പൂക്കളില്ലാത്ത സസ്യങ്ങളിൽ ഉയർന്ന വിഭാഗത്തിലുള്ളവയാണു് പന്നൽച്ചെടികൾ. ഇവയ്ക്കു് സപുഷ്പികളെ പോലെ യഥാർത്ഥ വേരുകളും തണ്ടുകളും ഇലകളുമുണ്ടു്. എങ്കിലും ഇവയ്ക്കു് പൂക്കളും വിത്തുകളുമുണ്ടാവില്ല. ഈർപ്പവും തണലുമുള്ള സ്ഥലങ്ങളിൽ ഇവ സമൃദ്ധിയായി വളരുന്നു. ചിലയിനം പന്നലുകൾ അലങ്കാരസസ്യങ്ങളായി വളർത്തുന്നുണ്ടു്. മരത്തിന്റെ പുറംതൊലിയിലും കുന്നിൻചെരിവുകളിലും കുളങ്ങളുടേയും അരുവികളുടേയും തീരങ്ങളിലും പന്നൽച്ചെടികൾ പക്ഷികൾ പോലെയോ
പാറി മതിവന്ന പൂതങ്ങൾ പോലെയോ
വളരുന്നു. വേനലിന്റെ കാലം
പന്നൽച്ചെടികളിലോ നിഴലിലോ പതിഞ്ഞുകിടന്നുറങ്ങുന്നു. വാക്കുകളുടെ പോളകൾക്കുള്ളിലും
ഞെട്ടുകൾക്കുള്ളിലും രഹസ്യമായിപ്പാർക്കുന്നു.
ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണു് ആൽഗകൾ. ഇവ ഒരു തരം പായലുകളാണു്. നമുക്കു് കാണാൻ കഴിയാത്തതു മുതൽ 60 മീറ്ററോളം നീളത്തിൽ വളരുന്ന കെൽപ്പുകൾ (kelps) എന്ന സസ്യവിഭാഗങ്ങൾവരെ ആൽഗകളിലുണ്ടു്.
ഇവയുടെ ശരീരഘടന വളരെ ലളിതമാണു്. ശരീരത്തിൽ കലകളുടെ വേർത്തിരിവില്ല. ഇവയുടെ ശരീരത്തിൽ ഹരിതകവും പുരാതന ഭാഷകളും അടങ്ങിയിരിക്കുന്നു. അതിനാൽ ആൽഗകൾക്കു് സ്വതന്ത്രജീവിതം നയിക്കാൻ കഴിയുന്നു. ആൽഗകളിലധികവും ജലത്തിലോ മരിച്ച നഗരങ്ങളുടെ മുതുകിലോ വളരുന്ന പ്രകൃതമുള്ളവയാണു്. ദേശാടകരായ മനുഷ്യരെപ്പോലെ, മരണത്തിന്റെ ഉരഗങ്ങൾ പോലെ ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും നിലാവിലും നീരാവിയിലും ഇവ വളരും.
വർഷകാലങ്ങളിൽ പറമ്പുകളിലോ, ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ പാതിരാച്ചെരിവിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണു് കൂൺ. സസ്യങ്ങളോടു് സാമ്യമുണ്ടെങ്കിലും ഹരിതകവും ഭൂതകാലവും നടപ്പാതകളും ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച ദിക്കുകളിലും തണുത്ത തീവണ്ടിമുറികളിലും അഴുകിയ അപ്പാർടുമെന്റുകളിലും മരണം കുഴഞ്ഞ ചതുപ്പു പ്രദേശങ്ങളിലും വളരുന്ന പൂപ്പൽ ആണിതു്. കൂണുകൾ പലതരത്തിൽ കാണപ്പെടുന്നു. ആഹാരമാക്കാൻ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ. ചില കൂണുകൾ രാത്രിയിൽ തിളങ്ങുകയും ചുറ്റുചുറ്റായിപ്പടരുന്ന തോറ്റങ്ങളുച്ചരിക്കുകയും ചെയ്യും. ഇവയ്ക്കു് ആയുർദൈർഘ്യം വളരെ കുറവാണു്.
