ഉണരാതിരിക്കുന്ന
ഒരു പ്രാണി
കാലിനടിയിൽ തൊട്ടതിന്റെ നനവിൽ
ഞാൻ പെട്ടെന്നു് ഉണർന്നുപോയി
അപ്പോഴും,
ചുരുളുകൾക്കുള്ളിൽ
ഒരാളുടെ സ്വപ്നം
ശ്വാസം കൊള്ളുന്നതും
ഇരുളുള്ള ചില്ലകൾ
പാടത്തിന്റെ വക്കിൽ
മരത്തിൽ
ഉറക്കത്തിനുള്ളിൽ
ഉണർച്ചയില്ലാതെ
പാർക്കുന്നതും കണ്ടു
ഒഴിഞ്ഞ പൊത്തിനുള്ളിൽ കാറ്റുകൊണ്ടു്
മഴവെള്ളം പാറിവീണു
കുറേക്കാലം മുമ്പു്
അവിടെനിന്നു് പറന്നുപോയ
കിളികളുടെ ഉടലു നനഞ്ഞു
ഉള്ളിലെയിരുട്ടിൽ,
വെള്ളത്തിന്റേയും
കിളികളുടെയും ഒച്ചകൾ
പരസ്പരം കലർന്നുകൊണ്ടിരുന്നു
നാരകത്തിന്റെ മണം
ഈ മുറിയിലെങ്ങനെ വന്നു?
നാരകത്തിന്റെ കൊമ്പുകളിൽ
ഈ മുറിയുടെ മണം എങ്ങനെയുണ്ടായി?
പുക പൊങ്ങുന്ന ചായ്പിനുമീതേ
മുള്ളുകളും ഇലകളും ശ്വാസവും
ചൂടു തട്ടിക്കൊണ്ടിരുന്നു.
പാടത്തിനു നടുക്കുള്ള വീട്ടിൽ
ഒരപ്പനും മോളും പാർത്തു
വരമ്പത്തൊരു മുളയലകിൽ
നൂലിൽ കെട്ടിത്തൂക്കിയിട്ടിരുന്നു
തകരപ്പാട്ടകൾ
കാറ്റത്തോശയഴിത്താപ്പാടം മൂടി
ചീവീടിൻ ദേഹത്തും
മേയും പൈക്കളുടെ ദേഹത്തും
പുല്ലരിയുന്നോരുടെ ദേഹത്തും
തട്ടിച്ചിതറി
ദുഃസ്വപ്നം പോലെയുള്ള കലക്കവെള്ളത്തിൽ
ആണ്ടു പോയൊരു രാത്രി,
അപ്പൻ കാതോർത്തു,
പുറത്താരോ നടപ്പു്
പായും കിതപ്പു്
കതകിൽത്തള്ളുന്തരിപ്പു്
കാലത്തവർ രണ്ടാളും
പാടത്തൂടെ നടന്നു
വെള്ളം കേറിയ കണ്ടങ്ങൾ
ചേറിൻ ചതുപ്പു്
അണയാത്തൊരു മുറിച്ചന്ദ്രനെക്കണ്ടു
കോലായക്കല്ലുകളിൽ
വലിയൊരു മൃഗത്തിൻ
കുളമ്പു്
കൈ നെറ്റിയിൽ വെച്ചിട്ടു് അപ്പൻ
മേലേക്കു് നോക്കി,
ചെരിവിൽപ്പറന്നുപോകുന്ന
ഒരു തളികയുടെയോശ കേട്ടു.
പക്ഷിയെ വരയ്ക്കുന്നു, കുഞ്ഞു്
അതിന്റെ വയറ്റിലെ മുട്ടകളെയും വരയ്ക്കുന്നു
കിളിക്കൂടു് വരയ്ക്കുന്നു
അതിനകത്തെ കുഞ്ഞുങ്ങളെയും വരയ്ക്കുന്നു
മുഖത്തു് രണ്ടു കണ്ണും വരയ്ക്കുന്നു
കൊത്തിത്തിന്ന പഴത്തെ വരയ്ക്കുന്നു
പറക്കുന്ന മാനത്തെ വരയ്ക്കുന്നു
തണുത്ത കാറ്റിനെ വരയ്ക്കുന്നു
ആ കടലാസ് ചീന്തിയെടുത്തിട്ടു്
പലതായി മടക്കിവക്കുന്നു
പിന്നെ മടക്കുകൾ നിവർത്തി
ചുളിഞ്ഞ ഭൂമിയെ കാട്ടിത്തരുന്നു
വെള്ളത്തിന്റെ ഒച്ചകേട്ടുണർന്നു.
കൈതയുടെ കാടിനുപിന്നിൽ നിന്നാണു്.
കലങ്ങിയൊഴുകുന്നു.
വരമ്പുകൾ ഇടിഞ്ഞുകൊണ്ടിരുന്നു.
കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ
പതുക്കെയുള്ള അലർച്ച.
നനവുള്ള പറവകളും
നനവുള്ള വീടുകളും
മരങ്ങൾക്കിടയിലൂടെ പടരുന്ന പുകയും
ഉടലിൽ വെളിച്ചമുണ്ടാക്കുന്ന പ്രാണിയും
അനങ്ങുന്നു.
എല്ലാം ഞാൻ തൊട്ടുനോക്കി.
മരണത്തിനു മേൽ ഒരു തൂമ്പ മണ്ണുവീഴുന്നു.
അഴുകിയ ഇലകൾക്കടിയിൽ
പുഴുക്കളുറങ്ങുന്നു.
എഴുപതോ മുപ്പതോ വയസ്സുള്ള ഞാൻ
എന്റെ മൂത്രമുള്ള കിടക്കയിൽ
കാറ്റിൽപ്പെട്ടു് എഴുന്നേറ്റിരുന്നു.
കുതിർന്ന ഷൂ
തറയിൽ അഴിച്ചിട്ട കുഞ്ഞുങ്ങൾ
അടുത്ത മുറിയിൽനിന്നു്
വെള്ളത്തിന്റെ ഒച്ചയുണ്ടാക്കി.
ചെളിയിൽ നനഞ്ഞു തണുത്ത
കാൽപാദങ്ങൾകൊണ്ടു്.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.