എടലയിൽപ്പാർക്കുന്നു
എകരമില്ലാതെനീങ്ങുന്ന ചന്ദ്രനിൽപ്പാർക്കുന്നു
ഏഴുകാതം ചുറ്റിപ്പറക്കുന്നു
പെട്ടെന്നു വന്നെന്റെ
കണ്ണിലെഴുതുന്നു
മിന്നൽ പോലെന്തോ
വാക്കാകുമോ
കാറ്റാകുമോ
വെയിലിന്റെ ചെരിവാകുമോ
മുളയിലകളിൽപ്പാർക്കുന്നു
തകരയിൽപ്പാർക്കുന്നു
പനകളിൽ പക്ഷികൾ
യക്ഷികൾ അഴിച്ചിട്ട
പൂങ്കുലക്കനങ്ങൾ
മണക്കുന്നു
രുചിക്കുന്നു
രാത്രികൾ കാടുകൾ
ചിറകുകൾ പൂട്ടുന്നു
താഴത്തു ഭൂമിയിൽ
അല്പകാലമിരിക്കുന്നു
തിന്നുതിന്നില്ലാതെയാവുമിലകളിൽ
നേർത്ത നൂൽക്കൂടിനുളളിൽ
ത്തന്നെയുറങ്ങുന്നതാണോ
മറക്കുന്നതാണോ കാലങ്ങൾ
ഉണരാതെ ദിക്കുകൾ
കണ്ണിൽപ്പെടാത്ത
ഋതുപ്പഴുതുകൾ
ഇന്നെഴുന്നേറ്റുമെല്ലെച്ചിനക്കുന്ന
ചിറകിൽത്തുടങ്ങുമോ
ഞാൻ പാർക്കുമീക്കര,
യനക്കമില്ലാത്ത നിശ്ശബ്ദത,
ചുറ്റി നീളുന്ന തോടു്,
മുതുകത്തു കുത്തിയ നീലച്ച പുള്ളികൾ,
പറക്കാതിരിക്കുന്ന ഭാരം
മരണം കലർന്ന നിഴൽ
പതിയെ വളർന്നു പരക്കുന്നു
എല്ലാം ചെന്നുതൊടുന്നു
നിത്യവുമീ ഞാറയുടെ കീഴിൽ
പോയിനിന്നുഞാൻ
പുഴു,
ക്കൂടുകൾ
സുഷിരമുള്ള ഇലകൾ
ശിഖരങ്ങളിൽ
ഇരുൾനിറമാർന്ന
കുട്ടിദൈവങ്ങൾ പതുക്കെ
പിടിവിട്ടു് താഴേക്കു് വീഴുന്നതുകണ്ടു
ഭൂമിയുടെ നാവിൽ,
ചവർപ്പു്
മധുരം
കലർന്നുള്ള
മരണങ്ങൾ
തേക്കിൻ തൂമ്പു പൊട്ടിച്ചു്
കൈവെള്ളയിൽ നീ വരച്ചുകാട്ടി
ഒരു ചെറു പൂവു്
ചിരിക്കുന്നയിതളുകൾ
വട്ടത്തിലൊരു കുട്ടിസ്സൂര്യൻ
മൂക്കുവിടർത്തി
മണത്തു നോക്കീ
യുള്ളംകൈ,
എങ്ങുന്നുവന്നതീത്തളിർ മണം?
കാറ്റിലോ
വെയ്ലിലോ
പൂവിലോ
വിരലിലോ
ആരുടേതാണീത്തണുത്ത ഗന്ധം?
വെള്ളത്തിനെന്താണാകൃതി,
യൊഴുകുമ്പോൾ?
വാൽത്തുമ്പുവെട്ടിച്ചു
നീന്തുന്ന മീനിന്റെയാകൃതി
കാറ്റിനെന്താണാകൃതി,
വീശുമ്പോൾ?
മേഘങ്ങളെത്തൊടാൻ
വീശിപ്പറക്കുന്ന
കിളിയുടെ ചിറകിന്റെയാകൃതി
ഭൂമിക്കെന്താണാകൃതി?
