ചിറകിൽ ഒരൽപം മഞ്ഞു്, പൊടിപടലങ്ങൾ. ചിറകിൽ ഇരുൾ. അദൃശ്യമായൊരു നക്ഷത്രത്തെയാണവ പരിക്രമം ചെയ്യുന്നതു്. ഭൂമിക്കു ചുറ്റും ഒരേയകലത്തിൽ ഒരേ ഗുരുത്വപരിധിയിൽ ചീവീടുകളുടെ വിലാപം കേട്ടു. ആ ശബ്ദങ്ങളിൽ ബാഹ്യാകാശത്തിന്റെ മൗനം പുരണ്ടു. തളർന്നു്, ഈയുടലിൽ പതിഞ്ഞിരുന്നു് ചീവീടുകൾ കണ്ണു പൂട്ടുമ്പോഴാണു് ഗ്രഹണം. ഇരുട്ടിന്റെയുള്ളിലേയ്ക്കു് ചവിട്ടുപടികൾ. നമ്മുടെ കാൽപ്പെരുമാറ്റത്താൽ പെട്ടെന്നുണർന്നു പോയി, വൃക്ഷങ്ങൾ, തടാകപ്പരപ്പുകൾ.
കാറ്റിനു് ഭാരമേറി. ചരടിറുന്നു് പായകൾ വേർപെട്ടു് അലകൾക്കും ദ്വീപുകൾക്കും മീതെ വീണു മൂടിക്കിടന്നു. കണ്ണുകാണാത്ത കപ്പലുകൾ എല്ലാ തുറകളിലും വന്നിടിച്ചു് തകർന്നു. ദീർഘയാത്രകൾ കഴിഞ്ഞു് വന്ന തീപുരണ്ട കൂറ്റൻ കല്ലുകൾ, ചെറുഗോളങ്ങൾ, കടലുകളിൽ മുങ്ങിയുറങ്ങി. അവ കൊണ്ടുവന്ന ചെറിയ ചെറിയ വേദനകൾ പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചു വളർന്നു. കനം കൂടിയ മുറിവുകൾ അടിത്തട്ടിലേയ്ക്കു് ആഴ്‌ന്നുപോയി. കാറ്റുകളടങ്ങി. പച്ചനിറത്തിനു് നിഴലുകൾ വന്നു. കൈവിരലുകൾ നീങ്ങുന്നിടമെല്ലാം ചുവന്ന നിറമുണ്ടായി. ഇരുണ്ട ചെമ്പരത്തികളുണ്ടായി.
കല്ലുകളിൽനിന്നാണവ പൊടിഞ്ഞുയിർക്കുന്നതു്. മരങ്ങളോ വീടുകളോ എന്നു ഭേദമില്ലാതെ എല്ലാ ഉടലുകളിലും വന്നു് പതിഞ്ഞിരിക്കും. ചിറകു് പരത്തി വെച്ചു് ഉണക്കും. ആ നിശ്ചലതയിൽ രാത്രികൾ ഉണ്ടായി. രാത്രികൾക്കു് അടിത്തട്ടുകളുണ്ടായി. ഭൂമിയിൽ രാത്രികൾ മാത്രമേ ഉള്ളൂ. വിളറിയ കാറ്റുകളും. കാറ്റിൽ, രാത്രിയിൽ, കണ്ണാടികൾ. കണ്ണാടികളിൽ എന്നെക്കാണിച്ചുതന്നു. ഉണങ്ങാത്ത പുരാതനമായ മുറിവുകൾ. ഉണങ്ങിയ പുരാതനമായ കലകൾ. ചിറകുകളിൽ നോക്കിനിൽക്കുമ്പോൾ അവയിൽ വലയങ്ങൾ ഉണ്ടായി. നിറങ്ങൾ. തീപ്പുള്ളിക്കണ്ണുകൾ. പെട്ടെന്നു്, ഒരു വലിയ ശലഭം എന്നെക്കടന്നു പോയി. അതിന്റെ ശബ്ദം കേട്ടുവെന്നു തീർച്ച. അതിന്റെ ചിറകിൽ നിന്നുവീണ മണം ഇപ്പഴുമിവിടെയുണ്ടു്. മരണത്തിനു് തൊട്ടുമുമ്പു് ഞാൻ കാത്തുകാത്തു നിൽക്കുമ്പോൾ ഈ ചെരിവിൽ ശലഭച്ചിറകിന്റെ നിറം കലർന്നു് രാത്രിയുടെ ഒരു പാതി മാഞ്ഞുപോയി.
