മരണങ്ങളിൽനിന്നു് വെളിച്ചം ഉണ്ടാവുകയും വെളിച്ചം ഇലകളിൽ പുരളുകയും ചെയ്തു. അതിനാൽ മരങ്ങളിൽ ഒരിക്കലും രാത്രിയായില്ല. ഒരിക്കലും മരണമില്ലാതെയായില്ല. അവയുടെ കൊമ്പുകൾ വെള്ളത്തിലേക്കു് താഴ്‌ന്നുകിടന്നു. മൃഗങ്ങൾ ഒരേ വഴിയിൽ ഓർമ്മവച്ചു. കാറ്റുകൾ ആദ്യ മാസങ്ങളിൽ വടക്കുകിഴക്കേ ചെരിവിലേക്കും ആമകൾ മണൽത്തിട്ടയിലേക്കും പൂമ്പാറ്റച്ചിറകുകൾ ഭൂമിയുടെ രണ്ടറ്റങ്ങളിലേക്കും വേർപ്പെട്ടു. നാലാമത്തെ മാസം ഒന്നും മടങ്ങിവന്നില്ല. മുട്ടകൾക്കു് ചുറ്റിനും മനുഷ്യർ കൂട്ടംകൂടിയിരുന്നു. കടലിൽ തീപടരുന്നതു കണ്ടു.
[ആഴത്തിലേക്കു്]
വെള്ളത്തിലേക്കു്][താഴ്‌ന്ന
മരക്കൊമ്പു്][ഭൂമിയുടെ
മീതെ][വളരുന്ന
ചന്ദ്രന്റെ][നിഴൽ
ആഴത്തിലേക്കു്][ഈ
ഭാഷകൾ]
ഈ കുളത്തിൽ ഒന്നു മുങ്ങുമ്പോൾ ആ മരത്തിൽ പാർക്കുന്ന കിളിയും ഒപ്പം മുങ്ങുന്നു. മുങ്ങിനിവരുമ്പോൾ നോക്കൂ, കിളി, ഒട്ടും നനയാതെ. വെളിച്ചം വറ്റാതെ. വെള്ളത്തിനുമീതെ തങ്ങിനിൽക്കുന്നു, ഏറ്റവും ഭാരമേറിയ പദാർത്ഥങ്ങൾ. ശലഭങ്ങളുടെ ദുഃഖം. ഗ്രഹങ്ങളുടെ നിഴൽ. കടപുഴകിയ വൻമരങ്ങൾ. ആ പൊത്തിനുള്ളിൽ എന്താണുണ്ടാവുക? രണ്ടു കിളികൾ, ഒരു വിഷപ്പാമ്പു് അല്ലെങ്കിൽ ഈ മൂന്നു വരികൾ. മരങ്ങളുടെ ഭാഷയിൽ മൂന്നുതരം ലിപികളുണ്ടു്. അതിനാൽ മരങ്ങളുടെ ഭാഷ എപ്പോഴും മറഞ്ഞിരിക്കുന്നു. അതിന്റെ വാക്കുകൾക്കും പൊരുളുകൾക്കും ചുറ്റും ഗ്രഹങ്ങളും കിളികളും മനുഷ്യരും വലംവയ്ക്കുന്നു. രാത്രിയിൽ കിളികൾ അവയുടെ പൊത്തുകളിലും കൂടുകളിലും ആയിരിക്കുമെന്നു് നാം വിചാരിച്ചു.
എന്നാൽ അവ ഭൂമിക്കടിയിൽ വെളിച്ചം തട്ടാത്ത ചെറിയ അറകളിൽ ആയിരുന്നു. ഭൂമിക്കുമീതെ വിരിയാനുള്ള മുട്ടകളിലും പെറുക്കിവച്ച അരിമണികളിലും ഇരുണ്ട നിഴലുകൾ വീണു.
ചായം പുരണ്ട ചിറകുകളെക്കാൾ വേഗത്തിൽ പൂമ്പാറ്റയുടെ ഉടൽ അഴുകുന്നു. അങ്ങനെ സൂര്യനു കടന്നുപോവാൻ മാത്രം വലിപ്പത്തിൽ ഒഴിഞ്ഞ സ്ഥലം ഉണ്ടായി.
