കുറ്റിക്കാടുകൾ വളർന്നുമൂടിയ ഒരു
പറമ്പിലൂടെയുള്ള പ്രഭാതനടത്തത്തിൽനിന്നാണു് ഈ കവിതയുടെ തുടക്കം.
ഏഴു വയസുകാരിയായ മകളുമൊത്തു് ചെറിയ മുള്ളൻപഴങ്ങളും തെച്ചിക്കായ്കളും
ശേഖരിച്ചുകൊണ്ടിരിക്കുമ്പോൾ ഓരോ ചെടിയിലും ഞങ്ങൾ കണ്ടുമുട്ടിയ പഴങ്ങൾ. കിളികൾ കൊത്തിപ്പറന്നു പോയതിന്റെ അടയാളങ്ങൾ അവയിൽ ഉണ്ടായിരുന്നു.
ഈ കാട്ടുപഴങ്ങളുടെ മണം ആ കിളികൾ എവിടെയാണു് സൂക്ഷിച്ചുവെക്കുന്നുണ്ടാവുക? ആ കിളികൾ എവിടെയാണു് പാർക്കുന്നതു്? അവയുടെ ചെറിയ ചുണ്ടുകൾ മുദ്രവെച്ച ഈ പഴങ്ങൾ കിളിപ്പറ്റങ്ങൾക്കും അവയുടെ പാതകൾക്കും ചെടികളുടെ മണ്ണിനും ഉള്ള ഓർമ്മക്കവിതയാണു്.
കിളികൾ നനയുന്നു
അല്പനേരവെളിച്ചത്തിൽ
കിളികളുണങ്ങുന്നു
ദിവസങ്ങളോളം മഴ
മരത്തിന്റെ ദ്രവിച്ച കൊമ്പു്
വെള്ളം കുടിച്ചു കനംവച്ചു
മരണം അകലെയെങ്ങോ അല്ല
പൂവിലും പാറ്റയിലും
ഓർമ്മിക്കുന്നു
എന്നിലേക്കുതന്നെ മടങ്ങുന്നു
[]
മരങ്ങളുടെ നിഴൽ വീടിനെ ഓർമ്മിക്കുന്നു
വീടിന്റെ നിഴൽ എനിക്കൊപ്പം വരുന്നു
കോണി കയറി മുകളിലെ മുറിയിൽ
ഓർമ്മിക്കുന്നു രാത്രിയിലും
[]
ഇരുട്ടിൽ വായിക്കുന്നു ഈ പുസ്തകം
നീണ്ടനീണ്ട വാക്യങ്ങൾ വേഗത്തിൽ
ഭൂമിയിലേക്കു് വീണുപോയി, എന്നാൽ
[]
മരിച്ച നക്ഷത്രത്തിലേക്കു് ഈ ഗ്രഹം
മെല്ലെ നീങ്ങുന്നു
കിളികളുടെ കൂട്ടം സന്ധ്യയിൽ കൂടു തിരയുന്നു
ആ ഓർമ്മയുടെ താഴെ ഞാൻ കാത്തുനിന്നു
[]
കല്ലിനു് മൂർച്ചയുള്ള അരികുകൾ
മുറിയുമ്പോഴെല്ലാം കൂടുതൽ മൂർച്ച
കല്ലിന്റെ ഏറ്റവുമുള്ളിൽ
ഒരു കിളിയും അതിന്റെ ചോരയും
ഭൂമിയുടെ ഏറ്റവുമുള്ളിൽ
നാം കരയുന്നതുപോലെ പരസ്പരം
ഒന്നു്
അഴുകുന്നു, അടർന്ന പഴങ്ങളും
തേനീച്ചകളും ഇവിടെ-
പഴത്തിന്റെ അടിവശത്തുനിന്നു്
ദീർഘമായ ഒരു രാത്രി
പതുക്കെപ്പതുക്കെത്തീരുന്നു—
വെളിച്ചമുള്ള നാലഞ്ചു കുരു
കുറേനേരം കൂടി സൂര്യനെച്ചുറ്റുന്നു
രണ്ടു്
ചതുപ്പിലേക്കുവീണ മരം-
ചെറുമൃഗങ്ങൾ, കിളികൾ, അതിന്റെ
പള്ളയിൽ, ചില്ലകളിൽ-
ഭൂമിയുടെ കുറേക്കൂടി ഉള്ളിലേക്കു്
ഏന്തിനോക്കുന്നു
വെള്ളത്തിൽനിന്നുള്ള വാക്കുകൾ
നോട്ടുബുക്കിൽ ഓരോന്നും കുറിക്കുന്നു,
മറന്നുപോകാതിരിക്കാൻ
അഴുകുന്ന കമ്പുകളും ഇലകളും-
മറന്നുപോകുന്നു, ആദ്യം
വീണുതകർന്ന കൂടുകൾ
മൂന്നു്
മലകളെ മഴക്കാലം മൂടുന്നതു്
നോക്കിനിൽക്കുന്നു നാലുനാൾ, കുതിർന്ന
മരങ്ങളിലൊട്ടിനിൽക്കുന്നു
നാലുനാൾ, കുളത്തിന്റെ
കരയ്ക്കു് കുനിഞ്ഞിരിക്കുന്നു
നാലുനാൾ, രാപകലുകൾ
ദേഹത്തുനിന്നു വേർപെടുന്നു, ഒഴുക്കിൽ
മണ്ണിരകൾ നീങ്ങുന്നതു നോക്കിനിൽക്കുന്നു,
—പിന്നെയും നാലുനാൾ.
നാലു്
വേനലിൽ ചെടികൾക്കു
വെള്ളം പാരുമ്പോൾ-
ഞാൻ നനയുന്നു,
—ചെടികൾ എന്റെ നഗ്നത കാണുന്നു.
