കന്യാമലയിൽ നിന്നും കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ വരാറുള്ള ബാബ എന്നു വിളിക്കുന്ന ഖലീഫയാണു് മണവാട്ടിയെപ്പറ്റി ആദ്യം പറഞ്ഞതു്. അയാളുടെ ഇടംകൈയിലെ പടം പതുക്കെ ചുരുൾ നിവരുമ്പോൾ ഒരു മയിലിന്റെ ചിത്രം തെളിയും. തോളിൽ കൊളുത്തിയിട്ട ദഫ് കൈപ്പടത്തിലേക്കു് താഴ്ത്തി ഇടംവലം കൈകൾ കൊണ്ടാണു് മുട്ടു്. കഴുത്തറ്റം തൂർന്ന ചുരുൾമുടിയുള്ള ശിരസ്സിളക്കി കഴുത്തു് നീട്ടി കൺവെള്ളകൾ മേലോട്ടു് മറിച്ചു് ഉറഞ്ഞുതുള്ളും. ചുണ്ടുകളിൽ ‘ശൈഖുനാ അള്ള യാ അള്ളാ’ എന്നു് വായ്ത്താരി മുറുകും. അരപ്പട്ടയിൽ നിന്നു് കൂർത്ത മുനയുള്ള പിച്ചാത്തി എടുത്തു നിവർത്തി സ്വയം നെഞ്ചിലേക്കു് കുത്തും. ചോരവാർന്നു തുടങ്ങിയാൽ ഹാലിളകി പൊടിമണ്ണിലേക്കു് വീഴും. കടവായിലൂടെ നുരയും പതയുമായി ഒട്ടുവളരെ നേരം അങ്ങനെ കിടക്കും. ചോര വന്ന ഭാഗത്തു് മുറിവിന്റെ അടയാളം പോലും കാണില്ല. സൂര്യൻ മറയാറാകുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ എണീറ്റു് സഞ്ചിയും ദഫും കൈയിലെടുത്തു് ഒറ്റയടിപ്പാതയിലൂടെ നടന്നുനീങ്ങും.
മനസ്സിൽ എപ്പോഴും ആ മുറിവാണു് ബാക്കി നിൽക്കുക. അത്ര പെട്ടെന്നു് മുറിവായ കൂടുന്ന എന്തു വിദ്യയാണു് ബാബയുടെ കൈവശമുള്ളതു്. സംശയങ്ങളുമായി നിൽക്കേ വർഷം ഒന്നു കഴിഞ്ഞുപോയി. റമസാൻ തൊട്ടുമുമ്പുള്ള മാസത്തിൽ പതിവുപോലെ ബാബ ഒറ്റയടിപ്പാതയിൽ പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ യതീംഖാനയുടെ കമ്പിയഴികളിൽ പിടിച്ചു നിൽക്കുകയായിരുന്നു. ഞാൻ ഓടിച്ചെന്നു ബാബയുടെ കൈപിടിച്ചു.
“ശരീരം മുറിയാതെ ചോര വരുമോ ബാബ?”
“അതാണു് ദൃഷ്ടാന്തം. നീ കന്യാമലയിലേക്കു് വാ. മണവാട്ടിയെക്കണ്ടാൽ എല്ലാ സംശയവും തീരും,”
“കന്യമലയൊ അതെവിടെയാണു്?”
“അതു് മക്കത്തെ പള്ളി എങ്കേന്നു കേക്ക്റ മാതിരിതാൻ പുള്ളേ. നി യത്തീം. ഉനക്കു് ഉമ്മബാപ്പ കിടയാതു്. എൻ കൂടെവാ. കന്യാമലൈ പാത്തു് മണവാട്ടിയെ പാത്തു് പോകലാം.”