രാത്രി മറ്റൊരു രാത്രിയിലേക്കു് പടർന്നു
ഇടയിൽ ഒരു നൂലിഴയായി മരണങ്ങൾ
അവ ചുരത്തുന്ന പ്രകാശം
കഴിയാവുന്നത്ര അകലത്തു് പോവുന്നു
കുറ്റിക്കാടുകൾക്കിടയിൽ
പുല്ലുകൾ വകഞ്ഞു്
ഇരുണ്ട പാറക്കല്ലുകളിൽ
മുഖം നോക്കുന്നു
ഉച്ചവെയിലിലിരിക്കുന്നു
കഴിയാവുന്നത്ര മാഞ്ഞുപോകുന്നു
പെട്ടെന്നു് കിളികൾ പ്രത്യക്ഷപ്പെട്ടു-
ഈ പാടത്തു് തങ്ങിനിൽക്കുന്ന
വെള്ളത്തിനുമീതെ
വെള്ളത്തിൽ തൊടാതെ
വായുവിൽ
ഭൂതകാലത്തെ ഭൂമിയിൽ
ഈ വെള്ളത്തിലാഴ്‌ന്ന
മരച്ചില്ലകളുടെ ആകൃതി
തിരഞ്ഞുതിരഞ്ഞു്
ദ്രവിക്കുന്ന കൊമ്പുകളിൽ
പൂപ്പലിന്റെ കാടുകൾക്കുള്ളിൽ
സ്വന്തം കൂടുകളിൽ-
ഇപ്പോഴുമുണ്ടോ
കാറ്റിന്റെ അടയാളം
ഇലകളെന്തിനാണു്
പ്രകാശത്തെ
മറച്ചുപിടിക്കുന്നു
ഇലകളെന്തിനാണു് ദുഃഖത്തെ
പൊതിഞ്ഞു പിടിക്കുന്നു
കിളികളെന്തിനാണു്
അകലത്തിന്റെ ഭാഷ
കൊത്തിക്കൊണ്ടുവന്നു
കല്ലുകളിലും ഒഴുകുന്ന
വെള്ളത്തിലും വീണുകിടന്ന
ഇരുട്ടിൽ അകലത്തിന്റെ
വാക്കുകൾ
കല്ലുകൾക്കുചുറ്റിലും
ഒരു പുഴുവിനു ചുറ്റിലും
നേർത്ത
പ്രകാശത്തിന്റെ
വലയം എന്റെ ചുറ്റിലും
അനന്തമായ ഇരുളിന്റെ
നൃത്തം
ഇലകളെന്തിനാണു് ദുഃഖത്തെ
മൂടിവയ്ക്കുന്നു
ഇലകളെന്തിനാണു്
പ്രകാശത്തിൽനിന്നു്
അകലത്തിന്റെ
വാക്കുകൾ വേർതിരിക്കുന്നു
അതിനു വേദനിക്കരുതു്
പാത്രത്തിൽ വെള്ളം
കുതിർന്ന തുണി
നന്നായി മുക്കിപ്പിഴിഞ്ഞു തുടച്ചു
മുറിവിനു മീതെ വീണ പൊടി നീങ്ങുന്നു
രണ്ടുമൂന്നു തവണ ആവർത്തിക്കുന്നു
ചില്ലയുടെ ഒരറ്റത്തു് ഇടതുകൈ
കൊണ്ടു് മുറുക്കിപ്പിടിക്കൂ
കൂടുകൾ വേർപെടുകയോ കിളികൾ
ഉണരുകയോ ചെയ്യരുതു്
സൂര്യനും ഭൂമിക്കുമിടയിൽ
ദീർഘവലയങ്ങളിൽ
പായൽ പറ്റിച്ചേർന്നു വളരുന്ന കരിങ്കല്ലു്
നാലുനാഴികനേരം
ഭൂമിയിൽ നിഴലുവീഴ്ത്തുന്നു
2
പൊടിപടലങ്ങളിൽനിന്നു് പൂമ്പാറ്റകൾ
പൊടിപടലങ്ങളിൽനിന്നു് ഭൂമിയുടെ നിറം
പൊടിപടലങ്ങളിൽനിന്നു് ദൈവം
സൂര്യനെ വേർതിരിക്കുകയാണു്
വിരലുകളിൽ പൂമ്പൊടി; വിരലുകളിൽ വെളിച്ചം; വിരലുകളിൽ നീലനിറം; വിരലുകളിൽ രാത്രി; വിരലുകളിൽ മൃഗത്താരകൾ; വിരലുകളിൽ നക്ഷത്രങ്ങളിലേക്കു വലിഞ്ഞുമുറുകിയ ചുറ്റുവഴികളുടെ തമ്മിൽപ്പിണഞ്ഞ വലയങ്ങൾ;
ഏതു ദിക്കിലായിരുന്നുവെന്നു് ഓർമ കിട്ടാത്ത സ്ഥലത്തിനു് ഒരടയാളമെന്നോണം
വിരലുകളിൽ പൊടിപടലങ്ങൾ.
