പറക്കുമ്പോൾ ചില്ലകളിലിടിച്ചു വീഴുന്നില്ല,
വെളിച്ചം.
വേഗത്തിൽ താഴ്‌ന്നുപോവുന്നു
ഭാരം കൂടുതലുള്ളവ
ഭംഗിയുള്ള വാക്കു്
നെൻമണികൾ
കല്ലു്
കൊത്തിയ ദൈവത്തിന്റെ ആകാരം
പതുക്കെപ്പതുക്കെ
നാഴികകളോ
ദിവസങ്ങളോ
വർഷങ്ങളോ കൊണ്ടു്
മരങ്ങളിൽ തങ്ങിനിൽക്കുന്ന പകലുകൾ
മൃഗങ്ങളുടെ കാൽപ്പാടുകൾ
ഇല
എന്റെയേകാന്തമായ ഉടൽപോലെ
അടിത്തട്ടിലടിഞ്ഞഴുകുന്നതും
മേൽപ്പരപ്പിൽ തെന്നുന്നതും
എല്ലാത്തിനേയും പൊതിയുന്ന ഒരു ശീല
നിവർത്തി വിരിച്ചുവച്ചു.
ചരങ്ങൾ
അചരങ്ങൾ
പ്രാണനുള്ളതും
മരിച്ചഴുകിയതും
പ്രാർത്ഥന
സങ്കടമുറി
അടുപ്പുകല്ലുകൾ
മരപ്പാലം
കടലാസ്
വിരലറ്റങ്ങൾ
പുതപ്പിനുള്ളിൽ
ഇരുട്ടോ വെളിച്ചമോ
മുഴുവനില്ലാത്തിടത്തു്
പാർക്കാൻ തുടങ്ങി,
സകലം
കിളികൾക്കു് കൂടിനെപ്പറ്റിയുള്ള വിചാരം
അതിന്റെ ചെറിയ ഉടലിനുള്ളിൽ
എവിടെയോ ഉണ്ടായിരുന്നു
ഓരോ കോശവും മുറിഞ്ഞുമുറിഞ്ഞു്
ഭൂമിയുടെ നിറം നീലയാകുന്നതിന്നും
മുമ്പു് തന്നെ
വെള്ളത്തിൽനിന്നു് അതു്
കരയിലേക്കു് പോന്നു
അടുക്കളയുടെ അരികിൽ വളരുന്ന
മുള്ളങ്കൈനിയുടെ ഒരു കൊമ്പിൽ അതുണ്ടു്
തൂവലിനും കനംകുറഞ്ഞ
എല്ലുകൾക്കും ഇടയിൽ
മിണ്ടാതിരുന്നു
ഇന്നു മുഴുവൻ
പറക്കുന്നവയും
ഇഴയുന്നവയും
ഒരു മുറിവായിൽനിന്നു്
ചോരച്ചിറപൊട്ടാനൊരുക്കം പോലെ
അനക്കമില്ലാതിരുന്നു
പാടത്തേക്കിറങ്ങുന്ന പറ്റിൽ
ആ മരത്തിനു ചോട്ടിൽ ചെന്നുനിന്നു
അടരായിക്കിടന്നയിലകൾക്കു-
മിലകൾക്കു-
മിലകൾക്കു-
മിലകൾക്കുമിടയിൽ
ഒരുമുറിച്ചന്ദ്രനെ
ത്തിരഞ്ഞുനടന്നു
കുളിമുറിയുടെ ചുവരും തറയും
കഴുകി വെടിപ്പാക്കി
ബ്രഷുകൾ മൂലയിൽ ചാരിവെച്ചു
പൊട്ടിയ കണ്ണാടിയിൽ നോക്കി
അല്പകാലം നിന്നു
തണുത്ത വെള്ളമാണു് ആയുസ്സു്
എന്നു തോന്നി
എല്ലാവരും കാണുന്നതു് തന്നെ ഞാനും കണ്ടു.
വീടു്, അതിന്റെ മേൽക്കൂര, ചുവന്ന നിറം,
മുറ്റത്തുനിൽപ്പുള്ള മനുഷ്യർ,
ചെടികൾ, ജനാലകൾ, പുക.