അഞ്ചു്
ഓടിന്റെ ചാലിലൂടെ പഴങ്ങൾ—
ഉരുണ്ടുരുണ്ടു് മുറ്റത്തും
തൊടിയിലും വീണുകത്തുന്നു
നിഴലിൽ ജ്വലിക്കുന്ന പഴങ്ങൾ
ഭാരം കുറഞ്ഞ പഴങ്ങൾ
എപ്പോഴും താഴത്തുതന്നെ വീഴുന്നു
കിണറിലെ വെള്ളത്തിൽ
ദുഃഖത്തിന്റെ ആഴമളന്നു്
മേൽപ്പരപ്പിൽ
ഉണങ്ങാൻ വിരിച്ചിട്ട വെളുത്ത
തുണിയിൽ നിറമുണ്ടാക്കുന്നു
ആ നിറങ്ങളിൽ വളരെ ചെറിയ
പ്രാണികൾ ഒട്ടിപ്പിടിക്കുന്നു
—ഭൂമിയിലെ ദേശാടനങ്ങളുടെ
ഓർമ്മക്കല്ലുകൾ
പഴങ്ങൾ രാത്രിയിൽ വീണുകൊണ്ടിരുന്നു-
മരങ്ങളിൽ മരണമില്ലാത്ത കിളികൾ
കാറ്റത്തു് അവയുടെ ഓർമ്മ
—മെല്ലെ വിറയ്ക്കുന്നു
ആറു്
ചതുരാകൃതിയിലുള്ള ഇഷ്ടികകൾ
അടുക്കിവെക്കുന്നു.
ഉരുളൻകല്ലുകൾ മണ്ണുകുഴച്ചു്
ചേർത്തുവെക്കുന്നു.
കിളികൾ ഒറ്റയ്ക്കും കൂട്ടായും ചിതറിയും
നീങ്ങുന്നതു് കാണാം.
—ഇഷ്ടിക നനഞ്ഞുകുതിർന്
ന കിളികളെപ്പോലെ മഴക്കാലത്തു്
ഒതുങ്ങിയിരിക്കുന്നു
—ചിറകിൽ, ചുവന്ന ചെളി പുതയുന്നു.
ഏഴു്
പലതവണ മരിച്ചുപോയ
ഒരാൾ ഇന്നു് വീണ്ടും-
ഈ വെള്ളത്തിൽ മുങ്ങിത്താഴ്‌ന്നുപോകുന്നു
കരയിൽ അയാളുടേതാവാം,
ഇരുമ്പുകൊണ്ടുള്ള ഒരു കത്തി
മാടിനെ വെട്ടുന്ന തരത്തിൽ,
ഭാരമുള്ള, പരന്ന ഒന്നു്
വെള്ളത്തിൽനിന്നു് അയാൾ
വിതുമ്പുന്നതു് കേൾക്കാം
മീനുകൾക്കിടയിൽ
നൂറു ശവശരീരങ്ങൾക്കിടയിൽ
എട്ടു്
പുഴവെള്ളത്തിൽ—
ശീലകൾ കഴുകി രണ്ടുകരയിലും
വിരിച്ചിട്ടു്, ഒരാൾ.
വെവ്വേറെ ഭാഷയിൽ ഒരേ പഴമ്പാട്ടു് ഉരുവിട്ടു്
അരയ്ക്കൊപ്പം വെള്ളത്തിൽ
പരസ്പരം കാണുന്നു
—ഒരാൾ.
ഒമ്പതു്
ദൂരെനിന്നു് വലിയ മരക്കമ്പുകൾ കൊണ്ടുവന്നു്
ഈ ഒഴിഞ്ഞ സ്ഥലത്തു് അടുക്കിവെച്ചു,
എല്ലാ ദിവസവും, മുടങ്ങാതെ.
കാടുകളിൽനിന്നു്, മഴയിൽനിന്നു്-
മൃഗങ്ങളുടെയോ കിളികളുടെയോ
മണത്തോടെ
—കുതിർന്ന വിറകുകൾ.
ഈ കൊടുങ്കാറ്റിനു് നടുവിൽ, അതിനു
പിറകെവന്ന പെരുമഴയിൽ,
തീയുണ്ടാക്കുകയാണു്-
പുകഞ്ഞുനീറി അതു് കത്താൻ തുടങ്ങുന്നു.
രാത്രിയും പകലുമില്ലാതെ കത്തുന്നു.
—ശമിക്കാതെ കത്തുന്നു.
പത്തു്
വെള്ളക്കെട്ടിന്റെ വക്കിൽ, അവൾ—
ഉടുക്കാതെ, നനഞ്ഞു്,—കാത്തുനിൽക്കുന്നു.
കാലവർഷം വടക്കുകിഴക്കൻ
ദിക്കുകളിലേക്കു് പാഞ്ഞുപോകുന്നു.
വെള്ളത്തിൽ ഇരുണ്ട ലോകങ്ങളെല്ലാം
കലരുന്നു—തോണികൾ താഴ്‌ന്നുപോകുന്നു
മരിച്ചവർ നിലവിട്ടു പൊങ്ങിനീങ്ങുന്നു.
വെള്ളക്കെട്ടിന്റെ വക്കിൽ കാത്തുനിൽക്കുന്നു,
അവൾ—
നനഞ്ഞു കനംവച്ച നോട്ടുബുക്കിൽ
പെൻസിൽ കൊണ്ടു് എഴുതുന്നു.
ആമകൾ കരയിൽ വളർന്ന
മരങ്ങൾക്കിടയിലേക്കു് കയറിവരുന്നു.
നാടോടികൾ അങ്ങേക്കരയിൽ
കൂടാരം പൊന്തിക്കുന്നു.
അവിടെനിന്നു് തീയുയരുന്നു—എങ്ങുനിന്നോ
ഒരുകൂട്ടം കിളികൾ പ്രത്യക്ഷമായി.
പിന്നെ കടന്നുപോയി.
വെള്ളക്കെട്ടിന്റെ വക്കിൽ അവൾ—
എന്തോ ഉച്ചരിക്കുന്നു.