പൂമ്പാറ്റകൾക്കു് ആകൃതിയില്ല
നിറം പ്രതിഫലിപ്പിക്കാനുള്ള വർണ്ണവസ്തുക്കൾ
അവയുടെ ശരീരത്തിലില്ല
പൂമ്പാറ്റകൾ പറക്കുകയില്ല
ഒരു വൻകരയിൽനിന്നു് മറ്റൊന്നിലേക്കു്
യാത്ര ചെയ്യുകയില്ല
വെള്ളത്തെയും വായുവിനെയും പോലെ
പൂമ്പാറ്റകൾ
ഭൂമിയിൽ കലർന്നു കഴിയുന്നു-
കല്ലിൽ
മരങ്ങളിൽ
പഴങ്ങളിൽ
ഇരുമ്പുപലകയിൽ
ഈ വെള്ളക്കെട്ടിൽ എണ്ണമറ്റ ചെറുമീനുകൾക്കിടയിൽ നീ കഴിയുന്നു. എന്നാൽ നീ മീനായിരുന്നില്ല. അവയെപ്പോലെ മുകൾപ്പരപ്പിൽ ഇടയ്ക്കിടെ പൊന്തിവന്നു് ശ്വാസം കളയുന്നു. എന്നാൽ നീ മീനായിരുന്നില്ല. നിനക്കു് ചിറകുകൾ ഉണ്ടു്. നിനക്കു് രണ്ടു് ചെറു കൊമ്പുകൾ ഉണ്ടു്. നിനക്കു് ചെതുമ്പലുകളും തുഴവാലുമുണ്ടു്. പകൽ മുഴുവൻ നീ വെള്ളത്തിന്റെ അടിത്തട്ടിൽ മറഞ്ഞുകഴിയുന്നു. സന്ധ്യയിൽ, പിന്നെ രാത്രി മുഴുവനും, നീ മേൽപ്പരപ്പിൽ വന്നു് അനങ്ങാതെ കിടന്നു. ഇരുട്ടിൽ, ചുറ്റിനും വളരുന്ന മരങ്ങളുടെ പള്ളയിലും കൊമ്പുകളിലും പതിനായിരമിലകളിലും നിന്റെ ആകൃതി തെളിഞ്ഞുനിന്നു. മേഘങ്ങൾ നിറഞ്ഞ നേരങ്ങളിൽ ചിലപ്പോൾ വളഞ്ഞ ആകാശച്ചെരുവിലും നിന്റെ രൂപം ഇളകിക്കൊണ്ടിരുന്നു. രാത്രിയായിരുന്നു, രാത്രിയുടെ നിഴലുകളായിരുന്നു, നിനക്കു് കണ്ണാടി.
പാറയിൽനിന്നു് കടൽവെള്ളം
പൂവിൽനിന്നു് രാത്രി
അകലങ്ങളിൽനിന്നു് അകലങ്ങൾ
ഓരോ അറയിലും
ഓരോ അറയിലും
തേനീച്ചകൾ
മൗനത്തിന്റെ തേൻ
കൊണ്ടുവച്ചു
ഭൂമിയുടെ ചുറ്റിനും നീ മൂളുന്നു
ഉറങ്ങുന്ന മലകളിൽനിന്നു്
മധുരം കൊണ്ടുവരുന്നു
ചോലയിൽനിന്നു് നൃത്തം കൊണ്ടുവരുന്നു
വെയിലിൽ എന്റെ ഓരോ മുഖവും
നോക്കിനിൽക്കുന്നു
ഈയിലയ്ക്കുതാഴെച്ചന്ദ്രനും ഈയിലയ്ക്കുമീതെ ഭൂമിയും പാർക്കുന്നതിനാൽ നിനക്കെപ്പോഴും രാത്രിയിൽത്തന്നെ ഒട്ടിക്കിടക്കേണ്ടിവരുന്നു
സുഷിരങ്ങളുള്ള കരിമ്പടത്തിനുള്ളിൽ
ഉറക്കമൊഴിച്ചു നീ
രണ്ടു ചിറകുണ്ടാക്കുന്നു
മഴവെള്ളത്തിൽ നിനക്കു് പ്രേമമുണ്ടായി
നിന്റെ ഭാരത്താൽ ഈ
മുറ്റം താഴ്‌ന്നുതാഴ്‌ന്നുപോയി
നോക്കു്, എല്ലാ ഗ്രഹങ്ങളും ഇവിടേക്കു്
ചെരിഞ്ഞുവീഴുന്നു
