എല്ലാ ദിവസവും എന്തെങ്കിലും എഴുതി
മടങ്ങിപ്പോവുന്ന കിളികളെ നോക്കിനിന്നു
കഴുകിയ പിഞ്ഞാണങ്ങൾ
തട്ടിൽ ചെരിച്ചുവെച്ചു
വിരലിലെ മുറിവു നീറുന്നു
എഴുതിയ വരികളിൽ ചിലതു വെട്ടിക്കളഞ്ഞു
ബാക്കി വന്നതിത്രയുമാണു്:
എല്ലാ ചെടികൾക്കുമുണ്ടു് പേരു്
എല്ലാ ഇലത്തുമ്പിലും തൊട്ടു്
പേരു വിളിക്കുന്ന ഒരു കുട്ടിയെ
നാവിന്നറ്റത്തു്
പെട്ടെന്നു് കണ്ടതുപോലെത്തോന്നി
കല്ലുകൾ കഴുകിയെടുത്തു.
മുറിവുകളും അതിന്റെ ഭൂതകാലംപോലെ
നീലനിറവും.
മരത്തിന്റെ പലകയിലിടിക്കുന്ന
ശബ്ദം ആദ്യമുണ്ടായി
തുടരെത്തുടരെ, ഊക്കോടെ
പിന്നെയനക്കമില്ലാതായി
ആ പെട്ടി തുറക്കാൻ തന്നെ
ഞങ്ങൾ തീരുമാനിച്ചു,
ഇത്രയും കാലം കഴിഞ്ഞു്
തുരുമ്പിച്ച താക്കോൽ തിരിച്ചു
പൊടി തിങ്ങിയ ചെറിയ കള്ളിയിൽനിന്നു്
അതു് പുറത്തിറങ്ങി
തറയിലൂടെ പതുക്കെ അടിവെച്ചടിവെച്ചു്
വാതിൽ കടന്നുപോയി
ചിറകും ചുണ്ടും നഖങ്ങളുമുരഞ്ഞ മുറിവുകൾ
പെട്ടിയുടെ ഉള്ളിൽ ഉണ്ടായിരുന്നു
പഞ്ഞിവച്ചു് ചുറ്റിയ
കനം കുറഞ്ഞ ശീലയ്ക്കും
മുറിവിനുമിടയിൽ.
പതിന്നാലു രാത്രികൊണ്ടു വളർന്നൂ
പറമ്പിലൊറ്റയ്ക്കു നിൽക്കുന്ന പാല
പിന്നത്തെപ്പതിന്നാലു രാത്രിയും കൊണ്ടു്
തളിർത്തതും പൂത്തതും പൊഴിച്ചുകളഞ്ഞു
ഉച്ചയ്ക്കു നോക്കുമ്പോഴെരിയുന്ന ചന്ദ്രന്റെ കല
പാതിരയ്ക്കു തണുത്ത ചുണ്ണാമ്പുകട്ട
എല്ലാവരുടേയും നീളൻമുടിയിഴകൾ
കാറ്റിലാദിക്കിലേക്കു നീങ്ങി
കുഞ്ഞുങ്ങൾ ഒളിച്ചുകളിക്കുമ്പോൾ കാലിൽ,
ചോരത്തുള്ളികളൊട്ടി
ഒരടി നീങ്ങാതെ പരിക്രമണം ചെയ്യാതെ
ഉണർന്നു
പുണർന്നു
പിണഞ്ഞു
മയങ്ങിക്കിടന്നൂ
കാലങ്ങളോളമവിടെ
പാലയും ചില്ലകളിൽച്ചന്ദ്രനും
പകുതിയിൽ മറച്ചു പിടിക്കുന്നു ചന്ദ്രൻ
ഇവിടെ ഈ ഇരുണ്ട സ്ഥലത്തു്
കൊണ്ടുവെയ്ക്കൂ
സങ്കടങ്ങൾ
തരിതരികൾ മുഴുവനും
ഇടത്തേ മുലയിൽ
പ്രാണനുള്ള
വസ്തുക്കൾ
വലത്തേച്ചിറകു കൂടി
ദേഹത്തെ വെളിച്ചം തുടയ്ക്കൂ
ഇരുളിലാണു്
നൃത്തം
ദാഹം ഒരിക്കലും വറ്റിപ്പോയില്ല
