images/Amedeo_Modigliani_065.jpg
Two Girls, a painting by Amedeo Modigliani (1884–1920).
മകൾ
ടി. എ. രാജലക്ഷ്മി

ശാരദ ബാഗ് ഒന്നു കൂടി അടക്കിപ്പിടിച്ചു. അതിനകത്തു് കടലാസ്സുകളുടേയും മറ്റും ഇടയിൽ രണ്ടു നോട്ടുകൾ കിടന്നു ചിരിയ്ക്കുകയായിരിക്കും. പുത്തൻ നീല നോട്ടുകൾ!

ഇതാദ്യമായിട്ടാണു് ഇങ്ങനെ ഒരു തുക ഒന്നിച്ചു കൈയിൽ വരുന്നതു്.

ആദ്യത്തെ ഫീസ്—ഒരു കഥയ്ക്കു് പറ്റിയ തലക്കെട്ടാണതു്. പക്ഷേ, ആദ്യത്തെ ഫീസല്ലല്ലോ ഇതു്. പതിനഞ്ചു്, ഇരുപതു്, അമ്പതു്—നൂറുറുപ്പിക വരേയും കിട്ടിയിട്ടുണ്ടു് ഇതിനുമുമ്പു്. എന്നാലും ഇരുനൂറു രൂപ ഒന്നിച്ചു കിട്ടുക, അതു പുത്തരിയാണു്.

ഉറക്കമൊഴിച്ചു മുഷിഞ്ഞിരുന്നു് ആ നശിച്ച കണക്കുനോക്കുമ്പോൾ ജഡ്ജിമാരേയും വക്കീൽമാരേയും കോടതിയേയും ഒക്കെ ഒന്നിച്ചു ശപിച്ചിട്ടുണ്ടു്.

ഇരുനൂറു് രൂപ—മൂന്നു മാസത്തെ പാടു്!

കാറിന്റെ വാതിലും പിടിച്ചുകൊണ്ടുനിന്നു് ജഡ്ജി മഹാശയൻ അന്നു പറഞ്ഞു: “കൃഷ്ണൻകുട്ടിയുടെ മകളല്ലേ? നല്ലോണം സഹായിക്കണമെന്നുണ്ടു്. സാധിയ്ക്കണ്ടേ? വല്ലാത്ത കാലം. വിചാരിയ്ക്കണപോലെയൊന്നും നടക്കില്ല. ഇതിനാണെങ്കിൽ ഒരു വിഷമവുമില്ല. വാദിക്കുകയും പ്രസംഗിക്കുകയും ഒന്നും വേണ്ട. ഒന്നു രണ്ടു മൂന്നാഴ്ചക്കുള്ള ജോലി. കണക്കൊന്നു ചെക്കു ചെയ്യണം. അത്ര തന്നെ. നല്ല ഫീസ്സു കിട്ടും.”

തന്നിരിക്കുന്നു എന്നിട്ടു് നല്ല “പീസ്സ്” ഇരുനൂറു രൂപ!

അല്ല കൃഷ്ണൻകുട്ടിയുടെ മകളോടുള്ള ഒരു ദയയേ! വേറാരും ആ ചിതലെടുത്ത കണക്കു നോക്കാനില്ലാത്തതുകൊണ്ടു് തന്റെ തലയിൽ കെട്ടി വെച്ചു. ആർക്കും വേണ്ടാത്ത കീറാമുട്ടി കൃഷ്ണൻകുട്ടിയുടെ മകൾക്കു് കിട്ടിയതായി എന്നു വെയ്ക്കുകയല്ലാതെ വേണ്ടെന്നു താൻ പറയില്ല എന്നു തീർച്ചയുള്ളതു കൊണ്ടു് തന്നു. എന്നിട്ടു വലിയ സഹായം ചെയ്തു എന്നൊരു ഭാവവും! എന്തായാലും കഴിഞ്ഞല്ലോ. സൊല്ല തീർന്നു. ഇനി കുറച്ചു ദിവസം സ്വൈരമായിരിയ്ക്കാം.

ധൃതിയിൽ നടക്കുന്നതിനിടയിൽ അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു. ബസാറായി.

ദൈവമേ എന്തു സമാധാനം! ശ്വാസം നേരെ വിട്ടുകൊണ്ടു നടക്കാം.

ആകപ്പാടെ കൊള്ളാവുന്നൊരു ദിവസമാണു് ഇന്നു്. ഇതുപോലെ എന്നും സൈക്കിൾ കേടുവന്നു കിടന്നിരുന്നു എങ്കിൽ മര്യാദയ്ക്കു് പെണ്ണുങ്ങളെപ്പോലെ നടന്നുപോകാമായിരുന്നു.

ഇതിപ്പോൾ അച്ഛൻ കേൾക്കണം. തെറ്റല്ലെന്നു് അവനവനു ബോദ്ധ്യമുള്ളകാര്യം ചെയ്യുമ്പോൾ മറ്റുള്ളവർ എന്തു പറയുന്നുവെന്നു നോക്കുന്നതു് വിഡ്ഢികളാണു് എന്നൊക്കെയങ്ങു തുടങ്ങും. പറയുന്നതു് വാസ്തവമാണു്. റോഡിൽക്കൂടെ പോകുന്നവരുടെ വായിൽ കിടക്കുന്നതു കേൾക്കാൻ വേറെ വല്ലവരും ആകുമ്പോൾ ഈ വേദാന്തമൊക്കെ കൊള്ളാം. സ്വന്തം കാര്യം വരുമ്പോഴെ കുറച്ചു വിഷമമുള്ളു.

നടക്കുകയാണെങ്കിൽ ദൂരം കുറെയധികമുണ്ടു്. വാസ്തവം. എന്നാലും വേണ്ടില്ല, സൈക്കിളിന്മേൽ കയറി മെയിൻ റോഡിൽക്കൂടി പാഞ്ഞുപോകുന്നതിനേക്കാൾ ഭേദം എത്ര ദൂരമായാലും നടക്കുകയാണു്. ഇത്രയും കാലമായില്ലെ ഈ വഴിയേ പോകുന്നു? എന്നാലും പിള്ളേർക്കു് പുതുമ മാറിയിട്ടില്ല. അവർക്കു് കൂവാനൊരു രസം. നേരെ ശരംപോലെ ഓടിച്ചു പോകാതെ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു നോക്കിയാൽ മതി—കഴിഞ്ഞു.

പിള്ളേരു കൂവുന്നതു സഹിക്കാം. വലിയവരുടെ നോട്ടമാണു് ഭയങ്കരം. പണിയെടുത്തു ജീവിക്കേണ്ട ഒരു സ്ത്രീ ആപ്പീസിൽ പോകാൻ സൈക്കിൾ ചവിട്ടുന്നു. അതിത്ര വലിയൊരു അത്ഭുതമോ മറ്റോ ആണോ ഇവർക്കൊക്കെ തുറിച്ചുനോക്കാനും കമന്റ് പാസ്സാക്കാനും?

കൂവുന്നവർ കൂവട്ടെ, നോക്കുന്നവർ നോക്കട്ടെ എന്നു് വിചാരിക്കുകയേ വേണ്ടു. പെണ്ണുങ്ങളായാൽ ഒരു ചുണയൊക്കെ വേണം.

അല്ല, വല്ല മൂലയിലും പുസ്തകം വായിച്ചിരുന്നോളാം എന്നുള്ളവരെ വെള്ള ടൈയും കെട്ടിച്ചു് കയ്യിന്മേൽ ഗൗണും തൂക്കി സൈക്കിളിൽ കേറ്റി കോടതിക്കു വിട്ടാൽ നേരെയാവുമോ? അന്നു് എം. എ.-ക്കു പഠിച്ചെങ്കിൽ മതിയായിരുന്നു. എന്നാൽ ഈ വേഷമെന്നും കെട്ടേണ്ടായിരുന്നു വല്ല കോളേജിലും പഠിപ്പിക്കാൻ പോയാൽ കുറച്ചെങ്കിൽ കുറച്ചു് ഉള്ള രൂപ മാസം എണ്ണി മേടിയ്ക്കാമായിരുന്നു. പെൺപിള്ളേരുടെ കോളേജാണെങ്കിൽ കൂവലും കേൾക്കേണ്ടിവരില്ല. നാശം പിടിച്ച കണക്കു നോക്കാതെ വല്ല കവിതയും വായിച്ചു കൊണ്ടിരിക്കാമായിരുന്നു.

ഓ, ഇനി അതൊക്കെ വിചാരിച്ചിട്ടെന്തു കാര്യം? അച്ഛനു് എന്തു് നിർബ്ബന്ധമായിരുന്നു! പഠിക്കണമെങ്കിൽ ബി. എല്ലിനു പഠിച്ചോളണം. അല്ലെങ്കിൽ പഠിയ്ക്കണ്ട. അത്രയ്ക്കു വാശി എന്തിനായിരുന്നുവോ എന്തോ? എന്തായാലും ചിലവൊക്കെ ഒരു പോലെയല്ലേ? നിയമം പഠിച്ചാൽ രാഷ്ട്രീയത്തിലേക്കു തന്നത്താൻ തിരിഞ്ഞോളും എന്നു് വിചാരിച്ചിട്ടാണോ?

ഒരു കാറും റിക്ഷവണ്ടിയും കൂടെ ഒന്നിച്ചു് എതിരെ വന്നു. അവൾ ഒഴിഞ്ഞുമാറികൊടുത്തു.

എന്തൊരു തിരക്കു്!

തൊട്ടുമുമ്പിൽ ഒരു കൊച്ചുബോർഡ് തൂങ്ങിക്കിടക്കുന്നതിൽ കണ്ണു തറച്ചു. “റീഡേഴ്സ് ബുക്ക് സ്റ്റാൾ!”

പെട്ടെന്നു് ബാഗിൽക്കിടന്ന നോട്ടുകളുടെ കാര്യം മനസ്സിൽ വന്നു. കുറച്ചു ധാരാളിത്തം കാണിച്ചുകൂടെ? വല്ലപ്പോഴുമൊരിക്കലല്ലേ ഉള്ളൂ? ഹോസ്റ്റലിൽ താമസിക്കുമ്പോൾ എത്ര കണ്ടിട്ടുള്ളതാണു്. ഓരോരുത്തരു് നോട്ടിങ്ങനെ പറപ്പിക്കുന്നതു്. ഇന്നൊരു ദിവസം തനിക്കു സ്വന്തം ആവശ്യത്തിനു വേണ്ടി വല്ലതും ചിലവാക്കിക്കൂടേ? മൂന്നു മാസത്തെ പണിക്കു കൂലി കിട്ടിയ ദിവസമാണു്.

കൊള്ളാവുന്നൊരു പുസ്തകം കൈകൊണ്ടു് തൊട്ടിട്ടു് കാലമെത്രയായി!

അവൾ സ്റ്റാളിലേക്കു കയറി.

ചുറ്റും പുസ്തകങ്ങൾ.

ചുമപ്പും പച്ചയും കലർന്നു് നിനുമിനുത്ത ബയന്റുള്ള പോക്കറ്റ് ബുക്കുകൾ. ഇളം ചുമപ്പിനടിയിൽ വെളുപ്പുചേർന്ന പെൻഗ്വിൻ പുസ്തകങ്ങൾ. തടിച്ച ക്ലാസ്സിക്കുകൾ.

അവളുടെ കണ്ണു് തിളങ്ങി.

കൈ എത്താവുന്നിടത്തെല്ലാം പുസ്തകങ്ങൾ! എത്ര കാലമായി ഇങ്ങനെ ഒരിടത്തു നിന്നിട്ടു്! കോളേജ് വിട്ടതിൽ പിന്നെ ഇല്ല. അന്നൊക്കെ അതെന്തൊരുത്സവമായിരുന്നു. ലൈബ്രറിയിൽ ചെന്നിരിക്കുന്നതു്! ഒന്നും വായിച്ചില്ലെങ്കിലും വേണ്ടില്ല. പുസ്തകങ്ങൾ നിറഞ്ഞ അലമാരികളുടെ ഇടയിൽക്കൂടി ശബ്ദമുണ്ടാക്കാതെ നടക്കുന്നതുതന്നെ ഒരു സുഖമായിരുന്നു.

സാഹിത്യകാരിയാവാൻ പോകുകയാണെന്നു് പറഞ്ഞു രാധയും വിമലയും ഒക്കെ എത്ര കളിയാക്കിയിട്ടുണ്ടു്!

സാഹിത്യകാരി!

ഉണങ്ങിവരണ്ട നിയമ പുസ്തകങ്ങളാണു് ഇപ്പോൾ കൂട്ടു്.

അവൾ വർണ്ണപ്പകിട്ടു കുറഞ്ഞ തടിയൻ പുസ്തകങ്ങളുടെ അടുത്തേക്കു നീങ്ങി. ഷേക്സ്പിയറുടെ കൃതി സമാഹാരം.

കനം കുറഞ്ഞ കടലാസ്സിൽ രണ്ടു കോളമായി ചെറിയ അച്ചിൽ ആയിരത്തിലധികം പേജുകൾ. ഒതുക്കമുള്ള പുസ്തകം. ഷേക്സ്പിയർ എഴുതിയ ഓരോ വരിയും അതിലുണ്ടു്. എത്രയോ കാലത്തെ ആശയാണു് അങ്ങനെ ഒന്നു കൈയിൽ വേണമെന്നു്.

അവൾ പുറം ചട്ടയുടെ അടിവശം നോക്കി.

പന്ത്രണ്ടു രൂപ!

വില പന്ത്രണ്ടു രൂപ…

ഇരുന്ന സ്ഥലത്തു തന്നെ അതു തിരിച്ചു വച്ചു. അടുത്തുള്ള പുസ്തകങ്ങൾ ഓരോന്നായി എടുത്തു നോക്കി: ഗാൽസ് വർത്തി, ടോൾസ്റ്റോയ്, ഡോസ്റ്റോവ്സ്കി…

എല്ലാം ഒന്നിച്ചു വാങ്ങണമെന്നു തോന്നി പണം?

പണം!

കാലത്തു കേട്ടതാണു് പാലുകാരൻ വീട്ടിൽ വന്നു രൂപ ചോദിച്ചു വഴക്കുണ്ടാക്കി പോകുന്നതു്. രണ്ടു മാസത്തെ വീട്ടുവാടക കൊടുത്തിട്ടില്ല. പുസ്തകം വാങ്ങണമെന്നു വിചാരിയ്ക്കരുതായിരുന്നു. തനിക്കതിനു് അവകാശമില്ല. പുസ്തകങ്ങൾ സുഖസാധനങ്ങളാണു്. പണക്കാർക്കുള്ളവ, ദൈവമേ, ഇതിനുള്ളിൽ നിന്നു് എങ്ങനെ പുറത്തു കടക്കും?

സ്റ്റാളുടമസ്ഥൻ എന്തു വിചാരിക്കും? ഇത്രയും നേരം അവിടെനിന്നു് ഒന്നും എടുക്കാതെ ഇറങ്ങിപ്പോയാൽ…

കാണാതെ കടന്നുകളയാമെന്നു വെച്ചാൽ അതും പറ്റില്ല. വേറെ ഒരൊറ്റ മനുഷ്യനില്ല സ്റ്റാളിനകത്തു്. ഒന്നും മിണ്ടാതെ എങ്ങനെ പോകും? എന്തുണ്ടു പറയാൻ? ഈ പരിഭ്രമമൊക്കെ അയാൾ അറിഞ്ഞാൽ!

പെട്ടെന്നൊരു ബുദ്ധിതോന്നി. “ബ്രദേഴ്സ് കാരമസോവ് ഉണ്ടോ?” അയാളുടെ നേരെ തിരിഞ്ഞു് അവൾ ചോദിച്ചു.

ഷെൽഫിൻമേൽ ആ പുസ്തകം കണ്ടില്ല. ആ വിശ്വാസത്തിൻമേലാണു് ചോദിച്ചതു്.

“അകത്തുണ്ടു് എടുത്തുതരാം” എന്നയാൾ പറഞ്ഞാലോ?

ദൈവമേ ഉണ്ടാവല്ലേ!

“തീർന്നിരിക്കുകയാണല്ലോ. ഒരെണ്ണമുണ്ടായിരുന്നതു് ഇന്നലെ കൊണ്ടു പോയി” ഭവ്യതയിൽ നിന്ന ആ ചെറുപ്പക്കാരന്റെ മുഖം മങ്ങി. ആ യുവതിക്കു് അവിടെയില്ലാത്ത പുസ്തകം തന്നെ വേണമെന്നോ! തന്റെ പുസ്തകക്കടയെപ്പറ്റി അയാൾക്കു് നല്ല മതിപ്പാണു്. സാധാരണയായി ആവശ്യപ്പെടുന്ന പുസ്തകങ്ങൾ എല്ലാം അവിടെ ഉണ്ടാകും.

“വരുത്തിത്തരാം. ഒരാഴ്ചതന്നെ താമസിക്കില്ല.” ഏതോ വലിയ തെറ്റു തിരുത്തുന്ന തിടുക്കത്തോടെ അയാൾ തുടർന്നു.

അയാളുടെ പരിഭ്രമം കണ്ടതോടെ അവൾക്കു മനസ്സാന്നിദ്ധ്യം തിരിച്ചു കിട്ടി.

“വേണ്ട. അത്യാവശ്യമൊന്നുമല്ല. വെറുതേ, ഉണ്ടെങ്കിൽ കൊണ്ടു പോകാമെന്നു വിചാരിച്ചു. വരുത്തിത്തരുകയും മറ്റും വേണ്ട.”

“അല്ല. അതിനു വിഷമമൊന്നുമില്ല.” കഥയറിയാത്ത പാവം മനുഷ്യൻ തുടർന്നു.

“വേണ്ട ഇനി ഒരിക്കൽ വരാമല്ലോ.”

“ഇന്നലെ ഈ നേരത്താണു് വന്നിരുന്നെങ്കിൽ കൊണ്ടു പോകാമായിരുന്നു.” ബിസ്സിനസ്സിന്റെ പ്രാഥമിക പാഠങ്ങൾ നല്ലവണ്ണം പഠിച്ചിട്ടുള്ള അയാളെ അപരാധബോധം വിട്ടുപോകുന്നില്ല.

“സാരമില്ല. ഇനി എപ്പോഴെങ്കിലും വാങ്ങാമല്ലോ. പോകട്ടെ.” അവൾ ഇറങ്ങി നടന്നു.

“മിസ്സ് ശാരദേ…”

പിന്നിൽ നിന്നു് ഒരു വിളികേട്ടു് അവൾ പെട്ടെന്നു് തിരിഞ്ഞുനോക്കി.

ഭാസ്ക്കരമേനോൻ.

“ആ പുസ്തകം ഇന്നലെ കൊണ്ടുപോയതു് ഞാനാണു്. കളക്ഷൻ കംപ്ലീറ്റാക്കാനാണു് വാങ്ങിയതു്. ഞാൻ വായിച്ചിട്ടുള്ളതാണു്. വേണമെങ്കിൽ എടുക്കുന്നതിൽ വിരോധമില്ല.”

അയാൾ നിർത്തി.

പെട്ടെന്നു് അവൾക്കു് ഒന്നും പറയാൻ കിട്ടിയില്ല.

റോഡിന്റെ നടുക്കുവെച്ചു്, അതുവരെ കണ്ടാൽ പരിചയഭാവം കാണിക്കാത്ത ഒരാൾ സംസാരിക്കാൻ വരിക. അതും ഭാസ്കരമേനോൻ!

ഒരു നിമിഷം അയാൾ കാത്തു. എന്നിട്ടു തുടർന്നു. “ഞാൻ നാളെക്കൊണ്ടു വരാം”

“എനിക്കു്… എനിക്കു് അതുകൊണ്ടു് പ്രത്യേകിച്ചാവശ്യമൊന്നുമില്ല. വെറുതെ വായിക്കാമെന്നു വിചാരിച്ചു. അത്രയേയുള്ളു.” ഛേ, ആദ്യമേ വേണ്ടെന്നു പറയണമായിരുന്നു.

“വായിച്ചു സൗകര്യം പോലെ മടക്കിത്തന്നാൽ മതി.” അവളുടെ സങ്കോചം മനസ്സിലാക്കിയിട്ടെന്നപോലെ അയാൾ പറഞ്ഞു.

അതും നിരസിക്കണമെന്നുണ്ടായിരുന്നു അവൾക്കു്. എങ്ങനെ പറയണമെന്നു് ആലോചിച്ചു വരുമ്പോഴേയ്ക്കും അയാൾ ഒന്നും മിണ്ടാതെ സൈക്കിൾ ഉരുട്ടി ഒപ്പം നടന്നുതുടങ്ങി.

ആ പുസ്തകം മേടിച്ചു വായിച്ചാൽ എന്തു വരാനാണു്? മൂന്നുകൊല്ലം മുമ്പു് ആരുടേയോ കൈയിൽ കണ്ടപ്പോൾ വിചാരിച്ചതാണു് അതൊന്നു വായിക്കണമെന്നു്. ഇതുവരെ തരപ്പെട്ടിട്ടില്ല. ഇപ്പോൾ ഒരാൾ പറയുന്നു കൊണ്ടുവന്നു തരാമെന്നു്. വാങ്ങി വായിച്ചു തിരിച്ചു കൊടുക്കണം. അത്രതന്നെ. അതിലെന്തിരിക്കുന്നു സംഭവിക്കാൻ?

ഒന്നും ഇല്ലേ? ദാമോദരപ്പണിക്കരുടെ മകനാണു് ആള്. അയാളുമായിട്ടാണു് പുസ്തകം വാങ്ങലും കൊടുക്കലുമൊക്കെ തുടങ്ങാൻ പോകുന്നതു്. റോഡിൽക്കൂടെ ഇങ്ങനെ ഒപ്പം നടക്കുന്നതുതന്നെ നല്ലതിനല്ല…

“മിസ്സ് ശാരദ ഒരുപാടു് വായിച്ചിട്ടുണ്ടു്. ഇല്ലേ?” മെയിൻ റോഡിൽ നിന്നു് ഇടവഴിയിലേക്കു് ഇറങ്ങിക്കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു.

“ഓ ഇല്ല. ഞാൻ അധികമൊന്നും വായിച്ചിട്ടില്ല. അതും ഈയിടെ ഒന്നും വായിക്കാറില്ല സമയമില്ല.”

അതു പറയേണ്ടായിരുന്നു. ഓർക്കാതെ വന്നുപോയതാണു്. തനിക്കു വായിക്കണമെന്നുണ്ടെന്നും വായിക്കാൻ സമയം കിട്ടുന്നില്ലെന്നു അയാളോടു പറയേണ്ട ആവശ്യം വല്ലതും ഉണ്ടായിരുന്നോ?

അയാൾ സമാധാനമൊന്നും പറഞ്ഞില്ല. നിലത്തു നോക്കിക്കൊണ്ടു നടപ്പു തുടർന്നു. ആ മൗനത്തോടവൾക്കു് നന്ദിതോന്നി. ഒന്നും മിണ്ടാതെ കുറച്ചു നേരം കൂടി അവർ നടന്നു.

പിന്നെ എങ്ങനെയോ അവർ സംസാരിച്ചു തുടങ്ങി. ഡോസ്റ്റോവ്സ്കിയിൽ ആരംഭിച്ചു സംസാരം. പല ദിക്കിലും ചുറ്റിത്തിരിഞ്ഞു. സാഹിത്യത്തെപ്പറ്റി, സാഹിത്യകാരൻമാരെപ്പറ്റി. വഴിപോകുന്നതറിയാതെ അവർ അവൾക്കു തിരിയേണ്ട ഇടവഴിവരെ നടന്നു. കവലയിൽ രണ്ടുപേരും നിന്നു.

“നമസ്ക്കാരം” അവളുടെ മുഖത്തേയ്ക്കൊന്നു നോക്കി അയാൾ പറഞ്ഞു.

“നമസ്ക്കാരം”

കുറച്ചുദൂരം നടന്നു് അവൾ തിരിഞ്ഞുനോക്കിയപ്പോൾ അയാൾ സൈക്കിളിൽ കയറി ഓടിച്ചു മറയുന്നു.

രണ്ടുകൊല്ലം തമ്മിൽ കണ്ടിട്ടും വല്ലപ്പോഴുമൊന്നു ചിരിക്കുന്നതിലപ്പുറം പരിചയം പോയിട്ടില്ല.

എന്നിട്ടു് ഇന്നു്—

“പുസ്തകമുണ്ടോ” എന്നു താൻ ചോദിക്കുന്നതും “വിറ്റുപോയി” എന്നു കച്ചവടക്കാരൻ പറയുന്നതും റോഡിൽക്കൂടി പോകുമ്പോൾ കേട്ടിരിക്കണം.

എന്നാലെന്താ? അവനവൻ കാശുകൊടുത്തു മേടിയ്ക്കുന്നതു് നാട്ടുക്കാർക്കൊക്കെ വായിക്കാൻ കൊടുക്കാനാണോ?

ആ വിടുവായൻ ശങ്കരൻനായർ ബാർറൂമിൽ ഇരുന്നു് ഇന്നാളല്ലേ പ്രസംഗിക്കുന്നതു് കേട്ടതു്, ഭാസ്ക്കരമേനോന്റെ ലൈബ്രറിയിൽ ഒരൊറ്റ കുട്ടിയെ കേറ്റില്ല, മറ്റൊരാളെ അലമാരി തുറക്കാൻ സമ്മതിക്കില്ല എന്നൊക്കെ?

പിന്നെ കൊണ്ടുവന്നു തരാമെന്നു് ഇന്നു പറഞ്ഞതെന്തിനു്?

ശങ്കരൻനായരുടെ വർത്തമാനം കേട്ടപ്പോൾ, ഭാസ്ക്കരമേനോനു് പണമുണ്ടു്, അതുകൊണ്ടു കുറെ പുസ്തകവും വാങ്ങി തുടച്ചുമിനുക്കിവച്ചിട്ടുണ്ടു് എന്നേ ധരിച്ചുള്ളു. അതു മാത്രമല്ല ഏതായാലും ആർക്കും കൊടുക്കാതെ വെച്ചാലും തന്നത്താൻ നല്ലപോലെ കൈകാര്യം ചെയ്യുന്നുണ്ടാവണം.

അല്ലെങ്കിൽ ഇതുപോലെ സംസാരിക്കാൻ പറ്റില്ല.

കുഴിമടിയൻമാരെപ്പോലെ സദാ സിഗരറ്റും പുകച്ചു് ഇരിക്കുന്ന മനുഷ്യനെ കണ്ടാൽ ഇത്രയൊക്കെ വായിക്കുകയും ചിന്തിക്കുകയും ചെയ്തിട്ടുണ്ടെന്നു തോന്നുമോ? കൂട്ടുകൂടി ചായ കുടിക്കാനും വെടി പറയാനും മാത്രമാണു് കോടതിയിൽ വരുന്നതെന്നാണു് എല്ലാവരും പറയാറുള്ളതു്. ഒരു കേസ്സ് പ്രസംഗിച്ചു കേട്ടിട്ടില്ല. വല്ലപ്പോഴും തോന്നുമ്പോൾ കയറിവരിക എന്നല്ലാതെ സമയത്തിനു വരികയും പോകുകയും പതിവില്ല. പകലൊക്കെ റോഡിലും ഗ്രൗണ്ടിലും വൈകുന്നേരമായാൽ തിയേറ്ററിലും എന്നാണു് പറഞ്ഞുകേട്ടിട്ടുള്ളതു്.

പണമുണ്ടല്ലോ. ഇഷ്ടം പോലെ നടക്കരുതോ? വാസ്തവം. പണം ഉണ്ടു്. അച്ഛൻ സമ്പാദിച്ചിട്ടുണ്ടു് ധാരാളം.

ദാമോദരപ്പണിയ്ക്കരുടെ മകൻ! വേണ്ടായിരുന്നു. “കൊണ്ടുവരണ്ട” എന്നു തീർത്തങ്ങു പറഞ്ഞാൽ മതിയായിരുന്നു. ഇനി അതു വാങ്ങിയിട്ടു് അച്ഛൻ എങ്ങാനറിയണം. പിന്നെ വെറുതെ കുഴപ്പം.

അതിനി നാളെ ഓർമ്മിച്ചു കൊണ്ടുവന്നിട്ടു വേണ്ടേ? വെറുതെ ഒരു ഭംഗി വാക്കു പറഞ്ഞു.

ഏതായാലും കൊണ്ടുവരാതെ ഇരിക്കുന്നതു് തന്നെയാണു് നല്ലതു് എന്നാലും…

2

“ദേ, വല്യേച്ചി വന്നു…” ശാരദ പടിയ്ക്കലെത്തിയപ്പോൾ മുറ്റത്തു നിന്നു് ഒരാർപ്പു പൊങ്ങി.

അവൾ അകത്തു കടന്നു് പടി കുറ്റിയിട്ടു. പിള്ളേർ ഓടി വന്നു ചുറ്റും കൂടി. തന്റെ ലോകം!

കുട്ടികൾ പൂക്കളാണെന്നു് ആരോ പറഞ്ഞുകേട്ടിട്ടുണ്ടു്. “ഇന്നലക്കിയെടുത്ത സാരിയാണു്. പിടിയ്ക്കല്ലേ അപ്പനേ!”

ആ പൂവിന്റെ മുഖം വാടിയോ? എന്തു മാതിരി കൂടുകൂട്ടിയ നെഞ്ചു്!

അവന്റെ ലിവർക്യൂർ തീർന്നോ എന്തോ!

“ഗോപാലൻകുട്ടി ഇന്നു മരുന്നു കുടിച്ചോ?”

“ഇല്ല.”

തീർന്നിരിക്കുകയാണു്. പിന്നെ വാങ്ങിയിട്ടില്ല.

അവനുമാത്രം മതിയോ മരുന്നു്? അമ്മിണിയെ കണ്ടാൽ ആരെങ്കിലും ഒമ്പതു വയസ്സു പറയുമോ?

മറ്റവൻ വലിയ വിശേഷം ഉള്ളതുപോലെ!

“ചാരു എന്തിനാ ഈ മിറ്റത്തിങ്ങനെ നിക്കണതു്? മണി അഞ്ചായില്ലേ? വന്നു കാപ്പി കൂടിക്കു മോളേ.”

ഒക്കത്തു കുട്ടിയുമായി അമ്മ ഉമ്മറത്തേയ്ക്കു വന്നു. അപ്പോൾ, പിള്ളേരുടെ ആർപ്പു വിളി അടുക്കളയിലും എത്തി.

