കുനിഞ്ഞു്
ഇല പെറുക്കുന്നു.
പഴുത്ത, നിറം പകർന്ന, ഉണങ്ങിയ ഇലകൾ.
ആയിരം ചില്ലകളും പേരുകളും കാലങ്ങളും
ഓർമ്മിച്ചു വെയ്ക്കുന്നു.
പുഴുക്കളെപ്പോലെ മരങ്ങളിൽ
തൊട്ടുനോക്കുന്നു.
എന്റെ മരണം
വേറെ ദിക്കിലിരുന്നു് കേൾക്കയാണു്,
അടരുന്നതിന്റെ ഈ സ്വരം.
പാമ്പുകൾപോലെ തമ്മിൽപ്പിണഞ്ഞു.
പാമ്പുകൾപോലെ ചുരുണ്ടുകിടന്നു.
പകലുകൾക്കു കുറുകേ വേഗത്തിൽ.
മുള്ളുകളിൽക്കോറിയഴിച്ചു വെയ്ക്കുന്നു,
ശബ്ദങ്ങളുടെ കനംകുറഞ്ഞ പുറന്തൊലി.
ഇരുട്ടിൽ ചെന്നുനിന്നു. കാടിനുള്ളിൽ. അനക്കമില്ലാത്ത മരങ്ങളിൽ, ഉയരങ്ങളിൽ ഒരു കാറ്റു്. അടരാൻ തിടുക്കപ്പെടുന്ന ശബ്ദങ്ങൾ. ഇലകൾക്കു പിറകേ ഇലകൾ. വീഴുകയും കൂട്ടിയുരുമ്മുകയും പൊടിയുകയും ചെയ്യുന്നു. എല്ലാത്തിന്റേയും കണക്കുകൾ മണ്ണിൽ എഴുതി വെക്കുന്നു. കാറ്റിന്റെ വേഗതയും ചൂടും ദിക്കുകളും രേഖപ്പെടുത്തുന്നു. ചില്ലകളിൽ ചെറിയചെറിയ വിടവുകൾ. വലിപ്പമില്ലാത്ത ആകാശത്തിരുളിൽ പൊട്ടിയ ചന്ദ്രൻ. മങ്ങിയ വെളിച്ചത്തരികൾ. നിഗൂഢമായി നീങ്ങുന്ന ഗ്രഹങ്ങൾ. പുകമഞ്ഞിൻ തടാകങ്ങൾ. ഒരിടത്തു് മരിച്ചുപോയവരുടെ വിടവുകളിൽ ചുറ്റിനടക്കുമ്പോൾ സ്ഥലങ്ങളും വാക്കുകളും അനങ്ങുന്ന വിരലുകളും തുറന്നടയുന്ന ചുണ്ടുകളും ഓർമ്മ വരുന്നതു പോലെയാണു്. ആ വിടവുകളിലാണു് ജീവിച്ചിരിക്കുന്നതു്. രഹസ്യങ്ങളും വഴുതുന്ന മീനുകളും. മറ്റൊരു കാറ്റുകൂടി വന്നു. പൊട്ടിവീഴുന്ന ഇലകൾക്കു താഴത്തു് ഞാൻ. എന്റെ കൈകളിൽനിന്നു് ഊർന്നുപോകുന്ന വാക്കുകൾ.
ചെറിയ കടലാസുപെട്ടിയിൽ
ഇറക്കി വെക്കുമ്പോൾ
പക്ഷിയെ
ജീവനുള്ള കല്ലുകളെപ്പോലെ ഓർമ
കട്ടികൂടുന്നു
കനംവയ്ക്കുന്നു
മടങ്ങാത്ത ചിറകും കാലും
ഒടിയാത്ത വൃക്ഷത്തലപ്പുകളും
മീതെയും താഴെയും നാലുപുറവും
കടലാസിന്റെ തണുത്ത ദിക്കുകളിൽ
കൂടുതൽ
സുരക്ഷിതമാണു്
ആയുഷ്കാലങ്ങൾ.
