ഭൂമിയുടെ അതേ വേഗതയിലാണു്,
ഞാറക്കായ്കളുടെ നിറം
പച്ചയിൽനിന്നുമിരുൾനീലയിലേയ്ക്കു്.
ഞാറക്കായ്കളുടെ അതേ വേഗം,
ഭൂമിയുടെ പരിക്രമം,
ഇരുണ്ട നീലയായി സൂര്യനുനേർക്കു്.
നീലനിറത്തിന്റെ അതേ വേഗതയിലാണു്
പച്ചക്കായ്കൾ ചവർക്കുന്ന മധുരത്തിലേയ്ക്കു്.
ആകാശവലയത്തിന്റെ അങ്ങേച്ചെരിവിലൂടെ,
ഇരുണ്ട ഭൂമിയും ഇരുണ്ട ഞാറക്കായ്കളും
ചവർക്കുന്ന മധുരവും ഞെട്ടടർന്നു് വേഗത്തിൽ,
ഭാരത്തോടെ വീഴുന്നു
ഈ മണ്ണിൽ
അഗാധമായൊരു വിള്ളലുണ്ടാവുന്നു.
ഒരുപറ്റം കിളികൾ നാലുദശലക്ഷം
കൊല്ലമപ്പുറത്തുള്ള മരത്തിൽ
ചേക്കേറുന്നു,
ഒരു ശലഭപ്പുഴു, വരുംനാഴികയി
ലേക്കുറങ്ങിത്തുടങ്ങുന്നു,
ഒരണു, രണ്ടായ്പ്പിരിയുന്നതിന്റെ
കരച്ചിലീക്കടലിലലയുയർത്തുന്നു,
വാക്കുകളുടഞ്ഞുപൊടിയുന്നതും
നോക്കിനിൽക്കുമ്പോൾ
നേരമണഞ്ഞു്
സൂര്യചന്ദ്രൻമാർ മാഞ്ഞു്,
ഭൂമിയൊരു തണുത്ത കല്ലായിമാറുന്നതു്
ഓർത്തുനിന്നു.
കല്ലുകൾ കൂട്ടിയുരതുമ്പോൾ
വെളുത്തപൊടി
താഴെ വീണുകൊണ്ടിരുന്നു
ആ ശബ്ദത്തിനു് വിദൂരഗ്രഹങ്ങൾ
അനങ്ങാതെ
കാതോർത്തുനിന്നു
അവയുടെ നിശ്ചലതയുടെ നിഴൽ
ഈ കാടുകൾക്കുമീതെ
ജന്തുക്കൾ പാർക്കുന്ന മാളങ്ങൾക്കു മീതെ
ഉറങ്ങുന്ന ഒരു പാറ്റ
ഉണക്കിലകൾക്കും അഴുകിയ
ചില്ലകൾക്കുമടിയിൽ പൊന്തിവരുന്ന
കൂണുകളുടെ മണം
രാത്രിയുടെ ഉള്ളിലേയ്ക്കു് ഒരു സർപ്പം
നിഗൂഢമായ ഒരു വാക്യം-
ഭൂമിയിൽ കണ്ടിട്ടില്ലാത്ത കിളികളുടെ
ഒരു പറ്റം ഈ കരയ്ക്കുമീതെയായ്
പറന്നുനീങ്ങുമ്പോൾ
ഇവിടംവരെ വന്നിട്ടു് മാനുകൾ മടങ്ങിപ്പോയി
വേനലിൽപ്പോലും വറ്റാതിരുന്ന ചിറ
ഞാൻ മായ്ച്ചുകളഞ്ഞു
ഒഴിഞ്ഞ കിളിക്കൂടുകൾ ഭാരത്തോടെ
ഭൂമിയിൽവന്നുവീണു
ആകാശത്തു് ദ്വാരങ്ങൾ അവശേഷിക്കുന്നു
അതിലൂടെയിപ്പോൾ കുറേശ്ശെയായി
വെയിലും വരുന്നു
ഈ ശലഭമില്ലാതെയായാൽ
ആ ചെടിയെന്തുചെയ്യും?
അല്ലെങ്കിൽ ഈ നനഞ്ഞ കടലാസുകൾ?
കല്ലിൽനിന്നു് മധുരവും പുളിപ്പുമുള്ള പഴങ്ങൾ
പുഴുവിൽനിന്നും മരങ്ങൾ
ഒന്നിൽനിന്നാണു മറ്റൊന്നു്
ഇല്ലാത്തതിൽനിന്നും ഇല്ലാത്തവയുണ്ടായി
വാക്കിൽനിന്നു് ഭൂമിയും
കലങ്ങിത്തെളിയുന്ന വെള്ളവും
ചിലന്തിനൂലുകളിൽനിന്നെന്താണുണ്ടായതു്?