അവൾ നേരെ മുറിയിൽ കയറി വാതിലടച്ചു.

തോളിൽക്കൂടി ഇട്ടിരുന്ന സാരിത്തുമ്പു് നീക്കാൻ തുടങ്ങിയതു് അവൾ തിരിയെ ഇട്ടു.

പതിവിനു വിപരീതമായി ചുമരിൽ തൂക്കിയിട്ടിരുന്ന കൊച്ചുകണ്ണാടിയുടെ മുമ്പിലേയ്ക്കവൾ നീങ്ങി.

അന്നു മാലതി പറഞ്ഞതുപോലെ ഇപ്പോൾ ശരിക്കും കണ്ണു മാത്രമേയുള്ളു മുഖത്തു്.

അവൾ കണ്ണാടി കൈയിലെടുത്തു. അതിൽ നോക്കി വിരൽ കവിളത്തു് ഉരച്ചു കൊണ്ടു കുറെനേരം നിന്നു. വേറെ ആരുടെയോ ഛായ നോക്കുന്നതുപോലെ.

ചെറിയ മുഖം. കൊള്ളാം. മൂക്കും ചെറുതു്. അതിന്നും തരക്കേടൊന്നുമില്ല. വായുടെ ആകൃതി മോശം. ചുണ്ടു് തീരെ മോശം. തുടുപ്പു പോര. തൊണ്ടിപ്പഴം പോലെയല്ലേ ഇരിക്കേണ്ടതു്?

ആകപ്പാടെ കുറച്ചുകൂടി മാംസം വേണം. കവിൾ ഒന്നുകൂടി ഉരുണ്ടിരിക്കണം. അതങ്ങനെയല്ലാഞ്ഞിട്ടാണു് കണ്ണു് ഇത്ര വലിയതാണെന്നു തോന്നുന്നതു്. ഉം. കുറച്ചുകൂടി വണ്ണം വെയ്ക്കണം.

വണ്ണം വെയ്ക്കുണു!

അവളൊന്നു പതുക്കെ ചിരിച്ചു. കണ്ണാടി ആ തിണ്ണയിൽത്തൂക്കി. ധൃതിയിൽ സാരി അഴിച്ചു മാറ്റി. അഴയിൽ നനച്ചിട്ടിരുന്ന സാരി ഉടുത്തു തുടങ്ങുമ്പോഴേയ്ക്കും അമ്മ ലോട്ടയിൽ കാപ്പിയും ഒരിലപ്പൊതിയുമായി കടന്നുവന്നു.

“ഞാൻ അങ്ങോട്ടു വന്നോളാമായിരുന്നല്ലോ അമ്മേ”

“ഇതു് കഴിച്ചിട്ടാകാം ചാരു, സാരി മാറലൊക്കെ. എത്ര നേരായി!”

“ഞാൻ എന്താ കൊണ്ടുവന്നിട്ടുള്ളതെന്നു പറയാമോ അമ്മേ?”

“രൂപ വല്ലതുമാണോ മോളേ? പാൽക്കാരൻ ഇന്നു രണ്ടു തവണ വന്നിട്ടുപോയി. ഇനി പറയാൻ ബാക്കി ഒന്നൂല്ല്യ.”

അവൾ ബാഗു തുറന്നു് രണ്ടു പുത്തൻ നോട്ടുകൾ എടുത്തു നീട്ടി “എത്രയാ അമ്മൂ? നൂറിന്റെയാണോ?”

“അതേലോ. അമ്മേടെ മോള് ആരാണെന്നറിയില്ല്യ. രൂപ ഇരുന്നൂറ്. ഒരൊറ്റ കണക്കു നോക്കലിനു്. മനസ്സിലായോ?”

“ഇരുനൂറുരൂപ! പാൽക്കാരനോടു് വരാൻ പറയാം. വാടകേം കൊടുക്കാം ദേവീ!”

ആ നോട്ടു മാറി പുസ്തകം വാങ്ങാൻ തോന്നാഞ്ഞതെത്ര നന്നായി.

“ഇതു മുഴുവൻ തണുത്തൂലോ ഇരുന്നു്.”

അവൾ കാപ്പി എടുത്തു കുടിച്ചു തീർത്തു. ലോട്ട മേശപ്പുറത്തു വെച്ചു.

“ഇന്നാളത്തെ കായ ഒരെണ്ണം ബാക്കിയിരുന്നതാ. നല്ലോണം പഴുത്തില്ല. തൊലി പൊളിച്ചു് ഉപ്പു പുരട്ടി ചുട്ടതാണു്. ഉള്ള് വെന്തണ്ണോ ആവോ?”

അമ്മ ഇലപ്പൊതി അഴിച്ചു് മകളുടെ മുമ്പിലേക്കു നീക്കി.

മേശമേൽ പകുതി കാൽകൊള്ളിച്ചു് ഇരിക്കുകയായിരുന്നു ശാരദ. പൊതിയെടുക്കാൻ അവൾ കൈ നീട്ടിയേയുള്ളു. ആരോ വാതിൽക്കൽ നിൽക്കുന്നുണ്ടെന്ന തോന്നലോടെ പെട്ടെന്നു തിരിഞ്ഞുനോക്കി.

ആർത്തിനിറഞ്ഞ ആറു കണ്ണുകൾ! ഒരു ശബ്ദവുമുണ്ടാക്കാതെ അവരിങ്ങനെ എത്രനേരമായി നിൽക്കുന്നു!

“ഗോപാലൻകുട്ടീ” ഒരു കഷ്ണം പൊട്ടിച്ചു കൈയിലെടുത്തു് അവൾ വിളിച്ചു.

“ഉം, എല്ലാം എത്തിയോ?” അമ്മ അപ്പോഴെ അറിഞ്ഞുള്ളു. “ഇവറ്റങ്ങള് കാണണ്ടാന്നു വെച്ചാ ഞാൻ ഇങ്ങോട്ടു് എടുത്തോണ്ടു വന്നതു്. എന്നിട്ടെന്താ നാലിന്റെ ചൂളം കേക്കണേനു മുമ്പു വയറു നിറച്ചു കാപ്പീം മോന്തി മിറ്റത്തു കിടന്നു മദിയ്ക്കുകയാ പണി. അവള് സന്ധ്യയ്ക്കു വന്നു കയറിയാൽ ഒരു ഗ്ലാസ്സു വെള്ളം കുടിയ്ക്കാൻ കൂടി സമ്മതിക്കില്ല. നേരം വെളിച്ചാവുമ്പോ ഒരു പിടി ചോറുണ്ടെന്നു വരുത്തി പോയതല്ലേ?”

“ഞങ്ങൾക്കു പഴം കിട്ടീല്യ” ഗോപാലൻകുട്ടിയാണതു് പറഞ്ഞതു്.

ആറു കണ്ണുകൾ തറച്ചിരിക്കുന്ന ആ പഴുക്കാത്ത പഴം പൊട്ടിച്ചു് ഓരോ കഷ്ണം ഓരോത്തർക്കും കൊടുത്തു. ബാക്കിവന്ന ഒരു ചെറിയൊരു പൊട്ടു് അമ്മയുടെ മുഖത്തു് നോക്കാതെ അവൾ വായിലിട്ടു.

അമ്മ ലോട്ടയുംകൊണ്ടു് പോയി. ശാരദ ഉമ്മറത്തേക്കു ചെന്നു.

രണ്ടു മൂന്നു മാസമായി തിരിയാൻ നേരം ഇല്ലാതെ പണി എടുക്കുകയായിരുന്നു. ഇപ്പോൾ ഒന്നും ചെയ്യാനില്ലാതായപ്പോൾ ആകപ്പാടെ ഒരു വല്ലായ്മ. മുമ്പു കോടതിയിൽനിന്നു വന്നു കാപ്പി കുടി കഴിഞ്ഞാൽ ഉടനെ കണക്കു പുസ്തകത്തിന്റെ മുമ്പിലേക്കു് ഓട്ടമാണു്. ഇനി ഏതായാലും അതുവേണ്ടല്ലോ.

അവൾ മുറ്റത്തൊക്കെ ഒന്നിറങ്ങി നടന്നു.

കിഴക്കെ ഇറയത്തിന്റെ മൂലയിൽ പത്മിനി ഇരുന്നു മുല്ലമാല കെട്ടുകയാണു്. മുല്ലപ്പൂവു് എവിടെ നിന്നു കിട്ടിയോ? കൂട്ടുകാരുടെ വല്ലവരുടേയും സത്ക്കാരമായിരിക്കും. അപ്പോൾ ഇന്നു് ആ മാലയിൽ നിന്നൊരു കഷണം കിട്ടും. വല്യേച്ചിയെ സ്നേഹത്തിൽ വെക്കണ്ടേ? വളയും റിബ്ബണും ഒക്കെ വാങ്ങാൻ വല്ലപ്പോഴും ഒന്നുരണ്ടണ കിട്ടണ്ടേ?

ശാരദ കുറച്ചു നേരം നോക്കി നിന്നു.

പത്മിനി മാല കെട്ടിക്കഴിഞ്ഞു നേരെ നടുവിൽ മടക്കി കഷണമായി മുറിച്ചു് ഒരു ഇലയിലേക്കു മാറ്റിവെച്ചു, എന്നിട്ടു് പാവാടയൊന്നു കുടഞ്ഞെണീറ്റു. തലമുടി അഴിച്ചു വേർവിടുത്തുതുടങ്ങി. അവളൊരു കൊച്ചു സുന്ദരിയാണു്.

ശാരദ അടുത്തേക്കു ചെന്നു. “പിന്നിത്തരണോ? ഓ. ഞാൻ പിന്നിയാൽ നിനക്കു പരിഷ്ക്കാരം പിടിക്കില്ലായിരിക്കും അല്ലേ?”

“ഏയ്, രാത്രിയല്ലേ,” അവൾ ചേച്ചിയുടെ മുമ്പിലേക്കു നീങ്ങി നിന്നു.

ശാരദ ചിരിച്ചുപോയി.

“രാത്രി പിന്നാൻ വല്യേച്ചി മതി അല്ലേ?”

അവളും ചിരിച്ചു.

“മുറുക്കി പിന്നണം ട്ടോ ചേച്ചി, റിബ്ബണുണ്ടു്. കൂട്ടിപ്പിന്നണം.” പിന്നിക്കഴിഞ്ഞപ്പോൾ അവൾ ഒരു കഷണം മാലയെടുത്തു് തന്നത്താൻ ചൂടി. മറ്റതു ചേച്ചിക്കു നീട്ടി.

“ചേച്ചിയുടെ തലയിൽ വെച്ചു തരട്ടെ?”

“വേണ്ട അവിടെ പൊതിഞ്ഞു വെച്ചേയ്ക്കു്.”

ശാരദ അടുക്കളയുടെ ഉമ്മറത്തേക്കു നടന്നു.

പാറൂട്ടി എന്തു ചെയ്യുകയാണോ ആവോ?

വിചാരിച്ചതുപോലെ തന്നെ അവൾ പൈപ്പിന്റെ അടുത്തു പാത്രം കഴുകിക്കൊണ്ടു് നിൽക്കുകയാണു്.

“പാറൂട്ടി!”

“ഓ!”

“ഇങ്ങോട്ടൊന്നു വരൂ.”

കഴുകിയ പാത്രം അകത്തേയ്ക്കു് വെച്ചു് അവൾ മുറ്റത്തിറങ്ങി വന്നു.

“പണിയൊക്കെ തീർന്നോ”

“അരി അടുപ്പത്താണു്. വാർക്കാൻ ഇത്തിരിയും കൂടി താമസണ്ടു്. ബാക്കിയൊക്കെയായി.”

“അപ്പോൾ ധൃതിയൊന്നും ഇല്ലല്ലോ, ഉവ്വോ? നിനക്കു് ഈ തലമുടി ഒന്നു പിന്നിയിട്ടാൽ എന്താ പാറൂട്ടി?”

സന്തോഷമോ അത്ഭുതമോ ആ ഇരുണ്ട മുഖത്തു് പ്രകാശം പരത്തി.

“എടേണ്ടാവണ്ടേ? പിന്നെ, പിന്നിയിട്ടു് അടുപ്പിന്റെ അടുത്തുപോയാൽ വിഷമാ.”

“ആട്ടെ, ഇങ്ങോട്ടു മാറി നിൽക്കു്. ഞാനൊന്നു പിന്നിത്തരാം. എങ്ങനെയിരിക്കുമെന്നു നോക്കട്ടെ.”

പിടിച്ചു കൂട്ടി കെട്ടിയിരുന്നതഴിച്ചു്, ഉരുണ്ടുവീണ നീണ്ടു ചുരുണ്ട തലമുടിയിൽ ശാരദ സാവധാനം കൈ നടത്തി.

എന്തു തലമുടി! കൂട്ടത്തിൽവെച്ചു നല്ലതു് ഇവളുടെയാണു്. പിടിച്ചാൽ കൈക്കൊതുങ്ങാത്തവണ്ണം.

വേറൊന്നുമില്ലാത്തതിനു പകരമാണോ ഈ കേശസമൃദ്ധി അവൾക്കു് പ്രകൃതി കൊടുത്തതു്. പല്ലു പൊങ്ങിയതാണു്. കണ്ണിനു ജീവനില്ല. നിറമില്ല. തലമുടി മാത്രമുണ്ടു്.

ബാക്കി എല്ലാവരും വെളുത്തതാണു്. അവൾക്കു മാത്രം എന്തുപറ്റി? സൗന്ദര്യമില്ലെങ്കിൽ ബുദ്ധിയെങ്കിലും ഉണ്ടാവാമായിരുന്നില്ലേ? തോറ്റുതോറ്റു അടുക്കളമൂലയിലേക്കു തള്ളപ്പെട്ട വീട്ടുമൃഗം. ഭാരവണ്ടിക്കു കെട്ടിയ എരുമക്കിടാവു്.

അവളുടെ മാത്രം പേരിനുപോലും ഒരു പരിഷ്ക്കാരം ഇല്ലാതെ പോയതെന്തേ? അച്ഛൻ ജയിലിലായിരുന്നപ്പോൾ പ്രസവിച്ചതാണു്. അതായിരിക്കുമോ അവളുടെ പേരു് ‘പാറുക്കുട്ടി’യിൽ തുടങ്ങി ‘പാറൂട്ടി’യിൽ അവസാനിക്കാൻ കാരണം? ഒരുപക്ഷേ, അടുപ്പിന്റെ മൂലയിലേക്കുള്ളവളാണെന്നു് അവരന്നേ കണ്ടിരിക്കാ.

അവളെന്തിനിങ്ങനെ ദരിദ്രയായി ജനിച്ചു? ഇങ്ങനെ കൈയിൽ യാതൊന്നുമില്ലാതെ മനുഷ്യർ ജനിക്കാമോ? അനീതിയാണതു്. പ്രകൃതി കാട്ടുന്ന കൊടിയ നീതികേടു്. പടക്കോപ്പൊന്നും ഒരുക്കിക്കൊടുക്കാതെ ചട്ടയും കൈയുറയും ഒന്നും കൂടാതെ, അടർക്കളത്തിലേക്കു് ഇറക്കി വിടും!

“കൊച്ചേച്ചീ… എവിടെ പോയിരിക്കുകയാണോ എന്തോ! കൊച്ചേച്ചീ…”

വിളിച്ചു വിളിച്ചു പത്മിനി മുറ്റത്തെത്തി.

“ഉം? എന്താ?” ശാരദയാണു് ചോദിച്ചതു്.

“അരിവെന്തു.”

“അതിനു് ? അവളിവിടെ എന്താണു് ചെയ്യുന്നതെന്നു് കണ്ടില്ലേ?”

“അമ്മ പറഞ്ഞു വേഗം വന്നു വാർക്കാൻ. ചോറു ചീത്തയാവുംന്നു പറഞ്ഞു.”

“നിനക്കങ്ങട്ടു് ചെന്നു് വാർത്താലെന്താ?”

“എനിക്കു വിളക്കു കത്തിക്കണം.”

“അയ്യോ ഉമ്മറം അടിച്ചിട്ടില്ല.” പാറൂട്ടി ധൃതി കൂട്ടി.

ശാരദ അതു കേട്ട ഭാവം കാണിച്ചില്ല.

“കേട്ടോ പത്മിനിയമ്മേ, ആദ്യം ചെന്നു് ആ അരിയങ്ങോട്ടു വാർക്കുക”

“എനിക്കറിയില്ലേയ്”

“ചെമ്പുവാങ്ങി, പാത്തീയെ മോളിലു വെച്ചു ചെരിച്ചു പിടിക്കുക. അതാണു് പണി.”

“എനിക്കറിഞ്ഞു കൂടാ.”

“അറിയണല്ലോ. ഒന്നങ്ങട്ടു ചെയ്തു നോക്കൂ. അരിവാർത്തു കഴിഞ്ഞു ചൂലെടുത്തു് ആ ഉമ്മറത്തൊന്നു അടിക്കുക. അപ്പോഴെക്കു കൊച്ചേച്ചി വരും.”

പത്മിനി മുഖം വീർപ്പിച്ചു പോയി.

“അവള് കൈയും കാലും പൊള്ളിയ്ക്കും ചേച്ചി! ഞാൻ പോട്ടേ.”

“ഒന്നും പൊള്ളിയ്ക്കില്ല അതു് ചെറിയ കുട്ടിയൊന്നുമല്ല. ഇതൊക്കെ പഠിക്കേണ്ട പ്രായമായി.”

ശാരദ സാവധാനത്തിൽ തലമുടി പിന്നി. തുമ്പുവരെ പിന്നാതെ കൂടം പോലെ കിടക്കുന്ന അറ്റത്തിന്റെ ഭംഗി ശരിക്കും കാണത്തക്കവിധത്തിൽ നിർത്തി. പത്മിനി പൊതിഞ്ഞു വച്ചിരുന്ന പൂമാലയെടുത്തു് ചൂടിച്ചു് പൊയ്ക്കൊള്ളാൻ പറഞ്ഞു.

അരി വാർക്കാൻ കൽപ്പിക്കാൻ വന്നിരിക്കുന്നു ഒരുത്തി!

അനിയത്തിയുടെ മുഷ്ക്കു് കൂടി സഹിക്കണം. പാവം! സഹിക്കാൻ ജനിച്ചവൾ!

ഇതിൽ നിന്നൊന്നു പുറത്തു കടക്കാൻ അവൾക്കൊരു മാർഗ്ഗവുമില്ലേ?

പുറത്തു കടക്കുക!

യാതൊരു നിവൃത്തിയുമില്ല. അവൾക്കു മാത്രമാണോ? തന്റെ കാര്യം? മാറാലപോലെ നനുത്ത നാരുകൊണ്ടു കൈകാലുകൾ കെട്ടികിടക്കുകയാണു്. പൊട്ടിച്ചെറിയാൻ വഴിയൊന്നുമില്ല.

ഒരു വഴിയുമില്ല.

അവളെന്തുകൊണ്ടോ പെട്ടെന്നു വൈകുന്നേരം റോഡിൽ വെച്ചു കണ്ട ചെറുപ്പക്കാരനെ ഓർമ്മിച്ചു. ദാമോദരപ്പണിക്കരുടെ മകൻ.

അച്ഛനും പണിക്കരും!

വാസ്തവത്തിൽ പണിക്കർ അത്ര വലിയ തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടോ? അയാളാണു് തന്റെ ജീവിതം ഇങ്ങനെ നശിപ്പിച്ചതെന്നാണു് അച്ഛന്റെ വിശ്വാസം. പരമാർത്ഥമെത്രയ്ക്കുണ്ടതിൽ? ഇതു് പറയാൻ മാത്രം വല്ലതും സംഭവിച്ചോ? ബിസിനസ്സുകാരനാണാ മനുഷ്യൻ, കിട്ടിയ അവസരം പാഴാക്കിയില്ല. അത്ര തന്നെ. ആത്മാർത്ഥതയുടെ ചോദ്യമേയില്ലിവിടെ. തന്റെ കാര്യം നടക്കണം—അതാണാവശ്യം. അതയാൾ നടത്തി.

അതിൽക്കൂടുതൽ അച്ഛനനെന്തിനു പ്രതീക്ഷിച്ചു? പണക്കാരനെ കൂട്ടു പിടിക്കാൻ പോയതെന്തിനു്? ചെറുപ്പത്തിലെ തകർന്നതാണാബന്ധം. പിന്നെ പരാതിപ്പെടുന്നതെന്തിനു്?

അല്ലെങ്കിലും, അയാളുടെ പ്രവൃത്തി അച്ഛന്റെ ജീവിതത്തിൽ അത്രയ്ക്കു വലിയ മാറ്റം വല്ലതും വരുത്തിയോ? അച്ഛനിങ്ങനെയാവാൻ കാരണം അയാളാണോ വാസ്തവത്തിൽ? അതോ സ്വന്തം കഴിവു കേടോ? പണിക്കരല്ലെങ്കിൽ വോറൊരാൾ ആ സ്ഥാനത്തു് വരില്ലായിരുന്നെന്നു് എങ്ങനെയറിയാം.

ഈശ്വരാ, എന്തെല്ലാമാണു് വിചാരിക്കുന്നതു്. സംശയിക്കുന്നതപകടമാണു്. കണ്ണടച്ചു വിശ്വസിച്ചാലേ പറ്റൂ.

പ്രഭൻചേട്ടൻ പോകുമ്പോൾ പറഞ്ഞതു്: “അനിയത്തീ, വിശ്വാസം നശിക്കുന്നതുവരെ രക്ഷയുണ്ടു്. ആരാധനമൂർത്തി കളിമണ്ണാണെന്നറിഞ്ഞാൽ തീർന്നു. അതോടെ വിഗ്രഹം തകരുന്നതിനുമുമ്പു് ക്ഷേത്രത്തിനു പുറത്തു കടക്കണം. പൂജിച്ചിരുന്ന ഇടത്തു് അനുകമ്പയായി നിൽക്കാൻ ഇടവരരുതു്.”

പ്രഭൻചേട്ടൻ! ചേട്ടൻ പോയപ്പോഴാണു് ഏറ്റവും സങ്കടം തോന്നിയതു്.

അന്നേ കണ്ണു നനഞ്ഞുള്ളു.

അതുപോലൊരു ജ്യേഷ്ഠൻ സ്വന്തമായുണ്ടായിരുന്നെങ്കിൽ!

അച്ഛനെ കാണാൻ വരാറുള്ളവരിൽ പ്രഭൻചേട്ടനോടു മാത്രമേ ബഹുമാനം തോന്നിയിട്ടുള്ളു. എന്തൊരപാര ബുദ്ധി! പ്രഭൻചേട്ടൻ പോയതിൽ പിന്നെ പത്രം നേരെയായിട്ടില്ല.

കൊള്ളാവുന്നവർ എല്ലാം ഓരോരുത്തരായി പോയി. ശേഷിച്ചതു രാമൻകുട്ടി മാത്രം. വേറൊന്നും കൊള്ളില്ലാത്തുകൊണ്ടു് അയാളിവിടെ കൂടിയിരിക്കുന്നു. മരുമകനല്ലേ? അവകാശവുമുണ്ടു്. തന്നെക്കാൾ മൂത്തതാണു്. എന്നിട്ടൊന്നു “ചേട്ടാ” എന്നു വിളിയ്ക്കണം എന്നുകൂടി തോന്നിയിട്ടില്ല അയാളെ വിഡ്ഢി!

ആ ചെറുപ്പക്കാർക്കു് കൊടുക്കാൻ ഒന്നും അദ്ദേഹത്തിന്റെ കൈയിൽ ഇല്ലാതായതുതന്നെയാണോ, കാരണം വാസ്തവത്തിൽ അവരെല്ലാം പോകാൻ? പരിവേഷത്തിനുള്ളിൽ ഒന്നുമില്ലെന്നുള്ളതാണോ പരമാർത്ഥം?

ഭഗവാനേ, തന്റെ ക്ഷേത്രവും ശൂന്യമാകാൻ തുടങ്ങുകയാണോ?

“ദീപം…” പത്മിനി വിളക്കു് കത്തിച്ചുകൊണ്ടു് വരികയാണു്. മേൽ കഴുകിയില്ല.

അവൾ അകത്തു് കയറിപ്പോയി. വിളക്കിന്റെ മുമ്പിൽ കുട്ടികൾ ഇരുന്നു നാമം ജപിക്കുന്നുണ്ടു്. അവൾ സോപ്പും കച്ചമുണ്ടും എടുത്തു് കുളിമുറിയിൽ കടന്നു് വാതിലടച്ചു.

മേൽക്കഴുകി വന്നപ്പോഴെക്കും കുട്ടികൾ കഞ്ഞികുടിക്കാൻ ഇരുന്നു കഴിഞ്ഞു. അടുക്കളത്തളത്തിൽ ലഹളയാണു്. അതിന്റെ ഇടയിൽകൂടിയാണവൾ പൂമുഖത്തേക്കു് പോയതു്. ആരുമില്ല ഉമ്മറത്തു്. അവൾ അടുക്കളയിലേക്കു തന്നെ തിരിച്ചു ചെന്നു.

“അമ്മേ അനിയൻ വന്നില്ലേ? മണി എട്ടാവാറായല്ലോ.”

“അനിയൻ ചേട്ടൻ സിനിമയ്ക്കു് പോയിരിക്കുകയാ.” പത്മിനിയാണു് മറുപടി പറഞ്ഞതു്.

“എന്തിനാ അമ്മേ ഇന്നു് അണ കൊടുത്തതു്? മിനഞ്ഞാന്നല്ലേ അവൻ പോയതു്?”

“ഞാൻ അണയൊന്നും കൊടുത്തില്ല.” കഞ്ഞി വിളമ്പുന്നതിനിടയ്ക്കു് അമ്മ സമാധാനം പറഞ്ഞു. “എന്നോടൊട്ടു് ചോദിച്ചൂല്ല്യ”

പടി തുറക്കുന്ന ശബ്ദം കേട്ടു് ശാരദ ഉമ്മറത്തേയ്ക്കു ചെന്നു.

അച്ഛനാണു്. പിന്നാലെ രാമൻകുട്ടിയും.

ഇനി പത്രത്തിന്റെ കാര്യം തന്നെ.

3

കൃഷ്ണൻകുട്ടിമേനോൻ പൂമുഖത്തു് കയറി ക്യാൻവാസ് കസേരയിൽ ചെന്നു് വീണു. മുഖത്തുകൂടി എല്ലുന്തി, കണ്ണുകുഴിഞ്ഞു്, നടുവൊടിഞ്ഞു് ആകെ തളർന്നു കിടക്കുന്ന ആ മനുഷ്യനെ കണ്ടാൽ എന്നെങ്കിലും അത്രയും തീ ഉൾകൊണ്ടിരുന്നു എന്നു് ആർക്കും തോന്നില്ല. എല്ലാം കെട്ടടങ്ങി. ചാമ്പലിന്റെ കൂട്ടത്തിൽ ഒന്നുരണ്ടു കനലുകൾ മാത്രമുണ്ടു് ബാക്കി: ശ്വാസം മുട്ടിയ്ക്കുന്ന പുക വമിച്ചുകൊണ്ടു്.

ഇരുപത്തഞ്ചു കൊല്ലം മുമ്പു് ആവേശത്തള്ളിച്ചയിൽ എല്ലാം വലിച്ചെറിഞ്ഞു ഇറങ്ങിയ മനുഷ്യനാണു്.

ഇരുപത്തഞ്ചുകൊല്ലങ്ങൾക്കു മുമ്പു്…

നാടാകെ കൊടുങ്കാറ്റിളകിയിരുന്ന സമയം. ജയിലിലേക്കുള്ള തീർത്ഥാടനകാലം…

വടക്കു നിന്നടിച്ച കാറ്റിൽ വിപ്ലവത്തിന്റെ വിത്തു പറന്നുവന്നു. കുതിർന്ന മണ്ണിൽ വീണു് അതു വേഗം കിളിർത്തു.

മുപ്പതു തികഞ്ഞിട്ടില്ലാത്തൊരഭിഭാഷകൻ അന്നു് കോട്ടും ഗൗണുമെല്ലാം ദൂരെയെറിഞ്ഞു് പരുപരുത്ത ഖദറിന്റെ പടച്ചട്ടയിട്ടു് യുദ്ധരംഗത്തേക്കിറങ്ങി.

ദീർഘകാലത്തെ ചിന്തയുടെ ഫലമൊന്നുമല്ലായിരുന്നു ഈ പ്രവൃത്തി. അന്തരീക്ഷം ചൂടുപിടിച്ചിരുന്നു. സമരത്തിനുള്ള കുഴൽവിളി ചുറ്റും മുഴങ്ങി. വെള്ളം ആർത്തിരമ്പി വന്നപ്പോൾ പലരും അതിൽ ഒഴുകിപ്പോയി. ആ ചെറുപ്പക്കാരൻ വക്കീൽ നീർച്ചുഴിയിൽ താഴ്‌ന്നു് മുങ്ങി. കുറെ നേരം കഴിഞ്ഞു പൊങ്ങി കണ്ണു തുറന്നുനോക്കിയപ്പോൾ കരയിൽ നിന്നൊക്കെ വളരെ ദൂരം പോന്നു കഴിഞ്ഞിരുന്നു.

തികച്ചും വികാരവിവശമാകാൻ കഴിവുള്ളൊരു ഹൃദയമായിരുന്നു അയാളുടേതു്.

ബുദ്ധിയുടെ ഉയർന്ന മണ്ഡലങ്ങളിലല്ല, വികാരത്തിന്റെ ചൂടു പിടിച്ച മേഖലയിലാണു് വിപ്ലവത്തിന്റെ കരുക്കൂട്ടൽ നടന്നതു്. അന്നത്തെ ചെറുപ്പക്കാരുടെ ഇടയിൽ അയാളൊരു ബുദ്ധിജീവിയായിരുന്നു. സമരത്തിൽ, പക്ഷേ, വിചാരത്തിനല്ല, വികാരത്തിനുതന്നെയായിരുന്നു ഇടം കൂടുതൽ.

അയാളെ ആശ്രയിച്ചു കഴിയാൻ അന്നേ ഉണ്ടായിരുന്നു ഒരു കുടുംബം. ഒരാളുടെ വിയർപ്പുകൊണ്ടുവേണം ഭാര്യയ്ക്കും കുട്ടിയ്ക്കും പിഴയ്ക്കാൻ.

