മുറ്റം വിണ്ടു്
ആ വിള്ളലുകളിലൂടെപ്പൊന്തി
വിരിയാൻ തുടങ്ങി കൂണുകൾ,
വെളുപ്പുനിറത്തിൽ
അയാൾ തൊടുമ്പോൾ
ചൂണ്ടുവിരലിൽപ്പകർന്നു,
കഴിഞ്ഞ എഴുപത്തിമൂന്നു
വർഷവും നാലുമാസവും
ഒൻപതു രാപ്പകലുകളും
ഒട്ടും ഓർമ്മകിട്ടാതിരുന്ന
ഭൂമിയുടെ പഴയ മണത്തിന്റെ കണിക
മഴവെള്ളത്തിന്റെ ഭാരമുള്ള
ഒഴുക്കിൽനിന്നും ഒരു പുഴു
തണുത്തിട്ടു് വയ്യാതെ
മുളകുവളളിയുടെ
ഇരുട്ടിലേക്കു് കയറിനിന്നു.
എങ്ങോട്ടും കയറിനിൽക്കുന്നില്ല
തണുക്കുന്നു
മുളകുവള്ളി പടർന്ന മരം
കാണാതാവുമോയെന്ന തോന്നൽ
കുന്നിൻ മുകളിലേക്കു് നടക്കുമ്പോൾ
എനിക്കൊപ്പം കിതയ്ക്കുന്നു
മരങ്ങളോ ചെടികളോ
മൃഗമോ കാറ്റുചുറ്റിയിറക്കമോ
പ്രാണിയോ പറവയുടെ നിഴലോ
മഴവെള്ളമോ
കാലിനടിയിലെക്കല്ലുകളോ
വഴുക്കുന്നു
കാണാതാവുമോയെന്ന തോന്നൽ
ഒരിടത്തും വഴുക്കാതെ വീഴാതെ
മേലെയെത്തിത്താഴോട്ടു നോക്കുന്നു
എങ്ങുമില്ല
ആരു, മൊന്നു
മെന്നുതോന്നി.
പക്ഷിയുടെ കീഴ് വയറിന്റെ വെളുപ്പു്
നോക്കുമ്പോഴെന്റെ കണ്ണുകളിൽ വീണു്
ഉടലിലെല്ലാം പരക്കുന്നു
വീടിനു മേലും പരക്കുന്നു
മുറ്റമിപ്പോൾ
കാറിപ്പോൾ
പക്ഷി വന്നിരിക്കുന്ന
വൃക്ഷത്തിന്റെ ചില്ലകളുമിലകളുമിപ്പോൾ
ആരുടെയോ കീഴ് വയറിന്റെ ചൂടു്
പേറ്റുമുറിയുടെ പിറകിൽ
കല്ലിൽ തുണിതല്ലിത്തിരുമ്പുന്ന
ഒരാൾ
അയാളിൽനിന്നും വിട്ടുപോവാതെ
ചോരയുടെ വഴുക്കുന്ന കറ,
കാലുകൾ നനച്ചു.
ഗർഭത്തിൽ നിന്നു് അയാളെ വിളിച്ചു
ഒരു പെണ്ണു്.
അടിവയറ് തുന്നുന്നതു കേട്ടോ?
നൂലിന്റെ കെട്ടു്
മുറുക്കുന്നതു് കണ്ടോ?