പതിനൊന്നു്
—കരിങ്കല്ലുകൾ കെട്ടിവലിച്ചു് ഓരോന്നായി
താഴേക്കു് വലിച്ചെറിയുന്നു
അഗാധമായ കടലിന്റെ ഉയരമേറിവരുന്നു
കുട്ടിക്കാലത്തുനിന്നും ഈ
മരണങ്ങളുടെ വക്കിലേക്കു്
രൂപരഹിതമായ പാറകളുടെ മൂർച്ചയിൽ
ഉള്ളംകൈമുറിവടയാളങ്ങളിൽ
ഓരോ വാക്കും ഓർമ്മിച്ചു്
വെള്ളത്തിൽ-
പന്ത്രണ്ടു്
ഒഴിഞ്ഞ പറമ്പിൽ പ്രയാസത്തോടെ
എങ്ങുനിന്നോ വലിച്ചുകൊണ്ടുവന്നിട്ട
കരിങ്കല്ലിൽ-
പക്ഷികളെ നോക്കിയും
കാറ്റിന്റെ ദിക്കുനോക്കിയും
ഉളികൾക്കു് മൂർച്ച വരുത്തിയും-
പുഴുക്കൾ വളരുന്നുണ്ടു്.
ഇക്കൊല്ലത്തെ ദേശാടനക്കിളികൾ
മടങ്ങുന്നു.
മഴക്കാലം കഴിഞ്ഞു് പുല്ലുമൂടുന്നു.
കല്ലിൽ ഇരുമ്പിന്റെ ചുണ്ടു് തട്ടുന്ന ശബ്ദം
ഗ്രാമം മുഴുവൻ കേൾക്കാം.
ശില്പം പൂർത്തിയാക്കി അയാൾ
താഴെയിരിക്കുന്നു.
മഴവന്നു് എല്ലാം ഇരുട്ടിലാഴ്ത്തുന്നു.
—ചതുരക്കല്ലിന്റെ മുകൾഭാഗത്തു് മുലകളുടെ
വലിപ്പമുള്ള രണ്ടു കുഴികൾ.
അതിൽ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു.
ഗ്രാമീണർ ആ അനക്കം നോക്കിനിന്നു.
വെള്ളത്തിൽ നിന്നു് കല്ലിനെ
വേർതിരിക്കാൻ വയ്യാതെ,
കല്ലിനു് ചുറ്റും അനങ്ങാതെ.
പതിമൂന്നു്
നീണ്ടുനിവർന്നുകിടന്ന മരത്തിന്റെ അടുത്തു
ചെന്നുനിൽക്കുമ്പോൾ ഒരാൾ—
കുടുംബഫോട്ടോയിൽ ഒരു മുഖം പെട്ടെന്നു്
മാഞ്ഞുപോയതു് നോക്കുന്നു.
കാടുപോലെ തോന്നിക്കുന്ന ഒരിടത്തു്,
കാറ്റത്തു് വേരുപുഴകി വീഴുകയായിരുന്ന മരം.
നോട്ടുബുക്കിൽ ഒരിടത്തു് കുറിച്ചുവെച്ച ഒരു നമ്പർ ആരുടേതായിരുന്നു എന്നു് ഓർക്കാൻ കഴിയുന്നില്ല. ഇലകളിൽ തൊട്ടുനോക്കുകയാണു്.
വിരലിൽ കുതിർന്ന ചോരയുടെ നിറം.
നനഞ്ഞ ഇഷ്ടികയുടെ മണം.
ആ മുറിവിലേക്കു് കുറച്ചു വെളിച്ചം വന്നുവീഴുന്നു.
ഒരു പാമ്പു് മരത്തിനടിയിലൂടെ
നീങ്ങിമറയുന്നു.
—അകലെനിന്നു നോക്കുന്നവർ
ആ വെളിച്ചം കാണുന്നുണ്ടു്.
അകലെയെന്നാൽ അന്യഗ്രഹങ്ങളിൽ,
ഇന്നലെ മരിച്ചടക്കിയ അമ്മയുടെ
വിസ്താരമില്ലാത്ത കുഴിയിൽ,
ഫോട്ടോയിൽ തിരിച്ചറിയാൻ
കഴിയുന്നവരിൽ,
ഓർമ്മവന്ന അക്കങ്ങളിൽ. അത്ര അകലെ-
പതിനാലു്
മരത്തിനു മുകളിലേക്കു് കയറിപ്പോയ
മത്തൻവള്ളി
പ്രയാസപ്പെട്ടു് ഒരു കായിറുത്തു് നീ
താഴെവന്നു—അതിന്റെ മഞ്ഞകലർന്ന
പച്ചനിറം കൈയ്യിൽ പുരണ്ടു.
അടുക്കളച്ചായിപ്പിൽ വച്ചു് അതിനുള്ളിലൂടെ
ഒരു ചെറിയ കത്തിത്തല കടന്നുപോയി.
മരിച്ചശേഷം ഞാൻ ഇവിടെ വന്നു്
ഓരോന്നും കാണുന്നു.
—മഞ്ഞക്കലർന്ന പച്ചനിറം നിന്റെ
കൈയ്യിൽ പടർന്നതുകൂടി—
നീ വീണ്ടുംവീണ്ടും ആ വള്ളികളിലേക്കും
ആ മരത്തിലേക്കും
നോക്കിനിൽക്കുന്നതെന്തിനാണു്?