ചോരതിളയ്ക്കുന്ന സമയത്തു് അതുവല്ലതും ആലോചിക്കുമോ?

പ്രസംഗവും നിയമലംഘനവും എല്ലാം നടന്നു.

ഒരു നല്ല പ്രഭാതത്തിൽ അയാളെ കൊണ്ടുപോകാൻ ചുമന്ന തൊപ്പിക്കാർ വന്നു. കാത്തുകാത്തിരുന്നതു കൈവന്ന സംതൃപ്തിയോടെ അയാൾ ഇരുമ്പഴിയുടെ പിന്നിലേക്കു പോയി.

അയാൾ യുദ്ധരംഗത്തേക്കിറങ്ങുമ്പോൾ തോളോടു തോൾ ചേർന്നു് നിൽക്കാൻ ഒരാൾ കൂടിയുണ്ടായിരുന്നു—ദാമോദരപ്പണിക്കർ.

ലക്ഷങ്ങൾക്കുടയവനായ ആ മനുഷ്യനെ മുള്ളു നിറഞ്ഞ വഴിയിലേക്കു് തിരിച്ചതു കരടറ്റ രാജ്യസ്നേഹമായിരുന്നോ? ഒടുങ്ങാത്ത സ്വത്തു്. താൻ പ്രയത്നിച്ചു് ഒന്നും ഉണ്ടാക്കേണ്ടതായിട്ടില്ല. ഇടതടവില്ലാത്ത സുഖജീവിതം. വൈവിദ്ധ്യം കൊതിച്ചു മാത്രമായിരുന്നോ അയാൾ ഇറങ്ങിത്തിരിച്ചതു്? മുടങ്ങാതെ മധുരം കഴിച്ചു് ചെടിച്ചു് കുറച്ചു് എരിവും പുളിയും സ്വാദും നോക്കണമെന്നു് മാത്രമേ ഉണ്ടായിരുന്നുള്ളോ അന്നുതന്നെ?

ഏതായാലും ആവേശം അയാൾക്കും ഒട്ടും കുറവില്ലായിരുന്നു. കൃഷ്ണൻകുട്ടി മേനോന്റെ തൊട്ടു പുറകിലായിത്തന്നെ എല്ലായിടത്തും ഉണ്ടായിരുന്നു പണിക്കരും. മീറ്റിങ്ങിനും ജാഥക്കും എല്ലാം രണ്ടുപേരും ഒരുമിച്ചുപോയി ആദ്യത്തെ ലാത്തിത്തല്ലുകളും ഒന്നിച്ചു സഹിച്ചു.

പക്ഷേ, നായക സ്ഥാനം മേനോനായിരുന്നു. അയാൾ പറയുന്നതെന്തും പണിയ്ക്കർ കേൾക്കും. അയാൾ വിളിയ്ക്കുന്നിടത്തു് കണ്ണടച്ചു് പോകാൻ തയ്യാറായിരുന്നു കൂട്ടുകാരൻ. ഒരു വിധം വീരാരാധന. വാറണ്ടു വന്നതു് രണ്ടു പേർക്കും ഒന്നിച്ചാണു്. പണിയ്ക്കരുടെ അച്ഛനുള്ള കാലമായിരുന്നു.

ആ നാടു് മുഴുവൻ വിലയ്ക്കു വാങ്ങാൻ കഴിയുന്ന മില്ലുടമസ്ഥന്റെ വീട്ടിലേക്കു് മകനെ അറസ്റ്റു ചെയ്യാൻ വാറണ്ടും കൊണ്ടു് പോലീസ്കാരൻ കടന്നു വന്നു.

നേരം വെളുത്തു വരുന്നതേയുള്ളു.

കയറിച്ചെല്ലുന്ന ഇൻസ്പെക്ടറെ എതിരേറ്റതു് അച്ഛനായിരുന്നു. ഉദ്യോഗസ്ഥനേയും കൊണ്ടു് അദ്ദേഹം മുറിയിൽ കടന്നു വാതിലടച്ചു. ഒരര മണിക്കൂർ നേരം രണ്ടുപേരും ഒന്നിച്ചകത്തിരുന്നു. പിന്നെയാണു വാതിൽ തുറന്നതു്. ഇൻസ്പെക്ടർ വന്നപോലെ തിരിയെ പോയി. പണിക്കരുടെ അച്ഛൻ അയാളെ പടിവരെ കൊണ്ടു ചെന്നാക്കി.

അകത്തുറങ്ങിക്കിടന്ന മകൻ ഇതൊന്നുമറിഞ്ഞില്ല. അന്നുച്ചവണ്ടിക്കു് അച്ഛൻ മകനേയും കൂട്ടി നാടുവിട്ടു.

ആറുമാസം കഴിഞ്ഞു് കാറ്റും പിശക്കും ഒക്കെ ഒന്നടങ്ങിയിട്ടാണു് അദ്ദേഹം തിരിച്ചു വന്നതു്. വരുമ്പോൾ കൂടെ മൂന്നാമതൊരാൾ കൂടിയുണ്ടായിരുന്നു. കണ്ടാൽ ആരും രണ്ടാമതൊരിക്കൽ കൂടി നോക്കിപ്പോകുന്ന ഒരു കൊച്ചു സുന്ദരി. ദാമോദരപ്പണിക്കരുടെ വിവാഹം മറുനാട്ടിൽ വെച്ചു് കഴിഞ്ഞതു് അധികം പേരും അറിഞ്ഞതു് അപ്പോഴാണു്.

രണ്ടുകൊല്ലം ജയിലിൽ കിടന്നു് കൃഷ്ണൻകുട്ടിമേനോൻ പുറത്തു വന്നപ്പോൾ കൂട്ടുകാരന്റെ നിറം ആകെ മാറിയിരുന്നു.

പണിയ്ക്കർ പഴയ ആളൊന്നുമല്ല. പ്രത്യേകിച്ചു് സുഖക്കേടൊന്നുമില്ലാതെ അച്ഛൻ പെട്ടെന്നു മരിച്ചു. മില്ലു നടത്തിക്കൊണ്ടു പോകേണ്ട ഭാരം തലയിൽ വന്നു. ഭാര്യയും കുട്ടിയുമൊക്കെയായി, വീട്ടിലും ചുമതലയുണ്ടു്. ഗൃഹസ്ഥന്റെ കടമ തികച്ചും ഗൗരവത്തോടെ ഏറ്റെടുത്തിരിക്കയാണയാൾ. രണ്ടു വർഷം മുമ്പത്തെ ചെയ്തികൾ മനഃപൂർവ്വം മറക്കുകയാണു്.

കാര്യങ്ങളുടെ കിടപ്പു് മേനോനു് ശരിക്കും മനസ്സിലാക്കാൻ കുറച്ചു ദിവസം പിടിച്ചു. ജയിലിൽ നിന്നു് വിട്ടു വന്നു് രണ്ടു ദിവസം ആരാധകർ തന്നെ വന്നു കാണാൻ കാത്തിരുന്നു. മൂന്നാം ദിവസം അന്വേഷിച്ചങ്ങോട്ടു തിരിച്ചു.

പണിയ്ക്കരുടെ അച്ഛനുള്ള കാലത്തു് അയാൾ ആ വീട്ടിൽ കാലെടുത്തു് കുത്തിയിട്ടില്ല. എന്നാലും ഉറച്ച ആത്മവിശ്വാസത്തോടെയാണു് അന്നു് ആ വിശാലമായ പൂമുഖത്തു കയറിച്ചെന്നതു്.

ഒരു വേലക്കാരൻ വന്നു് എന്തു വേണമെന്നു ചോദിച്ചു. പണിക്കരെ കാണണമെന്നു പറഞ്ഞപ്പോൾ, ആരാണെന്നാണു് പറയേണ്ടതെന്നായി.

ഇതൊന്നുമല്ല അയാൾ പ്രതീക്ഷിച്ചിരുന്നതു്. എന്നാലും ശുണ്ഠി അടക്കി ശാന്തനായി മറുപടി പറഞ്ഞു.

തൊട്ടടുത്ത മുറിയിലേക്കാണു് വേലക്കാരൻ കയറിപ്പോയതു്. അവിടെപ്പറയുന്നതു് പൂമുഖത്തു നിന്നാൽ കേൾക്കാം.

അയാൾ ചെന്നു് വിവരം പറഞ്ഞിട്ടു് കുറച്ചുനേരത്തേയ്ക്കു് അകത്തെ മുറിയിൽ നിന്നു് ശബ്ദമൊന്നും കേട്ടില്ല.

മൂന്നുനാലു മിനിട്ടു കഴിഞ്ഞിരിക്കണം.

“ഞാൻ ഇവിടെയില്ലെന്നു പറഞ്ഞേയ്ക്കു.”

ദാമുവിന്റെ ഒച്ച.

വേലക്കാരൻ പുറത്തിറങ്ങി വന്നു. “ഏമാൻ ഇവിടെ ഇല്ല.”

ഒന്നും മറുപടി പറയാതെ മേനോൻ തിരിഞ്ഞു നടന്നു. പിന്നീടു് ആ പടിക്കകത്തു കയറിയിട്ടില്ല.

കുറച്ചു ദിവസംകൂടി അയാൾ കാത്തിരുന്നു. എവിടയോ എന്തോ പിശകുണ്ടു്. അങ്ങനെ പറയാൻ ദാമുവിനെക്കൊണ്ടു് സാധിക്കുമോ?

ഒടുവിൽ ബോദ്ധ്യമായി, കാത്തിരുന്നിട്ടു പ്രയോജനമില്ലെന്നു്. തന്റെ നിഴലായിരുന്ന ദാമു ഇപ്പോഴില്ല. ആ ദാമു മരിച്ചു. ദാമോദരപ്പണിക്കരാണു് ഇപ്പോഴുള്ളതു്.

തന്റെതായിരുന്ന എന്തോ ഒന്നു കൈവിട്ടുപോയാലത്തെ അനുഭവം.

അഹന്തക്കു കിട്ടുന്ന ആദ്യത്തെ അടി. ക്രമേണ വ്രണം ഉണങ്ങി. വൈരാഗ്യം മാത്രം മനസ്സിൽ ശേഷിച്ചു.

രണ്ടുപേരുടേയും വഴി രണ്ടായി. പണിക്കർ കോൺഗ്രസ്സിൽ നാലണമെമ്പറായി തുടർന്നു. നിയമലംഘനത്തിനൊന്നും പോകാറില്ലെന്നു മാത്രം. അയാൾ ഒന്നാം തരം ഒരു ബിസ്സിനസ്സുകാരൻ ആയി വരികയാണു്. പശിമ എവിടെയാണെന്നു മണത്തറിയാനുള്ള വിദ്യ വശമായി വരുന്നു.

ജയിലിലും പുറത്തുമായി മേനോനങ്ങനെ തുടർന്നു. രാഷ്ട്രീയത്തിനല്ലാതെ വേറൊന്നിനും സമയമില്ല. വീട്ടിൽ ആളുകളുടെ എണ്ണത്തിനല്ലാതെ മറ്റൊന്നിനുമുണ്ടായില്ല വർദ്ധന. മൂത്തകുട്ടി മരിച്ചു. അതിന്റെ അമ്മ കുറേ കരഞ്ഞു. കുട്ടികൾ പിന്നെയും ഉണ്ടായി. ആരുമാരും ഒന്നും അന്വേഷിക്കാതെ വീട്ടുകാര്യങ്ങൾ എങ്ങനെയോ നടന്നു. മേനോന്റെ ഭാര്യയ്ക്കു തറവാട്ടിൽ നിന്നു് എന്തോ കുറച്ചു കിട്ടിയിരുന്നു. അതെല്ലാം കൊണ്ടു് ആ കുടുംബം ഒരു വിധം നാളുകൾ ഉന്തിനീക്കി.

പണത്തിന്റെ മുട്ടു് തീരാൻ കൂടിയാണു് മേനോൻ പത്രം നടത്തിത്തുടങ്ങിയതു്. ആരാധകൻമാരുടെ ഒരു സംഘം പിന്നിലുണ്ടായിരുന്ന ആ കാലത്തു് അതിന്നൊരു വിഷമവും തോന്നിയില്ല. എന്തിനും പോന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടമുണ്ടു്, എന്തു പറഞ്ഞാലും കേൾക്കാൻ.

സാമ്പത്തികമായി വലിയ വിജയമൊന്നുമായിരുന്നില്ലെങ്കിലും പത്രം ഗംഭീരമായി നടന്നു കുറച്ചു കാലം. പിന്നെപ്പിന്നെ അനുയായികൾ ഓരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങി. ആദ്യമൊക്കെ പഴയ മുഖങ്ങൾ മറയുന്നതോടൊപ്പം പുതിയ പുതിയ മുഖങ്ങൾ വന്നുചേരുകയും ചെയ്തിരുന്നു. പിന്നീടു് അതില്ലാതായി. ഒരാൾ കൂട്ടം വിട്ടു പിരിഞ്ഞാൽ വിടവുനികത്താൻ പുതിയൊരാൾ ഇല്ലെന്നായി. ആരാധകരായിരുന്നവർ തന്നെ നേതാക്കൻമാരായി. പുത്തനായി ഇറങ്ങിവരുന്നവർ കൂടുതൽ ഓജസ്സും ചൈതന്യവും ഉള്ള ഇടം അന്വേഷിച്ചു പോയി.

ഏതാണ്ടു് ഒടുക്കം വരെ ഉണ്ടായിരുന്ന ആളാണു് പ്രഭാകരൻ. അയാളും പൊയ്ക്കഴിഞ്ഞപ്പോൾ മരുമകൻ രാമൻകുട്ടി മാത്രം ശേഷിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യം ഉദയംകൊണ്ടു. നാടു നമ്മുടെയായി. ചക്രം പൂർണ്ണമായൊന്നു തിരിഞ്ഞു. ഖാദി പരിഷ്ക്കാരമായി. പണക്കാരന്റെയായി രാഷ്ട്രീയം.

ആദ്യത്തെ തെരഞ്ഞെടുപ്പിനു തന്നെ നിൽക്കണമെന്നുണ്ടായിരുന്നു മേനോനു്. ഇങ്ങോട്ടാവശ്യപ്പെടട്ടെ എന്നു കരുതി കാത്തിരുന്നു. ആരും ആവശ്യപ്പെട്ടില്ല. പാർട്ടി വേറെ ആരേയോ നിർത്തി. അയാൾ ജയിക്കുകയും ചെയ്തു.

അടുത്ത തെരഞ്ഞെടുപ്പിനു് താൻ നിൽക്കാമെന്നു മേനോൻ അങ്ങോട്ടു പറഞ്ഞു. ആരുമൊന്നും മറുപടി പറഞ്ഞില്ല.

എല്ലാവരും നോമിനേഷൻ കൊടുത്തു. കോൺഗ്രസ്സ് സ്ഥാനാർഥിയുടെ പേർ മേനോൻ പത്രത്തിൽ വായിച്ചറിഞ്ഞു.

അന്നു വൈകുന്നേരം ശ്രീ. കൃഷ്ണൻകുട്ടിമേനോൻ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നു രാജിവെച്ചു പി. എസ്. പി.-യിൽ ചേർന്നു.

പിന്നേയും ഒരു തിരഞ്ഞെടുപ്പു് വന്നു. ഇത്തവണ മേനോൻ സ്ഥാനാർത്ഥിയായി.

കോൺഗ്രസ്സ് ആരെ നിർത്തുമെന്നതിനെപ്പറ്റി പല ഊഹങ്ങളും നടന്നു. ഓരോരുത്തർ ഓരോന്നു പറഞ്ഞു. ഒടുക്കം പേർ കൊടുക്കേണ്ട അവസാന ദിവസം വന്നു. കോൺഗ്രസ്സ് സ്ഥാനാർത്ഥി ആരാണെന്നു് എല്ലാവർക്കും മനസ്സിലായി.

ദാമോദരപ്പണിക്കർ.

വോട്ടുപിടുത്തം വാശിയിൽ നടന്നു മേനോനെ സംബന്ധിച്ചിടത്തോളം ഒരു പകവീട്ടലിന്റെ എരിവുകൂടി ഉണ്ടായിരുന്നു ആ സമരത്തിൽ പണ്ടത്തെ സംഭവം മായാതെ മനസ്സിൽക്കിടക്കുകയായിരുന്നു.

പഴയ ചങ്ങാതിമാർ ഓരേ മൈതാനത്തിൽ പ്രസംഗിച്ചു ഒരേ ആൾക്കൂട്ടം അങ്ങോട്ടുമിങ്ങോട്ടും പറയാൻ പാടുള്ളതും പാടില്ലാത്തതും എല്ലാം പറഞ്ഞു.

പോളിങ്ങ് കഴിഞ്ഞു വോട്ടെണ്ണുന്ന ദിവസം മേനോന്റെ കൂട്ടർ മാലയുമെല്ലാം തയ്യാറാക്കി ഘോഷയാത്രക്കൊരുങ്ങി നിന്നു.

അവസാനത്തെ പെട്ടിയും പൊട്ടിച്ചു എണ്ണൽ തീർന്നു കോൺഗ്രസിനാണു് ഭൂരിപക്ഷം. പാർട്ടിയുടെ ബലമോ? പണത്തിന്റെ മിടുക്കോ! ആളുടെ വിലയോ! ഏതായാലും പണിക്കർ ജയിച്ചു.

ഘോഷയാത്ര പടിയ്ക്കൽ കൂടി കടന്നു പോകുമ്പോൾ മേനോൻ അകത്തു കയറി വാതിലടച്ചു.

പിന്നീടൊരിക്കലും നിയമസഭയിൽ കേറാൻ മേനോൻ നോക്കിയിട്ടില്ല.

ആളുകളുടെ പേരിൽനിന്നു മുതലെടുക്കാം എന്നു കരുതിയാണു് പുതിയ കൂട്ടുകാർ അടുപ്പിച്ചതു് അതു തരപ്പെട്ടില്ലെന്നു കണ്ടപ്പോൾ അവരുടെ മട്ടുമാറി.

ഇപ്പോൾ മേനോൻ ഒരു പാർട്ടിയിലുമില്ല. അതൊരു സൗകര്യമാണു്. എല്ലാ പാർട്ടിക്കാരെയും കുറ്റം പറയാം. ഭരിക്കുന്ന ഗവൺമെന്റിനേയും, ഭരിക്കുവാൻ കിട്ടാത്ത എതിർപക്ഷത്തിനെയും മേനോന്റെ പത്രം വിമർശിച്ചു. ആരെയും വെറുതേ വിട്ടില്ല ഒരു തരം വിളറിയെടുത്ത ചീത്തപറച്ചിൽ മാത്രമായി പത്രത്തിൽ.

രാത്രിയാവുന്നതു വരെ മേനോൻ കറങ്ങിനടക്കും പറയുന്നതിനൊക്കെ മൂളാൻ മരുമകൻ കൂടെ കാണും. മീറ്റിങ്ങിനും പ്രസംഗത്തിനും ഒക്കെ ഹാജരാകണം. പിറ്റെ ദിവസം പേപ്പർ പുറത്തിറക്കാനുള്ള ജോലികൾ ചെയ്തു തീർക്കണം. ക്ഷീണിച്ചു തളർന്നു് അന്തിക്കു വീട്ടിൽ വന്നു കയറിയാൽ എവിടെയെങ്കിലും ചെന്നു വീഴാനെ തോന്നുള്ളു.

കൃഷ്ണൻകുട്ടിമേനോൻ ക്യാൻവാസ് കസേരയിൽ ഒന്നു തിരിഞ്ഞു കിടന്നു.

ഒരു പൊതുയോഗത്തിൽ പോയി ഇരുന്നു മടുത്താണു് ആ മനുഷ്യൻ അന്നെത്തിയിരുന്നതു് വന്നപാടു് ആരോടും ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നതാണു്.

മൂലയിൽ കിടന്ന കസേരയിൽ രാമൻകുട്ടി ഇരിപ്പു പിടിച്ചു.

അയാൾ കൊണ്ടുവന്നിട്ട പേപ്പർ എടുത്തു നോക്കിക്കൊണ്ടു് ശാരദ മേശയ്ക്കക്കടുത്തു നിന്നു.

അവൾ ഏടു മറിക്കുന്ന ശബ്ദം കേട്ട മേനോൻ ഒന്നനങ്ങി

“ചാരു ആണോ അതു്? ഒരു ഗ്ലാസ്സ് ചുക്കുവെള്ളം ഇങ്ങടു്, തരാൻ പറയൂ.”

ശാരദ അടുക്കളയിൽപോയി വെള്ളവുമായി മടങ്ങിവന്നു

“അച്ഛാ വെള്ളം.”

അച്ഛൻ കണ്ണുതുറന്നു ഗ്ലാസ്സ് മേടിച്ചു കുറച്ചു കുടിച്ചു് കസേരക്കയ്യിൻ മേൽ വെച്ചു.

“നാളെ ഗ്രൗണ്ടിൽ ഒരു മീറ്റിങ്ങുണ്ടു്. ചാരു അച്യുതകുറുപ്പാണു് പ്രസംഗിക്കുന്നതു്. അഞ്ചു മണിക്കു് നീയൊന്നു പോണം കേട്ടോ, രാമൻകുട്ടിയും വരും. അവൻ തന്നെ പോയതുകൊണ്ടു് ഒരു വിശേഷവുമില്ല. എനിക്കാണെങ്കിൽ വേറെ ഇത്തിരി തിരക്കുണ്ടു്. നാളെ നീ കൂടെ ചെന്നാൽ മതി. മറ്റെന്നാളത്തെ പേപ്പറിൽ വരണം, ലേഖനം പൊളിച്ചു വിടണം, അവരെ.”

ശാരദ മറുപടി ഒന്നും പറഞ്ഞില്ല.

“എന്താ മിണ്ടാത്തതു്? നീ എന്തെടുക്കകയാണവിടെ?”

“ഒന്നുമില്ല. ഞാൻ പൊയ്ക്കോളാം.”

“മറക്കാണ്ടു് നേർത്തെ കോടതിയിൽനിന്നു പോന്നേക്കണം”

“മറക്കില്ല.”

4

പിറ്റേ ദിവസം കാലത്തു് ശാരദ ഉണർന്നതു് ഭാസ്ക്കരമേനോനെപ്പറ്റി വിചാരിച്ചുകൊണ്ടാണു് അവൾക്കു് പുസ്തകം തരാമെന്നേറ്റ മനുഷ്യൻ.

ഓർമ്മിച്ചുകൊണ്ടു വരുമോ?

പിന്നല്ലേ? വേറെ നൂറു കാര്യം കാണും തന്നെപ്പോലെ അതുതന്നെ വിചാരിച്ചു കൊണ്ടു നടക്കുകയല്ലേ?

കോടതിക്കു പോകാൻ നേരമായപ്പോൾ പതിവുപോലെ അവൾ തലമുടി രണ്ടായി പിന്നി വളച്ചുകെട്ടി. അന്നെന്തോ, സാധാരണയിലധികം സമയം എടുത്തുപോയി.

ഒതുക്കിക്കെട്ടി പിന്നെല്ലാം കുത്തിക്കഴിഞ്ഞു് കുറച്ചു നേരം കൂടി അവൾ കണ്ണാടിക്കു മുമ്പിൽ നിന്നു.

മുഖത്തു് കുറെശ്ശേ എണ്ണമയമുണ്ടു് കുറച്ചു പൗഡറിട്ടാലോ? പത്മിനിയുടെ ടിന്നിൽ വല്ലതും ഉണ്ടോ ആവോ?

അവൾ മേശവലിപ്പിൽ നിന്നു് പഴയ ടിന്നെടുത്തു കൈയിലേക്കു കുടഞ്ഞു. ഒരു നുള്ളു പൊടി കൈയിൽ വീണു.

ആ പെണ്ണു് വേറെ വല്ലയിടത്തും ഒളിച്ചു വച്ചിട്ടുണ്ടോ?

“അതിലൊന്നൂല്യ ചേച്ചീ! രണ്ടാഴ്ചയായി തീർന്നിട്ടു്.”

പത്മിനിക്കു് അതു് കണ്ടുവരേണ്ട ആവശ്യമുണ്ടായിരുന്നോ?

“നിനക്കിന്നു് സ്ക്കൂൾ ഇല്ല അല്ലേ?”

“ഇല്ല. ഇന്നു് വരുമ്പോൾ ഒരു ടിൻ മേടിച്ചു കൊണ്ടു വരുമോ ചേച്ചീ? ഇതു് വാങ്ങിച്ചു തന്നിട്ടു് എത്ര മാസമായി? പിള്ളേർക്കൊന്നും കൊടുക്കാതെ സൂക്ഷിച്ചു വെച്ചിട്ടാ ഇത്രയും ദിവസം നിന്നതു്. ഇന്നൊന്നു മേടിച്ചു തരാമോ?”

“നോക്കട്ടെ.”

ക്ഷീണിച്ചു തളർന്നാണു് ശാരദ വൈകുന്നേരം കോടതിയിൽനിന്നു് ഇറങ്ങി വന്നതു്. ഇത്രയും കാലത്തെ പരിചയമുണ്ടെങ്കിലും പ്രസംഗമുള്ള ദിവസം അവൾക്കു് നരകമാണു്. വല്ലതും രണ്ടുവാക്കേ പറയാനുണ്ടാവൂ. അതും വിഷമം.

പോരെങ്കിൽ കാലത്തു് സൈക്കിൾ നന്നാക്കിക്കൊണ്ടു വന്നു. പിന്നെ അതിൽ കയറാതെ പറ്റുമോ?

ഭാസ്ക്കരമേനോനെ കണ്ടില്ല. കോടതിയിൽ ക്രിക്കറ്റ് മാച്ചാണെന്നു് ആരോ പറയുന്നതു കേട്ടു.

മെയിൻ റോഡ് കഴിഞ്ഞു് ഇടവഴിയിലേക്കു് ഇറങ്ങിയിട്ടാണു് അവളൊന്നു തിരിഞ്ഞു നോക്കിയതു്.

ഭാസ്ക്കരമേനോനുണ്ടു് പിന്നിൽ.

അയാൾ സൈക്കിൾ നിർത്തി ഇറങ്ങി. തവിട്ടു നിറത്തിൽ ഒരു പൊതി അവളുടെ നേർക്കു നീട്ടി: “ആ പുസ്തകമാണു്.”

അവളും താഴെ ഇറങ്ങി. വാങ്ങിക്കാൻ എന്തോ സങ്കോചം.

കോടതിയിൽ കൂടി വരാത്ത സ്ഥിതിക്കു് ഓർമ്മിക്കുമെന്നു കരുതിയതല്ല.

“സൗകര്യംപോലെ വായിച്ചിട്ടു തന്നാൽ മതി.”

അവൾ വാങ്ങി. ഒരു കൈകൊണ്ടു സൈക്കിൾ താങ്ങി മറ്റെ കൈയിൽ പുസ്തകവും പിടിച്ചു നടന്നു തുടങ്ങി.

“പുസ്തകം പിന്നിൽ പിടിപ്പിച്ചു വെക്കാം.”

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു

അവളതിനു സമാധാനമൊന്നും പറഞ്ഞില്ല.

അയാൾ മറുപടിക്കു കാത്തു നിൽക്കാതെ പുസ്തകം തിരിച്ചുവാങ്ങി പിൻസീറ്റിലെ റബ്ബർ ബാൻഡിനടിയിലേക്കു തിരുകി വെച്ചു.

സൈക്കിൾ ഉരുട്ടി രണ്ടുപേരും നടന്നു തുടങ്ങി.

സംസാരിച്ചുകൊണ്ടു നടന്നു വഴി പോയതറിഞ്ഞില്ല. തലേനാളത്തെപ്പോലെ, അവൾക്കു തിരിയേണ്ട ഇടത്തു വന്നപ്പോൾ അയാൾ നമസ്ക്കാരം പറഞ്ഞു പിരിഞ്ഞു.

ശാരദ വീട്ടിലെത്തിയപ്പോഴെക്കും മണി അഞ്ചരയാവാറായി. രാമൻകുട്ടി മുറ്റത്തു കാത്തു നിൽക്കുന്നു.

“നല്ല ആളു തന്നെ! നേർത്തെ വരാമെന്നു പറഞ്ഞിട്ടു് മണി അഞ്ചരകഴിഞ്ഞു. ഒരു മണിക്കൂറായി ഞാനിവിടെ കാത്തു നിൽക്കുന്നു. അഞ്ചിനു തുടങ്ങുമെന്നു് അമ്മാവൻ പറഞ്ഞില്ലേ?”

അവൾ പെട്ടെന്നു് ഓർമ്മിച്ചു—നശിച്ച മീറ്റിങ്ങ്!

“ഞാൻ ദേ വന്നു. ഒരു മിനിറ്റ്.”

ബാഗും മറ്റും കൊണ്ടുവെക്കാൻ പറഞ്ഞു പത്മിനിയെ ഏൽപ്പിച്ചു കാപ്പി കുടിച്ചെന്നു വരുത്തി അവളിറങ്ങിച്ചെന്നു.

അരമണിക്കൂറിലധികമായിരിക്കും തുടങ്ങിയിട്ടു്. ഇയാൾക്കങ്ങോട്ടു് നേർത്തെ പോയാലെന്തായിരുന്നു? കാത്തു നിന്നിരിക്കുണു! ഇനി അച്ഛനറിയണം സമയത്താരും ചെന്നില്ലെന്നു്!

പതിനഞ്ചു മിനിട്ടു നീട്ടി നടന്നപ്പോൾ ഗ്രൗണ്ടിലെത്തി. നിറച്ചാളുകളുണ്ടു്. ഒരു മൂലയിൽ അവരും സ്ഥലം പിടിച്ചു.

എല്ലാം തീർന്നു് തിരിച്ചുപോകാൻ തുടങ്ങുമ്പോൾ അവൾ വാച്ചു നോക്കി. മണി ഏഴു കഴിഞ്ഞു.

ഇത്രയായോ സമയം? നേരം പോയതറിഞ്ഞില്ല.