ഇരുണ്ട ചേമ്പിലകളിൽ എല്ലാം തങ്ങിനിന്നു. കുഞ്ഞുങ്ങളും വളർത്തുമൃഗങ്ങളും. കാലവർഷത്തിന്റെ മടക്കുകളും ചുളിവുകളും. ഭൂമിയുടെ ചോര പുരണ്ട ശീലകളും. കുതിർന്നും തണുത്തും കവിളുകളിൽ ചൂടുള്ള ശ്വാസമേറ്റും താഴേക്കു വീണുപോവാതെ, ഈയിരുണ്ട ചേമ്പിലകളിൽ തങ്ങിനിന്നു. ചന്ദ്രന്റെ അഴുക്കു പിടിച്ച കുഞ്ഞു ശരീരങ്ങളും തീ കെടാത്ത പകലുകളും. മാളങ്ങളും കാടുകളുടെ അടിത്തട്ടുകളും. നഖങ്ങളും മുടിനാരുകളും. വേദന വാർന്നുപോവാതെ എല്ലാ മുറിവുകളും ഇരുണ്ട ചേമ്പിലകളിൽ തങ്ങിനിന്നു.
അശാന്തമായ പറത്തങ്ങളും സ്വച്ഛമായ നിദ്രയും ഈ മരത്തിന്റെ ചില്ലകളിൽ ഉണ്ടു്. ഒരേ രാത്രിയുടെ കരകളിൽ. ഒരേ ആഴത്തിനു താഴെ. പുഴുക്കളുടെയും തേനീച്ചകളുടെയും കിളികളുടെയും ഉമിനീരു് താഴേക്കിറ്റുന്നു. വാവലിന്റെ നിഴലുകളും മൂങ്ങയുടെ നോട്ടങ്ങളും താഴേക്കിറ്റുന്നു. മണ്ണിനു് ഭാരമേറിയതു് അങ്ങനെയായിരുന്നു, നനവു പറ്റിയതും. മുറിവുകളുടെ അടയാളം പോലെ, മരിച്ചുപോയ മുതുമുത്തശ്ശിമാരുടെ ആർത്തവച്ചോരയിൽ അവ കലർന്നു. ചുറ്റിപ്പിണയുന്ന ഞാഞ്ഞൂലുകളിലും കാട്ടുകിഴങ്ങിന്റെ വേരുകളിലും അവ കലർന്നു. ആകാശത്തിന്റെ ഉമിനീരു്. പഴങ്ങളുടെയും രാത്രികളുടെയും കൂടുകളുടെയും ഉമിനീരു്, എന്റെ വിരൽത്തുമ്പിലും നാവിലും.