കിളികൾക്കു് മാത്രമായി ദുഃഖമില്ല, കാടുകളിൽനിന്നും വീടിനരികിലെ മരങ്ങളിൽനിന്നും അവയിൽക്കലരുന്നു. മീനുകൾക്കും രാപ്പാറ്റകൾക്കും ചീവീടുകൾക്കും മാത്രമായി ദുഃഖമില്ല, തോടുകളിൽനിന്നും രാത്രികളിൽനിന്നും മഴക്കാലങ്ങളിൽനിന്നും അവയിൽപ്പടരുന്നു. ചെരിപ്പിനും തൂവാലകൾക്കും വരാന്തകൾക്കും മാത്രമായി ദുഃഖമില്ല, തണുത്ത പാദങ്ങളിൽനിന്നും കരഞ്ഞുകുതിർന്ന മുഖങ്ങളിൽനിന്നും തീപിടിച്ച വീടുകളിൽനിന്നും അവയിൽ പറ്റിപ്പിടിക്കുന്നു. നോട്ടുപുസ്തകങ്ങൾക്കും കാറ്റാടികൾക്കും പിഞ്ഞാണപ്പാത്രങ്ങൾക്കും മെഴുതിരികൾക്കും മുടിപ്പിന്നുകൾക്കും നീണ്ട കൈയിലുകൾക്കും പ്ലാസ്റ്റിക് ബക്കറ്റിനും മാത്രമായി ദുഃഖമില്ല, മരിച്ചവരിൽനിന്നും കാണാതായവരിൽനിന്നും പിറക്കാനിരിക്കുന്നവരിൽനിന്നും ഒഴിഞ്ഞ ദിക്കുകളിൽനിന്നും വിദൂരമായ മേഘങ്ങളിൽനിന്നും തീരാത്ത തീരാത്ത ദാഹങ്ങളിൽനിന്നും അവയിൽ കുരുങ്ങുന്നു. കൈവെള്ളയിൽ മഷി, ഉടുപ്പിൽ കണ്ണുനീരു്, കടലാസിൽ ഉടലിന്നുൾച്ചോരയെന്നപോലെ, ഒച്ചയനക്കമില്ലാതെ, പക്ഷേ, ധൃതിയിൽ.
മരണത്തിനിരുവശത്തേക്കും
അനായാസം നീണ്ടുവളരുവാൻ
മരിച്ചുപോയവർക്കാവും
വെള്ളത്തിലും തീയിലും
പറക്കുവാൻ കിളികൾക്കു്
മഴയത്തുമണയാതെ കാറ്റുകൾ
കെട്ടിയുറപ്പിച്ച കപ്പൽപ്പായകൾ
ചില്ലിനു മുമ്പിലും പിറകിലും
എന്നെ കാണിച്ചുതന്നു
രസം പുരട്ടിയ കണ്ണാടികൾ
ഞാൻ ഒരു ദിക്കിനെ ഓർമ്മിക്കുകയും
അപ്പോൾത്തന്നെ മറന്നുപോവുകയും ചെയ്തു
മരണം കഴിഞ്ഞും ഞാൻ ജീവിച്ചു
മറ്റൊരു ഭാഷയിലെ വാക്കുച്ചരിച്ചു
അതിന്റെയർത്ഥം കല്ലു് എന്നോ
കടൽവെള്ളം എന്നോ ആയിരുന്നു
ഇപ്പോൾ എല്ലാമെല്ലാം മടങ്ങിവന്നിരിക്കുന്നു
ഞാൻ ഈ ചുമരിൽ മുട്ടിവിളിച്ചുകൊണ്ടിരുന്നു
ഒരു പാറയിൽ വിരലോടിക്കുന്നു
പാറയിൽ വളർന്ന പായലിൽ
വിരലോടിക്കുന്നു
കാറ്റിൽ മരച്ചില്ലകളുലയുന്നതും
കാറ്റിൽ ഇലപൊഴിഞ്ഞ
മരച്ചില്ലകൾ തമ്മിലിടിക്കുന്നതും
ഭാരമുള്ള കിളികൾ താഴേക്കു്
പറന്നിറങ്ങുന്നതും
ഭാരം കുറഞ്ഞ കിളികൾ മണ്ണിലിറങ്ങുന്നതും
പച്ചക്കായ്കൾ വീഴാതെ നിൽക്കുന്നതും
പഴുത്തു നിറംപകർന്ന കായ്കൾ
വീഴാതെ നിൽക്കുന്നതും
രണ്ടുതരം ശബ്ദങ്ങൾ വരുന്നു
രണ്ടുതരം കാതുകൾ എന്നിൽ വളരുന്നു
മുറിവുകൾ ഉണങ്ങാതെ നിൽക്കുന്നു
