കല്ലിൽ മറ്റൊരു
കല്ലു്
ഉരയുന്നതു കേട്ടു
കുന്നിഞ്ചെരിവിലാകെ തീ പടരുന്നു
ജന്തുക്കളോടിപ്പോകുന്നു
കല്ലിനും കല്ലിനുമിടയിൽ നെൻമണികൾ
പൊടിഞ്ഞമരുന്നു
ഓർമവരാത്ത അകലത്തിൽ
എന്റെ വാരിയെല്ലുകൾക്കിടയിലൂടെ
മൂർച്ചയുള്ളൊരു കല്ലു് നീങ്ങുന്നു
കടൽനിരപ്പിൽനിന്നു് ഏഴായിരമടി
ഉയരത്തിൽ, കിഴക്കൻമലയുടെ ചെരിവിൽ,
ഏകരമുള്ള മരങ്ങൾ
ആ പൂക്കൾ ഒരിക്കലും താഴെവീഴുന്നില്ല
മനുഷ്യർക്കറിയില്ല അതിന്റെ നിറം
കാടിന്നുമീതെ ചുറ്റിയലയുന്ന ശലഭങ്ങളെയും
തേനീച്ചകളെയും ആരും കണ്ടിട്ടില്ല
മേഘങ്ങളിലൂടെ അവ ഓരോ
ദിക്കിലും ചെന്നുമടങ്ങുന്നു
ഭൂമിയുടെ ഇരുളാർന്ന അടിത്തട്ടിൽ
നീ തൊട്ടുനോക്കുകയാണു്
പൂവു്-
തേനീച്ചച്ചിറകു്-
ശലഭവാസന-
കല്ലു്, അനശ്വരമായ വസ്തുവാണു്-
മരണശേഷവും അതു്
അലിഞ്ഞുപോവുന്നില്ല.
മരുന്നിന്റെ ഒഴിഞ്ഞു ഞളുങ്ങിയ ട്യൂബ്
ചോരകലർന്ന തുണി
ചുരുട്ടിയ പഞ്ഞി
എല്ലാം വലിച്ചെറിഞ്ഞു
രാത്രിയുടെ ഉള്ളിലേയ്ക്കു് ഇത്രകാലവും
വീണുകൊണ്ടിരുന്ന
പലതരം വസ്തുക്കൾക്കു മീതെ, ഇപ്പോൾ-
കൈയിൽനിന്നൂർന്നുപോയ
ജീവനുള്ള ഒരില
ചുറ്റിക്കറങ്ങിച്ചുഴിപോലെ
പതുക്കെ
ചെന്നിരിക്കുന്നു
രാത്രിയിലൂടെ നടന്നുനടന്നു ഞാൻ
രാത്രിയായ്ത്തീരുമ്പോലെ
ഈ ചെറിയ വാക്കിലൂടെ നടക്കുന്നു
കിളിക്കൂടുകൾക്കു മീതെ കല്ലുകൾ-
ചുള്ളിക്കമ്പുകൾ പതുക്കെ ഒടിഞ്ഞു
മുട്ടത്തോടുകളുടഞ്ഞു
കൊഴുത്ത നീരു് നാരുകളിലും
കമ്പുകളിലും തൂവലുകളിലും
കല്ലിലും പറ്റിപ്പിടിച്ചുണങ്ങി
അതിൽ നിന്നു് വേർപെടാൻ
വയ്യാതെ നമ്മുടെ സങ്കടം
മരിച്ചുപോകയും പുനർജനിക്കയും-
കാണാൻ വയ്യാത്തയകലത്തു്
കുന്നിഞ്ചെരിവിലെ ആ മരം
കാറ്റിലാടിയുലയുന്നതു കണ്ടുനിൽക്കുമ്പോൾ
കിളികളതിൽനിന്നു വേർപെട്ടകലുന്ന
ചില്ലകളുടെ വിതുമ്പൽ കേട്ടുനിൽക്കുമ്പോൾ
എന്റെയുടുപ്പുമുടലും കത്തിയാളുന്നു
ചാരത്തിന്റെ തീമണം പൊന്തുന്നു
ആരോ വന്നീ ജനാല ചാരുന്നു
ആ ചെരിവിലേക്കു പോയി
വലിയ മരങ്ങളുടെ ചുവട്ടിൽ ഉണങ്ങിയ
കായ്കളും തൂവലുകളും കണ്ടു
കാറ്റിൽ പൊട്ടിവീഴുന്ന
ചുള്ളിക്കമ്പുകൾ പെറുക്കി
മുള്ളുരഞ്ഞു് കാൽത്തണ്ടകൾ മുറിഞ്ഞു
ഈ നീറ്റലിനു് എത്ര ലക്ഷം
വയസ്സെന്നു് ഓർത്തു
രാത്രിയുടെ തീയിനുചുറ്റുമിരുന്നപ്പോൾ
ഓർമയിൽ മാത്രമുള്ളൊരു മുത്തശ്ശി
എന്റെയുടലിൽനിന്നിറങ്ങിവന്നു
തണുത്തെ കൈകൾ തീയിനുനേർക്കു് നീട്ടി
ഉടലിലൂടൊരു സൂചിത്തുമ്പും
പിന്നാലെയൊരു നേർത്ത
നൂലും കടന്നുപോയി
നൂലിനറ്റം തമ്മിൽ
പിണഞ്ഞുകെട്ടുന്നതു കേട്ടു
മുട്ടകൾക്കും ചുള്ളിക്കമ്പുകൾക്കും മീതെ
ആ കിളി മടങ്ങിവന്നിരുന്നു
രാത്രിയുടെയുള്ളിൽ എല്ലാം
കണ്ണുപൂട്ടിക്കിടന്നു
കിളിക്കൂടുകൾ
മനുഷ്യരുടെ പിറുപിറുക്കൽ
കിളിക്കൂടുകളെയുലച്ചു.
