുകളുച്ചത്തീയിൽ;
ആ പൂപ്പലുകൾ വേനലിലുറങ്ങാതെ)
പെട്ടെന്നു് ഇരുട്ടു പടർന്നു;
ഭൂമിയെക്കാണാതെയായി.
കൊമ്പിന്റെയറ്റം പിടിച്ചുതാഴ്ത്തി. മൂന്നുനാലു കായ്കൾ പതുക്കെയിറുത്തു. പിടി വിടുവിച്ചപ്പോൾ മരത്തിൽനിന്നു് കിളികൾ പറന്നുപൊങ്ങി. പെട്ടെന്നു് കാറുമൂടി, ഇരുട്ടായി. കായ്കൾ കോലായിൽ ഇരുന്നു. അവയിൽ ഏകാന്തമായ മേഘപടലങ്ങൾ കലർന്നിരുന്നു. അവയിൽ വിദൂരമായ വെയിലു് തട്ടിയിരുന്നു. കായ്കൾ വളരെ അടുത്തടുത്തു് കല്ലറകൾ പോലെ. കത്തുകളിൽ എഴുതുന്ന അക്ഷരങ്ങൾ പോലെ. ഭാരവും ദുഃഖവും ഒട്ടും കുറയാതെ. ഭൂമിയുടെ ഉള്ളിലേക്കു് ആഞ്ഞു്. വീടിനുപുറത്തു് കാത്തുനിന്നു. എന്നെ മറവു ചെയ്തിടത്തു്, തൊട്ടരികിൽ ആണു് ഈ നാരകമരം. ആറേഴു കൊല്ലം കഴിഞ്ഞപ്പോൾ കായ്ച്ചുതുടങ്ങി. കാറ്റത്തു് താഴത്തു് വീഴുമിലകൾ ഞാൻ മണക്കുന്നു. ഉള്ളംകൈയിൽ വച്ചു് ഞരടുന്നു. ഓർമ്മിക്കുന്നു. പത്തു വയസ്സുള്ളപ്പോൾ ഞാനതിൽ വലിഞ്ഞു കയറിയിരുന്നു. താഴേക്കു് മുള്ളുകളിൽ കുരുങ്ങി ചുവന്നുകിനിഞ്ഞിരുന്നു. എൺപതാം വയസ്സിൽ കൂനിയ മുതുകു് നിവർത്താനാവാതെ ഒരു ചെറിയ കമ്പുകൊണ്ടു് അതിന്റെ ചില്ലകൾ താഴ്ത്തി, പ്രയാസത്തോടെ കായ്കൾ പറിച്ചു. ഒന്നു് താഴെ വീണു് ചെറിയ ചരൽക്കല്ലുകളിൽ ഉരഞ്ഞുപൊട്ടി. മറ്റേതോ പിറവിയിൽ നിന്നാണു്, അമ്മ അകത്തുനിന്നു നടന്നുവരുന്നതു കേൾക്കാം. കായ്കൾ കുനിഞ്ഞെടുത്തു് ചുറ്റിനും നോക്കുന്നു. എങ്ങും ഇരുട്ടാണു്. എന്നെ ഒരിക്കലും കാണുകയില്ല. എനിക്കു് സങ്കടം വരുന്നു.