ആറിക്കൊണ്ടിരിക്കുന്ന
വെളുത്ത ശീലകൾക്കിടയിലൂടെ
അയാളും പട്ടികളും നടന്നു
കാലു പൊള്ളി
കൈവിരലുകളിൽ
പച്ചെറച്ചിമണം
മരത്തിൽ ചാരിവച്ചൂ
ഇരുമ്പുകോണി
അതിന്റെ കയ്യിൽ വന്നിരുന്നു
പൂത്താങ്കീരി
പുറത്തൂടെ കൊത്തിനോക്കുന്നു
ഉള്ളിലൂടെ വെള്ളമൊഴുകുന്ന ഞരമ്പുകൾ
ഇവിടെ നിന്നിട്ടു് നോക്കൂ
മരം തുരുമ്പിക്കുന്നതു കാണാം
അവിടെയിരിപ്പുണ്ടായിരുന്ന
പ്രാണി
കുറച്ചപ്പുറത്തേക്കു് പാഞ്ഞു പോയി
ആണിയടിച്ചുകയറ്റുമ്പോൾ
ചുമരിൽ വിള്ളലുണ്ടാവുന്നതു്,
ആരുമറിയുന്നില്ല
വിള്ളലുകളിൽ നിന്നു്
ഇരുട്ടു് മാറി നിൽക്കുന്നതു്
2
രണ്ടു കീകൾക്കിടയിലെ സ്ഥലത്തു്
ആരും പാർക്കുന്നില്ല
അവിടെയാരും തൊടുന്നില്ല
അതിനാലവിടെ കുമിഞ്ഞുകൂടുന്നു
പൊടിയും വെളിച്ചവും
തുടയ്ക്കുമ്പോഴുമതു് നീങ്ങാതെ,
വിട്ടു പോവാതെ, കാറ്റിൽ
വിള്ളലുകൾക്കടിയിൽ പതുങ്ങുന്നു
കീബോർഡിൽ തൊടുന്ന മനുഷ്യന്റെ
വിരലറ്റങ്ങളിൽ നോക്കു്,
പൊടിയും
വെളിച്ചവും
അല്ലെന്നാലൽപ്പമിരുട്ടു്
3
മുറിവു്, ദേഹത്തു്
ഒരു ചെറിയ വിടവാണു്
രണ്ടു കെട്ടിടങ്ങൾക്കോ
നിർത്തിയിട്ട കാറുകൾക്കോ
ഇടയിലുള്ളതു്
ഇരുട്ടും
നേരവും
കാറ്റും വെട്ടവും
പറവകളും
പുഴുക്കളും
മനുഷ്യരും
മുറിവിനകത്തേക്കു് കയറിപ്പറ്റുന്നു
ഉണങ്ങുകയും കുതിരുകയും
ചെയ്യുന്ന ചെരിപ്പുകൾ
വാതിലിന്റെ വക്കിൽ കുറേക്കാലം താമസിച്ചു
പാരപ്പറ്റിൽ രാത്രിയുടെ മൂങ്ങകൾ
ചുമരിലെ വിള്ളലിൽ പായൽ
ദ്രവമായൊരു വാക്കു് കട്ടപിടിച്ചു്
കല്ലായിത്തീരുന്നതും
ആന്റിനയുടേയും ജനലിന്റേയും
കമ്പിയിൽ തുരുമ്പു വരുന്നതും
അകത്തു മരിച്ചു കിടക്കുന്നയാളിന്റെ
ശരീരത്തിലെ വെള്ളം
വളർത്തു പൂച്ചകൾ
നക്കിത്തോർത്തുന്നതും
ആരെയും അറിയിക്കുന്നില്ല
2
ദിവസങ്ങളോളം
ഒരു കടന്നൽ
ജനൽച്ചില്ലിൽ ഉടലുകൊണ്ടു്
തള്ളിക്കൊണ്ടിരുന്നു എന്നു കരുതാം
അതിന്റെ കൂടു് മറുവശത്തായിരിക്കും
എന്നാണോ അതിന്റെയർത്ഥം?