പെട്ടെന്നവൾക്കു് പരിഭ്രമം കയറി. അവിടെ പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ല. അതും ഇതും വിചാരിച്ചുകൊണ്ടിരുന്നു. എന്തിനെപ്പറ്റിയാണു സംസാരിച്ചതെന്നു പോലും ധരിച്ചില്ല. ഈശ്വരാ, അച്ഛൻ ചോദിച്ചാൽ—

“ശാരദക്കെന്താ ഒരു ക്ഷീണം? നേരെ കാപ്പിയൊന്നും കുടിച്ചില്ലായിരിക്കും ധൃതിയിൽ. മാരുതിയിൽ കേറി ഒരു കപ്പ് കാപ്പി കുടിച്ചിട്ടുപോകാം.” തിരക്കൊന്നൊഴിഞ്ഞു നടന്നു തുടങ്ങിയപ്പോൾ രാമൻ കുട്ടി പറഞ്ഞു.

“വേണ്ട. എനിക്കു ക്ഷീണമൊന്നുമില്ല.”

രാത്രി ഏഴു മണിക്കു് ഇയാളുടെ കൂടെ ഹോട്ടലിൽ കയറി കാപ്പികുടിക്കുകയല്ലേ!

“കൂൾഡ്രിങ്ക്സ് വല്ലതും വേണോ? ദേ, ആ മൂലയിൽ തന്നെയുണ്ടു്.”

“വേണ്ട, ഒന്നും വേണ്ട.” കൂൾഡ്രിങ്ക് കൂടിക്കാത്ത കുറവേയുള്ളു ഇനി! അവൾ നടത്തത്തിനു വേഗം കൂട്ടി.

വീട്ടിലെത്തിയപ്പോൽ പൂമുഖത്തു വിളക്കിനു ചുവട്ടിൽ അനിയൻ കാലു് നീട്ടിയിരിപ്പുണ്ടു്. കുട്ടികൾ എല്ലാമുണ്ടു് ചുറ്റും.

അപ്പോൾ ഇന്നു് സിനിമയ്ക്കു പോയിട്ടില്ല—ശാരദ വിചാരിച്ചു.

അടുത്തു വന്നപ്പോഴാണു് അറിഞ്ഞതു്, കാലിനു് എന്തോ പ്രഥമ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയാണെന്നു്. പഞ്ഞിയും അയഡിനും ഒക്കെ എന്താ അനിയാ കാലിനു് !”

“അയഡിൻ വെക്കുന്നു.”

“അതു മനസ്സിലായി കാലിനു് എന്താ പറ്റിയതെന്നാണു് ചോദിച്ചതു്.”

“ചേട്ടൻ ഫുട്ബോൾ കളിച്ചു് കാലു് തല്ലിപ്പൊട്ടി”

കൊച്ചു കുട്ടനാണു് മറുപടി പറഞ്ഞതു് എന്തൊരു ബഹുമാനമാണു് ശബ്ദത്തിൽ

“സാരമില്ലല്ലോ, ഉണ്ടോ അനിയാ!” ശാരദ തുടർന്നു.

“സാരമുണ്ടു് ”

“അധികം മുറിഞ്ഞിട്ടുണ്ടോ എന്നു്”

“അവനവനു് ആവുമ്പോൾ അധികം തന്നെ.”

“ഞാനാളല്ല അനിയനോടു് ചോദിക്കാൻ?”

“ആരെങ്കിലും പറഞ്ഞോ ചോദിയ്ക്കാൻ?”

അവൾ അകത്തേയ്ക്കു പോയി.

മേൽക്കഴുകൽ കഴിഞ്ഞപ്പോഴേക്കും അച്ഛൻ എത്തി.

“ചാരൂ. എങ്ങനെയായിരുന്നു!” വന്നു കയറിയ ഉടൻ ചോദിച്ചതതാണു്.

“തരക്കേടില്ലായിരുന്നു”

“ഏ. തരക്കേടില്ലായിരുന്നു എന്നോ?”

ശാരദ വിഷമിച്ചു. ഓർക്കാപ്പുറത്തു പറഞ്ഞുപോയതാണു്. അച്യുതക്കുറുപ്പാണു് പ്രസംഗിച്ചതു്. അയാളുടെ പ്രസംഗം നന്നായിരുന്നുവെന്നു പറയാൻ തോന്നിയതു് എന്തൊരു കാലക്കേടിനാണോ ദൈവമേ!

“അല്ല—അതല്ല—”

“അയാൾ പറഞ്ഞതെന്താണു്? കേൾക്കട്ടെ.”

“അയാൾ—അതായതു്—”

“നീ പോയില്ലേ മീറ്റിങ്ങിനു്?”

“പോയി”

“എന്നിട്ടു്?”

“എന്നിട്ടു്…”

“എന്തുകേട്ടോണ്ടിരുന്നു അവിടെ?”

“ഞാൻ—” അവൾ തോറ്റു എന്തെങ്കിലും കേറി പറഞ്ഞിട്ടു്, അതൊന്നുമല്ലെങ്കിലോ അയാൾ പ്രസംഗിച്ചതു്?

“രാമൻകുട്ടിയും ഉണ്ടായിരുന്നു.”

അതുപറഞ്ഞു് ഉടൻ തോന്നി, പറയേണ്ടായിരുന്നുവെന്നു്.

“രാമൻകുട്ടിയും ഉണ്ടായിരുന്നുവെന്നു് എനിക്കറിയാം. അവനോടും ഞാൻ പറഞ്ഞിരുന്നു. പിന്നെ അവൻ വരാതിരിക്കുമോ? അവൻ വന്നിരുന്നു എന്നു പറയാനാണോ നിന്നെ അയച്ചതു്? ഒരാളെ ഒരു കാര്യത്തിനു പറഞ്ഞയച്ചാൽ പോയപോലെ തിരിച്ചുവരികയാണോ വേണ്ടതു്?”

അവളൊന്നും മിണ്ടിയില്ല. സ്വപ്നം കണ്ടുകൊണ്ടു് അവിടെ ഇരുന്നതിനു് ഇത്രയും കിട്ടണം. ഇതുപോരാ. കുറേകൂടി കിട്ടണം.

“ചാരു!”

അവൾ വിളികേട്ടില്ല. ദൈവമേ. എന്തിനു് തന്നെ ഉപദ്രവിക്കുന്നു. ഏതായാലും അവിടെ റിപ്പോർട്ടെടുത്തു കാണും അതു നോക്കിയാൽ പോരെ?

“നീയിങ്ങനെ ആയാലെങ്ങിനെയാ ചാരു?” അച്ഛന്റെ ശബ്ദം താണു “നിനക്കൊരു ശ്രദ്ധയില്ലാതായാൽ പിന്നെ ആരാ ഇവിടെയുള്ളതു്? അനിയനാണെങ്കിൽ യാതൊരു ലക്കുമില്ല. പിന്നെ രാമൻകുട്ടിയാണു്. അവനുള്ളതും ഇല്ലാത്തും ഒന്നു തന്നെ നീയും കൂടി ഇങ്ങനെ തുടങ്ങിയാൽ—”

“എനിക്കുയാതൊന്നും വയ്യ. എന്നെക്കൊണ്ടു സാദ്ധ്യമല്ല” എന്നു വിളിച്ചു കൂവണമെന്നുതോന്നി ശാരദയ്ക്കു്. ശബ്ദം പുറത്തു വന്നില്ല നല്ല കാലംകൊണ്ടു്.

“സുഖക്കേടു വല്ലതുമാണോ നിനക്ക്, ചാരു?”

അതൊരു വഴിയാണു്, അവൾ ആലോചിച്ചു.

“തലവേദനയുണ്ടു്.”

“എന്നാൽ പിന്നെ നീയെന്തിനു പോയി! തലവേദനയും കൊണ്ടു് ആരെങ്കിലും പ്രസംഗം കേൾക്കാൻ പുറപ്പെടുമോ? വല്ലതും ശ്രദ്ധിക്കാൻ പറ്റുമോ? പോയി കിടക്കു ചാരൂ. ഒരു വിവരവുമില്ല. ഇങ്ങനെ ആയാലോ?”

5

മാസം ആറു കഴിഞ്ഞു. ശാരദയും ഭാസ്ക്കരമേനോനും എന്നും കാണുക പതിവായി. ഒന്നിച്ചാണു അവർ വൈകിട്ടു മടങ്ങി വരിക. മെയ്ൻ റോഡ് കഴിഞ്ഞാൽ രണ്ടുപേരും ഇറങ്ങി സൈക്കിൾ ഉരുട്ടിനടന്നു തുടങ്ങും. ഒരു നൂറു കാര്യം പറയാൻ കാണും. സംസാരിക്കാൻ വിഷയം കിട്ടാത്ത വിഷമമൊന്നുമില്ല. അയാൾ പിന്നെയും പുസ്തകങ്ങൾ കൊണ്ടുവന്നുകൊടുത്തു. അവൾ വായിച്ചു തിരിച്ചേൽപ്പിച്ചു. ദിവസങ്ങൾ പറന്നുപോയി.

ഈ കാലമൊക്കെ വീട്ടിലെ കുഴപ്പം വർദ്ധിച്ചു വർദ്ധിച്ചു വരികയായിരുന്നു. കടം കൂടി വന്നു. പത്രത്തിന്റെ വിൽപ്പന കുറഞ്ഞു കുറഞ്ഞു ഇല്ലാതായി.

കൃഷ്ണൻകുട്ടിമേനോനു് വീട്ടിൽ എത്തിയാൽ എല്ലാവരോടും ശുണ്ഠി എടുക്കൽ തന്നെയായി ജോലി. മേനോൻ തകരുകയാണു്.

പരാജയത്തിന്റെതായ ജീവിതത്തിനു മകുടം ചാർത്തുന്ന ദിവസങ്ങൾ. കുടുംബഭാരം മുഴുവൻ ശാരദയുടെ ചുമലിലേക്കു നീങ്ങിയിട്ടു നാൾ കുറേയായി. അച്ഛനും മകളും അതറിഞ്ഞില്ലെന്നു നടിച്ചു. അച്ഛനെ സംബന്ധിച്ചിടത്തോളം അബോധപൂർവ്വമായ ഒരഭിനയമായിരുന്നു അതു്. തന്നോടു തന്നെയും അയാൾ ഇതനുവർത്തിച്ചു. പുരുഷന്റെ അഹന്തയ്ക്ക അതാവശ്യമായിരുന്നു. കുടുംബം പുലർത്തേണ്ടതു പുരുഷനല്ലേ? ഗൃഹനാഥന്റെ കടമ.

പത്രത്തിനു് ഇനി അധികകാലം ജീവനില്ല. അവസാനത്തെ ഉദ്യമവും ഓരോ നിമിഷവും കൺമുമ്പിൽ തകർന്നു തീരുകയാണു്. തോൽവിയുടെ ഒരേടു കൂടി മറിയുന്നു. ഇനി എത്ര ഏടുകളുണ്ടു്? ഭരതവാക്യത്തിലെത്തിയോ? അതോ ഇനിയുമുണ്ടോ വല്ലതും ബാക്കി?

ഇത്രയായിട്ടും അടിയറവു പറഞ്ഞു് ഒഴിയാൻ അയാൾ തയ്യാറായിരുന്നില്ല. സ്വന്തം ഭാര്യയുടെയും കുട്ടികളുടേയും മുമ്പിൽ തോൽവി സമ്മതിക്കാൻ സാധിക്കണ്ടേ?

എല്ലാവരോടും തട്ടിക്കയറലായി തൊഴിൽ. രാമൻകുട്ടിക്കാണു് അധികം സഹിക്കേണ്ടി വന്നതു്. വണ്ടിക്കാളയുടെ നിർവ്വേദത്തോടെ അയാൾ അമ്മാവന്റെ പരിഹാസവും ശുണ്ഠിയും സഹിച്ചു. ആ കട്ടിയുള്ള തൊലിയ്ക്കകത്തേക്കു ഇതൊന്നും കയറില്ലെന്നു തോന്നുന്നു.

ശാരദയുടെ പേരിൽ പരാതികൾ കുന്നുകൂടി. അപരാധബോധത്തിൽ നിന്നുടലെടുത്ത അൽപ്പരസത്തോടെ അച്ഛൻ മകളിൽ എപ്പോഴും കുറ്റം കണ്ടുപിടിച്ചു. അവളുടെ അനാസ്ഥയാണു് കുഴപ്പത്തിനെല്ലാം കാരണം. അവൾ കുറച്ചൊന്നു ശ്രദ്ധിച്ചെങ്കിൽ പത്രം ഇങ്ങനെ ആവില്ല. വയസ്സുകാലത്തു് എല്ലായിടത്തും തന്റെ കണ്ണെത്തിയെന്നു വരുമോ? ഒരു മകളെ പഠിപ്പിച്ചുകൊണ്ടു് വന്നപ്പോൾ അവളിതൊക്കെ നോക്കുമെന്നു വിചാരിച്ചു. പക്ഷേ, അവൾക്കിതിനു വല്ലതിനുമുണ്ടോ സമയം? നൂറു കാര്യം വേറെ!

കേട്ടു കേട്ടു ശാരദയ്ക്കു മടുത്തു. കുറെയൊക്കെ കേട്ടില്ലെന്നു നടിച്ചു. കുറെ തെറ്റു തിരുത്താൻ ശ്രമിച്ചു. അതുകൊണ്ടും വിശേഷിച്ചു് ഫലമൊന്നുമുണ്ടായില്ല.

ഇതൊന്നുമവളെ സാരമായി സ്പർശിച്ചില്ല എന്നുള്ളതാണു് പരമാർത്ഥം. ഇതിനൊക്കെ മുകളിൽ വീട്ടുകാർക്കജ്ഞാതമായി അവളുടേതു് മാത്രമായ ഒരു ലോകത്തിലേയ്ക്കവൾ പതുക്കെ ഉയർന്നിരിക്കയാണു്, തന്നത്താനറിയാതെ, അവിടെ മാരിവില്ലിനു് നിറപ്പകിട്ടു് അധികമുണ്ടു്. വിഭാതസന്ധ്യയ്ക്കു് തുടുപ്പേറും. പൂനിലാവിനു് വെൺമ കൂടുതലുണ്ടു്. നക്ഷത്രപ്പൊട്ടുകൾ ചിന്നിച്ചിതറിയ ശരദാകാശത്തിനു് നീലിമ ഇരട്ടിയുണ്ടു്.

അനിർവ്വചനീയമായ വൈകാരികാനുഭവം.

ചുറ്റുമുള്ള പരിചിതമായ ലോകം നിറപ്പകിട്ടോലുന്ന പരിവേഷമിട്ടു് അവൾ കണ്ടു. ഒരു പ്രഭാവലയത്തിലൂടെയാണവൾ പ്രപഞ്ചത്തെ വീക്ഷിച്ചതു്.

സർവ്വത്ര സൗന്ദര്യം. എന്നും പോകുന്ന വഴിക്കു് എന്നും കാണുന്ന മരം പൂവണിഞ്ഞിരിക്കുന്നു എന്നവൾ പെട്ടെന്നറിഞ്ഞു. റോഡിലേയ്ക്കു തല നീട്ടി നിൽക്കുന്ന ഇല്ലികൂടിന്റെ മർമ്മരശബ്ദത്തിൽ അവൾ കവിത കണ്ടു. ഏതോ തെങ്ങിന്റെ ഓലയിലിരിക്കുന്ന കാക്കത്തമ്പുരാട്ടിയുടെ കൂകലിലുമുണ്ടു് സംഗീതം.

ഓരോ നിമിഷവും ഓരോന്നു് പുതിയതു് കണ്ടുപിടിയ്ക്കയാണവൾ. കവിയാകേണ്ടിയിരുന്ന ആ പെൺകുട്ടിയുടെ ഉറങ്ങിക്കിടന്ന ഹൃദയത്തിന്റെ ഉള്ളറകളിൽ അദൃശ്യാംഗുലികൾ വീണമീട്ടി.

എന്നും വൈകുന്നേരം മടങ്ങിവരുമ്പോൾ മെയ്ൻ റോഡിൽ നിന്നിറങ്ങി ഇടവഴിയിലേക്കു തിരിയുന്ന മൂലയിൽ ഉയർന്ന നെറ്റിയും നീണ്ടു് അറ്റം കുറച്ചു വളഞ്ഞ മൂക്കും ഒരിക്കലും ഒതുങ്ങികിടക്കാത്ത നീളൻ മുടിയും ഉള്ള ചടച്ചു് ദീർഘകായനായ ആ യുവാവു് പ്രത്യക്ഷപ്പെടുന്നതോടെ അവൾ മേഘങ്ങൾക്കിടയിലേക്കു് ഉയരും. പിന്നെ വയസ്സൻ പ്ലാവു നിൽക്കുന്ന കവലയിൽ രണ്ടു പേരും പിരിയുന്നതുവരെ അവൾ വായുവിലാണു് നടക്കുക.

ആ കവല കഴിഞ്ഞാൽ പിന്നെ അധികം വഴിയില്ല. ഭൂമിയിലേക്കു അതിനടിയിലേക്കും വലിച്ചു താഴ്ത്തുന്ന നഗ്നപരമാർത്ഥങ്ങളുടേതായ അവളുടെ സ്വന്തം ലോകത്തിലെത്തുവാൻ.

പത്മിനിക്കു് സ്കൂളിലേക്കു പോകാൻ പാവാടയില്ലെന്നു് കേസ്. അനിയന്റെ ചുമതലയില്ലായ്മയും താന്തോന്നിത്തവും കൂടിക്കൂടി വരികയാണു്. വായന എന്നൊരു ഏർപ്പാടേ ഇല്ല. എന്നും സിനിമയ്ക്കു് പോക്കു്. രാത്രിയാവും വീട്ടിലെത്തുമ്പോൾ. വന്നു കയറിയാലുടൻ നേരം വൈകിയതിനു് അച്ഛനും മകനും കൂടി ഒരു വഴക്കു്. ആരെന്തു പറഞ്ഞാലും അവനൊരു കുലുക്കുവുമില്ല. കൊച്ചുകുട്ടനാണെങ്കിൽ, ചേട്ടനെ കണ്ടു പഠിച്ചിട്ടായിരിക്കണം, എപ്പോഴും എല്ലാറ്റിനും ശാഠ്യം. ഇളയ കുട്ടികൾക്കു് ഓരോരുത്തർക്കായി മാറിമാറി സുഖക്കേടു്. ആവശ്യങ്ങൾ ഒന്നും പുറത്തു പറയാതെ, അവകാശങ്ങൾ ഒന്നും പുറപ്പെടുവിക്കാതെ, തന്റെ മൂകസാന്നിദ്ധ്യം കൊണ്ടു മാത്രം ചേച്ചിയെ ഏറ്റവും അധികം വിഷമിപ്പിച്ചുകൊണ്ടു് പാറൂട്ടിയും.

ഭാസ്ക്കരമേനോനുമായുള്ള കൂട്ടുകെട്ടു് കൊള്ളില്ല എന്നു് ഒരു ശബ്ദം ഇടയ്ക്കിടയ്ക്കു് അവളുടെ ചെവിയിൽ മന്ത്രിക്കും. പക്ഷേ, അതു് അധികനേരം നിൽക്കുകയില്ല. അവളിൽ പുതുതായുണർന്ന സംഗീതത്തിന്റെ മഞ്ജുധ്വനിയിൽ അതുടൻ അമർന്നുപോകും.

വരണ്ടു തുടങ്ങിയ ആ പെൺകുട്ടിയുടെ ആത്മാവു വെള്ളത്തിനു കൊതിച്ചപ്പോൾ അതിൽ ഒന്നു രണ്ടു തുള്ളി വീഴ്ത്തിയതു് അയാളാണു്. സഹാനുഭൂതിയ്ക്കു വേണ്ടി ദാഹിച്ചിരുന്ന അവളിലെ സ്ത്രീ തന്നെ മനസ്സിലാക്കാൻ കഴിയുന്ന, തന്റെ വിചാരങ്ങളും വികാരങ്ങളും പങ്കിടാൻ കഴിവും മനസ്സും ഉള്ള, ഒരു തോഴനെയാണയാളിൽ കണ്ടതു്. അവൾക്കങ്ങനെയൊരാൾ അത്യാവശ്യമായ സന്ദർഭമായിരുന്നു അതു്.

6

പിന്നീടു് ആ ദിവസത്തെപ്പറ്റി ഓർമ്മിക്കുമ്പോൾ ശാരദ പലപ്പോഴും ആലോചിച്ചിട്ടുണ്ടു്. തന്റെ വാക്കോ നോക്കോ ഭാസ്ക്കരമേനോനെ അന്നതു് പറയുവാൻ പ്രേരിപ്പിച്ചോ എന്നു്, ഇല്ലായിരിക്കാം. ആലോചിച്ചുറച്ചു വന്നതായിരിക്കാം.

ഒരുപക്ഷേ. അവൾ അന്നതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഏതായാലും കോടതിയിൽ നിന്നിറങ്ങിയപ്പോൾ നേരം സാധാരണയിലും വൈകിയിരുന്നു.

പതിവുപോലെ അവർ രണ്ടുപേരും സംസാരിച്ചുകൊണ്ടു വരികയായിരുന്നു.

അയാൾക്കു് ദൽഹിയിൽ ജോലികിട്ടിയ കാര്യമാണു് പറഞ്ഞിരുന്നതു്.

പിരിയേണ്ട കവലയ്ക്കടുത്തെത്തി അവർ കുറച്ചു നേരം നിന്നു. യാതൊരു മുഖവുരയും കൂടാതെ അയാൾ ചോദിച്ചു. “ശാരദേ, ശാരദ എന്നെ വിവാഹംകഴിക്കുമോ?”

അവളാകെ തരിച്ചു പോയി.

കിഴവൻ പ്ലാവിന്റെ താഴ്‌ന്നുകിടക്കുന്ന കൊമ്പത്തു് ഒരണ്ണാറക്കണ്ണൻ വാൽ പൊക്കിപ്പിടിച്ചിരുന്നു് എന്തോ കൊറിക്കുന്നുണ്ടായിരുന്നു. കിഴക്കെ മതിലിനപ്പുറത്തെ ഇല്ലിക്കൂട്ടിൽ കാറ്റു കടന്നു് നേരിയ മർമ്മരം പുറപ്പെടുവിച്ചു.

ഉത്തരം ഒന്നും കിട്ടാഞ്ഞപ്പോൾ അയാൾ തുടർന്നു. “ഞാനിതു് ചോദിക്കുമെന്നു് ശാരി തീരെ പ്രതീക്ഷിച്ചിരുന്നില്ലേ? ഒരൂഹംപോലുമില്ലായിരുന്നോ? എന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന വികാരം ശാരിയിൽ ഒരു മാറ്റൊലിപോലും ഉണ്ടാക്കിയില്ലേ?”

“എന്തെങ്കിലും ഉദ്യോഗം കിട്ടിയിട്ടുവേണം ശാരിയോടു് ഇതു് ചോദിയ്ക്കാൻ എന്നുവെച്ചാണു് ഇത്രയും കാത്തതു്. ഞാനൊരു മടിയനാണു്. പക്ഷേ, മനസ്സുവെച്ചാലോ സ്വഭാവം മാറ്റാവുന്നതേയുള്ളു. ഇതുവരെ വേണമെന്നു തോന്നിയില്ല. ഞാനതിനു മിനക്കെട്ടുമില്ല. അതാണു് വാസ്തവം.” കുറച്ചു നേരത്തേക്കയാൾ നിർത്തി.

“ജീവിക്കാനുള്ള വക ജോലിയെടുത്തുണ്ടാക്കാൻ എനിക്കു കഴിയും.”

തീരെ ബാലിശമായിത്തോന്നി അതപ്പോൾ അവൾക്കു്. അദ്ദേഹത്തിനെക്കൊണ്ടു് ജോലിയെടുക്കാൻ കൊള്ളില്ലെന്നു് അവളെന്നെങ്കിലും വിചാരിച്ചിട്ടുണ്ടോ? പണമുണ്ടാക്കാനാവില്ലെന്നു് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഒരു ജോലിയുമില്ലെങ്കിലും അദ്ദേഹം വിളിച്ച ഇടത്തു് അദ്ദേഹത്തിന്റെ കൂടെപ്പോകാൻ—

പ്ലാക്കൊമ്പത്തിരുന്ന അണ്ണാറക്കണ്ണൻ ചൽചൽ എന്നൊന്നു ചിലച്ചു.

അതവളെ ഉണർത്തി.

“എന്റെ അച്ഛൻ—” ഉറക്കെ ചിന്തിക്കലായിരുന്നു അതു് വാസ്തവത്തിൽ, അവളെന്താണു് ആലോചിക്കുന്നതെന്നു് അയാൾക്കു് മനസ്സിലായി.

“മകളുടെ ഹൃദയം എവിടെയാണെന്നു ബോദ്ധ്യപ്പെട്ടു കഴിഞ്ഞാൽ എതിർപ്പു മാറില്ലേ?”

“അച്ഛനു മനസ്സിലാവില്ല. നമ്മളുടെ രീതിയ്ക്കല്ല അവർ ചിന്തിക്കുന്നതു്.”

“പണ്ടു നടന്ന കാര്യങ്ങൾ ഓർത്തു് മകളുടെ സുഖം നശിപ്പിക്കുകയോ?” അവളൊന്നും മിണ്ടിയില്ല.

“ഒരു തലമുറയുടെ തെറ്റുകൾക്കും കഴിവുകേടുകൾക്കും അടുത്ത തലമുറ അനുഭവിക്കണമെന്നോ?”

അതിനും അവൾ സമാധാനമൊന്നും പറഞ്ഞില്ല. നിലത്തു് കണ്ണുറപ്പിച്ചു് അവൾ ഒന്നും മിണ്ടാതെ നിന്നു.

അയാളും പിന്നെ സംസാരിച്ചില്ല. അഞ്ചാറു നിമിഷം കഴിഞ്ഞു.

“ആലോചിക്കാൻ എനിക്കു കുറച്ചു സമയം തന്നുകൂടേ?” തീരെ താഴ്‌ന്ന സ്വരത്തിൽ തല ഉയർത്താതെ അവൾ ചോദിച്ചു.

“തീർച്ചയായും. എത്ര ദിവസം വേണം?”

“ഇന്നു തിങ്കളാഴ്ചയല്ലേ? അടുത്ത തിങ്കളാഴ്ച മറുപടി പറയാം.”

“ശരി. അപ്പോൾ നമുക്കു പിരിയാം. ഒന്നോർമ്മിക്കണേ! കാലിൽ പറ്റിച്ചേർന്നു് വരിഞ്ഞുകിടക്കുന്ന മാറാല തൂത്തുകളയാനാണു് ഇരുമ്പു ചങ്ങല അറുക്കുന്നതിനേക്കാൾ കൂടുതൽ മനഃശക്തി വേണ്ടതു്. നമസ്ക്കാരം.”

കണ്ണുകൾ കൊണ്ടുമാത്രം വിടചോദിച്ചു് അവൾ തിരിഞ്ഞു നടന്നു.

രണ്ടടി നടന്നുകഴിഞ്ഞപ്പോൾ യാഥാർത്ഥ്യങ്ങളെല്ലാം കൺമുന്നിൽ നിന്നു് മാറി നിന്നു. പ്രജ്ഞയുടെ മണ്ഡലത്തിൽ ഒരേ ഒരു ബോധം മാത്രം അവശേഷിച്ചു. തന്നെ സ്നേഹിക്കാൻ ആളുണ്ടു്. തനിക്കു സ്നേഹിക്കാനും. നെഞ്ചിന്റെ ഓരോ മിടിപ്പിലും ഇതു് മുഴങ്ങുകയാണു്. ദേഹം മുഴുവൻ ഈ അറിവിൽ തുടിയ്ക്കുന്നു.

അദ്ദേഹം തന്നെ സ്നേഹിക്കുന്നുണ്ടു്. തന്നെ സ്നേഹിക്കുന്നുണ്ടു്.

വീട്ടിൽ ചെന്നു കയറിയപ്പോൾ ചുണ്ടുകൾ അവളറിയാതെ പുഞ്ചിരി ചൂടിയിരുന്നു.

7

തുടർന്നുള്ള ദിവസങ്ങളിലും അവർ രണ്ടുപേരും ഒന്നിച്ചാണു് മടങ്ങി വരാറ്. പക്ഷേ, അങ്ങനെ അധികം സംസാരിയ്ക്കാറില്ല. രണ്ടുപേരുടെയും മനസ്സിൽ ഒരേ വിചാരം മാത്രമാണു് നിറഞ്ഞു നിന്നിരുന്നതു്. അതിനെപ്പറ്റി സംസാരിക്കുകയില്ലെന്നു് ഇരുവരും സ്വയം തീർച്ചപ്പെടുത്തിയിരിക്കുകയാണു്. അങ്ങനെ ഉള്ളിലുള്ളതു പറയാൻ വയ്യ. അതുകൊണ്ടു് പറയാൻ ഒന്നും ഇല്ലെന്നായി. ഈ മൂകതയിൽ രണ്ടുപേർക്കും പരിഭവം ഉണ്ടായിരുന്നില്ല. മുക്കാൽ മണിക്കൂർ നേരം ഒരക്ഷരം മിണ്ടാതെ ഒന്നിച്ചു നടന്നു് ഒരു പുഞ്ചിരി മാത്രം പരസ്പരം സമ്മാനിച്ചു് അവർ പരിപൂർണ്ണ സംതൃപ്തിയോടെ പിരിഞ്ഞുപോയി.

വാക്കുകൾക്കു സ്ഥാനമില്ലാത്ത ലോകത്തായിരുന്നു അവർ. നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം ശാരദയ്ക്കൊരു വിചാരം മാത്രമായി.

കുറെയങ്ങു് ആലോചിച്ചു് ഒടുക്കം തീർച്ചപ്പെടുത്തും. ഹൃദയം വിളിക്കുന്നിടത്തു് പോകാമെന്നു്. വീട്ടിൽ വന്നു കയറിയാൽ പിന്നെയും കലക്കമായി.

അച്ഛനെന്തു തോന്നും? ഏറ്റവും വലിയ ശത്രുവെന്നു് അദ്ദേഹം കരുതുന്ന മനുഷ്യൻ ജീവനോടെ ഇരിക്കുമ്പോൾ അയാളുടെ വീട്ടിലേക്കു് അയാളുടെ പുത്ര വധുവായി പോകുകയാണു താനെന്നു് പറഞ്ഞാൽ, അദ്ദേഹത്തിന്നതു സഹിക്കാനാവുമോ?