നാൽപ്പതോ അമ്പതോ കൊല്ലം മുമ്പാണു്
കുറ്റിച്ചെടികൾ വളർന്ന ചെരിവിലൂടെ
അവൾ നടന്നുമറഞ്ഞുപോയി
അവളെ ഇവിടെയാരുമിപ്പോൾ ഓർക്കുന്നില്ല
ഇന്നലെ ഉച്ചനേരത്തവൾ മടങ്ങിവന്നു
ഇറയത്തുതന്നെ നിന്നു
മുള്ളിൻ തിണർപ്പുള്ള കൈ
നിവർത്തിക്കാട്ടി;
—ഇരുണ്ട നിറമുള്ള ചെറിയ കാട്ടുപഴങ്ങൾ
ഒഴുകുന്ന കല്ലുകളെ ഖരമാക്കുന്നു;
കിളികളെ ദ്രവമാക്കുന്നു;
വെള്ളം, ഉച്ചനേരത്തു് ഭൂമിയെ
തൊട്ടിലാട്ടുന്നു; അതിന്റെ കാതിൽ
പതുക്കെ മൂളിക്കൊണ്ടിരിക്കുന്നു—
ആദ്യം തീരെച്ചെറിയ കുഞ്ഞുങ്ങൾ, പ്രിയപ്പെട്ട കളിപ്പാവകളോ കിലുക്കുകളോ ആയി. പിന്നാലെ അല്പം മുതിർന്ന കുട്ടികൾ, കളർപെൻസിലുകളോ കണ്ണാടിച്ചില്ലോ തൂവാലയോ ആയി. അവർക്കു് ശേഷം പിന്നെയും വലിയ കുട്ടികൾ, പുസ്തകമോ ഫോണോ ചെറിയ ചോക്ലേറ്റോ ആയി. അതുകഴിഞ്ഞു് ചെറുപ്പക്കാരും മധ്യവയസ്സുള്ളവരും. പിന്നെ വൃദ്ധർ, കണ്ണുകൾ മങ്ങിയ, നീരുവന്ന കാലുള്ള, ഓർമ്മക്കുറവുള്ള, മരണത്തിന്റെ തൊട്ടടുത്തു പാർക്കുന്ന. പിന്നാലെ വളർത്തുമൃഗങ്ങൾ. നായ്കുട്ടികൾ, പൂച്ചകൾ, തത്തകളും. ആട്ടിൻപറ്റങ്ങൾ, കന്നുകൾ. പിറകേ ചെടികൾ, ചട്ടിയിലും പറമ്പിലും നിന്നവ. വഴിവക്കിൽ നിൽക്കുന്ന. അകലെ കാടുകളിൽ നിന്നവ. കാണാത്ത ജന്തുക്കളും കിളികളും. പാറ്റകളും പ്രാണികളും പുഴുക്കളും. എല്ലാവരുടെയും ശ്വാസം, എല്ലാവരുടെയും കിതപ്പു്, എല്ലാവരുടെയും മറവികൾ, എല്ലാവരുടെയും ദാഹവുമോർമ്മയും, എല്ലാവരുടെയും സങ്കടം, എല്ലാവരുടെയും വാക്കുകൾ. ഒന്നിനെയും വിട്ടുപോകാതെ, ഒന്നും മറന്നുവയ്ക്കാതെ, തകർന്ന കെട്ടിടങ്ങൾക്കു് പിന്നിലെ കുറ്റിക്കാടിനുള്ളിലൂടെ, ചെറിയ മാളത്തിലൂടെ കടന്നു.
—ഏറ്റവും മുമ്പിൽ, ഒട്ടും പരിഭ്രമമില്ലാതെ, ശാന്തയായി ആലീസും അവൾക്കു മുമ്പേ, കാണാത്ത അകലത്തിൽ കുഞ്ഞൻ മുയലും.