പതിനഞ്ചു്
ഇപ്പോൾ ശരിക്കും കേൾക്കാം-
മൂന്നുനാലു ജന്മത്തിനപ്പുറത്തുനിന്നു്
അതേ നരിയുടെ മുരൾച്ചയും ഓരിയും
എപ്പോഴും രാത്രിയും
—നിന്റെ കാതുകൾ എനിക്കു്
പതിനാറു്
മുറിച്ചുകടക്കാൻ വയ്യാത്ത
കലക്കവെള്ളത്തോട്ടുവക്കിൽ
കൈതകൾ, നോക്കിനിൽക്കാമെന്നുപറഞ്ഞ
ധൈര്യത്തിൽ
അങ്ങേക്കരയിലേക്കു്
നടന്നുമറഞ്ഞു കാണാതായി, ഞാൻ
പതിനേഴു്
പിന്നീടുണങ്ങാൻ കാത്തുനിന്നു
കരിഞ്ഞ മുറിവുകൾ,
പിന്നീടു വറ്റിപ്പോവാൻ തണുത്തുനിന്നലിഞ്ഞ
നീരാവിപ്പാടകൾ,
പിന്നീടുതിർന്നുവീഴാനാഞ്ഞു
നിന്നുറങ്ങിപ്പോയ പഴങ്ങൾ,
പിന്നീടു് പിന്നീടെന്നുച്ചരിച്ചുകൊണ്ടു
നിൽക്കുന്നു
പിന്നിട്ടാൽ കേൾക്കുന്നത്ര നിശബ്ദതയിൽ
ഒരു കാതു്
പതിനെട്ടു്
അമ്മ വിറകുപെറുക്കുകയായിരുന്നു.
വലിയ മരങ്ങൾക്കുള്ളിലെല്ലാം മുരളുന്ന മഴക്കാലം പാർത്തിരുന്നു. ചില്ലകളിലെല്ലാം അയിരുറഞ്ഞിരുന്നു.
താഴേക്കു് ഒരു ചിറകുതാഴ്ത്തി മരങ്ങൾ, കുന്നിൻചെരുവിൽ.
അമ്മയുടെ നിഴൽ കുനിഞ്ഞു് കാട്ടുപുല്ലിലും മുള്ളുള്ള വള്ളികളിലും വിറച്ചും വിതുമ്പിയും.
ചായിപ്പിൽ നിന്നും പൊന്തുന്ന പുക, സന്ധ്യയിൽ വെളുത്ത നാരുകൾ, കാത്തുനിന്ന പ്രേതങ്ങളുടെമേൽ വെളുത്ത പോറലുകൾ,
കാറ്റത്തുവീണ കായ്കളിൽ
വെളുത്ത പുഴുപ്പടർപ്പുകൾ.
അമ്മ വിറകു കൂട്ടിയിട്ടു്
കത്തിക്കുകയായിരുന്നു.
—വീടിനും കാടിനുമിടയിൽ
നനഞ്ഞു കത്തുന്ന തീയിൽ
ഞങ്ങൾ കാത്തുനിന്നു.
പത്തൊമ്പതു്
പുഴവക്കിലെപ്പൊന്തയിൽ ചത്തുകിടന്ന
കാട്ടുപന്നിയുടെ മീതെ
ഞാൻ ഒരു ശീല വലിച്ചിട്ടു
അവിടവിടെ പിഞ്ഞിയ ഒരിരുണ്ട രാത്രി
കുറേനേരം അവിടെ ചുറ്റിനടന്നു
പുഴയിലിറങ്ങി മറുകരയ്ക്കു്
നീന്തി
ഇരുപതു്
സ്വപ്നത്തിൽ കേൾക്കാതുച്ചരിച്ചവ
ഈ കടലാസിനുപിന്നിൽ തിണർത്തു
ഒരു വാക്യം, വെള്ളത്തിന്റെ മേൽപ്പരപ്പിൽ
തൊട്ടുതൊട്ടുവായിച്ചു
ഗ്രഹണത്തിന്റെ നിഴലുവീണ പ്രാണികൾ
പന്നലുകളോ നിശാശലഭമോ
—ശരീരത്തിൽ ബ്രെയിലി പോലെ
സ്വപ്നം തുടങ്ങുന്നതിനുമുമ്പത്തെ മങ്ങിയ
രാത്രിയുടെ വാക്കുകൾ
ഓർമ്മിക്കാൻ കഴിയുമോ?
1
പാടം കടക്കുമ്പോൾ വെള്ളത്തിൽ വിതുമ്പുന്ന മീനെക്കണ്ടു. ഞാനും മീനും കിഴക്കോട്ടു നടന്നു.
2
ചതുപ്പിന്റെ വക്കിൽ വിതുമ്പുന്ന ആമയെക്കണ്ടു. ഞാനും മീനും ആമയും കിഴക്കോട്ടു നടന്നു.
3
വലിയ പനയുടെ കീഴിൽ വിതുമ്പുന്ന ആട്ടിൻകുട്ടിയെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കിഴക്കോട്ടു നടന്നു.
4
പാറക്കെട്ടിന്നുള്ളിൽ വിതുമ്പുന്ന കുറുനരിയെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും കിഴക്കോട്ടു നടന്നു.
5
മുളങ്കാടിനുള്ളിൽ വിതുമ്പുന്ന ചെമ്പോത്തിനെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും കിഴക്കോട്ടു നടന്നു.
6
പേരാലിന്റെ പോടിനുള്ളിൽ വിതുമ്പുന്ന എണ്ണപ്പുഴുവിനെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും കിഴക്കോട്ടു നടന്നു.
7
നീളൻപുല്ലിനിടയിലൂടെ നടക്കുമ്പോൾ വിതുമ്പുന്ന സർപ്പത്തെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും സർപ്പവും കിഴക്കോട്ടു നടന്നു.
8
ചെരിഞ്ഞുവീഴാൻ നിൽക്കുന്ന മരത്തിനുമേലെ വിതുമ്പുന്ന കൂമനെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും സർപ്പവും കൂമനും കിഴക്കോട്ടു നടന്നു.
9
ഒഴുകുന്ന ചോലയുടെ കരയിൽ വിതുമ്പുന്ന ചിലന്തിയെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും സർപ്പവും കൂമനും ചിലന്തിയും കിഴക്കോട്ടു നടന്നു.
