1
മരണം കഴിഞ്ഞും പോവാതിരിക്കുന്നു
ദേഹത്തു
ചുണ്ടുകൾ
മരത്തിന്റെ വിരലുകൾ
2
ഉടലിനകത്തു് മടങ്ങിയൊതുങ്ങിയിരിക്കുന്ന
എല്ലുകളിൻമേൽ ചുരുക്കിയെഴുതി
മൃഗങ്ങളുടെയും
ചുഴലിക്കാറ്റുകളുടെയും ഉരഗങ്ങളുടെയും
പേരുകൾ
3
വിദൂരവൃക്ഷങ്ങളിൽനിന്നു്
രാത്രിയുടെ പൊടി കൊണ്ടുവന്നു
എല്ലാ മുറിവുകളിലും കുടഞ്ഞിട്ടു്
ഊതിയൂതിയുണക്കി
4
ഗ്രഹങ്ങൾ
നീങ്ങുന്ന
പാതകൾ
പ്രകാശവലയങ്ങൾ തീക്കല്ലുകൾ
കാണാപ്രാണികൾ വാൽനക്ഷത്രങ്ങൾ
എല്ലാം ചിറകിലുണ്ടു്
രാത്രികൾക്കു
മീതെവന്നനങ്ങാതിരുന്നു
5
ഓരോ മരത്തിന്റെയും
ശ്വാസത്തിനുള്ളിലൂടെ പറന്നുപോവുന്നു
കിളികൾ
അവയുടെ യാത്രാവിവരണങ്ങൾ
6
മുറിവിനുള്ളിൽ
പറവയുടെ
നിഴൽ
ഉണ്ടു്
ഉണങ്ങിയ
കലയിൽ
കാൽനഖങ്ങൾ
7
മരങ്ങൾക്കും വെള്ളത്തിനും തകരഷീറ്റിനും
തടിപ്പലകയ്ക്കും കല്ലിനുമുള്ളിലൂടെക്കടന്നു്
കാതിൽക്കൽ വന്നുനിന്നു
ഏറ്റവും മൂർച്ചയുള്ള വസ്തുവാണു്
കിളിയുടെ കരച്ചിൽ
8
ആ മരം വിട്ടുയർന്നു പറന്ന പക്ഷി
വെവ്വേറെ രണ്ടുമരങ്ങളിൽ ചേക്കേറുന്നു
പാതിയുടൽ പാതിയുടലിനെ
നോക്കിനിൽക്കുമ്പോലെ
കണ്ടുനിൽക്കുന്നു
9
സന്ധ്യകളിൽ ഞാൻ കണ്ണാടിനോക്കും
അല്പമിരുളിൽ അല്പം വെളിച്ചത്തിൽ
മരമോ കല്ലോ
മൃഗമോ പറവയോ
എന്നു നോക്കും
10
വിരലുകൾ എല്ലാം മറന്നുപോയിരുന്നു
ആ വലിയ മരത്തിൻമേലുള്ള പരുന്തിന്റെ
നിറം
ഉറങ്ങുന്ന
വെള്ളക്കെട്ടിന്റെ
ആഴം
വിരലുകൾ എല്ലാത്തിലും
തൊട്ടു നോക്കാൻ തുടങ്ങി
വെളിച്ചത്തിന്റെ വേദനിക്കുന്ന
തൊലികളിലും
നിഴലുകളിലും
11
സന്ധ്യകൾ രാത്രികൾക്കു
പകരുന്നതെന്താണു്?
ഒഴിഞ്ഞ മരപ്പൊത്തുകളിലെ നിശ്ശബ്ദതയോ
നനഞ്ഞ വരമ്പുകളുടെ ശ്വാസമോ?
ചിറകുകൾ ഒന്നൊതുക്കിവെച്ചു
കാലടികളിൽ തൊട്ടു
ഒഴുകിയൊഴുകിയുണങ്ങി
കട്ട പിടിച്ചിരിക്കുന്നു, മുറിവു്
ഏഴു കിളികളുടെ ഒരു കൂട്ടം
കള്ളിപ്പാലയുടെ മണം
മാളങ്ങളുടെയും കുറ്റിക്കാടുകളുടെയും
കാത്തിരിപ്പു്
എല്ലാം കലങ്ങിപ്പരന്നു്
കാണാതാവുന്ന സന്ധ്യയിൽ
വാക്കുകൾ ഭൂമിക്കു പകരുന്നതെന്താണു്?