ആ വീടുകെട്ടിയ മണ്ണിൽ ഒരാളുടെ
ദേഹമഴുകിയതു്.
സൂര്യന്റെ ഏകാന്തത എന്നെ പൊള്ളിക്കുന്നു
അതാണു്, ലോകമുറങ്ങുന്ന ഉച്ചനേരത്തു്
ഞാനുണർന്നിരിക്കുന്നതിന്റെ കാരണം
കുടം ഇവിടെയുണ്ടു്
എവിടെയാണു് ഭൂതം
കുടം ഇവിടെയുണ്ടു്
ഭൂതം ഇവിടെയുണ്ടു്
എവിടെയാണു് പുകച്ചുരുളുകൾ
കുടം ഇവിടെയുണ്ടു്
ഭൂതം ഇവിടെയുണ്ടു്
പുകച്ചുരുളുകളുയരുന്നുണ്ടു്
എവിടെയാണു്
എവിടെയാണു്
അത്ഭുതത്തിന്റെ മിഴികൾ
പിന്നെയും ഹോൺ മുഴങ്ങി.
മൂന്നാമത്തെ തവണ
നാൽപ്പത്തിരണ്ടു കൊല്ലത്തിനിടയിൽ
പിഞ്ഞാണത്തിൽ അവശേഷിച്ച വറ്റുകൾ
ഗ്ലാസ്സിലെ വെള്ളം
ധൃതിയിലെണീറ്റു് കൈ കഴുക
ഞാൻ വാതിലിന്റെ കൊളുത്തു നീക്കി
തറയിലെപ്പലക തട്ടിനീക്കി
താഴേക്കുള്ള കോണി കണ്ടു
ടോർച്ചുവെട്ടത്തിലിറങ്ങി
കൽഭരണി
കയറുകെട്ടു്
മരപ്പെട്ടികൾ
മൃഗത്തലകൾ
ആയുധങ്ങൾ
കണ്ണാടി
കളിവണ്ടിയും മരക്കുതിരയുടെ കാലുകളും
ശ്വാസം വിടാതെ എന്റെ
കണ്ണിലേക്കുറ്റുനോക്കുന്നു
പൊടിയും പൂപ്പലും മൂടിയ മൂന്നു് കുഞ്ഞുങ്ങൾ
രണ്ടു നൂറ്റാണ്ടു മുമ്പു്
ഈ വീട്ടിനുള്ളിൽ പാർത്തിരുന്ന ഒരപ്പൻ
പൂട്ടിയിട്ട വേനൽക്കാലം
അതിന്റെ കടുത്തുറഞ്ഞ മണം
പാതിരയിലുറങ്ങാതെ പുറത്തിറങ്ങി
ചന്ദ്രനെ നോക്കി നിൽക്കുന്നു, ഒരാൾ
പുകയും പൊടിയും മഞ്ഞും
പറ്റിപ്പിടിച്ച
വെറുമൊരു കല്ലു മാത്രമാണതു്,
ആരുടേയും ഉളിച്ചുണ്ടു് കൊള്ളാതെ,
അങ്ങിങ്ങു് ചുറ്റിക്കറങ്ങുന്നു
ചെളിയിലടിഞ്ഞ ഒരു കോപ്പ
കഴുകി വൃത്തിയാക്കി കൈയിൽ
വെക്കുന്നതു പോലെ
ഒരു തരം വെളിച്ചം അതിന്റെ വക്കിലുണ്ടു്
ഇരുൾമേഘങ്ങൾക്കുള്ളിലേക്കു് നീങ്ങി
കാണാതായ ആളുകളും
സ്ഥലങ്ങളും സസ്യങ്ങളും
കടലാസുകളും എനിക്കോർമവന്നു
കഴുകിക്കൊണ്ടിരിക്കെ
ശകലങ്ങളായി തെളിഞ്ഞുതെളിഞ്ഞുവരുന്ന