10
അഴുകിയ ഇറച്ചിക്കരികിൽ വിതുമ്പുന്ന പരുന്തിനെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും സർപ്പവും കൂമനും ചിലന്തിയും പരുന്തും കിഴക്കോട്ടു നടന്നു.
11
വീണുകിടന്ന പഴങ്ങൾക്കു ചുറ്റും വിതുമ്പുന്ന തേനീച്ചയെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും സർപ്പവും കൂമനും ചിലന്തിയും പരുന്തും തേനീച്ചയും കിഴക്കോട്ടു നടന്നു.
12
പടർന്ന കാട്ടുതീയിൽ വിതുമ്പുന്ന തേരട്ടയെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും സർപ്പവും കൂമനും ചിലന്തിയും പരുന്തും തേനീച്ചയും തേരട്ടയും കിഴക്കോട്ടു നടന്നു.
13
കാറ്റിനുള്ളിൽ വിതുമ്പുന്ന നീലശലഭത്തെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും സർപ്പവും കൂമനും ചിലന്തിയും പരുന്തും തേനീച്ചയും തേരട്ടയും നീലശലഭവും കിഴക്കോട്ടു നടന്നു.
14
മഴമ്പാതയിൽനിന്നു പൊന്തുമിരുളിൽ വിതുമ്പുന്ന ഈയലിനെക്കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും സർപ്പവും കൂമനും ചിലന്തിയും പരുന്തും തേനീച്ചയും തേരട്ടയും നീലശലഭവും ഈയലും കിഴക്കോട്ടു നടന്നു.
15
പെരുകുന്ന വെയിലും ആളുന്ന മഞ്ഞും കുമിയുന്ന രാത്രിയും വഴുക്കുന്ന പുലർനേരവും അണയാത്ത വിശപ്പും കിതയ്ക്കുന്ന ചോരയും തോരാച്ചുവടുകളും നിലമലിഞ്ഞ ഒച്ചകളും കടന്നു് ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും സർപ്പവും കൂമനും ചിലന്തിയും പരുന്തും തേനീച്ചയും തേരട്ടയും നീലശലഭവും ഈയലും കിഴക്കോട്ടു നടന്നു.
16
ഭൂമിക്കും ചന്ദ്രനും തണുത്ത മേഘപടലങ്ങൾക്കും കിഴക്കേച്ചെരിവിൽ കരിമ്പടത്തിനുള്ളിൽ, നിലാവു പോലെത്തെളിഞ്ഞ നനവിൽ, തളിരിലയുടെ ചുരുൾവക്കിൽ, നിദ്രയിൽ, സ്വപ്നാടനത്തിന്റെയുൾച്ചുറ്റിലെവിടെയോ സൂര്യൻ വിതുമ്പുന്നതു കണ്ടു. ഞാനും മീനും ആമയും ആട്ടിൻകുട്ടിയും കുറുനരിയും ചെമ്പോത്തും എണ്ണപ്പുഴുവും സർപ്പവും കൂമനും ചിലന്തിയും പരുന്തും തേനീച്ചയും തേരട്ടയും നീലശലഭവും ഈയലും വെയിലും മഞ്ഞും കാറ്റും തീയും ചോരയും പുലരിയും രാവും ഒച്ചയും നൃത്തവും ഉറങ്ങുന്ന സൂര്യനും കിഴക്കോട്ടു നീങ്ങിനീങ്ങി മറഞ്ഞുപോവുമ്പോഴും പിന്നെയും പിന്നെയും പിന്നെയും കിഴക്കേച്ചെരിവിൽ ഏതോ പ്രാണൻ വിതുമ്പുന്നതു കേട്ടു.
ഇരുട്ടിലൂടെ ഞാൻ തോട്ടുവക്കിൽ. ഒഴുക്കുവെള്ളവും എന്റെ കരിങ്കല്ലും രാത്രിയുടെ വാലറ്റത്തു കാത്തുനിൽക്കുന്നു.
2
ചോര പൊതിഞ്ഞ തുണി വെള്ളത്തിലാഴ്ത്തി, തെല്ലുനേരം. കല്ലിൽ ഉരച്ചു. കാരം ചേർത്തു കഴുകി. കുടഞ്ഞു നിവർത്തി.
3
ഇന്നു് ഈ കിളിയെ. മുറിഞ്ഞു് കട്ടപിടിച്ച അതിന്റെ അടിവയർ. അതിലൊട്ടിപ്പിടിച്ച ഇലനാരുകൾ. കുതിർത്തു, നീരിൽ താഴ്ത്തിപ്പിടിച്ചു. ഉരയ്ക്കുമ്പോൾ തൂവലുകൾ ഇറച്ചിയിൽ നിന്നു് വിട്ടുപോകുമോ എന്നു് ആധിയായി.
4
ഈ വലിയ ശലഭം. രാത്രികളിൽ പാർത്തിരുന്നതു്. ചിറകിൽ കണ്ണുകൾ ഉള്ളതു്. വെള്ളത്തിലവ അലിഞ്ഞുപോകുമോ? കഴുകാതെ വയ്യ. നിറം, തവിട്ടും കറുപ്പും, ആദ്യമൊഴിഞ്ഞു. പിന്നെ മരണത്തിൽ നിന്നു് പതുക്കെ വെളുപ്പു് വെള്ളത്തിൽ കലർന്നു.
5
ഈയിലകൾ കയ്യിൽ നിവർത്തിപ്പിടിച്ചു് കഴുകാം. കല്ലിലുരഞ്ഞാൽ അവയ്ക്കു് വേദനിക്കും. അടിഭാഗത്താണു് കൂടുതൽ അഴുക്കും പഴുത്ത ചലവും.