ഉസ്താദ് എന്നെ ഗേറ്റിന്നകത്തേക്കു് വലിച്ചു. ഗേറ്റിന്റെ കമ്പിയഴികൾ ചേർത്തടച്ചു കൊളുത്തിട്ടു് പൂട്ടി. ബാബ കമ്പിയഴികളിൽ പിടിച്ചു. കുറെ നേരം നോക്കിനിന്നു. അയാളുടെ ഞരമ്പുകൾ എഴുന്നു നിൽക്കുന്ന മസിലുള്ള കൈത്തണ്ടയിൽ ചിറകുവിരുത്തി നിൽക്കുന്ന മയിലിന്റെ രൂപം പച്ചകുത്തിയിട്ടുണ്ടു്. ബാബ ദഫെടുത്തു് വീണ്ടും മുട്ടി. ഉസ്താദ് പൂമുഖത്തിന്റെ കവാടവും അടച്ചു. ഒന്നും കാണാൻ വയ്യാതായി. കുറെ കഴിഞ്ഞപ്പോൾ ഉസ്താദ് പൂമുഖ കവാടം തുറന്നു. ഞങ്ങൾ ഒന്നിച്ചു ആ കവാടത്തിലൂടെ ഓടി. ബാബ തുണിസഞ്ചി തുറന്നു കുറെ മയിൽപ്പീലികളെടുത്തു് ഗേറ്റിനുമുകളിലൂടെ എറിഞ്ഞു. മയിൽപ്പീലികൾ തിളങ്ങുന്ന ചിറകുകളോടെ ഈർന്നു വീണുകൊണ്ടിരുന്നു. ഞങ്ങൾ അതു് കിട്ടാനായി മത്സരിച്ചു. എനിക്കും കിട്ടി ഒരു മയിൽപ്പീലി. ജീവിതത്തിൽ ആദ്യമായി പുറത്തു് നിന്നുകിട്ടുന്ന ഒരു കൗതുകവസ്തു. ബാബയോടു എന്തെന്നില്ലാത്ത സ്നേഹവും തോന്നി. ഉസ്താദിനോടു് കടുത്ത വെറുപ്പും.
അസ്തമിക്കുന്ന സൂര്യനുനേരെ സഞ്ചിയും ദഫുമായി ബാബ നടന്നുനീങ്ങി. നോക്കിക്കൊണ്ടിരിക്കെ ഒറ്റയടിപ്പാതയും ബാബയും മരങ്ങളും ആ വലിയ കെട്ടിടവും ഇരുളിൽ മുങ്ങി. എനിക്കു് വല്ലാത്ത ഏകാന്തതയും വിഷാദവും തോന്നി. മരിക്കണമെന്ന ആഗ്രഹവും.
രാത്രി കിനാവിൽ ബാബ വന്നു. ദഫുമുട്ടി തലയുറഞ്ഞു തുള്ളിയ ശേഷം ബാബ പറഞ്ഞു: “പുള്ളേ മരിക്കേണ്ട. കന്യാമലയിൽ ധാരാളം മയിലുകളുണ്ടു്. അവർ മണവാട്ടിക്കു് കാവൽ നിൽക്കുകയാണു്. നിനക്കു് അവർക്കൊപ്പം കളിക്കാം, വരുന്നോ? ഞാൻ കൊണ്ടുപോകാം.” കുറെക്കാലത്തേക്കു് ബാബ വരികയുണ്ടായില്ല.
ഞങ്ങളിൽ രണ്ടുപേരെ ഉസ്താദ് അജ്മീരിലേക്കും ഒരാളെ മേട്ടുപ്പാളയത്തേക്കും അയച്ചു. അവർ മടങ്ങിവന്നില്ല. ഒരു ദിവസം ഞങ്ങളെയെല്ലാം പുത്തനുടുപ്പിടുവിച്ചു അത്തറു പൂശി ഉസ്താദ് മജ്ലിസിൽ ഇരുത്തി. വലിയ ആൾക്കുപ്പായവും തലപ്പാവും ധരിച്ച ഒരാൾ കയറിവന്നു. ഞങ്ങളെയെല്ലാം തൊട്ടും തലോടിയും മുഖം പിടിച്ചുയർത്തിയും പരിശോധിച്ചു. മൂന്നുപേരെ അയാൾ കൂട്ടികൊണ്ടുപോയി. ബാക്കിയായതു് ഞങ്ങൾ നാലു പേരാണു്. വലതുകാലിനു് സ്വാധീനമില്ലാത്ത ഇസ്താക്ക്. കോങ്കണ്ണുള്ള സമദ്, വിക്കനായ ബച്ചു, പിന്നെ ഞാൻ. ഉസ്താദ് പറഞ്ഞു: “പൊട്ടൻ, കുരുടൻ, ചട്ടുകാലൻ, പിന്നെ ഈ നാക്കനും. ഈ എടുക്കാത്ത ചരക്കുകളെ ഞാൻ എത്രകാലം തീറ്റിപ്പോറ്റണം റബ്ബേ… ”
രാത്രികളിൽ മൂങ്ങകളും ചിലപ്പോൾ മച്ചിൻ പുറത്തുനിന്നു വെരുകുകളും ശബ്ദമുണ്ടാക്കി. ഒരു മഗ്രിബിനു് നരിച്ചീറുകൾ അങ്ങുമിങ്ങും പറന്നു കളിക്കുന്നതു കണ്ടപ്പോൾ ഞാൻ ഉസ്താദിനോടു് ചോദിച്ചു; “പക്ഷികളിലും മൃഗങ്ങളിലും അനാഥൻ ഉണ്ടോ ഉസ്താദ്?”