എനിക്കുമീതെ വന്നുവീണു, വെളിച്ചം
മറ്റൊരു ഗ്രഹത്തിന്റെ നിശ്ശബ്ദതയും വഹിച്ചു്
ഒരു കല്ലു്
ഞാനതു തൊട്ടു
ഉരുകുന്നതായ്ത്തോന്നി
അതുരുകി
എന്നിട്ടു് എന്റെ കൈയിൽ നിന്നൂർന്നുപോയി
വെളിച്ചം കൊണ്ടുള്ള
ഒരു മീനു്
വെള്ളത്തിൽ
കട്ടപിടിച്ച ചോരയുടെ നിറത്തിൽ
ഒരു പെണ്ണു്
ദ്രവിച്ച ചുമരുകൾ അവളുടെ തൊലി
പകുതിയടച്ച മുറിവുകൾ ജനലുകൾ
ചുഴലിക്കാറ്റിന്നീർപ്പം കണ്ണുകൾ
തരിതരിയുപ്പു്
അരക്കെട്ടിലെ മുടിയിഴ കോതുമ്പോൾക്കണ്ടു
ഒരു ഭ്രൂണം
അതിന്റെ വായ്
കട്ടപിടിച്ച മഷിനീലം
പതിമൂന്നാമത്തെ രാത്രിയും
ഞാൻ ആ വേട്ടക്കാരനെ
നോക്കിനിന്നു,
ഒരേ സ്ഥാനത്തു്,
ഒരേ നേരത്തു്
ആദ്യം ഞാറയുടെ
കിഴക്കേച്ചില്ലകൾക്കിടയിൽ
പിന്നെ തെങ്ങുകൾക്കിടയിൽ
അവസാനം പടിഞ്ഞാറേ
ച്ചെരുവിലെവിടെയോ
മായുന്ന കൈകളിൽ വില്ലു്, മൂർച്ചയുള്ള അമ്പു്,
അരയിൽ മൂന്നു് തീക്കട്ടകൾ
ഓരോ നാഴികയിലും
നീങ്ങിനീങ്ങിപ്പോവുന്ന
ഭൂമിയുടെ ചെരിഞ്ഞ ഒരു താരയിൽ,
പൊടിയും മഞ്ഞുമുറഞ്ഞ
ഒരു കിളിയെപ്പോലെ,
അനന്തമായ ഓളങ്ങളുടെ വക്കിൽ
ഇല്ലാത്ത ഒരാളുടെ
ഓർമ്മപ്പൊടിപോലെത്തങ്ങിനിന്നു ഞാൻ
ഏറ്റവും മുകളിൽ ഒരു കാറ്റിന്റെ ചീള്.
അതിനു താഴെ ഇന്നലത്തെ കരിയിലകൾ.
ഒരു മാസം മുമ്പത്തെ ചുള്ളിക്കമ്പുകൾ.
കഴിഞ്ഞ കാലവർഷം മുഴുവനും.
ഒച്ചിന്റെ തോടുകളും തേരട്ടകളുടെ
അനന്തമായ ഉടൽച്ചുറ്റുകളും.
താഴെ വേനൽക്കാലങ്ങൾ.
കടപുഴകിയ ഒരു വൃക്ഷം.
പനയോലകൾ.
ചകിരിനാരുകൾ.
അതിനു മുമ്പത്തെയിലകൾ.
അതിനു മുമ്പത്തെ മഴക്കാലം.
അതിലേറെ പ്രായമുള്ള ഒരു പൂച്ചയുടെ
കനംകുറഞ്ഞ എല്ലുകൾ.
പൊട്ടിയ ഇഷ്ട്ടിക.
കുറേക്കൂടി വയസ്സായ ഇരുൾ.
അല്പം കൂടി പ്രായമായ വെള്ളം.
പിന്നെയും പഴയ മരങ്ങളുടെയിലകൾ.
അതിലേറെക്കാലം ചെന്ന മൃഗങ്ങൾ.
പറവകൾ.
പൊടിപൊടിയായി മണ്ണു്.
അതിന്റെ കരിനിറം.
അതിന്നടിയിൽ
ഇന്നു പൊഴിഞ്ഞ ഇലകളുടെ
ഞരമ്പുപടലങ്ങൾ.
പുഴുകൊത്തിയ സുഷിരങ്ങൾ.
കടന്നു പോന്ന വെയിൽ,
ഏറ്റവും താഴത്തു്
എന്റെ മുഖത്തു് പുളളികുത്തുന്നു.