12
ചത്ത പൂമ്പാറ്റയെ മലർത്തിവെച്ചു
പെട്ടെന്നു് പകൽ അവസാനിച്ചു
ആച്ചെരുവിലെ ഇരുട്ടെല്ലാം
ഈച്ചെരുവിൽ പരന്നു
നിറം തേച്ച പുള്ളിക്കുത്തുകൾ
ഭൂമിയുടെ മറുപാതിയിലേക്കു പോയി
ഞാൻ എങ്ങും പോയില്ല
അതിന്റെ അനക്കമറ്റ ആറു കാലുകളിലും
മുറുക്കെപ്പിടിച്ചുനിന്നു
13
കുറേക്കാലം കാറ്റിൽ നോക്കിനിന്നു
ഇലകളുടെ നിറം അതിൽക്കലർന്നു്
താഴേയ്ക്കുവീഴുന്നതുകണ്ടു
ആ ഇലകൾ ഒരു നോട്ടുബുക്കിൽ ഒട്ടിച്ചുവച്ചു
കുറേക്കാലം മരങ്ങളിൽ നോക്കിനിന്നു
തീ പിടിക്കുന്നതും കുതിർന്നുപോവുന്നതും
പിന്നെയും കുറേക്കാലം കഴിഞ്ഞു്
നോട്ടുബുക്കിൽ പൂപ്പലിന്റെ പടർപ്പു
വളർന്നതു കണ്ടു
കാടിന്നു നേർക്കു് പതിയെ
നീങ്ങുന്ന കാറ്റിന്റെ
ഭാരമുള്ള കാൽപ്പാടുകൾ കണ്ടു
14
എത്ര കാലങ്ങൾ കൊണ്ടു്
മരങ്ങൾ കല്ലുകളായിത്തീരുന്നു
എത്ര കാലങ്ങൾ
കല്ലുകൾ
വൃക്ഷങ്ങൾ
15
ആ പനയുടെ ചുറ്റിലും
ഇപ്പോഴും രാത്രിയായിട്ടില്ല
ആ പൊത്തിൽക്കഴിയുന്ന പക്ഷി
ഇനിയും മടങ്ങി വന്നിട്ടില്ല
16
കാളന്തട്ടയുടെ ചുവട്ടിൽ
ചമ്മലകൾക്കിടയിൽനിന്നു്
കറുത്ത തോടുള്ള
ചന്ദ്രക്കലകൾ പെറുക്കി
എപ്പോഴാണു് വേനൽക്കാലം
കഴിഞ്ഞുപോയതു്?
എപ്പോഴാണു് രാത്രികൾ
കഴിഞ്ഞുപോയതു്?
17
പാടത്തിന്റെ വക്കിൽ
കൂട്ടം വിട്ടു ചേക്കേറിയ
ഒരു ദേശാടനക്കിളി
പാർപ്പുണ്ടു്
കാറ്റുകാലം കഴിഞ്ഞപ്പോളൊരുനാൾ
അതു് നാലുദിക്കിലേക്കും
തിരികെപ്പറന്നുപോയി
ഭൂമിയുടെ നാലതിരിലും
അതിന്റെ നാടുണ്ടു്
18
കടൽക്കാക്കകൾ രണ്ടു
കാലത്തിലും പറക്കുന്നു
കൂടുകളെപ്പറ്റിയുള്ള ഈ കവിതയിലും
ഇരുണ്ട കടലുകളെക്കുറിച്ചുള്ള
നമ്മുടെ സംഭാഷണത്തിലും
19
ഒരു ചെറിയ നോട്ടുപുസ്തകത്തിലൊട്ടിച്ചു;
പ്രാണിയടർന്ന ചിറകു്
പച്ചവാർന്നിലകൾ
വേർപെട്ട തോടുകൾ
പതിനായിരം വരികളുണ്ടാക്കി
20
ചെറിയ കടലാസ്
രണ്ടു തവണ മടക്കി
നാലിലൊന്നു ചതുരമാക്കി
തോടിന്നപ്പുറത്തെക്കാടു്
അതുപോലെ മടങ്ങുന്നില്ല
21
കത്തുന്ന സൂര്യനെച്ചുറ്റിയാണു്
ദിക്കു തെറ്റാതെ
നേരം പിഴയ്ക്കാതെ
ചെമ്പരത്തി ഈയിരുണ്ട
വേലിപ്പടർപ്പിലെത്തുന്നു
22
കാടിന്നകത്തെ പാറയിടുക്കുകളിൽ നിന്നു്
അവ,
മീനുകൾ
ദേശാടകർ
മടങ്ങി വരികയില്ല,
കടലിനു് അതിന്റെ നീലനിറം
ഇനി തിരികെക്കിട്ടുകയില്ല
23
മടക്കുകൾ നിവർത്തുന്നില്ല
ഓരോ അടരിലൂടെയും കടന്നു്
താഴെത്തറയിലെത്തി
ത്തണുക്കുന്ന
ചോര മാത്രം, ആ ശീലയിൽ
കരച്ചിൽ കേൾക്കുന്നു
24
വെള്ളത്തിനു് ഭാരം കുറവാണു്
പാറ്റയുടെ നിറമില്ലാത്ത
ചിറകുകൾ മരണം
കഴിഞ്ഞ അതിന്റെ മെയ്യിനേക്കാൾ
താഴ്‌ന്നിരിക്കുന്നു
അടിത്തട്ടിൽ
25
തുരുമ്പിച്ച ജനലുകൾ തുറന്നു
കിളികളുടെ ഉണങ്ങിയ മണം വന്നു
അത്രയും കാലം കഴിഞ്ഞു്
ഒഴിഞ്ഞ പെയിന്റു ടിന്നുകൾ
തുറക്കാൻ പ്രയാസമാണു്
26
ആദ്യത്തെ വാക്യം ഒരു
പക്ഷിയെപ്പറ്റിയാണു്, തീർച്ച.