“ഫ… നിന്റെ ആ നാക്കു് ഞാൻ അരിഞ്ഞിടും പന്നിശൈത്താനേ”.
“അതല്ല ഉസ്താദ്. ഞങ്ങളോടൊപ്പം കഴിയുമ്പോൾ ഈ സാധു ജീവികളും അനാഥരാകില്ലേ”.
ഒരു മുന്നറിയിപ്പുമില്ലാതെ അന്തിബാങ്കിന്റെ മുമ്പായി ഉസ്താദ് പ്രധാന കവാടം തുറന്നു. പെട്ടിയും സഞ്ചിയും തൂക്കിയെടുത്തു് വെളിയിലിട്ടു. ഇരുകൈകളാൽ എന്നെ പുറത്തേക്കു് തള്ളി.
ഒറ്റയടിപ്പാതയുടെ മറുതലയ്ക്കലെ ഒരു കടപ്ലാവിന്റെ ചുവട്ടിൽ ഞാൻ അന്തിയുറങ്ങി. പുലർന്നപ്പോൾ ദഫിന്റെ ച്ലും ച്ലും എന്ന ശബ്ദം.
“നിന്നെ കൊണ്ടുപോകാനാണു് ഞാൻ വന്നതു്. കന്യാമലയിൽ ആണ്ടുനേർച്ചയുടെ സമയമായി. അതങ്ങനെയാണു് പുള്ളേ. മണവാട്ടി ആഗ്രഹിക്കുന്ന ആരും കാലമാകുമ്പോൾ ഒരുൾവിളിയാലെ കന്യാമല ലക്ഷ്യം വെച്ചു യാത്രതിരിക്കും. നിന്റെ സഫർ ആരംഭിച്ചു കഴിഞ്ഞു, വാ.”
ഞാൻ എന്റെ ഭാണ്ഡവും പെട്ടിയുമായി ബാബയ്ക്കു് പുറകിൽ നടന്നു.
“പുഴങ്കരയിലേക്കാണു് നമ്മൾ പോകുന്നതു്. കന്യാമലയിലേക്കു് പോകുന്ന ഏതൊരാളും പുഴങ്കരയിൽ ഒരു ദിവസം തങ്ങണം. അവിടത്തെ വിധവകൾക്കു് നൂറ്റൊന്നു പത്തിരികൊടുക്കണം… ”
ഞാൻ ചോദിക്കാൻ കൊതിച്ചതു് ശരീരം മുറിയാതെ ചോരവരുത്തുന്ന മാന്ത്രിക വിദ്യയെക്കുറിച്ചാണു്. പക്ഷേ, ബാബ നിറുത്താതെ പറഞ്ഞു കൊണ്ടിരുന്നു.
“യാ അള്ളാ പുഴങ്കരയിൽ എത്ര പെണ്ണുങ്ങളാണു് വിധവകളായിക്കഴിയുന്നതു്. ”
ഞാൻ ചോദിച്ചു: “അപ്പോൾ അതിൽ എന്റെ ഉമ്മ ഉണ്ടാകുമോ ബാബ?”
“ആർ ആരുടെ ഉമ്മയാണെന്നു് ആർക്കാണു് പറയാനാവുക പുള്ളേ?”
പുഴങ്കരയിലെത്തുമ്പോൾ മഗ്രിബ് ആയിരുന്നു. പുരുഷന്മാരെ എവിടെയും കണ്ടില്ല. വിശ്രമമില്ലാതെ തലങ്ങും വിലങ്ങും നടന്നുകൊണ്ടിരിക്കുന്ന തലയിൽ തൂവെള്ള മക്കനയിട്ട സ്ത്രീകൾ. തീയാളുന്ന ഒരു തകരകൂടിനടുത്തേക്കു് ബാബ എന്നെ കൊണ്ടുപോയി. എരിയുന്ന അടുപ്പിനു മുകളിൽ ഒരു ഇരുമ്പുതട്ടു്. അതിൽ പൊള്ളച്ചുവരുന്ന ആവി പൊന്തുന്ന പത്തിരികൾ. കുറച്ചകലെ പത്തിരി പരത്തുന്ന സ്ത്രീകളുടെ ചുണ്ടുകൾ സ്തോത്രങ്ങൾ ഉരുവിടുന്നു. ചുട്ട പത്തിരികൾ ഒരു കൊട്ടയിലാക്കി വെച്ചിരിക്കുന്ന വെള്ളവിരിയിട്ട മുറിയിൽ മാത്രം പുരുഷന്മാരെ കണ്ടു. അവിടെ വെന്ത മാവിന്റെ മണം തങ്ങിനിന്നു.