പുതിയ പാർപ്പു കാർ വന്ന ദിവസം
ജനാലക്കൊളുത്തു് പതിയെ നീങ്ങുന്നു
ഒരു പ്രാണി
അതിന്റെയിണയുടെ മെയ്യിൽ
പാഞ്ഞുവന്നിട്ടമർന്നു
3
മുഴുവനുമടയാത്ത അലമാരയുടെ ഒരു പൊളി,
മാസങ്ങളെയും കൊല്ലങ്ങളെയും
അതിനകത്തേക്കു്
വലിച്ചു് പതുക്കെ ഈമ്പുന്നു
തന്നെയുണ്ടാവുന്ന പൊടി
തന്നെയുണ്ടായ ഈർപ്പം
മരംകൊണ്ടുള്ള
അലമാരയുടെ വാതിൽ
ഇപ്പോൾ അതിന്റെ കാടിൻ
തുടയിടുക്കു മണക്കുന്നു
4
കോണിയുടേയും
ചിമ്മിനിയുടേയും
ആകൃതി മാറുന്നില്ല
ഒരാളും ഇറങ്ങിവരാതെ
കയറിപ്പോവാതെയിരുന്നിട്ടും
പുകയുടെ വയസ്സായ ഒരു നൂലിഴ
അതിനകത്തുണ്ടെന്നു മാത്രം
5
സീലിങ് ഫാനിന്റെ
ഓലയിൽ കുട്ടികളുടെ വിരലടയാളങ്ങൾ
കണ്ടു
പൊടിയുടെ കനം തൂത്തു
അവരുടെ മുഖമോ വിരലറ്റങ്ങളോ
ഓർമ കിട്ടാതെ
പൊട്ടുന്നനെ വലിയ ഒച്ചയിൽ
ചുറ്റിക്കറങ്ങാൻ തുടങ്ങി
6
ഉറക്കത്തിന്റെ പോളകൾ തുറന്നു്
മൂന്നു വയസ്സുകാരി ആദ്യത്തെ
വെയിലത്തേക്കു്
വിരലുകൾ നിവർത്തി നോക്കി
പഴയ വീടുകളിലും
പഴയ ചെടികളിലും പഴയ മനുഷ്യരിലും
കൊണ്ട അതേ സൂര്യൻ
കിടക്ക വിരിയുടെ ചോട്ടിൽ കട്ടിലും
അതിനു കീഴെ നിലവുമാണു്
നിലത്തിനു താഴെ മണ്ണു്
മണ്ണിനും പിന്നെയുമടിയിലടിയിലെന്താ?
“പുഴു”
അവൾ പുതപ്പുമൂടിച്ചുരുളുന്നു
ഈ കെറ്റിൽ
കഴിഞ്ഞ ജൻമത്തിൽ
രണ്ടു പൊളിയുള്ള
ഒരു മരവാതിലായിരുന്നു
വിയർപ്പും എണ്ണയും താളിയും വെള്ളവും
എപ്പോഴും വീണു കൊണ്ടിരുന്ന ഒരു
കുളിപ്പുരയുടെ വാതിൽ
ഇതിന്റെ കീഴ്ഭാഗത്തു തൊട്ടു നോക്കു്
ആ വാതിലിന്റെ കൊളുത്തു പോലെ
ഈ ജൻമത്തിലും തണുത്തിരിക്കുന്നു
ഈ വഴിക്കു് നടക്കുമ്പോൾ ഞാൻ
ഒരു കന്നുകുട്ടിയെ ഓർമിച്ചു
ഇതു് വഴിയല്ലാത്ത
വക്കിലീ വീടില്ലാത്ത
ഒരു പകൽനേരത്തെയും
മണ്ണിനു താഴത്തു്
അതിന്റെ മടക്കിക്കെട്ടിയ നാലുകാലുകൾ
കൂർപ്പിച്ച ചെവികൾ
രോമങ്ങൾ
മണം
കുഴി മൂടി മീതെയൊരു കല്ലുവെച്ചു
വീടിന്റെ ചായ്പിനുള്ളിൽ തൂമ്പ വെച്ചു
ആരുടേയും ദേഹത്തു്
ഇല്ല, ഇപ്പോൾ
ആ കല്ലിന്റെ കനം
ഒരു മീനിനെയമ്മ കടലാസിൽ വരച്ചു
മീനിനു ചുറ്റും കുട്ടി ഒരു വട്ടം വരച്ചു
ഇതു് കുളമാണു്
മീൻ നീന്തുന്നതു് നോക്കമ്മേ
മരത്തിന്റെ പള്ളയിൽ
വെയിലു വീഴുന്ന ചെരിവിൽ
തലകീഴെയാക്കി
ഒരു അണ്ണക്കൊട്ടൻ
അനങ്ങാതിരുന്നു
അതിപ്പോൾ ചിലയ്ക്കുന്നില്ല
കണ്ണു തുറക്കുന്നുമില്ല
ഈ വെളിച്ചം
അധികനേരം ജീവിച്ചിരിക്കില്ല എന്നു്
അതിന്നറിയാമെന്നു് തോന്നുന്നു
പതിനായിരം പറവകൾ
ഒരേ മരത്തിൽ വന്നിരുന്നു് ഒരുമിച്ചു്
കരയുന്ന ഒച്ചയുടെ കനം കൊണ്ടു്
ആ മരം തൂങ്ങിയുലഞ്ഞുകൊണ്ടിരുന്നു
കണ്ണുകൾക്കു മീതെ ചൂടുകാറ്റു
വന്നു് നിൽക്കുമ്പോൾ
പാർക്കിംഗ് ലോട്ടിലെ
കാറുകളും
മനുഷ്യരും
കാണാതായതു പോലെ,
ആ മരവും അദൃശ്യമായി
കരച്ചിലുകൾക്കിടയിൽ ശ്വാസം
കളയാനെടുക്കുന്ന അര സെക്കന്റു നേരത്തെ
നിശ്ശബ്ദത കൊണ്ടു്
പതിനായിരം പറവകൾ
ദൈവത്തെപ്പോലെ
വീണ്ടും വീണ്ടും നിർമ്മിച്ചുകൊണ്ടിരുന്നു
ആ മരത്തെ.