മേശപ്പുറത്തു് നിന്നു് നീക്കിവച്ച
ഒരു പിഞ്ഞാണം
ഒരു കഷ്ണം അപ്പം
പിന്നീടു് പിന്നീടെന്നു് ഓർക്കുന്നു
എപ്പോഴും ഒരരികിൽ
ഒരു മെലിഞ്ഞ മരം
കാട്ടുതീയിൽനിന്നു് നീങ്ങിനിന്നു വളരുന്നു
കിളിക്കൂടുകൾ
നീക്കിവെച്ച മുകളിലെ മുറി
കോണിപ്പടികൾ
വെള്ളത്തിൽ താണുപോവാത്ത ഒരു തുരുത്തു്
നീങ്ങിനീങ്ങിയങ്ങേയറ്റത്തു് പാർക്കുന്നു
ഒഴിഞ്ഞുകിടക്കുന്ന
അങ്ങേ മുറിയിൽ
ഭാരം കൂടുതലുള്ള
വസ്തുക്കൾ (മനുഷ്യരോ വളർത്തുമൃഗങ്ങളോ)
താമസിക്കുന്നില്ല
നിറയെ സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള
മരയലമാരയോ
ഉപ്പും പുളിയുമുറങ്ങുന്ന വലിയ കൽഭരണിയോ
ഒരു മൂലയിലേക്കു്
നീക്കിവെക്കുന്നതുപോലൊച്ച
കിടക്കയ്ക്കരികിലേക്കു്
നിരങ്ങിവന്നു
അനങ്ങാതെ നിന്നു
നിന്നുനിന്നുറഞ്ഞു, ഭൂതകാലമായി,
കാലാന്തരങ്ങളായി,
ഒടുവിൽ ഞാനുണർന്നു്
കാതുകൾ തുറന്നു്
വെളിച്ചം തെളിച്ചു
നിലത്തു കണ്ടു, വരകൾ
ദേഹത്തുകോറിച്ചുവന്നപോലെ പോറലുകൾ
അവസാനം,
മരണം വന്നിതുവരെയും
തൊടാത്ത ഒരു വീടു്
കണ്ടെത്തി
വാതിൽക്കലേറെനാൾ
കാത്തുനിന്നു
കൈക്കുടന്ന നിറയെ കടുകുമണികൾ തന്നു
മടങ്ങുമ്പോൾ ആ വീടിന്റെ
നാലുദിക്കിലും എരിയുന്ന
ചിതകൾ കണ്ടു,
ദഹിക്കുന്ന മണം കൊണ്ടു
മനുഷ്യർ ഉറപ്പു കൂടിയ വസ്തുക്കൾ തിരയുന്നു
കല്ലിലോ ഉരുക്കിലോ ലോകത്തെ
വാർത്തുവെക്കുന്നു
കൂട്ടിൽ നിന്നും പുറപ്പെട്ടു പോവുന്ന കിളി
ഓരോ രാത്രിക്കു മുമ്പേയും മടങ്ങിയെത്തുന്നു
കാറ്റു് അതിന്റെ കൂട്ടിൽ പിടിച്ചു വലിക്കുന്നു
എന്നെക്കാണാനൊരാൾ
വേറെ നാട്ടിൽനിന്നു
കുറേയധികം യാത്ര ചെയ്തു്
ഞാൻ പാർക്കുന്ന കെട്ടിടത്തിൽ
എന്റെ മുറിയുടെ അടഞ്ഞ വാതിൽക്കൽ
വന്നു് ഏറെനേരം നിന്നു്
മടങ്ങിപ്പോയി.
ആരാണു് ചെടികൾക്കു് വെയിലു പാരുന്നതു്?
വെള്ളം കൊടുക്കുന്നതു്?
കർട്ടനുകൾ വിടർത്തിയും
ചുരുക്കിയും വെക്കുന്നതു്?
താഴെവീണ ഇലകൾ നീക്കുന്നതു്?
ഉടലിലെ ചുവന്ന പൊടി കഴുകുന്നതു്?
ആരാണു് ചെടികളെ ഉറക്കുന്നതു്?