ബാബ പത്തിരികൾ എണ്ണുന്നതിനിടയിൽ പറഞ്ഞു; “പുള്ളേ ഇവിടെക്കാണുന്ന സ്ത്രീകൾക്കൊന്നും തുണയില്ല. നിക്കാഹ് കഴിച്ചശേഷം ഉപേക്ഷിക്കപ്പെട്ടവരാണവർ.”
ആ രാത്രി ബാബ കന്യാമലയിലെ മണവാട്ടിയുടെ കഥ പറഞ്ഞു. പണ്ടു് ഇവിടേക്കു് പത്തേമാരികളിൽ ആളുകൾ കച്ചവടത്തിനായിവന്നു. അവർക്കു് ഇണകളെ വേണം. കച്ചവടക്കാരെ നിക്കാഹ് കഴിക്കാൻ വേണ്ടി പെണ്ണുങ്ങൾ ഉടുത്തൊരുങ്ങി മണവാട്ടി ചമഞ്ഞുനിന്നു. കച്ചവടം കഴിഞ്ഞാൽ അവർ പോകും. ഇണകളെ കൊണ്ടുപോകുകയില്ല. കന്യാമലയിലെ മണവാട്ടി മാത്രം അതിനു നിന്നില്ല. എത്രയോപേർ അവളെ കാണാൻ ചെന്നു. മണവാട്ടി ചമഞ്ഞു് നിന്നെങ്കിലും തന്നെ കാണാൻ വന്ന ഒരു പുരുഷനേയും അവൾ സ്വീകരിച്ചില്ല. ആരുടെയോ വിധവയാകുന്നതിലും ഭേദം ജീവിതകാലം മുഴുവൻ മണവാട്ടിയായി കഴിയുന്നതാണു് നല്ലതെന്നവൾ കരുതി. മണവാട്ടി ചമഞ്ഞു് കന്യാമലയിൽ വെറ്റിലക്കൊടി നുള്ളാനും പഴുക്കടക്കകൾ ശേഖരിക്കാനും അവൾ പോയി. കന്യാമലയിലെ മയിലുകൾ അവളുടെ കൂട്ടാളികളായി. ഒരുനാൾ ഒരു ഞാവലിന്റെ ചുവട്ടിൽനിന്നു് ചുള്ളി പെറുക്കിക്കൊണ്ടിരിക്കെ അവൾ ആഗ്രഹിച്ചു. എന്തൊരു കുളിർമ. ഇവിടെ മരിച്ചുകിടക്കാൻ എന്തു സുഖമായിരിക്കും.
നേരത്തോടു് നേരം തികഞ്ഞപ്പോൾ കന്യാമലയിലെ ഞാവലിന്റെ ചുവട്ടിൽ അവൾ മരിച്ചു കിടന്നു. മണവാട്ടിയെ അവിടെത്തന്നെ ഖബറടക്കി. ആണ്ടു തികഞ്ഞപ്പോൾ ചുള്ളി പെറുക്കാൻ വന്ന അടിയാത്തികൾ ഞാവൽചുവട്ടിൽ പച്ചവെളിച്ചം കണ്ടു അവർ വലിയ വായിൽ നിലവിളിച്ചു. പുഴങ്കരയിൽ നിന്നു വിധവകൾ കൂട്ടംകൂട്ടമായെത്തി. ആണ്ടു നേർച്ചയ്ക്കു് അതൊരു അടയാളവുമായി.
നേരം വെളുത്തിരുന്നു. എല്ലാം ഒരു കിനാവ് പോലെയാണു് എനിക്കു് തോന്നിയതു്. പുരുഷന്മാരെ കയറ്റാനായി ഒരു തോണി കരയിലേക്കു് ഏന്തിവന്നു. തോണിക്കാരൻ പങ്കായം ഉയർത്തി. ബാബയും ഞാനും തോണിയിൽ കയറി. തലപ്പാവു ധരിച്ച രണ്ടുമൂന്നു പുരുഷന്മാർ ഞങ്ങൾക്കു് പിന്നാലെയും. ദൂരെ നിന്നു കണ്ടതു് രണ്ടുമലകളാണു്. ഒന്നു പുഴയിലും മറ്റൊന്നു കരയിലും ചെരിഞ്ഞ രണ്ടാനകൾ പോലെ. തോണിയടുത്തപ്പോൾ കല്പടവുകളിലെ വൃദ്ധൻന്മാർ കൈനീട്ടി. പടവുകളിൽ കുന്നുകൂടിക്കിടന്ന അടയ്ക്കയും വെറ്റിലയും.