ഒരു ഏകകോശജീവിയെപ്പോലെ നിരന്തരം മുറിയുകയും പെരുകുകയും ചെയ്യുന്നു, ദാഹം. കല്ലാകുവാനും കിളിയാകുവാനും. വെള്ളത്തിനുമീതെ ഒട്ടിക്കിടക്കാനും വെള്ളത്തിനടിയിലാഴ്‌ന്നുപോവാനും. തെഴുക്കാനും ദ്രവിക്കാനുമുള്ള ദാഹം. പുഴുവാകുവാനും പഴവിത്താകുവാനുമുള്ള ദാഹം. ഇല്ലിക്കാടിനുള്ളിലൂടെ നൂഴ്‌ന്നു് ചോര വാർന്നുവാർന്നു നടക്കുവാനും കാറ്റത്താറിക്കിടക്കുവാനും. സന്ധ്യയുടെ തോടിനുള്ളിൽച്ചുരുളുവാനും ഗ്രഹണകാലത്തിൽ നിഴലാകുവാനും. ഉടലിനുമീതെത്തീയാകുവാനും തീയണഞ്ഞ ചരിവാകുവാനുമുള്ള ദാഹം. ചതുപ്പിന്റെ അരികും ചെരിഞ്ഞ വൃക്ഷവും ഒഴിഞ്ഞ പൊത്തും നിഗൂഢമായ അകലങ്ങളുമാകുവാനുള്ള ദാഹം. ഒരു മുടിനാരോ കുളമ്പടയാളമോ പൊഴിഞ്ഞ മാൻകൊമ്പുകളോ ആകുവാനുള്ള ദാഹം. മരങ്ങളി-ലൂരയുരയ്ക്കുവാനുള്ള ദാഹം. ഭൂമിയിൽനിന്നു് പെട്ടെന്നു് കാണാതായ കിളികളുടെ കൂവലാകുവാൻ. ഇരുളിലലയുന്ന ആകാശയാനമാകുവാൻ. മറവുചെയ്ത കടലാസുകളാകുവാൻ. മുറിവിലൂടെക്കടന്നുപോകും നൂലിഴയാകുവാൻ. വെളിച്ചത്തിൽ കണ്ണുപൂട്ടുവാനും നട്ടുച്ചയുടെ മുലകളീമ്പുവാനും രാത്രിയാകുവാനും വേർപെടുവാനും വിരലറ്റം കൊണ്ടു് വാക്കുകൾ തൊടാനുമുള്ള ദാഹം. പോകുന്നിടത്തെല്ലാം ചിറകിലെ വർണ്ണപ്പൊടി തൂകുവാനുള്ള ദാഹം. മറഞ്ഞിരിക്കാനുള്ള അതേ ദാഹം. ഈ നൃത്തച്ചുഴിയിൽ, ഒരിക്കലും ഉയർന്നു വരാതെ, ആഴമായ് അഴുകുവാനുള്ള ദാഹം. മൗനത്തിനുള്ള, പുരാതനമായ, ദാഹം.
ഇരുമ്പുപെട്ടിയിലിരുന്നു് പഴങ്ങൾ ഉണങ്ങുന്നു. വീഴുന്ന പഴങ്ങൾ പെറുക്കുന്ന കുട്ടികളും ആ ചെരിവിലെ പഴത്തോട്ടമാകെയും ഇരുമ്പുപെട്ടിയിലിരുന്നു് ഉണങ്ങുന്നു.
തീൻമേശമേൽ ഒരു പിഞ്ഞാണത്തിൽ അടച്ചുവെച്ച ചെറിയ അപ്പം കാത്തുനിൽക്കുന്നു. ആഴ്ചകളും മാസങ്ങളും കഴിഞ്ഞു്, ചോരകല്ലിച്ചു്, ഒരു പ്രാർത്ഥന ഉരുക്കഴിച്ചു്, തണുപ്പത്തു്, ഇരുട്ടത്തു്.
ഉടുപ്പുകൾ ഒട്ടും ഉണങ്ങുന്നില്ല. കാറ്റിലാണു്, തീവെയിലിലാണു്, നീർത്തിവിരിച്ച മുറ്റങ്ങളിൽ, നൂൽക്കമ്പികളിൽ, വെള്ളമിറ്റിക്കൊണ്ടു്, വായുവിലീർപ്പം കലർത്തിക്കൊണ്ടു്, എല്ലാവരുടെയും ഉടുപ്പുകൾ, ഈറനായി.
തുടകളിലെ മുറിവു് വേദനിപ്പിക്കുന്നില്ല. തലയിലെയും നെഞ്ചിലെയും ഒട്ടുമില്ല. ഉടലാകെപ്പൊതിഞ്ഞു് രണ്ടറ്റവും ചുരുട്ടിവച്ച വെളുത്ത ശീല മാത്രം, നീറുന്നു.