അതുകഴിഞ്ഞുള്ളതൊന്നും
എനിക്കെഴുതാനായില്ല.
എന്തായിരുന്നെന്നു് ഓർമ്മിക്കാനോ
എത്ര ദീർഘമായതെന്നു്
പറയാനോ കഴിഞ്ഞില്ല.
അവസാന വാക്യത്തിനു തൊട്ടു മുൻപു്
ഇങ്ങനെയെഴുതി;
‘കത്തുന്ന വീടിന്റെ ഇറയിൽ,
ഒരു കിളിക്കൂടുണ്ടു്’
ഒടുവിലത്തെ വാക്യം ഹ്രസ്വമായിരുന്നു;
‘അതു്, ഓരോ മരണങ്ങൾക്കു ശേഷവും ഈ
ശിഖരത്തിലേക്കുതന്നെ വന്നുപാർത്തു’
ഈ ജൻമത്തിലും ആ വാക്യം, അതെനിക്കു്
തെറ്റാതെ എഴുതാനാവും.
27
കണ്ണാടികൾ
(കവിയും ചിത്രകാരനുമായ ജോർജ്ജിനു്)
സന്ധ്യയിൽ എല്ലാ കണ്ണാടികളും
ഉടഞ്ഞുപോവുന്നു
നിറമില്ലാത്ത ഒരു പാറ്റയുടെ
ഇടത്തേച്ചിറകു്
വെള്ളത്തിൽക്കഴുകുന്നു അതിലെച്ചോരയും
രാത്രികളുടെ മണം തിരികെക്കിട്ടുന്നു
സന്ധ്യയിൽ എല്ലാ കൂടുകളും
എന്റെയുടലിനുള്ളിലേയ്ക്കു്
കയറിനിൽക്കുന്നു
ചേക്കേറുന്ന കിളിക്കൂട്ടങ്ങളും
സന്ധ്യയിൽ മറ്റൊന്നുമുണ്ടായിരുന്നില്ല
മുറിവുകളിൽ വന്നുവീഴുന്ന
കാറ്റുകൾ
ഇരുളിൽക്കുതിർന്ന തുണി കൊണ്ടു് ഈ
കണ്ണാടിയിലെപ്പുക തുടയ്ക്കുന്നു
എന്നെക്കഴുകുന്നു
ഇലകളിലും ശിഖരങ്ങളിലും പറ്റിപ്പിടിച്ച
ചോര മുഴുവനും കഴുകുന്നു
28
മഴക്കാലമൂർന്നിറങ്ങുന്ന
മരങ്ങളിൽ പറ്റിച്ചേർന്നുനിന്നു
ഈ മുറിവുകൾ ഒരിക്കലുമാറുന്നില്ല
കരിഞ്ഞുണങ്ങുന്നില്ല
കണ്ണുകളുടെയും വെള്ളത്തിന്റെയും
ജനാലകൾ
തമ്മിൽത്തമ്മിൽ മാറിപ്പോയിരിക്കുന്നു
29
എല്ലാ മരങ്ങളിലും കാത്തു നിൽക്കുകയാണു്
സൂര്യഗ്രഹണത്തിന്റെ ഇരുണ്ട വലയങ്ങൾ
ഇലകൾക്കു് എത്ര കാലം ഇലകൾ
മാത്രമായിരിക്കാനാവും?
അവ നിഴലാവുന്നു
മേഘമാവുന്നു
ഗ്രഹണസൂര്യന്റെ വലയമാവുന്നു
എല്ലാ ചെരിവുകളിലും കാത്തുനിൽക്കുന്നു
പതുക്കെപ്പൊഴിയുന്നു
30
മടങ്ങിവരാത്ത ഒരു ശലഭം
ഈ മുറിക്കുള്ളിൽ നിർത്താതെ
ചിറകടിച്ചു പറക്കുന്നു
31
ഏറ്റവും ഉറപ്പുള്ള പദാർത്ഥം
കൊണ്ടാണു് ഉണ്ടാക്കിയിരിക്കുന്നതു്,
ഈ ചിറകുകൾ, പൂമ്പാറ്റയുടെ ഇരുവശത്തും
ഇലകൾക്കുമിലകൾക്കുമിടയിൽ,
ഈ നൂലിഴകൾ,
ചിലന്തിയുടെ നൃത്തം
മരങ്ങളിലും വീടുകളിലും തുളകൾ വീഴ്ത്തുന്നൂ,
ഈ ചീവീടുകളുടെ സ്വരം
32
കുന്നിന്റെ ചെരിവിൽ വലിയ മരങ്ങൾക്കിടയിലൂടെ അവർ നീങ്ങുന്നതു കണ്ടു. അവർക്കു് ചിറകുകളുണ്ടു്. കൈയിൽ ഇലകൾ തുന്നിയ കൂടകളുണ്ടു്. അവർ അപ്പുറം മാഞ്ഞുപോയി. ഞാനെല്ലായിടത്തും കാട്ടുതെച്ചിപ്പഴങ്ങളുടെ ചുകപ്പു കണ്ടു. കാടിന്റെ നിഴൽ പറ്റിയ പകൽ. പുല്ലിൽ കാൽപ്പാടുകൾ.