“ഇനി മണവാട്ടിക്കു് വെറ്റിലടക്ക എറിയണം” ബാബ പറഞ്ഞു. ബാബ രണ്ടു കൈക്കുടന്നകളിലും വെറ്റിലയും അടയ്ക്കയുമെടുത്തു് കടിച്ചുപിടിച്ചു് നാണയത്തുട്ടു് വൃദ്ധന്മാർക്കിട്ടുകൊടുത്തു് മലകയറി.
രണ്ടു് അടയ്ക്കകളും ഒരുപിടി വെറ്റിലയും കൈയിൽ വെച്ചുതന്നിട്ടു് ബാബ പറഞ്ഞു.
“എറിഞ്ഞോ മുമ്പോട്ടു് തന്നെ നോക്കി എറിഞ്ഞോ… ”
കുത്തനെയുള്ള പടവുകളാണു്, അതിൽ വീണുകിടക്കുന്ന വെറ്റിലടക്കകൾ ചവിട്ടി മെതിച്ചുകൊണ്ടു ഞാനും എറിഞ്ഞു.
ഈദിന്റെ ഗന്ധം വന്നപ്പോൾ ബാബ പറഞ്ഞു:
“മഖ്ബറ എത്താറായി.”
സോഡയും ലമനേഡും വലിച്ചു കുടിക്കുന്ന കുട്ടികളും യാചകരും. വഴിവാണിഭക്കാർ പാട്ടുപുസ്തകങ്ങളും കളിക്കോപ്പുകളും ഊദ് ബത്തികളുമായി അലയുന്നു. കുട്ടികളുടെ കുപ്പായങ്ങളിൽ മയിൽചിത്രങ്ങൾ തൂങ്ങിക്കിടക്കുന്നു. പച്ചകുത്തുന്നിടത്തു് തലപ്പാവു ധരിച്ചവരുടെ തിരക്കു്. ബാബ ചോദിച്ചു;
“ഉനക്കു് പച്ചകുത്തണമാ? മയിലുകളെ പാത്തു് വന്നു് ശെയ്യലാം.”
മണവാട്ടിയുടെ മഖ്ബറ ഊദിന്റെ പാത്രങ്ങളിൽ നിന്നു് പൊന്തുന്ന പുകച്ചുരുൾകൊണ്ടു് മൂടിയിരുന്നു. ഊട്ടുപുരയിൽ രണ്ടു് വലിയ വട്ട്ളങ്ങൾ നിന്നു് വേവുകയാണു്. ഒരു വട്ട്ളത്തിലെ വെന്ത ചോറു് മാറ്റുമ്പോഴേക്കു് കഴുകിയ അരി വട്ട്ളത്തിലേക്കു് വീഴുന്നു. വട്ട്ളം ഒഴിഞ്ഞ നേരമില്ല. ഈട്ടുപുരയുടെ അരികിൽ പന്തിയിരുന്നു കഴിക്കുന്നവർക്കിടയിലൂടെ ബാബ വഴി കാണിച്ചു.
ശീഘ്രം നടക്കു്, മയിലുകൾ വരാൻ നേരമായി. ബാബ മുമ്പേ നടന്നു. കരിമ്പാറകൾ നിറഞ്ഞ ഈടുവഴി പിന്നിട്ടപ്പോൾ പിന്നെ വഴിയില്ല. തളിരിലകൾ ചൂടിയ ഒറ്റപ്പെട്ട ചെറുവൃക്ഷങ്ങൾക്കരികിൽ ബാബ നിന്നു. ദൂരെ നോക്കെത്താ ദൂരത്തോളം വിജനമായ പുൽപ്പരപ്പു്.
“മണവാട്ടിയെ നിനച്ചു് കാത്തിരുന്നോ. മയിലുകൾ വരും.”
നോക്കിയിരിക്കെ ബാബ അപ്രത്യക്ഷമായി. കുറേനേരം അങ്ങനെ നിന്നു. ഒരു ചിന്നംവിളി. ആനയോ മയിലോ? ഞെട്ടിത്തിരിഞ്ഞു നോക്കി. ഈടുവഴികൾ നിറയെ വിശറിപോലെ വളഞ്ഞു കുത്തിനിൽക്കുന്ന കുട്ടികൾ! ചട്ടുകാലൻ. കുരുടൻ, മുറിച്ചിറിയൻ, ഒറ്റക്കണ്ണൻ! ഈടുവഴിയുടെ നിഗൂഢതയിൽ നിന്നു് ഊദിന്റെ പുകച്ചുരുളുകൾ വകഞ്ഞുമാറ്റി തീയിൽ ചുട്ടുപഴുപ്പിച്ച ഒരു ഇരുമ്പുദണ്ഡും കൈയിലേന്തി ബാബ പ്രത്യക്ഷപ്പെട്ടു. എന്റെ കണ്ണുകൾക്കു് നേരെ കുതിക്കുകയാണു് തീ ശൂലം. ദിക്കും ദിശയും നോക്കാതെ ഞാൻ ഓടി. പുൽപ്പരപ്പും വട്ട്ളങ്ങളും മഖ്ബറകളും കടന്നു ചവിട്ടുപടികളിലൂടെ എന്റെ ബാല്യം ഉരുണ്ടുരുണ്ടു് താഴേക്കു് പോയി…
ബാല്യം എല്ലാ സാഹസികതകളെയും നിഷ്ക്കളങ്കമായി അതിജീവിക്കുന്നു എന്നയാൾ ഓർത്തു. കട്ടിയുള്ള മീശയും അല്പം കഷണ്ടി കയറിയ ശിരസ്സുമായി അയാൾ കന്യാമല ചവിട്ടുകയാണു്. എറിയാൻ വെറ്റിലടക്കകളില്ല.