6
നടക്കാനാവാത്ത ആ മൃഗത്തിന്റെ മുതുകു് ഈ കാട്ടുവള്ളിച്ചുറ്റുകൊണ്ടു് നനച്ചു്, പതുക്കെ, വെള്ളം പാർന്നു് പാർന്നു്. ഏറെനേരം വേണം. പുല്ലിൽ മലർത്തി വിരിച്ചുണക്കാം. അതിനും വേണം ഏറെനേരം.
7
തീയിലമർന്ന വീടിനൊപ്പം കരിഞ്ഞ ഈ വളർത്തു പൂച്ചയെ എങ്ങനെയാണു് കഴുകിയെടുക്കുക? നോക്കാം, നൂലിഴകൾ അതിന്റെ നഖങ്ങളിൽ നിന്നു് മെല്ലെ ചുറ്റഴിക്കാമോ എന്നു്.
8
കടലാസു കഴുകി വൃത്തിയാക്കുക ഒട്ടും പ്രയാസമില്ല. മഷി മുഴുവൻ കളഞ്ഞു്, വിരിച്ചുണക്കി എടുക്കുമ്പോൾ പാതിരാത്രിയുടെ അതേ തിളക്കം. വാക്കുകളെല്ലാം വെള്ളത്തിൽ വേഗം താഴ്‌ന്നുതാഴ്‌ന്നു പോകും.
9
എത്ര കാലമായി ഈ തോട്ടുവക്കിൽ ഞാൻ അലിയുന്നു. എത്ര തവണ എന്റെ മരണങ്ങൾ ഈ വെള്ളത്തിലാഴ്‌ന്നു പോയിരിക്കുന്നു. ഊര നന്നായി വളഞ്ഞിട്ടുണ്ടു്. കാഴ്ച മങ്ങി. വെയിലിൽ നിൽക്കാൻ വയ്യാതായി. വിരലുകളിൽ ആരുടെയോ ശ്വാസം മാത്രം.
10
ഈ കരിങ്കല്ലു് എന്റെ കണ്ണാടി. കാരവും വിയർപ്പും ചോരയും മൂത്രവും കലർന്നുകലർന്ന എന്റെ ദേഹം ഈ കല്ലിന്റെ വക്കിലൂർന്നു് ഏതോ ദിക്കുകളിൽ ചെന്നുനിൽക്കുന്നു.
11
ഈ പുലർച്ചയിൽ. മരിച്ചവരെയും പ്രേതങ്ങളെയും വളർത്തുജീവികളേയും മുറിവുകെട്ടിയ തുണിത്തുണ്ടുകളെയും പേറിന്നുമുമ്പേ ചത്ത കുഞ്ഞുങ്ങളെയും കഴുകിയെടുക്കുന്നു. ഇന്നലത്തെപ്പോലെ എന്റെ ഉള്ളംകൈ. ഇന്നലത്തെപ്പോലെ എന്റെ കുതിർന്ന കാൽത്തണ്ട.
12
തീരുന്നില്ല, ഈ വെള്ളത്തിൻ കനം. തീരുന്നില്ല, ഈ കല്ലിൻ മിണ്ടൽ.
കുളിമുറിയുടെ തറയിൽ നിന്നു് ആ കടലാസ് കിട്ടി. നനഞ്ഞു കുതിർന്നിരുന്നു. ഒന്നും എഴുതാത്ത കടലാസിൽ എന്താണു് അമ്മ വായിച്ചിരുന്നതു്? കാറ്റിൽ ഈ ചെറിയ തോണി ഏതു് കരയിലേക്കാണു് നീങ്ങുന്നതു്?
2
അമ്മ നെല്ലു പുഴുങ്ങുകയായിരുന്നു. മരുന്നു കുപ്പികൾക്കും മടക്കിവെച്ച വെളുത്ത തുണികൾക്കും ഇടയിൽ നെല്ലിന്റെ മണം നിറഞ്ഞു. ഞാൻ വാതിൽ തുറന്നു ചെല്ലുമ്പോൾ അമ്മ തടഞ്ഞു; ‘മാറി നിൽക്ക്, തീയാണ്’
തീ, ദിവസങ്ങളിൽ നിന്നു് തൊട്ടടുത്ത ദിവസങ്ങളിലേക്കു് പടർന്നുപോകുന്നതു് കണ്ടു.
3
അമ്മയുടെ കാൽത്തണ്ടകൾ നീരു കൊണ്ടു് മിനുസം വന്നിരുന്നു. തൊടുമ്പോൾ അതിന്റെ മേൽ ചെറിയ ചെറിയ കുളങ്ങൾ തെളിഞ്ഞു. ഏറെനേരം അവ ജീവിച്ചു. പതുക്കെ വറ്റി. അമ്മ കൈനീട്ടി
എന്റെ മുലകളിലുഴിഞ്ഞു;
‘എനിക്കു് ദാഹിക്കുന്നു’
‘എനിക്കു് ദാഹിക്കുന്നു’
4
ഉറക്കത്തിൽ അമ്മ കരഞ്ഞു. നിർത്താതെ തേങ്ങിക്കരഞ്ഞു. കെട്ടുകാളയും പറയും ചെണ്ടയുമായി അമ്മയുടെ മക്കൾ മുറ്റമിറങ്ങിപ്പോയി. ഇരുണ്ട മണ്ണിൽ ചോരത്തുള്ളികൾ മായാതെ കിടന്നു. ഉറക്കത്തിൽ അമ്മ കല്ലുകളിൽ വന്നിടിക്കുന്ന വെള്ളം പോലെ ഉലഞ്ഞുകൊണ്ടിരുന്നു.
5
പുളിമരത്തിന്റെ മേൽച്ചില്ലകളിൽ പിടിച്ചുകുലുക്കി. പഴുത്ത പുളിങ്ങ മണ്ണിൽ വീണു് പൊട്ടിയടർന്നു. അമ്മ വീട്ടിലേക്കു് വരുന്നില്ലെന്നു് വാശിപിടിച്ചു. സ്പൂണും പിഞ്ഞാണവും നിലത്തുവീണു. കുപ്പായം നനഞ്ഞു. മുറിയുടെ ഉള്ളു് നനഞ്ഞു.
