“So the most disgusting of pronouns is-”
അവൾ നിർത്തി.
“she”
പുറകിലെ ബഞ്ചിൽ നിന്നാണു്.
ക്ലാസ്സ് നിശ്ശബ്ദമായി.
ആ ചെറുപ്പക്കാരിയായ അദ്ധ്യാപിക വിളർത്തു.
ഭാഷയിലെ ഏറ്റവും വെറുക്കപ്പെട്ട സർവ്വനാമ ശബ്ദമാണു്
“അവൾ!”
ഇരുപതു കുട്ടികൾ മാത്രമുള്ള ക്ലാസ്സ്. ആകെ ഒരു പെൺകുട്ടിയേ ഉള്ളൂ. അതു് അന്നു വന്നിട്ടുമില്ല.
ആ ചെറിയ മുറിയിൽ പത്തൊമ്പതു് ആൺകുട്ടികളെ കൂടാതെ സ്ത്രീയായി ആകെ ഉള്ളതു് ചെറുപ്പക്കാരിയായ ആ അദ്ധ്യാപിക മാത്രമാണു്.
ഏറ്റവും കുത്സിതമായ ശബ്ദം—‘അവൾ’
അതു പറഞ്ഞ ഒച്ച സുപരിചിതമാണു്.
അയാളെ എഴുന്നേൽപ്പിച്ചുനിർത്തി ശാസിക്കുകയാണു് വേണ്ടതെന്നു് അവൾക്കു് അറിയായ്കയല്ല.
ആ കുട്ടികളുടെ മുമ്പിൽ കടലാസ്സുപോലെ വെളുത്ത മുഖവുമായി അവൾ ഒരു നിമിഷം നിന്നു. എന്നിട്ടു്, മേശപ്പുറത്തു കിടന്ന പുസ്തകം എടുക്കുക കൂടി ചെയ്യാതെ ക്ലാസ്സിൽനിന്നു പുറത്തേക്കു കടന്നു.
പീരിയേഡിന്റെ നടുക്കു് അവൾ മുറിയിലേക്കു തിരിച്ചുകയറി ചെന്നപ്പോൾ അവിടെ മറ്റദ്ധ്യാപകർ എല്ലാം ഉണ്ടു്.
“ആ, തോന്നുമ്പോത്തോന്നുമ്പോ ക്ലാസ്സും വിട്ടോണ്ടു് വരിക. അല്ലേ? കൊള്ളാം. പണികൊള്ളാം. പ്രിൻസിപ്പല് കാണാത്തതു ഭാഗ്യം.” കർത്താവു മാസ്റ്റർ പകുതി കളിയും പകുതി കാര്യവുമായി പറഞ്ഞു.
അവൾക്കു സഹിക്കാൻ വയ്യാതായി. മേശമേൽ തലവെച്ചു് അവൾ തേങ്ങാൻ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അടക്കാൻ കഴിയാത്ത തേങ്ങലുകൾ.
“അയ്യോ എന്തുപറ്റി ടീച്ചർ?”
എല്ലാവരും എണീറ്റു.
“കർത്താവു മാഷ് എന്താണു അതിനോടു പറഞ്ഞതു്?” ഓരോരുത്തരുടെ chivalry ഉണരുകയാണു്.
ഇതു മഹാകുറച്ചിലാണു്. ഈ പുരുഷന്റെ മുമ്പിൽ വെച്ചു് ഇങ്ങനെ കരയുന്നതു് നാണക്കേടാണു്. നല്ലവരാണെങ്കിലും അവർ അന്യരാണു്.
ഇതൊക്കെ ആലോചിച്ചെങ്കിലും അവൾക്കു് തേങ്ങൽ അടക്കാൻ കഴിഞ്ഞില്ല.
ആരോ ഒരാൾ അടുത്ത ഡിപ്പാർട്ടുമെന്റിൽ പോയി അവിടെയുള്ള ഒരു ടീച്ചറെ വിളിച്ചുകൊണ്ടുവന്നു.
പുരുഷൻമാർ എല്ലാവരും ഇറങ്ങിപ്പോയി.