33
പാലയുടെ വെളുത്ത പൂക്കളിലേയ്ക്കും
കാട്ടുതെച്ചിയുടെ ചുവപ്പിലേയ്ക്കും
എന്റെ ദിനരാത്രങ്ങൾ ഒഴുകിപ്പോയി.
ഇരുനിറമായ ഒരു കല്ലു്,
അല്ലെങ്കിലില, ഞാൻ
34
പതുക്കെപ്പൊടിയുകയാണു്
കാറ്റിൽക്കലർന്നുലകംചുറ്റുന്നു
എന്റെ നിറങ്ങൾ
35
പൊള്ളുന്ന പകലിലെല്ലാം
അടിക്കാടുകൾക്കുള്ളിൽ
മാളങ്ങൾ കാത്തുനിൽക്കുന്നു
ഇരുട്ടാവുന്നില്ല
കാത്തുനിൽക്കുന്നു
36
തെച്ചിപ്പഴങ്ങളിൽ ഇപ്പോഴും
പ്രാണികളുടെ ചുണ്ടു്
വിട്ടുപോവാതെ
അവ ചുറ്റിപ്പറന്ന ദൂരവും ദിക്കും
37
മരണങ്ങളുടെയെല്ലാം അടിത്തട്ടിൽ
ഒരൽപ്പം രാത്രിയുണ്ടു്
മൂങ്ങകൾ ഓർമ്മിയ്ക്കുന്ന
ശിഖരങ്ങൾ
38
പൊഴിഞ്ഞുപോയ നഖങ്ങൾ നിലത്തു കണ്ടു
നഖത്തിനടിയിൽ
കാട്ടുപഴങ്ങളുടെ ചോരയും
39
വിദൂരമായതെല്ലാം നീലനിറത്തിൽ,
എഴുതാവാക്കുകൾ, കിഴക്കൻമലമുടികൾ,
മരിച്ചവർ, മരങ്ങളുടെ ഉറക്കമൊഴിപ്പു്
40
മരത്തിന്റെ പോടിൽ നിറഞ്ഞ വെള്ളത്തിൽ
മുഖം കഴുകി മടങ്ങുന്നു
അന്യഗ്രഹങ്ങളുടെ നിഴൽ
41
തീയണഞ്ഞു.
പൂവുകൾ തണുത്തു.
കനലുകൾ അവയ്ക്കുള്ളിൽ ഒതുങ്ങിക്കിടന്നു
42
പൂപ്പലുകൾ വളർത്തുന്ന മൗനം
എല്ലാത്തിലും പടർന്നു
പിന്നെയും വളർന്നൂ
വീടും വഴികളും മൂടിവെച്ചു
43
എല്ലാ ശബ്ദങ്ങളും കൂടുകളിലേയ്ക്കു് തിരിച്ചു പോയിരുന്നു. കൂടുകൾ കിളിമുട്ടയ്ക്കുള്ളിലേയ്ക്കു് മറഞ്ഞു. ഇരുട്ടിൽ ആ കുഞ്ഞുമുട്ടകൾ തിളങ്ങുന്നു
44
അറകളുടെ മൂടി മെല്ലെ നിരക്കി നീക്കുന്നു.
കാറ്റുകൾ, പേമാരിയെല്ലാം പുറത്തിറങ്ങുന്നു, പടർക്കുന്നു, തളരുമ്പോൾ ചെന്നൊളിക്കുന്നു, മൂടി വലിച്ചടയ്ക്കുന്നു, എല്ലാം ഈച്ചെരിവിന്റെ ഇരുൾപ്പൊന്തകൾക്കുള്ളിൽ, പാറകൾക്കിടയിൽ
45
ആരുടേതാണീച്ചെവികൾ,
മുറിഞ്ഞഴുകുന്ന കൊമ്പിൽ?
ആരുടേതായിരുന്നൊച്ചകൾ,
മുറിഞ്ഞഴുകുന്ന കാതുകളിൽ?