പുതപ്പിക്കുന്നതു്?
വിളക്കണയ്ക്കുന്നതു്?
ഓന്തിനും വെള്ളം നിറച്ച മൺചട്ടിക്കും
ഒരേ നിറം വരുന്ന ഉച്ചയിൽ,
വെള്ളത്തിനു് എന്തു നിറമായിരിക്കും?
പുഴുക്കൾക്കു കാവൽനിന്നു് കൺപോളകൾ
വീർത്തുപോയ ഒരാളിന്റെ പുസ്തകം
മറിച്ചു നോക്കുമ്പോൾ,
എനിക്കു് വെള്ളത്തിന്റെ
നിറം തുടങ്ങുന്നു
പുറത്തു ചെരിപ്പുകളും
അകത്തു് ശ്വാസത്തിന്റെ
വിയർത്ത കണികകളും
അകത്തു് ഇടവത്തിന്റെ കുതിർന്ന വക്കും
പുറത്തു് എന്നെക്കാണാൻ വന്ന മനുഷ്യനും
മൃഗത്തിന്റെ മുതുകിൽ തൊടുന്നതും
തലോടുന്നതും
രണ്ടുവരിയുള്ള നിരത്തിൽ അണയാതെ
നിൽക്കുന്ന വെളിച്ചം പോലെ
പുലർകാലത്തോടു്
മിണ്ടുന്നു
മിണ്ടാതിരിക്കുന്നു
പറക്കുന്ന ഒരു പ്രാണിയുടെ വഴി
പിന്തുടർന്നു ഞാൻ
ഈ മരത്തിന്റെ
നെറുകയിൽ.
നെറുകയിലെ കല്ലിടുക്കിൽ.
കല്ലിടുക്കിലെ ഉറവയിൽ.
ഉറവയിലെ പൊടിമീനുകളിൽ.
തിരിച്ചു പോയ മനുഷ്യൻ
അയാളുടെ ചുമരിൽ നിറമില്ലാത്ത പെൻസിൽ
കൊണ്ടു് എഴുതി,
ആരു പാർക്കുന്നു പൊത്തിൽ?
ആരു പാർക്കുന്നു?
പൊത്തിനകത്തു നിറയുന്ന രാത്രിയും
നത്തുകളും മുറിച്ചന്ദ്രന്റെ വാലും
ഭൂതങ്ങളുടെ കൊമ്പും തേറ്റയും
കുട്ടിയുടെ ചുരുണ്ടുറങ്ങുന്ന ഉടലും
ഉണരുമ്പോൾ
മരത്തിന്റെ പള്ളയിൽ
നഖം കൊണ്ടു് എഴുതുന്ന
അതേ മനുഷ്യനെക്കണ്ടു
അയാളുടെ
വെള്ളി മുടിനാരുകൾ
വിരലറ്റത്തു് എട്ടുകാലിപ്പശ
ചിറകിൻ കനം
അയാളുടെ പോറലുകൾ
എന്റെ ദേഹത്തോ
ഭൂമിയുടെ ഈ ചെരുവിലോ?
പൊത്തുകൾ ഇപ്പോൾ ഒഴിഞ്ഞിരിക്കുമോ?
അതിനുള്ളിലാരാണു് പാർക്കുന്നതു്?
ഞാനോ
എന്റെ ഛായയുള്ള ആ മനുഷ്യനോ?
അയാളുടെ വിരലടയാളമോ?