വെള്ളത്തിൽ ഇരുട്ടു
കലർന്നതുപോലെ
എല്ലാ അറകളിലും രാത്രി നിറഞ്ഞു
കണ്ണാമ്പോത്തിന്റെ ചിറകുകളിൽ
വലയങ്ങളുണ്ടാക്കി
മടക്കി വെച്ച കുപ്പായങ്ങൾക്കിടയിൽ
ചുളിയാതെ
ഇരുന്നു
അനക്കമില്ലാതെ
നിറമുള്ള ഉടലിലെപ്പൊടി പോലും
നൂലിഴയിൽ പടർത്താതെ
ശ്വാസം പിടിച്ചു്
രണ്ടു ചിറകും പരത്തിവച്ചു്
കാറ്റുകൾ
അതുകഴിഞ്ഞിലകൾ
ചെറിയ ചന്ദ്രക്കലകൾ
നനവിൽ വന്നു് ഒട്ടിപ്പിടിച്ചു നിന്നു
കുടഞ്ഞുകളയാൻ വയ്യ
ദേഹത്തുരയുന്നു
അവയുടെ ചുണ്ടുകൾ
ആഴ്ചയിൽ രണ്ടുതവണ നഖംവെട്ടുന്നു
ദിവസവും ഞാറയിലെ
ഇലകൾ താഴെവീഴുന്നു
മടക്കുകളിലും ചുളിവുകളിലുമെല്ലാം
ഒളിച്ചിരിക്കുന്നു
മുറിഞ്ഞ ചന്ദ്രന്റെ വെളിച്ചം
മുറിഞ്ഞ നഖങ്ങളുടെ വെളുപ്പു്
മുറിഞ്ഞ ഇലകളിലെയീർപ്പം
എല്ലാ ദിവസവും വളരുന്നു,
ചെറിയ വാക്കു്,
കടലാസിൽ ഉണ്ടാക്കിയ
നിഴൽ
തുന്നിയ
നൂലിന്റെ കെട്ടഴിഞ്ഞു് ആദ്യം
നാലു സുഷിരമുള്ള കുടുക്കു്
കുപ്പായത്തിൽനിന്നൂർന്നു
അതിന്നു പിന്നാലെ
കൂടിന്റെ കമ്പുകളും നാരുകളും വേർപെട്ടു
ചൂടുള്ള ചെറിയ മുട്ടകൾ
കിളിക്കൊപ്പം താഴേക്കു താഴേക്കു
വീണുപോയിക്കാണാതെയായി.
രാത്രി മുഴുവൻ
ഈയിരുണ്ട പുഴയിൽ
മുങ്ങിക്കിടന്നു
ഉണർന്നെഴുന്നേറ്റപ്പോൾ
കൈവെള്ളയിൽ
മിനുസമില്ലാത്തവ
നനഞ്ഞിട്ടില്ലാത്തവ
ചെറിയ കല്ലുകൾ
ചെറിയ കല്ലുകൾ
തൊട്ടുതൊട്ടു വെച്ചു,
ഒരു കിളിയുടെ ആകൃതിയിൽ
മരത്തിന്റെയും പൊട്ടിയ
ചന്ദ്രന്റെയും ആകൃതിയിൽ
ഒരു കല്ലു് മറ്റൊന്നിൽ മുട്ടിയുരഞ്ഞു്
എനിക്കു് ശബ്ദമുണ്ടായി,
എരിയുന്ന ഉടലുകളുണ്ടായി
ദേഹത്തുനിന്നും പതുക്കെ വേർപെടുന്നു,
സൂര്യന്റെ ചുണ്ടുകൾ,
ഇലകൾ,
പുഴുക്കൂടുകളിലെ
വെളിച്ചപ്പൊടി,
നിഴൽ,
മുറിവുകൾ,
നൂലിഴകൾ,
മരണങ്ങൾ.
താഴേത്തറയുടെമൂലയിരുട്ടത്തു്
അങ്ങനെയിരിപ്പായ ഭരണിയ്ക്കും
പിന്നിൽ
നൂറ്റാണ്ടുകളായി മറഞ്ഞു
മറഞ്ഞുകിടക്കുന്നൂ
നീയഴിച്ചു വച്ചവയെല്ലാം
നഖങ്ങൾ
മുടിയിഴകൾ
കുപ്പായക്കൊളുത്തുകൾ.