“അതൊക്കെ പോയെന്റെ ചെങ്ങായിയ്യ്യേ. ങ്ങളെവിട്യാർന്നു് പേർസ്യേലാ. ഇതിപ്പം ബംബയിയായില്ലലേ. പച്ച ശേഖിന്റെ കൈയീന്നു് കന്യാമല ബഹ്റാനി പിടിച്ചെടുത്തിറ്റു് കൊല്ലൊത്രയായി.”
ടൂറിസം പ്രോജക്ടിൽ ആറുമാസം കൊണ്ടു് പാലമുണ്ടായ കഥ ഡ്രൈവർ പറഞ്ഞു. താഴെ ബോട്ടുക്ലബ്ബുണ്ടു്. ബോട്ടുസവാരിക്കു് ധാരാളം വിദേശികളും. പാലത്തിനിക്കരെ പാർക്കിങ്ങ് സ്ലോട്ടിൽ കാർ നിർത്തുമ്പോൾ ഡ്രൈവറോടു് പറഞ്ഞു.
“ഒന്നോർമ പുതുക്കണം. ഒരു മണിക്കുറെങ്കിലുമെടുക്കും, ഒന്നു കറങ്ങിവന്നോളു.”
‘ഹോട്ടൽ വെർജിൻ ഹിൽസ്’ എന്നെഴുതിയ ബോർഡിൽ പിന്നെയും അക്ഷരങ്ങൾ, എ. സി. നോൺ എ. സി. ബ്രാക്കറ്റിൽ ഫൈവ് സ്റ്റാർ. ഏറ്റവും മുകളിൽ മയിലിന്റെ എംബ്ലവും. ചവിട്ടുപടികളിൽ പതിച്ച തിളങ്ങുന്ന ടൈൽസിൽ കാൽവഴുതി. അരികിൽ നിരത്തിവെച്ച മിനറൽ വാട്ടറിന്റെ കുപ്പികളിലും മയിൽ ചിറകുവിരുത്തി. പത്തു് പടികൾ കയറിയപ്പോൾ അയാൾ കിതച്ചു. ജീൻസും തൊപ്പിയും ധരിച്ച ഒരു പെൺകുട്ടി ഒരു കൈയിൽ പെപ്സി ബോട്ടിലും മറ്റേകൈയിൽ സെൽഫോണുമായി ചാടിച്ചാടിപ്പോയി. പച്ചകുത്തുന്നിടത്തു് ബർമുഡയും സ്ലീവ്ലെസും ധരിച്ചവരുടെ തിരക്കു്. എവിടെ നിന്നോ പോപ് മ്യൂസിക് ഒഴുകിയെത്തി. കാർണിവൽ നടക്കുന്നിടത്തു് കത്തിയെറിയുന്നവർ തമ്മിൽ കശപിശ.
അയാൾ പച്ചയും മഞ്ഞയും നിറമുള്ള ടെന്റുകൾക്കരികിലൂടെ നടന്നു. ലഹരിയുടെ ഉന്മാദം ചാഞ്ഞും ചരിഞ്ഞും പിണഞ്ഞും. ചുവപ്പുനിറമുള്ള ഒരു ടെന്റിനകത്തു് നിന്നു് ആരോ വിളിച്ചു:
“ഹായ്”
പകച്ചു് നിൽക്കുമ്പോൾ
“ഡോണ്ട് ഹെസിറ്റേറ്റ്”
ടെന്റിനകത്തു് നിന്നു് വാതിൽ തുറന്നു് ബിക്കിനി ധരിച്ച ഒരു മധ്യവയസ്ക പുറത്തേക്കു വന്നു.
“ആർ യു സർച്ചിങ്ങ് ഫോർ മണവാട്ടി. ഫിഫ്റ്റീൻ, സിക്സ്റ്റീൻ, സെവന്റീൻ… ഓൾ ആർ മണവാട്ടീസ്.”