മറ്റേവശത്തും കാണില്ലേ എതിർപ്പു്? കൃഷ്ണൻകുട്ടിമേനോന്റെ മകളെ വീട്ടിൽ കേറ്റാൻ പണിക്കർ തയ്യാറാവുമോ? അച്ഛൻ സമ്മതിക്കില്ലെന്നു് ബോദ്ധ്യപ്പെട്ടതുകൊണ്ടാണോ രണ്ടുപേർക്കുംകൂടി നാടുവിട്ടു പോകാമെന്നു് മകൻ പറഞ്ഞതു്?

എന്തൊരു നൂലാമല!

എല്ലാം ഇട്ടെറിഞ്ഞു കാലിലെ പൊടിയും തട്ടിയങ്ങു പോകണം ദൽഹിക്കു്. രണ്ടുപേർക്കുകൂടി പുതിയൊരദ്ധ്യായം തുടങ്ങാം.

ദേവീ! പിള്ളേർക്കു പിന്നെ ആരുണ്ടു്? ദൽഹിയിലിരുന്നു് അനിയത്തിമാരേയും അനിയൻമാരേയും നോക്കാൻ സാധിക്കുമോ? അച്ഛനേയും മകനേയും പിണക്കി തന്റെ വീട്ടുകാരെ നോക്കണമെന്നു പറയുന്നതും ശരിയാണോ? അദ്ദേഹം സമ്മതിച്ചാലും ദാമോദരപ്പണിക്കരുടെ മകന്റെ ഭാര്യയുടെ പണം അച്ഛൻ സ്വീകരിക്കുമോ? കുട്ടികൾക്കു പിന്നെ—

വീട്ടിനു പുറത്തിറങ്ങിയാൽ പിന്നേയും മറ്റേ വശത്തേക്കുള്ള വലിയാണു്. കവിതയുടെയും സംഗീതത്തിന്റെയും ആ ലോകം മാടിവിളിക്കുമ്പോൾ മനസ്സു പതറിത്തുടങ്ങും. കമിതാവിന്റെ മുഖം കാണുന്ന മാത്രയിൽ സംശയങ്ങൾ എല്ലാം നീങ്ങും. താൻ സ്നേഹിക്കുന്ന പുരുഷൻ തന്നേയും കാത്തു് വാചാലമായ കണ്ണുകൾ കൊണ്ടു് പ്രേമാഭ്യർത്ഥന ചെയ്തു നിൽക്കുകയാണു്.

ആ ഏഴു ദിവസവും അങ്ങനെ തീരാറായി.

ഞായറാഴ്ച വൈകുന്നേരം ഒരേഴുമണിയായിക്കാണും. മനോരാജ്യത്തിൽ മുഴുകി ശാരദ കിഴക്കേ മുറ്റത്തു് നടക്കുകയായിരുന്നു. പത്മിനി ധൃതിയിൽ അകത്തുനിന്നു് ഓടിവന്നു.

“വല്ല്യേച്ചി, അവിടെ എന്തോ കേസാണു്. അമ്മ കരയുന്നു. ചേട്ടൻ അലമാരിയൊക്കെത്തുറന്നു എല്ലാം വലിച്ചു പുറത്തിടുകയാണു്. ഒന്നങ്ങോട്ടു് വരൂന്നു്.”

ശാരദ ചെന്നു. പത്മിനി പറഞ്ഞതുപോലെ അനിയൻ അലമാരിയിൽ നിന്നു് മുണ്ടുകളും കുട്ടികളുടെ ഉടുപ്പുകളും പഴയതുകെട്ടി വച്ചിരുന്നതൊക്കെ വലിച്ചു് പുറത്തിട്ടു് എന്തോ തിരയുകയാണു്, അമ്മ നിലത്തു് കുത്തിയിരുന്നു് കരയുകയും

“ഇതെന്താ അനിയാ, ഇതിന്റെ അർത്ഥം?”

അനിയനല്ല മറുപടി പറഞ്ഞതു്, അമ്മയാണു്.

“അവനു പണം വേണത്രേ. എന്റേല് ഉണ്ടായിട്ടു വേണ്ടേ? അതിന്റെ അകത്തു് ഒറ്റച്ചില്ലി കാശില്ല. പറഞ്ഞാ അവനു വിശ്വാസാവില്ല. താക്കോലു തട്ടിപ്പറിച്ചു കൊണ്ടോന്നു് എല്ലാം വലിച്ചു് തെരയാണ്”

ശാരദ ഒന്നും മിണ്ടിയില്ല. വന്നപാടു് വാതിൽക്കൽ നിന്നു.

“അയ്യോ അതെടുത്തോണ്ടു പോവല്ലേടാ!” അമ്മ പെട്ടെന്നു പറഞ്ഞു.

“അമ്മിണീടെ കഴുത്തിലെ പൊട്ടിക്കെടന്നതാ അതു്. ഇന്നു നന്നാക്കിച്ചുതരാം നാളെ നന്നാക്കിച്ചുതരാന്നു് പറഞ്ഞു വെച്ചിരിക്ക്യാണു്. അതെടുക്കല്ലെടാ! ആ പെണ്ണു ചാകും. അയ്യോ ദേവീ, ഞാനെന്തു ചെയ്യും?”

മുണ്ടുകളുടെ അടിയിൽനിന്നു് ഒരു കൊച്ചുപൊതി കണ്ടെടുത്തു് അഴിക്കുകയായിരുന്നു അവൻ.

“അനിയനതു് അവിടെ വെയ്ക്കൂ.” ശബ്ദം ഉയർത്താതെ ശാരദ പറഞ്ഞു.

അവൻ കേട്ട ഭാവം കാണിച്ചില്ല. കുഞ്ഞിച്ചെയിൻ പുറത്തെടുത്തു നോക്കി അതുപോലെതന്നെ പൊതിഞ്ഞു് പോക്കറ്റിലിട്ടു.

“അനിയാ, അനിയനോടാണു് പറയുന്നതു് അതിങ്ങോട്ടു തരൂ.”

അവൻ നിലത്തു ചിതറിക്കിടക്കുന്ന മുണ്ടും തുണിയുമെല്ലാം അലമാരിയിൽതന്നെ കുത്തിനിറയ്ക്കുകയാണു്.

“ഇതു കുറച്ചു കടന്നുപോണു.”

എല്ലാം വാരി അകത്താക്കി അലമാരിയുടെ വാതിലടച്ചു പൂട്ടി അവൻ താക്കോൽ അമ്മയുടെ നേർക്കു് ഇട്ടുകൊടുത്തു.

അവൾ രണ്ടടി കൂടി അടുത്തുചെന്നു.

“താന്തോന്നിത്തരത്തിനു് ഒരതിരു് വേണം.”

“വേണോ? പണം എടുത്തോളൂ. ഇതങ്ങട്ടു തന്നേയ്ക്കാം.”

വാതിൽക്കൽ നിന്നിരുന്ന ചേച്ചിയെ പതുക്കെപ്പിടിച്ചു് മാറ്റി അവൻ പൂമുഖത്തേയ്ക്കിറങ്ങി.

ശാരദ പിന്നാലെ ചെന്നു. ദേഷ്യവും സങ്കടവും എല്ലാംകൂടി അവൾക്കു് എന്താണു് പറയേണ്ടതു് എന്നു് അറിയാൻ വയ്യാതായി.

പണം എടുത്തോളാൻ! എവിടെനിന്നു് എടുക്കാമെന്നു വിചാരിച്ചിട്ടാണോ? ഇവിടെ പണം കായ്ക്കണ മരമോ മറ്റോ ഉണ്ടോ അവനു ചോദിക്കുമ്പോൾ ഒക്കെ കൊടുക്കാൻ?

“നാണമില്ലാത്തവൻ വീട്ടിലെങ്ങനെയാണു് കഴിയുന്നതെന്നു് ഒരന്വേഷണം വേണ്ട. സിനിമയ്ക്കുപോയിയും ചായകുടിച്ചും നടന്നാൽ മതി. എല്ലാം കഴിഞ്ഞു് ഇപ്പോൾ വിരലോളം പോന്ന കുട്ടിയുടെ മാല എടുത്തോണ്ടു പോവുക! ഞാൻ സമ്മതിക്കില്ല അതെടുക്കാൻ…”

“ഞാൻ സിനിമ കണ്ടാലും ചായ കുടിച്ചാലും നിങ്ങൾക്കൊന്നും ഒരു നഷ്ടവും വരാനില്ല.” അവൻ തിരിഞ്ഞുനിന്നു പറഞ്ഞു. “നിങ്ങളുടെയാരുടേയും കാശുകൊണ്ടല്ല ഞാൻ ചായകൂടിച്ചതു്. അതുപോട്ടെ. ഇനി ഞാൻ നിങ്ങളെയാരെയും ഉപദ്രവിക്കാൻ വരില്ല. പോരെ? ഇന്നെനിക്കു പണം ഇത്തിരി ആവശ്യമുണ്ടു്. ആരെന്തു പറഞ്ഞാലും വേണ്ടില്ല. ഞാനിതു കൊണ്ടുപോകുകയും ചെയ്യും.”

“പൌരുഷം തന്നെ”

“ഓ പൌരുഷമില്ലായിരിക്കും. ശരി. എനിക്കു പൗരുഷമില്ല. സമ്മതിച്ചു. ഏതായാലും ഇനി നിങ്ങളെയാരെയും ഞാൻ ബുദ്ധിമുട്ടിക്കില്ല. എന്റെ പാടു ഞാൻ നോക്കിക്കൊള്ളാം. ഞാൻ പോവുകയാണു്. എനിക്കിനി ചോറു തരണ്ട. അതിനു പകരമാണു് ഇതെന്നു വച്ചോളു. കുടുംബസ്വത്തിന്റെ ഓഹരി വാങ്ങിക്കുകയാണെന്നു് എടുത്തോളു വേണമെങ്കിൽ.”

“കുടുംബസ്വത്തോ! ഇരിയ്ക്കണു കുടുംബസ്വത്തിങ്ങനെ ചിലവാക്കാൻ ആളില്ലാതെ! പോകുകയാണത്രെ അവൻ! എവിടേയ്ക്കാണു് പോണതു്?”

“അതു് അന്വേഷിക്കേണ്ട കാര്യമില്ല. ഇവിടെനിന്നു പോകുന്നു.”

“അന്വേഷിക്കേണ്ട കാര്യമില്ല അല്ലേ? പോകും പോലും! വളർത്തി ഇത്രയുമാക്കിയ അച്ഛനും അമ്മയും”—

“പോകും. ഈ നരകക്കുഴിയിൽ നിന്നു് എങ്ങോട്ടെങ്കിലും പോകും. ഒന്നു് സിനിമയ്ക്കു പോയ്ക്കൂടാ, എവിടെ നിന്നെങ്കിലും ഒരു ചായ കുടിച്ചാൽ അതിനു കുറ്റം. അങ്ങോട്ടു് നോക്കിയാൽ കേസ്സ്. ഇങ്ങോട്ടു് നോക്കിയാൽ കേസ്സ്. ഒരു ദിവസമെങ്കിലും വീട്ടിൽ വന്നു കയറുമ്പോൾ ലഹളയില്ലാതെയില്ല. അത്യാവശ്യമാണെങ്കിലും ഒരു കാശും ചോദിച്ചുകൂട. ഇല്ലാപ്പാട്ടു് കേട്ടു് തോറ്റു. വളർത്തിക്കൊണ്ടു വന്നിരിക്കുന്നു അച്ഛനും അമ്മയും കൂടി!”

“നിനക്കു് തരണ്ടാന്നു് വിചാരിച്ചിട്ടാണോ ഇല്ലാഞ്ഞിട്ടല്ലേ?”

“അതുതന്നെ. ഇവിടത്തെ ഇല്ലായ്മ തീരില്ല. മക്കളെ നേരെ വളർത്താൻ കെൽപ്പില്ലാത്തവർ കുട്ടികളെ ഉണ്ടാക്കരുതു്.”

“അനിയാ!”

“അതെ, മക്കളുണ്ടാവുമ്പോൾ ആലോചിക്കേണ്ടതായിരുന്നു ഇതൊക്കെ. വളർത്തി നേരെയാക്കണമെന്നു് ഒരു ചുമതലയുണ്ടെന്നു് ഉണ്ടാക്കി വിട്ടാൽ മാത്രം പോര. കഴിഞ്ഞ നൂറ്റാണ്ടിലെ കുറെ പൊളിറ്റിക്സും അരക്കാശിനു വിലപിടിയ്ക്കാത്ത പേപ്പറും. മക്കളെ വളർത്തിയിരിക്കുന്നു!”

“അനിയാ”—

“വെറുതെ എന്നെക്കൊണ്ടു് ഇനിയും വല്ലതും പറയിപ്പിക്കണ്ട. ഞാൻ പോണു. ജീവിക്കാൻ പറ്റുമോ എന്നൊന്നു നോക്കട്ടെ.”

അകത്തുനിന്നുള്ള വാതിൽക്കൽ കുട്ടികളെല്ലാവരുമുണ്ടു്. ആരും ഒരക്ഷരം മിണ്ടിയില്ല. ഒരു ശബ്ദവുമില്ല. ചുമരു ചാരി നിൽക്കുകയാണു് അമ്മ. അവരുടെ കരച്ചിൽ നിന്നു.

അവൻ നടന്നു പടിയിറങ്ങിപ്പോയി.

അമ്മ നിന്ന നിൽപ്പിൽ നിന്നു് അനങ്ങിയില്ല. മകൻ പോയ വഴിയേ നോക്കി അതേപാടു നിന്നു. മുറിയിൽ മൂകത കട്ടപിടിച്ചുനിന്നു.

നിമിഷങ്ങൾ അരിച്ചരിച്ചു നീങ്ങി. ശാരദ പടിക്കലേക്കു നോക്കി. പടി തുറന്നു കിടക്കുകയാണു്.

അവൻ അടയ്ക്കാതെ പോയി അനിയൻ പോയി!

പടി തുറന്നാണു് കിടക്കുന്നതു്.

അവൻ ഇനി മടങ്ങിവരില്ല. ആ പടി ചെന്നടയ്ക്കണം.

വികാരങ്ങൾ മരവിച്ചു പോയി. തുറന്നു കിടക്കുന്ന പടിയായി ചിന്താകേന്ദ്രം. അതടച്ചെങ്കിലേ സമാധാനമാവൂ.

അവളിറങ്ങിച്ചെന്നു.

പടിയടച്ചു തിരിച്ചു വരുമ്പോഴാണു് അവൾ അങ്ങോട്ടു് നോക്കിയതു്.

ഇരുട്ടത്തു കോലായിൽ ഒരാൾ ഇരിപ്പുണ്ടു്.

അവൻ പറഞ്ഞതെല്ലാം അവിടെയിരുന്നു് കേട്ടു കാണണം.

8

അന്നു രാത്രി ആ വീട്ടിൽ ആരുമൊന്നും കഴിച്ചില്ല. കുട്ടികൾ ഓരോ മൂലയിൽ ചെന്നു വീണു ഉറങ്ങിപ്പോയി.

കൃഷ്ണൻകുട്ടിമേനോൻ ഉമ്മറക്കോലായിൽ കുറെ അധികം നേരം ഇരുന്നു. ഒടുവിൽ ശാരദ ചെന്നു വിളിച്ചപ്പോൾ എഴുന്നേറ്റു് അകത്തു കയറികിടന്നു.

പിറ്റെ ദിവസം നേരം വെളുത്തിട്ടും വീടിന്റെ മരിച്ച മട്ടു് മാറിയിരുന്നില്ല.

കുട്ടികൾ ഒച്ചയുണ്ടാക്കാൻ മറന്നുപോയി

ഉച്ചയായപ്പോഴാണു് ശാരദ ഓർത്തതു്, ഒരു കേസ്സുള്ള കാര്യം. ചെന്നു് നീട്ടി മേടിച്ചില്ലെങ്കിൽ കുഴപ്പമാണു്. അവൾ സാരി മാറ്റി ഒരു റിക്ഷ വിളിച്ചു പോയി. സൈക്കിളിൻമേൽ കയറുന്ന കാര്യം ആലോചിക്കാൻ വയ്യായിരുന്നു അന്നു്.

കുറച്ചുനേരം കാത്തിരിക്കേണ്ടിവന്നു. അവളുടെ കേസ്സു വിളിയ്ക്കാൻ.

രണ്ടാഴ്ചത്തേക്കു നീട്ടി മേടിച്ചു് ഇറങ്ങിയപ്പോൾ മണി മൂന്നു കഴിഞ്ഞു.

പടിയ്ക്കലെങ്ങും ഒരൊറ്റ റിക്ഷയില്ല. വിളിക്കാൻ വല്ല ശിപായിയേയും അയയ്ക്കണമെങ്കിൽ ഇനി തിരിച്ചു കയറിപ്പോകണം. അതിലും ഭേദം അങ്ങു നടക്കുകയാണു്.

റോഡിലെ തിരിക്കിൽ അവളും ചേർന്നു. രണ്ടു വശവും ഷോപ്പുകളാണു് പലതരത്തിലുള്ള ബോർഡുകൾ. കണ്ണു് അക്ഷരങ്ങൾ കണ്ടു. പക്ഷേ, തലയിൽ ഒന്നും കടന്നില്ല. മനസ്സു വേറെ ഇടത്താണു്.

അവൾ ഇടവഴിയിലേയ്ക്കു് ഇറങ്ങി രണ്ടു വളവു് തിരിഞ്ഞു് വയസ്സൻ പ്ലാവിന്റെ അടുക്കലെത്തി. പെട്ടെന്നു് പിന്നിൽ ഒരു ശബ്ദം കേട്ടു് അവൾ തിരിഞ്ഞു നോക്കി. സൈക്കിൾ നിർത്തി ഒരാൾ താഴെ ഇറങ്ങുകയാണു്.

അദ്ദേഹം!

“ശാരദ എന്താ നേർത്തെ പോന്നതു്? കേസ്സ് കഴിയുമ്പോഴേക്കും മണി നാലാവുമെന്നു് വിചാരിച്ചു് ഞാൻ പുറത്തേക്കു് ഒന്നിറങ്ങിയതാണു്. തിരിച്ചു വന്നപ്പോൾ ആൾ സ്ഥലം വിട്ടു കഴിഞ്ഞു. ഉടനെ ഞാനും പാഞ്ഞുപോന്നു. കണ്ണടച്ചുവിട്ടിട്ടാണു് ഇപ്പോഴെങ്കിലും ഇവിടെ എത്തിയതു്. ഇത്ര ധൃതി എന്തായിരുന്നു?”

“വയ്യെന്നു തോന്നി കേസ്സ് നീട്ടി മേടിച്ചു.”

“സുഖക്കേടൊന്നുമില്ലല്ലോ. വൈകിയാണല്ലോ വന്നതും!”

“ഇല്ല സുഖക്കേടൊന്നുമില്ല.”

പിന്നെ കുറച്ചു നേരത്തേയ്ക്കു് രണ്ടുപേരും ഒന്നും പറഞ്ഞില്ല.

“ശാരദേ!” ഒടുവിൽ അയാൾ വിളിച്ചു.

“ഉം?”

“ഇന്നു തിങ്കളാഴ്ചയാണു്.”

അവളമ്പരപ്പു് അഭിനയിച്ചതല്ലായിരുന്നു.

“ഓർമ്മയില്ലേ? ഇന്നേയ്ക്കു് ഒരാഴ്ച കഴിഞ്ഞു. ഇന്നു മറുപടി തരാമെന്നല്ലേ പറഞ്ഞതു്?”

അവളൊന്നും മിണ്ടിയില്ല.

“മറന്നു പോയോ? ഇതിനെപ്പറ്റി ചിന്തിച്ചേയില്ലേ”

വാസ്തവത്തിൽ മറന്നിരിക്കുകയായിരുന്നു അവൾ. ഒരാഴ്ച മനസ്സിൽ കൊണ്ടു നടന്നു സദാ സമയവും ഈ ഒരു കാര്യം തന്നെ ആലോചിച്ചു. ചെയ്യുന്നതെന്തായാലും വിചാരം ഇതായിരുന്നു. ആറു ദിവസം പകലും രാത്രിയും ബോധാവസ്ഥയിലും അബോധാവസ്ഥയിലും ഇതുതന്നെയായിരുന്നു മനസ്സിൽ.

എന്നിട്ടു് ഇന്നു് മറുപടി പറയേണ്ട ദിവസം— ഓർമ്മിച്ചില്ല! എന്താണു് കാര്യമെന്നു് ചോദിച്ചറിയേണ്ടി വന്നു!

തലേന്നു രാത്രി മുതൽ മറ്റുള്ളതിനെയെല്ലാം പിന്നിലേക്കു് തള്ളിമാറ്റി ഒരു ചിത്രം മാത്രമായിരുന്നു മനസ്സിന്റെ തിരശ്ശീലയ്ക്കു മുന്നിൽ. വാതിൽ വലിച്ചു തുറന്നു് ഇറങ്ങിപ്പോകുന്ന മകനും എല്ലാറ്റിനും സാക്ഷിയായി ഇരുട്ടത്തിരുന്ന അച്ഛനും.

“ശാരീ…” പരിഭവവും വേദനയുമുണ്ടായിരുന്നു ആ വിളിയിൽ എന്നിട്ടും അവളൊന്നും മിണ്ടിയില്ല. സർവ്വനാഡികളും തളർത്തുന്ന ക്ഷീണമാണു് അനുഭവപ്പെട്ടതു്. എവിടെയെങ്കിലും ചെന്നു് കണ്ണടച്ചു കിടക്കണമെന്നു തോന്നി. എല്ലാം മതിയായി. ഇനി ഒന്നും വേണ്ട.

“ഉവ്വെന്നോ ഇല്ലെന്നോ ഒന്നും പറയാനില്ലേ? ഉത്തരമൊന്നുമില്ലേ?”

അവൾ മനഃശ്ശക്തി മുഴുവനും ഉപയോഗിച്ചു തമസ്സിലേക്കു നീങ്ങുന്ന ചേതനയെ പിടിച്ചു നിർത്തി. ഉത്തരം പറയണം. പറഞ്ഞേ തീരു. നീട്ടി വെക്കേണ്ട ആവശ്യമെന്തു്? എന്നെങ്കിലും ഒരു ദിവസം പറയണം. പിന്നെ ഇപ്പോൾ തന്നെ ആവരുതേ? മാറ്റി വെച്ചതുകൊണ്ടു് കയ്പു കുറയുമോ?

നിലത്തുനിന്നു് കണ്ണെടുക്കാതെ അവൾ പറഞ്ഞു. “പാടില്ല.”

ഒരൊറ്റ വാക്കേ പറയാൻ കഴിഞ്ഞുള്ളു.

ആ ഒരു വാക്കു് വായിൽനിന്നു വീണുകഴിഞ്ഞ ഉടനെ തോന്നി, അവസാനം ഇതായിരിക്കും മറുപടിയെന്നു് ഈ കഴിഞ്ഞയാഴ്ച മുഴുവൻ ഓരോ നിമിഷവും തനിക്കു് നിശ്ചയമുണ്ടായിരുന്നു എന്നു്.

തിരിച്ചും മറിച്ചും ആലോചിച്ചുകൊണ്ടിരുന്നപ്പോഴൊക്കെ അറിയാമായിരുന്നു ഇതല്ലാതെ ഒരു ഉത്തരം പറയാൻ സാധിക്കുകയില്ലെന്നു്; സ്വപ്നങ്ങളുടെ ലോകത്തിന്റെ പടിവരെ എത്തി തിരിച്ചുപോരേണ്ടിവരുമെന്നു്.

“പാടില്ലേ? എന്തുകൊണ്ടു് പാടില്ല?” അയാൾ ചൊടിച്ചു “പാടുമോ അല്ലയോ എന്നല്ല ഞാൻ ചോദിച്ചതു്. ശാരിക്കു സമ്മതമാണോ എന്നാണു്.”

അവൾ ഒന്നും പറഞ്ഞില്ല.

“ശാരീ!” തെല്ലിട കഴിഞ്ഞു് അയാൾ വിളിച്ചു. മൃദുലമൃദുലമായിരുന്നു ശബ്ദം അപ്പോൾ.

“എന്റെ മുഖത്തു നോക്കിപ്പറയൂ. എന്നെ ശാരി സ്നേഹിക്കുന്നില്ലേ?”

ആളൊഴിഞ്ഞ ആ ഇടവഴിയിൽ നഗരത്തിന്റെ ഒച്ചപ്പാടുകളിൽ നിന്നകന്ന മൂലയിൽ വെച്ചു് അയാളുടെ അരുമപ്പെട്ട സ്വരത്തിൽ ആ ചോദ്യം ആദ്യമായി പുറപ്പെട്ടപ്പോൾ അവളുടെ കണ്ണു നിറഞ്ഞുപോയി. താൻ സ്നേഹിക്കുന്ന പുരുഷൻ അലിവുറ്റ സ്വരത്തിൽ ചോദിക്കുകയാണു്: “നീയെന്നെ സ്നേഹിക്കുന്നില്ലേ?”

അവളറിയാതെ തല ഉയർന്നു. ആ നനവു കിനിഞ്ഞ നീലകയങ്ങളിലേയ്ക്കയാൾ ഉറ്റുനോക്കി. തനിയ്ക്കറിയേണ്ടതു് അവിടെ അയാൾ വായിച്ചു. നിമിഷങ്ങൾ തരിച്ചുനിന്നു.

“ശാരീ!”ലോകത്തിന്റെ ആർദ്രത മുഴുവൻ തുളുമ്പി നിന്നിരുന്നു ആ സ്വരത്തിൽ. “എന്റെ ശാരീ!”

അവൾ കണ്ണടച്ചു. ആ നിമിഷത്തിന്റെ മധുരത തനിക്കു താങ്ങാനാവുന്നതിൽ കൂടുതലെന്നു തോന്നി.

“ശാരീ, നമ്മൾ രണ്ടുപേരും ഒന്നാകാനുള്ളവരാണു്.” അയാളുടെ ശബ്ദം തുടർന്നു. “ഇതിൽ ഒന്നും ആലോചിക്കാനില്ല.”

ഒന്നും ആലോചിക്കാനില്ല, ഒന്നും ആലോചിക്കേണ്ടതില്ല. സകല ഭാരവും താഴെ ഇറക്കി വിശ്രമിക്കാം. ശക്തിയുള്ള കൈകളിൽ എല്ലാം ഏൽപ്പിച്ചു് ആശ്വസിക്കാം.

ശാന്തി—

സുഖം—

തനിക്കതിനു് അവകാശമുണ്ടോ?

ഇരുട്ടത്തു് ഉമ്മറക്കോലായിൽ അനക്കമില്ലാതെ തല താഴ്ത്തി ഇരുന്ന അച്ഛൻ പെട്ടെന്നു കൺമുന്നിൽ വന്നു.

മൂത്തമകൻ പോയി പിന്നാലെ മകളും ഇറങ്ങുകയോ? ആ തളർന്ന ജീവിതം മുഴുവൻ തകർക്കുകയോ?—

ഓ, എല്ലാം ഇന്നത്തോടെ അവസാനിച്ചിരുന്നെങ്കിൽ

അദ്ദേഹം കാത്തു നിൽക്കുകയാണു്, താനെന്തെങ്കിലും പറയാൻ.

സ്വന്തം മാംസം തന്നത്താൻ പിച്ചിച്ചീന്തണമോ?

മടിച്ചു നിന്നതുകൊണ്ടു് എന്തു പ്രയോജനം? “നമ്മൾ ഒന്നാകരുതു്.”

ഒടുക്കം നല്ല ഉറച്ച ശബ്ദത്തിലാണവൾ പറഞ്ഞതു്.

“എന്തുകൊണ്ടു്?” അയാൾ ഒരിക്കൽ കൂടി യുദ്ധത്തിനു തയ്യാറായി.

“ഞാൻ ശാരിയെ സ്നേഹിക്കുന്നു. ശാരി എന്നെയും. പിന്നെ എന്തുകൊണ്ടരുതു്!”

“എനിക്കതിനു് അർഹതയില്ല”

“അതു ഞാനല്ലേ നിശ്ചയിക്കേണ്ടതു്?”

“അതല്ല. ഞാൻ രണ്ടു ലോകങ്ങളിലായിട്ടാണു് ജീവിക്കുന്നതു്. നിങ്ങളൊക്കെ അറിയുന്ന ഈ ലോകത്തിനു പുറമേ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി എനിക്കൊരു ലോകമുണ്ടു്. എന്റെ അച്ഛന്റേയും അമ്മയുടെയും വീട്ടുകാരുടേതുമായ ലോകം. അതു്—”

“അതിലും പങ്കുചേരാൻ ഞാൻ തയ്യാറാണെ ങ്കിൽ—”

“അതുമായി പൊരുത്തപ്പെടാൻ അങ്ങേക്കു സാധിക്കില്ല.”

തലയിൽ ഒരു കെട്ടു് വിറകുമായി ഒരു കൂലിക്കാരൻ വഴിയേ കടന്നു പോയി. ഭാരം ചുമക്കുന്ന ആ മനുഷ്യൻ അവരെ ശ്രദ്ധിച്ചില്ല.

കൂലിക്കാരൻ നടന്നകന്നപ്പോൾ അയാൾ തുടർന്നു. “എന്തുകൊണ്ടു് സാധിക്കില്ല? മനസ്സുള്ളടത്തു്—”

“അങ്ങയുടെ അച്ഛൻ”—

“എന്റെ അച്ഛനെ ഇതിൽ കൊണ്ടുവരേണ്ട ആവശ്യമില്ല. ഈ കാര്യത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരാൾ ജീവിച്ചിരിപ്പില്ല.”

“അപ്പോൾ അവിടെയും സമ്മതമല്ല.”

“സമ്മതമോ വിസമ്മതമോ എന്നൊരു ചോദ്യമേയില്ല. എന്റെയാണു് ജീവിതം. എനിക്കതുകൊണ്ടു് ഇഷ്ടമുള്ളതുചെയ്യാം.”

“പിന്നെയും അദ്ദേഹത്തിന്റെ കൂടെ കഴിയണ്ടേ?”

“എന്തിനു്? അതല്ലേ ഞാൻ എനിക്കു ജോലികിട്ടാൻ കാത്തിരുന്നതു്?”

“അച്ഛന്റെ സ്വത്തില്ലെങ്കിലും കഴിയാം. എന്റെ കാലിൽ നിന്നോളാം ഞാൻ.”