46
ഈ ചതുപ്പിൽ അടങ്ങിക്കിടക്കാതെ
ഇലപ്പടർപ്പിലൂടെപ്പറന്നു
മായുന്നു മേഘങ്ങൾ
മേഘങ്ങൾ
47
മരംകൊത്തിയുടെ ചുണ്ടിൽനിന്നു വേർപെട്ടു്
മണ്ണിൽ വീഴുന്നു
തീർന്നിട്ടില്ലാത്ത രാത്രിയുടെ തരികൾ
ചീവീടിൻ ചിറകുകൾ
48
പൊഴിയുന്നു
പൊഴിയുന്നു
തീരുന്നേയില്ല, ഈ മരത്തിന്നിലകൾ
49
എല്ലാവരുടെയും ഓർമ
ഇവിടെ സൂക്ഷിച്ചു വെക്കാനാവില്ല
തീരെച്ചെറുതാണു് ഈ പൊത്തു്
ഭൂമിയിലെ മുഴുവൻ പക്ഷികളും
പാർക്കുന്നതിനാൽ
50
ആ വലിയ മരത്തിനെ വലംവയ്ക്കുന്നു,
ഒരു നൃത്തം
ഉരുവിടുന്ന വാക്കു്
എന്റെ ചുറ്റിലും നിൽക്കാതെ,
നിലത്തിറങ്ങാതെ, തൊടാതെ
പരുന്തിന്റെ ചിറകുപോലെ
51
പുഴുവരിക്കുന്ന വഴി തമ്മിൽപ്പിണഞ്ഞു്
എന്റെ മുടിനാരുകൾ പോലെ
അഴിക്കാൻ വയ്യാതെ ഇലകളിൽ,
മരങ്ങളിൽ, കല്ലുകളിൽ, മഴക്കാറ്റുകളിൽ
ഇഴയുന്നു
52
പെരുങ്കാറ്റിൽ കൊമ്പുകൾ ഒടിഞ്ഞുവീണു
കഴിഞ്ഞ നൂറ്റാണ്ടിലേതുപോലെത്തന്നെ
ഒട്ടും ശബ്ദമുണ്ടാക്കാതെ
അതേ വേദനയോടെ
53
ഈ ദിക്കിൽ വേഗം രാത്രിയാവുന്നു
കല്ലുകളലിഞ്ഞു് വെള്ളമാവുന്നു
വെള്ളത്തിൽ എന്റെ ഉറക്കം ആഴ്‌ന്നുകിടക്കുന്നു
54
ചില വാക്കുകൾ ഓർമ്മവന്നതുപോലെ
ഈ കാറ്റിന്റെ മടകൾ
അവയ്ക്കുള്ളിലെ ജന്തുക്കൾ
പെട്ടെന്നു് നിശ്ശബ്ദരായി
55
എല്ലാ ശബ്ദങ്ങളും തമ്മിൽക്കലരുന്നു
പാതിരയിൽ ഓരോന്നും പതിയെ വേർപെട്ടു്
ഒളിവിടങ്ങളിലേക്കു് പോയി
മൂളലിൽനിന്നു് ഇലകളിൽ വീഴുന്ന മഞ്ഞു്
ഇലകളിൽനിന്നു് വിലാപങ്ങൾ
വിലാപങ്ങളിൽനിന്നു് പാറ്റച്ചിറകുകൾ
56
പഴങ്ങൾ ഉണങ്ങുമ്പോൾ
അവയ്ക്കൊപ്പം ഇരുണ്ട നിറമാവുന്നു
ഇവിടത്തെ സർപ്പങ്ങൾ, അവയുടെ
വിഷം പോലെ നിദ്രയില്ലാത്ത മധുരങ്ങൾ
57
ഓരോ ഇലയുടെയും ഉൾവശത്തു്
ഓരോ കലകൾ കണ്ടു
പതിനാലാമത്തെ ഇലയിൽ
പൂർണ്ണചന്ദ്രനും
ഉയരുന്ന കടലും
58
കൊടുവേനലിന്റെ നടുക്കു്
പൊള്ളുന്ന കരിങ്കല്ലിൽ
ചുണ്ടുമുട്ടിച്ചു
അതു ചുരന്നു
59
മുൾച്ചെടിപ്പടർപ്പിൽനിന്നു്
പ്രയാസത്തോടെ വേർപെടുത്തി
വിരലുകളിൽ ഓർമ്മ പൊടിഞ്ഞു
60
ഈ ജനൽ കൂടി അടയ്ക്കൂ
എത്ര കാലമാണു് ഉള്ളിലേക്കുതന്നെ
നോക്കിയിരിക്കുക
61
ആരു വേർപെടുത്തീ
പുഴുവിൽനിന്നു നിറം?
ഈ മഴവെള്ളത്തിലി,ല്ലതിന്റെ
ഉടലിൻ വെളുപ്പല്ലാതൊന്നും
62
മരത്തിന്റെ പള്ളയിൽ
അമർത്തിയ കാതിനുള്ളിൽ
ചെറിയ വേദനയോടെ വന്നുവീണു,
ഈ വാക്കു്
പഞ്ഞിക്കൂടിന്റെ ചുമരുകളിൽ
നിന്റെ ചിറകുകൾ തള്ളുന്നു
63
കമിഴ്‌ന്ന ഇലകൾ ഓരോന്നും എടുത്തു
നിവർത്തി നോക്കി.
ഓരോന്നിനുമടിയിൽ വളരുന്ന ചിപ്പികൾ.
ഓരോ തോടുമടർത്തി.