കുന്നിൻപുറങ്ങളിലൂടെയുള്ള നടത്തം എനിക്കു തരുന്നതെല്ലാം ഞാൻ ഈ നിലവറയിൽ സൂക്ഷിച്ചു വെയ്ക്കുന്നു. മരപ്പലകയ്ക്കു താഴെയിരുട്ടിൽ എല്ലാം മറ്റൊരു വേഗതയിൽ മരണത്തെ ഓർമ കിട്ടാതെ വളരുന്നു. ഉണങ്ങിയ അത്തിപ്പഴങ്ങളും നെൻമണികളും. സൂര്യഗ്രഹണത്തിന്റെ നിഴൽ വീണ ഇടവഴികൾ. മുയലുകളും മാളങ്ങളും. തോടടർന്നു വീഴുന്ന കാറ്റും മഴയും. വീടുവിട്ടു പോവാതെ, മടങ്ങാതെ, വേലിപ്പടർപ്പിൽ കാത്തുനിൽക്കുന്ന അമ്മൂമ്മമാരും കന്നുകുട്ടികളും. മുറിഞ്ഞ നഖങ്ങളും പരുന്തുകളും. വെറും തറയിൽ തണുത്തുവിറങ്ങലിച്ചും പരസ്പരം പുണർന്നും ഓരോ വസ്തുക്കൾ. അവയിൽനിന്നു പൊടിയുന്ന ശബ്ദങ്ങൾ. കറയിറ്റുന്ന മണങ്ങൾ. ഓരോ നിമിഷവും അലിഞ്ഞില്ലാതെയാകുന്ന വിരലടയാളം. തൊലിയുടെ നിറം. ഇന്നത്തെ നടത്തത്തിനിടെ കാൽക്കീഴിലേക്കു് ഉതിർന്ന കാഞ്ഞിരത്തിന്റെ ഉരുളൻ കായ്കളുടെ കിലുക്കം കൂടി താഴേക്കെറിഞ്ഞു്, മരപ്പലക വലിച്ചടച്ചു.
ഈ നനഞ്ഞ മണ്ണിൽ, ചെറുവിടവിൽനിന്നു് അതു് പുറത്തു വരുന്നു. ഒരു കുഞ്ഞു വാക്കു്. ഉടലു കുടഞ്ഞു്, നിവർത്തി, കനംകുറഞ്ഞ ഇരു ചിറകും വിടർത്തി, സാവധാനം വായുവിലുയർന്നു്, വട്ടം വച്ചു്, ഈ ശബ്ദങ്ങളിലും ഗന്ധങ്ങളിലും തൊട്ടു്, പിന്നെയും മീതേയ്ക്കുമീതേയ്ക്കു പോയി. ഇല്ല, അദൃശ്യമായില്ലതു്. ആ ചെരിവിൽ, ഭൂമിയുടെ ഓർമയുടെയും മരണങ്ങളുടെയും പുറത്തു്, വർത്തുളമായ പാതയിൽ, അതു് മെല്ലെ നീങ്ങുന്നുണ്ടു്. സന്ധ്യകളിലും പാതിരകളിലും കലർന്നു്, വിദൂര ദിക്കുകളുടെയും ഉറവിടങ്ങളറിയാത്ത കാറ്റുകളുടെയും വിരലുകൾക്കിടയിലൂടെ മിന്നിയും അണഞ്ഞും പൊടി മൂടിയും വിറങ്ങലിച്ചും നീങ്ങുന്നു. പകലിലും രാവിലും ഈ മുറ്റത്തു് ഞാനതു കണ്ടുനിൽക്കുന്നു. ഒരു ചെറിയ ഈയൽ. അതിന്റെ മുരളുന്ന ചിറകൊച്ച.
ഈ ചെറിയ വെള്ളക്കെട്ടിൽ എഴുതിമായുന്ന ദശലക്ഷം നീർവലയങ്ങളിൽനിന്നു് മുലകൾക്കുചുറ്റും തവിട്ടുനിറമുണ്ടായി. അതിന്റെ വേദനയിൽനിന്നു് ഒരിക്കലും കരകയറാൻ കഴിയാത്ത ഗ്രഹങ്ങളും നക്ഷത്രാവശിഷ്ടങ്ങളും അടിത്തട്ടിലേയ്ക്കു് ആണ്ടു പോയി. വേദനയിൽനിന്നു് വേരു പൊട്ടുന്ന കുഞ്ഞുവേദനകൾ പടർന്നുവളർന്നു കാടുകൾ, കാണാൻ വയ്യാത്ത താഴ്‌വരകൾ, ആഴമറിയാത്ത ചതുപ്പുകൾ ഉണ്ടായി. വലയങ്ങളിൽനിന്നു് ഒച്ചുകളും നാഗങ്ങളും പേടി സ്വപ്നങ്ങളും ഭ്രാന്തിന്റെ ചുറ്റുകോവണികളുമുണ്ടായി. വർഷകാലങ്ങൾ അങ്ങനെ തീർന്നു. കല്ലിലും ഉടലിലും അതിന്റെ വിരൽപ്പാടുകൾ കണ്ടു.