കിളികൾക്കുള്ള വെള്ളം
പിഞ്ഞാണത്തിലൊഴിച്ചു്
മുറ്റത്തു വെച്ചു, അവൾ
കുറുകുന്ന പൊത്തുകൾ
ഉടലിലെല്ലാ,
മവയ്ക്കകത്തെ മണം
പകലുറക്കത്തിനുള്ളിൽ വെച്ചു്
ഒരു കുന്നുഞ്ചെരിവിലൂടെ നടന്നുപോവുന്ന
മനുഷ്യരെയും
ചമ്മലകൾക്കിടയിൽച്ചികഞ്ഞൊളിക്കുന്ന
കാട്ടുകിളികളെയും കണ്ടു
എങ്ങുനിന്നെന്നറിയാതെ
അപ്പോൾ പൊടുന്നനെ
ഒരു കിളി,
യല്ലതിന്റെയുടൽ
ഊക്കോടെച്ചുഴറ്റിവന്നു്
ടെറസ്സിനുമുകളിൽ
വീണു പൊടിഞ്ഞു
ഞാൻ ആ കെട്ടിടത്തിന്റെ
പിന്നിലേക്കു് പോയി
കളിമൺമുറ്റം കണ്ടു
കുമ്മായം കൊണ്ടു് കളം വരഞ്ഞിരിക്കുന്നു
റാക്കറ്റിൽ വന്നിടിക്കുന്ന പന്തിന്റെ
മുഴക്കം കേട്ടു
വെളുത്ത ടൗവലിൽ
മുഖവും കഴുത്തുമൊപ്പുന്ന നദാലിനെക്കണ്ടു
പന്തു് നിലത്തുകിടന്നു
ഗാലറിയുടെ പിറകിലെ കെട്ടിടത്തിന്റെ
ഇടുങ്ങിയ വരാന്തയിൽ ഞാൻ
അച്ഛനെ കാത്തുനിന്നു
ആരവം പൊങ്ങിത്താണു
പന്തിന്റെ ചിറകൊച്ച
അച്ഛൻ, വലിച്ചുകൊണ്ടിരുന്ന
ബീഡി തറയിലിട്ടു് കാലുകൊണ്ടു് കെടുത്തി
എന്നെ കണ്ടില്ലെന്നു തോന്നി
കോണിപ്പടികൾ കേറിപ്പോയി
ഞാനുണർന്നു് വെളിച്ചത്തിൽ വന്നുനിന്നു
റൊളാങ് ഗാരോ എന്ന വാക്കു്
മുറ്റത്തു് മുഴങ്ങുന്നുവെന്നു് തോന്നി
വീടുകൾക്കു പിന്നിൽ
കുന്നിൻ ചെരിവിൽ
മുള്ളുകൾക്കിടയിൽ
നെൽച്ചെടികൾക്കിടയിൽ
ചെന്നുനിന്നു
അരിവാൾത്തല തൊട്ടുനോക്കി
കുനിഞ്ഞു് ഇടവലം ചെരിഞ്ഞു്
കൊയ്തു കറ്റകെട്ടി
കാട്ടുമരങ്ങളുടെയിരുളിൽ
രാത്രിയുടെ കുഞ്ഞുങ്ങളൊച്ചവെക്കുന്നു
മുരൾച്ചകൾ മണക്കുന്നു
കാൽത്തണ്ടയിലെ പോറലുകളിൽ
വാക്കുകൾ നീറുമ്പോലെത്തോന്നി
താഴേക്കിറങ്ങി
എറേത്തു് വെച്ചിരുന്ന ചെമ്പു്
ഇപ്പോഴെടുത്തു മാറ്റി
കുഞ്ഞെറുമ്പുകൾ
നീങ്ങിനിന്ന പുളിങ്കുരു
തടഞ്ഞ മുടിനാരു്
രണ്ടുനാൾകൊണ്ടു വളർന്ന