ഉള്ളിൽ ഓരോന്നിലും തെഴുക്കുന്ന
നെന്മണി. ഉമിയടർത്തി.
പൊട്ടിപ്പുറത്തു് പടർന്നൂ,
പടിഞ്ഞാറൻ കാറ്റുകൾ.
64
വെളുത്ത പൂക്കളിൽനിന്നാണു് രാത്രിക്കു് അതിന്റെ ഗാഢമായ തൊലിനിറം കിട്ടുന്നതു്. പക്ഷേ, എങ്ങുനിന്നു്, ഈ ഗന്ധങ്ങൾ അടിഞ്ഞുകൂടുന്നതു്?
65
വെള്ളം ഉയർന്നുയർന്നു് കാടുകൾ മൂടുന്നു,
ഈ മാളങ്ങളിൽനിന്നു്
എനിക്കിനി പുറത്തുകടക്കാനാവില്ല
66
പകൽനേരത്തെക്കാറ്റ് പകലിനെ മുഴുവനായും തുടച്ചു കൊണ്ടുപോയി. ഈയിരുളിൽ സന്ധ്യയാവുന്നതു കാത്തു് എത്രകാലമിരിക്കാനാവും?
67
ഈ മരങ്ങളിൽ പാർക്കുന്ന
ഒച്ചിനു് കാതുകളില്ല.
എല്ലാ ശബ്ദങ്ങളുമതിന്റെ
തോടിനുള്ളിൽ വന്നടിയുന്നു.
കടലിൽനിന്നുള്ള കാറ്റു്,
ചന്ദ്രന്റെ ക്ഷീണിതമായ നടത്തം,
ഭൂമിയിലേക്കു് കുത്തനെയിറങ്ങുന്ന
ഇടവത്തിന്നൊഴുക്കു്.
ഇവിടെയെത്തുമ്പോഴേക്കും അതെന്റെ
ശ്വാസം കേൾക്കുന്നു.
പതുക്കെ തലയുയർത്തിനോക്കുന്നു.
68
കടൽച്ചിപ്പി, വിട്ടുപോന്ന വരയൻ തോടു് ഓർമ്മിക്കുന്നുണ്ടോ? ഈ ഗുഹാമുഖങ്ങളിലെ വേദനയുടെ ഇരുളിനെ ഞാനോർമ്മിക്കുന്നതു പോലെ?
69
ആ ചുവന്ന ഗ്രഹം ഇതുവഴി
കടന്നുപോകുമ്പോഴൊക്കെയും
ഈച്ചില്ലകളിൽ ചെറിയ മിന്നലുണ്ടായി.
താഴെയീക്കുളത്തിന്റെ മേൽപ്പരപ്പിൽപ്പോലും
ചെറിയ ഒരു വലയം
70
ആ കുന്നിഞ്ചെരിവിൽ, രാത്രിയിൽ, പകലിൽ
കിളികൾ കരയുന്നതുകേട്ടു
കിളികളല്ല കരയുന്നതു്
തിരിച്ചെത്താത്ത ചില്ലകളും
തിരിച്ചെത്താത്ത കൂടുകളുമാണു്
71
വെളിച്ചം കടക്കാത്ത ഗുഹയിൽ
ഒരു കൽത്തോണിയിൽ
ഇളകാത്ത കടൽവെള്ളം
ഒരാമ
ഒരു മത്സ്യം
വെള്ളത്തിൽ തൊടുമ്പോൾ
എല്ലാം ഓർമ്മയിൽ വന്നു
വീണ്ടുംവീണ്ടും പിറന്നു, കരഞ്ഞു
72
കോണിച്ചുവട്ടിൽ നിറഞ്ഞു വെള്ളം
തീരാത്ത ദാഹം കൊണ്ടു്
ഓരോ പടിയും കയറിക്കയറി
കടലിൽക്കലർന്നു
73
കനമുള്ള കല്ലിനടിയിൽ
അനങ്ങാതെയമർന്ന ശലഭത്തെ
നോക്കിനിൽക്കാൻ വയ്യ
അതു് മരിക്കുന്നില്ല
ഒരു വാക്കുമുച്ചരിക്കുന്നില്ല
ചോരയിൽനിന്നു പിടഞ്ഞു്
എഴുന്നേറ്റ് വിരലിൽ വന്നിരുന്നു
നൂറ്റാണ്ടുകൾ കഴിഞ്ഞുപോയതിന്റെ
മറവിയിൽ
എന്നെപ്പഠിക്കാൻ തുടങ്ങി
74
കാറ്റിൽനിന്നു ഗ്രാമങ്ങൾ
വേർപെട്ടു പോവുന്നു
മരത്തലപ്പുകളിൽ വന്നിടിച്ചു തകരുന്നു
ഇരുണ്ട ഗോളങ്ങൾ, പക്ഷിച്ചിറകുകൾ
ഒഴുക്കിൽനിന്നു വഴുതുന്നു മുറിവുകൾ
75
എത്ര ശ്രമിച്ചാലും നീ വായ് തുറക്കില്ല
നിനക്കു് ചിരി വരുന്നുണ്ടോ?