കിതപ്പോടെ അയാൾ ചെന്നെത്തിയതു് മയിലെണ്ണയുടെ മണം തങ്ങിനിൽക്കുന്ന ഒരു മടയിൽ.
ചുമരിൽ ഒരു ദഫ് തൂങ്ങിക്കിടന്നിരുന്നു. അതിന്റെ തൊട്ടടുത്തായി ചുരുണ്ട മുടിയുള്ള ഒരു വിഗ്ഗും.
അയാൾ അകത്തേക്കുള്ള തിരശ്ശീല നീക്കി. അവിടെ ശിരസ്സിൽ തീരെ മുടിയില്ലാത്ത ഒരു വൃദ്ധൻ ശയിക്കുന്നു. കണ്ണുകൾ കുഴിയിലാണ്ടു് നെഞ്ചിൻകൂടുകൾ പൊന്തി, അവസാനത്തെ ശ്വാസംമാത്രം ബാക്കിനിർത്തി. “ബാബ” അയാൾ ചോദിച്ചു:
“ശരീരം മുറിയാതെ ചോര വരുത്തുന്ന ആ വിദ്യ പറഞ്ഞു തരാമൊ ബാബ?”
ബാബ വിറയ്ക്കുന്ന വിരലുകളാൽ തലയണയ്ക്കടിയിൽ നിന്നു് സഞ്ചിയെടുത്തു് തുറന്നു. ചുവന്ന ബലൂൺ. ഒരു സ്പ്രിംഗ്. പിടിയില്ലാത്ത തുരുമ്പിച്ച കൂർത്ത മുനയുള്ള ഒരു പിച്ചാത്തി. ഓടത്തണ്ടിനെ ഓർമ്മിപ്പിക്കുന്ന അതിന്റെ പിടി ബാബ കൈയിൽ മുറുകെപ്പിടിച്ചു.
അയാൾ സ്പ്രിംഗ് കൈയിലെടുത്തു് സ്വന്തം നെഞ്ചിലേക്കമർത്തിനോക്കി. ഒരു പച്ചത്തുള്ളൻ കണക്കെ അതെങ്ങോട്ടോ തെറിച്ചുപോയി. പിന്നെ ഒട്ടും താമസിച്ചില്ല. പിടിയില്ലാത്ത ആ പിച്ചാത്തി ബാബയുടെ നെഞ്ചിലേക്കാഴ്ത്തിയിട്ടു് അയാൾ കാത്തിരുന്നു. മുറിവായയും ചോരയും പ്രത്യക്ഷമായപ്പോൾ അയാൾ കത്തിവലിച്ചൂരിയെടുത്തു് വെർജിൻ ഹിൽസിന്റെ കണ്ണാടിപ്പടവുകൾ ചവിട്ടിയിറങ്ങാൻ തുടങ്ങി.
കഥാകൃത്തു്, ചിത്രകാരൻ, ഫോട്ടോഗ്രാഫർ, ചലച്ചിത്ര സംവിധായകൻ. മൂലയിൽ മൊയ്തീൻ കുഞ്ഞിയുടെയും ഉമ്മാലി ഉമ്മയുടെയുടെയും പത്താമത്തെ മകനായി കാസർകോടു് ജില്ലയിലെ ഉദുമയിൽ ജനിച്ചു. കാസർകോടു് ഗവ. കോളേജിൽ നിന്നു് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം. പട്ടാമ്പി സംസ്കൃത കോളേജിൽ നിന്നു് മലയാളത്തിൽ എം. എ. ബിരുദം. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം സെന്ററിൽ നിന്നു് ഒന്നാം റാങ്കോടെ എം. ഫിൽ ബിരുദം. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നു് ടെലിവിഷൻ പ്രൊഡക്ഷനിൽ പി. ജി. ഡിപ്ലോമ. കുറച്ചുകാലം ട്രാഫിക് സെൻസസിൽ എന്യൂമറേറ്ററായിരുന്നു. ലാന്റ് ട്രിബ്യൂണലിൽ പകർപ്പെഴുത്തു ഗുമസ്തനായും, താലൂക്കു് ഓഫീസിൽ ക്ലർക്കായും ജോലിചെയ്തു. ഒരു വർഷം ഫാറൂഖ് കോളേജിൽ ലക്ചറർ. തുടർന്നു് കേരളത്തിലെ ആറു് ഗവ. കോളേജുകളിൽ മലയാളം ലക്ചറായി ജോലി ചെയ്തു. അഞ്ചു വർഷം ഗൾഫിൽ അധ്യാപകൻ.
