(കൊമ്പുള്ള മാനിന്റെ ശിരസ്സു്, രാത്രിയിലാഴ്‌ന്നു്)
ഭൂമിയിലതിന്റെ കുളമ്പുകൾ കാണാം,
നിഴലിലാഴ്‌ന്നു്
വീടുകളുടെമീതെ
വീടുകളുടെമീതെ
വെളുത്ത തീവ്രഗന്ധമുള്ള പൂക്കൾ
വീഴുന്നു വീഴുന്നു
മനുഷ്യരൊക്കെയുമുണർന്നു്
തൊടിയിലൂടെ അലയുന്നു
അലയുന്നു
ആ പക്ഷികളെ നോക്കിനിന്നു,
രാത്രി മൂടുന്നതുവരെ
ചത്തുവീണ പക്ഷികളെ
മരിച്ചുകഴിഞ്ഞ മനുഷ്യനു്
മറ്റൊന്നും ചെയ്യാൻ വയ്യ
ആദ്യം തീയണയ്ക്കൂ-
മരങ്ങളുടെ
അവയിൽ കൊത്തിവയ്ക്കുന്നുകിളികൾ
മധുരിക്കാത്ത പഴങ്ങളിൽ
ദുഃഖമണയാത്ത
ദിക്കുകൾ
കടലിൽ താണുപോവുന്ന
കരിങ്കല്ലുകൾ
ചെന്നെത്തേണ്ട കരയിൽ
കത്തുമീനഗരത്തിൽ
ആദ്യം തീയണയ്ക്കൂ-
പച്ചത്തളിർക്കായ്കളിൽ
തുണിയാൽപ്പൊതിഞ്ഞ മുറിവിൽ
പൊടി, മേഘങ്ങളെ മൂടുമോ?
തീയ്, കടൽവെള്ളത്തെ?
—കല്ലും മണ്ണും അതിന്റെ ഭാരത്താൽ
മരങ്ങളെ അമർത്തിവയ്ക്കുന്നു
—മരിച്ചുപോയ പക്ഷികൾ,
അവയുടെ ചിറകുകൾ,
അവയിൽ എഴുതാനോർത്ത
വാക്കുകളെയും
അമർത്തിവയ്ക്കുന്നു,
വിയർത്ത കൈകൾകൊണ്ടു്
നിലയ്ക്കാതൊഴുകുന്ന
മുറിവിൽ
ചെറിയ സൂചി. ഈ നാരുകൾ.
മുറിവിന്റെ രണ്ടരികുകളും ചേർക്കുന്നു.
പ്ലാവിലയുടെ വക്കിൽ ഈ രാത്രിയെ.
വെള്ളവും ഉണങ്ങിയ കടലാസുകളും.
നിലയ്ക്കാതെ നീങ്ങുന്ന പക്ഷിക്കൂട്ടത്തെ
ഈ ശീലയുടെ കരയിൽ തുന്നുന്നു.
കരിങ്കല്ലിനുചുറ്റും കുട്ടിക്കാലം
മാത്രമുള്ള സങ്കടങ്ങൾ.
ഒരു മഞ്ഞച്ചേരയും പൊട്ടിയ കണ്ണാടിച്ചില്ലും
ഒറ്റയുടലായി ഇടവഴി കടന്നുപോയി.
എന്റെ വിരലറ്റത്തു് ഒരിരുമ്പാണി.
കുറേക്കാലം കഴിയുമ്പോൾ എല്ലാ
തുന്നലുകളും വിട്ടു് വാക്കുകളും
ഓർമ്മയും വെവ്വേറെയാകും.
ചന്ദ്രനിൽനിന്നു് ഏറെയകലെ, ഈ കടൽ.
ചോരയൊഴുക്കിൽനിന്നു്,
ഈ പൂവിതൾ.
തോണിയിൽ വെള്ളം നിറഞ്ഞു-
ഉള്ളിൽ ഉണ്ടായിരുന്ന ശലഭങ്ങൾ
മേൽപ്പരപ്പിലേക്കു് പൊന്തിവന്നു
വെള്ളത്തിനടിയിൽ കൈകാലുകൾ
മീതേ ചിറകിലെച്ചിത്രവും നിറവും
ഭാരക്കൂടുതൽ കൊണ്ടു് എനിക്കു്
മേൽപ്പരപ്പിൽ വന്നുകിടക്കാൻ
കഴിയുന്നില്ല
ശലഭങ്ങളിൽനിന്നു്
വ്യത്യാസപ്പെട്ടിരിക്കുന്നു
എന്റെ മരണവും ചിറകും
ഈ മരത്തിൽ മൂവായിരം കൊല്ലം
കഴിഞ്ഞാലാണു് കായുണ്ടാവുക
ഈ മരം നാലായിരം കൊല്ലം
മുമ്പുണ്ടായിരുന്നതാണു്
(ഞാനിവിടെ കാത്തുനിൽക്കുന്നു
കായ്കൾ, കാറ്റിൽ
വീഴുന്ന ഒച്ച കേൾക്കുന്നു)
ചെടികൾക്കു വെള്ളം നനയ്ക്കുന്നു;
(മരിച്ചവരോടു സംസാരിക്കുന്നു;)
തീയിൽ തൊട്ടുനോക്കുന്നു;
(കല്ലിലൊരക്ഷരം കൊത്തുന്നു;)
ഉണങ്ങിയ ചുള്ളിക്കമ്പുകൾ പെറുക്കുന്നു;
(മുറിവിൽ കൺപാർത്തിരിക്കുന്നു;)
കണ്ണാടി കാണുന്നു;
ഭൂമിയുടെ ഉള്ളിൽ
വീണുപോകുമൊരു കല്ലു്;
നനഞ്ഞു്,
ഊർന്നു്,
(കരച്ചിൽ വരാതെ.)