ഉടുപ്പിനറ്റം കൊണ്ടു പൊതിയൂ
തീകൊണ്ട മരങ്ങളിൽനിന്നുതിർന്നു പൊട്ടിയ
ഈ പഴങ്ങൾ
ചവർക്കുന്നു
ഈ കരയിൽനിന്നോടിപ്പോകുമ്പോൾ
ഓർമ്മിക്കുന്നൂ
ഈ പഴങ്ങളിൽ, നമ്മളായിരംവട്ടം
പിറക്കയും മരിക്കയും ചെയ്ത
ചുവന്ന മണ്ണു പുരണ്ടിരിക്കുന്നു
ലോകം ഇന്നലെ അവസാനിച്ചു
ഇന്നു് ഈ ഭൂമിയിൽ ഇതുമാത്രം
അവശേഷിക്കുന്നു;
കറങ്ങുന്ന ഒരു പമ്പരം
ഈ രാപ്പാറ്റ
ഇറയത്തു് കൂനിക്കൂടിയ ഒരു അമ്മൂമ്മ
അതു് നോക്കിനിൽക്കുന്നു
ഞാൻ ഒരു കവിയല്ല.
ഞാൻ എല്ലായിടത്തും ചുറ്റിനടന്നു് മരങ്ങളിലോ ചെടികളിലോ പുല്ലിലോ പടർപ്പിലോ നിന്നു് ഇലകളും പൂക്കളും കായ്കളും ചിലപ്പോഴൊക്കെ മരത്തിന്റെ തൊലിയും വേരുകളും ശേഖരിക്കുന്നു. അപൂർവമായി ചില കിളികളുടെ, ചില ചെറിയ ജന്തുക്കളുടെ, മാംസമോ ചോരയോ ശേഖരിക്കുന്നു. ചിലപ്പോൾ ചില കല്ലുകൾ, ചിലതരം മണ്ണു്, ചിലയിടങ്ങളിലെ വെള്ളം ശേഖരിക്കുന്നു. കാട്ടിൽനിന്നു്, പറമ്പുകളിൽനിന്നു്, കുന്നിൻ ചെരിവുകളിൽനിന്നു്, പുഴവക്കിൽനിന്നു്, മാളങ്ങളിൽനിന്നു്, പാറകളിൽനിന്നു്, നീങ്ങിപ്പോകുന്ന കിളിക്കൂട്ടങ്ങളിൽനിന്നു്, താഴേക്കു് വീഴുന്ന ശലഭങ്ങളിൽനിന്നു്, രാത്രിയിരുട്ടിൽനിന്നു്,
നക്ഷത്രങ്ങളിൽനിന്നു്, മുളയ്ക്കുന്ന വിത്തുകളിൽനിന്നു്, മറന്നുപോയ സകലത്തിലുംനിന്നു്, ഓർക്കാൻ കഴിയാത്ത ശബ്ദങ്ങളിലും മണങ്ങളിലും ദിക്കുകളിലുംനിന്നു്, തരിതരിയായി, പൊടിയായി, തുള്ളിതുള്ളിയായി, നാരുനാരായി ഓരോന്നു് ശേഖരിക്കുന്നു. ഞാൻ താമസിക്കുന്ന വീട്ടിൽ മടങ്ങിവന്നു് തിണ്ണയിൽ ഇരുന്നു് ഓരോന്നും പിഴിഞ്ഞു് നീരു് എടുക്കുന്നു. ഇടിച്ചു് നാരുകൾ ആക്കുന്നു. ഉണക്കിപ്പൊടിക്കുന്നു. വെള്ളത്തിലിട്ടു കുതിർത്തെടുക്കുന്നു. അരയ്ക്കുന്നു. ദ്രവരൂപത്തിലോ ഖരരൂപത്തിലോ അവ സൂക്ഷിച്ചുവെക്കുന്നു. രോഗമുള്ളപ്പോൾ, ഭ്രാന്തുള്ളപ്പോൾ, വേദനയുള്ളപ്പോൾ, മുറിവുണങ്ങാത്തപ്പോൾ, ഒറ്റപ്പെടുമ്പോൾ, ശബ്ദങ്ങൾ സഹിക്കാതെ ആകുമ്പോൾ, വെളിച്ചങ്ങൾ മുറിവേൽപ്പിക്കുമ്പോൾ, ഇടങ്ങൾ ശ്വാസംമുട്ടിക്കുമ്പോൾ, ഓർമ്മക്കൂടുതലുള്ളപ്പോൾ, ആൾപ്പെരുപ്പം ഉള്ളപ്പോൾ, പേടിയുള്ളപ്പോൾ, അസാമാന്യമായ ധീരതയുള്ളപ്പോൾ, എന്നെ കാണാൻ വരുന്ന മനുഷ്യർക്കു് ഞാനതു് പൊതിഞ്ഞുനൽകുന്നു.