ഒരു ചെറുമീൻ കൽപ്പടവിലേയ്ക്കു് കയറിവന്നു
അതിന്റെയുടലിൽ പുള്ളികളുണ്ടായിരുന്നു
മകൾ വെള്ളത്തിലേയ്ക്കിറങ്ങി
അവളുടെയുടലിൽ മേഘങ്ങളുണ്ടായിരുന്നു
മേഘവും മീനും മനുഷ്യനും
വെള്ളത്തിൽക്കലരുന്നതു്
നോക്കിനോക്കിനിന്നു, കരയിൽ.
ഒരു കല്ലിന്റെയുള്ളിൽ എന്താണുള്ളതു്?
ചിറകും കണ്ണും പൂട്ടിയിരിക്കുന്നു,
നീരിൽക്കുതിർന്നു്,
ഭൂമിയിലെ ആദ്യത്തെ-
പ്പറവ
മരിച്ച നക്ഷത്രങ്ങളുടെ വെളിച്ചം വന്നുവീഴുന്നു
ഓരോ പച്ചിലയിലും
നിഴലിന്റെ പുള്ളികുത്തുന്നു
കുളത്തിന്റെ അടിത്തട്ടു്.
മരിച്ച ഗ്രഹങ്ങൾ വീണുകിടന്നു.
പതുക്കെയാണു് പായൽ വളരുന്നതു്.
ആ വെള്ളം കാൽത്തണ്ടയിൽത്തൊടുമ്പോൾ
എനിക്കു് മനുഷ്യരെ ഓർമവന്നു.
പാറ്റയുടെ രണ്ടു ചിറകിലും
ആ മണമുണ്ടു്.
വേനലിൽ പുല്ലുണങ്ങുന്നതു്.
കാട്ടുതീ മെല്ലെ നീറിയണയുന്നതു്.
എല്ലാ വീടുകൾക്കും മേലെ
അതു് പാറിവന്നിരിക്കുന്നു, കുറേക്കാലം.
ചന്ദ്രനിൽ വളരുന്നു കലമാൻ. മരങ്ങളിലും പാർപ്പിടങ്ങളിലും പാറക്കെട്ടുകളിലും തോടുകളിലും ഉരച്ചുരച്ചു് അതിന്റെ കൊമ്പുകൾ പൊഴിച്ചിടുന്നതു്
ഞാൻ കണ്ടിട്ടുണ്ടു്.
ഒരു പ്രാർത്ഥനാമുറി.
ഞാറയുടെ ചെറിയ മരം.
എല്ലുകൾ വെള്ളത്തിൽക്കഴുകി
കരയിൽ, ഒരിടത്തു് വെച്ചു് മണ്ണുമൂടിഉണങ്ങിയ
ഇലകൾ, ചുള്ളിക്കമ്പുകൾ മീതെവച്ചു
കാറ്റിന്റെ ഒച്ച താഴ്‌ന്നു
ഇത്രയും കാലം കൊണ്ടു് നീയലിഞ്ഞുപോയതു്
വളരെ നന്നായി
നിന്റെയിറച്ചിയും ചോരയും
കഴുകേണ്ടി വന്നില്ല
വെള്ളം അതേ തെളിമയിൽ
താഴേക്കൊഴുകുന്നു
നത്തിന്നനക്കങ്ങൾ
കേൾക്കാത്തപോലെഞാ,
നിരുട്ടു കുമിഞ്ഞിട്ടു പൂട്ടിവച്ചൂ,
ഉണങ്ങിയ ചിറകുകൾ,
കൊക്കുരുമ്മി വേനലിൻ
വറ്റാത്ത മുലകളിൽ,
രാത്രിയുറക്കം വരാത്ത പനമ്പൊത്തിനുള്ളിൽ.
എല്ലാ ശീതകാലവും
ആ മുറിയിൽനിന്നു് ഈ മുറിയിലേയ്ക്കു്
പൂമ്പാറ്റകൾ യാത്ര ചെയ്തു
തീയണഞ്ഞു തണുക്കുന്ന വിദൂരഗ്രഹത്തെ
ഞാൻ നോക്കിനിന്നു
മരപ്പൊത്തിൽ പാർക്കുന്ന കിളികളെല്ലാം
അതുതന്നെ ചെയ്യുന്നു.
വെള്ളത്തിൽനിന്നു് കരയിൽ.
നനവാറ്റിത്തണുത്തു.
ചിറകുകളുണ്ടായി.
അവയീ പുസ്തകത്തിന്റെ രണ്ടു താളുകളിൽ
ഒട്ടിച്ചുവെച്ചിരിക്കുന്നു.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.