തോടിനുള്ളിൽ മുളപൊട്ടാനൊരുങ്ങി
യുറങ്ങുന്ന വിത്തിന്റെയാകൃതി
കാറ്റിൽ പതുക്കെ അനങ്ങിക്കൊണ്ടിരുന്ന
ഊഞ്ഞാലിൽ
വന്നിരുന്നു്
ആടാൻ തുടങ്ങുന്നു
ഉച്ചനേരത്തുറക്കം
വരാത്ത
യക്ഷി
എല്ലാ കാറ്റുകളും
ആ വഴി തൊടാതെ,
പാടത്തിന്നങ്ങേക്കരയൂടെ
ധൃതിയിൽ കടന്നുപോവുന്നു
മണ്ണിൽ കമിഴ്‌ന്ന
ചിരട്ടയ്ക്കുള്ളിലെ
പ്രാണികൾ മാതിരി
ഇരുളായി, വേഗം
കുറഞ്ഞ പകലായി,
കാറ്റുനൂൽക്കെട്ടായി,
കുതിർന്നിലമായി,
ആഴ്‌ന്നു പോയ കുളമ്പായി,
മറന്നു പോന്ന ദിക്കുകളായി,
ആണ്ടുകളായി,
കുതിർന്നുള്ള കൂടുകൾ,
പൊത്തുകൾ,
ഒട്ടിയ ചിറകായി,
ഉറങ്ങുന്ന ശിഖരമായി,
തോടുകൾ കവിഞ്ഞും
വരമ്പുകളിടിഞ്ഞും
കാറ്റുകൾ, കാറുകൾ,
കാതിന്റെ ചുറ്റിടവഴികളിൽ,
പൊഴിഞ്ഞിലച്ചതുപ്പിൽ,
ഉണങ്ങാമുറിവായിലുപ്പിന്റെ
മിണ്ടലായി,
ഉറങ്ങുന്ന വിത്തിന്റെ രാത്രിയായി,
വാക്കുകളില്ലാതെയായി,
വർഷകാലത്തിന്റെ
പുരാതനമായ
ഗുഹാന്തരശ്രുതിയിൽ,
കലർന്നു
കിണറിനുള്ളിൽ വെള്ളം വളരുന്നു
ചന്ദ്രന്റെ തുണ്ടു്
വെള്ളത്തിന്റെ വലയങ്ങൾക്കിടയിൽ
പന്നലുകൾ
സൂര്യനെ കൊണ്ടു പോരുന്ന തുമ്പികൾ
ആ പച്ചയിൽ ചെന്നിരിക്കുന്നു
മുറ്റത്തു് വെള്ളം കെട്ടിനിൽക്കുന്നു
ചാറ്റൽമഴ ചെറിയ വൃത്തം വരയുന്നു
മായ്ച്ചുകളയുന്നു
പൊത്തുകളിലും പോടുകളിലും കേറുന്നു
നിലാവത്തിഴപ്രാണികൾ
കരയുന്നതു കേൾക്കുന്നു
ചിറകൾ പൊട്ടുമ്പോൾ
കുതിർന്ന കൂടുകൾ ഓർമയെത്തുന്നു
ചേറിനടിയിലെ നഖങ്ങൾ, മുടിനാരുകൾ
എണ്ണമറിയാത്ത കാലുകൾ
ഓളങ്ങൾക്കുമൊഴുക്കിനും മീതെ
വെളിച്ചത്തിന്റെ പെരുമാൾ
തൊടുന്നു, ഇരുട്ടു കുടയുന്നു
ഊഞ്ഞാലിന്റെ ആട്ടം നിലയ്ക്കുന്നു
മിന്നലിന്റെ വക്കത്തു് നിൽക്കുന്നു
വഴുപ്പാർന്ന,
ആറിത്തണുക്കാ-
പ്പിറവെള്ളം
ആരോ തുടയ്ക്കുന്നു
നൂറായിരം കൊല്ലം മുമ്പുണ്ടായ
കണ്ണുകൾ കൊണ്ടു്
എന്നെ നോക്കുന്നു
കേൾക്കുകയോ മണക്കുകയോ ചെയ്യുന്നു
വിദൂരമായൊരു നക്ഷത്രത്തിന്റെ തീ
അതിന്നുടലിൽ
എത്ര കാലം കഴിഞ്ഞു പിറക്കാനിരിക്കുന്ന
എന്റെയുടലിൽ
അതിന്റെ ഇപ്പോഴുമുള്ള
ചൂടും വെളിച്ചവും തട്ടിക്കുന്നു
നിത്യവും ഞാൻ ചെന്നുനിൽക്കുന്ന
ഈ മരം
ഈ നീളൻ പുല്ലുകൾക്കിടയിൽ
വെള്ളക്കെട്ടിനു വക്കത്തു് വന്നു് നിൽക്കു്
തീ പിടിച്ച തല നനവിലാഴ്ത്തിപ്പിടയ്
പുക പടർത്തു്