ആഴത്തിൽനിന്നു് കയറിവന്നു,
നനയാതെ; ദുഃഖത്തിനുമീതെ
നിഗൂഢമായ ആവരണമുണ്ടു്.
കാട്ടുമൃഗങ്ങളുടെ മരണം; കാതുകളില്ലാതെ നാമതു് കേൾക്കുന്നു.
ഖരരൂപമാണുകാറ്റുകൾ; ഓർമ്മിക്കുമ്പോൾ അതുരുകുന്നു.
ഈ മരപ്പെട്ടിയിലടച്ചു.
മുരളുന്നതു കേൾക്കൂ;
(ഇരുളിലും നിശ്ശബ്ദതയിലും
അതു വളരാൻ തുടങ്ങുകയാണു്.)
കല്ലുകൾ ഒന്നിനുമീതെയൊന്നായി
അടുക്കിവച്ചു.
അടുത്തു് ഒരു കാഞ്ഞിരം നട്ടുവളർത്തി.
മരിച്ച ആട്ടിൻകുട്ടിയെ ചുവട്ടിൽ അടക്കി.
വെയിലിൽ മൃഗത്തിന്റെ തോലു് ഉണക്കാനിട്ടു.
ദൈവം പാതിരായ്ക്കുവന്നു് എല്ലാം
കണ്ടു് മടങ്ങിപ്പോയി.
മഴയിലും വേനലിലും ആ കല്ലുകൾ
ഉരുകി, നനഞ്ഞു കുതിർന്നു.
കിളിക്കൂടുകളിൽനിന്നു് വീഴുന്ന
നേർത്ത ഒച്ചകൾ പോലെ
അവയുടെ കരച്ചിൽ പുല്ലിനിടയിൽ കലർന്നു.
കിളികളോരോന്നായി വേറെ
ദിക്കിലേക്കു പറന്നുപോവുകയാണു്
തീത്തരികൾ തൊട്ടടുത്ത ചില്ലയിലേറുന്നു
കാറ്റത്തീ ജനാലകൾ ഊക്കിലടയുന്നു
കല്ലുകൾക്കടിയിൽ മരണം
കഴിഞ്ഞവർ നിശ്ശബ്ദരാവുന്നു
മുറിവിൽനിന്നു് മുറിവിലേക്കും
വിരലിൽനിന്നു് വിരലിലേയ്ക്കും
ദുഃഖത്തിന്റെ നിറം
വലിയ മരത്തിന്റെ കനമുള്ള കമ്പു്
ഒടിയുകയായിരുന്നു.
അതിൻമേലുള്ള കൂടു്, കുറേനാൾകൊണ്ടു
പെറുക്കിവച്ച വാക്കുകൾ, എല്ലാം വേർപെട്ടു.
നോക്കിനിൽക്കെ
വീഴലിന്റെ മൂകത
ഒരു വാക്കാവുന്നതു കണ്ടു
സന്ധ്യയിലൂടെ വളരുന്ന
മരങ്ങളുടെ അടുത്തു് ചെന്നുനിന്നു
കാണാത്ത കൂടുകളിൽനിന്നു്
തീരെച്ചെറിയ കിളികളുടെ
കനമില്ലാത്ത ഒച്ചകൾ കേട്ടു
ഇരുട്ടിനുള്ളിലൂടെ തിരികെപ്പോന്നു
മുൾമരങ്ങളും കരിമ്പാറകളും
നിറഞ്ഞ കുന്നുകൾക്കടിയിൽ
ആ പക്ഷികൾ
കുന്നുകൾ പതുക്കെ നീങ്ങുമ്പോഴെല്ലാം
തലയും ചിറകും താഴ്ത്തിയൊതുക്കി
ചൂടുള്ള ചെറിയ മുട്ടകൾ ഉടയാതെ
ചീവീടിന്റെ ദേഹത്തുനിന്നല്ല
അതിന്റെ ശബ്ദം ഉണ്ടാകുന്നതു്
നനഞ്ഞ മരങ്ങളുടെ ഓർമ്മയിൽനിന്നു്
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.