പുഴയിലേക്കു് പോകുന്നു;
ചെറിയ കല്ലുകൾ ഒഴുകുന്ന
വെള്ളത്തിനു് തിരിച്ചുകൊടുക്കുന്നു
കടൽക്കരയിൽ; ഒഴിഞ്ഞ കക്കത്തോടുകൾ
കാടു്; കിളികളുടെ തൂവൽ,
പൂവു്, ചിറകു്, കായ്കൾ
മഴയത്തു് വയ്ക്കുന്നു; നഗ്നത, മണം
സന്ധ്യയിൽ; കാതും കണ്ണും അഴിച്ചിട്ടു
ഒഴിഞ്ഞ ഉള്ളംകൈ പോലെ
മടങ്ങിവന്നുതൊടുന്നു
ചുഴിയിൽ
ഈ ചുഴിയിൽ
മൃഗത്താരയിലേക്കു്
നീക്കിവച്ചു
നിഗൂഢമായ
സ്വപ്നത്തിന്റെ
ഭാരം
ഉണരുന്നില്ല
മൃഗങ്ങൾ
അതിന്റെ ചുറ്റിനും
പുലരുംവരെ
കാത്തുനിന്നു
സന്ധ്യയിൽ
ഗാഢമായ
നിഴലിലൊരു മൃഗം
നിശ്ശബ്ദമാണു്
മയങ്ങാതെ
തിടുക്കമില്ലാതെ
കാത്തുനിൽക്കുന്നു
തരിതരിയായി
വെളുത്തു
മണമുതിർത്തു
പൂവുകളിരുട്ടിൽ
വിരിയുന്നതു
കാണുവാൻ
വറ്റുന്ന വെള്ളത്തിൽ
പാറക്കല്ലുകൾ
വറ്റാതെ;
തകർന്ന വീടുകൾക്കുള്ളിൽ ഓടിപ്പോവാതെ;
ഉണങ്ങിയ കൊമ്പുകളിൽ വേർപെടാതെ;
—കാത്തുനിൽക്കുന്നു
വേനലിലെക്കാറ്റുകളെന്നെ ഭൂമിയുടെ
അങ്ങേപ്പകുതിയിലേക്കു് ഓടിച്ചു;
ഞാൻ സന്ധ്യകളിലും നിഴലുകളിലും
മുറുക്കിപ്പിടിക്കുന്നു
പൂവിനു് എന്താണു് അടയാളമാവുക?