മൂന്നുകുട്ടികളുടെ അമ്മയായ ആ നല്ല സ്ത്രീ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. അവർ ഒരു കസേര വലിച്ചിട്ടു് അവളുടെ തല പതുക്കെ തടവിക്കൊണ്ടു് അടുത്തിരുന്നു.
പതുക്കെപ്പതുക്കെ തേങ്ങൽ നിന്നു. അവർ ഒരു ഗ്ലാസ്സിൽ വെള്ളവുമായി വന്നു. “മുഖം കഴുകൂ.”
അവൾ ജനാലയ്ക്കൽ ചെന്നിരുന്നു മുഖം കഴുകി. ടീച്ചറിന്റെ ലോലമായ കർച്ചീഫിൽ തുടച്ചെന്നു വരുത്തി.
“ഞാനങ്ങു പൊയ്ക്കോട്ടെ ടീച്ചർ? എനിക്കിന്നു് ഇനി ക്ലാസ്സിൽ പോകാൻ വയ്യ.”
“രമ പൊയ്ക്കോളു. ഞാൻ പറഞ്ഞോളാം. ചെന്നുകിടന്നൊന്നു് ഉറങ്ങു. നാളെ വന്നാൽ മതി. class ഒക്കെ ഞാൻ adjust ചെയ്യിച്ചോളാം.”
പടിവരെ അവർ കൂടെ വന്നു.
കുടകൊണ്ടു് മുഖം മറച്ചു് അവൾ ഇറങ്ങിപ്പോകുന്നതു വരാന്തയിലും മുറ്റത്തും ഉള്ളവർ ശ്രദ്ധിച്ചു.
എന്താണു് സംഭവിച്ചതു്?
കോളേജ് മുഴുവൻ ബഹളമായി. കർത്താവു മാസ്റ്റർ തന്നെ ക്ലാസ്സിലെ കുട്ടികളിൽ ഒരാളെ വിളിച്ചു ചോദിച്ചു് കാര്യം മനസ്സിലാക്കി.
വർത്തമാനം കാട്ടുതീ പോലെ പടർന്നു. ആ കോളേജിന്റെ ചരിത്രത്തിൽ ഇതൊരു സംഭവമാണു്.
ഒരു ടീച്ചർ ക്ലാസ്സിൽ നിന്നു് ഇറങ്ങിവന്നു കരയുക.
അതും, ആ പാവം രമടീച്ചർ.
അവർ പഠിപ്പിക്കുന്നതിനെപ്പറ്റി ആണെങ്കിൽ ഇതുവരെ അങ്ങനെ പരാതിയൊന്നും കേട്ടിട്ടില്ല.
പറഞ്ഞു പറഞ്ഞു സംഭവത്തിനു നാടകീയത വർദ്ധിച്ചുവന്നു.
ടീച്ചർ ക്ലാസ്സിൽ നിന്നേ കരഞ്ഞുകൊണ്ടാണു് ഇറങ്ങി വന്നതു്.
ഒരു കുട്ടി ക്ലാസ്സിൽ എഴുന്നേറ്റുനിന്നു് സഭ്യമല്ലാത്ത എന്തോ പറഞ്ഞു. അവർ കരഞ്ഞുകൊണ്ടു് ഇറങ്ങിപ്പോന്നു.
ആർക്കും ഒരു ഉപദ്രവത്തിനും ചെല്ലാത്ത ആ പാവം രമടീച്ചർ. അതും പറഞ്ഞതോ, പോൾവർഗ്ഗീസ്. കോളേജ് യൂണിയൻ പ്രസിഡന്റ്. പോൾ വർഗ്ഗീസിനെപ്പറ്റി അതുവരെ കേട്ടിട്ടില്ലാത്ത പരാതികൾ ഓരോന്നായി പുറത്തു വന്നു.
ആൾ സ്വൽപ്പം പിഴയാണു്. പ്രസിഡന്റ് ഒക്കെ ആയതിനു ശേഷം ഈയിടെ അഹങ്കാരവും കുറെ കൂടുതലാണു്.