6
കറുത്ത ചരടു് നന്നായി മുറുക്കിക്കെട്ടി. ഒന്നു് കുലുക്കി നോക്കി. മണിയൊച്ച കുന്നിൻചെരുവിൽ എല്ലാം ഓടിനടന്നു. എന്നിട്ടും ആട്ടിൻകുട്ടി അമ്മയുടെ മടിയിൽത്തന്നെ കിടന്നു. അമ്മയുടെ കൈച്ചൂടിൽ മയങ്ങിനിന്നു. ഷെൽഫിന്റെ മുകൾത്തട്ടിൽ നിന്നു് ഒരു പുസ്തകം വലിച്ചെടുത്തു. അതിൽ നിന്നു് ഒരു കടലാസ് കഷണം, മടക്കി വച്ചിരുന്നതു്, താഴത്തുവീണു. അതു് നിവർത്തി നോക്കി.
7
ഇതേതാണു് ഭാഷ?
‘അറിയില്ല അമ്മ’
എല്ലാ ദിവസവും എല്ലാ നേരവും അമ്മ ആ കടലാസ് നിവർത്തിനോക്കി. എന്താണു് അതിൽ എഴുതിയിരിക്കുന്നതു്? ഏതു ഭാഷയിൽ? അമ്മയുടെ ചുണ്ടിൽ ഒരു ചെറിയ തെളിച്ചം ഇടയ്ക്കു് വന്നുപോയി.
8
എപ്പോഴും അമ്മ പാടിക്കൊണ്ടിരുന്നു. പാട്ടല്ല, മന്ത്രമല്ല, പിറുപിറുപ്പല്ല, ഈണമുള്ളതെന്തോ. മരുന്നുകഴിക്കാനും കഞ്ഞികുടിക്കാനും മാത്രം പാട്ടു് നിർത്തിവച്ചു. അപ്പോഴും കൈവിരലറ്റം പാട്ടുപോലെ അനങ്ങിക്കൊണ്ടിരുന്നു. അമ്മയ്ക്കു് സംസാരശേഷി ഉണ്ടായിരുന്നില്ല എന്ന കാര്യം എല്ലാവരും മറന്നുപോയിരുന്നു.
9
എല്ലാ ചോദ്യങ്ങൾക്കും അമ്മ ഒരേ വാക്കുകൾ
തന്നെ തന്നു. വിശക്കുന്നോ?
മൂത്രമൊഴിക്കാറായോ? വേദനിക്കുന്നോ?
എണീറ്റിരിക്കണോ? വെയിലു്
വരുന്നതു് കാണണോ?
‘കുളത്തിന്റെ കരയ്ക്കു്’
‘കാഞ്ഞിരക്കുരു’
‘ഇപ്പോ വരും’
10
അമ്മയുടെ ദേഹത്തു് എണ്ണ പിടിക്കാതെയായി. ഒരു ഉടലിൽ നിന്നു് വേറൊന്നിലേക്കു് അമ്മ വേഗംവേഗം കടന്നുപോയിക്കൊണ്ടിരുന്നു. വെള്ളത്തിൽ നിന്നു് മണ്ണിലേക്കു്. പിന്നെ പക്ഷിയിലേക്കു്. ചൂടുവെള്ളം അമ്മയുടെ മുതുകിൽ തണുത്തുവിറക്കുന്നു.
അമ്മ തീ പോലെ ആളുന്നു.
11
അമ്മയ്ക്കു് വേറെ പുതപ്പു് വേണമെന്നു് പറഞ്ഞു. ഇതു് തീരെ ചെറുതാണു്. കാലറ്റം പുറത്താണു്. അമ്മ ഓരോ നാളിലും ചെറുതായി വരികയാണു്. ഇപ്പോൾ എന്റെ നെഞ്ചിനൊപ്പമേയുള്ളൂ. പുതപ്പിനുള്ളിൽ കൊള്ളാതെ അമ്മയുടെ ദേഹം വളർന്നുകൊണ്ടിരുന്നു.
12
തേനീച്ചകൾ അമ്മയോടു് പറഞ്ഞു: ‘വരൂ, ഈ നൃത്തത്തിലേക്കു് വരൂ’ ബാൽക്കണിയിൽ ഉച്ചവെയിലിന്റെ വക്കിൽ അമ്മ നൃത്തം ചെയ്തു. അമ്മയുടെ ദേഹത്തുനിന്നു് വാക്കുകളും മരുന്നിന്റെ മണങ്ങളും കനംകുറഞ്ഞ മേൽക്കുപ്പായവും താഴെ വീണുപോയി, ആദ്യത്തെ ദിവസം.