പുഴവക്കിലെക്കല്ലുകൾ എനിക്ക്
കാറ്റിന്റെ കൊമ്പുകൾ തീയിനു്
മരിച്ചു കഴിഞ്ഞാലും ഒരു അടയാളം
ഉടയാത്തതും ഉരുകാത്തതും
ദൈവത്തിനു് ഇഷ്ടപ്പെടുമോ എന്നറിയില്ല;
ഇതളുകൾ കൊഴിയുന്നതുപോലെ ഞാൻ
ഈ വിരലുകൾ നൽകും
നീളൻപുല്ലുകൾ മുറിച്ചു്
ഇരുപിരിയായി മെടഞ്ഞു
ഒരാൾ കന്നിൻപറ്റത്തെ വിളിക്കുന്നു
ദൂരെനിന്നു്
മലകളിൽനിന്നു്
ഇല്ലാദിക്കിൽനിന്നു്
ഒരു മഴക്കാറു വരുന്നു
തോട്ടുവെള്ളത്തിലിറങ്ങിനോക്കി
കാൽവിരലുകളെപ്പൊതിഞ്ഞു
മുത്തശ്ശിമാർ
നെറ്റിയിൽ തീപ്പൊട്ടുകൾ
പാടത്തിനു കരയ്ക്കുനിന്നു് ഞാനമ്മയെ വിളിച്ചു;
ഈ കുളത്തിനുവക്കിൽനിന്നു് ഞാൻ
നീർക്കാക്കകളെയും മീനുകളെയും വിളിച്ചു;
ഈ കരിങ്കല്ലിനടുത്തുനിന്നു ഞാൻ
വെള്ളത്തെയും വെയിലിനെയും വിളിച്ചു;
ഈ കാഞ്ഞിരത്തിനു താഴെനിന്നു്
മരിച്ചവരെയും ദൈവങ്ങളെയും വിളിച്ചു;
ഈ ഇറയത്തുനിന്നു് ഞാനെന്റെ
കുഞ്ഞുങ്ങളെ വിളിച്ചു;
ഈ നിഴലിൽനിന്നു് പുഴുക്കൂടുകളെയും
പാറ്റകളെയും വിളിച്ചു;
ഈ ചെരിവിൽനിന്നു ഞാൻ
കന്നുകളെ വിളിച്ചു;
നിന്നുനിന്നു് സന്ധ്യയുടെ ഇരുപുറവും രാത്രി
വേഗത്തിൽ വളർന്നു
ഭൂമിയിൽനിന്നും എല്ലാ കാതുകളും
പൊഴിഞ്ഞുപോയിരിക്കുന്നു
തകർന്ന മരക്കമ്പുകളിലും പൊഴിഞ്ഞ
ഇലകളിലും വളരുന്ന ഈ വെളുത്ത നിറത്തിന്റെ വരവിനു് ഞാൻ എപ്പോഴും കാത്തുനിന്നു. മരണത്തെ എങ്ങനെയാണു് കാത്തുനിൽക്കാനാവുക? അറിയില്ല. പക്ഷേ ഈ വെളുത്ത പൂപ്പൽ, അതിന്റെ ഓരോ മാത്രയിലും വളരുന്ന കര, പച്ചയായ ഇലകളെയും ശിഖരങ്ങളെയും മൂടുന്നതു് ഞാൻ കണ്ടു. എന്റെ ദേഹത്തു് എന്നപോലെ. പതുക്കെപ്പതുക്കെ, ഭൂമി ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും, വേനലിലും പെരുമഴയിലും, അതു വളർന്നു. അതിനു് വേരുകളും ചില്ലകളും ഉണ്ടായി. ഞരമ്പുകൾ ഉണ്ടായി. ഒരു ഇലയോ ചില്ലയോ ആവാൻ കഴിയുമെങ്കിൽ ഈ ആളുന്ന തീ അണയുമായിരുന്നു. പെരുങ്കാറ്റു് അടങ്ങുമായിരുന്നു. പൂപ്പലുകൾക്കു്, വെളുത്ത മരണത്തിനു്, മുഴുവനായും എന്നെ വിട്ടുകൊടുക്കാമായിരുന്നു.