അയാൾ എപ്പോഴും പെൺകുട്ടികളുടെ വെയിറ്റിങ് റൂമിന്റെ പരിസരങ്ങളിൽ ഉണ്ടു്. ആരോ ഒരാൾ കണ്ടുപിടിച്ചു.
അയാൾ മദ്യശാലയിലേക്കു് പുറകിലത്തെ വാതിലിൽക്കൂടി കടന്നുപോകുന്നതു കണ്ടവരുണ്ടു്.
ഇരുപത്തിനാലു മണിക്കൂർകൊണ്ടു് പോൾവർഗ്ഗീസ് ഒരു തെമ്മാടിയായി. ക്ലാസ്സിൽവെച്ചു് എന്താണുണ്ടായതു് ശരിക്കു്? ഇത്രയുമേ നടന്നുള്ളോ? മറ്റു പിള്ളരു് ഇവനെ രക്ഷിക്കാൻ കളവു പറയുന്നതാണോ? ഇത്രയുമേ സംഭവിച്ചുള്ളു എങ്കിൽ ആ ടീച്ചർക്കു് ഇത്രക്കു് ഉള്ളിൽ തട്ടാൻ—ചുമ്മാ ആരെങ്കിലും ഡിപ്പാർട്ടുമെന്റിൽ വന്നിരുന്നു കരയുമോ?
എന്താണു സംഭവിച്ചതു് ഇത്രക്കു് ഉള്ളിൽ തട്ടാൻ. അതാണു് രമയും ആലോചിച്ചിരുന്നതു്.
താൻ അവിടെ ഇരുന്നു് അങ്ങനെ കരഞ്ഞുപോകാൻ കാരണം എന്താണു് ആ കുട്ടി പറഞ്ഞതിനാണോ? അത്രയ്ക്കു കൊള്ളരുതാത്തവൾ ആണോ ഒരു കുട്ടിയെ നിലയ്ക്കു നിർത്താൻ കൊള്ളില്ല എങ്കിൽ—കർത്താവു മാസ്റ്റർ കളിയാക്കിയതിനു്? ഛേ— അങ്ങനെ തൊട്ടാവാടിയൊന്നുമല്ല.
പോൾവർഗ്ഗീസിനെ തനിക്കു് കുറച്ചു കാര്യമായിരുന്നു. ശരിയാണു്. ചൊടിയും ചുണയും ഉള്ള ഒരു മിടുക്കൻ കുട്ടി. അയാളുടെ ശബ്ദത്തിൽ അങ്ങനെ കേട്ടപ്പോൾ—എന്നാലും ഇത്രയ്ക്കു്…
തനിക്കു നഷ്ടപ്പെട്ടു പോയതിനെ, തിരിച്ചിനി കിട്ടാത്തവിധം കൈവിട്ടു പോയതിനെ, പെട്ടെന്നങ്ങു സ്മരിച്ചുപോയി എന്നോ. താൻ ജീവിതം എന്നു വിളിക്കുന്ന ഇതിന്റെ പൊള്ളത്തരം ഒരു നിർദ്ദയമായ വെളിച്ചത്തിന്റെ പ്രഭയിൽ ആവരണമൊക്കെ നീങ്ങി ആ ഒരു നിമിഷത്തിൽ വ്യക്തമായി കണ്ടു എന്നോ?
ഇന്നലെകളുടെ വേദന, ഇന്നിന്റെ വ്യർത്ഥത, നാളെകളുടെ അർത്ഥശൂന്യത, ഇതെല്ലാം ആ ഒരു ഞൊടി നേരത്തേക്കു് മറയില്ലാതെ കണ്ടു എന്നോ?
അതാണോ കരഞ്ഞുപോയതു്?
പിറ്റേദിവസം തല ഉയർത്താതെ അവൾ ഡിപ്പാർട്ടുമെന്റിൽ ചെന്നു കയറി. എല്ലാവർക്കും വളരെ കാര്യം. ഫൈനൽ മെയിന്റെ ആ ക്ലാസ്സ് മേലിൽ എടുക്കേണ്ട എന്നു പ്രൊഫസർ വന്നുപറഞ്ഞു.
ഇനി ആ ക്ലാസ്സിൽ പോകണ്ടേ?