പുല്ലിനെ വകഞ്ഞുചെന്നു നോക്കുന്നു
മുള്ളുകളിൽക്കുരുങ്ങാതെ, പറ്റിൽ,
കാലുതെറ്റാതെ, വിറയോടെ,
മുറിവിനെ,
ച്ചുറ്റുമാർക്കുമീച്ചക,ളവയുടെ മീതേ
പ്പറക്കും കിളികളുടെ നിഴ,
ലെല്ലാം വീണുകലങ്ങുന്നതു്,
നീരിളകുന്നതു്, ചോര പൊടിഞ്ഞു കടയുന്നതു്,
പുല്ലുകൾ വകഞ്ഞു് നോക്കുന്നു,
വട്ടത്തിലഴുകുന്ന തൊലി,
യെറുമ്പുകൾ,
പ്രാണികൾ
ഉണങ്ങി വലിഞ്ഞ പൊറ്റകൾ,
പുഴുക്കൾ, വരണ്ട കാറ്റുകൾ,
നോക്കി നോക്കിയതിൻ വക്കത്തു
കാത്തുനിൽക്കുന്നു
തൊടാതെ
മണക്കുന്നു,
മരണം കാണുന്നപോലെ
കണ്ടുനിൽക്കുന്നു
നൂറ്റാണ്ടുകളായി ഞാൻ
നടക്കുമീവഴി വളർന്ന
പൊന്തകൾക്കുള്ളിൽനിന്നു
നീങ്ങിക്കിടന്നതു കണ്ടു
ഇരുണ്ടുണങ്ങി വെറുങ്ങലിച്ച
രണ്ടു കാലുകൾ
അഴുക്കായ നീണ്ട നഖങ്ങൾ
വിണ്ടുകീറിയ മടമ്പുകൾ
പഴക്കം പൊറ്റ പിടിച്ച
ഉച്ചയുടെ
നെറുകിൽച്ചാലിട്ട വഴിയേ
നടക്കുമ്പോൾ,
നരിയും നായയും തിന്നാതെ,
കാക്കകൾ കൊത്തിവലിക്കാതെ
പാലയുടെ പൊള്ളുന്ന നിഴലിൽ,
കൊട്ടിയാർക്കുന്ന മാരിയിൽ,
തീയിൽ, പ്പഴുക്കിലത്തണുപ്പിൽ
കാണാത്ത ഉടലിന്റെ മേൽപ്പാതി
കാണാൻ പച്ചപ്പടർപ്പുകൾ
നൂഴ്‌ന്നു നോക്കുമ്പോൾ
അടിക്കാടിനുള്ളിൽ
കെട്ടിനിൽക്കുന്ന വെള്ളം,
ചെറിയ ചിറപോലെ,
യഗാധം,
അനക്കംവിട്ടു്,
തെളിവോടെ,
യടിത്തട്ടിലൊരു
മീനിന്നിളക്കം
നൂറ്റാണ്ടുകളായി ഞാൻ
നടക്കുമീവഴി
വളർന്ന പൊന്തകൾക്കുള്ളിൽ
കത്തുന്ന നക്ഷത്രത്തിന്റെ
വാലറ്റം മടങ്ങിയിരുന്നു
ഇരുട്ടു് അവിടെ കട്ടപിടിച്ചു നിന്നു
മാലാഖയുടെ ചിറകുകളിൽ
പൊടിയും കാറ്റും പറ്റിയിരുന്നു
കടലാസ്
ഈർപ്പം വലിച്ചെടുക്കുന്നു
വേനൽക്കാലത്തെ വലിച്ചെടുക്കുന്നു
വീടിന്നിറയത്തു് നൂലിൽ ഞാന്നു്
ആടുന്നു, ഇളകുന്നു
ഓരോ നാളും അലിഞ്ഞു പൊയ്ക്കൊണ്ടിരുന്ന
ഒരു നക്ഷത്രവും
ഒരു മാലാഖയും
മരണം കഴിഞ്ഞു്
ആറിയാറിത്തണുത്തു
നഖങ്ങൾ, മുടിനാരു,
കാലമെല്ലാം കൊഴിഞ്ഞു്,
ഈ തെരുവിന്റെ വക്കിൽ
വന്നു നിൽക്കുമ്പോൾ
പുകയിൽ,
തെളിഞ്ഞു കണ്ടു,
കെടാതെയാളുന്ന
തീയിനുള്ളിൽ
കുഞ്ഞിന്റെ വിരലുകൾ,
ഉമ്മറപ്പടികൾ,
മിറ്റത്തു വീണ നിലാവു്,
തോർത്തിന്നീറനുള്ള മഴ,
പ്രാർത്ഥന,
പുൽപ്പായ,
പടിഞ്ഞാറേത്തുറയിലെ ഉച്ചസൂര്യന്റെ തണൽ,