ചതുപ്പിന്റെ കരയിൽ പണിത സിമന്റ് മതിലിൽ ചാരി വെള്ളത്തിൽ വളരുന്ന പുൽപ്പടർപ്പിലേക്കു് നോക്കിനിന്നു. എല്ലാ ഉച്ചനേരത്തും. പുല്ലിൽനിന്നു് വെള്ളത്തെ വേർതിരിക്കാൻ കഴിയില്ല. വെള്ളത്തിൽനിന്നു് പ്രാണികളെയോ അവയുടെ ഭൂതകാലങ്ങളെയോ. അറുപതുകൊല്ലം മുമ്പു് ഈ വെള്ളത്തിൽ നെൽച്ചെടികൾ ഉണ്ടായിരുന്നു. അവയ്ക്കിടയിലൂടെ ഞാൻ നടന്നുകൊണ്ടിരുന്നു. വൈക്കോലിന്റെ കുഴലുകൾക്കുള്ളിൽനിന്നു് ആവിപൊന്തുന്നു. വെള്ളത്തിൽ ഇപ്പോഴും രാത്രിയാണു്. അതുകൊണ്ടാണു് ആ കിളികൾ പോകാതെ, ഒച്ചവെച്ചു. പകൽ അവയ്ക്കു് കണ്ണുകാണുകയില്ല. മനുഷ്യരെപ്പോലെ അവ പുരാതനമായ ചില വാക്കുകൾ ഉരുവിട്ടുകൊണ്ടിരിക്കും. രാത്രി, ഈ വെള്ളത്തിൽനിന്നു് കരയിലേക്കു് അതിവേഗം പടരുന്നു.
മരങ്ങളുടെ താഴ്‌ന്ന ചില്ലകളിൽനിന്നു് കൂണുകൾ പൊട്ടിച്ചെടുത്തു. കാറ്റും മഴയും പുരണ്ട എന്റെ കുപ്പായത്തിൽ മുഖം തുടച്ചു. കൂണുകൾക്കു് ഭൂമിയുടെ നിറമല്ല. രാത്രിയിൽ കാണാറുള്ള വിദൂര ഗ്രഹങ്ങളില്ലേ, അവയുടെ പച്ച കലർന്ന നീല തന്നെ. ഇടയ്ക്കിടെ വെളുത്ത തരികളും. കൂണുകളാണോ അവയെ വളർത്തുന്ന മരങ്ങളാണോ-ഒരു നേർത്ത, സൂചിമൂർച്ചയുള്ള, ഈണം പുറപ്പെടുവിക്കും. വേനൽക്കാലത്തു് എല്ലാ ദിക്കിലുംനിന്നു് പാറ്റകൾ വരുന്നു. കൂണുകളിലെ തണുത്ത പ്രകാശം വലിച്ചെടുക്കുന്നു. ആയിരം വയസ്സു കഴിഞ്ഞാലും ഈ ചെരിവിൽ ഞാൻ വരും. ഈ കല്ലുകളിൽ എനിക്കു് അടയാളമുണ്ടു്, നോക്കു്.
കിണറിനടിയിൽനിന്നും കോരിയെടുത്ത ചെളി കരയ്ക്കു് വലിച്ചിട്ടു. പൂഴി പോലുള്ള കുഴമണ്ണു്. ഇലകളും നാരുകളും ചുള്ളിക്കമ്പുകളും അലിഞ്ഞുമലിയാതെയും അതിനുള്ളിൽ. ചത്ത മീനുകളുടെയും തവളകളുടെയും വീണുപോയ പാറ്റകളുടെയും കോശങ്ങൾ—പൂക്കളെയും ചെറുകായ്കളെയും കണക്കു്—ഭാരം കുറഞ്ഞു് ആ മണ്ണിനുള്ളിൽ മയങ്ങുന്നു. ഒരു മീൻ പിടയ്ക്കുന്നു. അതിനെ കൈയിലെടുത്തു് ഒരു തൊട്ടിയിലുള്ള വെള്ളത്തിലേക്കു് മാറ്റി. അതു് പതുക്കെ നീന്തി. അതു് കിണറിന്റെ അരികുകൾ തേടുകയാണു്. തണുത്ത പന്നലിലകളും വേരുകളും തേടുന്നു. കിണറിനകത്തു് കാണാതായ മനുഷ്യരുടെ പിറുപിറുപ്പുകളും നിഴലുകളും തേടുന്നു. ഇടയ്ക്കു് നീങ്ങിപ്പോകുന്ന മേഘങ്ങളെയും ശലഭങ്ങളെയും തേടുന്നു.