“അച്ഛനും മകനും തമ്മിൽ പിണങ്ങി.”—

“ഇണക്കമുണ്ടായിട്ടുവേണ്ടേ പിണങ്ങാൻ. എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ അവർക്കിഷ്ടമില്ലാതെ വിവാഹം കഴിക്കുന്നതിനു മുമ്പു് ഞാൻ വളരെ ആലോചിക്കുമായിരുന്നു. അച്ഛനെക്കരുതി അങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. സ്വത്തിന്റെ കൂട്ടത്തിൽ ഒന്നാണു് അദ്ദേഹത്തിനു മകൻ. ജീവനുള്ള സമ്പാദ്യം. വികാരത്തിനൊന്നും ഇടമില്ല അവിടെ.”

“എന്റെ കാര്യം വ്യത്യസ്തമാണു്” കുറച്ചുനേരം കഴിഞ്ഞു് അവൾ പറഞ്ഞു. “എനിക്കിങ്ങനെ ഇട്ടെറിഞ്ഞു പോരാൻ വയ്യ. എന്നെ ആശ്രയിച്ചു കഴിയുന്നവരെ”—

“ശാരി അവരെ ഉപേക്ഷിക്കണമെന്നു ഞാൻ പറയുന്നില്ല. എന്റെ കൂടെ വരുന്നതുകൊണ്ടു് വീട്ടുകാരെ സഹായിച്ചുകൂടെന്നില്ലല്ലോ.”

“ദൽഹിയിൽ ഇരുന്നുകൊണ്ടു്”—

“ദൽഹിയിൽ നിന്നു മണിഓർഡർ അയയ്ക്കുക എന്നൊരേർപ്പാടില്ലേ?”

“വാങ്ങാൻ അവർ തയ്യാറായിട്ടു വേണ്ടേ?”

“എന്റെ പണം വാങ്ങില്ല എന്നാണോ?”

അവളൊന്നും സമാധാനം പറഞ്ഞില്ല.

“ശാരിക്കു് അവിടെയെങ്ങാൻ ജോലി മേടിച്ചുകൂടെ? മകൾ പണിയെടുത്തുണ്ടാക്കുന്ന പണം സ്വീകരിക്കാൻ മടി കാണില്ലല്ലോ?”

“ദാമോദരപ്പണിക്കരുടെ മകന്റെ ഭാര്യ—”

ആ പഴയകഥ!

“അച്ഛനു് ഇന്നും പുതിയതാണു് ആ കഥ. മറന്നില്ല. ഞാനിതു ചെയ്താൽ അദ്ദേഹത്തിനു സഹിക്കാൻ ആവില്ല.”

“അതിലർത്ഥമില്ല.”

“ഇല്ലായിരിക്കാം.”

“അല്ലെങ്കിലും, ഒരാൾക്കു് അങ്ങനെ ഒരു വിചാരം ഉണ്ടെന്നുവെച്ചു് മറ്റുള്ളവരുടെ ജീവിതം നശിപ്പിയ്ക്കുന്നതു് ശരിയാണോ?”

“ശരിയല്ലായിരിക്കാം.”

“അച്ഛന്റെ കാര്യം കളയൂ. ശാരിയുടെ കാര്യമാണു് എനിക്കറിയേണ്ടതു്. മറ്റൊരാളുടെ തെറ്റിദ്ധാരണയെക്കരുതി സ്വന്തം സ്നേഹം ബലികഴിക്കാൻ ശാരി തയ്യാറാണോ?”

“എനിക്കുതാഴെ ഏഴുപേരുണ്ടു്. അല്ല ആറു്. ഇപ്പോൾ ആറേ ഉള്ളൂ. അവൻ പോയി. ഇനി വരില്ല. അവനില്ലെന്നു വിചാരിച്ചോളാനാണു് പറഞ്ഞതു്. അതെ, ആറാളെ ഉള്ളൂ. ആ ആറു പേർക്കു്—”

“ആരാണു് പോയതു്?”

“എന്റെ അനിയൻ. അവൻ ഇന്നലെ രാത്രി ഇറങ്ങിപ്പോയി. പറഞ്ഞു കൊണ്ടാണു് പോയതു്. തിരിച്ചു വരില്ല.”

“എന്തിനുപോയി?”

“അവനിവിടെ ശ്വാസം മുട്ടി കഴിയാൻ വയ്യെന്നു്.”

“അതെ. ആത്മാവിനെ ശ്വാസം മുട്ടിക്കരുതു്.” കുറച്ചു നേരം മിണ്ടാതെയിരുന്നു് അദ്ദേഹം പറഞ്ഞു. “ശരിയാണു്. ആ കുട്ടി ജീവിക്കാൻ പോയി. അവൻ കാണിച്ച വഴി തുറന്നാണു് കിടക്കുന്നതു്. ഇതിലെ ഇറങ്ങിവരൂ. സ്നേഹത്തിന്റെ കഴുത്തു് ഞെരിയ്ക്കരുതു്. ഞാനാണു് വിളിയ്ക്കുന്നതു്. ഇറങ്ങിവരൂ.”

“ആറു കുട്ടികൾ!”

“കുട്ടികളെ അതിനുശേഷവും നോക്കികൂടേ?”

“അച്ഛൻ സമ്മതിക്കുകയില്ല.”

“അതു് വെറും മർക്കടമുഷ്ടിയാണു്.”

“ആയിരിക്കാം. അതുകൊണ്ടു് ആ കുട്ടികൾ എനിക്കിളയവ അല്ലാതാകുമോ? അവർക്കു് ഞാനല്ലാതെ ആരുമില്ല. അവൻ ഇട്ടെറിഞ്ഞുപോയി.”

“അപ്പോൾ എന്റെ സ്നേഹം ശാരിയ്ക്കു് ഒന്നുമല്ലേ? അതിനു യാതൊരു വിലയുമില്ലേ?”

“വിലയില്ലെന്നു്!” അവളുടെ ഒച്ചയിടറി.

അയാൾ ചുണ്ടു് കടിച്ചമർത്തി. “ശാരി. എനിയ്ക്കറിയാം. ശാരിയെന്നെ സ്നേഹിക്കുന്നുണ്ടു്. ആ സ്നേഹത്തിനുമില്ലേ വില? അതിങ്ങനെ ഇട്ടു ചവിട്ടിമെതിയ്ക്കാമോ? നമുക്കു് ഒരു ജീവിതമേ ജീവിയ്ക്കാനുള്ളു. അതു മറ്റുള്ളവർക്കു വട്ടു തട്ടാനുള്ളതാണോ?”

കുറച്ചു നേരത്തേയ്ക്കയാൾ നിർത്തി, “നോക്കു. ശാരിക്കു കുട്ടികളെ ഇഷ്ടമാണു് സ്വന്തമായിട്ടൊരു കുട്ടി വേണമെന്നാഗ്രഹമില്ലേ? ലാളിച്ചു കഷ്ടപ്പെട്ടു സ്വപ്നങ്ങൾ കണ്ടു വളർത്താൻ—” അയാളുടെ ഒച്ച താണു് ഒരു നേരിയ മർമ്മരം മാത്രമായി.

സ്വന്തം കുട്ടി—സ്വന്തം മകൻ—

ആ മധുരഭാവന നുണഞ്ഞിറക്കിക്കൊണ്ടവൾ തലതാഴ്ത്തിനിന്നു. ആകെ ഇളകി മറിഞ്ഞിരിയ്ക്കുകയാണു്. ഒരു വാക്കുകൂടി—അവൾ കീഴടങ്ങിയേനേ.

അവളിൽ നിന്നു് ഒരു ചലനമെങ്കിലും മറുപടിയായി പ്രതീക്ഷിച്ചാണയാൾ നിർത്തിയതു്. ഒന്നും കിട്ടാതിരുന്നപ്പോൾ അയാൾ തുടർന്നു.

“സ്ത്രീയുടെ ജീവിതം പൂർണ്ണമാകുന്നതു് അമ്മയാകുമ്പോൾ മാത്രമാണു് എന്നാണു് പറയപ്പെടുന്നതു്.”

അവളുടെ മുഖം ശരിക്കു കണ്ടിരുന്നെങ്കിൽ അതല്ലായിരുന്നു അയാൾ പറയുക.

അവൾക്കൊച്ച തിരിച്ചുകിട്ടി. “എന്റെ ജീവിതം പൂർണ്ണമാക്കാൻവേണ്ടി മറ്റുള്ളവരെ നശിപ്പിക്കുന്നതു്—”

“ആരെയാണു് നശിപ്പിക്കുന്നതു്? അനിയൻമാരും അനിയത്തിമാരും! മക്കളെ ഉണ്ടാക്കിയവരാണു് അവരെ നോക്കേണ്ടതു്. അതല്ലാതെ ചേച്ചിയല്ല. ഒരു പറ്റം പിള്ളേർക്കുവേണ്ടി—”

“ഞാൻ സ്നേഹിക്കുന്നവരെ പറ്റി ഇങ്ങനെ—” പെട്ടെന്നവൾക്കു ശുണ്ഠി വന്നു. ഒരു പറ്റം പിള്ളേരാണത്രേ!

“നമസ്കാരം. ഞാൻ പോകുന്നു” അവൾ തിരിഞ്ഞു നടന്നു.

ഒരു പറ്റം പിള്ളേരാണു പോലും. യഥാർത്ഥ സ്നേഹമാണെങ്കിൽ തനിക്കു വേണ്ടപ്പെട്ടവരെപ്പറ്റി അങ്ങിനെ പറയുമോ?

ഒരു പറ്റം പിള്ളേരു് നടക്കുകയല്ല, ഓടുകതന്നെയാണു് അവൾ ചെയ്തതു്.

പറ്റമാണത്രെ! ആടുകളോ മറ്റോ ആണോ?

ഒന്നു വേഗം വീടെത്തിയെങ്കിൽ—

ഒരു പറ്റം പിള്ളേരെ! അതു വിടാതെ ഉരുവിട്ടില്ലെങ്കിൽ ദേഷ്യം മാറും.

എന്നാൽ പൊട്ടിക്കരഞ്ഞുപോകും. ദേഷ്യം വന്നതാണു് രക്ഷ. റോഡിൽ വെച്ചു കരഞ്ഞുപോയാൽ

ഓ, എത്താത്തതെന്താ?

ആവൂ! എത്തിപ്പോയി!

പടി തുറന്നു കിടക്കുകയാണു്. കുട്ടികളാരുമില്ല മുറ്റത്തു്.

അവൾ ഒരു വിധം അകത്തു കയറി കട്ടിലിൽ ചെന്നു വീണു.

9

രണ്ടുമിനിറ്റു കിടക്കുന്നതിനു മുമ്പു് പത്മിനി കാപ്പിയും കൊണ്ടുവന്നു. ഇനി സ്വൈര്യമില്ല.

“എനിക്കിപ്പോൾ വേണ്ട. പിന്നെ വന്നു കുടിച്ചോളാം.” ശാരദ തല പൊക്കാതെ പറഞ്ഞൊപ്പിച്ചു.

അനിയത്തിക്കതു ബോദ്ധ്യമായില്ല. അവൾ ചെന്നു അമ്മയെ വിളിച്ചു കൊണ്ടു വന്നു.

“മോളെ നിനക്കു കാപ്പി വേണ്ടാന്നു് പറഞ്ഞതെന്താ അമ്മൂ?”

ആ പെണ്ണിന്റെ വേലയാണു്. അമ്മയെക്കൊണ്ടു് ശിപാർശി ചെയ്യിക്കാൻ വന്നിരിക്കുന്നു.

“എനിക്കു് ഭയങ്കര തലവേദന അമ്മേ!” കൈ രണ്ടുംകൊണ്ടും നെറ്റി അമർത്തിപ്പിടിച്ചു് അവൾ പറഞ്ഞു. “ഇപ്പോൾ വല്ലതും കഴിച്ചാൽ ഛർദ്ദിക്കും.”

തുടുത്ത കണ്ണും മുഖവും കണ്ടു് അമ്മ വിശ്വസിച്ചു.

“എന്നാൽ ഇപ്പോൾ കുടിക്കണ്ട. കുറച്ചു കഴിഞ്ഞിട്ടാവാം. ഒന്നൊറക്കം വെക്കട്ടെ”

നെറ്റിയും തലയിലുമൊക്കെ ഒന്നു തൊട്ടുതലോടി അവർ പോയി.

ശാരദ പിന്നേയും ചുമരിന്റെ നേർക്കു് തിരിഞ്ഞുകിടന്നു.

പൊട്ടിക്കരഞ്ഞു പോകുമെന്നു് പേടിച്ചാണു് വേഗം ചെന്നു് കിടന്നതു്. പക്ഷേ, ഇപ്പോൾ കരച്ചിൽ വന്നില്ല. ഹൃദയത്തിൽ ഒരു തരം ഭാരമാണു് അനുഭവപ്പെട്ടതു്.

പത്തുമിനിറ്റുകഴിയുന്നതിനു മുമ്പു് അമ്മ തിരിച്ചു വന്നു. ഒരു ഇലച്ചീന്തിൽ ചുക്കു് വേറെ എന്തൊക്കയോ കൂട്ടി അരച്ചെടുത്തതുമായി.

“ചാരൂ ഒന്നു തിരഞ്ഞുകെടന്നാ മോളെ. ഇതു നെറ്റിയിലിട്ടു തരാം.”

തിരിഞ്ഞു കെടക്കാതെ പറ്റുമോ? അവർ മരുന്നു മുഴുവൻ പതുക്കെ നെറ്റിയിൽ പുരട്ടി.

“ഇനി കുറച്ചു് കണ്ണടച്ചു് കിടന്നാൽ മതി. ഭേദാവും, എന്നിട്ടും വല്ലതും കഴിക്കാം.”

“ഞാനൊന്നു് ഉറങ്ങട്ടെ അമ്മേ! ഉറക്കം ശരിയാവാഞ്ഞിട്ടാണു് തലവേദന. ഉണ്ണാൻ എണീറ്റു വന്നില്ലെങ്കിൽ ആരും വിളിക്കണ്ട.”

“ഉണ്ണാറാവുമ്പോഴേക്കും മാറും.”

“ഉറങ്ങുകയാണെങ്കിൽ എന്നെ വിളിക്കരുതേ!”

“ഇല്ല. ഒറങ്ങിക്കോളൂ. ഞാൻ വാതിലടച്ചേക്കാം.”

ഒരു മുണ്ടെടുത്തു് അവളുടെ മേൽ പുതപ്പിച്ചു് വാതിൽ ചാരി അമ്മ പോയി.

കുട്ടികൾ പതിഞ്ഞ സ്വരത്തിൽ നാമം ചൊല്ലുന്നതു കേട്ടു. കുറച്ചു കഴിഞ്ഞു ശബ്ദം അടുക്കളത്തളത്തിൽ നിന്നായി. കഞ്ഞികുടിക്കാൻ ഇരുന്നിരിക്കണം.

ഓരോരുത്തരായി കൈകഴുകി വരികയാണു്. മുറിയുടെ വാതിൽ ആരോ തുറന്നു.

“വല്യേച്ചി സുഖമില്ല്യാണ്ടു് കിടക്കാണു്. ആരും ഒച്ചേണ്ടാക്കരുതു്. മിണ്ടാതെ വന്നു് കിടന്നോളിൻ.”

പാറൂട്ടി കുട്ടികൾക്കു് കിടക്ക വിരിച്ചു കൊടുക്കുവാൻ വന്നിരിക്കുകയാണു്. പതുക്കെ ശബ്ദമൊന്നുമുണ്ടാക്കാതെ ഓരോന്നായി എടുത്തു തട്ടികുടഞ്ഞു വിരിയ്ക്കുകയാണവൾ. കീറി ദ്രവിച്ചു തുടങ്ങിയ കിടക്കകൾ പഞ്ഞി പുറത്തു ചാടാതെ വയ്ക്കുവാൻ അവളെക്കൊണ്ടു മാത്രമേ ആവൂ.

“വല്ല്യേച്ചിക്കെന്താ?” അടക്കിയ ശബ്ദം ഗോപാലൻകുട്ടിയാണു്.

“തലവേദന. നിന്നോടു മിണ്ടരുതെന്നു് പറഞ്ഞില്ലേ? വന്നു കിടന്നോളിൻ വേഗം ഉറങ്ങിക്കോളു.” എല്ലാവരും കിടത്തി അവൾ വന്നപോലെ ശബ്ദമുണ്ടാക്കാതെ പോയി.

മുറിയ്ക്കകത്തു് ഉറക്കത്തിന്റെ ക്രമം തെറ്റാത്ത ശ്വാസോച്ഛാസം മാത്രമായി.

ഒരു പാത്രം താഴെ വീണ ശബ്ദം കേട്ടു. തുടർന്നു് കുറച്ചൊക്കെ അമ്മയുടെ ശബ്ദവും. ശകാരിക്കുകയാണു്. പത്മിനിയെ ആയിരിക്കും.

പൂമുഖത്തിന്റെ വാതിലടഞ്ഞു. അച്ഛൻ ഊണു കഴിഞ്ഞു കിടക്കാൻ പോയി.

അടുത്താരോ വന്നു നിൽക്കുന്നുണ്ടു്.

“മോളേ!”

ഒച്ച താഴ്ത്തി പതുക്കെ വിളിയ്ക്കുകയാണു് അമ്മ.

“ചാരു, ഉണ്ണണ്ടേ മോളേ? എല്ലാവരും ഊണു കഴിഞ്ഞു.” കുറച്ചുകൂടി ഉറക്കെയാണു പറഞ്ഞതു്. അവൾ വിളികേട്ടില്ല.

“ഉണർത്തണ്ടാ അമ്മേ. ഉറങ്ങാണെങ്കിൽ വിളിക്കണ്ടാന്നല്ലേ പറഞ്ഞതു്. ക്ഷീണിച്ചുറങ്ങിയതായിരിക്കും. അപ്പോഴെക്കും വിളിച്ചുണർത്തിയാൽ തലവേദന അധികമാവും.”

പാറൂട്ടിയാണു്. ബാക്കി എല്ലാവരും കിടന്നു കഴിഞ്ഞിരിയ്ക്കണം.

“ഒന്നും കഴിയ്ക്കാണ്ടു് കിടക്കേ? അത്താഴപ്പഷ്ണി—”

“തലവേദന എടുക്കുമ്പോൾ ഉണ്ണാൻ പറ്റോ?”

“രാത്രി ഉണർന്നു് വല്ലതും കഴിയ്ക്കണം എന്നു തോന്നിയാലോ?”

“ഞാൻ ഇല്യേ ഇവിടെ? ചോറില് വെള്ളം പാരണ്ട, പാലും ഒറ ഒഴിയ്ക്കണ്ട. കാലത്തൊഴിയ്ക്കാം. കാപ്പിവേണച്ചാൽ ഉണ്ടാക്കി കൊടുക്കാലോ രാത്രി.”

“എന്നാൽ അങ്ങനെയാവട്ടെ. അവള് വിളിയ്ക്കരുതെന്നു് പറയേം ചെയ്തു. ഒരു ഗ്ലാസ്സ് ചുക്കുവെള്ളം ഏതായാലും ഇവിടെ അടുത്തുകൊണ്ടു വന്നു വെച്ചേയ്ക്കു. നിന്നെ ബുദ്ധിമുട്ടിയ്ക്കണ്ടാന്നു് വിചാരിച്ചു് വെള്ളം ദാഹിച്ചാലും വിളിയ്ക്കില്ല അവള്.”

അവർ പോയി.

അടുക്കളയിൽ കുറച്ചു നേരത്തേയ്ക്കു കൂടി പാത്രങ്ങളുടെ ശബ്ദം കേട്ടു, പിന്നെ അവിടെയും വാതിലടഞ്ഞു.

തലയ്ക്കൽ ജനൽപ്പടിയിൽ ഒരു ഗ്ലാസ്സു കൊണ്ടു വന്നു വെച്ചു. പാറൂട്ടി ചുക്കുവെള്ളം കൊണ്ടു വന്നതായിരിക്കും.

“അമ്മ പോയി കിടന്നോളേയ്. ഞാൻ ഉണ്ടല്ലോ ഇവിടെ.”

“ഉം. ഞാൻ പോവ്വാ.”

അടുത്ത മുറിയിൽ നിന്നു ശബ്ദം കേട്ടു. കുറച്ചു നേരത്തേയ്ക്കു്. പിന്നെ അതും നിലച്ചു.

മുറിയിൽ അനക്കമില്ല.

എല്ലാവരും ഉറക്കമായി.

അവൾ ജനലിൽകൂടി പുറത്തേയ്ക്കു നോക്കി.

ഒരില അനങ്ങുന്നില്ല.

ഹൃദയം പോലെ ശൂന്യമായിരുന്നു ആകാശം.

ഒരൊറ്റ നക്ഷത്രം പോലുമില്ല.

മുറിയ്ക്കകത്തു് അസഹ്യമായ ഉഷ്ണം.

അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.

ഓ. ഇതിനൊരവസാനമില്ലേ? നേരെ വെളുക്കുകയില്ലേ?

അയൽവക്കത്തെ ക്ലോക്ക് പതിനൊന്നടിച്ചു.

ഇനിയും എത്ര നീണ്ട മണിക്കൂറുകൾ നീണ്ട ദിവസങ്ങൾ.

ഇന്നത്തെപ്പോലെ നാളെ. അങ്ങനെതന്നെ മറ്റെന്നാൾ. യാതൊരു വ്യത്യാസവുമില്ലാതെ, നീറിനീറീ! കൈയിൽ കിട്ടിയ സുഖം നിലത്തെറിഞ്ഞുടച്ചവൾ നിലത്തെറിഞ്ഞുടയ്ക്കേണ്ടിവന്നവൾ.

ഇരുട്ടിൽ കിടന്ന സ്വപ്ന സാമ്രാജ്യങ്ങളിലേക്കു് ഒരു നൊടിനേരം വെളിച്ചം വീശാൻ ആ കിരണം എന്തിനു ജീവിതത്തിലേയ്ക്കു കടന്നുവന്നു? കാർ മേഘത്തിന്റെ മറ നീങ്ങി പ്രഭാവലയിതമായ മായികലോകം ഒരു നിമിഷ നേരത്തേയ്ക്കെന്തിനു കൺമുമ്പിൽ തെളിഞ്ഞു?

വെളിച്ചമെന്തെന്നറിഞ്ഞില്ലെങ്കിൽ ഇരുട്ടിനെപ്പറ്റി വിലപിക്കേണ്ടി വരില്ലായിരുന്നു.

നല്ലൊരു വാക്കുപോലും പറയാതെ പിരിഞ്ഞുപോന്നു.

ഇനി ഒരിയ്ക്കലും നേരെയൊന്നു കാണാൻ കൂടി സാധിക്കില്ലായിരിക്കും.

ഇല്ല. അദ്ദേഹം ഇനി വരില്ല. തട്ടിയെറിഞ്ഞിടത്തു് വീണ്ടും അപേക്ഷിക്കാൻ വരുമോ?

ഇല്ല, ഇനി വരില്ല.

പ്രതീക്ഷിക്കാൻ ഒന്നുമില്ല.

ഇടവഴിയിലെ മൂലയിൽ അലസമായിട്ട മുടിയും തിളങ്ങുന്ന കണ്ണുകളും ഉള്ള ഒരാൾ ഇനി കാത്തുനിൽക്കുകയില്ല. വയസ്സൻ പ്ലാവിന്റെ ചുവട്ടിൽ യാത്ര പറഞ്ഞു നിൽക്കാൻ ഇനി ആരുമില്ല. കാത്തിരിക്കാൻ ഒന്നുമില്ല. യാതൊന്നുമില്ല.

പരന്ന മരുഭൂമിയാണു് മുന്നിൽ. പച്ചയുടെ ലാഞ്ചന പോലുമില്ല.

ഇങ്ങനെ എത്രനാൾ കഴിയണം, ദൈവമേ! നിമിഷങ്ങൾ അരിച്ചരിച്ചു നീങ്ങി. നിമിഷങ്ങളോ യുഗങ്ങളോ?

മുറിയിലെ തണുത്തുറഞ്ഞ പ്രശാന്തതയെ ഭേദിച്ചു സംഗീതത്തിന്റെ മന്ത്ര ധ്വനി കടന്നുവന്നു.

“സുഹാനി രാത് ടൽ ചുകി…”

ഉറക്കം വരാത്ത ഏതോ ഏകാന്ത കാമുകൻ ഗ്രാമഫോൺ തിരിച്ചു വച്ചതായിരിയ്ക്കണം.

ഘനമുള്ള പുരുഷശബ്ദത്തിൽ ആ ഗാനം അലയലയായി ഒഴുകി വരികയാണു്.

അർദ്ധരാത്രി. ലോകം മുഴുവനും ഉറങ്ങി. മരവിപ്പിയ്ക്കുന്ന നിശബ്ദതയിൽ, നക്ഷത്രങ്ങളുടെ നേരിയ പ്രഭപോലുമില്ലാത്ത ഇരുട്ടിൽ, ഹൃദയം ഞെരുക്കുന്ന ശബ്ദദതരംഗങ്ങൾ തുളുമ്പിക്കടന്നു വരികയാണു്.

“സുഹാനി രാത് ടൽ ചുകി

ന ജാനേ തും കബ് ആവോഗേ…”

സൗഭാഗ്യരാത്രി കടന്നു പോയി. നീ എപ്പോൾ വരുമെന്നറിഞ്ഞുകൂടാ, കേട്ടു പരിചയമുള്ള പഴയ പാട്ടു്.

ന ജാനേ തും കബ് ആവോഗേ…

ശാരദയ്ക്കു് സഹിയ്ക്കവയ്യാതായി. എല്ലിൻ കൂടു് ഇപ്പോൾ തകരും നെഞ്ചത്തു് താങ്ങാനാവാത്ത ഭാരം. ശ്വാസം വിടാൻ വയ്യ.

ഇതിനുള്ളിൽ നിന്നു് പുറത്തു കടന്നില്ലെങ്കിൽ ഭ്രാന്തു് പിടിയ്ക്കും. അവൾ എഴുന്നേറ്റു് ഇരുട്ടത്തു് തപ്പി വാതിൽ തുറന്നു.

യാതൊരനക്കവുമില്ല പുറത്തു്. വെളിച്ചത്തിന്റെ ഒരൊറ്റ രേഖയില്ല. അവൾ മുറ്റത്തേയ്ക്കിറങ്ങി.

കരളലിയിക്കുന്ന പാട്ടു് തുടരുകയാണു്.

മണിക്കൂറുകളായി അടക്കി നിർത്തിയിരുന്ന കണ്ണീർ അണപൊട്ടി.

പുല്ലുപോലുമില്ലാത്ത പൂഴിമണ്ണിൽ കമിഴ്‌ന്നു് വീണു് അവൾ തേങ്ങി.

എല്ലാം കാണുന്ന, എല്ലാം അറിയുന്ന ഭൂമി ആ ഏങ്ങലടികൾ നിർവ്വികാരമായി മാറിടത്തിലേയ്ക്കു് ഏറ്റുവാങ്ങി കാൽക്കൽ കിടന്നു് തകരുന്ന മനുഷ്യഹൃദയത്തെ ഗൗനിക്കാതെ മരങ്ങൾ നിന്നുറങ്ങി. നക്ഷത്രക്കണ്ണൊന്നു തുറക്കുകകൂടി ചെയ്യാതെ ആകാശം കരിമ്പടം പുതച്ചു കിടന്നു.

അകത്തുനിന്നു് ഒരു കരച്ചിൽ കേട്ടു് ശാരദ തേങ്ങൽ അമർത്തി.

“വാ…വോ കുട്ടീ വാവോ…ഉം…ഉം…” തുടർന്നു് നീണ്ട ചുമയും, അമ്മയാണു്. കുട്ടി ഉണർന്നു.

കരച്ചിലും താരാട്ടും ഇടകലർന്നു കേട്ടു കുറച്ചു നേരം.

“വാ… വോ…വാവോ…”

കാലൊച്ച കേൾക്കാം. എടുത്തു നടക്കുകയായിരിക്കണം. മുഴങ്ങുന്ന പൊള്ളചുമ.

മക്കളും കഷ്ടപ്പാടും ദാരിദ്ര്യവും കൂടി ആരോഗ്യം കരണ്ടു തിന്നു. പകൽ മുഴുവൻ പണിയെടുത്തു തളർന്നു രാത്രി മകനുവേണ്ടി ഉണർന്നിരിക്കുകയും. ഒരിക്കലും വിശ്രമമില്ല, അവസാനം വരേയും ഒരു നിമിഷം സ്വൈരം കിട്ടില്ലെന്നോ?

താരാട്ടു നിലച്ചു.

നീണ്ട ചുമ ഒരിയ്ക്കൽകൂടി കേട്ടു. കാർക്കിച്ചു തുപ്പുന്നതും. കുറച്ചുകലെയാണു്. കുട്ടി ഉണരാതിരിയ്ക്കാൻ പൂമുഖത്തു ചെന്നു് ചുമയ്ക്കുകയായിരിക്കണം.

മറ്റുള്ളവരുടെ തെറ്റുകളുടേയും കൊള്ളരുതായ്മകളുടേയും ഒക്കെ കുരിശു ചുമക്കുന്ന സ്ത്രീ. സുഖമെന്തന്നറിഞ്ഞിട്ടില്ലാത്ത ജീവിതം. എന്നിട്ടും അവർ കൊണ്ടു നടക്കുകയാണു്. അമ്മയാണവർ. പ്രസവിച്ചുപോയതുകൊണ്ടു് വളർത്തിയേ തീരൂ. വ്യസനിക്കാൻ നേരമില്ല അവർക്കു്.

ആ മൂകമായ വേദനയ്ക്കടുത്തു് നിന്നു് ദൗർബല്യം കാണിക്കുകയോ? ഒരിക്കലും നീങ്ങിയിട്ടില്ലാത്ത, ഒരിക്കലും നീങ്ങാത്ത, ഇരുട്ടിനടുത്തു വെച്ചു് സ്വന്തം കൈത്തിരി കെട്ടതിനു് കരയുന്നതു് പാപമാണു്. കരയുകയോ? തനിക്കതിന്നധികാരമില്ല. കണ്ണുനീർ അനുഗ്രഹമാണു്. അതിന്നും ഒരർഹത വേണം. തനിയ്ക്കു കരഞ്ഞുകൂടാ. അതിനുള്ള സ്വാതന്ത്ര്യമില്ല.

ശാരദ നെഞ്ചു് മണ്ണിലമർത്തി ശ്വാസം അടക്കിക്കിടന്നു. ശബ്ദം വല്ലതും കേട്ടാൽ തലവേദന എങ്ങനെയിരിക്കുന്നു എന്നു നോക്കാനോ മറ്റോ അമ്മ വന്നാലോ?