സന്തോഷിക്കുകയാണു വേണ്ടതു്. താൻ അധിക്ഷിപ്തയായതു് അവിടെ വെച്ചാണു്. അവിടെ ഇനി ചെല്ലണ്ട. അവരെ ഇനി കാണണ്ട എന്നു വന്നാൽ അതിൽ സന്തോഷിക്കുകയാണു വേണ്ടതു്.
പോൾവർഗ്ഗീസ്
ഇത്രയ്ക്കു പ്രമാദമായ കേസ്സാവുമെന്നു് ആ കുട്ടി വിചാരിച്ചു കാണില്ല.
എന്തായിരിക്കും ഇപ്പോൾ അയാളുടെ മനസ്സിൽ തന്നെപ്പറ്റി വിചാരം?
അവരുകേറി നിലവിളിക്കാൻ പോയതുകൊണ്ടല്ലേ ഈ കുഴപ്പമൊക്കെ എന്നായിരിക്കുമോ?
എന്തിനാണു് ആ കുട്ടി അതു പറഞ്ഞതു്? മനഃപൂർവ്വം തന്നെ ആക്ഷേപിക്കാൻ വേണ്ടിയാണോ?
Strachey-യുടെ ഉപന്യാസത്തിൽ ഏറ്റവും കുത്സിതമായ സർവ്വനാമ ശബ്ദം എന്നു് ഉപയോഗിച്ചിരിക്കുന്നതു് ഉത്തമപുരുഷൻ ഏകവചനത്തിനു പകരമാണു്.
താൻ അതു പഠിപ്പിച്ചു കൊണ്ടിരിക്കുകയും ആയിരുന്നു.
“ഞാൻ” എന്ന പദത്തിനോടുള്ള സ്നേഹം
ഏറ്റവും മനം മടുപ്പിക്കുന്ന സർവ്വനാമ ശബ്ദം
ഒരു വലിയ “ഞാൻ” മുമ്പിലുണ്ടായതല്ലേ തന്റെ കുഴപ്പം.
‘ഞാനെന്നഭാവമിഹ, തോന്നായ്കവേണം-’
സായിപ്പിന്റെ ആ ആശയത്തിനു് ഹിന്ദുവേദാന്തത്തിനോടു് അടുപ്പമുണ്ടു് എന്നൊക്കെ ആലോചിച്ചാണു് ക്ലാസ്സിൽ പോയതു്.
എന്നിട്ടു് അവിടെച്ചെന്നു് മുഖവുരയും ഒക്കെക്കഴിഞ്ഞു് കാര്യമായി തുടങ്ങിയപ്പോൾ—
പോൾവർഗ്ഗീസ്
ചടച്ചു് കൊലുന്നനെ സുമുഖനായ ആ കുട്ടി, തന്നെ ആക്ഷേപിച്ചിട്ടു് അയാൾക്കെന്തു കിട്ടാൻ?…
കേസ്സ് വലുതായി വരികയാണു്.
പ്രിൻസിപ്പലിന്റെ അടുത്തെത്തി എന്നു കേട്ടു.
അങ്ങോരിതു വളരെ ഗൗരവമായിട്ടാണു പോലും എടുത്തിരിക്കുന്നതു്.
രക്ഷാകർത്താവിനെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞയച്ചിരിക്കുകയാണു്.
ഓ, തീർന്നല്ലോ. രമ സമാധാനിച്ചു. രക്ഷാകർത്താവു വരും. വല്ലതും കുറച്ചു് വർത്തമാനം പറഞ്ഞുപോകും. കേസ്സും തീരും സമാധാനം. എങ്ങനെയെങ്കിലും ഇതൊന്നു തീർന്നിരുന്നെങ്കിൽ…
പക്ഷേ, വിചാരിച്ചതുപോലെ തീർന്നില്ല. പോൾ രക്ഷാകർത്താവിനെ കൊണ്ടുവന്നില്ല.
പ്രിൻസിപ്പലിനു് ശുണ്ഠി കൂടി വരികയാണു്. ഇപ്പോൾ ഒരു ക്ലാസ്സിലും കേറ്റുന്നില്ല.