കിളികൾ എപ്പോഴും മടങ്ങിവന്നു.
അന്യദേശങ്ങളിൽനിന്നു് മരിച്ചുപോയവർ
വന്നിരിക്കുന്നതുപോലെ.
ഈ ദിക്കിലേക്കുതന്നെ. ഓരോ തവണയും ഭാരമേറിക്കൊണ്ടു്. ഓരോ തവണയും കിളികളല്ലാതായിക്കൊണ്ടു്. തുണിക്കെട്ടുകളോ ചില്ലുകണ്ണാടികളോ ഇരുമ്പു് കഷ്ണമോ ആയിക്കൊണ്ടു്. കുതിർന്നോ പൊട്ടിയോ തുരുമ്പിച്ചോ കിളികൾ ഈ കാണുന്ന മരങ്ങളിൽ ഇരുന്നു. മരിച്ചവരെ കാണുന്നതുപോലെ വ്യക്തമായി കിളികളെയും കണ്ടു. ഉച്ചയ്ക്കു് പാത്രങ്ങൾ കഴുകി എഴുന്നേൽക്കുമ്പോൾ പിഞ്ഞാണങ്ങളിൽ തട്ടിച്ചിതറുന്ന തീവ്രമായ വെളിച്ചത്തിൽ ഓരോ രൂപവും നമുക്കു് പരിചിതമായി. വെളിച്ചം അവയുടെ കണ്ണിൽനിന്നാണു് പുറപ്പെട്ടുവന്നതു്. അവ ഇടയ്ക്കു് കണ്ണടച്ചുതുറക്കുമ്പോൾ ഒരു നിഴൽ—കൂടുതൽ ഇരുളാർന്ന നിഴൽ—നമ്മെ കടന്നുപോയി. മുറ്റത്തെയും വീടിനെയും മുറിച്ചുകൊണ്ടു്.
മരിച്ചുപോയവർ എല്ലായിടത്തും വിട്ടുപോകുന്ന
അതേ നിഴൽ.
മടങ്ങിവരാൻ കഴിയാത്തവയ്ക്കുമീതെ ഒരു വെളുത്ത ശീല വിരിച്ചിട്ടു. അതിനുമീതെ മണ്ണു്. അതിനുമീതെ മൂന്നു കല്ലുകൾ. മടങ്ങിവരാൻ കഴിയാത്ത മുത്തശ്ശിമാർ. ഒരു കുട്ടി. ഒരു വളർത്തുനായ. ഒരു ചെരിവിലെ മുളങ്കൂട്ടം. പാടത്തിനു് നടുവിലെ ചെറിയ കുളം. അതിനുള്ളിലെ നിഗൂഢമായ ഉച്ചാരണം. ഉയർന്ന ശിഖരങ്ങൾ. അവയിലെക്കാറുകൾ. തെച്ചിപ്പഴങ്ങൾ. അവയുടെ നിഴലുകൾ. മടങ്ങിവരാൻ കഴിയാത്ത ഒരു പേരു്. തോട്ടുവെള്ളം. അന്യദേശത്തെക്കിളികളും ശലഭങ്ങളും. നക്ഷത്രങ്ങളിലേക്കു് പോയ യാനങ്ങൾ. ആർക്കാണു് ഈ ശീലയുടെ സുതാര്യത കടന്നു് മടങ്ങിവരാൻ കഴിയുക? ശീലയ്ക്കുതാഴെ എല്ലാം അനന്തമായി ഒഴുകിനടക്കുന്നു.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.