പൂപ്പലിന്റെ വെളുത്ത പാട, നിലത്തു്
തണുപ്പു കൊണ്ടുള്ള വലയത്തിനുള്ളിൽ
രണ്ടുനാൾ മുമ്പത്തെ മഴവെള്ളം
വറ്റിക്കഴിഞ്ഞു
അതിന്റെ മണം,
കഴിഞ്ഞില്ല,
മരിച്ചവർ കുറച്ചുനേരം കൂടി
സ്വന്തമുടലിനരികിൽ കാത്തുനിൽക്കുന്നു
കുന്നിന്റെ ചെരിവിൽ
മനുഷ്യർക്കെത്താനാവാത്ത ഒരിടത്തു്
ഒറ്റക്കു് പാറപൊട്ടിയ്ക്കുന്ന
പൽച്ചക്രവും മഞ്ഞനിറവും ഉള്ള
ഒരു എഞ്ചിൻ
അതിനെ മെരുക്കുന്ന ഒരാൾ
പക്ഷികളുടേതല്ല
കല്ലിൽ ഇരുമ്പു വന്നു തറയ്ക്കുന്നതിന്റെ
വിറങ്ങലിച്ച ഒച്ചകൾ
താഴേക്കു് വീഴാതെ തൂങ്ങിനിൽക്കുന്നു
ജനിച്ചു് ഏഴെട്ടു മാസമെത്തിയപ്പോൾ ഞാൻ നല്ല കീരിപ്പല്ലുകൾ മുളച്ചുവരാനായി കരഞ്ഞു.
തൊണ്ണുകാട്ടിച്ചിരിക്കാൻ എനിക്കിഷ്ടമില്ലായിരുന്നു.
ഒരു നാൾ ഞാൻ കിടക്കുന്ന മുറിയുടെ ജനാലപ്പടിയിൽനിന്നൊരു ചിലപ്പു കേട്ടു.
ഒരണ്ണക്കൊട്ടൻ. അതു് അടുത്തു വന്നു. കവിളിൽ തൊട്ടു. എന്തു മിനുസമെന്നു് പറഞ്ഞു.
അതിന്റെ വായ് തുറന്നു് മുൻവരിയിലെ രണ്ടു പല്ലുകൾ പൊഴിച്ചു്
എന്റെ തൊണ്ണിൽ ചേർത്തുവച്ചുതന്നു.
ആ പല്ലുകൾ തണുക്കുന്നുണ്ടായിരുന്നു.
അവ കൂർത്തതും കനമില്ലാത്തവയുമായിരുന്നു.
അണ്ണക്കൊട്ടൻ ജനലഴികളിലൂടെ മറഞ്ഞു പോയി.
അപ്പയും അമ്മയും വല്യപ്പൂപ്പനും അമ്മൂമ്മയും മുതുമുത്തശ്ശിമാരും
അവരവരുടെ ആയുഷ്കാലങ്ങളിൽ രണ്ടു് ചെറിയ കീരിപ്പല്ലുകൾ മുളയ്ക്കാനായി പ്രാർത്ഥിച്ചിരുന്നതും പഴയപഴയ ഒരണ്ണക്കൊട്ടൻ
ഏതൊക്കെയോ ജനലഴികൾക്കിടയിൽ പ്രത്യക്ഷപ്പെട്ടതും ഞാൻ ഓർമിച്ചു. നാവിനാൽ ഈ മുൻപല്ലുകളിലുഴിയുമ്പോൾ ഒരു വൃക്ഷത്തിന്റെ തൊലിയിൽ പടർന്നുനിന്ന ചിതൽപ്പുറ്റുകളിലൂടെ എന്റെ ചുണ്ടും നാവും നീങ്ങുന്നതായിത്തോന്നുന്നു.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.