ഇല്ല. അവർ വന്നു കിടക്കുന്ന ശബ്ദം കേട്ടു. താൻ ഉറങ്ങുകയാണെന്നു് വിചാരിച്ചിരിക്കണം.

അവൾ എഴുന്നേറ്റു.

പാട്ടു് അവസാനിച്ചിരുന്നു അപ്പോഴേയ്ക്കും.

അവൾ പതുക്കെ നീങ്ങി തുളസിത്തറയ്ക്കടുത്തു പഴയ പവിഴമല്ലിയിൽ തല ചായ്ച്ചു നിന്നു.

മുറിയ്ക്കകത്തു നിന്നു് ഇടയ്ക്കിടയ്ക്കു് ഒന്നുരണ്ടു ചുമകൂടി കേട്ടു. പിന്നെ എല്ലാം നിശ്ശബ്ദമായി. പവിഴമല്ലിയുടെ ശുഷ്ക്കിച്ചു തുടങ്ങിയ കൊമ്പിൽ നെറ്റിയമർത്തി കണ്ണടച്ചു വളരെ നേരം അവൾ നിന്നു.

ദൂരെയെങ്ങോ കോഴി കൂകുന്നതു കേട്ടാണവൾ തല ഉയർത്തിയതു്. കിഴക്കു് വെള്ള കീറിത്തുടങ്ങി.

അവൾ പതുക്കെ നടന്നു് അകത്തുകയറി. ശബ്ദം ഉണ്ടാക്കാതെ വാതിൽ സാക്ഷയിട്ടു കിടക്കയിൽ ചെന്നു കിടന്നു.

10

എല്ലാവരും എഴുന്നേൽക്കുന്നതിനു മുമ്പു ശാരദ എഴുന്നേറ്റു കുളി കഴിച്ചു. പക്ഷേ, കോടതിയിൽ പോകാൻ സമയമായപ്പോൾ ഉടുത്തൊരുങ്ങി പുറത്തിറങ്ങാൻ മനസ്സു വരാത്തതുകൊണ്ടു പോയില്ല.

പിറ്റേന്നു തീർച്ചയായും പോകണമെന്നു കരുതിയിരുന്നതാണു്. ഊണും മറ്റും കഴിഞ്ഞു് ഇറങ്ങാൻ തുടങ്ങി. ഡയറി നോക്കിയപ്പോഴാണു് അന്നു് കേസൊന്നും ഇല്ലെന്നു് ഓർമ്മവന്നതു്. വെറുതെ അവിടം വരെ പോകാൻ കഴിയില്ലെന്നു വിചാരിച്ചു സാരി അഴിച്ചിട്ടു കട്ടിലിൽ കയറി കിടന്നു. അന്നു മുഴുവൻ കിടന്നുതന്നെ കഴിച്ചു.

വൈകുന്നേരത്തെ പോസ്റ്റിൽ അവൾക്കൊരെഴുത്തു വന്നു.

വിറയ്ക്കുന്ന കൈകളോടെ അവൾ കവർ പൊട്ടിച്ചു.

നാലഞ്ചു വരിമാത്രം. സ്ഥലപ്പേരും സംബോധനയും ഒന്നും ഇല്ല.

“ഞാൻ പറഞ്ഞെതെന്തെങ്കിലും ശാരിയെ വേദനപ്പിച്ചെങ്കിൽ അതിനു മാപ്പു്. കരുതിക്കൂട്ടിയല്ല, എന്റെ വേദനകൊണ്ടു പറഞ്ഞു പോയതാണു്.

ഇന്നു് ഇവിടം വിടുകയാണു് ഞാൻ. എങ്ങോട്ടാണെന്നു തീർച്ചയായില്ല. അടുത്ത മാസം അവസാനം എത്തിയാൽ മതി ദൽഹിയിൽ. അതുവരെയുള്ള ദിവസങ്ങൾകൊണ്ടു് എന്തെങ്കിലും ചെയ്യണ്ടേ?

ശാരിയ്ക്കെന്നെ ആവശ്യമുള്ളപ്പോൾ ഒരു വാക്കെഴുതിയാൽ ഞാൻ വരും.

ഞാൻ കാത്തിരിയ്ക്കും.”

താഴെ ഒപ്പുമാത്രം.

അപ്പോൾ അങ്ങനെയാണു് അവസാനം. ഇനി കാണുകയില്ല. ഉം! അതു തന്നെയാണു് നല്ലതു്. ഒന്നും കാത്തിരിയ്ക്കണ്ട. മഴവില്ലു തെളിഞ്ഞതു പോലെ തന്നെ മാഞ്ഞു പോകട്ടെ.

ആദ്യത്തേതും അവസാനത്തേതുമായി കിട്ടിയ പ്രേമലേഖനം മാറത്തടക്കിവെച്ചുകൊണ്ടവൾ കുറച്ചു ദിവസം നടന്നു. അതിലെഴുതിയിരിയ്ക്കന്നതെല്ലാം കാണാതെ അറിയാം. എങ്കിലും ഇടയ്ക്കിടയ്ക്കു് വായിക്കണം അതൊരാശ്വാസമാണു്.

രാപ്പകലുകൾ ഇഴഞ്ഞിഴഞ്ഞു കടന്നുപോയി. ദിവസങ്ങൾ ആഴ്ചകളായി ആഴ്ചകൾ മാസങ്ങളും,

ശാരദയ്ക്കു് ഒന്നിലും താൽപ്പര്യം തോന്നാതായി. ആകപ്പാടെ ജീവനില്ലാത്ത മട്ടു്.

ആദ്യദിവസങ്ങളിൽ, വ്രണം പച്ചയായിരുന്ന സമയത്തു് ഓരോ നിമിഷവും പിച്ചിച്ചീന്തുന്ന വേദനയുണ്ടായിരുന്ന അവസരത്തിൽ, ഇതിലും ഭേദമായിരുന്നു.

വേദനയിൽ താണു മുങ്ങുന്നതു ജീവിയ്ക്കലാണു്. വേദനിക്കണമെങ്കിൽ ജീവൻ ഉണ്ടായിരിക്കണം.

അന്നുപിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ടായിരുന്നു ശ്രദ്ധിയ്ക്കാൻ ഉള്ളിലെ കൊടുങ്കാറ്റു് മറ്റാരും അറിയരുതു്, താൻ കിടന്നു പൊരിയുന്ന തീച്ചൂളയെപ്പറ്റി ആരും ഒന്നും മനസ്സിലാക്കരുതു്. ഒതുക്കിയാലൊതുങ്ങാത്തതിനെ ഇങ്ങനെ ഉള്ളിലടക്കാൻ കുറെ അധികം മനശ്ശക്തി വേണ്ടിയിരുന്നു. ഒന്നിനു വേണ്ടി ശ്രമപ്പെടണമെന്നു വന്നാൽ അതു തന്നെ ഒരാശ്വാസമാണു്.

പിന്നെ, കൈയ്ക്കുള്ളിൽ എത്തിയതിനെ തള്ളിക്കളഞ്ഞവളാണു് താൻ എന്നുള്ള വിചാരം അബോധമനസ്സിൽ കിടന്നു തന്നെത്താനുള്ള മതിപ്പു് തെല്ലൊന്നു കൂട്ടിക്കാണണം. മറ്റൊരാൾക്കുവേണ്ടി മനസ്സറിഞ്ഞു കൈവരിക്കുന്ന വേദനയുടെ കയ്പുനീരിനെക്കാൾ മധുരിമയുള്ളതായിട്ടു് മറ്റെന്തെങ്കിലുമുണ്ടോ അഹന്തയ്ക്കു്?

അങ്ങനെ ആദ്യമൊക്കെ തല ഉയർത്തിപ്പിടിക്കാൻ സഹായിക്കുന്ന സംഗതികൾ പലതുമുണ്ടായിരുന്നു.

ദിവസങ്ങൾ അരിച്ചരിച്ചു മാസങ്ങൾ ആയതോടെ, ധീരോദാത്തതയ്ക്കു് ഒന്നും ഇടം കൊടുക്കാതെ, തട്ടിയും മുട്ടിയും തേഞ്ഞുമാഞ്ഞു് ഉൽക്കടമായ വേദന കനത്ത നിഴൽ മാത്രമായ ഹൃദയത്തിൽ അവശേഷിച്ചപ്പോഴാണു് ജീവിതത്തിനു് അർത്ഥമില്ലാതായിത്തീർന്നു എന്നവൾ ശരിക്കറിഞ്ഞതു്.

മനസ്സു മരവിച്ചു പോയി. ആരിലും ഒന്നിലും താൽപ്പര്യമില്ല. കൊച്ചനിയൻമാരോടും അനിയത്തിമാരോടുംകൂടി സ്നേഹം തോന്നാതായി. പഴയതുപോലെ അവരെ ലാളിക്കാനും അവരുടെ കൂടെ കളിക്കാനും തോന്നുന്നില്ല. ഇപ്പോൾ വീട്ടിൽ ആരെയും പഴയപടി കണക്കാക്കാൻ കഴിയാതെയായി സ്നേഹിക്കേണ്ടയിടത്തു് അനുകമ്പ മാത്രമായിത്തീർന്നു.

വീട്ടുകാരെച്ചൊല്ലി അവളനുഷ്ഠിച്ച ത്യാഗത്തിനു് അവൾക്കു് അവരോടുണ്ടായിരുന്ന സ്നേഹമാണു് വിലയായതു്.

കുടുംബം പുലർത്താൻ പണമുണ്ടാക്കേണ്ട ജോലിയിൽ യാന്ത്രികമായിട്ടവൾ ഏർപ്പെട്ടു. കാലത്തെഴുന്നേൽക്കുകയും കുളിയ്ക്കുകയും കോടതിയിൽ പോകുകയും എല്ലാം അവൾ ചെയ്തു. മനസ്സു് അവിടെയെങ്ങും ഉണ്ടായിരുന്നില്ലെന്നു മാത്രം.

അച്ഛൻ പുറത്തിറങ്ങുക വളരെ ചുരുക്കമായി. പത്രത്തിന്റെ കാര്യമെല്ലാം രാമൻകുട്ടി തന്നെയാണു്.

മകൾ അതിലൊന്നും ശ്രദ്ധിക്കാത്തതിൽ അച്ഛന്റെ പരാതി കൂടിക്കൂടി വന്നു.

പക്ഷേ, അവളൊന്നും കൂട്ടാക്കിയില്ല. ആരെന്തു പറഞ്ഞാലും ആ പത്രത്തിനുവേണ്ടി ഇനിയൊന്നും ചെയ്യില്ലെന്നവൾ ഉറച്ചിരുന്നു. ഒരു വൈരാഗ്യം തീർക്കലായിരുന്നു അതു്.

പത്രത്തിനെപ്പറ്റി എന്തെങ്കിലും കേൾക്കുന്നതു തന്നെ ശല്യമായിത്തീർന്നു. തന്റെ ജീവിതം കെടുത്ത ശക്തികളുടെ പ്രതീകമായിട്ടാണു് ആ പത്രത്തിനേയും അതു് അവസാന ശ്വാസം വലിക്കേണ്ട നാൾ നീട്ടിക്കൊണ്ടു പോകുന്ന രാമൻകുട്ടിയേയും അവൾ കണ്ടതു്. രാമൻകുട്ടി അറിഞ്ഞുകൊണ്ടു് അവളോടു് തെറ്റൊന്നും ചെയ്തിട്ടില്ല. എങ്കിലും മറ്റാരോടും കാണിക്കാൻ നിവൃത്തിയില്ലാത്ത വെറുപ്പു് അവൾ അയാളോടു കാണിച്ചു. അവളുടെ അവജ്ഞ നിറഞ്ഞ പെരുമാറ്റം അയാൾ കണ്ടില്ലെന്നു നടിച്ചു. അവൾ അകലുന്തോറും അയാൾ കൂടുതൽ കൂടുതൽ അടുക്കാൻ ശ്രമിയ്ക്കുകയാണു്.

11

കൃഷ്ണൻകുട്ടിമേനോൻ കിടപ്പിലായി.

ഒരു രോഗിയുള്ള വീട്ടിൽ പണത്തിനു മുട്ടു തീരുകയില്ല.

വലിയൊരു കുടുംബത്തിനു പൊറുക്കണം. കുട്ടികൾക്കു് ഫീസുകൊടുക്കണം. മരുന്നു വാങ്ങിയ്ക്കണം.

ആരും വാങ്ങിയ്ക്കാത്ത പത്രത്തിന്റെ അച്ചടി തുടരാൻ വല്ലതും സഹായിക്കണം.

പണം?

പണ്ടേ ശാരദയ്ക്കു നല്ല കേസൊന്നും കിട്ടാറില്ല. കണ്ടാൽ തന്നെ പാവമെന്നു തോന്നുന്ന ഒരു പെണ്ണിന്റെയടുത്തു് ആരെങ്കിലും കേസു കൊണ്ടു ചെല്ലുമോ? മിനക്കെട്ടിരുന്നു് നോക്കേണ്ട കണക്കുകളോ ആർക്കും വേണ്ടാത്ത കമ്മീഷനുകളോ ആണു് പണ്ടു് അവളുടെ അടുത്തു് വരാറുള്ളതു്. എങ്കിലും എന്തെങ്കിലും വീട്ടിൽ കൊണ്ടുചെന്നു കൊടുക്കാൻ കിട്ടാറുണ്ടു്. ഇപ്പോൾ ഏഴെട്ടു മാസത്തെ ശ്രദ്ധക്കുറവുകൊണ്ടു് ഉള്ള കേസുകൂടി ഇല്ലാതായി.

പ്രസംഗിക്കാൻ വലിയ മിടുക്കിയല്ലെങ്കിലും ബുദ്ധിയുണ്ടു്. എന്തിനും ഒരു യുക്തി കണ്ടുപിടിക്കും. ശ്രദ്ധവച്ചു കേസു പഠിക്കുകയും ചെയ്യും. ഇതൊക്കെക്കരുതിയാണു് ആരെങ്കിലും ആ സ്ത്രീവക്കീലിനെ സമീപിയ്ക്കാറു്. വലിയ വാഗ്ധാടിയും പിരട്ടുമൊന്നും ഇല്ലാത്തിടത്തു ശ്രദ്ധകൂടി ഇല്ലെന്നു കണ്ടാൽ വല്ലവരും സമീപിക്കുമോ?

അച്ഛന്റെ സുഖക്കേടും പണത്തിന്റെ ഞെരുക്കവും എല്ലാം കൂടി ചുറ്റുപാടുകളിൽ കുറേക്കൂടി താൽപ്പര്യമെടുത്തേ മതിയാവൂ എന്നായി. ശാരദ കണ്ണുതുറന്നു ചുറ്റും നോക്കിയപ്പോഴാണു് അറിയുന്നതു്, പണിപ്പെട്ടുണ്ടാക്കിയ പ്രാക്ടീസൊക്കെ ചോർന്നു പോവുകയാണെന്നു്. പണ്ടു് ഇഷ്ടമില്ലാത്ത തൊഴിൽ ഇനി ആദ്യമേ തുടങ്ങണമെന്നു വന്നാൽ—

രാമൻകുട്ടിയെക്കൊണ്ടുള്ള ഉപദ്രവം വർദ്ധിച്ചുവരികയാണു്. അയാൾക്കു മുഖപ്രസംഗം എഴുതിക്കൊടുക്കണം. അതുചെയ്യണം, ഇതു ചെയ്യണം വീട്ടിൽ വന്നു കയറിയാൽ സ്വൈര്യമില്ല. ഒന്നും കഴിയില്ലെന്നു പറഞ്ഞാൽ നേരെ അച്ഛന്റെയടുത്തു ചെല്ലും. അച്ഛൻ പറഞ്ഞാൽ അവൾ കേൾക്കാതിരിക്കുകയില്ലെന്നു് അയാൾക്കറിയാം.

മൂന്നു നാലു ദിവസമായി അച്ഛന്റെ അടുത്തുനിന്നു തിരിഞ്ഞ നേരമില്ലയാൾ. എന്തോ വലിയ കൂടിയാലോചനയാണു്.

അന്നു നേരം സന്ധ്യയായിക്കാണും. ശാരദ തനിയെ തെക്കെ ഇറയത്തു് ഇരിയ്ക്കുകയായിരുന്നു. കുട്ടികളെല്ലാവരും കൂടി അമ്പലത്തിൽ പോയി അമ്മയും പാറൂട്ടിയും അടുക്കളയിലാണു്.

പലതും ആലോചിച്ചു് മടിയിൽ കിടക്കുന്ന പേപ്പറിന്റെ കാര്യവും മറന്നു് അവളങ്ങനെ ഇരുന്നുപോയി കുറെ നേരം.

രാമൻകുട്ടി ഉമ്മറത്തെ മുറ്റത്തുനിന്നു് നടന്നു വരുന്നതുകൊണ്ടു് അവൾ വേഗം കടലാസ്സു കൈയിലെടുത്തു വായന തുടങ്ങി.

അയാൾ അടുത്തു വന്നു നിന്നു.

“പേപ്പർ വായിക്കുകയോ സ്വപ്നം കാണുകയോ?”

ഇയാൾക്കറിഞ്ഞിട്ടെന്തുവേണം എന്നു ചോദിക്കാൻ തോന്നി. പക്ഷേ, ഒന്നും പറയാതെ വായന തുടരുകയാണു് അവൾ ചെയ്തതു്. അയാൾ തിണ്ണയിൽ അടുത്തായിരുന്നു.

“ശാരിക്കെന്താണു് ഈയിടെ ഒരു മൗനം?”

ഇയാളുടെ ശാരിയാരാണോ ആവോ?

ഇതിനു മുമ്പൊരാൾ തന്നെ ശാരിയെന്നു വിളിച്ചിട്ടുണ്ടു്.

ഓ യുഗങ്ങൾക്കുമുമ്പു്!

ഈയാൾക്കെന്തധികാരമാണു് അങ്ങനെ വിളിക്കാൻ.

“എന്നോടു് വല്ല ദേഷ്യവും ഉണ്ടോ?”

വല്ലതും സമാധാനം പറഞ്ഞില്ലെങ്കിൽ ഇയാൾ എണീറ്റു് പോവില്ല.

“ദേഷ്യമോ? എന്തിനു്?”

“അതു് ശാരിയ്ക്കല്ലേ അറിയുള്ളൂ?”

അവളൊന്നും മിണ്ടിയില്ല.

“ഞാനും അമ്മാവനും ശാരിയെപ്പറ്റി സംസാരിക്കുകയായിരുന്നു.”

“ഓഹോ!”

“അതു വേഗമങ്ങു നടത്തുകയാണു് നല്ലതെന്നാണു് അമ്മാവന്റെ അഭിപ്രായം.”

“ഏതു് ?”

“ഏതെന്നു് ഞാൻ പറയണം വേണ്ടേ? ഒന്നും അറിയില്ല! പാവം!”

അയാൾ ഒരു വിഡ്ഢിച്ചിരി ചിരിച്ചു.

ഓ ദേവീ! അയാളുടെ കൊള്ളരുതായ്മകളും കാണേണ്ടി വന്നല്ലോ കൊഞ്ചാൻ വന്നിരിക്കുന്നു. ഉപദ്രവി!

“അമ്മാവനു് ഈയിടെ ക്ഷീണം വളരെ കൂടുതലാണു്.” അയാൾ പിന്നെയും തുടങ്ങി. “വയസ്സായി വരികയല്ലേ? എന്നും ഒരു പോലെയിരിക്കുമോ? ഈ കിടപ്പിൽ നിന്നു് എണീക്കില്ല എന്നൊരു വിചാരവും ഉണ്ടെന്നു തോന്നുന്നു. വയ്യാണ്ടിരിക്കുമ്പോൾ ഇങ്ങനെയൊരു സമാധാനമെങ്കിലും കിട്ടട്ടെ മനസ്സിനു്. വെറുതെ ഇനിയും നീട്ടിക്കൊണ്ടു പോണതെന്തിനാ?”

“എന്തു സമാധാനം? എന്താണു് നീട്ടേണ്ടാത്തതു്?”

“എന്നെക്കൊണ്ടു് പറയിച്ചേ അടങ്ങുള്ളു അല്ലേ? കള്ളി!”

“വല്ലതും കാര്യമുണ്ടെങ്കിൽ പറയൂ. കളി പിന്നെയാവാം.”

“പറയാമേ, ദേഷ്യപ്പെടല്ലേ!” അയാളൊന്നു ചിരിയ്ക്കാൻ ശ്രമിച്ചു.

“നമ്മുടെ കല്യാണക്കാര്യം അല്ലാതെ വേറെ എന്താ?”

“നമ്മുടെ എന്നുവെച്ചാൽ?”

“എന്റെയും ശാരിയുടെയും അല്ലാതെ ആരുടെയാണു്?”

“എന്റെ കാര്യമങ്ങു് വിട്ടേയ്ക്കൂ. നിങ്ങളുടെ കാര്യം മാത്രം അന്വേഷിച്ചാൽ മതി.”

“അതെങ്ങിനെയാണു്? ഞാൻ മാത്രമായാൽ പറ്റുമോ ഒരാളുതന്നെ നടത്താവുന്ന സംഗതിയല്ലല്ലോ ഇതു്.”

“ഒരാളേയും കൂടി കണ്ടുപിടിച്ചോളൂ.”

“ഇനിയെന്തിനു കണ്ടുപിടിക്കണം? ശാരി—”

“ആ വിചാരം കളഞ്ഞേക്കൂ, അതു നടപ്പില്ല.”

“ഉം—എന്താ നടക്കില്ലാന്നു്?”

“നടക്കില്ല. അതുതന്നെ.”

“ഒരു കാരണം വേണമല്ലോ. കേൾക്കട്ടെ.”

“ഒരു കാരണവുമില്ല. ഞാനിപ്പോൾ ആരെയും കല്യാണം കഴിക്കുന്നില്ല അത്രയേ ഉള്ളൂ.”

“കല്യാണമേ വേണ്ടാ എന്നാണോ?”

“അതെ.”

“അതെത്ര സ്ത്രീകള് പറഞ്ഞിട്ടുണ്ടു്! എന്നിട്ടു് അവരൊക്കെ ഇപ്പോൾ അങ്ങനെ ഇരിയ്ക്കുകയാണോ?”

“ഈ സ്ത്രീ അങ്ങനെ ഇരിയ്ക്കാൻ തന്നെയാണു് നിശ്ചയിച്ചിരിക്കുന്നതു്.”

“അച്ഛനു് അങ്ങനെയല്ല വിചാരമെങ്കിലോ?”

“നിവൃത്തിയില്ല.”

“അമ്മാവൻ നേരത്തെ നിശ്ചയിച്ചു വെച്ചിരുന്ന കാര്യമാണു്.”

അയാൾ സ്വരമൊന്നു മാറ്റി കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്ന രീതിയിൽ തുടങ്ങി. “ഇപ്പോൾ ശാരിയ്ക്കും സമ്മതമല്ലെന്നു പറഞ്ഞാൽ അച്ഛനു സന്തോഷമാവുമെന്നു തോന്നുന്നുണ്ടോ?”

“നേരത്തെ നിശ്ചയിച്ചിരുന്നില്ല. അല്ലെങ്കിലും അച്ഛനിഷ്ടമായില്ലെങ്കിലോ എന്നു വിചാരിച്ചു് ചെയ്യാനുള്ള കാര്യമൊന്നുമല്ല ഇതു്.”

“എന്നെ പിടിക്കാത്തതുകൊണ്ടാണോ അതോ, ആരെയും കല്യാണം കഴിയ്ക്കില്ല എന്നാണോ?”

കുറച്ചു നേരം മിണ്ടാതെ ഇരുന്നു് അയാൾ ചോദിച്ചു.

“ഞാൻ ആദ്യമേ പറഞ്ഞല്ലോ. എനിക്കിപ്പോൾ കല്യാണമൊന്നും വേണ്ട.”

“ആരായാലും വേണ്ടേ? ഇലഞ്ഞിപ്പറമ്പിലെ ഭാസ്ക്കരമേനോനായാലും—”

“ഏ?” അവൾ ഞെട്ടിപ്പോയി.

“എന്താണു പറഞ്ഞതു്?”

“ദാമോദരപ്പണിക്കരുടെ മകൻ ഭാസ്ക്കരമേനോനാണെങ്കിൽ കല്ല്യാണത്തിനു സമ്മതിക്കുമോ എന്നു്. എനിക്കു പകരം ഈ നിൽക്കുന്നതു വക്കീൽ ഭാസ്ക്കരമേനോനാണെങ്കിൽ കല്യാണമേ വേണ്ടാ എന്നു പറയുമോ എന്നു്.”

അവൾ ഇരുന്ന ഇടത്തുനിന്നു് എഴുന്നേറ്റു കണ്ണിൽ നിന്നു് തീപ്പൊരി പറന്നു.

എന്നിട്ടും അയാൾ നിർത്താൻ ഭാവമില്ല. ഒപ്പം എഴുന്നേറ്റു അയാളും. “ഇടവഴിയിലെ സംഭാഷണവും പ്ലാവിൻ ചോട്ടിലെ സല്ലാപവും ഒന്നും ആരും അറിഞ്ഞിട്ടില്ലെന്നാണോ ധരിച്ചിരിയ്ക്കുന്നതു്? റോഡിൽ പാട്ടായിക്കഴിഞ്ഞതാണു്. കണ്ണടച്ചു പാലു കുടിച്ചാൽ ആരും കാണില്ലെന്നാണു് പൂച്ച വിചാരിച്ചതു്.”

“നിർത്തു. ഒരക്ഷരം മിണ്ടരുതിനി.”

അതിൽ കൂടുതൽ പറയാൻ കഴിഞ്ഞില്ല. അടിമുടി വിറയ്ക്കുകയാണു്.

അവൾ തിരിഞ്ഞു് മുറിയിൽ കയറി വാതിലടച്ചു.

കട്ടിലിൽ ചെന്നിരുന്നിട്ടു് ഇരിപ്പുറയ്ക്കാതെ അവൾ എണീറ്റു് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും അഞ്ചാറു ചാൽ നടന്നു.

അയാൾക്കതുവരെ പറയാൻ ധൈര്യമുണ്ടായി?

ആത്മാവിന്റെ നിഗൂഢതയിൽ ഊറിക്കിടക്കുന്ന ഓർമ്മകളെക്കൂടി കളങ്കപ്പെടുത്തി, ദ്രോഹി!

കയറാൻ അവകാശമില്ലാത്തിടത്തു് കടന്നു വന്നിരിക്കുന്നു!

റോഡിൽ പാട്ടായിരുന്നു പോലും!

വാസ്തവമാണോ?

അലിവില്ലാത്ത കണ്ണുകൾ തന്റെ വാനിൽ മഴവില്ലു് തെളിഞ്ഞതും മേഘത്തിനു പുറകിൽ മറഞ്ഞതും കണ്ടു എന്നോ?

ച്ഛേ! അയാളുടെ നുണയാണു്. റോഡിൽ പാട്ടായിരുന്നെങ്കിൽ താനും അതെന്നെങ്കിലും കേൾക്കുമായിരുന്നു. അതേ റോഡിൽക്കൂടി തന്നെയല്ലേ ഈ മാസമൊക്കെ നടന്നതു്?

അയാൾ വെറുതെ പറഞ്ഞതാണു്. എങ്ങനെയോ സൂത്രത്തിൽ കണ്ടു പിടിച്ചു. എന്നിട്ടു് എല്ലായിടത്തും പരസ്യമാണെന്നു് ഭാവിക്കുന്നു.

ഇനി ഇയാൾ പറഞ്ഞുകൊണ്ടു് നടന്നിട്ടായിരിക്കും എല്ലാവരും അറിയാൻ പോകുന്നതു്. അതുതന്നെ. അയാളല്ലേ ആള്. അതും പിണങ്ങിയാണു് പോണതു്. പറയും. എല്ലായിടത്തും പറഞ്ഞു പരത്തും. അച്ഛന്റെ അടുത്തും കൊണ്ടു ചെല്ലും. ദൈവമേ! വയ്യാതെ കിടക്കുമ്പോൾ ഇതും കൂടി!

12

പുതിയ സംഭവികാസങ്ങൾ ഒന്നുംകൂടാതെ അന്നത്തെ ദിവസം കഴിഞ്ഞു. രാമൻകുട്ടി പിന്നെ ഒന്നും പറയാൻ വന്നില്ല.

പിറ്റെ ദിവസം രാത്രി ഒരെട്ടു മണിയായിക്കാണണം. കുട്ടികൾ കഞ്ഞി കുടി കഴിഞ്ഞു് പുസ്തകവുമായിരിക്കുകയാണു് പൂമുഖത്തു്.

അമ്മ വന്നു പറഞ്ഞു. “ചാരൂ നീയൊന്നങ്ങട്ടു് ചെല്ലു്. അച്ഛനുണ്ടു് വിളിക്കുന്നു.”

ഒന്നും ആലോചിക്കാതെ അവൾ ചെന്നു് കട്ടിലിനടുത്തു നിന്നു.

കണ്ണടച്ചു കിടക്കുകയായിരുന്നു അച്ഛൻ.

“അച്ഛൻ വിളിച്ചോ?” കുറച്ചു നേരം മിണ്ടാതെ നിന്നിട്ടു് പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു. അദ്ദേഹം കണ്ണുതുറന്നു.

“ആ സ്റ്റൂളങ്ങട്ടു് നീക്കിയിട്ടു് ഇവിടെ ഇരിയ്ക്കൂ.”

അവളിരുന്നു.

അച്ഛൻ ഉടനെ സംസാരിച്ചു തുടങ്ങിയില്ല. ഒന്നു രണ്ടു ചുമച്ചു തൊണ്ട ശരിയാക്കി. പിന്നെയാണു് പതുക്കെ പറഞ്ഞതു്. “ചാരു ഈയിടെ പേപ്പറിന്റെ കാര്യമൊന്നും നോക്കാറില്ലെന്നു് രാമൻകുട്ടി പറഞ്ഞു.”

അവളൊന്നും മിണ്ടിയില്ല.

“എനിക്കു വയ്യാണ്ടായി അമ്മൂ. ഇനി നീ വേണം ഇതൊക്കെ നോക്കാൻ.” അതിനും അവൾ ഉത്തരമൊന്നും പറഞ്ഞില്ല.