പുളയ്
വാലു തുള്ളിക്കു്
അനക്കമറ്റു് മരണത്തെപ്പൂർത്തിയാക്കു്
ജീവനുള്ള സർപ്പത്തെപ്പോലെ
തുരുമ്പിക്കു്
ഇരുപുറം ചിറകുകൾ
ഇറുകിനിൽക്കുന്ന ചീവീടുകൾ
അതു കഴിഞ്ഞാണു് ശബ്ദം
ഒടുവിൽ മരങ്ങളുണ്ടായി
നിലം കഴുകുന്ന ബ്രഷ്
മുടിവെട്ടുന്ന കത്രി
ചകിരിനാരുകൾ
ചെറിയ കണ്ണാടി
കോപ്പ
ഒച്ചിന്റെ കുഞ്ഞുങ്ങൾ
ചൂടുവെള്ളം
കുപ്പായം
നഗ്നശരീരം
സോപ്പ്
ബ്ലേഡുകൾ
താളിയെടുക്കുന്ന കിണ്ണം
അഴിഞ്ഞു പോന്ന കുടുക്കുകൾ
ഊരിയിട്ട മുടിപ്പിന്നുകൾ
ചോര വാർന്ന നാളുകൾ
ഈ ജനാല തുറക്കുമ്പോൾ
കുളിമുറിക്കുള്ളിൽ
പടിഞ്ഞാറൻ കടലുകേറിവന്ന
അടങ്ങാത്ത കാറ്റുകൾ
താഴുന്ന
അടിഭാരക്കല്ലുകൾ
വലിപ്പമേറിയ ഇലകളിലോ
കുറുകിപ്പടർന്ന ശിഖരങ്ങളിലോ
ആഴിയുടെ അടിത്തട്ടു്
പെരുങ്കാറ്റലയുന്ന ചെരിവു്
നീലനിറത്തിന്റെയുപ്പു്
തീ,
അല്ലെങ്കിൽ ഉടലിലൊഴുകുന്ന നീരു്
ദ്വീപിന്റെ കാൽവിരലുകളും
മുടിയിഴകളും
ദ്വാരങ്ങൾ വീണ നെഞ്ഞും നെറ്റിയും
നീന്തിക്കടക്കാനാവാത്ത ചോരയുടെ
പാർപ്പു്, ഇപ്പോൾ,
ഇതളുകളിൽ,
തകർന്ന പാലങ്ങളുടെ
ഈ നിഴലിൽ,
ആഴം
ചെറിയ ചെടിത്തണ്ടുകൾ
ചില്ലോ
വെള്ളമോ പോലെ
വെളിച്ചം കടത്തിവിടുന്നു.
ഉള്ളും
മറുപുറവും കാട്ടുന്നു.
മാസങ്ങൾ,
അല്ലെങ്കിൽ ഒന്നോ രണ്ടോ കൊല്ലം
മാത്രം പ്രായമുള്ളപ്പോൾ
സൂര്യൻ എന്നെക്കടന്നപ്പുറം പോയിരുന്നു.
പിന്നെപ്പിന്നെ ഉടലിനുറപ്പു കൂടി
സൂര്യന്റെ വിരലുകൾ
പുറത്തു വരാതായി
എനിക്കും
മരത്തിനും
വാക്കുകൾക്കും
ദിക്കുകൾക്കും
ഉറക്കത്തിനും
നിഴലുണ്ടാവാൻ തുടങ്ങി
ഓരോ ദിവസത്തെയും സൂര്യൻ
എന്റെയകത്തു കുടുങ്ങി
ഭൂമിയുടെ പകുതി
എപ്പോഴുമിരുണ്ടു
ഒഴിഞ്ഞ കിടപ്പറയിലോ
കോണിച്ചുവട്ടിലോ ചെന്നുനിന്നു
കാറ്റുള്ള വാതിൽ തുറന്നിട്ടു
വഴുതുന്ന
പാറക്കെട്ടുകളും എന്റെ
ശരീരവും
കൽപ്പായലിന്റെ ചെറിയ ശകലങ്ങൾ
കൈത്തണ്ടയിൽ
പതുക്കെ ഉണർന്നെണീക്കുന്നു
ഇരുണ്ട മരങ്ങളുടെയിടയിൽ
നഗ്നനായി
നിന്നു
രാത്രിയോ തെളിയാപ്പകലോ
കുഴഞ്ഞുകൂടിയ മഴക്കാലമോ
മൃഗക്കിതപ്പുകളോ
കരച്ചിലുകളോ
വന്നു്
പൊതിഞ്ഞു
ആ ചൂടിൽച്ചുരുണ്ടുകിടന്നു
ആയുഷ്ക്കാലങ്ങൾ തീർന്നെണീക്കുമ്പോൾ
ഈ ശിഖരത്തിനു മീതെയാണു
പാർക്കുന്നു ഞാൻ
ചുറ്റിലും വെളുത്ത കൂണുകളുടെ വിരലുകൾ
താഴത്തു് ഭൂമിയിൽ
കുതിർന്നു നിൽക്കുന്ന