എങ്ങനെയാണു് ഭൂമിയിലാദ്യം
കൂടുകളുണ്ടായതു്?
തോടുപതുക്കെയടർത്തി, രാത്രികൾ
പുറത്തുവന്നതു്?
നിലവറകൾക്കുള്ളിൽ ചന്ദ്രന്റെ തുണ്ടുകൾ
മൂടിക്കിടന്നതു്?
കിളികളുണ്ടാവുന്നതിനു മുമ്പു് എങ്ങനെയാണു് നമ്മൾ പാടത്തിന്റെ കരയ്ക്കു് പകലുകളെ
നോക്കിനിന്നതു്? ചില്ലകളുടെ ഗാഢമായ
നിറത്തിൽ തൊട്ടതു്?
നാരുകളും കരിയിലകളുമുണ്ടാവുന്നതിനു
മുമ്പു് എങ്ങനെയാണു് നമ്മൾ
മുറിവൂതിയുണക്കിയതു്?
കിളികളുടെ നിറം,
കിളികളുടെ ദിക്കുകൾ,
കിളികളുടെ ആകാശനൃത്തം,
കിളികളുടെ ലിപികൾ,
കിളികളുടെ വിദൂരഗ്രഹങ്ങൾ,
കിളികൾ എങ്ങനെയാണു്
നമ്മെ മറന്നുപോയതു്?
ശ്വാസത്താലിളകുന്ന ഇലകളിൽ നോക്കി,
ഈ മുറിവിൽനിന്നും പഴന്തുണി നീക്കുന്നു
പുരാതനമായ രാത്രിയുടെ
നീലനിഴലുകൾ,
തൊലിയ്ക്കും വേദനകൾക്കുമിടയിൽ,
തണുത്തും മയങ്ങിയും ഒട്ടിനിൽക്കുന്നു.
ഞാറക്കായ്കൾക്കു ചുറ്റിനും
ഒച്ചയനക്കമില്ലാത്ത തണുത്ത ഗ്രഹങ്ങൾ,
ആ നീലനിഴലുകൾക്കിടയിലാണു നാം
പാർക്കുന്നു,
രാത്രിയോ പകലോ അറിയാതെ
സൂര്യനിൽനിന്നുമകലുന്നു
പതുക്കെയാണു് ആകൃതിയുണ്ടായതു്; മരങ്ങൾ മരങ്ങളായതും കൂണുകൾ കൂണുകളായതും. പതുക്കെയാണു് ചുണ്ടുകൾ വാക്കുകളായതു്; മൂർച്ചയുള്ള വക്കുകളും വിലാപങ്ങളും ഉണ്ടായതു്. പതുക്കെയാണു് ഓരോ പദാർത്ഥത്തിലും പ്രാണനും മരണവും വന്നുപോയതു്. പതുക്കെയാണു് പൊടിയടിഞ്ഞു്, കനം വെച്ചു്, കൂടുകെട്ടി, അടയിരുന്നു് ഈ ഗ്രഹമുണ്ടായതു്, ദിക്കുകളും. പതുക്കെ ഈ തുറയിൽ നിന്നകന്നു, കാറ്റുപായകൾ മുറുക്കി, ഒഴുക്കിൽ. പതുക്കെ സമുദ്രങ്ങൾക്കു് അലകളുടെയും അടിത്തട്ടുകളുടെയും ആകൃതിയുണ്ടായി.