കടിച്ചു പിടിച്ച ചുണ്ടിനിടയിലൂടെ
പുറത്തേക്കു് തറഞ്ഞുവരുന്ന സൂര്യനെ
എനിക്കു കാണാമിപ്പോൾ
76
എനിക്കു് കല്ലിന്റെ രൂപമാണു്
ഞാൻ ഒഴുകുന്നു
എനിക്കു് വെള്ളത്തിന്റെ ആകൃതി
ഞാനിവിടെ ഉറഞ്ഞുപോയിരിക്കുന്നു
77
പുഴുവാണു്
അതിന്റെ നിറമില്ലാച്ചിറകാണു്
അഴുകിത്താഴെവീഴുന്നതാണു് ഞാൻ
ഒരിലയുടെ നേരം
78
ഓരോയിലയിലും തിരയുന്നു
ഇന്നുണർന്നെഴുന്നേറ്റ കൂടു്
കാണാൻ വയ്യാ, വെളിച്ചത്തിൽ
അടർന്നു പോയിരിക്കുമോ, ഞാൻ?
79
മനുഷ്യർ കാണാത്ത ഒരു സർപ്പത്തിന്റെ
നിഗൂഢമായ ശ്വാസം
ഇതിലൂടെയിഴഞ്ഞു പോയിരിക്കുന്നു.
നീലനിറം എല്ലാത്തിനെയും തൊട്ടു്
ഉടലുകളിൽ കലർന്നു
80
അതിന്റെ ഓർമ്മ
ഇരു ദിക്കിലേയ്ക്കും വേർപെട്ടു്
നീങ്ങിനിൽക്കുന്നു
ചുവന്ന കുമിളുകൾക്കും
ചുവന്ന സൂര്യനുമിടയിൽ
ഈ മരങ്ങൾക്കു് പ്രായമാവുന്നു
81
തീ പടരുന്നതിന്റെയും
പലകയിലിടിക്കുന്നതിന്റെയും ഒച്ച
പാടത്തിന്റെ വക്കിൽ നിൽക്കുമ്പോൾ
ഏതോ ജൻമത്തിന്റെ നിഴൽ
ദേഹത്തു് ഉണങ്ങിയ കലകൾ
82
കലരുന്നു
വേർതിരിയുന്നു
കലരുന്നു
പക്ഷിക്കൂട്ടങ്ങളും
ഗ്രഹണകാലങ്ങളും
83
ഭാരം കുറഞ്ഞതുകൊണ്ടു് പൊന്തിവന്നു
മരണം, വസ്തുക്കളുടെ ഭാരം കുറയ്ക്കുകയാണോ?
ഇലകൾ, കൊമ്പൻ മീനുകൾ, മനുഷ്യർ
പുഴയിൽ മേൽപ്പരപ്പിൽ
വെളുത്ത ഉടലുകളിൽ
84
വെള്ളം, നിറത്തെ
കടലാസ്സിന്റെ താഴേയ്ക്കു് കൊണ്ടുപോവുന്നു.
പൂവുകളുടെയും ഇലകളുടെയും വീടുകളുടെയും
അടിഭാഗത്തു് കട്ടികൂടുന്നു
ഭൂമിയുടെ അടിത്തട്ടിലാണു്
ചന്ദ്രന്റെ നിഴലുകളും
കാണാതായ പക്ഷികളും
മരിച്ച കപ്പലുകളും
അടിഞ്ഞുകൂടുന്നു
85
കാടിന്നരികിലൂടെ ഒരു കുട്ടി,
ഉണങ്ങിയ കായ്കൾ പെറുക്കി നടക്കുന്നു.
തുണിസ്സഞ്ചിയിൽ വയസ്സൻ മരങ്ങൾ
മിണ്ടാതെ തമ്മിൽപ്പുണർന്നു നിൽക്കുന്നു.
തോടിനുള്ളിൽ വിത്തുകൾ കിലുങ്ങുകയോ
പിറുപിറുക്കുകയോ ആവാം. ആരും ഈ
പാതിരയ്ക്കു് ഉണരുകയില്ല. നിഴലിലാണവൾ,
തേടുന്നു, തേടുന്നു
86
ചെറിയ നീലപ്പഴങ്ങളുണ്ടായി. അതിനുള്ളിൽ ചവർക്കുന്ന മധുരമുണ്ടായി. കിളികൾ ഏതു ദേശത്തുനിന്നാണു് വരുന്നതു് ? അവ മരത്തിൻ ചില്ലകളിൽ ഭാരം വെയ്ക്കുന്നു. അവ ഉലയുന്നു. കാറ്റിൽ നിറം കലർത്തുന്നു. ഭൂമിയുടെ മേൽത്തട്ടിൽ ചവർപ്പുള്ള നിഴലുകൾ കലർത്തുന്നു. നീലയാണു് ആദ്യത്തെ നിറം. അതിനുമുമ്പു് ഈ ഗ്രഹത്തിൽ കടലുകളും നീർക്കാക്കകളുമുണ്ടായിരുന്നില്ല. ഉണങ്ങാത്ത മുറിവുകളും മുലക്കണ്ണുകളുമുണ്ടായിരുന്നില്ല. ഓർമ്മ ഉടലിനു് ആകൃതി കൊടുത്തു. നീലനിറം ഉടലിനു് മരണങ്ങളുടേയും പിറവിക്കരച്ചിലുകളുടേയും ഓർമ്മ കൊടുത്തതുപോലെ.