ഒരാൾ, നഗ്നൻ
പുക കലരുന്നു,
മേഘങ്ങളിൽ
വിദൂരമായ ചെരിവിൽനിന്നു
വീണ തീക്കല്ലുകൾ
കുഴൽ കടന്നെത്തി
ത്താഴെത്തണുത്തു കിടക്കുന്നു
മനുഷ്യരെപ്പോലെയടുത്തടുത്തായി
തൊടുമ്പോൾ കലരുന്നു
വിരലിൽ
വേറെസ്സൗരയൂഥം മണക്കും
പുക, കത്തിയ കാട്ടുമരത്തിൻ
കറ, പ്രാണൻവിടാതുറുമ്പുകൾ
പെരപ്പുറത്തു് ഇറുക്കിപ്പിടിച്ചു്
പതുക്കെ പടർന്നു നീങ്ങി
മത്തൻ വള്ളികൾ
അതിന്റെ വലിയ ഇലകളാണു്
വീടിനു് നിഴൽ, പകലുറക്കം
മറന്നു പോയ ഒരു സ്ഥലം
ഉറക്കത്തിൽ പെട്ടെന്നു് മടങ്ങിവരുന്നു
ചതുപ്പുനിലമോ ഒഴിഞ്ഞ പറമ്പോ
അവിടെ ഒരു വീടുണ്ടായിരുന്നു
തീപിടിച്ചു് കത്തിപ്പോവുകയായിരുന്നു
തീ, മരങ്ങളിലേക്കും പുല്പൊന്തകളിലേക്കും
കയറിപ്പോവുന്നു
ചൂടു പോവാത്ത കരിമണ്ണിലൂടെ കാലമർത്തി
ഞാൻ നടന്നു
വളരുന്ന രാത്രികൾക്കുമീതെ
പതുക്കെ കനം വെക്കുന്നു പച്ചക്കായ്കൾ
മറന്നു പോയിരുന്ന ഒരു സ്ഥലം
പെട്ടെന്നു് മടങ്ങിവന്നു
ഈ താഴ്‌ന്ന മരക്കൊമ്പു്
പൂത്താങ്കീരിയുടെ കൂടു്
നാരു പോലൊച്ചയുണ്ടാക്കുന്ന
അതിന്റെ കുഞ്ഞുങ്ങൾ,
ചോരക്കറയുള്ള തുണികൾ കഴുകുമ്പോൾ
കൈകളിലുണ്ടാവുന്ന
പാതിരാനേരം
നീർക്കാക്കകൾ
ചതുപ്പിന്റെ പ്രായം അളക്കുന്നു,
അളവു തെറ്റുന്നു
അടിത്തട്ടിലേക്കു് താഴ്‌ന്നുപോവുന്നു
നീക്കാക്കകൾ എന്റെ പ്രായം
അളക്കുന്നു
തെറ്റുന്നു
ഞാൻ ആഴ്‌ന്നുപോവുന്നു
എത്രകാലമായിരിക്കും ഞാൻ
ഇതേ ചിറയുടെ വക്കിൽ
അവയെ നോക്കിനോക്കി നിൽക്കുന്നു?
കാറ്റുള്ള വരമ്പിൽ നടക്കുന്നു?
തണുത്തു വിറയുന്നു?
ഈ ചതുപ്പിന്റെ പ്രായം
ആർക്കു പറയാനാവും? ചെളിയിൽ
പുതഞ്ഞ മരണങ്ങളുടെ ഭാരം?
മരിച്ചുപോയ നീർക്കാക്കകളെല്ലാം
ഇപ്പൊഴീ വൻമരത്തിന്റെ
കൊമ്പുകളിൽ വന്നിരുന്നു
ഈ വെള്ളത്തിനുമീതെ നീന്തി
പരന്ന കാല്പാദംകൊണ്ടു്
വിസ്തൃതമായ ചിറകുകൊണ്ടു്
വെള്ളക്കെട്ടിന്റെ നിലകിട്ടാത്ത ഭാരം അളന്നു
കരയിലേക്കു് കയറിച്ചെല്ലുന്ന വെള്ളമാണു്,
മരങ്ങൾ മുങ്ങുന്നു
കടപുഴകുന്നു
കഴുകി വെടിപ്പായ കൊമ്പുകളിൽ
ഞാൻ എല്ലാ ജൻമങ്ങളിൽ
നിന്നും ചെന്നിരിക്കുന്നു
നീർക്കാക്കകളുടെ കാലത്തു്
പരന്ന കാല്പാദങ്ങളാണു് ഞാൻ
വിടർത്തിത്തുഴയുന്ന ചിറകുകൾ
ഈ വെള്ളക്കെട്ടിന്റെ വലയനൃത്തം
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.