ചതുപ്പിൽ ഒന്നും ആഴ്‌ന്നു പോയിരുന്നില്ല; തമ്മിൽ വെട്ടിയേൽപ്പിച്ച മുറിവുകൾ, പലായനം, മരണങ്ങൾ. കുഴഞ്ഞ ചേറ്. അടിഞ്ഞ ഇരുൾ. വെള്ളം കലർന്നു് എല്ലാമെല്ലാം ഓർക്കുന്നു. തട്ടുതട്ടായി വെയ്ക്കുന്നു. ഒന്നിനു മീതേയൊന്നു വീണുകിടക്കുന്നു. എല്ലാ നിലവിളിയും കെട്ടുപിണഞ്ഞു് വറ്റുന്നു. അഴുകുന്നു. ഉണരാൻ വയ്യാതെ ഉറങ്ങുന്നു. കണ്ണിലും മൂക്കിലും വായിലും ചെളിയടിഞ്ഞു നിറയും. വരമ്പുകളിടിഞ്ഞു് കുത്തിയൊഴുകുന്ന രാത്രിയിലേക്കു് വീഴുമ്പോൾ ചതുപ്പിന്നങ്ങേക്കരയ്ക്കു് വലിയ മാനുകളെക്കണ്ടു. നിലാവിൽ ശിരസ്സിലെക്കൊമ്പുകൾ തിളങ്ങി.
രാത്രിയിൽ,
ഇതളുകൾ
അവ വിദൂരദിക്കുകളിലലയുന്നു,
അവ സൂര്യനെച്ചുറ്റുന്നു.
കാണാവുന്ന ഗ്രഹങ്ങളിലൊക്കെയു
മൊട്ടിപ്പിടിക്കുന്ന
കള്ളിപ്പാലയുടെ മണംകൊണ്ടു്,
മരണം, അതിന്റെ രാത്രികൾ മുഴുമിച്ചു
മരത്തിനുതാഴത്തു്, എല്ലാ ദിക്കുകളുടെയും
വിരലടയാളമുണ്ടു്.
തൊടാവുന്നവ.
വേഗത്തിൽ മായുന്നവ.
കിളികൾ കൂടുകളും കൊണ്ടു്
വടക്കുകിഴക്കേച്ചെരിവിലൂടെ പറന്നുപോയി.
അവ മടങ്ങിവരാതെ
എനിക്കു് ചേക്കേറുവാൻ വയ്യ
കുപ്പായത്തിൽനിന്നു വലിച്ചെടുത്തൊരു
നൂലിഴയും കണ്ണാടിച്ചില്ലുകളുമുണ്ടു്
എന്റെ കൈയിൽ.
എങ്ങനെയാണു് കിളികൾ
കൂടുണ്ടാക്കുന്നതു്?
ആ മുറിയിൽ, തറയിലെല്ലാം
ചോരയൊപ്പിയ തുണിത്തുണ്ടുകൾ
ചന്ദ്രൻ ഓരോ ജൻമത്തിലും
അവളുടെ ചോര
മുഖത്തു തേച്ചു മടങ്ങി
നനച്ച തുണികൊണ്ടു
ശബ്ദങ്ങൾ
ഒപ്പിയെടുത്തു
ഉണങ്ങാത്ത പന്നലുകളുടെ മിണ്ടൽ
ചില്ലിന്റെയും പേജുകളുടെയും
വിടവുകളിൽ ബാക്കിനിന്നു
രാത്രിയുടെ വലത്തേയറ്റത്തു്,
പേജിന്റെ മൂലയിൽ
ഒരു മടക്കുവെച്ചു,
മൂങ്ങകൾ അവിടെയാണിരിപ്പു്.
പൂവെല്ലാമതിൽ മുങ്ങിയെണീറ്റു
പറവകളെല്ലാമതിൽ നീന്തിക്കയറി
മരണത്തിന്റെ അടിത്തട്ടിലെപ്പോഴുമുണ്ടു്,
ഒരുറവു്
എന്റെ ചിറകിലും ചുണ്ടിലും നനവു്
പുസ്തകമടച്ചു
ഉറക്കത്തിനടിയിൽ വാക്കുകൾ
അടങ്ങിക്കിടന്നു
അറിയാനാട്ടിലൂടൊരാൾ ഓരോവരിയിലും
തൊട്ടുനോക്കിപ്പോവുമ്പോൾ
ഞാനുണർന്നു
കഴിഞ്ഞ പകലിലേയ്ക്കും
വരുന്ന രാത്രിയിലേയ്ക്കും വേർപെട്ടു
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.