മുറിവുകളും
ചോരക്കറയും ഉമിനീരും
അയാൾ നിഴലിൽ
അയാൾ പ്രകാശത്തിൽ
നിഴലിൽ അയാൾ
പ്രകാശത്തിൽ
നിഴലിൽ
ചിറകുകൾ മാറിമാറി വീശുന്നതു
കണ്ടുകണ്ടു് പതുക്കെ
രാത്രി തീർന്നു കിട്ടുന്നു
കൂടുകളിൽ അനക്കം വെക്കുന്നു
നമ്മൾ മരങ്ങൾക്കിടയിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ ബക്കറ്റുമായി വന്നു്, ഉടുപ്പുകൾ പിഴിഞ്ഞു് വിരിച്ചിടാൻ തുടങ്ങി. നമ്മളിരുന്നു കളിക്കുന്ന പുല്ലിനു മീതെ. നമുക്കു് മീതെ. ഒരു പന്തൽ ഉയർത്തുന്നതു പോലെയായിരുന്നു അതു്. നനവു് നമ്മുടെ ദേഹത്തു് പറ്റി. അലക്കു സോപ്പിന്റെ നേർമ്മയുള്ള മണം. അല്ലെങ്കിൽ നീലത്തിന്റെ. അല്ലെങ്കിൽ ഇളം ചൂടുവെള്ളത്തിന്റെ. അതുമല്ലെങ്കിൽ ആ സ്ത്രീയുടെ കൈകളുടേതു തന്നെ. എത്ര നേരമാണു നമ്മൾ തുണിവിരിപ്പിനടിയിൽ നിശ്ശബ്ദരായി ഒതുങ്ങിയിരിക്കുക? അവസാനം നമ്മളെഴുന്നേറ്റു് ഓടിപ്പോന്നു. അന്നേരം ആ സ്ത്രീ വീട്ടിനുള്ളിൽനിന്നു് ഓടി വരുന്നുണ്ടു്. എങ്ങുമില്ലാത്ത കാറ്റിനെ ചീത്ത പറയുന്നുണ്ടു്. പറമ്പിൽ ചിതറിക്കിടന്ന ഉടുപ്പുകളോരോന്നും വാരിയെടുക്കുന്നുണ്ടു്.
മരക്കോണിയാണു് കുഴപ്പങ്ങൾക്കു കാരണം. എല്ലാം മുകളിലേക്കു് കയറിപ്പോവുന്നു. കളിപ്പാട്ടങ്ങൾ. കുപ്പായങ്ങൾ. ഉച്ചയുറക്കം. തണുത്ത ചായ. എഴുതിക്കൊണ്ടിരിക്കുന്ന വരികൾ. അല്ലെങ്കിൽ എല്ലാമിറങ്ങി വരുന്നു. മൂർച്ചയുള്ള കൊമ്പു്. വാവലുകൾ. വെളുത്ത മൂടുപടം. പഴകിയ ഇറച്ചിയുടെ ഗന്ധം. വെള്ളം. വക്കുകളില്ലാത്ത ചന്ദ്രൻ. ഈ കോണിച്ചോട്ടിൽ എനിക്കിനി പാർക്കാനാവില്ല. ഭൂമിയിൽ നിന്നു് പോന്നു് ഇത്ര കാലമായിട്ടും ആകാശങ്ങളിലേക്കുള്ള വാതിൽ ഞാൻ കണ്ടെത്തിയിട്ടില്ല. പൂപ്പലും പൊടിയും എന്റെ മുഖം പൊത്തുന്നു.