അതിദീർഘമായ ഒരു ഓർമ്മയുടെ അറ്റത്തു് ഇരിക്കുന്നു, പക്ഷിക്കൂടു്
നീണ്ട വഴിയുടെയറ്റത്തു് ചെന്നുനിന്നു
വെള്ളം എന്നുരുവിട്ടു
വഴിയറ്റത്തു് തടാകത്തിൽ കൂട്ടമായ്
വന്നു കിളികൾ
വെള്ളം രാത്രിയാൽ
തണുത്തുറഞ്ഞു
കിളികൾ വാക്കിനുള്ളിൽ അനങ്ങാതെനിന്നു
വെള്ളം എന്നുച്ചരിക്കുമ്പോൾ
അവ പുറത്തേക്കു
കൊത്തി നോക്കുന്നു
ഒരു വൃക്ഷത്തിന്റെ ഫോസിൽ
പാടത്തിനുനടുവിൽ
അതിനെ പകുത്തുകൊണ്ടു് ഇരുകരകളെയും
തൊട്ടുകൊണ്ടു്
മുറിഞ്ഞു കിടന്ന ചെറിയ
ശിഖരങ്ങൾക്കിടയിൽ ആ പക്ഷിക്കൂടു്
അപ്പോഴും, ഒട്ടും തകരാതെ
പുറത്തു് ടാപ്പിനരികിൽ ഞാൻ
കാലു കഴുകുമ്പോൾ
പക്ഷി ഒരല്പം നനഞ്ഞു
അടുക്കളത്തിണ്ണയിൽ ഇരുന്നു
ചൂടിൽ ബ്രഡിന്റെ ശകലങ്ങൾ
കൊത്തിക്കൊണ്ടു്
ദേശാടനം കഴിഞ്ഞുവന്ന ക്ഷീണത്തോടെ
പൂമ്പാറ്റ
അതിന്റെ ചിറകുകൾ-
ചേർത്തും വിടർത്തിയും
ഓർമിക്കുന്നു
—ഭൂമിയിൽ
മരണങ്ങൾ—
—നീങ്ങുന്ന
കടലിൽ
ഒഴിഞ്ഞ
വഞ്ചികൾ—
മുറുക്കെപ്പിടിച്ചു്
നക്ഷത്രരാശികൾ
—മറന്നു
മറഞ്ഞു
പോവുന്നു
വിദൂരമായി
തിളങ്ങുന്ന
നിഴലുകൾ
—കാട്ടുമൃഗത്തിന്റെ ശരീരം
പുല്ലിലൂടെ, നനഞ്ഞ മണ്ണിലൂടെ വലിച്ചു
ഭാരത്താൽ കല്ലിലും
മുഴുവൻ വിട്ടുപോകാത്ത ചൂടിനാൽ
കുറ്റിച്ചെടികളിലും ഉടക്കിനിന്നു്
പുലർച്ചയിൽ
വീടിന്റെ പിൻമുറ്റത്തു്
ഭൂമിയുടെ കീഴറ്റത്തെ—വിടവിൽ—
വറ്റാത്ത ചോരയിൽ
ഇരുട്ടത്തു് അതിനെ വലിച്ചുകൊണ്ടുവന്ന—വഴി
കടുന്നീലയായും കടുമ്പച്ചയായും
—വേർപെടുന്നു— ഈ കടൽ
രാത്രിയായും ശിഖരങ്ങളായും
—വേർപെടുന്നു— ഈ കിളി
പുഴുവിന്റെ ഭൂമിയിൽ നീലനിറം-
—പക്ഷികളിൽനിന്നു് ചെടികളിലേക്കും
—പഴങ്ങളിൽനിന്നു് വെള്ളത്തിലേക്കും
പുഴുവിന്റെ ഭൂമി മൂന്നരികുള്ള ഒരു ചിറകു്-
ഉറക്കം വരുന്നു
എല്ലാം ഓർക്കുന്നു
വിശക്കുന്നു
ചിറകു് മെല്ലെ അനങ്ങുന്നുണ്ടോ? ഉണ്ടു്.
പുഴുവിന്റെ ഭൂമി അല്പം ചെരിഞ്ഞു്
—പഴയ പാതയിൽ
—പഴയ വേഗത്തിൽ
—കടലിൻ നിഴൽ ചന്ദ്രനെ മൂടുന്നു
മടങ്ങിവരുന്ന കപ്പലുകളിൻമേൽ
തുള്ളിതുള്ളിയായി വീഴുന്ന വെളിച്ചത്തിൽ
ഉറങ്ങുന്ന മനുഷ്യരുടെ ഏകാന്തത കാണുന്നു
കടലിൻ നിഴൽ-
ദേശാടനപ്പക്ഷികളെ മൂടുമ്പോഴും
ഇരുട്ടിനുള്ളിലൂടെ അവ
വടക്കുദിക്കിലേക്കു് നീങ്ങുന്നു
പൂമ്പാറ്റയുടെ ചിറകിൽ
ഭൂമിയുടെ നിഴൽ
മാഞ്ഞും തെളിഞ്ഞും
ദീർഘവലയങ്ങളായി
ഭൂമിയിൽനിന്നേറെയകലത്തുചെന്നിട്ടും
വിട്ടുപോകാതെ
കടലിൻ നിഴൽ
ഇളകിയും ഇളകാതെയും
പൂമ്പാറ്റയുടെ ചിറകിൽ
ആദ്യത്തെ മുറിവു് ഇപ്പോഴും
ആ കല്ലിൽ-
ചിറകുകൾ
വെള്ളത്തിലൊട്ടിയിരിക്കുന്നു
ഭാരമോരോ നാളിലും ഏറുന്നു
ആദ്യത്തെ മുറിവിനുചുറ്റും
ആ കല്ലിൽ-
അതിനും മുമ്പത്തെ കാറ്റുതട്ടുന്നു
അതിനും മുമ്പത്തെ നോവുണ്ടാവുന്നു
—ഇരുട്ടിൽ ഭൂമി
അഗാധമായ
—ഇരുട്ടിൽ ഭൂമി
ജനാലയുടെ വക്കിൽ
—കാറ്റത്തു്—ഒരു മുറിവിനു
കാവൽനിൽക്കുന്നു
ഓർമ്മയിലില്ലാത്ത ഒരു സ്ഥലം-
ഇന്നു് പെട്ടന്നു് ഓർമ്മവന്നു
—എല്ലാം അതേവിധം,
ഒന്നും മാറിയിട്ടില്ല,
മാഞ്ഞ ഖബറുകൾ-
അവയ്ക്കുമീതെ മൈലാഞ്ചിച്ചെടികൾ-
അവയ്ക്കുമീതെ തീ കൊണ്ടുവരുന്ന
വിമാനങ്ങൾ—
(.)
രണ്ടു സന്ധ്യകൾക്കിടയിൽ ഈ സുഷിരത്തിലൂടെ ഞാൻ രാത്രിയെ നോക്കിനിന്നു
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.