രാത്രി തീരുന്നില്ല;
നടപ്പാതകൾക്കടിയിലൂടെ വെയിലുതട്ടാതെ
മൂങ്ങകളുടെ പിറുപിറുപ്പുകൾ
സൗരഘടികാരത്തിൽ പുഴുവിന്റെ
കാലം അതി ദീർഘമാണു്.
ഈയിലയുടെ ഒരു കരയിൽ നിന്നു്
മറുകരയിലേയ്ക്കു് പോകേ
എനിക്കു് വരമ്പുകൾ പിണഞ്ഞു് വഴിതെറ്റുന്നു
ഓളംവെട്ടുന്ന തടാകം
ആകാശവും ഭൂമിയും
ആണ്ടുകിടക്കുന്ന അടിത്തട്ടു്,
ഈ വിരലടയാളം
ഈ കല്ലിലെ സുഷിരങ്ങൾ-
വെള്ളം കയറിയ കരകളിൽനിന്നൊക്കെയും
ഞാൻ പിൻവാങ്ങുന്നു
മറഞ്ഞുനിൽക്കുന്നു.
ആദ്യത്തെ മുറിവുകളാണു്,
ഈ ചെറിയ കല്ലുകൾ
നീറ്റലോർക്കുന്നു, ഊതുന്നു,
പരിക്രമത്തിനിടയിലും
ഈ ഭൂമി
വെള്ളം വെള്ളത്തെ മായ്ച്ചു;
രാത്രികൾ, ശിഖരങ്ങളിലെപ്പോറലുകൾ
മായ്ച്ചു
ചന്ദ്രനെ തേക്കിലയിൽപ്പൊതിഞ്ഞു്
പൊന്തയിലൊളിപ്പിച്ചു
ഗ്രഹണമായി
പുല്ലിലെല്ലാം ചോരത്തുള്ളികൾ തിളങ്ങി
ആൽമരത്തിനു ചുറ്റും വൃത്താകാരത്തിൽ
തീ പടർന്നു
ഗോതമന്റെ ഉടലിൽ
പൊത്തുകൾ
കരയുന്ന
കുരുവികൾ
നിറം കലരുന്നതുപോലെ മുറിവു്,
മേഘങ്ങളിൽ,
പതുക്കെയിരുണ്ടു്,
ചെരിവിനെപ്പൊതിയുന്നു
പാറ്റച്ചിറകിൽനിന്നെല്ലാനിറവും
വാർന്നുകഴിഞ്ഞു
ഇലകളുടെ പുറന്തട്ടിൽ പകൽ
ഉൾത്തട്ടിൽ രാത്രി
ഇലപൊഴിഞ്ഞ ശിഖരങ്ങളിൽനിന്നു്
പ്രേതങ്ങൾ ഒഴിഞ്ഞുപോവുന്നു
നാലു സെക്കന്റുകൊണ്ടു് പാടം
മുറിച്ചു കടക്കുന്ന കിളിക്കൂട്ടം
നാൽപ്പതാണ്ടുകഴിഞ്ഞു് മടങ്ങുന്നു
ഓരോ നിമിഷവും ഭൂമി, കിഴക്കുദിക്കിലേയ്ക്കു്
ഓരോ മഴക്കാലവുമെന്റെ എല്ലുകളെ
കൂടുതലാഴത്തിലേയ്ക്കു് അമർത്തുന്നു
കട്ടപിടിച്ച കൊഴുത്ത ചോരയിൽ
തുണിത്തുണ്ടുകൾ
കൂടുണ്ടാക്കി
കിളികൾ തുടകൾക്കിടയിൽ ഒച്ചവെച്ചു
രാത്രിയുടെ കുളം
പടവിലൊരു സർപ്പം
ഉറങ്ങുന്നവർ വെള്ളത്തിൽനിന്നു്
കയറിവന്നു
ആ ചെറിയ അലകളാൽ
സർപ്പമിഴഞ്ഞുപോയി
ദേവതകളുണർന്നുപോയി
വെള്ളത്തിൽ വീണുപോയ എല്ലാ വാക്കുകളും മീനുകൾ വിഴുങ്ങുന്നു. കുളത്തിന്റെ കരയിൽ കാഴ്ചക്കാർ നിശ്ശബ്ദരായിത്തീർന്നു. കുളം നിശ്ചലമായി. അപ്പോൾ ഒരു കുഞ്ഞു് ചെറുതായി ചിണുങ്ങിക്കരഞ്ഞു. ഭൂതകാലങ്ങളിൽനിന്നു് കൊമ്പൻപല്ലുള്ള മീനുകൾ വെള്ളത്തിനുമീതേയ്ക്കു് പൊന്തിവന്നു.
കഴുകുന്നു. അഴുക്കുനീങ്ങുന്നു. ഉണങ്ങുന്നു. കറ തെളിയുന്നു. വീണ്ടും കഴുകുന്നു. മായുന്നു. വൃത്തിയാവുന്നു. ഉണങ്ങുമ്പോൾ വീണ്ടും കറ കട്ടിയേറുന്നു. കഴുകുന്നു. ഉണങ്ങുന്നു. വീണ്ടും കഴുകുന്നു. വീണ്ടും ഉണങ്ങുന്നു. ഒരുനാൾ പെട്ടെന്നു് പിഞ്ഞിപ്പോവുന്നു. മണ്ണിൽ അടക്കം ചെയ്യുന്നു. കരയുന്നു. ഓർമിച്ചു് കരയുന്നു.
നൂറ്റാണ്ടുകൾകൊണ്ടു ഞാനീ പാറക്കെട്ടിൽ
എന്റെ വിരലടയാളം പതിപ്പിച്ചു
വെള്ളത്തിൽ അലിഞ്ഞു്
കാണാതായ പാറക്കെട്ടുകൾ
മറന്നുപോയ അടിത്തട്ടുകൾ
വയലിനുനടുവിൽ, വരമ്പിൽ.
ഒച്ച മയങ്ങി, പാതിരാവായി.
അങ്ങേക്കരയിലൂടെ
മരണമില്ലാത്ത ചൂട്ടുകൾ മിന്നിയണയുന്നു
ജന്തുക്കളുടെ മണം മാളങ്ങൾ വിട്ടിറങ്ങുന്നു
കൂടുതൽക്കൂടുതൽ രാത്രിയാവുന്നതുവരെ
നോക്കിനിന്നൂ, ഇരുളിൻ ഞരമ്പുകൾ
കടൽമുനമ്പിൽ,
ഈ പാറക്കെട്ടുകൾക്കരികിൽ
എല്ലാ വേനലിലും,
ആഴമില്ലാവെള്ളത്തിൽ വന്നുനിൽക്കുന്നു
പുരാതനമായ മീനുകൾ
ബഹിരാകാശയാനങ്ങൾ
ഭൂമിയിൽ വന്നുവീഴുന്നതു കണ്ടുമടങ്ങുന്നു
മരിച്ചുപോയവർ വന്നിരിക്കുന്നതു്
മേലത്തെ ചില്ലകളിലാണു്
താഴ്‌ന്ന ശിഖരങ്ങൾ, ഊഞ്ഞാലുകൾ
പിറക്കാത്ത കുഞ്ഞുങ്ങളുടെ വേനൽ
പൂമ്പാറ്റയാവാൻ ഒരു നക്ഷത്രം കൂടി വേണം
നക്ഷത്രമാവാൻ ഒരു മരണം കൂടി
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.