കഴുകിക്കെട്ടിയ മുറിവിൽ
നിന്നെന്താണുണ്ടായതു്?
കിളികളിൽനിന്നു് ശിഖരങ്ങൾ
വേർപെട്ടുപോവുന്നു
അനാഥമായ വൃക്ഷങ്ങൾ
കുന്നിൻചെരിവുകളിൽ
തലതാഴ്ത്തിക്കരഞ്ഞു
ഉപ്പുള്ള നീർത്തുള്ളികൾ ഭൂമിയിൽ
ചെറിയചെറിയ കുഴികളുണ്ടാക്കി
മേഘപടലങ്ങൾ തിടുക്കത്തിൽ
ഇലകളിൽനിന്നു് പച്ച
ശലഭങ്ങളിലെ പകൽമിന്നൽ
എല്ലാം കടന്നുപോവുന്നു
ഈയിടം ഒഴിയുകയാണു്
ഒഴുക്കിനടിയിലെ കല്ലുകൾ പോലെ
ദുഃഖം മറ്റെങ്ങോട്ടും പോവാതെ
കൂടുതൽക്കൂടുതൽ മിനുസമാർന്നു്
ഒരു പാമ്പിഴഞ്ഞുപോകുന്നതുകണ്ടു
ശരീരമൊരു പാറ്റയ്ക്കുപിന്നാലെ പാഞ്ഞു
എന്റെ വിശപ്പു് അണയില്ല
തീയിൽ നിന്നു് തീയുണ്ടാകുന്നു
ആളിക്കത്തുന്നു
കല്ലുകെട്ടി വെള്ളത്തിനടിയിൽപ്പോയി
ഭൂമിയുടെ ഭാരമെത്രയെന്നു് എനിക്കറിയാം
കാൽഭാഗം ഓർമകൊണ്ടും
മുക്കാൽഭാഗം തീകൊണ്ടും
നിന്റെ ശരീരം
നീ നീലനിറമായി
നീയിരുണ്ട രാത്രിയായി
വഴിയറ്റത്തു് ആസ്പത്രി മാഞ്ഞു്
ഒരു പഴയ മോർച്ചറി പ്രത്യക്ഷമായി
നിന്നെ അവിടെയിറക്കിവിട്ടു
പാടത്തെ വെള്ളം പതുക്കെ വറ്റി
കിളികൾ മറ്റൊരു ദിക്കിൽ പാർത്തു
മുരിങ്ങയിലകൾവീണ അടുക്കളമുറ്റത്തിന്റെ
കാൽഭാഗം മാത്രം ഞാൻ ഓർമ്മിച്ചു
ഈ സുഷിരങ്ങൾ
വരിയായി ഒട്ടിച്ചുവച്ച മുട്ടകൾ
ഉറങ്ങുന്ന പഞ്ഞിക്കൂടു്
പുഴുവായിരിക്കാനുള്ള വാസന
ഈയിലകളിലെല്ലാമുണ്ടു്
നീണ്ട വാക്യങ്ങൾ കൈകൾ
വേർപെടുത്തുന്നു
കടൽവെള്ളത്താൽ ചുറ്റപ്പെട്ട വാക്കുകൾ
ദ്വീപുകൾ പോലെ തണുത്തു
പേജുകൾക്കിടയിൽ ഒരു ശലഭച്ചിറകു വച്ചു
കഴുത്തൊപ്പം ഇരുട്ടിൽപ്പുതഞ്ഞു്
ഒരാൾ വായിക്കുന്നു
മരങ്ങളുടെ മുകൾഭാഗത്തു തീയാണു്
അതു പടരുകയാണു്
കിളികൾ—മരിച്ചവയും ജീവനുള്ളവയും—
ഇവിടെവന്നിരിക്കുന്നു
അവ വാക്കുകളൊന്നൊന്നായി
മായ്ച്ചുകൊണ്ടിരുന്നു
ഇലകൾക്കിടയിൽ
പച്ചക്കായ്കൾ
നിശബ്ദത പോലെ
രഹസ്യങ്ങൾ
ഭൂമിയും കടന്നു്
പൂമ്പാറ്റകളുടെ നിഴൽ
താഴെവീഴുന്നു
രണ്ടായിപ്പിളർന്ന
കല്ലിനുള്ളിൽ
വേർപെട്ട
ചിറകുകൾ
വെള്ളത്തിനടിയിൽ
നീ പതുക്കെപ്പതുക്കെ
ഉണ്ടായിക്കൊണ്ടിരുന്നു
ഇടതുവശത്തെ കുടുക്കിനു് എപ്പോഴും
വലതുവശത്തൊരു ദ്വാരം
ഈ കടലിന്റെ മറുകരയിൽ
എപ്പോഴും എന്റെ പകുതി
നൂലഴിഞ്ഞു്,
ശീലയിൽനിന്നു വിട്ടുപോയ സ്ഥലങ്ങൾ,
അങ്ങേച്ചെരിവിൽ അവയുടെ ദ്വാരങ്ങൾ
ദുഃഖത്താൽ പൊതിഞ്ഞ ചന്ദ്രൻ
ഇന്നുദിച്ചുകണ്ടു
അതിന്റെ നിഴൽ നീങ്ങുന്നതെങ്ങാണോ?