ചെറിയ മുട്ടകളിൽ വിള്ളലുകളുണ്ടായി.
ആ ദിക്കിലെല്ലാം നടന്നു് കായ്കളിറുത്തു.
ഞെട്ടുകളിൽ നിന്നു് ഓരോന്നും
വേർപെടുന്ന വിലാപം കേട്ടുകൊണ്ടു്.
ഓരോ നാഴികയിലും അവയുടെ
നിറം പകർന്നുകൊണ്ടിരുന്നു.
ഭൂമിയിലെ ഏറ്റവും പഴക്കമുള്ള കൈകളും
മരച്ചില്ലകളും അപ്പോൾ എനിക്കുണ്ടായിരുന്നു.
തീപിടിച്ച ചിറകു് ഈ
വെള്ളത്തിൽ താഴ്ത്തിവെച്ചു
വെള്ളത്തിൽ കലർന്നു,
അതിന്റെ ഭൂതകാലം
കല്ലു്, തീയ്, വെള്ളം
അടിത്തട്ടിൽ ചെന്നുവീണു
മുറിവുകൾക്കുമേൽ നിശ്ചലമായി,
കല്ലു്
കല്ലു്, തീയ്, വെള്ളം
കഴിഞ്ഞ ജന്മങ്ങളുടെ കനം കൊണ്ടു്
ഞാറപ്പഴങ്ങളുടെ ദുഃഖം
ഭൂമിയിലേയ്ക്കുതന്നെ വീഴുന്നു
കല്ലു്, തീയ്, വെള്ളം
കാട്ടുകിളികൾക്കൊപ്പം
ഉയർന്നുപറക്കാൻ വയ്യാ;
കല്ലു്, ആ പൂവ്വത്തിയുടെ കൊമ്പിൽ
കിതപ്പോടെ ഇരുന്നു.
കല്ലു്, തീയ്, വെള്ളം
പൊത്തുനിറഞ്ഞു് താഴേയ്ക്കൊഴുകുന്ന
മഴവെള്ളത്തിൽ കിളികളെപ്പറ്റിയുള്ള
നിഴലുകൾ
കല്ലു്, തീയ്, വെള്ളം
ഏറ്റവും ഭാരമുള്ള കല്ലു്
എന്റെ നെഞ്ചിൽ വെയ്ക്കൂ;
ഞാൻ ഭൂമിയിലേയ്ക്കു്
പറന്നുപോവാതെ നോക്കൂ.
മടങ്ങിവരുന്നു
ദേശാടനശലഭങ്ങൾ
പുറപ്പെട്ടുപോയ കിളികൾ
വൈകുന്നേരങ്ങൾ
കണ്ണുകളിലീറനാവുന്നു
ഞാറമരത്തിൽനിന്നു് മഴവെള്ളം
ഭാരം കൊണ്ടു്
താഴേക്കുവീണുകൊണ്ടിരുന്നു
ഞാറമരത്തിൽനിന്നും നീലഗ്രഹങ്ങൾ
ഭാരം കൊണ്ടു്
താഴേക്കുവീണുകൊണ്ടിരുന്നു
മുറിവിൽ രാത്രി കലരുന്നു-
രാത്രിയിൽ കൂടുതൽ അഗാധമായ
രാത്രി കലരുന്നു
മുള്ളിൻപഴങ്ങൾ, കിളികൾ, ഇലപ്പുഴുക്കൾ-
ചുവന്നുരുകിയ ഇരുമ്പയിരിൽനിന്നു്
മറ്റൊന്നും
വേർതിരിക്കാൻ കഴിഞ്ഞില്ല
എല്ലാ പുഴുക്കളും അതിരാവിലെത്തന്നെ
കുളിച്ചുതുവർത്തി, നിത്യം.
ദൈവം എല്ലാ ചെടികൾക്കും മുടങ്ങാതെ
വെള്ളം പാർന്നുപോന്നു.
ചെങ്കല്ലിനുള്ളിലൂടെ തെങ്ങിന്റെ
വേരു് കടന്നുപോയി
മുറിഞ്ഞ വക്കുള്ള ചന്ദ്രൻ തെങ്ങിന്റെ
ദേഹം തുളച്ചു് അപ്പുറം പോയി
നനഞ്ഞ സിമന്റിൽ അകപ്പെട്ട
മഞ്ഞച്ചിലന്തി ഇനി തിരിച്ചുവരില്ല
ചിലന്തികൾക്കു് വേർപെട്ടുപോയ
കുഞ്ഞിനെ ഓർമ്മിക്കാനുള്ള വിദ്യ
ദൈവം പഠിപ്പിച്ചിരിക്കുമോ?
ആരെങ്കിലും ഈവഴി വരുന്നുണ്ടോയെന്നു്
ഏറെനേരം കാത്തുനിന്നു,
കുളക്കരയിൽ, ദൈവം
തിരുമ്പിപ്പിഴിഞ്ഞ മുണ്ടു് നാലറ്റവും
പിടിച്ചു് കുടഞ്ഞു വിരിക്കുവാൻ.
അടുക്കള മുറ്റത്തു് പന്തലുണ്ടു്.
ഓടിനു് മീതേക്കു് വിറകുകത്തുന്ന
ചൂടും വെയിലുമുണ്ടു്.
എന്നാലും വയ്യ, കുമ്പളവള്ളിക്കു്
ഇത്ര മുകളിൽക്കേറിവളരുവാൻ,
ഈ വയസ്സാംകാലത്തിനി
പൂക്കാനും കായ്ക്കാനും.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.