“ഞാൻ തുടങ്ങിയതൊന്നും മുഴുവനായില്ല. നീയേ ഉള്ളൂ അതിനി കൊണ്ടു നടക്കാൻ. അതിനുവേണ്ട ബുദ്ധി നിനക്കുണ്ടു്. പഠിപ്പു ഞാൻ തന്നിട്ടുണ്ടു്. ഇതിനാണു് ഞാൻ നിന്നെ ബി. എല്ലിനു പഠിപ്പിച്ചതു്. എന്നെക്കൊണ്ടു് ചെയ്യാൻ പറ്റാത്തതു് നീ ചെയ്യണം. നീ അതിനു മതി. എനിക്കറിയാം.”

“പുരുഷന്റെ ബുദ്ധി നിനക്കുണ്ടു്.” കുറച്ചു നേരത്തേയ്ക്കു് നിർത്തി പിന്നെയും അദ്ദേഹം തുടർന്നു. “പക്ഷേ, ബുദ്ധികൊണ്ടു് മാത്രമായില്ല. ഒരാണു് പിന്നിൽ ഉണ്ടെങ്കിലേ കാര്യം നടക്കു. സമത്വം എന്നൊക്കെ പറയാം. ആണിന്റെ തടിമിടുക്കു് വേണ്ടഇടത്തു് അതു തന്നെ വേണം. നിനക്കു് ഞാൻ പറയുന്നതെന്താണെന്നു് മനസ്സിലാകുന്നുണ്ടോ?”

“ഇല്ല” എന്നു് പറയണമെന്നുണ്ടായിരുന്നു. “ഉം—” എന്നൊന്നു് മൂളുകയാണവൾ ചെയ്തതു്.

“കാര്യംപറഞ്ഞാൽ നിനക്കു മനസ്സിലാകുമെന്നെനിക്കറിയാം.” അദ്ദേഹം എന്തോ ആലോചിക്കുന്നതുപോലെ കുറെനേരം മിണ്ടാതെ കിടന്നു. പിന്നെ തുടർന്നു. “രാമൻകുട്ടിക്കു മിടുക്കുപോരാ. അവനക്കൊണ്ടു തന്നെ ഒന്നും ആവില്ല. പക്ഷേ, പറയുന്നതു കേട്ടോളും അവൻ. എന്തൊക്കെ ചെയ്യണമെന്നു് നീ പറഞ്ഞു കൊടുത്താൽ മതി. അവൻ നടത്തിക്കോളും. നീ ഒന്നു് മനസ്സിരുത്തിയാൽ ആ പത്രം ഇങ്ങനെ ആവില്ല. എന്നെ ഇനി ഇതിനൊന്നും കൊള്ളില്ല. നീ വിചാരിച്ചാലേ പറ്റുള്ളു. അവനെക്കൊണ്ടു് നീ ചെയ്യിക്കണം.”

അവൾക്കു് ശുണ്ഠി കേറിക്കേറി വന്നു. ഇളയകുട്ടികളെ നോക്കിക്കോളണേ എന്നാണു് പറഞ്ഞേൽപ്പിച്ചിരുന്നതെങ്കിൽ സഹിക്കാമായിരുന്നു. ഇതതല്ല. കൊച്ചുങ്ങൾ എങ്ങനെ വലുതാവും എന്നല്ല വിചാരം. രാഷ്ട്രീയമാണു് ഇപ്പോഴും ചിന്ത, രാഷ്ട്രീയം! ഏതു് രാഷ്ട്രീയം! അവനവന്റെ തണ്ടു്! താൻ തുടങ്ങിവച്ചതു് നാനാവിധമായാൽ കുറച്ചിലാണു്, അഭിമാനത്തിനു് ഒരിടിവാണു്.

അഭിമാനം!

മക്കൾ പട്ടിണികിടന്നാലെന്തു്? അഭിമാനമുണ്ടല്ലോ!

അവളുടെ കണ്ണുകൾ ഓർക്കാതെ ആ ക്ഷീണിച്ച മുഖത്തു പതിഞ്ഞു. കഷ്ടം! എണീറ്റിരിക്കാൻ വയ്യാത്ത ആളുടെ നേരെയാണു് ശുണ്ഠി എടുക്കുന്നതു്. അതും, സുഖക്കേടാണെങ്കിൽ ബ്ലെഡ്പ്രെഷർ, മനസ്സിനു വിഷമം വരുത്തരുതു്.

“പത്രത്തിന്റെ കാര്യം ഞാൻ ശ്രദ്ധിച്ചോളാം.” പെട്ടെന്നവൾ പറഞ്ഞു.

“നീ അതു ചെയ്യുമെന്നനിക്കറിയാം. ഞാൻ പറഞ്ഞതു് നീ കേൾക്കാതിരുന്നിട്ടില്ല” രോഗിക്കു സമാധാനമായതുപോലെ തോന്നി.

വേഗം പുറത്തു കടന്നെങ്കിൽ മതി എന്നായി ശാരദയ്ക്കു വിചാരം. ഇനിയെന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുമ്പു് രക്ഷപ്പെടാമായിരുന്നു. പൊയ്ക്കോളാൻ പറയാതെ എങ്ങനെ പോകും.

പക്ഷേ,…

“രാമൻകുട്ടിയെത്തന്നെ പറഞ്ഞയയ്ക്കണം നല്ല ദിവസം നോക്കാൻ.”

ചിന്തിക്കുന്നതു് ഉറക്കെയായിപ്പോയതുപോലെ അച്ഛൻ പെട്ടെന്നു് പറഞ്ഞു.

അവൾക്കു് പരിഭ്രമം കയറി.

“എന്തിനു് നല്ല ദിവസം?”

“എന്തൊക്കെ പറഞ്ഞാലും അതൊന്നും നോക്കാതെ ചെയ്യാൻ പാടില്ല. ജ്യോത്സ്യൻ എമ്പ്രാന്തരീടെ അടുത്തുതന്നെ പോട്ടെ. അതാണു് നല്ലതു്…

“നല്ല ദിവസം നോക്കിയിട്ടു് എന്തു ചെയ്യാനാണു്?”

“കല്ല്യാണം നാലാള് ചെയ്യണപോലെ നടത്താഞ്ഞാൽ പറ്റുമോ? മുഹൂർത്തമൊക്കെ നോക്കിത്തന്നെ വേണം. നീ ഇതൊന്നും അറിയണ്ട. എല്ലാം ഞാൻ ഏർപ്പാടാക്കിക്കൊള്ളാം രാമൻകുട്ടിയോടു് ഒന്നിങ്ങട്ടു വരാൻ പറഞ്ഞാൽ മതി. ഞാൻ പോകാതെ കാര്യമൊക്കെ ശരിയാക്കാം.”

ഭഗവാനേ, എല്ലാം കുഴപ്പമാകാൻ പോകയാണു് വേദനിപ്പിക്കണ്ട എന്നു വിചാരിച്ചു് പറയാതിരുന്നാൽ ഒടുക്കം ഇതിലും വിഷമമാവും.

“അച്ഛാ, ഇപ്പോൾ ഇവിടെ കല്യാണക്കാര്യം ആരു പറഞ്ഞു. മുഹൂർത്തം നോക്കിക്കുന്നതെന്തിനാണെന്നു് എനിയ്ക്കു മനസ്സിലായില്ല.”

“ഏ. കല്ല്യാണക്കാര്യം ആരു പറഞ്ഞു എന്നോ? പിന്നെ നീ എന്താ ഇത്തിരി മുമ്പു പറഞ്ഞതു്?”

“പേപ്പറിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്നാണു് പറഞ്ഞതു്.”

“അതെ. അതുതന്നെ. രാമൻകുട്ടി ഇല്ലാതെ നിന്നെക്കൊണ്ടു പത്രം നടത്താൻ ആവുമോ?”

“ഇല്ലായിരിക്കും. എന്തോ, എനിക്കറിയില്ല. അങ്ങനെയാണെങ്കിൽ ഞാനും രാമൻകുട്ടിയും തന്നെ ആയികൊള്ളാം. ഇപ്പോൾ നടക്കുന്നതു പോലെ തന്നെ.”

“അതു പറ്റില്ല. എന്റെ കാലമങ്ങട്ടു കഴിഞ്ഞാൽ പിന്നെ നിങ്ങൾ രണ്ടു കുട്ടികൾ ഇങ്ങനെ ഇടപെടുന്നതു് വെടിപ്പല്ല. കുഴപ്പത്തിനുള്ള വഴിയാണിതു്.”

“അതൊന്നുമുണ്ടാവില്ല.”

“ഇല്ലെങ്കിൽ തന്നെയും ഈ ഏർപ്പാടു് അധികം കാലമൊന്നും നിൽക്കില്ല. ഇന്നല്ലെങ്കിൽ നാളെ അവനൊരു കല്യാണം കഴിയ്ക്കാതെ ഇരിക്കുമോ? എന്നിട്ടു് പിന്നെ അവൻ അവന്റെ ഭാര്യ പറയുന്നതു കേൾക്കാതെ നിന്റെ കൂടെ പത്രം നടത്താൻ വരുമോ?”

“എന്തായാലും ശരി, ഇതച്ഛൻ എന്നോടു പറയരുതു്, എനിക്കു വയ്യ.”

“എന്തുകൊണ്ടാണു് വയ്യാത്തതു് ? അവൻ നിന്നോടു് എന്തു പിഴച്ചു?”

“ഒന്നും പിഴച്ചില്ല. എനിയ്ക്കയാളെ കല്യാണം കഴിക്കാൻ കഴിയില്ല അത്രേയുള്ളു.”

“എന്തെങ്കിലും ഒരു കാരണം വേണമല്ലോ. അവനു് പഠിപ്പുപോരാ എന്നാണോ? ഏതായാലും ബി. എ. ജയിച്ചിട്ടുണ്ടല്ലോ.”

“പഠിപ്പുപോരാ എന്നു വെച്ചിട്ടൊന്നുമല്ല.”

പിന്നെ എന്താ അവനൊരു കുറവു് എന്നു് പറയൂ.”

“ഒന്നും ഇല്ല്യായിരിയ്ക്കും.”

“ഒന്നും ഇല്ല്യായിരിയ്ക്കുമത്രേ! നല്ല സമാധാനമാണു്!”

“പിന്നെ ഞാനെന്തു പറയണം?”

“അങ്ങനെയാണെങ്കിൽ നിനക്കു് വിസമ്മതം എന്തിനാ? അവനു വിശേഷിച്ചു തകരാരൊന്നുമില്ല. അതു് നീയും സമ്മതിച്ചു. പിന്നെ കാര്യം വല്ലതും നടക്കണമെങ്കിൽ നിനക്കവൻ വേണം. ഇല്ലാതെ പറ്റില്ല. അതു് വേറൊരു പരമാർത്ഥം. അവനാണെങ്കിൽ കല്യാണം കഴിക്കാൻ തയ്യാറാണെന്നു പറയുകയും. പിന്നെ നിനക്കെന്തുകൊണ്ടു് സമ്മതിച്ചു കൂടാ?”

അവളൊന്നും സമാധാനം പറഞ്ഞില്ല. പേപ്പർ നടത്താൻ വേണ്ടിയല്ലേ കല്യാണം കഴിയ്ക്കുന്നതു്?

“ചാരു നിനക്കു് പറഞ്ഞാൽ മനസ്സിലാവാത്തതെന്താ?”

“മനസ്സിലാവായ്ക അല്ല അച്ഛാ! എനിക്കു് രാമൻകുട്ടിയെ കല്യാണം കഴിക്കാൻ വയ്യ.”

അദ്ദേഹം കുറെ നേരം പിന്നെയും മിണ്ടാതെ കണ്ണടച്ചു കിടന്നു. ശാരദ ശ്വാസം അടക്കിയിരുന്നു.

ഒടുവിലദ്ദേഹം കണ്ണുതുറന്നു. “നീ വേറെ ആരെയെങ്കിലും കല്ല്യാണം കഴിയ്ക്കണമെന്നു് മനസ്സിൽ നിശ്ചയിച്ചിട്ടുണ്ടോ ചാരൂ?”

“ഇല്ല.” ആവൂ ആ ചോദ്യത്തിനു് ഇല്ലെന്നു് ധൈര്യമായി സമാധാനം പറയാം.

“നിനക്കു് ആരോടെങ്കിലും ഇഷ്ടമുണ്ടോ?”

അവളൊന്നും മറുപടി പറഞ്ഞില്ല.

“നിനക്കാരോടെങ്കിലും സ്നേഹം തോന്നിയിട്ടുണ്ടോ, രാമൻകുട്ടിയെ വേണ്ടെന്നു് ഇത്രയും തീർത്തുപറയാൻ?”

“എനിക്കു കല്യാണം വേണ്ടെന്നാണു് ഞാൻ പറഞ്ഞതു്.”

“എന്നു് നീ പറഞ്ഞില്ല ആദ്യം അല്ലെങ്കിലും അങ്ങനെ ഒരു കാരണം പറയുന്നതു് അസംബന്ധമാണു്. കുട്ടിത്തമാണു്. കാര്യത്തിന്റെ ഗൗരവം മുഴുവൻ മനസ്സിലായതിനുശേഷം അത്യാവശ്യമായ ഒരു ബന്ധം വേണ്ടെന്നു വയ്ക്കാൻ ഇങ്ങനെ ഒരു മുടന്തൻ ന്യായം സ്വന്തം അച്ഛന്റെ അടുത്തു് വിഡ്ഢികൾ മാത്രമേ പറയുള്ളു.”

അവളൊന്നും പറഞ്ഞില്ല.

“അങ്ങനെ മിണ്ടാതിരുന്നാൽ പറ്റുമോ? കളിക്കാനുള്ള കാര്യമല്ല ഇതു്.” എന്നിട്ടും അവൾ മിണ്ടിയില്ല.

“ഒരു സമാധാനവും പറയാനില്ലേ? ഒന്നുകൂടി ഞാൻ അതു തന്നെ ചോദിയ്ക്കാം. നിനക്കു് വേറെ വല്ലവരോടും സ്നേഹമുണ്ടോ?”

“ഉണ്ടു്” ദൃഢമായിരുന്നു അവളുടെ സ്വരം. സഹികെട്ടുപോയി. പറയിപ്പിച്ചേ അടങ്ങുകയുള്ളു എങ്കിൽ കേൾക്കട്ടെ. ആ ദ്രോഹി പറഞ്ഞു കൊടുത്തിട്ടുണ്ടു്. എന്തെല്ലാം പറഞ്ഞു എന്നേ അറിയാനുള്ളൂ.

“ആരാണു് ആള്?”

“അതു പറയേണ്ട കാര്യമില്ല. ഞാൻ ആ ആളെ കല്യാണം കഴിയ്ക്കാൻ പോകുന്നില്ല. അതറിഞ്ഞാൽ പോരേ?”

“അറിഞ്ഞിട്ടു കാര്യമുണ്ടോ ഇല്ലയോ എന്നു നിശ്ചയിക്കേണ്ടതു ഞാനല്ലേ? ആളാരാണെന്നു പറയൂ.”

“അതു ഞാൻ പറയില്ല.”

“നിനക്കു് ആളുടെ പേർ പറഞ്ഞാലെന്താ?”

“എന്നെക്കൊണ്ടു് പറയിക്കരുതു് അച്ഛൻ.”

“ഏ, നീ… ആ ചെക്കൻ പറഞ്ഞതു വാസ്തവമാണോ? ഞാനവനെ തല്ലാൻ ചെന്നു. ചാരൂ… നീ…”

“അച്ഛാ!”

“വാസ്തവമാണോ? ആ ദ്രോഹിയുടെ മകനാണോ നിന്റെ—”

“അച്ഛാ!”

“അപ്പോൾ അതുതന്നെയാണു് അല്ലേ? നിന്നെക്കൊണ്ടതു ചെയ്യാൻ സാധിച്ചു, എന്നെ നശിപ്പിച്ചവന്റെ മകനെ—”

“അതിനു് ഞാൻ അദ്ദേഹത്തിനെ കല്യാണം കഴിക്കുന്നില്ലെന്നു പറഞ്ഞില്ലേ?”

“നീ പറഞ്ഞു.”

“അതു തന്നെ. ഞാൻ പറഞ്ഞു. പക്ഷേ, അതൊന്നും പോരാ നിങ്ങൾക്കു്. എന്റെ സകലതും ഞാൻ നശിപ്പിച്ചു. രണ്ടാളുടെ ജീവിതം അറിഞ്ഞുകൊണ്ടു് തുലച്ചു. എന്നിട്ടും മതിയായില്ല. ഓ, ദേവി! അവരെയെല്ലാം കരുതി എന്റെ സ്നേഹം ഞാൻ കുഴിച്ചുമൂടി. എന്നിട്ടു് എല്ലാവരേയും എന്തിനു പറയുന്നു? ഒരൊറ്റയാൾക്കു വേണ്ടി. ഒരാളുടെ ദുരഭിമാനം അച്ഛന്റെ—”

“നീ…നീ…”

“എന്നെക്കൊണ്ടു പറയിപ്പിച്ചതാണു്.”

“എന്റെ ദുരഭിമാനത്തിനു് വേണ്ടി—”

“അച്ഛാ!”

“പോ! എന്റെ മുമ്പിൽ നിന്നു് പോ!”

അദ്ദേഹം ചുമരിനു നേരെ തിരിഞ്ഞു കിടന്നു.

അവളാ നിൽപ്പു് നിന്നു കുറെ നേരം. എന്നിട്ടു് ശബ്ദമൊന്നും ഉണ്ടാക്കാതെ ഇറങ്ങിപ്പോയി.

പതിനൊന്നു മണിയോടുകൂടി ശാരദ കിടക്കുന്നയിടത്തു വന്നു് അമ്മ കുലുക്കി വിളിച്ചു. അവൾ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

അച്ഛനു കൂടുതലാണു്. സഹിയ്ക്ക വയ്യാത്ത നെഞ്ചുവേദന.

അവൾ നേരെ വടക്കേ മുറിയിലേയ്ക്കോടി.

കണ്ണടച്ചു കിടക്കുകയാണു്. ഒരു നേരിയ ഞെരക്കം മാത്രമുണ്ടു് ഇടയ്ക്കു് അമ്മ രാമൻകുട്ടിയേയും എഴുന്നേൽപ്പിച്ചുകൊണ്ടുവന്നു. ഉടനെ തന്നെ ഡോക്ടറെ വിളിക്കാൻ അയാളെ പറഞ്ഞയച്ചു.

അപ്പോഴേയ്ക്കും പാറൂട്ടിയും എഴുന്നേറ്റുവന്നു. പിന്നാലെ കുട്ടികൾ എല്ലാവരും എത്തി. ഗോപാലൻകുട്ടിവരെ ഉണർന്നു.

കുട്ടികൾ ഉറക്കപ്പിച്ചിൽ പകച്ചു നോക്കി നിന്നു. ആരും ഒന്നും മിണ്ടിയില്ല.

അമ്മയും പാറൂട്ടിയും കൂടി കാലു തിരുമ്മാൻ തുടങ്ങി. പത്മിനി കുറച്ചു നേരം വെറുതെ നിന്നു. പിന്നെ ഒരു വിശറി കൈയിലെടുത്തു. കട്ടിലിനടുത്തേയ്ക്കു നീങ്ങി വീശാൻ തുടങ്ങി. ആരും പറഞ്ഞിട്ടല്ല.

ശാരദമാത്രം യാതൊരനക്കവുമില്ലാതെ കട്ടിലിനടുത്തു നിന്നു, കിടക്കുന്ന ആളുടെ മുഖത്തു നിന്നു കണ്ണു പറിക്കാതെ. അവളുടെ ചുണ്ടു കൂടി ചാരമനിറമായിരുന്നു.

ഒരിയ്ക്കൽ മാത്രം രോഗി കണ്ണുതുറന്നു. ഒരു നിമിഷം നോട്ടം ശാരദയുടെ മുഖത്തു് തറച്ചു നിന്നു. ഉടനെ തന്നെ അടയുകയും ചെയ്തു. ആ കണ്ണു് പിന്നെ തുറന്നില്ല.

ഡോക്ടർ എത്തുന്നതിനുമുമ്പു് എല്ലാം അവസാനിച്ചു.

അലയും വിളിയും ആയി. മൂത്ത മകളുടെ മാത്രം കണ്ണു നനഞ്ഞില്ല. മരിക്കാൻ കിടക്കുമ്പോൾ ദേഹത്തൊന്നും തൊടാൻ ധൈര്യം വന്നില്ല. ഇപ്പോൾ നിറയാൻ കണ്ണുകൾ കൂട്ടാക്കിയില്ല.

13

ഏഴെട്ടുമാസം കഴിഞ്ഞു് ഒരു ഞായറാഴ്ച നേരം ഇരുട്ടിതുടങ്ങിയപ്പോൾ ചടച്ചു് പൊക്കത്തിൽ ഒരു ചെറുപ്പക്കാരൻ ഇടവഴികടന്നു് വയസ്സൻ പ്ലാവിന്റെ അടുത്തുകൂടി തിരിഞ്ഞുവന്നു. ആ പഴയ പാട്ട ഗെയ്റ്റിനടുത്തെത്തിയപ്പോൾ അയാൾ നിന്നു.

ഭസ്മവും കുറിയുമൊക്കെയായി അമ്പലത്തിലേയ്ക്കു് പുറപ്പെട്ട ഒരു വൃദ്ധൻ എതിരേ വന്നു. വേറെ ആളധികമില്ലായിരുന്നു വഴിയിൽ.

യുവാവു് അടച്ചിട്ട പടി കുറേ നേരം നോക്കിനിന്നിട്ടു് പതുക്കെ റോഡിന്റെ എതിർ വശത്തേയ്ക്കു് കടന്നു. പടി കഴിഞ്ഞു് അഞ്ചാറടികൂടി അയാൾ നടന്നു. പിന്നെ എന്തോ ആലോചനയിൽ മുഴുകിയതുപോലെ നിൽപ്പായി. വയസ്സൻ ചെറുപ്പക്കാരനെ ശ്രദ്ധിച്ചുനിന്നു കുറച്ചുനേരം.

“എന്താ വീടറിയാഞ്ഞിട്ടാണോ?” ഒടുക്കം അയാൾ അടുത്തേക്കു ചെന്നു.

“ഏ, അല്ല.” ചെറുപ്പക്കാരൻ ചിന്തയിൽ നിന്നുണർന്നു.

“സംശയിച്ചു നിക്കണ കണ്ടു് ചോദിക്ക്യേ.”

“വീടറിയാഞ്ഞിട്ടല്ല. നടക്കാനിറങ്ങിയതാണു്. ഇവിടെയെത്തിയപ്പോൾ പരിചയമുള്ള സ്ഥലമായതുകൊണ്ടു് നിന്നുപോയി. അത്രേയുള്ളൂ.”

“ഈ വീട്ടില് പരിചയക്കാരുണ്ടായിരിക്കും അല്ലേ?” വൃദ്ധൻ വിടുന്നഭാവമില്ല.

“ആ, ഒരാളെ അറിയും”

“ആരായിട്ടാ പരിചയം? ചേട്ടനും അനിയനും ഉണ്ടല്ലോ ഇവിടെ.” സംസാരിക്കാൻ ആളെക്കിട്ടിയതുകൊണ്ടു് വയസ്സനു് ഉത്സാഹമായി.

“ചേട്ടനേയും അനിയനേയും ഒന്നുമല്ല. ഇവിടത്തെ വക്കീലിനെയാണു് എനിയ്ക്കു പരിചയം.”

“വക്കീലോ? അങ്ങനെയൊരാളില്ലല്ലോ അവിടെ.”

“ഇല്ലാന്നു പറഞ്ഞാൽ എങ്ങനെയാണു്? ഒരു സ്ത്രീ—”

“സ്ത്രീകളേ ഇല്ല്യ അവിടെ അവരു് രണ്ടുപേരും കല്യാണം കഴിച്ചിട്ടില്ല.”

“ആ പാട്ട ഗെയ്റ്റുള്ള വീട്ടിലെ കാര്യമാണു് ഞാൻ പറയുന്നതു് ശാരദാമ്മ—”

“ആഹാ, അങ്ങനെ വരട്ടെ. ശാരദക്കുട്ടിയോ? ശരിയാണു്. ആ കുട്ടി വക്കീലുപണിയ്ക്കു് പഠിച്ചതു തന്നെയായിരുന്നു. ഇവിടെ ഇപ്പോ താമസിയ്ക്കണവരെയാണു് നിങ്ങൾക്കു പരിചയം എന്നു വെച്ചാണു് ഞാൻ പറഞ്ഞതു്.”

“ഇപ്പോൾ താമസിയ്ക്കുന്നവരോ? അവരല്ലേ ഇവിടെ താമസിയ്ക്കുന്നതു്? ശാരദാമ്മ പിന്നെ എവിടെ പോയി? വീടു മാറിയോ?”

“വീടു് മാറുക? ഈ നാട്ടുകാരനല്ലേ നിങ്ങള്?”

“നാട്ടുകാരൻ തന്നെ, പക്ഷേ, ഇവിടെ ഇല്ലായിരുന്നു കുറച്ചു കാലമായിട്ടു ശാരദാമ്മ—”

“ദൂരെ എവിടെന്നെങ്കിലും വരികയായിരിയ്ക്കും അല്ലേ?”

“അതെ, ഇന്നെത്തിയതേയുള്ളു. ശാരദാമ്മയുടെ കാര്യം—”

“നല്ലൊരു സമ്പ്രദായള്ള കുട്ടിയായിരുന്നു. പഠിച്ച പെൺകുട്ട്യോളുടെ ഭാവോം തണ്ടും ഒന്നും ഇല്യായിരുന്നു.”

“അവരിപ്പോൾ എവിടെയാണെന്നു പറയൂ.” യുവാവിന്റെ ക്ഷമ അറ്റു തുടങ്ങി.

“ഗോവയിലോ മറ്റോ ജയിലിലാണെന്നാണു് കേട്ടതു്.

“ജയിലിലോ?” ചെറുപ്പക്കാരൻ ഞെട്ടി.

“അതെ തങ്കം പോലത്തെ കുട്ടിയായിരുന്നു. അങ്ങേരങ്ങോട്ടു മരിച്ചപ്പോ.”

“ആരു മരിച്ചു?”

“കൃഷ്ണൻകുട്ടിമേന്നേയ്. ആ കുട്ട്യോൾടെ അച്ഛൻ.”

“മരിച്ചോ?”

“ഉവ്വു്. കൊല്ലം ഒന്നാവാറായി. അങ്ങോരുടെ കാലം കഴിഞ്ഞപ്പോ തൊട്ടു് ഈ കുട്ടി ഒരു പന്തില്ലാണ്ടെ ആയി. എന്താന്നു് ചോദിച്ചാ എനിയ്ക്കു പറയാൻ അറിഞ്ഞു കൂടാ. ആകപ്പാടെ ഒരു വല്ലായ. അങ്ങനെ ഇരിയ്ക്കുമ്പോഴാണു് ഗോവയിലോ പോർത്തുഗീസിലോ എങ്ങാണ്ടു സത്യാഗ്രഹത്തിനാന്നും പറഞ്ഞു് കൊറെ ആളുകള് വണ്ടീം കയറിപ്പോയതു്. ഈ കുട്ടി അവരുടെ കൂടെയങ്ങ് പോയി. പോയികഴിഞ്ഞിട്ടാ തള്ളേ ഒക്കെ അറിഞ്ഞതു്. ചത്ത വീട്ടിൽ പോലെ നെലവിളി തന്നെയായിരുന്നു ഇവിടെ. കാശു വല്ലതും ഉണ്ടാക്കിക്കൊണ്ടരാൻ ആ കുട്ടിയേ ഉണ്ടായിരുന്നുള്ളൂന്നേ. അതിന്നും വന്നു് വന്നു് കേസ്സൊന്നും ഇല്ലാത്ത മട്ടായിരുന്നു. എന്നാലും വല്ലതും കിട്ടില്ലേ? അതും പോയപ്പം ചിലവിനു മുട്ടി. മേനോൻ മരുമകനാച്ചിട്ടു് ഒരുത്തനുണ്ടായിരുന്നു. ആ ശാരദക്കുട്ടി പോയെപ്പിന്നെ അയാള് തിരിഞ്ഞു നോക്കിയിട്ടില്ല. വിറ്റും തിന്നും ഒക്കെ കുറച്ചുകാലംകൂടി അവരവിടെ ഉണ്ടായിരുന്നു. കടക്കാരെക്കൊണ്ടു് പൊറുതി മുട്ടിയിട്ടാ പോയതു്. പിന്നത്തെ വിവരമൊന്നും അറിഞ്ഞും കൂടാ.”

വൃദ്ധൻ പറഞ്ഞുനിർത്തി. മറുപടിയൊന്നും കിട്ടാഞ്ഞപ്പോഴാണു് അയാൾ കൂടെയുള്ള ആളുടെ മുഖം സൂക്ഷിച്ചതു്.

“എന്താഹേ, നിങ്ങൾക്കെന്തു പറ്റി?”

“ഒന്നുമില്ല, ഞാൻ നടക്കട്ടെ.”

“അല്ല. നിൽക്കൂ. നിങ്ങളെ കണ്ടിട്ടു് അവരു് നിങ്ങളെ വല്ലവരും ആയിരുന്നോ?”

“എന്താ? ആ, ആയിരുന്നു. ഞാൻ പോകട്ടെ.”

ടി. എ. രാജലക്ഷ്മി
images/Rajalakshmi.jpg

ജനനം: ജൂൺ 2, 1930

മരണം: ജനുവരി 18, 1965

പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.

ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.

ജീവിതരേഖ

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.

1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ.

പൈതൃകവും ബഹുമതികളും

മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.

കൃതികൾ
നോവലുകൾ
  • ഒരു വഴിയും കുറേ നിഴലുകളും
  • ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
  • ഞാനെന്ന ഭാവം
കഥകൾ
  • രാജലക്ഷ്മിയുടെ കഥകൾ
  • സുന്ദരിയും കൂട്ടുകാരും
  • മകൾ
  • ആത്മഹത്യ
കവിതകൾ

കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.

Colophon

Title: Makal (ml: മകൾ).

Author(s): T. A. Rajalakshmi.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Story, T. A. Rajalakshmi, Makal, ടി. എ. രാജലക്ഷ്മി, മകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 13, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Two Girls, a painting by Amedeo Modigliani (1884–1920). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.