87
ആദ്യമുണ്ടായിരുന്നതു് ഒരു മുറിവാണു്. അതിന്റെ വേദന. അതിന്റെ ചോര. മുറികൂട്ടിച്ചെടികളുണ്ടാവുന്നതു് പിന്നീടാണു്. ഭൂമിയുണ്ടായതിനു് തൊട്ടുപിറകേ. അതു് വേരാഴ്ത്തി, തെഴുത്തു് വളരാൻ തുടങ്ങി. അതു് കഴിഞ്ഞു് പ്രാണികളും പറവകളും ഉണ്ടായി. ഇലകൾ ഇറുത്തെടുത്തു് ഉള്ളംകൈയിൽ വെച്ചു. ഞരടുമ്പോൾ അതിന്റെ നീരു് നീലയായി ഒഴുകി. മുറിവിൽ അതു പിടഞ്ഞു. മുറിവിൽ അതു തണുത്തു. മുറിവു കരിയാൻ ഏറെക്കാലം വേണ്ടിവരും. തീയിന്റേയും മഞ്ഞിന്റേയും അഗ്നിപർവ്വതങ്ങളുടേയും കൊടുങ്കാറ്റുകളുടേയും കാലം കഴിഞ്ഞു്, സൂക്ഷ്മാണുക്കളുടേയും ശിലാലിഖിതങ്ങളുടേയും കാലം പിന്നിട്ടു്, വാക്കുകളുടേയും കണ്ണാടികളുടേയും പരുത്തിത്തുണികളുടേയും കാലം കഴിഞ്ഞു്, മുറിവു് പതുക്കെ ഉണങ്ങാൻ തുടങ്ങും. അപ്പോഴും കൈവെള്ളയിൽ മണം. ഇരുണ്ട നീലനിറം. മരണം പോലെ വെള്ളത്തിൽക്കലരാതെയും വിട്ടുപോവാതെയും.
88
പടിഞ്ഞാറുനിന്നു വരുന്ന കിളികളാണു്, അവ ദ്വീപുകളിൽനിന്നു വരുന്നു. കടൽകടന്നു വരുന്നു. ഇവിടെത്തങ്ങുന്നു. ഈ കാടിൻ വക്കത്തു് കാലങ്ങൾ പാർക്കുന്നു. മരിച്ചു പോവുമ്പോൾ പടിഞ്ഞാറോട്ടു നീങ്ങുന്നു. കടൽ കടക്കുന്നു. ദ്വീപുകളിൽ ചെന്നുപാർക്കുന്നു. അവിടെത്തങ്ങുന്നു. പാറക്കെട്ടുകളിൽ പൊത്തുകളിൽ വളരുന്നു. മുട്ടകൾക്കു് അടയിരിക്കുന്നു. കിഴക്കൻ കടലിനേയും കരകളേയും മരണങ്ങളേയും നോക്കിനിൽക്കുന്നു. ചിറകുരുമ്മുന്നു.
89
മുത്തശ്ശിമാർ ഉയർന്ന ചില്ലകളിലിരിക്കുന്നു. കാലാട്ടിക്കൊണ്ടിരിക്കുന്നു.
മുടികോതിക്കെട്ടി വയ്ക്കുന്നു. മുറുക്കിത്തുപ്പിക്കൊണ്ടിരിക്കുന്നു. ഞാറ്റുവേലക്കണക്കു നോക്കുന്നു. നെല്ലിന്നുണക്കം നോക്കുന്നു. മുത്തശ്ശിമാരുടെ വെള്ളിമുടിയിഴകൾ താഴേയ്ക്കു് തൂങ്ങിക്കിടക്കുന്നു. താഴെ കുട്ടികൾ വിരിയുന്ന കൂണുകൾ നോക്കിച്ചിരിക്കുന്നു. പൊടിമണ്ണു നാവിൽ വയ്ക്കുന്നു. ഈ പുളിമരത്തേക്കാൾ, ഈ വീടിനേക്കാൾ പ്രായമുള്ള മുത്തശ്ശിമാർ കൂർക്കം വലിച്ചുറങ്ങുമ്പോൾ ചുവന്ന കരയുള്ള മുണ്ടിന്റെയറ്റങ്ങൾ തൂങ്ങി നിൽക്കുന്നു. മൂങ്ങകൾ വേറേ മരങ്ങളും വേറേ രാത്രികളും തേടിപ്പറന്നു പോവുന്നു. രാത്രികൾ തീർന്നു പോവുന്നു.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.