പൊടിനീക്കിത്തൊട്ടുനോക്കുകയില്ല,
അവിടിരിക്കട്ടെ,
നൂറ്റാണ്ടുകളോളം.
അഴിഞ്ഞഴിഞ്ഞുപോ,
യൊരു പുളിമരത്തിൻ
കൊമ്പത്തിരിക്കുന്ന നിന്നെ
ഏതിരുട്ടിലും
ഇവിടെനിന്നാലെനിക്കു കാണാം
കാറ്റുകൊണ്ടു തല്ലി
ഇലകൾ നീ താഴെവീഴ്ത്തുന്നതും
വീടിന്റെ ഒരു ഭാഗത്തു് നിഴൽ വന്നുവീണു,
ഇരുൾ പൊതിഞ്ഞു,
രാത്രിയായി,
ഒരു നട്ടുച്ചയിൽ
മുറ്റത്തിന്റെ വെയിലുള്ളിടത്തേക്കു്
തിടുക്കത്തിൽ നീങ്ങിനിന്നു,
ഒരു ചൂളക്കാക്ക
കുറ്റിക്കാടുകളുടെയും നീർച്ചോലകളുടെയും
നിഴൽ,
സൂര്യചന്ദ്രൻമാരുടെയും കത്തുന്ന
കല്ലുകളുടെയും
മരിച്ചവയുടെയും
മരങ്ങളിലെയും തൊലിയിലെ പൂപ്പൽ,
ആ കിളിയുടെ പാതിയുടലിൽക്കണ്ടു
മുതുകിൽത്തുടങ്ങി വാലറ്റം വരെ,
രാത്രികളുടെ അടയാത്ത കണ്ണുകൾ
വെള്ളം എപ്പോഴും വെള്ളം തന്നെയായിരുന്നു
കല്ലിന്റെയോ
മുള്ളുള്ള മരങ്ങളുടെയോ
മൂർച്ചയുള്ള ഇരുമ്പിന്റെയോ ആകൃതിയിൽ
ചതുപ്പിന്നടിയിൽ താഴ്‌ന്നുപോയ കൊമ്പുകളിൽ,
മരണങ്ങളുടെ മുഖങ്ങളിൽ
പുരണ്ട,
വെള്ളം.
ഒരപ്പം.
തണുത്തു്.
കട്ടിയോടെ.
ഉപ്പിന്റെ തരികൾ പറക്കുന്ന പ്രാണികൾ
കാറ്റത്തു് ഉലഞ്ഞുവന്നു കുപ്പായവക്കിൽ
പറ്റിപ്പിടിക്കുന്നു.
ചോരയുടെ നനവു് ചുണ്ടത്തു്
അലിയാതെ നിൽക്കുന്നു.
പാലത്തിന്നടിയിലൂടെ ശവങ്ങൾ വീടുകൾ,
വിലാപങ്ങൾ, പാവകൾ.
കണ്ണുകളിൽ തങ്ങിയ മഴക്കാലം
അതു ചുവന്നു കലങ്ങിയും ചീർത്തും
തുറക്കാനാവാതെ.
മുറിവുകൾ. മുറിവുകൾ.
പൊട്ടിയ കാലടികളും കൈവിരലുകളും.
കട്ടിയോടെ.
തണുത്തു്.
ഒരപ്പം.
കാൽഭാഗം തീ കൊണ്ടാണു്
പക്ഷികളെ ഉണ്ടാക്കിയതു്.
കാൽഭാഗം മണ്ണും വെള്ളവും കൊണ്ടു്. കാൽഭാഗം വാക്കുകൾ. ഒഴിഞ്ഞുകിടക്കുന്ന നാലാമത്തെ കാൽഭാഗത്തു്, നമ്മൾ, നെൻമണികളുടെയും മനുഷ്യരുടെയും തോടുകളുടെയും ഉണങ്ങാത്ത മരങ്ങളുടെയും, പാർപ്പു്.
പ്രാണികളുടെ ദാഹം
പാറക്കെട്ടുകളിലും
നീരാവിച്ചുറ്റുകളിലും ചെന്നുനിൽക്കുന്നതു കണ്ടു.
കണ്ണിലും
മുറിവിലും
മൂർച്ചയുള്ള വക്കുകൾ.
വെള്ളത്തിന്റെ മറ്റൊരു രൂപമായിരുന്നു,
കല്ലുകൾ
അതലിയാൻ
കാത്തു നിൽക്കുന്നവരാണു് നാം.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.