പഠിക്കാൻ മിടുക്കനായ കുട്ടി താൻ കാരണം ഒരു ക്ലാസ്സിലും കേറാതെ…
അതിനങ്ങു് അച്ഛനെ വിളിച്ചു കൊണ്ടുവന്നുകൂടേ?
അവൾ കേൾക്കേ കേസിന്റെ കാര്യം ഡിപ്പാർട്ടുമെന്റിൽ ആരും പറയാറില്ല.
ആ സ്ത്രീ മോങ്ങും എന്നായിരിക്കും അവരുടെയൊക്കെ മനസ്സിൽ ഇപ്പോൾ—ഛേ.
പക്ഷേ, മറ്റു ഡിപ്പാർട്ടുമെന്റുകളിലെല്ലാം ഇതാണു് സംസാരവിഷയം. അവിടെയൊക്കെ സ്ത്രീകളുമുണ്ടു്. അവർ കേൾക്കേ സംസാരിച്ചുകൂടെന്നു് ആർക്കും നിർബ്ബന്ധവുമില്ല.
അങ്ങനെ ന്യൂസുകൾ എല്ലാം ചൂടോടെ രമയ്ക്കും കിട്ടിക്കൊണ്ടിരുന്നു.
അച്ഛനെ വിളിച്ചു കൊണ്ടുവരാത്തതു് പോളിന്റെ കുറ്റം മാത്രമല്ല. അയാളുടെ അച്ഛനും അമ്മയും തമ്മിൽ അത്ര രസമല്ലത്രേ. അച്ഛനാണു് പഠിപ്പിക്കുന്നതു്. പണം കൊടുക്കുന്നു എന്നല്ലാതെ വേറെ ഒന്നും അങ്ങോർ അന്വേഷിക്കാറില്ലത്രേ. ഇയാളുടെ കേസു തീർക്കാനൊന്നും അങ്ങോർ വരിക ഉണ്ടാവില്ല. കേസും വഴക്കും ഒക്കെ ആണെന്നറിഞ്ഞാൽ ഉടനെ പഠിപ്പുനിർത്തിക്കൊള്ളാൻ പറയും. അത്രയേ ഉള്ളൂ.
അച്ഛനല്ലാതെ വേറെ അടുത്ത ബന്ധുക്കൾ ആരുമില്ല അയാൾക്കു്. അങ്ങനെ, അയാൾ രക്ഷാകർത്താവിനെ കൊണ്ടുവന്നില്ല.
പ്രിൻസിപ്പലിനു് വൈരാഗ്യം കൂടിക്കൂടി വരികയും.
രണ്ടോ മൂന്നോ രൂപ കൊടുത്താൽ ഇഷ്ടം പോലെ രക്ഷാകർത്താക്കളെ കിട്ടുന്ന നാടാണെന്നു കേട്ടിട്ടുണ്ടു്. അങ്ങനെയാണു പോലും അവിടെ സാധാരണ കുട്ടികളുടെ പതിവു്. ഇയാൾക്കും അങ്ങനെ വല്ലതും ചെയ്തുകൂടെ? അമ്മാവൻമാർ ആർക്കും ഉണ്ടാകാമല്ലോ.
അയാൾ അതൊന്നും ചെയ്തില്ല. യൂണിയന്റെ പ്രസിഡന്റ് ഒരാഴ്ചയിലധികമായി ക്ലാസ്സിൽനിന്നു് പുറത്താണു്.
ആ കൊല്ലം ഫൈനലിയർ പരീക്ഷയാണു് ആ കുട്ടിക്കു്.
താൻ കാരണം ഒരു കുട്ടിക്കു്…
ചക്രം ഉരുട്ടി വിടാൻ മാത്രമേ തന്നെക്കൊണ്ടു കഴിഞ്ഞുള്ളു. ഇനി അതു പിടിച്ചുനിർത്താൻ താൻ വിചാരിച്ചാൽ ഒക്കില്ല എന്നോ?