കരുണയുടെ ഒലി,
ഓതുന്ന ചുണ്ടുകൾ,
എത്ര കുതിർന്നിട്ടുമണയാതെ
കത്തിപ്പടർക്കുമൂരു്,
പാർക്കും വഴി,
ഇടിഞ്ഞ മേൽക്കൂരകൾ,
മിനാരങ്ങളിൽ വാനം
തൊട്ടി കൊണ്ടു വെള്ളമെന്ന പോലെ
കോരിയൊഴിക്കുന്നുമ്മമാർ,
പഴകിപ്പിന്നിവഴുപ്പായ തട്ടത്തിൽ
ചോര കുതിർന്നുറഞ്ഞ
ഞരമ്പിലൂറുന്ന
അമ്മിഞ്ഞയുപ്പുകൊ-
ണ്ടിറ്റിക്കെടുത്തുന്നു,
തീയിനുളളിലെ-
ത്തുണ്ടു ഭൂമിയെ,
പതുക്കെയതാറുന്നതു കണ്ടു
ഇഷ്ടികയും
ചുണ്ണാമ്പും
പ്രാർത്ഥനകളും
സങ്കടങ്ങളും
കലർന്ന
ഒരു പിടി മണ്ണു്,
തകർന്ന മിനാരത്തിന്റെ മണ്ണു്
ആ മണ്ണു് നീക്കി
അടിമണ്ണിൽ ദ്രവിച്ചുകൊണ്ടിരുന്ന
ശീല വകഞ്ഞു
ചൂടാറാതെ
അഴുകാതെ
പ്രാർത്ഥനയുരുവിടുന്ന
മെലിഞ്ഞുണങ്ങിയ വൃദ്ധന്റെ ദേഹം
നെഞ്ചിൽ
വെടിത്തുളകൾ
മണ്ണു്
എന്നിൽക്കലർന്നു്
എന്റെ മുറിവായകളുടെ
ഓർമയുണങ്ങാതെ
കാക്കക്കുഞ്ഞു് കാക്കക്കുഞ്ഞിനെ
ഇവിടെ വെച്ചിട്ടു്
മാനത്തുയരത്തിൽ പറന്നു
തള്ളക്കാക്ക നോക്കുമ്പോൾ
എങ്ങും പോയിട്ടില്ല
അനുസരണയോടെ
അടുത്തിരിക്കുന്നു
കാക്കക്കുഞ്ഞിനെക്കൂടാതെ പറന്നതിൽ
സങ്കടം,
കാക്കക്കുഞ്ഞു്
താഴേക്കു് താഴേക്കു് മടങ്ങിവന്നു്
കാക്കക്കുഞ്ഞിലിരുന്നു
തള്ളക്കാക്ക നോക്കുമ്പോൾ
എങ്ങും പോയിട്ടില്ല
അനുസരണയോടെ
അടുത്തിരിക്കുന്നു
മുറ്റത്തു സന്ധ്യയിൽ നിൽക്കുമ്പോൾ
ഞാൻ കണ്ടു
പാടത്തിനു മീതെ വീഴുന്ന ഇരുട്ടു്
നനവുള്ള നെല്ലിനും
പ്രാണിപ്പടർപ്പിനും മീതെ വീഴുന്ന ഇരുട്ടു്
അതിന്നപ്പുറം കുന്നു്
രാത്രിയുടെ ഉള്ളിൽ
അനങ്ങാതെനിൽക്കുന്നു
ഇന്നലെപ്പറന്നു പോയ കിളികൾ
ഇന്നു തിരിച്ചു വരുന്നതു കാത്തു്
എന്റെ ചില്ലകൾ,
ഇലകൾ
മറച്ചു പിടിക്കുന്ന കൂടുകൾ
തൊടി കടന്നു്
പാടം മുറിച്ചു്
ആ കുന്നിന്റെ താഴത്തു് ചെന്നു നിൽക്കുന്നു
ഞാൻ വിളിക്കുമ്പോഴതു വിളി കേൾക്കുന്നു
ഞാൻ തൊടുമ്പോഴനങ്ങുന്നു
ഇരുട്ടിന്നടിത്തട്ടിലെവിടെയോ
ഒരു കാട്ടുപൂവിരിയുന്നു
മണം പടരുന്നു
എന്റെ വിരലിൽ
ദൈവമുണ്ടെങ്കിൽ
ഈ മണത്തിനും ആ കുന്നിനും രാത്രിക്കു-
മങ്ങേപ്പാതിയിലായിരിക്കണം
ഈറൻ വെറുതേ
കണ്ണിൽ
വന്നു പാർക്കുന്നതു നോക്കൂ
രാത്രി മാത്രം പുറത്തിറങ്ങുന്ന ജീവികൾ
പകൽനേരമെല്ലാം
എവിടെയാണൊളിക്കുന്നതു്?