പന്നിയിറച്ചി ഉണങ്ങുന്നതാണു് കണ്ടതു്. അടുപ്പിനു് മീതെ. അലകിൽ വിരിച്ചിട്ട ഇറച്ചി. അവർ അവിടം വരെ വരുന്നുണ്ടു്. താഴോട്ടിറങ്ങില്ല. എങ്കിലും ഞാനെല്ലാം അറിയുന്നു. തൊടാനാവാത്ത അകലത്തു്. കേൾക്കുന്നു, അവരുടെ എല്ലാ പിറുപിറുപ്പുകളും. തീയണച്ചു് വിയർത്തു് കുളിക്കാൻ കിണറ്റുകരയിലേക്കു് നീങ്ങുമ്പോൾ അവർ പുരപ്പുറത്തിരുന്നു് എന്നെ നോക്കുന്നു. ശരീരമില്ലെങ്കിലും അവർ തമ്മിൽത്തമ്മിൽ തൊടുന്നതും ഉമ്മവെക്കുന്നതും എനിക്കു കാണാം. കിണറ്റിൽ എല്ലാ ലോകങ്ങളുടെയും പ്രതിബിംബമുണ്ടു്. എന്റെ നനഞ്ഞ ദേഹത്തും മണ്ണിലും.
മുറ്റത്തു് കിടന്ന പ്ലാസ്റ്റിക് പന്തു് മെല്ലെ നീങ്ങിയുരുണ്ടു് കുറച്ചു മാറിക്കിടന്നു. അനക്കമറ്റു. ഞാൻ ആ കാറ്റിനെപ്പറ്റി വിചാരിച്ചു. എന്റെ ഉള്ളു വായിച്ചു കൊണ്ടു് അവർ കിണറ്റുവക്കിൽ മറഞ്ഞുനിന്നു് ചിരിക്കുന്നു.
വിരിച്ചിട്ട ഈ തുണിയുടെ ഇപ്പുറത്തു നിന്നു് നോക്കുമ്പോൾ മറുവശത്തു് മനുഷ്യരാരുമില്ല. പ്രേതങ്ങളുമില്ല. ചെടികളും പൂമ്പാറ്റകളും സംസാരിക്കാൻ തുടങ്ങിയ കാലമല്ല. മരങ്ങൾ വിരലുകൾ കൊണ്ടു് ഓരോന്നു് പിടിച്ചുവലിക്കാൻ തുടങ്ങിയിരുന്നുമില്ല. തുണിയുടെ ഈ വശത്തുനിൽക്കുമ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചുപോയിരിക്കുമോ എന്നു് ഓർമ കിട്ടാതെയായി. തുണി ഉണങ്ങിക്കൊണ്ടിരുന്നു. നേരമിരുട്ടാൻ തുടങ്ങുകയാണു്. മനുഷ്യർ വരാൻ തുടങ്ങുന്നതിനുമുമ്പു് ഞാൻ വീട്ടിനുള്ളിലേക്കു് ഓടിപ്പോയി.
അഴിഞ്ഞു കിടക്കുന്നു
വാതിൽപ്പടവിൽ,
കൂർത്ത ഒരറ്റത്തു ചോര കത്തുന്നു
ഒരറ്റത്തു രോമവുമിറച്ചിയും
പാതിരാപ്പഴുപ്പു്
ഇണയുടെയുടലിലോ
മരത്തിലോ
മണ്ണിലോ പാറക്കെട്ടിലോ
ഉരഞ്ഞുരഞ്ഞു്
ഇരുൾച്ചാരനിറം പിടിച്ച
കട്ടിയുള്ള ഗന്ധങ്ങൾ തീണ്ടി
ദൃഢമായ
ഒറ്റക്കൊമ്പു്
അതിന്റെ വായറ്റത്തു കാടിന്റെ തുടവഴുപ്പു്
ഞാനെന്റെ കാതിൽ വെച്ചു,
കാറ്റിന്റെ ചുഴലിവിത്തുകൾ പൊട്ടുന്നു
ഉള്ളിലേക്കതിൻ പിരിയൻ വഴി
തിരഞ്ഞുതിരഞ്ഞു പോകുന്ന
നഗ്നൻ,
കുനിഞ്ഞ മുതുകെല്ലു പതുക്കെ നിവർത്തുന്നു
വിറയോടെ
ഈ വാതിൽക്കൽ ഞാൻ
എന്റെ മുറിഞ്ഞ രാത്രി
നേർത്ത ചെറു കൊമ്പുകളും രണ്ടു ചിറകുകളും
ഇവിടെയഴിച്ചു വെച്ചു് ആ പ്രാണി മടങ്ങിപ്പോയി.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.