എന്തോ വികൃതിത്തരം മനസ്സിൽ കണ്ടു് ആലോചിക്കാതെ പറഞ്ഞുപോയതായിരിക്കും ആ കുട്ടി
അതിനു്…
താൻ കാരണം
പ്രിൻസിപ്പലിനെ ചെന്നു കണ്ടു പറഞ്ഞാലോ. ആ കുട്ടി പറഞ്ഞതിനൊന്നുമല്ല താൻ കരഞ്ഞതെന്നു്. പിന്നെ എന്തിനു കരഞ്ഞു എന്നു ചോദിച്ചാൽ…
ഒന്നും പറയാനില്ലല്ലോ
ആലോചിച്ചു് ആലോചിച്ചു് അവസാനം എന്തും വരട്ടെ എന്നു നിശ്ചയിച്ചു് അവൾ ചെന്നു.
അവളെക്കണ്ടു് അദ്ദേഹം വെളുക്കെ ചിരിച്ചു.
മദ്ധ്യവയസ്സു കഴിഞ്ഞ ആ മനുഷ്യനെ കുട്ടികൾ കടുവാ എന്നാണു് വിളിക്കാറ് എന്നു് അവൾ ഓർത്തു.
കുശലപ്രശ്നങ്ങൾ കഴിഞ്ഞു, ഇനി വന്ന കാര്യം പറയണ്ടേ?
“സർ, ആ പോൾവർഗ്ഗീസ്.”
“എന്താണു് അയാൾ പിന്നേയും കുഴപ്പം വല്ലതും ഉണ്ടാക്കിയോ?”
“ഇല്ല. അയാൾ ക്ലാസ്സിലൊന്നും കേറാതെ നടക്കുകയാണു്.”
“ഞാൻ കേറരുതെന്നു പറഞ്ഞിട്ടാണു്.”
“അയാൾ മിടുക്കനാണു്.”
“അതു മാത്രം പോരല്ലോ.”
“ഇത്രയുംകൊണ്ടു മതിയാക്കി അയാളെ കേറാൻ പറഞ്ഞുകൂടേ സാർ?”
അദ്ദേഹം ചിരിച്ചു. മുറിയിൽ കൂടെ ഉണ്ടായിരുന്ന വേറെ ഒന്നുരണ്ടു മാസ്റ്റർമാരും ചിരിച്ചു.
താനൊരു പമ്പരവിഡ്ഢിയാണു് എന്നാണോ കരുതുന്നതു്. ഒരു കുട്ടി എന്തോ പറഞ്ഞെന്നുവെച്ചു് ആദ്യം കേറിക്കരയുക. പിന്നെ അയാളെ വെറുതെ വിടണമെന്നു പറയാൻ വരിക.
“രമയ്ക്കു് compunction ഒന്നും വേണ്ട ഇതിൽ. lack of discipline ആണു് ഇവരുടെ generation-ന്റെ കുഴപ്പം. അതും അയാള് Union president; കുട്ടികളുടെ elected representative. അയാൾ മറ്റുള്ളവർക്കു വഴികാട്ടേണ്ടവനാണു്. നല്ല punishment കൊടുക്കാനാണു് ഞാൻ ഉദ്ദേശിക്കുന്നതു്. എല്ലാവർക്കും ഒരു പാഠം ആവണം.”
“അയ്യോ, സർ. ഞാൻ കാരണം ഒരു കുട്ടി-”
“രമ വന്നു് ഇത്രയും പറഞ്ഞതുകൊണ്ടു് ഒന്നു ചെയ്തേക്കാം. അയാൾക്കു് ഒരു choice കൊടുക്കാം. അയാൾ whole college-ന്റെ മുമ്പിൽ വെച്ചു് apologise ചെയ്യട്ടെ; അല്ലെങ്കിൽ T. C. മേടിച്ചു് പൊയ്ക്കോട്ടെ.”
“എല്ലാവരുടേയും മുമ്പിൽ വെച്ചു്…”
“രമയ്ക്കു് embarassing ഒന്നും ആവില്ല. ഞങ്ങൾ എല്ലാവരും ഉണ്ടാവും. രമ വന്നാൽ മാത്രം മതി.”