വെളിച്ചം കടക്കാത്ത അറകൾ,
മാളങ്ങൾ, പൊത്തുകൾ?
തിരഞ്ഞു തിരഞ്ഞു പോയൊരാൾ
ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ പിൻമുറ്റത്തു്
തുരുമ്പിച്ച ഒരു പെട്ടി കണ്ടെത്തി
കല്ലുകൊണ്ടിടിച്ചു്
താഴ് തകർത്തു
അതിന്റെ മൂടി തുറന്നുനോക്കി
ശീലകൾക്കും കടലാസുകെട്ടുകൾക്കുമടിയിൽ
ചുരുണ്ടുമയങ്ങുന്നതെല്ലാം കണ്ടു,
അവയുടെ ചെറുചൂടുള്ള ഉടലുകളിൽ തൊട്ടു,
മൂങ്ങകൾ
മിന്നാമിനുങ്ങുകൾ
പ്രേതങ്ങൾ
വാവലുകൾ
ഏഴാമത്തെ നാളിലെ ഒരു വിളറിയ
അർദ്ധചന്ദ്രൻ
ചതുപ്പുകളിൽ ആഴ്‌ന്നു പോയ
മൃഗങ്ങൾക്കു് അടയാളങ്ങളില്ല.
ആരും എടുത്തു നോക്കാതെ
അവയുടെ ഓർമ്മ കനം വെക്കുന്നു.
ഇലകളും കമ്പുകളും വീണു മൂടുന്ന
കാട്ടിലൂടെ നടക്കുമ്പോൾ ഞാനവയുടെ
കരച്ചിലിനു്
മറുപടി പറഞ്ഞു.
തുരുമ്പിച്ച തൊലിയുടെ ഉള്ളിൽ
ജനാല എന്നെ ഓർമിക്കുന്നു
തറയുടെ താഴെനിന്നു് ശബ്ദം വരുന്നു
ചെറിയ കുട്ടികൾ കളിക്കുന്നതോ
പിറുപിറുക്കുന്നതോ
ഓട്ടുമ്പുറത്തു് ഒട്ടിനിൽക്കുന്ന
ചെറിയ നക്ഷത്രങ്ങൾ,
അവയും പതുക്കെപ്പിറുപിറുക്കുന്നു
പകലിനും രാത്രിക്കും നടുവിലെ
ഇലച്ചാർത്തുകളുടെ ഉച്ചമയക്കം പോലെ
ഈ മുറിയിലേകാന്തത നിറഞ്ഞു
മരങ്ങളിൽ
നിറം മാറുന്ന ഇലകളെ നോക്കിനിന്നു
കാറ്റു് എല്ലാത്തിനേയും തൊടുന്നുണ്ടു്
എല്ലാം ചുഴിയിൽ ഇറങ്ങിനിൽക്കും
കറങ്ങി നൃത്തംവച്ചു തളരും
പതുക്കെ നിറം മാറുന്ന എന്റെ ശിഖരങ്ങളെ
നോക്കിനിന്നു, ഞാൻ
കാറ്റു് എല്ലാ അവയവങ്ങളിലും പുരളുന്നുണ്ടു്
അവ ആ ചുഴികളിലിറങ്ങി നൃത്തം ചെയ്തു
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.