‘തള’ എന്ന നോവലിനു് കാലിക്കറ്റ് സർവ്വകലാശാല അവാർഡും, ‘മഹല്ല്’ എന്ന നോവലിനു് മാമ്മൻമാപ്പിള അവാർഡും (പ്രസിദ്ധപ്പെടുത്തിയിട്ടില്ല.) ലഭിച്ചിട്ടുണ്ടു്. ‘മൂന്നാംവരവു്’, ‘കുലചിഹ്നം’, ‘ദലാൽ സ്ട്രീറ്റ്’, ‘കടൽകൊണ്ടുപോയ തട്ടാൻ’, ‘ഉന്മാദികളുടെ പൂന്തോട്ടം’ എന്നീ കഥാസമാഹാരങ്ങളും ‘ആടുംമനുഷ്യരും’ (എഡിറ്റർ), ‘ബഷീർ കാലം ദേശം സ്വത്വം’ (എഡിറ്റർ), ‘ചാലിയാർ അതിജീവന പാഠങ്ങൾ’ (എഡിറ്റർ), ‘ബഷീർ ഭൂപടങ്ങൾ’, ‘പ്രവാസിയുടെ യുദ്ധങ്ങൾ’, ‘ഒപ്പുമരം’(ചീഫ് എഡിറ്റർ) എന്നീ ലേഖന സമാഹാരങ്ങളും ‘ബഷീർ ദ മാൻ’, ‘കോവിലൻ എന്റെ അച്ഛാച്ഛൻ’ എന്നീ തിരക്കഥകളുമാണു് പ്രസിദ്ധപ്പെടുത്തിയ കൃതികൾ. ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററിക്കു് 1987-ലെ ദേശീയ അവാർഡ്, കേരള സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടക്കാരനായ അറബിവംശജൻ തലാൽ മൻസൂറിനെപ്പറ്റി അതേ പേരിൽ ഖത്തറിൽ വെച്ചു് ഒരു ഡോക്യുമെന്ററി പൂർത്തിയാക്കി.
കാസർകോട്ടെ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിന്റെ ഭീകരത അനാവരണം ചെയ്യുന്ന ‘അരജീവിതങ്ങൾക്കൊരു സ്വർഗം’ എന്ന ഡോക്യുമെന്ററി, ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത എം. ടി. യുടെ കുമരനെല്ലൂരിലെ കുളങ്ങൾ (ഇന്ത്യൻ പനോരമ എൻട്രി) അടക്കം ആകെ പന്ത്രണ്ടു് ഡോക്യുമെന്ററികൾ ചെയ്തു. സംസ്ഥാന–ദേശീയ ചലച്ചിത്ര ജൂറികളിൽ അംഗമായിട്ടുണ്ടു്. മൊഗ്രാലിലെ പാട്ടു് കൂട്ടായ്മയെപ്പറ്റിയുള്ള ‘ഇശൽ ഗ്രാമം വിളിക്കുന്നു’ എന്ന ഡോക്യുമെന്ററിക്കു് 2006-ലെ ടെലിവിഷൻ അവാർഡ് ലഭിച്ചു. ‘കോവിലൻ എന്റെ അച്ഛാച്ഛൻ’ എന്ന ഡോക്യുമെന്ററിക്കു് 2006-ലെ സംസ്ഥാന അവാർഡും ലഭിച്ചു. ഡോ. ടി. പി. സുകുമാരൻ അവാർഡ്, പ്രൊഫ. ഗംഗാപ്രസാദ് പരിസ്ഥിതി അവാർഡ്, എസ്. എസ്. എഫ്. സാഹിത്യോത്സവ് അവാർഡ് എം. എസ്. എം. പരിസ്ഥിതി അവാർഡ് എന്നിവ നേടി. 2015-ൽ കണ്ണൂർ സർവ്വകലാശാല മനുഷ്യാവകാശ പ്രവർത്തനത്തിനു് ആചാര്യ അവാർഡ് നൽകി ആദരിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ അനാവരണം ചെയ്യുന്ന ‘ഓരോ ജീവനും വിലപ്പെട്ടതാണു്’ എന്ന പുസ്തകത്തിനു് 2016-ലെ ഓടക്കുഴൽ അവാർഡും ലഭിച്ചു.
അരീക്കോടു് എസ്. എസ്. സയൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന കവയിത്രിയും ചിത്രകാരിയുമായ ഡോ. സാഹിറ റഹ്മാൻ സഹധർമിണിയാണു്. മകൻ: ഈസ റഹ്മാൻ.
(ചിത്രത്തിനു് വിക്കിപ്പീഡിയയോടു് കടപ്പാടു്.)
ചിത്രീകരണം: വി. പി. സുനിൽകുമാർ