ഈ വരികളുടെ
ഇടതുപേജിൽ എല്ലാവരും വായിക്കുന്നു,
അതേ വാക്കുകൾ, പക്ഷേ,
മറ്റൊരു ഭാഷയിൽ
തേനീച്ചകൾ
രാത്രിയിലുറങ്ങാതെ
പൂക്കൾക്കരികിൽ
നേരംവെളുത്തോ?
രാവു് കഴിഞ്ഞോ?
ഒന്നു വിരിയുമോ വേഗം വേഗം?
തേനീച്ചകൾ
ദാഹത്തിന്റെ നൃത്തമായി
ഭൂമിയുടെ കറക്കത്തിനു കാതോർത്തു്[1]
പൂക്കൾക്കരികത്തു്
ഇരിക്കുന്നു
ദാഹം
പുഴുവിൽ നിന്നു് കിളിയിലേക്കു്
പാമ്പിൽ നിന്നു്
അരയാലിലയിലേക്കു്
ദേശാടനം ചെയ്യുന്ന
ബുദ്ധഭിക്ഷുക്കൾ
പൂക്കളിൽ നിന്നു്
ബുദ്ധൻ ഉറങ്ങുന്ന
ആറു ചുവരുള്ള മുറിയിലേക്കു്
മധുരം കൊണ്ടു വയ്ക്കുന്നു
വെയിലത്തു്
തേനീച്ചകൾ
അറകളിൽ നിന്നുള്ള
വചനങ്ങൾ
പൂക്കൾക്കുള്ളിൽ
പാർന്നുകൊണ്ടിരുന്നു
[1] യോക്കോ ഓനോ.
പുലർച്ചയിൽ, ഭൂമി ഉദിക്കുന്നതിനു് മുമ്പത്തെ
ഈ അരണ്ട വെളിച്ചത്തിൽ,
ഈ മരങ്ങൾക്കിടയിൽ,
ഞാൻ കാത്തുനിന്നു-
നിനക്കു് എന്നെ കാണാനാവില്ല.
നിനക്കു് എന്നെ തൊടാനാവില്ല.
ഞാൻ ഉണരുന്നതേയുള്ളൂ.
എങ്കിലും നീ തൊടാൻ കൈനീട്ടുന്നു,
എനിക്കുള്ളിൽത്തട്ടി നിന്റെ
കൈ നനയുന്നു, വിറയ്ക്കുന്നു-
പക്ഷികൾ സംസാരിക്കുന്നതിൽ
ഒരൽപമേ മനുഷ്യർക്കു് കേൾക്കാനാകൂ
മുട്ടയുടെ വിള്ളൽ
പാറുന്ന തൂവൽ
ഭാഷയാവാതെ
വീഴുന്ന ചുള്ളിക്കമ്പുകൾ
പല വാക്യങ്ങളിൽനിന്നു് അത്യപൂർവ്വമായി
ഒന്നോ രണ്ടോ
വാക്കുകൾ
കൂടിനുമേൽ-
മേഘങ്ങളുണ്ടാക്കുന്ന അല്പകാലനിഴൽ
വിശന്ന പാമ്പിന്നിഴച്ചിൽത്തരിപ്പു്–
ലോകാവസാനം കഴിഞ്ഞു്-
കാറ്റും തീയുമടങ്ങുന്ന
ഉച്ചയിൽ
ഒരു പുളിമരം
അതിന്നിലകൾ
താഴെവീഴ്ത്തിക്കൊണ്ടിരിക്കുന്നു
പിടിവിടാതെ, ഉയരക്കൊമ്പിലിരുന്നു്
മുത്തശ്ശി കാലാട്ടിക്കൊണ്ടിരിക്കുന്നു
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.