“എന്നാലും students-ന്റെ മുഴുവൻ മുമ്പിൽ വെച്ചു് ആ കുട്ടി-”
പ്രിൻസിപ്പിൽ തന്നെ വല്ലാത്തമട്ടിൽ നോക്കുകയാണെന്നു് അവൾക്കു തോന്നി.
ദൈവമേ–
“എനിക്കു് അടുത്ത hour ക്ലാസ്സുണ്ടു്. ഞാൻ പോകട്ടെ.”
“ശരി”
ഇതും കോളേജ് മുഴുവൻ അറിഞ്ഞു.
പോൾവർഗ്ഗീസ് മാപ്പു ചോദിക്കാൻ സമ്മതിച്ചു എന്നുകേട്ടു.
അയാൾക്കു് വോട്ടു കൊടുത്തു് അയാളെ അവരുടെ നേതാവായി തിരഞ്ഞെടുത്ത ആ രണ്ടായിരത്തിലധികം കുട്ടികളുടെ മുമ്പിൽ വെച്ചു്. തിങ്കളാഴ്ചയ്ക്കാണു് നിശ്ചയിച്ചിരുന്നതു്. കൃത്യം നാലിനു് കോളേജ് വിട്ട ഉടൻ എല്ലാവരും മെയിൻ ഹോളിൽ എത്തണം എന്നു നോട്ടീസ് വന്നു.
അവൾ ചെല്ലാതെ പറ്റുമോ?
നാലു് പത്തിനു് പ്രിൻസിപ്പൽ എത്തി. പ്ലാറ്റുഫോമിൽ ആ കോളേജിലെ എഴുപതിൽ മീതെ വരുന്ന അദ്ധ്യാപകർ. താഴെ കുട്ടികളുടെ സമുദ്രം. ആ രണ്ടായിരം ജോഡിക്കണ്ണുകളും തന്നിലാണോ തറച്ചിരിക്കുന്നതു്? നാലു പതിനഞ്ചുവരെ പ്രിൻസിപ്പൽ അക്ഷമനായി കാത്തുനിന്നു. പോൾവർഗ്ഗീസ് വന്നില്ല.
നമ്പർ 3572-തേർഡ് ഡി. സി.-യിലെ പോൾവർഗ്ഗീസിനെ അച്ചടക്കരാഹിത്യത്തിനു് കോളേജിൽ നിന്നു് പുറത്താക്കി എന്നു് നോട്ടീസ് എല്ലാ നോട്ടീസ് ബോർഡുകളിലും അന്നുതന്നെ വന്നു.
പിറ്റേ ദിവസം കൂട്ടുകാർ പറഞ്ഞതൊന്നും കൂട്ടാക്കാതെ അവൾ ഒരാഴ്ച ലീവെടുത്തു് നാട്ടിൽപ്പോയി.
കുറച്ചൊക്കെ തണുത്ത മനസ്സുമായാണു് തിരിച്ചുവന്നതു്.
മുറി തുറന്നു് അകത്തു കയറിയപ്പോഴേക്കും വാച്ചർ രാമൻ നായർ ഒരു പൊതിയും കൊണ്ടു വന്നു.
“പോയേന്റെ പിറ്റേദിവസം ഒരു കുട്ടി കാണാൻ വന്നിരുന്നു. ഇവിടെ ഇല്യാന്നു് പറഞ്ഞപ്പോൾ ദേ ഇതു് ഏൽപ്പിച്ചിട്ടുപോയി. കൈയിൽത്തന്നെ തരണം എന്നു പറഞ്ഞു. പുസ്തകാണു്. പൊതിഞ്ഞിങ്ങടു് തര്വാണു് ചെയ്തതു്, ഇല്ലാന്നു് പറഞ്ഞപ്പോൾ.”
പുഷ്കിന്റെ കവിതകളുടെ ഒരു സമാഹാരം. വില കുറഞ്ഞ മോസ്കോ പബ്ലിക്കേഷൻ. ആദ്യത്തെ പേജിൽ വടിവുള്ള അക്ഷരത്തിൽ “ഞാൻ മുട്ടു കുത്താൻ വന്നപ്പോൾ അങ്ങു് വാതിൽ അടച്ചുകളഞ്ഞു”—പോൾ.
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.