മുറിവുകൾ പതുക്കെ ഉണങ്ങുന്നു
പൂമ്പാറ്റകൾ ചതുപ്പിൽനിന്നു്
അവയുടെ ചിറകുകൾ കണ്ടെത്തുന്നു
കാറ്റിൽ മരക്കൊമ്പുകൾ തമ്മിലിടിക്കുന്നതു്
കേൾക്കുന്നു
രാത്രി മുഴുവൻ മഴതട്ടുന്നു
രാവിലെ പതിനായിരം കൊല്ലത്തെ
കാര്യങ്ങൾ ഓർക്കുന്നു
ഒരൊറ്റ നാരിഴകൊണ്ടു് വിട്ടുപോയ
ചിറകുകൾ തുന്നിച്ചേർക്കുന്നു
പാറയിൽ ചെറുസുഷിരങ്ങളുണ്ടു്
വെളിച്ചവും ഇരുട്ടും അതിലൂടെ
ഉള്ളിലേക്കു് കടക്കുന്നു
പായൽ അങ്ങിങ്ങായി പടർന്നു
പാറയിൽനിന്നു് രാത്രിയിൽ
പറവകൾ പുറത്തിറങ്ങി
വയൽക്കരയിൽ തീറ്റതേടുന്നു
നെല്ലിനിടയിൽ കാട്ടുപഴങ്ങൾ
കടിച്ചുപേക്ഷിക്കുന്നു
കല്ലിൽ വളർന്ന പായലിനെയുണർത്താതെ
കല്ലിനെ നോക്കൂ
കിളികളെ മായ്ച്ചു് പാറക്കെട്ടുകൾ വരഞ്ഞു
പാറക്കെട്ടുകൾ മായ്ച്ചു്
കടൽവെള്ളം വരഞ്ഞു
കടൽവെള്ളത്തിൽ കിളികൾ
പറന്നുപോകുന്നതിന്റെ
നിഴൽ വീഴുന്നു
ഈ മരക്കൊമ്പു് ഇനി ഏതു
ദിക്കിലേക്കാണു് വളരുന്നതു്
നീ ഇപ്പോൾ ഭൂമിക്കടിയിലും
അന്യനാട്ടിലും പാർക്കുകയാണു്
ഒരു പറവ ഇവിടെ കൂടുണ്ടാക്കുന്നു
ഒരിഞ്ചു നീളം കഴിഞ്ഞു് ഈ ചില്ല
രണ്ടായിപ്പിരിയുന്നു, വളരുന്നു
എന്റെ സ്വപ്നത്തിൽ അമ്മ എന്നെ സ്വപ്നം
കാണുകയായിരുന്നു അമ്മയുടെ സ്വപ്നത്തിൽ ഞാൻ അമ്മയെ സ്വപ്നം കാണുകയായിരുന്നു
എന്റെ സ്വപ്നത്തിൽ ഞാൻ അമ്മയെ
സ്വപ്നം കാണുകയായിരുന്നു
അമ്മയുടെ സ്വപ്നത്തിൽ ഞാൻ എന്നെ
സ്വപ്നം കാണുകയായിരുന്നു
എന്റെ സ്വപ്നത്തിനുള്ളിൽ
അമ്മയുടെ സ്വപ്നത്തിനുള്ളിൽ
എന്റെ സ്വപ്നത്തിനുള്ളിൽ
ഞാൻ ഒരു കുടത്തിൽ നിറഞ്ഞ വെള്ളത്തെ
സ്വപ്നം കാണുകയായിരുന്നു
അമ്മയുടെ സ്വപ്നത്തിനുള്ളിൽ ഒരു കുടത്തിൽ നിറഞ്ഞ വെള്ളത്തിലേക്കു് ഞാൻ നോക്കിനിൽക്കുകയായിരുന്നു
ഞാൻ കണ്ടതുപോലെ അമ്മയും ഈ
കുടത്തിലെ വെള്ളം
കാറ്റിൽ പതുക്കെ ഇടറുന്നതു് കണ്ടു
വെള്ളത്തിനു് എത്ര അകലേയ്ക്കും
യാത്ര ചെയ്യാനാവും
മനുഷ്യർക്കു് ഈ ഗ്രഹത്തിൽ നിന്നു്
ആ ധൂമകേതുവിലേക്കു് മാത്രം
ഈ ഭൂമിയിലെ വെള്ളം നിത്യവും സൂര്യനോളം
പോയി മടങ്ങിവന്നു് ഈ പാറയ്ക്കുള്ളിൽ
മയക്കമാവുന്നു
പതുക്കെത്തണുക്കുന്നു
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.